ഫെഡറലിനെതിരെ ഒരു പ്രസിഡൻഷ്യൽ റഫറൻസ്

പി ബി ജിജീഷ്

ഗവർണർക്ക്, സംസ്ഥാന നിയമസഭകൾ സമർപ്പിക്കുന്ന ബില്ലുകളിൽ നടപടി സ്വീകരിക്കുന്നതിന് സമയപരിധി നിശ്ചയിച്ച 2025 ഏപ്രിൽ എട്ടിലെ സുപ്രീംകോടതിഉത്തരവ് സംബന്ധിച്ച്, ഭരണഘടനയുടെ അനുഛേദം 143(1) പ്രകാരം സുപ്രീംകോടതിയുടെ അഭിപ്രായം തേടിയിരിക്കുകയാണ് രാഷ്ട്രപതി ദ്രൗപദി മുർമു. രാജ്യത്തിൻറെ ഭരണഘടനാപദ്ധതിക്കകത്ത്, ഗവർണറുടെ റോൾ എന്തെന്ന് കൃത്യമായി നിർവചിക്കുകയും. നിയമസഭ പാസാക്കിയ നിയമങ്ങൾ ഗവർണർക്ക് എത്രകാലം കൈവശം വച്ചു കൊണ്ടിരിക്കാമെന്നതിന് പരിധി നിശ്ചയിക്കുകയും ചെയ്ത സുപ്രീംകോടതി ഉത്തരവ്, ഗവർണർമാരെ  ഫെഡറലിസത്തിന് അള്ളുവയ്ക്കാനുള്ള ഏജൻറ് മാരായി കണ്ട് പ്രവർത്തിച്ചുവന്ന, യൂണിയൻ ഗവൺമെന്റിനെ അലോസരപ്പെടുത്തി എന്നത് സത്യമാണ്. ഒരു പുനപരിശോധന ഹർജിക്ക് തക്കപഴുതകൾ ഒന്നുമില്ലാത്ത യുക്തിയുക്തമായ ഉത്തരവായിരുന്നു സുപ്രീംകോടതിയുടേത്. അതുകൊണ്ട് ഭരണഘടനയിലെ ഒരു പ്രത്യേക അധികാരം ഉപയോഗപ്പെടുത്തി റിവ്യൂവിന് സാധ്യതയുണ്ടോ  എന്നു പരിശോധിക്കുന്ന കുതന്ത്രമാണ് ഇവിടെ പ്രയോഗിച്ചിരിക്കുന്നത്. ഇത് ജനാധിപത്യ മര്യാദകളെ തകടം മറിക്കാനുള്ള ശ്രമമാണ്.

 സുപ്രീംകോടതി വിധിക്കെതിരെ 

സംസ്ഥാന നിയമസഭകളുടെയും ഗവൺമെന്റിന്റെയും പ്രവർത്തനത്തെ അട്ടിമറിക്കും വിധം ഗവർണർമാർ ബില്ലുകൾ തടഞ്ഞുവയ്ക്കുന്ന സംഭവങ്ങൾ രാജ്യത്ത വ്യാപകമായി നടന്നു വരുന്നുണ്ട്. തമിഴ്നാട്, പഞ്ചാബ്, കേരളം തുടങ്ങി എൻഡിഎ-ഇതര കക്ഷികൾ ഭരിക്കുന്ന സംസ്ഥാനങ്ങളൊക്കെ ഗവർണർമാരുടെ നടപടിക്കെതിരെ പരാതി ഉന്നയിച്ചിരുന്നു. പത്തിലേറെ ബില്ലുകൾ അകാരണമായി തടഞ്ഞുവച്ച ഗവർണർക്കെതിരെ തമിഴ്നാട് ഗവൺമെൻറ് സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ഗവർണർമാരുടെ അധികാരം വിശദീകരിക്കുന്ന ഭരണഘടനയുടെ അനുഛേദം 200, 201 എന്നിവ വ്യാഖ്യാനിച്ച് ഗവർണർമാർക്ക് സമയപരിധി നിശ്ചയിക്കുകയാണ് സുപ്രീംകോടതി ചെയ്തത്. തെരഞ്ഞെടുക്കപ്പെട്ട നിയമസഭയ്ക്ക് മേൽ തന്നിഷ്ടപ്രകാരം അധികാരം പ്രയോഗിക്കാൻ കഴിയുന്ന വൈസ്രോയിമാരല്ല ഗവർണർമാർ എന്ന സുപ്രീംകോടതിയുടെ നിലപാട് രാജ്യത്ത് ജനാധിപത്യ മൂല്യത്തെയും ഫെഡറൽ സഭയും ശക്തിപ്പെടുത്തുന്നതായിരുന്നു.

ഈ വിധിയിൽ, വിശിഷ്യാ ഗവർണർമാർക്ക് സമയപരിധി നിശ്ചയിച്ച നടപടിയിൽ,  വ്യക്തത വേണമെന്ന് ആവശ്യപ്പെട്ടു കൊണ്ടാണ് യൂണിയൻ ഗവൺമെൻറ് പ്രസിഡൻഷ്യൽ റഫറൻസിലൂടെ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. അങ്ങനെ സമയപരിധി നിശ്ചയിക്കുവാൻ ജുഡീഷ്യറിക്ക് അധികാരമുണ്ടോ എന്നതാണ് ഉന്നയിക്കുന്ന പ്രധാന പ്രശ്നം. സർവ്വ മേഖലകളിലും അധികാരം കേന്ദ്രീകരിക്കപ്പെട്ടു കൊണ്ടിരിക്കുന്ന അപകടകരമായ രാഷ്ട്രീയ കാലാവസ്ഥയിലാണ് ഈ നീക്കവും നോക്കി കാണേണ്ടത്.

അനുഛേദം 143(1): പ്രസിഡൻഷ്യൽ റഫറൻസ്

1935 ലെ ഗവൺമെൻറ് ഓഫ് ഇന്ത്യ ആക്ടിന്റെ തുടർച്ചയായാണ് അനുച്ഛേദം 143 (1)-ഉം ഭരണഘടനയിൽ ഇടം നേടുന്നത്. കാനഡ പോലെ പല രാജ്യങ്ങളിലും സമാനമായ സംവിധാനം നിലവിലുണ്ട്. അമേരിക്കൻ നീതിന്യായ വ്യവസ്ഥയിൽ ഭരണകൂടവും ജുഡീഷ്യറിയും തമ്മിലുള്ള വിഭജനത്തിന് വിരുദ്ധമാണെന്ന കാരണം കൊണ്ട് സുപ്രീം കോടതി ഗവൺമെൻറിന് ഉപദേശം നൽകുന്ന പരിപാടിയില്ല. നമ്മുടെ രാജ്യത്ത്, പൊതുപ്രധാന്യമുള്ള ഒരു നിയമപ്രശ്നം ഉണ്ടാവുകയോ, ഉയർന്നു വരുവാൻ സാധ്യതയുള്ളതായി കാണുകയോ ചെയ്താൽ അക്കാര്യത്തിൽ രാഷ്ട്രപതിക്ക് സുപ്രീംകോടതിയുടെ അഭിപ്രായം തേടാനുള്ള അധികാരം നൽകുന്ന അനുഛേദമാണിത്. അങ്ങനെ വന്നാൽ അനുഛേദം 145 അനുസരിച്ച് സുപ്രീംകോടതി  അഞ്ചംഗ പ്രത്യേക ബെഞ്ച് രൂപീകരിച്ചു ഹിയറിങ് നടത്തി, അഭിപ്രായം രൂപീകരിക്കുകയും അത് രാഷ്ട്രപതിയെ അറിയിക്കുകയും ചെയ്യും. ഇത്തരം അഭിപ്രായങ്ങൾ കോടതി വിധികൾ പോലെ രാജ്യത്തെ നിയമമല്ല, ഗവൺമെന്റിന് അവ സ്വീകരിക്കുകയോ സ്വീകരിക്കാതിരിക്കുകയോ ചെയ്യാം. 

1951 മുതലിങ്ങോട്ട് സുപ്രധാനമായ പല വിഷയങ്ങളിലും യൂണിയൻ ഗവൺമെൻറ് സുപ്രീംകോടതിയുടെ അഭിപ്രായം തേടിയിട്ടുണ്ട്. സംസ്ഥാന നിയമസഭയുടെ അധികാരം സംബന്ധിച്ച് (1951), കേരള വിദ്യാഭ്യാസ ബില്ല് സംബന്ധിച്ച് (1958), രാഷ്ട്രപതി തെരഞ്ഞെടുപ്പ് സംബന്ധിച്ച് (1975), കൊളീജിയം സംവിധാനം സംബന്ധിച്ച് (1978), കാവേരി നദീതല തർക്കം (1992), 2ജി സ്പെക്ട്രം കേസ് (2012), അങ്ങനെ നിരവധി തവണ ഈ അനുച്ഛേദം ഉപയോഗപ്പെടുത്തിയിട്ടുണ്ട്. എന്നാൽ കൃത്യമായി രേഖപ്പെടുത്തിയ ഒരു സുപ്രീംകോടതി വിധിയെക്കുറിച്ച് അഭിപ്രായം തേടുന്നത് ചരിത്രത്തിൽ ഇതിനുമുമ്പ് ഉണ്ടാവാത്ത സംഗതിയാണ്. 

എന്തുതന്നെയായാലും, പ്രസിഡൻഷ്യൽ റഫറൻസിന് മറുപടി പറയണോ വേണ്ടയോ എന്ന കാര്യം സുപ്രീംകോടതിക്ക് തീരുമാനിക്കാവുന്നതാണ്. അയോധ്യ ആ പ്രശ്നത്തിൽ  മറുപടി പറയേണ്ടതില്ല എന്ന നിലപാട് കോടതി എടുത്തിട്ടുണ്ട്.  വ്യക്തതയില്ലാത്തതോ രാഷ്ട്രീയപ്രേരിതമോ കോടതിയുടെ പരിധിയിൽ വരാത്തതോ ജുഡീഷ്യറിയുടെ  സ്വാതന്ത്ര്യത്തെ ബാധിക്കുന്നതോ ആയ വിഷയങ്ങളിൽ അഭിപ്രായം പറയാറില്ല. ഇപ്പോഴത്തെ റഫറൻസിലൂടെ സുപ്രീംകോടതി വിധി പറഞ്ഞ ഒരു കേസിൽ വീണ്ടും ഹിയറിങ് നടത്താൻ ശ്രമിക്കുന്നത്, ഒരിക്കൽ തീർപ്പാക്കിയ കേസിൽ വീണ്ടും വിചാരണ പാടില്ലെന്ന സാമാന്യ നിയമ തത്വത്തിന് വിരുദ്ധമാണ്. മാത്രമല്ല, ഒരു അഭിപ്രായം എന്ന നിലയ്ക്ക് രാഷ്ട്രപതിക്ക് നൽകുന്ന മറുപടി കോടതി ഉത്തരവിന് മേലെയല്ല. ഭരണഘടനയുടെ അനുഛേദം 137 പ്രകാരം ഉള്ള റിവ്യൂ പെറ്റീഷനു പകരമാവില്ല പ്രസിഡൻഷ്യൽ റഫറൻസ്. അങ്ങനെ പിൻവാതിലിലൂടെ പുന പരിശോധനയ്ക്ക് ശ്രമിക്കുന്നത് നീതിന്യായ സംവിധാനത്തെ അപമാനിക്കുന്ന പ്രവർത്തിയാണ്.

സുപ്രീംകോടതിക്ക് മുന്നിൽ ഇപ്പോൾ രണ്ട് വഴികളാണുള്ളത്. ഒന്ന്, പ്രസിഡൻഷ്യൽ റഫറൻസിന് മറുപടി പറയുവാൻ തീരുമാനിക്കുകയും, തമിഴ്നാട് ഗവർണർ കേസിലെ വിധി ആവർത്തിച്ച് വിശദീകരിക്കുകയും ചെയ്യുക. ഗവർണർ എത്രയും വേഗം നടപടി സ്വീകരിക്കണമെന്ന ഭരണഘടനയിലെ പ്രയോഗം ഊന്നിപ്പറയുകയും, പ്രസിഡന്റിന്റെ നടപടികൾക്ക് കാലപരിധി നിശ്ചയിക്കുന്ന യൂണിയൻ ഗവൺമെന്റിന്റെ 2016-ലെ ഓഫീസ് മെമ്മോറാണ്ടം വായിച്ചു നോക്കാൻ ആവശ്യപ്പെടുകയും ആവാം. തമിഴ്നാട് കേസിലെ വിധിയിൽ ഇതേക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്നുണ്ട്. 

രണ്ടാമത്തെ മാർഗം, പ്രസിഡൻഷ്യൽ റഫറൻസിനോട് പ്രതികരിക്കാൻ വിസമ്മതിക്കുക എന്നതാണ്. വിധിപ്രസ്താവം വന്നുകഴിഞ്ഞ ഒരു വിഷയത്തിൽ ഇനിയും പരിശോധിച്ച് അഭിപ്രായം പറയുന്നതിലെ അനൗചിത്യം ചൂണ്ടിക്കാണിക്കാം. അത് ജുഡീഷ്യറിയുടെ അധികാരികതയെ ചോദ്യം ചെയ്യുന്ന നടപടിയാണെന്ന് വിശദീകരിക്കാം. ആദ്യ മാർഗം തെറ്റായ ഒരു കീഴ്വഴക്കം സൃഷ്ടിക്കുമെന്ന് ഞാൻ കരുതുന്നു. സുപ്രീംകോടതി വിധികളെ ഇപ്രകാരം ചോദ്യം ചെയ്യാനുള്ള അവസരം ഗവൺമെന്റുകൾക്ക് നൽകുന്നത് ഗുണകരമാവില്ല. അതുകൊണ്ടുതന്നെ ഈ പ്രസിഡൻഷ്യൽ റഫറൻസിന് മറുപടി പറയേണ്ടതില്ല എന്ന് തീരുമാനിക്കുന്നതാവും ഉചിതം. 

ഫെഡറലിസത്തിന് നേരെയുള്ള ആക്രമണം 

ഫെഡറലിസം ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന ഘടനയുടെ ഭാഗമാണെന്ന് നിരവധിതവണ സുപ്രീംകോടതി നിരീക്ഷിച്ചിട്ടുണ്ട്. ഭരണഘടന നിർമാണ സഭാ സംവാദങ്ങൾ പരിശോധിച്ചാലും ഇത് വ്യക്തമാകും. ജനാധിപത്യപരമായ സഹവർത്തിത്വം സാധ്യമാകും വിധം യൂണിയൻ ഗവൺമെന്റിന്റെയും സംസ്ഥാന ഗവൺമെന്റിന്റെയും അധികാരങ്ങൾ തമ്മിലുള്ള സന്തുലനം ഭരണഘടനാ പദ്ധതിയുടെ ഭാഗമാണ്. അതിനെ പരമാവധി മുന്നോട്ടു കൊണ്ടുപോകുന്ന വിധമായിരിക്കണം ഗവർണർമാരുടെ പ്രവർത്തനം. എസ് ആർ ബൊമ്മെ കേസ് മുതൽ നിരവധി വിധികളിലൂടെ സുപ്രീംകോടതിയും, സർക്കാരിയാ കമ്മീഷനും പൂഞ്ചി കമ്മീഷനും എല്ലാം ഗവർണറുടേതൊരു ആലങ്കാരിക പദവി മാത്രമാണെന്നു വിലയിരുത്തിയിട്ടുള്ളതാണ്.  എന്നാൽ സംസ്ഥാന സർക്കാരുകളെ പ്രതിസന്ധിയിലാക്കാനും ബില്ലുകൾ വീറ്റോ ചെയ്യാനും അസ്ഥിരത സൃഷ്ടിക്കുവാനും ഗവർണർമാർ ശ്രമിച്ചുകൊണ്ടേയിരിക്കുന്നതായി കാണാം.

  തമിഴ്നാട് കേസിൽ സുപ്രീംകോടതി വിധി ഗവർണർമാരെ ഉപയോഗിച്ച് ഫെഡറലിസം  ഇല്ലായ്മ ചെയ്യാനുള്ള അധികാര കേന്ദ്രങ്ങളുടെ ശ്രമത്തിനേറ്റ വലിയ തിരിച്ചടിയായിരുന്നു. ഗവർണർമാർ ഭരണഘടനയ്ക്ക് മുകളിലല്ലെന്ന് കോടതി സ്പഷ്ടമാക്കി. ആ വിധിയെ ചോദ്യം ചെയ്യുന്നതിലൂടെ ഗവർണർമാരുടെ അപ്രമാദിത്വം പുനസ്ഥാപിക്കാനാണ് യൂണിയൻ ഗവൺമെൻറ് ശ്രമിക്കുന്നത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അനു 356-ന്റെ ദുരുപയോഗം, സംസ്ഥാനങ്ങളുടെ അധികാരം എടുത്തു കളയുന്ന ജി എസ് ടി ഉൾപ്പെടെയുള്ള നിയമനിർമ്മാണങ്ങൾ, സംസ്ഥാനത്തെ വിഭജിച്ച് കേന്ദ്ര ഭരണ പ്രദേശമാക്കി മാറ്റുന്നത്, സൈബർ ഇടങ്ങളിലെ വർദ്ധിച്ചുവരുന്ന സെൻസർഷിപ്പ് ശ്രമങ്ങൾ, വൈവിധ്യങ്ങളെ ഇല്ലാതാക്കാനുള്ള ശ്രമം, തുടങ്ങി അധികാരം പരമാവധി കേന്ദ്രീകരിക്കുകയും ഏകാധിപത്യപരമായ സമീപനങ്ങൾ മുന്നോട്ടുവെക്കുകയും ചെയ്യുന്ന പൊതു സമീപനത്തിന്റെ തുടർച്ചയാണ് ഇവിടെയും ദൃശ്യമാകുന്നത്. ഭരണഘടനാ ശില്പി ഡോക്ടർ ബി ആർ അംബേദ്കർ ആവർത്തിച്ച് ഓർമ്മിപ്പിക്കാറുള്ള ഭരണഘടനാ ധാർമികതയുടെ നിരാസമാണത്. ഭരണഘടനാപരമായ സംശയനിവാരണത്തിന്റെ മറവിൽ, ഏകാധിപത്യ പ്രവണതകളെ രക്ഷിച്ചെടുക്കാനുള്ള ദോഷാനു ദർശനമായ തന്ത്രമാണിത്. ഇത് തിരിച്ചറിയുവാൻ സുപ്രീംകോടതിക്ക് കഴിയട്ടെ.

Published in Doolnews.com on 22/05/2025

LEAVE A REPLY

Please enter your comment!
Please enter your name here