ഇന്ത്യയുടെ വ്യവസായിക ഉത്പാദന ഭൂമികയുടെ പ്രതീകമായി ആഘോഷിക്കപ്പെടുന്ന നോയിഡയുടെ സമ്പ്രദായക തൊഴിൽ മേഖലകയെ അപ്രതീക്ഷിതമായി പിടിച്ചു കുലുക്കിയ മാസമാണ് 2026 ഏപ്രിൽ. നിസ്സ്വരായ തൊഴിലാളികളുടെ ദാരിദ്ര്യം വരിവരിയായി ഒഴുകിക്കൊണ്ടിരുന്ന, വ്യവസായികശാലകളിലേക്കുള്ള ഇടുങ്ങിയ നിരത്തുകളിൽ സമരത്തിൻറെ തിരയിരമ്പം രൂപപ്പെട്ടു. ലാഭ കണക്കുകൾ മാത്രം സംസാരിച്ചിരുന്ന ഭാഷയ്ക്ക് പ്രതിരോധത്തിന്റെയും പ്രതിഷേധത്തിന്റെയും സ്വരം വന്നു. ഒറ്റപ്പെട്ട പ്രകടനങ്ങളല്ല, സമീപകാല ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ തൊഴിലാളി പ്രക്ഷോഭത്തിനാണ് നമ്മൾ സാക്ഷ്യം വഹിക്കുന്നത്. ഭരണകൂടവും കോർപ്പറേറ്റ് മാധ്യമങ്ങളും ശ്രമിക്കുന്നതുപോലെ ഇതിനെ ഒരു ക്രമസമാധാന പ്രശ്നമായി ചുരുക്കി കാണാൻ കഴിയില്ല. അതിൻറെ കാരണങ്ങളും ഭരണഘടനാപരമായ വിവക്ഷകളും വിശകലനം ചെയ്യപ്പെടേണ്ടതുണ്ട്. അത് കേവലം കൂലിക്ക് വേണ്ടിയുള്ള സമരമല്ല. പുതിയ തൊഴിൽ ചട്ടക്കൂടുകൾക്ക് കീഴിൽ, മനുഷ്യാന്തസിന്റെ അർത്ഥവും, തൊഴിൽ അവകാശങ്ങളുടെ ഉള്ളടക്കവും, ഇന്ത്യൻ സമ്പദ്ഘടനയുടെ ദിശയും എങ്ങോട്ടാണ് പരിണമിക്കുന്നതെന്ന പര്യാലോചനകൾക്കുള്ള സങ്കേതം കുറിക്കലാണ്.
സമരത്തിൻറെ കാരണം
സമര കാരണം ലളിതമാണ്. നോയിഡയിലെ വിവിധങ്ങളായ വ്യവസായിക കേന്ദ്രങ്ങളിൽ പണിയെടുക്കുന്ന തൊഴിലാളികൾ ഭൂരിഭാഗവും മാസം പതിനായിരത്തിനും പതിനാലായിരത്തിനും ഇടയിൽ മാത്രം വേതനം വാങ്ങുന്ന കരാർ തൊഴിലാളികളാണ്. വർദ്ധിച്ചുവരുന്ന വാടകയും, വിലക്കയറ്റവും, പാചകവാതക വിലയിലെ കുതിപ്പും അവർക്ക് ജീവിക്കാൻ പറ്റാത്ത സാഹചര്യം സൃഷ്ടിച്ചിരിക്കുന്നു.
ഹരിയാനയിൽ നിന്നാണ് പ്രക്ഷോഭത്തിന് കനൽ എരിഞ്ഞു തുടങ്ങിയത്. ഗുരുഗ്രാമിലും മനസറിലും ഫരീദാബാദിലും ആരംഭിച്ച തൊഴിലാളി പ്രക്ഷോഭങ്ങൾ വേതന വർദ്ധനവ് നേടിയെടുത്തിരുന്നു. തങ്ങൾ ചൂഷണം ചെയ്യപ്പെടുകയാണെന്ന് വസ്തുത നോയിഡയിലെ തൊഴിലാളികളും തിരിച്ചറിഞ്ഞു എന്നുള്ളതാണ്. മിനിമം കൂലി പ്രതിമാസം 18000-25000 വരെയാക്കണം, എട്ടു മണിക്കൂർ ജോലി സമയം പാലിക്കണം, ഓവർ ടൈമിന് കോമ്പൻസേഷൻ വേണം, ആഴ്ചയിൽ വിശ്രമം അനുവദിക്കണം, സംഘടിക്കാനുള്ള അവകാശം അംഗീകരിക്കണം, തുടങ്ങി വളരെ സാധാരണമായ ആവശ്യങ്ങൾ മാത്രമാണ് അവർ മുന്നോട്ടു വച്ചിട്ടുള്ളത്.
വിപ്ലവകരമോ മൗലീകമോ ആയ യാതൊരാവശ്യങ്ങളും അവർ ഉന്നയിച്ചിട്ടില്ല. അന്തസ്സോടെ ജീവിക്കുന്നതിനുള്ള മിനിമം കാര്യങ്ങളാണ് പ്രക്ഷോഭത്തിന്റെ ലക്ഷ്യം. എന്നിട്ടും ഉത്തർപ്രദേശ് ഗവൺമെൻറിന്റെ പ്രതികരണം നിരാശാജനകമായിരുന്നു. നാമമാത്രമായ വേതന വർദ്ധനവ് ആണ് ഗവൺമെൻറ് മുന്നോട്ടുവച്ചത്. മാത്രവുമല്ല, ഈ പ്രതിസന്ധിയുടെ ഘടനാപരമായ കാരണങ്ങളെ കുറിച്ച്, ചർച്ച ചെയ്യാൻ പോലും തയ്യാറായില്ല. എന്ന് മാത്രമല്ല, സമരത്തിന് പിന്നിൽ പാക്കിസ്ഥാൻ ആണ് എന്ന് ആരോപണം ഉന്നയിച്ചു.
പുതിയ തൊഴിൽ നിയമങ്ങൾ
തൊഴിലാളികൾ നേരിടുന്ന പ്രശ്നങ്ങളുടെ ആഴം മനസ്സിലാക്കണമെങ്കിൽ, 2019 മുതൽ ഘട്ടം ഘട്ടമായി രാജ്യത്ത് നടപ്പിലാക്കി കൊണ്ടിരിക്കുന്ന പുതിയ നാല് ലേബർ കോടുകൾ എന്താണെന്ന് തിരിച്ചറിയണം. നിലവിലുണ്ടായിരുന്ന 29 തൊഴിൽ നിയമങ്ങൾ ക്രോഡീകരിച്ച് നാല് ലേബർ കോഡുകൾ ആയി അവതരിപ്പിക്കുമ്പോൾ, വ്യാവസായിക സൗഹൃദ അന്തരീക്ഷം വളർത്തുന്നതിന് വേണ്ടിയുള്ള നടപടിക്രമങ്ങൾ ആയിട്ടാണ് ചിത്രീകരിച്ചത്. എന്നാൽ രാജ്യത്തിൻറെ തൊഴിൽ മേഖലയെ അവകാശ സംരക്ഷണത്തിൽ അധിഷ്ഠിതമായ സംവിധാനത്തിൽ നിന്ന്, വ്യവസായികൾക്ക് ആവശ്യമായ ഫ്ലക്സ്ബിലിറ്റി നൽകുന്ന തരത്തിലേക്ക് പൊളിച്ചെഴുതുകയാണുണ്ടായത്.
കോഡ് ഓൺ വേജസ്, രാജ്യത്താകമാനം നാഷണൽ ഫ്ലോർ വേജസ് ഏർപ്പെടുത്തി. എന്നാൽ അത് ഭരണഘടന വിഭാവനം ചെയ്യുന്ന ‘ലിവിംഗ് വേജസ്’ അഥവാ അന്തസോടെ ജീവിക്കാനുള്ള സാങ്കേതികമായ മിനിമം കൂലിയ്ക്ക് പകരമാവില്ല. നേരത്തെ, ചർച്ചകളിലൂടെയും കൂടിയാലോചനകളിലൂടെയുമാണ് ഠ,,ഢഢ.ൽ ശേഷംനിര്ണയിക്കപ്പെട്ടിരുന്നതെങ്കിൽ, ഇന്ന് 3ല്ലാം ബയൂറോക്രസിയ്ക്ക് വിട്ടു നൽകുന്ന സ്ഥി ംതിയാണുള്ളത്.
ഇൻഡസ്ട്രിയൽ റിലേഷൻസ് കോഡ്, ഒരു സ്ഥോണം പ്രവർത്തനം അവസാനിപ്പിക്കുന്നതിനോ, ലേ-ഓഫിനോ ഗവണ്മെന്റിന്റെ മുൻകൂർ അനുമതി വേണമെന്നുള്ള നിബന്ധന ലഘൂകരിച്ച്, നേരത്തെ നൂറ് തൊഴിലാളികൾ മുതൽ ഉള്ളവർക്ക് അനുമതിവേണം എന്നായിരുന്നുവെങ്കിൽ അത് 300 തൊഴിലാളികൾ എന്നാക്കി ഉയർത്തി. ഭൂരിപക്ഷം കമ്പനികളും ഈ വിഭാഗത്തിൽ വരുന്ന ഇന്ത്യയിൽ അതോടെ ഉടമകൾക്ക് യഥേഷ്ടം കാര്യങ്ങൾ നടത്താമെന്നുവന്നു. ആളുകളെ ജോലിക്കെടുക്കുന്നതിനും പിരിച്ചു വിടുന്നതിനും യാതൊരു നിയന്ത്രണവുമില്ലാതെയായി. കരാർ നിയമനവ് സ്ഥിരനിയമനവും തമ്മിലുള്ള അന്തരം അസ്തമിച്ചു.
പുതിയ തൊഴിൽ നിയമങ്ങൾ, തൊഴിലാളികളുടെ സമരം ചെയ്യാനുള്ള.അവകാശത്തെയും നിഷേധിക്കുകയാണ്. 1947-ലെ ഇൻഡസ്ട്രിയൽ ഡിസ്പ്യൂട്ടസ് ആക്ട് അനുസരിച്ച് പബ്ലിക്ക് യൂട്ടിലിറ്റി മേഖലയിലുള്ള വ്യവസായ ശാലകളിലാണ് സമരത്തിന് 14 ദിവസത്തെ മുൻകൂർ നോട്ടീസ് നല്കേണ്ടിയിരുന്നതെങ്കിൽ, ഇപ്പോൾ ആ നിബന്ധന എല്ലാ സ്ഥാപനനഗൾക്കും ബാധകമാക്കി. ‘സമര’ത്തിന്റെ നിർവചനം വിപുലീകരിച്ച് ഒരുമിച്ച് 50% ജീവനക്കാർ ആകസ്മിക അവധി എടുക്കുന്നതുവരെ സമരമാക്കി മാറ്റി. അക്കാരണം കൊണ്ട് ശമ്പളം തടയുകയോ ജോലിയിൽ നിന്നും പുറത്താക്കുകയോ ചെയ്യാമെന്ന സ്ഥിതി വന്നു.
ഒക്കുനൽ സേഫ്റ്റി ഹെൽത്ത് ആൻഡ് വർക്കിംഗ് കണ്ടീഷൻസ് കോഡ് ആണ് പ്രധാനപ്പെട്ട മറ്റൊരു തൊഴിൽ നിയമം. വളരെ നല്ല ഭാഷ നിയമത്തിൽ ഉപയോഗിച്ചിട്ടുണ്ടെങ്കിലും ജോലി സമയം സംബന്ധിച്ച് നിയന്ത്രണങ്ങൾ മറികടക്കുന്നതിനും, ഗവൺമെന്റിന്റെ ചിട്ടയായ പരിശോധനകൾ ഒഴിവാക്കുന്നതിനും ആണ് ശ്രദ്ധ കൊടുത്തിട്ടുള്ളത്. വ്യവസായ സ്ഥാപനങ്ങളുടെ സ്വയം സാക്ഷ്യപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ കാര്യങ്ങൾ മുന്നോട്ടു പോകും എന്ന അവസ്ഥയുണ്ട്. പത്തും പന്ത്രണ്ടും മണിക്കൂറുകൾ നീളുന്നുകൾ ആവശ്യമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ ഏർപ്പെടുത്താൻ കഴിയും എന്ന അവസ്ഥയാണ് ഇതിലൂടെ വന്നുചേർന്നിട്ടുള്ളത്.
സോഷ്യൽ സെക്യൂരിറ്റി കോഡ് ആണ് ഇനി പരിശോധിക്കേണ്ടത്. സാമൂഹ്യ ക്ഷേമ സംവിധാനങ്ങൾ സാർവത്രികമാക്കണം എന്ന് നിയമത്തിൽ വ്യവസ്ഥ ചെയ്തിട്ടുണ്ടെങ്കിലും. അത് വീണ്ടും വീണ്ടും വാക്കായി മാറുന്നതാണ് വിശദാംശങ്ങൾ പരിശോധിക്കുമ്പോൾ നമുക്ക് മനസ്സിലാകുന്നത്. ഗിഗ് വർക്കേഴ്സിനെ ഉൾപ്പെടെ ഇ എസ് ഐ പോലെയുള്ള ക്ഷേമ പദ്ധതികൾ ഉൾപ്പെടുത്തും എന്ന പ്രചാരണം ഉണ്ടായിരുന്നു എങ്കിലും, നിയമപ്രകാരം തൊഴിലുടമയുടെ ൺയും ബ്യൂറോക്രസിയുടെയും ഇഷ്ടാനുസൃതമാണ് അനുസരിച്ചാണ് കാര്യങ്ങൾ നീങ്ങുക. ചെറിയ ഫാക്ടറികളിലേക്ക് കൂടി ഇ എസ് ഐ വ്യാപിപ്പിച്ചത് പുരോഗമനപരമാണെന്ന് തോന്നുമെങ്കിലും, അവിടെ തൊഴിലുടമ നൽകേണ്ട വിഹിതം വർദ്ധിപ്പിച്ചത്, സ്ഥിരം തൊഴിലാളികളെ ഒഴിവാക്കിക്കൊണ്ട് കരാർ നിയമനങ്ങളിലേക്ക് കടക്കാൻ ഇവരെ പ്രേരിപ്പിക്കുന്നതാണ്.
ഈ നിയമങ്ങളെല്ലാം കണക്കിലെടുത്താൽ, തൊഴിൽ സാഹചര്യങ്ങൾ മുതലാളിത്ത താൽപര്യങ്ങൾക്ക് അനുകൂലമാക്കി മാറ്റി എഴുതുകയാണ് ചെയ്തിട്ടുള്ളത് എന്ന് വ്യക്തമാകും. തൊഴിൽ അവകാശങ്ങൾ സമ്പൂർണ്ണമായി എടുത്തു കളഞ്ഞു എന്നല്ല, അവയെ പുനർനിർവതിച്ച് മാറ്റിയെഴുതി ദുർബലപ്പെടുത്തി കോർപ്പറേറ്റ് ലാഭേച്ഛകൾക്ക് അനുസൃതമാക്കി മാറ്റി എന്നുള്ളതാണ്.
ഭരണഘടനാ പ്രശ്നങ്ങൾ
ഇന്ത്യൻ ഭരണഘടന തൊഴിലാളികളെ വെറും ഉൽപാദനോപകരണങ്ങൾ ആയിട്ടല്ല കാണുന്നത്. നിർദ്ദേശക തത്വങ്ങളിലൂടെ, അതിൻറെ ജുഡീഷ്യൽ വ്യാഖ്യാനങ്ങളിലൂടെ, അന്തസ്സോടെയുള്ള ജീവിതം എന്ന വിശാല മയ അവകാശത്തിനകത്താണ് തൊഴിലവകാശങ്ങളെ പ്രതിഷ്ഠിച്ചിരിക്കുന്നത്. ഓൾഗാ ടെലിസ് കേസിൽ ജീവിത മാർഗത്തിനുള്ള അവകാശം ജീവിക്കാനുള്ള അവകാശത്തിൻറെ ഭാഗമാണെന്ന് സുപ്രീംകോടതി വിലയിരുത്തിയിട്ടുണ്ട്. പീപ്പിൾസ് യൂണിയൻ ഫോർ ഡെമോക്രാറ്റിക് റൈറ്റ്സ് കേസിൽ, കൂലി, മിനിമം വേതനത്തിന് താഴെ വന്നാൽ അത് മനുഷ്യന്റെ ലംഘനമാണെന്ന് വിധിയെഴുതി. ബന്ധു മുക്തി കേസിലാണ് സുരക്ഷിതവും മാനുഷികവുമായ തൊഴിൽ സാഹചര്യങ്ങൾ ഭരണഘടനാപരമായ അവകാശങ്ങളോട് ചേർത്തുവയ്ക്കേണ്ടതാണെന്ന് നിലപാട് കോടതി സ്വീകരിച്ചത്. അങ്ങനെ തൊഴില അവകാശങ്ങളെ ഭരണഘടനയുടെ അനുഛേദം 21 ഉറപ്പു നൽകുന്ന ജീവിക്കാനുള്ള അവകാശങ്ങളോട് ചേർത്തുവയ്ക്കുന്ന ഭരണഘടനാ പദ്ധതിയാണ് നമുക്കുള്ളത്.
പുതിയ ലേബർ കോഡുകൾ പ്രത്യക്ഷത്തിൽ ഭരണഘടനാ വിരുദ്ധമാണെന്ന് പറയാൻ കഴിയില്ലെങ്കിലും, അതിൻറെ അന്തരാർത്ഥത്തിൽ മേൽ വിവരിച്ച ഭരണഘടനാ തത്വങ്ങളും ആയി യോജിച്ചു പോകുന്നതല്ല. തൊഴിൽ സുരക്ഷ, ജീവിക്കാൻ ആവശ്യമായ മിനിമം വേതനം, സംഘടനാ സ്വാതന്ത്ര്യം, തൊഴിൽ സമയം തുടങ്ങിയവയൊക്കെ മൂലധന താല്പര്യങ്ങൾക്ക് അനുസരിച്ച് പുനർ വ്യാഖ്യാനിക്കുന്ന പുതിയ ലേബർ കോഡുകൾ നമ്മുടെ ഭരണഘടന ഉയർത്തിപ്പിടിക്കണം എന്ന് ആഗ്രഹിക്കുന്ന മനുഷ്യാന്തസിനെ താഴ്ത്തി കെട്ടുന്ന ഫലമാണ് ഉണ്ടാക്കുന്നത് എന്ന കാര്യത്തിൽ സംശയമില്ല.
രാഷ്ട്രീയ പ്രതികരണങ്ങൾ
മുകളിൽ വിവരിച്ച നിയമപരമായ കാര്യങ്ങൾ തൊഴിലാളി പ്രസ്ഥാനങ്ങളുടെ ആശങ്കകളുടെയും നോയിഡയിലെ തൊഴിൽ സമരത്തിന്റെയും കാരണങ്ങൾ വ്യക്തമാക്കുന്നുണ്ടെങ്കിൽ, അധികാരത്തിലിരിക്കുന്ന രാഷ്ട്രീയ നേതൃത്വത്തിന്റെ പ്രതികരണം തൊഴിലാളികളോടുള്ള ഭരണകൂടത്തിന്റെ സമീപനത്തെ വ്യക്തമാക്കുന്നുണ്ട്.
നോയിഡയിലെ തൊഴിലാളികൾക്ക് നേരെ പൊലീസ് ബാരിക്കേഡുകളും ലാത്തി ചാർജും അന്യായമായ അറസ്റ്റും മാത്രമല്ല ഉണ്ടായിട്ടുള്ളത്, തൊഴിലാളികളുടെ ഉദ്ദേശശുദ്ധിയിൽ സംശയം ജനിപ്പിക്കുന്ന തരത്തിലുള്ള ആഖ്യാന നിർമ്മിതിക്കുള്ള ശ്രമവും നടക്കുകയാണ്. ഈ സമരത്തിന് പിന്നിൽ പാക്കിസ്ഥാന്റെ ഗൂഢാലോചന ആണെന്ന് വരെ ഉത്തർപ്രദേശിലെ ഉത്തരവാദിത്തപ്പെട്ട മന്ത്രിമാരടക്കം പറയുന്ന സാഹചര്യമുണ്ട്. സ്വന്തം അവകാശങ്ങൾക്കുവേണ്ടി ശബ്ദമുയർത്താൻ കഴിയുന്ന വ്യക്തിത്വവും രാഷ്ട്രീയവും ഉള്ള മനുഷ്യരാണ് തൊഴിലാളികൾ എന്ന കാര്യം അംഗീകരിക്കുവാൻ ഭരണകൂടം തയ്യാറാകുന്നില്ല എന്നാണത് സൂചിപ്പിക്കുന്നത്. ഈ ആഖ്യാനത്തെ കോർപ്പറേറ്റ് താല്പര്യങ്ങൾക്ക് അനുസരിച്ച് താളം ചവിട്ടുന്ന മുഖ്യധാരാമാധ്യമങ്ങൾ ഏറ്റുപിടിക്കുകയാണ് ചെയ്തത്. ജീവിക്കാൻ ആവശ്യമായ കൂലി കിട്ടാതെ, മാനുഷികമായ തൊഴിൽ സാഹചര്യങ്ങൾ ഇല്ലാതെ, പത്തും പന്ത്രണ്ടും മണിക്കൂറ് അധികകൂലി ഒന്നുമില്ലാതെ ജോലി എടുക്കേണ്ട സാഹചര്യം നിലനിൽക്കെ, പ്രതിഷേധവുമായി രംഗത്ത് വന്ന പാവപ്പെട്ട മനുഷ്യരെ, പൗരൻ എന്നതിൽ നിന്നും സംശയിക്കപ്പെടേണ്ടവർ ആണെന്ന് തലത്തിലേക്ക് മാറ്റി ചിത്രീകരിക്കുവാനാണ് ശ്രമം നടക്കുന്നത്.
സമരത്തിൽ പങ്കെടുത്ത വീട്ടുജോലിക്കാരെ പുറത്താക്കുകയും അവരുടെ ചിത്രങ്ങൾ കോളനികളുടെ പ്രവേശന കവാടങ്ങളിൽ പ്രദർശിപ്പിക്കുകയും ചെയ്യുന്ന സാഹചര്യം വരെ ഉണ്ടായി. ഇത്തരം പ്രവർത്തികളിൽ പൗരാവകാശ ലംഘനമാണെന്ന കാര്യം ആരും ചർച്ച ചെയ്യാതെ പോകുന്നു.
ചർച്ചകൾ ഇല്ലാത്ത കാലം
ഇപ്പോഴത്തെ തൊഴിൽ തൊഴിൽ നിയമങ്ങൾ സൃഷ്ടിച്ചിട്ടുള്ള ഏറ്റവും ഗുരുതരമായ ഒരു സാഹചര്യം ചർച്ചകൾക്കിടമില്ലാത്ത ഒരു ലോകമാണ്. ഗവൺമെൻറ് തൊഴിലുടമകളും തൊഴിലാളികളും പരസ്പരം ചേർന്നിരുന്ന് ചർച്ചകളും കൂടിയാലോചനയും നടത്തിയിരുന്ന ഇന്ത്യൻ ലേബർ കോൺഫറൻസ് 2015 നുശേഷം നാളിതുവരെ നടത്തിയിട്ടില്ല. ഈ ലേബർ കോഡ് കൊണ്ടുവന്നത് പോലും കാര്യമായ സംവാദങ്ങൾ ഇല്ലാതെയാണ്. ട്രേഡ് യൂണിയനുകൾ ഈ പ്രശ്നം അന്താരാഷ്ട്ര ഫോറങ്ങളിലുൾപ്പെടെ ഉയർത്തിയിട്ടുണ്ടെങ്കിലും ഇക്കാര്യങ്ങൾ അഭിസംബോധന ചെയ്യുവാൻ ആരും തയ്യാറായിട്ടില്ല. അങ്ങനെ നിയമനിർമാണ പ്രക്രിയയിൽ നിന്നും പരിപൂർണമായി ഒഴിവാക്കപ്പെട്ട തൊഴിലാളികൾ, പ്രക്ഷോഭങ്ങളിലൂടെയല്ലാതെ മാറ്റങ്ങനെയാണ് തിരികേവരിക?
ഉയർന്നുവരുന്ന പ്രതിരോധഘടന
നോയിഡയിലേത് ഒറ്റപ്പെട്ട പ്രക്ഷോഭമായി കാണാൻ കഴിയില്ല. ശ്രീപെരിമ്പത്തൂരിലെ സാംസങ് പ്ലാന്റുമുതൽ പാനിപത്തിലെ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ പ്ലാന്റ് വരെ. നാഷണൽ തെർമൽ പവർ കോപ്പറേഷന് മുതൽ റായ്പൂരിലെ വ്യവസായശാലകൾ വരെ. രാജ്യമാകെ, സമാനമായ പ്രതിഷേധങ്ങളുടെ മാതൃക നമുക്ക് കാണാം. തുച്ഛമായ വേതനം, അനിയന്ത്രിതമായി നീണ്ടുപോകുന്ന തൊഴിൽ സമയം, ട്രേഡ് യൂണിയാണുകളുടെ പ്രതിഷേധം, തൊഴിലാളി പ്രക്ഷോഭം… ഇങ്ങനെ ദേശീയതലത്തിൽ, രാജ്യമെമ്പാടും ഉയർന്നുവരുന്നതിന്റെ സൂചനകൾ ദൃശ്യമാണ്. ഇവയെ ഒറ്റപ്പെട്ട പ്രാദേശിക സമരങ്ങളായല്ല, രാജ്യവ്യാപകമായി നടന്നുകൊണ്ടിരിക്കുന്ന തൊഴിൽ ബന്ധങ്ങളുടെ പുനഃക്രമീകരണത്തിന്റെ ആരംഭമാണെന്ന രാഷ്ട്രീയ വായന അനിവാര്യമാണ്.
കേവലം രാഷ്ട്രീയ സ്വാതന്ത്ര്യത്തിനപ്പുറം ഇന്ത്യൻ സമൂഹത്തിന്റെ സാമൂഹ്യവും സാമ്പത്തികവുമായ ജനാധിപത്യവത്കരണമാണ് നമ്മുടെ ഭരണഘടനാ പദ്ധതിയുടെ ആത്യന്തികമായ ലക്ഷ്യം. ആ രാഷ്ട്രീയദര്ശനത്തിന്റെ അരികുകളിലല്ല കേന്ദ്രസ്ഥാനത്താണ് തൊഴിലാളികൾ നിലകൊള്ളുന്നത്.
തൊഴിലാവകാശങ്ങളുടെ നിഷേധം ഒരു ജനാധിപത്യപ്രശ്നമാണ്. അക്കാര്യത്തിലെ സന്നിഗ്ധത, പൗരത്വസങ്കല്പത്തെ തന്നെ അട്ടിമറിക്കും. അസമത്വത്തെ രൂക്ഷമാക്കും. സമൂഹ്യശ്രേണികളെ ശാശ്വതീകരിക്കും. അതുകൊണ്ടു തന്നെ നോയിഡയിലെ തൊഴിൽ സമരത്തെ, കോർപ്പറേറ്റ് മാധ്യമങ്ങളും മൂലധന താത്പര്യവും ചിത്രീകരിക്കാൻ ശ്രമിക്കുന്നതുപോലെ ഒരു ക്രമസമാധാനപ്രശ്നമല്ല, ഒരു ജനാധിപത്യപരമായ ഇടപെടലാണ്. തങ്ങളെ അരികുവത്കരിച്ചുകൊണ്ടു മുന്നോട്ടു പോകുന്ന സംവിധാനത്തിൽ തങ്ങളുടെ ശബ്ദം വീണ്ടെടുക്കാനുള്ള ശ്രമമാണ് തൊഴിലാളികൾ നടത്തുന്നത്. അവകാശങ്ങളും, മനുഷ്യാന്തസ്സും നിഷേധിക്കുന്ന വികസനത്തിന് എന്തർത്ഥമാണുള്ളത് എന്ന മൗലികമായ ചോദ്യമാണ് അവർ ഉന്നയിക്കുന്നത്.
എത്ര അടിച്ചമർത്താൻ ശ്രമിച്ചാലും ആ ചോദ്യം ഇല്ലാതാവില്ല. നാമമാത്രമായ വേതന വർദ്ധനവ് പ്രഖ്യാപിച്ചാൽ അതിനു ഉത്തരമാവുകയുമില്ല. നമ്മുടെ ഭരണഘടന മുന്നോട്ടു വയ്ക്കുന്ന, തൊഴിലാളികളെക്കുറിച്ചുള്ള കാഴ്ചപ്പാട്, അന്തസ്സോടെ ജീവിക്കാനുള്ള വേതനവും സുരക്ഷിതവും മനുഷ്യത്തപരവുമായ തൊഴിൽ സാഹചര്യവും, തൊഴിലാളികളുടെ സംഘടിക്കാനുള്ള അവകാശവും എല്ലാമുറപ്പുനല്കുന്ന രാഷ്ട്രീയ ദർശനത്തെ നമ്മൾ അഭിസംബോധന ചെയ്യേണ്ടതുണ്ട്. അതു സംഭവിച്ചില്ലെങ്കിൽ, ഡോ. അംബേദ്കർ മുന്നറിയിപ്പ് നല്കിയതുപോലെ, ഇവിടുത്തെ രാഷ്ട്രീയ ഭരണസംവിധാനങ്ങൾ പുറംതള്ളിയ മനുഷ്യർ ഒടുവിൽ തെരുവിലിറങ്ങുകയും ഈ വ്യവസ്ഥിതിയെ തച്ചുതകർക്കുവാൻ തീരുമാനിക്കുകയും ചെയ്യും.
Published in Suprabhatham Daily on 28/04/2026



