നമ്മുടെ രാജ്യത്ത് ചരിത്രപരമായി ലോക്സഭാ മണ്ഡലങ്ങളുടെ എണ്ണം നിർണയിക്കുന്നത് പാർലമെന്റിൽ നീതിയുക്ത പ്രാതിനിധ്യം ഉറപ്പുവരുത്തുന്നതിനുള്ള സംവിധാനമായിട്ടാണ്. മനുഷ്യരുടെ തുല്യതയും സംസ്ഥാനങ്ങളുടെ അന്തസും രാഷ്ട്രീയാധികാരത്തിന്റെ സന്തുലനവും ലക്ഷ്യമാക്കുന്ന, വളരെ അവധാനതയോടെ ചെയ്യേണ്ട പ്രവൃത്തിയാണ് മണ്ഡല പുനർനിർണയം. കേന്ദ്രസർക്കാർ കൊണ്ടുവരാൻ ശ്രമിച്ച് ലോക്സഭയിൽ വോട്ടെടുപ്പിൽ പരജായപ്പെട്ട ഡിലിമിറ്റേഷൻ, അഥവാ ലോക്സഭാ മണ്ഡലങ്ങളുടെ പുനർനിർണയം നടത്തുന്ന ബിൽ ഈ അടിസ്ഥാന തത്വത്തിൽനിന്നുള്ള വ്യതിചലനമാണ്.
ഭരണഘടനയുടെ അനുഛേദം 82-നും 170-നും കീഴിലുള്ള ഒരു സാധാരണ നടപടിക്രമമായിട്ടാണ് ഇതു ചിത്രീകരിക്കപ്പെട്ടിരുന്നത്. എന്നാൽ മണ്ഡലങ്ങളുടെ സാങ്കേതികമായ പുനക്രമീകരണം മാത്രമല്ല, ഇന്ത്യൻ യൂനിയനിലെ രാഷ്ട്രീയാധികാരഘടനയുടെ സമൂല പരിവർത്തനമായിരുന്ന ലക്ഷ്യം.ലോക്സഭാ സീറ്റുകൾ 850 ആക്കി വർധിപ്പിച്ച് ജനസംഖ്യാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾക്ക് വീതംവച്ച് നൽകാനുള്ള പദ്ധതി ഒറ്റനോട്ടത്തിൽ ‘ഒരാൾക്ക് ഒരു വോട്ട്, ഓരോ വോട്ടിനും ഒരേ മൂല്യം’ എന്ന ഭരണഘടന തത്വത്തിന്റെ പ്രകാശനമാണ്. എന്നാൽ ആഴത്തിൽ പരിശോധിക്കുമ്പോൾ ഭരണഘടനാ ജനാധിപത്യ സംവിധാനങ്ങളെ ഗണിതശാസ്ത്രത്തിന്റെ ലളിത യുക്തികളിലേക്ക് ചുരുക്കാൻ കഴിയില്ലെന്നു കാണാം. ഭൂരിപക്ഷാധിപത്യം സൃഷ്ടിച്ചേക്കാവുന്ന അനീതിക്കെതിരായ ധാർമിക നിലപാടുകൂടി ജനാധിപത്യത്തിന്റെ അടിസ്ഥാനമൂല്യമാണ്. അത് വളരെ നേരത്തെ തന്നെ മനസിലാക്കിയ നാടാണ് നമ്മുടേത്. ഭരണഘടനയുടെ 42, 84, 87 എന്നീ ഭേദഗതികളിലൂടെ പതിറ്റാണ്ടുകളായി ലോക്സഭാ മണ്ഡലങ്ങളുടെ എണ്ണം പുനർനിർണയിക്കുന്ന പരിപാടി മരവിപ്പിച്ചിരിക്കുകയായിരുന്നു. ജനസംഖ്യാ നിയന്ത്രണ പരിപാടികൾ വിജയകരമായി നടപ്പാക്കിയ സംസ്ഥാനങ്ങളെ ശിക്ഷിക്കുന്നതരത്തിലാവരുത് തെരഞ്ഞെടുപ്പുപ്രക്രിയ എന്ന കരുതലായിരുന്നു അതിനു കാരണം. ജനസംഖ്യാനുപാതത്തിൽ മണ്ഡലങ്ങൾ പുനക്രമീകരിച്ചാൽ ജനസംഖ്യാനിയന്ത്രണം വിജയകരമായ നടപ്പാക്കിയ സംസ്ഥാനങ്ങളുടെ പ്രാതിനിധ്യം കുറഞ്ഞുപോകും. ഈ കരുതൽ ഇല്ലാതാവാൻ പോകുന്നു എന്നതാണ് കേന്ദ്ര ബില്ലിലെ രാഷ്ട്രീയപ്രശ്നം.
പൊതു ആരോഗ്യത്തിലും വിദ്യാഭ്യാസത്തിലും കുടുംബാസൂത്രണത്തിലും മാതൃകാപരമായ നയസമീപനങ്ങൾ സ്വീകരിച്ചു നടപ്പാക്കിയ കേരളം, തമിഴ്നാട്, തെലങ്കാന പോലെയുള്ള സംസ്ഥാനങ്ങൾക്ക് രാജ്യത്തിന്റെ പാർലമെന്റിൽ രാഷ്ട്രീയസ്വാധീനം നഷ്ടപ്പെടാൻ പോകുന്ന സ്ഥിതിയുണ്ട്. എന്നാൽ ഇത്തരം സാമൂഹിക ഇടപെടലുകളിൽ പരാജയപ്പെട്ട സംസ്ഥാനങ്ങൾക്ക് വലിയ രാഷ്ട്രീയലാഭവും വന്നുചേരാൻ പോകുന്നു. ഉദാഹരണത്തിന് 1971ലെ സെൻസസ് പരിഗണിച്ചാൽ, തമിഴ്നാടിനും ബിഹാറിനും യഥാക്രമം 39, 40 ലോക്സഭ അംഗങ്ങളാണുള്ളത്. ഇതു സംസ്ഥാനങ്ങൾക്കും ഏകദേശം നാല് കോടി ജനസംഖ്യയായിരുന്നു ഉണ്ടായിരുന്നത്. ഇന്ന് തമിഴ്നാടിന്റെ ജനസംഖ്യ 7.6 കോടിയും ബിഹാറിന്റേത് 12.3 കോടിയുമാണ്. ആനുപാതികമായി പരിഗണിച്ചാൽ ബിഹാറിന്റെ പ്രാതിനിധ്യം 50 സീറ്റുകൾ ആയ വർധിക്കുകയും തമിഴ്നാടിന്റെത് 29 ആയി കുറയുകയും ചെയ്യും. കേരളം, തമിഴ്നാട്, കർണാടക, ആന്ധ്രപ്രദേശ് തുടങ്ങി പ്രത്യുൽപാദന നിരക്ക് ഗണ്യമായി കുറച്ചുകൊണ്ടുവന്ന സംസ്ഥാനങ്ങളുടെ പ്രാതിനിധ്യം കുറയുകയും പ്രത്യുൽപാദന നിരക്ക് ഇപ്പോഴും ഉയർന്ന നിലയിൽ നിലനിൽക്കുന്ന ഹിന്ദി ഹൃദയഭാഗത്തുള്ള സംസ്ഥാനങ്ങളുടെ പ്രാതിനിധ്യം വർധിക്കുകയും ചെയ്യും. സാമൂഹിക വികസന സാക്ഷാത്കാരമല്ല, അനിയന്ത്രിതമായ ജനസംഖ്യാ വർധനവാണ് രാഷ്ട്രീയശക്തിയുടെ അടിസ്ഥാനമെന്നാണ് ഇത് നൽകുന്ന സന്ദേശം. അത് അനീതിയാണ്. ഭരണഘടനാപരമായ വഞ്ചനയാണ്.
ജനസംഖ്യയുടെ മാത്രം അടിസ്ഥാനത്തിലുള്ള പുനർനിർണയ നടപടികൾ രാഷ്ട്രീയാധികാരം വലിയ ജനസംഖ്യയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കേന്ദ്രീകരിക്കുന്നതിനുള്ള സാഹചര്യമൊരുക്കും. ജനസംഖ്യ കൂടുതലുണ്ട് എന്ന ഒറ്റക്കാരണംകൊണ്ട് ദേശീയ നയങ്ങളെയും പരിപാടികളെയും ഒറ്റയ്ക്ക് നിർണയിക്കാൻ കഴിയുന്ന ശക്തികേന്ദ്രങ്ങളായി അവ മാറും. ഇന്ത്യൻ ഫെഡറൽ സംവിധാനത്തിന്റെ അടിസ്ഥാനഘടനയെ ദുർബലപ്പെടുത്തുന്ന സാഹചര്യമാണിത് സൃഷ്ടിക്കുക. സംസ്ഥാനത്തിന്റെ സ്വയം നിർണയാവകാശങ്ങൾ ഭൂരിപക്ഷ അധികാരപ്രയോഗത്തിന്റെ അൾത്താരയിൽ ബലി കഴിക്കപ്പെടുന്ന സാഹചര്യമുണ്ടാകും. നാം ഏറെ പണിപ്പെട്ട് സൃഷ്ടിച്ച കോപ്പറേറ്റീവ് ഫെഡറലിസം അർഥശൂന്യമാകും. ചില സംസ്ഥാനങ്ങൾ മാത്രം കാര്യങ്ങൾ തീരുമാനിക്കുകയും മറ്റുള്ളവ നടപടിക്രമങ്ങളിലെ അടിക്കുറിപ്പുകളായി ചുരുങ്ങുകയും ചെയ്യുന്ന ഒരു രാജ്യമല്ല ഭരണഘടന വിഭാവനം ചെയ്യുന്നത്.
കുഴപ്പം പിടിച്ച മാറ്റങ്ങളായിരുന്നു നിർദേശിക്കപ്പെട്ടത്. ഏതു സെൻസസിന്റെ അടിസ്ഥാനത്തിലാണ് മണ്ഡല പുനർനിർണയം നടത്തേണ്ടതെന്ന് തീരുമാനിക്കാനുള്ള അവകാശം പാർലമെന്റിന് വിട്ടുനൽകിയിരിരുന്നു. ഭരണഘടനാപരമായി മണ്ഡല പുനർനിർണയത്തെ കാലാകാലങ്ങളിൽ നടക്കുന്ന കാനേഷുമാരിയുമായി നേരിട്ട് ബന്ധപ്പെടുത്തുകയാണ് ചെയ്തിരുന്നുവെങ്കിൽ പുതിയ സംവിധാനത്തിൽ പാർലമെന്റിന്റെ താൽപര്യമാണ് എല്ലാത്തിന്റെയും അടിസ്ഥാനം. അതായത്, ഏതു സെൻസസ് അനുസരിച്ചാണ് മണ്ഡലങ്ങളുടെ എണ്ണം നിർണയിക്കേണ്ടത്, എപ്പോഴാണ് ഡിലിമിറ്റേഷൻ നടത്തേണ്ടത്, എന്നൊക്കെ അധികാരത്തിലിരിക്കുന്ന പാർട്ടിയുടെ താൽപര്യങ്ങൾക്ക് അനുസരിച്ച് തീരുമാനിക്കാമെന്ന സ്ഥിതി വന്നു ചേർന്നിരിക്കുന്നു. കേന്ദ്രസർക്കാർ നിയോഗിക്കുന്ന ഡീലിമിറ്റേഷൻ കമ്മിഷനാണ് ഇക്കാര്യങ്ങൾ തീരുമാനിക്കുന്നത്. ചുരുക്കത്തിൽ ഡീലിമിറ്റേഷൻ അധികാര സമാഹരണത്തിനുള്ള ഉപകരണമായി മാറിയിരിക്കുന്നു.
വനിതാ സംവരണത്തെ ഡീലിമിറ്റേഷനുമായി ബന്ധപ്പെടുത്തിയത് ആശങ്കയ്ക്കുള്ള മറ്റൊരു കാരണമാണ്. വനിതാ പ്രാതിനിധ്യം വളരെ പ്രധാനപ്പെട്ട രാഷ്ട്രീയ ആവശ്യകതയാണെങ്കിലും അതിനെ ഡീലിമിറ്റേഷനുമായി ബന്ധിപ്പിക്കുന്നത് രാഷ്ട്രീയ കൗശലമാണ്. രാജ്യത്ത് മണ്ഡലങ്ങളുടെ എണ്ണം പുനർനിർണയിക്കാനേ പാടില്ല എന്നല്ല, പക്ഷേ പുനർനിർണയം നടക്കുന്നതിന്റെ മാനദണ്ഡം എന്താണ് എന്നത് വളരെ പ്രധാനമാണ്.
സാർവദേശീയതലത്തിൽ വിവിധ രാജ്യങ്ങളിലും സംവിധാനങ്ങളിലും നിലനിൽക്കുന്ന വ്യവസ്ഥകൾ പഠനവിധേയമാക്കേണ്ടതാണ്. മിക്കവാറും രാജ്യങ്ങളിൽ പാർലമെന്റിന്റെ ഉപരിസഭയിലേക്കുള്ള അംഗങ്ങളുടെ തെരഞ്ഞെടുപ്പിൽ പ്രാദേശിക പ്രാതിനിധ്യവും രാഷ്ട്രീയസന്തുലതയും നിലനിർത്തുന്നതിനുള്ള പ്രത്യേക ശ്രദ്ധ കൊടുത്തിട്ടുണ്ട്. ഉദാഹരണത്തിന് അമേരിക്കൻ സെനറ്റിലേക്ക് ഓരോ സ്റ്റേറ്റിനും രണ്ട് പ്രതിനിധികൾ വച്ച് മാത്രമാണ് അനുവദിച്ചിട്ടുള്ളത്, ബ്രസീലിൽ മൂന്നു പ്രതിനിധികളാണ് ഒരു സംസ്ഥാനത്തിനുള്ളത്, വെളിയിൽ അത് 12 ആണ്, സ്വിറ്റ്സർലാൻഡിൽ രണ്ടും. മറ്റൊരു മാതൃക യൂറോപ്യൻ യൂനിയനാണ്. രാജ്യങ്ങളുടെ ജനസംഖ്യാനുപാതികമായി പ്രതിനിധികളുടെ എണ്ണത്തിൽ പരിധികൾ നിശ്ചയിക്കുന്നുണ്ട് യൂറോപ്യൻ യൂനിയൻ. വലിയ രാജ്യങ്ങളിൽ പാർലമെന്റിലേക്കുള്ള മെമ്പർമാരും ജനസംഖ്യയും തമ്മിലുള്ള അനുപാതം വലുതായിരിക്കും. ഉദാഹരണത്തിന് ജർമനിയിൽ 8 ലക്ഷത്തി അമ്പതിനായിരം പൗരരെയാണ് ഒരു യൂറോപ്യൻ യൂനിയൻ മെമ്പർ പ്രതിനിധീകരിക്കുന്നതെങ്കിൽ മാൾട്ടയിൽ 80,000 മനുഷ്യരെയാണ് ഒരു മെമ്പർ പ്രതിനിധാനം ചെയ്യുന്നത്. അങ്ങനെ ഒരു അംഗരാജ്യത്തെയും അവഗണിച്ചുകൊണ്ട് യൂറോപ്യൻ പാർലമെന്റിൽ മുന്നോട്ടു പോകാൻ കഴിയില്ലെന്നതരത്തിലുള്ള പ്രാതിനിധ്യം ഉറപ്പുവരുത്തുകയാണ് ചെയ്യുന്നത്. സമാന വ്യവസ്ഥകൾ ഇന്ത്യയിലും ഏർപ്പെടുത്താവുന്നതാണ്. യൂറോപ്യൻ യൂനിയനിലുള്ളത് പരമാധികാര രാജ്യങ്ങളാണെങ്കിൽ ഇന്ത്യൻ യൂനിയനിലേത് പരിമിത അധികാരങ്ങൾ മാത്രമുള്ള സംസ്ഥാനങ്ങളാണെന്ന വ്യത്യാസം കണക്കിലെടുക്കുകയും വേണം. സംസ്ഥാനങ്ങൾക്ക് അനുവദനീയമായ പരമാവധി പ്രതിനിധികളുടെ എണ്ണത്തിൽ നിബന്ധനകൾ ഏർപ്പെടുത്തിയിട്ടുള്ള ബ്രസീലിയൻ മാതൃകയിൽ പരിഗണിക്കാവുന്നതാണ്.
അതല്ലെങ്കിൽ, ജനസംഖ്യ, ഇന്ത്യൻ സമ്പദ്ഘടനയിലേക്കുള്ള സംഭാവന, സാമൂഹ്യ വികസന സൂചികകൾ ഇവയെല്ലാം പരിഗണിച്ചുകൊണ്ടുള്ള ഒരു ഫോർമുല തയാറാക്കണം. അത് വിവിധ സംസ്ഥാനങ്ങളുമായുള്ള കൂടിയാലോചനകളിലൂടെ, അവരെക്കൂടി വിശ്വാസത്തിൽ എടുത്തുകൊണ്ടുള്ളതായിരിക്കണം. അതുപോലെത്തന്നെ രാജ്യസഭയിലെ സീറ്റിലും ബാലൻസിങ് നടത്താവുന്നതാണ്. സംസ്ഥാനങ്ങളുടെ വലിപ്പം കുറയ്ക്കുന്നതും ആലോചനകളുടെ ഭാഗമാകണം. വലിയ എണ്ണം എം.പിമാർ ഒറ്റ സംസ്ഥാനത്തുനിന്ന് വരുന്നത് രാഷ്ട്രീയ അസന്തുലതാവസ്ഥയ്ക്ക് കാരണമാകും.
അധികാരത്തിന്റെ നീതിപൂർവകമായ വിതരണത്തിന്, ഭരണഘടന വിഭാവനം ചെയ്യുന്ന ഒരു സങ്കേതമാണ് മണ്ഡലങ്ങളുടെ എണ്ണം കലാകാലം കാനേഷുമാരി കണക്കനുസരിച്ച് പുനർനിർണയിക്കുന്നത്. ഇതേ സങ്കേതം തന്നെ പ്രയോഗത്തിൽ ഭൂരിപക്ഷ ആധിപത്യത്തിന് വിനിയോഗിക്കാൻ കഴിയുമെന്ന് നമ്മൾ കണ്ടു. ഇത്ര പ്രധാനപ്പെട്ട ഭരണഘടന ഭേദഗതിയായിരുന്നിട്ടും മതിയായ ചർച്ചയോ സംവാദമോ നടത്താൻ കേന്ദ്രസർക്കാർ തയാറായില്ല. ലോക്സഭ ചേരുന്നതിന് രണ്ടുദിവസം മുമ്പ് മാത്രമാണ് ബില്ലിന്റെ വിശദാംശങ്ങൾ വെളിയിൽ വന്നത്. സംസ്ഥാനങ്ങൾക്ക് പല ഉറപ്പുകളും ആഭ്യന്തരമന്ത്രി അമിത് ഷാ ഉൾപ്പെടെയുള്ള നേതാക്കൾ പ്രസ്താവനകളിലൂടെ നൽകിയെങ്കിലും ബില്ലിന്റെ ഉള്ളടക്കത്തിൽ അത്തരത്തിലുള്ള യാതൊരു പരിരക്ഷയും കാണുന്നില്ല. ഭരണഘടന മുന്നോട്ടുവയ്ക്കുന്ന പരസ്പര വിശ്വാസത്തിന്റെയും രാഷ്ട്രീയാധികാര സന്തുലനത്തിന്റെയും വിശാലമായ കാഴ്ചപ്പാടിനെ മറികടന്നുകൊണ്ടുള്ള ബിൽ ലോക്സഭയിൽ പരാജയപ്പെട്ടതിൽ ആശ്വസിക്കാം. 278 പേർ ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തപ്പോൾ 211 പേർ ബില്ലിനെ എതിർത്തു. നിതാന്ത ജാഗ്രതയും സംവാദങ്ങളും ജനാധിപത്യപ്രസ്ഥാനങ്ങളുടെ സംഘടിത ശക്തിയും നിലനിർത്തുവാൻ കഴിഞ്ഞെങ്കിൽ മാത്രമേ ഇന്ത്യൻ ഫെഡറലിസത്തിന് നിലനിൽപ്പുള്ളൂ എന്ന വസ്തുത അടിവരയിടുന്നതാണ് ഈ ബില്ലുമായി ബന്ധപ്പെട്ട ഉണ്ടായ സംഭവ വികാസങ്ങൾ.



