Home Blog

ഇന്ത്യ; പേരുമാറ്റത്തിന്റെ രാഷ്ട്രീയം

നമ്മുടെ രാജ്യത്തിൻറെ പേര് ഇന്ത്യ അഥവാ ഭാരത് എന്നാണ്. വാമൊഴിയിലും വരമൊഴിയിലും, സന്ദർഭങ്ങൾക്ക് അനുയോജ്യമാം വിധം ഇരുപേരുകളും നമ്മൾ ഉപയോഗിച്ചുപോന്നു. എന്നാൽ അതിലൊരു പേര് ഭരണഘടനയിൽ നിന്നും നീക്കം ചെയ്യാൻ ശ്രമിക്കുന്നു എന്ന വാർത്ത ദുഃഖകരമാണ്. ഇന്ത്യ അഥവാ ഭാരത്, എന്നത് കേവലമൊരു പേരല്ല, മഹത്തായ ഒരു രാഷ്ട്ര സങ്കല്പത്തിന്റെ അടയാളപ്പെടുത്തൽ കൂടിയാണ്. ദുരിതാനുഭവങ്ങളുടെ സൂചിമുനയിൽ ചവിട്ടി നടന്ന, കോടിക്കണക്കിന് മനുഷ്യർ ചേർന്ന് യാഥാർത്ഥ്യമാക്കിയ, അതിസാഹസികമായൊരു സ്വപ്നത്തിന്റെ സുന്ദരമായ നിർവചനം കൂടിയാണത്. അതിനെയെല്ലാം നിഷേധിക്കുന്ന ചർച്ചകൾ ഉയർന്നുവരുന്നത് ആശങ്കകൾ ഉണർത്തുന്നതാണ്.

ലോകചരിത്രത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പരീക്ഷണങ്ങളിൽ ഒന്നായിരുന്നു ഇന്ത്യ എന്ന രാഷ്ട്രത്തിന്റെ നിർമിതി. രാഷ്ട്രമീമാംസയുടെ ‘സാമാന്യയുക്തി’വെച്ച് അസംഭവ്യമായ സംഗതി. എണ്ണിയാൽ ഒടുങ്ങാത്ത വൈവിധ്യങ്ങളുടെയും വൈജാത്യങ്ങളുടെയും ബഹുസ്വരമായ ചരിത്ര-സംസ്കാരിക-സാമൂഹ്യ-സാഹചര്യങ്ങളുടെയും വിളനിലമായ ഒരു ഭൂപ്രദേശം. അക്ഷരാർത്ഥത്തിൽ വിവിധ രാജ്യങ്ങളായി നിലനിന്നിരുന്ന നാടുകൾ. അതൊരൊറ്റ ദേശരാഷ്ട്രമായി മാറുന്നത്, രാഷ്ട്രത്തെ സംബന്ധിച്ചുള്ള പാശ്ചാത്യ നിർവചനങ്ങൾക്ക് വഴങ്ങുന്നതേയായിരുന്നില്ല. അതുകൊണ്ടുതന്നെ ഇന്ത്യ സുസ്ഥിരമായ ഒരു രാജ്യമായി നിലനിൽക്കില്ല എന്ന് പ്രവചിച്ചവരാണ് ഏതാണ്ടെല്ലാ പാശ്ചാത്യ രാഷ്ട്രീയ വിശാരദന്മാരും. എന്നാൽ ലോകത്തെ ഏറ്റവും അതിശയകരമായ രീതിയിൽ പ്രവർത്തിക്കുന്ന ജനാധിപത്യ രാജ്യങ്ങളിലൊന്നായി ഇന്ത്യ 76 വർഷങ്ങളായി തുടർന്നു പോരുന്നു. ഇത് വെറുതെ സംഭവിച്ചതല്ല. രാഷ്ട്ര നിർമ്മിതിയുടെ പൂർവ്വ മാതൃകകൾ ഇല്ലാത്ത, അനന്യമായൊരു വീഥി കണ്ടെത്തുവാൻ നമ്മുടെ രാഷ്ട്രശില്പികൾക്ക് കഴിഞ്ഞതുകൊണ്ടാണ്. 

‘ഇന്ത്യയെ കണ്ടെത്തൽ’ ജവഹർലാൽ നെഹ്റു എഴുതിയ ഒരു പുസ്തകത്തിൻറെ പേര് മാത്രമല്ല. നെഹ്റുവും അംബേദ്കറും ഗാന്ധിയും, ഗിരിനിരകളോളം പ്രഭാവമുള്ള മറ്റനേകം നേതാക്കളും, എല്ലാ അഭിപ്രായവ്യത്യാസങ്ങളും മാറ്റിവെച്ചുകൊണ്ട്, വളരെയധികം പണിപ്പെട്ട്, യാഥാർത്ഥ്യമാക്കിയ ഒരു സ്വപ്നമാണ്. രാഷ്ട്ര നിർമിതിയുടെ ഓരോ ചുവടിലും അളവറ്റ ജാഗ്രതയോടെയാണ് അവർ മുന്നോട്ടുപോയത്. നമ്മുടെ ഭരണഘടന നിർമ്മാണ സഭയിലെ ചർച്ചകൾ അതിനെ സാക്ഷ്യപ്പെടുത്തുന്നു. ഓരോ അനുച്ഛേദവും, ഓരോ വാചകവും, ഓരോ വാക്കും അതിസൂക്ഷ്മതയോടെ തെരഞ്ഞെടുത്തവയാണ്. 

കാരണം ഇന്ത്യയിൽ ജനാധിപത്യത്തിന് അനുകൂലമായ സാമൂഹ്യ സാഹചര്യമില്ല എന്നത് ഏറ്റവും വ്യക്തമായി തിരിച്ചറിഞ്ഞത് ഇന്ത്യൻ സ്വാതന്ത്ര്യ പ്രസ്ഥാനത്തിൻറെ അമരക്കാർ തന്നെയായിരുന്നു. അതുകൊണ്ടുതന്നെ ഇന്ത്യൻ ദേശീയപ്രസ്ഥാനം എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്നതിന് ബോധപൂർവ്വമായ ശ്രമം നടത്തി. ജാതിയും മതവും ഭാഷയും വർഗ്ഗവും എല്ലാം അതിസങ്കീർണമായ തരത്തിൽ വിഭജിച്ചിരുന്ന സമൂഹത്തെ ഐക്യപ്പെടലിന്റെ അനന്യമായ രാഷ്ട്രീയ സന്ദേശം കൊണ്ട് ഇളക്കിമറിക്കാൻ ദേശീയ പ്രസ്ഥാനത്തിന് കഴിഞ്ഞു. അങ്ങനെ, രാജ്യത്തിൻറെ ഭരണഘടന, പ്രതികൂലമായ സാഹചര്യങ്ങളിൽ ജനാധിപത്യത്തെ വിളയിച്ചെടുക്കുന്നതിനുള്ള പൂർവ്വ മാതൃകകൾ ഇല്ലാത്ത ദാർശനിക രാഷ്ട്രീയ സംഹിതയായി മാറി. അതിനവർ സ്വീകരിച്ചത് ഉൾക്കൊള്ളലിന്റെയും സമവായത്തിന്റെയും സമാധാനത്തിന്റെയും ഉദ്ദീപ്തമായ വഴികളാണ്.

ഇന്ത്യാ വിഭജനത്തിനുശേഷം, നമ്മുടെ കോൺസ്റ്റിറ്റ്യൂവന്റ് അസംബ്ലിയിൽ ഏകദേശം 88% അംഗങ്ങളും കോൺഗ്രസുകാരായിരുന്നു. ഏകാധിപത്യ സമീപനത്തിനുള്ള സാധ്യതകളെല്ലാം ഉണ്ടായിരുന്നു. എങ്കിലും തങ്ങൾക്കുള്ള മൃഗീയമായ ഭൂരിപക്ഷത്തിലൂടെ, അഭിപ്രായങ്ങൾ ബുൾഡോസ് ചെയ്യുന്ന സമീപനമല്ല ദേശീയ പ്രസ്ഥാനത്തിൻറെ അമരക്കാർ സ്വീകരിച്ചത്. കോൺഗ്രസിനോട് കടുത്ത വിയോജിപ്പ് പുലർത്തുന്ന സംഘടനകളുടെയും, വിഭാഗങ്ങളുടെയും, പ്രതിനിധികളെ കൂടി ഉൾപ്പെടുത്തിക്കൊണ്ടുള്ള ജനാധിപത്യപരമായ സമിതിയായി ഭരണഘടനാ നിർമ്മാണ സഭയെ മാറ്റുവാൻ അവർ പ്രത്യേക ശ്രദ്ധ ചെലുത്തി. എല്ലാവരുടെയും അഭിപ്രായങ്ങൾ കേൾക്കുക മാത്രമല്ല അവർ ഉന്നയിക്കുന്ന ആശയങ്ങളെ മനസ്സിലാക്കുവാനും, ആശങ്കകൾ ദൂരീകരിക്കുവാനും, ഭിന്നതകൾ ചർച്ചയിലൂടെ രമ്യമായി പരിഹരിക്കാനും ശ്രമിച്ചിരുന്നു. അങ്ങനെയാണ് സ്വാതന്ത്ര്യ പ്രസ്ഥാനത്തെ നിഷേധിച്ചവരുടെ ശബ്ദം പോലും ഭരണഘടന നിർമ്മാണ സഭയിൽ എത്തിയത്.

ഇന്ത്യ അഥവാ ഭാരത് എന്ന പേര് തെരഞ്ഞെടുക്കുമ്പോഴും, ഈ ധാർമിക സമസ്യകളുമായി മാറ്റുരച്ച് നോക്കിയിരുന്നു ഭരണഘടന നിർമ്മാണ സഭ. ഭരണഘടനയുടെ അനുഛേദം ഒന്നിലാണ് രാജ്യത്തിൻറെ പേര് പരാമർശിക്കപ്പെടുന്നത്. India, that is Bharat, shall be a union of States എന്നാണ് അത് ആരംഭിക്കുന്നത്. 1948 നവംബർ 15, നവംബർ 17, 1949 സെപ്റ്റംബർ 17, സെപ്റ്റംബർ 18 എന്നീ ദിവസങ്ങളിലായി വിശദമായ ചർച്ച നടന്നു. 

അംബേദ്കർ അവതരിപ്പിച്ച ആദ്യ രൂപത്തിൽ, India shall be a union of States എന്നായിരുന്നു. സഭയിൽ നിരവധി അംഗങ്ങൾ ഇന്ത്യ എന്ന പേരിനു പകരം ഭാരത്, ഹിന്ദ്, ഹിന്ദുസ്ഥാൻ, ഭാരതവർഷ, ആര്യാവർത്തം എന്നിങ്ങനെ പല പേരുകൾ ഉന്നയിച്ചു. വിശദമായ ചർച്ച നടന്നു. ഗോവിന്ദ് വല്ലഭ് പന്ത്, അനന്തശയനം അയ്യങ്കാർ, ലോക്നാഥ മിശ്ര, ശിവൻ ലാൽ സക്സേന, എച്ച് വി കമ്മത്ത്, സേഠ് ഗോവിന്ദ് ദാസ്, ബി എം ഗുപ്ത, രാം സഹായി, കമലാപതി ത്രിപാഠി, കലാ വെങ്കട്ടറാവു തുടങ്ങിയവരാണ് വിഷയം ഉന്നയിച്ചത്. 

ഏറ്റവും പുരാതനമായ നാമം ഭാരത് എന്നാണെന്ന് എല്ലാവരും അഭിപ്രായപ്പെട്ടു. ഋഗ്വേദം മുതൽ വിഷ്ണുപുരാണം വരെയുള്ള ഗ്രന്ഥങ്ങളിൽ ഹിമാലയ സാനുക്കളിൽ നിന്ന് ശാന്ത സമുദ്രം വരെയുള്ള പ്രദേശം പൗരാണിക ഭാരതമാണ്. അത് നമ്മുടെ രാജ്യത്തിൻറെ സമ്പന്നമായ സംസ്കാരിക പൈതൃകത്തിന്റെ പ്രതീകമാണ്. ഇന്ത്യ എന്ന പേര് ആ പാരമ്പര്യത്തെ നിരാകരിക്കുന്നതാണ് എന്ന അഭിപ്രായം പറഞ്ഞവരുമുണ്ട്. ഇന്ത്യ അല്ലെങ്കിൽ ഹിന്ദുസ്ഥാൻ എന്ന പേര് ഹിന്ദ് അഥവാ ഇന്ഡസ് നദീതീരത്തെ ഭൂപ്രദേശം എന്ന നിലയിൽ പാകിസ്ഥാനാണ് കൂടുതൽ അനുയോജ്യമാവുക എന്ന അഭിപ്രായമാണ് കലാ വെങ്കട്ടറാവു പ്രകടിപ്പിച്ചത്! ഇന്ത്യ എന്ന പേര് നമ്മൾ ഭരണഘടനയിൽ നിന്നും നീക്കം ചെയ്താൽ ആ പേരിന് പാക്കിസ്ഥാൻ അവകാശവാദം ഉന്നയിക്കും എന്ന് പാകിസ്ഥാനിലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ ഭരണഘടന നിർമ്മാണ സഭയിലെ സംവാദങ്ങൾ പുതിയൊരു കാഴ്ചപ്പാടിൽ വിലയിരുത്തപ്പെടേണ്ടതുണ്ട്.

എന്തായാലും ഈ ഭേദഗതികളൊക്കെ സഭ തള്ളിക്കളഞ്ഞു. അംബേദ്കർ തന്നെ കൊണ്ടുവന്ന India, that is Bharath shall be a union of states എന്ന ഭേദഗതിയാണ് അംഗീകരിക്കപ്പെട്ടത്. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ ജ്ഞാനോദയ മൂല്യങ്ങൾ അടിസ്ഥാനമാക്കിയ ഒരു ആധുനിക രാഷ്ട്ര നിർമിതിയുടെ പ്രതീകമായാണ് ഇന്ത്യ എന്ന വാക്കിനെ നമ്മുടെ സഭ മനസ്സിലാക്കിയത്. അത് നിശ്ചയമായും സനാതന ധാർമിക സംഹിതയുടെ ഭാഗമായി ഉയർന്നുവന്ന പൗരാണിക സങ്കൽപ്പത്തിന്റെ പിന്തുടർച്ച ആയിരുന്നില്ല. അതുകൊണ്ടാണ് ഭരണഘടനയെ ആർഎസ്എസ് ഉൾപ്പെടെയുള്ള പ്രതിലോമ വിഭാഗങ്ങൾ അന്ന് അംഗീകരിക്കാതിരുന്നത്. അവർ ഉദ്ദേശിച്ച ധാർമികത പിൻപറ്റുന്നതല്ല ഭരണഘടന എന്നായിരുന്നു വിമർശം. ശ്രേണീകൃത അസമത്വത്തെ ശാശ്വതീകരിക്കുന്ന വർണ്ണവ്യവസ്ഥയുടെ സംരക്ഷണമാണ് രാജധർമ്മം എന്ന് നിർവചിച്ച, മനുസ്മൃതിയെയാണ് അവർ പ്രകീർത്തിച്ചത്. 

1949 സെപ്റ്റംബർ 18-നായിരുന്നു ഭരണഘടനാ നിർമ്മാണ സഭ അംബേദ്കറുടെ ഭേദഗതി അംഗീകരിച്ചുകൊണ്ട് രാജ്യത്തിൻറെ പേര് സംബന്ധിച്ച തർക്കത്തിന് വിരാമമിട്ടത്. 74 വർഷങ്ങൾ പിന്നിടുമ്പോൾ മറ്റൊരു സെപ്‌തംബർ 18-ന്, അവിചാരിതമായി പാർലമെന്റിന്റെ സെഷൻ വിളിച്ചു ചേർക്കുകയാണ് ഗവണ്മെന്റ്. പ്രസിഡന്റ് ഓഫ് ഭാരത് എന്നാണ് ജി20 ഉച്ചകോടി അതിഥികൾക്ക് രാഷ്ട്രപതി നൽകുന്ന അത്താഴ വിരുന്നിനുള്ള ക്ഷണക്കത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഭരണഘടനയുടെ അനുച്ഛേദം 252 അനുസരിച്ച് ദ്രൗപദി മുർമു ‘ഇന്ത്യ’യുടെ പ്രസിഡന്റാണ്. അതും തിരുത്തുമായിരിക്കും.

പാശ്ചാത്യ സങ്കല്പങ്ങൾക്കനുസൃതമായി ഒരു പൊതു സംസ്കാരമോ ഭാഷയോ മതമോ വംശീയതയോ നിലവിലില്ലാതിരുന്ന ഈ പ്രദേശത്തെ വിവിധ വിഭാഗങ്ങളുടെ സംഘർഷഭൂമിയായാണ് പാശ്ചാത്യ ചിന്തകർ മനസ്സിലാക്കിയത്. അതേ ചിന്ത വച്ചു പുലർത്തിയവരായിരുന്നു ഹിന്ദുത്വവാദികൾ. ഹിന്ദുക്കൾക്കും മുസ്ലീങ്ങൾക്കും ഒരു രാഷ്ട്രമായി നിലനിൽക്കാൻ സാധിക്കുകയില്ല എന്ന് ആദ്യം പറഞ്ഞത് സവർക്കർ ആണ്. ആ രാഷ്ട്രീയത്തെ പിൻപറ്റുന്നവർക്ക്, നമ്മുടെ രാഷ്ട്ര ശില്പികൾ മുന്നോട്ടുവച്ച ഉൾചേർക്കലിന്റെയും സമവായത്തിന്റെയും മഹനീയമായ ദർശനം മനസ്സിലാക്കാനുള്ള വലുപ്പമുണ്ടാവില്ല. ഇന്ത്യയിലെ ഏറ്റവും വലിയ ആർഎസ്എസിനെ 100 വയസ്സ് തികയുന്ന 2025-ൽ അവരുടെ ദാർശനിക പദ്ധതിക്കനുസരിച്ച് രാജ്യത്തെ മാറ്റി തീർക്കണമെന്ന ആഗ്രഹം ഉണ്ടായിരിക്കാം. 

സെപ്‌തംബർ 18-ന് തന്നെ പാർലമെന്റ് സമ്മേളനം വിളിച്ചത് ആകസ്മികമാണോ എന്നറിയില്ല. രാജ്യത്തിൻറെ പേര് മാറ്റിക്കൊണ്ട് ഭരണഘടന ഭേദഗതി ചെയ്യാനുള്ള അംഗബലം പാർലമെന്റിൽ ഇപ്പോൾ അവർക്കില്ല. ഒരുപക്ഷേ ‘ഇന്ത്യ മുന്നണി’യുടെ രൂപീകരണവും അടുത്ത തെരഞ്ഞെടുപ്പിന്റെ രാഷ്ട്രീയ സാഹചര്യങ്ങളുമാകാം, ഇത്തരം നടപടികൾക്ക് പിന്നിൽ പ്രവർത്തിക്കുന്നത്. എന്നിരുന്നാലും, വളരെ സൂക്ഷ്മമായ തലത്തിൽ കൃത്യമായ ഫാസിസ്റ്റ് പദ്ധതികളോടെ പ്രവർത്തിക്കുന്ന ഒരു സംഘടനയുടെ ചെയ്തികളെ, അവരുടെ വിശാല രാഷ്ട്രീയ പദ്ധതിയിൽ നിന്ന് വേർതിരിച്ചു കാണുന്നത് ലളിതവൽക്കരണമായിപ്പോകും.

Published in Suprabhatham Daily on Sept, 07, 2023

ജസ്റ്റിസ്. എസ്. മുരളീധർ: സുപ്രീംകോടതിയുടെ നഷ്ടം

” എന്തുകൊണ്ടാണ് ജസ്റ്റിസ് എസ് മുരളീധർ സുപ്രീംകോടതിയിൽ എത്താതെ പോയത്?” പ്രമുഖ നിയമജ്ഞൻ ഫലി എസ് നരിമാൻ, മുൻ സുപ്രീംകോടതി ജഡ്ജി മദൻ ബി ലോക്കൂർ, മുതിർന്ന അഭിഭാഷകൻ ശ്രീരാം പഞ്ചു എന്നിവർ ഇന്ത്യൻ എക്സ്പ്രസിൽ എഴുതിയ ഒരു ലേഖനത്തിലൂടെ സുപ്രീംകോടതി കോളേജിയത്തോട് ഉന്നയിച്ച ചോദ്യമാണിത്. സമകാലിക ഇന്ത്യയിലെ നിയമനീതിന്യായ വ്യവസ്ഥിതിയെ നിരീക്ഷിക്കുന്ന ഏതൊരാളുടെയും മനസ്സിൽ ന്യായമായും ഉടലെടുക്കാവുന്ന ചോദ്യം. സമീപകാലത്ത് ഇന്ത്യ കണ്ട ഏറ്റവും ധീരനും, ആർക്കും സംശയിക്കാനാകാത്ത സ്വഭാവ ശുദ്ധിക്കും സത്യസന്ധതയും ആർജ്ജവത്തിനും ഉടമയുമായ, ജസ്റ്റിസ് മുരളീധർ സുപ്രീം കോടതിയിലേക്ക് പരിഗണിക്കപ്പെട്ടില്ല എന്നത് നമ്മുടെ നിയമവൈജ്ഞാനിക രംഗത്തിന് വലിയ നഷ്ടമാണ്. ഇക്കഴിഞ്ഞ ഓഗസ്റ്റ് ഏഴിന് അദ്ദേഹം ഒറീസ ഹൈക്കോടതി ചീഫ് ജസ്റ്റിസായി വിരമിച്ചു. സുപ്രീം കോടതിയിലേക്ക് എത്തിയിരുന്നുവെങ്കിൽ 2026 വരെ അദ്ദേഹത്തിൻറെ സേവനം രാജ്യത്തിന് ലഭിക്കുമായിരുന്നു.

സുപ്രീംകോടതി അഭിഭാഷകനായിരുന്നപ്പോൾ മുതൽ ശ്രദ്ധേയനായ വ്യക്തിത്വമാണ് ജസ്റ്റിസ് എസ് മുരളീധർ. ഡൽഹി ഹൈക്കോടതി ജഡ്ജിയായി നിയമിതനായപ്പോൾ, ജുഡീഷ്യൻ സംവിധാനത്തിന്റെ പതിവ് ശൈലികളിൽ നിന്ന് വഴിമാറി നടക്കുന്ന, ജനാധിപത്യവാദിയായ ന്യായാധിപനെയാണ് കണ്ടത്. കൊളോണിയൽ അവശേഷിപ്പുകൾ ആയ ‘മിലോഡ്’, ‘യുവർ ലോർഡ്ഷിപ്സ്’ തുടങ്ങിയ ഉപചാരപദങ്ങൾ തന്റെ കോടതിയിൽ ഉപയോഗിക്കേണ്ടതില്ല എന്ന നിലപാട് എടുത്തു അദ്ദേഹം. സാധാരണക്കാരായ മനുഷ്യരുടെ ജീവിതം തൊട്ടറിഞ്ഞ മനുഷ്യൻ. സുപ്രീംകോടതി പാർക്കിംഗ് ഏരിയയിൽ നിർത്തിയിട്ടിരുന്ന തൻറെ നീല ഓമിനി വാൻ ആയിരുന്നു അദ്ദേഹത്തിൻറെ ചേംബർ എന്നു പറയാറുണ്ട്. ഒറീസ ഹൈക്കോടതിയിൽ നിന്നും വിരമിക്കുമ്പോൾ, അദ്ദേഹം പടിയിറങ്ങുന്ന പാതയ്ക്ക് ഇരുവശവും അണിനിരന്ന അഭിഭാഷകരുടെയും കോടതി ജീവനക്കാരുടെയും ബാഹുല്യം അദ്ദേഹത്തിന് നിയമവൃത്തങ്ങളിലുണ്ടായിരുന്ന സ്വീകാര്യതയ്ക്കും ബഹുമാന്യതയ്ക്കുമുള്ള തെളിവാണ്. ചരിത്രത്തിൽ മറ്റൊരു ന്യായാധിപനും ഇത്ര വികാരനിർഭരമായ യാത്രയയപ്പ് ലഭിച്ചിട്ടുണ്ടാവില്ല.

അഭിഭാഷകൻ നിലയിലും നിയമവിചക്ഷണൻ എന്ന നിലയിലും ഹൈക്കോടതി ജഡ്ജി എന്ന നിലയിലും അനന്യമായ സംഭാവനകൾ അദ്ദേഹത്തിന്റേതായുണ്ട്. 2009-ലെ നാസ് ഫൗണ്ടേഷൻ കേസ് ഇന്ത്യൻ നിയമ ചരിത്രത്തിലെ ഒരു നാഴികക്കല്ലാണ്. ജസ്റ്റിസ് എ പി ഷായോടൊപ്പം ജസ്റ്റിസ് മുരളീധറും അടങ്ങുന്ന ബെഞ്ചാണ് സ്വവർഗ്ഗ പ്രണയത്തെ ക്രിമിനൽവൽക്കരിക്കുന്ന വകുപ്പ്, ഐപിസി 377, റദ്ദു ചെയ്തത്. “പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തെ ക്രിമിനലൈസ് ചെയ്യുന്ന ഐപിസി 377, ഭരണഘടനയുടെ അനുഛേദം 21 (ജീവിക്കാനുള്ള അവകാശം), അനുഛേദം 14 (തുല്യതയ്ക്കുള്ള അവകാശം), അനുഛേദം 15 (വിവേചനത്തിനെതിരായുള്ള അവകാശം) എന്നിവയുടെ ലംഘനമാണ്” എന്ന് അവർ വിധിയെഴുതി. എന്നാൽ അപ്പീലിൽ സുപ്രീംകോടതി അത് റദ്ദു ചെയ്തു. പിന്നീട് 2018-ലാണ് നവ് തേജ് സിംഗ് ജോഹർ കേസിൽ നമ്മുടെ സുപ്രീംകോടതി 2009-ലെ ഡൽഹി ഹൈക്കോടതി ആയിരുന്നു ശരിയെന്ന നിലപാടിലേക്ക് എത്തിയത്.

2019-ൽ, കൃത്യമായ പുനരധിവാസ പദ്ധതികൾ ഇല്ലാതെ ചേരി നിവാസികളെ ഒഴിപ്പിക്കുന്ന നടപടി നിയമവിരുദ്ധമാണ് എന്ന് ഉത്തരവിട്ടു. “തലയ്ക്കു മീതെ ഒരു കൂര ഉണ്ടാവുക എന്നത് മാത്രമല്ല പാർപ്പിടത്തിനുള്ള അവകാശം കൊണ്ട് അർത്ഥമാക്കുന്നത്. ജീവിത മാർഗത്തിനും ആരോഗ്യത്തിനും വിദ്യാഭ്യാസത്തിനും നല്ല ഭക്ഷണത്തിനും ശുദ്ധജലത്തിനും മാലിന്യ സംസ്കരണത്തിനും ഗതാഗതസൗകര്യങ്ങൾക്കും എല്ലാമുള്ള അവകാശമാണത്” അദ്ദേഹം വിധിന്യായത്തിൽ കുറിച്ചു.

2018-ൽ ജസ്റ്റിസ് വിനോദ് ഗോയലിനോടൊപ്പം ചേർന്ന് 1984-ലെ സിഖ് വിരുദ്ധ കലാപത്തിൽ, മുതിർന്ന കോൺഗ്രസ് നേതാവ് സജ്ജൻ കുമാറിനെ വെറുതെ വിട്ടു കൊണ്ടുള്ള ഉത്തരവ് റദ്ദു ചെയ്തു. വിധി ഇങ്ങനെ നിരീക്ഷിക്കുന്നു: “കൂട്ടക്കൊലപാതകങ്ങൾക്ക് ഉത്തരവാദികളായ ക്രിമിനലുകൾ, രാഷ്ട്രീയ പിന്തുണ ഉള്ളതുകൊണ്ട് വിചാരണയും ശിക്ഷയും ഒഴിവാക്കി ജീവിക്കുന്നു. അങ്ങനെയുള്ള ക്രിമിനലുകളെ നിയമത്തിനു മുന്നിൽ എത്തിക്കുക എന്നത് നമ്മുടെ നീതിന്യായ വ്യവസ്ഥിതിക്ക് മുന്നിലുള്ള വലിയ വെല്ലുവിളിയാണ്”. 

2018-ൽ ഭീമ കൊറേഗാവ് കേസിൽ, 

മെട്രോപോളിറ്റൻ മജിസ്ട്രേറ്റിന്റെ ട്രാൻസിറ്റ് ഓർഡറിലെ ഗൗരവതരമായ നിയമ പ്രശ്നങ്ങൾ ചുണ്ടി കാണിച്ചുകൊണ്ട് റദ്ദ് ചെയ്ത ഉത്തരവും ശ്രദ്ധേയമായിരുന്നു. അന്ന്, ഗൗതം നവ് ലാഖയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. കേസിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളിയതിന്റെ തൊട്ടടുത്ത ദിവസമായിരുന്നു ഈ നടപടി.

2020-ലെ ഫെബ്രുവരി മാസത്തിലെ അതിശൈത്യത്തിനൊപ്പം, മനുഷ്യത്വവും തണുത്തുറഞ്ഞ ഡൽഹിയിലെ തെരുവീഥികളിൽ, നിരപരാധികളുടെ സ്വത്തും ജീവനും കത്തിയെരിഞ്ഞു കൊണ്ടിരുന്ന അർദ്ധരാത്രികളിലൊന്നിൽ, പ്രത്യേക സിറ്റിങ് നടത്തി, ക്രമസമാധാന ചുമതലയുള്ള അധികാരികളെ മുൾമുനയിൽ നിർത്തി ഉത്തരം തേടിയ ജസ്റ്റിസ് മുരളീധറിന്റെ നടപടി, കലാപകാലത്തെ ക്രിയാത്മകമായ ഇടപെടലുകളുടെ ചരിത്രത്തിൽ സുവർണ്ണ ലിപികളിൽ രേഖപ്പെടുത്തി വയ്ക്കേണ്ടതാണ്. കലാപത്തിന് ഇരയായി ഗുരുതരാവസ്ഥയിൽ കഴിയുന്ന അനേകം സാധു മനുഷ്യരെ ആശുപത്രിയിൽ എത്തിക്കാൻ ആംബുലൻസ് സൗകര്യമോ ചികിത്സിക്കാൻ ഡോക്ടർമാരോ ഇല്ല എന്ന് പറഞ്ഞു കൈമലർത്തിയിരുന്ന അധികാരികൾക്ക് ആ രാത്രി തന്നെ എല്ലാ സംവിധാനങ്ങളും ശരിയാക്കി, ഡോക്ടർമാരെ ഫോൺ വിളിച്ച് വരുത്തി, ചികിത്സാ സംവിധാനങ്ങൾ ഒരുക്കി, തങ്ങളുടെ കടമ നിർവഹിക്കേണ്ടിവന്നു. 20 ജീവനുകളെങ്കിലും ആ ഒറ്റരാത്രികൊണ്ട് രക്ഷപ്പെടാൻ ഇടയായിട്ടുണ്ട്. 

സമൂഹത്തിൽ വിദ്വേഷവും വിഭാഗീയതയും അക്രമവും പരത്തുന്ന മുദ്രാവാക്യങ്ങൾ വിളിച്ച ബിജെപി നേതാക്കന്മാർക്കെതിരെ എന്തുകൊണ്ട് നടപടി എടുക്കുന്നില്ല എന്ന ചോദ്യം അദ്ദേഹം ഉന്നയിച്ചു. ഉചിതമായ സമയത്ത് എഫ്ഐആർ ഇടും എന്ന് അറിയിച്ച ഡൽഹി പോലീസിനോട് “എപ്പോഴാണ് ഉചിതമായ സമയം? നഗരം കത്തുകയാണ്. വിദ്വേഷ പ്രസംഗങ്ങളുടെ നിരവധി ക്ലിപ്പുകൾ ലഭ്യമാണെന്നിരിക്കെ നിങ്ങൾ എന്തിനുവേണ്ടിയാണ് കാത്തിരിക്കുന്നത്?” എന്നു കയർത്തു. 24 മണിക്കൂറിനകം എഫ്ഐആർ രജിസ്റ്റർ ചെയ്ത് വിവരം അറിയിക്കാനും ആവശ്യപ്പെട്ടു. 

എന്നാൽ, എട്ടു മണിക്കൂറുകൾക്കുള്ളിൽ ജസ്റ്റിസ് മുരളീധറിനെ പഞ്ചാബ്-ഹരിയാന ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റുന്ന കാഴ്ചയാണ് നമ്മൾ കണ്ടത്. കൊളീജിയവും കോടതികളും ഭരണകൂടത്തിനു വേണ്ടി മാത്രം പ്രവർത്തിക്കുന്നുവെങ്കിൽ, പിന്നെ ഭരണഘടനയുടെയും അധികാര വിഭജനത്തിന്റെയും ഒക്കെ അർത്ഥമെന്താണ്, എന്ന സംശയം സാധാരണ മനുഷ്യർ ആത്മാർത്ഥമായി ചോദിച്ചു പോയ ദിവസങ്ങളായിരുന്നു അത്. പിന്നീട് അദ്ദേഹം താരതമ്യേന ചെറിയ ഒറീസ ഹൈക്കോടതിയിലേക്ക് ചീഫ് ജസ്റ്റിസ് ആയി വന്നു. അദ്ദേഹത്തെ മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആക്കണമെന്ന നിർദ്ദേശം ഗവൺമെൻറ് പരിഗണിച്ചതേയില്ല. കൊളീജിയം അത് വീണ്ടും ആവശ്യപ്പെട്ടതുമില്ല.

എന്നാൽ നിറഞ്ഞ മനസ്സോടെയാണ് താൻ ഒറീസ ഹൈക്കോടതിയിൽ എത്തിയത് എന്ന് അദ്ദേഹം പറഞ്ഞു. അവിടെ ചീഫ് ജസ്റ്റിസ് ആയിരുന്ന ചുരുങ്ങിയ കാലഘട്ടം കൊണ്ട് വലിയ മാറ്റങ്ങൾ കൊണ്ടുവന്നു. കോടതി പ്രവർത്തനം മുഴുവൻ ആധുനികവൽക്കരിക്കുകയും ഈ-സംവിധാനങ്ങൾ ഏർപ്പെടുത്തുകയും ചെയ്തു. ഓരോ ജില്ലയിലും വീഡിയോ കോൺഫറൻസിംഗ് സംവിധാനങ്ങൾ ഒരുക്കി. ലൈബ്രറിയും മ്യൂസിയവും നവീകരിച്ചു, ഡിജിറ്റൈസ് ചെയ്തു. 33000 കേസുകൾ തീർപ്പാക്കി. 5000 ത്തിലേറെ വിധിന്യായങ്ങൾ എഴുതി. 

വ്യക്തിജീവിതത്തിലും അങ്ങേയറ്റം ധാർമികത പുലർത്തുന്നവരാണ് അദ്ദേഹവും പത്നി, പ്രശസ്ത നിയമപണ്ഡിതയും ഗവേഷകയുമായ ഡോ. ഉഷ രാമനാഥനും. സ്വകാര്യതയെ ബാധിക്കും എന്നതുകൊണ്ട് മൊബൈൽ ഫോൺ ഉപയോഗിക്കില്ല എന്ന് തീരുമാനമെടുത്തിട്ടുള്ള ഡോ. ഉഷ രാമനാഥനെ ബന്ധപ്പെടാൻ, ഒരവസരത്തിൽ ജസ്റ്റിസ് മുരളീധറിന്റെ ഫോണിൽ വിളിച്ചപ്പോൾ, ഔദ്യോഗിക ഫോൺ സ്വകാര്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ കഴിയില്ല എന്ന് പറഞ്ഞ, അദ്ദേഹത്തിൻറെ ‘അലോസരപ്പെടുത്തുന്ന’ ആദർശനിഷ്ഠയെക്കുറിച്ച് മുതിർന്ന അഭിഭാഷകനായ സഞ്ജൊയ് ഘോഷ് എഴുതിയിരുന്നു. പ്രൊഫസർ ലോതിക സർക്കാരിനെ അവസാനം വരെ നിസ്വാർത്ഥമായി പരിചരിച്ച് പോന്ന കാര്യവും അദ്ദേഹം ഓർത്തെടുക്കുന്നുണ്ട്. ഈ ലേഖകന്റെ ആദ്യ പുസ്തകത്തിന് അവതാരിക എഴുതിയത് ഡോ. ഉഷാരാമനാഥൻ ആണ്. ആ നിലയ്ക്ക് അവരുടെ സ്നേഹ വിശാലത മനസ്സിലാക്കാനുള്ള ഭാഗ്യവും ഉണ്ടായിട്ടുണ്ട്. ആദർശബദ്ധമായ ജീവിതവും പ്രവർത്തിപഥവുമാണ് അവരുടേത് എന്ന് നേരിട്ടുള്ള ബോധ്യവും ഉണ്ട്. ജസ്റ്റിസ് മുരളീധർ സുപ്രീംകോടതിയിൽ എത്താതിരുന്നത് ഈ നാടിൻറെ നഷ്ടമാണ്. നീതിയുടെ മഷി മുക്കി വിധിയെഴുതാൻ കഴിയുമായിരുന്ന ഒരു തൂലിക പരമോന്നത നീതിപീഠം നഷ്ടപ്പെടുത്തിയിരിക്കുന്നു.  

Published in Suprabhaatham Daily on 25, Aug, 2023

പാതിവെന്ത ക്രിമിനൽ നിയമപരിഷ്കരണം

ഇന്ത്യൻ പീനൽ കോഡ് , ക്രിമിനൽ പ്രൊസീജർ കോഡ്, ഇന്ത്യൻ എവിഡൻസ് ആക്ട്  എന്നിവയ്ക്ക് പകരം ‘ഭാരതീയ ന്യായ സംഹിത’, ‘ഭാരതീയ നാഗരിക് ശിക്ഷാ സംഹിത’, ‘ഭാരതീയ സാക്ഷ്യ ബില്ല്’ എന്നിങ്ങനെ മൂന്ന് കരട് നിയമങ്ങൾ പാർലമെന്റിൽ അവതരിപ്പിച്ചുകൊണ്ട് നിയമവൃത്തങ്ങളെ ഞെട്ടിച്ചിരിക്കുകയാണ് നരേന്ദ്രമോദി ഗവണ്മെന്റ്. കൊളോണിയൽ ശീലങ്ങളിൽ നിന്നുള്ള മോചനമായിരിക്കും പുതിയ നിയമം എന്നാണ് ബില്ല് അവതരിപ്പിച്ചുകൊണ്ട്, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ പ്രസ്താവിച്ചത്. “നിയമത്തിന്റെ ലക്‌ഷ്യം ശിക്ഷിക്കുക എന്നതല്ല, നീതി നടപ്പിലാക്കുക എന്നതായിരിക്കും” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കുവാൻ പുതിയ ക്രിമിനൽ നിയമങ്ങൾക്ക് കഴിയുമോ എന്ന് പരിശോധിക്കുകയാണിവിടെ. 

 ഇന്ത്യയിലെ ക്രിമിനൽ നീതി നിർവഹണ സംവിധാനത്തിന് കാലോചിതമായ മാറ്റങ്ങൾ അനിവാര്യമാണ് എന്ന കാര്യത്തിൽ ആർക്കും അഭിപ്രായ വ്യത്യാസമുണ്ടെന്ന് കരുതുന്നില്ല. 1860-ൽ മക്കാളെ രൂപം നൽകിയ ഇന്ത്യൻ ശിക്ഷാ നിയമം ആ കാലഘട്ടത്തിലെ ഏറ്റവും പുരോഗമനാത്മകമായ നിയമസംഹിത ആയിരുന്നു എന്നതും തർക്കത്തിനിടയില്ലാത്ത കാര്യമാണ്.  ഇന്ന് നമ്മൾ ഏറ്റവും കൂടുതൽ തർക്കം ഉന്നയിക്കുന്ന ദേശദ്രോഹ കുറ്റവും (124എ) ദൈവനിന്ദാ കുറ്റവും (295എ) 1860-ലെ നിയമത്തിന്റെ ഭാഗമായിരുന്നില്ല. 1898-ലും 1927-ലും കൂട്ടിച്ചേർത്തതാണ്. പിന്നീട് വന്ന പല ക്രിമിനൽ നിയമസംഹിതകൾക്കും മാതൃകയായതും ഐ.പി.സി.യാണ്. എന്നിരുന്നാലും ഭരണഘടനക്കും മുൻപുള്ള നിയമം എന്ന നിലയ്ക്ക് ഐപിസിയുടെ അടിസ്ഥാന ദർശനം പുന പരിശോധിക്കണമെന്ന ആവശ്യം ന്യായമാണ്. നമ്മൾ നിരവധി തവണ ഐപിസി ഭേദഗതിചെയ്തെങ്കിലും, കാതലായ പ്രശ്നങ്ങളെ  ഒന്നും തന്നെ അഭിസംബോധന ചെയ്തിട്ടില്ല. എന്തെങ്കിലും ഒരു പ്രശ്നം ഉണ്ടാകുമ്പോൾ ഒരു നിയമം  ഭേദഗതി ചെയ്തു കുറ്റകൃത്യത്തിന്റെ കാഠിന്യം കൂട്ടുക മാത്രമാണ് ഉണ്ടായിട്ടുള്ളത്.  

1971-ലെ നാല്പത്തിരണ്ടാം ലോ കമ്മീഷൻ റിപ്പോർട്ടാണ് ഐ.പി.സി.യുടെ സമഗ്ര പരിഷകരണത്തെക്കുറിച്ച് കൃത്യമായ രൂപരേഖ ഉണ്ടാക്കിയത്. തുടർന്ന് 1971-ലും 1978-ലും കൊണ്ടുവരാൻ ശ്രമിച്ച ഭേദഗതികൾ ഗവൺമെന്റുകൾ മാറിയതിനെത്തുടർന്ന് നടക്കാതെ പോയി. അതിനു ശേഷം 2003-ൽ കേരള, കർണാടക  ഹൈക്കോടതികളുടെ ചീഫ് ജസ്റ്റിസ് ആയിരുന്ന ജസ്റ്റിസ്. വി എസ് മാലിമത് നേതൃത്വം നൽകിയ കമ്മറ്റി ക്രിമിനൽ നീതിനിർവാഹനാ സംവിധാനത്തിൽ സമഗ്ര പരിഷ്കരണം നിർദ്ദേശിച്ചു. കുറ്റകൃത്യങ്ങളെ പുതിയ രീതിയിൽ വർഗീകരിക്കണം. നാം പിന്തുടർന്ന് വരുന്നത് ഇരുഭാഗങ്ങളും കോടതിയ്ക്ക് മുന്നിൽ വസ്തുതകൾ അവതരിപ്പിച്ച്, കോടതി സത്യമേതെന്നു നിർണയിക്കുന്ന  അഡ്വേഴ്സെറിയൽ സംവിധാനമാണ്. അത് മാറ്റി കോടതിയുടെ സത്യാന്വേഷണത്തിന്റെ ഭാഗമാകുന്ന ‘ഇൻക്വിസിറ്ററി’ സംവിധാനം കൊണ്ടുവരണം. അനുമാനിക നിരപരാധിത്വം എന്ന സങ്കൽപ്പത്തിൽ വിട്ടുവീഴ്ച ചെയ്ത്, ന്യായമായ തെളിവുകൾ ഉണ്ടെങ്കിൽ ഒരാളെ കുറ്റക്കാരനായി കാണാൻ കോടതികൾക്ക് കഴിയണം. ഭരണഘടനയുടെ അനുച്ഛേദം 20(3) അനുവദിച്ചിട്ടുള്ള ‘മൗനം പാലിക്കാനുള്ള അവകാശം’ ഭേദഗതി ചെയ്ത് കോടതിയ്ക്ക് നിർബന്ധമായും വിവരങ്ങൾ ആവശ്യപ്പെടാൻ കഴിയുന്ന രൂപത്തിൽ ആക്കണം. കുറ്റപത്രം ഫയൽ ചെയ്യാനുള്ള കാലാവധി 90-ൽ നിന്നും 180 ആക്കി ഉയർത്തണം.  റിമാൻഡ് കാലാവധി 15-ൽ നിന്ന് 30 ആക്കണം. അങ്ങനെ ഭരണകൂടത്തിന്റെ അധികാരങ്ങൾ വർദ്ധിപ്പിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ ആയിരുന്നു റിപ്പോർട്ടിൽ ഏറെയും. ഗവണ്മെന്റ് പക്ഷെ, ആ റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ അംഗീകരിച്ചില്ല. പിന്നീട് നടപടി ക്രമങ്ങളിൽ ഒരു മാറ്റം വന്നത് 2006-ലെ പ്രകാശ് സിംഗ് കേസിലെ സുപ്രീംകോടതി  വിധിയിലൂടെയാണ്. അന്വേഷണ സംവിധാനങ്ങളെ സ്വതന്ത്രമാക്കുന്നതിനും പൗരാവകാശങ്ങൾ ഉറപ്പുവരുത്തുന്നതിനും നിർണായകമായ, സ്റ്റേറ്റ്‌ സെക്യൂരിറ്റി കമ്മീഷൻ മുതൽ പോലീസ് കമ്പ്ലൈന്റ്സ് അതോറിറ്റി വരെയുള്ള നിരവധി കാര്യങ്ങൾ ആ വിധിയുടെ ഭാഗമായി വന്നതാണ്. ദൗർഭാഗ്യവശാൽ ഒരു സംസ്ഥാനവും വിധി പൂർണമായി നടപ്പിലാക്കിയിട്ടില്ല.  പിന്നീട് 2020-ലാണ് ഡൽഹിയിലെ, നാഷണൽ ലോ യൂണിവേഴ്സിറ്റിയുടെ വൈസ് ചാൻസലർ പ്രൊഫ. ജി എസ് ബാജ്പായുടെ നേതൃത്വത്തിൽ ക്രിമിനൽ നിയമങ്ങൾ ഭേദഗതി ചെയ്യുവാൻ പുതിയ കമ്മറ്റി വരുന്നത്. അതിന്റെ തുടർച്ചയാണ് ഇപ്പോൾ പാർലമെന്റിൽ അവതരിപ്പിച്ച മൂന്ന് നിയമങ്ങൾ.

ബില്ലുകളുടെ പേരുകൾ തന്നെ വിവാദവിഷയമാണ്. ഭരണഘടനയുടെ അനുച്ഛേദം 348 അനുസരിച്ച് പാർലമെന്റിൽ അവതരിപ്പിക്കുന്ന ബില്ലുകൾ ഇംഗ്ളീഷിൽ ആയിരിക്കണം. എന്നാൽ ഇവിടെ ബില്ലുകൾക്ക് ഹിന്ദി/സംസ്കൃത നാമം നല്കുകവഴി പ്രസ്തുത അനുച്ഛേദത്തിന്റെ ലംഘനമാണ് നടന്നത്. ഇത് ഹിന്ദി അടിച്ചേൽപ്പിക്കുന്നതിന്റെ ഭാഗമാണ് എന്ന നിലയ്ക്കുള്ള പ്രതിഷേധങ്ങളും ഉയർന്നു കഴിഞ്ഞു. 

അതിപ്രധാനമായൊരു ബില്ലായിരുന്നിട്ടും യാതൊരു അവധാനതയും കൂടാതെയാണ് തയ്യാറാക്കിയിരിക്കുന്നത് എന്ന് ആദ്യ വായനയിൽ തന്നെ വ്യക്തമാണ്. അക്ഷരത്തെറ്റുകളും, വ്യാകരണപിശകുകളും മാത്രമല്ല, പല വകുപ്പുകളും ഐ.പി.സിയിൽ നിന്ന് പകർത്തിയെഴുതുമ്പോൾ വാചകങ്ങൾ പൂർത്തിയായിട്ടുകൂടിയില്ല. വകുപ്പ് 23 വായിച്ചാൽ ആരും തലപുകഞ്ഞ് ഇരുന്നുപോകും. കുറ്റകൃത്യങ്ങൾക്കുള്ള ഒഴിവാക്കലുകൾ വിവരിക്കുന്നിടത്ത് “സ്വന്തം ഇച്ഛയ്ക്ക് എതിരായി,  മറ്റുള്ളവർ നിർബന്ധിച്ചു ലഹരി നല്കിയതല്ലാത്തിടത്തോളം, ലഹരിക്ക് അടിപ്പെട്ട് ചെയ്യുന്ന പ്രവർത്തികൾ ഒരു കുറ്റമല്ല” എന്ന് കാണാം! യഥാർത്ഥത്തിൽ, “സ്വന്തം ഇച്ഛയ്ക്ക് എതിരായി,  മറ്റുള്ളവർ നിർബന്ധിച്ചു ലഹരി നല്കിയതാണെങ്കിൽ,  ലഹരിക്ക് അടിപ്പെട്ട് ചെയ്യുന്ന പ്രവർത്തികൾ ഒരു കുറ്റമല്ല” എന്നായിരുന്നു വരേണ്ടിയിരുന്നത്. ഇതിപ്പോൾ സ്വയം ലഹരിക്കടിപ്പെട്ട് ഒരാൾ ചെയ്യുന്ന കാര്യങ്ങൾ കുറ്റമല്ല എന്ന അവസ്ഥ വരുന്നു. ഐ.പി.സി. സെക്ഷൻ 85 എടുത്തെഴുതിയപ്പോൾ ഒരു വാക്ക് മാറിപ്പോയതാണ് കാര്യം!

ക്രിമിനൽ നിയമഭേദഗതിയിൽ ഏവരും ഉറ്റുനോക്കിക്കൊണ്ടിരുന്നത്, ഏതു തരത്തിലാണ് ഈ നിയമം ഐ.ഐ.പി.സിയുടെ കൊളോണിയൽ പാരമ്പര്യത്തെ മറികടക്കുന്നതെന്നാണ്. ഐ.പി.സി.യിലെ പല കുറ്റങ്ങളും പുതിയകാലത്ത് നടപ്പിലാക്കാൻ കഴിയാത്തതോ കാലഹരണപ്പെട്ടതോ ആണ്. കുറ്റകൃത്യങ്ങളെ വർഗ്ഗീകരിച്ചിരിക്കുന്നത്, ചില നിർവചനങ്ങൾ (ഉദാഹരണത്തിന് കൽപ്പബിൾ ഹോമിസൈഡും മർഡറും), ലൈംഗിക അതിക്രമങ്ങൾക്കെതിരെയുള്ള വകുപ്പുകൾ, വിവാഹ ബന്ധത്തിലെ ലൈംഗിക അതിക്രമം, ഗൂഢാലോചന.. അങ്ങനെ നിരവധി വിഷയങ്ങൾ പലപ്പോഴായി വിദഗ്ദർ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോഴത്തെ ബില്ലുകൾ ബില്ലുകൾ ഏകദേശം പൂർണമായും പഴയ നിയമങ്ങൾ അതേപടി പകർത്തിയതാണ്. നിർവചനങ്ങൾ ഒക്കെ ഉപവകുപ്പുകൾ ആക്കി ആകെ വകുപ്പുകളുടെ എണ്ണം കുറച്ചിട്ടുണ്ട്. വകുപ്പുകളുടെയും ചാപ്റ്ററുകളുടെയും ക്രമം മാറ്റിയിട്ടുണ്ട്. ഉദാഹരണത്തിന് ഐ.പി.സി.യിലെ, കൊലപാതകം സംബന്ധിച്ച വകുപ്പ് 300, ബി.എൻ.എസിൽ 99 ആണ്. 

ദേശദ്രോഹ കുറ്റം ഇല്ലാതാക്കി എന്നായിരുന്നു പുതിയ ശിക്ഷാനിയമങ്ങൾ അവതരിപ്പിച്ചുകൊണ്ട് ആഭ്യന്തര മന്ത്രി പറഞ്ഞത്. എന്നാൽ ഭാരതീയ ന്യായസംഹിതയിൽ വകുപ്പ് 150 ആട്ടിൻതോലിട്ട ചെന്നായയാണ്. ഐപിസി 124 (എ) ഇല്ലെങ്കിലും അതിനെ കീഴിൽ ഗവൺമെന്റുകൾ ചാർജ് ചെയ്തു കൊണ്ടിരുന്ന ഏതാണ്ട് എല്ലാ കുറ്റങ്ങളും, സത്യത്തിൽ അതിലേറെ കാര്യങ്ങൾ ചാർത്തി ആരെ വേണമെങ്കിലും അകത്തിടാവുന്ന തരത്തിലാണ് വകുപ്പ് 150. സുപ്രീം കോടതി കേദാർനാഥ് വിധിയിൽ രാജ്യദ്രോഹക്കൂട്ടം അക്രമാഹ്വാനവുമായി മാത്രം ബന്ധപ്പെടുത്തി പരിമിതപ്പെടുത്തിയിരുന്നു.  ബി എൻ എസ് വന്നാൽ ആ നിയന്ത്രണമൊക്കെ ഇല്ലാതാകും. ‘വിഭാഗീയ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന’, ‘രാജ്യത്തിൻറെ പരമാധികാരത്തെയും ഐക്യത്തെയും അഖണ്ഡതയെയും ബാധിക്കുന്ന’, എഴുത്തും സംസാരവും ദൃശ്യവും സന്ദേശങ്ങളും സാമ്പത്തിക ഇടപാടുകളും എല്ലാം നിയമത്തിന്റെ പരിധിയിൽ വരും. ശിക്ഷയോ, ജീവപര്യന്തം അല്ലെങ്കിൽ മൂന്നുവർഷം വരെ തടവും പിഴയും എന്നത്, ജീവപര്യന്തം അല്ലെങ്കിൽ ഏഴുവർഷം വരെ തടവും പിഴയും എന്ന നിലയ്ക്ക് വർദ്ധിപ്പിച്ചിട്ടുമുണ്ട്. ഈ വകുപ്പ് നിയമമായാൽ ദേശദ്രോഹ നിയമത്തെക്കാൾ മാരകമായ രീതിയിൽ ദുരുപയോഗം ചെയ്യാൻ കഴിയും. 

മറ്റു പ്രധാനപ്പെട്ട കാര്യങ്ങളിലും ഇതേ പ്രവണത തുടരുകയാണ്. 295(എ) അത്തരമൊരു വകുപ്പാണ്. മതവികാരം വൃണപ്പെടുത്തലാണ് കുറ്റകൃത്യം. ഒരു മതേതര ജനാധിപത്യ സമൂഹത്തിൽ ‘ദൈവനിന്ദ’ എന്ന പ്രാകൃത വകുപ്പ് നിലനിർത്തിക്കൊണ്ടുപോകുന്ന അപൂർവം രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. പുതിയ ബില്ലിൽ 297-ആം വകുപ്പായി ഇത് തുടരുന്നു. ഒരു ക്രൈം ചെയ്യാതെ തന്നെ, അത്തരമൊരു ആലോചന നടത്തിയെന്ന പേരിൽ ആളുകളെ ശിക്ഷിക്കുന്ന  ‘ഗൂഡാലോചനാക്കുറ്റം’-വകുപ്പ് 120 (എ), ഐ.പി.സി.-സെക്ഷൻ 61 ആയി വേഷം മാറി വരുന്നു. നിയമവിരുദ്ധമായ കൂടിച്ചേരലിന്റെ ഭാഗമായി ഒരു കുറ്റകൃത്യം നടന്നാൽ, അവിടെയുണ്ടായിരുന്ന എല്ലാവരെയും ഒരേപോലെ പ്രതികളാക്കുന്ന 149, ഇപ്പോൾ 188 ആണ്.  ആധുനിക സമൂഹം വേണ്ടെന്നു വച്ച വധശിക്ഷ, ഇപ്പോഴും തുടരുന്നുമുണ്ട്.

ഫലത്തിൽ, ഈ ബില്ലുകളിലൂടെ കൊളോണിയൽ ഭൂതകാലത്തെ അറുത്തുകളയുന്നില്ല എന്ന് മാത്രമല്ല   ജനാധിപത്യപരമായ മാറ്റങ്ങളൊന്നും തന്നെ വരുത്തിയിട്ടുമില്ല. നിലവിലുള്ള നീതി നിർവഹണ സംവിധാനത്തെ സങ്കീർണമാക്കാനാണ് ഇത് ഉപകരിക്കുക എന്നു തോന്നുന്നു. കുറ്റകൃത്യത്തിൽ മാത്രം ശ്രദ്ധ വയ്ക്കാതെ കുറ്റവാളിയിലും ഇരയിലും ഊന്നുന്ന നീതി നിർവഹണ സംവിധാനം കാലഘട്ടത്തിൻറെ അനിവാര്യതയാണ്.  മാറിയ സാമൂഹ്യബോധങ്ങളുടെ അടിസ്ഥാനത്തിൽ, പുരോഗമനപരമായ, ജനാധിപത്യപരമായ, മനുഷ്യ സ്വാതന്ത്ര്യത്തെ വിപുലമാക്കുന്ന തരത്തിലുള്ള, മാറ്റങ്ങൾ ഉണ്ടാവേണ്ടതാണ്. ലിബറൽ ജനാധിപത്യം എന്ന നിലയിൽ സ്കാൻഡിനേവിയൻ മാതൃകയാണ് നമുക്ക് സ്വീകാര്യമാവുക എന്ന് തോന്നുന്നു. എന്നാൽ കേന്ദ്രസർക്കാർ ഇപ്പോൾ കൊണ്ടുവന്നിട്ടുള്ള ബില്ലുകൾ അക്കാര്യം നിറവേറ്റിയിട്ടുണ്ടോ എന്ന കാര്യത്തിൽ സംശയമാണ്. സമീപനത്തിലോ, ദർശനത്തിലോ, ജനാധിപത്യപരമായ മാറ്റങ്ങൾ ഒന്നും തന്നെ കാണുന്നില്ല.

Published in Suprabhatham Daily on 13 aug, 2023

ഹരിയാന: വംശഹത്യാ ശ്രമങ്ങളെ കോടതി ചോദ്യം ചെയ്യുന്നു.

ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായി ഒരു ഭരണഘടനാ കോടതി, ‘ക്രമസമാധാന പാലനത്തിന്റെ മറവിൽ സംസ്ഥാന ഭരണകൂടം വംശഹത്യ നടത്തുകയാണോ?’ എന്ന സംശയം ഉന്നയിച്ചിരിക്കുന്നു. പഞ്ചാബ്-ഹരിയാന ഹൈക്കോടതിയുടെതാണ് ചോദ്യം. സംസ്ഥാനത്തെ നൂഹ്, ഗുരുഗ്രാം ജില്ലകളിൽ വ്യാപകമായി ഉണ്ടായ വർഗീയ സംഘർഷങ്ങളെത്തുടർന്ന്, കേസിൽ പെട്ടവരുടെ വീടുകളും കെട്ടിടങ്ങളും ബുൾഡോസർ കൊണ്ട് ഇടിച്ച് നിരത്തുന്ന ഗവൺമെൻറ് നടപടിക്കെതിരെ സ്വമേധയാ എടുത്ത കേസിലാണ് ഹൈക്കോടതി രൂക്ഷമായ പരാമർശം നടത്തിയിരിക്കുന്നത്. വീടുകൾ തകർക്കുന്ന നടപടി ഉടൻ നിർത്തിവയ്ക്കാൻ ഉത്തരവിട്ട കോടതി, സംസ്ഥാന സർക്കാരിന് നോട്ടീസ് അയക്കുകയും അഡ്വക്കേറ്റ് ക്ഷിതിജിത് ശർമയെ അമിക്കസ് ക്യൂറിയായി നിയോഗിക്കുകയും ചെയ്തു. 

സമകാലിക ഇന്ത്യയിൽ വ്യാപകമായിക്കൊണ്ടിരിക്കുന്ന ഭരണകൂടത്തിന്റെ അധികാരഹുങ്കിന്റെ കാരുണ്യരഹിതമായ പ്രകടനമാണ് വീടുകൾ ബുൾഡോസർ കൊണ്ട് തകർക്കുന്ന ‘ശിക്ഷാവിധി’. കൃത്യമായൊരു മാതൃകയ്ക്കൊപ്പിച്ച്, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലൊക്കെ ഇത് നടപ്പിലാക്കി വരുന്നുണ്ട്. യുപിയിൽ, മധ്യപ്രദേശിൽ, ഹരിയാനയിൽ, ആഭ്യന്തരവ വകുപ്പ് കയ്യാളുന്ന ഡൽഹിയിൽ ഒക്കെ ‘ബുൾഡോസർ നീതി’ എന്ന പേരിൽ ഈ ഭരണകൂട ഭീകരതയെ ആഘോഷിക്കുകയാണ് അവർ. 

സംസ്ഥാനത്ത് ഒരു ക്രമാസമാധാന പ്രശ്നമുണ്ടാകുന്നു. ഒന്നുകിൽ ഒരു പ്രതിഷേധ സമരം, അല്ലെങ്കിൽ വർഗീയ കലാപം. പ്രതികളെ പോലീസ് ‘തിരിച്ചറിഞ്ഞാൽ’ ഉടൻ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനം അവരുടെ വീടുകൾ അനധികൃതമായാണ് നിർമ്മിച്ചിരിക്കുന്നത് എന്ന നോട്ടീസ് നൽകുന്നു. അടുത്ത പടി ബുൾഡോസർ ഉപയോഗിച്ച് വീടുകൾ ഇടിച്ചു നിരത്തുന്നതാണ്. ഇതെല്ലാം 24 മണിക്കൂറിനുള്ളിൽ പൂർത്തിയായിരിക്കും. പലപ്പോഴും ഇരകൾക്ക് കോടതിയെയോ മറ്റോ സമീപിക്കുവാനുള്ള സാവകാശം പോയിട്ട്, വീടിനുള്ളിൽ നിന്ന് സാധനസാമഗ്രികൾ മാറ്റുന്നതിനുള്ള സമയം പോലും ലഭിക്കുകയുമില്ല. ഇങ്ങനെ തച്ചു തകർക്കുന്ന ഭവനങ്ങൾ ഏതാണ്ട് എല്ലാം തന്നെ ന്യൂനപക്ഷ സമുദായങ്ങളുടേതാണെന്ന പ്രത്യേകതയുമുണ്ട്.

ജനാധിപത്യ സംവിധാനത്തിന് കീഴിൽ പുലരേണ്ട നീതിബോധത്തെ അട്ടിമറിക്കുന്ന പ്രവർത്തിയാണിത്. ഭരണഘടനാപരമായും നിയമപരമായും വലിയ തെറ്റ്. ഭരണഘടനയുടെ ഇരുപത്തിയൊന്നാം അനുഛേദം നൽകുന്ന ജീവിക്കാനുള്ള അവകാശം മൃഗതുല്യമായ ജീവിതത്തിനുള്ള അവകാശമല്ല, അന്തസ്സോടെ ജീവിക്കാനുള്ള അവകാശമാണ്. ഉപജീവനമാർഗ്ഗത്തിനും പാർപ്പിടത്തിനുമുള്ള അവകാശവും അതിൻറെ ഭാഗമാണ്. 1985-ലെ ഓൾഗാ ടെല്ലിസ് കേസിൽ സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് അത് വ്യക്തമാക്കിയിട്ടുള്ളതാണ്. ഉപജീവനത്തിനും പാർപ്പിടത്തിനുമുള്ള അവകാശം എന്ന് പറഞ്ഞാൽ, താമസിക്കുന്ന വീട്ടിൽ നിന്ന് കുടിയുറക്കുന്നതിന് മുൻപ് നോട്ടീസ് കൊടുത്തിരിക്കണം, നിലവിലുള്ള ഗവൺമെൻറ് സ്കീമുകൾ പ്രകാരം കൃത്യമായ പുനരധിവാസം ഉറപ്പുവരുത്തണം. പിന്നീട്, 2010-ൽ സുധാമ സിംഗ് കേസിൽ ഡൽഹി ഹൈക്കോടതി ഇക്കാര്യത്തിന് കുറച്ചുകൂടി വ്യക്തത വരുത്തിയിട്ടുണ്ട്. ഒരു സർവ്വേ നടത്തി കുടിയൊഴിക്കപ്പെടുന്നവർ ക്ക് വിവിധ ഗവൺമെൻറ് സ്കീമുകളിൽ, സഹായം ലഭിക്കാൻ അർഹതയുണ്ടോ എന്ന് പരിശോധിക്കണം. മാത്രവുമല്ല, ഇരകളുമായി നേരിട്ട് കൂടിയാലോചിച്ച് അർത്ഥവത്തായ പുനരധിവാസ പാക്കേജ് ഉറപ്പുവരുത്തണം. ഈ രണ്ട് നിർദ്ദേശങ്ങളും മേൽപ്പറഞ്ഞ സംസ്ഥാന ഗവൺമെൻറുകൾ പാലിച്ചിട്ടില്ല.

മറ്റൊന്ന് ആനുപാതികത എന്ന നിയമ സങ്കൽപ്പമാണ്. ഇന്ത്യയിൽ സ്വകാര്യത സംബന്ധിച്ച പുട്ടസ്വാമി കേസിലാണ് ഏറ്റവും വ്യക്തമായി അനുപാതികതാ സിദ്ധാന്തത്തെ നിർവചിച്ചിട്ടുള്ളത്. പൗരന്റെ അവകാശങ്ങൾക്കുമേൽ ഗവൺമെന്റുകൾ കടന്നു കയറുമ്പോൾ നിശ്ചയമായും ഉണ്ടായിരിക്കേണ്ട നിയന്ത്രണങ്ങളാണ് വിധിയിൽ വിശദീകരിക്കുന്നത്. പ്രാഥമികമായി ഗവൺമെന്റിന്റെ ഏതൊരു നടപടിയ്ക്കും അനുയോജ്യമായ ഒരു നിയമം അനിവാര്യമാണ്. പിന്നെ, ഭരണകൂടത്തിന് ന്യായീകരിക്കത്തക്കതായ ഉദ്ദേശ്യലക്ഷ്യം ഉണ്ടായിരിക്കണം. ആ ലക്ഷ്യവും അതിനുവേണ്ടി തെരഞ്ഞെടുത്ത മാർഗ്ഗവും തമ്മിൽ യുക്തിസഹമായ ബന്ധം ഉണ്ടായിരിക്കണം. ആ മാർഗ്ഗം അവകാശങ്ങൾക്കുമേൽ ഏറ്റവും കുറഞ്ഞ രീതിയിൽ കടന്നു കയറുന്നതായിരിക്കും. അതായത് ലക്ഷ്യം സാക്ഷാത്കരിക്കാൻ ഇത്രയധികം അവകാശ ലംഘനം ആവശ്യമില്ലാത്ത ഇതര മാർഗങ്ങളുണ്ടോ എന്ന അന്വേഷണം ഗവൺമെൻറ് നടത്തിയിട്ടുണ്ടാവണം. പോലീസ് പ്രതിപട്ടികയിൽ ഉള്ളവരുടെ വീട് ഇടിച്ചു നിരത്തുന്നത് ഈ നിയമ തത്വങ്ങളുടെയെല്ലാം ലംഘനമാണെന്നത് പകൽപോലെ വ്യക്തമാണല്ലോ.

ഇത്തരം ഭരണകൂട അതിക്രമങ്ങൾ വ്യാപകമായിട്ടും, ഫലപ്രദമായ ഇടപെടലുകൾ നടത്താൻ നമ്മുടെ കോടതികൾക്ക് കഴിഞ്ഞിരുന്നില്ല. ഒന്നുകിൽ കോടതി നടപടികളിലേക്ക് കടക്കുന്നതിനു മുൻപ് ‘ബുൾഡോസർ നീതി’ നടപ്പിലായിരിക്കും, അല്ലെങ്കിൽ ഓരോരോ ഇടിച്ച് നിരത്തലുകളെയും വ്യക്തിപരമായ കേസുകളായി പ്രത്യേകം പ്രത്യേകം പരിഗണിച്ചു വരുമ്പോൾ കേസിന്റെ സംഘടിത സ്വഭാവം നഷ്ടമാകുന്നു എന്ന് മാത്രമല്ല അനഭിലഷണീയമായ കാലവിളമ്പം ഉണ്ടാവുകയും ചെയ്യുന്നു. അങ്ങനെ ഒരു വിഭാഗത്തെ സംഘടിതമായി ശിക്ഷിക്കുന്ന ഭരണകൂട നീക്കത്തെ മനസ്സിലാക്കുവാൻ ജുഡീഷ്യറിക്ക് കഴിയാതെ പോകുന്നു. എന്നാൽ പഞ്ചാബ്-ഹരിയാന ഹൈക്കോടതിയിലെ ജസ്റ്റിസ് ജി എസ് സന്തവാലിയ, ജസ്റ്റിസ് ഹർപ്രീത് കൗർ ജീവൻ എന്നിവരുടെ നടപടികൾ പ്രതീക്ഷ നൽകുന്നതാണ്.

പത്രവാർത്തകളുടെ അടിസ്ഥാനത്തിൽ സ്വമേധയാ എടുത്ത കേസാണ്. വളരെ കാലങ്ങളായി നിലനിൽക്കുന്ന വീടുകളും കെട്ടിടങ്ങളും ഹോട്ടലുകളും ഇടിച്ചുനിരത്തുന്നതിനെ കുറിച്ചുള്ള വാർത്തകൾ ആശങ്ക ഉണർത്തുന്നതാണ്. കലാപകാരികൾക്കുള്ള മരുന്നാണ് ബുൾഡോസർ എന്ന ആഭ്യന്തര മന്ത്രിയുടെ പ്രസ്താവന കൂടി പരിഗണിച്ചുകൊണ്ട്, പോലീസ് അന്വേഷണത്തിലെ പ്രതി ചേർക്കലും കെട്ടിടം പൊളിച്ചു മാറ്റാനുള്ള നോട്ടീസും തമ്മിലുള്ള ബന്ധത്തെ കോടതി തിരിച്ചറിഞ്ഞു എന്നുള്ളത് പ്രധാനമാണ്. ക്രമസമാധാനപാലനം ഒരു മറയാക്കി, നിയമപ്രകാരമുള്ള യാതൊരു നടപടികളും സ്വീകരിക്കാതെ കെട്ടിടങ്ങൾ പൊളിച്ചു നീക്കാനുള്ള ശ്രമമാണ് ഗവൺമെൻറ് നടത്തുന്നത്. ഒരു പ്രത്യേക സമുദായത്തിൽ പെട്ട ആളുകളുടെ വീടുകൾ മാത്രമാണോ ഇടിച്ചു തകർക്കുന്നത് എന്നതും പരിശോധിക്കേണ്ടതുണ്ട്. മാത്രവുമല്ല കലാപത്തിന്റെ പേരിൽ കെട്ടിടങ്ങൾ ആസൂത്രിതമായി തകർക്കുക വഴി ഭരണകൂടം വംശഹത്യ നടത്താൻ ശ്രമിക്കുകയാണോ എന്ന ചോദ്യവും കോടതി ഉന്നയിക്കുന്നു. ‘ബുൾഡോസർ രാജ്’ ഒരു പ്രത്യേക സമുദായത്തിന് നേരെ ഭരണകൂടം നേതൃത്വം കൊടുക്കുന്ന അതിക്രമത്തിന്റെ ഭാഗമാണെന്നും, അതൊരു സംഘടിത ശിക്ഷാ മുറയാണെന്നും ആദ്യമായി ഒരു ഭരണഘടനാ കോടതി തിരിച്ചറിഞ്ഞിരിക്കുന്നു എന്നത് വലിയ കാര്യമാണ്. വ്യക്തിപരമായ ന്യായാന്യായങ്ങൾക്കപ്പുറം, സംഘടിത ശിക്ഷയുടെ പ്രശ്നമായി ഇതിനെ പരിഗണിച്ചാൽ വിഷയത്തെ അതിൻറെ സമഗ്രതയിൽ മനസ്സിലാക്കാനും തീർപ്പു കൽപ്പിക്കാനും കോടതിക്ക് കഴിയും. അതുകൊണ്ടുതന്നെ വളരെയേറെ പ്രതീക്ഷകൾ നൽകുന്ന ഇടപെടലാണ് കോടതിയുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ളത്. 

Published in Madhyamam Daily on Aug, 11, 2023

ഭീമകൊറേഗാവ്; സുപ്രീം കോടതി വിധി പ്രതീക്ഷ നൽകുന്നു.

യുഎപിഎ കേസിൽ പെട്ട് ജയിലിലായാൽ ഒരു കാരണവശാലും  നല്ല പ്രായത്തിൽ  പുറം ലോകം കാണാൻ സാധിക്കില്ലെന്ന സാഹചര്യത്തിന് മാറ്റം വരുത്താനുതകുന്ന ഒരു വിധി സുപ്രീം കോടതിയിൽ നിന്നും ഉണ്ടായിരിക്കുന്നു. ഭീമകൊറേഗാവ് കേസിൽ വെർണൻ ഗോൺസാൽവസ്, അരുൺ ഫെറേറ എന്നിവർക്ക് ജാമ്യം അനുവദിച്ചു കൊണ്ടുള്ള ഉത്തരവാണ് സാമാന്യനീതിയുടെ ഇത്തിരി വെട്ടമാകുന്നത്. ഈ കേസിൽ, അഞ്ചു വർഷങ്ങൾ നീണ്ട നിയമ പോരാട്ടത്തിന് ശേഷമാണ് പരമോന്നത നീതിപീഠം ഇടപെടാൻ തയ്യാറായത് എന്ന കാര്യം കൂടി ഓർക്കണം

ഭീമകൊറേഗാവ്

മഹാരാഷ്ട്രയില്‍ പൂനെയ്ക്കടുത്ത് ഭീമ കൊറെഗാവ് എന്ന ഒരു ഗ്രാമമുണ്ട്. അവിടെ ഇന്ത്യന്‍ സൈന്യത്തിന്റെ ഉടമസ്ഥതയിലുള്ള 11 ഏക്കര്‍ സ്ഥലത്തിനകത്ത് ഒരു യുദ്ധവിജയസ്തംഭമുണ്ട്.  എല്ലാ പുതുവര്‍ഷ ദിനത്തിലും അത് പുഷ്പാലംകൃതമാകും. വിവിധ പ്രദേശങ്ങളില്‍ നിന്നായി ആയിരക്കണക്കിന് മനുഷ്യര്‍ അവിടെഎത്തിച്ചേരും. രാഷ്ട്രീയ പ്രസംഗങ്ങള്‍, സംഗീത കലാപരിപാടികള്‍, പുസ്തകശാലകള്‍, വാണിഭശാലകള്‍, വിനോദകേന്ദ്രങ്ങള്‍…. അങ്ങനെ ഉത്സവ സമാനമാണ് ആ ദിവസം. 1927 ജനുവരി ഒന്നിന് ഡോ ബി.ആര്‍ അംബേദ്കര്‍  ഈ സ്മാരകത്തില്‍ പുഷ്പാര്‍ച്ചന നടത്തിയിരുന്നു. ഇന്നും ആ ചടങ്ങ് തുടരുന്നു. ഈ സ്ഥൂപം വൈദേശികര്‍ക്കെതിരെ ഇന്ത്യ നേടിയ യുദ്ധ വിജയത്തിന്റെ സ്മൃതിഗോപുരമല്ല. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ വിജയത്തെ അടയാളപ്പെടുത്തുന്നതാണിത്! 1818 ല്‍ പുതുവര്‍ഷ ദിനത്തിലാണ് കേണല്‍ എഫ് എഫ് സ്റ്റോണ്‍ടന്റെ നേതൃത്വത്തിലുള്ള 500 സൈനികര്‍ ഭീമാ നദി കടന്ന് ഇരുപത്തയ്യായിരത്തോളം വരുന്ന സുസജ്ജമായ പെഷവ രാജസേനയെ പരാജയപ്പെടുത്തി വെന്നിക്കൊടി നാട്ടിയത്. ജാതിയിൽ താഴെ ആയതുകൊണ്ട് പെഷവാഭരണത്തിന് കീഴിൽ, സൈന്യത്തിൽ പ്രവേശനമോ പൊതുസമൂഹത്തിൽ ഇടമോ ഇല്ലാതിരുന്ന മഹർ വിഭാഗത്തിൽപ്പെട്ടവർ ആയിരുന്നു ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിക്ക് വേണ്ടി യുദ്ധം ജയിച്ച സൈനികരെല്ലാം. അതുകൊണ്ടാണ് ഒരു ബ്രിട്ടീഷ് വിജയം ഇന്ത്യയിലെ ദളിതരുടെ ആത്മാഭിമാനത്തിന്റെ സൂചകമായി മാറിയത്. 

എന്നാൽ അതേസമയം, അധസ്ഥിതന്റെ വിജയാഘോഷം ബ്രാഹ്മണ മതത്തെയും, അതിൻറെ മൂല്യബോധങ്ങളെ ഉയർത്തിപ്പിടിക്കുന്ന ഫാഷിസ്റ്റ് ദർശനത്തിന്റെ പ്രയോക്താക്കളെയും  മുറിപ്പെടുത്തിക്കൊണ്ടേയിരിക്കുന്നു എന്ന് തെളിയിക്കുന്നതാണ് 2018 പുതുവർഷ ദിനം മുതൽ നടക്കുന്ന സംഭവങ്ങൾ. ഭീമ കൊറേഗാവ് വിജയത്തിൻറെ ഇരുന്നൂറാം വാർഷികത്തോടനുബന്ധിച്ച് ഇരുന്നൂറ്റിയമ്പതോളം വരുന്ന ദളിത് സംഘടനകളും ഗവൺമെൻറിതര സംഘടനകളും  ‘എൽഗാർ പരിഷത്ത്’ എന്ന പേരിൽ അണിചേർന്ന്, വിപുലമായ പരിപാടികൾ ആസൂത്രണം ചെയ്തിരുന്നു. ഏകദേശം 35000 ആളുകൾ അവിടെ എത്തിച്ചേർന്നു. എന്നാൽ അവിടെ മഹറുകളും മറാത്തികളും തമ്മിൽ സംഘർഷം ഉണ്ടായി. ഒരു മരണവും നിരവധി പേർക്ക് പരിക്കും റിപ്പോർട്ട് ചെയ്തു. പിറ്റേന്ന് പ്രകാശ് അംബേദ്കറുടെ നേതൃത്വത്തിൽ സംസ്ഥാനവ്യാപകമായി ബന്ദ് ആഹ്വാനം ഉണ്ടായി. 16 വയസ്സുള്ള ദളിത് ബാലകൻ പോലീസ് ലാത്തിചാർജ്ജിൽ കൊല്ലപ്പെട്ടു. 

അക്രമത്തിന്റെ പേരിൽ പിറ്റേന്നു തന്നെ പോലീസ് എഫ് ഐ ആർ ഇട്ടു. ‘ശിവ പ്രതാപ് ഭൂമി മുക്തി ആന്തോളൻ’ എന്ന തീവ്ര വലതുപക്ഷ സംഘടനയുടെ നേതാക്കളായ സംഭാജി ഭീടെ, മിലിന്ദ് എക്ബോത് എന്നിവർക്കെതിരെ കലാപാഹ്വാനക്കുറ്റം ചാർത്തിയെങ്കിലും അന്വേഷണം കാര്യമായി മുന്നോട്ടു പോയില്ല. സുപ്രീംകോടതി പോലീസിനെ രൂക്ഷമായി വിമർശിച്ചു. എന്നാൽ 2018 ജൂൺമാസം ആകുമ്പോഴേക്കും കേസ് കീഴ്മേൽ മറിയുന്നതാണ് കാണുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കാൻ പദ്ധതിയിട്ടു എന്ന ആരോപണവുമായി എൽഗാർ പരിഷത്ത് നേതാക്കൾക്കെതിരെ കേസ് ചാർജ് ചെയ്തു. അവരുടെ ലാപ്ടോപ്പുകളിൽ നിന്ന് കൊലപാതക പദ്ധതി വ്യക്തമാക്കുന്ന രേഖകൾ പിടിച്ചെടുത്തു എന്നായിരുന്നു പോലീസ് ഭാഷ്യം. സുധി ദാവ്ലെ, സോമ സെൻ, റോണ വിൽസൺ, സുധാ ഭരദ്വാജ്, അരുൺ ഫെറേറ, ഗൗതം നവലാഖ, വെർണൻ ഗോൺസാൽവസ്, സ്റ്റാൻഡ് സ്വാമി എന്നിവരൊക്കെ പ്രതികളായി. ഇവർക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്നും പോലീസ് പറഞ്ഞു. 

2020-ൽ കോൺഗ്രസ് ശിവസേന എൻസിപി സഖ്യം മഹാരാഷ്ട്രയിൽ അധികാരത്തിൽ വന്നതോടെ ഈ വിഷയത്തിൽ പുതിയ അന്വേഷണം പ്രഖ്യാപിച്ചെങ്കിലും കേസ് അപ്പോഴേക്കും എൻഐഎ ഏറ്റെടുത്തു. പതിനായിരത്തിലേറെ പേജുകളുള്ള കുറ്റപത്രം തയ്യാറാക്കി. വയോധികനും രോഗാതുരനുമായ ഫാദർ സ്റ്റാൻ സ്വാമി ഉൾപ്പെടെ യുഎപിഎ എന്ന കരി നിയമത്തിന് കീഴിൽ ജാമ്യം ലഭിക്കാതെ ജയലഴികൾക്കുള്ളിലായി. പാർക്കിൻസൺസ് രോഗബാധിതനായ ഫാദർ, തന്നെ ജയിലിൽ സിപ്പറും സ്ട്രോയും ഉപയോഗിക്കാൻ അനുവദിക്കണം എന്ന ആവശ്യം 2020 നവംബർ മാസത്തിൽ എൻഐഎ കോടതിയിൽ ഉന്നയിച്ചപ്പോൾ, മറുപടി പറയാൻ 20 ദിവസത്തെ സാവകാശം തേടുകയാണ് അന്വേഷണ ഏജൻസി ചെയ്തത്. യാതൊരു അസ്വാഭാവികതയും തോന്നാതെ കോടതി എൻഐഎയുടെ ആവശ്യത്തിന് വഴങ്ങുകയും ചെയ്തു. നിരന്തരം ജാമ്യം നിഷേധിക്കപ്പെട്ട അദ്ദേഹം പുറംലോകം കാണാതെ തന്നെ മരണമടഞ്ഞു. 

അതിനിടെ, 2021 ഏപ്രിൽ മാസത്തിൽ, റോണാ വിൽസന്റെ ലാപ്ടോപ്പ് ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കിയ ആർസനൽ കൺസൾട്ടിങ്ങിന്റെ ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട് വാഷിംഗ്ടൺ പോസ്റ്റ് പുറത്തുവിട്ടു. പോലീസ് കണ്ടെടുത്തു എന്നു പറയുന്ന ഫയലുകൾ ഇദ്ദേഹത്തിൻറെ കമ്പ്യൂട്ടർ ഹാക്ക് ചെയ്ത് പുറത്തുനിന്നാരോ സ്ഥാപിച്ചതാണ് എന്നായിരുന്നു കണ്ടെത്തൽ. ഈ കേസിൽ ഉൾപ്പെട്ടിട്ടുള്ള പ്രതികളുടെയെല്ലാം ഇലക്ട്രോണിക് ഉപകരണങ്ങൾ സമാനമായ തരത്തിൽ ദുരുപയോഗം ചെയ്യപ്പെട്ടിട്ടുണ്ട് എന്നും റിപ്പോർട്ടിൽ ഉണ്ടായിരുന്നു. ഇന്ത്യയിൽ പെഗാസസ് വിവാദം ഉയർന്നുവന്നതും ഇതേ കാലഘട്ടത്തിലാണ് എന്ന് കാണാം.

ഇങ്ങനെയൊക്കെ ആയിരിക്കുമ്പോഴും വിചാരണ കോടതിയും ഹൈക്കോടതിയും കേസിലെ പ്രതികൾക്ക് നിരന്തരം ജാമ്യം നിഷേധിച്ചുകൊണ്ടിരുന്നു. ഭീകരവാദ വകുപ്പുകൾ ചുമത്തിരിയിക്കുന്ന പ്രതികൾക്ക് ജാമ്യം നൽകാൻ കഴിയില്ല എന്ന പ്രോസിക്യൂഷൻ നിലപാടിനെ കോടതികൾ ചോദ്യം ചെയ്യാതെ അംഗീകരിച്ചു. പലപ്പോഴും പത്തും ഇരുപതും വർഷം നീണ്ടു പോകുന്ന യുഎപിഎ വിചാരണ നടപടികളിൽ, പ്രതികൾക്കുള്ള ഏക ആശ്വാസം ജാമ്യം മാത്രമാണ് എന്നിരിക്കെയാണ്  നീതീനിഷേധം തുടർന്നു പോന്നത്. ഭരണകൂടത്തിന്റെ കടന്നുകയറ്റങ്ങളിൽ നിന്ന് പൗരന്റെ അവകാശങ്ങൾ സംരക്ഷിക്കേണ്ട ബാധ്യതയുള്ള ഭരണഘടനാകോടതികൾ, എക്സിക്യൂട്ടീവ് നടപടികൾക്ക് ന്യായം ചമയ്ക്കുന്ന ‘ഭരണകൂടകോടതികൾ’ ആയി മാറിക്കൊണ്ടിരിക്കുന്നു എന്ന വിമർശനം ശക്തമായ ഇക്കാലത്ത് അതൊരു അത്ഭുതമൊന്നുമല്ല. സഹൂര്‍ അഹമ്മദ് ഷാ വത്താലി കേസിൽ നമ്മുടെ പരമോന്നത നിധിപീഠം തന്നെയാണ് ഇതിനൊക്കെ അരങ്ങൊരുക്കിയത്. യുഎപിഎ കേസുകളിൽ, ജാമ്യം പരിഗണിക്കുമ്പോൾ, പ്രോസിക്യൂഷൻ കേസിനേയോ തെളിവുകളെയോ സൂക്ഷ്മമായി പരിശോധിക്കുന്നതിനുള്ള അവകാശം കോടതികൾക്കില്ല എന്നായിരുന്നു വിധി. യുഎപിഎ നിയമത്തിലെ വകുപ്പ് 43 (ഡി)(5) പ്രകാരം, നിരപരാധിത്വം തെളിയിക്കുന്ന വസ്തുതകൾ അവതരിപ്പിക്കാനോ, തെളിവുകൾ ക്രോസ് വിസ്താരം ചെയ്യുവാനോ ഡിഫൻസിന് അധികാരമില്ല. പ്രോസിക്യൂഷൻ സമർപ്പിക്കുന്ന രേഖകളിൽ നിന്ന്, പ്രഥമദൃഷ്ട്യാ ഒരു കേസ് ഉണ്ടെന്ന് തോന്നിയാൽ ജാമ്യം നിഷേധിക്കാം. ഇത് പിന്തുടർന്ന്, കേട്ടുകേൾവികൾ പോലും തെളിവുകളായി സ്വീകരിച്ച് ആളുകളെ തുടർച്ചയായി ജയിലിലിടുന്ന സമീപനം വിചാരണ കോടതികൾ സ്വീകരിച്ചു. ഉമർ ഖാലിദിന്റെ ജാമ്യാപേക്ഷയിൽ ഈ പ്രവണത ആവർത്തിച്ച് കണ്ടുകൊണ്ടിരിക്കുകയാണ്.

വെർണൻ ഗോൺസാൽവസ് കേസ്

തങ്ങൾക്ക് ഇഷ്ടമല്ലാത്ത ആളുകൾക്കെല്ലാമെതിരെ യുഎപിഎ ചാർത്തി, ജാമ്യം നിഷേധിച്ച്, അനന്തമായി 

ജയിലിലടയ്ക്കുന്ന ഭരണകൂട തന്ത്രത്തിന് ചെറിയതോതിലെങ്കിലും നിയന്ത്രണം കൊണ്ടുവരുന്നതാണ് ഭീമകൊറേഗാവ് കേസിലെ ഇപ്പോഴത്തെ സുപ്രീം കോടതി ഇടപെടൽ. പൗരന്റെ മൗലീക അവകാശങ്ങൾ സംരക്ഷിക്കാൻ ബാധ്യതപ്പെട്ട സംവിധാനം എന്ന നിലയിൽ കോടതികൾ അനിവാര്യമായും ചോദിക്കേണ്ട ചില ചോദ്യങ്ങൾ ചോദിക്കുവാൻ കോടതി തയ്യാറായി എന്നത് ആശ്വാസകരമാണ്. 

“അതികഠിനമായ ശിക്ഷകളും വകുപ്പുകളും ഉള്ള യുഎപിഎ ചാർത്തുന്ന സന്ദർഭങ്ങളിൽ, വകുപ്പ് 43 ഡി സൃഷ്ടിക്കുന്ന പരിമിതികൾ കണക്കിലെടുക്കുമ്പോൾ, പ്രോസിക്യൂഷന്റെ കൈവശമുള്ള തെളിവുകൾ എന്താണെന്ന് പരിശോധിക്കേണ്ടത് അനിവാര്യമായി മാറുന്നു” എന്ന കോടതിയുടെ വിലയിരുത്തൽ പ്രധാനമാണ്. അങ്ങനെ എൻഐഎ സമർപ്പിച്ച തെളിവുകൾ പരിശോധിക്കാൻ  തയ്യാറാകുന്ന കോടതി, ഭരണകൂട സംവിധാനങ്ങളുടെ വിധ്വംസക താത്പര്യങ്ങളിലേക്ക് വിരൽ ചൂണ്ടുന്ന നിഗമനങ്ങളിലാണ് എത്തിച്ചേരുന്നത്. 

ഒന്ന്, വിപ്ലവാഭിമുഖ്യമുള്ള പുസ്തകങ്ങളോ, ലഘുലേഖയോ കൈവശം വച്ചതുകൊണ്ടു മാത്രം ഒരാൾ കുറ്റവാളിയാകുന്നില്ല. രണ്ട്, മാവോയിസ്റ്റ് തീവ്രവാദ ഫണ്ടിംഗിനെപ്പറ്റി പ്രോസിക്യൂഷൻ പറയുന്നുണ്ടെങ്കിലും യഥാർത്ഥത്തിൽ പണം കൈമാറിയതിന് യാതൊരു തെളിവുമില്ല. മൂന്ന്, ലാപ്‌ടോപ്പിൽ നിന്ന് കണ്ടെടുത്തു എന്നു പറയുന്ന രേഖകളിലൊന്നുപോലും ഒപ്പ് ചാർത്തിയിട്ടുള്ളവയല്ല. നാല്, സെമിനാറുകളിൽ പങ്കെടുത്തതോ, ലഘുലേഖ കൈവശം വച്ചതോ ഒന്നും ഒരു ഭീകരവാദ സംഘടനയുടെ അംഗത്വത്തിനുള്ള തെളിവല്ല. സംഘടനയിൽ ‘സജീവാംഗത്വം’ ഉണ്ടെങ്കിൽ മാത്രമേ അതു കുറ്റകൃത്യമാവുകയുള്ളൂ. അതായത് കൃത്യമായ താത്പര്യത്തോടെ, സംഘടനയുടെ ഹിംസാത്മക പ്രവർത്തനം വിപുലീകരിക്കുക എന്ന ഉദ്ദേശ്യത്തോടെ പ്രവർത്തിച്ചിട്ടുണ്ടെങ്കിൽ മാത്രമേ കുറ്റകൃത്യമാവൂ. ഇവിടെ സിപിഐ (മാവോയിസ്റ്റ്)-ന്റെ സംഘടനയാണെന്ന് അന്വേഷണ സംഘം അവകാശപ്പെടുന്ന ‘ഇന്ത്യൻ അസോസിയേഷൻ ഫോർ പീപ്പിൾസ് ലോയേഴ്സി’ലെ അംഗത്വമാണ് പോലീസ് തെളിവായി കൊണ്ടുവന്നിരിക്കുന്നത്. അതൊരിക്കലും മാവോയിസ്റ്റ് പ്രസ്ഥാനത്തിലെ സജീവ അംഗത്തിന്റെ തെളിവല്ല. ഇതൊക്കെ കണക്കിലെടുത്ത് പ്രോസിക്യൂഷൻ ഹാജരാക്കിയ തെളിവുകൾ പ്രഥമ ദൃഷ്ട്യാ കേസുണ്ടെന്നു സ്ഥാപിക്കാൻ പര്യാപ്തമല്ലെന്ന് കോടതി കണ്ടെത്തി. ഭീകരവാദം എന്ന ലേബൽ ചാർത്തി ആരെയും എത്രകാലം വേണമെങ്കിലും ജയിലിലിടാമെന്ന ഭരണകൂട ധാർഷ്ട്യത്തിനേറ്റ അടിയാണ് ഈ ഉത്തരവ്. ഇതിൻറെ പശ്ചാത്തലത്തിൽ 2018 മുതലുള്ള കേസിന്റെ ചരിത്രം പുന:പരിശോധിക്കേണ്ടതുണ്ട്. വിയോജിപ്പുകളെ ഇല്ലാതാക്കാനുള്ള ഭരണകൂട ശ്രമങ്ങളെ തുറന്നുകാട്ടേണ്ടതുണ്ട്.

published in Suprabaatham Daily in Aug, 03, 2023

ഏകീകൃത സിവിൽ നിയമം എന്തിനു വേണ്ടി?

രാജ്യം വീണ്ടും ഏകീകൃത സിവിൽ കോഡ് ചർച്ച ചെയ്യുകയാണ്. ഭോപാലിൽ ബിജെപിയുടെ ബൂത്ത് തല പ്രവർത്തകരെ അഭിസംബോധന അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി  ഇന്ത്യക്ക് ഏകീകൃത സിവിൽ നിയമം അനിവാര്യമാണ് എന്ന് പ്രസ്താവിച്ചിരിക്കുന്നു. രാജ്യത്തിൻറെ അഖണ്ഡത സംരക്ഷിക്കുവാൻ യൂണിഫോം സിവിൽ കോഡ് ആവശ്യമാണെന്ന കേന്ദ്രസർക്കാരിന്റെ സുപ്രീംകോടതിയിലെ നിലപാടും, ജസ്റ്റിസ് ഋതുരാജ് അശ്വതിയുടെ നേതൃത്വത്തിലുള്ള ഇരുപത്തിരണ്ടാം ലോ കമ്മീഷൻ നടപടികളും ഇതിനോട് ചേർത്തു വായിക്കേണ്ടതാണ്. 

ഈ ഘട്ടത്തിൽ, സ്വാഭാവികമായും ഉയർന്നുവരുന്ന ചില ചോദ്യങ്ങളുണ്ട്. ഏകീകൃത സിവിൽ കോഡ് എന്തിനുവേണ്ടിയാണ്? അത് രാജ്യത്തിൻറെ അഖണ്ഡതയും തുല്യനീതിയും  ഉറപ്പുവരുത്തുന്നതിനും എല്ലാവർക്കും ബാധകമായ ഒരു പൊതുനിയമം സൃഷ്ടിക്കുന്നതിനും വേണ്ടിയാണോ? ലക്ഷ്യം അതാണെങ്കിൽ ഏകീകൃത സിവിൽ കോഡ് അതിനുതകുമോ?

ഒരു രാജ്യം, ഒരു നിയമം, ഒരു ഭാഷ, ഒരു തെരഞ്ഞെടുപ്പ്, ഒരു നേതാവ്, എന്ന തരത്തിലേക്കുള്ള രാജ്യത്തിൻ്റെ രാഷ്ട്രീയ പരിണാമത്തിന്റെ പശ്ചാത്തലത്തിലല്ലാതെ ഏകീകൃത സിവിൽ കോഡിനെ കാണുക വയ്യ. 

നിയമങ്ങളിലെ വൈവിധ്യങ്ങൾ

ഇന്ത്യൻ സിവിൽ നിയമങ്ങളിൽ ഭൂരിഭാഗവും ഇപ്പോൾ ഏകീകൃതമാണ്.  മതവും സംസ്കാരവുമായി ബന്ധപ്പെട്ട് കിടക്കുന്ന വ്യക്തി നിയമങ്ങളിലാണ് ഏകീകരണം കൊണ്ടുവരാത്തത്. അതിനർത്ഥം മതേതരമായ എല്ലാ നിയമങ്ങളും എല്ലാ സംസ്ഥാനങ്ങളിലും ഒരേപോലെ ആണ് എന്നല്ല. പ്രാദേശികമായ നിയമങ്ങളും വൈവിധ്യവും വകഭേദവും എല്ലാമുണ്ട്. മോട്ടോർ വാഹന സംബന്ധിയായി 2019-ൽ കേന്ദ്ര നിയമം വന്നപ്പോൾ ആ വ്യത്യാസം നമ്മൾ കൃത്യമായി മനസ്സിലാക്കിയതാണ്.  ക്രിമിനൽ നിയമങ്ങളിൽ വരെ  ഏകതാനത കൈവന്നിട്ടില്ല. ഗുജറാത്തിൽ മദ്യപിച്ചാൽ പത്തുവർഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. ബീഹാറിൽ മറ്റൊരു നിയമമാണ്. പശുവിനെ കൊന്നാൽ അത് കുറ്റകൃത്യമാകുന്ന സംസ്ഥാനങ്ങൾ ഉണ്ട്. മക്കോക്ക പോലെ ചില സംസ്ഥാനങ്ങളിൽ മാത്രം ബാധകമായ നിയമങ്ങളുണ്ട്. അതായത് പൂർണ്ണാർത്ഥത്തിൽ ഒരു രാജ്യം ഒരു നിയമം എന്നത് ക്രിമിനൽ നിയമങ്ങളിൽ പോലും നിലവിലില്ല. 

ഭരണഘടനയുടെ അനുഛേദം 370 അനുസരിച്ച് ഇന്ത്യയിലെ നിയമങ്ങളെല്ലാം ജമ്മുകശ്മീരിൽ ബാധകമായിരുന്നില്ല. അനുഛേദം 371 കൂടിയുണ്ട്. ആസാം, നാഗാലാൻഡ്, മിസോറാം, ആന്ധ്രപ്രദേശ്, ഗോവ തുടങ്ങിയ സംസ്ഥാനങ്ങൾക്ക് കുടുംബ നിയമങ്ങളെ സംബന്ധിച്ച് ചില പ്രത്യേക പരിരക്ഷകളുണ്ട്.  അനുഛേദം 371(എ), നാഗാ വിഭാഗങ്ങളുടെ മതപരമോ സാമൂഹികമോ ആയ ആചാരങ്ങൾ, വ്യാവഹാരിക നിയമങ്ങൾ, നടപടിക്രമങ്ങൾ, വ്യാവഹാരിക നിയമങ്ങൾ ഉൾപ്പെടുന്ന സിവിൽ/ക്രിമിനൽ നീതി നിർവഹണം, ഭൂമിയുടെ ഉടമസ്ഥതയും കൈമാറ്റവും മുതലായ കാര്യങ്ങൾക്ക് പരിരക്ഷ നൽകുന്നു.  മേഘാലയയിലെ ആദിവാസി മേഖലയിൽ നിലനിൽക്കുന്ന പിന്തുടർച്ചാവകാശ നിയമത്തിൽ കുടുംബത്തിലെ ഇളയ മകൾക്കാണ് സ്വത്തവകാശം.  

ഹിന്ദു നിയമങ്ങൾ പോലും ഒരേപോലെയല്ല. ഹിന്ദു വിവാഹനിയമ പ്രകാരം അടുത്ത ബന്ധുക്കൾ തമ്മിലുള്ള വിവാഹം കുറ്റകരമാണ്. എന്നാൽ ദക്ഷിണേന്ത്യയിൽ മുറ ചെറുക്കനും മച്ചമ്പിയും എല്ലാം സ്ത്രീയുടെ സ്വാഭാവിക ഭർത്താക്കന്മാരാണ്. ഇത്തരം വൈരുധ്യങ്ങളെ അംഗീകരിക്കുന്നതാണ് ഭരണഘടനാപരമായ കീഴ്വഴക്കം. 

ഏക സിവിൽ നിയമം ഭരണഘടനയിൽ

ഭരണഘടന നിർമ്മാണ സഭയിൽ ഏകീകൃത സിവിൽ നിയമം വലിയ ചർച്ചയായിരുന്നു. കെഎം മുൻഷിയെ പോലെ പലരും ഏക സിവിൽ കോഡ് മൗലികാവകാശങ്ങൾക്കൊപ്പം ചേർക്കണമെന്ന് വാദിച്ചു. “ഇൻക്വിലാബ് സിന്ദാബാദ്” എന്ന മഹത്തായ മുദ്രാവാക്യം നമുക്ക് സമ്മാനിച്ച മൗലാന ഹസ്രത്ത് മൊഹാനി ഉൾപ്പെടെയുള്ളവർ അതിനെ ശക്തമായെതിർത്തു. മതം, ഭാഷ, സംസ്കാരം മുതലായ കാര്യങ്ങളിൽ അതാത് വിഭാഗത്തിന്റെ പിന്തുണയില്ലാതെ ഭരണകൂടം ഇടപെടലുകൾ നടത്തുന്നത് വിനാശകരമായ ഫലങ്ങൾ ഉണ്ടാക്കും എന്നവർ വാദിച്ചു. ന്യൂനപക്ഷ അവകാശങ്ങൾ സംബന്ധിച്ച ഉപസമിതിയുടെ നിർദ്ദേശവും സമാനമായിരുന്നു. 

അങ്ങനെ യൂണിഫോം സിവിൽ കോഡിനെ  നിർദ്ദേശക തത്വങ്ങളുടെ കൂട്ടത്തിലേക്ക് തള്ളി. ന്യൂനപക്ഷങ്ങൾ ഭയപ്പെടേണ്ടതില്ല എന്ന് അംബേദ്കർ വ്യക്തമാക്കി. 

നിർദ്ദേശക തത്വങ്ങളിൽ ഏറ്റവും മൃദുവായ ഭാഷയിൽ എഴുതിയിട്ടുള്ളത് അനുഛേദം 44 ആണെന്ന് കാണാം. “ഇന്ത്യയിലാകെ ഏക സിവിൽ നിയമം കൊണ്ടുവരുവാൻ ഗവൺമെൻറ് പരിശ്രമിക്കണം” എന്നാണ് പ്രതിപാദിച്ചിരിക്കുന്നത്.   രാഷ്ട്രീയവും സാമൂഹ്യവും സാമ്പത്തികവുമായ നീതിയും, വിഭവങ്ങളുടെ നീതിപൂർവമായ വിതരണവും, മികച്ച തൊഴിൽ സൗകര്യങ്ങളും, വിദ്യാഭ്യാസവും ഒക്കെ ഉറപ്പുവരുത്തണമെന്ന്  കർശനമായ ഭാഷയിൽ നിർദ്ദേശിക്കുന്ന അനുച്ഛേദങ്ങൾക്കില്ലാത്ത പ്രാധാന്യം ഇതിന് ലഭിക്കുന്നത് രാഷ്ട്രീയ മുതലെടുപ്പിനുള്ള സാധ്യത ഒന്നുകൊണ്ടുമാത്രമാണ്. 

ഏകീകൃത സിവിൽ കോഡ് മൗലികാവകാശങ്ങൾക്കൊപ്പം ചേർക്കാത്തതിന് കൃത്യമായ കാരണമുണ്ട്. മൗലികാവകാശങ്ങൾ ജന്മനായുള്ള അവകാശങ്ങളാണ്; ഭരണഘടനയ്ക്കും മുമ്പേയുള്ളവ. ആയത് സംരക്ഷിക്കുവാൻ ഗവൺമെൻറ് ബാധ്യസ്ഥമാണ്. മൗലികാവകാശ ലംഘനമുണ്ടായാൽ ഗവൺമെൻറിനെതിരെ കോടതി വഴി  ഭരണഘടനാപരമായ പരിഹാരം തേടാനും പൗരർക്കവകാശമുണ്ട്. എന്നാൽ നിർദ്ദേശകതത്വങ്ങൾ  കോടതിയിൽ അവതരിപ്പിച്ച് നിവൃത്തി തേടാൻ കഴിയില്ല. സർക്കാരിൻ്റെ ബാധ്യതയുമല്ല.  ഒരു ‘ധാർമിക അഭിലാഷം’ മാത്രമാണ്. 

മൗലികാവകാശങ്ങൾക്ക് വിരുദ്ധമായി വന്നാൽ, ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കാൻ കഴിയില്ല. കാരണം വ്യക്തി നിയമങ്ങൾ ഭരണഘടനയുടെ അനുഛേദം 25, 26, 29 എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. അനുഛേദം 25  ഓരോ വ്യക്തിക്കും തൻ്റെ മനസ്സാക്ഷിക്കും മതവിശ്വാസങ്ങൾക്കും അനുസരിച്ച് ജീവിക്കാനും ആശയപ്രചാരണം നടത്താനുമുള്ള അവകാശം നൽകുന്നു. വ്യക്തി നിയമങ്ങൾ നിശ്ചയമായും മതവിശ്വാസത്തിന്റെ ഭാഗമാണ്. അപ്പോൾ വ്യക്തി നിയമങ്ങളെ ഭേദഗതി ചെയ്യുന്നത് അനുഛേദം 25-ൻ്റെയും 26-ൻ്റെയും ലംഘനമാണെന്നുവരും. ഇവിടെ പൊതു സമാധാനം, ധാർമികത, ആരോഗ്യം എന്നീ കാരണങ്ങളാൽ വിശ്വാസങ്ങളിൽ ഇടപെടാൻ ഗവൺമെന്റുകൾക്ക് കഴിയും. എന്നാൽ അനുഛേദം 29 ന്റെ കാര്യത്തിൽ സർക്കാരുകൾക്ക് ഈ അധികാരവുമില്ല. ന്യൂനപക്ഷങ്ങളുടെ ഭാഷയും ലിപിയും സംസ്കാരവും സംരക്ഷിച്ചേ മതിയാവൂ. മൗലികാവകാശങ്ങളും നിർദ്ദേശക തത്വങ്ങളും തമ്മിൽ സംഘർഷമുണ്ടായാൽ നിലനിൽക്കുക മൗലികാവകാശങ്ങളായിരിക്കും. അതുകൊണ്ടുതന്നെ എല്ലാവരെയും വിശ്വാസത്തിൽ എടുത്തു കൊണ്ടല്ലാതെ ഏകീകൃത സിവിൽ നിയമം നടപ്പിലാക്കുക ഭരണഘടനാപരമായി അസാധ്യമാണ്. 

വൈവിധ്യത്തിന്റെ ആവശ്യകത ഭരണഘടനാ ശില്പികൾക്കും ബോധ്യപ്പെട്ടിരുന്നതു കൊണ്ടാണ്, വ്യക്തിനിയമങ്ങളെ കൺകറൻറ് ലിസ്റ്റിൽ പെടുത്തിയത്. രാജ്യവ്യാപകമായ ഒറ്റ നിയമമാണ് വേണ്ടിയിരുന്നതെങ്കിൽ യൂണിയൻ ലിസ്റ്റിൽ ചേർത്താൽ മതിയായിരുന്നു. കൺകറൻറ് ലിസ്റ്റിൽ സംസ്ഥാനങ്ങൾക്കും നിയമങ്ങൾ ഉണ്ടാക്കാം. ഇപ്പോൾ, വിവിധ സംസ്ഥാനങ്ങളിൽ വ്യതിരിക്തങ്ങളായ വ്യക്തിനിയമങ്ങളുണ്ട്. പുതുച്ചേരിയിൽ ഇന്നും ഫ്രഞ്ച്  നിയമമാണ്. സ്പെഷ്യൽ മാരേജ് ആക്ടും പരിഷ്കരിച്ച ഹിന്ദു വ്യക്തി നിയമവും ശരിയത്ത് നിയമവും ഗോവയിൽ പ്രാബല്യത്തിലില്ല. 

ഹൈന്ദവ വ്യക്തി നിയമ പരിഷ്കാരങ്ങൾ

ലക്ഷ്യം തുല്യനീതിയും സ്ത്രീപുരുഷ സമത്വവും ഒക്കെയാണെന്ന് പറയുമ്പോഴും, ഇപ്പോൾ സിവിൽ കോഡിനു വേണ്ടി ശബ്ദമുയർത്തുന്നവർ, ചരിത്രത്തിൽ ഏതു പക്ഷത്തായിരുന്നു എന്ന് പരിശോധിക്കുന്നത് നല്ലതായിരിക്കും. ഹൈന്ദവ വ്യക്തി നിയമങ്ങളിൽ മാറ്റം വരുത്തുവാൻ ശ്രമമുണ്ടായപ്പോൾ നഖശിഖാന്തം എതിർത്തവരാണിവർ. നിയമ മന്ത്രി ഡോക്ടർ ബി ആർ അംബേദ്കർ ഒരു അധ:സ്ഥിതൻ എന്ന നിലയിൽ ഉന്നത ജാതിക്കാരോട് പകപോക്കുകയാണ് എന്നവർ ആരോപിച്ചു. ആചാര സംരക്ഷണാർത്ഥം  തെരുവിലിറങ്ങി. 

ആർഎസ്എസും ഹിന്ദുമഹാസഭയും മാത്രമല്ല കോൺഗ്രസ് പ്രസിഡണ്ട് പട്ടാഭി സീതാരാമയ്യർ മുതൽ രാഷ്ട്രപതി ഡോക്ടർ രാജേന്ദ്രപ്രസാദ് വരെ എതിർപക്ഷത്തായിരുന്നു. അവസാനം നെഹ്റുവിന് പോലും പിന്മാറേണ്ടി വന്നു. അംബേദ്കർ മന്ത്രിസ്ഥാനം രാജിവച്ചു. പിന്നീട് പല ഘട്ടങ്ങളിലായി ചെറിയ ചെറിയ നിയമങ്ങളിലൂടെ ഹിന്ദു വ്യക്തി നിയമം പരിഷ്കരിച്ച് പോന്നു. സ്ത്രീകൾക്ക് തുല്യ സ്വത്തവകാശം നൽകുന്ന ഭേദഗതി വന്നത് 2005-ലാണ്. അങ്ങനെ സുദീർഘമായൊരു പ്രക്രിയയായിരുന്നു ഹിന്ദുവ്യക്തിനിയമ പരിഷ്കാരങ്ങൾ

ന്യൂനപക്ഷങ്ങളും സർദാർ പട്ടേലും

പല പരിഷ്കാരങ്ങളും വന്നുവെങ്കിലും, ഹൈന്ദവ നിയമത്തിൽ വന്ന മാറ്റങ്ങളുടെ വേഗത മുസ്ലിം വ്യക്തി നിയമത്തിൽ സ്വാഭാവികമായും ഉണ്ടായിരുന്നില്ല.  എപ്പോഴും ഭൂരിപക്ഷ വിഭാഗത്തിൻ്റെ നിയമങ്ങളെ പരിഷ്കരിക്കുവാനാണ് എളുപ്പം. ന്യൂനപക്ഷത്തെ സ്പർശിക്കുമ്പോൾ അതവരുടെ സ്വത്വത്തെ ചോദ്യം ചെയ്യുന്ന നടപടിയായി വ്യാഖ്യാനിക്കാനും എതിർപ്പുകളുണ്ടാവാനും സാധ്യത കൂടുതലാണ്. ലോകത്തെല്ലായിടത്തും അങ്ങനെ തന്നെയാണ്. പാകിസ്താന്റെയും ബംഗ്ലാദേശിൻറെയും കാര്യം നോക്കുക. അവിടങ്ങളിലെ മുസ്ലിം വ്യക്തി നിയമം ഒരുപാട് മുന്നോട്ടു പോയിരിക്കുന്നു. എന്നാൽ   ഹൈന്ദവർ ഇനിയും പരിഷ്കരിക്കാത്ത വ്യക്തി നിയമങ്ങളാണ് പിന്തുടരുന്നത്. ബഹുഭാര്യത്വം ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ ഇപ്പോഴും തുടരുന്നു.

ന്യൂനപക്ഷ അവകാശ സംരക്ഷണം ഏതൊരു ജനാധിപത്യസംവിധാനത്തിന്റെയും പ്രാഥമിക  പരിഗണനയാണ്. ഭരണഘടന നിർമ്മാണ സഭയിൽ, ന്യൂനപക്ഷ ഉപസമിതിയുടെ ആദ്യ മീറ്റിംഗിൽ സർദാർ വല്ലഭായി പട്ടേൽ ഇതു വ്യക്തമാക്കുന്നുണ്ട്. അദ്ദേഹം നേതൃത്വം നൽകിയ ഉപസമിതി ഏക സിവിൽ കോഡിനെ മൗലികാവകാശങ്ങൾക്കൊപ്പം ചേർക്കുന്നതിന് എതിരായിരുന്നു.

ഏക സിവിൽകോഡ് എന്നാൽ തുല്യനീതിയല്ല

ഏക സിവിൽകോഡ് നിലവിൽ വരുന്നതോടുകൂടി തുല്യനീതിയും സാമൂഹ്യനീതിയും ഉറപ്പുവരുത്താൻ കഴിയും എന്ന ധാരണ തെറ്റാണെന്ന് തെളിയിക്കുന്നതാണ് ഗോവയിലെ ഏകീകൃതനിയമം. അത് എല്ലാവരെയും ഒരുപോലെ കാണുന്ന  നിയമമല്ല. ചില ഹൈന്ദവ ആചാരങ്ങൾക്ക് പ്രത്യേക സംരക്ഷണം ഉണ്ട്.  കത്തോലിക്ക വിവാഹങ്ങളും വിവാഹമോചനവും മറ്റു വിഭാഗങ്ങളുടെ നടപടിക്രമങ്ങളിൽ നിന്നും വ്യത്യസ്തമാണ്. വിവാഹമോചനത്തിനുള്ള കാരണങ്ങളിലും പുരുഷ പക്ഷപാതിത്വം കാണാം. ഹിന്ദുക്കളിൽ ബഹുഭാര്യത്വം അനുവദനീയമാണ്. സ്ത്രീകളുടെ സ്വത്തവകാശം സംബന്ധിച്ചാണെങ്കിൽ വിവാഹസമയത്ത് നാലു തരത്തിലുള്ള കരാറുകൾ സാധ്യമാണെങ്കിലും എല്ലാം ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ സ്ത്രീവിരുദ്ധമാണ്. സ്വത്തവകാശംലഭിക്കുമ്പോഴും അതിൻ്റെ നടത്തിപ്പവകാശം പുരുഷന് ലഭിക്കുന്ന വിചിത്ര കാഴ്ചയും ഗോവൻ സിവിൽ കോഡിലുണ്ട്. ഭർത്താവിൻ്റെ സ്വത്തിൻമേലുള്ള പിന്തുടർച്ചാവകാശത്തിന്റെ കാര്യത്തിലും തികച്ചും സ്ത്രീവിരുദ്ധമായ നിയമമാണത്. ഭർത്താവിൻ്റെ അടുത്ത ബന്ധുക്കാർക്കും, സഹോദരനും സഹോദരിക്കും, അവളുടെ മക്കൾക്കും ശേഷം മാത്രമാണ് ഭാര്യ അവകാശിയാകുന്നത്. ഗോവയിലെ നിയമം പരിശോധിച്ചാൽ ഏക സിവിൽനിയമം  വന്നതുകൊണ്ട് മാത്രം തുല്യനീതി ഉറപ്പുവരികയില്ല എന്ന് വ്യക്തമാകും. മതവും സമൂഹവും കൊണ്ടുനടക്കുന്ന അനീതികൾ  അതേപടി പകർത്തിവക്കുന്ന കോഡാണ് വരികയെങ്കിൽ അത് അനീതിയെ സാർവത്രികമാക്കുകയാണ് ചെയ്യുക. അതുകൊണ്ട് ഏകീകൃത സിവിൽ കോഡിനെ കുറിച്ച് ആലോചിക്കുന്നതിനു മുൻപ് ഇപ്പോൾ വിവിധ വ്യക്തി നിയമങ്ങളിൽ നിലനിൽക്കുന്ന പ്രശ്നങ്ങൾ മനസ്സിലാക്കി പരിഹരിച്ചു പോകേണ്ടതുണ്ട്. അത്തരത്തിൽ പരിഹരിച്ചു പോയാൽ പിന്നെ ഏക സിവിൽകോഡ് ആവശ്യമേയില്ല എന്നും വരും (നീതിയാണ് നിങ്ങളുടെ ലക്ഷ്യമെങ്കിൽ).

ചർച്ചകളിൽ പൊതുവേ ഉയർന്നുവരുന്ന ധാരണ ഏക സിവിൽ കോഡ്   ‘മുസ്ലിങ്ങളെ മാത്രം ബാധിക്കുന്ന’ കാര്യമാണെന്നാണ്. പരിഷ്കരിക്കപ്പെട്ട ഹിന്ദു വ്യക്തി നിയമങ്ങളിലും  ധാരാളം പ്രശ്നങ്ങൾ കാണാം. 2006-ലെ ഒരു നിയമത്തിലൂടെ ഉത്തർപ്രദേശിൽ കാർഷിക ഭൂമിക്ക് പിന്തുടർച്ച അവകാശം ഉള്ളത് അവിവാഹിതയായ മകൾക്ക് മാത്രമാണ്. വിവാഹിതരായ പെൺമക്കൾക്ക് കാർഷിക ഭൂമിയിൽ അവകാശം ഒന്നുമില്ല. ഹിന്ദു സ്വത്തവകാശ നിയമത്തിൽ മകൾ തുല്യാവകാശി ആണെങ്കിലും  ഒസ്യത്തെഴുതാനുള്ള മാതാപിതാക്കളുടെ അവകാശം വഴി പെൺകുട്ടികൾക്ക് സ്വത്ത് നിഷേധിക്കുന്നുണ്ട്.

അവിഭക്ത ഹൈന്ദവ കുടുംബം (ഹിന്ദു അൺഡിവൈഡഡ് ഫാമിലി) എന്ന സംഗതി ഹിന്ദുക്കൾക്ക് മാത്രം വലിയ നികുതി ഇളവുകൾ നൽകുന്നതാണ്. ഒരു എച്ച് യു എഫ് രൂപീകരിച്ചു കഴിഞ്ഞാൽ വരുമാന നികുതി നിയമപ്രകാരം അതിനെയൊരു വ്യക്തിയായി കണക്കാക്കാം. വ്യക്തിക്ക് ലഭിക്കുന്ന എല്ലാ ടാക്സ് ആനുകൂല്യങ്ങളും അതിനും കിട്ടും.  അങ്ങനെ സമ്പന്ന ഹിന്ദു കുടുംബങ്ങൾക്ക് വലിയ നികുതി ആനുകൂല്യങ്ങൾ ലഭ്യമാകുന്നു.

1986-ലെ ഹിന്ദു മൈനോറിറ്റി ആൻഡ് ഗാർഡിയൻഷിപ്പ് ആക്ട് സ്ത്രീകൾ പുരുഷന്മാരുടെ രക്ഷാകർതൃത്വത്തിൽ കഴിയേണ്ടവരാണ് എന്ന പരമ്പരാഗത വിശ്വാസത്തെ പിന്തുടരുന്നതാണ്. പ്രായപൂർത്തിയാവാത്ത കുഞ്ഞുങ്ങളുടെ രക്ഷാകർതൃത്വം അനുവദിക്കുമ്പോഴും മാതാപിതാക്കൾക്ക് തുല്യ അവകാശം നൽകേണ്ടതുണ്ട്. ഹിന്ദു നിയമപ്രകാരം സ്ത്രീയുടെ മരണശേഷം അവരുടെ സ്വത്തവകാശത്തിൽ ഭർത്താവിൻ്റെ ബന്ധു നിരക്കാണ് മുൻഗണന. അവളുടെ സ്വന്തം അച്ഛനോ സഹോദരങ്ങൾക്കോ അല്ല. പുരുഷൻ്റെ കാര്യത്തിൽ കാര്യങ്ങൾ നേരെ തിരിച്ചുമാണ്. 

മതവിശ്വാസങ്ങളുടെ അടിസ്ഥാനശിലയെ ബാധിക്കുന്ന ചില പ്രശ്നങ്ങളും ഏക സിവിൽ കോഡ് വരുമ്പോൾ അഭിമുഖീകരിക്കേണ്ടിവരും. ചില മതങ്ങളിലും മതേതര സിവിൽ കോഡ് ആയ സ്പെഷ്യൽ മാരേജ് ആക്ടിലും ഗോവൻ കോഡിലും വിവാഹം ഒരു സിവിൽ കരാറാണ്. എന്നാൽ ഹിന്ദുമതം ഉൾപ്പെടെയുള്ള മതങ്ങളിൽ വിവാഹം ഒരു ആത്മീയ ശുശ്രൂഷയാണ്. ദൈവികമായ ചടങ്ങിനെ ഒരു കരാറായി മാറ്റാൻ മതനേതൃത്വം സമ്മതിക്കുമോ? അങ്ങനെ മാറ്റിയതുകൊണ്ട് എന്തെങ്കിലും പ്രയോജനമുണ്ടോ?

അതിലുപരി വിവാഹവും വിവാഹമോചനവും ഉൾപ്പെടെയുള്ള വ്യക്തിപരമായ കാര്യങ്ങൾ മതവിശ്വാസത്തിന്റെയും ആചാരക്രമങ്ങളുടെയും സംസ്കാരത്തിൻറെയും ഭാഗമാണ് എന്നുകരുതുന്നവരാണ് രാജ്യത്ത് ഭൂരിപക്ഷവും. വൈവിധ്യങ്ങളെ അംഗീകരിക്കുകയും അനുവദിക്കുകയും  ചെയ്യുന്നതുകൊണ്ട് കൂടിയാണ് ഈ രാജ്യം നിലനിൽക്കുന്നത്. 

മുൻ സുപ്രീം കോടതി ജഡ്ജി, ജസ്റ്റിസ് ബൽബിർ സിംഗ് ചൗഹാന്റെ നേതൃത്വത്തിലുള്ള 2018-ലെ ഇരുപത്തിയൊന്നാം ലോ കമ്മീഷൻ റിപ്പോർട്ടും ഈ വസ്തുതയെ അംഗീകരിക്കുന്നു. ഏകീകൃത സിവിൽകോഡ് അനിവാര്യമോ അഭിലഷണീയമോ അല്ല എന്ന് വിലയിരുത്തിയ റിപ്പോർട്ട് വിവിധ വ്യക്തി നിയമങ്ങളിൽ കൊണ്ടുവരേണ്ട പരിഷ്കാരങ്ങളെ കുറിച്ച് വിശദീകരിക്കുന്നുണ്ട്. മതപരിവർത്തനത്തിന് ശേഷം ഉള്ള ബഹുഭാര്യത്വം അംഗീകരിക്കരുത്. അവിവാഹിതരായ മാതാപിതാക്കൾക്കുണ്ടാവുന്ന കുട്ടികളുടെ ക്ഷേമത്തിന് ഉതകുന്ന പരിഷ്കാരങ്ങൾ കൊണ്ടുവരിക, അവർക്കും പിന്തുടർച്ചാവകാശം നൽകുക. ഗാഡിയൻസ് ആൻഡ് വാർഡ്സ് ആക്ടിൽ ഭർത്താവ് ഭാര്യയുടെ രക്ഷകർത്താവാണ് (ഭർത്താവിന് പ്രായപൂർത്തിയായിട്ടില്ലെങ്കിൽ പോലും) എന്ന നില ഒഴിവാക്കുക. കുട്ടികൾക്കുമേലും തുല്യ അവകാശം നൽകുക. ലിംഗ ഭേദമന്യേ ആർക്കും കുട്ടികളെ ദത്തെടുക്കാൻ കഴിയുന്ന സാഹചര്യം ഒരുക്കുക. എല്ലാ വിഭാഗത്തിൽപ്പെട്ട കുട്ടികൾക്കും തുല്യമായ ജീവനാംശം നൽകുക. ഒരാൾ മരണപ്പെട്ടാൽ, അവരുടെ ഏറ്റവും അടുത്ത ബന്ധുക്കൾക്ക് അവകാശം നൽകുന്ന നിയമഭേദഗതികൾ വരുത്തുക. കൂടാതെ, ഓരോ വ്യക്തി നിയമത്തിലും വേണ്ട പ്രത്യേക മാറ്റങ്ങളും നിർദ്ദേശിച്ചിട്ടുണ്ട്. വ്യക്തി നിയമങ്ങൾക്കകത്ത് നടത്തുന്ന മാറ്റങ്ങളിലൂടെ സാമൂഹ്യനീതി ഉറപ്പുവരുത്താൻ കഴിയും എന്നാണ് കമ്മീഷൻ കരുതുന്നത്.

ജനാധിപത്യത്തിന്റെ സൗന്ദര്യം വൈവിധ്യങ്ങളിലാണ്

ആധുനിക ജനാധിപത്യ വ്യവസ്ഥിതിയുടെ പാകത അളക്കുന്നത്, സമൂഹത്തിനകത്തെ വൈവിധ്യങ്ങളെയും വ്യത്യസ്തതകളെയും അംഗീകരിക്കുകയും ഉൾക്കൊള്ളുകയും ചെയ്യുന്നതെങ്ങനെ എന്ന് പരിശോധിച്ചാണ്.  അതുകൊണ്ടാണ് നമ്മുടെ ഭരണഘടനയിൽ വ്യക്തിപരമായ അവകാശങ്ങൾ എന്നതുപോലെ വിഭാഗങ്ങളുടെ അവകാശങ്ങളും ഇടം നേടിയത്. 

ഏകരൂപതയല്ല, മൈത്രിയാണ് രാജ്യത്തിൻ്റെ അഖണ്ഡതയുടെ അടിസ്ഥാനം. ഭരണഘടനയിലെ ‘സാഹോദര്യ’ ദർശനം  കേവലം ഫ്രഞ്ച് വിപ്ലവത്തിന്റെ സംഭാവനയല്ലായെന്നും, അതിനർത്ഥം ‘മൈത്രി’ എന്നാണെന്നും അംബേദ്കർ എഴുതിയിട്ടുണ്ട്. സ്നേഹത്തിനും സാഹോദര്യത്തിനും അപ്പുറമുള്ള  ബൗദ്ധ സങ്കൽപ്പമാണ് മൈത്രി. അത് സംരക്ഷിക്കുവാനുള്ള ചരിത്രപരമായ ബാധ്യത നമുക്കുണ്ട്. നീതിയാണ് നമ്മുടെ പ്രശ്നമെങ്കിൽ വിഭാഗങ്ങൾ തമ്മിലുള്ള തുല്യതയല്ല, വിഭാഗങ്ങൾക്ക് അകത്തുള്ള തുല്യതയാണ് നമ്മൾ അഭിസംബോധന ചെയ്യേണ്ട വിഷയം. 

ഓരോ വ്യക്തി നിയമങ്ങളിലും അന്തർലീനമായ അസമത്വത്തെ അതാത് വിഭാഗങ്ങൾക്കകത്തു നിന്നുകൊണ്ട് പരിഹരിക്കാനുള്ള ശ്രമമാണ് ഉണ്ടാകേണ്ടത്. അതുണ്ടാവുകയും വേണം. സർള മുഗ്ദ കേസിൽ സുപ്രീംകോടതി ഒരു കാര്യം വ്യക്തമാക്കിയിട്ടുണ്ട്: “ഇതൊരു മതേതര ജനാധിപത്യ രാജ്യമാണ്. വിശ്വാസസ്വാതന്ത്ര്യം നമ്മുടെ സംസ്കാരത്തിൻ്റെ കാതലാണ്. അതിൽ ചെറിയൊരു മാറ്റം പോലും നമ്മുടെ സാമൂഹിക വ്യവസ്ഥയെ ഉലച്ചേക്കാം. എന്നാലും മനുഷ്യാവകാശങ്ങളെയും അഭിമാനത്തെയും ചോദ്യം ചെയ്യുന്ന മതാചാരങ്ങളും അടിസ്ഥാന സ്വാതന്ത്ര്യത്തെ ഇല്ലാതാക്കുന്ന നിയന്ത്രണങ്ങളും സ്വയം നിർണയ അവകാശമല്ല മറിച്ച് അടിച്ചമർത്തലാണ്.”

ഈയൊരു വികാരം കൊണ്ട് ഓരോ വ്യക്തി നിയമങ്ങൾക്കകത്തും പരിഷ്കരണത്തിനുള്ള സാധ്യതകൾ ഉണ്ട്.  മുസ്ലിം നിയമം ഭേദഗതി ചെയ്തു മുസ്ലിം പിന്തുടർച്ച അവകാശം ക്രോഡീകരിച്ച നിയമമാക്കി മാറ്റാം. സ്ത്രീക്കും പുരുഷനും തുല്യ അവകാശം ലഭിക്കുന്ന തരത്തിലാക്കാം. നിക്കാഹ് നാമയിൽ തന്നെ ബഹുഭാര്യത്വം ഒരു ക്രിമിനൽ കുറ്റമാണ് എന്ന് രേഖപ്പെടുത്തുന്നതിനുള്ള നിർദ്ദേശവുമുണ്ട്. ക്രിസ്ത്യൻ നിയമത്തിൽ വിവാഹമോചനത്തിന് എടുക്കുന്ന ദീർഘമായ കാലവിളംബം നീക്കം ചെയ്യണം. മതത്തിന് പുറത്ത് വിവാഹിതയാകുന്ന സ്ത്രീക്ക് ഭ്രഷ്ട് കൽപ്പിക്കുകയും അവകാശങ്ങൾ നിഷേധിക്കുകയും ചെയ്യുന്ന പാഴ്സി നിയമം ഒഴിവാക്കേണ്ടതാണ്. അങ്ങനെ അതാത് സമുദായങ്ങളെ വിശ്വാസത്തിലെടുത്തുകൊണ്ട് സാവധാനത്തിൽ  നീതിപൂർവമല്ലാത്ത നിയമങ്ങളെ പരിഷ്കരിക്കാൻ സാധിക്കും.   ഏകതാനതയ്ക്ക് വേണ്ടിയുള്ള നമ്മുടെ ത്വര രാജ്യത്തിൻ്റെ അഖണ്ഡതയ്ക്ക് ഭീഷണിയാകുന്ന തരത്തിലാവരുത് എന്ന് മാത്രം.

 ഇരുപത്തിയൊന്നാം ലോ കമ്മീഷൻ, പ്രശ്നത്തെ ഉപസംഹരിക്കുന്നത് ഇങ്ങനെയാണ്: “ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യം ആഘോഷിക്കണം എന്ന് പറയുമ്പോഴും അത്  സമൂഹത്തിലെ അവശവിഭാഗങ്ങളെ ദോഷകരമായി ബാധിക്കുന്ന തരത്തിൽ ആകരുത്. പ്രശ്നങ്ങൾക്കുള്ള പരിഹാരം വൈവിധ്യങ്ങളെ ഇല്ലാതാക്കുന്നതും ആകരുത്. അതുകൊണ്ടുതന്നെ ഈ ഘട്ടത്തിൽ അനാവശ്യവും അനഭിലഷണീയവുമായ ഏക സിവിൽ കോഡിനെക്കുറിച്ചല്ല, വിവേചനപരമായ നിയമങ്ങളെ കുറിച്ചാണ് കമ്മീഷൻ പ്രതിപാദിക്കുന്നത്. എല്ലാ രാജ്യങ്ങളും തന്നെ വ്യത്യാസങ്ങളെ തിരിച്ചറിയുകയും അംഗീകരിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന കാലമാണിത്. വ്യത്യസ്തതകൾ നിലനിൽക്കുന്നത് വിവേചനത്തിന്റെ തെളിവല്ല മറിച്ച് ആരോഗ്യകരമായ ജനാധിപത്യം പ്രാവർത്തികമാകുന്നു എന്നതിന്റെ സൂചകമാണ്.”

എന്നാൽ നമ്മുടെ പൊതു ചർച്ചകളിൽ ഈ ആശയങ്ങൾ ഉയർന്നു വരാറില്ല. സുപ്രീംകോടതി പോലും മറ്റൊരു വിഷയത്തിലും കാണിച്ചിട്ടില്ലാത്ത ആവേശത്തോടെ പൊതു സിവിൽ കോഡ്  ഉയർത്തിക്കൊണ്ടുവരുന്നുണ്ട്. പൊതുസമൂഹത്തിൽ  ഇതെന്തോ മുസ്ലിങ്ങളെ ബാധിക്കുന്ന പ്രശ്നമാണ് എന്ന ധാരണയാണ് വ്യാപകമായിട്ടുള്ളത്. മുസ്ലിം മത സംഘടനകളും വ്യക്തിനിയമ ബോർഡും വിഷയത്തിൽ കാണിക്കുന്ന അമിതാവേശം ഈ പൊതുബോധത്തിന് ബലം പകരുന്നു. അതിനൊക്കെയപ്പുറം ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളാണ് ഇവിടെ മാറ്റുരയ്ക്കപ്പെടുന്നത് എന്ന് മനസ്സിലാക്കേണ്ടതുണ്ട്. 

ഇരുപത്തിരണ്ടാം ലോ കമ്മീഷൻ, ഏക സിവിൽ കോഡിനെ കുറിച്ച് വീണ്ടും അഭിപ്രായങ്ങൾ ക്ഷണിച്ചിട്ടുണ്ട്. ഒരുപക്ഷേ ഈ കമ്മീഷന്റെ നിലപാടുകൾ വ്യത്യസ്തമായിരിക്കാം. മുൻ കർണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന ജസ്റ്റിസ് അശ്വതിയാണ് പുതിയ ലോ കമ്മീഷന് നേതൃത്വം നൽകുന്നത്. കർണാടകയിലെ ഹിജാബ് നിരോധനം ശരിവെച്ചുകൊണ്ടുള്ള വിധി ഇദ്ദേഹത്തിന്റെതായിരുന്നു.

കമ്മീഷൻ എന്തുതന്നെ പറഞ്ഞാലും, തുല്യനീതിയാണ് ഉദ്ദേശിക്കുന്നതെങ്കിൽ  സാമൂഹ്യ വിഭാഗങ്ങൾ തമ്മിൽ അസ്വാരസ്യങ്ങൾ ഉണ്ടാക്കാതെ, ഓരോരോ വിശ്വാസ സമൂഹത്തിനകത്തും സാംസ്കാരിക വിഭാഗങ്ങൾക്കകത്തും തുല്യനീതി ഉറപ്പുവരുത്തുന്ന പരിഷ്കാരങ്ങൾ നടത്തുകയാണ് അഭികാമ്യം. 

രാജ്യത്തിൻ്റെ സുസ്ഥിരമായ നിലനിൽപ്പാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ, അതിനും മറുപടി ഏകീകൃത സിവിൽകോഡല്ല. ഒരു രാജ്യം ഒരു നിയമം എന്നതാണ് രാജ്യത്തിൻ്റെ അഖണ്ഡതയുടെ അടിസ്ഥാനം എങ്കിൽ, ലോകത്തെ ഏറ്റവും അസ്ഥിരമായ രാജ്യം അമേരിക്ക ആകുമായിരുന്നു. ഒരു നിയമമല്ല എന്ന് മാത്രമല്ല, ഓരോ സംസ്ഥാനങ്ങൾക്കും ഓരോ ഭരണഘടന തന്നെയുണ്ടവിടെ. മത രാഷ്ട്രങ്ങളിൽ പോലും ന്യൂനപക്ഷ വിഭാഗങ്ങൾക്ക് അവരുടേതായ വ്യക്തി നിയമങ്ങളും ആചാരക്രമങ്ങളും അനുവദിച്ചു കൊടുക്കാറുണ്ട്. പാക്കിസ്ഥാനിലെയും ബംഗ്ലാദേശിലെയും ഹിന്ദു വ്യക്തി നിയമങ്ങൾ തന്നെ ഉദാഹരണം. എല്ലാ നിയമങ്ങളിലും കടന്നു വരേണ്ട ചില പൊതു തത്വങ്ങൾ ബാധകമാക്കുക എന്നതല്ലാതെ എല്ലാ സാംസ്കാരിക പശ്ചാത്തലത്തിൽ നിന്ന് വരുന്നവരും ഒരേ നിയമവും ഒരേ ആചാരക്രമങ്ങളും പിന്തുടരണം എന്ന് പറയുന്നത് ജനാധിപത്യമല്ല, ഫാഷിസമാണ്. അത്തരം ഇടപെടലുകൾ രാജ്യത്തിൻ്റെ ഐക്യം ഊട്ടിയുറപ്പിക്കുന്നതിന് പകരം ജനങ്ങൾക്കിടയിൽ ഭിന്നിപ്പ് ഉണ്ടാക്കുവാനാണ് ഉപകരിക്കുക. ഇന്ത്യൻ സ്വാതന്ത്ര്യ പ്രസ്ഥാനവും ഭരണഘടന നിർമ്മാണ സഭയും തള്ളിക്കളഞ്ഞ ഏകാത്മകമായ രാഷ്ട്രദർശനം നെഞ്ചേറ്റുന്നവർ, ഹിറ്റ്ലർ ഇന്ത്യക്കാർക്ക് അനുകരണീയമായ മാതൃകയാണ് എന്ന് പ്രസ്താവിച്ചവർ, നമ്മുടെ ദേശീയ പ്രസ്ഥാനത്തെയും സ്വാതന്ത്ര്യ സമരത്തെയും ഒറ്റുകൊടുത്തവർ, സിവിൽ കോഡിനെ കുറിച്ച് സംസാരിക്കുമ്പോൾ, ദേശത്തെയും അതിൻ്റെ സാംസ്കാരിക വൈവിധ്യത്തെയും ജനാധിപത്യ മൂല്യങ്ങളെയും സ്നേഹിക്കുന്ന സാധാരണ മനുഷ്യർ ആശങ്കാകുലരാവുന്നത് സ്വാഭാവികമാണ്. അവരുടെ ആശങ്കകൾ കണക്കിലെടുക്കാതെ മുന്നോട്ടുപോകുന്നത് രാജ്യനന്മയ്ക്ക് ഭൂഷണമാവുകയില്ല.

published in Madhyamam Daily on 01/07/2023

ഗവർണർ ജനാധിപത്യത്തെ മാനിക്കണം

ചരിത്രത്തിൽ മുമ്പ് കേട്ടിട്ടില്ലാത്ത ഒരു നടപടിയിലൂടെ, തമിഴ്നാട് ഗവർണർ, മുഖ്യമന്ത്രിയുടെ മന്ത്രിസഭയുടെയോ ശുപാർശ കൂടാതെ തന്നെ, മന്ത്രി സെന്തിൽ ബാലാജിയെ പുറത്താക്കിക്കൊണ്ട് ഉത്തരവിറക്കിയിരിക്കുന്നു.   ഫെഡറലിസത്തെ ദുർബലപ്പെടുത്തുന്നതിന് കേന്ദ്രസർക്കാർ ഗവർണർമാരെ ഉപയോഗിക്കുന്നു എന്ന ആക്ഷേപം വ്യാപകമായി ഉയർന്നുകൊണ്ടിരിക്കുന്ന ഘട്ടത്തിലാണ്, അത് ശരിവയ്ക്കും   വിധം തമിഴ്നാട് ഗവർണർ ടി എൻ രവി രംഗത്തെത്തിയിരിക്കുന്നത്. അദ്ദേഹത്തിൻറെ ഭാഗത്തുനിന്നും  സമാന ചെയ്തികൾ ഉണ്ടാകുന്നത് ഇതാദ്യമല്ല.

നേരത്തെ, രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളിന്റെ ശിക്ഷ ഇളവ് ഇളവുമായി ബന്ധപ്പെട്ട ക്യാബിനറ്റ് നിർദ്ദേശം വെച്ച്   താമസിപ്പിച്ച അദ്ദേഹത്തിൻറെ നടപടി വിവാദമായിരുന്നു. നിശ്ചയമായും ഇതും ഭരണഘടനയുടെ അന്തസത്തയ്ക്ക് നിരക്കുന്ന നിലപാടല്ല. ഗവർണറുടെ പ്രീതി ഉള്ളടത്തോളം കാലം മാത്രമേ ഒരാൾക്ക് മന്ത്രിസഭയിൽ തുടരാൻ കഴിയുള്ളൂ എന്ന വാദം നിലനിൽക്കുന്നതല്ല.

ഗവർണറുടെ ‘പ്രീതി’

ഭരണഘടനയുടെ അനുച്ഛേദം 163(1) അനുസരിച്ച് ഗവർണർ സ്വന്തം വിവേചനാധികാരം ഉപയോഗിച്ച് എടുക്കേണ്ട തീരുമാനങ്ങളിൽ ഒഴികെയുള്ള കാര്യങ്ങളിലാണ് മന്ത്രിസഭയുടെ ഉപദേശം അനുസരിച്ച് പ്രവർത്തിക്കേണ്ടത്. 163(2) അനുസരിച്ച് ഗവർണറുടെ വിവേചനാധികാര പ്രകാരമുള്ള തീരുമാനങ്ങൾ ചോദ്യം ചെയ്യാൻ പാടില്ല. അതുകൊണ്ട് ഗവർണറുടെ പ്രീതി ഉള്ളടത്തോളം കാലം മാത്രമേ മന്ത്രിമാർക്ക് അധികാരത്തിൽ തുടരാൻ കഴിയുകയുള്ളൂ എന്നൊരു വാദം പലപ്പോഴും കേന്ദ്രം ഭരിക്കുന്ന കക്ഷിയുടെ നേതാക്കൾ ഉയർത്താറുണ്ട്. ഈ വാദം ഭരണഘടനാ ധാർമികതയേയും നമ്മുടെ ജനാധിപത്യത്തിന്റെ വികാസ ചരിത്രത്തേയും നിഷേധിക്കുന്നതാണ്.

‘പ്രീതി തത്വം’ കൊളോണിയൽ ഇംഗ്ലണ്ടിൽ ഉദ്ഭവിച്ചതാണ്. ഇംഗ്ലീഷ് രാജ്ഞിയുടെ കീഴിലുള്ള ഏതൊരു ഉദ്യോഗസ്ഥനും രാജ്ഞിയുടെ ‘പ്രീതി’ ഉള്ളടത്തോളം കാലം മാത്രമേ ആ സ്ഥാനത്ത് തുടരാൻ കഴിയുകയുള്ളൂ. ഒരാൾക്ക് ഒരു പദവി വഹിക്കുവാൻ യോഗ്യതയില്ല എന്ന് രാജ്ഞിക്ക് തോന്നുന്നുവോ, അന്ന് അയാളെ പിരിച്ചുവിടാൻ കഴിയും. അതിന് പ്രത്യേകിച്ച് കാരണമൊന്നും പറയേണ്ടതില്ല. “രാജാവിന് ഒരിക്കലും തെറ്റ് പറ്റില്ല” എന്നാൽ സങ്കല്പത്തിൽ നിന്നുമാണ് ഇത് വരുന്നത്. എന്നാൽ ഒരു ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ അതിനു പ്രസക്തിയൊന്നുമില്ല. അനുഛേദം 310-ൽ, “ഭരണഘടനാപരമായി നിഷ്കർഷിച്ചിട്ടില്ലാത്ത സാഹചര്യങ്ങളിൽ, കേന്ദ്രസർക്കാർ ഉദ്യോഗസ്ഥർ രാഷ്ട്രപതിയും സംസ്ഥാന സർക്കാർ ജീവനക്കാർ ഗവർണറുടെയും പ്രീതി ഉള്ളടത്തോളം കാലമാണ് ജോലിയിൽ ഉണ്ടായിരിക്കുക” എന്നു രേഖപ്പെടുത്തിയിരിക്കുന്നു. എന്നാൽ ജീവനക്കാർക്ക് അനുച്ഛേദം 311-ന്റെ സംരക്ഷണമുണ്ട്. അതനുസരിച്ച് മാത്രമേ ഒരാളെ പുറത്താക്കാൻ കഴിയൂ. രാഷ്ട്രപതിക്കോ ഗവർണർക്കോ അനിയന്ത്രിതമായ അധികാരം ഇല്ല എന്ന് സാരം. ഉദ്യോഗസ്ഥർക്ക് പോലുമുള്ള സംരക്ഷണം ജനങ്ങൾ തെരഞ്ഞെടുത്ത മന്ത്രിമാർക്ക് ഇല്ല എന്നത് ജനാധിപത്യത്തിൽ അംഗീകരിക്കാവുന്ന കാര്യമല്ല. ഗവർണറുടെ തോന്നിയവാസത്തെ വിവേചനിധികാരം എന്ന വിശുദ്ധ പശുവിനെക്കൊണ്ടു രക്ഷിച്ചെടുക്കാൻ കഴിയില്ല

 ഗവർണറുടെ വിവേചനാധികാരം

അനുഛേദം 163-ൽ  മന്ത്രിസഭാ രൂപീകരണത്തെക്കുറിച്ച് പ്രതിപാദിക്കുന്നിടത്താണ് ഗവർണറുടെ ‘വിവേചനാധികാരം’ കടന്നു വരുന്നത്. “ഭരണഘടനാപരമായി സ്വന്തം വിവേചന അധികാരം ഉപയോഗിക്കേണ്ടി വരാത്ത വിഷയങ്ങളിലെല്ലാം, ഗവർണറെ സഹായിക്കുവാനും ഉപദേശങ്ങൾ നൽകുവാനും മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഒരു മന്ത്രിസഭ ഉണ്ടായിരിക്കണം” എന്നാണ് അനുച്ഛേദം നിർദ്ദേശിക്കുന്നത്.  

ഇവിടെ ഗവൺമെൻറ് ഓഫ് ഇന്ത്യ ആക്ടിൽ ഗവർണറുടെ കടമ നിർദ്ദേശിച്ചിരിക്കുന്നതിൽ നിന്നും പ്രകടമായ വ്യത്യാസം ഇന്ത്യൻ ഭരണഘടനയിൽ നമുക്ക് കാണാൻ കഴിയും. ആക്ടിലെ സെക്ഷൻ 50-ൽ ഗവര്‍ണറുടെ വിവേചനാധികാരങ്ങള്‍ വിശദീകരിക്കുന്നിടത്ത് അദ്ദേഹത്തിന്റെ ”വൈയക്തിക ബോധ്യം (individual judgment)” എന്ന് ചേര്‍ത്തിരിക്കുന്നത് കാണാം. എന്നാല്‍ 

 ഭരണഘടനയില്‍ ആ  പ്രയോഗമില്ല. ഗവര്‍ണറുടെ വ്യക്തിഗത ബോധ്യങ്ങള്‍ക്കനുസരിച്ചുള്ള വിവേചനാധികാരമല്ല, ഭരണഘടനാപരമായി അനിവാര്യമായ കാര്യങ്ങളെ പ്രതിയുള്ള വിവേചനാധികാരം മാത്രമേ ഗവര്‍ണര്‍ക്കുള്ളൂ. ഇത് വളരെ പ്രധാനമാണ്.

ഭരണഘടനാ നിര്‍മാണ സഭയില്‍   അംബേദ്കർ ഇത് വ്യക്തമാക്കിയതിങ്ങനെയാണ്: “അനുച്ഛേദം 143 (ഭരണഘടനയിലെ അനുച്ഛേദം 163, കരട് ഭരണഘടനയിലെ  143 ആയിരുന്നു), മന്ത്രിസഭയുടെ ഏത് തീരുമാനവും അവഗണിക്കുവാനുള്ള അധികാരം നല്‍കുന്ന പൊതുവകുപ്പല്ല എന്നും, വിവേചനാധികാരം ഭരണഘടനാപരമായി അനിവാര്യമായ കാര്യങ്ങളിലേക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു എന്നും, അത് ഭരണഘടനയുടെ മറ്റു ഭാഗങ്ങളോട് ചേര്‍ത്ത് വായിക്കേണ്ടതാണ്”.

 സംസ്ഥാനത്തിന്റെ എക്‌സിക്യൂട്ടീവ് അധികാരം പ്രാമാണികമായി ഗവര്‍ണറില്‍ നിക്ഷിപ്തമാണെങ്കിലും യഥാര്‍ഥ അധികാരം മന്ത്രിസഭക്കാണ് എന്ന് സർക്കാരിയാ കമ്മീഷൻ റിപ്പോര്‍ട്ടും പറയുന്നു. വിവേചനാധികാരം സംബന്ധിച്ച ആര്‍ട്ടിക്കിള്‍ 163(1)ല്‍ ‘required’ എന്ന വാക്ക് ഉള്ളതുകൊണ്ട് തന്നെ ഭരണഘടനാപരമായി അനിവാര്യമായ അവസരങ്ങളില്‍ മാത്രമാണ് വിവേചനാധികാരം ഉപയോഗിക്കുവാന്‍ സാധിക്കുക എന്നാണ് കമ്മീഷന്റെ വിശദീകരണം.

2016-ല്‍ അരുണാചല്‍ പ്രദേശില്‍ നബാം തുകിയുടെ നേതൃത്വത്തിലുളള കോണ്‍ഗ്രസ് മന്ത്രിസഭയെ വിമതരുടെ സഹായത്തോടെ അട്ടിമറിക്കാന്‍ ബി.ജെ.പി നടത്തിയ ശ്രമങ്ങള്‍ ഗവര്‍ണറുടെ വിവേചനാധികാരം സംബന്ധിച്ച നിയമ പോരാട്ടങ്ങള്‍ക്ക് വഴി വെയ്ക്കുകയുണ്ടായി.  ആ കേസിൽ, സുപ്രീംകോടതി ഗവർണറുടെ വിവേചന അധികാരം സംബന്ധിച്ച്, വളരെ കൃത്യമായി വിശദീകരിച്ചിട്ടുണ്ട്:

” യഥാര്‍ഥ അധികാരികളായ തെരഞ്ഞെടുക്കപ്പെട്ട മന്ത്രിസഭയുടെ അധികാരങ്ങള്‍ കവര്‍ന്നെടുത്തുകൊണ്ട് ഗവര്‍ണറുടെ അധികാരങ്ങള്‍ വിപുലപ്പെടുത്താനാവില്ല. മന്ത്രിസഭയുടെ നിര്‍ദേശത്തിന് എതിരായോ, മന്ത്രിസഭയുടെ ഉപദേശമില്ലാതെയോ പ്രവര്‍ത്തിക്കാനുള്ള പൊതുവായ അധികാരം അനുച്ഛേദം 163 ഗവര്‍ണര്‍ക്ക് നല്‍കുന്നില്ല. ബില്ലുകള്‍ക്ക് അംഗീകാരം നല്‍കുന്നതുമായോ അതു മാറ്റി വയ്ക്കുകയോ രാഷ്ട്രപതിയുടെയോ മുഖ്യമന്ത്രിയുടെയോ പരിഗണനയ്ക്ക് വിടുന്നതോ സഭയുടെ വിശ്വാസം നഷ്ടപ്പെട്ട മുഖ്യമന്ത്രി രാജിവയ്ക്കാതിരിക്കുന്ന സഹചര്യമോ ഒക്കെ സംബന്ധിച്ച വിവേചനാധികാരങ്ങളേ ഗവര്‍ണര്‍ക്ക് ഉള്ളു. ഗവര്‍ണര്‍ക്ക് പരിമിതമായ അധികാരമുള്ള ഇടങ്ങളില്‍ പോലും അധികാരം സ്വേച്ഛാപരമോ, വിചിത്രമോ ആയിക്കൂടാ, യുക്തിയും അവധാനതയും അനുസരിച്ചുവേണം അതു പ്രയോഗിക്കാന്‍. ഭരണഘടനാപരമായ അനിവാര്യതയുള്ളപ്പോഴാണ് വിവേചനാധികാരം ഗവര്‍ണര്‍ പ്രയോഗിക്കേണ്ടത്… …അതുകൊണ്ടുതന്നെ നിയമസഭാ സമ്മേളനം സംബന്ധിച്ച കാര്യങ്ങളില്‍ മന്ത്രിസഭയുടെ നിര്‍ദ്ദേശാനുസരണം പ്രവര്‍ത്തിക്കാന്‍ മാത്രമേ ഗവര്‍ണര്‍ക്ക് കഴിയൂ.” കോടതി വിധിച്ചു. 

അതായത്, ഭരണഘടനയും സുപ്രീംകോടതിയുടെ വ്യാഖ്യാനങ്ങളും പരിശോധിച്ചാൽ, മന്ത്രിസഭയുടെ നിർദ്ദേശങ്ങൾക്കപ്പുറം എന്തെങ്കിലും അധികാരം പ്രയോഗിക്കുന്നതിനുള്ള ഭരണഘടനാപരമായ യാതൊരു അവകാശവും ഗവർണർമാർക്കില്ല. കാര്യങ്ങൾ ഇങ്ങനെയായിരിക്കെ തമിഴ്നാട് ടി എൻ രവിയുടെ നടപടി ജനാധിപത്യത്തെ അവഹേളിക്കുന്നതാണ്. 

എന്തുകൊണ്ടാണ് ഗവർണർമാർക്ക് ഇങ്ങനെ പെരുമാറേണ്ടി വരുന്നത്? ഗവര്‍ണര്‍ എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെ കേവലമൊരു ജോലിക്കാരനല്ല എന്നു സുപ്രീംകോടതി വിവിധ വിധികളില്‍ വ്യക്തമാക്കിയിട്ടുള്ളതാണെങ്കിലും, സിവില്‍ സര്‍വീസ് ജീവനക്കാരേക്കാള്‍ കുറഞ്ഞ തൊഴില്‍ സുരക്ഷ മാത്രമേ ഗവര്‍ണര്‍ക്ക് ഉള്ളു എന്നതാണ് സത്യം.

സിവില്‍ സര്‍വീസുകാരെ നീക്കം ചെയ്യണമെങ്കില്‍ ഭരണഘടനയുടെ അനുച്ഛേദം 311 പ്രകാരമുള്ള അന്വേഷണ നടപടികള്‍ വേണമെന്നാകില്‍, ഗവര്‍ണറെ നീക്കം ചെയ്യുന്നതിന് ഇത്തരം യാതൊരു നടപടിക്രമങ്ങളുമില്ല. ആര്‍ട്ടിക്കിള്‍ 156(1) അനുസരിച്ച് പ്രസിഡന്റിന് തൃപ്തികരമായിരിക്കുവോളം മാത്രമാണ് ഗവര്‍ണര്‍ക്ക് ആ പദവിയില്‍ തുടരാനാകുക. കേന്ദ്ര ഭരണസംവിധാനത്തിന് അനഭിമതനായാല്‍ ഏതു നിമിഷവും നീക്കം ചെയ്യപ്പെടാം. ഇത് ഗവര്‍ണര്‍ പദവിയ്ക്ക് വല്ലാത്ത ഒരു അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നു. കേന്ദ്ര സര്‍ക്കാരിനെ തൃപ്തിപ്പെടുത്താതെ നിലനില്‍ക്കാനാകില്ല എന്നു വരുന്നു. പലപ്പോഴും കേന്ദ്രത്തിൽ പുതിയ ഗവൺമെന്റുകൾ അധികാരത്തിൽ വരുമ്പോൾ ഗവർണർമാരുടെ കൂട്ട  പിരിച്ചുവിടലും പുതിയ നിയമനവും എല്ലാം ഉണ്ടാവുന്നത് അതുകൊണ്ടാണ്.

അതേ കാരണം കൊണ്ടാണ് കൃത്യമായി നിർവചിച്ചിട്ടില്ലാത്ത ചില അധികാരങ്ങൾ ഉണ്ടെന്ന ധാരണയിൽ ഫെഡറല്‍ ജനാധിപത്യരാഷ്ട്രഘടനയുടെ അന്തസ്സത്തക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുവാന്‍ ഗവര്‍ണര്‍മാര്‍ തയ്യാറാവുന്നത്.

ടെക്നോ ഏകാധിപത്യത്തിനെതിരെ ജാഗ്രത പാലിക്കുക.

കോവിഡ് പ്രതിരോധ വാക്സിൻ സംബന്ധിച്ച വിവരങ്ങൾ കൈകാര്യം ചെയ്യുന്ന കോവിൻ ഡാറ്റ ബേസിൽ നിന്നും വിവരങ്ങൾ ചോർന്നിരിക്കുന്നു എന്ന വാർത്ത വിവരസുരക്ഷയെ കുറിച്ചുള്ള ചർച്ചകൾ വീണ്ടും സജീവമാക്കിയിരിക്കുകയാണ്. കേന്ദ്ര വിവരസാങ്കേതിക മന്ത്രാലയം ‘ഗ്ലോബൽ ഡിപി ഐ’  ഉച്ചകോടി സംഘടിപ്പിക്കുന്ന സമയത്തുതന്നെ ഈ വാർത്ത പുറത്തുവന്നത് രാജ്യാന്തരശ്രദ്ധ പിടിച്ചു പറ്റുകയും ചെയ്തു.  ഡിജിറ്റൽ പണമിടപാടുകൾക്ക് പ്രചുര പ്രചാരം നൽകിയ  ‘യുപി ഐ’, ഗവൺമെന്റിന്റെ ഇ-കോമേഴ്സ് പ്ലാറ്റ്ഫോമായ ‘ജെം’,  പ്രതിരോധ കുത്തിവെപ്പ് നടപ്പിലാക്കിയ ‘കോവിൻ പ്ലാറ്റ്ഫോം’, കോവിഡ്  കാലത്തെ കോൺടാക്ട് ട്രേസിംഗ്  ആപ്ലിക്കേഷൻ ആയിരുന്ന ‘ആരോഗ്യസേതു’,  എന്തിനും ഏതിനും ഉപയോഗിക്കാവുന്ന ‘ആധാർ’ അങ്ങനെ നിരവധി ഡിജിറ്റൽ സങ്കേതങ്ങൾ ചേർന്ന ‘ഇന്ത്യ സ്റ്റാക്ക്’  ആണ് ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചർ (DPI). സകല സാമൂഹിക വ്യവഹാരങ്ങളുടെയും  വിവരശേഖര- വിനിമയ സംവിധാനങ്ങൾ ഉൾക്കൊള്ളുന്ന ഈ ഡിജിറ്റൽ ഇക്കോ സിസ്റ്റം രാജ്യത്ത് വിവരസുരക്ഷ-സ്വകാര്യതാസംരക്ഷണ ചട്ടക്കൂടുകളുടെ അനിവാര്യതയിലേക്കാണ് വിരൽ ചൂണ്ടുന്നത്. ജി20 ഉച്ചകോടിയോടനുബന്ധിച്ച്, അതിനൂതന വിവരസാങ്കേതിക സങ്കേതങ്ങളുടെ തലസ്ഥാനമായി സ്വയം ഉയർത്തി കാണിക്കുവാൻ ശ്രമിക്കുമ്പോഴും, ജനങ്ങളുടെ വിവര സുരക്ഷയും സ്വകാര്യതയും ഉറപ്പുവരുത്തുന്ന നിയമങ്ങളും ചട്ടങ്ങളും ഇന്ത്യയിൽ നിലവിലില്ല എന്നത് ദൗർഭാഗ്യകരമാണ്.

‘കോവിൻ’ വിവര ചോർച്ച 

രാജ്യത്തെ കോടിക്കണക്കിന് വരുന്ന ജനങ്ങളുടെ വാക്സിനേഷൻ വിവരങ്ങളും തിരിച്ചറിയൽ രേഖകളും ഉൾപ്പെടുന്ന ഡാറ്റ ബേസ് ചോർന്നിരിക്കുന്നു എന്നാണ് വാർത്ത. ചില ടെലഗ്രാം ഗ്രൂപ്പുകളിൽ കോവിഡ് വാക്സിൻ സ്വീകരിച്ച മുഴുവൻ പേരുടെയും പേരും ജനനതീയതിയും തിരിച്ചറിയൽ രേഖയുടെ നമ്പറും ഉൾപ്പെടെയുള്ള സകല വിവരങ്ങളും ലഭ്യമാണ് എന്ന് റിപ്പോർട്ട് ചെയ്തത് മലയാളം ന്യൂസ് പോർട്ടലായ ‘ദ ഫോർത്ത്’ ആണ്. തുടർന്ന് രാജ്യത്തെ പല പ്രമുഖരുടെയും സ്വകാര്യ വിവരങ്ങൾ ടെലഗ്രാമിൽ ലഭ്യമാണ് എന്ന് നിരവധി ദേശീയ വാർത്താമാധ്യമങ്ങളും സ്ഥിരീകരിച്ചു. 

വിവിധ ആധാർ നമ്പറുകൾ ഉപയോഗിച്ചുകൊണ്ടുള്ള തിരച്ചിലുകളിൽ കൗതുകകരമായ, എന്നാൽ വിവരസുരക്ഷയെ കുറിച്ച് വലിയ ആശങ്കകളുയർത്തുന്ന കാര്യങ്ങളാണ് അനാവൃതമാകുന്നത്. നേരത്തെ കണ്ടെത്തുകയും, വാർത്തയായപ്പോൾ ഡീ-ആക്ടിവേറ്റ് ചെയ്യുകയും ചെയ്ത ‘ഹനുമാന്റെ’യും, ‘മാമ്പഴ’ത്തിന്റെയും, പാക്കിസ്ഥാൻ ചാരന്റെയും ഒക്കെ ആധാർ നമ്പർ ഉപയോഗിച്ച് വാക്‌സിൻ എടുത്തവർ ഉണ്ട്! ഒരിക്കൽ, സ്വന്തം ആധാർ നമ്പർ ട്വീറ്റ് ചെയ്‌ത് വിവാദം സൃഷ്ടിച്ച   യു ഐ ഡി എ ഐ മുൻ-മേധാവി ആർ.എസ്. ശർമ്മ, ഇത്തവണ പക്ഷേ വാക്‌സിൻ എടുക്കാൻ നേരം ആധാർ കൊടുത്തില്ല, പാസ്പോർട്ട് ആണ് ഹാജരാക്കിയത്! എന്നാൽ അദ്ദേഹത്തിൻ്റെ ആധാർ നമ്പറിൽ മറ്റാരോ വാക്‌സിൻ എടുത്തിട്ടുണ്ട് എന്നും കാണുന്നു.

രാജ്യത്തെ മുഴുവൻ ജനങ്ങളുടെയും വിവര സുരക്ഷയെ ബാധിക്കുന്ന പ്രശ്നമാണിത്. പേരും ആധാറും ജനനത്തീയതിയും മൊബൈൽ നമ്പറും ഒക്കെ പരസ്യമാകുന്നത് സാമ്പത്തിക സുരക്ഷിതത്വത്തെ വരെ ബാധിക്കുന്നതാണ്. 

വിവരങ്ങൾ ചോരുന്നത് ഇതാദ്യമല്ല

ഇന്ത്യയിൽ വൻതോതിലുള്ള വിവരചോരണത്തിന്റെ വാർത്തകൾ വരുന്നത് ഇതാദ്യമായല്ല. 2018-ൽ, ആധാർ വിവരങ്ങൾ 500 രൂപയ്ക്ക് മാർക്കറ്റിൽ ലഭ്യമാണ് എന്ന ഞെട്ടിപ്പിക്കുന്ന വാർത്ത ‘ദ ട്രിബ്യൂൺ’ പുറത്ത് വിട്ടിരുന്നു. ഇക്കാര്യം 2019-ൽ വേൾഡ് എക്കണോമിക് ഫോറത്തിന്റെ ഗ്ലോബൽ റിസ്ക് റിപ്പോർട്ടിലും സ്ഥാനം നേടിയിരുന്നു. ആധാർ വെരിഫിക്കേഷൻ സുരക്ഷിതമല്ലെന്നും തങ്ങളുടെ ആധാർ ഓപ്പറേറ്ററുടെ ബയോമെട്രിക്ക് വിവരങ്ങൾ ലീക്ക് ആവുകയും, അത് പലയിടങ്ങളിൽ നിന്നും അനധികൃതമായി ഉപയോഗിക്കുന്നുവെന്നും എസ്.ബി.ഐ. 2018-ൽ പരാതിപ്പെട്ടിരുന്നു. 

2019-ൽ, ടി ഡി പി- യുടെ തെരഞ്ഞെടുപ്പ് ആപ്പ് ആയ ‘സേവാ മിത്ര’ വഴി ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളിലെ 7.82 കോടി പൗരരുടെ ആധാർ വിവരങ്ങളും വിവിധ ക്ഷേമപദ്ധതികളുടെ വിശദാംശങ്ങളും  ഐ.ടി. ഗ്രിഡ്‌സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം വോട്ടർ പ്രൊഫൈലിംഗിന് വേണ്ടി ഉപയോഗിച്ചെന്ന വാർത്ത വന്നു. ആധാര്‍-വിരലടയാള വിവരങ്ങള്‍ നിയമവിരുദ്ധമായി ശേഖരിച്ച് സൂക്ഷിച്ച് ഉപഭോക്താവറിയതെ ഇടപാടുകള്‍ നടത്തിയതിന് ആക്‌സിസ് ബാങ്കിനെതിരെ യു.ഐ.ഡി.എ.ഐ.യ്ക്ക് നടപടിയെടുക്കേണ്ടി വന്നിട്ടുണ്ട്. എയർടെൽ പേയ്‌മെന്റ് ബാങ്ക് സംബന്ധിച്ചും സമാനമായ വിവാദം ഉണ്ടായിരുന്നു.

2020-ൽ, ലോകത്തിലെ ഏറ്റവും വലിയ വി.പി.എൻ. റിവ്യൂ ടീം ആയ ‘വി.പി.എൻ.മെന്റർ’ ഭീം_യു.പി.ഐ പേയ്‌മെന്റ് സംവിധാനത്തിൽ വൻ ഡാറ്റാ ലീക്കേജ് കണ്ടെത്തി.  2020-ലും 22-ലും 23-ലും ‘റെയിൽ യാത്രി’ വിവരങ്ങൾ ചോർന്നതായി റിപ്പോർട്ടുണ്ട്. 2022-ൽ ഇ പി എഫ് ഗുണഭോക്താക്കളുടെ വിവരങ്ങൾ ചോർന്നു. എ.ഐ.ഐ.എം.എസ്. ഡാറ്റാബേസും ഭേദിക്കപ്പെട്ടിരുന്നു. ഇന്ത്യയിലെ വിവരസുരക്ഷാസംവിധാനത്തെ ക്കുറിച്ച് ആശങ്കകളുയർത്തുന്ന നിരവധി സംഭവങ്ങൾ വേറെയും ഉണ്ടായിട്ടുണ്ട്. 

ഡാറ്റാ ലീക്കുകൾ ഉയർത്തുന്ന ആശങ്കകൾ

നിരീക്ഷണ മുതലാളിത്തത്തിന്റെ കാലഘട്ടത്തിൽ കോടിക്കണക്കിനു ഡാറ്റ പോയിന്റുകള്‍ പരിശോധിച്ച് ഞൊടിയിടയില്‍ നിര്‍ദ്ദേശങ്ങള്‍ നല്കാന്‍ കഴിയുന്ന വമ്പന്‍-വിവര-വിശകലന-സംവിധാനങ്ങള്‍ ഉയർത്തുന്ന ഭീഷണി ചെറുതല്ല. അതു ഉയർത്തുന്ന പ്രശ്നങ്ങൾക്ക് പുറമെയാണ് വിവിധ തട്ടിപ്പുകൾക്കുള്ള സാധ്യതകൾ. ഉദാഹരണത്തിന് യുപിഐ വിവരങ്ങൾ ചോരുന്നത്, ക്രിമിനൽ ഹാക്കർമാരുടെ കൈയ്യിൽ  ഒരു ബാങ്കിന്റെ  വിവരശേഖരം മുഴുവൻ ലഭിക്കുന്നതിന് സമാനമായ പ്രശ്നങ്ങളാണ്  സൃഷ്ടിക്കുന്നത്. ചില അപകടങ്ങൾ ലഘുവായി വിവരിക്കാം:

1. വ്യക്തിത്വ അപഹരണം (Identity Theft): ഇതിൽ ലഭ്യമായ തിരിച്ചറിയൽ വിവരങ്ങൾ ഉപയോഗിച്ച് മറ്റൊരാളുടെ പേരിൽ ബാങ്ക് അക്കൗണ്ട് തുടങ്ങാം, ഇടപാടുകൾ നടത്താം, കമ്പനി രജിസ്റ്റർ ചെയ്യാം, നിയമവിരുദ്ധമായ സാധനങ്ങൾ വാങ്ങാം, കുറ്റകൃത്യങ്ങൾ ചെയ്യാം. 

2. നികുതി തട്ടിപ്പുകൾ: മറ്റൊരാളുടെ നികുതി വിവരങ്ങൾ ഉപയോഗിച്ച്, തെറ്റായ കണക്കുകൾ സമർപ്പിക്കാം. സാമൂഹ്യ ക്ഷേമ പദ്ധതികളുടെ ഉപഭോക്താക്കളുടെ വിവരങ്ങൾ മോഷ്ടിച്ച് അതുപയോഗിച്ച് ഷെൽ കമ്പനികൾ തുടങ്ങി 3000 കോടി രൂപയുടെ ജിഎസ്ടി വെട്ടിപ്പ് നടത്തിയതായി ഗവൺമെൻറ് ഏജൻസികൾ കണ്ടെത്തിയിരുന്നു.

3. മോഷണം: ഭീം വിവരങ്ങൾ ഉപയോഗിച്ച് പണം തട്ടിയെടുക്കാനും ബാങ്ക് അക്കൗണ്ടിന്റെ നിയന്ത്രണം കൈവശപ്പെടുത്താനും കഴിഞ്ഞേക്കാം.

4. വ്യാപാരികളുടെയും സുഹൃത്തുക്കളുടെയും ഐ.ഡി. കൾക്ക് സമാനമായ ഐ.ഡി.കളും മറ്റും ഉണ്ടാക്കുക വഴി ആപ്പുകൾ മുഖേന പണം തട്ടാനുള്ള സാധ്യതയുണ്ട്. 

ചില യുപിഐ അഡ്രസ്സുകളിലേക്ക് പണമിടപാടുകൾ നടത്തിയതിന്റെ ഫലമായി ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച സംഭവം വിവാദമായതും ഓർക്കുമല്ലോ. 

ആധാർ വിവരങ്ങളിൽ ഉണ്ടാകുന്ന ചോർച്ച ഇതിലും ഭീകരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും. കാരണം ആധാർ നമ്പറും ബയോമെട്രിക് വിവരങ്ങളും, എടിഎം കാർഡും അതിൻ്റെ പിന്നും എന്നപോലെയാണ് പ്രവർത്തിക്കുന്നത്. സാമ്പത്തിക ഇടപാടുകൾക്ക് ഉൾപ്പെടെ ആധാറും വിരലടയാളവും മതിയാകും. വിരലടയാളം മറച്ചുവെക്കാൻ കഴിയുന്ന ഒരു പാസ്സ്‌വേർഡ് അല്ല. നാം സ്പർശിക്കുന്ന ഇടങ്ങളിൽനിന്ന്, ഫോട്ടോഗ്രാഫുകളിൽ നിന്ന്, ഒക്കെ അത് പുനർനിർമ്മിക്കാൻ കഴിയും. മാത്രമല്ല ഫിലിമുകളിലോ സിലിക്കൺ കൊണ്ടോ കൃത്രിമമായി ഉണ്ടാക്കി സ്കാനറുകളെ മറികടക്കാനും സാധിക്കും. മറച്ചു വയ്ക്കാനോ ഒരിക്കല്‍ നഷ്ടപ്പെട്ടാല്‍ പിന്നെ മാറ്റിയെടുക്കാനോ കഴിയാത്ത വിരലടയാളമൊക്കെ തിരിച്ചറിയലിന്റെ ആധാരമാകുമ്പോള്‍ ഭീഷണി വര്‍ദ്ധിക്കുകയാണ്. ജീവിതത്തിന്റെ സർവ്വ മേഖലകളുടെയും ഒറ്റ താക്കോലായി പ്രവർത്തിക്കുന്ന ഈ വിവരം മോഷ്ടിക്കപ്പെട്ടാൽ അത് മനുഷ്യൻ്റെ സിവിൽ ഡെത്തിന് തുല്യമാണ്.

ഗവൺമെന്റിന്റെ പ്രതികരണം

വിവരസുരക്ഷയിലെ പാളിച്ചകളെക്കുറിച്ച് ഓരോ വാർത്തകൾ വരുമ്പോഴും ഗവൺമെന്റിന്റെ പ്രതികരണം നിഷേധാത്മകമായിരുന്നു. വാർത്ത റിപ്പോർട്ട് ചെയ്ത പത്രലേഖകർക്കും മാധ്യമ സ്ഥാപനങ്ങൾക്കുമെതിരെ കേസെടുക്കുന്ന സാഹചര്യങ്ങളും ഉണ്ടായിട്ടുണ്ട്. ഏറ്റവും ഒടുവിൽ കോവിൻ ബ്രീച്ച് ഉണ്ടായപ്പോഴും പതിവ് തെറ്റിയില്ല.

ഏതാനും മാസങ്ങൾക്കു മുൻപ് തന്നെ ഈ വിവരങ്ങൾ ഡാർക്ക് നെറ്റിൽ ലഭ്യമാണ് എന്ന് വാർത്ത വന്നിരുന്നു.  അന്നും ഗവൺമെൻ്റത് നിഷേധിച്ചു. ഇപ്പോൾ പറയുന്നത് കോവിൻ വിവരങ്ങൾ ചോർന്നിട്ടില്ല എന്നും ഗവൺമെന്റിന്റെ പ്രതിരോധ വാക്സിൻ വിവരശേഖരണ സംവിധാനം പൂർണ്ണ സുരക്ഷ ഉറപ്പു നൽകുന്നുണ്ട് എന്നുമാണ്. കേന്ദ്ര വിവരസാങ്കേതിക വകുപ്പ് മന്ത്രി രാജീവ് ചന്ദ്രശേഖർ, ‘ഇപ്പോൾ ലഭ്യമെന്ന് പറയുന്ന വിവരങ്ങൾ നേരത്തെ മോഷ്ടിച്ച വിവരങ്ങളാണെ’ന്നും നിലവിൽ ഡാറ്റ ബേസിന് ഒന്നും സംഭവിച്ചിട്ടില്ല എന്നും പ്രസ്താവിച്ചിരിക്കുന്നു. ഈ പ്രതികരണങ്ങൾ  അല്ലാതെ, വിവരചോരണത്തെക്കുറിച്ച് നടത്തിയ അന്വേഷണങ്ങളുടെ ഫലം എന്തെന്ന് പൊതുസമൂഹത്തോട് ഗവൺമെൻറ് വിശദീകരിക്കുന്ന പതിവില്ല. സി ഇ ആർ ടി-യുടെ പരിശോധന റിപ്പോർട്ടുകളും വെളിച്ചം കാണാറില്ല. ഇതെല്ലാം നമ്മുടെ ഡിജിറ്റൽ ഇക്കോ സിസ്റ്റത്തിന്റെ വിശ്വാസത കുറയ്ക്കുന്ന കാര്യങ്ങളാണ്.

ഇത്തരം സന്ദർഭങ്ങളിൽ ഉത്തരവാദിത്വബോധമുള്ള ഗവൺമെന്റിൽ നിന്ന് പ്രതീക്ഷിക്കുന്ന ചില കാര്യങ്ങളുണ്ട്. പ്രാഥമികമായി ഇത്തരത്തിൽ വീഴ്ച വന്നിട്ടുണ്ടെങ്കിൽ അത് അംഗീകരിക്കുക. എങ്ങനെ സംഭവിച്ചു, എന്തുകൊണ്ട് സംഭവിച്ചു എന്നൊക്കെ ഉള്ള അന്വേഷണം പിന്നീടാകാം. അടിയന്തരമായി, ഡാറ്റാ ലീക്കായ ആളുകൾ ഇനി എന്ത് മുൻകരുതലുകളാണ് എടുക്കേണ്ടത്, എങ്ങനെയാണ് ഇതിൻ്റെ ദോഷഫലങ്ങൾ ലഘൂകരിക്കാൻ കഴിയുക, എന്നൊക്കെ ജനങ്ങളെ ബോധവൽക്കരിക്കേണ്ട ബാധ്യതയുണ്ട്. എന്നാൽ ഈ ദിശയിൽ ഉള്ള യാതൊരു നടപടിയും ഗവൺമെന്റുകൾ സ്വീകരിച്ചു പോരുന്നതായി കാണുന്നില്ല. .

വിവരസുരക്ഷാ നിയമം

ആധാർ കേസ് സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കുമ്പോൾ രാജ്യത്ത് സ്വകാര്യത ഒരു മൗലികാവകാശമല്ല എന്ന ഞെട്ടിപ്പിക്കുന്ന വാദമുയർത്തിയ ഗവൺമെൻ്റാണ് നമ്മുടേത്. എന്നാൽ 2017-ൽ, സുപ്രീംകോടതിയുടെ ഒമ്പതംഗ ഭരണഘടനാ ബഞ്ച് ഒരേ സ്വരത്തിൽ സ്വകാര്യത മൗലികാവകാശമാണ് എന്ന് വിധിയെഴുതി. പൗരന്റെ സ്വകാര്യത സംരക്ഷിക്കുവാനുള്ള ഋണാത്മകവും ധനാത്മകവുമായ കടമ ഗവൺമെന്റിനുണ്ട് എന്ന് കോടതി പ്രഖ്യാപിച്ചു. അതിനായി നിയമനിർമാണം വേണമെന്ന നിർദ്ദേശവും വന്നു. തുടർന്ന് ഗവൺമെൻ്റ് മുൻ സുപ്രീംകോടതി ജഡ്ജി, ജസ്റ്റിസ് എസ്.എൻ. കൃഷ്ണയുടെ നേതൃത്വത്തിൽ ഒരു കമ്മിറ്റിയെ നിയോഗിച്ചു. കമ്മിറ്റി അതിൻ്റെ റിപ്പോർട്ടും വിവരസുരക്ഷാ നിയമത്തിൻ്റെ കരടും ഗവൺമെൻ്റിനു സമർപ്പിച്ചു. ആധാർ കേസിന്റെ വാദങ്ങൾ നടക്കുന്ന വേളയിൽ, പ്രസ്തുത നിയമനിർമാണം ഉടൻ നടത്തുമെന്ന ഉറപ്പ് ഗവൺമെൻ്റ് സുപ്രീംകോടതിയിൽ നൽകിയിരുന്നെങ്കിലും, രണ്ടു വർഷങ്ങൾ കൂടി കഴിഞ്ഞാണ് ഒരു ബില്ല്  അവതരിപ്പിക്കുന്നത്. പ്രസ്തുത ബില്ല് പാർലമെന്റിന്റെ ജോയിൻറ് കമ്മറ്റിയുടെ പരിഗണനയിലിരിക്കെ സർക്കാർ പിൻവലിച്ചു. 

ശ്രീകൃഷ്ണ കമ്മിറ്റിയുടെ റിപ്പോർട്ട് തന്നെ പട്ടുസ്വാമി കേസിലെ സുപ്രീംകോടതി വിധിയുടെ അന്ത:സത്തയ്ക്ക് നിരക്കുന്നതല്ല എന്ന ആക്ഷേപം ഉയർന്നിരുന്നു. പാർലമെൻറിൽ ബില്ല് അവതരിപ്പിച്ചപ്പോൾ വിവരസുരക്ഷയുടെയും സ്വകാര്യതയുടെയും കാര്യത്തിൽ യാതൊരു ആത്മാർത്ഥതയും ഇല്ലാത്ത സമീപനമാണ് ഗവൺമെന്റിനുള്ളത് എന്നത് പൊതുസമൂഹത്തിന് പൂർണ്ണമായും ബോധ്യപ്പെട്ടു. സ്വകാര്യതാ സംരക്ഷണത്തിന്റെ പേരിൽ, പലതരത്തിലും സ്വകാര്യതാ ലംഘനങ്ങൾക്ക് നിയമസാധുത നൽകുകയാണ് ഗവൺമെൻറ് ആ ബില്ലിലൂടെ ചെയ്തത്. യൂറോപ്യൻ യൂണിയൻ ഒക്കെ പിന്തുടരുന്ന ജി.ഡി.പി.ആർ. ഗൈഡ്ലൈൻസിനോടടുത്തു വരുന്ന സംരക്ഷണം ഇല്ല എന്നു മാത്രമല്ല, പലയിടങ്ങളിലും ചൂഷണങ്ങൾക്കുള്ള വാതിലുകൾ തുറന്നിടുന്നുമുണ്ടായിരുന്നു ബില്ലിൽ.

പ്രാഥമികമായും വിവരങ്ങളുടെ ഉടമ വ്യക്തിയാണ് എന്ന് ബില്ലിൽ അംഗീകരിക്കുന്നില്ല.

ഒരാൾക്ക് തന്നിൽ നിന്നും ശേഖരിച്ച സ്വന്തം വിവരങ്ങൾ പൂർണമായും ലഭിക്കുന്നതിനുള്ള അവകാശമില്ല.  വിവരങ്ങൾ തിരുത്തുവാനുള്ള അവകാശമുണ്ടെങ്കിലും അതിന് സമയപരിധി നിശ്ചയിച്ചിട്ടില്ല. സർവീസ് പ്രൊവൈഡറിന് അതു നിഷേധിക്കാനുള്ള സാഹചര്യങ്ങളും ഉണ്ട്. ഡാറ്റ പോർട്ടബിലിറ്റി സാധ്യമാണെന്ന് പറഞ്ഞിട്ടുണ്ടെങ്കിലും ‘ട്രേഡ് സീക്രട്ട്’ എന്നു പറഞ്ഞു പോർട്ടബിലിറ്റി അനുവദിക്കാതിരിക്കാം. നമ്മുടെ വ്യക്തി വിവരങ്ങൾ വച്ച് എന്തു ട്രേഡ് സീക്രട്ട് ആണ് കമ്പനികൾക്ക് ഉണ്ടാകുക? അതുപോലെതന്നെ വിസ്മരിക്കപ്പെടാനുള്ള അവകാശം (right to forget ) ഉണ്ട്. പക്ഷെ അത് വേണോ വേണ്ടയോ എന്ന് അഡ്ജഡുക്കേറ്റിങ് ഓഫീസർ തീരുമാനിക്കും; വ്യക്തിയ്ക്ക് തീരുമാനിക്കാനാകില്ല.

വിവരങ്ങൾ മായ്ച്ചു കളയാനുള്ള അവകാശവും ഇല്ല.

വിവരങ്ങൾ പ്രോസസ് ചെയ്യുന്നതിന് ‘അറിവോടെയുള്ള സമ്മതം’ വേണം എന്ന് ബില്ലിൽ പറയുന്നുവെങ്കിലും ഗവണ്മെന്റിന്റെ ‘എല്ലാ ‘ പ്രവർത്തനങ്ങളെയും ഇതിൽ നിന്നും ഒഴിവാക്കിയിരുന്നു. ഗവണ്മെന്റിന് നമ്മുടെ വ്യക്തി വിവരങ്ങൾ നമ്മുടെ അറിവോ സമ്മതമോ ഇല്ലാതെ എന്തിനു വേണ്ടിയും ഉപയോഗിക്കാം എന്നു സാരം. ബില്ലനുസരിച്ച് നിയമ ലംഘനങ്ങൾക്കെതിരെ വ്യക്തികൾക്ക് കോടതിയെ നേരിട്ട് സമീപിക്കാനാകില്ല, വിവര സംരക്ഷണ അതോറിറ്റി നേരിട്ട് പറയണം. ഡിജിറ്റൽ എക്കോണമി, സേവനങ്ങൾ എന്നിങ്ങനെ ധാരാളം ഇളവുകളുമുണ്ട്. പ്രധാനമായും ആധാർ പദ്ധതിയെ സംരക്ഷിക്കുന്നതിനുവേണ്ടി വരുത്തിയിരിക്കുന്ന വിട്ടുവീഴ്ചകൾ വിവരസംരക്ഷണത്തിന്റെ അടിസ്ഥാന തത്വങ്ങളെ തന്നെ ബലികൊടുക്കുന്നു.

മറ്റൊരു പ്രധാന പ്രശ്നം ഡാറ്റ ലോക്കലൈസേഷനുള്ള നിർദ്ദേശങ്ങൾ ആയിരുന്നു. വ്യക്തി വിവരങ്ങൾ, സെൻസിറ്റീവ് വിവരങ്ങൾ, ക്രിട്ടിക്കൽ വിവരങ്ങൾ എന്ന് മൂന്നുതരത്തിൽ വിവരങ്ങളെ വർഗ്ഗീകരിച്ചു. സെൻസിറ്റീവ് വിവരങ്ങളും ക്രിട്ടിക്കൽ വിവരങ്ങളും ഇന്ത്യയ്ക്കകത്തു തന്നെ ശേഖരിച്ച് സൂക്ഷിക്കേണ്ടതാണ് എന്ന നിബന്ധന വച്ചു. ഗൂഗിളും ട്വിറ്ററും പോലുള്ള ആഗോള കമ്പനികൾ വരെ ഇത്തരം നിയന്ത്രണങ്ങൾക്കെതിരെ രംഗത്ത് വന്നു. കാരണം ഇവരുടെ വിവരശേഖരങ്ങൾ എല്ലാം രാജ്യത്തിന് പുറത്തുള്ള വിവരസംഭരണ സംവിധാനങ്ങളിൽ  ആയിരിക്കുമല്ലോ. അതിനു സമാനമായ സംവിധാനം ഇന്ത്യയ്ക്കകത്തും ഒരുക്കണമെന്ന് വന്നാൽ വലിയ സാമ്പത്തിക ബാധ്യതയാണ് ഉണ്ടാവുക. പ്രവർത്തനങ്ങളിൽ അനാവശ്യമായ സങ്കീർണതകൾ സൃഷ്ടിക്കുകയും ചെയ്യും. അവരതിനു തയ്യാറാകാതിരുന്നാൽ ഇത്തരം സേവനങ്ങൾ ഇന്ത്യക്കാർക്ക് നഷ്ടമാകുന്ന സാഹചര്യമുണ്ടാകും. വിവരശേഖരങ്ങൾ രാജ്യത്തിനകത്ത് തന്നെ സൂക്ഷിക്കുന്നത് വിവരങ്ങളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തും എന്നാണ് വാദം.  വിവരങ്ങൾ മോഷ്ടിക്കപ്പെടുന്നത് തടയുകയാണ് ലക്ഷ്യമെങ്കിൽ, വിവരസംഭരണത്തിന്റെ സുരക്ഷിതത്വം വർദ്ധിപ്പിക്കുന്ന സങ്കേതങ്ങൾ ഒരുക്കുകയാണ് വേണ്ടത്. അതിനവ ഏത് പ്രദേശത്ത് ശേഖരിച്ച് സൂക്ഷിച്ചിരിക്കുന്നു എന്നത് ഒരു വിഷയമല്ല. വ്യക്തി വിവരങ്ങളുടെ ദുരുപയോഗം തടയുകയാണ് ഉദ്ദേശ്യമെങ്കിൽ കൂടുതൽ കർശനമായ വിവരസംരക്ഷണ സ്വകാര്യത ചട്ടക്കൂടുകൾ ഉള്ള പ്രദേശത്ത് സൂക്ഷിക്കുന്നതാണ് ഉചിതം. അങ്ങനെ വരുമ്പോൾ ജിഡിപിആർ മാനദണ്ഡങ്ങൾ നിർബന്ധമായ യൂറോപ്യൻ രാജ്യങ്ങളാണ് ഏറ്റവും ഉപഭോക്താക്കൾക്ക് ഗുണകരം. എന്നാൽ ഗവൺമെന്റിന് എപ്പോഴും അങ്ങനെ ആവണമെന്നില്ല. ഇന്ത്യൻ ബില്ലിൽ, ഏതൊരു വിവരവും ഏതൊരു സമയത്തും ആവശ്യമെന്ന് കണ്ടാൽ ഗവൺമെൻ്റുകൾക്ക് ലഭ്യമാക്കണം എന്ന നിബന്ധന ഉണ്ടായിരുന്നു. ഗവൺമെൻറ് സ്ഥാപനങ്ങളെ നിയമത്തിന്റെ നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കിയിരുന്നു. ശേഖരിക്കുന്ന വിവരങ്ങളുടെ ആനുപാതികത, ശേഖരണ സമയത്ത് പറയുന്ന കാര്യങ്ങൾക്ക് അല്ലാതെ മറ്റുള്ള ആവശ്യങ്ങൾക്കായി ഈ വിവരം ഉപയോഗിക്കരുത് എന്ന വ്യവസ്ഥ, തുടങ്ങിയ അടിസ്ഥാന സ്വകാര്യതാ തത്വങ്ങൾ അതിൻ്റെ ഭാഗമായിരുന്നുമില്ല. ശക്തമായ നിയമ സംവിധാനം നിലവിലുള്ള ഇതര രാജ്യങ്ങളിൽ വിവരങ്ങൾ ഇങ്ങനെ ഉപയോഗിക്കുവാനോ ഗവൺമെന്റുകൾക്ക് ഏതുസമയത്തും ലഭ്യമാകുന്ന തരത്തിൽ സൂക്ഷിക്കുവാനോ സാധിക്കില്ല. വിവരങ്ങൾ കൈകാര്യം ചെയ്യുന്നതിലും കൈമാറുന്നതിലും കർശനമായ നിയന്ത്രണങ്ങളാണ് യൂറോപ്യൻ യൂണിയനിലൊക്കെ ഉള്ളത്. ഈ സാഹചര്യത്തിൽ, ഗവൺമെന്റിന് വിവരശേഖരങ്ങൾക്ക് മേലുള്ള അനിയന്ത്രിതമായ അധികാരം ഉറപ്പുവരുത്തുന്നതിന് വേണ്ടിയാണ് ഡേറ്റാ ലോക്കലൈസേഷൻ കൊണ്ടുവരുന്നത് എന്ന വിമർശനം ശക്തമാണ്. 

പാർലമെന്റിന്റെ സ്റ്റാൻഡിങ് കമ്മിറ്റി ഇത്തരം വിഷയങ്ങൾ പരിശോധിച്ചു ആവശ്യമായ തിരുത്തലുകൾ നടത്തുമെന്ന് വിചാരിച്ചിരുന്നുവെങ്കിലും അങ്ങനെയുണ്ടായില്ല. കൂടുതൽ അധികാരങ്ങൾ ഗവൺമെന്റിന് നൽകുന്ന തരത്തിലുള്ള നിർദ്ദേശങ്ങളാണ് ചർച്ച ചെയ്യപ്പെട്ടത്. എന്തായാലും പഴയ ബില്ല്, 2022 ഓഗസ്റ്റ് മാസത്തിൽ ഗവൺമെൻറ് പിൻവലിച്ചു.  ഈ മാസം പുതിയ ഡ്രാഫ്റ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. സ്വകാര്യതാവിധിക്ക് ശേഷം നാലാമത്തെ ഡ്രാഫ്റ്റാണിത്. ഡേറ്റാ ലോക്കലൈസേഷൻ വേണമെന്ന നിബന്ധന പുതിയ കരടിൽ കാണുന്നില്ലായെന്നത് ആശ്വാസകരമാണ്. എന്നാൽ മറ്റു കാര്യങ്ങളിൽ ബില്ല് കൂടുതൽ അധികാരങ്ങൾ ഗവൺമെന്റിന് നൽകുന്നതാണ് എന്ന വിമർശനം ഉയർന്നുവരുന്നുണ്ട്. വിവരസുരക്ഷാ കമ്മീഷണനെ നയിച്ച ജസ്റ്റിസ് ബി എൻ ശ്രീകൃഷ്ണ തന്നെ നിശിതവിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ്. “എല്ലാ ഗവൺമെൻറ് ഏജൻസികളെയും നിയമങ്ങളുടെ പരിധിയിൽ നിന്ന് ഒഴിവാക്കുന്നതിനുള്ള വകുപ്പ് ഗവൺമെന്റിന് സ്വേച്ഛാപരമായ അധികാരങ്ങൾ നൽകുന്നതാണ്… ബില്ലിൽ വിഭാവനം ചെയ്തിരിക്കുന്ന റെഗുലേറ്ററി അതോറിറ്റി ഗവൺമെന്റിന്റെ കയ്യിലെ ഒരു കളിപ്പാവ മാത്രമായിത്തീരും. സ്വതന്ത്രമായ നിലപാട് എടുക്കുവാൻ സാധിക്കുകയില്ല.” അദ്ദേഹം പറയുന്നു. ഈ വിമർശനങ്ങൾ ബില്ലിന്റെ ഉദ്ദേശ്യശുദ്ധിയെ തന്നെ ചോദ്യം ചെയ്യുന്നതാണ്. രാജ്യത്തെ ജനങ്ങളെ സംബന്ധിച്ച് ഏറ്റവും സുപ്രധാനമായ വിവരസുരക്ഷ, സ്വകാര്യത, എന്നീ കാര്യങ്ങളിൽ ഗവൺമെന്റിന്റെ ആത്മാർത്ഥതയില്ലായ്മ വീണ്ടും വെളിച്ചത്തു വരികയാണ്. 

ട്വിറ്ററിന്‍റെ അനുഭവം

ട്വിറ്റർ സി.ഇ.ഒ. ആയിരുന്ന ജാക്ക് ഡോഴ്സി ഈയിടെ നടത്തിയ വെളിപ്പെടുത്തലുകൾ വിവരസാങ്കേതിക വിനിമയരംഗത്ത് ഗവൺമെന്റിന്റെ താൽപര്യങ്ങൾ എവിടെ നിൽക്കുന്നുവെന്ന് വ്യക്തമാക്കുന്നതാണ്. ഭരണകക്ഷിയെയും ഗവൺമെൻറ് നയങ്ങളെയും വിമർശിക്കുന്ന ട്വിറ്റർ അക്കൗണ്ടുകൾ യാതൊരു കാരണവും കാണിക്കാതെ അടച്ചുപൂട്ടാനുള്ള നിരവധി നിർദ്ദേശങ്ങൾ തങ്ങൾക്ക് ലഭിച്ചു എന്നാണ് ജാക്ക് പറഞ്ഞത്. പ്രത്യേകിച്ചും കർഷക സമരവുമായി ബന്ധപ്പെട്ട വിവരങ്ങൾ പ്രസിദ്ധീകരിക്കുന്ന ഹാൻഡിലുകളുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുവാനുള്ള ശ്രമമുണ്ടായി. അതിനു വിസമ്മതിച്ചാൽ തങ്ങളുടെ ഓഫീസുകളും ജീവനക്കാരുടെ വീടുകളും റെയ്ഡ് ചെയ്യുമെന്നും കേസിൽ പെടുത്തുമെന്നും ഓഫീസ് പൂട്ടിക്കുമെന്നും ഭീഷണി ഉണ്ടായിരുന്നതായും അദ്ദേഹം പറഞ്ഞു. ഇത്തരം ആരോപണങ്ങളെ പരിപൂർണ്ണമായി തള്ളിക്കളയുകയാണ് ഗവൺമെൻറ് ചെയ്തത്. എന്നാൽ സത്യമതല്ലെന്ന് എല്ലാവർക്കുമറിയാം. ഇതൊക്കെ അക്കാലത്ത്  വർത്താമാധ്യമങ്ങൾ ചർച്ച ചെയ്തതുമാണ്. 2021-ൽ, 250 അക്കൗണ്ടുകൾ നീക്കം ചെയ്യാനുള്ള ഗവൺമെൻറ് നിർദ്ദേശത്തെ ട്വിറ്റർ എതിർത്തിരുന്നു. ബിജെപി വക്താവിന്റെ ചില പ്രസ്താവനകൾക്കൊപ്പം ‘മാനിപ്പുലേറ്റഡ്’ എന്ന ടാഗ് ചേർക്കുന്ന സാഹചര്യവും ഉണ്ടായി. തുടർന്ന് കേന്ദ്രമന്ത്രിമാർ തന്നെ പരസ്യമായി ഭീഷണിയുടെ സ്വരത്തിൽ സംസാരിക്കുന്നത് നാം കേട്ടു. ട്വിറ്ററിന്‍റെ ഓഫീസ് റെയ്ഡ് ചെയ്യുന്നതും നമ്മൾ കണ്ടതാണ്. ഒടുവിൽ, സെൻസർഷിപ്പ് നിർദ്ദേശങ്ങൾ ആനുപാതികമല്ലെന്നും, തങ്ങളുടെ ഉപഭോക്താക്കൾക്ക് സാമാന്യനീതി നിഷേധിക്കപ്പെടുന്നുവെന്നും കാണിച്ച്, ട്വിറ്റർ, കർണാടക ഹൈക്കോടതിയിൽ ഹർജി നൽകുന്ന സാഹചര്യം വരെയുണ്ടായി. അവിടെയും മുൻകൂർ നോട്ടീസുകൾ ഇല്ലാതെ അക്കൗണ്ടുകൾ മരവിപ്പിക്കുന്നതിൽ നീതിനിഷേധമില്ല എന്ന നിലപാടാണ് ഗവൺമെൻറ് സ്വീകരിച്ചത്. ഇക്കാര്യങ്ങളൊക്കെ പൊതുസമൂഹത്തിനു മുൻപിൽ പരസ്യമായി ഉള്ളപ്പോഴാണ്, ജാക്ക് ഡോൾസി പറഞ്ഞത് മുഴുവൻ കളവാണെന്ന തരത്തിലുള്ള പ്രസ്താവന ഗവൺമെന്റിന്റെ ഭാഗത്തുനിന്നും ഉണ്ടാവുന്നത്. 

ടെക്നോ ഏകാധിപത്യം

വിവരസുരക്ഷയുടെയും സ്വകാര്യതയുടെയും കാര്യത്തിലെ നിഷേധാത്മക സമീപനവും, അഭിപ്രായസ്വാതന്ത്ര്യം സംബന്ധിച്ച അപകടകരമായ നിലപാടുകളും വൻ-വിവര-വിശകലന സങ്കേതങ്ങളെ സാമൂഹ്യ-ഭരണ രംഗങ്ങളിൽ വ്യാപകമായി ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഒരു രാജ്യത്തെ ജനതയെയും ജനാധിപത്യത്തെയും അപകടകരമായ ദിശയിലേക്കാണ് നയിക്കുക എന്ന കാര്യത്തിൽ സംശയമില്ല. വിവരങ്ങൾക്കു മേലുള്ള അനിയന്ത്രിതമായ അധികാരം ഭാവനാതീതമായ ദുരന്തങ്ങൾക്ക് നിദാ നമാകുമെന്ന് ചരിത്രം നമ്മെ പഠിപ്പിക്കുന്നുണ്ട്.  നാസി ഭരണകൂടവും ഐ.ബി.എമ്മിന്റെ ഹോളറിത്ത് സാങ്കേതികവിദ്യയും എങ്ങനെയാണ് ഹോളോകോസ്റ്റിന് വേണ്ടി കൈകോർത്തത് എന്ന് നമുക്കറിയാം. ഏറ്റവും ഒടുവിൽ അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണം പിടിച്ചടക്കിയപ്പോൾ, അവിടുത്തെ ജനങ്ങളെ സംബന്ധിച്ച സമ്പൂർണ്ണ വിവരങ്ങൾ ഉള്ള കേന്ദ്രീകൃത വിവരസഞ്ചയം, ഏത് തരത്തിലാണ് രാഷ്ട്രീയ എതിരാളികളെയും മുൻ സേനാംഗങ്ങളെയും, കൃത്യമായി ലക്ഷ്യം വച്ച് വേട്ടയാടാൻ പുതിയ ഭരണകൂടത്തെ സഹായിച്ചത് എന്നും നാം കണ്ടതാണ്. കേംബ്രിഡ്ജ് അനലിറ്റിക്ക വിവാദം, എങ്ങനെയാണ് വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ ജനാധിപത്യത്തെ അട്ടിമറിക്കുവാനും തെരഞ്ഞെടുപ്പുകളെ അപ്രസക്തമാക്കുവാനും ഉതകുന്ന തരത്തിൽ ദുരുപയോഗം ചെയ്യുന്നത് എന്നും വ്യക്തമാക്കിയിട്ടുണ്ട്. അതായത് വൈയക്തിക തലത്തിലുള്ള സാമ്പത്തിക തട്ടിപ്പും ക്രിമിനൽ പ്രവർത്തനങ്ങളും മാത്രമല്ല, രാജ്യ സുരക്ഷയും ജനാധിപത്യവും സാമൂഹിക സുസ്ഥിരതയും അട്ടിമറിക്കുന്ന പ്രവർത്തനങ്ങൾക്കും, മതിയായ നിയന്ത്രണങ്ങളും മുൻകരുതലുകളും സുരക്ഷാസംവിധാനങ്ങളും ഇല്ലാതെയുള്ള വിവരശേഖരണങ്ങൾ വഴിയൊരുക്കുമെന്നാണ് ലോകത്തിൻറെ അനുഭവം.

കേന്ദ്രീകൃത വിവരസഞ്ചയങ്ങൾ ഒരുക്കുന്ന അപകടസാധ്യതകൾക്ക് ചരിത്രത്തിൽ നിരവധി ഉദാഹരണങ്ങൾ ഉണ്ടെന്നിരിക്കേയാണ്, രാജ്യത്തെ മുഴുവൻ ജനതയുടെയും സർവ്വ സാമൂഹ്യ-സാമ്പത്തിക വ്യവഹാരങ്ങളെയും ഒറ്റ ചരടിൽ ബന്ധിപ്പിക്കുന്ന ആധാർ പദ്ധതി, യാതൊരു വിവരസുരക്ഷാ നിയമങ്ങളും ഇല്ലാതെ നാം നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. ഫാഷിസത്തിന്റെ ക്രൗര്യം നേരിട്ട് അനുഭവിച്ച ജർമനി, ഭരണഘടനാപരമായി തന്നെ കേന്ദ്രീകൃത തിരിച്ചറിയൽ സംവിധാനങ്ങളെ നിരോധിച്ചിട്ടുണ്ട് എന്നോർക്കണം. ആധുനിക വികസിത ജനാധിപത്യ രാജ്യങ്ങളിലൊന്നും സമാനമായ പദ്ധതികൾ ഉണ്ടാവില്ല. ആധാറിന് നാം പൂർവ്വ മാതൃകയായി കണ്ടിരുന്ന ഇംഗ്ലണ്ട്, യു.കെ. ഐഡി പ്രൊജക്റ്റ്  എന്നേ ഉപേക്ഷിക്കുകയും അതിനുശേഖരിച്ച വിവരങ്ങൾ നശിപ്പിച്ചു കളയുകയും ചെയ്തതാണ്. 

ആധാറിന് ഒരു നിയമമെങ്കിലും ഉണ്ടെന്നു വയ്ക്കാം.  ഇന്ത്യാ സ്റ്റാക്കിന്റെ ഭാഗമായ കോവിൻ, ആരോഗ്യ സേതു എന്നിവ മാത്രമല്ല, ഇന്റലിജൻസ് സംവിധാനങ്ങൾക്കും പോലീസിനും വേണ്ടി നടപ്പിലാക്കുന്ന ഒട്ടനവധി വിവരശേഖരണ പദ്ധതികൾക്കും നിയമം പോലുമില്ല. ആധുനിക സാങ്കേതികവിദ്യയുടെ ഉപയോഗത്തിൽ ലോകത്തിന് മാതൃകയാകണമെന്ന് നമ്മൾ പറയുന്ന ഒരു രാജ്യത്തിന് ഒരിക്കലും ആശാസ്യകരമായ സംഗതിയല്ല ഇത്. അത്തരം സാധ്യതകൾ പരമാവധി ഒഴിവാക്കുന്ന വിവരസംരക്ഷണ ചട്ടങ്ങളും സ്വകാര്യതാമാനദണ്ഡങ്ങളും കാലഘട്ടത്തിൻ്റെ ആവശ്യകതയാണ്. ഈ ആവശ്യകതയെ അംഗീകരിക്കുന്നില്ലെന്ന് മാത്രമല്ല, വിവരങ്ങൾക്കു മേലുള്ള അനിയന്ത്രിതമായ അധികാരം തടസമേതുമില്ലാതെ അനുഭവിക്കാൻ കഴിയുന്ന തരത്തിലേക്ക് നിയമങ്ങളെ മാറ്റിയെടുക്കാനാണ് ഭരണകൂടം ശ്രമിക്കുന്നത്. ഇതിനെതിരെ  പൊതുജനാവബോധവും രാഷ്ട്രീയ പ്രതിരോധവും ഉയർന്നു വരേണ്ടതുണ്ട്.   ടെക്നോ-ഏകാധിപത്യത്തിലേക്ക് രാജ്യം നടന്നടുക്കുമ്പോൾ, ജാഗ്രതയോടെയുള്ള ഇടപെടലുകൾ നടത്തുവാൻ പ്രതിപക്ഷത്തിനും മാധ്യമങ്ങൾക്കും നീതിന്യായ സംവിധാനങ്ങൾക്കും കഴിയണം.

First Published in Reporterlive on 25/06/2023

ദലിതരും ഹിന്ദുത്വരാഷ്ട്ര നിർമിതിയും…

ഗുജറാത്തിലെ പട്ടാൻ ജില്ലയിലെ ഒരു മൈതാനിയിൽ ക്രിക്കറ്റ് കളി നടക്കുകയാണ് ആരോ അടിച്ചു വിട്ട പന്ത്, പുറത്തുനിന്ന ഒരു ബാലൻ കൈ കൊണ്ട് എടുക്കുന്നു. ബോൾ എടുത്ത കുഞ്ഞിന് തൻ്റെ ജാതി ഏതെന്ന ധാരണ ഉണ്ടായിരുന്നില്ല. എന്നാൽ പന്ത് കളിച്ചുകൊണ്ടിരുന്നവർക്ക് അത് കൃത്യമായി അറിയാമായിരുന്നു. തങ്ങളുടെ പന്ത് ഒരു ദളിതൻ സ്പർശിച്ചാൽ എന്തുചെയ്യണമെന്നതിനെ കുറിച്ച് അവർക്ക് നല്ല ധാരണയുണ്ടായിരുന്നു. സനാതന ധർമ്മ പാലകർ അതവർക്ക് നേരത്തെ ഉപദേശിച്ചിട്ടുണ്ട്. അതു പിൻപറ്റി സവർണ്ണ മര്യാദാപുരുഷോത്തമർ എല്ലാവരും ചേർന്ന് ആ കുഞ്ഞിൻ്റെ അമ്മാവൻ്റെ പെരുവിരൽ അറുത്തു! ഹിന്ദു രാഷ്ട്രത്തിൻ്റെ സുപ്രധാന പരീക്ഷണശാലയായ ഗുജറാത്തിൽ ഇതൊരു അത്ഭുതമല്ല. 2013 മുതലുള്ള കണക്കെടുത്താൽ ദളിതർക്കെതിരെയുള്ള അക്രമങ്ങളിൽ 32% ത്തിൻ്റെ വർദ്ധനവ് ഉണ്ടായിട്ടുണ്ട് ഇവിടെ. ഉനയിലും പോർബന്തറിലും ഒക്കെ സമീപകാലത്ത് റിപ്പോർട്ട് ചെയ്ത കേസുകൾ ഓർമ്മയിലുണ്ടല്ലോ. 

ഗുജറാത്തിൽ മാത്രമല്ല ഹിന്ദു രാഷ്ട്രത്തിൻ്റെ വിത്തുകൾ തഴച്ചു വളരുന്ന യുപിയും മധ്യപ്രദേശും ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെല്ലാം ദളിതർക്കെതിരെയുള്ള അതിക്രമങ്ങളും വ്യാപകമായി ഉണ്ടാവുന്നത് കാണാം. വിവാഹത്തിന് കുതിരപ്പുറത്ത് കയറിയതിന് മുതൽ പശുവിൻ്റെ തോല് ശേഖരിച്ചതിനു വരെ ആക്രമിക്കപ്പെട്ടവരുടെ കഥകൾ എത്ര വേണമെങ്കിലും ചൂണ്ടിക്കാണിക്കാൻ കഴിയും. എന്നിട്ടും  ഹിന്ദു രാഷ്ട്ര നിർമിതിയുടെ പടപ്പുറപ്പാടുകളുടെ മുൻനിരയിൽ അസംഖ്യം ദളിതർ അണിനിരക്കുന്ന കാഴ്ച സൂക്ഷ്മതലത്തിൽ വിശകലന വിധേയമാകേണ്ടതാണ്.

ഹിന്ദു രാഷ്ട്രം

ആർഎസ്എസ് നൂറാം വാർഷികം ആഘോഷിക്കുന്ന 2025 എത്തുമ്പോഴേക്കും ഹിന്ദുരാഷ്ട്ര നിർമിതി സാധ്യമാക്കുക എന്നത് ആകർഷകമായൊരു  ലക്ഷ്യമാണ്. ഹിന്ദു രാഷ്ട്രം എങ്ങനെയായിരിക്കണം എന്ന കാര്യത്തിൽ വ്യക്തമായ കാഴ്ചപ്പാട് ആർഎസ്എസിനുണ്ട്. സ്വതന്ത്ര ഇന്ത്യ ഒരു മതേതര ജനാധിപത്യ സംവിധാനം സ്വീകരിക്കുകയും, ജ്ഞാനോദയ മൂല്യങ്ങളെ സ്വാംശീകരിച്ച ഒരു ഭരണഘടന അംഗീകരിക്കുകയും ചെയ്തപ്പോൾ, അർത്ഥശങ്കയ്ക്കിടയില്ലാത്ത വിധം അവരത് വ്യക്തമാക്കിയതാണ്. ഈ ഭരണഘടന ഇന്ത്യൻ പാരമ്പര്യത്തെ നിഷേധിക്കുന്നതാണെന്നും മനുസ്മൃതിയുടെ അടിസ്ഥാനത്തിലുള്ള ഒരു രാഷ്ട്ര വ്യവസ്ഥിതിയാണ് നമുക്ക് ആവശ്യമെന്നുമായിരുന്നു നിലപാട്. 

ഗാന്ധിവധത്തോടെ ഇന്ത്യയുടെ രാഷ്ട്രീയ സാമൂഹിക മണ്ഡലങ്ങളിൽ ഒറ്റപ്പെട്ടുപോയ ആർഎസ്എസ് പക്ഷേ അനേകമനേകം ശാഖകളുടെ നിശബ്ദ പ്രവർത്തനങ്ങളിലൂടെ വലിയൊരു സാമൂഹിക അഴിച്ചു പണിക്ക് സാധ്യതകൾ തേടുകയായിരുന്നു.  സ്വാതന്ത്ര്യ പ്രസ്ഥാനം മുന്നോട്ടുവച്ച ആധുനിക മൂല്യബോധങ്ങളെ അട്ടിമറിക്കുന്നതിനുള്ള സാംസ്കാരിക ആയുധം അവർ സ്വായത്തമാക്കിയത് ചരിത്രത്തിലെ മറ്റു ഫാസിസ്റ്റ് പ്രസ്ഥാനങ്ങളെ അതിശയിപ്പിക്കുന്ന കയ്യൊതുക്കത്തോടെയാണ്. രാമജന്മഭൂമി പ്രസ്ഥാനവും രാജ്യത്തങ്ങോളമിങ്ങോളം വിഷവിത്തുകൾ പാകിയ രഥയാത്രയും മാത്രമല്ല, 1969 ലെ അഹമ്മദാബാദ് കലാപം മുതൽ ബോംബെ, നെല്ലി,  ഹാഷിംപുര, ഭഗൽപൂർ തുടങ്ങി ചെറുതും വലുതുമായ നിരവധി വിദ്വേഷ ലബോറട്ടറികൾ ശ്രദ്ധാപൂർവ്വം സൃഷ്ടിച്ചെടുക്കുന്നുണ്ടായിരുന്നു അവർ. അതിൻ്റെ  ഏറ്റവും ഭീതിദമായ ഏടായിരുന്നു 2002-ലെ ഗുജറാത്ത് വംശഹത്യ. 1984-ൽ സിഖ് വിരുദ്ധ കലാപകാലത്തു പോലും കണ്ടിട്ടില്ലാത്ത വിധം, ഭരണസംവിധാനം മുഴുവൻ ഹിന്ദുത്വ ഭീകര സംഘങ്ങളുടെ പിശാചച്ചെയ്തിക്കൊപ്പം നിന്നതിന് നാം സാക്ഷ്യം വഹിച്ചു. മുസ്ലിം വിരുദ്ധത സംഘപരിവാറിനെ സംബന്ധിച്ചിടത്തോളം ഒരു കേവല പ്രത്യയശാസ്ത്രമായിരുന്നില്ല. ഹിന്ദു രാഷ്ട്ര നിർമിതിയുടെ ചരിത്രപരമായ അനിവാര്യതയായിരുന്നു. കാരണം ചരിത്രപരമായി വിവിധ ജാതികളുടെ കൂട്ടം മാത്രമായിരുന്ന ഒരു വിശ്വാസ സഞ്ചയത്തെ ഒരുമിച്ചുനിർത്താനും, അതിൻ്റെ അടിസ്ഥാനത്തിൽ രാഷ്ട്രം നിർമിക്കാനുമുള്ള ഏകമാർഗ്ഗം ഒരു പൊതു ശത്രുവിനെ സൃഷ്ടിക്കുക എന്നതാണ്. അതല്ലാതെ ഇന്നു നാം ഹിന്ദു എന്ന് വിളിക്കുന്ന എല്ലാ വിഭാഗങ്ങളെയും ഒരുമിച്ചു പ്രതിനിധാനം ചെയ്യുന്ന മറ്റൊന്നില്ല തന്നെ. അതുകൊണ്ടാണ് ആർഎസ്എസ് സൈദ്ധാന്തികർ രാജ്യത്തിൻ്റെ ആഭ്യന്തര ശത്രുക്കൾ ‘മുസ്ലീങ്ങൾ, ക്രിസ്ത്യാനികൾ, കമ്മ്യൂണിസ്റ്റുകൾ’ എന്ന് എണ്ണമിട്ടെഴുതിവച്ചത്. അല്ലാതെ ജാതിവ്യവസ്ഥയെ കൃത്യമായി തള്ളിക്കളയുവാനോ, മനുഷ്യർക്ക് തുല്യ മൂല്യം നൽകുന്ന തരത്തിലുള്ള മതം സൃഷ്ടിക്കുവാനോ അവർ ഒരുകാലത്തും ശ്രമിച്ചിട്ടില്ല. ഹിന്ദുകോഡ് ബില്ല് മുതൽ ശബരിമല സ്ത്രീ പ്രവേശനം വരെയുള്ള എല്ലാ നവീകരണ ശ്രമങ്ങളുടെയും എതിർപക്ഷത്തായിരുന്നു ആർഎസ്എസ്. 

അങ്ങനെ ഒരു രാഷ്ട്രത്തിൽ ദളിതരുടെ സ്ഥാനം എന്തായിരിക്കും എന്നത് ഊഹിക്കാവുന്നതേയുള്ളൂ. എന്നിട്ടും എങ്ങനെയാണ് കൂടുതൽ കൂടുതൽ ദളിതർ ഹിന്ദുത്വ രാഷ്ട്രീയപന്ഥാവിലേക്ക് എത്തിച്ചേരുന്നത്? ഉത്തരം ഇന്ത്യയുടെ ജാതിവ്യവസ്ഥയെ ആർഎസ്എസ് എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിലാണ്.

ആർഎസ്എസും ദളിതരും

പുരാതനമായ സനാതന സംസ്കൃതിയാണ് ആർഎസ്എസിന്റെ എക്കാലത്തെയും പ്രചോദനം. മഹാരാഷ്ട്രയിൽ ആർഎസ്എസിന്റെ രൂപീകരണം തന്നെ ഒരർത്ഥത്തിൽ അംബേദ്കറുടെ നേതൃത്വത്തിൽ നടന്ന അധ:സ്ഥിത വിഭാഗങ്ങളുടെ വിമോചന പോരാട്ടങ്ങളോടുള്ള ബ്രാഹ്മണരുടെ പ്രതികരണമായിട്ടാണ്. “ഹൈന്ദവ സാമൂഹിക വ്യവസ്ഥിതിയുടെ പോരായ്മകൾ എന്ന് പറയപ്പെടുന്ന യാതൊന്നും പുരാതനമായ നമ്മുടെ മഹത്വത്തെ വീണ്ടെടുക്കുന്നതിൽ നിന്നും നമ്മളെ പിന്തിരിപ്പിക്കാൻ പോന്നതല്ല” എന്ന് ഗോൾവാൾക്കർ വ്യക്തമാക്കുന്നുണ്ട്.  ‘ഇന്റഗ്രൽ ഹ്യൂമനിസ’ത്തിൽ ദീൻദയാൽ ഉപാധ്യായ ജാതിവ്യവസ്ഥയെ മഹത്വവൽക്കരിക്കുന്നുണ്ട്. വിരാട് പുരുഷന്റെ വിവിധ ശരീര ഭാഗങ്ങളിൽ നിന്നും പല ജാതി വിഭാഗങ്ങൾ പരസ്പര പൂരകങ്ങൾ ആണെന്ന് മാത്രമല്ല, അവയ്ക്കിടയിൽ ഒരു വ്യക്തി സ്വരൂപവും ഏകതയും ദർശിക്കാൻ ആകും എന്നാണ് അദ്ദേഹത്തിൻ്റെ അഭിപ്രായം. അതായത് അടിസ്ഥാനപരമായി ജാതിയെയോ അതിനെ നിലനിർത്തുന്ന സനാതന സാമൂഹ്യ വ്യവസ്ഥിതിയെയോ ചോദ്യം ചെയ്യാനോ പരിഷ്കരിക്കാനോ ആർഎസ്എസ് സൈദ്ധാന്തികമായി തയ്യാറല്ല. എന്നാൽ ജാതി വ്യവസ്ഥയുടെ സംരക്ഷകരും ഗുണഭോക്താക്കളുമായ സവർണ്ണ വിഭാഗങ്ങൾ ഒരു ന്യൂനപക്ഷമാണ് എന്ന കൃത്യമായ ബോധം അവർക്കുണ്ട്. അതുകൊണ്ടുതന്നെ ഈ വ്യവസ്ഥിതിയെ ചോദ്യം ചെയ്യാത്ത രീതിയിൽ എങ്ങനെ മറ്റു ജാതി വിഭാഗങ്ങളെ തങ്ങളോട് ചേർത്തുനിർത്താം എന്നത് സംബന്ധിച്ച കൃത്യമായ പദ്ധതിയും ഉണ്ട്. പ്രത്യേകിച്ചും രാജ്യത്തെ ഭൂരിപക്ഷം വരുന്ന ബഹുജൻ വിഭാഗങ്ങളുടെ ശക്തി തിരിച്ചറിഞ്ഞ മണ്ഡൽ പ്രക്ഷോഭാനന്തര കാലത്ത്, കൃത്യമായ സോഷ്യൽ എൻജിനീയറിങ്ങിലൂടെ, എങ്ങനെ അവർക്കിടയിലും സ്വാധീനം നേടാം എന്ന് ആർഎസ്എസ് തിരിച്ചറിഞ്ഞിരുന്നു. 

ആർഎസ്എസിന് ദളിതർ ഒരു സോഫ്റ്റ് ടാർഗറ്റ് ആണ്. ശ്രേണീബദ്ധത മുഖമുദ്രയായ ജാതിവ്യവസ്ഥയുടെ പ്രത്യേകതകൾ കൊണ്ടു തന്നെയാണ് ഇത് സാധ്യമാകുന്നത്. ഇതൊരു പുതിയ തന്ത്രമല്ല. നൂറുകണക്കിന് വർഷങ്ങളായി ബ്രാഹ്മണമതം അനുവർത്തിച്ചു പോന്ന സാമൂഹിക സങ്കേതം ആണിത്. ജാതിയുടെ ഏതൊരു ശ്രേണിയിലുള്ള ആളുകൾക്കും, തനിക്ക് അടിച്ചമർത്താൻ താഴെ മറ്റൊരു വിഭാഗമുണ്ടെന്ന അറിവ് നൽകുന്ന, ആനന്ദം ചെറുതല്ല. വ്യവസ്ഥിതിയോടുള്ള ആഭിമുഖ്യവും വിധേയത്വവും നിലനിർത്താൻ ഇത് സഹായിക്കുന്നു. ഏറ്റവും താഴെയുള്ള ശൂദ്രർക്കും, കീഴെയുള്ള പഞ്ചമരേക്കാൾ ശ്രേഷ്ഠരാണ് തങ്ങളെന്ന ഗർവുണ്ടാവും. ഇതിൻ്റെ അനുരണനമെന്നോണം പിന്നോക്ക ദളിത് വിഭാഗങ്ങൾക്കിടയിലും ജാതീയമായ ഉച്ചനീചത്വ തർക്കങ്ങൾ നിൽക്കുന്നുണ്ട്. തങ്ങൾക്ക് കീഴെ ഒരാൾ ഉണ്ട് എന്ന ധാരണ തന്നെ, തനിക്ക് മുകളിൽ ഉള്ള വിഭാഗം ആദരവർഹിക്കുന്നവരാണ് എന്ന ബോധവും സൃഷ്ടിക്കുന്നു. അതുകൊണ്ടുതന്നെ ശ്രേണിയിൽ ഉന്നതരായവരുടെ അംഗീകാരം ലഭിക്കുന്നത് വലിയ സൗഭാഗ്യമായിട്ടാണ് കണക്കാക്കപ്പെടുക. ജാതി ശ്രേണിയിൽ ഈ അംഗീകാരത്തിനുള്ള ആഗ്രഹമാണ് ആർഎസ്എസ് പോലുള്ള സംഘടനകൾ ചൂഷണം ചെയ്യുന്നത്.

സമൂഹത്തിന്റെ എല്ലാ തുറകളിൽ നിന്നും മാറ്റിനിർത്തപ്പെട്ട മനുഷ്യർ ശാഖകളിൽ എത്തുമ്പോൾ, അവരും വിശാല ഹിന്ദു ധർമ്മത്തിന്റെ ഭാഗമാണ് എന്ന ബോധം സൃഷ്ടിക്കപ്പെടുന്നു. പ്രചാരകരും മറ്റു ഭാരവാഹികളുമായി എത്തുന്ന ഉന്നതകുലജാതർ തങ്ങളോട് സംവദിക്കുകയും കൂടെ കൂട്ടുകയും ചെയ്യുമ്പോൾ ഉണ്ടാകുന്ന ആനന്ദവും പ്രതിബദ്ധതയും വളരെ വലുതാണ്. വസ്ത്രധാരണത്തിൽ പോലും ജാതിവ്യവസ്ഥയുടെ അശ്ലീല നിയമങ്ങൾ പാലിച്ചു പോന്നവർ, ജാതിഭേദമെന്യേ എല്ലാവരും ഒരേ കാവി കളസം ധരിക്കുന്ന ഇടങ്ങളിലേക്ക് ആകൃഷ്ടരാകുന്നത് സ്വാഭാവികമാണല്ലോ. അതോടൊപ്പം തന്നെ മതവിശ്വാസങ്ങളുടെയും ആരാധനാരീതികളുടെയും സംസ്കൃതവൽക്കരണവും ഹൈന്ദവവത്കരണവും നടക്കുന്നതോടു കൂടി പിന്നോക്ക വിഭാഗങ്ങളുടെ ശ്രദ്ധ ബ്രാഹ്മണ മതരീതികളെ അനുകരിക്കുന്നതിലേക്ക് മാറുന്നു. ദളിത് സ്വത്വബോധവും,  ബ്രാഹ്മണ്യ വ്യവസ്ഥയോടുള്ള വിരോധവും ക്രമേണ ഇല്ലാതാവുകയും ചെയ്യുന്നു.

ആർഎസ്എസിൽ നിന്ന് വിട്ടുപോന്ന ദളിത് നേതാവ് ഭൻവർ മേഘവംശി ‘എനിക്കൊരു ഹിന്ദു ആകാനായില്ല: ആർഎസ്എസിലെ ഒരു ദളിതന്റെ കഥ’ (I Could not be a Hindu: Story of a Dalit in RSS) എന്ന പുസ്തകത്തിൽ തന്റെ അനുഭവങ്ങൾ വിവരിക്കുന്നുണ്ട്. ‘ഭൻവർ’ ആയിരുന്ന താൻ ശാഖയിലെത്തിയപ്പോൾ ‘ഭൻവർജി’ ആയി മാറിയത് തന്നിലുള്ളവാക്കിയ ആഹ്ലാദവും അഭിമാനവും പറഞ്ഞറിയിക്കാനാവാത്തതായിരുന്നു എന്ന് അദ്ദേഹം എഴുതുന്നുണ്ട്. വളരെ ചെറിയ പ്രായത്തിൽ തന്നെ മറ്റുള്ളവർക്ക് ഒപ്പം കളിക്കുവാനും പരിശീലനങ്ങളിൽ ഏർപ്പെടാനും കഴിഞ്ഞത്, പിന്നീട് ചരിത്രം പഠിച്ചത് ഒക്കെ വിവരിക്കുന്നുണ്ട്. ഒരു ഹിന്ദു എന്ന നിലയിൽ അത്യഭിമാനം ഉണ്ടാവുന്ന തരത്തിലുള്ള പാഠങ്ങളാണ് പകർന്നു നൽകുന്നത്. വിശുദ്ധമായ ഹിന്ദുസ്ഥാനിലെ മക്കൾ പിൽക്കാലത്ത് എങ്ങനെ നശിച്ചുപോയി എന്നും എങ്ങനെയാണ് ‘മുസ്ലിം അധിനിവേശക്കാർ’ അതിന് കാരണമായി തീർന്നത് എന്നും പഠിപ്പിക്കുന്നു. ഹിന്ദുക്കളുടെ സർവ്വദുഃഖങ്ങൾക്കും കാരണം മുസ്ലിം- ക്രിസ്ത്യൻ വിഭാഗങ്ങളാണ് എന്ന ബോധം സൃഷ്ടിക്കുന്നു. അങ്ങനെ ഒരു പൊതു ശത്രുവിനോടുള്ള വിദ്വേഷം മനസ്സിലെ പ്രഥമ വികാരമായി മാറി കഴിഞ്ഞാൽ പിന്നെ കാര്യങ്ങൾ എളുപ്പമാണ്. 

അങ്ങനെ അപരവിദ്വേഷത്തിൽ അധിഷ്ഠിതമായ രാഷ്ട്രീയദർശനത്തിന്റെ ഇരകളാകുന്നതോടെ ദളിത് അസ്തിത്വം പോലും മറന്ന് ഹിന്ദുത്വപ്രത്യയശാസ്ത്രത്തിനുവേണ്ടി നിലകൊള്ളുവാൻ ഈ മനുഷ്യർ തയ്യാറാവുകയും ചെയ്യും. ഹിന്ദുത്വ സംഘടനകളുടെ അടിസ്ഥാന പ്രത്യയശാസ്ത്രം ഇവർക്ക് മനസ്സിലായിക്കൊള്ളണമെന്നുമില്ല. ബാബറി മസ്ജിദ് തകർക്കുന്നത് രണ്ടാം സ്വാതന്ത്ര്യ സമരമാണെന്ന് വിശ്വസിച്ചിരുന്ന കാലഘട്ടത്തെക്കുറിച്ച് ഭൻവർ മേഘവംശി എഴുതുന്നുണ്ട്. അദ്ദേഹം പള്ളി തകർക്കാൻ പുറപ്പെട്ട കർസേവകരിൽ ഒരാളായിരുന്നു. പോലീസിനെ ഒഴിവാക്കി എങ്ങനെ അകത്തു പ്രവേശിക്കാമെന്നൊക്കെ അവരെ പഠിപ്പിച്ചിരുന്നുവത്രേ. ആയുധങ്ങൾ അയോധ്യയിൽ എത്തുമ്പോൾ ലഭ്യമാക്കും എന്നും പറഞ്ഞിരുന്നു. തയ്യാറെടുപ്പുകൾക്ക് ശേഷം അജ്മീർ സ്റ്റേഷനിൽ നിന്ന് തീവണ്ടി പിടിക്കുമ്പോഴാണ് സംഘപരിവാറിന്റെ യഥാർത്ഥ മുഖം അദ്ദേഹത്തിന് മനസ്സിലായി തുടങ്ങിയത്. 

“തീവണ്ടി സ്റ്റേഷനിൽ നിന്നും നീങ്ങാൻ തുടങ്ങിയപ്പോൾ പ്രധാനപ്പെട്ട ഭാരവാഹികൾ എല്ലാം വെളിയിൽ ഇറങ്ങുന്നത് ഞാൻ കണ്ടു. വമ്പന്മാർ, വ്യവസായികൾ, സംഘപ്രചാരകർ, വി എച്ച് പി യുടെയും ബിജെപിയുടെയും നേതാക്കന്മാർ, എല്ലാവരും പുറത്തിറങ്ങി ഞങ്ങൾക്ക് ആശംസകൾ നേർന്നിട്ട് വീടുകളിലേക്ക് തിരികെ പോയി. എന്നെപ്പോലെയുള്ള ദളിതരും ആദിവാസികളും പിന്നാക്ക വിഭാഗങ്ങളിൽ പെട്ട യുവാക്കളും കുറച്ചു സന്യാസിമാരും മാത്രമായിരുന്നു ട്രെയിനിൽ ഉണ്ടായിരുന്നത്. താഴെത്തട്ടിലുള്ള ചില നേതാക്കൾ ഞങ്ങളെ ആശ്വസിപ്പിച്ചു. അവർക്ക് വേറെയും സംഘങ്ങളെ യാത്രയാക്കേണ്ടതുണ്ട് അതിനുശേഷം  നേരെ അയോധ്യയിലേക്ക് എത്തിച്ചേരും എന്നാണ് അറിയിച്ചത്. അവർ ഒരിക്കലും അങ്ങോട്ട് വരില്ലായിരുന്നു. ബുദ്ധിയുള്ള മനുഷ്യർ അങ്ങനെയാണ് എപ്പോഴും ചെയ്യുക. മറ്റുള്ളവരെ ഉപയോഗിക്കും. ഞങ്ങളെ യുദ്ധമുഖത്തിലേക്ക് തള്ളി വിട്ടിട്ട്, അവർ അവരവരുടെ വീടിൻ്റെ സുരക്ഷിതത്വത്തിലേക്ക് മടങ്ങിപ്പോയി. അവിടെയാണ് അവരുടെ മഹത്വം. ഒരുപക്ഷേ മഹത്വമെന്നത് ദുസ്സാമർത്ഥ്യത്തിന്റെ മറ്റൊരു പേരായിരിക്കാം.”

എന്നാൽ അതിനുശേഷവും ഭൻവാർ അയോധ്യയിലേക്ക് പോവുക തന്നെ ചെയ്തു. തൻ്റെ വീടിൻ്റെ പൂമുഖ വാതിലിൽ ‘ഞങ്ങൾ ഹിന്ദുക്കളാണെന്ന് അഭിമാനത്തോടെ പറയുക’, ‘ഹിന്ദുവായത് വലിയ ഭാഗ്യമാണ്’ എന്നൊക്കെ എഴുതിയ സ്റ്റിക്കർ പതിപ്പിച്ചു. സംഘടനയിലെ ‘വിസ്താരക്’ ആയെങ്കിലും ‘പ്രചാരക്’ ആകാനുള്ള ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ നേതാക്കൾ പിന്തിരിപ്പിക്കുകയാണ് ചെയ്തത്. കീഴ്ജാതിക്കാരനായതുകൊണ്ട് പ്രവർത്തനങ്ങൾ വലിയ ബുദ്ധിമുട്ടാകും എന്നാണ് അവർ പറഞ്ഞത്. ഇതോടുകൂടി കാര്യങ്ങൾ കൂടുതൽ വ്യക്തമാകാൻ തുടങ്ങി. സംഘപരിവാർ നേതാക്കൾ തൻ്റെ മേഖലയിൽ പ്രവർത്തനങ്ങൾക്കായി എത്തുമ്പോൾ, താൻ വീട്ടിൽ ഭക്ഷണം ഒരുക്കാറുണ്ടെങ്കിലും അവരത് വീട്ടിൽ വന്ന് കഴിക്കാറില്ലെന്നും, ‘സമയം ലാഭിക്കാൻ’ അവർ ഭക്ഷണം കൊണ്ടുപോവുകയാണ് ചെയ്യാറുള്ളത്’ എന്നതിൻ്റെ യുക്തിയും അദ്ദേഹത്തിന് മനസ്സിലായി. അവരാ ഭക്ഷണം വഴിയിൽ ഉപേക്ഷിക്കുകയാണ് ചെയ്യുന്നത് എന്ന് അദ്ദേഹം ഞെട്ടലോടെ തിരിച്ചറിഞ്ഞു. അങ്ങനെയാണ് പതിയെ പതിയെ അംബേദ്കറിലേക്ക് അദ്ദേഹം തിരിയുന്നത്. ‘റിഡിൽസ് ഓഫ് ഹിന്ദുയിസം’ മുതൽ ‘അനിഹിലേഷൻ ഓഫ് കാസ്റ്റ്’ വരെ എത്തുമ്പോഴേക്കും താൻ ശാഖകളിൽ പഠിച്ചതല്ല ഇന്ത്യയുടെ ചരിത്രവും ഇന്ത്യൻ സമൂഹവും എന്ന തിരിച്ചറിവിലേക്ക് അദ്ദേഹം എത്തിച്ചേർന്നു.

ഭൻവർ മേഘവംശിയുടെ അനുഭവങ്ങളിലൂടെ കടന്നു പോകുമ്പോൾ. സംഘപരിവാർ യഥാർത്ഥത്തിൽ എന്താണ് എന്നും, അവർ വിഭാവനം ചെയ്യുന്ന ഹിന്ദു രാഷ്ട്രത്തിന്റെ സ്വഭാവം എന്തായിരിക്കും എന്നും കൃത്യമായ ധാരണ നമുക്ക് ലഭിക്കുന്നുണ്ട്. സംഘടനയുടെ സവർണ്ണ നേതാക്കൾക്ക് നൽകിയ ഒരു രഹസ്യ കത്ത് അദ്ദേഹം വായിക്കാനിടവരുന്നുണ്ട്. ജാതിവ്യവസ്ഥയെ കൂടുതൽ ശക്തമായി നിലനിർത്താൻ ആഹ്വാനം ചെയ്യുന്ന ഒന്നായിരുന്നു അത്. ജാതി വ്യവസ്ഥ ഒന്നുകൊണ്ടുമാത്രമാണ് ഹിന്ദു സമൂഹത്തിന് ഇങ്ങനെ നിലനിൽക്കാൻ കഴിഞ്ഞത്. ജാതി ഇല്ലായിരുന്നുവെങ്കിൽ എല്ലാവരും മുസ്ലിമോ ക്രിസ്ത്യാനിയോ ആയി പണ്ടേ മാറിയിട്ടുണ്ടാകുമായിരുന്നുവെന്നും അതിൽ പറയുന്നു. രാജ്യമെമ്പാടും അരങ്ങേറുന്ന ജാതിക്കൊലകളോടും, പശുവിന്റെയും ഭക്ഷണത്തിന്റെയും പേരിൽ നടക്കുന്ന ആൾക്കൂട്ട വിചാരണകളോടും ആർഎസ്എസ് പുലർത്തുന്ന സമീപനം അവരുടെ ഈ വിചാരധാരയ്ക്ക് അടിവരയിടുന്നതാണ്.

ഭൻവർ മേഘവംശിയെ പോലെ രാഷ്ട്രീയ തിരിച്ചറിവുകൾ ഉണ്ടാകുന്നവർ വിരലിലെണ്ണാവുന്നവർ മാത്രമാണ്. തങ്ങളുടെ എല്ലാ ദുഃഖദുരിതങ്ങൾക്കും കാരണം മുസ്ലിങ്ങളോ, ക്രിസ്ത്യാനികളോ, കമ്മ്യൂണിസ്റ്റുകളോ, മറ്റേതെങ്കിലും പൊതു ശത്രുവോ ആണെന്ന തെറ്റിദ്ധാരണ മനസ്സിലുറച്ച ആയിരക്കണക്കിന് മനുഷ്യർ ഹിന്ദു രാഷ്ട്ര നിർമ്മാണത്തിനു വേണ്ടി ജീവൻ നൽകാൻ വരെ തയ്യാറായി നിലകൊള്ളുകയാണ്. പ്രത്യേകിച്ചും അവർക്ക് ദൃശ്യതയും അംഗീകാരവും ലഭിക്കുന്ന മറ്റു രാഷ്ട്രീയ ഇടങ്ങൾ ഇല്ലാത്ത പിന്നാക്ക പ്രദേശങ്ങളിൽ. 

രാജ്യത്ത് ഇന്ന് ജനാധിപത്യവും ഭരണഘടനയും തുല്യതയും സാഹോദര്യവും മാനവികതയും അപകടത്തിലാണെന്ന തിരിച്ചറിവ് അവർക്കുണ്ടാകുന്നില്ല. സ്വതന്ത്ര ഇന്ത്യക്കു സംഭവിക്കാവുന്ന ഏറ്റവും ഭീകരദുരന്തം നമ്മളൊരു ഹിന്ദു രാഷ്ട്രമായി മാറുന്നതാണ് എന്ന അംബേദ്കറുടെ മുന്നറിയിപ്പ് അവരുടെ കാതുകളിൽ എത്തിയിട്ടേയുണ്ടാവില്ല. ഗാന്ധിയും നെഹ്റുവും അംബേദ്കറും വിഭാവനം ചെയ്ത ഇന്ത്യ ഇന്ന് അപകടത്തിലാണ്. ഒരുപക്ഷേ അവരുടെ സ്വപ്നങ്ങൾ അവസാനിക്കുന്നതിന് നാം സാക്ഷ്യം വഹിക്കുകയാണ്. 3000 വർഷത്തോളമെങ്കിലും ഹിന്ദു സാമൂഹിക വ്യവസ്ഥിതിയുടെ ഇരകളായിരുന്ന മനുഷ്യർ തന്നെ, അതിനൊപ്പം അണിചേരുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ വൈരുദ്ധ്യങ്ങളിലൊന്നാണ്. ദളിതർക്കും ആദിവാസികൾക്കും പിന്നാക്ക വിഭാഗങ്ങൾക്കും, അംഗീകാരവും അവസരവും നൽകുന്ന, പുരോഗമന രാഷ്ട്രീയ മുന്നേറ്റങ്ങൾ ഉയർന്നുവരാതെ ഇതവസാനിക്കുകയില്ല.

An abridged version published in Suprabhatham Daily on June 14, 2023

സവർക്കറുടെ ജന്മദിനം തന്നെയാണ് ഉത്തമം.

1937-ൽ മൂന്നാം തവണയും കോൺഗ്രസ് പ്രസിഡണ്ടായി നെഹ്റു തിരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിൽ ബംഗാളിൽ നിന്നും പ്രസിദ്ധീകരിക്കുന്ന ‘മോഡേൺ റിവ്യൂ’-ൽ ‘രാഷ്ട്രപതി’ എന്നൊരു ലേഖനം പ്രത്യക്ഷപ്പെട്ടു. ലേഖനം ആരംഭിക്കുന്നത് ഇങ്ങനെയാണ്:

“രാഷ്ട്രപതി ജവഹർലാൽ കീ ജയ്! ” തന്നെ കാത്തുനിന്ന ജനക്കൂട്ടത്തിനിടയിലൂടെ വേഗത്തിൽ കടന്നു പോകുന്നതിനിടെ രാഷ്ട്രപതി മുഖമുയർത്തി നോക്കി. അയാളുടെ കൈകൾ ഉയർന്നുപൊങ്ങി ജനങ്ങളെ അഭിവാദ്യം ചെയ്തു. അയാളുടെ പിളറിയ ദൃഢമാർന്ന മുഖത്ത് ഒരു പുഞ്ചിരി വിടർന്നു. വളരെ അടുപ്പം തോന്നിക്കുന്ന, മനോഹരമായ ചിരിയായിരുന്നു അത്. അത് കണ്ട് മനുഷ്യർ പെട്ടെന്ന് പ്രതികരിച്ചു. ചിരിക്കുകയും ആർപ്പുവിളിക്കുകയും ചെയ്തു.

ആ പുഞ്ചിരി ഉടനെ തന്നെ മാഞ്ഞു. മുഖം വീണ്ടും മുറുകുകയും ദുഃഖ പൂർണമാവുകയും ചെയ്തു. വലിയ തോതിൽ വൈകാരികമായി ആവേശം കൊള്ളുന്ന ജനതയ്ക്ക് മുന്നിൽ നിർവികാരനായി നിലകൊണ്ടു. ആ ചിരിക്കും  അഭിവാദ്യത്തിനും പിന്നിൽ യാതൊരു യാഥാർത്ഥ്യവുമില്ല എന്ന് തോന്നിച്ചു. അവ ജനങ്ങളുടെ മതിപ്പ് പിടിച്ചു പറ്റാനുള്ള കപട തന്ത്രമായിരുന്നു. അത് അങ്ങനെ തന്നെയായിരുന്നോ?”

നെഹ്റു, സീസറിനെ പോലെ, ഒരു ഏകാധിപതിയായി മാറാനുള്ള സാധ്യതകളെക്കുറിച്ചായിരുന്നു ലേഖനം. ഒരു ഏകാധിപതിക്ക് ഉതകും വിധം സ്വന്തം വ്യക്തിപ്രഭാവം ബോധപൂർവ്വം സൃഷ്ടിച്ചെടുക്കുവാൻ നെഹ്റു നടത്തുന്ന ശ്രമങ്ങളെ കുറിച്ചും അദ്ദേഹത്തിൻറെ നിഗൂഢമായ പ്രവർത്തന രീതികളെക്കുറിച്ചുമുള്ള രൂക്ഷവിമർശമായിരുന്നു അത്. ഇനിയും അദ്ദേഹത്തെ തിരഞ്ഞെടുക്കരുത് എന്നായിരുന്നു ആഹ്വാനം. ലേഖകന്റെ പേര് ചാണക്യൻ. 

1926-ൽ ‘ലൈഫ് ഓഫ് ബാരിസ്റ്റർ സവർക്കർ’ എന്ന പേരിൽ സവർക്കറുടെ ഒരു ജീവചരിത്രം പ്രസിദ്ധീകരിക്കപ്പെടുന്നു. അദ്ദേഹം എങ്ങനെയാണ് ജന്മനാ ഒരു വീരൻ ആയിരുന്നതെന്നും, ആരെയും കൂസാത്ത, ആരെയും പേടിക്കാത്ത, എവിടെ അനീതി കണ്ടാലും പ്രതികരിക്കുന്ന, മഹാനായ രാഷ്ട്രീയ നേതാവായി അദ്ദേഹം മാറിയത് എങ്ങനെയെന്നും അദ്ദേഹത്തിന്റെ നിശ്ചയദാർഢ്യത്തെ കുറിച്ചുമെല്ലാം വിശദീകരിക്കുന്നുണ്ട് ഗ്രന്ഥത്തിൽ. ഈ പുസ്തകത്തിലാണ് സവർക്കറെ ‘വീർ സവർക്കർ’ എന്നു ആദ്യമായി വിശേഷിപ്പിക്കുന്നത്. ഗ്രന്ഥകർത്താവ് ചിത്രഗുപ്തൻ. 

ഈ രണ്ടു സംഭവങ്ങൾക്കും സമാനതകളുണ്ട്. ഇതിൽ രണ്ടിന്റെയും ലേഖകന്റെ പേര് കൊടുത്തിരിക്കുന്നത് വ്യാജമാണ്. യഥാർത്ഥത്തിൽ ഇതിൽ പരാമർശവിധേയരായ വ്യക്തികൾ തന്നെയാണ് അത് എഴുതിയിരിക്കുന്നതും. നെഹ്റുവിനെ വിമർശിച്ചുകൊണ്ട്, അദ്ദേഹം ഏകാധിപതിയായി മാറാനുള്ള സാധ്യതകളെ വിലയിരുത്തിക്കൊണ്ട്, മോഡേൺ റിവ്യൂവിൽ ‘രാഷ്ട്രപതി’ എന്ന ലേഖനം എഴുതിയത് നെഹ്റു തന്നെയാണ്. അതുപോലെതന്നെ സ്വന്തം മഹത്വം ആഘോഷിച്ചുകൊണ്ട്, സ്വയം ‘വീർ’ എന്ന് വിശേഷിപ്പിച്ചു കൊണ്ട്, ജീവചരിത്ര ഗ്രന്ഥം എഴുതിയ ചിത്രഗുപ്തൻ സവർക്കർ അല്ലാതെ മറ്റാരുമായിരുന്നില്ല! 

വ്യക്തികൾ എന്ന നിലയിൽ നെഹ്റുവും സവർക്കറും തമ്മിലുള്ള അന്തരം എത്രയോ വലുതാണ് എന്ന്  വ്യക്തമാക്കാൻ ഈ ഒരൊറ്റ സംഭവം മതി. ഈയൊരൊറ്റ സംഭവം മതി,  സവർക്കർ മുന്നോട്ടുവച്ച വംശീയതയിൽ അധിഷ്ഠിതമായ വിദ്വേഷദർശനത്തിന്റെ പ്രയോക്താക്കൾ അധികാരത്തിലീരിക്കുമ്പോൾ, പുതിയ പാർലമെൻറ് മന്ദിരത്തിന്റെ ഉദ്ഘാടനം സവർക്കറുടെ ജന്മദിനത്തിൽ തന്നെ നിശ്ചയിച്ചത് എന്തുകൊണ്ടെന്ന് മനസ്സിലാകുവാൻ. 

ഇത്തരമൊരു ചടങ്ങ് നെഹ്റുവിൻറെ ഓർമ്മകൾക്ക് മുന്നിൽ സമർപ്പിക്കുവാൻ സ്വയം വീരൻ എന്ന് വിളിച്ച ഭീരുവിന്റെ പിൻമുറക്കാർക്ക് കഴിയില്ലല്ലോ. നെഹ്റുവും സവർക്കറും ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. ജയിൽ ദിനങ്ങളിൽ, നെഹ്റു തന്റെ മാതൃരാജ്യത്തിന്റെ ചരിത്രത്തെയും, സാംസ്കാരിക വൈവിധ്യങ്ങളുടെ വർണ്ണരാജികൾക്കിടയിലും സ്നേഹ സാഹോദര്യങ്ങളുടെ ഒറ്റനൂലിൽ കോർത്തെടുത്ത സ്വന്തം രാജ്യത്തിൻറെ ആത്മാവിനെയും കണ്ടെത്താൻ ശ്രമിച്ചപ്പോൾ, അത് ‘ഇന്ത്യയെ കണ്ടെത്ത’ലായി. സവർക്കർ ആകട്ടെ ഒന്നിനുപുറകെ ഒന്നൊന്നായി മാപ്പപേക്ഷകൾ നൽകിക്കൊണ്ട് സ്വയം രാജ്യത്തെ ഒറ്റുകൊടുത്തു എന്ന് മാത്രമല്ല, ഇന്ത്യയിലെ യുവജനങ്ങളെ സ്വാതന്ത്രസമരത്തിന്റെ പാതയിൽ നിന്ന് പിൻവലിച്ച് ബ്രിട്ടീഷുകാരുടെ പാദസേവകരാക്കി മാറ്റുന്നതിനുള്ള ലക്ഷ്യത്തിൽ വ്യാപൃതനാവുകയും ചെയ്തു. 

നെഹ്റു നാനാത്വങ്ങളിലെ ഏകത്വത്തിൽ ഇന്ത്യയെ കണ്ടെത്താൻ ശ്രമിച്ചപ്പോൾ, ഇന്ത്യയ്ക്ക് ഒരുകാലത്തും ഒരൊറ്റ രാജ്യമായി നിലനിൽക്കാൻ കഴിയില്ല എന്ന വിഭാഗീയ പ്രത്യയശാസ്ത്രത്തിൻറെ നിർമ്മിതിയിലായിരുന്നു സവർക്കർ. അതിൻറെ തുടർച്ചയായാണ് 1925-ൽ രാഷ്ട്രീയ സ്വയംസേവക സംഘം രൂപം കൊള്ളുന്നത്. 1931 വരെ സംഘത്തലവൻ ആയിരുന്നു ഹെഗ്ഡെവാറും തുടർന്ന് വന്ന ഗോൾവാൾക്കറും സംഘം സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമാകാതിരിക്കുന്നതിൽ ബദ്ധശ്രദ്ധരായിരുന്നു. ഇന്ത്യയിലെ യുവത ബ്രിട്ടീഷുകാർക്കെതിരെ പോരാടി തങ്ങളുടെ ഊർജ്ജം പാഴാക്കരുത് എന്നായിരുന്നു ഉപദേശം. 

ഇന്ത്യൻ സ്വാതന്ത്ര്യ പ്രസ്ഥാനം ഔദ്യോഗികമായി പൂർണ്ണ സ്വരാജ് എന്ന ആവശ്യം മുന്നോട്ടുവയ്ക്കുകയും ഗാന്ധിയുടെയും നെഹ്റുവിൻറെയും നേതൃത്വത്തിൽ വലിയ പോരാട്ടങ്ങൾ രാജമെമ്പാടും ഉയർന്നുവരികയും ചെയ്ത  1930-കളിൽ, ഹെഗ്ഡെവാറിന്റെ തല തൊട്ടപ്പനും, ഹിന്ദു മഹാസഭയുടെ നേതാവുമായിരുന്ന ബി എസ് മൂഞ്ചൈ ഇറ്റലിയിൽ ഫാഷിസത്തിന്റെ പാഠശാലകളിലായിരുന്നു. മുസോളിനി മുന്നോട്ടുവച്ച വംശഹത്യയുടെ പ്രത്യയശാസ്ത്രത്തിൻറെ ആരാധകരായിരുന്നു ഹിന്ദുത്വവാദികൾ. ഫാസിസ്റ്റ് സംഘടനാ സംവിധാനവും, ഡ്രില്ലുകളും, യൂണിഫോമും വരെ അവർ ഏറ്റെടുത്തു. ജർമ്മനിയും ഇറ്റലിയും മുന്നോട്ടുവയ്ക്കുന്നത് ഇന്ത്യയ്ക്ക് അനുകരിക്കാവുന്ന മാതൃകകൾ ആണെന്ന് സാക്ഷ്യം പറഞ്ഞു. മുസ്ലീങ്ങളെയും കമ്മ്യൂണിസ്റ്റുകളെയും ക്രിസ്ത്യാനികളെയും നാടിൻറെ ആഭ്യന്തര ശത്രുക്കളായി മുദ്രകുത്തി. ന്യൂനപക്ഷങ്ങൾ ഭൂരിപക്ഷ വിഭാഗത്തിൻറെ കാരുണ്യത്തിൽ, യാതൊരു അവകാശങ്ങളും ഇല്ലാത്ത, രണ്ടാംതരം പൗരന്മാരായി കഴിയേണ്ടവരാണെന്ന നിലപാടെടുത്തു. ആത്യന്തികമായി ഹിന്ദുക്കൾക്കും മുസ്ലീങ്ങൾക്കും ഒരൊറ്റ രാഷ്ട്രമായി നിലകൊള്ളുക അസാധ്യമാണെന്ന് പ്രഖ്യാപിച്ചു. 

ഈ വിദ്വേഷ പ്രചാരണത്തിന്റെ അങ്ങേയറ്റം ഏറ്റെടുക്കാൻ അപ്പുറത്തും ആളുകൾ ഉണ്ടായി. രാജ്യം മതത്തിന്റെ അടിസ്ഥാനത്തിൽ വിഭജിക്കപ്പെട്ടു. പാക്കിസ്ഥാൻ എന്ന ഇസ്ലാമിക രാഷ്ട്രം രൂപം കൊണ്ടു. എന്നാൽ ഇന്ത്യ, സവർക്കറും സംഘവും സ്വപ്നം കണ്ട വർഗീയതയുടെ രക്തം മണക്കുന്ന പാതകളെ നിരാകരിച്ചു. നമ്മുടെ ദേശീയ പ്രസ്ഥാനം മുന്നോട്ടുവച്ച മതേതര ജനാധിപത്യ വീക്ഷണങ്ങളെയാണ് കോടിക്കണക്കായ ഇന്ത്യക്കാർ നെഞ്ചോട് ചേർത്തത്. ഗാന്ധിയും നെഹ്റുവും പട്ടേലും ആസാദും അംബേദ്കറുമെല്ലാം വിഭാവനം ചെയ്ത മതേതരത്വത്തിന്റെ വിശാല വീഥിയിലാണ് സ്വതന്ത്ര ഇന്ത്യ മുന്നോട്ടു നീങ്ങിയത്. ഇത് ഇന്ത്യൻ ഫാഷിസ്റ്റുകൾക്ക് സഹിക്കാവുന്നതിനുമപ്പുറമായിരുന്നു. അവർക്ക് കഴിയുന്നത്ര രൂക്ഷമായ ഭാഷയിൽ സ്വാതന്ത്ര്യ സമരത്തെയും സ്വതന്ത്ര ഇന്ത്യയെയും അവർ ഭള്ള് പറഞ്ഞു. ആർഎസ്എസിന്റെ മുഖപത്രമായ ഓർഗനൈസർ സ്വാതന്ത്ര്യത്തെയും ഭരണഘടനയെയും ദേശീയപതാകയെയും അപമാനിക്കുന്ന ലേഖനങ്ങൾ പ്രസിദ്ധീകരിച്ചു. സ്വാതന്ത്ര്യ പ്രസ്ഥാനത്തിൻറെ നേതാക്കൾക്കെതിരെ വെറുപ്പ് പ്രചരിപ്പിച്ചു. അവർ സമൂഹത്തിൽ ഒഴുക്കിയ വിഷം അവസാനം നമ്മുടെ രാഷ്ട്രപിതാവിന്റെ ജീവനെടുക്കുന്ന ഘട്ടം വരെ എത്തി.

ഗാന്ധിവധത്തിനു പിന്നിൽ സവർക്കരുടെ നേതൃത്വത്തിൽ നടന്ന ഗൂഢാലോചന ആണെന്ന് എല്ലാവർക്കും അറിയാമായിരുന്നു. ആർഎസ്എസിന്റെ നേതൃത്വത്തിൽ നടന്ന വർഗീയ വിഷ പ്രചാരണമാണ് ഗാന്ധിവധത്തിലേക്ക് എത്തിയത് എന്ന് സർദാർ പട്ടേൽ പ്രസ്താവിച്ചു. ആഭ്യന്തരമന്ത്രിയായിരുന്ന പട്ടേൽ ആർഎസ്എസിനെ നിരോധിച്ചു. ലഭ്യമായ എല്ലാ അവസരങ്ങളിലും വർഗീയ ഫാസിസ്റ്റുകൾക്കെതിരെ മുന്നറിയിപ്പുകൾ നൽകാൻ നെഹ്റു മറന്നില്ല. രാജ്യത്തെ മുഖ്യമന്ത്രിമാർക്ക് സ്ഥിരം അയക്കുമായിരുന്ന കത്തിൽ ഇക്കാര്യത്തെക്കുറിച്ച് നെഹ്റു നിരന്തരം ഓർമിപ്പിച്ചു കൊണ്ടേയിരുന്നു. ആർഎസ്എസിനെ നാസി പാർട്ടിയോടാണ് അദ്ദേഹം ഉപമിച്ചത്. കോൺഗ്രസ് പാർട്ടിയിലും ആർഎസ്എസ് അനുഭാവമുള്ളവർ ഉണ്ടെന്ന വസ്തുതയിൽ അദ്ദേഹം ദുഃഖം പ്രകടിപ്പിച്ചു. ഒന്നരവർഷത്തെ നിരോധനത്തിനു ശേഷം, യാതൊരുവിധ രാഷ്ട്രീയ പ്രവർത്തനങ്ങളും നടത്തുകയില്ല എന്ന ഉറപ്പ് എഴുതി നൽകി ആർഎസ്എസ് വീണ്ടും സജീവമായപ്പോഴും, നെഹ്റു, സംഘടനയുടെ ഇരട്ടമുഖത്തെക്കുറിച്ച് ജാഗരൂകനായിരുന്നു. 

ഗാന്ധി ഘാതകനായ ഹിന്ദുത്വ ഭീകരവാദി നാഥുറാം ഗോഡ്സെയ്ക്ക് ആർഎസ്എസുമായി ബന്ധമുണ്ടായിരുന്നില്ല എന്ന നുണ പിന്നീട് അദ്ദേഹത്തിന്റെ സഹോദരൻ തന്നെ തിരുത്തിയതാണ്. ഗാന്ധിവധത്തിൽ സവർക്കർ ശിക്ഷിക്കപ്പെടാതിരുന്നത് വിചാരണവേളയിൽ തെളിവുകൾ കൊറോബറേറ്റ് ചെയ്യുന്ന രണ്ടാമതൊരു മൊഴി കൂടി ഉണ്ടായിരുന്നില്ല എന്ന സങ്കേതികത്വത്തിലാണ്. എന്നാൽ പിന്നീട് നിയോഗിക്കപ്പെട്ട ജസ്റ്റിസ് കപൂർ കമ്മീഷനു മുന്നിൽ നേരത്തെ ലഭ്യമല്ലാതിരുന്ന തെളിവുകൾ വരികയും സവർക്കർ കൊലപാതക ഗൂഢാലോചനയുടെ ഭാഗമായിരുന്നു എന്ന് വ്യക്തമാവുകയും ചെയ്തിട്ടുണ്ട്. 

എന്നാൽ ദൗർഭാഗ്യവശാൽ, ഗാന്ധിവധത്തിന് പിന്നിൽ പ്രവർത്തിച്ച, ബ്രിട്ടീഷുകാർക്ക് രാജ്യത്തെ ഒറ്റിക്കൊടുത്ത,  ഇന്ത്യ വിഭജനത്തിന് കാരണമായ, രാഷ്ട്രീയദർശനത്തിന്, തെരഞ്ഞെടുപ്പിൽ പ്രാമുഖ്യം ലഭിച്ചിരിക്കുന്ന ദുഃഖകരമായ ഒരു കാലഘട്ടത്തിലാണ് നമ്മൾ ജീവിക്കുന്നത്. 1937-ൽ ക്റാന്തദർശിയായ നെഹ്റു രാഷ്ട്രപതി എന്ന ലേഖനത്തിൽ ഏകാധിപതിയുടെ അടയാളങ്ങൾ എങ്ങനെ മുന്നിൽ കണ്ടിരുന്നുവോ, അതിനേക്കാൾ അപകടകരമായ രീതിയിൽ വ്യക്തി ആരാധനയുടെയും വിദ്വേഷ പ്രചരണത്തിന്റെയും നികൃഷ്ട ലക്ഷണങ്ങൾ പരസ്യമായി ആഘോഷിക്കുന്ന ഒരു രാഷ്ട്രീയ സംവിധാനം നമ്മെ ഭരിക്കുന്നു.  

ഒരു രാജ്യം, ഒരു മതം, ഒരു ഭാഷ, ഒരു വംശം ഒരു രാഷ്ട്രീയം, ഒരു നേതാവ് എന്ന തരത്തിൽ ഫാസിസ്റ്റ് ആശയ പ്രചരണങ്ങൾ, അവശേഷിക്കുന്ന അല്പമാത്രപ്രതിരോധങ്ങളെ പോലും തകർക്കുവാൻ പോകുന്ന തരത്തിലേക്ക് വളർന്നിരിക്കുന്നു. സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം എന്ന ത്രിത്വത്തിൽ അധിഷ്ഠിതമായ ഭരണഘടനാ ധാർമികത തെരുവിൽ അപമാനിക്കപ്പെടുന്നു. മതേതരത്വം അപഹസിക്കപ്പെടേണ്ട ഒരു വാക്കായി മാറുന്നു. ഭരണഘടനാ സ്ഥാപനങ്ങൾ ഒരു വ്യക്തിക്ക് വേണ്ടി വഴിമാറേണ്ട സാഹചര്യമൊരുങ്ങുന്നു. ഭരണഘടനയും ഭരണഘടനാ പദവികളും അപ്രസക്തമാകുന്നു. 

രാജ്യത്തിൻറെ പ്രസിഡന്റും രാജ്യസഭയും ലോകസഭയും ചേരുന്നതാണ് പാർലമെൻറ് എന്ന് ഇന്ത്യൻ ഭരണഘടനയുടെ അനുഛേദം 79 പറയുന്നു. ശ്രദ്ധിക്കണം. പ്രസിഡണ്ടും ഇരുസഭകളും ചേരുന്നതാണ് പാർലമെൻറ്. പ്രസിഡൻറ് ആണ് രാജ്യത്തിൻറെ പ്രഥമ പൗരൻ. പാർലമെന്റിന്റെ തലവനും. രണ്ടാമതായി വരുന്നത് വൈസ് പ്രസിഡണ്ട് ആണ്. മൂന്നാമനാണ് പ്രധാനമന്ത്രി. എന്നാൽ കഴിഞ്ഞ കുറെ കാലങ്ങളായി രാജ്യത്തെ സുപ്രധാനമായ പല ചടങ്ങുകളും ശ്രദ്ധേയമാകുന്നത് പ്രസിഡന്റിന്റെ അഭാവം കൊണ്ടാണ്. പുതിയ പാർലമെൻറ് മന്ദിരം നിർമ്മിക്കുവാനുള്ള തീരുമാനമെടുത്തു.  അതിൻറെ നിർമ്മാണോദ്ഘാടന വേദിയിൽ രാഷ്ട്രപതിക്ക് സ്ഥാനം ഉണ്ടായിരുന്നില്ല. പ്രധാനമന്ത്രിയാണ് ശിലാസ്ഥാപനം നിർവഹിച്ചത്. കഴിഞ്ഞവർഷം സായുധ സേനയുടെ അഭിമാനമായ ഐ എൻ എസ് വിക്രാന്ത് കമ്മീഷൻ ചെയ്യുന്ന ചടങ്ങിലും രാജ്യത്തിൻറെ സർവ്വ സൈന്യാധിപൻ കൂടിയായ രാഷ്ട്രപതിയുടെ അസാന്നിധ്യം വാർത്തയായിരുന്നു. സെൻട്രൽ വിസ്റ്റയിൽ, രാഷ്ട്രപതി ഭവന് തൊട്ടുമുന്നിലായി നേതാജിയുടെ പ്രതിമ അനാച്ഛാദനം ചെയ്തപ്പോഴും വേദിയിൽ രാഷ്ട്രപതി ഉണ്ടായിരുന്നില്ല. പ്രധാനമന്ത്രിയായിരുന്നു അതും നിർവഹിച്ചത്. 

2023 മെയ് 28ന്, ഇന്ത്യയുടെ പുതിയ പാർലമെൻറ് മന്ദിരം ഉദ്ഘാടനം ചെയ്യുമ്പോഴും രാഷ്ട്രപതിയില്ല. ലോക്സഭാ സ്പീക്കർ ഓം ബിർളയും, പ്രധാനമന്ത്രി നരേന്ദ്രമോദിയുമാണ് പുതിയ പാർലമെൻറ് മന്ദിരം രാജ്യത്തിന് സമർപ്പിക്കുന്നത്. പട്ടികവർഗ്ഗ വിഭാഗത്തിൽ നിന്നും ആദ്യമായി രാഷ്ട്രപതി പദവിയിൽ എത്തിയ ആൾ എന്ന നിലയിൽ മാത്രമല്ല, പല പൊതു വിഷയങ്ങളിലും കൃത്യമായ നിലപാടുകൾ എടുക്കുന്ന നേതാവ് എന്ന നിലയിൽ രാജ്യം മനസ്സിലാക്കുന്ന ദ്രൗപതി മുർമുവിനെ, ലോക്സഭാ സെക്രട്ടറിയേറ്റ്,  ആ ചടങ്ങിൽ നിന്നും ഒഴിവാക്കിയത് ആകസ്മികമായല്ല. എന്തുകൊണ്ട് അങ്ങനെ സംഭവിച്ചു എന്ന ചോദ്യം ഉയരുമ്പോഴാണ് ചാണക്യൻ എന്ന പേരിൽ സ്വന്തം രാഷ്ട്രീയ പ്രവർത്തനത്തെ വിമർശിച്ചുകൊണ്ട് ലേഖനം എഴുതിയ നെഹ്റുവിനെ ഓർമ്മ വരുന്നത്. എത്രകണ്ട് അവഗണിച്ചിട്ടും, എങ്ങനെയൊക്കെ മായ്ച്ച് കളയാൻ ശ്രമിച്ചിട്ടും അദ്ദേഹത്തിൻറെ ഓർമ്മകൾ പോലും ഇന്ത്യൻ ഫാസിസ്റ്റുകളെ വേട്ടയാടിക്കൊണ്ടേയിരിക്കുന്നു. അവർ മുന്നോട്ടുവയ്ക്കുന്ന എല്ലാ സങ്കുചിത സങ്കല്പങ്ങൾക്കും എതിരുനിന്ന, പ്രചാരവേലയ്ക്കായി അവരുപയോഗിക്കുന്ന എല്ലാ വിഭാഗീയ പ്രവർത്തനങ്ങളെയും നിരാകരിച്ച, കറ തീർന്ന മതേതരവാദിയും ജനാധിപത്യവാദിയുമായിരുന്ന, മതവും ജാതിയും രാഷ്ട്രീയ ഭാഗദേയം നിർണയിക്കുന്നു എന്ന് വിശ്വസിക്കുന്ന ഒരു സമൂഹത്തിനുമുന്നിൽ താൻ വിശ്വാസിയല്ലെന്ന് തുറന്നു പറയാൻ ധൈര്യം കാണിച്ച, എന്നിട്ടും ഇവർക്കൊന്നും സ്വപ്നം കാണാൻ കഴിയാത്തത്ര ജനകീയനും, ബൗദ്ധിക കരുത്തും വ്യക്തിത്വവും കൊണ്ട് ലോക നേതാവായി മാറുകയും ചെയ്ത നെഹ്റുവിൻറെ പ്രഭാവം ഇവർ മുന്നോട്ടുവയ്ക്കുന്ന ഫാസിസ്റ്റ് രാഷ്ട്ര സങ്കല്പത്തിന്റെ ആണിക്കല്ലിളക്കുന്നതാണ്.  

“ഞാൻ, ഞാൻ, ഞാൻ!” എന്നു മാത്രം ചിന്തിക്കുന്നവർക്ക് ചേരുന്നത് സ്വയം ‘വീർ’ എന്ന് വിശേഷിപ്പിച്ച് മറ്റൊരു പേരിൽ ജീവചരിത്രം എഴുതിയ അൽപ്പന്റെ ഓർമ്മകളാണ് ഹിന്ദുത്വ രാഷ്ട്രീയ വാദികൾക്ക് ചേരുന്നത്. അവർക്ക് പാർലമെൻറ് മന്ദിരത്തിന്റെ ഉദ്ഘാടനം നിർവഹിക്കാൻ പറ്റിയ ഏറ്റവും അനുയോജ്യമായ ദിവസം  സവർക്കറുടെ ജന്മദിനം തന്നെയാണ്.

published in Suprabhatham Daily on 27/05/2023