ജൂൺ ഒന്നിന് തന്നെ ഈ കൃത്യമായി സ്അധ്യയനവർഷം ആരംഭിച്ചിരിക്കുന്നു. ഒന്നാം തിയ്യതി ഫസ്റ്റ് ബെൽ ആണ്. നാടാകെ മാധ്യമങ്ങളും സർക്കാർ സംവിധാനവും ഉയർത്തിയ പ്രതീതി അങ്ങനെയായിരുന്നു. ശരിയാണ്, യഥാർത്ഥത്തിൽ ക്ലാസ്സ് തുടങ്ങിയിട്ടില്ല പരിശീലനമാണ്ഇപ്പോൾനടക്കുന്നത്. അക്കാര്യം ജനങ്ങളോട് പറഞ്ഞില്ല എന്നല്ല, പക്ഷെ അത് ഓഫറുകളുമായി വരുന്ന പരസ്യ ചിത്രങ്ങളിലേതുപോലെ ആയിപ്പോയി. കണ്ടീഷൻസ് അപ്ലൈ എന്ന് പരസ്യങ്ങളിൽ ഒക്കെ കാണുന്നതുപോലെ ട്രയൽ ആണെന്ന് അടിയിൽ കുഞ്ഞ് അക്ഷരത്തിൽ എഴുതിയിട്ടുണ്ടായിരുന്നു.ഞാൻ കണ്ടിരുന്നു അത്. മറ്റു പലരും കണ്ടിട്ടുണ്ടാവും. പക്ഷേ, അതിന് ഇവിടെ നമ്മൾ കണ്ടതുപോലെയുള്ള ആഘോഷങ്ങളും സമ്മർദ്ദങ്ങളും വേണ്ടിയിരുന്നോ? എട്ടാം തീയതിയാണ് ശരിക്ക് ക്‌ളാസ് തുടങ്ങുന്നത്. ഇപ്പോൾ നടക്കുന്നത് ട്രയൽ റൺ ആണ്. ശരിക്കും ക്ലാസ് തുടങ്ങുമ്പോഴേക്കും എല്ലാവർക്കും സൗകര്യങ്ങൾ ഒരുക്കും എന്ന ഉറപ്പു നൽകാൻ, ആ ഉറപ്പ് അതു വേണ്ട കുഞ്ഞുങ്ങളിലേക്കും ആശങ്കാകുലരായ രക്ഷിതാക്കളിലേക്കും എത്തിക്കാൻ കഴിഞ്ഞിരുന്നോ? വീടുകളിലേക്ക് കുട്ടികളെ വിളിച്ചു ചാനൽ നമ്പറും ക്ലാസ്സും അറിയിച്ചi, ഹോംവർക്ക് എഴുതി വാട്‌സ്ആപ്പ് ചെയ്യണം എന്ന നിർദ്ദേശവും പറഞ്ഞ, അധ്യാപകരോ മറ്റാരെങ്കിലുമോ ഇത് ട്രയൽ ആണ്, കാണാൻ പറ്റിയില്ലെങ്കിലും സാരമില്ല, ശരിക്കും ക്‌ളാസ് തുടങ്ങുമ്പോൾ നമുക്ക് പഠിക്കാം, അപ്പോഴേക്കും വേണ്ട സംവിധാനങ്ങൾ ഗവണ്മെന്റ് ഒരുക്കും എന്നു പറഞ്ഞിരുന്നോ?
ഈ ചോദ്യങ്ങളുടെ ഉത്തരം ഇല്ലാ എന്നാണ് എങ്കിൽ ദേവികയുടേത് ഒരു കൊലപാതകമാണ്. . അവൾ പഠിക്കാൻ മിടുക്കിയായിരുന്നുവെന്ന് പറയുന്നു അധ്യാപകർ. ഉണ്ടായിരുന്ന ഒരു ടി.വി. കൂടി കേടുവരികയും അതു നന്നാക്കാൻ രോഗബാധിതനായ അച്ഛന്റെ കൈവശം പണം ഇല്ലാതെ വരികയും ചെയ്തപ്പോഴാണ്, പഠനം നടക്കില്ല എന്ന ആശങ്കയിൽ ആ വിദ്യാർത്ഥി ആത്മഹത്യ ചെയ്തതത്രേ. അവൾ ആരെയും കുറ്റപ്പെടുത്തിയിട്ടില്ല. “ഞാൻ പോകുന്നു” എന്ന് മാത്രമാണ് അവസാനമായി കുറിച്ചത്. എന്റെ മരണത്തിൽ ആരും ഉത്തരവാദിയല്ല എന്ന് രോഹിത് വെമുലയും എഴുതിയിരുന്നു. ഇരുവരുടെയും ദുരിത കാരണം അന്ന് രോഹിത് കൂട്ടിച്ചേർത്ത വാക്കുകൾ തന്നെയാണ്; ജനനം. ഇന്ത്യയിലെ സാമൂഹിക സൂചികകളിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന, ഇന്റർനെറ്റ് മൗലീക അവകാശമായി പ്രഖ്യാപിച്ചിട്ടുള്ള, കേരളത്തിൽ പോലും സ്മാർടഫോണുകളും കമ്പ്യൂട്ടറും വേഗതയുള്ള ഇന്റർനെറ്റ് കണക്ടിവിറ്റിയും എത്രശമാനം ആളുകൾക്ക് ഉണ്ട്. കോവിഡ് കാലത്ത് സമൂഹത്തിലെ ഏറ്റവും അവഗണിക്കപ്പെട്ട ആളുകളുടെ കാര്യത്തിൽ വരെ കരുതൽ കൊണ്ട് മാതൃകയായി വന്ന സംസ്ഥാനമാണ് നമ്മുടേത്. ആ കരുതൽ എന്തേ, വിദ്യാഭ്യാസ രംഗത്ത് ഉണ്ടായില്ല എന്ന ചോദ്യം ഉയരുമ്പോൾ അതിനെ അസഹിഷ്ണുതയോടെയല്ല കാണേണ്ടത്. ഡിജിറ്റൽ വേർതിരിവ് എന്നത് ഇതിൽ മാത്രമൊതുങ്ങുന്നതല്ല. ആധാർ നിര്ബന്ധമാക്കിയപ്പോൾ, നോട്ടു നിരോധനം വന്നപ്പോൾ, പണരഹിത ഇടപാടുകൾ വ്യാപകമായപ്പോൾ, ലോക്ക്ഡൗണിൽ ഒക്കെ ഇത് നമ്മൾ കണ്ടതാണ്. അതിന് വർഗ്ഗവും ജാതിയും ഉണ്ട്.
ജൂൺ 1 എന്നത് ലോകം അവസാനിക്കുകയോ തുടങ്ങുകയോ ചെയ്യുന്ന ദിവസമൊന്നുമല്ല. കുറച്ചു ദിവസം കൂടി കഴിഞ്ഞ്, ആവശ്യമായ ഇടങ്ങളിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ (കോവിഡ് പ്രതിരോധത്തിൽ എന്നപോലെ) സൗകര്യങ്ങൾ ഒരുക്കിയതിനു ശേഷം ക്‌ളാസ് തുടങ്ങിയാൽ മതിയായിരുന്നു. കമ്മ്യൂണിറ്റി കിച്ചൻസ് മാത്രമല്ല കമ്മ്യൂണിറ്റി ക്ളാസുകളും മതിയായ സൗകര്യങ്ങളോടെ എല്ലായിടത്തും ഒരുക്കാമായിരുന്നു. ഇതൊക്കെ കഴിയാത്ത കാര്യമല്ല. ഓരോ പഞ്ചായത്തിലെയും ഓരോ വാർഡിലെയും അവസാനത്തെ വിദ്യാർത്ഥിക്കും പഠിക്കാനുള്ള സൗകര്യമുണ്ട് എന്ന് ഉറപ്പു വരുത്താൻ കഴിയുന്ന വികേന്ദ്രീകൃത ഭരണ സംവിധാനം നമുക്കുണ്ട്. ഒരു വിദ്യാർത്ഥിക്ക് പരീക്ഷയെഴുതാൻ വേണ്ടി മാത്രമായി ഒരു ബോട്ട് ഓടിച്ചിട്ടുണ്ട് നമ്മൾ. ഇപ്പോൾ സാധാരണ സ്‌കൂളിൽ പഠിച്ചുകൊണ്ടിരിക്കുന്ന ഒരു കുട്ടിക്കു ഓണലൈൻ ക്‌ളാസ് മുറിക്ക് പുറത്തു നിൽക്കേണ്ട അനുഭവവും ഒരു കുട്ടിക്കുപോലും ഉണ്ടാകാത്ത സാഹചര്യത്തിൽ തുടങ്ങിയാൽ മതി ഓണലൈൻ ക്‌ളാസ്. പഞ്ചമി, ബജറ്റിന്റെ പുറത്തെ ഛായാചിത്രം മാത്രമല്ല, അവളിപ്പോഴും നിൽക്കുന്നുണ്ട് സ്‌കൂളിന് വെളിയിൽ, അവളിപ്പോഴും മഴനനയുന്നുണ്ട്. എത്രനാൾ നമ്മൾ അവളെ മഴയത്തും നിർത്തും?
റുവാണ്ടയിൽ 1994-ൽ നടന്ന വംശഹത്യക്ക് പണവും പിന്തുണയും നൽകിയ ബിസിനസുകാരനും കുപ്രസിദ്ധമായ റേഡിയോ റുവാണ്ടയുടെ ചെയർമാനുമായിരുന്ന ഫലീസീൻ കബുഗാ ഫ്രാൻസിൽ അറസ്റ്റിലായത് ഇന്നത്തെ പ്രധാനപ്പെട്ട വാർത്തയാണ്. പാരീസിൽ മറ്റൊരു പേരിൽ ഒളിവിൽ കഴിയുകയായിരുന്നു അയാൾ. 1994 ഏപ്രിൽ 7-ന് ആരംഭിച്ച വംശഹത്യയിൽ 100 ദിവസം കൊണ്ട് 8 ലക്ഷം ന്യൂനപക്ഷ, ട്യൂട്സി വംശജരാണ് കൊലചെയ്യപ്പെട്ടത്. “പാറ്റകളെ ഇല്ലാതാക്കേണ്ടതുണ്ട്” എന്ന ആഹ്വാനവുമായി ടി.എം.സി. റേഡിയോയും മറ്റു മാധ്യമങ്ങളും ചേർന്ന് നടത്തിയ വംശഹത്യക്ക് കളമൊരുക്കിയ പ്രോപഗാണ്ട, പൈശാചികമായ കൊലകൾ, അതിന്റെ ഞെട്ടിപ്പിക്കുന്ന വേഗം (ദിവസേന പതിനായിരത്തോളം പേരെയാണ് കൊന്നു തള്ളികൊണ്ടിരുന്നത് ) ഒക്കെ ലോകമാനസാക്ഷിയെ മരവിപ്പിക്കുന്നതായിരുന്നു. എന്നിരുന്നാലും അന്താരാഷ്ട്ര സമൂഹം അക്കാലത്ത് ഇതിനെ ഏകദേശം അവഗണിച്ചു എന്നു തന്നെ പറയാം. ഐക്യരാഷ്ട്ര സഭയുടെ പ്രതികരണം നിരാശാജനകമായിരുന്നു. രുവാണ്ടയിൽ UN സമാധാനസേനയും ബെല്ജിയൻ പട്ടാളവും രാജ്യത്ത് ഉണ്ടായിരുന്നു. പക്ഷെ അവർക്ക് ഇടപെടാനുള്ള അനുമതി കൊടുത്തില്ല. UN മിഷൻ തലവൻ, വംശഹത്യക്കുള്ള കൂടിയാലോചനകളും പദ്ധതിയും സംബന്ധിച്ച മുന്നറിയിപ്പ് നൽകിയിരുന്നു എങ്കിലും ഒരു നടപടിയും ഉണ്ടായില്ല. കോഫി അന്നാൻ ആയിരുന്നു യു.എൻ. ജനറൽ സെക്രട്ടറി. അമേരിക്കയും മറ്റു പശ്ചാത്യ രാജ്യങ്ങളും ഇടപെട്ടില്ല.ഒരു നൂറ്റാണ്ടോളം നീണ്ട ചരിത്രമുണ്ട് രുവണ്ടായിലെ വംശീയ സംഘർഷങ്ങൾക്ക്. ഒന്നാം ലോക മഹായുദ്ധത്തെത്തുടർന്ന് ലീഗ് ഓഫ് നേഷൻസിന്റ് ഉടമ്പടി അനുസരിച്ച് ജർമൻ കോളനിയായിരുന്ന രുവാണ്ട ബെല്ജിയത്തിന്റെ കയ്യിൽ എത്തുന്നു. പാശ്ചാത്യരുടെ ഭിന്നിപ്പിച്ചു ഭരിക്കുക എന്ന തത്വം ക്രൂരമായ രീതിയിൽ നടപ്പിലാക്കപ്പെട്ടു. സമൂഹത്തിൽ നിലനിന്നിരുന്ന വംശീയ വേർതിരുവിനെ ഔദ്യോഗികവത്കരിച്ചു. വംശീയത അടയാളപ്പെടുത്തിയ ഐഡന്റിറ്റി കാർഡുകൾ നൽകി. അതിനു മുൻപ് സഹോദര്യത്തോടെ കഴിഞ്ഞിരുന്ന 85 ശതമാനം വരുന്ന ഹുതു വംശജരും 15 ശതമാനം മാത്രമുള്ള ട്യൂട്സി വംശജരും പരസ്പരം ക്രമേണ സംശയതോടെയും വെറുപ്പോടെയും വീക്ഷിക്കാൻ തുടങ്ങി. ന്യൂനപക്ഷമായ ട്യൂട്സികളെ അധികാരസ്ഥാനങ്ങളിൽ എത്തിക്കുകയും അങ്ങനെയൊരു ധ്രുവീകരണം ഉണ്ടാക്കുകയും ചെയ്തു. 1959-ലെ സ്വാതന്ത്ര്യ സമരത്തിന്റെ വിജയം ട്യൂട്സി-ബെല്ജിയൻ ഭരണം അവസാനിപ്പിച്ചപ്പോൾ ലക്ഷക്കണക്കിന് ട്യൂട്സികൾ ഉഗാണ്ടയിലേക്കും മറ്റു അയൽരാജ്യങ്ങളിലേക്കും പലായനം ചെയ്തു. 1980കളിൽ മിതാവാദികളായ ചില ഹുതുക്കളുടെ സഹായത്തോടെ ഉഗാണ്ടയിലെ ട്യൂട്സി അഭയാർഥികൾ റുവാണ്ടൻ പാട്രിയോട്ടിക് ഫ്രണ്ട് (ആർ.പി.എഫ്.) എന്നൊരു സംഘടനയുണ്ടാക്കി. 1990-ൽ സംഘടനയുടെ പട്ടാളം രുവാണ്ട ആക്രമിച്ചു. 1993 ആഗസ്തിൽ രുവാണ്ടൻ പ്രസിഡന്റ് യുവനൽ ഹബിയരിമാനയും ആർ.പി.എഫും തമ്മിൽ സമാധാനകരാർ ഒപ്പിട്ടു. 1994 ഏപ്രിൽ 6-ന് പ്രസിഡന്റ് യുവനൽ ഹബിയരിമാന സഞ്ചരിച്ചിരുന്ന വിമാനം വെടി വച്ചിട്ടു. ഇത് ട്യൂട്സികളാണ് ചെയ്തത് എന്ന പ്രചാരണം ഉണ്ടായി. കബുഗയുടെ റേഡിയോയൊക്കെ ഇതിൽ വലിയ പങ്കാണ് വഹിച്ചത്. എന്നാൽ വംശഹത്യക്ക് കളമൊരുക്കാൻ ഹുതു തീവ്രവാദികൾ തന്നെ ചെയ്തതാണ് ഇത് എന്നാണ് ആർ.പി.എഫിന്റെ വാദം.എന്തായാലും പിറ്റേന്ന് മുതൽ, 1994 ഏപ്രിൽ 7 മുതൽ അരങ്ങേറിയത് പിശാചമായ നരനായാട്ടാണ്. ആളുകളെ വഴിയിൽ ചെക്ക്പോസ്റ്റുകൾ വച്ച് ഐ.ഡി. കാർഡ് പരിശോധിച്ച് കൊന്നൊടുക്കി. (കോളനിയാക്കി വച്ച ബെല്ജിയംകാരാണ് ചരിത്രത്തിൽ ആദ്യമായി രുവാണ്ടൻ ജനതയെ ഔദ്യോഗികമായി വേർതിരിച്ച് അതു ഐ.ഡി. കാർഡിൽ രേഖപ്പെടുത്തിയത്) സ്ത്രീകളെയും കുട്ടികളെയും ഉൾപ്പടെ വധിച്ചു. അനേകം പേരെ ലൈംഗീക അടിമകളാക്കി. ജൂലൈ 4-ന് ആർ.പി.എഫും. പട്ടാളവും ചേർന്ന് ഭീകര സംഘത്തെ അടിച്ചമർത്തി അധികാരം പിടിച്ചെടുത്തപ്പോഴേക്കും 8 ലക്ഷം ജീവനുകൾ പൊലിഞ്ഞിരുന്നു. സമീപ ചരിത്രത്തിലെ ഏറ്റവും വലിയ ക്രൂരതയുടെ പേരിൽ കുറ്റം ചാർത്തപ്പെട്ട പ്രധാനിയാണ് ഇപ്പോൾ അറസ്റിലായിട്ടുള്ളത്. അയാളും അയാളുടെ നേത്രത്വത്തിൽ നടന്ന മാധ്യമ നുണപ്രചാരവും വിദ്വേഷവർത്തമാനങ്ങളുമാണ് വംശഹത്യക്ക് ഇത്രയേറെ വ്യാപ്തിയുണ്ടാക്കിയത്. തന്റെ പല സ്ഥാപനങ്ങളുടെയും പേരിൽ അക്രമികൾക്ക് ആയുധവും ഇറക്കുമതി ചെയ്തു നൽകി ഇയാൾ. ഭരണമാറ്റത്തിനൊപ്പം രാജ്യം വിട്ട ഇയാൾ തന്റെ അന്താരാഷ്ട്ര ബന്ധങ്ങൾ ഉപയോഗിച്ചുകൊണ്ട്, ജർമനി, ബെൽജിയം, കോംഗോ, കെനിയ, സ്വിറ്റ്സർലൻഡ് തുടങ്ങുയ രാജ്യങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു എന്നു വിശ്വസിക്കുന്നു. ഇപ്പോൾ പാരീസിൽ നിന്നാണ് പിടി കൂടിയിരിക്കുന്നത്. അമേരിക്ക ഇയാളെ അറസ്റ്റ് ചെയ്യാൻ സഹായിക്കുന്നവർക്ക് 5 മില്യൻ ഡോളർ ഇനാം പ്രഖ്യാപിച്ചിരുന്നതാണ്. ഇത്രയേറെ അന്വേഷിക്കപ്പെട്ട ഈ മനുഷ്യൻ എങ്ങനെ ഫ്രാൻസിൽ കഴിഞ്ഞുപോന്നു എന്നത് ദുരൂഹമാണ്. ഹുതു ഗവണ്മെന്റുമായി നല്ല ബന്ധമായിരുന്നു ഫ്രാന്സിന് ഉണ്ടായിരുന്നത്. അതും മറ്റു പല വിഷയങ്ങളും വരും ദിവസങ്ങളിൽ മനസിലാക്കേണ്ടതാണ്.എന്നിരുന്നാലും അന്താരാഷ്ട്ര നീതീന്യായ സംവിധാനത്തിലെ പ്രധാനപ്പെട്ട ഒരു മുന്നേറ്റമാണ് കബുഗായുടെ അറസ്റ്റ്. ഇന്റർനാഷണൽ റെസിഡ്യുവൽ മേക്കാനിസം ഓഫ് ക്രിമിനൽ ട്രിബ്യൂണലിൽ ഇയാൾക്കെതിരായ നിയമ നടപടികൾ തുടരും.
ജ്യോതി കുമാരി 1300 കിലോമീറ്റർ സൈക്കിൾ ചവിട്ടിയത് ഗതികേടുകൊണ്ടാണ്. സുഖമില്ലാതിരുന്ന അച്ഛനെയും പിന്നിലിരുത്തി ആ പെണ്കുട്ടിക്ക് മഹാനഗരത്തിൽ നിന്നും സ്വന്തം ഗ്രാമത്തിന്റെ നിത്യദാരിദ്ര്യത്തിലേക്ക് പലായനം ചെയ്യേണ്ടി വന്നത് മനസാക്ഷി എന്നൊന്നില്ലാത്ത ഒരു വിഭാഗം നാട് ഭരിക്കുന്നതുകൊണ്ടാണ്. ആകെ സമ്പത്തിന്റെ 73 ശതമാനവും അതിസമ്പന്നരായ ഒരു ശതമാനം ആളുകളിൽ കേന്ദ്രീകരിച്ചിരിക്കുന്ന രാജ്യമാണിത്. ഭരിക്കുന്നവർ മുതലാളിത്തത്തിന്റെ ശിങ്കിടികളാകുകയും ദുരിതകാലത്തുപോലും ചെയ്യുന്നതെല്ലാം ആ ഒരു ശതമാനത്തിന്റെ താത്പര്യ സംരക്ഷണത്തിന് വേണ്ടി മാത്രമാകുകയും ചെയ്യുന്ന നാട്. ഈ ചെയ്തികൾ കൊണ്ടുമാത്രം ദിവസേന മനുഷ്യർ തെരുവുകളിൽ മരിച്ചു വീഴുന്ന, പെണ്ണുങ്ങൾ തെരുവോരത്ത് പെറേണ്ടി വരുന്ന, ജീവിക്കാൻ ഇടമില്ലാതെ കിടന്നുറങ്ങുന്നവർക്കുമേൽ തീവണ്ടിയോടിക്കുന്ന നാട്ടിൽ, ഈ ഘട്ടത്തിലും നാറിയ ‘ചാരിറ്റി’യുമായി വരുന്ന തമ്പ്രാന്മാർക്ക് മുഖമടച്ചുള്ള അടിയാണ് ഈ പെണ്കുട്ടിയുടെ തീരുമാനം. ധീരയായ പെണ്കുട്ടി.നിങ്ങളുടെ ചാരിറ്റിയെക്കുറിച്ചല്ല, സമൂഹത്തോടുള്ള കടമ നിങ്ങൾ നിർവഹിക്കുന്നുണ്ടോ എന്നാണ് ചോദ്യം ഉയരുന്നത്. സാമൂഹ്യനീതിയും വിഭവങ്ങളുടെ നീതിപൂർവകമായ വിതരണവും നമ്മുടെ ഭരണഘടനയുടെ അടിസ്ഥാനഘടനയുടെ ഭാഗമാണ്. ഭരണഘടനയുടെ നിർദ്ദേശക തത്വങ്ങളിൽ പശുവിനെ കുറിച്ചു മാത്രമല്ല മനുഷ്യരെക്കുറിച്ചുകൂടി പ്രതിപാദിക്കുന്നുണ്ട്. ഇന്ത്യാ ഗവണ്മെന്റ്‌റ് രാജ്യത്ത് സാമൂഹ്യ-സാമ്പത്തിക-രാഷ്ട്രീയ നീതി ഉറപ്പാക്കുന്ന തരത്തില്‍ പ്രവര്‍ത്തിക്കണം എന്ന് ഭരണഘടനയുടെ അനുച്ഛേദം 38(1) പറയുന്നു. വിവിധ വിഭാഗങ്ങളും വ്യക്തികളും തമ്മിലുള്ള വരുമാനത്തിലുള്ള അന്തരവും പദവി, സൗകര്യങ്ങള്‍, അവസരം എന്നിവയിലുള്ള അസമത്വവും ഇല്ലാതാക്കാന്‍ ഗവണ്മെന്റ് പ്രത്യേക ശ്രദ്ധ പതിപ്പിക്കണമെന്ന് അനുച്ഛേദം 38(2) ല്‍ പ്രതിപാദിച്ചിരിക്കുന്നു. എല്ല പൗരര്‍ക്കും ആവശ്യമായ ജീവനോപാധി ഉറപ്പാക്കുക, പൊതുനന്മക്കുതകുന്ന തരത്തില്‍ വിഭവങ്ങളുടെ നീതീപൂര്‍വകമായ വിതരണം നടത്തുക, സാമ്പത്തിക നയങ്ങള്‍ മൂലം സമ്പത്ത് ഒരു വിഭാഗത്തില്‍ കുമിഞ്ഞു കൂടുന്നില്ല എന്ന് ഉറപ്പുവരുത്തുക, സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും തുല്യവേതനം, തൊഴിലാളികളുടെ ഉയിരും ആരോഗ്യവും ചൂഷണം ചെയ്യപ്പെടുന്നില്ല എന്നും പ്രായത്തിനപ്പുറമുള്ള ജോലികള്‍ ചെയ്യേണ്ടിവരുന്നില്ല എന്നും ഉറപ്പാക്കുക, കുട്ടികളുടെ ബാല്യവും, സ്വാതന്ത്ര്യവും, അന്തസ്സും സംരക്ഷിക്കുക എന്നീ കാര്യങ്ങളൊക്കെ ഗവന്‍മെന്റിന്റെ കടമയാണെന്ന് അനുച്ഛേദം 39-ഉം വ്യക്തമാക്കുന്നു. ഈ കുട്ടി ബീഹാറിൽ നിന്നാണ്. രാജ്യത്തെ ഏറ്റവും പിന്നോക്കവസ്ഥയിൽ നിൽക്കുന്ന സംസ്ഥാനങ്ങളിൽ ഒന്ന്. 2008-ൽ ബിഹാർ ഗവണ്മെന്റിന്റെ, ഡി. ബന്ദോപദ്ധ്യായയുടെ നേതൃത്വത്തിൽ ഉള്ള ഭൂപരിഷ്കരണ കമ്മറ്റി ഒരു റിപ്പോർട്ട് സമർപ്പിച്ചിരുന്നു. സംസ്ഥാനത്ത് അടിയന്തരമായി ഭൂപരിഷ്കരണം നടപ്പിലാക്കണം എന്നായിരുന്നു നിർദ്ദേശം. രാജ്യത്ത് ആദ്യമായി ഭൂപരിഷ്കരണ നിയമം കൊണ്ടുവന്ന സംസ്ഥാനങ്ങളിലൊന്നാണ് ബിഹാർ. 1950-ൽ വന്ന നിയമമാണ്. പക്ഷെ നടപ്പായില്ല. വെള്ളം ചേർത്തു നേർപ്പിച്ച് നിയമം വായിക്കാൻ വയ്യാത്തത്ര അവ്യക്തമായ മഷികൊണ്ടാണ് ഇന്ന് ചാർത്തിയിരിക്കുന്നത്. അതിലെ ഇളവുകൾ എല്ലാം ഒഴിവാക്കി, കൃഷിഭൂമി, അല്ലാത്ത ഭൂമി എന്നിങ്ങനെയുള്ള വേർതിരുവുകൾ ഉപേക്ഷിച്ച്, തോട്ടങ്ങൾക്കുള്ള ആനുകൂല്യം എടുത്തു കളഞ്ഞ് നിയമം ശക്തമായി നടപ്പിലാക്കുക. സംസ്ഥാനത്തെ ഏറ്റവും ദരിദ്രരായ 16.8 ലക്ഷം കർഷക തൊഴിലാളികൾക്ക് ഒരേക്കർ ഭൂമി ഉറപ്പു വരുത്തുക. എന്നിങ്ങനെയൊക്കെ ആയിരുന്നു നിർദേശങ്ങൾ. അങ്ങനെയൊരു റിപ്പോർട്ടിനെക്കുറിച്ച് നമ്മുടെ രാഷ്ട്രീയ നേതൃത്വങ്ങൾ എപ്പോഴെങ്കിലും പറയുന്നത് കേട്ടിട്ടുണ്ടോ? നടപ്പിലാക്കണം എന്ന ആവശ്യം ആരെങ്കിലും ഉന്നയിച്ചിട്ടുണ്ടോ? ഇതൊന്നും വേണ്ട അച്ഛനെയും പിറകിലിരുത്തി 1300 കിലോമീറ്ററുകൾ സൈക്കിളോടിച്ച പെണ്കുട്ടിയോട് മകളെ കഷ്ടപ്പെട്ടത് മതി, സൈക്കിളുമായി ഇതിൽ കയറിക്കോളൂ ഞങ്ങൾ നിന്നെ വീട്ടിൽ എത്തിക്കാം എന്നു പറഞ്ഞൊരു വാഹനമയക്കാൻ, അവരെ നഗരം കുടിയിറക്കിയപ്പോൾ നിങ്ങൾ ഈ മഹാവ്യാധിയുടെ അപകടകാലത്ത് എങ്ങും പോകേണ്ട, ഇവിടെ നിൽക്കുക, നിങ്ങൾക്കുള്ള പാർപ്പിടവും ഭക്ഷണവും മരുന്നും ഞങ്ങൾ ഒരുക്കാം എന്നൊന്ന് ആശ്വസിപ്പിക്കാൻ നിങ്ങൾക്ക് മനസുണ്ടായോ? ഇനിയുമിനിയും ആയിരക്കണക്കിന് ജ്യോതികുമാരിമാർ നമ്മുടെ നിരത്തുകളിൽ ഉണ്ട്. കരുണയെന്തെന്നറിയാത്ത ഒരു നാട്ടിൽ വെറും നാലു മണിക്കൂർ മാത്രം സമയം നൽകി ഖിസമ്പൂർണ ലോക്ക്ഡൗൻ പ്രഖ്യാപിച്ച പ്രധാനമന്ത്രി ഇവരെക്കുറിച്ച് ഒരു നിമിഷമെങ്കിലും ചിന്തിച്ചിട്ടുണ്ടോ?1300 കിലോമീറ്റർ അവൾ ജീവിതത്തിന്റെ സകലദുരിതങ്ങളും പേറിയവൾ സൈക്കിൾ ഓടിച്ചത് നിങ്ങളുടെ ക്രൂരതയോർത്താണ്. എന്തുകൊണ്ടാണ് അവരെപ്പോലെ പതിനായിരങ്ങൾ മരണം പോലും മുന്നിൽ കണ്ട് പലായനം ചെയ്തത് എന്ന് ഓർത്തിട്ടുണ്ടോ? എട്ടുമണി പ്രഖ്യാപനത്തിനു ശേഷം ലഭിച്ച നാല് മണിക്കൂർക്കൊണ്ട് അവർ ചുറ്റുമൊന്നു നോക്കികാണണം. ഇന്നലെ വരെ അടിമപ്പണി എടുപ്പിച്ചവരുടെ കരുണയില്ലാത്ത കണ്ണുകളിലേക്ക്, വീട്ടിലെ കാലിയായ അരിപാത്രത്തിലേക്ക്, അകലെ മറ്റൊരു നാട്ടിൽ കഴിയുന്ന സ്വന്തം കുടുംബത്തിന്റെ നിസ്സഹാതയിലേക്ക്… പിന്നെ പ്രജാപതിയുടെ എട്ടുമണിക്കണ്ണിലേക്ക് ഒന്നു കൂടി നോക്കിയിട്ടുണ്ടാകാം. അയാളെ, നമ്മുടെ ഭരണകൂടങ്ങളെ ഒറ്റ ആ നോട്ടത്തിൽ ശരിയാംവണ്ണം തിരിച്ചറിഞ്ഞിട്ടുണ്ടാകണം. എന്നിട്ടാകണം അവർ നടക്കാൻ ആരംഭിച്ചത്…അതിനിടയിൽ ഫെഡറേഷന്റെ ഔദാര്യം. ത്ഫൂ! നമ്മൾ സംസാരിക്കേണ്ടത് അവകാശങ്ങളെക്കുറിച്ചാണ്. ഒരു ജനത എന്ന നിലയ്ക്ക് നമുക്കതിന് കഴിയുമോ എന്നതാണ് ചോദ്യം.
ഭീം_യു.പി.ഐ പേയ്‌മെന്റ് സംവിധാനത്തിൽ വൻ ഡാറ്റാ ചോർച്ച. ലക്ഷക്കണക്കിന് ഉപഭോക്തക്കളുടെ അതിപ്രധാന വിവരങ്ങൾ ചോർന്നു. ആധാർ, ഐ.ഡി. പ്രൂഫുകൾ, ബയോമെട്രിക്ക് വിവരങ്ങൾ (ഫിംഗർ പ്രിന്റ് സ്കാൻ, ഫോട്ടോ etc) ഉൾപ്പടെ ചോർന്നുവെന്നു റിപ്പോർട്ട്. ലോകത്തിലെ ഏറ്റവും വലിയ വി.പി.എൻ. റിവ്യൂ ടീം ആയ വി.പി.എൻ.മെന്റർ ആണ് വൻ സുരക്ഷാ വീഴ്ച കണ്ടെത്തിയത്. ഭിം-യു.പി.ഐ. പ്രൊമോഷനു വേണ്ടി ഇന്ത്യ ഗവണ്മെന്റ് തയ്യാറാക്കിയ സി.ഏസ്.സി.ഭിം (www.cscbhim.in) എന്ന വെബ്‌സൈറ്റിൽ നിന്നുമാണ് വിവര ചോർച്ച ഉണ്ടായിരിക്കുന്നത്. ലക്ഷക്കണക്കിന് ആളുകളുടെ വിവരങ്ങൾ ഉൾക്കൊള്ളുന്ന 409 ജിഗാബൈറ്റ് ഡാറ്റ, സൈബർ സുരക്ഷയുടെ പ്രാഥമിക പാഠങ്ങൾ മറന്നുകൊണ്ടു കൈകാര്യം ചെയ്തു പൊന്നിരുന്നതുകൊണ്ടാണ് ചോർന്നത്. പണരഹിത ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിന് 2016-ൽ ഇന്ത്യാ ഗവണ്മെന്റ് ആവിഷ്കരിച്ച ഭിം, ബാങ്ക് അക്കൗണ്ടുകൾ തമ്മിലും ഈ-വ്യാപാരത്തിനും മൊബൈൽ ഫോണിൽ നിന്ന് പണമിടപാടുകൾ സാധ്യമാക്കുന്ന സംവിധാനമാണ്. നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ (NPCI) യു.പി.ഐ. സാങ്കേതത്തിലൂടെയാണ് ഇടപാടുകൾ നടത്തുന്നത്. എല്ലാ ബാങ്ക് അക്കൗണ്ട് ഉടമകൾക്കും തങ്ങളുടെ മൊബൈൽ നമ്പറുമായി ബന്ധിപ്പിച്ച് ഒരു ഐ.ഡി. നല്കികൊണ്ടാണ് ഇതു പ്രവർത്തിക്കുന്നത്. വ്യക്തികൾ തമ്മിലോ, വ്യാപാര സ്ഥാപനങ്ങൾ തമ്മിലോ, വ്യക്തികളും വ്യാപാര സ്ഥാപനങ്ങളും തമ്മിലോ പണമിടപാടുകൾ നടത്താം. സി.എസ്.ഈ.-ഇ-ഗവർണൻസ് സർവീസ് ലിമിറ്റഡ് എന്ന കമ്പനിയും ഇന്ത്യാ ഗവണ്മെന്റും ചേർന്നൊരുക്കിയ വെബ്‌സൈറ്റിൽ ആണ് സുരക്ഷാ വീഴ്ച. വിവരങ്ങൾ ശേഖരിച്ചു സൂക്ഷിച്ചിരുന്നത് ആമസോണ് വെബ്‌സർവീസിന്റെ എസ്3 ബക്കറ്റിൽ ആണ്. ഈ സേവനം ഉപയോഗപ്പെടുത്തുന്നവർ അവരുടെ അക്കൗണ്ടിൽ ആവശ്യമായ സുരക്ഷാമാനകങ്ങൾ ഒരുക്കേണ്ടതുണ്ട്. എന്നാൽ ഇവിടെ സി.എസ്.സി.-ഭീം എന്ന അക്കൗണ്ടിൽ അത്തരത്തിലുള്ള യാതൊരു മുൻകരുതലുകളും സ്വീകരിച്ചിരുന്നില്ല. എൻക്രിപ്ഷനോ മറ്റു സുരക്ഷാ പ്രോട്ടോകോളുകളോ ഒന്നും സ്വീകരിച്ചിരുന്നില്ല. സുരക്ഷ സംബന്ധിച്ച ആമസോണിന്റെ മാർഗനിർദേശങ്ങളും പാലിച്ചിരുന്നില്ല. രാജ്യത്തെമ്പാടും ഭീം-യു.പി.ഐ. പ്രചാരണത്തിന് രൂപകൽപ്പന ചെയ്ത ഈ വെബ്‌സൈറ്റിൽ ലക്ഷക്കണക്കിന് വ്യാപരികളാണ് രജിസ്റ്റർ ചെയ്തിരുന്നത്. കച്ചവടക്കാർ, സേവനദാതാക്കൾ, പ്ലംബര്മാര്, കർഷകർ, മെക്കാനിക്കുകൾ എന്നിങ്ങനെ നിരവധി ആളുകൾ. 2019 ഫെബ്രുവരി മാസം മുതലുള്ള വിവരങ്ങളാണ് പ്രസ്തുത എ. ഡബ്ലിയു. എസ്.- എസ്.3 ബക്കറ്റിൽ ഉള്ളതെങ്കിലും അതു തന്നെ 70 ലക്ഷത്തിലേറെ വിവരങ്ങൾ വരും. സ്കാൻ ചെയ്ത ആധാർ ലെറ്ററുകൾ, ജാതി സർട്ടിഫിക്കറ്റുകൾ, ഫോട്ടോകൾ, വിദ്യാഭ്യാസ രേഖകളും സർട്ടിഫികറ്റുകളും, പണമിടപാടുകളുടെ തെളിവായി സൂക്ഷിച്ച സ്ക്രീന്ഷോട്ടുകൾ, പാൻ കാർഡ്, പേര്, വിലാസം, ജനനത്തിയത്തി, ബയോമെട്രിക്ക് വിവരങ്ങൾ, വിരലടയാള സ്കാൻ, തിരിച്ചറിയൽ രേഖകൾ, നമ്പറുകൾ തുടങ്ങി നിരവധി വിവരങ്ങളാണ് പുറത്തായത്. കൂടാതെ വ്യക്തിഗത ഉപഭോക്താക്കളുടെയും വ്യാപരികളുടെയും പേരും വിലാസവും ഫോൺ നമ്പറും യു.പി.ഐ. ഐ.ഡി.യുമൊക്കെ ഉൾപ്പെടുന്ന സി.എസ്.വി. ഫയലുകളും ഉണ്ടായിരുന്നു.18 വയസിൽ താഴെയുള്ള കുട്ടികളുടെയടക്കം വിവരങ്ങൾ ഉണ്ടായിരുന്നു എന്നത് ഇതുപയോഗിച്ചുള്ള തട്ടിപ്പുകളുടെ സാധ്യത കൂട്ടുന്നു. ക്രിമിനൽ ഹാക്കർമാരുടെ കൈയ്യിൽ ഒരു ബാങ്കിന്റെ മുഴുവൻ വിവരശേഖരം മുഴുവൻ ലഭിക്കുന്നതിന് സമാനമായ പ്രശ്നങ്ങളാണ് ഇത് ഉണ്ടാക്കുന്നത്. തട്ടിപ്പിന്റെ ചില സാധ്യതകൾ ലഘുവായി വിവരിക്കാം:1. വ്യക്തിത്വ അപഹരണം (Identity Theft): ഇതിൽ ലഭ്യമായ തിരിച്ചറിയൽ വിവരങ്ങൾ ഉപയോഗിച്ച് മറ്റൊരാളുടെ പേരിൽ ബാങ്ക് അക്കൗണ്ട് തുടങ്ങാം, ഇടപാടുകൾ നടത്താം, കമ്പനി രജിസ്റ്റർ ചെയ്യാം, നിയമവിരുദ്ധമായ സാധാനങ്ങൾ വാങ്ങാം, കുറ്റകൃത്യങ്ങൾ ചെയ്യാം… 2. നികുതി തട്ടിപ്പുകൾ: മറ്റൊരാളുടെ നികുതി വിവരങ്ങൾ ഉപയോഗിച്ച്, തെറ്റായ കണക്കുകൾ സമർപ്പിക്കാം 3. മോഷണം: ഭിം വിവരങ്ങൾ ഉപയോഗിച്ച് പണം തട്ടിയെടുക്കാനും ബാങ്ക് അക്കൗണ്ടിന്റെ നിയന്ത്രണം കൈവശപ്പെടുത്താനും കഴിഞ്ഞേക്കാം. 4. വ്യാപരികളുടെയും സുഹൃത്തുക്കളുടെയും ഐ.ഡി. കൾക്ക് സമാനമായ ഐ.ഡി.കളും മറ്റും ഉണ്ടാക്കുക വഴി ആപ്പുകൾ മുഖേന പണം തട്ടാനുള്ള സാധ്യതയുണ്ട്. സൈബർ സുരക്ഷാ സാക്ഷരത ദയനീയമായ നിലയിൽ ഉള്ള നമ്മുടെ നാട്ടിൽ ഇതിന്റെ പ്രത്യാഘാതങ്ങൾ പ്രവചനാതീതമാണ്. 70 ലക്ഷം ആളുകളിൽ ഒരു ചെറിയ ശതമാനത്തെ മാത്രം ലക്ഷ്യം വച്ചാൽ മതി വലിയ സാമ്പത്തിക തട്ടിപ്പുകൾ നടത്തുവാൻ. എസ്.3 ബക്കറ്റ് ആക്സസ് ലഭിക്കുന്ന ക്രിമിനലുകൾ ഭിം-ന്റെ മുഴുവൻ വിവര-വിശകലന-സംവിധാനത്തെയും അപകടപ്പെടുത്തുന്ന അപകടകരമായ സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ച് തകർക്കാനും മതി. സുരക്ഷാപ്രശ്നം കണ്ടെത്തിയതിനെത്തുടർന്ന് വി.പി.എൻ. മെന്റേഴ്‌സ് ആദ്യം സി.എസ്.സി.യെ സമീപിച്ചുവെങ്കിലും പ്രതികരണം ഒന്നുമുണ്ടായില്ലത്രേ. അതേതുടർന്ന് ഏപ്രിൽ 28-ന് അവർ CERT-in (Computer Emergency Response Team)-നെ സമീപിച്ചു. അങ്ങനെ മേയ് മാസം 22-ഓട് കൂടി പ്രശ്നം പരിഹരിക്കപ്പെട്ടു എന്നാണ് റിപ്പോർട്ട്. ഒരു വിവര സുരക്ഷാ/ സ്വകാര്യതാ നിയമം പോലുമില്ല നമ്മുടെ രാജ്യത്ത്. ഇവിടെ ഇത്രമേൽ ഗുരുതരമായ വീഴ്ചകളെ എങ്ങനെയാണ് കൈകാര്യം ചെയ്യാനാകുക എന്നത് ഒരു ചോദ്യചിഹ്നമാണ്. സ്വകാര്യതാ നിയമവും വിവരസുരക്ഷയ്ക്കും സ്വകാര്യതാ സംരക്ഷണത്തിനും വേണ്ടിയുള്ള സമഗ്രമായ ചട്ടക്കൂടും എത്രമാത്രം അനിവാര്യമാണ് എന്നത് ഒരിക്കൽ കൂടി അടിവരയിട്ടു പറയുകയാണ് ഈ സംഭവവികാസം.
This article was published in DoolNews on 02/06/2020
സുപ്രീംകോടതിയുടെ അന്തിമ തീരുമാനങ്ങളിൽ തെറ്റുണ്ടെന്നു തോന്നിയാൽ അതു വീണ്ടും പരിഗണിക്കുവാൻ, തിരുത്തുവാൻ അവസരമൊരുക്കുന്നതാണ് പുനപരിശോധനാ ഹർജികൾ. ആർട്ടിക്കിൾ 137 പ്രകാരമാണ് റിവ്യൂ ഹർജികൾ. സുപ്രീംകോടതി വിധിയുടെ അന്തിമത്വം നിലനിർത്തുക എന്നത് നിയമവാഴ്ചയുടെ നിലനിൽപ്പിന് അന്ത്യന്താപേക്ഷിതമായതുകൊണ്ട് അപൂർവമായാണ് റീവ്യൂ പരിഗണിക്കുക. അതിന് ഒന്നുകിൽ മുമ്പ് പരിഗണിച്ചിട്ടില്ലാത്ത വളരെ പ്രധാനപ്പെട്ട തെളിവ് വേണം അല്ലെങ്കിൽ നിലവിലെ വിധിയിൽ ‘പ്രത്യക്ഷത്തിൽ തന്നെ വ്യക്തമാകുന്ന തെറ്റുകൾ’ (error apparent on the face of record) വേണം. റിവ്യൂ എന്നാൽ ഒരു വിധിക്കെതിരെയുള്ള അപ്പീലല്ല. Apparent error on the face of record എന്നു പറഞ്ഞാൽ നിയമവ്യാഖ്യാനങ്ങളിലെ പിഴവുകളല്ല. (അവ പരിഗണിക്കുക അപ്പീലിൽ ആണ്). പ്രഥമദൃഷ്ട്യാ തെറ്റായ വിവരങ്ങൾ കാണണം വിധിയിൽ. ശബരിമല വിധിയിൽ അങ്ങനെ റിവ്യൂവിന് പരിഗണിക്കാവുന്ന യാതൊരു കാരണങ്ങളും കണ്ടെത്താനായിട്ടില്ല. അതുകൊണ്ട് തന്നെ പുനപരിശോധനാ ഹർജികൾ ഒന്നും അനുവദിച്ചിട്ടില്ല. അങ്ങനെയുള്ള സാഹചര്യങ്ങളിലെ സ്വാഭാവിക നടപടി ഹർജികൾ തള്ളുക എന്നതാണ്. ജസ്റ്റിസ് ഡി. വൈ ചന്ദ്രചൂഡും ജസ്റ്റിസ് നരിമാനും അതാണ് ചെയ്തതും. എന്നാൽ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയിയും ജസ്റ്റിസ്. ഖാൻവൽക്കറും ജസ്റ്റിസ്. ഇന്ദു മൽഹോത്രയും ചേർന്ന് പുതിയൊരു കീഴ്‌വഴക്കം സൃഷ്ടിക്കുകയാണ് ഇവിടെ. ജസ്റ്റിസ്. ഖാൻവാൽക്കർ അന്നത്തെ ചീഫ് ജസ്റ്റിസിന്റെ സ്ത്രീ പ്രവേശനത്തിന് അനുകൂലമായ വിധിയ്ക്കൊപ്പം ചേർന്നതാണ്, കഴിഞ്ഞ വർഷം. ഇത്തവണ പുതിയ ചീഫ് ജസ്റ്റിസിനൊപ്പമാണ്. പുതിയ ഭൂരിപക്ഷ വിധി തുടങ്ങുന്നത് തന്നെ സുപ്രീംകോടതി ചട്ടങ്ങൾ അനുസരിച്ചാണ് സാധാരണ റിവ്യൂ ഹർജികൾ പരിഗണിക്കേണ്ടത്, എന്നാൽ ഇവിടെ റിവ്യൂ ഹർജികളും ഇതേ വിഷയത്തിലെ മറ്റ് റിട്ട് ഹർജികളും ഒരുമിച്ചാണ് കേൾക്കുന്നത് എന്ന ആമുഖത്തോടെയാണ്. നിലവിലെ വിധിയിലെ പിഴവുകൾ ചൂണ്ടിക്കാട്ടുകയാണ് പുനഃപരിശോധനാ ഹർജികളുടെ ലക്ഷ്യം. അതു പരിഗണിക്കുക വിധി പറഞ്ഞ അതേ ബെഞ്ചാണ്. ഒരു വിധിക്കെതിരെ മറ്റൊരു റിട്ട് ഫയൽ ചെയ്യാനും കഴിയില്ല. പിന്നെ എന്താണ് ഒരുമിച്ചു പരിഗണിക്കുക എന്നത് ന്യായമായ സംശയമാണ്. വിധിയിൽ പറഞ്ഞിരിക്കുന്ന സമാന സ്വഭാവമുള്ള കേസുകൾ. മുസ്‌ലിം സ്ത്രീകളുടെ മസ്ജിദ് പ്രവേശം, ദാവൂദ ബോറ വിഭാഗത്തിൽ പെട്ട സ്ത്രീകളുടെ ചേലാകർമം, പാഴ്‌സി ഫയർ ടെമ്പിളിന്റെ പ്രശ്നം തുടങ്ങിയവയൊന്നും റിവ്യൂ ബഞ്ചിന്റെ മുന്നിലുള്ള കാര്യങ്ങളല്ല. ഇതുമായി ബന്ധപ്പെട്ട് ഉയർന്നു വന്നേക്കാവുന്ന പൊതു സംശയങ്ങളാണ് (ആർട്ടിക്കിൾ 25, 26-ന്റെയൊക്കെ വ്യാഖ്യാനം സംബന്ധിച്ച്), അത് ശബരിമലയിലും ബാധകമായേക്കാം എന്നു നിരീക്ഷിച്ചുകൊണ്ട് ഒരു 7 അംഗ ബെഞ്ചിന് വിട്ടിരിക്കുന്നത്. ഇവിടെ വാക്കുകൾ ശ്രദ്ധിക്കേണ്ടതാണ്. വന്നേക്കാവുന്ന, ബാധകമായേക്കാവുന്ന എന്നിങ്ങനെയാണ്. അതായത് കോടതിയ്ക്ക് മുന്നിൽ ഇപ്പോൾ ഉള്ള പ്രശ്നങ്ങളെ സംബന്ധിച്ചല്ല പ്രതിപാദിച്ചിരിക്കുന്നത്, ശബരിമല വിധിയിലെ വ്യാഖ്യാനങ്ങളിൽ ഏതെങ്കിലും തരത്തിലുള്ള പിശക് ഉണ്ടെന്ന് തോന്നിയതുകൊണ്ടും അല്ല, ഇനി വരാവുന്ന കാര്യങ്ങളെപ്രതിയാണ് ആവലാതി. മുൻകൂർ വിധി പറയുന്ന ഒരു കീഴ്‌വഴക്കം സൃഷ്ടിക്കുകയാണോ കോടതി? മാത്രവുമല്ല റിട്ട് ഹർജികൾക്ക് നിയതമായ ഒരു വഴിയുണ്ട്. ആദ്യം ഒരു ഡിവിഷൻ ബഞ്ച് പരിഗണിക്കും, അവരെ ബോധ്യപ്പെടുത്താൻ കഴിഞ്ഞാൽ വാദം കേൾക്കും. അവിടെ ഗൗരവതരമായ ഭരണഘടനാപ്രശ്നങ്ങൾ ഉണ്ടെന്നു കണ്ടാൽ 5 അംഗ ബെഞ്ചിന് വിടും. ഇതൊക്കെ മറികടന്ന് ഒറ്റയടിക്ക് ഈ പ്രശനങ്ങൾ പ്രത്യേകിച്ച് ഒരു കാരണവും കേൾക്കാതെ 7 അംഗ ബെഞ്ചിന് വിടുന്നത് വിധിയിൽ പറയുന്നതുപോലെ ജുഡീഷ്യൽ അച്ചടക്കത്തിനു സഹായകമാവുകയല്ല മറിച്ച് നിലവിലുള്ള കീഴ്‌വഴക്കങ്ങളെ അട്ടിമറിക്കുകയാണ് ചെയ്യുക. 32 ജഡ്‌ജിമാർ ഉള്ള കേസുകൾ വിവിധ ബഞ്ചുകളായി തിരിഞ്ഞു കേൾക്കുന്ന സംവിധാനം നിലനിൽക്കുന്ന ഇന്ത്യയിലേതുപോലെ ഉള്ള നിയമ സംവിധാനത്തിൽ അതു വളരെ പ്രധാനമാണ്. ഒരേ വിഷയത്തിൽ പല ബഞ്ചുകൾ വ്യതസ്ത അഭിപ്രായങ്ങൾ പറഞ്ഞാലോ, ഭരണഘടനാ ബഞ്ചേങ്കിൽ ഒരേ വലിപ്പം ഉള്ള മറ്റൊരു ബഞ്ച് നിലവിലെ ഉത്തരവിൽ പിശകുണ്ട് എന്നു കണ്ടെത്തിയാലോ ആണ് വിഷയം വിശാല ബഞ്ചിന്റെ പരിഗണനയ്ക്കു വിടുന്നത്. ഇവിടെ ശബരിമല റിവ്യൂ ബഞ്ച് കഴിഞ്ഞ വർഷത്തെ വിധിയിൽ തെറ്റുകൾ ഒന്നും കണ്ടെത്തിയിട്ടില്ല. ബന്ധപ്പെട്ട വകുപ്പുകളുടെ വ്യാഖ്യാനത്തിലും അഭിപ്രായ വ്യത്യാസം ഒന്നും രേഖപ്പെടുത്തിയിട്ടില്ല. പിന്നെ എന്തിനാണ് ഈ റഫറൽ എന്നത് വിധി വായിച്ചാൽ മനസിലാക്കാനാകില്ല. മാത്രമല്ല വിധിയിൽ പരാമര്ശിച്ചിരിക്കുന്ന കേസുകൾ നിലവിൽ വിവിധ ഡിവിഷൻ ബഞ്ചുകൾ പരിഗണിക്കേണ്ടതാണ്. ശബരിമല വിധിയിൽ റിവ്യൂ അനുവദിച്ചിട്ടില്ല. ആർട്ടിക്കിൾ 25, 26 സംബന്ധിച്ച വിശാല ബഞ്ചിന്റെ വ്യാഖ്യാനം വരുന്നതുവരെ കേസ് മാറ്റി വച്ചിരിക്കുകയാണ്. അതിനുശേഷം റിവ്യൂ വീണ്ടും പരിഗണിക്കണോ എന്നു തീരുമാനിക്കും. ഫലത്തിൽ ശബരിമലയെ സംബന്ധിച്ച വിധി മാറ്റമില്ലാതെ തുടരുന്നു. അതായത് ഇനി പുതിയ വിധിയിൽ പറയുന്ന കേസുകൾ പരിഗണിക്കുന്ന ഡിവിഷൻ ബഞ്ചുകൾക്കും ഈ വിധി പിന്തുടരുവാനേ കഴിയൂ. അപ്പോൾ വീണ്ടും നമ്മൾ തുടങ്ങിയിടത്തു തന്നെ വന്നു ചേരും. ശബരിമല പുനഃപരിശോധനാ ഹർജിയിലെ തീരുമാനത്തിന് കാത്തു നിന്നാൽ മാത്രമേ ഏതെങ്കിലും ഒരു പുതിയ വ്യാഖ്യാനത്തിന് ഡിവിഷൻ ബഞ്ചുകൾക്ക് സാധിക്കൂ. ചീഫ് ജസ്റ്റിസ് ഗോഗോയിയുടെ ബഞ്ച് വ്യാഴാഴ്ച അതിൽ തീരുമാനം എടുത്തതുമില്ല. പുനഃപരിശോധനാ ഹർജിയിൽ കേട്ടുകേൾവി പോലുമില്ലാത്ത അസാധാരണ നടപടികൾക്ക് മുതിരുകവഴി എന്തിനെക്കുറിച്ചും എല്ലാറ്റിനെക്കുറിച്ചും ഒരുമിച്ചൊരു ഹര്ജി ആർക്കും കൊടുക്കാമെന്നും അതു കോടതി അനുവദിക്കും എന്നുമാണ് അര്ഥമാക്കുന്നതെങ്കിൽ അത് ജുഡീഷ്യൽ അച്ചടക്കത്തിന് എത്രമാത്രം ഗുണകരമാണ് എന്ന കാര്യം ചിന്തനീയമാണ്. ജസ്റ്റിസ്.ചന്ദ്രചൂഡിനും കൂടി വേണ്ടി ജസ്റ്റിസ്. നരിമാൻ എഴുതിയ വിയോജന വിധിന്യായം ഇക്കാര്യങ്ങളൊക്കെ വിശദീകരിക്കുന്നുണ്ട്. വിയോജന വിധിയിലെ തടസവാദങ്ങളിൽ ഒന്നുപോലും ഭൂരിപക്ഷ വിധിയിൽ പരാമർശിക്കപ്പെടുന്നില്ല എന്നു മാത്രമല്ല എന്തുകൊണ്ട് റിവ്യൂ ഹർജിയിൽ തങ്ങൾ ഇത്തരം ഒരു തീരുമാനത്തിലെത്തിച്ചേരുന്നു എന്നു വിശദീകരിക്കുന്നുപോലും ഇല്ല. എന്തു തന്നെയായാലും നിയമ വിദ്യാർത്ഥികൾക്ക് മാതൃകയാക്കാവുന്ന ഒരു വിധിയല്ല ഭൂരിപക്ഷത്തിന്റേത്.
This article was first published in Dool News on 19/11/2019
കശ്മീരിൽ 5 മാസമായി നിലനിൽക്കുന്ന ഇന്റർനെറ്റ് വിച്ഛേദനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി ഒരേ സമയം നിരാശജനകവും പ്രതീക്ഷ നൽകുന്നതുമാണ്. ഹർജിക്കാർ കോടതിയ്ക്ക് മുൻപാകെ ആവശ്യപ്പെട്ടത് കശ്മീരിലെ ഇന്റർനെറ്റ് വിച്ഛേദവവും സംസ്ഥാന വ്യാപകമായി ഏർപ്പെടുത്തിയിട്ടുള്ള 144-ഉം റദ്ദു ചെയ്യണം എന്നായിരുന്നു. സ്വാഭാവികമായും കോടതി ചെയ്യേണ്ടിയിരുന്നത് ഈ നിരോധന ഉത്തരവുകൾ പരിശോധിച്ച് അതിന്റെ നിയമപരത വിലയിരുത്തുക എന്നതായിരുന്നു. എന്നാൽ അതിലേക്കു കടക്കുന്നതിനു പകരം ടെലിക്കോം വിച്ഛേദന ചട്ടങ്ങൾ അനുസരിച്ചുള്ള പരിശിധനാ സമിതി ഈ ഉത്തരവുകൾ ഒരാഴ്ചക്കുള്ളിൽ പുനഃപരിശോധിക്കണം എന്ന് പ്രസ്താവിക്കുകയാണ് കോടതി ചെയ്തത്. അതായത് ഇപ്പോൾ കശ്മീരിൽ ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ തുടരും. ഇന്റർനെറ്റ് ഉടൻ പുനഃസ്ഥാപിക്കില്ല. ക്രിമിനൽ നിയമം വകുപ്പ് 144 അനുസരിച്ചുള്ള നിയന്ത്രണങ്ങൾ നിലനിൽക്കും. ഇതേ ഗവണ്മെന്റിന് കീഴിലുള്ള റിവ്യൂ കമ്മിറ്റി മറിച്ചൊരു തീരുമാനം എടുക്കുമെന്ന് കരുതുക വയ്യ. അതുകൊണ്ടുതന്നെ പ്രത്യക്ഷത്തിൽ പുരോഗമനപരമായ നിലപാടുകൾ സ്വീകരിക്കുകയും, എന്നാൽ ഉടൻ വേണ്ട ഭരണഘടനാപരമായ പരിശോധന നടത്താതെയിരിക്കുകയും ചെയ്യുന്ന കോടതി നടപടി ഒരുതരം കൈകഴുകൽ ആയി വ്യാഖ്യാനിക്കപ്പെടാം. എന്നിരുന്നാലും അവകാശപോരാട്ടങ്ങളുടെ ഭാവി ഭൂമികയിലേക്ക് ഒരു നാഴികക്കല്ല് ആണെന്ന് പറയാതെവയ്യ.
‘ദേശസുരക്ഷ’ എന്തും ചെയ്യാനുള്ള ലൈസൻസ് അല്ല.
ദേശസുരക്ഷയുടെ പേരിൽ, ഭീകരവാദത്തിന്റെ പേരിൽ, കശ്മീരിൽ സ്വീകരിക്കുന്ന നടപടികളിൽ കോടതി ഇടപെടരുത് എന്നായിരുന്നു ഗവണ്മെന്റിന്റെ ആവശ്യം. അതായത് അനുച്ഛേദം 370 ഇല്ലായ്മചെയ്തതോടെ ഇന്ത്യൻ ഭരണഘടന നൽകുന്ന അവകാശങ്ങളും അധികാരങ്ങളും കാശ്മീരികൾക്കും നൽകുകയാണ് ചെയ്തത് എന്നു നമ്മോടു പറഞ്ഞ ഗവണ്മെന്റ് കോടതിയിൽ വാദിച്ചത് കശ്മീരിൽ തങ്ങൾ ഭരണഘടനയ്ക്ക് മുകളിൽ ആണ് എന്നായിരുന്നു. ദേശസുരക്ഷ എന്ന എന്ന ഒറ്റവാക്കിൽ ഭരണഘടന നൽകുന്ന മൗലിക അവകാശങ്ങൾ മറികടക്കാൻ ഗവണ്മെന്റിന് അധികാരമുണ്ട് എന്ന്. ഈ പേരിൽ ഇന്റർനെറ്റ് വിലക്കും 144-ഉം സംബന്ധിച്ച ഉത്തരവുകൾ കോടതിയിൽ ഹാജരാക്കാൻ പോലും ഗവണ്മെന്റ് വിസമ്മതിച്ചു. ആ പദ്ധതി രാജ്യത്ത് നടക്കില്ല എന്നാണ് കോടതി ഇപ്പോൾ വിധി പറഞ്ഞിരിക്കുന്നത്.
ഇന്റർനെറ്റ് മൗലിക അവകാശമാണ്
ഇന്റർനെറ്റ് വിച്ഛേദനവുമായി ബന്ധപ്പെട്ട കോടതിയുടെ വിധി ഇങ്ങനെ സംഗ്രഹിക്കാം: • ഇന്റർനെറ്റ് ഭരണഘടനയുടെ അനുച്ഛേദം 19(1)(എ) പ്രകാരം മൗലിക അവകാശമായി സംരക്ഷിച്ചിരിക്കുന്ന അഭിപ്രായസ്വാതന്ത്ര്യത്തിന്റെ ഭാഗമാണ് ഇന്റര്നെറ്റിലൂടെയുള്ള ആശയ വിനിമയവും വാണിജ്യവുമെല്ലാം എന്ന് കോടതി പ്രഖ്യാപിച്ചിരിക്കുന്നു. • അതുകൊണ്ടുതന്നെ അനുച്ഛേദം 19(2) അനുവദിക്കുന്ന നീതിയുക്തമായ നിയന്ത്രണങ്ങൾ മാത്രമേ പാടുള്ളൂ. അതായത്, ആസന്നമായ ഭീഷണി ഉയർത്തുന്ന വിദ്വേഷപ്രസ്താവനകളോ രാജ്യത്തിന്റെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും ഹാനി വരുത്തുന്ന പ്രവർത്തികളും മാത്രമേ നിയന്ത്രിക്കാനാവൂ. • സമയപരിധിയില്ലാതെ, എത്രകാലം വേണമെങ്കിലും ഇന്റർനെറ്റ് വിലക്ക് തുടർന്നുകൊണ്ടുപോകുവാൻ ഗവണ്മെന്റുകൾക്ക് അധികാരമില്ല. അത് ഭരണഘടന ആവശ്യപ്പെടുന്ന ആനുപാതികതയുടെ ലംഘനമാണ്. • സാങ്കേതികമായി സാധ്യമല്ലാത്തതുകൊണ്ട് വെബ്‌സൈറ്റുകളെ തെരഞ്ഞുപിടിച്ചു വിലക്കുവാൻ സാധ്യമല്ലാത്തതുകൊണ്ട് ഇന്റർനെറ്റ് പൂർണമായി നിരോധിക്കുകയല്ലാതെ മറ്റു മാർഗങ്ങൾ ഇല്ല എന്ന ഗവണ്മെന്റിന്റെ വാദം അംഗീകരിക്കാനാകില്ല.
സമകാലിക രാഷ്ട്രീയസാഹചര്യങ്ങളിൽ ഇതൊരു ചെറിയ നേട്ടമല്ല. ഇന്റർനെറ്റ് മൗലിക അവകാശമാണെന്നു പ്രഖ്യാപിച്ചതിലൂടെ അതു വിലക്കുന്നത് മൗലീകവകാശ ലംഘനമാണെന്ന് വരുന്നു. ഇത്തരം വിലക്കുകൾ ഏർപ്പെടുത്തിയാൽ അതിന്റെ കാരണം എന്താണെന്ന് അറിയാനുള്ള അവകാശം പൊതുജനത്തിനുണ്ട്. അതുകൊണ്ട് നിരോധന ഉത്തരവുകൾ പരസ്യപ്പെടുത്തേണ്ടതാണ്. അഥവാ പരസ്യപ്പെടുത്താനാകാത്ത കാരണങ്ങൾ ഉണ്ടെങ്കിൽ ഓരോരോ കേസുകളായി ഗവണ്മെന്റിന് അതു സ്ഥാപിക്കേണ്ടിവരും. വിലക്ക് നീതിയുക്തമാണ് എന്നും അനുപാതികമാണ് എന്നും ഗവണ്മെന്റ് കോടതിയിൽ തെളിയിക്കേണ്ടി വരും.
വിധിയുടെ 70-ാം ഖണ്ഡിക നോക്കുക: “ഇത്തരം നടപടികൾ സ്വീകരിക്കുന്നതിന് മുൻപ് ലക്ഷ്യം നേടുന്നതിന് മറ്റു മാർഗങ്ങൾ ഉണ്ടോ എന്ന് ഗവണ്മെന്റ് പരിശോധിക്കണം. ഇത്തരം നടപടികൾ ആവശ്യമാണോ എന്നത് അത് മൗലീകാവകാശങ്ങളെ എപ്രകാരം ബാധിക്കുന്നു എന്നതും അതിന്റെ അനിവാര്യതയും അനുസരിച്ചിരിക്കും. സാഹചര്യങ്ങളും വസ്തുതകളും പരിശോധിച്ച് ഏറ്റവും പരിമിതമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ മാത്രമേ ഗവണ്മെന്റിന് അധികാരമുള്ളു. ഇത് മൗലീകാവകാശങ്ങളെ സാരമായ രീതിയിൽ ബാധിക്കുമെന്നതിനാൽ ഓരോ ഉത്തരവും ആവശ്യമായ വസ്തുതകളുടെ പിന്തുണയോട് കൂടി ഉള്ളതായിരിക്കണം. അവ കോടതികളുടെ പരിശോധനയ്ക്ക് വിധേയമായിരിക്കുകയും ചെയ്യും.”
144-ാം വകുപ്പ്
മറ്റൊരു സുപ്രധാന വ്യാഖ്യാനം സി.ആർ.പി.സി. വകുപ്പ് 144 അനുസരിച്ച് ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങൾ സംബന്ധിച്ചാണ്. നിലവിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ മാത്രമല്ല, പ്രശ്നങ്ങൾ ഒഴിവാക്കാനായും 144 പ്രഖ്യാപിക്കാമെങ്കിലും മൗലീകാവകാശങ്ങളെ ബാധിക്കുന്ന കാര്യം എന്ന നിലയിൽ അത് ആനുപാതികമായിരിക്കണം എന്ന് കോടതി വിലയിരുത്തി. ജനാധിപത്യപരമായ അഭിപ്രായ പ്രകടനങ്ങളെയും പ്രതിഷേധങ്ങളെയും അടിച്ചമർത്താനുള്ള ഉപകരണമായി ഇതു മാറരുത്. അനുപതികതാ പരിശോധന 144-ന് ബാധകമാക്കിയതോടെ ഇതു സംബന്ധിച്ച കോടതി വ്യാഖ്യാനങ്ങളിൽ ഇതുവരെ ഉണ്ടായിരുന്ന അവ്യക്തതകൾ ഇല്ലാതായിരിക്കുന്നു. ഇനി മുതൽ പ്രാദേശികമായി, വ്യക്തമായ കാരണങ്ങൾ ചൂണ്ടി കാണിച്ചുകൊണ്ട് മാത്രമേ 144 പ്രഖ്യാപിക്കാൻ കഴിയൂ. അവ മൗലീകാവകാശ ലംഘനം എന്ന നിലയ്ക്ക് കോടതിയുടെ പരിശോധനനയ്ക്ക് വിധേയമായതുകൊണ്ട് പ്രസ്തുത ഉത്തരവുകൾ പരസ്യപ്പെടുത്തേണ്ടതായും വരും. ജില്ലാ മജിസ്‌ട്രേറ്റ് ആനുപാതികത പരിഗണിച്ച്, ഏറ്റവും പരിമിതമായ നിരോധനങ്ങൾ മാത്രമാണ് ഏർപ്പെടുത്തുന്നുള്ളൂ എന്നു ഉറപ്പു വരുത്തേണ്ടി വരും. കൂടാതെ തുടരെ തുടരെയുള്ള നിരോധന ഉത്തരവുകൾ നിയമവിരുദ്ധമാണെന്നും കോടതി വിലയിരുത്തി. ഒരു സംസ്ഥാനമാകെ 144 പ്രഖ്യാപിക്കപ്പെടുന്ന സാഹചര്യത്തിൽ ഈ വിധി സുപ്രധാനമാണ്. യു.പി.യിലും കർണാടകയിലും ഒക്കെ ജനാധിപത്യ പ്രതിഷേധങ്ങൾ അടിച്ചമർത്താൻ ശ്രമിക്കുന്ന ഗവണ്മെന്റുകൾക്ക് എതിരെ വിവിധ ഹൈക്കോടതികളിൽ നടക്കുന്ന കേസുകളെ സംബന്ധിച്ച് ഈ വിധി ഒരു വഴിത്തിരിവാണ്.
ഇന്റർനെറ്റ് വിച്ഛേദവവും 144-ഉത്തരവുകളും മൗലീകവകാശലംഘനങ്ങൾ ആണെന്നും അവ ഓരോരോ കേസുകളായി എടുത്ത് നീതിയുക്തവും, അനുപാതികവും, ഏറ്റവും പരിമിതമായ നിയന്ത്രണവും ആണോ എന്ന് പരിശോധിക്കേണ്ടതുണ്ട് എന്നുമുള്ള സുപ്രീംകോടതി വിധി നാളെകളിലേക്കുള്ള ശുഭകരമായ ദിശാസൂചികയാണ്. അപ്പോഴും കശ്മീരിലെ നിയന്ത്രണങ്ങളെ സംബന്ധിച്ച് ഈ മാനദണ്ഡങ്ങൾ അനുസരിച്ചുള്ള പരിശോധനയിലേക്ക് എന്തുകൊണ്ട് കോടതി പോയില്ല എന്നത് ഒരു ചോദ്യമായി അവശേഷിക്കുന്നു. പരിശോധിക്കപ്പെടാൻ ഉത്തരവുകൾ എല്ലാം ഗവണ്മെന്റ് ഹാജരാക്കിയില്ല എന്നാണ് വിധിയിൽ പറഞ്ഞിട്ടുള്ള ന്യായം. വിധി ഉയർത്തിപ്പിടിക്കുന്ന നിയമയുക്തിവച്ച് 5 മാസമായിട്ടും ഉത്തരവുകൾ ഹാജരാക്കിയില്ല എന്നതുതന്നെ കശ്മീരിൽ നിലനിൽക്കുന്ന നിയന്ത്രണങ്ങൾ റദ്ദു ചെയ്യുവാനുള്ള കാരണമാകേണ്ടതാണ്.
This article was published in Dool News on 12/01/2020
കെനിയയിലെ ആധാർ എന്നു വിശേഷിപ്പിക്കാവുന്ന NIIIMS(നാഷണൽ ഇന്റഗ്രെറ്റഡ് ഐഡൻറിറ്റി മാനേജ്‌മെന്റ് സിസ്റ്റം) അഥവാ ‘ഹിടുമ്പ നമ്പ’യ്ക്ക് താത്കാലിക സ്റ്റേ. ഭരണഘടനാ തത്വങ്ങൾക്ക് അനുസരിച്ചുള്ള സമഗ്രമായ വിവരസംരക്ഷണ ചട്ടക്കൂടും നിയമവും നിലവിൽ വന്നതിനു ശേഷം മാത്രമേ പദ്ധതിയുമായി മുന്നോട്ടു പോകാൻ പാടുള്ളു എന്ന് കെനിയൻ ഹൈക്കോടതി ഉത്തരവിട്ടു.
ഇന്ത്യൻ സുപ്രീംകോടതിയുടെ ആധാർ വിധിയ്ക്ക് ശേഷം സമാനമായ ഐ.ഡി. പദ്ധതികളിന്മേൽ കോടതി വിധി പറയുന്ന രണ്ടാമത്തെ രാജ്യമാണ് കെനിയ. കഴിഞ്ഞ ജൂണിൽ ജമൈക്കൻ സുപ്രീംകോടതി അവിടുത്തെ ബയോമെട്രിക്ക് പദ്ധതി ഭരണഘടനാവിരുദ്ധമാണ് എന്ന് വിധി എഴുതിയിരുന്നു. ഇന്ത്യൻ സുപ്രീം കോടതിയുടെ വിധിന്യായം വിശദമായി പരിശോധിച്ച ജമൈക്കൻ കോടതി, ആധാർ ശരിവെച്ച ഭൂരിപക്ഷവിധിയിൽ നിരവധി പിഴവുകൾ ഉണ്ട് എന്ന് കാണുകയും ആധാർ ഭരണഘടനാവിരുദ്ധമാണ് എന്നു പ്രഖ്യാപിച്ച ജസ്റ്റിസ്. ഡി. വൈ. ചന്ദ്രചൂഡിന്റെ വിധിന്യായമാണ് യുക്തിഭദ്രം എന്ന് അഭിപ്രായപ്പെടുകയുമുണ്ടായി. അങ്ങനെ ജമൈക്കൻ സുപ്രീംകോടതി പദ്ധതി റദ്ദാക്കുകയായിരുന്നു.
കെനിയൻ കോടതി ഒരു മധ്യമാർഗ്ഗമാണ് സ്വീകരിച്ചിരിക്കുന്നത്. ഹിഡുംബ നമ്പ പൂർണമായും ഭരണഘടനാവിരുദ്ധം ആണെന്ന് പറയാൻ കോടതി തയ്യാറായില്ല. പക്ഷെ പദ്ധതിയിലെ പ്രധാനപ്രശനങ്ങൾ കണ്ടെത്തുകയും അവ ഉപേക്ഷിക്കണം എന്നു സർക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു.
Update 8:42>> പൊതു പങ്കാളിത്തം, സ്വകാര്യത, ന്യൂബിയൻ വിഭാഗത്തിൽ പെട്ടവരുടെ അരികുവത്കരണം, എല്ലാ അവശ വിഭാഗങ്ങളുടെയും രേഖകൾ സംഘടിപ്പിക്കാൻ കഴിയാത്തവരുടെയും പ്രശ്നങ്ങൾ എന്നിവയാണ് പ്രധാന ആശങ്കകൾ
500 പേജുള്ള വിധിന്യായത്തിൽ കോടതി പ്രധാനമായും പരിശോധിച്ചത് 3 കാര്യങ്ങളാണ്.
1. ഹിഡുംബ നമ്പ നടപോയിലാക്കുന്നതിന് കൊണ്ടുവന്ന മിസല്ലേനിയസ് അമെൻഡ്മെന്റ് നിയമം ഭരണഘടനാപരമാണോ? അതു പാസാക്കുന്നതിനു മുൻപ് പൊതുജന അഭിപ്രായ രൂപീകരണം ഉൾപ്പടെയുള്ള നടപടിക്രമങ്ങൾ ശരിയാംവിധം പാലിച്ചിട്ടുണ്ടോ?
2. ഈ നിയമം സ്വകാര്യതയുടെ ലംഘനം ആണോ? (അനാവശ്യമായി വിവരങ്ങൾ ശേഖരിക്കുന്നുണ്ടോ? ബാലാവകാശ ലംഘനം ഉണ്ടോ? വിവരസംരക്ഷണ തത്വങ്ങൾ പാലിക്കുന്നുണ്ടോ? സ്വകാര്യതാ ലംഘനം നീതിയുക്തമാണോ?)
3. ന്യൂബിയൻസ് ഉൾപ്പടെയുള്ള അവശ വിഭാഗങ്ങളെ സംബന്ധിച്ചിടത്തോളം സമത്വം ലംഘിക്കപ്പെടുന്നുണ്ടോ
ഇതിൽ പൊതു പങ്കാളിത്തത്തെക്കുറിച്ച് ഗവണ്മെന്റിന്റെ വാദങ്ങൾ കോടതി അംഗീകരിക്കുകയായിരുന്നു. 2018 മുതൽ ഇത് പൊതു സമൂഹത്തിന് മുന്നിൽ ഉണ്ടായിരുന്നു. ഹിയറിംഗിന് ആവശ്യത്തിന് സമയം ഗവണ്മെന്റ് നല്കിയിട്ടുണ്ട്. ഒരുപാട് നിയമഭേദഗതികൾ ഒരേസമയം കുത്തിനിറച്ച ‘ഓമ്നിബസ് ബില്ല്’ ആണ് ഇത് എന്ന ആരോപണം ഉയർന്നു വന്നിരുന്നു. ഇത്രയധികം കാര്യങ്ങൾ ഒരൊറ്റ ബില്ലിന് കീഴിൽ വന്നാൽ പൊതു സമൂഹത്തിന് ഓരോ വിഷയവും പഠിച്ചു പ്രതികരിക്കാൻ കഴിയില്ല. അതുകൊണ്ട് ഓമ്നിബസ് ബില്ലുകൾ ചെറു ഭേദഗതികൾക്ക് മാത്രമേ കൊണ്ടുവരാൻ പാടോള്ളു. പക്ഷെ ജനപങ്കാളിത്തം ആവശ്യത്തിന് സാധ്യമായിരുന്നു എന്നു തെളിഞ്ഞു കഴിഞ്ഞാൽ പിന്നെ കോടതിക്ക് പക്ഷെ ഇതിനെതിരെ വിധിക്കാൻ ആകില്ല. ഏതു ബില്ല് വേണം എന്നു തീരുമാനിക്കേണ്ടത് പാർലമെന്റ് ആണ്. ദേശീയ ജനസംഖ്യാ രജിസ്റ്റർ കൗണ്ടികളുടെ അധികാരപരിധിയിലല്ല. എന്നതുകൊണ്ട് കൗണ്ടികളെ ബാധിക്കുന്ന വിഷയമാണ് എന്ന വാദവും അംഗീകരിക്കപ്പെട്ടില്ല. സെനറ്റിന്റെ അംഗീകാരം ആവശ്യമില്ല.നാഷണൽ അസംബ്ലി തീരുമാനിച്ചാൽ മതി. ഈ സാഹചര്യത്തിൽ നടപടിക്രമങ്ങൾ പാലിച്ചില്ല എന്നതുകൊണ്ട് നിയമം ഭരണഘടനാ വിരുദ്ധമാണ് എന്നു പ്രഖ്യാപിക്കണം എന്ന വാദം നിലനിൽക്കില്ല.
അടുത്ത പ്രശ്നം ശേഖരിക്കുന്ന വിവരങ്ങൾ അനുപാതികമാണോ എന്നതായിരുന്നു. ആർട്ടിക്കിൾ 31 സ്വകാര്യതാ ഉറപ്പുനൽകുന്നു. സ്വകാര്യ വിവരങ്ങൾക്ക് മേലുള്ള നിയന്ത്രണം പ്രധാനമാണ്. ബയോമെട്രിക്ക് വിവരങ്ങളും ജി.പി.എസ്. കോർഡിനെറ്റുകളും സ്വീകരിക്കുന്നത് ആനുപതികമാണോ എന്നതാണ് ചോദ്യം.
ബയോമെട്രിക്ക് വിവരങ്ങൾ ഇപ്പോൾ തന്നെ മറ്റു നിയമങ്ങൾക്ക് കീഴിൽ ശേഖരിക്കപ്പെടുന്നുണ്ട് എന്നും ഡി. എൻ.എ. യും ജി.പി.എസ്. ഉം ശേഖരിക്കുന്നില്ല എന്നും ഗവണ്മെന്റ് കോടതിയിൽ വ്യക്തമാക്കി. ബയോമെട്രിക്ക് വിവരങ്ങൾ സ്വതവേ സ്വകാര്യ വിവരങ്ങൾ ആണ്. പേരോ നമ്പറോ ഉപയോഗിച്ച് വ്യക്തികളെ തിരിച്ചറിയാനും കഴിയും. അതുകൊണ്ട് നിശ്ചയമായും ഇത് സുപ്രധാന വിവരങ്ങളുമാണ്. പേര്, പങ്കാളിയുടെ പേര്, കുട്ടികളുടെ പേര്, ജനിതക വിവരങ്ങൾ എന്നിവയെല്ലാം പ്രധാനം തന്നെ. അവ പുറത്തായാൽ പ്രശ്‌നമാണ് അതുകൊണ്ട് ആവശ്യമായ വിവരസംരക്ഷണ സംവിധാനങ്ങൾ ആവശ്യമാണ്.
ഈ വിവരങ്ങൾ വ്യക്തികളുടെ സമ്മതമില്ലാതെതന്നെ ശേഖരിക്കപ്പെടുന്നുണ്ട് എന്നു ഹർജിക്കാർ പറയുന്നു. എന്നാൽ വിവരശേഖരണ രേഖകളിൽ നിന്ന് ‘നിര്ബന്ധിതം’ എന്ന വാക്ക് ഒഴിവാക്കിയിട്ടുണ്ട് എന്ന് ഗവണ്മെന്റ അറിയിച്ചു. സമ്മതമില്ലാതെ വിവരങ്ങൾ നൽകുവാൻ നിര്ബന്ധിതമാകുന്നു എന്നതിന് തെളിവൊന്നും ഹർജിക്കാർ ഹാജരാകിയിട്ടില്ല.
ജി.പി. എസ്. സാങ്കേതികവിദ്യ ഉപഗ്രഹസഹായതാൽ ഉള്ളതാണ്. അത് കാറുകളിലും മറ്റും വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ആളുകളുടെ അറിവില്ലാതെ അവരുടെ നീക്കങ്ങൾ നിരീക്ഷിക്കാനാകും എന്നാണ് ഇതിന്റെ പ്രത്യേകത. ബയോമെട്രിക്ക്/ജി.പി. എസ്. വിവരങ്ങൾ വ്യക്തിപരവും, സെന്സിറ്റീവും ആണ്. അവിടെ സ്വകാര്യതാ ലംഘനം ഉണ്ടോ എന്ന് അറിയണമെങ്കിൽ നിലവിലുള്ള വിവരസംരക്ഷണ വ്യവസ്ഥിതി പരിശോധിക്കേണ്ടതുണ്ട്.
ബയോമെട്രിക്ക് വിവരങ്ങൾ ശേഖരിച്ചത് ആവശ്യമാണോ എന്ന് നോക്കാം:
ഈ വിവരങ്ങൾ ശേഖരിക്കുന്നത് എന്തിനെന്ന് വ്യക്തമല്ല എന്നാണ് ഹർജിക്കാർ പറയുന്നത്. കൃഷി സംബന്ധിയായ വിവരങ്ങൾ വരെ ശേഖരിക്കപ്പെടുന്നുണ്ട് എന്ന്. വിരലടയാളം അധിഷ്ടിതമായ തിരിച്ചറിയൽ സംവിധാനം ‘സാധ്യതകളുടെ’ അടിസ്ഥാനത്തിൽ ആണെന്നും തെറ്റാനുള്ള സാധ്യത ഉണ്ടെന്നും സാക്ഷി മൊഴി ഉണ്ട്.
സ്വകാര്യത അനിയന്ത്രിതമായ അവകാശമല്ല എന്നാണ് ഗവണ്മെന്റ് വാദിച്ചത്. സേവനങ്ങൾക്കും സുരക്ഷക്കും ആവശ്യമായ വിവരങ്ങൾ ശേഖരിക്കാം. കൃത്യമായ ഒരൊറ്റ വിവര സ്രോതസ്സ് ആയ ദേശീയ ജനസംഖ്യാ രജിസ്റ്റർ ഉണ്ടാക്കാൻ ബയോമെട്രിക്ക് വിവരങ്ങൾ ആവശ്യമാണ് എന്നും പറയുന്നു. പൂർണമായ കൃത്യതയുള്ള ഒരു മൾട്ടി മോഡൽ ബയോമെട്രിക്ക് സംവിധാനം ആണ് ആണ് NIIMS ന് ഉപയോഗിക്കുന്നത് എന്ന് സാക്ഷികൾ ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. തിരിച്ചറിയൽ പ്രക്രിയയ്ക്ക് വേണ്ടിയാണ് ബയോമെട്രിക്ക് വിവരം ഉപയോഗിക്കുന്നത്. അതുകൊണ്ട് ആവശ്യവുമാണ്.
കോടതി പ്രശ്നമുള്ളതായി കണ്ടെത്തിയത് ഡി.എൻ.എ. മാത്രമാണ്. കാരണം അത് താരതമ്യം വഴിയാണ് പരിശോധിക്കുന്നത്. അതിനൊരു വിദഗ്ധ സഹായവും ആവശ്യമാണ്. അതിന്റെ ഉപയോഗം അനാവശ്യമാണ്. ജി.പി.എസ്. അതിലേറെ അനാവശ്യവും.
ബയോമെട്രിക്ക് വിവരം സർവത്രികം ആണെന്ന് പറയാമെങ്കിലും എല്ലാവർക്കും അതുണ്ടാകണം എന്നില്ല. എന്നാൽ പല ബയോമെട്രിക്‌സ് കൂട്ടിയിണക്കി കൃത്യതയുള്ള സംവിധാനം ഉണ്ടാക്കാൻ കഴിയും. രജിസ്‌ട്രേഷൻ ഓഫ് പീപ്പിൾ ആക്ട് സെക്ഷൻ 9എ-യ്ക്കു കീഴിൽ ഒരു ജനസംഖ്യാ രജിസ്റ്റർ ഉണ്ടാക്കി അനന്യമായ ഒരു നമ്പർ നൽകുകയാണ്. ഒരു തിരിച്ചറിയൽ സംവിധാനം എന്ന നിലയ്ക്ക് ഒരു ഡാറ്റാബേസ് ആവശ്യമാണ്; കേന്ദ്രീകൃതമോ, വികേന്ദ്രീകൃതമോ ആയത്. ആ അർത്ഥത്തിൽ ബയോമെട്രിക്‌സ് വിവരങ്ങൾ ഹിഡുംബ നമ്പയ്ക്ക് ആവശ്യമാണ്.
കുട്ടികകുടെ അവകാശങ്ങൾ ലംഘിക്കപ്പെടുന്നുണ്ടോ എന്ന കാര്യവും പരിശോധിക്കപ്പെട്ടിരുന്നു. കുട്ടികളുടെ നന്മക്കു വേണ്ടിയാണ് NIIMS എന്നു ഗവണ്മെന്റ് പറയുന്നു. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നത് തടയുവാൻ ഇത് ഉപകരിക്കും. ആരോഗ്യം, പാർപ്പിടം ഒക്കെ ഒരുക്കാൻ സഹായിക്കും. പക്ഷെ കുട്ടികളുടെ സ്വാകാര്യത അവകാശങ്ങൾ കൂടുതൽ പ്രാധാന്യമുള്ളതാണ്. കുട്ടിയുടെയും മാതാപിതാക്കളുടെയും അറിവും സമ്മതവും പ്രധാനമാണ്. ഇക്കാര്യങ്ങൾ നിയമത്തിൽ പരിഹരിക്കപ്പെട്ടിട്ടുണ്ട് എന്നു കോടതിക്ക് തോന്നുന്നില്ല.
കൊഅതിയുടെ ഏറ്റവും സുപ്രധാനമായ കണ്ടെത്തൽ 2019-ലെ വിവരസംരക്ഷണ നിയമപ്രകാരം ഉള്ള സംരക്ഷണങ്ങൾ ഹിഡുംബ നമ്പയിൽ ഇല്ല എന്നതാണ്. കേന്ദ്രീകൃത ഡാറ്റാബേസ് വേണോ, ഓപ്പണ്/ക്ളോസ്ഡ് ഡിസൈൻ വേണോ എന്നതായിരുന്നു മറ്റോരു പ്രശ്‌നം. അതു പക്ഷെ കോടതിക്ക് തീരുമാനിക്കാവുന്ന കാര്യങ്ങൾ അല്ല പക്ഷേ ഇതു സ്വകാര്യതയെ ബാധിക്കുന്നുവോ എന്നതാണ് കോടതിയുടെ മുന്നിലുള്ള പ്രശ്നം. ദുരുപയോഗം അത് കേന്ദ്രീകൃത ഡാറ്റാബേസിൽ ആണെങ്കിലും വികേന്ദ്രീകൃത ഡാറ്റാബേസിൽ ആണെങ്കിലും നടക്കും.
അന്താരാഷ്ട്ര തലത്തിൽ ഉള്ള റെഗുലേഷൻസ് അതിന് ആവശ്യമാണ്. (ആധാറും പരാമര്ശിക്കപ്പെടുന്നുണ്ട് ഇവിടെ). അതുകൊണ്ടു തന്നെ വിവരസുരക്ഷാ സംവിധാനങ്ങൾ അപര്യാപ്തമാണ് എന്നല്ല ഒട്ടും തന്നെയില്ല എന്നു കോടതി കാണുന്നു. നിയന്ത്രണ വ്യവസ്ഥകളും ചട്ടങ്ങളും ഇല്ലാതെ വന്നത് എന്തുകൊണ്ട് എന്നു വിശദീകരിക്കാൻ ഗവണ്മെന്റിന് കഴിഞ്ഞിട്ടില്ല. ഈ പദ്ധതി വളരെ തിടുക്കപ്പെട്ടാണ് നടപ്പിലാക്കിയിട്ടുള്ളത്.അതുകൊണ്ടു തന്നെ ഭരണഘടനാതത്വങ്ങൾ പാലിക്കുന്ന സമഗ്രമായ വിവരസംരക്ഷണ നിയമ ചട്ടക്കൂട് പാസ്സ് ആക്കിയത്തിന് ശേഷം മാത്രമേ പദ്ധതിയുമായി മുന്നോട്ട് പോകാവൂ.
സ്വകാര്യതയ്ക്ക് ആർട്ടിക്കിൾ 24(1) അനുസരിച്ചുള്ള നിയന്ത്രണം സാധ്യമാണെങ്കിലും ഡി. എൻ.എ./ജി.പി.എസ്. വിവരങ്ങൾ, അതിന്റെ ശേഖരണവും ഉപയോഗവും സംബന്ധിച്ച നിയമം ഇല്ലാതെ, ശേഖരിക്കുന്നത് ന്യായീകരിക്കത്തക്കതല്ല. അത് സ്വകാര്യതാ ലംഘനം ആണ്.
NIIIMS നിർബന്ധിതം ആകുന്നതുകൊണ്ട് വിവേചനം ഉണ്ടോ എന്ന കാര്യവും കോടതി പരിശോധിച്ചു. രണ്ടു വശങ്ങളാണ് ഇവിടെ ഉള്ളത്. ഒന്ന് ഹർജിക്കാർ പറയുംപോലെ ഈ നമ്പർ കാരണം ഒഴിവാക്കപ്പെടുന്നവർ. അവകാശങ്ങൾ നിഷേധികപ്പെടുന്നവർ. മറ്റൊന്ന് ഗവണ്മെന്റ് പറയുന്ന കാര്യക്ഷമതയുടെയും എളുപ്പത്തിൽ കുത്താൽ ആളുകൾക് സേവനങ്ങൾ എത്തിക്കുന്നതിന്റെയും ചിത്രമാണ്. രേഖകൾ ഇല്ലാത്തതുകൊണ്ടോ ബയോമെട്രിക് പ്രശ്നങ്ങൾ ഏതാനും പേർ ഒഴിവാക്കപ്പെടാൻ സാധ്യത ഉണ്ട് എന്നതുകൊണ്ട് നിയമം ആകെ ഭരണഘടനാ വിരുദ്ധമെന്ന് കരുതാനാവില്ല. എന്നാൽ എല്ലാവർക്കും രേഖകളും സേവനങ്ങളും ലഭ്യമാകാണുള റെഗുലേറ്ററി സംവിധാനം ഒരുക്കുകയാണ് വേണം എന്ന് കോടതി പറഞ്ഞു.
റെഗുലേഷനുകൾ വന്നതുകൊണ്ട് ഒഴിവാക്കലുകൾ എങ്ങനെ ഇല്ലാതാകുമെന്നാണ് കോടതി കരുതുന്നത് എന്ന ചോദ്യം ബാക്കിയാവുന്നു. സാങ്കേതികമായി പരിഹരിക്കാനാകാത്ത കാര്യം നിയമം കൊണ്ടു പരിഹരിക്കാൻ കഴിയില്ല എന്ന പ്രാഥമിക തത്വം കോടതികൾ മനസിലാക്കാതെ പോകുന്നതിന്റെ ദുരവസ്ഥയാണിത്.
വിധി ആകെ പരിശോധിക്കുമ്പോൾ ഹർജിക്കാർക്ക് ഭാഗീക വിജയം എന്നു പറയാം. ആവശ്യമായ വിവര സംരക്ഷണ സംവിധാനങ്ങൾ ഒരുങ്ങുന്നത് വരെ NIIMS നിർത്തി വക്കേണ്ടി വരും. പദ്ധതി മൂലം ഒഴിവാക്കപ്പെടുന്നവരുടെ പ്രശ്നങ്ങൾ അഭിസംബോധന ചെയ്യുന്ന ചട്ടങ്ങളും രൂപീകരിക്കേണ്ടതുണ്ട്. കെനിയൻ ഹ്യൂമൻ റൈറ്റ്‌സ് കമ്മീഷനും, കെനിയൻ നാഷണൽ കമ്മീഷൻ ഫോർ ഹ്യൂമൻ റൈറ്റ്സും, ന്യൂബിയൻ റൈറ്റ്‌സ് ഫോറവുമായിരുന്നു പദ്ധതിക്കെതിരെ കോടതിയെ സമീപിച്ചത്.
ഒരു പക്ഷേ സ്വതന്ത്ര്യ ഇന്ത്യയുടെ ചരിത്രത്തിൽ തീർപ്പാക്കാൻ ഏറ്റവും ബുദ്ധിമുട്ടുള്ള വസ്തു തർക്കമായിരുന്നു അയോദ്ധ്യയിലേത്. 1528-ൽ ബാബർ ചക്രവർത്തിയുടെ നിർദ്ദേശപ്രകാരം മിർ ബാഖി നിർമിച്ചു എന്നു പറയപ്പെടുന്ന ബാബ്‌റി മസ്ജിദും അതിനോട് ചേർന്നുള്ള വർഷങ്ങൾ ആയി ഹൈന്ദവർ കൈവശം വച്ച് ആരാധിക്കുന്ന രാം ചബൂത്രയും സീത രസോയിയും എല്ലാം ഉൾപ്പെടുന്ന ഭൂമി സംബന്ധിച്ചായിരുന്നു കേസ്. അതിന്റെ പരിധിയിൽ വരുന്ന 2.77 ഏക്കർ സ്ഥലത്തിന്റെ ഉടമസ്ഥതയെക്കുറിച്ചാണ് ഇപ്പോൾ സുപ്രീംകോടതി അന്തിമ വിധി പറഞ്ഞിട്ടുള്ളത്.
കേസ് 1992-ൽ ആരംഭിച്ചതല്ല എന്ന് പ്രത്യേകം ഓർക്കണം. അതിവൈകാരികമായ പ്രതികരണങ്ങൾ വരുന്നത് 1992-ലെ ഭീകരമായ ആൾക്കൂട്ട അതിക്രമവുമായി ഇതിനെ ചേർത്തു വായിക്കുമ്പോഴാണ്. മസ്ജിദ് ഉൾപ്പെടുന്ന, 1856-57-ൽ ബ്രിട്ടീഷുകാർ നിർമിച്ച മതിലിനുള്ളിൽ പ്രവേശിക്കാനും കേന്ദ്ര മിനാരത്തിന് കീഴെ ‘രാമജന്മഭൂമി’യിൽ ആരാധന നടത്താനുള്ള അവകാശത്തിനായി ഗോപാൽ സിംഗ് വിശാരദ് 1950-ൽ ഫൈസാബാദ് സിവിൽ കോടതിയിൽ നൽകിയ ഹർജിയോടെ ആരംഭിച്ച നിയമ വ്യവഹാരങ്ങൾക്കാണ് ഇപ്പോൾ തീരുമായിട്ടുള്ളത്. ഒരു തരത്തിലും ഈ വിധി 1992-ലെ സംഭവങ്ങൾക്കുള്ള ന്യായീകരണമാകുന്നില്ല. ബാബരി പള്ളി നിർമിച്ച 1528 മുതലുള്ള ചരിത്രം, 1857-ൽ അവധ് ബ്രിട്ടീഷുകാർക്ക് കീഴിലായതിന് ശേഷമുള്ള നിയമയുദ്ധങ്ങൾ, മതം, വിശ്വാസം അങ്ങനെ കോടതിയ്ക്ക് തീരുമാനമെടുക്കുക അസാധ്യമായ കാര്യങ്ങളുൾപ്പടെ എണ്ണിയാലൊടുങ്ങാത്ത സങ്കീർണതകൾ ഉണ്ടായിരുന്നു കോടതിയ്ക്ക് മുന്നിൽ. ഗണിതശാസ്ത്രത്തിൽ എന്നതുപോലെ കൃത്യമായ ശരി-തെറ്റുകൾ നിർണയിക്കുക അസാധ്യമായ ഇടങ്ങളിലൂടെയാണ് ന്യായാധിപർ സഞ്ചരിച്ചിട്ടുണ്ടാവുക. അതുകൊണ്ടു തന്നെ കേവലം നിയമാക്ഷരങ്ങൾക്ക് അപ്പുറം ‘നീതി, തുല്യത, മനസാക്ഷി’ എന്ന നിയമതത്വം പിൻപറ്റുന്നതാണ് അയോധ്യവിധിയുടെ രീതിശാസ്ത്രം. കുറെയധികം പരിഗണനകൾ വച്ചുകൊണ്ടാണ് വിധിയെഴുതിയിരിക്കുന്നത് എന്നു മനസിലാക്കാം.
1. ചരിത്രപരമായ ശരിതെറ്റുകൾക്ക് പരിഹാരം കാണാനുള്ള വേദിയല്ല സുപ്രീംകോടതി.
2. വിശ്വാസ സംബന്ധിയായ വിഷയങ്ങളിൽ ദൈവശാസ്ത്രപരമായ വിശകലനത്തിലൂടെ അഭിപ്രായം പറയേണ്ടകാര്യം സുപ്രീംകോടതിക്കില്ല. വിശ്വാസങ്ങളുടെ പ്രത്യക്ഷ രൂപങ്ങളെ മുഖവിലയ്ക്കെടുക്കുക എന്നത് മാത്രമാണ് പ്രായോഗികം.
3. വിശ്വാസങ്ങളുടെയും മിത്തുകളുടെയും അടിസ്ഥാനത്തിലല്ല കോടതി വ്യവഹാരങ്ങൾ തീർപ്പാക്കേണ്ടത്, നിയമവും നിയമ തത്വങ്ങളുമാകണം പരിഗണനാ വിഷയങ്ങൾ.
4. മൂന്നോ നാലോ ഭരണവ്യവസ്ഥകളുടെയും നിയമ സംവിധാനങ്ങളിലൂടെയും കടന്നു പോയ തർക്കമാണിത്. രണ്ടു പരമാധികാരികൾ തമ്മിലുള്ള അധികാരകൈമാറ്റങ്ങൾ ഉണ്ടാകുമ്പോൾ മറിച്ചൊരു ധാരണ ഇല്ലാത്തിടത്തോളം കാലം മുൻ രാജ്യത്തിന്റെ നിയമങ്ങളും അവകാശങ്ങളും പുതിയ രാജ്യത്തിന് ബാധകമാകില്ല. എന്നാൽ ബ്രിട്ടീഷ് ഇന്ത്യയും സ്വതന്ത്ര ഇന്ത്യയും തമ്മിൽ നിയമപരമായ ഒരു നൈരന്തര്യം ഭരണഘടനാപരമായി നിലനിൽക്കുന്നുണ്ട്.
5. അതുകൊണ്ടുതന്നെ തർക്കസ്ഥലത്ത് മുൻപ് ക്ഷേത്രം ഉണ്ടായിരുന്നോ, അത് തകർക്കപ്പെട്ടതാണോ എന്നത് കേസിന്റെ പരിഗണനാ വിഷയം ആകാൻ പാടില്ല. അത് കോടതിയ്ക്ക് തീരുമാനിക്കാൻ കഴിയുന്ന കാര്യമല്ല എന്ന് 1992-ലെ പ്രസിഡൻഷ്യൽ റഫറൻസിന് മറുപടിയായി സുപ്രീംകോടതി വ്യക്തമാക്കിയിട്ടുള്ളതാണ്.
6. ഇത് ബാബ്‌റി പള്ളി തകർത്തതുമായി ബന്ധപ്പെട്ടു നില നിൽക്കുന്ന ക്രിമിനൽ കേസിനെ ബാധിക്കരുത്. പള്ളി തകർത്തതും 1949-ൽ അതിക്രമിച്ചു കയറി വിഗ്രഹം സ്ഥാപിച്ചു പള്ളി മലിനപ്പെടുത്തിയതും വലിയ നിയമദ്ധ്വംസനമാണെന്ന് വിധിയിൽ ഉണ്ട്.
7. വസ്തുതർക്കം പള്ളിയെ സംബന്ധിച്ചു മാത്രമല്ല. ജന്മസ്ഥാൻ മസ്ജിദ് ഉൾപ്പെടുന്ന ചുറ്റും ഹൈന്ദവരാധനമാത്രം നടന്നിരുന്നതാണ് എന്ന കാര്യത്തിൽ തർക്കമില്ലാത്ത രാം ചബൂത്രയും മറ്റും ഉൾപ്പെടുന്ന ഭൂമിയും എല്ലാം ചേർന്ന 2.77 ഏക്കർ ഭൂമിയെ സംബന്ധിച്ചുള്ളതാണ്. 8. തർക്ക ഭൂമിയിൽ 1857-ൽ ബ്രിട്ടീഷുകാർ നിർമിച്ച മതിലിനു വെളിയിലുള്ള പ്രദേശം ഹൈന്ദവർ വച്ച് ആരാധിച്ചിരുന്നതാണെന്നത് വ്യക്തമാണ്.
9. ബാബ്‌റി പള്ളി അവിടെ നിലനിന്നിരുന്നുവെന്നും 1857 മുതലെങ്കിലും മുസ്ലീങ്ങൾ അവിടെ ആരാധന നടത്തിയിരുന്നുവെന്നതും നിസ്തർക്കമാണ്. അതുകൊണ്ടു തന്നെ ഏതു തീരുമാനമെടുക്കുമ്പോഴും മനസാക്ഷിയുടെയും തുല്യനീതിയുടെയും വിഷയം ഉയർന്നുവരും. ആർട്ടിക്കിൾ 142 അനുവദിക്കുന്ന പ്രത്യേക അധികാരം സുപ്രീം കോടതി വിനിയോഗിക്കുന്നത് ഈ ഒരു പരിഗണനയിലാണ്. 10 . ഇവിടെ സുന്നി വഖഫ് ബോർഡും രാമവിഗ്രഹത്തിനുവേണ്ടി അടുത്ത ‘അടുത്ത സുഹൃത്തും’ നൽകിയ ഉടമസ്ഥാവകാശ ഹർജികളാണ് നിലവിലുള്ളത്. ഒരു ഭാഗം വയ്പ്പിനുള്ള അപേക്ഷയല്ല കോടതിക്ക് മുൻപാകെ വന്നിട്ടുള്ളത്. ഒരു സിവിൽ കേസിൽ വാദികൾ ആവശ്യപ്പെടാത്ത ഒരു തീർപ്പ് അനുവദിക്കാൻ കോടതിയ്ക്ക് കഴിയില്ല. ഗവൺമെന്റാണെങ്കിൽ ഈ ഭൂമിയിൽ യാതൊരുവിധ അവകാശ വാദവും ഉന്നയിക്കാൻ താത്പര്യപ്പെടുന്നില്ല എന്ന് അറിയിച്ചിരുന്നു.
11 . ഇനിയൊരിക്കലും ഒരു ആരാധനാലായങ്ങളുടെയും നിലവിലുള്ള പദവി ചോദ്യം ചെയ്യപ്പെടാൻ ഈ വിധി കാരണമാകരുത്. അതുകൊണ്ടാണ് 1992-ലെ Places of Worship Act -നെക്കുറിച്ചുള്ള വിശദമായ പരാമർശം വിധിയിൽ ഇടം പിടിച്ചത്. ആരാധനാലയങ്ങളുടെ 1947 – ലെ പദവിയിൽ മാറ്റം വരുത്തരുത് എന്നും അത്തരത്തിലുള്ള അവകാശവാദങ്ങൾ ഉന്നയിക്കുന്ന കേസുകൾ ഒന്നും നിലനിൽക്കില്ല എന്നുമാണ് ആരാധനാലയ നിയമത്തിന്റെ രത്നച്ചുരുക്കം. എന്നാൽ അയോദ്ധ്യ കേസ് നിയമത്തിന്റെ പരിധിയിൽ നിന്നും ഒഴിവാക്കപ്പെട്ടിരുന്നു.
12 . ഈ വിഷയം രാഷ്ട്രീയ മുതലെടുപ്പുകൾക്കും വർഗീയ സംഘര്ഷങ്ങൾക്കും ഇനിയും മരുന്നായിക്കൂടാ. അതിന് ഒരു അന്തിമ പരിഹാരം കണ്ടെത്തേണ്ടതുണ്ട്.
ഇത്രയും കാര്യങ്ങൾ പരിഗണിച്ചുകൊണ്ട് അതിനുതകുന്ന ഒരു ന്യായവ്യവഹാരത്തിന്റെ രീതീശാസ്ത്രത്തിന് രൂപം നൽകുകയാണ് സുപ്രീംകോടതി ചെയ്തിട്ടുള്ളത്. അതിൽ പൂർണമായ ശരിതെറ്റുകൾ ഇല്ല. കാലത്തിന്റെ കാവ്യനീതി എന്നൊക്കെ പറയുന്ന കാൽപ്പനിക സങ്കൽപ്പങ്ങൾക്ക് ഇടവുമില്ല. ശബരിമല കേസിലെ ജസ്റ്റിസ് ചന്ദ്ര ചൂഡിന്റെ വിധിന്യായം പോലെ ചരിത്രപരമായ മേന്മയുണ്ട് എന്നല്ല. ഈ കേസിൽ സാധ്യമാകുമായിരുന്ന നല്ലൊരു വിധി എന്നാണ് പ്രാഥമിക പരിശോധനയിൽ തോന്നിയത്. വിധിയിൽ എഴുതിയ ആളിന്റെ പേരില്ല എന്ന അസാധാരണത്വം മാറ്റി നിർത്തിയാൽ ആധാർ കേസിലൊക്കെ സംഭവിച്ചതുപോലെ ഒരു അലസമായ ഒരു വിധിയല്ല അയോധ്യകേസിൽ ഉണ്ടായിട്ടുള്ളത്. വളരെ അവധാനതയോടെ വന്നിട്ടുള്ള വിധി പ്രസ്താവമാണിത്. ഒരു വിയോജനക്കുറിപ്പ് പോലും ഉണ്ടായിരുന്നില്ല എന്നത് യാദൃശ്ചികതയുമല്ല.
എന്തുകൊണ്ട് അലഹബാദ് ഹൈക്കോടതിയുടെ വിധി റദ്ദുചെയ്തു? തർക്കസ്ഥലത്തെ മൂന്നായി തിരിച്ചുകൊണ്ടുള്ള ഒത്തു തീർപ്പു സാധ്യത ആരായുന്ന തരത്തിലായിരുന്നു അലഹബാദ് ഹൈക്കോടതി വിധി. എന്നാൽ ഒരു സിവിൽ തർക്കത്തിൽ കക്ഷികൾ ഉന്നയിക്കാത്ത തീർപ്പുകൾ അനുവദിക്കുക അസാധ്യമാണ് എന്ന് സുപ്രീംകോടതി വിലയിരുത്തി. മാത്രമല്ല, നിർമോഹി അഖാരയുടെയും സുന്നി വഖഫ് ബോർഡിന്റെയും ഹർജികൾ ലിമിറ്ററേഷൻ ആക്ട് പ്രകാരം സമയപരിധി കഴിഞ്ഞാണ് ഫയൽ ചെയ്യപ്പെട്ടിരിക്കുന്നത് എന്ന് കണ്ട് തള്ളിയിരുന്നു. എന്നിട്ടും അന്തിമ വിധിയിൽ ഇവർക്കും സ്ഥലം അനുവദിച്ചിരിക്കുന്നു. ഇത് നിയമപരമായി സാധിക്കുകയില്ല.
എന്തുകൊണ്ട് സുന്നി വഖഫ് ബോർഡിന്റെ വാദങ്ങൾ കോടതി അംഗീകരിച്ചില്ല? ഒരു വസ്തുതർക്കത്തിൽ കക്ഷികൾ ഉന്നയിച്ചിരിക്കുന്ന വാദങ്ങൾ ആണ് കോടതി പരിഗണിക്കുക. വഖഫ് ബോർഡിന്റെ ആദ്യ ആവശ്യം ബാബരിമസ്ജിദും ചുറ്റുമുള്ള ഭൂമിയും ഒരു വഖഫ് ആയി അംഗീകരിക്കണം എന്നായിരുന്നു. ‘വഖഫ്’ എന്നാൽ ഇസ്‌ലാമിക നിയമപ്രകാരം മതപരമായ കാര്യങ്ങൾക്കോ കരുണ്യപ്രവർത്തനങ്ങൾക്കോ വേണ്ടി എന്നെന്നേക്കുമായി സമർപ്പിക്കപ്പെട്ട ഭൂമിയാണ്. ഇവിടെ മസ്ജിദിനു വേണ്ടി അല്ലാഹുവിൽ സമർപ്പിതമായ ഭൂമി. അത് ഒരിക്കലും തിരിച്ചെടുക്കാൻ കഴിയുന്നതല്ല. വഖഫിന് എപ്പോഴും ഒരു വഖിഫ് ഉണ്ടാകും; നൽകുന്ന ആൾ. അയോധ്യയിൽ ബാബർ ആണ് വാഖിഫ്. 1528-ൽ ബാബറിന്റെ കൽപ്പന അനുസരിച്ച് മിർ ബാഖി ആണ് മസ്ജിദ് നിർമിച്ചത് എന്നാണ് വാദം. ഒരു വസ്തു വഖഫ് ആണെന്ന് സ്ഥാപിച്ചു കഴിഞ്ഞാൽ പിന്നെ അത് തിരിച്ചെടുക്കാനാവില്ല. എന്നെന്നേക്കുമായി അതിന്റെ ഉടമസ്ഥത സ്ഥിരീകരിക്കപ്പെടും. അതുകൊണ്ടു തന്നെ കോടതികൾ വളരെ ശ്രദ്ധാപൂർവം മാത്രമേ അത് പരിഗണിക്കുകയൊള്ളൂ. മാത്രമല്ല അതു തെളിയിക്കേണ്ട ബാധ്യത വഖഫ് ആണെന്ന് വാദിക്കുന്ന കക്ഷിയുടെ മേൽ ആണ്. വഖഫ് ആണ് എന്ന് സ്ഥാപിക്കുവാൻ ആദ്യം വേണ്ടത് വാഖിഫ് ആ ഭൂമി ഒരു വഖഫ് ആണെന്ന് പ്രഖ്യാപിച്ചതിന് ഉള്ള തെളിവാണ്. 1857 മുതൽ ബ്രിട്ടീഷുകാർ ‘ജന്മസ്ഥാൻ മസ്ജിദ്’-ന് നല്കിപ്പോന്ന ഗ്രാന്റ് മാത്രമാണ് തെളിവായിട്ട് ഉള്ളത്. അത് ബാബർ നൽകിവന്ന ഗ്രാന്റിന്റെ തുടർചയാണ് എന്നായിരുന്നു വഖഫ് ബോർഡിന്റെ വാദം. എന്നാൽ ഇതിന് രേഖകൾ ഇല്ലായിരുന്നു. 1528 മുതൽ 1857 വരെയുള്ള 325 വർഷക്കാലത്തെ ഇടപാടുകൾ സംബന്ധിച്ച രേഖകൾ ഒന്നും തന്നെയില്ല. അതുകൊണ്ട് തന്നെ സമർപ്പണത്തിലൂടെ (Waqaf by dedication) ഉള്ള വഖഫ് ആണെന്ന് സ്ഥാപിക്കാനാകില്ല. അത് അറിയാവുന്നതുകൊണ്ടാവണം ഉപയോഗത്തിലൂടെ വന്നു ചേർന്ന വഖഫ് ആണെന്ന വാദം ഉന്നയിക്കപ്പെട്ടത്. അവിടെയും നിയമപരമായി ഏതു തെളിയിക്കേണ്ടത് അവകാശം ഉന്നയിക്കുന്നവർ തന്നെയാണ്. കാലാകാലങ്ങളായി, തടസ്സമേതും ഇല്ലാതെ പ്രത്യക്ഷത്തിൽ കൈവശം വച്ച് ഉപയോഗിച്ചിരുന്നു എന്നു സ്ഥാപിക്കണം. ഇവിടെ വഖഫ് ആണെന്ന് അവകാശപ്പെടുന്ന ഭൂമി മസ്ജിദ് മാത്രമല്ല. അതിനുചുറ്റും ഹൈന്ദവർ ആരാധന നടത്തിവന്നിരുന്നത് എന്ന കാര്യത്തിൽ തർക്കമില്ലാത്ത പ്രദേശം കൂടി ഉൾപ്പെടുന്നതാണ്. അതിനു നടുവിലാണ് മസ്ജിദ്. അതു സംബന്ധിച്ച് നിരവധി പ്രശനങ്ങൾ എത്രയോ കാലങ്ങളായി നിലനിൽക്കുന്നതാണ്. പ്രശ്നപരിഹാരത്തിനും സമാധാനം സ്ഥാപിക്കുന്നതിനും വേണ്ടിയാണ് 1857-ൽ ബ്രിട്ടീഷുകാർ പള്ളി മതിൽ കെട്ടി തിരിച്ചത്. അങ്ങനെ ഹൈന്ദവരെ അവിടെ നിന്നും ഒഴിവാക്കി പ്രശ്നം പരിഹരിക്കാൻ ആയിരുന്നു ശ്രമം. എന്നാൽ ഹൈന്ദവരാകട്ടെ മതിലിനു വെളിയിൽ നിന്നു മസ്ജിദ് ഇരിക്കുന്ന ‘ഗർഭ ഗൃഹത്തെ’ തൊഴുകുകയും നിരന്തരം ജന്മസ്ഥാനിനെക്കുറിച്ച് അവകാശവാദം ഉന്നയിക്കുകയും ചെയ്തു. അതിനു പുറത്തുള്ള ഭാഗത്തിലാകട്ടെ മുസ്ലീങ്ങൾ ഒരുകാലത്തും അവകാശം ഉന്നയിക്കുകയോ ആരാധന നടത്തുകയോ ചെയ്തിട്ടില്ല. അതുകൊണ്ടു തന്നെ 2.77 ഏക്കർ വരുന്ന സ്ഥലം ഉപയോഗത്തിലൂടെ വഖഫ് ആയി എന്ന് അംഗീകരിക്കാൻ ആകില്ല. പ്രദേശം വഖഫ് ആയി അംഗീകരിച്ചാൽ ഭൂമിയുടെ സ്വഭാവം എന്നന്നേക്കുമായി മാറും. എതിർ കക്ഷിയുടെ ഭൂമിക്കുമേലുള്ള അവകാശവാദത്തിനു പ്രസക്തിയില്ലാതാകും. ഇതേ കാരണം കൊണ്ടാണ് രാമജന്മഭൂമി ഒരു നിയമപരമായ വ്യക്തിയാണ് എന്ന വാദവും കോടതി അംഗീകരിക്കാതിരുന്നത്.
വഖഫ് ബോർഡിന്റെ മറ്റൊരു വാദം പ്രതികൂല കൈവശാവകാശം (adverse possession) അവർക്ക് വന്നു ചേർന്നിട്ടുണ്ട് എന്നതായിരുന്നു. അതായത് ഒരാളുടെ വസ്തു തുടർച്ചയായ 12 വർഷത്തിലേറെ മറ്റൊരാൾ പ്രത്യക്ഷത്തിൽ വച്ചനുഭവിക്കുന്നുവെങ്കിൽ വസ്തുവിന്റെ ഉടമസ്ഥത രണ്ടാമന് വന്നുചേരും. ഇത് തെളിയിക്കാൻ രണ്ടാമൻ വസ്തു തുടർച്ചയായി, ഭംഗമില്ലാതെ, സമാധാനത്തോടുകൂടി, മറ്റാരുമില്ലാതെ, പരസ്യമായി ഈ വസ്തു കൈവശം വച്ചിട്ടുണ്ടാകണം. ആകെ തർക്ക ഭൂമിയെ സംബന്ധിച്ചിടത്തോളം അന്യപ്രവേശനം ഇല്ലാതെ സുന്നി വഖഫ് ബോർഡ് കൈവശം വച്ചു എന്ന് ഒരുകാലത്തും തെളിയിക്കാനാകില്ല. ചരിത്ര രേഖകൾ അനുസരിച്ച് 1857-ന് മുൻപും അവിടെ ഹൈന്ദവ ആരാധന നടന്നിരുന്നതിന് തെളിവുകളും ഉണ്ട്. ‘പ്രതികൂല കൈവശം’ എന്ന വാദത്തിന്റെ ഏറ്റവും വലിയ പ്രശ്നം സ്ഥലത്തിന്റെ ഉടമസ്ഥാവകാശം എതിർകക്ഷിക്കാണ് എന്ന് ആദ്യംതന്നെ അംഗീകരിച്ചു കൊടുക്കാതെ ഈ വാദം ഉന്നയിക്കാനാകില്ല എന്നതാണ്. ഇത് വിധിയിൽ പ്രത്യേകം പറയുന്നുമുണ്ട്. ഇത് ഒരു അനുബന്ധ വാദം മാത്രമാണെന്ന വിശദീകരണമാണ് സുന്നി വഖഫ് ബോർഡിന്റെ അഭിഭാഷകൻ ഡോ. രാജീവ് ധവാൻ നൽകിയത്. അതായത് ഉടമസ്ഥാവകാശം അഥവാ ഇനി ഹിന്ദുക്കൾക്ക് ആണെങ്കിൽ തന്നെ പ്രതികൂല അവകാശം അത് ഇതിനോടകം തങ്ങൾക്ക് ആയിട്ടുണ്ട് എന്ന്. എക്കാലവും ഭൂമി തങ്ങളുടെ കൈവശമായിരുന്നു എന്നും പല കാലഘട്ടത്തിലും അതിന്മേലുള്ള കൈയേറ്റ ശ്രമങ്ങളെ എതിർത്തു പോരുകയായിരുന്നു എന്നും വഖഫ് ബോർഡ് വാദിച്ചിരുന്നു. അതു പക്ഷെ , വഖഫ് ആണെന്ന് സ്ഥാപിക്കപ്പെട്ടാൽ മാത്രം നിലനിൽക്കുന്ന വാദമാണ്. പിന്നീട് ഉണ്ടായിരുന്നത് നിരന്തരമായി കൈവശം വയ്ക്കുന്നതുകൊണ്ടു വന്നുചേരുന്ന അവകാശം മാത്രമാണ്. അതിലും നിയമസാധുത നേടണമെങ്കിൽ തുടർച്ചയായി അന്യപ്രവേശനമില്ലാതെ കൈവശം വച്ചിരുന്നു എന്നു തെളിയിക്കാനാകണം. ‘ബാബറി/ജന്മസ്ഥാൻ’ മസ്ജിദിൽ 1857-ന് മുൻപ് ആരാധന നടന്നിരുന്നുവെന്നോ, 1857 മുതൽ അന്യപ്രവേശനമില്ലാതെ, ഇസ്‌ലാമിക ആരാധന മാത്രം നടന്നിരുന്നുവെന്നോ വഖഫ് ബോർഡിന് തെളിയിക്കാനായില്ല. അതുകൊണ്ട് അതും നിലനിക്കുന്ന വാദമല്ല എന്നു വന്നു. എന്തുകൊണ്ടാണ് ‘രാം ലല്ല’യ്ക്ക് അനുകൂലമായി വിധി വന്നത്? ഉടമസ്ഥതയിലേക്കു വന്നാൽ ബ്രിട്ടീഷ് റവന്യൂ രേഖകളിൽ സർക്കാർ ഭൂമിയായിട്ടാണ് (Nazul Land) ഈ സ്ഥലം നിലനിൽക്കുന്നത്. എന്നാൽ വിചാരണയുടെ ആദ്യഘട്ടത്തിൽ തന്നെ സർക്കാരിന് ഈ ഭൂമിയിൽ താൽപര്യമില്ലെന്നും ഉടമസ്ഥത കക്ഷികൾക്ക് നല്കുന്നതിനോട് വിയോജിപ്പ് ഇല്ലെന്നും വ്യക്തമാക്കിയിരുന്നു. അതുകൊണ്ടു സർക്കാർ ഭൂമിയെന്ന പദവി കേസിനെ ബാധിക്കില്ല. മസ്ജിദിനു വെളിയിലുള്ള (ആകെ സ്ഥലത്തിന്റെ ഭൂരിഭാഗം) അന്യപ്രവേശനമില്ലാത്ത തരത്തിൽ തന്നെ ഹൈന്ദവ ആരാധനാകേന്ദ്രമായിരുന്നു. ഒരു കാലത്തും മുസ്ലീങ്ങൾ അവിടെ അവകാശം ഉന്നയിച്ചിരുന്നുമില്ല. മതിൽ പണിതതിനു ശേഷം 1877-ൽ ആരാധനയ്ക്കെത്തുന്നവരുടെ തിരക്ക് പരിഗണിച്ച് മറ്റൊരു കവാടം കൂടി ഉണ്ടാക്കേണ്ടി വന്നിട്ടുണ്ട്. വലിയരീതിയിലുള്ള ഭക്തജനപ്രവാഹം അവിടേക്ക് ഉണ്ടായിരുന്നുവെന്നാണ് ഇതിൽ നിന്നും നമ്മൾ മനസിലാക്കേണ്ടത്. 1857-ന് മുൻപും അവിടെ ഹൈന്ദവ ആരാധന ഉണ്ടായിരുന്നതായി രേഖയുണ്ട്. അതേസമയം മസ്ജിദ് ഹൈന്ദവരാധനാപ്രദേശത്തിന് മധ്യേയാണ്. അവിടെ 1857-ന് മുമ്പ് നിസ്കാരമോ ആരാധനയോ നടന്നതിന് തെളിവില്ല. 1857 മുതലെങ്കിലും തർക്കമന്ദിരത്തിനകത്ത് ഇരുവിഭാഗങ്ങളും ആരാധന നടത്തിയിരുന്നു . അതുകൊണ്ടാണല്ലോ അവിടെ മതിൽ പണിയേണ്ടി വന്നത്. മാത്രമല്ല 1858 നവംബർ 28-ന് മസ്ജിദിൽ ആരാധന നടത്തുന്ന നിഹാംഗ് സിംഗ് ഫക്കീറിനെ പുറത്താക്കണം എന്ന് ആവശ്യപ്പെട്ടു നൽകിയ ഒരു പരാതിയിൽ തന്നെ മസ്ജിദിന്റെ അകത്ത് നൂറുകണക്കിന് വർഷങ്ങളായി ഹൈന്ദവ ആരാധന നടന്നിരുന്നതാണ് എന്നു പറയുന്നുമുണ്ട്. അതുകൊണ്ട് ആകെ വരുന്ന 2.77 ഏക്കർ സ്ഥലത്തിന്റെ അവകാശം നോക്കിയാൽ ഭൂരിഭാഗവും രാമജന്മഭൂമിയെ സംബന്ധിച്ച ഹൈന്ദവ ആരാധനയുമായി ബന്ധപ്പെട്ടാണ് നിൽക്കുന്നത്. ഇരുപക്ഷത്തിനും പൂർണമായ അവകാശം തെളിയിക്കാൻ കഴിഞ്ഞില്ലെങ്കിലും തെളിവുകളുടെ ആധിക്യം ‘രാം ലല്ല’യ്ക്ക് അനുകൂലമായി വരുന്നു. അതുകൊണ്ട് കേസ് അതിനനുകൂലമായി തീർപ്പാക്കുകയാണുണ്ടായത്. അയോദ്ധ്യ ആക്ടിന്റെ (Acquisition of Certain Area at Ayodhya Act, 1993) 6,7 വകുപ്പുകൾ അനുസരിച്ച് ആ ഭൂമി കേന്ദ്രസർക്കാർ ഒരു ട്രസ്റ്റ് രൂപീകരിച്ച് ക്ഷേത്രത്തിനായി കൈമാറണം. ആ ട്രസ്റ്റിൽ നിർമോഹി അഖാരക്കും സ്ഥാനമുണ്ടാകണം എന്നും നിർദേശം ഉണ്ട്. എന്നിരുന്നാലും കേസ് അപ്രകാരം അവസാനിപ്പിച്ചാൽ അത് ഭരണഘടന ഉയർത്തിപ്പിടിക്കുന്ന തുല്യനീതിയുടെയും മതേതരത്വത്തിന്റെയും മൂല്യങ്ങൾക്ക് വിരുദ്ധമാകും. കാരണം മസ്ജിദ് അവിടെ നിലനിന്നിരുന്നു എന്നത് നിസ്തർക്കമായ വസ്തുതയാണ്. പള്ളി ക്ഷേത്രം തകർത്തു നിർമിച്ചതാണെന്നും, ക്ഷേത്രത്തിന്റെ അവശിഷ്‌ടങ്ങൾ കൊണ്ടാണ് പണിതതെന്നും മറ്റുമുള്ള വാദങ്ങൾ കോടതി അംഗീകരിച്ചില്ല. ഇസ്ലാമിക വിശ്വാസപ്രകാരം നിര്മിക്കപ്പെട്ടിട്ടുള്ള പള്ളിയല്ല എന്ന വാദവും തള്ളിക്കളഞ്ഞു. ദൈവശാസ്ത്രവിശകലനം നടത്തി തീർപ്പു കല്പിക്കേണ്ട ഇടമല്ല കോടതി, പ്രത്യക്ഷ വിശ്വാസമനുസരിച്ചു തർക്കമന്ദിരം മസ്ജിദ് ആണെന്ന് അംഗീകരിക്കുന്നു എന്നായിരുന്നു കോടതിയുടെ നിലപാട്. 1934-ലും 1949-ലും 1992-ലും പള്ളിക്കെതിരെ ആക്രമണം ഉണ്ടായി. 1934-ൽ പള്ളിമിനാരങ്ങൾ തർക്കപ്പെട്ടു. 1949-ൽ അറുപതു പേരോളം വരുന്ന ആൾക്കൂട്ടം അതിക്രമിച്ചു പള്ളിയകത്തു കയറി രാമ വിഗ്രഹം സ്ഥാപിച്ചു. അങ്ങനെ നിയമവിരുദ്ധമായി മുസ്ലീങ്ങളെ പള്ളിയിൽ നിന്നും പുറത്താക്കി. ഒടുവിൽ 1992-ൽ നിയമവാഴ്ചയെ വെല്ലുവിളിച്ചുകൊണ്ട് പള്ളി തകർത്തു. ഈ അന്യായങ്ങൾക്ക്, നിയമലംഘനങ്ങൾക്ക്, ആരാധനാലയം നഷ്ടപ്പെട്ടതിന് പരിഹാരം നൽകാതെ കേസ് അവസാനിപ്പിച്ചാൽ അത് നീതിയുക്തമാകില്ല. അതുകൊണ്ട് ഭരണഘടനയുടെ ആർട്ടിക്കിൾ 142 നൽകുന്ന സവിശേഷ അധികാരം ഉപയോഗിച്ചുകൊണ്ട് അയോധ്യയിൽ തന്നെ മസ്ജിദ് പണിയാനായി കണ്ണായ സ്ഥലത്ത് അഞ്ച് ഏക്കർ ഭൂമി വഖഫ് ബോർഡിന് അനുവദിക്കണം എന്നും കോടതി വിധിച്ചു. അത് മനസാക്ഷിയുടെ സ്വരമായാണ് വിധിയിൽ ചിത്രീകരിക്കപ്പെട്ടിട്ടുള്ളത്. എങ്കിലും ന്യായമായും തങ്ങൾക്ക് നീതി ലഭിച്ചിട്ടില്ലെന്ന വികാരം മുസ്ലീങ്ങൾക്കിടയിൽ ഉണരുവാനുള്ള കാരണമുണ്ട്. കാരണം പള്ളി തകർത്തത് തെറ്റെങ്കിൽ ആ പള്ളി അവിടെ പുനഃസ്ഥാപിക്കുകയല്ലേ സമാന്യനീതി എന്ന ചോദ്യം സ്വാഭാവികമാണ്. പക്ഷെ ഇവിടെ നമ്മൾ മറന്നു പോകുന്നത് ഇത് പള്ളി പൊളിച്ചതുമായി ബന്ധപ്പെട്ട കേസ് അല്ല എന്നതാണ്. 1992-ൽ ആരംഭിച്ചതുമല്ല. ഇതൊരു വസ്തു തർക്കമാണ്; 1950-ൽ ആരംഭിച്ചത്. അതിൽ വിധി പറയേണ്ടത് 1992-ലെ ഭീകരപ്രവർത്തനത്തെ മാത്രം കണക്കിലെടുത്തുകൊണ്ടല്ല. സർക്കാർ താത്പര്യമില്ല എന്ന് അറിയിച്ചതോടെ ഭൂമിതർക്കത്തിൽ സർക്കാർ ഒരു കക്ഷിയല്ല എന്നുവന്നു. പിന്നെ പള്ളിമാത്രം വഖഫ് ബോർഡിന് നൽകുക എന്നതാണ് ഒരു മാർഗം. പക്ഷെ അത്തരമൊരു ആവശ്യം ഉന്നയിക്കപ്പെട്ടിട്ടില്ല. മൊത്തം ഭൂമിയിലും ആയിരുന്നു ഉടമസ്ഥാവകാശം സ്ഥാപിക്കേണ്ടിയിരുന്നത്. മാത്രമല്ല സ്ഥലം വിഭജിച്ചു നൽകിയാൽ അതിനർത്ഥം വീണ്ടും കാലാകാലങ്ങളായി ഉള്ള നില തുടരുക എന്നതാണ്. പ്രശ്നം പിന്നെയും അങ്ങനെതന്നെ തുടരാനാണ് അതു വഴിവയ്ക്കുക. അത് ആശ്വാസ്യമല്ല എന്നും കോടതിയ്ക്ക് തോന്നിയിരിക്കാം. തങ്ങളുടെ തീരുമാനം സമകാലിക ഇന്ത്യയിലും രാഷ്ട്രത്തിന്റെ ഭാവിയിലും ഉണ്ടാക്കിയേക്കാവുന്ന വലിയ പ്രത്യാഘാതങ്ങളെക്കുറിച്ച് ന്യായധിപർ ബോധവന്മാരായിരുന്നു എന്ന് വിധി വായിച്ചാൽ ബോധ്യപ്പെടും. ഇനിയും ഇതുപോലെ തർക്കങ്ങൾ ഉയർന്നുവരാനുള്ള സാധ്യതയും മുന്നിൽ കണ്ടിട്ടുണ്ടാവണം. അതുകൊണ്ട് അത്തരം പഴുതുകൾ കോടതി തന്നെ അടയ്ക്കുവാൻ ശ്രമിച്ചിട്ടുണ്ട് എന്നുകാണാം. ഭാവിയിലേക്കുള്ള ന്യായവിചാരങ്ങൾ ചരിത്രവും വിശ്വാസവും നിർവചിക്കേണ്ടത് കോടതിയല്ല എന്ന് സുപ്രീംകോടതി അസന്ദിഗ്ധമായി വ്യക്തമാക്കുന്നുണ്ട് ഈ വിധിയിൽ. ബാബറി പള്ളി പണിതിരിക്കുന്നത് ഹൈന്ദവക്ഷേത്രം പൊളിച്ചിട്ടാണോ എന്ന കാര്യം രാഷ്ട്രപതി ആരാഞ്ഞപ്പോൾ 1992-ൽ തന്നെ സുപ്രീംകോടതി അത് വ്യക്തമാക്കിയിട്ടുള്ളതാണ്. ഈ വിധിയിൽ അതു പരാമര്ശിക്കപ്പെടുന്നുമുണ്ട്. എന്നിരുന്നാലും അയോധ്യയിൽ എ. എസ്.ഐ. നടത്തിയ പഠനങ്ങളുടെ ഫലം കോടതി വിലയിരുത്തിയിട്ടുണ്ട്. പള്ളി പണിതിരിക്കുന്ന സ്ഥലത്തു മുൻപ് ക്ഷേത്രമുണ്ടായിരുന്നോ എന്നും അതു പൊളിച്ചിട്ടാണോ പള്ളി പണിതിരിക്കുന്നത് എന്നുമൊന്നും റിപ്പോർട്ടിൽ നിന്നും കണ്ടെത്താനാകില്ല. ഉടമസ്ഥ തർക്കങ്ങളിൽ കോടതി തീരുമാനമെടുക്കേണ്ടത് ചരിത്രവും വിശ്വാസവും, എ. എസ്.ഐ. ഖനനവും പരിശോധിച്ചല്ല, സുദൃഢമായ നിയമതത്വങ്ങളെ ആശ്രയിച്ചായിരിക്കണം എന്ന കോടതിയുടെ തീരുമാനം ഭാവിയിലേക്കുള്ള ശുഭകരമായ ഒരു ചൂണ്ടുപലകയാണ്.
അതുപോലെ തന്നെ പ്രധാനമാണ് രാമ ജന്മഭൂമിയെ ഒരു നിയമപരമായ വ്യക്തിയായി അംഗീകരിക്കണം എന്ന ആവശ്യം അംഗീകരിച്ചില്ല എന്നതും. ഒരു സ്ഥലം വ്യക്തിയായി മാറിയാൽ അതിന്മേലുള്ള തർക്കങ്ങളെല്ലാം അപ്രസക്തമാകും. ആ സ്ഥലത്തിന്റെ പരിധി നിർണയിക്കുക എങ്ങനെയാണ് എന്നു തുടങ്ങി നിരവധി പ്രശനങ്ങൾ ഉയർന്നുവരും. ഏതു മതവിഭാഗത്തിന്റെ വിശ്വാസമാണ് കൂടുതൽ ശക്തം എന്ന് അളന്നുകൊണ്ട് ഒരു സ്ഥലത്തിന്റെ ഉടമസ്ഥാവകാശം നിര്ണയിക്കാനാകില്ല. ഒരു സിവിൽ തർക്കം എപ്പോഴും മതേതരമായി നിലനിൽക്കണം എന്ന് കോടതി അർത്ഥശങ്കയ്ക്ക് ഇടയില്ലാത്തവിധം വ്യക്തമാക്കിയിരിക്കുന്നു. 1949-ലെയും 1992-ലെയും അതിക്രമങ്ങൾ നിയമവിരുദ്ധമാണ് എന്ന് വിധിയിൽ പലതവണ പറയുന്നുണ്ട്. പള്ളി തകർത്തതും തുടർന്നുള്ള കലാപവും സംബന്ധിച്ച ഗൂഡാലോചന കേസിൽ നീതി നടപ്പിലാക്കണം എന്ന ഒരു സൂചനയും വായിച്ചെടുക്കാനാകും. ഏറെ പ്രധാനപ്പെട്ടതാണ് 1991-ലെ ആരാധനാലായങ്ങളെ സംബന്ധിച്ച നിയമ(Places of Worship Act 1991)-ത്തെക്കുറിച്ചുള്ള പരാമർശം. ആരാധനാലയങ്ങൾ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച 1947 ആഗസ്ത് 15-ന് എപ്രകാരം നിലനിന്നിരുന്നുവോ അതേ പദവിയിൽ തന്നെ തുടരണം എന്നാണ് ഈ നിയമം അനുശാസിക്കുന്നത്. 1991 ജൂലൈ പതിനാലിനാണ് ഈ നിയമം നിലവിൽ വന്നത്. ചരിത്രവും അതിന്റെ പിഴവുകളും വർത്തമാനകാലത്തെയും ഭാവിയെയും അടിച്ചമർത്താനുള്ള ഉപാധികളാകരുത് എന്നാണ് നിയമം പറയുന്നത്. അതിന്റെ പരിധിയിൽ നിന്നു പക്ഷേ, അയോദ്ധ്യ തർക്കം ഒഴിവാക്കപ്പെട്ടിരുന്നു. ഭരണഘടനാ ധാർമികതയുടെ പ്രകാശനമായാണ് അയോധ്യവിധിയിൽ ഈ നിയമത്തെ പ്രകീർത്തിക്കുന്നത്. ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വിവാദമായ സിവിൽ തർക്കത്തിന് പരിഹാരം നിശ്ചയിക്കുമ്പോൾ അത് ഭാവിയിൽ ഉണ്ടാക്കിയേക്കാവുന്ന പ്രത്യഖ്യാതങ്ങളെക്കുറിച്ച് സുപ്രീംകോടതിയുടെ ഭരണഘടനാ ബഞ്ച് ആകുലപ്പെട്ടിരുന്നു എന്നുവേണം കരുതാൻ. അതുകൊണ്ടാണ് അതിനൊരു ഏകസ്വരം വേണം എന്നും ഏതെങ്കിലും ഒരു ജഡ്ജിയുടേതായല്ല, കോടതിയുടെ ആകെ വിധി എന്ന തരത്തിൽ അത് പുറത്തു വരണം എന്നും ആഗ്രഹിച്ചത്. രാമജന്മഭൂമിയുമായി ബന്ധപ്പെട്ട അനുബന്ധത്തിനും വേറിട്ടൊരു രചയിതാവില്ല. എന്നാൽ വിധി എഴുതുന്നതിൽ അനുബന്ധത്തിന് അത്രയേറെ പ്രാധാന്യമൊന്നും ഇല്ലാതിരുന്നതുകൊണ്ടുകൂടിയാകാം അത് പ്രധാന വിധിക്കൊപ്പം ചേർക്കാതിരുന്നത്. ഇനിയൊരു അയോധ്യ ഉണ്ടാകരുതെന്ന ആഗ്രഹം വിധിയിലുടനീളം പ്രതിഫലിക്കുന്നുണ്ട്. ആരാധനാലയ നിയമത്തിന്റെ പ്രസക്തിയേക്കുറിച്ച് ഊന്നി പറഞ്ഞുകൊണ്ട് ആരാധനാലയങ്ങളുടെ സ്വഭാവത്തിൽ മാറ്റം വരുത്തരുത് എന്ന നിബന്ധനയിലൂടെ വരുംകാലത്തോട് സംവദിക്കാനാണ് കോടതി ശ്രമിക്കുന്നത്.
This article was first published in two parts in Mangalam Daily on 17/11/2019 and 18/11/2019
വിവരസുരക്ഷയെക്കുറിച്ചുള്ള സുപ്രധാനമായ പ്രശ്നങ്ങൾ ഉൾപ്പെടുന്ന സ്പ്രിങ്ക്ളർ കേസ് പരിഗണിച്ച ഹൈക്കോടതി വീഡിയോ കോണ്ഫറൺസിംഗിനായി ഉപയോഗിക്കുന്നത് ‘സൂം’ എന്ന അമേരിക്കൻ വിഡിയോ കോണ്ഫറൻസിംഗ് ആപ്പ്ളിക്കേഷൻ ആണെന്നത് വിവരസുരക്ഷയെക്കുറിച്ചുള്ള നമ്മുടെ അവബോധം എവിടെ എത്തി നില്ക്കുന്നു എന്നതിന്റെ സൂചനയാണ്. കഴിഞ്ഞ ആഴ്ചയാണ് കേന്ദ്ര ഗവണ്മെന്റ് സുരക്ഷാ പ്രശ്നങ്ങള് ഉള്ളതുകൊണ്ട് സും ഔദ്യോഗിക വീഡിയോ കോൺഫറൺസിംഗ് അവശ്യങ്ങൾക്കായി ഉപയോഗിക്കരുത് എന്ന നിർദ്ദേശം പുറപ്പെടുവിച്ചത്. ലോകത്തെ പ്രധാനപ്പെട്ട രാജ്യങ്ങളെല്ലാം തന്നെ സൂം-ന്റെ സുരക്ഷാ പഴുതുകൾ കണക്കിലെടുത്തുകൊണ്ട് സമാനമായ നിര്ദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. സുരക്ഷാ വീഴ്ചകളും മോശം സ്വകാര്യതാ മാനദണ്ഡങ്ങളും ഉള്ള കമ്പനിയാണ് സൂം എന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഉദാഹരണത്തിന്, ഇവർ ഉപഭോക്താക്കളുടെ യൂസർ നെയിം, മേൽവിലാസം, ഇമെയിൽ അഡ്രസ്സ്, ഫോൺനമ്പർ, തൊഴിൽ വിവരങ്ങൾ, സാമൂഹ്യമാധ്യമങ്ങളിലെ പ്രൊഫൈൽ, കംപ്യൂട്ടറിന്റെയോ ഫോണിന്റെയോ സ്പെസിഫിക്കേഷൻ, ഐ.പി. അഡ്രസ്സ്, എന്നുവേണ്ട നമ്മൾ നിർമിക്കുകയും അപ്‌ലോഡ് ചെയ്യുകയും ചെയ്യുന്ന മുഴുവൻ കാര്യങ്ങളും ശേഖരിക്കുകയും നിരീക്ഷണത്തിനും ലാഭമുണ്ടാക്കുന്നതിനു വേണ്ടിയും ഉപയോഗിക്കുകയും ചെയ്യുന്നു. ഫേസ്‌ബുക്ക് അക്കൗണ്ട് ഇല്ലാത്തവരുടെ പോലും ചില വിവരങ്ങൾ ഇവർ ഫേസ്‍ബുക്കിന് കൈമാറുന്നുണ്ട് എന്ന് പറയുന്നു. ഏൻഡ്-ടു-ഏൻഡ് എൻക്രിപ്‌ഷൻ ഉണ്ടെന്ന് അവകാശപ്പെടുന്ന സൂമിന്റെ ‘എൻഡ്’കൾ പക്ഷേ വാട്ട്സ്ആപ്പ്, ടെലിഗ്രാം എന്നിവയുടെ പോലെ അയയ്ക്കുന്ന ആളുടെ മൊബൈൽ ഫോൺ മുതൽ ലഭിക്കേണ്ട ആളുടെ ഫോൺ വരെയല്ല, അയയ്ക്കുന്ന ആളുടെ ഉപകരണം മുതൽ സൂമിന്റെ സെർവർ വരെയാണ്. അതായത് സെർവറിലെത്തുന്ന നമ്മുടെ വിവരങ്ങളും സന്ദേശങ്ങളും ദൃശ്യങ്ങളുമെല്ലാം സൂമിന് അവരുടെ താത്പര്യങ്ങൾക്ക് ഉപയോഗപ്പെടുത്താം എന്ന് സാരം. അതായത് യൂസർ എഗ്രിമെന്റ് പ്രകാരം തന്നെ നമ്മുടെ കോടതിവ്യവഹാരങ്ങൾ വരെ സൂമിന് വിശകലനം ചെയ്യാമെന്ന്. അവരുടെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള സ്വാകാര്യതാനയം പരിശോധിച്ചാൽ അറിയാം. ജൂറിസ്ഡിക്ഷൻ കാലിഫോർണിയയിലെ കോടതിയിൽ ആണെന്ന്. മാത്രമല്ല സൂമിനെതിരെ വിവരമോഷണവുമായി ബന്ധപ്പെട്ട കേസുകളും നിലവിലുണ്ട്. ഇതിനൊരു ബദൽ ഉണ്ടോ എന്ന് അധികൃതർ അന്വേഷിച്ചിട്ടുണ്ടോ? ഏതു വിവരവും കൈകാര്യം ചെയ്യാൻ കഴിയും എന്ന് പറയുന്ന എൻ.ഐ.സി-ക്ക് ഒരു വീഡിയോ കോണ്ഫറൻസിംഗ് ആപ്ലിക്കേഷൻ ഉണ്ടോ? നിയമപ്രശ്നങ്ങൾ മറികടക്കാൻ സൂമുമായി പരിഷ്കരിച്ച സ്വകാര്യതാ നയങ്ങൾ ഉള്ള പ്രത്യേക കരാർ ഉണ്ടാക്കുകയും സുരക്ഷാപ്രശ്നങ്ങൾ പരിഹരിക്കുകയും ചെയ്തിട്ടുണ്ടെങ്കിൽ നല്ലതുതന്നെ. എന്നാൽ സൂം ഉപയോഗിക്കേണ്ടി വരുന്ന അനുപേക്ഷണീയമായ അവസരങ്ങളിൽ ചെയ്യണം എന്ന് കേന്ദ്രസർക്കാർ നിർദ്ദേശിച്ചിട്ടുള്ള കാര്യങ്ങൾ പോലും ഹൈക്കോടതിയിൽ ചെയ്തിരുന്നില്ല.
അതുപോലെ തന്നെ നമ്മുടെ പല സർക്കാർ ഓഫീസുകളും ഉപയോഗിക്കുന്നത് ജി-മെയിൽ പോലുള്ള സ്വകാര്യ കമ്പനികളുടെ സൗജന്യ ഇ-മെയിൽ സേവനമാണ്. ജീവനക്കാരുടെയും പൊതുജനങ്ങളുടെയും വിവരങ്ങൾ മുതൽ സർക്കാർ വസ്തുവകകളുടെയും വരവുചെലവുകളുടെയും ഓരോരോ സ്ഥലങ്ങളിലേക്ക് ആവശ്യമുള്ള ഉദ്പന്നങ്ങളുടെയും ഇടപാടുകളുടെയും ഒക്കെ വിവരങ്ങൾ ഇതിലൂടെ കൈമാറുന്നുണ്ട്. നമ്മുടെ ജനപ്രതിനിധികളും പരസ്യമായി വിവരങ്ങൾ ആവശ്യപ്പെടുന്നത് ജിമെയിൽ വഴി ആണെന്ന് നമ്മൾ കണ്ടു. ഈ സേവനം ഉപയോഗിക്കുന്നതിന് മുൻപ് ഗൂഗിളുമായി ഇവർ എന്തെങ്കിലും തരത്തിലുള്ള കരാർ ഉണ്ടാക്കിയിട്ടുണ്ടോ എന്ന ചോദ്യം അവിടെ നിൽക്കട്ടെ, നാലായിരം വാക്കുകൾ ഉള്ള ഗൂഗിൾ പ്രൈവസി പോളിസി ആരെങ്കിലും വായിച്ചു നോക്കുകയെങ്കിലും ചെയ്തിട്ടുണ്ടോ? യൂറോപ്യൻ വിവരസുരക്ഷാ മാർഗ നിർദേശങ്ങൾ അനുസരിച്ച് അടുത്തിടെ ചെറിയ ചില മാറ്റങ്ങൾ വരുത്തിയെങ്കിലും ഗൂഗിളിന്റെ ഏതു സർവീസിലേക്ക് നമ്മൾ കൊടുക്കുന്ന വിവരങ്ങളുടെയും ഏകദേശം സമ്പൂർണമെന്നു പറയാവുന്ന അവകാശം കമ്പനിയ്ക്ക് നമ്മൾ കൊടുക്കുകയാണ്. യു.എസ്. തെരഞ്ഞെടുപ്പിൽ ഹിലരി ക്ലിന്റണ് വിനയായ ഒരു കാര്യം സ്വകാര്യ ഇ-മെയിൽ ഔദ്യോഗിക കാര്യത്തിന് ഉപയോഗിച്ചത് ആണെന്ന് ഓർക്കണം.
ഇത്രയും പറഞ്ഞത് സ്പ്രിങ്ക്ലെർ വിവാദം ഇതിനു സമാനമാണ് എന്ന് പറയാനല്ല, മറിച്ച് നമ്മുടെ നാട്ടിൽ സ്വകാര്യതയെക്കുറിച്ചുള്ള പൊതു അവബോധം എവിടെ നിൽക്കുന്നു എന്നു സൂചിപ്പിക്കാനാണ്. ഹൈക്കോടതി ജഡ്ജിമാരോ ഉദ്യോഗസ്ഥരോ ഇത്തരം സാങ്കേതിക കാര്യങ്ങൾ ശ്രദ്ധിക്കണം എന്നില്ല, എന്നിരുന്നാലും കഴിഞ്ഞ ആഴ്ചകളിലെ പത്രം വായിച്ചിട്ടുള്ള ചിലരെങ്കിലും ഈ നാട്ടിലുണ്ട്. അവർക്ക് സൂം സംബന്ധിച്ച കേന്ദ്ര സർക്കാരിന്റെ നിർദ്ദേശങ്ങളെക്കുറിച്ച് അറിവുണ്ടായിരിക്കും.
വളരെ ആരോഗ്യകരമായ തലത്തിലേക്കു വളരുമായിരുന്ന ഒരു വിഷയം എങ്ങനെയാണ് ചർച്ചചെയ്തു ചർച്ചചെയ്തു ഉള്ളി തൊലിപൊളിക്കുന്നതുപോലെ ആക്കുന്നത് എന്നതിന് ഏറ്റവും നല്ല ഉദാഹരണമാണ് സ്പ്രിങ്ക്ളർ വിവാദം. വിവരസുരക്ഷാ നിയമമോ, നിയതമായ സ്വകാര്യതാ ചട്ടക്കൂടോ ഇല്ലാത്ത രാജ്യമാണ് നമ്മുടേത്. സംസ്ഥാന സർക്കാരിനും ഇക്കാര്യത്തിൽ ഒരു നയമില്ല. തികച്ചും അപര്യാപ്തമായ വിവരസാങ്കേതിക നിയമവും, പഴയ ടെലിഗ്രാഫ് ആക്ടും ഓരോരോ സന്ദർഭങ്ങളിൽ തട്ടിക്കൂട്ടുന്ന താത്കാലിക ചട്ടങ്ങളും മാത്രമാണ് നമുക്കുള്ളത്. ഈ വലിയ പ്രശ്നം അതിന്റെ സമഗ്രതയിൽ മനസിലാക്കാതെ നമുക്ക് മുന്നോട്ടു പോകാനാകില്ല.
വലിയ കമ്പനികളിൽ നിന്നും ഗവണ്മെന്റ്റ് സ്ഥാപനങ്ങളിൽ നിന്നുമെല്ലാം കൂടുതലും വിവരങ്ങൾ ചോരുന്നത് അവരുടെ സെർവറുകൾ ഹാക്ക് ചെയ്യപ്പെടുന്നതുകൊണ്ടല്ല, ചില ജീവനക്കാരുടെ അനാസ്ഥ കൊണ്ടാണ്. പാസ്‌വേഡുകൾ, വിവരങ്ങൾ കൈകാര്യം ചെയ്യുന്ന ഉപകരണങ്ങളായ മൊബൈൽഫോണ്, കമ്പ്യൂട്ടറുകൾ, ലാപ്ടോപ്, പെൻ ഡ്രൈവ്, സി.ഡി, ഡി. വി.ഡി., മറ്റു സ്റ്റോറേജ് ഡിവൈസുകൾ, എന്നിവ വേണ്ടത്ര അവധാനതയില്ലാതെ കൈകാര്യം ചെയ്യുന്നതുകൊണ്ടാണത് സംഭവിക്കുന്നത്. വിവരങ്ങൾ കൈകാര്യം ചെയ്യുന്നതിന് കൃത്യമായ പ്രോട്ടോക്കോളും അതു സംബന്ധിച്ച ഫലപ്രദമായ പരിശീലനവും ഇല്ലാത്തതിന്റെ പ്രശ്നമാണത്. നമ്മുടെ നാട്ടിൽ ആശാ വർക്കര്മാർ മുതലിങ്ങോട്ട് എത്രയോ ആളുകളാണ് സുപ്രധാനവിവരങ്ങൾ ശേഖരിക്കുകയും കൈകാര്യം ചെയ്യുന്നതും എന്നുകൂടി ഓർക്കണം. അതുകൊണ്ട് അടിയന്തിരമായി ഒരു സമഗ്ര സ്വകാര്യതാ നയം കൊണ്ടുവരേണ്ടത് അനിവാര്യമാണ്. അത്തരമൊരു തരത്തിലേക്ക് ചർച്ച മാറിയില്ലെങ്കിൽ സ്പ്രിൻക്ലെർ കമ്പനിയുടെ പരസ്യമായി മാത്രം ഈ വിവാദങ്ങൾ മാറും. ഗൂഢാലോചനാ സിദ്ധാന്തങ്ങളും യാതൊരു അടിസ്ഥാനവുമില്ലാത്ത ആരോപണ പ്രത്യാരോപണങ്ങളും ഉയർത്തി സംവാദങ്ങൾ നിരർഥകമാക്കരുത്. ഇതിൽ ഏറ്റവും അപകടം ഉണ്ടാക്കുന്ന കൂട്ടർ “സായിപ്പിന് ഡാറ്റ വാങ്ങി പുഴുങ്ങി തിന്നാനാണോ” എന്ന തരത്തിലുള്ള വാദങ്ങൾ ഉന്നയിക്കുന്ന സൈബർ പോരാളികളാണ്. ഇക്കാര്യത്തിൽ അടിസ്ഥാനപരമായ ചില പ്രശ്‌നങ്ങൾ ഉണ്ട് എന്ന് എല്ലാവരും അംഗീകരിക്കണം. ഗവണ്മെന്റിന് അതു മനസിലായിട്ടുണ്ട് എന്നാണ് സുതാര്യത ഉറപ്പു വരുത്തുന്നതിനായി കമ്പനിയുമായുള്ള കരാറുകൾ പുറത്തു വിടുകയും വിശദീകരണങ്ങൾ നൽകുകയും ഒക്കെ ചെയ്തതിലൂടെ വ്യക്തമാകുന്നത്. ടെലിവിഷൻ സ്റ്റുഡിയോകളിലും സമൂഹ്യമാധ്യമങ്ങളിലും ആളുകൾ ഉയർത്തുന്ന അടിസ്ഥാന രഹിതമായ ആരോപണങ്ങളും അപകടകരമായ ന്യായീകരണങ്ങളുമാണ് പ്രശ്നത്തെ വഷളാക്കുന്നത്. പരസ്യമായും ഭരണതലത്തിലും പല ഇടപെടലുകളും ഇപ്പോഴും ഗവണ്മെന്റ് നടത്തുന്നുണ്ട്. ഏതൊരു ചർച്ചയ്ക്കും ഒരു ഫലം ഉണ്ടായിരിക്കണം. അതുകൊണ്ട് നമുക്ക് പ്രശ്നപരിഹാര മാര്ഗങ്ങളെക്കുറിച്ചു ചിന്തിക്കാം.
എന്തൊക്കെ പറഞ്ഞാലും ഹൈക്കോടതിയാണ് ഇക്കാര്യത്തിൽ ഏറ്റവും വിവേകപൂർവമായ നിലപാട് കൈക്കൊണ്ടത് എന്ന കാര്യത്തിൽ സംശയം ഒന്നുമില്ല. പ്രതിപക്ഷം ഉയർത്തിക്കൊണ്ടുവന്ന ഡാറ്റാ കച്ചവടം, അഴിമതി എന്നിങ്ങനെയുള്ള രാഷ്ട്രീയ ആരോപണങ്ങൾ മുഖവിലക്കെടുക്കാൻ കോടതി തയ്യാറായില്ല. എന്നാൽ ജനങ്ങളുടെ മൌലീകാവകാശങ്ങളുമായി ബന്ധപ്പെട്ട ഗൌരവതരമായ ചില വിഷയങ്ങളിതിൽ ഉൾക്കൊള്ളുന്നു എന്ന കാര്യം തിരിച്ചറിയുകയും ചെയ്തു. സംസ്ഥാനം അഭിമുഖീകരിക്കുന്ന സമാനതകൾ ഇല്ലാത്ത പ്രതിസന്ധി പരിഗണിച്ചുകൊണ്ട് ഗവണ്മെന്റിന് പദ്ധതിയുമായി മുന്നോട്ട് പോകാമെന്നും, എന്നാൽ പൌരന്റെ സ്വകാര്യത സംരക്ഷിക്കുന്നതിനു വേണ്ടിയുള്ള മുൻകരുതലുകൾ സ്വീകരിക്കണം എന്നുള്ളതുമാണ് ഹൈക്കോടതി ഉത്തരവ്. കോടതി നിര്ദ്ദേശങ്ങളിൽ പലതും സ്പ്രിങ്ക്ളർ കമ്പനിയുമായുള്ള കരാറിൽ ഉൾപ്പെട്ടിരുന്നതാണ് എന്നിരുന്നാലും വിവരങ്ങൾ അജ്ഞേയമാക്കിയതിനു ശേഷമേ അപഗ്രഥനത്തിനായി കൈമാറാൻ പാടുള്ളൂ എന്ന നിര്ദ്ദേശമൊക്കെ സംസ്ഥാനത്തിന് ആദ്യഘട്ടത്തിൽ തന്നെ സ്വീകരിക്കമായിരുന്ന പ്രാഥമിക സുരക്ഷാ ക്രമീകരണമായിരുന്നു.
പ്രശ്നം പരിഹരിക്കപ്പെടണം എന്നു പറയുമ്പോൾ, എന്താണ് യഥാർഥ പ്രശ്നം എന്നുകൂടി മനസിലാക്കേണ്ടതുണ്ട്. ഇതൊരു രാഷ്ട്രീയ അവസരമായി കാണുന്നവര്ക്ക് ഒരു പക്ഷേ പ്രശ്നം സ്പ്രിങ്ക്ളർ മാത്രമായിരിക്കും അങ്ങനെയെങ്കില്‍ കരാർ റദ്ദാക്കിയാൽ അത് അവസാനിക്കും. പക്ഷേ അതുകൊണ്ടു മാത്രം പൊതുജനതാത്പര്യം സംരക്ഷിക്കപ്പെടില്ല. നമ്മുടെ സർക്കാരോ സ്പ്രിങ്ക്ളറോ ആവരുത്, ജനങ്ങളുടെ സ്വകാര്യത സംരക്ഷിക്കുക, വിവര സുരക്ഷ ഉറപ്പുവരുത്തുക, സംസ്ഥാനത്തിന്റെ സാങ്കേതിക ശേഷി വികസിപ്പിക്കുക, വിവര ഭരണം മെച്ചപ്പെടുത്തുക തുടങ്ങിയ കാര്യങ്ങളിലായിരിക്കണം ഊന്നൽ. ജയിക്കേണ്ടത് ഭരണപക്ഷമോ പ്രതിപക്ഷമോ അല്ല, നമ്മൾ ജനങ്ങളാണ്. ആ കാഴ്ചപ്പാടിൽ നിന്നുകൊണ്ട് വിവാദം അവസാനിപ്പിക്കുന്നതിനും പൊതുജനതാത്പര്യം സംരക്ഷിക്കുന്നതിനുമായി അഞ്ചു നിർദേശങ്ങൾ മുന്നോട്ടു വയ്ക്കുന്നു
1. കരാറിൽ ഇനിയും പരിഷ്കരണങ്ങൾക്ക് സാധ്യതയുണ്ട്. കാരണം സ്പ്രിങ്ക്ളറി-നും ഇതൊരു ആദ്യ അനുഭവമാണ്. അവർ സാധാരണഗതിയിൽ ഗവണ്മെന്റുകൾക്ക് വേണ്ടി ഇതുപോലുള്ള സേവനങ്ങൾ ഒരുക്കുന്ന സ്ഥാപനമല്ല. ഇവരുടെ കസ്റ്റമർ എക്സ്പീരിയൻസ് മാനേജ്മെന്റ് (സി. എം. എക്സ്.) ആപ്പ്ലിക്കേഷൻ കേരളത്തിന്റെ ആവശ്യങ്ങൾക്ക് കസ്റ്റമൈസ് ചെയ്ത പുതിയ ഒരു പ്രോഡക്ട് ആക്കിയതാകും. ‘സി. എം. എക്സ്. ഗവണ്മെന്റ്’ ആ നിലക്കുള്ള അവരുടെ ആദ്യ ഉദ്പന്നമാണ്. അതിന്റെ ആദ്യ കസ്റ്റമർ ആണ് നമ്മൾ. അപ്പോൾ തീർച്ചയായും കരാർ ഉൾപ്പടെയുള്ള കാര്യങ്ങളിൽ ചർച്ചകൾക്കും, പരിഷ്കരണങ്ങൾക്കും ഉള്ള സാധ്യതകൾ ഏറെയാണ്. ഏതൊരു കമ്പനിയും രാജ്യാന്തര കരാറിൽ ഏർപ്പെടുമ്പോൾ ഇത്തരത്തിലുള്ള ചർച്ചകളും പരിഷ്കരണങ്ങളും നടത്തുവാൻ ബാധ്യസ്ഥരാണ്. വിദഗ്ധരുടെ സേവനം തേടിക്കൊണ്ട് അത്തരത്തിൽ വേണ്ട മാറ്റങ്ങൾ നമുക്ക് ആലോചിക്കാവുന്നതാണ്.
2. അടുത്ത നിയമസഭാ സമ്മേളനത്തിൽ തന്നെ സംസ്ഥാനത്തിന് വ്യക്തവും സുചിന്തിതവുമായ ഒരു സ്വകാര്യതാ ചട്ടക്കൂട് ഉണ്ടാക്കുക. അതുണ്ടെങ്കിൽ അതിനു വിധേയമായ തരത്തിൽ മാത്രമേ ഏതൊരു സേവനവും നമുക്ക് ഉപയോഗിക്കാൻ കഴിയൂ. അതിന് പ്രതിപക്ഷവും ഭരണപക്ഷവും ക്രിയാത്മകമായ ഇടപെടലുകൾ നടത്തുക. ഇതിൽ 2017-ലെ ചരിത്രപരമായ പുട്ടുസ്വാമി കേസിലെ വിധിയിൽ സുപ്രീംകോടതി നിർദ്ദേശിച്ചിട്ടുള്ള സ്വകാര്യതാ സരക്ഷണ മാർഗരേഖ കൃത്യമായി സന്നിവേശിപ്പിക്കണം. നിയമം, ഉദ്ദേശ്യലക്ഷ്യവുമായുള്ള അതിന്റെ യുക്തിസഹമായ ബന്ധം, ആനുപാതികത തുടങ്ങിയവയെല്ലാം പാലിക്കപ്പെടണം.
3. ദുരന്തങ്ങൾ, അതു പ്രകൃതി ദുരന്തങ്ങളായാലും മഹാമാരികളായാലും ഇനിയും ഉണ്ടാകാമെന്നും അപ്പോൾ നമുക്ക് കാര്യക്ഷമമായി പ്രവർത്തിക്കുവാൻ വേണ്ട വിവര വിശകലന സങ്കേതങ്ങൾ ആവശ്യമാണെന്നും മനസിലാക്കണം. ദുരന്തസമയങ്ങളിൽ നമുക്ക് അടിയന്തര തീരുമാനങ്ങൾ എടുക്കാനും, വിവര ശേഖരണ-വിശകലന സൗകര്യങ്ങൾ ഒരുക്കാനും സാധ്യമാക്കുന്ന പ്രത്യേക ദുരന്തമുഖ-സ്വകാര്യതാ-നയം ( Disaster Privacy Policy ) രൂപീകരിക്കണം. എന്നാൽ അടിയന്തിര ഘട്ടങ്ങളില്‍ നമ്മൾ സ്വീകരിക്കുന്ന അസാധാരണ നടപടികൾ പലപ്പോഴും അതിനുശേഷവും നിലനിൽക്കുകയും, പൌരാവകാശങ്ങളെ വെല്ലുവിളിക്കുകയും ചെയ്യുന്ന ഒരു സാഹചര്യമാണ് ലോകമെമ്പാടും കണ്ടുവരുന്നത്. അതുകൊണ്ടുതന്നെ അടിയന്തര നടപടികൾ അടിയന്തര ഘട്ടം കഴിയുമ്പോൾ അവസാനിപ്പിക്കാനും ആനുപാതികമല്ലാത്ത വിവരങ്ങൾ ഉൾപ്പടെ നശിപ്പിക്കാനും ഉള്ള വ്യവസ്ഥകൾ നിർബന്ധമായും സ്വാകര്യതാ ചട്ടക്കൂടിന്റെ ഭാഗമാക്കണം. .
4. അതിൽ തന്നെ സ്വകാര്യ, ബ്രാൻഡഡ് സോഫ്റ്റ്‌വെയർ എത്രമാത്രം നമുക്ക് സ്വീകാര്യമാണ് എന്ന ചോദ്യവും പ്രസക്തമാണ്. നമുക്ക് പഠിക്കാനും പരിഷ്കരിക്കാനും പകർത്താനും കഴിയുന്ന സ്വതന്ത്ര സോഫ്റ്റ്വെയർ (FOSS) സൊലൂഷൻസ് കണ്ടെത്താനുള്ള സാധ്യതകൾ ആരായണം. അതിനു വേണ്ടിയുള്ള അടിസ്ഥാന സൗകര്യങ്ങൾ നമ്മൾ വികസിപ്പിക്കണം. സി-ഡിറ്റ് , ഐ.ടി. മിഷൻ പോലുള്ള സ്ഥാപനങ്ങളെ സജ്ജമാക്കണം. ഐ. ടി. മേഘാലയയില് സംസ്ഥാനത്തിന്റെ കഴിവ് വികസിപ്പിക്കുന്നതിലാകണം ഗവണ്മെന്റിന്റെ മുൻഗണന. അത്തരത്തിൽ ഒരു സംവിധനം ഉണ്ടായിരുന്നെങ്കിൽ നമുക്ക് ഒരു സ്വകാര്യ കമ്പനിയുടെ സ്വകാര്യ സാങ്കേതത്തിനു പിന്നാലെ പോകേണ്ടി വരില്ലായിരുന്നു.
5. സ്പ്രിങ്ക്ളർ വിവാദം രമ്യമായി പരിഹരിക്കുവാൻ വേണ്ടി കമ്പനി സൗജന്യ സേവനം നൽകാമെന്ന് പറഞ്ഞിട്ടുള്ള സെപ്തംബർ 24 ആകുമ്പോഴേക്കും ഒരു സ്വതന്ത്ര സോഫ്റ്റ്‌വെയർ (FOSS SOLUTION) ബദൽ വികസിപ്പച്ചെടുക്കാനോ, നിലവിലുള്ള ഏതെങ്കിലും സൊലൂഷൻ ഇതിന് ഉതകുന്ന തരത്തിൽ കസ്റ്റമൈസ് ചെയ്യുവാനോ കഴിയണം. ഇനിയും അതിനുള്ള സമയമുണ്ട്.
‘ഹൌസ് വിസിറ്റ്’ വെബ്സൈറ്റ് വഴി ശേഖരിക്കപ്പെടുന്ന പ്രാഥമിക വിവരശേഖരണത്തിനും വിശകലനത്തിനും വേണ്ടിയുള്ള സങ്കേതം എന്ന നിലയിൽ പരിമിതവും ആനുപാതികവുമായ വിവര ശേഖരണത്തെ അടിസ്ഥാനപ്പെടുത്തിയാണ് സ്പ്രിങ്ക്ളർ പ്രവർത്തിക്കുന്നത് എന്ന ധാരണയിൽ നിന്നുമാണ് ഈ അഭിപ്രായങ്ങൾ പറഞ്ഞത്. അതിൽ തന്നെ സ്വകാര്യത സംബന്ധിച്ചുള്ള അടിസ്ഥാന കാര്യങ്ങളിൽ ഇനിയും വ്യക്തത വരേണ്ട സംഗതികളും ഉണ്ട്. ഉദാഹരണത്തിന് ശേഖരിക്കുന്ന വിവരങ്ങൾ എത്ര കാലത്തേക്കാണ് സൂക്ഷിക്കുക? അത് നശിപ്പിക്കാൻ ആവശ്യപ്പെടാൻ പൗരർക്ക് കഴിയുമോ? ആർക്കൊക്കെയാണ് ഈ വിവരങ്ങൾ പരിശോധിക്കാൻ അധികാരമുള്ളത്? അതിന് ഒരു പ്രോട്ടോക്കോൾ ഉണ്ടോ? എന്നിങ്ങനെ. നമുക്ക് സമഗ്രമായ ഒരു പ്രൈവസി ചട്ടക്കൂട് ഉണ്ടായിരുന്നുവെങ്കിൽ ഈ അവ്യക്തതകൾ ആദ്യ ഘട്ടത്തിൽ തന്നെ പരിഹരിക്കാമായിരുന്നു. അത് എത്രയും വേഗം ഉണ്ടാക്കണം. അതിന് എല്ലാവരും സഹകരിക്കണം. എഗ്രിമെന്റിലും മറ്റും കൂടിയാലോചനകളിലൂടെ പരിഷ്‌കരണങ്ങൾ ആവശ്യമെങ്കിൽ വരുത്താനും കഴിയും. അതോടൊപ്പം സ്വതന്ത്ര സോഫ്‌ട്‌വെയർ സാങ്കേതങ്ങളിലേക്ക് എത്രയും വേഗം മാറാനുള്ള ആലോചനകൾ ഉണ്ടാവണം. ഇത്രയുമാണ് നിര്ദ്ദേശത്തിന്റെ രത്നചുരുക്കം.
സൈബർ അനുഭാവികൾ വിഷയത്തെ മറ്റൊരു തലത്തിലേക്ക് വളർത്തിക്കൊണ്ടു പോകുകയാണ് എന്ന തോന്നലും ഉണ്ടാകുന്നുണ്ട്. ആദ്യഘട്ടത്തിൽ പരാമർശിക്കപ്പെട്ട ആനുപാതികമായ വിവരങ്ങൾക്ക് അപ്പുറത്തേക്ക് സോഷ്യൽ മീഡിയ ഫീഡുകൾ, എയർപോർട്ടിൽ നിന്നുള്ള വിവരങ്ങൾ, മറ്റു ഗവണ്മെന്റ് വിവരശേഖരങ്ങൾ എന്നിവയെല്ലാം കൂടിയിണക്കി അപഗ്രഥിച്ചു നൽകുന്ന ഒരു സംവിധാനമാണ് ഇത് എന്ന തരത്തിൽ അവതരിപ്പിക്കുകയും, ജീവനാണ് ഡാറ്റയെക്കാൾ പ്രധാനം എന്ന തരത്തിൽ എല്ലാത്തിനെയും ന്യായീകരിക്കുകയും ചെയ്യുന്ന ഒരു പ്രവണത ഗവണ്മെന്റ് അനുകൂല സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ കാണുന്നുണ്ട്. ഇതിൽ പാലവാദങ്ങളും അപഹാസ്യവുമാണ്. ഉദാഹരണത്തിന് നമ്മുടെ സമൂഹ്യമാധ്യമ ഇടപടൽ ഏറിയ പങ്കും മലയാളത്തിലാണ്. മലയാളത്തിലുള്ള ഈ ഡാറ്റാ മുഴുവന് അപഗ്രഥിച്ച് വിശദീകരിക്കുവാൻ സ്പ്രിങ്ക്ളറിന് കഴിയുമെന്നാണോ ഇവർ പറയുന്നത്. അത്തരത്തിലൊരു ബൃഹത് പദ്ധതിയാണ് ഉദ്ദേശിക്കുന്നത് എങ്കിൽ അതിനെ കേവലം ഒരു സോഫ്‌ട്‌വെയർ വാങ്ങലായി കാണാൻ കഴിയില്ല. സ്വകാര്യത സംബന്ധിച്ച പട്ടുസ്വാമി വിധിയുടെ ചുവടുപിടിച്ചുകൊണ്ട് നിയതമായ നിയമ മാർഗങ്ങളിലൂടെ അനുപേക്ഷണീയവും ആനുപതികവും ആണെങ്കിൽ മാത്രമേ അതിന് സാധുതയൊള്ളു. ഒരു സെക്രട്ടറി തലത്തിലോ ഒന്നും എടുക്കേണ്ട തീരുമാനവുമല്ല അത്.
ഇത് ഒരു സാങ്കേതിക പ്രശ്നം മാത്രമല്ല. മൗലിക അവകാശങ്ങൾ ഉൾപ്പെടുന്ന പ്രശ്നമാണ്. അതിനെ വ്യാജ ദ്വന്ദങ്ങളിൽ ഒതുക്കി ഇടതുപക്ഷം ഇത്രയും കാലം എടുത്തുപോന്ന നിലപാടുകളെയൊക്കെ റദ്ദു ചെയ്യരുത്. നെതന്യാഹുവും വിക്ടർ ഓർബാനും ഒക്കെ പറയുന്നതുപോലെയുള്ള വാദങ്ങളിലേക്ക് ഒതുങ്ങരുത്. ജീവിതം വേണോ ഡാറ്റാ വേണോ എന്ന ചോദ്യം തന്നെ തെറ്റാണ്. നമുക്ക് ആരോഗ്യവും വേണം സ്വകാര്യതയും വേണം. അതു രണ്ടും ഉറപ്പു വരുത്താനുള്ള ഭരണഘടനാപരമായ ബാധ്യത ഗവണ്മെന്റിനുണ്ട്. ആരോഗ്യ സംരക്ഷണം എന്ന ലക്ഷ്യത്തിന് ആനുപാതികമായ നടപടികൾ സ്വീകരിക്കാനുള്ള ഭരണഘടനാപരമായ അധികാരം മാത്രമേ ഗവണ്മെന്റിനുള്ളു. കേരള ഹൈക്കോടതി പറഞ്ഞതും അത് തന്നെയാണ്. ഇക്കാര്യങ്ങൾ കൃത്യമായി പാലിക്കപ്പെടണമെങ്കിൽ നമുക്ക് സുശക്തമായ ഒരു സ്വകാര്യതാചട്ടക്കൂട് ഉണ്ടായേ തീരൂ.
ഇത് കോടതി വിചാരിച്ചതുകൊണ്ടു മാത്രം പരിഹരിക്കാവുന്ന വിഷയമല്ല. 2017-ലാണ് ഇന്ത്യയുടെ പരമോന്നത നീതീപീഠം സ്വാകര്യത ഒരു മൌലീക അവകാശമാണെന്ന് പ്രഖ്യാപിച്ചത്. അതേ വിധിയിൽ രാജ്യത്ത് സമഗ്രമായ സ്വകാര്യതാ/വിവരസുരക്ഷാ നിയമം കൊണ്ടുവരണമെന്നും നിർദ്ദേശിച്ചിരുന്നതാണ്. നാളിതുവരെ ഒരു നിയമം പാസാക്കാൻ നമുക്ക് കഴിഞ്ഞിട്ടില്ല. അതുകൊണ്ടാണ് നമുക്ക് വളയമില്ലാതെ ചാടേണ്ടി വരുന്നത്. എന്തായാലും സ്വകാര്യത സംബന്ധിച്ച നിയമ പോരാട്ടം സുപ്രീംകോടതിയിൽ നടന്ന ഘട്ടത്തിൽ സ്വകാര്യത മൌലീകാവകാശമല്ല എന്നു വാദിച്ചവരും ലോകത്തിലെ ഏറ്റവും വലിയ വിവരശേഖരണ പദ്ധതിയായ ആധാർ ഒരു നിയമ പിൻബലവുമില്ലാതെ, കേവലം ഒരു എക്സിക്യൂട്ടീവ് ഉത്തരവ് വഴി ആരംഭിക്കുകയുമൊക്കെ ചെയ്ത രാഷ്ട്രീയ കക്ഷികളും സ്വകാര്യതയെക്കുറിച്ച് ബോധവന്മാരാകുകയും ആശങ്കകൾ ഉയർത്തുകയും ചെയ്യുന്നത് ശുഭ സൂചനയാണ്. സ്വകാര്യതാസരക്ഷണത്തെക്കുറിച്ച് രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങൾ ഇല്ലാതായ സ്ഥിതിക്ക് ഇത് സംസ്ഥാനത്തെങ്കിലും ഒരു നയരൂപീകരണത്തിനുള്ള അവസരമായി വിനിയോഗിക്കണം. പക്ഷഭേദമന്യേ അടുത്ത നിയമസഭാ സമ്മേളനത്തിൽ തന്നെ അതിനു കഴിയട്ടെ.
This article was published in DoolNews on 12/05/2020
ഇന്‍ഫോസിസ് സ്ഥാപകരിലൊരാളായ എന്‍.ആര്‍. നാരായണമൂര്‍ത്തി കൊറോണ കാലത്തെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ തൊഴില്‍ സമയം ആഴ്ചയില്‍ 60 മണിക്കൂറുകളായി അടുത്ത മൂന്നു വര്‍ഷത്തേക്ക് എങ്കിലും ക്രമപ്പെടുത്തേണ്ടതുണ്ട് എന്ന് പ്രസ്താവിച്ചിരിക്കുന്നു. 1886-ല്‍ ഇതുപോലൊരു മെയ് ഒന്നിനാണ് അമേരിക്കയില്‍ മൂന്ന് ലക്ഷത്തോളം തൊഴിലാളികള്‍ പ്രവര്‍ത്തി സമയം ദിവസത്തില്‍ എട്ടുമണിക്കൂര്‍ ആയിരിക്കണം എന്ന ആവശ്യവുമായി തെരുവിലിറങ്ങിയത്. 1884-ല്‍ ഷിക്കാഗോയില്‍ ചേര്‍ന്ന ഫെഡറേഷന്‍ ഓഫ് ഓര്‍ഗനൈസ്ഡ് ട്രേഡേഴ്‌സ് ആന്‍ഡ് ലേബര്‍ യൂണിയന്‍സ് സമ്മേളനത്തില്‍ എടുത്ത തീരുമാനപ്രകാരം ആയിരുന്നു സമരം.
സമരത്തിന്റെ പ്രഭവകേന്ദ്രം ആയിരുന്ന ചിക്കാഗോയില്‍ മാത്രം ഒരു ലക്ഷത്തോളം തൊഴിലാളികള്‍ പങ്കെടുത്തു. അതിഭീകരമായ രീതിയിലാണ് ഭരണകൂടം ഇതിനോട് പ്രതികരിച്ചത് വെടിവെപ്പില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടു. അടുത്തദിവസം അതിനെതിരെ പ്രതിഷേധിച്ച ആളുകള്‍ക്ക് നേരെയും ആക്രമണമുണ്ടായി പ്രതിഷേധക്കാര്‍ക്കിടയില്‍ നിന്ന് ആരോ ബോംബ് എറിയുകയും എട്ട് പോലീസുകാര്‍ കൊല്ലപ്പെടുകയും ചെയ്തു. തുടര്‍ന്ന് നടന്ന വെടിവെപ്പില്‍ 8 തൊഴിലാളികളും കൊലചെയ്യപ്പെട്ടു.
പക്ഷേ, ഇത് പൊലീസിന്റെ ഏജന്റുമാര്‍ നുഴഞ്ഞുകയറി നടത്തിയ ഒരു അക്രമ പ്രവര്‍ത്തനമാണ് എന്നാണ് തൊഴിലാളി നേതാക്കള്‍ പറഞ്ഞത്. പിന്നീടുള്ള ചരിത്രം ഇക്കാര്യം ശരി വയ്ക്കുന്നതും ആയിരുന്നു. ഇതേതുടര്‍ന്ന് എട്ടു തൊഴിലാളി നേതാക്കളെ അറസ്റ്റ് ചെയ്തു. അതില്‍ നാലു പേരെ തൂക്കിക്കൊന്നു, ഒരാള്‍ ആത്മഹത്യ ചെയ്തു, ബാക്കി മൂന്നു പേരെ ആറു വര്‍ഷം കഠിനതടവ് കിടന്നതിന് ശേഷം മോചിപ്പിച്ചു. ഇല്ലിനോയിസ് ഗവര്‍ണര്‍ ആണ് അവര്‍ക്ക് മാപ്പ് നല്‍കിയത്. അവര്‍ക്കെതിരെ ചാര്‍ത്തപ്പെട്ട കുറ്റവും അത് തെളിയിക്കാന്‍ ഹാജരാക്കിയ തെളിവുകളുമെല്ലാം വ്യാജമായിരുന്നു എന്ന തിരിച്ചറിവില്‍ നിന്നാണ് അവരെ മോചിപ്പിച്ചത്.
അങ്ങനെ ഒരുപാട് കാലത്തെ പോരാട്ടങ്ങള്‍ക്കും ഒരുപാട് മനുഷ്യരുടെ ത്യാഗങ്ങള്‍ക്കും ശേഷമാണ് ‘എട്ടുമണിക്കൂര്‍ ജോലിസമയം’ എന്ന ആവശ്യം അംഗീകരിക്കപ്പെട്ടത്. 1919-ല്‍ സ്‌പെയിനിലായിരുന്നു സാര്‍വ്വത്രികമായി 8 മണിക്കൂര്‍ തൊഴില്‍ സമയം എന്നകാര്യം നിയമപരമായി ആദ്യമായി അംഗീകരിച്ചത്. ഇന്ത്യയിലാകട്ടെ 1946-ല്‍ അംബേദ്കര്‍ വൈസ്രോയിയുടെ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ലേബര്‍ മിനിസ്റ്റര്‍ ആയിരിക്കുന്ന സമയത്താണ് 1934ലെ ഫാക്ടറീസ് ആക്ടില്‍ ഭേദഗതി വരുത്തിക്കൊണ്ട് തൊഴില്‍ സമയം എട്ടു മണിക്കൂറായി ക്രമീകരിച്ചത്. അങ്ങനെ പതിറ്റാണ്ടുകളുടെ സമരത്തിലൂടെ നേടിയെടുത്ത ഈ അവകാശമാണ് കൊവിഡിന്റെ പശ്ചാത്തലത്തില്‍ കവര്‍ന്നെടുക്കാന്‍ ഉള്ള നീക്കങ്ങള്‍ പലഭാഗത്തുനിന്നും നടക്കുന്നത്.
വിവിധ സംസ്ഥാന സര്‍ക്കാറുകള്‍ ഇതിനോടകം തന്നെ തൊഴില്‍ നിയമങ്ങളില്‍ ഓര്‍ഡിനന്‍സുകളിലൂടെ ഭേദഗതി വരുത്തിക്കൊണ്ട് 8 മണിക്കൂര്‍ തൊഴില്‍ സമയം എന്ന സങ്കല്‍പ്പത്തെ ഇല്ലായ്മ ചെയ്യാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഹിമാചല്‍ പ്രദേശിലും പഞ്ചാബിലും രാജസ്ഥാനിലും ഗുജറാത്തിലും അടുത്ത മൂന്ന് മാസത്തേക്ക് തൊഴില്‍സമയം ദിവസേന 12 മണിക്കൂര്‍ വരെ, ആഴ്ചയില്‍ 72 മണിക്കൂര്‍ ആക്കുന്നതിനുള്ള വിജ്ഞാപനങ്ങള്‍ വന്നു കഴിഞ്ഞു.
ഗുജറാത്തിലെ കാര്യമാണ് ഏറ്റവും അപകടകരം. അവിടെ 1948ലെ ഫാക്ടറീസ് ആക്ട് 51, 54, 55 വകുപ്പുകള്‍ ഭേദഗതി ചെയ്തു കൊണ്ട് ഒരു ദിവസം 12 മണിക്കൂര്‍ വരെ തൊഴില്‍ സമയം, അങ്ങനെ ആഴ്ചയില്‍ 72 മണിക്കൂറുകള്‍, 6 മണിക്കൂര്‍ കൂടുമ്പോള്‍ 30 മിനിറ്റ് വിശ്രമസമയം എന്ന നിലയ്ക്ക് തൊഴില്‍ സമയം മാറ്റിയെഴുതിയിരിക്കുന്നു. 2020 ഫെബ്രുവരി നാലാം തീയതി മുതല്‍ 2020 ജൂലൈ 19 ആം തീയതി വരെയുള്ള ആ കാലഘട്ടത്തിലാണ് ഈ ഭേദഗതി വരുത്തിയിട്ടുള്ളത്.
പക്ഷേ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും ഇതിനെ വ്യത്യസ്തമാക്കുന്നത് ഭേദഗതിയുടെ ഭാഗമായി തൊഴില്‍ സമയം വര്‍ധിപ്പിക്കുമ്പോള്‍ ഓവര്‍ടൈം വേതനം നല്‍കേണ്ടതില്ല എന്ന കാര്യം കൂടി വിജ്ഞാപനം വ്യക്തമാക്കുന്നു എന്നതാണ്. ഓവര്‍ടൈം ജോലികള്‍ക്ക് നിയമാനുസൃതം സാധാരണഗതിയില്‍ കൈപ്പറ്റുന്ന വേതനത്തിന്റെ ഇരട്ടി നല്‍കണമെന്നാണ് ഫാക്ടറീസ് ആക്ട് നിഷ്‌കര്‍ഷിക്കുന്നത്. എന്നാല്‍ ഗുജറാത്തിലെ ഇപ്പോള്‍ കൊണ്ടുവന്നിട്ടുള്ള ഭേദഗതിയില്‍ അങ്ങനെയല്ല. അതുകൊണ്ടുതന്നെ ഇത് ഫാക്ടറീസ് നിയമത്തിന്റെ വകുപ്പുകള്‍ക്ക് വിരുദ്ധമാണ് എന്ന് കൂടി നമ്മള്‍ കാണേണ്ടതുണ്ട്.
തൊഴില്‍ നമ്മുടെ ഭരണഘടന പ്രകാരം കണ്‍കറന്റ് ലിസ്റ്റില്‍ വരുന്ന കാര്യമാണ്. കണ്‍കറന്റ് ലിസ്റ്റില്‍ വരുന്ന കാര്യങ്ങള്‍ക്ക് സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഗവണ്‍മെന്റിനും നിയമനിര്‍മാണം നടത്താം. കേന്ദ്ര നിയമത്തില്‍ ഭേദഗതി വരുത്താനുള്ള അവകാശങ്ങള്‍ സംസ്ഥാനങ്ങള്‍ക്ക് ഉണ്ട്, പക്ഷേ അത് ഭരണഘടനയുടെ അനുഛേദം 254(2) പ്രകാരം ഇന്ത്യന്‍ പ്രസിഡന്റിന്റെ അംഗീകാരത്തോടെ കൂടിയാവണം.
അത്തരത്തിലുള്ള നടപടിക്രമം ഇവിടെ ഉണ്ടായിട്ടില്ല പകരം സംസ്ഥാനങ്ങള്‍ എല്ലാം ഫാക്ടറീസ് ആക്ടിലെ തന്നെ 65(2) വകുപ്പ് പ്രകാരമാണ് ഈ ഭേദഗതികളെല്ലാം നടത്തിയിട്ടുള്ളത്. അത് സാധാരണ സന്ദര്‍ഭങ്ങളില്‍ ഫാക്ടറിസ് ആക്ടിലെ 5, 52, 54, 56 വകുപ്പുകളില്‍ ഇളവ് നല്‍കുന്നതിന് ഉള്ള അധികാരമാണ്. എന്നാല്‍ വകുപ്പ് 65(3) പ്രകാരം ഈ അധികാരത്തെ പലതരത്തില്‍ പരിമിതപ്പെടുത്തിയിട്ടുണ്ട്. ഉദാഹരണത്തിന് ആക്ടില്‍ വളരെ കൃത്യമായി പറയുന്നുണ്ട് ഒരാഴ്ചയില്‍ മൂന്ന് ദിവസത്തില്‍ കൂടുതല്‍ 12 മണിക്കൂര്‍ ജോലി സമയം ഏത് അടിയന്തര ഘട്ടത്തിലും നടപ്പിലാക്കുവാന്‍ സാധിക്കുകയില്ലെന്ന്. ഒരു ആഴ്ചയില്‍ പരമാവധി അനുവദിക്കപ്പെട്ടിട്ടുളള പ്രവര്‍ത്തിസമയം 60 മണിക്കൂര്‍ ആണ്. ഈ സംസ്ഥാന സര്‍ക്കാറുകളുടെ എല്ലാം വിജ്ഞാപന പ്രകാരം തൊഴില്‍ സമയം 72 മണിക്കൂറുകളായി മാറ്റിയിരിക്കുന്നു.
ഇത് ഇന്ത്യന്‍ നിയമത്തിന്റെ എന്ന് മാത്രമല്ല 1954 സെപ്റ്റംബര്‍ 30ന് ഇന്ത്യ അംഗീകരിച്ചിട്ടുള്ള അന്താരാഷ്ട്ര തൊഴില്‍ സംഘടനയുടെ 29ആം കണ്‍വെന്‍ഷന്റെ കൂടി ലംഘനമാണ്. ഇന്ത്യന്‍ സാഹചര്യത്തില്‍ കൂടുതല്‍ പ്രസക്തമായ ഒരു നിര്‍ദ്ദേശം കഴിഞ്ഞ ദിവസം നമ്മുടെ 50 ഐ.ആര്‍.എസ്. ഉദ്യോഗസ്ഥര്‍ കൂടി FORCE (Fiscal Options & Response to the COVID-19 Epidemic’) എന്ന പേരില്‍ ഒരു റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തുന്നു. കൊവിഡാനന്തര പുനര്‍നിര്‍മാണത്തിന് അതി സമ്പന്നര്‍ക്ക് പ്രത്യേക നികുതി ഏര്‍പ്പെടുത്തണം എന്നായിരുന്നു നിര്‍ദ്ദേശം. ഒരു കോടിയ്ക്ക് മുകളില്‍ 40% നികുതി (ഇപ്പോള്‍ 30%), 5 കോടിയ്ക്ക് മേല്‍ വരുമാനം ഉള്ളവര്‍ക്ക് പ്രത്യേക ലെവി എന്നിങ്ങനെയുള്ള നിര്‍ദ്ദേശങ്ങള്‍ റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നു.
സമ്പത്ത് ഒരു ന്യൂനാല്‍ ന്യൂനപക്ഷത്തിലേക്ക് മാത്രം കുന്നുകൂടി കിടക്കുന്ന, ഉള്ളവനും ഇല്ലാത്തവനും തമ്മില്‍ ഉള്ള അന്തരം അനുദിനം വര്‍ധിച്ചുകൊണ്ടിരിക്കുന്ന നമ്മുടെ രാജ്യത്ത് തീര്‍ച്ചയായും പരിഗണിക്കപ്പെടേണ്ട നിര്‍ദ്ദേശങ്ങള്‍ ആയിരുന്നു ഇവ. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ലോകമെമ്പാടും അനുവര്‍ത്തിച്ച സാമ്പത്തിക നയങ്ങളുടെ ചരിത്രം നോക്കിയാല്‍ ഇതൊരു സ്വാഭാവിക നിര്‍ദ്ദേശം മാത്രമാണ്. 40% വലിയൊരു നികുതി നിരക്കല്ല. ഇന്ത്യയില്‍ അതിസമ്പന്നരായ ഒരു ശതമാനം ആളുകളാണ് മൊത്തം സമ്പത്തിന്റെ 73 ശതമാനവും കൈവശപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ഇന്ത്യയിലെ ആകെ ജനങ്ങളുടെ സാമ്പത്തിക വളര്‍ച്ച കേവലം ഒരു ശതമാനം മാത്രമാണ്. സ്ഥിതിസമത്വം ഭരണഘടനയുടെ ആമുഖത്തിന്റെ ഭാഗമായ രാജ്യത്താണ് ഇതെന്ന് ഓര്‍ക്കണം.
Support DoolNews
₹1001 Month
₹4996 Month
₹9601 Year
₹28503 Years
₹4990Diamond
സോഷ്യലിസം ഭരണഘടനയിലേക്ക് ഇന്ദിരാഗാന്ധി ഒളിച്ചു കടത്തിയ ആശയമൊന്നുമല്ല. അത് നമ്മുടെ ഭരണഘടനയിലുടനീളം അന്തര്‍ലീനമായ ആശയമാണ്. ഭരണഘടനാ നിര്‍മാണ സഭയില്‍, സോഷ്യലിസം എന്ന വാക്ക് ആമുഖത്തിന്റെ ഭാഗമാക്കണം എന്ന ആവശ്യം ഉയര്‍ന്നപ്പോള്‍ അതിനെ എതിര്‍ത്തെങ്കിലും, ഡോ. അംബേദ്കര്‍ അതിനു പറഞ്ഞ കാരണങ്ങളില്‍ ഒന്ന് പ്രത്യേകിച്ചു ചേര്‍ത്തില്ലെങ്കിലും സോഷ്യലിസ്റ്റ് കാഴ്ചപ്പാട് ഭരണഘനയുടെ അടിസ്ഥാന പ്രമാണങ്ങളിലൊന്നാണെന്നാണ്.
ക്ഷേമരാഷ്ട്രം, സാമൂഹ്യ-സാമ്പത്തിക നീതി, പദവിയിലും അവസരങ്ങളിലുമുള്ള സമത്വം, ഇതൊക്കെ നമ്മുടെ ഭരണഘടനയുടെ അടിസ്ഥാന ചട്ടക്കൂടിന്റെ ഭാഗമാണ് എന്ന് കേശവനന്ദഭാരതി കേസിലും അതിനുശേഷവും സുപ്രീംകോടതിയും വ്യക്തമാക്കിയിട്ടുള്ളതാണ്. ഇന്ത്യാ ഗവണ്മെന്റ്‌റ് രാജ്യത്ത് സാമൂഹ്യ-സാമ്പത്തിക-രാഷ്ട്രീയ നീതി ഉറപ്പാക്കുന്ന തരത്തില്‍ പ്രവര്‍ത്തിക്കണം എന്ന് ഭരണഘടനയുടെ അനുച്ഛേദം 38(1) പറയുന്നു.
വിവിധ വിഭാഗങ്ങളും വ്യക്തികളും തമ്മിലുള്ള വരുമാനത്തിലുള്ള അന്തരവും പദവി, സൗകര്യങ്ങള്‍, അവസരം എന്നിവയിലുള്ള അസമത്വവും ഇല്ലാതാക്കാന്‍ ഗവണ്മെന്റ് പ്രത്യേക ശ്രദ്ധ പതിപ്പിക്കണമെന്ന് അനുച്ഛേദം 38(2) ല്‍ പ്രതിപാദിച്ചിരിക്കുന്നു. എല്ല പൗരര്‍ക്കും ആവശ്യമായ ജീവനോപാധി ഉറപ്പാക്കുക, പൊതുനന്മക്കുതകുന്ന തരത്തില്‍ വിഭവങ്ങളുടെ നീതീപൂര്‍വകമായ വിതരണം നടത്തുക, സാമ്പത്തിക നയങ്ങള്‍ മൂലം സമ്പത്ത് ഒരു വിഭാഗത്തില്‍ കുമിഞ്ഞു കൂടുന്നില്ല എന്ന് ഉറപ്പുവരുത്തുക, സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും തുല്യവേതനം, തൊഴിലാളികളുടെ ഉയിരും ആരോഗ്യവും ചൂഷണം ചെയ്യപ്പെടുന്നില്ല എന്നും പ്രായത്തിനപ്പുറമുള്ള ജോലികള്‍ ചെയ്യേണ്ടിവരുന്നില്ല എന്നും ഉറപ്പാക്കുക, കുട്ടികളുടെ ബാല്യവും, സ്വാതന്ത്ര്യവും, അന്തസ്സും സംരക്ഷിക്കുക എന്നീ കാര്യങ്ങളൊക്കെ ഗവന്‍മെന്റിന്റെ കടമയാണെന്ന് അനുച്ഛേദം 39-ഉം വ്യക്തമാക്കുന്നു. ഇതൊക്കെ മറന്നുകൊണ്ടാണ് എത്രയോകാലങ്ങളായി നമ്മുടെ ഗവണ്മെന്റുകള്‍ പ്രവര്‍ത്തിക്കുന്നത്.
സാമൂഹ്യനീതിയുടെയും ശക്തമായ പൊതു ആരോഗ്യ സംവിധാനങ്ങളുടെയും പ്രാധാന്യം എന്തെന്ന് ലോകം തിരിച്ചറിഞ്ഞുകൊണ്ടിരിക്കുന്ന കാലഘട്ടം കൂടിയാണിത്. നവലിബറല്‍ സാമൂഹ്യക്രമം സൃഷ്ടിച്ച സാമൂഹ്യ-സാമ്പത്തിക ദൗര്‍ബല്യങ്ങളിലൂടെയാണ് മാഹാവ്യാധി ലോകമുതലാളിത്തത്തിന്റെ സിരാകേന്ദ്രങ്ങളിലേക്ക് വിനാശകരമാംവിധം പടര്‍ന്നു കയറുന്നത്. ലാഭമില്ലാത്ത യാതൊന്നിനും പണം മുടിക്കേണ്ടതില്ലെന്ന തത്വശാസ്ത്രമാണ് ചൈനയുള്‍പ്പടെയുള്ള കൊറോണയെ നേരിടാന്‍ ലോകരാഷ്ട്രങ്ങളെ ഇത്രമേല്‍ അശക്തമാക്കിയത്.
2005 മുതലെങ്കിലും ഇത്തരമൊരു വൈറല്‍ വ്യാധിയുടെ വ്യാപനത്തിന് സാധ്യതയുണ്ട് എന്ന സൂചനകള്‍ ഉണ്ടായിരുന്നുവെങ്കിലും അതിനെ നേരിടാനായി ഒന്നും ചെയ്തില്ല. ഇതുസംബന്ധിച്ച ഗവേഷണങ്ങള്‍ക്ക് പണം കണ്ടെത്തിയില്ല. സാര്‍സ് വ്യാപനത്തെത്തുടര്‍ന്ന് ശാസ്ത്രലോകം മുന്നോട്ടു വെച്ച നിര്‍ദ്ദേശങ്ങള്‍ ഒന്നും നടപ്പിലായില്ല. 2003-ല്‍ വ്യാപനം ഉണ്ടായപ്പോള്‍, പ്രതിരോധ മരുന്നുകള്‍ ഉടന്‍ എത്തുമെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നുവെങ്കിലും ഇന്നും അത് പ്രീ-ക്ലിനിക്കല്‍ പരീക്ഷണ ഘട്ടങ്ങളില്‍ മാത്രമാണ്.
ഇക്കഴിഞ്ഞ ഏപ്രില്‍ ഒന്നിന് നല്‍കിയ ഒരു അഭിമുഖത്തില്‍ നോം ചോംസ്‌കി ഒരു ഉദാഹരണം ചൂണ്ടിക്കാട്ടുന്നുണ്ട്. വെന്റിലേറ്ററുകളുടെ ക്ഷാമമാണ് കൊവിഡ് കാലത്തെ ഏറ്റവും വലിയ പ്രശ്‌നങ്ങളിലൊന്ന്. അമേരിക്കയില്‍ തന്നെ വിലകുറഞ്ഞ വെന്റിലേറ്ററുകള്‍ നിര്‍മിച്ചു നല്‍കുന്നതിനായി ഒരു കമ്പനിയുമായി ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹെല്‍ത്ത് ആന്‍ഡ് ഹ്യൂമന്‍ സര്‍വീസസ് ധാരണയിലെത്തിയിരുന്നു. എന്നാല്‍ ആ ഘട്ടത്തില്‍ കോവിദീന്‍ എന്ന കോര്‍പറേറ്റ് ഭീമന്‍ ആ കമ്പനിയെ വാങ്ങി, അതോടുകൂടി വിലകുറഞ്ഞ വെന്റിലേറ്ററുകളുടെ കഥയും കഴിഞ്ഞു. അത് വേണ്ടത്ര ലാഭകരമല്ല എന്ന കാരണം കൊണ്ട് കമ്പനി വിലകുറഞ്ഞ വെന്റിലേറ്ററുകള്‍ ഉപേക്ഷിച്ചു. ട്രമ്പ് അധികാരമേറ്റെടുത്തിനുശേഷം ‘ലാഭകരമല്ല’ എന്നുപറഞ്ഞ് വൈറ്റ് ഹൗസിലെ ‘എപിഡമിക്ക് ഓഫീസ്’ പിരിച്ചു വിടുകയാണുണ്ടായത്. ഇതൊക്കെ ഈ പ്രതിസന്ധിയുടെ ആഴം കൂട്ടി.
ഗവണ്മെന്റുകള്‍ എല്ലാം ആരോഗ്യ/വിദ്യാഭ്യാസ മേഖലകളിലെ ചെലവുകള്‍ വെട്ടിച്ചുരുക്കുകയും മിലിറ്ററി ചെലവുകള്‍ക്കായി ബജറ്റിന്റെ നല്ലൊരു ഭാഗം നീക്കി വെക്കുകയും ചെയ്യുന്ന കാഴ്ചയാണ് കുറെ കാലങ്ങളായി കണ്ടുവരുന്നത്. അതിന്റെ ചെറിയൊരംശമെങ്കിലും ആരോഗ്യമേഖലക്ക് ലഭിച്ചിരുന്നെങ്കില്‍ ഇത്രമേല്‍ ഗുരുതരമായ ഒരു അവസ്ഥയിലേക്ക് ലോകം നീങ്ങില്ലായിരുന്നു. ഇന്ത്യയാകട്ടെ ആരോഗ്യമേഖലയ്ക്ക് ഏറ്റവും കുറച്ചു ബജറ്റ് വിഹിതം നീക്കി വയ്ക്കുന്ന രാജ്യങ്ങള്‍ക്കൊപ്പമാണ്.
ദരിദ്രമെന്നു നമ്മള്‍ കരുതുന്ന നമ്മുടെ അയല്‍ രാജ്യങ്ങളേറെയും അക്കാര്യത്തില്‍ നമ്മളെക്കാള്‍ മുന്നിലാണ്. പൊതു ആരോഗ്യമേഖല ശക്തിപ്പെടുത്തുന്നതിനു പകരം നിലവിലുള്ള സര്‍ക്കാര്‍ ആശുപത്രികള്‍ പോലും സ്വക്വര്യവത്കരിക്കുന്നതിലാണ് കേന്ദ്ര സര്‍ക്കാരിന്റെ ഊന്നല്‍. ജില്ലാ ആശുപത്രികള്‍ സ്വകാര്യവത്കരിക്കണം എന്ന കേന്ദ്ര നിര്‍ദ്ദേശം തള്ളിക്കൊണ്ട് പൊതുമേഖല ശക്തിപ്പെടുത്തുന്ന നിലപാട് സ്വീകരിച്ചില്ലായിരുന്നുവെങ്കില്‍ കേരളത്തിന്റെ കൊവിഡ് പ്രതിരോധം ഈ നിലയില്‍ ആകുമായിരുന്നോ? ഇപ്പോഴും ഇന്‍ഷുറന്‍സില്‍ ഊന്നിയ പദ്ധതികള്‍ മുഖേന ജനങ്ങളുടെ കണ്ണില്‍ പൊടിയിട്ട് ആരോഗ്യ മേഖലയില്‍ നിന്നും പിന്‍വലിയാനാണ് കേന്ദ്ര സര്‍ക്കാരിന്റെ ശ്രമം. സാര്‍വത്രിക ആരോഗ്യ സംരക്ഷണ മാതൃകകളെ നിരാകരിച്ച്, പൂര്‍ണമായും സ്വകാര്യ/ഇന്‍ഷുറന്‍സ് മേഖലയ്ക്ക് കീഴടങ്ങുന്നതിലെ അപകടം കൊവിഡ് കാലത്തെ അമേരിക്കന്‍ അനുഭവമായി ഇന്ന് നമ്മുടെ മുന്നിലുണ്ട്.
ഇവിടെയും ഏറ്റവും ദയനീയമായ ഇരകള്‍ ദരിദ്രരും അടിസ്ഥാന വര്‍ഗ്ഗങ്ങളും ആണെന്നതാണ് മറ്റൊരു യാഥാര്‍ഥ്യം. ലോക്ക്ഡൗണും സാമൂഹ്യ അകലവുമൊക്കെ ആഡംബരങ്ങളായി മാത്രം കാണാന്‍ കഴിയുന്ന, ഒരു ദിവസം പണിക്ക് പോയില്ലെങ്കില്‍ പട്ടിണി കിടക്കേണ്ടിവരുന്ന മനുഷ്യരാണ് ഏറ്റവും വലിയ ദുരിതത്തില്‍. വിശപ്പും രോഗവും അവരെ കൊന്നൊടുക്കുകയാണ്. നഗരങ്ങളിലെ ചേരികളില്‍, ഒരു ആശുപത്രിപോലുമില്ലാത്ത ഗ്രാമങ്ങളില്‍, നടന്നു തീര്‍ക്കുന്ന തെരുവുകളില്‍ അവരുടെ കുഞ്ഞുങ്ങളുടെ നിലവിളികള്‍ ഉയരുകയാണ്.
കൊവിഡാനന്തര ലോകത്തിലും അവര്‍ ദുരിതമുനമ്പില്‍ തന്നെയായിരിക്കും. കോര്‍പ്പറേറ്റുകളെയും അതിസമ്പന്നരെയും ലാഭക്കുറവില്‍ നിന്നും ശതകോടികളുടെ സ്റ്റിമുലസ് പാക്കേജുകള്‍ വഴി ഗാവണ്മെന്റുകള്‍ സംരക്ഷിക്കും. എന്നാല്‍ പാവങ്ങള്‍ അപ്പോഴും നരകയാതനയില്‍ തന്നെയാവും. ഭരണകൂടം രാജ്യത്തിനുവേണ്ടി അവരോട് ത്യാഗങ്ങള്‍ ചെയ്യുവാന്‍ അവശ്യപ്പെട്ടുകൊണ്ടേയിരിക്കുന്നു. രാജ്യത്തിന്റെ 73 ശതമാനം സമ്പത്തും കൈവശപ്പെടുത്തിയിരിക്കുന്ന ആ ഒരു ശതമാനം പേര്‍ക്കുവേണ്ടി ഇത്രനാളും ജീവിതവും സ്വപ്നങ്ങളും എല്ലാം പണയം വെച്ചു പണിയെടുത്തവര്‍ ആണിവര്‍. അവരോടിതാ ആ ഒരു ശതമാനത്തിന്റെ ഒരു പ്രതിനിധി പറയുന്നു അടുത്ത മൂന്നു കൊല്ലത്തേക്ക് നിങ്ങള്‍ ദിവസവും പത്തു മണിക്കൂര്‍ പണിയെടുക്കണം എന്ന്.
കൊറോണക്കാലത്ത് ഒരു മെയ് ദിനം കൂടി വന്നെത്തുമ്പോള്‍, അവകാശനിഷേധങ്ങള്‍ക്കുള്ള മറയായി ദുരന്തങ്ങളെ മാറ്റി തീര്‍ക്കാനുള്ള മുതലാളിത്ത ശക്തികളുടെ കരുനീക്കങ്ങള്‍ക്കെതിരെ നമുക്ക് കരുതിയിരിക്കാം. ദുരിതത്തിനെതിരെ മാത്രമല്ല ദുരിത-മുതലാളിത്തതിനെതിരെയും നമുക്ക് ജാഗ്രതപാലിക്കേണ്ടതുണ്ട്.
This article was published in DoolNews on 02/05/2020