Home Blog Page 12

ആരാണ് നീതിയുടെ കാവലാളാകുക?

“സ്വതന്ത്രരായ ന്യായാധിപരും ശബ്ദമുണ്ടാക്കുന്ന  മാധ്യമപ്രവർത്തകരും ജനാധിപത്യത്തിന്റെ അനിവാര്യതകളാണ് എന്ന് പറയാറുണ്ട്. എന്നാൽ ഇന്ന് ചിലപ്പോഴെങ്കിലും സ്വതന്ത്ര മാധ്യമപ്രവർത്തകരും ശബ്ദിക്കുന്ന ന്യായാധിപരുമാണ് ജനാധിപത്യത്തിന്റെ ആദ്യത്തെ പ്രതിരോധനിര” റാം നാഥ് ഗോയെങ്ക അനുസ്മരണ പ്രഭാഷണം നടത്തിക്കൊണ്ട ജസ്റ്റിസ്. രഞ്ജൻ ഗോഗോയ് പറഞ്ഞതാണിത്. അതിനും ഏതാനും ദിവസങ്ങൾ മുൻപാണ്,   ജ . ചെലമേശ്വർ,   ജ. ലോകുർ,   ജ.  കുരിയൻ ജോസഫ് എന്നിവർക്കൊപ്പം അന്നത്തെ ചീഫ് ജസ്റ്റിസിന്റെ അമിതാധികാര പ്രയോഗങ്ങൾക്കെതിരെ, ഇന്ത്യൻ ജനാധിപഥ്യം അപകടത്തിലാണ് എന്ന് പൊതുസമൂഹത്തോട് വിളിച്ചു പറഞ്ഞുകൊണ്ട് ചരിത്രപരമായ പത്ര സമ്മേളനം നടത്തിയത്. പിന്നീട് ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് ആയി അദ്ദേഹം അധികാരമേൽക്കുമ്പോൾ, ഇന്ത്യൻ നീതിന്യായ ചരിത്രത്തിലെ സുവർണ കാലഘട്ടത്തിനു നാന്ദികുറിക്കുകയാകും എന്ന് കരുതിയവരുടെ പ്രതീക്ഷക്ക് മങ്ങലേൽപ്പിക്കുന്നതാണ് സുപ്രീംകോടതിയിൽ നിന്നും പുറത്തു വരുന്ന പുതിയ വാർത്തകൾ. 

സുപ്രീം കോടതിയിലെ ഒരു മുൻ ജീവനക്കാരി ചീഫ് ജസ്റ്റിസിനെതിരെ ലൈംഗീക പീഡന ആരോപണമുന്നയിക്കുന്നു. കേവലം ആരോപണമല്ല, ശ്രവ്യ-ദൃശ്യ തെളിവുകളും രേഖകളുമെല്ലാം ഉൾപ്പെടെയാണ് പരാതി. അതിന്റെ ശരിതെറ്റുകളിലേക്ക് കടക്കേണ്ട സമയമല്ലിത്. ചിലപ്പോൾ പരാതി വ്യാജമായിരിക്കാം; അല്ലായിരിക്കാം, പക്ഷെ സുപ്രീം കോടതിയിൽ ഇപ്പോൾ നടക്കുന്ന സംഭവങ്ങൾ നാട്ടിൽ നീതി നടപ്പിലാകുന്നു എന്ന പ്രതീതി ജനങ്ങളിൽ ജനിപ്പിക്കാൻ പോന്നതാണോ എന്ന സന്ദേഹം ബാക്കിയാക്കുന്നു.. 

പരാതി സംബന്ധിച്ച വാർത്തകൾ പുറത്തു വന്നതിന്റെ തൊട്ടടുത്ത ദിവസം ഒരു പൊതു താത്പര്യ ഹർജിയായി കോടതി സ്വമേധയാ  കേസ് പരിഗണിക്കുന്നു. ഒരു മൂന്നംഗ ബഞ്ച് രൂപീകരിക്കുന്നു, അതും ആരോപണ വിധേയനായ  ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിൽ. തന്റെ വ്യക്തി മഹാത്മ്യത്തെക്കുറിച്ചും ആരോപണം ഉന്നയിച്ച സ്ത്രീയുടെ കളങ്കിത പശ്ചാത്തലത്തെക്കുറിച്ചും ചീഫ് ജസ്റ്റിസ് വാചാലനാകുന്നു. അറ്റോർണി ജനറലും സോളിസിറ്റർ ജനറലും ഒപ്പം ചേരുന്നു. ഇന്ത്യാ ഗവണ്മെന്റിനെ പ്രതിനിധീകരിക്കുന്ന സോളിസിറ്റർ ജനറിലിനൊക്കെ ഈ കേസിൽ എന്താണ് കാര്യം എന്ന് മുതിർന്ന അഭിഭാഷക ഇന്ദിര ജയ്‌സിംഗ് ചോദിച്ചതായി കണ്ടു. ബെഞ്ചിൽ ഒരു വനിതാ അംഗം പോലും ഉണ്ടായിരുന്നില്ല എന്നതും ശ്രദ്ധേയമാണ്. ഒടുവിൽ ഞങ്ങൾ ഉത്തരവൊന്നും പുറപ്പെടുവിക്കുന്നില്ല എന്ന് പറയുന്നു. പിന്നാലെ മാധ്യമങ്ങളെ നന്നായി ഉപദേശിച്ചുകൊണ്ട്, ‘ഉത്തരവല്ലാത്ത ‘ ഉത്തരവ് പുറത്തു വരുന്നു പുറത്തു വന്ന ഉത്തരവിൽ തലേന്നാൾ വാദം കേട്ട മൂന്നു ജഡ്ജിമാരിൽ ജസ്റ്റിസ് ഗൊഗോയിയുടെ പേര് മാത്രം, സ്വന്തം  കേസിൽ ആരും സ്വയം ന്യായാധിപകനാകാൻ പാടില്ല എന്ന നീതിയുടെ പ്രാഥമിക തത്വം ഒരു പക്ഷെ ഓര്മ വന്നതുകൊണ്ടായിരിക്കാം, ഇല്ലെന്നു വരുന്നു. 

നടപടികൾ ഇതുകൊണ്ട് അവസാനിക്കുന്നില്ല. ഉടനെ മറ്റൊരു ബഞ്ച് രൂപീകരിക്കുകയാണ്. ചീഫ് ജസ്റ്റിസിനെതിരെ വന്ന ആരോപണങ്ങൾക്ക് പിന്നിൽ ഗൂഡാലോചന ഉണ്ട് എന്ന ഒരു അഭിഭാഷകന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ അടിസ്ഥാനത്തിൽ അതേക്കുറിച്ച് അന്വേഷിക്കാൻ. പോലീസ്, സി.ബി.ഐ., ഐ.ബി. ഉദ്യോഗസ്ഥരെ എല്ലാം കോടതിയിൽ വിളിച്ചു വരുത്തുന്നു. സമിതി രൂപീകരിക്കപ്പെട്ടത് ആരോപണത്തിന് പിന്നിൽ ഗൂഡാലോചനയുണ്ട് എന്ന മുൻവിധിയിൽ   നിന്നാണ് എന്നേ അന്നത്തെ കോടതിമുറിയിൽ വാദങ്ങളിൽ ശ്രവിച്ച ആർക്കും തോന്നൂ. സമാന്തരമായി വനിതാജീവനക്കാരിയുടെ പരാതിയെക്കുറിച്ച് അന്വേഷിക്കാൻ ഒരു ആഭ്യന്തര പാനലും രൂപീകരിക്കുന്നുണ്ട്. ഒരേസമയം ഒരേ കേസിൽ രണ്ടു സമിതികൾ.     അതിനിടെ പരാതി അന്വേഷിക്കാൻ രൂപീകരിച്ച സമിതിയിൽ നിന്ന് ചീഫ് ജസ്റ്റിസിനെ അനുകൂലിച്ച പൊതു പ്രസ്താവന നടത്തിയ  ഒരു അംഗത്തിന് പിന്മാറേണ്ടി വരുന്നു. മറ്റൊരു സഹപ്രവർത്തകയെ ഉൾപ്പെടുത്തി സമിതി അന്വേഷണവുമായി മുന്നോട്ടു പോകുന്നു. 

ഈ സമിതി അനൗപചാരിക സമിതിയാണ് എന്നാണ് നമ്മൾ അറിയുന്നത്. അതുകൊണ്ടു തന്നെ ഉത്തരം കേസുകളിൽ നിയമപരമായി പാലിക്കേണ്ട പല നടപടിക്രമങ്ങളും പാലിക്കപ്പെടുന്നില്ല. നടപടിക്രമങ്ങളുടെ വീഡിയോ ചിത്രീകരണം ഇല്ല, സത്യവാങ്മൂലങ്ങളുടെ പകർപ്പ് പരാതിക്കാരിക്ക് ലഭ്യമാകുന്നില്ല, പരാതിക്കാരിക്ക് ഒരു അഭിഭാഷകന്റെ സേവനം അനുവദിക്കുന്നില്ല.  ഇതിൽ പ്രതിഷേധിച്ച പരാതിക്കാരി സമിതിയുടെ നടപടികളോട് സഹകരിക്കുന്നില്ല എന്ന് പ്രഖ്യാപിക്കുന്നു. മുതിർന്ന നിയമജ്ഞരും സ്ത്രീസംഘടനകളും സുപ്രീം കോടതിയിലെ തന്നെ വിവിധ അഭിഭാഷക സംഘടനകളും നടപടിക്രമങ്ങളോ ചട്ടങ്ങളോ ഇല്ലാത്ത അന്വേഷണ സംവിധാനത്തോടുള്ള പ്രതിഷേധം അറിയിക്കുന്നു. മറ്റൊരു സുപ്രീം കോടതി ജഡ്ജിയായ, ജസ്റ്റിസ് ചന്ദ്രചൂഡ് ആദ്ദേഹത്തിന്റെ അതൃപ്തി സമിതിയെ അറിയിച്ചു എന്ന് വാർത്തകൾ വരുന്നു. സമിതിയിൽ പുറത്തു നിന്നുള്ള ഒരു അംഗം കൂടി വേണം എന്നുള്ള ആവശ്യം കൂടി അംഗീകരിക്കപ്പെടുന്നില്ല. വേറെ ഏതൊരു സ്ഥാപനത്തിലായാലും സ്ഥാപനമേധാവിക്കെതിരെ ഒരു ആരോപണമുയർന്നാൽ അദ്ദേഹത്തിന്റെ സഹപ്രവർത്തകർ മാത്രം ഉൾപ്പെട്ട ഒരു സമിതി രൂപീകരിച്ച അന്വേഷണം നടത്തുന്ന സാഹചര്യം ഒന്നാലോചിച്ചു നോക്ക്. ഏതെങ്കിലും കോടതിയിൽ അത് നിലനിൽക്കുമോ? 

എന്തായാലും, പരാതിക്കാരിയെ കേൾക്കുക പോലും ചെയ്യാതെ,  ഒരാഴ്ചകൊണ്ട് സമിതി അന്വേഷണം അവസാനിപ്പിച്ചു. സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ കുറ്റവിമുക്തനാക്കിക്കൊണ്ട് റിപ്പോർട്ട് സമർപ്പിച്ചു. ഇതറിയിച്ചുകൊണ്ട് ഇറക്കിയ പ്രസ്താവനയിൽ ഒരു കാര്യം കൂടി കൂട്ടിച്ചേർത്തു; 2003 -ലെ ഒരു കോടതി വിധിയുടെ പശ്ചാത്തലത്തിൽ ആഭ്യന്തര സമിതിയുടെ റിപ്പോർട്ട് പരസ്യപ്പെടുന്നതല്ല എന്ന്. കർണാടക ഹൈക്കോടതിയിലെ ഒരു ജഡ്ജിക്കെതിരെ ഉയർന്ന ആരോപണം സംബന്ധിച്ച ഒരു കേസിലായിരുന്നു പ്രസ്തുത വിധി. ആ കേസിൽ പോലും കർണാടക ഹൈക്കോടതിയിലേതല്ലാത്ത അംഗങ്ങൾ ഉൾപ്പെട്ട സമിതിയായിരുന്നു അന്വേഷണം നടത്തിയത് എന്നത് ശ്രദ്ധേയമാണ്. 

നീതി നടപ്പാക്കുകയെന്നത് മാത്രമല്ല നീതി നടപ്പാക്കുന്നു എന്ന തോന്നൽ ഉണ്ടാക്കുകയും വേണം എന്ന് പറഞ്ഞത് ലോർഡ് ഹേവാർട്ട് ആണ്. ഇവിടെ ഇക്കാര്യത്തിൽ നമ്മുടെ സുപ്രീംകോടതി സമ്പൂർണമായി പരാജയപ്പെട്ടിരിക്കുന്നു എന്ന് പറയേണ്ടിവരും. ഒന്നാമതായി സ്വന്തം കേസ് ചീഫ് ജസ്റ്റിസ് സ്വയം കേൾക്കുകയും പരാതിക്കാരിക്കെതിരെ ജഡ്ജിയായിരുന്നുകൊണ്ട് പരസ്യവ്യക്തിഹത്യ നടത്തുകയും ചെയ്തു. രണ്ട്, യാതൊരു മാനദണ്ഡങ്ങളും വ്യക്തമാക്കാതെ ഒരു ആഭ്യന്തര അന്വേഷണ സമിതി രൂപീകരിച്ചു. മൂന്ന്, സമാന്തരമായി പരാതിക്കാരിക്കെതിരെ ഗൂഡാലോചനാ സിദ്ധാന്തം അന്വേഷിക്കുവാൻ മറ്റൊരു സമിതികൂടി ഉണ്ടാക്കി. ആരോപണം തെറ്റെന്നു തെളിഞ്ഞാൽ ആദ്യ സമിതിയ്ക്ക് തന്നെ ഇക്കാര്യം അന്വേഷിച്ചുകൂടെ, സമാന്തരമായി നടക്കുന്ന അന്വേഷണം മറ്റു സമിതിയെ സ്വാധീനിക്കില്ലേ എന്നൊന്നും ചോദിക്കരുത്; ഇത് സുപ്രീംകോടതിയാണ്. നാല്, പരാതിക്കാരിക്ക് അഭിഭാഷകനെ അനുവദിക്കാതെ, സാധാരണഗതിയിൽ ഇത്തരം പരാതികളിൽ പാലിക്കേണ്ട നടപടിക്രമങ്ങൾ ഒക്കെ ഉപേക്ഷിചാണ് ‘അനൗദ്യോഗിക ശമിതി അന്വേഷണം നടത്തിയത്. അഞ്ച്, സമിതിയിൽ ചീഫ് ജസ്റ്റിസിന്റെ സഹപ്രവർത്തകരല്ലാതെ പുറത്തു നിന്നുള്ള ഒരംഗം പോലും ഉണ്ടായിരുന്നില്ല. ആറ്, പരാതിക്കാരിയുടെ വാദം കേൾക്കാതെ തന്നെ സമിതി അന്വേഷണം പൂർത്തിയാക്കി ആരോപണവിധേയനെ കുറ്റവിമുക്തനാക്കി. ഏഴ്, അന്വേഷണ റിപ്പോർട്ട് പരസ്യപ്പെടുത്തില്ല എന്ന് പ്രഖ്യാപിച്ചു. അങ്ങനെ ഏതൊരു ഉത്തരവിലും ഉത്തരവിനാധാരമായ കാര്യകാരണങ്ങൾ സമർത്ഥിക്കപ്പെടേണ്ടതുണ്ട് എന്ന പ്രാഥമിക നീതിതത്വം തമസ്കരിക്കപ്പെട്ടു. 2003-ലെ ‘ഇന്ദിര ജയ്‌സിംഗ് vs സുപ്രീംകോടതി’-യ്ക്ക്   ശേഷം കാലം ഒരുപാട് മുന്നോട്ടുപോയിയെന്നും 2005-ൽ വിവരാവകാശ നിയമം നിലവിൽ വന്നു എന്നുമൊക്കെയുള്ള കാര്യങ്ങൾ നമുക്ക് മറക്കാം. നീതിചക്രത്തിന് എന്തൊരു വേഗത എന്ന് അത്ഭുതം കൂറാം.

ഇന്ത്യയിലെ സാധാരണ പൗരന്റെ അവസാനത്തെ അഭയകേന്ദ്രമാണ് സുപ്രീം കോടതി, ഭരണഘടനയുടെ, നീതിയുടെ, സത്യത്തിന്റെ കാവലാളാകേണ്ട സ്ഥാപനം. അവിടെ നീതി നടപ്പിലാക്കുന്നു എന്ന തോന്നൽ ഉണ്ടായില്ല എങ്കിൽ അത് ഒരു ഭരണഘടനാധിഷ്ഠിത ജനാധിപത്യം എന്ന നിലയിൽ രാജ്യത്തിന്റെ നിലനിൽപ്പിനെ തന്നെ ബാധിക്കുന്നതാണ്.  ഈ സംഭവവികാസങ്ങൾ കോടതിയിൽ ഉള്ള പൊതുസമൂഹത്തിന്റെ വിശ്വാസം ശക്തിപ്പെടുത്തുന്നതിൽ ഒരു തരത്തിലും സഹായകരമാകില്ല എന്നതാണ് ദുഖകരമായ സത്യം. ഇനി ആരാണ് നീതിയുടെ കാവലാളാകുക എന്ന ചോദ്യം മാത്രം ബാക്കിയാകുകയാണ്.

സാമ്പത്തിക സംവരണം, ഭൂരിപക്ഷ വിഭാഗങ്ങളുടെ ഏകാധിപത്യത്തിലേക്കുള്ള വഴിയൊരുക്കാൻ

  • ജനാധിപത്യത്തിൽ പ്രാതിനിധ്യം ഉറപ്പുവരുത്തുന്ന, സംവരണം അട്ടിമറിച്ചുകൊണ്ട് ഭൂരിപക്ഷ വിഭാഗങ്ങളുടെ ഏകാധിപത്യത്തിലേക്ക് രാജ്യത്തെ കൊണ്ടുപോകാനുമുള്ള ഭൂരിപക്ഷ വർഗീയ ശക്തികളുടെ, സംഘപരിവാറിന്റെ ഗൂഡനീക്കമാണ് സാമ്പത്തിക സംവരണ വാദത്തിനു പിന്നിൽ

സംവരണത്തെ ദാരിദ്ര്യവുമായി കൂട്ടിയിണക്കുന്നത് ആത്യന്തികമായി സംവരണം ഇല്ലാതാക്കാനാണ്. അതുകൊണ്ടാണ് വിവിധ സാമുദായിക സംഘടനകളും സി.പി.ഐ. എം. ഉൾപ്പടെയുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങളും അതിനെ എതിർക്കുന്നത്. സാമ്പത്തിക സംവരണത്തെ അനുകൂലിച്ചുകൊണ്ടുള്ള സ: എ. കെ. ബാലന്റെ പ്രസ്താവന സി.പി.ഐ.എം. പാർട്ടി കോൺഗ്രസ് അംഗീകരിച്ച ഔദ്യോഗിക നയത്തിന് എതിരാണ്. പാർട്ടി തലത്തിൽ തിരുത്തപ്പെടേണ്ടതാണ്.
1995-ൽ ഛത്തീസ്ഗഡിൽ വച്ച് നടന്ന 15th പാർട്ടി കോൺഗ്രസിലാണ് സി.പി.എം. സംവരണ നയം വ്യക്തമാക്കിയത്. അന്ന് മണ്ഡൽ കമ്മീഷൻ മുന്നോട്ടു വച്ച നയത്തെ അംഗീകരിക്കുകയാണ് ചെയ്തത്. അത് സാമ്പത്തിക സംവരണമല്ല എന്ന കാര്യം എടുത്തു പറയണ്ടല്ലോ. 
എന്നാൽ ക്രീമിലെയർ മനദണ്ഡത്തെ അംഗീകരിക്കുന്നുമുണ്ട്. അപ്പോ ഴും സാമുദായിക കോട്ടയിൽ ആവശ്യത്തിന് നോൺ-ക്രീമിലെയറുകാരെ കിട്ടാതിരുന്നാൽ ആ ഒഴിവുകളിലേക്ക് അതെ സമുദായത്തിലെ ക്രീമിലയറുകാരെ പരിഗണിക്കണം എന്നുകൂടി പറയുന്നു പാർട്ടി. 
പിന്നീട് പറഞ്ഞിരിക്കുന്നത് മുന്നോക്ക സമുദായത്തിലെ പരമ്പരാഗതമായി ‘താഴ്ന്ന’ ജോലികൾ  ചെയ്യുന്നവരുടെ കാര്യമാണ്. കേരളത്തിൽ ഇത് നടപ്പായതാണ്. ഉദാഹരണത്തിന് വിളക്കത്തല നായർ പോലുള്ള വിഭാഗങ്ങൾക്ക് സംവരണം നൽകിയത്.
അല്ലാതെ, സാമ്പത്തിക സംവരണത്തെ പാർട്ടി ഒരു ഘട്ടത്തിലും അംഗീകരിച്ചിട്ടില്ല. ഇതിന് മുൻപ് ഇ. എം.എസും ഭരണപരിഷ്കരണ കമ്മീഷനും സമാന നിർദേശങ്ങൾ മുന്നോട്ടു വച്ചപ്പോഴും പാർട്ടി അത് നിലപാടായി സ്വീകരിച്ചിരുന്നില്ല.  
ഇന്ദ്രാ സാഹ്ണ്നീ കേസിലെ സുപ്രീംകോടതി വിധി വന്നതിനു ശേഷം ഇ.എം.എസ് വീണ്ടും സാമ്പത്തിക സംവരണ വാദം ഉയർത്തിക്കൊണ്ടുവരാൻ ശ്രമിച്ചു.

ഇ.എം.എസ്‌. നമ്പൂതിരിപ്പാട്‌, 1995 ഒക്‌ടോബര്‍ ഏഴിനു ഫ്രണ്ട്‌ലൈന്‍ മാസികയില്‍ ക്രീമിലെയര്‍ വിവാദത്തിലെ വര്‍ഗവും ജാതിയും; മാര്‍ക്‌സിസ്‌റ്റ്‌ നിര്‍വചനം എന്ന ലേഖനമെഴുതുകയുണ്ടായി. തലക്കെട്ട്‌ സൂചിപ്പിക്കുന്നതുപോലെ വര്‍ഗവും ജാതി ബന്ധങ്ങളും സംബന്ധിച്ച മാര്‍ക്‌സിയന്‍ വിശദീകരണമൊന്നും അതിലുണ്ടായിരുന്നില്ല. ഉണ്ടായിരുന്നതു സംവരണത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്‌ച്ചപ്പാടാണ്‌. 1992-ലെ ഇന്ദ്രസാനി കേസില്‍ സുപ്രീം കോടതി ഒ.ബി.സി. വിഭാഗങ്ങളുടെ സംവരണം ശരിവയ്‌ക്കുകയും ക്രീമിലെയര്‍ എന്ന സങ്കല്‍പ്പം കൊണ്ടുവരികയും ചെയ്‌ത പശ്‌ചാത്തലത്തില്‍, 1958ല്‍ ഭരണപരിഷ്‌കരണ സമിതിയുടെ അധ്യക്ഷനായിരിക്കെ താന്‍ മുന്നോട്ടു വച്ച ആശയമാണു പിന്നീടു ക്രീമിലെയറായതെന്ന്‌ അദ്ദേഹം പറയുന്നു.  
ക്രീമിെലയര്‍ സംവിധാനത്തിലെ വലിയ പോരായ്‌മയും അദ്ദേഹം തന്നെ ചൂണ്ടിക്കാട്ടുന്നുണ്ട്‌. പിന്നാക്ക സമുദായങ്ങളിലെ നോണ്‍ ക്രീമിലെയര്‍ വിഭാഗങ്ങളില്‍നിന്നു മതിയായ ആളുകളില്ലാതെ വന്നാല്‍ അതു പൊതുവിഭാഗത്തിന്‌ പോകും. അത്തരം സാഹചര്യങ്ങളില്‍ പിന്നാക്ക വിഭാഗങ്ങളിലെ ക്രീമിലെയര്‍കാരെ സംവരണത്തിനു പരിഗണിക്കണം.
 ഒപ്പം മുന്നോക്ക വിഭാഗങ്ങളിലെ പിന്നാക്കക്കാര്‍ക്കും സംവരണത്തിന്റെ ആനുകൂല്യം ലഭ്യമാക്കണമെന്ന നിര്‍ദേശമുണ്ട്‌. ക്രീമിലെയര്‍ വിവാദത്തിലെ വര്‍ഗവും ജാതിയും എന്ന വിഷയം പറഞ്ഞുവന്ന്‌ ഒടുവില്‍, മുന്നോക്കക്കാരിലെ സാമ്പത്തികമായി പിന്നിലുള്ളവര്‍ക്കും സംവരണമെന്ന, 1958ല്‍ ആരംഭിച്ച, സംവരണത്തെ ദാരിദ്ര്യവുമായി കൂട്ടിയിണക്കുന്ന, തന്റെ യാന്ത്രിക-മാര്‍ക്‌സിയന്‍ കാഴ്‌ച്ചപ്പാടിലേക്കു തന്നെയാണ്‌ ഇ.എം.എസ്‌. 1995-ലും ചെന്നെത്തുന്നത്‌
എന്നാൽ 15-ആം പാർട്ടി കോൺഗ്രസ് ആ നയമല്ല സ്വീകരിച്ചത്. മുന്നോക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങൾക്ക് സംവരണം വേണമെന്ന ഇ. എം.എസ് നയം പാർട്ടി തള്ളി. അത് നയ രേഖയിൽ ഉൾപ്പെടുത്തിയില്ല. ഈ തീരുമാനം അതിനു ശേഷം നടന്ന കോൺഗ്രസുകളിൽ ഒന്നും പുനഃപരിശോധിക്കപ്പെട്ടിട്ടില്ല. 
ഇന്നലത്തെ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പ്രസ്താവന ശ്രദ്ധേയമാണ്. 2003-ൽ വാജ്പേയീ ഗവൺമെന്റ് സ്വീകരിച്ചതിനു സമാനമായ നാടകമാണ് മോഡി ഗവൺമെന്റിന്റെ പുതിയ സംവരണ പ്രഖ്യാപനവും എന്നാണ് അദ്ദേഹത്തിന്റെ ട്വീറ്റ്. 2003-ലെ പാർട്ടി പോളിറ്റ് ബ്യൂറോയുടെ പ്രസ്താവന വീണ്ടും പങ്കുവച്ചിട്ടുമുണ്ട്.

കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക സംവരണ നീക്കം ന്യൂനപക്ഷങ്ങൾക്കുൾപ്പടെയുള്ള സംവരണ ആനുകൂല്യങ്ങൾ അട്ടിമറിക്കാനുള്ള സംഘപരിവാർ അജണ്ടയുടെ ഭാഗമാണ്. സംവരണം ഒരു ദരിദ്ര-നിർമാർജന മാർഗമല്ല. പ്രാതിനിധ്യം ഉറപ്പാക്കുകയാണ് സംവരണത്തിന്റെ ലക്‌ഷ്യം. അതൊരു ജനാധിപത്യ ബോധത്തിന്റെ ഭാഗമായി ഉയർന്നുവന്ന ആശയമാണ്. സ്വാതന്ത്ര്യ ലബ്ദിക്ക് ശേഷം എല്ലാവരെയും തുല്യരായിക്കാണുന്ന, സാർവത്രിക വോട്ടവകാശമുള്ള ജനാധിപത്യ സംവിധാനമാണ് നമ്മൾ തെരഞ്ഞെടുത്തത്. ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികളാണ് ഭരണ നിർവഹണം നടത്തേണ്ടത്. കടലാസിൽ ഇത് വളരെ മഹത്തായൊരു ആശയമാണെങ്കിലും, പ്രായോഗിക തലത്തിൽ ഒരുപാട് അപകട സാധ്യതൾ അതിനുണ്ട്.

ഏറ്റവും കൂടുതൽ ആളുകൾ പിന്തുണയ്ക്കുന്ന ഭരണകൂടം എന്ന് പറയുന്നത് ഒരു പക്ഷെ രാജ്യത്തെ ഏറ്റവും പ്രബലമായ വിഭാഗത്തെ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയനേതാക്കൾ ആയിരിക്കാം. അതായത് വംശീയമോ, വർഗീയമോ, മത-ജാതി ഭേദങ്ങളിലധിഷ്ഠിതമോ, ഭാഷാപരമോ ഒക്കെയായ ഭൂരിപക്ഷത്തിന് ആധിപത്യം ലഭിക്കുവാൻ ജനാധിപത്യ മാർഗങ്ങളിലൂടെ സാധിക്കും. (ജർമനിയിൽ ഹിറ്റ്ലർ അധികാരത്തിൽ വന്നത് ജനാധിപത്യത്തിലൂടെ ആയിരുന്നു എന്നോര്മിക്കുക). അത് ഒരു തരത്തിൽ ആൾക്കൂട്ട ഭരണത്തിലേക്കും, ന്യൂനപക്ഷ പീഡനങ്ങളിലേക്കുമൊക്കെയാകാം രാജ്യത്തെ നയിക്കുന്നത്. ചരിത്രപരമായി അടിച്ചമർത്തപ്പെട്ട വിഭാഗങ്ങൽ തീർച്ചയായും ഭരണത്തിൽ നിന്നും മാറ്റി നിർത്തപ്പെടും. ഫലത്തിൽ ജനാധിപത്യം എന്നത് ആൾക്കൂട്ട ഭരണമായി മാറും. ഇതിനു പരിഹാരമായാണ് എല്ലാ വിഭാഗത്തിൽ പെട്ട ആളുകൾക്കും ഭരണത്തിൽ, അത് നിയമ നിർമാണ സഭകളിലായാലും, ഉദ്യോഗസ്ഥ സംവിധാനത്തിലായാലും എല്ലാ വിഭാഗങ്ങളുടെയും പ്രാതിനിധ്യം ഉറപ്പുവരുത്തണം എന്ന ആശയം ഉരുത്തിരിഞ്ഞത്. അതിനുള്ള മാർഗമായിരുന്നു സംവരണം.

അതുകൊണ്ട് തന്നെ ഭരണഘടനയിൽ സംവരണം സോഷ്യലിസത്തിലേക്കുള്ള കുറുക്കുവഴിയല്ല. ഇന്ത്യന്‍ ഭരണഘടനയില്‍ സംവരണം നിലനില്‍ക്കുന്നതു സാമൂഹിക നീതിയുമായി ബന്ധപ്പെട്ടാണ്‌. ഭരണഘടനയുടെ മൂന്നാം ഭാഗത്ത്‌ മൗലികാവകാശങ്ങളുടെ നിര്‍വചനങ്ങള്‍ക്കൊപ്പമാണു സംവരണത്തിന്റെ നിയമസാധ്യതകള്‍ വ്യക്‌തമാകുന്നത്‌. ഭരണഘടനയുടെ അടിസ്‌ഥാന സ്വഭാവമായ തുല്യനീതി, ജാതി-മത-വംശ-ദേശ-ലിംഗ ഭേദങ്ങളിലധിഷ്‌ഠിതമായ ചൂഷണങ്ങള്‍ക്കെതിരെയുള്ള സംരക്ഷണം, അവസര സമത്വം എന്നിവ ഉറപ്പാക്കുന്ന ഭരണഘടനയുടെ 14,15,16 വകുപ്പുകള്‍ തന്നെയാണു സംവരണത്തെക്കുറിച്ചും പ്രതിപാദിക്കുന്നത്‌.  നിര്‍ദേശക തത്വങ്ങളുടെ ഭാഗമായ ആര്‍ട്ടിക്കിള്‍ നാല്‍പ്പത്താറും ഇതോടു ചേര്‍ത്തു വായിക്കാം. സംവരണത്തിന് വഴിയൊരുക്കുന്ന ആർട്ടിക്കിൾ 15 (4 ), 16(4 ), 16(5) എന്നീ വകുപ്പുകൾ ആർട്ടിക്കിൾ പതിനാല് മുന്നോട്ടു വയ്ക്കുന്ന തുല്യതാ സങ്കൽപ്പത്തിന് അനുപൂരകമാണെന്ന് സുപ്രീം കോടതി വിലയിരുത്തിയിട്ടുണ്ട്.

പ്രാതിനിധ്യമാണു സംവരണ തത്വത്തിന്റെ അടിസ്‌ഥാനം. ചരിത്രപരമായ കാരണങ്ങളാല്‍ അനീതിക്കിരയായി പിന്തള്ളപ്പെട്ടു പോയ ജനവിഭാഗങ്ങളുടെ ആനുപാതികമായ പ്രതിനിധ്യം എല്ലാ മേഖലയിലും ഉറപ്പു വരുത്തുക എന്നതാണത്‌. ഏതൊക്കെ വിഭാഗങ്ങളുടെ പ്രാതിനിധ്യമാണു ഭരണഘടനയില്‍ പറയുന്നത്‌?
 1. ജാതി-മത-വര്‍ഗ ഭേദമന്യേ എല്ലാ സ്‌ത്രീകളുടേയും കുട്ടികളുടെയും സര്‍വതോമുഖമായ ഉന്നമനത്തിനുവേണ്ടി നടപടികള്‍ സ്വീകരിക്കാം (ആര്‍ട്ടിക്കിള്‍ 15(3)
2. സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നോക്കം നില്‍ക്കുന്നവര്‍ക്ക്‌ (ആര്‍ട്ടിക്കിള്‍ 15(4)
3. സര്‍ക്കാര്‍ സര്‍വീസില്‍ മതിയായ പ്രാതിനിധ്യം ഇല്ലാത്തവര്‍ക്ക്‌ (ആര്‍ട്ടിക്കിള്‍ 16(4)). ഇവിടെ പറഞ്ഞിരിക്കുന്ന പിന്നോക്ക വിഭാഗം എന്നത്‌ ആര്‍ട്ടിക്കിള്‍ 15(4)-ലെ സമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നില്‍ക്കുന്ന വിഭാഗം ആണെന്ന്‌ സുപ്രീം കോടതി വ്യാഖ്യാനിച്ചിട്ടുണ്ട്‌.
 4. സാമൂഹിക അനീതികളില്‍ നിന്നും എല്ലാത്തരത്തിലുമുള്ള ചൂഷണങ്ങളില്‍ നിന്നും സംരക്ഷിക്കപ്പെടേണ്ട ദുര്‍ബല വിഭാഗങ്ങള്‍ക്ക്‌ (ആര്‍ട്ടിക്കിള്‍ 46)
5. പട്ടികജാതി /പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്ക്‌ (അവസാനം പറഞ്ഞ 3 വകുപ്പുകള്‍ പ്രകാരവും).

ഇവിടെയൊന്നും സാമ്പത്തിക സംവരണത്തിനു സാധ്യതയില്ല. ആര്‍ട്ടിക്കിള്‍ 46-ല്‍ അവശ വിഭാഗങ്ങളുടെ സാമ്പത്തികവും വിദ്യാഭ്യാസപരവുമായ താത്‌പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്ന നിര്‍ദേശമാണ്‌ സാമ്പത്തിക സംവരണ വാദികള്‍ ഉയര്‍ത്തുന്നത്‌. ദുര്‍ബല വിഭാഗം എന്ന പ്രയോഗത്തിന്‌ സാമ്പത്തികമായി അവശതയനുഭവിക്കുന്ന വിഭാഗമെന്ന വ്യാഖ്യാനം നല്‍കാനായിരുന്നു ശ്രമം. സമൂഹിക അനീതിയില്‍നിന്നും മറ്റു ചൂഷണങ്ങളില്‍ നിന്നും സരക്ഷിക്കപ്പെടണം എന്ന ഭാഗം കൂടി ചേര്‍ത്തു വായിക്കേണ്ടതുണ്ട്‌ എന്നതാണ്‌ വിദഗ്‌ധമതം. സംവരണവുമായി ബന്ധപ്പെട്ട എല്ലാ കേസുകളിലും സുപ്രീം കോടതിയുടെ നിലപാടും ഇതു തന്നെയായിരുന്നു. സാമ്പത്തിക സംവരണത്തെ കോടതി ഒരിക്കലും അംഗീകരിച്ചിട്ടില്ല.

ഏതെങ്കിലും ഒരു ജാതിയിലെ വ്യക്‌തി ദരിദ്രനായതുകൊണ്ടു മാത്രം സംവരണം അനുവദിക്കാന്‍ കഴിയില്ല. ഭരണഘടനാപരമായി വ്യക്‌തികള്‍ക്കല്ല, വിഭാഗങ്ങള്‍ക്ക്‌ മാത്രമാണ്‌ സംവരണം അനുവദിക്കാന്‍ കഴിയുക. ദാരിദ്ര്യം എന്നത്‌ ഒരു വിഭാഗത്തെ നിര്‍ണയിക്കാനുള്ള മാനദണ്ഡമാണെന്നു വിചാരിച്ചാല്‍ തന്നെയും അത്‌ ഏതെങ്കിലും ഒരു പ്രത്യേക സമുദായത്തിന്റെ കാര്യമല്ല. എല്ലാ വിഭാഗത്തിലുള്ളവരും കാണും. ദരിദ്രര്‍ എന്ന നിലയ്‌ക്കു മുന്നോക്ക വിഭാഗങ്ങളിലെ ആളുകള്‍ക്കു മാത്രമല്ല പിന്നോക്കക്കാര്‍ക്കും ദളിതര്‍ക്കുമെല്ലാം പ്രത്യേകം സംവരണം ഒരുക്കേണ്ടിവരും. ഏതെങ്കിലും പ്രത്യേക വിഭാഗത്തിലെ ദരിദ്രര്‍ക്കു മാത്രമായി സംവരണം ഏര്‍പ്പെടുത്തുന്നത്‌ ആര്‍ട്ടിക്കിള്‍ 14 ഉറപ്പുതരുന്ന സമത്വത്തിന്റെയും 15, 16 വകുപ്പുകളിടെയും ലംഘനമാകും. ഉദാഹരണത്തിന്, പട്ടിക ജാതിക്കാർക്ക് സംവരണം ഉള്ളതുകൊണ്ട് പട്ടികജാതിക്കാരല്ലാത്ത വനിതകൾക്ക് മാത്രം സംവരണം ഏർപ്പെടുത്തണം എന്ന് പറയുന്നതുപോലെയെ ഒള്ളൂ അത്. രണ്ടും രണ്ട് ക്രൈറ്റീരിയ ആണ്. അതുകൊണ്ടുതന്നെ സാമ്പത്തിക സംവരണം ഭരണഘടനാവിരുദ്ധമാണ്‌. സാമാന്യ നീതിയുടെ ലംഘനമാണ്.

ദാരിദ്യം എന്നത് മനുഷ്യനെ ചരിത്രപരമായും  ജന്മ ജന്മാന്തരങ്ങളായും ഒരു കള്ളിയിലേക്ക് ഒതുക്കുന്ന വിഭാഗീകരണമല്ല. ‘ഉന്നത’ ജാതിയിൽ പെട്ട ദരിദ്രൻ പണമില്ലാത്തതുകൊണ്ടു മാത്രം സാമൂഹികവും ചരിത്രപരവുമായ അവശത അനുഭവിക്കുന്നില്ല. പണം ഉണ്ടായാൽ അവരുടെ പ്രശ്‌നങ്ങൾ അവസാനിക്കുന്നു. എന്നാൽ  ‘താഴ്ന്ന’ ജാതിയിൽ പെട്ടവർ, ന്യൂന പക്ഷവിഭാഗങ്ങൾ എന്നിവരൊക്കെ പണമുണ്ടാക്കിയതുകൊണ്ടു മാത്രം ജന്മാന്തരങ്ങളായി അനുഭവിക്കുന്ന സാമൂഹിക അവശതകളിൽ നിന്ന് പുറത്തു കടക്കുന്നില്ല. പണമെത്ര ഉണ്ടെങ്കിലും ആൾക്കൂട്ട നീതി മുന്നോട്ടു വയ്ക്കുന്ന അപകടകരമായ സാമൂഹിക സാഹചര്യങ്ങളിൽ നിന്ന് മവർ മുക്തരാകുകയുമില്ല. അതെ സമയം ദാരിദ്ര്യം  മുന്നോക്ക വിഭാഗക്കാർക്ക് ഇത്തരത്തിലുള്ള അപകടങ്ങൾ ഒരുക്കുന്നുമില്ല.

ആത്യന്തികമായി ജനാധിപത്യ വ്യവസ്ഥിതി ഭൂരിപക്ഷ വിഭാഗങ്ങളുടെ ഏകാധിപത്യത്തിലേക്ക് വഴുതി വീഴാതിരിക്കാൻ ഭരണഘടനാ ഒരുക്കുന്ന പ്രതിരോധമായ സംവരണം എന്ന സങ്കൽപ്പത്തിന്റെ കടയ്ക്കൽ കത്തി വയ്ക്കുന്ന നടപടിയാണ് സാമ്പത്തിക സംവരണം. ക്രമേണ സംവരണത്തെ ഒരു ദാരിദ്ര്യ നിർമാർജന പ്രക്രിയയാക്കി ഒതുക്കി, സാമ്പത്തികമായി മുന്നോക്കമെത്തിയാൽ ഇന്ന് പ്രാതിനിധ്യം ഇല്ലാത്ത വിഭാഗങ്ങളെ സംവരണത്തിൽ നിന്നും ഒഴിവാക്കി, ജനാധിപത്യ പ്രക്രിയയിൽ, ഭരണ സംവിധാനങ്ങളിൽ അവരുടെ പ്രാതിനിധ്യം ഇല്ലാതാക്കുകയും ചെയ്യും അത്.

അതുവഴി ഭൂരിപക്ഷ വിഭാഗങ്ങൾക്ക് മാത്രം പ്രതിനിധ്യമുള്ള സംവിധാനമായി രാജ്യത്തെ ജനാധിപത്യത്തെ മാറ്റി തീർക്കുകയും അങ്ങനെ ഭരണഘടനാ ശിൽപ്പികൾ ഭയപ്പെട്ട, തടയണം എന്ന ആഗ്രഹിച്ച ആൾക്കൂട്ട നീതിയുടെ, ഭൂരിപക്ഷ വിഭാഗങ്ങളുടെ ഏകാധിപത്യത്തിലേക്ക് രാജ്യത്തെ കൊണ്ടുപോകാനുമുള്ള ഭൂരിപക്ഷ വർഗീയ ശക്തികളുടെ, സംഘപരിവാറിന്റെ ഗൂഡനീക്കമാണ് ഈ സാമ്പത്തിക സംവരണ നീക്കം. അതിന് ഇടതുപക്ഷത്ത് നിൽക്കുന്നുവെന്ന് അവകാശപ്പെടുന്ന വ്യക്തികൾ പോലും പിന്തുണ നൽകുന്നത് ദൗർഭാഗ്യകരമാണ്. രാജ്യത്തെ ജനാധിപത്യത്തെ അപകടത്തിലാക്കുന്ന, നമ്മുടെ ഭരണഘടനാ പദ്ധതിയുടെ അടിസ്ഥാനഘടനയ്ക്കുതന്നെ തുരങ്കം വയ്ക്കുന്ന ഇത്തരം നീക്കങ്ങൾ ചെറുക്കപ്പെടേണ്ടതാണ്.

ഈ ലേഖനം ഡൂൽന്യൂസ് (08/01/2019)പ്രസിദ്ധീകരിച്ചതാണ്.  കൂടാതെ, ഇതിന്റെ സംഗ്രഹിതരൂപം മംഗളം (08/01/2019)ദിനപ്പത്രത്തിലും പ്രതിദ്ധീകൃതമായിട്ടുണ്ട് 

ശുദ്ധിക്രിയ അയിത്താചാരം; ഭരണഘടനാവിരുദ്ധം

പുതുവർഷം കേരളത്തിന് പ്രതീക്ഷകളുടേതുമാണ്. സമൂഹത്തെ പിന്നോട്ട് നടത്തി, ബ്രാഹ്മണ്യത്തിന്റെ പ്രാകൃതബോധത്തിലേക്ക് ഒതുക്കാൻ ശ്രമിച്ചവർക്ക് എതിരെ കേരളം പ്രതിരോധത്തിന്റെ മതിലുയർത്തിയത് രാജ്യാന്തര ശ്രദ്ധയാകർഷിച്ചു. ഇന്നിതാ ബിന്ദുവും കനകദുർഗയും ചരിത്രത്തിലേക്ക് മല ചവിട്ടി കയറിയിരിക്കുന്നു. 
ഒരു ഭരണാധികാരി എന്ന നിലയ്ക്ക് ശ്രീ. പിണറായി വിജയൻ ചരിത്രത്തിൽ സ്വന്തം സ്ഥാനം അടയാളപ്പെടുത്തിയിരിക്കുന്നു. ചുറ്റും രാഷ്ട്രീയ കോമാളികൾ ആചാര സംരക്ഷകരായി പ്രഹസനമാടിയപ്പോൾ,  തലയുയർത്തിപ്പിടിച് നിന്നതിന്, ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളിലൊന്നായ തുല്യതയും ഭരണഘടനാ ധാർമികതയും ഉയർത്തിപ്പിടിച്ചതിന്. സ്വന്തം പാർട്ടിക്കാർ പോലും അറച്ചു നിന്നപ്പോൾനിന്നപ്പോൾ അര നൂറ്റാണ്ടിനു ശേഷം കേരള സമൂഹത്തിൽ നാവോത്ഥനം എന്ന വാക്ക് ചർച്ചയാക്കിയതിന്.
അതിനീചമായ ഒരു സാമൂഹ്യ വ്യവസ്ഥ നില നിന്നിരുന്ന നമ്മുടെ രാജ്യത്തു സംഭവിച്ച ഒരു നിശ്ശബ്ദ വിപ്ലവമായിരുന്നു ഭരണഘടന. ബ്രഹ്മണ്യവും സ്മൃതികളും സമ്മാനിച്ച ശ്രേണീകൃത അസമത്വങ്ങളുടെ മൂല്യങ്ങളെ പാടെ നിരസിച്ചുകൊണ്ട്, നമുക്ക് തീർത്തും അപരിചിതമായിരുന്ന സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ ആധുനിക മൂല്യങ്ങളിൽ അടിസ്ഥാനപ്പെടുത്തിയ ഒരു സാമൂഹ്യ പദ്ധതിയാണ് ഭരണഘടന നമുക്ക് വാഗ്ദാനം ചെയ്തത്. 
1927-ലെ ക്രിസ്മസ് ദിനത്തിൽ മനുസ്മൃതി കത്തിച്ചുകൊണ്ട് ഡോ. ബി ആർ അംബേദ്‌കർ ഇന്ത്യയിലെ അധസ്ഥിത ജനതയ്ക്കു നൽകിയ വാഗ്ദാനത്തിന്റെ പൂർത്തീകരണം കൂടിയാണത്.
ആ മഹത്തായ ലക്ഷ്യത്തിന്റെ അന്തസത്ത ഉൾക്കൊള്ളുന്നതാണ് ശബരിമല കേസിലെ ജസ്റ്റിസ് ഡി വൈ ചന്ദ്രചൂടിന്റെ ചരിത്ര വിധിന്യായം. അതിന്റെ ഒരു ഭാഗം തുടങ്ങുന്നത് അംബേദ്കറിൽ നിന്നാണ്. അംബേദ്കറെ വായിച്ചിട്ടുള്ള ആർക്കും മനസിലാകും, ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന് രണ്ട് ധാരകൾ ഉണ്ടായിരുന്നുവെന്ന്. ഒന്ന് വൈദേശികാധിപത്യത്തിൽ നിന്നും രാഷ്ട്രീയ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള സമരം. മറ്റൊന്ന് നൂറ്റാണ്ടുകളായി ഇവിടെ നിലനിന്നിരുന്ന നികൃഷ്ടമായ സാമൂഹിക പരിസരങ്ങളിൽ ചരിത്രപരമായി അടിച്ചമർത്തപ്പെട്ട ജനതയുടെ വിമോചനം. ഈ രണ്ടു ധാരകളുടെയും ഉത്പന്നമാണ് നമ്മുടെ ഭരണഘടന.
സ്വാതന്ത്ര്യലബ്ധിയോടു കൂടി ആദ്യ ധാര ലക്‌ഷ്യം കണ്ടു. രാഷ്ട്രീയ ജനാധിപത്യത്തിന് വേണ്ട നിയമസംഹിതയും  സ്ഥാപനഘടനയും ജന്മം കൊണ്ടു. അതിനുള്ള അടിസ്ഥാനപ്രമാനമായി ഭരണഘടനാ. ഇനിയും നാം മുന്നോട്ട് കൊണ്ട് പോകേണ്ടത് ചരിത്രപരമായ വിവേചനങ്ങൾക്കും അടിച്ചമർത്തലുകൾക്കും നിദാനമായ വ്യവസ്ഥിതിയോടുള്ള പോരാട്ടമാണ്. ആ പോരാട്ടത്തോടുള്ള പ്രതിബദ്ധതയാണ് നമ്മുടെ ഭരണഘടനയുടെ ആത്മാവ്.
ജസ്റ്റിസ് ഇന്ദു മൽഹോത്ര ശബരിമലയിലെ യുവതീ പ്രവേശനത്തെ കേവലം ഒരു അമ്പലത്തിനുള്ളിൽ മാത്രം നടക്കുന്ന ആചാരപരമായ വേർതിരിവ് മാത്രമായി ചുരിക്കിക്കണ്ടപ്പോൾ, സാമൂഹികവും ചരിത്രപരവുമായ പശ്ചാത്തലത്തിൽ ഈ വിവേചനത്തിന്റെ വേരുകൾ തേടുകയാണ് അദ്ദേഹം ചെയ്തത്.
ഒരു റസ്റ്റോറന്റിൽ “കറുത്തവർക്ക്  പ്രവേശനമില്ല” എന്ന ബോർഡ് വച്ചാൽ അതിനെ ഒരു സ്വകാര്യവ്യക്തിയുടെ റെസ്റ്റോറന്റിലെ ഒരു നിയന്ത്രണം മാത്രമായി നമുക്ക് വേണമെങ്കിൽ വ്യാഖ്യാനിക്കാം. പക്ഷെ സത്യമതല്ല. അതിന് കൃത്യമായും ഒരു സാമൂഹിക പശ്ചാത്തലമുണ്ട്. അത് പൊതു സമൂഹത്തെ ബാധിക്കുന്ന കാര്യം തന്നെയാണ്. അത് കറുത്തവരോടുള്ള വിവേചനമാണ്. അത് കറുത്തവർഗക്കാരുടെ അന്തസിനെ, ആത്മാഭിമാനത്തെ വൃണപ്പെടുത്തുന്നതാണ്.
ശബരിമലയിലും അതാണ് നടക്കുന്നത്. സ്ത്രീകളോടുള്ള വിവേചനമണത്. പുരുഷാധിപത്യ സാമൂഹിക വ്യവസ്ഥിതിയുടെ, അത് പേറുന്ന ബ്രഹ്മണിക്കൽ നീതിബോധത്തിന്റെ ബഹിർസ്ഫുരണം. ദൈവത്തിന്റെ ബ്രഹ്മചര്യം സംരക്ഷിക്കേണ്ട ബാധ്യത സ്ത്രീകൾക്ക് വന്നുചേരുന്ന നീചനീതി. 
ഈ നീതിബോധത്തിന്റെ ഉറവിടം സവർണ ഹൈന്ദവതയുടെ ജീർണിച്ച പാരമ്പര്യമാണ്. കൃത്യമായി പറഞ്ഞാൽ മനുസ്മൃതി മുന്നോട്ടു വയ്ക്കുന്ന നീതിബോധമാണിത്. 
സ്ത്രീ എന്നാൽ പുരുഷനെ കളങ്കപ്പെടുത്തുന്ന മാലിന്യമാണ് എന്ന ബോധം (മനുസ്മൃതി 2:213). ഇതേ ഗ്രന്ഥത്തിന്റെ ശ്ലോകം 2:215-ൽ പറയുന്നത് പുരുഷൻ ഒരു സ്ത്രീയോടൊപ്പം, അത് അമ്മയോ മകളോ സഹോദരിയോ ആയിക്കൊള്ളട്ടെ, ഒറ്റയ്ക്ക് ഇരിക്കരുത് എന്നാണ്. സ്ത്രീ സാന്നിധ്യത്തിൽ വികാരങ്ങൾ ഏതൊരു ജ്ഞാനിയെയും കീഴ്പ്പെടുത്തുതുമത്രെ!
ഈ നികൃഷ്ട ധാർമികതയുടെ ഉച്ചിയ്ക്ക് ഭരണഘടനാ ധാർമികതയുടെ ചുറ്റികയ്ക്ക് അടിച്ചുകൊണ്ടാണ് ജസ്റ്റിസ്. ചന്ദ്രചൂഡ് പറയുന്നത്, ദൈവത്തിന്റെ ബ്രഹ്മചര്യം കാത്തുരക്ഷിക്കേണ്ട ഉത്തരവാദിത്തം സ്ത്രീയ്ക്ക് ഇല്ല എന്ന്.
ഇതേ നീതിബോധത്തിന്റെ മറ്റൊരു വശമാണ് ജാതീയതയ്ക്ക് ദാർശനിക ഭാഷ്യം രചിച്ചുകൊണ്ട് ലോകത്തിലെ തന്നെ ഏറ്റവും നികൃഷ്ടമായ സാമൂഹിക വ്യവസ്ഥിതിയെ പരിപാലിച്ചു പോന്നത്. ആർട്ടിക്കിൾ 17, അയിത്തതിനെതിരെയുള്ള മൗലികാവകാശം, ഭരണഘടനയിൽ ഇടം നേടിയത് അങ്ങനെയാണ്. യഥാർത്ഥത്തിൽ മൗലീകാവകാശങ്ങളിൽ പെടേണ്ട ഒരു വകുപ്പേ അല്ല അത്. ആർട്ടിക്കിൾ 14-ഉം 15-ഉം 16-ഉം ഒക്കെ ഉയർത്തിപ്പിടിക്കുന്ന തുല്യതയുടെ കീഴിൽ ഇതും വരുമായിരുന്നു. പക്ഷേ, ഇന്ത്യയിൽ ഉണ്ടായിരുന്ന സമാനതകളില്ലാത്ത നീതി നിഷേധത്തിന്റെ ചരിത്രം, ആർട്ടിക്കിൾ 17-നെ ഒരു അനിവാര്യതയാക്കുന്നു എന്ന് നമ്മുടെ ഭരണഘടനാ ശിൽപ്പികൾ തിരിച്ചറിഞ്ഞു. ഭരണഘടനാ നിർമാണ സഭയിൽ ആളാടി കൃഷ്ണ ഐയ്യർ പറഞ്ഞത് “ഇന്ത്യയിൽ സാമൂഹിക വിഷയം കൂടിയല്ലാത്ത ഒരു മതകാര്യവും ഇല്ല” എന്നാണ്.
മറ്റ് മൗലീകവകാശങ്ങളെപ്പോലെ കേവലം സ്‌റ്റേറ്റിന് എതിരായുള്ള ഒരു അവകാശമല്ല ആർട്ടിക്കിൾ 17.  തിരശ്ചീനമായ ഒരു തലമുണ്ട് അതിന്.  മാർദ്ധനോപാധിയായി മാറുന്ന സാമൂഹിക വ്യവസ്ഥിതിയ്‌ക്കെതിരെയാണ്. അശുദ്ധ സങ്കൽപ്പങ്ങളിൽ അധിഷ്ഠിതമായ പ്രാകൃത മത ബോധങ്ങൾക്കെതിരെയാണ്. ചരിത്രപരമായ വിവേചനങ്ങൾക്കെതിരെയാണ്.
ആർട്ടിക്കിൾ 17, കേവലം ജാതി വിവേചനത്തിന് എതിരെയുള്ള വകുപ്പല്ല. ഭരണഘടനാ നിർമാണ സമിതിയിൽ  ഒരുപാട് ചർച്ച ചെയ്ത വിഷയമാണിത്. ജാതി എന്ന വാക്ക് ഈ വകുപ്പിൽ ഉൾപ്പെടുത്തണമോ എന്നത്. വിശദമായ ചർച്ചയ്ക്കു ശേഷം ‘ജാതി’ വേണ്ട എന്ന് വച്ചു. അതായത് മറ്റു വിവേചനങ്ങളും ഇതിൽ വരും. എന്ന് വച്ചാൽ എന്ത് വിവേചനവും ഇത്ര കർശനമായ വകുപ്പിന് കീഴിൽ വരുമെന്നല്ല. പക്ഷെ നമുക്ക് അതിന്റെ സ്വഭാവത്തെ മനസിലാക്കാൻ കഴിയും.
സ്ത്രീകൾക്കെതിരായ ‘ആർത്തവ-വിവേചനം’ പുരുഷാധിപത്യ സാമൂഹ്യ വ്യവസ്ഥിതിയുടെ ഭാഗമാണ്. ഇതിന്റെ പേരിൽ ചരിത്രപരമായി അവർ അടിച്ചമർത്തപ്പെട്ടിട്ടുണ്ട്. അത്തരത്തിൽ ഒരു പ്രത്യേക വിഭാഗമാണവർ. ധനികയെന്നോ, ദരിദ്രയെന്നോ വ്യത്യാസമില്ല അതിൽ. ജാതിഭേദവുമില്ല. ഒരു ജൈവ പ്രക്രിയയുടെ പേരിൽ അശുദ്ധി കൽപ്പിക്കുന്നത് ജനനം കൊണ്ട് അശുദ്ധി കല്പിക്കുന്നതിന് തുല്യമാണ്. അത് പ്രാകൃതമായ മതബോധം നൽകുന്ന ശുദ്ധാശുദ്ധ സങ്കല്പങ്ങളുടെ ഭാഗവുമാണ്. 
അതുകൊണ്ട് ആർത്തവത്തിന്റെ പേരിൽ സ്ത്രീകളോട് കാണിക്കുന്ന വിവേചനം അയിത്തമാണ്. ആർട്ടിക്കിൾ 17ന്റെ ലംഘനമാണ്. മനുഷ്യത്വ വിരുദ്ധമാണ്. ആധുനിക സമൂഹത്തിന്  യോജിക്കാത്തതാണ്. 
ഭരണഘടന മനസിലാക്കുകയും ഇല്ലാതാക്കുവാനും മാറ്റിമറിക്കുവാനും ആഗ്രഹിക്കുകയും ചെയ്ത അനീതിയുടെ വേരുകളന്വേഷിക്കുകയാണ് ജസ്റ്റിസ് ചന്ദ്രചൂഡ് ചെയ്തത്.  അംബേദ്‌കർ കൈപിടിച് എഴുതിപ്പിച്ചതുപോലെ മനോഹരമായി,  ഭരണഘടനയുടെ ആത്മാവിനെ തൊട്ടറിയുന്ന ഒരു വിധിന്യായത്തിലൂടെ അദ്ദേഹം ആ ജോലി സ്തുത്യർഹമായി നിർവഹിക്കുകയും ചെയ്തു.
ഇനിയും പ്രാകൃത ആചാരങ്ങൾ സംരക്ഷിക്കാൻ ഇറങ്ങിയിരിക്കുന്നവർ നവോത്ഥാന പരമ്പര്യത്തെക്കുറിച് ഊറ്റം കൊള്ളുന്ന സമൂഹത്തിന് അപമാനമാണ്.
അതുകൊണ്ടുതന്നെ ശബരിമല തന്ത്രിയുടെ ഇന്നത്തെ നിലപാട് ചോദ്യം ചെയ്യപ്പെടേണ്ടതാണ്. അത് നിയമവിരുദ്ധമാണ്, സുപ്രീംകോടതി വിധിയുടെ അന്തസതയ്ക്ക് എതിരാണ്. കാരണം ശുദ്ധാശുദ്ധങ്ങളെ അടിസ്ഥാനമാക്കിയ സാമൂഹിക വ്യവസ്ഥിതിയ്ക്ക് എതിരെയുള്ള സംസ്കാരികവിയോജനം കൂടിയായിരുന്നു ശബരിമല വിധി. അതുകൊണ്ടാണ് യുവതികളോടുള്ള വിവേചനം അയിത്തമാണെന്ന നിഗമനത്തിൽ. കോടതി എത്തിച്ചേർന്നത്
ശുദ്ധിക്രിയ ആയിത്താചാരമാണ്. 6 മാസം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണ്. ഇത് ചെയ്ത തന്ത്രി ഇനി അവിടെ ഇരിക്കാൻ യോഗ്യനല്ല. എത്രയും പെട്ടെന്ന് അയാളെ പുറത്താക്കി, ബാക്കി നിയമപരമായ നടപടികൾ സ്വീകരിക്കുകയാണ് വേണ്ടത്.

An abridged version of this artcle was published in Mangalam Daily on 03/01/2019

പോക്ക് സർവ്വേയിലൻസ് രാജിലേക്കോ?

സര്‍വെയിലന്‍സ് അധികാര സ്ഥാപനത്തിന്റെ അതിശക്തമായ ആയുധമാണ്. എതിര്‍പ്പുകളെ, വിയോജിപ്പുകളെ, പ്രതിരോധങ്ങളെ ഇല്ലായ്മ ചെയ്യുവാന്‍, രാഷ്ട്രീയമായ എതിര്‍ശബ്ദങ്ങളെ മുളയിലേ നുള്ളുവാന്‍ ലോകമെങ്ങും  ഇതുപയോഗിക്കുന്നു. എഡ്വാര്‍ഡ് സ്‌നോഡന്റെ വെളിപ്പെടുത്തലുകളോടു കൂടിയാണ് ഗവണ്മെന്റ് തങ്ങളുടെ സ്വകാര്യജീവിതത്തിലേക്ക് എത്ര ഭീകരമായ രീതിയിലാണ് കടന്നു കയറുന്നത് എന്ന് അമേരിക്കന്‍ പൊതു സമൂഹം തിരിച്ചറിഞ്ഞത്. അതേ തുടര്‍ന്ന് സ്‌നോഡന് പലായനം ചെയ്യേണ്ടി വന്നെങ്കിലും, അമേരിക്കയില്‍ ഗവണ്മെന്റ് വലിയ തോതില്‍ പ്രതിരോധത്തിലാകുകയും, നടപടികള്‍ എടുക്കാന്‍ നിര്ബന്ധിതമാകുകയും ചെയ്തു.

ലോകമെങ്ങും ഇപ്പോള്‍ സര്‍വെയിലന്‍സിന്റെ ഭീതീതമായ പ്രത്യാഘാതങ്ങളെക്കുറിച്ച് മനസിലാക്കുകയും അതിനെതിരെ മുന്കരുതലുകള്‍ എടുക്കാന്‍ ശ്രദ്ധപുലര്‍ത്തുകയും ചെയ്തുവരികയാണ്. സ്വകാര്യത, എല്ലാ മേഖലകളിലും പരമപ്രധാനമായ ഒരു തത്വമായി അംഗീകരിക്കപ്പെട്ടിരിക്കുന്നു. 2016 ആഗസ്റ്റില്‍ ചരിത്രപരമായ ഒരു വിധിയിലൂടെ ഇന്ത്യയുടെ പരമോന്നത നീതിപീഠവും സ്വകാര്യത ഒരു മൗലീകാവകാശമാണെന്നും അതിനെ ഋണാത്മകവും ധനാത്മകവുമായ രീതിയില്‍ സംരക്ഷിക്കുവാനുള്ള ബാധ്യത ഗവണ്മെന്റുകള്‍ക്ക് ഉണ്ടെന്നും വ്യക്തമാക്കിയിരുന്നു. സ്വകാര്യതയ്ക്കും വിവരസുരക്ഷയ്ക്കും വേണ്ടിയുള്ള നിയമ ചട്ടക്കൂടുകള്‍ രൂപീകരിക്കാനും നിര്‍ദ്ദേശമുണ്ടായിരുന്നു.

വിവരസുരക്ഷാ ചട്ടക്കൂടുകള്‍ രൂപപ്പെടുത്താനായി ഗവണ്മെന്റ് നിയോഗിച്ച ജസ്റ്റിസ്. ശ്രീകൃഷ്ണ കമ്മീഷന്റെ റിപ്പോര്‍ട്ടിലും സര്‍വെയിലന്‍സിന്റെ അപകടങ്ങളെക്കുറിച്ച് പരാമര്‍ശമുണ്ട്. വ്യക്തമായ മാര്‍ഗനിര്‍ദ്ദേശങ്ങളുമുണ്ട്. വിവരശേഖരങ്ങളുടെ വിശാലാകാശം തുറക്കുന്ന ദുരുപയോഗങ്ങളുടെ അനന്തസാധ്യതകള്‍ ദിവസേന ബാങ്ക് തട്ടിപ്പുകളും, ഭീകരപ്രവര്‍ത്തനങ്ങളും, ക്രിമിനല്‍ പ്രവര്‍ത്തനഗളുമായി നമ്മെ അലട്ടിക്കൊണ്ടി രിക്കുന്ന ഘട്ടത്തിലും ‘ഡ്രാഫ്റ്റ് വിവരസംരക്ഷണ ബില്ല്’ വേണ്ടത്ര പ്പ്രാധാന്യത്തോടെ ചര്‍ച്ചയാക്കാനോ, ഒരു നിയമം കൊണ്ടു വരാനോ ഗവണ്മെന്റ് ശ്രമിക്കുന്നില്ല എന്നു മാത്രമല്ല, പൗരരുടെ സ്വകാര്യതയെ ഹനിക്കുന്ന വിഞ്ജാപനങ്ങളും നിര്‍ദ്ദേശങ്ങളും നടപടികളും തുടരുകയുമാണ്.

കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ ഒരു വിഞ്ജാപനം ഇത്തരത്തില്‍ ദൂരവ്യാപകമായ പ്രത്യാഘ്യാതങ്ങള്‍ ഉണ്ടാക്കുന്നതാണ്. ഇന്റലിജന്‍സ് ബ്യൂറോ, നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ, എന്‍ഫോറ്‌ഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസ്, ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ്, സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്വസ്റ്റിഗേഷന്‍, നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി, കാബിനറ്റ് സെക്രട്ടേറിയേറ്റ് (റോ), ഡയറക്ടറേറ്റ് ഓഫ് സിഗ്നല്‍ ഇന്റലിജന്‍സ്, കമ്മീഷണര്‍ ഓഫ് പോലീസ്, ഡല്‍ഹി എന്നിങ്ങനെ 10 ഏജന്‍സികള്‍ക്ക് ഇന്‍ഫോര്‍മേഷന്‍ ആൻഡ് ടെക്‌നോളജി  ആക്ടിനു കീഴില്‍ വരുന്ന എല്ലാ കമ്പ്യൂട്ടര്‍ അനുബന്ധ സംവിധാനങ്ങളിലും ഉത്ഭവിയ്ക്കുന്നതോ, സ്വീകരിയ്ക്കുന്നതോ, ശേഖരിച്ചിരിക്കുന്നതോ ആയ ഏതൊരു വിവരവും നിരീക്ഷിക്കാനും, സന്ദേശങ്ങള്‍ ശ്രവിയ്ക്കാനും, നിരീക്ഷിക്കാനും, ഡീക്രിപ്റ്റ് ചെയ്യാനുമുള്ള അധികാരം നല്കുന്നതാണ് ഉത്തരവ്.

നമ്മുടെ ആരുടേയും കമ്പ്യൂട്ടറോ മാറ്റ് ഉപകരണങ്ങളോ പിടിച്ചെടുക്കാനും പരിശോധിക്കാനും ഈ-മെയിൽ, ചാറ് ഹിസ്റ്ററി, ടെക്സ്റ്റ് മെസേജുകൾ ഫോൺ സംഭാഷണങ്ങൾ അങ്ങനെ എല്ലാം കരസ്ഥമാക്കുവാൻ അവർക്കു കഴിയും. അതിന് യാതൊരുവിധ മാനദണ്ഡങ്ങളോ മുന്‍കരുതലുകളോ വിജ്ഞാപനത്തിൽ പറയുന്നില്ല.  അതായത് ഈ പറഞ്ഞ ഏജൻസികൾക്ക് ഒരു ബ്ളാങ്ക് ചെക്ക് നൽകിയിരിക്കുകയാണ് സർക്കാർ.

വിവരസാങ്കേതികതാ നിയമത്തിന്റെ സെക്ഷൻ69(1) പ്രകാരമാണ് വിജ്ഞാപനം വന്നിട്ടുള്ളത്. നിയമപ്രകാരം ഇന്ത്യയുടെ പ്രതിരോധം, സുരക്ഷ, സുഹൃദ് രാ ജ്യങ്ങളുമായുള്ള ബന്ധം , ക്രമസമാധാനം, കുറ്റാന്വേഷണം തുടങ്ങിയ കാര്യങ്ങൾക്ക്  ആവശ്യമെന്നുകണ്ടാൽ കേന്ദ്ര/സംസ്ഥാന ഗവണ്മെന്റുകൾക്ക് ഈവിഞ്ജാപനത്തിൽ പറഞ്ഞിരിക്കുന്നതുപോലെ ഏജൻസികളെ അധികാരപ്പെടുത്താം എന്നാണ്. അതിന് കാര്യ-കാരണങ്ങൾ വ്യക്തമായി രേഖപ്പെടുത്തിയ ഉത്തരവ് ഉണ്ടായിരിക്കണം എന്നും നിഷ്കര്ഷിക്കുന്നുണ്ട്. അതായത് ഇത്തരത്തിൽ ഏതെങ്കിലും  ഏജൻസിയെ ചുമതലപ്പെടുത്തണമെങ്കിൽ ആദ്യം അതിന് ഒരു ആവശ്യകത ഉണ്ടായിരിക്കണം, പിന്നെ ഒരു കാരണം വേണം. കാരണം എന്തെന്ന് ഉത്തരവിൽ കൃത്യമായി രേഖപ്പെടുത്തുകയും വേണം. പക്ഷെ ഇപ്പോൾ പുറപ്പെടുവിച്ചിരിക്കുന്ന ഉത്തരവിൽ ഇതൊന്നുമില്ല. അതായത്, ഈ വിജ്ഞാപനം അതിൽ സൂചിപ്പിക്കുന്ന നിയമത്തിനു തന്നെ വിരുദ്ധമാണ്.

സ്വകാര്യത ഒരു മൗലീക അവകാശമായി  പ്രഖ്യാപിച്ചിട്ടുള്ള നമ്മുടെ രാജ്യത്ത് ഇത് കൃത്യമായും ഭരണഘടനാ വിരുദ്ധവുമാണ്.  “ഏതൊരു വിവരവും” എന്നാണ് വിജ്ഞാപനത്തിൽ പറയുന്നത്. ഇതിൽ വളരെ സാധാരണമായ ഫേസ്ബുക്, ട്വിറ്റര്, വാട്ട്സ്ആപ്പ് സന്ദേശങ്ങള്  ഒക്കെ ഉൾപ്പെടാം . ഇത് സ്വകാര്യത വിധിയുടെ മാത്രമല്ല, വിവരസാങ്കേതികതാ നിയമത്തിലെ ഭീകര വകുപ്പായിരുന്ന സെക്ഷൻ 66എ ഭരണഘടനാ വിരുദ്ധമെന്ന് കണ്ടു റദ്ദാക്കിയ ശ്രേയ സിംഘൾ കേസിലെ ഉത്തരവിന്റേത് ഉള്‍പ്പടെ നിരവധി സുപ്രീംകോടതി ഉത്തരവുകൾക്ക് വിരുദ്ധമാണ്. അനിവാര്യമായ സന്ദര്‍ഭങ്ങളില്‍, ആനുപാതികമായ തരത്തില്‍, നീതിയുക്തമായ നിയമ പിന്‍ബലത്തോടു കൂടിയല്ലാതെ സ്വകാര്യതയെ ലംഘിക്കാന്‍ ഗവണ്മെന്റുകള്‍ക്ക് അവകാശമില്ല. ഇത് നഗ്നമായ സർവയിലന്സ് പദ്ധതിയുടെ തുടക്കമാണ്. ഇനി വരുന്നത് വരുമാന നികുതി റെയിഡുകൾ പോലെ ഒരു പക്ഷെ, ഡാറ്റ റെയിഡുകളുടെ കാലമാകാം. ഈ ലേഖനം ടൈപ്പ് ചെയ്യുന്ന കമ്പ്യൂട്ടറും റെയിഡ് ചെയ്യപ്പെട്ടേക്കാം. ഇലക്ട്രോണിക്ക്-ചങ്ങലയുമായി അവർതൊട്ടുപിന്നിലുണ്ട് .

this article was first published in Mangalam Daily on 22/10/2018

ആധാർ: ചരിത്രമാകുന്ന വിയോജനവിധിന്യായം

ലോകത്തൊരിടത്തും സ്വതന്ത്ര ജനതയ്‌ക്കെതിരെയുള്ള ഇത്തരമൊരു നിയമം ഞാൻ കണ്ടിട്ടില്ല… വിരലടയാളം നൽകേണ്ടി വരിക എന്നത് അസാധാരണമായ ഒരു കാര്യമായിരുന്നു. ഞാൻ ഒരു ഹെൻറി എന്ന പോലീസ് ഓഫീസറോട് ഇതേക്കുറിച്ചു ചോദിച്ചു മനസിലാക്കാൻ ശ്രമിച്ചു. സാധാരണഗതിയിൽ ക്രിമിനലുകളിൽ നിന്ന് മാത്രമാണ്  വിരലടയാളം ശേഖരിക്കേണ്ടിയിരുന്നത്. അതുകൊണ്ട് തന്നെ നിർബന്ധിതമായി വിരലടയാളം ശേഖരിക്കുന്ന പരിപാടി എന്നെ ഞെട്ടിച്ചു കളഞ്ഞു. 16  വയസിനു താഴെ പ്രായമുള്ള കുട്ടികളുടെയും സ്ത്രീകളുടെയും വിരലടയാളങ്ങൾ ചരിത്രത്തിൽ ആദ്യമായി ശേഖരിക്കപ്പെടുകയായിരുന്നു. ഇതിന്റെ പ്രത്യാഖാതങ്ങൾ ശരിയാം വണ്ണം മനസിലാക്കിയാൽ, ചോദ്യം ചെയ്യപ്പെടുന്നത് ഇന്ത്യയുടെ അഭിമാനമാണ് എന്ന് നമുക്ക് കാണാം. നമ്മളെ മാത്രമല്ല നമ്മുടെ മാതൃഭൂമിയെയും ഈ നിയമം അപമാനിക്കുന്നു. നിഷ്കളങ്കരായ മനുഷ്യരെ അവമതിക്കുന്നതിലാണ് അപമാനം. നമ്മൾ നിരപരാധികളാണ്, നമ്മുടെ രാജ്യത്തെ ഒരു പൗരനെയങ്കിലും അപമാനിക്കുക എന്നത് രാജ്യത്തെയാകെ അപമാനിക്കുന്നതിന് തുല്യമാണ്. തിടുക്കവും എടുത്തുചാട്ടവും അക്ഷമയും കോപവും,  ഈ അതിക്രമത്തിൽ നിന്ന് നമ്മെ  സഹായിക്കില്ല. അവധാനതയോടെ, എത്ര  വലിയ ബുദ്ധിമുട്ടുകളും സഹിക്കാൻ തയ്യാറായി, ഒത്തൊരുമിച്ചൊരു പ്രതിരോധമുയർത്തിയാൽ തീർച്ചയായും ദൈവം നമ്മെ സഹായിക്കും.”

-മഹാത്മാ ഗാന്ധി. 

ആളുകളുടെ വിരലടയാളം ശേഖരിക്കുന്ന 1906-ലെ ട്രാൻസ്വാൾ അമെൻഡ്മെന്റ് ആക്റ്റിനോടുള്ള ഗാന്ധിജിയുടെ പ്രതികരണം ആണ്  മുകളിൽ കൊടുത്തിരിക്കുന്നത്. ‘കരിനിയമം’ എന്നാണ് ഗാന്ധി അതിനെ വിശേഷിപ്പിച്ചത്. എന്നാൽ ഇതാ, ആധാർ ഇല്ലാത്തതുമൂലം ആർക്കു ഒരു ആനുകൂല്യവും നിഷേധിക്കപ്പെടരുത് എന്ന സുപ്രീംകോടതിയുടെ ഇടക്കാല വിധി വന്നിട്ട് 1142 ദിവസം പിന്നിടുമ്പോൾ സമാനമോ അതിലേറെ മോശമോ ആയ ഒരു നിയമം ഇന്ത്യയുടെ സുപ്രീംകോടതി ഭരണഘടനാപരമാണ് എന്ന് പറഞ്ഞിരിക്കുന്നു. 
ചരിത്രം നമ്മെ ചിലത് ഓര്മിപ്പിക്കുന്നുണ്ട്. അടിയന്തരാവസ്ഥാക്കാലം, ഗവണ്മെന്റ് യാതൊരു തത്വദീക്ഷയുമില്ലാതെ ആളുകളെ അറസ്റ്റു ചെയ്ത കരുതൽ തടങ്കലുകളിൽ പാർപ്പിക്കുന്നു. ജീവിക്കാനും സഞ്ചരിക്കാനും അഭിപ്രായം പറയാനും എല്ലാമുള്ള അവകാശം കവർന്നെടുക്കപ്പെട്ടിരിക്കുന്നു. ആളുകൾ രാജ്യത്തെ പല ഹൈക്കോടതികളെയും സമീപിക്കുന്നു. കരുതൽ തടങ്കൽ അന്യായമാണെന്നും വിധി വരുന്നു. കേസ് സ്പ്രീംകോടതിയിലേക്ക്. പി എൻ ഭഗവത് ഉള്പ്പടെയുള്ള മഹാരഥന്മാർ അടങ്ങുന്ന 5  അംഗ  ഭരണഘടനാ ബെഞ്ച് ഗവണ്മെന്റ് നടപടികളെ ശരിവയ്ക്കുന്നു. ജനങ്ങൾക്ക് ആർട്ടിക്കിൾ 21 പ്രകാരമുള്ള (ജീവിക്കാനുള്ള അവകാശം) സംരക്ഷണത്തിനുപോലും അവകാശമില്ല എന്ന് 4  ജഡ്ജിമാർ വിധി പറയുന്നു.. ഒരു ജഡ്ജി ജയിലുകളിൽ ഗവണ്മെന്റ് ഒരുക്കിയിട്ടുള്ള ‘സുഖ സൗകര്യങ്ങളെക്കുറിച്ചു’ വാചാലനാകുന്നു. പക്ഷേ, ഒരാൾ മാത്രം നട്ടെല്ലുയർത്തി നിവർന്നു നിന്ന് രാജാവ് നഗ്നനാണ്  എന്ന് വിളിച്ചു പറഞ്ഞു. ജസ്റ്റിസ്. എച്ച് ആർ ഖന്ന. അതുകാരണം അദ്ദേഹത്തിന് ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് ആകാൻ കഴിഞ്ഞില്ല. ഗവണ്മെന്റ് അദ്ദേഹത്തെ തഴഞ്ഞു. പിന്നീട് അദ്ദേഹം രാജി വയ്ച്ചു. ഇന്ത്യയുടെ നിയമ ചരിത്രം പഠിക്കുന്നവർക്ക് പക്ഷെ അദ്ദേഹം ഒരു പ്രകാശഗോപുരമാണ്.  ഇന്നത്തെ ആധാർ വിധി വായിക്കുമ്പോൾ ചരിത്രത്തിന്റെ തനിയാവർത്തനം നാം കാണുന്നു. 4 പേര് ഗവണ്മെന്റിനൊപ്പം. ഒരാൾ, ഒരേയൊരാൾ, ജസ്റ്റിസ്. ഹ ഡി വൈ ചന്ദ്രചൂഡ് , ഭരണഘടനാധാര്മികതയ്‌ക്കൊപ്പം നിലകൊണ്ടു.
എട്ട് വര്ഷങ്ങള്ക്കു മുൻപ് ഇതേപോലൊരു സെപ്തംബർ മാസത്തിലാണ് മഹാരാഷ്ട്രയിലെ തെംബ്ളി ഗ്രാമത്തിലെ രഞ്ചന സോനാവാനേ എന്ന ആദിവാസി സ്ത്രീയ്ക്ക് ആദ്യത്തെ ആധാർ ലെറ്റർ നൽകിക്കൊണ്ടാണ് ആധാർ പദ്ധതി ഉദ്ഘാടനം ചെയ്യപ്പെടുന്നത്. പിറ്റേന്ന് ടൈംസ് ഓഫ് ഇന്ത്യ മുൻപേജിൽ കൊടുത്ത തലക്കെട്ട് ‘രഞ്ചന ഇനി ഒരു 12 അക്ക നമ്പർ” എന്നാണ്.  തലക്കെട്ടെഴുതിയ ലേഖകനോ വായനക്കാരോ ഒരു മനുഷ്യൻ ഒരു സംഖ്യ മാത്രമായിത്തീരുന്നതിലെ നൈതീക പ്രശ്നങ്ങൾ മനസ്സിലാക്കിയിരുന്നില്ല.എന്നാൽ പിന്നീട് ചിന്തിക്കുന്ന മനുഷ്യർ അത് മനസിലാക്കി. പദ്ധതി കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടു. 
2012ലാണ് മുന്‍ കര്‍ണാടക ഹൈക്കോടതി ജഡ്ജിയായ ജസ്റ്റിസ്. പട്ടുസാമി ആധാറിനെതിരെ സുപ്രീം കോടതിയെ സമീപിക്കുന്നത്. പദ്ധതി സ്വകാര്യതയെ ഹനിക്കുന്നു എന്നായിരുന്നു പരാതി. പിന്നീട് നിരവധി ഹര്‍ജികള്‍ വന്നു. എല്ലാ പരാതികളും ഒരുമിച്ച് സുപ്രീം കോടതി വാദം കേള്‍ക്കെയാണ്, കേസു തോല്ക്കുമെന്ന് തോന്നിയതുകൊണ്ടാകാം, സ്വകാര്യത മൗലീകാവകാശമല്ലെന്ന ഞെട്ടിപ്പിക്കുന്ന വാദവുമായി കേന്ദ്ര ഗവണ്മെന്റു വന്നത്. പിന്നെ അതു പരിശോധിക്കാന്‍ 9 അംഗ ഭരണഘടനാ ബഞ്ച് വേണമെന്നായി. അങ്ങനെ പോയി 2 വര്‍ഷം. ഒടുവില്‍ ഭരണഘടനാ ബഞ്ച് ഐകകണ്‌ഠേന, സ്വകാര്യത മൗലീകാവകാശമാണെന്നും, ഭരണഘടനയുടെ ഹൃദയമാണെന്നും വിധിയെഴുതി. അധാര്‍ കേസില്‍ മുന്‍പ് വാദം കേട്ടുകൊണ്ടിരുന്ന 3 അംഗ ബഞ്ച് തന്നെ തീര്‍പ്പു കല്പ്പിക്കണമെന്നും ജസ്റ്റിസ് നരിമാന്റെ വിധിയിലുണ്ടായിരുന്നു. എന്നാല്‍ ആധാര്‍ കേസിന്റെ തുടര്‍വാദവും ഭരണഘടനാ ബഞ്ച് പരിഗണിക്കണമെന്നായി ഗവണ്മെന്റ് . അങ്ങനെയാണ് ഭരണഘടനാ ബഞ്ച് രൂപീകരിക്കപ്പെട്ടത്. 
സമഗ്രമായ വിവരസംരക്ഷണ ചട്ടകൂടുകള്‍ നിലവിലില്ലാത്ത നമ്മുടെ രാജ്യത്ത് ഒരു തരത്തിലും നിയമപരമായി പ്രതിരോധിക്കാനാകുന്നതല്ല ഇത്തരം പദ്ധതികളെ. ആധാര്‍ പദ്ധതിയേക്കുറിച്ചു പഠിച്ച പാര്‍ലമെന്റിന്റെ സ്റ്റാന്‍ഡിംഗ് കമ്മറ്റി 2011-ല്‍ തന്നെ പദ്ധതിക്കെതിരെ നിലപാട് വ്യക്തമാക്കുകയും 2010-ലെ നിയമം തിരിച്ചയക്കുകയും ചെയ്തതാണ്. 
 2015 ആഗസ്ത് 24-ലെ സ്വകാര്യത ഒരു അവകാശമാണെന്ന സുപ്രീംകോടതി 9 അംഗ ബഞ്ചിന്റെ അസന്നിഗ്ധവും സമഗ്രവും ഐകകണ്ഠവുമായ ആയ വിധി ആധാർ കേസിലെ ഒരു നാഴികക്കല്ലായിരുന്നു. മനുഷ്യന്റെ അടിസ്ഥാനപരമായ അവകാശങ്ങളെ, ആർക്കും യാതൊരു ഉത്തരവാദിത്തങ്ങളും ഇല്ലാത്ത ഏതോ ഒരു യന്ത്ര സംവിധാനത്തിന്റെ, സോഫ്റ്റ്‌വെയറിന്റെ, ദയാദാക്ഷിണ്യങ്ങൾക്കു വിട്ടുകൊടുക്കുന്നതിനെ സുപ്രീംകോടതിയ്ക്ക് അനുകൂലിക്കാനാകും എന്ന് എനിക്ക് മനസിലാകുന്നില്ല. ലോകത്തിൽ സമാനമായ പദ്ധതികൾ പരിശോധിച്ച സുപ്രീംകോടതികളൊന്നും അങ്ങിനെ ചെയ്തിട്ടില്ല. ഉദാഹരണത്തിന് ഫ്രഞ്ച് ബയോമെട്രിക്ക് ഐ ഡി പദ്ധതി ഭരണഘടനാവിരുദ്ധമാണെന്നാണ് അവിടുത്തെ പരമോന്നത നീതീപീഠം വിധിച്ചത്.
ഭരണകൂടവും നമ്മള്‍ പൗരന്മാരും തമ്മിലുള്ള ബന്ധത്തെ ഏകപക്ഷീയവും ഏകാധിപത്യപരവുമായി പരിവര്‍ത്തനപ്പെടുത്തുന്ന ഭരണഘടനാവിരുദ്ധവും ജനാധിപത്യ വിരുദ്ധവുമായ പദ്ധതിയാണ് ആധാര്‍. ഇവിടെ നിയമം പോലുമില്ലാതെ, പാർലമെന്റ് അറിയാതെ, എന്തിന് ഒരു വിശദമായ പദ്ധതി റിപ്പോർട്ടോ ഫീൽഡ് സ്റ്റഡിയോ ഒന്നും ഇല്ലാതെ ആരംഭിച്ച പരിപാടിയാണിത്. 2011-ൽ പാർലമെന്ററി സമിതി ആധാർ പാടില്ല എന്ന് പറഞ്ഞതാണ്. എന്നിട്ടും ഭരണഘടനാവിരുദ്ധമായി ആധാർ മുന്നോട്ടുപോയി. സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവിന് പുല്ലുവില കല്പിച്ചുകൊണ്ട് ജനനം മുതൽ മരണം വരെയല്ല മരണശേഷം ശ്മശാനത്തിൽ കയറ്റാൻ പോലും ആധാർ വേണമെന്ന അവസ്ഥയുണ്ടാക്കി.
2016-ൽ ഒരു ധനബില്ലാക്കി പാർലമെന്ററി സംവിധാനത്തെ അട്ടിമറിച്ചുകൊണ്ട് ആധാർ നിയമം നോട്ടിഫൈ ചെയ്തു. ആധാർ കൊണ്ടുണ്ടായ ലാഭത്തെക്കുറിച് കള്ളക്കണക്കുണ്ടാക്കി. (CAG തന്നെ അത് ചൂണ്ടിക്കാണിച്ചിട്ടുണ്ട്). ഗവൺമെന്റ് പ്രോപ്പഗാണ്ട മഷിനെറി നികുതിപ്പണം കൊണ്ട് അമ്മാനമാടി. ആളുകളെ കൊലയ്ക്കുകൊടുത്തു (കഴിഞ്ഞ വര്ഷം ഉണ്ടായ 42 പട്ടിണി മരണങ്ങളിൽ 25-ഉം ആധാറുമായി ബന്ധപ്പെട്ടാണ്). ഒരു പൗരത്വരേഖയല്ലാത്ത ആധാർ ഉപയോഗിച്ച് പാസ്പോർട്ടും വോട്ടർ ഐ ഡിയും വരെ കൊടുത്തു രാജ്യസുരക്ഷയ്ക്ക് ഭീഷണിയുയർത്തി. ബയോമെട്രിക്ക് ബാങ്കിംഗ് തട്ടിപ്പുകൾ വഴി പാവങ്ങളെ കബളിപ്പിച്ചു.
മൗലീകാവകാശങ്ങളുമായി ബന്ധപ്പെട്ട്, ഇന്ത്യൻ നിയമസംവിധാനം അനുശാസിക്കുന്ന എല്ലാ പരീക്ഷണങ്ങളിലും ആധാർ പരാജയപ്പെടും എന്നാണ് ഞാൻ കരുതിയത് . ആർട്ടിക്കിൾ 14, 19, 21 എല്ലാം. സമത്വം, സ്വാതന്ത്ര്യം, ജീവിക്കാനുള്ള അവകാശം, അതിന്റെ ഭാഗമായ സ്വകാര്യത, അഭിമാനം, വിവരസംരക്ഷണം, തിരിച്ചറിയപ്പെടാനുള്ള അവകാശം എല്ലാറ്റിനെയും അപ്രസക്തമാക്കുന്നതാണ് ഈ പദ്ധതി. പക്ഷേ, ഭരണഘടനാ ബെഞ്ചിലെ 5-ൽ നാല് അംഗങ്ങൾക്കും ഇക്കാര്യങ്ങൾ ബോധ്യപ്പെട്ടില്ല. 
വിധിന്യായത്തിന്റെ മഹത്വം പേജുകളുടെ എണ്ണത്തിനൊത്തു വർധിക്കുമെന്ന അബദ്ധധാരണ ഇന്ത്യൻ നീതിന്യായ ചരിത്രത്തിന്റെ ഭാഗമാണ്. ഭരണഘടനാ ധാർമികതയെതന്നെ പുനര്നിര്ണയിക്കുന്നതാണ് ന്യായീകരണ വിധിന്യായം. 1448 പേജുണ്ട് ആകെ. സാന്ദർഭികമായി പറയട്ടെ ഭരണഘടനാശില്പികൾ ഒപ്പിട്ട ഭരണഘടനയുടെ ഫോട്ടോലിത്തോഗ്രാഫിക്ക്  പകർപ്പിൽ 497 പേജുകളേ ഒള്ളൂ.
ഇത്രയും പേജുകൾ വായിച്ചെടുക്കുന്നതുതന്നെ ശ്രമകരമാണ്. സങ്കീർണതകളും വൈരുദ്ധ്യങ്ങളും ഏറെയുണ്ട് വിഡ്‌ജിന്യായത്തിൽ. എന്നിരുന്നാലും പ്രാഥമികമായി നാം മനസിലാക്കുന്നത് ഇപ്രകാരമാണ്.

  1. ആധാർ ഭരണഘടനാ വിരുദ്ധമല്ല എന്ന്  അഞ്ചിൽ നാല് ജഡ്ജിമാരും അഭിപ്രായപ്പെട്ടിരിക്കുന്നു. എന്നാൽ ചില വകുപ്പുകൾ ഭരണഘടനാപരമായി നിലനിൽക്കുന്നതല്ല.
  2. സ്വകാര്യ സ്ഥാപനങ്ങൾക്ക് ആധാർ അവശ്യപ്പെടാനാകില്ല എന്ന തരത്തിൽ നിയമത്തിന്റെ 57  -ആം വകുപ്പ് പരിമിതപ്പെടുത്തിയിരിക്കുന്നു.
  3. അതുകൊണ്ടുതന്നെ ബാങ്കുകൾ മൊബൈൽ കമ്പനികൾ തുടങ്ങി ഇനി ഒരിടത്തും e-KYC എന്ന പരിപാടി ഉണ്ടാകില്ല.
  4. മൊബൈൽ കമ്പനികൾ ഇതിനോടകം ശേഖരിച്ച ആധാർ വിവരങ്ങൾ നശിപ്പിക്കണം.
  5. കുട്ടികൾക്ക് ആധാർ നിർബന്ധമാക്കാൻ കഴിയില്ല. SSA, CBSE, NEET ഒന്നിനും ആധാർ നിർബന്ധമല്ല. കുട്ടികളുടെ ആധാർ എൻറോൾമെന്റിന് രക്ഷിതാക്കളുടെ സമ്മതം അനിവാര്യം.
  6. നിയമത്തിന്റെ പിൻബലത്തോടെ ഗവണ്മെന്റിക്ക് ആധാർ ആവശ്യപ്പെടാം.
  7. ആധാറിന്റെ മെറ്റാ-ഡാറ്റ (ആധാർ നമ്മൾ ഉപയോഗിച്ച സ്ഥലം സമയം തുടങ്ങിയ വിവരങ്ങൾ) ശേഖരിക്കാൻ കഴിയില്ല എന്ന തരത്തിൽ സക്ഷൻ 2  പരിമിതപ്പെടുത്തിയിരിക്കുന്നു.
  8. സെലക്ഷൻ 33 (ഡി) റദ്ദാക്കിയിരുന്നു. ദേശസുരക്ഷാ എന്ന പേരിൽ ആധാർ വിവരങ്ങൾ പോലീസുമായും മറ്റും പങ്കുവയ്ക്കാൻ കഴിയില്ല.
  9. ആധാറുമായി ബന്ധപ്പെട്ട പരാതികളുമായി നേരിട്ട് കോടതിയെ സമീപിക്കുന്നതിൽ നിന്ന് ജനങ്ങളെ വിലക്കിയ സെക്ഷൻ 47  ഭാഗം ഭരണഘടനാ വിരുദ്ധമാണ്.
  10. പാൻ-ആധാർ ബാന്ധവം നിർബന്ധമാക്കിയ ആദായനികുതി നിയമത്തിലെ സെക്ഷൻ 139 എ എ ഭരണഘടനാപരമാണ്.
  11. സെക്ഷൻ 2 പരിമിതപ്പെടുത്തി അനധികൃത കുടിയേറ്റക്കാരെ ആധാർ എൻറോൾമെന്റിൽ നിന്നും ഒഴിവാക്കിയിരിക്കുന്നു.
  12. ആധാർ ആക്ട് ഒരു ധന ബില്ലായി കണക്കാക്കി പാസാക്കിയത് ഭരണഘടനാവിരുദ്ധമല്ല.
  13. ഇതിനെയൊക്കെ തകിടം മറിക്കുന്നതാണ്  ജസ്റ്റിസ്. ഡി വൈ ചന്ദ്രചൂഡിന്റെ ഗംഭീര വിയോജന വിധിന്യായം. ഈ നൂറ്റാണ്ടിന്റെ വിയോജന വിധിന്യായം. .

വിധി വായിക്കുമ്പോൾ, ജസ്റ്റിസ് ചന്ദ്രചൂഡ്  മാത്രമേ കേസിന്റെ വാദം കേ ട്ടിരുന്നൊള്ളോ എന്ന് തോന്നും. ചീഫ് ജസ്റ്റിസ് മിശ്രയും ആധാറിന്റെ പഴയ ബെഞ്ചിന്റെ ഭാഗമല്ലാതിരുന്ന മറ്റു ജഡ്ജിമാരും വിഷയം പഠിക്കുക എന്നതിലുപരി എങ്ങനെയും ആധാർ സംരക്ഷിച്ചെടുക്കുക എന്ന ഒറ്റ ഉദ്ദേശ്യത്തോടെയാണ് വാദം കേട്ടത് എന്നുപോലും സംശയം തോന്നാം. 
വിയോജനവിധിന്യായത്തിലെ  കണ്ടെത്തലുകൾ ശ്രദ്ധിക്കാം:

  1. ആധാർ നിയമം ധന ബില് ആയി പാസ്സാക്കാൻ അണുഅനുവദിച്ച സ്പീക്കറുടെ നടപടി ഭരണഘടനാവിരുദ്ധമാണ്. ഇക്കാര്യം കൊണ്ട് തന്നെ ആധാർ ഭരണഘടനാവിരുദ്ധമാണ്.
  2. വിരലടയാളം പോലുള്ള ബയോമെട്രിക്ക് വിവരങ്ങൾ ഒരിക്കൽ നഷ്ട്ടപ്പെട്ടുപോയാൽ പിന്നെ തിരിച്ചെടുക്കാനോ മാറ്റാനോ കഴിയാത്തതാണ് അതുകൊണ്ടുതന്നെ അവ ശേഖരിക്കുന്നത് സ്വകാര്യതാ ലംഘനമാണ്.
  3. ഭരണഘടനാ ഉറപ്പു നൽകുന്ന അവകാശങ്ങൾ ഏതെങ്കിലും അൽഗോരിതത്തിന്റെ, സോഫ്റ്വരെയ്‌ന്റെ ദയാദാക്ഷിണ്യങ്ങൾക്ക് വിട്ടുകൊടുക്കാനാകില്ല.
  4. ആധാർ ആക്ടിൽ പറഞ്ഞിരിക്കുന്നതും ഗവണ്മെന്റ് അറിയിച്ചതുമായ സുരക്ഷാക്രമങ്ങളും മുൻകരുതലുകളും അപര്യാപ്തമാണ്.
  5. ആധാർ ഉപയോഗിച്ചുള്ള സർവെയിലൻസിന്റെ സാധ്യതകൾ തള്ളക്കളയാനാകില്ല
  6. സ്വകാര്യ വിദേശ സ്ഥാപനങ്ങളുമായുള്ള കരാറുകൾകൊണ്ട് രാജ്യസുരക്ഷയും പൗരന്റെ മൗലീകാവകാശങ്ങളും സംരക്ഷിക്കാനാകില്ല.
  7. ആധാർ ഒരു തിരിച്ചറിയൽ രേഖയല്ല. 
  8. അതുകൊണ്ടുതന്നെ സബ്സിഡികൾക്കും ആനുകൂല്യങ്ങൾക്കും ആധാർ നിർബന്ധമാക്കുന്ന സെക്ഷൻ 7 ഭരണഘടനാവിരുദ്ധമാണ്.
  9. 2009-ൽ ആരംഭിച്ച ആധാർ പദ്ധതിയ്ക്ക് ഒരു  നിയമം ഉണ്ടാകുന്നത് 2016 -ൽ ആണ് . ഉദ്ഘാടന ഘട്ടം മുതൽ മുൻകാല പ്രാബല്യത്തോടെ ആധാറിന്റെ പ്രവർത്തനങ്ങൾക്ക് നിയമപരത നൽകുന്ന സെക്ഷൻ 59 നിലനിൽക്കുന്നതല്ല. 2009 -ലെ നോട്ടിഫിക്കേഷൻ പോലും സത്യത്തിൽ ബയോമെട്രിക്ക് വിവരങ്ങളെക്കുറിച്ചു പരാമർശിക്കുന്നില്ല.
  10. ബാങ്ക് ടെലിക്കോം മേഖലകളിൽ ആധാർ നിർബന്ധമാക്കിയ പി.എം.എൽ. ചട്ടങ്ങൾ നിയമവിരുദ്ധമാണ്. ബാങ്കുകളും ടെലിക്കോം കമ്പനികളും ഇതിനോടകം ശേഖരിച്ച വിവരങ്ങൾ നശിപ്പിച്ചു കളയണം.
  11. 2009-ൽ ആരംഭിച്ച ആധാർ പദ്ധതി പൂര്ണമായിത്തന്നെ ഭരണഘടനാവിരുദ്ധമാണ്. 
  12. ഗവൺമെന്റിന് ഒരു വര്ഷം സാവകാശം അനുവദിക്കാം, അതിനുളിൽ ആധാറിനായി ശേ ഖരിച്ച വിവരങ്ങൾ നശിപ്പിച്ചു കളയുകയോ അല്ലെങ്കിൽ പുതിയ നിയമം കൊണ്ടുവരികയോ ചെയ്യേണ്ടതാണ്. 

എന്തായാലും നിയമപോരാട്ടം ഇവിടെ അവസാനിക്കില്ല എന്നുറപ്പാണ്. അപ്പീലുമായി മുന്നോട്ടു പോകുമെന്ന് ഹർജിക്കാർ അറിയിച്ചു കഴിഞ്ഞിട്ടുമുണ്ട്. ഹേബിയാസ് കോർപ്പസ് കേസിൽ എച്ച് ആർ ഖന്നയായിരുന്നു ശരി എന്ന് ഇന്ന് എല്ലാവരും അംഗീകരിക്കുന്നു. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡി നെ മനസിലാക്കാൻ നാം ഇനിയും എത്രകാലമെടുക്കും ? 2022-ൽ അദ്ദേഹം സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയേക്കും എന്ന വസ്തുത കൗതുകകരമാണ്. പോസിറ്റീവ് നോട്ട്:
“നാലു ജഡ്ജിമാർ ആധാർ ആക്ടിനെ പല തരത്തിലും പരിമിതപ്പെടുത്തി. ഒരാൾ ഭരണഘടനാ വിരുദ്ധമാണെന്ന് പറഞ്ഞു. സ്വകാര്യ കമ്പനികൾക്ക് ഉപയോഗിക്കാൻ ആകില്ല എന്ന് വന്നതോടെ ആധാറിനനുകൂലമായി ഒഴുകിക്കൊണ്ടിരുന്ന കോർപ്പറേറ്റ് പണവും ലോബിയിംഗും നിലക്കുമെന്നു കരുതാം. ഇനിയും ചോദ്യം ചെയ്യപ്പെടും. ഗവൺമെന്റ് ഒറ്റയ്ക്ക് പ്രതിരോധിക്കേണ്ടിവരും.”
 The article was originally published in Dool News on 26/09/2018 You can read it here

Another version in Mangalam Daily on 28/11/2018

റഫാൽ: ശങ്കിടി മുതലാളിത്തത്തിന്റെ മോദീ മാതൃക

റഫാൽ ഡീലിന് 13 ദിവസം മുൻപ് അംബാനി ഒരു കമ്പനിയുണ്ടാക്കുന്നു: റിലയൻസ് ഡിഫൻസ് ലിമിറ്റഡ്.പിന്നെ റഫാൽ കരാർ.അതിന് കൃത്യം 10 ദിവസം കഴിഞ്ഞ് ഫ്രഞ്ച് കമ്പനിയായ ദസോൾട്ടും റിലയൻസും ചേർന്നുള്ള കമ്പനി രൂപീകരിക്കുന്നു.കരാറിന് തൊട്ടു മുൻപുവരെ ഉണ്ടായിരുന്ന 70 വർഷങ്ങളുടെ പരിചയമുള്ള, 4060 വിമാനങ്ങൾ ഉണ്ടാക്കിയിട്ടുള്ള, പൊതുമേഖലാ സ്ഥാപനം, നവരത്ന കമ്പനി, ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ് (HAL ) പുറത്ത്. 2 ആഴ്ച മാത്രം പ്രായമുള്ള, ഇതുവരെ ഒരു കളി വിമാനം പോലും ഉണ്ടാക്കിയിട്ടില്ലാത്ത, റിലയൻസ് അകത്ത്.പിന്നീട് റിലയൻസ്-ദസോൾട്ട് കമ്പനികളുടെ രേഖകളിൽ നിന്ന് നമ്മൾ അറിയുന്നു ഒരു വിമാനത്തിന്റെ വില ആദ്യം കേട്ടതുപോലെ 670കോടി രൂപയല്ല, 1660കോടി ആണെന്ന്.കരാർ ഒപ്പു വച്ച കാലത്തുള്ള ഫ്രഞ്ച് പ്രസിഡന്റ് ഫ്രാൻസൊ ഹൊലാണ്ട് മീഡിയാ പാർട്ട് എന്ന ഫ്രഞ്ച് വാർത്താ മാധ്യമത്തോട് വെളിപ്പെടുത്തുന്നു, ഓഫ്സെറ്റ് ഡീലിലെ സർവീസ് പ്രൊവൈഡറെ (റിലയൻസിനെ) നിർദ്ദേശിച്ചത് ഇന്ത്യയാണെന്ന്. അവർക്ക് യാതൊരു ചോയ്‌സും ഇല്ലായിരുന്നുവെന്ന്.ഇനി അൽപ്പം ചരിത്രം:2007ലാണ് 126 യുദ്ധവിമാനങ്ങളുടെ ആവശ്യകത ഇന്ത്യൻ വ്യോമസേന ഗവൺമെന്റിനെ അറിയിക്കുന്നത്.
സാങ്കേതികവിദ്യാ കൈമാറ്റവും ലൈസൻസ്ഡ് ഉത്പാദനവും ഉൾപ്പടെയായിരുന്നു പദ്ധതി നിർദ്ദേശം.
ഒന്ന്, മിഗ് 21, 27 വിമാനങ്ങൾ കാലവധിയെത്താറായതിനാൽ അടിയന്തരമായി വ്യോമസേനയ്ക്ക് വിമാനങ്ങൾ ലഭ്യമാക്കുക. രണ്ട്, ആധുനിക സാങ്കേതികവിദ്യാ കൈമാറ്റത്തിലൂടെ യുദ്ധവിമാന ഉത്പാദന രംഗത് രാജ്യത്തിന് വ്യാവസായിക ഉണർവ് ഉണ്ടാക്കുക, മൂന്ന്, 40 വർഷത്തോളം റഫാൽ വിമാനങ്ങൾ പരിപാലിക്കുകയും പുനഃരുദ്ധരിക്കുകയും ചെയ്യുന്നതിലൂടെ  പൊതു മേഖല സ്ഥാപനമായ HAL-ന് അത്യാധുനിക നിർമാണസങ്കേതങ്ങളും സാങ്കേതിക വിദ്യയും സ്വായത്തമാക്കാനാകുക.2012-ൽ ദസോൾട്ടിന്റെ റഫാൽ വിമാനം വിലകൊണ്ടും സാങ്കേതികത്തികവുകൊണ്ടും അനുയോജ്യമെന്നുകണ്ടു; ഫ്രാൻസുമായി ചർച്ചകൾ ആരംഭിച്ചു.126-ൽ 18 വിമാനങ്ങൾ ദസോൾട്ട് നിർമിച്ചു നൽകുകയും ശേഷിക്കുന്ന 108 എണ്ണം സാങ്കേതിക വിദ്യ കൈമാറ്റത്തിലൂടെ എച്ച്. എ.എൽ. നിർമിക്കും എന്നുമായിരുന്നു ധാരണ. 2007-ൽ 126 വിമാനങ്ങളുടെ വില 42,000കോടിയായിരുന്നു. അതിന്മേലാണ് ചർച്ചകൾ തുടർന്നത്. ഈ വിലയിൽ സാങ്കേതിക വിദ്യ കൈമാറ്റം, അതിന്റെ റോയൽറ്റി, ആയുധങ്ങളുടെയും മിസ്സൈലുകളുടെയും വില, 2 വർഷ വാറന്റി എന്നിവയെല്ലാം ഉൾപ്പെട്ടിരുന്നു.2015 മാർച്ച് 25-ന് “പൊതുമേഖലാ സ്ഥാപനമായ എച്ച്. എ.എല്ലു-മായി ചർച്ചകൾ പുരോഗമിക്കുകയാണെന്നും. കരാർ അന്തിമ ഘട്ടത്തിലാണെന്നും ഉടൻ തന്നെ ഒപ്പിടാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്” എന്നും ദസോൾട്ട് CEO എറിക് ട്രാപ്പെർ അറിയിക്കുന്നു.2015 ഏപ്രിൽ 8ന്, ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കർ പറഞ്ഞത് ഇപ്രകാരം ആണ്: “റഫാൽ വിഷയത്തിൽ ഞാൻ മനസിലാക്കുന്നത് ഫ്രഞ്ച് കമ്പനിയും HAL ഉം തമ്മിലുള്ള ചർച്ചകൾ പുരോഗമിക്കുന്നുവെന്നാണ്. അതൊക്കെ സാങ്കേതികമായ കാര്യങ്ങളാണ്. നേതൃത്വ സന്ദർശനങ്ങളും ഇത്തരത്തിലുള്ള പ്രതിരോധ ഇടപാടുകളും തമ്മിൽ കൂട്ടിക്കുഴക്കേണ്ട കാര്യമില്ല. അത് മറ്റൊരു വഴിക്കു നടക്കും. നേതൃത്വതലത്തിൽ ഉള്ള ചർച്ചകൾ പ്രതിരോധമേഖലയിലുള്ള കുറച്ചുകൂടി വിശാലമായ കാര്യങ്ങളെകുറിച്ചാണ്”.അതായത് അന്ന് വരെ പഴയ അവശ്യപ്രകാരമുള്ള ചർച്ചകൾ തുടരുന്നുണ്ടായിരുന്നു. HAL തന്നെയായിരുന്നു ദസോൾട്ടുമായി ചർച്ച നടത്തിയിരുന്ന ഇന്ത്യൻ കമ്പനി. റഫാൽ ഇടപാട് നേതൃത്വനിരയിലുള്ള ചർച്ചയുടെ ഭാഗമാകേണ്ടതില്ലായിരുന്നു.പക്ഷെ ദിവസങ്ങൾക്കുള്ളിൽ മോഡി പുതിയ കരാർ ഒപ്പുവച്ചു. 36 വിമാനങ്ങൾ ഫ്രാൻസിൽ തന്നെ നിർമാണം പൂർത്തിയാക്കി ഉടൻ വാങ്ങുന്ന തരത്തിലായിരുന്നു പുതിയ കരാർ. ഇന്ത്യ-ഫ്രാൻസ് സംയുക്തപ്രസ്താവനായിൽ ഇതിനെക്കുറിച് പറഞ്ഞത് “മുൻ ധാരണയിൽ നിന്നും വ്യത്യസ്തമായി 18ന് പകരം 36 വിമാനങ്ങൾ ഉടൻ (fly-away condition-ൽ) വാങ്ങുന്നതിനാൽ വില മുൻപത്തേതിലും കുറവായിരിക്കും. മുൻപ് വ്യോമസേന പരീക്ഷിച് അംഗീകരിച്ച അതെ സാങ്കേതികതകൾ ഉള്ള വിമാനങ്ങളാകും നൽകുക” എന്നായിരുന്നു.ഇതിൽ നിന്ന് ഒരുകാര്യം വ്യക്തം. പിന്നീട് ഗവൺമെന്റും ബിജെപി വാജ്‌താക്കളും അവകാശപ്പെട്ടതുപോലെ ഇന്ത്യയ്ക്ക് വേണ്ടി പഴയ സ്പെസിഫിക്കേഷനുകളിൽ നിന്ന് വ്യത്യസ്തമായ പ്രത്യേക ക്രമീകരണങ്ങളൊന്നും  പുതിയ കരാറിൽ ഉണ്ടായിരുന്നില്ല. അതായത് വാട്സാപ്പ് സന്ദേശങ്ങളിൽ പറയുന്നതുപോലെ “ഫുൾ ഓപ്‌ഷൻ” അല്ല എന്ന് സാരം.മോഡി റഫാൽ ഇടപാട് പ്രഖ്യാപനം നടത്തിയ  2015 മാർച്ച് 13-ന് ദൂരദർശനിലൂടെ അന്നത്തെ പ്രതിരോധ മന്ത്രി മനോഹർ പരീക്കർ പറഞ്ഞത് ആകെ (എല്ലാ ചെലവുകളുമുൾപ്പടെ) വില 90,000 കോടി എന്നാണ്. അതായത് ഒരു പ്ലെയിനിന് 715 കോടി (90,000÷126).  ഇതിൽ 36 വിമാനങ്ങൾ ഫ്രാൻസിൽ തന്നെ ഉടൻ നിർമ്മിച്ച് നൽകും. ഈ കണക്കിൽ ഒരു പരിമിതിയുണ്ട് ഇന്ത്യയിൽ ഉണ്ടാക്കുന്ന 90 വിമാനങ്ങൾക്ക് ഫ്രാൻസ് നേരിട്ട് തകരുന്ന വിമാനങ്ങളെക്കാൾ വില കൂടുതലായിരിക്കും, കാരണം ഇന്ത്യയിൽ പുതിയ പ്ലാന്റ് ഉണ്ടാക്കുന്നതിനും സാങ്കേതിക വിദ്യ കൈമാറ്റത്തിനും വരുന്ന ചെലവുകളും കൂടി പരിഗണിക്കേണ്ടതുണ്ട്. ഇതൊക്കെ കൂട്ടിയാണ് 90,000 കോടി.  അപ്പോൾ ആദ്യത്തെ 36 വിമാനങ്ങളുടെ വില 715 കോടിയിലും കുറവായിരിക്കും. പരീക്കർ പറഞ്ഞ മറ്റൊരു കാര്യം കൂടി ശ്രദ്ധേയമാണ്. “ഡീൽ പ്രധാനമന്ത്രിയും ഫ്രഞ്ച് പ്രസിഡന്റും തമ്മിലുള്ള ചർച്ചയുടെ ഫലമായി ഉണ്ടായതാണ്. ഞാൻ അതിനെ പിന്തുണച്ചു എന്നെ ഒള്ളൂ.”ഇവിടെ ചില ചോദ്യങ്ങൾ ഉയരുന്നുണ്ട്. കരാർ പ്രകാരം സാങ്കേതിചിക വിദ്യ കൈമാറുമോ? എന്ന് വിമാനങ്ങൾ ലഭിക്കും? എങ്ങനെയാണ് 18 വിമാനങ്ങൾ എന്നത് 36 ആയത്? 2015-ലെ പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിനു മുൻപ് ഈ 36 വിമാനത്തിനുള്ള നിർദേശത്തിന് കാബിനെറ്റിന്റെ സുരക്ഷാ കാര്യ സമിതിയുടെ അംഗീകാരം ഉണ്ടായിരുന്നോ? എന്തുകൊണ്ടാണ് പുതിയ പ്രപോസലിന് പുതിയ ടെണ്ടർ വിളിക്കാതിരുന്നത്? 2012-ൽ റഫാലിനൊപ്പം സാങ്കേതികമായി അനുയോജ്യമാണ് കണ്ടെത്തിയ ‘യൂറോ ഫൈറ്റർ’ 20% വരെ വില കുറക്കാൻ തയ്യാറാണ് എന്ന് 2014, ജൂലൈയിൽ ഗവൺമെന്റിനെ അറിയിച്ചിരുന്നില്ലേ? അറിയിച്ചിരുവെങ്കിൽ പുതിയ പ്രാപ്പോസൽ വരുമ്പോൾ അതൊക്കെ പരിഗണിക്കേണ്ടിയിരുന്നില്ലേ? മാത്രമല്ല അന്ന് കേട്ടിരുന്നത് 2 വർഷം കൊണ്ട് 36 വിമാനങ്ങളും കിട്ടുമെന്നാണ്. പിന്നീട് പാർലമെന്റിൽ ഒരു ചോദ്യത്തിന് മറുപടിയായി പറഞ്ഞത് 2022-ഓടെയേ 36 വിമാനങ്ങളും ലഭിക്കൂ എന്നാണ്.ആദ്യ കരാർ പ്രകാരമാണെങ്കിൽ രണ്ടര വർഷത്തിനുള്ളിൽ 18 വിമാനങ്ങൾ ലഭിക്കണമായിരുന്നു. പിന്നീട് 3 വർഷത്തിനുള്ളിൽ സാങ്കേതിവിദ്യ കൈമാറ്റത്തിലൂടെ എച്ച്. എ.എൽ-ന് ഇന്ത്യയിൽ വിമാനം നിർമിച്ചു തുടങ്ങാമായിരുന്നു. അതായത് 2022ഓടുകൂടി മുഴുവൻ വിമാനങ്ങളും ലഭിക്കുമായിരുന്നു.ഇനി വിലയിലേക്ക് വരാം. ഗവൺമെന്റ് പറയുന്നത് ഫ്രഞ്ച് ഗവണ്മെന്റുമായുള്ള ‘സീക്രസി’ കരാർ കാരണം വില വെളിപ്പെടുത്താനാകില്ല എന്നാണ്. സാധാരണഗതിയിൽ സാങ്കേതിക മാനങ്ങളും മറ്റുമാണ് രഹസ്യമാക്കി വയ്ക്കാറ്. വിലയിൽ എന്ത് രഹസ്യമാണുള്ളത്? മറ്റ് ഇടപാടുകൾ പോലെ ഇതും സി.എ.ജി. ഓഡിറ്റിന് വിധേയമല്ലേ, അപ്പോൾ വില മറച്ചു വയ്ക്കാനാകുമോ? വിവരാവകാശ നിയമപ്രകാരം വില ലഭ്യമാക്കേണ്ടതല്ലേ? വില മറച്ചു വായിക്കുന്നതിൽ എന്ത് സുരക്ഷാ താത്പര്യമാണുള്ളത്? മറ്റൊരു രാജ്യവുമായി ഉണ്ടാക്കിയിട്ടുള്ള കരാറിന് രാജ്യത്തിൻറെ പാർലമെന്റിന്റെ അധികാരങ്ങളെ മറികടക്കാൻ കഴിയുമോ?  രാജ്യത്തെ ഇതിനു മുൻപുള്ള എല്ലാ പ്രതിരോധ ഇടപാടുകളുടെയും വില പൊതു സമൂഹത്തിന് ലഭ്യമാണല്ലോ.മാത്രമല്ല പ്രതിരോധ മന്ത്രി പരീക്കർ തന്നെ ഒരിക്കൽ ദൂരദര്ശനിലൂടെ കരാർ തുക 90,000 കോടി രൂപയാണെന്നു പറഞ്ഞതാണ്. ഗവൺമെന്റ് പാര്ലമെന്റിൽ ഒരു ചോദ്യത്തിന് മറുപടിയായി 2016, നവംബറിൽ ആകെ വില 60,000 കോടി രൂപയാണെന്നും ഒരു വിമാനത്തിന്റെ വില ഏകദേശം 670 കോടി രൂപയാണെന്നും പറഞ്ഞിരുന്നു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രൺ ഇന്ത്യ ട്യുഡേയ്ക്ക് അനുവദിച്ച അഭിമുഖത്തിൽ വില വെളിപ്പെടുത്തുന്നതിന് തടസ്സമില്ല എന്ന് പറഞ്ഞതാണ്. പിന്നെന്താണ് ഇപ്പോൾ ഒരു രഹസ്യം?സത്യത്തിൽ ഗവൺമെന്റിനെ കെണിയിൽ പെടുത്തിയത് മറ്റൊരു കാര്യമാണ്. 2016 ഡിസംബറിൽ ദാസോൾട്ട്-റിലയൻസ് പുറത്തിറക്കിയ പത്രക്കുറിപ്പിലും, ദാസോൾട്ടിന്റെ ഫിനാൻഷ്യൽ സ്റേറ്മെന്റും.  ഇരു രേഖകളിലും 36 വിമാനങ്ങളുടെ വില 8.13 ബില്യൺ യൂറോ അഥവാ 60,000 കോടി ഇന്ത്യൻ രൂപ എന്നാണ് കാണിച്ചിരിക്കുന്നത്. അങ്ങനെ വരുമ്പോൾ ഒരു വിമാനത്തിന്റെ വില 1660 കോടി രൂപ വരും. ഗവൺമെന്റ് പാർലമെന്റിൽ പറഞ്ഞ വിലയോ 670 കോടി രൂപയും. വിമാനം പ്രതി 1000 കോടി രൂപയുടെ വ്യത്യാസം. പഴയ കരാറിൽ നിന്നും ഒരുപാട് മേലെ. ഇത്രയും വലിയ നഷ്ടം രാജ്യത്തിന് വരുത്തുന്നതാണ് ഇടപാടെങ്കിൽ അത് പുറത്തു പറയാൻ കഴിയുമോ?ഇതൊക്കെ വിശദീകരിച്, വിശദീകരിച്, ഉരുണ്ടുമറിഞ്ഞുകൊണ്ടിരിക്കുമ്പോഴാണ് സർജിക്കൽ സ്‌ട്രൈക്ക് ദിനത്തിൽ മുൻ ഫ്രഞ്ച് പ്രസിഡന്റിന്റെ ബോംബ്. “റിലയൻസിനെ നിർദ്ദേശിച്ചത് ഇന്ത്യയാണെന്ന്”. പ്രധാനമന്ത്രിയും ഫ്രഞ്ച് പ്രസിഡന്റും തമ്മിലുള്ള ചർച്ചയിലാണ് കരാർ ഉണ്ടായത് എന്ന് പറഞ്ഞ അന്നത്തെ പ്രതിരോധമന്ത്രി മനോഹർ പരീക്കറുടെ വാക്കുകൾ കൂടുതൽ പ്രസക്തമാകുന്നത് ഈ അവസരത്തിലാണ്.അഴിമതി വിരുദ്ധ മുദ്രാവാക്യങ്ങൾ ഉയർത്തിക്കൊണ്ട് അധികാരത്തിലെത്തിയ മോഡി ഗവൺമെന്റ് അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രതിച്ഛായ നഷ്ടം ആകുകയാണ് റഫാൽ ഇടപാട്, പ്രത്യേകിച്ചും അതിന്റെ കേന്ദ്രസ്ഥാനത് പ്രധാന മന്ത്രി തന്നെയാകുന്നത് കൊണ്ട്.രാഷ്ട്രീയനേതാക്കളും അധികാരകേന്ദ്രങ്ങളും അതിസമ്പന്നർക്കുവേണ്ടി വിടുപണി ചെയ്യുന്ന ശിങ്കിടി മുതലാളിത്തത്തിന്റെ ക്ലാസിക്ക് മാതൃകയാവുകയാണ് മോദിയുടെ  റഫാൽ ഇടപാട്.

this article was first published in Mnagalam Daily on 26/09/2018

#377 പ്രണയത്തിന്റെ മഴവില്ലുകൾക്ക് ആകാശം നൽകുന്ന വിധി

തീർച്ചയായും വായിച്ചിരിക്കേണ്ട സുപ്രീംകോടതി വിധികളിലൊന്നാണ് നവറെജ് സിംഗ് ജോഹർ കേസിലേത്  (ഐ പി സി സെക്ഷൻ 377) . പതിറ്റാണ്ടുകളുടെ സാംസ്‌കാരിക ഹിംസാത്മകതയ്ക്ക് അന്ത്യം കുറിച്ചുകൊണ്ട് പ്രണയത്തിന്റെ വിശാലാകാശത്  ലിംഗരാജികളുടെ   വർണങ്ങൾ വിരിയിച്ച വിധി നിരവധി ഭരണഘടനാ തത്വങ്ങളുടെ കാലോചിതമായ പുനർവായനകൾ കൂടിയാണ്. 5 അംഗ ബെഞ്ചിന്റെ അഭിപ്രായം ഏകമാണെങ്കിലും 4 പ്രത്യേക വിധി ന്യായങ്ങളുണ്ട്. നാലുവിധികളും എത്തുന്നത് ഒരേ അഭിപ്രായത്തിലേക്കാണെങ്കിലും  അതിനായി കണ്ടെത്തുന്ന നിയമവീഥികൾ അനന്യങ്ങളാണ് .  ഓരോ വിധിയും ഇതുവരെ നാം പിന്തുടർന്നിരുന്ന ഭരണഘടനാ മൂല്യങ്ങളുടെ വിപുലീകരണമാണ്. ഭരണ ഘടന രാജ്യത്തെ ജനങ്ങൾക്ക് സമർപ്പിച്ചുകൊണ്ട് അതിന്റെ ആമുഖം മുന്നോട്ടു വയ്ക്കുന്ന സ്വാതന്ത്ര്യത്തിന്റെയും സമത്വത്തിന്റെയും സ്വാഭിമാനത്തിന്റെയും പ്രകാശ ഗോപുരങ്ങളാണ്.

ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ വിധിന്യായം (തനിക്കും ജസ്റ്റിസ്. ഖാൻവാൾക്കറിനും വേണ്ടി എഴുതിയത്) ഉയർത്തിപ്പിടിക്കുന്നത് വ്യക്തിയുടെ സ്വയം നിർണയാവകാശമാണ്. ജന്മനായുള്ള വ്യക്തിത്തവും അതോടൊപ്പം തെരഞ്ഞെടുക്കാനുള്ള അവകാശവും ആണ് അദ്ദേഹം ചർച്ച ചെയ്യുന്നത്. ലൈംഗീകതയെ ജന്മവുമായോ തെരെഞ്ഞെടുപ്പുമായോ മാത്രം ബന്ധിക്കാതെ ഇരു കാര്യങ്ങളെയും പരിഗണിക്കുകയും അങ്ങനെ ലൈംഗീകത ഒരു ആൺ-പെൺ  ദ്വന്ദമല്ല എന്നും ഒരു വർണരാജിയാണ് എന്നുമുള്ള ആധുനിക സാമൂഹിക മൂല്യത്തെ ഭരണഘടനാപരമായി അടയാളപ്പെടുത്തുകയും ചെയ്യുന്നു ഈ വിധിന്യായം.

ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, വിഖ്യാതമായ സ്വകാര്യത വിധിയിലൂടെ താൻ തുടങ്ങി വച്ച നിയമവ്യാഖ്യാനത്തെ പിന്തുടർന്നുകൊണ്ട് ലൈംഗീകത എന്നത് സ്വകാര്യതയുടെ സ്വാഭിമാനത്തിന്റെ ഒക്കെ അടിസ്ഥാന ഘടകങ്ങളിലൊന്നാണ് എന്ന് സ്ഥാപിക്കുന്നു. ഒപ്പം ആർട്ടിക്കിൾ 14 (തുല്യത) ആർട്ടിക്കിൾ 15 (ലിംഗസമത്വം) എന്നിവയ്ക്കെതിരാണ് ഐ.പി.സി. സെക്ഷൻ 377 എന്നും കണ്ടെത്തുന്നു. മാനസികാരോഗ്യ നിയമപ്രകാരം ലൈംഗീകത ഒരു മാനസിക രോഗമല്ല എന്നതിനെയും വിവിധ ശാസ്ത്രീയ ധാരണകളെയും മുൻ നിർത്തി സ്വവർഗ്ഗപ്രണയത്തെ ക്രിമിനൽ വത്കരിക്കുന്നത് ഭരണഘടനയുടെ 14-ആം  അനുച്ഛേദത്തിന്റെ ലംഘനമാണ് എന്ന് സ്ഥാപിക്കുന്നു. ഒപ്പം 377 ആർട്ടിക്കിൾ 15-ന്റെയും  ലംഘനമാണ്. പ്രത്യക്ഷത്തിൽ നിയമത്തിൽ ലിംഗവിവേചനമില്ല എന്നത് സത്യമാണ്.

377. Unnatural offences: Whoever voluntarily has carnal intercourse against the order of nature with any man, woman or animal shall be punished with imprisonment for life, or with imprisonment of either description for a term which may extend to ten years, and shall also be liable to fine.

എന്ന് പറഞ്ഞാൽ അതിൽ ലിംഗ വിവേചനം ഇല്ല. പക്ഷെ അത് നടപ്പിലാക്കുമ്പോൾ ഇതിന്റെ ഭാരം ഒരു വിഭാഗത്തിനുമേൽ മാത്രം വന്നു ചേരുന്നു. ഇപ്രകാരം പ്രത്യക്ഷത്തിൽ വിവേചനം ഇല്ലാത്ത ഒരു നിയമം നടപ്പിലാക്കുമ്പോൾ അത് ഒരു വിഭാഗത്തെ മാത്രം ബാധിക്കും എന്ന കാരണം കൊണ്ട് ഭരണഘടനാ വിരുദ്ധമാണ് എന്ന് സുപ്രീം കോടതി പറയുന്നത് ചരിത്രത്തിൽ ആദ്യമായാണ് എന്ന നിയമ ഗവേഷകർ പറയുന്നു. ആണ് പെണ്ണ് എന്ന തരത്തിലുള്ള  വാർപ്പുമാതൃകകളെ, സമൂഹത്തിൽ ആൺ/പെൺ  ഭാവങ്ങളെക്കുറിച്ചുള്ള പരമ്പരാഗത ധാരണകളെ അടിസ്ഥാനപ്പെടുത്തിയുള്ള വിവേചനങ്ങൾക്ക് ഭരണഘടനാപരമായ നിലനിൽപ്പില്ല എന്ന കണ്ടെത്തൽ വളരെ പ്രധാനമാണ്.

എന്ത് ധാർമിക/ ഭരണപര താത്പര്യങ്ങൾ  ഉണ്ടെങ്കിലും വ്യക്തികളെ നൈസർഗികവും ആന്തരികവുമായ സ്വഭാവഗുണങ്ങളുടെ പേരിൽ വേർതിരിച്ചു കാണാൻ ഗവണ്മെന്റുകൾക്ക് കഴിയില്ല എന്ന വിശാലമായ സമത്വ സങ്കൽപ്പത്തിന്റെ അടിസ്ഥാനത്തിലാണ് ജസ്റ്റിസ് ഇന്ദു മൽഹോത്ര വിധിയെഴുതിയിരിക്കുന്നത്.

സ്വാതന്ത്ര്യവും സമത്വവും സാഹോദര്യവും ഭരണഘടനധാർമികതയും ജനാധിപത്യത്തിന്റെ ആന്തരികസത്തയാണെന്നു കരുതുന്ന എല്ലാവരും വായിച്ചിരിക്കേണ്ട ഒരു വിധിയാണ് #377 കേസിൽ പരമോന്നത നീതിപീഠം പുറപ്പെടുവിച്ചിരിക്കുന്നത്. വിധി വായിക്കണമെന്നുള്ളവർക്ക് ഇവിടെ വായിക്കാം.

മീശ’ വിധി: ജനാധിപത്യത്തിന്റെ സുരക്ഷാ വാതായനങ്ങളെ കൊട്ടിയടയ്ക്കുന്നു

ഴുത്തില്‍ ദലിത് കാരിക്കേച്ചറുകള്‍ മാത്രം കണ്ടുശീലിച്ച മലയാളി വായനക്കാര്‍ക്കു മുന്നില്‍ ദളിത് ജീവിതം പച്ചയായി അടയാളപ്പെടുത്തിയ ആദ്യ നോവല്‍ എന്ന നിലയിലായിരിക്കും ”മീശ” മലയാള സാഹിത്യ ചരിത്രത്തില്‍ ഇടം നേടുക. മീശയെച്ചൊല്ലിയുള്ള വിവാദങ്ങളാകട്ടെ, ഒരു പൊതു താത്പര്യ ഹര്‍ജിയോടുകൂടി സംസ്ഥാനതിര്‍ത്തികളെ ഭേദിച്ച് ഒരു ദേശീയ പ്രശ്‌നമായി മാറി. ഈ കേസില്‍ സുപ്രീം കോടതിയുടെ നിലപാട് ഒരു സ്വതന്ത്ര ജനാധിപത്യ റിപ്പബ്ലിക്ക് എന്ന നിലയില്‍ രാജ്യത്തിന്റെ ഭാവിയെത്തന്നെ ബാധിക്കുന്ന ഒന്നായിരിക്കുകയും ചെയ്യും.

പുസ്തകം നിരോധിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജി തള്ളിക്കൊണ്ടുള്ള വിധി വന്നതില്‍ ആഹ്ലാദചിത്തരായ ‘ലിബറല്‍’ സുഹൃത്തുക്കളെയാണ് എങ്ങും കാണാന്‍ കഴിയുന്നത്. ഒരു പുസ്തകം നിരോധിക്കണം എന്നവശ്യപ്പെട്ടുള്ള ഹര്‍ജി ഒരു റിട്ട് ആയി പരിഗണിച്ചുകൊണ്ട് വാദം കേട്ട് കേസിന്റെ മെറിട്ട് പരിശോധിച്ച് വിധി പറയാന്‍ കോടതിയ്ക്ക് എങ്ങനെ കഴിഞ്ഞു എന്ന ചോദ്യം ആരും ചോദിച്ചു കാണുന്നില്ല.

പുസ്തകം നിരോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയല്ലല്ലോ, പുസ്തകം നിരോധിച്ചാല്‍ അതിനെതിരെയുള്ള ഹര്‍ജിയല്ലേ കോടതി പരിശോധിക്കേണ്ടത്? ഇത്തരം മൗലീകാവകാശ ധ്വംസനങ്ങളെ പ്രതിരോധിക്കാനല്ലേ ആര്‍ട്ടിക്കിള്‍ 32 പ്രകാരം സുപ്രീം കോടതിയെ സമീപിക്കാന്‍ പൗരനും റിട്ട് പുറപ്പെടുവിക്കാന്‍ സുപ്രീം കോടതിയ്ക്കും ഭരണഘടന അധികാരം നല്കിയിരിക്കുന്നത്?

പുസ്തകം നിരോധിക്കുന്നതിനെ സംബന്ധിച്ചുള്ള നിയമവും ചട്ടങ്ങളും നിലനില്‍ക്കേ, കോടതിയ്ക്ക് ഗവണ്മെന്റിന്റെ അധികാരം ഏറ്റെടുത്തുകൊണ്ട് പുസ്തകം നിരോധിക്കണമോ വേണ്ടയോ എന്ന് തീരുമാനമെടുക്കാന്‍ കഴിയുമോ?

പുസ്തകം നിരോധിക്കുന്നതിനെക്കുറിച്ച് നിയമം എന്തു പറയുന്നുവെന്നു നോക്കാം. ക്രിമിനല്‍ പ്രൊസീജര്‍ കോഡ് (സി.ആര്‍.പി.സി.) സെക്ഷന്‍ 95 ലാണ് ഇത് പ്രതിപാദിച്ചിട്ടുള്ളത്. ഇതു പ്രകാരം ഒരു പുസ്തകത്തിലോ പത്രത്തിലോ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 124എ( രാജ്യദ്രോഹം), 153എ (വിദ്വേഷ പ്രചാരണം), 153ബി (അശ്ലീല പ്രസിദ്ധീകരന്ണം), 293(പ്രായപൂര്‍ത്തിയാകത്തവര്‍ക്ക് അശ്ലീല പുസ്ത്കം വില്ക്കാന്‍ ശ്രമിക്കുന്നത്), 295എ (മതവികാരം വൃണപ്പെടുത്തല്‍) എന്നീ വകുപ്പുകള്‍ പ്രകാരം ശിക്ഷിക്കാന്‍ തക്കതായതെന്തെങ്കിലും  ഉണ്ടെങ്കില്‍ കൃത്യമായ കാരണം കാണിച്ചുകൊണ്ട് ഒരു വിജ്ഞാപനം വഴി സംസ്ഥാന ഗവണ്മെന്റുകള്‍ക്ക് പുസ്തകത്തിന്റെ പ്രസിദ്ധീകരണം തടയുകയും കോപ്പികള്‍ പിടിച്ചെടുക്കുകയും ചെയ്യാം.

കോടതിയുടെ പങ്ക് വരുന്നത് സെക്ഷന്‍ 96-ലാണ്. ഇതുപ്രകാരം പുസ്തകം നിരോധിക്കാനുള്ള ഗവണ്മെന്റിന്റെ തീരുമാനത്തിനെതിരെ ഏതൊരു വ്യക്തിയ്ക്കും ഹൈക്കോടതിയെ സമീപിക്കാം. സെക്ഷന്‍ 95(2) പ്രകാരം ഹൈക്കോടതിയില്‍ ഒരു മൂന്നംഗ ബഞ്ച് ഈ കേസ് പരിശോധിച്ച് തീരുമാനമെടുക്കെണ്ടതാണ്.

അതായത്, പുസ്തകം നിരോധിക്കേണ്ടത് സംസ്ഥാന ഗവണ്മെന്റാണ്. നിരോധനം ഭരണഘടനാപരമാണോയെന്ന് പരിശോധിക്കേണ്ടത് കോടതിയും. സംസ്ഥാന ഗവണ്മെന്റ് പുസ്തകം നിരോധിച്ചിട്ടില്ലായെങ്കില്‍ പിന്നെ കോടതിയുടെ പരിശോധന എന്ന കാര്യം കടന്നു വരുന്നേയില്ല.

പ്രത്യേകം എടുത്തു പറഞ്ഞിട്ടുള്ള വകുപ്പുകള്‍ പ്രകാരം ശിക്ഷിക്കപ്പെടാവുന്നതാണെങ്കില്‍ മാത്രം കൃത്യമായി കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊണ്ടുള്ള വിജ്ഞാപനം വഴി നിരോധനം, പിന്നീട് ഈ നടപടി ഭരണഘടനാപരമാണോ എന്നുള്ള ഹൈക്കോടതിയുടെ മൂന്നംഗ ബഞ്ചിന്റെ പരിശോധന, ഇങ്ങനെ അഭിപ്രായ സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റങ്ങളെ പരമാവധി പരിമിതപ്പെടുത്തുന്ന രീതിയില്‍ രൂപം നല്കിയിട്ടുള്ള ഭരണഘടനാ പദ്ധതിയെ തകിടം മറിക്കുന്നതാണ് ‘മീശ’ കേസിലെ സുപ്രീം കോടതി ഉത്തരവ്.

ഈ വിധിയോടുകൂടി പൊതു താത്പര്യ ഹര്‍ജി വഴി ഒരു പുസ്തകം നിരോധിക്കാന്‍ അവശ്യപ്പെടാന്‍ കഴിയും എന്ന സ്ഥിതി വന്നു ചേര്‍ന്നിരിക്കുന്നു. ജസ്റ്റിസ് ദീപക് മിശ്ര എഴുതിയ 30 പേജ് വരുന്ന വിധിന്യായത്തില്‍ മീശ നോവലിന്റെ ഇതിവൃത്തത്തെക്കുറിച്ച്, കഥാ സന്ദര്‍ഭങ്ങളെക്കുറിച്ച് ഒക്കെ വളരെ വിശദമായി പ്രതിപാദിക്കുന്നുണ്ട്. പിന്നീട് കേസിന്റെ മെറിറ്റിലേക്ക് കടക്കുന്നു, ‘മീശ’ എങ്ങനെ ഒരു സാഹിത്യകാരന്റെ ആവിഷ്‌കാര സ്വാതന്ത്ര്യമാകുന്നു എന്നും, ജനാധിപത്യത്തില്‍ അഭിപ്രായ സ്വതന്ത്ര്യം എത്രമാത്രം വിലപ്പെട്ടതണെന്നും വൊള്‍ട്ടയറിന്റേതെന്നു പറയപ്പെടുന്ന സുപ്രസിദ്ധമായ ഉദ്ധരണിയുള്‍പ്പടെ ചേര്‍ത്ത് വിശദീകരിക്കുന്നു.

ഇതിന്റെ പ്രശനമെന്തെന്നാല്‍ പുസ്തകം കോടതി എന്തുകൊണ്ട് നിരോധിക്കുന്നില്ല എന്ന് വ്യക്തമാക്കുന്നതിലൂടെ, കോടതിയ്ക്ക് ഒരു പുസ്തകം എന്തുകാരണങ്ങള്‍ കൊണ്ടൊക്കെ നിരോധിക്കാം എന്നുകൂടി പറഞ്ഞു വയ്ക്കുന്നു. പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം ‘അപകീര്‍ത്തി’ എന്ന സംഗതികൂടി ഉത്തരവില്‍ കടന്നുവരുന്നു എന്നതാണ്. പുസ്തക നിരോധനത്തെ സംബന്ധിച്ച നിയമത്തില്‍ (സെക്ഷന്‍ 95) നിന്ന് ശ്രദ്ധാപൂര്‍വം ഒഴിവാക്കപ്പെട്ടിരുന്ന വകുപ്പാണ് സെക്ഷന്‍ 499. അതുകൊണ്ടുതന്നെ നിലവില്‍ ഒരാള്‍ക്ക് അപകീര്‍ത്തികരമാണ് എന്ന കാരണത്താല്‍ ഗവണ്‍മെന്റുകള്‍ക്ക് ഒരു പുസ്തകവും നിരോധിക്കുവാന്‍ കഴിയുമായിരുന്നില്ല. ഈ ഉത്തരവോടുകൂടി വിവിധ ഹൈക്കോടതികളും പുസ്തകം നിരോധിക്കണം എന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജികള്‍ കേള്‍ക്കേണ്ട സാഹചര്യമാണുള്ളത്. അപ്പോള്‍ ‘അപകീര്‍ത്തി’യും പരിഗണിക്കേണ്ടി വരും.

പുസ്തക നിരോധനം അവശ്യപ്പെട്ടുകൊണ്ട് പൊതു താത്പര്യ ഹര്‍ജികള്‍ പരിഗണിക്കുമെന്നും, കോടതിയ്ക്ക് പുസ്തകം നിരോധിക്കാമെന്നുമുള്ള സ്ഥിതി വന്നു ചേര്‍ന്നതോടെ രാജ്യമൊട്ടുക്കും ഹൈക്കോടതികളിലും സുപ്രീം കോടതിയിലും പുസ്തകനിരോധന ഹര്‍ജികളുടെ ഒരു പ്രളയമയിരിക്കും ഇനി ഉണ്ടാകാന്‍ പോകുന്നത്. പ്രത്യേകിച്ചും അസഹിഷ്ണുതയുടെ മൂലകങ്ങള്‍ അരങ്ങു വാഴുന്ന സമകാലിക സാമൂഹിക പരിസരത്തില്‍. ഇതിനെ നേരിടാന്‍ ചെറിയ എഴുത്തുകാര്‍ക്കും ചെറിയ പ്രസാധകര്‍ക്കും കഴിയുകയില്ല. കലാന്തരത്തില്‍ അഭിപ്രായ സ്വാതന്ത്രത്തിനു വലിയ ഭീഷണിയാണിതുയര്‍ത്താന്‍ പോകുന്നത്. ‘മീശ’ വിധിയില്‍ സുപ്രീം കോടതി ആശങ്കപ്പെടുന്ന ‘ആവിഷ്കാര സ്വാതന്ത്ര്യത്തെ ഭയപ്പെടുത്തുന്ന സാമൂഹിക സാഹചര്യ’ത്തെ ശാശ്വതീകരിക്കുക എന്നതാണ് ഈ വിധിയുടെ അപ്രതീക്ഷിത ഫലം. സുപ്രീംകോടതി തന്നെ ജനാധിപത്യത്തിന്റെ സുരക്ഷാ വാതായനങ്ങളെന്നു വിശേഷിപ്പിച്ച പ്രതിരോധങ്ങളെയും വിയോജിപ്പുകളെയും  ഇല്ലാതാക്കാനേ ഈ വിധി ഉപകരിക്കൂ.

This article was first published in DoolNews on 7th September 2018

വിവര സുരക്ഷാ ബില്ല് – നിരര്‍ത്ഥകമായ ഒത്തുതീര്‍പ്പ്.

സ്വാതന്ത്ര്യത്തിന്റെയും, ജീവിക്കാനുള്ള അവകാശത്തിന്റെയും, മനുഷ്യന്റെ അഭിമാന ബോധത്തിന്റെയും ഭരണഘടനാപരമായ സത്തയാണ് സ്വകാര്യത എന്ന് നമ്മുടെ പരമോന്നത നീതിപീഠം വിധിയെഴുതിയിട്ട് ഏകദേശം ഒരു വര്‍ഷം തികയുമ്പോഴാണ് സ്വകാര്യതയെക്കുറിച്ചും വിവര സംരക്ഷണത്തെക്കുറിച്ചും പഠിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് ശ്രീ കൃഷ്ണ കമ്മറ്റിയുടെ റിപ്പോര്‍ട്ടും വിവരസുരക്ഷാ നിയമത്തിന്റെ കരടും വരുന്നത്. 2017 ആഗസ്റ്റ് 24-ലെ സ്വകാര്യതാ കേസിലെ ചരിത്ര വിധിയ്ക്കു ശേഷം സ്വകാര്യതയുടെ ഋണാത്മകവും ധനാത്മകവുമായ വശങ്ങളെ സംരക്ഷിക്കുന്നതിനുള്ള ഫലപ്രദമായ ചട്ടക്കൂടിന് രൂപം നല്കാനുള്ള ഉത്തരവാദിത്തം ശ്രീകൃഷ്ണ കമ്മറ്റിയ്ക്ക് വന്നു ചേര്‍ന്നിരുന്നു
സ്വകാര്യതയുടെ ധനാത്മകവും ഋണാത്മകവുമായ വശങ്ങളെപ്പറ്റി വിധി, പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട്. ഋണാത്മകമായ വശം സ്വകാര്യതയിലേക്കുള്ള ഭരണകൂടത്തിന്റെ ഏതൊരു കടന്നു കയറ്റത്തേയും ഈ അവകാശം തടയുന്നു എന്നതാണ്. ധനാത്മകമായ വശം പൗരന്റെ സ്വകാര്യത നിയമപരമായി സംരക്ഷിക്കുവാനുള്ളബാധ്യത ഗവണ്മെന്റുകള്‍ക്കുണ്ട് എന്നുള്ളതാണ്. 200-പേജ് ദൈര്‍ഘ്യമുള്ള റിപ്പോര്‍ട്ടില്‍ സ്വകാര്യതാ സംരക്ഷണത്തിനുവേണ്ടിയുള്ള ഗുണപരമായ നിരവധി നിര്‍ദ്ദേശങ്ങളും സമീപനങ്ങളും ദര്‍ശിക്കാമെങ്കിലും കമ്മറ്റി രൂപം നല്കിയ കരട് വിവര സംരക്ഷണ ബില്ല്, സൂക്ഷ്മ വായനയില്‍, സ്വകാര്യതയ്ക്കും ഗവണ്മെന്റ്-കോര്‍പ്പറേറ്റ് താത്പര്യങ്ങള്‍ക്കും ഇടയില്‍ അര്‍ത്ഥം നഷ്ടപ്പെട്ട നിയമാക്ഷരങ്ങള്‍ മാത്രമായിയൊതുങ്ങുന്നു. 
സ്വകാര്യ വിവരങ്ങള്‍ (Personal Data), അതീവ സ്വകാര്യ വിവരങ്ങള്‍ (Sensitive Personal Data),  വിവരങ്ങള്‍ ഉപയോഗിക്കുവാന്‍ ഉപഭോക്താവ് നല്കുന്ന സമ്മതം, ആ സമ്മതം പിന്‍വലിക്കാനുള്ള അവകാശം,വിവരങ്ങള്‍ പരിശോധിച്ചുറപ്പു വരുത്തുന്നതിനും, തിരുത്തുകള്‍ വരുത്തുന്നതിനും, പോര്‍ട്ട് ചെയ്യുന്നതിനും, വിസ്മരിക്കപ്പെടുന്നതിനുമൊക്കെ ഉപഭോക്താവിനുള്ള അവകാശങ്ങള്‍ ബില്ലില്‍ നിര്‍വചിക്കപ്പെട്ടിട്ടുണ്ട്. ഇക്കാര്യങ്ങള്‍ നടപ്പില്‍ വരുത്തുന്നതിനായി ഒരു വിവര സംരക്ഷണ അഥോറിറ്റി രൂപീകരിക്കുന്നതും നിയമത്തിന്റെ ഭാഗമാണ്. 
വിവരങ്ങള്‍ ശേഖരിക്കുകയും കൈകാര്യം ചെയ്യുകയും ചെയ്യുന്ന ഏജന്‍സികള്‍ക്കുള്ള നിര്‍ദ്ദേശങ്ങളും പ്രസക്തമാണ്. സൈദ്ധാന്തിക തലത്തില്‍, ഏതൊരു വിവര ശേഖരണ പരിപാടിയും രൂപഘടനയില്‍ തന്നെ സ്വകാര്യതയെ മാനിക്കുന്നതാകണം എന്ന് ബില്ല് നിഷ്‌കര്‍ഷിക്കുന്നു. മാത്രമല്ല അംഗീകൃത ഡാറ്റ ഓഡിറ്റര്‍മാരെക്കൊണ്ട് സ്ഥാപനങ്ങള്‍ ഓഡിറ്റ് ചെയ്യേണ്ടതുണ്ട്. ഒപ്പം ഏതെങ്കിലും വിവര നഷ്ടമോ, ചോരണമോ ഉണ്ടായാല്‍ അത് വിവരനിയന്ത്രണ അഥോറിറ്റിയെ അറിയിക്കേണ്ടതുമാണ്.
ഇത്തരത്തില്‍ വളരെ ആശ്വസകരവും പുരോഗമനപരവുമായ വകുപ്പുകള്‍ ഉള്‍ക്കൊള്ളുന്ന ബില്ല്, സ്വകാര്യതാ വിധിയുടെ അന്തസത്തയെ മാനിക്കാത്ത, ഗവണ്മെന്റ്/കോര്‍പ്പറേറ്റ് താത്പര്യങ്ങള്‍ സംരക്ഷിക്കാനുള്ള ഒരു ഒത്തു തീര്‍പ്പ് ഫോര്‍മുല ആകുന്നത് നിര്‍ദ്ദിഷ്ട നിയമത്തിലെ ഇളവുകളും സൂക്ഷ്മ വായനയിലെ ഭാഷാപ്രയോഗങ്ങളും കൊണ്ടാണ്. നിരീക്ഷണ മുതലാളിത്തത്തിന്റേയും ഗവണ്മെന്റ് സര്‍വെയ്‌ലന്‍സിന്റേയും സമ്മര്‍ദ്ദത്തില്‍ കമ്മറ്റിയുടെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്ന നിര്‍ദ്ദേശങ്ങള്‍ പോലും ബില്ലില്‍ നിന്നും ഒഴിവാക്കപ്പെട്ടിട്ടുണ്ട്.
യൂറോപ്യന്‍ യൂണിയന്‍ അംഗീകരിച്ചിട്ടുള്ള പൊതു വിവരസംരക്ഷണ ചട്ടങ്ങളുമായി (GDPR) താരതമ്യം ചെയ്താല്‍ വളരെ അവ്യക്തവും അമൂര്‍ത്തവും ആയ അവകാശങ്ങള്‍ മാത്രമാണ് ഇന്ത്യന്‍ ബില്ല് ലക്ഷ്യം വക്കുന്നത് എന്നു കാണാം. വ്യക്തി വിവരങ്ങളുടെ ഉടമ ആ വ്യക്തി തന്നെയാണ് എന്ന പ്രാഥമിക അവകാശം ബില്ല്അംഗീകരിക്കുന്നില്ല. ഒരു ഏജന്‍സി ശേഖരിച്ചു സൂക്ഷിച്ചിരിക്കുന്ന സ്വന്തം വിവരങ്ങള്‍ ലഭിക്കുവാനുള്ള അവകാശവും പൂര്‍ണമല്ല; ബില്ല് പ്രകാരം വിവരങ്ങളുടെ സംഗ്രഹം മാത്രം ലഭിക്കുവാനുള്ള അവകാശമേയൊള്ളൂ. അതുപോലെ തന്നെ പ്രധാനമാണ് വിവരങ്ങള്‍ തെറ്റെന്നു കണ്ടെത്തിയാല്‍ നിശ്ചിത സമയത്തിനുള്ളില്‍ തിരുത്തുവാനുള്ള അവകാശം. പ്രത്യേകിച്ചും ആധാര്‍ പോലെ സര്‍വ വ്യാപിയായ വിവരശേഖരണ പരിപാടികള്‍ നിലനില്ക്കുമ്പോള്‍. എന്നാല്‍ ഇന്ത്യന്‍ ബില്ലില്‍ ‘തിരുത്തുവാനുള്ള അവകാശം’ പ്രത്യക്ഷത്തില്‍ ഉള്ളപ്പോള്‍ തന്നെ അത് സമയബന്ധിതമാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളില്ല. മാത്രമല്ല വിവരസേവന ദാതാക്കള്‍ക്ക് തെറ്റ് തിരുത്തുവാനുള്ള അപേക്ഷകള്‍ നിരസിക്കുന്നതിനുള്ള അവകാശങ്ങളും വിഭാവനം ചെയ്യപ്പെട്ടിരിക്കുന്നു. 
അതുപോലെ തന്നെയാണ് മൊബൈല്‍ നമ്പറുകള്‍ പോര്‍ട്ട് ചെയ്യുന്നതു പോലെ വിവരങ്ങള്‍ പോര്‍ട്ട് ചെയ്യാനുള്ള അവകാശം. സേവന ദാതാക്കള്‍ തമ്മിലുള്ള ഗുണകരമായ മത്സരത്തിനും മികച്ച സേവനങ്ങള്‍ക്കും അത് വഴിയൊരുക്കും. വിവരങ്ങള്‍ മെഷീന്‍ റീഡബിള്‍ രൂപത്തില്‍ വാങ്ങുകയോ, സാങ്കേതികമായി സാധ്യമാകുന്ന ഇടങ്ങളില്‍ ഓണ്‍ലൈനായി കൈമാറ്റം ചെയ്യുകയോ ചെയ്യാം. ഇതും നമ്മുടെ കരടു ബില്ലില്‍ ഉണ്ട്, പക്ഷേ ‘ട്രേഡ് സീക്രട്ട്’ എന്ന കാരണം പറഞ്ഞ് പോര്‍ട്ടബിലിറ്റി നിരസിക്കാന്‍ സേവന ദാതാക്കള്‍ക്ക് കഴിയും. നമ്മുടെ വിവരങ്ങള്‍, അതുപയോഗിച്ച് കമ്പനി ശേഖരിച്ച വിവരങ്ങള്‍, ഇവ നമ്മള്‍ ആവശ്യപ്പെട്ടാല്‍ അതില്‍ കച്ചവട രഹസ്യമുണ്ടെന്നു പരഞ്ഞ് നിരസിക്കാനാകുക എന്നത് എത്ര അപഹാസ്യമാണ്? 
മറ്റൊന്ന് ‘വിസ്മരിക്കപ്പെടാനുള്ള അവകാശമാണ്’. നമ്മുടെ വിവരങ്ങള്‍ ഒരു സേവന ദാതാവ് ഉപയോഗിക്കുന്നത് അവസാനിപ്പിക്കാനുള്ള അവകാശമാണത്. ഇനി മുതല്‍ നിങ്ങളുടെ സേവനം എനിക്കാവശ്യമില്ല. എന്റെ വിവരങ്ങള്‍ അതിനു വേണ്ടി ഉപയോഗിക്കുകയുമരുത് എന്നു പറയുന്നതിനുള്ള അവകാശം. യൂറോപ്യന്‍ ചട്ടങ്ങളിലൊക്കെഅത് ഉറപ്പുള്ള ഒരു അവകാശമാണ്. ഇന്ത്യന്‍ ബില്ലില്‍ ആകട്ടെ അത്തരമൊരു അവകാശം ഉണ്ടെന്ന് പറയുമ്പോഴും അത് അനുവദിക്കണമോ വേണ്ടയോ എന്നൊക്കെ തീരുമാനിക്കാന്‍ ഒരു അഡ്ജ്യൂഡിക്കേറ്റിംഗ് ഓഫീസറെ ചുമതലപ്പെടുത്തിയിരിക്കുന്നു. അതുപോലെ വിവരങ്ങള്‍ മായ്ച്ചു കളയാനുള്ള അവകാശം ഉള്‍പ്പെടുത്തിയിട്ടുമില്ല.
ഇതിനോടൊപ്പം ചേര്‍ത്തു വായിക്കേണ്ടതാണ് സെക്ഷന്‍ 40. ഇന്ത്യാക്കാരുടെ വിവരങ്ങള്‍ സൂക്ഷിക്കുന്ന ഡാറ്റ സെന്ററുകള്‍ എല്ലാം ഒന്നുകില്‍ ഇന്ത്യയിലായിരിക്കണം അല്ലെങ്കില്‍ വിവരങ്ങളുടെ ഒരു പകര്‍പ്പെങ്കിലും ഇന്ത്യയില്‍ വേണം. ഇന്ത്യാക്കാരുടെ വിവരങ്ങള്‍ മറ്റൊരു രാജ്യത്ത് ലഭ്യമാകാതിരിക്കുക എന്ന സുരക്ഷാപ്രശ്‌നമാണ് വിവരശേഖരണങ്ങളുടെ പ്രാദേശികവത്കരണം എന്ന ആവശിത്തിനു പിന്നിലെ യുക്തി, എന്നാല്‍ കരട് ബില്ല് പ്രകാരം ഒരു കോപ്പി ഇന്ത്യയില്‍ ഉണ്ടായിരുന്നാല്‍ മതി. അപ്പോള്‍ ഉദ്ദേശ്യ ലക്ഷ്യം വിവരങ്ങള്‍ ഇന്ത്യ ഗവണ്മെന്റിന് ലഭിക്കാനുതകും വിധം ഇവിടെ ഇണ്ടായിരിക്കണം എന്നു മാത്രമാണെന്നു വേണം നാം മനസിലാക്കാന്‍. വളരെ ശക്തമായ സ്വകാര്യത നിയമങ്ങളുള്ള വിദേശ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളില്‍ നിന്ന് സര്‍വെയിലന്‍സിനാവശ്യമായ വിവരങ്ങള്‍ ലഭിക്കുക ബുദ്ധിമുട്ടായതുകൊണ്ടായിരിക്കാം ഇത്. 
ഈ വകുപ്പിന്റെ മറ്റൊരു വശം അത് ഇന്റര്‍നെറ്റ് എന്ന സങ്കല്പ്പത്തിനു തന്നെ വിരുദ്ധമാണെന്നതാണ്. ലോകത്തെവിടെയുമുള്ള വിവരങ്ങള്‍ വേറൊരു കോണിലിരുന്നുകൊണ്ടു നിരുപാധികം ലഭ്യമാക്കാന്‍ കഴിയുന്നതാണല്ലോ ഇന്റര്‍നെറ്റ്. അതിന്റെ സാധ്യതകള്‍ അതിവിപുലമാണുതാനും. ഈ സാധ്യതകളെ പരിമിതപ്പെടൂത്താനാണ് ഇത്തരത്തില്‍ പിന്തിരിപ്പനായ നിയമങ്ങള്‍ ഉപകരിക്കുക. ഉദാഹരണത്തിന് ലോകത്ത് പുറത്തിറങ്ങുന്ന ഏറ്റവും പുതിയ ഒരു ആപ്പ് അല്ലെങ്കില്‍ വെബ്‌സൈറ്റ് ഇന്ത്യയില്‍ ലഭ്യമാകണമെങ്കില്‍ അതിന്റെ ഡാറ്റ സെന്റര്‍ ഇന്ത്യയില്‍ ആയിരിക്കുകയോ വ്യക്തിവിവരങ്ങലുടെ ഒരു പകര്‍പ്പ് ഇന്ത്യയില്‍ ഉണ്ടായിരിക്കുകയോ വേണമെന്നു വന്നാല്‍ അത്തരമൊരു ഇരട്ട നിക്ഷേപം നടത്തി ഈ സൗകര്യങ്ങള്‍ പ്രത്യേകിച്ചും കച്ചവട മേഖലയില്‍ അല്ലാത്ത സേവനങ്ങള്‍ ഇന്ത്യക്കാര്‍ക്കു തരണം എന്നു ആര്‍ക്കാണ് നിര്‍ബന്ധം?
കോടിക്കണക്കിന് ഇന്ത്യക്കാരുടെ വിവരങ്ങള്‍ യാതൊരുവിധ വിവരസംരക്ഷണ മാനദണ്ഡങ്ങളുമില്ലാതെ ശേഖരിച്ചുപയോഗിക്കുന്ന ആധാര്‍ പദ്ധതിയെ സംരക്ഷിച്ചെടുക്കുന്നതിനുവേണ്ടി നടത്തിയിട്ടുള്ള വിട്ടുവീഴ്ചകളും പ്രധാനമാണ്. കമ്മറ്റിയുടെ റിപ്പോര്‍ട്ടില്‍ ആധാര്‍ പദ്ധതിയുമായി ബന്ധപ്പെട്ടു വച്ചിട്ടുള്ള നിര്‍ദ്ദേശങ്ങളൊന്നും കരട് ബില്ലില്‍ ഇടം നേടിയിട്ടില്ല. ഏതൊരു വ്യക്തിയുടേയും വിവരങ്ങള്‍ ശേഖരിക്കുന്നതിനും ഉപയോഗിക്കുന്നതിനും അയാളുടെ അറിവോടെയുള്ള വ്യക്തമായ സമ്മതം വേണമെന്നു പറയുന്ന നിയമത്തില്‍ കൊടുത്തിരിക്കുന്ന ഇളവുകള്‍ ഗവണ്മെന്റ് വിചാരിച്ചാല്‍ എന്തിനു വേണ്ടിയും ഏതു സാഹചര്യത്തിലും നമ്മുടെയൊക്കെ വിവരങ്ങള്‍ ഏതുവിധേനയും ഉപയോഗിക്കാനുതകുന്ന രീതിയിലാണ്.
സ്വകാര്യ വിവരങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള ഇളവുകള്‍ പ്രതിപാദിക്കുന്ന സെക്ഷന്‍ 13-ും അതീവ സ്വകാര്യ വിവരങ്ങളെപറ്റിയുള്ള സെക്ഷന്‍ 19-ും നോക്കുക. പാര്‍ലമെന്റിന്റേയോ നിയമസഭയുടേയോ ‘ഏതെങ്കിലും’ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യം വന്നാല്‍, ഗവണ്മെന്റിന്റെ നിയമപരമായ ‘ഏതെങ്കിലും’ പ്രവര്‍ത്തനത്തിന്,അല്ലെങ്കില്‍ ഏതെങ്കിലും സേവനങ്ങളോ സൗജന്യങ്ങളോ നല്കുന്നതിനു വേണ്ടിയൊക്കെ അറിവോടെയുള്ള സമ്മതമില്ലാതെ വിവരങ്ങള്‍ ശേഖരിച്ചുപയോഗിക്കാം എന്നാണ്. ‘എതെങ്കിലും പ്രവര്‍ത്തനം’ എന്നു പറയുന്നത് സ്റ്റേറ്റിന് ഒരു ബ്ലാങ്ക് ചെക്ക് നല്കുന്നതുപോലെയാണ്. ആധാര്‍ പദ്ധതിയുടെ അടിസ്ഥാനവും ഇതു തന്നെയാണ്. 
അതുപോലെ തന്നെയാണ് സെക്ഷന്‍ 17(1)(സി) പ്രകാരം ‘എതെങ്കിലും പൊതു താത്പര്യത്തിനും’ അനുവദിച്ചിരിക്കുന്ന ഇളവുകള്‍. ദേശ സുരക്ഷ, കുറ്റകൃത്യങ്ങളെ പ്രതിരോധിക്കുക, കണ്ടെത്തുക, കുറ്റാന്വേഷണം എന്നിങ്ങനെയും ഇളവുകള്‍ ഉണ്ട്. ഇതിനൊക്കെ നിയമം വേണമെന്നു പറയുമ്പോഴും, ആ നിയമങ്ങള്‍ക്കു ബാധകമാകേണ്ടുന്ന സ്വകാര്യത ചട്ടകൂടുകളെക്കുറിച്ച് ബില്ലില്‍ പരാമര്‍ശമില്ല. കമ്മറ്റി റിപ്പോര്‍ട്ടില്‍, പക്ഷേ, സ്റ്റേറ്റ് സര്‍വയിലന്‍സിനെക്കുറിച്ചും ഇന്റലിജന്‍സ് ഏജന്‍സികള്‍ക്കുമേല്‍ നിയന്ത്രണം ഉണ്ടാകേണ്ടതിന്റെ ആവശ്യകതയേക്കുറിച്ചും വാചാലമാകുന്നുണ്ട്. എന്നാല്‍ ബില്ലിലേക്കെത്തുമ്പോള്‍ സ്വന്തം നിര്‍ദ്ദേശങ്ങള്‍ തന്നെ കമ്മീഷന്‍ മറന്ന മട്ടാണ്. 
അവ്യക്തവും ദുര്‍ബലവുമായ വകുപ്പുകളിലൂടെ, പൗരന്റെ സ്വകാര്യതയ്ക്ക്, വിവരങ്ങള്‍ക്ക്, സംരക്ഷണം ലഭിക്കണമെങ്കില്‍ മൗലീകാവകാശലംഘനമെന്ന നിലയില്‍ ഓരോ സംഗതി വരുമ്പോഴും കോടതിയെ സമീപിച്ചു സമാശ്വാസം തേടേണ്ട സാഹചര്യമാണ് കരട് ബില്ല് നിയമമായാല്‍ ഉണ്ടാകാന്‍ പോകുന്നത്.സൂക്ഷ്മ പരിശോധനയില്‍, സ്വകാര്യതാ വിധിയിലൂടെ സുപ്രീം കോടതി തുറന്നിട്ട സ്വതന്ത്ര്യത്തിന്റെ വിശാല വാതായനങ്ങളെ തന്ത്രപരമായി മറയ്ക്കാന്‍ ശ്രമിക്കുന്നതാണ് ശ്രീ കൃഷ്ണ കമ്മീഷന്‍ മുന്നോട്ടു വയ്ക്കുന്ന കരട് ബില്ല്. 

This article was published in Mangalam Daily on 31/07/2018

ആധാര്‍: 50,000 കോടിയുടെ പെരുംനുണ

വിവിധ ക്ഷേമപദ്ധതികള്‍ ആധാറുമായി ബന്ധിപ്പിച്ചതുമൂലം സര്‍ക്കാരിന്‌ സബ്‌സിഡിയിനത്തില്‍ ഉണ്ടായ ലാഭം ഏകദേശം 50,000 കോടി രൂപവരുമത്രേ. ഏകീകൃത തിരിച്ചറിയല്‍ അതോറിറ്റിയുടെ സ്‌ഥാപക ചെയര്‍മാന്‍ നന്ദന്‍ നിലേകനിയുടെയും ഇപ്പോഴത്തെ സി.ഇ.ഒ. അജയ്‌ ഭൂഷണ്‍ പാണ്ഡേയുടെയും അവകാശവാദമാണിത്‌. കഴിഞ്ഞ മേയില്‍ കേന്ദ്രസര്‍ക്കാരിനുവേണ്ടി സുപ്രീം കോടതിയില്‍ എ.ജി. നല്‍കിയ കണക്കും ഇതുതന്നെ. ഇതിനു പിന്നിലെ വസ്‌തുതയെന്താണ്‌? ഇത്രയധികം ലാഭം ആധാര്‍കൊണ്ടു മാത്രം ഉണ്ടായിട്ടുണ്ടെങ്കില്‍ നമ്മുടെ സര്‍ക്കാര്‍ അനുദിനം സാമ്പത്തിക ഞെരുക്കത്തെക്കുറിച്ചു സൂചിപ്പിക്കുകയും ക്ഷേമപദ്ധതി ആനുകൂല്യങ്ങള്‍ വൈകിപ്പിക്കുകയും വെട്ടിക്കുറയ്‌ക്കുകയും ചെയ്യുന്നത്‌ എന്തുകൊണ്ടാണ്‌? പരിശോധിക്കാം; ഗവ. രേഖകള്‍ മാത്രം പരിഗണിച്ച്‌. 2016 ഡിസംബര്‍ 31 വരെയുള്ള കണക്കുപ്രകാരം ആകെ ലാഭം 49,560 കോടി രൂപയെന്നാണ്‌ വിവരസാങ്കേതിക മന്ത്രാലയം പാര്‍ലമെന്റില്‍ ചോദ്യത്തിനു മറുപടിയായി അറിയിച്ചത്‌. ഇതില്‍ 26,408 കോടി പാചക വാതക സബ്‌സിഡി ഇനത്തിലും 14,000 കോടി പൊതു വിതരണ സംവിധാനത്തില്‍നിന്നും 7633 കോടി തൊഴിലുറപ്പു പദ്ധതിയില്‍നിന്നും 1519 കോടി രൂപ മറ്റു പദ്ധതികളില്‍ നിന്നുമാണ്‌. പാചക വാതക സബ്‌സിഡിയിനത്തിലെ ലാഭം 2014-15 ല്‍ 14,672 കോടിയും 2015-16ല്‍ 6,912 കോടിയും 2016-17ല്‍ 4,824 കോടി രൂപയുമാണ്‌. ലാഭം കണക്കാക്കിയ രീതികൂടി പരിശോധിക്കേണ്ടതുണ്ട്‌. ഒരു വര്‍ഷം ഒരു വീടിന്‌ അനുവദിച്ചിട്ടുള്ള പരമാവധി സിലിണ്ടറുകളുടെ എണ്ണമായ 12 കൊണ്ട്‌ ഒരു വര്‍ഷത്തെ ശരാശരി സബ്‌സിഡി നിരക്കിനെ ഗുണിച്ച്‌ അതിനെ ഒരു വര്‍ഷം ആകെ റദ്ദു ചെയ്‌തിട്ടുള്ള കണക്ഷനുകളുടെ എണ്ണവുമായി വീണ്ടും ഗുണിക്കുകയായിരുന്നു. ഈ കണക്കുകൂട്ടലില്‍ പല പ്രശ്‌നങ്ങളുണ്ട്‌. ഒന്ന്‌: 2014 നവംബറിലാണ്‌ ആധാര്‍ അധിഷ്‌ഠിത സബ്‌സിഡി വിതരണം ആരംഭിച്ചത്‌. 2010 മുതല്‍ പാചകവാതക ഗുണഭോക്‌തൃ പട്ടികയിലെ ഇരട്ടിപ്പുകള്‍ കണ്ടെത്തി ഇല്ലാതാക്കുന്ന പ്രക്രിയ (ഡീഡൂപ്ലിക്കേഷന്‍)ഉണ്ടായിരുന്നു. അത്തരത്തില്‍ റദ്ദാക്കപ്പെട്ട കണക്ഷനുകള്‍ കൂടി ആധാര്‍ മൂലമുള്ള ലാഭക്കണക്കില്‍പ്പെടുത്തിയിരിക്കുന്നു. രണ്ട്‌, ഇന്ത്യയില്‍ ഒരു കുടുംബത്തിന്റെ ശരാശരി പാചകവാതക സിലിണ്ടര്‍ ഉപയോഗം 6.27 ആണെന്നു സി.എ.ജി. റിപ്പോര്‍ട്ട്‌തന്നെ പറയുന്നു. മറിച്ചായിരുന്നുവെങ്കില്‍ കൊമേഴ്‌സ്യല്‍ സിലിണ്ടറുകളുടെ വില്‍പ്പനയില്‍ ആനുപാതിക വര്‍ധന ഉണ്ടാകേണ്ടതായിരുന്നു. അപ്പോള്‍ 12 കൊണ്ടുള്ള ഗുണനം തെറ്റാണെന്നു കാണാം. മൂന്ന്‌, സബ്‌സിഡി സ്വയം ഉപേക്ഷിച്ച ആളുകളുടെ എണ്ണം ഇതില്‍നിന്നു കുറവു ചെയ്യേണ്ടതുണ്ട്‌. നാല്‌, സബ്‌സിഡിയിനത്തില്‍ ഉണ്ടായ ലാഭത്തിന്റെ 92 ശതമാനവും അസംസ്‌കൃത എണ്ണവിലയില്‍ ഉണ്ടായ കുറവു മൂലമാണ്‌. സി.എ.ജി. റിപ്പോര്‍ട്ടിലെ പേജ്‌ 50ല്‍ ഇത്‌ വ്യക്‌തമായി പറയുന്നുണ്ട്‌. അങ്ങനെ നോക്കിയാല്‍ ആകെ ലാഭം 1763.93 കോടിയാണ്‌. അഞ്ച്‌, 2015 നവംബര്‍ 30ലെ ക്യാബിനറ്റ്‌ സെക്രട്ടറിയുടെ കുറിപ്പില്‍ ചൂണ്ടിക്കാണിക്കുന്ന കാര്യമാണ്‌. ഇരട്ടിപ്പു നീക്കം ചെയ്യുന്നത്‌ മാസാടിസ്‌ഥാനത്തിലാണ്‌. മാസാമാസം സബ്‌സിഡി ഇനത്തിലും വ്യതിയാനം ഉണ്ടാകുന്നു. അതുകൊണ്ട്‌ ഒരു വര്‍ഷം ആകെ കണ്ടെത്തിയ ഇരട്ടിപ്പുകളുടെ എണ്ണത്തെ ശരാശരി സബ്‌സിഡി കൊണ്ടു ഗുണിക്കുന്നത്‌ വളരെ വലിയ ലാഭക്കണക്കുകളിലേക്കെത്തിക്കും. ഓരോ മാസത്തെയും കണക്ക്‌ പ്രത്യേകം എടുത്ത്‌ ആകെ ലാഭം കൂട്ടി നോക്കേണ്ടിയിരുന്നു. അതു പ്രകാരം ലാഭം വെറും 91 കോടി രൂപ മാത്രമാണ്‌. ആറ്‌, ഇതുവരെ നാം ലാഭം കണക്കാക്കിയത്‌ ആധാര്‍ പദ്ധതി പ്രാബല്യത്തില്‍വരുത്താനുള്ള ചെലവു കണക്കിലെടുക്കാതെയാണ്‌. ഇതുകൂടി പരിഗണിച്ച്‌ ഐ.ഐ.എസ്‌.ഡി. എന്ന കനേഡിയന്‍ ഏജന്‍സിയുടെ റിപ്പോര്‍ട്ട്‌ അനുസരിച്ച്‌ ആധാര്‍ ബന്ധിപ്പിക്കുന്നതുമൂലം ഉണ്ടായിരിക്കുന്നത്‌ 97 കോടി രൂപയുടെ നഷ്‌ടമാണ്‌. റിസര്‍വ്‌ ബാങ്കിന്റെ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഫോര്‍ ഡെവലപ്‌മെന്റ്‌ ആന്‍ഡ്‌ റിസര്‍ച്ച്‌ ഇന്‍ ബാങ്കിങ്‌ ടെക്‌നോളജി പുറത്തിറക്കിയ പഠന റിപ്പോര്‍ട്ടിലും ഇക്കാര്യം പരാമര്‍ശിച്ചിട്ടുണ്ട്‌. 50,000 കോടി രൂപയുടെ കണക്കില്‍ രണ്ടാമത്തെ വലിയ ഭാഗം പൊതു വിതരണ സംവിധാനത്തില്‍ നിന്നുമാണ്‌. 2.33 കോടി ഡൂപ്ലിക്കേറ്റ്‌ റേഷന്‍ കാര്‍ഡുകള്‍ കണ്ടെത്തിയതിലൂടെ 14,000 കോടി രൂപ ലാഭിച്ചു എന്നായിരുന്നു വാദം. 2016 സെപ്‌റ്റംബര്‍ 15ന്‌ ഭക്ഷ്യ സെക്രട്ടറിയുടെ കോണ്‍ഫറന്‍സില്‍ പറയുന്നതുപോലെ കമ്പ്യൂട്ടര്‍ വത്‌കരണത്തിലൂടെ കണ്ടെത്തിയ ഇരട്ടിപ്പുകളും സാമ്പത്തിക നിലയില്‍ വന്ന മാറ്റം മൂലം (ബി.പി.എല്‍/എ.പി.എല്‍) സംഭവിച്ച കുറവും സ്‌ഥലം മാറ്റവും മരണവും കുടിയേറ്റവും ആധാര്‍ അധിഷ്‌ഠിത ഡീഡ്യൂപ്ലിക്കേഷനും എല്ലാം ചേര്‍ന്നതാണ്‌ ഈ 2.33 കോടി. പാര്‍ലമെന്റില്‍ സര്‍ക്കാര്‍ നല്‍കിയ മറുപടി പ്രകാരം ആധാര്‍ സീഡിങ്‌ ആരംഭിച്ചിട്ടേയില്ലാത്ത അസമില്‍ 72,746 റേഷന്‍ കാര്‍ഡുകളാണ്‌ റദ്ദാക്കപ്പെട്ടത്‌. 100% ആധാര്‍ സീഡിങ്‌ നടത്തിയ കേരളത്തില്‍ ഒരു കാര്‍ഡ്‌ പോലും റദ്ദാക്കപ്പെട്ടിട്ടുമില്ല. അതില്‍നിന്ന്‌ 14,000 കോടിയുടെ അവകാശവാദം അസംബന്ധമാണെന്നു വ്യക്‌തം. തൊഴിലുറപ്പു പദ്ധതിയിലോ മറ്റു പരിപാടികളിലോ ഉണ്ടായിട്ടുള്ള ലാഭം എങ്ങനെ കണക്കാക്കിയെന്ന്‌ വിവരാവകാശ നിയമപ്രകാരം ആരാഞ്ഞിട്ടും സര്‍ക്കാര്‍ ഉത്തരം നല്‍കിയിട്ടില്ല. അതിനര്‍ഥം പാചകവാതക സബ്‌സിഡിയിലും പൊതുവിതരണ സംവിധാനത്തിലും നല്‍കിയതുപോലുള്ള കണക്കുകള്‍ പോലും സര്‍ക്കാരിന്റെ അവകാശവാദങ്ങളെ സാധൂകരിക്കാന്‍ നിലവിലില്ല എന്നാണ്‌. കോടികള്‍ മുടക്കി നടപ്പാക്കിയ ആധാര്‍ പദ്ധതികൊണ്ട്‌ സര്‍ക്കാരിനോ ജനത്തിനോ നേട്ടങ്ങളൊന്നും ഉണ്ടായിട്ടില്ല എന്ന്‌ സര്‍ക്കാര്‍രേഖകളില്‍നിന്നുതന്നെ വ്യക്‌തം. ആയിരങ്ങളാണ്‌ ആധാര്‍ ഇല്ലാത്തതിന്റെ പേരിലും ഉണ്ടായിരുന്നിട്ടും പല സേവനങ്ങളുമായി ബന്ധിപ്പിക്കാന്‍ കഴിയാത്തതിന്റെ പേരിലും റേഷനും പെന്‍ഷനും ചികിത്സയും നിഷേധിക്കപ്പെട്ടു നരകിക്കുന്നത്‌. കുട്ടികള്‍ വിശന്നു മരിക്കുമ്പോള്‍ ഓരോ മരണവും ആധാര്‍ ഡീഡൂപ്ലിക്കേഷന്റെ ലാഭക്കണക്കിലെഴുതിച്ചേര്‍ത്ത്‌ ഭരണകൂടം ആനന്ദിക്കുകയാണ്‌. 50,000 കോടിയുടെ നുണ ആവര്‍ത്തിക്കപ്പെടുകയാണ്‌.

published in Mangalam Daily: on 25/12/2017