Home Blog Page 11

മാര്‍ക്‌സിസം: അംബേദ്കറിസത്തിലൂടെ ദളിത് മാര്‍ക്‌സിസത്തിലേക്ക് അഥവാ രോഹിത് വെമുലയുടെ ജീവിതം

Our Sorrows will never be sad enoughOur joys will never be happy enoughOur dreams never big enoughOur lives never important enoughTo matter….
Arundhathi  Roy (God of Small Things)

ആല്‍ബര്‍ കമ്യൂ പറഞ്ഞു: ലോകത്തിലെ ഏറ്റവും മനോഹരമായ തത്വശാസ്ത്രം ആത്മഹത്യയാണ്. രോഹിത് വെമുലയുടെ തത്വശാസ്ത്രം പക്ഷേ, ജീവിതത്തിന്റേതായിരുന്നു. ഇല്ലായ്മയുടേയും ദുരിതാനുഭവങ്ങളുടേയും കടുത്ത അവഗണനയുടേയും സാമൂഹ്യ പശ്ചാത്തലത്തില്‍ നിന്നും ജന്മാന്തര ദുരിതങ്ങളോടു പടവെട്ടി രാജ്യത്തെ ഏറ്റവും മികച്ച ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നില്‍ പ്രവേശനം നേടിയ പ്രതിഭാശാലിയായ യുവാവായിരുന്നു രോഹിത്. വളരെ ചെറുപ്രായം മുതല്‍ അച്ഛന്റെ സ്‌നേഹമെന്തെന്നറിയാതെ വളര്‍ന്ന കുട്ടി. ഒരു തയ്യല്‍ മെഷീനില്‍ അമ്മ തുന്നിയെടുത്ത ജീവിതം. ദാരിദ്ര്യത്തിലും ദുരിതങ്ങളിലും പതറാതെ, ഇടറാതെ അറിവിന്റെ വിശാലമായ ആകാശങ്ങള്‍ തേടിയ യുവാവ്. സാഹചര്യങ്ങളെ ഓര്‍ത്ത് വിലപിക്കാനുള്ളതല്ല, ജീവിതം പൊരുതി ജയിക്കാനുള്ളതാണെന്ന് ലോകത്തിനും തന്റെ സമുദായത്തിനും കാണിച്ചുകൊടുത്ത വിദ്യാര്‍ത്ഥി. ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയില്‍ ഗവേഷകനായി  JRF സ്‌കോളര്‍ഷിപ്പോടെയാണ് രോഹിത് പഠിച്ചിരുന്നത്. JRF  ലഭിച്ച സന്തോഷത്തില്‍ മധുരവുമായി തന്നെ കാണാന്‍ വന്ന രോഹിതിനോട് അധ്യാപകന്‍ ചോദിച്ചത് ”ഇത്തവണ ചോദ്യങ്ങള്‍ അത്ര എളുപ്പമായിരുന്നല്ലേ?” എന്നാണ്. ആ നേരം അധ്യാപകന്റെ മുഖത്തു വിരിഞ്ഞ അവിശ്വസനീയതയുടെ ഭാവം. അവന്‍ നല്‍കിയ മധുരം അല്‍പം എടുത്ത് കഴിച്ചുവെന്നു വരുത്തി തിരിച്ചുനല്കുമ്പോള്‍അത് അസഹിഷ്ണുതയുടെ ഭാവപ്പകര്‍ച്ചയാണെന്ന് രോഹിത് തിരിച്ചറിഞ്ഞിരുന്നു. ദളിത് അവസ്ഥയെക്കുറിച്ചുള്ള ഈ തിരിച്ചറിവുകളാണ് രോഹിത്തിന്റെ രാഷ്ട്രീയ നിലപാടുകളെ രൂപപ്പെടുത്തിയത്.
തന്റെ Facebook വാളില്‍ രോഹിത് എഴുതി: ചരിത്രത്തില്‍, ഒരു ദിവസം, അരണ്ട വെളിച്ചത്തില്‍ മഞ്ഞച്ചു പഴകിയ താളുകളില്‍ നിങ്ങളെന്നെ കണ്ടുമുട്ടും. ഞാന്‍ അല്‍പം കൂടി ബുദ്ധികാട്ടിയിരുന്നെങ്കില്‍ എന്നു നിങ്ങള്‍ ആഗ്രഹിക്കും, ആ രാത്രി എന്നെ നിങ്ങളോര്‍ക്കും, ഒരു മന്ദസ്മിതത്തോടെ എന്നെ നിങ്ങളറിയും അന്ന്, ആ ദിവസം ഞാന്‍ പുനര്‍ജനിക്കും. (ഉയിര്‍ക്കും)വേദനയുടെ എരിയുന്ന വിളക്കും വിഷചഷകവും കയ്യിലേന്തിയ യുഗാന്തരങ്ങള്‍ക്കപ്പുറം ജന്മാന്തര ദുരിതങ്ങളുടെ പ്രകാശവേഗങ്ങള്‍ക്കപ്പുറം ഒരു നക്ഷത്രമായി പുനര്‍ജനിക്കുമെന്ന് രോഹിത് കരുതിയിരുന്നു. അയാള്‍ എഴുതിയതൊക്കെ അയാളനുഭവിച്ച വേദനയാണ്, അതിലേറെ വേദന അയാളനുഭവിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ അയാളുടെ വാചകങ്ങളില്‍ ദുരിതത്തിന്റെ വിത്തുകളുണ്ട്. സ്വയം ശൂന്യമെന്ന് ചിന്തിക്കേണ്ടുന്ന ആത്മബോധത്തിന്റെ ദൈന്യതലങ്ങളിലേക്ക് അയാളെ ആട്ടിപ്പായിച്ച സാമൂഹ്യവ്യവസ്ഥിതിയുടെ അവസാനം കുറിക്കുന്ന പോരാട്ടത്തിന്റെ വിത്തുകള്‍. അത് മൂവായിരത്തിലേറെ വര്‍ഷങ്ങളായി നിലനില്‍ക്കുന്ന ശ്രേണിബദ്ധ അസമത്വത്തിന്റെ സാമൂഹ്യഘടനയെ തച്ചുടയ്ക്കുക തന്നെ ചെയ്യും.

Carl Sagan

രോഹിത്, കാള്‍ സാഗനെപ്പോലെ ഒരു ശാസ്ത്രസാഹിത്യകാരനാകാനായിരുന്നു നിന്റെ ഒരു മോഹം. ഞങ്ങള്‍ക്കു നീ ബാക്കിയാക്കുന്നത് നിന്റെ വാക്കുകള്‍ മാത്രമാണ്. ഇന്നു ഞങ്ങളുടെ ഓരോ വാക്കിനും നിന്റെ മരണത്തിന്റെ ഭാരമുണ്ട്, ഓരോ കണ്ണുനീര്‍ത്തുള്ളിയും നിന്റെ പൂര്‍ത്തീകരിക്കാത്ത സ്വപ്നം പേറുന്നുണ്ട്. നീ പറയുന്ന സ്‌ഫോടനാത്മകമായ നക്ഷത്രധൂളിയായ് ഞങ്ങള്‍ മാറും. ഈ നിഷ്ഠൂരമായ ജാതിവ്യവസ്ഥയെ തകര്‍ത്തെറിയും. ഈ രാജ്യത്തെ ഓരോ യൂണിവേഴ്‌സിറ്റിയിലും, കോളേജിലും സ്‌കൂളിലും നിന്റെ സമരവീര്യം ഞങ്ങളുടെ മുദ്രാവാക്യത്തില്‍ നിറയും. മീനാ കന്ദസ്വാമിയുടെ വാക്കുകള്‍ പ്രതിഫലിപ്പിക്കുന്നത് രാജ്യത്തിന്റെ വിവിധ സര്‍വ്വകലാശാലകളില്‍ ഉരുത്തിരിയുന്ന പൊതുവികാരമാണ് ”ചലോ HCU ” എന്ന പേരില്‍ രാജ്യത്തിന്റെ വിവധഭാഗങ്ങളില്‍ നിന്ന് യൂണിവേഴ്‌സിറ്റിയിലേക്ക് ഒഴുകിയെത്തുന്നത് നൂറുകണക്കിന് വിദ്യാര്‍ത്ഥികളാണ്. ഇന്ത്യയില്‍ മാത്രമല്ല ആഫ്രിക്കയില്‍ പെന്‍സില്‍വാലിയ, ന്യൂയോര്‍ക്കില്‍  സാന്‍ഫ്രാന്‍സിസ്‌കോയില്‍, കേംബ്രിഡ്ജില്‍, യേല്‍…….പ്രതിഷേധം ശക്തി പ്രാപിക്കുക തന്നെയാണ്.രോഹിതിന് എന്താണ് സംഭവിച്ചത്?
രാജ്യത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ആദ്യമായല്ല, ദളിത് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്യുന്നത്.  ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയിലെ പോലും ആദ്യത്തെ സംഭവമല്ലത്. മറ്റെല്ലാ മേഖലകളിലുമെന്നപോലെ  അല്ലെങ്കില്‍ അതിലേറെ ജാതിവിവേചനം നിലനില്‍ക്കുന്ന മേഖലയാണ് ഉന്നത വിദ്യാഭ്യാസം.  ഇതേക്കുറിച്ച് പഠിച്ചിട്ടുള്ള നിരവധി കമ്മിറ്റികളുടെ റിപ്പോര്‍ട്ടുകള്‍ അതാതു സ്ഥാപനങ്ങളില്‍ ഒരിക്കലും തുറക്കാത്ത അലമാരകളില്‍ ഭദ്രമായി ഇരിക്കുന്നുണ്ട്. രോഹിത് ഒരു പ്രതീകമായിരുന്നു. നിര്‍ഭയ സ്ത്രീയുടെ അവകാശ സംരക്ഷണത്തിന്റെ വെളിച്ചമായതുപോലെ. അതിനു പ്രധാനകാരണം യൂണിവേഴ്‌സിറ്റി അധികാരികളുടേയും ഭരണസംവിധാനത്തിന്റേയും ഭാഗത്തു നിന്നുണ്ടായ പക്ഷപാതപരമായ സമീപനം പകല്‍പോലെ വ്യക്തമാണ്എന്നതാണ്.സവര്‍ണ്ണ ഹൈന്ദവ വിദ്യാര്‍ത്ഥി, എ ബി വി പിയും ക്യാമ്പസിലെ അംബേദ്കറൈറ്റ് സംഘടനയായ അംബേദ്കര്‍ സ്റ്റുഡന്‍സ് അസോസിയേഷനും തമ്മിലുള്ള സംഘര്‍ഷമാണ് പിന്നീട് രോഹിത്തിന്റെ മരണത്തിലേക്കു നയിച്ച നടപടികളുടെ ആരംഭം. യാക്കൂബ് മേമന്റെ വധശിക്ഷയുള്‍പ്പെടെയുള്ള പലകാര്യങ്ങളിലും അടഅ സ്വീകരിച്ച നിലപാടുകള്‍ ABVP യെ ചൊടിപ്പിച്ചിരുന്നു. മുസാഫിര്‍ നഗര്‍ കലാപത്തിന്റെ രാഷ്ട്രീയം പറയുന്ന ”മുസാഫിര്‍ നഗര്‍ ബാക്കി ഹേ” എന്ന ഡോക്യുമെന്ററിയുടെ പ്രദര്‍ശനവുമായി ബന്ധപ്പെട്ട് ASA-ABVP തര്‍ക്കമുണ്ടായിരുന്നു. അടഅ കൊള്ളക്കാരുടെ ഒരു കൂട്ടമാണ് എന്ന് ഫേസ്ബുക്ക് പോസ്റ്റിടുന്നു. ASA പ്രതിഷേധത്തെ തുടര്‍ന്ന് സുശീലിന് പോസ്റ്റ് പിന്‍വലിച്ച് മാപ്പുപറയേണ്ടി വരുന്നു. ഇത് 2015 ആഗസ്റ്റ് 3 നാണ്. തുടര്‍ന്ന് അന്നു രാത്രി 30  ASA പ്രവര്‍ത്തകര്‍ ഹോസ്റ്റല്‍ മുറിയിലെത്തി മര്‍ദ്ദിച്ചുവെന്ന് ആരോപിച്ച് സുശീല്‍കുമാര്‍ ആശുപത്രിയില്‍ അഡ്മിറ്റായിരുന്നു. യൂണിവേഴ്‌സിറ്റിയ്ക്ക്  പരാതി നല്‍കുന്നു. ഇതേ തുടര്‍ന്നാണ് രോഹിത് ഉള്‍പ്പെടെ അഞ്ച് അടഅ പ്രവര്‍ത്തകര്‍ക്കെതിരെ നടപടി ഉണ്ടാകുന്നത്.സുശീലിന്റെ പരാതിയെത്തുടര്‍ന്ന് സര്‍വ്വകലാശാലയുടെ ജൃീരീേൃശമഹ ആീമൃറ പരാതി അന്വേഷിച്ചു. കഴമ്പില്ലെന്നായിരുന്നു പ്രാഥമിക നിഗമനം. ”കൃഷ്ണചൈതന്യ ഹോസ്പിറ്റലില്‍ നിന്നോ, ഡോ.അനുപമ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ നിന്നോ സുശീല്‍ കുമാറിനെ മര്‍ദ്ദിച്ചുവെന്നതിന് തെളിവുകള്‍ കണ്ടെത്താനായിട്ടില്ല. സുശീല്‍ കുമാറിന് നടത്തിയ ശസ്ത്രക്രിയ മര്‍ദ്ദനമേറ്റതിനെ തുടര്‍ന്നാണെന്നും മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നില്ല.” ഇരു സംഘടനകള്‍ക്കും മുന്നറിയിപ്പു  നല്കി പ്രശ്‌നം അവസാനിപ്പിക്കാന്‍ തീരുമാനിച്ചു. എന്നാല്‍ പിന്നീട് കാര്യങ്ങള്‍  മാറി മറിയുകയായിരുന്നു.
ABVP യ്ക്കു വേണ്ടി രാഷ്ട്രീയ ഭരണ സമ്മര്‍ദ്ദങ്ങള്‍ ശക്തമായി. 2015 ആഗസ്റ്റ് 31ന് സമര്‍പ്പിക്കപ്പെട്ട അന്തിമ റിപ്പോര്‍ട്ടില്‍ അടഅ പ്രവര്‍ത്തകര്‍ കുറ്റക്കാരാണെന്നും 5 വിദ്യാര്‍ത്ഥികളെ പുറത്താക്കണമെന്നും നിര്‍ദ്ദേശിക്കപ്പെട്ടു. പ്രശാന്ത്, രോഹിത്, സേഷ്ഠ, വിജയ്, സുകണ്ണ എന്നീ അഞ്ചു വിദ്യാര്‍ത്ഥികളെ സസ്‌പെന്‍ഡു ചെയ്തു. SFI ഉള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥി സംഘടനകള്‍ പ്രതിഷേധിച്ചു. വൈസ്ചാന്‍സലറായിരുന്ന പ്രൊഫ. ആര്‍.പി. ശര്‍മ്മ വിദ്യാര്‍ത്ഥികളുമായി ചര്‍ച്ച നടത്തി. സസ്‌പെന്‍ഷന്‍ പിന്‍വലിക്കാനും സംഭവം പുതിയ കമ്മിറ്റിയെകൊണ്ട് അന്വേഷിപ്പിക്കാനും തീരുമാനമായി. എന്നാല്‍, പിന്നീട് വൈസ്ചാന്‍സലറായി ചാര്‍ജ്ജെടുത്ത അപ്പാറാവു ഈ തീരുമാനം അട്ടിമറിച്ചു. അന്വേഷണം ഉണ്ടായില്ല.  സര്‍വ്വകലാശാലയുടെ Executive Council രോഹിത് ഉള്‍പ്പെടെ അഞ്ച് അടഅ പ്രവര്‍ത്തകരെ ഹോസ്റ്റല്‍, ലൈബ്രറി, കാന്റീന്‍, ഉള്‍പ്പെടെ കാമ്പസിലെ പൊതു ഇടങ്ങളില്‍ നിന്നും ദളിത് വിദ്യാര്‍ത്ഥികള്‍ക്ക് ഭ്രഷ്ട് കല്പിച്ചുകൊണ്ടുള്ള അസാധാരണമായ നടപടി സ്വീകരിക്കുകയായിരുന്നു. നിരാലംബരായ വിദ്യാര്‍ത്ഥികള്‍ അന്നുമുതല്‍ തെരുവിലാണ് താമസിച്ചിരുന്നത്. ദളിത് ഘെറ്റോ എന്നാണ് അവരതിനെ വിളിച്ചത്. 14 ദിവസം ഇവരുമായി ചര്‍ച്ച നടത്താന്‍ പോലും വൈസ്ചാന്‍സലര്‍ തയ്യാറായില്ല. തുടര്‍ന്നായിരുന്നു രോഹിതിന്റെ ജീവത്യാഗം.ABVP നേതാവ് സുശീല്‍കുമാര്‍, BJP നേതാവും കേന്ദ്രമന്ത്രിയുമായ ബന്‍ഡാരു ദത്താത്രേയയെ സമീപിക്കുന്നതാണ് രാഷ്ട്രീയ അധികാര സമ്മര്‍ദ്ദങ്ങളുടെ തുടക്കം. 2015 ആഗസ്റ്റ് 17ന് ”ജാതിവെറിയരും തീവ്രവാദികളും-  ദേശവിരുദ്ധരുമായ അടഅ വിദ്യാര്‍ത്ഥികള്‍ സുശീലിനെ മര്‍ദ്ദിച്ചുവെന്നും അടിയന്തിരമായി ഇടപെടണമെന്നും ആവശ്യപ്പെട്ടുകൊണ്ട് മാനവവിഭവശേഷി മന്ത്രി ശ്രീമതി സമൃതി ഇറാനിക്ക് കത്തെഴുതുന്നു. ഇതു ചൂണ്ടിക്കാണിച്ചുകൊണ്ട് സെപ്തംബര്‍ 3, സെപ്തംബര്‍ 24, ഒക്‌ടോബര്‍ 6, ഒക്‌ടോബര്‍ 20, നവംബര്‍ 19 തീയതികളിലായി  അഞ്ചു കത്തുകളാണ് കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തില്‍ നിന്നും യൂണിവേഴ്‌സിറ്റിയിലേക്ക് അയച്ചിട്ടുള്ളത്. കത്തുകളിലെ വാക്കുകള്‍ ശ്രദ്ധിക്കുക. ഒരു വിദ്യാര്‍ത്ഥി സംഘടനയെ വളരെക്കാലമായി പ്രവര്‍ത്തിക്കുന്ന സര്‍വ്വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പില്‍ അധികാരത്തിലെത്തിയിട്ടുള്ള ഒരു വിദ്യാര്‍ത്ഥി സംഘടനയെ ദേശവിരുദ്ധരാണെന്ന അപകടകരമായ സൂചന എത്ര ലാഘവത്തോടെയാണ് സൃഷ്ടിക്കപ്പെടുന്നത് എന്നു കാണുക..മോഡി ഗവണ്‍മെന്റ് അധികാരത്തിലേറിയ ശേഷം ഇതാദ്യമായല്ല ദളിത് സംഘടനകളുമായി ബന്ധപ്പെട്ട് ഇത്തരം നടപടികള്‍ ഉണ്ടാകുന്നത്.  മദ്രാസ്സ് IIT യിലെ അംബേദ്ക്കര്‍ -പെരിയോര്‍- സ്റ്റഡിസെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ നിരോധിച്ചതുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദങ്ങള്‍ ഓര്‍ക്കുക. കേന്ദ്രഗവണ്‍മെന്റിന്റേയും മോഡിയുടേയും സാമ്പത്തിക- സാമൂഹ്യ നയങ്ങളെ വിമര്‍ശിച്ചതിനായിരുന്നു നടപടി. രാജ്യവ്യാപകമായ പ്രതിഷേധമുയര്‍ന്നപ്പോഴാണ് ഗവണ്‍മെന്റ് നടപടിയില്‍ നിന്നും പിന്മാറിയത്.

സത്യവിരുദ്ധ പ്രചാരങ്ങളുടെ സംഘമുഖം  

ദളിത് സംഘടനകള്‍  മുന്നോട്ടുവയ്ക്കുന്ന രാഷ്ട്രീയത്തെ നുണപ്രചാരങ്ങള്‍ കൊണ്ടും സംഘബലത്തെ രാഷ്ട്രീയാധികാരം കൊണ്ടും നേരിടുക എന്നത് സവര്‍ണ്ണഫാഷിസത്തിന്റെ  പൊതു രീതിയാണ്. ഇവിടെ അംബേദ്ക്കര്‍ സ്റ്റുഡന്റ്‌സ് അസ്സോസിയേഷനെക്കുറിച്ചുയരുന്ന  ആദ്യആരോപണം അവര്‍ ദേശവിരുദ്ധരാണ് എന്നതാണ്. യാക്കൂബ് മേമന്റെ വധശിക്ഷ വിമര്‍ശിച്ചുകൊണ്ട് നിലപാടെടുത്തതാണ് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.  ഭരണഘടന അനുവദിക്കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിനകത്തുനിന്നു കൊണ്ട് വിയോജിപ്പുകള്‍ പ്രകടിപ്പിക്കുന്നത് ദേശവിരുദ്ധരാകുന്നത് എങ്ങനെയാണ്? വധശിക്ഷയ്‌ക്കെതിരെ ഒരു പൊതു നിലപാടെടുക്കുന്നതിനെ ഭീകരപ്രവര്‍ത്തനത്തിനുള്ള പിന്തുണയായി ചിത്രീകരിക്കപ്പെടുന്നതിന്റെ പിന്നിലുള്ള യുക്തിയെന്താണ്.?യാക്കൂബ് മേമന്റെ വധശിക്ഷയ്‌ക്കെതിരെ പ്രതികരിച്ച ഏകസംഘടനയല്ല അടഅ . The Hindu വും IndianExpress ഉം ഉള്‍പ്പെടെയുള്ള രാജ്യത്തെ പത്രമാധ്യമങ്ങളില്‍ പലതും ഈയൊരു നിലപാടെടുത്തിട്ടുണ്ട്. ഞഅണ യുടെ മുന്‍ മേധാവി ബി.രാമന്‍, എം.ജി മോഹന്‍ദാസ്, എച്ച്.എസ് ബേദി, പി.ബി സാവന്ത്, എച്ച് സുരേഷ്, കെ.പി സുബ്രഹ്മണ്യം, എസ്.എന്‍ ഭാര്‍ഗവ, കെ ചന്ദ്ര, മാര്‍ക്കണ്‌ഡേയ കട്ജു തുടങ്ങിയ നിരവധി മുന്‍ ജഡ്ജിമാര്‍ രാംജഠ് മലാനി, ശത്രുഘ്‌നന്‍ സിന്‍ഹ, മണിശങ്കര്‍ അയ്യര്‍, സീതാറാം യെച്ചൂരി, ശശി തരൂര്‍, റ്റി ശിവ, ദിവാകര്‍ ഭട്ടാചാര്യ, കെ.ടി എസ് തുളസി, എന്‍ റാം, നസ്‌റുദ്ദീന്‍ ഷാ, മഹേഷ് ഭട്ട്, തുഷാര്‍ ഗാന്ധി തുടങ്ങി രാഷ്ട്രീയ സാംസ്‌ക്കാരിക മാധ്യമ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഒരുപാടു പ്രമുഖര്‍ ഇതേ നിലപാടെടുത്തിട്ടുവള്ളരാണ്.ഇവരൊക്കെ ദേശവിരുദ്ധരാണോ? മറ്റൊരുവാദം രാജ്യത്തെ പരമോന്നത നീതിപീഠത്തിന്റെ ഉത്തരവിനെ ചോദ്യം ചെയ്യുന്നത് തെറ്റാണ് എന്നതാണ്. പക്ഷേ, ഒരു ജനാധിപത്യ സംവിധാനത്തില്‍ എങ്ങനെയാണ് കോടതികള്‍ വിമര്‍ശനാതീതമാകുന്നത്? നമ്മുടെ രാഷ്ട്രീയ നേതാക്കള്‍ തന്നെ കോടതിവിധികളെ വിമര്‍ശിക്കാറില്ലേ. ദേശീയ ജുഡീഷ്യല്‍ നിയമനങ്ങളുമായി ബന്ധപ്പെട്ടുവന്ന സുപ്രീം കോടതി വിധിയെ വിമര്‍ശിച്ചുകൊണ്ട് നമ്മുടെ ധനകാര്യ മന്ത്രി തന്നെ രംഗത്തു വന്നില്ലേ? അതെല്ലാം ആരോഗ്യകരമായ ജനാധിപത്യസംവിധാനത്തിന് അനിവാര്യമാണ്. ഇത്തരം ഭിന്നാഭിപ്രായങ്ങളും ആശയസംവാദങ്ങളുമാണ് ജനാധിപത്യത്തെ ജീവത്താക്കുന്നത്. എതിര്‍ രാഷ്ട്രീയമുള്ളവരെ ദേശവിരുദ്ധരായി ചിത്രീകരിക്കുന്നത് ഫാഷിസത്തിന്റെ രീതിയാണ്, ജനാധിപത്യത്തിന്റേതല്ല.
രണ്ടാമത്തെ വലിയ നുണയായിരുന്നു രോഹിത് ദളിതനല്ല എന്ന പ്രചാരണം. ആന്ധ്രാപ്രദേശ് റവന്യു വകുപ്പ് നല്‍കിയ ജാതി സര്‍ട്ടിഫിക്കറ്റ് പുറത്തു വന്നതോടെ ആ വാദവും പൊളിഞ്ഞു. രോഹിതിന്റെ അച്ഛന്‍ ദളിതനല്ല, പിന്നോക്ക വിഭാഗക്കാരന്‍ മാത്രമാണ് എന്നതാണ് സംഘപരിവാര്‍ ഉയര്‍ത്തിയ വാദം. വളരെ ചെറു പ്രായത്തില്‍ അച്ഛന്‍ ഉപേക്ഷിച്ചു പോയതാണ് രോഹിതിനെ. ഒരു ദളിത് സ്ത്രീയായ അമ്മയ്‌ക്കൊപ്പം ഒരു ദളിതനായാണ് രോഹിത് വളര്‍ന്നതും ജീവിച്ചതും. അച്ഛന്‍ ഏതു വിഭാഗക്കാരനാണെങ്കിലും രോഹിതിന്റെ സ്വത്വവും വ്യക്തിത്വവും രൂപപ്പെട്ടത് ഒരു ദളിതനായി തന്നെയാണ്. അതാണ് രാജ്യത്ത് നിലവിലുള്ള നിയമം. അതാണ് നാട്ടുനടപ്പും.NSS ന്റെ സ്ഥാപകനായ മന്നത്ത് പത്മനാഭന്റെ ജാതി നാം അറിയുന്നത് അദ്ദേഹത്തിന്റെ അച്ഛന്‍ ആരാണെന്നും അയാളുടെ ജാതി ഏതെന്നും നോക്കിയല്ലല്ലോ? ഈശ്വരന്‍ നമ്പൂതിരിക്കു ജനിച്ചതാണെങ്കിലും മന്നം വളര്‍ന്നതും ജീവിച്ചതും നായരായാണ്. അതു തന്നെയാണ് അദ്ദേഹത്തിന്റെ ജാതിയും. രോഹിതിന്റെ ഉപേക്ഷിച്ചു പോയ അച്ഛനെ കണ്ടെത്തിയാനയിച്ച് അത് ടെലിവിഷന്‍ ചര്‍ച്ചകളില്‍ പുച്ഛമടക്കി വിളമ്പുന്ന വക്താക്കളാരും മന്നത്തിന്റെ പിതൃത്വം തേടി പോയതായി അറിയില്ല.മൂന്നാമത്തെ നുണ സുശീല്‍കുമാറിനെ രോഹിതും കൂട്ടരും മര്‍ദ്ദിച്ചു എന്നാണ്. മുപ്പതുപേര്‍ കൂട്ടം ചേര്‍ന്ന് ഹോസ്റ്റല്‍ മുറിയില്‍ നിന്ന് വലിച്ചു പുറത്തിട്ട് വലിച്ചിഴയ്ക്കുകയും മര്‍ദ്ദിക്കുകയും ചെയ്തു എന്നാണ് യൂണിവേഴ്‌സിറ്റിയ്ക്കും പിന്നീട് കോടതിയിലും പരാതി നല്‍കിയിരിക്കുന്നത്. Proctorial Board ന്റെ പ്രാഥമിക അന്വേഷണത്തില്‍ പറയുന്നുണ്ട് സ്ഥലത്തുണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാരാരും അങ്ങനെയൊരു അക്രമം കണ്ടതായി മൊഴി നല്‍കിയിട്ടില്ല എന്ന്.ആഗസ്റ്റ് 4ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട സുശീല്‍ അപ്പെന്റിസൈറ്റിസിനുള്ള ശസ്ത്രക്രിയയ്ക്കാണ് വിധേയനായത് എന്ന് ആശുപത്രി രേഖകള്‍ വ്യക്തമാക്കുന്നു. അതാകട്ടെ ഏതെങ്കിലും തരത്തിലുള്ള മര്‍ദ്ദനത്തിന്റെ ഫലമല്ല താനും. തോളില്‍ ‘നിസാര’ മായ ഒരു പാടുണ്ടായിരുന്നു എന്നല്ലാതെ ആക്രമണ വിധേയനായതിന്റെ ഒരു ലക്ഷണവും സുശീലിന് ഉണ്ടായിരുന്നില്ല. 2015 ഒക്‌ടോബര്‍ 3ന്, ഹൈദരാബാദ് പോലീസ് കമ്മീഷണര്‍ കോടതിയില്‍ നല്‍കിയിട്ടുള്ള 7 പേജ് വരുന്ന എതിര്‍ സത്യവാങ്മൂലത്തില്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും അതുകൊണ്ടു തന്നെ പരാതി തള്ളിക്കളയണമെന്നുമാണ് പോലീസ് കമ്മീഷണര്‍ കോടതിയില്‍ ആവശ്യപ്പെട്ടിട്ടുള്ളത്.
മറ്റൊരു ദുരാരോപണം ASA നക്‌സലൈറ്റ് ആണെന്നായിരുന്നു. അങ്ങനെയല്ലെന്നതിന് ഏറ്റവും വലിയ തെളിവ് ഈ നുണപ്രചാരണങ്ങള്‍ തുടരുവാന്‍ ഇവരൊക്കെ ഇപ്പോഴും ജീവനോടെ ഉണ്ട് എന്നതാണ്. ഭരണഘടന അനുവദിക്കുന്ന ഇടങ്ങളിലൂടെ തന്നെയാണ്  ASA യുടെ രാഷ്ട്രീയവും നീങ്ങിയത്.
കാര്യങ്ങള്‍ വിശദീകരിക്കാനായി മന്ത്രി സ്മൃതി ഇറാനി നടത്തിയ പത്ര സമ്മേളനത്തില്‍ ഉന്നയിക്കപ്പെട്ട അവകാശവാദങ്ങളെല്ലാം തന്നെ സത്യവിരുദ്ധമായിരുന്നു. രോഹിതിന്റെ ജീവത്യാഗവുമായി ബന്ധപ്പെട്ട് വിമര്‍ശനം ഉയര്‍ന്നപ്പോള്‍ ഗവണ്‍മെന്റിന്റെ ആദ്യവാദം അത് യൂണിവേഴ്‌സിറ്റിയ്ക്കകത്തുള്ള പ്രശ്‌നമാണ്,  അതില്‍ ഗവണ്‍മെന്റ് ഇടപെടാറില്ല എന്നാണ്. എങ്കില്‍പ്പിന്നെ എന്തിനാണ് സുശീലിന്റെ പരാതിയില്‍ അഞ്ചു തവണ യൂണിവേഴ്‌സിറ്റിയ്ക്കു കത്തു നല്കി സമ്മര്‍ദ്ദത്തിലാക്കിയത് എന്ന് വിശദീകരിക്കുവാന്‍ ഭരണകൂടത്തിനു കഴിയണം.
രോഹിതിന്റേയും കൂട്ടരുടേയും ശിക്ഷ നിര്‍ദ്ദേശിച്ച യൂണിവേഴ്‌സിറ്റി എക്‌സിക്യൂട്ടീവ് സമിതിയുടെ തലവന്‍ ഒരു ദളിതനായിരുന്നു എന്ന മന്ത്രിയുടെ വാദവും നട്ടാല്‍ കുരുക്കാത്ത കള്ളമാണ്. 2010 ല്‍ ഇതേ യൂണിവേഴ്‌സിറ്റിയില്‍ പി. ബലരാജ് എന്ന ദളിത് ഗവേഷകവിദ്യാര്‍ത്ഥിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ജാതിവിവേചനത്തിന്റെ ആരോപണം നേരിട്ടിട്ടുള്ള  പ്രൊഫ. വിപിന്‍ ശ്രീവാസ്തവ ആയിരുന്നു എക്‌സിക്യൂട്ടീവ് കമ്മറ്റിയുടെ തലവന്‍. ഹോസ്റ്റല്‍ വാര്‍ഡന്‍ ദളിതനാണെന്ന പ്രസ്താവനയും കാര്യങ്ങളെ വക്രീകരിച്ച് അവതരിപ്പിക്കാനുള്ള ശ്രമമാണ്. തീരുമാനങ്ങള്‍ നടപ്പാക്കുക എന്നല്ലാതെ തീരുമാനങ്ങള്‍ എടുക്കുന്നതില്‍ യാതൊരു അധികാരമോ പങ്കോ ഇല്ലാത്ത ഒരു തസ്തികയില്‍ ദളിതനായിരുന്നു എന്ന യാദൃശ്ചികത പോലും ആയുധമാക്കാനുള്ള ശ്രമം.മന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ യൂണിവേഴ്‌സിറ്റിയിലെ  SC / ST Employees Federation  രംഗത്തു വന്നു. പരീക്ഷാ കണ്‍ട്രോളര്‍ ഉള്‍പ്പെടെ പത്ത് അദ്ധ്യാപകര്‍ ഇതേതുടര്‍ന്ന് ഭരണപരമായ പദവികളെല്ലാം രാജി വച്ചുകൊണ്ട് പ്രതിഷേധിച്ചു. ഇവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ദളിതരല്ലാത്ത ചില അദ്ധ്യാപകരും രംഗത്തെത്തിയിട്ടുണ്ട്. പ്രൊഫ. പി. അനുപമ, പ്രൊഫ. സൗമ്യ. ഡി എന്നിവര്‍ ജനുവരി 25ന് തങ്ങളുടെ അഡ്മിനിസ്‌ട്രേറ്റീവ് പദവികളെല്ലാം രാജി വച്ചു.
യൂണിവേഴ്‌സിറ്റിയുടെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഒരു ദളിതനെന്ന നിലയ്ക്ക് അവഗണന ഏറ്റു വാങ്ങിയിട്ടുണ്ടെന്ന് പറയുന്നു. സുശീലിന്റെ മെഡിക്കല്‍ റിപ്പോര്‍ട്ടു പോലും ഭരണരംഗത്തുള്ളവര്‍ തന്നെ കാണിച്ചിട്ടില്ലെന്ന് സി.എം.ഒ രവീന്ദര്‍കുമാര്‍ പറയുന്നു.അസത്യപ്രചാരണങ്ങളിലൂടെ രോഹിതിനേയും അയാളുടെ രാഷ്ട്രീയത്തേയും അയാളുടെ മരണത്തെ പോലും അവഹേളിച്ചുകൊണ്ട് ഹിന്ദുത്വ ശക്തികള്‍ തങ്ങളുടെ  രാഷ്ട്രീയമെന്തെന്ന് സ്വയം വെളിപ്പെടുത്തുകയാണ്.
‘അടക്കാനാവാത്ത ദുഃഖം’ പുറത്തേക്കു പ്രകടിപ്പിക്കാന്‍ പ്രധാനമന്ത്രിക്ക് അഞ്ചു ദിവസങ്ങള്‍ വേണ്ടി വന്നു. രോഹിത് ആത്മഹത്യ ചെയ്ത ആദ്യ അഞ്ചു ദിവസങ്ങളിലും നിരവധി പൊതു സ്വകാര്യ ചടങ്ങുകളിലും പങ്കെടുക്കുകയും കാര്‍ഷിക ഇന്‍ഷുറന്‍സ് മുതല്‍ പാക്കിസ്ഥാനിലെ ഭീകരാക്രമണം വരെയുള്ള നിരവധി വിഷയങ്ങളില്‍ ട്വീറ്റ് ചെയ്യുകയും ചെയ്ത പ്രധാനമന്ത്രി അഞ്ചാം ദിവസം പ്രസ്താവനയുമായി എത്തുന്നത് രാജ്യമാകെ ഉയര്‍ന്ന പ്രതിഷേധ കൊടുങ്കാറ്റ് ഉയര്‍ത്തിയ സമ്മര്‍ദ്ദഫലമായാണ്. ഈ പ്രസ്താവന വരേണ്ടിയിരുന്നത് സംഭവം നടന്ന ജനുവരി 17നോ 18നോ ആയിരുന്നു. അഞ്ചു ദിവസങ്ങള്‍ക്കു ശേഷം ജനം ആഗ്രഹിക്കുന്നത് നടപടികളാണ്, വാചക കസര്‍ത്തല്ല. പട്ടികജാതി കമ്മീഷന്‍ ചെയര്‍മാന്‍ അതിരൂക്ഷമായ വിമര്‍ശനവുമായി രംഗത്തു വരികയുണ്ടായി. ഈ ഗവണ്‍മെന്റ് അധികാരത്തിലേറിയ ശേഷം ദളിത് സംഘടനകള്‍ ടാര്‍ഗറ്റ് ചെയ്യപ്പെടുന്നു എന്ന്  കകഠ മദ്രാസിലെ സംഭവങ്ങള്‍ ചൂണ്ടിക്കാട്ടി ശ്രീ എല്‍. പുനിയ അഭിപ്രായപ്പെട്ടു.
മുന്‍ കേന്ദ്രമന്ത്രിയും  BJP ദേശീയ എക്‌സിക്യൂട്ടീവ് അംഗവുമായ സഞ്ജയ് പാസ്വാനും ഗവണ്‍മെന്റ് നിലപാടുകള്‍ക്കെതിരെ പ്രതികരിച്ചു. വി.സിയെ ഉടന്‍ പുറത്താക്കണമെന്നും സംഭവത്തില്‍  ഇആക അന്വേഷണം പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നീതീകരിക്കാനാകാത്ത ക്രൂരകൃത്യമാണ് അരങ്ങേറിയത്. സംസ്ഥാന ഗവണ്‍മെന്റും, യൂണിവേഴ്‌സിറ്റി അധികൃതരും,  ഭണ്ഡാരുവും, സ്മൃതി ഇറാനിയുമെല്ലാം ഇതിനുത്തരവാദികളാണ് അദ്ദേഹം പറയുന്നു. എന്നിട്ടും ഇപ്പോഴത്തെ മന്ത്രിസഭയിലെ ഒരു ദളിത് അംഗം പോലും പ്രതികരിക്കാത്തത് സവര്‍ണ്ണ ഹൈന്ദവ ദാസ്യത്തിന്റെ രാഷ്ട്രീയമാണ് വെളിപ്പെടുത്തുന്നത്. നമ്പൂതിരി മുതല്‍ നായാടി വരെ ഒരുമിച്ചുണരുന്ന ഭാരതം സ്വപ്നം കാണുന്നവര്‍ രോഹിതിന്റെ മരണം ഒരു ‘ഹിന്ദു’ വിന്റെ മരണമായി ഏറ്റെടുത്തു കൊണ്ട് മുന്നോട്ടു വരാത്തതിന്റെ പിന്നിലെ രാഷ്ട്രീയം വായിച്ചെടുക്കേണ്ടതുണ്ട്.
രണ്ട്

ഭീമ കൊറെഗാവ്

മഹാരാഷ്ട്രയില്‍ പൂനെയ്ക്കടുത്ത് ഭീമ കൊറെഗാവ് എന്ന ഒരു ഗ്രാമമുണ്ട്. അവിടെ ഇന്ത്യന്‍ സൈന്യത്തിന്റെ ഉടമസ്ഥതയിലുള്ള 11 ഏക്കര്‍ സ്ഥലത്തിനകത്ത് ഒരു യുദ്ധസ്മാരക സ്ഥൂപമുണ്ട്. എല്ലാ പുതുവര്‍ഷ ദിനത്തിലും അത് പുഷ്പാലംകൃതമാകും. വിവിധ പ്രദേശങ്ങളില്‍ നിന്നായി ലക്ഷക്കണക്കിന് മനുഷ്യര്‍ അവിടെഎത്തിച്ചേരുന്നു. രാഷ്ട്രീയ പ്രസംഗങ്ങള്‍, സംഗീത കലാപരിപാടികള്‍, പുസ്തകശാലകള്‍, വാണിഭശാലകള്‍, വിനോദകേന്ദ്രങ്ങള്‍….ആകെ ഒരുത്സവം പോലെയാണ് ആ ദിവസം. 1927 ജനുവരി ഒന്നിന് ഡോ ബി.ആര്‍ അംബേദ്കര്‍  ഈ സ്മാരകത്തില്‍ പുഷ്പാര്‍ച്ചന നടത്തിയിരുന്നു. ഇന്നും ആ ചടങ്ങ് തുടരുന്നു.ഈ സ്ഥൂപം വൈദേശികര്‍ക്കെതിരെ ഇന്ത്യ നേടിയ യുദ്ധ വിജയത്തിന്റെ സ്മൃതി ഗോപുരം അല്ല. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ വിജയത്തെ അടയാളപ്പെടുത്തുന്നതാണിത്. 1818 ല്‍ പുതുവര്‍ഷ ദിനത്തിലാണ് കേണല്‍ എഫ് എഫ് സ്റ്റോണ്‍ടന്റെ നേതൃത്വത്തിലുള്ള 500 സൈനികര്‍ ഭീമാ നദി കടന്ന് ഇരുപത്തയ്യായിരത്തോളം വരുന്ന സുസജ്ജമായ പെഷവ രാജസേനയെ പരാജയപ്പെടുത്തി വെന്നിക്കൊടി നാട്ടിയത്. മൂന്നാംഇംഗ്ലീഷ്- മറാഠാ യുദ്ധത്തിലെ പ്രധാന വഴിത്തിരിവായാണ് ബ്രിട്ടീഷുകാര്‍ ഈ വിജയത്തെ കാണുന്നത്. പടിഞ്ഞാറന്‍ ഭാരതത്തില്‍ മറാഠി സാമ്രാജ്യത്തെ കീഴ്‌പ്പെടുത്തി ബ്രിട്ടീഷ് ഭരണത്തിനു തുടക്കം കുറിച്ചത് ഈ യുദ്ധമാണ്. ഇന്നും അത് ആഘോഷിക്കപ്പെടുന്നതിന്റെ അയുക്തികതയാണ് ഭാരത്തിന്റെ ചരിത്രത്തില്‍ ദളിത് – ഹൈന്ദവ രാഷ്ട്രീയ ധാരകളെ വേര്‍തിരിക്കുന്ന സൈദ്ധാന്തിക യുക്തി.
മഹാരാഷ്ട്രയിലെ ഏറ്റവും അടിച്ചമര്‍ത്തപ്പെട്ടിട്ടുള്ള സമുദായമാണ് മഹറുകള്‍. ചാതുര്‍വര്‍ണ്യ വ്യവസ്ഥയ്ക്കു പുറത്ത് മനുഷ്യരായി പോലും പരിഗണിക്കപ്പെടാതിരുന്ന പഞ്ചമര്‍. ശിവജിയുടെ കാലഘട്ടത്തില്‍ നിന്നും പെഷവരുടെ കാലത്തിലേക്കെത്തുമ്പോഴേയ്ക്കും ബ്രാഹ്മണിക്കല്‍ ഹൈന്ദവതയുടെ ഏറ്റവും മനുഷ്യത്വ രഹിതമായ ക്രമത്തിലേയ്ക്ക് സമൂഹം പരിണമിച്ചിരിക്കുന്നു. മഹറുകളെ സൈന്യത്തിലോ മറ്റു പൊതു ജോലികളിലേക്കോ പരിഗണിച്ചിരുന്നില്ല. ജനപഥങ്ങളില്‍ അവര്‍ പിന്നില്‍ ചൂലും കെട്ടിയാണ് നടക്കേണ്ടിയിരുന്നത്. നടക്കുമ്പോള്‍ അവരുടെ കാല്‍പ്പാടുകള്‍ പോലും മണ്ണില്‍ അവശേഷിക്കുന്നത് അശുദ്ധി ആയിരുന്നത്രേ. തുപ്പല്‍ മണ്ണില്‍ വീഴാതിരിക്കാന്‍ കഴുത്തില്‍ കുടവും കെട്ടിത്തൂക്കിയാണ് അവര്‍ നടന്നത്. അത്രയധികം നീചമായ സാമൂഹിക-സാംസ്‌കാരിക-സാമ്പത്തിക അടിമത്തത്തില്‍ നിന്നുമുള്ള വിമോചനമായാണ് മഹറുകള്‍ ബ്രിട്ടീഷ് വിജയത്തെ കാണുന്നത്. വിജയം കുറിച്ച അഞ്ഞൂറു സൈനികര്‍ മഹറുഭാഗത്തു നിന്നായിരുന്നു. യുദ്ധസ്മാരകത്തില്‍ അവരുടെ പേരുകള്‍ മുദ്രണം ചെയ്തിരിക്കുന്നു.സൈന്യത്തില്‍ നിന്നു മാത്രമല്ല സമൂഹത്തില്‍ നിന്നും തങ്ങളെ അകറ്റി നിര്‍ത്തിയ അനീതി അധികാര വ്യവസ്ഥിതിയ്ക്കു നേരെയുള്ള അമര്‍ത്തിയടക്കിയ രോഷമാണ് കാല്‍ ലക്ഷത്തോളം വരുന്ന പെഷവ സൈന്യത്തെ എതിര്‍ത്ത് തോല്‍പ്പിക്കാന്‍ മഹര്‍ സൈനീകര്‍ക്ക് ശക്തി നല്‍കിയത്. അവരെ സംബന്ധിച്ചിടത്തോളം വിമോചനമെന്നത് യുഗങ്ങളായുള്ള ബ്രാഹ്മണിക്കല്‍ ഇംപീരിയലിസത്തില്‍ നിന്നുള്ള വിടുതലായിരുന്നു.

എല്ലാ ഭിന്നതകളും മാറ്റി വച്ചുകൊണ്ട് ‘സ്വരാജി’നായി അണിചേരുവാന്‍ ആവശ്യപ്പെട്ട ഗാന്ധിജിയോട്  ‘Mr.Gandhi, I have no home land” എന്ന് അംബേദ്കറെക്കൊണ്ട് പറയിപ്പിച്ചതും ഇതു തന്നെയാണ്. ഒരു പക്ഷേ, ബ്രിട്ടീഷുകാര്‍ ഇന്ത്യ ഭരിച്ചിരുന്നില്ലെങ്കില്‍ ഒരു അംബേദ്കര്‍ രൂപപ്പെടുമായിരുന്നില്ല. പിതാവ് സൈനീകനായതുകൊണ്ട് മാത്രമാണ് ക്ലാസ്സ് മുറിയുടെ അകന്ന മൂലയിലെങ്കിലുമിരുന്ന് അംബേദ്കര്‍ക്ക് പഠിക്കാന്‍ കഴിഞ്ഞത്. ”ബ്രിട്ടീഷുകാരാണ് എനിക്ക് ദീക്ഷ നല്‍കിയത്” എന്ന് നാരായണ ഗുരു പറഞ്ഞതിന്റെ പിന്നിലും കാരണം മറ്റൊന്നല്ല. അതുകൊണ്ടു തന്നെയാണ് ഹിന്ദുത്വ രാഷ്ട്രീയത്തിന് ഒരിക്കലും ദളിത് ആക്ടിവിസത്തെ ഉള്‍ക്കൊള്ളാനാവാത്തതും.
ആയിരക്കണക്കിന് വര്‍ഷത്തെ സാമൂഹ്യ ജീവിതത്തില്‍ നിന്നും ഉരുത്തിരിഞ്ഞ ഒരു അകലമാണത്. നൂറ്റാണ്ടുകളായി മരിച്ചു വീണ നിസ്സഹായജന്മങ്ങളുടെ ശവക്കൂനയ്ക്കു മേല്‍ ചവുട്ടി തലയുയര്‍ത്തി നിന്ന് സൂര്യനെ നോക്കി ചിരിച്ചുകൊണ്ടാണ് ഈ ലോകം എത്ര സുന്ദരമാണെന്നും, നമ്മുടെ പാരമ്പര്യം എത്ര പ്രൗഢമാണെന്നും ഹിന്ദുത്വ വാദികള്‍ പറയുന്നത്. റിസര്‍വേഷന്‍ മൂലം ‘ അവസരം’ നഷ്ടപ്പെടുന്ന പാവപ്പെട്ട സവര്‍ണ്ണരെക്കുറിച്ച്  Youth for Equality സംസാരിക്കുന്നത്.
നമ്മുടെ സിനിമകളിലും സാഹിത്യത്തിലും മുഖ്യധാരാ മാധ്യമങ്ങളിലുമെല്ലാം സൃഷ്ടിക്കപ്പെടുന്ന സവര്‍ണ്ണ യുവത്വത്തിന്റെ നിഷ്‌ക്കളങ്കമായ ഈ തുല്യതാ കാമന ചരിത്ര നിരാസത്തിന്റേയും സമൂഹത്തിന്റെ ബോധപൂര്‍വ്വമുളള മറവികളുടേയും ഫലമാണ്. ദളിത് രാഷ്ട്രീയം പക്ഷേ ഓര്‍മ്മകളെ ചികഞ്ഞെടുക്കുകയാണ്. മറവിക്കെതിരെയുള്ള ഓര്‍മ്മകളുടെ സമരമാണത്. അധികാരവ്യവസ്ഥിതിയോടുള്ള കലഹവുമാണത്. അതുകൊണ്ടു തന്നെയാണ് കാമ്പസ്സുകളില്‍ വളര്‍ന്നു വരുന്ന ദളിത് ആക്ടിവിസം നമ്മുടെ പൊതുബോധത്തെ അലോസരപ്പെടുത്തുന്നത്, ഭയപ്പെടുത്തുന്നത്.


വിവേചനത്തിന്റെ മൂലകങ്ങള്‍

ഒരു കാലഘട്ടത്തില്‍ ഉന്നത വിദ്യാഭ്യാസമേഖല സവര്‍ണ്ണരുടെ കുത്തകയായിരുന്നു. നൂറുശതമാനവും സവര്‍ണ്ണര്‍ക്കായി സംവരണം ചെയ്യപ്പെട്ട ഇടം. അവിടേക്ക് ദളിതര്‍ കടന്നുവരുമ്പോള്‍ ഉണ്ടാകുന്ന അസഹിഷ്ണുതയാണ് കഴിഞ്ഞ ഒരു പതിറ്റാണ്ടില്‍ നമ്മുടെ ഉന്നത വിദ്യാഭ്യാസ രംഗത്തെ ജാതിവിവേചനപരമായ സംഘടിത ആശയപ്രചാരണങ്ങള്‍ കൂടുതല്‍ പ്രകടമാകാന്‍ കാരണം. സ്വാതന്ത്ര്യാനന്തരം പ്രാഥമിക വിദ്യാഭ്യാസം സാര്‍വ്വത്രികമാവുകയും ചെവിയില്‍ ഈയമുരുക്കിയൊഴിക്കപ്പെട്ടവരുടെ പിന്‍മുറക്കാര്‍ സാക്ഷരത നേടുകയും ചെയ്തപ്പോഴും ഉന്നത വിദ്യാഭ്യാസം സവര്‍ണ്ണ സംവരണ മേഖലയായിരുന്നു. ബിരുദ-ബിരുദാനന്തര മേഖലകളിലേക്ക് പിന്നോക്കവിഭാഗങ്ങളെത്തിയിരുന്നില്ല. 1970-80 കാലഘട്ടം മുതല്‍ ചിത്രം മാറാന്‍ തുടങ്ങി. ഉന്നതവിദ്യാഭ്യാസരംഗത്തും അധഃസ്ഥിതരുടെ സാന്നിധ്യമുണ്ടായി. നൂറ്റാണ്ടുകളായി സവര്‍ണ്ണര്‍ കൈയടക്കിവച്ചിരുന്ന പ്രത്യേക അവകാശമേഖലകളിലേക്ക് അവര്‍ കടന്നു വരാന്‍ തുടങ്ങി. രോഹിത് വിമുല തന്നെ ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ പ്രവേശനം നേടിയത് ജനറല്‍ മെറിറ്റിലാണ്.  ഇതൊക്കെ  അവസര നഷ്ടമായാണ് സവര്‍ണ്ണ-വരേണ്യവര്‍ഗ്ഗം മനസ്സിലാക്കിയത്. അവര്‍ക്ക്, ന്യായീകരിക്കാനാവാത്ത ചരിത്രപശ്ചാത്തലം കൊണ്ട് വന്നു ചേര്‍ന്ന പ്രത്യേക അവകാശങ്ങള്‍ അനിവാര്യമായ രീതിയില്‍ കുറഞ്ഞു വരുന്നതു മാത്രമാണെന്നും അധഃസ്ഥിതര്‍ നടന്നു കയറുന്നത് അവര്‍ക്കു കൂടി അവകാശപ്പെട്ട ഇടങ്ങളിലേക്കു മാത്രമാണെന്നും അംഗീകരിക്കപ്പെട്ടില്ല. ഇതിഹാസങ്ങളിലെ ദ്രോണാചാര്യ സിന്‍ഡ്രോം ആവേശിച്ച ഗുരുക്കന്മാരുടെ മുന്നില്‍ പെരുവിരല്‍ അറുത്തു സമര്‍പ്പിക്കാന്‍ പുതുകാലത്തെ ഏകലവ്യന്മാര്‍ തയ്യാറാകാത്തത് അസഹിഷ്ണുതയുടെ മറ്റൊരു മുഖം തുറക്കുന്നു. കഴിവ്-കാര്യക്ഷമത ( Merit-Efficiency) സംവാദങ്ങളുടെ അടിസ്ഥാനപരമായ പിശക് അവിടെയാണ്.
മുന്‍ യു ജി സി ചെയര്‍മാനും,  Indian Council For Social Science Research ന്റെ തലവനുമായ ഡോ. സുഖദേവ് തൊറാട്ടിന്റെ നേതൃത്വത്തില്‍ ഡല്‍ഹി  AIIMS -ല്‍ നിലനില്ക്കുന്ന ജാതിവിവേചനത്തെക്കുറിച്ച് ഒരു പഠനം നടത്തി, അതിന്റെ കണ്ടെത്തലുകള്‍ ഞെട്ടിപ്പിക്കുന്നതായിരുന്നു. ക്ലാസ്സ്മുറികളില്‍, ഹോസ്റ്റലില്‍, കാന്റീനില്‍ അങ്ങനെ എല്ലാ മേഖലകളിലും വിവേചനവും ഒറ്റപ്പെടുത്തലുകളും വ്യാപകമായിരുന്നു. ഹോസ്റ്റലുകളില്‍ സവര്‍ണ്ണവിദ്യാര്‍ത്ഥികള്‍ താമസിക്കുന്ന മുറികളില്‍ നിന്നു മാറി ദളിത് കുട്ടികളെല്ലാം അകന്ന ഒരു മൂലയിലാണ് താമസിച്ചിരുന്നത്. ഒരു തരം ഘെറ്റോയിസേഷന്‍ തന്നെ. സവര്‍ണ്ണ മുറികള്‍ക്കടുത്ത് താസിച്ചിരുന്ന ദളിത് വിദ്യാര്‍ത്ഥി ഒരു ദിവസം ഹോസ്റ്റലില്‍ എത്തുമ്പോള്‍ മുറി പുറത്തു നിന്ന് പൂട്ടിയിരിക്കുന്നതാണ് കണ്ടത്.  വാതിലില്‍ ഇവിടെ നിന്നും പുറത്തു പോവുക എന്ന് എഴുതി വച്ചിരുന്നു. സാംസ്‌കാരിക പരിപാടികളില്‍ നിന്നും എക്‌സ്ട്രാ കരിക്കുലര്‍ ആക്ടിവിറ്റീസില്‍ നിന്നും അവരെ ഒഴിവാക്കി നിര്‍ത്തിയിരുന്നു. ഷെഡ്യൂളുകള്‍ മാറുന്നതു പോലും ക്ലാസ്സ് മോണിറ്റര്‍മാര്‍ അവരെ അറിയിക്കാറില്ലത്രേ.
AIIMSഅധികൃതര്‍ പക്ഷേ, തൊറാട്ടു കമ്മിറ്റി റിപ്പോര്‍ട്ട് അംഗീകരിച്ചില്ല. തൊട്ടടുത്ത വര്‍ഷം കാമ്പസ്സില്‍ ഒരു ദളിത് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവത്തെക്കുറിച്ച് പഠിക്കുവാന്‍ അകകങട വീണ്ടും സമീപിച്ചപ്പോഴാണ് ഈ വിവരമറിയുന്നത്. തുടര്‍ന്ന് അന്വേഷണ ചുമതല താനേറ്റെടുക്കില്ല എന്ന് അടുത്തിടെ Scroll.in നു നല്കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.2007-2013 കാലഘട്ടത്തില്‍ ഹൈദരാബാദിലെ യൂണിവേഴ്‌സിറ്റികളില്‍ 9 ദളിത് ആത്മഹത്യകള്‍ നടന്നു. അതില്‍ രണ്ടെണ്ണം ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയിലായിരുന്നു. ഇതേതുടര്‍ന്ന് ആന്ധ്രാപ്രദേശ് ഹൈക്കോടതി സ്വമേധയാ കേസെടുത്ത് അന്വേഷണത്തിനുത്തരവിട്ടു. 30 വിദഗ്ദ്ധരടങ്ങുന്ന സമിതിയാണ് പഠനം നടത്തിയത്. രൂക്ഷമായ ജാതി വിവേചനം, ഹീനരെന്നു മുദ്രകുത്തി അപമാനിക്കല്‍, വെറുപ്പ്, വേദന, പരാജയഭീതി, പരാജയം…….കാലങ്ങളായുള്ള അപകര്‍ഷതാ ബോധത്തിന്റേയും അമിത പ്രതീക്ഷകളുടേയും ഉത്തരവാദിത്തങ്ങളുടേയും  മാനസികഭാരവും പേറി എത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് എത്ര നാള്‍ പിടിച്ചു നില്ക്കാനാകും? ഒപ്പം ഗ്രാന്റുകളും സ്‌കോളര്‍ഷിപ്പുകളും തടഞ്ഞുവയ്ക്കുക, ഗവേഷക വിദ്യാര്‍ത്ഥികള്‍ക്ക് ഗൈഡും ഗൈഡന്‍സും നല്കാതിരിക്കുക.ഇന്റേണല്‍ അസ്സസ്സ്‌മെന്റുകളില്‍ വിവേചനം കാണിക്കുക. ഇക്കാര്യത്തിലൊന്നും ചെയ്യാതിരുന്നത് ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയാണെന്ന് തൊറാട്ടു പറയുന്നു.2014ല്‍ HCU വില്‍ ഇതേ വിഷയത്തെക്കുറിച്ച് പഠിച്ച് പ്രമുഖ സോഷ്യോളജിസ്റ്റ് സഹ്ജീല്‍ ഹെഗ്‌ഡെയും ഒരു റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതിന്‍മേലും ഒരു തുടര്‍ നടപടിയും ഉണ്ടായിരുന്നില്ല.കാലാകാലങ്ങളില്‍ അധികാര സ്ഥാനങ്ങളിലുള്ളവര്‍ സ്വീകരിച്ച നിസ്സംഗതയും നിഷ്‌ക്രിയത്വവുമാണ് വീണ്ടും ഒരു കുടുംബത്തിന്റേയും സമുദായത്തിന്റേയും മുഴുവന്‍ പ്രതീക്ഷകളും ചുമലേന്തിയ ഒരു ജീവിതം കൂടി അകാലത്തിലവസാനിക്കുവാന്‍ ഇടയാക്കിയത്.
പരമ്പരാഗതമായ ബ്രാഹ്മണ-ബനിയ മധ്യവര്‍ഗ്ഗ പശ്ചാത്തലത്തില്‍ വളര്‍ന്ന ഹിന്ദുത്വ സംഘടനകള്‍ക്ക് ബിംബ കല്‍പ്പനകള്‍ക്കപ്പുറത്തേക്ക് ദളിത് വിഷയങ്ങള്‍ ഏറ്റെടുക്കാന്‍ കഴിയില്ല. ക്ഷേത്ര പ്രവേശന സമരങ്ങള്‍ മുതല്‍ ദളിതര്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വരെയുള്ള വിഷയങ്ങളിലൊന്നും അവര്‍ ദളിതര്‍ക്കൊപ്പം നിന്നിട്ടുമില്ല. പക്ഷേ ഹിന്ദുത്വ ശക്തികള്‍ക്ക് വളരണമെങ്കില്‍ ദളിതരുടെ വോട്ട് വേണമായിരുന്നു.രാജ്യത്ത് ദളിത് രാഷ്ട്രീയം ഉയര്‍ന്നു വന്ന 1970 കള്‍ മുതല്‍ അവര്‍ അതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. ദളിത്പ്രതീകങ്ങളെ, പ്രതി പുരുഷന്‍മാരെ ദൈവങ്ങളായി  അര്‍ദ്ധദൈവങ്ങളായി ഉയര്‍ത്തി കാണിക്കുവാന്‍ ആരംഭിച്ചു. 1983 ല്‍ ഞടട സാമ്രാജിക് സംരസ്ത ക്യാമ്പയിന്‍ ആരംഭിച്ചു. മിശ്രഭോജന പരിപാടികള്‍ സംഘടിപ്പിക്കാന്‍ തുടങ്ങി. ഉത്തരേന്ത്യയില്‍ സുഹല്‍ ദേവിനെപ്പോലെയുള്ള ദളിത് വീര നായകരെ മുസ്ലീങ്ങളില്‍ നിന്നും നാടിനെ രക്ഷിക്കാനായി പരിശ്രമിച്ച ‘രാഷ്ട്ര രക്ഷക് ശിരോമണി’ യായി ചിത്രീകരിച്ചു. അംബേദ്കറെപ്പോലും അത്തരത്തില്‍ സ്വന്തമാക്കി അപ്രസക്തമാക്കാനുള്ള ശ്രമങ്ങള്‍ നടന്നു.
ഭരണാഘടന ദിവസം ആചരിക്കുന്നു. ലണ്ടന്‍ ഹൗസ് സ്വന്തമാക്കുന്നു. മനോഹരമായ മ്യൂസിയം ഒരുങ്ങുന്നു.അതേ സമയം അംബേദ്കറെക്കുറിച്ചുള്ള ഭാഗങ്ങള്‍ ഹിന്ദു വിരുദ്ധമാണെന്ന് പറഞ്ഞ് പാഠപുസ്തകങ്ങളില്‍ നിന്നും നീക്കം ചെയ്യുന്നു. ദളിത് ഗവേഷകര്‍ ഇവിടെ സ്‌കോളര്‍ഷിപ്പ് പോലും ലഭിക്കാതെ വലയുമ്പോള്‍, ഗ്രാമങ്ങളില്‍ പട്ടിണികൊണ്ട് മരിച്ചു വീഴുമ്പോള്‍ ഗവണ്‍മെന്റ് ഏറ്റവും ദളിത് വിരുദ്ധമായ സ്വകാര്യ ലാഭാര്‍ത്ഥിയുടെ നെറികെട്ട സാമ്പത്തിക പരിഷ്‌ക്കാരങ്ങളുമായി മുന്നോട്ടു പോകുന്നു.അവരുടെ ഗ്രാമങ്ങള്‍, മലമേടുകള്‍, വനങ്ങള്‍, നദികള്‍ സ്വകാര്യ കുത്തകകള്‍ക്ക് തീറെഴുതുന്നു. ബഡ്ജറ്റില്‍ വിദ്യാഭ്യാസം, ആരോഗ്യം, സ്‌പെഷ്യല്‍ എസ്. സി ഫണ്ട് എല്ലാം വെട്ടിക്കുറക്കുന്നു. തൊഴിലുറപ്പ് പദ്ധതിയും ഉച്ചക്കഞ്ഞി പദ്ധതിയും പോലും ഞെരുക്കത്തിലാണ്. അവര്‍ക്കുവേണ്ടത് പ്രതീകങ്ങള്‍ മാത്രമാണ്. അംബേദ്കറെ ദൈവമാക്കി വിഗ്രഹമാക്കി മാറ്റുന്നത് ഇഷ്ടമാണ്. പക്ഷേ അദ്ദേഹത്തിന്റെ ചിന്തകളെ ഭയമാണ്. ഹിന്ദുത്വ രാഷ്ട്രീയം ഏറ്റവുമധികം ഭയപ്പെടുന്നത്, മാര്‍ക്‌സിനെയോ, ലെനിനെയോ, ഗാന്ധിജിയെയോ അല്ല അംബേദ്കറെയാണ്.
ഒരു മനുഷ്യന്റെ മൂല്യം
ഒരു വോട്ട്. ഹീനജാതിക്കാരനായ ഒരു കറുത്ത ചെറുക്കന്‍. നിശൂന്യമായ മനസ്സിലെ, ആശയും ആശയങ്ങളും പ്രത്യയശാസ്ത്രങ്ങളും ഒരുമിച്ച് ഒന്നായി അര്‍ത്ഥരഹിതമായി ഒരു തമോഗര്‍ത്തത്തിലേക്കെന്നപോലെ വലിച്ചു താഴ്ത്തുന്ന സിംഗുലാരിറ്റിയില്‍ നിന്നുകൊണ്ട് തന്റെ മരണപത്രത്തില്‍ രോഹിത് എഴുതുന്നു. Value of a man was reduced to his immmediate identity and nearest possibility to a thing.എന്താണ് തൊട്ടടുത്ത സ്വനം?അത് അവന്‍ ദളിതനാണെന്നുളളതാണ്. എന്താണ് ഏറ്റവും അടുത്ത സാധ്യത?2010 ല്‍ ഇതേ യൂണിവേഴ്‌സിറ്റിയില്‍ തൂങ്ങിമരിച്ച ഗവേഷക വിദ്യാര്‍ത്ഥി (അദ്ദേഹത്തിന് ഗൈഡിനെ കൊടുത്തിരുന്നില്ല.) ബല്‍രാജിനോട് ”കന്നുകാലികളെ മേയ്ക്കാന്‍ പൊയ്ക്കൂടെ” എന്ന് ചോദിച്ച പ്രൊഫസര്‍ക്ക് അറിയുമായിരിക്കാം.
രാഷ്ട്രീയ സത്യസന്ധത
മുമ്പെങ്ങുമുണ്ടാവാത്ത തരത്തിലുള്ള പ്രതിഷേധസ്വരങ്ങള്‍ രോഹിതിന്റെ രാഷ്ട്രീയ കൊലപാതകവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവരുമ്പോള്‍ അതിന് പക്ഷം പിടിക്കുന്നവരുടെ രാഷ്ട്രീയ സത്യസന്ധതയും ചര്‍ച്ചചെയ്യപ്പെടേണ്ടതുണ്ട്.
എല്ലാതരത്തിലുമുള്ള വിവേചനങ്ങള്‍ അവസാനിപ്പിക്കുമെന്ന് ഉറപ്പു നല്‍കുന്നഭരണഘടന അംഗീകരിക്കപ്പെട്ടിട്ട് 67 വര്‍ഷം തികയുമ്പോഴും നമ്മുടെ രാജ്യത്ത് ”എന്റെ ജനനമായിരുന്നു എനിക്ക് സംഭവിച്ച ഏറ്റവും വലിയ അപകടം” എന്നു ഒരു പൗരന്പറയേണ്ടി വരുന്നെങ്കില്‍ ആരാണ് അതിനുത്തരവാദി അല്ലാത്തത്? ജന്മം ശാപമായി കരുതേണ്ടി വരുന്ന ജനതയോടു മറുപടി പറയാന്‍ ആര്‍ക്കാണ് കഴിയുക?ഇന്ന് SFI ഉള്‍പ്പെടെയുള്ള ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനകളും, CPI(M) ഉം കോണ്‍ഗ്രസ്സും ഉള്‍പ്പെടെയുള്ള രാഷ്ട്രീയ കക്ഷികളും അടഅ യ്‌ക്കൊപ്പമുണ്ട്. ഈ ആറര പതിറ്റാണ്ടു കാലം നിങ്ങളെവിടെയായിരുന്നുവെന്ന് വിദ്യാര്‍ത്ഥികള്‍ ചോദിച്ചാല്‍ എന്തു മറുപടിയാണുള്ളത്?  സംവരണ വിഷയത്തില്‍പ്പോലും ഒരു നിലപാടെടുക്കുവാന്‍ ഇവിടത്തെ ഇടതുപക്ഷത്തിനു കഴിഞ്ഞിരുന്നോ? വളരെക്കാലം സാമ്പത്തിക സംവരണം എന്ന ആശയമല്ലെ കൊണ്ടു നടന്നത്? ചാതുര്‍വര്‍ണ്യവ്യവസ്ഥിതി രാജ്യത്തെ സവര്‍ണ്ണസമ്പന്നര്‍ക്ക് പൈതൃകമായ നല്കിയ ‘സാംസ്‌കാരിക മൂലധന’മാണ് മെറിറ്റ് എന്നു മനസ്സിലാക്കുന്നതില്‍ ഇവിടത്തെ ഇടതുപക്ഷം പൊതുവേയും കമ്യൂണിസ്റ്റു പാര്‍ട്ടികള്‍ വിശേഷിച്ചും  പരാജയപ്പെട്ടു.
രോഹിത് ആഗ്രഹിച്ചത് ഒരു ശാസ്ത്ര സാഹിത്യകാരനാകാനാണ്. ഭൗതിക ശാസ്ത്രത്തിലെന്നപോലെ സാമൂഹ്യശാസ്ത്രത്തിലും ഒരു Grand Unified Theory അയാള്‍ സ്വപ്നം കണ്ടിരിക്കാം. ഭൗതിക ശാസ്ത്രത്തില്‍ സ്ഥൂലപ്രപഞ്ചത്തെ, ഭൂമിയെയും നക്ഷത്രത്തെയും സൗരയൂഥങ്ങളേയും മനസ്സിലാക്കാനും പഠിക്കുവാനും നമ്മെ സഹായിക്കുന്നത് ഐന്‍സ്റ്റീന്റെ പൊതു ആപേക്ഷികതാ സിന്ധാന്തമാണ്. ഉദാഹരണത്തിന് ഒരു സാറ്റലൈറ്റ് കൃത്യമായി ഭ്രമണപഥത്തിലെത്തിക്കാന്‍ നമുക്ക് വേണ്ടത് ഈ ഗണിത പദ്ധതിയാണ്. എന്നാല്‍ സൂക്ഷ്മ പ്രപഞ്ചത്തെ, ഒരു തന്മാത്രയ്ക്കകത്തെ, ആറ്റത്തിനകത്തെ ഭൗതികതയെ മനസ്സിലാക്കാന്‍ അതു മതിയാകില്ല. അതി സൂക്ഷ്മ കണങ്ങളെ തരംഗാവര്‍ത്തികളെ നാം മനസ്സിലാക്കുന്നത് ക്വാണ്ടം ഭൗതികം ഉപയോഗിച്ചു കൊണ്ടാണ്. ഇതു രണ്ടും ഒന്നു ചേരുന്ന, സൂക്ഷ്മ പ്രപഞ്ചത്തേയും സ്ഥൂലപ്രപഞ്ചത്തേയും ഒരേ സമയം വിശദീകരിക്കുവാന്‍ കഴിയുന്ന, ഏകീകൃത സിദ്ധാന്തത്തെയാണ് Stephen Hawkings, Grand Unified Theory എന്നു വിളിക്കുന്നത്. സര്‍വ്വതിന്റേയും സിദ്ധാന്തം എന്നും വിളിക്കാം. പക്ഷേ, നിലവിലുള്ള രണ്ടു തിയറികള്‍ അതിന്റേതായ മേഖലകളില്‍ പൂര്‍ണ്ണ വിജയമാകുമ്പോഴും രണ്ടും സമന്വയിപ്പിക്കുവാന്‍  സാധിക്കുന്നില്ലാ എന്നതാണ് ഭൗതികശാസ്ത്രം ഇന്നു നേരിടുന്ന വെല്ലുവിളി.സമൂഹത്തിന്റെ വിമോചന സ്വപ്നങ്ങളിലാകട്ടെ മാര്‍ക്‌സിസം എന്നും പ്രതീക്ഷയും പ്രചോദനവുമായിരുന്നു. മുതലാളിത്ത ചൂഷണത്തിന് ഒരു ശാസ്ത്രീയ വിശകലനം നല്കിയത് മാര്‍ക്‌സിസമാണ്. വൈരുദ്ധ്യാത്മകഭൗതികവാദവും ചരിത്രപരമായ ഭൗതികതയും വര്‍ഗ്ഗസമരവുമെല്ലാം എല്ലാ കാലത്തും അടിച്ചമര്‍ത്തപ്പെട്ടവരുടെ അവകാശ പോരാട്ടങ്ങള്‍ക്ക് അര്‍ത്ഥവും ആവേശവുമായിരിക്കും.
ലോകത്തെ വ്യാഖ്യാനിക്കാനും മാറ്റിത്തീര്‍ക്കാനും ഉതകുന്ന മാര്‍ക്‌സിസം പക്ഷേ,  ഐന്‍സ്റ്റീന്റെ ആപേക്ഷികതാ സിദ്ധാന്തം പോലെയാണ് സ്ഥൂലപ്രപഞ്ചത്തെ, സ്ഥൂല സമൂഹത്തെ വായിക്കുവാന്‍, മനസ്സിലാക്കാന്‍, മാറ്റിത്തീര്‍ക്കാന്‍ അത് ഉതകും. സമൂഹത്തിന്റെ സൂക്ഷ്മ തലങ്ങളിലേക്കെത്തുമ്പോള്‍ പക്ഷേ, മാര്‍ക്‌സിസത്തിനു വിശകലനം ചെയ്യാനാകാത്ത വൈരുദ്ധ്യങ്ങളും വൈവിധ്യങ്ങളുമുണ്ട്, പ്രത്യേകിച്ച് ഇന്ത്യ പോലുള്ള പ്രാക്തന ജാതീയ സമൂഹങ്ങളില്‍. ക്വാണ്ടം ഭൗതികത, സ്വത്വ ബോധങ്ങളുടെ, ജാതി ബന്ധനങ്ങളുടെ, സാംസ്‌കാരിക അധീശത്വങ്ങളുടെ അവസ്ഥാന്തരങ്ങള്‍ പകര്‍ന്നാടുകയാണ്. ഹൈ എനര്‍ജി പരീക്ഷണങ്ങളില്‍ ഒരേ സമയം ഒന്നിലേറെ വഴികളിലൂടെ സഞ്ചരിക്കുന്ന സൂക്ഷ്മ കണങ്ങളെപ്പോലെ. അത് അനിശ്ചിതത്വങ്ങളുടേയും സാധ്യതകളുടേയും ലോകമാണ്. അത് മനസ്സിലാക്കുന്നതില്‍ മാര്‍ക്‌സിസം പരാജയപ്പെട്ടിട്ടുണ്ട്. കേരളത്തില്‍ അത് ഏറ്റവും പ്രകടമായി മനസ്സിലാക്കാന്‍ കഴിയുന്നത് ഭൂപരിഷ്‌ക്കരണത്തിന്റെ ചരിത്രത്തിലൂടെയാണ്. കര്‍ഷകന് ഭൂമി എന്ന ലക്ഷ്യം ഫലപ്രാപ്തിയോടടുത്തപ്പോഴാണ് കര്‍ഷകന്‍ എന്ന പൊതു വര്‍ഗ്ഗബോധത്തിനകത്തെ ഗുരുതരമായ ഉപവര്‍ഗ്ഗഭേദങ്ങള്‍ വെളിപ്പെട്ടു വന്നത്. അതാകട്ടെ, സമൂഹത്തലാഴത്തിലിഴ ചേര്‍ന്ന ജാതീയതയുമായി ബന്ധപ്പെട്ടതാണ്. അംബേദ്ക്കര്‍ മനസ്സിലാക്കാന്‍ ശ്രമിച്ചത് അതിനെയായിരുന്നു. ജാതി വ്യവസ്ഥിതി എന്നത് തൊഴിലിന്റെ വിഭജനമല്ല,  തൊഴിലാളികളുടെ വിഭജനമാണ് എന്ന അംബേദ്കറൈറ്റ് നിരീക്ഷണത്തിന്റെ പ്രസക്തി ഇവിടെയാണ്. സാമൂഹിക ശാസ്ത്രത്തിലെ ക്വാണ്ടം ഭൗതികമാണ് ജാതി സമവാക്യങ്ങള്‍. സ്ഥൂലസമൂഹത്തില്‍ മാര്‍ക്‌സിസവും സൂക്ഷ്്മ തലതതില്‍ അംബേദ്ക്കറിസവും സാമൂഹിക-സാമ്പത്തിക ബന്ധങ്ങളെ നിയന്ത്രിക്കുന്നു. ഇതു രണ്ടും തമ്മിലുള്ള ലയനമായിരിക്കും ഒരു പക്ഷെ, സമ്പൂര്‍ണ്ണവിമോചനത്തിന്റെ  Grand Unified Theory  സൂക്ഷ്മ പ്രപഞ്ചത്തെ വിശദീകരിക്കാന്‍ ഉതകുന്ന ക്വാണ്ടം മെക്കാനിസം സ്ഥൂല പ്രപഞ്ചത്തെ വായിക്കുന്ന പൊതു ആപേക്ഷികതാ സിദ്ധാന്തവും സമന്വയിക്കുന്ന പൊതു സിദ്ധാന്തം പോലെ മാര്‍ക്‌സിസവും അംബേദ്ക്കറിസവും സമന്വയിപ്പിക്കുന്ന വിമോചനത്തിന്റെ പുതിയ പ്രത്യയശാസ്ത്രം രോഹിത് സ്വപ്നം  കണ്ടിരുന്നിരിക്കണം.

2014 ആഗസറ്റ് 13 ന് രോഹിത് എഴുതി, ”മാര്‍ക്‌സിസത്തില്‍ നിന്ന് അംബേദ്ക്കറിസത്തിലേക്കുള്ള എന്റെ രാഷ്ട്രീയ മാറ്റം കൂടുതല്‍ മാനവികമായ എല്ലാവരേയും ഉള്‍ക്കൊള്ളുന്ന ഒരു സമൂഹസങ്കല്പത്തിധിഷ്ഠിതമായ പുതിയ ഒരു നാളേയ്ക്കു വേണ്ടിയുള്ള ബോധപൂര്‍വ്വമായ് ശ്രമമാണ്. അങ്ങനെ ദേശീയതയുടെ അല്ലെങ്കില്‍ ഭൂരിപക്ഷ സാംസ്‌കാരിക ഐക്യത്തിന്റെ പേരിലുള്ള വരേണ്യ വര്‍ഗ്ഗത്തിന്റെ ഉദാരതയുടേയും ഐക്യ ദാര്‍ഢ്യത്തിന്റേയും മുഖംമൂടികള്‍ ചീന്തിയെറിയുവാന്‍. വര്‍ഗ്ഗ-ജാതി-ലിംഗ അടിമത്വ വ്യവസ്ഥകളെ ഒരു നാണവും ഇല്ലാതെ പിന്‍പറ്റുകയും അതേസമയം പുരോഗമനം പ്രസംഗിക്കുകയും ചെയ്യുന്ന വരേണ്യവര്‍ഗ്ഗ ഹിപ്പോക്രസി തുറന്നുകാട്ടുവാന്‍ സാംസ്‌ക്കാരിക സങ്കുചിതത്വവും വര്‍ഗ്ഗീയ രാഷ്ട്രീയവും കൈകോര്‍ക്കുമ്പോള്‍ അധഃകൃത വര്‍ഗ്ഗത്തിന്റെ, ദ്രാവിഡരുടെ ചരിത്രവും അടയാളപ്പെടുത്തുവാന്‍. സ്വാതന്ത്ര്യത്തിന്റെ അമിത ആഘോഷങ്ങള്‍ക്കിടയില്‍ പൊള്ളുന്ന യാഥാര്‍ത്ഥ്യങ്ങള്‍ ഉറക്കെ വിളിച്ചു പറയുവാന്‍……….മാര്‍ക്‌സിസത്തിന്റെ അടിസ്ഥാന വീക്ഷണത്തില്‍ നിന്നുകൊണ്ട് ബാബ സാഹേബ് അംബേദ്കര്‍ സ്വപ്നം കണ്ട സമൂഹം ഞാനും സ്വപ്നം കാണുന്നു. അതിനു വേണ്ടി പ്രവര്‍ത്തിക്കുന്നു.രോഹിത്തിന്റേത് മഹത്തായ ഒരു സ്വപ്നമായിരുന്നു. പിശാചനീതിയുടെ കാവല്‍ക്കാര്‍ പാതിവഴിയില്‍ അവസാനിപ്പിച്ച മഹത്തായ അന്വേഷണമായിരുന്നു. അവസാനമായി അവന്‍ എഴുതിയ വരികളുടെ മൂര്‍ച്ച; അതൊരു അസാധാരണ വ്യാകരണമാണ്. ഒരു ദര്‍ശനവും കുറ്റപത്രവുമാണ്. ”എന്റെ ജനനമാണ് എനിക്ക് സംഭവിച്ച ഏറ്റവും മാരകമായ അപകടം.” ആ വാക്കുകള്‍ ചരിത്രമാണ്.അധികാരം അതിന്റെ ഇരകളുടെ വേദനയെ നന്ദികേടായാണ് കാണുന്നത്. രോഹിത് അവരെ നീ മറന്നേക്കുക. ജന്മം ഒരു ദുരന്തമായിത്തീര്‍ന്നവര്‍ ഇനിയുമുണ്ട്. ഒരിക്കലും അംഗീകരിക്കപ്പെടാത്തവര്‍, ഒരിക്കല്‍പ്പോലും ഒന്നുറക്കെ സംസാരിച്ചിട്ടില്ലാത്തവര്‍, നിഴലില്‍ നിന്ന് വെളിച്ചത്തിലേക്ക് ഇറങ്ങാന്‍ കഴിയാത്തവര്‍…….കാലത്തിന്റെ കവിള്‍ത്തടത്തിലെ ഘനീഭവിച്ച കണ്ണുനീര്‍ത്തുള്ളികള്‍, രോഹിത്തുമാര്‍ ഇനിയും ഉണ്ടാകും. അകാലത്തില്‍ എരിഞ്ഞു തീരാന്‍ വിധിക്കപ്പെട്ട സ്വപ്നങ്ങളുമായി, തോരാത്ത കണ്ണുനീരായി നിസ്സഹായതയുടെ പരകോടിയിലെ നിശ്ശൂന്യതയായി, ജാതി ഉന്മൂലനം വിമോചനസ്വപ്നങ്ങളോടിണചേരുന്ന ഒരു രാഷ്ട്രീയ പ്രത്യയശാസ്ത്ര പദ്ധതി ഉദയം കൊള്ളുന്നതുവരെ.
അംബേദ്കര്‍ പറയുന്നു: ജാതിയുടെ അടിത്തറയില്‍ നിന്നുകൊണ്ട് നിങ്ങള്‍ക്കൊന്നും നിര്‍മ്മിക്കുവാനാകില്ല. ഒരു രാജ്യമോ ധാര്‍മ്മികതയോ നിര്‍മ്മിക്കുവാന്‍ കഴിയില്ല. ജാതീയതയ്ക്കുമേല്‍ പണിയുന്നതെന്തും തകര്‍ന്നടിയുക തന്നെ ചെയ്യും അത് ഒരിക്കലും പൂര്‍ണ്ണമാവുകയില്ല. ജാതി ബന്ധങ്ങളുടെ ക്വാണ്ടം ഭൗതികതയെ  മാര്‍ക്‌സിസത്തിന്റെ അടിസ്ഥാനവീക്ഷണങ്ങളോട് സമന്വയിപ്പിക്കുന്ന ഒരു സമഗ്ര ദര്‍ശനം രൂപപ്പെടേണ്ടതുണ്ട്മാര്‍ക്‌സിസത്തില്‍ നിന്ന് അംബേദ്കറിസത്തിലൂടെ ‘ദളിത് മാര്‍ക്‌സിസ’ത്തിലേക്ക് വികസിക്കുന്ന ദാര്‍ശനിക അന്വേഷണമാണ് കാലം ആവശ്യപ്പെടുന്നത്. അതു തന്നെയായിരുന്നു രോഹിത് വെമുലയുടെ ജീവിതവും.     

സാമ്പത്തിക സംവരണം ഭരണഘടനാവിരുദ്ധം

Economic Reservation

ഇ.എം.എസ്‌. നമ്പൂതിരിപ്പാട്‌, 1995 ഒക്‌ടോബര്‍ ഏഴിനു ഫ്രണ്ട്‌ലൈന്‍ മാസികയില്‍ ക്രീമിലെയര്‍ വിവാദത്തിലെ വര്‍ഗവും ജാതിയും; മാര്‍ക്‌സിസ്‌റ്റ്‌ നിര്‍വചനം എന്ന ലേഖനമെഴുതുകയുണ്ടായി. തലക്കെട്ട്‌ സൂചിപ്പിക്കുന്നതുപോലെ വര്‍ഗവും ജാതി ബന്ധങ്ങളും സംബന്ധിച്ച മാര്‍ക്‌സിയന്‍ വിശദീകരണമൊന്നും അതിലുണ്ടായിരുന്നില്ല. ഉണ്ടായിരുന്നതു സംവരണത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്‌ച്ചപ്പാടാണ്‌. 1992-ലെ ഇന്ദ്രസാനി കേസില്‍ സുപ്രീം കോടതി ഒ.ബി.സി. വിഭാഗങ്ങളുടെ സംവരണം ശരിവയ്‌ക്കുകയും ക്രീമിലെയര്‍ എന്ന സങ്കല്‍പ്പം കൊണ്ടുവരികയും ചെയ്‌ത പശ്‌ചാത്തലത്തില്‍, 1958ല്‍ ഭരണപരിഷ്‌കരണ സമിതിയുടെ അധ്യക്ഷനായിരിക്കെ താന്‍ മുന്നോട്ടു വച്ച ആശയമാണു പിന്നീടു ക്രീമിലെയറായതെന്ന്‌ അദ്ദേഹം പറയുന്നു.  ക്രീമിെലയര്‍ സംവിധാനത്തിലെ വലിയ പോരായ്‌മയും അദ്ദേഹം തന്നെ ചൂണ്ടിക്കാട്ടുന്നുണ്ട്‌. പിന്നാക്ക സമുദായങ്ങളിലെ നോണ്‍ ക്രീമിലെയര്‍ വിഭാഗങ്ങളില്‍നിന്നു മതിയായ ആളുകളില്ലാതെ വന്നാല്‍ അതു പൊതുവിഭാഗത്തിന്‌ പോകും. അത്തരം സാഹചര്യങ്ങളില്‍ പിന്നാക്ക വിഭാഗങ്ങളിലെ ക്രീമിലെയര്‍കാരെ സംവരണത്തിനു പരിഗണിക്കണം. ഒപ്പം മുന്നോക്ക വിഭാഗങ്ങളിലെ പിന്നാക്കക്കാര്‍ക്കും സംവരണത്തിന്റെ ആനുകൂല്യം ലഭ്യമാക്കണമെന്ന നിര്‍ദേശമുണ്ട്‌. ക്രീമിലെയര്‍ വിവാദത്തിലെ വര്‍ഗവും ജാതിയും എന്ന വിഷയം പറഞ്ഞുവന്ന്‌ ഒടുവില്‍, മുന്നോക്കക്കാരിലെ സാമ്പത്തികമായി പിന്നിലുള്ളവര്‍ക്കും സംവരണമെന്ന, 1958ല്‍ ആരംഭിച്ച, സംവരണത്തെ ദാരിദ്ര്യവുമായി കൂട്ടിയിണക്കുന്ന, തന്റെ യാന്ത്രിക-മാര്‍ക്‌സിയന്‍ കാഴ്‌ച്ചപ്പാടിലേക്കു തന്നെയാണ്‌ ഇ.എം.എസ്‌. 1995-ലും ചെന്നെത്തുന്നത്‌.  അടിസ്‌ഥാനപരമായി സംവരണം സോഷ്യലിസത്തിലേക്കുള്ള കുറുക്കുവഴിയല്ല. ഇന്ത്യന്‍ ഭരണഘടനയില്‍ സംവരണം നിലനില്‍ക്കുന്നതു സാമൂഹിക നീതിയുമായി ബന്ധപ്പെട്ടാണ്‌. ഭരണഘടനയുടെ മൂന്നാം ഭാഗത്ത്‌ മൗലികാവകാശങ്ങളുടെ നിര്‍വചനങ്ങള്‍ക്കൊപ്പമാണു സംവരണത്തിന്റെ നിയമസാധ്യതകള്‍ വ്യക്‌തമാകുന്നത്‌. ഭരണഘടനയുടെ അടിസ്‌ഥാന സ്വഭാവമായ തുല്യനീതി, ജാതി-മത-വംശ-ദേശ-ലിംഗ ഭേദങ്ങളിലധിഷ്‌ഠിതമായ ചൂഷണങ്ങള്‍ക്കെതിരെയുള്ള സംരക്ഷണം, അവസര സമത്വം എന്നിവ ഉറപ്പാക്കുന്ന ഭരണഘടനയുടെ 14,15,16 വകുപ്പുകള്‍ തന്നെയാണു സംവരണത്തെക്കുറിച്ചും പ്രതിപാദിക്കുന്നത്‌.  നിര്‍ദേശക തത്വങ്ങളുടെ ഭാഗമായ ആര്‍ട്ടിക്കിള്‍ നാല്‍പ്പത്താറും ഇതോടു ചേര്‍ത്തു വായിക്കാം. പ്രാതിനിധ്യമാണു സംവരണ തത്വത്തിന്റെ അടിസ്‌ഥാനം. ചരിത്രപരമായ കാരണങ്ങളാല്‍ അനീതിക്കിരയായി പിന്തള്ളപ്പെട്ടു പോയ ജനവിഭാഗങ്ങളുടെ ആനുപാതികമായ പ്രതിനിധ്യം എല്ലാ മേഖലയിലും ഉറപ്പു വരുത്തുക എന്നതാണത്‌. ഏതൊക്കെ വിഭാഗങ്ങളുടെ പ്രാതിനിധ്യമാണു ഭരണഘടനയില്‍ പറയുന്നത്‌?  1. ജാതി-മത-വര്‍ഗ ഭേദമന്യേ എല്ലാ സ്‌ത്രീകളുടേയും കുട്ടികളുടെയും സര്‍വതോമുഖമായ ഉന്നമനത്തിനുവേണ്ടി നടപടികള്‍ സ്വീകരിക്കാം (ആര്‍ട്ടിക്കിള്‍ 15(3)  2. സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നോക്കം നില്‍ക്കുന്നവര്‍ക്ക്‌ (ആര്‍ട്ടിക്കിള്‍ 15(4)  3. സര്‍ക്കാര്‍ സര്‍വീസില്‍ മതിയായ പ്രാതിനിധ്യം ഇല്ലാത്തവര്‍ക്ക്‌ (ആര്‍ട്ടിക്കിള്‍ 16(4)). ഇവിടെ പറഞ്ഞിരിക്കുന്ന പിന്നോക്ക വിഭാഗം എന്നത്‌ ആര്‍ട്ടിക്കിള്‍ 15(4)-ലെ സമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നില്‍ക്കുന്ന വിഭാഗം ആണെന്ന്‌ സുപ്രീം കോടതി വ്യാഖ്യാനിച്ചിട്ടുണ്ട്‌.  4. സാമൂഹിക അനീതികളില്‍ നിന്നും എല്ലാത്തരത്തിലുമുള്ള ചൂഷണങ്ങളില്‍ നിന്നും സംരക്ഷിക്കപ്പെടേണ്ട ദുര്‍ബല വിഭാഗങ്ങള്‍ക്ക്‌ (ആര്‍ട്ടിക്കിള്‍ 46)  5. പട്ടികജാതി /പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്ക്‌ (അവസാനം പറഞ്ഞ 3 വകുപ്പുകള്‍ പ്രകാരവും).  ഇവിടെയൊന്നും സാമ്പത്തിക സംവരണത്തിനു സാധ്യതയില്ല. ആര്‍ട്ടിക്കിള്‍ 46-ല്‍ അവശ വിഭാഗങ്ങളുടെ സാമ്പത്തികവും വിദ്യാഭ്യാസപരവുമായ താത്‌പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്ന നിര്‍ദേശമാണ്‌ സാമ്പത്തിക സംവരണ വാദികള്‍ ഉയര്‍ത്തുന്നത്‌. ദുര്‍ബല വിഭാഗം എന്ന പ്രയോഗത്തിന്‌ സാമ്പത്തികമായി അവശതയനുഭവിക്കുന്ന വിഭാഗമെന്ന വ്യാഖ്യാനം നല്‍കാനായിരുന്നു ശ്രമം. സമൂഹിക അനീതിയില്‍നിന്നും മറ്റു ചൂഷണങ്ങളില്‍ നിന്നും സരക്ഷിക്കപ്പെടണം എന്ന ഭാഗം കൂടി ചേര്‍ത്തു വായിക്കേണ്ടതുണ്ട്‌ എന്നതാണ്‌ വിദഗ്‌ധമതം. സംവരണവുമായി ബന്ധപ്പെട്ട എല്ലാ കേസുകളിലും സുപ്രീം കോടതിയുടെ നിലപാടും ഇതു തന്നെയായിരുന്നു. സാമ്പത്തിക സംവരണത്തെ കോടതി ഒരിക്കലും അംഗീകരിച്ചിട്ടില്ല.  ഏതെങ്കിലും ഒരു ജാതിയിലെ വ്യക്‌തി ദരിദ്രനായതുകൊണ്ടു മാത്രം സംവരണം അനുവദിക്കാന്‍ കഴിയില്ല. ഭരണഘടനാപരമായി വ്യക്‌തികള്‍ക്കല്ല, വിഭാഗങ്ങള്‍ക്ക്‌ മാത്രമാണ്‌ സംവരണം അനുവദിക്കാന്‍ കഴിയുക. ദാരിദ്ര്യം എന്നത്‌ ഒരു വിഭാഗത്തെ നിര്‍ണയിക്കാനുള്ള മാനദണ്ഡമാണെന്നു വിചാരിച്ചാല്‍ തന്നെയും അത്‌ ഏതെങ്കിലും ഒരു പ്രത്യേക സമുദായത്തിന്റെ കാര്യമല്ല. എല്ലാ വിഭാഗത്തിലുള്ളവരും കാണും. ദരിദ്രര്‍ എന്ന നിലയ്‌ക്കു മുന്നോക്ക വിഭാഗങ്ങളിലെ ആളുകള്‍ക്കു മാത്രമല്ല പിന്നോക്കക്കാര്‍ക്കും ദളിതര്‍ക്കുമെല്ലാം പ്രത്യേകം സംവരണം ഒരുക്കേണ്ടിവരും. ഏതെങ്കിലും പ്രത്യേക വിഭാഗത്തിലെ ദരിദ്രര്‍ക്കു മാത്രമായി സംവരണം ഏര്‍പ്പെടുത്തുന്നത്‌ ആര്‍ട്ടിക്കിള്‍ 14 ഉറപ്പുതരുന്ന സമത്വത്തിന്റെയും 15, 16 വകുപ്പുകളിടെയും ലംഘനമാകും. അതുകൊണ്ടുതന്നെ സാമ്പത്തിക സംവരണം ഭരണഘടനാവിരുദ്ധമാണ്‌.  എന്നുകരുതി സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മുന്നോക്കക്കാരെ അവഗണിക്കണം എന്നല്ല. ദാരിദ്ര്യ നിര്‍മാര്‍ജന പരിപാടികള്‍ ഉണ്ടാകേണ്ടതുണ്ട്‌. വിദ്യാഭ്യാസ മേഖലയില്‍ ആണെങ്കില്‍ അവര്‍ക്കും, മറ്റെല്ലാ ദരിദ്രര്‍ക്കും വേണ്ടത്‌, സംവരണം അല്ല; സ്‌കോളര്‍ഷിപ്പുകളാണ്‌. മറ്റെല്ലാ വിഭാഗങ്ങളിലേയും ദരിദ്രരെപ്പോലെ മുന്നോക്കക്കാരിലെ ദരിദ്രവിഭാഗത്തിനും തൊഴിലുറപ്പുപദ്ധതി പോലെയുള്ള പരിപാടികളുടെ ഭാഗമാകാം. കൃഷിപ്പണി, തെങ്ങുകയറ്റം, മീന്‍ പിടിത്തം, മുടിവെട്ട്‌, നിര്‍മാണത്തൊഴില്‍, മരപ്പണി, ഇരുമ്പു പണി അങ്ങനെ ചരിത്രപരമായി പിന്നാക്കവിഭാഗം മാത്രം ചെയ്‌തുപോന്ന മറ്റ്‌ തൊഴിലുകളുടെ ഭാഗമാകാം. തൊഴിലാളികള്‍ക്കു വേണ്ടിയുള്ള സര്‍ക്കാര്‍ പദ്ധതികളുടെ ഗുണഭോക്‌താവാകാം.  ഇ.എം.എസ്‌. പറഞ്ഞതുപോലെതന്നെ മാര്‍ക്‌സിസത്തിന്റേയും അടിസ്‌ഥാന പ്രമാണം ദരിദ്ര നാരായണ സേവയാണ്‌. അതിനര്‍ത്ഥം ക്യാന്‍സര്‍പോലെ വളരുന്ന സാമ്പത്തിക അസമത്വത്തിന്‌ ഉത്തരം സംവരണമാണെന്നല്ല. രാഷ്‌ട്രീയ ജനാധിപത്യത്തിനൊപ്പം വളര്‍ന്നുവരേണ്ടിയിരുന്ന സാമ്പത്തിക ജനാധിപത്യത്തെ റദ്ദു ചെയ്യുന്ന സാമൂഹിക യാഥാര്‍ഥ്യങ്ങളെ മനസിലാക്കിക്കൊണ്ട്‌, സാമ്പത്തിക രംഗത്തെ മാര്‍ക്‌സിയന്‍ ബദല്‍ കണ്ടെത്തുകയാണ്‌ കാലഘട്ടത്തിന്റെ ആവശ്യം. അതാണു പുരോഗമനം. അതുമാത്രമാണു പുരോഗമനം.  പി.ബി. ജിജീഷ്‌  

This article was first published in Mangalam Daily on 18/11/2017

ആധാറുമായി ബാങ്കിലേക്ക് ഓടണോ?

ആളുകള്‍ നെട്ടോട്ടമോടുകയാണ്, ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ബാങ്ക് അക്കൗണ്ട് റദ്ദായിപ്പോകും എന്നാണ് ഭീഷണി. ഒരു ദിവസം ഒന്നു വീതം മൂന്നു നേരം ആഹാരത്തിനു മുന്‍പും ആഹാരത്തിനു ശേഷവും ഭീഷണി മെസേജുകള്‍ വരുന്നുണ്ട്. എ ടി എമ്മില്‍ കയറിയാലും, ഇന്റര്‍നെറ്റ് ബാങ്കിങ്ങിനു ശ്രമിച്ചാലും, ബാങ്കില്‍ പോയാലുമെല്ലാം ഭീഷണിപത്രങ്ങള്‍ മുന്‍പില്‍ തെളിയും. പുതിയ ബാങ്ക് അക്കൗണ്ടു തുറക്കുന്നതിന് ആധാര്‍ നിര്‍ബന്ധമാണെന്ന് പറയുന്നു. ആധാര്‍ നിര്‍ബന്ധമാക്കിക്കൊണ്ട് റിസര്‍വ് ബാങ്ക് നിര്‍ദ്ദേശം ഒന്നും പുറപ്പെടുവിച്ചിട്ടില്ല എന്ന് വിവരാവകാശപ്രകാരമുള്ള മറുപടി ലഭിക്കുന്നു. ഞങ്ങള്‍ പറഞ്ഞിട്ടില്ലെങ്കിലും ‘ബാധകമായ സന്ദര്‍ഭങ്ങളി’ലെല്ലാം ആധാര്‍ നിര്‍ബന്ധമാണെന്ന് റിസര്‍വ് ബാങ്കിന്റെ ക്ലാരിഫിക്കേഷന്‍ വരുന്നു. ആകെ ജഗപൊകയാണ്. ജനങ്ങള്‍ എന്തു ചെയ്യുമെന്നറിയാതെ പകച്ചു നില്‍ക്കുന്നു. യാഥര്‍ത്ഥ്യം എന്താണ് ?

RTI Reply from Reserve Bank of India
RBI-Clarification-on RTI

ആധാര്‍-ബാങ്ക് അക്കൗണ്ട് ബാന്ധവം ആരംഭിക്കുന്നത് 2010 മുതലാണ്. യതൊരു വെരിഫിക്കേഷനുമില്ലാത്ത ആധാര്‍ ഒരു ഐ ഡി പ്രൂഫ് ആയി ആദ്യ ഘട്ടതില്‍ ആര്‍ ബി ഐ അംഗീകരിച്ചിരുന്നില്ല. എന്നാല്‍ 2010 ഡിസംബര്‍ 16ന് പ്രിവന്‍ഷന്‍ ഓഫ് മണി ലോണ്ടറിംഗ് ആക്ട് (പി എം എല്‍ ആക്ട്) ല്‍ വരുത്തിയ ഭേദഗതികള്‍ വഴി ആധാര്‍ ‘ചെറുകിട അക്കൗണ്ടുകള്‍’ തുറക്കുന്നതിന് ഉപയോഗിക്കാന്‍ തീരുമാനമായി. അത്തരം അക്കൗണ്ടുകളില്‍ വര്‍ഷത്തില്‍ ഒരു ലക്ഷം രൂപയില്‍ കൂടുതല്‍ ക്രയവിക്രയം നടത്തുവാന്‍ പാടില്ല, ഒരു സമയത് 50,000 രൂപയില്‍ കൂടുതല്‍ ബാലന്‍സ് ഉണ്ടാകാന്‍ പാടില്ല, മാസം 10000 രൂപയില്‍ കൂടുതല്‍ നിക്ഷേപം പാടില്ല. അങ്ങനെ ഒരുപാട് നിയന്ത്രണങ്ങള്‍ ഉണ്ട്. എന്നാല്‍ ഗവണ്മെന്റ് സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് 2011-ല്‍ ആര്‍ ബി ഐ ഈ നിയന്ത്രണവും എടുത്തു കളഞ്ഞു. <ഞആക/201112/207 ; ഉആഛഉ.അങഘ.ആഇ.ചീ. 36/ 14.01.001/201112>. ഇപ്പോള്‍ ഇതാ പി എം എല്‍ ആക്ടില്‍ വരുത്തിയ മറ്റൊരു ഭേദഗതി പ്രകാരം 2017 ഡിസംബര്‍ 31-ന് മുന്‍പ് എല്ലാ ബാങ്ക് അക്കൗണ്ടുകളിലും ആധാര്‍ എ-കെ വൈ സി നിര്‍ബന്ധമാക്കിയിരിക്കുന്നു. തട്ടിപ്പുകള്‍ ഇല്ലാതാക്കുന്നതിനു വേണ്ടിയാണിത് എന്നാണ് വാദം. അതിന്റെ ന്യായാന്യായങ്ങളിലേക്ക് മറ്റൊരവസരത്തില്‍ കടക്കാം. ഇപ്പൊള്‍ നമുക്ക് ഈ നോട്ടിഫിക്കേഷന്റെ നിയമ സാധുത പരിശോധിക്കാം.

Notification of amendments to PML act GSR 538(E) dated 01/07/2017

01/07/2017 ലെ ജി എസ് ആര്‍ 538(ഇ) നമ്പര്‍ നോട്ടിഫിക്കേഷന്‍ വഴിയാണ് മോദി ഗവണ്മെന്റ് പി എം എല്‍ ആക്ട് പ്രകാരം പുതിയ ചട്ടങ്ങള്‍ പുറത്തിറക്കിയത്. പി എം എല്‍ ആക്റ്റ് സെക്ഷന്‍ 73 (1) എച്ച്, ഐ, ജെ, കെ വകുപ്പുകള്‍ അനുസരിച്ച് എന്ന് നോട്ടിഫിക്കേഷന്‍ പറയുന്നു. എന്നാല്‍ സെക്ഷന്‍ 73(1) എച്ച് 2013-ല്‍ നീക്കം ചെയ്തിട്ടുള്ളതാണ്. ഇല്ലാത്ത നിയമപ്രകാരം എങ്ങനെ ചട്ടങ്ങള്‍ ഉണ്ടാക്കാന്‍ കഴിയും? മറ്റു വകുപ്പുകള്‍ ഉപയോഗിച്ച് ചട്ടങ്ങള്‍ ഊണ്ടാക്കാമെന്നിരിക്കലും അങ്ങനെ ഉണ്ടാക്കിയ ചട്ടങ്ങള്‍ക്കും ഭേദഗതികള്‍ക്കും പാര്‍ലമെന്റിന്റെ ഇരു സഭകളുടെയും അംഗീകാരം നിര്‍ബന്ധമായും ഉണ്ടായിരിക്കണം എന്ന്, പ്രസ്തുത ആക്ടിലെ 74, 75 വകുപ്പുകള്‍ അര്‍ത്ഥശങ്കക്കിടയില്ലാത്തവിധം വ്യക്തമാക്കുന്നുണ്ട്.

Section 74, PML Act

ആധാര്‍ നിര്‍ബന്ധമാക്കിക്കൊണ്ടുള്ള വിഞ്ജാപനത്തിന് പാര്‍ലമെന്റിന്റെ അംഗീകാരം ഇല്ല. അതുകൊണ്ട് തന്നെ പി എം എല്‍ ആക്ട് അനുസരിച്ച് അതിന് നിയമപ്രാബല്യവുമില്ല. മാത്രവുമല്ല ആധാര്‍ ഒരു സേവനത്തിനും നിര്‍ബന്ധിതമാക്കരുതെന്ന് സുപ്രീം കോടതി ഉത്തരവ് നിലവിലുണ്ട്. ആധാര്‍ ഇല്ലാത്തതുകൊണ്ട് ആര്‍ക്കും ഒരു സേവനവും നിഷേധിക്കപ്പെടരുത്്. പൊതു വിതരണ സംവിധാനം, പാചകവാതക വിതരണം, തൊഴിലുറപ്പു പദ്ധതി, ക്ഷേമ പെന്‍ഷനുകള്‍, ജന്‍ ധന്‍ യോജന, ഇ പി എഫ്, എന്നിങ്ങനെ 6 പദ്ധതികള്‍ക്കു മാത്രം ആധാര്‍ ഉപയോഗിക്കാമെന്നും അതില്‍ തന്നെ നിര്‍ബന്ധമാക്കാന്‍ കഴിയില്ല എന്നുമായിരുന്നു ഉത്തരവ്. ആധാര്‍ നിര്‍ബന്ധിതമല്ലെന്നും അത് ഇല്ലാത്തതിന്റെ പേരില്‍ ഒരു ആനുകൂല്യവും നിഷേധിക്കപ്പെടില്ലെന്നുമുള്ള വസ്തുത ടി വി, റേഡിയോ, പത്ര മാധ്യമങ്ങളിലൂടെ പരസ്യം ചെയ്ത് പൊതു ജനങ്ങളെ അറിയിക്കണം എന്നും ഉത്തരവില്‍ ഉണ്ടായിരുന്നു. ആധാര്‍ ആക്ട് പാര്‍ലമെന്റ് പാസാക്കി നിയമമായതിനു ശേഷം 2016 സെപ്തംബറില്‍ കേസ് പരിഗണിച്ചപ്പോഴും കോടതി ഇതേ നിലപാട് ആവര്‍ത്തിച്ചു. ഏറ്റവുമടുത്ത് സ്വകാര്യതാ വിധിയില്‍ ഉള്‍പ്പടെ കോടതി നിലപാട് വ്യക്തമാക്കിയിട്ടുണ്ട്.  ബാങ്ക് അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കാനുള്ള നിര്‍ദ്ദേശം നിശ്ചയമായും ഈ കോടതി വിധിക്ക് എതിരാണ്. കോടതിയലക്ഷ്യമാണ്.

Supreme Court Order on Aadhaar

ജൂലൈ ഒന്നിലെ നോട്ടിഫിക്കേഷന്‍ നില നില്‍ക്കുന്നതാണെങ്കില്‍ തന്നെ, സ്വാഭാവികമായും അതിനെ തുടര്‍ന്ന് ആര്‍ ബി ഐ യുടെ സര്‍ക്കുലര്‍ വരേണ്ടതാണ്. അതാണ് കീഴ്‌വഴക്കം. അത് ഇതുവരെ ഉണ്ടായിട്ടില്ല. എന്നിരുന്നാലും റിസര്‍വ് ബാങ്ക് ക്ലാരിഫിക്കേഷന്‍ നല്‍കിയിട്ടുള്ള സാഹചര്യത്തില്‍ തര്‍ക്കത്തിനു പ്രസക്തിയില്ല. അതു പ്രകാരം ‘ബാധകമായ സന്ദര്‍ഭങ്ങള്‍’ ഏതൊക്കെയാണ്? അത് മേല്‍പ്പറഞ്ഞ പി എം എല്‍ നോട്ടിഫിക്കേഷന്‍ ബാധകമാകുന്ന സന്ദര്‍ഭങ്ങളെയാണ് സൂചിപ്പിക്കുന്നത്. അതില്‍ പറഞ്ഞിരിക്കുന്ന ഭേദഗതികളിലെ സെക്ഷന്‍ 17(എ) അനുസരിച്ച് ഒരു പുതിയ ബാങ്ക് അക്കൗണ്ട് തുറക്കാന്‍ ആധാര്‍ ഇപ്പോള്‍ നല്‌കേണ്ടതില്ല. അക്കൗണ്ട് തുറന്ന തിയ്യതി മുതല്‍ ആറ് മാസത്തിനകംആധാര്‍ ഹാജരാക്കിയാല്‍ മതിയാകും. നിലവിലുള്ള അക്കൗണ്ടുകള്‍ക്ക് 2017 ഡിസംബര്‍ 31-ന് മുന്‍പ് ആധാര്‍ ഇ-കെ വൈ സി വെരിഫിക്കേഷനും നടത്തേണ്ടതുണ്ട് എന്നാണ് പറഞ്ഞിരിക്കുന്നത്.

Aadhaar-Deadline

അതായത് 2017 ഡിസംബര്‍ 31-ന് മുന്‍പ് റിസര്‍വ് ബാങ്ക് പറഞ്ഞ ‘ബാധകമായ സന്ദര്‍ഭങ്ങള്‍’ ഉണ്ടാകില്ല എന്നു സാരം. അതിനു മുന്‍പ് നവംബറില്‍ ആധാര്‍ കേസ് കോടതിയുടെ പരിഗണനയ്ക്ക് വരുന്നുണ്ട്. കോടതി ഇത്തരം ഭരണഘടനാവിരുദ്ധ പ്രവര്‍ത്തനങ്ങളെ തടയാതിരിക്കില്ല. അതുവരെ നിയമവിരുദ്ധമായ, അപകടകരമായ ആധാര്‍ ഭ്രാന്തിന് തലവയ്ച്ചു കൊടുക്കാതിരിക്കുക. കോടതി ഉത്തരവ് അനുസരിച്ചു മാത്രം കാര്യങ്ങള്‍ തീരുമാനിക്കുക്ക.

This article first appeared in Mangalam Daily on 24/10/2017

ജനാധിപത്യത്തിന്റെ രാഷ്ട്രീയം

ഭരണസംവിധാനം ജനാഭിലാഷത്തിന്റെ പ്രതിഫലനമാകുന്നതാണ് ജനാധിപത്യം. പൂര്‍ണമായ അര്‍ഥത്തില്‍ പ്രായോഗികമാകാന്‍ സാധ്യതയില്ലാത്ത ആശയമാണത്. ഉദയകാലം തൊട്ടേ ജനാധിപത്യത്തില്‍ ജനാഭിലാഷ പ്രകാശനം പരിമിതമാണ്. എഥന്‍സില്‍, ജനാധിപത്യത്തിന്റെ ജന്മനാട്ടില്‍, സമൂഹത്തിലെ ചെറിയ ഒരു വിഭാഗത്തിനു മാത്രമാണ് വോട്ടവകാശം ഉണ്ടായിരുന്നത്. ജനസംഖ്യയില്‍ പകുതിയോളം വരുന്ന സ്ത്രീകള്‍, പിന്നെ അടിമകള്‍, നികുതി നല്‍കാത്ത സാ ധാരണക്കാര്‍, തൊഴിലാളികള്‍ അങ്ങനെ പൊതുജനം എന്നു പറയാവുന്ന വിഭാഗക്കാരൊക്കെ ജനധിപത്യമെന്ന അഭിപ്രായപ്രകടനത്തിന്റെ മഹാമേളയിലേക്ക് ക്ഷണിക്കപ്പെടാത്തവരായിരുന്നു. മുഖം മൂടിയണിഞ്ഞ പ്രഭുഭരണമായി ജനാധിപത്യം വളരേക്കാലം തുടര്‍ന്നു.
എങ്കിലും ജനാധിപത്യം എല്ലാക്കാലത്തും ഒരു സ്വപ്നമായിരുന്നു. ആ സ്വപ്ന സാക്ഷാത്കാരത്തിനു വേണ്ടിയുള്ള മനവരാശിയുടെ അഭിനിവേശത്തിന്റെ നൈരന്തര്യമാണ് ജനാധിപത്യത്തിന്റെ ചരിത്രം.
മനുഷ്യവംശത്തിന്റെ ചരിത്രത്തില്‍ ജനാധിപത്യത്തിന് സ്വാധീനമുണ്ടായിരുന്ന കാലഘട്ടം വളരെ ചെറുതാണ്. അഥീനിയന്‍ ജനാധിപത്യത്തിന്റെ പതനത്തിനു ശേഷം ആ വ്യവസ്ഥിതി 2000 വര്‍ഷങ്ങളോളം ജഢാവസ്ഥയില്‍, ആരാലും ഗൗനിക്കപ്പെടാതെ കിടന്നു.
പിന്നീട് നവോത്ഥാന കാലഘട്ടത്തിലാണ് ജനാഭിപ്രായത്തെക്കുറിച്ചും ജനാധിപത്യത്തെക്കുറിച്ചും ഉള്ള പൊതുബോധം ഉണര്‍ന്നത്. ഫ്രഞ്ചു വിപ്ലവത്തോടനുബന്ധിച്ച് ഉയര്‍ന്നു വന്ന ”സമത്വം സാഹോദര്യം സ്വാതന്ത്ര്യം” എന്ന മുദ്രാവാക്യവും ‘നിയമവഴ്ച’എന്ന സങ്കല്‍പവും ജനാധിപത്യത്തിന്റെ വളര്‍ച്ചക്ക് സഹായകമായി. ജനക്കൂട്ട-ഭരണത്തില്‍ നിന്നും, പ്രഭുഭരണത്തില്‍ നിന്നും വ്യത്യസ്തമായ ഭരണഘടനാധിഷ്ഠിത ഭരണം എന്ന തരത്തില്‍ ജനാധിപത്യത്തിന്റെ ശരീരനിര്‍മിതി ഉണ്ടാകുന്നത് ഈ കാലഘട്ടത്തിലാണ്. കോടതികള്‍, മാധ്യമങ്ങള്‍, വിദ്യാഭ്യാസം, നവോഥാന ചിന്തകരുടെ സ്വാധീനം എന്നിങ്ങനെയുള്ള അനുബന്ധ ഘടകങ്ങളുടെ വളര്‍ച്ചയും ഇതിനോട് ചേര്‍ത്തു വായിക്കേണ്ടതുണ്ട്.
അമേരിക്കന്‍ ഐക്യനാടുകളുടെ സ്വാതന്ത്ര്യ പ്രഖ്യാപനവും അവിടെ നിലവില്‍ വന്ന ഭരണ സംവിധാനവും അതിനു കീഴില്‍ ആ രാജ്യം കൈവരിച്ച അഭൂതപൂര്‍വമായ വളര്‍ച്ചയും ‘ജനാധിപത്യം’ എന്ന ആശയത്തിന് ലോകവ്യാപകമായ അംഗീകാരവും പ്രചാരവും നല്‍കി.
പത്തൊന്‍പതാം നൂറ്റാണ്ട്, പക്ഷേ ഏകാധിപത്യത്തിന്റെ തിരിച്ചുവരവിനാണ് അരങ്ങൊരുക്കിയത്. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളില്‍ ജനാധിപത്യത്തിന് വലിയ തിരിച്ചടികള്‍ നേരിട്ടു. ജര്‍മനി, ഇറ്റലി, സ്‌പെയിന്‍ തുടങ്ങി നിരവധി ജനാധിപത്യ രാഷ്ട്രങ്ങള്‍ ഏകാധിപത്യത്തിന് വഴിമാറി. നാസിസവും ഫാഷിസവും ലോകത്ത് ആഴത്തില്‍ വേരുറപ്പിച്ചു. 1941 ആയപ്പോഴേക്കും ആകെ 11 ജനാധിപത്യ രാജ്യങ്ങള്‍ മാത്രമാണ് ലോകത്ത് അവശേഷിച്ചിരുന്നത്. ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തോടെ പക്ഷേ, കാറ്റു മാറി വീശാനാരംഭിച്ചു. രണ്ടാം ലോകമഹായുദ്ധത്തില്‍ നാസിസ്റ്റ് ഫാഷിസ്റ്റ് ശക്തികള്‍ സൈനീകമായി പരാജയപ്പെട്ടതോടെ ജനാധിപത്യം വീണ്ടും വേരോടാന്‍ തുടങ്ങി. നാസി ജര്‍മനിയില്‍, മുസ്സോളനിയുടെ ഇറ്റലിയില്‍, ലോകത്ത് ഏറ്റവും കൂടുതല്‍ ദരിദ്രര്‍ ജീവിക്കുന്ന, വിഭജനത്തിന്റെ ചോര മണക്കുന്ന ഇന്ത്യയില്‍ … അങ്ങനെ ഏറ്റവും അസാധ്യം എന്നു കരുതിയിരുന്ന നാടുകളില്‍ പോലും ജനാധിപത്യം നിലവില്‍ വന്നു.
സോവിയറ്റ് ജനാധിപത്യത്തിന്റെ ആന്തരികഘടനയെക്കുറിച്ച് എന്തൊക്കെ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായാലും സോഷ്യലിസം, സമത്വം, സഹൂഹ്യനീതി, സ്വാന്തന്ത്ര്യം തുടങ്ങിയ ജനാധിപത്യത്തിന്റെ അടിസ്ഥാനമൂല്യങ്ങളുടെ വ്യാപനത്തിന് സോവിയറ്റ് നിലപാടുകള്‍ കാരണമായിട്ടുണ്ട്. സാമ്രാജ്യത്ത വിരുദ്ധ സമരങ്ങള്‍ക്കും സ്വാതന്ത്ര്യ പ്രസ്ഥാനങ്ങള്‍ക്കും സോവിയറ്റ് റഷ്യ നല്‍കിയ പിന്തുണ മൂന്നാം ലോകരാഷ്ട്രങ്ങള്‍ക്കാകെ വിമോചനത്തിന്റെ പുതിയ പ്രതീക്ഷ നല്‍കി.
പിന്നീടങ്ങോട്ട് ജനാധിപത്യത്തിന്റെ സുവര്‍ണ ദശകങ്ങളായിരുന്നു. 1974-ല്‍ ഗ്രീസില്‍, 75-ല്‍ സ്‌പെയിനില്‍, 83-ല്‍ അര്‍ജന്റീനയില്‍, 85-ല്‍ ബ്രസീലില്‍, 89-ല്‍ ചിലിയില്‍..അങ്ങനെ ഏകാധിപത്യങ്ങള്‍ ഓരോന്നായി അവസാനിച്ചു. 1990-കളില്‍ വര്‍ണവെറിയുടെ കിരാത നാളുകള്‍ അവസാനിപ്പിച്ചുകൊണ്ട്, നെല്‍സണ്‍ മണ്ടേലയുടെ നേതൃത്വത്തില്‍ ഇരുണ്ട ഭൂഖണ്ടത്തില്‍ സമൂഹ്യനീതിയുടെ പ്രകാശം പരന്നു. ഇരുപതാം നൂറ്റാണ്ട് അവസാനിക്കുമ്പോള്‍ ഇലക്ടറല്‍ ഡെമോക്രസികളുടെ എണ്ണം 11-ല്‍ നിന്നും 163 ആയി. ജനാധിപത്യം ലോകചരിത്രത്തില്‍ ഏറ്റവും ശക്തിമത്തായ നാളുകളായിരുന്നു അത്.
പക്ഷേ ഇരുപതാം നൂറ്റാണ്ടിനു പറയാനുള്ളത് മറ്റൊരു കഥയാണെന്നു തോന്നുന്നു. ജനാധിപത്യത്തിന്റെ അശ്വമേധം അവസാനിച്ചതുപോലെയാണ്. ഫ്രീഡം ഹൗസിന്റെ കണക്കുകള്‍ പ്രകാരം ആഗോളതലത്തില്‍ സ്വാതന്ത്ര്യത്തിനു ഇടിവു തട്ടുന്ന തുടര്‍ച്ചയായ 9-ാം വര്‍ഷമാണ് 2014. പുതിയ കാലത്തിന്റെ യാഥാര്‍ത്ഥ്യങ്ങള്‍ക്കു മുന്നില്‍ ജനാധിപത്യം പകച്ചു നില്‍ക്കുകയാണ്.
അതിനു കാരണങ്ങള്‍ പലതുണ്ട്. ജനാധിപത്യത്തിന്റെ സംരക്ഷകരായി അവതരിക്കുന്ന പാശ്ചാത്യ വികസിത രാജ്യങ്ങളുടെ മുഖം മൂടി ഇറാഖ് യുദ്ധത്തോടെ അഴിഞ്ഞു വീണതാണ് ഒരു കാര്യം. ഭീകരതക്കെതിരായ യുദ്ധം ഫലത്തില്‍ ജനാധിപത്യത്തിനെതിരായ യുദ്ധമായി പരിണമിച്ചിരിക്കുന്നു. പാശ്ചാത്യ ലോകത്തിനു പുറത്ത് ജനാധിപത്യമെന്നത് സാമ്രാജ്യത്ത അജണ്ടകള്‍ നടപ്പിലാക്കാന്‍ സൗകര്യപ്രദമായി ഉപയോഗിക്കുന്ന രാഷ്ട്രീയ ആയുധമായി മാറി. ഇ-ഡെമോക്രസിയുടെ സംവേദന സാധ്യതകളില്‍ വിരിഞ്ഞ അറബ് വസന്തം, പൂക്കള്‍ കൊഴിഞ്ഞ്, ഇലകള്‍ പുഴുതിന്ന്, വികലമായി ജീര്‍ണിക്കുന്നു. അതേസമയം, മറുവശത്ത് ജനാധിപത്യത്തെ നിരസിച്ച ചൈന പതിനെട്ടാം നൂറ്റാണ്ടില്‍ അമെരിക്ക കൈവരിച്ചതുപോലുള്ള പുരോഗതി കൈവരിക്കുന്നു. ഇതെല്ലാം ജനാധിപത്യത്തിന്റെ മാസ് അപ്പീല്‍ ഇല്ലാതാക്കുന്നുണ്ട്.
ജനാധിപത്യ രാഷ്ട്രങ്ങള്‍ക്കകത്ത് ജനാധിപത്യത്തിന്റെ ശത്രു അതിന്റെ പരിണാമ പരിമിതികളാണ്. ആഗോളവത്കൃത കാലത്ത് ദേശരാഷ്ട്രങ്ങളുടെ അധികാരം ചുരുങ്ങി വരുന്നു. പലകാര്യങ്ങളും, നയങ്ങളും, തീരുമാനിക്കപ്പെടുന്നത് അന്താരാഷ്ട്ര സംവിധാനങ്ങള്‍ക്കകത്താണ്. രാജ്യങ്ങളുടെ സാമ്പത്തിക നയങ്ങളും, വ്യാപാരവ്യവസ്ഥകളും, സമൂഹ്യ രക്ഷാകവചങ്ങളുടെ സ്വഭാവവും, എല്ലാം നിര്‍ണയിക്കുന്നത് ബ്രിട്ടന്‍വൂഡ് ഇരട്ടകളാണ്. അന്താരഷ്ട്ര ധനകാര്യ സ്ഥാപനങ്ങള്‍ ഭരണകൂടത്തിനു പരിധികള്‍ നിശ്ചയിക്കുമ്പോള്‍, പൊതു ടാപ്പുകള്‍ മുതല്‍ ജീവന്‍ രക്ഷാ മരുന്നുകള്‍ വരെ അഗോള സമ്മര്‍ദ്ദങ്ങളുടെ ഫലമായി അന്ന്യം നിന്നു പോകുമ്പോള്‍, ഭരണകൂടങ്ങള്‍ നിസ്സഹയാരാകുന്നു. പലപ്പോഴും ഇവിടെ തീരുമനങ്ങളെടുക്കുന്നത് ജനപ്രതിനിധികള്‍ പോലുമല്ല, ടെക്‌നോക്രാറ്റുകളും സാമ്പത്തിക വിദഗ്ദ്ധരുമാണ്. ഇത് ഒരു ആഗോളപ്രതിഭാസമാണ്. ഉദാഹരണത്തിന് യൂറോ ഏര്‍പ്പെടുത്താനുള്ള തീരുമാനം പരിശോധിക്കാം. രണ്ടേ രണ്ടു രാജ്യങ്ങളാണ് ഈ വിഷയത്തില്‍ ജനഹിത പരിശോധന നടത്തിയത്, ഡെന്മാര്‍ക്കും സ്വീഡനും. രണ്ടിടത്തും ജനങ്ങള്‍ പറഞ്ഞത് ”വേണ്ട” എന്നായിരുന്നു!
അതുപോലെ തന്നെ ഇന്ത്യയില്‍ ആധാര്‍ എന്ന പേരില്‍ നിര്‍ബന്ധിത ബയോമെട്രിക് തിരിച്ചറിയല്‍ സംവിധാനം നടപ്പിലാക്കിയത് പ്ലാനിംഗ് കമ്മീഷന്റെ ഒരു എക്‌സിക്യൂട്ടീവ് ഉത്തരവ് പ്രകാരമാണ്. അതിനുവേണ്ടിയുള്ള നിയമം ഇനിയും പാര്‍ലമെന്റ് പാസാക്കിയിട്ടില്ല. പാര്‍ലമെന്ററി ഉപസമിതിയാ പദ്ധതി ദിശാബോധമില്ലാത്തതും, വലിയ സാമ്പത്തിക ബാധ്യത വരുത്തി വക്കുന്നതും, അനാവശ്യവും, അശാസ്ത്രീയവും, സുരക്ഷിതമല്ലാത്തതുമാണെന്നു കണ്ട് തള്ളിക്കളഞ്ഞതാണ്. എന്നാല്‍ നന്ദന്‍ നിലേകനി എന്ന ടെക്‌നോക്രാറ്റിന്റെ നേതൃത്വത്തില്‍ പദ്ധതി സാധാരണക്കാരന്റെ അടിസ്ഥാന ആവശ്യങ്ങളെപ്പോലും ബാധിക്കുന്ന തരത്തില്‍ നടപ്പിലാക്കപ്പെടുന്നു, മറിച്ച് സുപ്രീം കോടതിയുടെ ഒരു ഇടക്കാല ഉത്തരവുണ്ടായിട്ടുപോലും.
അങ്ങനെ അധികാരങ്ങള്‍ അടര്‍ത്തി മാറ്റപ്പെട്ട രാഷ്ട്രീയ നേതൃത്വം പുതിയ സാഹചര്യങ്ങളോട് പൊരുത്തപ്പെടാനാകാതെ ഉഴലുകയാണ്. ജനങ്ങള്‍ക്കു കൊടുത്ത വാഗ്ദ്ധാനങ്ങള്‍ നിറവേറ്റാന്‍ കഴിയാത്ത സാഹചര്യമാണ് ഉള്ളത്. അങ്ങനെ രാഷ്ട്രീയക്കാര്‍ തെരഞ്ഞെടുപ്പു ജയിക്കാന്‍ കള്ളം പറയുന്നവരാണ് എന്ന പൊതുബോധം സമൂഹത്തില്‍ രൂപം കൊള്ളുന്നു. ജനാധിപത്യം നല്‍കുന്ന സൗഭാഗ്യങ്ങള്‍ സ്വപ്നം കണ്ട തലമുറ അതിന്റെ ജീര്‍ണാവസ്ഥയില്‍ മടുത്ത്, വ്യവസ്ഥിതിയില്‍ നിന്നും അകലുകയാണ്. ഇതില്‍ രാഷ്ട്രീയ നേതൃത്വത്തിനുള്ള പങ്കും കുറച്ചു കാണാനാകില്ല. സമൂഹ്യ പ്രതിബദ്ധതയൊക്കെ മാറ്റിവച്ച് രാഷ്ട്രീയ പ്രവര്‍ത്തനവും ലാഭം ലക്ഷ്യമാക്കിയ പ്രഫഷനായി മാറുമ്പോള്‍ ഇതൊക്കെ സ്വാഭാവികമാണ്. ഈ പ്രതിസന്ധിയെ മറികടക്കാന്‍ ജനാധിപത്യസംവിധാനത്തിനു കഴിയുന്നുമില്ല. ഇതാണ് ജനാധിപത്യത്തിന്റെ പരിണാമ പരിമിതിയുടെ രാഷ്ട്രീയവശം.
മറ്റൊന്ന്, ജനാധിപത്യത്തിന്റെ പരിണാമപരിമിതിയുടെ സാങ്കേതിക വശമാണ്. ഇത് ജനാധിപത്യത്തിന്റെ മാത്രം പരിമിതിയല്ല, ശാസ്ത്രത്തിന്റെ കുതിപ്പില്‍ പിന്തള്ളപ്പെട്ടുപോയ തത്വചിന്താ പദ്ധതികളുടേയും, പ്രത്യയശാസ്ത്രങ്ങളുടേയും, രാഷ്ട്രീയ സംവിധാനങ്ങളുടേയും ആകെ പരിമിതിയാണ്. ജനാഭിലാഷ പ്രകാശനത്തിന്റെ തത്സമയ സാധ്യതകളനേകം ഒരുക്കുന്ന വിവരസാങ്കേതിക വിദ്യയുടെ പ്ലാറ്റ്‌ഫോമില്‍ ജനാധിപത്യത്തിന്റെ ഘടനയും സംവിധാനവും പുതിയ തലമുറക്ക് അറുപഴഞ്ചനായി തോന്നുന്നു എന്നതാണ്.
ഇ-ഡമോക്രസിയുടെ വിവിധ സാധ്യതകളെ ജനാധിപത്യ സംവിധാനത്തിലേക്ക് ഫലപ്രദമായി സ്വാംശീകരിക്കാന്‍ നമുക്കിനിയും കഴിഞ്ഞിട്ടില്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് പ്ലാറ്റ്‌ഫോമുകള്‍, ഫോറങ്ങള്‍, ബ്ലോഗുകള്‍, ഓണ്‍ലൈന്‍ പെറ്റീഷനുകള്‍, വിക്കി-ജനാധിപത്യം… അങ്ങനെ പുതു തലമുറക്ക് ആശയാവിഷ്‌കാരത്തിനും അഭിപ്രായപ്രകടനത്തിനും അനന്തമായ സാധ്യതകള്‍ ഉണ്ട്. ഫേസ്ബുക്കില്‍ 100 ലൈക്കുകള്‍ കിട്ടുന്നത്ര വേഗത്തില്‍ രാഷ്ട്രീയസംവിധാനം അവരോട് പ്രതികരിക്കണം എന്നാണവര്‍ ആഗ്രഹിക്കുന്നത്. #ടാഗിട്ട് പടരുന്ന വിവര വ്യാപനത്തിന്റെ കാലത്ത് പിടിച്ചു നില്‍ക്കണമെങ്കില്‍ ജനാധിപത്യത്തിന്റെ ഘടനാപരമായ ഒരു ഉടച്ചുവാര്‍ക്കല്‍ അനിവാര്യമാണ്.
രാഷ്ട്രീയവും സാങ്കേതിക-ഘടനാപരവുമായ പുനര്‍നിര്‍മിതിയുടെ സാധ്യതകളിലാണ് ജനാധിപത്യത്തിന്റെ ഭാവി. രാഷ്ട്രീയവും സാങ്കേതികവുമായ പരിണാമ പരിമിതികളെ മറികടക്കുന്നത് പക്ഷെ അത്ര ഏളുപ്പമല്ല. പ്രത്യേകിച്ചും ഇന്ത്യന്‍ സാഹചര്യങ്ങളില്‍. ഒരേസമയം നിരക്ഷര ലക്ഷങ്ങളേയും ഐ-ടി തലമുറയേയും പരിഗണിക്കുന്ന സംവാദ-സംവേദന സങ്കേതങ്ങള്‍ കണ്ടെത്തേണ്ടതുണ്ട്. വലിയ തോതിലുള്ള ബൗദ്ധീക, പ്രായോഗിക, ഇടപെടലുകള്‍ അതിന് ആവശ്യമാണ്. ദൗര്‍ഭാഗ്യവശാല്‍ നമ്മുടെ പരമ്പരാഗത രാഷ്ട്രീയ കഷികള്‍ ഇത്തരമൊരു നവീകരണത്തിനു ശ്രമിക്കുന്നില്ല.
ഈ സാഹചര്യത്തിലാണ് കേവലം രണ്ടു വര്‍ഷം മാത്രം പ്രായമുള്ള ആം ആദ്മി പാര്‍ട്ടിയുടെ ദില്ലി വിജയം പരിശോധിക്കപ്പെടേണ്ടത്. ഈ വിജയത്തിന്റെ വിശകലനം ജനാധിപത്യത്തിന്റെ ഭാവിയിലേക്കുള്ള ചൂണ്ടു പലകകൂടിയാകുന്നുണ്ട്. സംവാദത്തിന്റേയും സംവേദനത്തിന്റേയും പുതിയ ഭൂമിക തേടുവാന്‍ എ എ പി നടത്തിയ ശ്രമങ്ങളാണ് ഈ വിജയത്തിന്റെ അടിസ്ഥാനം. ഇതാകട്ടെ ആഗോളതലത്തില്‍ രൂപപ്പെട്ടു വരുന്ന ജനാധിപത്യത്തിന്റെ അഗോളവത്കൃത കാലത്തെ രാഷ്ട്രീയ ഗതിമാറ്റങ്ങളുടെ തുടര്‍ച്ചയുമാണ്. മൂലധന താത്പര്യങ്ങള്‍ക്കനുസരിച്ചു മാത്രം ചലിക്കുന്ന ലോക സാമ്പത്തിക ക്രമത്തിന്റെ കൂട്ടിക്കൊടുപ്പുകാര്‍ക്കെതിരെ ഉയര്‍ന്നു വരുന്ന പ്രതിരോധങ്ങളുടെ പതിഞ്ഞ താളത്തിലുള്ളതെങ്കിലും ശക്തമായ അലയൊലികള്‍ സൂക്ഷ്മ നിരീക്ഷണതില്‍ എ എ പി യുടെ രാഷ്ട്രീയത്തിലും കാണാം.
ഒക്കുപ്പൈ വാള്‍ സ്ട്രീറ്റ് പ്രക്ഷോഭത്തിലും, പാശ്ചാത്യ നാളുകളിലെല്ലാം ഉയര്‍ന്നു വരുന്ന ശക്തമായ തൊഴിലാളി സമരങ്ങളിലും, കൊള്ളലാഭത്തിന്റെ പതിറ്റാണ്ടുകള്‍ക്കു ശേഷം സാധാരണക്കാരന്റെ നികുതിപ്പണം കൊണ്ട് പ്രതിസന്ധികാലവും ആഘോഷമാക്കുന്ന ധനകാര്യ-കോര്‍പറേറ്റ് സ്ഥപങ്ങള്‍ക്കെതിരെ ഉയരുന്ന പ്രതിഷേധങ്ങളിലും, അഴിമതിക്കെതിരെ ഉയരുന്ന ജനകീയ സമരങ്ങളിലുമെല്ലാം മാര്‍പാപ്പ പോലും ഭ്രാന്തമെന്നു വിശേഷിപ്പിച്ച മൂലധന സമവാക്യങ്ങള്‍ക്കെതിരെയുള്ള ജനാധിപത്യ സമൂഹത്തിന്റെ പ്രതികരണമാണുള്ളത്.
അതുകൊണ്ടുതന്നെ ജനങ്ങളോട് സംവദിക്കുന്ന രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകുമ്പോഴെല്ലാം ജനാധിപത്യത്തിലെ പുതിയ പ്രതീക്ഷകളെ ജനം ആശ്ലേഷിക്കുന്നതായി കാണാം. ലാറ്റിന്‍ അമേരിക്കയിലും ഇപ്പോള്‍ യൂറോപ്പിലും വീണ്ടും ആ പഴയ ഭൂതം അവേശിക്കുകയാണോ എന്ന തീവ്ര വലതുപക്ഷ ചിന്തകരുടെ ഭീതി ഉണരുന്നത് ഈ സാഹചര്യത്തിലാണ്. ഏറ്റവും പുതുതായി ഗ്രീസിലെ തെരഞ്ഞെടുപ്പു ഫലവും, സ്‌പെയിനിലെ രാഷ്ട്രീയ സാഹചര്യവും ഈ നിലയിലേക്കുള്ള ദിശാസൂചികകളാണ്.
ഈ രാജ്യങ്ങളിലൊന്നും അധികാരത്തിലേറിയത് വ്യവസ്ഥാപിത ഇടതുപക്ഷമല്ല എന്ന കാര്യവും ശ്രദ്ധേയമാണ്. പരമ്പരാഗത രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ പാതയില്‍ നിന്നും അണുവിട പോലും മുന്നോട്ടു പോകുവാന്‍ അവര്‍ക്കു കഴിയുന്നില്ല. അങ്ങനെ സ്വയം നവീകരണത്തിനു തയ്യാറാകാത്ത പ്രസ്ഥനങ്ങളൊഴിച്ചിട്ട ഇടങ്ങളിലേക്കാണ് സംവാദ ജനാധിപത്യത്തിന്റെയും പങ്കാളിത്ത ജനാധിപത്യത്തിന്റെയും ആധുനിക സാങ്കേതിക വിദ്യയുടെയും സാധ്യതകള്‍ തേടിയ നവരാഷ്ട്രീയം കടന്നു വന്നത്.
അറുപതു വര്‍ഷമായി ഡല്‍ഹിയില്‍ ഉള്ള വ്യവസ്ഥാപിത ഇടതുപക്ഷ കക്ഷികള്‍ക്ക് കഴിയാത്തത് രണ്ടു വര്‍ഷം മാത്രം പ്രായമുള്ള ആം ആദ്മി പാര്‍ട്ടിക്കു കഴിഞ്ഞത് രാഷ്ട്രീയ സംവാദങ്ങളുടെ പുതു സാധ്യതകള്‍ തേടാന്‍ തയ്യറായതുകൊണ്ടാണ്. ആത്യന്തികമായി ഈ വഴി പുതിയ കാലത്തില്‍ പൊട്ടിമുളച്ചതൊന്നുമല്ല എന്നു കാണാന്‍ കഴിയും. ജനങ്ങളുടെ ആഗ്രഹങ്ങള്‍, അഭിപ്രയങ്ങള്‍, ആവശ്യങ്ങള്‍, ആകുലതകള്‍ അന്വേഷിക്കുന്നത് ജനാധിപത്യത്തിന്റെ അടിസ്ഥാന പ്രമാണമാണ്. എ എ പിയുടെ ഡല്‍ഹി ഡയലോഗ് പുതിയ കാലത്തിന്റെ ഊര്‍ജത്തില്‍ പൊതിഞ്ഞ ഗാന്ധിയന്‍ ജനസേവാ സങ്കല്‍പ്പമാണ്. മറ്റു രാഷ്ട്രീയ പാര്‍ട്ടികള്‍ ഏറ്റെടുക്കുവാന്‍ മറന്ന ജനകീയ പ്രശനങ്ങള്‍ എറ്റെടുക്കുവാന്‍ തയ്യാറാകുകയും അത് ഫലപ്രദമായി ജനങ്ങളിലെക്കെത്തിക്കുന്നതില്‍ എ എ പി വിജയിക്കുകയും ചെയ്തു. വിഭാഗീയതയുടേയും വൈകാരിക ധ്രൂവീകരണത്തിന്റേയും വിത്തുകള്‍ വാരിയെറിഞ്ഞ് വോട്ടു ബാങ്കുകള്‍ സൃഷ്ടിക്കുന്ന ജീര്‍ണിച്ച രാഷ്ട്രീയ പ്രവര്‍ത്തന രീതിയോടു കലഹിച്ച ഒരു കഷിയുടെ വിജയം ജനാധിപത്യത്തിലും ജനങ്ങളുടെ സംവേദന ക്ഷമതയിലും ഉള്ള വിശ്വാസത്തിനു ശക്തി പകരുന്നതാണ്.
ജനാധിപത്യം യഥര്‍ത്ഥത്തില്‍ പുറമേയ്ക്കു കാണുന്നത്ര ദുര്‍ബലമാകണമെന്നില്ല. പുറത്ത് ഒരുപാട് അനിശ്ചിതത്വങ്ങളും ആശങ്കകളും ദൗര്‍ബല്യങ്ങളുമുണ്ട്. പക്ഷേ അകത്ത് അത് ശക്തമാണ്. പകരം വക്കാന്‍ നേതാക്കളും ആശയങ്ങളും എപ്പോള്‍ വേണമെങ്കിലും ഉയര്‍ന്നു വരാം എന്നതുകൊണ്ടുതന്നെ നിലനില്‍പ്പ് ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യങ്ങളോട് കൂടുതല്‍ സര്‍ഗാത്മകമായി പ്രതികരിക്കാന്‍ ഏകധിപത്യത്തേക്കാള്‍ നന്നായി കഴിയുന്നത് ജനാധിപത്യത്തിനാണ്. ഫ്രഞ്ച് രാഷ്ട്രീയ ചിന്തകന്‍ അലക്‌സി ടോക്യുവെല്ലിന്റെ വാക്കുകള്‍ പ്രകടമായ ദൗര്‍ബല്യങ്ങള്‍ക്കപ്പുറം ജനാധിപത്യത്തിനുള്ള ആന്തരിക ശക്തിയെ വിശദീകരിക്കുന്നതിങ്ങനെയാണ്. പരിധികളില്ലാത്ത ഈ നവീകരണ സാധ്യതകളാണ് ജനാധിപത്യത്തിന്റെ ഭാവിയില്‍ പ്രതീക്ഷ അര്‍പ്പിക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നത്. ഡല്‍ഹിയിലെ രാഷ്ട്രീയ മുന്നേറ്റം ജനാധിപത്യത്തിന്റെ സര്‍ഗാത്മക പരിണാമത്തിന്റെ തുടക്കമായെങ്കില്‍…

this article was first published in Yes Malayalam Magazine

ആരോഗ്യത്തിന്റെ രാഷ്ട്രീയം

ആരോഗ്യനയം ജനിക്കുന്നതും രൂപം കൊള്ളുന്നതും നടപ്പിലാക്കുന്നതും രാഷ്ട്രീയ സംവിധാനത്തിന്റെ ഭാഗമായിക്കൊണ്ടാണ്. ഉദാഹരണത്തിന് ചില സേവനങ്ങള്‍ ആര്‍ക്കൊക്കെ ലഭിക്കണം, അതിന്റെ മുന്‍ഗണനകള്‍ എന്തായിരിക്കണം, സേവനദാതാക്കള്‍ ആരൊക്കെയായിരിക്കണം, എന്തിനൊക്കെ-ആര്‍ക്കൊക്കെയാണ് സബ്‌സിഡി ലഭിക്കേണ്ടത്, ബഡ്ജറ്റില്‍ എത്ര പണമാണ് നീക്കിവക്കേണ്ടത് എന്നതൊക്കെ രാഷ്ട്രീയ തീരുമാനങ്ങളാണ്. രാഷ്ട്രീയ തീരുമാനങ്ങളെ നിര്‍ണയിക്കുന്നതാകട്ടെ വിവിധ സമ്മര്‍ദ്ദ ഗ്രൂപ്പുകളുമാണ്. ഇവിടെ ഗുണഭോക്താക്കള്‍ (രോഗികള്‍, പാവപ്പെട്ട ജനങ്ങള്‍) അസംഘടിതരാണ്. അതുകൊണ്ടുതന്നെ രാഷ്ട്രീയസംവാദങ്ങളുടെ മുഖ്യധാരയിലേക്ക് ആരോഗ്യം കടന്നുവരാറുമില്ല. ആരോഗ്യത്തിന്റെ രാഷ്ട്രീയം, പൊതുപ്രവര്‍ത്തകരും ഗവേഷകരും ഒരുപോലെ അവഗണിക്കുന്ന യാഥാര്‍ത്ഥ്യമാണ്.
രാഷ്ട്രീയത്തിന്റെ നിര്‍വചനം തന്നെ ഒരു രാഷ്ട്രീയ പ്രവര്‍ത്തനമാണ് എന്ന് പറയാറുണ്ട്. ആരോഗ്യത്തിന്റെ നിര്‍വചനവും ഒരര്‍ത്ഥത്തില്‍ രാഷ്ട്രീയപ്രവര്‍ത്തനമാണ്. രോഗമില്ലാത്ത അവസ്ഥ എന്ന പാശ്ചാത്യ ബയോമെഡിക്കല്‍ നിര്‍വചനം മുതല്‍ പൗരസ്ത്യചിന്തകര്‍ നല്‍കുന്ന വിശാലമായ കാഴ്ച്ചപ്പാടുകള്‍ വരെ ഓരോ വ്യാഖ്യാനങ്ങളും ഉള്‍ക്കൊള്ളുന്ന രാഷ്ട്രീയം ഓേരാന്നാണ്. 1948-ല്‍ ഐക്യരാഷ്ട്രസഭ ആരോഗ്യത്തിനു നല്‍കിയിട്ടുള്ള നിര്‍വചനം ഇതാണ്: ”ആരോഗ്യം എന്നാല്‍ പൂര്‍ണമായ ശാരീരിക, മാനസിക, സമൂഹിക സൗഖ്യമാണ്. വെറുതെ രോഗമില്ലാത്ത അവസ്ഥയല്ല.” ഇത് സൂക്ഷ്മാര്‍ത്ഥത്തില്‍ ഒരു രാഷ്ട്രീയ പ്രഖ്യാപനംകൂടിയാണ്. എന്നാല്‍ ആഗോളവത്കരണത്തിന്റെ അധികാര ഭാഷ്യങ്ങളില്‍ ആരോഗ്യത്തെ അരാഷ്ട്രീയവത്കരിക്കുന്നതാണ് സമകാലീന യാഥാര്‍ത്ഥ്യം.
തത്വശാസ്ത്രങ്ങള്‍ മരണപ്പെടുകയും ഉദാരവത്കരണ നയങ്ങള്‍ വളര്‍ന്നു പന്തലിക്കുകയും ചെയ്തപ്പോള്‍ പാശ്ചാത്യ-മുതലാളിത്ത-ജനാധിപത്യ വ്യവസ്ഥിതിക്ക് ബദലുകളില്ല എന്ന വാദം പ്രബലമായി. മാര്‍ക്‌സും ഏംഗല്‍സും അഭിപ്രായപെട്ടതുപോലെ അധികാരിവര്‍ഗം അവരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്ന തരത്തില്‍ സത്യത്തെ അവതരിപ്പിക്കാന്‍ വേണ്ടി തത്വശാസ്ത്രങ്ങള്‍ക്ക് രൂപം നല്‍കുന്നു. ”ബദലുകള്‍ ഇല്ല”എന്ന വാദത്തിനൊപ്പം” തത്വശാസ്ത്രങ്ങള്‍ ഇല്ല”എന്ന വാദവും വരുന്നു. മൂല്യങ്ങളെയോ തത്വശാസ്ത്രങ്ങളേയോ അടിസ്ഥാനമാക്കിയല്ല, തീരുമാനങ്ങള്‍ യുക്തിയും പ്രായോഗികതയും കണക്കിലെടുത്താണ് എന്ന നുണ അവതരിപ്പിക്കുന്നു. ഇതാണ് ആഗോള മുതലാളിത്തത്തിന്റെ പ്രതിരാഷ്ട്രീയം.
ആരോഗ്യത്തെയും, ഉദ്പാദന-ഉപഭോഗങ്ങളുടെ സാമ്പത്തിക കമ്പോളത്തില്‍ വിലയിടുന്ന, മര്‍ക്കറ്റോ പൊതു ആരോഗ്യ സംവിധാനങ്ങളോ നല്‍കുന്ന, കച്ചവടച്ചരക്കായിമാത്രം കാണുന്നു. പാരമ്പര്യം, ജീവിതശൈലി തുടങ്ങിയ വൈയക്തികമായ കാര്യകാരണങ്ങളിലേക്ക് ആേരാഗ്യം ചുരുങ്ങുകയും, സമൂഹ്യമാനങ്ങളില്ലാത്ത, വ്യക്തിപരമായ ഒരു സവിശേഷതയായി അതു മാറുകയും ചെയ്യുന്നു.  അപ്പോള്‍ അരോഗ്യനിലയിലെ അസമത്വങ്ങള്‍ വ്യക്തിപരമായ വീഴ്ചകളുടെ, അല്ലെങ്കില്‍ ചികിത്സ സംവിധാനത്തിന്റെ, അല്ലെങ്കില്‍ മരുന്നുദ്പാദനത്തിലെയോ, വിതരണത്തിലെയോ വീഴ്ചകളുടെ ഫലമാണെന്നും വരുന്നു. ആരോഗ്യം ‘രോഗമില്ലായ്മ’ മാത്രമാണെന്നും അത് ചികത്സിച്ചു മാറ്റാമെന്നുമുള്ള ധാരണ കൂടി വരുന്നതോടെ അരാഷ്ട്രീയവത്കരണം പൂര്‍ണമാകുന്നു.
ഇന്ന് ആരോഗ്യത്തിനും, സ്വന്തം ശരീരത്തിനുമേല്‍ തന്നെയും നമുക്ക് അധികാരം നഷ്ടമായ സ്ഥിതിയാണ്. ആരോഗ്യം മരുന്നുകൊണ്ടും ചികിത്സകൊണ്ടും നേടിയെടുക്കാം എന്നായപ്പോള്‍ അതിന്റെ അധികാരവും ഉത്തരവാദിത്തവും മെഡിക്കല്‍ പ്രഫഷണലുകള്‍ക്കും മരുന്നുദ്പാദകരായ ബഹുരാഷ്ട്ര കുത്തകകള്‍ക്കുമായി. ദേശീയ-അന്തര്‍ദ്ദേശീയ നിയമങ്ങളും കരാറുകളും ഇവര്‍ക്കു വേണ്ടിയാണ്. വേള്‍ഡ് ട്രേഡ് ഓര്‍ഗനൈസേഷന്‍, ഐ എം എഫ്, വേള്‍ഡ് ബാങ്ക് തുടങ്ങിയ സ്ഥാപനങ്ങളെല്ലാം സംരക്ഷിക്കുന്നത് ഇവരുടെ താത്പര്യങ്ങളാണ്. ബൗദ്ധീക സ്വത്തവകാശവുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുള്ള സംഭവവികാസങ്ങള്‍, പേറ്റന്റ് നിയമങ്ങളില്‍ വന്നിട്ടുള്ള പൊളിച്ചെഴുത്തുകള്‍ (ബോക്‌സ് ന്യൂ സ് കാണുക) എല്ലാം സാമ്പത്തിക ഉദാരവത്കരണവും ആഗോളവത്കരണവും ഏതു തരത്തിലാണ് ആേരാഗ്യരംഗത്തെ സ്വാധീനിച്ചത് എന്ന് വ്യക്തമാക്കുന്നു.
ആഗോളവത്കരണം ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം വര്‍ദ്ധിപ്പിക്കുകയാണുണ്ടായത് എന്നതില്‍ തര്‍ക്കമില്ല. 1990 മുതലുള്ള ഐക്യരാഷ്ട്രസഭയുടെ മാനവ വികസന രേഖ പരിശോധിച്ചാല്‍ അതു വ്യക്തമാകും. അതോടൊപ്പം തന്നെ പരിസ്ഥിതിയുടേയും ആവാസവ്യവസ്ഥകളുടെയും നാശത്തിനു ആക്കം കൂടുകയും ചെയ്തു. ഇത് ആരോഗ്യ രംഗത്ത് ഉണ്ടാക്കിയിട്ടുള്ള പ്രത്യാഘാതങ്ങള്‍ വലുതാണ്. പ്രത്യേകിച്ച് ഇന്ത്യയെപ്പോലെ ഒരു രാജ്യത്ത് 1990-കള്‍ക്കു ശേഷം സംഭവിച്ചുകൊണ്ടിരിക്കുന്ന ‘തൊഴില്‍ രഹിത വളര്‍ച്ച’ സമൂഹ്യസുരക്ഷാകവചത്തില്‍ തീര്‍ത്തുകൊണ്ടിരിക്കുന്ന വിടവുകള്‍. ലോകശക്തിയായി വളരുവാന്‍ ലക്ഷ്യമാക്കിയുള്ള സാമ്പത്തിക നയങ്ങളുടെ ഗുണഫലം സാധാരണക്കാരുടെ ജീവിതത്തില്‍ പ്രതിഫലിച്ചില്ല. രാജ്യത്തിന്റെ ജി ഡി പി-യുടെ നാലില്‍ ഒന്നും രാജ്യത്തെ ശതകോടീശ്വരന്മാരുടെ കൈവശമാണ്. ഐക്യരാഷ്ട്രസഭയുടെ മാനവ വികസന സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം 132 ആണ്, പാലസ്തീനും താഴെ! എന്നിട്ടും ജി ഡി പി-യുടെ അനുപാതത്തില്‍ ആരോഗ്യമേഖലയില്‍ ലോകത്ത് എറ്റവും കുറച്ച് പണം ചെലവഴിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. വെറും ഒരു ശതമാനത്തിനടുത്താണത്. സാര്‍ക് രാജ്യങ്ങളില്‍ ഏറ്റവും കുറച്ചു ചെലവാക്കുന്ന രാജ്യം. അന്താരാഷ്ട്ര സമ്മര്‍ദ്ദങ്ങള്‍ക്കു വിധേയമായി പേറ്റന്റ് നിയമങ്ങളില്‍ വരുത്താന്‍ പോകുന്ന മാറ്റങ്ങളും കൂടിയായാല്‍ ഈ നയങ്ങള്‍ക്ക് അനുയോജ്യമായ ഒരു കലാശക്കൊട്ടാകും.
വാഴ്ത്തപ്പെട്ട കേരള മോഡലും തകര്‍ന്നടിയുകയാണ്. സംസ്ഥാനം ഇന്ന് രോഗാതുരമായ ഒരു സമൂഹത്തെയാണ് ഉള്‍ക്കൊള്ളുന്നത്. ഉപഭോക്തൃസംസ്‌കാരവും കച്ചവടവത്കരണവും നമ്മുടെ ആരോഗ്യമേഖലയെ തകര്‍ത്തു. അട്ടപ്പാടിയിലും മറ്റ് ആദിവാസി ഊരുകളിലും പിഞ്ചു കുഞ്ഞുങ്ങളും അമ്മമാരും പട്ടിണിമൂലം മരിച്ചു വീഴുന്നതും, അവിടങ്ങളില്‍ വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഒരുക്കിക്കൊടുക്കാന്‍ നമുക്ക് സാധിക്കാതെ വരുന്നതും എല്ലാം രാഷ്ട്രീയ ഗതിമാറ്റങ്ങളുടെ ദിശാസൂചികകള്‍ തന്നെയാണ്.
ആരോഗ്യ രംഗത്ത് ഇവിടെ നടക്കുന്നത് ഫൈവ്സ്റ്റാര്‍വത്കരണമാണ്. നമ്മുടെ ആരോഗ്യ സംസ്‌കാരത്തിന്റെ നട്ടെല്ലായിരുന്ന ക്ലിനിക്കുകള്‍ അടച്ചുപൂട്ടിക്കൊണ്ട്, 90% ജനങ്ങള്‍ക്കും അപ്രാപ്യമായ അത്യാഡംബര ആശുപത്രികള്‍ പണിയുകയാണ്. പാവപ്പെട്ടവരും മൂതലാളിത്ത വ്യാമോഹങ്ങളുടെ വീട്ടുകാവല്‍ക്കാരായ മധ്യവര്‍ഗവും  ആരോഗ്യഭൂപടത്തില്‍ന്നിന് തുടച്ചുനീക്കപ്പെടുന്ന അവസ്ഥ അതിവിദൂരമല്ല.
ഇനിയെന്താണ് മുന്നോട്ടുള്ള വഴി? ലോകാരോഗ്യ സംഘടന 2001-ല്‍ പ്രസിദ്ധീകരിച്ച  റിപ്പോര്‍ട്ടില്‍ മുന്നോട്ടു വക്കുന്ന നിര്‍ദ്ദേശങ്ങള്‍ നോക്കാം. ‘ആരോഗ്യത്തിന് ഗുണകരമായ രീതിയില്‍ ആഗോളവത്കരണം മാറണമെങ്കില്‍ ദേശീയ-അന്തര്‍ദേശീയ തലങ്ങളില്‍ സാമ്പത്തിക നയങ്ങളില്‍ മൗലീകമായ മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട്. ദേശീയതലത്തില്‍ നയങ്ങള്‍ രൂപീകരിക്കേണ്ടത് പൊതുജനനന്മയെക്കരുതിയാവണം അല്ലാതെ പരമാവധി സാമ്പത്തിക വളര്‍ച്ച ലക്ഷ്യം വച്ചുകൊണ്ടുള്ള നയങ്ങളുടേയും, ചില ”ആഡ്-ഓണ്‍” (ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോലുള്ള) സംവിധാനങ്ങളുടെയും ഫലമായി ഓട്ടോമാറ്റിക്കായി സമൂഹ്യ സുരക്ഷയും സാധ്യമാകും എന്ന മിഥ്യാധാരണയുടെ പുറത്താകരുത്. അന്തര്‍ദേശീയ തലത്തില്‍ ആഗോളനിയമങ്ങള്‍, സ്ഥാപനങ്ങള്‍, വികസിത രാജ്യങ്ങളുടെ വിദേശനയം ഇവയൊക്കെ വികസ്വരരാജ്യങ്ങളിലെ ബഹുജന താത്പര്യത്തെ ഹനിക്കുന്നതാകരുത്്. ആന്താരാഷ്ട്ര വേദികളില്‍ വികസ്വര രാജ്യങ്ങളുടേയും ദുര്‍ബല വിഭാഗങ്ങളുടേയും താത്പര്യങ്ങള്‍ പ്രതിനിധീകരിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പു വരുത്തണം.’ ചുരുക്കത്തില്‍ ആരോഗ്യത്തിന്റെ കച്ചവടവത്കരണത്തെ തടയുകയാണ് ഇനി മുന്നോട്ടുള്ള വഴി. എന്നാല്‍ മുതലാളിത്തത്തിന്റെ അടിസ്ഥാന ആവശ്യമായ പണിയെടുക്കുന്നവനും ലാഭം കൊയ്യുന്നവനും തമ്മിലുള്ള അസമത്വം, ഈ ദിശയിലുള്ള ഗവണ്മെന്റുകളുടെ ശ്രമങ്ങളെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നുണ്ട്.
അട്ടപ്പാടിയിലെയോ വാളയത്തെയോ ആദിവാസിക്കുടികളിലോ, മഹാനഗരങ്ങളിലെ ചേരികളിലോ താമസിച്ചിട്ടുള്ളവര്‍ക്കറിയാം പൊതുജനാരോഗ്യത്തെ നിര്‍ണയിക്കുന്നത് രോഗപ്രതിരോധ സംവി ധാനങ്ങളും ചികിത്സയും ഒന്നുമല്ല മറിച്ച് രാഷ്ട്രീയവും സമ്പത്തിന്റെയും അധികാരത്തിന്റെയും അസന്തുലിതാവസ്ഥകളുമാണ് എന്ന്.
ആരോഗ്യത്തിന്റെ രാഷ്ട്രീയ സ്വഭാവത്തെ തിരിച്ചറിയുക എന്നതാണ് പൊതുസമൂഹത്തിന്റെ കടമ. ആേരാഗ്യവും രോഗവും പ്രാഥമികമായി വ്യക്തിപരമായ തെരഞ്ഞെടുപ്പുകളുടേയോ, ‘ജനിതക ലോട്ടറി’യുടേയോ ഫലമല്ല മറിച്ച് നമുക്ക് ചുറ്റുമുള്ള സാമൂഹിക വ്യവസ്ഥിതിയുടേയും സാമ്പത്തിക താത്പര്യങ്ങളുടേയും ഫലമാണ് എന്ന തിരിച്ചറിവ് കൂടിയാണത്. സമൂഹത്തിന്റെ സംഘടിത പ്രവര്‍ത്തനത്തിലൂടെയാണ് മാറ്റത്തിന്റെ വഴി തെളിയുക. ആരോഗ്യം പൗരാവകാശമായി മാറുകയും അധികാരസ്ഥാപനങ്ങളുടെ പൊതുബോധനങ്ങളില്‍ രാഷ്ട്രീയ ശക്തിയായി ഉയര്‍ന്നു വരികയും വേണം. നമ്മുടെ സമരമുഖങ്ങളില്‍ പെട്രോളിന്റെ വില മാത്രമല്ല മരുന്നിന്റെ വിലയും ഒരു മുദ്രാവാക്യമാകണം.

ട്രിപ്‌സ്
2005 ലെ ലോക വ്യാപരക്കരാറിന്റെ ചുവടുപിടിച്ച് ബൗദ്ധീക സ്വത്തവകാശത്തിന്റെ കച്ചവട വശങ്ങളുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ (Trade Related Aspects of Intellectual Property Rights) ആണ് TRIPS എന്ന ചുരുക്കെഴുത്ത്. ഇതുപ്രകാരം 1970-ല്‍ നിലവില്‍ വന്ന ഇന്ത്യന്‍ പേറ്റന്റ് നിയമത്തെ ആഗോള മരുന്നു വ്യവസായത്തിന്റെ കച്ചവട താത്പര്യങ്ങള്‍ക്കനുസൃതമായി പൊളിച്ചെഴുതേണ്ടി വന്നു.
. പുതിയ നിയമം കൊണ്ടു വന്നത് വാജ്‌പേയീ ഗവണ്മെന്റിന്റെ കാലത്ത്
. നിയമം പാസാക്കിയയത് ഒന്നാം യു പി എ സര്‍ക്കാര്‍.
. ഇടതുപക്ഷത്തിന്റെ നിര്‍ണായക സ്വാധീനം ബില്ലില്‍ ജനകീയ മാറ്റങ്ങള്‍ വരുത്തി.

നിര്‍ബന്ധിത ലൈസന്‍സിംഗ്
പൊതുതാത്പര്യ പ്രകാരം മരുന്നുകള്‍ക്ക് ലൈസന്‍സിംഗ് ഏര്‍പ്പെടുത്താനുള്ള അധികാരം പേറ്റന്റ് കണ്ട്രോളര്‍ക്ക് നല്‍കുന്ന വ്യവസ്ഥ. (ഇതുപ്രകാരമാണ് ജര്‍മന്‍ ഔഷധഭീമന്‍ ബേയര്‍, ഒരു മാസത്തേക്ക് 2,80,428 രൂപക്ക് നല്‍കിയിരുന്ന നെക്‌സാവര്‍ എന്ന ക്യാന്‍സര്‍ മരുന്നിന്റെ ജനറിക് പതിപ്പ് 8800 രൂപക്ക് ഉദ്പാദിപ്പിച്ച് വില്ക്കാന്‍ ഇന്ത്യന്‍ കമ്പനിയായ നാറ്റ്‌കോയ്ക്ക് സാധിക്കുന്നത്.)
വികസ്വര രാജ്യങ്ങളിലേക്ക് കുറഞ്ഞ വിലക്ക് മരുന്നുകള്‍ കയറ്റുമതി ചെയ്യാനുള്ള അധികാരം നിലനിര്‍ത്തി
വികസ്വരരാജ്യങ്ങളുടെ ഫാര്‍മസി
1999-ല്‍ സമാധാനത്തിനുള്ള നോബല്‍സമ്മാനം ലഭിച്ച ”മെഡിസിന്‍സ് സാന്‍സ് ഫ്രണ്ടിയേഴ്‌സ്”എന്ന ജനകീയ ആരോഗ്യ പ്രസ്ഥാനമാണ് ഇന്ത്യയെ എങ്ങനെ വിശേഷിപ്പിച്ചത്. ദരിദ്ര രാജ്യങ്ങളിലെ ആരോഗ്യപ്രവര്‍ത്തനങ്ങളില്‍ പ്രധാനമായും ഉപയോഗിക്കുന്നത് ഇന്ത്യന്‍ നിര്‍മിത മരുന്നുകളാണെന്ന് ലോകാരോഗ്യ സംഘടനയും പറയുന്നു. 1970-ലെ ഇന്ത്യന്‍ പേറ്റന്റ് നിയമം ഉദ്പാദനരീതിയെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു. ഉദ്പാദനച്ചെലവിന്റെ അടിസ്ഥാനത്തിലാണ് വില നിശ്ചയിക്കപ്പെട്ടിരുന്നത്. കൂടാതെ 347 അവശ്യ മരുന്നുകളുടെ വില സര്‍ക്കാര്‍ നിയന്ത്രിച്ചിരുന്നു. അതുകൊണ്ടു തന്നെ മൂന്നാം ലോകത്തിനു താങ്ങാന്‍ കഴിയുന്ന വിലക്ക് മരുന്നുകള്‍ നല്കാന്‍ നമുക്ക് സാധിച്ചിരുന്നു. ഇപ്പോള്‍, 2001-ലെ ദോഹ പ്രഖ്യാപനത്തിലെ അവകാശങ്ങള്‍ ഉപയോഗിച്ചുകൊണ്ട് പേറ്റന്റ് നിയമത്തില്‍ നാം നിലനിര്‍ത്തിയ പുരോഗമനപരമായ വ്യവസ്ഥകളാണ് അതിനു നമ്മെ സഹായിക്കുന്നത്്. ഈ വ്യവസ്ഥകള്‍ ഇപ്പോള്‍ ഭീഷണിയിലാണ്.

മരുന്നുവില ആരുനിയന്ത്രിക്കും?
വിലനിയന്ത്രണത്തിലെ നാള്‍വഴികള്‍

വിലനിയന്ത്രണത്തിനുള്ള അവശ്യ മരുന്നുകളുടെ പട്ടികയിലെ മരുന്നുകളുടെ എണ്ണം 1979-ല്‍ 347 ആയിരുന്നെങ്കില്‍ 2002 ആയപ്പോഴെക്കും അത് 24 എണ്ണമായി ചുരുങ്ങി.
1979: 347
1987: 142
1995: 74
2002: 24

2011: എന്നാല്‍ കോടതി ഇടപെടലിനെ തുടര്‍ന്ന് പുതിയ പട്ടിക ഉണ്ടാക്കുവാനും അതില്‍ 348 മരുന്നുകള്‍ ഉള്‍പ്പെടുത്താനും കേന്ദ്രസര്‍ക്കാര്‍ നിര്‍ബന്ധിതമായി. എന്നാല്‍ പുതിയ ദേശീയ ഔഷധ നയപ്രകാരം ഔഷധവില ഉദ്പാദനച്ചെലവിന്റെ അടിസ്ഥനത്തില്‍ നിര്‍ണയിക്കുന്ന പതിവ് മാറി പകരം വിപണിവിലയുടെ ശരാശരി കണക്കാക്കി അത് അടിസ്ഥാനവിലയായി സ്വീകരിക്കാനും തീരുമാനിച്ചു.

ഔഷധ വിലനിയന്ത്രണ ഉത്തരവ്

2013-ല്‍നിലവില്‍ വന്ന ഉത്തരവ് പ്രകാരം 348 പട്ടികക്ക് പുറമേ പൊതുജന താത്പര്യാര്‍ഥം 50 മരുന്നുകളുടെ 108 ബ്രാന്‍ഡുകള്‍ക്കുകൂടി നിയന്ത്രണം ഏര്‍പ്പെടുത്തി.

പുതിയഭീഷണി:

. ഔഷധ വില നിയന്ത്രണത്തിനുള്ള നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിംഗ് അതോറിട്ടിക്ക് നല്കിയ അധികാരം പിന്‍വലിച്ചിരിക്കുകയാണ് സര്‍ക്കാര്‍.

. ട്രിപ്‌സ് നിബന്ധനകള്‍ പൂര്‍ണമായും ഇന്ത്യ പാലിച്ചിട്ടുണ്ട് എന്നിരിക്കെ അമേരിക്കയുമായി ബൗധീക സ്വത്തവകാശ നയം ചര്‍ച്ച ചെയ്യാന്‍ പുതിയ വര്‍ക്കിംഗ് ഗ്രൂപ് രൂപീകരിച്ചിരിക്കുന്നു. നിര്‍ബന്ധിത ലൈസന്‍സിംഗ് ഉള്‍പടെയുള്ള വകുപ്പുകളില്വെള്ളം ചേര്‍ക്കാനാണിത് എന്നാണ് പൊതു ആരോഗ്യപ്രവര്‍ത്തകരുടെ ആശങ്ക.

. വളരെ പുരോഗമനപരമായ ദേശീയ ബൗദ്ധീക സ്വത്തവകാശനയത്തിന്റെ കരട് ഗവണ്മെന്റിന്റെ പരിഗണനയിലിരിക്കേ,ഇതേകാര്യത്തിനു വേണ്ടി മറ്റൊരു കമ്മറ്റിയേ നിയൊഗിച്ചിരിക്കുന്നു. പുതിയ കമ്മറ്റി അംഗങ്ങളില്‍ പലരും ഔഷധ-വ്യവസായ രംഗവുമായി ബന്ധമുള്ളവരും ഐ പി ആര്‍ കേസുകളില്‍ ബഹുരാഷ്ട്ര കമ്പനികളെ പ്രതിനിധാനം ചെയ്യുന്ന അഭിഭാഷകരും ആണെന്നത് ആശങ്ക ഉളവാക്കുന്നു.

This article was written for Nagarajalakam in 2015

ഉയര്‍ന്നു വരണം, മതാതീതമായ മാനവികത

ലോകം വിറങ്ങലിച്ചു നില്‍ക്കുകയാണ്. കണ്ണില്‍ വെറുപ്പിന്റെ അഗ്നികുണ്ഠവും കയ്യില്‍ യന്ത്രത്തോക്കുകളും ചുണ്ടില്‍ മതസൂക്തങ്ങളും ചിന്തയിലും പ്രവൃത്തിയിലും പൈശാചികതയുമായി അവര്‍ വരുന്നു….ഭയം, ഒരു ‘നിശബ്ദവസന്ത’മായി ജനപഥങ്ങളില്‍ ഘനീഭവിക്കുന്നു. അശാന്തിയുടെ പകലിരവുകളില്‍ മനുഷ്യത്വം മരവിച്ചു നില്‍ക്കുമ്പോള്‍ ഐ.എസ് പുതിയ ഇടങ്ങള്‍ തേടുകയാണ്. സിനായി, ബെയ്‌റൂ ട്ട്, പാരീസ്, മാലി….രണ്ടാഴ്ചക്കുള്ളില്‍ ഐ.എസ് ഭീകരതയില്‍ മരണപ്പെട്ടവരുടെ എണ്ണം ആയിരത്തോടടുക്കുന്നു. ഐ എസ് ഇറാഖിലും സിറിയയിലും അമേരിക്കയുടെ അധികാര താത്പര്യങ്ങളുടെ പരിമിത വൃത്തിലൊതുങ്ങുന്നതല്ല കട എന്ന തിരിച്ചറിവിലേക്ക് പാശ്ചാത്യലോകവും ഉണരുകയാണ്.

അതിരുകളെയും ദേശീയതകളെയും അപ്രസ്തമാക്കിയ അധിനിവേശങ്ങളുടേയും പങ്കുവയ്ക്കലുകളുടേയും പതിറ്റാണ്ടുകള്‍ മധ്യപൂര്‍വേഷ്യക്കു നല്‍കിയ അസ്ഥിരതയുടെ, അരക്ഷിതത്വത്തിന്റെ, ദുരന്താവര്‍ത്തമാനങ്ങളുടെ കാവ്യപരിണിതി ചോര വിയര്‍ക്കുന്ന മണലാരണ്യങ്ങളില്‍ പരസ്പരം പോ രടിച്ച പ്രാചീന അറബ് ഗോത്രങ്ങളില്‍ രൂഢമൂലമായ മതഭീകരതയുടെ പുനരുദ്ധാരണം. മനുഷ്യത്വത്തിന്റെ മരണമുറ്റത്ത് ഇരകളായിപ്പോലും പരിഗണിക്കപ്പെടാത്തവരുടെ അടങ്ങാത്ത രോഷത്തിന്റെ മെറ്റാമോര്‍ഫോസിസ്…. നിര്‍വചനങ്ങള്‍ക്കും വിലയിരുത്തലുകള്‍ക്കുമപ്പുറം മധ്യകാല മതഭീകരതയുടെ പിശാചപ്പുനര്‍ജനിയുടെ, അന്ത്യവിധിയുടെ, പാഠഭേദമാവുകയാണ് ഐ.എസ്. കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പുകളും അവയുടെ മുള്‍വേലികളുമായിരുന്നു കഴിഞ്ഞ നൂറ്റാണ്ടിന്റെ പ്രതീകങ്ങളെങ്കില്‍ ഈ നൂറ്റാണ്ടിന്റെ പ്രതീകം ഒരു പക്ഷേ ഐ എസിന്റെ കറുത്ത കൊടികളായിത്തീര്‍ന്നേക്കാം.
കേരളത്തില്‍ നിന്നും ഐ എസലേക്ക് റിക്രൂട്ട്‌മെന്റുകള്‍ നടന്നിട്ടുണ്ട് എന്ന വാര്‍ത്ത ഭയാശങ്കകള്‍ ഉയര്‍ത്തുമ്പോള്‍ ഭീകരതയുടെ മൂലങ്ങളെ നേരാംവണ്ണം മനസ്സിലാക്കേണ്ടതുണ്ട്.

ഭീകരതയും മതവും

‘ഭീകരതയ്ക്കു മതമില്ല’ – സ്ഥിരം ഉയര്‍ന്നു കേള്‍ക്കുന്ന വാദം. മതാന്ധതയിലധിഷ്ഠിതമായ നിരവധി   ഭീകരസംഘടനകള്‍ നമ്മുടെ ഇടയില്‍ പ്രവര്‍ത്തിക്കുന്നു. ഭരണഘടനയ്ക്കും നിയമവ്യവസ്ഥിതിയ്ക്കും മേലെ മധ്യകാലഘട്ടത്തിലെ വിശ്വാസപ്രമാണങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് മാനുഷികമൂല്യങ്ങളെ ചവിട്ടിമെതിക്കുന്ന സംഘങ്ങള്‍. ഇത്തരം മതവാദികള്‍ സമൂഹത്തില്‍ ചലനങ്ങള്‍ സൃഷ്ടിക്കുന്നുണ്ട് എന്നത് യാഥാര്‍ത്ഥ്യമാണ്.
ഈ പ്രസ്ഥാനങ്ങളെ നിലനിര്‍ത്തി കൊണ്ടുപോരുന്നത് മതദര്‍ശനങ്ങളാണ്. എന്നിട്ടും നാമതു കണ്ടില്ലെന്നു നടിക്കുന്നു. സമൂഹം വഴിതെറ്റുന്നതിന് കാരണം സിനിമയും സാഹിത്യവും സംഗീതവും ചുംബനസമരവുമാണെന്ന് കണ്ടെത്തുന്നവര്‍ മതാന്ധഹിംസാത്മകതയ്ക്ക് മതവുമായി ബന്ധമില്ലെന്ന് സ്ഥാപി ക്കാന്‍ ശ്രമിക്കുന്നതിന്റെ യുക്തി എന്താണ്?
ചരിത്രത്തില്‍ ഏറ്റവുമധികം മനുഷ്യര്‍, സാധാരണജനങ്ങള്‍ പീഡിപ്പിക്കപ്പെട്ടിട്ടുള്ളത്, വധിക്കപ്പെട്ടിട്ടുള്ളത് മതത്തിന്റെ പേരിലാണ്. നവോത്ഥാനപൂര്‍വ്വ കാലഘട്ടത്തില്‍ ക്രിസ്ത്യസഭകളുടെ നേതൃത്വത്തില്‍ പേപ്പസിയുടെ കീഴില്‍ നിലനിന്നിരുന്ന ഭീകരവാഴ്ചയ്ക്ക് ചരിത്രത്തില്‍ സമാനതകളില്ല: സ്പാനിഷ്, പോര്‍ച്ചുഗീസ്, ബ്രിട്ടീഷ് അധിനിവേശങ്ങളിലും ഇതിന്റെ പിന്തുടര്‍ച്ച കാണാം. തദ്ദേശീയരെ കൂട്ടത്തോടെ കത്തിക്കുക, തലയറുത്ത് മരത്തില്‍ കെട്ടിത്തൂക്കുക, കറുത്തവരെ ജീവനോടെ തീയില്‍ എറിഞ്ഞ്, കരിയുന്ന മനുഷ്യജീവന്റെ ഗന്ധമാസ്വദിച്ച്  അത് ആഘോഷമാക്കിയിരുന്നത്…എല്ലാം സമീപഭൂതകാലത്താണ്.
ആത്മീയത സത്വാന്വേഷണമാണ്. ആത്മീയ അന്വേഷണം അവസാനിക്കുന്നിടത്താണ് മതങ്ങളുടെ ആരംഭം. ആത്മീയത മതഘടനയിലേക്കെത്തുമ്പോഴേക്കും സത്യം നിര്‍വചിക്കപ്പെട്ടുകഴിയുന്നു. ദൈവം മോഡല്‍ ചെയ്യപ്പെട്ടു കഴിയുന്നു. മോക്ഷത്തിനു ള്ള, ദൈവത്തിലേക്കുള്ള മാര്‍ഗവും നിര്‍ണ്ണയിക്കപ്പെട്ടിരുന്നു. ഓരോ മതവിശ്വാസിയും അവരുടെ മതം പറയുന്നതാണ് ഏകമോക്ഷമാര്‍ഗം, ഏകദൈവം, ഏകസത്യം എന്നു കരുതുന്നു.
പിന്നെ ആവശ്യം അന്വേഷണമല്ല, സത്യത്തിന്റെ പ്രതിരോധമാണ്. പരമസത്യം വെളിപ്പെട്ടുകഴിഞ്ഞ നിലയ്ക്ക് ഇതരവിശ്വാസങ്ങളെല്ലാം അസംബന്ധമാണെന്നു വരുന്നു. അസത്യമാണെന്നു വരുന്നു. പരമസത്യത്തിനുവേണ്ടി അതിനെ പ്രതിരോധിക്കുന്നതിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ ‘മറ്റുമതങ്ങള്‍’ക്ക് എതിരായി മാറുന്നു. ‘അറിവി’നെ വിശ്വാസം കൊണ്ട് പകരം വയ്ക്കാന്‍ ശ്രമിയ്ക്കുന്നതിലെ അപകടമാണിത്. അറിവ് അന്വേഷണത്തില്‍ നിന്നുമാണ്. വിശ്വാസം മതഗ്രന്ഥപാരായണം നല്‍കുന്ന മസ്തിഷ്‌ക പ്രക്ഷാളനമാണ്. അറിവ് സ്വയം പ്രതിരോധിക്കുന്നതാണ്, പരിണമിക്കുന്നതാണ്, എന്നാല്‍ വിശ്വാസത്തിന് സ്വയം പ്രതിരോധിക്കാനാവില്ല. ആത്മീയത അവിടെ അവസാനിക്കുകയും പ്രതിരോധത്തിനായി ഹിംസാത്മകപ്രമാണങ്ങള്‍ പിറവിയെടുക്കുകയും ചെയ്യുന്നു.
ചരിത്രത്തില്‍, എല്ലാ ഗുരുക്കന്‍മാരുടേയും, പ്രവാചകന്‍മാരുടേയും ദര്‍ശനങ്ങള്‍ക്ക് സംഭവിച്ചിട്ടുള്ളത് ഈ ദുര്‍വിധിയാണ്. ഗുരുവിന്റെ മരണത്തിനൊപ്പം അദ്ദേഹം മുന്നോട്ടുകൊണ്ടുപോയ ആത്മാന്വേഷണവും മരണപ്പെടുന്നു. അവശേഷിക്കുന്നത് ദര്‍ശനങ്ങളുടെ ജഡമാണ്. ഗുരുക്കന്‍മാരുടെ ആത്മീയദര്‍ശനം അപക്വമതികളായ അനുചരവൃന്ദത്തിനുമുന്നില്‍ ജീര്‍ണിച്ച് ദുര്‍ഗന്ധം വമിക്കുന്നു. കാലാന്തരത്തില്‍ വളരാതെ, മുരടിച്ച്  ഫോസിലുകളാകുന്നു. രാഷ്ട്രീയാധികാര വ്യവസ്ഥിതിയുടെ ഭാഗമാകുന്നു. അത് വീണ്ടും വികൃതമാകും. വ്രണപ്പെടും. പൊട്ടിയൊലിക്കും. വ്രണപ്പെടുന്ന വികാരങ്ങളെ തൃപ്തിപ്പെടുത്തുക എന്നതു മാത്രമാണ് സാമൂഹികധര്‍മ്മം എന്ന സ്ഥിതി അപകടകരമായ അവസ്ഥയിലേക്ക് സമൂഹത്തെ കൊണ്ടെത്തിക്കും.
നിലവിലുള്ള വിശ്വാസങ്ങളോട് വിയോജിക്കാതെ, വിമര്‍ശിക്കാതെ, ‘വ്രണപ്പെടുത്താതെ’ എങ്ങിനെയാണ് നാം മുന്നോട്ട് പോകുക? നിലവിലെ സാമൂഹികവ്യവസ്ഥകളോട് സന്ധി ചെയ്തിരുന്നെങ്കില്‍ ഇവിടെ ഒരു ബുദ്ധനോ, ക്രിസ്തുവോ, നബിയോ ഉണ്ടാകുമായിരുന്നില്ലല്ലോ. ‘വ്രണപ്പെടുന്ന’ വികാരങ്ങളെക്കുറിച്ച്  അത്യധികം ആകുലപ്പെടുന്ന സമൂഹം പിന്നോട്ടു നടക്കുന്നു. ഈ പിന്നോട്ടു നടത്തം വിശ്വാസസംരക്ഷണത്തിന്റെ പേരിലാണെങ്കില്‍ അത് മറ്റു വിശ്വാസങ്ങള്‍ക്കെതിരെയുള്ള കലാപങ്ങളിലേക്കാണ് നമ്മെ നയിക്കുക.
പിന്നോട്ടു നടന്ന സമൂഹങ്ങളില്‍ സംഭവിക്കുന്ന ഹിംസാത്മകതയുടെ ഏറ്റവും പൈശാചികമായ മുഖമാണ് ഐ എസിന്റെ ഇരുണ്ട പതാകയ്ക്കു പിന്നിലും നാം കാണുന്നത്. ഭീകരവാദത്തിന്റെ രാഷ്ട്രീയപരിണിതിയും സാമ്പത്തിക ശാസ്ത്രവും നയതന്ത്രസാധ്യതകളും എന്തുതന്നെയായാലും അതിനെ നിലനിര്‍ത്തുന്ന, മുന്നോട്ടുനയിക്കുന്ന അക്ഷയമായ ഊര്‍ജ്ജം മതമാണ്. മനുഷ്യരെക്കൊണ്ട് അസംബന്ധങ്ങള്‍ വിശ്വസിപ്പിക്കാന്‍ കഴിയുന്ന ഏതൊരു പ്രത്യയശാസ്ത്രത്തിനും അവരെക്കൊണ്ട് എത്ര വലിയ അനീതിയും ക്രൂരതയും പ്രവര്‍ത്തിപ്പിയ്ക്കാന്‍ കഴിയും.
ഐ.എസും സൗദി വഹാബിസവും

ഐ.എസിനെക്കുറിച്ചുള്ള ചര്‍ച്ചകളിലൊക്കെയും സൗദിയും പരാമര്‍ശവിധേയമാകാറുണ്ട്. സൗദി അറേബ്യ ഇവരെ അനുകൂലിക്കുന്നോ? അമേരിയ്ക്കക്കൊപ്പമാണോ? എന്നിങ്ങനെ പലതും. സൗദി ഭരണകൂടം തന്നെ ഇക്കാര്യത്തില്‍ രണ്ടു തട്ടിലാണ്. അസാദിനും ഇറാനുമെതിരെ, ‘ഷിയ’ വിഭാഗത്തിനെതിരെ ഉള്ള ‘സുന്നി’ മുന്നേറ്റമായി ഇതിനെ കാണുന്നവരുണ്ട്. ഒരു പക്ഷേ, അവര്‍ അതില്‍ സന്തോഷിക്കുന്നുമുണ്ടാവാം. അതേ സമയം സൗദി അധികാരത്തിനു ഭീഷണിയായി വളര്‍ന്നേക്കാം എന്ന ഉത്കണ്ഠയുമുണ്ട്. സൗദിയുടെ രാഷ്ട്രീയ അസ്ഥിത്വത്തിന്റെ ചരിത്രപരമായ സങ്കീര്‍ണ്ണതകളാണ് ഈ വൈരുദ്ധ്യത്തിനു കാരണം.
പതിനെട്ടാം നൂറ്റാണ്ടില്‍ അറേബ്യയില്‍, ഹതാശമായ മരുഭൂമികളില്‍ പരസ്പരം പോരടിച്ച് കഴിഞ്ഞിരുന്ന നിരവധി ഗോത്രങ്ങളില്‍ ഒരു ചെറു നേതാവായിരുന്ന മുഹമ്മദ് ഇബ്ന്‍ സൗദ്, വിശാലമായ അറബ് ദേശത്തിന്റെ ഭരണാധികാരിയായി വളരുന്നത് വഹാബിസം എന്ന് ഇന്ന് നമ്മള്‍ വിളിക്കുന്ന തീവ്രവാദ ഇസ്ലാമിക റിവൈവലിസ്റ്റ്  ദര്‍ശനങ്ങളുടെ പ്രചാരകനായാണ്.
ദരിദ്രമായിരുന്ന അറബ് മണലാരണ്യത്തിലെ ഒരു ചെറുപട്ടണമായി നെജ്‌നിലെ മുഹമ്മദ് ഇബ്ന്‍ അബുദ് ഉള്‍ വഹാബ് എന്ന തീവ്രമതവാദി മുന്നോട്ട് വച്ച ശുദ്ധ മതോദ്ധാരണ മൗലികവാദമാണ് വഹാബിസം. സൂഫിസത്തെ, ഷിയാ പാരമ്പര്യങ്ങളെ, അന്നത്തെ ഇസ്ലാമിക ലോകത്ത് വ്യാപകമായിരുന്ന ഖബര്‍ സന്ദര്‍ശനം പോലെയുള്ള ‘അനാചാരങ്ങളെ’ പിഴുതെറിഞ്ഞ് ‘യഥാര്‍ത്ഥ’ ഇസ്ലാമിനെ വീണ്ടെടുക്കുകയായിരുന്നു വഹാബിന്റെ ലക്ഷ്യം. ഇബ്‌ന് തയ്മയ്യയെപ്പോലുള്ള മധ്യകാലമതപണ്ഡിതരുടെ കാഴ്ചപ്പാടുകളുടെ കാരുണ്യ രഹിതമായ പുനരുദ്ധാരണമായിരുന്നു വഹാബിസം. പ്രവാചകന്‍ മദീനയില്‍ കഴിഞ്ഞിരുന്ന കാലഘട്ടമാണ് യഥാര്‍ത്ഥ  ഇസ്ലാമിസ്റ്റുകള്‍ മാതൃകയാക്കേണ്ടതെന്നായിരുന്നു വാദം. ഷിയാ, സൂഫി, ഗ്രീക്ക് സംസ്‌ക്കാരങ്ങള്‍ക്കെതിരെ പോരാടുന്നത് ‘മുസ്ലീങ്ങളുടെ’ ഉത്തരവാദിത്തമായി കണക്കാക്കപ്പെട്ടു. ഓട്ടോമന്‍ സാമ്രാജ്യത്തെയും സംസ്‌ക്കാരത്തെയും എതിര്‍ത്തു. വെറുപ്പിന്റെയും അസഹിഷ്ണുതയുടേയും ഈ മതപാഠത്തിന്റെ പേരില്‍ സ്വന്തം നാട്ടില്‍ നിന്നും പുറത്താക്കപ്പെട്ട വഹാബ് മുഹമ്മദ് ഇബ്ന്‍ സൗദുമായി ധാരണയിലെത്തുകയായിരുന്നു.
ഇബ്ന്‍ സൗദിന്റെ ഗോത്രസേന വഹാബിന്റെ മതശാസനകള്‍ക്കനുസരിച്ച് അടുത്ത പ്രദേശങ്ങളിലൊക്കെ കൊള്ളയും ആക്രമവും നടത്തി. അത് ജിഹാദ് ആണെന്ന് അവകാശപ്പെട്ടു. ജിഹാദിന്റെ പേരിലുള്ള ‘രക്തസാക്ഷിത്വവും ഇന്‍സ്റ്റന്റ്  സ്വര്‍ഗപ്രവേശവും’ പുനരവതരിപ്പിക്കപ്പെട്ടു. പടയോട്ടങ്ങളില്‍ കീഴടക്കപ്പെട്ട പ്രദേശവാസികള്‍ക്കു മുന്നില്‍ മറ്റുമാര്‍ഗങ്ങള്‍ ഇല്ലായിരുന്നു. ഒന്നുകില്‍ മരിക്കുക, അല്ലെങ്കില്‍ അവര്‍ക്കൊപ്പം ചേരുക.
18-ാം നൂറ്റാണ്ടിന്റെ അവസാനവര്‍ഷങ്ങളായപ്പോഴേക്കും വഹാബിസം അറബ് പ്രദേശങ്ങളിലാകെ പടര്‍ന്നു. 1801 ല്‍ ഇറാഖിലെ വിശുദ്ധ നഗരമായ കര്‍ബല ആക്രമിച്ച് സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ ആയിരക്കണക്കിന് മുസ്ലീങ്ങളെ കൂട്ടക്കൊല ചെയ്തു. ‘ഞങ്ങള്‍ കര്‍ബല കീഴടക്കി. അവരെ വധിച്ചു. ആളുകളെ അടിമകളാക്കി. അതില്‍ ഞങ്ങള്‍ക്ക് പശ്ചാത്താപമില്ല. അവിശ്വാസികളോട് ചെയ്യേണ്ടത് ഇതു തന്നെയാണ്.’ ആദ്യസൗദി രാഷ്ട്രത്തിന്റെ ചരിത്രകാരനായിരുന്ന ഒസ്മാന്‍ ഇബ്ന്‍ ബിഷര്‍ നാജുദ്ദീന്‍ എഴുതി.
1803 ല്‍ അബ്ദുള്‍ അസീസ് മെക്കയും മെദീനയും കീഴടക്കി. ഖബറിടങ്ങളും പുണ്യസ്ഥലങ്ങളും ചരിത്രസ്മാരകങ്ങളും പ്രൗഡമായ ഇസ്ലാമിക വാസ്തുശാസ്ത്ര സ്മാരകങ്ങളും തകര്‍ത്തു.  സാമ്രാജ്യത്തിനു ഭീഷണിയായി വളരുമെന്ന ഘട്ടമായപ്പോള്‍ 1812ല്‍ ഓട്ടോമന്‍ സേന വഹാബിസത്തെ മെക്കയില്‍ നിന്നും, മെദീനയില്‍ നിന്നും ജിദ്ദയില്‍ നിന്നും തുരത്തി 1814 ല്‍ അബ്ദുള്‍ ഇബ്ന്‍ സൗദിനെ പിടികൂടി ഇസ്താംബൂൡലേക്കു കൊണ്ടുപോയി. തെരുവിലൂടെ മൂന്നു ദിവസം വലിച്ചിഴച്ച് തെരുവില്‍ കെട്ടിത്തൂക്കി തലയറുത്ത് തല ഒരു പീരങ്കിയില്‍ വച്ച് വെടിവച്ച് തകര്‍ത്തു. 1818 ആകുമ്പോഴേയ്ക്കും ഓട്ടോമന്‍ സാമ്രാജ്യത്തിനു വേണ്ടി വഹാബി സഖ്യത്തെ പൂര്‍ണ്ണമായി പരാജയപ്പെടുത്തി. ഒന്നാം സൗദി രാഷ്ട്രം ശിഥിലമായി. ശേഷിച്ച വഹാബികള്‍ വിജനമായ മണലാരണ്യങ്ങളിലേക്ക് പിന്‍വലിഞ്ഞു.
പിന്നീട്  വളരെക്കാലം അടങ്ങിയിരുന്ന വഹാബികള്‍ വീണ്ടും സജീവമാകുന്നത് ഒന്നാം ലോകമഹായുദ്ധത്തിന്റെയൊടുവില്‍ ഓട്ടോമന്‍ സാമ്രാജ്യം ഇല്ലാതാകുന്നതോടെയാണ്. 1913 ല്‍ പുനരേകീകരിക്കപ്പെട്ട സൗദി ‘ഇഖ്‌വാന്‍’ 1800 കളിലെപ്പോലെ മെക്കയും മെദീനയും കീഴടക്കി മുന്നേറി. 1924 ല്‍ ഇന്നത്തെ സൗദി സാമ്രാജ്യമാകെത്തന്നെ സൗദിന്റെ കീഴിലായി. എന്നാല്‍ മതാന്ധതയുടെ ഭീഷണസീമകളില്‍ ഭ്രാന്തമായി കുതിക്കുന്ന വഹാബി സേനയുടെ കടിഞ്ഞാണില്ലാത്ത പ്രയാണം തന്റെ തന്നെ അധികാര താത്പര്യങ്ങള്‍ക്ക് വിനയായി മാറിയേക്കാം എന്നു തിരിച്ചറിഞ്ഞ അബ്ദ് അല്‍ അസീസ് അവര്‍ക്കെതിരെ തിരിഞ്ഞു. 1930 വരെ നീണ്ട ആഭ്യന്തര യുദ്ധത്തിനൊടുവില്‍ രാജാവ് തന്നെ വിജയം കണ്ടു. ക്രമേണ, ദൈവീക വിശുദ്ധീകരണത്തിന്റെ പടയോട്ടത്തില്‍ നിന്നും സൗദി രാജാധികാരത്തെ പിന്താങ്ങുകയും പ്രതിരോധിക്കുകയും നീതീകരിക്കുകയും ചെയ്യുന്ന യാഥാസ്ഥിതിക ഇസ്ലാമിക രാഷ്ട്രീയ പ്രമാണമായി വഹാബിസം മാറി. സൗദി അറേബ്യ വഹാബി/സലാഫി ഇസ്ലാമിക ദര്‍ശനങ്ങളുടെ പ്രയോക്താക്കളും പ്രചാരകരുമായി സ്വയം അവരോധിച്ചു.
എണ്ണ നിക്ഷേപങ്ങള്‍ നല്‍കിയ സാമ്പത്തിക കുതിപ്പില്‍ മധ്യേഷയിലെ പ്രധാനശക്തിയായി സൗദി വളര്‍ന്നു. ആധുനികാഡംബര ജീവിത ശൈലിയുടെ വാഗ്ദത്ത ഭൂമിയായി സൗദി മാറി. ഇതോടൊപ്പം തന്നെ വഹാബിസത്തിന്റെ വ്യാപനവും നടക്കുന്നുണ്ടായിരുന്നു. അറബ് മേഖലയ്ക്കപ്പുറത്ത്  ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ രൂപം കൊണ്ട വിവിധ വഹാബി മതമൗലിക സംഘടനകളുടേയും പിന്നില്‍ എണ്ണപ്പാടങ്ങളുടെ   പണക്കൊഴുപ്പായിരുന്നു. എന്നാല്‍ സൗദി രാജകുടുംബത്തിന്റെ വളര്‍ച്ചയും വികാസവും മധ്യേഷ്യയിലെ  ആധുനികതയുടെ വസന്തമായി മനസ്സിലാക്കാനാണ് പാശ്ചാത്യ രാഷ്ട്രീയ നേതൃത്വം ഇഷ്ടപ്പെട്ടത്. അതിന് ചില രാഷ്ട്രീയ കാരണങ്ങളുമുണ്ട്.

ഓയില്‍ ഷോക്ക്

1944 ലെ ബ്രട്ടന്‍വൂഡ്‌സ് ഉടമ്പടിപ്രകാരം ബ്രിട്ടനും സഖ്യകക്ഷികളും അമേരിക്കന്‍ ഡോളറിനെ റിസര്‍വ്  കറന്‍സിയായി അംഗീകരിച്ചു. ഔണ്‍സിന് 35 ഡോളര്‍ എന്ന നിരക്കില്‍ ഗോള്‍ഡ് സ്റ്റാന്‍ഡേര്‍ഡ് പ്രകാരമാണ് ഡോളറിന്റെ മൂല്യം നിര്‍ണയിക്കപ്പെട്ടിരുന്നത്. എന്നാല്‍ 1960 കളുടെ അവസാനമായപ്പോഴേയ്ക്കും അമേരിക്കന്‍ ഡോളറിന് അത്ര മൂല്യമില്ലെന്ന തോന്നല്‍ ലോകവ്യാപകമായുണ്ടായി. വ്യാപാരബന്ധങ്ങളില്‍ വന്ന മാറ്റങ്ങളുടെ ഭാഗമായി ഫ്രാന്‍സ് ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഡോളറിനുപകരമായി സ്വര്‍ണ്ണനിക്ഷേപങ്ങള്‍ പിന്‍വലിക്കാനാരംഭിച്ചു. ഡോളര്‍ കടുത്ത സമ്മര്‍ദ്ദത്തിലായി. ഇതേത്തുടര്‍ന്ന് നിക്‌സണ്‍ ഭരണകൂടം, ഏകപക്ഷീയമായി 1944 ലെ ബ്രട്ടന്‍വുഡ്‌സ്  ഉടമ്പടിയില്‍ നിന്നും പിന്‍മാറി. ഡോളര്‍ സ്വര്‍ണ്ണത്തില്‍ നിന്നും സ്വതന്ത്രമാക്കി. ഗോള്‍ഡ് കണ്‍വേര്‍ട്ടിബിലിറ്റി അവസാനിപ്പിച്ചു. പ്രശ്‌നം ഇതുകൊണ്ടു മാത്രം അവസാനിച്ചില്ല. ഡോളറിന്റെ വിനിമയനിരക്ക് പിന്നെയും താഴോട്ട്‌പോയി.
ഈ സമയത്താണ് ഓയില്‍ ഷോക്ക്, എന്നു നമ്മള്‍ ഇന്നു വിശേഷിപ്പിക്കുന്ന സാഹചര്യം ഉടലെടുത്തത്. 1971 ലെ യുദ്ധത്തില്‍ ഇസ്രയേലിനൊ പ്പം നിന്ന പാശ്ചാത്യരാജ്യങ്ങള്‍ക്കെതിരെ അറബ് രാജ്യങ്ങള്‍ ഉപരോധം ഏര്‍പ്പെടുത്തി. ഈ രാജ്യങ്ങള്‍ക്ക് എണ്ണ വില്‍ക്കേണ്ടതില്ലെന്ന തീരുമാനമെടുത്തു. ഇത് അമേരിക്കയുള്‍പ്പെടെയുള്ള പാശ്ചാത്യരാജ്യങ്ങളില്‍ വലിയ പ്രതിസന്ധി സൃഷ്ടിച്ചു. തുടര്‍ന്നുണ്ടായ നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ പ്രസിഡന്റ് റിച്ചാര്‍ഡ് നിക്‌സണ്‍ സൗദി ഭരണകൂടവുമായി ഒരു ധാരണയിലെത്തി. ഈ ഉടമ്പടിയാണ് ഇന്ന് നമുക്ക് അവിശ്വസനീയമെന്നു തോന്നുന്ന സൗദി – അമേരിക്കന്‍ രാഷ്ട്രീയ ബാന്ധവത്തിന്റെ അടിസ്ഥാനം.
ഉടമ്പടിപ്രകാരം എണ്ണവ്യാപാ രത്തിന് ഉപയോഗിക്കുന്ന ഏക നാ ണയമായി അമേരിക്കന്‍ ഡോളര്‍ അംഗീകരിക്കപ്പെട്ടു. പകരം സൗദി അധികാര വ്യവസ്ഥിതിയ്ക്ക് രാഷ്ട്രീയവും സൈനീകവുമായ സര്‍വ പിന്തുണയും നല്‍കാമെന്ന് അമേരിക്ക ഉറപ്പു നല്‍കി. അങ്ങനെ ആഗോളതലത്തില്‍ യു.എസ് ഡോളറിന്റെ ഡിമാന്റ് വര്‍ദ്ധിച്ചു. ഡോളര്‍ സ്ഥിരതയാര്‍ജ്ജിച്ചു. മറുവശത്ത് സൗദി രാഷ്ട്രം അമേരിക്കയുടെ തണലില്‍ രാഷ്ട്രീയവും സൈനീകവുമായ സുരക്ഷിതത്വം ഉറപ്പാക്കി. അമേരിക്കന്‍ പി ന്തുണയോടെ നടക്കുന്ന ഇസ്രയേലിന്റെ അധിനിവേശങ്ങള്‍ക്കോ, അമേരിക്കയുടെ തന്നെ അധിനിവേശങ്ങള്‍ക്കോ എതിരെ സൗദിയോ സൗദി പിന്തുണയോടെ വഹാബിസ്റ്റ് പ്രസ്ഥാനങ്ങള്‍ ലോകമാകെ അശാന്തി പടര്‍ത്തുമ്പോള്‍ അമേരിക്കയോ പ്രതികരിക്കാത്തിന്റെ കാരണം മറ്റൊന്നുമല്ല.

പെട്രോ – ഡോളര്‍ – മിലിട്ടറി ഇന്‍ഡസ്ട്രിയല്‍ കോംപ്ലക്‌സ്

മാനുഷിക മൂല്യങ്ങള്‍ അപ്പാടെ നിഷേധിച്ചുകൊണ്ട് പ്രചരിച്ച വഹാബി പ്രസ്ഥാനങ്ങളെ സാമ്രാജ്യത്വ  താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനു വേണ്ടിയുള്ള രാഷ്ട്രീയ ആയുധമായി പാശ്ചാത്യ രാജ്യങ്ങള്‍ ഉപയോഗിച്ചു. സോഷ്യലിസം, ബാത്തിസം, നാസറിസം, ഇറാനിയന്‍ സ്വാധീനം, സോവിയറ്റ് യൂണിയന്‍ – ‘ഭീഷണികള്‍’ക്കെതിരെ മതഭീകരരെ ഉപയോഗിക്കുകയെന്ന അത്യന്തം അപകടകരമായ പ്രാകൃത നയതന്ത്രപദ്ധതിയാണ് അമേരിക്കയും പാശ്ചാത്യരാജ്യങ്ങള്‍ പൊതുവേയും സ്വീകരിച്ചത്.
അഫ്ഗാനിസ്ഥാനിലെ സോവിയറ്റ് ‘അധിനിവേശം’ അവസാനിപ്പിക്കുന്നതിനുള്ള ഫലപ്രദമായ വഴി മതാന്ധരായ ജിഹാദി ഗ്രൂപ്പുകളാണ് എന്ന അമേരിക്കന്‍ ചിന്തയാണ് അല്‍ഖ്വയിദയുടേയും താലിബാന്റെയും വളര്‍ച്ചയ്ക്ക് വളവും വെള്ളവുമായത്. ഒരു വിമോചനപ്പോരാളിയുടെ പരിവേഷമാണ് ഒസാമ ബിന്‍ലാദന് പാശ്ചാത്യര്‍ നല്‍കിയത്. സിയാ ഉള്‍ഹഖിന്റെ പാക്കിസ്ഥാന്‍ ഗവണ്‍മെന്റും പാക്ചാരസംഘടനയായ ഐ.എസ് ഐയും  സി ഐ എയും ചേര്‍ന്നു നടപ്പിലാക്കിയ ‘ഓപ്പറേഷന്‍ സൈക്ലോണ്‍’ എന്ന ലേകചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ രഹസ്യ യുദ്ധതന്ത്രപദ്ധതിയായിരുന്നു അഫ്ഗാനിസ്ഥാനില്‍ വഹാബി മിലിട്ടന്‍സിയെ പരിപോഷിപ്പിച്ചത്. സോവിയറ്റ് ‘അധിനിവേശ’ത്തിനെതിരെയുള്ള നടപടികള്‍ അഫ്ഗാനിസ്ഥാനെ നയിച്ചത് മധ്യകാലഘട്ടത്തിലെ പിശാചനീതിശാസ്ത്രം സാര്‍വത്രികമാക്കിയ മതഭീകരതയുടെ താലിബാന്‍ കാലഘട്ടത്തിലേക്കാണ്.
ഇന്ന് ‘മലാല’യെ പെണ്‍കുട്ടികളും വിമോചനശാക്തീകരണ സ്വപ്നങ്ങളുടെ പ്രതീകമായി ഉയര്‍ത്തിക്കാട്ടികൊണ്ട് ഇസ്ലാമിക ഭീകരതയ്‌ക്കെതിരെ പ്രചാരണം നടത്തുന്ന പാശ്ചാത്യര്‍, 1950 കളിലും 60 കളിലും 70കളിലും സാമൂഹ്യ ജീവിതത്തില്‍ സുപ്രധാന പങ്കുവഹിച്ചിരുന്ന അഫ്ഗാന്‍ വനിതകള്‍ എങ്ങനെ ഈ നിലയില്‍ എത്തി എന്നതിനെക്കുറിച്ച് ഒരു ആത്മപരിശോധന നടത്തേണ്ടതുണ്ട്. രണ്ടു പതിറ്റാണ്ടുകള്‍കൊണ്ട് അവര്‍ തകര്‍ത്തെറിഞ്ഞ സാമൂഹ്യ സാംസ്‌ക്കാരിക രാഷ്ട്രീയ മൂല്യങ്ങള്‍ വീണ്ടെടുക്കാന്‍ ഇനിയെത്ര നൂറ്റാണ്ടുകള്‍ മതിയാവും?
1961 ലെ വിടവാങ്ങല്‍ പ്രസംഗത്തില്‍ പ്രസിഡന്റ് ഐസന്‍ഹോവര്‍, അമേരിക്കയില്‍ മിലിട്ടറി – ഇന്‍ഡസ്ട്രിയല്‍ – കോംപ്ലക്‌സ് നിലനില്‍ക്കുന്നുവെന്നും അധികാര – ആയുധവ്യാപാര ബാന്ധവം ഭീഷണമായ  തലത്തിലേക്ക് ശക്തിപ്രാപിക്കുന്നതിനെതിരെ ജാഗ്രത വേണമെന്നും അമേരിക്കന്‍ പൊതു സമൂഹത്തിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. യുദ്ധങ്ങളാണ് മിലിട്ടറി ഇന്‍ഡസ്ട്രിയല്‍ കോംപ്ലക്‌സിനെ നിലനിര്‍ത്തുന്നത്. ”നിലയ്ക്കാത്ത യുദ്ധങ്ങളിലൂടെ നിലയ്ക്കാത്ത ലാഭം” എന്നതാണ് അതിന്റെ സാമ്പത്തിക ശാസ്ത്രം. ഐസന്‍ഹോവര്‍ ഭയപ്പെട്ടിരുന്നതിനേക്കാള്‍ വേഗത്തില്‍ അത് അമേരിക്കന്‍ ഭരണസംവിധാനത്തേയും മാത്രമല്ല പൊതുബോധത്തെപ്പോലും കീഴ്‌പ്പെടുത്തി. പെട്രോളിയം ഉത്പന്നങ്ങളുടെ അതിലാഭവിപണനം കൂടിയായപ്പോള്‍  അത് വിനാശകരമായ ഏതു ഭീകരതയോടും സന്ധിചെയ്യുന്ന തലത്തിലേക്ക് വികാസം പ്രാപിച്ചു. ഓയില്‍ ഷോക്കിനുശേഷം പെട്രോ ഡോളര്‍ സാമ്പത്തിക യുക്തി അമേരിക്കയുടെ നിലനില്‍പ്പിന്റെ തന്നെ അടിസ്ഥാനപ്രമാണമായി മാറി.
ജെ.പി മോര്‍ഗന്‍, എച്ച.എസ്.ബി.സി, ബി.എന്‍.പി, സൗദി ആംകോ, എക്‌സോം, ഗാസ്‌പ്രോം…ലോക്ക്ഹിഡ്മാര്‍ട്ടിന്‍, ബോയിംഗ്, ജനറല്‍ ഡൈനാമിക്‌സ്…ടൈം വാര്‍ണര്‍, ന്യൂസ് കോര്‍പറേഷന്‍….കുറച്ച് ബാങ്കിംഗ്   ഭീമന്‍മാരും എണ്ണക്കമ്പനികളും ആയുധനിര്‍മ്മാതാക്കളും മാധ്യമ കുത്തകകളും ചേര്‍ന്ന് ലോകം ഭരിക്കുന്ന സാഹചര്യമാണ് ഇന്ന്. സാമ്രാജ്യത്വ കോര്‍പ്പറേറ്റ് ശക്തികള്‍ ചേര്‍ന്ന് നിയന്ത്രിക്കുന്ന പെട്രോ-ഡോളര്‍ – മിലിട്ടറി ഇന്‍ഡസ്ട്രിയല്‍ – മീഡിയ കോംപ്ലക്‌സ് ആണ് ഐ എസും , ബോക്കോ ഹറാമും അല്‍ഖ്വയിദയുമുള്‍പ്പടെയുള്ള ഭീകരസംഘടനകളെ നിലനിര്‍ത്തുന്നത്.

ഐ എസിന്റെ സാമ്പത്തിക അടിത്തറ

ദി എക്കണോമിസ്റ്റില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പ്രകാരം 15 സൈനികരുടെ മാസവേതനം 1400 ആണ്. ഇറാഖി സൈനികര്‍ക്ക് ലഭിക്കുന്നതിനേക്കാള്‍ മെച്ചപ്പെട്ട പ്രതിഫലമാണിത്. 2008 -09 ല്‍ പ്രതിമാസം പത്തുലക്ഷം ഡോളര്‍ മാത്രമായിരുന്ന ഐ എസിന്റെ വരുമാനം പ്രതിമാസം 7 കോടി ഡോളറായി ഉയര്‍ന്നുവെന്ന് ഞമിറ ഇീൃുമൃമശേീി കണക്കാക്കുന്നു. വിദേശധനസഹായങ്ങളും നികുതി പിരിവും കൊള്ളയും പൗരാണിക വസ്തുവകകളുടെ കരിഞ്ചന്തയും കിഡ്‌നാപ്പിംഗുമൊക്കെ ധനസമാഹരണോപാധികള്‍ ആണെങ്കിലും ഐഎസിന്റെ പ്രധാന വരുമാന സ്രോതസ്സ് എണ്ണയാണ്. പടിഞ്ഞാറന്‍ സിറിയയിലെ ഐ.എസിനു കീഴിലുള്ള ദെയര്‍ ഏസര്‍ പ്രവിശ്യയില്‍ നിന്നുമാത്രം ദിവസേന 36,000 മുതല്‍ 40,000 വരെ ബാരല്‍ ക്രൂഡ് ഓയില്‍ ഉദ്പാദിപ്പിക്കുന്നുണ്ട്. ദിവസേന  15 ലക്ഷം ഡോളറിലേറെയാണ് എണ്ണക്കച്ചവടത്തിലൂടെ ഐ.എസ് നേടുന്നത്. ഇത്രയധികം എണ്ണ ആരാണു വാങ്ങുന്നത് എന്ന ചോദ്യത്തിന് ഉത്തരം തേടാന്‍ പാശ്ചാത്യ രാജ്യങ്ങള്‍ തയ്യാറാവുകയില്ല.
ജി 20 ഉച്ചകോടിയില്‍ പങ്കെടുത്തു സംസാരിക്കവെ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദ്മിര്‍ പുട്ടിന്‍ സൂചിപ്പിച്ചത്, 40 രാജ്യങ്ങള്‍ ഐ എസിനെ ഫണ്ട് ചെയ്യുന്നതായി ഇന്റലിജന്‍സ് ഉണ്ടെന്നും അതില്‍ ഏ 20 രാജ്യങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നുമാണ്. ഇത്തരമൊരു വേദിയില്‍ അതു പരസ്യപ്പെടുത്താന്‍ ഉദ്ദേശിക്കുന്നില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭീകരതയ്‌ക്കെതിരെയുള്ള പോരാട്ടത്തിലെ പാശ്ചാത്യ രാജ്യങ്ങളുടെ ഇരട്ടത്താപ്പിന് മുഖമടച്ചു കൊടുത്ത അടിയാണ് പുട്ടിന്റെ വാക്കുകള്‍.

പിശാചിന്റെ  പോറ്റമ്മ

നാമറിയണം, ബ്രയാന്‍ ക്ലീനനെ. 1980 കളില്‍ ലെബനണില്‍ ഹിസ്ബുള്ള തീവ്രവാദികളുടെ തടവില്‍ നാലരവര്‍ഷം കണ്ണുകള്‍ മൂടിക്കെട്ടി, കൈകാലുകളില്‍ വിലങ്ങുമായി, മരണത്തിനു കാതോര്‍ത്തുകൊണ്ട്  കഴിയേണ്ടി വന്ന ഐറിഷ് എഴുത്തുകാരനെ. 1990, ആഗസ്റ്റ് 24 ന് വിമോചിതനായ ശേഷം 4 തവണ ലെബനന്‍ സന്ദര്‍ശിച്ചിട്ടുണ്ട്, അദ്ദേഹം താനനുഭവിച്ച ക്രൂരതകളുടെ വേരുകള്‍ തേടി. അദ്ദേഹമെഴുതിയ ‘അി ഋ്ശഹ  ഇൃമറഹശിഴ” എന്ന പുസ്തകം ഭീകരമായ ദുരിതങ്ങള്‍ക്കിടയിലും വെളിച്ചമാകുന്ന മാനവികതയുടെ പ്രകാശഗോപുരമാണ്.
പാരീസ് ഭീകരാക്രമണത്തിനുശേഷം റോബര്‍ട്ട് ഫ്രിസ്‌കിനു നല്‍കിയ അഭിമുഖത്തില്‍ മദ്ധ്യേഷ്യയില്‍ തങ്ങള്‍ നിരന്തരം അന്യായമായി വേട്ടയാടപ്പെടുന്നവരാണ് എന്ന ബോധം ഏതു കൊടിയ ഭീകരതയെപ്പോലും നീതീകരിക്കുന്ന തലത്തിലേക്ക് വളര്‍ന്നതിനെ വിശദീകരിക്കുന്നു. ”ഇതൊക്കെ വളരെ മുന്‍പ് തന്നെ പ്ലാന്‍ ചെയ്തിരുന്ന നിരവധി സംഘടനകളുണ്ട്. ആളുകളെ കൊല്ലാന്‍ ഒരുപാട് ഇീാാശാേലി േ ന്റെ ആവശ്യമൊന്നുമില്ല.” അദ്ദേഹം പറയുന്നു. ”ഇനി നാം എന്തു ചെയ്യണം? ആഗോളതലത്തില്‍ നമ്മളെല്ലാം ഇതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തേ തീരൂ. നാലരവര്‍ഷത്തെ തടവുജീവിത്തിനുശേഷം എന്റെ വിചാരം കുടിയൊഴിക്കുലുകളും തുടര്‍ന്നുണ്ടാകുന്ന രോഷവും നമ്മള്‍ ഉള്‍ക്കൊള്ളേണ്ടതാണ് എന്നാണ്. പ്രതികാരത്തിനും വിശുദ്ധയുദ്ധങ്ങള്‍ക്കും ഇസ്ലാമിക വെളിപാടുകള്‍ക്കു പോലും അപ്പുറം എന്തെങ്കിലും ഈ ജനതക്കു നല്‍കേണ്ടതുണ്ട്.”
നയതന്ത്രം യുദ്ധം മാത്രമാകുന്നതാണ് മിഡില്‍ ഈസ്റ്റിലെ പ്രധാനപ്രശ്‌നം. അടിസ്ഥാനപരമായി ഇതിനെ എങ്ങനെ ന്യായീകരിക്കും, അര്‍ത്ഥപൂര്‍ണ്ണമായി അഭിമുഖീകരിക്കുമെന്നുമാണ് നാം മനസ്സിലാക്കേണ്ടത്. പലകാരണങ്ങളെക്കുറിച്ചും നാം പുനര്‍വിചിന്തനം നടത്തേണ്ടതുണ്ട്. ബ്രയാന്‍ പറയുന്നു;”ആരാണ് യുദ്ധ കുറ്റവാളി? ഒരു യുദ്ധകുറ്റവാളി ആരാണെന്നും എന്താണ് യുദ്ധകുറ്റം എന്നതിനെക്കുറിച്ചും വികലമായ കാഴ്ചപ്പാടാണ് നമുക്കുള്ളത്. നാം നീതിയെക്കുറിച്ചാണ് സംസാരിക്കുന്നതെങ്കില്‍ ഇതിനെക്കുറിച്ച് സത്യസന്ധമായി ചിന്തിക്കുവാന്‍ തയ്യാറാകണം. കാരണം, നീതി നടപ്പിലാക്കുന്നുണ്ടെന്ന് എല്ലാവര്‍ക്കും തോന്നേണ്ടതുണ്ട്.
”നഖ്ബ (1948 ല്‍ ഫലസ്റ്റയിനികളെ സ്വദേശത്തു നിന്ന് പുറത്താക്കിയ നടപടി) ആഗോളവല്‍ക്കരിക്കപ്പെട്ടു എങ്കില്‍ നമുക്ക് പുതിയ മൂല്യബോധങ്ങള്‍ ഉണ്ടാകേണ്ടതുണ്ട്.  പക്ഷെ, അങ്ങനെയൊരു ആത്മപരിശോധനയ്ക്ക് നാം തയ്യാറാകുമോ എന്നറിയില്ല.”
”ഞാന്‍, നാലരവര്‍ഷം ഇരുളില്‍, ഏകാന്തതയില്‍, കണ്ണുകെട്ടി ജീവിച്ചു. പാശ്ചാത്യ ജനാധിപത്യം എന്നോടു പറഞ്ഞത് നീതി അന്ധമാണെന്നാണ്. പക്ഷെ, അധികാരത്തിന്റെ അസന്തുലിതാവസ്ഥകളെ ചോദ്യം ചെയ്യാന്‍ കഴിയാത്തിടത്തോളം കാലം നാമെല്ലാം കണ്ണുകെട്ടി ജീവിക്കുന്നവരാണ്.”
ബ്രയാനിന്റെ വാക്കുകള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നത് നയരൂപീകരണത്തിന്റെ അടിസ്ഥാനം യുക്തിയാകണം, വികാരങ്ങളായിക്കൂടാ എന്നാണ്. പക്ഷെ, നമ്മുടെ പ്രതികരണത്തിന്റെ രീതിശാസ്ത്രവും ഭീകരവാദികളുടെ വ്യാകരണപുസ്തകത്തില്‍ നിന്നു തന്നെ എടുത്തതാണ്. ”യുദ്ധപ്രഖ്യാപനം, ദയാരഹിതമായ പ്രതികാരം….’ ഭരണകൂടങ്ങളും സംസാരിക്കുന്നത് ഐ.എസിന്റെ ഭാഷയിലാണ്. അത് ഭീരകരതയ്ക്ക് വളമാവുകയാണ് ചെയ്യുക.
ഭീകരതയ്‌ക്കെതിരായ യുദ്ധങ്ങളെല്ലാം കൂടുതല്‍ ഭീകരതകളിലേക്ക് വഴി തെളിക്കുന്നത് നാം കണ്ടു. നീതീകരിക്കാനാവാത്ത ഇറാക്ക് അധിനിവേശമാണ് ഐ എസ്സിന്റെ വളര്‍ച്ചയ്ക്ക് സാഹചര്യമൊരുക്കിയത് എന്നു മുന്‍ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയര്‍ തന്നെ അടുത്തിടെ കുമ്പസാരിക്കുകയുണ്ടായി. സാമ്രാജ്യത്വ താല്പര്യങ്ങളുടെ അധിനിവേശ രാഷ്ട്രീയവും രഹസ്യമായി നടപ്പിലാക്കുന്ന ‘ഭീകര നയതന്ത്രവും’ ഒരു ജനതയെ ഹിംസാത്മക ദര്‍ശനങ്ങളിലേക്ക് അടുപ്പിക്കുന്നു.
 നാടും നഗരവും ചുട്ടെരിക്കപ്പെടുമ്പോള്‍ പ്രിയരും പ്രിയപ്പെട്ടതൊക്കെയും നവ സാമ്രാജ്യത്വഭീകരതയില്‍ നഷ്ടമാകുമ്പോള്‍ പോകാനൊരിടവുമില്ലെന്നും തങ്ങളുടേതെന്നു പറയാന്‍  ഒരു ഭാവികാലം പോലുമില്ലെന്നു വരുമ്പോള്‍, ഹിംസയുടെ പ്രത്യേകിച്ചും മതാത്മക ഹിംസയുടെ ദര്‍ശനങ്ങള്‍ക്ക് യുവ മനസ്സുകളില്‍ വേരോടുവാന്‍ നിലമൊരുങ്ങുന്നു.

ഐ എസ്സിന്റെ ലക്ഷ്യം

ഫലസ്തീനികളോടുള്ള ഐ എസ്സിന്റെ സമീപനം എന്തെന്നു വ്യക്തമല്ല. അവര്‍ ഫലസ്തീന്‍ പതാക കത്തിച്ചുവെന്ന് വാര്‍ത്തകളുണ്ട്. പ്രശ്‌നം ആശയപരമായിരിക്കും. കാരണം, ക ട ന്റെ ലക്ഷ്യം ഒരൊറ്റ ഇസ്ലാമിക ഖലിഫേറ്റ് ആണ്. ആഗോളതലത്തില്‍ ഏക ശിലാത്മകമായ ഇസ്ലാം. സംശുദ്ധ ഇസ്ലാം! അതിനെ നയിക്കാന്‍, നിയന്ത്രിക്കാന്‍ ഒരൊറ്റ ഭരണാധികാരി. പതിനെട്ടാം നൂറ്റാണ്ടില്‍ വഹാബും ഇരുപതാം നൂറ്റാണ്ടിലെ ആദ്യദശകങ്ങളില്‍ സൗദി ഇഖ്‌വാനും മുന്നോട്ടു വെച്ച അതേ ആശയം. ക ട ഉം സൗദി വഹാബിസവും ഒന്നാകുന്നതും ഇവിടെയാണ്. ഇക്കാര്യങ്ങളില്‍ എവിടെയെങ്കിലും ആശയപരമായി ഭിന്നത നമുക്ക് കാണാനാവില്ല. രണ്ടും ഇസ്ലാമിക റിവൈലിസ്റ്റ് പ്രസ്ഥാനങ്ങളാണ്. രണ്ടു കൂട്ടരുടേയും മാതൃക മദ്ധ്യകാല മത-ന്യായ പ്രമാണങ്ങളാണ്. രണ്ടും മനുഷ്യത്വ വിരുദ്ധമാണ്. അതു തന്നെയാണ് സൗദി ഭയപ്പെടുന്നതും. അവരുടെ അധികാര വ്യവസ്ഥിതിക്ക് ഏറ്റവും ശക്തമായ വെല്ലുവിളിയായി മാറാന്‍ പോകുന്നതും ക ട തന്നെയാണ്.

പ്രതിരോധങ്ങള്‍ മതാത്മകമാകുമ്പോള്‍

പ്രതിരോധങ്ങളുടെ പിതൃത്വം തേടിയാല്‍ രാഷ്ട്രീയവും മതേതരവുമായ കാരണങ്ങള്‍  കണ്ടെത്താവുന്ന പല പ്രസ്ഥാനങ്ങളും സായുധ നീതിയുടെ അസമവിതാനങ്ങളില്‍ വഴി തെറ്റി മത മൗലിക തീവ്ര വാദ ധാരയിലേക്കൊഴുകിയെത്തുന്നത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. രാഷ്ട്രീയ, പ്രാദേശിക പ്രതിരോധങ്ങള്‍ക്ക് ലഭിക്കാത്ത സാമ്പത്തിക സൈനിക സഹായങ്ങള്‍ ആഗോള മുതലാളിത്വത്തിന്റെ സവിശേഷ സാഹചര്യങ്ങളില്‍ മതതീവ്രവാദികള്‍ക്ക് ലഭിക്കുന്നുണ്ട് എന്നതു മാത്രമല്ല, അതിനു കാരണം. മതാതീതമായ മാനവികതയും മൂല്യബോധവും ധാര്‍മ്മികതയും സൃഷ്ടിച്ചെടുക്കുവാന്‍ നമുക്കു കഴിയാത്തതു കൊണ്ടു കൂടിയാണ്.
ക ട ലേക്ക് റിക്രൂട്ടു ചെയ്യപ്പെടുന്ന ചെറുപ്പക്കാരില്‍ ബഹുഭൂരിപക്ഷവും അഭ്യസ്തവിദ്യരാണ്. ബോംബു സ്‌ഫോടനങ്ങളുടേയും നിലയ്ക്കാത്ത നിലവിളികളുടേയും ഹതാശമായ സാഹചര്യങ്ങളില്‍ നിന്നും മാത്രമല്ല സുരക്ഷിതമായ സ്വകാര്യജീവിതം നയിക്കുന്ന നിരവധി യുവാക്കള്‍ ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്ന് അശാന്തിയുടെ കൂടാരങ്ങളിലേക്ക് ചേക്കേറുന്നുവെന്ന അശുഭവര്‍ത്തമാനം നമ്മെ ഇരുത്തിച്ചിന്തിപ്പിക്കേണ്ടതുണ്ട്.
നമ്മുടെ രാജ്യത്ത് നിന്ന് 150 യുവാക്കളെങ്കിലും ഐ എസിന്റെ വലയത്തില്‍പെട്ടിട്ടുണ്ടെന്നാണ് ഇന്റലിജന്‍സ് വൃത്തങ്ങള്‍ പറയുന്നത്. അതില്‍ ഭൂരിപക്ഷവും താരതമ്യേന മെച്ചപ്പെട്ട ജീവിത നിലവാരമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നാണ്. തമിഴ്‌നാട്ടില്‍ നിന്നും  കര്‍ണ്ണാടകയില്‍ നിന്നുമുള്ള യുവാക്കള്‍ ക ട ന്റെ പ്രസക്തമായ ചില ചുമതലകളിലേക്ക് എത്തിയിട്ടുണ്ട് എന്ന റിപ്പോര്‍ട്ടുകളുണ്ട്. കേരളത്തില്‍ നിന്നും റിക്രൂട്ടുകളുണ്ടാകാം എന്നു പറയപ്പെടുന്നു. സുരക്ഷാ ഏജന്‍സികളുടെ റഡാറില്‍ പെട്ടിട്ടുള്ളവരെല്ലാം അഭ്യസ്തവിദ്യരും പ്രത്യേകിച്ച് സാങ്കേതികരംഗത്ത്  പ്രവര്‍ത്തിക്കുന്നവരുമാണ്. ഐ.ടി. എഞ്ചിനീയറിംഗ് മേഖലയില്‍ നിന്നുള്ളവര്‍.
എന്താണിതിനു കാരണം? സാങ്കേതിക, തൊഴിലധിഷ്ഠിത വിഷയങ്ങള്‍ക്ക് പ്രാമുഖ്യം കൈവരികയും ചരിത്രവും മാനവികതയും വിദ്യാഭ്യാസമേഖലയില്‍ നിന്നും പുറന്തള്ളപ്പെടുകയും ചെയ്യുമ്പോള്‍ ധാര്‍മ്മികതയും മൂല്യബോധവും മാനവികതയുടെ ചരിത്രപാഠങ്ങളും അപ്രസക്തമായതുകൊണ്ടൊണോ ഇതു സംഭവിക്കുന്നത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
അധികാരത്തിനും ഹിംസാത്മകതയ്ക്കുമെതിരെയുള്ള സമരം മറവിയ്‌ക്കെതിരെയുള്ള ഓര്‍മ്മപ്പെടുത്തലുകളുടെ സമരമാണ്. ഓര്‍മ്മകളും പുനര്‍വായനകളുമാണ് പ്രതിരോധങ്ങളെ ജാഗ്രത്താക്കുന്നത്. എന്നാല്‍ ഇവിടെ ഓര്‍മ്മകള്‍ക്ക് നാം ഭ്രഷ്ട് കല്‍പ്പിച്ചിരിക്കുകയാണ്. പ്രതിരോധങ്ങള്‍ക്ക് അനുപൂരകമാകേണ്ട സാംസ്‌ക്കാരിക സ്മരണകള്‍ സാങ്കേതികതയുടെ നവലേകത്ത് ചതഞ്ഞരയുമ്പോള്‍ രോഷങ്ങള്‍ അശാന്തിയുടെ ഉന്മാദ സ്‌ഫോടനങ്ങളായി വഴിതെറ്റുകയാണ്.

മതാതീതമായ മാനവികത

നമുക്ക് മാനവികതയെ വീണ്ടെടുക്കേണ്ടതുണ്ട്. അത് മതസൂക്തങ്ങളുടെ വ്യാഖ്യാന വൈവിധ്യങ്ങളില്‍ നിന്നല്ല, ഹൃദയത്തില്‍ നിന്നുമാണ് ഉണ്ടോകേണ്ടത്. അതിനനുസൃതമായ സാമൂഹ്യ പാശ്ചാത്തലം ഒരുക്കേണ്ടതുണ്ട്.
ചരിത്രത്തില്‍ മതങ്ങളോളം ഹിംസാത്മകമായ മറ്റൊരു ചിന്താ പദ്ധതികളും ഉണ്ടായിട്ടില്ല. വ്യാഖ്യാനവൈകല്യങ്ങളില്‍ നിന്നാകാം, എക്കാലത്തും വിനാശകരമായ മുഖം മതങ്ങള്‍ക്കുണ്ട്. പ്രത്യേകിച്ച് തങ്ങള്‍ പറയുന്നതാണ്, അതുമാത്രമാണ് സത്യമെന്നും, മോക്ഷമാര്‍ഗ്ഗം ഒന്നുമാത്രമാണെന്നു വാശിപിടിക്കുമ്പോള്‍ അതങ്ങനെയാവാനേ തരമുള്ളൂ. സ്വന്തം വിശ്വാസസംരക്ഷണമെന്നത് ഒരേ സമയം മറ്റു വിശ്വാസങ്ങള്‍ക്കെതിരെയുള്ള യുദ്ധപ്രഖ്യാപനം കൂടിയായി മാറുന്നതാണ് മതങ്ങളുടെ ചരിത്രം. അവിശ്വാസിയെ ഉന്‍മൂലനം ചെയ്യാന്‍ ഉദ്‌ഘോഷിക്കുന്ന ഒരു മതസൂക്തം ഉയര്‍ത്തിക്കൊണ്ട് ദൈവത്തെ പിശാചാക്കുന്ന കൂട്ടര്‍ക്ക് മറുപടിയായി ദൈവം ദയയും സ്‌നേഹവുമാണെന്ന് അതേ മതഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട് എന്ന് പറയുന്നത് പ്രതിരോധമേ ആകുന്നില്ല എന്നതാണ് അനുഭവം. അവരവര്‍ക്കാവശ്യമുള്ളതുമാത്രം വായിച്ചെടുക്കുകയാണ് മൗലികവാദികളുടെ പൊതുരീതി. ലക്ഷ്യം രാഷ്ട്രീയസാധ്യതകള്‍ കൂടിയാകുമ്പോള്‍ മറുവാദങ്ങള്‍ അപ്രസക്തമാണ്. മതമായാലും മാര്‍ക്‌സിസമായലും ദുരയുടെ കമ്പോള നീതിയായാലും ഇതു തന്നെയാണ് സ്ഥിതി.
ഇവിടെ പ്രതിരോധമാകാന്‍ കഴിയുന്നത് മതാതീതമായ മാനവികതയ്ക്കു മാത്രമാണ്. മതങ്ങള്‍ക്കും വ്യാഖ്യാനങ്ങള്‍ക്കും അതീതമായേ ഒരു മൂല്യബോധവും മാനവികതയും. പക്ഷെ നമ്മുടെ ധാര്‍മ്മിക – മൂല്യബോധ പാഠങ്ങളൊക്കെയും മതവുമായി ബന്ധപ്പെടുത്തിയാണ് നാം വരും തലമുറയ്ക്ക് പകര്‍ന്നു നല്‍കുന്നത്. എല്ലാ നന്മകളുടേയും ധാര്‍മ്മിക സമസ്യകളുടേയും അവസാന വാക്ക് മതമാണെന്ന ബോധത്തിന്റെ പാറപ്പുറത്താണ് നമ്മുടെ മൂല്യബോധനങ്ങള്‍. ഇതേ യുക്തിതന്നെയാണ് മതഭീകരവാദികളും ഉന്നയിക്കുന്നത്. അവര്‍ പകരുന്നത് വെറുപ്പിന്റെ മതപാഠമാണെന്നു മാത്രം.
മതഗ്രന്ഥങ്ങളില്‍ പറയുന്നത് എന്തുതന്നെയായാലും ജീവനെക്കാള്‍, ജീവിതത്തെക്കാള്‍ വിലയുള്ള ‘മൂല്യങ്ങള്‍’ ഒന്നും തന്നെയില്ല എന്ന് നമ്മുടെ കുട്ടികളെ പഠിപ്പിക്കുവാന്‍ നമുക്ക് കഴിയണം. ജീവനേക്കാള്‍ വിലയുള്ള ‘വിശ്വാസപ്രമാണങ്ങള്‍’ ഉണ്ടെന്ന ബോധനമാണ് രക്തസാക്ഷിത്വസങ്കല്‍പ്പങ്ങള്‍ക്കു പിന്നിലെ മോഹനയുക്തി. യുദ്ധത്തിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നതും ഇതേ യുക്തി തന്നെ. ദുരന്തങ്ങളോടുള്ള ബഹുമാനവും ആരാധനയുമാണ് ചരിത്രത്തെ രക്തരൂക്ഷിതമാക്കിയത്.
ഒരു യുദ്ധവും ‘വിശുദ്ധമല്ലെന്ന തിരിച്ചറിവിലേക്കാണ് നാമുണരേണ്ടത്. യുദ്ധങ്ങളില്‍ ജയിക്കുന്നവരും കീഴടക്കുന്നവരും കൊല്ലപ്പെടുന്നവരും അല്ല, യുദ്ധങ്ങളെ തടഞ്ഞവരും ഒഴിവാക്കാന്‍ ശ്രമിച്ചവരുമാണ് മനുഷ്യരാശിയുടെ പ്രകാശഗോപുരങ്ങള്‍ എന്ന് നാം നമ്മുടെ കുട്ടികളെ പഠിപ്പിക്കുക. ഇത് പറയാന്‍ ഒരു മതത്തിന്റെയും പിന്‍ബലം ആവശ്യമില്ല. മതങ്ങളുടേയും വിശുദ്ധപുസ്തകങ്ങളുടേയും വ്യാഖ്യാനഭേദങ്ങള്‍ക്കതീതമായി മാനവികത വളര്‍ന്നു വരേണ്ടതുണ്ട്.
ആവര്‍ത്തിച്ചു പറയട്ടേ, ജീവനേക്കാള്‍, ജീവിതത്തെക്കാള്‍, മൂല്യവത്തായി മറ്റൊന്നും ഈ പ്രപഞ്ചത്തില്‍ ഇല്ലെന്നുള്ള തിരിച്ചറിവിലേക്ക് ഓരോ ജീവിതവും ഉണരണം. അതാകട്ടെ, സര്‍വ്വമതങ്ങള്‍ക്കും അതീതമായ സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും പ്രകാശമായിരിക്കണം.

This article was first published in Yes MaalayalamWeekly

ഇവിടെ ഒരു പെണ്‍ജീവിതത്തിന്റെ അര്‍ത്ഥമെന്ത്?

ജീവിതത്തിനും മരണത്തിനുമിടയില്‍ വേദനയുടെ നെരിപ്പോടില്‍ നീറിയെരിഞ്ഞ, ദുരിതപൂര്‍ണമായ 13 ദിവസങ്ങള്‍ക്കൊടുവില്‍ മരണത്തിനു കീഴടങ്ങുമ്പോള്‍, അവള്‍, നിര്‍ഭയ, ബാക്കി വച്ചത് നീതിയുടെ ഒരു നിത്യദീപ്തിയാണ്. അവള്‍ കൊളുത്തിയ വെളിച്ചം, ഇന്ത്യയ്ക്ക് വേണ്ടി മാത്രമല്ല, മുഴുവന്‍ മാനവരാശിക്കും വേണ്ടിയായിരുന്നു. ആ വെളിച്ചം ഇവിടെ ഇരുളിനെയെല്ലാം അകറ്റേണ്ടതായിരുന്നു. പാവപ്പെട്ട, അവളുടെ മാതാപിതാക്കള്‍ പറയുന്നതുപോലെ ഒരു സാധുകുടുംബത്തിന്റെവെളിച്ചവും സന്തോഷവുമായിരുന്നു അവള്‍. പഠിച്ച് ഡോക്ടറായി, ചികിത്സാ സൗകര്യങ്ങള്‍ ഇല്ലാത്തസ്വന്തം ഗ്രാമത്തില്‍ ഒരു ആശുപത്രി പണിയണം എന്നാഗ്രഹിച്ച്, ”ഒരു പെണ്‍കുട്ടിക്ക് എന്തും നേടാനാകും” എന്ന ആത്മവിശ്വാസവുമായി രാജ്യത്തിന്റെ തലസ്ഥാന നഗരിയില്‍ എത്തിയ 23-കാരിയുടെ ജീവിതവും മരണവും ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ നമ്മെ അസ്വസ്ഥരാക്കുന്നുണ്ട്. ഇവിടെ ഒരു പെണ്‍ജീവിതത്തിന്റെ അര്‍ത്ഥമെന്താണ്?
2012, ഡിസംബര്‍ 16- ശപിക്കപ്പെട്ട ആ ദിവസം. രാത്രി ഏകദേശം എട്ടര മണി.ജീവിതവും ആത്മീയതയും ഏറ്റവും ഭീതീതമായ പരീക്ഷണങ്ങളായി ആവര്‍ത്തിക്കപ്പെടുന്ന ആത്മാന്വേഷണത്തിന്റെ കഥ പറയുന്ന ‘ലൈഫ് ഓഫ് പൈ’ എന്ന സിനിമ കഴിഞ്ഞ്, സുഹൃത്തിനൊപ്പം ബസ് കാത്തു നിന്ന മെഡിക്കല്‍ വിദ്യാര്‍ഥിനിക്ക് ജീവിതം കരുതി വച്ചിരുന്നത്സമാനതകളില്ലാത്ത പൈശാചികതയായിരുന്നു. നടുക്കടലില്‍ വന്യമൃഗത്തിനോടൊപ്പം ഒറ്റയ്ക്ക് ഒരു ബോട്ടില്‍ അകപ്പെട്ടുപോയ കുട്ടിയുടെ യാത്രയില്‍ കല അനുവദിച്ച ക്ഷുഭിതസാഗരത്തിന്റെ കാരുണ്യം, പക്ഷേ ഈ കലുഷകാലം അവള്‍ക്ക് അനുവദിച്ചില്ല. ഇപ്പോള്‍ വര്‍ഷം രണ്ട് കഴിഞ്ഞിരിക്കുന്നു. എന്ത് മാറ്റമാണ് സമൂഹത്തില്‍ ഉണ്ടായിട്ടുള്ളത്?ഇക്കാലയളവില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ 27% വര്‍ദ്ധനവുണ്ടായിട്ടുണ്ടെന്ന് കണക്കുകള്‍. ഓരോ 20 മിനുട്ടിലും ഓരോ ബലാത്സംഗങ്ങള്‍. കഴിഞ്ഞ രണ്ടു മാസത്തിനിടയില്‍ ഡല്‍ഹിയില്‍ മാത്രം ബലാത്സംഗത്തിന് രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ള എഫ് ഐ ആറുകളുടെ എണ്ണം 300. അതായത് ദിവസേന 5 ബലാത്സംഗങ്ങള്‍. നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകളനുസരിച്ച് 2012-13 കാലയളവില്‍ വിചാരണക്കെടുത്ത 25386 ബലാത്സംഗ കേസുകളില്‍ 6892 എണ്ണത്തില്‍ മാത്രമാണ് പ്രതികള്‍ ശിക്ഷിക്കപ്പെട്ടത്. ഡല്‍ഹി സംഭവത്തിനു ശേഷം ഒരു വര്‍ഷം കൊണ്ട്, മതിയായ തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്ക്യൂഷനു കഴിയാത്തതുമൂലം, 18000 ബലാത്സംഗ കുറ്റാരോപിതരെയാണ്കോടതി വെറുതെ വിട്ടത്. നിര്‍ഭയ കേസില്‍ പ്രതിഭാഗം വക്കീലിന്റെ ഞെട്ടിപ്പിക്കുന്ന അഭിപ്രായ പ്രകടനങ്ങള്‍ ഒറ്റപ്പെട്ടതല്ല, പുരുഷാധിപത്യത്തിന്റെ ഏറ്റവും നീചമായ ഭാവങ്ങള്‍ മനസാക്ഷിയില്‍ മുദ്രണം ചെയ്ത സമൂഹത്തിന്റെ നേര്‍ക്കാഴ്ചകൂടിയാകുന്നുണ്ട് അത്. കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആയിരിക്കെ ആ പിശാചച്ചെയ്തികള്‍ക്കൊപ്പം സമൂഹത്തില്‍ ആഴത്തില്‍ വേരോടിയിട്ടുള്ള സ്ത്രീ വിരുദ്ധതയേയും വിശകലനം ചെയ്യുന്ന ശക്തമായ ഒരു ചലച്ചിത്രാവിഷ്‌ക്കാരത്തെ നിരോധിക്കുക എന്നതല്ലാതെ മറ്റെന്താണ് ഗവണ്മെന്റിനു ചെയ്യാന്‍ കഴിയുക? 34 % പാര്‍ലമെന്റ് അംഗങ്ങള്‍ ക്രിമിനല്‍ കേസുകളില്‍ പ്രതി ചേര്‍ക്കപ്പെട്ടിട്ടുള്ള രാജ്യത്തെ രാഷ്ട്രീയ നേതൃത്വത്തില്‍ നിന്നും മറ്റെന്താണ്പ്രതീക്ഷിക്കേണ്ടത്?
ബി ബി സിക്കു വേണ്ടി ലെസ്‌ലി ഉഡൈ്വന്‍ സംവിധാനം ചെയ്ത ഇന്ത്യയുടെ മകള്‍-കിറശമ’ െഉമൗഴവലേൃ- , ബലാത്സംഗം സര്‍വസാധാരണമാകുന്നതിന്റെ സമൂഹിക കാരണങ്ങള്‍ കൂടി വിശകലനം ചെയ്യുന്ന, സ്ത്രീയുടെ സ്വാതന്ത്ര്യത്തെയും, അഭിമാനത്തേയും, സുരക്ഷയേയും ആഴത്തില്‍ സ്പര്‍ശിക്കുന്ന മികച്ച ഒരു ചലച്ചിത്ര സൃഷ്ടിയാണ്.പെണ്‍കുട്ടിയുടെ അച്ഛനും അമ്മയും ഈ ചിത്രം ലോകം കാണേണ്ടതാണെന്നു പറഞ്ഞപ്പോള്‍ വിവാദങ്ങള്‍ അവസാനിക്കേണ്ടതായിരുന്നു. എന്നാല്‍ വോട്ടുകച്ചവടത്തിന്റേയും ടി ആര്‍ പി റേറ്റിംഗിന്റേയും അവിശുദ്ധ ബാന്ധവത്തില്‍ ഭരണ സംവിധാനത്തിന്റെ കര്‍ണപുടങ്ങള്‍ ബധിരമായിരിക്കുന്നു. 
ഇന്ത്യയുടെ മകള്‍ നിരോധിച്ചതിന് ഭരണകൂടം നിരത്തുന്ന ന്യായീകരണങ്ങള്‍ നോക്കുക. പ്രതിയുടെ അഭിമുഖം ഉള്‍പ്പെടുത്തുക വഴി ഡൊക്കുമെന്ററി സ്ത്രീകള്‍ക്കെതിരായ അതിക്രമത്തെ പ്രോത്സാഹിപ്പിക്കുന്നു. ഇത് ഗുരുതരമായ ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാക്കും.  കോടതിയുടെ മുന്‍പാകെയുള്ള ഒരു കേസിലെ പ്രതിയുടെ വാദമുഖങ്ങള്‍ പ്രചരിപ്പിക്കാന്‍ വേദിയൊരുക്കുക വഴി ഡോക്കുമെന്ററി കോടതി വ്യവഹാരത്തില്‍ അനാരോഗ്യകരമായ ഇടപെടല്‍ നടത്തുന്നു. പ്രതിയുടെ ഇന്റര്‍വ്യൂവിന് അനുവാദം നല്‍കിയപ്പോള്‍ വച്ചിരുന്ന ഉപാധികള്‍ ലംഘിക്കപ്പെട്ടു എന്നിങ്ങനെ പോകുന്നു വാദങ്ങള്‍.  ഡോക്കുമെന്ററി കണ്ടിട്ടുള്ള ആര്‍ക്കും മനസിലാകും അത് പ്രതികളെ ന്യായീകരിക്കുകയല്ല സമൂഹത്തിലാകെ ആഴത്തില്‍ വേരോടിയിട്ടുള്ള സ്ത്രീവിരുദ്ധതയെ തുറന്നു കാട്ടുന്നതാണെന്ന് . പിന്നെ സബ് ജൂഡീസ് ആണെന്ന വാദം. വിചാരണ കഴിഞ്ഞ് കോടതി ശിക്ഷ വിധിച്ച കേസാണിത്. ഇനിയുള്ളത് സുപ്രീം കോടതിയിലെ അപ്പീലാണ്. ഇന്ത്യയിലെ പരമോന്നത നീതി പീഠത്തെ ഒരു കുറ്റവാളിയുടെ തലതിരിഞ്ഞ വാദങ്ങള്‍ സ്വാധീനിക്കും എന്നു കരുതുന്നതല്ലേ കോടതിയോടുള്ള അവഹേളനം? അഭിമുഖവുമായി ബന്ധപെട്ട് ജയിലധികൃതര്‍ മുന്നോട്ടുവച്ചിട്ടുള്ള ഉപാധികളെല്ലാം പാലിച്ചു തന്നെയാണ് ചലച്ചിത്രം നിര്‍മിച്ചിരുന്നത് എന്ന് ഔദ്യോകിക സന്ദേശങ്ങളില്‍ നിന്നു തന്നെ വ്യക്തമാകുന്നുണ്ട്. പ്രതിയുമായുള്ള ഇന്റര്‍വ്യൂവിന്റെ 13 മണിക്കൂറുള്ള എഡിറ്റ് ചെയ്യാത്ത ഫൂട്ടേജ് ജയിലധികൃതരെ കാണിച്ച് അനുമതിയും വാങ്ങിയിരുന്നു ഉഡൈ്വന്‍.
മാധ്യമങ്ങള്‍ ജനാധിപത്യത്തിന്റെ നാലാം തൂണാണ്. അര്‍ണാബ് ഗോസ്വാമിയെപ്പോലെ ഒരാള്‍ക്ക്, ഒരു ജേണലിസ്റ്റിന്, അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ കാവലാളാകേണ്ട ഒരാള്‍ക്ക്, എങ്ങനെയാണ് ഇത്തരമൊരു ഡോക്കുമെന്ററി നിരോധിക്കണം എന്ന് ആവശ്യപ്പെടാന്‍ കഴിയുക? ടി വി സ്റ്റുഡിയോയിലിരുന്ന് ഇത് ജേണലിസമല്ല വോയറിസം ആണെന്ന് അദ്ധേഹത്തെപ്പോലുള്ളവര്‍ പറയുന്നതല്ലേ സ്ത്രീത്വത്തോടുള്ള ഏറ്റവും വലിയ അപമാനം? ഇതുപോലെ ഒരു ക്രൂര കൃത്യത്തെയും അതിന്റെ സമൂഹിക പശ്ചാത്തലത്തെയും അനാവരണം ചെയ്യുന്ന നിര്‍മിതിയെ, വോയറിസം എന്ന അശ്ലീല നിര്‍വചനത്തിലേക്ക് ഒതുക്കുന്ന ടി വി ആങ്കര്‍മാരും, ബലാത്സംഗത്തെ പരസ്യമായി ന്യായീകരിക്കുന്ന അഭിഭാഷകരും സമൂഹത്തില്‍ വ്യാപകമായ സ്ത്രീവിരുദ്ധ മനോഭാവത്തിന്റെ രണ്ടു ഭാവങ്ങളാണ്. സ്ത്രീവിരുദ്ധത; അത് കോട്ടിട്ടവരുടേതായാലും, കോട്ടിടാത്തവരുടേതായാലും വിമര്‍ശിക്കപ്പെടേണ്ടതു തന്നെയാണ്. അവിടെയാണ് ലെസ്‌ലീ ഉഡൈ്വനിന്റെ ‘ഇന്ത്യയുടെ മക’ളുടെ പ്രസക്തിയും.2012, ഡിസംബര്‍ മാസത്തില്‍ രാജ്യത്തെമ്പാടും ഉയര്‍ന്നു വന്ന ബഹുജന മുന്നേറ്റമാണ് ലെസ്‌ലീ ഉഡൈ്വനെ ഇന്ത്യയിലേക്കാകര്‍ഷിച്ചത്.ലിംഗനീതിക്കു വേണ്ടിയുള്ള അറബ് വസന്തം എന്നാണ് ഉഡൈ്വന്‍ അതിനെ വിശേഷിപ്പിക്കുന്നത്. തെരുവില്‍ പോലീസിന്റെ ലാത്തികള്‍ക്കും ജലപീരങ്കികള്‍ക്കും മുന്നില്‍ പതറാതെ ആയിരങ്ങള്‍, യുവാക്കള്‍, യുവതികള്‍, വിദ്യാര്‍ത്ഥികള്‍ എല്ലാം വന്നു ചേര്‍ന്നുകൊണ്ടിരുന്നു. അവര്‍ പ്രതിഷേധിച്ചത് എന്റെ അവകാശങ്ങള്‍ക്കു വേണ്ടിയായിരുന്നു, ലോകത്തെ മുഴുവന്‍ സ്ത്രീകള്‍ക്കും വേണ്ടിയായിരുന്നു. അത് പ്രതീഷക്ക് വക നല്‍കുന്നു. ലോകത്ത് മറ്റൊരു രാജ്യവും എന്റെ ഓര്‍മയില്‍, ഇതുപോലെ ഒരു ഐക്യദാര്‍ഢ്യ പ്രഖ്യാപനവുമായി എത്തിയിട്ടില്ല. ഉഡൈ്വന്‍ പറയുന്നു.
ഡല്‍ഹിയിലെ കൂട്ട ബലാത്സംഗത്തിന്റെ പുനര്‍നിര്‍മിതിയോ, പുനരാവിഷ്‌കാരമോ അല്ല ഇന്ത്യയുടെ മകള്‍; പലരും കരുതുന്നതുപോലെ, സ്വയം ന്യായീകരിക്കുന്ന പ്രതിയുടെ ഇന്റര്‍വ്യൂ മാത്രമോ അല്ലത്. ‘എന്തുകൊണ്ടാണ് ആണുങ്ങള്‍ ബലാത്സംഗം ചെയ്യുന്നത്?’ബലാത്സംഗത്തിന്റെ ഇര കൂടിയായ ഉഡൈ്വന്‍ തന്റെ ചലച്ചിത്രാന്വേഷണമാരംഭിക്കുന്നത് ഈ ചോദ്യത്തില്‍ നിന്നാണ്. അതിനവര്‍ കണ്ടെത്തുന്ന ഉത്തരമാണ് നമ്മെ അസ്വസ്ഥരാക്കുന്നത് അല്ലെങ്കില്‍ അസ്വസ്ഥരാക്കേണ്ടത്. 
അതിക്രൂരമായ ബലാത്സംഗത്തിന്റെ വിശദമായ വിവരണത്തിനിടെ പ്രതി, മുകേഷ് സിംഗിന്റെ കണ്ണുകളില്‍ ഭയമില്ല, വാക്കുകളില്‍ കുറ്റബോധത്തിന്റെ ലാഞ്ചന പോലുമില്ല. ”ഞങ്ങള്‍ക്ക് ഒരു പേടിയുമില്ലായിരുന്നു” അയാള്‍ പറയുന്നു. ”ഒരു കൈകൊണ്ട് മാത്രം ശബ്ദമുണ്ടാക്കാനകില്ല. നല്ല പെണ്‍കുട്ടി ഒരിക്കലും രാത്രി പുറത്തിറങ്ങി നടക്കില്ല. ബലാത്സംഗത്തിന്റെ ഉത്തരവാദിത്തം ആണിനേക്കാള്‍ കൂടുതല്‍ പെണ്ണിനാണ്. അവള്‍ പ്രതിഷേധിക്കരുതായിരുന്നു. എങ്കില്‍ ഞങ്ങള്‍ ‘ചെയ്തു കഴിഞ്ഞ് ‘ അവളെ വെറുതെ വിടുമായിരുന്നു. ആ ചെറുക്കനെ മാത്രമെ തല്ലുമായിരുന്നൊള്ളൂ”. 
ഹമ അമേട്‌സിന്റെ ‘ഐഷ്മാന്‍ഇന്‍ ജറുസലേം’ എന്ന പുസ്തകത്തില്‍ വെളിപ്പെടുന്ന നാസി മാനസികാവസ്ഥയുടെ മറ്റൊരു പതിപ്പാകുന്നുണ്ട് ഇത്. ഭരണ കൂടത്തിന്റെ ഉത്തരവുകളനുസരിക്കുക മാത്രം ചെയ്ത ഒരു ‘നല്ല’ ബ്യൂറോക്രാറ്റിന്റെ ദൈനംദിന ജോലി മാത്രമായാണ് ഐഷ്മാന്‍ വംശഹത്യയെ കാണുന്നത്. ഡല്‍ഹിയില്‍ ‘വഴിപിഴച്ച പെണ്ണിനെ’ പാഠം പഠിപ്പിക്കുകയായിരുന്നു ഐവര്‍ സംഘം. ഐഷ്മാന്റെയും മുകുള്‍ സിംഗിന്റേയും വാക്കുകളില്‍ പശ്ചാത്താപമില്ല, ദു:ഖമില്ല; നിഴലിക്കുന്നത് ഭീതീതമായ ഒരു നിസംഗത മാത്രം. ”ഞങ്ങളെ തൂക്കിലേറ്റിയാല്‍ സ്ത്രീകളുടെ ജീവിതം കൂടുതല്‍ അപകടത്തിലാവുകയാണുണ്ടാവുക. പണ്ടൊക്കെ ‘കാര്യം സാധിച്ചാല്‍’ പെണ്ണുങ്ങളെ വെറുതെ വിടുമായിരുന്നു. അവര്‍ കാര്യം പുറത്ത് പറയില്ലായിരുന്നു. ഇനി ആണുങ്ങള്‍ അവരെ കൊല്ലും.” മുകുള്‍സിംഗ് പറയുന്നു. നമ്മുടെ ശിക്ഷാ വ്യവസ്ഥിതികളുടെ പോരായ്മകളിലേക്കു കൂടിയാണ് അയാളുടെ വാക്കുകള്‍ വിരല്‍ ചൂണ്ടുന്നത്. നമ്മുടെ ജയിലുകള്‍ കുറ്റവാളികളെ കുറ്റവാളികളായി തന്നെ സംരക്ഷിക്കുന്നു. പരിവര്‍ത്തനത്തിനുള്ള ഇടങ്ങളായി മാറാന്‍, പുനരധിവാസത്തിനുള്ള സാധ്യതകള്‍ തേടാന്‍ അവക്ക് കഴിയുന്നില്ല. എപ്പോള്‍ പുറത്തിറക്കി വിട്ടാലും, അവര്‍ അതേ കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കും. വീണ്ടുംനീചമായ മനസുമായി, മരണവേദനയില്‍ പിടയുമ്പോഴും സ്ത്രീ പുരുഷനു സുഖിക്കാനുള്ള ”സാധനം” മാത്രമാണെന്ന ധാരണയോടെ അവര്‍ ഡല്‍ഹിയിലെ തെരുവുകളിലൂടെ നടക്കും. ഒരു ഊണു കഴിച്ചിട്ട് കുറ്റം പറയുന്ന ലാഘവത്തോടെ, ക്രൂരമായി കൊലപ്പെടുത്തിയ പെണ്‍കുട്ടിയുടെ സദാചാരത്തെക്കുറിച്ച് കുറ്റം പറയും. 
‘നമ്മുടെ’ സംസ്‌കാരത്തിന്റെ മൃഗീയത ഞെട്ടിപ്പിക്കുന്ന ഒരു യാഥാര്‍ത്ഥ്യമായി വെളിപ്പെടുന്നത് പ്രതിഭാഗം വക്കീലിന്റെ വാക്കുകളിലൂടെയാണ്. ”ഞങ്ങളുടേത് ഏറ്റവും മികച്ച സംസ്‌കാരമാണ്. അതില്‍ സ്ത്രീകള്‍ക്ക് ഇടമില്ല.”. ഏറ്റവും മോശമായ ജീവിത സാഹചര്യങ്ങളില്‍ നിന്നു വന്ന, വിദ്യാഭ്യാസമില്ലാത്ത, ക്രിമിനലുകളല്ല, പറയുന്നത് അഭ്യസ്ഥ വിദ്യരായ മാന്യന്മാരുടെ ഇന്ത്യയാണ്. ”പെണ്ണ് എന്നു പറയുമ്പോള്‍ ആദ്യം മനസിലേക്കെത്തുന്നത് സെക്‌സ് ആണ്.” അയാള്‍ തുടരുന്നു. മറ്റൊരു വക്കീല്‍ പറയുന്നത്, തന്റെ മകള്‍ക്ക് ഒരു വിവാഹപൂര്‍വ ബന്ധമുണ്ടെന്നു കണ്ടാല്‍ അവളെ പെട്രോളൊഴിച്ച് കത്തിക്കും എന്നാണ്. എന്തു നീച പ്രവര്‍ത്തിയേയും ന്യായീകരിക്കുന്ന അധമമായ ഈ സാംസ്‌കാരികയുക്തി നമുക്ക് അത്ര അപരിചിതമല്ല. ആറുമണി കഴിഞ്ഞ് എന്തിനാണ് പെണ്‍കുട്ടി പുറത്തിറങ്ങിയത് എന്നാണ് ഒരു മുഖ്യമന്ത്രി ചോദിച്ചത്. കൊലചെയ്യപ്പെട്ട ആ പെണ്‍കുട്ടി ദൈവത്തില്‍ വിശ്വസിച്ച്, സഹോദരാ എന്നെ ഉപദ്രവിക്കരുത് എന്ന് അപേക്ഷിച്ചിരുന്നെങ്കില്‍ അവര്‍ അവളെ ഉപദ്രവിക്കില്ലായിരുന്നു എന്നാണ് ഇപ്പോള്‍ ബലാത്സംഗ കുറ്റത്തിന് അകത്തുള്ള ഒരു ആള്‍ ദൈവം പറഞ്ഞത്. 
ഇവരുടെ വാക്കുകളില്‍, സമീപനങ്ങളില്‍, ശരീരഭാഷയില്‍ തെളിയുന്നത് രോഗാതുരന്മായ ഒരു സാംസ്‌കാരമാണ്. തിളങ്ങുന്ന ഇന്ത്യക്കു പിന്നിലെ അത്ര സുഖകരമല്ലാത്ത ഈ യാഥര്‍ത്ഥ്യങ്ങളിലാണ് ഉഡൈ്വന്‍ ബലാത്സംഗത്തിന്റെ കാരണം കണ്ടെത്തുന്നത്. അതു തന്നെയാണ് ഫ്യൂഡല്‍ ശവക്കച്ച പുതച്ച അധികാരിവര്‍ഗത്തെ ചൊടിപ്പിച്ചതും. ഈ സാഹചര്യത്തിലാണ്, രാജ്യത്തിന്റെ മിഥ്യാഭിമാനം സമൂഹ്യനീതിയേക്കാള്‍ വിലപ്പെട്ടതാകുന്നതും. 
നമ്മുടെ സമൂഹത്തില്‍ പെണ്ണായി ജീവിക്കുന്നതിന്റെ അര്‍ത്ഥതലങ്ങള്‍ തേടിയ ഒരു ഡോക്കുമെന്ററി നിരോധിക്കുക വഴി ഇന്ത്യാ ഗവണ്മെന്റ് ലോകത്തിന്, സ്വന്തം പൗരന്മാര്‍ക്ക്, നിര്‍ഭയയെപ്പോലെ ഉയരങ്ങള്‍ സ്വ്പനം കാണുന്ന പെണ്‍കുട്ടികള്‍ക്ക്, എന്തു സന്ദേശമാണ് നല്‍കുന്നത്? ഓര്‍മകളെ ആട്ടിയകറ്റി, സംസ്‌കൃതിയുടെ മൃഗതൃഷ്ണകളെ മഹത്വവത്കരിക്കാന്‍ ഭരണകൂടം ശ്രമിക്കുമ്പോള്‍ അവിടെ പ്രതിരോധത്തിന്റെ ശബ്ദമുയര്‍ത്താന്‍, നിര്‍ഭയ കൊളുത്തിയ നീതിയുടെ തിരിനാളം കെടാതെ സൂക്ഷിക്കാന്‍, പൊതുസമൂഹം ബാധ്യസ്ഥമാണ്.

ബ്ലൂ വെയിലില്‍; ന്യൂ ജനറേഷനെ അറിയാനുള്ള അവസരം

നീലത്തിമിംഗലം’ കേരളത്തെ, ഇന്ത്യയെ, ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. കൊലയാളി ഗെയിമെന്നു ഖ്യാതി കേട്ട ‘ബ്ലൂ വെയില്‍’ ഗെയിം കേരളത്തിലും അതിന്റെ ആദ്യ ഇരയെ കണ്ടെത്തി എന്നു വാര്‍ത്ത. ഇന്ത്യയില്‍ മുംബയിലാണ് ആദ്യ ‘ബ്ലൂ വെയില്‍ മരണം’ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ആത്മഹത്യ ചെയ്ത കുട്ടി കഴിഞ്ഞ ഒന്‍പതു മാസമായി ഈ ഗെയിം ഇന്‍സ്റ്റാള്‍ ചെയ്തു കളിച്ചുകൊണ്ടിരിക്കുകയായിരുന്നുവെന്ന് ചാനലുകള്‍. ഗെയിം അണ്‍ഇന്‍സ്റ്റാള്‍ ചെയ്താല്‍ പോലും ഫോറന്‍സിക് വിഭാഗത്തിന് റിക്കവര്‍ ചെയ്‌തെടുക്കാന്‍ കഴിയും എന്ന് പോലീസ്. ഗെയിം നിരോധിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍. നിരോധിക്കാമെന്ന് കേന്ദ്രം. രക്ഷിതാക്കളെല്ലാം പരിഭ്രാന്തിയിലാണ്. ആത്മഹത്യ ചെയ്ത കുട്ടി കഴിഞ്ഞ ഒന്‍പതു മാസമായി ഈ ഗെയിം ഇന്‍സ്റ്റാള്‍ ചെയ്തു കളിച്ചുകൊണ്ടിരിക്കുകയായിരുന്നുവെന്ന് ചാനലുകള്‍. ഗെയിം അണ്‍ഇന്‍സ്റ്റാള്‍ ചെയ്താല്‍ പോലും ഫോറന്‍സിക് വിഭാഗത്തിന് റിക്കവര്‍ ചെയ്‌തെടുക്കാന്‍ കഴിയും എന്ന് പോലീസ്. ഗെയിം നിരോധിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍. നിരോധിക്കാമെന്ന് കേന്ദ്രം. രക്ഷിതാക്കളെല്ലാം പരിഭ്രാന്തിയിലാണ്. ഗൂഗിളിലും സമൂഹ മാധ്യമങ്ങളിലും ട്രന്‍ഡിംഗ് ടോപ്പിക് ബ്ലൂ വെയില്‍ ആണ്. എന്നാല്‍ ഗൂഗിള്‍ പ്ലേയിലും മറ്റ് ആപ് സ്റ്റോറുകളിലുമൊന്നും ഈ ഗെയിം ഇല്ല. ലിങ്കുകളുമില്ല. ഗെയിമിനെക്കുറിച്ച് അഭിപ്രായം പറയുന്നവരെയല്ലാതെ ഗെയിം കളിച്ചിട്ടുള്ളവരെ, അല്ലെങ്കില്‍ കണ്ടിട്ടുള്ളവരെ ആരെയും നമുക്കറിയില്ല. എന്തുകൊണ്ടാണിത്?

യഥാര്‍ത്ഥത്തില്‍ ബ്ലൂ വെയില്‍ ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്തു കളിക്കാവുന്ന ഒരു ഗെയിമല്ല. ഒരു ഗെയിം പോലുമല്ല. ഇന്‍സ്റ്റാഗ്രാം, ട്വിറ്റര്‍, ഫെയ്‌സ്ബൂക്ക് തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങളിലൂടെയോ വിവിധ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലൂടെയോ വൈകാരിക അരക്ഷിതത്വമുള്ള, മതിവി‘്രാന്തിയുള്ള, വ്യക്തികളെ കണ്ടെത്തി നടത്തുന്ന ഒരു നിഗൂഢപദ്ധതിയാണിത്. രഹസ്യ കമ്മ്യൂണിറ്റികള്‍, ഗ്രൂപ്പുകള്‍ ഒക്കെ വഴിയാണ് ഇതു നടക്കുന്നു എന്നു പറയപ്പെടുന്നത്. കൂട്ടത്തോടെ തീരത്തടിഞ്ഞു സ്വയം മരണം വരിയ്ക്കുന്ന നീലത്തിമിംഗലങ്ങളുടെ മരണാസക്തിയെ സൂചിപ്പിക്കുന്നതാണ് ബ്ലൂ വെയില്‍ എന്ന പേര്. 3ആഹൗലംവമഹല, #f57#seaofwhales, #4:20 എന്നിങ്ങനെയുള്ള ഹാഷ് ടാഗുകളിലൂടെ ആളുകള്‍ ബ്ലൂ വെയില്‍ ഗെയിമിന്റെ ഭാഗമാകാനുള്ള ആഗ്രഹം പ്രകടിപ്പിക്കുന്നു. ഇത്തരം ഹാഷ് ടാഗുകള്‍ പരിശോധിച്ച് അവരുടെ പ്രൊഫൈലുകള്‍ നിരീക്ഷിച്ച് അഡ്മിനിസ്‌ട്രെറ്റര്‍മാര്‍ ഇവരെ ബ്ലൂ വെയില്‍ കമ്മ്യൂണിറ്റിയിലേക്ക് കഷണിക്കുന്നു. പിന്നീട് ദിവസത്തില്‍ ഒന്ന് എന്ന നിരക്കില്‍ ഓരോ ടാസ്‌കുകള്‍ നല്കുന്നു. രാവിലെ 4:20ന് എഴുന്നേല്ക്കുക, അവര്‍ അയച്ചുകൊടുക്കുന്ന പാട്ടു കേള്‍ക്കുക, ഹോറര്‍ സിനിമ കാണുക എന്നിങ്ങനെ തുടങ്ങി സ്വ്യം മുറിവേല്പ്പിക്കുക ഒടുവില്‍ അമ്പതാം ദിവസം ആകുമ്പോഴേക്കും ആത്മഹത്യ ചെയ്യാന്‍ ആവശ്യപ്പെടുമത്രേ! ഒരര്‍ത്ഥത്തില്‍ ഇത് ഓണ്‍ലൈന്‍ അത്മഹത്യാരാധനാ പ്രസ്ഥാനമാണ്.

2013-ലാണ് ബ്ലൂ വെയില്‍ പ്രതിഭാസം ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. റഷ്യയില്‍ 6 മാസത്തിനിടെ 130 കൗമാരക്കാര്‍ ആത്മഹത്യചെയ്തതാണ് വാര്‍ത്തയായത്. ചില വെബ്‌സൈറ്റുകളിലും ടാബ്‌ലോയിഡ് പത്രങ്ങളിലും വന്ന വാര്‍ത്തകളൊഴിച്ചാല്‍ യഥര്‍ത്ഥത്തില്‍ ഈ വാര്‍ത്തയ്ക്ക് ഔദ്യോഗിക സ്ഥിരീകരണമൊന്നുമില്ല. ‘നൊവായ ഗസറ്റ’എന്ന റഷ്യന്‍ വെബ്‌സൈറ്റ് ആണ് വാര്‍ത്ത ആദ്യമായി നല്കിയത്. പിന്നീട് ചില ടാബ്ലോയിടുകള്‍ അത് ഏറ്റെടുത്തു. വികോണ്ടാക്തെ (<ഢസീമേസവേല ീൃ ്‌സ.രീാ>) എന്ന റഷ്യന്‍ സോഷ്യല്‍ നെറ്റവര്‍ക്കിംഗ് സൈറ്റിലെ ചില ഗേമിംഗ് കമ്മ്യൂണിറ്റികളിലെ അംഗങ്ങളാണ് ഇവരെല്ലാവരും എന്നായിരുന്നു വാര്‍ത്ത. 80 മരണങ്ങളെങ്കിലും ബ്ലൂ വെയിലുമായി ബന്ധപ്പെട്ടതാണെന്നും. 

ഈ വാര്‍ത്തക്കെതിരെ അന്നു തന്നെ മറ്റൊരു റഷ്യന്‍ വെബ്‌സൈറ്റ് ‘മെഡൂസ’ ലെഖനമെഴുതിയിരുന്നു. ഇത്തരമൊരു സാമാന്യവത്കരണം അടിസ്ഥാന രഹിതമാണെന്നും ഒരേ തരത്തില്‍ വിഷാദരോഗമോ, ആത്മഹത്യ പ്രവണതകളൊ, മാനസിക വിഭ്രാന്തികളോ, വ്യക്തിത്വ വൈകല്യങ്ങളോ ഉള്ള ആളുകള്‍ സമാന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്ന സോഷ്യല്‍ മീഡിയ ഗ്രൂപ്പിലേക്ക് ആകര്‍ഷിക്കപ്പെടൂന്നത് സ്വാഭാവികമാണ് എന്നായിരുന്നു വാദം. മാത്രമല്ല ഏറ്റവും കൂടുതല്‍ കൗമാര ആത്മഹത്യകള്‍ ഉള്ള രാജ്യങ്ങളിലൊന്നുമാണ് റഷ്യ.
എന്തായാലും ഈ ആത്മഹത്യകളൊന്നും ബ്ലൂ വെയില്‍ ചലഞ്ചില്‍ പങ്കെടുത്തതുകൊണ്ടാണെന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. മരണങ്ങള്‍ക്ക് മറ്റു കാരണങ്ങള്‍ ഉണ്ടായിരുന്നു താനും. റേഡിയോ ഫ്രീ യൂറോപ്പ് നടത്തിയ അന്വേഷണത്തില്‍ പല ലേഖകരും വ്യാജ അക്കൗണ്ടുകളിലൂടെ ബ്ലൂ വെയില്‍ സംഘത്തിന്റെ ഭാഗമാകന്‍ ശ്രമിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. പലപ്പോഴും ചില അക്കൗണ്ടുകള്‍ തങ്ങള്‍ അഡ്മിനിസ്‌ട്രേറ്റര്‍മാര്‍ ആണ് എന്ന് അവകാശപ്പെട്ടുകൊണ്ട് വന്നെങ്കിലും ഒന്നോ രണ്ടോ ടാസ്‌കുകള്‍ നല്കിയിട്ട് പിന്‍മാറുകയാണുണ്ടായത്. 10 ടാസ്‌കുകളില്‍ കൂടുതല്‍ ഗെയിം കളിച്ചിട്ടുണ്ട് അന്ന് അവകാശപ്പെടുന്ന ആരെയും കണ്ടെത്തുവാനും കഴിഞ്ഞില്ല.

2016 നവംബര്‍ 14-ന് ഫിലിപ് ബെദെല്ക്കിന്‍ എന്ന 21 വയസുകാരന്‍ 15 കൗമാരക്കാരെ ആത്മഹത്യക്കു പ്രേരിപ്പിച്ച കുറ്റത്തിന് റഷ്യയില്‍ അറസ്റ്റ്ചെയ്യപ്പെടുകയുണ്ടായി. ആത്മഹത്യ ചെയ്യുന്നവരെ ‘ജൈവ മാലിന്യങ്ങളാ’യാണ് താന്‍ കാണുന്നതെന്നും ഇത്തരക്കാര്‍ ജീവിച്ചിരിക്കേണ്ടവരല്ല എന്നും അദ്ദേഹം പറഞ്ഞതായും വാര്‍ത്തകള്‍ വന്നു. അതും റിപ്പോര്‍ട്ട് ചെയ്തത് ഒരേയൊരു റഷ്യന്‍ വെബ്‌സൈറ്റ് മാത്രമായിരുന്നു. ഫിലിപ്പിന്റെ അഭിഭാഷകന്‍ പറയുന്നത് ഒരേയൊരു മരണവുമായി ബന്ധപ്പെട്ട കേസുമാത്രമേ ഇപ്പോള്‍ നിലവിലുള്ളൂ എന്നാണ്. അവിടെയും കേസ് സമൂഹ്യമാധ്യമങ്ങളിലൂടെ ആത്മഹത്യാ പ്രേരണ നടത്തി എന്നാണ് അല്ലാതെ ഒരു ഗെയിമിനെക്കുറിച്ച് പരാമര്‍ശമില്ല.

അതിനര്‍ത്ഥം ഭയാശങ്കകള്‍ക്ക് യാതൊരടിസ്ഥാനവുമില്ല എന്നല്ല. സൈബര്‍ ലോകത്ത് നിരവധി നിഗൂഢ സംഘങ്ങള്‍, കമ്മ്യൂണിറ്റികള്‍, കള്‍ട്ടുകള്‍, ഗ്രൂപ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റയില്‍വേ ട്രാക്കില്‍ തലവച്ച് ആത്മഹത്യ ചെയ്യുന്നതിനു തൊട്ടു മുന്‍പ് സെല്ഫിയെടുത്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത റിന പലെങ്കോവ എന്ന റഷ്യന്‍ പെണ്‍കുട്ടിയുടെ മരണത്തെത്തുറന്ന് അവളുടെ ചിത്രങ്ങളും വീഡിയോകളും ഉപയോഗിച്ചുകൊണ്ട് നിരവധി ഗ്രൂപ്പുകള്‍ വന്നിരുന്നു. ഞെട്ടിപ്പിക്കുന്ന, ദാരുണമായ, രക്തപങ്കിലമായ, ചിത്രങ്ങളും വീഡിയോകളും സന്ദേശങ്ങളും പങ്കുവയ്ക്കുന്ന നിരവധി കമ്മ്യൂണിറ്റികള്‍ ഉണ്ടായി. സീ ഓഫ് വെയില്‍സ്, എഫ്57 തുടങ്ങി നിരവധിയെണ്ണം. എന്നിരുന്നാലും അവയുടെ അഡ്മിനുകള്‍ പറയുന്നത് ഗ്രൂപ്പിലേക്ക് കൂടുതല്‍ ആളുകളെ ആകര്‍ഷിക്കുക, അതു വഴി പരസ്യ-വരുമാനം വര്‍ദ്ധിപ്പിക്കുക്ക എന്നതു മാത്രമായിരുന്നു തങ്ങളുടെ ലക്ഷ്യം എന്നാണ്. വി.കെ. പോലുള്ള സൈറ്റുകള്‍ പ്രരസ്യം വഴി വരുമാനം ഉണ്ടാക്കുന്നതിന് ഒരുപാട് അവസരങ്ങള്‍ ഒരുക്കുന്നുണ്ട്. 
ഇത്തരം ഗ്രൂപ്പുകളിലേക്ക് ആളുകള്‍, പ്രത്യേകിച്ച് കൗമാരക്കാരും കുട്ടികളും എത്തിപ്പെടുന്നു എന്ന കാര്യമാണ് നമ്മെ ഭയപ്പെടുത്തേണ്ടത്. അത് ഒരു ഗെയിം കളിക്കുന്നതുകൊണ്ടല്ല. സമൂഹത്തില്‍ ആകെയുള്ള മാനസികാരോഗ്യക്കുറവും വൈകാരികമായ അരക്ഷിതാവസ്ഥയുമാണ് കാരണം. നമ്മുടെ ജീവിതകൃമവും സമൂഹ്യ വ്യവസ്ഥിതിയും എല്ലാം ഇതില്‍ പങ്കു വഹിക്കുന്നുണ്ട്. കേരളത്തില്‍ ആത്മഹത്യാനിരക്ക് 23.9 ശതമാനമാണ്. ദേശീയ നിരക്ക് 10.6 ശതമാനമാണെന്നോര്‍ക്കണം. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആത്മഹത്യ ചെയ്യുന്നത് 15-നും 29-നും ഇടയില്‍ പ്രായമുള്ളവരാണ്. 30-49 പ്രായക്കാരാണ് തൊട്ടു പിന്നില്‍. 
ആത്മഹത്യക്കുള്ള ഏറ്റവും പ്രധാനപ്പെട്ട കാരണമായി ചൂണ്ടിക്കാണിക്കപ്പെടൂന്നത് സാമ്പത്തിക പ്രശ്‌നങ്ങളും രോഗങ്ങളും തൊഴിലില്ലായ്മയുമൊക്കെ ആണെങ്കിലും കൗമാരക്കാര്‍ക്കിടയില്‍ ഉണ്ടാകുന്ന ആത്മഹത്യയ്ക്ക് കാരണം ഇതാകാന്‍ വഴിയില്ല. കുടുംബ പ്രശ്‌നങ്ങളും ഏകാന്തതയും ലൈംഗീക ചൂഷണങ്ങളും വൈകാരിക അരക്ഷിതാവസ്ഥയുമാണ് ഭൂരിപക്ഷം കുട്ടികളെയും കൗമാരക്കാരേയും ആത്മഹത്യയിലേക്ക് തള്ളി വിടുന്നത്. തിരക്കിട്ട ജീവിതപ്പാച്ചിലില്‍, ജോലിത്തിരക്കുകള്‍ക്കിടയില്‍ സ്വന്തം മക്കളെ ഒന്നു പരിഗണിക്കാനോ അവര്‍ക്കാവശ്യമായ വൈകാരിക പിന്തുണ നല്കുവാനോ രക്ഷിതാക്കള്‍ക്കു കഴിയുന്നില്ല. വീടിനു പുറത്ത് ഒന്നിറങ്ങാന്‍, സൗഹ്രദ വലയങ്ങള്‍ ഉണ്ടാക്കിയെടുക്കാന്‍ പുറത്തുപോയി കളിക്കാന്‍ ഒന്നും നമ്മുടെ ബാല്യങ്ങളെ നാം അനുവദിക്കാറില്ല. വീടിന്റെ ഏകാന്തതയില്ക്ക് ഒതുങ്ങിക്കൂടുന്ന അവര്‍ വൈകാരികാരിക പ്രശങ്ങള്‍ക്ക് സൈബര്‍ ലോകത്ത് പരിഹാരം കണ്ടെത്താനാകും ശ്രമിക്കുക. ഒരേ മാനസിക നിലയുള്ള ആളുകളായിരിക്കും സൈബര്‍ ഇടങ്ങളില്‍ ഒത്തുകൂടാന്‍ സാധ്യത എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. 

ഹിംസയേയും, ആത്മഹത്യയേയും, കൊലപാതകത്തേയും എല്ലാം മഹത്വവത്കരിക്കുന്ന കമ്മ്യൂണിറ്റികളിലേക്ക്. ജീവിതത്തിന്റെ നിരര്‍ത്ഥകത പ്രഘോഷിക്കുന്ന നിഗൂഢ ഗ്രൂപ്പുകളിലേക്ക് ആകര്‍ഷിക്കപ്പെടുന്നു. അപകടകരമായ മാനസിക വ്യാപാരങ്ങളിലേക്ക് സ്വയം ഹത്യയിലേക്ക് അവര്‍ എത്തപ്പെടാം. പക്ഷേ അതിനു കാരണം ഇന്റര്‍നെറ്റോ, ഗെയിമുകളൊ, ബ്ലൂ വെയിലോ ഒന്നുമല്ല ഒരു തലമുറയെ അനാഥരായി, അരക്ഷിതരായി വളരാന്‍ വിട്ട നമ്മളൊരോരുത്തരുമാണ്. 
മാസങ്ങളായി ഒരു കുട്ടിയുടെ പെരുമാറ്റത്തില്‍ അസാധാരണമായ മാറ്റങ്ങള്‍ ഉണ്ടായിട്ടും ശ്രദ്ധിക്കാതിരുന്ന മാതാപിതാക്കള്‍. പല ആത്മഹത്യാ ശ്രമങ്ങളും സ്വയം മുറിവേല്പ്പിക്കലുകളും, ഉറക്കമില്ലാത്ത രാത്രികളും ശ്രദ്ധയില്‍ പെട്ടിട്ടും വേണ്ട ചികിത്സയും ശ്രദ്ധയും കൊടുക്കാന്‍ നമുക്കു കഴിയുന്നില്ലെങ്കില്‍ ആ മരണത്തിന്റെ ഉത്തരവാദിത്തം നമ്മുടേതുകൂടിയാണ്. ബ്ലൂ വെയില്‍, ചെകുത്താന്‍ സേവ, അന്ധകാര ബാന്ധവങ്ങള്‍ എല്ലാം യഥാര്‍ത്ഥ പ്രശ്‌നങ്ങളില്‍ നിന്നും ഓടിയൊളിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ മാത്രമാണ്.

ആത്മഹത്യകള്‍ വൈയക്തികദുരന്തങ്ങള്‍ മാത്രമല്ല. അതിനു കാരണമായേക്കാവുന്ന സമൂഹിക, സാമ്പത്തിക സാംസ്‌കാരിക കാരണങ്ങള്‍ ഒരുക്കുന്ന നയങ്ങള്‍ നടപ്പിലാക്കുന്ന ഭരണകൂടങ്ങള്‍ക്കും വിദ്യാഭ്യാസ സംവിധാനത്തിനുമെല്ലം വലിയ ഉത്തരവാദിത്തമുണ്ട്. ആരും അംഗീകരിക്കാന്‍ ഇഷ്ടപ്പെടാത്ത ഉത്തരവാദിത്തങ്ങള്‍. അത് ഒരു ഗെയിം നിരോധിച്ചാല്‍ തീരുന്നതല്ല. ബ്ലൂ വെയില്‍ പോലുള്ള സംഗതികള്‍ ഉണ്ടെങ്കില്‍ തന്നെ അത് നിരോധിക്കാനാകുന്ന ഒരു ‘ആപ്പ്’ അല്ല എന്നു തിരിച്ചറിയാന്‍ പോലും ഭരണകൂടത്തിനു കഴിയുന്നില്ലെങ്കില്‍ അത് അപകടകരമായ സാധ്യതകളാണൊരുക്കുന്നത്. അതുകൊണ്ട് ബ്ലൂ വെയില്‍ ഭീതി ഒരു അവസരമായി കാണണം. ജീവിതത്തിന്റേയും സൈബര്‍ ലോകത്തിന്റേയും ഹതാശമായ ഏകാന്ത സ്ഥലികളിലേക്ക് നമ്മുടെ ബാല്യകൗമാരങ്ങള്‍ എത്തിപ്പെടുന്നതെന്തുകൊണ്ടെന്ന് മനസിലാക്കാനുള്ള ഒരു ശ്രമമെങ്കിലും നടത്താന്‍ നമുക്കും ഭരണകൂടത്തിനും സാധിച്ചാല്‍ എത്ര നന്നായിരുന്നു.

This article was first published in Mangalam Daily on 21/10/2017

CIA വാർത്തയെക്കാൾ ഭയപ്പെടുത്തുന്നത് അധികാരികളുടെ അഞ്ജത

ആധാർ വിവരങ്ങൾ CIA ചോർത്തി എന്ന വാർത്തയിൽ എത്ര മാത്രം സത്യം ഉണ്ടെന്ന് പറയുക പ്രയാസമാണ്. അങ്ങനെ സംഭവിക്കാനുള്ള വലിയ സാധ്യതകൾ ഉണ്ട് എന്ന് മാത്രം ഇപ്പോൾ പറയുന്നു.Exfiltration എന്നാണ് പറയുക. വിവരങ്ങൾ ഗോപ്യമായി ചോർത്തിയെടുക്കുന്ന കലാപരിപാടി. പല വേഷങ്ങളിൽ എത്തുന്ന ചാര സോഫ്റ്റ് വെയറുകളായി വിദേശ രാജ്യങ്ങളിലെ പ്രധാന വിവരങ്ങൾ ചോർത്താൻ ഉള്ള പദ്ധതികൾ CIA യ്ക്ക് ഉണ്ട്. VLC പ്ലേയറായോ, ആന്റി വയറസ് ആയോ ഒക്കെ വേഷം മാറി എത്തുന്ന ചാരന്മാർ ബാക് ഗ്രൗണ്ടിൽ വിവര ശേഖരണം നടത്തുന്നു.ബയോമെട്രിക് യന്ത്രങ്ങളുടെ ഡ്രൈവർ-അപ്‌ഡേറ്റുകളായി വേഷം മാറി എത്തുന്ന സോഫ്റ്വെയറുകൾ ഉപയോഗിച് exfiltration നടത്താനുള്ള പരിപാടി CIA ക്ക് ഉണ്ട് എന്നാണ് WikiLeaks ഇന്നലെ പുറത്തു വിട്ട രേഖകൾ വ്യക്തമാക്കുന്നത്. ക്രോസ്‌മാച്, എൽ1 ഐഡന്ററ്റി സൊലൂഷൻ, accenture, തുടങ്ങി ആധാർ പദ്ധതിയുടെ ഭാഗമായ ഏതാണ്ടെല്ലാ സ്ഥാപനങ്ങളും അമേരിക്കൻ മിലിട്ടറി ഇൻഡസ്ട്രിയൽ കോംപ്ലക്സുമായി അഭേദ്യമായവിധം ബന്ധപ്പെട്ടു കിടക്കുന്നു. ഈ കമ്പനികളുടെ യന്ത്രങ്ങളും സോഫ്റ്റ് വെയറുകളുമാണ് UIDAI ഉപയോഗിക്കുന്നത്.
അവ കോംപ്രമൈസ് ചെയ്യപ്പെടാനുള്ള സാധ്യത തള്ളിക്കളയാനാകില്ല എന്ന് മാത്രമേ ഇപ്പോൾ പറയാനാകൂ.എന്നിരുന്നാലും വാർത്തയോടുള്ള UIDAI യുടെയും ഗവണ്മെന്റിന്റെയും പ്രതികരണമാണ് നമ്മെ ഭയപ്പെടുത്തേണ്ടത്. വിവരങ്ങൾ ചോരില്ല. ഞങ്ങൾ അണ്ടകഡാഹത്തിലെ ഏറ്റവും വലിയ എൻക്രിപ്‌ഷൻ ഉപയോഗിക്കുന്നു എന്നാണ് പറഞ്ഞത്. സൈബർ സെക്യൂരിറ്റിയുടെ അടിസ്ഥാന ഘടകങ്ങളെക്കുറിച്ചുപോലും യാതൊരു ധാരണയുമില്ലാതെയാണ് ഇവർ പ്രവർത്തിക്കുന്നത് എന്നതാണ് വെളിപ്പെടുന്നത്. വിവരം നേരിട്ടു ചോർത്തിയെടുക്കാൻ കഴിയുന്ന സാഹചര്യം ഉണ്ടെങ്കിൽ അവിടെ തീർന്നു എല്ലാം. അത്തരത്തിൽ physical access ഉണ്ടാകുന്നതിന് തുല്യമായ സാഹചര്യം ആണ് CIA പ്ലാൻ. ബയോമെട്രിക് വിവരശേഖരണം, വെരിഫിക്കേഷൻ ഘട്ടങ്ങളിൽ, ഡിവൈസ് ഡ്രൈവർ ലെവലിൽ പുറം വാതിലിലൂടെ വിവരങ്ങൾ ചോർത്തുന്നതാണ് പരിപാടി.(അതിന്റെ സാധ്യതയും വ്യാപ്തിയും അന്വേഷണ വിധേയമാക്കേണ്ടത്ഉണ്ട്) അവിടെ എൻക്രിപ്‌ഷന് എന്താണ് പ്രസക്തി?CIA വാർത്തയെക്കാൾ ഭയപ്പെടുത്തുന്നത് അധികാരികളുടെ അഞ്ജത ആണ്. സുരക്ഷാ ഭീഷണി ഉണ്ടാക്കാൻ CIA ഒന്നും വേണ്ട, ഏത് നീർക്കോലി വിചാരിച്ചാലും കഴിയും എന്ന അവസ്ഥയെ നാം ഭയപ്പെടുക തന്നെ വേണം.

ഡിജിറ്റല്‍ കാസ്റ്റിസം

ഡിജിറ്റല്‍ കാസ്റ്റിസം

പ്രധാനമന്ത്രി ആവശ്യപ്പെട്ട 50 ദിവസങ്ങള്‍ക്കു ശേഷം രാജ്യത്തിനു ലഭിച്ചത് ഒരു ‘ആപ്പാ’ണ്. ഭാരത് ഇന്റര്‍ഫേസ് ഫോര്‍ മണി അഥവാ ‘ഭീം’. റിസര്‍വ് ബാങ്കിന്റേയും, ഫിനാന്‍സ് കമ്മീഷന്റേയും രൂപീകരണത്തിനു പിന്നിലെ ബുദ്ധികേന്ദ്രമായിരുന്ന ഡോ. ഭീംറാവു അംബേദ്കറിന്റെ സ്മരണാര്‍ത്ഥമാണ് പുതിയ യു പി ഐ ആപ്ലിക്കേഷന് ‘ഭീം’ എന്നു പേരിട്ടത് എന്നാണ് പ്രധാനമന്ത്രി പറഞ്ഞത്.

രാജ്യത്ത് ഇന്ന് ഏറ്റവുമധികം വാഴ്ത്തപ്പെടുന്നതും വായിക്കപ്പെടുന്നതും ചര്‍ച്ച ചെയ്യപ്പെടുന്നതുമായ ദേശീയ നേതാവ് അംബേദ്കറാണ്. ദിവസേന നൂറുകണക്കിനു പുസ്തകങ്ങളും പഠനങ്ങളും പ്രതിമകളും ചിത്രങ്ങളും സംഘടനകളും സമരങ്ങളും അംബേദ്കറുടെ വിചാരഭൂമികയെ വിസ്തൃതവും പ്രചണ്ഡവുമാക്കുന്നു. ഗാന്ധിജി പറഞ്ഞത് എത്രയോ ശരിയാണ്, സ്വയം വിസ്മരിക്കപ്പെടാന്‍ അനുവദിക്കുന്ന ഒരു വ്യക്തിത്വമല്ല അംബേദ്കര്‍.
ദേശീയതയുടെ ചരിത്രവും പാരമ്പര്യവും ഉണ്ടാക്കിയെടുക്കാന്‍ ശ്രമിക്കുന്ന സംഘപരിവാറിനും അംബേദ്കര്‍ സാധ്യതകളേറെയുള്ള ബിംബമാണ്. പട്ടേലിനേയും ശിവജിയേയും നയിച്ച വഴിയിലൂടെ അംബേദ്കറെയും നടത്തുകയാണവര്‍.

നോട്ട് അസാധുവാക്കലും അംബേദ്കറുടെ ആശയമായിരുന്നു എന്ന തരത്തിലുള്ള പ്രചാരണം വാട്ട്‌സ് ആപ്പിലും മറ്റു സമൂഹ മാധ്യമങ്ങളിലും വ്യാപകമായുണ്ട്. മഹാരഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, ഷെഡ്യൂള്‍ഡ് കാസ്റ്റ് മോര്‍ച്ചാ നേതാവ് ദുഷ്യന്ത് കുമാര്‍ ഗൗതം, തെലുങ്കാനയിലെ നേതാവ് രമചന്ദര്‍ റാവു തുടങ്ങിയവര്‍ ഈ വാദവുമായി വന്നു. ഇത്തരം പ്രചാരണങ്ങള്‍ക്ക് ആധികാരികതയുടെ പരിവേഷം നല്കിയത് അംബേദ്കറുടെ കൊച്ചുമകനായ പ്രകാശ് അംബേദ്കര്‍ ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപ്പത്രത്തിനു നല്കിയ അഭിമുഖമാണ്. ”1923-ല്‍ <ജൃീയഹലാ െീള കിറശമി ഞൗുലല; ഛൃശഴശി െമിറ ടീഹൗശേീി>െ എന്ന പുസ്തകത്തില്‍, കറന്‍സിയുടെ പൂഴ്ത്തിവയ്പ്പും പണപ്പെരുപ്പവുംതടയുന്നതിനു വേണ്ടി 10 വര്‍ഷത്തിലൊരിക്കല്‍ ഡീമോണട്ടൈസേഷന്‍ നടപ്പിലാക്കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്എന്നണ് പ്രകാശ് പറഞ്ഞത്. ഇതിന്റെ നിജസ്ഥിതി പരിശോധിക്കപ്പെടേണ്ടതുണ്ട്.

കേംബ്രിഡ്ജില്‍ നിന്നും ലണ്ടന്‍ സ്‌കൂള്‍ ഓഫ് എക്കണോമിക്‌സില്‍ നിന്നും ധനതത്വശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടിയ ആദ്യ ഇന്ത്യക്കാരനായിരുന്നു അംബേദ്കര്‍. ആ മേഖലയില്‍ കഷ്ടിച്ച് ഒന്നര പതിറ്റാണ്ടു മാത്രമെ സജീവമായിരുന്നൊള്ളൂ എങ്കിലും ശ്രദ്ധേയമായ സംഭാവനകള്‍ അദ്ദേഹത്തിന്റേതായുണ്ട്. അതുകൊണ്ടാണ്, എന്റെ സാമ്പത്തിക ശാസ്ത്രത്തിന്റെ പിതാവ് അംബേദ്കറാണെന്ന് നോബേല്‍ ജേതാവ് അമര്‍ത്യ സെന്‍ പറഞ്ഞത്. ലണ്ടന്‍ സ്‌കൂള്‍ ഓഫ് എക്കണോമിക്‌സിലെ അംബേദ്കറുടെ ഗവേഷണപ്രബന്ധമായിരുന്നു ”ഇന്ത്യന്‍ രൂപയുടെ പ്രശ്‌നങ്ങള്‍: കാരണങ്ങളും പരിഹാരവും” എന്ന ഗ്രന്ഥമായി പിന്നീട് പുറത്തു വന്നത്. 7 അധ്യായങ്ങളിലായി ഇന്ത്യന്‍ രൂപയുടേയും കറന്‍സി വ്യവസ്ഥയുടേയും ചരിത്ര പരിണാമങ്ങള്‍ അപഗ്രഥിച്ചുകൊണ്ട് ഇന്ത്യന്‍ രൂപയ്ക്ക് ഗോള്‍ഡ് എക്‌സ്‌ചേഞ്ച് സ്റ്റാന്‍ഡേര്‍ഡിനേക്കാള്‍ ഗോള്‍ഡ് സ്റ്റാന്‍ഡേര്‍ഡാണ് അഭികാമ്യം എന്നു സ്ഥാപിക്കുകയാണ് അംബേദ്കര്‍. നാണയത്തിന്റെ പരിണാമഗതിയെ അപഗ്രഥിക്കുമ്പോള്‍ ലോഹനാണയങ്ങളുടെ ഡീമോണട്ടൈസേഷനെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട് എന്നല്ലാതെ പേപ്പര്‍ കറന്‍സി നോട്ടുകള്‍ റദ്ദാക്കുന്നതിനേക്കുറിച്ചോ, നോട്ടു റദ്ദാക്കലിന്റെ ഗുണത്തെക്കുറിച്ചൊ ദോഷത്തെക്കുറിച്ചൊ അതിലൊരിടത്തും രേഖപ്പെടുത്തിയിട്ടുള്ളതായി കാണുന്നില്ല.

ഒന്നാം ലോകമഹായുദ്ധാനന്തരം ഇന്ത്യന്‍ റുപ്പിയേക്കുറിച്ചും അതിന്റെ മൂല്യത്തേക്കുറിച്ചും പഠിക്കുവാന്‍ നിയോഗിക്കപ്പെട്ട റോയല്‍ കമ്മീഷന്‍ (ദി ഹില്‍ട്ടന്‍ യംഗ് കമ്മീഷന്‍)-നു നല്കിയ സ്റ്റേയ്റ്റ്‌മെന്റ് ഓഫ് എവിഡന്‍സിലും ഡീമോണിട്ടൈസേഷനെക്കുറിച്ച് പരാമര്‍ശമില്ല. ഇന്ത്യന്‍ രൂപയുടെ പ്രശ്‌നങ്ങള്‍ എന്ന അദ്ദേഹത്തിന്റെ പുസ്തകത്തെ അധികരിച്ചായിരുന്നു കമ്മീഷന്റെ തെളിവെടുപ്പ്.

രൂപയുടെ സ്ഥിരതയ്ക്കും വിലസ്ഥിരതയ്ക്കും ഉതകുന്നതായിരിക്കണം മോണിട്ടറി പോളിസി എന്നതായിരുന്നു അദ്ദേഹത്തിന്റെ വാദഗതികളുടെ കാതല്‍. ”കച്ചവട താത്പര്യങ്ങള്‍ക്കനുസരിച്ച് രൂപയുടെ മൂല്യം കൂട്ടുകയും കുറയ്ക്കുകയും ചെയ്യാമെന്നു കരുതുന്ന ഗവണ്മെന്റുകളെ കറന്‍സികൈകാര്യം ചെയ്യാന്‍ അനുവദിക്കുന്നത് അപകടകരമാണ്. ഇത്തരം അബദ്ധധാരണകള്‍ വച്ചുകൊണ്ട് ഗവണ്മെന്റുകല്‍ കറന്‍സി കൈകാര്യം ചെയ്തതുമൂലമുണ്ടായ ദുരന്തങ്ങള്‍ ചരിത്രത്തില്‍ നിരവധിയാണ്. ” അദ്ദേഹം പറഞ്ഞു.

അതുകൊണ്ടു തന്നെ രാഷ്ട്രീയ ഇടപെടലുകള്‍ അസ്ഥിരപ്പെടൂത്താത്ത സുസ്ഥിരമായ ഒരു സംവിധാനം അനിവാര്യമാണെന്നായിരുന്നു അദ്ദേഹത്തിന്റെ കാഴ്ച്ചപ്പാട്. കറന്‍സി പ്രിന്റ് ചെയ്യുവാനുള്ള അധികാരം ഗവണ്മെന്റുകള്‍ക്ക് ആയിരിക്കരുത്. അതിന് സ്വതന്ത്രമായ സെന്‍ട്രല്‍ ബാങ്ക് രൂപീകരിക്കണം.അദ്ദേഹത്തിന്റെ ഈ നിര്‍ദേശത്തെ പിന്‍പറ്റിയാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ രൂപീകരിക്കണം എന്ന് ഹില്ട്ടണ്‍ യംഗ് കമ്മറ്റി നിര്‍ദേശിക്കുന്നത്. സ്ഥിരതയും വിശ്വാസ്യതയും പ്രവര്‍ത്തന സ്വാതന്ത്ര്യവുമുള്ള ഒരു സെന്‍ട്രല്‍ ബാങ്ക് എന്ന നിലയില്‍ 1935 മുതല്‍ റിസര്‍വ് ബാങ്ക് നിലകൊണ്ടു.

പക്ഷേ, ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത് ഒട്ടും ആശ്യാസകരമായ കാര്യങ്ങളല്ല. ബാങ്കിന്റെ സ്വാതന്ത്ര്യം അപകടപ്പെട്ടിരിക്കുന്നുവെന്നും പ്രതിച്ഛായക്ക് വീണ്ടെടുക്കാനാവാത്ത വിധം മങ്ങലേറ്റിരിക്കുന്നുവെന്നും ചൂണ്ടിക്കണിച്ചുകൊണ്ട് ജീവനക്കാര്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ക്ക് കത്തെഴുതുന്ന സാഹചര്യമാണ്.

നവംബര്‍ എട്ടിന് ഒരു അശനിപാതം പോലെ ഡീമോണിട്ടൈസേഷന്‍ വന്നു ഭവിക്കുമ്പോഴും നാം കരുതിയത് ഗവുരവതരമായ ആലോചനകള്‍ക്കും തയ്യാറെടുപ്പുകള്‍ക്കും ശേഷം റിസര്‍വ് ബാങ്കിന്റെ ഡയറക്ടര്‍ ബോര്‍ഡെടുത്ത തീരുമാനമായിരുന്നു അത് എന്നായിരുന്നു. എന്നാല്‍ പാര്‍ലമെന്ററി സമിതിയ്ക്ക് എഴുതി നല്‍കിയ മറുപടിയില്‍ ആര്‍ ബി ഐ പറയുന്നത് നവംബര്‍ 7-ന് ഗവണ്മെന്റില്‍ നിന്നു തന്നെയാണ് ഇത്തരത്തിലൊരു തീരുമാനം വരുന്നത് എന്നാണ്. തൊട്ടടുത്ത ദിവസം, നവംബര്‍ 8-നു തന്നെ ബോര്‍ഡ് ചേര്‍ന്ന് അസാധാരണമായ വേഗതയില്‍ തീരുമാനമെടുത്ത് അതൊരു നിര്‍ദേശമായി ഗവണ്മെന്റിനു സമര്‍പ്പിക്കുകയായിരുന്നു. ഇടതു-വലതു ഭേദമന്യേ, ലാറി സമ്മേഴ്‌സ്, കൗഷിക് ബസു, കെന്നിത്ത് റെജോഫ്, പോള്‍ ക്രുഗ്മാന്‍, അമര്‍ത്യ സെന്‍, മന്മോഹന്‍ സിംഗ്, പ്രണോബ് സെന്‍, പ്രഭാത് പട്‌നായിക്, അഭിജിത് ബാനര്‍ജി, ജീന്‍ ഡ്രീസ്, ഗീത പോപിനാഥ് തുടങ്ങി ലോകമറിയുന്ന ഏതാണ്ടെല്ലാ സാമ്പത്തിക വിദഗ്ദ്ധരും ഫോര്‍ബ്‌സ്, എക്കണൊമിസ്റ്റ്, ന്യൂയോര്‍ക്ക് ടൈംസ്, വാഷിംഗ്ടണ്‍ പോസ്റ്റ്, ഗാര്‍ഡിയന്‍, റൊയിട്ടേഴ്‌സ്, ഹാര്‍വാര്‍ഡ് ബിസിനസ് ജേര്‍ണല്‍, ഹഫിംഗ്ടണ്‍ പോസ്റ്റ് തുടങ്ങി എല്ലാ അന്താരാഷ്ട്ര മാധ്യമങ്ങളും ഒരുപോലെ തള്ളിപ്പറഞ്ഞ ഒരു നയസമീപനത്തിന് ഒറ്റ ദിവസംകൊണ്ട് അനുമതി നല്കിയ നടപടി ആര്‍ ബി ഐ-യെ അന്താരാഷ്ട്ര തലത്തില്‍ അപഹാസ്യമാക്കുകയും സ്വതന്ത്ര പ്രതിച്ഛായ ചോദ്യം ചെയ്യപ്പെടുകയും ചെയ്തു എന്ന കാര്യത്തില്‍ സംശയമില്ല. ഇത് അംബേദ്കറുടെ ധനതത്വ വിചാരങ്ങള്‍ക്ക് കടവിരുദ്ധമാണെന്നു മാത്രമല്ല, അദ്ദേഹത്തിന്റെ ചിന്താധാരയെ അപമാനിക്കുന്നതു കൂടിയാണ്.
ഇന്നത്തെ കറന്‍സി സംവിധാനവുമായി നേരിട്ടു സംവദിക്കുന്നതല്ല അംബേദ്കറുടെ പഠനം. എന്നാല്‍ പ്രശ്‌നത്തെ സമീപിക്കുന്നതിനും പരിഹാരം കാണൂന്നതിനും വേണ്ടി അദ്ദേഹം മുന്നോട്ടു വച്ച് അസമീപന രീതി ഇന്നും പ്രസക്തമാണ്. മൂന്നു കാര്യങ്ങളാണ് അദ്ദേഹം അടിസ്ഥാനമാക്കുന്നത്. 1. സ്ഥിരത, 2. പണപ്പെരുപ്പം നിയന്ത്രിക്കേണ്ടതിന്റെ ആവശ്യകത, 3. സാമ്പത്തിക നയങ്ങള്‍ വിവിധ വിഭാഗങ്ങള്‍ക്കിടയിലുണ്ടാക്കുന്ന ഫലങ്ങളുടെ വിലയിരുത്തല്‍. ഒരു നയം രാജ്യത്തെ അടിസ്ഥന വര്‍ഗത്തെ എങ്ങനെ ബാധിക്കുന്നു എന്നതിനായിരിക്കണം മുന്‍ഗണന കൊടുക്കേണ്ടത് എന്ന് അദ്ദേഹം പറയുന്നു. ഇത്തരത്തിലുള്ള ഒരു വിലയിരുത്തല്‍ ഡീമോണിട്ടൈസേഷന്‍ നടപ്പിലാക്കുന്ന ഘട്ടത്തില്‍ നടന്നിട്ടില്ല എന്നതി പകല്‍ പോലെ വ്യക്തമാണ്. ഇത്രയധികം സാമ്പത്തിക അനിശ്ചിതത്വവും, ചഞ്ചാട്ടങ്ങളും, തൊഴില്‍ നഷ്ടവും, വളര്‍ച്ച മുരടിപ്പും ഉണ്ടാക്കുന്ന ഒരു നയം പ്രത്യേകിച്ച് അടിസ്ഥാന വിഭാഗങ്ങളെ ഏറ്റവും മോശമായ രീതിയില്‍ ബാധിക്കുന്ന ഒരു നയം അംബേദ്കര്‍ മുന്നോട്ടു വച്ച മൂന്നു മനദണ്ഡങ്ങള്‍ക്കുമെതിരാണ്.

പ്രധാനമന്ത്രിയുടെ ആഖ്യാന വൈഭവത്തില്‍ നോട്ടു റദ്ദാക്കലിന്റെ ‘പുതിയ ലക്ഷ്യം’ കറന്‍സിലെസ്സ് സമൂഹമാണ്. (റിസര്‍വ് ബാങ്കിന്റെ വെബ്‌സൈറ്റില്‍ ഇപ്പോഴും ഡീമോണട്ടൈസേഷന്റെ ലക്ഷ്യം നവംബര്‍ 8-ലേതു തന്നെയാണ്. ക്യാഷ്‌ലെസ്സ് ഇപ്പോഴും കയറി വന്നിട്ടില്ല. ഡിജിറ്റല്‍ എന്ന വാക്കുപോലുമില്ല). ഹാര്‍വാര്‍ഡ് ബിസിനസ് റിവ്യൂ പറഞ്ഞതുപോലെ കാളയ്ക്കു മുന്നില്‍ വണ്ടി കെട്ടുന്നതുപോലത്തെ ഏര്‍പ്പാടായിപ്പോയി ഇത്. നിലമൊരുക്കാതെ ഇത്തരമൊരു സാഹസത്തിനു മുതിരുന്നത്, സ്വാഭാവികമായി സംഭവിക്കേണ്ടിയിരുന്ന ഒരു പരിവര്‍ത്തനപാതയിലേക്ക് മനുഷ്യരെ തോക്കിന്‍ മുനയിലെന്ന പോലെ നടത്താന്‍ തീരുമാനിച്ചത് ആര്‍ക്കാണ് ഗുണം ചെയ്തിട്ടുണ്ടാകുക? എന്തു തരം സമൂഹിക മാറ്റമാണ് ഇതു സൃഷ്ടിക്കുക? തുടങ്ങിയ ചോദ്യങ്ങള്‍ക്ക് നാം ഉത്തരം തേടേണ്ടതുണ്ട്.
46കോടിയോളം നിരക്ഷരര്‍, ഇന്റര്‍നെറ്റ് എന്താണെന്നുപോലും അറിയാത്ത 84 കോടി പേര്‍, വൈദ്യുതി എത്താത്ത 43 കോടി മനുഷ്യര്‍, ഒരു ബാങ്ക് അക്കൗണ്ടുപോലുമില്ലാത്തവര്‍ 46 കോടിയോളം, മൊത്തം തൊഴില്‍സേനയുടെ 90 ശതമാനവും അസംഘടിത മേഖലയില്‍, മൊത്തം സാമ്പത്തിക ഇടപാടൂകളില്‍ 95 ശതമാനവും പണമായിട്ട് ഇത്തരമൊരു സമൂഹത്തിലാണ് ഒറ്റ രാത്രികൊണ്ട് നിലവിലുണ്ടായിരുന്ന ആകെ കറന്‍സി നോട്ടുകളുടെ 86.4% പിന്‍വലിച്ച് ഇനി ഡിജിറ്റല്‍ ആകുവാന്‍ പറയുന്നത്.