Home Blog Page 10

ആധാര്‍- വോട്ടര്‍ പട്ടികബാന്ധവം ആപത്ത്

ആധാർ നമ്പർ വോട്ടർ പട്ടികയുമായി ബന്ധിക്കുവാൻ  ആവശ്യപ്പെട്ടുകൊണ്ടുള്ള ഒരു പരസ്യമെങ്കിലും ശ്രദ്ധയിൽ പെടാത്തവർ വിരളമായിരിക്കും. 2015-ലാണ് ഇതിനു മുൻപ് ഇത്തരത്തിലൊരു നീക്കം നടന്നത്. അന്ന് സുപ്രീംകോടതി ഇടപെട്ട് അത് തടഞ്ഞു.   തെരഞ്ഞെടുപ്പ് നിയമത്തിലെയും ചട്ടങ്ങളിലെയും ഭേദഗതിയിലൂടെയാണ് ഗവൺമെൻറ് ആധാർ-വോട്ടർ പട്ടിക ബാന്ധവത്തിന് വീണ്ടുമൊരുങ്ങുന്നത്. ഇതിന് വലിയ പ്രചാരണം നൽകുന്നുണ്ട് ഗവൺമെൻറ്. എന്നാൽ ആധാർ ബാന്ധവം നിർബന്ധിതമല്ല. കേന്ദ്ര നിയമ മന്ത്രി കിരൺ റിജിജു ഇത് ഐച്ഛികമാണ് എന്ന് വ്യക്തമാക്കുന്നുണ്ട്. അങ്ങനെയാകിലും ഭേദഗതി ചെയ്യപ്പെട്ട തെരഞ്ഞെടുപ്പ് നിയമം ഇക്കാര്യത്തിൽ അവ്യക്തത സൃഷ്ടിക്കുന്നുണ്ട്. “ആധാർ ഹാജരാക്കാത്തതിന്റെ പേരിൽ വോട്ടർപട്ടികയിൽ പേര് ചേർക്കാതിരിക്കുകയോ പട്ടികയിൽ നിന്ന് പേര് നീക്കം ചെയ്യുകയോ ചെയ്യരുത്” എന്ന് പറയുമ്പോഴും “താഴെപ്പറയുന്ന മതിയായ കാരണങ്ങളാൽ” എന്നൊരു വ്യവസ്ഥ കൂടി എഴുതിച്ചേർത്തിരിക്കുന്നു. കേന്ദ്ര ഗവൺമെന്റ് വിജ്ഞാപനം ചെയ്ത ചട്ടങ്ങളിൽ, ഒരേയൊരു കാരണം മാത്രമാണ് ചേർത്തിരിക്കുന്നത്. അത് “ആധാർ ഇല്ല” എന്നുള്ളത് മാത്രമാണ്. നിയമവും ചട്ടവും വായിച്ചു മനസ്സിലാക്കിയ, അത് പാലിക്കുന്ന,  തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ, നിലവിൽ ആധാർ ഉള്ള എല്ലാവരും നിർബന്ധമായും വോട്ടർപട്ടികയിൽ അത് ചേർത്തിരിക്കണം എന്ന് നിർബന്ധം പിടിച്ചാൽ, അവരെ കുറ്റം പറയാൻ കഴിയില്ല. 

ആധാർ പദ്ധതിയുടെ ആരംഭഘട്ടം മുതൽ ഐച്ഛികമാണ് എന്നാൽ നിർബന്ധവുമാണ് എന്ന് അവസ്ഥ നിലനിൽക്കുന്നുണ്ട്. അതിൻറെ ഒരു സ്വാഭാവിക തുടർച്ചയാണ് തെരഞ്ഞെടുപ്പ് പട്ടികയിലും നമ്മൾ കാണുന്നത്. വോട്ടർപട്ടിക ശുദ്ധീകരിക്കാൻ എന്ന പേരിലാണ് നീക്കം നടക്കുന്നത്. ഇരട്ടിപ്പുകളും വ്യാജന്മാരെയും കണ്ടെത്താൻ ആധാർ സഹായിക്കുമത്രേ. ആധാർ പദ്ധതി കുറ്റമറ്റതാണ്, രാജ്യത്തെ പൗരന്മാരെ സംബന്ധിച്ച വളരെ കൃത്യമായ വിവരങ്ങൾ മാത്രമാണ് അതിൽ ഉൾക്കൊണ്ടിരിക്കുന്നത്, വിരലടയാളവും കൃഷ്ണമണിയുടെ സ്കാനും ഉപയോഗിച്ച് നിർമ്മിച്ചിരിക്കുന്ന ആധാർ വിവരശേഖരത്തിൽ ഇരട്ടിപ്പുകൾ ഉണ്ടാകില്ല, ആധാർ വഴി വോട്ടർപട്ടികയിലെ പിഴവുകൾ പരിഹരിക്കാൻ കഴിയും, എന്നിങ്ങനെയുള്ള മുൻധാരണകളുടെ പുറത്താണ് ആധാർ വോട്ടർ-പട്ടിക ബാന്ധവം പലരും പിന്തുണയ്ക്കുന്നത്. എന്നാൽ ഇവ ഓരോന്നും തെറ്റിദ്ധാരണകൾ ആണെന്ന് കാണാം.

ആധാർ വിവരങ്ങളുടെ വിശ്വാസ്യത

ആധാർ ഇന്ത്യൻ പൗരത്വത്തിനുള്ള തെളിവ് പോലുമല്ല. രാജ്യത്ത് താമസിക്കുന്ന എല്ലാ ആളുകൾക്കും ലഭിക്കാൻ അർഹതയുള്ള ഒരു നമ്പറാണിത്. 182 ദിവസം രാജ്യത്ത് താമസിച്ചവർക്ക് ആധാർ ലഭിക്കും. വോട്ടർപട്ടികയിൽ പേര് ചേർക്കാൻ ആധാർ ഒരു ഘടകമാകുന്നത് വൈദേശികർക്ക് വരെ വോട്ടർപട്ടികയിൽ  കയറാനുള്ള അവസരം ഒരുക്കുകയേയുള്ളൂ.

ആധാറിനായി വിവരങ്ങൾ ശേഖരിക്കുന്നത്, പല പല ഏജൻസികളിലെയും സ്വകാര്യ സ്ഥാപനങ്ങളിലെയും താൽക്കാലിക ജീവനക്കാരാണ്. ആധാർ നൽകുന്ന പ്രവർത്തനത്തിന്റെ ഒരു ഘട്ടത്തിലും ഏതെങ്കിലുമൊരു ഉത്തരവാദിത്തപ്പെട്ട അധികാരി, ഗവണ്മെന്റ് ഉദ്യോഗസ്ഥൻ, ഇതിലെ വിവരങ്ങൾ പരിശോധിക്കുകയോ ഉറപ്പു വരുത്തുകയോ, സാക്ഷ്യപ്പെടുത്തുകയോ ചെയ്യുന്നില്ല. 

ഇതിനോടകം,  ഇല്ലാത്ത ആളുകളെ ആധാറിനായി എൻറോൾ ചെയ്യിക്കുക, വ്യാജ വിലാസങ്ങളിലും മറ്റും ആളുകളെ ചേർക്കുക, പല ആളുകളുടെയും വിരലടയാളങ്ങൾ സമന്വയിപ്പിച്ചുകൊണ്ട് ആളെണ്ണം കൂട്ടാൻ ശ്രമിക്കുക, അങ്ങനെ വിവിധ തരത്തിലുള്ള ദുർനടപടികൾ ചെയ്തതായി കണ്ടെത്തിയിട്ടുള്ള 50,000 എൻറോൾമെൻറ് ഏജൻസികളെ ആധാർ അതോറിറ്റി കരിമ്പട്ടികയിൽ പെടുത്തിയിട്ടുണ്ട്. ഇവരൊക്കെ ചേർത്ത എത്ര ആധാറിലെ വിവരങ്ങൾ ശരിയാണ്, എത്രയെണ്ണം വ്യാജമാണ്, എന്ന് കണ്ടെത്തുക അസാധ്യമാണ്. വിവരാവകാശ നിയമപ്രകാരം ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി ആധാർ അതോറിറ്റി തന്നെ ആധാറിലെ ജൈവപരവും ജനസംഖ്യാപരവുമായ വിവരങ്ങൾ ഒന്നും തന്നെ തങ്ങൾ സാക്ഷ്യപ്പെടുത്തുന്നില്ല എന്ന് മറുപടി നൽകിയിട്ടുമുണ്ട്. 

ഒരു വോട്ടർ ഐഡി കാർഡ് നിങ്ങൾ പരിശോധിച്ചാൽ അതിലെ വിവരങ്ങൾ താലൂക്ക് ഇലക്ഷൻ ഓഫീസർ സാക്ഷ്യപ്പെടുത്തിയിട്ടുള്ളതായി കാണാം. ഓരോ തിരിച്ചറിയൽ രേഖയിലും അങ്ങനെ ഉത്തരവാദിത്തപ്പെട്ട ആരുടെയെങ്കിലും സാക്ഷ്യപ്പെടുത്തലുണ്ടാവും. അതിലെ വിവരങ്ങൾക്ക് അവർ ഉത്തരവാദിയാണ് എന്നുകൂടിയാണ് അതിനർത്ഥം. അതിൽ പിഴവുകൾ കടന്നു കൂടിയിട്ടുണ്ടെങ്കിൽ അതിനും അവർ ഉത്തരവാദിയായിരിക്കും. എന്നാൽ ആധാറിൽ അങ്ങനെ വിവരങ്ങൾ ആരും സാക്ഷ്യപ്പെടുത്തിയിട്ടില്ല. അതിൽ രേഖപ്പെടുത്തിയിരിക്കുന്ന വിവരങ്ങൾക്ക് ആരും ഉത്തരവാദിയുമല്ല. അതായത് ആരാലും പരിശോധിക്കാതെ ആരും സാക്ഷ്യപ്പെടുത്താതെ അല്പം സ്വാധീനം ഉണ്ടെങ്കിൽ ഏത് വിലാസത്തിലും, ഏത് വ്യാജ വിവരത്തിന്റെ അടിസ്ഥാനത്തിലും ലഭ്യമാക്കാൻ കഴിയുന്ന ‘ഒറിജിനൽ’ തിരിച്ചറിയൽ രേഖയാണ് ആധാർ. കശ്മീരിൽ പിടിയിലായ തീവ്രവാദികളുടെ  മുതൽ മൃഗങ്ങളുടെയും മാങ്ങയുടെയും ഹനുമാന്റെയും വരെ പേരിൽ ആധാർ  ഇറങ്ങിയിട്ടുണ്ട്. 

വിവിധ സിഎജി ഓഡിറ്റ് റിപ്പോർട്ടുകളും ഇത് ശരിവെക്കുന്നുണ്ട്. സർക്കാർ സ്കീമുകളിലെ ഇരട്ടിപ്പുകൾ ഒഴിവാക്കിക്കൊണ്ട്, വലിയ ലാഭം ഉണ്ടാക്കും എന്ന് പ്രതീക്ഷിച്ച ആധാർ ഡീ-ഡ്യൂപ്ലിക്കേഷന്‍ വഴി ഗണ്യമായ യാതൊരു ലാഭവും ഉണ്ടായിട്ടില്ല എന്ന് റിപ്പോർട്ടുകൾ പറയുന്നു. 2019 ലെ സിഎജി റിപ്പോർട്ട് വലിയ വിമർശനമാണ് പദ്ധതിയെക്കുറിച്ച് ഉന്നയിച്ചിട്ടുള്ളത്. ആധാറിൽ ശേഖരിക്കപ്പെട്ട ബയോമെട്രിക്ക് വിവരങ്ങളുടെ ഗുണമേന്മ വളരെ താഴെയാണെന്നും, അതുകൊണ്ടുതന്നെ പലപ്പോഴും ഉപയോഗശൂന്യമായി മാറുന്നുവെന്നുമുള്ള കാര്യവും റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒരു ദിവസം ചുരുങ്ങിയത് 145 ഡ്യൂപ്ലിക്കേറ്റ് ആധാറുകള്‍ എങ്കിലും യുഐഡിഎഐ സംവിധാനത്തിന് കീഴിൽ ഉണ്ടാകുന്നുണ്ടത്രേ. നാല് ലക്ഷത്തി എഴുപതിനായിരം ആധാർ വിവിധ കാരണങ്ങളാൽ റദ്ദ് ചെയ്യപ്പെട്ടിട്ടുണ്ട്.

ആധാർ ഉപയോഗത്തിന്റെയും വിവരചോരണത്തിന്റെയും എത്രയോ വാർത്തകളാണ് വർഷങ്ങളായി നാം കേൾക്കുന്നത്. 500 രൂപയ്ക്ക് ആധാർ വിവരങ്ങൾ കരിഞ്ചന്തയിൽ ലഭ്യമാകും എന്നുള്ള വാർത്ത ‘ദി ട്രിബ്യൂൺ’  പുറത്തുവിട്ടിരുന്നു. വിവിധ റിപ്പോർട്ടുകൾ അനുസരിച്ച്, ആധാർ വെരിഫിക്കേഷൻ പിഴവുകൾ കാരണം ചുരുങ്ങിയത് മൂന്നു കോടി ജനങ്ങൾക്കെങ്കിലും റേഷൻ നഷ്ടമായിട്ടുണ്ട്. ആധാർ അധിഷ്ഠിത പണമിടപാട് സംവിധാനത്തിലെ പിഴവുകൾ ഉപയോഗിച്ചുകൊണ്ട് കഴിഞ്ഞ മൂന്നു വർഷത്തിനിടെ പത്തു കോടിയിലധികം രൂപയുടെ തട്ടിപ്പ് നടന്നിട്ടുണ്ട് എന്ന് പാർലമെന്റിൽ അവതരിപ്പിച്ച കണക്കുകൾ പറയുന്നു. വ്യാജ വിരലടയാളങ്ങൾ നിർമ്മിച്ചുകൊണ്ട് ആധാർ തട്ടിപ്പ് നടത്തുന്ന നിരവധി സംഘങ്ങൾ പിടിയിലായിട്ടുണ്ട്. പിടിക്കപ്പെടാത്തവർ അതിലേറെ ഉണ്ടാവുമെന്ന് തീർച്ച.ഇത്തരത്തിൽ യാതൊരു വിശ്വാസ്യതയും ഇല്ലാത്ത ഒരു തിരിച്ചറിയൽ രേഖ, വോട്ടർ പട്ടികയ്ക്ക് ആധാരമാക്കുന്നത് വളരെ വിപുലമായ  അന്വേഷണത്തിനും പരിശോധനകൾക്കും ശേഷം തയ്യാറാക്കുന്ന വോട്ടർ പട്ടിക കൂടി കളങ്കപ്പെടുത്താനേ ഉപകരിക്കൂ.

ജനാധിപത്യത്തെ അപകടത്തിലാക്കുന്ന നിരീക്ഷണ സംവിധാനം

ആധാർ സ്വകാര്യതയെ ബാധിക്കും എന്ന കാര്യത്തിൽ ഇന്ത്യൻ സുപ്രീംകോടതിക്ക് പോലും സംശയം ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ സ്വകാര്യ ഏജൻസികൾക്കും സബ്സിഡികൾ ഒഴികെയുള്ള മറ്റ് കാര്യങ്ങൾക്കും ആധാർ നിർബന്ധമാകുന്നത് ഭരണഘടന വിരുദ്ധമാണ് എന്ന്  വിധിയെഴുതി. ഒരു കേന്ദ്രീകത വിവരസഞ്ചയം പലതരത്തിലുള്ള ദുരുപയോഗങ്ങൾക്ക് സാധ്യത ഒരുക്കുന്നുണ്ട്. വൻവിവര വിശകലന സങ്കേതങ്ങൾ ഉപയോഗിച്ചുകൊണ്ട് എങ്ങനെയാണ് തെരഞ്ഞെടുപ്പുകൾ അട്ടിമറിക്കപ്പെടുന്നത് എന്ന് കേംബ്രിഡ്ജ് അനലിറ്റിക്ക വിവാദം ഉണ്ടായപ്പോൾ നമുക്ക് മനസ്സിലായതാണ്. 

 വിവിധ ഡാറ്റ പോയിന്റുകൾ ഉപയോഗിച്ചുകൊണ്ട് ഒരു വ്യക്തിയുടെ പ്രൊഫൈൽ നിർമ്മിക്കുന്നു. ഓരോ വ്യക്തിയുടേയും ജാതിമതഭാഷാ സ്വത്വങ്ങൾക്കും, അഭിരുചികള്‍ക്കും, ദൗര്‍ബല്യങ്ങള്‍ക്കും, അനുസൃതമായി പ്രചാരണ തന്ത്രങ്ങള്‍ രൂപപ്പെടുത്തുന്നു. അവരുടെ വ്യക്തിത്വം മനസിലാക്കി, അതിനെ മാനസികമായി പരുവപ്പെടുത്താനും സ്വാധീനിക്കാനും കഴിയുന്ന തരത്തിലുള്ള പ്രചാരണ തന്ത്രങ്ങള്‍, വെബ്‌സൈറ്റ് ലിങ്കുകളായും, ചിത്രങ്ങളായും, വീഡിയോ ആയും, ഓഡിയോ ആയുമെല്ലാം എത്തുന്നു. മൈതാന പ്രസംഗത്തില്‍ ഒരു സമൂഹത്തെ അഭിസംബോധനചെയ്യുകയാണ് രാഷ്ട്രീയക്കാരന്‍ ചെയ്യുന്നതെങ്കില്‍, വീടുകള്‍ കയറിയിറങ്ങിയുള്ള പ്രചാരണങ്ങളില്‍ ഒരു വോട്ടറെന്ന നിലയിലാണ് ജനങ്ങളെ സമീപിക്കുന്നതെങ്കില്‍, ഇവിടെ സാമൂഹികമായ കേള്‍വികളെ , സംവാദങ്ങളെ, വര്‍ത്തമാനങ്ങളെ എല്ലാം ഇല്ലതാക്കിക്കൊണ്ട് ഓരോ മനുഷ്യരുടേയും ചെവിയില്‍ മന്ത്രിക്കുകയാണ് പ്രചാരവേലാവിദഗ്ദ്ധര്‍. ഓരോ വ്യക്തിയുടേയും തികച്ചും വ്യക്തിപരമായ താത്പര്യങ്ങള്‍ക്കനുസൃതമായിട്ടാവും പ്രചാരണവും. ഫലത്തില്‍ സാമൂഹിക സംബോധനകളെ പുറത്താക്കി സമൂഹത്തെ ചെറുതുരുത്തുകളായി വിഭജിക്കുന്ന അപകടകരമായ സാംസ്‌കാരിക ആയുധമാണത്.

2015 ആന്ധ്രപ്രദേശിലും പിന്നീട് പുതുച്ചേരിയിലും നമ്മൾ ഇത് കണ്ടതാണ്. തെലുങ്കാന തെരഞ്ഞെടുപ്പിന് മുൻപ് ഭരണകക്ഷിക്ക് സംസ്ഥാന സർക്കാരിന്റെ ‘സ്റ്റേറ്റ് റസിഡൻഷ്യൽ ഡേറ്റ ഹബ്ബ്’ എന്ന ആധാർ വിവരശേഖരത്തിൽ നിന്നുള്ള വിവരങ്ങൾ ലഭ്യമായിരുന്നു എന്നും, പ്രചാരണത്തിന് അത് ഉപയോഗിച്ചു എന്നും നമുക്കറിയാം. ഇത് രാജ്യ വ്യാപകമായി ആവർത്തിക്കാനുള്ള അവസരം ഒരുങ്ങുകയാണ് ഇപ്പോൾ. അക്കാലത്ത് 55 ലക്ഷം പേരുകളാണ് വോട്ടർപട്ടികയിൽ നിന്ന് നീക്കം ചെയ്യപ്പെട്ടത്. വോട്ട് ചെയ്യാൻ എത്തിയ ലക്ഷക്കണക്കിന് ആളുകൾക്ക് തങ്ങളുടെ പേര് വോട്ടർപട്ടികയിൽ ഇല്ല എന്ന് കണ്ടു മടങ്ങേണ്ടി വന്നു. ഇവരുടെ പേരുകൾ നീക്കം ചെയ്യുന്നതിന് മുൻപ് ഉദ്യോഗസ്ഥർ വീടുകളിൽ എത്തുകയോ പരിശോധിക്കുകയോ ഒന്നും ചെയ്തിട്ടില്ല. അത്തരത്തിൽ വോട്ടർപട്ടികകളിൽ വ്യാപകമായ തിരിമറികൾ നടത്തുവാനും വോട്ടർമാരെ മൈക്രോ ടാർഗറ്റ് ചെയ്യുവാനും ആധാർ വഴിയൊരുക്കും.

ഭരണഘടനയുടെ അനുഛേദം 224 അനുസരിച്ച് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും നോക്കി നടത്തേണ്ടതും പരിശോധിക്കേണ്ടതും നിയന്ത്രിക്കേണ്ടതും തെരഞ്ഞെടുപ്പ് കമ്മീഷൻ ആണ്. എന്നാൽ ഇവിടെ മറ്റൊരു ഏജൻസിയുടെ വിവരശേഖരം വോട്ടർ  പട്ടികയ്ക്ക് ആധാരമാവുകയാണ്. അതിലെ വിവരങ്ങൾ പരിശോധിക്കുകയും തിരുത്തുകയും കൈകാര്യം ചെയ്യുകയും ചെയ്യുന്നത് തെരഞ്ഞെടുപ്പ് കമ്മീഷൻ ആയിരിക്കില്ല. അത് ഭരണഘടനാ സ്ഥാപനം എന്ന നിലയിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വതന്ത്രമായ പ്രവർത്തനത്തെ ബാധിക്കുന്നതാണ്. ഒരു ഗവൺമെൻറ് സ്ഥാപനം (ആധാർ അതോറിറ്റി) തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനങ്ങളിൽ  നിരന്തരമായി ഇടപെടുന്ന സാഹചര്യമാണ് ഇതൊരുക്കുക.

ദേശീയ ജനസംഖ്യ രജിസ്റ്ററും ആധാറും

ടി എൻ ശേഷൻ ഇലക്ഷൻ കമ്മീഷനായിരിക്കുമ്പോൾ, തെരഞ്ഞെടുപ്പ് പട്ടികയിൽ എഴുതിച്ചേർത്ത ചുവന്ന നിറത്തിലുള്ള ഡി എന്ന അക്ഷരമാണ്, അസാമിൽ, ഇന്ന് നാം കാണുന്ന വലിയ സാമൂഹിക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന, എൻ ആർ സി യുടെ ഒരു അടിസ്ഥാനം. യാതൊരു മാനദണ്ഡങ്ങളും ഇല്ലാതെ വളരെ വ്യാപകമായി തന്നെ, ഡൗട്ട് ഫുൾ എന്നർത്ഥമാക്കുന്ന ഡി എന്ന അക്ഷരം പല മനുഷ്യരുടെയും പേരിനു നേരെ വീണു. അവർ ഇന്ത്യൻ പൗരൻ അല്ലെന്നും അവരെ പുറത്താക്കേണ്ടതാണ്  എന്നുള്ള ആവശ്യങ്ങൾ ഉയർന്നുവന്നു. തുടർന്ന് ആസാമിൽ സംഭവിച്ചതെന്താണെന്ന് എല്ലാവർക്കും അറിയാം.

പൗരത്വ നിയമഭേദഗതിക്കു ശേഷം രാജ്യവ്യാപകമായി ജനസംഖ്യാ പട്ടിക തയ്യാറാക്കാനുള്ള നടപടികൾ ആരംഭിച്ചപ്പോഴാണ് ആധാറിന്റെ അപകടകരമായ മറ്റൊരു സാധ്യത ചർച്ചയായത്. ആധാർ പദ്ധതിയുടെ ഉപജ്ഞാതാവായ നന്ദൻ നിലേകനി  തന്നെ ഒരു പരിപാടിയിൽ  ദേശീയ പൗരത്വ രജിസ്റ്ററിന്റെ ‘ബാക്ക് എൻഡ്’ ആധാർ ആയിരിക്കും എന്ന് പ്രസ്താവിക്കുകയുണ്ടായി. 2015 ഏപ്രിൽ പതിനാറാം തീയതി നടന്ന യോഗത്തിൽ ദേശീയ ജനസംഖ്യ രജിസ്റ്ററിൽ ആധാറുമായി ബന്ധിപ്പിക്കുന്നതിനെക്കുറിച്ച്, പ്രധാനമന്ത്രിയുടെ ഓഫീസിൻ്റെ നിർദ്ദേശമുണ്ടായി. യു.ഐ.ഡി.എ.ഐ. ഡയറക്ടർ ജനറലും യോഗത്തിൽ സന്നിഹിതനായിരുന്നു. പിന്നീട് ആഭ്യന്തരമന്ത്രാലയത്തെ കൂടി അതിൻ്റെ ഭാഗമാക്കി. അടിയന്തരമായി തീർപ്പാക്കേണ്ട ഫയലുകൾക്കൊപ്പമാണ് അത് ചേർത്തിരുന്നത്. 2019-ൽ ദേശീയ ജനസംഖ്യാ രജിസ്റ്ററിന് വേണ്ടിയുള്ള വിവരങ്ങൾ തുടക്കംകുറിച്ചപ്പോൾ ആധാർ വിവരം കൂടി ശേഖരിക്കുന്നത് നിർബന്ധമാക്കിക്കൊണ്ട് കേന്ദ്രസർക്കാരിന്റെ നിർദ്ദേശം വന്നു. 2020-ൽ ഏകദേശം 60 കോടി ആധാർ നമ്പറുകൾ ദേശീയ പൗരത്വ രജിസ്റ്ററുമായി ബന്ധിപ്പിച്ചിരുന്നു. രാജ്യത്തെ മുഴുവൻ ജനങ്ങളുടെയും സമഗ്ര വിവരങ്ങൾക്കൊപ്പം ആധാർ നമ്പറും കൂടി ചേർത്ത് ദേശീയ ജനസംഖ്യാ രജിസ്റ്റർ തയ്യാറായിക്കഴിയുമ്പോൾ, അത് ഏതൊക്കെ തരത്തിലാണ് ഉപയോഗിക്കാൻ കഴിയുക എന്നത് ഊഹിക്കാൻ പോലുമാവില്ല. 

ആധാർ എന്ന പൊതു തിരിച്ചറിയൽ സംഖ്യ ഉൾപ്പെട്ട വിവിധ ബൃഹദ് വിവരസഞ്ചയങ്ങൾ ഉയർത്താൻ ഇടയുള്ള സുരക്ഷാ പ്രശ്നങ്ങൾ പ്രവചനാതീതമായിരിക്കും. വോട്ടർ പട്ടികയിലേക്ക് വരുമ്പോൾ തെരഞ്ഞെടുപ്പിന്റെ സ്വതന്ത്രമായ നടത്തിപ്പിനെയും പട്ടികയുടെ വിശ്വാസ്യതയേയും ബാധിക്കാനിടയുള്ള പരിഷ്കാരമാണിത്.  സ്വകാര്യതാ ലംഘനം മാത്രമല്ല,  2018-ലെ പാർലമെൻററി സ്റ്റാൻഡിങ് കമ്മിറ്റി ആധാർ വിവരശേഖരത്തെക്കുറിച്ച് പറഞ്ഞതുപോലെ, ‘ദേശസുരക്ഷയ്ക്ക് തന്നെ ഭീഷണിയാകുന്ന തരത്തിലുള്ള’, ഒരു ഡേറ്റ ബോംബ് ആയിരിക്കുമത്. പൗരത്വ രജിസ്റ്റർ കേരളത്തിൽ നടപ്പിലാക്കില്ല എന്ന നിലപാട് എടുത്തിട്ടുള്ള സംസ്ഥാന ഗവൺമെൻറ് അതിന് അരങ്ങൊരുക്കുന്ന ആധാർ വോട്ടർപട്ടിക ബാന്ധവത്തിൽ നിന്നും ഒഴിഞ്ഞു നിൽക്കണം.

first published in True Copy Think on 30/08/2022

ഭരണഘടനാകോടതി ‘ഭരണകൂടകോടതി’ ആയി മാറുന്നുവോ?

സുപ്രീംകോടതി “പൗരാവകാശങ്ങളുടെ ജാഗരൂകനായ കാവല്‍ക്കാര’നെന്ന് സ്വയം വിശേഷിപ്പിക്കുകയുണ്ടായി. എന്നാല്‍ ഫലത്തില്‍ പലപ്പോഴും അങ്ങനെയല്ല സംഭവിക്കുന്നത്. ഭരണകൂടം അധികാരത്തിന്റെ ഏറ്റവും ദുഷിച്ച വശങ്ങളെ പ്രകടിപ്പിക്കുന്ന ചരിത്രസന്ധികളില്‍, അതിനോടൊപ്പം ചേര്‍ന്നുനിന്ന കോടതിയെയാണ് നാം കണ്ടത്. സമീപകാലത്ത് ആ പ്രവണത വര്‍ദ്ധിച്ചുവരുന്നതായി കാണാം. ഭരണഘടനാ അവകാശങ്ങളെ സംരക്ഷിക്കുന്ന ഭരണഘടനാ കോടതി എന്നതില്‍നിന്നും, ഭരണകൂടത്തിന്റെ ചെയ്തികളെ സംരക്ഷിക്കുന്ന, “ഭരണകൂട കോടതി’യായി നമ്മുടെ നീതിന്യായപീഠം മാറുന്നു എന്ന വിമര്‍ശനം ശക്തമാണ്.

പൗരാവകാശ ധ്വംസനങ്ങള്‍ക്കെതിരെയുള്ള നിതാന്തജാഗ്രതയാണ് ജനാധിപത്യത്തില്‍ നീതിന്യായ സംവിധാനത്തിന്റെ അന്തഃസത്ത. നമ്മുടെ ഭരണഘടനയിലും ഭരണഘടനാകോടതികള്‍ സംവിധാനം ചെയ്തിരിക്കുന്നത് അത്തരത്തിലാണ്. ഭരണകൂടങ്ങള്‍ അധികാരസീമകള്‍ ലംഘിക്കുമ്പോഴൊക്കെയും ഹൈക്കോടതിയെയോ സുപ്രീംകോടതിയെയോ നേരിട്ട് സമീപിക്കാന്‍ പൗരർക്ക്​ അനുച്ഛേദം 226-ഉം 32-ഉം ഭരണഘടന അധികാരം നല്‍കുന്നു. സുപ്രീംകോടതി തന്നെ  “പൗരാവകാശങ്ങളുടെ ജാഗരൂകനായ കാവല്‍ക്കാര’നെന്ന് സ്വയം വിശേഷിപ്പിക്കുകയുണ്ടായി. എന്നാല്‍ ഫലത്തില്‍ പലപ്പോഴും അങ്ങനെയല്ല സംഭവിക്കുന്നത്. അവകാശ സംരക്ഷണത്തിന്റെ കാര്യത്തില്‍ അത്രയേറെ അഭിമാനകരമായ ഭൂതകാലമല്ല സുപ്രീംകോടതിയുടേത്. ഭരണകൂടം അധികാരത്തിന്റെ ഏറ്റവും ദുഷിച്ച വശങ്ങളെ പ്രകടിപ്പിക്കുന്ന ചരിത്രസന്ധികളില്‍, അതിനോടൊപ്പം ചേര്‍ന്നുനിന്ന കോടതിയെയാണ് നാം കണ്ടത്. സമീപകാലത്ത് ആ പ്രവണത വര്‍ദ്ധിച്ചുവരുന്നതായി കാണാം. ഭരണഘടനാ അവകാശങ്ങളെ സംരക്ഷിക്കുന്ന ഭരണഘടനാ കോടതി എന്നതില്‍നിന്നും, ഭരണകൂടത്തിന്റെ ചെയ്തികളെ സംരക്ഷിക്കുന്ന, “ഭരണകൂട കോടതി’യായി നമ്മുടെ നീതിന്യായപീഠം മാറുന്നു എന്ന വിമര്‍ശനം ശക്തമാണ്. പ്രത്യേകിച്ചും കഴിഞ്ഞ മൂന്നോ നാലോ ചീഫ് ജസ്റ്റിസുമാരുടെ കാലത്ത്. 

34 ജഡ്ജിമാരും നിരവധി ബെഞ്ചുകളുമുള്ള സുപ്രീംകോടതിയില്‍, ഓരോ ബെഞ്ചും ഓരോ കോടതിയും, ഓരോ കോടതിക്കും ഓരോ നൈയാമികദര്‍ശനവും എന്ന സാഹചര്യമുണ്ട്. അതായത്, കേസുകള്‍ പരിഗണിക്കുന്ന ബെഞ്ചിന്റെ ഉള്ളടക്കം കൊണ്ട്, കേസിന്റെ ഫലത്തെ നിര്‍ണയിക്കാന്‍ കഴിയുന്ന സാഹചര്യം നിലവിലുണ്ട്. ബെഞ്ചുകള്‍ നിര്‍ണയിക്കാനുള്ള ചോദ്യംചെയ്യപ്പെടാത്ത അധികാരം കൈവശമുള്ള ചീഫ് ജസ്റ്റിസുമാര്‍, അത്  “വേണ്ടവിധം’ ഉപയോഗിക്കാറുമുണ്ട്. അതുകൊണ്ടുതന്നെ ഓരോ ബെഞ്ചിന്റെയും ഓരോ ജഡ്ജിയുടെയും വിധിന്യായങ്ങള്‍ സൂക്ഷ്മ നിരീക്ഷണത്തിനും വിശകലനങ്ങള്‍ക്കും വിധേയമാകാറുണ്ട്. സുപ്രീംകോടതിയില്‍ നിന്ന്​, ഈയിടെ വിരമിച്ച ജസ്റ്റിസ് ഖാന്‍വില്‍ക്കര്‍ അത്തരത്തില്‍ വിലയിരുത്തപ്പെടേണ്ട ന്യായാധിപനാണ്. സുപ്രീംകോടതി ഒരു ഭരണകൂട കോടതിയായി മാറുന്നു എന്ന വിമര്‍ശനം ഉയരുമ്പോള്‍, അതിനെ സാധൂകരിക്കുന്ന ഒരുപിടി വിധിന്യായങ്ങള്‍ അദ്ദേഹത്തിന്റേതാണ്. ആധാര്‍ കേസ് മുതല്‍, ഇ.ഡി.യുടെ പരമാധികാരത്തിന് മേലൊപ്പ് ചാര്‍ത്തിയ കള്ളപ്പണനിയമം സംബന്ധിച്ച കേസ് വരെ ഭരണകൂട താത്പര്യങ്ങള്‍ക്ക് ഗുണകരമാംവിധമുള്ള നിയമവ്യാഖ്യാനമാണ് നമുക്ക് കാണാനാവുക. 

ആധാര്‍ കേസ് 

ആധാര്‍ കേസില്‍, വിധിന്യായം എഴുതിയത് ജസ്റ്റിസ് എ.കെ. സിക്രി ആയിരുന്നെങ്കിലും അതിനുകീഴെ ഒപ്പുചാര്‍ത്തിയവരില്‍ ഒരാളാണ് ജസ്റ്റിസ് ഖാന്‍വില്‍ക്കര്‍. ഭരണഘടനാപരമായ പരിശോധനപ്രക്രിയയെ കീഴ്‌മേല്‍ മറിച്ച വ്യാഖ്യാനതന്ത്രമാണ് ഇതിനായി ഉപയോഗിച്ചത്. രണ്ട് പ്രധാന വിഷയങ്ങളാണ് ആധാറിനെതിരെ ഉന്നയിക്കപ്പെട്ടത്. ഒന്ന്, അത് മൗലികാവകാശങ്ങളുടെ ലംഘനമാണ് എന്നതായിരുന്നു. അതിന്റെ വിവിധ വശങ്ങള്‍ ഉന്നയിക്കുന്നവയായിരുന്നു പ്രധാന ഹര്‍ജികള്‍. മറ്റൊരു ഹര്‍ജി ആധാര്‍ ഒരു “ധനനിയമ’മായി പാസ്സാക്കിയത് ഭരണഘടനാവിരുദ്ധമാണ് എന്നതായിരുന്നു. രാജ്യത്തിന്റെ സഞ്ചിതനിധിയില്‍ നിന്നുമുള്ള ധനവിനിയോഗം മാത്രം സംബന്ധിച്ച ബില്ലുകളാണ്  “ധനബില്ലു’കള്‍. അവ പാസാക്കുന്നതിന് രാജ്യസഭയുടെ അംഗീകാരം വേണ്ട. പ്രഥമദൃഷ്ട്യാ, ധനബില്‍ അല്ലാത്ത ആധാര്‍ ബില്ല്, ധനബില്ല് ആയി സാക്ഷ്യപ്പെടുത്തി, രാജ്യസഭയെ മറികടന്നുകൊണ്ട് പാസാക്കിയെടുത്ത നടപടിയാണ് ചോദ്യംചെയ്തത്. ആധാറിന്റെ പ്രധാന കേസുമായി യാതൊരു ബന്ധവുമില്ലാത്ത ഇതുകൂടി, അതിനൊപ്പം കൂട്ടിച്ചേര്‍ത്താണ് സുപ്രീംകോടതി ഈ നീതിന്യായ സര്‍ക്കസ് കളിച്ചത്.

ഹര്‍ജിക്കാരുടെ പല വാദങ്ങളും വസ്തുതകളും കണ്ടില്ലെന്നു നടിച്ചാണ് ആധാര്‍ പദ്ധതി ഭരണഘടനാപരമാണെന്ന് കോടതി വിധിച്ചത്. അതിന്റെ ഭാഗമായി നഗ്‌നമായ അവകാശലംഘനത്തിന് വഴിവയ്ക്കുന്ന പല വകുപ്പുകളും റദ്ദുചെയ്യുകയും ചെയ്തു. സ്വകാര്യ കമ്പനികളെ ആധാര്‍ ഉപയോഗിക്കാന്‍ അനുവദിക്കുന്ന സെക്ഷന്‍ 57 ആണ് അതിലൊന്ന്. ഇത്തരം ഭാഗങ്ങളൊക്കെ റദ്ദാക്കിയതിനുശേഷമാണ് ആധാര്‍ “ധന ബില്ല്’ ആയിരുന്നോ എന്ന പരിശോധന നടത്തി, “ആയിരുന്നു’ എന്ന് വിധിയെഴുതുന്നത്. എന്നാല്‍ ബില്ലിന് സ്പീക്കര്‍ ധനബില്‍ ആയി അംഗീകാരം നല്‍കുമ്പോള്‍ ഈ റദ്ദ് ചെയ്ത വകുപ്പുകളെല്ലാം അതിന്റെ ഭാഗമായിരുന്നുവെന്നും, ആയതുകൊണ്ടുതന്നെ ഭൂരിപക്ഷ ബെഞ്ചിന്റെ അതിവിശാലമായ വ്യഖ്യാനം വച്ച് നോക്കിയാല്‍ പോലും അത് ധനബില്ല് അല്ലായിരുന്നുവെന്നുമുള്ള കാര്യം കോടതി സൗകര്യപൂര്‍വം മറന്നു. 

എന്നാല്‍ വിയോജന വിധിന്യായം എഴുതിയ ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് ശരിയായ നിയമവീക്ഷണത്തിലൂടെ ആധാര്‍ ബില്‍ പ്രഥമദൃഷ്ട്യാ ധനബില്‍ അല്ലെന്ന് വിധിയെഴുതി. അതുകൂടാതെ, പദ്ധതിയാകെ തന്നെ ഭരണഘടനാവിരുദ്ധമാണെന്നും കണ്ടെത്തി. അദ്ദേഹം ഉന്നയിച്ച ഭരണഘടനാപ്രശ്‌നങ്ങള്‍ക്കൊന്നുമുള്ള മറുപടി ഭൂരിപക്ഷ വിധിയില്‍ ഉണ്ടായിരുന്നില്ല. പിന്നീട് പല വിദേശ രാജ്യങ്ങളുടെയും ഭരണഘടനാകോടതികള്‍ സമാനമായ കേസുകള്‍ പരിശോധിച്ചപ്പോള്‍, ജസ്റ്റിസ് ചന്ദ്രചൂഡിന്റെ നിലപാടാണ് ശരിയെന്നു വിലയിരുത്തിയിട്ടുണ്ട്.   എന്തായാലും സ്റ്റേറ്റിന്റെ താത്പര്യ സംരക്ഷണാര്‍ഥം നിയമം വ്യാഖ്യാനിക്കപ്പെട്ട ഒരു കേസായിരുന്നു അത് എന്ന കാര്യത്തില്‍ തര്‍ക്കമില്ല. 

ഭീമ കോറേഗാവ് കേസ് 

2018-ല്‍, സുധാ ഭരദ്വാജ്, ഗൗതം നവ്‌ലാഖ, അരുണ്‍ ഫെറേറ, വേര്‍ണം ഗോണ്‌സാല്‍വസ്, വരാവര റാവു തുടങ്ങിയ സാമൂഹ്യ-അക്കാദമിക പ്രവര്‍ത്തകരെ ഭീമ കോറേഗാവ് കേസില്‍ കുടുക്കി അറസ്റ്റ് ചെയ്തതിനെതിരെ റോമിലാ ഥാപ്പറിന്റെ നേതൃത്വത്തില്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കര്‍, ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിച്ചത്. കേസിന്റെ വാദം പുരോഗമിക്കേ, ചീഫ് ജസ്റ്റിസ് മിശ്രയും ജസ്റ്റിസ് ചന്ദ്രചൂഡും പൊലീസ് നടപടിയെ ചോദ്യംചെയ്തിരുന്നു. ആദ്യ എഫ്.ഐ.ആറില്‍ പേരില്ലാത്തവരെ പിന്നീട് യാതൊരു തെളിവുമില്ലാതെ പ്രതിചേര്‍ത്ത് അറസ്റ്റ് ചെയ്തത് എന്തിനെന്നു കോടതി ചോദിച്ചു. തുടര്‍ന്ന് കുറ്റാരോപിതരെ അറസ്റ്റ് ചെയ്യാതെ കരുതല്‍ തടങ്കലില്‍ വച്ചാല്‍ മതിയെന്ന് ഇടക്കാല ഉത്തരവ് വന്നു.

2018 സെപ്തംബര്‍ 27-ന് വിധിപ്രസ്താവത്തെക്കുറിച്ചുള്ള അറിയിപ്പ് വന്നപ്പോള്‍, അതില്‍, രചയിതാവായി ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് എന്ന പേര് കണ്ടപ്പോള്‍ ഒരുപാട് പ്രതീക്ഷകള്‍ ഉണ്ടായി. എന്നാല്‍ പിറ്റേന്ന് അപ്രതീക്ഷിതമായി മറ്റൊരു വിധിന്യായം കൂടി ഉണ്ടാകുമെന്ന് അറിയിപ്പ് വന്നു. ജസ്റ്റിസ് ഖാന്‍വാല്‍ക്കര്‍ ആയിരുന്നു ആ വിധിയെഴുതിയത്. ഗവണ്മെൻറ്​ വാദങ്ങളെ അപ്പാടെ അംഗീകരിക്കുന്നതും, പ്രത്യേക അന്വേഷണസംഘം എന്ന ആവശ്യത്തെ തള്ളിക്കളയുന്നതുമായിരുന്നു വിധി. ഹിയറിങ്ങിനിടെ സ്വീകരിച്ച നിലപാടിന് കടകവിരുദ്ധമായി ചീഫ് ജസ്റ്റിസ് മിശ്ര, ഖാന്‍വില്‍ക്കറിനൊപ്പം ചേര്‍ന്നു. എന്നാല്‍ ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് വിയോജന വിധിയെഴുതി. “”തെരഞ്ഞെടുത്ത വിവരങ്ങള്‍ മാത്രമാണ് പൊലീസ് പുറത്തുവിട്ടത്, ഹാജരാക്കിയ കത്ത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പ്രധാനമന്ത്രിയെ വധിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്ന് സൂചിപ്പിക്കുന്നില്ല, സുധാ ഭരദ്വാജ് “സഖാവ് പ്രകാശി’ന് അയച്ചുവെന്നു പറയുന്ന കത്തില്‍ 17 ഇടങ്ങളില്‍ മറാത്തി ഭാഷാ പദങ്ങള്‍ “ദേവനാഗരി’ ലിപിയില്‍ എഴുതിയിട്ടുണ്ട്; എന്നാല്‍ സുധ ഭരദ്വാജിന് മറാത്തി അറിയില്ല.” അങ്ങനെ നിരവധി കാര്യങ്ങള്‍ പറയുന്നുണ്ട് ആ വിധിയില്‍. 

എന്നാല്‍ ജസ്റ്റിസ് ഖാന്‍വില്‍ക്കറുടെ വിധി നോക്കുക. അധികാര ദുരുപയോഗവും ദുരുദ്ദേശ്യവും കണ്ടെത്താതെ, കുറ്റാരോപിതര്‍ക്ക് അന്വേഷണ ഏജന്‍സിയെ തെരഞ്ഞെടുക്കാനുള്ള അവകാശം അനുവദിച്ചുനല്‍കാനാകില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. “”ഈ കേസില്‍, അന്വേഷിച്ചുകൊണ്ടിരിക്കുന്ന കുറ്റകൃത്യവുമായി ബന്ധപ്പെടുത്തുന്ന നിയമപരമായ തെളിവുകളില്ലാതെ, അഞ്ച് കുറ്റാരോപിതരെ അറസ്റ്റു ചെയ്തതിനെ ചോദ്യംചെയ്യാവുന്ന ചില സാഹചര്യങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു എന്നല്ലാതെ, അന്വേഷണ ഉദ്യോഗസ്ഥരുടെ “ദുരുദ്ദേശ്യം’ തെളിയിക്കുന്ന  വസ്തുതകളൊന്നും ഹര്‍ജിയില്‍ കണ്ടെത്താനാകില്ല.” എന്നാണ് അദ്ദേഹം വിധിയില്‍ കുറിച്ചത്. അത് ഒന്നുകൂടി വായിച്ചുനോക്കിയാല്‍, നാം അത്ഭുതപ്പെടും. സത്യത്തില്‍ ജസ്റ്റിസ് ചന്ദ്രചൂഡിന്റെ വിയോജന വിധിയില്‍ ചൂണ്ടിക്കാണിച്ച അതേ കാര്യങ്ങള്‍ തന്നെയാണ് ഖാന്‍വില്‍ക്കറും വിശദീകരിക്കുന്നത്. അറസ്റ്റിലേക്ക് നയിച്ച സാഹചര്യങ്ങള്‍ സംശയിക്കത്തക്കതാണ്. കുറ്റാരോപിതരെ കുറ്റകൃത്യവുമായി ബന്ധിപ്പിക്കുന്ന നിയമപരമായ തെളിവുകള്‍ ഒന്നുമില്ല. എന്നിട്ടും പക്ഷെ, ഇതൊന്നും അന്വേഷണസംഘത്തിന്റെ ദുരുദ്ദേശ്യത്തിനു തെളിവാകുന്നില്ല എന്ന് പ്രസ്താവിച്ചുകളഞ്ഞു, അദ്ദേഹം. 

യു.എ.പി.എ ജാമ്യവ്യവസ്ഥ 

ഭീമ കോറേഗാവിന്റെ തുടര്‍ച്ചയെന്നോണം വന്നൊരു കേസാണ് വതാലി കേസ്. ഷുഹൂര്‍ അഹ്‌മദ്ദ് ഷാ വതാലി, നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളിലും ഭീകരപ്രവര്‍ത്തനത്തിന് ഫണ്ട് ചെയ്യുന്ന ഇടപാടുകളിലുമേര്‍പ്പെട്ടു എന്നായിരുന്നു കേസ്. യു.എ.പി.എ. ആണ് നിയമം. വകുപ്പ് 43(ഡി) അനുസരിച്ച് ജാമ്യം ലഭിക്കണമെങ്കില്‍, “”പൊലീസ് റിപ്പോര്‍ട്ടും കേസ് ഡയറിയും പരിശോധിച്ചതിനുശേഷം, കുറ്റാരോപണങ്ങള്‍ പ്രഥമദൃഷ്ട്യാ തെറ്റാണെന്ന് വിശ്വസിക്കാന്‍ മതിയായ കാരണങ്ങള്‍ ഉണ്ടെങ്കിലേ ജാമ്യം കൊടുക്കാവൂ എന്നാണ്.” അതായത് ഫലത്തില്‍ ജാമ്യം കിട്ടാന്‍ സാധ്യത വിരളമാണ്. അതുകൊണ്ടുതന്നെ വതാലിയുടെ ജാമ്യാപേക്ഷ വിചാരണ കോടതി തള്ളി. എന്നാല്‍, ഡല്‍ഹി ഹൈക്കോടതി മറ്റൊരു നിലപാടാണെടുത്തത്. “”എന്‍.ഐ.എ. ശേഖരിച്ച സാക്ഷിമൊഴികള്‍ ഇന്ത്യന്‍ തെളിവുനിയമപ്രകാരം സ്വീകാര്യമല്ല. അദ്ദേഹം എഴുതിയെന്ന് എന്‍.ഐ.എ. ആരോപിക്കുന്ന രേഖകളില്‍ അദ്ദേഹത്തിന്റെ ഒപ്പുള്ളതോ, ലെറ്റര്‍ പാഡില്‍ ഉള്ളതോ അല്ല. ബാങ്കിടപാടുകളിലും ഭീകരപ്രവര്‍ത്തനവുമായി ബന്ധപ്പെടുത്താവുന്നതൊന്നും ഇല്ല.” ഹൈക്കോടതി എഴുതി.

വിചാരണക്കോടതിവിധി റദ്ദുചെയ്ത്, വതാലിയ്ക്ക് ജാമ്യവും അനുവദിച്ചു ഹൈക്കോടതി. യു.എ.പി.എ. എന്ന കിരാതനിയമത്തില്‍, സാമാന്യനീതിയുടെ അംശം വിളക്കിച്ചേര്‍ത്ത മികച്ചൊരു വിധിയായിരുന്നു ആത്. എന്നാല്‍ സുപ്രീംകോടതി ആ വിധി സ്റ്റേ ചെയ്തു. ഹൈക്കോടതി  നിലപാട് “അനുചിത’മെന്നു പ്രസ്താവിച്ചു. “”ജാമ്യാപേക്ഷയുടെ ഘട്ടത്തില്‍, പൊലീസ് നല്‍കിയ തെളിവുകള്‍ കോടതി വിലയിരുത്തേണ്ടതില്ല, അന്വേഷണസംഘം സമര്‍പ്പിച്ച രേഖകള്‍ എല്ലാം പരിശോധിക്കുമ്പോള്‍, അതിന്റെ സമഗ്രതയില്‍ പ്രഥമദൃഷ്ട്യാ ഒരു കേസുണ്ടോ എന്ന് മാത്രം നോക്കിയാല്‍ മതി”, ജസ്റ്റിസ് ഖാന്‍വില്‍ക്കര്‍ എഴുതി. 

എന്‍.ജി.ഒ.കള്‍ക്ക് കൂച്ചുവിലങ്ങിടുന്നു

2020-ല്‍ വിദേശ ധനസഹായ നിയന്ത്രണനിയമത്തില്‍ (എഫ്.സി.ആര്‍.എ.) കേന്ദ്ര ഗവണ്മെന്റ് കൊണ്ട് വന്ന ഭേദഗതികള്‍ വിവാദമായിരുന്നു. വിദേശസഹായം സ്വീകരിക്കുന്ന സംഘടനകള്‍ എസ്.ബി.ഐ.യുടെ ഒരു പ്രത്യേക ബ്രാഞ്ചില്‍ അക്കൗണ്ട് തുടങ്ങണം (വകുപ്പ് 17(1), 12(1)എ). ലഭിക്കുന്ന ഫണ്ട്, സബ്-ഗ്രാന്റുകളായി മറ്റു സംഘടനകള്‍ക്ക് നല്കാന്‍ പാടില്ല (വകുപ്പ് 7-ന്റെ ഭദഗതി). സ്വീകരിക്കുന്നയാള്‍ നിര്‍ബന്ധമായും ആധാര്‍ വിവരങ്ങള്‍ ലിങ്ക് ചെയ്തിരിക്കണം (വകുപ്പ് 12എ). അങ്ങനെ തുടങ്ങി പണം ചെലവഴിക്കുന്നതിന് പല നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂച്ചുവിലങ്ങിടുകയും ചെയ്യുന്നതായിരുന്നു ഭേദഗതി. സുപ്രീംകോടതിയില്‍ ഇതിനെതിരെയുള്ള കേസ് പരിഗണിച്ചത് ജസ്റ്റിസ് ഖാന്‍വില്‍ക്കര്‍, ദിനേശ് മഹേശ്വരി, സി.ടി. രവികുമാര്‍ എന്നിവരുടെ ബെഞ്ച് ആണ്. ഗവണ്മെന്റിന്റെ വാദങ്ങള്‍ ശരിവയ്ക്കുന്നതായിരുന്നു ഉത്തരവ് എന്ന കാര്യത്തില്‍ സംശയമില്ലല്ലോ.

കൃത്യമായ നിയമയുക്തിക്ക് പകരം “തീവ്ര ദേശീയതാവാദികള്‍’ നടത്തുന്നതുപോലെയുള്ള പൊള്ളയായ ഭാഷാപ്രയോഗങ്ങള്‍ ആയിരുന്നു വിധിയില്‍ കടന്നുവന്നത്. “”ഇന്ത്യ ഒരു വന്‍ശക്തിയായി വളരുന്ന രാജ്യമാണ്, നമ്മുടെ രാജ്യത്തിന്റെ ആവശ്യങ്ങള്‍ക്കുള്ള പണം നമുക്ക് ആഭ്യന്തരമായി തന്നെ കണ്ടെത്താന്‍ കഴിയും” എന്ന അര്‍ഥത്തിലാണ് വിധി പോകുന്നത്. ഭേദഗതികള്‍ ഭരണഘടനയുടെ അനുച്ഛേദം 14, 19(1) സി, 21 എന്നിവയുടെ ലംഘനമാണെന്ന ഹര്‍ജിക്കാരുടെ വാദം മതിയായ ആലോചനകള്‍ ഇല്ലാതെയാണ് തള്ളിയത്. വിധിയിലുടനീളം എന്‍.ജി.ഒ.കള്‍ എന്തോ രാജ്യവിരുദ്ധപ്രവര്‍ത്തനം നടത്തുന്നവരാണെന്ന മുന്‍വിധി പ്രകടമാണ്. സമീപകാലത്ത് എന്‍.ജി.ഒ.കളെ വ്യാപകമായി വേട്ടയാടുന്ന പശ്ചാത്തലത്തില്‍ കൂടി വേണം, സംഘം ചേരുക, പ്രതികരിക്കുക, എന്ന അടിസ്ഥാന മൗലികാവകാശത്തെ കളങ്കപ്പെടുത്തുന്ന ഈ വിധി മനസിലാക്കപ്പെടേണ്ടത്.  

സെന്‍ട്രല്‍ വിസ്ത പദ്ധതി 

നരേന്ദ്ര മോദി ഗവണ്മെന്റിന്റെ അഭിമാന പദ്ധതിയായ പുതിയ പാര്‍ലമെൻറ്​ ഉള്‍പ്പെടുന്ന സെന്‍ട്രല്‍ വിസ്ത പദ്ധതി കോടതിയില്‍ ചോദ്യംചെയ്യപ്പെട്ടപ്പോഴും രക്ഷകനായി എത്തിയത് ജസ്റ്റിസ് ഖാന്‍വാല്‍ക്കര്‍ ആയിരുന്നു. കോടതിയുടെ അനുമതിയില്ലാതെ പദ്ധതിയുമായി മുന്നോട്ടുപോകരുതെന്ന ഡല്‍ഹി ഹൈക്കോടതി ഉത്തരവില്‍ നിന്നാണ് തുടക്കം. ആ ഉത്തരവ് ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്തു. അത് സുപ്രീംകോടതിയില്‍ ചോദ്യംചെയ്യപ്പെട്ടു. ആ അവസരത്തിലാണ് സുപ്രീംകോടതി, എല്ലാ കേസുകളും സുപ്രീംകോടതിയിലേക്ക് മാറ്റാന്‍ ഉത്തരവായത്. സെന്‍ട്രല്‍ വിസ്ത കമ്മിറ്റിയുടെ രൂപീകരണം, പദ്ധതിയ്ക്ക് നല്‍കിയ അനുമതി, പദ്ധതിക്കായി ഭൂവിനിയോഗത്തില്‍ വരുത്തിയ മാറ്റങ്ങള്‍ എന്നിവയായിരുന്നു പരിഗണനാവിഷയങ്ങള്‍. ഇതെല്ലം ശരിയായ ദിശയിലാണെന്ന് ജസ്റ്റിസ് ഖാന്‍വില്‍ക്കര്‍, ജസ്റ്റിസ് ദിനേശ് മഹേശ്വരി എന്നിവര്‍ വിലയിരുത്തിയപ്പോള്‍, ബെഞ്ചിലെ മൂന്നാമനായ ജസ്റ്റിസ് സന്‍ജീവ് ഖന്ന വിയോജിച്ചു. കേവലം ഗസറ്റ് വിജ്ഞാപനം പബ്ലിക് നോട്ടീസിന് പകരമാകില്ല. എതിര്‍പ്പുകളും നിര്‍ദേശങ്ങളും നല്‍കുന്നതിന്, പര്യാപ്തമായ വിവരങ്ങള്‍ നല്‍കേണ്ടതുണ്ട്.” അദ്ദേഹം നിരീക്ഷിച്ചു.    

ഗുജറാത്ത് കലാപ കേസ്

2002-ലെ ഗുജറാത്ത് കലാപത്തില്‍ കൊല്ലപ്പെട്ട കോണ്ഗ്രസ് എം.പി. ഇഹ്സാന്‍ ജാഫ്രിയുടെ ഭാര്യ സാക്കിയ ജാഫ്രി സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ തീരുമാനമെടുത്തതും ജസ്റ്റിസ് ഖാന്‍വില്‍ക്കര്‍ ആണ്. കലാപത്തില്‍ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിക്കും മറ്റ് ഉന്നതര്‍ക്കും ക്ലീന്‍ ചിറ്റ് നല്‍കിയ പ്രത്യേക അന്വേഷണസംഘത്തിന്റെ റിപ്പോര്‍ട്ടിനെതിരെ ആയിരുന്നു ഹര്‍ജി. സാമൂഹ്യപ്രവര്‍ത്തകയായ ടീസ്റ്റ സെറ്റല്‍വാദ്, മുന്‍ ഐ.ജി. ആര്‍.ബി. ശ്രീകുമാര്‍ എന്നിവര്‍ കേസില്‍ കക്ഷിചേര്‍ന്നിരുന്നു. പ്രതീക്ഷിച്ചതുപോലെ തന്നെ സുപ്രീംകോടതി കേസ് തള്ളി. എന്നാല്‍ വിമര്‍ശകരെ പോലും ഞെട്ടിച്ചത് ജസ്റ്റിസ് ഖാന്‍വാല്‍ക്കര്‍ എഴുതിയ വിധിന്യായത്തിലെ ചില നിരീക്ഷണങ്ങളാണ്.

പരാതിയില്‍ ഉന്നയിക്കപ്പെട്ട പ്രധാനപ്പെട്ട വീഴ്ചകളൊക്കെയും അവഗണിച്ച കോടതി, പ്രത്യേക അന്വേഷണസംഘത്തിന്റെ റിപ്പോര്‍ട്ട് തള്ളുന്നത്, സുപ്രീംകോടതിയെ തന്നെ സംശയിക്കുന്നതിനു സമാനമാണ് എന്ന നിലപാടെടുത്തു. വിചാരണവേളയില്‍, അഡ്വ. കപില്‍ സിബല്‍, ഈ കേസ് അന്നത്തെ മുഖ്യമന്ത്രിക്കെതിരെയുള്ള വ്യക്തിപരമായ ഇടപെടലാക്കി മാറ്റാന്‍ താത്പര്യമില്ല എന്നും, സഞ്ജീവ് ഭട്ട് ഉന്നയിച്ച മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ നടന്ന യോഗം അവഗണിച്ചാല്‍ തന്നെയും, മറ്റു തെളിവുകള്‍ പരിശോധിച്ച് ഒരു ഗൂഢാലോചനയെക്കുറിച്ച് അന്വേഷണം ഉണ്ടാകണമെന്നുമാണ് ആവശ്യപ്പെട്ടത്. എന്നാല്‍ അന്തിമവിധിയില്‍ ഇക്കാര്യം ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും, തങ്ങള്‍ ഊന്നല്‍ നല്‍കാന്‍ ആഗ്രഹിക്കുന്നില്ല എന്നു വാദി ഭാഗം പറഞ്ഞ യോഗത്തെ മുന്‍നിര്‍ത്തി, മറ്റു തെളിവുകള്‍ സൂക്ഷ്മപരിശോധന  നടത്താതെ, കേസ് തള്ളുകയായിരുന്നു. 2002-ല്‍ സംസ്ഥാന ഗവണ്മെന്റിന്റെ സ്തുത്യര്‍ഹമായ ഇടപെടലുകളെ അഭിനന്ദിക്കാനും മറന്നില്ല കോടതി.

ഇതേ ഗവണ്മെന്റിനെക്കുറിച്ചാണ് “”രാജധര്‍മം” നിറവേറ്റുന്നതില്‍ പരാജയപ്പെട്ടു എന്ന് അന്നത്തെ പ്രധാനമന്ത്രി എ.ബി. വാജ്‌പേയി പറഞ്ഞത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ തലത്തിലുള്ള ഉന്നത ഗൂഢാലോചന ഉണ്ടെന്ന് അന്നത്തെ രാഷ്ട്രപതി കെ.ആര്‍. നാരായണന്‍ പറഞ്ഞത്. ഇവര്‍ “”ആധുനിക കാലത്തെ “നീറോ’ആണെ”ന്ന് സുപ്രീംകോടതി പറഞ്ഞത്. ഈ സംസ്ഥാനത്ത് നീതി നടപ്പാകില്ലെന്ന് ബോധ്യപ്പെട്ടതുകൊണ്ടാണ് കലാപ കേസുകളുടെ വിചാരണ ഗുജറാത്തിന് പുറത്തേക്ക് മാറ്റാന്‍, സുപ്രീംകോടതി ഉത്തരവിട്ടത്. കോടതിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചത്. ഇതേ സുപ്രീംകോടതി തന്നെ ഇപ്പോള്‍ നിലപാട് മാറ്റി എന്ന് മാത്രമല്ല, നീതിക്കായി സമീപിച്ചവര്‍ക്കെതിരെ കേസെടുക്കാന്‍ ഉത്തരവിടുകയുമാണ് ഉണ്ടായത്. “”ഉന്നതതല ഗൂഢാലോചന നടന്നു എന്ന് ഇവര്‍ക്ക് ചിന്തിക്കാനേ കഴിഞ്ഞതെങ്ങിനെ എന്ന് മനസിലാകുന്നില്ല” എന്നാണ് കോടതി ഇപ്പോള്‍ പറയുന്നത്. ചില ഉദ്യോഗസ്ഥരും മറ്റു ചിലരും ചേര്‍ന്ന് മനഃപൂര്‍വം കള്ളക്കേസുകള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുകയാണ് എന്നും “”കോടതി നടപടികളെ ദുരുപയോഗം ചെയ്യാന്‍ ശ്രമിച്ച എല്ലാവരും പ്രതിക്കൂട്ടില്‍ നില്‍ക്കേണ്ടതുണ്ടെന്നും അവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്” എന്നും കോടതി ഉത്തരവില്‍ രേഖപ്പെടുത്തി.

അവകാശ സംരക്ഷണത്തിനായി കോടതിയില്‍ എത്തുന്നവരുടെ ഹര്‍ജി തള്ളുന്നതിനോടൊപ്പം അവര്‍ക്കെതിരെ യാതൊരു തെളിവിന്റെയോ വസ്തുതകളുടെയോ പിന്‍ബലമില്ലാതെ ഗൂഢാലോചനയില്‍ പങ്കാളികള്‍ ആണെന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ നടത്തുകയും നടപടികള്‍ വേണമെന്ന് നിര്‍ദേശിക്കുകയും ചെയ്യുന്നത് കേട്ടുകേള്‍വിപോലുമില്ലാത്ത കാര്യമാണ്. തൊട്ടടുത്ത ദിവസം ആഭ്യന്തര മന്ത്രി അമിത് ഷാ, ടീസ്റ്റ സെറ്റല്‍വാദിനെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ചു. തുടര്‍ന്ന് ഉടന്‍ തന്നെ ഗുജറാത്ത് പോലീസ് അവര്‍ക്കെതിരെ കേസെടുക്കുകയും ടീസ്റ്റയും ശ്രീകുമാറും അറസ്റ്റിലാവുകയും ചെയ്തു.

പൗരാവകാശത്തിന്റെ നിതാന്തജാഗ്രതയുള്ള സംരക്ഷകരാകേണ്ട കോടതി അവകാശങ്ങള്‍ക്കുവേണ്ടി സമീപിക്കുന്നവരെ ശിക്ഷിക്കാനുള്ള സാഹചര്യം ഒരുക്കുന്നത്, നമ്മുടെ ഭരണഘടനാവ്യവസ്ഥയെ തന്നെ അട്ടിമറിക്കുന്നതാണ്. ഇതൊരു അപൂര്‍വതയല്ലെന്ന് തൊട്ടടുത്ത ദിവസം തന്നെ മറ്റൊരു വിധിയിലൂടെ ജസ്റ്റിസ് ഖാന്‍വാല്‍ക്കര്‍ തെളിയിച്ചു. വിധി എഴുതിയത് ജസ്റ്റിസ് ജെ.ബി. പാര്‍ടിവാല ആയിരുന്നെങ്കിലും ബെഞ്ചിലെ മുതിര്‍ന്ന ന്യായാധിപന്‍ ഖാന്‍വില്‍ക്കര്‍ ആയിരുന്നു. ഛത്തീസ്ഗഡിലെ ആദിവാസികളെ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് 2009-ല്‍ ഹിമാന്‍ഷു കുമാര്‍ സമര്‍പ്പിച്ച ഹര്‍ജിയിന്മേല്‍ ആയിരുന്നു ഉത്തരവ്. ഹര്‍ജി തള്ളിയ സുപ്രീംകോടതി, പരാതിക്കാരന് അഞ്ചുലക്ഷം രൂപ പിഴയും വിധിച്ചു. മാത്രമല്ല വ്യാജ പരാതി നല്‍കിയതിനും ക്രിമിനല്‍ ഗൂഢാലോചന നടത്തിയതിനും മറ്റു കുറ്റകൃത്യങ്ങള്‍ക്കും നിയമപ്രകാരം നടപടിയെടുക്കാന്‍ സി.ബി.ഐ.യ്ക്ക് നിര്‍ദേശവും നല്‍കി. സാക്കിയ ജാഫ്രിയുടെ കേസിലെന്നപോലെ തന്നെ, യാതൊരു തെളിവുകളുടെയും പിന്‍ബലമില്ലാതെയാണ്, ഇതുപോലെ ഗുരുതരമായ പ്രസ്താവനകള്‍ വിധിയില്‍ ഉള്‍പ്പെടുത്തിയത്. ചുരുക്കത്തില്‍, അംബേദ്കര്‍ ഭരണഘടനയുടെ ഹൃദയം എന്ന് വിശേഷിപ്പിച്ച, അനുച്ഛേദം 32-നെ, ഹൃദയശൂന്യമായ വ്യാഖ്യാനങ്ങളിലൂടെ ഇല്ലായ്മ ചെയ്യുകയാണ് ഈ വിധികള്‍. 

ഇ.ഡി.യുടെ പരമാധികാരം 

കള്ളപ്പണ നിയമം (പി.എം.എല്‍.എ. ആക്ട്) ഇന്ന് ഭരണാധികാരികളുടെ കൈയിലെ ഏറ്റവും വലിയ ആയുധമാണ് എന്ന കാര്യത്തില്‍ ഭരണകക്ഷിക്കാര്‍ പോലും തര്‍ക്കമുന്നയിക്കുമെന്നു കരുതുക വയ്യ. എതിര്‍ രാഷ്ട്രീയകക്ഷികളുടെ നേതാക്കളെ, വിയോജിപ്പുകള്‍ ഉന്നയിക്കുന്നവരെ, വിമര്‍ശകരെ, ഒക്കെ വേട്ടയാടുന്ന സമീപനത്തിന്റെ ഭാഗമാണിത്. ആകെ ചാര്‍ജ് ചെയ്യപ്പെടുന്ന കേസുകളില്‍ കേവലം മൂന്ന് ശതമാനത്തില്‍ മാത്രമാണ് ശിക്ഷാവിധി ഉണ്ടാവുന്നത്. അത്തരത്തില്‍ ദുരുപയോഗത്തിന് അനന്തസാധ്യതകള്‍ നല്‍കുന്ന നിയമമാണ് പി.എം.എല്‍.എ. പൊലീസ് കേസൊക്കെ വരുമ്പോള്‍ കുറ്റാരോപിതര്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളൊന്നും കള്ളപ്പണക്കേസുകളില്‍ ലഭിക്കുന്നില്ല.

ഒരാള്‍ സ്വയം തനിക്കെതിരെ സാക്ഷി പറയേണ്ടതില്ലെന്ന, ഭരണഘടനയുടെ അനുച്ഛേദം 20(3) നല്‍കുന്ന സംരക്ഷണവും ഇ.ഡി. കേസുകളില്‍ ബാധകമാകില്ലെന്ന നിലപാടിലാണ് സുപ്രീംകോടതി. അതായത് ഇ.ഡി. ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ നല്‍കിയ മൊഴി തെളിവായി സ്വീകരിക്കുമെന്ന്. അനുച്ഛേദം 20(3) ലെ ഭാഷാപ്രയോഗത്തിലെ സാങ്കേതികത്വമാണ് ഇവിടെ പ്രശ്‌നം. ഒരു വ്യക്തിയെയും അയാള്‍ക്കെതിരെ തന്നെ സാക്ഷി പറയാന്‍ നിര്‍ബന്ധിക്കരുത് എന്നല്ല, ഒരു കുറ്റാരോപിതരെയും അയാള്‍ക്ക്  തന്നെ എതിരെ സാക്ഷി പറയാന്‍ നിര്‍ബന്ധിക്കരുത് എന്ന പ്രയോഗമാണ് ഭരണഘടനയിലുള്ളത്. ഭരണകൂടവും പൗരനും തമ്മിലുള്ള ഭീമമായ അധികാര അസമത്വം പരിഗണിച്ച്, പൗരന് ഭരണഘടന നല്‍കിയിട്ടുള്ള സംരക്ഷണമാണിത്. അന്വേഷണ ഏജന്‍സികള്‍ക്കും ഭരണകൂടത്തിനും ഏതു സമ്മര്‍ദം വഴിയും ഒരാളെകൊണ്ടു ആവശ്യമായ മൊഴി നല്‍കിപ്പിക്കുവാന്‍ കഴിയും എന്നുള്ള ബോധ്യത്തില്‍ നല്‍കിയിട്ടുള്ള സംരക്ഷണം. എന്നാല്‍ ഇതില്‍ എവിടെയാണ് ഒരാള്‍ കുറ്റാരോപിതന്‍ ആകുന്നത്, അപ്പോഴാണ് ഈ അനുച്ഛേദം പ്രവര്‍ത്തിച്ചുതുടങ്ങുകയുള്ളൂ എന്ന സാങ്കേതികത്വത്തിന്റെ പുറത്താണ് കോടതികള്‍ അടയിരിക്കുന്നത്. ഒരാളെ ചോദ്യംചെയ്യാന്‍ വിളിപ്പിക്കുമ്പോഴാണോ, അയാള്‍ അറസ്റ്റിലാകുമ്പോഴാണോ, അതോ കോടതി അയാളെ റിമാന്‍ഡ് ചെയ്യുമ്പോഴാണോ എന്നതൊക്കെ പ്രശ്‌നമാണ്. തെളിവ് നിയമത്തിലെ വകുപ്പ് 25 “കേവലം തെളിവുകളെ സംബന്ധിച്ച ചട്ടം’ മാത്രമാണ് എന്നാണ് കോടതി പറയുന്നത്. അതില്‍, കൂടുതല്‍ മൗലികമായ അനുച്ഛേദം 21, 20, എന്നിവ ഉള്‍ച്ചേര്‍ന്നിട്ടുണ്ട് എന്ന കാര്യം സൗകര്യപൂര്‍വം മറക്കുകയും ചെയ്യുന്നു. 

കള്ളപ്പണനിയമം ഒരാളെ പ്രാഥമികമായും കുറ്റക്കാരനാണെന്നു വിചാരിക്കുന്നു, പിന്നീട് കുറ്റക്കാരനല്ല എന്ന് തെളിയിക്കേണ്ടത് കുറ്റാരോപിതരുടെ ബാധ്യതയാണ്. “ആനുമാനിക നിരപരാധിത്വം’ (കുറ്റം തെളിയിക്കപ്പെടുന്നതുവരെ ഒരാള്‍ നിരപരാധിയാണ് എന്ന തത്വം) ഇവിടെ ലംഘിക്കപ്പെട്ടിരിക്കുന്നു. ഇത് ഭരണഘടനയുടെ അനുച്ഛേദം 14 (സമത്വം), 22 എന്നിവയുടെ ലംഘനമാണ്. എന്നാല്‍ കള്ളപ്പണ നിയമത്തിന്റെ സെക്ഷന്‍ 24 ഭരണഘടനാപരമാണെന്ന നിലപാടാണ് കോടതി സ്വീകരിച്ചത്. ആനുമാനിക നിരപരാധിത്വം ചില പ്രത്യേക കേസുകളില്‍ മാറ്റിവയ്ക്കപ്പെടാറുണ്ടെങ്കിലും അടിസ്ഥാനപരമായ ഒരു തെളിവുമില്ലാതെ അത് നിഷേധിക്കുന്നത് ഈ നിയമത്തില്‍ മാത്രമാണ്. യു.എ.പി.എ. നിയമത്തില്‍ പോലും അന്വേഷണ ഉദ്യോഗസ്ഥന്റെ മുന്നിലുള്ള കുറ്റസമ്മതം തെളിവായി സ്വീകരിക്കുന്നില്ല. കള്ളപ്പണ നിയമത്തിന്റെ വകുപ്പ് 50 അനിയന്ത്രിതമായ അധികാരങ്ങളാണ് ഇക്കാര്യത്തില്‍ അന്വേഷണ എജന്‍സിയ്ക്ക് നല്‍കുന്നത്. ആരുടെയും സ്വത്ത് കണ്ടുകെട്ടാന്‍ ഇ.ഡി.യെ അധികാരപ്പെടുത്തുന്ന കള്ളപ്പണ നിയമം ഒരു “ശിക്ഷാനിയമം’ അല്ല എന്ന് വരെ സാങ്കേതികമായി സ്ഥാപിച്ചെടുക്കുന്നുണ്ട് കോടതി. അതുകൊണ്ടു തന്നെ സാധാരണ ക്രിമിനല്‍ നടപടിക്രമങ്ങള്‍ പാലിക്കേണ്ടതില്ലത്രേ.  ക്രിമിനല്‍ നടപടിക്രമങ്ങള്‍ നല്‍കുന്ന സംരക്ഷണങ്ങള്‍ അപ്രസക്തമാണ്. ഉദാഹരണത്തിന് സാധാരണഗതിയില്‍ പോലീസ് രജിസ്റ്റര്‍ ചെയ്യുന്ന എഫ്.ഐ.ആറിന്റെ പകര്‍പ്പ് കുറ്റാരോപിതര്‍ക്ക് ലഭിക്കും. എന്നാല്‍ ഇ.ഡി.യ്ക്ക് അങ്ങനെയൊരു നടപടിക്രമമില്ല. താരതമ്യം ചെയ്യാവുന്ന ഏകരേഖ   ഇ.സി.ഐ.ആര്‍. എന്ന ആഭ്യന്തര രേഖയാണ്. ഇതിന്റെ പകര്‍പ്പ് കുറ്റാരോപിതര്‍ക്ക് നല്‍കേണ്ടതില്ല എന്നാണ് കോടതി നിലപാട്.

ഇ.ഡി.യ്ക്ക് മുന്നില്‍ ഹാജരാകുന്ന, അറസ്റ്റ് ചെയ്യപ്പെടുന്ന വ്യക്തിയ്ക്ക് എന്തിനാണ് താനിതിനൊക്കെ വിധേയമാകുന്നത് എന്ന് കൃത്യമായി അറിയാനുള്ള അവകാശം നല്‍കണമെന്ന് കോടതിയ്ക്ക് തോന്നിയില്ല. ഇന്ന വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട് എന്ന് മാത്രമാണ് നോട്ടീസില്‍ കൊടുത്തിട്ടുണ്ടാവുക. ചെയ്ത കുറ്റമെന്തെന്ന് അറിയാന്‍ കഴിയില്ല. ഇ.സി.ഐ.ആറും എഫ്.ഐ.ആറും ഒന്നല്ല എന്ന സാങ്കേതികത്വത്തില്‍ ഊന്നിയാണ് കോടതി നീങ്ങിയത്. ഇതിന് പിന്‍ബലമാകുന്ന ചില മുന്‍ തീരുമാനങ്ങളും ഉണ്ട്. പൊലീസിന് സമാനമായ അധികാരങ്ങളും പ്രവൃത്തികളും ആണെങ്കിലും ഇ.ഡി. പൊലീസല്ല എന്നായിരുന്നു കോടതി നിലപാട്. കുറ്റപത്രം ചാര്‍ജ് ചെയ്യുന്ന ഏജന്‍സികളാണ് “പോലീസ്’, ഇ.ഡി. കംപ്ലൈന്റ് ഫയല്‍ ചെയ്യുന്ന ഏജന്‍സിയാണ് എന്ന അതിസാങ്കേതികത്വമാണ് കോടതി ഉയര്‍ത്തിപ്പിടിച്ചത്.  

രാജ്യത്തിന്റെ സുരക്ഷയ്ക്കും അഖണ്ഡതയ്ക്കും ഭീഷണിയാകുന്ന കുറ്റകൃത്യമാണ് കള്ളപ്പണമിടപാട് എന്നാവര്‍ത്തിച്ചുകൊണ്ടാണ് സുപ്രീംകോടതി ഈ കഠിന വ്യവസ്ഥകളെല്ലാം ന്യായീകരിക്കുന്നത്. പാര്‍ലമെന്റിന്റെ ഉദ്ദേശ്യം അതാണെന്നാണ് യുക്തി. അങ്ങനെയെങ്കില്‍ ഭരണഘടനാപരമായ ഏത് സംരക്ഷണത്തെയും മറികടക്കാന്‍ പാര്‍ലമെന്റിന്റെ ഇച്ഛ മാത്രം മതിയെന്നുവരും. ഇത്ര ഭീഷണമായ കുറ്റകൃത്യമാണ് എന്ന് പറയുമ്പോഴും പോക്കറ്റടി മുതല്‍ ഏതു കുറ്റവും വേണമെങ്കില്‍ നിയമത്തിന്റെ ഷെഡ്യൂള്‍ഡ് കുറ്റകൃത്യങ്ങളുടെ പട്ടികയില്‍പെടുത്താനാകുന്ന സാഹചര്യമുണ്ട് എന്ന വസ്തുതയും ഒരു പ്രശ്‌നമായി സുപ്രീംകോടതിയ്ക്ക് തോന്നിയില്ല. 

കള്ളപ്പണക്കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ടാല്‍ ജാമ്യം ലഭിക്കുകയില്ല എന്നുറപ്പുവരുത്തുന്ന ഇരട്ട നിബന്ധനകളും സുപ്രീംകോടതി ശരിവച്ചു. നിയമത്തിന്റെ വകുപ്പ് 45(2) അനുസരിച്ച്, (i) പ്രോസിക്യൂട്ടര്‍ക്ക് ജാമ്യാപേക്ഷയെ എതിര്‍ക്കാനുള്ള അവസരം ലഭിക്കണം (ii) കുറ്റാരോപിതര്‍, ആരോപിക്കപ്പെട്ട കുറ്റം ചെയ്തിട്ടില്ല എന്ന് മാത്രമല്ല, ഇനി പുറത്തിറങ്ങിയാല്‍ സമാനമായ കുറ്റം ചെയ്യുകയില്ല എന്നുകൂടി ബോധ്യപ്പെട്ടാല്‍ മാത്രമേ കോടതിയ്ക്ക് കള്ളപ്പണക്കേസില്‍ ജാമ്യം അനുവദിക്കാനാവൂ. ഇതാണ് ഏറെ ചര്‍ച്ചയാവുന്ന “ഇരട്ട നിബന്ധനകള്‍’. 2018-ല്‍ നികേഷ് താരാചന്ദ് കേസില്‍ ഈ നിബന്ധനകള്‍ ഐച്ഛികമാണെന്നു കണ്ട് സുപ്രീംകോടതി റദ്ദു ചെയ്തതാണ്. അന്ന്, 3 വര്‍ഷത്തിലേറെ തടവുശിക്ഷയ്ക്ക് അര്‍ഹതയുള്ള ഷെഡ്യൂള്‍ഡ് കുറ്റകൃത്യങ്ങള്‍ക്കായിരുന്നു ഈ നിബന്ധനകള്‍. ഈ വിഭജനമായിരുന്നു കോടതി അനുച്ഛേദം 14-ന്റെ ലംഘനമായി കണക്കാക്കിയത്. പുതിയ ഭേദഗതിയില്‍ ഷെഡ്യൂള്‍ഡ് കുറ്റകൃത്യങ്ങളുടെ പട്ടികയില്‍, “എ’, “ബി’ എന്നിങ്ങനെ രണ്ടു ലിസ്റ്റുകള്‍ മാറി ഒറ്റ ലിസ്റ്റായി. അതോടെ ഈ വകുപ്പ് വീണ്ടും പ്രാബല്യത്തില്‍ വന്നുവെന്നാണ് പുതിയ ഭേദഗതി. മാത്രമല്ല അതിനു മുന്‍കാല പ്രാബല്യമുണ്ടെന്നും ഭേദഗതിയില്‍ ഉണ്ടായിരുന്നു. “ക്രിമിനല്‍ നിയമങ്ങള്‍ക്ക് മുന്‍കാല പ്രാബല്യം ഇല്ല’ എന്ന അടിസ്ഥാന നിയമതത്വം പോലും മറന്നുകൊണ്ടാണ് ഇരട്ട ഉപാധികള്‍ പുനഃസ്ഥാപിച്ചത് കോടതി അംഗീകരിച്ചത്. 

കോടതിയ്ക്ക് മുന്നിലുണ്ടായിരുന്ന ഏറ്റവും പ്രധാനപ്പെട്ട ചോദ്യം ഈ ഭേദഗതികള്‍ “ധനബില്ല്’ ആയി അവതരിപ്പിച്ചത് ശരിയാണോ എന്നായിരുന്നു. ഒരു ശിക്ഷാനിയമത്തിന് ഒരിക്കലും ധനബില്ലാകാന്‍ കഴിയില്ല. അതുകൊണ്ടാവും ഇത് ശിക്ഷാനിയമം അല്ല എന്ന ഗവണ്മെന്റ് വാദം അംഗീകരിക്കപ്പെട്ടത്. എന്നാലും ധനബില്ലായി വിഭാഗീകരിച്ചത് ശരിയാണോയെന്ന് അന്വേഷണത്തിലേക്ക് കോടതി കടന്നില്ല. ധനബില്‍ സംബന്ധിച്ച പ്രശ്‌നങ്ങള്‍ സുപ്രീംകോടതിയുടെ ഏഴംഗ ഭരണഘടനാബെഞ്ചിന്റെ പരിഗണനയിലായതുകൊണ്ട് ഇക്കാര്യത്തില്‍ ഇപ്പോള്‍ തീര്‍പ്പുകല്‍പ്പിക്കാന്‍ ആകില്ല എന്നായിരുന്നു നിലപാട്. ആധാര്‍ ബില്‍ ധനബില്ലായി അവതരിപ്പിച്ചതില്‍ തെറ്റില്ല എന്ന് പറഞ്ഞ വിധിയ്ക്കൊപ്പം നിന്നയാളാണ് ജസ്റ്റിസ് ഖാന്‍വാല്‍ക്കര്‍ എന്നുമോര്‍ക്കണം. അങ്ങനെ ഇ.ഡി.യ്ക്ക് ആരെയും ചോദ്യംചെയ്യാനും, അറസ്റ്റ് ചെയ്യാനും, സ്വത്ത് കണ്ടുകെട്ടാനും, കുറ്റസമ്മതം നടത്തിപ്പിക്കാനും എല്ലാമുള്ള അധികാരം സംരക്ഷിക്കുകയും, ജാമ്യം ഒരു കാരണവശാലും ലഭിക്കുകയില്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്യുന്ന വിധിയായിരുന്നു വിജയ് മദന്‍ലാല്‍ ചൗധരി കേസില്‍ ജസ്റ്റിസ് ഖാന്‍വാല്‍ക്കര്‍ പുറപ്പെടുവിച്ചത്. ഇതുപോലെ സ്റ്റേറ്റിനനുകൂലമായ ഒരു വിചാരധാര ഇവിടെ പ്രതിപാദിച്ച വിധികളിലുടനീളം കാണാനാകും.

ഇത് ഒരു ന്യായാധിപനെക്കുറിച്ചുള്ള വ്യക്തിപരമായ വിലയിരുത്തലല്ല. ഭരണഘടന മുന്നോട്ടുവയ്ക്കുന്ന അവകാശാധിഷ്ഠിത ജനാധിപത്യപദ്ധതിയ്ക്ക് കടകവിരുദ്ധമായ വ്യതിചലനം എങ്ങനെയാണ്, പ്രവര്‍ത്തിപഥത്തില്‍, ഭരണഘടനയ്ക്ക് സംഭവിക്കുന്നത് എന്നതാണ് ഇവിടെ വെളിവാകുന്നത്. മൗലികാവകാശങ്ങളുടെ നിതാന്തസംരക്ഷകരാവേണ്ട ഭരണഘടനാകോടതികള്‍, ഭരണകൂട താത്പര്യങ്ങള്‍ക്കനുസൃതമായി ഭരണഘടനയെ വായിക്കുകയും “ഭരണകൂടക്കോടതി’കളായി പരിവര്‍ത്തനവിധേയമാവുകയും ചെയ്യുന്ന കാഴ്ച ചരിത്രത്തില്‍ അടയാളപ്പെടുത്തേണ്ടതാണ്. വിശകലനം ചെയ്യേണ്ടതാണ്, ചെറുക്കേണ്ടതാണ്. “”ഭരണഘടന എത്ര മികച്ചതാണെങ്കിലും അത് നടപ്പിലാക്കുന്നവര്‍ മോശമാണെങ്കില്‍, അത് മോശമാണെന്നുവരും. ഭരണഘടന എത്ര മോശമാണെങ്കിലും അത് നടപ്പിലാക്കുന്നവര്‍ നല്ലതെങ്കില്‍, അത് മികച്ചതായി തീരുകയും ചെയ്യും.” എന്ന് പറഞ്ഞത് ഭരണഘടനാശില്പി ഡോ. ബി.ആര്‍. അംബേദ്കറാണ്. ഭരണഘടനയെ അന്തിമമായി വ്യാഖ്യാനിക്കുകയും തീര്‍പ്പു പറയുകയും ചെയ്യുന്ന സ്ഥാപനങ്ങള്‍ എന്ന നിലയ്ക്ക്, ജനാധിപത്യത്തില്‍ ഭരണഘടനാമൂല്യങ്ങളുടെ യഥാര്‍ഥ കാവലാള്‍ എന്ന നിലയ്ക്ക് പരമോന്നത നീതിപീഠം അത് മറക്കാന്‍ പാടുള്ളതല്ല. പ്രത്യേകിച്ചും 34 ന്യായാധിപരും, അസംഖ്യം ബെഞ്ചുകളുമുള്ള നമ്മുടെ കോടതിയില്‍.

First Published in TrueCopyThink on 08/08/2022

ദ്രൗപദിമുര്‍മു രാഷ്ട്രപതിപദവിയേറുമ്പോള്‍ കെ.ആര്‍. നാരായണനെ ഓര്‍ക്കാതിരിക്കുന്നതെങ്ങനെ?

ദ്രൗപദി മുര്‍മു ഒരു ആദിവാസി സ്ത്രീയായതുകൊണ്ടുമാത്രം, രാഷ്ട്രീയ തന്ത്രത്തിന്റെ ഭാഗമായി രാഷ്ട്രപതിയായതാണെന്നു പറയുന്നവരുണ്ട്;  അതുകൊണ്ടുതന്നെ അവര്‍ റബ്ബര്‍ സ്റ്റാമ്പ് ആയിരിക്കുമെന്നും. ആ വാദത്തോട് യോജിക്കാന്‍ കഴിയില്ല. ഒരുപാടുകാലം ബ്രഹ്മണരും ആഢ്യ മുസ്​ലിംകളും മാത്രമാണ് പ്രസിഡൻറ് പദം അലങ്കരിച്ചിരുന്നത്.   ഡോ. രാജേന്ദ്രപ്രസാദ് ആചാരം സംരക്ഷിക്കാന്‍ നെഹ്രുവിനോട് വിയോജിച്ചതല്ലാതെ, ഇന്ത്യന്‍  ‘ആഢ്യ’ രാഷ്ട്രപതികളില്‍ ആരാണ് റബ്ബര്‍ സ്റ്റാമ്പ് അല്ലാതിരുന്നിട്ടുള്ളത്?

ദ്രൗപദി മുര്‍മു, ട്രൈബല്‍ വിഭാഗത്തില്‍ നിന്നുള്ള ആദ്യ ഇന്ത്യന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത് യാദൃശ്ചികതയല്ല. രാജ്യത്ത് ആധിപത്യം നേടാന്‍ ശ്രമിക്കുന്ന രാഷ്ട്രീയപദ്ധതിയുടെ പ്രയോക്താക്കള്‍ക്ക് തങ്ങളുടെ ലക്ഷ്യത്തിലേക്കുള്ള മാര്‍ഗം എന്താണെന്ന വ്യക്തമായ ധാരണയുണ്ട്. ബ്രാഹ്മണിക്കല്‍ പ്രത്യയശാസ്ത്രം മുന്നോട്ടുവയ്ക്കുമ്പോഴും, ദലിത് ബഹുജന വിഭാഗങ്ങളുടെ പിന്തുണയില്ലാതെ അധികാരത്തിലേറാന്‍ കഴിയില്ല എന്നവര്‍ക്കറിയാം. കേന്ദ്രമന്ത്രിസഭ തന്നെയെടുക്കുക.  12 മന്ത്രിമാര്‍ പട്ടികജാതി വിഭാഗത്തില്‍ നിന്നും, എട്ടു പേര്‍ പട്ടികവര്‍ഗവിഭാഗത്തിൽനിന്നും,  27 ​​പേർ മറ്റു പിന്നാക്ക ഹിന്ദു വിഭാഗത്തില്‍ നിന്നുള്ളവരുമാണ്. അങ്ങനെ നോക്കിയാല്‍, പട്ടികജാതി- വർഗ, പിന്നാക്ക പ്രാതിനിധ്യം മന്ത്രിസഭയുടെ  60 ശതമാനം വരും. ബി.ജെ.പിയുടെ രാഷ്ട്രീയ അടിത്തറ നഗരകേന്ദ്രീകൃത സവര്‍ണ വിഭാഗങ്ങളില്‍ നിന്ന്​ ഗ്രാമീണ- ദരിദ്ര- ബഹുജന്‍- സ്ത്രീ വിഭാഗങ്ങളിലേക്ക് പടര്‍ത്താനുള്ള വിജയകരമായ രാഷ്ട്രീയ പരീക്ഷണങ്ങളുടെ ഭാഗമാണിത്. 

കർഷകസമരത്തിന്റെ കേന്ദ്രമായി മാറുകയും, കേന്ദ്രമന്ത്രിയുടെ മകന്‍ കര്‍ഷകനെ വണ്ടിയിടിപ്പിച്ച് കൊല്ലുകയും ചെയ്ത ലഖീംപൂര്‍ ഖേരിയില്‍  പോലും ബി.ജെ.പി ജയിച്ചു കയറിയത് നമ്മള്‍ കണ്ടതാണ്. ഹിന്ദുത്വ- ബ്രാഹ്മണിക ആദർശങ്ങളില്‍ ഉറച്ചുനില്‍ക്കുമ്പോഴും, അവര്‍ണ വിഭാഗങ്ങളില്‍ വിശാലഹിന്ദുസമുദായത്തിന്റെ ഭാഗമാണ് തങ്ങളെന്ന ബോധം ജനിപ്പിക്കാന്‍ ആവശ്യമായ ശ്രമങ്ങളുണ്ടാവുന്നുണ്ട്. ഭരണപരമായി ഗവണ്മെൻറ്​ സ്വീകരിക്കുന്ന സാമ്പത്തിക നയങ്ങള്‍ ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള അന്തരം മുമ്പില്ലാത്തവിധം വര്‍ദ്ധിക്കുകയും ദാരിദ്ര്യ സൂചികയിലുള്‍പ്പെടെ രാജ്യം പിന്നാക്കം പോവുകയും ചെയ്തെങ്കിലും, ദരിദ്ര കുടുംബങ്ങളെ, വമ്പിച്ച പ്രചാരണത്തോടുകൂടി നടപ്പിലാക്കുന്ന ക്ഷേമപദ്ധതികളില്‍ ഒന്നിന്റെയെങ്കിലും ഉപഭോക്താവാക്കുക വഴി, അവരുടെ വിശ്വാസം നേടുക എന്ന തന്ത്രം ഫലപ്രദമായി നടപ്പിലാക്കിയിട്ടുണ്ട്.

റേഷന്‍ വിതരണത്തിലൂടെയും തൊഴിലുറപ്പ് പദ്ധതിയിലൂടെയുമെല്ലാം സ്ത്രീജനങ്ങള്‍ക്കിടയിലും നിര്‍ണായക സ്വാധീനം ഉറപ്പിക്കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്.  കഴിഞ്ഞ രണ്ടുമൂന്നു പതിറ്റാണ്ടുകളായി ബഹുജന വിഭാഗങ്ങളെ കേന്ദ്രീകരിച്ചുള്ള കൃത്യമായ പ്രവര്‍ത്തനങ്ങള്‍ ഇവിടെ നടക്കുന്നുണ്ട്. രാഷ്ട്രപതിമാരുടെ തെരഞ്ഞെടുപ്പിലും ഈ സൂക്ഷ്മത പ്രകടമാണ്. 

കലാം എന്ന ‘ദേശീയ മുസ്​ലിം’

ലോകത്തിനുമുന്‍പില്‍ ഇന്ത്യയുടെ ജനാധിപത്യ മതേതര മൂല്യങ്ങള്‍ക്ക്  തീരാ കളങ്കമായി മാറിയ, 2002-ലെ ഗുജറാത്ത് വംശഹത്യക്കുശേഷം, വാജ്‌പേയി ഗവണ്‍മെന്റിന്റെ കാലത്ത് രാഷ്ട്രപതി സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത് എ.പി.ജെ. അബ്ദുല്‍ കലാമാണ്.  ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നുള്ള ഒരാള്‍, അതിലുപരിയായി തങ്ങള്‍ ആഗ്രഹിക്കുന്ന രീതിയിലുള്ള  ‘ദേശീയ മുസ്​ലിം’. മധ്യവര്‍ഗത്തിന് ഏറെ സ്വീകാര്യന്‍. യുവജനങ്ങള്‍ക്കിടയിലും മധ്യവര്‍ഗ്ഗത്തിനിടയിലും വളരെ മനോഹരമായി ആ നിയമനത്തെ മാര്‍ക്കറ്റ് ചെയ്യാന്‍ അന്നത്തെ രാഷ്ട്രീയ നേതൃത്വത്തിന് സാധിച്ചു. എന്‍.ഡി.എയ്ക്ക് മധ്യവര്‍ഗത്തിനിടയില്‍ വ്യാപക സ്വീകാര്യത ലഭിക്കാന്‍ ആ നിയമനം സഹായിച്ചിട്ടുണ്ട്. 

ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍, രോഹിത് വെമുലയുടെ മരണത്തിനുശേഷം, രാഷ്ട്രപതി സ്ഥാനത്തേക്ക് ദലിത് വിഭാഗത്തില്‍ നിന്നുമുള്ള രാംനാഥ് കോവിന്ദ് എത്തി. ഇപ്പോഴിതാ ദ്രൗപതി മുര്‍മു രാഷ്ട്രപതിയായിരിക്കുന്നു. ഒഡീഷയിലെ സന്താള്‍ സമൂഹത്തില്‍ നിന്നുമുള്ള രാഷ്ട്രീയ നേതാവ്. ആദിവാസി വിഭാഗത്തില്‍ നിന്നുള്ള ആദ്യ രാഷ്ട്രപതി. രാംനാഥ് കോവിന്ദും ദ്രൗപതി മുര്‍മുവും ദലിത്- ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ എത്രമാത്രം സ്വാധീനം ഉറപ്പിക്കാന്‍ ഭരണപക്ഷ രാഷ്ട്രീയത്തിന് സഹായകമാകും എന്ന് നിശ്ചയമില്ല, എന്നിരുന്നാലും രാഷ്ട്രപതി തെരഞ്ഞെടുപ്പുകളെ, കൃത്യമായ ലക്ഷ്യബോധത്തോടെയാണ് അവര്‍ സമീപിക്കുന്നത് എന്ന കാര്യത്തില്‍ തര്‍ക്കമില്ല. 

രാഷ്​ട്രപതിമാരുടെ രാഷ്​ട്രീയ നീക്കങ്ങൾ

കോണ്‍ഗ്രസ് ഭരണകാലത്ത് രാഷ്ട്രപതി പദവി ഇങ്ങനെയൊരു രാഷ്ട്രീയ പദ്ധതിയുടെ ഭാഗമായിരുന്നില്ല. രാഷ്ട്രീയ നേതൃത്വത്തിന് പ്രിയമുള്ള ആളുകളെ നിയമിക്കുക എന്നതായിരുന്നു രീതി, പ്രത്യേകിച്ചും കോണ്‍ഗ്രസിന്റെ ഔദ്യോഗിക സ്ഥാനാര്‍ത്ഥിയായിരുന്ന നീലം സഞ്​ജീവ റെഡ്ഡിക്കെതിരെ ഇന്ദിരാഗാന്ധി തന്റെ വ്യക്തിപരമായ താല്പര്യപ്രകാരം വി. വി. ഗിരിയെ രാഷ്ട്രപതി സ്ഥാനത്തേക്ക് നിര്‍ദ്ദേശിച്ചതുമുതലിങ്ങോട്ട്.

1974-ല്‍, ഒരു ക്യാബിനറ്റ് തീരുമാനം പോലും ഇല്ലാതെ, ഇന്ദിരാഗാന്ധിയുടെ അടിയന്തരാവസ്ഥ പ്രഖ്യാപനത്തില്‍ ഒപ്പിട്ടത്​ ഫക്രുദീന്‍ അലി അഹമ്മദാണ്​. പിന്നീടുവന്ന സെയില്‍ സിംഗ്, കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടിയുടെയോ ക്യാബിനറ്റിന്റെയോ തീരുമാനം വരുന്നതിനു മുന്‍പേ, രാജീവ് ഗാന്ധിയെ പ്രധാനമന്ത്രിയായി നിയമിച്ചു. പിന്നീട് രാജീവ് ഗാന്ധിയുമായുള്ള വ്യക്തിപരമായ അകല്‍ച്ചയുടെ പശ്ചാത്തലത്തില്‍ രാഷ്ട്രപതിസ്ഥാനത്തിരുന്ന്​നടത്തിയ രാഷ്ട്രീയ നീക്കങ്ങള്‍ പ്രസിദ്ധമാണ്.

ആചാരസംരക്ഷകനായ രാജേന്ദ്രപ്രസാദ്​

ഇന്ത്യയുടെ ചരിത്രത്തില്‍ സ്വന്തം വ്യക്തിത്വം അടയാളപ്പെടുത്തിയ രാഷ്ട്രപതിമാര്‍ ചുരുക്കമാണ്. എല്ലാവരും തന്നെ, ഭരണപക്ഷ രാഷ്ട്രീയ നേതൃത്വത്തിന്റെ താല്‍പര്യങ്ങളോട് ചേര്‍ന്നുനില്‍ക്കുന്ന, എക്‌സിക്യൂട്ടീവ് പ്രസിഡണ്ടുമാരായിരുന്നു. ആദ്യ രാഷ്ട്രപതി ഡോ. രാജേന്ദ്രപ്രസാദ്, പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുമായി അഭിപ്രായ വ്യത്യാസം പ്രകടിപ്പിച്ചിരുന്നുവെങ്കിലും, അത് താന്‍ സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധമായ ഭരണഘടനാധാര്‍മികതയുടെ സംരക്ഷണത്തിനുവേണ്ടിയായിരുന്നില്ല. ഇന്ത്യയില്‍, സ്ത്രീ സമൂഹത്തിന്റെ സമത്വത്തിലേക്കുള്ള ആദ്യ ചുവടുകളിലൊന്നായിരുന്ന ഹിന്ദു കോഡ് ബില്ലിനെതിരെയാണ് അദ്ദേഹം കടുത്ത നിലപാട് സ്വീകരിച്ചത്.

നെഹ്‌റുവിന്റെ താല്പര്യങ്ങള്‍ക്ക് വിരുദ്ധമായി ഒരു ക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിനുപോയ ചരിത്രവുമുണ്ട്. ബനാറസില്‍ 200 ബ്രാഹ്മണരുടെ  കാലു കഴുകുന്ന ചടങ്ങ് നടത്തിയ പാരമ്പര്യവും അദ്ദേഹത്തിനവകാശപ്പെട്ടതാണ്. രാജേന്ദ്ര പ്രസാദിന്റേതുപോലെയുള്ള, ആചാര സംരക്ഷണ പാരമ്പര്യമല്ല,  ഭരണഘടനയെ സംരക്ഷിക്കാൻ ബാധ്യതപ്പെട്ട പദവി വഹിക്കുന്നയാള്‍ എന്ന നിലയിലുള്ളത്​, ഇന്ത്യാ ചരിത്രത്തില്‍ രാഷ്ട്രപതിമാര്‍ എങ്ങനെയാണ് ഇടപെട്ടിട്ടുള്ളത് എന്നതിലാണ് കാര്യം. രാജ്യത്തിലെ അടിസ്ഥാന വര്‍ഗത്തില്‍ നിന്ന് വീണ്ടുമൊരാള്‍ കൂടി ഇന്ത്യയിലെ പരമോന്നത രാഷ്ട്രീയ പദവിയിലേക്കെത്തുമ്പോള്‍, അത്തരമൊരു ആലോചന അനിവാര്യമാണ്. 

കെ.ആർ. നാരായണന്റെ ഇടപെടലുകൾ

സ്ഥാനമൊഴിയുന്ന രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ കാലം സംഭവ രഹിതമായിരുന്നു. എന്നാല്‍, ദലിത് വിഭാഗത്തില്‍നിന്ന് ആദ്യമായി രാഷ്ട്രപതി സ്ഥാനത്തേക്കെത്തിയ കെ. ആര്‍. നാരായണന്‍ അങ്ങനെയായിരുന്നില്ല. ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും മികച്ച രാഷ്ട്രപതി ആരെന്ന ചോദ്യത്തിന് തന്റെ പ്രവര്‍ത്തികളിലൂടെ ഉത്തരം നല്‍കിയാണ് അദ്ദേഹം പടിയിറങ്ങിയത്. രാം നാഥ് കോവിന്ദ് സ്ഥാനമേറ്റെടുത്ത്​ നടത്തിയ ആദ്യ പ്രസംഗത്തില്‍ അദ്ദേഹം ഓര്‍ത്തെടുത്ത രാഷ്ട്രപതിമാരുടെ ലിസ്റ്റില്‍ കെ.ആര്‍. നാരായണന്‍ ഉണ്ടായിരുന്നില്ല എന്നത് യാദൃശ്ചികമാണോ എന്നറിയില്ല, ഗാന്ധിയും അംബേദ്കറും ദീന്‍ ദയാല്‍ ഉപാധ്യായയും കടന്നുവന്ന പ്രസംഗത്തില്‍ നെഹ്രുവിന്റെ പേരും ഉണ്ടായിരുന്നില്ല.

രാഷ്ട്രപതി എന്ന നിലയില്‍ ഗവണ്മെന്റിന്റെ റബ്ബര്‍ സ്റ്റാമ്പ് ആവാതിരിക്കാന്‍ ബദ്ധശ്രദ്ധനായിരുന്നു, നെഹ്റു  ‘നമ്മുടെ ഏറ്റവും മികച്ച ഡിപ്ലോമാറ്റ്’ എന്ന്  ഒരിക്കല്‍ വിശേഷിപ്പിച്ച കെ.ആര്‍. നാരായണന്‍. ഭരണഘടനയോട് നീതിപുലര്‍ത്തുക എന്നതാണ് പ്രഥമ പൗരന്റെ പ്രാഥമിക കര്‍ത്തവ്യം എന്ന് അദ്ദേഹം ഉറച്ചുവിശ്വസിച്ചിരുന്നു. ദി ഹിന്ദു പത്രാധിപര്‍  എന്‍.റാമിന് അനുവദിച്ച അഭിമുഖത്തില്‍, രാഷ്ട്രപതി സ്ഥാനത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ അഭിപ്രായം പറയുന്നുണ്ട്:  ‘‘എന്റെ പ്രതിച്ഛായ ഒരു  ‘എക്‌സിക്യൂട്ടീവ്’ പ്രസിഡൻറ്​ എന്ന തരത്തിലല്ല, മറിച്ച് ഒരു ‘വര്‍ക്കിംഗ് പ്രസിഡൻറ്​’ എന്ന നിലയ്ക്കാണ്. എന്നിരുന്നാലും ഭരണഘടനയുടെ നാല് ചുമരുകള്‍ക്കുള്ളില്‍നിന്ന്​ പ്രവര്‍ത്തിക്കുന്ന പ്രസിഡന്റാണ് ഞാന്‍”. ‘‘സംഭവഗതികളെ സ്വാധീനിക്കാന്‍ പോന്ന നേരിട്ടുള്ള അധികാരങ്ങള്‍ പ്രസിഡന്റിനില്ല. എന്നാല്‍ പ്രസിഡൻറിന്റെ ഓഫീസിന് ഗവണ്മെന്റിലും എക്‌സിക്യൂട്ടീവിലും  പാര്‍ലമെൻറിലും ചില സൂക്ഷ്മസ്വാധീനങ്ങള്‍ ചെലുത്താനാകും. പരോക്ഷ സമീപനം എന്ന ആശയമാണ് അതിനുതകുന്നത്.” അദ്ദേഹം വ്യക്തമാക്കുന്നു. ഈ ആശയം തന്റെ കാലത്തുടനീളം അദ്ദേഹം പ്രാവര്‍ത്തികമാക്കിയിരുന്നു. 

ശങ്കര്‍ ദയാല്‍ ശര്‍മക്കുശേഷം അടുത്ത പ്രസിഡന്റിനെ തേടുന്ന വേളയില്‍, വി.പി. സിംഗാണ് അദ്ദേഹത്തിന്റെ പേര് മുന്നോട്ട് വയ്ക്കുന്നത്.  ‘ഇടതുപക്ഷ കാഴ്ചപ്പാടു’ള്ളതുകൊണ്ട് നരസിംഹ റാവു ഗവണ്‍മെന്റില്‍ നിന്ന് മാറ്റി നിര്‍ത്തപ്പെട്ടയാളാണ്. അങ്ങനെ ഐക്യമുന്നണിയുടെ സ്ഥാനാര്‍ത്ഥിയായാണ് അദ്ദേഹം രാഷ്ട്രപതിയാവുന്നത്. എന്നാല്‍ അധികാരമേറ്റെടുത്തയുടൻ കക്ഷിരാഷ്ട്രീയ പരിഗണനകള്‍ക്കതീതനായ രാഷ്ട്രപതിയായിരിക്കും അദ്ദേഹമെന്ന് ഐക്യമുന്നണിക്ക് ബോധ്യപ്പെട്ടു. 1997 ഒക്ടോബറില്‍, ഉത്തര്‍പ്രദേശിലെ കല്യാണ്‍ സിംഗ് ഗവണ്മെൻറിനെ ഭരണഘടനയുടെ അനുച്ഛേദം 356 ഉപയോഗിച്ച് പിരിച്ചുവിട്ട്, രാഷ്ട്രപതി ഭരണം സ്ഥാപിക്കാനുള്ള നിര്‍ദേശം അദ്ദേഹം തിരിച്ചയച്ചപ്പോഴായിരുന്നു അത്. സി.പി.എം, കോണ്‍ഗ്രസ്​, ബി.എസ്.പി., എസ്.പി. തുടങ്ങിയ കക്ഷികളെല്ലാം യു.പി. ഗവണ്മെന്റിനെ പിരിച്ചുവിടണമെന്ന ആവശ്യമുന്നയിച്ചിരുന്നു. നിയമസഭയില്‍ വിശ്വാസവോട്ടെടുപ്പ് നടത്താതെ തന്നെ ഗവണ്മെന്റിനെ പിരിച്ചുവിടാനുള്ള തീരുമാനം ഐ.കെ. ഗുജ്‌റാള്‍ ഗവണ്മെൻറ്​ കൈക്കൊണ്ടു. എന്നാല്‍ രാഷ്ട്രപതി ആ നിര്‍ദ്ദേശം ഗവണ്മെന്റിനു തിരിച്ചയച്ചു. എസ്. ആര്‍. ബൊമ്മെ കേസിലെ സുപ്രീംകോടതി ഉത്തരവും സര്‍ക്കാരിയാ കമ്മീഷന്‍ നിര്‍ദ്ദേശങ്ങളും ചൂണ്ടിക്കാണിച്ചുകൊണ്ടായിരുന്നു പ്രസിഡന്റിന്റെ നടപടി. 

പിന്നീട് 1998-ല്‍ ബിഹാര്‍ ഗവണ്മെന്റിനെ പിരിച്ചുവിടാനുള്ള വാജ്‌പേയീ ഗവണ്മെന്റിന്റെ ശ്രമത്തെയും അദ്ദേഹം തടഞ്ഞു. ജനാധിപത്യ മര്യാദകളും ഭരണഘടനാപരമായ സംരക്ഷണങ്ങളും പരമപ്രധാനമാണെന്ന് അദ്ദേഹം കരുതിയിരുന്നു.  ഇതിനായി രാത്രി ഉറക്കമൊഴിഞ്ഞിരുന്ന് ബൊമ്മെ  കേസിലെ സുപ്രീംകോടതി വിധി വായിക്കുകയും, നിയമവിദഗ്ധരില്‍ നിന്ന് അതിന്റെ സംഗ്രഹം തയ്യാറാക്കി നിയമയുക്തികള്‍ കൃത്യമായി  മനസിലാക്കുകയും ചെയ്തിരുന്നു. അതുകൊണ്ടുതന്നെ വളരെ വ്യക്തമായ കുറിപ്പ് സഹിതമാണ് അനുച്ഛേദം 356 സംബന്ധിച്ച ഫയലുകള്‍ തിരിച്ചയച്ചത്. 1999-ല്‍ വാജ്പേയ് ഗവണ്മെൻറ്​ ഒറ്റ വോട്ടിന് അവിശ്വാസപ്രമേയത്തില്‍ പരാജയപ്പെട്ടപ്പോള്‍, പ്രതിപക്ഷത്തിന്റെ സമന്വയ സ്ഥാനാര്‍ത്ഥിയായി പ്രധാനമന്ത്രിസ്ഥാനത്തേക്ക് സി.പി.എം. നേതാവ് ജ്യോതി ബസുവിന് അവസരം നല്കണമെന്ന പരോക്ഷ സൂചന നല്‍കാനും അദ്ദേഹം തുനിഞ്ഞിരുന്നു. പക്ഷേ, ആ രാഷ്ട്രീയ അവസരം ക്രിയാത്മകമായി വിനിയോഗിക്കാന്‍ സി.പി.എമ്മിനോ, കോണ്‍ഗ്രസിനോ കഴിഞ്ഞില്ല.

വാജ്‌പേയി ഗവണ്മെൻറ്​ അധികാരത്തില്‍ വന്നശേഷം  ഇന്ത്യയുടെ മതേതര സ്വഭാവത്തിനും ഭരണഘടനയ്ക്കും മേല്‍ സംഘടിത ആക്രമണമുണ്ടാകാന്‍ തുടങ്ങിയതില്‍ അത്യന്തം അസ്വസ്ഥനായിരുന്നു അദ്ദേഹം. പ്രധാനമന്ത്രിയുടെ അനുഗ്രഹാശിസ്സുകളോടെ ഭരണഘടന മാറ്റിയെഴുതാനുള്ള ഗൗരവതരമായ ശ്രമം നടത്തുകയുണ്ടായി. പ്രസിഡന്റിന്റെ നയപ്രഖ്യാപനപ്രസംഗത്തില്‍ ഭരണഘടന പുനഃപരിശോധിക്കുന്നതിനെക്കുറിച്ച് പരാമര്‍ശം കടന്നുവന്നു. പ്രസ്തുത പ്രസംഗം ഗവണ്മെൻറ്​ തയ്യാറാക്കി നല്‍കുന്നതാണ്. അതില്‍ തിരുത്തല്‍ വരുത്താനോ, വിയോജിക്കാനോ ഉള്ള അധികാരം  രാഷ്ട്രപതിക്കില്ല. അതുകൊണ്ടുതന്നെ അത് വായിക്കാന്‍ അദ്ദേഹം നിര്‍ബന്ധിതനായി. എന്നാല്‍ പിന്നീട് ഒരവസരം ലഭിച്ചപ്പോള്‍ അദ്ദേഹം പ്രതികരിച്ചു. റിപ്പബ്ലിക്കിന്റെ അമ്പതാം വാര്‍ഷിക വേളയില്‍ അദ്ദേഹം പറഞ്ഞ വാക്കുകള്‍ സംഘപരിവാരത്തിന്റെ ഭരണഘടനാ മാറ്റിയെഴുതല്‍ ശ്രമങ്ങളെ അവതാളത്തിലാക്കി:  ‘‘ഇന്ന് ഭരണഘടന പുനഃപരിശോധിക്കുന്നതിനെക്കുറിച്ചോ, പുതിയതൊരെണ്ണം എഴുതുക തന്നെ ചെയ്യുന്നതിനെക്കുറിച്ചോ ഒരുപാട് ചര്‍ച്ചകളുണ്ടാവുന്നുണ്ട്. ഭരണഘടനയാണോ നമ്മളെ പരാജയപ്പെടുത്തിയത് അതോ നമ്മള്‍ ഭരണഘടനയെ പരാജയപ്പെടുത്തുകയാണോ ചെയ്തതെന്ന് നമ്മള്‍ ആലോചിക്കേണ്ടതുണ്ട്.”
കെ. ആര്‍. നാരായണന്റെ വാക്കുകള്‍ വലിയ മാധ്യമശ്രദ്ധനേടി, ദേശീയ അന്തര്‍ദേശീയ തലത്തില്‍ ചര്‍ച്ചയായി. ഒടുവില്‍ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി, ഭരണഘടനാ പുനഃപരിശോധനാ സമിതി രൂപീകരിക്കാന്‍ തീരുമാനിച്ചിരുന്ന കേന്ദ്ര ഗവണ്മെൻറ്​, അത് മാറ്റി ഭരണഘടന പ്രവര്‍ത്തിക്കുന്നതെങ്ങനെയെന്നു പരിശോധിക്കാന്‍ (Review of working of the Constitution) ജസ്റ്റിസ് വെങ്കിടാചലയ്യ കമ്മീഷനെ നിയോഗിച്ചു തലയൂരി. 

തന്റെ പ്രസംഗങ്ങളെല്ലാം സ്വയം തയ്യാറാക്കണം എന്ന നിര്‍ബന്ധമുണ്ടായിരുന്ന കെ. ആര്‍. നാരായണന്‍ ഗാന്ധിയും നെഹ്രുവും അംബേദ്കറും മുന്നോട്ടു വച്ച ധാര്‍മിക- സാമ്പത്തിക- മാനവിക ദര്‍ശനങ്ങളെക്കുറിച്ച് എപ്പോഴും വാചാലനാകുമായിരുന്നു. Reform, Perform and Transform എന്ന ആപ്തവാക്യം സാമ്പത്തിക നയത്തിന്റെ നെടുംതൂണായിരുന്ന കാലത്ത് ഉദാരവത്കരണ-ആഗോളവത്കരണ നയങ്ങള്‍ രാജ്യത്തെ അവശ വിഭാഗങ്ങളെ കൈവെടിയുന്നതാകരുത് എന്ന് ഗവണ്‍മെന്റുകളെ ഓര്‍മിപ്പിച്ചു:  ‘‘പുതുപ്പണക്കാരുടെ അശ്ലീലകരമായ ഉപഭോഗ സംസ്‌കാരം അധഃസ്ഥിത വര്‍ഗത്തെ കടുത്ത നൈരാശ്യത്തിലേക്ക് തള്ളിവിട്ടിരിക്കുന്നു. നമ്മുടെ സമൂഹത്തിലെ ഒരു വിഭാഗം കോള കുടിക്കുമ്പോള്‍, മറ്റൊരു വിഭാഗം കൈക്കുമ്പിളില്‍ ചെളിവെള്ളം കോരി കുടിച്ച് ദാഹമകറ്റുന്നു. ഉദാരവത്കരണം, സ്വകാര്യവത്കരണം, ആഗോളവത്കരണം എന്നിവയുടെ അതിവേഗ മൂന്നുവരിപ്പാതയില്‍, ദുര്‍ബല വിഭാഗങ്ങള്‍ക്ക് തുല്യതയിലേക്ക് നീങ്ങാനുള്ള നടപ്പാതകള്‍ കൂടി ഒരുക്കേണ്ടതുണ്ട്’’- അദ്ദേഹം പറഞ്ഞു.

1998-ല്‍ ജഡ്ജിമാരുടെ നിയമനം അംഗീകരിക്കുന്നതിനൊപ്പം, നാമനിര്‍ദ്ദേശങ്ങളില്‍ ദുര്‍ബലവിഭാഗങ്ങളുടെ പ്രാതിനിധ്യമില്ലായ്മയെക്കുറിച്ച് നോട്ടെഴുതി. ജനതയുടെ 25 ശതമാനം വരുന്ന പട്ടികജാതി/പട്ടികവര്‍ഗ്ഗങ്ങളുടെ പ്രാതിനിധ്യം ജുഡീഷ്യറിയില്‍ എത്രമാത്രമുണ്ടെന്ന വളരെ പ്രസക്തമായ ചോദ്യം ഉന്നയിച്ചു. തുടര്‍ന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പ്രാതിനിധ്യം ഉറപ്പുവരുത്താനുള്ള ശ്രമങ്ങളുണ്ടാവുമെന്ന് വിശദീകരിച്ചു. സ്ത്രീ ശാക്തീകരണത്തെക്കുറിച്ചും കൃത്യമായ കാഴ്ചപ്പാടുണ്ടായിരുന്ന അദ്ദേഹം സ്ത്രീ സംവരണ ബില്ലിനെ പരസ്യമായി പിന്തുണച്ചു. സ്ത്രീകള്‍ക്ക് തുല്യതയിലേക്കുള്ള വാതില്‍ തുറക്കുന്ന  ‘ഹിന്ദു കോഡ് ബില്ല്’ പാസാക്കാന്‍ അനുവദിക്കില്ല എന്ന പരസ്യ നിലപാടെടുത്ത ആചാരസംരക്ഷകനായ പ്രഥമ രാഷ്ട്രപതിയില്‍ നിന്ന്​കെ.ആര്‍. നാരായണനിലേക്കുള്ള ദൂരം ചെറുതല്ല.  ഭരണഘടനയുടെ കാതല്‍, സാമൂഹ്യനീതിയും സാമൂഹ്യ ജനാധിപത്യവുമാണ് എന്ന് അദ്ദേഹം നിരന്തരം ഓര്‍മിപ്പിച്ചുകൊണ്ടിരുന്നു. അതിനായി രാഷ്ട്രപതിയുടെ പരിമിതമായ അധികാരങ്ങള്‍ കഴിയുന്ന അവസരങ്ങളിലൊക്കെ വിനിയോഗിച്ചു.

ഭരണഘടനയുടെ അടിസ്ഥാന സ്വഭാവങ്ങളിലൊന്നായ മതേതരത്വത്തിന് കളങ്കമേല്‍ക്കുന്ന അവസരങ്ങളില്‍ നിശ്ശബ്ദത പാലിക്കാന്‍ അദ്ദേഹത്തിന് കഴിയുമായിരുന്നില്ല. ആസ്‌ട്രേലിയന്‍ മിഷനറി ഗ്രഹാം സ്റ്റെയിന്‌സിനെയും കുഞ്ഞുങ്ങളെയും ചുട്ടുകൊന്ന നടപടിയോട് ശക്തമായ ഭാഷയിലാണ് പ്രതികരിച്ചത്. സംഭവം  ‘ലോകത്തിലെ കിരാത ചെയ്തികളുടെ പട്ടിക’യില്‍ പെടുന്നതാണെന്ന് പ്രസ്താവിച്ചു അദ്ദേഹം. 2002-ലെ ഗുജറാത്ത് വംശഹത്യ തന്റെ ഔദ്യോഗിക ജീവിതത്തിലെ ഏറ്റവും ദുഃഖകരവും നിരാശാജനകവുമായ സംഭവമാണെന്ന് പിന്നീട് അദ്ദേഹം ഓര്‍ത്തെടുത്തിട്ടുണ്ട്. പ്രസിഡൻറ്​ എന്ന നിലയില്‍, നേരിട്ട് എന്തെങ്കിലും ചെയ്യുവാനുള്ള അധികാരം അദ്ദേഹത്തിനുണ്ടായിരുന്നില്ല. എന്നാല്‍, സത്വര നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി വാജ്പേയിക്ക് നിരന്തരം കത്തുകള്‍ നല്‍കിയിരുന്നു രാഷ്ട്രപതി ഭവന്‍. ഗുജറാത്തിലേക്ക് എത്രയും പെട്ടെന്ന് സൈന്യത്തെ അയയ്ക്കണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു. ആദ്യമത് പരിഗണിക്കാതിരുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍, പിന്നീട് സേനയെ അയച്ചപ്പോഴോ, വെടിവയ്ക്കാനുള്ള അനുമതി നല്‍കിയതുമില്ല. സേനയുടെ ഫലപ്രദമായ ഇടപെടലുണ്ടായിരുന്നുവെങ്കില്‍ ഇത്രയേറെ കൂട്ടക്കൊലകള്‍ അരങ്ങേറുകയില്ലായിരുന്നുവെന്ന് അദ്ദേഹം കരുതി. പ്രസിഡന്റും പ്രധാനമന്ത്രിയും തമ്മിലുള്ള അക്കാലത്തെ കത്തിടപാടുകള്‍ ഇന്നും ഔദ്യോഗിക രഹസ്യമായിരിക്കുന്നു. വിവരാവകാശ നിയമപ്രകാരം അവ പുറത്തുവിടാന്‍ കേന്ദ്ര വിവരാവകാശ കമീഷന്റെ ഉത്തരവുണ്ടായിരുന്നുവെങ്കിലും ഡല്‍ഹി ഹൈക്കോടതി അത് തടഞ്ഞു. ഗുജറാത്ത് കലാപം അന്വേഷിച്ച നാനാവതി കമ്മീഷനുപോലും അത് ലഭ്യമാക്കിയിരുന്നില്ല. ഇതില്‍നിന്ന് തന്നെ അദ്ദേഹത്തിന്റെ ഇടപെടലുകളില്‍ ഗവണ്‍മെന്റിന് അപ്രിയമായതെന്തൊക്കെയോ ഉണ്ടായിരുന്നുവെന്ന് വ്യക്തമാകും. പിന്നീട്, ഗുജറാത്ത് കലാപത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ  ഗൂഢാലോചന ഉണ്ടായിരുന്നുവെന്ന് അദ്ദേഹം തുറന്നു പറഞ്ഞിട്ടുണ്ട്. കലാപകാലത്ത്, ഇരകള്‍ക്കുമുന്നില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഉള്‍പ്പെടെയുള്ള അധികാരകേന്ദ്രങ്ങളുടെ വാതിലുകള്‍ അടഞ്ഞുകിടന്നപ്പോള്‍, റെയ്‌സിന ഹില്‍സില്‍ രാഷ്ട്രപതിഭവന്റെ വാതില്‍ തുറന്നു കിടന്നു. പ്രഥമ പൗരനും പ്രഥമ വനിതയും നിരാലംബരായ മനുഷ്യരുടെ ആവലാതികള്‍ കേള്‍ക്കുകയും സമാശ്വസിപ്പിക്കുകയും ചെയ്തു. അത് ചെറുതല്ലാത്ത പ്രത്യാശയാണ് ഇരകള്‍ക്ക് നല്‍കിയത്. 

ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെയും ബ്രിട്ടീഷുകാര്‍ക്കുള്ള മാപ്പെഴുത്തു പ്രസ്ഥാനത്തിന്റെയും ഉപജ്ഞാതാവായ  ‘വീര’സവര്‍ക്കര്‍ക്ക്  ഭാരതരത്‌ന നല്‍കാനുള്ള വാജ്‌പേയി ഗവണ്മെന്റിന്റെ നീക്കത്തിന് തടയിട്ടതും കെ.ആര്‍. നാരായണനാണ്, 2001-ല്‍. ബിസ്​മില്ലാഖാന് ഭാരതരത്‌ന നല്‍കുവാന്‍ അദ്ദേഹം നിര്‍ദ്ദേശിച്ചിരുന്നു. അതിനുപകരം, വാജ്‌പേയി നാമനിര്‍ദ്ദേശം ചെയ്തത് സവര്‍ക്കറെയാണ്. എന്നാല്‍ കെ. ആര്‍. നാരായണന്‍ അതിന്​ അംഗീകാരം നല്‍കാന്‍ തയ്യാറായില്ല. ഒടുവില്‍, മാസങ്ങള്‍ക്കുശേഷം വാജ്‌പേയി, നാമനിര്‍ദ്ദേശം പിന്‍വലിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ പിന്‍ഗാമിയായി വന്ന ‘ദേശീയ മുസ്​ലിം’ എ.പി.ജെ. അബ്ദുള്‍കലാം, പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ സവര്‍ക്കറുടെ ഛായാചിത്രം അനാച്ഛാദനം ചെയ്തു. 

വാജ്‌പേയി ഗവണ്മെന്റിന്റെ അമേരിക്കന്‍ പക്ഷപാതിത്വത്തിനും തക്കതായ മറുപടി നല്‍കിയിട്ടുണ്ട് കെ.ആര്‍. നാരായണന്‍. അമേരിക്കന്‍ പ്രസിഡൻറ്​ ബില്‍ ക്ലിന്റന്റെ ഇന്ത്യാ സന്ദര്‍ശനവേളയില്‍, രാഷ്ട്രപതി നല്‍കിയ അത്താഴവിരുന്നില്‍ വച്ച്. അന്ന് നടത്തിയ പ്രസംഗത്തില്‍ അദ്ദേഹം ദക്ഷിണേഷ്യന്‍ മേഖലയെ ‘‘ഏറ്റവും അപകടകരമായ മേഖല” എന്ന് വിശേഷിപ്പിച്ച അമേരിക്കന്‍ നയത്തെ തുറന്നെതിര്‍ത്തത് അന്താരാഷ്ട്ര ശ്രദ്ധനേടിയിരുന്നു. രാജ്യത്തെ അമേരിക്കന്‍ പക്ഷത്തേക്ക് നയിക്കാന്‍ ഗവണ്മെൻറ്​ ശ്രമിച്ചുകൊണ്ടിരിക്കുന്ന സമയത്തു നടത്തിയ ആ പ്രസംഗത്തില്‍ അദ്ദേഹം ഊന്നിപ്പറഞ്ഞത് ചേരിചേരാ പ്രസ്ഥാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും, ലോകത്ത്  ഉയര്‍ന്നുവരുന്ന വിവിധ  രാഷ്ട്രങ്ങളെയും വൈവിധ്യത്തെയും അംഗീകരിക്കുന്നതിനെക്കുറിച്ചുമാണ്:  ‘‘ഞങ്ങളെ സംബന്ധിച്ച്​, ആഗോളവത്കരണം, ചരിത്രത്തിന്റെയും, ഭൂമിശാസ്ത്രത്തിന്റെയും, ലോകത്തിലെ ജൈവവും ആവേശകരവുമായ വൈവിധ്യങ്ങളുടെയും അന്ത്യമല്ല. ഒരിക്കല്‍ ഒരാഫ്രിക്കന്‍ രാഷ്ട്രീയനേതാവ് ഞങ്ങളോട് പറഞ്ഞതുപോലെ, ആഗോളഗ്രാമം എന്നുപറഞ്ഞാല്‍ അതിനെ ഭരിക്കുന്നത് ഒരൊറ്റ ഗ്രാമത്തലവന്‍ മാത്രമാകുമെന്ന് അര്‍ത്ഥമില്ല.’’ 
ഈ പ്രസംഗം ഗവണ്‍മെന്റിന് വലിയ ക്ഷീണമുണ്ടാക്കിയിരുന്നു. ആഗോളതലത്തില്‍ അത് ചര്‍ച്ചയായി.  ‘‘അത്താഴ വേളയില്‍, പ്രസിഡൻറ്​ കെ. ആര്‍. നാരായണന്‍, ബില്‍ ക്ലിന്റനെ നിശിതമായി വിര്‍ശിച്ചതിലൂടെ,  ഇന്തോ-അമേരിക്കന്‍ സൗഹൃദം കെട്ടിപ്പടുക്കുന്നതിലെ ആന്തരിക വിയോജിപ്പുകള്‍ വെളിയില്‍ വന്നു” എന്ന് ന്യൂയോര്‍ക്ക് ടൈംസ് എഴുതി. 

അങ്ങനെ, ഏതു മേഖലയിലും, ഗവണ്മെൻറ്​ ദിശ മാറി സഞ്ചരിക്കുന്നുവെന്ന തോന്നലുണ്ടായപ്പോഴൊക്കെ, അഭിപ്രായം തുറന്നുപറയുകയും, പരോക്ഷ മാര്‍ഗങ്ങളിലൂടെ തിരുത്തലുകള്‍ വരുത്താനുള്ള സൂചനകള്‍ കൈമാറുകയും ചെയ്തിരുന്ന രാഷ്ട്രപതിയായിരുന്നു കെ.ആര്‍. നാരായണന്‍. ഏതു രാഷ്ട്രീയ കക്ഷികള്‍ അധികാരത്തിലിരുന്നാലും ഒരു റബ്ബര്‍ സ്റ്റാമ്പ് ആകാന്‍ തനിക്ക് ഉദ്ദേശ്യമില്ലെന്ന് ഉറക്കെ പ്രഖ്യാപിച്ച മനുഷ്യന്‍. ഭരണഘടനാമൂല്യങ്ങളെ നെഞ്ചോടുചേര്‍ത്തുപിടിച്ച രാഷ്ട്രപതി. അദ്ദേഹത്തിന്റെ കാലത്താണ് ആദ്യമായി, ഒരു ഇന്ത്യന്‍ രാഷ്ട്രപതി, സാധാരണക്കാര്‍ക്കൊപ്പം ഒരു പൊതു തെരഞ്ഞെടുപ്പില്‍ വോട്ടു രേഖപ്പെടുത്താന്‍ പോകുന്നത് നമ്മള്‍ കാണുന്നത്. സ്വകാര്യ ടെലിവിഷന്‍ ചാനലുകള്‍ക്ക് ഇന്റര്‍വ്യൂ നല്‍കുന്നത്. ആദ്യമായി ഒരു ഉന്നത രാഷ്ട്രീയ നേതാവ് എച്ച്. ഐ. വി ബാധിതര്‍ക്ക് കൈകൊടുക്കുന്നതിന് നമ്മള്‍ സാക്ഷ്യം വഹിക്കുന്നത്. ആ നിലയ്‌ക്കെല്ലാം സ്വന്തം വ്യക്തിത്വവും ഭരണഘടനയോടുള്ള കൂറും  കാത്തുസൂക്ഷിച്ചിരുന്നു അദ്ദേഹം.

ഇനി ദ്രൗപതി മുർമു?

അദ്ദേഹത്തിന്റെ പിന്‍ഗാമികളായി വന്നവരാരും ആ നിരയിലേക്കുയര്‍ന്നില്ല എന്ന് കാണാം. ഇപ്പോഴിതാ സന്താള്‍ വിഭാഗത്തില്‍ നിന്നുമൊരു പ്രസിഡൻറ്​ ഉണ്ടായിരിക്കുന്നു. പ്രസിഡൻറ്​ സ്ഥാനത്തെത്തിയ ആദ്യ ദലിതന്‍ ആ പദവിക്കൊരു മാതൃകയായി മാറിയെങ്കില്‍, അതേ സ്ഥാനത്തേക്ക് ഇപ്പോള്‍ ആദ്യമായി ഒരു ആദിവാസി കടന്നുവരുമ്പോള്‍ നമ്മളെന്താണ് പ്രതീക്ഷിക്കേണ്ടത്? 

ദ്രൗപദി മുര്‍മു ഒരു ആദിവാസി സ്ത്രീയായതുകൊണ്ടുമാത്രം, രാഷ്ട്രീയ തന്ത്രത്തിന്റെ ഭാഗമായി രാഷ്ട്രപതിയായതാണെന്നു പറയുന്നവരുണ്ട്;  അതുകൊണ്ടുതന്നെ അവര്‍ റബ്ബര്‍ സ്റ്റാമ്പ് ആയിരിക്കുമെന്നും. ആ വാദത്തോട് യോജിക്കാന്‍ കഴിയില്ല. ഒരുപാടുകാലം ബ്രഹ്മണരും ആഢ്യ മുസ്​ലിംകളും മാത്രമാണ് പ്രസിഡൻറ് പദം അലങ്കരിച്ചിരുന്നത്.   ഡോ. രാജേന്ദ്രപ്രസാദ് ആചാരം സംരക്ഷിക്കാന്‍ നെഹ്രുവിനോട് വിയോജിച്ചതല്ലാതെ, ഇന്ത്യന്‍  ‘ആഢ്യ’ രാഷ്ട്രപതികളില്‍ ആരാണ് റബ്ബര്‍ സ്റ്റാമ്പ് അല്ലാതിരുന്നിട്ടുള്ളത്? ഇന്ത്യന്‍ ജനാധിപത്യവും ജനാധിപത്യ സ്ഥാപനങ്ങളും പൗരാവകാശങ്ങളും തീര്‍ത്തും അപരിചിതമായ തരത്തില്‍ ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന കാലത്താണ് ദ്രൗപതി മുര്‍മു അധികാരമേറുന്നത്.

ഒരു ആദിവാസി വനിതയെ രാഷ്ട്രപതി സ്ഥാനത്തേക്ക് നിര്‍ദ്ദേശിക്കുന്നതിനൊപ്പം, ആദിവാസികളുടെ അടിസ്ഥാന അവകാശങ്ങള്‍ എടുത്തു കളയുന്ന നിയമനിര്‍മാണങ്ങളും നടത്തുകയാണ്. ഈ സങ്കീര്‍ണമായ രാഷ്ട്രീയ സാഹചര്യത്തില്‍, രാഷ്ട്രീയാധികാരം കയ്യാളുന്നവരുടെ അധികാര- പ്രത്യയ ശാസ്ത്ര കാഴ്ചപ്പാടുകള്‍ക്കപ്പുറം, ഭരണഘടനയെ മുറുകെപ്പിടിക്കാന്‍ അവര്‍ക്കു കഴിയുമോ എന്ന് കാത്തിരുന്നു കാണാം.  രാഷ്ട്രപതിക്കും ചിലതൊക്കെ ചെയ്യാന്‍ കഴിയുമെന്ന്, കെ.ആര്‍. നാരായണന്‍ നമ്മെ ബോധ്യപ്പെടുത്തിയിട്ടുള്ളതാണ്.

First published in True Copy Think on 28/07/2022

ആധാര്‍ ഒരു ചതിയാണ്, ഫൈറ്റ് ചെയ്യാന്‍ തന്നെയാണ് തീരുമാനം

ആധാര്‍ ഉപയോഗിക്കുമ്പോള്‍ സൂക്ഷിക്കണം എന്ന പത്രക്കുറിപ്പ് ഇറക്കുക. പിന്നെ അത് പിന്‍വലിക്കുക. ഇതിലൊന്നും യാതൊരു അസ്വഭാവികതയുമില്ല. ആശ്ചര്യപ്പെടേണ്ട കാര്യവുമില്ല. ആധാര്‍ അങ്ങനെയാണ്. തുടക്കം മുതല്‍ ഇന്നുവരെ ആധാര്‍ അതോറിറ്റിയുടെ പ്രവര്‍ത്തനം അങ്ങനെയാണ്.

രാജ്യത്തെ മുഴുവന്‍ ജനങ്ങളുടെയും വിവരങ്ങള്‍ വിറ്റു കാശാക്കുക, ഇവയെല്ലാം സ്റ്റേറ്റ് സര്‍വൈലന്‌സിനും സര്‍വൈലന്‍സ് കാപിറ്റലിസത്തിനും അടിയറവു വയ്ക്കുക എന്നതില്‍ കവിഞ്ഞ് ഒരു ലക്ഷ്യവും ഇല്ലാത്ത പദ്ധതിയാണ് ആധാര്‍. ജനാധിപത്യവിരുദ്ധവും മനുഷ്യത്വവിരുദ്ധവുമായ, ഫാഷിസ്റ്റ് ഗവണ്മെന്റുകള്‍ക്ക് മാത്രം ആവശ്യമായ പദ്ധതി. ഇവര്‍ പുറത്തുപറയുന്നതെല്ലാം പദ്ധതി നിലനിര്‍ത്താന്‍ വേണ്ടിയുള്ള കള്ളങ്ങളാണ്.

കോണ്‍ഗ്രസ്സ് തുറന്നുവിട്ട ഭൂതമാണിത്. പ്രതിപക്ഷത്തു നിന്നു പദ്ധതിയെ നഖശിഖാന്തം എതിര്‍ത്ത നരേന്ദ്രമോദിയും ബി.ജെ.പി യും അധികാരത്തിലെത്തിയപ്പോഴാണ് പദ്ധതിയുടെ ‘ഫാഷിസ്റ്റ് സാധ്യതകള്‍’ മനസിലാക്കിയത്; പിന്നിലെ കച്ചവടം മനസിലാക്കിയത്. അപ്പോഴേ ചുവടു മാറ്റി. കോണ്‍ഗ്രസിനെക്കാള്‍ വേഗത്തില്‍ ആധാറുമായി മുന്നോട്ടുപോയി.

അന്നും ഇന്നും പദ്ധതിയെ എതിര്‍ത്ത, അധികാരത്തിലെത്തിയാല്‍ ഇത് നിര്‍ത്തലാക്കുമെന്നു വാഗ്ദാനം നല്‍കിയസി.പി.ഐ.എം ആകട്ടെ, ഭരണത്തിലുള്ള കേരളത്തില്‍ കേന്ദ്ര സര്‍ക്കാരിനെക്കാള്‍ വാശിയോടെ ഇതു നടപ്പിലാക്കുന്നു.

യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും ഇല്ലാതെ, ജനനം മുതല്‍ മരണം വരെ എല്ലാറ്റിനും ആധാര്‍ നിര്‍ബന്ധമാക്കുന്നു. സര്‍ക്കാരില്‍ താത്കാലിക നിയമനം ലഭിച്ചാല്‍ ശമ്പളം കിട്ടണമെങ്കില്‍ പോലും ആധാര്‍ നിര്‍ബന്ധമാണ്. എല്ലാ ഫോട്ടോസ്റ്റാറ്റുകടകളിലും അക്ഷയ കേന്ദ്രങ്ങളിലും ആധാര്‍ ലെറ്ററിന്റെ കോപ്പികള്‍ കുന്നുകൂടി കിടക്കുന്നു.ആധാര്‍ ഉപയോഗിക്കാന്‍ ലൈസന്‍സില്ലാത്ത എത്രയോ ഇടങ്ങളില്‍ ഇങ്ങനെ ഇതു വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.

വളരെ സെന്‍സിബിള്‍ ആയ ഒരു പത്രക്കുറിപ്പായിരുന്നു ആദ്യത്തേത്. അതിനു പിന്നില്‍ ഒരു കാരണം കാണും. ആധാര്‍ ഫോട്ടോ കോപ്പികള്‍ വഴിയോ മറ്റോ വ്യാപകമായ തട്ടിപ്പുകള്‍ നടന്നിട്ടുണ്ടാകും. എല്ലാവരുടെയും സുരക്ഷ അപകടത്തില്‍ ആകുന്ന സാഹചര്യം ഉണ്ടായിരുന്നിരിക്കാം. അല്ലാതെ ഒരു കാരണവശാലും ഇങ്ങനെയൊരു പത്രക്കുറിപ്പ് ഇറങ്ങില്ല.

പക്ഷേ ആധാറിന് പിന്നിലെ നിക്ഷിപ്ത താത്പര്യക്കാര്‍ അതിശക്തരാണ്. അതുകൊണ്ടുതന്നെ സത്യം ഒരിക്കലും പുറത്തുവരാന്‍ പോകുന്നില്ല. ട്രാന്‍സ്പരന്‍സി UIDAI യുടെ നിഘണ്ടുവില്‍ ഇല്ലാത്ത വാക്കാണ്. കഴിഞ്ഞ വര്‍ഷത്തെ എ. ജി.യുടെ ഓഡിറ്റ് റിപ്പോര്‍ട്ട് മാത്രം മതി ആധാര്‍ റദ്ദാക്കുവാനുള്ള തീരുമാനമെടുക്കാന്‍. പക്ഷെ ചെയ്യില്ല. അതിന്റെ ഉള്ളടക്കം ചര്‍ച്ചയാവില്ല.

ആധാര്‍ ഒരു ചതിയാണ്. അതിന്റെപേരില്‍ രാജ്യത്തെ രാഷ്ട്രീയകക്ഷികളെല്ലാം പൊതുജനത്തെ ചതിക്കുന്നു. ഭരണകൂടവും മൂലധനശക്തികളും ഒരുമിച്ചു ജനാധിപത്യത്തിനെതിരെ ഗൂഢാലോചന നടത്തുന്നു. സുപ്രീംകോടതി പോലും നീതി നടപ്പിലാക്കുന്നില്ല. എ. ഡി.എം. ജബല്‍പൂര്‍ കേസിലെ വിധിയെക്കാള്‍ വലിയ ഒരു നീതികേടാണ് ആധാര്‍ കേസില്‍ സുപ്രീംകോടതിയില്‍ നടന്നത്. അതിനെതിരെയുള്ള ക്യൂറേറ്റീവ് പെറ്റീഷനും, പുതിയ ഹരജികളുമെല്ലാം വര്‍ഷങ്ങളായി ഫ്രീസറിലാണ്. തുറന്നാല്‍ നീര്‍ക്കുമിളപോലെ പൊട്ടിപ്പോകുന്ന നിയമയുക്തിയിന്മേല്‍ ആണ് ഈ പദ്ധതി നിലനില്‍ക്കുന്നത് എന്ന് എല്ലാവര്‍ക്കും അറിയാം.

2010 മുതല്‍ പദ്ധതിയെ പിന്തുടരുന്നുണ്ട്. ഇക്കാലയളവില്‍ ആധാര്‍ ഒരു അനാവശ്യ കാര്യമാണ് എന്ന അഭിപ്രായം ബലപ്പെടുകയാണ് ഉണ്ടായിട്ടുള്ളത്. 2011-ല്‍ Aadhaar: How a Nation is Deceived എന്നൊരു പുസ്തകം ഞാനെഴുതിയിരുന്നു. അത് പ്രകാശനം ചെയ്തുകൊണ്ട് ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ പറഞ്ഞത് ഓര്‍ക്കുന്നു: ‘ആധാര്‍ മൗലികവകാശങ്ങള്‍ക്കുമേലുള്ള അതിക്രമമാണ്. ജനാധിപത്യ വിരുദ്ധമാണ്. ഏകാധിപത്യ ഭരണകൂടങ്ങള്‍ക്ക് മാത്രമാണ് ഇത്തരം ഒരു പദ്ധതിയുടെ ആവശ്യം. അതുകൊണ്ട് ഈ വിഷയത്തില്‍ ഗ്രന്ഥകാരനോട് പൂര്‍ണമായും ഞാന്‍ യോജിക്കുന്നു.’

ആധാര്‍ ഇപ്പോഴും ഇന്ത്യയില്‍ നിര്‍ബന്ധിതമല്ല. നിയമപ്രകാരവും സുപ്രീംകോടതി ഉത്തരവ് പ്രകാരവും സബ്‌സിഡികള്‍ക്കല്ലാതെ മറ്റൊന്നിനും ആധാര്‍ നിബന്ധിതകമാക്കാന്‍ കഴിയില്ല. എന്നിട്ടും എല്ലാത്തിനും ഇന്ന് ആധാര്‍ നിബന്ധമാണെന്ന അവസ്ഥയുണ്ട്. അല്ലെങ്കില്‍ നമ്മള്‍ ഒരുപാട് ഫൈറ്റ് ചെയ്യണം.

ഞാന്‍ ഇതുവരെ ആധാര്‍ എടുത്തിട്ടില്ല. ബാങ്ക്, മൊബൈല്‍, പാന്‍ കാര്‍ഡ് തുടങ്ങി ഒരു സേവനവും ആധാറുമായി ബന്ധിപ്പിച്ചിട്ടില്ല. ഇനിയൊട്ട് ചെയ്യാനും ഉദ്ദേശമില്ല. ഫൈറ്റ് ചെയ്യാന്‍ തന്നെയാണ് തീരുമാനം.

Published in DoolNews as a reproduction of my FB post on 29/06/2021

ഇക്കാലത്ത് ഭരണഘടനയെ ഭള്ളു പറയുന്നവർ ജനതയെ ഒറ്റുകൊടുക്കുന്നവരാണ്

ഇന്ത്യൻ ഭരണഘടനയെന്നല്ല, ലോകത്ത് ചോദ്യം ചെയ്യാൻ പാടില്ലാത്ത, വിമർശനാതീതമായ യാതൊന്നുമില്ല. 

“ഈ ഭരണഘടന കത്തിച്ചു കളയാൻ മുതിരുന്ന ആദ്യത്തെയാൾ ഞാനായിരിക്കും” എന്ന് ഡോ. അംബേദ്കർ പ്രസ്താവിച്ചിട്ടുണ്ട്, അതും പാര്ലമെന്റിനകത്ത്‌. പക്ഷേ അതിനൊരു സാഹചര്യമുണ്ടായിരുന്നു. രക്തരഹിത വിപ്ലവത്തിനുള്ള മർഗ്ഗരേഖയായി തങ്ങൾ വിഭാവനം ചെയ്ത ഭരണഘടന, ഏതൊരു ആശയധാരയെയാണോ “ഡൈനാമിറ്റ് വച്ചു തകർക്കണ”മെന്ന് അദ്ദേഹം ആഗ്രഹിച്ചത്, അതേ ശക്തികൾക്കു മുന്നിൽ നിസ്സഹായമായി കിതച്ചു നിൽക്കുന്ന കാഴ്ചയാണ് അംബേദ്കറെ പ്രകോപിപ്പിച്ചത്. പിന്നീട് അദ്ദേഹം അതിനു വിശദീകരണം നൽകിയത് ദേവന്മാർക്ക് വേണ്ടി നിർമ്മിച്ച ക്ഷേത്രം അസുരന്മാർ കീഴടക്കിയാൽ പിന്നെ അത് തകർക്കുകയേ മർഗമുള്ളു എന്നാണ്. 

ഗൗരവത്തോടെയുള്ള നിരവധി വിമർശനങ്ങൾ ഇന്ത്യൻ ഭരണഘടനരൂപീകരണ സമയത്തും അതിനു ശേഷവും ഉയർന്നിട്ടുണ്ട്. ഭരണഘടന ഭേദഗതിയുടെ ആവശ്യകതയെക്കുറിച്ച് അംബേദ്കർ തന്നെ പറഞ്ഞിട്ടുണ്ട്. എന്നാൽ അതുപോലെയല്ല, ഭരണഘടന കൊള്ളക്കാർക്ക് വഴിയൊരുക്കുന്നതാണെന്ന തരത്തിലുള്ള പ്രസ്താവന.

തൊഴിലാളികളുടെ അവകാശങ്ങൾ ഭരണഘടന സംരക്ഷിക്കുന്നുണ്ടോ എന്നാണ് കാതലായ ഒരു ചോദ്യം. സംരക്ഷിക്കാത്തത് ഭരണഘടനയല്ല, അതെടുത്തു പെരുമാറുന്ന സർക്കാരുകളും കോടതികളുമാണ് എന്ന് പരിശോധിച്ചാൽ വ്യക്തമാകും. എത്ര നല്ല ഭരണഘടന ആണെങ്കിലും അത് പെരുമാരുന്നവർ മോശമാണെങ്കിൽ  അത് പ്രയോജനരഹിതമാകുമെന്ന മുന്നറിയിപ്പ് നൽകിയതും അംബേദ്ക്കർ ആണ്. 

തൊഴിലാളികളുടെ അവകാശങ്ങളിൽ അധിഷ്ഠിതമായ ഒരു ക്ഷേമരാഷ്ട്ര സങ്കൽപ്പമാണ് നമ്മുടെ ഭരണഘടന മുന്നോട്ടു വയ്ക്കുന്നത്. ഭരണഘടനയുടെ നാലാം ഭാഗം മുന്നോട്ടു വെക്കുന്ന നിര്‍ദ്ദേശക തത്വങ്ങളുടെ ദിശാ സൂചനയും ഇതേവഴിയിലാണ്. അനുച്ഛേദം 38, 39, 41, 42, 43, 43(എ) എന്നിവ ഓര്‍മപ്പെടുത്തുന്നത് സാമൂഹ്യ നീതിയും വിഭവങ്ങളുടെ നീതിയുക്തമായ വിതരണവും തൊഴിലാളി ക്ഷേമവും ഉറപ്പുവരുത്താനുള്ള ഇന്ത്യന്‍ സ്റ്റേറ്റിന്റെ ഭരണഘടനാപരമായ ഉത്തരവാദിത്തത്തെയാണ്. എന്നാൽ നമ്മുടെ ഭരണകർത്താക്കളും നീതിന്യായ വ്യവസ്ഥിതിയും ഭരണഘടനയിൽ അന്തര്ലീനമായ രാഷ്ട്രീയ പദ്ധതിയുടെ അന്തഃസത്ത ഉൾക്കൊള്ളുന്നില്ല.  

വളരെ ലളിതമായ ഒരുദാഹരണം പറയാം. സർക്കാർ ജീവനക്കാർക്ക് സമരം ചെയ്യാനുള്ള അവകാശമില്ലെന്ന ഹൈകോടതി പരാമർശത്തിന് ശേഷം അവകാശ സരക്ഷണത്തിനായുള്ള നിരന്തര സമര/പ്രചാരണ പരിപാടികളുമായി ജീവനക്കാരുടെ വിവിധ സംഘടനകൾ രംഗത്തുണ്ട്. ഇടതു രാഷ്ട്രീയകക്ഷികൾക്കും കോടതി നിലപാടിനോട് യോജിപ്പില്ല. യഥാർത്ഥത്തിൽ 2003-ലെ രംഗരാജൻ കേസിലെ സുപ്രീംകോടതിയുടെ നീതിരഹിതമായ ഒരു ഉത്തരവാണ് വിഷയങ്ങൾ ഇത്ര വഷളാക്കിയത്. 

ഇതിനൊരു മറുവശമുണ്ട്. 

സർക്കാർ ജീവനക്കാർക്ക് സമരം ചെയ്യാനുള്ള “നിയമപരവും ധാർമികവുമായ” അവകാശമില്ലെന്നാണ് കോടതി പറഞ്ഞത്. വ്യവസായ തൊഴിലാളികളോടാണെങ്കിൽ അങ്ങനെ പറയില്ല, കാരണം ഇൻഡസ്ട്രിയൽ ഡിസ്പ്യൂട്ടസ് നിയമത്തിന്റെ വകുപ്പ് 23, 24 എന്നിവയിലൂടെ വ്യവസായ തൊഴിലാളികൾക്ക് സമരം ചെയ്യാനുള്ള അവകാശം നിര്വചിക്കപ്പെട്ടിട്ടുണ്ട്. തൊഴിലാളികളുടെ നിയമപരമായ അവകാശമാണത്. അതു നിഷേധിക്കാൻ കോടതിയ്ക്ക് കഴിയില്ല. 

എന്നാൽ കേന്ദ്ര/സംസ്ഥാന സർക്കാർ ജീവനക്കാരെ സംബന്ധിച്ചിടത്തോളം അത്തരമൊരു പരിരക്ഷയില്ല. അവരുടെ അവകാശം, നിയമം മൂലം അംഗീകരിച്ചിട്ടില്ല എന്ന് മാത്രമല്ല, അതു സംബന്ധിച്ച് ഒരു നിയമം പോലുമില്ല. ‘പെരുമാറ്റ ചട്ടങ്ങൾ’ മാത്രമേയുള്ളു.   ഭരണഘടനയുടെ അനുച്ഛേദം 309 പ്രകാരം വിജ്ഞാപനം ചെയ്ത സര്‍വീസ് ചട്ടങ്ങള്‍ അനുസരിച്ചാണ് ഈ നിയന്ത്രണങ്ങളൊക്കെ നടപ്പാക്കുന്നത്. ജീവനക്കാരുടെ സേവനവ്യവസ്ഥകള്‍ സംബന്ധിച്ച നിയമനിര്‍മാണം നടക്കും വരെ അനുയോജ്യമായ ചട്ടങ്ങള്‍ രൂപീകരിക്കാന്‍ എക്‌സ്‌ക്യൂട്ടീവിനെ അധികാരപ്പെടുത്തതാണ് അനുച്ഛേദം 309. 1957ല്‍ ഇന്ത്യാ ഗവണ്മെന്റ് ‘കേന്ദ്ര സിവില്‍ സര്‍വീസ് കോണ്ടക്ട് റൂള്‍സ്’ ഭേദഗതി ചെയ്ത് വകുപ്പ് 34 (എ) കൂട്ടിച്ചേര്‍ക്കുന്നതോടെയാണ് ഇവിടെ സമരം നിരോധിക്കപ്പെടുന്നത്. വിവിധ സംസ്ഥാനങ്ങളിലും സമാനമായ ചട്ടങ്ങൾ വന്നു. അതുവരെ രാജ്യത്തു സമരങ്ങള്‍ നിയമവിരുദ്ധമായിരുന്നില്ല.

രാജ്യം സ്വതന്ത്രമായി 75 വർഷം കഴിഞ്ഞിട്ടും എന്തുകൊണ്ടാണ് ജീവനക്കാരുടെ സേവനവ്യവസ്ഥയെ/പെരുമാറ്റത്തെ ഒക്കെ നിയന്ത്രിക്കുന്ന ഒരു നിയമം ഇല്ലാതെ പോയത്? ഇൻഡസ്ട്രീസ് ആക്റ്റിൽ എന്നപോലെ നിയമത്തിൽ സമരത്തിനുള്ള അവകാശം വ്യവസ്ഥ  ചെയ്യാമായിരുന്നല്ലോ. ഒരു ഗവണ്മെന്റും അതു ചെയ്തില്ലല്ലോ. നിയമം ഇല്ലെങ്കിൽ, ചട്ടങ്ങളിൽ മാറ്റം വരുത്താമായിരുന്നല്ലോ. ഇപ്പോഴും വിവിധ സംഘടനകൾ സമര-അവകാശത്തിനു വേണ്ടി കാമ്പയിനുകൾ നടത്തുന്നുണ്ട്. രാഷ്ട്രീയ നേതൃത്വം അവയെ പിന്തുണച്ചു പ്രസംഗിക്കുന്നുണ്ട്. പറയുന്നതിനോട് ആത്മാര്ഥതയുണ്ടെങ്കിൽ ചട്ടങ്ങൾ ഭേദഗതി ചെയ്ത്, അല്ലെങ്കിൽ നിയമ നിർമാണം നടത്തി ‘സമരം ചെയ്യാനുള്ള അവകാശം’ സ്ഥാപിച്ചു കൊടുത്താൽ പോരെ? ഏതു കോടതിക്കാണ് അതു തടയാൻ കഴിയുക? ഡ്രാക്കോണിയൻ ചട്ടങ്ങൾ ഉണ്ടാക്കി വച്ചിട്ട് ഭരണഘടനയെ പഴി പറയുന്നതിൽ എന്തു കാര്യം? ഇതു മുഴുവൻ ഭരണഘടനാ വിരുദ്ധതയാണ്. തൊഴിലാളി വിരുദ്ധതയുമാണ്. ഇതിന് ഉത്തരവാദി ഭരണഘടന  കൈകാര്യം ചെയ്തവരാണ്. ഭരണഘടനയല്ല. 

ഇന്ത്യ വലിയ വിപ്ലവങ്ങളൊന്നും നടന്നിട്ടുള്ള രാജ്യമല്ല. ഇന്ത്യയിലെ അനിവാര്യമായ വിപ്ലവത്തെ കൈകാര്യം ചെയ്യാൻ കെൽപ്പുള്ള പ്രത്യയ ശാസ്ത്രങ്ങളും ഉണ്ടായിട്ടില്ല. മറ്റു ആധുനിക ദേശരാഷ്ട്രങ്ങളിലെ പ്രധാനികളെപ്പോലെ ഇന്ത്യൻ ഭരണഘടനയ്ക്ക് ‘വിപ്ലവ’ത്തിന്റെ പശ്ചാത്തലമില്ല. ശരിക്കു പറഞ്ഞാൽ ഒരു ജനകീയ മുന്നേറ്റത്തിന്റെയോ അതിശക്തമായ ഒരു അധികാരിവർഗ്ഗത്തോടുള്ള പ്രതിരോധസമരത്തിന്റെ മധ്യത്തിലോ ആയിരുന്നില്ല ഇന്ത്യൻ ഭരണഘടനയുടെ നിർമാണ ഘട്ടം. ഒരു ബ്രിട്ടീഷ് നിയമത്തിന്റെ, ഗവണ്മെന്റ് ഓഫ് ഇന്ത്യ ആക്ടിന്റെ, നിയമപശ്ചാത്തലത്തിൽ ഉരുവം കൊണ്ടൊരു പ്രക്രിയയാണത്.  വിപ്ലവത്തിന്റെയെന്നല്ല, ഒരു സമരത്തിന്റെ ലാഞ്ചന പോലും ഭരണഘടനാ നിർമാണ പ്രക്രിയയ്ക്ക് ഉണ്ടായിരുന്നില്ല. ഭരണപരമായ ഒരു നടപടിക്രമത്തിന്റെ സ്വഭാവമാണ് അതിനുണ്ടായിരുന്നത്. എന്നാൽ ആ അന്തരീക്ഷത്തിലും, തങ്ങൾ ഭാഗഭാക്കായിരുന്ന സുദീർഘമായ സാമ്രാജ്യത്വ വിരുദ്ധ പ്രസ്ഥാനത്തിന്റെയും ആയിരക്കണക്കിന് വർഷങ്ങളുടെ സാമൂഹ്യ വിമോചന പോരാട്ടത്തിന്റെയും വിപ്ലവാത്മകമായൊരു മൂല്യബോധം ഭരണഘടനയിൽ ഉൾച്ചേർക്കുവാൻ അതിന്റെ ശില്പികൾ ബദ്ധശ്രദ്ധരായിരുന്നു. 

ഭരണഘടനാനിര്മാണസഭയിൽ, ഭരണഘടനയുടെ അടിസ്ഥാന രേഖയായ ഉദ്ദേശ്യപ്രമേയം അവതരിപ്പിച്ചുകൊണ്ട് അധ്യക്ഷനായിരുന്ന ഡോക്ടർ എസ് രാധാകൃഷ്ണൻ പ്രസ്താവിച്ചു. “ഇന്ത്യൻ സാമൂഹിക ഘടനയിൽ അടിസ്ഥാനപരമായ മാറ്റം കൊണ്ടുവരാൻ നാം ആഗ്രഹിക്കുന്നു ഏകാധിപത്യത്തിന്റെ എല്ലാ അവശേഷിപ്പുകളെയും നിർജീവ പാരമ്പര്യങ്ങളുടെ പിന്തുടർച്ചയും നാം ഉന്മൂലനം ചെയ്യും.” വൈദേശിക ആധിപത്യത്തിൽ നിന്നും ഒരു സ്വതന്ത്ര പരമാധികാര രാഷ്ട്രത്തിലേക്കുള്ള രാഷ്ട്രീയ അധികാരം മാറ്റത്തിന്റെ കേവല മാർഗരേഖ മാത്രമല്ല നമ്മുടെ ഭരണഘടന എന്ന് വ്യക്തമാക്കുകയായിരുന്നു അദ്ദേഹം.

പിന്നീട് ഡോക്ടർ ബി ആർ അംബേദ്കർ ഭരണഘടനയുടെ അന്തിമരൂപം സഭയിൽ അവതരിപ്പിച്ചുകൊണ്ട് നടത്തിയ പ്രസംഗത്തിൽ കൂടുതൽ കൃത്യതയോടെ അത് വ്യക്തമാക്കിയിട്ടുണ്ട്: “കേവലം രാഷ്ട്രീയ ജനാധിപത്യം കൊണ്ട് നമ്മൾ തൃപ്തരാകരുത്. രാഷ്ട്രീയ ജനാധിപത്യത്തെ സാമൂഹ്യ ജനാധിപത്യം കൂടിയായി മാറ്റി തീർക്കണം, നമ്മൾ. അടിത്തറയായി സാമൂഹിക ജനാധിപത്യം ഇല്ലെങ്കിൽ, രാഷ്ട്രീയ ജനാധിപത്യത്തിന് നിലനിൽക്കാനാകില്ല. സ്വാതന്ത്ര്യത്തെ സമത്വത്തിൽ നിന്ന് വ്യത്യസ്തമായി കാണാൻ കഴിയില്ല; നേരെ തിരിച്ചും. സ്വാതന്ത്ര്യത്തെയും സമത്വത്തെയും സാഹോദര്യത്തിൽ നിന്ന് വേർപ്പെടുത്തി കാണാനും കഴിയില്ല. 1950 ജനുവരി 26-ന് നമ്മൾ വൈരുദ്ധ്യങ്ങളുടെ ഒരു ജീവിതത്തിലേക്ക് ചൂടുവയ്ക്കുകയാണ്. രാഷ്ട്രീയത്തിൽ നമുക്ക് തുല്യത കൈവരും, എന്നാൽ സാമൂഹ്യ സാമ്പത്തിക ജീവിതത്തിൽ ആ സമത്വം നിലനിൽക്കും. രാഷ്ട്രീയത്തിൽ ഓരോരുത്തർക്കും ഓരോ വോട്ട്, ഓരോ വോട്ടിനും ഒരേ മൂല്യം, എന്ന തത്വം നമ്മൾ അംഗീകരിക്കും. എന്നാൽ, നമ്മുടെ സാമൂഹ്യ സാമ്പത്തിക വ്യവസ്ഥിതികളുടെ പ്രത്യേകത കൊണ്ട് എല്ലാ മനുഷ്യർക്കും ഒരേ മൂല്യം നിഷേധിക്കുന്നത് തുടരും. എത്രനാൾ നമ്മൾ ഈ വൈരുദ്ധ്യങ്ങളുടെ ജീവിതം നയിക്കണം? എത്ര കാലം ഇങ്ങനെ സാമൂഹിക സാമ്പത്തിക ജീവിതത്തിൽ സമത്വ നിഷേധം തുടരും? ഒരുപാട് കാലം ഇത് തുടർന്നാൽ അത് നമ്മുടെ രാഷ്ട്രീയ ജനാധിപത്യത്തെ കൂടി അപകടത്തിലാക്കും. എത്രയും പെട്ടെന്ന് തന്നെ ഈ വൈരുദ്ധ്യങ്ങൾ നമ്മൾ ഇല്ലാതാക്കണം. ഇല്ലെങ്കിൽ, അസമത്വത്തിന്റെ ദുരിതം പേറുന്നവർ, ഈ സഭ, ഇത്രയേറെ കഷ്ടപ്പെട്ട് രൂപം നൽകിയ ഈ രാഷ്ട്രീയ ജനാധിപത്യ വ്യവസ്ഥിതിയെ തകർത്തെറിയും.”

അതായത് കേവലം രാഷ്ട്രീയ അധികാര കൈമാറ്റത്തിന്റെ നിയമപാലനത്തിന്റെയോ കൈപ്പുസ്തകം ആയല്ല ഭരണഘടന ശില്പികൾ നമ്മുടെ ഭരണഘടന വിഭാവനം ചെയ്തത്. സമഗ്രമായ സാമൂഹ്യ പരിഷ്കരണത്തിനുള്ള ഉപാധിയായിട്ടായിരുന്നു. അത് ന്യൂനപക്ഷർക്ക്, ദളിതർക്ക്, സ്ത്രീകൾക്ക് തൊഴിലാളികൾക്ക്, അങ്ങനെ എല്ലാ മർദ്ദിത വിഭാഗങ്ങൾക്കും ചില വാഗ്ദാനങ്ങൾ നൽകുന്നുണ്ട്. വിപ്ലവത്തിൻറെ പശ്ചാത്തലമോ,  ഉള്ളടക്കത്തിൽ വിപ്ലവവാചാടോപങ്ങളോ ഇല്ലാതെ തന്നെ, സമൂലമായ സാമൂഹിക മാറ്റത്തിന്,  സമാധാനപരമായ വഴികാട്ടുകയാണ് നമ്മുടെ ഭരണഘടന. രക്തരഹിതമായ ഒരു വിപ്ലവത്തിനുള്ള മാർഗരേഖയാണത്.

അതിൻറെ അർത്ഥം ഉൾക്കൊള്ളുകയോ അതിനനുസരിച്ച് പ്രവർത്തിക്കുകയോ ചെയ്യാത്തവർ കയ്യടി വാങ്ങാൻ നടത്തുന്ന പ്രസ്താവനാ വൈകല്യങ്ങളെ അവഗണിക്കുകയാണ് വേണ്ടത്. പ്രത്യേകിച്ചും, ഫാഷിസം പിടിമുറുക്കി കൊണ്ടിരിക്കുന്ന ഇന്ത്യൻ രാഷ്ട്രീയ സാഹചര്യത്തിൽ, ഭരണഘടന ഒരു പ്രത്യാശയും വിമോചന രേഖയുമായി മർദ്ദിതജനത നോക്കിക്കാണുന്ന ഈ കാലഘട്ടത്തിൽ ഭരണഘടനയെ ഭളള് പറയുകയല്ല, അത് മുന്നോട്ടുവയ്ക്കുന്ന ഉന്നതമായ മൂല്യബോധത്തെ ഉയർത്തിപ്പിടിക്കുകയും അതിനു വേണ്ടി പോരാടുകയും ആണ് നാം ചെയ്യേണ്ടത്. അതിനെതിരെ നിൽക്കുന്നവർ ഈ രാജ്യത്തെയും ജനതയെയും ഒറ്റുകൊടുക്കുന്നവരാണ്.

article was first publishd in DoolNews on 12/07/2022

124(എ ) സുപ്രീംകോടതി തെറ്റ് തിരുത്തേണ്ടിയിരുന്നു

ഏറെ മാധ്യമശ്രദ്ധ നേടിയ ഒരു തീരുമാനത്തിലൂടെ, ദേശദ്രോഹ കുറ്റം നിർവചിക്കുന്ന, ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പ് 124(എ), താൽക്കാലികമായി മരവിപ്പിച്ചിരിക്കുകയാണ് ഇന്ത്യൻ സുപ്രീംകോടതി. കോടതിയുടെ ‘ധീരമായ’ ഇടപെടലിനെ പ്രകീർത്തിക്കുന്ന ആഘോഷങ്ങളെല്ലാം അവസാനിച്ചെങ്കിൽ ഉത്തരവിനെ സമചിത്തതയോടെ വിലയിരുത്താൻ നമുക്ക് ശ്രമിക്കാം.
124(എ)-യുടെ ഇരകളായ മാധ്യമപ്രവര്‍ത്തകർ, കിഷോര്‍ ചന്ദ്ര വംഖേം, കനയ്യ ലാല്‍ ശുക്ല എന്നിവരുടേതുൾപ്പെടെ 8 ഹർജികളാണ് സുപ്രീം കോടതിയുടെ മുന്നിലുണ്ടായിരുന്നത്. നിയമം തങ്ങൾ പുനപരിശോധിച്ചുവരികയാണെന്നും, അതുകൊണ്ട് ഈ ഘട്ടത്തിൽ കോടതി ഇടപെടേണ്ടതില്ല എന്നുമായിരുന്നു കേന്ദ്ര സർക്കാരിൻറെ നിലപാട്. എന്നാൽ കോടതി അത് പൂർണമായും അംഗീകരിച്ചില്ല. പുനപരിശോധനയ്ക്കുള്ള സാവകാശം അനുവദിച്ചുവെങ്കിലും, അതോടൊപ്പം ദേശദ്രോഹ നിയമം താൽക്കാലികമായി മരവിപ്പിക്കുകയും ചെയ്തു സുപ്രീംകോടതി. 
“124(എ) കാലഘട്ടത്തിനു യോജിച്ചതല്ലെന്നും പുനപരിശോധിക്കമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുള്ള സ്ഥിതിക്ക് ഇനി മുതല്‍ രാജ്യദ്രോഹക്കുറ്റത്തിന് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യില്ലെന്നാണ് തങ്ങള്‍ പ്രതീക്ഷിക്കുന്നത്. രജിസ്റ്റര്‍ ചെയ്താല്‍, ഇന്നത്തെ വിധി ചൂണ്ടിക്കാണിച്ചുകൊണ്ട് കോടതിയെ സമീപിച്ചു സമാശ്വാസം തേടാവുന്നതാണ്. നിലവില്‍ ചാര്‍ജ് ചെയ്തിട്ടുള്ള കേസുകളില്‍ എല്ലാ വിചാരണ നടപടികളും നിര്‍ത്തിവെക്കേണ്ടതാണ്. മറ്റു വകുപ്പുകള്‍ ഉണ്ടെങ്കില്‍ അത് സംബന്ധിച്ച നടപടികള്‍ തുടരാവുന്നതാണ്. അതേസമയം തന്നെ കേന്ദ്ര സര്‍ക്കാരിന് സെഡീഷന്‍ നിയമം ദുരുപയോഗം ചെയ്യതിരിക്കാനുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നല്‍കാവുന്നതാണ്.” ഇത്രയുമാണ് കോടതി വിധിയില്‍ പറയുന്നത്. 
ഈ വർഷം ജൂലൈ മാസം വരെയെങ്കിലും ദേശദ്രോഹം പോലെയുള്ള ഒരു നിഷ്ഠൂര നിയമത്തിൽ നിന്നും സംരക്ഷണം ഉറപ്പു വരുത്തുന്നു എന്ന അർത്ഥത്തിൽ സുപ്രീം കോടതിയുടെ വിധി സ്വാഗതാർഹമാണ്. കോടതിയുടെ ‘പ്രതീക്ഷ’ പോലെ ഇനി ഈ നിയമത്തിന് കീഴിൽ എഫ്ഐആർ ഉണ്ടാകാതിരിക്കട്ടെ. കുറ്റാരോപിതർക്ക് ജാമ്യം ലഭിക്കട്ടെ. എന്നാൽ ഇതിനൊരു മറുവശമുണ്ട്. സുപ്രീംകോടതി ഒരു പഴയ തെറ്റ് തിരുത്താനുള്ള അവസരം ഉപേക്ഷിച്ച് പിന്മാറി എന്നതാണത്. അതിലേക്ക് കടക്കുംമുമ്പ് എന്തുകൊണ്ടാണ് രാജ്യദ്രോഹം ഒരു ജനാധിപത്യ സമൂഹത്തിന് അനുയോജ്യമല്ലാത്ത നിയമമാകുന്നത് എന്ന് പരിശോധിക്കാം.
‘രാജ്യദ്രോഹം’ ആകർഷണീയമായ വകുപ്പ് ആകുന്നത് അതിൻറെ പേര് കൊണ്ടുതന്നെയാണ്. കേൾക്കുമ്പോൾ രാജ്യത്തിനെതിരായ പ്രവർത്തനം. രാജ്യത്തെ ദ്രോഹിക്കുന്നതിനെ ആർക്കാണ് ന്യായീകരിക്കാനാവുക? അതുകൊണ്ടുതന്നെ രാജ്യദ്രോഹക്കുറ്റം അനിവാര്യമാണ് എന്ന ഒരു പൊതുബോധം നിലവിലുണ്ട്. കോടതി വിധിയോടെ രാജ്യദ്രോഹകുറ്റകൃത്യം ഇല്ലാതായാൽ പിന്നെ, രാജ്യത്തിന് എതിരായ പ്രവർത്തനങ്ങളെ ശിക്ഷിക്കുവാൻ നിയമം വേണ്ടേ എന്നാണ് സംശയം. അതിന് ഉത്തരം കണ്ടെത്താൻ എന്തൊക്കെ കുറ്റങ്ങളാണ് രാജ്യത്തിനെതിരെ ഉയർന്നു വരാൻ സാധ്യതയുള്ളത് എന്ന് പരിശോധിക്കാം.
രാജ്യത്തിനെതിരെ യുദ്ധം ചെയ്യുകയോ യുദ്ധത്തിന് ശ്രമിക്കുകയോ ചെയ്യുക. രാജ്യത്തിനെതിരായ യുദ്ധത്തിനു വേണ്ടി ഗൂഢാലോചന നടത്തുക. രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് വേണ്ടി ആയുധങ്ങൾ ശേഖരിക്കുക. രാജ്യത്തിനെതിരായ യുദ്ധത്തിന് വേണ്ടിയുള്ള പദ്ധതി രഹസ്യമായി സൂക്ഷിക്കുക. രാജ്യത്തിൻറെ പ്രസിഡൻറ്റിനെയോ ഗവർണറെയോ മറ്റുള്ളവരെയോ ആക്രമിക്കുകയും അവരെ ഭരണപരമായ കടമകൾ നിർവഹിക്കുന്നതിൽ തടസ്സപ്പെടുത്തുകയും ചെയ്യുക. ഇക്കാര്യങ്ങളൊക്കെ ഇന്ത്യൻ ശിക്ഷാനിയമത്തിലെ ആറാം അധ്യായത്തിൽ 121, 122, 123, 124, 125, 126, 127, 128, 129, 130 എന്നീ വകുപ്പുകളിലായി നിർവചിച്ചിട്ടുണ്ട്. അടുത്ത അധ്യായത്തിൽ, രാജ്യ വിരുദ്ധ കലാപം ഉണ്ടാക്കുന്നതുൾപ്പെടെ, രാജ്യത്തെ വിവിധ സേനകൾക്ക് എതിരായ കുറ്റകൃത്യങ്ങൾ വിവരിക്കുന്നു. എട്ടാം അധ്യായത്തിൽ പൊതു സമാധാനത്തിന് എതിരെയുള്ള കുറ്റകൃത്യങ്ങൾ പരാമർശിക്കുന്നു. അനധികൃതമായ ഒത്തുചേരലിനെ എതിരെയുള്ള 141. കലാപത്തിനെതിരെ ഉള്ള സെക്ഷൻ 146. വിദ്വേഷപ്രസംഗത്തിനെതിരെ ഉള്ള 153(എ). സംഘം ചേരുമ്പോൾ ആയുധം കൈവശം വയ്ക്കുന്നതിനെതിരെയുള്ള 153(എഎ). അങ്ങനെ, ഐപിസി സെക്ഷൻ 141 മുതൽ 160 വരെ വിവിധ കുറ്റകൃത്യങ്ങളെ രേഖപ്പെടുത്തുന്നു. അതിനുപുറമേ രാജ്യസുരക്ഷയെ അപകടപ്പെടുത്തുന്ന കുറ്റകൃത്യങ്ങളെ നേരിടാൻ 1961-ലെ ക്രിമിനൽ നിയമ ഭേദഗതി ആക്ട് ഉണ്ട്. 1967-ലെ യുഎപിഎ ഉണ്ട്. ഭരണഘടനയും യും ദേശീയപതാകയും തുടങ്ങി ദേശീയബിംബങ്ങളെ അപമാനിക്കുന്നതിനെതിരെയുള്ള 1971-ലെ നിയമമുണ്ട്. കോടതിയലക്ഷ്യ നിയമമുണ്ട്. ഇതിലൊന്നും പെടാത്ത എന്തു കുറ്റകൃത്യമാണ് രാജ്യത്തിനെതിരെ ഒരാൾ നടത്തുക എന്നാലോചിക്കുമ്പോഴാണ്, പൊതുജനം വിചാരിക്കുന്ന സംഗതിയല്ല ‘ദേശദ്രോഹം’ എന്നു ബോധ്യമാവുക. 
ഐപിസി 124(എ) വായിച്ചു നോക്കിയാൽ ആർക്കും മനസ്സിലാകും അത് രാജ്യത്തിന് എതിരെയുള്ള സായുധ പോരാട്ടത്തെ ക്രിമിനൽവത്ക്കരിക്കുന്ന നിയമം അല്ല. രാജ്യത്ത് നിലനിൽക്കുന്ന ഗവൺമെൻറിന് അവമതിപ്പ് ഉണ്ടാകുന്നതിനെതിരെയുള്ള നിയമമാണ്. രാഷ്ട്രീയ പ്രതിയോഗികളെ കൈകാര്യം ചെയ്യുന്നതിനു വേണ്ടി ഉണ്ടാക്കിയ നിയമമാണ്. രാഷ്ട്രീയ ആയുധമാണ്. അതിൻറെ ചരിത്രപശ്ചാത്തലം അങ്ങനെയാണ്. അതുകൊണ്ടാണ് ഗാന്ധിജി അതിനെ ഇന്ത്യയിലെ രാഷ്ട്രീയ നിയമങ്ങൾ ക്കിടയിലെ രാജകുമാരൻ എന്ന് വിശേഷിപ്പിച്ചത്. 
ജീവപര്യന്തം വരെ ശിക്ഷ ലഭിക്കാവുന്ന വകുപ്പാണ്. കേള്‍ക്കുമ്പോള്‍ തന്നെ അതിഹീനമായ ഒരു കുറ്റകൃത്യം എന്നാണ് നമ്മള്‍ മനസിലാക്കുക. എന്നാല്‍ ഏറ്റവും നിസ്സാരമായ കാര്യങ്ങള്‍ക്ക്, ഏറ്റവും നിരാലംബരായ മനുഷ്യരെ വരെ ഈ വകുപ്പ് ഉപയോഗിച്ച് വേട്ടയാടുന്നു എന്നതാണ് യാഥാര്‍ഥ്യം. 
മാധ്യമപ്രവര്‍ത്തകരുടെയും നിയമജ്ഞരുടെയും വൈജ്ഞാനികരുടെയും ഗവേഷക കൂട്ടായ്മയായ ‘ആര്‍ട്ടിക്കിള്‍ 14’, ഇന്ത്യയില്‍ രാജ്യദ്രോഹം എങ്ങനെ പ്രയോഗിക്കപ്പെടുന്നു എന്നതിനെക്കുറിച്ച് ‘ഒരു ഇരുണ്ട പതിറ്റാണ്ട്’ എന്ന പേരില്‍ പഠനം പ്രസിദ്ധീകരിക്കുകയുണ്ടായി. കഴിഞ്ഞ പന്ത്രണ്ടു വര്‍ഷങ്ങളില്‍ രാജ്യമെമ്പാടും നടത്തിയ പഠനത്തില്‍ ശ്രദ്ധേയമായ വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. 876 കേസുകളിലായി 13,000 പേരാണ് സെഡീഷന്‍ (Sedition) കേസില്‍ പെട്ടിട്ടുള്ളത്. ഒരു മോട്ടോര്‍ ബൈക്കില്‍ സൈലന്‍സര്‍ വെക്കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കം പോലും രാജ്യദ്രോഹ കേസായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ടത്രേ! ടീഷര്‍ട്ട് ധരിച്ചതിന്റെ പേരില്‍, ഫേസ്ബുക്ക് പോസ്റ്റിന്റെ പേരില്‍, മാധ്യമപ്രവര്‍ത്തനത്തിന്റെ പേരില്‍ ഒക്കെ രാജ്യദ്രോഹം ചാര്‍ത്തപ്പെടുന്ന സാഹചര്യത്തില്‍ രാജ്യദ്രോഹത്തെപ്രതി ഗൗരവതരമായ രാഷ്ട്രീയ സംവാദങ്ങള്‍ ഉയര്‍ന്നുവരേണ്ടതുണ്ട്.

ഇന്ത്യന്‍ ശിക്ഷാനിയമം വകുപ്പ് 124(എ):
‘സംസാരമോ, എഴുത്തോ, ചിഹ്നങ്ങളോ, അല്ലെങ്കില്‍ ഏതെങ്കിലും തരത്തിലുള്ള ദൃശ്യചിത്രീകരണമോ ഉപയോഗിച്ച് ഗവണ്‍മെന്റിനെതിരെ അനാദരവോ വിദ്വേഷമോ വിരോധമോ ഉണ്ടാക്കുകയോ, ഉണ്ടാക്കാന്‍ ശ്രമിക്കുകയോ ചെയ്യുന്ന ഏതൊരു വ്യക്തിയെയും ജീവപര്യന്തം തടവും പിഴയുമോ, 3 വര്‍ഷം വരെ തടവും പിഴയുമോ വരെയുള്ള ശിക്ഷയ്ക്ക് വിധേയമാക്കാവുന്നതാണ്.’ എന്നാണ് നിയമം.‍ ‘വിരോധം’ എന്നതില്‍ ‘അവിശ്വസ്ഥത’യും എല്ലാ തരത്തിലുള്ള ‘ശത്രുത’യും ഉള്‍പ്പെടും എന്ന് വിശദീകരണമുണ്ട്. അനാദരവോ വിദ്വേഷമോ വിരോധമോ ഉണ്ടാക്കാതെ നിയമപരമായ മാര്‍ഗത്തിലൂടെ ഗവണ്‍മെന്റ് നയങ്ങളെയും നടപടികളെയും മാറ്റുവാനുള്ള ശ്രമങ്ങള്‍ ഇതിന്റെ പരിധിയില്‍ വരില്ല എന്നും ചേര്‍ത്തിട്ടുണ്ട്.
നിയമത്തിലെ വിശാലവും അസ്പഷ്ടവുമായ പദപ്രയോഗങ്ങള്‍ അധികാരികളുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്കനുസരിച്ചുള്ള വ്യാഖ്യാനങ്ങള്‍ക്കും പ്രയോഗങ്ങള്‍ക്കും വഴിയൊരുക്കുന്നു. രാജ്യത്ത് ഏറ്റവും കൂടുതല്‍ ദുരുപയോഗം ചെയ്യുന്ന വകുപ്പുകളില്‍ ഒന്നാണിത്. 2016ല്‍ ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥി നേതാക്കളായിരുന്ന കനയ്യ കുമാറും ഉമര്‍ ഖാലിദും മുതല്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചവര്‍ വരെ എത്രയോ വിദ്യാര്‍ത്ഥികളെ ഭരണകൂടം ഈ നിയമം ഉപയോഗിച്ച് വേട്ടയാടിക്കൊണ്ടിരിക്കുന്നു!
കേന്ദ്രസര്‍ക്കാര്‍ കൊവിഡ് മഹാമാരി കൈകാര്യം ചെയ്ത രീതിയെ വിമര്‍ശിച്ചതിനാണ് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ വിനോദ് ദുവക്കെതിരെ 124എ ചാര്‍ത്തിയത്. കൂടംകുളം ആണവനിലയത്തിനെതിരെ പ്രതിഷേധിച്ചതിന് 8,856 ഗ്രാമീണര്‍ക്കെതിരെ കേസെടുത്തിരുന്നു.
ഗ്രെറ്റ തന്‍ബര്‍ഗിന്റെ ‘ടൂള്‍ കിറ്റ്’ പ്രചരിപ്പിച്ചു എന്ന കേസില്‍ ദിഷ രവിക്കെതിരെ, കാര്‍ട്ടൂണിസ്‌റ് അസീം ത്രിവേദിക്കെതിരെ, അരുന്ധതി റോയിക്കെതിരെ, ബിനായക് സെന്നിനെതിരെ, കര്‍ഷക സമരം സംബന്ധിച്ച വ്യാജ വീഡിയോ പ്രചരിപ്പിച്ചു എന്ന പേരില്‍ മാധ്യമപ്രവര്‍ത്തകരായ രാജ്ദീപ് സര്‍ദേശായി, മിനാല്‍ പാണ്ഡെ, അനന്ത് നാഥ്, പരേഷ് നാഥ്, സഫര്‍ ആഘ, വിനോദ് ദുവ, പാര്‍ലമെന്റേറിയന്‍ ശശി തരൂര്‍- അങ്ങനെ പ്രമുഖരും അല്ലാത്തവരുമായ അനേകര്‍ ഈ വകുപ്പിന്റെ ഇരകളാണ്.
മാധ്യമപ്രവര്‍ത്തകര്‍, പ്രതിഷേധക്കാര്‍, സാമൂഹ്യ മാധ്യമങ്ങളില്‍ ഇടപെടുന്നവര്‍, മുദ്രാവാക്യം വിളിച്ചവര്‍, വ്യക്തിപരമായി ചില സന്ദേശങ്ങള്‍ അയച്ചവര്‍, ക്രിക്കറ്റ് കളിയില്‍ പാകിസ്ഥാന്‍ ജയിച്ചപ്പോള്‍ അഭിനന്ദനസന്ദേശം കൈമാറിയവര്‍ തുടങ്ങി നിരവധി പേര്‍, ജീവപര്യന്തം വരെ ശിക്ഷ ലഭിക്കാവുന്ന ഈ കുറ്റം ചാര്‍ത്തപ്പെട്ടവരാണ്. അതില്‍ നല്ലൊരു ശതമാനം കേസുകളും യാതൊരു തെളിവും നിരത്താനില്ലാത്തവയാണ്. അതുകൊണ്ടുതന്നെ ശിക്ഷിക്കപ്പെടാറുമില്ല. 2019-ലെ കണക്കുകള്‍ നോക്കിയാല്‍ കോടതി ശിക്ഷിച്ച കേസുകള്‍ 3.3 ശതമാനം മാത്രമാണ്. എന്നിരുന്നാലും ദീര്‍ഘമായ വിചാരണാ നടപടികള്‍ തന്നെ കുറ്റാരോപിതര്‍ക്ക് ശിക്ഷയായി മാറുകയാണ് പതിവ്.
സമകാലിക സാഹചര്യങ്ങളില്‍ ഈ നിയമത്തിന്റെ പ്രധാന ഉപയോഗം ‘ദുരുപയോഗം’ മാത്രമാണെന്ന കാര്യം രാജ്യത്തെ ഭരണഘടനാ കോടതികള്‍ തന്നെയും തിരിച്ചറിഞ്ഞിട്ടുണ്ട്. ”തങ്ങളുടെ നയങ്ങളോട് വിയോജിക്കുന്നു എന്ന കാരണം കൊണ്ട് ഒരു പൗരനെ ജയിലിലാക്കാന്‍ ഗവണ്‍മെന്റിന് കഴിയില്ല. ഈ നിയമത്തെ, സര്‍ക്കാരിന്റെ ദുരഭിമാനം സംരക്ഷിക്കാനുള്ള ഉപകരണമാക്കാന്‍ കഴിയില്ല,” ദിഷ രവിയുടെ കേസ് പരിഗണിച്ചുകൊണ്ട് ദല്‍ഹി ഹൈക്കോടതി പ്രസ്താവിച്ചിരുന്നു.
ചരിത്രം
ഇംഗ്ലണ്ടിൽ രാജാവിനെ ദൈവത്തിൻറെ പ്രതിപുരുഷനായി കണക്കാക്കിയിരുന്ന കാലത്താണ് രാജ്യദ്രോഹക്കുറ്റം ഉണ്ടാവുന്നത്. 1837-ല്‍, മെക്കാളെ, ഇന്ത്യന്‍ പീനല്‍ റോഡിൻറെ കരട് തയ്യാറാക്കുമ്പോൾ, വകുപ്പ് 113 ആയി ദേശദ്രോഹം ഉണ്ടായിരുന്നുവെങ്കിലും, 1860-ൽ കോഡ് നിലവിൽ വരുമ്പോൾ അതില്‍ ദേശദ്രോഹം എന്ന കുറ്റം ഉണ്ടായിരുന്നില്ല. പിന്നീട് 1870 നവംബര്‍ 25ന് കൂട്ടിച്ചേര്‍ത്തതാണിത്. ഇന്ത്യയിലെ മുസ്ലിം മതനേതൃത്വം ബ്രിട്ടീഷുകാര്‍ക്കെതിരെയുള്ള ജിഹാദിന് ആഹ്വാനം ചെയ്തുകൊണ്ട് ഫത്വ ഇറക്കിയതിന് പിന്നാലെ ആയിരുന്നു ഇത്. 1898-ൽ ഒരു ഭേദഗതിയിലൂടെ വകുപ്പ് വീണ്ടും വിപുലപ്പെടുത്തി.    
തുടര്‍ന്ന് ഗാന്ധിയും ബാലഗംഗാധര തിലക് വും ജവഹർലാൽ നെഹ്റുവും ഉള്‍പ്പെടെയുള്ള സ്വാതന്ത്ര്യസമര സേനാനികള്‍ക്കെതിരെ ഈ വകുപ്പ് പ്രയോഗിക്കപ്പെട്ടു. “വിയോജിപ്പുകളെ ക്രിമിനല്‍വല്‍ക്കരിക്കാന്‍ സൃഷ്ടിച്ച ഐ.പി.സി. 124(എ) ഇന്ത്യയിലെ രാഷ്ട്രീയ നിയമങ്ങള്‍ക്കിടയിലെ രാജകുമാരനാണ്. അതുപ്രകാരം ശിക്ഷിക്കപ്പെടുന്നത് ഒരു അംഗീകാരമായി ഞാന്‍ കണക്കാക്കുന്നു. അതുകൊണ്ട് നിയമം അനുശാസിക്കുന്ന ഏറ്റവും വലിയ ശിക്ഷ എനിക്ക് നല്‍കണമെന്നാണ് ഈ കോടതിയോട് എനിക്ക് പറയാനുള്ളത്” ഇങ്ങനെയായിരുന്നു ഗാന്ധിജി കോടതിയിൽ എഴുതി തയ്യാറാക്കി നൽകിയ പ്രസ്താവന. 
ഇന്ത്യന്‍ ഭരണഘടനാ നിര്‍മാണസഭയിലും ‘രാജ്യദ്രോഹം’ ഒരു ചര്‍ച്ചാ വിഷയമായിരുന്നു. ഭരണഘടനയുടെ അന്തിമ രൂപത്തില്‍, ആര്‍ട്ടിക്കിള്‍ 19 ഉറപ്പു നല്‍കുന്ന മൗലികാവകാശമായ അഭിപ്രായ സ്വാതന്ത്ര്യത്തിനുമേലുള്ള നിയന്ത്രണങ്ങളില്‍, അനുച്ഛേദം 19(2)ല്‍, രാജ്യദ്രോഹം ഉള്‍പ്പെടുത്തിയിട്ടില്ല. എന്നാല്‍ ഭരണഘടനയുടെ ഡ്രാഫ്റ്റില്‍ ‘സെഡീഷന്‍’ ഉള്‍പ്പെടുത്തിയിരുന്നു. ഭരണഘടനാ നിര്‍മാണസഭയില്‍, കെ.എം. മുന്‍ഷിയാണ് അതിനെതിരെ ശക്തമായ നിലപാടെടുത്തത്. 
പ്രസ്തുത അനുച്ഛേദത്തില്‍ രാജ്യദ്രോഹം എന്നതിന് പകരമായി ‘രാജ്യസുരക്ഷയെ അപകടപ്പെടുത്തുന്നതോ ഗവണ്‍മെന്റിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നതോ ആയ പ്രവര്‍ത്തി’ എന്ന ഭേദഗതി അദ്ദേഹം ആവശ്യപ്പെട്ടു. “ഗവണ്‍മെന്റിനെതിരെയുള്ള ഏതൊരു പ്രവൃത്തിയും -വിയോജിപ്പും അഭിപ്രായവ്യത്യാസവും എല്ലാം- കുറ്റകൃത്യമായി വ്യാഖ്യാനിക്കാവുന്ന തരത്തിലുള്ള വാക്കാണ് ‘രാജ്യദ്രോഹം’. സമ്മേളനം സംഘടിപ്പിക്കുന്നതോ ജാഥ നടത്തുന്നതോ പോലും രാജ്യദ്രോഹമായി കണക്കാക്കപ്പെട്ടിരുന്ന കാലമുണ്ടായിരുന്നു. ഒരു ജില്ലാ മജിസ്‌ട്രേറ്റിനെ വിമര്‍ശിച്ചത് 124(എ) ക്ക് കീഴില്‍ കുറ്റകൃത്യമായി കണക്കാക്കുന്നതിന് ഞാന്‍ സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഇപ്പോള്‍ നമുക്ക് ഒരു ജനാധിപത്യ ഭരണകൂടമുള്ള സാഹചര്യത്തില്‍, ഗവണ്‍മെന്റിനെതിരായ വിമര്‍ശനങ്ങളെയും രാജ്യസുരക്ഷയെ അപകടപ്പെടുത്തുന്നതോ ഭരണകൂടത്തെ അട്ടിമറിക്കുന്നതോ ആയ പ്രവര്‍ത്തനങ്ങളെയും വേര്‍തിരിച്ച് കാണേണ്ടതുണ്ട്. അതുകൊണ്ട് ‘രാജ്യദ്രോഹം’ എന്ന വാക്ക് ഒഴിവാക്കണം. കാരണം ഗവണ്‍മെന്റിനെതിരായ വിമര്‍ശനമാണ് ജനാധിപത്യത്തിന്റെ ആത്മാവ് ഈ സാഹചര്യത്തില്‍ ‘രാജ്യദ്രോഹം’ എന്നത് മാറ്റി, ഇന്നത്തെ തലമുറ രാജ്യദ്രോഹം കൊണ്ട് അര്‍ത്ഥമാക്കുന്നത് എന്താണോ അതേ വാക്കുകള്‍ ഭരണഘടനയില്‍ ഉള്‍പ്പെടുത്തണമെന്നാണ് ഈ ഭേദഗതി നിര്‍ദേശിക്കുന്നത്. അല്ലെങ്കില്‍ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 124എ ഇനിയും നിലനിര്‍ത്തണം എന്ന ഒരു തെറ്റായ സന്ദേശമായിരിക്കും അത് നല്‍കുക.” 1948 ഡിസംബര്‍ ഒന്നിന് കെ.എം. മുന്‍ഷി മുന്നോട്ടുവെച്ച ഈ ഭേദഗതി അംഗീകരിക്കപ്പെട്ടു. ഭരണഘടനാ നിര്‍മാണസഭയില്‍ അന്ന് നടന്ന ചര്‍ച്ചയുടെ അന്ത:സത്ത ഇന്ത്യന്‍ ശിക്ഷാനിയമം 124എ മുന്നോട്ടുവെക്കുന്ന രാജ്യദ്രോഹക്കുറ്റത്തിന് സ്വതന്ത്ര ജനാധിപത്യ ഇന്ത്യയില്‍ സ്ഥാനമുണ്ടാവരുത് എന്നതായിരുന്നുവെന്ന് കാണാം. തുടര്‍ന്ന് കോടതികളും ഈ വികാരം പങ്കുവെക്കുകയുണ്ടായി. 
രൊമേശ് ഥാപ്പര്‍ കേസ്
ക്രോസ് റോഡ്‌സ്’, ‘ഓര്‍ഗനൈസര്‍’ എന്നീ പ്രസിദ്ധീകരണങ്ങളുടെ നിരോധനവുമായി ബന്ധപ്പെട്ട കേസിലാണ് സുപ്രീംകോടതി ഗവണ്‍മെന്റിനെതിരെ വിധി പ്രസ്താവിച്ചത്. ചീഫ് ജസ്റ്റിസ് എച്ച്.ജെ. കനിയ, ജസ്റ്റിസുമാരായ സയ്യിദ് ഫസല്‍ അലി, എം. പതഞ്ജലി ശാസ്ത്രി, എം.സി. മഹാജന്‍, ബി.കെ. മുഖര്‍ജി, എസ്.ആര്‍. ദാസ് എന്നിവരടങ്ങുന്ന സുപ്രീംകോടതിയുടെ ഫുള്‍ ബെഞ്ച് ഗവണ്‍മെന്റിനെതിരായി വിധിയെഴുതി.
“കരട് ഭരണഘടനയുടെ അനുച്ഛേദം 13(2)ല്‍ നിന്നും ‘ദേശദ്രോഹം’ എന്ന വാക്ക് നീക്കം ചെയ്തതിലൂടെ, ഗവണ്‍മെന്റിനെതിരായ വിമര്‍ശനങ്ങളോ അനാദരവോ വിരോധമോ ഒന്നും ദേശസുരക്ഷയ്ക്ക് ഭീഷണി ആവുകയോ ഗവണ്‍മെന്റ് അട്ടിമറിക്കപ്പെടാന്‍ കാരണമാവുകയോ ചെയ്യാത്തിടത്തോളം കാലം, അഭിപ്രായസ്വാതന്ത്ര്യത്തെ നിയന്ത്രിക്കുന്നതിനുള്ള ന്യായീകരണമാകുകയില്ല. ‘പൊതു സമാധാനത്തെയോ ഭരണകൂടത്തിന്റെ അധികാരത്തെയോ ദുര്‍ബലപ്പെടുത്തുന്ന’ എന്ന ഐറിഷ് സങ്കല്‍പവും ഭരണഘടനാ ശില്‍പികള്‍ക്ക് സ്വീകാര്യമായിരുന്നില്ല. അങ്ങനെ അഭിപ്രായസ്വാതന്ത്ര്യത്തെ നിയമം കൊണ്ട് മറികടക്കുന്നതിന് വളരെ കര്‍ക്കശമായ നിയന്ത്രണങ്ങളാണ് ഭരണഘടന മുന്നോട്ടുവെക്കുന്നത്.ഒരുപക്ഷേ ക്രമസമാധാനപാലനം ലക്ഷ്യം വെച്ചിട്ടുള്ളതാണെങ്കില്‍ പോലും, രാജ്യസുരക്ഷയ്ക്ക് നേരിട്ട് ഭീഷണിയാകുന്ന അഭിപ്രായങ്ങളെ നിരോധിക്കുന്ന നിയമങ്ങളല്ലാതെ മറ്റൊന്നും ഭരണഘടനയുടെ അനുച്ഛേദം 19(2)ന് കീഴില്‍ സംരക്ഷണം അര്‍ഹിക്കുന്നില്ല” എന്നായിരുന്നു കോടതിയുടെ അഭിപ്രായം. അക്കാലത്ത് അനുച്ഛേദം 19(2)ന് കീഴിലുള്ള നിയന്ത്രണങ്ങളില്‍ പൊതുസമാധാനം ഉള്‍പ്പെട്ടിരുന്നില്ല.
ഈ വിധിയെ മറികടക്കാൻ ഭരണഘടനയുടെ ഒന്നാം ഭേദഗതി വരികയും. ‘പൊതു സമാധാനം’ അഭിപ്രായ സ്വാതന്ത്ര്യത്തെ നിയന്ത്രിക്കുന്ന ഭരണഘടനയുടെ അനുഛേദം 19(2) ഭാഗമാവുകയും ചെയ്തു. അതിനുശേഷവും ‘ദേശദ്രോഹം’ ഭരണഘടനയിൽ അഭിപ്രായ സ്വാതന്ത്ര്യത്തെ നിയന്ത്രിക്കാവുന്ന ഘടകങ്ങളുടെ ഭാഗമായില്ല. കോടതികളും അങ്ങനെ കരുതിയില്ല. താരാ സിംഗ് ഗോപിചന്ദ് കേസിൽ പഞ്ചാബ് ഹൈക്കോടതി അത് വ്യക്തമാക്കുകയുണ്ടായി. “വൈദേശിക ഭരണത്തിൻ കീഴിൽ അനിവാര്യമെന്ന് കരുതിയിരുന്ന ‘ദേശദ്രോഹ നിയമം’ നമ്മുടെ രാജ്യത്ത് സംഭവിച്ചിരിക്കുന്ന വമ്പിച്ച മാറ്റം എന്ന ഒറ്റക്കാരണം കൊണ്ട് തന്നെ അനാവശ്യമായി മാറിക്കഴിഞ്ഞു.” ഹൈക്കോടതി പ്രസ്താവിച്ചു. 
രാം നന്ദൻ കേസിൽ അലഹബാദ് ഹൈക്കോടതിയും സമാനമായ നിലപാടാണ് സ്വീകരിച്ചത്. ഭരണഘടനയുടെ ഒന്നാം ഭേദഗതി അവതരിപ്പിക്കവേ, പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു പാർലമെൻറിൽ നടത്തിയ പ്രസംഗം ഉദ്ധരിച്ചുകൊണ്ടാണ്, 124(എ)- ക്കെതിരെയുള്ള നിലപാട് ഹൈക്കോടതി പ്രകടിപ്പിച്ചത്. “എന്നെ സംബന്ധിച്ചിടത്തോളം 124(എ) നിന്ദ്യവും ദോഷകരവുമായ ഒരു വകുപ്പാണ്. നാം നിര്‍മിക്കുന്ന ഒരു നിയമസംഹിതയിലും ചരിത്രപരവും രാഷ്ട്രീയവുമായ കാരണങ്ങളാല്‍ ഇത്തരമൊരു വകുപ്പിന് ഇടമുണ്ടാകാന്‍ പാടില്ലാത്തതാണ്. എത്ര പെട്ടെന്ന് ഈ വകുപ്പ് നീക്കം ചെയ്യുന്നോ അത്രയും നല്ലത്.” എന്നായിരുന്നു നെഹ്റു പ്രസംഗിച്ചത്. (എന്നിരുന്നാലും നെഹ്റുവിൻറെ കാലത്ത് പ്രസ്തുത നിയമം നീക്കം ചെയ്തില്ല. ശിക്ഷയായുണ്ടായിരുന്ന ‘നാടുകടത്തൽ’ ജീവപര്യന്തമാക്കി എന്നതുമാത്രമാണ് ഒരു മാറ്റം.)
ഭരണഘടനയുടെ അനുഛേദം 13(1) അനുസരിച്ച്, മൗലികാവകാശങ്ങൾക്ക് വിരുദ്ധമായ, മുമ്പ് നിലനിന്നിരുന്ന ഏതൊരു നിയമവും റദ്ദായതായി കണക്കാക്കേണ്ടതാണ്. ‘രാജ്യദ്രോഹം’, അഭിപ്രായ സ്വാതന്ത്ര്യത്തെ സംബന്ധിച്ച അനുച്ഛേദം 19(1)-ന് ഏർപ്പെടുത്തിയിട്ടുള്ള യുക്തിസഹമായ നിയന്ത്രണങ്ങൾ വിവരിച്ചിരിക്കുന്ന, അനുച്ഛേദം 19(2)-ൻറെ ഭാഗമല്ലാത്തതുകൊണ്ട് തന്നെ, ഐപിസി 124(എ) ഭരണഘടനാവിരുദ്ധമാണ്. ഇത് വളരെ ലളിതമായ ഒരു നിയമ പ്രശ്നമാണ്. അതാണ് മേൽപ്പറഞ്ഞ വിധികളിലും വിവരിച്ചിട്ടുള്ളത്. എന്നാൽ 1962-ലെ കേദാർനാഥ് കേസിൽ സുപ്രീംകോടതി ഇതിനെയെല്ലാം കീഴ്മേൽ മറിച്ചു. അഞ്ചംഗ ഭരണഘടനാ ബെഞ്ചിൻറെ വിധിയായിരുന്നു. 
കേദാര്‍നാഥ് കേസ്
1953ല്‍, ബിഹാറിലെ ബഗുസുരായിയില്‍, കേദാര്‍നാഥ് സിംഗ് നടത്തിയ പ്രസംഗത്തെ തുടര്‍ന്നായിരുന്നു അദ്ദേഹത്തിനെതിരെ രാജ്യദ്രോഹക്കുറ്റം ചേര്‍ത്ത് കേസെടുത്തത്. പ്രസംഗത്തിന്റെ പ്രസക്തഭാഗം താഴെ ചേര്‍ക്കുന്നു:
”…ഇന്ന് സി.ബി.ഐയുടെ പട്ടികള്‍ ബറൗനിയില്‍ കറങ്ങി നടക്കുന്നുണ്ട്. പല ഔദ്യോഗിക നായ്ക്കളും ഇവിടെയും വന്നിരിക്കുന്നുണ്ട്. ബ്രിട്ടീഷുകാരെ നമ്മള്‍ തുരത്തിയത് പോലെ ഈ കോണ്‍ഗ്രസ് ഗുണ്ടകളെയും തുരത്തേണ്ടതുണ്ട്… ഒരു വിപ്ലവമുണ്ടാവും എന്ന് തന്നെ നമ്മള്‍ വിശ്വസിക്കുന്നു. അതിന്റെ അഗ്‌നിയില്‍ മുതലാളിമാരും ജന്മിമാരും കോണ്‍ഗ്രസ് നേതാക്കന്മാരും ഒരുപിടി ചാരമായി മാറും. അവരുടെ ചാരത്തിന് മുകളിലായിരിക്കും നമ്മള്‍ ഇന്ത്യയിലെ ദരിദ്രരുടെയും പീഡിതരുടെയും ഭരണകൂടം പടുത്തുയര്‍ത്തുന്നത്.’
ഐ.പി.സി. 124എ, അതിന്റെ വാചികാര്‍ത്ഥത്തിലെടുത്താല്‍, ഈ പ്രസംഗം രാജ്യദ്രോഹമാണ്. അതാണ് കൊളോണിയല്‍ നിയമപാരമ്പര്യവും. എന്നാല്‍ ഒരു ജനാധിപത്യ സംവിധാനത്തിന് കീഴില്‍ ഭരണകൂടത്തിനെതിരെ ഇത്തരത്തിലുള്ള വിമര്‍ശനങ്ങള്‍ ഉന്നയിക്കാന്‍ പൗരന് അവകാശമുണ്ട് എന്നായിരുന്നു കേദാര്‍നാഥിന്റെ നിലപാട്. അതുകൊണ്ട് തന്നെ, കേദാര്‍നാഥ് സിംഗ്, ഐ.പി.സി. 124എയുടെ ഭരണഘടനാ സാധുത സുപ്രീംകോടതിയില്‍ ചോദ്യം ചെയ്തു. 1962ല്‍ ആ പ്രസംഗം ഒരു അക്രമാഹ്വാനമല്ല എന്നുകണ്ട് സുപ്രീംകോടതി അദ്ദേഹത്തെ വെറുതെവിട്ടു. എന്നിരുന്നാലും അതേവിധിയില്‍ തന്നെ 124എ വകുപ്പിന്റെ ഭരണഘടനാപരത ശരിവെക്കുകയും ചെയ്തു. അങ്ങനെയൊരു തീരുമാനത്തിലെത്താന്‍ രാജ്യദ്രോഹം എന്ന വകുപ്പിനെയാകെ പുനര്‍നിര്‍വചിക്കുകയാണ് സുപ്രീംകോടതി ചെയ്തത്.
യഥാര്‍ത്ഥത്തില്‍ 1950-ലെ രൊമേശ് ഥാപ്പര്‍ വിധിയില്‍ നിന്നുള്ള പിന്‍നടത്തമാണ് 1962-ല്‍ സംഭവിച്ചത്. ഭരണഘടനയുടെ അനുച്ഛേദം 19(2)-ല്‍ നിന്ന് രാജ്യദ്രോഹം എന്ന വാക്ക് ഒഴിവാക്കിയത്, ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പ് 124(എ) മുന്നോട്ടുവെക്കുന്ന ജനാധിപത്യവിരുദ്ധമായ ആശയത്തെ നിഷേധിക്കുന്നതിനും രാജ്യദ്രോഹം എന്ന കുറ്റത്തെ നിരാകരിക്കുന്നതിനും വേണ്ടിയാണെന്ന ശരിയായ ചരിത്രവായനയാണ് 1950-ലെ കോടതിവിധിയില്‍ പ്രതിഫലിച്ചിരുന്നതെങ്കില്‍, 124(എ) നിലനിര്‍ത്തുന്നതിന് വേണ്ടി ചരിത്രത്തെയും നിയമത്തെയും അതിനനുകൂലമായി വ്യാഖ്യാനിക്കുകയാണ് കേദാര്‍നാഥ് കേസില്‍ സുപ്രീംകോടതി. വാച്യാര്‍ത്ഥത്തില്‍, ആ വകുപ്പ് നിലനിര്‍ത്താന്‍ യാതൊരു മാര്‍ഗവും ഇല്ല എന്ന് കണ്ടുകൊണ്ട്, കുറെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി, ‘സത്യബോധത്തിന്റെ പേരാണ് രാമന്‍’ എന്നൊക്കെ പറയുന്നതുപോലെ ‘രാജ്യദ്രോഹം’ വേറെ എന്തൊക്കെയോ ആണ് എന്ന തരത്തില്‍ വകുപ്പിന്റെ അര്‍ഥം തന്നെ മാറ്റി എഴുതി സംരക്ഷിച്ചെടുക്കുകയായിരുന്നു സുപ്രീം കോടതി. അങ്ങനെയാണ് ഭരണഘടനാ നിര്‍മാണസഭ വേണ്ടെന്നുവച്ച രാജ്യദ്രോഹം കോടതി വഴി നമ്മുടെ നാട്ടില്‍ തിരിച്ചെത്തുന്നത്.
ചീഫ് ജസ്റ്റിസ് എസ്. ഭുവനേശ്വര്‍ പ്രസാദ് സിന്‍ഹ ആണ് വിധിയെഴുതിയത്. രൊമേശ് ഥാപ്പര്‍ കേസില്‍ വിധിയെഴുതിയ ബെഞ്ചിലെയും അംഗമായിരുന്ന ജസ്റ്റിസ് എസ്.ആര്‍. ദാസ് പക്ഷേ ഇവിടെ വിയോജിപ്പ് രേഖപ്പെടുത്തിയില്ല എന്നത് നമ്മളെ അത്ഭുതപ്പെടുത്തും. ജസ്റ്റിസുമാരായ എ.കെ. സര്‍ക്കാര്‍, എന്‍. രാജഗോപാല അയ്യങ്കാര്‍, ജെ.ആര്‍. മുധോല്‍കര്‍ എന്നിവരായിരുന്നു ബെഞ്ചിലെ മറ്റ് അംഗങ്ങള്‍.
എന്തായാലും 124(എ)-യില്‍ പറയുന്ന വളരെ വിപുലമായ അര്‍ത്ഥതലങ്ങളില്‍ നിന്ന് രാജ്യദ്രോഹം എന്ന വകുപ്പ് പ്രയോഗിക്കാന്‍ കഴിയുന്ന സാഹചര്യങ്ങളെ വലിയതോതില്‍ പരിമിതപ്പെടുത്തി എന്നുള്ളത് കേസിലെ ഒരു നേട്ടവുമാണ്. ഗവണ്‍മെന്റിനെതിരെയുള്ള വിമര്‍ശനങ്ങളോ വിയോജിപ്പുകളോ അനാദരവോ ഭരണത്തില്‍ ഇരിക്കുന്ന വ്യക്തികളോടുള്ള അനാദരവോ ഒന്നും രാജ്യദ്രോഹത്തിന്റെ പരിധിയില്‍ വരില്ലെന്നും അക്രമത്തിനുള്ള ആഹ്വാനമാണ് കുറ്റകൃത്യത്തിന്റെ മാനദണ്ഡം എന്നും വന്നു. എന്നാല്‍ ‘പൊതുസമാധാനമോ പൊതുക്രമമോ ഇല്ലാതാക്കുന്നതിനുള്ള, ഉദ്ദേശ്യമോ പ്രവണതയോ’ എന്ന വിധിയിലെ പ്രയോഗം അവ്യക്തതകള്‍ ബാക്കിയാക്കുന്നതാണ്.
1995ലെ ‘ബല്‍വന്ത് സിംഗ് കേസ്’ കേദാര്‍നാഥ് വിധിയെ പിന്‍പറ്റി വന്നിട്ടുള്ള മറ്റൊരു തീരുമാനമാണ്. ‘ഖലിസ്ഥാന്‍ സിന്ദാബാദ്! ഹിന്ദുസ്ഥാന്‍ മൂര്‍ദാബാദ്!’ എന്ന് മുദ്രാവാക്യം മുഴക്കിയതിന്റെ പേരില്‍ രാജ്യദ്രോഹം ചാര്‍ത്തപ്പെട്ട വ്യക്തികളുടെ അപ്പീലില്‍ സുപ്രീംകോടതി അവരെ കുറ്റവിമുക്തരാക്കുകയും, ‘കേവലം മുദ്രാവാക്യം വിളിക്കുന്നത് രാജ്യദ്രോഹമല്ല’ എന്ന് പ്രസ്താവിക്കുകയുമുണ്ടായി.
എന്നാൽ ഇതുകൊണ്ടൊന്നും ഒന്നും 124(എ) എന്ന നിഷ്ഠൂര നിയമത്തിൻറെ പ്രയോഗത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാകില്ല എന്നാണ് അനുഭവങ്ങൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ ദേശദ്രോഹ ദുരുപയോഗത്തിൻറെ തോത് ഭീഷണമാംവിധം വർധിച്ചു വരുന്നതായും കാണുന്നു. അങ്ങനെ ഒരു ഘട്ടത്തിലാണ് രാജ്യദ്രോഹ നിയമം ഭരണഘടനാ വിരുദ്ധമായ പ്രഖ്യാപിക്കണം എന്ന ആവശ്യം സുപ്രീം കോടതിയുടെ മുന്നിൽ എത്തുന്നത്.
ഹർജിയിൽ കേന്ദ്ര സർക്കാരിൻറെ നിലപാടുകൾ നോക്കുക. 2022, മെയ് അഞ്ചിന് അറ്റോർണി ജനറൽ സുപ്രീം കോടതിയിൽ വാദിച്ചത് കേദാർനാഥ് വിധി പുനപരിശോധിക്കേണ്ടതില്ല എന്നും ദുരുപയോഗങ്ങൾ തടയാൻ ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ ഉണ്ടായാൽ മതിയെന്നുമാണ്. തൊട്ടടുത്ത ദിവസം സോളിസിറ്റർ ജനറലും ഇതേ വികാരം തന്നെയാണ് പ്രകടിപ്പിച്ചത്. ദുരുപയോഗത്തിൻറെ, ഒറ്റപ്പെട്ട സംഭവങ്ങൾ നിയമം റദ്ദ് ചെയ്യുന്നതിനുള്ള കാരണമായി കണക്കാക്കാനാവില്ല എന്നും അദ്ദേഹം പറഞ്ഞു. അതിനും ശേഷമാണ്, ഒരു വെളിപാടുപോലെ, ഞങ്ങൾ നിയമം പുനപരിശോധിക്കാൻ പോകുന്നുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയ സെക്രട്ടറി കോടതിയെ അറിയിച്ചത്. 
“രാജ്യത്ത് നിരവധി കൊളോണിയല്‍ ശേഷിപ്പുകള്‍ ഉണ്ട്. അത്തരത്തിലുള്ള 1500-ഓളം കാലഹരണപ്പെട്ട നിയമങ്ങള്‍ ഞങ്ങള്‍ നീക്കം ചെയ്തിട്ടുണ്ട്. രാജ്യദ്രോഹത്തെക്കുറിച്ച് ഉന്നയിക്കപ്പെട്ടിട്ടുള്ള വിവിധ നിരീക്ഷണങ്ങളെപ്പറ്റി ഗവണ്‍മെന്റിന് ബോധ്യമുണ്ട്. രാജ്യത്തിന്റെ പരമാധികാരവും അഖണ്ഡതയും ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് തന്നെ, ഇതില്‍ ഉള്‍പ്പെട്ടിട്ടുള്ള പൗരാവകാശ പ്രശ്‌നങ്ങളും മനുഷ്യാവകാശ പ്രശ്‌നങ്ങളും പരിഗണിച്ചുകൊണ്ട്, 124(എ) പുനപരിശോധിക്കുന്നതിന് വേണ്ടിയുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണ്. സ്വാതന്ത്ര്യലബ്ധിയുടെ 75ാം വാര്‍ഷികം പ്രമാണിച്ച് ആസാദി കാ അമൃത്‌വര്‍ഷ് പരിപാടിയുടെ ഭാഗമായി അവകാശങ്ങളെക്കുറിച്ചും സ്വാതന്ത്ര്യത്തെക്കുറിച്ചുമുള്ള ആശങ്കകള്‍ പ്രധാനമന്ത്രിയും പങ്കുവയ്ക്കുന്നുണ്ട്.” ഇതായിരുന്നു സുപ്രീം കോടതിയില്‍ കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലം.
ഈ നിലപാട് പക്ഷേ കോടതി നടപടികള്‍ വൈകിപ്പിക്കാനുള്ള ഒരു തന്ത്രം മാത്രമായിരുന്നു എന്ന് വിധിയോടുള്ള നിയമമന്ത്രിയുടെ രൂക്ഷമായ പ്രതികരണത്തിൽ നിന്നും വ്യക്തമാണ്. “കോടതികള്‍ സര്‍ക്കാരിനെ ബഹുമാനിക്കേണ്ടതുണ്ട്. ഞങ്ങള്‍ കോടതിയെ ബഹുമാനിക്കുന്നുണ്ട്. ഇവിടെ കൃത്യമായ വേര്‍തിരിവുകളും അതിരുകളുമുണ്ട്. ഇതിനിടയിലുള്ള ലക്ഷ്മണരേഖ മുറിച്ചു കടക്കാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്.” എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.
2021 ഡിസംബര്‍ മാസത്തില്‍ അസമില്‍ നിന്നുള്ള എം.പി. ബദറുദ്ദീന്‍ അജ്മല്‍ ഉന്നയിച്ച ചോദ്യത്തിന് എഴുതി നല്‍കിയ മറുപടിയില്‍ സെക്ഷന്‍ 124(എ) പുനപരിശോധിക്കാനുള്ള യാതൊരു പദ്ധതിയും സര്‍ക്കാരിന്റെ മുന്നിലില്ല എന്ന് ഇതേ മന്ത്രി തന്നെ പാര്‍ലമെന്റിനെ അറിയിച്ചിരുന്നതാണ്. അതിനുശേഷമാണ് സുപ്രീം കോടതിയില്‍ ഇത്തരമൊരു സത്യവാങ്മൂലം സമര്‍പ്പിച്ചത്. കേന്ദ്രസർക്കാർ നിലപാട് മൃദുവായ ഭാഷയിൽ പറഞ്ഞാൽ കാപട്യമാണ്.
‘ആര്‍ട്ടിക്കിള്‍ 14’ നടത്തിയ ഗവേഷണത്തില്‍ ക്രോഡീകരിച്ച കണക്കുകള്‍ പരിശോധിച്ചാല്‍, രാജ്യദ്രോഹം എങ്ങനെയാണ് നമ്മുടെ രാജ്യത്ത് പ്രയോഗിക്കുന്നത്, ആരൊക്കെയാണ് അതിന്റെ ഇരകള്‍, ആര്‍ക്കുവേണ്ടിയാണ് ഈ നിയമം നിലനില്‍ക്കുന്നത്, എന്നെല്ലാം വ്യക്തമാകും. 2010നു ശേഷം രജിസ്റ്റര്‍ ചെയ്തിട്ടുള്ള രാജ്യദ്രോഹക്കേസുകളില്‍ 65 ശതമാനവും 2016 ശേഷമുള്ളതാണ് എന്ന് കാണാം. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ രാജ്യദ്രോഹ കേസുകളുടെ എണ്ണത്തില്‍ 190 ശതമാനം വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. രാഷ്ട്രീയ നേതാക്കന്മാരെ വിമര്‍ശിച്ചതിന്റെ പേരില്‍ രാജ്യദ്രോഹം ചാര്‍ത്തുന്ന സംഭവങ്ങളില്‍ 96 ശതമാനവും ഉണ്ടായത് 2014 ശേഷമാണ്. അതില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ചതിന്റെ പേരിലാണ്, 149 എണ്ണം. രണ്ടാം സ്ഥാനത്ത് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആണ്, 144 കേസുകള്‍. വിദ്യാര്‍ത്ഥി നേതാക്കളും പത്രപ്രവര്‍ത്തകരും സാമൂഹ്യ പ്രവര്‍ത്തകരും അഭിഭാഷകരും രാഷ്ട്രീയപ്രവര്‍ത്തകരുമെല്ലാം ഇതിന്റെ ഇരകളാണ്. ഇത്തരമൊരു ട്രാക്ക് റെക്കോര്‍ഡുള്ള ഭരണ സംവിധാനത്തിന് കീഴില്‍ എന്തുതരം പുനപരിശോധനയാണ് ഉണ്ടാവുക എന്ന് ഊഹിക്കാവുന്നതേയുള്ളൂ. 
ഈ സാഹചര്യം മനസ്സിലാക്കിക്കൊണ്ട് ഉയർന്നു വരേണ്ടിയിരുന്ന പ്രധാനപ്പെട്ട ചോദ്യങ്ങൾ കോടതി ഉന്നയിച്ചില്ല. ഈ നിയമം അനുയോജ്യമായ ഫോറം പുനപരിശോധിക്കും എന്നാണ് കേന്ദ്രസർക്കാർ അറിയിച്ചത് ഫോറമാണ് പുനപരിശോധിക്കാൻ പോകുന്നത് എന്ന് കോടതി ചോദിച്ചില്ല. എന്തടിസ്ഥാനത്തിലായിരിക്കും പുനപരിശോധന നടത്തുക എന്ന് ആരാഞ്ഞില്ല. എത്ര നാൾക്കകം നടപടികൾ പൂർത്തിയാകുമെന്നും കോടതി അന്വേഷിച്ചില്ല. ഇതൊന്നുമറിയാതെ പുനപരിശോധനയ്ക്കുള്ള അവസരം കൊടുക്കുകയാണ് ഉണ്ടായത്. ഒരുപക്ഷേ, പോട്ട മാറി യുഎപിഎ ഭേദഗതി ചെയ്തു വന്നതുപോലെ ലെ കൂടുതൽ നിഷ്ഠൂരമായ ഒരു നിയമം വരാനുള്ള സാധ്യത പോലും തള്ളിക്കളയാനാവില്ല. നിയമത്തിൻറെ ദുരുപയോഗങ്ങൾ ഒറ്റപ്പെട്ട സംഭവങ്ങൾ ആണെന്നും, ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചാൽ അത് പരിഹരിക്കപ്പെടുമെന്നുമുള്ള കേന്ദ്ര സർക്കാരിൻറെ വാദവും ചരിത്രത്തിനു നിരക്കുന്നതല്ല. 
കോടതികൾ തന്നെ നിരവധി മാർഗ്ഗ നിർദ്ദേശങ്ങൾ ഇതിനോടകം പുറപ്പെടുവിച്ചിട്ടുണ്ട്. പൊതു സമാധാനത്തിനും രാജ്യത്തിൻറെ സ്ഥിരതയ്ക്കും ഭംഗം വരുത്തുന്ന സംഭവങ്ങൾ മാത്രമേ ഈ വകുപ്പിന് കീഴിൽ വരികയുള്ളൂ എന്ന് കേദാർനാഥ് കേസിൽ കോടതി വ്യക്തമാക്കിയിരുന്നു. അർണേഷ് കുമാർ കേസിൽ, രാജ്യദ്രോഹക്കുറ്റത്തിന് ഒരാൾ ജയിലിൽ ആക്കുന്നതിനു മുൻപ് മുമ്പ് പ്രഥമദൃഷ്ട്യാ ഇയാൾക്കെതിരെ രാജ്യദ്രോഹം കേസെടുക്കാനുള്ള കാരണങ്ങളുണ്ടെന്ന് മജിസ്ട്രേറ്റ് രേഖപ്പെടുത്തണം എന്നു നിർദേശിച്ചിരുന്നു. എന്നാൽ എന്നാൽ ഇന്ത്യൻ എക്സ്പ്രസ് നടത്തിയ ഒരു അന്വേഷണത്തിൽ ഇതിൽ പൗരത്വ നിയമ ഭേദഗതിക്കെതിരായ സമ്മേളനങ്ങൾക്ക് ശേഷം ദേശദ്രോഹ കുറ്റം ചാർത്തിയ സംഭവങ്ങളിൽ ഈ നിർദേശം പാലിച്ചിട്ടില്ല എന്ന് കണ്ടെത്തുകയുണ്ടായി. ക്രിമിനൽ നടപടി ക്രമം, വകുപ്പ് 196 അനുസരിച്ച്, രാഷ്ട്രത്തിനെതിരായ കുറ്റകൃത്യങ്ങളിൽ വിചാരണക്ക് മുൻപ് ഗവൺമെൻറിൻറെ അനുമതി വാങ്ങേണ്ടതുണ്ട്. എന്നാൽ, മുദ്രാവാക്യം വിളിച്ചതിനു ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതിനുമെല്ലാം ദേശദ്രോഹം ചാർജ് ചെയ്യുമ്പോൾ, ഗവൺമെൻറ് അതിന് അനുമതി നൽകുന്ന കാഴ്ചയാണ് കണ്ടുവരുന്നത്. 
കോടതിയുടെ ഇടക്കാല ഉത്തരവിലും കേന്ദ്രസർക്കാരിന് ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ആവുന്നതാണ് എന്ന് കാണാം. എന്നാൽ മേൽപ്പറഞ്ഞ മാർഗ്ഗനിർദ്ദേശങ്ങൾ എല്ലാം ഉണ്ടായിരുന്നിട്ടും, രാജ്യദ്രോഹകുറ്റം തന്നിഷ്ടംപോലെ അധികാരികൾ, രാഷ്ട്രീയ താല്പര്യങ്ങൾക്ക് അനുസരിച്ച്, ഉപയോഗിച്ചുപോരുന്നു എന്ന് അനുഭവം നമ്മളോട് പറയുന്നു. അതായത് മാർഗനിർദ്ദേശങ്ങൾ ഇല്ലാത്തതല്ല, ഈ വകുപ്പ് തന്നെയാണ് പ്രശ്നം. വേറെയും അവ്യക്തതകൾ ഉണ്ട് കോടതിവിധിയിൽ. ഇപ്പോള്‍ കോടതി ഐ.പി.സി 124 (എ) സ്റ്റേ ചെയ്തിട്ടില്ല. മേലില്‍ ഈ വകുപ്പില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യരുതെന്ന് സാങ്കേതികമായി നിര്‍ദ്ദേശിച്ചിട്ടില്ല. ആ സാഹചര്യത്തില്‍ ഈ നിയമം ഇനിയും ഉപയോഗിക്കില്ല എന്ന് യാതൊരു ഉറപ്പുമില്ല. 2015ല്‍ സുപ്രീം കോടതി റദ്ദ് ചെയ്ത ഐ.ടി. നിയമത്തിലെ സെക്ഷന്‍ 66(എ) ഉപയോഗിച്ച് സമീപകാലം വരെ കേസെടുത്തിട്ടുണ്ട്. 2021 ഇത്തരം 755 സാഹചര്യങ്ങള്‍ ചൂണ്ടിക്കാണിച്ച് പി.യു.സി.എല്‍. സുപ്രീംകോടതിയെ സമീപിച്ചപ്പോള്‍ മാത്രമാണ് ഗവണ്മെന്റുകള്‍ അത് കാര്യമായെടുത്തത്. കോടതി നിയമം റദ്ദ് ചെയ്ത ആറു വർഷത്തിനു ശേഷമുള്ള അവസ്ഥയാണ് ഇതെന്നോർക്കണം. അപ്പോഴാണ് താൽക്കാലികമായി മരവിപ്പിച്ച ഒരു വകുപ്പ്. ഓപ്പണ്‍ കോര്‍ട്ടില്‍ പറഞ്ഞിരുന്നതുപോലെ വിചാരണത്തടവുകാര്‍ക്ക് ഈ ഉത്തരവ് അനുസരിച്ച് ജാമ്യത്തിന് കോടതിയെ സമീപിക്കാം എന്ന വാചകം പുറത്തുവന്ന ഉത്തരവില്‍ കാണുന്നുമില്ല. ഇതൊക്കെ സംബന്ധിച്ച് ചില അവ്യക്തതകള്‍ ബാക്കിയാണ്.
എന്നാല്‍, കോടതി ഇപ്പോള്‍തന്നെ 124(എ) യുടെ ഭരണഘടനാപരത പരിശോധിക്കുവാന്‍ തയ്യാറായിരുന്നുവെങ്കില്‍ ഈ ഒരു സാഹചര്യം ഒഴിവാക്കാമായിരുന്നു. സ്റ്റേ എന്നത് ഹർജിക്കാരുടെ ആവശ്യമേ ആയിരുന്നില്ല. വാദം കേൾക്കുന്നതിന് യാതൊരു തടസ്സവും ഉണ്ടായിരുന്നില്ല. വൈവാഹിക ജീവിതത്തിലെ ബലാത്സംഗം സംബന്ധിച്ച കേസിൽ ഡൽഹി ഹൈക്കോടതി ചെയ്തത് അതാണ്. നിയമം തങ്ങൾ പുനപരിശോധിക്കുകയാണെന്നും, അതുവരെ കോടതി കാത്തിരിക്കണമെന്നുമുള്ള കേന്ദ്ര സർക്കാരിൻറെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. വാദംകേട്ട്, കേസിൽ വിധി പറയുകയായിരുന്നു. ഈ കേസിലും അതു സാധ്യമാകുമായിരുന്നു. കാരണം 1962-ലെ വിധി കാലഹരണപ്പെട്ടതാണ്. കേദാര്‍നാഥ് വിധിയെ അതുണ്ടായ പ്രത്യേക കാലഘട്ടത്തില്‍ നിന്നുകൊണ്ട് മനസ്സിലാക്കേണ്ടതാണ്. ഒന്ന്, രൊമേശ് ഥാപ്പര്‍ കേസിലെ വിധി വരുന്നത് നമ്മുടെ ഭരണഘടന നിലവില്‍ വന്നതിന് കേവലം ഒരു വര്‍ഷത്തിന് ശേഷം മാത്രമാണ്. ദേശീയപ്രസ്ഥാനവും ഭരണഘടനാ നിര്‍മാണപ്രക്രിയയുമൊക്കെ പൊതുബോധത്തില്‍ സജീവമായി നിലനിന്നിരുന്ന സമയം. അതില്‍ നിന്നും വ്യത്യസ്തമായി സ്വാതന്ത്ര്യസമര പ്രസ്ഥാനം നേരിട്ടിരുന്ന രാഷ്ട്രീയ പരിതസ്ഥിതിയെക്കുറിച്ചുള്ള ബോധം പൊതുസമൂഹത്തില്‍ നിന്നും മാഞ്ഞുതുടങ്ങിയ ഒരു കാലഘട്ടത്തിലാണ് കേദാര്‍നാഥ് വിധി ഉണ്ടായത്. രണ്ട്, മൗലികാവകാശങ്ങള്‍ ഇത്രമേല്‍ വിശാലമായി വ്യാഖ്യാനിക്കപ്പെട്ടിരുന്ന കാലത്തുള്ള വിധിയല്ലത്. മൗലികാവകാശങ്ങളെ ഒറ്റപ്പെട്ട തുരുത്തുകളായി നീതിപീഠം കണക്കാക്കിയ എ.കെ. ഗോപാലന്‍ കേസിന്റെ കാലമാണ്.
മൗലികാവകാശങ്ങള്‍ ഒറ്റപ്പെട്ട കമ്പാര്‍ട്ട്‌മെന്റുകള്‍ അല്ല എന്നും, അവയെല്ലാം പരസ്പരപൂരകങ്ങളാണെന്നും സുപ്രീംകോടതി വിലയിരുത്തിയ മനേക ഗാന്ധി കേസിനും, വ്യക്തിയുടെ സ്വയം നിര്‍ണയ അവകാശവും ഭരണകൂട നടപടികളുടെ ആനുപാതികത സംബന്ധിച്ചും നിര്‍ണായക നിലപാടുകള്‍ മുന്നോട്ടുവെച്ച പട്ടു സ്വാമിക്കും, മൗലികാവകാശങ്ങളുടെ വിശാലമാനങ്ങള്‍ അംഗീകരിക്കപ്പെട്ട നാസ് ഫൗണ്ടേഷന്‍ (സ്വവര്‍ഗാനുരാഗം ക്രിമിനല്‍ കുറ്റമായി കണക്കാക്കിക്കൊണ്ടുള്ള ഐ.പി.സി. വകുപ്പ് 377 റദ്ദ് ചെയ്ത വിധി) വിധിക്കും ഒക്കെ മുന്നേയാണ്. ലോകരാജ്യങ്ങളിലെല്ലാം തന്നെ രാജ്യദ്രോഹക്കുറ്റം നിയമത്തില്‍ നിന്ന് നീക്കം ചെയ്ത് തുടങ്ങുന്നതിനും മുന്‍പാണ്.
സ്വാതന്ത്ര്യം നേടി ഏഴ് പതിറ്റാണ്ട് പിന്നിടുന്ന ഈ കാലഘട്ടത്തില്‍ 124(എ) പോലൊരു നിയമത്തിന് പ്രസക്തിയൊന്നുമില്ല. രാജ്യദ്രോഹം നിയമസംഹിതയുടെ ഭാഗമാക്കിയിരുന്ന ഇംഗ്ലണ്ട് ഉള്‍പ്പടെയുള്ള പ്രധാനപ്പെട്ട രാജ്യങ്ങളെല്ലാം നിയമപുസ്തകങ്ങളില്‍ നിന്ന് അത് നീക്കം ചെയ്തു കഴിഞ്ഞു. ബ്രിട്ടീഷ് പാര്‍ലമെന്റില്‍, കൊറോനേഴ്‌സ് ആന്‍ഡ് ജസ്റ്റിസ് ആക്ട് 2009 അവതരിപ്പിച്ചുകൊണ്ട് ജസ്റ്റിസ് മിനിസ്റ്റര്‍ ക്ലെയര്‍ വാര്‍ഡ് പറഞ്ഞത് ഇപ്രകാരമാണ്: ‘നാമിന്നു കാണുന്നത് പോലെയുള്ള ഒരവകാശമായി ‘അഭിപ്രായസ്വാതന്ത്ര്യം’ കണക്കാക്കപ്പെട്ടിരുന്നില്ലാത്ത ഒരു കാലഘട്ടത്തില്‍ രൂപംകൊണ്ട പ്രാകൃതമായ വകുപ്പാണ് രാജ്യദ്രോഹം. അഭിപ്രായ സ്വാതന്ത്ര്യം ജനാധിപത്യത്തിന്റെ ഉരകല്ല് ആയാണ് ഇന്ന് മനസ്സിലാക്കപ്പെടുന്നത്. ഗവണ്‍മെന്റിനെ വിമര്‍ശിക്കാനുള്ള ജനങ്ങളുടെ അവകാശം സ്വാതന്ത്ര്യം സംരക്ഷിക്കുന്നതില്‍ പരമപ്രധാനമാണ്’. ബ്രിട്ടീഷുകാര്‍ അവശേഷിപ്പിച്ചുപോയ ഈ കൊളോണിയല്‍ കുറ്റകൃത്യം ഇനിയും നമ്മള്‍ ചുമക്കേണ്ടതില്ല.
എങ്ങനെ പരിശോധിച്ചാലും തിരുത്തേണ്ട ഒരു തീരുമാനമായിരുന്നു 1962ല്‍ കേദാര്‍നാഥ് കേസില്‍ സുപ്രീംകോടതിയില്‍ നിന്നും ഉണ്ടായത്. സര്‍ക്കാരിന്റെ പുനപരിശോധന നടക്കുകയോ നടക്കാതിരിക്കുകയോ ചെയ്യട്ടെ, അതിനു സമാന്തരമായി നമ്മുടെ പരമോന്നത നീതിപീഠം 124(എ)-യുടെ ഭരണഘടനാപരത പരിശോധിച്ച് പോവുക തന്നെ വേണമായിരുന്നു. അതിനു തയ്യാറാകാതിരുന്നത് കോടതിയുടെ പ്രാഥമികകടമയില്‍ നിന്നുള്ള ഒളിച്ചോട്ടമാണ് എന്ന് പറയാതെ വയ്യ. വരുന്ന ജൂലൈ മാസത്തിൽ കേസ് വീണ്ടും പരിഗണിക്കുമ്പോൾ കോടതി എന്ത് നടപടിയാണ് സ്വീകരിക്കുക എന്ന് കാത്തിരുന്നു കാണാം.

published in TrueCopyWebzene on 13/05/2022

124 A ; തെറ്റുതിരുത്താനുള്ള അവസരം പാഴാക്കി, സുപ്രീം കോടതി ഒളിച്ചോടുകയാണ്

ഐപിസി 124(എ) അഥവാ രാജ്യദ്രോഹകുറ്റം താൽക്കാലികമായി മരവിപ്പിച്ചു കൊണ്ടുള്ള സുപ്രീംകോടതിവിധി ഒരേസമയം സന്തോഷകരവും നിരാശാജനകവുമാണ്. രാജ്യദ്രോഹക്കുറ്റം എന്ന കൊളോണിയൽ കുറ്റകൃത്യം ഭരണഘടനാ വിരുദ്ധമാണെന്നും അതു റദ്ദ് ചെയ്യണമെന്നും ആവശ്യപ്പെട്ടുകൊണ്ട്   നിലവിലുള്ള വിവിധ ഹർജികളാണ് കോടതി പരിഗണിച്ചത്.  ഐപിസി സെക്ഷൻ 124(എ) തങ്ങൾ പുനപരിശോധിക്കുമെന്നും, അതുവരെ കോടതി ഇടപെടേണ്ടതില്ല എന്നുമായിരുന്നു കേന്ദ്രസർക്കാർ കേസിൽ സ്വീകരിച്ച നിലപാട്. ഈ അഭ്യർത്ഥന അനുസരിച്ച്  വാദം മാറ്റി വയ്ക്കുമോ എന്നായിരുന്നു  എല്ലാവരും ആശങ്കയോടെ നോക്കിയിരുന്നത്. എന്നാൽ കോടതി അതിനു പൂർണമായും വഴങ്ങിയില്ല.  പുനപരിശോധന  ഉണ്ടാവും വരെ പ്രസ്തുത നിയമം മരവിപ്പിയ്ക്കുകയാണ് ചെയ്തത്. 

124(എ) കാലഘട്ടത്തിനു യോജിച്ചതല്ലെന്നും പുനഃപരിശോധിക്കമെന്നും  ഗവണ്മെന്റ് വ്യക്തമാക്കിയിട്ടുള്ള സ്ഥിതിക്ക് ഇനിമുതൽ രാജ്യദ്രോഹ കുറ്റത്തിന് എഫ്ഐആർ രജിസ്റ്റർ ചെയ്യില്ലെന്നാണ് തങ്ങൾ പ്രതീക്ഷിക്കുന്നത്.  രജിസ്റ്റർ ചെയ്താൽ, ഇന്നത്തെ വിധി ചൂണ്ടിക്കാണിച്ചുകൊണ്ട് കോടതിയെ സമീപിച്ചു സമാശ്വാസം തേടാവുന്നതാണ്. നിലവിൽ ചാർജ്ജ് ചെയ്തിട്ടുള്ള കേസുകളിൽ എല്ലാ വിചാരണ നടപടികളും നിർത്തിവയ്ക്കേണ്ടതാണ്. മറ്റു വകുപ്പുകൾ ഉണ്ടെങ്കിൽ അത് സംബന്ധിച്ച നടപടികൾ തുടരാവുന്നതാണ്. അതേ സമയം തന്നെ കേന്ദ്ര സർക്കാരിന് സെഡീഷൻ നിയമം ദുരുപയോഗം ചെയ്യതിരിക്കാനുള്ള മാർഗ നിർദേശങ്ങൾ സംസ്ഥാന ഗവണ്മെന്റുകൾക്ക് നൽകാവുന്നതാണ്.

ഈ വിധി കേന്ദ്ര സർക്കാരിൻറെ പ്രതീക്ഷകൾക്ക് എതിരായിരുന്നുവെന്ന്,   കേന്ദ്രനിയമമന്ത്രി കിരൺ റിജിജു  നടത്തിയ പ്രതികരണത്തിൽ നിന്ന് മനസ്സിലാക്കാം. “കോടതികൾ ഗവൺമെൻറിനെ ബഹുമാനിക്കേണ്ടതുണ്ട്. ഞങ്ങൾ കോടതിയെ ബഹുമാനിക്കുന്നുണ്ട്. ഇവിടെ കൃത്യമായ വേർതിരിവുകളും അതിരുകളുമുണ്ട്. ഇതിനിടയിലുള്ള ലക്ഷ്മണരേഖ മുറിച്ചു കടക്കാതിരിക്കാൻ ശ്രദ്ധിക്കേണ്ടതാണ്.” എന്നായിരുന്നു അദ്ദേഹത്തിൻറെ വാക്കുകൾ. . 

“രാജ്യത്ത് നിരവധി കൊളോണിയൽ ശേഷിപ്പുകൾ ഉണ്ട്. അത്തരത്തിലുള്ള 1500-ഓളം കാലഹരണപ്പെട്ട നിയമങ്ങൾ ഞങ്ങൾ നീക്കം ചെയ്തിട്ടുണ്ട്. രാജ്യദ്രോഹ ത്തെക്കുറിച്ച് ഉന്നയിക്കപ്പെട്ടിട്ടുള്ള വിവിധ നിരീക്ഷണങ്ങളെപ്പറ്റി ഗവൺമെന്റിന് ബോധ്യമുണ്ട്. രാജ്യത്തിൻറെ പരമാധികാരവും അഖണ്ഡതയും ഉയർത്തിപ്പിടിച്ചുകൊണ്ട് തന്നെ, ഇതിൽ ഉൾപ്പെട്ടിട്ടുള്ള പൗരാവകാശ പ്രശ്നങ്ങളും മനുഷ്യാവകാശ പ്രശ്നങ്ങളും  പരിഗണിച്ചുകൊണ്ട്, 124(എ) പുനം:പരിശോധിക്കുന്നതിന് വേണ്ടിയുള്ള നടപടികൾ സ്വീകരിച്ചു വരികയാണ്. സ്വാതന്ത്ര്യലബ്ധിയുടെ എഴുപത്തിയഞ്ചാം വാർഷികം പ്രമാണിച്ച്  ആസാദി കാ അമൃതവർഷ പരിപാടിയുടെ ഭാഗമായി  അവകാശങ്ങളെക്കുറിച്ചും സ്വാതന്ത്ര്യത്തെക്കുറിച്ചുമുള്ള ആശങ്കകൾ പ്രധാനമന്ത്രിയും പങ്കുവയ്ക്കുന്നുണ്ട്.” ഇതായിരുന്നു സുപ്രീം കോടതിയിൽ കേന്ദ്രസർക്കാർ സമർപ്പിച്ച സത്യവാങ്മൂലം.

ഈ നിലപാട് പക്ഷേ കോടതി നടപടികൾ വൈകിപ്പിക്കാൻ ഉള്ള ഒരു തന്ത്രം മാത്രമായിരുന്നു എന്ന് ഇന്നത്തെ നിയമമന്ത്രിയുടെ രൂക്ഷമായ ഭാഷയിൽ നിന്നും വ്യക്തമാണ്. 2021 ഡിസംബർ മാസത്തിൽ ആസാമിൽ നിന്നുള്ള എംപി ബദറുദ്ദീൻ അജ്മൽ ഉന്നയിച്ച  ചോദ്യത്തിന് എഴുതി നൽകിയ മറുപടിയിൽ സെക്ഷൻ 124(എ) പുനഃപരിശോധിക്കാനുള്ള യാതൊരു പദ്ധതിയും ഗവൺമെൻറിൻറെ മുന്നിൽ ഇല്ല എന്ന് ഇതേ മന്ത്രി തന്നെ  പാർലമെൻറിനെ അറിയിച്ചിരുന്നതാണ്. അതിനുശേഷമാണ് സുപ്രീംകോടതിയിൽ ഇത്തരമൊരു സത്യവാങ്മൂലം സമർപ്പിച്ചത്.

മാത്രവുമല്ല അല്ല അതിനുമുൻപ്, രാജ്യദ്രോഹ നിയമം ഭരണഘടനാപരമാണ് എന്ന് പ്രസ്താവിച്ച 1962-ലെ കേദാർനാഥ് കേസ്  പുനപരിശോധിക്കേണ്ട ആവശ്യമില്ല എന്ന നിലപാട് സോളിസിറ്റർ ജനറൽ സുപ്രീം കോടതിയിൽ സ്വീകരിച്ചിരുന്നു. പ്രസ്തുത കേസിൽ, ഇന്ന് ഹർജിക്കാർ ഉന്നയിക്കുന്ന എല്ലാ വാദങ്ങളും പരിശോധിക്കപ്പെട്ടു കഴിഞ്ഞതാണെന്നും അദ്ദേഹം പറഞ്ഞു. ഈ പശ്ചാത്തലത്തിൽ ഇന്ന് കോടതി സ്വീകരിച്ച നടപടി പ്രതീക്ഷാജനകമാണ്. പുനപരിശോധന യുടെ പേര് പറഞ്ഞ്  സെക്ഷൻ 124(എ) അനന്തമായി നിലനിർത്തിക്കൊണ്ട് പോകാമെന്ന കേന്ദ്ര ഗവൺമെൻറിൻറെ പ്രതീക്ഷ കോടതി തകർത്തുകളഞ്ഞു. 

എന്നാൽ ഇതിനൊരു മറുവശമുണ്ട്.   1962ന് ശേഷം ഉയർന്നുവന്ന  നിയമ വൈജ്ഞാനിക പശ്ചാത്തലത്തിൽ, ഐപിസി 124(എ)  നിശ്ചയമായും റദ്ദ് ചെയ്യപ്പെടുമായിരുന്നു. ആധുനിക കാലഘട്ടത്തിൽ ലോകത്ത് ഏതാണ്ടെല്ലാ ജനാധിപത്യ രാജ്യങ്ങളും  രാജ്യദ്രോഹം എന്ന കുറ്റം  നിയമ പുസ്തകത്തിൽ നിന്ന് നീക്കം ചെയ്തു കഴിഞ്ഞു. നമ്മുടെ ഭരണഘടന നിർമ്മാണ സഭയിൽ വളരെ വിശദമായ ചർച്ചയ്ക്കുശേഷം ഒഴിവാക്കപ്പെട്ട സംഗതിയാണ് രാജ്യദ്രോഹം. ഈ വസ്തുതയുടെയും 1952-ലെ റൊമേഷ് ഥാപ്പർ കേസിലെ വിധിയുടെയും എല്ലാം പശ്ചാത്തലത്തിൽ ഐപിസി 124(എ)  പണ്ടേ റദ്ദ് ചെയ്യേണ്ടതായിരുന്നു. എന്നാൽ 1962-ൽ കേദാർനാഥ് കേസിൽ വളരെ പിന്തിരിപ്പനായ നിയമ വ്യാഖ്യാനങ്ങളിലൂടെ അത് നിലനിർത്തുകയാണ് പരമോന്നത നീതിപീഠം ചെയ്തത്. വാച്യാർത്ഥത്തിൽ, ആ വകുപ്പ് നിർത്താൻ യാതൊരു മാർഗവും ഇല്ല എന്ന് കണ്ടുകൊണ്ട്, കുറെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി, ‘സത്യ ബോധത്തിന്റെ പേരാണ് രാമൻ’ എന്നൊക്കെ പറയുന്നതുപോലെ രാജ്യദ്രോഹം എന്ന കുറ്റം മറ്റൊന്നാണ് എന്ന തരത്തിൽ  വകുപ്പിൻറെ അർഥം തന്നെ മാറ്റി എഴുതി  സംരക്ഷിച്ചെടുക്കുകയായിരുന്നു സുപ്രീംകോടതി. അങ്ങനെയാണ് ഭരണഘടനാ നിർമാണസഭ വേണ്ടെന്നുവച്ച രാജ്യദ്രോഹം കോടതി വഴി നമ്മുടെ നാട്ടിൽ തിരിച്ചെത്തുന്നത്. ഈ തെറ്റ് തിരുത്തുവാനുള്ള അവസരം നമ്മുടെ സുപ്രീം കോടതി ഇപ്പോൾ പാഴാക്കിയിരിക്കുന്നു.

ഇനി എന്ത് തരത്തിലുള്ള പുനപരിശോധനയാണ് ഗവൺമെൻറ്  നടത്തുവാൻ പോകുന്നത് എന്ന് കാത്തിരുന്നു കാണാം. കാരണം കരിനിയമങ്ങളോട് പ്രത്യേക പ്രിയമുള്ള  രാഷ്ട്രീയവിഭാഗമാണ് ഇന്ന് രാജ്യം ഭരിക്കുന്നത്. ‘ആർട്ടിക്കിൾ 14’ നടത്തിയ ഗവേഷണത്തിൽ ക്രോഡീകരിച്ച കണക്കുകൾ പരിശോധിച്ചാൽ, രാജ്യദ്രോഹം  എങ്ങനെയാണ് നമ്മുടെ രാജ്യത്ത് പ്രയോഗിക്കുന്നത്, ആരൊക്കെയാണ് അതിൻറെ ഇരകൾ,  ആർക്കുവേണ്ടിയാണ് ആണ് ഈ നിയമം നിലനിൽക്കുന്നത്,  എന്നുമെല്ലാം വ്യക്തമാകും. 2010 നു ശേഷം രജിസ്റ്റർ ചെയ്തിട്ടുള്ള രാജ്യദ്രോഹ കേസുകളിൽ 65 ശതമാനവും 2016 ശേഷമുള്ളതാണ് എന്ന് കാണാം. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ രാജ്യദ്രോഹ കേസുകളുടെ എണ്ണത്തിൽ 190 ശതമാനം വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്. രാഷ്ട്രീയ നേതാക്കന്മാരെ വിമർശിച്ചതിൻറെ പേരിൽ രാജ്യദ്രോഹം ചാർത്തുന്ന സംഭവങ്ങളിൽ 96 ശതമാനവും ഉണ്ടായത് 2014 ശേഷമാണ്. അതിൽ ഏറ്റവും കൂടുതൽ കേസുകൾ  പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമർശിച്ചതിൻറെ ഫലമായിട്ടാണ്; 149 എണ്ണം. രണ്ടാം സ്ഥാനത്ത് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആണ്; 144 കേസുകൾ. വിദ്യാർത്ഥി നേതാക്കളും പത്രപ്രവർത്തകരും  സാമൂഹ്യ പ്രവർത്തകരും അഭിഭാഷകരും  രാഷ്ട്രീയപ്രവർത്തകരുമെല്ലാം  ഇതിൻറെ ഇരകളാണ്. ഇത്തരമൊരു ട്രാക്ക് റെക്കോർഡുള്ള ഭരണ സംവിധാനത്തിന് കീഴിൽ എന്തുതരം പുനപരിശോധനയാണ് ഉണ്ടാവുക എന്നത് ഊഹിക്കാവുന്നതേയുള്ളൂ. പോട്ട മാറി യുഎപിഎ വന്നതുപോലെ പോലെ മറ്റൊരു തരത്തിലുള്ള കരിനിയമം വരാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.

മാത്രവുമല്ല, ഇപ്പോൾ കോടതി ഐപിസി 124 (എ) സ്റ്റേ ചെയ്തിട്ടില്ല. മേലിൽ ഈ വകുപ്പിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യരുതെന്ന് സാങ്കേതികമായി നിർദ്ദേശിച്ചിട്ടില്ല. ആ സാഹചര്യത്തിൽ ഈ നിയമം ഇനിയും ഉപയോഗിക്കില്ല എന്ന് യാതൊരു ഇറപ്പുമില്ല. 2015-ൽ സുപ്രീംകോടതി റദ്ദ് ചെയ്ത ഐ.ടി. നിയമത്തിലെ സെക്ഷൻ 66(എ) ഉപയോഗിച്ച് സമീപകാലം വരെ കേസെടുത്തിട്ടുണ്ട്. 2021 ഇത്തരം 755 സാഹചര്യങ്ങൾ ചൂണ്ടിക്കാണിച്ച് പി.യു.സി.എൽ. സുപ്രീംകോടതിയെ സമീപിച്ചപ്പോൾ മാത്രമാണ് ഗവണ്മെന്റുകൾ അത് കാര്യമായെടുത്തത്. ആറ് വർഷങ്ങൾക്ക് ശേഷമാണെന്നോർക്കണം. ഇന്നത്തെ സുപ്രീംകോടതി വിധിയിൽ ചാർജ്ജ് ഫ്രെയിം ചെയ്ത കേസുകളിൽ വിചാരണ നിർത്തിവയ്ക്കണം എന്നാണ് നിർദ്ദേശിച്ചിട്ടുളത്. ഓപ്പൺ കോർട്ടിൽ പറഞ്ഞിരുന്നതുപോലെ വിചാരണതടവുകാർക്ക് ഈ ഉത്തരവ് അനുസരിച്ച് ജാമ്യത്തിന് കോടതിയെ സമീപിക്കാം എന്ന വാചകം പുറത്തുവന്ന ഉത്തരവിൽ കാണുന്നുമില്ല. ഇതൊക്കെ സംബന്ധിച്ച് ചില അവ്യക്തതകൾ ബാക്കിയാണ്.

എന്നാൽ, കോടതി ഇപ്പോൾതന്നെ 124(എ)-യുടെ ഭരണഘടനാപരത പരിശോധിക്കുവാൻ തയ്യാറായിരുന്നുവെങ്കിൽ ഈ ഒരു സാഹചര്യം ഒഴിവാക്കാമായിരുന്നു. കാരണം ഈ വകുപ്പ് ഭരണഘടനാ വിരുദ്ധമാണെന്ന് കണ്ടെത്തിയിരുന്നെങ്കിൽ, അതിൻറെ കാര്യകാരണങ്ങൾ വിശദീകരിക്കപ്പെട്ടിരുന്നെങ്കിൽ, ഗവൺമെന്റിന് മറ്റു വഴികളിലൂടെ ഈ വകുപ്പ് നിലനിർത്താനുള്ള അവസരം ലഭിക്കുമായിരുന്നില്ല. കാരണം, ഭരണഘടനാ വിരുദ്ധക്കെതിരെ നിയമനിർമാണം നടത്തുവാൻ പാർലമെൻറിനധികാരമില്ല. ഗവൺമെൻറിൻറെ പുനപരിശോധന നടക്കുകയോ നടക്കാതിരിക്കുകയോ ചെയ്യട്ടെ, അതിനു സമാന്തരമായി നമ്മുടെ പരമോന്നത നീതിപീഠം 124(എ)-യുടെ ഭരണഘടനാപരത പരിശോധിച്ച് പോവുക തന്നെ വേണമായിരുന്നു. അതിനു തയ്യാറാകാതിരുന്നത്  കോടതിയുടെ പ്രാഥമികകടമയിൽ നിന്നുള്ള ഒളിച്ചോട്ടമാണ് എന്ന് പറയാതെ വയ്യ. എന്നിരുന്നാലും അടുത്ത ജൂലൈ മാസം വരെയെങ്കിലും രാജ്യദ്രോഹക്കുറ്റത്തിൽ നിന്ന് ജനതയ്ക്ക് സംരക്ഷണം ലഭിക്കുമെന്നത് ആശ്വാസകരവുമാണ്. 

The article was published in DoolNews on Saturday, 14th May 2022

യൂണിഫോമോ വിദ്യാഭ്യാസമോ? കർണാടക ഹൈക്കോടതി വിധി ചോദ്യം ചെയ്യപ്പെടുന്നു

വസ്ത്രത്തിന്റെ പേരിൽ വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട വിഷയത്തിൽ കർണാടക ഹൈക്കോടതിയുടെ  ഉത്തരവ് ജനാധിപത്യത്തെ അവകാശാധിഷ്ഠിത രാഷ്ട്രീയ വ്യവസ്ഥിതിയായി  മനസിലാക്കുന്നവർക്ക് നിരാശ നൽകുന്നതാണ്. ഇന്ത്യൻ നിയമവൈജ്ഞാനിക ചരിത്രത്തിൽ,  അവകാശങ്ങളെ ഭരണഘടനാപരമായി എങ്ങനെയൊക്കെ പരിമിതപ്പെടുത്താനാകും എന്നത് സംബന്ധിച്ച ഗംഭീര രചനയായി ഈ വിധി പരിഗണിക്കപ്പെടുമെന്നു തീർച്ച. പ്രധാനവിഷയങ്ങളെ സൗകര്യാർത്ഥം ഒഴിവാക്കി, തികഞ്ഞ കൗശലത്തോടെ വിഷയം ഫ്രെയിം ചെയ്ത്, അനുയോജ്യമായ നിയമയുക്തികൾ  നിരത്തി  ആവശ്യമായ തീർപ്പ് കൽപ്പിക്കുകയായിരുന്നു കോടതി.

ഹൈക്കോടതിയുടെ  ഇടക്കാല  ഉത്തരവിൽ,  ഹിജാബിനു വിലക്ക് ഏർപ്പെടുത്തിയിരുന്നത് അതൊരു മതവസ്ത്രം ആയതുകൊണ്ടായിരുന്നുവെങ്കിൽ, അന്തിമ വിധിയിലേക്ക് എത്തുമ്പോൾ ഒരു മതാചാരമല്ല എന്ന കാരണംകൊണ്ട് ഹിജാബ്  ധരിക്കാനാവില്ല എന്നുവരുന്നു! എന്തുകൊണ്ട് ഇത്തരമൊരു വൈരുദ്ധ്യത്തിലേക്ക് കാര്യങ്ങളെത്തി എന്ന അന്വേഷണം കേവലം ഹൈക്കോടതി വിധിയുടെ വിമർശനത്തിനപ്പുറത്തേക്ക് നമ്മളെ  നയിക്കേണ്ടതുണ്ട്. അങ്ങനെ നോക്കുമ്പോൾ ഈ വിധി നൽകുന്ന പ്രാഥമികപാഠം ‘മൗലികാവകാശങ്ങൾ സംബന്ധിച്ച വിഷയങ്ങളെ എങ്ങനെ സമീപിക്കരുത്’ എന്നാണ്. 

പൗരസ്വാതന്ത്ര്യത്തിന്റെ വിശാലമാനങ്ങളിൽ വിലയിരുത്തപ്പെടേണ്ടിയിരുന്ന വിഷയത്തെ പ്രാഥമികമായും  മതാചാരത്തിന്റെ പ്രശ്നമായി അവതരിപ്പിച്ചിടത്തു കേസിന്റെ ഭാഗധേയം നിർണയിക്കപ്പെട്ടിരുന്നു. സർക്കാർ നയങ്ങൾക്ക് അനുകൂലമായ രീതിയിൽ വിഷയങ്ങൾ ഫ്രെയിം ചെയ്യാൻ കോടതിയെ അനുവദിച്ചത് ഹർജിക്കാരുടെ ഈ സമീപനമായിരുന്നു. ഹിജാബ് ഇസ്ലാമിന്റെ അവശ്യ മതാചാരമാണോ എന്ന കാര്യത്തിൽ സംശയം ഉന്നയിക്കുകയോ, അല്ല എന്ന് പ്രസ്താവിക്കുകയോ ചെയ്ത അര ഡസൻ ഹൈക്കോടതി ഉത്തരവുകളെങ്കിലും ഉണ്ടായിരുന്നുവെന്നിരിക്കെ ഇത്തരമൊരു സമീപനം ആത്മഹത്യാപരമായിരുന്നു. 

ഹിജാബ് ധരിച്ച കുട്ടികളെ പഠിക്കാൻ അനുവദിക്കാത്തത് ഒരു മതാചാരത്തിന്റെ പ്രശ്നമായി ചുരുക്കി കാണുമ്പോൾ ഈ കുട്ടികൾക്ക് നിഷേധിക്കപ്പെടുന്ന എല്ലാ അവകാശങ്ങളെയും നമ്മൾ അവഗണിക്കുകയാണ്. ഇഷ്ടമുള്ള വസ്ത്രം ധരിക്കുക, വിദ്യാഭ്യാസം ലഭിക്കുക, സ്വയം നിർണയിക്കാനാവുക അങ്ങനെ ഭരണഘടന സംരക്ഷണം നൽകുന്ന അടിസ്ഥാന സ്വാതന്ത്ര്യങ്ങളെല്ലാം കവർന്നെടുക്കപ്പെട്ടിരുന്നു. വിദ്യാർഥികളുടേത് ആ അർത്ഥത്തിൽ ഒരു സ്വാതന്ത്ര്യ പോരാട്ടമാണ്. അതിനെ കേവലം മതാചാരമായി ചുരുക്കുമ്പോൾ അത് അവരുടെ സ്വാതന്ത്ര്യ നിഷേധത്തിന്റെ നിയമവിചാരമായി മാറുന്നു. കാരണം ഹിജാബ് ഇസ്ലാമിന്റെ അവശ്യ-ആചാരമാണ് എന്നുവരുകിൽ ഈ പെൺകുട്ടികൾക്ക് ഹിജാബ് ധരിക്കാനുള്ള അവകാശം ലഭിക്കുകയല്ല, ഹിജാബ് ധരിക്കാതിരിക്കാനുള്ള അവകാശം നഷ്ടപ്പെടുകയാണ് ചെയ്യുക. അവകാശങ്ങൾക്കും സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള നിയമ പോരാട്ടത്തെ അവകാശനിഷേധത്തിന്റെ, മതം സൃഷ്ടിച്ച ആൺകോയ്മാ വ്യവസ്ഥിതിയുടെ, സ്വാതന്ത്ര്യരാഹിത്യത്തിന്റെ, നിയമയുക്തിയാക്കിയിടത്തു തന്നെ പ്രശ്നം വഴിതെറ്റിയിരുന്നു. 

മറ്റു വിഷയങ്ങൾ കോടതിയിൽ ഉന്നയിച്ചില്ലെന്നല്ല, പക്ഷേ, പ്രധാനവാദം മതസ്വാതന്ത്ര്യമായിരുന്നു. ഹൈക്കോടതി ഉത്തരവിന്റെ സിംഹഭാഗവും ഈ വിഷയത്തിന്റെ അപഗ്രഥനമാണ്. നിഷേധിക്കാൻ വളരെ എളുപ്പമുള്ള വാദമായിരുന്നുവത്. ഹിജാബ് അവശ്യ മതാചാരമല്ല എന്ന് വരികിൽ പിന്നെ അനുച്ഛേദം 25-ന്റെ സംരക്ഷണം ലഭിക്കുകയില്ല. കേസ് അവിടെ അവസാനിച്ചു.
ഇത്രയും പറഞ്ഞത്  കർണാടക ഹൈക്കോടതി ഉത്തരവിനെ പിന്തുണയ്ക്കുന്നതുകൊണ്ടല്ല, ഇത്തരമൊരു ഉത്തരവിലേക്കുള്ള എളുപ്പ മാർഗം തുറന്നിട്ടത് മതവാദമാണ് എന്ന് ചൂണ്ടിക്കാണിക്കാൻ വേണ്ടി മാത്രമാണ്.

കേസിലെ പരിഗണനാവിഷയങ്ങളുടെ സൗകര്യപ്രദമായ തെരഞ്ഞെടുപ്പാണ് കർണാടക ഹൈക്കോടതിയുടെ വിധിന്യായത്തിന്റെയും പിൻബലം. ഏതുരീതിയിലാണ് കോടതി പ്രശ്നത്തെ സമീപിച്ചത് എന്നുനോക്കാം. നാല് നിയമസമസ്യകളാണ് വിധിയിൽ ഫ്രെയിം ചെയ്തത്.
ഹിജാബ് ഭരണഘടനയുടെ അനുച്ഛേദം 25-ന്റെ സംരക്ഷണം അർഹിക്കുംവിധം ഇസ്ലാമിന്റെ അവശ്യ മതാചാരമാണോ?
സ്‌കൂൾ യൂണിഫോം നിർബന്ധമാക്കുന്നത് നിയമപരമാണോ? അത് ഭരണഘടനയുടെ അനുച്ഛേദം 19(1)[ അഭിപ്രായ സ്വാതന്ത്ര്യം], അനുച്ഛേദം 21[സ്വകാര്യത] എന്നിവയുടെ ലംഘനമാകുന്നുണ്ടോ?
05/02/22-ലെ ഗവണ്മെന്റ് ഉത്തരവ് നിയമപരമാണോ? അത് സ്വേച്ഛാപരവും അതുവഴി അനുച്ഛേദം 14,15 എന്നിവയുടെ ലംഘനവുമാണോ?
ഹർജിയിൽ ആവശ്യപ്പെടും പ്രകാരം അധികൃതർക്കെതിരെ അച്ചടക്ക നടപടികൾ സ്വീകരിക്കേണ്ടതുണ്ടോ? 

അവശ്യ മതാചാരം സംബന്ധിച്ച ആദ്യ ചോദ്യത്തെപ്രതി ഒരുപാട് വിശകലനങ്ങൾക്ക് പ്രസക്തിയൊന്നുമില്ല. അവശ്യ-മതാചാരം (essential religious practice) എന്ന നിയമവിചാരം തന്നെ അസംബന്ധമാണ്. ഒരു ആചാരം മതത്തിന്റെ അവശ്യഘടകമാണോ എന്ന കാര്യത്തിൽ അന്തിമ വിധി പറയാനുള്ള കഴിവോ വൈദഗ്ധ്യമോ കോടതികൾക്കില്ല. ഈ ആചാരങ്ങൾ ഭരണഘടന അനുശാസിക്കും വിധം ഒരു ജനാധിപത്യ സമൂഹത്തിന് അനുയോജ്യമാണോ എന്ന പരിശോധന മാത്രമായിരിക്കണം കോടതികൾ ഏറ്റെടുക്കേണ്ട ദൗത്യം. ഭരണഘടനാ കോടതികൾ പൗരോഹിത്യകോടതികളുടെ ചുമതല ഏറ്റെടുക്കുന്നത് മതേതര ജനാധിപത്യസമൂഹത്തിന് ഭൂഷണമല്ല. ഒരാളുടെ മതവും ആചാരവും തികച്ചും വ്യക്തിപരമായ കാര്യമാണ്, കോടതികൾ തീർപ്പുകല്പിക്കേണ്ട കാര്യമല്ല. അത് വ്യക്തിയുടെ വിശ്വാസത്തിന്റെയും, മനഃസാക്ഷിയുടെയും, തെരഞ്ഞെടുപ്പിന്റെയും, സാംസ്‌കാരിക ബോധ്യങ്ങളുടെയും കാര്യമാണ്. കോടതിയോ, സ്റ്റേറ്റോ അല്ല അവയിൽ തീർപ്പു കല്പിക്കേണ്ടത്. ഇന്ത്യ ഒരു മതേതര രാഷ്ട്രമാണ്, മധ്യകാലഘട്ടത്തിലെ പൗരോഹിത്യ  കോടതികളുടെ പണി  ഭരണഘടനാ കോടതികൾ ഏറ്റെടുക്കേണ്ടതില്ല. എന്നാൽ ആചാരങ്ങൾ പൊതുസമാധാനത്തിനോ ആരോഗ്യത്തിനോ ധാർമികതയ്ക്കോ വിരുദ്ധമാകുന്നിടത്ത് ഭരണഘടനയുടെ അനുച്ഛേദം 25(1) അനുശാസിക്കുംവിധമുള്ള ഇടപെടലുകൾ ഉണ്ടാവുകയും വേണം. പക്ഷേ, ദൗർഭാഗ്യവശാൽ നമ്മുടെ സുപ്രീംകോടതി 1954-ലെ ശിരൂർ മഠ കേസ് (The Commissioner, Hindu Religious Endowments, Madras v Shri Lakshmindar Tirtha Swamiyar of Shri Shirur Mutt) മുതൽ ഇങ്ങോട്ട് അവശ്യ മതാചാര പരിശോധന  നടത്തിവരുന്നു. 

ആവശ്യമതാചാര പരിശോധനയുടെ തുടക്കം ഡോ. അംബേദ്കറുടെ തലയിൽ കെട്ടിവയ്ക്കാനുള്ള ശ്രമവും നടത്തുന്നുണ്ട് കർണാടക ഹൈക്കോടതി. ഭരണഘടനാ നിർമാണ സഭയിലെ അദ്ദേഹത്തിന്റെ പ്രസംഗം ഉദ്ധരിക്കുകയാണ് ഹൈക്കോടതി: “ജനനം മുതൽ മരണം വരെ മതബന്ധിതമാണ് ഇന്ത്യൻ സമൂഹം. എന്നാൽ ഇനി, മതത്തിന്റെ നിർവചനം, അവശ്യമായും (essentially) മതപരമായ ആചാരാനുഷ്ടാനങ്ങളിലേക്കും വിശ്വാസത്തിലേക്കും മാത്രമായി പരിമിതപ്പെടുത്താൻ നമ്മൾ ശ്രമിക്കേണ്ടിയിരിക്കുന്നു.” ഇവിടെ essentially religious practice (അടിസ്ഥാനപരമായി മതപരമായ ആചാരങ്ങൾ), essential religious practice (അവശ്യ മതാചാരങ്ങൾ) എന്നിവയെ കൂട്ടിക്കുഴക്കുകയാണ് കോടതി. രണ്ടും തമ്മിൽ വലിയ അന്തരമുണ്ട്. 

Essentially religious practice എന്ന് വച്ചാൽ അടിസ്ഥാനപരമായി മതവുമായി ബന്ധപ്പെട്ട കാര്യങ്ങൾ എന്നാണർത്ഥം; ആർട്ടിക്കിൾ 25 (2)(എ)-യിൽ പറയുന്ന പോലെ സാമ്പത്തികവും, ധനപരവും,  രാഷ്ട്രീയവും മറ്റു മതേതരവുമായ പ്രവർത്തികളിൽ പെടാത്ത മത സംബന്ധിയായ കാര്യങ്ങൾ. അത്തരം കാര്യങ്ങളിൽ, അവ പൊതുസമാധാനത്തിനോ ധാര്മികതയ്ക്കോ, ആരോഗ്യത്തിനോ വിരുദ്ധമാകാത്തിടത്തോളം കാലം, സ്റ്റേറ്റിന് ഇടപെടാൻ കഴിയില്ല എന്നാണ് അനുച്ഛേദം 25-ന്റെ നേർവായനയിൽനിന്നും നമുക്ക് മനസിലാവുക. എന്നാൽ നമ്മുടെ ഭരണഘടനാകോടതികൾ essential religious practice (അവശ്യ മതാചാരങ്ങൾ) എന്ന ഒരു സംജ്ഞ കൊണ്ടുവന്നു. മതത്തിന്റെ അവശ്യ ആചാരമേത് എന്ന് കോടതികൾ തീരുമാനിക്കുമെന്ന് വന്നു. ഈ ജുഡീഷ്യൽ അസംബന്ധം ഇന്നും തുടരുന്നു.  ശബരിമല കേസിൽ ജസ്റ്റിസ്. ഇന്ദു മൽഹോത്രയുടെയും ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെയും വിധിന്യായങ്ങൾ ഇക്കാര്യം ചർച്ച ചെയ്യുന്നുണ്ട്.  ‘അടിസ്ഥാനപരമായി മതപരമായ ആചാരങ്ങളും’  ‘അവശ്യ മതാചാരങ്ങളും’ തമ്മിലുള്ള അന്തരം വിധിയിൽ പരാമർശവിഷയമാണ്. ഹിജാബ് നിരോധനത്തെ ന്യായീകരിക്കുവാൻ ശബരിമല വിധിയെ ആവർത്തിച്ച് ആശ്രയിക്കുന്ന ഹൈക്കോടതി പക്ഷേ, ഈ ഭാഗം കണ്ടില്ലെന്നു നടിക്കുന്നു. 

രണ്ടാമത്തെ ചോദ്യമാണ് യഥാർത്ഥത്തിൽ വിധിന്യായത്തിന്റെ ആന്തരിക ചോദനയുടെ ബഹിർസ്ഫുരണമാകുന്നത്. ‘യൂണിഫോം ഏർപ്പെടുത്തുന്നത് നിയമപരമാണോ’ എന്നാണ് ചോദ്യം- അത് ഭരണഘടന അനുവദിക്കുന്ന യുക്തിസഹമായ നിയന്ത്രണങ്ങളുടെ പരിധിയിൽ പെടുമോ എന്ന്. സ്‌കൂളുകളിൽ യൂണിഫോം നിഷ്കർഷിക്കുന്നതിനെ ഇവിടെ ആരും എതിർത്തിട്ടില്ല. യൂണിഫോം അവകാശ ലംഘനമാണ് എന്ന് സമർത്ഥിക്കാനും ശ്രമിച്ചിട്ടില്ല. സത്യമതായിരിക്കെ ഇങ്ങനെയൊരു സാങ്കൽപ്പിക ചോദ്യം ഉന്നയിച്ച് തെറ്റിദ്ധാരണയുണ്ടാക്കുന്നത് യഥാർത്ഥ നിയമപ്രശ്നത്തെ ഒഴിവാക്കിയെടുക്കാനാണ് എന്നു ആർക്കെങ്കിലും തോന്നിയാൽ അവരെ കുറ്റം പറയാനാകില്ല. യഥാർത്ഥത്തിൽ കോടതി അഭിസംബോധന ചെയ്യേണ്ടിയിരുന്നത് യൂണിഫോമിനൊപ്പം അതേ നിറത്തിലുള്ള ഹിജാബ് കൂടി അണിയുന്നത് അനുവദനീയമാണോ എന്നായിരുന്നു. ചോദ്യം അതായിരുന്നെങ്കിൽ ഉത്തരവും മറ്റൊന്നായിരിക്കുമെന്ന് ആരാണ് ഭയപ്പെട്ടത്?

വിധിയുടെ 105-ആം പേജ് നോക്കുക: “സ്‌കൂളിൽ വിദ്യാർത്ഥികൾക്ക്  വ്യക്തിപരമായി അവർക്കിഷ്ടമുള്ള വസ്ത്രം തെരഞ്ഞെടുക്കാനുള്ള അവകാശം വേണം എന്ന തരത്തിലുള്ള തീവ്രമായ വാദങ്ങൾ ക്യാംപസിനും പുറത്തും അസ്വാരസ്യങ്ങൾ സൃഷ്ടിക്കാവുന്ന അച്ചടക്കരാഹിത്യത്തിലേക്കാവും നയിക്കുക.” വളരെ ശരിയായ നിരീക്ഷണമാണ്.പക്ഷേ അത്തരമൊരു വാദം ഇവിടെ ആരും ഉന്നയിച്ചിട്ടില്ല എന്ന് മാത്രം. ഇല്ലാത്ത വാദങ്ങൾ ഉയർത്തിപ്പിടിച്ച്, അതിനെ ഖണ്ഡിച്ച്, ഈ പ്രശ്നത്തെ സാധൂകരിക്കാൻ ശ്രമിക്കുകയാണ് കോടതി. വിധി തുടർന്ന് വായിക്കുക: “സ്‌കൂളിലെ ഡ്രസ്സ് കോഡ് മൗലികാവകാശവിരുദ്ധമാണ് എന്ന് ആരോപിച്ചുകൊണ്ട് ഒറ്റയടിക്ക് അതെല്ലാം നിരോധിക്കണമെന്ന വാദം വിചിത്രമാണ്.” ഈ വിചിത്ര വാദം കോടതി തന്നെ സങ്കല്പിച്ചെടുത്തതാണെന്നു മാത്രം! 

യൂണിഫോമിനൊപ്പം ഹിജാബ് ധരിക്കാൻ അനുവദിക്കാത്തത് മൗലികാവകാശ ലംഘനമല്ല എന്ന് കാണിക്കാൻ ഹൈക്കോടതി സ്വീകരിക്കുന്ന മറ്റൊരു മാർഗം ക്ലാസ്സ് മുറി ഒരു ‘നിയന്ത്രിത പൊതു ഇടം’ (Qualified Public Space) ആണെന്ന് സ്ഥാപിക്കുകയാണ്. നിയന്ത്രിത പൊതു ഇടങ്ങളിൽ മൗലിക അവകാശങ്ങൾക്ക് മറ്റുള്ള ഇടങ്ങളിലെ അത്ര  പ്രാമാണിത്തമില്ലത്രേ! എന്താണ് ഈ ‘നിയന്ത്രിത പൊതു ഇടം’ ? കോടതിയ്ക്ക് സംശയമൊന്നുമില്ല: “സ്‌കൂളുകൾ, കോടതികൾ, വാർ-റൂമുകൾ, ഡിഫെൻസ് ക്യാമ്പുകൾ” എന്നിവയൊക്കെ നിയന്ത്രിത പൊതു ഇടമാണെന്നാണ് പറയുന്നത്. യുദ്ധമുറികളും, ക്യാമ്പുകളും സ്‌കൂളുകളും തമ്മിലെന്ത് എന്ന് അത്ഭുതം കൂറുന്നവർക്ക് എന്തുകൊണ്ട് സ്‌കൂളുകളിൽ മൗലികാവകാശങ്ങൾ അത്രകണ്ട് ബാധകമല്ല എന്ന വിശദീകരണം കൂടി വായിച്ചാൽ തൃപ്തിയാകും. “ഇത്തരമിടങ്ങളിൽ മുഖ്യമായ അവകാശങ്ങൾ പോലും ആനുമാനിക അവകാശങ്ങളായി രൂപാന്തരം പ്രാപിക്കും. ഉദാഹരണത്തിന് സാധാരണ പൗരനേക്കാൾ അവകാശങ്ങൾ കുറവായിരിക്കും ഒരു വിചാരണ തടവുകാരന്. വിചാരണ തടവുകാരനെക്കാൾ കുറഞ്ഞ അവകാശങ്ങൾ മാത്രമായിരിക്കും കുറ്റവാളിക്ക്.” സ്‌കൂളുകളിലും ജയിലുകളിലെന്നപോലെ അവകാശങ്ങൾ നിയന്ത്രിതമായിരിക്കുമെന്നർഥം.  ഇക്കാര്യംകൊണ്ടു തന്നെ പൊതു ഇടങ്ങളിൽ ബാധകമായ കണിശമായ ഭരണഘടനാപരിശോധനകൾ ഇവിടെ ബാധകമല്ല. അങ്ങനെയാണ് വസ്ത്രധാരണം അനുച്ഛേദം 19 ഉറപ്പു നൽകുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും അനുച്ഛേദം 21 അനുസരിച്ച് സ്വകാര്യതയുടെയും ഭാഗമാണെന്ന വാദത്തെ കോടതി മറികടന്നത്. അല്ലാത്തപക്ഷം കർശനമായ നിയമപരിശോധന അനിവാര്യമായി വരും. ഗവണ്മെന്റ് നിർദ്ദേശിക്കുന്ന നിയന്ത്രണം ആനുപാതികമാണ് എന്ന് തെളിയിക്കണം. അതായത്, ഗവണ്മെന്റ് നടപടിക്ക് നീതിയുക്തമായ ലക്ഷ്യമുണ്ടാകണം, ലക്ഷ്യവുമായി യുക്തിപരമായ ഒരു ബന്ധമുണ്ടാകണം, നടപടി അനിവാര്യമായിരിക്കണം (കുറഞ്ഞ അളവിൽ മാത്രം അവകാശങ്ങളെ ഹനിക്കുന്ന മറ്റു മാർഗ്ഗങ്ങൾ ഇല്ലെന്നു തെളിയിക്കണം), പൗരാവകാശത്തെ  ക്രമാതീതമായ തരത്തിൽ ഹനിക്കാതെ അവകാശങ്ങളുമായി തുലനപ്പെടുത്തുന്നതായിരിക്കണം എന്നിങ്ങനെ. ഇവിടെ ആ പരിശോധനകളൊക്കെ ഒഴിവാക്കിയിരിക്കുന്നു. “മനുഷ്യാവകാശങ്ങൾ സാർവലൗകികമാണ്, എന്നാൽ അവയുടെ നിയന്ത്രണം ഒരു ഭരണഘടനാ യാഥാർഥ്യമാണ്” എന്നാണ് കോടതിയുടെ വെളിപാട്.

ഇതിന് മുൻപ് സ്‌കൂളുകളെ ജയിലുകളോട് ഉപമിച്ചത് ജർമൻ തത്വചിന്തകനായിരുന്ന ഇവാൻ ഡൊമിനിക്ക് ഇല്ലിച്ചിന്റെ ‘ഡീസ്‌കൂളിങ് സൊസൈറ്റി’ എന്ന പ്രസിദ്ധമായ പുസ്തകത്തിലാണ്. ഏകാധിപത്യപരമായ അധികാരഘടനയും, അച്ചടക്കവും, സ്വാതന്ത്ര്യ രാഹിത്യവും നിലനിൽക്കുന്ന  സ്‌കൂളിങ് സംവിധാനത്തെക്കുറിച്ചുള്ള വിമർശനമായിരുന്നു അത്. ഫൂക്കോയും സ്‌കൂളും ജയിലും തമ്മിലുള്ള ഘടനാപരമായ സാമ്യത്തെക്കുറിച്ചു പ്രതിപാദിക്കുന്നുണ്ട്. ഇല്ലിച്ചിനും ഫുക്കോയ്ക്കും ശേഷം ഇതാ കർണാടക ഹൈക്കോടതി സ്‌കൂളും ജയിലും തമ്മിലുള്ള നിഗൂഢ വ്യാമം അളന്നു തീർക്കുകയാണ്.  

യൂണിഫോമിന്റെ മാഹാത്മ്യത്തെക്കുറിച്ച് ദീർഘമായി ഉപന്യസിച്ചിട്ടുണ്ട് കോടതി. പൗരാണിക കാലംമുതൽ യൂണിഫോം ഉണ്ടായിരുന്നുവെന്നും ഗുരുകുല സമ്പ്രദായത്തിൽ യൂണിഫോം അനിവാര്യമായിരുന്നുവെന്നും “യൂണിഫോമില്ലാത്ത സ്‌കൂളിനെക്കുറിച്ച് സാമാന്യബോധമുള്ള ആർക്കും ചിന്തിക്കാൻ പോലും കഴിയില്ല” എന്നുവരെ പറഞ്ഞുവയ്ക്കുന്നു. “ഏകാത്മകമായ ക്ലാസ്സ്മുറികൾ സൃഷ്ടിക്കുന്നതിലൂടെ, യൂണിഫോം,  ഭരണഘടനാപരമായ മതേതരത്വത്തിന് ഊർജം പകരുന്നു.” ഏകാത്മകത എന്തോ മഹത്തരമായ നന്മയാണെന്നാണ് കോടതി പറയുന്നത്. വൈവിധ്യത്തെ പ്രോത്സാഹിപ്പിക്കുക എന്നത് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമാണെന്ന വാദത്തെ കോടതി തള്ളിക്കളയുന്നുണ്ട് (പേജ് 97). മറ്റൊരിടത്ത് “ക്‌ളാസ്സ് മുറി സമൂഹത്തിലെ വൈവിധ്യങ്ങളെ അംഗീകരിക്കുകയും പ്രതിഫലിപ്പിക്കുകയും ചെയ്യുന്ന ഇടമാകണം, സാമൂഹികമായും ധാർമികമായും സമൂഹത്തിന്റെ പ്രതിബിംബമായിരിക്കണം” എന്ന ഹർജിക്കാരുടെ വാദത്തെ ‘പൊള്ളയായ വാചാടോപം’ എന്ന് പരിഹസിക്കുന്നു (പേജ് 101). 

ഹിജാബ് ധരിക്കുന്നത് യൂണിഫോമിന്റെ ലക്ഷ്യത്തെ പരാജയപ്പെടുത്തും എന്നാണ് വിധിയുടെ 107-ആം പേജിൽ പ്രസ്താവിച്ചിരിക്കുന്നത്. യൂണിഫോമിനൊപ്പം അതേ നിറത്തിലുള്ള തട്ടം കൂടി ധരിച്ചാൽ യൂണിഫോം ഇല്ലാതാകും എന്ന് പറയുന്നത് ഏത് സാമാന്യബോധത്തിന്റെ അടിസ്ഥാനത്തിലാണാവോ. വിധി വായിച്ചവസാനിപ്പിക്കുമ്പോൾ സ്‌കൂളിൽ പോകുന്നത് പഠിക്കാനാണോ അതോ യൂണിഫോം ധരിക്കാനാണോ എന്ന സംശയമാണ്  മനസിൽ ബാക്കിയാവുക. യൂണിഫോം നിഷ്കർഷിക്കാനുള്ള അധികാരം സ്ഥാപിച്ചെടുക്കാൻ സിഗരറ്റ് വലിച്ച കുറ്റത്തിന് വിദ്യാർത്ഥിയെ ചൂരലിനു വീക്കിയ  പ്രധാനാധ്യാപകന്റെ അധികാരം സംബന്ധിച്ച പഴയൊരു ബ്രിട്ടീഷ് കേസ് വരെ ഉദ്ധരിക്കുന്നുണ്ട്. യൂണിഫോം  ധരിക്കലാണ് ആത്യന്തികമായ  ലക്ഷ്യവും മാർഗവും എന്ന് ഹൈക്കോടതി തെറ്റിദ്ധരിച്ചതുപോലെ. അതുകൊണ്ടുതന്നെ ഏതുവിധേനയും യൂണിഫോം നിലനിർത്തുക എന്നതാണ് വിധിയുടെ അടിസ്ഥാനവിചാരമെന്നു കാണാം. യുക്തിപരമായ ഒരു ഒത്തുതീർപ്പിലേക്ക്  (Reasonable Accommodation) എത്തിച്ചേരാൻ കോടതി വിസമ്മതിക്കുന്നതിന്റെ കാരണവും അത് തന്നെയാണ്.  

ആധുനിക ജനാധിപത്യ സമൂഹങ്ങളിലെല്ലാം തന്നെ യൂണിഫോമിനൊപ്പം ധരിക്കാവുന്ന മത ചിഹ്നങ്ങളോ മറ്റു സംഗതികളോ അനുവദനീയമാണ്. ഹിജാബോ, സിഖ് ലോഹ വളയോ, തലപ്പാവോ, അല്ലെങ്കിൽ ആം ബാൻഡ് പോലുള്ള മറ്റ് ആഭരണങ്ങളോ യൂണിഫോമിനൊപ്പം ധരിക്കാറുണ്ട്. ഇന്ത്യയിൽ ഇപ്പോൾ സംഭവിച്ചതിനു സമാനമായ തരത്തിൽ സിഖ് പെൺകുട്ടികൾക്ക് ‘കര'(മതാചാരപ്രകാരമുള്ള ലോഹ വള) ധരിച്ചുകൊണ്ട് സ്‌കൂളിൽ വരാനുള്ള അവകാശം നിഷേധിക്കപ്പെട്ടപ്പോൾ ഇംഗ്ലീഷ് ഹൈക്കോടതി അതിനെതിരെ നിലപാടെടുത്തിരുന്നു. ദക്ഷിണാഫ്രിക്കൻ സുപ്രീംകോടതിയുടെ 2007-ലെ നവനീതം പിള്ള (KwaZulu-Natal and Others v Navaneethum Pillay (2007)) കേസിൽ  യൂണിഫോമിനൊപ്പം ഹിന്ദു സംസ്കാരമനുസരിച്ചുള്ള മൂക്കുത്തി ഇടാൻ വിദ്യാർത്ഥിയെ അനുവദിച്ചുകൊണ്ട് ഉത്തരവിട്ടു. മുക്കൂത്തി ഇടാൻ അനുവദിക്കാത്തത് സാംസ്കാരിക ന്യൂനപക്ഷങ്ങളോടുള്ള പരോക്ഷ വിവേചനമാണെന്നായിരുന്നു കോടതിയുടെ കണ്ടെത്തൽ. കർണാടക ഹൈക്കോടതി പക്ഷേ ഈ കേസ് ഇവിടെ സ്വീകാര്യമാവില്ല എന്ന് പ്രസ്താവിച്ചു. മുക്കൂത്തിയ്ക്ക് കണ്ണിൽ പെടാൻ മാത്രമുള്ള വലുപ്പമില്ല, ഹിജാബ് അങ്ങനെയല്ല എന്നാണ് ന്യായം.  

ഇതോടൊപ്പം ഹൗസ് ഓഫ് ലോർഡ്സിന്റെ ഒരു വിധികൂടി ഉദ്ധരിക്കുന്നുണ്ട് (REGINA vs. GOVERNORS OF DENBIGH HIGH SCHOOL). പ്രസ്തുത വിധിയിൽ യൂണിഫോമിനെക്കുറിച്ചു പറഞ്ഞിരിക്കുന്ന ഒരു ഭാഗമാണ് ഹൈക്കോടതി ഉത്തരവിൽ ചേർത്തിരിക്കുന്നത്: “… മത, വംശ, സാംസ്‌കാരിക ഭേദമന്യേ എല്ലാവർക്കും ഒരുമിച്ചു മമതയോടെ കഴിയുവാനുള്ള കഴിവിനെ പ്രോത്സാഹിപ്പിക്കുക എന്നതുകൂടി സ്‌കൂളിന്റെ കർത്തവ്യമാണ്. അതിനുവേണ്ടി സ്‌കൂളിനകത്ത് ഒരു സാമൂഹിക ബോധവും ഒത്തൊരുമയും വളർത്തുക എന്നത് പ്രധാനമാണ്. സാമൂഹികവും മതപരവും വംശീയവുമായ വേർതിരിവുകളെ ലഘൂകരിക്കാൻ യൂണിഫോമിന് കഴിയും…” എന്നാൽ ഇതേ വിധിയുടെ അടുത്ത ഖണ്ഡിക നമ്മുടെ ഹൈക്കോടതി വായിച്ചു നോക്കിയില്ല. അവിടെ ഹിജാബിന്റെ തന്നെ കാര്യം ചർച്ച ചെയ്യപ്പെടുന്നത് കാണാം. ഒരുപക്ഷേ ഹിജാബ് നിരോധിച്ചാൽ പല യാഥാസ്ഥിതിക കുടുംബങ്ങളും കുട്ടികളെ സ്‌കൂളിൽ അയക്കാതിരുന്നേക്കാം. അത് സ്ത്രീകളുടെ ഉന്നമനത്തിന് വിഘാതമാവുകയേ ഉള്ളൂ. സവിശേഷമായ സാമൂഹിക പശ്ചാത്തലത്തിൽ വിവിധ അവകാശങ്ങളുടെ നീതിപൂർവകമായ തുലനംചെയ്യലാണ് പരിഹാരം. തുടർന്ന് വിധി വായിക്കുക: “യൂണിഫോമിന്റെ ഭാഗമായ ഷർട്ടും ടൈയും ജമ്പറും ഒരേ നിറമുള്ള മറ്റു മേൽവസ്ത്രങ്ങളും സാമൂഹിക ഐക്യത്തെ ഊട്ടിയുറപ്പിക്കുന്നു. അതുപോലെതന്നെ  പെൺകുട്ടികളെ പാവാടയോ, ട്രൗസറോ, സൽവാർ കമ്മീസോ, ആഗ്രഹാനുസരണം ഹിജാബോ ധരിക്കാൻ അനുമതി നൽകുക വഴി സാംസ്കാരികവും മതപരവുമായ വൈവിധ്യത്തെ ആദരിക്കുകയും ചെയ്യുന്നു.”  ഇതാണ് സ്വതന്ത്ര ജനാധിപത്യ സമൂഹങ്ങൾ സ്വീകരിക്കുന്ന നിലപാട്. എന്തിനാണ് കർണാടക കോടതി ഈ ഭാഗം മറച്ചു വച്ചത് എന്നത് ചിന്തനീയമാണ്. 

വിയറ്റ്നാം യുദ്ധകാലത്ത് അമേരിക്കൻ ഗവണ്മെന്റിന്റെ നയത്തോടുള്ള വിയോജിപ്പ് പ്രകടിപ്പിക്കാൻ യൂണിഫോമിനൊപ്പം കറുത്ത കൈപ്പട്ട ധരിച്ചു സ്‌കൂളിൽ എത്തിയ വിദ്യാർത്ഥികളുടെ പക്ഷം ഉയർത്തിപ്പിടിച്ചഅമേരിക്കൻ സുപ്രീം കോടതിയുടെ വിധിയും വിപരീതാർത്ഥത്തിൽ ഉദ്ധരിക്കുന്നുണ്ട് കർണാടക ഹൈക്കോടതി (Tinker v Des Moines Independent School District). “ക്ലാസ്സ് തടസ്സപ്പെടുത്തുകയോ ക്രമരാഹിത്യം സൃഷ്ടിക്കുകയോ, മറ്റുള്ളവരുടെ അവകാശങ്ങൾ ഹനിക്കുകയോ ചെയ്യുന്ന പ്രവർത്തികൾക്ക് ജോൺ എഫ് ടിങ്കർ കേസിൽ പറയുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ഭരണഘടനാപരമായ സംരക്ഷണം ലഭിക്കില്ല”. ഇവിടെ പെൺകുട്ടികൾ ഹിജാബ് ധരിക്കുന്നത് പഠനത്തിനോ സ്‌കൂളിന്റെ പ്രവർത്തനങ്ങൾക്കോ തടസം സൃഷ്ടിക്കുകയും ക്രമസമാധാന പ്രശ്നമുണ്ടാക്കുകയും മറ്റുള്ളവരുടെ അവകാശങ്ങൾ ഹനിക്കുകയും ചെയ്യുമെന്നാണോ കോടതി ഉദ്ദേശിക്കുന്നത്? 

അമേരിക്കൻ സുപ്രീംകോടതി വിധിയുടെ  ബാക്കി ഭാഗങ്ങൾ കൂടി നമ്മൾ കാണേണ്ടതാണ്: “ അസ്വാസ്ഥ്യം  ഉണ്ടാക്കുമെന്ന വ്യതിരിക്തമല്ലാത്ത ഭയം, നമ്മുടെ വ്യവസ്ഥിതിയിൽ, ഒന്നാം ഭേദഗതി ഉറപ്പു നൽകുന്ന അഭിപ്രായ സ്വാതന്ത്ര്യത്തെ മറികടക്കുന്നതിനുള്ള ന്യായീകരണമാകുന്നില്ല… … … അഭിപ്രായ വ്യത്യാസങ്ങളും ഭൂരിപക്ഷ ബോധത്തിന് വിരുദ്ധമായ അഭിപ്രായങ്ങളും അസ്വാരസ്യങ്ങൾ ഉണ്ടാക്കിയേക്കാം, എന്നാൽ അത്തരത്തിലുള്ള വിയോജിപ്പുകളാണ് നമ്മുടെ ദേശീയതയുടെയും സ്വാതന്ത്ര്യത്തിന്റെയും ശക്തി…… അധ്യാപകരോ വിദ്യാർത്ഥികളോ അവരുടെ അഭിപ്രായ സ്വാതന്ത്ര്യം സ്‌കൂൾ ഗേറ്റിനു പുറത്തു വച്ചിട്ട് വരണമെന്നു പറയാനാകില്ല…. ഈ കുട്ടികൾ സ്‌കൂളിന്റെ പ്രവർത്തനത്തെയോ അധ്യയനത്തെയോ ഏതെങ്കിലും തരത്തിൽ തടസ്സപ്പെടുത്തിയെന്നു പറയാനാകില്ല. യൂണിഫോമിനൊപ്പം കറുത്ത കൈപ്പട്ട ധരിച്ചു എന്നത് മാത്രമാണ് കുറ്റം. അതിന്റെ പേരിൽ അവരുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ നിഷേധിക്കുവാൻ നമ്മുടെ ഭരണഘടന അധികൃതർക്ക് അധികാരം നൽകുന്നില്ല.” ഈ വാചകങ്ങളും നമ്മുടെ കോടതിയുടെ ശ്രദ്ധയിൽ പെട്ടിട്ടില്ല. അഭിപ്രായ സ്വാതന്ത്ര്യം ഗേറ്റിനു വെളിയിൽ വച്ചിട്ട് വരാൻ നിർദ്ദേശിക്കാനാവില്ല എന്നു പറഞ്ഞ വിധി എടുത്തിട്ടാണ് അവകാശങ്ങൾ നിഷേധിക്കാനാവും എന്നു സമർത്ഥിക്കാൻ ശ്രമിക്കുന്നത്.

നമ്മുടെ രാജ്യത്തു തന്നെ ഏതാണ്ടെല്ലാ സംസ്ഥാനങ്ങളിലും യൂണിഫോമിനൊപ്പം അതേ നിറത്തിലുള്ള ഹിജാബ് അനുവദനീയമാണ്. കേന്ദ്രീയ വിദ്യാലയങ്ങളിലുമതേ. എന്നാൽ ഇക്കാര്യങ്ങളൊന്നും പരിഗണിക്കപ്പെടേണ്ടതാണെന്നു പോലും കർണാടക ഹൈക്കോടതിയ്ക്കു തോന്നിയില്ല. കേന്ദ്രീയ വിദ്യാലയങ്ങളിലേത് കേന്ദ്ര സർക്കാരിന്റെ നയമാണ്. ഇന്ത്യ ഒരു ഫെഡറൽ രാജ്യമാണ്, സംസ്ഥാനങ്ങൾ അതെ നയം പിന്തുടരണമെന്നു പറയാനാകില്ല. അവർക്ക് സ്വന്തമായ നയതീരുമാനങ്ങൾ എടുക്കാവുന്നതാണ് എന്നാണ് വിധിയിലെ നിരീക്ഷണം. 

ഭരണഘടനയുടെ അനുച്ഛേദം 25-ന്റെ ഭാഗമായ മനഃസാക്ഷിക്കുള്ള അവകാശം സംബന്ധിച്ച സുപ്രധാനമായ നീതിവിചാരം നടത്തുന്നുണ്ട് കർണാടക ഹൈക്കോടതി. “ഹിജാബ് എങ്ങനെയാണ് മന:സാക്ഷിയുടെ ഭാഗമാകുന്നത്?” എന്നാണ് കോടതി ചോദിക്കുന്നത്. അതിനു കൃത്യമായ മറുപടി നല്കാൻ ഹർജിക്കാർക്ക് കഴിഞ്ഞിട്ടുമില്ല. അവർ ഉയർത്തിക്കാട്ടിയ ബിജോയ് ഇമ്മാനുവൽ കേസിലെ അടിസ്ഥാന വിഷയം മത വിശ്വാസമായിരുന്നുവെന്നും ഇവിടെയും അതാണോ ഹർജിക്കാർ ഉന്നയിക്കുന്നത് എന്ന് കോടതി ആരായുന്നു. ആണെങ്കിൽ അത് മന:സാക്ഷിക്കുള്ള അവകാശത്തിന്റെ ഭാഗമാകുകയില്ല എന്നാണ് കോടതിയുടെ പക്ഷം. സാംസ്‌കാരിക/രാഷ്ട്രീയ/പ്രാദേശിക മാനങ്ങൾ ഉള്ളതാണ് ‘മനഃസാക്ഷി’ എന്ന സംജ്ഞ. മത വിശ്വാസം വ്യതിരിക്തമായി ഇതേ അനുച്ഛേദത്തിൽ പറഞ്ഞിട്ടുള്ള നിലയ്ക്ക് അത് വ്യത്യസ്തമായിരിക്കുമെന്നാണ് കോടതിയുടെ അനുമാനം. 

സ്വേച്ഛതയും തുല്യതയും സംബന്ധിച്ച ആരോപണങ്ങളെ കോടതി നേരിട്ടത് ഈ മേഖലയിലെ സമീപകാല നിയമവൈജ്ഞാനിക വികാസങ്ങളെ അവഗണിച്ചുകൊണ്ടാണ്. “പ്രസ്തുത സർക്കാരുത്തരവ് തുല്യതക്ക് എതിരല്ല. പ്രത്യേകിച്ച് ഏതെങ്കിലുമൊരു വിഭാഗത്തെ ഉദ്ദേശിച്ചുകൊണ്ടുള്ളതല്ല ഈ ഉത്തരവ്.” ഇത് തുല്യതയെക്കുറിച്ചുള്ള ഒരു മിഥ്യാധാരണ സൃഷ്ടിക്കലാണ്. വിശ്വാസത്തിന്റെയോ സംസ്കാരത്തിന്റെയോ ഒക്കെ ഭാഗമായി ഹിജാബ് ധരിച്ചു ശീലിച്ചു പോന്നിരുന്ന, ഇന്നലെവരെ അത് തുടർന്നിരുന്നവരോട് നാളെ മുതൽ അത് പാടില്ല എന്ന് പറയുന്നതുപോലെയല്ല, ഹിജാബ് വിഷയം ഉയർന്നു വന്നപ്പോൾ അതിനെ വൈകാരിക-രാഷ്ട്രീയ പ്രശ്നമാക്കി ഉയർത്തുവാൻ വേണ്ടി കാവി ഷാൾ അണിഞ്ഞവർ.  ഇന്നലെവരെ ഉപയോഗിക്കുന്നില്ലായിരുന്ന ഷാൾ ഇനിയും  ഉപയോഗിക്കുന്നില്ല എന്ന് മാത്രമേ വരൂ. മുസ്‌ലിം പെൺകുട്ടികളെ സംബന്ധിച്ച് അതങ്ങനെയല്ല. യഥാതഥസമത്വം (substantial equality) എന്ന സങ്കൽപ്പത്തിന് വിരുദ്ധമാണ് ഹൈക്കോടതിയുടെ ഉത്തരവെന്ന് സ്പഷ്ടമാണ്. കാരണം ഈ ഉത്തരവ് ഇരു വിഭാഗങ്ങൾക്കുമിടയിൽ ഉണ്ടാക്കുന്ന ഫലം വളരെ വ്യത്യസ്തമാണ്. ഒരു വിഭാഗത്തിന് മൗലിക അവകാശങ്ങൾ നഷ്ടപ്പെടുന്നുവെങ്കിൽ മറുവിഭാഗത്തിന് യാതൊരു പ്രശ്നവും ഉണ്ടാക്കുന്നുമില്ല. കേവല സമത്വവാദം പരോക്ഷ വിവേചനം (indirect discrimination) സൃഷ്ടിക്കുന്നതിന്റെ മികച്ച ഉദാഹരണമാണ് ഈ വിധി. 

ഇന്ത്യൻ കോടതികളിലും പരോക്ഷ വിവേചനം ചർച്ച ചെയ്യപ്പെടുന്നുണ്ട്. നവതേജ് സിംഗ് ജോഹർ കേസിൽ സ്വവർഗാനുരാഗത്തെ ക്രിമിനൽവത്കരിക്കുന്ന ഐ.പി.സി. സെക്ഷൻ 377 റദ്ദ് ചെയ്യവേ, പ്രസ്തുത വകുപ്പ് പരോക്ഷ വിവേചനത്തിന് കാരണമാകുന്നുവെന്ന് പ്രസ്താവിച്ചിട്ടുണ്ട്. എന്നാലും അതിന് കൃത്യമായ ഒരു നിയമവൈജ്ഞാനിക ചട്ടക്കൂടുണ്ടാകുന്നത് 2021-ലെ സ്ത്രീ സൈനികർക്ക് പെർമനന്റ് കമ്മീഷൻ നൽകുന്നതുമായി ബന്ധപ്പെട്ട കേസിലാണ് . 2020-ൽ സുപ്രീംകോടതി,  കരസേനയിൽ വനിതാ ഓഫീസർമാർക്ക് പെർമനന്റ് കമ്മീഷൻ അനുവദിക്കണമെന്ന് ഉത്തരവ്പുറപ്പെടുവിച്ചിരുന്നു (Secretary, Ministry of Defence v Babita Puniya). ഇതനുസരിച്ച് പെർമനന്റ് കമ്മീഷൻ അനുവദിക്കുന്നതിനുവേണ്ടി മെഡിക്കൽ, ഫിസിക്കൽ ടെസ്റ്റുകൾ ഏർപ്പെടുത്തി. പക്ഷെ, വളരെ ചെറിയ പ്രായത്തിൽ പുരുഷന്മാർ അഭിമുഖീകരിച്ച അതേ ടെസ്റ്റുകൾ തന്നെയായിരുന്നു നാല്പതുകളിലെത്തിയ സ്ത്രീകൾക്കും നൽകിയത്. ഇതിനെതിരെ അവർ സുപ്രീംകോടതിയെ സമീപിച്ചു (Lt. Colonel Nitisha vs Union of India) . ജസ്റ്റിസ് ഡി. വൈ.ചന്ദ്രചൂഡ്, ജസ്റ്റിസ് എം. ആർ. ഷാ എന്നിവരുടെ ബഞ്ച് സ്ത്രീകൾക്ക് അനുകൂലമായി വിധിയെഴുതി. ടെസ്റ്റുകൾ കേവല-സമത്വത്തിന്റെ അടിസ്ഥാനത്തിലുള്ളതാണെന്നും എന്നാൽ, പ്രായവ്യത്യാസം കണക്കിലെടുക്കാതിരിക്കുകവഴി അത് പരോക്ഷ വിവേചനത്തിന് വഴിയൊരുക്കുമെന്നും കോടതി പ്രസ്താവിച്ചു. അമേരിക്കൻ, കനേഡിയൻ സുപ്രീംകോടതിയുടെ വിധികളെ മുൻനിർത്തി ഇന്ത്യയിലും പരോക്ഷ വിവേചനത്തെക്കുറിച്ചുള്ള കൃത്യമായ നിയമതത്വം ആവിഷ്കരിച്ചു എന്നതാണ് ഈ വിധിയുടെ പ്രസക്തി. ഒരു നയത്തിന്റെ ഫലം ഒരു പ്രത്യേക വിഭാഗത്തെ ക്രമാതീതമായ തരത്തിൽ ബാധിക്കുന്നുണ്ടോ?  അതവർക്ക് പ്രതികൂലമായ ഫലമാണോ ഉണ്ടാക്കുന്നത്? എന്നീ കാര്യങ്ങളാണ് കോടതി നോക്കിയത്. പ്രതികൂലഫലം ഉണ്ടെന്നു സ്ഥാപിക്കാൻ സ്ഥിതിവിവരക്കണക്കുകളുടെ പിൻബലമൊന്നുമില്ലെങ്കിലും കുഴപ്പമില്ല എന്ന് കോടതി നിലപാടെടുത്തു. 

റെയിൽവേയിലെ മെഡിക്കൽ ഇൻഷുറൻസുമായി ബന്ധപ്പെട്ട കേസിലെ ഡൽഹി ഹൈക്കോടതി വിധിയും പരോക്ഷ വിവേചനത്തെ സംബന്ധിക്കുന്നതാണ്(Madhu vs Northern Railway). ഒരു ജീവനക്കാരൻ തന്റെ ഭാര്യയെ മെഡിക്കൽ ഇൻഷുറൻസ് പദ്ധതിയുടെ ആശ്രിതപ്പട്ടികയിൽ നിന്നും ഒഴിവാക്കിയതിനെത്തുടർന്ന് അവർക്ക് ചികിത്സ ആനുകൂല്യം നിഷേധിക്കപ്പെടുന്നു. ഇതിനെതിരെയാണ് അവർ കോടതിയെ സമീപിച്ചത്. നമ്മുടെ സമൂഹത്തിൽ അധികവും ജോലിക്ക് പോകുന്നത്  പുരുഷന്മാരാണ്. സ്ത്രീകൾ അവരുടെ ആശ്രിതരായിരിക്കും. അങ്ങനെയൊരു സാഹചര്യത്തിൽ, പുരുഷന് തന്റെ തോന്ന്യാസത്തിന് ആശ്രിതപ്പട്ടികയിൽ നിന്നും അവരെ നീക്കം ചെയ്യാൻ കഴിയുമെന്ന് വന്നാൽ, ഇപ്പോഴേ അവശതയനുഭവിക്കുന്ന സ്ത്രീകളുടെ  സ്ഥിതി ഇതിലും മോശമാവുകയാണ് ചെയ്യുക. “ഇത് സ്ത്രീ നേരിടേണ്ടി വരുന്ന ഒരു ദൗർഭാഗ്യമല്ല, പരിഹരിക്കപ്പെടേണ്ടുന്ന ഒരു അനീതിയാണ്.” ഡൽഹി ഹൈക്കോടതി പ്രസ്താവിച്ചു. 

പ്രത്യക്ഷമായോ പരോക്ഷമായോ അനുഭവിക്കുന്ന വിവേചനങ്ങൾക്കെതിരെ ഭരണഘടനാപരമായ പരിഹാരം തേടാൻ ഇന്ത്യൻ നിയമവ്യവസ്ഥയിലും ഇന്ന് കഴിയുമെന്നാണ് മേൽപ്പറഞ്ഞ കോടതിവിധികൾ സൂചിപ്പിക്കുന്നത്. ചരിത്രപരമായ കാരണങ്ങൾ കൊണ്ട് ഇപ്പോഴേ പിന്നോക്കാവസ്ഥയിൽ നിൽക്കുന്ന മുസ്‌ലിം സ്ത്രീ സമൂഹത്തിന് വിദ്യാഭ്യാസ അവകാശം നിഷേധിക്കുക വഴി വീണ്ടും പിന്നോട്ടടിക്കുന്ന ഈ യൂണിഫോം  നയവും ഭരണഘടന വിഭാവനം ചെയ്യുന്ന യഥാതഥ സമത്വ സങ്കൽപ്പത്തിന് വിരുദ്ധമാണ്. ഇക്കാര്യങ്ങളൊന്നും പരിഗണിക്കാതെ കേവല സമത്വത്തിന്റെ കാലഹരണപ്പെട്ട മാനദണ്ഡങ്ങൾ വച്ചുകൊണ്ട് ഗവണ്മെന്റ് ഉത്തരവ് ഭരണഘടനാപരമാണെന്നു വിധിക്കുകയായിരുന്നു ഹൈക്കോടതി. 

എത്രയും വേഗം തിരുത്തപ്പെടേണ്ട വിധിയാണ് കർണാടകം ഹൈക്കോടതിയുടേത്. പ്രധാനമായും നാൾ കാരണങ്ങൾ ചൂണ്ടിക്കാണിക്കാനാകും. ഒന്ന്, അവശ്യ മതാചാരം സംബന്ധിച്ച നിയമവിചാരം അസംബന്ധമാണ്. ഇത് പക്ഷെ ഉടനെയൊന്നും പരിഹരിക്കപ്പെടാനുള്ള സാധ്യതയില്ല. സുപ്രീകോടതിയിൽ, ശബരിമല പുനഃപരിശോധനാ വിധിക്കൊപ്പം  ടാഗ് ചെയ്ത് നീണ്ടു നീണ്ടു പോകാനാണ് സാധ്യത. രണ്ട്, നടപടിയിലെ പരോക്ഷ വിവേചനം കോടതി അവഗണിച്ചിരിക്കുന്നു. “ നിയമം അതിന്റെ ഉജ്ജ്വലമായ സമത്വത്തിലൂടെ സമ്പന്നനെന്നോ ദരിദ്രനെന്നോ ഭേദമില്ലാതെ എല്ലാ മനുഷ്യരെയും, പാലത്തിനടിയിൽ  അന്തിയുറങ്ങുന്നതിൽ നിന്നും തെരുവുകളിൽ ഭിക്ഷ യാചിക്കുന്നതിൽ നിന്നും അപ്പം മോഷ്ടിക്കുന്നതിൽ നിന്നും  ഒരുപോലെ  വിലക്കുന്നു.” ഹിജാബ് വിഷയത്തെ കേവലസമത്വത്തിന്റെയും മതവിശ്വാസത്തിന്റെയും മാത്രം പ്രശ്നമായി ചുരുക്കിക്കണ്ട ഹൈക്കോടതി, ഫ്രാൻസ് അനറ്റലിയുടെ നിരീക്ഷണത്തെ അന്വർത്ഥമാക്കുകയാണ്. മൂന്ന്, യൂണിഫോമിനൊപ്പം അതേ നിറത്തിലുള്ള തട്ടമിടുന്നത് യുക്തിസഹമായ ഇളവുകളുടെ പരിധിയിൽ എന്തുകൊണ്ട് വരുന്നില്ല എന്ന കാര്യം വിധിയിൽ വിശദീകരിക്കുന്നില്ല. നാല്, ‘നിയന്ത്രിത പൊതുഇടങ്ങളി’ൽ മൗലിക അവകാശങ്ങളുടെ മൂല്യം കുറയുകയും അതുകൊണ്ട് അവിടെ ആനുപാതികത ഉൾപ്പെടെയുള്ള ഭരണഘടനാ പരിശോധനകൾ ആവശ്യമില്ല എന്നുമുള്ള വാദം പരമോന്നത നീതിപീഠം വിശദമായി പരിശോധിക്കേണ്ടതാണ്.

The article was published in Dool News on 28/03/2022

‘വസ്ത്രം നോക്കി’ അവകാശങ്ങൾ നിഷേധിക്കുന്നത് ഫാഷിസമാണ്; കോടതി കൂട്ടുനിൽക്കരുത്.

hijab ban in Karnataka

“സാക്ഷി പറയുന്ന മനുഷ്യൻ കയ്യിൽ വാളേന്തിയിട്ടുണ്ടെങ്കിൽ, അയാളുടെയല്ല, വാളിന്റെ തെളിവുകളെയാണ് പരിഗണിക്കേണ്ടത്! സാമൂഹികക്രമം  നിലനിൽക്കുന്നത് കയ്യൂക്കിലൂടെയാണ്. സമൂഹത്തിന്റെ മഹത്തായ അടിത്തറ അധികാരമാണെന്നു അംഗീകരിച്ചേ പറ്റൂ. അധികാരബലത്തിന്റെ നിർവഹണമാണ് നീതി…. ശക്തരെ നിരായൂധീകരിച്ച്, ദുർബലനെ ആയുധമണിയിക്കുന്നത്, ഏത് സാമൂഹികക്രമത്തെ കാത്ത് രക്ഷിക്കാനാണോ ഞാൻ ബാധ്യതപ്പെട്ടിരിക്കുന്നത്, അതിനെ  അട്ടിമറിക്കുന്നതാകും. സ്ഥാപിതമായ അനീതികൾക്ക് അംഗീകാരം നൽകലാണ് നീതിന്യായം. നീതി, കീഴടക്കുന്നവരെയും അട്ടിമറി നടത്തുന്നവരെയും എതിരിടുന്നതു കണ്ടിട്ടുണ്ടോ? നിയമവിരുദ്ധമായ ഒരു ശക്തി ഉയർന്നു വരുമ്പോൾ, നീതിവ്യവസ്ഥ അതിനെയൊന്നു അംഗീകരിക്കുകയേ വേണ്ടു, അതും നിയമപരമാകും.” നീതിന്യായ വ്യവസ്ഥയുടെ വർഗ്ഗസ്വഭാവത്തെ ഖണ്ഡിതമായി അടയാളപ്പെടുത്തുന്ന അനറ്റലി ഫ്രാൻസിന്റെ   ക്രാൻക്യൂബീൽ എന്ന ചെറുകഥയിലെ ന്യായാധിപന്റെ നിയമയുക്തിയാണിത്.

നാസിസം പിടിമുറുക്കിയ കാലഘട്ടത്തിൽ, ജർമനിയിലെ രാഷ്ട്രീയ മാറ്റത്തോട് അന്നാട്ടിലെ കോടതികൾ എങ്ങനെയാണ്പ്രതികരിച്ചതെന്ന് മാത്രം നോക്കിയാൽ ക്രാൻക്യൂബീലിലെ ന്യായാധിപയുക്തി നമുക്ക് ബോധ്യമാകും.

1930-ൽ ജർമൻ പാർലമെന്റിനു തീയിട്ടതിനു ശേഷം, വെയ്മർ ഭരണഘടനയിലെ പല പ്രധാന ഭാഗങ്ങളും നാസികൾ റദ്ദു ചെയ്തു. മാധ്യമ സ്വാതന്ത്ര്യം, സംഘടിക്കാനുള്ള അവകാശം, അഭിപ്രായ സ്വാതന്ത്ര്യം അങ്ങനെ ഒരോന്നോരോന്നായി ഇല്ലാതാക്കി. ജൂതരിൽ നിന്നും പൗരാവകാശങ്ങൾ കവർന്നെടുക്കുന്ന ഉത്തരവുകൾ ഒന്നിന് പിറകെ ഒന്നൊന്നായി വന്നുകൊണ്ടിരുന്നു. ജർമ്മൻ ഭരണഘടനാ കോടതി അപകടകരമായ നിശബ്ദത പാലിച്ചു. എല്ലാ നീചനിയമങ്ങൾക്കും നിയമസാധുത ഉണ്ടാക്കിയെടുക്കണമെന്നു നാസികൾക്ക് നിർബന്ധമുണ്ടായിരുന്നു. അതിനുവേണ്ടി അഹോരാത്രം പണിയെടുത്തു രാജ്യത്തെ അഭിഭാഷകർ. കോടതികൾ നാസികൾക്ക് വേണ്ടി സമർത്ഥമായി നിയമവ്യാഖ്യാനങ്ങൾ ചമച്ചു. ഇന്ത്യയിൽ, അടിയന്തരാവസ്ഥക്കാലത്ത് നമ്മുടെ പരമോന്നത നീതിപീഠം എങ്ങനെയാണ് നീതികേടിന് ചൂട്ടു പിടിച്ചത് എന്ന് നാം കണ്ടതാണ്. പിന്നീട് സമീപകാലത്ത് സുപ്രീംകോടതി  ‘എക്സിക്യൂട്ടീവ് കോടതി’ ആയി മാറുകയാണ് എന്ന്   ഗൗതം ഭാട്ടിയയെപ്പോലെ നിരവധി നിയമവിചക്ഷണർ എഴുതിയിട്ടുണ്ട്. ഭൂരിപക്ഷ ബോധത്തിനൊപ്പം തന്നെയാണ് നമ്മുടെ കോടതികൾ പലപ്പോഴും നിലകൊള്ളുന്നത്. കയ്യൂക്കിന്റെ കളികൾക്കൊപ്പം അധികാരികളും നീതിപീഠവും അണിനിരക്കുന്നത് ചരിത്രത്തിൽ ഒരു അപൂർവതയല്ല! അവകാശ നിഷേധങ്ങൾക്ക്, അനീതികൾക്ക്, ഭൂരിപക്ഷയുക്തിയ്ക്ക്, നിയമത്തിന്റെ അംഗീകാരം നൽകുന്ന ‘ചരിത്രപരമായ’ പാരമ്പര്യം കുടഞ്ഞു കളയാത്ത കോടതികൾ ഇപ്പോഴുമുണ്ടെന്ന് നമ്മളെ ഓർമിപ്പിക്കുകയാണ് ചില കോടതി വിധികൾ.

കർണാടകയിൽ, വസ്ത്രത്തിന്റെ പേരിൽ വിദ്യാർത്ഥികൾക്ക് പഠിക്കാനുള്ള അവകാശം നിഷേധിച്ച  വിഷയത്തിൽ, കർണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ്. ഋതുരാജ് അശ്വതി, ജസ്റ്റിസ്. കൃഷ്ണ എസ്  ദീക്ഷിത്, ജസ്റ്റിസ് ജെ എം ഖാസി എന്നിവരുടെ ബഞ്ച്  കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച ഇടക്കാല ഉത്തരവ് നീതി പുലരണമെന്ന് ആഗ്രഹിക്കുന്ന മനുഷ്യരെയൊക്കെ നിരാശരാക്കുന്നതാണ്. ഫലത്തിൽ,     

അന്തിമ ഉത്തരവ് വരുന്നതുവരെ വിദ്യാർത്ഥികളുടെ മൗലിക അവകാശങ്ങൾ മരവിപ്പിച്ചിരിക്കുകയാണ് കോടതി. സാധാരണഗതിയിൽ ഒരു ഇടക്കാല ഉത്തരവിറക്കുന്നതിന് കോടതികൾ സ്വീകരിക്കുന്ന ചില മാനദണ്ഡങ്ങളുണ്ട്. അവയെല്ലാം ഇവിടെ ലംഘിക്കപ്പെട്ടിരിക്കുന്നു. മൂന്ന് കാര്യങ്ങളാണ് പൊതുവെ കോടതികൾ പരിഗണിക്കുക. 

  • പ്രഥമദൃഷ്ട്യാ ഒരു കേസ് ഉണ്ടെന്നു കാണിക്കുവാൻ വാദിഭാഗത്തിന് കഴിഞ്ഞിട്ടുണ്ടോ? 
  • അനുയോജ്യത പരിശോധിക്കുമ്പോൾ ഏതു തീരുമാനത്തിനാണ് മുൻ‌തൂക്കം നൽകേണ്ടത്?
  • ഇടക്കാല ഉത്തരവ് നല്കാതിരുന്നാൽ സങ്കടക്കാരന് അപരിഹാര്യമായ നഷ്ടം സംഭവിക്കുമോ?

ഇക്കാര്യങ്ങളിലേതു വച്ച് പരിശോധിച്ചാലും കർണാടക ഹൈക്കോടതി ഉത്തരവ് ദൗർഭാഗ്യകരമാണ് എന്ന് കാണാം. ഹിജാബ് ധരിച്ച പെണ്കുട്ടികളെ വിദ്യാലയത്തിൽ നിന്നു വിലക്കിയതിൽ മൗലികാവകാശലംഘനമുണ്ട് എന്ന  ന്യായമായ തർക്കം ഉന്നയിച്ചിരുന്നു. ഹിജാബ് ധരിച്ചുകൊണ്ടും പരീക്ഷ എഴുതുവാൻ കുട്ടികളെ അനുവദിച്ചുകൊണ്ടുള്ള കേരളാ ഹൈക്കോടതി ഉത്തരവും ഹാജരാക്കിയിരുന്നു. കേരളാഹൈക്കോടതിയുടെ വിധി കർണാടകത്തിൽ ബാധകമല്ലെങ്കിലും അതിനൊരു പ്രേരകമൂല്യമുണ്ട്.

രണ്ടാമതായി അനുയോജ്യതാപരിശോധനയാണ്. ഒരു ഇടക്കാല ഉത്തരവ് ഉണ്ടായില്ലെങ്കിൽ സങ്കടക്കാർക്ക് എന്തെന്തു പ്രശ്നങ്ങളാണ്  അഭിമുഖീകരിക്കേണ്ടിവരിക, ഇടക്കാല ഉത്തരവ് ഉണ്ടായാൽ എതിർകക്ഷിയെ അത് ഏതു രീതിയിലാണ് ബാധിക്കുക, എന്നീ കാര്യങ്ങൾ പരിശോധിച്ച് ഉചിതമായ തീർപ്പിലെത്തണം. ഇവിടെ അത്തരമൊരു പരിശോധന കോടതി നടത്തിയതായി കാണുന്നില്ല. ഹർജിക്കാരായ പെൺകുട്ടികൾ ഇത്രനാളും യൂണിഫോമിനൊപ്പം ഹിജാബ് ധരിച്ച് ക്ലാസ്സിൽ വന്നിരുന്നവരാണ്. അധ്യയന വർഷം കഴിയാറായ സമയത്ത്, പരീക്ഷകൾ തൊട്ടടുത്ത് എത്തി നിൽക്കുമ്പോൾ, പുതിയൊരു നിയന്ത്രണം കൊണ്ട് അവരെ ഹിജാബ് ഉപേക്ഷിക്കാതെ പഠിക്കാൻ കഴിയില്ല എന്ന് പറയുന്നതിൽ അനീതിയുണ്ട് എന്നത് ഒരു ന്യായമായ പരാതിയല്ലേ? അവർക്ക് പഠിക്കാൻ കഴിയാത്ത സാഹചര്യം ഉണ്ടാവുന്നത് കോടതി കാണാതെ പോകുന്നതെന്താണ്? ഈ അധ്യയന വർഷം തീരുന്നതുവരെയെങ്കിലും അവർ ഹിജാബ് ധരിക്കുന്നുവെങ്കിൽ സ്റ്റേറ്റിന് അല്ലെങ്കിൽ സ്‌കൂളിന് എന്ത് നഷ്ടമാണ് സംഭവിക്കുക? 

മൂന്നാമത്തെ പരിഗണനാവിഷയം ഇടക്കാല ഉത്തരവ് ഉണ്ടായില്ലെങ്കിൽ അപരിഹാര്യമായ നഷ്ടം ഹർജിക്കാർക്ക് ഉണ്ടാകുന്നുണ്ടോ എന്ന ചോദ്യമാണ്. കേസിൽ തീരുമാനമാകുന്നതുവരെ ഒരു പ്രത്യേക വിഭാഗത്തോട് അവരുടെ മതപരമായ വിശ്വാസങ്ങൾ മാറ്റി വയ്ക്കണം അല്ലെങ്കിൽ വിദ്യാഭ്യാസത്തിനുള്ള അവകാശം നിഷേധിക്കപ്പെടും എന്ന് പറയുന്നത് അവർക്ക് അപരിഹാര്യമായ നഷ്ടം ഉണ്ടാക്കുന്നതായി കണക്കാക്കേണ്ടതല്ലേ? അതേസമയം ഈ പെൺകുട്ടികൾ ഹിജാബ് ധരിച്ചതുകൊണ്ട് എതിർഭാഗത്തിന് ഒരു നഷ്ടവും ഉണ്ടാകാൻ പോകുന്നുമില്ല. 

അന്തിമ തീരുമാനം വരുന്നതുവരെ ഒരു മതചിഹ്നവും സ്‌കൂളുകളിൽ അണിയേണ്ടതില്ല എന്ന ഉത്തരവിലൂടെ ഫലത്തിൽ പൗരരുടെ  മൗലിക അവകാശങ്ങൾ സസ്പെൻഡ് ചെയ്തിരിക്കുകയാണ് കോടതി. ഹിജാബും കാവിഷാളും ധരിക്കേണ്ടതില്ല എന്നാണ് ഉത്തരവിൽ പറയുന്നത്. ഇത് തുല്യതയെക്കുറിച്ചുള്ള ഒരു മിഥ്യാധാരണ സൃഷ്ടിക്കലാണ്. വിശ്വാസത്തിന്റെയോ സംസ്കാരത്തിന്റെയോ ഒക്കെ ഭാഗമായി ഹിജാബ് ധരിച്ചു ശീലിച്ചു പോന്നിരുന്ന, ഇന്നലെവരെ അത് തുടർന്നിരുന്നവരോട് നാളെ മുതൽ അത് പാടില്ല എന്ന് പറയുന്നതുപോലെയല്ല, ഹിജാബ് വിഷയം ഉയർന്നു വന്നപ്പോൾ അതിനെ വൈകാരിക-രാഷ്ട്രീയ പ്രശ്നമാക്കി ഉയർത്തുവാൻ വേണ്ടി കാവി ഷാൾ അണിഞ്ഞവർ.  ഇന്നലെവരെ ഉപയോഗിക്കുന്നില്ലായിരുന്ന ഷാൾ ഇനിയും  ഉപയോഗിക്കുന്നില്ല എന്ന് മാത്രമേ വരൂ. മുസ്‌ലിം പെൺകുട്ടികളെ സംബന്ധിച്ച് അതങ്ങനെയല്ല. യഥാതഥസമത്വം (substantial equality) എന്ന സങ്കൽപ്പത്തിന് വിരുദ്ധമാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവെന്ന് സ്പഷ്ടമാണ്. കാരണം ഈ ഉത്തരവ് ഇരു വിഭാഗങ്ങൾക്കുമിടയിൽ ഉണ്ടാക്കുന്ന ഫലം വളരെ വ്യത്യസ്തമാണ്. ഒരു വിഭാഗത്തിന് മൗലിക അവകാശങ്ങൾ നഷ്ടപ്പെടുന്നുവെങ്കിൽ മറുവിഭാഗത്തിന് യാതൊരു പ്രശ്നവും ഉണ്ടാക്കുന്നുമില്ല. കേവല സമത്വവാദം പരോക്ഷ വിവേചനം (indirect discrimination) സൃഷ്ടിക്കുന്നതിന്റെ മികച്ച ഉദാഹരണമാണ് ഈ വിധി. ഇതിനോടുള്ള പ്രതികരണമായി ജസ്റ്റിസ് ചന്ദ്രുവിൻ്റെ പ്രതികരണം അനറ്റലി ഫ്രാൻസിന്റെ തന്നെ വാക്കുകളിലൂടെയായിരുന്നു: “ നിയമം അതിന്റെ ഉജ്ജ്വലമായ സമത്വത്തിലൂടെ സമ്പന്നനെന്നോ ദരിദ്രനെന്നോ ഭേദമില്ലാതെ എല്ലാ മനുഷ്യരെയും, പാലത്തിനടിയിൽ  അന്തിയുറങ്ങുന്നതിൽ നിന്നും തെരുവുകളിൽ ഭിക്ഷ യാചിക്കുന്നതിൽ നിന്നും അപ്പം മോഷ്ടിക്കുന്നതിൽ നിന്നും  ഒരുപോലെ  വിലക്കുന്നു.” ഹിജാബ് വിഷയത്തെ കേവലസമത്വത്തിന്റെയും മതവിശ്വാസത്തിന്റെയും മാത്രം പ്രശ്നമായി ചുരുക്കിക്കണ്ട ഹൈക്കോടതി, അനറ്റലിയുടെ നിരീക്ഷണത്തെ അന്വർത്ഥമാക്കുകയാണ്. 

കേവലം മതവിശ്വാസത്തിൻെറ പ്രശ്നമല്ല

കർണാടക ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിൽ കുട്ടികളെ പഠിക്കാൻ അനുവദിക്കാത്ത വിഷയം കേവലം മതവിശ്വാസത്തിൻെറ പ്രശ്നമായി മാത്രം കാണുകയാണ്. അഭിപ്രായ സ്വാതന്ത്ര്യവും സ്വകാര്യതയും തെരഞ്ഞെടുക്കാനുള്ള അവകാശവുമൊക്കെയായി ബന്ധപ്പെട്ട് കോടതിയിൽ ഉന്നയിക്കപ്പെട്ട വാദങ്ങളൊന്നും തന്നെ ഉത്തരവിൻ്റെ ഭാഗമായിട്ടില്ല. ഹർജിക്കാരും ആദ്യമായി ഉന്നയിച്ചത് ഇസ്ലാമിൻ്റെ അവശ്യ ആചാരങ്ങളിൽ ഒന്നാണ് ഹിജാബ് എന്ന വാദം തന്നെയായിരുന്നു. അവശ്യ മതാചാരം ആണോ എന്ന പരിശോധനയിലേക്കാണ് വിവാദങ്ങൾ പോകുന്നത്. 

സ്ത്രീകളുടെ വസ്ത്രം എന്നും മതത്തിനും സ്റ്റേറ്റിനും സമൂഹത്തിനും  ഒരു പ്രശ്നമായിരുന്നു. നമ്മുടെ നാട്ടിൽ മാറ് മറയ്ക്കാനുള്ള അവകാശം സ്ത്രീകൾക്ക് ലഭിച്ചു തുടങ്ങിയിട്ട് കുറച്ചു കാലമേ ആയിട്ടുള്ളു. അതേ സമയം ബ്രാഹ്മണ സ്ത്രീകൾക്ക് ദേഹം മുഴുവൻ മറയ്ക്കുന്ന ‘പർദ്ദ’ (ഘോഷ) വേണമായിരുന്നു താനും. ഉത്തരേന്ത്യയിലെമ്പാടും ഇപ്പോഴും ഗൂംഘട് എന്ന പേരിൽ മുഖം മറയ്ക്കുന്ന സമ്പ്രദായം ഹൈന്ദവർക്കിടയിലുണ്ട്. ഇന്ത്യയിൽ മാത്രമല്ല ചരിത്രത്തിൽ ലോകത്തിന്റെ വിവിധ സംസ്കൃതികളിൽ ഈ പരമ്പര്യമുണ്ടായിരുന്നു. മെസപ്പെട്ടോമിയ, പേർഷ്യ, ബൈസന്റൈൻ സാമ്രാജ്യം തുടങ്ങി  പല നാടുകളിലും. പഴയകാലത്ത് അവിടങ്ങളിലൊക്കെ സമൂഹത്തിലെ ഉന്നത ശ്രേണിയിൽ ഉള്ള സ്ത്രീകൾക്ക് മാത്രമായിരുന്നു മാറു മറയ്ക്കാനുള്ള അവകാശം. ദേഹമാകെ മറയ്ക്കുന്ന വേഷം ധരിക്കാനുള്ള അവകാശം ഉന്നതകുല ജാതർക്ക് മാത്രമായിരുന്നു. അറബ് നാടുകളിലും അങ്ങനെ തന്നെ… ഈയൊരു ചരിത്ര പശ്ചാത്തലത്തിലാണ് ഖുർആൻ മാറു മറയ്ക്കുന്ന വസ്ത്രം നിഷ്ക്കർഷിക്കുന്നത്. അത് സ്ത്രീകൾക്ക് മാത്രമല്ല പുരുഷന്മാർക്കും ബാധകമാണ്. ഇതൊക്കെയിപ്പോൾ ഇസ്ലാമിന്റെ അവശ്യ-ആചാരമാണോ എന്നതിൽ ഇസ്ലാമിക പണ്ഡിതർക്കിടയിൽ തന്നെ രണ്ടഭിപ്രായമുണ്ട്. അതുകൊണ്ട് അങ്ങനെ എളുപ്പത്തിലൊരു തീർപ്പിലെത്താൻ കഴിയില്ല. ഏതെങ്കിലും ഒരു ആചാരം ഒരു മതത്തിൻ്റെ അവശ്യഘടകമാണോ എന്ന് പരിശോധിക്കേണ്ടത് ആ മതത്തിൽ പെട്ട ആളുകൾ തന്നെയാണ്. കോടതി അത് അന്വേഷിക്കേണ്ട കാര്യമില്ല. ഒരു വ്യക്തി ഇതാണ് തന്റെ ആത്മാർത്ഥമായ വിശ്വാസം എന്ന് പറഞ്ഞാൽ അത് അംഗീകരിക്കുക എന്നു മാത്രമേയുള്ളു. 

അവശ്യ-മതാചാരം

അവശ്യ-മതാചാരം (essential religious practice) എന്ന നിയമവിചാരം തന്നെ അസംബന്ധമാണ്. ഒരു ആചാരം മതത്തിന്റെ അവശ്യഘടകമാണോ എന്ന കാര്യത്തിൽ അന്തിമ വിധി പറയാനുള്ള കഴിവോ വൈദഗ്ധ്യമോ കോടതികൾക്കില്ല. ഈ ആചാരങ്ങൾ ഭരണഘടന അനുശാസിക്കും വിധം ഒരു ജനാധിപത്യ സമൂഹത്തിന് അനുയോജ്യമാണോ എന്ന പരിശോധന മാത്രമായിരിക്കണം കോടതികൾ ഏറ്റെടുക്കേണ്ട ദൗത്യം. 1954-ലെ ശിരൂർ മഠ കേസ് (The Commissioner, Hindu Religious Endowments, Madras v Shri Lakshmindar Tirtha Swamiyar of Shri Shirur Mutt) മുതൽ 2017-ലെ മുത്തലാക്ക് (Shayara Bano v Union of India)  കേസിലും ശബരിമല (Indian Young Lawyers Association vs The State Of Kerala) കേസിലും  വരെ നമ്മുടെ സുപ്രീംകോടതി  അവശ്യ-മതാചാര പരിശോധന നടത്തി. മതങ്ങളുമായി ബന്ധപ്പെട്ട മതേതര പ്രവർത്തനങ്ങൾ (ഭരണനിർവഹണം പോലുള്ളവ) കോടതികൾക്ക്  സാധാരണഗതിയിൽ ഇടപെടാവുന്ന മേഖലയാണെന്നും എന്നാൽ വിശ്വാസസംബന്ധിയായ വ്യവഹാരങ്ങളിൽ കോടതി ഇടപെടാൻ പാടില്ലെന്നുമായിരുന്നു തീരുമാനം. പക്ഷേ അതിന് പരിഗണനാവിഷയം മതത്തിന്റെ ‘അവശ്യ-ആചാര’മാണെന്നു തെളിയിക്കണം. പണ്ഡിതാഭിപ്രായങ്ങളും മതഗ്രന്ഥങ്ങളും പരിശോധിച്ച് ആത്മീയ വിഷയങ്ങളിൽ കോടതി തീർപ്പു കൽപ്പിക്കുന്ന സാഹചര്യമുണ്ടായി. 

ഭരണഘടനാ കോടതികൾ പൗരോഹിത്യകോടതികളുടെ ചുമതല ഏറ്റെടുക്കുന്നത് മതേതര ജനാധിപത്യസമൂഹത്തിന് ഭൂഷണമല്ല. ഒരാളുടെ മതവും ആചാരവും തികച്ചും വ്യക്തിപരമായ കാര്യമാണ്, കോടതികൾ തീർപ്പുകല്പിക്കേണ്ട കാര്യമല്ല. അത് വ്യക്തിയുടെ വിശ്വാസത്തിന്റെയും, മനഃസാക്ഷിയുടെയും, തെരഞ്ഞെടുപ്പിന്റെയും, സാംസ്‌കാരിക ബോധ്യങ്ങളുടെയും കാര്യമാണ്. കോടതിയോ, സ്റ്റേറ്റോ അല്ല അവയിൽ തീർപ്പു കല്പിക്കേണ്ടത്. ഇന്ത്യ ഒരു മതേതര രാഷ്ട്രമാണ്, മധ്യകാലഘട്ടത്തിലെ പൗരോഹിത്യ  കോടതികളുടെ പണി  ഭരണഘടനാ കോടതികൾ എടുക്കേണ്ടതില്ല. എന്നാൽ ആചാരങ്ങൾ പൊതുസമാധാനത്തിനോ ആരോഗ്യത്തിനോ ധാർമികതയ്ക്കോ വിരുദ്ധമാകുന്നിടത്ത് ഭരണഘടനയുടെ അനുച്ഛേദം 25(1) അനുശാസിക്കുംവിധമുള്ള ഇടപെടലുകൾ ഉണ്ടാവുകയും വേണം. ശബരിമല കേസിൽ ജസ്റ്റിസ്. ഇന്ദു മൽഹോത്രയുടെയും ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെയും വിധിന്യായങ്ങൾ ഇക്കാര്യം ചർച്ച ചെയ്യുന്നുണ്ട്. [നിയമതത്വം  സമാനമായിരുന്നെങ്കിലും വീക്ഷണകോണുകളിലെ ഭിന്നതയാണ് ഇരുവരുടെയും നിഗമനങ്ങൾ രണ്ടു തരത്തിലാവാനുള്ള കാരണം. ]  

എന്നാൽ മത വിശ്വാസവും ഭരണഘടനയും സംബന്ധിച്ച ശബരിമല കേസിലെ തീർപ്പ് ഇപ്പോൾ പുനഃപരിശോധനാ ഹർജിയുടെ ഫലമായി ഏഴംഗ വിശാല ബഞ്ചിനു വിട്ടിരിക്കുകയാണ്. മതസ്വാതന്ത്ര്യവും ഭരണഘടനയുമായി ബന്ധപ്പെട്ട ഏഴു ചോദ്യങ്ങളാണ് പുനഃപരിശോധനാ വേളയിൽ സുപ്രീംകോടതി ഫ്രെയിം ചെയ്തത്.  എല്ലാ കീഴ് വഴക്കങ്ങൾക്കും വിരുദ്ധമായി, കോടതിവിധിയിൽ പ്രത്യക്ഷത്തിൽ യാതൊരു തെറ്റും ചൂണ്ടിക്കാണിക്കാൻ കഴിയാതിരുന്നിട്ടും, വിചിത്രമായ നടപടികളിലൂടെ ചില സാങ്കൽപ്പിക ചോദ്യങ്ങൾക്കൊപ്പം ടാഗ് ചെയ്തു പുനഃപരിശോധന അനുവദിക്കുകയായിരുന്നു കോടതി. അതായത് അവശ്യമതാചാരങ്ങളെ സംബന്ധിച്ചും അനുച്ഛേദം 25(1)-ലെ ‘ധാർമികത’ എന്ന പ്രയോഗത്തിന്റെ വ്യാപ്തിയെക്കുറിച്ചും (അത് ഭരണഘടനാ ധാർമികതയെയാണ് സൂചിപ്പിക്കുന്നത് എന്നായിരുന്നു ജസ്റ്റിസ്. ചന്ദ്രചൂഡിന്റെ നിലപാട്. ക്രോഡീകരിക്കാത്ത വ്യക്തി നിയമങ്ങൾ മൗലികാവകാശവുമായി തുലനം ചെയ്തു നോക്കേണ്ടതില്ലെന്ന നരസു അപ്പ മൗലി വിധിയും പുനഃപരിശോധിക്കേണ്ടതുണ്ട് എന്ന് ജസ്റ്റിസ്. ചന്ദ്രചൂഡ് വിധിയിൽ രേഖപ്പെടുത്തിയിരുന്നു.) ഒക്കെയുള്ള ചോദ്യങ്ങൾ ഇപ്പോഴും സുപ്രീംകോടതിയുടെ പരിഗണനയിലാണ്. അത് പരിശോധിക്കാനുള്ള ഏഴംഗ ബെഞ്ച് ഉടൻ തന്നെ രൂപീകരിക്കാനുള്ള സാധ്യതയൊന്നും കാണുന്നുമില്ല. അക്കാര്യത്തിൽ തീർപ്പുണ്ടാകാതെ കർണാടക ഹൈക്കോടതിയ്ക്ക് ഈ വിഷയത്തിൽ ഒരു അന്തിമ വിധി പറയാൻ കഴിയുമെന്ന് തോന്നുന്നില്ല. അതായത് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുമ്പോൾ പറഞ്ഞതുപോലെ വളരെ വേഗത്തിൽ തീർപ്പുണ്ടാക്കാൻ കഴിയുന്ന ഒരു വിഷയമല്ല ഇത്. തീർപ്പുണ്ടാകുന്നതുവരെ മൗലികാവകാശങ്ങൾ സസ്‌പെൻഡ് ചെയ്തുകൊണ്ടുള്ള ഈ ഉത്തരവ് നിലനിന്നേക്കാം. അംന ബിന്ദ് ബഷീർ കേസിലും (Amnah Bint Basheer vs Central Board Of Secondary Education on 23 July, 2015) നതർഷ റഹീം കേസിലും (Natharsha Rahim vs Central Board Of Secondary Education, 2014) കേരള ഹൈക്കോടതിയും ബിജോയ് ഇമ്മാനുവൽ കേസിൽ (Bijoe Emmanuel & Ors vs State Of Kerala & Ors on 11 August, 1986) സുപ്രീം കോടതിയും വിധി പറഞ്ഞപ്പോൾ ഉണ്ടായിരുന്ന സാഹചര്യമല്ല ഇന്നെന്ന് സാരം. 

ഹിജാബ് ധരിച്ച കുട്ടികളെ പഠിക്കാൻ അനുവദിക്കാത്തത് ഒരു മതാചാരത്തിന്റെ പ്രശ്നമായി ചുരുക്കി കാണുമ്പോൾ ഈ കുട്ടികൾക്ക് നിഷേധിക്കപ്പെടുന്ന എല്ലാ അവകാശങ്ങളെയും നമ്മൾ അവഗണിക്കുകയാണ്. ഇഷ്ടമുള്ള വസ്ത്രം ധരിക്കുക, വിദ്യാഭ്യാസം ലഭിക്കുക, സ്വയം നിർണയിക്കാനാവുക അങ്ങനെ ഭരണഘടന സംരക്ഷണം നൽകുന്ന അടിസ്ഥാന സ്വാതന്ത്ര്യങ്ങളെല്ലാം ഇവിടെ റദ്ദു ചെയ്തിരിക്കുകയാണ്. വിദ്യാർഥികളുടേത് ആ അർത്ഥത്തിൽ ഒരു സ്വാതന്ത്ര്യ പോരാട്ടമാണ്. അതിനെ കേവലം മതാചാരമായി ചുരുക്കുമ്പോൾ അത് അവരുടെ സ്വാതന്ത്ര്യ നിഷേധത്തിന്റെ നിയമവിചാരമായി മാറുന്നു. കാരണം ഹിജാബ് ഇസ്ലാമിന്റെ അവശ്യ-ആചാരമാണ് എന്ന് കോടതി കണ്ടെത്തിയാൽ  ഈ പെൺകുട്ടികൾക്ക് ഹിജാബ് ധരിക്കാനുള്ള അവകാശം ലഭിക്കുകയല്ല ഉണ്ടാവുന്നത്, ഹിജാബ് ധരിക്കാതിരിക്കാനുള്ള അവകാശം നഷ്ടപ്പെടുകയാണ്. അത് പിന്തിരിപ്പനായ ഒരു നിയമവഴിയാണ്. അവകാശങ്ങൾക്കും സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള നിയമ പോരാട്ടത്തെ അവകാശനിഷേധത്തിന്റെ, മതം സൃഷ്ടിച്ച ആൺകോയ്മാ വ്യവസ്ഥിതിയുടെ, പാരതന്ത്ര്യത്തിന്റെ, നിയമയുക്തിയാക്കുന്നത് ജനാധിപത്യ രാജ്യത്തെ ഭരണഘടനാ കോടതികൾക്ക് യോജിച്ചതല്ല. ഹൈക്കോടതിയുടെ  ഉത്തരവിൽ ഈ വിഷയത്തിന്റെ മറ്റു വശങ്ങൾ കൂടി പരാമർശവിഷയം ആകേണ്ടിയിരുന്നു.

അഭിപ്രായ സ്വാതന്ത്ര്യം 

അഭിപ്രായ സ്വാതന്ത്ര്യം കേവലം വർത്തമാനം പറയുന്നതിനുള്ള സ്വാതന്ത്ര്യമല്ല, എല്ലാ തരത്തിലുള്ള ആശയ പ്രകാശനങ്ങളെയും അത് ഉൾക്കൊള്ളുന്നുണ്ട്. വസ്ത്രധാരണവും ഒരു തരത്തിലുള്ള ആശയപ്രകാശനമാണ്. സ്വയം നെയ്തെടുത്ത ഖദർ വസ്ത്രം മാത്രം അണിഞ്ഞ ഗാന്ധിയും കോട്ട് ധരിച്ച അംബേദ്കറും അവരുടെ വസ്ത്രധാരണരീതിയിലൂടെ ചില ആദർശങ്ങൾ ഉയർത്തിപ്പിടിക്കുന്നുണ്ട്. കണ്ണ് കെട്ടി, കറുത്ത തുണി കയ്യിൽ ചുറ്റി, കാവി ഷാൾ കഴുത്തിലിട്ട്, ഒക്കെ പ്രതിഷേധിക്കുന്നവരുടെ വസ്ത്രങ്ങൾ ഓരോ നിലപാടുകളെ അടയാളപ്പെടുത്തുന്നുണ്ട്. അതും ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ ഭാഗമാണ്. യൂണിഫോം ഉള്ള വിദ്യാലയങ്ങളിൽ ഇത് അനുവദനീയമാണോ എന്നതാണ് ഇവിടെ ഉയരുന്ന ചോദ്യം. ഒരു മതാചാരമെന്ന നിലയിൽ അത് അനുവദനീയമാണെന്ന് കേരള ഹൈക്കോടതിയുടെ ഉത്തരവ് നമുക്കറിയാം, എന്നാൽ ആവിഷ്കാര സ്വാതന്ത്ര്യമെന്ന നിലയിൽ അതിനെ നാം എങ്ങനെയാണ് മനസിലാക്കുക? ജനാധിപത്യലോകം അതിനെയെങ്ങനെയാണ് കാണുന്നത്?

1969-ലെ  അമേരിക്കൻ സുപ്രീംകോടതിയുടെ ഡേ മൊയിൻ വിധി പ്രസിദ്ധമാണ് (Tinker v Des Moines Independent School District).  1965-ലാണ് സംഭവം. വിയറ്റ്നാം യുദ്ധം നടക്കുന്ന കാലം; യുദ്ധവിരുദ്ധ പ്രക്ഷോഭങ്ങളും. ഡെ മൊയ്നിലെ ഹൈസ്‌കൂളിൽ  ഹർജിക്കാരനായ ജോൺ എഫ് ടിങ്കർ ഉൾപ്പെടെയുള്ള ഏതാനും വിദ്യാർഥികൾ അമേരിക്കൻ ഗവണ്മെന്റിന്റെ നയത്തോടുള്ള വിയോജിപ്പ് പ്രകടിപ്പിക്കാൻ ഡിസംബർ 16-ന്  കറുത്ത കൈപ്പട്ട അണിഞ് സ്‌കൂളിൽ എത്തുവാൻ തീരുമാനിച്ചു. ഡിസംബർ 14-ന് സ്‌കൂൾ അധികൃതർ ഒരു തീരുമാനമെടുത്തു. യൂണിഫോമിന് പുറമെ കറുത്ത ആം-ബാൻഡ് ധരിച്ചു വരുന്ന വിദ്യാർത്ഥികളെ സ്‌കൂളിൽ പ്രവേശിപ്പിക്കേണ്ടതില്ല. എന്നാൽ ഈ കുട്ടികൾ അതു ലംഘിച്ചു. അധികൃതർ അവരെ സസ്‌പെൻഡ് ചെയ്തു. 

വിദ്യാർഥികൾ അതിനെതിരെ ജില്ലാ കോടതിയെ സമീപിച്ചു. സ്‌കൂളിന്റെ അച്ചടക്കം ഉയർത്തിപ്പിടിച്ചുകൊണ്ട് കോടതി അവരുടെ പരാതി തള്ളി. കോർട്ട് ഓഫ് അപ്പീലിലും തീരുമാനമായില്ല. എന്നാൽ ആം-ബാൻഡുകൾ ധരിച്ചാൽ സ്‌കൂളിന്റെ അച്ചടക്കത്തിന് തടസ്സമാകും എന്ന ജില്ലാ കോടതിയുടെ കണ്ടെത്തൽ  സുപ്രീംകോടതി അംഗീകരിച്ചില്ല. കറുത്ത ബാൻഡ് ധരിക്കുന്നത് അമേരിക്കൻ ഭരണഘടന ഉറപ്പു നൽകുന്ന അഭിപ്രായ  സ്വാതന്ത്ര്യത്തിന്റെ ഭാഗമാണ് എന്ന വാദം അംഗീകരിച്ചു. “ അസ്വാസ്ഥ്യം  ഉണ്ടാക്കുമെന്ന വ്യതിരിക്തമല്ലാത്ത ഭയം, നമ്മുടെ വ്യവസ്ഥിതിയിൽ, ഒന്നാം ഭേദഗതി ഉറപ്പു നൽകുന്ന അഭിപ്രായ സ്വാതന്ത്ര്യത്തെ മറികടക്കുന്നതിനുള്ള ന്യായീകരണമാകുന്നില്ല.” എന്നായിരുന്നു കോടതി നിരീക്ഷിച്ചത്. “അഭിപ്രായ വ്യത്യാസങ്ങളും ഭൂരിപക്ഷ ബോധത്തിന് വിരുദ്ധമായ അഭിപ്രായങ്ങളും അസ്വാരസ്യങ്ങൾ ഉണ്ടാക്കിയേക്കാം, എന്നാൽ അത്തരത്തിലുള്ള വിയോജിപ്പുകളാണ് നമ്മുടെ ദേശീയതയുടെയും സ്വാതന്ത്ര്യത്തിന്റെയും ശക്തി…… അധ്യാപകരോ വിദ്യാർത്ഥികളോ അവരുടെ അഭിപ്രായ സ്വാതന്ത്ര്യം സ്‌കൂൾ ഗേറ്റിനു പുറത്തു വച്ചിട്ട് വരണമെന്നു പറയാനാകില്ല…. ഈ കുട്ടികൾ സ്‌കൂളിന്റെ പ്രവർത്തനത്തെയോ അധ്യയനത്തെയോ ഏതെങ്കിലും തരത്തിൽ തടസ്സപ്പെടുത്തിയെന്നു പറയാനാകില്ല. യൂണിഫോമിനൊപ്പം കറുത്ത കൈപ്പട്ട ധരിച്ചു എന്നത് മാത്രമാണ് കുറ്റം. അതിന്റെ പേരിൽ അവരുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ നിഷേധിക്കുവാൻ നമ്മുടെ ഭരണഘടന അധികൃതർക്ക് അധികാരം നൽകുന്നില്ല.” സുപ്രീംകോടതി പ്രസ്താവിച്ചു.  

ഇന്ത്യൻ സുപ്രീം കോടതിയും വസ്ത്രധാരണം  ഭരണഘടനയുടെ അനുഛേദം 19(1) അനുവദിക്കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ഭാഗമാണെന്ന് വിലയിരുത്തിയിട്ടുണ്ട്. 2014-ലെ എൻ.എൽ.എസ്.എ.  കേസിൽ (National Legal Services Authority of India (NALSA)  vs Union of India)  ഭിന്നലിംഗക്കാരുടെ വസ്ത്രങ്ങൾ തിരഞ്ഞെടുക്കാൻ ഉള്ള അവകാശത്തെ അംഗീകരിച്ചുകൊണ്ട് “ഒരാളുടെ സ്വന്തം വസ്ത്രം തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തെ ഹനിക്കുവാനാവില്ല” എന്ന് ജസ്റ്റിസ് രാധാകൃഷ്ണൻ എഴുതി.  

സ്വകാര്യത കേസിൽ (Justice K. S. Puttaswamy (Retd.) vs Union Of India) സുപ്രീംകോടതിയുടെ 9 അംഗ ബഞ്ച് സ്വകാര്യതയെ കുറിച്ചും സ്വയം നിർണയാവകാശത്തെക്കുറിച്ചും ആഴത്തിലുള്ള നിയമ വിചാരങ്ങൾക്ക് വഴി തുറന്നിട്ടിരുന്നു. ഈ വിധി കൂടി പിൻപറ്റിയാണ് ഐപിസി 377 റദ്ദ് ചെയ്തുകൊണ്ടുള്ള നവ് തേജ് സിംഗ് ജോഹർ കേസിലും (Navtej Singh Johar and Ors. vs. Union of India) അഭിപ്രായ സ്വാതന്ത്ര്യത്തിന് വിവിധ വശങ്ങളെക്കുറിച്ചും ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യത്തെക്കുറിച്ചും ചർച്ചചെയ്യുന്നത്. 

മന:സാക്ഷിക്കുള്ള അവകാശം

വസ്ത്രധാരണത്തിനുള്ള അവകാശം  അനുച്ഛേദം 25 (1) അനുസരിച്ച് മതസ്വാതന്ത്ര്യത്തിനു മാത്രമുള്ള അവകാശമല്ല സ്വന്തം മന:സാക്ഷിക്കനുസരിച്ചു ജീവിക്കാനുളള അവകാശം കൂടിയാണ്. അനുച്ഛേദം 25 (1) ആരംഭിക്കുന്നത് ‘മന:സാക്ഷിക്കുള്ള അവകാശം’ എന്ന വാക്കിൽ നിന്നാണ്, അതിനുശേഷമാണ് മതവും വിശ്വാസവുമെല്ലാം കടന്നുവരുന്നത്. മതവിശ്വാസത്തെക്കാളും ആഴമേറിയ, വിസ്തൃതമായ അർത്ഥങ്ങളുള്ള വാക്കാണ് മനസ്സാക്ഷി. പൊതു സമാധാനത്തിനും ആരോഗ്യത്തിനും ധാർമികതയ്ക്കും വിരുദ്ധമാകാത്തിടത്തോളം കാലം സ്വന്തം മന:സാക്ഷിക്കനുസരിച്ചു ജീവിക്കാനുള്ള അവകാശമാണ് ഭരണഘടന പൗരർക്കു നൽകുന്നത്. അത് രാഷ്ട്രീയനിലപാടുകളാകാം, സാംസ്കാരിക ബോധ്യങ്ങളാകാം, മറ്റു വിശ്വാസങ്ങളാകാം, അവിശ്വാസമാകാം, അങ്ങനെ എന്തുമാകാം. കേവലം മതവിശ്വാസത്തിന് വേണ്ടി മാത്രമല്ല, മറ്റേതൊരു നിലപാടിനെയും സംബന്ധിച്ച ആശയപ്രകാശനത്തിനുള്ള സ്വാതന്ത്ര്യവും അനുച്ഛേദം 19 പൗരന് നൽകുന്നുണ്ട്. ഡെ മെയ്ൻ കേസിൽ അമേരിക്കൻ സുപ്രീംകോടതി ഉയർത്തിപ്പിടിച്ചത് ടിങ്കറുടെ വിശ്വാസത്തിനുള്ള അവകാശമല്ല, മറിച്ച് ഒരു രാഷ്ട്രീയ നിലപാട് സ്വീകരിക്കാനുള്ള അവകാശമാണ്. മതാചാരമായതുകൊണ്ട് മാത്രമല്ല  വിയോജിപ്പും പ്രതിഷേധം പ്രകടിപ്പിക്കാനുമെല്ലാം വസ്ത്രധാരണരീതികൾ ഉപയോഗപ്പെടുത്താൻ നമ്മുടെ കുട്ടികൾക്കും കഴിയണം. മനസ്സാക്ഷിയുടെ അവകാശത്തെ കുറിച്ചുള്ള വിശദമായ നിയമവിചാരങ്ങൾ തീർച്ചയായും അത്തരത്തിലൊരു നിഗമനത്തിലേക്ക് ഇന്ത്യൻ കോടതികളെയും നയിക്കും.

യഥാതഥസമത്വം

എല്ലാറ്റിനെയും ഒരുപോലെ കാണണമെന്ന കേവല-സമത്വവാദം നീതിയുടെ ഭാഷയല്ല. ഒരുപോലെയുള്ള ഗ്രൂപ്പുകൾക്കകത്ത് തുല്യത നടപ്പിലാക്കുമ്പോഴാണ് അത് നീതിയുക്തമായ സമത്വമാകുന്നത്. മനുഷ്യരെല്ലാവരും സാമൂഹികമായും സാമ്പത്തികമായും സാംസ്കാരികമായും ശാരീരികമായും തുല്യരായല്ല ജനിക്കുന്നത്. ധനികനെയും ദരിദ്രനെയും മുതലാളിയെയും തൊഴിലാളിയെയും സവർണ്ണനെയും അവർണ്ണനെയും ഒരേ തുലാസിൽ അളക്കുന്നത് നീതിയല്ല. ഇത് ഭരണഘടനാപരമായി തന്നെ അംഗീകരിച്ചിട്ടുള്ള സംഗതിയാണ്. അതുകൊണ്ടാണ് സമത്വം ഉറപ്പു നൽകുന്ന അനു:ഛേദം 14-നു കീഴെ അതിനു പൂരകമായി പ്രത്യേക പരിഗണന ആവശ്യമായി വരുന്ന വിഭാഗങ്ങൾക്ക് വേണ്ടി ഇടപെടലുകൾ നടത്തുവാനുള്ള അധികാരം ഗവൺമെൻ്റിന് നൽകിയിരിക്കുന്നത്. 

ഹിജാബ് നിരോധനം പോലുള്ള സംഭവങ്ങൾ എപ്പോഴും ഭൂരിപക്ഷ സമൂഹത്തിൻ്റെ സാംസ്കാരിക യുക്തി അനുസരിച്ചുള്ള തീരുമാനങ്ങളാണ്. അധികാര രാഷ്ട്രീയത്തിന്റെ താൽപര്യങ്ങളും പലപ്പോഴും അതിനു പിന്നിലുണ്ടാവും. എല്ലാവരും തുല്യരാണെന്ന വ്യാജ നിർമ്മിതിക്കുമേലാകും പലപ്പോഴും പല വിവേചനങ്ങളും കടന്നു വരിക. ഇവിടെയും അത്തരത്തിലുള്ള പരോക്ഷ വിവേചനമുണ്ടെന്ന് കാണാം. ഇത് അനു:ഛേദം 14 ഉറപ്പുനൽകുന്ന സമത്വത്തിന്റെ ലംഘനമാണ്. 

ഇന്ത്യയിൽ ഇപ്പോൾ സംഭവിച്ചതിനു സമാനമായ തരത്തിൽ സിഖ് പെൺകുട്ടികൾക്ക് ‘കര'(മതാചാരപ്രകാരമുള്ള ലോഹ വള) ധരിച്ചുകൊണ്ട് സ്‌കൂളിൽ വരാനുള്ള അവകാശം നിഷേധിക്കപ്പെട്ടപ്പോൾ ഇംഗ്ലീഷ് ഹൈക്കോടതി ശക്തമായ ഇടപെടലിലൂടെ ആ അവകാശം ഉയർത്തിപ്പിടിച്ചിരുന്നു. [Sarika Angel Walkins vs The Governing Body of Aberdeen Girls High School]. മറ്റൊന്ന് ദക്ഷിണാഫ്രിക്കൻ സുപ്രീംകോടതിയുടെ 2007-ലെ നവനീതം പിള്ള (KwaZulu-Natal and Others v Navaneethum Pillay (2007)) കേസിലെ വിധിയാണ്. കർണാടക ഹൈക്കോടതിയിൽ ഈ കേസ് അഡ്വ. കമ്മത്ത് ഉദ്ധരിച്ചിരുന്നു. യൂണിഫോമിനൊപ്പം ഹിന്ദു സംസ്കാരമനുസരിച്ചുള്ള മൂക്കുത്തി ഇടാൻ അനുവദിക്കാതിരുന്നതാണ് കേസിനാധാരമായ സംഭവം. ദക്ഷിണാഫ്രിക്കൻ ഭരണഘടനാകോടതി അധികൃതരുടെ നടപടി റദ്ദ് ചെയ്തു. മുക്കൂത്തി ഇടാൻ അനുവദിക്കാത്തത് സാംസ്കാരിക ന്യൂനപക്ഷങ്ങളോടുള്ള പരോക്ഷ വിയോജനമാണ് എന്നായിരുന്നു കോടതിയുടെ കണ്ടെത്തൽ.

ഇന്ത്യൻ കോടതിയിലും പരോക്ഷ വിവേചനം ചർച്ച ചെയ്യപ്പെടുന്നുണ്ട്. നവതേജ് സിംഗ് ജോഹർ കേസിൽ സ്വവർഗാനുരാഗത്തെ ക്രിമിനൽവത്കരിക്കുന്ന ഐ.പി.സി. സെക്ഷൻ 377 റദ്ദ് ചെയ്യവേ, പ്രസ്തുത വകുപ്പ് പരോക്ഷ വിവേചനത്തിന് കാരണമാകുന്നുവെന്ന് പ്രസ്താവിച്ചിട്ടുണ്ട്. എന്നാലും അതിന് കൃത്യമായ ഒരു നിയമവൈജ്ഞാനിക ചട്ടക്കൂടുണ്ടാകുന്നത് 2021-ലെ സ്ത്രീ സൈനികർക്ക് പെർമനന്റ് കമ്മീഷൻ നൽകുന്നതുമായി ബന്ധപ്പെട്ട കേസിലാണ് . 2020-ൽ സുപ്രീംകോടതി,  കരസേനയിൽ വനിതാ ഓഫീസർമാർക്ക് പെർമനന്റ് കമ്മീഷൻ അനുവദിക്കണമെന്ന് ഉത്തരവ്പുറപ്പെടുവിച്ചിരുന്നു (Secretary, Ministry of Defence v Babita Puniya). ഇതനുസരിച്ച് പെർമനന്റ് കമ്മീഷൻ അനുവദിക്കുന്നതിനുവേണ്ടി മെഡിക്കൽ, ഫിസിക്കൽ ടെസ്റ്റുകൾ ഏർപ്പെടുത്തി. പക്ഷെ, വളരെ ചെറിയ പ്രായത്തിൽ പുരുഷന്മാർ അഭിമുഖീകരിച്ച അതേ ടെസ്റ്റുകൾ തന്നെയായിരുന്നു നാല്പതുകളിലെത്തിയ സ്ത്രീകൾക്കും നൽകിയത്. ഇതിനെതിരെ അവർ സുപ്രീംകോടതിയെ സമീപിച്ചു (Lt. Colonel Nitisha vs Union of India) . ജസ്റ്റിസ് ഡി. വൈ.ചന്ദ്രചൂഡ്, ജസ്റ്റിസ് എം. ആർ. ഷാ എന്നിവരുടെ ബഞ്ച് സ്ത്രീകൾക്ക് അനുകൂലമായി വിധിയെഴുതി. ടെസ്റ്റുകൾ കേവല-സമത്വത്തിന്റെ അടിസ്ഥാനത്തിലുള്ളതാണെന്നും എന്നാൽ, പ്രായവ്യത്യാസം കണക്കിലെടുക്കാതിരിക്കുകവഴി അത് പരോക്ഷ വിവേചനത്തിന് വഴിയൊരുക്കുമെന്നും കോടതി പ്രസ്താവിച്ചു. അമേരിക്കൻ, കനേഡിയൻ സുപ്രീംകോടതിയുടെ വിധികളെ മുൻനിർത്തി ഇന്ത്യയിലും പരോക്ഷ വിവേചനത്തെക്കുറിച്ചുള്ള കൃത്യമായ നിയമതത്വം ആവിഷ്കരിച്ചു എന്നതാണ് ഈ വിധിയുടെ പ്രസക്തി. ഒരു നയത്തിന്റെ ഫലം ഒരു പ്രത്യേക വിഭാഗത്തെ ക്രമാതീതമായ തരത്തിൽ ബാധിക്കുന്നുണ്ടോ?  അതവർക്ക് പ്രതികൂലമായ ഫലമാണോ ഉണ്ടാക്കുന്നത്? എന്നീ കാര്യങ്ങളാണ് കോടതി നോക്കിയത്. പ്രതികൂലഫലം ഉണ്ടെന്നു സ്ഥാപിക്കാൻ സ്ഥിതിവിവരക്കണക്കുകളുടെ പിൻബലമൊന്നുമില്ലെങ്കിലും കുഴപ്പമില്ല എന്ന് കോടതി നിലപാടെടുത്തു. 

റെയിൽവേയിലെ മെഡിക്കൽ ഇൻഷുറൻസുമായി ബന്ധപ്പെട്ട കേസിലെ ദൽഹി ഹൈക്കോടതി വിധിയും പരോക്ഷ വിവേചനത്തെ സംബന്ധിക്കുന്നതാണ്(Madhu vs Northern Railway). ഒരു ജീവനക്കാരൻ തന്റെ ഭാര്യയെ മെഡിക്കൽ ഇൻഷുറൻസ് പദ്ധതിയുടെ ആശ്രിതപ്പട്ടികയിൽ നിന്നും ഒഴിവാക്കിയതിനെത്തുടർന്ന് അവർക്ക് ചികിത്സ ആനുകൂല്യം നിഷേധിക്കപ്പെടുന്നു. ഇതിനെതിരെയാണ് അവർ കോടതിയെ സമീപിച്ചത്. നമ്മുടെ സമൂഹത്തിൽ അധികവും ജോലിക്ക് പോകുന്നത്  പുരുഷന്മാരാണ്. സ്ത്രീകൾ അവരുടെ ആശ്രിതരായിരിക്കും. അങ്ങനെയൊരു സാഹചര്യത്തിൽ, പുരുഷന് തന്റെ തോന്ന്യാസത്തിന് ആശ്രിതപ്പട്ടികയിൽ നിന്നും അവരെ നീക്കം ചെയ്യാൻ കഴിയുമെന്ന് വന്നാൽ, ഇപ്പോഴേ അവശതയനുഭവിക്കുന്ന സ്ത്രീകളുടെ  സ്ഥിതി ഇതിലും മോശമാവുകയാണ് ചെയ്യുക. “ഇത് സ്ത്രീ നേരിടേണ്ടി വരുന്ന ഒരു ദൗർഭാഗ്യമല്ല, പരിഹരിക്കപ്പെടേണ്ടുന്ന ഒരു അനീതിയാണ്.” ദൽഹി ഹൈക്കോടതി പ്രസ്താവിച്ചു. 

പ്രത്യക്ഷമായോ പരോക്ഷമായോ അനുഭവിക്കുന്ന വിവേചനങ്ങൾക്കെതിരെ ഭരണഘടനാപരമായ പരിഹാരം തേടാൻ ഇന്ത്യൻ നിയമവ്യവസ്ഥയിലും ഇന്ന് കഴിയുമെന്നാണ് മേൽപ്പറഞ്ഞ കോടതിവിധികൾ സൂചിപ്പിക്കുന്നത്. ചരിത്രപരമായ കാരണങ്ങൾ കൊണ്ട് ഇപ്പോഴേ പിന്നോക്കാവസ്ഥയിൽ നിൽക്കുന്ന മുസ്‌ലിം സ്ത്രീ സമൂഹത്തിന് വിദ്യാഭ്യാസ അവകാശം നിഷേധിക്കുക വഴി വീണ്ടും പിന്നോട്ടടിക്കുന്ന ഈ യൂണിഫോം  നയവും ഭരണഘടന വിഭാവനം ചെയ്യുന്ന യഥാതഥ സമത്വ സങ്കൽപ്പത്തിന് വിരുദ്ധമാണ്. 

സ്വകാര്യതയും തെരഞ്ഞെടുക്കാനുള്ള അവകാശവും 

2016-ലെ ബീഹാറിലെ മദ്യ നിരോധനവുമായി ബന്ധപ്പെട്ട കേസിനും [Confederation of Indian Alcoholic Beverage Companies v State of Bihar (2016)]  2017-ലെ സ്വകാര്യത വിധിയ്ക്കും ശേഷം തെരഞ്ഞെടുക്കാനുള്ള അവകാശവും സ്വകാര്യതയും  ഭരണഘടനയുടെ അനുച്ഛേദം  21 ഉറപ്പു നൽകുന്ന  സ്വാതന്ത്ര്യത്തിനുള്ള അവകാശത്തിന്റെ ഭാഗമാണ്. ഇഷ്ടമുള്ള വസ്ത്രം തെരഞ്ഞെടുക്കാനുള്ള അവകാശം നിഷേധിക്കപ്പെടാൻ പാടില്ല. യൂണിഫോം എന്ന ന്യായമായ നിയന്ത്രണം പോലെയല്ല യൂണിഫോമിന് പുറമെ അതിനോടൊപ്പം ധരിച്ചു പോന്നിരുന്ന ഹിജാബ് നിരോധിക്കുന്നത്.  ജീവിക്കാനുള്ള അവകാശമെന്നാൽ അഭിമാനത്തോടെ ജീവിക്കാനുള്ള അവകാശമാണ്. വസ്ത്രത്തിന്റെ പേരിൽ വഴിയിൽ തടയുന്നതും, മാറ്റാൻ നിർബന്ധിക്കുന്നതും, സ്‌കൂളിൽ നിന്ന് പുറത്താക്കുന്നതുമൊക്കെ അവകാശലംഘനമാണ്.

സംസ്കാര സംരക്ഷണത്തിനുള്ള അവകാശം 

ഭരണഘടനയുടെ  അനുച്ഛേദം 29, ന്യൂനപക്ഷത്തിന്റെ അവകാശ സംരക്ഷണത്തിനായുള്ളതാണ്. ഏതൊരു വിഭാഗത്തിന്റെയും സാംസ്‌കാരിക തനിമ കാത്തുസൂക്ഷിക്കാനുള്ള അവകാശം ഇതിന്റെ  ഭാഗമാണ്. താൻ ജനിച്ചു വളർന്ന സാംസ്‌കാരിക പശ്ചാത്തലത്തിന് അനുയോജ്യമായ വസ്ത്രം ധരിക്കുവാനുള്ള സ്വാതന്ത്ര്യം ഒരാൾക്ക് നിഷേധിക്കുന്നത് അവകാശലംഘനമാണ്. 

യൂണിഫോം എന്ന പേരിൽ ഇത്രനാളും ഇല്ലാതിരുന്ന ഒരു നിയന്ത്രണം കൊണ്ടുവരികയും അതുവഴി ഒരു പ്രത്യേക വിഭാഗത്തിൽ പെട്ട പെൺകുട്ടികളെ സ്‌കൂളിന് പുറത്താക്കുകയും ചെയ്യുന്നത് അന്യായമാണ് എന്നു മനസിലാക്കാൻ വലിയ നിയമജ്ഞരാകുകയൊന്നും വേണ്ട. വളരെ സ്പഷ്ടമാണ് കാര്യങ്ങൾ. ഒരു മനുഷ്യനായി പിറന്നു എന്നുള്ളതുകൊണ്ടുതന്നെ ലഭിക്കേണ്ട അടിസ്ഥാന അവകാശങ്ങളുണ്ട്. വിദ്യാർഥികളുടെ അവകാശങ്ങളുണ്ട്, ഭരണഘടന ഉറപ്പുനൽകുന്ന നിയമപരമായ അവകാശങ്ങളുണ്ട്. ഇവിടെയിതെല്ലാം ലംഘിച്ചുകൊണ്ടാണ് അധികൃതർ പ്രവർത്തിച്ചിരിക്കുന്നത്. ആ പ്രവർത്തനം ന്യായീകരിക്കാവുന്ന യാതൊരു കാരണവും ചൂണ്ടിക്കാണിക്കാൻ ഇല്ലതാനും.  ഭരണഘടനയുടെ അനുച്ഛേദം 21[സ്വാഭിമാനത്തോടെ ജീവിക്കാനുള്ള അവകാശം, തെരഞ്ഞെടുപ്പിനുള്ള അവകാശം, സ്വകാര്യത],  അനുച്ഛേദം 19(1) [അഭിപ്രായ സ്വാതന്ത്ര്യം], അനുച്ഛേദം 25 [മന:സാക്ഷിക്കനുസരിച്ച് ജീവിക്കാനുള്ള സ്വാതന്ത്ര്യം, മത സ്വാതന്ത്ര്യം], അനുച്ഛേദം 29 [തനത് സംസ്കൃതി സംരക്ഷിക്കാനുള്ള സ്വാതന്ത്ര്യം], അനുച്ഛേദം 14 [യഥാതഥ സമത്വം- പരോക്ഷ വിവേചനം] എന്നിങ്ങനെ ഭാഗം മൂന്ന് ഉറപ്പു നൽകുന്ന മൗലികാവകാശങ്ങളുടെ നഗ്നമായ ലംഘനമാണ് കർണാടകയിൽ ഇപ്പോൾ നടക്കുന്ന കാര്യങ്ങൾ. ജനാധിപത്യ മൂല്യങ്ങളുടെ പരിപൂർണ നിരാസമാണത്. ഈ അവകാശങ്ങളും സ്വാതന്ത്ര്യവുമൊന്നുമില്ലെങ്കിൽ പിന്നെ ജനാധിപത്യത്തിന്റെ അർത്ഥമെന്താണ്?

ജനാധിപത്യത്തിന്റെ അർത്ഥം.

ഒരു ജനാധിപത്യസമൂഹത്തിൽ, മനുഷ്യസ്വാതന്ത്ര്യത്തെക്കുറിച്ച് ഇത്ര ദീർഘമായി ഉപന്യസിക്കേണ്ടി വരുന്നുവെന്നത് ദുഃഖകരമാണ്. പക്ഷേ, അംബേദ്കർ പറഞ്ഞതുപോലെ ജനാധിപത്യം എവിടെ നട്ടാലും വളരുന്ന ഒരു മരമൊന്നുമല്ല! “അതിന്റെ വേരുകൾ പാർലമെന്റോ ഗവണ്മെന്റോ അല്ല. പ്രഥമികമായി ഒരു സംഘടിത ജീവിതരീതിയാണത്. സമൂഹമെന്ന നിലയിൽ ഒരുമിച്ചു ജീവിക്കുന്ന മനുഷ്യരുടെ സാമൂഹിക ബന്ധങ്ങളിലാണ് ജനാധിപത്യത്തിന്റെ വേരുകൾ നമ്മൾ തേടേണ്ടത്” – അദ്ദേഹമെഴുതി. സ്വാതന്ത്ര്യത്തിനൊപ്പം സമത്വവും സാഹോദര്യവും സാക്ഷാത്കരിക്കപ്പെടേണ്ടതുണ്ട്. അതു സാർത്ഥകമാകണമെങ്കിൽ ഭരണഘടനാ ധാർമികതയും ജനാധിപത്യപരമായ  പൊതു മന:സാക്ഷിയും സാമൂഹികഘടനയുടെ ഭാഗമാകേണ്ടതുണ്ട്. വൈവിധ്യങ്ങളെയും വിയോജിപ്പുകളെയും അംഗീകരിക്കേണ്ടതുണ്ട്. അപരനെ മനസിലാക്കുകയും ബഹുമാനിക്കുകയും ചെയ്യേണ്ടതുണ്ട്. പ്രതിസ്വരങ്ങളെ മാനിക്കാത്ത ഭൂരിപക്ഷത്തിന്റെ മൃഗീയാധിപത്യമല്ല ജനാധിപത്യം. 

പാശ്ചാത്യ ജനാധിപത്യ സംവിധാനങ്ങളിൽ നിന്നും വ്യത്യസ്തമായ ഒരു ജനാധിപത്യ ദർശനം ഇന്ത്യയിലുണ്ട്. നെഹ്രൂവിയൻ കാല്പനിക സങ്കൽപ്പലോകമല്ല ഇന്ത്യൻ സാമൂഹിക യാഥാർഥ്യം എന്നു തിരിച്ചറിഞ്ഞിരുന്ന അംബേദ്കർ മുന്നോട്ടുവെച്ച സിദ്ധാന്തമാണത്. “രക്തചൊരിച്ചിലുകളില്ലാതെ, ജനങ്ങളുടെ സാമ്പത്തിക-സാമൂഹിക ജീവിതങ്ങളിൽ വിപ്ലവകരമായ മാറ്റങ്ങൾ സാധ്യമാക്കുന്നതിനുള്ള ഭരണവ്യവസ്ഥിതിയാണ് ജനാധിപത്യം” എന്നായിരുന്നു അദ്ദേഹത്തിന്റെ ഭാഷ്യം.  അദ്ദേഹത്തിന്റെ നേതൃത്വത്തിൽ രൂപം കൊണ്ട ഇന്ത്യൻ ഭരണഘടനയിൽ അന്തർലീനമായ അടിസ്ഥാന ദർശനവും അതു തന്നെയാണെന്ന് കാണാം. 

ശബരിമല വിധിയിൽ, ഡോ. അംബേദ്കറെ വായിച്ചുകൊണ്ട്,  ജസ്റ്റിസ്. ഡി. വൈ. ചന്ദ്രചൂഡ്‌ ഭരണഘടനയുടെ അടിസ്ഥാന സ്വഭാവത്തെ വിശദീകരിക്കുന്നുണ്ട്. “മൗലിക ശരികൾ (അവകാശങ്ങൾ) കൊണ്ട് മൗലികമായ തെറ്റുകൾ തിരുത്താനുള്ള സമരം കൂടി നമ്മുടെ ഭരണഘടനാരൂപീകരണത്തിന്  പിന്നിലുണ്ട്. ഒരു സമത്വാധിഷ്ഠിത സാമൂഹികക്രമം സൃഷ്ടിച്ചു പരിപാലിക്കുക എന്ന ലക്ഷ്യത്തിലേക്ക് നയിക്കുന്ന സാമൂഹിക മാറ്റത്തിനുള്ള അടിസ്ഥാന രേഖയാണ് ഭരണഘടന. അന്തസ്സുറ്റ ജീവിതത്തിന്റെ പ്രാഥമിക ഘടകങ്ങൾ പോലും  നിഷേധിക്കപ്പെട്ടിരുന്ന മനുഷ്യരുടെ ഉത്കടമായ അഭിലാഷത്തെയാണ് ഭരണഘടന പ്രതിനിധാനം ചെയ്യുന്നത്.” വിധിയുടെ എഴുപതിനാലാം ഖണ്ഡികയിൽ അദ്ദേഹം രേഖപ്പെടുത്തി. ചുരുക്കത്തിൽ ഇന്ത്യൻ സമൂഹത്തിന്റെ ജനാധിപത്യത്തിലേക്കുള്ള പരിവർത്തനത്തിന്റെ മാർഗ്ഗരേഖയാണ് ഭരണഘടന. ഭൂരിപക്ഷ സാംസ്കാരിക അധീശത്വത്തിന്റെ രാഷ്‌ട്രീയ ഉപാസകർക്ക് അതു ദഹിക്കുന്ന കാര്യമല്ല. വസ്ത്രം കൊണ്ട് ആളുകളെ തിരിച്ചറിയുന്ന പ്രജാപതിയുടെ പാർട്ടിയ്ക്ക് അതു തീരെ മനസ്സിലാകില്ല. എന്നാൽ ഭരണഘടനാധാർമികതയ്ക്ക്  കാവലാളാകേണ്ട കോടതി അങ്ങനെയായിക്കൂടാ. വസ്ത്രം കണ്ട് മനുഷ്യരെ ‘തിരിച്ചറിഞ്ഞ്’ അടിസ്ഥാന അവകാശങ്ങൾ നിഷേധിക്കുന്നത് ഫാഷിസമാണ്. അതു തുറന്നു പറയാൻ മടിക്കുന്നവർ ഫാഷിസത്തിനു ചൂട്ട് പിടിക്കുന്നവരാണ്.  

മീഡിയ വൺ വിധി: കോടതി എക്സിക്യൂട്ടീവിന്റെ കാവൽക്കാരനോ?

“ഈ കോടതിയെ സംബന്ധിച്ച ‘Sentinel On The Qui Vive (ജാഗരൂകനായ കാവൽക്കാരൻ)’ എന്ന  ഉപവാക്യം ഒരുപക്ഷേ, വെയിലേറ്റു മങ്ങിയിരിക്കാം. എന്നാൽ ഭരണഘടനാധാർമികതയുടെ അർത്ഥം നഷ്ടപ്പെടാതിരിക്കണമെങ്കിൽ ന്യായാധിപർ ആ പ്രയോഗത്തിന്റെ മൂല്യം സ്വയം ഓർമപ്പെടുത്തേണ്ടതുണ്ട്.” 

~ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് (ഗുജറാത്ത് മസ്ദൂർ സഭ vs സ്റ്റേറ്റ് ഓഫ് ഗുജറാത്ത്, 2020)

ഭരണഘടനാ കോടതികൾ ജാഗ്രതയോടെ സംരക്ഷിക്കേണ്ടത് പൗരാവകാശങ്ങളെയും ഭരണഘടനാ മൂല്യങ്ങളെയുമാണ്, എക്സിക്യൂട്ടീവിന്റെ താത്പര്യങ്ങളെയല്ല എന്ന അടിസ്ഥാന തത്വം കേരളാഹൈക്കോടതിയെ ഓർമിപ്പിക്കേണ്ടതുണ്ട് എന്ന് വെളിവാക്കുന്നതാണ് മീഡിയ വൺ കേസിലെ ജസ്റ്റിസ്. എൻ. നഗരേഷ് പുറപ്പെടുവിച്ച വിധിന്യായം. 

പൗരാണികമായ ഭാരതീയ ധർമ്മസങ്കല്പത്തെ ഭരണഘടന അവഗണിച്ചുവെന്ന് പൊതുവേദിയിൽ പരിഭവം പറഞ്ഞിട്ടുള്ള വ്യക്തിയാണ് ജസ്റ്റിസ്. എൻ. നഗരേഷ്. എന്നാൽ ഭാരതീയ ദർശനങ്ങളിലെ സമത്വാധിഷ്ഠിത പാരമ്പര്യത്തെ ഉൾക്കൊണ്ടുകൊണ്ടുതന്നെയാണ് നമ്മുടെ ഭരണഘടനാ ധാർമികത മുന്നോട്ടു പോന്നിട്ടുള്ളത്. മതഗ്രന്ഥങ്ങളിൽ നിന്നും പൗരാണിക ദർശനസംഹിതകളിൽ നിന്നുമുള്ള ഉദ്ധരണികൾ നമ്മുടെ ഭരണഘടനാ കോടതികളുടെ വിധിന്യായങ്ങളിൽ വിരളവുമല്ല. മീഡിയ വൺ കേസിലെ ജസ്റ്റിസ്. എൻ. നഗരേഷിൻ്റെ വിധിയിലും കടന്നു വന്നിട്ടുണ്ട് , സപ്തർഷികളിലൊരാളായ അത്രി രചിച്ചതെന്നു കരുതപ്പെടുന്ന ‘അത്രിസംഹിത’ എന്ന പുരാതന ഗ്രന്ഥം. ഇവിടെ പക്ഷേ, പ്രശ്നം വിധിയുടെ ആധാരശില ഋഗ്വേദ കാലത്തെ ഈ പുസ്തകമാവുന്നു എന്നുള്ളതാണ്. കോടതിവിധികളുടെ അടിസ്ഥാനം ഭരണഘടനാ തത്വങ്ങളും നിയമവൈജ്ഞാനികതയുമായിരിക്കണം, അല്ലാതെ ഏതെങ്കിലും കാലഹരണപ്പെട്ട നീതിബോധമാകരുത്. അത്രിസംഹിത വായിക്കാനെടുത്ത സമയം ഇന്ത്യൻ ഭരണഘടന വായിക്കാൻ കോടതി ചെലവഴിച്ചിരുന്നെങ്കിൽ എത്ര നന്നായേനെ!

ആദ്യ ദിവസം, കേന്ദ്ര സർക്കാരിന്റെ ഉത്തരവ് താത്കാലികമായി മരവിപ്പിച്ചുകൊണ്ട്, മീഡിയ വൺ സമർപ്പിച്ച റിട്ട് ഹർജി സ്വീകരിക്കാൻ തയ്യാറായ കേരള ഹൈക്കോടതി ജനാധിപത്യ വിശ്വാസികൾക്ക് വലിയ പ്രതീക്ഷയാണ് നൽകിയത്. ദേശസുരക്ഷയുടെ അതിർവരമ്പുകൾ പരിശോധിച്ച്,  സാമാന്യനീതിയുടെ നിഷേധത്തെ അഭിസംബോധന ചെയ്ത്, വ്യക്തമായ നിയമയുക്തികൾ ചർച്ചചെയ്യുന്ന ഒരു വിധിന്യായം പ്രതീക്ഷിച്ചവർക്ക് തെറ്റി. കഴിഞ്ഞ ഒരു പതിറ്റാണ്ടിലെ  നിയമവൈജ്ഞാനിക പരിണാമത്തെയാകെ അവഗണിച്ചുകൊണ്ട് മുദ്രവച്ച കവറിലെ അജ്ഞാത ന്യായീകരണങ്ങൾക്ക് മേലൊപ്പ് ചാർത്തുന്ന വിധിയാണ് ഉണ്ടായത്. അതിന്റെ ഹൃദയമായി ‘അത്രിസംഹിത’യും.

‘നൃപൻ്റെ’ പ്രാഥമിക കടമകൾ വിശദീകരിക്കുന്ന ശ്ലോകം ഉദ്ധരിച്ചുകൊണ്ട്  ‘ദേശസുരക്ഷ ഭരണകൂടത്തിന്റെ പ്രധാന കർത്തവ്യമാണ്’ എന്ന് ഹൈക്കോടതി പ്രസ്താവിക്കുന്നു. ജുഡീഷ്യറിക്കും നിയമനിർമാണസഭകൾക്കും  അതിൽ പരിപൂരകധർമം മാത്രമേയുള്ളുവെന്നും സമർത്ഥിക്കുന്നു. ദേശസുരക്ഷയെ സംബന്ധിക്കുന്നതെന്ത് എന്ന കാര്യം എക്സിക്യൂട്ടീവിനാണ് മനസിലാക്കാൻ കഴിയുക. അതുകൊണ്ട്  കോടതിക്ക് അതിൽ ഇടപടേണ്ട കാര്യമില്ല. ദേശസുരക്ഷയുടെ കാര്യം വരുമ്പോൾ സാമാന്യനീതിസങ്കൽപ്പങ്ങൾക്ക് വലിയ പ്രസക്തിയില്ല. ഈ സാഹചര്യത്തിൽ കരണമെന്തെന്നുപോലും അറിയിക്കാതെ മീഡിയ വൺ ടെലിവിഷൻ ചാനലിന്റെ സംപ്രേഷണാനുമതി റദ്ദ് ചെയ്ത കേന്ദ്ര സർക്കാർ നടപടിയിൽ തെറ്റൊന്നുമില്ല എന്നാണ് കോടതിവിധി.

2022-ൽ, സ്വാതന്ത്ര്യ ലബ്ധിക്ക് 75  വർഷങ്ങൾക്ക് ശേഷവും നമ്മുടെ കോടതികൾ ‘നൃപൻ്റെ’  കർത്തവ്യങ്ങൾ ചർച്ച ചെയ്തുകൊണ്ടിരിക്കുന്നു എന്നത് ദൗർഭാഗ്യകരമാണ്. അത്രിസംഹിത രചിക്കുന്ന കാലത്ത് ജനാധിപത്യമോ അതിന്റെ നാല് തൂണുകളോ ഇല്ല. രാജാവാണ് പരമാധികാരി, എല്ലാ നിയമങ്ങളുടെയും, നന്മകളുടെയും ഉറവിടം രാജാധികാരമാണ്. എന്നാൽ ഇന്നിവിടെ രാജാധികാരമല്ല, ജനായത്ത ഭരണകൂടമാണ്. ജനങ്ങൾ തെരഞ്ഞെടുത്ത പ്രതിനിധികളാണ് ഭരിക്കുന്നത്. അവരാണ് നിയമങ്ങൾ നിർമിക്കുന്നത്. ആ നിയമങ്ങൾ നീതിയുക്തമാണോ എന്ന് ഭരണഘടനയുടെ മൂന്നാം ഭാഗം അനുശാസിക്കുംവിധം പരിശോധിക്കേണ്ടത് കോടതികളാണ്. അങ്ങനെയുള്ള പാർലമെന്റിനും കോടതിക്കും, എക്സിക്ക്യൂട്ടീവ് ഉന്നയിക്കുന്ന ‘ദേശസുരക്ഷ’ എന്ന വാക്കിന് മേൽ യാതൊരു അധികാരവും ഇല്ലെന്നു പറയുന്നത് ആധുനിക ജനാധിപത്യ മൂല്യങ്ങളോടുള്ള വെല്ലുവിളിയാണ്; പ്രത്യേകിച്ചും ജനാധിപത്യത്തിന്റെ നാലാം തൂണായ മാധ്യമ സ്വാതന്ത്ര്യം തുലാസിൽ നിൽക്കുന്ന അവസരങ്ങളിൽ.  ഇവിടെ എക്‌സിക്ക്യൂട്ടീവിന്റെ അധികാരങ്ങളുടെ സ്രോതസ്സ് ഭരണഘടനയാണ്, നിയമസംഹിതകളാണ്, ആത്യന്തികമായി ജനഹിതമാണ്, അല്ലാതെ രാജാധികാരമല്ല. ഇക്കാര്യം മനസ്സിലാക്കുന്നതിൽ കേരള ഹൈക്കോടതിയുടെ ഈ വിധിന്യായം പരാജയപ്പെട്ടിരിക്കുന്നു. കാരണം, വിധിയിൽ ഗവണ്മെന്റ് നടപടിയെ ന്യായീകരിക്കുന്നതിനുവേണ്ടി  പരാമർശിക്കുന്ന ബ്രിട്ടീഷ് വിധിന്യായം പോലും രാജാവിന്റെ വിശേഷാധികാരവുമായി ബന്ധപ്പെട്ടതാണ്.

1985-ലെ ബ്രിട്ടീഷ് ഹൗസ് ഓഫ് ലോർഡ്‌സിന്റെ (ഇപ്പോഴത്തെ സുപ്രീംകോടതി) Council of Civil Service Unions v Minister for the Civil Service [1985] വിധിന്യായമാണ് കേരളാഹൈക്കോടതി വിധിയിൽ ചേർത്തിരിക്കുന്നത്. ജി.സി.എച്ച്.ക്യൂ. കേസ് എന്ന് പൊതുവെ  അറിയപ്പെടുന്ന ഈ  കേസ് നടക്കുന്നത് മാർഗരറ്റ് താച്ചറുടെ കാലത്താണ്. ജി.സി.എച്ച്.ക്യൂ.(Government Communications Headquarters) ജീവനക്കാർക്ക് ട്രേഡ് യൂണിയനുകളിൽ ചേർന്ന് പ്രവർത്തിക്കാൻ കഴിയില്ല എന്ന് ഒരു ‘ഓർഡർ ഇൻ കൗൺസിൽ’ പുറപ്പെടുവിച്ചു. ഓർഡർ ഇൻ കൗൺസിൽ എന്ന് പറഞ്ഞാൽ ‘രാജകീയ വിശേഷാധികാരം’(Royal Prerogative)  ഉപയോഗിച്ച്  പുറപ്പെടുവിക്കുന്ന ഉത്തരവുകളാണ്. ചരിത്രപരമായി ഇംഗ്ലണ്ടിൽ എക്സിക്യൂട്ടീവ് അധികാരത്തിന്റെ ഏകസ്രോതസും അവകാശിയും ബ്രിട്ടീഷ് പരമാധികാരിയാണ്. പാർലമെന്റിനു അധികാരമുള്ള ഭരണഘടനാധിഷ്ഠിത രാജവാഴ്ചയിലേക്ക് ബ്രിട്ടൻ മാറിയെങ്കിലും രാജാവിന്റെ പരമാധികാരത്തിന്റെ ശേഷിപ്പ് എന്ന നിലയിൽ ഇപ്പോഴും ഈ ‘വിശേഷാധികാരം’ നിലനിൽക്കുന്നുണ്ട്; അതിന്റെ പരിധികളെക്കുറിച്ചു ഭിന്നാഭിപ്രായങ്ങൾ ഉണ്ടെങ്കിലും. പത്തൊൻപതാം നൂറ്റാണ്ടു മുതൽ പ്രധാനമന്ത്രിയുടെയും മന്ത്രിസഭയുടെയും  ഉപദേശാനുസരണം ഈ അധികാരം പ്രയോഗിക്കുന്നതാണ് കീഴ് വഴക്കമെങ്കിലും രാജാധികാരം അതിനു വിരുദ്ധമായി പ്രയോഗിക്കുന്നതിന് നിയമപരമായ തടസ്സമൊന്നുമില്ല.  ജി.സി.എച്ച്.ക്യൂ. ഉത്തരവ് കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടു. ഹൗസ് ഓഫ് ലോർഡ്സിനു മുന്നിലുള്ള പ്രധാന ചോദ്യം ‘രാജ നാമത്തിലുള്ള’ ഉത്തരവുകൾ കോടതിയിൽ ചോദ്യം ചെയ്യാൻ കഴിയുമോ എന്നതായിരുന്നു. ‘രാജകീയ വിശേഷാധികാരം’ കോടതിയുടെ പരിശോധനയ്ക്ക് വിധേയമാക്കാനാകില്ല എന്നായിരുന്നു അതുവരെയുള്ള കീഴ് വഴക്കം. എന്നാൽ  ജി.സി.എച്ച്.ക്യൂ. കേസ് അത് തിരുത്തിയെഴുതി. ‘രാജകീയ വിശേഷാധികാര’വും മറ്റെല്ലാ എക്സിക്യൂട്ടീവ് നടപടികളും പോലെ കോടതിയുടെ പരിശോധനയ്ക്ക് വിധേയമാക്കാമെന്ന് വിധി വന്നു. എന്നിരുന്നാലും ജി.സി.എച്ച്.ക്യൂ. ജീവനക്കാർ ട്രേഡ് യൂണിയനിൽ ചേർന്ന് പ്രവർത്തിക്കുന്നത് രാജ്യസുരക്ഷയ്ക്ക് അപകടകരമായ അച്ചടക്ക രാഹിത്യത്തിന് വഴിവയ്ക്കും എന്ന ഗവണ്മെന്റ് നിലപട് അംഗീകരിച്ചുകൊണ്ട്  ജി.സി.എച്ച്.ക്യൂ. ഉത്തരവ്  കോടതി ശരിവച്ചു. “ദേശസുരക്ഷ സംബന്ധിച്ച പൂർണമായ അറിവുള്ളത് ഗവൺമെന്റിനാണ്. അത് സംബന്ധിച്ച തീരുമാനങ്ങൾ എടുക്കേണ്ടതും ഗവൺമെന്റാണ്, കോടതിയല്ല. എന്നാൽ ഗവണ്മെന്റിന്റെ തീരുമാനങ്ങൾ ചോദ്യം ചെയ്യപ്പെട്ടാൽ അത് പരിശോധിച്ച്, തീരുമാനം ദേശസുരക്ഷയെക്കരുതി തന്നെയാണ് എന്ന്  സ്ഥാപിക്കാനുള്ള ബാധ്യത ഗവണ്മെന്റിനുണ്ട്.” ഇതായിരുന്നു ഹൗസ് ഓഫ് ലോർഡ്സിന്റെ നിലപാട്. ഈ ഭാഗമാണ് ഹൈക്കോടതി ഉദ്ധരിച്ചിരിക്കുന്നതും. 

ഇവിടെ രണ്ടു വ്യത്യാസങ്ങൾ നമ്മൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഒന്ന്, ഈ കേസ് ‘രാജകീയ വിശേഷാധികാരം’ സംബന്ധിച്ചുള്ളതാണ്. അതിനെ അന്നുവരെ കോടതിയിൽ ചോദ്യം ചെയ്യാൻ കഴിയുമായിരുന്നില്ല. എന്നാൽ ഇന്ത്യയിൽ അങ്ങനെയുള്ള യാതൊരു അധികാരങ്ങളും നിലവിലില്ല. എന്നുമാത്രമല്ല എല്ലാ എക്സിക്യൂട്ടീവ് നടപടികളും നിയമങ്ങളും ഭരണഘടനയുടെ ഭാഗം മൂന്ന് അനുസരിച്ച് മൗലികാവകാശങ്ങളുമായി തുലനം ചെയ്തു പരിശോധിക്കാനുള്ള ബാധ്യത കോടതികൾക്കുണ്ട് താനും. മൗലികാവകാശങ്ങൾക്കുമേൽ യുക്തിസഹമായ നിയന്ത്രണങ്ങൾ മാത്രമേ ഇന്ത്യൻ ഭരണഘടന അനുവദിക്കുന്നുള്ളൂ. രാഷ്ട്ര സുരക്ഷ അതിൽ ഒരു ഘടകമാണെങ്കിലും അവിടെയും നിയന്ത്രണം യുക്തിസഹമാണ് എന്നു തെളിയിക്കാൻ ഗവണ്മെന്റ് ബാധ്യതപ്പെട്ടിരിക്കുന്നു. 

രണ്ട്,  ജി.സി.എച്ച്.ക്യൂ. ഉത്തരവ് ഗവണ്മെന്റ് കമ്മ്യൂണിക്കേഷൻ ഹെഡ് ക്വർട്ടേഴ്‌സിലെ ജീവനക്കാർക്ക് ട്രേഡ് യൂണിയനിൽ പ്രവർത്തിക്കുന്നതിന് അനുമതി നിഷേധിക്കുന്നതുമായി ബന്ധപ്പെട്ടാണ്. പ്രത്യക്ഷത്തിൽ തന്നെ ദേശസുരക്ഷയുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്ന ഓഫീസാണത്. ആ അർത്ഥത്തിൽ ഗവണ്മെന്റിന്റെ വാദം അംഗീകരിക്കാനേ കോടതിയ്ക്ക് കഴിയൂ. ഈ നിയന്ത്രണം നമ്മുടെ രാജ്യത്താണെങ്കിൽ ഭരണഘടനാപരമായി തന്നെ അംഗീകരിക്കപ്പെട്ടതാണ്. സായുധസേന, ഇന്റലിജൻസ്,  ദേശസുരക്ഷയുമായി ബന്ധപ്പെട്ട വാർത്താവിനിമയം എന്നീ രംഗത്തു പ്രവർത്തിക്കുന്നവർക്ക് മൗലികാവകാശങ്ങൾ എത്രമാത്രം അനുവദിക്കാനാകുമെന്ന് നിയമം വഴി പാർലമെന്റിനു തീരുമാനിക്കാവുന്നതാണെന്ന് ഭരണഘടനയുടെ അനുച്ഛേദം  33-ൽ വ്യക്തമാക്കുന്നുണ്ട്. ഇത്ര പ്രകടമായ ഒരു വിഷയത്തിലാണ് ജി.സി.ക്യൂ.എച്ച്. വിധി. എന്നാൽ സാമാന്യനീതിയുടെ യാതൊരു നടപടിക്രമങ്ങളും പാലിക്കാതെ, മാധ്യമ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന ഒരു എക്സിക്യൂട്ടീവ് ഉത്തരവിനെ ന്യായീകരിക്കാൻ ആ വിധി ഉപയോഗിക്കുന്നതിൽ യാതൊരു യുക്തിയുമില്ല. മാത്രവുമല്ല, ജി.സി.എച്ച്.ക്യൂ. കേസിൽ ചോദ്യം ചെയ്തത് ഒരു കാബിനറ്റ് തീരുമാനത്തെത്തുടർന്നുണ്ടായ ഉത്തരവിനെയാണ്. ഇവിടെ ചോദ്യം ചെയ്യപ്പെട്ടത് നിയമമോ ക്യാബിനറ്റ് തീരുമാനമോ അല്ല, ചില ‘ഗൈഡ് ലൈൻസ്’ അനുസരിച്ച് സ്വീകരിച്ച ഒരു എക്സിക്യൂട്ടീവ് ഉത്തരവ് മാത്രമാണ്.

കേരളഹൈക്കോടതി വിധിയിൽ പരാമർശിക്കുന്ന ഇന്ത്യൻ സുപ്രീംകോടതിയുടെ ‘എക്സ് ആർമി മെൻ പ്രൊട്ടക്ഷൻ പ്രൈവറ്റ് ലിമിറ്റഡ്’ (Ex. Armymen’S Protection Private Limited vs Union Of India And Ors) എന്ന കേസിൽ ജസ്റ്റിസ് കുര്യൻ ജോസഫ് എഴുതിയ വിധിന്യായത്തിലും ജി.സി.എച്ച്.ക്യൂ വിധി തന്നെയാണ് ഉദ്ധരിച്ചിരിക്കുന്നത്. യഥാർത്ഥത്തിൽ 2015-ലെ സുപ്രീം കോടതി വിധിയുടെ 11, 12 ഖണ്ഡികകളും ഇപ്പോഴത്തെ കേരള ഹൈക്കോടതി വിധിയുടെ 29, 30 ഖണ്ഡികകളും ഏകദേശം ഒന്നു തന്നെയാണെന്നു കാണാം. ഇരു വിധികളും ഒരേ യുക്തിരാഹിത്യം ഉൾക്കൊള്ളുന്നു.

ഇനി ജി.സി.എച്ച്.ക്യൂ. വിധി തന്നെ പരിശോധിച്ചാൽ, അതിൽ ലോർഡ് ഡിപ്പ്ലോക്ക് ഒരു എക്സിക്യൂട്ടീവ് നടപടി പരിശോധിക്കുന്നതിന് കോടതി സ്വീകരിക്കേണ്ട മാനദണ്ഡങ്ങളെപ്പറ്റി എഴുതുന്നുണ്ട്. ഒന്ന്, നിയമവിരുദ്ധത, രണ്ട്, യുക്തിഹീനത, മൂന്ന്, നടപടിക്രമങ്ങളിലെ അനൗചിത്യം. തന്റെ മുന്നിലുള്ള കേസിൽ ഈ മൂന്നു ഘടകങ്ങൾ പരിശോധിച്ചാൽ മതിയാകും എന്ന് പറയുന്നുണ്ടെങ്കിലും അന്നത്തെ കാലത്ത് പൂർണവികാസം പ്രാപിച്ചിട്ടില്ലായിരുന്ന ‘ആനുപാതികത’ (proportionality)  എന്ന മറ്റൊരു നിയമസങ്കല്പത്തെക്കുറിച്ചുകൂടി അദ്ദേഹം പറയുന്നുണ്ട്. ഇന്ന് ആനുപാതികത  നിയമവൈജ്ഞാനികതയിൽ  ഒഴിച്ചുകൂടാനാകാത്ത ഒരു ഘടകമാണ്. നമ്മുടെ രാജ്യത്തും ഇതുസംബന്ധിച്ച വ്യക്തമായ കാഴ്ചപ്പാട് രൂപീകരിച്ചിട്ടുണ്ട് സുപ്രീംകോടതി. 2006-ലെ ഓം കുമാർ കേസിലെ (Om Kumar And Ors vs Union Of India)  സുപ്രീംകോടതിയുടെ രണ്ടംഗ ബഞ്ചിന്റെ വിധിയോടെ ആനുപാതികതാ പരിശോധന ഇന്ത്യൻ നിയമവ്യവഹാരത്തിന്റെ ഭാഗമായി തീർന്നു. പിന്നീട് 2016-ൽ മോഡേൺ ഡെന്റൽ കോളേജ് ആൻഡ് റിസർച്ച്  സെന്റർ (Modern Dental College and Research and Ors vs State of Madhya Pradesh) കേസിൽ ഒരോ എക്സിക്യൂട്ടീവ് നടപടിക്കും ഒരു നീതിയുക്തമായ ലക്ഷ്യമുണ്ടാകണം, ലക്ഷ്യവുമായി യുക്തിപരമായ ഒരു ബന്ധമുണ്ടാകണം, നടപടി അനിവാര്യമായിരിക്കണം (കുറഞ്ഞ അളവിൽ മാത്രം അവകാശങ്ങളെ ഹനിക്കുന്ന മറ്റു മാർഗ്ഗങ്ങൾ ഇല്ലെന്നു തെളിയിക്കണം), പൗരാവകാശത്തെ  ക്രമാതീതമായ തരത്തിൽ ഹനിക്കാതെ അവകാശങ്ങളുമായി തുലനപ്പെടുത്തുന്നതായിരിക്കണം എന്നിങ്ങനെ നിഷ്കർഷിച്ചുകൊണ്ട് ആനുപാതികതക്ക് കൃത്യമായ ഒരു നിയമ ചട്ടക്കൂട് ഉണ്ടാക്കി. 2017-ൽ ചരിത്രപരമായ സ്വകാര്യതാ വിധിയിൽ (K. S. Puttaswamy Vs. Union of India) ആനുപാതികതാ സങ്കൽപ്പത്തെ സുപ്രീംകോടതിയുടെ 9 അംഗ വിശാലബെഞ്ച് അംഗീകരിച്ചു. 

പിന്നീടിങ്ങോട്ടുള്ള ഓരോ കേസിലും സുപ്രീംകോടതി ആനുപാതികതാ പരിശോധന നടത്തിയിട്ടുള്ളതായി കാണാം. അതിനൊരപവാദമുള്ളത് 2019-ലെ ഡിജി കേബിൾ നെറ്റ് വർക്ക് കേസാണ് (Digi Cable Network (India) Pvt. Ltd. Vs Union of India & Ors.) ജസ്റ്റിസ്. എ. എം. സപ്രേയും ജസ്റ്റിസ്. ഇന്ദു മൽഹോത്രയും വിധിയെഴുതിയ ഈ കേസിൽ, നമ്മളാദ്യം ചർച്ച ചെയ്ത, 2015-ലെ ജസ്റ്റിസ്. കുര്യൻ ജോസഫിന്റെ വിധി മാത്രം ആധാരമാക്കുകയായിരുന്നു. ഈ വിധിയും കേരള ഹൈക്കോടതി വിധിയിൽ ചേർത്തിട്ടുണ്ട് എന്നതിൽ അതിശയമില്ല.

 2020-ൽ കശ്മീരിലെ ഇൻ്റർനെറ്റ് നിരോധനവുമായി ബന്ധപ്പെട്ട് കശ്മീർ ടൈംസിന്റെ എക്സിക്യൂട്ടീവ് എഡിറ്റർ അനുരാധാ ഭാസിൻ സമർപ്പിച്ച കേസിൽ (Anuradha Bhasin vs Union Of India) സുപ്രീംകോടതി ആനുപാതികതാ പരിശോധന നടത്തിയിരുന്നു. ദേശസുരക്ഷ സംബന്ധിച്ച് ഖണ്ഡിതമായ പരിശോധന സാധ്യമല്ലെന്നു പറഞ്ഞെങ്കിലും പരിപൂർണമായി ഒഴിവാക്കിയില്ല കോടതി. പത്ര സ്വാതന്ത്ര്യത്തെ സംബന്ധിച്ച സുപ്രധാനമായ ഒരു കേസായിരുന്നു അത്. 

അതുപോലെ തന്നെ പ്രധാനപ്പെട്ടതാണ് 2021-ലെ പെഗാസസ് കേസും (Manohar Lal Sharma vs Union Of India). “ദേശ സുരക്ഷ സംബന്ധിച്ച വിഷയങ്ങളിൽ ജുഡീഷ്യൽ പരിശോധന പരിമിതമായിരിക്കും എന്നതിനർത്ഥം രാജ്യ സുരക്ഷ എന്ന വാക്ക് ഗവണ്മെന്റിന് ഒരു ‘ഫ്രീ പാസ്’ ആണെന്നല്ല. ദേശസുരക്ഷ എന്ന ‘ഉമ്മാക്കി’ കാണിച്ച് കോടതിയെ എപ്പോഴും തടയാമെന്നു കരുതരുത്. രാജ്യസുരക്ഷ സംബന്ധിച്ച വിഷയങ്ങളിൽ കോടതികൾ കരുതലോടെയേ ഇടപെടാവൂ എന്നുവച്ചാൽ പരിശോധനയേ പാടില്ലെന്നല്ല.”  ചീഫ് ജസ്റ്റിസ് എൻ.വി. രമണ, ജസ്റ്റിസ്. സൂര്യകാന്ത്, ജസ്റ്റിസ്. ഹിമ കോലി എന്നിവരടങ്ങിയ ബെഞ്ച് വിധിയെഴുതി. മേൽപ്പറഞ്ഞ രണ്ടു ബെഞ്ചുകളിലും ചീഫ് ജസ്റ്റിസ് എൻ.വി. രമണ ഉണ്ടായിരുന്നു എന്ന കാര്യവും ശ്രദ്ധേയമാണ്. 

എന്നാൽ കേരളഹൈക്കോടതി ഇവയെല്ലാം അവഗണിച്ചു. ‘ദേശസുരക്ഷ’ എന്ന ഒറ്റവാക്കിൽ സാമാന്യനീതിയുടെ എല്ലാ നടപടിക്രമങ്ങളെയും നിഷേധിച്ചു. കേന്ദ്ര സർക്കാർ മുദ്രവച്ച കവറിൽ സമർപ്പിച്ച ഫയൽ നോട്ടിംഗ്‌സിൽ എല്ലാമുണ്ടെന്നും അത് കോടതിയ്ക്ക് ബോധ്യപ്പെട്ടിട്ടുണ്ടെന്നും പ്രസ്താവിച്ചു. കോടതി വിധിയിൽ തന്നെ ഉദ്ധരിക്കുന്ന രാംജത്മലാനി vs യൂണിയൻ ഓഫ് ഇന്ത്യ കേസിൽ പറയുംപ്രകാരം, അനുച്ഛേദം 19(2) അനുവദിക്കുന്ന യുക്തിസഹമായ നിയന്ത്രണമാണോ ഇത് എന്ന അന്വേഷണത്തിന് കോടതി മുതിർന്നതേയില്ല. ആനുപാതികതയെക്കുറിച്ച് മിണ്ടിയിട്ടേയില്ല. 

മീഡിയ വൺ എന്ത് തെറ്റാണ് ചെയ്തതെന്ന് അറിയാനുള്ള അവകാശം എല്ലാവർക്കുമുണ്ട്. അവർ എയർ ചെയ്ത ഏതെങ്കിലും ഒരു പരിപാടിയിലാണ് പ്രശ്നമെങ്കിൽ, ആ പരിപാടി മാത്രം നിയന്ത്രിച്ചാൽ മതിയാവില്ലേ? അതിന് ചാനലിന്റെ സംപ്രേഷണം മുഴുവനായി നിരോധിക്കുന്നത് ആനുപാതികമായ ശിക്ഷയാണോ? ഇനി അഥവാ മാനേജ്‌മെന്റ് ആണ് പ്രശ്നമെങ്കിൽ അവർ ചെയ്ത കുറ്റം എന്താണെന്ന് അറിയണ്ടേ? അതിന് അവരെ ശിക്ഷിക്കേണ്ടേ? അന്വേഷണം നടക്കേണ്ടതല്ലേ? രാജ്യരക്ഷ ഒരു നിയമപരമായ ലക്ഷ്യമാണെന്ന കാര്യത്തിൽ ആർക്കും തർക്കമില്ല, പക്ഷേ, അതിനുവേണ്ടി ഒരു ചാനൽ നിരോധിക്കുന്നതിന് യുക്തിപരമായ വല്ല ബന്ധവുമുണ്ടോ എന്ന് വിലയിരുത്തേണ്ടതല്ലേ? നിരോധനമല്ലാതെ മറ്റു മാർഗങ്ങൾ ഉണ്ടായിരുന്നില്ലേ? രാജ്യസുരക്ഷയും അവകാശലംഘനവും തമ്മിൽ തുലനപ്പെടുന്നുണ്ടോ? ഇങ്ങനെ നിരവധി ചോദ്യങ്ങൾ അവശേഷിക്കുന്നു. ഈ ചോദ്യങ്ങളൊക്കെയും നിയമപ്രശ്നങ്ങൾ കൂടിയാണ്.  കേരള ഹൈക്കോടതി വിധി ഇക്കാര്യങ്ങളെയൊന്നും അഭിസംബോധന ചെയ്തിട്ടില്ല. മുദ്രവച്ച കവറിലെ അജ്ഞേയ ലേഖനങ്ങളിലൂടെ കാര്യങ്ങൾ തീരുമാനിക്കുക വഴി പൗരാവകാശങ്ങളെ അട്ടിമറിക്കാനുള്ള ഉപായങ്ങൾ തേടുന്ന ഗവണ്മെന്റുകൾക്ക് ഈ വിധി പ്രോത്സാഹനമാകുമെന്ന് പറയാതെ വയ്യ. 

പെഗാസസ് വിധിയെ മറികടക്കാൻ കേരളാഹൈക്കോടതി ഉപയോഗിച്ച മാർഗം നോക്കുക. പെഗാസസ് കേസ് സ്വകാര്യതയുമായി ബന്ധപ്പെട്ടതായതുകൊണ്ട് മീഡിയവൺ നിരോധനത്തിന്റെ കാര്യത്തിൽ അതിനു പ്രസക്തിയില്ലെന്നാണ് കണ്ടെത്തൽ. എന്നാൽ പെഗാസസ് വിധിയിൽ മാധ്യമസ്വാതന്ത്ര്യം ഒരു പ്രശ്നം തന്നെയാണ്. മാധ്യമ സ്വാതന്ത്ര്യത്തെയും, ആവിഷ്ക്കാര സ്വാതന്ത്ര്യത്തെയും ബാധിക്കുന്നതാണ് പെഗാസസ് എന്നായിരുന്നു ഹർജിക്കാരുടെ വാദം. ഇത് വിധിയിൽ അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. സ്വകാര്യതയും അഭിപ്രായ സ്വാതന്ത്ര്യവും തമ്മിലുള്ള അഭേദ്യമായ ബന്ധത്തെ അടിവരയിടുന്നതാണ് പെഗാസസ് വിധി. അനുരാധ ഭാസിൻ കേസിലെ വിധിയും പെഗാസസ് വിധിയിൽ പരാമർശിക്കപ്പെടുന്നുണ്ട്, അല്ലാതെ ആ കേസ് സ്വകാര്യതയുമായി ബന്ധപ്പെട്ടതല്ല എന്ന് പറഞ്ഞു അവഗണിക്കുകയല്ല സുപ്രീംകോടതി ചെയ്തത്. ഹൈക്കോടതിയുടെ യുക്തി ഉപയോഗിച്ചാണെങ്കിൽ മാധ്യമ സ്വാതന്ത്ര്യവുമായി യാതൊരു ബന്ധവുമില്ലാത്ത ജി.സി.ക്യൂ.എച്ച് കേസ് എങ്ങനെയാണ് കേരള ഹൈക്കോടതി വിധിയുടെ ഭാഗമായത്? 

മാധ്യമസ്വാതന്ത്ര്യം ഭരണഘടനയുടെ അനുച്ഛേദം 19(1)(എ)-ലെ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ അവശ്യഘടകമാണെന്ന് 1950-ലെ റൊമേഷ് ഥാപ്പർ കേസ് (Romesh Thappar vs The State Of Madras) മുതലിങ്ങോട്ട് ഇന്ത്യൻ എക്സ്പ്രസ്സ് (Indian express Newspaper vs Union of India)യും അനുരാധാ ഭാസിനും പെഗാസസും വരെയുള്ള നിരവധി വിധികളിലൂടെ  സുപ്രീംകോടതി വ്യക്തമാക്കിയിട്ടുള്ളതാണ്. ജനാധിപത്യത്തിന്റെ നിലനിൽപ്പിന് അനുപേക്ഷണീയമായ ഘടകമാണ് സ്വതന്ത്ര മാധ്യമങ്ങൾ എന്നു തിരിച്ചറിഞ്ഞുകൊണ്ട് മധ്യമസ്വാതന്ത്ര്യത്തിനൊപ്പം നിന്ന ചരിത്രമാണ് നമ്മുടെ ഭരണഘടനാ കോടതികൾക്കുള്ളത്.

“എല്ലാ ജനാധിപത്യ വ്യവസ്ഥിതികളുടെയും അടിത്തറ അഭിപ്രായ സ്വാതന്ത്ര്യമാണ്. കാരണം, സ്വതന്ത്രമായ രാഷ്ട്രീയ സംവാദങ്ങളില്ലാതെ,  ഗവണ്മെന്റിന്റെ ശരിയായ പ്രവർത്തനത്തിന് അത്യന്താപേക്ഷിതമായ സാമൂഹിക വിദ്യാഭ്യാസം  അസാധ്യമാണ്.” നെഹ്‌റു ഗവണ്മെന്റിനെ വിമർശിച്ചുകൊണ്ടുള്ള റൊമേഷ് ഥാപ്പറിന്റെ  ലേഖനം പ്രസിദ്ധീകരിച്ചതിന്റെ പേരിൽ ‘ക്രോസ്‌റോഡ്സ്’ വാരികയ്ക്ക് മദ്രാസ് ഗവണ്മെന്റ് ഏർപ്പെടുത്തിയ നിരോധനം  റദ്ദാക്കിക്കൊണ്ടുള്ള വിധിയിൽ ജസ്റ്റിസ്. എം. പതഞ്‌ജലി ശാസ്ത്രി പ്രസ്താവിച്ചു. ഇദ്ദേഹം തന്നെയാണ് മറ്റൊരു വിധിയിൽ കോടതിയെ Sentinel On The Qui Vive എന്ന് വിശേഷിപ്പിച്ചത്; പൗരാവകാശങ്ങളുടെ ജാഗരൂകനായ കാവൽക്കാരൻ. ഭരണഘടനാ കോടതികൾ ജനാധിപത്യ സമൂഹത്തിലെ പൗരരുടെ അവകാശങ്ങളുടെ കാവൽക്കാരാണ്. പ്രാചീന ഗ്രന്ഥങ്ങളിലെ കാലഹരണപ്പെട്ട ധർമവ്യവസ്ഥയുടെയല്ല, ആധുനിക ജനാധിപത്യ സമൂഹത്തിലെ ഭരണഘടനാധാർമികതയുടെ കാവൽക്കാർ. അവർ എക്സിക്യൂട്ടീവ്  നടപടികളുടെ കാവൽക്കാരായി മാറുന്നത് ജനാധിപത്യത്തിന്റെ മരണത്തെയാണ് അടയാളപ്പെടുത്തുന്നത്. കേരളാ ഹൈക്കോടതിയുടെ മീഡിയവൺ വിധി ആ അർത്ഥത്തിൽ നിരാശപ്പെടുത്തുന്നതാണ്.

First Published in TrueCopyThink Webzene on 11 Feb 2022