Home Blog Page 9

ആധാര്‍ റിവ്യൂ; കാലം തിരുത്തേണ്ട വിധി

ആധാറിന് നിയമസാധുതയുണ്ടെന്ന 2018ലെ ഭരണഘടനാബെഞ്ചിന്റെ വിധിക്കെതിരായ പുനഃപരിശോധനാ ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി. രാജ്യസഭയില്‍ ഭൂരിപക്ഷമില്ലാത്തതിനാല്‍ ആധാര്‍ ബില്‍ മണി ബില്ലായി കേന്ദ്രം ലോക്‌സഭയില്‍ പാസാക്കുകയായിരുന്നു. ആധാര്‍ നിയമം മണിബില്ലായി അംഗീകരിച്ച സ്പീക്കറുടെ നടപടിയെ എതിര്‍ത്ത ജസ്റ്റിസ് ഡി.​വൈ. ചന്ദ്രചൂ​ഢിന്റെ വിയോജിപ്പോടെയാണ് പുനഃപരിശോധനാ ഹര്‍ജികള്‍ തള്ളിയത്. ആധാര്‍ വിധിയില്‍ മണിബില്ലുകളെ സംബന്ധിച്ച നിഗമനങ്ങള്‍ ഒരുപാട് ചോദ്യങ്ങള്‍ അവശേഷിപ്പിക്കുന്നുണ്ട് എന്ന് ലേഖകന്‍

ന്ത്യന്‍ നിയമ വൈജ്ഞാനിക ചരിത്രത്തില്‍ എ.ഡി.എം. ജബല്‍പ്പൂരിനോടൊപ്പം ചേര്‍ത്തു വായിക്കാവുന്നതാണ് ആധാര്‍ കേസിലെ സുപ്രീംകോടതി വിധി. വിധിയിലുടനീളം നിയമപരമായ വൈരുദ്ധ്യങ്ങളും വസ്തുതാപരമായ പിശകുകളും ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ ആധാര്‍ പുനഃപരിശോധനാ ഹർജികള്‍ ചേംബറില്‍ പരിഗണ‌നക്കെടുത്തു തള്ളിയിരിക്കുന്നു. ജസ്റ്റിസ് ഖാന്‍വാല്‍കര്‍, ജസ്റ്റിസ് ഡി.​വൈ. ചന്ദ്രചൂ​ഢ്, ജസ്റ്റിസ് അശോക് ഭൂഷന്‍, ജസ്റ്റിസ് ഗവായി എന്നിവരടങ്ങുന്ന 5 അംഗ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. റിവ്യൂ ഹര്‍ജികള്‍ തള്ളിയ തീരുമാനത്തോട് ജസ്റ്റിസ് ഡി.​വൈ. ചന്ദ്രചൂ​ഢ് വിയോജിച്ചു. 

ആധാര്‍ കേസിലെ മണി ബില്‍ സംബന്ധിച്ച നിരീക്ഷണത്തില്‍ മറ്റൊരു അഞ്ചംഗ സുപ്രീംകോടതി ബെഞ്ച് സംശയം പ്രകടിപ്പിക്കുകയും വിഷയം ഏഴംഗ ബെഞ്ചിന് വിടുകയും ചെയ്തിരുന്നു. ഇതില്‍ തീരുമാനമാകും വരെ ആധാര്‍ റിവ്യൂ ഹര്‍ജി മാറ്റി വയ്ക്കണം എന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. എന്നാല്‍ മറ്റൊരു കേസില്‍ ഉയര്‍ന്നുവന്ന പ്രശ്‌നങ്ങള്‍ ഈ വിധി പുനഃപരിശോധിക്കാനുള്ള കാരണമല്ല എന്നായിരുന്നു ഭൂരിപക്ഷത്തിന്റെ അഭിപ്രായം.

ആധാര്‍ വിധി

ലോകചരിത്രത്തിലാദ്യമായി ഒരു വാട്‌സ്ആപ്‌ മെസേജില്‍ നിന്ന്​ ആരംഭിക്കുന്ന സുപ്രീംകോടതി വിധി ആധാര്‍ കേസിലേതായിരിക്കും. ജസ്റ്റിസ് ഖാന്‍വാള്‍ക്കാര്‍ എഴുതിയ ഭൂരിപക്ഷ വിധി ആരംഭിക്കുന്നത് ഒരു മനുഷ്യന്റെ വിരലടയാളമാണ് അയാളുടെ വ്യതിരിക്തതയെ നിര്‍വചിക്കുന്നത് എന്ന അസംബന്ധത്തില്‍ നിന്നുമാണ്. ശേഷിക്കുന്ന ഭാഗം മുഴുവന്‍ ആധാര്‍ പദ്ധതിയെ ഏതുവിധേനയും സംരക്ഷിച്ചെടുക്കാനായി എഴുതിയതാണ് എന്ന പ്രതീതി സൃഷ്ടിക്കുന്നു.

വിധിയില്‍ ഏറ്റവും ആശ്ചര്യകരമായ കാര്യം ആധാര്‍ നിയമം ഒരു മണി ബില്‍ ആയി പാസാക്കിയ നടപടി സുപ്രീംകോടതി അംഗീകരിച്ചു എന്നതാണ്. 2016-ല്‍ ആധാര്‍ നിയമം പാസാക്കിയപ്പോള്‍ തന്നെ സമര്‍പ്പിക്കപ്പെട്ട ഈ ഹര്‍ജി, എന്തിനാണ് ആധാറിന്റെ പ്രധാന കേസുമായി കൂട്ടിക്കുഴച്ചത് എന്നത് അവ്യക്തമാണ്. കാരണം ഇവിടെ തര്‍ക്കം ആധാര്‍ മൗലികാവകാശങ്ങളെ ലംഘിക്കുന്നുണ്ടോ എന്നതായിരുന്നില്ല, മറിച്ച് ഭരണഘടനയുടെ 110ാം അനുച്ഛേദപ്രകാരം ആധാര്‍ ബില്ലിനെ മണി ബില്‍ ആയി സാക്ഷ്യപ്പെടുത്തിയ സ്പീക്കറുടെ നടപടി മാത്രമാണ് ചോദ്യം ചെയ്യപ്പെട്ടത്. 

സാധാരണഗതിയില്‍ ഒരു ബില്‍ നിയമമാകാന്‍ പാര്‍ലമെന്റിന്റെ
ഇരുസഭകളുടെയും അംഗീകാരം ആവശ്യമാണ്. എന്നാല്‍, ഇന്ത്യ ഗവണ്‍മെന്റിന്റെ സഞ്ചിതനിധിയില്‍നിന്നുള്ള മണി വിനിയോഗത്തെ മാത്രം സംബന്ധിച്ച നിയമങ്ങള്‍ക്ക് രാജ്യസഭയുടെ അംഗീകാരം അനിവാര്യമല്ല. അത്തരം കാര്യങ്ങള്‍ ഒരു “മണി ബില്‍’ ആയി പരിഗണിച്ചു ലോക്​സഭക്ക്​പാസാക്കാം. രാജ്യസഭക്ക് ബില്ലില്‍ ഭേദഗതി വരുത്താനോ തിരിച്ചയക്കാനോ കഴിയില്ല. ലോക്‌സഭ സ്പീക്കര്‍ ആണ് ഒരു ബില്‍ മണി ബില്‍ ആണോ എന്ന് സാക്ഷ്യപ്പെടുത്തുന്നത്. നികുതിനിരക്കുകള്‍, ഗവണ്‍മെന്റിന്റെ ബാധ്യതപരിധി, സഞ്ചിത നിധിയില്‍നിന്നുള്ള ധനവിനിയോഗം തുടങ്ങി ഭരണഘടനയുടെ സെക്ഷന്‍110 (1) (എ) മുതല്‍ 110 (1) (ജി) വരെയുള്ള കാര്യങ്ങളെമാത്രം ബാധിക്കുന്ന ബില്ലുകളാണ് മണി ബില്‍.

ആധാര്‍ കേസില്‍ ഒരു ബില്ലിനെ മണി ബില്ലായി സാക്ഷ്യപ്പെടുത്തുന്ന സ്പീക്കറുടെ നടപടി കോടതിക്ക് പരിശോധിക്കാവുന്നതാണെന്ന് എല്ലാ ജഡ്ജിമാരും വിധിയെഴുതി. എന്നാല്‍, അനുച്ഛേദം 110(1) എങ്ങനെ വ്യാഖ്യാനിക്കണമെന്നും ഒരു നിയമം മണി ബില്ലായി പാസാക്കിയത് ശരിയായ നടപടിയാണോ എന്ന് എങ്ങനെ പരിശോധിക്കണമെന്നുമുള്ള കാര്യത്തില്‍ വ്യത്യസ്ത അഭിപ്രായമുയര്‍ന്നു. ചീഫ് ജസ്റ്റിസ് ആയിരുന്ന ദീപക് മിശ്രയും മറ്റു മൂന്നുപേരും ആധാര്‍ ആക്ട് മണി ബില്‍ ആയി അവതരിപ്പിച്ചതില്‍ തെറ്റില്ല എന്നു വിധിച്ചപ്പോള്‍ ജസ്റ്റിസ് ചന്ദ്രചൂ​ഢ് ആധാര്‍ ബില്‍ മണി ബില്‍ അല്ലെന്ന് കണ്ടെത്തി നിയമം റദ്ദുചെയ്യണം എന്നു വിധിയെഴുതി.

The_Chief_Justice_of_India,_Justice_Shri_Dipak_Misra
ദീപക് മിശ്ര

ആധാറിനെ മണി ബില്‍ ആയി കണക്കാക്കിയ വിധി നീതിന്യായ യുക്തിയെ തലതിരിച്ചിടുന്ന നടപടിയാണ്. കാരണം, ആധാര്‍ മണി ബില്‍ ആണോ എന്ന കാര്യമല്ല കോടതി ആദ്യം പരിശോധിച്ചത്. ആധാര്‍ മണി ബില്ലല്ല എന്നു വന്നാല്‍ പദ്ധതിയ്ക്ക് ഭരണഘടനാപരമായി നിലനില്‍ക്കാനാകില്ല. പൗരരുടെ മൗലികാവകാശങ്ങളെ ബാധിക്കുന്ന പദ്ധതികള്‍ നിയമമില്ലാതെ ഗവണ്‍മെന്റിന് നടപ്പിലാക്കാനാകില്ലല്ലോ. ഇത്തരമൊരു സാഹചര്യം ഒഴിവാക്കാനായിരിക്കണം കേസിന്റെ പരിഗണനാക്രമത്തില്‍ തന്ത്രപരമായ മാറ്റം വരുത്തിയത്. പത്തു ചോദ്യങ്ങളായാണ് ആധാറിനെതിരെയുള്ള ആക്ഷേപങ്ങളെ കോടതി പരിശോധിച്ചത്. ആദ്യം ചോദിക്കേണ്ടിയിരുന്ന “ആധാര്‍ മണി ബില്‍ ആണോ?’ എന്ന ചോദ്യം പക്ഷേ കോടതി പരിശോധിച്ചത് ആറാമതായാണ്.

അതിന് മുന്‍പ് അഞ്ച് കാര്യങ്ങള്‍ പരിഗണിച്ചു.
• ആധാര്‍ സര്‍വൈലന്‍സിന്‌ കാരണമാകുമോ?
• ആധാര്‍ സ്വകാര്യതയെ ലംഘിക്കുന്നുവോ?
• കുട്ടികളെ ആധാര്‍ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരാന്‍ കഴിയുമോ?
• ആധാര്‍ നിയമത്തിലെ, പരാതിക്കാര്‍ ഉന്നയിച്ച പതിനെട്ടു വകുപ്പുകള്‍ ഭരണഘടനാ വിരുദ്ധമാണോ?
• പരിമിതമായ ഗവണ്‍മെന്റ്, ഉത്തമ ഭരണം, ഭരണഘടനാപരമായ വിശ്വസ്തത എന്നിവയ്ക്കെതിരാണോ ആധാര്‍?

അങ്ങനെ ഭൂരിപക്ഷവിധിയില്‍, സ്പീക്കറുടെ നടപടി ജുഡീഷ്യല്‍ റിവ്യൂവിന് വിധേയമാണോ എന്നു പരിശോധിക്കുന്നതിനും ബില്‍ മണി ബില്ലാണോ എന്നു നോക്കുന്നതിനും മുമ്പു തന്നെ, ആധാര്‍ ആക്ട് പരിശോധിക്കുകയും അതിലെ സെക്ഷന്‍ രണ്ട് (ഡി) ക്കു കീഴിലുള്ള ചട്ടം 26 (സി), 27, സെക്ഷന്‍ 33 (1 ) (ഭാഗികമായി), സെക്ഷന്‍ 33 (2 ), 47, 57 (ഭാഗികമായി) തുടങ്ങി നിരവധി വകുപ്പുകളും ചട്ടങ്ങളും റദ്ദാക്കുകയോ പരിമിതപ്പെടുത്തുകയോ ചെയ്തു. പ്രത്യേകിച്ചും സ്വകാര്യ സ്ഥാപനങ്ങള്‍ക്കുകൂടി ആധാര്‍ ഉപയോഗിക്കാനുള്ള അനുമതി നല്‍കുന്ന സെക്ഷന്‍ 57. ഇതൊക്കെ റദ്ദാക്കിയ ശേഷം ഇപ്പോള്‍ ഇതൊന്നും നിയമത്തിന്റെ ഭാഗമല്ല, അതുകൊണ്ട് മണി ബില്‍ ആണെന്ന വ്യാഖ്യാനമാണ് നടത്തിയത്. എന്നാല്‍, സ്പീക്കര്‍ സാക്ഷ്യപ്പെടുത്തിയത് ഈ വകുപ്പുകള്‍കൂടി ഉള്ള ബില്‍ ആണെന്ന കാര്യം ഭൂരിപക്ഷവിധിയില്‍ പരിഗണിച്ചില്ല.

മറ്റു വകുപ്പുകളെല്ലാം സബ്‌സിഡികള്‍ക്കും ഗവണ്‍മെൻറ്​ ആനുകൂല്യങ്ങള്‍ക്കും ആധാര്‍ ഉപയോഗിക്കാന്‍ അധികാരപ്പെടുത്തുന്ന സെക്ഷന്‍ ഏഴിന്റെ 
അനുബന്ധങ്ങളായാണ് കോടതി കണ്ടത്. “സെക്ഷന്‍ ഏഴ് ആണ്,നിയമത്തിന്റെ 
ഹൃദയഭാഗം. അത് ഭരണഘടനയുടെ 110ാം അനുഛേദത്തിന്റെ പരിധിയില്‍ വരുന്നതാണ്’ എന്ന് കോടതി പറയുന്നു. അതുപോലെ, ആധാര്‍ അതോറിറ്റിക്ക് രൂപം കൊടുക്കുകയും അതിന്റെ ഘടനയും പ്രവര്‍ത്തനവുമൊക്കെ നിര്‍ണയിക്കുകയും ചെയ്യുന്ന സെക്ഷന്‍ 24 നെക്കുറിച്ചു പറയുന്നത്; അതോറിറ്റിയുടെ രൂപവത്കരണവും പ്രവര്‍ത്തനവും, ദൈനംദിന കാര്യനിര്‍വഹണ പരിശോധനകളും, ശിക്ഷാനടപടികളും, സോഫ്റ്റ്‌വെയറും തുടങ്ങി എല്ലാം ഇന്ത്യ ഗവണ്‍മെന്റിന്റെ സഞ്ചിതനിധിയില്‍നിന്നുള്ള പണം കൊണ്ടാണ് നടത്തപ്പെടുന്നത്; അതുകൊണ്ട് അത് മണി ബില്ലിന്റെ പരിധിയില്‍ വരുന്നതാണ് എന്നാണ് (ഖണ്ഡിക 411).

ഇതിനെല്ലാം ഇന്ത്യയുടെ സഞ്ചിതനിധിയിലെ ധനവിനിയോഗവുമായി ഗണ്യമായ ബന്ധമുണ്ട് എന്നും സമര്‍ഥിക്കുന്നു ഭൂരിപക്ഷവിധി. ഈ മാനദണ്ഡം വെച്ചുനോക്കിയാല്‍ ഗവണ്‍ന്റിന്റെ എന്തു പ്രവര്‍ത്തനമാണ് മണി ബില്ലിന്റെ പരിധിയില്‍ വരാത്തത്? മാത്രമല്ല, ആര്‍ട്ടിക്കിള്‍ 110 കൃത്യമായി പറയുന്നത് 110 (എ) മുതല്‍ (എഫ്) വരെയുള്ള വകുപ്പുകളില്‍ പെടുന്ന കാര്യങ്ങള്‍ മാത്രമാണ് മണിബില്‍ ആകുക എന്നാണ്. ഭൂരിപക്ഷവിധിയില്‍ പറയുന്നതുപോലെ “ധനവിനിയോഗവുമായി ഗണ്യമായ ബന്ധം’ ഉള്ള കാര്യങ്ങള്‍ക്കല്ല.

അതുപോലെ തന്നെയാണ് ആധാര്‍ ആക്ട് ആര്‍ട്ടിക്കിള്‍ 110 (ഇ)യുടെ കീഴില്‍ വരുന്നതാണെന്ന ജസ്റ്റിസ് അശോക് ഭൂഷന്റെ കണ്ടെത്തല്‍. യഥാര്‍ഥത്തില്‍ 110 (ഇ) ഗവണ്‍മെന്റിന്റെ സഞ്ചിതനിധിയില്‍നിന്നുള്ള എല്ലാ ചെലവുകളെയും സംബന്ധിക്കുന്നതല്ല. ഇന്ത്യ ഗവണ്‍മെന്റിന്റെ സഞ്ചിതനിധിയില്‍നിന്ന് “ചാര്‍ജ്’ ചെയ്യാവുന്ന ചെലവുകള്‍ സംബന്ധിക്കുന്ന കാര്യങ്ങള്‍ മാത്രമേ 110 (ഇ) യുടെ പരിധിയില്‍ വരൂ. അതായത് പാര്‍ലമെന്റ് വോട്ടിനിട്ട് അനുമതി നല്‍കേണ്ടതില്ലാത്ത ചെലവുകള്‍. ഭരണഘടനയുടെ അനുച്ഛേദം 112 (3) പ്രകാരം രാഷ്ട്രപതിയുടെ വേതനം, ഓഫിസ് ചെലവുകള്‍; രാജ്യസഭയുടെയും ലോക്​സഭയുടെയും അധ്യക്ഷന്മാരുടെയും ഉപാധ്യക്ഷരുടെയും വേതനം; ഇന്ത്യ ഗവണ്‍മെന്റിന്റെ കടബാധ്യതകളുമായി ബന്ധപ്പെട്ട ചെലവുകള്‍; സുപ്രീം കോടതി ജഡ്ജിമാരുടെ വേതനം, പെന്‍ഷന്‍; ഹൈക്കോടതി ജഡ്ജിമാരുടെ പെന്‍ഷന്‍, സി.എ.ജിയുടെ വേതനം, പെന്‍ഷന്‍; ഏതെങ്കിലും കോടതിവിധികള്‍ നടപ്പാക്കാനുള്ള ചെലവുകള്‍; നിയമപ്രകാരം ചാര്‍ജ് ചെയ്യാവുന്ന ചെലവുകള്‍ എന്നിങ്ങനെയാണ്. ആധാര്‍ ആക്ട് ഇതുമായൊന്നും ബന്ധപ്പെട്ടതല്ല.

ജസ്റ്റിസ് ഡി.​വൈ. ചന്ദ്രചൂ​ഢ് തന്റെ വിയോജന വിധിന്യായത്തില്‍ തലതിരിയാത്ത നിയമവഴിയിലൂടെ ഇക്കാര്യങ്ങള്‍ വിലയിരുത്തുന്നുണ്ട്. വായിക്കുക: “(ആധാര്‍) നിയമത്തിന്റെ വകുപ്പുകള്‍ ആമുഖത്തില്‍ പറഞ്ഞിരിക്കുന്ന ലക്ഷ്യങ്ങളില്‍ ഒതുങ്ങുന്നതല്ല. അനുച്ഛേദം 110(1) -ല്‍ നിര്‍വചിക്കപ്പെട്ടിരിക്കുന്ന മണി ബില്ലിന്റെ പരിധിക്കും വളരെയപ്പുറത്താണത്. ജനസംഖ്യാപരവും ജൈവപരവുമായ വിവരങ്ങളുടെ ശേഖരണം, ആധാര്‍ നമ്പറുകള്‍ നല്‍കല്‍, വിവരശേഖരണത്തിനു മുന്‍പ് ആളുകളുടെ സമ്മതപത്രം വാങ്ങല്‍, അത് നടപ്പിലാക്കാനും പരിശോധിക്കാനായി നിയമപരമായ ഒരു സ്ഥാപനത്തിന്റെ രൂപീകരണം, ശേഖരിച്ച വിവരങ്ങളുടെ സംരക്ഷണം, വിവരത്തിന്റെ ഉപയോഗം, കുറ്റങ്ങളും ശിക്ഷാവിധികളും നിര്‍വ്വചിക്കുന്നത്, ആധാരിന്റെ ഉപയോഗം അങ്ങനെയുള്ള കാര്യങ്ങളൊക്കെ അനുച്ഛേദം 110-നു വെളിയിലുള്ള കാര്യങ്ങളാണ്. ഇതൊന്നും 110 (എ) മുതല്‍ (എഫ്) വരെയുള്ള വകുപ്പുകളില്‍ പറയുന്ന കാര്യങ്ങള്‍ക്ക് അനുബന്ധമായി വരുന്നതുമല്ല. സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ആധാര്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കുന്ന വകുപ്പ്- 57 നിശ്ചയമായും അനുച്ഛേദം 110 നു കീഴില്‍ വരില്ല. ഇന്ത്യാനിവാസികളുടെ മൗലീകാവകാശങ്ങളെ കാര്യമായ തരത്തില്‍ ബാധിക്കുന്ന നിയമ സംവിധാനമാണ് ആധാറിന്റേത്.

Y-CHANDRA-CHOOD.jpg
ഡി.​വൈ. ചന്ദ്രചൂ​ഢ്

ആധാര്‍ നിയമത്തിലെ സെക്ഷന്‍ 7 പോലും മണി ബില്ലിന്റെ പരിധിയില്‍ വരുന്നതല്ല എന്നാണ് അദ്ദേഹത്തിന്റെ നിലപാട്: “സഞ്ചിതനിധിയില്‍ നിന്നുമുള്ള സബ്‌സിഡികള്‍ക്കും സേവനങ്ങള്‍ക്കും ആധാര്‍ നിർബന്ധമാക്കുകയാണ് സെക്ഷന്‍ 7 ചെയ്യുന്നത്. ഈ സേവനങ്ങളെ സഞ്ചിത നിധിയില്‍ നിന്ന് ചാര്‍ജ്ജ് ചെയ്യുന്ന ചെലവുകളാണ് എന്ന് ഈ നിയമം നിർണയിക്കുന്നില്ല, നിലവില്‍ സഞ്ചിതനിധിയില്‍ പെടുന്ന സേവനങ്ങള്‍ക്കും ആനുകൂല്യങ്ങള്‍ക്കും ആധാര്‍ നിരബന്ധമാക്കുക മാത്രമാണ് ചെയ്യുന്നത്. അതായത് സെക്ഷന്‍ 7 ഏതെങ്കിലും ചെലവിനെ സഞ്ചിതനിധിയില്‍ നിന്നും ചാര്‍ജ്ജ് ചെയ്യാവുന്നത് എന്ന് പറയുകയല്ല, ഒരു തിരിച്ചറിയല്‍ പ്രക്രിയയുടെ ആവശ്യകത സ്ഥാപിച്ചെടുക്കുകയാണ്. അതുകൊണ്ട് സെക്ഷന്‍-7 ഉം അനുച്ഛേദം 110 (1)-ന്റെ പരിധിക്കുമപ്പുറത്താണ്’ (ഖണ്ഡിക 109 ).

ആധാര്‍ വിധിയില്‍ മണി ബില്ലുകളെ സംബന്ധിച്ച നിഗമനങ്ങള്‍ ഒരുപാട് ചോദ്യങ്ങള്‍ അവശേഷിപ്പിക്കുന്നുണ്ട് എന്ന് സാരം. ഒരു ജനാധിപത്യ സംവിധാനത്തില്‍ ഈ വിധി ഗുരുതര പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. രാജ്യസഭയെ അപ്രസക്​തമാക്കി, ലോകസഭയില്‍ ഭൂരിപക്ഷമുള്ള ഏത് ഗവൺമെൻറിനും ഏതൊരു നിയമവും നടപ്പില്‍ വരുത്താം എന്ന സാഹചര്യമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. കാരണം അങ്ങനെ ഒരു ബിൽ കൊണ്ടുവന്നാല്‍ അതിലെ പ്രശ്‌നമുള്ള വകുപ്പുകള്‍ റദ്ദാക്കിയതിനു ശേഷം മാത്രം അതിനെ വിലയിരുത്തുന്ന ഒരു കീഴ്‌വഴക്കം സൃഷ്ടിച്ചിരിക്കുന്നു നീതി പീഠം. പ്രസ്തുത നിയമത്തിന് ഗവണ്മെന്റിന്റെ സഞ്ചിതനിധിയില്‍ നിന്നുള്ള ധന വിനിയോഗവുമായി ബന്ധപ്പെട്ടത് മാത്രമാകണം എന്ന ഭരണഘടനാപരമായ നിഷ്‌കര്‍ഷ, ബില്ലിന് ധനവിനിയോഗവുമായി ‘ഗണ്യമായ ബന്ധം’ ഉണ്ടായാല്‍ മതി എന്ന തരത്തില്‍ ലഘൂകരിച്ച ഭൂരിപക്ഷ ബഞ്ച്, അതോടൊപ്പം സഞ്ചിത നിധിയില്‍ നിന്നുള്ള ചെലവുകളും സഞ്ചിത നിധിയില്‍ നിന്ന് ചാര്‍ജ്ജ് ചെയ്യാവുന്ന ചെലവുകളും ഒന്നാണെന്ന തരത്തിലും തെറ്റായി വായിക്കുന്നു.

ഇത് തിരുത്തപ്പെട്ടില്ലെങ്കില്‍ ഭാവിയില്‍ വലിയ പ്രതിസന്ധികളും നിയമപ്രശനങ്ങള്‍ക്കും കാരണമായേക്കാം. നമ്മുടെ ജനാധിപത്യ സംവിധാനത്തിന്റെ അടിസ്ഥാന ഘടകങ്ങളായ രണ്ടുസഭകളില്‍ ഒന്നിന്റെ പ്രസക്തി തന്നെ നഷ്ടപ്പെടുത്തിയേക്കാവുന്ന വിധത്തില്‍ അധോസഭയിലെ ഭൂരിപക്ഷത്തിന്റെ ധാര്‍ഷ്ട്യം കൊണ്ട് ഉപരിസഭയെ അപ്രസക്തമാക്കുംവിധം ദുരുപയോഗം ചെയ്യാന്‍ സാധ്യതകള്‍ അവശേഷിപ്പിക്കുന്ന ഈ സവിശേഷ സാഹചര്യത്തിന് ത്വരിതഗതിയിലുള്ള ഒരു തിരുത്തല്‍ അനിവാര്യമാണ്. അല്ലെങ്കില്‍ ഇനിയും “മണി ബില്ലുകള്‍’ ധാരാളം വരും. രാജ്യസഭ നോക്കുകുത്തിയാവും. ഭരണഘടന ദുര്‍ബലപ്പെടും. ജനാധിപത്യം പ്രതിസന്ധിയിലാകും. ഇതു സംഭവിച്ചു കഴിഞ്ഞു.

രാജ്യത്തെ ട്രൈബ്യൂണലുകളുടെ പ്രവര്‍ത്തനത്തെയും സ്വാതന്ത്ര്യത്തെയും സാരമായി ബാധിക്കുന്ന തരത്തില്‍ കഴിഞ്ഞ വര്‍ഷം ഗവണ്‍മെന്റ് കൊണ്ടുവന്ന ഭേദഗതികള്‍ അതിന്റെ ഉദാഹരണമാണ്. ഫിനാന്‍സ് ആക്ടിന്റെ ഭേദഗതിയായിട്ടാണ് നിയമം കൊണ്ടുവന്നത്. രാജ്യസഭയില്‍ ഉയര്‍ന്നുവരാവുന്ന എതിര്‍പ്പുകള്‍ മറികടക്കാനായി ആധാര്‍ ബില്ലിന്റെ കാര്യത്തില്‍ ചെയ്തതുപോലെ “മണി ബില്‍’ ആയാണ് ഇതും ലോക്‌സഭയില്‍ അവതരിപ്പിച്ചത്. ഈ നടപടിയാണ് സുപ്രീംകോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടത്. ഫിനാന്‍സ് ബില്‍ ഭേദഗതികള്‍ മണി ബില്ലായി സാക്ഷ്യപ്പെടുത്തിയ ലോക്‌സഭ സ്പീക്കറുടെ നടപടി കോടതിയില്‍ ചോദ്യം ചെയ്യാനാവുമോ, കഴിയുമെങ്കില്‍ പ്രസ്തുത ബില്‍ മണിബില്‍ ആണോ, കേന്ദ്രസര്‍ക്കാറിന്റെ അധികാരങ്ങള്‍ വിപുലപ്പെടുത്തുന്ന ഫിനാന്‍സ് ആക്ടിന്റെ സെക്ഷന്‍ 184 ഭരണഘടനാപരമാണോ, അതുപ്രകാരം രൂപപ്പെടുത്തിയ ചട്ടങ്ങള്‍ നിലനില്‍ക്കുമോ തുടങ്ങിയ കാര്യങ്ങളാണ് കോടതി പരിശോധിച്ചത്. ഇതിലെ അപകടം സുപ്രീംകോടതി ശരിയാംവണ്ണം മനസിലാക്കി എന്നുവേണം കരുതാന്‍. അതുകൊണ്ട് ഇക്കാര്യങ്ങള്‍ ഏഴംഗ ബെഞ്ച് പരിഗണിച്ചു തീര്‍പ്പു കല്‍പ്പിക്കേണ്ടതാണ് എന്നാണ് ചീഫ് ജസ്റ്റിസ് ആയിരുന്ന രഞ്ജന്‍ ഗൊഗോയിയുടെ അധ്യക്ഷതയിലുള്ള അഞ്ചംഗ ബഞ്ച് വിധിയെഴുതിയത്​. ഈ തീരുമാനത്തിന് കാത്തിരിക്കണം എന്നാണ് ആധാര്‍ റിവ്യൂ പരിഗണിക്കവേ, ഡി.​വൈ. ചന്ദ്രചൂ​ഢ് ആവശ്യപ്പെട്ടത്, പക്ഷേ മറ്റു നാലു ജഡ്ജിമാരും അത് വേറൊരു കേസാണെന്നും റിവ്യൂവിന് അതു പരിഗണിക്കേണ്ടതില്ല എന്നുമായിരുന്നു വിലയിരുത്തിയത്​. 

എന്നാല്‍ ഇതിന് കടകവിരുദ്ധമായ രീതിയാണ് ശബരിമല റിവ്യൂ ഹര്‍ജിയില്‍ ഇതേ സുപ്രീംകോടതി സ്വീകരിച്ചത്. മുസ്​ലിം സ്ത്രീകളുടെ മസ്ജിദ് പ്രവേശം, ദാവൂദ ബോറ വിഭാഗത്തില്‍ പെട്ട സ്ത്രീകളുടെ ചേലാകര്‍മം, പാഴ്സി ഫയര്‍ ടെമ്പിളിന്റെ പ്രശ്‌നം എന്നിങ്ങനെ മറ്റു ചില കേസുകളില്‍ ഉയര്‍ന്നുവരാന്‍ സാധ്യതയുണ്ട് എന്നു കോടതി കരുതുന്ന അനുച്ഛേദനം 25-ന്റെ വ്യാഖ്യാനത്തിലെ ചില വ്യക്തതകള്‍ക്കായി ശബരിമല വിഷയം തൽക്കാലം മാറ്റി വച്ചിരിക്കുകയാണ്. കോടതിയ്ക്ക് മുന്നില്‍ ഇപ്പോഴുള്ള പ്രശ്‌നങ്ങളെ സംബന്ധിച്ചല്ല പ്രതിപാദിച്ചിരിക്കുന്നത്, ശബരിമല വിധിയിലെ വ്യാഖ്യാനങ്ങളില്‍ ഏതെങ്കിലും തരത്തിലുള്ള പിശക് ഉണ്ടെന്ന് തോന്നിയതുകൊണ്ടും അല്ല, ഇനി വരാവുന്ന കാര്യങ്ങളെ പ്രതിയാണ് ആവലാതി. 

കോടതിയുടെ പരിഗണനയില്‍ പോലുമില്ലാത്ത, ഭാവിയില്‍ “ഉയര്‍ന്നുവരാന്‍ സാധ്യതയുള്ള’, വിഷയങ്ങള്‍ സ്വയം ഏറ്റെടുത്ത് മറ്റൊരു വിശാലബെഞ്ചിനു റഫര്‍ ചെയ്തുകൊണ്ടാണ് കോടതി ശബരിമല പുനഃപരിശോധനാ ഹര്‍ജിയില്‍ തീരുമാനമെടുക്കാതെ മാറ്റിവച്ചത്. അതേ കോടതിയാണ് ഇപ്പോള്‍ ആധാര്‍ കേസില്‍ ശരിക്കും മറ്റൊരു അഞ്ചംഗ ബഞ്ച് സംശയം പ്രകടിപ്പിച്ച മണി ബില്‍ സംബന്ധിച്ച വിധിയുടെ പുനഃപരിശോധനാ ഹര്‍ജി നിരാകരിച്ചത്.

സ്വകാര്യതയും സര്‍വൈലന്‍സും അനുബന്ധ പ്രശ്‌നങ്ങളുമെല്ലാം പരിശോധിക്കുമ്പോഴും ഇതുപോലെയുള്ള വസ്തുതാപരമായ പിശകുകള്‍ വിധിയിലുടനീളം ആവര്‍ത്തിക്കപ്പെടുന്നുണ്ട്. ഒരു ഘട്ടത്തില്‍ ഹര്‍ജിക്കാര്‍ പോലും ആധാറിന്റെ വിവര ശേഖരണത്തെ എതിർക്കു​ന്നില്ല, വിവരസഞ്ചയത്തിന്റെ സുരക്ഷയും ഉപയോഗവും സംബന്ധിച്ചു മാത്രമാണ് ആശങ്ക എന്ന് പറയുന്നു. ഈ പ്രസ്താവന വസ്തുതാപരമല്ല. മറ്റൊരു കാര്യം ആധാറിന് പകരം വയ്ക്കാന്‍ മറ്റു മാര്‍ഗങ്ങളില്ല എന്ന വാദമാണ്. ഹര്‍ജിക്കാര്‍ക്കുപോലും ബദല്‍ മാര്‍ഗം ചൂണ്ടിക്കാണിക്കാന്‍ കഴിഞ്ഞിട്ടില്ല എന്നും പറയുന്നു. രണ്ടു കാര്യങ്ങളാണ് ഇതിലുള്ളത് ഒന്ന്, ബദല്‍ മാർഗങ്ങളില്ല എന്ന് ബോദ്ധ്യപ്പെടുത്തേണ്ട ബാധ്യത ഗവണ്മെന്റിനോ അതോ ഹർജിക്കാർക്കോ എന്നതാണ്. രണ്ട്, പദ്ധതിയ്ക്ക് ബദലുകള്‍- സ്മാര്‍ട്ട് കാര്‍ഡുകളും, വിതരണശ്രംഖലകളുടെ പരിഷ്‌കരണവുമെല്ലാം- ഹര്‍ജിക്കാര്‍ കോടതിയ്ക്ക് മുന്നില്‍ സമര്‍പ്പിച്ചിരുന്നുവെന്നും ഓപ്പണ്‍ കോര്‍ട്ടില്‍ വാദിക്കുകയും ചെയ്തിരുന്നുവെന്നതുമാണ്. ഇതുപോലെ നിരവധി തെറ്റുകള്‍ ആധാര്‍ വിധിയില്‍ ചൂണ്ടിക്കാണിക്കാം. ഇക്കാര്യങ്ങളെല്ലാം ജസ്റ്റിസ്. ഡി.​വൈ. ചന്ദ്രചൂ​ഢിന്റെ വിയോജന വിധിന്യായം ചര്‍ച്ചചെയ്യുന്നുണ്ട്. 

2019 ജൂലൈയിൽ ജമൈക്കന്‍ സുപ്രീംകോടതി, ആധാറിന് സമാനമായ അവിടുത്തെ ബയോമെട്രിക് തിരിച്ചറിയല്‍ പദ്ധതിയെക്കുറിച്ചുള്ള കേസില്‍ വിധിയെഴുതിയപ്പോള്‍ മാതൃകയാക്കിയത് ഈ വിയോജനമാണ്. ജമൈക്കന്‍ കോടതി ഇന്ത്യന്‍ സുപ്രീംകോടതിയുടെ “സ്വകാര്യത വിധി’യും ‘ആധാര്‍ വിധി’യും വിശദമായി ചര്‍ച്ച ചെയ്യുന്നുണ്ട്. പിന്നീട് കെനിയന്‍ ആധാറായ ‘ഹിഡുംബ നമ്പ’യുടെ ഭരണഘടനാസാധുത പരിശോധിച്ച അവരുടെ സുപ്രീംകോടതി ഏറ്റവും കൂടുതല്‍ ആശ്രയിച്ചത് ജസ്റ്റിസ് ചന്ദ്രചൂ​ഢിന്റെ നിരീക്ഷണങ്ങളെയാണ്. ഇന്ത്യന്‍ സുപ്രീംകോടതിയുടെ ഭൂരിപക്ഷ വിധി ആധുനിക കാലത്തിന്റെ യുക്തിക്ക് നിരക്കുന്നതല്ല എന്നുകൂടി എഴുതിച്ചേര്‍ത്തു കെനിയന്‍ കോടതി. 

Antonin_Scalia_Official_SCOTUS_Portrait.
ജസ്റ്റിസ് അന്റോണിന്‍ സ്‌കാലിയ

ആധാര്‍ പുനഃപരിശോധനാ ഹർജിയിന്മേലുള്ള വാദം തുറന്ന കോടതിയില്‍ ആകണം എന്ന ഹർജിക്കാരുടെ ആവശ്യം പോലും പരിഗണിക്കാതെ തള്ളിയ സുപ്രീംകോടതി നടപടിയെ നാളത്തെ നിയമവൈജ്ഞാനികചരിത്രം രേഖപ്പെടുത്തുക സുവർണലിപികളാലാകില്ല എന്നുറപ്പാണ്. സുപ്രീംകോടതി അഭിഭാഷകനും നിയമ വിചക്ഷണനുമായ ഗൗതം ഭാട്ടിയ എഴുതിയതുപോലെ സുപ്രീംകോടതി ഒരു എക്‌സിക്യൂട്ടീവ് കോടതിയായി മാറിയിരിക്കുന്നു. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ആധാര്‍ റിവ്യൂ കേസ്​ വിധി. ഭരണകൂടത്തിന്റെ അമിതാധികാര പ്രയോഗത്തില്‍ നിന്ന് പൗരരെ രക്ഷിക്കുന്ന കവചം എന്നിടത്തു നിന്ന് എക്‌സിക്യൂട്ടീവിന്റെ നടപടികള്‍ക്ക് നിലമൊരുക്കുന്ന തരത്തിലേക്കുള്ള കോടതിയുടെ പരിണാമം ജനാധിപത്യത്തിന് ഒട്ടും ആശ്വാസ്യമല്ല.

1950-ല്‍ എ. കെ. ഗോപാലന്‍ കേസില്‍ കരുതല്‍ തടങ്കലിനെ ശരിവെച്ച ഭൂരിപക്ഷ വിധിയോട് വിയോജിച്ച്​ മൗലികാവകാശങ്ങള്‍ പരസ്പരബന്ധിതമായ അവകാശങ്ങളുടെ നൈരാന്തര്യമാണ് എന്നു വിധിയെഴുതിയ ജസ്റ്റിസ് ഫസല്‍ അലി, ഖരക് സിംഗ് കേസില്‍ ഭൂരിപക്ഷത്തോട് വിയോജിച്ച്​ സ്വകാര്യത ഒരു മൗലികാവകാശമാണെന്നും അനുച്ഛേദം 21-ന്റെ തുടര്‍ച്ചയാണെന്നും വിലയിരുത്തി യു.പി പൊലീസ് റെഗുലേഷന്‍സ് പൂര്‍ണമായും റദ്ദുചെയ്ത ജസ്റ്റിസ് സുബ്ബറാവു, എ. ഡി. എം. ജബല്‍പൂര്‍ കേസില്‍ സഹ ജഡ്ജിമാര്‍ എല്ലാവരും ഇന്ദിരാഗാന്ധി ഭരണകൂടത്തിന്റെ അധികാര പ്രമത്തതയ്‌ക്കൊപ്പം നിന്നപ്പോഴും തലയുയര്‍ത്തി നിന്ന് അടിയന്തരവസ്ഥക്കാലത്തും ജീവിക്കാനുള്ള അവകാശം (അനുച്ഛേദം 21) റദ്ദു ചെയ്യാനാകില്ല എന്ന് പ്രസ്താവിച്ച ജസ്റ്റിസ് എച്ച്. ആര്‍. ഖന്ന എന്നിവര്‍ക്കൊപ്പം ചരിത്രം ആധാര്‍ കേസിലെ വിയോജന വിധിയുടെ പേരില്‍ ജസ്റ്റിസ് ഡി.​വൈ. ചന്ദ്രചൂ​ഢിന്റെ പേരും എഴുതിചേര്‍ക്കും എന്നതില്‍ സംശയമില്ല.

കോടതികളുടെ പല നിലപാടുകളും ഭീകരമായ തെറ്റുകളായിരുന്നുവെന്നു ചരിത്രം അടയാളപ്പെടുത്തുമ്പോള്‍, അപൂര്‍വം ചില ന്യായാധിപരെങ്കിലും അപകടം തിര്‍ച്ചറിഞ്ഞിരുന്നുവെന്നും കാലാതിവര്‍ത്തിയായ നിലപാടുകള്‍ സ്വീകരിച്ചിരുന്നുവെന്നും അറിയുന്നത് വലിയൊരാശ്വാസമായിരിക്കും എന്നു പറഞ്ഞത് ജസ്റ്റിസ് അന്റോണിന്‍ സ്‌കാലിയ ആണ്. ആധാര്‍ കേസിലും സംഭവിച്ചിരിക്കുന്നത് അത്തരത്തില്‍ ഭീകരമായൊരു തെറ്റായിരുന്നുവെന്നു ചരിത്രം രേഖപ്പെടുത്തും. ചരിത്രത്തില്‍ മര്‍ദ്ദിതര്‍ക്കൊപ്പം നിന്ന ഭൂരിപക്ഷ നീതിബോധത്തിലൂടെയല്ല, ജസ്റ്റിസ്. ഫസല്‍ അലിയും, ജസ്റ്റിസ്. സുബ്ബറാവുവും, ജസ്റ്റിസ് ഖന്നയും തെളിച്ച നീതിയുടെ ഇത്തിരി വെളിച്ചത്തിലൂടെയാണ് രാജ്യത്തിന്റെ നിയമവൈജ്ഞാനികത വികാസം പ്രാപിച്ചത് എന്ന കാര്യം നമുക്ക് മറക്കാതിരിക്കാം. ഈ കാലത്തെയും നമ്മള്‍ അതിജീവിക്കും.

ഈ ലേഖനം 21/01/2021-ന് ട്രൂകോപ്പി തിങ്ക് -ൽ പ്രസിദ്ധീകരിച്ചതാണ്.

ഗവര്‍ണറുടെ വിവേചനാധികാരത്തിന്റെ പരിധി?

കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ രാജ്യമെമ്പാടും കര്‍ഷക പ്രക്ഷോഭത്തിന് വഴി വെച്ചിരിക്കുകയാണ്. ഈ വിഷയം ചര്‍ച്ച ചെയ്യാനായി പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ശിപാര്‍ശ തള്ളിയ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നിലപാട് ഗവര്‍ണറുടെ വിവേചനാധികാരം സംബന്ധിച്ച ചര്‍ച്ചകള്‍ വീണ്ടും സജീവമാക്കുന്നു.

നിയമസഭ വിളിച്ചുകൂട്ടാനുള്ള ഗവര്‍ണറുടെ പ്രാമാണികമായ അധികാരം സ്വേച്ഛാപരമായി പ്രയോഗിക്കാവുന്ന ഒന്നാണെന്ന തെറ്റിദ്ധാരണ പാടില്ല. ബ്രിട്ടീഷ് കാലത്തെ അതേ ജോലിയല്ല ഒരു സ്വതന്ത്ര്യ ജനാധിപത്യ ഫെഡറല്‍ റിപ്പബ്ലിക്കില്‍ ഗവര്‍ണര്‍ക്കുള്ളത്. അതിനെ ചരിത്ര പശ്ചാത്തലത്തില്‍ തന്നെ നമ്മള്‍ മനസ്സിലാക്കേണ്ടതുണ്ട്.

ഇന്ത്യയിലെ ശക്തമായ സ്വാതന്ത്ര്യസമര പോരാട്ടങ്ങളുടെ ഫലമായി പരിമിത ജനാധിപത്യ പങ്കാളിത്തം പ്രവിശ്യാ തലത്തില്‍ ഇന്ത്യക്കാര്‍ക്ക് കൊടുക്കാന്‍ ബ്രിട്ടീഷുകാര്‍ തയ്യാറാക്കിയ 1935 ലെ ഗവണ്‍മെന്റ് ഓഫ് ഇന്ത്യ ആക്ട് പ്രകാരം പ്രവിശ്യകളില്‍ പരിമിതമായ വോട്ടവകാശത്തിലൂടെയെങ്കിലും ജനപ്രതിനിധി സഭകളുണ്ടായി. പ്രവിശ്യകള്‍ക്കുമേല്‍ അധികാരമുറപ്പിക്കാനായി പ്രവിശ്യാ ഭരണകൂടങ്ങളെ നിയന്ത്രിക്കാന്‍ ബ്രിട്ടീഷുകാര്‍ ഏര്‍പ്പെടുത്തിയ പദവിയാണ് ഗവര്‍ണറുടേത്.

ഗവര്‍ണര്‍ പദവി ഒരു കൊളോണിയല്‍ ശേഷിപ്പാണെങ്കിലും, ഗവണ്‍മെന്റ് ഓഫ് ഇന്ത്യാ ആക്ടിലെ വകുപ്പുകളില്‍ നിന്ന് സുപ്രധാനമായ ചില മാറ്റങ്ങള്‍ ഗവര്‍ണറെ സംബന്ധിച്ച് ഇന്ത്യന്‍ ഭരണഘടനയില്‍ ഉണ്ട്.

ഗവണ്‍മെന്റ് ഓഫ് ഇന്ത്യാ ആക്ടിലെ സെക്ഷന്‍ 50 ഇങ്ങനെയാണ്: ‘There shall be a council of ministers to aid and advice the Governor in the exercise of his functions, except insofar as he is by or under this Act required to exercise his functions or any of them in his discretion: Provided that nothing in this subsection shall be construed as preventing the Governor from exercising his individual judgment in any case whereby or under this Act he is required so to do. ഗവര്‍ണറുടെ വിവേചനാധികാരങ്ങള്‍ വിശദീകരിക്കുന്നിടത്ത് അദ്ദേഹത്തിന്റെ ”വൈയക്തിക ബോധ്യം (individual judgment)” എന്ന് ചേര്‍ത്തിരിക്കുന്നത് ശ്രദ്ധിക്കുക.

എന്നാല്‍ ഇന്ത്യന്‍ ഭരണഘടനയില്‍ അനുച്ഛേദം 163(1)ല്‍ ‘വൈയക്തിക ബോധ്യം’ എന്ന പ്രയോഗമില്ല. There shall be a council of Ministers with the Chief Minister at the head to aid and advise the Governor in the exercise of his functions, except in so far as he is by or under this constitution required to exercise his functions or any of them in his discretion എന്നാണ് ചേര്‍ത്തിരിക്കുന്നത്.

ഗവര്‍ണറുടെ വ്യക്തിഗത ബോധ്യങ്ങള്‍ക്കനുസരിച്ചുള്ള വിവേചനാധികാരമല്ല, ഭരണഘടനാപരമായി അനിവാര്യമായ കാര്യങ്ങളെ പ്രതിയുള്ള വിവേചനാധികാരം മാത്രമേ ഗവര്‍ണര്‍ക്കുള്ളൂ. ഇത് വളരെ പ്രധാനമാണ്.

ഭരണഘടനാ നിര്‍മാണ സഭയില്‍ പണ്ഡിറ്റ് ഹൃദയനാഥ് കൂന്‍ശ്രു ഉയര്‍ത്തിയ വിമര്‍ശനങ്ങള്‍ക്ക് മറുപടിയായി ഡോ. ബി. ആര്‍. അംബേദ്കര്‍ തന്നെ ഇത് വ്യക്തമാക്കുന്നുണ്ട്:”The clause is a very limited clause; it says: ‘except in so far as he is by or under this Constitution’. Therefore, Article 143 will have to be read in conjunction with such other Articles which specifically reserve the power to the Governor. It is not a general clause giving the Governor power to disregard the advice of his ministers in any matter in which he finds he ought to disregard’ അനുച്ഛേദം 143 (ഭരണഘടനയിലെ അനുച്ഛേദം 163, ഭരണഘടനയിലെ കരട് രൂപത്തിലെ 143 ആയിരുന്നു), മന്ത്രിസഭയുടെ ഏത് തീരുമാനവും അവഗണിക്കുവാനുള്ള അധികാരം നല്‍കുന്ന പൊതുവകുപ്പല്ല എന്നും വിവേചനാധികാരം ഭരണഘടനാപരമായി അനിവാര്യമായ കാര്യങ്ങളിലേക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു എന്നും അത് ഭരണഘടനയുടെ മറ്റു ഭാഗങ്ങളോട് ചേര്‍ത്ത് വായിക്കേണ്ടതാണ് എന്നും അംബേദ്കര്‍ പ്രസ്താവിച്ചു.

വിവിധ മേഖലകളിലെ കേന്ദ്ര-സംസ്ഥാന ബന്ധങ്ങളെക്കുറിച്ച് പഠിക്കാന്‍ 1983-ല്‍ നിയോഗിക്കപ്പെട്ട സര്‍ക്കാരിയ കമ്മീഷന്‍ റിപ്പോര്‍ട്ടിലും ഗവര്‍ണറുടെ കടമകള്‍ വിശദീകരിക്കപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്തിന്റെ എക്‌സിക്യൂട്ടീവ് അധികാരം പ്രാമാണികമായി ഗവര്‍ണറില്‍ നിക്ഷിപ്തമാണെങ്കിലും യഥാര്‍ഥ അധികാരം മന്ത്രിസഭക്കാണ് എന്ന് റിപ്പോര്‍ട്ട് പറയുന്നു.

വിവേചനാധികാരം സംബന്ധിച്ച ആര്‍ട്ടിക്കിള്‍ 163(1)ല്‍ ‘required’ എന്ന വാക്ക് ഉള്ളതുകൊണ്ട് തന്നെ ഭരണഘടനാപരമായി അനിവാര്യമായ അവസരങ്ങളില്‍ മാത്രമാണ് വിവേചനാധികാരം ഉപയോഗിക്കുവാന്‍ സാധിക്കുക എന്നും വിശദീകരിക്കുന്നു (Sarkaria, 1983).

2016ല്‍ അരുണാചല്‍ പ്രദേശില്‍ നബാം തുകിയുടെ നേതൃത്വത്തിലുളള കോണ്‍ഗ്രസ് മന്ത്രിസഭയെ വിമതരുടെ സഹായത്തോടെ അട്ടിമറിക്കാന്‍ ബി.ജെ.പി നടത്തിയ ശ്രമങ്ങള്‍ ഗവര്‍ണറുടെ വിവേചനാധികാരം സംബന്ധിച്ച നിയമ പോരാട്ടങ്ങള്‍ക്ക് വഴി വെയ്ക്കുകയുണ്ടായി. 60 അംഗ അരുണാചല്‍ നിയമസഭയിലെ 47 കോണ്‍ഗ്രസ് അംഗങ്ങളില്‍ 16 പേര്‍ പക്ഷം മാറിയതോടെ പ്രതിപക്ഷത്തിന്റെ ആവശ്യപ്രകാരം സ്പീക്കറെ പുറത്താക്കുന്നതിനുള്ള പ്രമേയം പരിഗണിക്കുന്നതിന് വേണ്ടി നിയമസഭ നേരത്തെ വിളിച്ചു ചേര്‍ക്കാന്‍ ഗവര്‍ണറായിരുന്ന ജെ. പി. രഖോവ തീരുമാനിക്കുകയായിരുന്നു.

മന്തിസഭയുടെ നിര്‍ദേശപ്രകാരമല്ലാതെ ഗവര്‍ണര്‍ എടുത്ത ഈ തീരുമാനത്തിനെതിരെ അരുണാചല്‍ സ്പീക്കര്‍ നബാം റബിയ കോടതിയെ സമീപിച്ചു. എന്നാല്‍ ഗവര്‍ണറുടെ വിവേചനാധികാരം പ്രധാനമാണെന്നും അത് ഭരണഘടനാപരമാണെന്നും ആയിരുന്നു മറുവാദം. ഇവിടെ ചോദ്യം ചെയ്യപ്പെടുന്നത് ഗവര്‍ണറുടെ ഉദ്ദേശശുദ്ധിയാണ്, തീരുമാനമെടുക്കുമ്പോഴുള്ള അദ്ദേഹത്തിന്റെ മനോവ്യാപാരം അദ്ദേഹത്തിന് മാത്രമേ വിശദീകരിക്കാനാകൂ.

ഭരണഘടനയുടെ അനുച്ഛേദം 361 പ്രകാരം ഗവര്‍ണറുടെ ഭരണപരമായ നടപടികള്‍ കോടതിയില്‍ ചോദ്യം ചെയ്യാനാകില്ല. അനുച്ഛേദം 163(2) ആകട്ടെ ഗവര്‍ണറുടെ വിവേചനാധികാര പ്രയോഗം കോടതിയില്‍ ചോദ്യം ചെയ്യാന്‍ പാടുള്ളതല്ല എന്നു പറയുന്നു. നിയമസഭാ പ്രവര്‍ത്തനങ്ങളിലുള്ള ഗവര്‍ണറുടെ ഇടപെടലുകളാകട്ടെ അനുച്ഛേദം 212 അനുസരിച്ച് നിയമനിര്‍മാണ സഭകള്‍ക്കുള്ള പരിരക്ഷയുടെ പരിധിയില്‍ വരുന്നതുമാണ്. അനുച്ഛേദം 174 പ്രകാരം നിയമസഭാ സമ്മേളനം വിളിക്കുവാനും മാറ്റി വെയ്ക്കുവാനും പിരിച്ചു വിടുവാനുമെല്ലാമുള്ള അവകാശം ഗവര്‍ണര്‍ക്കാണ്. അതുകൊണ്ടു തന്നെ സ്പീക്കറുടെ ഹരജി തള്ളിക്കളയണം എന്നാണ് ഇവര്‍ വാദിച്ചത്.

സുപ്രീംകോടതി പക്ഷെ, ഈ വാദങ്ങള്‍ തള്ളി. ഗവര്‍ണറുടെ അധികാരങ്ങള്‍ പരിമിതമാണ് എന്ന് കോടതി വിലയിരുത്തി. കോടതിയുടെ കണ്ടെത്തലുകള്‍ ഇപ്രകാരമായിരുന്നു:

01.മന്ത്രിസഭയുടെ നിര്‍ദ്ദേശാനുസരണം മാത്രമേ ഗവര്‍ണര്‍ക്ക് നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ക്കാനാകൂ.

02.യഥാര്‍ഥ അധികാരികളായ തെരഞ്ഞെടുക്കപ്പെട്ട മന്ത്രിസഭയുടെ അധികാരങ്ങള്‍ കവര്‍ന്നെടുത്തുകൊണ്ട് ഗവര്‍ണറുടെ അധികാരങ്ങള്‍ വിപുലപ്പെടുത്താനാവില്ല.

03. മന്ത്രിസഭയുടെ നിര്‍ദേശത്തിന് എതിരായോ, മന്ത്രിസഭയുടെ ഉപദേശമില്ലാതെയോ പ്രവര്‍ത്തിക്കാനുള്ള പൊതുവായ അധികാരം അനുച്ഛേദം 163 ഗവര്‍ണര്‍ക്ക് നല്‍കുന്നില്ല.

04. ബില്ലുകള്‍ക്ക് അംഗീകാരം നല്‍കുന്നതുമായോ അതു മാറ്റി വയ്ക്കുകയോ രാഷ്ട്രപതിയുടെയോ മുഖ്യമന്ത്രിയുടെയോ പരിഗണനയ്ക്ക് വിടുന്നതോ സഭയുടെ വിശ്വാസം നഷ്ടപ്പെട്ട മുഖ്യമന്ത്രി രാജിവയ്ക്കാതിരിക്കുന്ന സഹചര്യമോ ഒക്കെ സംബന്ധിച്ച വിവേചനാധികാരങ്ങളേ ഗവര്‍ണര്‍ക്ക് ഉള്ളു.

05. ഗവര്‍ണര്‍ക്ക് പരിമിതമായ അധികാരമുള്ള ഇടങ്ങളില്‍ പോലും അധികാരം സ്വേച്ഛാപരമോ, വിചിത്രമോ ആയിക്കൂടാ, യുക്തിയും അവധാനതയും അനുസരിച്ചുവേണം അതു പ്രയോഗിക്കാന്‍.

06. ഭരണഘടനാപരമായ അനിവാര്യതയുള്ളപ്പോഴാണ് വിവേചനാധികാരം ഗവര്‍ണര്‍ പ്രയോഗിക്കേണ്ടത്.

07. അനുച്ഛേദം 163 പ്രകാരമുള്ള വിവേചനാധികാരം അനുച്ഛേദം 174-ന് ബാധകമല്ല. അതുകൊണ്ടുതന്നെ നിയമസഭാ സമ്മേളനം സംബന്ധിച്ച കാര്യങ്ങളില്‍ മന്ത്രിസഭയുടെ നിര്‍ദ്ദേശാനുസരണം പ്രവര്‍ത്തിക്കാന്‍ മാത്രമേ ഗവര്‍ണര്‍ക്ക് കഴിയൂ. സ്വന്തം നിലയില്‍ നിയമസഭ വിളിച്ചു ചേര്‍ക്കാന്‍ അധികാരമില്ല.

അങ്ങനെ, അര്‍ത്ഥശങ്കയ്ക്ക് ഇടയില്ലാത്ത വിധം ഗവര്‍ണറുടെ അധികാരം വളരെ പരിമിതമാണെന്നും തെരഞ്ഞെടുക്കപ്പെട്ട മന്ത്രിസഭയ്ക്ക് മുകളിലല്ല എന്നും സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ടു തന്നെ കേരളാ ഗവര്‍ണറുടെ നടപടി, ഭരണഘടനാവിരുദ്ധമാണ്.

നിയമസഭാ സമ്മേളനത്തിന്റെ തിയ്യതി തീരുമാനിക്കാനുള്ള യാതൊരു വിവേചനാധികാരവും അദ്ദേഹത്തിനില്ല. ഇതറിയാത്ത ആളാണ് ഗവര്‍ണര്‍ എന്നു ഞാന്‍ കരുതുന്നില്ല. കാരണം അദ്ദേഹമൊരു പണ്ഡിതന്‍ കൂടിയാണ്. എന്നിട്ടും ഇതുപോലൊരു നടപടിയ്ക്ക് മുതിര്‍ന്നത് ഒരു രാഷ്ട്രീയ തീരുമാനമാണോ എന്നു സംശയിക്കുന്നവരെ കുറ്റപ്പെടുത്താനാകില്ല.

ഗവര്‍ണര്‍ എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെ കേവലമൊരു ജോലിക്കാരനല്ല എന്നു സുപ്രീംകോടതി വിവിധ വിധികളില്‍ വ്യക്തമാക്കിയിട്ടുള്ളതാണെങ്കിലും, സിവില്‍ സര്‍വീസ് ജീവനക്കാരേക്കാള്‍ കുറഞ്ഞ തൊഴില്‍ സുരക്ഷ മാത്രമേ ഗവര്‍ണര്‍ക്ക് ഉള്ളു എന്നതാണ് സത്യം.

ഒരു സിവില്‍ സര്‍വീസുകാരനെ നീക്കം ചെയ്യണമെങ്കില്‍ ഭരണഘടനയുടെ അനുച്ഛേദം 311 പ്രകാരമുള്ള അന്വേഷണ നടപടികള്‍ വേണമെന്നാകില്‍, ഗവര്‍ണറെ നീക്കം ചെയ്യുന്നതിന് ഇത്തരം യാതൊരു നടപടിക്രമങ്ങളുമില്ല. ആര്‍ട്ടിക്കിള്‍ 156(1) അനുസരിച്ച് പ്രസിഡന്റിന് തൃപ്തികരമായിരിക്കുവോളം മാത്രമാണ് ഗവര്‍ണര്‍ക്ക് ആ പദവിയില്‍ തുടരാനാകുക. കേന്ദ്ര ഭരണസംവിധാനത്തിന് അനഭിമതനായാല്‍ ഏതു നിമിഷവും നീക്കം ചെയ്യപ്പെടാം. ഇത് ഗവര്‍ണര്‍ പദവിയ്ക്ക് വല്ലാത്ത ഒരു അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നു. കേന്ദ്ര സര്‍ക്കാരിനെ തൃപ്തിപ്പെടുത്താതെ നിലനില്‍ക്കാനാകില്ല എന്നു വരുന്നു.

അതുകൊണ്ടൊക്കെയാണ് കൃത്യമായി നിര്‍വചിക്കപ്പെടാത്ത ചില അധികാരങ്ങളുടെ ബലത്തില്‍ ഭരണഘടന വിഭാവനം ചെയ്യുന്ന ഫെഡറല്‍ ജനാധിപത്യരാഷ്ട്രഘടനയുടെ അന്തസ്സത്തക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുവാന്‍ ഗവര്‍ണര്‍മാര്‍ നിര്‍ബന്ധിതരാകുന്നത്. അത്തരം പ്രവൃത്തികള്‍ തിരുത്തപ്പെടുക തന്നെ വേണം.

This article was first published in DoolNews on 25/12/2020

അസമില്‍ പൗരത്വ നിര്‍ണയം വൈകുന്നതിനുപുറകില്‍ ഒരു രാഷ്ട്രീയമുണ്ട്

കൊട്ടിഘോഷിച്ചു നടപ്പിലാക്കിയ എന്‍.ആര്‍. സിക്ക് എന്താണ് സംഭവിച്ചത്? എന്തുകൊണ്ടാണ് ആര്‍ക്കും ഇതുവരെ പൗരത്വം സ്ഥിരീകരിച്ച് ദേശീയ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കാത്തത്? കോവിഡ് കാലം കഴിഞ്ഞാലുടന്‍ 2019 ലെ പൗരത്വ നിയമ ഭേദഗതി നടപ്പിലാക്കും എന്ന് കഴിഞ്ഞ ദിവസംകൂടി ആവര്‍ത്തിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷ, അസമിലെ പൗരത്വ രജിസ്റ്ററിനെക്കുറിച്ച് മൗനം പാലിക്കുന്നതിന്റെ കാരണം എന്താണ്?

ന്ത്യ ചരിത്രത്തിലെ ഏറ്റവും പ്രധാന രേഖകളിലൊന്ന് എന്നു വിശേഷിപ്പിക്കപ്പെട്ട അസമിലെ ദേശീയ പൗരത്വ രജിസ്റ്ററിന്റെ അന്തിമരൂപം പ്രസിദ്ധീകൃതമായിട്ട് ഒരു വര്‍ഷത്തിലേറെയായി. 2019 ആഗസ്ത് 31നാണ് പട്ടിക പുറത്തുവന്നത്.  സ്വാഭാവികമായും അടുത്ത നടപടി പൗരത്വ കാര്‍ഡ് വിതരണം ചെയ്യലാണ്. എന്നാല്‍ നാളിതുവരെ ഒരു വ്യക്തിയെപ്പോലും ഇന്ത്യന്‍ പൗരനായി പ്രഖ്യാപിച്ചതായോ പൗരത്വ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിയതായോ അറിയില്ല.

പട്ടികക്കുപുറത്തായ ആര്‍ക്കും ‘നിങ്ങള്‍ പൗരത്വ രജിസ്റ്ററില്‍ ഉള്‍പ്പെട്ടിട്ടില്ല’ എന്നു വ്യക്തമാക്കുന്ന നോട്ടീസ് നല്‍കിയിട്ടില്ല. അങ്ങനെ കാര്യകാരണ സഹിതമുള്ള ഉത്തരവ് കിട്ടിയാലേ, അവര്‍ക്ക് അതിനെതിരെ ഫോറിനേഴ്സ് ട്രിബ്യൂണലിനേയോ, ഹൈക്കോടതിയേയോ സമീപിക്കാന്‍ കഴിയൂ. അവിടെയെല്ലാം അപ്പീല്‍ നിരസിക്കപ്പെട്ടാല്‍ മാത്രമേ ആത്യന്തികമായി അയാള്‍ ഇന്ത്യന്‍ പൗരനല്ലാതാകൂ.

ഈ പരാതികള്‍ പരിഗണിക്കുന്നതിന് 221 ഫോറിനേഴ്സ് ട്രിബ്യൂണലുകള്‍ കൂടി സ്ഥാപിക്കുമെന്ന് പ്രസ്താവിച്ചിരുന്നു. അതിലേക്ക് 1600 ജീവനക്കാരെ നിയമിക്കാൻ നടപടി പൂര്‍ത്തിയാക്കി. പക്ഷേ, ഇതുവരെ നിയമനം നടത്തിയിട്ടില്ല. റിക്രൂട്ട്മെന്റ് നടത്തിയശേഷം നിയമനം നല്‍കാത്തതിനെതിരെ അവര്‍ സമരത്തിലാണ്. ഒരു വര്‍ഷം കൊണ്ട് ഒരു അനധികൃത കുടിയേറ്റക്കാരനെപ്പോലും ഔദ്യോഗികമായി കണ്ടെത്തിയിട്ടില്ല എന്നാണ് അതിനര്‍ത്ഥം. കൊട്ടിഘോഷിച്ചു നടപ്പിലാക്കിയ എന്‍.ആര്‍.സിക്ക് എന്താണ് സംഭവിച്ചത്? എന്തുകൊണ്ടാണ് ആര്‍ക്കും ഇതുവരെ പൗരത്വം സ്ഥിരീകരിച്ച് ദേശീയ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കാത്തത്?

സിവിക്ക് ദേശീയതയില്‍ നിന്ന് എത്നിക് ദേശീയതയിലേക്ക് 

ഗവണ്മെന്റുകളും കോടതിയും, നമ്മുടെ സംവിധാനങ്ങളാകെയും നിഷ്‌ക്രിയരാണ് ഇക്കാര്യത്തില്‍. അസം നിയമസഭയില്‍ വച്ച കണക്കനുസരിച്ച് കഴിഞ്ഞ ഏഴുവര്‍ഷത്തിനിടെ 1,37,149 വിദേശികളെയാണ് കണ്ടെത്തിയിട്ടുള്ളത്. അതില്‍ അതാത് രാജ്യങ്ങളിലേക്ക് മടക്കി അയച്ചവരുടെ എണ്ണം 219 മാത്രമാണ്. സ്വാഭാവികമായും ‘കോടിക്കണക്കിന്’ ‘വിദേശികള്‍’ അനധികൃതമായി കുടിയേറിയിട്ടുണ്ടെന്ന് പറയപ്പെടുന്ന അസമില്‍ ഇത് നിരാശാജനകമായ കണക്കാണ്.

എന്നിട്ടും എന്തുകൊണ്ടാണ് എന്‍.ആര്‍.സിയില്‍ തുടര്‍നടപടി ഉണ്ടാകാതെ പോകുന്നത് എന്ന് ചിന്തിക്കുമ്പോഴാണ് നമ്മുടെ വ്യവസ്ഥിതിയിലാകെ ആഴത്തില്‍ വേരോടിയ വംശീയ-വര്‍ഗീയ-വിദ്വേഷ-പ്രത്യയശാസ്ത്രം മറനീക്കി പുറത്തുവരുന്നത്. 

ദേശീയ പൗരത്വ രജിസ്റ്റര്‍ ആശയതലത്തില്‍ തന്നെ സിവിക്ക് ദേശീയതയില്‍ നിന്ന് എത്​നിക്​ ദേശീയതയിലേക്കുള്ള ചുവടുവെപ്പിന്റെ ആധാരശിലയാണ്. അതായത് മാനവികനാഗരികതയുടെ അടിസ്ഥാനത്തില്‍, ജാതി-മത-ഭാഷ-വംശീയ-വര്‍ഗഭേദങ്ങള്‍ക്കപ്പുറം രാഷ്ട്രത്തെ നിര്‍വചിക്കുന്ന അതിരുകള്‍ക്കകത്ത് തുല്യ പൗരത്വം എന്ന സങ്കല്‍പ്പത്തില്‍ നിന്നുള്ള മാറ്റം. ഒരു ദേശത്ത് ജനിച്ചവര്‍ അവിടുത്തെ പൗരരാണ് എന്ന കാഴ്ചപ്പാടില്‍ നിന്നുള്ള മാറ്റം. പകരം വംശീയതയുടെയും പിന്തുടര്‍ച്ചയുടെയും അടിസ്ഥാനത്തില്‍ പൗരത്വത്തെ നിര്‍വചിക്കുന്ന പ്രതിലോമദര്‍ശനത്തിലേക്കുള്ള മാറ്റം. 

ഇന്ത്യ സ്വതന്ത്രയാകുമ്പോള്‍ നമ്മുടെ രാഷ്ട്രശില്‍പികള്‍ ഉയര്‍ത്തിപ്പിടിച്ചത് സിവിക് ദേശീയതയാണ്. ഇന്ത്യയുടെ മണ്ണില്‍ ജനിച്ചവരെ ഇന്ത്യന്‍ പൗരരായിട്ടാണ് കണക്കാക്കിയത്. അതാണ് എല്ലാ ആധുനിക ജനാധിപത്യ സമൂഹങ്ങളും സ്വീകരിച്ചുപോരുന്ന മാനദണ്ഡവും. കാരണം പൗരത്വം എന്നത് ഒരു വ്യക്തിയുടെ അവകാശങ്ങള്‍ക്കുള്ള അവകാശമാണ്. രാഷ്ട്രം ഉറപ്പുനല്‍കുന്ന മൗലികമായ അവകാശങ്ങള്‍ ഒരാള്‍ക്ക് ലഭിക്കുക, അയാള്‍ അവിടുത്തെ പൗരനാകുമ്പോഴാണ്. അത്തരം അവകാശമുള്ളപ്പോള്‍ മാത്രമാണ് മനുഷ്യരായി അന്തസ്സോടെ ജീവിക്കാന്‍ കഴിയൂ. ജന്മം കൊണ്ട് പൗരത്വം ലഭിക്കുക എന്നത് അതുകൊണ്ടുതന്നെ അടിസ്ഥാന മനുഷ്യാവകാശമാണ്. തങ്ങള്‍ക്ക് ഒരു നിയന്ത്രണവുമില്ലാത്ത സ്വന്തം ജനനം എന്ന ആകസ്മികത മൂലം അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്ന സാഹചര്യം അനീതിയാണെന്ന കാര്യത്തില്‍ തര്‍ക്കമില്ലല്ലോ. 

ഉന്നതമായ ഈ ചിന്താധാര പിന്‍പറ്റിയതുകൊണ്ട്, പൗരത്വത്തെ ഭരണഘടനയില്‍ നിര്‍വചിച്ചിട്ടില്ല. നിര്‍വചിക്കേണ്ടതുണ്ട് എന്നു നമ്മുടെ പാര്‍ലമെന്റിനു തോന്നുന്നതുതന്നെ 1956-ല്‍ മാത്രമാണ്. അന്നാണ് ഒരു പൗരത്വനിയമം വരുന്നത്. അത് സിവിക്ക് ദേശീയതയുടെ അടിസ്ഥാനത്തിലായിരുന്നു. പിന്നീടാണ് അപരവത്കരണത്തിന്റെ, വിദ്വേഷത്തിന്റെ, വംശീയതയുടെ ഒക്കെ ബോധ്യങ്ങള്‍ നമ്മുടെ പൗരത്വ സങ്കല്‍പ്പങ്ങളെ സ്വാധീനിക്കാന്‍ തുടങ്ങിയത്. അതിന്റെ മനഃസാക്ഷിയെ നടുക്കുന്ന രൂപഭാവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച ഒരിടം അസം ആയിരുന്നു. 

അതിര്‍ത്തികടന്നെത്തുന്നവര്‍, വിദേശികള്‍, അനധികൃത കുടിയേറ്റക്കാര്‍, ഇവരൊക്കെ പെരുകി തദ്ദേശീയരുടെ അവസരങ്ങളും അവകാശങ്ങളും സമ്പത്തും തട്ടിയെടുക്കുന്നുവെന്ന പ്രചാരണം ശക്തമായി. തൊഴിലില്ലായ്മയില്‍, ഭരണകൂടങ്ങളുടെ കാര്യക്ഷമതയില്ലായ്മയില്‍, ദാരിദ്ര്യത്തില്‍, നാടിന്റെ ദുരവസ്ഥയില്‍, അക്ഷമരായി  കഴിഞ്ഞ ജനങ്ങളുടെ അതൃപ്തിയത്രയും അനധികൃത കുടിയേറ്റക്കാര്‍ എന്ന അപരരിലേക്ക് വഴി തിരിച്ചുവിടുന്നതില്‍ രാഷ്ട്രീയ നേതൃത്വവും മത്സരിച്ചു. അത് വളരെ എളുപ്പമുള്ള കാര്യമായിരുന്നു. വികാരങ്ങളെ ഇളക്കിവിടുക മാത്രമേ ചെയ്യേണ്ടു. വംശവിശുദ്ധിയുടെ അടിസ്ഥാനത്തില്‍ രാഷ്ട്രത്തെ നിര്‍വചിക്കുന്ന വെറുപ്പിന്റെ ദര്‍ശനം പ്രമാണമായി സ്വീകരിച്ചവര്‍ക്ക് അതൊരു അവസരം കൂടിയായി. അങ്ങനെയാണ് രണ്ടാം ലോക മഹായുദ്ധതിനു ശേഷം ലോകം സാക്ഷ്യം വഹിച്ച ഏറ്റവും വലിയ ആസൂത്രിത മനുഷ്യക്കുരുതിക്ക് 1983-ല്‍ അസം സാക്ഷ്യം വഹിക്കുന്നത്. 

പൗരരെന്നു തെളിയിക്കാനുള്ള ബാധ്യത ജനങ്ങള്‍ക്ക്

അസമിലെ ബംഗാളി  മുസ്‌ലിംകള്‍ക്കെതിരെ അരങ്ങേറിയ ആസൂത്രിത വംശഹത്യയാണ് നെല്ലി കൂട്ടക്കൊല എന്ന് അറിയപ്പെടുന്നത്. മൂവായിരത്തോളം പേരാണ് ഔദ്യോഗിക കണക്കുപ്രകാരം വധിക്കപ്പെട്ടത്. അനൗദ്യോഗിക കണക്കുകള്‍ പറയുന്നത് പതിനായിരത്തിലേറെ ജീവനുകള്‍ അന്ന് പൊലിഞ്ഞു എന്നാണ്. ഈ കലാപത്തിന് തൊട്ടുമുന്നേയുള്ള ദിവസങ്ങളില്‍ സംഘപരിവാരത്തിന്റെ ‘മൃദുമുഖ’മായ അടല്‍ ബിഹാരി വാജ്‌പേയി ഉള്‍പ്പടെയുള്ള രാഷ്ട്രീയ നേതൃത്വം നടത്തിയ വിദ്വേഷ പ്രചാരണംഞെട്ടിപ്പിക്കുന്നതാണ്. ആസു എന്നറിയപ്പെടുന്ന ആള്‍ ആസാം സ്റ്റുഡന്റ്സ് യൂണിയന്‍ (AASU) ആയിരുന്നു അക്രമസംഭവങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. 

1985-ല്‍ രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരുന്നപ്പോഴാണ് ഇതിനൊരു പരിഹാരം എന്ന നിലയില്‍ അസം ഉടമ്പടി വരുന്നത്. ഒരുപക്ഷേ സ്വതന്ത്ര ഇന്ത്യ ഒരു രാഷ്ട്രേതര ശക്തിയുമായി ഉണ്ടാക്കുന്ന ആദ്യത്തെ ഉടമ്പടിയാവും ഇത്. അങ്ങനെ ഇന്ത്യയുടെ പൗരത്വ നിയമം പൊളിച്ചെഴുതുവാനും പിറന്ന മണ്ണിന്റെ അടിസ്ഥാനത്തില്‍ പൗരത്വം എന്ന സങ്കല്‍പ്പത്തില്‍ നിന്നും മാറി പാരമ്പര്യത്തിന്റെ അടിസ്ഥാനത്തില്‍ പൗരത്വത്തെ നിർണയിക്കാനും തീരുമാനിച്ചു.

പൗരത്വ നിയമഭേദഗതി നിലവില്‍ വന്ന 1987 ജൂലൈ ഒന്നുമുതല്‍ ഇന്ത്യയില്‍ പൗരത്വം ലഭിക്കണമെങ്കില്‍ മാതാപിതാക്കളിലൊരാള്‍ ഇന്ത്യന്‍ പൗരനായിരിക്കണം എന്നു വന്നു. അസമില്‍ ഇത് 1971 മാര്‍ച്ച് 25 മുതലായിരുന്നു. സ്വതന്ത്ര ബംഗ്ലാദേശിനുവേണ്ടിയുള്ള യുദ്ധം ആരംഭിച്ച ദിനം മുതല്‍. ഇതുപ്രകാരം ഇന്ത്യന്‍ പൗരന്മാരെ കണ്ടെത്തി ദേശീയ പൗരത്വ രജിസ്റ്റര്‍ രൂപീകരിച്ച് ‘വിദേശികളെ’ പുറത്താക്കുക എന്നതായിരുന്നു ആസുവിന്റെ ആവശ്യം. 

ഏകദേശം മൂന്നരക്കോടി ജനസംഖ്യയുള്ള അസമില്‍ ഒന്നരക്കോടിയോളം  അനധികൃത കുടിയേറ്റക്കാര്‍ ഉണ്ടെന്നായിരുന്നു വാദം. വളരേ ദുര്‍ഘടമായ ഭൂപ്രകൃതിയും തുടര്‍ച്ചയായ പ്രളയവും ഒരുപാട് ദരിദ്രരും ഭവനരഹിതരും ഒക്കെയുള്ള അസമില്‍ രേഖകളുടെ അടിസ്ഥാനത്തില്‍ സ്വന്തം പൗരത്വം സ്ഥാപിച്ചെടുക്കാന്‍ ജനങ്ങളോട് ആവശ്യപ്പെടുന്നത് തന്നെ എളുപ്പമായിരുന്നില്ല. അതുകൊണ്ടുതന്നെ പൗരത്വ രജിസ്റ്റര്‍ നീണ്ടു നീണ്ടുപോയി.

അങ്ങനെയിരിക്കെയാണ് പഴയ ആസു നേതാവ് കൂടിയായ ഇന്നത്തെ ആസാം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍ സുപ്രീംകോടതിയെ സമീപിക്കുന്നത്. 
Illegal Migrants (Determination by Tribunal) (IMDT) Act, 1983 റദ്ദുചെയ്യണം എന്ന് അവശ്യപ്പെട്ടുകൊണ്ടായിരുന്നു ഹര്‍ജി. അസം ഉടമ്പടി അനുസരിച്ച് അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തുന്നതിനായി കൊണ്ടുവന്ന നിയമമാണ് ഇത്. നിയമപ്രകാരം ഒരു വ്യക്തി ഇന്ത്യന്‍ പൗരനല്ല എന്നു കണ്ടാല്‍ അതു തെളിയിക്കാനുള്ള ബാധ്യത ഗവണ്മെന്റിനാണ്. ഇത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്.

അതുകൊണ്ടുതന്നെ അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി പുറത്താക്കുന്നതിന് ഈ നിയമം തടസ്സമാണ് എന്നായിരുന്നു ആരോപണം. പകരം, പൗരരെന്നു തെളിയിക്കാനുള്ള ബാധ്യത ജനങ്ങള്‍ക്കുമേല്‍ വരുന്ന കൊളോണിയല്‍ കാലത്തെ ഫോറിനേഴ്സ് ആക്റ്റ് 1946 പ്രകാരമാണ് നടപടികള്‍ എടുക്കേണ്ടത് എന്നായിരുന്നു സോനോവാലിന്റെ വാദം. ഈ കേസ് 2012-ല്‍ മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയുടെ മുന്നില്‍ എത്തുന്നതോടുകൂടിയാണ് വംശീയ വിദ്വേഷപ്രചാരകര്‍ തെളിച്ച വഴിയേ നീതിപീഠവും നടന്നുതുടങ്ങുന്നതായി നമുക്ക് തോന്നുക. ജസ്റ്റിസ് ഗോഗോയി അസംകാരനാണെന്നുമോര്‍ക്കാം. 

ആനുമാനിക നിരപരാധിത്വം (presumtpion of innocence) അന്താരാഷ്ട്രതലത്തില്‍ മനുഷ്യാവകാശമായി കണക്കാക്കുന്ന ഒരു നിയമ തത്വമാണ്. ഒരാള്‍ കുറ്റക്കാരനെന്ന് തെളിയിക്കപ്പെടുംവരെ അയാളെ നിരപരാധിയായി കണക്കാക്കണം എന്നതാണത്. ഐക്യരാഷ്ട്രസഭയുടെ മനുഷ്യവകാശപ്രഖ്യാപന രേഖയുടെ അനുച്ഛേദം 14-ന്റെ ഭാഗമാണത്. ഏതൊരു കേസിലും കുറ്റം തെളിയിക്കുക എന്നത് പ്രോസിക്യൂഷന്റെ ബാധ്യതയാണ്. അതിനുള്ള സംവിധാനവും അധികാരവും ഗവണ്മെന്റിനുണ്ട്.

നേരെ മറിച്ച് ഇതൊന്നുമില്ലാത്ത സാധാരണ പൗരരെ സ്വതവേ കുറ്റവാളികളായി കാണുകയും, സ്വയം തെറ്റുകാരല്ല എന്നു തെളിയിക്കേണ്ട ബാധ്യത അവരിലേക്ക് ചാര്‍ത്തുകയും ചെയ്യുന്നത് അനീതിയാണ്. ഭരണകൂടങ്ങള്‍ അധികാരപരിധി ലംഘിക്കുകയോ, പൗരവകാശങ്ങളെ ഹനിക്കുകയോ ചെയ്താല്‍ അതിനെ തടയുക എന്നതാണ്  ജനാധിപത്യത്തില്‍ ഭരണഘടനാകോടതിയുടെ ധര്‍മം. എന്നാല്‍ നമ്മുടെ സുപ്രീംകോടതി സോനോവാള്‍ കേസില്‍ തികച്ചും അസാധാരണമായ സമീപനമാണ് സ്വീകരിച്ചത്. 

സ്വാഭാവിക നീതി അനുസരിച്ചു വിഭാവനം ചെയ്യപ്പെട്ടിരുന്ന നിയമമാണ് ഐ.എം.ഡി. ടി. ആക്ട്. അതു മാനിക്കാതെ മനുഷ്യരെയെല്ലാം സ്വതവേ കുറ്റക്കാരായി കാണുകയും നിരപരാധിത്വം തെളിയിക്കല്‍ അവരുടെ ബാധ്യതയായി കണക്കാക്കുകയും ചെയ്യുന്ന  ഫോറിനേഴ്‌സ് ആക്ട് എന്ന കൊളോണിയല്‍ നിയമത്തിനൊപ്പം നില്‍ക്കുകയുമാണ് കോടതി ചെയ്തത്. ഇരുനിയമങ്ങളെയും താരതമ്യം ചെയ്തുകൊണ്ട് ആസാമിലെ കുടിയേറ്റക്കാര്‍ക്ക് രാജ്യത്തിന്റെ ഇതര ഭാഗങ്ങളെ അപേക്ഷിച്ച് കൂടുതല്‍ നിയമ പരിരക്ഷ ലഭിക്കുന്നുവെന്നു പറഞ്ഞു പ്രസ്തുത ആക്ട്, നിയമത്തിനു മുന്നിലെ തുല്യതയുടെ, ആര്‍ട്ടിക്കിള്‍ 14-ന്റെ, ലംഘനമാണെന്ന് കണ്ടെത്തി റദ്ദു ചെയ്യുകയായിരുന്നു കോടതി.

ഫോറിനേഴ്സ് ആക്ട് രാജ്യത്ത് എത്തിച്ചേര്‍ന്ന വിദേശികളെ ഉദ്ദേശിച്ചുള്ള നിയമമാണെന്നും എന്നാല്‍ ഐ.എം.ഡി.ടി. ആക്ട്  ആസാമിലെ നിലവില്‍ ജീവിക്കുന്ന മനുഷ്യരുടെ പൗരത്വം നിര്ണയിക്കുന്നതിനുള്ള നിയമം ആണെന്നുമുള്ള പ്രാഥമിക വ്യത്യാസം കോടതി കണ്ടില്ലെന്നു നടിച്ചു. 
അതിനു പുറമേ, പൗരത്വ പട്ടിക തയ്യാറാക്കി അനധികൃത കുടിയേറ്റക്കാരെ കയറ്റി അയയ്ക്കുക എന്ന ഗവണ്മെന്റിന്റെ ജോലികൂടി കോടതിയില്‍ ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയുടെ ബഞ്ച് ഏറ്റെടുക്കുന്ന കാഴ്ചയാണ് പിന്നീട് നമ്മള്‍ കണ്ടത്. 

അതിന് കോടതി പ്രമാണമായി സ്വീകരിച്ചത് വെറുപ്പിന്റെ രാഷ്ട്രീയക്കാര്‍ മുന്നേ തെളിച്ചിട്ട സത്യാനന്തര വര്‍ത്തമാനങ്ങളാണ്. ആസാമില്‍ 1.4 കോടിയെങ്കിലും അനധികൃത കുടിയേറ്റക്കാര്‍ ഉണ്ടെന്ന് പറഞ്ഞു പ്രചരിപ്പിച്ചവരുടെ വാദം മുഖവിലക്കെടുക്കുകയായിരുന്നു കോടതി ചെയ്തത്. സംസ്ഥാനത്തെ ആകെ  ജനസംഖ്യയുടെ 40 ശതമാനത്തോളം വരുമിത്.

1931-ലെ സെന്‍സസ് ഓഫീസര്‍ സി.എസ്. മൂളറുടെയും 1998-ലെ ആസ്സാം ഗവര്‍ണരുടെയും റിപ്പോര്‍ട്ടുകള്‍ പരിഗണിച്ചുകൊണ്ട് അനധികൃത കുടിയേറ്റം ‘വൈദേശിക അധിനിവേശമാണ്’ എന്ന അതിതീവ്രമായ ഒരു നിലപാടിലേക്കാണ് കോടതി എത്തിച്ചേര്‍ന്നത്. വസ്തുതകളുടെയോ തെളിവിന്റെയോ പിന്ബലമില്ലാതെ ആസാമിലെ ഭീകരവാദം തുടങ്ങി ഏതാണ്ടെല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം കുടിയേറ്റ മുസ്ലീങ്ങളാണ് എന്നു പറഞ്ഞു വയ്ക്കുന്നതായിരുന്നു ഗവര്‍ണറുടെ റിപ്പോര്‍ട്ട്. ഇത് അടിസ്ഥാനമാക്കിയാണ് ഭരണഘടനയിലെ അടിയന്തരാവസ്ഥാ അധികാരമായ അനുച്ഛേദം 355 കോടതി ഉപയോഗിച്ചത്.

വൈദേശിക ആക്രമണങ്ങളില്‍ നിന്നും ആഭ്യന്തര കാലഹങ്ങളില്‍ നിന്നും ജനങ്ങളെ രക്ഷിക്കുവാനുള്ള ബാധ്യത ഗവണ്മെന്റുകള്‍ക്ക് ഉണ്ട് എന്നതാണ് പ്രസ്തുത അനുച്ഛേദം പറയുന്നത്. കുടിയേറ്റത്തെ വൈദേശിക ആക്രമണമായി പരിഗണിച്ചുകൊണ്ട് ഐ.എം.ഡി. ടി. നിയമം അനുച്ഛേദം 355-ന്റെ ലംഘനമാണ് എന്നു വിലയിരുത്തി കോടതി. ഒപ്പം അധിനിവേശത്തില്‍ നിന്നു ജനതയെ രക്ഷിക്കാന്‍ ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പിലാക്കണമെന്ന നിര്‍ദ്ദേശവും. 

ഇല്ലാത്ത കുടിയേറ്റ ഭീഷണി

ഇന്ത്യയിലെ മറ്റിടങ്ങളില്‍ നിന്ന് വ്യത്യസ്തമായി 1971 മാര്‍ച്ച് 25 അസമിലെ പൗരത്വനിര്‍ണയത്തിന്റെ അടിസ്ഥാന തീയതിയായി കണക്കാക്കുന്നത് നിയമവിരുദ്ധമാണ് എന്ന ആക്ഷേപത്തിന്മേല്‍ സുപ്രീംകോടതി തീരുമാനം എടുക്കാതിരിക്കെ, അക്കാര്യത്തില്‍ ഒരു വിധി വരാന്‍ പോലും കാത്തു നില്‍ക്കാതെയായിരുന്നു കോടതി ഇടപെടല്‍. 

പിന്നീടങ്ങോട്ട് കോടതിയാണ് അസമിലെ എന്‍.ആര്‍.സി പൂര്‍ണമായും നിയന്ത്രിച്ചത്. എക്‌സിക്യൂട്ടീവ് അധികാരപ്രയോഗങ്ങളെ നിയന്ത്രിക്കുക എന്ന സ്വന്തം കടമ മറന്ന് കോടതി എക്‌സിക്യൂട്ടീവിന്റെ ജോലി ചെയ്യുന്ന കാഴ്ചയാണ് നമ്മള്‍ കണ്ടത്. എക്‌സിക്യൂട്ടീവിന്റെ ജോലി കോടതി ഏറ്റെടുത്താല്‍ പൗരന്‍ നീതി തേടി പോവുക ഏത് വാതില്‍ക്കലേക്ക് എന്ന ചോദ്യം അവശേഷിക്കുകയാണ്.

പൗരത്വ രജിസ്റ്റര്‍ എങ്ങനെ തയ്യാറാക്കണം, ഏതു തീയതിയില്‍ പ്രസിദ്ധീകരിക്കണം, ഏതൊക്കെ രേഖകള്‍ ആണ് അതിനായി പരിഗണിക്കേണ്ടത് തുടങ്ങിയ എല്ലാ കാര്യങ്ങളും തീരുമാനിച്ചത് കോടതിയാണ്. സുതാര്യമായ നീതി നിര്‍വഹണം സംബന്ധിച്ച പൊതു തത്വങ്ങള്‍ക്കെല്ലാം വിരുദ്ധമായി എന്‍.ആര്‍.സി. കോഓര്‍ഡിനേറ്റര്‍ പ്രതീക് ഹജേലയും കോടതിയും തമ്മില്‍ നടന്ന മുദ്രവച്ച കവറിലെ ഇടപാടുകളില്‍ കൂടിയാണ് കാര്യങ്ങള്‍ തീരുമാനിക്കപ്പെട്ടത്. പലപ്പോഴും ഗവണ്മെന്റുപോലും ഇത് അറിഞ്ഞിരുന്നില്ല. അങ്ങനെ 2019 ആഗസ്റ്റ് 31-ന് ഹജീലാ തന്റെ ദൗത്യം പൂര്‍ത്തീകരിച്ചു; പൗരത്വ രജിസ്റ്ററിന്റെ അന്തിമരൂപം പ്രസിദ്ധീകരിച്ചു. 

19,06,657 മനുഷ്യരാണ് പൗരത്വ പട്ടികയില്‍ ഇടം പിടിക്കാതെ പോയവര്‍. 19 ലക്ഷം എന്ന സംഖ്യ പ്രധാനമാണ്. ഗവര്‍ണറുടെ റിപ്പോര്‍ട്ടും, വിദ്വേഷ രാഷ്ട്രീയപ്രചാരണക്കാരും  അവകാശപ്പെട്ടതുപോലെ ഒന്നരക്കോടിയോ, അരക്കോടിയോ അനധികൃത കുടിയേറ്റക്കാര്‍ അസമില്‍ ഉണ്ടായിരുന്നില്ല എന്നാണ് ഇത് കാണിക്കുന്നത്. ഈ 19 ലക്ഷത്തില്‍ തന്നെ നല്ലൊരു ശതമാനം പേര്‍ അപ്പീലുകളില്‍ പൗരത്വപട്ടികയില്‍ ഇടംനേടാന്‍ ഇടയുള്ളവരാണ്.

അതിനര്‍ത്ഥം 2013-ലെ സോനോവാള്‍ കേസിലെ വിധിക്ക് അടിസ്ഥാനവസ്തുതയായി സുപ്രീംകോടതി കരുതിയ കാര്യങ്ങള്‍ തെറ്റായിരുന്നു എന്നാണ്. വൈദേശിക അധിനിവേശത്തിനു സമാനമായ ഒരു കുടിയേറ്റഭീഷണി ഇവിടെ ഉണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ സുപ്രീംകോടതിവിധിയുടെ യുക്തി തെറ്റായിരുന്നു. വിധിയുടെ കേന്ദ്ര ബിന്ദുവായ ആര്‍ട്ടിക്കിള്‍ 355 സംബന്ധിച്ച വാദഗതികള്‍ അടിസ്ഥാനരഹിതാണെന്നും വരുന്നു. ഫാസിസ്റ്റ് പ്രത്യയശാസ്ത്രക്കാര്‍ തെളിച്ച വിദ്വേഷരാഷ്ട്രീയത്തിന്റെയും വംശവെറിയുടെയും വഴിയിലൂടെ തെല്ലിട ന്യായാധിപരും നടന്നുവെന്ന് സാരം.

സുപ്രീംകോടതിയും നിശ്ശബ്ദമാണ്

എന്‍.ആര്‍.സിക്കുവേണ്ടി വാദിച്ച ആസുവും ബിജെപിയും ഉള്‍പ്പടെയുള്ള സംഘടനകള്‍ അതിന് എതിരെ നില്‍ക്കുന്ന കൗതുകകരമായ കാഴ്ചയ്ക്കാണ് ഇപ്പോള്‍ നാം സാക്ഷ്യം വഹിക്കുന്നത്. കാരണം അന്തിമ പൗരത്വ പട്ടിക പ്രസിദ്ധീകൃതമായപ്പോള്‍ ഇവര്‍ ഉയര്‍ത്തികൊണ്ടുവന്ന അപരവിദ്വേഷത്തിന്റെ വഴിയെയല്ല കാര്യങ്ങള്‍ പോകുന്നത് എന്നു വ്യക്തമായി.

പുറത്തായ 19 ലക്ഷത്തില്‍ ഏറിയ പങ്കും ഹിന്ദുക്കളായിരുന്നു. പലകാരണങ്ങള്‍ കൊണ്ടാകാം അതു സംഭവിച്ചത്. ഒന്നാമത്തെ കാരണം കിഴക്കന്‍ പാക്കിസ്ഥാനുമായി യുദ്ധമുണ്ടാകുമ്പോള്‍ ഇങ്ങോട്ട് ബംഗ്ലാദേശികളുടെ കുത്തൊഴുക്ക് ഉണ്ടായിട്ടുണ്ടെങ്കില്‍   സ്വാഭാവികമായും അത് ബംഗാളി ഹിന്ദുക്കളുടേതായിരിക്കും എന്ന സമാന്യബോധമാണ്. മറ്റൊന്ന് പുറത്താക്കപ്പെടുമെന്ന ഭീതി ഉള്ളതുകൊണ്ട് മുസലിംകള്‍ ആവശ്യമായ രേഖകള്‍ പരമാവധി തയ്യാറാക്കി വച്ചിട്ടുണ്ടായിരുന്നിരിക്കാം. അതിനുവേണ്ടി മുസ്​ലിം സംഘടനകള്‍ ബോധവത്കരണങ്ങളും മറ്റും നടത്തുകയും സഹായങ്ങള്‍ ഒരുക്കുകയും ചെയ്തു.

അങ്ങനെ അപരരെ സൃഷ്ടിച്ച് ആട്ടിയോടിക്കാന്‍ ശ്രമിച്ചവര്‍ക്ക് അന്തിമ പട്ടിക വന്നപ്പോള്‍ അത് സ്വന്തം വോട്ടുബാങ്കിലേക്കാണ് കയറുന്നത് എന്ന തിരിച്ചറിവ് ഉണ്ടായിക്കാണണം. അതുകൊണ്ടാകണം എന്‍.ആര്‍.സി. പുനഃപരിശോധിക്കണം എന്ന ആവശ്യം ഉന്നയിക്കപ്പെട്ടത്. 
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പിന്‍ബലത്തോടെ എന്‍.ആര്‍.സിയുടെ 20 ശതമാനം പുനഃപരിശോധിക്കണം എന്ന ആവശ്യം സുപ്രീംകോടതിയില്‍ ഉന്നയിച്ചു.

അത് അനാവശ്യമാണ് എന്നും പട്ടികയിലെ  27 ശതമാനം ഇതിനകം പുനഃപരിശോധനയ്ക്ക് വിധേയമായതാണെന്നും ഹജേല കോടതിയെ ബോധിപ്പിച്ചു. അങ്ങനെ  പുനഃപരിശിധനാ ആവശ്യം കോടതി തള്ളുകയായിരുന്നു. തുടര്‍ന്ന് ഇക്കൂട്ടരുടെ രോഷം എന്‍.ആര്‍.സി. കോഓര്‍ഡിനേറ്റര്‍ പ്രതീക് ഹജീലയ്‌ക്കെതിരെ തിരിഞ്ഞു. വിദേശികള്‍ക്ക് പൗരത്വം നല്‍കാന്‍ അദ്ദേഹം കൂട്ടു നിന്നു എന്നായിരുന്നു ആരോപണം. 

പിന്നീട് പെട്ടെന്ന് ഒരു ദിവസം പ്രതീക് ഹജെലയെ സുപ്രീംകോടതി മധ്യപ്രദേശിലേക്ക് സ്ഥലം മാറ്റി ഉത്തരവിട്ടു. അസം കേഡറിലെ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം. 2019 ഒക്ടോബര്‍ 18-ന് ഇറങ്ങിയ പ്രസ്തുത ഉത്തരവില്‍ സ്ഥലം മാറ്റത്തിന് കാരണമൊന്നും കാണിച്ചിട്ടില്ല. ‘കാരണമില്ലാതെ ഒരുത്തരവും ഇറങ്ങുകയില്ല’ എന്ന നിഗൂഢമായ ഒരു വരി മാത്രമാണ് ഉത്തരവില്‍ ഉണ്ടായിരുന്നത്. പൗരത്വ രജിസ്റ്ററുമായി ബന്ധപ്പെട്ട് 2013 മുതല്‍ സുപ്രീംകോടതിയില്‍ നടന്ന വ്യവഹാരങ്ങളുടെ പൊതു സ്വഭാവമായിരുന്ന സുതാര്യതയില്ലായ്മ അവസാനം കോഓര്‍ഡിനേറ്ററുടെ സ്ഥലം മാറ്റത്തിലും തുടര്‍ന്നു. 

സോനോവോള്‍ ഉള്‍പ്പടെയുള്ള കക്ഷികളും രാഷ്ട്രീയ നേതൃത്വവും പിന്നീട് പൗരത്വ പട്ടിക സംബന്ധിച്ച തുടര്‍ നടപടികളുടെ കാര്യത്തില്‍ ഒരു തിടുക്കവും കാണിച്ചിട്ടില്ല. പൗരത്വ കാര്‍ഡുകള്‍ നല്കുന്നതിനെപ്പറ്റി, വിദേശികളെ അതിര്‍ത്തി കടത്തുന്നതിനെപ്പറ്റി ഒന്നും ആരും പറഞ്ഞു കേള്‍ക്കുന്നില്ല. ഒരു ഘട്ടത്തില്‍, എന്തുകൊണ്ട് ആളുകളെ പുറത്താക്കുന്നില്ല എന്നു സംസ്ഥാന ഗവണ്മെന്റിനെ ശകാരിക്കുകയും ആവേശത്തോടെ പൗരത്വ പട്ടിക ഏറ്റെടുത്തു നടപ്പാക്കുകയും ചെയ്ത സുപ്രീംകോടതിയും നിശ്ശബ്ദമാണ്.

തീവ്ര ദേശീയതാ വാദികളുടെയും, വിദ്വേഷ പ്രചാരകരുടെയും, സംവിധാനങ്ങളുടെയാകെയും അത്ഭുതപ്പെടുത്തുന്ന നിശ്ശബ്ദതതയും താത്പര്യമില്ലായ്മയും കാണുമ്പോഴാണ് രാജ്യമാകെ വേരോടിയിട്ടുള്ള അപരവിദ്വേഷത്തിന്റെ രാഷ്ട്രീയപ്രത്യയശാസ്ത്രം എത്രമേല്‍ മാരകവും സര്‍വവ്യാപിയും ആണെന്ന് മനസിലാകുക. പൗരത്വ പട്ടികയില്‍ നിന്നും പുറത്തായ 19 ലക്ഷത്തില്‍ ഭൂരിപക്ഷവും ഇവര്‍ കരുതിയതുപോലെ മുസ്​ലിംകളായിരുന്നെങ്കില്‍ ഇതാകുമായിരുന്നോ അവസ്ഥ?

പട്ടിക പുറത്തുവന്ന് ദിവസങ്ങള്‍ക്കകം പൗരത്വ കാര്‍ഡ് നല്‍കുവാനും, ‘കുടിയേറ്റക്കാരെ’ പുറത്താക്കുവാനുമുള്ള നടപടികള്‍ ആരംഭിക്കുമായിരുന്നു എന്നു മാത്രമല്ല ഇന്ന് നിശബ്ദത പാലിക്കുന്ന രാഷ്ട്രീയ/ഭരണ നേതൃത്വങ്ങള്‍ ഇടപെടുമായിരുന്നു.  സോനോവാള്‍ കേസിലെ വിധിയുടെ യുക്തി പിന്‍പറ്റിയാല്‍ പരമോന്നത നീതിപീഠവും ഇടപെടാതിരിക്കുമെന്നു കരുതുക വയ്യ.

കോവിഡ് കാലം കഴിഞ്ഞാലുടന്‍ 2019-ലെ പൗരത്വ നിയമ ഭേദഗതി നടപ്പിലാക്കും എന്ന് കഴിഞ്ഞ ദിവസംകൂടി ആവര്‍ത്തിച്ച ആഭ്യന്തര മന്ത്രി അമിത് ഷാ അസമിലെ പൗരത്വ രജിസ്റ്ററിനെക്കുറിച്ച് മൗനം പാലിക്കുന്നതിന്റെ കാരണവും മറ്റൊന്നല്ല.

This article was first published in TrueCopyThink on 17 Nov 2020

ആ കന്യാസ്​ത്രീയെക്കൊണ്ട്​ മാപ്പു പറയിക്കാൻ പൊലീസിന്​ എന്താണ്​ അധികാരം?

മതവികാരം വ്രണപ്പെടുത്തുക എന്നത് ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വകുപ്പ് 295(എ) പ്രകാരം മൂന്നുവര്‍ഷം വരെ തടവ് ലഭിക്കാവുന്ന ഗൗരവതരമായ കുറ്റമാണ്. ഇത്ര ഗൗരവതരമായ ഒരു കുറ്റകൃത്യത്തെ സംബന്ധിച്ച് ഒരു പരാതി ലഭിച്ചാല്‍ അവധാനതയോടെ കൈകാര്യം ചെയ്യാനുള്ള ബാധ്യത പൊലീസിനുണ്ട്. എന്നാല്‍, പൊലീസിന് ഇല്ലാത്ത അധികാരം ഉപയോഗിച്ച് ഒരു ഇന്ത്യന്‍ പൗരയെ സ്റ്റേഷനില്‍ വിളിച്ചുവരുത്തി ഇല്ലാത്ത കുറ്റത്തിന്റെ പേരില്‍ മാപ്പ് പറയിച്ചിരിക്കുന്നു. കാലഹരണപ്പെട്ട ദൈവനിന്ദാ നിയമത്തിനെതിരെ ശക്തമായ ഒരു പൊതുബോധം ഉയര്‍ന്നുവരണമെന്നും അല്ലാത്തിടത്തോളം കാലം പൊലീസും ഭരണകൂടവും മൗലികവാദ സംഘങ്ങളും ഇത് ദുരുപയോഗം ചെയ്യുന്നത് തുടരുമെന്നും ലേഖകന്‍

വിട്ടിത്താഴ്ത്തപ്പെട്ടവന്റെ സുവിശേഷമാണ് ഓണം എന്ന ആശയം പങ്കുവെച്ചതിന് ഒരു ഇന്ത്യന്‍ പൗരക്ക്​ പോലീസ് സ്റ്റേഷനില്‍ ഹാജരായി രേഖാമൂലം മാപ്പ് എഴുതി സമര്‍പ്പിക്കേണ്ട സാഹചര്യം ഉണ്ടായിരിക്കുന്നു. അത് സംഭവിച്ചത് പ്രബുദ്ധതയും ‘ഇടതുപക്ഷ’ സമൂഹ്യബോധവും ഉള്ള കേരളത്തില്‍ ഒരു ‘ഇടതുപക്ഷ’ ഗവണ്‍മെന്റ് അധികാരത്തിലിരിക്കുമ്പോഴാണ്.

കോട്ടയം കറുകച്ചാല്‍ പൊലീസ് സ്റ്റേഷനിലാണ് ലജ്ജാകരമായ സംഭവം അരങ്ങേറിയത്. ചതിയിലൂടെ ചവിട്ടിത്താഴ്ത്തപ്പെട്ട മഹാബലിയുടെ ഐതിഹ്യം ഓര്‍മിക്കുകയും അദ്ദേഹത്തിന്റെ സ്മരണകളെ യേശുക്രിസ്തു മുതല്‍ ഇറോം ശര്‍മിള വരെയുള്ള ത്യാഗോജ്ജ്വല ജീവിതങ്ങളുമായി തുലനം ചെയ്തുകൊണ്ടുമുള്ള ഒരു ഓണസന്ദേശമാണ് കന്യാസ്ത്രീയും അധ്യാപികയുമായ സിസ്റ്റര്‍ റീത്താമ്മ സി. മാത്യൂസ് വിദ്യാര്‍ഥികളുമായി പങ്കുവെച്ചത്. അതിനെതിരെ ഹിന്ദു ഐക്യവേദി കൊടുത്ത പരാതിയിലായിരുന്നു പൊലീസ് നടപടി.

പ്രഥമദൃഷ്ട്യാ യാതൊരു അടിസ്ഥാനവുമില്ലാത്ത ഒരു പരാതിയില്‍ പൊലീസ് ഇത്തരമൊരു നടപടിയിലേക്ക് പോയത് കുറേക്കാലമായി നമ്മുടെ വ്യവസ്ഥിതിയോട് ചേര്‍ന്നുനില്‍ക്കുന്ന ഭൂരിപക്ഷബോധത്തിന്റെ തുടര്‍ച്ചയാണ്. മതവികാരം വ്രണപ്പെടുത്തുക എന്നത് ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വകുപ്പ് 295(എ) പ്രകാരം മൂന്നുവര്‍ഷം വരെ തടവ് ലഭിക്കാവുന്ന ഗൗരവതരമായ കുറ്റമാണ്. സി.ആര്‍.പി.സി. സെക്ഷന്‍ 41 പ്രകാരം മജിസ്ട്രേറ്റിന്റെ അനുമതി കൂടാതെ എഫ്.ഐ.ആര്‍ ഇട്ട് അറസ്റ്റ് ചെയ്യാവുന്ന ക്രിമിനല്‍ കുറ്റം. രാജ്യത്തെ ഏതൊരു പൊലീസ് സ്റ്റേഷനിലും, അല്ലെങ്കില്‍ 600 ജില്ലാ കോടതികളിലെവിടെ വേണമെങ്കിലും പരാതിയുമായി എത്താവുന്ന കുറ്റം. ഇത്ര ഗൗരവതരമായ ഒരു കുറ്റകൃത്യത്തെ സംബന്ധിച്ച് പരാതി ലഭിച്ചാല്‍ അതര്‍ഹിക്കുന്ന അവധാനതയോടെ കൈകാര്യം ചെയ്യാനുള്ള ബാധ്യത പൊലീസിനുണ്ട്. എന്നാല്‍ ഇവിടെ അതുണ്ടായിട്ടില്ല എന്നു മാത്രമല്ല പൊലീസിന് ഇല്ലാത്ത അധികാരം ഉപയോഗിച്ച് ഒരു ഇന്ത്യന്‍ പൗരയെ സ്റ്റേഷനില്‍ വിളിച്ചുവരുത്തി ഇല്ലാത്ത കുറ്റത്തിന്റെ പേരില്‍ മാപ്പ് പറയിക്കുകയും ചെയ്തിരിക്കുന്നു. 
‘മനപൂര്‍വ്വവും ദുരുദ്ദേശ്യപരവുമായി’ മതത്തെയും മതവിശ്വാസത്തെയും അവഹേളിക്കുന്നതിലൂടെ ഒരു വിഭാഗത്തിന്റെ വികാരം വ്രണപ്പെടുത്തുന്നതാണ്’ സെക്ഷന്‍ 295(എ) പ്രകാരം ശിക്ഷാര്‍ഹമായ കുറ്റം. ഇവിടെ ഏതു തരത്തിലാണ് സിസ്റ്റര്‍ക്കുമേല്‍ മനഃപൂര്‍വവും ദുരുദ്ദേശ്യപരവുമായ ക്രിമിനല്‍ പ്രവൃത്തി എന്ന ആക്ഷേപം ഉന്നയിക്കാന്‍ കഴിയുക? നിലനില്‍ക്കുന്ന ഒരു ഐതിഹ്യത്തിലെ ഓണസങ്കല്‍പത്തെക്കുറിച്ച് പ്രതിപാദിക്കുമ്പോള്‍ ഏതു വിഭാഗത്തിന്റെ വികാരമാണ് മുറിപ്പെടുക? വികാരം പോലുള്ള തികച്ചും വൈയക്തികമായ സങ്കല്‍പങ്ങളുടെ അടിസ്ഥാനത്തില്‍ നിര്‍വചിപ്പിക്കപ്പെട്ടിട്ടുള്ള കുറ്റം യാതൊരു യുക്തിയുമില്ലാതെ അംഗീകരിക്കുകയും അതിനെതിരെ നടപടിയയെടുക്കുകയും ചെയ്ത പൊലീസ് സ്റ്റേഷന്‍ അധികാരിയുടെ ചെയ്തി പരിശോധിക്കപ്പെടേണ്ടതാണ്. 

വൃണപ്പെടുത്തല്‍ ആരാണ് നിശ്ചയിക്കുക?

295(എ) ഫലത്തില്‍, മധ്യകാല യൂറോപ്പിലും മതരാഷ്ട്രങ്ങളിലും ഒക്കെ നിലനിന്നിരുന്ന ‘ദൈവനിന്ദാ നിയമങ്ങള്‍’ക്ക് സമാനമായാണ് ഇന്ത്യയില്‍ പ്രയോഗിക്കപ്പെടുന്നത്. ഏകദൈവ-ഏകമത സമൂഹങ്ങളില്‍ ഇത് നിര്‍ണിതമാതൃകയില്‍ പ്രവര്‍ത്തിക്കുകയും ചെയ്യും. എന്നാല്‍ ഹിന്ദുമതം പോലെ വൈവിധ്യവും പല വിശ്വാസധാരകള്‍ നിലനില്‍ക്കുന്നതുമായ സമൂഹത്തില്‍ ഈ നിയമം എങ്ങനെയാണ് പ്രയോഗിക്കപ്പെടുന്നത് എന്നത് കുഴയ്ക്കുന്ന വസ്തുതയാണ്.

കഴിഞ്ഞ ഓണത്തിന് വാമനജയന്തി ആശംസിച്ച അമിത് ഷായുടെ നടപടിയും ഇക്കൊല്ലം സമാനമായ ഓണാശംസ കുറിച്ച കെജ്രിവാളിന്റെ ട്വീറ്റും ഏറെ വിമര്‍ശിക്കപ്പെട്ടിരുന്നല്ലോ. നല്ലൊരു ഭാഗം മലയാളികളും ഓണത്തെ നല്ലവനായ അസുരചക്രവര്‍ത്തി മഹാബലിയുമായി ബന്ധപ്പെടുത്തിതന്നെയാണ് കാണുന്നത്. വാമനആരാധന നടത്തുന്നവര്‍ ചുരുക്കമാണ്. മഹാബലിയെ ചതിച്ച വാമനനെ മഹത്വവത്കരിക്കുമ്പോള്‍ മുറിപ്പെടുന്ന വികാരങ്ങള്‍ക്ക് ആര് മറുപടി പറയും. നിയമപ്രകാരം അതും കുറ്റകൃത്യം തന്നെയാണ്. ബഹുസ്വരമായ ഹൈന്ദവവിശ്വാസാധാരകളില്‍ ദൈവദോഷമേത് എന്നത് അവ്യക്തവും അനിര്‍ണതവുമായ സങ്കല്‍പ്പമാണ്. ജെ.എന്‍.യു.വില്‍ മഹിഷാസുരപൂജ നടത്തിയത് ദൈവനിന്ദയാണ് എന്ന് ആരോപണം ഉയര്‍ന്നപ്പോഴാണ് പരമ്പരാഗതമായി മഹിഷാസുരനെ പൂജിക്കുകയും ആരാധിക്കുകയും ചെയ്യുന്ന വിഭാഗങ്ങളുടെ ചരിത്രവും ജീവിതവും ചര്‍ച്ചയാവുന്നത്. രേഖകളില്‍ ഹിന്ദുവെന്ന് മുദ്രണം ചെയ്യപ്പെട്ട മനുഷ്യരുടെ വിശ്വാസങ്ങളില്‍ ആര് ആരെയാണ് വൃണപ്പെടുത്തുക എന്നത് ആരാണ് നിശ്ചയിക്കുക? അത് നിശ്ചയിക്കപ്പെടുന്നത് രാജ്യാധികാരം കയ്യേറിയിട്ടുള്ള ഭൂരിപക്ഷ വര്‍ഗീയതയുടെ സാംസ്‌കാരിക സങ്കല്‍പങ്ങള്‍ക്കനുസൃതമാകുന്നിടത്താണ് കേരളത്തിലെ പൊലീസ് നടപടിയേയും നമ്മള്‍ ഭീതിയോടെ കാണേണ്ടത്.

ദുരുപയോഗത്തിനുമാത്രമായി ഒരു നിയമം

ദുരൂപയോഗത്തിനുള്ള എല്ലാ സാധ്യതകളും ഈ നിയമം തുറന്നിടുന്നുണ്ട്. കാരണം മതം എന്താണ് എന്ന് നിയമത്തില്‍ നിര്‍വചിക്കപ്പെട്ടിട്ടില്ല. ഏതു വിഭാഗത്തിനും ഈ പഴുതുപയോഗിച്ച് പൊലീസിനെ സമീപിക്കാം. ബലാത്സംഗ കേസില്‍ 20 വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട് ജയിലില്‍ കിടക്കുന്ന ദേര സച്ച സൗദ വിഭാഗത്തിന്റെ നേതാവ് രാം റഹിം സിംഗിനെ അനുകരിച്ചതിന്റെ പേരിലാണ് ടെലിവിഷന്‍ താരവും കൊമേഡിയനുമായ കിക്കു ശര്‍ദയെ ഹരിയാന പൊലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് ഹൈക്കോടതി എഫ്.ഐ.ആര്‍. റദ്ദാക്കുകയായിരുന്നു. പക്ഷേ അദ്ദേഹം അറസ്റ്റ് ചെയ്യപ്പെടുകയും ജയിലിലടയ്ക്കപ്പെടുകയും ചെയ്തിരുന്നു. ഹൈക്കോടതിയില്‍ നിന്ന് നീതി ലഭിക്കുന്നതുവരെ ജയില്‍വാസമുള്‍പ്പടെ ശിക്ഷകള്‍ അദ്ദേഹം അനുഭവിച്ചു കഴിഞ്ഞിരുന്നു. 

ഈയൊരു പശ്ചാത്തലത്തില്‍ ഇത്രദുരുപയോഗങ്ങള്‍ക്ക് സാധ്യതയൊരുക്കുന്ന 295(എ) ഇനിയും നമ്മുടേതുപോലൊരു മതേതര ജനാധിപത്യ റിപ്പബ്ലിക്കില്‍ നിലനിര്‍ത്തേണ്ടതുണ്ടോ എന്ന കാര്യംകൂടി രാഷ്​ട്രീയ ചര്‍ച്ചയാകേണ്ടതുണ്ട്. ഇതൊരു കൊളോണിയല്‍ പാരമ്പര്യം ആണെന്ന് മാത്രമല്ല 1860-ലെ ഇന്ത്യന്‍ പീനല്‍ കോഡില്‍ ഇല്ലാതിരിക്കുകയും പിന്നീട് കൂട്ടിച്ചേര്‍ക്കപ്പെടുകയും ചെയ്ത വകുപ്പാണ്. 1924-ല്‍ രംഗീലാ റസൂല്‍ എന്ന മാസികയുടെ പ്രസാധകന്‍ മഹേഷേ രാജ്പാലിനെതിരെ പ്രവാചകനെ അവഹേളിക്കുന്ന തരത്തില്‍ വന്ന ഒരു ലേഖനത്തിന്റെ പേരില്‍ കേസെടുത്തെങ്കിലും ഐ.പി.സി സെക്ഷന്‍ 153(എ) പ്രകാരം മുസ്‌ലിംകള്‍ക്കെതിരെ വെറുപ്പോ ശത്രുതയോ പ്രചരിപ്പിക്കുന്നതല്ല ലേഖനം എന്നു കണ്ടെത്തി പഞ്ചാബ് ഹൈക്കോടതി വെറുതെ വിട്ടത്തിനെത്തുടര്‍ന്നാണ് ഈ വകുപ്പ് ഐ.പി.സി.യില്‍ ഇടം പിടിക്കുന്നത്. കോടതി വിധിയില്‍ തന്നെ നിര്‍ദ്ദേശിക്കപ്പെട്ടിരുന്നതുപോലെ മതവികാരം സംരക്ഷിക്കാന്‍ ഒരു നിയമം ഉണ്ടാക്കുകയായിരുന്നു. 

സ്വാതന്ത്ര്യലബ്ധിക്കുശേഷം 1957-ല്‍ ഈ വകുപ്പിന്റെ ഭരണഘടനാപരത സുപ്രീംകോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടിരുന്നു. രാംജി ലാല്‍ മോഡി കേസില്‍ ലളിതമായ വാദമാണ് ഉന്നയിക്കപ്പെട്ടത്. ജനാധിപത്യത്തിലെ പരമപ്രധാനമായ മൗലികാവകാശമായ അഭിപ്രായസ്വാതന്ത്ര്യത്തിന് എതിരാണ് 295(എ) എന്നായിരുന്നു വാദം. ഭരണഘടനയുടെ അനുച്ഛേദം 19(2) അനുസരിച്ച് ‘യുക്തിപൂര്‍വകമായ’ നിയന്ത്രണങ്ങള്‍ മാത്രമേ അനുവദനീയമായുള്ളൂ. അതാകട്ടെ, രാജ്യത്തിന്റെ പരമാധികാരം, അഖണ്ഡത, രാജ്യസുരക്ഷ, സുഹൃദ് രാഷ്ട്രങ്ങളുമായുള്ള ബന്ധം, ക്രമസമാധാനം, മാന്യത, ധാര്‍മികത, കോടതിയലക്ഷ്യം, അക്രമാഹ്വാനം തുടങ്ങിയവയ്ക്ക് വിഘാതമാകുമ്പോള്‍ മാത്രമാണ് അനുവദനീയം. ആ നിലയ്ക്ക് മതവികാരം ​വ്രണപ്പെടുത്തുന്നു എന്ന ഒറ്റക്കാരണത്താല്‍ അഭിപ്രായ സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടുന്നത് ഭരണഘടനാവിരുദ്ധമാണ് എന്നായിരുന്നു വാദം. ദൗര്‍ഭാഗ്യവശാല്‍, അഞ്ചംഗ സുപ്രീംകോടതി ബഞ്ച് അത് അംഗീകരിച്ചില്ല. ക്രമസമാധാനം തകര്‍ക്കുവാനുള്ള ഒരു ‘സാധ്യത’ ഉണ്ടാക്കുന്ന മനഃപൂര്‍വമുള്ള പ്രവൃത്തികള്‍ക്കുമേലും നിയന്ത്രണമാകാം എന്നതരത്തിലാണ് കോടതി അതിനെ വ്യാഖ്യാനിച്ചത്. കേസെടുക്കണമെങ്കില്‍ വാക്കും അക്രമവും തമ്മില്‍ വ്യക്തവും സത്വരവുമായ ബന്ധം ഉണ്ടാകണമെന്നും ഉള്ള വാദം കോടതി അംഗീകരിച്ചില്ല. അനുച്ഛേദം 19(2)-ലെ ക്രമസമാധാനം എന്ന വാക്ക് കോടതി കാണുകയും യുക്തിസഹമായ ബന്ധം സൂചിപ്പിക്കുന്ന ഭാഗം കാണാതിരിക്കുകയും ചെയ്തു. 

ഈ പ്രാകൃത നിയമം ഇല്ലാതാകണം

ഈ നിലപാട് പക്ഷേ, സുപ്രീംകോടതിയുടെ തന്നെ പിന്നീടുള്ള വിധികളില്‍ തിരുത്തപ്പെടുന്നത് കാണാം. അഭിപ്രായ സ്വാതന്ത്ര്യത്തിനുമേലുള്ള ഇതര നിയന്ത്രണങ്ങള്‍ പരിഗണിച്ചപ്പോള്‍ ഇത് കോടതി വ്യക്തമാക്കിയിട്ടുമുണ്ട്. രാം മനോഹര്‍ ലോഹ്യ കേസില്‍ അഭിപ്രായവും അക്രമവും തമ്മില്‍ നേരിട്ടും, സത്വരവുമായ ബന്ധം ഉണ്ടെങ്കില്‍ മാത്രമേ കുറ്റക്കാരനെന്ന് പറയാനാകൂ എന്നു നിരീക്ഷിച്ച കോടതി, പരാമര്‍ശവിധേയമായ പ്രവൃത്തിയും അക്രമവും തമ്മിലുള്ള സാങ്കല്‍പ്പിക ബന്ധം മതിയാകില്ല എന്നും വ്യക്തമാക്കി. രംഗരാജന്‍ കേസിലും ആരുപ് ഭയാന്‍ കേസിലും അമേരിക്കന്‍ കോടതികളുടേതിനു സമാനമായി, അഭിപ്രായപ്രകടനം പെട്ടെന്നുള്ള നിയമരാഹിത്യത്തിന് കാരണമായാല്‍ മാത്രമേ ക്രിമിനല്‍ കുറ്റമാകൂ എന്നു പറഞ്ഞു. ശ്രേയ സിംഗാള്‍ കേസിലെ സുപ്രസിദ്ധമായ വിധിന്യായത്തില്‍ ഒരു ആശയത്തിനുള്ള പിന്തുണയും അക്രമത്തിനുള്ള ആഹ്വാനവും രണ്ടായിട്ടു കാണണം എന്ന് പ്രസ്താവിച്ചു. ഉദാഹരണത്തിന് മാവോയിസ്റ്റ് ആശയത്തില്‍ വിശ്വസിക്കുന്നതോ, ഭരണകൂടത്തെ വിപ്ലവത്തിലൂടെ അട്ടിമറിക്കേണ്ടതുണ്ട് എന്ന് പറയുകയോ ചെയ്യുന്നത് നിയമവിരുദ്ധമല്ല, എന്നാല്‍ അക്രമത്തിന് ആഹ്വാനം നല്‍കുകയും തത്ഫലമായി ഉടന്‍ അക്രമം ആരംഭിക്കുകയും ചെയ്യുന്ന സാഹചര്യം കുറ്റകൃത്യമാണ്.

അഭിപ്രായ സ്വന്തന്ത്ര്യത്തിനുമേലുള്ള നിയന്ത്രണം സംബന്ധിച്ച മറ്റു സന്ദര്‍ഭങ്ങളിലൊക്കെ ആധുനിക ജനാധിപത്യത്തിന്റെ പരിണാമഗതിക്കനുസൃതമായി നിയമവൈജ്ഞാനികതയും മാറിയിരിക്കുന്നു. എന്നാല്‍ 295(എ) അങ്ങനെതന്നെ തുടരുന്നു എന്നത് ദൗര്‍ഭാഗ്യകരമായ വസ്തുതയാണ്. വോട്ടും മതവും തമ്മിലുള്ള അന്തര്‍ധാര സജീവമായി നിലനില്‍ക്കുന്നിടത്തോളം കാലം രാഷ്ട്രീയകക്ഷികള്‍ ഈ വകുപ്പ് മാറ്റിയെഴുതാന്‍ തയ്യാറാകില്ല എന്നു ഉറപ്പാണ്. കോടതി മാത്രമാണ് ആശ്രയം. എന്നാല്‍ അവിടെ ഒരു അഞ്ച് അംഗ ബഞ്ചിന്റെ വിധി മറികടക്കേണ്ടതുണ്ട്. അതിന് ഏഴംഗ ബഞ്ച് രൂപീകരിക്കേണ്ടി വരും. ഇതൊക്കെ സാധ്യമാകണമെങ്കില്‍ മറ്റെതെങ്കിലുമൊരു സാധരണ ബെഞ്ചിന് 1957-ലെ വിധിയില്‍ സംശയമുണ്ടാകണം. സ്വവര്‍ഗ ലൈംഗികതയെ ക്രിമിനല്‍വത്കരിക്കുന്ന 377-ആം വകുപ്പ് റദ്ദു ചെയ്തതുപോലെ, ശക്തമായ ഒരു പൊതുബോധം കാലഹരണപ്പെട്ട ദൈവനിന്ദാ നിയമത്തിനെതിരെ ഉയര്‍ന്നുവന്നാല്‍ ഒരുപക്ഷേ അതു സംഭവിച്ചേക്കും. എന്തു തന്നെയായാലും ഈ പ്രാകൃത നിയമം ഇല്ലാതാകണം എന്ന കാര്യത്തില്‍ സംശയമൊന്നുമില്ല. അല്ലാത്തിടത്തോളം കാലം പൊലീസും ഭരണകൂടവും മൗലികവാദ സംഘങ്ങളും ഇതു ദുരുപയോഗം ചെയ്യുന്നത് തുടരും.

This article was first published in TrueCopyThink on 9 Sep 2020

സ്വാതന്ത്ര്യത്തെ സെന്‍സര്‍ ചെയ്യുന്ന കേരള പൊലീസ് ആക്ട് ഭേദഗതി

ഭരണകൂടപരതയുടെ ഏതൊരു ഉരകല്ലിലുരച്ചു നോക്കിയാലും പരാജയപ്പെടുന്നൊരു നിയമ ഭേദഗതി ഓർഡിനൻസിലൂടെ നടപ്പിൽ വരുത്തുമെന്ന് പറയുന്നത് വ്യവസ്ഥിതിയുടെ ശേഷിയില്ലായ്മയെയും നിഷ്ക്രിയത്വത്തെയും  മറയ്ക്കാനുള്ള കാപട്യം മാത്രമല്ല, ജനാധിപത്യ-ഭരണഘടനാ മൂല്യങ്ങൾക്കെതിരെയുള്ള വെല്ലുവിളികൂടിയാണ്. അതിന് സ്ത്രീസുരക്ഷയുമായി പുലബന്ധം പോലുമില്ല. 

ഗവണ്മെന്റ് സംവിധാനങ്ങളുടെ നിഷ്ക്രിയത്വത്തെയോ കാര്യശേഷിയില്ലായ്മയെയോപ്രതി ജനരോഷമുയരുമ്പോൾ എല്ലാ ഭരണകൂടങ്ങളും സ്വീകരിക്കുന്ന കുറുക്കുവഴിയാണ് നിയമനിർമാണം. ഇതുവഴി രണ്ടു കാര്യങ്ങളാണ് ഭരണകൂടങ്ങൾ പറയാൻ ശ്രമിക്കുന്നത്. 

1.         നിങ്ങളുടെ രോഷം ഞങ്ങൾ മനസിലാക്കുന്നു. ഇതാവർത്തിക്കാതിരിക്കാനുള്ള അതിശക്തമായ നടപടികൾ ഞങ്ങൾ സ്വീകരിക്കുകയാണ്. 

2.       നിങ്ങളുടെ രോഷത്തിന്റെ കാരണം ഞങ്ങളുടെ കഴിവുകേടല്ല, നിയമത്തിന്റെ അപര്യാപ്തതയാണ്.

അങ്ങനെ ജനരോഷം തണുപ്പിക്കുവാനും സ്വയം കുറ്റവിമുക്തരാകാനും ഇതൊരു നല്ല ഉപായമാണ്. ഒരുപാട് ഉദാഹരണങ്ങളുണ്ട്. നിർഭയ സംഭവത്തിന് ശേഷം രാജ്യത്തെ തെരുവുകളിൽ ഉയർന്ന പ്രതിഷേധാഗ്നി ഒടുവിൽ നിയമനിർമാണത്തിലാണ് അവസാനിച്ചത്. അതിനുശേഷം ഒരു പതിറ്റാണ്ടോളം പിന്നിടുമ്പോൾ, നമ്മൾ എത്തി നിൽക്കുന്നത് ഹത്രാസിലാണ്. നീതിയെവിടെ എന്ന ചോദ്യത്തിന് “വേണമെങ്കിൽ നിയമമുണ്ടാക്കാം” എന്ന മറുപടിയില്ല നമുക്ക് വേണ്ടത്. പറ്റിയ വീഴ്ചയ്ക്ക് ഭരണ സംവിധാനത്തേക്കൊണ്ടു സമാധാനം പറയിക്കുന്നിടത്താണ് ജനാധിപത്യം ജീവിക്കുന്നത്.

കേരളത്തിൽ ഇപ്പോൾ സ്ത്രീകളുടെ അഭിമാനം സംരക്ഷിക്കാൻ പോലീസ് ആക്ടിൽ ഭേദഗതിക്കൊരുങ്ങുകയാണ് സർക്കാർ. ഭാഗ്യലക്ഷ്മിയ്ക്കും ശ്രീലക്ഷ്മി അറക്കലിനും മറ്റുമെതിരെ വിജു നായരെന്ന ഒരു സൈബർ ആഭാസൻ നടത്തിയ ആക്രമണങ്ങളും അവരുടെ പ്രതികരണവുമാണ് അടിയന്തരകാരണം. യഥാർത്ഥത്തിൽ സ്ത്രീകൾക്കെതിരെയുള്ള ആഭാസകരമായ, അപമാനകരമായ, അഭിപ്രായപ്രകടനങ്ങളും സന്ദേശങ്ങളും പ്രചരിപ്പിച്ചവർക്കെതിരെ നമ്മുടെ സംവിധാനം പ്രതികരിച്ചില്ല എന്നതായിരുന്നു പ്രശ്നം. അവിടെ നിഷ്ക്രിയത പാലിച്ചിട്ട് പുതിയ നിയമങ്ങളുമായി വരുന്നതിലൂടെ എന്തു നീതിയാണ് ഇരകൾക്ക് ലഭ്യമാകുക? ക്രിമിനൽ നിയമങ്ങൾക്ക് മുൻകാല പ്രബല്യമുണ്ടാകുകയില്ല എന്ന നിയമതത്വം ജനങ്ങളും മനസ്സിലാക്കേണ്ടതുണ്ട്. അല്ലെങ്കിൽ തന്നെ എന്തു പുതിയ കുറ്റകൃത്യമാണ് ഇവിടെ നിർവചിക്കപ്പെടുന്നത്?

നിയമഭേദഗതിയ്ക്ക് സ്ത്രീസുരക്ഷയുമായി ബന്ധമൊന്നുമില്ല

സ്ത്രീകൾക്കെതിരെയുള്ള സൈബർ ആക്രമണങ്ങൾ തടയുവാനാണ് ഈ നിയമഭേദഗതി എന്നതാണ് ഔദ്യോഗിക ഭാഷ്യം, എന്നാലതുവഴി സ്ത്രീകൾക്കെതിരായ ഏതു പുതിയ കുറ്റകൃത്യമാണ് നിർവചിക്കപ്പെടുന്നത് എന്നുകൂടിയാലോചിക്കുമ്പോഴാണ് നടപടിയിലെ കാപട്യം നമുക്ക് ബോധ്യപ്പെടുക. 

“ഭീഷണിപ്പെടുത്തുന്നതോ, അപഹസിക്കുന്നതോ, മാനഹാനി ഉണ്ടാക്കുന്നതോ ഒരു വ്യക്തിയുടെ യശസ്സിന് കോട്ടം വരുത്തുന്നതോ ആയ സന്ദേശങ്ങൾ നിർമിക്കുകയോ, പ്രചരിപ്പിക്കുകയോ ചെയ്യുന്നത് അഞ്ചുവർഷം വരെ തടവോ പതിനായിരം രൂപവരെ പിഴയോ, ഇതു രണ്ടുമോ ലഭിക്കാവുന്ന കുറ്റമായിരിക്കും” എന്ന തരത്തിലാണ് ഭേദഗതി എന്നാണ് റിപ്പോർട്ടുകൾ. ഇതിൽ നിർവചിക്കപ്പെടുന്ന കുറ്റമേതാണ്? സ്ത്രീകൾക്കെതിരെയുള്ള ഏത് അതിക്രമമാണ് ഇവിടെ പരാമർശിക്കപ്പെട്ടിട്ടുള്ളത്? ഒന്നുമില്ല. അഭിപ്രായ സ്വാതന്ത്ര്യത്തിന്മേലുള്ള പൊതു നിയന്ത്രണങ്ങൾ മാത്രമാണ് ഭേദഗതിയുടെ ടെക്സ്റ്റിൽ നമ്മൾ കാണുന്നത്. അതിന് സ്ത്രീകളുടെ അഭിമാനസംരക്ഷണവുമായി നേരിട്ട് ബന്ധമൊന്നുമില്ല. 

സ്ത്രീത്വത്തെ അപമാനിക്കുന്നതാണ് കുറ്റകൃത്യമെങ്കിൽ ഇന്ത്യൻ ശിക്ഷാനിയമത്തിലെ വകുപ്പ് 509, മോശമായ രീതിയിൽ സ്ത്രീകളെ ചിത്രീകരിക്കുകയോ, ലൈംഗീക ചൂഷണത്തിന് ശ്രമിക്കുകയോ ചെയ്താൽ വകുപ്പ് 354എ, മോശമായ സന്ദേശങ്ങൾ (ചിത്രമോ ദൃശ്യമോ) എടുക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്താൽ പോലീസ് ആക്ടിലെ തന്നെ വകുപ്പ് 119 (എ&ബി) ഒക്കെ അനുസരിച്ച് പൊലീസിന് നടപടികൾ സ്വീകരിക്കാവുന്നതാണ്. അതു കൂടാതെ വന്നാൽ ഇരകൾക്ക് ഐ.പി.സി. വകുപ്പ് 499 അനുസരിച്ച് മാനനഷ്ടത്തിന് കോടതിയെ സമീപിക്കാവുന്നതാണ്. ഈ നിയമസാധ്യതകളൊക്കെ നിലനിൽക്കേ, അധികാരികൾ അപ്രകാരം നടപടികൾ സ്വീകരിക്കാതെ വരികയും ഇരകളായ സ്ത്രീകൾക്ക് നേരിട്ട് പ്രതികരിക്കേണ്ട സാഹചര്യം ഉണ്ടാകുകയും ചെയ്തപ്പോൾ സൈബർ നിയമങ്ങളുടെ അപര്യാപ്തതയാണ് കാരണം എന്ന് പറയുന്നത് അയുക്തികമാണ്. കാരണം ഇവിടെ പ്രശ്നം കുറ്റകൃത്യമാണ് അല്ലാതെ കുറ്റകൃത്യം ഏതു മാധ്യമത്തിലൂടെയാണ് നടത്തിയത് എന്നതല്ല. സൈബർ ഇടങ്ങളിലാണെങ്കിലും പരമ്പരാഗത മാർഗങ്ങൾ വഴിയാണെങ്കിലും ഈ കുറ്റകൃത്യങ്ങൾ ഒരുപോലെ ശിക്ഷിക്കപ്പെടേണ്ടതാണ്. അതിനാണ് ഇന്ത്യൻ ശിക്ഷാനിയമത്തിലെ മേൽപ്പറഞ്ഞ വകുപ്പുകൾ ഉള്ളത്. അല്ലാതെ ഓൺലൈൻ അതിക്രമമാണെങ്കിൽ നിലവിലെ നിയമങ്ങൾ ബാധകമല്ല എന്ന സ്ഥിതിവിശേഷമൊന്നുമില്ല. നിയമങ്ങളില്ലാത്തതാണ് നടപടികൾ എടുക്കാത്തതിനുള്ള കാരണമെന്ന് അധികാരികൾ പറഞ്ഞാൽ അത് അവാസ്തവമാണ്. ദൗർഭാഗ്യവശാൽ നീതി നിഷേധിക്കപ്പെട്ട ഇരകളും ഈ കാഴ്ചപ്പാട് പങ്കുവയ്ക്കുന്നതായാണ് നമ്മൾ കാണുന്നത്.  

യഥാർത്ഥത്തിൽ സൈബർ കുറ്റകൃത്യങ്ങളെ സംബന്ധിച്ച നിയമങ്ങൾ ഓഫ്-ലൈൻ ലോകത്തേക്കാൾ ശക്തമാണ്.  2000-ലെ ഐ.ടി. ആക്ടിലെ വകുപ്പ് 67 പ്രകാരം കാമാതുരമോ അശ്ലീലമോ ആയ സന്ദേശങ്ങൾ പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്താൽ 3 വർഷം തടവും 5 ലക്ഷം രൂപവരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ്. എന്നാൽ ഇതേ കുറ്റത്തിന്,  സൈബറിടത്തിന് പുറത്ത്, ഇന്ത്യൻ ശിക്ഷാനിയമം വകുപ്പ് 292 അനുസരിച്ച് 2 വർഷം തടവും 2000 രൂപ പിഴയും മാത്രമാണ് നിശ്ചയിച്ചിരിക്കുന്നത്. അതിൽ തന്നെ ശാസ്‌ത്രം, സാഹിത്യം, കല, തുടങ്ങിയ മേഖലകളെ ഒഴിവാക്കിയിട്ടുമുണ്ട്. എന്നാൽ ഇവിടെ സൈബർ ലോകത്ത് ഇങ്ങനെയുള്ള പരിഗണനകൾ ഒന്നുമില്ല തന്നെ .

പറഞ്ഞുവരുന്നത് സൈബർ കുറ്റകൃത്യങ്ങൾക്ക് പ്രത്യേക നിയമം വേണ്ട എന്നല്ല. ഫിഷിംഗ് പോലെ, സ്പാമുകളും മാൽവെയറുകളും ഒക്കെപോലെ ഇന്റർനെറ്റ്/കംപ്യൂട്ടർ അധിഷ്ഠിതമായി മാത്രം വരുന്ന പുതിയ കുറ്റകൃത്യങ്ങൾക്ക് അതിനനുസൃതമായ നിയമങ്ങൾ ആവശ്യമാണ്. എന്നാൽ പൊതു നിയമങ്ങളുടെ പരിധിയിൽ വരുന്ന കാര്യങ്ങൾക്കെതിരെ നടപടിയെടുക്കാൻ പ്രത്യേക നിയമം അവശ്യമേയല്ല. അഭിപ്രായ സ്വാതന്ത്ര്യത്തിന് കൊണ്ടുവരുന്ന നിയന്ത്രണങ്ങൾ ഏതെങ്കിലും പ്രത്യേക മാധ്യമത്തെ (ഉദാഹരണത്തിന് ഇന്റർനെറ്റ്) ഉദ്ദേശിച്ച് ആകേണ്ടതില്ല. മധ്യമാധിഷ്ഠിതമല്ലാത്ത പൊതു നിയമങ്ങൾ മുഖേനയാണ് അഭിപ്രായ സ്വാതന്ത്ര്യത്തെ നിയന്ത്രിക്കേണ്ടത്. ആ നിയന്ത്രണങ്ങൾ ഏതൊരു മാധ്യമത്തിനും ബാധകമായിരിക്കുകയും ചെയ്യും. അത്തരത്തിലുള്ള ഏതൊരു നിയന്ത്രണവും ഭരണഘടന അനുശാസിക്കുന്ന പരിധികൾക്കകത്തായിരിക്കുകയും വേണം. 

സുപ്രീംകോടതി വിധിയുടെ ലംഘനം

ഇവിടെ പോലീസ് ആക്ടിലെ ഭേദഗതിയിലൂടെ ഗവണ്മെന്റ് കൊണ്ടുവരുന്ന നിയന്ത്രണങ്ങൾ പ്രഥമദൃഷ്ട്യാ തന്നെ അവ്യക്തവും അനിയന്ത്രിതവും ആനുപാതികമല്ലാത്തതുമായ തരത്തിലുള്ളതാണ്. 2015-ലെ ശ്രേയ സിംഗാൾ കേസിലെ സുപ്രീംകോടതി വിധി മുന്നോട്ടുവയ്ക്കുന്ന നിയമതത്വങ്ങളുടെ നഗ്നമായ ലംഘനമാണ് ഈ ഭേദഗതി നിർദ്ദേശം. അഭിപ്രായ സ്വാതന്ത്ര്യത്തെ സംബന്ധിച്ച ഇന്ത്യൻ നിയമവൈജ്ഞാനിക ചരിത്രത്തിലെ നാഴികക്കല്ലായിരുന്നു ശ്രേയ സിംഗാൾ കേസ്. 1960-ലെ രാം മനോഹർ ലോഹ്യ കേസിലെ സുപ്രധാനവിധി തുറന്നിട്ട നിയമവീഥിയുടെ സ്വാഭാവിക പരിസമാപ്തി എന്ന തരത്തിൽ മാത്രമല്ല, ഒരുപക്ഷേ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ഉദാത്തമാതൃകയെന്നു ലോകം കരുതുന്ന അമേരിക്കയുടെ ഒന്നാം ഭേദഗതിയേക്കാൾ ഇന്ത്യൻ ഭരണഘടന അഭിപ്രായ സ്വാതന്ത്ര്യത്തെ മാനിക്കുന്നു എന്നു വ്യാഖ്യാനിക്കുകവഴി ജനാധിപത്യത്തിൽ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ സർവ്വപ്രധാനമായ മൂല്യത്തെ ആവർത്തിച്ച് അടയാളപ്പെടുത്തുകയും ചെയ്യുകയും ചെയ്തു ജസ്റ്റിസ്. ചലമേശ്വറും, ജസ്റ്റിസ്. ആർ.എഫ്. നരിമാനും അടങ്ങിയ ബഞ്ച്. 

മതവികാരം വൃണപ്പെടുത്തുന്നതിനു ശിക്ഷ നിശ്ചയിക്കുന്ന ഐ.പി.സി. സെക്ഷൻ 295എ ശരിവെച്ച 1957-ലെ രാംജി ലാൽ മോഡി കേസ്, രഞ്ജിഷ് ഉദേശി കേസ്,സിനിമ സെൻസറിംഗ് മൗലീകാവകാശലംഘനമല്ലെന്നു വിധിച്ച കെ.എ. അബ്ബാസ് കേസ്, പത്രങ്ങളെ നിയന്ത്രിക്കാൻ കഴിയുന്ന നിയമം ശരിവെച്ച വീരേന്ദ്ര കേസ് എന്നിങ്ങനെ അഭിപ്രായ സ്വാതന്ത്ര്യം സംബന്ധിച്ച ഭരണഘടനാ പദ്ധതിയെ അവഗണിച്ച ഏതാനും ഉത്തരവുകളുടെ നിയമയുക്തിയെ നിരാകരിച്ചുകൊണ്ട്, ഭരണഘടനയുടെ അനുച്ഛേദം 19(2) അനുസരിച്ച് അഭിപ്രായ സ്വാതന്ത്ര്യത്തെ  നിയന്ത്രിക്കണമെങ്കിൽ അഭിപ്രായവും ക്രമസമാധാന തകർച്ചയും തമ്മിൽ വ്യക്തവും സത്വരവുമായ ബന്ധമുണ്ടെങ്കിൽ മാത്രമേ കഴിയൂ എന്ന് അർത്ഥശങ്കയ്ക്ക് ഇടയില്ലാത്ത വിധം വ്യക്തമാക്കുന്നുണ്ട് ഈ വിധിയിൽ.

അമേരിക്കയിൽ അനിവാര്യമായ പൊതുതാത്പര്യം ഉണ്ടെന്നു സ്ഥാപിച്ചെടുക്കാൻ ഗവണ്മെന്റിന് കഴിഞ്ഞാൽ അഭിപ്രായസ്വാതന്ത്ര്യത്തിനുമേലുള്ള നിയന്ത്രണങ്ങൾ സാധ്യമാണ് എന്നാൽ ഇന്ത്യൻ ഭരണഘടനയാകട്ടെ അനുച്ഛേദം 19(2)-ൽ പറഞ്ഞിട്ടുള്ള  രാജ്യത്തിന്റെ പരമാധികാരം, അഖണ്ഡത, രാജ്യസുരക്ഷ, സുഹൃദ്-രാഷ്ട്രങ്ങളുമായുള്ള ബന്ധം, ക്രമസമാധാനം, മാന്യത അല്ലെങ്കിൽ ധാര്‍മികത എന്നിവയ്ക്ക് എതിരാകുക, കോടതിയലക്ഷ്യം, മാനഹാനി അല്ലെങ്കിൽ അക്രമാഹ്വാനം എന്നീ എട്ടു സാഹചര്യങ്ങളിൽ മാത്രമേ നിയന്ത്രണങ്ങൾ അനുവദിക്കുന്നുള്ളൂ. അതിൽ “പൊതുതാത്പര്യം’ ഒരു ഘടകമേയല്ല എന്ന് അടിവരയിട്ടു പറയുകവഴി മേൽ സൂചിപ്പിച്ച കേസുകളിൽ സുപ്രീംകോടതി സ്വീകരിച്ച തെറ്റായ നിയമായുക്തിയെ നിരാകരിച്ചുകൊണ്ട്, ഭരണഘടനയുടെ ആത്മാവിനെ വീണ്ടെടുക്കുകയാണ് പരമോന്നനീതിപീഠം.

രാംമനോഹർ ലോഹ്യ കേസിലും രംഗരാജൻ കേസിലുമെല്ലാം അഭിപ്രായങ്ങളെ വിലക്കണമെങ്കിൽ പങ്കുവയ്ക്കുന്ന വാക്കുകളും അക്രമവും തമ്മിൽ വ്യക്തവും സത്വരവുമായ ബന്ധമുണ്ടാകണമെന്നു വ്യക്തമാക്കിയിട്ടുണ്ട് സുപ്രീംകോടതി. ശ്രേയാ സിംഗാൾ കേസിലെ ജസ്റ്റിസ്. ആർ.എഫ്. നരിമാൻ എഴുതിയ വിധിയിൽ, ആശയപ്രചാരണവും  അക്രമാഹ്വാനവും തമ്മിലുള്ള വ്യത്യാസം എടുത്തുപറയുന്നുണ്ട്. “എത്ര അപ്രിയമായിരുന്നാലും, ഒരു ആശയത്തെക്കുറിച്ചുള്ള കേവല ചർച്ചകളോ, പ്രചാരണമോ ഒക്കെ അനുച്ഛേദം 19(1)(എ)യുടെ ഹൃദയമാണ്. അത് അക്രമാഹ്വാനമായി മാറുമ്പോൾ മാത്രമാണ് അനുച്ഛേദം 19(2) കടന്നു വരുന്നത്.” അതായത് വിപ്ലവത്തിലൂടെ വിമോചനം സ്വപ്നം കാണുന്ന ആശയങ്ങളെക്കുറിച്ച് എഴുതുകയോ പ്രസംഗിക്കുകയോ ചെയ്യുന്നത് ഒരു കുറ്റമല്ല. എന്നാൽ ഒരു ജനക്കൂട്ടത്തെ അക്രമത്തിനു നേരിട്ടു പ്രേരിപ്പിക്കുകയോ നേതൃത്വം കൊടുക്കുകയോ ചെയ്‌താൽ അതു കുറ്റകൃത്യമാണ്. ആശയപ്രചാരണത്തിന്റെ തലത്തിൽ ഒരു സന്ദേശത്തെയോ ദർശനത്തെയോ ക്രിമിനൽവത്കരിക്കാൻ കഴിയില്ല. സന്ദേശവും അക്രമവും തമ്മിൽ വ്യക്തവും സത്വരവുമായ ബന്ധം യുക്തിസഹമായി സ്ഥാപിക്കാൻ കഴിഞ്ഞാലാണ് അതു കുറ്റകരമാകുക.

പരിഗണനയിലുള്ള ഭേദഗതിയിലൊരിടത്തും ന്യായീകരണമായി ക്രമസമാധാനലംഘനം എന്ന പ്രശ്നം കടന്നു വരുന്നില്ല. ഭരണഘടനയുടെ അനുച്ഛേദം 19(2)-ൽ പ്രതിപാദിക്കുന്ന രാജ്യത്തിന്റെ പരമാധികാരം, അഖണ്ഡത, രാജ്യസുരക്ഷ, സുഹൃദ് രാഷ്ട്രങ്ങളുമായുള്ള ബന്ധം, ക്രമസമാധാനം, മാന്യത അല്ലെങ്കിൽ ധാര്‍മികത എന്നിവയ്ക്ക് എതിരാകുമ്പോഴോ, കോടതിയലക്ഷ്യം എന്നിവയൊന്നുമല്ല ഇവിടെ പ്രശ്നം. അതുകൊണ്ടു തന്നെ ഭരണഘടനാപരമായി ന്യായീകരണം കണ്ടെത്തുക പ്രയാസമായിരിക്കും.

ശ്രേയ സിംഗാൾ കേസിൽ ഐ.ടി. ആക്ടിലെ വകുപ്പ് 66(എ)-യും കേരള പോലീസ് ആക്ടിലെ 118(ഡി)-യും റദ്ദു ചെയ്യുമ്പോൾ സുപ്രീംകോടതി ഇതേ കാരണങ്ങൾ ചൂണ്ടിക്കാണിച്ചിരുന്നു. പ്രസ്തുത വിധിയിൽ കോടതി ഊന്നൽ നൽകിയ മറ്റൊരു നിയമതത്വം നിയമത്തിന്റെ അവ്യക്തത നിയമം റദ്ദു ചെയ്യാനുള്ള ഒരു കാരണമാണ് എന്നതായിരുന്നു. സാധാരണബുദ്ധിയുള്ള മനുഷ്യർക്ക് ഈ നിയമം വഴി എന്തൊക്കെയാണ് നിരോധിക്കപ്പെട്ടിട്ടുള്ളത് എന്നു വേർതിരിച്ചറിയാൻ കഴിയാത്ത തരത്തിൽ അനിർണിതമായ കുറ്റകൃത്യങ്ങൾ ഉൾച്ചേർക്കുമ്പോഴാണ് നിയമം അവ്യക്തമാണ് എന്നു പറയുക. ഏതാണ് നിയമവിരുദ്ധം ഏതാണ് നിയമവിധേയം എന്ന കാര്യം പൊലീസിന്റെയോ വിചാരണക്കോടതിയുടെയോ തികച്ചും അവസരവാദപരമായ വിഷയാധിഷ്ഠിത നിലപാടുകൾക്ക് വിട്ടുകൊടുക്കുകവഴി വിവേചനപരവും തൊന്ന്യാസപരവുമായി നിയമം നടപ്പിലാക്കാനുള്ള സാധ്യതകൾ തുറന്നിടുന്നത് അനുവദനീയമല്ല എന്നാണ് കോടതി സ്വീകരിച്ച നിലപാട്. 

എന്തു കാരണംപറഞ്ഞും ഒരാളെ കസ്റ്റഡിയിൽ എടുക്കാമെന്നും പിന്നീട് പോലീസിന്റെ ചെയ്തി ശരിയാണോ തെറ്റാണോ എന്ന് കോടതികൾ ഇടപെട്ട് തീർപ്പാക്കണമെന്നും വരുന്നത് ഭരണഘടനാപരമല്ല, അതുകൊണ്ടാണ് സെക്ഷൻ 66(എ)-യിലെ വാക്കുകൾ എടുത്തുപറഞ്ഞുകൊണ്ട് നിയമം വിവേചനപരമായ വ്യാഖ്യാനങ്ങൾക്ക് വിധേയമാകാനിടയുണ്ടെന്നു  കണ്ടെത്തി കോടതി റദ്ദു ചെയ്തു. ഇവിടെയും insult, harm to reputation of an individual തുടങ്ങിയ പദങ്ങൾ ഏറ്റവും അവ്യക്തത നിറഞ്ഞതാണ്. തികച്ചും ന്യായമായ വിമർശനങ്ങളും കലാ-സാഹിത്യ-ഗവേഷണ പ്രസിദ്ധീകരണങ്ങൾ പോലും ഇതിന്റെ പരിധിയിൽ വന്നേക്കാം. പ്രസിദ്ധീകരിക്കുന്ന ആൾ മാത്രമല്ല, പ്രചരിപ്പിക്കുന്നവരും തെറ്റുകാരകുന്നു എന്നു വരുന്നത് സെക്ഷൻ-66(എ)-യുടെയും 118(ഡി)-യുടെയുമൊക്കെ തനിയാവർത്തനമാക്കുന്നുണ്ട് ഈ ഭേദഗതിയെ. താക്കറെയുടെ മരണത്തെതുടർന്ന് ഉണ്ടായ ഹർത്തലിനെതിരെ വന്ന ഒരു ഫേസ്ബുക്ക് പോസ്റ്റ് ലൈക്ക് ചെയ്തതിനാണ് മലയാളിയായ റിനു ശ്രീനിവാസനെ സെക്ഷൻ 66(എ) പ്രകാരം മഹാരാഷ്ട്ര പോലീസ് അറസ്റ്റ് ചെയ്തത്. കേരളപോലീസ് ആക്ടിലെ 118(ഡി) മാധ്യമ വിമർശനത്തിന്റെ പേരിൽ ഒരു അഭിഭാഷകനെ വേട്ടയാടാൻ ഉപയോഗിക്കുകയുണ്ടായി. അതിലേറെ ഗുരുതരമാണ് ഭേദഗതി നിര്ദ്ദേശങ്ങൾ. 118(ഡി) പ്രകാരം ശിക്ഷ മൂന്നു വർഷം തടവും പിഴയുമായിരുന്നെങ്കിൽ ഇപ്പോൾ അത് 5 വർഷവും പിഴയുമായി ഉയർത്തനാണ് നിർദ്ദേശം.

അഭിപ്രായസ്വാതന്ത്ര്യം പോലുള്ള മൗലീകാവകാശങ്ങളെ ബാധിക്കുന്ന നിയമങ്ങൾ ഏറ്റവും സൂക്ഷമമായ തലത്തിൽ, ഭരണഘടന അനുവദിക്കുന്ന നിയന്ത്രങ്ങളുടെ പരിധി ലംഘിക്കുന്നില്ല എന്ന് ഉറപ്പു വരുത്തേണ്ടതുണ്ട്. നിയമനിർമാണ സഭകൾക്ക് ഭരണഘടന കല്പിച്ചുനല്കിയ നിയന്ത്രണാധികാരങ്ങൾക്ക് അപ്പുറത്തേക്ക് നിയമം പോകാൻ കഴിയില്ല.  ഭരണഘടന സംരക്ഷണം ഉറപ്പുനൽകുന്ന അഭിപ്രായങ്ങളെ നിയന്ത്രിക്കാനാവില്ല, ചിലർക്ക് അത് എത്ര അപ്രിയമാണെങ്കിലും. അങ്ങനെ അധികാരവിസ്തൃതിയെ ഉല്ലംഘിക്കുന്ന നിയമങ്ങൾ ആനുപതികതാപരീക്ഷയെ അതി ജീവിക്കുകയില്ല എന്നും അതുകൊണ്ടുതന്നെ ഭരണഘടനാ വിരുദ്ധമാണെന്നും ശ്രേയ സിംഗാൾ കേസിൽ സുപ്രീംകോടതി പറയുന്നുണ്ട്. 

പരിധികൾ കടന്ന വ്യാഖ്യാനങ്ങൾക്ക് ഇടനല്കുന്ന നിയമങ്ങൾ അഭിപ്രായ സ്വാതന്ത്ര്യത്തിന് വിലങ്ങു തടിയായി മാറും. എന്തു പറഞ്ഞാലാണ് കുറ്റകൃത്യമായി മാറുക എന്ന സംശയം ഉള്ളിൽ നിലനിൽക്കുന്നതിന്റെ ഫലമായി കാര്യങ്ങൾ തുറന്നുപറയുന്നതിൽ നിന്ന് ജനങ്ങൾ സ്വയം പിന്മാറുന്ന സഹചര്യമുണ്ടാകും. സ്വന്തം സുരക്ഷയേക്കരുതി ജനം സ്വയം സെൻസർ ചെയ്യാനാരംഭിക്കും. ഒരു ജനാധിപത്യ വ്യവസ്ഥിയ്ക്ക് വേണ്ട അനിവാര്യമായ സംവാദ സാധ്യതകളും വിമർശനങ്ങളും ഇല്ലാതെയാവുകയും  ജനാധിപത്യത്തിന്റെ അർത്ഥം നഷ്ടപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിനാണ് അത് വഴിവയ്ക്കുന്നത്. അഭിപ്രായസ്വാതന്ത്ര്യത്തെ അപകടപ്പെടുത്തുന്ന നിയമങ്ങൾ ഭരണഘടനാവിരുദ്ധമാണെന്നും അമിതാധികാരപ്രയോഗമായി കണ്ട് അതു റദ്ദാക്കുന്നു എന്നുമായിരുന്നു സുപ്രീംകോടതി നിലപാട്. 

ശ്രേയ സിംഗാൾ കേസിൽ സുപ്രീംകോടതി മുന്നോട്ടുവച്ച നിയമവൈജ്ഞാനിക തോതുകളിലേതു വച്ചു നോക്കിയാലും ഭരണഘടനാവിരുദ്ധമാണ് ഇപ്പോൾ ഗവണ്മെന്റ് ആലോചിക്കുന്ന ഭേദഗതി. വിവരസങ്കേതികതാ നിയമത്തിലെ സെക്ഷൻ 66(എ) സംബന്ധിച്ചും ക്രിമിനൽ മാനഷ്ടം സംബന്ധിച്ച ഐ.പി.സി. 499, 500 എന്നിവ സംബന്ധിച്ചും ഭരണഘടനാധാർമികതയുടെ പക്ഷത്തു നിന്നുകൊണ്ട് എതിർക്കുന്ന നിലപാട് സ്വീകരിച്ചിട്ടുള്ള സി.പി.ഐ.(എം) നേതൃത്വം നൽകുന്ന ഒരു ഗവണ്മെന്റാണ് ഇത്തരമൊരു നിയമനിര്മാണത്തെക്കുറിച്ച് ആലോചിക്കുന്നത് എന്നതാണ് ദുഖകരമായ വൈരുദ്ധ്യം. അതും ഓർഡിനൻസ് വഴി.

ഓർഡിനൻസ് രാജ്

മഹാമാരിയുടെ കാലം ലോകമെങ്ങുമുള്ള ഭരണകൂടങ്ങൾ തങ്ങളുടെ അധികാര വിപുലീകരണത്തിനുള്ള അവസരമായിക്കൂടി കാണുന്നുണ്ട്. സർവേയിലൻസ് സംവിധാനങ്ങൾ ശക്തിപ്പെടുത്താനും പൗരാവകാശങ്ങളെ പരിമിതപ്പെടുത്താനും ഹംഗറിയിൽ കണ്ടതുപോലെ ജനാധിപത്യം തന്നെ ഇല്ലായ്മ ചെയ്യാനും ഇത് ഉപയോഗിക്കുന്നു. ഓർഡിനൻസുകൾ അതിലേക്കുള്ള ഒരു കുറുക്കുവഴിയാണ്. നിയമനിർമാണ സഭകളുടെ, പ്രതിപക്ഷത്തിന്റെ, മാധ്യമങ്ങളുടെ ഒന്നും സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാകാതെ ഏതു നിയമവും പാസ്സ് ആക്കിയെടുക്കാനുള്ള ത്വര ഗവണ്മെന്റുകൾക്കുണ്ട്. ഗവർണർമാർക്ക് ഓർഡിനൻസുകൾ പുറപ്പെടുവിക്കുവാൻ അധികാരം നൽകുന്ന ഭരണഘടനയുടെ 213-ആം അനുച്ഛേദം ഒരു സാധാരണ അധികാരമല്ലെന്നും, അസാമാന്യ സാഹചര്യങ്ങളിൽ അനിവാര്യമാണ് എന്നു കണ്ടാൽ മാത്രം പ്രയോഗിക്കേണ്ടതാണ് എന്നും ഓർക്കേണ്ടതുണ്ട്. 213(2)-ൽ പറഞ്ഞിരിക്കുന്നതുപോലെ ഈ ബില്ലിന് നിയമത്തിന്റെ അതേ ഫലം അതിന്റെ വാച്യാർത്ഥത്തിൽ ഉണ്ടാകുകയില്ല എന്ന് കൃഷ്ണകുമാർ കേസിൽ സുപ്രീംകോടതിയുടെ 7 അംഗ ഭരണഘടനാ ബഞ്ച് വ്യക്തമാക്കിയിട്ടുള്ളതാണ്. ഓർഡിനൻസിന് ഭരണഘടനാ സാധുത ഉണ്ടാകണമെങ്കിൽ ‘അടിയന്തര നടപടി അനിവാര്യമായ’ ഘട്ടമെന്ന് ഗവർണറെ ബോദ്ധ്യപ്പെടുത്തുന്ന രേഖകൾ ഉണ്ടാകേണ്ടതുണ്ട്. അക്കാരണത്താൽ തന്നെ ഓർഡിനൻസുകളെ ചോദ്യം ചെയ്യാൻ കഴിയും എന്നും സുപ്രീംകോടതി പ്രസ്താവിച്ചു. 

ഒരുപടികൂടി കടന്ന് 2020 മെയ് 29-ന് ആന്ധ്രപ്രദേശ് ഹൈക്കോടതി ഡോ. എൻ രമേശ് കുമാർ കേസിൽ ഓർഡിനൻസ് അനിവാര്യമെന്ന് ഗവർണർക്ക് ബോധ്യപ്പെട്ട കാരണങ്ങളെ സംബന്ധിച്ച രേഖകൾ പരിശോധിച്ച്, അത് മതിയായ കാരണമല്ല എന്നു കണ്ടെത്തി, ആന്ധ്ര ഇലക്ഷൻ കമ്മീഷണറുടെ കാലാവധി കുറയ്ക്കുന്നതിന് വേണ്ടി കൊണ്ടുവന്ന ഓർഡിനൻസ് റദ്ദാക്കുകയുണ്ടായി. ഈ പശ്ചാത്തലത്തിൽ ഏതു തരത്തിലുള്ള അടിയന്തര സാഹചര്യത്തിന്റെ അനിവാര്യതയാണ് കേരള പോലീസ് ആക്ട് ഓർഡിനൻസിലൂടെ  ഭേദഗതി ചെയ്യുവാൻ ഉണ്ടായിരുന്നത് എന്നു പരിശോധിക്കപ്പെട്ടാലും ഭരണഘടനാപരമായി നിലനിൽക്കില്ല എന്നു തന്നെവേണം കരുതാൻ.

അങ്ങനെ ഭരണകൂടപരതയുടെ ഏതൊരു ഉരകല്ലിലുരച്ചു നോക്കിയാലും പരാജയപ്പെടുന്നൊരു നിയമ ഭേദഗതി ഓർഡിനൻസിലൂടെ നടപ്പിൽ വരുത്തുമെന്ന് പറയുന്നത് വ്യവസ്ഥിതിയുടെ ശേഷിയില്ലായ്മയെയും നിഷ്ക്രിയത്വത്തെയും  മറയ്ക്കാനുള്ള കാപട്യം മാത്രമല്ല, ജനാധിപത്യ-ഭരണഘടനാ മൂല്യങ്ങൾക്കെതിരെയുള്ള വെല്ലുവിളികൂടിയാണ്. അതിന് സ്ത്രീസുരക്ഷയുമായി പുലബന്ധം പോലുമില്ല. 

This article was first published in DoolNews on 27th October 2020

കേശവാനന്ദ ഭാരതി- ഭൂപരിഷ്‌കരണത്തിനെതിരെ ഹൈക്കോടതിയിലും സുപ്രീംകോടതിയിലും പോയി കേസ് തോറ്റയാളാണ്

Kesavananda_Bharrathi

ഇടനീര്‍ മഠാധിപതി കേശവനന്ദ ഭാരതിയുടെ മരണം അദ്ദേഹം പ്രധാന പെറ്റീഷണര്‍ ആയിട്ടുള്ള ‘കേശവനന്ദ ഭാരതി vs സ്റ്റേറ്റ് ഓഫ് കേരള’ എന്ന കേസിനെ വീണ്ടും ചര്‍ച്ചയാക്കിയിരിക്കുകയാണല്ലോ. ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാനഘടന ഭൂരിപക്ഷാധിപത്യത്തിന് അടിയറവയ്ക്കാനാകില്ല എന്നുറപ്പുവരുത്തിയ വിധിയാണത്.

കേസിന്റെ ഭാഗമായി ഉയര്‍ന്നുവന്ന വാദപ്രതിവാദങ്ങള്‍ ഇന്ത്യയുടെ നിയമചരിത്രത്തിലെ സുപ്രധാന ഏടായത് കേസിനെ വലിയൊരു ദാര്‍ശനിക വിഷയമായി വികസിപ്പിച്ച അഡ്വ. നാനി പാല്‍ക്കിവാലയുടെ ഇടപെടലാണ്.

അടിസ്ഥാനപരമായി കേസ് വസ്തുവിന് വേണ്ടിയുള്ള തര്‍ക്കമായിരുന്നു. ഭൂപരിഷ്‌കരണനിയമപ്രകാരം മഠത്തിന്റെ സമ്പത്ത് കൈമോശം വരുമെന്ന് കണ്ടപ്പോള്‍ നടത്തിയ ഇടപെടലാണ് കേശവാനന്ദ ഭാരതിയുടേത്. അല്ലാതെ ഭരണഘടന സംരക്ഷിക്കാന്‍ ഇറങ്ങിത്തിരിച്ചതൊന്നുമല്ല. കേരള ഹൈക്കോടതിയില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് അദ്ദേഹം സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.

അവിടെ വന്‍ ജന്മിമാരും കരിമ്പുകച്ചവടക്കാരും കല്‍ക്കരിഖനി മുതലാളിമാരും കോര്‍പ്പറേറ്റുകളുമൊക്കെ ആയിരുന്നു സഹ ഹരജിക്കാര്‍. അവിടെയും കേസ് തോറ്റു.

ഇതിനെ ഇന്ത്യന്‍ നിയമവൈജ്ഞാനികതയിലെ നാഴികക്കല്ലാക്കിയത് ജസ്റ്റിസ് എച്ച്.ആര്‍. ഖന്നയുടെ കൃത്യമായ നിലപാടാണ്: The power of amendment… does not include the power to abrogate the constitution nor does it include the power to alter the basic structure or the framework of constitution. 1973 ഏപ്രില്‍ 24-നാണ് കോടതി വിധി പറഞ്ഞത്.

ചീഫ് ജസ്റ്റിസ് എസ്.എം.സിക്രി വിരമിക്കുന്നതിന്റെ തലേദിവസം. അദ്ദേഹം ജസ്റ്റിസ് ഖന്നയ്‌ക്കൊപ്പമായിരുന്നു. ഐകകണ്ഠമായ വിധി അദ്ദേഹം ആഗ്രഹിച്ചിരുന്നു. പക്ഷെ ബഞ്ചിലെ 13 ജഡ്ജിമാര്‍ ചേര്‍ന്ന് 11 പ്രത്യേക വിധിന്യായങ്ങള്‍ എഴുതി. (അന്ന് സുപ്രീംകോടതിയില്‍ 13 ജഡ്ജിമാര്‍ ആയിരുന്നു). 7:6 എന്ന നേരിയ മാര്‍ജിനാണ് ഭരണഘടനയുടെ അടിസ്ഥാന ഘടന സംരക്ഷിക്കപ്പെടുന്നത്.

അതിനും ഒരു പതിറ്റാണ്ടു മുന്നേ പാകിസ്ഥാന്‍ സുപ്രീംകോടതി ഈയൊരു നിലപാട് എടുത്തിരുന്നു. 1963-ല്‍ ചീഫ് ജസ്റ്റിസ് കോര്‍ണേലിയസിന്റെ ബഞ്ച്. പേര് കേട്ട് നെറ്റി ചുളിക്കേണ്ട. അന്ന് പാകിസ്താന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഒരു ക്രിസ്ത്യാനിയായിരുന്നു.

കേശവാനന്ദ ഭാരതി കേസ് പ്രധാനമാണ്, പക്ഷേ എന്തിനാണ് കേശവാനന്ദ ഭാരതി കൊണ്ടാടപ്പെടുന്നത് എന്നു മനസിലാകുന്നില്ല. ഭൂപരിഷ്‌കരണത്തിനെതിരെ ഹൈക്കോടതിയിലും സുപ്രീംകോടതിയിലും പോയി കേസ് തോറ്റയാളാണ്.

This article was published in DoolNews on 06/11/2020

ഒരു രൂപയും കോടതിയുടെ സ്വാഭിമാനവും

Prashanth-Bhushan-one-rupee-Contempt-of-Court

“വിഢിക്കിഴവന്മാർ”  എന്നു തലക്കെട്ട്, ഒപ്പം  പരമോന്നത നീതിപീഠത്തിലെ മൂന്ന് ജഡ്ജിമാരുടെ തല കുത്തനെയുള്ള ചിത്രവും! 1987-ൽ ബ്രിട്ടീഷ് പത്രമായ ഡെയ്‌ലി മിറർ, പ്രസിദ്ധമായ സ്പൈക്യാച്ചർ വിധി  ഒന്നാം പേജിൽ റിപ്പോർട്ട് ചെയ്തത് ഇങ്ങനെയാണ്. ബ്രിട്ടീഷ് രഹസ്യാന്വേഷണ സംഘടനയിൽ നിന്നും വിരമിച്ച പീറ്റർ റൈറ്റിന്റെ ആത്മകഥ ദേശസുരക്ഷാ രഹസ്യങ്ങൾ പരസ്യപ്പെടുത്തി എന്ന പേരിൽ നിരോധിച്ച ഗവണ്മെന്റ് നടപടിയെ ശരിവച്ച വിധിയെ വിമര്ശിക്കുകയായിരുന്നു പത്രം. റിപ്പോർട്ട് ശ്രദ്ധയിൽ പെടുത്തിയപ്പോൾ   ന്യായാധിപനായിരുന്ന ലോർഡ് ടെംപിൾടൺ പ്രതികരിച്ചത് ഇങ്ങനെ “ഞാൻ ഒരു വൃദ്ധനാണ് എന്ന കാര്യം സത്യമാണ്. ഞാൻ ഒരു വിഢിയാണോ എന്നത് മറ്റുള്ളവരുടെ കാഴ്ചപ്പാടാണ്, ഞാൻ സ്വയമങ്ങനെ കരുതുന്നില്ലെങ്കിലും.” ഡെയ്‌ലി മിററിനെതിരെ കോടതിയലക്ഷ്യ  നടപടികളൊന്നും സ്വീകരിക്കേണ്ടതില്ല  എന്നായിരുന്നു  തീരുമാനം. 2016-ൽ ബ്രക്‌സിറ്റ് വിധിവന്നപ്പോൾ ഡെയ്‌ലി മെയിൽ പത്രം ന്യായാധിപരെ വിശേഷിപ്പിച്ചത് “ജനവിരുദ്ധർ എന്നാണ്” അതിനും  നടപടികൾ ഉണ്ടായില്ല. നാം കോടതിയലക്ഷ്യ നിയമം കടംകൊണ്ട രാജ്യത്തെ കാര്യമാണ് പറയുന്നത്. അമേരിക്ക, ഇംഗ്ലണ്ട് തുടങ്ങി ലിബറൽ  ജനാധിപത്യ രാജ്യങ്ങളിലൊന്നും തന്നെ കോടതിയലക്ഷ്യം പ്രയോഗിക്കപ്പെടുന്നില്ല. അതൊരു  കാലഹരണപ്പെട്ട നിയമമായാണ്  കണക്കാക്കപ്പെടുന്നത്. കാരണം ആധുനിക  ജനാധിപത്യ സമൂഹങ്ങളുടെ നിലനിൽപ്പിന് അനിവാര്യമായ അഭിപ്രായസ്വാതന്ത്ര്യം എന്ന മൗലീകാവകാശത്തിനുമേലുള്ള നിയന്ത്രമാണത്.ആരുടെയെങ്കിലും ഒരു അഭിപ്രായപ്രകടനം കൊണ്ട് ഇല്ലാതാവുന്നതല്ല വ്യവസ്ഥിതിയുടെ നെടുംതൂണായ ജുഡീഷ്യറി എന്ന ബോധ്യം ജനാധിപത്യസമൂഹങ്ങളിലാകെയുണ്ട്. എന്നാൽ നമ്മുടെ സുപ്രീംകോടതി ക്രിമിനൽ കോടതിയലക്ഷ്യത്തെ വളരെ ഗൗരവതരമായാണ് കണക്കിലെടുക്കുന്നത്.  

സ്വാഭിപ്രായം പങ്കുവച്ച രണ്ടു ട്വീറ്റുകളുടെ പേരിൽ പരമോന്നതനീതിപീഠം പൗരാവകാശങ്ങൾക്കു വേണ്ടിയും അഴിമതിക്കെതിരെയും നിരന്തരം പോരാടുന്ന മുതിർന്ന അഭിഭാഷകൻ അഡ്വ. പ്രശാന്ത് ഭൂഷണെ കുറ്റക്കാരനെന്നു വിധിച്ചിരിക്കുന്നു. അദ്ദേഹത്തോട് ഒരു രൂപ പിഴയടക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. അദ്ദേഹം ചെയ്തത് ഗൌരവതരമായ കുറ്റമാണെങ്കിലും കോടതിയതിന്റെ മഹാമാനസ്കതയിൽ ശിക്ഷ ഒരു രൂപയായി പരിമിതപ്പെടുത്തുന്നതായാണ് ഉത്തരവ്. പിഴ ഒടുക്കിയില്ലെങ്കിൽ മൂന്നുമാസം തടവും അഭിഭാഷകവൃത്തിയിൽ നിന്ന് മൂന്ന് വർഷത്തേക്ക് വിലക്കും നേരിടേണ്ടിവരും. പിഴയുടെ വലിപ്പമല്ല കുറ്റക്കാരനാണ് എന്ന കണ്ടെത്തലും ആ വിധിയിലേക്കെത്തിച്ച നാൾവഴികളുമാണ് നമ്മെ ഇരുത്തിചിന്തിപ്പിക്കേണ്ടത്. 

മഹേക് മഹേശ്വരി എന്ന വ്യക്തിയാണ് പ്രശാന്ത് ഭൂഷനെതിരെ പരാതിയുമായി സുപ്രീംകോടതിയെ സമീപിക്കുന്നത്. 1971-ലെ കോടതിയലക്ഷ്യനിയമത്തിന്റെ സെക്ഷൻ 15(1)(ബി) അനുസരിച്ച് ക്രിമിനൽ കോടതിയലക്ഷ്യക്കേസ് ഫയൽ ചെയ്യുന്നതിന് അറ്റോണി ജനറലിന്റെയോ സോളിസിറ്റർ ജനറലിന്റെയോ അനുമതി വേണം. എന്നാൽ ഈ ഹർജിയിൽ അതൊന്നും ഉണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ പ്രാഥമിക ഘട്ടത്തിൽ ഹർജി തള്ളിപ്പോകേണ്ടതാണ്, എന്നാൽ പരാതി സുപ്രീംകോടതിയുടെ അഡ്മിനിസ്‌ട്രേറ്റീവ് സൈഡിന് വിടാനുള്ള അസാധാരണമായ തീരുമാനമാണ് രജിസ്ട്രി കൈക്കൊണ്ടത്.  ഈ ന്യൂനത ഉള്ളതുകൊണ്ട് ഹർജി നേരിട്ട് പരിഗണിക്കാതെ ഇതിന്റെ അടിസ്ഥാനത്തിൽ സ്വമേധയാ കേസെടുക്കുകയായിരുന്നു നമ്മുടെ സുപ്രീംകോടതി. അങ്ങനെയാണ് ജസ്റ്റിസ്. അരുൺ മിശ്ര, ജസ്റ്റിസ് ഗവായി, ജസ്റ്റിസ് കൃഷ്ണ മുരളി എന്നിവരുടെ ബഞ്ചിൽ എത്തിയത്. “പ്രഥമദൃഷ്ട്യാ, നീതിനിർവഹണത്തിന് മാനഹാനിയുണ്ടാക്കുന്നതും, സുപ്രീംകോടതിയുടെ അന്തസ്സിനെയും അധികാരത്തെയും അട്ടിമറിക്കുന്നതുമാണ് ഈ ട്വീറ്റുകൾ” എന്ന നിരീക്ഷണത്തോടെ കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു.

കേസ് പരിഗണിച്ചപ്പോൾ ഈ നിയമ പ്രശ്നം കോടതിയിൽ ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. എന്നാൽ കോടതിയലക്ഷ്യനടപടികൾ ഭരണഘടനാകോടതികൾക്ക് ഭരണഘടനാദത്തമായ അധികാരമാണെന്നും അത് കോടതിയലക്ഷ്യ നിയമത്തിന്റെ പരിധിയിൽ ഒതുങ്ങുന്നതല്ല എന്നും കോടതി നിരീക്ഷിച്ചു. ഭരണഘടനയുടെ അനുച്ഛേദം 129 ആണ് കോടതിയലക്ഷ്യത്തെക്കുറിച്ചു പരാമർശിക്കുന്നത്. സുപ്രീംകോടതിയ്ക്ക് വിപുലമായ അധികാരങ്ങൾ നൽകുന്ന അനുച്ഛേദം 142 പോലും നിയമങ്ങൾക്ക് വിധേയമാണ്. എന്നാൽ 129-ന് ഇത്തരത്തിലുള്ള യാതൊരു പരിമിതികളും ഭരണഘടന ഏർപ്പെടുത്തുന്നില്ല, അതുകൊണ്ടുതന്നെ 1979-ലെ നിയമത്തിനു വിരുദ്ധമെന്ന വാദം അർത്ഥശൂന്യമാണ് എന്നായിരുന്നു കോടതിയുടെ കണ്ടെത്തൽ.

കോടതികളുടെ മഹത്വവും അന്തസ്സും ഉയർത്തിപ്പിടിക്കുന്നതിനാണ് കോടതിയലക്ഷ്യ നിയമവൈജ്ഞാനികത നിലവിലുള്ളത്. രാജാവിന്റെ ദൈവീകാധികാരവുമായി ബന്ധപ്പെട്ടാണ് അതിന്റെ ഉദ്ഭവം. ന്യായാധിപൻ രാജാവിന്റെ ന്യായബോധത്തിന്റെ പ്രതിപുരുഷൻ തന്നെയായിരുന്നു. അദ്ദേഹത്തെ അധികാരസ്ഥാനത്തുള്ളവർ അനുസരിക്കാതെ വരുമ്പോൾ കോടതിയലക്ഷ്യമാകുന്ന സ്ഥിതിയുണ്ടാകുന്നു. അതു പ്രധാനമായും അധികാരവും സ്വാധീനവുമുള്ള ആളുകളെ ഉദ്ദേശിച്ചാണ്. അവരാണല്ലോ കോടതികളോട് അനാദരവ് കാണിക്കുവാനും ഉത്തരവുകൾ അവഗണിക്കാനും സാധ്യതയുള്ളത്. ആ അർത്ഥത്തിൽ പൊതുജനത്തെ സംരക്ഷിക്കാനുള്ളതുകൂടിയായിരുന്നു കോടതിയലക്ഷ്യം.

കൊളോണിയൽ കാലത്തെ പിൻപറ്റി രണ്ടു തരം കോടതിയലക്ഷ്യങ്ങളാണ് നമ്മുടെ നാട്ടിലുള്ളത്. ഒന്ന്, സിവിൽ കോടതിയലക്ഷ്യം. രണ്ട്, ക്രിമിനൽ കോടതിയലക്ഷ്യം. കോടതിയലക്ഷ്യ നിയമത്തിലെ വകുപ്പ് 2(ബി) അനുസരിച്ച് കോടതിയുത്തരവുകൾ മനപൂർവം അനുസരിക്കാതിരിക്കുന്നതാണ് സിവിൽ കൻടംപ്റ്റ്. പി.ആർ.എസ്. റിവ്യൂ നൽകുന്ന കണക്ക് അനുസരിച്ച് 2018 വരെ വിവിധ ഹൈക്കോടതികളിലും സുപ്രീംകോടതിയിലുമായി ഇത്തരത്തിലുള്ള 96,993 സിവിൽ കോടതിയലക്ഷ്യ കേസുകൾ നിലവിലുണ്ട്.  നമ്മുടെ രാജ്യത്തെ പ്രധാനവ്യവഹാരി ഗവണ്മെന്റ് ആയതുകൊണ്ടും കോടതിഉത്തരവുകൾ നടപ്പിലാക്കാനുള്ള ബാധ്യത ഗവണ്മെന്റുകൾക്ക് ഉള്ളതുകൊണ്ടും അതിൽ ബഹുഭൂരിപക്ഷത്തിലും പ്രതിസ്ഥാനത്ത് ഗവണ്മെന്റ് തന്നെയായിരിക്കും. കോടതിയലക്ഷ്യത്തിൽ ഏറ്റവും ഗൗരവസ്വഭാവമുള്ളത് ഉത്തരവുകൾ അനുസരിക്കാതിരിക്കലാണ് എന്നിരിക്കെ ഈ കേസുകൾ എത്രമാത്രം തിടുക്കത്തോടെ തീർപ്പാക്കപ്പെടുന്നുണ്ട് എന്ന ചോദ്യം പ്രധാനമാണ്. ഇതിൽ ഇല്ലാത്ത താത്പര്യം ക്രിമിനൽ കോടതിയലക്ഷ്യത്തിന് ഉണ്ടാകേണ്ടുന്ന കാര്യമില്ല. പക്ഷേ, അനതിസാധാരണമായ വേഗതയിലാണ് ഈ ലോക് ഡൗൺ കാലത്തുപോലും പ്രശാന്ത്  ഭൂഷണെതിരെയുള്ള കേസുകൾ പരിഗണിക്കപ്പെട്ടത്. ഒപ്പം 2009-ൽ അദ്ദേഹം ‘തെഹൽക്ക’യിലെഴുതിയ ഒരു ലേഖനവുമായി ബന്ധപ്പെട്ടു നിൽക്കുന്ന മറ്റൊരു കോടതിയലക്ഷ്യ കേസും പൊടിതട്ടിയെടുത്തു കോടതി. 

കോടതിയക്ഷ്യനിയമത്തിലെ വകുപ്പ് 2(സി) ആണ് ക്രിമിനൽ കോടതിയലക്ഷ്യത്തെക്കുറിച്ച് പ്രതിപാദിക്കുന്നത്. അവിടെ കോടതിയെ അപകീർത്തിപ്പെടുത്തുന്ന, നീതിനിർവഹണത്തിൽ മുൻവിധിയോ ഇടപെടലോ ഉണ്ടാക്കാൻ സാധ്യതയുണ്ടാകുന്ന കോടതിയെ തടസ്സപ്പെടുത്തുന്ന വാക്കോ പ്രവർത്തിയോ രചനകളോ സങ്കേതങ്ങളോ ചിഹ്നങ്ങളോ ഒക്കെ കോടതിയലക്ഷ്യമാണെന്നാണ്. ഇതിൽ ഏറ്റവും അവ്യക്തവും ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യതയുള്ളതുമായ വകുപ്പാണ് 2(സി)(1). അപകീർത്തിപ്പെടുത്തുക എന്നതാണ് കുറ്റം. കുറച്ചുവർഷങ്ങൾക്ക് മുൻപ് അരുന്ധതി റോയ്‌ക്കെതിരെയും ഇപ്പോൾ പ്രശാന്ത് ഭൂഷണെതിരെയും ഒക്കെ പ്രയോഗിച്ചത് ഇതേ വകുപ്പാണ്. എത്രയോ സുപ്രധാന കേസുകൾ വാദത്തിനും വിധിപ്രസ്താവത്തിനുമായി കാത്തിരിക്കുമ്പോഴാണ് സുപ്രീംകോടതി ഒരുപതിറ്റാണ്ടു മുൻപേയുള്ള കോടതിയലക്ഷ്യക്കേസുപോലും തപ്പിയെടുത്ത്  ലിസ്റ്റ് ചെയ്യുന്നത്. 19000-ത്തിലേറെ കേസുകൾ സുപ്രീംകോടതിയിൽ ഊഴം കാത്തു കിടക്കുന്നുണ്ട് എന്ന് സുപ്രീംകോടതി ബാർ അസോസിയേഷൻ പ്രസിഡന്റ് ദുഷ്യന്ത് ദവെ പറയുന്നു. അതിൽ കശ്മീരിലെ അനുച്ഛേദം 370 റദ്ദുചെയ്തതുമായി ബന്ധപ്പെട്ടത് ഉൾപ്പടെ ഗൗരവതരമായ ഭരണഘടനാപ്രശ്നങ്ങൾ ഉൾക്കൊള്ളുന്ന കേസുകൾ ഉണ്ട്, ആധാർ പുനഃപരിശോധനാ ഹർജിയുണ്ട്, ഡീമോനടൈസേഷൻ സംബന്ധിച്ച് ഹർജിയുണ്ട്, ഇലക്ടറൽബോണ്ട് കേസ് ഉണ്ട്, ഒരുപാട് ഹേബിയസ് കോർപ്പസ് ഹർജികളുണ്ട്, ജാമ്യാപേക്ഷകളുണ്ട്. ഈയൊരു പശ്ചാത്തലത്തിൽ  വേണം പ്രശാന്ത്ഭൂഷൻ കേസിനെ  വിലയിരുത്തേണ്ടത്. 

ഇവിടെ പ്രശാന്ത് ഭൂഷന്റെ രണ്ടു ട്വീറ്റുകളാണ് വിവാദബിന്ദു. ആദ്യത്തേതിൽ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ബോബ്ടെ നാഗ്പൂരിൽ ഹാർലിഡേവിഡ്സൻ ബൈക്കിൽ ഇരുന്നു പോസ് ചെയ്ത ഫോട്ടോക്കൊപ്പം ഭൂഷൻ ഇങ്ങനെ കുറിച്ചു: “സുപ്രീംകോടതി ലോക്ക്ഡൗണിൽ ആയിരിക്കുകയും പൗരർക്ക് നീതി ലഭിക്കാനുള്ള മൗലീകാവകാശങ്ങൾ നിഷേധിക്കപ്പെടുകയും ചെയ്ത കാലത്ത്, ചീഫ് ജസ്റ്റിസ് നാഗ്പൂരിൽ, രാജ്ഭവനിൽ, ഒരു ബിജെപി ലീഡറുടെ ഉടമസ്ഥതയിലുള്ള 50 ലക്ഷം രൂപയുടെ ബൈക്ക് ഹെല്മറ്റോ, മാസ്കോ ഇല്ലാതെ ഓടിക്കുന്നു.”. രണ്ടാമത്തേത് ഇന്ത്യൻ ജനാധിപത്യത്തിന് സംഭവിച്ചുകൊണ്ടിരിക്കുന്ന അപഭ്രംശത്തെക്കുറിച് പ്രശാന്ത് ഭൂഷൺ സ്വന്തം ആകുലതകൾ പങ്കുവയ്ക്കുന്ന ട്വീറ്റ് ആണ്. “ഭാവിചരിത്രകാരന്മാർ കഴിഞ്ഞ ആറു വർഷങ്ങൾക്കിടയിൽ ഒരുപ്രഖ്യാപിത അടിയന്തരാവസ്ഥ പോലും ഇല്ലാതെ എങ്ങനെയാണ് ഇന്ത്യയിൽ ജനാധിപത്യം നശിപ്പിക്കപ്പെട്ടത് എന്ന് പരിശോധിക്കുമ്പോൾ, ഈ നശീകരണത്തിൽ സുപ്രീംകോടതിയുടെ, പ്രത്യേകിച്ച് അവസാന നാല് ചീഫ് ജസ്റ്റിസുമാരുടെ, പങ്കും അടയാളപ്പെടുത്തും” ഈ രണ്ടു ട്വീറ്റുകളും കോടതിയലക്ഷ്യമാണ് സുപ്രീംകോടതിയുടെ കണ്ടെത്തൽ. 

ആദ്യട്വീറ്റിൽ ചീഫ് ജസ്റ്റിസിനെ വ്യക്തിപരമായി പറഞ്ഞതിനെപ്രതി കോടതിയലക്ഷ്യമൊന്നുമില്ല. എന്നാൽ അതിന്റെ രണ്ടാം ഭാഗം കോടതിയെ മനഃപൂർവം അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണ് എന്നാണ് കണ്ടെത്തൽ. കോവിഡ്  കാലത്തും കോടതി പ്രവർത്തിക്കുന്നുണ്ട്, വീഡിയോ കോൺഫറൻസിംഗിലൂടെ. എന്നിട്ടും ട്വീറ്റിലൂടെ അസത്യം പ്രചരിപ്പിച്ചു. എന്നാൽ കോടതിയിവിടെ  ലോക്ക്ഡൌൺ  എന്ന വാക്കിന് ‘അടച്ചുപൂട്ടുക’ എന്ന അർഥം കണ്ടുപോയി എന്ന് തോന്നുന്നു. കോടതിയുൾപ്പടെ രാജ്യം മുഴുവൻ  ലോക്ക്ഡൌൺ ആണ്. നമ്മളെല്ലാവരും അവരവരുടെ ജോലികൾ പരമാവധി വീട്ടിലിരുന്നും, വീഡിയോ കോൺഫറൻസിംഗ് വഴിയോ ഒക്കെയാണ് ചെയ്യുന്നത്. സുപ്രീംകോടതിയിലും സാധാരണനിലയിലുള്ള പ്രവർത്തനം നടക്കുന്നില്ല. ഹിയറിംഗുകൾ വിഡിയോകോൺഫറൻസിംഗിൽകൂടിയാണ്. അത് പക്ഷെ ശരിയായ പ്രവർത്തനത്തിന് പകരമാകുന്നില്ല എന്നത് മുതിർന്ന അഭിഭാഷകരും നിയമജ്ഞരുമെല്ലാം അഭിപ്രായയപ്പെട്ടിട്ടുള്ളതാണ്. പ്രശാന്ത് ഭൂഷൺ തന്നെ ഓൺലൈനായി കോടതിയിൽ ഹാജരായിട്ടുണ്ട്. അതിനർത്ഥം കോടതിയിൽ ലോക്ക്ഡൌൺ ഇല്ല എന്നാണോ?

രണ്ടാമത്തെ ട്വീറ്റിന്റെയും ആദ്യഭാഗത്തോട് കോടതിയ്ക്ക് വിയോജിപ്പില്ല. കഴിഞ്ഞ ആറു  വർഷങ്ങളിൽ   ഇന്ത്യയിൽ ജനാധിപത്യം ദുർബലപ്പെട്ടു എന്നത് പ്രശാന്ത് ഭൂഷന്റെ നിരീക്ഷണവും അഭിപ്രായവുമാണ്. അത് പറയാനുള്ള സ്വാതന്ത്ര്യം അദ്ദേഹത്തിനുണ്ട്. എന്നാൽ അതിൽ നാല് ചീഫ് ജസ്റ്റിസുമാരുടെ കാര്യം പരാമർശിച്ചത് കോടതിയലക്ഷ്യമാണ് എന്നാണ് കണ്ടെത്തൽ. ഭാവിയിൽ ചരിത്രകാരന്മാർ ഈ കാലഘട്ടത്തിലെ ജനാധിപത്യം ദുര്ബലപ്പെട്ടതിനെക്കുറിച്ചു പറയുമ്പോൾ അതിൽ സുപ്രീംകോടതിയുടെ പ്രവർത്തിയും വിമർശിക്കപ്പെടും എന്നത് സ്വാഭാവികമായ ഒരു പ്രസ്താവന മാത്രമല്ലേ? ഭാവി ചരിത്രകാരന്മാർ അങ്ങനെ വിലയിരുത്തിയാൽ അത് കോടതിയലക്ഷ്യമാകുമെന്നാണോ വിധിയിലൂടെ അർത്ഥമാക്കുന്നത്? അടിയന്തരാവസ്ഥക്കാലത്തെ ഇതേ സുപ്രീംകോടതിയുടെ പ്രവർത്തനം ഇന്ന് വ്യാപകമായി വിമര്ശിക്കപ്പെടുന്നുണ്ടല്ലോ. അതൊക്കെ കോടതിയലക്ഷ്യമാകുമോ?

ഇന്ത്യൻ ജുഡീഷ്യറി ജനാധിപത്യത്തിന്റെ  നാലു തൂണുകളിൽ ഒന്നാണെന്നല്ല, ജനാധിപത്യത്തിന്റെ നെടുംതൂണാണ്. പ്രശാന്ത് ഭൂഷന്റെ ട്വീറ്റുകൾ ജനാധിപത്യത്തിന്റെ നെടുംതൂണിളക്കുന്നതാണ്. ലോകരാഷ്ട്രങ്ങൾക്ക് മുന്നിൽ നമ്മുടെ രാജ്യത്തിൻറെ അന്തസ്സിനെ ഇകഴ്ത്തുന്നതാണ്. അതുകൊണ്ടുതന്നെ നിയമത്തിന്റെ ഉരുക്കുകരങ്ങൾ  ഇത്തരം പ്രവർത്തികൾക്കുമേൽ പതിയേണ്ടതുണ്ട് എന്നാണ് വിധിപ്രസ്താവിച്ചിരിക്കുന്നത്. എന്നാൽ ഇതിൽ കൃത്യമായ നിയമയുക്തി വിശദീകരിക്കപ്പെട്ടിട്ടില്ല.അഭിഭാഷകനും നിയമഗവേഷകനുമായ ഗൗതം ഭാട്ടിയ എഴുതിയത് ഈ വിധിയെക്കുറിച്ച് വിശകലനം നടത്താൻ ഒന്നുമില്ല, കാരണം ഇതിൽ യുക്തിയേയില്ല എന്നാണ്. 108 പേജ് ദൈർഘ്യമുള്ള  വിധിയിൽ 98 പേജും പഴയ വിധികളുടെ ഉദ്ധരണികളാണ്. ബാക്കിയുള്ള ചുരുക്കം പേജുകളിൽ ഈ ട്വീറ്റ് മേൽ പ്രസ്താവിച്ചപ്രകാരമുള്ളതാണ് എന്ന് പറഞ്ഞിരിക്കുന്നു. സാധാരണഗതിയിൽ  വിധികളിൽ കൃത്യമായ റീസണിംഗ് ഉണ്ടാകും. ഉദാഹരണത്തിന് പണ്ട്, ഇന്ദിരാഗാന്ധി മന്ത്രിസഭാംഗമായിരുന്ന ശിവശങ്കർ, സുപ്രീംകോടതി കള്ളന്മാരുടെയും കൊള്ളക്കാരുടെയും കൂട്ടമാണ് എന്നു പറഞ്ഞതിനെതിരെയുള്ള കോടതി വിധിയിൽ 34 പേജ് അദ്ദേഹത്തിന്റെ പ്രസ്താവന എന്തുകൊണ്ട് കോടതിയലക്ഷ്യമാകുന്നു എന്നു വിശദീകരിക്കാനാണ് ഉപയോഗിക്കുന്നത്. 

കൂടാതെ, പ്രശാന്ത് ഭൂഷൻ കോടതിയിൽ സമർപ്പിച്ച സുദീർഘമായ മറുപടിയെക്കുറിച്ച് വിധിയിൽ പരാമര്ശമേയില്ല. തന്റെ ബോധ്യങ്ങളെക്കുറിച്ചും അതു സാധൂകരിക്കുന്നതിന് കഴിഞ്ഞ നാല് ചീഫ് ജസ്റ്റിസുമാരുടെ കാലത്തു നടന്ന അസ്വാഭാവികമായ സംഭവങ്ങളെക്കുറിച്ചും അതിൽ വിശദീകരിച്ചിരുന്നു. ചീഫ് ജസ്റ്റിസ് ഗൊഗോയിക്കെതിരെ ഉയർന്ന ലൈംഗീകപീഡന  ആരോപണം സംബന്ധിച്ച കോടതി നടപടികൾ, ജഡ്ജ് ലോയയുടെ കേസ്, സഹാറ-ബിർള കേസ്, കലികോ പുൽ ന്റെ ആത്മഹത്യ,  റാഫേൽ, മുദ്രവച്ച കവറുകൾ, ഹേബിയസ് കോർപ്പസ് കേസുകളോടുള്ള സമീപനം, അങ്ങനെ നിരവധി വിവാദങ്ങൾ ഇക്കാലയളവിൽ  ഉയർന്നുവന്നിട്ടുണ്ട്  വന്നിട്ടുണ്ട്. സുപ്രീംകോടതിയിൽ ബെഞ്ചുകൾ നിശ്ചയിക്കുന്നത്തിലെ അപാകവും അയുക്തിയുംചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. സുപ്രീംകോടതിയിലെ ഏറ്റവും മുതിർന്ന 4 ജഡ്ജിമാർക്ക് പരസ്യമായി പത്രസമ്മേളനം നടത്തേണ്ട സാഹചര്യം വരെ ഉണ്ടായിട്ടുണ്ട്. എന്നാൽ ഇതേക്കുറിച്ചൊന്നും വിധിയിൽ പരാമർശമില്ല. ഓപ്പൺ കോർട്ടിൽ ഇക്കാര്യങ്ങൾ വാദിച്ചിരുന്നില്ല എന്നതുകൊണ്ടാണ് ഇത് വിധിയിൽ പരാമര്ശിക്കാതിരുന്നതെന്നാണ് ന്യായം. എങ്കിൽ പിന്നെ രേഖാമൂലമുള്ള മറുപടികൾ കോടതി സ്വീകരിച്ചതെന്തിനാണ്? 

ശിക്ഷ വിധിക്കുന്നതിനുള്ള ഹിയറിങ് വേളയിൽ അഡ്വക്കേറ്റ് ജനറൽ കെ.കെ. വേണുഗോപാൽ പോലും ഇത് ശിക്ഷ  നല്‍കേണ്ടത്ര ഗൗരവമുള്ളവിഷയമല്ല എന്നും  കോടതിയെക്കുറിച്ച് സമാനമായ വിമര്‍ശനങ്ങളുന്നയിച്ചിട്ടുള്ള അഞ്ചു മുന്‍സുപ്രീംകോടതി ജഡ്ജിമാരുടെയെങ്കിലും പട്ടിക  തന്റെ  കൈവശമുണ്ടെന്നും കോടതിയെ അറിയിച്ചു. അദ്ദേഹം തന്നെ 1987-ല്‍ സമാനമായ പരാമര്‍ശം നടത്തിയിട്ടുള്ളതായും കോടതിമുന്‍പാകെ പറഞ്ഞു. എന്നാല്‍ തുടര്‍ന്നു വന്ന ഉത്തരവില്‍ എ.ജി.യുടെ സാന്നിധ്യം  പോലും രേഖപ്പെടുത്തിയിരുന്നില്ല എന്ന

കാര്യവും ശ്രദ്ധേയമാണ്. പിന്നീട് വിമര്ശനമുയർന്നപ്പോൾ തിരുത്തുകയായിരുന്നു. ഇതിനു മുൻപ് സമാനമായ സാഹചര്യം ഉണ്ടായത് ചീഫ് ജസ്റ്റിസ് ഗൊഗോയിക്കെതിരെ ഉയർന്നു വന്ന ലൈംഗീക പീഡന ആരോപണത്തിന്റെ പരിഗണനാ വേളയിലാണ്. ആരോപണ വിധേയനായ ചീഫ് ജസ്റ്റിസ് വിഷയം പരിഗണിച്ച ബെഞ്ചിൽ ഇരിക്കുകയും പരാതിക്കാരിക്കെതിരെ മുൻവിധിയോടുകൂടിയ പരാമർശങ്ങളും ആരോപണങ്ങളും ഉന്നയിക്കുന്നതിന് നമ്മൾ സാക്ഷ്യം വഹിച്ചതാണ്. എന്നാൽ, ഉത്തരവ് വന്നപ്പോൾ അതിൽ നിന്ന് ചീഫ് ജസ്റ്റിസിന്റെ പേര് അപ്രത്യക്ഷമായിരുന്നു! പിന്നീട് ആരോപണമുന്നയിച്ച ജീവനക്കാരിയെ സുപ്രീംകോടതി തിരികെ ജോലിക്കെടുത്തു എന്നുകൂടി അറിയുമ്പോഴാണ് കഥ പൂർത്തിയാവുക. 

തെഹൽക്ക ലേഖനവുമായി ബന്ധപ്പെട്ടുള്ള കേസിലും  പരാമർശിക്കപ്പെട്ട എട്ട് ജഡ്ജിമാരെക്കുറിച്ച് വിശദമായ പ്രസ്താവന ഫയൽ ചെയ്തിട്ടുണ്ട് പ്രശാന്ത് ഭൂഷൻ.

വെറും 540 വാക്കുകൾ കൊണ്ട് അപകടത്തിലാകുന്നതാണ് സുപ്രീംകോടതിപോലെ മഹത്തായ ഒരു സ്ഥാപനത്തിന്റെ അന്തസ്സ് എന്ന ധാരണ എത്ര ബാലിശമാണ്. ഈ ട്വീറ്റുകൾ ലക്ഷക്കണക്കിന് ആളുകൾ പങ്കുവക്കുന്നതാണ് അതുകൊണ്ടുതന്നെ പത്രമാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായങ്ങളെക്കാൾ വില അതിനുണ്ട് എന്നാണ് വിധിപ്രസ്താവം. ജനാധിപത്യത്തിന്റെ കേന്ദ്രസ്തൂപമായ കോടതിയെ തകർക്കാൻ പോന്നതാണത്രേ ഈ ട്വീറ്റുകൾ! ജനാധിപത്യ വ്യവസ്ഥയുടെ കേന്ദ്രം പാര്ലമെന്റല്ലേ എന്ന സംശയം വായനക്കാരുടെയുള്ളിൽ ഉയരുന്നുണ്ടെങ്കിൽ അതു പുറത്തേക്ക് വളരാതെ സൂക്ഷിക്കുക. കാരണം പ്രശസ്തി കൊണ്ടും പദവികൊണ്ടും സ്വാധീനം കൊണ്ടും പ്രശാന്ത് ഭൂഷനു ലഭിച്ച പരിഗണന സാധാരണ മനുഷ്യർക്ക് ലഭിച്ചെന്ന് വരില്ല. ഇവിടെ ശിക്ഷാ വിധിയിൽ ഒരു രൂപയാണ് പിഴ. അത് ചെറുതോ വലുതോ എന്നുള്ളതല്ല, കേവലം 2 ട്വീറ്റുകളെ കോടതി അപകീർത്തികരമായ കാണുകയും ശിക്ഷ വിധിക്കുകയും ചെയ്തു എന്നതാണ്.

മാപ്പ് ആവശ്യപ്പെട്ട കോടതിയോട് മാപ്പ് പറഞ്ഞാൽ അത് കാപട്യമാകുമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. “കോടതിയുടെ മുന്നിൽ ദയയോ ഔദാര്യമോ യാചിക്കുന്നില്ല, ഒരു പൗരൻ എന്നനിലയിൽ എന്റെ കടമ എന്നു ഞാൻ ഉറച്ചു വിശ്വസിക്കുന്ന ഒരു കാര്യത്തിന് വേണ്ടി കോടതി കൽപ്പിക്കുന്ന ഏതൊരു ശിക്ഷയും വിനയത്തോടെ സ്വീകരിക്കുവാൻ ഞാൻ ഒരുക്കമാണ്” എന്ന ഗാന്ധിജിയെ സ്മരിച്ചുകൊണ്ടുള്ള പ്രശാന്ത് ഭൂഷന്റെ മറുപടി ഇന്ത്യൻ നീതിന്യായ വ്യവസ്ഥയുടെ ചരിത്രത്തിലെ ഒരു കാലഘട്ടത്തെ അടയാളപ്പെടുത്തുന്ന വാക്കുകളായി വരും കാല ചരിത്രകാരന്മാർ വായിച്ചെടുക്കും എന്ന കാര്യത്തിൽ സംശയമില്ല. അതേസമയം തന്നെ പ്രധാനപ്പെട്ട പല സിവിൽ കോടതിയലക്ഷ്യ കേസുകളും തീർപ്പിക്കാതെ അവശേഷിക്കുകയും ചെയ്യുന്നുണ്ട് സുപ്രീംകോടതിയിൽ. മുൻ യു.പി. മുഖ്യമന്ത്രി കല്യാൺ സിംഗിനെതിരെ നിലനിക്കുന്ന കേസ് ഉദാഹരണമാക്കാം. 1992-ൽ ബാബ്‌റി പള്ളിക്ക് ഒരു പോറൽ പോലും ഏൽക്കാൻ അനുവദിക്കില്ല എന്നു സുപ്രീംകോടതിയിൽ ഉറപ്പു നല്കിയതിനുശേഷം കർസേവകർക്കുമുന്നിൽ നിഷ്ക്രിയത പാലിച്ചതിനാണ് കേസ്. പള്ളിപൊളിക്കാൻ കൂട്ടുനിന്നതിന്. 28 വർഷങ്ങൾ പിന്നിട്ടിരിക്കുന്നു. ഇതുവരെയും കോടതി ഇക്കാര്യത്തിൽ തീർപ്പു കല്പിച്ചിട്ടില്ല.

ക്രിമിനൽ കോടതിയലക്ഷ്യ നിയമങ്ങൾ തന്നെ ജനാധിപത്യ സംവിധാനത്തിൽ നിന്ന് പുറത്തായിക്കൊണ്ടിരിക്കുന്ന കാലമാണിത്. അഭിപ്രായസ്വാതന്ത്ര്യത്തിന് വിരുദ്ധമെന്നു മാത്രമല്ല ജനാധിപത്യസംവിധാനങ്ങൾക്കു കീഴിലുള്ള സാമാന്യ നീതിബോധത്തിന് നിരക്കാത്തതുകൂടിയാണത്. സാധാരണഗതിയിൽ കുറ്റം തെളിയുക്കപ്പെടുംവരെ ഒരാൾ നിരപരാധിയാണ് എന്ന സങ്കല്പത്തിലാണ് വിചാരണ നടപടികൾ ആരംഭിക്കുക. ഇവിടെ കോടതിതന്നെ ഒരാൾ കുറ്റക്കാരനാണ് എന്ന മുൻവിധിയോടെയാണ് കാര്യങ്ങൾ തുടങ്ങുന്നത്. വാദിയും വിധികർത്താവും ശിക്ഷനിര്ണയിക്കുന്നയാളുമെല്ലാം കോടതി തന്നെയാണ്. ‘അപകീർത്തി’ പോലെ അനിർണിതവും അവ്യക്തവുമായ വാക്കിനാൽ നിര്ണയിക്കപ്പെട്ട കുറ്റ വിധികളിൽ അത് ഏകപക്ഷീയമാകാനുള്ള സാധ്യതകളേറെയാണ്. ഒരു ന്യായധിപനും സ്വന്തം കേസിൽ വിധിപറയരുത് എന്ന നീതിസങ്കല്പം ഇവിടെ അട്ടിമറിക്കപ്പെടുന്നുണ്ട്. 

“കോടതിയലക്ഷ്യന്യായാധികാരത്തിന്റെ ലക്ഷ്യം കോടതിയുടെ മഹിമയും അന്തസ്സും ഉയർത്തിപ്പിടിക്കുക എന്നതാണ്” എന്ന് സുപ്രീംകോടതി വിധിയിൽ പറയുന്നു. കോടതിയുടെ അന്തസ്സും മഹിമയും ഉയർത്തിപ്പിടിക്കേണ്ടത് കോടതിയലക്ഷ്യ നടപടികളിലൂടെയല്ല, കൂടുതൽ ആഴമുള്ള മാനങ്ങൾ ഉണ്ടതിന്. ഭരണഘടനാ സ്ഥാപനം എന്ന നിലയിൽ, രാജ്യത്തിന്റെ ഭരണഘടനയും പൗരരുടെ അവകാശങ്ങളും സംരക്ഷിക്കുന്നതിൽ കോടതി സ്വീകരിക്കുന്ന നടപടികളും നിഷ്പക്ഷവും ധീരവുമായ തീരുമാനങ്ങളും ആകണം കോടതിയുടെ അന്തസ്സും മഹിമയും ഉയർത്തിപ്പിടിക്കേണ്ടത്. 

കഴിഞ്ഞ നൂറ്റാണ്ടിലെ ഏറ്റവും വലിയ നിയമജ്ഞരിലൊരാളായ ലോർഡ് ഡെന്നിങ് 1969-ൽ ഒരു വിധിന്യായത്തിൽ കുറിച്ചു: “സ്വയം പ്രതിരോധിക്കാൻ ഞങ്ങൾ ഒരിക്കലും കോടതിയലക്ഷ്യനിയമം ഉപയോഗിക്കില്ല. ഞങ്ങളുടെ പെരുമാറ്റവും, വിധികളും, സ്വഭാവശുദ്ധിയും ആയിരിക്കും ഞങ്ങളുടെ പ്രതിരോധം. യുക്തിയുള്ള മനുഷ്യർ സ്വയം പ്രതിരോധത്തിനായി കോടതിയലക്ഷ്യ അധികാരങ്ങൾ ഉപയോഗിക്കുകയില്ല, കാരണം അത് അഭിപ്രായസ്വാതന്ത്രത്തിനുമേലുള്ള കടന്നുകയറ്റമാണ്. ജനാധിപത്യത്തിന്റെ ആണിക്കല്ലാണ് അഭിപ്രായസ്വാതന്ത്ര്യം.”.

ഏതൊരു ഭരണഘടനാകോടതിയുടെയും അന്തസ്സും അഭിമാനവും കുടിയിരിക്കുന്നത് ഒരു സമൂഹ്യമാധ്യമത്തിൽ പങ്കുവച്ച  അഭിപ്രായങ്ങളിന്മേലല്ല, അതിലും ആഴവും ഉറപ്പുമുള്ള ധാർമികബോധ്യങ്ങളിലായിരിക്കണം അതു നിലകൊള്ളേണ്ടത്. മഹനീയമായ പാരമ്പര്യമുള്ള പരമോന്നത നീതിപീഠത്തിലുള്ള പൗരരുടെ വിശ്വാസവും രാജ്യത്തിന്റെ അന്തസ്സും കേവലം രണ്ടു ട്വീറ്റുകൾ കൊണ്ട് തകർന്നുപോകുമെന്ന വാദം സ്വയം ചെറുതാകലാണ്. ഒരു രൂപ പിഴയടക്കുമെന്നു പ്രഖ്യാപിച്ചുകൊണ്ടുള്ള തന്റെ പ്രസ്‌താവനയിൽ പ്രശാന്ത് ഭൂഷൻ പറഞ്ഞതുപോലെ സുപ്രീംകോടതി പരാജയപ്പെടുകയെന്നാൽ അതിനർത്ഥം നമ്മൾ എല്ലാവരും പരാജയപ്പെടുക എന്നതാണ്; സുപ്രീംകോടതിയുടെ വിജയം നമ്മുടെ എല്ലാവരുടെയും വിജയമാണ്.  ആത്മവിമർശത്തിന്റെയും സ്വയം  തിരുത്തലിന്റെയും മഹനീയ ചരിത്രമുണ്ട് നമ്മുടെ കോടതിക്ക്. ചരിത്രം ദുഃഖകരമെന്നു വിലയിരുത്തിയ അടിയന്തരവസ്ഥക്കാലത്തെ വീഴ്ചകളിൽ നിന്ന് കോടതിയെത്ര ശോഭനീയമായാണ് പരിണാമപ്പെട്ടത്. മനുഷ്യന്റെ ജീവിക്കാനുള്ള അവകാശത്തെ പരിമിതപ്പെടുത്തിയ കുപ്രസിദ്ധമായ എ.ഡി.എം. ജബൽപ്പൂർ വിധി ഇനിയൊരിക്കലും തിരിച്ചുവരാത്തത്ര ആഴത്തിൽ കുഴിച്ചുമൂടേണ്ടതാണ് എന്ന് പറഞ്ഞുകൊണ്ട് സുപ്രീംകോടതി തിരുത്തിയത് 2017-ലെ സ്വകാര്യതാ വിധിയിലാണ്. പ്രശാന്ത്‌ ഭൂഷൻ കേസിലെ നടപടികൾ കോടതിയുടെ അന്തസ്സും വിശ്വാസ്യതയും ഉയർത്തുകയുണ്ടായോ എന്ന കാര്യം പുനഃപരിശോധിക്കപ്പെടും എന്നു തന്നെ കരുതാം.

അയോധ്യ വിധി പഴയ ഒത്തുതീര്‍പ്പു ഫോര്‍മുലയുടെ പുതിയ പതിപ്പോ?

ബാബറി മസ്ജിദ് നിലനിന്നിരുന്ന സ്ഥലം ഉള്‍പ്പെടുന്ന രണ്ടേമുക്കാല്‍   ഏക്കര്‍ സ്ഥലം രാമജന്മഭൂമി-ക്ഷേത്രത്തിനായി വിട്ടുനല്കുക, പകരം അയോധ്യയില്‍ മറ്റൊരിടത്ത് മസ്ജിദ് പണിയുന്നതിനുള്ള സ്ഥലം ലഭ്യമാക്കുക  എന്ന സുപ്രീംകോടതി വിധിയിലെ നിര്‍ദേശം ഏറെ വിമര്‍ശനങ്ങള്‍ക്കു വഴിവച്ചിരുന്നു. ഒരു വിഭാഗത്തില്‍ നിന്ന് ഭൂമിയുടെ ഉടമസ്ഥത സംബന്ധിച്ച കണിശമായ തെളിവുകള്‍ ആവശ്യപ്പെട്ട കോടതി മറു വിഭാഗത്തിനോട്‌ അത്രമേല്‍ കണിശത കാണിച്ചില്ല എന്നത് വളരെ യുക്തിപൂര്‍വകമായ  ഒരു വിമര്‍ശനമാണ്. എന്നാല്‍ അന്തിമവിധി മുന്നോട്ടു വച്ച പരിഹാരം 1991-ല്‍ പ്രധാനമന്ത്രി ചന്ദ്രശേഖര്‍ സിംഗിന്‍റെ കാര്‍മികത്വത്തില്‍ എത്തിച്ചേര്‍ന്ന പ്രശ്നപരിഹാര നിര്‍ദ്ദേശത്തിനു സമാനമാണ് എന്നതു കൌതുകകരമാണ്. അന്ന്‌ ആ നിര്‍ദ്ദേശം നടപ്പിലായിരുന്നെങ്കില്‍ കേവലം ആറു മാസം മാത്രം പ്രധാനമന്ത്രി പദത്തിലിരുന്ന ചന്ദ്രശേഖറിന്റെ പേര് ഇന്ത്യാചരിത്രത്തിലെ അഭിവാജ്യ ഭാഗമാകുമായിരുന്നു പക്ഷേ, അതിനു മുന്‍പേ കോണ്ഗ്രസ് പാര്‍ട്ടി പിന്തുണ പിന്‍വലിക്കുകയും ഗവണ്മെന്റ് താഴെവീഴുകയും ചെയ്തു.

പ്രമുഖ ബ്രിട്ടീഷ് ചരിത്രകാരനായ റോഡറിക്ക് മാത്യൂസ് എഴുതിയ ‘ചന്ദ്രശേഖര്‍ ആന്‍ഡ്‌ ദി സിക്സ് മന്ത്സ് ദാറ്റ് സേവ്ഡ് ഇന്ത്യ’ എന്ന പുസ്തകതിലാണ് അനുരഞ്ജന ചര്‍ച്ചകളുടെ വിശദാംശങ്ങള്‍ ഉള്ളത്. ആഗസ്ത് 10-ന് പ്രസിധീകൃതമാകാനിരിക്കുന്ന പുസ്തകത്തിന്റെ ഭാഗങ്ങള്‍ ‘ദി പ്രിന്‍റ്’ പ്രസിദ്ധീകരിച്ചിരിക്കുന്നു. രാം ജന്മഭൂമി ന്യാസും ആള്‍ ഇന്ത്യ ബാബ്റി മസ്ജിദ് ആക്ഷന്‍ കമ്മിറ്റിയും ചര്‍ച്ചയുടെ ഭാഗമായിരുന്നു. പ്രധാനമന്ത്രിക്കുവേണ്ടി ശരദ് പവാര്‍ ആണ് മുസ്ലീം വിഭാഗത്തോട് സംസാരിച്ചത്, പ്രധാനമന്ത്രിയുടെ സുഹൃത്തും ബി.ജെ.പി.യിലെ മിതവാദിയുമായിരുന്ന ഭൈരോണ്‍ സിംഗ് ശെഖാവത്ത് ആയിരുന്നു ഹിന്ദു പക്ഷത്തോട് ചര്‍ച്ചയ്ക്ക് നിയോഗിക്കപ്പെട്ടത്.

ആദ്യ ചര്‍ച്ച പ്രധാനമന്ത്രിയുടെ ഓഫീസില്‍ വച്ചായിരുന്നു. വി.എച്ച്.പി. പ്രതിനിധിയോട്‌ ചന്ദ്രശേഖര്‍ ചോദിച്ചു; “അയോധ്യയില്‍ എന്താണ് ചെയ്യേണ്ടത്?”. “അയോധ്യയില്‍ എന്താണ് പ്രശ്നം? അതൊരു രാമക്ഷേത്രമാനെന്നു എല്ലാവര്ക്കും അറിയാം. അത് ഒരു രാമക്ഷേത്രം തന്നെയാണ്.” എന്നായിരുന്നു മറുപടി. രണ്ടു മിനിറ്റ് മൌനത്തിനു  ശേഷം ചന്ദ്രശേഖര്‍ പറഞ്ഞു: “നമുക്ക് കാര്യങ്ങളെ ഗൌരവമായി കാണാം. ഞാന്‍ ആണ് ഇപ്പോള്‍ പ്രധാനമന്ത്രി; എത്രകാലം ഈ പദവിയില്‍ ഉണ്ടായിരിക്കും എന്നറിയില്ല. എന്തായാലും ഞാന്‍ ഈ പദവിയില്‍ ഇരിക്കുന്നിടത്തോളം കാലം ആരെയും ആ മന്ദിരത്തില്‍ തൊടാന്‍പോലും അനുവദിക്കില്ല. ഞാന്‍ വി പി സിംഗല്ല, ഏതെങ്കിലും സംസ്ഥാന മുഖ്യമന്ത്രിയെ ആശ്രയിക്കേണ്ട  കാര്യമില്ല എനിക്ക്.   പള്ളിയില്‍ ആരെങ്കിലും തൊടാന്‍ ശ്രമിച്ചാല്‍  വെടിവെക്കുവാന്‍ ഞാന്‍ ഉത്തരവിടും. ഇന്ത്യ ഒരു ദരിദ്ര രാജ്യമാണ്. ഒരുപാട് പണം നമ്മള്‍ ഇതിനുവേണ്ടി ചെലവിടുന്നുണ്ട്. അത് പാടില്ല. നിങ്ങള്‍ക്ക് എന്തിനാണ് ആശങ്ക, 500 സന്യാസിമാര്‍ മരിച്ചാല്‍, അവര്‍ മരിക്കുന്നത് ദൈവത്തിനു വേണ്ടിയല്ലേ, അവര്‍ സ്വര്‍ഗത്തില്‍ എത്തിക്കോളും….. മുസ്ലീം വിഭാഗവും എന്നെ കാണാന്‍ എത്തുന്നുണ്ട്. അത് ഓര്‍ത്തുകൊള്‍ക.”

മുസ്ലീം സംഘം വന്നപ്പോള്‍ അദ്ദേഹം പറഞ്ഞു: “ഞാന്‍ അവരോടു കാര്യങ്ങൾ  പറഞ്ഞിട്ടുണ്ട്; ഞാന്‍ ഈ കസേരയില്‍ ഇരിക്കുന്ന കാലം വരെ നിങ്ങളുടെ മന്ദിരം സുരക്ഷിതമായിരിക്കും. പക്ഷേ രാജ്യത്ത് അഞ്ചാറു ലക്ഷം ഗ്രാമങ്ങളുണ്ട്. എല്ലായിടത്തും ഹിന്ദുക്കളും മുസ്ലീങ്ങളും ഇടകലർന്നു  കഴിയുകയാണ്. നാളെ രാജ്യവ്യാപകമായ കലാപം ഉണ്ടായാല്‍ എല്ലായിടവും നിയന്ത്രിക്കാന്‍ മാത്രമുള്ള പോലീസ് സേന എന്റെ കൈയ്യിലില്ല. അതുകൊണ്ട്, ആലോചിച്ച് ഒരു തീരുമാനം പറയുക.”

രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ ഇരു വിഭാഗവും അനുരഞ്ജനത്തിനു തയ്യാറാണെന്ന് അറിയിച്ചു. ശരദ് പവാറിനെയും ഭൈരോണ്‍ സിംഗ് ശെഖാവത്തിനെയും ചര്‍ച്ചകള്‍ക്ക് നിയോഗിച്ചു. പത്രങ്ങള്‍ക്ക് വിവരങ്ങള്‍ ലഭിക്കരുത്‌, ചര്‍ച്ചകള്‍ പരമാരഹസ്യമയിരിക്കണം എന്ന ഉപാധി വച്ചു. പതിനഞ്ച്-ഇരുപത്  ദിവസം കഴിഞ്ഞപ്പോള്‍ ഭൈരോണ്‍ സിംഗ് ശെഖാവത്ത് എത്തി. ഇരു വിഭാഗങ്ങളും ഒത്തുതീര്‍പ്പിന് തയ്യാറാണ് എന്നറിയിച്ചു. പക്ഷേ, ഇരു വിഭാഗത്തിന്റെയും അനുഭാവികള്‍ക്കിടയില്‍ വൈകാരികത ആളിക്കത്തുകയാണ്. അതെങ്ങനെ തണുപ്പിക്കുമെന്ന് നേതാക്കന്മാര്‍ക്ക് അറിയില്ല. മുസ്ലീം വിഭാഗം പറഞ്ഞു: “വൈകാരികത കണക്കിലെടുത്ത് ഈ സ്ഥലം ഹിന്ദുക്കള്‍ക്ക് വിട്ടുനല്‍കാന്‍ ഞങ്ങള്‍ തയ്യാറാണ്. അതിനു പക്ഷേ, രണ്ട് ഉപാധികള്‍ ഉണ്ട്. ഒന്ന്‌, പള്ളിക്കുവേണ്ടി മറ്റൊരിടം വിട്ടു നല്‍കണം. രണ്ട്, ഇതിനു ശേഷം മറൊരു പള്ളി-ക്ഷേത്ര തര്‍ക്കം ഉയര്ത്തിക്കൊണ്ടുവരില്ല എന്ന്‍ ഉറപ്പു ലഭിക്കണം. 1947 ആഗസ്റ്റ് 15 എന്ന തിയ്യതി വച്ച് ആരാധനാലയങ്ങളുടെ പദവി അതുപോലെ തന്നെ നിലനിർത്തുമെന്ന് ഉറപ്പ് നല്കണം. ” ഈ നിർദ്ദേശം ഹിന്ദുപക്ഷവും അംഗീകരിച്ചു.

പ്രശ്നപരിഹാരത്തിന് അരികെ വച്ചാണ് കോണ്ഗ്രസ്സ് പിന്തുണ പിൻവലിക്കുന്നതും ചന്ദ്രശേഖറിന് പ്രധാനമന്ത്രിപദം നഷ്ടമാകുന്നതും. ശരദ്  പവാർ ചർച്ചയുടെ വിശദാംശങ്ങൾ രാജീവ് ഗാന്ധിയെ അറിയിച്ചിരുന്നു. അദ്ദേഹം ചന്ദ്രശേഖറിനെ വിളിച്ച് അഭിനന്ദിക്കുകയും ചെയ്തിരുന്നത്രേ. എന്നാൽ രണ്ടു ദിവസം കഴിഞ്ഞപ്പോൾ കോണ്ഗ്രസ്സ് ചന്ദ്രശേഖര് ഗവണ്മെന്റിനുള്ള പിന്തുണ പിൻവലിച്ചു. രാജീവ് ഗാന്ധിയുടെ വസതിക്ക് സമീപത്തു രണ്ടു പോലീസ് കോൺസ്റ്റബിൾമാരെ കണ്ടു, അവർ ചാരവൃത്തി നടത്തുവാൻ  എത്തിയതാണ് എന്നായിരുന്നു കോൺഗ്രസിന്റെ ആരോപണം. അയോദ്ധ്യ പ്രശ്നം ചന്ദ്രശേഖറിന്റെ നേതൃത്വത്തിൽ പരിഹരിക്കപ്പെട്ടാൽ അത് അദ്ദേഹത്തിന്റെ പ്രതിഛായ വർധിപ്പിക്കും എന്ന കാരണം കൊണ്ട് മാത്രമാണ് സർക്കാരിനുള്ള പിന്തുണ പിൻവലിക്കാൻ രാജീവ് ഗാന്ധി തീരുമാനിച്ചത് എന്ന് സമാജ്‌വാദി പാർട്ടി നേതാവും അന്ന് കേന്ദ്രമന്ത്രിയും ആയിരുന്ന കമാൽ മൊറാർക്ക പ്രസ്താവിച്ചിരുന്നു. 

ഈ ഒത്തുതീർപ്പു ശ്രമങ്ങളുടെ തുടർച്ച ആണോ എന്ന ഉറപ്പില്ല, എങ്കിലും  തുടർന്ന്  അധികാരമേറിയ  പി.വി. നരസിംഹറാവു ഗവണ്മെന്റ് ആരാധനാലയ (പ്രത്യേക വ്യവസ്ഥകൾ) നിയമം [ Places of worship (Special Provisions) Act, 1991] കൊണ്ടുവന്നു. പ്രസ്തുത നിയമപ്രകാരം രാജ്യത്തെ ആരാധനാലയങ്ങളുടെ പദവി രാജ്യം സ്വതന്ത്രമായ 1947 ആഗസ്ത് പതിനഞ്ചാം തിയ്യതി വച്ച് സ്ഥിരപ്പെടുത്തി. ദേവാലയങ്ങളുടെ മതസ്വഭാവം മാറ്റുന്നതിനുള്ള  യാതൊരു തർക്കവും ഒരു കോടതിയും ഭാവിയിൽ പരിഗണിക്കേണ്ടതില്ല എന്നും നിയമം വ്യവസ്ഥ ചെയ്തു.  എന്നാൽ ബാബറി-തർക്കം  മാത്രം നിയമത്തിന്റെ  പരിധിയിൽ നിന്നും ഒഴിവാക്കപ്പെട്ടിരുന്നു. അന്ന് ബി.ജെ.പി. ഒഴികെയുള്ള പ്രധാന രാഷ്ട്രീയകക്ഷികൾ എല്ലാം തന്നെ  നിയമത്തെ സ്വാഗതം ചെയ്തു. “ആരാധനാലയങ്ങളുടെ 1947 ആഗസ്റ്റ് പതിനഞ്ചിലെ നില സംരക്ഷിക്കപ്പെടണം എന്ന ഞങ്ങളുടെ ഏറെക്കാലത്തെ ആവശ്യം ഗവണ്മെന്റും മതേതര കക്ഷികളും അംഗീകരിച്ചതിൽ സംതൃപ്തിയുണ്ട്” എന്ന്  അഖിലേന്ത്യാ ബാബ്‌റി മസ്ജിദ് ആക്ഷൻ കമ്മിറ്റി നേതാവായിരുന്ന  സയീദ് ജാവേദ് ഹബീബ് പ്രസ്താവിച്ചു. “ഇനിയും എക്കാലവും ഇതുപോലുള്ള തർക്കങ്ങൾ ഉയർന്നു വരികയില്ല എന്ന സാഹചര്യം വന്നതുകൊണ്ട് അയോദ്ധ്യ വിഷയത്തിലെ നിലപാട് ഞങ്ങൾ പുനർവിചിന്തനം ചെയ്യും” എന്ന് ഒരു പ്രമുഖ മുസ്‌ലിം നേതാവ് പറഞ്ഞതായി 1991 സെപ്തംബർ 14 -ലെ ആനന്ദബസാർ പത്രിക റിപ്പോർട്ട് ചെയ്തിരുന്നു. ആ നിലയ്ക്കുള്ള ചർച്ചകൾ അണിയറയിൽ നടക്കുന്നുണ്ടായിരുന്നിരിക്കാം. അങ്ങനെ പ്രശ്നം അവസാനിച്ചിരുന്നെങ്കിൽ ‘മന്ദിർ-മസ്ജിദ്-രാഷ്ട്രീയ’ത്തിന്റെ   അവസാനമാകുമായിരുന്നു അത്; ഒപ്പം ഹിന്ദു-മുസ്‌ലിം സാമുദായിക സൗഹൃദം ഊട്ടിയുറപ്പിക്കുന്നതിലേക്ക് സുപ്രധാന ചുവടുവയ്പ്പും.

പക്ഷേ, 1992-ൽ ബാബ്‌റി പള്ളി പൊളിച്ച  ഭീകരമായ ആക്രമ സംഭവം ചരിത്രമാകെ മാറ്റിയെഴുതിക്കളഞ്ഞു. അതിൽ  അതിൽ കോൺഗ്രസ്സ് ഗവണ്മെന്റിന്റെ, പ്രത്യേകിച്ചും പ്രധാനമന്ത്രി  നരസിംഹ റാവുവിന്റെയും, മുഖ്യമന്ത്രി കല്യാൺ സിംഗിന്റെയും, നിഷ്‌ക്രിയത്വവും  ഏറെ വിമർശിക്കപ്പെട്ടതാണ്. മുസ്‌ലിം മത തീവ്രവാദികളുടെ സമ്മർദ്ദത്തിനു വഴങ്ങി  ‘ഷ ബാനു’ കേസിലെ  സുപ്രീംകോടതി വിധിക്കെതിരെയായി നിയമനിർമാണം നടത്തിയത് ബാലൻസ് ചെയ്യാൻ ബാബ്‌റി മസ്ജിദിന്റെ പൂട്ട് തുറക്കാനും ക്ഷേത്രത്തിന്റെ ശിലാസ്ഥാപനം നടത്താനും കൂട്ട്നിൽക്കുകയാണ് രാജീവ്  ഗാന്ധിചെയ്തത്.  അതിനു സമാനമായി ആരാധനാലയ നിയമം കൊണ്ട് വന്നതിനു പകരം സ്വീകരിച്ച ഹിന്ദുത്വ രാഷ്ട്രീയ പ്രീണനനയം ആയിരുന്നോ അതോ കോൺഗ്രസിന്റെ യഥാർത്ഥ ഹിന്ദുത്വ അജണ്ടയാണോ 1992-ൽ നടപ്പിലായത് എന്നത് തർക്കവിഷയമാണ്. 

അതെന്തുതന്നെയായാലും 1991-ലെ ഒത്തുതീർപ്പു നിർദ്ദേശങ്ങൾക്ക് സമാനമായ തീരുമാനം സുപ്രീംകോടതിയുടെ അയോദ്ധ്യ പ്രശ്നത്തിലെ അന്തിമവിധിയിലും കാണാൻ കഴിയുന്നു എന്നത് കൗതുകകരമാണ്. ആരാധനാലയങ്ങൾ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച 1947 ആഗസ്ത് 15-ന് എപ്രകാരം നിലനിന്നിരുന്നുവോ അതേ പദവിയിൽ തന്നെ തുടരണം എന്ന തത്വവും വിധിയുടെപ്രധാനഭാഗമാണ്. ആരാധനാലയ (പ്രത്യേക വ്യവസ്ഥകൾ) നിയമത്തെക്കുറിച്ച് സുപ്രീംകോടതി വിധിയിൽ വളരെയധികം ഊന്നൽ നൽകിയിട്ടുണ്ട്. ചരിത്രപരമായ ശരിതെറ്റുകൾക്ക് പരിഹാരം കാണാനുള്ള വേദിയല്ല സുപ്രീംകോടതിയെന്ന് വിധി അസന്നിഗ്ധമായി പ്രഖ്യാപിക്കുന്നു. ഭരണഘടനാ ധാർമികതയുടെ പ്രകാശനമായാണ് അയോധ്യവിധിയിൽ ഈ നിയമത്തെ പ്രകീർത്തിക്കുന്നത്. 

ബാബ്‌റി പള്ളിയെക്കുറിച്ച് ഹിന്ദുത്വ ശക്തികൾ മുന്നോട്ടു വച്ച വാദങ്ങളൊന്നും തന്നെ സുപ്രീം കോടതി അംഗീകരിച്ചില്ല. രാമക്ഷേത്രം തകർത്താണ് പള്ളിപണിതത് എന്ന സംഘ പരിവാർ പ്രധാന പ്രചാരണം കോടതി തള്ളി. ചരിത്രവും, ആർക്കിയോളജിക്കൽ സർവേ ഓഫ്  ഇന്ത്യയുടെ ഖനന റിപ്പോർട്ടും അത് തെളിയിക്കുന്നില്ല എന്ന് കോടതി കണ്ടെത്തി. ബാബ്‌റി മസ്ജിദ് പള്ളിയേ ആയിരുന്നില്ല എന്ന വാദവും അംഗീകരിച്ചില്ല, തർക്ക മന്ദിരം പള്ളി തന്നെയായിരുന്നു എന്ന് വിധിയിൽ എഴുതി. അതുപോലെ തന്നെ രാമ ജന്മഭൂമിയെ ഒരു നിയമപരമായ വ്യക്തിയായി അംഗീകരിക്കണം എന്ന ആവശ്യം അംഗീകരിച്ചില്ല. ഒരു സ്ഥലം വ്യക്തിയായി മാറിയാൽ അതിന്മേലുള്ള തർക്കങ്ങളെല്ലാം അപ്രസക്തമാകും. ആ സ്ഥലത്തിന്റെ പരിധി നിർണയിക്കുക എങ്ങനെയാണ് എന്നു തുടങ്ങി നിരവധി പ്രശനങ്ങൾ ഉയർന്നുവരും. ഏതു മതവിഭാഗത്തിന്റെ വിശ്വാസമാണ് കൂടുതൽ ശക്തം എന്ന് അളന്നുകൊണ്ട് ഒരു സ്ഥലത്തിന്റെ ഉടമസ്ഥാവകാശം നിര്ണയിക്കാനാകില്ല. ഒരു സിവിൽ തർക്കം എപ്പോഴും മതേതരമായി നിലനിൽക്കണം എന്ന് കോടതി അർത്ഥശങ്കയ്ക്ക് ഇടയില്ലാത്തവിധം വ്യക്തമാക്കിയിരിക്കുന്നു. ഈ വിഷയം രാഷ്ട്രീയ മുതലെടുപ്പുകൾക്കും വർഗീയ സംഘര്ഷങ്ങൾക്കും ഇനിയും മരുന്നായിക്കൂടാ എന്നും കോടതി പറയുന്നു. ആ ഒരു പശ്ചാത്തലത്തിന് അനുയോജ്യമായ സിവിൽ നിയമയുക്തിയിലൂടെയാണ് കോടതി അന്തിമ തീർപ്പിൽ എത്തിച്ചേർന്നത്. അത് 1991-ലെ, ഇരുവിഭാഗങ്ങളും സമ്മതിച്ച,  ഒത്തുതീർപ്പു നിർദ്ദേശങ്ങൾക്ക് സമാനമാകുന്നത് ഒരുപക്ഷേ ആകസ്മികമായിരിക്കാം. 

ദേശീയ വിദ്യാഭാസനയം; പ്രതീക്ഷകളും ആശങ്കകളും

ദേശീയ വിദ്യാഭ്യാസനയം വായിച്ചു നോക്കുന്നതിനു മുൻപേ ഇത്രമാത്രം നെഗറ്റീവ് കമന്റുകൾ വന്നത് എന്തുകൊണ്ടാണെന്ന് അത്ഭുതപ്പെടേണ്ടതില്ല. കേന്ദ്ര ഗവണ്മെന്റിന്റെ ധൈഷണിക-വിരുദ്ധ സമീപനങ്ങൾ തന്നെയാണ് അതിനു കാരണം. ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങളെ മോശമാക്കി ചിത്രീകരിക്കാനും ഭരണപരമായി അവയെ ദുര്ബലപ്പെടുത്താനും ഇത്രമാത്രം ശ്രമിച്ച മറ്റൊരു ഭരണകൂടം സമീപകാലത്ത് ഉണ്ടായിട്ടുണ്ടോ എന്നു സംശയമാണ്. എന്നിരുന്നാലും ദേശീയ വിദ്യാഭ്യാസനയം ആദ്യ വായനയിൽ പൊതുവെ പുരോഗമനപരവും ധനാത്മകവുമായ ഒരു രേഖയാണ്. 

ആദ്യമായി മനസിലാക്കേണ്ടത് ഇത് നാളെ മുതൽ പ്രാവർത്തികമാകുന്ന സംഗതിയല്ല എന്നാണ്. ഇതൊരു നയപ്രഖ്യാപനം മാത്രമാണ്. 2040 വരെയുള്ള സുദീർഘമായ കാലഘട്ടത്തിൽ നടപ്പിലാക്കേണ്ടത്. നടപ്പിലാക്കാൻ നിരവധി നിയമഭേദഗതികളും നിയമ നിര്മാണങ്ങളും ഒക്കെ ആവശ്യമായി വരും. പ്രത്യേകിച്ചും വിദ്യാഭ്യാസം ഒരു കൺകറൻ്റ്‌ വിഷയമാണെന്നിരിക്കെ ഒരു അഭിപ്രായ സമന്വയത്തിലൂടെയല്ലാതെ അതു സാധ്യമാകില്ല. നമ്മുടെ യൂണിവേഴ്സിറ്റികളിൽ സിംഹഭാഗവും സംസ്ഥാന യൂണിവേഴ്സിറ്റികളാണ്. സ്‌കൂളുകൾ എല്ലാം തന്നെ സംസ്ഥാന നിയമങ്ങൾക്ക് കീഴിലാണ്. പാഠ്യപദ്ധതികൾ തയ്യാറാക്കുന്നതും പരീക്ഷനടത്തുന്നതുമെല്ലാം സംസ്ഥാന തലത്തിലാണ്. അതുകൊണ്ടുതന്നെ സുദീർഘമായ കൂടിയാലോചനകൾക്കു ശേഷം മാത്രമേ ഈ ദിശയിലൊരു മാറ്റമുണ്ടാകൂ. 

ഏറ്റവും പ്രധാനം വിദ്യാഭ്യാസമേഖലയിൽ ഏറ്റവും കുറച്ചു പണം ചെലവഴിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ എന്ന തിരിച്ചറിവ് നയത്തിലുണ്ട് എന്നതാണ്. വിദ്യാഭ്യാസ രംഗത്തെ ചെലവ് ജി.ഡി. പി.യുടെ ആറു ശതമാനമെങ്കിലുമാക്കി ഉയർത്തണം എന്ന നിർദ്ദേശം സ്വാഗതാർഹമാണ്. പൊതുവെ വികസിത ജനാധിപത്യ രാജ്യങ്ങളിൽ എല്ലാം തന്നെ ഏകദേശം ആറു ശതമാനത്തിനോടടുത്ത മുതൽ മുടക്കാണ് വിദ്യാഭ്യാസ രംഗത്ത്. ക്യൂബ പോലുള്ള രാജ്യങ്ങളിൽ ഇത് മൊത്തം ദേശീയ വരുമാനത്തിന്റെ 12.9 ശതമാനമാണ്. ഗവേഷണമേഖലയിലും നമ്മുടെ മുതൽ മുടക്ക് തുലോം കുറവാണ്. ആധുനിക ശാസ്ത്ര ഗവേഷണ മേഖലകളിൽ മുൻപന്തിയിൽ നിൽക്കുന്ന ഇസ്രായേൽ, ദക്ഷിണ കൊറിയ, ചൈന, അമേരിക്ക പോലുള്ള രാജ്യങ്ങൾ ഈ മേഖലയിൽ യഥാക്രമം ജി.ഡി.പി.യുടെ 4.8, 4.3, 2, 2.8 ശതമാനം ചെലവഴിക്കുമ്പോൾ ഇന്ത്യയിൽ അത് വെറും 0.69 ശതമാനം മാത്രമാണ്. പല രാഷ്ട്രീയ പാർട്ടികളുടെ പ്രകടനപത്രികയിലും ഈ നിർദ്ദേശം മുൻപ് കണ്ടിട്ടുണ്ടെങ്കിലും ഗവണ്മെന്റ് ഒരു ഔദ്യോഗിക നയമായി പ്രഖ്യാപിക്കുന്നത് സ്വാഗതാർഹമാണ്. അതു നടപ്പിലാക്കുമോ എന്ന കാര്യം കണ്ടറിയണം.

സ്‌കൂൾ ഘടനാമാറ്റം

10+2 സംവിധാനത്തിൽ നിന്ന് 5+3+3+4 എന്ന സംവിധാനത്തിലേക്ക് മാറുന്നത് ഒരു വിപ്ലവമൊന്നും അല്ലെങ്കിലും പ്രീ-സ്‌കൂൾ ഘട്ടം കൂടി വിദ്യാഭ്യാസനയത്തിന്റെ ഭാഗമാക്കിയത് ഗുണകരമാണ്. കഴിഞ്ഞ യു.പി.എ. ഗവണ്മെന്റിന്റെ ഏറ്റവും പുരോഗമനപരമായ പ്രവർത്തികളിലൊന്നായിരുന്നു ‘വിദ്യാഭ്യാസ അവകാശ നിയമം’. ആറു മുതൽ പതിനാലു വയസുവരെയുള്ള കുട്ടികൾക്ക് സാർവത്രികവും സൗജന്യവുമായ വിദ്യാഭ്യാസത്തിനുള്ള അവകാശം ഒരു മൗലിക അവകാശമാക്കി മാറ്റുന്നതായിരുന്നു നിയമം. എന്നാൽ ഈ വിദ്യാഭ്യാസനയം നിലവിൽ വരുമ്പോൾ 3 വയസ്സുമുതൽ 18 വയസുവരെയുള്ള കുട്ടികൾ അതിന്റെ ഭാഗമാകുന്നു എന്ന ഒരു വശമുണ്ട്. പ്രീസ്‌കൂൾ തലത്തിൽ കൂടി ഉച്ചക്കഞ്ഞി ഏർപ്പെടുത്തുന്നു എന്ന മേന്മയും കാണേണ്ടതുണ്ട്. (കേരളത്തിൽ നേരത്തെ ഇതൊക്കെ നിലനിന്നിരുന്നതുകൊണ്ട് അത് അനുഭവവേദ്യമാകണമെന്നില്ല).

ത്രിഭാഷ അധ്യയനം നിഷ്കർഷിക്കുമ്പോഴും ഹിന്ദി നിര്ബന്ധിതമാക്കിയില്ല എന്നത് ഹിന്ദുത്വ ശക്തികളുടെ ദീർഘകാല സമ്മർദത്തെ ഒരു പരിധിവരെ അതിജീവിക്കാൻ ഗവണ്മെന്റിന് സാധിച്ചു എന്നതിന്റെ സൂചനയാണ്. പ്രൈമറി സ്കൂൾ വിദ്യാഭ്യാസം മാതൃഭാഷയിൽ ആയിരിക്കണം എന്നത് ഭരണഘടന വിഭാവനം ചെയ്ത ഒരു ആശയമാണ്. ഭാഷാന്യൂനപക്ഷങ്ങളുടെ അത്തരത്തിലുള്ള പ്രത്യേക അവകാശത്തെക്കുറിച്ച് അനുച്ഛേദം 350എ-യിൽ പ്രതിപാദിക്കുന്നുണ്ട്. പക്ഷേ ഇംഗ്ലീഷ് വിദ്യാഭ്യാസം വളരെ പ്രധാനമാണ്. ചെറിയ ക്ലാസിൽ തന്നെ ഒരു ഭാഷ എന്ന നിലയിൽ ഇംഗ്ലീഷ് അഭ്യസിപ്പിക്കേണ്ടതുണ്ട്. അല്ലെങ്കിൽ വീടുകളിൽ ഭാഷാജ്ഞാനം ആർജ്ജിക്കുന്നതിന് സൗകര്യമില്ലാത്ത സാധാരണക്കാരുടെ മക്കൾ പിന്നീട് പിന്തള്ളപ്പെടാൻ ഇട വന്നേക്കാം. അതുപോലെ തന്നെ പ്രധാനമാണ് ഒരു സംസ്ഥാനത്തു നിന്ന് മറ്റൊരു സംസ്ഥാനത്തേക്ക് ജോലിയുടെയും മറ്റും ഭാഗമായി കുടിയേറേണ്ടി വരുന്നവരുടെ അവസ്ഥ. പ്രൈമറി തലത്തിൽ പഠിക്കുന്ന കുട്ടികൾ ചെന്നെത്തുന്ന സംസ്ഥാനത്തെ മാതൃഭാഷയിൽ പഠനം തുടരേണ്ടി വരും എന്ന സാഹചര്യം ഈ നയം സൃഷ്ടിക്കുമോ എന്ന ഭയം ന്യായമാണ്. ഇംഗ്ലീഷ് എന്ന പൊതു അധ്യയനമാധ്യമം ഇല്ലാതായാൽ അത് ഇവരെ വലിയ പ്രതിസന്ധിയിലാക്കും. ഇന്ത്യപോലെ ഇത്ര വൈവിധ്യമാർന്ന രാജ്യത്ത് അതു വളരെ പ്രധാനമാണ് താനും. അതുകൊണ്ട് പഠന മാധ്യമം തിരഞ്ഞെടുക്കാനുള്ള അവകാശം പരമപ്രധാനമാണ്.

കുട്ടികളുടെ സർഗാത്മക വളർച്ചയെ പരിപോഷിപ്പിക്കുന്നതിനും പരീക്ഷാകേന്ദ്രീകൃത പഠനരീതിയിൽ നിന്നും മാറി ചിന്തിക്കുന്നതിനും വിദ്യാഭ്യാസമേഖലയെ വൈവിധ്യവത്കരിക്കുന്നതിനും മുന്നോട്ടുവെക്കുന്ന നിർദ്ദേശങ്ങൾ കാലം അവശ്യപ്പെടുന്നവയാണ്. കുട്ടികളുടെ പഠനഭാരം കുറക്കേണ്ടത് തന്നെയാണ്. എന്നാൽ ഇപ്പോൾ കോവിഡ് പ്രമാണിച്ചു 30 ശതമാനം കുറച്ചപ്പോൾ സംഭവിച്ചതുപോലെ ഏതൊക്കെ ഭാഗങ്ങളാണ് സിലബസിൽ നിന്നു നീക്കം ചെയ്യുക എന്നത് പ്രധാനമാണ്. പഠനത്തിനൊപ്പം ഒരു വിനോദമായി ഒരു വൈദഗ്ധ്യം കൂടി പരിശീലിപ്പിക്കുന്നത് വലിയ മാറ്റമുണ്ടാക്കും. 

ബിരുദവിദ്യാഭ്യാസം

ബിരുദ വിദ്യാഭ്യാസം നാലു വര്ഷമാക്കുകയും 1, 2, 3, 4 വർഷങ്ങളിൽ ഡിപ്ലോമ ബിരുദ സർട്ടിഫിക്കറ്റുകൾ നൽകുകയും ചെയ്യുന്നതും എം.ഫിൽ. ഒഴിവാക്കിയതും ഗുണകരമായ മാറ്റങ്ങളാണ്. എന്നാൽ മുൻപ് ഡൽഹി യൂണിവേഴ്‌സിറ്റി ഇത്തരമൊരു മാറ്റം കൊണ്ടു വന്നപ്പോൾ ബിജെപി അതിനെ എതിർക്കുകയും ആ നീക്കം സർവകലാശാലയ്ക്ക് ഉപേക്ഷിക്കേണ്ടിവരികയും ചെയ്തിരുന്നു എന്നത് ഓർക്കേണ്ടതുണ്ട്.

ഏകവിഷയകേന്ദ്രീകൃതമായ സർവകലാശാലകളും പാഠ്യപദ്ധതികളും പരിഷ്കരിക്കുകയും ബഹുമുഖമാക്കുകയും ചെയ്യുക എന്നതും കാലഘട്ടം ആവശ്യപ്പെടുന്ന മാറ്റമായിരുന്നു. ഐ.ഐ.ടി., ഐ.ഐ.എം., എൻ.എൽ.യു. തുടങ്ങിയ സ്ഥാപനങ്ങൾ വൈവിധ്യവത്കരണം ആവശ്യപ്പെടുന്നുണ്ട്. പ്രത്യേക വൈവിധ്യം ആവശ്യമുള്ള മേഖലകൾക്ക് മാത്രം കഴിഞ്ഞ കുറച്ചു പതിറ്റാണ്ടുകളായി ലഭിച്ചു കൊണ്ടിരിക്കുന്ന അമിതപ്രധാന്യം നമ്മുടെ സാമൂഹിക മൂല്യങ്ങളെ തന്നെ ഉടച്ചു വാർക്കുകയും നയസമീപനങ്ങളെ മനുഷ്യത്വരഹിതമാക്കുകയും ചെയ്തിട്ടുണ്ട് എന്ന കാര്യം നിസ്തർക്കമാണ്. പ്രഫഷണലുകൾക്ക് മാനവിക വിഷയാവബോധം അനിവാര്യമാണ് എന്ന തിരിച്ചറിവിലേക്ക് ലോകം എത്തിക്കൊണ്ടിരിക്കുന്ന സമയത്ത് സയൻസ്, ആർട്ട്സ്, സാങ്കേതിക വിഷയങ്ങൾ തമ്മിലുള്ള ദൃഢ വിഭജനം ഒഴിവാക്കിക്കൊണ്ട് പഠന വിഷയങ്ങളിൽ വൈവിധ്യം കൊണ്ടുവരുന്നത് സ്വാഗതാർഹമാണ്.

സർഗാത്മക വളർച്ചയെയും വിമര്ശനചിന്തയെയും പ്രോത്സാഹിപ്പിക്കുന്നതിന് ഇത് സഹായകമാകും. എന്നാൽ, ഈ ചർച്ചകളിൽ ജെൻഡർ സ്റ്റഡീസ്, ദളിത് സ്റ്റഡീസ്, കൾച്ചറൽ സ്റ്റഡീസ്, സ്റ്റഡീസ് ഓൺ എക്സ്ക്ലൂഷൻ, മീഡിയ സ്റ്റഡീസ് തുടങ്ങിയ സുപ്രധാന മേഖലകളുടെ അസാന്നിധ്യം ആശങ്കകൾ ഉയർത്തുന്നു.

അധികാരകേന്ദ്രീകരണം

ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കൂടുതൽ സ്വാതന്ത്ര്യവും പരമാധികാരവും നൽകുന്നത് നയം ലക്ഷ്യം വയ്ക്കുന്ന സർഗാത്മകവളർച്ചയ്ക്ക് സഹായകമാണ്. ഓരോരോ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അക്കാദമിക്ക് കൗണ്സിലുകളും അധ്യാപകരും മെച്ചമായ തരത്തിൽ പ്രവൃത്തിക്കുന്നതിനുള്ള നിലമൊരുക്കണം. എന്നാൽ കേന്ദ്രീകൃതമായ ദേശീയ ഉന്നത വിദ്യാഭ്യാസ സമിതി (National Higher Education Authority) ഇക്കാര്യത്തിൽ എത്രമാത്രം സഹായകമാകും എന്നതു സംശയമാണ്. സമിതിയുടെ നിയന്ത്രണം “light but tight” ആയിരിക്കും എന്നാണ് റിപ്പോർട്ട് പറയുന്നത്. എന്താണ് അതിന്റെ അർത്ഥം എന്നു മനസിലാകുന്നില്ല. 

“സാമ്പത്തിക കാര്യങ്ങൾ, ഭരണം, എല്ലാ സാമ്പത്തിക ഇടപാടുകളുടെയും പൂർണമായ വെളിപ്പെടുത്തൽ, നടപടിക്രമങ്ങൾ, അധ്യാപകർ, ജീവനക്കാർ, പാഠ്യപദ്ധതികൾ, വിദ്യാഭ്യാസഫലങ്ങൾ തുടങ്ങിയ പ്രധാനകാര്യങ്ങൾ ഫലപ്രദമായി നിയന്ത്രിക്കുമെന്നും ‘ബാക്കി’ കാര്യങ്ങൾ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വിവേചനത്തിന് വിട്ടുനല്കും എന്നുമാണ് നയം. ഇതിനൊക്കെ അപ്പുറം പിന്നെ എന്ത് കാര്യങ്ങളാണ് ഇവർക്ക് ചെയ്യാനുള്ളത്? ഫലത്തിൽ ശക്തമായ കേന്ദ്രീകൃത ഭരണം തന്നെയാണ് ലക്ഷ്യമിടുന്നത്.

അതുപോലെ തന്നെയാണ് ദേശീയ പരീക്ഷാ നടത്തിപ്പു സമിതി (National Testing Agency) എന്ന നിർദേശവും. ദേശീയ തലത്തിൽ ഒരൊറ്റ പരീക്ഷ എന്നത് ഒറ്റ നോട്ടത്തിൽ ആകർഷകമായ ആശയമാണെങ്കിലും ഫലത്തിൽ വളരെ ഗുരുതരമായ പ്രത്യഘ്യാതങ്ങൾ സൃഷ്ടിക്കും. പ്രത്യേകിച്ചും ജാതി-മത-ഭാഷാ ന്യൂനപക്ഷങ്ങൾക്കിടയിൽ. 

ദേശ-ഭാഷാ-സാംസ്കാരിക വൈരുധ്യങ്ങൾ ഏറെയുള്ള ഒരു രാജ്യത്ത് ഏക പാഠ്യപദ്ധതിയും ഏക പരീക്ഷയുമെല്ലാം അപ്രയോഗികമാണ്, അനാവശ്യമാണ്, വിവേചനപരമാണ്. പാശ്ചാത്യ രാജ്യങ്ങളിൽ നടത്തിയ പഠനങ്ങളിൽ കേന്ദ്രീകൃത പരീക്ഷകൾ വെളുത്തവർഗ്ഗക്കാർക്ക് വളരെയധികം അനുകൂലമായ തരത്തിലായിരുന്നു എന്ന് കണ്ടെത്തിയിരുന്നു. ഇന്ത്യയിലാണെങ്കിൽ പ്രാദേശിക ഭാഷകളിൽ പഠിച്ച വിദ്യാർഥികളെ, പ്രത്യേകിച്ചും ദക്ഷിണേന്ത്യൻ, വടക്കു-കിഴക്കൻ സംസ്ഥാനങ്ങളിലെ വിദ്യാർഥികളെ, ഒക്കെ പ്രതികൂലമായി ബാധിക്കും എന്ന കാര്യത്തിൽ സംശയമില്ല. പാഠ്യപദ്ധതികളിൽ നിന്ന് തനത് സംസ്കാരവും ചരിത്രവും പ്രയോഗങ്ങളുമെല്ലാം അപ്രസക്തമാകുകയും കേന്ദ്രം ഭരിക്കുന്നവർ മുന്നോട്ടു വയ്ക്കുന്ന ഏകാശിലാത്മകമായ സാംസ്കാരിക ബോധത്തെ ചുമക്കുവാൻ നാമെല്ലാവരും ബാധ്യസ്ഥരായി തീരുകയും ചെയ്യുന്ന സാഹചര്യം ഉണ്ടാകുവാൻ ഇടയുണ്ട്. പ്രത്യേകിച്ചും പാർശ്വവത്കൃത വിഭാഗങ്ങളെ, ദളിത്-ആദിവാസി മേഖലകളെ, ഹിന്ദി മേഖലയ്ക്ക് വെളിയിൽ ഉള്ള സംസ്ഥാനങ്ങളെ ഒക്കെയായിരിക്കും ഇത് ഏറ്റവും കൂടുതൽ ബാധിക്കുക.

2010-ൽ രാജ്യത്തു വിദേശ സർവകലാശാലകളെ പ്രവർത്തിക്കാൻ അനുവദിക്കുന്ന ബില്ല്‌ യു.പി.എ. ഗവണ്മെന്റ് കൊണ്ടുവന്നപ്പോൾ അതിനെ എതിർത്ത ബിജെപി അധികാരത്തിലേറിയപ്പോൾ വിദേശ സർവകലാശാലകൾ ഇന്ത്യയിൽ പ്രവർത്തിക്കുന്നതിന് അനുകൂലമായി മാറുന്ന കാഴ്ചയും ഇവിടെ കാണാം. 

ആദിവാസി മേഖലകളിൽ നിർദ്ദേശിച്ചിരിക്കുന്ന ‘ആശ്രമശാല’കൾ എന്ന ആശയവും സംസ്കൃതത്തിന് നൽകിയിട്ടുള്ള ഊന്നലും സംശയത്തോടെ വീക്ഷിക്കുന്നവരെ കുറ്റം പറയാനാകില്ല. ഒപ്പം വിദേശ ഭാഷപഠനത്തിൽ അറബി ഉൾപ്പെടുത്തിയിട്ടില്ല എന്ന കാര്യം കൂടി ചേർത്തു വായിക്കണം.

സാമൂഹ്യനീതി

സമൂഹികനീതിയ്ക്ക് ആവശ്യമായ പരിഗണന വിദ്യാഭ്യാസനയത്തിൽ ലഭിച്ചിട്ടുണ്ടോ എന്നത് ചിന്തനീയമായ കാര്യമാണ്. ഉന്നതവിദ്യഭ്യാസ രംഗത്തിൽ 70 ശതമാനവും സ്വകാര്യമേഖലയിലാണ്. വീണ്ടും സ്വകാര്യവത്കരണത്തിന് ഊന്നൽ നൽകുമ്പോൾ സമൂഹത്തിലെ ദുർബല വിഭാഗങ്ങളെ എങ്ങനെ പരിഗണിക്കും എന്ന കാര്യത്തിൽ വ്യക്തമായ യാതൊരു നിർദ്ദേശവും റിപ്പോർട്ടിൽ ഇല്ല. സംവരണത്തെക്കുറിച്ചു യാതൊരു പരാമർശവും ഇല്ലതന്നെ. 

പുതിയ വിദ്യാഭ്യാസ നയം ധാർമികതയ്ക്കും ഭരണഘടനാമൂല്യങ്ങൾക്കും പ്രാധാന്യം കൊടുക്കേണ്ടതുണ്ട് എന്നു വ്യക്തമാക്കുന്നു. ദേശസ്നേഹം, ത്യാഗം, അഹിംസ, നല്ല പെരുമാറ്റം, ക്ഷമ, സഹനം, കരുണ, അനുകമ്പ, പരസഹായം, ശുദ്ധി, കൃതജ്ഞത, ആർജവം, ഉത്തരവാദിത്തം, നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം തുടങ്ങിയ ഭരണഘടനാ മൂല്യങ്ങളെ അറിയുകയും പ്രാവർത്തികമാക്കുകയും ചെയ്യണം എന്നു പ്രതിപാദിക്കുന്നു. ശ്രദ്ധിക്കേണ്ട ഒരു കാര്യം ഇവിടെ പറഞ്ഞിരിക്കുന്നത് മൗലിക കടമകളെകുറിച്ചാണെന്നതാണ്. മൗലിക അവകാശങ്ങളെക്കുറിച്ച് പരാമർശമേയില്ല. അതൊരു ചെറിയ കാര്യമല്ല. 

ജനാധിപത്യമെന്നത് അവകാശങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള ഭരണസംവിധാനമാണ്. ഏകാധിപത്യ പ്രവണതകൾ കൂടുന്നിടത്താണ് കടമകളെക്കുറിച്ചുള്ള വർത്തമാനങ്ങൾ കൂടുതൽ കടന്നുവരുന്നത്. ഇന്ത്യൻ ഭരണഘടനയിൽ മൗലിക കടമകൾ ഉൾപ്പെടുത്തിയിരുന്നില്ല. മൗലിക അവകാശങ്ങൾ ഉൾപ്പെടുന്ന മൂന്നാം ഭാഗമാണ് ഭരണഘടനയുടെ ആത്മാവ്‌. അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിരാഗാന്ധിയാണ് മൗലിക കടമകൾ ഇന്ത്യൻ ഭരണഘടനയിൽ ഉൾപ്പെടുത്തിയത്. എന്നാലും മൂന്നാം ഭാഗത്തിലല്ല. മൗലിക അവകാശങ്ങൾക്ക് താഴെ തന്നെയാണ് കടമകളുടെ സ്ഥാനം. അതങ്ങനെ തന്നെ ആയിരിക്കുകയും വേണം. എങ്കിലും ദേശീയ വിദ്യാഭ്യാസനയത്തിൽ അവകാശങ്ങൾ ഇടം നേടിയിട്ടില്ല. ഇത് ആകസ്മികമായി സംഭവിച്ചതാണ് എന്നു കരുതുകയും വയ്യ. സർഗാത്മക വികാസവും വിമർശനബുദ്ധിയും പരിപോഷിപ്പിക്കാൻ ലക്ഷ്യമിടുന്ന വിദ്യാഭ്യാസ നയത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളെ ഇത് സഹായിക്കുകയില്ല എന്നുറപ്പ്.

നമ്മുടെ വിദ്യാഭ്യാസരംഗത്ത് പുരോഗമനപരവും കലോചിതവുമായ പരിഷ്‌കാരങ്ങൾ കൊണ്ടുവരുന്നതിനുള്ള വ്യക്തമായ മാർഗ്ഗരേഖയാണ് ദേശീയ വിദ്യാഭ്യാസനയം എന്ന കാര്യത്തിൽ സംശയമൊന്നുമില്ല, എന്നാൽ വിശദാംശങ്ങളിൽ ഒളിഞ്ഞു കിടക്കുന്ന അപകടങ്ങളെ നമ്മൾ തിരിച്ചറിയേണ്ടതുമുണ്ട്. സാമൂഹ്യനീതി, പ്രത്യേകിച്ചും ദളിത്-ആദിവാസി ബഹുജനങ്ങളുടെ സുരക്ഷ, ജനാധിപത്യപരത, ഫെഡറലിസം, രാജ്യത്തിന്റെ ബഹുസ്വരത, പൗരാവകാശങ്ങൾ എന്നീ പ്രധാനപ്പെട്ട മേഖലകളിൽ ഗൗരവതരമായ പര്യാലോചനകൾ ഉണ്ടാകേണ്ടതുണ്ട്. നയം നിയമമാകണമെങ്കിൽ നിരവധി കടമ്പകൾ കടക്കണം. അതിന്റെ ഓരോ ഘട്ടവും ജാഗ്രതയോടെയുള്ള ഇടപെടലുകൾ ആവശ്യപ്പെടുന്നുണ്ട്.

ഞാൻ പോകുന്നു! *കണ്ടീഷൻസ് അപ്ലൈ

സ്‌കൂൾ  തുറന്നു പക്ഷേ, കണ്ടീഷൻസ് അപ്ലൈ 

ജൂൺ ഒന്നിന് തന്നെ ഈ  കൃത്യമായി സ്അധ്യയനവർഷം  ആരംഭിച്ചിരിക്കുന്നു. ഒന്നാം തിയ്യതി ഫസ്റ്റ് ബെൽ ആണ്. നാടാകെ മാധ്യമങ്ങളും സർക്കാർ സംവിധാനവും ഉയർത്തിയ പ്രതീതി അങ്ങനെയായിരുന്നു. ശരിയാണ്, യഥാർത്ഥത്തിൽ ക്ലാസ്സ് തുടങ്ങിയിട്ടില്ല പരിശീലനമാണ്ഇപ്പോൾനടക്കുന്നത്. അക്കാര്യം ജനങ്ങളോട് പറഞ്ഞില്ല എന്നല്ല, പക്ഷെ അത്  ഓഫറുകളുമായി വരുന്ന പരസ്യ ചിത്രങ്ങളിലേതുപോലെ ആയിപ്പോയി. കണ്ടീഷൻസ് അപ്ലൈ എന്ന്  പരസ്യങ്ങളിൽ ഒക്കെ കാണുന്നതുപോലെ ട്രയൽ ആണെന്ന് അടിയിൽ  കുഞ്ഞ് അക്ഷരത്തിൽ എഴുതിയിട്ടുണ്ടായിരുന്നു.ഞാൻ കണ്ടിരുന്നു അത്. മറ്റു പലരും കണ്ടിട്ടുണ്ടാവും. പക്ഷേ, അതിന് ഇവിടെ നമ്മൾ കണ്ടതുപോലെയുള്ള ആഘോഷങ്ങളും സമ്മർദ്ദങ്ങളും വേണ്ടിയിരുന്നോ?  എട്ടാം തീയതിയാണ് ശരിക്ക് ക്‌ളാസ് തുടങ്ങുന്നത്. ഇപ്പോൾ നടക്കുന്നത് ട്രയൽ റൺ ആണ്. ശരിക്കും ക്ലാസ് തുടങ്ങുമ്പോഴേക്കും എല്ലാവർക്കും സൗകര്യങ്ങൾ ഒരുക്കും എന്ന ഉറപ്പു നൽകാൻ, ആ ഉറപ്പ് അതു വേണ്ട കുഞ്ഞുങ്ങളിലേക്കും ആശങ്കാകുലരായ രക്ഷിതാക്കളിലേക്കും  എത്തിക്കാൻ കഴിഞ്ഞിരുന്നോ?  വീടുകളിലേക്ക് കുട്ടികളെ വിളിച്ചു ചാനൽ നമ്പറും ക്ലാസ്സും അറിയിച്ചi, ഹോംവർക്ക് എഴുതി വാട്‌സ്ആപ്പ് ചെയ്യണം എന്ന നിർദ്ദേശവും പറഞ്ഞ,  അധ്യാപകരോ മറ്റാരെങ്കിലുമോ ഇത് ട്രയൽ ആണ്, കാണാൻ പറ്റിയില്ലെങ്കിലും സാരമില്ല, ശരിക്കും ക്‌ളാസ് തുടങ്ങുമ്പോൾ നമുക്ക് പഠിക്കാം, അപ്പോഴേക്കും വേണ്ട സംവിധാനങ്ങൾ ഗവണ്മെന്റ് ഒരുക്കും എന്നു പറഞ്ഞിരുന്നോ?

ഈ ചോദ്യങ്ങളുടെ ഉത്തരം ഇല്ലാ എന്നാണ് എങ്കിൽ  ദേവികയുടേത് ഒരു കൊലപാതകമാണ്.  . അവൾ പഠിക്കാൻ മിടുക്കിയായിരുന്നുവെന്ന് പറയുന്നു അധ്യാപകർ. ഉണ്ടായിരുന്ന ഒരു ടി.വി. കൂടി കേടുവരികയും അതു നന്നാക്കാൻ രോഗബാധിതനായ അച്ഛന്റെ കൈവശം പണം ഇല്ലാതെ വരികയും ചെയ്തപ്പോഴാണ്, പഠനം നടക്കില്ല എന്ന ആശങ്കയിൽ ആ വിദ്യാർത്ഥി ആത്മഹത്യ ചെയ്തതത്രേ. അവൾ ആരെയും കുറ്റപ്പെടുത്തിയിട്ടില്ല. “ഞാൻ പോകുന്നു” എന്ന് മാത്രമാണ് അവസാനമായി കുറിച്ചത്.  എന്റെ മരണത്തിൽ ആരും ഉത്തരവാദിയല്ല എന്ന് രോഹിത് വെമുലയും എഴുതിയിരുന്നു. ഇരുവരുടെയും ദുരിത  കാരണം അന്ന് രോഹിത് കൂട്ടിച്ചേർത്ത വാക്കുകൾ തന്നെയാണ്; ജനനം. ഇന്ത്യയിലെ സാമൂഹിക സൂചികകളിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന, ഇന്റർനെറ്റ് മൗലീക അവകാശമായി പ്രഖ്യാപിച്ചിട്ടുള്ള, കേരളത്തിൽ പോലും സ്മാർടഫോണുകളും കമ്പ്യൂട്ടറും വേഗതയുള്ള ഇന്റർനെറ്റ് കണക്ടിവിറ്റിയും എത്രശമാനം ആളുകൾക്ക് ഉണ്ട്.   കോവിഡ് കാലത്ത് സമൂഹത്തിലെ ഏറ്റവും അവഗണിക്കപ്പെട്ട ആളുകളുടെ കാര്യത്തിൽ വരെ കരുതൽ കൊണ്ട് മാതൃകയായി വന്ന സംസ്ഥാനമാണ് നമ്മുടേത്. ആ കരുതൽ എന്തേ, വിദ്യാഭ്യാസ രംഗത്ത് ഉണ്ടായില്ല എന്ന ചോദ്യം ഉയരുമ്പോൾ അതിനെ അസഹിഷ്ണുതയോടെയല്ല കാണേണ്ടത്. ഡിജിറ്റൽ വേർതിരിവ് എന്നത് ഇതിൽ മാത്രമൊതുങ്ങുന്നതല്ല. ആധാർ നിര്ബന്ധമാക്കിയപ്പോൾ, നോട്ടു നിരോധനം വന്നപ്പോൾ, പണരഹിത ഇടപാടുകൾ വ്യാപകമായപ്പോൾ, ലോക്ക്ഡൗണിൽ ഒക്കെ ഇത് നമ്മൾ കണ്ടതാണ്. അതിന് വർഗ്ഗവും ജാതിയും ഉണ്ട്.

 ജൂൺ 1 എന്നത് ലോകം അവസാനിക്കുകയോ തുടങ്ങുകയോ ചെയ്യുന്ന ദിവസമൊന്നുമല്ല. കുറച്ചു ദിവസം കൂടി കഴിഞ്ഞ്, ആവശ്യമായ ഇടങ്ങളിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ (കോവിഡ് പ്രതിരോധത്തിൽ എന്നപോലെ) സൗകര്യങ്ങൾ ഒരുക്കിയതിനു ശേഷം ക്‌ളാസ് തുടങ്ങിയാൽ മതിയായിരുന്നു. കമ്മ്യൂണിറ്റി കിച്ചൻസ് മാത്രമല്ല കമ്മ്യൂണിറ്റി ക്ളാസുകളും മതിയായ സൗകര്യങ്ങളോടെ എല്ലായിടത്തും ഒരുക്കാമായിരുന്നു. ഇതൊക്കെ കഴിയാത്ത കാര്യമല്ല. ഓരോ പഞ്ചായത്തിലെയും ഓരോ വാർഡിലെയും അവസാനത്തെ വിദ്യാർത്ഥിക്കും പഠിക്കാനുള്ള സൗകര്യമുണ്ട് എന്ന് ഉറപ്പു വരുത്താൻ കഴിയുന്ന വികേന്ദ്രീകൃത ഭരണ സംവിധാനം നമുക്കുണ്ട്. ഒരു വിദ്യാർത്ഥിക്ക് പരീക്ഷയെഴുതാൻ വേണ്ടി മാത്രമായി ഒരു ബോട്ട് ഓടിച്ചിട്ടുണ്ട് നമ്മൾ. ഇപ്പോൾ സാധാരണ സ്‌കൂളിൽ പഠിച്ചുകൊണ്ടിരിക്കുന്ന ഒരു കുട്ടിക്കു ഓണലൈൻ ക്‌ളാസ് മുറിക്ക് പുറത്തു നിൽക്കേണ്ട അനുഭവവും ഒരു കുട്ടിക്കുപോലും ഉണ്ടാകാത്ത സാഹചര്യത്തിൽ തുടങ്ങിയാൽ മതി ഓണലൈൻ ക്‌ളാസ്. പഞ്ചമി, ബജറ്റിന്റെ പുറത്തെ ഛായാചിത്രം മാത്രമല്ല,  അവളിപ്പോഴും നിൽക്കുന്നുണ്ട് സ്‌കൂളിന് വെളിയിൽ, അവളിപ്പോഴും മഴനനയുന്നുണ്ട്. എത്രനാൾ നമ്മൾ അവളെ മഴയത്തും നിർത്തും?