Home Blog Page 8

ഫ്രാങ്കോ വിധി: സ്ത്രീവിരുദ്ധതയുടെ പ്രാകൃത നീതീവിചാരം

സമൂഹ മന:സാക്ഷിയെ ഞെട്ടിക്കുന്ന കോടതിവിധികൾ ഇന്ത്യൻ  നിയമവ്യവസ്ഥിതിയിൽ അപൂർവമല്ല.  പ്രത്യേകിച്ച്  സ്ത്രീസുരക്ഷയുമായി ബന്ധപ്പെട്ട പല കേസുകളിലും പ്രാകൃതമായ സാമൂഹിക ബോധ്യങ്ങളെ  പ്രതിഫലിപ്പിക്കുന്ന കേസുകൾ നിരവധിയാണ്.  ജാതി-മത-ലിംഗ-വർഗ വിവേചനപരമായതും തികച്ചും സ്ത്രീവിരുദ്ധവുമായ ഒരു പാരമ്പര്യം ഇന്ത്യൻ  നീതിന്യായ സംവിധാനത്തിനുണ്ട്,  സ്വാതന്ത്ര്യലബ്ധിയുടെ ആദ്യ നാളുകളിൽ സംവരണം സംബന്ധിച്ച കേസുകളിലും, ഭൂപരിഷ്കരണം സംബന്ധിച്ച കേസുകളിലും, മൌലീക അവകാശങ്ങൾ സംബന്ധിച്ച കേസുകളിലും, നിരവധി ബലാത്സംഗ കേസുകളിലും സുപ്രീം കോടതിയുടേത് ഉൾപ്പെടെയുള്ള നിലപാടുകൾ  സവർണ, മുതലാളി വർഗ, കൊളോണിയൽ, സ്ത്രീവിരുദ്ധ പരമ്പര്യത്തിന്റെ പിന്തുടർച്ചകളായിരുന്നു  എന്നു കാണാം. ഭരണഘടനാ ഭേദഗതികളിലൂടെയാണ് സംവരണവും ഭൂനിയമങ്ങളും സംബന്ധിച്ച സുപ്രീംകോടതിയുടെ പിന്തിരിപ്പൻ നിലപാടുകളെ നമ്മൾ മറികടന്നത്. എന്നാൽ സ്ത്രീവിരുദ്ധമായ സമീപനങ്ങളിൽ നിന്നും ബലാത്സംഗ നിയമങ്ങൾ സംബന്ധിച്ച കൊളോണിയൽ ഹാങ്-ഓവറിൽ നിന്നും  നമ്മുടെ കോടതികൾ ഇപ്പോഴും കരകയറിയിട്ടില്ല എന്നതാണ് സത്യം.

1997-ലെ “വിശാഖാ-മാർഗനിർദ്ദേശങ്ങളിലൂടെ” സുപ്രീംകോടതിയും 2013-ലെ ക്രിമിനൽ നിയമ ഭേദഗതിയിലൂടെ പാർലമെന്റും  പുരോഗമനപരമായ ഇടപെടലുകൾ നടത്തിയെങ്കിലും കോടതികളിൽ ഇപ്പോഴും പതിനേഴാം നൂറ്റാണ്ടിലെ നിയമതത്ത്വങ്ങളാണ് മാറ്റുരയ്ക്കപ്പെടുന്നത് എന്നു കാണാം. ബലാത്സംഗത്തെ അതിജീവിച്ച സ്ത്രീയുടെ സ്വഭാവശുദ്ധിയെ വിചാരണയ്ക്ക് നിർത്തിക്കൊണ്ടും  മുൻ ലൈംഗീകാനുഭവങ്ങളിൽ  ഊന്നിക്കൊണ്ടും  ആരോപണവിധേയർക്ക്  സംരക്ഷണം നല്കുന്ന, സർ മാത്യൂ ഹേലിന്റെ കാലത്ത് നിന്നും ഒരടി മുന്നോട്ട് പോകാത്ത ന്യായാധിപർ നമുക്ക് ഇപ്പോഴുമുണ്ട്. സ്ത്രീയുടെ പെരുമാറ്റവും, സ്വഭാവവും, ശരീരവും നിരന്തരം വിചാരണചെയ്യപ്പെടുകയും കുറ്റവാളികൾ രക്ഷപ്പെടുകയും ചെയ്യുന്നുവെന്ന് കാണാം.

2020 ജൂൺ 22-ന് ഒരു ബലാത്സംഗ കേസിൽ പ്രതിയ്ക്ക് ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിൽ കർണാടക ഹൈക്കോടതിയിലെ ജസ്റ്റിസ് എസ്. ദീക്ഷിത് പ്രസ്താവിച്ചത്  “സംഭവത്തിന് ശേഷം തളർന്ന് ഉറങ്ങിപ്പോയി എന്ന സ്ത്രീയുടെ വിശദീകരണം ഒരു ഇന്ത്യൻ സ്ത്രീയ്ക്ക്  യോജിച്ചതല്ല” എന്നാണ്. “ ‘നമ്മുടെ സ്ത്രീകൾ’ ‘മാനഭംഗപ്പെട്ടാൽ’ പ്രതികരിക്കുന്നത് ഇങ്ങനെയല്ല” എന്നതായിരുന്നു പ്രതിക്കനുകൂലമായി കോടതി കണ്ടെത്തിയ ന്യായം.  ഡൽഹി ഹൈക്കോടതി 2017-ൽ മഹമൂദ് ഫറൂക്കി കേസിൽ “ഒരു ‘ദുർബലമായ നോ’ അനുമതി നിഷേധിക്കലായി കണക്കാക്കാൻ കഴിയില്ല” എന്നു വിധിച്ചു കളഞ്ഞു. സൂര്യനെല്ലി കേസിൽ ഉണ്ടായ കോടതി പരാമർശം നമുക്കെല്ലാം അറിവുള്ളതാണല്ലോ.

1992-ലെ ഭൻവാരി ദേവിയുടെ അനുഭവം ഇന്ത്യൻ  നീതിന്യായ വ്യവസ്ഥയിലെ തീരാ കളങ്കമാണ്.  രാജസ്ഥാനിലെ സ്ത്രീക്ഷേമ പദ്ധതിയിലെ ‘സാത്തിൻ’ ആയിരുന്നു ഭൻവാരി ദേവി.  സ്ത്രീസുരക്ഷ, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളിൽ നിരന്തരം ഇടപെട്ട് പ്രവർത്തിച്ചിരുന്നു അവർ. രാജ്യത്ത് ഏറ്റവും കൂടുതൽ ശൈശവ വിവാഹങ്ങൾ നടക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് രാജസ്ഥാൻ. ശൈശവ വിവാഹങ്ങൾ തടയേണ്ടത് ഗവണ്മെന്റ് സാത്തിൻ എന്ന നിലയ്ക്ക് അവരുടെ നിയമപരമായ ഉത്തരവാദിത്തം കൂടിയാണ്. തന്റെ ഗ്രാമത്തിൽ ഇപ്രകാരം ഒരു വയസ്സു മാത്രം പ്രായമുള്ള പെൺകുഞ്ഞിന്റെ വിവാഹം നടത്തുന്നു എന്നു വന്നപ്പോൾ അവർ ഇടപെട്ട് തടഞ്ഞു. ഭൻവാരി ദേവി കുമഹാർ ജാതിയിൽ പ്പെട്ട സ്ത്രീയാണ്. ഒ. ബി. സി. യാണ്. വിവാഹം നടക്കാനിരുന്നത് രാജസ്ഥാനിലെ പ്രമുഖ സവർണ വിഭാഗമായ ഗുജ്ജർ കുടുംബത്തിലെയും. വിവാഹം നടക്കാനിരുന്ന ദിവസം പോലീസ് എത്തി അത് തടഞ്ഞുവെങ്കിലും പിറ്റേന്ന് തന്നെ വിവാഹം നടന്നു. പൊലീസോ മറ്റ് അധികാരികളോ ഇടപെട്ടതേയില്ല. എന്നാൽ ഇതോടെ ഭൻവാരി ദേവിയും കുടുംബവും സാമൂഹ്യ ഭ്രഷ്ടിനിരയായി. ഗുജ്ജറുകൾ അവരുടെ കൃഷിയിടം നശിപ്പിച്ചു. അവരുണ്ടാക്കുന്ന മൺപാത്രങ്ങളോ മറ്റ് ഉത്പന്നങ്ങളോ ആരും വാങ്ങാതെയായി. അവരുമായുള്ള എല്ലാ ക്രയവിക്രയങ്ങളും സമൂഹം അവസാനിപ്പിച്ചു. ഒരു ദിവസം ഭൻവാരി ദേവിയും ഭർത്താവും പാടത്ത് പണിയെടുത്തുകൊണ്ടിരിക്കവേ, ശൈശവ വിവാഹം നടത്തിയ കുഞ്ഞിന്റെ അച്ഛൻ രാം കരൺ ഗുജ്ജറും മറ്റ് നാലുപേരും ചേർന്ന് ഭർത്താവിനെ അടിച്ചു അവശനാക്കിയ ശേഷം ഭൻവാരി ദേവിയെ കൂട്ട ബലാത്സംഗം ചെയ്തു. അവർ കേസുമായി മുന്നോട്ട് പോയെങ്കിലും നാളിതുവരെ നീതി ലഭിച്ചില്ല. ഐക്യരാഷ്ട്രസഭയുടെ ലോക വനിതാ സമ്മേളനത്തിൽ വരെ പങ്കെടുത്തിട്ടുണ്ടവർ; പ്രധാനമന്ത്രി നരസിംഹ റാവുവിന്റെ കാലത്ത് ധീരതക്കുള്ള പുരസ്കാരം നേടിയിടുണ്ട്. ഇപ്പോൾ രാജസ്ഥാൻ ഗവണ്മെന്റ് 4000 രൂപ പെൻഷൻ നല്കുന്നുണ്ട്. പക്ഷേ, ഗുജ്ജർ വോട്ട് ബാങ്കിനെ ഭയന്ന് പ്രതികൾക്കെതിരെ ഒരു വാക്കുപോലും ഉരിയാടാൻ അധികാരികൾ തയ്യാറാകില്ല. കേസ് രജിസ്റ്റർ ചെയ്യാനോ, വൈദ്യ പരിശോധന നടത്തുവാനോ പോലും ആദ്യഘട്ടത്തിൽ അധികാരികൾ തയ്യാറായിരുന്നില്ല. പിന്നീട് കേസ് സി. ബി. ഐ. ഏറ്റെടുത്തു. കോടതിയിലെത്തി. എന്നാൽ സാമൂഹ്യ മന:സാക്ഷിയെ ലജ്ജിപ്പിക്കും വിധം കോടതി പ്രതികളെ വെറുതെ വിട്ടു. ‘ഭാര്യയെ ബലാത്സംഗം ചെയ്യുന്നത് ഒരു ഭർത്താവിനും നോക്കി നിൽക്കാനാവില്ല’ എന്നതായിരുന്നു കോടതിയുടെ ഒരു ന്യായം. പ്രതികളിൽ രാം കരണും അദ്ദേഹത്തിന്റെ മരുമകനും ഉണ്ടായിരുന്നു. “ഒരിന്ത്യൻ ഗ്രാമത്തിൽ നിന്നുമുള്ള ഒരു മദ്ധ്യവയസ്കൻ സ്വന്തം മരുമകന്റെ മുന്നിൽ വച്ച് കൂട്ടബലാത്സംഗത്തിൽ പങ്കെടുക്കാൻ സാധ്യതയില്ല” എന്നായിരുന്നു കോടതിയുടെ മറ്റൊരു കണ്ടെത്തൽ. അതിലും വിചിത്രമായിരുന്നു മറ്റൊരു വാദം: “ഒരു ഉന്നത ജാതിക്കാരൻ കീഴ്ജാതിയിൽപ്പെട്ട പെണ്ണിനെ ബലാത്സംഗം ചെയ്തുകൊണ്ട് സ്വയം കളങ്കപ്പെടാൻ സാധ്യതയില്ല”. ഇത്തരത്തിലുള്ള വിചിത്ര  വിധിന്യായങ്ങൾ ഏറെയുണ്ട് ഇന്ത്യൻ നീതിന്യായ ചരിത്രത്തിൽ. ആ നിരയിലെ ഏറ്റവും പുതിയ കൂട്ടിച്ചേർക്കലാണ് ബിഷപ്പ് ഫ്രാങ്കോ കേസിലെ വിധി.

കോട്ടയം സെഷൻസ് കോടതി ജഡ്ജി ജസ്റ്റീസ്. ഗോപകുമാർ  ജി യുടെ 289 പേജുള്ള വിധിന്യായം വളരെ ഭംഗിയായി എഴുതി തയ്യാറാക്കിയിട്ടുള്ളതാണ് എന്നു പറയാതെ വയ്യ. അതിൽ ഒരു യുക്തിയുണ്ട്, അതിനു പറ്റിയ ഒരു നിയമവ്യാഖ്യാനരീതിയുണ്ട്. അത് നന്നായി അനുവർത്തിക്കാൻ കഴിഞ്ഞിട്ടുമുണ്ട്. അപ്പീലിൽ പ്രോസിക്യൂഷന് ഒരു ‘ഈസീ വാക്ക്-ഓവർ’ ആയിരിക്കുമെന്ന് കരുതാനുമാകില്ല.  വിധിയിലെ നിയമയുക്തിയോട് പക്ഷേ ഒരു ആധുനിക ജനാധിപത്യ സമൂഹത്തിലെ പൗരൻ എന്ന നിലയ്ക്ക് നമുക്ക് യോജിക്കാനാകില്ല. ബലാത്സംഗ പരാതി വ്യാജമാണെന്ന മുൻവിധിയോടെ പരാതിക്കാരിയുടെ വ്യക്തിഹത്യ നടത്തിയിരുന്ന കൊളോണിയൽ കാലഘട്ടത്തിലെ നിയമയുക്തിയാണ്  ഇവിടെ പ്രയോഗിക്കപ്പെടുന്നത്. അതിജീവിതയ്ക്ക് അനുകൂലമായ തെളിവുകളെ പോലും കുറ്റാരോപിതന്  ഉതകുന്ന രീതിയിൽ ഇവിടെ വ്യാഖ്യാനിക്കപ്പെടുന്നത് കാണാം. ഇതിന് സമാനമായ ഒരു സമീപനം സമീപകാലത്ത് നാം കണ്ടത് തരുൺ തേജ്പാലിന് എതിരായി ഉയർന്നു വന്ന ‘മീ ടു’ ആരോപണവുമായി ബന്ധപ്പെട്ട കേസിലാണ്. അതിജീവിതയുടെ സ്വഭാവശുദ്ധിയും മറ്റുമാണ് കോടതി വിചാരണ ചെയ്തത്. ബലാത്സംഗത്തിന് ശേഷം അതിജീവിത കരഞ്ഞില്ല എന്നൊക്കെ കോടതി കണ്ടെത്തുന്നുണ്ട്. തേജ്പാലിനെതിരെ ശക്തമായ തെളിവാകുമായിരുന്ന  അദ്ദേഹത്തിന്റെ മാപ്പ് ചോദിക്കുന്ന സന്ദേശം പോലും അദ്ദേഹത്തിന് അനുകൂലമായാണ് കോടതി വ്യാഖ്യാനിച്ചത്.

ഫ്രാങ്കോ  കേസ്

റോമൻ കത്തോലിക്ക സഭയുടെ ജലന്ധർ ഡയൊസിസിന്റെ അധിപനായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കുറവിലങ്ങാട് മിഷണറീസ് ഓഫ് ജീസസ് മഠത്തിലെ മദർ ആയിരുന്ന കന്യാസ്ത്രീയെ 2014 മെയ് 05 മുതൽ 2016 വരെ 13 തവണ ബലാത്സംഗം ചെയ്തു എന്നാണ് പ്രോസിക്യൂഷൻ കേസ്. ഇന്ത്യൻ പീനൽ കോഡിലെ 342 [തെറ്റായി തടവിൽ വയ്ക്കുക], 376(2)(കെ) [അധികാര സ്ഥാനത്തിരുന്നുകൊണ്ട് ഒരു സ്ത്രീയെ ബലാത്സംഗം ചെയ്യുക], 376(ഡി)[മഠാധിപതി അന്തേവാസിയെ ബലാത്സംഗം ചെയ്യുക], 377[പ്രകൃതി വിരുദ്ധ പീഡനം], 354 [മാനഭംഗപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ സ്ത്രീയെ ആക്രമിക്കുക], 506 [ഭീഷണിപ്പെടുത്തൽ] എന്നീ വകുപ്പുകളാണ് ഫ്രാങ്കോയ്ക്കെതിരെ ചാർത്തിയിരുന്നത്. എല്ലാറ്റിൽ നിന്നും അദ്ദേഹം കുറ്റവിമുക്തനാക്കപ്പെട്ടു.

ബിഷപ്പിന്റെ അധികാരം 

കോടതി ആദ്യം പരിശോധിച്ചത് ബിഷപ്പ് ഫ്രാങ്കോയ്ക്ക്  കുറവിലങ്ങാട്  മഠത്തിന്മേലും പരാതിക്കാരി ഉൾപ്പെടുന്ന കന്യാസ്ത്രീ സമൂഹത്തിന്മേലും നിയന്ത്രണാധികാരമുണ്ടോ എന്നാണ്. ലോക്കൽ ബിഷപ്പിനാണ് അധികാരമെന്നും ഫ്രാങ്കോയ്ക്ക് ഇതിൽ യാതൊരു നിയന്ത്രണവുമില്ലെന്ന വാദം തള്ളിയ കോടതി ബിഷപ്പ് ഫ്രാങ്കോയ്ക്ക് കീഴിലാണ് കുറവിലങ്ങാട്  മഠവും  പരാതിക്കാരി ഉൾപ്പെടുന്ന കന്യാസ്ത്രീ സമൂഹവും വരുന്നത് എന്നു കണ്ടെത്തി. കേസിലെ സുപ്രധാനമായ ഒരു കണ്ടെത്തലായിരുന്നു ഇത്. ഈയൊരു ബോധ്യത്തോടെ പരാതിക്കാരിയുടെ പ്രതികരണങ്ങളെ വിലയിരുത്താൻ പിന്നീട് കോടതി തയ്യാറായില്ല എന്നാണ് വിധിയുടെ തുടർഭാഗങ്ങൾ വായിക്കുമ്പോൾ മനസിലാവുക. പകരം അതിജീവിതയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കുറ്റം വിധിക്കാൻ കഴിയുമോ എന്ന നിയമപ്രശ്നത്തിന്  കേവല നിയമയുക്തികൊണ്ട് ഉത്തരം കണ്ടെത്താൻ ശ്രമിക്കുകയും അതിന്റെ അടിസ്ഥാനത്തിൽ വിധി പ്രസ്താവിക്കുകയുമാണുണ്ടായിട്ടുള്ളത്.

വിധിയിലെ നിയമയുക്തി 

Wahid Khan Vs State Of M.P on 1 December, 2009 കേസിലെ സുപ്രീംകോടതി വിധി ചൂണ്ടിക്കാണിച്ചുകൊണ്ട് പരാതിക്കാരിയെ വിശ്വസിക്കാൻ കൊള്ളാവുന്നതാണെന്ന് തോന്നിയാൽ കോടതിയ്ക്ക് അവരുടെ മൊഴി ഏക തെളിവായി സ്വീകരിക്കാവുന്നതാണ് എന്ന് പ്രസ്താവിക്കുന്നു. എന്നാൽ അതിന് പരാതിക്കാരി കോടതിയിൽ വിശ്വാസം ജനിപ്പിക്കുന്ന ഒന്നാംതരം സാക്ഷി (sterling witness)ആയിരിക്കേണ്ടതുണ്ട്.  തുടർന്ന് സ്റ്റെർലിംഗ് വിറ്റ്നെസ് എന്താണ് എന്നു കോടതി അന്വേഷിക്കുന്നു. ഉപോദ്ബലകമായ മറ്റ് തെളിവുകളൊന്നും ഇല്ലാതെ തന്നെ കോടതിയ്ക്ക് വിശ്വസിച്ചു മൊഴി ഏക തെളിവായി സ്വീകരിക്കാൻ കഴിയുന്ന സാക്ഷിയാണ് ‘സ്റ്റെർലിംഗ് വിറ്റ്നെസ്’. ദീപു Vs എൻ. സി. ടി. ഓഫ് ഡൽഹി കേസിൽ സുപ്രീംകോടതി സ്റ്റെർലിംഗ് വിറ്റ്നെസ് ആരായിരിക്കുമെന്ന് വ്യക്തമാക്കുന്നുണ്ട്. അതിൽ പറയുന്ന പ്രധാന കാര്യം സാക്ഷിമൊഴിയിലെ സ്ഥിരതയാണ്. ആദ്യ മൊഴി നല്കുന്നതുമുതൽ കോടതിക്ക് മുൻപാകെ നല്കുന്ന മൊഴിവരെ സ്വാഭാവികവും സ്ഥിരതയുള്ളതും ആയിരിക്കണമെന്നാണ് സുപ്രീംകോടതി പറയുന്നത്. കസ്ത്തി മല്ലയ്യ Vs സ്റ്റേറ്റ് ഓഫ് ആന്ധ്രാപ്രദേശിൽ സുപ്രീംകോടതി സാക്ഷിമൊഴികളെ വിലയിരുത്തുന്നത് സംബന്ധിച്ച് എടുത്ത തീരുമാനപ്രകാരം, സാക്ഷിമൊഴി പൂർണമായും വിശ്വസനീയമാണെന്നോ പൂർണമായി തള്ളിക്കളയേണ്ടതാണെന്നോ കോടതിയ്ക്ക് ബോധ്യപ്പെട്ടിട്ടില്ലെങ്കിൽ ഉപോദ്ബലകമായ   മറ്റ് തെളിവുകളും സാക്ഷിമൊഴികളും കൂടി കോടതി സൂക്ഷ്മമായി വിലയിരുത്തേണ്ടതുണ്ട്. അതിനു ശേഷം മാത്രമേ അതിജീവിതയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ശിക്ഷ വിധിക്കാൻ കഴിയുമോ എന്നു തീരുമാനമെടുക്കാനാകൂ. ജയശീലൻ Vs സ്റ്റേറ്റ് ഓഫ് തമിഴ്നാട് കേസും ഇവിടെ ഉദ്ധരിക്കപ്പെടുന്നുണ്ട്. ഇങ്ങനെ നിരവധി കേസുകൾ ഉദ്ധരിച്ചുകൊണ്ട് പരാതിക്കാരിയുടെ മൊഴി പരിശോധിക്കപ്പെടേണ്ടതുണ്ട് എന്നു പറയുകയാണ് കോടതി. ഇങ്ങനെ പരിശോധിക്കുമ്പോൾ പരാതിക്കാരിയുടെ മൊഴി സ്ഥിരതയില്ലാത്തതാണ് എന്ന് കോടതിയ്ക്ക് തോന്നുവാനുണ്ടായ 9 കാരണങ്ങൾ വിധിയുടെ 388-മത്തെ ഖണ്ഡികമുതൽ വിശദീകരിക്കുന്നുണ്ട്.

1.         കൂടെയുള്ള കന്യാസ്ത്രീകളോട് ബിഷപ്പ് കിടക്ക പങ്കിടാൻ നിർബന്ധിക്കുകയാണ്  എന്നു മാത്രമേ പറഞ്ഞിട്ടുള്ളൂ; 13 തവണ ലൈംഗീക അതിക്രമത്തിന് ഇരയായി എന്നു പറഞ്ഞിട്ടില്ല.

2.       മദർ സുപ്പീരിയർ  സ്ഥാനത്തുനിന്നും മാറ്റിയതിനു ശേഷം പരാതിക്കാരി എഴുതിയ കത്തിൽ ലൈംഗീക അതിക്രമത്തേക്കുറിച്ച് പരാമർശമില്ല.

3.       ബിഷപ്പ് കുര്യൻ വലിയകണ്ടത്തിലിനോടും പ്രതികാര നടപടികൾ സ്വീകരിക്കുന്നു എന്നല്ലാതെ ബാലാത്സംഗത്തെ കുറിച്ച് പറഞ്ഞില്ല.

4.       കർദിനാൾ മാർ  ജോർജ്ജ് അലഞ്ചേരിക്കുള്ള കത്തിലും  ലൈംഗീക അതിക്രമത്തേക്കുറിച്ച് പരാമർശമില്ല.

5.       കർദിനാൾ മാർക്കിനെഴുതിയ കത്തിൽ 2014 മെയ് അഞ്ചിന് തന്നെ ആദ്യമായി ഫ്രാങ്കോ പീഡിപ്പിച്ചു എന്നും തുടർന്നും പലതവണ അത് സംഭവിച്ചു എന്നും പറയുന്നുണ്ടെങ്കിലും 13 തവണ പീഡിപ്പിച്ചു എന്നു പറയുന്നില്ല.

6.       ജില്ലാ പോലീസ് സൂപ്രണ്ടിന് നൽകിയ പരാതിയിൽ ഐ. പി. സി. 376 പ്രകാരമുള്ള കുറ്റകൃത്യം തനിക്കെതിരെ നടന്നു എന്നല്ലാതെ അതിന്റെ വിശദാംശങ്ങൾ പരാതിക്കാരി വെളിപ്പെടുത്തുന്നില്ല.

7.       പ്രാഥമിക മൊഴിയിൽ ഫ്രാങ്കോ തന്നെ ബലമായി പിടിച്ചു യോനിയിൽ വിരൽ കടത്തി എന്നും വദനസുരതത്തിന് ശ്രമിച്ചു എന്നും കൈകൊണ്ട് ലൈംഗീകാവയവത്തിൽ പിടിപ്പിച്ചു എന്നുമല്ലാതെ ലിംഗം അകത്തു കടത്തി എന്നു പറഞ്ഞിട്ടില്ല. മൊഴി രേഖപ്പെടുത്തിയ പോലീസ് ഓഫീസറെ വിശ്വാസമില്ലായിരുന്നു എന്നും, അരക്ഷിതമായ അന്തരീക്ഷത്തിലാണ് മൊഴി എടുത്തത് എന്നുമുള്ള വിശദീകരണങ്ങൾ സ്വീകാര്യമല്ല.

8.       വൈദ്യ പരിശോധനയ്ക്കെത്തിയ ഡോക്ടറോടും പിനൈൽ പെനെട്രേഷനെ കുറിച്ച് പറഞ്ഞിട്ടില്ല.

9.       164 സ്റ്റേറ്റ്മെന്റിൽ അവർ പ്രസ്താവിച്ചിരിക്കുന്നത് ആദ്യത്തെ തവണ വിരൽ മാത്രമേ കടത്തിയിട്ടുളളൂവെന്നും പിന്നീട് 12 തവണയും ലിംഗം അകത്തു കടത്തിയെന്നുമാണ്.

പിന്നീട് പരാതിക്കാരിയുടെ മൊഴി സംബന്ധിച്ച് സാഹചര്യത്തെളിവുകൾ പരിശോധിക്കുമ്പോൾ ഉണ്ടാകുന്ന സംശയങ്ങളെക്കുറിച്ചാണ്.  പരാതിക്കാരിയും ഫ്രാങ്കോയും തമ്മിലുള്ള ഇ-മെയിൽ സന്ദേശങ്ങൾ അവർ തമ്മിൽ അടുപ്പമുള്ളതായി തെളിയിക്കുന്നു. ആദ്യ അതിക്രമം നടന്നുവെന്ന് പറയപ്പെടുന്നതിന്റെ പിറ്റേന്ന് പരാതിക്കാരിയും ബിഷപ്പും ഒരുമിച്ച് കാറിൽ ദീർഘദൂരം യാത്ര ചെയ്യുകയും ഒരു പരിപാടിയിൽ പങ്കെടുക്കുകയും ചെയ്തു. പരിപാടിയുടെ വീഡിയോയിലും ഫോട്ടോഗ്രാഫിലും പരാതിക്കാരി പ്രസന്നവദനയായി കാണപ്പെട്ടു. പരാതിക്കാരിക്കെതിരെ അവരുടെ കസിൻ തന്റെ ഭർത്താവുമായി ഇവർക്ക്  അവിഹിതബന്ധമുണ്ട് എന്നു കാണിച്ചുകൊണ്ടു പരാതി നൽകുകയും പരാതിക്കാരിക്കെതിരെ അച്ചടക്ക നടപടികൾ സ്വീകരിക്കുകയും ചെയ്തതിനു ശേഷമാണ് ഔദ്യോഗികമായി പരാതിക്കാരി രംഗത്ത് വരുന്നത്. സിസ്റ്റർ ടീൻസിയെ മദർ സുപ്പീരിയറായി  നിയമിച്ചത് സംബന്ധിച്ച് ഇവർക്ക് വിയോജിപ്പുകൾ ഉണ്ടായിരുന്നു. ബിഷപ്പ് അശ്ലീല സന്ദേശമയച്ചു എന്നു പറയുന്ന മൊബൈൽ ഫോൺ ഹാജരാക്കാൻ കഴിയാത്തത്, ലാപ്പ് ടോപ്പ് ഹാജരാക്കാത്തത്, സഭയ്‌ക്കകത്തെ വിഭാഗീയതയും വിഷയമായിരുന്നു എന്നിങ്ങനെ നിരവധി കാരണങ്ങൾ വിധിയിൽ ലിസ്റ്റ് ചെയ്യുന്നുണ്ട്.

ഇക്കാരണങ്ങൾ കൊണ്ടൊക്കെ പരാതിക്കാരിയുടെ മൊഴിയിൽ സ്ഥിരത ഇല്ലെന്നും, അതിന് ഉപോദ്ബലകമായ മറ്റ് തെളിവുകൾ ഇല്ല എന്നും കോടതി നിരീക്ഷിക്കുന്നു. അതുകൊണ്ടുതന്നെ പരാതിക്കാരി മേല്പറഞ്ഞ സുപ്രീംകോടതി വിധികളിൽ പരാമർശിക്കുന്ന സ്റ്റെർലിംഗ് വിറ്റ്നെസ് അല്ല എന്നു കോടതി തീർപ്പ് കൽപ്പിക്കുന്നു. മൊഴിയിൽ നിന്നും നെല്ലും പതിരും വേർതിരിച്ചെടുക്കാൻ കഴിയുന്നില്ല, അതുകൊണ്ടു തന്നെ ജയശീലൻ കേസിൽ സുപ്രീംകോടതി പറഞ്ഞതുപോലെ സത്യവും അസത്യവും, നെല്ലും പതിരും, വ്യതിരിക്തമാക്കാൻ കഴിയാതെ വരുമ്പോൾ തെളിവ് പൂർണമായും നിരാകരിക്കുകയല്ലാതെ വേറെ വഴിയില്ല. അതുകൊണ്ട് ഫ്രാങ്കോയെ കുറ്റവിമുക്തനാക്കുന്നു എന്നാണ് കോടതി വിധി.

വിവിധ സുപ്രീംകോടതി വിധികളുടെ ചുവടു പിടിച്ച് പരാതിക്കാരിയുടെ മൊഴിയിൽ സ്ഥിരതയില്ലെന്ന് സാങ്കേതികമായെങ്കിലും വിധിയിൽ സ്ഥാപിക്കുന്നുണ്ട്. മറ്റ് തെളിവുകൾ സംബന്ധിച്ചും അവ്യക്തതകൾ അവശേഷിക്കുന്നുണ്ട്. പ്രത്യേകിച്ചും മെസേജുകൾ അടങ്ങിയ മൊബൈലും ലാപ് ടോപ്പും ഹാജരാക്കാൻ കഴിയാത്ത കാര്യത്തിൽ. മൊബൈൽ വീട്ടിൽ കൊടുത്തുവിട്ടുവെന്നും അവിടെ നിന്ന് ആക്രിക്കൊപ്പം വിറ്റുപോയി എന്നും, ലാപ് ടോപ്പിന്റെ ഹാർഡ് ഡിസ്ക്ക് തിരിച്ചെടുക്കാൻ കഴിയാത്ത വിധം നശിച്ചു പോയി എന്നുമൊക്കെ പറയുന്ന പ്രോസിക്യൂഷൻ വാദങ്ങൾ ബാലിശമാണ് എന്നു പറയാതെ വയ്യ. ഡോക്ടർക്ക് പരാതിക്കാരി നല്കിയ മൊഴിയിൽ ആദ്യ ദിവസം പീനൈൽ പെനെട്രേഷൻ  ഉണ്ടായിട്ടില്ല എന്ന ഭാഗം വെട്ടിക്കളഞ്ഞതും സംശയകരമെന്ന് സ്ഥാപിക്കാൻ സഹായകമായ തെളിവുകളാണ് എന്നു പറയാതിരിക്കാൻ തരമില്ല. കൃത്യമായ ഒരു നിയമ ചട്ടക്കൂടിൽ നിന്നുകൊണ്ട് എന്തുകൊണ്ട് മറ്റ് തെളിവുകളുടെ അഭാവത്തിൽ, കേവലം പരാതിക്കാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഫ്രാങ്കോയെ ശിക്ഷിക്കാൻ കഴിയില്ല എന്നു സ്ഥാപിക്കുന്നുണ്ട് സെഷൻസ് കോടതി. അതുകൊണ്ടു തന്നെ അപ്പീലിൽ വളരെ എളുപ്പത്തിൽ വിജയിക്കാവുന്ന കേസാണ് ഇതെന്ന് കരുതേണ്ടതില്ല.  സ്ത്രീകൾക്കെതിരായ  ആധുനികജനാധിപത്യ സമൂഹങ്ങളിൽ, വിശാഖാ കേസിന് ശേഷം ഇന്ത്യയിലും, വികസിച്ചു വരുന്ന നിയമവൈഞ്ജാനികതയുടെ മൂല്യബോധങ്ങൾക്കുള്ളിൽ നിന്നുകൊണ്ടു നോക്കുമ്പോൾ, മറ്റൊരു വീക്ഷണകോണിലൂടെ ഈ കേസിനെ കാണാൻ കഴിയും. നിയമത്തിന്റെ സാങ്കേതികയുക്തികൾക്കപ്പുറം അതാണ് ശരിയായ വ്യാഖ്യാനമെന്ന് ഞാന് പറയും. കാരണം ഡസ്മണ്ട് ടുട്ടു പറഞ്ഞതുപോലെ  “അനീതിയുടെ  കാലത്ത് നിഷ്പക്ഷരായിരിക്കുക എന്നത് മർദ്ദകന്റെ പക്ഷം പിടിക്കുന്നതിന് തുല്യമാണ്.”

അതിജീവിത വിചാരണ ചെയ്യപ്പെടുന്നു 

നമ്മുടെ നിയമസംവിധാനത്തിൽ ബലാത്സംഗത്തെ അതിജീവിച്ച ഒരു സ്ത്രീയ്ക്ക് നീതി തേടുക എന്നത് അതിനേക്കാൾ വലിയ വേദനയായി മാറാറുണ്ട്. 2020 ജൂലായ് 15-ന് ബീഹാറിലെ ഒരു ജില്ലാകോടതി അതിജീവിതയെ കോടതിനടപടികൾ  തടസ്സപ്പെടുത്തി എന്നാരോപിച്ചുകൊണ്ട് ജയിലലടയ്ക്കുന്ന സാഹചര്യമുണ്ടായി. കോടതി മുറിയിൽ താനനുഭവിച്ച വേദന  പലവുരു ആവർത്തിക്കേണ്ടി വന്ന സാഹചര്യത്തിൽ ഉണ്ടായ വൈകാരിക പ്രതികരണത്തിന്റെ പേരിലാണ് കോടതി അവരെ ശിക്ഷിച്ചത്.  അതിജീവിതയോട് തെല്ലും അനുതാപം കാണിക്കാത്ത നിയമ സംവിധാനങ്ങൾ അവരെ വീണ്ടും വീണ്ടും മുറിവേൽപ്പിക്കുന്ന സാഹചര്യം വിരളമല്ല. നൂറ്റാണ്ടുകൾ മുൻപുള്ള വൈദ്യശാസ്ത്ര-നിയമ തത്ത്വങ്ങൾ തന്നെയാണ് ഇപ്പോഴും പിന്തുടർന്നു പോരുന്നത്. 1920-ൽ ഇറങ്ങിയ, ഇപ്പോഴും നമ്മുടെ നിയമവിദ്യാഭ്യാസത്തിന്റെയും, കോടതി നടപടികളുടേയും ഭാഗമായ, മോഡിയുടെ ‘മെഡിക്കൽ ജൂറിസ്പ്രൂഡൻസ് ആൻഡ്  ടോക്സിക്കോളജി’ എന്ന പുസ്തകത്തിൽ ബലാത്സംഗത്തെക്കുറിച്ച് പറയുന്ന ഭാഗം നോക്കുക: “സ്ത്രീ അവരുടെ കഴിവിന്റെ പരമാവധി എതിർത്ത് നിൽക്കാൻ ശ്രമിച്ചു എന്നു തെളിയേണ്ടതുണ്ട്. ഒച്ചവച്ചും, നിലവിളിച്ചും, കടിച്ചും അടിച്ചും ഒക്കെ ബലാത്സംഗം തടയാൻ ശ്രമിച്ചു എന്നു തെളിയണം. ഭയമോ കീഴ്പ്പെടുത്തപ്പെട്ടതുകൊണ്ടോ  തളർന്നു പോയതുകൊണ്ടോ ആണ് സ്ത്രീ ‘വഴങ്ങിയതെന്ന്’ തെളിയിച്ചാൽ മാത്രമേ ബലാത്സംഗമായി കണക്കാക്കാൻ കഴിയുകയുള്ളൂ.” ഫ്രാങ്കോ കേസിലെ വിധിയിൽ അതിജീവിത ഗസ്റ്റ് റൂമിൽ വച്ച് ബലാത്സംഗം ചെയ്യപ്പെട്ടെങ്കിൽ പ്രതിരോധിക്കുന്നതിന്റെ ശബ്ദമോ ഒച്ച വയ്ക്കുന്നതോ അടുത്ത മുറിയിൽ കേൾക്കുമായിരുന്നു എന്ന കോടതി പരാമർശം വായിക്കുമ്പോൾ 1920-ലെ ഇതേ നീതിബോധവുമായി ഇന്നും മനുഷ്യർ ജീവിക്കുന്നല്ലോ എന്നോർത്തുപോകും. അധികാരശ്രേണിയുടെ സമ്മർദ്ദം കൊണ്ടും, ജീവഭയംകൊണ്ടും, ഭീതിയിൽ പ്രതികരണ ശേഷി നഷ്ടമാകുന്നതുകൊണ്ടും, മനസികാഘാതംകൊണ്ടുമെല്ലാം ഇര നിശബ്ദയായിപ്പോയേക്കാം എന്ന് ഈ നൂറ്റാണ്ടിലും കോടതിയ്ക്ക് മനസിലാകാത്തത്  ദു:ഖകരമാണ്. 

സിസ്റ്ററുടെ മൊഴിയിൽ കോടതി കണ്ടെത്തുന്ന അസ്ഥിരതകളുടെ സ്വഭാവവും കൊളോണിയൽ കാലഘട്ടത്തിന്റെ കണ്ണാടിയിലൂടെ നോക്കുന്നതുകൊണ്ടാണെന്ന് മനസിലാക്കാനാകും. താൻ ബലാത്സംഗം ചെയ്യപ്പെട്ടു എന്നു കൃത്യമായി അതേ വാക്കുകൾ ഉപയോഗിച്ച്  സഹ കന്യാസ്ത്രീകളോട് പറഞ്ഞില്ല എന്നതാണ് വിധിന്യായത്തിൽ എടുത്തു പറയുന്ന കാരണം. എന്നാൽ അവർ, ബിഷപ്പ് തന്നോട് കിടക്ക പങ്കിടാൻ നിർബന്ധിക്കും എന്ന് അവരോട് പറയുന്നുണ്ട്. ‘കൂടെ കിടക്കൽ’’ എന്നാൽ ഗാന്ധിജി നടത്തിയതുപോലുള്ള ഒരു ബ്രഹ്മചര്യ പരീക്ഷണമാണ് എന്നാണോ കോടതി മനസിലാക്കിയത്? സാമാന്യബോധമുള്ള ഏതൊരാൾക്കും അത് കേട്ടാൽ എന്താണ് നടന്നിട്ടുണ്ടാവുക എന്നു മനസിലാകും.  

അവർ ഒരു കന്യാസ്ത്രീയാണ്. അനുസരണ, ചാരിത്ര്യം, വിശുദ്ധി എന്നിവ കാത്തു സൂക്ഷിക്കാൻ പ്രതിജ്ഞയെടുത്തവർ. തനിക്ക് സംഭവിച്ച ദുര്യോഗത്തെക്കുറിച്ച് പുറത്തു പറയാൻ സ്വാഭാവികമായും ബുദ്ധിമുട്ട് ഉണ്ടാകും. പ്രത്യേകിച്ച് തന്റെ കീഴിലുള്ള കന്യാസ്ത്രീകളോട്. മഠത്തിന്റെ പേര്, സഭയുടെ അഭിമാനം, സ്വന്തം വ്യക്തിത്വം, സന്യാസി സമൂഹ്യങ്ങളിലെ അധികാരഘടന അങ്ങനെ ഒരുപാട് ഘടകങ്ങൾ അവരെ സ്വാധീനിച്ചിരിക്കാം. അതുപോലെ തന്നെയാണ് സിസ്റ്റർ ലിസിയോട് പരാതിക്കാരി നടത്തിയ വെളിപ്പെടുത്തൽ സംബന്ധിച്ച കോടതിയുടെ അഭിപ്രായവും. സിസ്റ്റർ ലിസി പരാതിക്കാരിയുടെ ആത്മീയഗുരുവാണ്. ആദ്യത്തെ തവണത്തെ അനുഭവം അവരോട് അതിജീവിത തുറന്നു പറഞ്ഞിരുന്നു. എന്നാൽ പിന്നീടുണ്ടായ 12 അനുഭവങ്ങളും പറഞ്ഞില്ല. അത് വിശ്വസിയ്ക്കാൻ പ്രയാസമാണ്. അതുകൊണ്ട് സിസ്റ്റർ  ലിസിയുടെ മൊഴി വിശ്വാസത്തിലെടുക്കാനാകില്ല എന്നാണ് കോടതി പറയുന്നത്. അതുപോലെ തന്നെ അവർ മദർ പ്രോവിൻഷ്യൽ ജനറലിന് അയച്ച കത്തിലും പരാതിക്കാരിക്കുണ്ടായ ലൈംഗീക അതിക്രമത്തേക്കുറിച്ച് പരാമർശമില്ല എന്നു കണ്ടെത്തുന്നു കോടതി. എന്നാൽ ചില പ്രതികൂലമായ നടപടികൾ ഭയന്ന് ആ കത്തിൽ  മനപ്പൂർവം പീഡന വിവരം ഉൾപ്പെടുത്താത്തതാണ് എന്ന സിസ്റ്റർ ലിസിയുടെ വിശദീകരണം കോടതിയ്ക്ക് സ്വീകാര്യമായിരുന്നില്ല. താൻ  അയച്ച കത്ത് പ്രതിഭാഗത്തിന്റെ കൈവശം എത്തിയത് തന്നെ ഞെട്ടിച്ചു കളഞ്ഞു എന്ന് സിസ്റ്റർ ലിസി പിന്നീട് പ്രതികരിക്കുകയുണ്ടായി. സഭയിൽ  നിലനില്ക്കുന്ന അധികാര വ്യവസ്ഥ പ്രതിയ്ക്ക് എങ്ങനെ അനുകൂലമാകുന്നുവെന്നതിന്റെ ഉത്തമ ദൃഷ്ടാന്തമായിരുന്നു ആ കത്ത് പ്രതിഭാഗത്തിന് കിട്ടിയത്. പക്ഷേ കോടതിയതൊന്നും കണ്ട മട്ടില്ല.    ഇത്രയും കന്യാസ്ത്രീകൾ ഈ ഭീകരമായ അധികാര വ്യവസ്ഥയ്ക്കെതിരെ ഒരുമിച്ച് നില്ക്കാൻ ധൈര്യം കാണിച്ചു എന്നത് അങ്ങനെ അവഗണിക്കപ്പെടേണ്ട കാര്യമല്ല. 

അടുത്ത പ്രധാനപ്പെട്ട ഒരാക്ഷേപം  പ്രാഥമിക മൊഴിയിൽ പീനൈൽ പെനിട്രേഷനെ കുറിച്ച് പറഞ്ഞിട്ടില്ല എന്നതാണ്. എഫ്. ഐ. ആർ. ഒരു സർവവിജ്ഞാന കോശമൊന്നുമല്ലെന്നും എല്ലാ വിവരങ്ങളും എഫ്. ഐ. ആറിൽ വരാത്തതിന്റെ പേരിൽ കേസാകെ തള്ളിക്കളയാൻ കഴിയില്ല എന്നും സുപ്രീംകോടതി നിരീക്ഷിച്ചിട്ടുള്ളതാണ്. 

അതുപോലെ തന്നെ റിപ്പോർട്ടർ ടി. വി. യിലെ ‘ക്ലോസ് എൻകൌണ്ട’റിൽ അഭിലാഷ് മോഹനുമായി നടത്തിയ അഭിമുഖത്തിൽ സഭക്കകത്ത് അവരുടെ പരാതിയ്ക്ക് പരിഹാരമുണ്ടാകുമായിരുന്നെങ്കിൽ കേസിന് പോകുകയില്ലായിരുന്നു എന്ന് സിസ്റ്റർ ലിസി നടത്തിയ പരാമർശവും പ്രതിക്കനുകൂലമായി വ്യാഖ്യാനിക്കപ്പെട്ടിരിക്കുന്നു. വിധിയുടെ 119-ആം ഖണ്ഡികയിൽ കാണാവുന്നതുപോലെ സിസ്റ്റർ  സോഫിയും, അനുപമയും, ജോസഫൈനും പിന്തുണച്ചതോടെ പരാതിയുമായി മുന്നോട്ട് പോകാനുള്ള ധൈര്യം അതിജീവിതയ്ക്ക് ലഭിച്ചു. അവർ കർദിനാൾ മാർക്കിനും പോപ്പിനും കത്തുകൾ അയച്ചു. തൊട്ടടുത്ത ഖണ്ഡികയിൽ നോക്കുക, ജൂൺ 1,2 തിയ്യതികളിൽ ഫാദർ ജോസ് തെക്കുംവേലിക്കുന്ന്   കോൺവെന്റിൽ എത്തിയപ്പോൾ കുടുംബാംഗങ്ങൾ ഉൾപ്പെടെ ഭാഗമായ കമ്മിറ്റി മുൻപാകെ  താൻ നേരിട്ട ലൈംഗീക അതിക്രമങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ സിസ്റ്റർ വിവരിച്ചു. സഭക്കകത്തുനിന്ന് തിരുത്തലുകൾ ഉണ്ടായില്ലെങ്കിൽ താൻ പൊലീസിനെ സമീപിക്കുമെന്നും വ്യക്തമാക്കിയിരുന്നു. ഇക്കാര്യങ്ങൾ സിസ്റ്റർക്കെതിരെ ഉപയോഗിക്കുന്നത് പരാതി വ്യാജമാണെന്ന മുൻവിധിയോടെ കാര്യങ്ങളെ സമീപിക്കുന്നതുകൊണ്ടാണ്. യഥാർത്ഥത്തിൽ, കേസുമായി മുന്നോട്ട് പോകുന്നതിന് മുൻപ് സഭക്കകത്ത്  തന്നെ ഏതെങ്കിലും തരത്തിലുള്ള പരിഹാരം കണ്ടെത്താൻ അവർ ശ്രമിച്ചു എന്നു മാത്രമല്ലേ അതിന് അർത്ഥമുള്ളൂ? പ്രതിയുടെ അധീനതയിൽ  നിന്നും മാറി നിൽക്കാൻ അവർ ശ്രമിച്ചിരുന്നതായും കാണാം. 

ആദ്യത്തെ അതിക്രമം നടന്നതിന് പിറ്റേന്ന് കുറ്റാരോപിതനായ ബിഷപ്പ് ഫ്രാങ്കോയുമൊത്ത് സിസ്റ്റർ ഒരു ചടങ്ങിൽ പങ്കെടുത്തുവെന്നും കാറിൽ യാത്ര ചെയ്തുവെന്നും ഫോട്ടോയിൽ അവർ പ്രസന്നവദന ആയിരുന്നുവെന്നുമൊക്കെ പറയുന്നത് തരുൺ തേജ്പാൽ വിധിയിലും ഭൻവാരി ദേവി കേസിലുമൊക്കെ നമ്മൾ കണ്ട അതിജീവിതയെക്കുറിച്ചുള്ള ‘പരമ്പരാഗത’ സങ്കൽപ്പങ്ങളുടെ പ്രതിഫലനമാണ്. ‘ഇര’ എങ്ങനെയൊക്കെയായിരിക്കണം പ്രതികരിക്കേണ്ടത് എന്ന് വിചാരണ സമയത്ത് കോടതി തീരുമാനിക്കും എന്ന ലൈൻ. കോൺവെന്റും ബിഷപ്പും തമ്മിലുള്ള അധികാര ശ്രേണി അനുസരിച്ച് മേലധികാരിയായ ഫ്രാങ്കോയ്ക്കൊപ്പം സിസ്റ്റർക്ക് പരിപാടിയിൽ പങ്കെടുക്കേണ്ടതുണ്ട്. അവിടെ എല്ലാവരുടെയും മുന്നിൽ തന്റെ പ്രശ്നങ്ങൾ വെളിപ്പെടുത്താൻ അവർക്ക് സ്വാഭാവികമായും കഴിയില്ല. എന്നു മാത്രമല്ല വീഡിയോ ദൃശ്യങ്ങളിൽ തന്നെ ഒറ്റയ്ക്ക് മാറിയിരുന്നു കരയുന്ന സിസ്റ്ററെയും കാണാൻ കഴിയുമെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാണിച്ചിരുന്നു. 

അതുമാത്രമല്ല, പ്രാകൃതമായ കാഴ്ചപ്പാടോടെ ഫ്രാങ്കോയും സിസ്റ്ററും തമ്മിൽ പരസ്പരസമ്മതത്തോടെയുള്ള ബന്ധമുണ്ടെന്ന ധ്വനി ജനിപ്പിക്കാനും വിധിയിൽ ശ്രമമുണ്ട്. ‘With heavy heart I am joining your decision. I want to see you. I need you. Call me’ എന്ന ബിഷപ്പിന്റെ സന്ദേശം ചൂണ്ടിക്കാണിച്ചുകൊണ്ട് അവിടെ ബലാൽക്കാരം  ഉണ്ടായിരുന്നില്ല എന്നു കാണുകയാണ്. ഫ്രാങ്കോയ്ക്ക് കോൺവെന്റിന് മേലുള്ള അധികാരം കൂടി കണക്കിലെടുത്തുകൊണ്ട്, ഒരു ‘നോ’-യ്ക്കു ശേഷവും ഇങ്ങനെ പറഞ്ഞാൽ എന്താണ് അതിനർത്ഥം? ഇനി സമ്മതം ഉണ്ടായിരുന്നുവെങ്കിൽ തന്നെ അത് എന്നന്നേക്കുമുള്ള സമ്മതമായിരിക്കണം എന്നില്ലല്ലോ. മാത്രമല്ല സമ്മതത്തോടെയുള്ള ബന്ധം ഉണ്ടായിരുന്നു എന്ന വാദം  പ്രതിഭാഗത്തിനുമില്ല.

പീനൈൽ പെനിട്രേഷൻ എന്ന സംഗതിക്ക് കോടതി ഇത്ര പ്രാധാന്യം കൊടുക്കുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ല. 2013-ലെ നിയമഭേദഗതിയ്ക്ക് ശേഷം ഐ. പി. സി. സെക്ഷൻ 375 പ്രകാരമുള്ള കുറ്റകൃത്യം സ്ഥാപിക്കുന്നതിന് ലിംഗം അകത്ത് കയറ്റണം എന്നില്ല. അതില്ലാതെ തന്നെ ബലാത്സംഗ കുറ്റം സ്ഥാപിക്കപ്പെടും. ആ വിവരം മറച്ചു വച്ചതുകൊണ്ടോ, പിന്നീട് കൂട്ടിച്ചേർത്തതുകൊണ്ടോ പരാതിക്കാരിക്ക് പ്രത്യേകിച്ച് ഗുണമൊന്നുമില്ല. ഒരു കന്യാസ്ത്രീ എന്ന നിലയിലുള്ള അവരുടെ ആത്മീയ-സാമൂഹ്യ-വൈകാരിക സംഘർഷങ്ങളാകാം അക്കാര്യം എല്ലാവരോടും ആദ്യഘട്ടത്തിൽ  തുറന്നു പറയുന്നതിൽ നിന്നും സിസ്റ്ററെ പിന്നോട്ട് വലിച്ചത്. 

നൂറ്റാണ്ടുകൾക്ക് മുൻപുള്ള വാർപ്പ്  മാതൃകകൾ വച്ച് പരാതിക്കാരിയെ വ്യക്തിഹത്യ ചെയ്യുന്ന ഇന്ത്യൻ കോടതികളുടെ ശീലം ഈ വിധിയിലും കാണാം. 2021-ലെ അപർണ ഭട്ട് Vs സ്റ്റേറ്റ് ഓഫ് മധ്യപ്രദേശ് കേസിലെ സുപ്രീംകോടതി വിധിയിൽ ജസ്റ്റിസ് ഭട്ട് ഇങ്ങനെ കുറിക്കുന്നു: “വിചാരണവേളയിലോ ജുഡീഷ്യൽ ഉത്തരവിലോ, വാർപ്പ് മാതൃകകൾ വച്ചുകൊണ്ട് ലൈംഗീകാതിക്രമ കേസിൽ സ്ത്രീകളുടെ ‘സമ്മത’ത്തെ വിലയിരുത്തുമ്പോൾ സംശയത്തോടെ വീക്ഷിക്കരുത്.” ‘ഇര’യുടെ ധാർമിക വശത്തെ ചോദ്യം ചെയ്യേണ്ടതില്ല എന്നാണ് നിലപാട്. എന്നാൽ ഇവിടെ പരാതിക്കാരിയുടെ ഒരു കസിൻ നല്കിയ പരാതിയിലെ ആരോപണം വിധിയിൽ സവിസ്തരം പ്രതിപാദിക്കപ്പെടുന്നു. കസിന്റെ ഭർത്താവുമായി സിസ്റ്റർക്ക് അവിഹിത ബന്ധമുണ്ടെന്നായിരുന്നു പരാതി. അതിന്റെ പശ്ചാത്തലത്തിൽ സിസ്റ്ററുടെ ദേഹ പരിശോധനയെക്കുറിച്ചൊക്കെ ഒരുപാട് എഴുതിയിട്ടുണ്ട്. സിസ്റ്ററുടെ കന്യാചർമം ഭേദിക്കപ്പെട്ടിരുന്നതിന് കാരണം ഈ ബന്ധമായിരുന്നിരിക്കാം എന്ന സൂചന വരെ നല്കുന്നുണ്ട് വിധിയിൽ. എന്നാൽ ഇങ്ങനെയൊരു അവിഹിത ബന്ധം ഉണ്ടായിരുന്നുവെന്ന് വ്യക്തമായി പറയുന്നുമില്ല. പരാതിക്കാരിയായ കസിൻ തന്നെ ഈ പരാതി വ്യാജമായിരുന്നു എന്നു കോടതി മുൻപാകെ ബോധിപ്പിച്ചിരുന്നു എന്നുകൂടി ഓർക്കണം. എന്നിട്ടാണ് ഇക്കാര്യം ഖണ്ഡികകളോളം വിശദീകരിച്ചിരിക്കുന്നത്. 

ഇന്ത്യൻ തെളിവു നിയമത്തിന്റെ വകുപ്പ് 146 അനുസരിച്ച് ‘ഇരയുടെ’ ലൈംഗീകതയുടെ ചരിത്രം ക്രോസ്സ്-വിസ്താരം ചെയ്യാൻ പാടുള്ളതല്ല. അതുകൊണ്ടുതന്നെ അതിജീവിതയ്ക്ക് ഇക്കാര്യത്തിൽ തന്റെ ഭാഗം വിശദീകരിക്കാനുമാവില്ല. നിയമം അങ്ങനെയാണെങ്കിലും നമ്മുടെ കോടതികളിൽ ഇപ്പോഴും ‘നല്ല സ്ത്രീ’കളെക്കുറിച്ചും, ‘നമ്മുടെ സ്ത്രീ’കളെക്കുറിച്ചും ‘ഇര’ പ്രതികരിക്കേണ്ട രീതിയെക്കുറിച്ചും ചർച്ചകൾ ഉണ്ടാകുന്നത് ദൗർഭാഗ്യകരമാണ്. സംവിധാനത്തെയാകെ ഗ്രസിച്ചിട്ടുള്ള പുരുഷാധിപത്യപ്രവണതയുടെ  പ്രതിഫലനമാണ് ഇവിടെ അനാവൃതമാകുന്നത് . അതുകൊണ്ടാണ് അതിജീവിതയുടെ ഭാഗത്തുനിന്നും ഒരിക്കൽ പോലും ചിന്തിക്കാതെ എഴുതിയ വിധിയുടെ ആന്തരികയുക്തി ബലാത്സംഗം ചെയ്യപ്പെട്ട കന്യാസ്ത്രീ എങ്ങനെയായിരിക്കണം പ്രതികരിക്കേണ്ടത് എന്നതിന്റെ ഒരു സാരോപാദേശ കൈപ്പുസ്തകമായി മാറുന്നത്. അതിജീവിത പിന്നീടുള്ള ഓരോ ദിവസവും, താൻ പറയുന്ന വ്യക്തികളോടെല്ലാം, താൻ അനുഭവിച്ച അതിക്രമത്തിന്റെ വള്ളി പുള്ളി വിടാതെയുള്ള വിവരണം നല്കിയാലേ നീതി ലഭിക്കൂ എന്ന സാഹചര്യത്തിലേക്കാണ് വിധി വിരൽ ചൂണ്ടുന്നത്. തീർച്ചയായും തിരുത്തപ്പെടേണ്ട വിധിയാണിത്. അങ്ങനെ തന്നെ സംഭവിക്കുമെന്ന് പ്രത്യാശിക്കാം. അല്ലെങ്കിൽ ലൈംഗീക അതിക്രമങ്ങൾക്കെതിരെ  അധികാരത്തോടും സമ്പത്തിനോടും സാമൂഹിക ബോധ്യങ്ങളോടും പടവെട്ടി നീതി തേടാൻ കഴിയുമെന്ന് വിശ്വസിക്കുകയും അതിനു വേണ്ടി പോരാടാൻ തയ്യാറാവുകയും ചെയ്യുന്ന സ്ത്രീ സമൂഹത്തോടുള്ള ചതിയായിരിക്കും അത്. 

First published in TrueCopyThinkWebzene on 28 January 2022

ഏതൊരു നിയമ നിർമ്മാണത്തിന് പിന്നിലും ഒരു ലക്ഷ്യമുണ്ടാകണം. ആ നിയമം കൊണ്ട് നിറവേറ്റപ്പെടുന്ന ഒരു കടമയുണ്ടാകണം . അത് ഭരണഘടനാ ധാർമികതയിലൂന്നിയ ജനാധിപത്യ ലോകവീക്ഷണത്തെ പ്രതിഫലിപ്പിക്കുന്നതായിരിക്കണം. ഈയൊരു പ്രാഥമിക ബോധ്യത്തോടെ സമീപിച്ചാൽ, രാജ്യത്തെ യുവതികളുടെ വിവാഹപ്രായം 21 ആക്കി ഉയർത്തിയ കേന്ദ്ര കാബിനറ്റിന്റെ നിർദ്ദേശം  എത്രമാത്രം അർത്ഥശൂന്യമാണെന്നു മനസ്സിലാക്കാനാകും. സമതാ പാർട്ടി നേതാവ് ജയാ ജെയ്റ്റ്ലിയുടെ നേതൃത്വത്തിലുള്ള ടാസ്ക് ഫോഴ്‌സ് ആണ് ഗവൺമെന്റിന് ഇത്തരമൊരു നിർദ്ദേശം സമർപ്പിച്ചത്. നിതി അയോഗിലെയും വിവിധ വകുപ്പുകളിലെയും ഉദ്യോഗസ്ഥരാണ് കമ്മറ്റിയിലെ മറ്റംഗങ്ങൾ. 

പ്രസവത്തോടുകൂടി മരണപ്പെടുന്ന അമ്മമാരുടെ എണ്ണം കുറക്കുക, ആരോഗ്യകരമായ പ്രസവം ഉറപ്പുവരുത്തുക, പോഷകഹാരക്കുറവുമൂലമുള്ള പ്രശ്‌നങ്ങൾ പരിഹരിക്കുക, സ്ത്രീശാക്തീകരണം ഉറപ്പുവരുത്തുക, തുടങ്ങിയവയാണ് പുതിയ പരിഷ്കാരത്തിന്റെ ലക്ഷ്യങ്ങളായി അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്. ഓർമ വരുന്നത് 2016-ൽ നോട്ടു നിരോധനം പ്രഖ്യാപിച്ചപ്പോൾ ഗവണ്മെന്റ് പറഞ്ഞ കാര്യങ്ങളാണ്. അതേ മാതൃകയിൽ തന്നെ ഇക്കാര്യത്തിലും പ്രഖ്യാപിത ലക്ഷ്യങ്ങൾക്ക് നടപ്പിലാക്കുന്ന നയവുമായി ഇവിടെയും യാതൊരു ബന്ധവുമില്ല എന്നു കാണാം.

ലോകത്ത് മാതൃമരണ നിരക്ക് ഏറ്റവും കൂടുതലുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഓരോ മണിക്കൂറിലും 5 അമ്മമാരാണ് പ്രസവസംബന്ധമായ സങ്കീർണതകൾ മൂലം മരിക്കുന്നത്. 2006-ൽ 130 ആയിരുന്ന മാതൃമരണനിരക്ക് 2019 ആകുമ്പോഴേക്കും 113 ആയി കുറഞ്ഞുവെങ്കിലും ഇപ്പോഴും വർഷാവർഷം 26,437 സ്ത്രീകളുടെ ജീവനാണ് നഷ്ടമാകുന്നത്. വിവാഹപ്രായം പതിനെട്ടിൽ നിന്നും ഇരുപത്തിയൊന്നാക്കി ഉയർത്തിയാൽ ദു:ഖകരമായ ഈ സാഹചര്യത്തിന് പരിഹാരമാകുമോ എന്നു പരിശോധിക്കാം.

മാതൃമരണങ്ങളിൽ എഴുപത്തഞ്ചു ശതമാനത്തിനും കാരണം പ്രസവസമയത്തുള്ള രക്തസ്രാവമോ, അണുബാധയോ, ഉയർന്ന രക്തസമ്മർദ്ദമോ ആണെന്ന് ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ടുണ്ട്. ഇതിൽ തന്നെ രക്തസ്രാവമാണ് മുഖ്യകാരണം. ഇതിനു കാരണം അനീമിയയും പോഷക ആഹാരക്കുറവും അടിയന്തര വൈദ്യസൗകര്യങ്ങളുടെ അഭാവവും പ്രസവസമയത്ത് വൈദഗ്ധ്യം നേടിയ ജീവനക്കാരുടെ  സേവനം ലഭ്യമാക്കാത്തതും ഒക്കെയാണ്, അല്ലാതെ 18-നും 21-നും ഇടയ്ക്ക് പ്രായമുള്ള സ്ത്രീകൾ പ്രസവിക്കുന്നതല്ല. 

‘ദി മില്യൻ ഡെത്ത് കൊറോബറേറ്റേഴ്‌സ്’ 2014-ൽ നടത്തിയ പഠനപ്രകാരം ഇന്ത്യയിൽ നടക്കുന്ന മാതൃമരണങ്ങളുടെ പകുതിയും സംഭവിക്കുന്നത് ഇരുപതിനും ഇരുപത്തിയൊൻപതിനും ഇടയിൽ പ്രായമുള്ള സ്ത്രീകളിലാണ്. ഇതിൽ പതിനെട്ടു വയസിൽ താഴെയുള്ള അമ്മമാർ ആറ് ശതമാനം മാത്രമേ വരുന്നുള്ളൂ. എന്നാൽ വളരെ പ്രധാനപ്പെട്ട ചില നിരീക്ഷണങ്ങൾ ഈ പഠനത്തിന്റെ ഭാഗമായി വരുന്നുണ്ട്. 

മരണങ്ങളിൽ നാലിൽ മൂന്നും സംഭവിക്കുന്നത് രാജ്യത്തെ ദരിദ്ര സംസ്ഥാനങ്ങളിലാണ്. അക്ഷരാഭ്യാസമില്ലാത്ത വിഭാഗങ്ങൾക്കിടയിൽ നിന്നാണ് ഗ്രാമപ്രദേശങ്ങളിലെ മരണങ്ങളിൽ 72.30 ശതമാനവും. നഗരമേഖലയിൽ ഇത് 46.10 ശതമാനമാണ്. ആകെ മരണങ്ങളിൽ 49.70 ശതമാനവും വീടുകളിൽ വച്ചാണ് സംഭവിച്ചത്. 13 ശതമാനം മരണം ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ ആയിരുന്നു. 25 ശതമാനം പേർക്കും യാതൊരു തരത്തിലുമുള്ള വൈദ്യസഹായവും ലഭിച്ചില്ല. 37.60 ശതമാനം പേർക്കും പ്രസവസംബന്ധിയായ സങ്കീർണതകൾ ഉടലെടുത്ത ഘട്ടത്തിൽ ചികിത്സ ലഭ്യമായിട്ടില്ല. അതിനർത്ഥം പ്രസവസമയത്ത് മരണം സംഭവിക്കുന്നതിനുള്ള പ്രധാനകാരണം സാമൂഹികവും സാമ്പത്തികവുമായ പിന്നോക്കാവസ്ഥയാണ് എന്നതാണ്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ കണക്കു പരിശോധിച്ചാൽ മാനവവികസന സൂചികയിൽ പിന്നോക്കം നിൽക്കുന്ന ആസാം, ഉത്തർപ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് മാതൃമരണ നിരക്ക് ഏറ്റവും കൂടുതൽ. കേരളം പോലുള്ള സംസ്ഥാനങ്ങളിൽ ഇത് വളരെ കുറവാണെന്നും കാണാം.

ലോകരോഗ്യസംഘടനയും ഉയർത്തിക്കാണിക്കുന്നത് ഇതേ കാര്യമാണ്. മാതൃമരണങ്ങളിൽ തൊണ്ണൂറ്റിനാല് ശതമാനവും ഉണ്ടാകുന്നത് വിഭവങ്ങളുടെ അപര്യാപ്തതയുള്ള മേഖലകളിലാണ് എന്നാണ് കണക്ക്. ദാരിദ്ര്യം, ആരോഗ്യ സംവിധാനങ്ങളിലേക്കുള്ള ദൂരം, അപര്യാപ്തത, സാംസ്കാരികവും വിശ്വാസപരവുമായ ചില മാമൂലുകൾ എന്നിങ്ങനെയാണ് ലോകാരോഗ്യ സംഘടന അക്കമിട്ടു നിരത്തുന്ന കാരണങ്ങൾ. വിവാഹപ്രായത്തിന്റെ കാര്യത്തിൽ പത്തിനും പതിനാലിനും ഇടയിൽ പ്രായമുള്ള ഗർഭിണികളിൽ മരണസാധ്യത കൂടുതലാണ് എന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. പതിനെട്ടിനും ഇരുപത്തിയൊന്നിനും ഇടയിൽ പ്രായമുള്ള ഗർഭിണികൾ ഏതെങ്കിലും തരത്തിൽ പ്രത്യേക അപകടസാധ്യതയുള്ള വിഭാഗമാണ് എന്ന പരാമർശം എവിടെയുമില്ല. ലോകാരോഗ്യ സംഘടനയുടെയും യൂണിസെഫിന്റെയും മാനദണ്ഡങ്ങൾ അനുസരിച്ച് പതിനെട്ടു വയസിൽ താഴെ പ്രായമുള്ള വിവാഹങ്ങളാണ് ശൈശവ വിവാഹമായി കണക്കാക്കുന്നത്. ആഗോളതലത്തിൽ, വികസിത ജനാധിപത്യ രാജ്യങ്ങളിലെല്ലാം തന്നെ വിവാഹപ്രായം പതിനെട്ടായാണ് നിശ്ചയിച്ചിട്ടുള്ളത്. അതുകൊണ്ട്‌ തന്നെ വിവാഹപ്രായം പതിനെട്ടിൽ നിന്നും ഇരുപത്തിയൊന്ന് ആക്കി ഉയർത്തുന്നത് മാതൃമരണ നിരക്ക് കുറക്കുവാനാണ് എന്ന വാദം യുക്തിസഹമല്ല.

എന്നാൽ, ഇതുകൊണ്ട് വലിയ ദോഷമുണ്ടാകുകയും ചെയ്യും. കാരണം ഈ നിയമഭേദഗതി ഇരുപത്തിയൊന്ന് വയസിൽ താഴെയുള്ള വിവാഹങ്ങളെ ക്രിമിനൽവത്കരിക്കും. അതോടെ പ്രസവവുമായി ബന്ധപ്പെട്ട വിവിധ സാമൂഹ്യസുരക്ഷാ പദ്ധതികളിൽ നിന്നും ഇവർ പുറത്താവുന്ന സാഹചര്യം ഉണ്ടായേക്കാം. ഇന്ന് ലോകത്ത് ആകെ നടക്കുന്ന ശൈശവ വിവാഹങ്ങളിൽ നാൽപ്പതു ശതമാനവും നമ്മുടെ രാജ്യത്താണ്. 2003-ൽ ഇത് ആകെ നടക്കുന്ന വിവാഹങ്ങളുടെ നാൽപ്പത്തിയേഴ് ശതമാനമായിരുന്നുവെങ്കിൽ 2019-ൽ അത് ഇരുപത്തിമൂന്ന് ശതമാനമായി കുറഞ്ഞു.  വിവിധ സാമൂഹ്യ ക്ഷേമ/സ്ത്രീശാക്തീകരണ പദ്ധതികളും വിദ്യാഭ്യാസത്തിന്റെ വ്യാപനവുമാണ് ഇത്തരത്തിൽ ഒരു മാറ്റം സാധ്യമാക്കിയത്. എന്നിരുന്നാലും ഇന്ത്യയിലെ ശൈശവ വിവാഹങ്ങളുടെ തോത് ഒട്ടും ആശ്വാസ്യമായ തരത്തിലല്ല. ഇതിൽ ഏറിയ പങ്കും നടക്കുന്നത് ദരിദ്ര-ഗ്രാമീണ മേഖലകളിലാണ്. നിയമം മൂലം വിവാഹപ്രായം ഉയർത്തിയതുകൊണ്ട് ഈ സാഹചര്യം മാറാൻ പോകുന്നില്ല. നമ്മൾ സംസാരിക്കുന്നത് പതിനെട്ടു വയസിൽ താഴെ പ്രായമുള്ള സ്ത്രീകളുടെ വിവാഹങ്ങൾ  ശൈശവ വിവാഹമായി കണക്കാക്കിക്കൊണ്ടുള്ള വിവരങ്ങളെ അടിസ്ഥാനമാക്കിയാണ്. എന്നാൽ വിവാഹപ്രായം ഇരുപത്തിയൊന്ന് ആക്കുന്നതോടെ ശൈശവ വിവാഹങ്ങളുടെ എണ്ണം വീണ്ടും വർദ്ധിക്കുകയും, കൂടുതൽ കല്യാണങ്ങൾ ഗോപ്യമായി വക്കേണ്ടുന്ന സാഹചര്യം ഉണ്ടാവുകയും ചെയ്യുന്നു. അല്ലെങ്കിൽ അത് ക്രിമിനൽ കുറ്റമായി മാറും. ഇത് കൂടുതൽ അന്യവത്കരണത്തിലേക്കും അവശതകളിലേക്കുമായിരിക്കും അവരെ നയിക്കുക. മാതൃമരണ നിരക്ക് കുറയ്ക്കാൻ ആവശ്യമായ, പോഷകാഹാരം, ചികിത്സാ സൗകര്യങ്ങൾ, സാമൂഹ്യസുരക്ഷ, നിയമപരിരക്ഷ തുടങ്ങിയ എല്ലാ മേഖലകളിലും പതിനെട്ടിനും ഇരുപത്തിയൊന്നിനും ഇടയിൽ പ്രായമുള്ള സ്ത്രീകൾ പുറന്തള്ളപ്പെടുകയും ചെയ്യുന്ന സാഹചര്യം സംജാതമാകും. അതോടെ 2019-20 വരെ നാം ഈ മേഖലയിൽ ആർജ്ജിച്ച പുരോഗതി ഇല്ലാതാകുകയും ചെയ്യും.

മറ്റൊരു വാദം വിവാഹപ്രായം വർദ്ധിപ്പിക്കുന്നത് സ്ത്രീ ശാക്തീകരണത്തിനു സഹായകമാകും എന്നതാണ്. സ്ത്രീകൾക്ക് വിദ്യാഭ്യാസം നേടാനും തൊഴിൽ അന്വേഷിക്കാനും കൂടുതൽ സാവകാശം നൽകുന്നതാണ് നിർദ്ദിഷ്ട ഭേദഗതി എന്നതാണ് കാരണം. എന്നാൽ വളരെ പരിമിതമായ ഒരു വിഭാഗത്തിന് മാത്രമേ ഈ ഗുണമുണ്ടാകൂ. കാരണം രാജ്യത്തെ ശൈശവവിവാഹങ്ങളിൽ സിംഹഭാഗവും നടക്കുന്നത് തുടര്പഠനത്തിനോ ജോലി നോക്കാനോ സാധ്യതകൾ ഇല്ലാത്ത മേഖലകളിലും സാമൂഹിക വിഭാഗങ്ങളിലുമാണ്. ഇത് ഏതെങ്കിലും ഒരു പ്രത്യേക മതവിഭാഗത്തിന് മാത്രം ബാധകമാണെന്ന് കരുതരുത്. വിദ്യാഭ്യാസവും സാമൂഹിക പിന്നാക്കാവസ്ഥയും സാമ്പത്തിക സ്ഥിതിയും ഒക്കെയാണ് മാനദണ്ഡം. ഈ വിഭാഗങ്ങൾക്കിടയിൽ രണ്ടു വർഷങ്ങൾ കൂടി പെൺകുട്ടികളെ ഒരു ഭാരമായി കണക്കാക്കുന്ന സാമൂഹിക ബോധം ബലപ്പെടുത്താൻ മാത്രമേ ഈ ഭേദഗതി ഉപകരിക്കൂ. പഠിക്കാനും തൊഴിലെടുക്കാനും സാധ്യതകളും അവസരങ്ങളും ഉള്ള ഇടങ്ങളിൽ ശരാശരി വിവാഹപ്രായം കൂടി വരികയും വധൂവരന്മാർ തമ്മിലുള്ള പ്രായവ്യത്യാസം കുറഞ്ഞു വരികയും ചെയ്യുന്നതായി കാണാം. ആഗോളതലത്തിൽ ഉള്ള അനുഭവങ്ങൾ ഇക്കാര്യം ശരിവയ്ക്കുന്നതാണ്. വികസിത ജനാധിപത്യ സമൂഹങ്ങളിൽ ശരാശരി വിവാഹപ്രായം ഉയർന്നതും പ്രായവ്യത്യാസം കുറവും ആണ്. അത്തരമൊരു മാറ്റത്തിനുള്ള അവസരങ്ങൾ ഒരുക്കാനുള്ള ബാധ്യത ഗവണ്മെന്റിനുണ്ട്. ക്ഷേമപദ്ധതികളിലും ഗ്രാമീണ മേഖലയിൽ ആസ്തിവികസനത്തിനും ആരോഗ്യ-വിദ്യാഭ്യാസ മേഖലയിലും പണം മുടക്കേണ്ടതുണ്ട്. അതു ചെയ്യാതെ ഇത്തരത്തിലുള്ള ലൊടുക്കു വിദ്യകൾ കാണിക്കുന്നത് ഗുണത്തേക്കാളേറെ ദോഷമാകും ചെയ്യുക.

ഇരുപത്തിയൊന്ന് വയസ്സുവരെ ഒരു സ്ത്രീയുടെ സ്വയം നിർണയാവകാശത്തെ പുരുഷാധിപത്യ/ജാത്യാധിപത്യ സാമൂഹിക വ്യവസ്ഥിതിയ്ക്ക് അടിയറവു വക്കുന്നതുകൂടിയാണ് പുതിയ പരിഷ്കരണ നിർദ്ദേശം. രണ്ടു മുതിർന്ന വ്യക്തികളുടെ പരസ്പര സമ്മതത്തോടെയുള്ള ലൈംഗീകതയ്ക്കും ഒരുമിച്ചുള്ള ജീവിതത്തിനും ഒക്കെ ഇത് ഭീഷണിയാകും. സ്ത്രീകളുടെ വിശുദ്ധിയും ചാരിത്ര്യവും കുടുംബമഹിമയുമെല്ലാം ചേർന്ന് രണ്ടു വർഷംകൂടി സ്ത്രീകളെ ഈ വ്യവസ്ഥയുടെ അടിമകളാക്കി നിർത്താൻ മാത്രമേ ഈ മാറ്റം കാരണമാകൂ. ഇരുപത്തിയൊന്ന് വയസ്സുവരെ സ്ത്രീകൾക്ക് അവരുടെ ജീവിതത്തെ സംബന്ധിച്ച ഏറ്റവും പ്രധാനപ്പെട്ട തീരുമാനം എടുക്കാൻ കഴിയില്ല എന്നുവരും. പതിനെട്ട് വയസു കഴിഞ്ഞവർക്കുള്ള ലൈംഗീക സ്വാതന്ത്ര്യം നഷ്ടമാകും എന്നു മാത്രമല്ല, ‘ലിവിംഗ് ടുഗെദർ’ ബന്ധങ്ങളെയും ഇത് ക്രിമിനൽവത്കരിക്കും.

രാജ്യത്ത് നിലവിലുളള ശൈശവവിവാഹ നിരോധന നിയമ (പി.സി.എം.എ. ആക്ട്)-ത്തിന്റെ ഏറ്റവും വലിയ പ്രത്യേകത ശൈശവവിവാഹം നടത്തുന്നവരെ ശിക്ഷിക്കുന്നു എന്നതല്ല, വിവാഹത്തിൽ ഏർപ്പെടുന്ന കുട്ടികളെ സംരക്ഷിക്കുകയും സഹായിക്കുകയും ചെയ്യുന്നു എന്നുള്ളതാണ്. നിയമത്തിന്റെ വകുപ്പ് 3(3) അനുസരിച്ച് ബാല്യത്തിലേ വിവാഹിതരായവർക്ക്, വിവാഹപ്രായമായി രണ്ടു വർഷത്തിനുള്ളിൽ ബന്ധം ഉപേക്ഷിച്ചു പിൻവാങ്ങാം. അതായത് പെണ്കുട്ടികൾക്ക് 18 കഴിഞ്ഞ് 20 വയസ്സാകുന്നതിനുള്ളിൽ ആ ബന്ധത്തിൽ നിന്നും പുറത്തുകടക്കണമെങ്കിൽ അങ്ങനെ ഒരു തീരുമാനത്തിലേക്കെത്താം.  എന്നാലിനി 21 വയസ്സുവരെ അവൾ കാത്തിരിക്കണം. 

പി.സി.എം.എ. നിയമപ്രകാരം 18 വയസ്സിൽ താഴെയുള്ള പെൺകുട്ടിയും 21 വയസ്സിൽ താഴെയുള്ള ആൺകുട്ടിയും വിവാഹിതരായാൽ ആ വിവാഹം സാധുവാണ്, എന്നാൽ അസാധുവാക്കാൻ കഴിയുന്നതുമാണ്. ഏതെങ്കിലും തരത്തിലുള്ള വഞ്ചനയോ ചതിയോ ഉണ്ടെങ്കിൽ വിവാഹം അസാധുവാക്കാൻ കോടതിയ്ക്ക് കഴിയും; വിവാഹം നടത്തിക്കൊടുത്തവരെ ശിക്ഷിക്കാനും. എന്നാലും, പ്രായപൂർത്തിയാകാത്ത വധൂവരന്മാർ വിവാഹം നിലനിൽക്കണം എന്നു ആവശ്യപ്പെട്ടാൽ വിവാഹം സാധുവാണ് താനും. ഇഷ്ടപ്പെട്ട ചെക്കന്റെയൊപ്പം ഒളിച്ചോടുന്ന പെൺകുട്ടികളുടെ വിവാഹം സംരക്ഷിക്കപ്പെടുന്നത് ഇങ്ങനെയാണ്.

ഇത്തരം കേസുകളിൽ പലപ്പോഴും പെൺകുട്ടിയുടെ വീട്ടുകാർ പി.സി.എം.എ. നിയമം കാമുകനെതിരെയുള്ള ആയുധമാക്കാറുണ്ട്. ഇനി അതിനുള്ള സാധ്യതയേറുകയാണ് ഉണ്ടാവുക. ഇനി മുതൽ പരസ്പര സമ്മതത്തോടെയുള്ള ലൈംഗീക ബന്ധം അനുവദനീയമായ പ്രായം 21 ആണെന്ന് വരികിൽ പോക്സോ ഉൾപ്പെടെയുള്ള നിയമങ്ങൾ ഇതിനോട് ചേർത്ത് എപ്രകാരമായിരിക്കും പ്രയോഗിക്കപ്പെടുക എന്നു കണ്ടറിയണം. ഒപ്പം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഓരോന്നോരോന്നായി പാസാക്കിക്കൊണ്ടിരിക്കുന്ന വിവിധ മത പരിവർത്തന നിരോധന നിയമങ്ങളും ‘ലൗ ജിഹാദ്’ നിയമങ്ങളും കൂടി ചേരുമ്പോൾ പരമ്പരാഗത ജാതി-മത-ഗോത്ര സമവാക്യങ്ങൾക്കകത്ത് സ്ത്രീയെ തളച്ചിടാനുള്ള ഉപകരണം മാത്രമായി ഇതു മാറും.

സ്ത്രീകൾക്കെതിരെയുള്ള വിവേചനം അവസാനിപ്പിക്കുന്നതുകൂടിയാണ് ഈ ഭേദഗതി എന്നും വാദമുണ്ട്. സ്ത്രീക്ക് വിവാഹപ്രായം പതിനെട്ടും പുരുഷന് ഇരുപത്തിയൊന്നും ആകുന്നത് വിവേചനപരമാണ്. അത് മാറ്റി വിവാഹപ്രായം ഏകീകരിക്കുന്നത് ലിംഗസമത്വത്തെ പ്രതിഫലിപ്പിക്കും എന്ന വാദം ശരിയാണ്. അത് പക്ഷേ സ്ത്രീയുടെ വിവാഹപ്രായം കൂട്ടിയിട്ടല്ല, പുരുഷന്റെ പ്രായം കൂടി കുറച്ച്, പതിനെട്ട് ആക്കുകയായിരുന്നു വേണ്ടത്. കാരണം സ്ത്രീ ആദ്യം വളർച്ച പ്രാപിക്കുന്നു എന്നത് പ്രാകൃതമായ ഒരു വിശ്വാസമാണ്. അത് മാറ്റേണ്ട സമയം കഴിഞ്ഞു. എന്നാൽ ഇന്നത് മാറ്റുമ്പോൾ ആഗോള മനദണ്ഡങ്ങൾക്ക് അനുസരിച്ചു വേണം എന്ന് മാത്രം.

ലോകത്ത് 158 രാജ്യങ്ങളിൽ പെണ്ണിന്റെ വിവാഹപ്രായം പതിനെട്ടാണ്. 180 രാജ്യങ്ങളിൽ  ആണിനും പതിനെട്ട് തന്നെ. യൂറോപ്യൻ രാജ്യങ്ങളിലെല്ലാം തന്നെ ആണിനും പെണ്ണിനും 18 ആണ് വിവാഹപ്രായം. സ്ത്രീകൾക്കെതിരെയുള്ള എല്ലാത്തരത്തിലുള്ള വിവേചനവും അവസാനിപ്പിക്കാനുള്ള അന്താരാഷ്ട്ര കൺവെൻഷൻ (CEDW)  പറയുന്നതും വിവാഹപ്രായം ഇരുവർക്കും 18 വയസ്സ് പൂർത്തിയായിരിക്കണം എന്ന നിലയ്ക്കാണ്. 2018-ൽ NHRC കേസിൽ സുപ്രീംകോടതിയും വിവാഹപ്രായം ഏകീകരിക്കണം എന്ന് നിരീക്ഷിക്കുകയുണ്ടായി. 2008-ൽ ലോ കമ്മീഷന്റെ റിപ്പോർട്ടിലും ഇതേ പരാമർശമുണ്ട്. ലോ കമ്മീഷന്റെ നിർദ്ദേശവും പുരുഷന്മാരുടെ വിവാഹപ്രായവും പതിനെട്ടാക്കി നിശ്ചയിക്കണം എന്നതായിരുന്നു. 

ഇന്ത്യയിൽ പതിനെട്ടു വയസാണ് ഒരു വ്യക്തിയ്ക്ക് നിയമപരമായി പ്രായപൂർത്തി ആകുന്ന പ്രായം. അതോടുകൂടി എല്ലാ തരത്തിലുള്ള നിയമപരമായ കോൺട്രാക്ടുകളുടെയും ഭാഗമാകാൻ കഴിയും. രാജ്യത്തിന്റെ ഭാഗധേയം നിർണയിക്കുന്ന തെരഞ്ഞെടുപ്പുകളിൽ ഭാഗഭാക്കാകാനാവും. എന്നിട്ടും സ്വന്തം ജീവിതത്തിലെ ഒരു കാര്യത്തിൽ, വിവാഹ കാര്യത്തിൽ, തീരുമാനമെടുക്കാൻ അവർക്ക് കഴിയില്ല എന്ന് വരുന്നതിൽ യാതൊരു യുക്തിയുമില്ല. അഭിപ്രായം പ്രകടിപ്പിക്കാനും തിരഞ്ഞെടുക്കാനും ഉള്ള അവരുടെ അവകാശത്തെ നമുക്ക് മാനിക്കാതിരിക്കാനാവില്ല. അതാണ് അതിന്റെ ശരിയും.

First published inTrueCopyThink on 20, Dec, 2021

ജനാധിപത്യം ജീവിക്കുന്നത് തെരുവുകളിലാണ്, കോടതിമുറികളിലല്ല.

സമരം കൊണ്ട് ജീവിക്കുന്നവർ! ഖാലിസ്ഥാനികൾ! ഭീകരവാദികൾ! മാവോയിസ്റ്റുകൾ! പാക്കിസ്ഥാൻ പിന്തുണയുള്ളവർ! അതിജീവനത്തിനായി തെരുവിലിറങ്ങിയ കർഷകർക്കെതിരെ നികൃഷ്ടമായ വിദ്വേഷപ്രചാരണങ്ങളാണ് രാജ്യം ഭരിക്കുന്നവരും അവരുടെ രാഷ്ട്രീയ പ്രസ്ഥാനവും മുഖ്യധാരാ മാധ്യമങ്ങളും അഴിച്ചുവിട്ടത്. ‘ആന്ദോളൻ ജീവികൾ” എന്ന് കർഷകരെ പരിഹസിച്ചത് നമ്മുടെ പ്രധാനമന്ത്രിയാണ്, പാർലമെന്റിനകത്ത് വച്ച് തന്നെ. സമരങ്ങളെയും പ്രതിഷേധങ്ങളെയും, വിയോജിപ്പുകളെയും അപഹസിക്കാനും അടിച്ചമർത്താനും മാത്രം ശീലിച്ചുപോന്നിരുന്ന ‘പുതിയ ഇന്ത്യ’ ഇന്ന് ജനകീയ പ്രക്ഷോഭങ്ങളുടെ ശക്തി തിരിച്ചറിയുകയാണ്. ജനാധിപത്യത്തിൽ ജനതയുടെ ശബ്ദം വീണ്ടും ഉയർന്നു കേൾക്കുകയാണ്. ജനാധിപത്യത്തെ തെരഞ്ഞടുക്കപ്പെട്ടവരുടെ സർവാധിപത്യമായി തെറ്റിദ്ധരിച്ചവർ, അനന്തമായ കാലവിളംബവും അടിയന്തരാവസ്ഥക്കാലത്തെ നിയമയുക്തികളും ശീലമാക്കിയ നീതിന്യായ വ്യവസ്ഥിതി കൂടെയുള്ളപ്പോൾ    അധികാരധാർഷ്ട്യത്തെ എക്കാലവും സംരക്ഷിക്കാനാകും എന്ന് ധരിച്ചിരുന്നവർ, ഒക്കെ ഇന്ന് തിരിച്ചറിയുകയാണ് ജനാധിപത്യം ജീവിക്കുന്നത് തലസ്ഥാനത്തെ ആഡംബര സൗധങ്ങളിലും കണ്ണുകെട്ടിയ പ്രതിമകൾക്കു മുന്നിലുമല്ല, ഈ മഹാരാജ്യത്തിന്റെ തെരുവീഥികളിലാണ് എന്ന്. പാർലമെന്റും ജുഡീഷ്യറിയുമല്ല സാധാരണ പൗരരുടെ നിശ്ചയദാർഢ്യമാണ് ജനാധിപത്യത്തിന് കാവലാകുക എന്ന് നമ്മളും തിരിച്ചറിയുകയാണ്. 

നമ്മുടെ സുപ്രീംകോടതിയുടെ ചരിത്രത്തിലെ  അഭിമാനകരമല്ലാത്ത ഒരു കാലഘട്ടത്തെ അടയാളപ്പെടുത്തുന്നതാണ്  കാർഷികബില്ലുകളുമായി ബന്ധപ്പെട്ടുണ്ടായ കോടതിനടപടികൾ. കേന്ദ്ര ഗവണ്മെന്റ് , മതിയായ കൂടിയാലോചനകളൊന്നും കൂടാതെ, പാർലമെന്റിന്റെ ഉപരിസഭയെ നോക്കുകുത്തിയാക്കിക്കൊണ്ട് പാസാക്കിയെടുത്ത 3 കാർഷിക നിയമങ്ങൾക്കുമെതിരെ നടന്ന സമരം  ഒരുപക്ഷേ, സ്വതന്ത്ര ഇന്ത്യ സാക്ഷ്യം വഹിച്ച ഏറ്റവും വലിയ കർഷക പ്രക്ഷോഭങ്ങളിലൊന്നായി അന്താരാഷ്‌ട്ര ശ്രദ്ധ നേടിക്കൊണ്ടിരിക്കുമ്പോഴാണ്, പ്രതിഷേധിക്കുന്ന കർഷകരെ രാജ്യതലസ്ഥാനത്തെ നിരത്തുകളിൽ നിന്നുമൊഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജികൾ സുപ്രീംകോടതിയിലെത്തുന്നത്. കർഷകർക്ക് പ്രതിഷേധിക്കാനുള്ള അവകാശമുണ്ടെന്നും അവരോടു പിരിഞ്ഞു പോകാൻ ആവശ്യപ്പെടില്ലയെന്നും വ്യക്തമാക്കിയ കോടതി പക്ഷേ, അവിടം കൊണ്ട് അവസാനിപ്പിച്ചില്ല. കർഷകരോട് ചർച്ചകൾ നടത്തി കാര്യങ്ങൾ അവരെ ബോധ്യപ്പെടുത്താൻ ഒരു കമ്മിറ്റിയെ നിയോഗിച്ചു കോടതി.. ആ കമ്മിറ്റിയുമായി എല്ലാ കക്ഷികളും നിർബന്ധമായും ചർച്ചനടത്തണമെന്നായിരുന്നു ഉത്തരവ്. വിദഗ്ദ്ധ സമിതിയോട് 2  മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനായിരുന്നു നിർദ്ദേശം; അതുവരെ നിയമങ്ങൾ നടപ്പിലാക്കാതെ മരവിപ്പിക്കുകയും ചെയ്തു.  

വളരെ വിചിത്രമായിരുന്നു  കോടതിയുടെ നടപടികൾ. ഒന്ന്, നിയമം റദ്ദാക്കണം എന്ന ആവശ്യവുമായി കർഷകർ കോടതിയെ സമീപിച്ചിട്ടില്ല. രണ്ട്, നിയമം നടപ്പിലാക്കണം എന്ന ആവശ്യവുമായി ചിലർ കോടതിയെ സമീപിച്ചിരുന്നു. ഗവണ്മെന്റ്  ഒരു നിയമം നിർമിച്ച് അത് വിജ്ഞാപനം ചെയ്‌താൽ  അത് നടപ്പിലാക്കുന്നുവെന്നാണ് അർത്ഥം. പിന്നെയത് നടപ്പിലാക്കണം എന്നാവശ്യപ്പെട്ട് ഹർജിയുമായി പോകുന്നത് ശുദ്ധ അസംബന്ധമാണ്. മൂന്ന്, പ്രഥമ ദൃഷ്ട്യാ ഭരണഘടനാവിരുദ്ധമാണെന്ന് കണ്ടെത്തിയാലാണ് സുപ്രീംകോടതിയ്ക്ക് ഒരു നിയമം സ്റ്റേ ചെയ്യാൻ കഴിയുക; അല്ലാതെ രാഷ്ട്രീയ ചർച്ചകൾക്ക് കളമൊരുക്കാൻ നിയമം നടപ്പിലാക്കുന്നത് താത്കാലികമായി സസ്‌പെൻഡ് ചെയ്യുവാൻ കോടതിയ്ക്ക് അധികാരമില്ല. അത് ഗവൺമെന്റിന്റെയും രാഷ്ട്രീയ നേതൃത്വത്തിന്റെയും പണിയാണ്. നാല്, ഒരു നിയമം അല്ലെങ്കിൽ ഒരു നയം നല്ലതാണോ ചീത്തയാണോയെന്ന് തീരുമാനിക്കേണ്ടത് കോടതിയല്ല, അതിനിവിടെ ജനാധിപത്യ സംവിധാനങ്ങളുണ്ട്. ജനങ്ങളും അവർ തെരഞ്ഞെടുത്ത പ്രതിനിധികളും, അതാത് രംഗങ്ങളിലെ വിദഗ്ദ്ധരുമൊക്കെയാണ് അത് തീരുമാനിക്കുക. 

ഈ കാർഷിക നിയമങ്ങളുടെ ഭരണഘടനാപരത പ്രത്യക്ഷത്തിൽ തന്നെ സംശയകരമാണ്. കാരണം കൃഷി നമ്മുടെ ഭരണഘടനയുടെ ഏഴാം ഭാഗത്ത് നിർവചിച്ചിരിക്കുന്ന അധികാരവിഭജനപ്പട്ടിക അനുസരിച്ച് സംസ്ഥാനങ്ങളുടെ  പട്ടികയിൽ വരുന്ന സംഗതിയാണ്. സംസ്ഥാന നിയമസഭകളാണ് കാർഷികനിയമങ്ങൾ നിർമ്മിക്കേണ്ടത്. കൺകറന്റ് ലിസ്റ്റിലും കൃഷി ഇടം പിടിക്കാത്ത നിലയ്ക്ക് പാർലമെന്റിന് ഈ നിയമനിർമ്മാണത്തിനുള്ള അധികാരമില്ലായെന്ന് വളരെ വ്യക്തമാണ്. കർഷകർക്കോ, പൊതു ജനത്തിനോ, ഈ നിയമത്തിനു കീഴിൽ ഗവണ്മെന്റിനോ മറ്റുള്ളവർക്കോ എതിരെ കോടതിയെ സമീപിക്കുവാനുള്ള അധികാരംകൂടി നിഷേധിക്കുകവഴി ഇന്ത്യക്കാരുടെ മൗലിക  അവകാശങ്ങൾക്കുമേലുള്ള കടന്നുകയറ്റം കൂടിയായതു മാറുന്നു. ചരിത്രത്തിലെങ്ങും കേട്ടുകേൾവി പോലുമില്ലാത്ത വ്യവസ്ഥയാണിത്. അല്പമെങ്കിലും സമാനമായ വ്യവസ്ഥ ഉണ്ടായിരുന്നത് ആധാർ നിയമത്തിലാണ്. പ്രസ്തുത വകുപ്പ് ഭരണഘടനാവിരുദ്ധമെന്നു കണ്ടു കോടതി റദ്ദു ചെയ്യുകയും ചെയ്തതാണ് . 

അതുപോലെ തന്നെ, ആവശ്യമുയർന്നിട്ടും, വോട്ടെടുപ്പില്ലാതെ നിയമം രാജ്യസഭയിൽ പാസാക്കിയത് ചട്ടലംഘനമാണെന്നും ആരോപണമുണ്ടായിരുന്നു. . അങ്ങനെ വ്യക്തമായ കാരണങ്ങൾ ചൂണ്ടിക്കാണിച്ചുകൊണ്ട് കോടതിയ്ക്ക് വേണമെങ്കിൽ ഈ നിയമങ്ങൾ സ്റ്റേ ചെയ്യാമായിരുന്നു. ജനാധിപത്യം ജീവിക്കുന്നത് തെരുവുകളിലാണ്, കോടതിമുറികളിലല്ല. അതിനുപകരം, സ്വേച്ഛാപരമായി, ഭരണഘടനാപരമായ കാരണങ്ങളൊന്നും വ്യക്തമാക്കാതെ നിയമം ‘സസ്‌പെൻഡ്’ ചെയ്‌യുകയാണ് കോടതി ചെയ്തത്. . 

സാധാരണഗതിയിൽ കോടതികൾ സമിതിയെയോ, വിദഗ്ദ്ധരെയോ ആശ്രയിക്കുന്നത് തെളിവുനിയമത്തിനു കീഴിലാണ്.. അത് പക്ഷേ, വിചാരണക്കോടതികളാണ് ചെയ്യുക. സുപ്രീംകോടതി, കോടതിയ്ക്ക് വൈദഗ്ദ്ധ്യമില്ലാത്ത കാര്യങ്ങളിൽ  വിദഗ്ദ്ധ അഭിപ്രായം തേടാനായിരിക്കും ഇത്തരം സംവിധാനങ്ങൾ ഉപയോഗിക്കുക.. ഇവിടെ  കർഷക നിയമം ഭരണഘടനാപരമാണോ എന്നത് മാത്രമാണ് കോടതിയ്ക്ക് തീരുമാനമെടുക്കാൻ കഴിയുന്ന വിഷയം. ഈ നിയമം ഭരണഘടനാപരമാണോ എന്നതിനെക്കുറിച്ചുള്ള റിപ്പോർട്ട് ആണോ വിദഗ്ദ്ധ സമിതിയിൽ നിന്നും കോടതി പ്രതീക്ഷിച്ചിരുന്നത്? എങ്കിൽ പിന്നെ കോടതിയുടെ വൈദഗ്ദ്ധ്യം ഏതു മേഖലയിലാണ്? മാത്രവുമല്ല കോടതി നിയോഗിച്ച സമിതിയംഗങ്ങളെല്ലാവരും ഗവണ്മെന്റിന്റെ കാർഷിക നയത്തെയും നിയമത്തെയും  പരസ്യമായി പിന്തുണക്കുകയും ലേഖനങ്ങൾ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുള്ളവരുമായിരുന്നു. അതിലൊരംഗം നിയമങ്ങൾ പിൻ വലിക്കാനുള്ള ഇന്നത്തെ തീരുമാനത്തിനെതിരെ പരസ്യമായി രംഗത്തെത്തിയിട്ടുമുണ്ട്. 

ആധാർ കേസ്, പൗരത്വ നിയമഭേദഗതി, അനുച്ഛേദം 370, റഫാൽ, ആസാം പൗരത്വപ്പട്ടിക, ഇലക്ടറൽ ബോണ്ട് തുടങ്ങി നിരവധി അവസരങ്ങളിൽ പരീക്ഷിച്ചു വിജയിച്ച ഒരു പാറ്റേൺ ആയിരുന്നു ഇവിടെയും അരങ്ങേറിയത്. പ്രതിഷേധങ്ങളെ അപ്രസക്തമാക്കാൻ കഴിയുന്നത്രകാലം ഗവണ്മെന്റിനു സാവകാശം അനുവദിക്കുകയും ക്രമേണ കേസ് തന്നെ അപ്രസക്തമാക്കുകയും ചെയ്യുന്ന രീതി. മേൽപ്പറഞ്ഞ കേസുകളിലൊക്കെയും സംഭവിച്ചത് അതാണ്. ഇവിടെ  കർഷകരുടെ സഹനശക്തി അളക്കുന്ന കാര്യത്തിൽ പക്ഷേ, അധികാരഗർവിന്റെ പെരുക്കപ്പട്ടികകൾ പരിപൂർണമായി തെറ്റിപ്പോയി. 

നാം സമരങ്ങളെ മറന്നുകൊണ്ടിരിക്കുന്ന ഒരു കാലത്തായിരുന്നു, സമരങ്ങൾക്ക് ലക്‌ഷ്യം കാണാനാകില്ലെന്നു സങ്കടപ്പെട്ടിരുന്ന കാലത്തായിരുന്നു, അവസാന പ്രതീക്ഷയായി രാജ്യത്തിൻ്റെ പരമോന്നത നീതിപീഠത്തിലേക്ക് ഉറ്റുനോക്കുകയും നിരാശമാത്രം നമുക്ക് ലഭിക്കുകയും ചെയ്തുകൊണ്ടിരുന്ന കാലത്തായിരുന്നു, കർഷകർ തെരുവുകളിലേക്ക് ഇരമ്പിയെത്തിയത്.  അവർ തെരുവുകളിൽ നിന്ന് പിൻവാങ്ങിയിരുന്നെങ്കിൽ, പൗരാവകാശങ്ങളുമായി ബന്ധപ്പെട്ട മറ്റു സുപ്രധാന കേസുകളിലെന്ന പോലെ   ഭരണഘടനാക്കോടതികളുടെ ഇരുണ്ട ഇടനാഴികളിൽ ഇഴഞ്ഞൊടുങ്ങുമായിരുന്നു ഈ വിഷയവും. കോടതികൾ മാത്രമാണ് നീതിയുടെ ഏക ആശ്രയം എന്ന സാഹചര്യം ജനാധിപത്യതിന്റെ ദൗർബല്യത്തെയാണ് സൂചിപ്പിക്കുന്നത്. അത്തരമൊരു സാഹചര്യം നിലനിൽക്കുന്ന രാജ്യം ഏകാധിപത്യത്തിലേക്കുള്ള പ്രവേശനകവാടത്തിലാണ് എത്തി നിൽക്കുന്നത്. ഏതു നിമിഷവും കോടതിയും ആ ഏകാധിപത്യഭരണസംവിധാനത്തിന്റെ ഒരു ഭാഗം മാത്രമായി മാറാം. ജനാധിപത്യത്തിൽ നിന്നും ഏകാധിപത്യത്തിലേക്ക് വഴുതിവീണ നാടുകളിലൊക്കെയും അത് സംഭവിച്ചിട്ടുണ്ട്. നാസി ജർമനിയിലും മറ്റനേകം ഏകാധിപത്യ രാജ്യങ്ങളിലുമെല്ലാം  സമാനമോ അതിലേറെ ഭീകരമോ ആയ തരത്തിൽ കോടതികൾ അനീതികൾക്കു കൂട്ട് നിന്നിട്ടുള്ളതായി ചരിത്രം പറയുന്നു. ഹോളോകോസ്റ്റ് പരിപൂർണമായും ‘നിയമവിധേയമായ’ ഒരു പ്രവർത്തിയായിരുന്നു ജർമനിയിൽ. നമ്മുടെ രാജ്യത്തു തന്നെ, അടിയന്തരാവസ്ഥക്കാലത്ത് നമ്മുടെ സുപ്രീംകോടതി തന്നെ ഏകാധിപത്യത്തിനു തണലാകുന്നത് നമ്മൾ കണ്ടതാണ്. ആ ചരിത്രസന്ധികളിലൊക്കെയും ജനതയുടെ പ്രതിരോധമാണ് ജനാധിപത്യത്തെ വീണ്ടെടുത്തത്. ആ അർത്ഥത്തിൽ   ജനതയിൽ, ജനാധിപത്യത്തിൽ, നമ്മുടെ രാജ്യത്തിൻ്റെ ഭാവിയിൽ നമുക്കുള്ള വിശ്വാസവും പ്രതീക്ഷയും വീണ്ടെടുക്കുന്നതാണ് കർഷക നിയമങ്ങളുമായി ബന്ധപ്പെട്ട സമരത്തിന്റെ വിജയം. 

This article was first published in Madhyamam Daily on 22 Nov 2021

പെഗാസസ് വിധി; സുപ്രീംകോടതി മാറുകയാണോ?

ചരിത്രത്തെ നീതിയുടെ ഭാഷയിൽ അടയാളപ്പെടുത്തുക എന്ന അടിസ്ഥാന ചുമതല നമ്മുടെ സുപ്രീംകോടതി വഴിയിലെങ്ങോ ഉപേക്ഷിച്ചിരിക്കുന്നു എന്ന തോന്നൽ വ്യാപകമായിക്കൊണ്ടിരിക്കുന്ന സന്നിഗ്ദ്ധ ഘട്ടത്തിലാണ് പുതിയ ചീഫ് ജസ്റ്റിസ് ആയി ജസ്റ്റിസ്. എൻ. വി. രമണ ചുമതലയേൽക്കുന്നത്. നമ്മുടെ സുപ്രീംകോടതി, ഒരു ഭരണഘടനാ കോടതി എന്ന നിലയ്ക്ക്, അതിൻ്റെ സ്വാഭാവികമായ പ്രവർത്തനങ്ങളിലേക്ക് തിരിച്ചു വന്നു കൊണ്ടിരിക്കുന്നു എന്ന സൂചനകൾ അതിനു ശേഷം പലപ്പോഴായി സുപ്രീംകോടതിയിൽ നിന്നും ഉണ്ടായിട്ടുണ്ട്. പെഗാസസ്  കേസിൽ ഇപ്പോൾ ഉണ്ടായിരിക്കുന്ന വിധി അത്തരത്തിൽ വലിയ പ്രതീക്ഷകൾ നൽകുന്നതാണ്.   2018-ലെ  പട്ടു സ്വാമി കേസിലൂടെ സുപ്രീംകോടതി സ്വകാര്യത ഒരു മൗലികാവകാശമായി പ്രഖ്യാപിച്ചിരുന്നു. ഒരു മൗലിക അവകാശം എന്ന നിലയ്ക്ക് ഋണാത്മകവും  ധനാത്മകമായ വശങ്ങൾ സ്വകാര്യതയ്ക്ക് ഉണ്ടെന്നാണ് സുപ്രീംകോടതി അന്ന് പ്രസ്താവിച്ചത്. ഋണാത്മകം എന്നാൽ  പൗരന്റെ സ്വകാര്യതയിലേക്ക് കടന്നു കയറുന്നതിൽ നിന്നും ഭരണകൂടത്തെ വിലക്കുന്ന സംഗതിയാണ്. സ്റ്റേറ്റിനെ കൂടാതെ മറ്റ് ഇടങ്ങളിൽ നിന്നുമുള്ള കടന്നുകയറ്റത്തെ കൂടി തടയുവാനുള്ള ബാധ്യത ഭരണകൂടത്തിന് വന്നുചേരുന്നതാണ് ധനാത്മകമായ വശം. ഈ രണ്ടു കാര്യങ്ങൾക്കും ഉതകുന്ന തരത്തിലുള്ള സമഗ്രമായ ഒരു വിവര സംരക്ഷണ ചട്ടക്കൂടും നിയമവും രാജ്യത്ത് കൊണ്ടുവരണമെന്നും വിധിയിൽ ഉണ്ടായിരുന്നു. എന്നാൽ ഇക്കാര്യത്തിൽ കുറ്റകരമായ അലംഭാവമാണ് ആണ് ഗവൺമെൻറ് പ്രദർശിപ്പിച്ചത്. 

ആധാർ കേസിൽ നിന്നും തലയൂരാൻ വേണ്ടി രൂപീകരിക്കപ്പെട്ട ശ്രീകൃഷ്ണ കമ്മീഷൻ്റെ നിർദ്ദേശങ്ങളും ഡ്രാഫ്റ്റ് സ്വകാര്യതാ നിയമവും ഇപ്പോഴും പൊടിപിടിച്ച് കിടക്കുകയാണ്. യാതൊരു ചർച്ചയും കൂടാതെ നിന്നനിൽപ്പിൽ പാർലമെന്റിന്റെ ഇരുസഭകളിലും നിയമം പാസാക്കുകയോ, അല്ലെങ്കിൽ ധനബിൽ എന്ന വ്യാജേന വളരെ പ്രധാനപ്പെട്ട ബില്ലുകൾ രാജ്യസഭയെ മറികടന്നുകൊണ്ട് പാസാക്കി എടുക്കുകയോ ചെയ്യുന്ന ഈ ഭരണകൂടം,  എന്നാൽ സ്വകാര്യതാബില്ലിൻ്റെ കാര്യത്തിൽ യാതൊരു തരത്തിലുള്ള താത്പര്യവും കാണിക്കുന്നില്ല. എന്നുമാത്രമല്ല, നിരന്തരമായി സ്വകാര്യതാധ്വംസനങ്ങൾ നടത്തിക്കൊണ്ടിരുന്നു. 

ഒരു വശത്ത് നിയമവിരുദ്ധമായ പല വഴികളിലൂടെയും  അഭിപ്രായ സ്വാതന്ത്ര്യത്തിലേക്കും സ്വകാര്യതയിലേക്കും കടന്നുകയറുകയും, മറുവശത്ത് അൽപമെങ്കിലും സ്വകാര്യത ഉറപ്പുനൽകുന്ന എൻഡ്- ടു-എൻഡ് എൻക്രിപ്ഷൻ  പോലെയുള്ള സംവിധാനങ്ങൾ ഇല്ലാതാക്കാനുള്ള ശ്രമങ്ങളും നടത്തിവരികയാണ് നമ്മുടെ ഗവൺമെൻ്റ്. അതോടൊപ്പം  ഏകാധിപത്യപരമായ ചട്ടനിർമിതികളിലൂടെ  സൈബർ ലോകത്തെ ചൊൽപ്പടിക്കു നിർത്താൻ ഉള്ള ശ്രമങ്ങളും തുടർന്നുപോരുന്നു. 

രാജ്യത്തെ ജനാധിപത്യത്തെ ശിഥിലമാകുന്ന ഇത്തരം നടപടികളുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണം മാത്രമാണ് പെഗാസസ്. ഏതു ഭാഗത്തുനിന്ന്, ഏതുതരത്തിലുള്ള വിമർശനം ഉയർന്നു വന്നാലും അതിനെയെല്ലാം ദേശ സുരക്ഷയുടെ പേരിൽ പ്രതിരോധിക്കുന്ന സമീപനമാണ് ഗവൺമെൻ്റ് സ്വീകരിച്ചു പോന്നിരുന്നത്. ഇത്തരം ഘട്ടങ്ങളിൽ പൗരർക്ക് പരിചയാകേണ്ടിയിരുന്ന പരമോന്നത നീതി പീഠം മുദ്രവച്ച കവറുകളും, അനന്തമായ കാലവിളംബവും, അടിയന്തരാവസ്ഥക്കാലത്തെ നിയമ യുക്തികളുമായി എക്സിക്യൂട്ടീവിന് ഒപ്പം നിൽക്കുന്ന കാഴ്ചയാണ് നാം കണ്ടു വന്നത്. എന്നാൽ ഇനി ഗവൺമെൻറിന് കാര്യങ്ങൾ അത്ര എളുപ്പമാവില്ല എന്നതിൻ്റെ വ്യക്തമായ സൂചനകൾ ഈ വിധിയിൽ കാണാം.

വിധി ആരംഭിക്കുന്നതുതന്നെ ജോർജ് ഓർവെലിൻറെ വാക്കുകളോടെ ആണ് . “”  If You Want to Keep a Secret, First You Must Hide it From Yourself.” [നിങ്ങൾ ഒരു രഹസ്യം സൂക്ഷിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ ആദ്യം അത് നിങ്ങളിൽ നിന്ന് തന്നെ മറച്ചുവയ്ക്കുക.] ആഗോള ജനാധിപത്യ സൂചികയിൽ നമ്മുടെ രാജ്യത്തിൻ്റെ സ്ഥാനം താഴോട്ടു പോയിക്കൊണ്ടിരിക്കുകയും ഒരു സ്വതന്ത്ര ജനാധിപത്യ രാജ്യം എന്ന വിശേഷണത്തിൽ നിന്ന് ആശങ്കപ്പെടേണ്ട രാജ്യങ്ങളുടെ പട്ടികയിലേക്ക് നാം മാറുകയും ചെയ്തു കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിൽ സുപ്രീംകോടതിയുടെ ഈ വാചകങ്ങളുടെ തെരഞ്ഞെടുപ്പ് വളരെയധികം പ്രാധാന്യമർഹിക്കുന്നു. ഭരണകൂട ഭീകരതയുടെ, ഏകാധിപത്യ പ്രവണതകളുടെ, എക്കാലത്തെയും ഏറ്റവും വലിയ വിമര്ശനാത്മ ചിത്രീകരണമെന്ന്  കണക്കാക്കപ്പെടുന്ന ജോർജ് ഓർവലിൻ്റെ,   1984-ലെ വാചകം തന്നെ ഈ വിധിയുടെ ആരംഭത്തിൽ ഉപയോഗിച്ചത് വളരെ പ്രധാനപ്പെട്ട ഒരു സംഗതിയാണ്. 

ഈ അവസരത്തിൽ ഓർമ്മവരുന്നത് മറ്റൊരു സുപ്രധാന സുപ്രീം കോടതി വിധിയുടെ ആരംഭമാണ്. സ്വകാര്യത സംബന്ധിച്ച്, ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട കേസെന്ന് നമുക്ക് വിലയിരുത്താവുന്ന ആധാർ  കേസിലെ ഭൂരിപക്ഷ വിധി ആരംഭിക്കുന്നത് അർത്ഥശൂന്യമായ ഒരു വാട്സ്ആപ്പ് ഫോർവേഡിൽ നിന്നാണ്. “It is better to be unique than the best. Because, being the best makes you the number one, but being unique makes you the only one.”  എന്നായിരുന്നു അത്. ഒരു വാട്സ്ആപ്പ് ഫോർവേഡിൽ നിന്ന് ജോർജ്ജ് ഓർവെലിലേക്കുള്ള ദൂരം ഇന്ത്യൻ സുപ്രീം കോടതിയുടെ ഒരു പരിണാമദശയെ അടയാളപ്പെടുത്തുന്നുവെങ്കിൽ,  നമ്മുടെ രാജ്യത്തെ കുറിച്ച് ശുഭാപ്തി വിശ്വാസങ്ങൾക്ക് ഇനിയുമേറെ ഇടമുണ്ട് എന്നാണതിനർത്ഥം.

മൂന്ന് തരത്തിലാണ് ഈ വിധി പ്രസക്തമാകുന്നത്. ഒന്ന്, ദേശസുരക്ഷയുടെ പേരിൽ ഭരണകൂടത്തിന് അന്ധമായ പരിരക്ഷ കൊടുത്തിരുന്ന കാലം സുപ്രീംകോടതി അവസാനിപ്പിക്കുകയാണ്. രണ്ട്, പൗരാവകാശങ്ങളുമായി ബന്ധപ്പെട്ട സുപ്രധാന കേസുകൾ അനന്തമായി നീട്ടി വച്ചുകൊണ്ട് ഗവണ്മെന്റിന്റെ താത്പര്യങ്ങൾ സംരക്ഷിച്ചുകൊടുക്കുന്ന പ്രവണതയ്ക്ക് വിരാമമാകുന്നു. യാതൊരു നിയമപിന്തുണയുമില്ലാതെ ഭരണഘടനാവിരുദ്ധമായ രീതിയിൽ പൗരരുടെ സ്വകാര്യത കവർന്നെടുക്കാനുള്ള ബ്ളാങ്ക് ചെക്ക് ഗവണ്മെന്റിനും വിവിധ ഏജൻസികൾക്കും ഉണ്ടായിരുന്നത് അവസാനിപ്പിക്കാൻ ഉതകുന്ന നടപടികൾക്ക് നാന്ദി കുറിച്ചിരിക്കുന്നു. 

മുദ്രവച്ച കവറിൽ സൂക്ഷിക്കുന്ന രഹസ്യങ്ങളും ദേശസുരക്ഷയുടെ വാറോലയും ഗവണ്മെന്റ് നടപടികൾക്ക് സംരക്ഷയാകാറുണ്ടായിരുന്നു അടുത്ത കാലം വരെ. എൻ.ആർ.സി., കശ്മീർ, റഫേൽ അങ്ങനെ നിരവധി കേസുകൾ ഉദാഹരിക്കാനാകും. അങ്ങനെ സുപ്രീംകോടതി ഒരു എക്സിക്ക്യൂട്ടിവ് കോടതി ആയിക്കഴിഞ്ഞിരിക്കുന്നു എന്ന് നിരവധി നിയമവിചക്ഷണർ വിമർശനം ഉന്നയിച്ചിരുന്നു. എന്നാലത് മാറുകയാണ്. കഴിഞ്ഞ ദിവസം ഉത്തർപ്രദേശിലെ ലഖീംപൂർഖേരിയിലെ കേസുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവെ മുദ്രവച്ച കവറിൽ റിപ്പോർട്ട് സമർപ്പിച്ച ഗവണ്മെന്റ് അഭിഭാഷകനോട് മുദ്രവച്ച കവറിന്റെ കാര്യം ഇവിടെ ആരും പറഞ്ഞിരുന്നില്ല എന്ന് പ്രസ്താവിച്ചിരുന്നു. ഇപ്പോഴിതാ വിധിയിൽ പറഞ്ഞിരിക്കുന്നു “ദേശസുരക്ഷ എന്ന ഉമ്മാക്കി കാണിച്ച് ഏതു കാര്യത്തെയും ജുഡീഷ്യൽ പരിശോധനയിൽ നിന്നും ഒഴിവാക്കിയെടുക്കാനാകും  എന്ന് കരുതേണ്ടതില്ല. ദേശസുരക്ഷ എന്ന് പറയുന്ന മാത്രയിൽ കോടതി പരിശോധനകൾ വേണ്ടെന്നു വച്ച് എല്ലാത്തിനും മൂകസാക്ഷിയാകും എന്ന് കരുതുകയുമരുത്”. മറ്റൊരു പ്രധാന കാര്യം ഗവണ്മെന്റിന്റെ വാക്കുകൾ വെള്ളം തൊടാതെ വിഴുങ്ങാൻ തയ്യാറായില്ല എന്നതാണ്. ആദ്യ ലോക്ക് ഡൌൺ കാലത്ത് ആയിരങ്ങൾ തെരുവിലൂടെ നടക്കുന്നതിനും  മരിച്ചു വീഴുന്നതിനും നമ്മൾ സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കവേ, ആരും തെരുവിലില്ല എന്ന കേന്ദ്ര സർക്കാരിന്റെ അഫിഡവിറ്റ് മുഖവിലക്കെടുത്ത കോടതിയാണിത് എന്നോർക്കണം. അതുപോലെ തന്നെ ആധാർ കേസിന്റെ ഭാഗമായി പട്ടിണി മരണങ്ങൾ ശ്രദ്ധയിൽ പെടുത്തിയപ്പോൾ പത്രറിപ്പോർട്ടുകൾക്ക് അനുസരിച്ച് തീരുമാനങ്ങൾ എടുക്കാൻ സാധിക്കില്ല എന്ന നിലപാടായിരുന്നു സുപ്രീംകോടതി സ്വീകരിച്ചത്. എന്നാലിവിടെ പെഗാസസ് സ്‌പൈ വയറുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ കേവലം മാധ്യമ വാർത്തകൾ മാത്രമാണെന്ന തരത്തിൽ തള്ളിക്കളയാൻ കോടതി തയ്യാറായില്ല. ഗവണ്മെന്റിന്റെ പ്രതികരണം അപര്യാപ്തമാണെന്ന് പറഞ്ഞ കോടതി പ്രഥമദൃഷ്ട്യാ ഹർജിക്കാരുടെ ആരോപണം ശരിയെന്നു കരുതേണ്ടി വരും എന്ന് പ്രസ്താവിക്കുകയാണുണ്ടായത്. 

കഴിഞ്ഞ ആഗസ്റ്റ് മാസത്തിലാണ് പെഗാസസ് കേസ് സുപ്രീംകോടതിയുടെ പരിഗണനയ്ക്ക് വന്നത്. പിന്നീട് മൂന്ന് മാസത്തോളം വിധിവരാനായി കാത്തു. ഹേബിയസ്കോർപ്പസ് കേസുകൾ പോലും അനിശ്ചിതമായി വൈകിച്ചുകൊണ്ട് അവയെ അപ്രസക്തമാക്കുന്ന അനുഭവം സുപ്രീംകോടതിയുടെ  സമീപകാല ചരിത്രത്തിന്റെ ഭാഗമായതുകൊണ്ട് ഇത്തവണയും അതിന്റെ ആവർത്തനം ഉണ്ടായേക്കുമോ എന്ന് പലരും ഭയപ്പെട്ടിരുന്നു. എന്നാലതുണ്ടായില്ല. സ്വതന്ത്ര സമിതിയെ നിയോഗിച്ച സുപ്രീംകോടതി എത്രയും പെട്ടെന്ന് റിപ്പോർട്ട് നൽകണമെന്നും എട്ട് ആഴ്ചയ്ക്ക് ശേഷം കേസ് പരിഗണിക്കണമെന്നും ഉത്തരവിട്ടു. ഈ എട്ട് ആഴ്ചകൾക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കപ്പെട്ടാൽ അത് ഒരു വഴിത്തിരിവായി മാറും. 

മറ്റൊരു കാര്യം സുപ്രീംകോടതി നിയോഗിച്ച സമിതിയുമായി ബന്ധപ്പെട്ടുള്ളതാണ്. കേന്ദ്രസർക്കാർ ഒരു സമിതിയെ നിയോഗിക്കും എന്നറിയിച്ചിരുന്നെങ്കിലും ആരോപണവിധേയരായ കേന്ദ്രം തന്നെ സമിതിയെ വയ്ക്കുന്നത് നീതിയുടെ സ്വാഭാവികമായ നടത്തിപ്പിന് ഉതകുകയില്ല എന്ന് കണ്ട സുപ്രീംകോടതി അംഗീകരിച്ചില്ല. പകരം സ്വതന്ത്രമായ നീതിനിർവഹണത്തിനു പേര് കേട്ട ജസ്റ്റിസ്. ആർ.വി. രവീന്ദ്രന്റെ നേതൃത്വത്തിൽ ഒരു സ്വതന്ത്ര സമിതിയെ നിയോഗിക്കുകയായിരുന്നു.  സമിതിയ്ക്ക് നല്കിയിട്ടുള്ള സമഗ്രമായ അധികാരങ്ങൾ നേരാം വണ്ണം വിനിയോഗിക്കപ്പെട്ടാൽ ഇന്ത്യയുടെ പൗരാവകാശ സംരക്ഷണ പോരാട്ടങ്ങളുടെ ചരിത്രത്തിലെ ഒരു നാഴികക്കല്ലായി ഈ കേസ് മാറും. സമിതിയുടെ ടേംസ് ഓഫ് റഫറൻസിൽ പെഗാസസ് സ്പൈവെയർ ഉപയോഗിച്ച് ഇന്ത്യൻ പൗരരെ നിരീക്ഷിച്ചിട്ടുണ്ടോ, കേന്ദ്രസർക്കാർ ഈ സ്പൈ വെയർ വാങ്ങിയിട്ടുണ്ടോ, നിരീക്ഷണം നടത്തിയിട്ടുണ്ടെങ്കിൽ ഏതു നിയമപ്രകാരമാണ് അത് ചെയ്തത്, പെഗാസസ് സംബന്ധിച്ച മാധ്യമ  റിപ്പോർട്ടുകൾ വന്ന പശ്ചാത്തലത്തിൽ എന്തൊക്കെ നടപടികളാണ് ഗവണ്മെന്റ് കൈക്കൊണ്ടത്, തുടങ്ങിയ കാര്യങ്ങൾക്ക് പുറമെ ഭാവിയിൽ സ്വകാര്യതാ സംരക്ഷണത്തിന് വേണ്ട നിർദ്ദേശങ്ങൾ കൂടി കമ്മറ്റിയോട് ആരാഞ്ഞിട്ടുണ്ട് കോടതി. ആറ് കാര്യങ്ങൾക്കാണ് സുപ്രീംകോടതി നിർദ്ദേശങ്ങൾ ആവശ്യപ്പെട്ടിരിക്കുന്നത്.

  1. പൗരരുടെ സ്വകാര്യത സംരക്ഷിക്കുന്ന തരത്തിൽ നിരീക്ഷണം സംബന്ധിച്ച പുതിയ നിയമം ഉണ്ടാക്കുക, അല്ലെങ്കിൽ നിലവിലെ നിയമങ്ങൾക്ക് ഭേദഗതി വരുത്തുക.
  2. രാജ്യത്ത് സൈബർ സുരക്ഷിതത്വം ഉറപ്പു വരുത്തുക 
  3. സർക്കാർ/സർക്കാർ ഇതര സ്ഥാപനങ്ങളിൽ നിന്ന് സ്പൈവെയറുകളും മറ്റും ഉപയോഗിച്ച്  നിയമപ്രകാരമല്ലാത്ത സ്വകാര്യതാ ലംഘനങ്ങൾ തടയുക 
  4. നിയമവിരുദ്ധമായ നിരീക്ഷണങ്ങൾ തടയുന്നതിന് വേണ്ടി പൗരർക്ക് സമീപിക്കാൻ കഴിയുന്ന സംവിധാനം ഒരുക്കുക.
  5. രാജ്യത്ത് സൈബർ ആക്രമണങ്ങൾ അന്വേഷിക്കുന്നതിനുവേണ്ടി സർവ്വസംവിധാനങ്ങളുമുള്ള ഒരു സ്വതന്ത്ര ഏജൻസിക്ക് രൂപം നൽകുക.
  6. പാർലമെന്റ് ഉചിതമായ നിയമനിർമാണം നടത്തുംവരേയ്ക്കും പൗരാവകാശങ്ങൾ സംരക്ഷിക്കുന്നതിന് കോടതിയുടെ മേൽനോട്ടത്തിൽ താത്കാലിക സംവിധാനം ഉണ്ടാക്കുക.

സത്യത്തിൽ പട്ടുസ്വാമി  കേസിലെ ചരിത്രപരമായ സ്വകാര്യതാവിധി നടപ്പിലാക്കുന്നതിന് ആവശ്യമായ തുടർനടപടികൾ ആരായുകയാണ് സുപ്രീംകോടതി. പെഗാസസ് വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ അന്താരാഷ്‌ട്ര ശ്രദ്ധ നേടുന്ന നടപടിയാണ് സുപ്രീംകോടതിയിൽ നിന്നും ഉണ്ടായിരിക്കുന്നത്. 

ഒരു പക്ഷെ കഴിഞ്ഞ കുറെ വർഷങ്ങൾക്കിടയിൽ ആദ്യമായാണ് പ്രാധാന്യമുള്ള ഒരു കേസിൽ ഗവണ്മെന്റ് താത്പര്യങ്ങൾക്ക് വിരുദ്ധമായ ഒരു നിലപാട് സുപ്രീംകോടതി സ്വീകരിക്കുന്നത്. അതിനർത്ഥം എല്ലാം ശരിയായി എന്നല്ല. കോടതിയിൽ ഒരു വിപ്ലവവും നടന്നിട്ടില്ല. അങ്ങനെ തോന്നുന്നുണ്ടെങ്കിൽ അത് സുപ്രീംകോടതിയിൽ ഉള്ള നമ്മുടെ പ്രതീക്ഷ അത്രമേൽ  താഴെയായതുകൊണ്ടാണ്. കഴിഞ്ഞ രണ്ടു-മൂന്ന് ചീഫ് ജസ്റ്റിസുമാരുടെ കാലത്തെ കോടതിയുടെ ചരിത്രം അങ്ങനെയൊരു അവസ്ഥയിൽ സുപ്രീംകോടതിയെ കൊണ്ടുവന്നെത്തിച്ചിരുന്നു. ഇങ്ങനെയൊക്കെയാണ് ഒരു ഭരണഘടനാകോടതി പ്രവർത്തിക്കേണ്ടത്. ഇനിയും ഒരുപാട് നിർണായകമായ തീരുമാനങ്ങൾ വരാനുണ്ട്. അടിയന്തര ശ്രദ്ധ ലഭിക്കേണ്ട കേസുകൾ – പൗരത്വ നിയമം, ഇലക്ടറൽ ബോണ്ട്, കശ്മീർ, അങ്ങനെ വർഷങ്ങളായി സുപ്രീംകോടതിയിൽ തീരുമാനമാകാതെ കിടക്കുന്നവ. നിയമവും ഭരണഘടനയും പൗരതാത്പര്യത്തിന് അനുഗുണവും അധികാര താത്പര്യത്തിന് എതിരായും ഭവിക്കാൻ സാധ്യതയുള്ളവ. അവയിലോരോന്നിലായി  എത്രയും പെട്ടെന്ന് തീരുമാനങ്ങൾ ഉണ്ടാകും എന്ന് നമുക്ക് പ്രതീക്ഷിക്കാം. ആ പ്രതീക്ഷയാണ് പെഗാസസ് കേസിലെ കോടതി നടപടികൾ നൽകുന്ന ഏറ്റവും വലിയ ആശ്വാസം. 

First published in TrueCopyThink on 29 Oct 2021

പെഗാസിസ്‌ കേവലം നിരീക്ഷണവലയമല്ല; സ്വതന്ത്ര ജനാധിപത്യ ലോകക്രമത്തിന്റെ മരണമണിയാണ്.

ആഗോളതലത്തിൽ ജനാധിപത്യത്തിന് ഭീഷണിയാകുംവിധം  നിരവധി ഭരണകൂടങ്ങൾ പൗരരുടെ മൊബൈൽ ഫോണുകൾ ഹാക്ക് ചെയ്യുന്നുവെന്ന  സ്ഫോടനാത്മകമായ വാർത്തയാണ് പുറത്തു വന്നുകൊണ്ടിരിക്കുന്നത്. മാധ്യമപ്രവർത്തകർ, മനുഷ്യാവകാശപ്രവർത്തകർ, അഭിഭാഷകർ, രാഷ്ട്രീയ നേതാക്കൾ, സുപ്രീംകോടതി ജഡ്ജിമാർ, ചിന്തകർ, വിദ്യാർത്ഥിനേതാക്കൾ  എന്നിങ്ങനെ ജനാധിപത്യത്തെ ചലനാത്മകമാക്കുന്ന സാമൂഹികവിഭാഗമാണ് ചാരവൃത്തിയുടെ പ്രധാന ഇരകൾ.  ഒരു  ഇസ്രായേലി സൈബർ-ആക്രമണ-ആയുധമായ പെഗാസസ് ഉപയോഗിച്ചാണ് വിവരങ്ങൾ ചോർത്തിയിരിക്കുന്നത്. പെഗാസസ് നിർമിക്കുന്ന എൻ.എസ്.ഓ. പറയുന്നത്, തങ്ങൾ, ‘തെരഞ്ഞെടുത്ത ഗവണ്മെന്റുകൾ’ക്ക് മാത്രമാണ് സോഫ്റ്റ് വെയർ വിൽക്കാറുള്ളുവെന്നാണ്. 

ഏറ്റവും കൂടുതൽ നിരീക്ഷണവിധേയമാക്കിയ പത്തു രാജ്യങ്ങളിൽ ഇന്ത്യയുമുണ്ട്. അസർബൈജാൻ, ബെഹ്റിൻ, ഹംഗറി, കസാക്കിസ്ഥാൻ, മെക്സിക്കൊ, മൊറോക്കൊ, റുവാണ്ട, സൌദി അറേബ്യ, യു. എ. ഇ. എന്നിവയാണ് മറ്റ് രാജ്യങ്ങൾ. തീർച്ചയായും ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന് അവകാശപ്പെടുന്ന ഇന്ത്യക്ക് അഭിമാനിക്കാവുന്ന ഒരു ലിസ്റ്റല്ല ഇത്. ഇങ്ങനെയൊരു സംഭവം ഇതാദ്യമായി റിപ്പോർട്ട് ചെയ്യപ്പെടുന്നതല്ല.  2019-ൽ വാട്സ് ആപ്പും, ഫേസ്ബുക്കും എൻ.എസ്.ഓ.-യ്ക്കെതിരെ അമേരിക്കൻ കോടതിയിൽ കേസ് ഫയൽ ചെയ്തിട്ടുണ്ട്. ഇന്ത്യയിലെ 121 പ്രമുഖരുടെ വിവരങ്ങൾ പെഗാസസ് ഉപയോഗിച്ച് ചോർത്തുന്നതായി സിറ്റിസൺ ലാബ് റിപ്പോർട്ട് ചെയ്തിരുന്നു.  ഇന്ത്യ ഗവണ്മെന്റ് അത് നിഷേധിച്ചെങ്കിലും വാട്സാപ്പ് ഇത്തരമൊരു സുരക്ഷാ പ്രശ്നം റിപ്പോർട്ട് ചെയ്തിരുന്നതായി 2017-ൽ ഇന്ത്യൻ കമ്പ്യൂട്ടർ എമർജന്സി റെസ്പോൺസ് ടീം (CERT-In) നോട്ട് ചെയ്തിരുന്നു. മുൻപ്, 2012-ൽ 10000 ആളുകളുടെ ടെലഫോണും 1000 പേരുടെ ഇ-മെയിലും ചോർത്തിയിരുന്നതായി റിപ്പോർട്ട് ഉണ്ടായിരുന്നു. വിവിധ ചാർജുകളിൽ അറസ്റ്റിലായിട്ടുള്ള മനുഷ്യാവകാശ പ്രവർത്തകരുടെയും അഭിഭാഷകരുടെയും മൊബൈലിലും കമ്പ്യൂട്ടറുകളിലും സ്പൈ-വെയറുകൾ ഉപയോഗിച്ചുള്ള അട്ടിമറികൾ നടന്നിരുന്നുവെന്ന ഫോറൻസിക്ക് റിപ്പോർട്ടുകൾ  വന്നിരുന്നതുകൂടി ഇതോടൊപ്പം ചേർത്ത് വായിക്കണം. ഭരണകൂടങ്ങൾ നിയമവിരുദ്ധമായി ജനങ്ങളെ നിരീക്ഷണ വലയത്തിലാക്കുന്നുവെന്നു മാത്രമല്ല, അവർക്കെതിരായ തെളിവുകൾ സൃഷ്ടിക്കാനും, വിമത ശബ്ദങ്ങളെ ഇല്ലാതാക്കാനും ഉപയോഗിക്കുന്നുവെന്നത് ഭീഷണമായ സാഹചര്യമാണ് സൃഷ്ടിക്കുന്നത്. ഒരു ഓർവീലിയൻ ദുഃസ്വപ്നംപോലെ, ഭരണകൂടങ്ങൾ ജനാധിപത്യത്തിനെതിരെ സൈബർ യുദ്ധത്തിലേർപ്പെടുന്നത്, നമ്മൾ കണ്മുന്നിൽ കാണുകയാണ്. സമഗ്രമായ ഒരു നിരീക്ഷണ-നിയമ-പരിഷ്‌കാരം ഉടനെ നടത്തുകയെന്നത് ജനാധിപത്യത്തിന്റെ അതിജീവനത്തിന് അനിവാര്യമാണ് എന്നുവരുന്നു. 

പെഗാസസ് പ്രോജക്ട് 

നാല്   ഭൂഖണ്ഡങ്ങളിൽ നിന്നുള്ള 16 മാധ്യമസ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്ന 80 മാധ്യമപ്രവർത്തകർ അടങ്ങുന്ന സംഘമാണ് പെഗാസസ് പദ്ധതിയുടെ അണിയറയിൽ. ഫ്രഞ്ച് നോൺ-പ്രോഫിറ്റ് സംഘടനയായ ‘ഫോർബിഡൻ സ്റ്റോറീസ്’ ആണ് ഇതിന് നേതൃത്വം നല്കിയത്. ആംനസ്റ്റി ഇന്റർനാഷണലിന്റെ ലബോറട്ടറിയിൽ ആണ് ലിസ്റ്റിൽ നിന്നും സന്നദ്ധത പ്രകടിപ്പിച്ചവരുടെ ഫോണുകൾ ഫോറൻസിക്ക് പരിശോധനയ്ക്ക് വിധേയമാക്കിയത്. പൊതുവേ നിരീക്ഷണവൃത്തികളിൽ ഏർപ്പെടുന്ന വിവിധ രാജ്യങ്ങളിലായുള്ള 50,000 വ്യക്തികളുടെ ലിസ്റ്റിൽ നിന്നും 10,000 പേരെ തിരിച്ചറിയാൻ സംഘത്തിനായി. അതിൽ നിരവധി സൌദി രാജകുടുംബാംഗങ്ങൾ, വ്യവസായ പ്രമുഖർ, മനുഷ്യാവകാശ പ്രവർത്തകർ, മാധ്യമപ്രവർത്തകർ, രാഷ്ട്രീയ നേതാക്കൾ, ന്യായാധിപർ, ഗവണ്മെന്റ് ഉദ്യോഗസ്ഥർ എന്നിവരൊക്കെ ഉൾപ്പെടുന്നു. 

എന്താണ് പെഗാസസ് 

ഇസ്രായേലി സ്വകാര്യ കമ്പനിയായ എൻ.എസ്.ഓ. വികസിപ്പിച്ചെടുത്ത സൈബർ ആയുധമാണ് പെഗാസസ്. ചരിത്രത്തിലെ ഏറ്റവും ശക്തമായ ചാര സോഫ്ട്‍വെയർ എന്ന് വേണമെങ്കിൽ ഇതിനെ വിശേഷിപ്പിക്കാം. 2016 മുതൽ രംഗത്തുള്ള ഈ ഹാക്കിംഗ് വൈറസ് ഫോണുകളുടെ സമ്പൂർണ നിയന്ത്രണം സാധ്യമാക്കുന്നു. ടെക്സ്റ്റ് മെസേജുകളായോ വാട്സാപ്പ് സന്ദേശങ്ങളായോ ഫോണിലേക്കെത്തുന്ന ‘ചൂഷണ-ലിങ്കുകൾ’ തുറന്നാൽ ആ ഉപകരണത്തിൽ ഇൻസ്റ്റാൾ ആവുന്ന തരത്തിലായിരുന്നു അതിന്റെ പ്രവർത്തനം. എന്നാൽ ഇപ്പോൾ ഫോണുകളിലെ വിവിധ സുരക്ഷാ പഴുതുകൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ‘സീറോ ക്ലിക്ക്’ സംവിധാനങ്ങളും ഇതിനുണ്ട്. അയയ്ക്കുന്ന സന്ദേശത്തിൽ ക്ലിക്ക് ചെയ്യാതെ തന്നെ പെഗാസസ് ഫോണിൽ പ്രവേശിക്കും. ഒരു വാട്സ് ആപ്പ് കോളിലൂടെ, ‘ഇര’ ആ കോൾ എടുത്തില്ലെങ്കിൽ പോലും പെഗാസസ് പ്രവർത്തനം ആരംഭിക്കും. ഐ.-ഫോണിലെ ഐ-മെസേജ് സംവിധാനത്തിലൂടെയും ഇത് കടന്നു കയറും. ഫോണിൽ പ്രവേശിച്ചാൽ അതിലെ ഏതാണ്ടെല്ലാ വിവരങ്ങളും ശേഖരിക്കാൻ പെഗാസസിന് കഴിയും. കോൺടാക്ട് വിവരങ്ങൾ, ഫോൺ കോളുകൾ, സന്ദേശങ്ങൾ, കീ ലോഗുകൾ, ലൊക്കേഷൻ, ക്യാമറ, മൈക്ക് തുടങ്ങി എല്ലാം. 24 മണിക്കൂർ നിരീക്ഷണ സംവിധാനമായി ഇത് പ്രവർത്തിക്കാനാരംഭിക്കുന്നു. കോളുകളും സന്ദേശങ്ങളും ചിത്രങ്ങളും ദൃശ്യങ്ങളും സഞ്ചാരവും ഒക്കെ പെഗാസസ് നിയന്ത്രിക്കുന്ന വ്യക്തിയ്ക്ക് അറിയാനും പകർത്താനും  സാധിക്കുന്നു. എല്ലാ ഫോൺ അപ്പ്ലിക്കേഷനും തുറക്കാനും ഉപയോഗിക്കാനും പെഗാസസിന് കഴിയും എന്നതുകൊണ്ട് തന്നെ എൻഡ്-റ്റു-ഏൻഡ് എൻക്രിപ്‌ഷൻ ഉള്ള മെസഞ്ചർ സംവിധാനങ്ങൾ പോലും പ്രയോജനരഹിതമാണ് എന്ന് വരുന്നു. വ്യക്തിയുടെ സ്വകാര്യതയും ജീവിക്കാനുള്ള അവകാശം തന്നെയും അർത്ഥശൂന്യമാക്കി മാറ്റുന്ന മാരക പ്രഹരശേഷിയുള്ള സൈബർ ആയുധമാണ് പെഗാസസ്. 

ഈ സൈബർ മാരകായുധം അംഗീകൃത ഗവണ്മെന്റുകൾക്ക് മാത്രമേ നൽകുകയുള്ളൂ എന്നാണ് എൻ.എസ്.ഓ. പറയുന്നത്. അതുകൊണ്ടുതന്നെ പെഗാസസ് ആക്രമണങ്ങൾക്ക് പിന്നിൽ ഗവൺമെന്റുകൾ തന്നെയാണെന്ന് നമുക്ക് അനുമാനിക്കേണ്ടിവരും. ആരുടെ നേതൃത്വത്തിലായാലും ലോക വ്യാപകമായി സർവെയിലൻസിനും അവകാശധ്വംസനത്തിനും രാഷ്ട്രീയ ഉപചാപങ്ങൾക്കും ഈ സംവിധാനം ഉപയോഗിക്കപ്പെടുന്നുണ്ട് എന്നത് നിസ്തർക്കമാണ്. പെഗാസസ് പ്രോജക്ടിന്റെ ഭാഗമായി പുറത്തു വരുന്ന തെളിവുകൾ നമുക്ക് പരിശോധിക്കാം.

മാധ്യമപ്രവർത്തകർ 

അന്താരാഷ്ട്രതലത്തിൽ നോക്കിയാൽ, ഫിനാൻഷ്യൽ ടൈംസിന്റെ എഡിറ്റർ മുതൽ  വാൾസ്ട്രീറ്റ് ജേർണൽ , സി. എൻ. എൻ., ദി ന്യൂയോർക്ക് ടൈംസ്, അൽ ജസീറ, ഫ്രാൻസ് 24, റേഡിയോ ഫ്രീ യൂറോപ്പ്, മീഡിയപാർട്ട്, എൽ പെയ്സ്, അസോസിയേറ്റഡ് പ്രസ്, ലെ മോണ്ടെ, ബ്ലൂംബർഗ്, എ. എഫ്. പി., ദി എക്കണോമിസ്റ്റ്, റോയ്റ്റേഴ്സ്, വോയ്സ് ഓഫ് അമേരിക്ക തുടങ്ങിയ വമ്പന്മാരിലേക്കൊക്കെ പെഗാസസിന്റെ നിരീക്ഷണം നീണ്ടിട്ടുണ്ട്. സൌദിയിൽ കൊല ചെയ്യപ്പെട്ട മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗിയും അദ്ദേഹത്തിനോട് ഏറ്റവും അടുത്ത 2 സ്ത്രീകളും മാസങ്ങളായി പെഗാസസ് ഇരകളായിരുന്നു. അദ്ദേഹത്തിന്റെ സഹോദരിയുടേതെന്ന രീതിയിലുള്ള ടെക്സ്റ്റ് മെസേജുകൾ വഴിയാണ് പെഗാസസിന്റെ ലിങ്ക് ഫോണിൽ എത്തിച്ചത്. ഇന്ത്യയിൽ, ദി ഹിന്ദു, ഹിന്ദുസ്ഥാൻ ടൈംസ്, ദി വയർ, ഇന്ത്യൻ എക്സ്പ്രസ്സ്, ന്യൂസ്18, ഇന്ത്യ ടുഡേ, ഔട്ട് ലുക്ക്, പയനിയർ, തുടങ്ങി വിവിധ മാധ്യമ സ്ഥാപനങ്ങളിലെ 40 പത്രപ്രവർത്തകരെയും ലക്ഷ്യം വച്ചിട്ടുണ്ട്. ആക്രമണ വിധേയരായ മാധ്യമ പ്രവർത്തകരുടെ വിവരങ്ങൾ താഴെ ചേർക്കുന്നു. 

ക്രമ നം.പേര് മാധ്യമസ്ഥാപനം കൈകാര്യം ചെയ്യുന്ന വിഷയം 
സുശാന്ത് സിംഗ് ഇന്ത്യൻ എക്സ്പ്രസ്സ് റഫാൽ അഴിമതി റിപ്പോർട്ട് ചെയ്തുകൊണ്ടിരിക്കവേ
2റിതിക ചോപ്രഇലക്ഷൻ കമ്മീഷൻ
3മുസമ്മിൽ ജമീൽകശ്മീർ
4സന്ദീപ് ഉണ്ണിത്താൻപ്രതിരോധം, ഇന്ത്യൻ മിലിറ്ററി
5ശിശിർ ഗുപ്തഹിന്ദുസ്ഥാൻ ടൈംസ്എക്സിക്യൂട്ടിവ് എഡിറ്റർ
6പ്രശാന്ത് ജാഎഡിറ്റോറിയൽ പേജ്
7രാഹുൽ സിംഗ്പ്രതിരോധം 
8ഔറംഗസേബ് നക്ഷബന്ദികോൺഗ്രസ്സ് വാർത്തകൾ
9മനോജ് ഗുപ്തടി.വി.-18അന്വേഷണാത്മക, സുരക്ഷാ വിഷയങ്ങൾ
10വിജയ്‌ത സിംഗ്ദി ഹിന്ദു പ്രതിരോധ മന്ത്രാലയം 
11സിദ്ധാർഥ് വരദരാജൻ ദി വയർ എഡിറ്റർ 
12എം. കെ വേണു എഡിറ്റർ 
13ദേവിരൂപ മിത്രഡിപ്ലോമാറ്റിക്ക് എഡിറ്റർ
14രോഹിണി സിംഗ് ദി വയറിനു വേണ്ടി സ്ഥിരം എഴുതുന്ന  അമിത് ഷായുടെ മകൻ അജയ് ഷാ-യുടെ കമ്പനിയുടെ അസാധാരണ വളർച്ച സംബന്ധിച്ച വാർത്ത പുറത്തുകൊണ്ടുവന്ന ലേഖിക. 
15പ്രേം ശങ്കർ ജാ രാഷ്ട്രീയ-ദേശസുരക്ഷാ വിഷയങ്ങൾ 
16സ്വാതി ചതുർവേദി രാഷ്ട്രീയ-ദേശസുരക്ഷാ വിഷയങ്ങൾ 
17ജെ ഗോപാലകൃഷ്ണൻ ദി പയനിയർ അന്വേഷണാത്മക റിപ്പോർട്ടിംഗ്. 2ജി കേസ് ഒക്കെ കൈകാര്യം ചെയ്തിരുന്നു. 
18സൈകത് ദത്ത ദേശസുരക്ഷാ 
19പരംജോയ് ഗുഹ ഠക്കൂർഥാ മുൻ എഡിറ്റർ, എകണോമിക്ക് ആൻഡ് പൊളിറ്റിക്കൽ വീക്കിലി 
20സ്മിത ശർമ്മ മുൻ ടി.വി-18 , ട്രിബ്യൂൻ റിപ്പോർട്ടർ 
21എസ്.എൻ.എം. അബ്ദി മുൻ ഔട്ട്-ലുക്ക് റിപ്പോർട്ടർ 
22ഇഫ്റ്റികാർ ഗീലാനി മുൻ  ഡി.എൻ.ഇ. 
23മനോരഞ്ജൻ ഗുപ്ത ഫ്രണ്ടിയർ ടി.വി.വടക്കുകിഴക്കൻ മേഖല 
24ഹെറാൻ റോസാന ഫെഹ്‌റീദാർ എന്ന  പഞ്ചാബി പത്രത്തിന്റെ എഡിറ്റർ 
25രൂപേഷ് കുമാർ സിംഗ് ജാർഖണ്ഡിൽ നിന്നുമുള്ള ലേഖകൻ ആദിവാസിമേഖലകളിലെ പോലീസ് അതിക്രമം 

കൂടാതെ  ‘മിന്റ്’-ലെ ഒരു ലേഖകൻ,മുതൽ പേര് വെളിപ്പടുത്താൻ ആഗ്രഹിക്കാത്ത നിരവധി പേരും അത്ര സുപരിചിതരല്ലാത്ത പ്രാദേശിക മാധ്യമങ്ങളിലെ ജോലിക്കാരും ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ട്. 

എൽഗാർ പരിഷദ് കേസ് 

ഇന്ത്യയിൽ, ഭീമകോറേഗാവ് കേസിൽ (എൽഗാർ പരിഷദ് കേസ്) പ്രതിചേർക്കപ്പെട്ട ഒൻപത് പേരും ചില കുടുംബാംഗങ്ങളും സുഹൃത്തുക്കളും  കേസിൽ പ്രതിചേർക്കപ്പെടുംമുൻപ് തന്നെ പെഗാസസ് നിരീക്ഷണത്തിലായിരുന്നു. ഡൽഹി യൂണിവേഴ്‌സിറ്റിയിലെ അസിസ്റ്റന്റ് പ്രഫസർ ആയിരുന്ന ഹാനി ബാബു, ഭാര്യ ജെന്നി റോവേന, ജയിൽ പുള്ളികളുടെ അവകാശങ്ങൾക്കു വേണ്ടി പ്രവർത്തിക്കുന്ന സൃഹുത്ത് റോണ വിൽസൺ എന്നിവരൊക്കെ 2017  മുതൽ നോട്ടപ്പുള്ളികൾ ആയിരുന്നു. ഒരു വർഷത്തിന് ശേഷം ഇവരെ എൽഗാർ പരിഷത്ത് കേസിൽ അറസ്റ്റ് ചെയ്തു. പൗരാവകാശ പ്രവർത്തകനായ വെറോൺ ഗോൺസാൽവസ് , ചിന്തകൻ ആനന്ദ് ടെൽറ്റുംബ്ടെ, പ്രഫസർ ഷോമ സെൻ, പത്രപ്രവർത്തകൻ ഗൗതം നവ്ലാഖ, അഭിഭാഷകരായ അരുൺ ഫെറേറ, സുധാ ഭരദ്വാജ്‌ എന്നിങ്ങനെ എൽഗാർ പരിഷത്ത് കേസിൽ പ്രതിചേർക്കപ്പെട്ടവർ ലിസ്റ്റിൽ ഉണ്ടായിരുന്നു. ഇതുകൂടാതെ വരാവര റാവുവിന്റെ മകൾ പാവന മുതൽ മലയാളിയായ ജൈസൺ സി കൂപ്പർ വരെയുള്ള സാമൂഹിക-മനുഷ്യാവകാശ പ്രവർത്തകർ പെഗാസസ് പട്ടികയിലുണ്ട്. 

കൂട്ടത്തിലുള്ള .അഭിഭാഷകൻ മിനാൽ ഗാഡ് ലിങ്ങിന്റെ ലാപ്ടോപ്പ്, അറസ്റ്റിലാകുന്നതിനു 20 മാസം മുൻപേ തന്നെ ചാര സോഫ്റ്റ് വെയറുകൾ ഉപയോഗിച്ച് നിയന്ത്രണത്തിലാക്കിയിരുന്നുവെന്നും, അതിൽ അദ്ദേഹത്തിനെതിരെ തെളിവുകൾ സ്ഥാപിച്ചിരുന്നുവെന്നും ആഴ്‌സണൽ കൺസൾട്ടിംഗ് എന്ന അമേരിക്കൻ സൈബർ-സുരക്ഷാ കമ്പനി റിപ്പോർട്ട് ചെയ്തിരുന്നു. റോണാ വിത്സന്റെ ലാപ്ടോപ്പിലും ഇതുപോലെ കൃത്രിമം നടന്നതായി കണ്ടെത്തിയിരുന്നു. 

മുൻ ഡൽഹി യൂണിവേഴ്സിറ്റി പ്രഫസർ സയീദ് അബ്ദുൾ റഹ്മാൻ ഗീലാനി സായിബാബ ഡിഫൻസ് കമ്മറ്റിയിലെ മറ്റ് 9 പേർ എന്നിവരും ലിസ്റ്റിലുണ്ട്. ജവാഹർലാൽ നെഹ്രു യൂണിവേഴ്സിറ്റി വിദ്യാർഥി നേതാവായിരുന്ന ഉമർ ഖാലിദ് ആണ് മറ്റൊരു ഇര. 2019-ൽ രാജ്യദ്രോഹക്കുറ്റം ചാർത്തി ജയിലിൽ അടയ്ക്കുമ്പോൾ പ്രധാന തെളിവായി പോലീസ് പറഞ്ഞത് അദ്ദേഹത്തിന്റെ മൊബൈൽ ഫോൺ സന്ദേശങ്ങൾ ആയിരുന്നു എന്നുമോർക്കണം. ഈ വാർത്തകൾ കൂട്ടിവായിക്കുമ്പോൾ  അനാവൃതമാകുന്നത് ഭരണകൂടഭീകരതയുടെ നീചമുഖമാണ്. ആളുകളെ നിരീക്ഷിക്കാൻ മാത്രമല്ല, വേട്ടയാടാനും കുറ്റകൃത്യങ്ങളിൽ പ്രതി ചേർക്കാനും ഇത് ഉപയോഗിക്കപ്പെടുന്നു എന്ന് നമ്മൾ കരുതേണ്ടിവരും. 

രാഷ്ട്രീയ നേതാക്കൾ 

2019 ജനറൽ ഇലക്ഷനോട് അനുബന്ധിച്ചും അതിനു ശേഷവും രാജ്യത്തെ വിവിധ രാഷ്ട്രീയ നേതാക്കളുടെ ഫോണും  പെഗാസസ് ഉപഭോക്താവ് ഹാക്ക് ചെയ്തു എന്നാണ് വാർത്ത. മുഖ്യ പ്രതിപക്ഷമായ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ  പ്രസിഡന്റായിരുന്ന  രാഹുൽ ഗാന്ധിയും അദ്ദേഹത്തിന്റെ അടുത്ത അനുയായികളായ അലങ്കാർ സവായി, സച്ചിൻ റാവു എന്നിവരും ഹാക്കിംഗിന് ഇരകളായി. ബംഗാൾ മുഖ്യമന്ത്രിയുടെ ഉപദേശകനായ പ്രശാന്ത് കിഷോർ, മമതയുടെ ബന്ധുവും തൃണമൂൽ എം.പി.യുമായ അഭിഷേക് ബാനർജി എന്നിവരും പെഗാസസ് ലിസ്റ്റിൽ ഉണ്ട്. ഭരണപക്ഷ നേതാക്കളും  പെഗാസസ് ഹാക്കിംഗിൽ പെട്ടിട്ടുണ്ട് എന്നത് കൗതുകമുണർത്തുന്നു.  കേന്ദ്ര മന്ത്രിമാരായ അശ്വിനി വൈഷ്ണവും പ്രഹ്ലാദ് പട്ടേലും വസുന്ധര രാജ സിൻധെയുടെ പ്രൈവറ്റ് സെക്രട്ടറി, സ്‌മൃതി ഇറാനിയുടെ ഓഫീസർ ഓൺ ഡ്യൂട്ടി ആയിരുന്ന സഞ്ജയ് കച്രൂ എന്നിവരുമുൾപ്പെട്ടിട്ടുണ്ട്. കേന്ദ്ര മന്ത്രിമാരുടെ കുടുംബാംഗങ്ങളും അടുപ്പക്കാരുമൊക്കെ നിരീക്ഷണത്തിലായിരുന്നു. സംഘപരിവാർ നേതാവ് പ്രവീൺ തൊഗാഡിയയുടെ ഫോണും ഹാക്ക് ചെയ്തതാകാൻ സാധ്യതയുണ്ട്. 

ഇലക്ഷൻ കമ്മീഷൻ 

പെഗാസസ് ആക്രമണത്തിൽ നിന്ന് ഇലക്ഷൻ കമ്മീഷനും മുക്തമായിരുന്നില്ല എന്നും റിപ്പോർട്ടുകൾ പറയുന്നു. 2019 തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോഡി പെരുമാറ്റച്ചട്ടം ലംഘിച്ചു എന്ന് അഭിപ്രായം രേഖപ്പെടുത്തിയ ഇലക്ഷൻ കമ്മീഷണർ അശോക് ലാവോസയായിരുന്നു ലക്‌ഷ്യം. പ്രചാരണത്തിനിടെ “പുൽവാമയിൽ കൊല ചെയ്യപ്പെട്ട 44 ജവാന്മാർക്ക് വോട്ടു രേഖപ്പെടുത്തണ”മെന്നും “രാഹുൽ ഗാന്ധി ന്യൂനപക്ഷം ഭൂരിപക്ഷമായുള്ള സ്ഥലത്തേയ്ക്ക് മത്സരിക്കാനായി പോയി” എന്നുമുള്ള പ്രസ്താവനകൾ ആണ് ചട്ടലംഘനമായി ചൂണ്ടിക്കാണിക്കപ്പെട്ടത്. എന്നാൽ മറ്റ് ഇലക്ഷൻ കമ്മീഷണർമാരായ സുനിൽ അറോറയും സുശീൽ ചന്ദ്രയും അനുകൂലമായ അഭിപ്രായം രേഖപ്പെടുത്തിയതിനെത്തുടർന്ന് മോഡിയ്‌ക്കെതിരെ നടപടിയൊന്നും ഉണ്ടായില്ല. എന്നാൽ ഏകദേശം ആ സമയം മുതൽ ലാവാസ നിരീക്ഷണപ്പട്ടികയിൽ ഇടം പിടിച്ചു എന്നാണ് റിപ്പോർട്ട്. പിന്നീട് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ആകേണ്ടിയിരുന്ന അദ്ദേഹം രാജി വച്ച് ഏഷ്യൻ ഡവലപ്മെന്റ് ബാങ്കിന്റെ വൈസ് പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുകയായിരുന്നു. അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക്ക് റിഫോംസിന്റെ ജഗദീപ് ചോക്കറും നിരീക്ഷണ ലിസ്റ്റിൽ ഉണ്ടായിരുന്നു. 

സുപ്രീം കോടതി 

ഇന്ത്യൻ ഭരണഘടനയുടെ കാവലാളുകളെയും പെഗാസസ് വെറുതെ വിടില്ലെന്ന് പെഗാസസ് പ്രോജക്ട് വ്യക്തമാക്കുകയാണ്. സുപ്രീം കോടതിയിലെ ഒരു ജഡ്ജി നിരീക്ഷണലിസ്റ്റിൽ ഉണ്ടെന്ന് വാർത്തയുണ്ട്. ഏറെ ഞെട്ടിപ്പിക്കുന്നത് മുൻ ചീഫ് ജസ്റ്റിസും, ഇപ്പോൾ രാജ്യസഭാംഗവുമായ രഞ്ജൻ ഗൊഗോയിയുമായി ബന്ധപ്പെട്ടതാണ്.  അദ്ദേഹത്തിനെതിരെ ലൈംഗീക അതിക്രമ ആരോപണം ഉന്നയിച്ച സുപ്രീംകോടതി ജീവനക്കാരിയുടെ ഫോണും പെഗാസസ് നിരീക്ഷണത്തിൽ ആയിരുന്നുവത്രേ. ആരോപണം ഉന്നയിക്കപ്പെട്ടതിന്റെ തൊട്ടടുത്ത ദിവസം മുതലാണ് പെഗാസസ് റഡാറിൽ അവർ എത്തുന്നത്. അവരുടെ 3 നമ്പറുകളും, അവരുടെ ഭർത്താവും സഹോദരനും ഉൾപ്പെടെ അവരുമായി അടുപ്പമുള്ള 11 നമ്പറുകളും നിരീക്ഷണത്തിൽ ആയിരുന്നു. കേസ് നടക്കുന്ന സമയത്ത് അവരുടെ അഭിഭാഷകരുമായുള്ള രഹസ്യസ്വഭാവമുള്ള സംഭാഷണങ്ങൾ പോലും ചോർത്തപ്പെട്ടിരിക്കാം. ഇത് അവർക്കെതിരെയും, ഒരുപക്ഷേ മുൻ ചീഫ് ജസ്റ്റിസിനെതിരെയും, ഉപയോഗിക്കപ്പെട്ടിരിക്കാം എന്നത് ഞെട്ടിക്കുന്ന ഒരു സാധ്യതയാണ്. 

പല കേസുകളിലും ജസ്റ്റിസ് ഗൊഗോയിയുടെ ഗവണ്മെന്റ് അനുകൂല നിലപാടുകൾ ഏറെ വിമർശിക്കപ്പെട്ടിരുന്നു. റാഫേൽ കേസ്,  പൗരത്വ രജിസ്റ്റർ കേസ്, സി.ബി.ഐ. കേസ്,   മുദ്രവച്ച കവറിലെ വ്യവഹാരങ്ങൾ, കശ്മീരിന്റെ പ്രത്യേക പദവിയുമായി ബന്ധപ്പെട്ട ഹർജികൾ, ഹേബിയസ് കോർപ്പസ് ഹർജികൾ തുടങ്ങി വിവാദങ്ങൾ നിരവധിയായിരുന്നു. അദ്ദേഹത്തിന്റെ കാലത്ത് സുപ്രീംകോടതി ഒരു ‘എക്സിക്യൂട്ടീവ് കോടതി’യായി മാറി എന്ന് നിയമവിചക്ഷണർ വിലയിരുത്തി. പിന്നീട് ചീഫ് ജസ്റ്റിസ് സ്ഥാനത്തുനിന്ന്  വിരമിച്ചയുടനെ രാജ്യസഭാംഗമാകാനും അദ്ദേഹം തയ്യാറായി.

ചീഫ് ജസ്റ്റിസിനെതിരെയുള്ള പരാതി കൈകാര്യം ചെയ്യപ്പെട്ട രീതി നീതിക്ക് നിരക്കുന്നതല്ല എന്ന വിമർശനം വ്യാപകമായിരുന്നു. ചീഫ് ജസ്റ്റിസ് തന്നെ സ്വന്തം കേസ് കേൾക്കുന്ന ബഞ്ചിന്റെ ഭാഗമായതും പിന്നീട് ഉത്തരവിൽ നിന്ന് പേര് ഒഴിവാക്കിയതും സുതാര്യത തെല്ലുമില്ലാത്ത ‘ആഭ്യന്തര അന്വേഷണ സമിതി’യുടെ പ്രവർത്തനവും എല്ലാം സുപ്രീംകോടതിയുടെ ചരിത്രത്തിൽ അത്ര തിളക്കമില്ലാത്ത ഒരേടാണ്. ചീഫ് ജസ്റ്റിസിനെതിരെ ഗൂഡാലോചന നടന്നു എന്ന റിപ്പോർട്ടും, അദ്ദേഹത്തെ കുറ്റവിമുക്തമാക്കിക്കൊണ്ടുള്ള ആഭ്യന്തര സമിതിയുടെ റിപ്പോർട്ടും പുറത്തു വിട്ടിട്ടില്ല. എന്നാൽ കേസ് പൊതുജനശ്രദ്ധയിൽ നിന്നും മാറിയപ്പോൾ തന്നെ പരാതിക്കാരിയുടെ ഭർത്താവിനെയും സഹോദരനെയും ദൽഹി പോലീസ് സർവീസിൽ തിരിച്ചെടുത്തു. പിന്നീട് പരാതിക്കാരിയും സുപ്രീംകോടതി ജീവനക്കാരിയായി സേവനത്തിൽ  തിരിച്ചെത്തി. പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ ലൈംഗിക അതിക്രമ കേസിൽ ഇപ്പോഴത്തെ എം.പി.യെ കുറ്റവിമുക്തമാക്കിയ ‘ആഭ്യന്തര സമിതി’യുടെ റിപ്പോർട്ട് പരസ്യപ്പെടുത്തണം. പരാതി പുനരന്വേഷിക്കണം. സാമാന്യനീതി പുലരണം എന്നാഗ്രഹിക്കുന്ന എല്ലാവരുടെയും ആവശ്യമാണത്. 

 ഗവണ്മെന്റിന്റെ പ്രതികരണം.

“ഇക്കാര്യങ്ങൾ  എത്രയോ കാലങ്ങളായി പൊതുമണ്ഡലത്തിൽ ഉള്ളതാണെന്ന വസ്തുത പരിഗണിക്കുമ്പോൾ ഇതൊരു മോശം ഗവേഷണമാണ്. ഇതിലുൾപ്പെട്ട മാധ്യമസ്ഥാപനങ്ങൾ അവധാനതയില്ലാതെയാണ് പ്രവർത്തിച്ചത്.” ഗവണ്മെന്റിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു. എ.എൻ.ഐ. ട്വീറ്റ് ചെയ്ത പ്രതികരണത്തിൽ 2019-ൽ “വിവരാവകാശനിയമപ്രകാരമുള്ള അപേക്ഷയ്ക്ക് മറുപടിയായി ഇതൊക്കെ വിശദീകരിക്കപ്പെട്ടതാണ്” എന്ന് അവകാശപ്പെടുന്നു. എന്നാൽ പ്രസ്തുത മറുപടിയിൽ “വിവരം ലഭ്യമല്ല.” എന്ന് മാത്രമാണ് ഉള്ളത്. ഇന്ത്യ ഗവണ്മെന്റ് പെഗാസസ് വാങ്ങിയിട്ടുണ്ടോ, വാങ്ങുന്നതിനുള്ള നിർദ്ദേശം വല്ലതുമുണ്ടോ? വാങ്ങാൻ ഉദ്ദേശിക്കുന്നുണ്ടോ? എന്നിങ്ങനെയായിരുന്നു ചോദ്യങ്ങൾ. പെഗാസസ് പദ്ധതി അംഗങ്ങൾക്ക് കൊടുത്ത മറുപടിയിൽ ഇങ്ങനെ പറയുന്നു: “ദേശ താത്പര്യം അനുസരിച്ചുള്ള വ്യക്തമായ ആവശ്യങ്ങൾക്ക് വേണ്ടി സന്ദേശങ്ങൾ ചോർത്തുന്നതിന് നിയതമായ പ്രോട്ടോക്കോളുകൾ ഉണ്ട്. അതിന് അനുമതി കൊടുക്കുന്നത് കേന്ദ്ര സംസ്ഥാന ഗവണ്മെന്റുകളിലെ ഉന്നത ഉദ്യോഗസ്ഥരുമാണ്.” ഇങ്ങനെ എവിടെയും തൊടാത്ത മറുപടികളാണ് മുൻപ് വാട്സാപ്പ് ലീക്ക് സംബന്ധിച്ച ആരോപണം ഉയർന്നു വന്നപ്പോൾ മുതൽ യൂണിയൻ ഗവൺമെന്റിൽ നിന്നുമുണ്ടാകുന്നത്. പെഗാസസ് വാങ്ങിയിട്ടില്ലെന്നോ ഉപയോഗിച്ചിട്ടില്ലെന്നോ ഒരിടത്തും പറയുന്നുമില്ല.

ഇന്ന് പാർലമെന്റിൽ കേന്ദ്ര വിവര സാങ്കേതിക വകുപ്പ് മന്ത്രി ശ്രീ. അശ്വിനി വൈഷ്ണവ് പറഞ്ഞതും സമാനമായ രീതിയിലാണ്. “പാർലമെൻ്റിൻ്റെ മൺസൂൺ സമ്മേളനത്തിന്റെ തലേദിവസം ഇത്തരമൊരു വാർത്ത പ്രചരിപ്പിക്കുന്നത് ആകസ്മികമല്ല. പണ്ടും ഇതുപോലെ പെഗാസസ് വാട്സാപ്പിൽ ഉപയോഗിക്കപ്പെടുന്നുവെന്ന തരത്തിൽ ആരോപണങ്ങൾ ഉണ്ടായിട്ടുണ്ട്. അതിന് വസ്തുതകളുടെ പിൻബലമില്ലായിരുന്നു. എല്ലാ കക്ഷികളും അത് നിഷേധിച്ചതുമാണ്. 2021- ജൂലൈ 18 -ലെ വാർത്തയും ഇന്ത്യൻ ജനാധിപത്യത്തെ അപകീർത്തിപ്പെടുത്താനുള്ളതാണ്.”

എന്നാൽ ഗവൺമെന്റിന്റെ ഈ വാദത്തിൽ വസ്തുതാ വിരുദ്ധതയുണ്ട്. 2019-ലെ ആരോപണത്തിന്മേൽ എല്ലാ കക്ഷികളും അത് നിഷേധിക്കുകയല്ല ഉണ്ടായത്. വാട്സാപ്പും ഫേസ്ബുക്കും എൻ.എസ്.ഓ.യ്ക്കെതിരെ അമേരിക്കൻ കോടതിയെ സമീപിച്ചിരിക്കുകയാണ്. മാത്രമല്ല വാട്സാപ്പ് ഇത്തരമൊരു സുരക്ഷാ പ്രശ്നം റിപ്പോർട്ട് ചെയ്തിട്ടുള്ളതാണ് എന്ന് 2019 മെയ് 17-ന് സെർട്ട്-ഇൻ വിജ്ഞാപനം ചെയ്തിട്ടുമുണ്ട്. അതുകൊണ്ടുതന്നെ എല്ലാ കക്ഷികളും ആ ആരോപണം നിഷേധിച്ചിരുന്നു എന്ന വാദം ശരിയല്ല. ഇപ്പോഴത്തെ ഈ വാർത്ത തന്നെ റീ-ട്വീറ്റ് ചെയ്തുകൊണ്ട് വാട്സ് ആപ്പ് മേധാവി വിൽ കാർട്ടർ “മനുഷ്യാവകാശ പ്രവർത്തകരും ടെക്ക് കമ്പനികളും ഗവണ്മെന്റുകളും സുരക്ഷ വർദ്ധിപ്പിക്കാനും സൈബർ സ്പൈ-വെയറുകളെ നിയമത്തിനു മുന്നിൽ എത്തിക്കാനും ഒരുമിച്ചു പ്രവർത്തിക്കണം.” എന്ന് കുറിക്കുകകൂടിയുണ്ടായി. 

ഇന്ത്യയിലെ സർവെയിലൻസ് നിയമങ്ങൾ 

പെഗാസസ് പ്രൊജക്റ്റിനോടുള്ള പ്രതികരണത്തിൽ ‘സർവെയിലൻസിനുള്ള നിയതമാർഗങ്ങൾ’ എന്നതുകൊണ്ട് ഗവണ്മെന്റ് ഉദ്ദേശിച്ചത് ഒരുപക്ഷെ ഇന്ത്യൻ ടെലഗ്രാഫ് ആക്ട് 1885-ലെ വകുപ്പ് 5(2)-ഉം വിവരസാങ്കേതികതാ നിയമം 2000-ലെ വകുപ്പ് 69-ഉം ആയിരിക്കും. ടെലിഗ്രാഫ് ആക്ട് സെക്ഷൻ 5(2) അനുസരിച്ച് “എന്തെങ്കിലും  പൊതു അടിയന്തര സാഹചര്യമുണ്ടായാലോ, ക്രമസമാധാനം ഉറപ്പു വരുത്താനോ’ കേന്ദ്ര സംസ്ഥാന ഗവൺമെന്റുകൾ അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥർക്ക് സന്ദേശങ്ങൾ ചോർത്തുവാനുള്ള അധികാരമുണ്ട്. “രാജ്യത്തിന്റെ അഖണ്ഡതയ്ക്കും പരമാധികാര സംരക്ഷണത്തിനും വേണ്ടി, രാജ്യസുരക്ഷയ്ക്ക്, സുഹൃദ് രാജ്യങ്ങളുമായുള്ള ബന്ധം നിലനിർത്തുന്നതിന്, ക്രമസമാധാന പാലനത്തിന്, കുറ്റകൃത്യം തടയുന്നതിന്” ഒക്കെ വേണ്ടി സന്ദേശങ്ങൾ ചോർത്താൻ കഴിയും.

1996-ൽ പീപ്പിൾസ് യൂണിയൻ ഫോർ സിവിൽ ലിബെർട്ടീസ് (PUCL) എന്ന സംഘടന ടെലഗ്രാഫ് നിയമത്തിലെ വകുപ്പ് 5(2)-ൽ ആവശ്യമായ പരിരക്ഷകൾ ഇല്ലെന്നും  അതിനാൽ അത് ഭരണഘടനാവിരുദ്ധമാണെന്നും വാദിച്ചു സുപ്രീംകോടതിയെ സമീപിച്ചു. ഫോൺ ചോർത്തലിന് കോടതിയുടെ അനുമതി വേണമെന്നായിരുന്നു ആവശ്യം.  ആവശ്യത്തിൽ ന്യായമുണ്ടെന്നു കണ്ട സുപ്രീംകോടതി ഫോൺ ചോർത്തലിന് ചില മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. തുടർന്ന് അതൊരു ചട്ടമായി ഗവണ്മെന്റ് 2017-ൽ വിജ്ഞാപനം ചെയ്തു. അതനുസരിച്ച് യൂണിയൻ ആഭ്യന്തര മന്ത്രാലയത്തിന്റെ സെക്രട്ടറിയുടെ അനുമതിയോടുകൂടിയേ ടെലഫോൺ വിവരങ്ങൾ ചോർത്താൻ കഴിയൂ. 60 ദിവസത്തേക്കാണ് അങ്ങനെ അനുമതി നല്കാൻ കഴിയുക. ഇത്തരത്തിലുള്ള ഏതൊരു ഉത്തരവും 7  ദിവസത്തിനുള്ളിൽ ഒരു റിവ്യൂ കമ്മറ്റിയുടെ പരിശോധനയ്ക്ക് വിടേണ്ടതുണ്ട്. അതിനു ശേഷം റിവ്യൂ കമ്മറ്റിയ്ക്ക്, ആവശ്യമെന്നു കണ്ടാൽ, അത് 180 ദിവസം വരെ നീട്ടി നൽകാം. അതുപ്രകാരം ശേഖരിച്ച വിവരങ്ങൾ 6 മാസക്കാലയളവിൽ നശിപ്പിച്ചു കളയണമെന്നും ചട്ടമുണ്ട്. 

ഈ സംവിധാനത്തിന്റെ ചുവടു പിടിച്ചുകൊണ്ട് 2000-ലെ വിവരസാങ്കേതികതാ നിയമത്തിന്റെ വകുപ്പ്-69-നു കീഴിലും ചട്ടങ്ങൾ രൂപീകരിച്ചിട്ടുണ്ട്- IT(Procedural safeguards for Interception, Monitoring and Decryption of Information) Rules 2019. ഇവിടെയും യൂണിയൻ ആഭ്യന്തര സെക്രട്ടറിയോ സംസ്ഥാന ആഭ്യന്തര സെക്രട്ടറിയോ ആണ്  അനുമതി നൽകേണ്ട അധികാരി. 

എന്നാൽ പെഗാസസിന്റെ പ്രവർത്തനം ഈ മാതൃകകളിലൊന്നുമല്ല. അത് അനുമതിയോടെയുള്ള വിവരശേഖരണമാകാൻ തരമില്ല, കാരണം പെഗാസസ് ഒരു സ്പൈ-വെയർ ആണ്; ഒരു സൈബർ ആയുധമാണ്. ലക്‌ഷ്യം വയ്ക്കുന്ന വ്യക്തികളുടെ ഫോൺ ഹാക്ക് ചെയ്യുകയാണത് ചെയ്യുക. പുറത്തു വന്നിരിക്കുന്ന വിവരങ്ങൾ അനുസരിച്ച് ഹാക്ക് ചെയ്യപ്പെട്ടിട്ടുള്ളവരൊന്നും ക്രിമിനലുകളല്ല. അവർക്കെതിരെ ഏതു തരത്തിലുള്ള സർവെയിലൻസ് നടത്താനും ന്യായീകരണങ്ങളൊന്നും ഇല്ലതന്നെ. മാത്രവുമല്ല ഹാക്കിങ് ഇന്ത്യൻ നിയമപ്രകാരം, ഐ.ടി. ആക്ട് സെക്ഷൻ 43 അനുസരിച്ച് ഒരു കുറ്റകൃത്യവുമാണ്.

എന്നാൽ ഇതൊരൊറ്റപ്പെട്ട സംഭവമല്ല. അസാധാരണവുമല്ല. സ്വന്തം ജനതയ്ക്കുമേൽ ഭരണകൂടങ്ങൾ ചാരപ്പണി നടത്തുന്ന നടപടി ഇന്ന് വ്യാപകമാണ്. 2019-ൽ ‘കംപാരിടെക്ക്’ എന്ന ഒരു ഇംഗ്ളീഷ് സൈബർ സുരക്ഷാകമ്പനി 47 രാജ്യങ്ങളിൽ നടത്തിയ സർവേയിൽ വെറും 5-ഇടങ്ങളിൽ മാത്രമാണ് ആവശ്യമായ സംരക്ഷണം ഉണ്ടായിരുന്നത്. അതിൽ ഏറ്റവും മോശം രാജ്യങ്ങളിലൊന്ന് ഇന്ത്യയാണ്. ചൈനയ്ക്കും റഷ്യക്കും ശേഷം മൂന്നാം സ്ഥാനത്ത്. നാഷണൽ ഇന്റലിജൻസ് ഗ്രിഡ് (NATGRID), ക്രൈം ആൻഡ് ക്രിമിനൽ ട്രാക്കിങ് നെറ്റ് വർക്ക് സിസ്റ്റം (CCTNS), സെൻട്രൽ മോണിറ്ററിംഗ് സിസ്റ്റം (CMS), ആധാർ അതോറിറ്റി (UIDAI), നാഷണൽ കൗണ്ടർ ടെററിസം സെന്റർ (NCTC) തുടങ്ങി നിരവധി ഏജൻസികളാണ് നമ്മുടെ രാജ്യത്ത് സർവെയിലൻസ് രംഗത്തുള്ളത്. 2018-ൽ ഇന്റലിജൻസ് ബ്യൂറോ, സി.ബി.ഐ., എൻ.ഐ.എ., റോ, ഡി.എസ്.ഐ, എൻ.സി.ബി., ഇ.ഡി., സി.ബി.ഡി.ടി., ഡി.ആർ.ഐ., ഡൽഹി പോലീസ് കമ്മീഷണർ എന്നിങ്ങനെ 10 ഏജൻസികൾക്ക് വിപുലമായ സർവെയിലൻസ് അധികാരങ്ങൾ നൽകിയിരുന്നു കേന്ദ്ര സർക്കാർ. ഇതിന്റെ ഏറ്റവും വലിയ പ്രശ്നം ഈ ഏജൻസികളും സംവിധാനങ്ങളും പാർലമെന്റിന്റെയോ നിയമസംവിധാനങ്ങളുടെയോ യാതൊരു മേൽനോട്ടവും ഇല്ലാതെയാണ് പ്രവർത്തിക്കുന്നത് എന്നതാണ്. നമ്മുടെ ഇന്റലിജൻസ് ഏജൻസികളും സർവെയിലൻസ് സംവിധാനവും യാതൊരു തരത്തിലും ചോദ്യം ചെയ്യപ്പെടുന്നില്ല. സർവെയിലൻസ് നിയന്ത്രിക്കുന്ന നിയമമോ ചട്ടക്കൂടുകളോ ഇല്ല. 

ഇന്ത്യൻ സുപ്രീം കോടതിയുടെ 2017-ലെ  പുട്ടസ്വാമി വിധിയ്ക്ക് ശേഷം ഇന്ത്യയിൽ സ്വകാര്യത ഒരു മൗലികാവകാശമാണ് എന്നത് അർത്ഥശങ്കക്കിടയില്ലാത്തവിധം സ്ഥാപിക്കപ്പെട്ടതാണ്. സുപ്രീംകോടതിയുടെ 9 അംഗ ബെഞ്ച് ഐകകണ്ഠമായാണ് സ്വകാര്യത മൗലികാവകാശമാണ് എന്ന് പ്രഖ്യാപിച്ചത്. ഭരണഘടനയുടെ അനുച്ഛേദം 14, 19, 21 എന്നിവയിൽ സ്വകാര്യത അന്തർലീനമാണ് എന്നായിരുന്നു വിധി. സ്വകാര്യത ധനാത്മകവും ഋണാത്മകവുമായ അവകാശമാണെന്നും  കോടതി വിലയിരുത്തി.   ഋണാത്മക അവകാശം എന്ന നിലയിൽ പൗരന്റെ സ്വകാര്യതയിലേക്ക് കടന്നു കയറുവാനുള്ള അധികാരം ഭരണകൂടത്തിനില്ല; ധനാത്മക വശം എന്ന് പറയുന്നത് സ്റ്റേറ്റിൽ നിന്ന് മാത്രമല്ല, സ്വകാര്യ സ്ഥാപനങ്ങളിൽ നിന്നും വ്യക്തികളിൽ നിന്നുമെല്ലാമുള്ള സ്വകാര്യതാ ധ്വംസനങ്ങളെ പ്രതിരോധിക്കാനുള്ള ഭരണഘടനാപരമായ ബാധ്യത ഗവണ്മെന്റിനുണ്ട് എന്നതാണ്.

പുട്ടസ്വാമി വിധി അനുസരിച്ച് പൗരന്റെ സ്വകാര്യതയെ ഹനിക്കുന്ന ഏതൊരു പ്രവർത്തിയിൽ ഏർപ്പെടണമെങ്കിലും അതിന് കൃത്യമായൊരു നിയമം വേണം. ആ നിയമത്തിനു നീതിയുക്തമായ ലക്ഷ്യമായിരിക്കണം ഉള്ളത്, ആ പ്രവർത്തിയാകട്ടെ ലക്ഷ്യത്തിന് ആനുപാതികമായിരിക്കണം (ആനുപാതികം എന്ന് പറഞ്ഞാൽ ലക്‌ഷ്യം നേടാൻ ആവശ്യമുള്ളത്ര കടന്നുകയറ്റം മാത്രമേ ഉണ്ടാകാവൂ, അതോടൊപ്പം ലക്‌ഷ്യം നേടാൻ  ഇതിലും കുറഞ്ഞ അവകാശ ലംഘനമാർഗ്ഗങ്ങൾ വേറെ ഉണ്ടാകുകയുമരുത്.), നിയമത്തിൽ പൗരർക്ക് ആവശ്യമായ പരിരക്ഷകൾ ഉറപ്പുവരുത്തുകയും വേണം.   

ഈ ഭരണഘടനാതത്വങ്ങൾ പാലിക്കുന്ന സമഗ്രമായ ഒരു നിയമവ്യവസ്ഥ ഉണ്ടെങ്കിൽ മാത്രമേ ഇത്തരം അവകാശ ലംഘനങ്ങളിൽ നിന്നും ജനങ്ങൾക്ക് രക്ഷ നേടാൻ കഴിയൂ. കേവലം സ്വകാര്യതാ-വിവരസുരക്ഷാ നിയമങ്ങൾ കൊണ്ട് അതിനു പരിഹാരമാകില്ല. സ്വകാര്യതാ നിയമങ്ങളിൽ സ്റ്റേറ്റ് സർവെയിലൻസിന് ഇളവുകൾ ഉണ്ടാകും. ആ പഴുതുകൾ ഉപയോഗപ്പെടുത്തി രൂപീകരിക്കുന്ന സർവെയിലൻസ്  സംവിധാനങ്ങൾക്കുമേൽ പരിപൂർണ നിയന്ത്രണവും പാർലമെന്ററി മേൽനോട്ടവും സാധ്യമാക്കുന്ന സമഗ്രമായ ഒരു നിയമപരിഷ്കരണമാണ് കാലം ആവശ്യപ്പെടുന്നത്. 

പെഗാസസ് ഉയർത്തുന്ന വെല്ലുവിളികൾ 

നിയമ പരിഷ്കാരത്തെക്കുറിച്ചൊക്കെ നാം വാചാലരാകുമ്പോഴും  പെഗാസിസ് പോലുള്ള സൈബർ മാരകായുധങ്ങളെ നമ്മൾ വേറിട്ട് കാണേണ്ടതുണ്ട്. ‘സ്റ്റേറ്റ് സർവെയിലൻസ്’ എന്നൊക്കെ പറഞ്ഞ് അതിനെ  ലഘൂകരിക്കരുത്. ഏതോ ദേശ സുരക്ഷാകാര്യത്തിന് വേണ്ടി അനുമതിയോടെ നടത്തിയ എന്തോ നിരീക്ഷണം എന്ന ഒരു ധ്വനി ചിലർക്കെങ്കിലും കിട്ടും. ഇത് ഹാക്കിംഗ് ആണ്. ഇന്ത്യൻ നിയമം അനുസരിച്ചുള്ള ഒരു ക്രൈം ആണ്, ഒരു കുറ്റകൃത്യമാണ് അത്. ഒരു ഗവണ്മെന്റിനും ഒരു ഉദ്യോഗസ്ഥനും ഒരു ക്രൈമിന് അനുമതി കൊടുക്കാനാകില്ല. ഇതിനു പിന്നിലുള്ളവർ ശിക്ഷിക്കപ്പെടണം. കാരണം ഇത്  ഭീതിദമായ ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. 

ഒന്നാമത്തെ ചോദ്യം ആരാണ് പെഗാസസ് ഉപയോഗിച്ച് നിരീക്ഷണം നടത്തുന്നത് എന്നാണ്. ഗവൺമെന്റുകൾ മാത്രമാണ് തങ്ങളുടെ ഉപഭോക്താക്കൾ എന്ന് എൻ.എസ്.ഓ. തറപ്പിച്ചു പറയുന്നു. അപ്പോൾ പിന്നെ ഗവൺമെന്റിൽ ആര് എന്നൊരു ചോദ്യം വരും. കാരണം മറ്റു വിവര-വിശകലന-നിരീക്ഷണ സംവിധാനങ്ങൾ പോലെയല്ല പെഗാസസ്. കീ വേർഡുകളും മറ്റും വിശകലനം ചെയ്തു നടക്കുന്ന ഇടപാടല്ല. നേരിട്ടുള്ള നിരീക്ഷണമാണ് നടക്കുക. ചെയ്യുന്നത് ഗവൺമെന്റ്  ആണെങ്കിൽ “ഗവൺമെന്റിൽ ആര്?” എന്ന ചോദ്യം സുപ്രധാനമാണ്. പോലീസ്?, ഐ.ബി? ഏതെങ്കിലും ഉദ്യോഗസ്ഥർ? അല്ലെങ്കിൽ ഈ ജോലി ഔട്ട്-സോഴ്സ് ചെയ്തിരിക്കുകയാണോ? ആണെങ്കിൽ ആർക്ക്? അവിടെ സ്വകാര്യ-കച്ചവട താത്പര്യക്കാർ ഉണ്ടാകാം, രാഷ്ട്രീയക്കാർ കാണാം, ഇവരിലേക്കൊക്കെ എത്തിച്ചേരാൻ കഴിയുന്ന ക്രിമിനലുകൾ  വരാം…മന്ത്രിമാരും സുപ്രീംകോടതി ജഡ്ജിമാരും ഉന്നത ഉദ്യോഗസ്ഥരും ഒക്കെ  ഉൾപ്പെട്ട പട്ടികയാണ്. രാജ്യത്തെ സംബന്ധിച്ച ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങൾ നിർവഹിക്കുന്നവരാണ്. അവരുടെ ഉപകരണങ്ങളിലെ വിവരങ്ങൾ രാജ്യസുരക്ഷയെ തന്നെ ബാധിക്കുന്നതാകാം. അല്ലെങ്കിൽ അത്തരത്തിൽ അട്ടിമറിക്കപ്പെടാൻ സാധ്യതയുള്ളതാകാം. ഇതൊക്കെ രാജ്യത്തിൻ്റെ നിലനിൽപ്പിനെ തന്നെ ബാധിക്കുകയില്ല എന്ന് യാതൊരു ഉറപ്പുമില്ല. ജനാധിപത്യത്തെയും സാമൂഹിക വ്യവഹാരങ്ങളെയും  സദാ ഭീതിയുടെ നിഴലിൽ നിർത്തുകയും ദുർബലപ്പെടുത്തുകയും ചെയ്യുമെന്ന പ്രാഥമിക ദോഷത്തിനപ്പുറമുള്ള ചോദ്യങ്ങളാണിവ. ഇത്തരം ഭീഷണമായ സാധ്യതകൾ  തുറന്നിടുന്ന പെഗാസസ് പോലുള്ള സ്പൈ-വെയറുകൾ നിയന്ത്രിക്കേണ്ടതും നിരോധിക്കേണ്ടതും കാലഘട്ടത്തിന്റെ അനിവാര്യതയാണ് എന്ന് ഇത് നമ്മളെ ബോധ്യപ്പെടുത്തുന്നു. ആണവ നിരായുധീകരണത്തിന്റെയൊക്കെ മാതൃകയിൽ ഒരു അന്താരാഷ്ട്ര ചട്ടക്കൂടിൽ നിന്നുകൊണ്ട് നിർവീര്യമാക്കപ്പെടേണ്ടതാണ് പെഗാസസ്. ഇത്തരം ഉത്പന്നങ്ങൾ വാണിജ്യാടിസ്ഥാനത്തിൽ നിർമിക്കുന്നതും വിൽക്കുന്നതും ഉടനടി തടയേണ്ടതാണ്. രാജ്യവും ജനാധിപത്യവും സ്വതന്ത്ര സമൂഹവും നിലനിൽക്കണമെങ്കിൽ അതുകൂടിയേ തീരൂ. 

This article was published in TrueCopyThink on 20 July, 2021

രാമനെ പേടിക്കുന്ന യോഗിക്ക്, സുപ്രീം കോടതി കൂട്ടുനില്‍ക്കുന്നതെന്തിന്? എന്തായിരുന്നു ഹൈക്കോടതിയുടെ ‘നടപ്പിലാകാനാകാത്ത നിര്‍ദേശങ്ങള്‍’?

ഉത്തര്‍പ്രദേശിലെ ആരോഗ്യ സംവിധാനങ്ങളുടെ ദുരവസ്ഥ മനസ്സിലാക്കിയ അലഹാബാദ് ഹൈക്കോടതി ‘ഇനിയെല്ലാം രാമന്റെ’ കൈകളില്‍ ആണ് എന്ന് പറയുന്ന സാഹചര്യം ഉണ്ടായി. ഈ പരാമര്‍ശത്തില്‍ ചൊടിച്ച യോഗി ആദിത്യനാഥ് ഗവണ്‍മെന്റ് അന്നേദിവസം തന്നെ കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചു. ഇത്തരം പരാമര്‍ശങ്ങള്‍ പരിഭ്രാന്തി സൃഷ്ടിക്കുമെന്ന് പറഞ്ഞ സുപ്രീം കോടതി, ഹൈക്കോടതി വിധി സ്റ്റേ ചെയ്യാന്‍ കണ്ടെത്തിയ കാരണം ‘നടപ്പിലാക്കാനാകാത്ത നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കരുത്’ എന്നായിരുന്നു. ഈ പശ്ചാത്തലത്തില്‍ അലഹബാദ് ഹൈക്കോടതി വിധിയിലെ നിര്‍ദേശങ്ങള്‍ എന്തെല്ലാമാണെന്നും യോഗി ആദിത്യനാഥ് സര്‍ക്കാരിനൊപ്പം സുപ്രീം കോടതി നിന്നതിലെ അപാകതകളും ചൂണ്ടിക്കാണിക്കുകയാണ് ലേഖകന്‍.

ബാബറി മസ്ജിദ് തകര്‍ത്ത യു.പിയില്‍ മാത്രമല്ല, രാജ്യമെമ്പാടും ബി.ജെ.പിയുടെ പ്രധാനപ്പെട്ട വിജയമന്ത്രം രാമനാണ്. പ്രത്യേകിച്ച് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ സംബന്ധിച്ചിടത്തോളം രാമനാണ് പ്രധാന ആയുധം. എന്നാല്‍, ‘ഇനി എല്ലാം രാമന്റെ കൈകളിലാണ്’ എന്നു പറഞ്ഞതിന്റെ പേരില്‍ അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നു യോഗി ആദിത്യനാഥ്.

ബഹുമാനപ്പെട്ട നമ്മുടെ സുപ്രീം കോടതി, ആ വിധി സ്റ്റേ ചെയ്യുകയും വിധി കേവലം നിര്‍ദേശങ്ങളായി പരിഗണിച്ചാല്‍ മതിയാകും എന്ന് പറഞ്ഞിരിക്കുകയുമാണ്. മെയ് 17ാം തീയതിയിലെ, ഉത്തര്‍പ്രദേശ് സംസ്ഥാനത്തെ കൊവിഡ് നിവാരണ സംവിധാനങ്ങള്‍ സംബന്ധിച്ച, അലഹബാദ് ഹൈക്കോടതിയുടെ വിധിയാണ് കേന്ദ്ര സര്‍ക്കാരിന്റെയും യു.പി ഗവണ്‍മെന്റിന്റെയും ആവശ്യപ്രകാരം സുപ്രീം കോടതി സ്റ്റേ ചെയ്തിട്ടുള്ളത്.

സംസ്ഥാനത്തെ ആരോഗ്യ സംവിധാനങ്ങളുടെ ദുരവസ്ഥ മനസ്സിലാക്കിയ അലഹാബാദ് ഹൈക്കോടതി ‘ഇനിയെല്ലാം രാമന്റെ’ കൈകളില്‍ ആണ് എന്ന് പറയുന്ന സാഹചര്യം ഉണ്ടായി. കോടതിവിധിയിലെ ഈ പരാമര്‍ശമാണ് ആണ് യോഗി ആദിത്യനാഥ് ഗവണ്‍മെന്റിനെ ചൊടിപ്പിച്ചത്. അന്നേദിവസം തന്നെ കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.

കേന്ദ്ര ഗവണ്‍മെന്റ് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത, ഹൈക്കോടതി വിധി റദ്ദ് ചെയ്യുന്നതിനായി വാദിച്ചു. സുപ്രീം കോടതിയില്‍, ജസ്റ്റിസ് വിനീത് സരണ്‍, ജസ്റ്റിസ് വി.ആര്‍ ഗവായ് എന്നിവരടങ്ങുന്ന ബെഞ്ച് ഈ വാദങ്ങള്‍ മുഖവിലക്കെടുത്തുകൊണ്ട് അലഹാബാദ് ഹൈക്കോടതി വിധി സ്റ്റേ ചെയ്യുകയായിരുന്നു.

‘ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ പൊതുജനങ്ങള്‍ക്കിടയില്‍ പരിഭ്രാന്തി സൃഷ്ടിക്കുന്നതാണ്’ എന്ന നിരീക്ഷണവും സുപ്രീം കോടതി നടത്തുകയുണ്ടായി. ഹൈക്കോടതി വിധി സ്റ്റേ ചെയ്യാനുള്ള സുപ്രീം കോടതി കണ്ടെത്തിയ പ്രധാനപ്പെട്ട കാരണം ‘നടപ്പിലാക്കാനാകാത്ത നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കരുത്’ എന്ന പൊതു തത്വമാണ്. Courts should avoid orders that are impossible to be implemented. എന്നെഴുതിയിരിക്കുന്നു വിധിന്യായത്തില്‍.

ഹൈക്കോടതി വിധി

മീററ്റിലെ ഒരു ജില്ലാ ആശുപത്രിയില്‍ നിന്നും 64 കാരനായ കോവിഡ് രോഗി സന്തോഷ് കുമാര്‍ കാണാതായ സംഭവമാണ് അലഹബാദ് ഹൈക്കോടതിയുടെ മുന്നിലെത്തിയത്. ക്വാറന്റൈന്‍ കേന്ദ്രങ്ങളിലെ മനുഷ്യത്വഹീനമായ സാഹചര്യങ്ങളെ സംബന്ധിച്ചും കോവിഡ് പോസിറ്റീവ് ആയിട്ടുള്ള രോഗികള്‍ക്ക് നല്ല ചികിത്സ നല്‍കുന്നത് സംബന്ധിച്ചും ഹൈക്കോടതി സ്വമേധയാ എടുത്ത കേസിന്റെ ഭാഗമായിട്ടായിരുന്നു ഇത്.

ഏപ്രില്‍ 22ന് രാത്രി, സന്തോഷ് കുമാര്‍ ആശുപത്രിയിലെ ശുചിമുറിയില്‍ തലകറങ്ങി വീഴുകയായിരുന്നുവെന്നും, അന്ന് രാത്രി ഡ്യൂട്ടിയുണ്ടായിരുന്ന ഡോക്ടര്‍ ഹാജരായിരുന്നില്ലായെന്നും അന്വേഷണ കമ്മീഷന്‍ കണ്ടെത്തിയിരുന്നു. അയാളെ രക്ഷിക്കുവാനുള്ള ശ്രമം നടത്തിയെങ്കിലും പുലരുന്നതിന് മുന്‍പ് തന്നെ അയാള്‍ മരണത്തിന് കീഴ്‌പ്പെട്ടുവെന്നാണ് അന്ന് ആശുപത്രിയില്‍ ഉണ്ടായിരുന്ന ജൂനിയര്‍ റസിഡന്റ് പറയുന്നത്.

എന്നാല്‍ ഈ മരണമടഞ്ഞ വ്യക്തി ആരെന്ന് തിരിച്ചറിയാന്‍ ആശുപത്രി അധികൃതര്‍ക്ക് കഴിഞ്ഞില്ല. ഒടുവില്‍ അജ്ഞാതമൃതദേഹം എന്ന രീതിയിലാണ് കൈകാര്യം ചെയ്യപ്പെട്ടത്. ‘രോഗിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍മാര്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും പോലും ശരീരത്തെ തിരിച്ചറിയാന്‍ കഴിഞ്ഞില്ല എന്നത്, അതിശയിപ്പിക്കുന്ന കാര്യമാണ്.

മീററ്റ് പോലുള്ള ഒരു നഗരത്തിലെ പ്രധാനപ്പെട്ട ആശുപത്രിയില്‍ ഇതാണ് അവസ്ഥയെങ്കില്‍ ചെറിയ നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും കാര്യം ഹിന്ദിയിലെ പ്രസിദ്ധമായ ഒരു പ്രയോഗം പോലെ ‘എല്ലാം രാമന്റെ കൈകളിലാണ്’ എന്ന് മാത്രമേ പറയാന്‍ പറ്റൂ,’ എന്നായിരുന്നു ഹൈക്കോടതി പരാമര്‍ശം.

ഉത്തര്‍പ്രദേശിലെ പൊതു ആരോഗ്യമേഖലയുടെ ദയനീയാവസ്ഥയുടെ കൂടി പശ്ചാത്തലത്തിലാണ് ഹൈക്കോടതി ഇത്തരമൊരു പരാമര്‍ശം നടത്തിയത്. ഗവണ്‍മെന്റ് കണക്കുകളനുസരിച്ച് തന്നെ വളരെ പരിമിതമായ ചികിത്സാ സംവിധാനങ്ങള്‍ മാത്രമേ സംസ്ഥാനത്തുള്ളൂ.

ബിജ്‌നോര്‍ ജില്ല ഒരു ഉദാഹരണമായെടുക്കുകയാണ് ഹൈക്കോടതി. ജില്ലയില്‍ 2011ലെ കനേഷുമാരി അനുസരിച്ച് ഒമ്പതര ലക്ഷത്തോളം ജനസംഖ്യ ഉണ്ട്. അത് ഇപ്പോള്‍ 25 ശതമാനമെങ്കിലും വര്‍ദ്ധിച്ചിട്ടുണ്ടാകുമെന്ന് ഉറപ്പാണ്. ആകെ ഉള്ളത് 3 മൂന്ന് ഗവണ്‍മെന്റ് ആശുപത്രികളിലായി 150 ബെഡുകള്‍ മാത്രമാണ്.

ലവല്‍-3 ഹോസ്പിറ്റലുകള്‍ ഒന്നുപോലുമില്ല. ആകെയുള്ള ബൈപാപ് (BIPAP) മെഷീനുകളുടെ എണ്ണം അഞ്ചാണ്. ഹൈ ഫ്‌ളോ നേസല്‍ ക്യാനുല (high flow nasal cannula) രണ്ടെണ്ണം മാത്രം. ഗ്രാമപ്രദേശങ്ങളില്‍ 30 ലക്ഷം ആളുകള്‍ക്ക് പത്ത് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകള്‍ മാത്രമാണുള്ളത്. അതായത് 3,00,000 ആളുകള്‍ക്ക് ഒരു ഹെല്‍ത്ത് സെന്റര്‍. മൂന്നു ലക്ഷം പേര്‍ക്ക് വേണ്ടി ആകെ ഉള്ളത് 30 ബെഡ്ഡുകളും.

ആകെയുള്ള 300 ബെഡുകളിലായുള്ളത് കേവലം 17 ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകളും 250 ഓക്‌സിജന്‍ സിലിണ്ടറുകളാണ്. ഈ സൗകര്യങ്ങള്‍ ജനസംഖ്യയുടെ 0.01 ശതമാനത്തിനു പോലും പര്യാപ്തമല്ല. ഇതൊക്കെ കൊവിഡിന്റെ ഒന്നാം തരംഗ സമയത്ത് ഉണ്ടായിരുന്ന സൗകര്യങ്ങള്‍ തന്നെയാണ്. അതിനു ശേഷമുള്ള ഒരു വര്‍ഷത്തിനിടയില്‍ യാതൊരു മാറ്റവും സംഭവിച്ചിട്ടില്ല. ആവശ്യമായ മുന്‍കരുതലുകള്‍ എടുത്തിരുന്നുവെന്ന ഗവണ്‍മെന്റിന്റെ അവകാശവാദത്തിന് വിരുദ്ധമാണിത്.

നടപ്പിലാക്കാനാകാത്ത നിര്‍ദ്ദേശങ്ങള്‍?

നടപ്പിലാക്കാന്‍ കഴിയാത്തത് എന്നു പറഞ്ഞു കൊണ്ട് സുപ്രീം കോടതി സ്റ്റേ ചെയ്ത നിര്‍ദ്ദേശങ്ങള്‍ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം. അല്ലെങ്കില്‍ തന്നെ ഹൈക്കോടതിയുടെ ഉത്തരവ് വായിച്ചാല്‍ നമുക്ക് മനസ്സിലാകും, ഇത് നിര്‍ദേശ സ്വഭാവമുള്ള ഉത്തരവ് തന്നെയായിരുന്നുവെന്ന്. ഇത്തരം സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്ന കാര്യം ഗവണ്‍മെന്റ് പരിഗണിക്കണമെന്നാണ് ഹൈക്കോടതി പറഞ്ഞിട്ടുള്ളത്.

ഒരു നിര്‍ദ്ദേശം ടെസ്റ്റിംഗ് പരമാവധി വര്‍ദ്ധിപ്പിക്കുന്നതിനെ കുറിച്ചാണ്. ഈ വര്‍ഷം മാര്‍ച്ച് 31 മുതല്‍ മെയ് 12 വരെയുള്ള കാലയളവില്‍, ബിജ്‌നോര്‍ ജില്ലയില്‍, നഗരമേഖലയില്‍ 26245 ടെസ്റ്റ്, ഗ്രാമീണമേഖലയില്‍ 65495 ടെസ്റ്റ്, എന്നിങ്ങനെ മാത്രമാണ് നടത്തിയിട്ടുള്ളത്. ദിവസേന 1200 ടെസ്റ്റുകള്‍ മാത്രം.

അടുത്ത മൂന്നു മാസത്തിനുള്ളില്‍ 32 ലക്ഷം വരുന്ന ജനസംഖ്യയുടെ 30 ശതമാനം പേര്‍ക്കെങ്കിലും ടെസ്റ്റ് നടത്തണമെങ്കില്‍, ദിവസേന 10000 ടെസ്റ്റുകള്‍ എങ്കിലും നടത്തേണ്ടതുണ്ട്. ജില്ലാ മജിസ്‌ട്രേറ്റിന്റെ റിപ്പോര്‍ട്ട് പരിശോധിക്കുമ്പോള്‍, അതിനുള്ള നടപടികള്‍ സമീപഭാവിയില്‍ ഒന്നും സ്വീകരിക്കുന്ന ലക്ഷണമില്ല.

കൊവിഡിന്റെ മൂന്നാംതരംഗത്തെ നമ്മള്‍ വിളിച്ചു വരുത്തുകയാണ്. അത് അനുവദിക്കാനാവില്ല. അടിയന്തരമായി ആയി ടെസ്റ്റുകളുടെ എണ്ണം വര്‍ധിപ്പിക്കാനും, ചികിത്സ സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനുള്ള നടപടികള്‍ സ്വീകരിക്കണം (ഖണ്ഡിക 10). ഇവിടെയും നടപ്പിലാക്കാന്‍ ആകാത്ത എന്താണുള്ളത് എന്ന് മനസ്സിലാകുന്നില്ല.

മറ്റൊരു നിര്‍ദ്ദേശം, സന്തോഷ് കുമാറിന്റെ മരണവുമായി ബന്ധപ്പെട്ട് അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയ്ക്ക് പരിഹാരം ഉണ്ടാകണം എന്നുള്ളതാണ്. ഇതേക്കുറിച്ച് അന്വേഷിച്ച് കമ്മിറ്റിയുടെ റിപ്പോര്‍ട്ട് ലഭിച്ചിട്ടുള്ള സ്ഥിതിക്ക്, ഉത്തരവാദികളായവര്‍ക്കെതിരെ സംസ്ഥാന ഗവണ്‍മെന്റ് കര്‍ശനമായ നടപടികള്‍ സ്വീകരിക്കണം, അവര്‍ ഏത് ഉന്നതസ്ഥാനത്ത് ഇരിക്കുന്നവര്‍ ആണെങ്കിലും. മാത്രവുമല്ല സന്തോഷ് കുമാറിന്റെ കുടുംബത്തിന് നഷ്ടപരിഹാരം ലഭ്യമാക്കുകയും വേണം (ഖണ്ഡിക 11). ഇതില്‍ ഏത് കാര്യത്തോടാണ് ഗവണ്‍മെന്റിന് എതിര്‍പ്പ് പ്രകടിപ്പിക്കാനാവുക?

കൊവിഡിനെതിരെയുള്ള പ്രതിരോധ മരുന്നിന്റെ കാര്യത്തിലും നിര്‍ദേശങ്ങളാണ് ഹൈക്കോടതി നല്‍കിയിട്ടുള്ളത്. വാക്‌സിന്‍ ലഭ്യമാക്കുന്നതിന് ഗ്ലോബല്‍ ടെന്‍ഡര്‍ ആയിട്ടുണ്ട് എന്ന് ഗവണ്‍മെന്റ് കോടതിയില്‍ അറിയിച്ചിരുന്നു.

അതോടൊപ്പം, പണമില്ലാത്തവര്‍ക്ക് വാക്‌സിന്‍ ലഭിക്കുന്നതിനുവേണ്ടി പണം മുടക്കാന്‍ തയ്യാറാവുന്ന ആളുകള്‍ക്ക് നികുതിയിളവ് നല്‍കുന്ന കാര്യം ഗവണ്‍മെന്റ് പരിഗണിക്കണം. വിവിധ മത സംഘടനകള്‍ക്ക് സംഭാവനകള്‍ നല്‍കുന്നതിലൂടെ നികുതിയിളവുകള്‍ ലഭ്യമാകുന്ന വന്‍കിട ബിസിനസുകാര്‍, ഈ പണം വാക്‌സിന്‍ വാങ്ങുന്നതിനു വേണ്ടി സംഭാവന ചെയ്യാനും അങ്ങനെ അവര്‍ക്ക് നികുതിയിളവുകള്‍ ലഭ്യമാക്കാനുമുള്ള നടപടി ഗവണ്‍മെന്റ് സ്വീകരിക്കണം.

ആഗോളതലത്തില്‍, പല വാക്‌സിന്‍ നിര്‍മാതാക്കളും ബൗദ്ധികസ്വത്തവകാശം ഒഴിവാക്കിക്കൊണ്ട്, ലോകത്താകമാനം ഉല്‍പ്പാദനവും വിതരണവും വിപുലപ്പെടുത്താനുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നു. ഈ സാഹചര്യത്തില്‍, ഇന്ത്യയിലും വ്യാപകമായി വാക്‌സിന്‍ നിര്‍മ്മിക്കുന്നതിനുള്ള അനുമതിയും അതിനുവേണ്ടി സംവിധാനങ്ങള്‍ ഒരുക്കുന്നതിനുള്ള നിര്‍ദേശവും ഗവണ്‍മെന്റ് നല്‍കണം.

ഇന്ത്യയില്‍ വാക്‌സിന്‍ നിര്‍മ്മിക്കുന്ന കമ്പനികളില്‍ പലതും വിദേശ കമ്പനികളുടെ ഫോര്‍മുല സ്വീകരിച്ചുകൊണ്ട് മരുന്നുകള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കുകയാണ് ചെയ്യുന്നത്. ഈ സാഹചര്യത്തില്‍, ഒരു ‘ക്ഷേമരാഷ്ട്രം’ എന്ന നിലയില്‍ ഗവണ്‍മെന്റ് ഇടപെട്ടുകൊണ്ട് പൊതുമേഖലയില്‍ പ്രതിരോധമരുന്നുകള്‍ നിര്‍മിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാത്തതെന്താണ് എന്നു മനസ്സിലാകുന്നില്ല.

ഇതെല്ലാം നിര്‍ദേശങ്ങള്‍ മാത്രമാണ്. ഇവ പരിഗണിച്ചുകൊണ്ട് അടുത്തദിവസം വിശദമായ റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിക്കേണ്ടതാണ്. റിപ്പോര്‍ട്ട് തയ്യാറാക്കുമ്പോള്‍ ബ്യൂറോക്രാറ്റുകള്‍ മാത്രമല്ല, പുറത്തുനിന്നുള്ള വിദഗ്ധരെയും പരിഗണിച്ച്, അവരുടെ അഭിപ്രായങ്ങള്‍ കൂടി ചേര്‍ക്കേണ്ടതുണ്ട് (ഖണ്ഡിക 12, 13, 14, 15).

യഥാര്‍ത്ഥത്തില്‍ ഇത് കേന്ദ്ര ഗവണ്‍മെന്റിന്റെ ഒരു പ്രഖ്യാപിതനയം കൂടിയാണ്. ഉന്നത സിവില്‍ സര്‍വീസ് രംഗത്തേക്ക് വിവിധ മേഖലകളില്‍ നിന്നുള്ള ആളുകളെ സമാന്തരമായി ചേര്‍ത്തുകൊണ്ടുള്ള പരിഷ്‌കാരങ്ങള്‍ക്ക് തുടക്കമിട്ടത് നരേന്ദ്ര മോദി ഗവണ്‍മെന്റാണ്. ഈ നിര്‍ദ്ദേശത്തില്‍ ഇതില്‍ എന്ത് പ്രശ്‌നമാണ് ഗവണ്‍മെന്റ് കാണുന്നത്?

സംസ്ഥാനത്തെ ആരോഗ്യ സംവിധാനങ്ങളുടെ സ്ഥിതി പരിതാപകരമാണ് എന്ന കാര്യം കോടതി പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട്. സാധാരണ കാലഘട്ടത്തിലെ ജനങ്ങളുടെ ആവശ്യങ്ങള്‍ പോലും നിറവേറ്റാന്‍ കഴിയാത്ത ആരോഗ്യ സംവിധാനം, ഒരു മഹാമാരി കാലത്ത് എങ്ങനെയാണ് മതിയാവുക എന്ന് കോടതി ചോദിക്കുന്നു. തുടര്‍ന്ന്, സംസ്ഥാനത്തെ ആരോഗ്യ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള ചില നിര്‍ദ്ദേശങ്ങള്‍ ഗവണ്‍മെന്റിന്റെ പരിഗണനയ്ക്കായി നല്‍കുന്നു.

സംസ്ഥാനത്തെ എല്ലാ നഴ്‌സിംഗ് ഹോമുകളിലെയും എല്ലാ ബെഡുകളിലും ഓക്‌സിജന്‍ ലഭ്യമാക്കണം. ഇരുപതില്‍ കൂടുതല്‍ കിടക്കകളുള്ള ഉള്ള എല്ലാ ആശുപത്രികളിലും 40% ഐസിയു കിടക്കകള്‍ ഉണ്ടാവണം. അതില്‍ 50 % കിടക്കകള്‍ക്ക് ബൈപാപ് യന്ത്രങ്ങള്‍ ഉണ്ടായിരിക്കണം. അതിലെ 25% കിടക്കകളില്‍ ഹൈ ഫ്‌ളോ നേസല്‍ ക്യാനുല ഒരുക്കണം.

മുപ്പത് കിടക്കകളില്‍ കൂടുതല്‍ ഉള്ള എല്ലാ ആശുപത്രികള്‍ക്കും സ്വന്തമായി ഓക്‌സിജന്‍ പ്ലാന്റ് ഉണ്ടായിരിക്കണം. നിലവിലുള്ള മെഡിക്കല്‍ കോളേജുകള്‍ക്ക് വേണ്ടി അടിയന്തരമായി സ്ഥലം ഏറ്റെടുത്ത് വികസന പ്രവര്‍ത്തനങ്ങള്‍ നടത്തണം.

എല്ലാ ഗ്രാമങ്ങളിലും പാത്തോളജി സംവിധാനങ്ങള്‍ ഒരുക്കുകയും കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളില്‍ ലവല്‍-2 ചികിത്സാ സംവിധാനങ്ങള്‍ ഒരുക്കുകയും വേണം. അത്യാവശ്യഘട്ടങ്ങളില്‍ നഗരങ്ങളിലെ ആശുപത്രികളിലേക്ക് പോകുന്നതിനായി ആംബുലന്‍സ് സജ്ജീകരിക്കണം. (ഖണ്ഡിക 17)

ഏറ്റവും പ്രധാനപ്പെട്ട ഒരു നിര്‍ദേശം, മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഓരോ ഗ്രാമത്തിലും, ഒരു മാസത്തിനുള്ളില്‍, രണ്ട് ആംബുലന്‍സ് എങ്കിലും ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണം എന്നാണ്. ബി-ഗ്രേഡ് സി-ഗ്രേഡ് നഗരങ്ങളില്‍ 20 ആംബുലന്‍സുകളും ഗ്രാമങ്ങളില്‍ 2 ആംബുലന്‍സുകളും ഏര്‍പ്പെടുത്തണം (ഖണ്ഡിക 18).

ഇക്കാര്യം വെച്ചു താമസിപ്പിക്കാതെ അടുത്ത ഹിയറിങ് ദിവസത്തില്‍ തന്നെ വ്യക്തമായ ഒരു റിപ്പോര്‍ട്ട് ഗവണ്‍മെന്റ് സമര്‍പ്പിക്കേണ്ടതുണ്ട് എന്നും ഹൈക്കോടതി പറഞ്ഞു. ഈ നിര്‍ദ്ദേശങ്ങളില്‍, ഗവണ്‍മെന്റ് വിചാരിച്ചാല്‍ നടക്കില്ലാത്ത എന്ത് കാര്യമാണുള്ളത്? ഒരുമാസത്തിനുള്ളില്‍ കഴിയില്ലെങ്കില്‍ ആറുമാസം കൊണ്ടെങ്കിലും ഈ നിര്‍ദേശം നടപ്പിലാക്കാന്‍ ശ്രമിക്കുമെന്ന് ഗവണ്‍മെന്റിന് പറയാവുന്ന കാര്യമല്ലേ ഉള്ളൂ?

മാത്രമല്ല, ഈ ഉത്തരവില്‍ പറയുന്ന കാര്യങ്ങളെല്ലാം ഗവണ്‍മെന്റിന്റെ പരിഗണനയ്ക്കായി കോടതി മുന്നോട്ടുവയ്ക്കുന്ന നിര്‍ദ്ദേശങ്ങളാണ് താനും. എന്നിട്ടും ഉത്തര്‍പ്രദേശ് ഗവണ്‍മെന്റ് ഈ ഉത്തരവ് സ്റ്റേ ചെയ്യുന്നതിന് വേണ്ടി സുപ്രീം കോടതിയില്‍ ഇത്ര തിടുക്കപ്പെട്ടു ചെന്നത് ‘രാം ഭറോസെ’ എന്ന പരാമര്‍ശം കൊണ്ട് മാത്രമാണ്.

മീററ്റ് നഗരത്തിലെ പ്രധാനപ്പെട്ട ഒരു മെഡിക്കല്‍ കോളേജിലെ ചികിത്സയുടെ അവസ്ഥ ഇതാണെങ്കില്‍, നമ്മുടെ ഗ്രാമപ്രദേശങ്ങളിലെ ജനങ്ങളുടെ കാര്യം കാര്യം ‘രാമന്റെ കൈകളിലാണ്’ എന്ന പരാമര്‍ശം ജനങ്ങളില്‍ അനാവശ്യ ഭീതി സൃഷ്ടിക്കുമെന്നും, കൊവിഡ് പ്രതിരോധത്തിനായി രാപ്പകലില്ലാതെ പ്രവര്‍ത്തിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരെയും ഗവണ്‍മെന്റ് സംവിധാനത്തെയും അപമാനിക്കുന്നതാണ് ഇതെന്നുമായിരുന്നു സുപ്രീം കോടതിയില്‍ ഗവണ്‍മെന്റ് വാദിച്ചത്. എല്ലാം രാമന്റെ കൈകളില്‍ അല്ല, സര്‍ക്കാരിന്റെ കൈകളില്‍ ഭദ്രമാണ് എന്നായിരിക്കാം ഉദ്ദേശിച്ചത്.

ഈ വാദം സുപ്രീം കോടതി അംഗീകരിക്കുകയായിരുന്നു. പരാമര്‍ശം നീക്കം ചെയ്യുക മാത്രമല്ല, അലഹബാദ് ഹൈക്കോടതിയുടെ വിധി അപ്പാടെ സ്റ്റേ ചെയ്യുകയും ചെയ്തിരിക്കുന്നു പരമോന്നത നീതി പീഠം. അതിനു കാരണമായി പറഞ്ഞിരിക്കുന്നത് ‘നടപ്പിലാക്കാനാകാത്ത ഉത്തരവുകള്‍ പുറപ്പെടുവിക്കുന്നത് ശരിയല്ല’ എന്നാണ്. ഈ ഉത്തരവിന് നിര്‍ദ്ദേശക സ്വഭാവം മാത്രമാണ് ഉണ്ടാവുകയെന്നും സുപ്രീം കോടതി പ്രസ്താവിച്ചിരിക്കുന്നു

കൗതുകകരമായ കാര്യം അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവ്, അല്ലെങ്കില്‍തന്നെ നിര്‍ദേശക സ്വഭാവമുള്ളതായിരുന്നു എന്നതാണ്. ഉത്തരവില്‍ പ്രസ്താവിച്ചിട്ടുള്ള കാര്യങ്ങള്‍ പരിഗണിച്ച് വിശദമായ ഒരു റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മാത്രമാണ് കോടതി ആവശ്യപ്പെട്ടിരുന്നത്, അല്ലാതെ അത് ഉടന്‍ നടപ്പിലാക്കാനല്ല.

റിപ്പോര്‍ട്ട് സമര്‍പ്പിക്കുമ്പോള്‍, ഇതില്‍ ഏതൊക്കെ കാര്യങ്ങളാണ് ഉടന്‍ നടപ്പിലാക്കാന്‍ കഴിയുക, ഏതൊക്കെ കാര്യങ്ങളാണ് അടുത്ത ആറുമാസം കൊണ്ടോ അല്ലെങ്കില്‍ ഒരു വര്‍ഷം കൊണ്ടോ നടപ്പിലാക്കാന്‍ സാധിക്കുക, നടപ്പിലാക്കാനാവാത്ത കാര്യങ്ങള്‍ ഏതൊക്കെയാണ് എന്ന് വ്യക്തമാക്കാനുള്ള അവസരം ഗവണ്‍മെന്റിനുണ്ടായിരുന്നു.

‘രാം ഭറോസെ’ എന്ന ഒരൊറ്റ പരാമര്‍ശത്തില്‍ ചൊടിച്ചാണ് യോഗി ആദിത്യനാഥ് ഗവണ്‍മെന്റ് സുപ്രീം കോടതിയിലേക്കോടിയത് എന്ന് വളരെ വ്യക്തമാണ്. രാജ്യത്തെ പരമോന്നത നീതിപീഠം കേസിലെ വസ്തുതകള്‍ പരിശോധിക്കാതെ, വളരെ തിടുക്കപ്പെട്ട് അലഹബാദ് ഹൈക്കോടതിയുടെ വളരെ ക്രിയാത്മകമായ ഒരു ഉത്തരവിന് സ്റ്റേ നല്‍കിയത് ദൗര്‍ഭാഗ്യകരമായിപ്പോയി.

ഇതേ ബെഞ്ചു തന്നെ കഴിഞ്ഞ കുറേ ദിവസങ്ങളായി, കൊവിഡുമായി ബന്ധപ്പെട്ട്, രാജ്യത്തിന്റെ വിവിധ ഹൈക്കോടതികള്‍ പുറപ്പെടുവിച്ച ആറോളം ഉത്തരവുകള്‍ സ്റ്റേ ചെയ്തിട്ടുണ്ട് എന്ന കാര്യം കൂടി ശ്രദ്ധേയമാണ്. രാമനെ പേടിക്കുന്ന യോഗിക്ക്, കോടതി കൂട്ടുനില്‍ക്കുന്നതെന്തിനാണ്?

ഈ ലേഖനം 2021 മെയ് 26-ന് DoolNews -ൽ പ്രസിദ്ധീകരിച്ചതാണ്.

ശ്വാസം മുട്ടിക്കുന്ന കേന്ദ്രം, ശ്വാസം നല്‍കുന്ന സുപ്രീംകോടതി; കോവിഡുകാലത്തെ സുപ്രധാന ഇടപെടല്‍

കോവിഡിന്റെ രണ്ടം തരംഗം രാജ്യത്തെ ശ്വാസം മുട്ടിക്കുമ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഓടിയൊളിക്കുകയാണ്. അപ്രിയസത്യങ്ങള്‍ പൊതുസമൂഹത്തിനുമുന്നില്‍ വരാതിരിക്കാന്‍ ആശയപ്രകാശനവേദികളെ ഇല്ലായ്മ ചെയ്യുകയും അഭിപ്രായം പറയുന്നവരെ അടിച്ചമര്‍ത്തുകയും വസ്തുതകളും കണക്കുകളും മറച്ചുവെക്കുകയുമാണ്. ഈ സാഹചര്യത്തിലാണ് സുപ്രീംകോടതിയുടെ സ്വമേധയാ ഇടപെടല്‍. ഓക്‌സിജന്‍ വിതരണം, അഭിപ്രായ സ്വാതന്ത്ര്യം തുടങ്ങിയ വിഷയങ്ങളില്‍ വീണ്ടും കേസ് പരിഗണിക്കുന്ന മെയ് പത്തിന് തുടര്‍നടപടികളുണ്ടാകുമെന്ന് കരുതാം. 

ഹൈക്കോടതികളില്‍ നിന്ന് ഓക്‌സിജന്‍ ക്ഷാമവും കോവിഡ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് നിരവധി കേസുകളില്‍  കേന്ദ്ര സര്‍ക്കാര്‍ നിശിത വിമര്‍ശനം ഏറ്റുവാങ്ങിക്കൊണ്ടിരുന്ന സന്ദര്‍ഭത്തില്‍,  ചീഫ് ജസ്റ്റിസ് എസ്. എ. ബോബ്‌ഡേയുടെ നേതൃത്വത്തിലുള്ള  സുപ്രീംകോടതി ബഞ്ച് അതേ വിഷയത്തില്‍ സ്വമേധയാ കേസെടുക്കുകയും, ഹൈക്കോടതികളിലുള്ള കേസുകള്‍ സുപ്രീംകോടതിയിലേക്ക് മാറ്റേണ്ടി വരും എന്ന് സൂചിപ്പിക്കുകയും ചെയ്തത്  ആശങ്കക്ക് വഴിവച്ചിരുന്നു. വര്‍ഷങ്ങളായി സുപ്രീംകോടതിയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങളാണ് പലരെയും അങ്ങനെ ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്. 

എന്നാല്‍ കോടതിയില്‍  ജനാധിപത്യ സംവിധാനത്തിന് അനുഗുണമായ ചില മാറ്റങ്ങള്‍ വന്നു കൊണ്ടിരിക്കുകയാണ് എന്നതിന് ചില സൂചനകള്‍ ലഭിച്ചുതുടങ്ങിയിരിക്കുന്നു.  ‘മാസ്റ്റര്‍ ഓഫ് ദി റോസ്റ്റര്‍’ എന്ന നിലയ്ക്ക് തന്റെ പിന്‍ഗാമികളായ ദീപക് മിശ്രയും രഞ്ജന്‍ ഗോഗോയിയും ബോബ്‌ഡെയും സഞ്ചരിച്ച വഴികളില്‍ നിന്ന് മാറി സഞ്ചരിക്കുവാന്‍ പുതിയ ചീഫ് ജസ്റ്റിസ് വി. രമണ തയ്യാറാകുന്നുവെന്നാണ് നാം കാണുന്നത്. പാരമ്പര്യബലത്തില്‍ ന്യായാധിപസ്ഥാനത്തേക്ക് എത്തിച്ചേര്‍ന്ന വ്യക്തിയല്ല അദ്ദേഹം. കര്‍ഷക കുടുംബത്തില്‍ നിന്നാണ് വരുന്നത്. ന്യായാധിപസ്ഥാനത്ത് എത്തുന്നതിനു മുന്‍പ് കര്‍ഷകരുടെയും വ്യവസായ തൊഴിലാളികളുടെയും അവകാശ പോരാട്ടങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച ഭൂതകാലം കൂടിയുണ്ട് അദ്ദേഹത്തിന്. അതൊക്കെ സുപ്രീംകോടതിയില്‍ എന്തുതരം മാറ്റങ്ങളാണ് ഉണ്ടാക്കുക എന്നത് കാത്തിരുന്നു കാണേണ്ടതാണ്. എന്നാല്‍ തന്നെയും, ഈ വിഷയത്തില്‍ സുപ്രീംകോടതി ഇപ്പോള്‍ നടത്തിയ ഇടപെടലുകള്‍ ശുഭസൂചകമാണ് എന്നുകാണണം. 

ശക്​തമായ ചോദ്യങ്ങൾ

പതിവില്‍ നിന്ന് വ്യത്യസ്തമായി ജസ്റ്റിസ് ഡി. വൈ. ചന്ദ്രചൂഡ് നേതൃത്വം കൊടുക്കുന്ന ഒരു ബെഞ്ചിനെ ആണ് കോവിഡ് വിഷയം അദ്ദേഹം ഏല്‍പ്പിച്ചത്. ജസ്റ്റിസുമാരായ എല്‍. നാഗേശ്വര റാവു, എസ്. രവീന്ദ്ര ഭട്ട് എന്നിവര്‍കൂടി ചേര്‍ന്ന മൂന്നംഗ ബഞ്ച്,  ഏപ്രില്‍ 30-ന് നടന്ന വാദത്തിനിടെ, സമീപകാലത്തൊന്നും സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിനോട് ചോദിച്ചിട്ടില്ലാത്ത തരത്തിലുള്ള ശക്തമായ ചോദ്യങ്ങള്‍ ഉന്നയിച്ചു. അതിനുശേഷം മെയ് രണ്ടിന് പുറത്തുവന്ന ഇടക്കാല ഉത്തരവ് ജനാധിപത്യത്തില്‍ ഭരണഘടനാകോടതിയുടെ സ്ഥാനമെന്തെന്ന് കൃത്യമായി അടയാളപ്പെടുത്തുന്നതാണ്.

എക്‌സിക്യൂട്ടീവിന്റെ പണി ഏറ്റെടുക്കുകയല്ല, എക്‌സിക്യൂട്ടീവ് എന്തുചെയ്യുന്നു എന്നതിനെ വിലയിരുത്തുകയും ഭരണഘടനാ ധാര്‍മികതയുടെ വഴിയിലൂടെ അതിന് ദിശാബോധം നല്‍കുകയുമാണ് കോടതി. മെയ് പത്തിന് കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ കേന്ദ്രസര്‍ക്കാര്‍ നിലപാട് ഇക്കാര്യത്തില്‍ അറിയിക്കണം. 

ഏപ്രില്‍ 22-ന് ജസ്റ്റിസ് ബോബ്‌ഡെയുടെ നേതൃത്വത്തിലുള്ള ബെഞ്ച് രാജ്യത്ത് ഓക്‌സിജന്‍ വിതരണം,  അവശ്യമരുന്നുകളുടെ ലഭ്യത, പ്രതിരോധകുത്തിവയ്പ്പിനുള്ള മാനദണ്ഡങ്ങള്‍, ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നത് സംബന്ധിച്ച തീരുമാനം, എന്നിങ്ങനെ നാല് വിഷയങ്ങളെ പറ്റിയാണ് കേന്ദ്ര ഗവണ്‍മെന്റിനോട് അഭിപ്രായം ആരാഞ്ഞത്.

ഏപ്രില്‍ മൂന്നിന് കേന്ദ്ര ഗവണ്‍മെന്റിനോട് ഇക്കാര്യങ്ങളെ സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടു: കോവിഡ് പ്രതിരോധത്തിന് കേന്ദ്ര ഗവണ്‍മെന്റ് ഇതുവരെ സ്വീകരിച്ച നടപടി, ഓക്‌സിജന്‍ വിതരണം സുഗമമാക്കാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചത്? ഇപ്പോഴത്തേക്കും സമീപഭാവിയിലേക്കും ആവശ്യമായ ഓക്‌സിജന്റെ അളവ് എത്ര്? ഓക്‌സിജന്‍ വിതരണം നിരീക്ഷിക്കുവാനുള്ള സംവിധാനം? ഓക്‌സിജന്‍ വിഹിതം നിശ്ചയിക്കുന്നതിന്റെ മാനദണ്ഡം? ഓരോ സംസ്ഥാനങ്ങളുടെയും ആവശ്യങ്ങള്‍ യഥാസമയം അറിയുവാന്‍ സ്വീകരിച്ച നടപടി? രാജ്യത്തെ ചികിത്സാ സംവിധാനം മെച്ചപ്പെടുത്താന്‍ എന്തൊക്കെയാണ് നാളിതുവരെ ചെയ്തത്? ആശുപത്രി പ്രവേശനത്തിന് ദേശീയ നയമുണ്ടോ? വാക്സിനേഷന്‍ നയമെന്താണ്? വാക്‌സിന്റെ വിലയും വാക്‌സിനേഷനുള്ള സമയക്രമവും എങ്ങനെയായിരിക്കും? 

ഏപ്രില്‍ 29ന് കേന്ദ്രം സത്യവാങ്മൂലം സമര്‍പ്പിച്ചു. ഏപ്രില്‍ 30ന് നടന്ന വാദത്തിനുശേഷമാണ് ഇടക്കാല ഉത്തരവ് വന്നത്. ഒരു മഹാമാരിയുടെ പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാരിനുള്ള ഭരണഘടനാപരമായ ഉത്തരവാദിത്തങ്ങള്‍ അക്കമിട്ടു നിരത്തുന്നുണ്ട് ഉത്തരവില്‍. 

നിശ്ചയമായും, 2005-ലെ ദുരന്ത നിവാരണ നിയമത്തിന്റെ വകുപ്പ് 2 (ഡി) ക്കുകീഴില്‍ വരുന്നതാണ് കോവിഡ് മഹാമാരി. പ്രസ്തുത നിയമത്തിന്റെ വകുപ്പ് 3 അനുസരിച്ച് പ്രധാനമന്ത്രി അധ്യക്ഷനായി ദേശീയ ദുരന്തനിവാരണ അതോറിറ്റി പ്രവര്‍ത്തിക്കുന്നുണ്ട്.  വകുപ്പ് 2 (എന്‍) പ്രകാരം ദേശീയ ദുരന്ത നിവാരണനയത്തിന് രൂപം നല്‍കണം. അതുപ്രകാരമുള്ള പദ്ധതികളുടെ നിരന്തരമായ സംഘാടനം, ഏകോപനം, നടപ്പാക്കല്‍ തുടങ്ങിയ ഉത്തരവാദിത്തങ്ങള്‍  സെക്ഷന്‍ 2 (ഇ)-യില്‍ പറയുംവിധം ഗവണ്മെന്റിനുണ്ട്.

2019 നവംബറില്‍ ദേശീയ ദുരന്തനിവാരണ നയം വിജ്ഞാപനം  ചെയ്തിരുന്നു. സെക്ഷന്‍ 11(4)-ലുള്ളതുപോലെ അത് കാലാനുസൃതമായി പരിഷ്‌കരിക്കേണ്ടതുണ്ട്. നിയമത്തിലെ 12, 35, 36 വകുപ്പുകളില്‍ കേന്ദ്ര ഗവണ്മെന്റിന്റെ കടമകള്‍ എടുത്തുപറയുന്നുണ്ട്. സംസ്ഥാന ഗവണ്മെന്റുകളുമായി സഹകരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചുള്ളതാണ് സെക്ഷന്‍ 35.

ദുരന്തനിവാരണ പദ്ധതിയുടെ രൂപീകരണം, തയ്യാറെടുപ്പ്, പ്രതികരണ പദ്ധതികള്‍, വിവരശേഖരണം, ശേഷി വര്‍ദ്ധിപ്പിക്കല്‍, പുനരധിവാസം, തുടങ്ങിയ മേഖലകളിലെല്ലാം കേന്ദ്ര സര്‍ക്കാരിനുള്ള ഉത്തരവാദിത്തം തുടങ്ങിയ കാര്യങ്ങള്‍ സെക്ഷന്‍ 36-ല്‍ വിശദീകരിക്കുന്നു. 35(ജി) അനുസരിച്ച് സംസ്ഥാനങ്ങള്‍ക്കുള്ള വിഭവവിതരണം ഉറപ്പു വരുത്തേണ്ടതും കേന്ദ്ര ഗവണ്മെന്റിന്റെ കടമയാണ്.

ഇതനുസരിച്ച് 2020 സെപ്തംബര്‍ 11-ന് ഓക്‌സിജന്‍, വൈദ്യോപകരണ വിതരണത്തിന്​ വിദഗ്ദ്ധ സമിതിയ്ക്ക് രൂപം നല്‍കിയിട്ടുമുണ്ട് സര്‍ക്കാര്‍. അതുപോലെ തന്നെ വാക്‌സിന്‍ വിതരണത്തിനുള്ള എക്‌സ്‌പെര്‍ട്ട് കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്. അതിനൊരു ദേശീയ നയവും ഉണ്ടാകേണ്ടതുണ്ട്. അതു സംബന്ധിച്ച സുപ്രധാനമായ ചോദ്യങ്ങള്‍ സുപ്രീംകോടതി ഉയര്‍ത്തിയിരിക്കുന്നു. ഇതൊക്കെ ചെയ്യുമ്പോഴും, ഗവണ്മെന്റിന്റെ ജോലി ഏറ്റെടുക്കാന്‍ ഉദ്ദേശ്യമില്ല എന്നും കോവിഡ് പ്രതിരോധത്തില്‍ സഹായകമായ രീതിയില്‍ നിര്‍ദേശങ്ങള്‍ വയ്ക്കുക മാത്രമാണ് ചെയ്യുകയെന്നും അവസാന തീരുമാനമെടുക്കേണ്ടത് ഗവണ്മെൻറ്​ ആണെന്നും വ്യക്തമാക്കുന്നുണ്ട് കോടതി.

വാക്‌സിന്‍ നയം: വാക്സിന്‍ വിതരണത്തിന് കോവിന്‍ പോര്‍ട്ടല്‍ വഴി രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കിയ സാഹചര്യത്തില്‍ ഇന്റര്‍നെറ്റും മറ്റു സംവിധാനങ്ങളും പ്രാപ്യമല്ലാത്ത, നിരക്ഷരരായ, അവശ വിഭാഗങ്ങള്‍ ഒഴിവാക്കപ്പെടുന്നില്ല എന്നുറപ്പു വരുത്താന്‍ എന്തു മുന്‍കരുതലാണ് ഗവണ്മെൻറ്​ സ്വീകരിച്ചിട്ടുള്ളത്? 
45 വയസിനുമുകളിലുള്ളവര്‍ക്ക് സൗജന്യ വാക്സിന്‍ എന്നുപറയുമ്പോഴും അവര്‍ക്ക് വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ ചെന്ന് വാക്‌സിന്‍ എടുക്കാന്‍ സംവിധാനം ഒരുക്കിയിട്ടുണ്ടോ? 

കോവിഡ് ഒന്നാം തരംഗത്തില്‍, മുന്നണിപ്പോരാളികളായി നമ്മള്‍ കണക്കാക്കിയിട്ടില്ലാത്ത ശുചീകരണ തൊഴിലാളികള്‍,  ശ്മശാന ജീവനക്കാര്‍ എന്നിവര്‍ക്ക് പ്രതിരോധമരുന്ന് ലഭ്യമാക്കാന്‍ പദ്ധതി ഉണ്ടോ?
മുഴുവന്‍ വാക്‌സിനും കേന്ദ്ര സര്‍ക്കാര്‍ തന്നെ വാങ്ങുന്ന സംവിധാനം ഉണ്ടാകുമോ? അതിനുവേണ്ടി നയം മാറ്റുമോ?
വരുന്ന ആറുമാസത്തേക്കുള്ള വാക്‌സിന്‍ സ്റ്റോക്ക്, ആറുമാസം കൊണ്ട്  ലക്ഷ്യംവയ്ക്കുന്ന ആളുകളുടെ എണ്ണം, തുടര്‍ വാക്‌സിനേഷന് ഉള്ള സമയക്രമം എന്നിവ നിശ്ചയിച്ചിട്ടുണ്ടോ?

വാക്‌സിന്‍ വില: എന്തുകൊണ്ടാണ് ഒരേ വാക്‌സിനു തന്നെ പല വില നിശ്ചയിക്കാന്‍ അനുവദിക്കുന്ന തരത്തിലുള്ള നയം രൂപീകരിച്ചത്? ഗവണ്‍മെന്റ് സത്യവാങ്മൂലത്തില്‍ പറയുന്നത് വാക്‌സിന്‍ ഉത്പാദകര്‍ക്ക് കൂടുതല്‍ വാക്‌സിന്‍ ഉത്പാദിപ്പിക്കാനുള്ള പ്രചോദനമാകാനും മാര്‍ക്കറ്റില്‍ കൂടുതല്‍ മത്സരം ഉറപ്പു വരുത്താനും വേണ്ടിയാണ് ഈ നയം എന്നാണ്. 
മനുഷ്യര്‍ക്ക് വാക്‌സിന്‍ നല്‍കുന്നത് വിലപ്പെട്ട  പൊതുനന്മയാണ്. 18- 45 പ്രായമുള്ളവരിലും അവശ വിഭാഗങ്ങളുണ്ട്. അവര്‍ ഗവണ്‍മെന്റിന്റെ നയസമീപനങ്ങളുടെ ദയാദാക്ഷിണ്യത്തിലാണ് ജീവിക്കുന്നതെന്ന് വരുന്ന സാഹചര്യം ഉണ്ടാകും. ഇത്  രാജ്യം മുഴുവന്‍  പ്രതിരോധമരുന്ന് വിതരണത്തില്‍ വന്‍ അസമത്വം സൃഷ്ടിക്കും. 

സാധാരണഗതിയില്‍, കേന്ദ്രീകൃതമായി വാക്‌സിന്‍ വാങ്ങി സംസ്ഥാനങ്ങള്‍ക്ക് നീതിപൂര്‍വ്വമായ രീതിയില്‍ വിതരണം ചെയ്യുക എന്നതാണ് യുക്തിപരമായ നടപടി. ഭരണഘടനയുടെ അനുച്ഛേദം 21-ന് കീഴില്‍ ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗമാണ് ആരോഗ്യ സംരക്ഷണത്തിനുള്ള അവകാശവും. ഗവണ്‍മെന്റിന്റെ വാക്‌സിന്‍ നയം പ്രഥമദൃഷ്ട്യാ അതിനു വിരുദ്ധമാണ് എന്ന് തോന്നുന്നു. സമത്വം ഉറപ്പുനല്‍കുന്ന ഭരണഘടനയുടെ അനു:ഛേദം പതിനാലിനും അനു:ഛേദം 21-നും  അനുപൂരകമായ തരത്തില്‍ ഗവണ്‍മെന്റ് പുനക്രമീകരിക്കാന്‍ തയ്യാറാണോ?

ഇപ്പോഴത്തെ നയത്തിനുപകരം മറ്റേതെങ്കിലും മാര്‍ഗം ആലോചിച്ചിരുന്നോ?
ആലോചിച്ചിരുന്നുവെങ്കില്‍ ഈ നയത്തിന് മുന്‍പ് എന്തായിരുന്നു പദ്ധതി?
വികേന്ദ്രീകൃതമായി വാക്‌സിന്‍ വാങ്ങുന്നതും, വാക്‌സിന് പല വില നിശ്ചയിക്കുന്നതുമാണ് കൂടുതല്‍ ഉല്‍പാദനത്തിന് പ്രചോദനമാകുകയും, മാര്‍ക്കറ്റില്‍ മത്സരത്തിന് സഹായകമാവുകയും ചെയ്യുക എന്നു ഗവണ്‍മെന്റിന്റെ സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്. ഇത് ഏതെങ്കിലും പഠനത്തിന്റെയോ കണക്കുകളുടെയോ അടിസ്ഥാനത്തില്‍ ആണോ?
ഭാരത് ബയോടെക്കിനും സീറം ഇന്‍സ്റ്റിറ്റ്യൂട്ടിനും യഥാക്രമം 1500 കോടിയും 3000 കോടി രൂപയും നല്‍കിയതിനു പുറമേ മറ്റെന്തെങ്കിലും സഹായങ്ങള്‍ ഗവണ്‍മെന്റ് വാക്‌സിന് നല്‍കിയിരുന്നോ?

ഈ സഹായങ്ങളും അടിസ്ഥാനസൗകര്യ വികസനത്തിന് വേണ്ടിയുള്ള തുകയുമെല്ലാം ചേര്‍ത്താണ് കേന്ദ്ര ഗവണ്‍മെന്റ് കുറഞ്ഞവിലയ്ക്ക് വാക്‌സിന്‍ നല്‍കുന്നതെങ്കില്‍, അതേ ആനുകൂല്യം സംസ്ഥാന ഗവണ്‍മെന്റുകള്‍ക്ക് നല്‍കാത്തത് എന്തുകൊണ്ടാണ്?
വാക്‌സിന്‍ ഗവേഷണത്തിനും ഉത്പാദനത്തിനും നിലവിലുള്ള വാക്‌സിനുകള്‍ക്കോ, ഇനി വരാന്‍ ഉള്ള മരുന്നുകള്‍ക്കോ വേണ്ടി എത്ര രൂപ ഗവണ്‍മെന്റ് ചെലവഴിച്ചിട്ടുണ്ട്?

അവശ്യ മരുന്നുകള്‍: റംഡസിവിര്‍ പോലുള്ള അവശ്യ മരുന്നുകളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിന് എന്ത് നടപടികളാണ് ഗവണ്‍മെന്റ് സ്വീകരിച്ചിട്ടുള്ളത്?
1970 ലെ പേറ്റന്റ് നിയമത്തിലെ വകുപ്പ് 92 അനുസരിച്ച് ദേശീയ അടിയന്തരാവസ്ഥയിലോ മറ്റ് അവശ്യഘട്ടങ്ങളിലോ നിര്‍ബന്ധിത ലൈസന്‍സിങ് ഏര്‍പ്പെടുത്താവുന്നതാണ്. ഏതെങ്കിലും മരുന്ന് നിര്‍മ്മാതാക്കള്‍ സമീപിച്ചാല്‍, ന്യായമായ  ഒരു റോയല്‍റ്റി  നിശ്ചയിച്ചുകൊണ്ട് പേറ്റന്റ് കണ്‍ട്രോളര്‍ക്ക് പേറ്റന്റ് അനുവദിക്കാവുന്നതാണ്. നിയമത്തിന്റെ വകുപ്പ് 100 അനുസരിച്ച് ഗവണ്‍മെന്റുകള്‍ക്ക് പൊതു ആവശ്യത്തിനായി കമ്പനികള്‍ക്ക് പേറ്റന്റ് നേരിട്ട് അനുവദിക്കാവുന്നതാണ്. അല്ലെങ്കില്‍ സെക്ഷന്‍ 102 അനുസരിച്ച് കേന്ദ്ര ഗവണ്‍മെന്റിന്  പേറ്റന്റ് ഏറ്റെടുക്കാവുന്നതോ, സെക്ഷന്‍ 66 അനുസരിച്ച് പേറ്റന്റ് റദ്ദ് ചെയ്യുകയോ ചെയ്യാവുന്നതാണ്. അതിനുള്ള നടപടികള്‍ സ്വീകരിക്കുമോ?

ബൗദ്ധിക സ്വത്തവകാശ ഉടമ്പടിയുടെ അനുഛേദം 7, 8, 30 ഒക്കെയനുസരിച്ച് ബൗദ്ധികസ്വത്തവകാശം സാമൂഹിക സാമ്പത്തിക ക്ഷേമത്തിനുവേണ്ടി ആണ് ഉപയോഗിക്കേണ്ടത്. ട്രിപ്‌സ് ഉടമ്പടിയുടെ അനുഛേദം 8 അനുസരിച്ച് പൊതു ആരോഗ്യം സംരക്ഷിക്കുന്നതിനും, പോഷകാഹാരക്കുറവ്  പരിഹരിക്കുന്നതിനും, ബൗദ്ധിക സ്വത്തവകാശ ദുരുപയോഗം തടയുന്നതിനും, ദേശീയ അടിയന്തരാവസ്ഥയിലും  അതീവ അടിയന്തരഘട്ടങ്ങളിലും നിര്‍ബന്ധിത ലൈസന്‍സിംഗ് ഏര്‍പെടുത്താവുന്നതാണ്. പൊതുജന ആരോഗ്യസംരക്ഷണത്തിനും, ചികിത്സാ സൗകര്യങ്ങള്‍ സാര്‍വത്രികമായി ലഭ്യമാകുന്നു എന്ന് ഉറപ്പു വരുത്തുന്നതിനും ഉപയുക്തമായ രീതിയില്‍ വേണം ട്രിപ്‌സ് ഉടമ്പടിയെ വ്യാഖ്യാനിക്കേണ്ടത് എന്ന് ദോഹ പ്രഖ്യാപനത്തില്‍ പറയുന്നുണ്ട്. ഈ അധികാരം ഉപയോഗിക്കണമോയെന്ന് കേന്ദ്രസര്‍ക്കാര്‍ തീരുമാനിക്കണം.

അവശ്യ മരുന്നുകള്‍  എല്ലാവര്‍ക്കും ലഭ്യമാകുന്നുണ്ട് എന്ന്  ഗവണ്‍മെൻറ്​ ഉറപ്പുവരുത്തണം. ന്യായമായ വിലയ്ക്ക് മരുന്നുകളുടെ ലഭ്യത ഉറപ്പുവരുത്താന്‍ 2013ലെ പ്രൈസ് കണ്‍ട്രോള്‍ ഉത്തരവിന്റെ ഖണ്ഡിക19, 20 എന്നിവ നല്‍കുന്ന അധികാരം ഉപയോഗപ്പെടുത്തണമോയെന്ന് ഗവണ്‍മെന്റ് തീരുമാനിക്കണം. ന്യായമായ വില ഉറപ്പുവരുത്തുന്നതിന് മരുന്ന് ഇറക്കുമതി ചെയ്യുന്നതിനോ, പേറ്റന്റ് ആക്റ്റിലെ അധികാരങ്ങള്‍ ഉപയോഗപ്പെടുത്തുന്നതിനോ, കരിഞ്ചന്ത തടയുന്നതിനോ ഉള്ള സാധ്യതകള്‍ ഗവണ്‍മെന്റ് പരിശോധിക്കണം

സമൂഹ മാധ്യമ നിയന്ത്രണം: രാജ്യം അതി ഗുരുതര പ്രതിസന്ധി അഭിമുഖീകരിക്കുന്ന കാലഘട്ടത്തില്‍, അവശ്യമരുന്നുകള്‍ക്ക് ഓക്‌സിജനും എല്ലാം ക്ഷാമം അനുഭവപ്പെടുന്ന സമയത്ത്, ആളുകള്‍ സാമൂഹ്യമാധ്യമങ്ങളില്‍, സഹായത്തിനും പരിതാപകരമായ അവസ്ഥയെ സൂചിപ്പിക്കാനും സന്ദേശങ്ങള്‍ പങ്കുവയ്ക്കുന്നത് തടയാനാകില്ല. ദേശത്തിന്റെ പ്രതിച്ഛായ നഷ്ടപ്പെടുത്തുന്നു എന്ന പേരില്‍ പൗരരെ വേട്ടയാടാന്‍ കഴിയില്ല. 2017 ലെ, സുപ്രീംകോടതിയുടെ സ്വകാര്യതാ വിധിയില്‍ പ്രത്യേകം പ്രസ്താവിച്ചിട്ടുള്ളത് പോലെ ദുരിത കാലത്ത് വിവരങ്ങള്‍ പങ്കുവെക്കേണ്ടത് വളരെ അത്യാവശ്യമാണ്. ചരിത്രം നമ്മളോട് പറയുന്നത്  ദുരിതങ്ങള്‍ ജീവന്‍ എടുക്കുന്നത് ഭരണാധികാരികളുടെയോ ഭരണ വര്‍ഗത്തിന്റെയോ അല്ല, മറിച്ച് സാധാരണ മനുഷ്യരുടെയാണെന്നാണ്. ആ മനുഷ്യരുടെ ശബ്ദം ഉയര്‍ന്നു കേള്‍ക്കേണ്ടതുണ്ട്.
ഇത്തരം ശബ്ദങ്ങളെ നിയന്ത്രിക്കാന്‍ പാടില്ല എന്ന് പറയുന്നതിന് മറ്റൊരു കാരണം, അത് സമൂഹത്തിന്റെ  പൊതുസ്മരണകളെ അടയാളപ്പെടുത്തുന്നു എന്നുള്ളതാണ്. അങ്ങനെ മാത്രമാണ് ഇന്നത്തെ തലമുറയുടെ അറിവുകളും അനുഭവങ്ങളും അടുത്ത തലമുറയ്ക്ക് കൈമാറ്റം ചെയ്യപ്പെടുന്നത്. അല്ലെങ്കില്‍  അത് നടക്കാതെ പോകും. ഉദാഹരണത്തിന് ഇന്നത്തേതിനു സമാനമായ അടിയന്തര സാമൂഹ്യസാഹചര്യം സ്പാനിഷ് ഫ്‌ലൂവിന്റെ കാലത്ത് ഉണ്ടായിരുന്നുവെങ്കിലും അതിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പോലും സമൂഹത്തില്‍ ഇന്ന് ശേഷിക്കുന്നില്ല. 

സന്ദേശങ്ങള്‍ പങ്കുവയ്ക്കുന്നതിന്റെ പേരില്‍ നിയമനടപടി സ്വീകരിച്ചാല്‍ അത് ഗൗരവതരമായി പരിഗണിച്ച്, ഈ കോടതിയുടെ അധികാരങ്ങള്‍ പ്രയോഗിക്കുന്നതാണ് എന്ന കാര്യം എല്ലാ സംസ്ഥാന ഡി.ജി.പി.-മാരെയും ചീഫ് സെക്രട്ടറിമാരെയും കേന്ദ്രസര്‍ക്കാര്‍ അറിയിക്കണം എന്ന് ഉത്തരവിലുണ്ട്. ഈ ഉത്തരവിന്റെ പകര്‍പ്പ് എല്ലാ ജില്ലാ മജിസ്‌ട്രേറ്റുമാര്‍ക്കും ലഭ്യമാക്കാന്‍ രജിസ്ട്രാര്‍ക്കും കോടതി നിര്‍ദ്ദേശം നല്‍കി.

ആരോഗ്യപ്രവര്‍ത്തകര്‍: കേവലം ‘കൊറോണ യോദ്ധാക്കളാ’യല്ല, കാലഘട്ടത്തിന് ഏറ്റവും അനുഗുണമായ രീതികളും ശാസ്ത്രീയസമീപനങ്ങളും ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന പ്രൊഫഷണലുകളായാണ് ആരോഗ്യപ്രവര്‍ത്തകരെ കാണേണ്ടത്. അവര്‍ക്കു വേണ്ട എല്ലാ സൗകര്യങ്ങളും സുരക്ഷയും ഒരുക്കുന്നതിലാണ് കാര്യം. ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കായി ഒരുക്കിയിരുന്ന 50 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് 2021 മാര്‍ച്ച് മാസത്തില്‍ അവസാനിച്ചു. ഇനിയുമത് തുടരുവാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ഗവണ്‍മെന്റ് പറയുന്നത് നല്ല കാര്യം. ഇതുവരെ 287 ക്‌ളയിമുകള്‍ പരിഹരിച്ചിട്ടുണ്ട് എന്നാണ് പറയുന്നത്; ഇനി എത്ര ക്‌ളയിമുകള്‍ പരിഹരിക്കാതെ അവശേഷിക്കുന്നുണ്ട്  തുടങ്ങിയ കാര്യങ്ങള്‍ കോടതിയെ അറിയിക്കണം. 

ആരോഗ്യപ്രവര്‍ത്തകരില്‍ നല്ലൊരു വിഭാഗം മതിയായ സുരക്ഷാ ക്രമീകരണങ്ങള്‍ പോലുമില്ലാതെയാണ് ജോലിചെയ്യുന്നത്. അവരുടെ ജോലിസാഹചര്യങ്ങള്‍ മെച്ചപ്പെടുത്തണം. അവരുടെ കുടുംബാംഗങ്ങളുടെ സുരക്ഷ ഉറപ്പു വരുത്തണം. അവരുടെ ഭക്ഷണം, വിശ്രമം, ആവശ്യമായ ഇടവേളകള്‍,  ഗതാഗതസൗകര്യങ്ങള്‍, ശമ്പളം, മറ്റ് അലവന്‍സുകള്‍, രോഗബാധ ഉണ്ടാകാതിരിക്കാനുള്ള ക്രമീകരണങ്ങള്‍, പ്രത്യേക ആരോഗ്യ സുരക്ഷാ പദ്ധതികള്‍, എന്നിവയെല്ലാം ഉറപ്പു വരുത്താന്‍ കഴിയണം. ആരോഗ്യപ്രവര്‍ത്തകര്‍ എന്നതുകൊണ്ട് കോടതി ഉദ്ദേശിക്കുന്നത് ഡോക്ടര്‍മാരും നഴ്‌സുമാരും ലബോറട്ടറി ജീവനക്കാരും ശുചീകരണ തൊഴിലാളികളും ശ്മശാനങ്ങളിലെ ജീവനക്കാരും എല്ലാം ഉള്‍പ്പെടുന്ന വിഭാഗത്തെയാണ് എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്.

ലോക്ക്ഡൗണ്‍: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഇതുവരെ ഗവണ്‍മെന്റ് സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണ് എന്ന് വിശദീകരിക്കണം. മാരകമായ കോവിഡിന്റെ രണ്ടാം തരംഗത്തെ പ്രതിരോധിക്കുന്നതിന് ലോക്ഡൗണ്‍ അനിവാര്യമാണോ എന്ന കാര്യം ഗവണ്‍മെന്റ് പരിശോധിക്കേണ്ടതുണ്ട്. എന്നാല്‍ ലോക്ഡൗണ്‍ സാധാരണജനങ്ങള്‍ക്ക്, പ്രത്യേകിച്ചും അവശ വിഭാഗങ്ങള്‍ക്ക്, വലിയ ദുരിതമായി മാറാനും മതി. ഇത് പരിഗണിച്ച് ഇത്തരത്തിലുള്ള വിഭാഗങ്ങള്‍ക്ക് പ്രത്യേക ആനുകൂല്യങ്ങള്‍ ഏര്‍പ്പെടുത്തുകയും അവരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുകയും ചെയ്തിട്ടുവേണം ലോക്ക്ഡൗണിനെക്കുറിച്ച് ആലോചിക്കുവാന്‍.

അങ്ങനെ,  രാജ്യം ഒരു ദുരിത കാലത്തെ അഭിമുഖീകരിക്കുമ്പോള്‍, ഒരു ഭരണകൂടം എന്തൊക്കെ കാര്യങ്ങള്‍ ആണോ  മുന്‍കൂട്ടി ആലോചിച്ച്  പദ്ധതിയിടേണ്ടിയിരുന്നത് എന്നത് സംബന്ധിച്ച വളരെ വിശാലമായ   കാഴ്ചപ്പാടോടുകൂടി  സുപ്രധാനമായ ചില ചോദ്യങ്ങള്‍ ഉന്നയിക്കുകയാണ് സുപ്രീംകോടതി. ഇത് ചരിത്രത്തില്‍, ഈ  ദുരിത കാലത്ത്, ഭരണഘടനാകോടതികള്‍ എങ്ങനെയാണ് ഇടപെടേണ്ടത് എന്നതിന്റെ അടയാളപ്പെടുത്തല്‍ കൂടി ആകുന്നുണ്ട്. ഗവണ്‍മെന്റാകട്ടെ ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഓടിയൊളിക്കുന്നതും, അപ്രിയസത്യങ്ങള്‍ പൊതുസമൂഹത്തിന് മുന്നില്‍ വരാതിരിക്കാന്‍ ആശയപ്രകാശനവേദികളെ ഇല്ലായ്മ ചെയ്യുന്നതും, അഭിപ്രായം പറയുന്നവരെ അടിച്ചമര്‍ത്തുന്നതും, വസ്തുതകളും കണക്കുകളും മറച്ചു വയ്ക്കുന്നതുമായ കാഴ്ചയാണ് കണ്ടുകൊണ്ടിരിക്കുന്നത്. 

അത്തരമൊരു സാഹചര്യത്തില്‍ സ്വമേധയാ ഈ കേസ് എടുക്കുന്നതിലൂടെ സുപ്രീംകോടതി ഒരു വലിയ ദൗത്യമാണ് നിറവേറ്റുന്നത്. നയകാര്യങ്ങളില്‍ തീരുമാനമെടുക്കേണ്ടത് ഗവണ്മെന്റ് തന്നെയാണ് എന്ന ശരിയായ നിലപാട് തന്നെയാണ് കോടതി സ്വീകരിച്ചിരിക്കുന്നത്. 
എന്നാല്‍ ബി.സി.സി.ഐ.യുടെ ഭരണം മുതല്‍ പൗരത്വ രജിസ്റ്റര്‍ തയ്യാറാക്കല്‍ വരെ എക്‌സിക്യൂട്ടീവിനെക്കാള്‍ താത്പര്യത്തോടെ നായകാര്യങ്ങളില്‍ തീരുമാനമെടുക്കുകയും നിര്‍വഹണത്തിന് നേതൃത്വം നല്‍കുകയും ചെയ്ത ചരിത്രമുള്ള കോടതിയാണിത്. അങ്ങനെ നോക്കുമ്പോള്‍ ജുഡീഷ്യല്‍ ആക്ടിവിസത്തിന് ഇതിലും വലിയൊരു അവസരം മറ്റൊന്നില്ലായിരുന്നു.  രാജ്യം ശ്വാസം കിട്ടാതെ പിടയുമ്പോള്‍ മറ്റേത് പരിഗണനകളും മാറ്റിവച്ച് തികഞ്ഞ പരാജയമാണ് എന്നു ഇതിനകം തെളിയിച്ചിട്ടുള്ള ഗവണ്മെന്റിന്റെ അഭിപ്രായങ്ങള്‍ക്കായി കാത്തുനില്‍ക്കാതെ നിര്‍ബന്ധിത ലൈസന്‍സിംഗ് പോലുള്ള കാര്യങ്ങളില്‍ നിര്‍ദേശങ്ങള്‍ക്കു പകരം നിര്‍ബന്ധിതമാക്കിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിക്കാമായിരുന്നു. അതുണ്ടായില്ല എന്നത് കോടതിയെ അവസാന അത്താണിയായി കാണുന്നവരെ നിരാശപ്പെടുത്തുന്നുണ്ട്. 

എന്നാലും, ഇത് മെയ് 10 വരെയ്ക്കുള്ള ഇടക്കാല ഉത്തരവ് മാത്രമാണ് എന്ന കാര്യം ഓര്‍ക്കണം. പ്രതിസന്ധി കാലത്ത് ഗവണ്മെന്റുമായി നേരിട്ട് ഒരേറ്റുമുട്ടലിന് മുതിരാതെ, ഗവണ്മെന്റ് സ്വീകരിക്കേണ്ട നടപടികള്‍ എന്തെല്ലാമായിരിക്കണം എന്നതിന്റെ കൃത്യമായ ഒരു മാര്‍ഗരേഖ നല്‍കുകയാണ് സുപ്രീംകോടതി ഇപ്പോള്‍ ചെയ്തിരിക്കുന്നത്. മെയ് പത്തിന് വീണ്ടും കേസ് പരിഗണിക്കുമ്പോള്‍ തുടര്‍നടപടികള്‍ ഉണ്ടാകുമെന്ന് കരുതാം. അതേ സമയം ഉടന്‍ ഇടപെടല്‍ ആവശ്യമായിരുന്ന ഓക്‌സിജന്‍ വിതരണം, അഭിപ്രായ സ്വാതന്ത്ര്യം തുടങ്ങിയ വിഷയങ്ങളില്‍ കൃത്യമായ ഉത്തരവ് തന്നെയാണ് ഉണ്ടായിട്ടുള്ളത് എന്നും നാം കാണണം. 

ജനങ്ങളുടെ, അവര്‍ അര്‍ഹിക്കാത്തതും അനീതിപൂര്‍വ്വകവും തികച്ചും അനാവശ്യവുമായ ദുരിതത്തിന്റെയും മരണത്തിന്റെയും കാഴ്ചബംഗ്ലാവുകളാണ് നീതിന്യായ സംവിധാനങ്ങള്‍ എന്ന് വിധിയില്‍ ഒരിടത്ത് എഴുതിയിരിക്കുന്നു. വര്‍ത്തമാനകാലത്തിന്റെ ആഖ്യാനങ്ങളിലൂടെ  ചരിത്രത്തെ രേഖപ്പെടുത്തുവാനും അങ്ങനെ  നിഷേധങ്ങള്‍ക്കു മുന്നില്‍  ഓര്‍മപ്പെടുത്തലുകളായി ഉറച്ചുനില്‍ക്കാനുമുള്ള അവസരങ്ങളാണ് ഓരോ കോടതി വ്യവഹാരവും. അത്തരമൊരു ചരിത്രപരമായ ദൗത്യം ഏറ്റെടുക്കാന്‍  കോവിഡിന്റെ  ഒന്നാം തരംഗത്തില്‍, ആയിരക്കണക്കിന് ഹതാശരായ  മനുഷ്യര്‍ നിരാലംബരായി തെരുവിലൂടെ അലഞ്ഞപ്പോള്‍ സുപ്രീം കോടതി തയ്യാറായിരുന്നില്ല; ഇന്ന്, കോടതി അതിന് തയ്യാറാകുമ്പോള്‍ ഗവണ്‍മെൻറ്​ എങ്ങനെ പ്രതികരിക്കുന്നു എന്ന് നമുക്ക് കാത്തിരുന്നുകാണാം.

ഈ ലേഖനം 2021മേയ് 5-നു ട്രൂ കോപ്പി തിങ്ക് പ്രസിദ്ധീകരിച്ചതാണ്

ഈ അടിയന്തര ഘട്ടത്തില്‍ പരമോന്നത കോടതിയെങ്കിലും മര്യാദ പാലിക്കേണ്ടതുണ്ട്

2021 ഏപ്രിൽ 19 -നാണ്  ആണ് കോവിഡ്  മഹാമാരിയിൽ ഉത്തർപ്രദേശ് ഗവൺമെൻറിൻറെ നിരുത്തരവാദപരമായ സമീപനത്തെ അതി നിശിതമായ ഭാഷയിൽ വിമർശിച്ചുകൊണ്ട് അലഹബാദ് ഹൈക്കോടതി വിധി പറഞ്ഞത്. തയ്യാറെടുപ്പുകൾക്കായി  ഒരു വര്ഷം സമയമുണ്ടായിരുന്നിട്ടും കോവിഡിന്റെ രണ്ടാം തരംഗം നേരിടാൻ  ഗവണ്മെന്റ് ഒരു നടപടിയും സ്വീകരിച്ചില്ല. മതിയായ ആരോഗ്യസംവിധാനങ്ങൾ ഇല്ലാത്തതുകൊണ്ട്  ജനങ്ങൾ മരിച്ചുവീണാൽ അതിന്റെ ഉത്തരവാദി ഗവണ്മെന്റ് മാത്രമായിരിക്കും. പ്രയാഗ് രാജിലെ 0.5  ശതമാനം മനുഷ്യർ രോഗബാധിതരായാൽ ചികിത്സിക്കാനുള്ള സൗകര്യം മാത്രമേ ഗവണ്മെന്റ് ഒരുക്കിയിട്ടുള്ളു.മനുഷ്യരുടെ ജീവൻ രക്ഷിക്കാനാകാത്ത ‘വികസനം’ അര്ഥശൂന്യമാണ്  തുടങ്ങി ശക്തമായ വിമർശനങ്ങൾ ഉന്നയിച്ചു ജസ്റ്റിസ് സിദ്ധാർഥ വർമ്മ ജസ്റ്റിസ്.  അജിത്കുമാർ എന്നിവരടങ്ങിയ ബഞ്ച്. പ്രധാന നഗരങ്ങളിൽ ലോക്ഡൌൺ ഏർപ്പെടുത്തുന്നത് ഉള്‍പ്പടെ കോവിഡ്  വ്യാപനത്തെ പ്രതിരോധിക്കാൻ  അടിയന്തരമായി  സ്വീകരിക്കേണ്ട പതിനൊന്നു  നിർദ്ദേശങ്ങൾ  കൂടി കോടതിവിധിയിലുണ്ട്. 

എന്നാൽ തൊട്ടടുത്ത ദിവസം തന്നെ എന്നെ പ്രസ്തുത വിധി സുപ്രീംകോടതി സ്റ്റേ ചെയ്തു. കേസ് അടിയന്തിരമായി പരിഗണിക്കണമെന്ന സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ അഭ്യർത്ഥന മാനിച്ച ചീഫ് ജസ്റ്റിസ് എസ്. എ. ബോബ്‌ഡെയുടെ ബെഞ്ച്, കോവിഡ് പ്രതിരോധത്തിനായി സ്വീകരിച്ച നടപടികൾ അറിയിക്കുവാൻ  ഗവൺമെൻറിന് രണ്ടാഴ്ച സമയം അനുവദിക്കുകയാണ് ചെയ്തത്. ജീവൻ നിലനിർത്താൻ ഓക്സിജൻ ലഭ്യമാകാതെ ആയിരക്കണക്കിന് മനുഷ്യർ മരിച്ചു വീഴുന്ന നാട്ടിലാണ് കോടതി രണ്ടാഴ്ച സമയം കൊടുത്തിരിക്കുന്നത്. ഗവൺമെൻറിൻറെ മറുപടി ലഭിക്കുന്നതുവരെ കാത്തിരിക്കാൻ പോലും തയ്യാറാകാതെ ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്യുകയായിരുന്നു. അഞ്ചു നഗരങ്ങളിൽ ലോക്ഡൌൺ നിർദ്ദേശിച്ച ഹൈക്കോടതിനടപടി ഗുരുതരമായ ഭരണ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്നും, കോവിഡ് നേരിടാൻ വേണ്ടതെല്ലാം ഗവൺമെൻറ് ചെയ്യുന്നുണ്ടെന്നും യുപി ഗവണ്മെന്റിനു വേണ്ടി തുഷാർ മേത്ത കോടതിയെ അറിയിച്ചു.  

യാതൊരു തയ്യാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ച ആദ്യത്തെ ലോക് ഡൗൺ കാലത്ത്, അതിഥി തൊഴിലാളികൾ  നിരത്തുകളിൽ  മരിച്ചുവീണു കൊണ്ടിരിക്കുന്ന ഘട്ടത്തിൽ അതിൽ ഇടപെടാൻ വിസമ്മതിച്ച സുപ്രീംകോടതിയാണ്. അന്ന് പതിനായിരക്കണക്കിന് മനുഷ്യർ തെരുവിലൂടെ പരിഭ്രാന്തരായി അലയുന്ന ദൃശ്യങ്ങൾ നമ്മൾ ദൃശ്യമാധ്യമങ്ങളിൽ കണ്ടുകൊണ്ടിരിക്കുന്ന സമയത്ത്, എല്ലാവര്ക്കും സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും ആരും തെരുവിലില്ല എന്നും അറിയിച്ച സർക്കാരിന്റെ വാദം മുഖവിലക്കെടുത്തുകൊണ്ട് കോടതി ഇടപെടാതിരിക്കുകയാണ്ചെയ്തത്. ഇന്ന് സുപ്രീംകോടതിയിൽ കണ്ടത് അതിന്റെ ആവർത്തനമാണ്. മനുഷ്യർ ആലംബമില്ലാതെ, ചികിത്‌സാ ലഭിക്കാതെ, ഉഴലുന്നത് കണ്മുന്നിൽ കാണുമ്പോഴാണ് എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട് എന്ന് സോളിസിറ്റർ ജനറൽ പറയുന്നത്. നേരത്തെ ആധാർ കേസ് പരിഗണിക്കവേ, ആധാർ മൂലം റേഷൻ നിഷേധിക്കപ്പെട്ടവർ പട്ടിണികൊണ്ടു മരിച്ച കാര്യം ചൂണ്ടിക്കാണിച്ചപ്പോൾ, പത്രവാർത്തകളുടെ അടിസ്ഥാനത്തിൽ കാര്യങ്ങൾ തീരുമാനിക്കുകയില്ല എന്ന് പറഞ്ഞത് ഓർമ്മവരുന്നു. ഉത്തർപ്രദേശിൽ ഏപ്രിൽ 26 വരെ നിയന്ത്രണങ്ങൾ കൊണ്ടുവരണമെന്നായിരുന്നു അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവ്. രണ്ടാഴ്ച ഗവണ്മെന്റിനു സമയം കൊടുത്തതോടു കൂടി ആ ഉത്തരവ് അപ്രസക്തമായിക്കഴിഞ്ഞു.  ഭരണഘടനാ സംവിധാനത്തിനകത്ത് ഗവണ്മെന്റുകൾക്കുമേൽ ആവശ്യമായ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നതിനും തിരുത്തൽ ശക്തിയായി വർത്തിക്കുന്നതിനും  വേണ്ടിയുള്ളതാണ് നീതിന്യായ സംവിധാനം എന്ന അടിസ്ഥാന തത്വമാണ് ഇവിടെ ബലികഴിക്കപ്പെടുന്നത്.  

ഏപ്രിൽ 21-ന് ഡൽഹിയിലെ ദയനീയമായ അവസ്ഥയിൽ  ഹൈകോടതി ഇടപെടുകയുണ്ടായി.രാജ്യത്ത് ഓക്സിജൻ കിട്ടാതെ മനുഷ്യർ മരിച്ചു വീഴുമ്പോൾ ഓക്സിജൻ കയറ്റി അയയ്ക്കുന്ന ഗവൺമെൻറ് നയത്തിനെതിരെ പരാമർശമുണ്ടായി. “ആശുപത്രികളിൽ ഓക്സിജൻ എത്തിക്കുന്നതിന് വേണ്ട നടപടികൾ ഒന്നും ഗവണ്മെന്റ് സ്വീകരിക്കുന്നില്ല  എന്ന കാര്യം ഞെട്ടലുളവാക്കുന്നതാണ്. ജനങ്ങളുടെ ജീവന് ഗവണ്മെന്റ് ഒരു വിലയും കൽപ്പിക്കുന്നില്ല. യാചിച്ചോ, വാങ്ങിയോ , മോഷ്ട്ടിച്ചിട്ടോ ആയാലും വേണ്ടില്ല ജനങ്ങൾക്ക് ജീവൻ സംരക്ഷിക്കാനുള്ള ഓക്സിജൻ ലഭ്യമാക്കണം.” കോടതി പറഞ്ഞു. ആദ്യഘട്ടത്തിൽ പെട്രോളിയം സ്റ്റീൽ വ്യവസായങ്ങളുടെ ഓക്സിജൻ സ്റ്റോക്ക് പിടിച്ചെടുക്കാൻ നിർദ്ദേശിച്ചതാണ്. എന്നാൽ പിന്നീട് ഏപ്രിൽ 22 മൂന്നു മണിവരെ ഉത്തരവ് തടഞ്ഞുവയ്ക്കുകയായിരുന്നു.     22-ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് ആ കേസ് വീണ്ടും പരിഗണിക്കാനിരിക്കവേയാണ്, സുപ്രീം കോടതിയുടെ ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് സ്വമേധയാ കേസെടുത്തുകൊണ്ട്  രാവിലെ തന്നെ ഇടപെടൽ നടത്തിയിരിക്കുന്നത്. എല്ലാ ഹൈക്കോടതികളിലേയും കോവിഡുമായി ബന്ധപ്പെട്ട കേസുകൾ കൾ ഇനി സുപ്രീം കോടതി പരിഗണിക്കുമെന്നും പ്രസ്താവിച്ചിരിക്കുന്നു.

ആദ്യഘട്ടത്തിൽ അതിഥി തൊഴിലാളികളുടെ കേസിൽ ഗവൺമെന്റിനോട് നിർദ്ദേശങ്ങൾ കൊടുക്കാതിരുന്നതിനു പറഞ്ഞിരുന്നത് ഗവൺമെൻറിൻറെ നയപരമായ തീരുമാനങ്ങളിൽ  ഇടപെടില്ല എന്നതായിരുന്നു. അലഹബാദ് ഹൈക്കോടതിയുടെ വിധി  റദ്ദ് ചെയ്യാനും ഇതേ കാരണമാണ് പറഞ്ഞത്. എന്നാൽ ഇതേ സുപ്രീംകോടതി തന്നെ എന്നെ അതിഥി തൊഴിലാളികളുടെ കാര്യത്തിൽ  പിന്നീട് ഒരു ഘട്ടത്തിൽ അതിൽ സ്വമേധയാ കേസെടുത്തു നിർദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു എന്ന കാര്യം നമ്മൾ ഓർക്കണം. ബിസിസിഐയുടെ പ്രവർത്തനങ്ങൾ എങ്ങനെ ആയിരിക്കണം  എന്നതുമുതൽ മുതൽ യാതൊരു അടിയന്തര പ്രാധാന്യവും ഇല്ലാത്ത കാക്കത്തൊള്ളായിരം കാര്യങ്ങളിൽ ഇടപെട്ടിട്ടുള്ള സുപ്രീംകോടതിയാണ്. എന്നിട്ടാണ് സമീപനങ്ങളിലെ ഈ വൈരുധ്യം! 

ഇപ്പോഴിതാ വീണ്ടും സ്വമേധയാ ഒരു കേസ് കൂടി എടുത്തിരിക്കുന്നു. കേസിൽ കോടതിയെ സഹായിക്കാൻ ഞാൻ അമിക്കസ്ക്യൂറി ആയി മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെയെ നിയമിച്ചിരിക്കുന്നു. എല്ലായ്പ്പോഴും തന്നെ  ഗവൺമെൻറിൻറെ നടപടികളുടെ ഭാഗത്തുനിന്ന് ന്യായീകരിച്ചുകൊണ്ട് അഭിപ്രായങ്ങൾ പ്രകടിപ്പിച്ചിട്ടുള്ള വ്യക്തിയാണ് ഹരീഷ് സാൽവേ. പൗരത്വ നിയമഭേദഗതി ഉൾപ്പെടെയുള്ള വിഷയത്തിൽ അദ്ദേഹത്തിൻറെ അഭിപ്രായം നമുക്കറിയാവുന്നതാണ്.

രാജ്യത്തെ വിവിധ ഹൈക്കോടതികൾ   പ്രദേശത്തുള്ള  സാഹചര്യവും പരാതികളും പരിഗണിച്, ജനപക്ഷത്ത് നിന്നുകൊണ്ട്, ഭരണഘടനയുടെ അനുഛേദം  21 ഉറപ്പുനൽകുന്ന ജീവിക്കാനുള്ള ഉള്ള അവകാശത്തിനുവേണ്ടി  നിലകൊള്ളവേയാണ്, സുപ്രീംകോടതിയുടെ ഇടപെടൽ. ഇതോടുകൂടി  ഹൈക്കോടതികളിലെ നടപടിക്രമങ്ങൾ  അപ്രസക്തമായിരിക്കുന്നു. അടിയന്തരാവസ്ഥക്കാലത്ത്  ഭരണഘടന കോടതികൾ എന്ന നിലയിൽ രാജ്യത്തിലെ വിവിധ ഹൈക്കോടതികൾ സ്വീകരിച്ച ധീരമായ  നിലപാടുകളും അതിനെയെല്ലാം റദ്ദ് ചെയ്തുകൊണ്ട് പിന്നീട് സുപ്രീംകോടതി നടത്തിയ കുപ്രസിദ്ധമായ എഡിഎം ജബൽപൂർ കേസിലെ വിധിപ്രസ്താവവും ഓർത്തു പോവുകയാണ്.

രാജ്യം വലിയ ഒരു പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നു പോവുകയാണ്. ജീവിക്കുവാനുള്ള അവകാശം സംരക്ഷിക്കുന്നതിനു വേണ്ടിയിട്ടുള്ള പോരാട്ടത്തിലാണ് മനുഷ്യർ ഭരണഘടനാ കോടതികളെ സമീപിക്കുന്നത്. ആരോഗ്യം എന്നത് ജീവിക്കാനുള്ള അവകാശത്തിന്റെ, അനുച്ഛേദം 21-ൻറെ ഭാഗമാണ്. ജനങ്ങൾ നിസ്സഹായരായി മരിച്ചുവീഴുമ്പോൾ, ആരോഗ്യ സംവിധാനങ്ങൾ തകർന്നടിയുമ്പോൾ, അവരുടെ  ജീവിതം സംരക്ഷിക്കുവാൻ ഉത്തരവാദിത്വപ്പെട്ട ഭരണകൂടം ഉത്തരവാദിത്തങ്ങൾ നിർവഹിക്കാതെ വരുമ്പോൾ, അവസാന പ്രതീക്ഷയെന്നോണം ആണ്  കോടതികളെ സമീപിക്കുന്നത്. കോടതികളുടെ  അടിയന്തര ഇടപെടലുകൾ കാലഘട്ടം ആവശ്യപ്പെടുന്നുണ്ട്. അതുണ്ടാകുന്നില്ലായെങ്കിൽ രാജ്യം വലിയ  അരാജകത്വത്തിലേക്ക്  വഴുതിവീഴും.  അവസാനത്തെ അത്താണിയായ പരമോന്നത നീതിപീഠത്തിലെങ്കിലും ജനതയ്ക്ക് ഉള്ള വിശ്വാസം നിലനിർത്തേണ്ടത് ഒരു ജനാധിപത്യ സംവിധാനം എന്ന നിലയിൽ ഇന്ത്യ സമാധാനപരമായി, സുസ്ഥിരമായി, നിലനിൽക്കുന്നതിന് അനിവാര്യമാണ്.

an abridged version of this article was first published in DoolNews om 23/04/2021

Digital Media Ethics Code: ഡിജിറ്റൽ അവകാശങ്ങൾക്കുമേലുള്ള കടന്നുകയറ്റം

അറിവിന്റെയും അഭിപ്രായങ്ങളുടെയും ജനാധിപത്യവത്ക്കരണം; അതിലൂടെ സ്വാതന്ത്ര്യത്തിന്റെ വിശാലാകാശങ്ങൾ സൃഷ്ടിക്കുക എന്നതാണ് ആധുനിക കാലഘട്ടത്തിൽ ഇൻറർനെററ്റിന് നിർവഹിക്കാൻ കഴിയുന്ന സുപ്രധാന ദൗത്യങ്ങളിലൊന്ന്. രാജ്യാതിർത്തികൾ ക്കിടയിൽ ഒതുങ്ങിനിന്നിരുന്ന വിവരങ്ങളെ സാർവദേശീയ വിഭവമാക്കി മാറ്റുക വഴി ഇൻറർനെറ്റ് അതിനു തുടക്കം കുറിച്ചു. കേന്ദ്രീകൃത ശൃംഖലകൾക്ക് കീഴിൽ വിവരശേഖരണവും പ്രസിദ്ധീകരണവും സാധ്യമാക്കുന്ന പൊതുവേദികൾ ആയി സാമൂഹ്യമാധ്യമങ്ങളും ഡിജിറ്റൽ വാർത്താ മാധ്യമങ്ങളും ഉയർന്നുവന്നപ്പോൾ അത് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ആഗോളവൽക്കരണമാകുമെന്ന് നമ്മൾ കരുതി. സ്വാതന്ത്ര്യത്തിന് വ്യത്യസ്തങ്ങളായ പരിധികൾ കല്പിക്കുന്ന വിവിധ രാജ്യങ്ങളിൽ നിലനിൽക്കുന്ന നിയമങ്ങളുടെ അതിരുകൾ ഭേദിച്ച് സ്വാതന്ത്ര്യത്തിന് വലിയ വില നൽകുന്ന ഇടങ്ങളിലെ മാനകങ്ങൾക്കനുസൃതമായി ആഗോളതലത്തിൽ ഒരു പൊതുവേദി സൃഷ്ടിക്കുക വഴിയാണ് അത് സാധ്യമായത്. വലിയ നിയന്ത്രണങ്ങൾ നിലവിലുള്ള ഇടങ്ങളിൽ പോലും ഈ മാധ്യമങ്ങൾ സ്വാതന്ത്ര്യത്തിന്റെ വെളിച്ചം കടത്തിവിടുമെന്നു വന്നു. ഏതൊരു അപരിചിത ദേശങ്ങളിലേയും മനുഷ്യർ ലോകത്തെ അഭിസംബോധന ചെയ്തു തുടങ്ങി. 

എന്നാൽ ഭരണകൂടങ്ങൾ വളരെ പെട്ടെന്നുതന്നെ ഇതിനോട് പ്രതികരിച്ചു. ഓരോ രാജ്യങ്ങളിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള ശ്രമം ആരംഭിച്ചു. യൂറോപ്യൻ യൂണിയൻ വരെ 

അത്തരം നിയന്ത്രണങ്ങളെ വകവെച്ചു കൊടുത്തു. ഈ നിയന്ത്രണങ്ങൾക്ക് അനുസൃതമായി നയങ്ങൾ മാറ്റിയെഴുതാൻ സാമൂഹ്യമാധ്യമങ്ങൾ നിർബന്ധിതരായി.  കേന്ദ്രീകൃത സംവിധാനങ്ങൾ ആയതുകൊണ്ടുതന്നെ ഫലത്തിൽ ഈ നിയന്ത്രണങ്ങളിൽ പലതും ആഗോളതലത്തിൽതന്നെ ബാധകമാക്കേണ്ടുന്ന സ്ഥിതിയുണ്ടായി. സ്വാതന്ത്ര്യം പ്രചരിപ്പിക്കുമെന്ന് കരുതിയവർ വലിയതോതിൽ സ്വാതന്ത്ര്യത്തിന് വിലകൽപ്പിക്കുന്ന ഇടങ്ങളിലേക്ക് പോലും നിയന്ത്രണങ്ങൾ കൊണ്ടുവന്നു. സ്വാതന്ത്ര ലംഘനത്തിന്റെ ആഗോളവത്കരണമായി അത് മാറിക്കൊണ്ടിരിക്കുകയാണ്.

ഗവൺമെൻറ് കൾ എല്ലാം കൂടുതൽ കൂടുതൽ നിയന്ത്രണങ്ങൾക്കായി കോപ്പ് കൂട്ടുന്നു. പടർന്നു പ്രചരിച്ച അനാശാസ്യകാര്യമായ പ്രവണതകളും വ്യക്ത്യാധിക്ഷേപങ്ങളും വിദ്വേഷ പ്രചരണങ്ങളുമെല്ലാം ഇത്തരം ശ്രമങ്ങൾക്ക് ഒരുപരിധിവരെ പൊതു സ്വീകാര്യതയും നേടിക്കൊടുത്തിട്ടുണ്ട്. ഇൻറർനെറ്റിലെ അഭിപ്രായ സ്വാതന്ത്ര്യത്തെ മാത്രം മറ്റിടങ്ങളിൽ നിന്ന് വ്യത്യസ്തമായി പ്രത്യേകം നിയന്ത്രിക്കേണ്ടതാണ് എന്ന പൊതുബോധനിര്മിതിയുണ്ടായിരിക്കുന്നു.  ഭരണകൂടങ്ങളാകട്ടെ ഇതിൻറെ മറവിൽ ജനാധിപത്യവിരുദ്ധമായ പരിഷ്കാരങ്ങൾ നടപ്പിലാക്കുകയും ചെയ്യുന്നു.

2021 ഫെബ്രുവരി 25ന് കേന്ദ്ര ഇലക്ട്രോണിക് വിവരസാങ്കേതിക മന്ത്രാലയം പുറപ്പെടുവിച്ച വിവരസാങ്കേതിക വിദ്യ (ഇന്റര്മീഡിയറി മർഗ്ഗനിര്ദേശങ്ങളും ഡിജിറ്റൽ മീഡിയ എത്തിക്സ് കോഡും) ചട്ടങ്ങൾ 2021 പൗരരുടെ ഡിജിറ്റൽ അവകാശങ്ങൾ മേലുള്ള കടന്നുകയറ്റമാണ്.  വിവര സാങ്കേതിക നിയമം 2000 സെക്ഷൻ 87 പ്രകാരം പുറപ്പെടുവിച്ച വിജ്ഞാപനം പ്രസ്തുത നിയമത്തിൻറെ പരിധിക്ക് പുറത്തുള്ള കാര്യങ്ങൾ ഉൾക്കൊള്ളുന്നുണ്ട്. വിശദമായ കൂടിയാലോചനകൾക്ക് ശേഷം പാർലമെൻറിൻ്റെ അനുമതിയോടുകൂടി നിയമനിർമാണത്തിലൂടെ നടപ്പിലാക്കേണ്ട കാര്യങ്ങൾ ആണ് ഒരു എക്സിക്യൂട്ടീവ് ഉത്തരവ് വഴി കൊണ്ടുവന്നിരിക്കുന്നത്. ആ അർത്ഥത്തിൽ ഈ ചട്ടങ്ങൾ നിയമവിരുദ്ധമാണ്,  ഭരണഘടനാവിരുദ്ധമാണ്, പാർലമെൻറിൻ്റെ അവകാശങ്ങളെ അവഗണിക്കുന്നതാണ്, ജനാധിപത്യവിരുദ്ധമാണ്. ഇതിലൂടെ എന്തൊക്കെ പ്രശ്നങ്ങളാണ് ഗവൺമെൻറ് പരിഹരിക്കാൻ ശ്രമിക്കുന്നത് എന്നു പോലും വ്യക്തമാകുന്നില്ല എന്നതാണ് സത്യം.  

എന്താണ് വിവരസാങ്കേതിക വിദ്യ (ഇന്റര്മീഡിയറി മർഗ്ഗനിര്ദേശങ്ങളും ഡിജിറ്റൽ മീഡിയ എത്തിക്സ് കോഡും) സംബന്ധിച്ച ചട്ടങ്ങൾ 2021?

സൈബർ ലോകത്ത് വിനിമയം ചെയ്യപ്പെടുന്ന വിവരങ്ങളുടെ മേൽ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നതിന് വേണ്ടി ഐ.ടി. ആക്ടിന് കീഴിൽ രൂപീകരിച്ചിട്ടുള്ള ചട്ടങ്ങൾ ആണ്  ഇന്റര്മീഡിയറി മർഗ്ഗനിര്ദേശങ്ങളും ഡിജിറ്റൽ മീഡിയ എത്തിക്സ് കോഡും) സംബന്ധിച്ച ചട്ടങ്ങൾ 2021. എളുപ്പത്തിന് ഇന്റർ മീഡിയറി ഗൈഡ്ലൈൻസ് അഥവാ മധ്യവർത്തി മാർഗ്ഗനിർദ്ദേശങ്ങൾ എന്നു വിളിക്കാം. 

ഇന്റർമീഡിയറികൾ

മറ്റൊരു വ്യക്തിക്കുവേണ്ടി ഏതെങ്കിലും രേഖകൾ കൈപറ്റുകയോ, സൂക്ഷിക്കുകയോ, കൈമാറ്റം ചെയ്യുകയോ അതു സംബന്ധിച്ച ഏതെങ്കിലും സേവനങ്ങൾ നൽകുകയോ ചെയ്യുന്നവരാണ് മധ്യവർത്തികൾ. ടെലിക്കോം സേവനദാതാക്കൾ, നെറ്റ്വർക്ക് സേവനദാതാക്കൾ, ഇന്റർനെറ്റ് സേവനദാതാക്കൾ, വെബ് ഹോസ്റ്റിങ് സേവനദാതാക്കൾ, സെർച്ച് എഞ്ചിനുകൾ, ഓണലൈൻ പണമിടപാട് സംവിധാനങ്ങൾ, ഓണലൈൻ ലേല-സൈറ്റുകൾ, ഓണലൈൻ മാർക്കറ്റിങ് സ്‌ഥാപനങ്ങൾ, സമൂഹ്യമാധ്യമങ്ങൾ, മെസേജിംഗ്‌ ആപ്പുകൾ തുടങ്ങി ഇന്റർനെറ്റ് കഫേകൾ വരെ ഇതിന്റെ പരിധിയിൽ വരുമെന്ന് നിയമം പറയുന്നു.

ഇന്റര്മീഡിയറികൾക്ക് ബാധ്യത

വിവരസാങ്കേതിക നിയമത്തിലെ വകുപ്പ് 79 അവർക്ക് നേരിട്ട് ബന്ധമില്ലാത്ത വിവരകൈമാറ്റങ്ങളിൽനിയമാബാധ്യതകളിൽ നിന്നും ഇന്റർമീഡിയറികളെ ഒഴിവാക്കുന്നതാണ്. ഉദാഹരണത്തിന് സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെടുന്ന വിവരങ്ങൾക്ക് ആ മാധ്യമങ്ങൾ ഉത്തരവാദികളല്ല. അത് ഉപഭോക്താക്കൾ സൃഷ്ടിക്കുന്ന ഉള്ളടക്കങ്ങളാണ്. സാമൂഹ്യമാധ്യമങ്ങൾ അതിൽ മാറ്റം വരുത്തുകയോ, ഈ വിധമുള്ള വിവരങ്ങൾ പങ്കുവയ്ക്കണമെന്നു അവശ്യപ്പെടുകയോ ഒന്നും ചെയ്യുന്നില്ല. അവർക്ക് അതിന്മേൽ ഒരു നിയന്ത്രണവും സാധ്യമല്ല. അതുകൊണ്ടു തന്നെ അങ്ങനെയുള്ള സന്ദർഭങ്ങളിൽ ഇന്റര്മീഡിയറികൾക്ക് ഉള്ളടക്കങ്ങൾക്കുമേൽ നിയമപരമായ ബാധ്യത ഉണ്ടായിരുന്നില്ല. പുതിയ ചട്ടങ്ങൾ വരുന്നതോടുകൂടി അതു മാറാൻ പോകുകയാണ്. 

സെൻസർഷിപ്പിനായി നിർമിതബുദ്ധി?

ചട്ടങ്ങളുടെ വകുപ്പ് 4(4) കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ പോലെയുള്ള കാര്യങ്ങൾ കണ്ടെത്തി നീക്കം ചെയ്യുന്നതിന് സാങ്കേതിക സംവിധാനങ്ങൾ ഏർപ്പെടുത്തണം എന്നു നിഷ്കര്ഷിക്കുന്നു. എന്നാലിത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചേക്കാം. കാരണം, ഇപ്പോൾ ചൈൽഡ് പോണോഗ്രാഫി മാത്രം ആണെങ്കിലും കാലക്രമേണ കൂടുതൽ മേഖലകളിലേക്ക് ഈ ഓട്ടോമേറ്റഡ് സെൻസറിംഗ് സംവിധാനം വ്യാപിപ്പിക്കുവാനുള്ള സാധ്യതയുണ്ട്. മാത്രമല്ല അനഭിലഷണീയമായ കാര്യങ്ങൾ കൃത്യമായി കണ്ടെത്തുന്ന തരത്തിലേക്ക് നിർമിതബുദ്ധി മാറിയിട്ടുമില്ല. ഉപയോഗിച്ച മേഖലകളിലെല്ലാം കോഡിംഗ് സമയത്തെ പക്ഷപാതിത്വം തുടങ്ങി നിരവധി കാരണങ്ങളാൽ ഇത്തരം സോഫ്ട്വെയറുകൾ വിവേചനങ്ങൾക്ക് വഴിവയ്ക്കാറുണ്ട്. ആരും ഉത്തരവാദിത്തം പറയാനില്ലാത്ത, സുതാര്യതയൊട്ടും ഇല്ലാത്ത ഇത്തരം സംവിധാനങ്ങൾ മൗലീകാവകാശങ്ങളെ നേരിട്ടു ബാധിക്കുന്ന തരത്തിൽ ഉപയോഗിക്കുന്നത് ഗുണകരമാവില്ല.

എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ അവസാനിക്കുന്നോ?

സൈബർ സുരക്ഷാ പ്രശ്നങ്ങൾ രൂക്ഷമായ ഇക്കാലത്ത് സുരക്ഷിതത്വവും സ്വകാര്യതയും സംരക്ഷിക്കുന്നതിനുവേണ്ടി വാട്ട്സ് ആപ്പ്, ടെലിഗ്രാം, സിഗ്നല് തുടങ്ങിയ മെസജിംഗ് ആപ്ളിക്കേഷനുകളെയാണ് ആളുകൾ ആശ്രയിക്കുന്നത്. എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ സംവിധാനങ്ങളാണ് ഇതിന് സഹായകമാകുന്നത്. അതായത് ഇവയിലൂടെ കൈമാറുന്ന സന്ദേശങ്ങൾ അയയ്ക്കുന്നയാൾക്കും സ്വീകരിക്കുന്നയാൾക്കും മാത്രം വായിക്കാൻ കഴിയും വിധം എൻക്രിപ്റ്റ് ചെയ്യുന്നു. ഈ സന്ദേശങ്ങൾ സേവനദാതാക്കൾക്കുപോലും പോലും വായിക്കാൻ കഴിയുകയില്ല. ഇന്റർമീഡിയറി ഗൈഡ് ലൈൻ  നടപ്പിലാകുന്നതോടുകൂടി ഈ സരക്ഷണം നമുക്ക് നഷ്ടപ്പെട്ടേക്കാം. കാരണം ചട്ടം (4) അനുസരിച്ച് അധികൃതർ ആവശ്യമുന്നയിച്ചാൽ എല്ലാ സന്ദേശങ്ങളുടെയും സൃഷ്ടാവ് (first orginator) ഏതെന്നു വെളിപ്പെടുത്താൻ ഈ കമ്പനികൾ ബാധ്യതപ്പെട്ടിരിക്കുന്നു. ഒന്നുകിൽ കോടതി ഉത്തരവ് അല്ലെങ്കിൽ ജോയിൻറ് സെക്രട്ടറി റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥന് ഇത്തരമൊരു ആവശ്യം ഉന്നയിക്കാം. മൗലീകാവകാശ ലംഘനം ഉൾപ്പെടുന്ന ഇത്തരമൊരു സാഹചര്യത്തിൽ ഒരു ബയൂറോക്രാറ്റിന് അധികാരം നൽകുന്നത് അമിതാധികാര നിയോഗമാണ്. 

വിവര സാങ്കേതികത നിയമത്തിന്റെ വകുപ്പ് 849 (എ) ആണ് എൻക്രിപ്ഷനെക്കുറിച്ച് പ്രതിപാദിക്കുന്നത്  ഈ-ഗവേണൻസിന്റെ ഭാഗമായി ഇലക്ട്രോണിക്ക് മാധ്യമങ്ങളുടെ സുരക്ഷ വർധിപ്പിക്കുന്നതിന് വേണ്ടി എൻക്രിപ്ഷൻ സംവിധാനങ്ങൾ നിർദ്ദേശിക്കാം എന്നാണ്. അല്ലാതെ നിലവിലുള്ള എൻക്രിപ്ഷൻ സംവിധാനങ്ങളെ ദുര്ബലപ്പെടുത്താനുള്ളതല്ല ഈ വകുപ്പ്. അതുകൊണ്ടുതന്നെ 84-ആം വകുപ്പനുസരിച്ചാണ് ഈ ചട്ടങ്ങൾ എന്ന വാദം നിലനിൽക്കുന്നതല്ല.. 

സന്ദേശത്തിന്റെ പ്രഭവകേന്ദ്രം ഇന്ത്യക്ക് വെളിയിലാണെങ്കിൽ രാജ്യത്തിനകത്ത് ആദ്യമായി ഷെയർ ചെയ്യുന്ന വ്യക്തിയെ സൃഷ്ടാവായി കണക്കണമെന്നു ചട്ടം 4(2) പറയുന്നു. എന്നാൽ എൻക്രിപ്ഷനിൽ വരുത്തുന്ന ഇത്തരം ഇളവുകൾ വിവരസുരക്ഷയെ ബാധിക്കുമെന്ന് വിദഗ്ധർ പറയുന്നു. മദ്രാസ് ഹൈക്കോടതിയിൽ ഇത്തരമൊരു ആവശ്യം ഉയർന്നപ്പോൾ അത് അപകടകരമാണെന്ന് ചൂണ്ടിക്കാണിക്കുന്ന റിപ്പോർട്ട് ബോംബൈ ഐ.ഐ.ടിയിലെ കമ്പ്യൂട്ടർ സയൻസ് വിഭാഗം പ്രഫസർ ഡോ. മനോജ് പ്രഭാകർ സമർപ്പിച്ചിരുന്നു. ക്രിമിനലുകൾക്ക് സന്ദേശ രചയിതാവിനെ സംബന്ധിച്ച വിവരങ്ങൾ മാറ്റി, നിരപരാധികളെ കുടുക്കാൻ കഴിയും എന്നാണ് അദ്ദേഹത്തിന്റെ റിപ്പോർട്ട് പറയുന്നത്.  

അതുകൂടാതെ, ഇത്തരം നിബന്ധനകൾ ഈ കമ്പനികൾക്ക് ഇന്ത്യയിൽ മാത്രമായി നടപ്പിലാക്കാനാകില്ല എന്ന ഒരു പ്രശ്നം കൂടിയുണ്ട്. എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ ഇല്ലാതാക്കിയാൽ ഇവർക്ക് ആഗോളതലത്തിൽ ഉപഭോക്താക്കളെ നഷ്ടമാകും. ആന്ത്യന്തികമായി ഇന്ത്യകാർക്ക് ഇത്തരം സേവനങ്ങൾ നഷ്ടമാകുന്ന സാഹചര്യവും വന്നു ചേർന്നേക്കാം.

നിയന്ത്രണ സംവിധാനങ്ങൾ

ചട്ടങ്ങളിലെ വകുപ്പ് 9,10,11,12 എന്നിവ പ്രകാരം ഡിജിറ്റൽ പ്ലാറ്ഫോമുകളെല്ലാം ലെവൽ 1, ലെവൽ 2, ലെവൽ 3 എന്നിങ്ങനെ ത്രിതല നിയന്ത്രണ സംവിധാനങ്ങൾ വഴി നിയന്ത്രിക്കപ്പെടും. 

ലെവൽ 1

ഇതൊരു സ്വയം നിയന്ത്രണ സംവിധാനമാണ്. എല്ലാ ഇന്റര്മീഡിയറികളും ഒരു ചീഫ് കംപ്ലെയൻസ് ഓഫീസറെയും, നോഡൽ കോണ്ടാക്ട് ഓഫീസറെയും, ഗ്രീവൻസ് റിഡ്രസൽ ഓഫീസറെയും നിയമിക്കണം. ഇവർക്ക് നൽകുന്ന പരാതികളിന്മേൽ 15 ദിവസങ്ങൾക്കകം അനുകൂലമായ തീരുമാനം ഉണ്ടായില്ലെങ്കിൽ പരാതിക്കാർക്ക് സമീപിക്കാൻ ഒരു ലെവൽ 2 സംവിധാനം ഉണ്ടാകും.

ലെവൽ 2

ഇത് ചട്ടങ്ങൾ ബാധകമായ സ്ഥാപനങ്ങളുടെ പൊതുസമിതി രൂപീകരിക്കുന്ന കമ്മറ്റിയാണ്. അതിന്റെ തലപ്പത്ത് ഗവണ്മെന്റ് നിയോഗിക്കുന്ന ഒരു റിട്ടയേഡ് ഹൈക്കോടതി അല്ലെങ്കിൽ സുപ്രീംകോടതി ജഡ്ജിയായിരിക്കും. ഇവരും 15 ദിവസത്തിനുള്ളിൽ ഒരു പരാതിപരിഹാരം നടത്തേണ്ടതുണ്ട്. അതിനും മേലെയാണ് ലെവൽ 3

ലെവൽ 3

ഇത് ഗവണ്മെന്റ് തലത്തിലുള്ള മേല്നോട്ടസമിതിയാണ്. കേന്ദ്ര വാർത്താ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലാണ് ഇതു പ്രവർത്തിക്കുക. വനിതാ ശിശു ക്ഷേമം, നിയമം, ആഭ്യന്തരം, ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി, വിദേശകാര്യം, പ്രതിരോധം തുടങ്ങിയ കേന്ദ്ര മന്ത്രാലയങ്ങളിൽ നിന്നും കമ്പ്യൂട്ടർ എമർജൻസി റസ്പോൻസ് ടീം (CERT)-ൽ നിന്നുമുള്ള പ്രതിനിധികൾ ഇതിലുണ്ടാകും. കൂടാതെ  വിഷയ വിദഗ്ധരെയും ഉൾപ്പെടുത്തും. ഈ സമിതിയുടേതായിരിക്കും പരാതികളിൽ അവസാന വാക്ക്. അതായത് എല്ലാ റിഡ്രസൽ സംവിധാനങ്ങൾക്കും  മേലെ ഗവണ്മെന്റിന്റെ ഇംഗിതമാണ് നടപ്പിലാകുക എന്നു സാരം. ഈ സമിതിയ്ക്ക് വിവരങ്ങൾ നീക്കം ചെയ്യാനോ, ക്ഷമാപണം ആവശ്യപ്പെടാനോ ശാസിക്കാനോ ഒക്കെ അധികാരമുണ്ട്. സമ്പൂർണ സെൻസറിംഗിലേക്ക് പോകാനുള്ള എല്ലാ സാധ്യതകളുമുണ്ട്.

ഓൺലൈൻ വാർത്താ മാധ്യമങ്ങൾക്ക് ഭീഷണി.

സമകാലീന ഇന്ത്യയിൽ ഗവണ്മെന്റ് കേൾക്കാൻ ആഗ്രഹിക്കാത്ത അപ്രിയ സത്യങ്ങൾ ജനങ്ങളിലേക്കെത്തിക്കുന്നത് ഓണലൈൻ വാര്ത്താ പോർട്ടലുകളാണ്. അതുകൊണ്ടുതന്നെ അവയ്ക്ക് കൂച്ചുവിലങ്ങിടാൻ ഉള്ള ശ്രമമാണ് ചട്ടങ്ങളിലെ വകുപ്പ് 5,7, 8 എന്നിവയിൽ കാണുന്നത്. 

ഓൺലൈൻ പേപ്പറുകൾ, ന്യൂസ് ആഗ്രഗേറ്ററുകൾ, വാർത്ത ഏജൻസികൾ, തുടങ്ങി മറ്റെന്തുപേരിലും അറിയപ്പെടുന്ന സ്ഥാപനങ്ങളും നിയന്ത്രിക്കപ്പെടും.

ഇവിടെ പത്രങ്ങൾക്ക് നൽകിയിരിക്കുന്ന നിർവചനം ശ്രദ്ധേയമാണ്. വകുപ്പ് 1(എൻ) അനുസരിച്ച് “ആഴ്ചയിൽ ഒരിക്കലെങ്കിലും പ്രസിദ്ധീകരിക്കുന്ന ന്യൂസ്പ്രിന്റിൽ അച്ചടിചു വെറുതെ മടക്കിയ പ്രസിദ്ധീകരണങ്ങളാ”ണ് പത്രങ്ങൾ. പത്രങ്ങളെ ചട്ടങ്ങളുടെ പരിധിയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. അപ്പോൾ മാസത്തിൽ ഒരിക്കൽ അച്ചടിച്ചു പ്രസിദ്ധീകരിക്കുന്ന കാരവൻ പോലുള്ള മാധ്യമങ്ങൾ ഏതു നിർവചനത്തിൽ പെടും എന്നത് ശ്രദ്ധിക്കണം. പത്രങ്ങളുടെ നിർവചനത്തിൽ പെടുത്താതെ അവയെ യഥേഷ്ടം സെൻസർ ചെയ്യാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. അതേസമയം ന്യൂസ് പേപ്പർ, അതിന്റെ ഈ-പേപ്പർ റെപ്ലിക്ക എന്നിവയെ ചട്ടങ്ങളുടെ പരിധിയിൽ നിന്നും ഒഴിവാക്കിയിട്ടുമുണ്ട്. ഫലത്തിൽ ഇപ്പോൾ ഗവണ്മെന്റിന് മുന്നിൽ നടുനിവർത്തി നിന്ന് ചോദ്യങ്ങൾ ഉന്നയിക്കുന്ന ഓണലൈൻ വാർത്താ മധ്യമങ്ങളെയാകെ സെന്സര്ഷിപ്പിൽ മുക്കിക്കളയുവാനുള്ള ഗൂഢതന്ത്രമായി ഇതിനെ കാണേണ്ടി വരും. അതേസമയം പ്രിന്റിന്റെ പിന്ബലമുള്ള വമ്പന്മാരെ വെറുതെ വിടുകയും ചെയ്യുന്നു.

ഒ.ടി.ടി. പ്ലാറ്റ്‌ഫോമുകൾ 

വിദേശരാജ്യങ്ങളിൽ കുറെയധികം നാളുകളായി പ്രചുര പ്രചാരം നേടിയിരുന്നെങ്കിലും കോവിഡ്19 ലോക്ക്ഡൗണിന്റെ സമയത്താണ് നമ്മുടെ നാട്ടിലും വ്യാപകമായി ഉപയോഗിക്കപ്പെട്ടു തുടങ്ങിയത്. നെറ്റ്ഫ്ലിക്‌സ്, ആമസോൺ പ്രൈം തുടങ്ങിയ പ്ലാറ്റ്‌ഫോമുകൾ വഴി വിവിധങ്ങളായ വീഡിയോ ഓഡിയോ സീരീസുകൾ ലോകത്തെവിടെനിന്നും മൊബൈൽ, കമ്പ്യൂട്ടർ, സ്മാർട്ട് ടിവി എന്നിങ്ങനെ പല ഉപകരണങ്ങളിലൂടെ അസ്വദിക്കാമെന്നുവന്നു. തദ്ദേശീയമായ നിരവധി നിർമിതികളും അതോടൊപ്പം ഉയർന്നു വന്നു. അങ്ങനെയിരിക്കവേ ആണ് ‘താണ്ഡവ് വിവാദം ഉയർന്നു വരുന്നത്’. ആമസോണിൽ റിലീസ് ചെയ്ത ‘താണ്ഡവ്’ ഹിന്ദു ദൈവങ്ങളെ അപകീർത്തിപ്പെടുത്തുന്നതാണ് എന്ന് ബിജെപി എം.പി. മനോജ് കോട്ടക് പരാതിയുമായി എത്തി. വലിയ പ്രതിഷേധങ്ങളുണ്ടായി. ഒരുപക്ഷേ ഇന്റര്മീഡിയറി ഗൈഡ്ലൈൻസിന്റെ ഭാഗമായി ഒ.ടി.ടി.വേദികളെയും നിയന്ത്രിക്കുന്നതിനായുള്ള കളമൊരുങ്ങുന്നത് ഇതോടെയാണ്. അങ്ങനെ പുതിയ ചട്ടങ്ങളിൽ ദിജുറാൾ മീഡിയയ്ക്ക് ഒരു എതിക്ക്‌സ് കോഡ് ഉൾച്ചേർത്തിരിക്കുന്നു.. ഒ.ടി.ടി. സേവനങ്ങൾക്ക് സെൻസർഷിപ്പ് ഏർപ്പെടുത്തുവാനുള്ള തീരുമാനത്തിനും പാർലമെന്റ് പാസാക്കിയ ഒരു നിയമത്തിന്റെയും പിൻബലമില്ല. ഇത്തരം സേവനങ്ങളെല്ലാം ആഗോള തലത്തിൽ പ്രവർത്തിക്കുന്നവയാണ്. ഇതുപോലുള്ള ഐച്ഛികമായ നിയന്ത്രണങ്ങൾ കൊണ്ടുവന്നാൽ, ആ സേവനങ്ങൾ ഇന്ത്യക്കാർക്ക് നിഷേധിക്കുവാനെ ഉപകരിക്കൂ. അതോടൊപ്പം കേവലം ഉപഭോക്താവ് എന്നതിലുപരി ഇന്ത്യൻ ഉള്ളടക്കങ്ങളും ഒ.ടി.ടി. മേഖലയിൽ ദിനംപ്രതി വർധിച്ചുവരികയാണ്. ആഗോള പ്രേക്ഷകരെ ലക്ഷ്യം വച്ചുള്ള ബിസിനസ് സാധ്യതകളെ ഇല്ലാതാക്കുക കൂടിയാണ് ഈ നിയന്ത്രണങ്ങൾ ചെയ്യുക. ഏത് തരത്തിലായാലും നമ്മുടെ ഡിജിറ്റൽ അവകാശങ്ങൾക്കുമേലുള്ള കടന്നുകയറ്റമാണ് ഇത് എന്ന കാര്യത്തിൽ സംശയമില്ല.  

സമൂഹ്യമാധ്യമങ്ങൾ, മെസേജിംഗ്‌ ആപ്പുകൾ, ഓൺലൈൻ വാർത്താ മാധ്യമങ്ങൾ, ഒ.ടി.ടി. സേവനങ്ങൾ എന്നിങ്ങനെ സൈബർ ലോകത്തെ സമസ്തമേഖലയിലെയും അഭിപ്രായപ്രകടനപരിധികൾ പുനര്നിര്ണയിക്കുന്ന, സ്വകാര്യതാ മാനകങ്ങൾ അട്ടിമറിക്കുന്ന മർഗ്ഗനിർദ്ദേശങ്ങളാണ് കേന്ദ്ര സർക്കാർ ഇപ്പോൾ പുറപ്പെടുവിച്ചിരിക്കുന്നത്. സ്വകാര്യത ജീവിക്കാനുള്ള അവകാശത്തിന്റെ അവിഭാജ്യ ഭാഗമായി അംഗീകരിക്കപ്പെട്ടിട്ടുള്ള, അഭിപ്രായ സ്വാതന്ത്ര്യം ഭരണഘടനാപരമായി സംരക്ഷിക്കപ്പെട്ടിട്ടുള്ള ഒരു രാജ്യമാണ് നമ്മുടേത്. മൗലീകാവകാശങ്ങൾക്കുമേൽ നിയമത്തിന്റെ പിന്ബലമില്ലാതെ ഒരു കടന്നുകയറ്റവും നമ്മുടെ ഭരണഘടന അനുവദിക്കുന്നില്ല. എന്നാൽ യാതൊരു കൂടിയാലോചനകളുമില്ലാതെ കേവലം ഒരു എക്സിക്യൂട്ടീവ് ഉത്തരവ് വഴി ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന നിർദ്ദേശങ്ങളാണ് വിജ്ഞാപനം ചെയ്യപ്പെട്ടിരിക്കുന്നത്. അതിന്റെ ഉദ്ദേശ്യലക്ഷ്യമെന്തെന്നുപോലും വിശദീകരിക്കുന്നില്ല നമ്മുടെ ഗവണ്മെന്റ്. 

ഇത്തരം കാര്യങ്ങൾ ജനാധിപത്യപരമായ അവധാനതയാണ് ആവശ്യപ്പെടുന്നത്. ഇന്റര്നെറ്റ് ഫ്രീഡം ഫൗണ്ടേഷൻ അവശ്യപ്പെട്ടതുപോലെ എന്തെന്തു കാര്യങ്ങൾക്കുവേണ്ടിയാണ് നിയമനിര്മാണങ്ങൾ നടത്തുവാൻ അല്ലെങ്കിൽ ചട്ടങ്ങൾ രൂപീകരിക്കാൻ ഗവണ്മെന്റ് ആലോചിക്കുന്നത് എന്നതിനെക്കുറിച്ച് ഒരു ധവളപത്രം ആദ്യം പ്രസിദ്ധീകരിക്കണം. അതിന്മേൽ ഒരു വിശദമായ കൂടിയാലോചനകൾ നടക്കണം. നമ്മുടെ ഡിജിറ്റൽ അവകാശങ്ങൾ ഹനിക്കാതെ, സ്വകാര്യതയും, സുരക്ഷിതത്വവും നിലനിർത്തിക്കൊണ്ട് എന്തു തരം മാറ്റങ്ങളാണ് വരുത്താൻ കഴിയുക എന്നതിനെക്കുറിച്ച് ഒരു ധാരണയുണ്ടാക്കണം. പാർലമെന്റിൽ ചർച്ചനടക്കണം. അതിനു വേണ്ട നിയമാനിര്മാണങ്ങൾ നടത്തണം. അല്ലാതെ ആരോ ആർക്കൊക്കെയോ വേണ്ടി സൃഷ്ടിക്കുന്ന ഉത്തരവുകളിലൂടെ ഭരണം നടത്തുന്നതിനെ നമ്മൾ ജനാധിപത്യം എന്നല്ല വിളിക്കുക. ഇന്റർനെറ്റ് മുന്നോട്ടു വയ്ക്കുന്ന സ്വാതന്ത്ര്യത്തിന്റെ ബൃഹദാകാശങ്ങളെ നിഷേധിച്ചുകൊണ്ട് ഇന്ത്യക്കാരെ ചൈനയോ നോർത്ത് കൊറിയയോ ഒക്കെ ഉൾപ്പെടുന്ന ജയിലറകളിലേക്ക് ഒതുക്കുവാനുള്ള ഏതു ശ്രമവും എതിർക്കപ്പെടേണ്ടതാണ്.

ഈ ലേഖനം 2021 ഫെബ്രുവരി 227-ന് ട്രൂകോപ്പി തിങ്ക് പ്രസിദ്ധീകരിച്ചതാണ്

നിങ്ങളെയും അവർ തേടി വരികയാണ്.

2018-ൽ ഗ്രെറ്റ തൻബർഗ് എന്ന 15 വയസുകാരി സ്വീഡിഷ് പെൺകുട്ടി അവിടുത്തെ ഗവണ്മെന്റിന്റെ നയങ്ങൾക്കെതിരെ പ്രതിഷേധിച്ചു. നിയമം ലംഘിച്ചുകൊണ്ട്, സ്‌കൂളിൽ പോകാതെ, പാർലമെന്റിന് മുന്നിൽ സമരം ചെയ്തു.  അവളെ അറസ്റ്റ് ചെയ്തില്ല, ജയിലിലടച്ചില്ല. ആ പെൺകുട്ടി ഇന്ന് സ്വീഡന്റെ ആഗോള മുഖമാണ്.

2021-ൽ ഇന്ത്യയിലെ പാരിസ്ഥിതിക പ്രവർത്തനങ്ങളുടെ യുവ മുഖങ്ങളിലൊന്ന്, ഫ്രെയ്‌ഡെയ്‌സ് ഫോർ ഫൂച്ചർ കാലാവസ്ഥാ പ്രവർത്തനത്തിന്റെ, ഇന്ത്യൻ  ശാഖയുടെ സ്ഥാപകരിലൊരാൾ, ദിശ രവി, കർഷക പ്രതിഷേധങ്ങൾക്ക് അനുകൂലമായ ഒരു സോഷ്യൽ മീഡിയ ടൂൾകിറ്റ് പങ്കുവച്ചതിന്റെ പേരിൽ ജയിലിലടയ്ക്കപ്പെട്ടിരിക്കുന്നു. പരസ്യമായി കാലാപാഹ്വാനം നടത്തിയവർക്കെതിരെ ചെറുവിരൽ പോലും അനക്കാത്ത ഡൽഹി പൊലീസാണ് കേസെടുത്തത്. ഇപ്പോൾ 5 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരിക്കുന്നു. നിയമവാഴ്ചയുടെ ലാഞ്ചനപോലും പ്രകടിപ്പിക്കാത്ത വിധമായിരുന്നു ഇക്കാര്യത്തിൽ അധികാരികൾ സ്വീകരിച്ച നടപടികൾ. രാജ്യത്തെ നിയമവ്യവസ്ഥയും സുപ്രീംകോടതി ഉത്തരവുകളും മുന്നോട്ടുവയ്ക്കുന്ന നിര്ദേശങ്ങളൊന്നും നടപ്പിലായില്ല. അനുച്ഛേദം 22(2) പ്രകാരം ഏറ്റവും അടുത്തുള്ള മജിസ്‌ട്രേറ്റിന് മുന്നിൽ ദിശയെ ഹാജരാക്കേണ്ടതായിരുന്നു. ട്രാൻസിറ്റ് റിമാൻഡ് നേടേണ്ടതുണ്ടായിരുന്നു. എന്നാൽ ബാംഗ്ളൂരിൽ നിന്ന് അറസ്റ്റു ചെയ്തശേഷം ഡൽഹിയിലെ പട്യാല കോടതിയിലെ മജിസ്‌ട്രേറ്റിന് മുന്നിലാണ് അവർ ദിശയെ ഹാജരാക്കിയത്.  കോടതിയിൽ ദിശയ്ക്ക് ഒരു വക്കീലിനെ സമീപിക്കാനുള്ള അവസരം നൽകിയില്ല, വക്കീലിനെ അനുവദിച്ചുമില്ല. ഇത് ഭരണഘടനയുടെ അനുച്ഛേദം 22(1)-ന്റെ നഗ്നമായ ലംഘനമാണ്.

ഒരു രാജ്യം അതിന്റെ യുവതയോട് ചെയ്യുന്നത് ഇതാണ്!

ഇത്രമേൽ പേടിത്തൂറികളായ ഒരു ഭരണവർഗത്തെ ഇതിനുമുൻപ് രാജ്യം കണ്ടിട്ടില്ല. പരസ്യമായി പങ്കുവയ്ച്ച ഒരു ടൂൾകിറ്റുകൊണ്ടു അപകടത്തിലാവുന്നതാണ്  മഹത്തായ ഈ രാജ്യത്തിന്റെ അടിത്തറ എന്ന് ഈ ഭീരുക്കൾ ധരിച്ചിരിക്കുന്നു. എന്നും വൈദേശികാധികാരികളുടെ ഷൂ നക്കി മാത്രം ശീലമുള്ള ഇക്കൂട്ടർക്ക് പതിനായിരക്കണക്കിന് ധീരദേശാഭിമാനികളുടെ ജീവിതം കൊണ്ട്, നിശ്ചയദാർഢ്യം കൊണ്ട്, ബഹുസ്വര സമൂഹത്തിന്റെ അതിശയിപ്പിക്കുന്ന ഐക്യം കൊണ്ട് നേടിയെടുത്ത സ്വാതന്ത്ര്യത്തിന്റെ വിലയറിയില്ല. ആയിരത്തിലേറെ വർഷങ്ങളുടെ സമൂഹ്യനവീകരണ പ്രസ്ഥാനങ്ങളും രണ്ടു നൂറ്റാണ്ടിലേറെ കാലത്തെ രാഷ്ട്രീയ സ്വാതന്ത്ര്യ പ്രസ്ഥാനങ്ങളും ചേർന്നു നിർമിച്ച ഈ രാഷ്ട്രത്തിന്റെ ആന്തരിക ശക്തിയെന്തെന്ന് അറിയില്ല.

നിരായുധനായ, അര്ധനഗ്നനായ ഒരു മനുഷ്യന്റെ ആദര്ശങ്ങളോട് പൊരുതാൻ കെല്പില്ലാത്തതുകൊണ്ട്, കൂപ്പുകൈകൊണ്ടു ചതി മറച്ച്,   ആ മാറിലേക്ക്  നിറയൊഴിച്ച പരമ ഭീരുക്കളാണിവർ. സ്വതന്ത്ര  ഇന്ത്യയിലെ ആദ്യ ഭീകരവാദിയുടെ പിന്മുറക്കാർ. അപരവിദ്വേഷത്തിന്റെ വികലദർശനം തലയിലേറ്റി മനുഷ്യത്വം മറന്ന അധമർ.ഇക്കൂട്ടർക്ക്, രാജ്യത്തോടോ, ഇവിടുത്തെ യുവതയോടോ, യാതൊരു കടപ്പാടുമില്ല. അധികാരം മാത്രമാണ് ഇന്നവരുടെ ലക്ഷ്യം. വെറുപ്പ് മാത്രമാണ് അവരുടെ പ്രത്യയശാസ്ത്രം. 

ഹിറ്റ്ലറുടേത് ഭാരതത്തിനും ‘അനുകരണീയമായ മാതൃകയാണെന്ന്’ വിശ്വസിച്ച, വംശശുദ്ധിയുടെ ദർശനത്തെ പിന്തുടർന്ന, രാജ്യത്തിന്റെ സ്വാതന്ത്ര്യപ്രസ്ഥാനത്തെയും, നവോത്ഥാന മൂല്യങ്ങളെയും തിരസ്കരിച്ച, ബ്രിട്ടീഷുകാർക്ക് രാജ്യത്തെ ഒറ്റുകൊടുത്ത വെറുപ്പിന്റെ രാഷ്ട്രീയ പ്രയോക്താക്കൾ അധികാരത്തിലിരുന്നുകൊണ്ട് നമ്മളെയും തേടിവരികയാണ്. അതേ, ‘മുസ്ലീങ്ങളെ മാത്രമല്ല(!)’; നമ്മളെയാകെ. 

ആദ്യമവർ ന്യൂനപക്ഷങ്ങളെ തേടിയാണ് എത്തിയത്, പിന്നീട് കലാലയങ്ങളെ, അതിനു ശേഷം തൊഴിൽ നിയമങ്ങളെയപ്പാടെ പൊളിച്ചെഴുതി തൊഴിലാളികളെയും ട്രേഡ് യൂണിയനുകളേയും ലക്ഷ്യം വച്ചു, നോട്ട് നിരോധിച്ചുകൊണ്ട് സാധാരണക്കാരുടെ നട്ടെല്ലൊടിക്കുകയും കോർപ്പറേറ്റുകളുടെയും ഭരണകക്ഷികളുടെയും കീശ വീർപ്പിക്കുകയും ചെയ്തു, പ്രതിഷേധിച്ച ക്യാമ്പസുകളെ കുരിതിക്കളമാക്കി, വിദ്യാർഥികളെ തടവിലാക്കി, വാർത്തകൾ റിപ്പോർട്ട് ചെയ്യാൻ ധൈര്യം കാണിച്ച പത്രപ്രവർത്തകർക്കെതിരെ ദേശദ്രോഹക്കുറ്റവും യു.എ. പി.എ. യും ചാർത്തി ജയിലിൽ തള്ളി, കള്ളക്കേസുകൾ ഉണ്ടാക്കി ചിന്തകരെയും എഴുത്തുകാരെയും നിർവീര്യമാക്കാൻ ശ്രമിക്കുന്നു, വിമതരുടെ കമ്പ്യൂട്ടറുകൾ ഹാക്ക് ചെയ്തു തെളിവുകൾ പ്ലാന്റ് ചെയ്ത് വരെ ഭീകരവാദ കേസുകൾ സൃഷ്ടിച്ചു, ജനാധിപത്യത്തിന്റെ അടിസ്ഥാന സ്ഥാപനങ്ങളെയെല്ലാം നിർവീര്യമാക്കി – പാർലമെന്റ്, ജുഡീഷ്യറി, മാധ്യമങ്ങൾ അങ്ങനെയെല്ലാം അധികാരതാത്പര്യങ്ങൾക്ക് അനുസൃതമായി പ്രവർത്തിക്കുന്നു എന്ന പ്രതീതിയുണ്ടാക്കി, രാഷ്ട്രത്തെയും പൗരത്വത്തെയും മതം കൊണ്ടു നിർവചിക്കാൻ ശ്രമിച്ചുകൊണ്ടേയിരിക്കുന്നു, അടിമുടി ജനാധിപത്യവിരുദ്ധമായ ഇന്ത്യൻ സാമൂഹ്യ രാഷ്ട്രീയ സാഹചര്യങ്ങളെ സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം, തുടങ്ങിയ ജ്ഞാനോദയ മൂല്യങ്ങളിലേക്ക് നയിക്കാനുള്ള പ്രകാശഗോപുരമായി നിലകൊള്ളേണ്ട ഭരണഘടന ഒരു ഹിന്ദു ദൈവത്തിന്റെ ചിത്രം ആലേഖനം ചെയ്ത പുസ്തകം മാത്രമാക്കി മാറ്റാൻ, എന്നിട്ട് അതിന്മേൽ അവരാഗ്രഹിക്കുന്ന വർഗീയഫാഷിസ്റ്റു രാഷ്ട്ര സങ്കൽപ്പത്തെ പ്രതിഷ്ഠിക്കാൻ  ശ്രമിക്കുന്നു.

രാഷ്ട്രമെന്നാൽ ഒരു വിശുദ്ധകുടുംബവും ഭരണനേതാവ് കുടുംബനാഥനും ആകുന്നു. അയാൾ ചോദ്യം ചെയ്യപ്പെടാൻ പടില്ലാത്തതാകുന്നു. രാഷ്ട്രം എന്നാൽ ഗവണ്മെന്റാണെന്നും ഗവണമെന്റ് എന്നാൽ ഒരു വ്യക്തിയും ആകുന്നു. ഗവണ്മെന്റിനെ ചോദ്യം ചെയ്താൽ, നേതാവിനെ ചോദ്യം ചെയ്താൽ, അത് രാഷ്ട്രത്തിനെതിരെയുള്ള ഗൂഢാലോചന ആണെന്ന് വരുന്നു. രാഷ്ട്രത്തിന്റെ ആത്മാവ് ഗ്രാമങ്ങളിൽ ആണെന്ന് പറഞ്ഞത് നമ്മുടെ രാഷ്ട്രപിതാവാണ്. ഗ്രാമങ്ങളുടെ ആത്മാവ് കർഷകരാണ്. അവരുടെ വേദനകളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്തിന്റെ പേരിലാണ് സാധാരണ പൗരർക്കെതിരെ ഭരണകൂടവും അവരുടെ രാഷ്ട്രീയപ്രചാരകരും യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നത്. 

രിഹാനയുടെയും മീന ഹാരിസിന്റെയും മുതൽ സ്‌കൂൾ കുട്ടിയായ ഇന്ത്യൻ കാലാവസ്ഥാ പോരാളി ലീസിപ്രിയഗംഗുജത്തിന്റെ സോഷ്യൽ മീഡിയ ഫീഡിൽ പോലും അറയ്ക്കുന്ന  അധിക്ഷേപങ്ങൾ ചൊരിയുകയാണ് രാഷ്ട്രീയ വിദ്വേഷപ്രചാരകർ. ഗവണമെന്റോ സോഷ്യൽ മീഡിയ ടൂൾ കിറ്റ് പങ്കു വച്ചതിന്റെ പേരിൽ ഒരു 21 കാരിയെ വേട്ടയാടുന്നു.

ചരിത്രം പ്രഹസനമോ ദുരന്തമോയൊക്കെയായി ആവർത്തിക്കുമത്രെ. എഴുപത്തെട്ടു വർഷങ്ങൾക്ക് മുൻപുള്ള ഇതുപോലൊരു ഫെബ്രുവരി മാസത്തിലാണ് സോഫി സ്‌കോൾസ് എന്ന മറ്റൊരു 21 വയസുകാരി അറസ്റ്റിലാകുന്നത്; ജർമനിയിൽ. ഒരു രാഷ്ട്രീയ ലഘുലേഖ പങ്കു വെച്ചതിന് മ്യൂനിച് സർവകലാശാലയിൽ വച്ചായിരുന്നു ആ പെണ്കുട്ടി പിടിയിലായത്. സഹോദരൻ ഹാൻസ് സ്‌കോളിനൊപ്പം അവളും നാസി വിദ്വേഷ പ്രചാരണത്തിനെതിരെ പ്രവർത്തിച്ച ‘വൈറ്റ് റോസ് പ്രസ്ഥാന’ത്തിന്റെ ഭാഗമായിരുന്നു. 1943 ഫെബ്രുവരി 22-ന് വൈകിട്ട് 5 മണിക്ക് സോഫിയുടെയും സഹോദരന്റെയും അവരുടെ സുഹൃത്ത് ക്രിസ്റ്റഫിന്റെയും തലയറുത്ത് ഹിറ്റ്ലറുടെ ഭരണകൂടം വധശിക്ഷ നടപ്പിലാക്കി. 

1943-ലായിരുന്നു അത്. ആയിരം വർഷത്തെ സാമ്രാജ്യം എന്നു നാസികൾ വിശ്വസിച്ച മൂന്നാം റെയ്ക്ക് പിന്നീട് കേവലം 2 വർഷങ്ങൾ മാത്രമാണ് നിലനിന്നത്. 1945 മെയ് മാസത്തിൽ സഖ്യകക്ഷികൾക്ക്  മുന്നിൽ ജർമനി കീഴടങ്ങി. ജനതയെ, ചോദ്യങ്ങളെ, നീതിയെ അഭിമുഖീകരിക്കാൻ കഴിയാത്ത ഭീരു, ഹിറ്റ്ലർ, അതിനും മുന്നേ ആത്മഹത്യ ചെയ്തു. 

ശിക്ഷാവിധി നടപ്പിലാക്കുവാൻ ഗില്ലറ്റിനരുകിലേക്ക് നടക്കുന്നതിന് മുൻപ് സോഫി അവസാനമായി പറഞ്ഞ വാക്കുകൾ തന്നെയാണ് ഓർമവരുന്നത്: “എത്ര പ്രസന്നമായ ദിവസം, എനിക്ക് പോകേണ്ടിവരും…. എന്നിരുന്നാലും ഞങ്ങളിലൂടെ ഒരായിരം മനുഷ്യർ ഉണരുകയും സമരോത്സുകരാവുകയും ചെയ്യുമെങ്കിൽ മരണത്തിലെന്തു കാര്യം?” 

ഈ ലേഖനം മാധ്യമം ദിനപത്രത്തിൽ 2021 ഫെബ്രുവരി 19-ന് പ്രസിദ്ധീകരിച്ചിരുന്നു.

ഡൂൾന്യൂസിലും വായിക്കാം (17/02/2021)