നിങ്ങളെയും അവർ തേടി വരികയാണ്.

2018-ൽ ഗ്രെറ്റ തൻബർഗ് എന്ന 15 വയസുകാരി സ്വീഡിഷ് പെൺകുട്ടി അവിടുത്തെ ഗവണ്മെന്റിന്റെ നയങ്ങൾക്കെതിരെ പ്രതിഷേധിച്ചു. നിയമം ലംഘിച്ചുകൊണ്ട്, സ്‌കൂളിൽ പോകാതെ, പാർലമെന്റിന് മുന്നിൽ സമരം ചെയ്തു.  അവളെ അറസ്റ്റ് ചെയ്തില്ല, ജയിലിലടച്ചില്ല. ആ പെൺകുട്ടി ഇന്ന് സ്വീഡന്റെ ആഗോള മുഖമാണ്.

2021-ൽ ഇന്ത്യയിലെ പാരിസ്ഥിതിക പ്രവർത്തനങ്ങളുടെ യുവ മുഖങ്ങളിലൊന്ന്, ഫ്രെയ്‌ഡെയ്‌സ് ഫോർ ഫൂച്ചർ കാലാവസ്ഥാ പ്രവർത്തനത്തിന്റെ, ഇന്ത്യൻ  ശാഖയുടെ സ്ഥാപകരിലൊരാൾ, ദിശ രവി, കർഷക പ്രതിഷേധങ്ങൾക്ക് അനുകൂലമായ ഒരു സോഷ്യൽ മീഡിയ ടൂൾകിറ്റ് പങ്കുവച്ചതിന്റെ പേരിൽ ജയിലിലടയ്ക്കപ്പെട്ടിരിക്കുന്നു. പരസ്യമായി കാലാപാഹ്വാനം നടത്തിയവർക്കെതിരെ ചെറുവിരൽ പോലും അനക്കാത്ത ഡൽഹി പൊലീസാണ് കേസെടുത്തത്. ഇപ്പോൾ 5 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരിക്കുന്നു. നിയമവാഴ്ചയുടെ ലാഞ്ചനപോലും പ്രകടിപ്പിക്കാത്ത വിധമായിരുന്നു ഇക്കാര്യത്തിൽ അധികാരികൾ സ്വീകരിച്ച നടപടികൾ. രാജ്യത്തെ നിയമവ്യവസ്ഥയും സുപ്രീംകോടതി ഉത്തരവുകളും മുന്നോട്ടുവയ്ക്കുന്ന നിര്ദേശങ്ങളൊന്നും നടപ്പിലായില്ല. അനുച്ഛേദം 22(2) പ്രകാരം ഏറ്റവും അടുത്തുള്ള മജിസ്‌ട്രേറ്റിന് മുന്നിൽ ദിശയെ ഹാജരാക്കേണ്ടതായിരുന്നു. ട്രാൻസിറ്റ് റിമാൻഡ് നേടേണ്ടതുണ്ടായിരുന്നു. എന്നാൽ ബാംഗ്ളൂരിൽ നിന്ന് അറസ്റ്റു ചെയ്തശേഷം ഡൽഹിയിലെ പട്യാല കോടതിയിലെ മജിസ്‌ട്രേറ്റിന് മുന്നിലാണ് അവർ ദിശയെ ഹാജരാക്കിയത്.  കോടതിയിൽ ദിശയ്ക്ക് ഒരു വക്കീലിനെ സമീപിക്കാനുള്ള അവസരം നൽകിയില്ല, വക്കീലിനെ അനുവദിച്ചുമില്ല. ഇത് ഭരണഘടനയുടെ അനുച്ഛേദം 22(1)-ന്റെ നഗ്നമായ ലംഘനമാണ്.

ഒരു രാജ്യം അതിന്റെ യുവതയോട് ചെയ്യുന്നത് ഇതാണ്!

ഇത്രമേൽ പേടിത്തൂറികളായ ഒരു ഭരണവർഗത്തെ ഇതിനുമുൻപ് രാജ്യം കണ്ടിട്ടില്ല. പരസ്യമായി പങ്കുവയ്ച്ച ഒരു ടൂൾകിറ്റുകൊണ്ടു അപകടത്തിലാവുന്നതാണ്  മഹത്തായ ഈ രാജ്യത്തിന്റെ അടിത്തറ എന്ന് ഈ ഭീരുക്കൾ ധരിച്ചിരിക്കുന്നു. എന്നും വൈദേശികാധികാരികളുടെ ഷൂ നക്കി മാത്രം ശീലമുള്ള ഇക്കൂട്ടർക്ക് പതിനായിരക്കണക്കിന് ധീരദേശാഭിമാനികളുടെ ജീവിതം കൊണ്ട്, നിശ്ചയദാർഢ്യം കൊണ്ട്, ബഹുസ്വര സമൂഹത്തിന്റെ അതിശയിപ്പിക്കുന്ന ഐക്യം കൊണ്ട് നേടിയെടുത്ത സ്വാതന്ത്ര്യത്തിന്റെ വിലയറിയില്ല. ആയിരത്തിലേറെ വർഷങ്ങളുടെ സമൂഹ്യനവീകരണ പ്രസ്ഥാനങ്ങളും രണ്ടു നൂറ്റാണ്ടിലേറെ കാലത്തെ രാഷ്ട്രീയ സ്വാതന്ത്ര്യ പ്രസ്ഥാനങ്ങളും ചേർന്നു നിർമിച്ച ഈ രാഷ്ട്രത്തിന്റെ ആന്തരിക ശക്തിയെന്തെന്ന് അറിയില്ല.

നിരായുധനായ, അര്ധനഗ്നനായ ഒരു മനുഷ്യന്റെ ആദര്ശങ്ങളോട് പൊരുതാൻ കെല്പില്ലാത്തതുകൊണ്ട്, കൂപ്പുകൈകൊണ്ടു ചതി മറച്ച്,   ആ മാറിലേക്ക്  നിറയൊഴിച്ച പരമ ഭീരുക്കളാണിവർ. സ്വതന്ത്ര  ഇന്ത്യയിലെ ആദ്യ ഭീകരവാദിയുടെ പിന്മുറക്കാർ. അപരവിദ്വേഷത്തിന്റെ വികലദർശനം തലയിലേറ്റി മനുഷ്യത്വം മറന്ന അധമർ.ഇക്കൂട്ടർക്ക്, രാജ്യത്തോടോ, ഇവിടുത്തെ യുവതയോടോ, യാതൊരു കടപ്പാടുമില്ല. അധികാരം മാത്രമാണ് ഇന്നവരുടെ ലക്ഷ്യം. വെറുപ്പ് മാത്രമാണ് അവരുടെ പ്രത്യയശാസ്ത്രം. 

ഹിറ്റ്ലറുടേത് ഭാരതത്തിനും ‘അനുകരണീയമായ മാതൃകയാണെന്ന്’ വിശ്വസിച്ച, വംശശുദ്ധിയുടെ ദർശനത്തെ പിന്തുടർന്ന, രാജ്യത്തിന്റെ സ്വാതന്ത്ര്യപ്രസ്ഥാനത്തെയും, നവോത്ഥാന മൂല്യങ്ങളെയും തിരസ്കരിച്ച, ബ്രിട്ടീഷുകാർക്ക് രാജ്യത്തെ ഒറ്റുകൊടുത്ത വെറുപ്പിന്റെ രാഷ്ട്രീയ പ്രയോക്താക്കൾ അധികാരത്തിലിരുന്നുകൊണ്ട് നമ്മളെയും തേടിവരികയാണ്. അതേ, ‘മുസ്ലീങ്ങളെ മാത്രമല്ല(!)’; നമ്മളെയാകെ. 

ആദ്യമവർ ന്യൂനപക്ഷങ്ങളെ തേടിയാണ് എത്തിയത്, പിന്നീട് കലാലയങ്ങളെ, അതിനു ശേഷം തൊഴിൽ നിയമങ്ങളെയപ്പാടെ പൊളിച്ചെഴുതി തൊഴിലാളികളെയും ട്രേഡ് യൂണിയനുകളേയും ലക്ഷ്യം വച്ചു, നോട്ട് നിരോധിച്ചുകൊണ്ട് സാധാരണക്കാരുടെ നട്ടെല്ലൊടിക്കുകയും കോർപ്പറേറ്റുകളുടെയും ഭരണകക്ഷികളുടെയും കീശ വീർപ്പിക്കുകയും ചെയ്തു, പ്രതിഷേധിച്ച ക്യാമ്പസുകളെ കുരിതിക്കളമാക്കി, വിദ്യാർഥികളെ തടവിലാക്കി, വാർത്തകൾ റിപ്പോർട്ട് ചെയ്യാൻ ധൈര്യം കാണിച്ച പത്രപ്രവർത്തകർക്കെതിരെ ദേശദ്രോഹക്കുറ്റവും യു.എ. പി.എ. യും ചാർത്തി ജയിലിൽ തള്ളി, കള്ളക്കേസുകൾ ഉണ്ടാക്കി ചിന്തകരെയും എഴുത്തുകാരെയും നിർവീര്യമാക്കാൻ ശ്രമിക്കുന്നു, വിമതരുടെ കമ്പ്യൂട്ടറുകൾ ഹാക്ക് ചെയ്തു തെളിവുകൾ പ്ലാന്റ് ചെയ്ത് വരെ ഭീകരവാദ കേസുകൾ സൃഷ്ടിച്ചു, ജനാധിപത്യത്തിന്റെ അടിസ്ഥാന സ്ഥാപനങ്ങളെയെല്ലാം നിർവീര്യമാക്കി – പാർലമെന്റ്, ജുഡീഷ്യറി, മാധ്യമങ്ങൾ അങ്ങനെയെല്ലാം അധികാരതാത്പര്യങ്ങൾക്ക് അനുസൃതമായി പ്രവർത്തിക്കുന്നു എന്ന പ്രതീതിയുണ്ടാക്കി, രാഷ്ട്രത്തെയും പൗരത്വത്തെയും മതം കൊണ്ടു നിർവചിക്കാൻ ശ്രമിച്ചുകൊണ്ടേയിരിക്കുന്നു, അടിമുടി ജനാധിപത്യവിരുദ്ധമായ ഇന്ത്യൻ സാമൂഹ്യ രാഷ്ട്രീയ സാഹചര്യങ്ങളെ സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം, തുടങ്ങിയ ജ്ഞാനോദയ മൂല്യങ്ങളിലേക്ക് നയിക്കാനുള്ള പ്രകാശഗോപുരമായി നിലകൊള്ളേണ്ട ഭരണഘടന ഒരു ഹിന്ദു ദൈവത്തിന്റെ ചിത്രം ആലേഖനം ചെയ്ത പുസ്തകം മാത്രമാക്കി മാറ്റാൻ, എന്നിട്ട് അതിന്മേൽ അവരാഗ്രഹിക്കുന്ന വർഗീയഫാഷിസ്റ്റു രാഷ്ട്ര സങ്കൽപ്പത്തെ പ്രതിഷ്ഠിക്കാൻ  ശ്രമിക്കുന്നു.

രാഷ്ട്രമെന്നാൽ ഒരു വിശുദ്ധകുടുംബവും ഭരണനേതാവ് കുടുംബനാഥനും ആകുന്നു. അയാൾ ചോദ്യം ചെയ്യപ്പെടാൻ പടില്ലാത്തതാകുന്നു. രാഷ്ട്രം എന്നാൽ ഗവണ്മെന്റാണെന്നും ഗവണമെന്റ് എന്നാൽ ഒരു വ്യക്തിയും ആകുന്നു. ഗവണ്മെന്റിനെ ചോദ്യം ചെയ്താൽ, നേതാവിനെ ചോദ്യം ചെയ്താൽ, അത് രാഷ്ട്രത്തിനെതിരെയുള്ള ഗൂഢാലോചന ആണെന്ന് വരുന്നു. രാഷ്ട്രത്തിന്റെ ആത്മാവ് ഗ്രാമങ്ങളിൽ ആണെന്ന് പറഞ്ഞത് നമ്മുടെ രാഷ്ട്രപിതാവാണ്. ഗ്രാമങ്ങളുടെ ആത്മാവ് കർഷകരാണ്. അവരുടെ വേദനകളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്തിന്റെ പേരിലാണ് സാധാരണ പൗരർക്കെതിരെ ഭരണകൂടവും അവരുടെ രാഷ്ട്രീയപ്രചാരകരും യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നത്. 

രിഹാനയുടെയും മീന ഹാരിസിന്റെയും മുതൽ സ്‌കൂൾ കുട്ടിയായ ഇന്ത്യൻ കാലാവസ്ഥാ പോരാളി ലീസിപ്രിയഗംഗുജത്തിന്റെ സോഷ്യൽ മീഡിയ ഫീഡിൽ പോലും അറയ്ക്കുന്ന  അധിക്ഷേപങ്ങൾ ചൊരിയുകയാണ് രാഷ്ട്രീയ വിദ്വേഷപ്രചാരകർ. ഗവണമെന്റോ സോഷ്യൽ മീഡിയ ടൂൾ കിറ്റ് പങ്കു വച്ചതിന്റെ പേരിൽ ഒരു 21 കാരിയെ വേട്ടയാടുന്നു.

ചരിത്രം പ്രഹസനമോ ദുരന്തമോയൊക്കെയായി ആവർത്തിക്കുമത്രെ. എഴുപത്തെട്ടു വർഷങ്ങൾക്ക് മുൻപുള്ള ഇതുപോലൊരു ഫെബ്രുവരി മാസത്തിലാണ് സോഫി സ്‌കോൾസ് എന്ന മറ്റൊരു 21 വയസുകാരി അറസ്റ്റിലാകുന്നത്; ജർമനിയിൽ. ഒരു രാഷ്ട്രീയ ലഘുലേഖ പങ്കു വെച്ചതിന് മ്യൂനിച് സർവകലാശാലയിൽ വച്ചായിരുന്നു ആ പെണ്കുട്ടി പിടിയിലായത്. സഹോദരൻ ഹാൻസ് സ്‌കോളിനൊപ്പം അവളും നാസി വിദ്വേഷ പ്രചാരണത്തിനെതിരെ പ്രവർത്തിച്ച ‘വൈറ്റ് റോസ് പ്രസ്ഥാന’ത്തിന്റെ ഭാഗമായിരുന്നു. 1943 ഫെബ്രുവരി 22-ന് വൈകിട്ട് 5 മണിക്ക് സോഫിയുടെയും സഹോദരന്റെയും അവരുടെ സുഹൃത്ത് ക്രിസ്റ്റഫിന്റെയും തലയറുത്ത് ഹിറ്റ്ലറുടെ ഭരണകൂടം വധശിക്ഷ നടപ്പിലാക്കി. 

1943-ലായിരുന്നു അത്. ആയിരം വർഷത്തെ സാമ്രാജ്യം എന്നു നാസികൾ വിശ്വസിച്ച മൂന്നാം റെയ്ക്ക് പിന്നീട് കേവലം 2 വർഷങ്ങൾ മാത്രമാണ് നിലനിന്നത്. 1945 മെയ് മാസത്തിൽ സഖ്യകക്ഷികൾക്ക്  മുന്നിൽ ജർമനി കീഴടങ്ങി. ജനതയെ, ചോദ്യങ്ങളെ, നീതിയെ അഭിമുഖീകരിക്കാൻ കഴിയാത്ത ഭീരു, ഹിറ്റ്ലർ, അതിനും മുന്നേ ആത്മഹത്യ ചെയ്തു. 

ശിക്ഷാവിധി നടപ്പിലാക്കുവാൻ ഗില്ലറ്റിനരുകിലേക്ക് നടക്കുന്നതിന് മുൻപ് സോഫി അവസാനമായി പറഞ്ഞ വാക്കുകൾ തന്നെയാണ് ഓർമവരുന്നത്: “എത്ര പ്രസന്നമായ ദിവസം, എനിക്ക് പോകേണ്ടിവരും…. എന്നിരുന്നാലും ഞങ്ങളിലൂടെ ഒരായിരം മനുഷ്യർ ഉണരുകയും സമരോത്സുകരാവുകയും ചെയ്യുമെങ്കിൽ മരണത്തിലെന്തു കാര്യം?” 

ഈ ലേഖനം മാധ്യമം ദിനപത്രത്തിൽ 2021 ഫെബ്രുവരി 19-ന് പ്രസിദ്ധീകരിച്ചിരുന്നു.

ഡൂൾന്യൂസിലും വായിക്കാം (17/02/2021)

LEAVE A REPLY

Please enter your comment!
Please enter your name here