പരിമിത സ്വാതന്ത്ര്യം മാത്രമുള്ള ഒരു രാജ്യത്തെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തൽ

അതിവേഗം ശ്രദ്ധ നേടാനും സെൻസേഷണലാകാനും സാധ്യതയുള്ള ഉണ്ടയില്ലാ വെടികൾ മാത്രം വാർത്തകളായി ആഘോഷിക്കപ്പെടുന്ന സമകാലിക മാധ്യമ ലോകത്ത്, അവധാനതയോടെയുള്ള, സമയം ഏറെ എടുക്കുന്ന, പഴയ രീതിയിലുള്ള മാധ്യമപ്രവർത്തനത്തിന്റെ ശക്തി നമുക്ക് കാണിച്ചു തരികയാണ് ബിബിസി ‘ദ മോദി ക്വസ്റ്റ്യൻ’ എന്ന ഡോക്യുമെൻററി സീരീസിലൂടെ. മുതിർന്ന മാധ്യമ പ്രവർത്തകൻ എൻ റാം പറഞ്ഞതുപോലെ, മാധ്യമ പാഠപുസ്തകങ്ങളിലെ എല്ലാ നിയമങ്ങളും പാലിച്ചു കൊണ്ടാണ് ഒരു മണിക്കൂർ വീതം ദൈർഘ്യമുള്ള രണ്ട് എപ്പിസോഡുകളിലായി ബിബിസി ഡോക്യുമെൻററി തയ്യാറാക്കിയിട്ടുള്ളത്. വിവരങ്ങളുടെ ഉറവിടം വെളിവാക്കേണ്ട ഇടങ്ങളിൽ അത് വ്യക്തമായി പറഞ്ഞുകൊണ്ട്, അധികാരികമായ രേഖകൾ ഉദ്ധരിച്ചുകൊണ്ട്, അതിനു സാധ്യമല്ലാത്ത ഇടങ്ങളിൽ ഇരു വീക്ഷണങ്ങളും കൃത്യമായി ചേർത്തുകൊണ്ട്, പ്രതികരണം ആവശ്യമുള്ള ഘട്ടങ്ങളിൽ അതുകൂടി ചേർത്തുവച്ച്, എന്നാൽ നീതിയുടെ പക്ഷത്തുനിന്ന് വഴുതി മാറാതെ, ആവശ്യമായ ദൃശ്യങ്ങളും അനിവാര്യമായ വിവരണങ്ങളും ഉൾക്കൊള്ളിച്ചിട്ടുണ്ട് ഇതിൽ. അത്തരത്തിൽ വളരെ ശ്രദ്ധയോടെ തയ്യാറാക്കിയ ഡോക്യുമെൻററി സാമൂഹ്യ മാധ്യമങ്ങളിൽ നിരോധിച്ചതിലൂടെ, നമ്മുടെ രാജ്യം ഒരു സ്വതന്ത്ര ജനാധിപത്യ രാഷ്ട്രം എന്ന നിലയിൽ നിന്ന് പരിമിത സ്വാതന്ത്ര്യം മാത്രമുള്ള രാജ്യമായി മാറിയിരിക്കുന്നു എന്ന, ഡോക്യുമെൻററിയുടെ രണ്ടാം ഭാഗം നൽകുന്ന സൂചന, ശരിയാണെന്ന് ലോകത്തെ ബോധ്യപ്പെടുത്തിയിരിക്കുകയാണ് ഗവൺമെൻറ്.

ഗവൺമെൻറിൻറെ പ്രതികരണം

നമ്മുടെ വിദേശകാര്യ വക്താവ് അരിന്ധം ബക്ഷി ഈ ഡോക്യുമെൻററി ‘ഒരു പ്രോപ്പഗാണ്ട പീസ് ആണെന്നും, വസ്തുനിഷ്ഠമല്ലെന്നും ബിബിസിയുടെ കൊളോണിയൽ സ്വഭാവത്തെയാണ് ഇത് സൂചിപ്പിക്കുന്നത്’ എന്നും പ്രതികരിച്ചു. ചോദ്യങ്ങൾ ഉന്നയിച്ച മാധ്യമപ്രവർത്തകരോട് താൻ ഡോക്യുമെൻററി കണ്ടിട്ടില്ല എന്ന് വ്യക്തമാക്കി കൊണ്ടാണ് അപഹാസ്യമായ ഈ പ്രതികരണം നടത്തിയത്. ഡോക്യുമെൻററി കണ്ടിട്ടുള്ള ആർക്കും മനസ്സിലാകും ഇത് ഏകപക്ഷീയമായി കാര്യങ്ങൾ അവതരിപ്പിക്കുന്ന ഒന്നല്ല.  ഇരു വിഭാഗങ്ങൾക്കും കൃത്യമായ പ്രാതിനിധ്യവും പറയാനുള്ള അവസരവും നൽകിയിട്ടുണ്ട്. ഇന്ത്യ ഗവൺമെൻറ് ഔദ്യോഗികമായി പ്രതികരിക്കാത്തത് കൊണ്ട് മാത്രമാണ് അത് ഉൾപ്പെടുത്താൻ കഴിയാതെ പോയത്. എന്നാൽ ബിജെപി നേതാക്കളുടെ പ്രതികരണം ഡോക്യുമെൻററിയുടെ ഭാഗമാണ്. 

തുടർന്ന് എമർജൻസി അധികാരങ്ങൾ ഉപയോഗിച്ച് സാമൂഹ്യ മാധ്യമങ്ങളിൽ നിന്ന്  ഡോക്യുമെൻററി ഗവൺമെൻറ് വിലക്കി. 20021 ലെ ഇൻഫർമേഷൻ ടെക്നോളജി (ഇൻറർമീഡിയറി ഗൈഡ് ലൈൻ ആൻഡ് ഡിജിറ്റൽ മീഡിയ എത്തിക്സ് കോഡ്) റൂൾസിലെ ചട്ടം 16 (2) ഉപയോഗിച്ചാണ് നിരോധനം.  

ഇൻറർനെറ്റിന് കൂച്ചുവിലങ്ങ്

2022 ഫെബ്രുവരി അഞ്ചിനാണ്,  ‘ഇൻഫർമേഷൻ ടെക്നോളജി (ഇൻറർമീഡിയറി ഗൈഡ് ലൈൻ ആൻഡ് ഡിജിറ്റൽ മീഡിയ എത്തിക്സ് കോഡ്) റൂൾസ് 2021’ ഗവൺമെൻറ് വിജ്ഞാപനം ചെയ്യുന്നത്. ഇൻറർനെറ്റ് നിരോധനം സംബന്ധിച്ച 2009-ത്തിലെ ചട്ടങ്ങൾ മാറ്റിയാണ് ഇത് കൊണ്ടുവന്നത്. അന്നുതന്നെ ഇതിനെതിരെ വലിയ വിമർശനങ്ങൾ ഉയർന്നുവന്നിരുന്നു. ഇന്റര്‍നെറ്റ് മുന്നോട്ടു വയ്ക്കുന്ന സ്വാതന്ത്ര്യത്തിന്റെ ബൃഹദാകാശങ്ങളെ ഇന്ത്യക്കാർക്ക് നിഷേധിക്കുന്നതിനുള്ള ഉപാധിയാണ് ചട്ടങ്ങളെന്നും, അവ ഭരണഘടന വിരുദ്ധമാണ് എന്നും വാദമുയർന്നിരുന്നു. ഓൺലൈൻ വാർത്താമാധ്യമങ്ങളെ നിയന്ത്രിക്കുന്ന തരത്തിലുള്ള ത്രിതല സംവിധാനത്തെ ബോംബെ, മദ്രാസ് ഹൈക്കോടതികൾ സ്റ്റേ ചെയ്യുകയുമുണ്ടായി. ഇൻറർമീഡിയറി റൂൾസിലെ ഏറ്റവും ജനാധിപത്യ വിരുദ്ധമായ 16(2) ആണ് ഇവിടെ ഉപയോഗിച്ചിട്ടുള്ളത്. ഈ ചട്ടം അനുസരിച്ച് ഗവൺമെൻറ് ചുണ്ടിക്കാണിക്കുന്ന ഉള്ളടക്കം നീക്കം ചെയ്യുന്നതിന് മുൻപ് ഇൻറർമീഡിയറിക്ക് ഒരു ഹിയറിങ്ങിനുള്ള അവസരം പോലും നൽകണമെന്നില്ല. ഇവിടെ യൂട്യൂബും ട്വിറ്ററുമാണ് ഇൻറർ മീഡിയറികൾ. ഇൻഫർമേഷൻ ടെക്നോളജി ആക്ടിലെ വകുപ്പ് 69(എ) അനുസരിച്ചാണ് നിരോധനം ഏർപ്പെടുത്താൻ കഴിയുക. രാജ്യത്തിൻറെ പരമാധികാരം, അഖണ്ഡത, സുരക്ഷ, സുഹൃദ് രാജ്യങ്ങളുമായുള്ള ബന്ധം, മുതലായ കാര്യങ്ങൾ ബാധിക്കുന്ന ഉള്ളടക്ക ങ്ങളാണ് നീക്കം ചെയ്യുക. ബിബിസി ഡോക്യുമെൻററി ഇതിൽ ഒരു ഗണത്തിലും പെടില്ല. 

നരേന്ദ്രമോദിയുടെയും 2002-ലെ ഗുജറാത്ത് കലാപത്തിന്റെയും ചരിത്രവും, ഇപ്പോഴത്തെ ഗവൺമെന്റിന്റെ നയങ്ങളും ചൂണ്ടിക്കാണിക്കുന്നത് രാജ്യവിരുദ്ധ പ്രവർത്തനമല്ല. നിശ്ചയമായും അത് രാഷ്ട്രത്തിൻറെ അഖണ്ഡതയെ ബാധിക്കില്ല. മറ്റൊരു രാജ്യവുമായുള്ള ബന്ധവും ഈ ഡോക്യുമെൻററി മൂലം ഉലയില്ല.  വർഗീയ കലാപത്തിന് വഴിവയ്ക്കുന്ന യാതൊന്നും ഇതിലില്ല. ഗവൺമെൻറിൻറേതെന്ന നിലയ്ക്ക് മാധ്യമങ്ങൾ പ്രസിദ്ധീകരിച്ച പ്രതികരണങ്ങളിൽ കാണുന്ന മറ്റൊരു വാദം ഇത് നമ്മുടെ ആഭ്യന്തര കാര്യത്തിലേക്കുള്ള കൈകടത്തലാണ് എന്നതാണ്. കരൺ ഥാപ്പറിന് നൽകിയ അഭിമുഖത്തിൽ, അന്നത്തെ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി, ജാക്ക് സ്ട്രോ വ്യക്തമാക്കുന്നതുപോലെ, ധാരാളം ഗുജറാത്തി മുസ്ലിങ്ങൾ ഇംഗ്ലണ്ടിൽ ഉണ്ട്. അവർ നൽകിയ നിവേദനങ്ങളുടെ അടിസ്ഥാനത്തിലാണ് ബ്രിട്ടീഷ് ഹൈക്കമ്മീഷൻ 2002 കലാപത്തെക്കുറിച്ച് അന്വേഷണം നടത്താൻ തീരുമാനിച്ചത്. ഡോക്യുമെൻററിയുടെ ഒന്നാം ഭാഗത്തിലും ജാക്ക് സ്ട്രോ ഉണ്ട്. യോർക്ക്ഷെയർ കാരനായ ഇമ്രാൻ ദാവൂദിന്, തൻറെ ബന്ധുക്കളെയും സുഹൃത്തിനെയും കലാപത്തിൽ നഷ്ടമായ അനുഭവവിവരണത്തിൽ നിന്നാണ് ഡോക്യുമെൻററി ആരംഭിക്കുന്നത് തന്നെ. ഇത്തരം സാഹചര്യങ്ങളിൽ അതാത് രാജ്യത്തെ ഹൈക്കമ്മീഷൻ അന്വേഷണങ്ങൾ നടത്തുക സ്വാഭാവികമാണ്. ശ്രീലങ്കൻ തമിഴ് വംശജരുടെ കാര്യത്തിൽ നമ്മൾ നടത്തിയിട്ടുള്ള ഇടപെടലുകൾ ഓർക്കുക. 

മറ്റൊരു വാദം ഉയരുന്നത് ബിബിസി ഇന്ത്യൻ സുപ്രീം കോടതിയെ ചോദ്യം ചെയ്യുന്നു എന്നാണ്. സുപ്രീം കോടതി അന്തിമവിധി പ്രഖ്യാപിച്ച സാഹചര്യത്തിൽ ഗുജറാത്ത് കലാപത്തെ കുറിച്ചുള്ള ചർച്ചകൾ അവസാനിക്കേണ്ടതാണെന്നാണ് വാദം. അല്ലാത്തപക്ഷം സുപ്രീം കോടതിയുടെ ആധികാരികത ചോദ്യം ചെയ്യുന്നതിന് തുല്യമാണ്. എന്നാൽ ഡോക്യുമെൻററി കണ്ട എല്ലാവർക്കും അറിയാം അതിൽ സുപ്രീംകോടതി വിധിയെക്കുറിച്ചും വസ്തുനിഷ്ഠമായി പറഞ്ഞു പോകുന്നുണ്ട്. പ്രധാനമന്ത്രി മോദിയെ പ്രത്യേക അന്വേഷണ സംഘവും സുപ്രീം കോടതിയും കുറ്റവിമുക്തമാക്കിയതാണ് എന്ന കാര്യവും ചേർത്തിട്ടുണ്ട്. ഡോക്യുമെൻററി സുപ്രീംകോടതിയുടെ ആധികാരികതയെ ഒരിടത്തും ചോദ്യം ചെയ്യുന്നില്ല. അതിനർത്ഥം സുപ്രീംകോടതിയെ ചോദ്യം ചെയ്യാൻ പാടില്ല എന്നല്ല. പ്രത്യേക അന്വേഷണ സംഘവും അതിൻറെ റിപ്പോർട്ട് ശരിവച്ച സുപ്രീം കോടതി വിധിയും രാജ്യത്തിനകത്ത് തന്നെ രൂക്ഷമായി വിമർശിക്കപ്പെട്ടിട്ടുള്ളതാണ്. ജനാധിപത്യ സംവിധാനത്തിന് കീഴിൽ ഒരു സ്ഥാപനവും വിമർശനങ്ങൾക്ക് അതീതമല്ല. അതുകൊണ്ട് സുപ്രീംകോടതിയെ ചോദ്യം ചെയ്യാൻ പാടില്ല എന്ന വാദം നിലനിൽക്കില്ല പക്ഷേ ഇവിടെ, ഈ ഡോക്യുമെൻററിയിൽ അങ്ങനെ ഒരു അന്വേഷണം നടന്നിട്ടില്ല എന്ന് മാത്രം.

എന്തെന്ത് കാരണങ്ങൾ കൊണ്ടാണ് ‘ദ മോദി ക്വസ്റ്റ്യൻ’ രാജ്യത്ത് നിരോധിച്ചത് എന്ന് അധികാരികമായി പറയുവാൻ നമുക്ക് കഴിയില്ല. നിരോധിച്ചുകൊണ്ടുള്ള വിജ്ഞാപനം പരസ്യപ്പെടുത്തിയിട്ടില്ല. ഇൻറർ മീഡിയറികൾക്ക്, അത് പ്രതിരോധിക്കാനുള്ള അവസരവും ലഭിച്ചിട്ടില്ല. ചട്ടം 16 (3) അനുസരിച്ച് ഇത്തരം തീരുമാനങ്ങൾ 48 മണിക്കൂറിനുള്ളിൽ റിവ്യൂ കമ്മിറ്റിക്ക് മുന്നിൽ വയ്ക്കേണ്ടതാണ്. എന്നാൽ നിരോധനം ഏർപ്പെടുത്തുന്ന സമയത്ത് 2021-ലെ ചട്ടങ്ങൾക്ക് കീഴിൽ രൂപീകരിക്കേണ്ടിയിരുന്ന റിവ്യൂ കമ്മിറ്റി പോലും ഉണ്ടായിരുന്നോ എന്ന കാര്യം സംശയമാണ്. ത്രിതല നിയന്ത്രണ സംവിധാനം ഹൈക്കോടതികൾ സ്റ്റേ ചെയ്തിരുന്ന സാഹചര്യത്തിൽ അത് ഉണ്ടായിരുന്നിരിക്കാൻ ഇടയില്ല. 2023 ജനുവരി 27നാണ് അപ്പലൈറ്റ് കമ്മറ്റി രൂപീകരിച്ചുകൊണ്ട് കേന്ദ്രസർക്കാറിന്റെ ഒരു വിജ്ഞാപനം വരുന്നത്. അപ്പോൾ ചട്ട പ്രകാരം ഉള്ള പരിശോധന ഇക്കാര്യത്തിൽ ഉണ്ടായിട്ടില്ല എന്ന് കരുതേണ്ടിവരും. അങ്ങനെയെങ്കിൽ ചട്ടവിരുദ്ധവും നിയമവിരുദ്ധവുമായ നടപടിയാണത്. ൺ ചട്ടങ്ങൾ തന്നെ ഭരണഘടനാ വിരുദ്ധമാണ് എന്ന ഹർജികളിൽ ഭരണഘടനാ കോടതികൾ വാദം കേട്ടുകൊണ്ടിരിക്കുന്ന സമയമാണ് ഇതൊന്നും, ഭാഗികമായി അത് സ്റ്റേ ചെയ്തിട്ടുണ്ട് എന്നും ഓർക്കണം. കഴിഞ്ഞ ഫെബ്രുവരി മാസത്തിൽ വിജ്ഞാപനം ചെയ്ത ഈ ചട്ടങ്ങൾ നാളിതുവരെ പാർലമെൻറ് പരിശോധനയ്ക്ക് വെച്ചിട്ടില്ല എന്ന കാര്യവും രാജ്യത്തെ പൗരന്മാരുടെ മൗലീക അവകാശത്തെ സാരമായി ബാധിക്കുന്ന ഈ വിഷയത്തിൽ ഗവൺമെന്റിന്റെ നിഷേധാത്മകമായ നിലപാട് വെളിവാക്കുന്നതാണ്.

ദ മോദി ക്വസ്റ്റ്യൻ

‘ദ മോദി ക്വസ്റ്റ്യൻ’ എന്ന ഡോക്യുമെൻററി ഇന്ന് ഇന്ത്യ ഭരിക്കുന്ന രാഷ്ട്രീയ സംവിധാനത്തിന്റെ ജനിതക ഘടനയെ അപഗ്രഥിച്ച് അടയാളപ്പെടുത്തുന്ന മികച്ചൊരു സൃഷ്ടിയാണ്. 2002-ലെ ഗുജറാത്ത് കലാപത്തെ കുറിച്ച് അന്വേഷിച്ച ബ്രിട്ടീഷ് ഏജൻസികളുടെ റിപ്പോർട്ട് ഡി-ക്ലാസിഫൈ ചെയ്ത സാഹചര്യത്തിലാണ് ഇത് ബ്രോഡ്കാസ്റ്റ് ചെയ്യുന്നത് എങ്കിലും, ഡോക്യുമെൻററിയുടെ ഊന്നൽ 2002-ലെ കലാപമല്ല, ഇന്ന് രാജ്യം മുന്നോട്ടുപോയിക്കൊണ്ടിരിക്കുന്ന അശുഭകരമായ രാഷ്ട്രീയ വീഥിയുടെ വിശകലനമാണ് മുഖ്യവിഷയം. അതിൻറെ ജനിതക പശ്ചാത്തലം വിശദീകരിക്കാനാണ് ഡോക്യുമെൻററിയുടെ ആദ്യ എപ്പിസോഡ് 2002 കലാപത്തെ വിഷയമാക്കുന്നത്. 

അന്ന് രാഷ്ട്രപതിയായിരുന്ന കെ ആർ നാരായണൻ ഉൾപ്പെടെ പറഞ്ഞിട്ടുള്ളതുപോലെ, സംസ്ഥാന ഭരണകൂടത്തിന്റെ ഒത്താശയോടുകൂടി നടന്ന അക്രമം ആയിരുന്നു അത് എന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്.  കലാപഭൂമിയിൽ പോലീസ് നിഷ്ക്രിയമായി നോക്കി നിൽക്കുന്ന ദൃശ്യങ്ങൾ  മാധ്യമങ്ങളിലൂടെ നമ്മുടെയെല്ലാം മുന്നിൽ എത്തിയതാണ്. ആ നിഷ്ക്രിയത്വത്തിനുള്ള പ്രേരണ ഭരണ സംവിധാനത്തിന്റെ ഏതു തട്ടിൽ നിന്നാണ് എത്തിയത് എന്ന കാര്യത്തിൽ മാത്രമേ ആളുകൾക്ക് സംശയമുണ്ടായിരുന്നുള്ളു. അന്ന് മാധ്യമങ്ങളെല്ലാം അതിന് പിന്നിൽ മുഖ്യമന്ത്രിയാണ് എന്ന തരത്തിലാണ് റിപ്പോർട്ട് ചെയ്തിരുന്നത്. ദേശീയ മാധ്യമങ്ങൾ മുതൽ മലയാളത്തിലെ മുഖ്യധാരാ മാധ്യമങ്ങൾ വരെ കൃത്യമായി അവതരിപ്പിച്ചിരുന്ന കാര്യമാണത്. ഇന്ന് ബിബിസി ഡോക്യുമെൻററി പറയുന്നു, അന്ന് ബ്രിട്ടീഷ് ഗവൺമെൻറ് നടത്തിയ അന്വേഷണത്തിലും കലാപത്തിന് നേരിട്ടുള്ള ഉത്തരവാദിത്വം നരേന്ദ്ര മോദിക്കാണെന്ന നിഗമനമാണ് ഉണ്ടായിരുന്നത് എന്ന്. ഗുജറാത്ത് കലാപത്തിന് വംശഹത്യയുടെ എല്ലാ സ്വഭാവങ്ങളും ഉണ്ടായിരുന്നു എന്നായിരുന്നു റിപ്പോർട്ട്. 

യഥാർത്ഥത്തിൽ ഡോക്കുമെന്ററിയിൽ സൂചിപ്പിക്കുന്ന ബ്രിട്ടീഷ് അന്വേഷണ റിപോർട്ടിന്റെ ഉള്ളടക്കം അതിൽ പറയുന്നതിനേക്കാൾ ഗൗരവതരമാണ്. ‘ഗുജറാത്ത് കലാപം വളരെ നേരത്തെ പ്ലാൻ ചെയ്തിരുന്നതാണെന്നും ഗോദ്ര ദുരന്തം അതിനൊരു കപടന്യായം മാത്രമാണെന്നും ആണ് നിഗമനം. ഗോധ്രയല്ലെങ്കിൽ മറ്റൊരു കാരണം കണ്ടെത്തുമായിരുന്നു. അത്രയ്ക്ക് ആസൂത്രിതമായിട്ടാണ് ആക്രമണം നടന്നത്. അക്രമിക്കപ്പെടേണ്ട പ്രദേശങ്ങൾ, വ്യക്തികൾ, വീടുകൾ തുടങ്ങിയവയുടെ കംപ്യൂട്ടറൈസ്ഡ് ലിസ്റ്റ് നേരത്തെ തയ്യാറാക്കിയിട്ടുണ്ടായിരുന്നു. മുസ്ലീങ്ങൾക്ക് മൈനോറിറ്റി ഷെയർ ഉള്ള സ്ഥാപനങ്ങൾ പോലും കൃത്യമായി ലിസ്റ്റ് ചെയ്തിരുന്നു. ഗവണ്മെന്റ് പിന്തുണയില്ലാതെ ഇത്ര വലിയ ആസൂത്രിത കലാപം നടത്താൻ വി.എച്ച്.പി.യ്ക്ക് കഴിയുമായിരുന്നില്ല. മുഖ്യമന്ത്രി നരേന്ദ്രമോഡിയ്ക്ക് ഇക്കാര്യത്തിൽ നേരിട്ട് ഉത്തരവാദിത്വമുണ്ട്. ബന്ധപ്പെട്ട പോലീസ് കേന്ദ്രങ്ങൾ ഗവണ്മെന്റിന്റെ ഭാഗത്തു നിന്നും ഉള്ള സമ്മർദ്ദം നിഷ്‌ക്രിയത്വത്തിന് കാരണമായെന്നു അംഗീകരിക്കുന്നു.’ എന്നൊക്കെയാണ് അന്വേഷണ കമ്മീഷന്റെ കണ്ടെത്തലുകൾ. റിപ്പോർട്ടിന്റെ പൂർണരൂപം ‘ദ കാരവൻ’ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

വളരെ പ്രഫഷണൽ ആയി ചെയ്ത ഈ ഡോക്യുമെൻററി ഭരണകൂടത്തെ വിറളി പിടിപ്പിക്കുന്നത് ഗുജറാത്ത് കലാപം എങ്ങനെയായിരിക്കും ലോകചരിത്രത്തിൽ രേഖപ്പെടുത്തുക എന്ന കാര്യം ഈ ഡോക്യുമെൻററിയിൽ കൂടി വ്യക്തമായിരിക്കുന്നു എന്നതുകൊണ്ടാണ്. പോലീസിന്റെ നിഷ്‌ക്രിയത്വം അന്നത്തെ ദൃശ്യങ്ങൾ സഹിതം കാണിക്കുന്നുണ്ട്. അതെങ്ങനെ സംഭവിച്ചു എന്നതിനെക്കുറിച്ച് കൃത്യമായ ചോദ്യങ്ങൾ ഉന്നയിക്കുന്നുണ്ട്. കലാപത്തിലെ ഭരണകൂടത്തിന്റെ പങ്ക് ലോകത്തോട് വിളിച്ചു പറഞ്ഞ ഗുജറാത്ത് ആഭ്യന്തര മന്ത്രി ഹിരൺ പാണ്ഡ്യയുടെ കൊലപാതകം. ഒരിക്കലും സാധ്യമകാത്ത ആംഗിളിൽ നിന്ന് വെടിയേറ്റ് കാറിൽ മരിച്ചു കിടക്കുന്നതായാണ് അദ്ദേഹത്തെ കണ്ടെത്തിയത്.  അതേക്കുറിച്ചുള്ള എങ്ങുമെത്താതെ പോയ അന്വേഷണത്തെ വിചാരണ ചെയ്യുന്നുണ്ട്. സ്മൃതികളിൽ പോലും ഭീതിയുടെ സൂചിമുന കയറ്റുന്ന അനുഭവങ്ങളുടെ വിവരണങ്ങളുണ്ട്. ‘നീതി’ സ്വപ്നം കാണാൻ പോലും കഴിയാത്ത മനുഷ്യരുടെ നിസ്സഹായതയും കണ്ണീരുമുണ്ട്.  അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന മോദിയെ അരികിൽ ഇരുത്തി ‘രാജധര്മം’ നിറവേറ്റാൻ തയ്യാറാകണം എന്ന് പ്രധാനമന്ത്രി വാജ്‌പേയി പറയുന്ന ദൃശ്യമുണ്ട്. ബ്രിട്ടനും അമേരിക്കയും മോഡിയ്ക്ക് യാത്ര വിലക്കേർപ്പെടുത്തിയ കഥയുണ്ട്. കലാപത്തിന് ശേഷം എങ്ങനെയാണ് മോഡി ഗുജറാത്തിൽ സർവാധിപത്യം ഉറപ്പിച്ചത് എന്നു പറയുന്നുണ്ട്. അങ്ങനെ മറവിയിലേക്ക് പൊയ്ക്കൊണ്ടിരുന്ന പലതിനെയും ചികഞ്ഞു പുറത്തിടുന്നുണ്ട് ബി.ബി.സി.

അന്ന് ബി.ബി.സി.യ്ക്ക് നൽകിയ ഇന്റർവ്യൂവിൽ, കലാപ സമയത്ത് എന്തെങ്കിലും വീഴ്ച്ച പറ്റിയോ എന്ന ചോദ്യത്തിന് ഉത്തരമായി മോഡി പറയുന്നത്, പൊലീസിന് കൂടുതൽ ഇടപെടലുകൾ നടത്താമായിരുന്നതിനെക്കുറിച്ചോ, ഇന്റലിജൻസ് ഇൻപുട്ടിനെക്കുറിച്ചോ, ഇനിയും ചെയ്യാൻ കഴിയുന്ന നീതിവിചാരങ്ങളെക്കുറിച്ചോ അല്ല. “മാധ്യമങ്ങളെ കൈകാര്യം ചെയ്യുന്നതിലാണ് വീഴ്ച പറ്റിയതെ”ന്നാണ് പറയുന്നത്. ഒരു ദേശീയ നേതാവായി വളരുമ്പോൾ അദ്ദേഹം ഏറ്റവും ശ്രദ്ധകൊടുത്തതും ആ മേഖലയ്ക്കാണ്. 

ഇന്ത്യയിലെ മാധ്യമ ലോകം ഏതാണ്ട് മുഴുവൻ തന്നെ ഭരണകക്ഷിക്ക് വിധേയമായി കഴിഞ്ഞു. ആകെ എതിർത്ത നിന്നിരുന്ന എൻഡിടിവി അദാനി വാങ്ങിയതോടുകൂടി ആ ദൗത്യം ഏകദേശം പൂർത്തിയായി കഴിഞ്ഞിരിക്കുന്നു. വിമർശിക്കുന്നവരെ, ചോദ്യംചെയ്യുന്നവരെ, അസഹിഷ്ണുതയോടെ നേരിടുന്ന ഏകാധിപത്യപരമായ ഭരണസംവിധാനമായി രാജ്യം മാറുന്നതിന്റെ വ്യക്തമായ സൂചനകൾ വന്നു കഴിഞ്ഞിട്ടുണ്ട്. മാധ്യമസ്വാതന്ത്ര്യം സംബന്ധിച്ച ലോക റാങ്കിങ്ങിൽ ഇന്ത്യയുടെ സ്ഥാനം 180-ല്‍ 150 ആണ്. ചില ഏകാധിപത്യ രാജ്യങ്ങൾ പോലും ഇന്ത്യയെക്കാൾ മുന്നിലാണ് എന്ന് കാണാം. സമീപകാലത്ത് വലിയ വീഴ്ചയാണ് ഇക്കാര്യത്തിൽ രാജ്യത്തിന് സംഭവിച്ചിട്ടുണ്ട്. ഇങ്ങനെ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യക്ക് സംഭവിച്ചുകൊണ്ടിരിക്കുന്ന രാഷ്ട്രീയ ഗതിമാറ്റങ്ങളുടെ അപഗ്രഥനമാണ് ബിബിസി ഡോക്യുമെൻററിയുടെ രണ്ടാം എപ്പിസോഡ്. 

ദ മുസ്ലിം ക്വസ്റ്റ്യൻ

‘ദ മോദി ക്വസ്റ്റ്യൻ’ എന്ന് പേരിട്ടിരിക്കുന്ന ഡോക്യുമെൻററി യഥാർത്ഥത്തിൽ അഭിസംബോധന ചെയ്യുന്നത് ‘മുസ്ലിം ക്വസ്റ്റ്യൻ’ ആണ്. രണ്ടാമത്തെ എപ്പിസോഡിൽ ഒരു ന്യൂനപക്ഷം എന്ന നിലയിൽ മുസ്ലീങ്ങൾ എങ്ങനെ രാജ്യത്ത് അപരവൽക്കരിക്കപ്പെടുന്നു എന്നത് കൃത്യമായി ചിത്രീകരിച്ചിരിക്കുന്നു. ആർഎസ്എസിന്റെ ഹിന്ദുത്വ രാഷ്ട്രീയ പദ്ധതി എങ്ങനെയാണ് ഒരു ജനാധിപത്യ മതേതര രാഷ്ട്രം എന്ന നിലയിൽ ഇന്ത്യയുടെ രാഷ്ട്രീയ ഭാഗധേയത്തെ മാറ്റിമറിക്കുന്നത് എന്ന് വ്യക്തമാക്കുന്നു. ‘മോദി ക്വസ്റ്റ്യൻ’ എന്ന നിലയ്ക്ക് നോട്ട് നിരോധനവും കർഷക സമരങ്ങളും ഉൾപ്പെടെ നിരവധി വിഷയങ്ങൾ വേണമെങ്കിൽ ചേർക്കാമായിരുന്നു. എന്നാൽ വിഷയത്തിന്റെ ഫോക്കസ് നഷ്ടപ്പെടാതെ ‘മുസ്ലിം ക്വസ്റ്റ്യൻ’ മാത്രമാണ് അഭിസംബോധന ചെയ്തിട്ടുള്ളത്. ഹിന്ദു രാഷ്ട്ര നിർമിതിയുടെ ആക്രോശങ്ങളാണ് പശ്ചാത്തലത്തിൽ നിരന്തരം മുഴങ്ങുന്നത്. വിദ്വേഷത്തിന്റെ വികല ചിന്തകളെയാണ് അനാവരണം ചെയ്യാൻ ശ്രമിക്കുന്നത്. പ്രധാനമന്ത്രിയായി നരേന്ദ്രമോദി അധികാരത്തിലെത്തിയതിനു ശേഷം എങ്ങനെയാണ് ഒരു സ്വതന്ത്ര ജനാധിപത്യ രാഷ്ട്രം എന്ന നിലയിൽ ഇന്ത്യയുടെ സ്വഭാവം മാറി കൊണ്ടിരിക്കുന്നത് എന്ന് കൃത്യമായി വരച്ചു കാട്ടുന്നു.  സമുദായിക സൗഹാർദം, രാഷ്ട്രീയ സ്വാതന്ത്ര്യം, വ്യക്തിസ്വാതന്ത്ര്യം മാധ്യമസ്വാതന്ത്ര്യം, ഗവൺമെൻറിതര സംഘടനകളുടെ പ്രവർത്തന സ്വാതന്ത്ര്യം, എന്നിവയുടെ ഒക്കെ കാര്യത്തിൽ സംഭവിച്ചിട്ടുള്ള ഇടിവ് എന്നിവയൊക്കെയാണ് പ്രതിപാദ്യ വിഷയങ്ങൾ.

ഭക്ഷണത്തിൻറെ പേരിൽ മനുഷ്യരെ തല്ലിക്കൊല്ലുന്ന ഒരു രാജ്യമായി ഇന്ത്യ മാറുന്നതിന്റെ നേർക്കാഴ്ചയാണ് ആദ്യം.  44 മനുഷ്യരാണ് അങ്ങനെ കൊലചെയ്യപ്പെട്ടത്, 280 ആളുകൾ ആക്രമിക്കപ്പെട്ടു. പിങ്ക് റവല്യൂഷനെ കുറിച്ചുള്ള മോദിയുടെ പ്രസംഗത്തിന്റെ ദൃശ്യങ്ങളിൽ നിന്നാണ്  ആൾക്കൂട്ട കൊലപാതകങ്ങളുടെ സമൂഹമായി ഇന്ത്യ മാറുന്ന കാഴ്ചയിലേക്ക് ഡോക്യുമെൻററി നമ്മളെ കൊണ്ടുപോകുന്നത്. ജാർഖണ്ഡിൽ ബീഫിന്റെ പേരിൽ ഹിന്ദുത്വ ഭീകരത പൊതുനിരത്തിലിട്ട് അടിച്ചുകൊന്ന അലിമുദ്ദീൻ അൻസാരിയുടെ ഭാര്യയുടെ വാക്കുകളിലൂടെ ആ ദുരന്തം നമ്മൾ അറിയുന്നു. അദ്ദേഹത്തെ തല്ലിക്കൊല്ലുന്ന സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായ ദൃശ്യങ്ങൾ നമ്മൾ വീണ്ടും കാണുന്നു. മോദിയുടെ നിശബ്ദതയും പിന്നീട് നിരവധി കൊലപാതകൾക്ക് ശേഷം ആൾക്കൂട്ട കൊലപാതകങ്ങളെ തള്ളിക്കളഞ്ഞുകൊണ്ട് അദ്ദേഹം നടത്തുന്ന പ്രസംഗവും അതിലുണ്ട്. മോദിയുടെ പ്രസംഗത്തിനുശേഷം അദ്ദേഹത്തിൻറെ മന്ത്രിസഭയിലെ ഒരംഗം അലിമുദീൻ അൻസാരിയുടെ ഘാതകർക്ക് ജാമ്യം ലഭിച്ചപ്പോൾ അവിടെ പോയി മാലയിട്ട് സ്വീകരിക്കുന്ന ദൃശ്യം നമുക്ക് മുന്നിലെത്തുന്നതോടെ കാര്യങ്ങൾക്ക് വ്യക്തത വരുന്നു.

തദ്ദേശീയ രാഷ്ട്രീയ നേതാക്കൾ ഉൾപ്പെടെ 4000 അധികം ആളുകളെ തടവിലാക്കി, ഇൻറർനെറ്റും ടെലഫോൺ ബന്ധവും എല്ലാം വിച്ഛേദിച്ച്, പ്രദേശത്തെ  ജയിലറപോലെ ആക്കി തീർത്തതിനു ശേഷം കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞ നടപടിയും ഡോക്യുമെൻററിയുടെ വിഷയമാണ്. ആ സമയത്ത് അവിടെ നടന്ന ക്രൂരമായ മനുഷ്യാവകാശ ധ്വംസനങ്ങളെക്കുറിച്ച് കശ്മീരി അഭിഭാഷകൻ വിശദീകരിക്കുന്നുണ്ട്. ‘സൈനികർ തദ്ദേശീയരെ പീഡിപ്പിക്കുമ്പോൾ അവരുടെ നിലവിളി പുറത്തേക്ക് കേൾക്കാൻ മൈക്കും സ്പീക്കറും അവിടെ ഘടിപ്പിച്ചിരുന്നു. അങ്ങനെ ഒരു ഭീകരാന്തരീക്ഷം സൃഷ്ടിക്കാൻ ശ്രമിച്ചു.” എന്ന നാമിതുവരെ കേട്ടിട്ടില്ലാത്ത ഗുരുതരമായ ആരോപണവും ഡോക്യുമെൻററിയിൽ ഉണ്ട്. എന്നാൽ ഇന്ത്യൻ സേന അത് നിഷേധിച്ചതായും  പറയുന്നുണ്ട്. 

അടുത്ത വിഷയം അസാമിലെ പൗരത്വ രജിസ്റ്ററും, പൗരത്വ നിയമ ഭേദഗതിയും, അതിനെതിരെ നടന്ന ദേശവ്യാപകമായ പ്രക്ഷോഭവും ആണ്. രേഖകൾ ഹാജരാക്കാൻ കഴിയാതെ 18 മാസം ഡിറ്റെൻഷൻ സെന്ററിൽ തടവിൽ കഴിയേണ്ടി വന്ന ഒരു അസാംകാരനെ പരിചയപ്പെടുത്തുന്നുണ്ട് ബിബിസി.  ഭാര്യയും രണ്ടു പിഞ്ചുകുഞ്ഞുങ്ങളുമായി അവിടെ അനുഭവിക്കേണ്ടിവന്ന ദുരിതം ആ സാധു മനുഷ്യൻ വിശദീകരിക്കുന്നത് നെഞ്ചിടിപ്പോടുകൂടി മാത്രമേ നമ്മൾക്ക് കേൾക്കാൻ കഴിയൂ. 

പൗരത്വ നിയമ ഭേദഗതി മുസ്ലീങ്ങൾക്ക് എതിരായ ഒരു ആയുധമായി മാറാനുള്ള സാധ്യതയും വിശകലനം ചെയ്യപ്പെടുന്നുണ്ട്. അതിനെതിരെ നടന്ന വലിയ ജനകീയ മുന്നേറ്റത്തിന്റെ ദൃശ്യങ്ങൾ ഉണ്ട്. തുടർന്ന് ഡൽഹിയിൽ നടന്ന വർഗീയ കലാപം , അതിൽ പോലീസ് ഒരു വിഭാഗത്തിൻറെ പക്ഷം ചേർന്ന് നിന്നുകൊണ്ട് പ്രവർത്തിക്കുന്നത്, അവസാനം കലാപത്തിന്റെ ഇരകൾക്ക് എതിരെ തന്നെ കേസെടുത്ത് അവർക്കെതിരെ പ്രതികാരം നടപടികളുമായി മുന്നോട്ടു പോകുന്ന സാഹചര്യം. കലാപകാലത്ത് ഹിന്ദുത്വ കലാപകാരികൾക്ക് ഒപ്പം നിന്ന് മുസ്ലിങ്ങൾക്ക് എതിരെ കല്ലെറിയുന്ന പൊലീസിന്റെ ദൃശ്യം ഡോക്യുമെൻററിയിൽ കാണാം. പോലീസ് വട്ടം കൂടി നിന്ന്  തല്ലിച്ചതച്ച് കൊല ചെയ്ത നിസ്സഹായനായ ഒരു 23 കാരൻറെ ദൃശ്യം നമ്മൾ പലവട്ടം കണ്ടതാണ്. തന്റെ മകനെ കൊലചെയ്ത പോലീസുകാർക്കെതിരെ ഇതുവരെ ഒരു കേസ് പോലും ചാർജ് ചെയ്തിട്ടില്ല എന്ന് അവൻറെ ഉമ്മ കരഞ്ഞുകൊണ്ട് പറയുന്നുണ്ട്. ക്യാമറയ്ക്ക് മുന്നിൽ നടന്ന അതിക്രമത്തിനെതിരെ പോലും നടപടിയെടുക്കാൻ നമ്മുടെ സംവിധാനത്തിന് കഴിയുന്നില്ല. ജാമിയ മിലിയ യൂണിവേഴ്സിറ്റിക്ക് അകത്തു കടന്ന് പോലീസ് നടത്തിയ ഭീകരമായ അതിക്രമവും ക്യാമറ ഒപ്പിയെടുത്തിട്ടുണ്ട്. 

സത്യം റിപ്പോർട്ട് ചെയ്യാൻ ധൈര്യപ്പെടുന്ന മാധ്യമപ്രവർത്തകർ നേരിടേണ്ടി വരുന്ന ആക്രമണങ്ങളും ഭീഷണിയും, മനുഷ്യാവകാശ പ്രവർത്തകർക്കും സംഘടനകൾക്കും രാജ്യം വിടേണ്ടിവരുന്ന സാഹചര്യം ഉണ്ടാകുന്നതിനെക്കുറിച്ചും, പരാമർശിച്ചുകൊണ്ട് ഒരു സ്വതന്ത്ര ജനാധിപത്യ രാജ്യം എന്നതിൽനിന്ന് പരിമിതമായ സ്വാതന്ത്ര്യം മാത്രം ഉള്ള ഒരു രാജ്യം എന്ന തരത്തിലേക്ക് നമ്മുടെ രാജ്യത്തിൻറെ പ്രതിച്ഛായ അന്താരാഷ്ട്ര തലത്തിൽ മാറാൻ ഉണ്ടായ സാഹചര്യത്തെ വളരെ പ്രൊഫഷണൽ ആയി ചിത്രീകരിക്കുന്നുണ്ട് ബിബിസി.

അരുന്ധതി റോയ്, സെ. ആൻഡ്രൂസ് യൂണിവേഴ്സിറ്റിയിലെ ക്റിസ് ഓഗൻ, ഫ്രഞ്ച് അക്കാദമിഷ്യൻ ക്രിസ്റ്റഫ് ജാഫ്റെലോ, ആംനസ്റ്റി ഇൻറർനാഷണലിൻറെ അക്കാര്‍ പട്ടേൽ, സിദ്ധാർത്ഥ് വരദരാജൻ എന്നിവരുടെ പ്രതികരണങ്ങൾ ചേർത്തിട്ടുണ്ട്. തങ്ങൾ സമീപിച്ച 30 പേർ, ഭയം കൊണ്ട് പ്രതികരണങ്ങൾ നൽകാൻ തയ്യാറായില്ല എന്ന് ബിബിസി പറയുന്നുണ്ട്. 

എന്ന് കരുതി ഡോക്യുമെൻററി ഏകപക്ഷീയമായ ഒരു വിവരണം അല്ല. ഇതിലേറെ ശക്തമായ ഭാഷയിൽ ചിത്രീകരിക്കാമായിരുന്ന വിഷയമാണിത്. കൊടുക്കാമായിരുന്നു പല ഭാഗങ്ങളും വെറുതെ പരാമർശിച്ചു പോയിട്ടുണ്ട്. ഗോദ്റ ട്രെയിൻ ദുരന്തത്തെക്കുറിച്ച് രണ്ട് കാഴ്ചപ്പാടുകൾ ഉണ്ട് എന്ന് ഒഴുക്കൻ മട്ടിൽ പറഞ്ഞു പോവുക മാത്രമാണ് ചെയ്തിട്ടുള്ളത്. പുറത്തുനിന്നുള്ള അക്രമകാരികൾ തീവണ്ടിക്ക് തീയിട്ടതാണ് എന്ന് സമർഥിക്കുന്ന ഗുജറാത്ത് പോലീസിൻറെ അന്വേഷണ നടപടികളിലെ ഗുരുതരമായ വീഴ്ചകൾ ചൂണ്ടിക്കാണിച്ചിട്ടില്ല. ആദ്യം സംഭവസ്ഥലത്ത് ഫോറൻസിക് പരിശോധന പോലും നടത്തിയിരുന്നില്ല. രണ്ടുമാസത്തിനുശേഷം നടത്തിയ ഫോറൻസിക് പരിശോധനയിലാകട്ടെ, എത്ര ഉയരത്തിലുള്ള ട്രാക്കിലൂടെ പോകുന്ന ട്രെയിനിനകത്തേക്ക് പുറത്തുനിന്ന് ഇന്ധനം ഒഴിക്കുക അസാധ്യമാണ് എന്നും, അങ്ങനെ ആണ് വിളിച്ചിരുന്നത് എങ്കിൽ തീ കത്തേണ്ടിയിരുന്നത് തറയിൽ നിന്നായിരുന്നു എന്നും പരാമർശം ഉണ്ട്. അഗ്നിബാധയുടെ ഘടന പരിശോധിച്ചതിൽ നിന്നും എസ്-6 കമ്പാർട്ട്മെന്റിന്റെ അകത്തുനിന്നാണ് തീ ഉണ്ടായിട്ടുള്ളത് എന്നായിരുന്നു അവരുടെ നിഗമനം. അതുപോലെതന്നെ ഗോദയിൽ എന്തിനാണ് തീവണ്ടി ചെയിൻ വലിച്ച് നിർത്തിയത് എന്നത് ദുരൂഹമാണ്. ഒരു മുസ്ലിം പെൺകുട്ടി ആക്രമിക്കപ്പെട്ടു എന്ന വാർത്തയും ഉണ്ടായിരുന്നു. ഇതൊക്കെ സംബന്ധിച്ച് കൂടുതൽ രേഖകൾ തേടുവാനും, അന്വേഷണങ്ങൾ നടത്തുവാനും, ഗോദ്രയിൽ ഉണ്ടായിരുന്ന മനുഷ്യരെ തേടിപ്പിടിച്ച് നടന്ന സംഭവങ്ങളെക്കുറിച്ച് ചോദിക്കുവാനും സാധിക്കുമായിരുന്നു. അത്തരം ശ്രമങ്ങൾ ഒന്നും ഉണ്ടായില്ല.

വിഷയത്തിന്റെ വിവിധ തലങ്ങളിലുള്ള പ്രത്യാഘാതങ്ങൾ മുന്നിൽ കണ്ടുകൊണ്ടായിരിക്കണം, ബാലൻസിങ്ങിനുള്ള വലിയ ശ്രമം ബിബിസിയുടെ ഭാഗത്തുണ്ട്.

ഭരണപക്ഷത്തിന്റെ ഭാഗം പറയുന്നതിന് സ്വപൻദാസ് ഗുപ്തയും സുബ്രഹ്മണ്യം സ്വാമിയും യുവമോർച്ചയുടെ ദേശീയ നേതാവ് നിത്യാനന്ദ മഹാതോയും ഉണ്ട്. ഓരോ ഘട്ടത്തിലും അവരുടെ വീക്ഷണവും ശ്രദ്ധയോടെ ചേർത്തിട്ടുമുണ്ട്. മോദിയുടെ വലിയ ജനപ്രീതിയെ കുറിച്ചും തെരഞ്ഞെടുപ്പ് വിജയങ്ങളെക്കുറിച്ചും സുപ്രീംകോടതിയിൽ നിന്നും ഉണ്ടായ അനുകൂല വിധിയെക്കുറിച്ചും കാശ്മീരിൽ വന്നിട്ടുള്ള വലിയ മാറ്റങ്ങളെ കുറിച്ചും ഇത്തരം നടപടികൾക്ക് ഉണ്ടായ ജനസമ്മിതിയെക്കുറിച്ചും എല്ലാം അവർ വിശദീകരിക്കുന്നുണ്ട്. ആദ്യഭാഗം അവസാനിക്കുന്നത് തന്നെ സ്വപൻ ദാസ് ഗുപ്തയുടെ വാക്കുകളിലൂടെയാണ്. എന്നിട്ടും ഡോകുമെന്ററി കണ്ടുതീർക്കുന്ന ആളുടെ ഉള്ളിൽ അത് സ്‌ട്രൈക് ചെയ്യുന്നില്ലെങ്കിൽ അതിന് കാരണം സത്യത്തിന്റെ ശക്തിയാണ്. 

ഡോക്യുമെൻററിയിൽ മാധ്യമപ്രവർത്തകനായ അലിസാൻ ജാഫ്റി നമ്മോട് പറയുന്നു : “ഭരണകൂടം തങ്ങളെ രക്ഷിക്കും എന്ന പ്രതീക്ഷിക്കരുത് എന്ന സന്ദേശം രാജ്യത്തെ മുസ്ലീങ്ങൾക്ക് ലഭിച്ചിട്ടുണ്ട്”. എന്നാൽ ഇനിയും ഇതൊക്കെ ചർച്ച ചെയ്യേണ്ടതില്ല. കഴിഞ്ഞത് കഴിഞ്ഞു നമുക്ക് ഇനിയും മുന്നോട്ടു പോകേണ്ടതുണ്ട് എന്ന നിലപാട് പലരും പ്രകടിപ്പിക്കുന്നുണ്ട്. മുന്നോട്ടു പോകേണ്ടതാണ് എന്നു പറയുന്നവർ മുന്നോട്ടുള്ള വഴി എങ്ങോട്ടാണ് എന്നുകൂടി ചിന്തിക്കണം.

എങ്ങോട്ടാണ് പോകാനുള്ളത്?

ഡോ. ശശി തരൂർ ചോദിച്ചത് “ഇനിയും ഇത് ചർച്ചചെയ്ത് സമയം കളയേണ്ടതുണ്ടോ എന്നാണ്. ആ വിഷയം കോടതി തീർപ്പാക്കിയതാണ് സമകാലികമായ എത്രയോ വിഷയങ്ങൾ ഉണ്ട്. നമുക്ക് ഇനിയും മുന്നോട്ടു പോകേണ്ടതല്ലേ? എന്നാണ് ചോദ്യം. ഇംഗ്ലണ്ടിൽ പോയി 200 വർഷം മുൻപുള്ള കാര്യങ്ങൾക്ക് ബ്രിട്ടീഷുകാർ സമാധാനം പറയണം എന്നു പറഞ്ഞയാൾക്ക് കേവലം 20 വർഷം മുമ്പ് നടന്ന കാര്യങ്ങളെക്കുറിച്ച് സംസാരിക്കേണ്ടതേയില്ല എന്ന് തോന്നിയത് എന്തുകൊണ്ടാണ്? ശബരിമല കേസിൽ സുപ്രീംകോടതി വിധി വന്നപ്പോൾ സമൂഹത്തിന് ചേരാത്ത വിധികൾ കോടതികളിൽ നിന്നും  ഉണ്ടാകരുത്  പ്രതിലോമതയ്ക്ക് കുടപിടിച്ചവർക്ക് ഇപ്പോൾ സുപ്രീംകോടതി വിശുദ്ധ പശു ആയതെങ്ങനെയാണ്? ആർക്കാണ് ഗുജറാത്ത് കലാപം ഓർമിക്കേണ്ട ഒരു അടഞ്ഞ അധ്യായമായത്? ഇമ്രാൻ ദാവൂദിനോ സഖിയാ ജാഫ്റിക്കോ അതുപോലെയുള്ള മറ്റ് അനേകം നിസ്സഹായരായ മനുഷ്യർക്കോ ഈ അദ്ധ്യായം അടക്കാൻ കഴിയില്ല. ‘പണ്ട് പണ്ട് ഒരിടത്ത് ഒരു രാജാവുണ്ടായിരുന്നു’ എന്ന കഥ പോലെ മറന്നു കളയാനും നിർവികാരമായി ഓർത്തെടുക്കാനും കഴിയുന്ന ഒന്നല്ല ഇത്. വർത്തമാനകാല ഇന്ത്യയുമായി, അതിനെ നയിക്കുന്ന രാഷ്ട്രീയവുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു 2002. ഈ കഴിഞ്ഞ ഗുജറാത്ത് ഇലക്ഷനിൽ പോലും, കൃത്യമായി പറഞ്ഞാൽ 2022 നവംബർ 26ന് മഹുധയിൽ നടത്തിയ പ്രസംഗത്തിൽ, രാജ്യത്തിൻറെ ആഭ്യന്തരമന്ത്രി അമിത് ഷാ 2002 ഓർമ്മപ്പെടുത്തിയിരുന്നു. “2002-ൽ കലാപകാരികളെ ഒരു പാഠം പഠിപ്പിച്ച്, ഗുജറാത്തിൽ നിത്യമായ ശാന്തി സ്ഥാപിക്കുവാൻ നമുക്ക് കഴിഞ്ഞു” എന്നാണ് അദ്ദേഹം പ്രസംഗിച്ചത്. ‘കലാപകാരികൾ’ ആരാണെന്നും, എങ്ങനെയാണ് ‘പാഠം പഠിപ്പിച്ചതെ’ന്നും, അവിടെ കൂടിയിരുന്ന എല്ലാവർക്കും മനസ്സിലായിട്ടുണ്ടാകും. ഇനിയും നമ്മൾ ഇതെല്ലാം മറക്കണമെന്ന് ആവർത്തിക്കുന്ന മനുഷ്യരുടെ നീതിബോധം നമ്മെ ഭയപ്പെടുത്തേണ്ടതാണ്.

നീതി നടപ്പായിരുന്നുവെങ്കിൽ എല്ലാം മറക്കാം എന്ന് പറയാമായിരുന്നു. എങ്കിൽപോലും ചരിത്രം ആവർത്തിക്കാതിരിക്കാൻ അത് രേഖപ്പെടുത്തേണ്ടി വരും. സിദ്ധാർത്ഥ വരദരാജൻ ഒരു അഭിമുഖത്തിൽ വർണ്ണവിവേചനം അവസാനിപ്പിച്ചപ്പോൾ ദക്ഷിണാഫ്രിക്കയിൽ സ്ഥാപിതമായ ട്രൂത്ത് ആൻഡ് റെക്കൻസിലിയേഷൻ കമ്മീഷൻ പോലെ ഒന്നിനെ കുറിച്ച് സംസാരിക്കുന്നുണ്ട്. സത്യങ്ങൾ ഓർമ്മിക്കാനും അനുരഞ്ജനപാത തേടാനുമുള്ള ഒന്ന്. പക്ഷേ നീതി ഒരു വിദൂര സ്വപ്നം പോലും ആയി അവശേഷിക്കുന്നില്ലാത്ത ഒരു വിഭാഗം മനുഷ്യർക്ക് മുന്നിൽ, സത്യം ഓർമിപ്പിക്കുക പോലും ചെയ്യരുത് എന്ന് പറയുന്നവർ നീതിക്കെതിരെ നിൽക്കുന്നവരാണ്. കൊളോണിയൽ ബ്രിട്ടന് വിടുപണി ചെയ്തവർ ഇന്ന് ബിബിസിയുടെ കൊളോണിയൽ ചിന്താഗതിയെ കുറിച്ച് സംസാരിക്കുന്നത് എന്തുകൊണ്ടാണെന്ന് നമുക്കറിയാം.  നിങ്ങളുടെ രാഷ്ട്രീയ പദ്ധതിയെ അംഗീകരിക്കാത്ത മനുഷ്യർ ഇവിടെ ഇനിയും ബാക്കിയുണ്ട് എന്ന് അവരെ അറിയിക്കുക എങ്കിലും വേണം. 2002ലെ കലാപത്തിൻറെ ഇരകൾ മുതൽ പൗരത്വ നിയമഭേദഗതി വിരുദ്ധ സമരത്തിന്റെ ഭാഗമായിരുന്ന, പിന്നീട് ഡൽഹി കലാപത്തിന്റെ പേരിൽ അറസ്റ്റ് ചെയ്യപ്പെട്ട സഫൂറ സർഗാർ വരെയുള്ളവർ, അവരനുഭവിച്ച ദുരിതങ്ങളെ ഓർത്തെടുത്ത് പറയുവാൻ തയ്യാറാകുമ്പോൾ,  ഓർമ്മിക്കാനുള്ള അവകാശമെങ്കിലും അവർക്ക് വിട്ടുകൊടുക്കുവാൻ നമ്മൾ തയ്യാറാകണം. ഡോക്യുമെൻററിയിൽ അരുന്ധതി റോയ് പറയുന്നതുപോലെ “ഇതൊരു സഹായാഭ്യർത്ഥനയല്ല കാരണം ഒരു സഹായവും ലഭിക്കാൻ പോകുന്നില്ലെന്ന് ഞങ്ങൾക്കറിയാം.” എന്നിരുന്നാലും, ചുരുങ്ങിയ പക്ഷം 2002-ലെ ഗുജറാത്തിനെ, അതിൻറെ പിന്തുടർച്ചയായ മുസ്ലിം അപരവത്കരണത്തിൻറെ സമകാലിക സാഹചര്യങ്ങളെ, ചരിത്രത്തിൽ അടയാളപ്പെടുത്തുകയെങ്കിലും ചെയ്യുന്നുണ്ട് ബിബിസി ‘ദ മോദി ക്വസ്റ്റ്യനിലൂടെ’. 

Published in TrueCopyThink on January 30, 2023

LEAVE A REPLY

Please enter your comment!
Please enter your name here