ആധാര്‍: 50,000 കോടിയുടെ പെരുംനുണ

വിവിധ ക്ഷേമപദ്ധതികള്‍ ആധാറുമായി ബന്ധിപ്പിച്ചതുമൂലം സര്‍ക്കാരിന്‌ സബ്‌സിഡിയിനത്തില്‍ ഉണ്ടായ ലാഭം ഏകദേശം 50,000 കോടി രൂപവരുമത്രേ. ഏകീകൃത തിരിച്ചറിയല്‍ അതോറിറ്റിയുടെ സ്‌ഥാപക ചെയര്‍മാന്‍ നന്ദന്‍ നിലേകനിയുടെയും ഇപ്പോഴത്തെ സി.ഇ.ഒ. അജയ്‌ ഭൂഷണ്‍ പാണ്ഡേയുടെയും അവകാശവാദമാണിത്‌. കഴിഞ്ഞ മേയില്‍ കേന്ദ്രസര്‍ക്കാരിനുവേണ്ടി സുപ്രീം കോടതിയില്‍ എ.ജി. നല്‍കിയ കണക്കും ഇതുതന്നെ. ഇതിനു പിന്നിലെ വസ്‌തുതയെന്താണ്‌? ഇത്രയധികം ലാഭം ആധാര്‍കൊണ്ടു മാത്രം ഉണ്ടായിട്ടുണ്ടെങ്കില്‍ നമ്മുടെ സര്‍ക്കാര്‍ അനുദിനം സാമ്പത്തിക ഞെരുക്കത്തെക്കുറിച്ചു സൂചിപ്പിക്കുകയും ക്ഷേമപദ്ധതി ആനുകൂല്യങ്ങള്‍ വൈകിപ്പിക്കുകയും വെട്ടിക്കുറയ്‌ക്കുകയും ചെയ്യുന്നത്‌ എന്തുകൊണ്ടാണ്‌? പരിശോധിക്കാം; ഗവ. രേഖകള്‍ മാത്രം പരിഗണിച്ച്‌. 2016 ഡിസംബര്‍ 31 വരെയുള്ള കണക്കുപ്രകാരം ആകെ ലാഭം 49,560 കോടി രൂപയെന്നാണ്‌ വിവരസാങ്കേതിക മന്ത്രാലയം പാര്‍ലമെന്റില്‍ ചോദ്യത്തിനു മറുപടിയായി അറിയിച്ചത്‌. ഇതില്‍ 26,408 കോടി പാചക വാതക സബ്‌സിഡി ഇനത്തിലും 14,000 കോടി പൊതു വിതരണ സംവിധാനത്തില്‍നിന്നും 7633 കോടി തൊഴിലുറപ്പു പദ്ധതിയില്‍നിന്നും 1519 കോടി രൂപ മറ്റു പദ്ധതികളില്‍ നിന്നുമാണ്‌. പാചക വാതക സബ്‌സിഡിയിനത്തിലെ ലാഭം 2014-15 ല്‍ 14,672 കോടിയും 2015-16ല്‍ 6,912 കോടിയും 2016-17ല്‍ 4,824 കോടി രൂപയുമാണ്‌. ലാഭം കണക്കാക്കിയ രീതികൂടി പരിശോധിക്കേണ്ടതുണ്ട്‌. ഒരു വര്‍ഷം ഒരു വീടിന്‌ അനുവദിച്ചിട്ടുള്ള പരമാവധി സിലിണ്ടറുകളുടെ എണ്ണമായ 12 കൊണ്ട്‌ ഒരു വര്‍ഷത്തെ ശരാശരി സബ്‌സിഡി നിരക്കിനെ ഗുണിച്ച്‌ അതിനെ ഒരു വര്‍ഷം ആകെ റദ്ദു ചെയ്‌തിട്ടുള്ള കണക്ഷനുകളുടെ എണ്ണവുമായി വീണ്ടും ഗുണിക്കുകയായിരുന്നു. ഈ കണക്കുകൂട്ടലില്‍ പല പ്രശ്‌നങ്ങളുണ്ട്‌. ഒന്ന്‌: 2014 നവംബറിലാണ്‌ ആധാര്‍ അധിഷ്‌ഠിത സബ്‌സിഡി വിതരണം ആരംഭിച്ചത്‌. 2010 മുതല്‍ പാചകവാതക ഗുണഭോക്‌തൃ പട്ടികയിലെ ഇരട്ടിപ്പുകള്‍ കണ്ടെത്തി ഇല്ലാതാക്കുന്ന പ്രക്രിയ (ഡീഡൂപ്ലിക്കേഷന്‍)ഉണ്ടായിരുന്നു. അത്തരത്തില്‍ റദ്ദാക്കപ്പെട്ട കണക്ഷനുകള്‍ കൂടി ആധാര്‍ മൂലമുള്ള ലാഭക്കണക്കില്‍പ്പെടുത്തിയിരിക്കുന്നു. രണ്ട്‌, ഇന്ത്യയില്‍ ഒരു കുടുംബത്തിന്റെ ശരാശരി പാചകവാതക സിലിണ്ടര്‍ ഉപയോഗം 6.27 ആണെന്നു സി.എ.ജി. റിപ്പോര്‍ട്ട്‌തന്നെ പറയുന്നു. മറിച്ചായിരുന്നുവെങ്കില്‍ കൊമേഴ്‌സ്യല്‍ സിലിണ്ടറുകളുടെ വില്‍പ്പനയില്‍ ആനുപാതിക വര്‍ധന ഉണ്ടാകേണ്ടതായിരുന്നു. അപ്പോള്‍ 12 കൊണ്ടുള്ള ഗുണനം തെറ്റാണെന്നു കാണാം. മൂന്ന്‌, സബ്‌സിഡി സ്വയം ഉപേക്ഷിച്ച ആളുകളുടെ എണ്ണം ഇതില്‍നിന്നു കുറവു ചെയ്യേണ്ടതുണ്ട്‌. നാല്‌, സബ്‌സിഡിയിനത്തില്‍ ഉണ്ടായ ലാഭത്തിന്റെ 92 ശതമാനവും അസംസ്‌കൃത എണ്ണവിലയില്‍ ഉണ്ടായ കുറവു മൂലമാണ്‌. സി.എ.ജി. റിപ്പോര്‍ട്ടിലെ പേജ്‌ 50ല്‍ ഇത്‌ വ്യക്‌തമായി പറയുന്നുണ്ട്‌. അങ്ങനെ നോക്കിയാല്‍ ആകെ ലാഭം 1763.93 കോടിയാണ്‌. അഞ്ച്‌, 2015 നവംബര്‍ 30ലെ ക്യാബിനറ്റ്‌ സെക്രട്ടറിയുടെ കുറിപ്പില്‍ ചൂണ്ടിക്കാണിക്കുന്ന കാര്യമാണ്‌. ഇരട്ടിപ്പു നീക്കം ചെയ്യുന്നത്‌ മാസാടിസ്‌ഥാനത്തിലാണ്‌. മാസാമാസം സബ്‌സിഡി ഇനത്തിലും വ്യതിയാനം ഉണ്ടാകുന്നു. അതുകൊണ്ട്‌ ഒരു വര്‍ഷം ആകെ കണ്ടെത്തിയ ഇരട്ടിപ്പുകളുടെ എണ്ണത്തെ ശരാശരി സബ്‌സിഡി കൊണ്ടു ഗുണിക്കുന്നത്‌ വളരെ വലിയ ലാഭക്കണക്കുകളിലേക്കെത്തിക്കും. ഓരോ മാസത്തെയും കണക്ക്‌ പ്രത്യേകം എടുത്ത്‌ ആകെ ലാഭം കൂട്ടി നോക്കേണ്ടിയിരുന്നു. അതു പ്രകാരം ലാഭം വെറും 91 കോടി രൂപ മാത്രമാണ്‌. ആറ്‌, ഇതുവരെ നാം ലാഭം കണക്കാക്കിയത്‌ ആധാര്‍ പദ്ധതി പ്രാബല്യത്തില്‍വരുത്താനുള്ള ചെലവു കണക്കിലെടുക്കാതെയാണ്‌. ഇതുകൂടി പരിഗണിച്ച്‌ ഐ.ഐ.എസ്‌.ഡി. എന്ന കനേഡിയന്‍ ഏജന്‍സിയുടെ റിപ്പോര്‍ട്ട്‌ അനുസരിച്ച്‌ ആധാര്‍ ബന്ധിപ്പിക്കുന്നതുമൂലം ഉണ്ടായിരിക്കുന്നത്‌ 97 കോടി രൂപയുടെ നഷ്‌ടമാണ്‌. റിസര്‍വ്‌ ബാങ്കിന്റെ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഫോര്‍ ഡെവലപ്‌മെന്റ്‌ ആന്‍ഡ്‌ റിസര്‍ച്ച്‌ ഇന്‍ ബാങ്കിങ്‌ ടെക്‌നോളജി പുറത്തിറക്കിയ പഠന റിപ്പോര്‍ട്ടിലും ഇക്കാര്യം പരാമര്‍ശിച്ചിട്ടുണ്ട്‌. 50,000 കോടി രൂപയുടെ കണക്കില്‍ രണ്ടാമത്തെ വലിയ ഭാഗം പൊതു വിതരണ സംവിധാനത്തില്‍ നിന്നുമാണ്‌. 2.33 കോടി ഡൂപ്ലിക്കേറ്റ്‌ റേഷന്‍ കാര്‍ഡുകള്‍ കണ്ടെത്തിയതിലൂടെ 14,000 കോടി രൂപ ലാഭിച്ചു എന്നായിരുന്നു വാദം. 2016 സെപ്‌റ്റംബര്‍ 15ന്‌ ഭക്ഷ്യ സെക്രട്ടറിയുടെ കോണ്‍ഫറന്‍സില്‍ പറയുന്നതുപോലെ കമ്പ്യൂട്ടര്‍ വത്‌കരണത്തിലൂടെ കണ്ടെത്തിയ ഇരട്ടിപ്പുകളും സാമ്പത്തിക നിലയില്‍ വന്ന മാറ്റം മൂലം (ബി.പി.എല്‍/എ.പി.എല്‍) സംഭവിച്ച കുറവും സ്‌ഥലം മാറ്റവും മരണവും കുടിയേറ്റവും ആധാര്‍ അധിഷ്‌ഠിത ഡീഡ്യൂപ്ലിക്കേഷനും എല്ലാം ചേര്‍ന്നതാണ്‌ ഈ 2.33 കോടി. പാര്‍ലമെന്റില്‍ സര്‍ക്കാര്‍ നല്‍കിയ മറുപടി പ്രകാരം ആധാര്‍ സീഡിങ്‌ ആരംഭിച്ചിട്ടേയില്ലാത്ത അസമില്‍ 72,746 റേഷന്‍ കാര്‍ഡുകളാണ്‌ റദ്ദാക്കപ്പെട്ടത്‌. 100% ആധാര്‍ സീഡിങ്‌ നടത്തിയ കേരളത്തില്‍ ഒരു കാര്‍ഡ്‌ പോലും റദ്ദാക്കപ്പെട്ടിട്ടുമില്ല. അതില്‍നിന്ന്‌ 14,000 കോടിയുടെ അവകാശവാദം അസംബന്ധമാണെന്നു വ്യക്‌തം. തൊഴിലുറപ്പു പദ്ധതിയിലോ മറ്റു പരിപാടികളിലോ ഉണ്ടായിട്ടുള്ള ലാഭം എങ്ങനെ കണക്കാക്കിയെന്ന്‌ വിവരാവകാശ നിയമപ്രകാരം ആരാഞ്ഞിട്ടും സര്‍ക്കാര്‍ ഉത്തരം നല്‍കിയിട്ടില്ല. അതിനര്‍ഥം പാചകവാതക സബ്‌സിഡിയിലും പൊതുവിതരണ സംവിധാനത്തിലും നല്‍കിയതുപോലുള്ള കണക്കുകള്‍ പോലും സര്‍ക്കാരിന്റെ അവകാശവാദങ്ങളെ സാധൂകരിക്കാന്‍ നിലവിലില്ല എന്നാണ്‌. കോടികള്‍ മുടക്കി നടപ്പാക്കിയ ആധാര്‍ പദ്ധതികൊണ്ട്‌ സര്‍ക്കാരിനോ ജനത്തിനോ നേട്ടങ്ങളൊന്നും ഉണ്ടായിട്ടില്ല എന്ന്‌ സര്‍ക്കാര്‍രേഖകളില്‍നിന്നുതന്നെ വ്യക്‌തം. ആയിരങ്ങളാണ്‌ ആധാര്‍ ഇല്ലാത്തതിന്റെ പേരിലും ഉണ്ടായിരുന്നിട്ടും പല സേവനങ്ങളുമായി ബന്ധിപ്പിക്കാന്‍ കഴിയാത്തതിന്റെ പേരിലും റേഷനും പെന്‍ഷനും ചികിത്സയും നിഷേധിക്കപ്പെട്ടു നരകിക്കുന്നത്‌. കുട്ടികള്‍ വിശന്നു മരിക്കുമ്പോള്‍ ഓരോ മരണവും ആധാര്‍ ഡീഡൂപ്ലിക്കേഷന്റെ ലാഭക്കണക്കിലെഴുതിച്ചേര്‍ത്ത്‌ ഭരണകൂടം ആനന്ദിക്കുകയാണ്‌. 50,000 കോടിയുടെ നുണ ആവര്‍ത്തിക്കപ്പെടുകയാണ്‌.

published in Mangalam Daily: on 25/12/2017

LEAVE A REPLY

Please enter your comment!
Please enter your name here