യാതൊരു മുഖംമൂടിയും ഇല്ലാത്ത ചില നിമിഷങ്ങൾ ഉണ്ടാവാറുണ്ട് ചരിത്രത്തിൽ, ജനാധിപത്യത്തിന്റെയും മനുഷ്യാവകാശങ്ങളുടെയും അന്താരാഷ്ട്ര നിയമങ്ങളുടെയും ഭാഷ നഗ്നമായ അധികാരത്തിന്റെ വ്യാകരണമായി മാറുന്ന നിമിഷങ്ങൾ. വെനസ്വേലയിൽ, ആക്രമണം നടത്തി പ്രസിഡണ്ട് നിക്കോളാസ് മഡൂറോയെ നീക്കം ചെയ്ത വാർത്തകൾ അത്തരമൊരു സന്ദര്ഭത്തെയാണ് അടയാളപ്പെടുത്തുന്നത്.
ഒരു പരമാധികാര രാഷ്ട്രത്തിന്റെ ആഭ്യന്തര രാഷ്ട്രീയത്തിൽ ഏകപക്ഷീയമായി ഇടപെടാനുള്ള തങ്ങളുടെ അധികാരം അമേരിക്ക വീണ്ടും പ്രയോഗിച്ചിരിക്കുന്നു. ഈ വിഷമഘട്ടം വെനസ്വേലയുടേത് മാത്രമല്ല, അന്താരാഷ്ട്ര നിയമങ്ങളുടെ, ചരിത്രപരമായ ധാർമികതയുടെ, നിയമാനുസൃതം പ്രവർത്തിക്കുന്നതെന്ന് അവകാശപ്പെടുന്ന ലോകക്രമത്തിൻറെ പ്രതിസന്ധിയാണ്. എല്ലാ ക്രമങ്ങൾക്കുമതീതമായി ഒരു ശക്തിക്ക് പ്രവർത്തിക്കാൻ കഴിയും എന്ന കാര്യം ആവർത്തിച്ചു വ്യക്തമാകുന്ന സമയമാണ്. മഡൂറോയുടെ രാഷ്ട്രീയത്തോടും നയങ്ങളോടും യോജിക്കുകയോ വിയോജിക്കുകയോ ചെയ്യാം അത് മറ്റൊരു വിഷയമാണ്. സാമ്രാജ്യത്വം നിയന്ത്രിക്കുന്ന ഈ ലോകത്ത്, രാഷ്ട്രങ്ങളുടെ പരമാധികാരത്തിനും നിയമവാഴ്ചയ്ക്കും മനുഷ്യൻറെ അന്തസ്സിനും എന്തെങ്കിലും വിലയുണ്ടോ എന്നതാണ് ചോദ്യം.
അന്താരാഷ്ട്ര നിയമങ്ങൾ
രണ്ട് ലോകമഹായുദ്ധങ്ങളുടെ ദുരിതാനുഭവങ്ങളിൽ നിന്നും രൂപം കൊണ്ട ഐക്യരാഷ്ട്രസഭയുടെ ഉദ്ദേശ്യം തന്നെ ഏകപക്ഷീയമായ അധികാരപ്രയോഗങ്ങളെ തടയുക എന്നതായിരുന്നു. യു എൻ ചാർട്ടറിന്റെ അനുഛേദം 2 ( 4) ഏതെങ്കിലും ഒരു രാഷ്ട്രത്തിൻറെ രാഷ്ട്രീയ സ്വാതന്ത്ര്യത്തിനും, ഭൂമിശാസ്ത്രപരമായ അഖണ്ഡതയെ അപകടപ്പെടുത്തുന്നതും, അധികാരം പ്രയോഗിക്കുന്നതും നിരോധിക്കുന്നുണ്ട്. അനുഛേദം 51 സ്വയം പ്രതിരോധം അനുവദിക്കുന്നത് സായുധ ആക്രമണത്തിനെതിരെയാണ്, അതുപോലും ഐക്യരാഷ്ട്രസഭയുടെ സുരക്ഷാസമിതി നടപടികൾ സ്വീകരിക്കുന്നതുവരെ മാത്രം. വെനസ്വേല അമേരിക്കക്കെതിരെ ആക്രമണം നടത്തിയിട്ടില്ല. സായുധ നടപടിക്ക് ഐക്യരാഷ്ട്രസഭ സുരക്ഷാസമിതിയുടെ അനുമതിയുമില്ല. അതുകൊണ്ടുതന്നെ അമേരിക്കയുടെ നടപടി അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണ്.
ഇതു വളരെ പ്രധാനപ്പെട്ട കാര്യമാണ്, കാരണം അന്താരാഷ്ട്ര നിയമങ്ങൾ എന്നു പറയുന്നത് വെറും അലങ്കാര വാചകങ്ങൾ മാത്രമല്ല, ദുർബല രാഷ്ട്രങ്ങൾക്ക് വൻ ശക്തികളുടെ അനിയന്ത്രിതമായ ആയുധശേഷിയിൽ നിന്നുമുള്ള സംരക്ഷണമാണ്. ആ സംരക്ഷണ കവചം ഇല്ലാതാകുമ്പോൾ ‘നിയമവാഴ്ചയിൽ അധിഷ്ഠിതം’ എന്ന് അവകാശപ്പെടുന്ന ലോകക്രമം അപകടത്തിലാവുകയാണ്.
അന്താരാഷ്ട്ര നിയമങ്ങൾ മറ്റുള്ള രാജ്യങ്ങൾക്കു മാത്രം ബാധകമാണ് എന്ന തരത്തിൽ പ്രവർത്തിക്കുന്ന ചരിത്രമാണ് അമേരിക്കക്കുള്ളത്. അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ പല നിയമങ്ങളും അംഗീകരിക്കാൻ അമേരിക്ക ഇതുവരെ തയ്യാറായിട്ടില്ല, അന്താരാഷ്ട്ര ഏജൻസികളുടെ ഉദ്യോഗസ്ഥർക്കെതിരെ ഉപരോധങ്ങൾ ഏർപ്പെടുത്തുവാനും, അന്താരാഷ്ട്ര നിയമത്തിൽ ഒരു സ്ഥാനവും ഇല്ലാത്ത ‘പ്രീ-എംപ്റ്റീവ് സ്ട്രൈക്ക്’ എന്ന ഓമനപ്പേരിൽ തങ്ങൾക്ക് ഇഷ്ടമില്ലാത്ത രാജ്യങ്ങളെ തോന്നുംവിധം ആക്രമിക്കുന്ന ശൈലി അവലംബിക്കുകയുമാണ് ചെയ്തിട്ടുള്ളത്. അതുകൊണ്ടുതന്നെ വെനസ്വിലയിൽ സംഭവിക്കുന്നത് അപ്രതീക്ഷിതമോ ഒറ്റപ്പെട്ടതോ ആയ കാര്യമല്ല.
വെനസ്വേലയിലെ എണ്ണ ഖനികൾ
ലോകത്തിലെ ഏറ്റവും വലിയ പെട്രോളിയം സമ്പത്തുള്ള രാജ്യമാണ് വെനസ്വേല; അതാണ് പ്രധാന കാര്യം. ചരിത്രത്തിൽ സാമ്രാജ്യത്വ ശക്തികളുടെ വിദേശ നയങ്ങളെ രൂപപ്പെടുത്തിയിരുന്നത് ഊർജ്ജസ്രോതസ്സുകളുടെ നിയന്ത്രണം എന്ന ലക്ഷ്യമാണ്. 1953-ല്‍ ഇറാനിൽ നടത്തിയ ഇടപെടലുകൾ മുതൽ രണ്ടായിരത്തി മൂന്നിലെ ഇറാഖ് യുദ്ധം വരെ, ഇവർ ലോകത്തിനു മുന്നിൽ നിരത്തിയ എല്ലാ ന്യായീകരണങ്ങൾക്കുമപ്പുറം യഥാർത്ഥ വിഷയം എണ്ണയായിരുന്നു. ജനാധിപത്യം, മനുഷ്യാവകാശങ്ങൾ, ഭീകരവിരുദ്ധ യുദ്ധം, തുടങ്ങിയവയൊക്കെ അധിനിവേശങ്ങളെ ന്യായീകരിക്കാനുള്ള ആഖ്യാനങ്ങൾ മാത്രമാണ്.
ഹ്യൂഗോ ഷാവേസിന്റെ കാലം മുതൽ, എണ്ണപ്പാടങ്ങൾ ദേശസാത്കരിക്കാൻ തുടങ്ങിയതോടെ, വെനസ്വേല അമേരിക്കൻ താല്പര്യങ്ങളുടെ എതിർപക്ഷത്ത് വന്നു കഴിഞ്ഞിരുന്നു. രാഷ്ട്രീയ പ്രതിസന്ധിയെ രൂക്ഷമാക്കുകയും, സാധാരണ മനുഷ്യരുടെ ജീവിതത്തിൽ ദുരിതം വിതയ്ക്കുകയും ചെയ്യുന്ന കൂട്ടായ ശിക്ഷ എന്ന് ഐക്യരാഷ്ട്രസഭ സമിതിയുടെ റിപ്പോർട്ടുകൾ തന്നെ വിശേഷിപ്പിച്ചിട്ടുള്ള, ക്രൂരമായ ഉപരോധങ്ങൾ വെനസ്വേലയ്ക്കു മേൽ അമേരിക്ക ഏർപ്പെടുത്തിയിരുന്നു. ഉപരോധങ്ങൾ കൊണ്ട് അധികാരം മാറ്റം സംഭവിക്കാതെ വരുമ്പോൾ അധിനിവേശമാണല്ലോ അടുത്ത മാർഗ്ഗം. അല്ലാതെ ട്രംപ് അവകാശപ്പെടുന്നതുപോലെ മയക്കുമരുന്ന് മാഫിയക്കെതിരെയുള്ള നടപടിയൊന്നുമല്ല ഇത്.
രക്തത്തിൽ രചിച്ച രൂപരേഖ
വെനസ്വേലയിൽ സംഭവിച്ചത് എന്തെന്ന് മനസ്സിലാക്കാൻ നമുക്ക് ചിലിയെ ഓർക്കാം. 1973-ല്‍ ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സോഷ്യലിസ്റ്റ് പ്രസിഡൻറ് സാൽവദോർ അലൻഡയെ, അമേരിക്ക, പട്ടാള അട്ടിമറിയിലൂടെ പുറത്താക്കുകയും വധിക്കുകയും ചെയ്തു. അതിനുശേഷം ചിലിയിൽ വന്നത് ജനാധിപത്യമല്ല; പിനോഷയുടെ നേതൃത്വത്തിൽ ഭരണകൂട ഭീകരതക്ക് കുപ്രസിദ്ധമായ ഏകാധിപത്യ ഭരണമായിരുന്നു തുടർന്നങ്ങോട്ട് 17 വർഷം. സന്ദേശം വളരെ വ്യക്തമാണ്, അമേരിക്കൻ താല്പര്യങ്ങൾക്ക് വിരുദ്ധമാകുമെങ്കിൽ, വികസ്വര രാജ്യങ്ങളുടെ സ്വതന്ത്ര സാമ്പത്തിക നയവും രാഷ്ട്രീയ നിലപാടുകളും വച്ചുപൊറുപ്പിക്കാൻ അമേരിക്ക തയ്യാറല്ല.
2003–ൽ, ഇറാഖിലും സംഭവിച്ചത് ഇതുതന്നെയാണ്. സദാം ഹുസൈൻ സർവനാശിയായ ആയുധങ്ങൾ കൈവശം വച്ചിട്ടുണ്ട് എന്നത് വ്യാജ പ്രചാരണം മാത്രമായിരുന്നുവെന്ന് ഇന്ന് നമുക്കറിയാം. ഇറാഖിൽ നിന്ന് ഒരായുധവും കണ്ടെടുത്തില്ല. അനാഥമായ ശവപ്പറമ്പുകളും, തകർന്ന സ്ഥാപനങ്ങളും, വിഭാഗീയ കലാപങ്ങളും, അരാജകത്വത്തിലേക്ക് വഴുതിവീണ ഒരു മേഖലയുമാണ് അധിനിവേശത്തിന്റെ അവശേഷിപ്പ്. അതെന്തു തന്നെയായാലും എണ്ണ കച്ചവടത്തിന്റെ കാര്യത്തിൽ അമേരിക്കൻ താൽപര്യങ്ങൾ സംരക്ഷിക്കപ്പെട്ടു.
201-ൽ ലിബിയയിലും ഇതു തുടർന്നു. സാമ്പത്തികവും രാഷ്ട്രീയവുമായ സ്വതന്ത്ര നിലപാടുകൾക്ക് ശ്രമിച്ച മുഹമ്മദ് ഗദ്ദാഫിയെ നേറ്റോ സേന, കൊലപ്പെടുത്തി. രാജ്യം അരാജകത്വത്തിലേക്ക് വഴുതിവീണു. അടിമത്വവും ആയുധക്കച്ചവടവും ഹിംസാത്മക സംഘങ്ങളുമായി അവിടെ മുഴുവൻ. സംരക്ഷിക്കാൻ എത്തിയവരെല്ലാം അവിടുത്തെ ജനതയെ മഹാദുരിതത്തിൽ ഉപേക്ഷിച്ചു പോയി. ഇതൊന്നും ഒറ്റപ്പെട്ട സംഭവങ്ങളല്ല ആവർത്തിച്ചു കൊണ്ടേയിരിക്കുന്ന ചരിത്ര മാതൃകകളാണ്.
ലാറ്റിൻ അമേരിക്കൻ അനുഭവങ്ങൾ
സാമ്രാജ്യത്വ അധിനിവേശങ്ങളുടെ ഏറ്റവും ക്രൂരമായ ചരിത്രം ലാറ്റിനമേരിക്കയുടെതാണ്. ഗ്വാട്ടിമാല, ബ്രസീൽ, ഡൊമിനിക്കൻ റിപ്പബ്ലിക്,ചിലി, നിക്കരാഗ്വ, പനാമ.. തുടങ്ങി അമേരിക്കൻ കടന്നുകയറ്റത്തിന്റെ പട്ടിക വളരെ നീണ്ടതാണ്. അവിടങ്ങളിൽ തെരഞ്ഞെടുക്കപ്പെട്ട ഗവൺമെന്റുകളുടെ അട്ടിമറിക്കുകയും, ഏകാധിപത്യ ഭരണകൂടങ്ങളെ അവരോധിക്കുകയും, സാമൂഹ്യപ്രസ്ഥാനങ്ങളെ ഇല്ലാതാക്കുകയും ചെയ്തു. അമേരിക്ക എതിർക്കുന്നത് ഏകാധിപത്യത്തെയല്ല അമേരിക്കൻ മുതലാളിത്ത താല്പര്യങ്ങൾക്ക് വിരുദ്ധമായ രാഷ്ട്രീയ സാമ്പത്തിക സ്വാതന്ത്ര്യത്തെയാണ് എന്ന് നോം ചോംസ്കിയെപോലെയുള്ള ചിന്തകർ ചൂണ്ടിക്കാട്ടുന്നു. ഇവിടെ വെനസ്വേലയുടെയും കുറ്റം, ഏകാധിപത്യമല്ല, സാമ്രാജ്യത്തോടുള്ള അനുസരണക്കേടാണ്.
മനുഷ്യാവകാശങ്ങൾ ആയുധമാകുമ്പോൾ
അമേരിക്ക എപ്പോഴും മനുഷ്യാവകാശങ്ങളെക്കുറിച്ച് വാചാലമാകുമെങ്കിലും അത് അവർക്ക് താല്പര്യമുള്ളവർക്ക് മാത്രമേ ബാധകമാവുകയുള്ളൂ. വലിയ അവകാശധ്വംസനകൾ നടത്തുന്ന സഖ്യകക്ഷികളെ -അത് പശ്ചിമേഷ്യയിൽ ആയാലും മറ്റെവിടെയായാലും- വീറ്റോ അധികാരം ഉപയോഗിച്ചും കുറ്റകരമായ മൗനത്തിലൂടെയും സംരക്ഷിക്കും. എന്നാൽ അവർക്ക് താല്പര്യമില്ലാത്തവരെ ഉപരോധങ്ങളിലൂടെയും ഒറ്റപ്പെടുത്തലുകളിലൂടെയും അധിനിവേശങ്ങളിലൂടെയും ശിക്ഷിക്കും. ആംനസ്റ്റി ഇൻറർനാഷണലും ഹ്യൂമൻ റൈറ്റ്സ് വാച്ചും പോലെയുള്ള അന്താരാഷ്ട്ര സംഘടനകൾ അമേരിക്കയുടെ നേതൃത്വത്തിലോ പിന്തുണയോടെയോ നടക്കുന്ന അവകാശങ്ങളെ ചൂണ്ടിക്കാണിക്കുന്നുണ്ട്. ആശുപത്രികളെയും ഭക്ഷ്യവിതരണ സംവിധാനങ്ങളെയും പോലും വെറുതെ വിടാറില്ല. ഈ നയങ്ങളുടെ ഏറ്റവും വലിയ ഇര പിഞ്ചു കുഞ്ഞുങ്ങൾ ആണെന്ന യാഥാർത്ഥ്യവും നിലനിൽക്കുന്നു. മനുഷ്യാവകാശങ്ങളെ സാർവത്രികമാക്കുന്നതിന് പകരം അവരവരുടെ രാഷ്ട്രീയ സൗകര്യമനുസരിച്ച് ആയുധവൽക്കരിക്കുന്നത് അവകാശങ്ങളുടെ ധാർമിക ശക്തിയെ പ്രവർത്തികളെ ചോർത്തി കളയും. നീതി ഉറപ്പുവരുത്തുന്നതിനുള്ള മാര്ഗങ്ങള് എന്ന നിലയിൽ നിന്നും, മനുഷ്യാവകാശങ്ങൾ അധിനിവേശത്തിനുള്ള ന്യായീകരണങ്ങൾ മാത്രമായി മാറുന്ന കാലമാണിത്.
നിയമവിരുദ്ധത നിയമമായി മാറുന്ന കാലം
രാഷ്ട്രീയ ചിന്തക ഹന്ന അരേൻഡ് പറഞ്ഞതുപോലെ, അംഗീകരിക്കാനാകാത്ത കാര്യങ്ങളെ സാധാരണവൽക്കരിക്കുന്നതാണ്, തുറന്ന ഏകാധിപത്യത്തേക്കാൾ അപകടകരം. ബ്യൂറോസിലൂടെയും സമൂഹത്തിൻറെ സാധാരണ പ്രവർത്തനങ്ങളിലൂടെയും നടപ്പിലാക്കുമ്പോഴാണ് ക്രൂരത ഏറ്റവും മനുഷ്യത്വവിരുദ്ധമാകുന്നത്. പ്രചാരവേലകളിലൂടെ സത്യവും അസത്യവും തമ്മിൽ തിരിച്ചറിയാനാവാത്ത സാഹചര്യമുണ്ടാക്കുമ്പോൾ ഏകാധിപത്യം വിജയിക്കുകയാണ്. 2003-ൽ ഇറാഖിലെ ആയുധശേഖരത്തെ കുറിച്ചുള്ള നുണപ്രചാരണം അഭിപ്രായ രൂപീകരണത്തെ എങ്ങനെയാണ് സ്വാധീനിച്ചതെന്ന് നമ്മൾ കണ്ടു. ഇപ്പോൾ തന്നെ, വെനസ്വേലയിൽ അമേരിക്കൻ അധിനിവേശത്തെ അനുകൂലിക്കുന്ന പ്രതിപക്ഷ, വലതുപക്ഷ രാഷ്ട്രീയ നേതാവ് മാറിയ കോറിനോ മക്കാഡോവിന് കഴിഞ്ഞ വർഷം സമാധാനത്തിനുള്ള നൊബേൽ ലഭിച്ചിരുന്നു. നിരന്തരം അവകാശലംഘനങ്ങൾ ആവർത്തിച്ചു കൊണ്ടേയിരിക്കുമ്പോൾ, ലോകത്തിലാകെ ഒരുതരം നിസ്സംഗത പടരുന്നുണ്ട്. അതിക്രമങ്ങളും അധിനിവേശങ്ങളും ആരംഭിക്കുന്നത് ഈ നിസ്സംഗതയിൽ നിന്നുമാണ്. നാസി ഓഫീസർ ആയിരുന്ന അഡോൾഫ് ഐക്മാന്റെ വിചാരണ ന്യൂയോർക്കറിനു വേണ്ടി റിപ്പോർട്ട് ചെയ്യുന്ന ഘട്ടത്തിലാണ് ഹന്ന അറേൻഡ് ക്രൂരതയുടെ സാധാരണത്വംകണ്ട് ഞെട്ടിയത്. പ്രോസിക്യൂഷൻ പറയുന്നതുപോലെ ഭീകരസ്വത്വമൊന്നും ആയിരുന്നില്ല ഐക്മാൻ, അയാളിലെ സാധാരണത്വമാണ് ഹന്ന അറേൻഡിനെ അസ്വസ്ഥതപ്പെടുത്തിയത്. വെനസ്വേലയിലെ എണ്ണയെക്കുറിച്ച് അതിശയിപ്പിക്കുന്ന ലാഘവത്വത്തോടെ പ്രസ്താവന നടത്തുന്ന ട്രംപിന്റെ ഭാഷയിലും ദൃശ്യമാകുന്നത് ഇത് തന്നെയാണ്. ശക്തിയും സമ്പത്തും ശരിതെറ്റുകളെ നിർണ്ണയിക്കുകയും, പരമാധികാരം സാമ്രാജ്യത്തെ അനുസരിക്കുന്നവർക്ക് മാത്രം അനുഭവവേദ്യമാവുകയും ചെയ്യുന്ന ലോകക്രമത്തിലും അന്തർലീനമായ മൂല്യബോധം മറ്റൊന്നല്ല.
മനുഷ്യന്റെ പീഡാനുഭവങ്ങളെ, പശ്ചാത്തിലെ അവഗണനീയമായ ശബ്ദമായി ലഘൂകരിക്കുന്നതിലൂടെയാണ് സാമ്രാജ്യത്തം നിലനിൽക്കുന്നത് എന്ന് പറയാറുണ്ട്. രാജ്യങ്ങളും ജനങ്ങളും വെറും തലക്കെട്ടുകളായി മാറുകയും, അവരുടെ ശബ്ദങ്ങൾ തമസ്കരിക്കപ്പെടുകയും ചെയ്യുന്നു. വെനസ്വേലയും അതുപോലൊരു ശബ്ദമായി ഒടുങ്ങുകയാണോ എന്ന ചോദ്യമാണ് ഇന്ന് ലോകത്തിനു മുന്നിലുള്ളത്. ബോംബുകളും ഉപരോധങ്ങളും തട്ടിക്കൊണ്ടുപോകലുകളും കൊണ്ട് മാറ്റങ്ങളുണ്ടാക്കാൻ സാധിക്കില്ല. മിസൈലുകൾ കൊണ്ട് ജനാധിപത്യം സാക്ഷാത്കരിക്കാൻ കഴിയില്ല. അന്താരാഷ്‌ട്ര നിയമങ്ങളുടെ ശവക്കല്ലറയുടെ മുകളിൽ ചവിട്ടിനിന്നുകൊണ്ട് മനുഷ്യാവകാശങ്ങൾ സംരക്ഷിക്കാനും കഴിയില്ല. എന്തൊക്കെ പോരായ്മകളുണ്ടെങ്കിലും അതിശക്തരുടെ ഐച്ഛികമായ ചെയ്തികൾക്കെതിരെ സാധാരണ രാജ്യങ്ങൾക്കും ജനതയ്ക്കും കൈവശമുള്ള ഏക ഭാഷ അന്താരാഷ്ട്ര നിയമങ്ങളുടേതാണ്. അത് ഉപേക്ഷിക്കപ്പെട്ടാൽ, നീതിപൂർവകമായ ലോകക്രമം എന്ന ആശയം തന്നെ ഇല്ലാതാവുകയാണ് ചെയ്യുക.
മുൻപ് പലരാജ്യങ്ങളും അഭിമുഖീകരിച്ചിട്ടുള്ള ഒരു സന്ദർഭത്തെ തന്നെയാണ് ഇന്ന് വെനസ്വേലയും മുന്നിൽ കാണുന്നത്. ഇതിന്റെ അവസാനം എന്തായിരിക്കുമെന്ന് നമുക്കെല്ലാം വളരെ വ്യക്തമാണ്. വ്യഥകൾ, വിലാപങ്ങൾ, ദുരിതാപർവങ്ങളിലെ നിസ്സഹായ ജീവിതങ്ങൾ…അസ്ഥിരവും ഹിംസാത്മകവുമായ രാജ്യങ്ങൾ, മേഖലകൾ… ഇത്തവണയെങ്കിലും “അരുത്” എന്ന് പറയാൻ ലോകത്തിനു കഴിയുമോ എന്നാണ്, കഴിയില്ല എന്നാണ് അനുഭവം.
വോട്ട് രാഷ്ട്രീയത്തിൽ, പൊതുജനങ്ങളോടുള്ള ഇടപെടലിന് വലിയ പ്രാധാന്യമുണ്ട്. വ്യക്തിപരമായ കുശലാന്വേഷണങ്ങൾ, കുടുംബ ചടങ്ങുകളിൽ പങ്കെടുക്കൽ, വ്യക്തിപരമായ ആവശ്യങ്ങളുടെ നിറവേറ്റൽ, ചിരി, സംസാരം, നടത്തം, നാട്യം ഇവയൊക്കെ പ്രധാനമാണ്. നേതാക്കന്മാരുടെ സ്വീകാര്യതയിൽ ഇതിനൊക്കെ വലിയ പങ്കുണ്ട്. ഓരോ നേതാവിനും ജനങ്ങളുടെ സ്വീകാര്യത നേടുന്നതിന് വ്യത്യസ്ത മാർഗ്ഗങ്ങളുണ്ട്. അല്ലെങ്കിൽ ഓരോ നേതാവിന്റെയും ആകർഷകമായ ചില ഘടകങ്ങൾ ജനങ്ങളെ ഭ്രമിപ്പിക്കുന്നു എന്നും പറയാം. കക്ഷിരാഷ്ട്രീയഭേദങ്ങൾക്കപ്പുറം ജന സ്വാധീനമുണ്ടാക്കിയ നേതാക്കളായിരുന്നു മുൻ മുഖ്യമന്ത്രിമാരായ ശ്രീ ഉമ്മൻചാണ്ടിയും ശ്രീ. വി എസ് അച്യുതാനന്ദനും. മേൽപ്പറഞ്ഞ ഘടകങ്ങൾ ഏറിയും കുറഞ്ഞും ഇരുവരിലും പ്രവർത്തിച്ചിട്ടുണ്ടാകാം. എന്നാൽ ആ താരതമ്യം അവിടെ അവസാനിക്കുന്നു. ഇരുവരുടെയും രാഷ്ട്രീയ ജീവിതം താരതമ്യം ചെയ്യാൻ കഴിയാത്തത്ര വ്യത്യസ്തമാണ്. ഇരുവരും മുന്നോട്ടുവച്ച ആശയാദർശങ്ങൾ അങ്ങേയറ്റം വേറിട്ടുനിൽക്കുന്നു. ഇരുവരും ഉയർത്തിപ്പിടിച്ച വർഗ്ഗ താൽപര്യങ്ങൾ നേർവിപരീതമാണ്. ഇരുവരും ഉയർത്തിയ കൊടികൾ കേരളത്തിൻറെ സാമൂഹിക സാംസ്കാരിക ചരിത്രത്തിൽ മുന്നോട്ടുവച്ച മൂല്യബോധം തികച്ചും വ്യത്യസ്തങ്ങളാണ്.
സ: അച്യുതാനന്ദൻ, നാമിന്നു കാണുന്ന കേരളത്തെ സൃഷ്ടിച്ച ഒരു തലമുറയുടെ അവസാനത്തെ കണ്ണിയാണ്. ത്യാഗനിർഭരമായ സമരജീവിതമായിരുന്നു അദ്ദേഹത്തിന്റെത്. രാജഭരണത്തിനെതിരെയും, ബ്രാഹ്മണ്യ മേൽക്കോയ്മയ്ക്കെതിരെയും, മുതലാളിത്ത ചൂഷണത്തിനെതിരെയും, ജീവൻ പണയപ്പെടുത്തി അടരാടിയ അടിസ്ഥാന വർഗ്ഗത്തിൻറെ പ്രതിനിധിയാണ് വി എസ്. കൊടിയ പോലീസ് മർദ്ദനങ്ങളും, ജന്മിത്ത ഭീഷണികളും അതിജീവിച്ച പോരാളി. ബാല്യത്തിലെ അനാഥത്വത്തെ അധ്വാനം കൊണ്ട് മറികടന്നവൻ. ജാത്യാധിക്ഷേപം കേട്ടുവളർന്നവൻ. ഏഴാം ക്ലാസ്സിൽ പഠിപ്പ് നിർത്തേണ്ടി വന്നവൻ. ഇരുപത്തിയാറാം വയസ്സിൽ മരിച്ചെന്നു കരുതി ചാക്കിൽകെട്ടി കാട്ടിലുപേക്ഷിക്കാൻ തുടങ്ങിയെടുത്തു നിന്ന് ഉയർത്തെണീറ്റ് കേരളത്തിൻറെ മുഖ്യമന്ത്രി പദത്തോളം വളർന്ന രാഷ്ട്രീയ നേതാവ്. അതിനപ്പുറം കേരള സമൂഹത്തിൻറെ മനസാക്ഷിയായി മാറിയ വ്യക്തി. “തമ്പ്രാൻ എന്നു വിളിക്കില്ല, പാളയിൽ കഞ്ഞി കുടിക്കില്ല” എന്നു നിവർന്നുനിന്നു പറയാൻ സ്വയം ശീലിച്ച, സഖാക്കളെ ശീലിപ്പിച്ച കർഷക പോരാട്ടങ്ങളുടെ ചരിത്രമുണ്ട് അയാൾക്ക്. കയർ തൊഴിലാളികളുടെ, കശുവണ്ടി തൊഴിലാളികളുടെ, തോട്ടം തൊഴിലാളികളുടെ ഒക്കെയൊപ്പം സമരമുഖങ്ങളിൽ മുഷ്ടിചുരുട്ടി നടന്ന സഖാവ്. തിരുവിതാംകൂർ എന്ന ഹിന്ദു രാഷ്ട്രത്തിന്റെയും, ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെയും, മുതലാളിത്തത്തിന്റെയും ചൂഷണ വീഥികളിൽ നീതി തേടിയലഞ്ഞവനാണ്. ജനാധിപത്യത്തിൻറെ അർത്ഥം എന്തെന്ന് സ്വന്തം അനുഭവങ്ങളിലൂടെ തിരിച്ചറിഞ്ഞവനാണ്. അതുകൊണ്ടാണ്, തിരുവനന്തപുരത്തെ മണിമാളികയിൽ ഇരിക്കുന്ന കാരണവരെ, മിസ്റ്റർ മാർത്താണ്ഡവർമ്മ എന്ന് സംബോധന ചെയ്യുവാൻ അദ്ദേഹം തയ്യാറായത്. വലതു രാഷ്ട്രീയത്തിന്റെയും മാധ്യമങ്ങളുടെയും നാണംകെട്ട രാജഭക്തിയിലെ അപഹാസ്യത തുറന്നു കാണിക്കാതിരിക്കാൻ പുന്നപ്ര-വയലാർ രണഭൂമിയിലെ അവസാനത്തെ കുന്തക്കാരന് കഴിയില്ലായിരുന്നു. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ജീവിതം എന്നത് ഒരു വിമോചന സമരമായിരുന്നു, കടുത്ത ദുഷ്പ്രഭുത്വത്തിൽ നിന്നുള്ള വിമോചനസമരം.
പുതുപ്പള്ളിയുടെ പുത്രന്, ആരാധകരുടെ പ്രിയപ്പെട്ട കുഞ്ഞൂഞ്ഞിന്, പക്ഷേ രാഷ്ട്രീയ പ്രവർത്തനം അധികാരഘടനയുടെ പിന്തുടർച്ചയായിരുന്നു. മുത്തശ്ശൻ തിരുവിതാംകൂർ ലജിസ്ലേറ്റീവ് കൗൺസിൽ അംഗമായിരുന്നു. അദ്ദേഹത്തിൻറെ പേരിലുള്ള സ്കൂളിലാണ് പഠിച്ചത്. വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെയാണ് കടന്നുവന്നത്. അദ്ദേഹം പ്രതിനിധാനം ചെയ്ത രാഷ്ട്രീയ പക്ഷത്തിന്, വിമോചനം, കേരളത്തിൻറെ പ്രാകൃതമായ ബ്രാഹ്മണ്യമൂല്യങ്ങളിലേക്കുള്ള തിരിച്ചു നടത്തമായിരുന്നു. ജാതി-ജന്മി താല്പര്യങ്ങളുടെ സംരക്ഷണമായിരുന്നു. “തമ്പ്രാൻ എന്ന് വിളിപ്പിക്കും, പാളയിൽ കഞ്ഞി കുടിപ്പിക്കും” എന്നാണ് അന്നവർ അലറിയത്. ദളിതനായ ചാത്തൻ മാസ്റ്റർ മന്ത്രി ആയപ്പോൾ, അദ്ദേഹത്തോട് മന്ത്രി കസേര ഉപേക്ഷിച്ച് കന്നു പൂട്ടാൻ കൽപ്പിച്ച സമരമാണ്. കേരളത്തിൻറെ ഭൂപരിഷ്കരണത്തെ അട്ടിമറിച്ച പാരമ്പര്യമാണ്. ഭൂപരിഷ്കരണത്തെക്കുറിച്ച് പറയുമ്പോൾ, കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കർഷക തൊഴിലാളികളെ, ദളിതരെ, ഭൂമി നൽകാതെ വഞ്ചിച്ച കഥയുണ്ട്. എന്നാൽ, 1957-ൽ ഇഎംഎസ് ഗവൺമെൻറ് വിഭാവനം ചെയ്ത തരത്തിൽ, ആ സമയത്ത്, ഭൂപരിഷ്കരണത്തിന്റെ മൂന്നു ഘട്ടങ്ങളും നടപ്പിലാക്കാൻ കഴിഞ്ഞിരുന്നെങ്കിൽ കേരളത്തിൻറെ ചരിത്രം വ്യത്യസ്തമായിരുന്നേനെ.
കേരള ചരിത്രത്തെ, സമൂഹത്തെ, രാഷ്ട്രീയത്തെ, പതിറ്റാണ്ടുകൾ പിന്നോട്ടടിച്ച ശപിക്കപ്പെട്ട സമരമായിരുന്നു വിമോചന സമരം. അതിനുശേഷം കേരളത്തിൻറെ രാഷ്ട്രീയ വർത്തമാനങ്ങളിൽ നിന്ന്, അടിസ്ഥാനവർക്ക് താല്പര്യങ്ങളും, ഭൂമിയുടെ രാഷ്ട്രീയവും തുടച്ചുനീക്കപ്പെട്ടു. കമ്മ്യൂണിസ്റ്റ് പാർട്ടി, തുടർന്നുള്ള പതിറ്റാണ്ടുകളിൽ കർഷക സമരങ്ങളെ മുന്നോട്ടു കൊണ്ടുപോകുന്നതിൽ പരാജയപ്പെട്ടതിനെ കുറിച്ച് ഓർത്ത് വിലപിക്കുന്ന കമ്മ്യൂണിസ്റ്റുകാരന്റെ ചിത്രം സഖാവ് എകെജിയുടെ ആത്മകഥയിൽ നമുക്ക് കാണാം. സകല വിഷ ജീവികളും, സകല വർഗീയ പാഷാണങ്ങളും, പുരോഗമന ചിന്തകൾക്കെതിരെ ഒരുമിച്ചണിനിരന്ന ചരിത്രഘട്ടമായിരുന്നു വിമോചന സമരം. വലതു രാഷ്ട്രീയത്തിന്റെ പ്രതിലോമപരത, സമൂഹത്തെ വീണ്ടും പിന്നോട്ടു കൊണ്ടു പോകുന്നത് ശബരിമലയിലെ ആർത്തവസമരത്തിന്റെ കാലത്ത് ആവർത്തിക്കപ്പെട്ടു.
വിഎസ് പൊലീസിന്റെ മർദ്ദനമേറ്റവു മൃതപ്രായനായ, അതേ പ്രായത്തിൽ ഉമ്മൻചാണ്ടി നിയമസഭയിലേക്ക് മത്സരിക്കുകയാണ്. പിന്നീടങ്ങോട്ട് പാർലമെൻററി രാഷ്ട്രീയത്തിന്റെ സകല കണ്ണന്തിരിവുകളും പയറ്റി തെളിഞ്ഞ പ്രായോഗിക രാഷ്ട്രീയ നേതാവായിട്ടാണ് നമ്മൾ അദ്ദേഹത്തെ കാണുന്നത്. കീറൽ തുന്നിക്കെട്ടിയ കുപ്പായം മുതൽ, കരുണാകരനെതിരെ നടത്തിയ ഉപചാപം വരെ നമുക്കെല്ലാം പരിചിതമായ രാഷ്ട്രീയചരിത്രമാണ്. ഉമ്മൻചാണ്ടിയുടെ രാഷ്ട്രീയ ശൈലിയെ കുറിച്ച് കെ കരുണാകരൻ പറഞ്ഞ വാക്കുകൾ ഇവിടെ ആവർത്തിക്കേണ്ടതുണ്ടെന്ന് തോന്നുന്നില്ല.
“കാള നിൻറെയൊക്കെ അച്ഛനാണോ?” എന്ന് ഹിന്ദുത്വവാദികളുടെ കൂമ്പിനിട്ട് കുത്തിയ വിഎസിന്റെ ആദർശ സ്ഥിരതയോട് ഉമ്മൻചാണ്ടിയെ താരതമ്യം ചെയ്യുക അസാധ്യമാണ്. വെള്ളാപ്പള്ളി നടേശൻ മുതൽ, നരേന്ദ്രമോദി വരെയുള്ള സർവ്വരെയും ഒരു ദക്ഷിണ്യവും ഇല്ലാത്ത ഭാഷയിൽ അദ്ദേഹം വിമർശിച്ചു. അധികാരത്തിന്റെ ഭാഗമായിരിക്കുമ്പോഴും അല്ലാത്തപ്പോഴും, തൊഴിലാളികളുടെ സമരമുഖങ്ങളിൽ നിത്യ സാന്നിധ്യമായി. സമരതീഷ്ണമായ യൗവനം മാത്രമല്ല, വാർദ്ധക്യകാലത്ത് വിഎസ് നടത്തിയ രാഷ്ട്രീയ ഇടപെടലുകളും കേരള ചരിത്രത്തിൽ സമാനതകളില്ലാത്തതാണ്. പരിസ്ഥിതിയുടെ രാഷ്ട്രീയം, മുഖ്യധാരയിൽ ഉയർത്തിപ്പിടിച്ചത്, പ്ലാച്ചിമട മുതൽ എൻഡോസൾഫാൻ വരെയുള്ള വിഷയങ്ങളിൽ സമര മുന്നണിയുടെ ഭാഗമായത്. മൂന്നാറിലെ തേയില തോട്ടങ്ങളിൽ അടിമ ജീവിതം നയിച്ച തൊഴിലാളി സ്ത്രീകൾ കക്ഷി രാഷ്ട്രീയത്തിനതീതമായി സംഘടിച്ചപ്പോൾ, അവിടെ കടന്നു വരാൻ അനുമതി ലഭിച്ചത് ഒരേയൊരു നേതാവിനു മാത്രമാണ്. വിഎസിന്. കാരണം എല്ലാ വിഭജനങ്ങൾക്കുമപ്പുറം സമൂഹത്തിന്റെ മനസ്സാക്ഷിയായി ആ മനുഷ്യൻ മാറിയിരുന്നു. അന്ന് ആ സമരമുഖത്ത് ചെന്ന്, ഇവരുടെ ആവശ്യങ്ങൾ നിറവേറും വരെ ഞാനും ഇവർക്കൊപ്പമിരിക്കും എന്നു പറഞ്ഞ്, കൊടും തണുപ്പിൽ ഒരു ജാക്കറ്റും ധരിച്ച്, തൊഴിലാളികൾക്കൊപ്പം ഇരിക്കുമ്പോൾ അദ്ദേഹത്തിന് പ്രായം 92 ആയിരുന്നു.
ഭരണരംഗത്ത്, അദ്ദേഹം നേതൃത്വം നൽകിയ ഗവൺമെൻറ് നൽകിയ സംഭാവനകൾ, നയപരമായ ചില തീരുമാനങ്ങൾ, കേരള ചരിത്രം എന്നും ഓർക്കും എന്ന കാര്യത്തിൽ സംശയമില്ല. ഭൂമാഫിയക്കെതിരായ നീക്കങ്ങൾ ലക്ഷ്യം കണ്ടു എന്നല്ല, സമാനതകളില്ലാത്ത സാഹസത്തിന് ധൈര്യം കാണിച്ചു എന്നാണ്. ഏഴാം ക്ലാസുകാരൻ ആയിരുന്നിട്ടും, സമകാലിക രാഷ്ട്രീയ സാമൂഹ്യ വിഷയങ്ങളെക്കുറിച്ച് അഗാധമായ ഉൾക്കാഴ്ച അദ്ദേഹത്തിനുണ്ടായിരുന്നു. കണ്ടും കേട്ടും വായിച്ചും പഠിക്കുവാൻ, നിരന്തരം സ്വയം നവീകരിക്കുവാൻ, തയ്യാറായിരുന്നു എന്നതാണ് അദ്ദേഹത്തിൻറെ ഏറ്റവും വലിയ മേന്മകളിൽ ഒന്ന്. ആധാർ പദ്ധതിയുടെ പ്രാരംഭ കാലത്ത് അതിനെതിരെ നിലപാടെടുക്കുകയും മാതൃഭൂമിയാഴ്ച പതിപ്പിൽ സുദീർഘമായ ഒരു ലേഖനം പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു അദ്ദേഹം. ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യർ, ഹിന്ദു ദിനപത്രത്തിലും, വിഎസ് മാതൃഭൂമി ആഴ്ചപ്പതിപ്പിലും എഴുതിയ ലേഖനങ്ങൾ അക്കാലത്ത് ഈ വിഷയത്തെ സംബന്ധിച്ച് ഗൗരവതരമായ സംവാദങ്ങൾക്ക് പൊതുനിലമൊരുക്കി. മൂന്നാംലോക രാജ്യങ്ങളിലെ വിപുലമായ കച്ചവട സാധ്യതകൾ സ്വപ്നം കണ്ടിരുന്ന മൈക്രോസോഫ്റ്റ് പോലെയുള്ള കോർപ്പറേറ്റ് ഭീമന്മാരുടെ താൽപര്യങ്ങളും സമ്മർദങ്ങളും അതിജീവിച്ച്, സ്വതന്ത്ര സോഫ്റ്റ്‌വെയറിൽ അധിഷ്ഠിതമായ ഒരു വിവരസാങ്കേതിക നയം രൂപീകരിച്ചു എന്നത് വി എസ് ഗവൺമെന്റിന്റെ എക്കാലത്തെയും പ്രധാനപ്പെട്ട സംഭാവനയാണ്. വിഎസ് നേതൃത്വം നൽകിയത് വെട്ടി നിരത്തൽ സമരം ആയിരുന്നില്ല അത് നിലം നികത്തലിനെതിരെയുള്ള സമരമായിരുന്നു എന്ന് മനോരമാദി മാധ്യമങ്ങൾ അംഗീകരിച്ചത് അദ്ദേഹത്തിൻറെ മരണത്തിനു ശേഷമാണ്, എന്നാൽ അധികാരത്തിൽ ഇരുന്നപ്പോൾ വയൽ നികത്തലിനെതിരെ വയൽ സംരക്ഷണം വയൽ സംരക്ഷണത്തിനുവേണ്ടി നിയമനിർമ്മാണം നടത്തുവാനും അദ്ദേഹത്തിൻറെ ഗവൺമെൻറ് തയ്യാറായി.
സഖാവ് വിഎസ് എല്ലാം തികഞ്ഞവനായിരുന്നു എന്നല്ല. ദൈവമല്ല, മനുഷ്യനായിരുന്നു അദ്ദേഹം. ഏറ്റെടുത്ത പല കാര്യങ്ങളും പൂർത്തീകരിക്കാൻ കഴിഞ്ഞില്ല. തെറ്റുകൾ പലതും ചൂണ്ടിക്കാണിക്കാനാവും. പ്രത്യേകിച്ച് ഭൂമിയുടെ രാഷ്ട്രീയം വേണ്ടവിധത്തിൽ കൈകാര്യം ചെയ്യാൻ കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയകക്ഷികൾക്കൊന്നും താല്പര്യമുണ്ടായിരുന്നില്ല. ളാഹാഗോപാലന്റെ നേതൃത്വത്തിൽ നടന്ന ഭൂസമരം വിഎസിന്റെ കാലത്തായിരുന്നു. സമരക്കാർ ആവശ്യപ്പെട്ടത്ര ഭൂമി കൊടുക്കാൻ കേരളത്തിൽ ലഭ്യമല്ലെന്ന അദ്ദേഹത്തിൻറെ പ്രസ്താവനയോട്, ളാഹാഗോപാലന്റെ പ്രതികരണം നമുക്കെല്ലാമറിയാം. ഭൂമിക്ക് വേണ്ടിയുള്ള പോരാട്ടങ്ങളോട് നീതിപുലർത്താൻ കഴിഞ്ഞില്ല. എങ്കിലും ചരിത്രത്തിൽ ആദ്യമായി, സമരം ചെയ്തവർക്ക് 50 സെൻറ് ഭൂമിയെങ്കിലും ലഭിച്ച സമരം അതായിരുന്നു. കേരളത്തിൻറെ വിവിധ ഭാഗങ്ങളിലാണ് ഭൂമി പതിച്ചു നൽകിയത്. സമരത്തിൻറെ ഭാഗമായിരുന്ന ചിലരോട് സംസാരിക്കാൻ കഴിഞ്ഞിട്ടുണ്ട്. ‘വി.എസ്. ആയിരുന്നതുകൊണ്ട് മാത്രമാണ് അത്രയെങ്കിലും ഭൂമി ലഭിച്ചത്. അല്ലെങ്കിൽ മുത്തങ്ങയിലെ അനുഭവമായേനെ ഞങ്ങൾക്കും’ എന്ന് നല്ലൊരു വിഭാഗം സമരക്കാരും ഇപ്പോഴും വിശ്വസിക്കുന്നു എന്നതൊരു യാഥാർത്ഥ്യമാണ്. എ കെ ആന്റണി മുഖ്യമന്ത്രിയായിരുന്ന കാലത്താണ് മുത്തങ്ങയിൽ സമരം നടത്തിയ ആദിവാസികൾക്ക് നേരെ വെടിവെപ്പും ക്രൂരമായ പോലീസ് അതിക്രമവും നടന്നത്. അന്ന് ഉമ്മൻചാണ്ടി യുഡിഎഫ് കൺവീനർ ആയിരുന്നു.
ഉമ്മൻചാണ്ടിയുടെ രാഷ്ട്രീയ ജീവിതത്തെ റദ്ദ് ചെയ്യുക എന്നത് എൻറെ ഉദ്ദേശമല്ല. രാഷ്ട്രീയത്തിൽ ഇരുപക്ഷങ്ങൾക്കും അതിന്റേതായ പ്രാധാന്യമുണ്ട്. കൊടുക്കൽ വാങ്ങലുകൾ ഉണ്ട്. ശരികളും ശരികേടുകളും ഉണ്ട്. എന്നിരുന്നാലും വിഎസിന്റെതുപോലെ സമരസപ്പെടാത്ത സമര ജീവിതത്തെ, സാധാരണ രാഷ്ട്രീയ ജീവിതങ്ങളോട് തുലനം ചെയ്യുന്നതിൽ ചരിത്രവിരുദ്ധതയും, രാഷ്ട്രീയ ശരികേടുമുണ്ട് എന്ന് സൂചിപ്പിക്കുവാൻ മാത്രമാഗ്രഹിക്കുകയാണ്
ഇന്ത്യൻ ജുഡീഷ്യറി ആകെ ഒറ്റയടിക്ക് തകർന്നുവീണ വർഷമൊന്നുമല്ല 2025. പക്ഷേ നിർണായകമായ ചില മാറ്റങ്ങൾ ദൃശ്യമായ വർഷമാണ്.; നിതിന്യായ സംവിധാനത്തിൽ നിസ്സംഗത സാധാരണ വൽക്കരിക്കപ്പെട്ടിരിക്കുന്നു.
ഈ വർഷവും കോടതി അവിശ്രാന്തം പ്രവർത്തിക്കുന്നുണ്ടായിരുന്നു. കേസുകൾ പരിഗണിച്ചു, ഇടക്കാല വിധികൾ ഉണ്ടായി, കമ്മിറ്റികൾ രൂപീകരിച്ചു, ഹൈക്കോടതി വിധികൾ റദ്ദ് ചെയ്തു, ചിലപ്പോഴൊക്കെ സ്വന്തം തെറ്റുകൾ തന്നെ തിരുത്തുന്ന കാഴ്ചയും നാം കണ്ടു. ഇതിനൊക്കെയപ്പുറം നിശബ്ദമായ ഒരു മാറ്റം കോടതിക്ക് സംഭവിച്ചിരിക്കുന്നു. കോടതി പ്രവർത്തിച്ചത് ഭരണഘടനയുടെ കാവൽക്കാരൻ എന്നതിലുപരി നടപടിക്രമങ്ങളുടെ പരിശോധകൻ എന്ന നിലയ്ക്കാണ്. പലപ്പോഴും ഭരണകൂടത്തെയോ അധികാരവ്യവസ്ഥയെ നേരിട്ട് അഭിമുഖീകരിക്കാതെ വളരെ ശ്രദ്ധിച്ച്, സംയമനത്തോടെ മാത്രം പ്രവർത്തിക്കുന്ന ഒരു ശൈലി രൂപീകരിച്ചു.
നിയമപരിശോധനയ്ക്ക് മാധ്യസ്ഥം വഹിക്കുന്ന നിഷ്ക്രിയരായ സംവിധാനമായിട്ടല്ല ഭരണഘടന ശിൽപികൾ ഭരണഘടന കോടതികളെ വിഭാവനം ചെയ്തത്. അധികാര വ്യവസ്ഥയ്ക്കെതിരെ ധാർമിക ധൈര്യത്തോടെ തല ഉയർത്തി നിന്ന് ജനാധിപത്യത്തെ പ്രതിരോധിക്കുന്ന സ്ഥാപനമായാണ് സുപ്രീംകോടതി ഭരണഘടനയുടെ ഭാഗമാകുന്നത്. “ഭരണഘടനാധാർമികത അങ്ങനെ വെള്ളവും വെളിച്ചവും ഉള്ള എല്ലായിടത്തും വെറുതെയങ്ങ് വളരുന്നതല്ല നമ്മൾ ജാഗ്രതയോടെ പരിപാലിച്ചു വളർത്തേണ്ടതാണ്” എന്ന് ഡോക്ടർ അംബേദ്കർ എഴുതിയിട്ടുണ്ട്. ആ ജാഗ്രത കൈമോശം വന്ന വർഷമാണ് 2025.
ഭരണഘടനയിലെ സുപ്രീംകോടതി
അടിസ്ഥാന തത്വങ്ങളിൽ നിന്ന് തുടങ്ങാം നമ്മുടെ ഭരണഘടന നിഷ്പക്ഷമായ ഒരു നിയമ കൈപുസ്തകമല്ല. കൊളോണിയൽ ചൂഷണത്തിന്റെയും, ജാതീയമായ അടിച്ചമർത്തലുകളുടെയും, സമൂഹത്തിൽ ആഴത്തിൽ പതിഞ്ഞ അസമത്വത്തിന്റെയും പശ്ചാത്തലത്തിൽ നിന്നും രൂപം കൊണ്ട മാറ്റത്തിനുള്ള മാർഗ്ഗരേഖയാണ്. ഭരണയുടെ അനുഛേദം 14, 15, 17, 19, 21 തുടങ്ങിയവയൊക്കെ അവകാശങ്ങൾ മാത്രമല്ല സാമൂഹിക പുനർനിർമ്മിതിക്കുള്ള ഉപകരണങ്ങളാണ്.
അംബേദ്കർ മുന്നോട്ടുവച്ച ഭരണഘടന പദ്ധതി രക്തരഹിതമായ വിപ്ലവമാണ് ലക്ഷ്യം വയ്ക്കുന്നത്. എല്ലാവരും തുല്യരാണെന്ന് യാന്ത്രിക കാഴ്ചപ്പാടിനപ്പുറം, സാമൂഹിക യാഥാർത്ഥ്യങ്ങളെ മനസ്സിലാക്കുന്ന യഥാതഥ സമത്വം, ഭൂരിപക്ഷ ഏകാധിപത്യത്തിനെതിരെയുള്ള ജാഗ്രത, ജുഡീഷ്യറിയുടെ ധൈര്യം എന്നിവ ആ ലക്ഷ്യത്തിലെത്തുന്നതിന് അനിവാര്യമാണ്. ഈയൊരു വിശാലമായ കാഴ്ചപ്പാടിൽ നിന്നുകൊണ്ടാണ് 2025-ലെ സുപ്രീം കോടതിയെ വിലയിരുത്തേണ്ടത്.
പ്രധാനപ്പെട്ട വിധികൾ
അരാവല്ലി വിധി
2025-ലെ വെക്കേഷന് തൊട്ടുമുൻപ്, സുപ്രീംകോടതി സ്വമേധയാ നടത്തിയ ഒരിടപെടലിലൂടെ, അരാവല്ലി മലനിരകൾക്ക് ‘100 മീറ്റർ ഉയര’ എന്ന നിർവചനം നൽകിയ കഴിഞ്ഞ മാസത്തെ സുപ്രീംകോടതി വിധി താത്കാലികമായി സ്റ്റേ ചെയ്തു. അരാവല്ലി മലനിരകളുടെ നിർവചനം സംബന്ധിച്ച പ്രശ്നങ്ങൾ പരിശോധിക്കുവാൻ പുതിയൊരു എക്സ്പെർട് കമ്മറ്റിയെ നിയോഗിക്കുവാനും തീരുമാനമായി. ഈ വിധി ഗുണകരമായ ഫലം ഉണ്ടാകും എന്ന അർത്ഥത്തിൽ പാരിസ്ഥിതിക പ്രവർത്തകർ സ്വാഗതം ചെയ്തു. കാരണം നവംബർ മാസത്തിലെ ജസ്റ്റിസ് ബി ആര് ഗവായിയുടെ ബെഞ്ചിന്റെ വിധി ഏറെ പരിസ്ഥിതി പ്രാധാന്യമുള്ള അരാവല്ലിമേഖലയുടെ സർവനാശത്തിനു വഴി വയ്ക്കുമായിരുന്നു. എന്നിരുന്നാലും നിയമവാഴ്ചയുടെ കാഴ്ചപ്പാടിൽ നിനും നോക്കിയാൽ കോടതി നടപടികൾ ഏറെ ചോദ്യങ്ങൾ ബാക്കിയാക്കുന്നുണ്ട്. രാഷ്ട്രീയ സമ്മർദ്ദങ്ങളോ, മാധ്യമങ്ങളുടെ ഭാഗത്തുനിന്നുമുള്ള നെഗറ്റീവ് ആഖ്യാനങ്ങളോ കാരണം പരമോന്നത നീതിപീഠം സ്വന്തം വിധികൾ, ഇത്ര വേഗത്തിൽ, ഇത്ര എളുപ്പത്തിൽ പിൻവലിക്കുകയും പുനഃപരിശോധിക്കുകയും ചെയ്യുമെന്നത് കോടതി വിധികളുടെ അന്തിമത്വത്തെയും, അനിവാര്യമായ അച്ചടക്കത്തെയും അട്ടിമറിക്കും.
ഉന്നാവോ കേസ്
ഉന്നാവോ കൂട്ടബലാത്സഗ കേസിൽ ബിജെപി നേതാവ് കുൽദീപ് സിംഗ് സെംഗാറിന്റെ ശിക്ഷ മരവിപ്പിച്ച ഡൽഹി ഹൈക്കോടതി വിധി സ്റ്റേ ചെയ്തതാണ് 2025 അവസാനിക്കുമ്പോൾ സുപ്രീംകോടതി നടത്തിയ മറ്റൊരു ഇടപെടൽ. ഇരകൾക്ക് ജുഡീഷ്യൽ സംവിധാനത്തിലുള്ള വിശ്വാസം പരിപൂർണമായും ഇല്ലാതാക്കുന്ന, അതീവ സാങ്കേതികമായ നിയമയുക്തി ഉപയോഗിച്ച ഡൽഹി ഹൈക്കോടതി വിധി പെട്ടെന്ന് തന്നെ സ്റ്റേ ചെയ്തത് അശ്വാസകരമായ വാർത്തയായിരുന്നു
വഖഫ് നിയമഭേദഗതി
ഏറെ രാഷ്ട്രീയ പ്രാധാന്യമുള്ള ന്യൂനപക്ഷ അവകാശ സംരക്ഷണവുമായി ബന്ധപ്പെട്ട കേസുകൾ കോടതിയെ അസ്വസ്ഥതപ്പെടുത്തുന്നുണ്ട് എന്നതിന് തെളിവായിരുന്നു നിയമഭേദഗതിക്കെതിരെ ആയ ഹർജികളിലെ നടപടി. അടിസ്ഥാനപരമായ ഭരണഘടന പ്രശ്നങ്ങൾ ഉന്നയിക്കപ്പെട്ട ഒരു കേസ് ആയിരുന്നു, എന്നിട്ടും അതിൻറെ വേരുകളിലേക്ക് കടക്കാതെ ഏതാനും ചില വകുപ്പുകൾ മാത്രം സ്റ്റേ ചെയ്തുകൊണ്ട് താൽക്കാലികമായി തടുകയാണ് കോടതി ചെയ്തത്. തുടർന്ന് ഈ വിഷയം ഇതുവരെ വാദത്തിന് എടുത്തിട്ടില്ല. വഖഫ് ബോർഡിൽ ഇതര മതക്കാരുടെ എണ്ണം നാലായി പരിമിതപ്പെടുത്തി, ചുരുങ്ങിയത് അഞ്ചു വർഷമെങ്കിലും മുസ്ലിം ആയി ജീവിച്ചവർക്ക് മാത്രമേ വഖഫ് രൂപീകരിക്കാൻ കഴിയുകയുള്ളൂ എന്നിവകുപ്പുകൾ താൽക്കാലികമായി സ്റ്റേ ചെയ്തു. ഇതിൽ അഞ്ചു വർഷത്തെ സമയപരിധിക്ക് സ്റ്റേ നൽകിയിരിക്കുന്നത്, അഞ്ചുവർഷം മുസ്ലിം ആയിരുന്നോ എന്ന് പരിശോധിക്കുന്നതിനുള്ള സംവിധാനം സംസ്ഥാന ഗവൺമെൻറ് ഉണ്ടാക്കുന്നത് വരെ എന്ന് പറഞ്ഞാണ്! സ്വന്തം സ്ഥലത്തിന് മേലുള്ള ഒരു മനുഷ്യൻറെ സ്വയം നിർണയാധികാരത്തെയാണ് നിയമം ചോദ്യം ചെയ്യുന്നത്. അടിസ്ഥാന അവകാശങ്ങൾ പരീക്ഷിക്കപ്പെടുന്ന ഘട്ടമാണ്. എന്നിട്ടും കോടതി അതിനെ ഒരു നടപടിക്രമങ്ങളുടെ പ്രശ്നമായിട്ടാണ് മനസ്സിലാക്കുന്നത്. ഉപയോഗത്തിലൂടെ ഉള്ള വഖഫ്, അഥവാ വഖഫ് ബൈ യൂസർ, ഇല്ലാതാക്കിയത് ഉൾപ്പെടെയുള്ള ഭേദഗതിക്കെതിരെ കോടതി മൗനം പാലിക്കുന്നു. ഈ നിയമ ഭേദഗതിയുടെ രാഷ്ട്രീയ സാമൂഹിക ചരിത്ര പശ്ചാത്തലം നമസ്കരിച്ചുകൊണ്ട് അടിസ്ഥാന ഭരണഘടന തത്വങ്ങളെ അവഗണിച്ചുകൊണ്ട്, കേവലം ഭരണ നിർവഹണ പ്രശ്നമായി ലഘൂകരിക്കുകയാണ് കോടതി ചെയ്തത്.
അനുച്ഛേദം 143: ഗവർണറുടെ അധികാരങ്ങൾ.
2025ലെ സുപ്രീംകോടതി ഏറ്റവും മനോഹരമായ അടയാളപ്പെടുത്താൻ കഴിയുക, ഗവർണറുടെ അധികാരം പരിമിതപ്പെടുത്തിയ സുപ്രീംകോടതിവിധി സംബന്ധിച്ച, ഭരണഘടനയുടെ അനുഛേദം 143 പ്രകാരമുള്ള രാഷ്ട്രപതിയുടെ ചോദ്യത്തിന് നൽകിയ മറുപടിയിലൂടെയായിരിക്കും. 2025 മെയ് മാസത്തിൽ, തമിഴ്നാട് ഗവൺമെൻറ് സമർപ്പിച്ച ഹർജിയിൽ, ഭരണഘടനയുടെ അനുഛേദം 200, 2001 എന്നിവ വ്യാഖ്യാനിച്ച്, ഗവർണർക്കോ രാഷ്ട്രപതിക്കോ, നിയമസഭ പാസാക്കിയ ഒരു നിയമത്തിനുമേൽ അനന്തകാലം അടയിരിക്കാനാവില്ലെന്ന് വിധിയെഴുതുകയും, രാഷ്ട്രപതിക്കും ഗവർണർക്കും തീരുമാനമെടുക്കുന്നതിന് സമയപരിധി നിശ്ചയിക്കുകയും ചെയ്തു. മാത്രവുമല്ല, ദീർഘകാലമായി ഗവർണർ തടഞ്ഞു വച്ചുകൊണ്ടിരുന്ന ചില ബില്ലുകൾ, അനുഛേദം 142 നൽകുന്ന പ്രത്യേക അധികാരം ഉപയോഗിച്ച് അനുമതി നൽകിയതായി കണക്കാക്കാമെന്ന തീരുമാനവുമെടുത്തു.
ഇത് സംബന്ധിച്ച് ഒരാഴ്ചയ്ക്കകം പ്രസിഡൻറ് സുപ്രീം കോടതിയോട് ഉപദേശം തേടുകയാണ്. സുപ്രീംകോടതി വിധി പറഞ്ഞ ഒരു കാര്യത്തിൽ പിന്നീട് അഭിപ്രായം ഉന്നയിക്കേണ്ടതുണ്ടോ എന്ന പ്രധാനപ്പെട്ട ഒരു നിയമപ്രശ്നം അവിടെ ഉണ്ടായിരുന്നു. സുപ്രീംകോടതി വിധി രാജ്യത്തെ നിയമമാണ്, അഭിപ്രായം പറയുന്ന ബെഞ്ചിനും അത് ബാധകമാണ്. അനുഛേദം 143 മുഖേനയുള്ള അഭിപ്രായത്തിന് ഉപദേശക സ്വഭാവം മാത്രമാണുള്ളത്. അത് ഗവൺമെന്റിന് അംഗീകരിക്കാം അംഗീകരിക്കാതിരിക്കാം. വാദപ്രതിവാദങ്ങൾക്ക് ശേഷം കോടതി പുറപ്പെടുവിക്കുന്ന ഉത്തരവു പോലെയല്ല ഇത്. അതുകൊണ്ടുതന്നെ ഈ ചോദ്യങ്ങൾക്ക് മറുപടി പറയേണ്ടതുണ്ടോ എന്ന പ്രശ്നം ഉണ്ടായിരുന്നു. എന്നാൽ അതൊക്കെ അവഗണിച്ച് ചീഫ് ജസ്റ്റിസ് ഗവായിയുടെ നേതൃത്വത്തിലുള്ള ഉപദേശക ബഞ്ച് കാര്യങ്ങൾ പുന പരിശോധിക്കുകയാണ് ഉണ്ടായത്.
ഗവൺമെന്റിന്റെ ചോദ്യങ്ങളിൽ ഫലത്തിൽ, തീർപ്പ് കൽപ്പിച്ച നിയമപ്രശ്നങ്ങളുടെ പുന പരിശോധനയാണ് ആവശ്യപ്പെട്ടിട്ടുള്ളത് എന്നിരിക്കെ, “വിധി തിരുത്താനോ പിൻവലിക്കാനോ മാറ്റി തീർക്കാനോ ഉള്ള ആവശ്യങ്ങൾ ഉന്നയിച്ചിട്ടില്ല” എന്ന കുയുക്തിയാണ്, കോടതി ഉപദേശത്തിന് ന്യായമായി കണ്ടെത്തുന്നത്. അങ്ങനെയെങ്കിൽ നാളെ “പാർലമെൻറിന് ഭരണഘടനയുടെ അടിസ്ഥാനഘടന ഭേദഗതി ചെയ്യാൻ കഴിയുമോ?” എന്നൊരു ചോദ്യം ചോദിച്ചാൽ കേശവാനന്ദ ഭാരതീ കേസിലെ വിധി മറികടക്കാൻ കഴിയുമെന്നു വരില്ലേ? ജുഡീഷ്യൽ അച്ചടക്കത്തെയും കോടതിവിധികളുടെ അന്തിമത്തത്തെയും അട്ടിമറിക്കുകയാണ് ഈ റഫറൻസ്. ഗവൺമെൻറ്കൾക്ക്, സാധാരണഗതിയിൽ ലഭ്യമായ റിവ്യൂ, ക്യുറേറ്റീവ് പെറ്റീഷനുകൾക്കു പുറമേ, തങ്ങൾക്ക് ഇഷ്ടമില്ലാത്ത കോടതിവിധികളെ അട്ടിമറിക്കുന്നതിന് പുതിയൊരു വാതിൽ തുറന്നു കൊടുക്കുകയാണ് ഇതിലൂടെ ഉണ്ടായിട്ടുള്ളത്. ഏതു കേസിലും, വിശാല ബഞ്ച് രൂപീകരിച്ച് വിധികളെ പുനഃ പരിശോധിക്കാം എന്നുവരുന്നു.
ഫെഡറലിസത്തിനെതിരെ
ഡോ. അംബേദ്കർ ഏറ്റവും കൂടുതൽ വിലമതിച്ച മൂല്യങ്ങളിലൊന്ന് ഭരണഘടനയിൽ സംരക്ഷിക്കപ്പെടുന്ന ഫെഡറലിസമാണ്. അംബേദ്കറൈറ്റ് എന്നവകാശപ്പെടുന്ന ഒരാൾ, ഫെഡറൽ സംവിധാനത്തിന്റെ കടക്കൽ കത്തി വയ്ക്കുന്ന കാഴ്ചയാണ് മുകളിൽ വിശദീകരിക്കപ്പെട്ടത്. തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധി സഭയുടെയും ക്യാബിനറ്റിന്റെയും ഉപദേശങ്ങൾ അനുസരിച്ച് പ്രവർത്തിക്കേണ്ട ഭരണഘടനാപരമായ തലവൻ മാത്രമാണ് ഗവർണർ, അല്ലാതെ ഒരു സമാന്തര ഭരണകൂടമല്ല. അത്തരത്തിൽ ഭരണഘടനയുടെ ഫെഡറൽ സംവിധാനത്തെ ഉയർത്തിപ്പിടിച്ച ഒരു കോടതിവിധിയെ, കേട്ടുകേൾവിയില്ലാത്ത നടപടികളിലൂടെ ഫലത്തിൽ റദ്ദ് ചെയ്ത നടപടി, ഭരണഘടനാ കോടതികൾ ഭരണകൂട കോടതികൾ ആയി മാറിയിരിക്കുന്നു എന്ന ആക്ഷേപത്തെ ശരിവയ്ക്കുന്നതാണ്. സമഗ്രമായ വാദവിചാരങ്ങൾക്കു ശേഷം പുറപ്പെടുവിച്ച ഒരു ഉത്തരവിനെ കുറിച്ച് ‘അഭിപ്രായം’ പറയുവാനും വിമർശിക്കുവാനും തയ്യാറാവുക വഴി നാളിതുവരെ ഇല്ലാത്ത ഒരു കീഴ്വഴക്കമാണ് സൃഷ്ടിച്ചത്.
ജസ്റ്റിസ് വർമ്മ എപ്പിസോഡ്
ഡൽഹി ഹൈക്കോടതി ജഡ്ജിയായ ജസ്റ്റിസ് യശ്വന്ത് വർമ്മയുടെ ഔദ്യോഗിക വസതിയിൽ നിന്നും നോട്ടുകെട്ടുകൾ കണ്ടെടുത്ത സംബന്ധിച്ച വിവാദവും അന്വേഷണവും ന്യായാധിമരുടെ വ്യക്തിപരമായ ഗുണഗണങ്ങളെക്കുറിച്ച് മാത്രമല്ല, ഒരു വ്യവസ്ഥിതി എന്ന നിലയിൽ ജുഡീഷ്യറിയുടെ ആകെ സുതാര്യതയ്ക്ക് വിശ്വാസതയുമേ കളങ്കം ചാർത്തി.
സുപ്രീംകോടതി പത്രക്കുറിപ്പുകൾ നൽകുകയും ഒരു വീഡിയോ പുറത്തുവിടുകയും ആഭ്യന്തര അന്വേഷണം പ്രഖ്യാപിക്കുകയും ജസ്റ്റിസ് വർമ്മയെ ജുഡീഷ്യൽ ഉത്തരവാദിത്വങ്ങളിൽ നിന്ന് മാറ്റുകയും ചെയ്തെങ്കിലും ഈ നടപടിക്രമങ്ങൾ എല്ലാം സുതാര്യതയും നിയമപരമായ വ്യക്തതയും ഇല്ലാത്തതായിരുന്നു. പൊതു സമൂഹത്തിന് ബോധ്യപ്പെടാൻ കഴിയുന്ന തരത്തിലുള്ള സംവിധാനങ്ങൾ ആയിരുന്നില്ല ഇതൊന്നും .
ആരോപണങ്ങൾ അവസാനിക്കാത്ത കൊളീജിയം
1993-ലെ സെക്കൻഡ് ജഡ്ജ്സ് കേസിലൂടെയാണ് ഭരണഘടന കോടതികളിലേക്കുള്ള ന്യായാധിപനിയമനത്തിന് കൊളീജിയം സംവിധാനം രൂപീകൃതമാകുന്നത്. ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം ഉറപ്പുവരുത്തുന്നതിനും ഭരണകൂടത്തിന്റെ ഇടപെടലുകൾ ഇല്ലാതാക്കുന്നതിനും വേണ്ടിയാണ് ഇത് കൊണ്ടുവന്നതെങ്കിലും, തുടർന്നങ്ങോട്ട് സുതാര്യതയില്ലായ്മയും, സ്വജനപക്ഷപാതവും, ഭരണകൂടത്തിന്റെ രഹസ്യ ഇടപെടലുകളും കൊളീജിയം പ്രവർത്തനത്തിന്റെ ഭാഗമാകുന്നതായി നമ്മൾ കണ്ടു. ജസ്റ്റിസ് ഗവായിയുടെ കാലഘട്ടത്തിൽ കൊളീജിയം അധപതനത്തിന്റെ അങ്ങേയറ്റത്ത് എത്തിച്ചേർന്നുവെന്ന് ഭരണഘടനാ വിദഗ്ധനായ ഗൗതം ഭാട്ടിയ എഴുതുന്നു. ‘Chief in his Chiefdom’ എന്നാണ് അദ്ദേഹം നടത്തിയ പ്രയോഗം..
ബോംബെ ഹൈക്കോടതിയിലെ ന്യായാധിപ നിയമനവുമായി ബന്ധപ്പെട്ടാണ് പകൽവെളിച്ചം പോലെ വ്യക്തമായ ഒരു ആരോപണം ഉയർന്നുവന്നത്. ജസ്റ്റിസ് ഗവായിയുടെ വളരെ അടുത്ത ബന്ധുവായ, മരുമകൻ എന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്, രാജ് ദാമോദർ വക്കോഡെയെ, ഹൈക്കോടതി ജഡ്ജി ആക്കുന്നതിനുള്ള കൊളീജിയം ശിപാർശയായിരുന്നു അത്. ഗവൺമെൻറാകട്ടെ അത്ഭുതകരമായ വേഗതയിൽ നാമനിർദ്ദേശം അംഗീകരിക്കുകയും, ഉടൻതന്നെ അദ്ദേഹം ഹൈക്കോടതി ജഡ്ജിയായി സ്ഥാനമേൽക്കുകയും ചെയ്തു. വളരെ പ്രധാനപ്പെട്ട പല നിർദ്ദേശങ്ങളും മാസങ്ങളോളമോ വർഷങ്ങളോളമോ വച്ചു താമസിപ്പിക്കുന്ന എക്സിക്യൂട്ടീവ് ആണ് ഇക്കാര്യത്തിൽ ദ്രുതഗതിയിൽ തീരുമാനമെടുത്തത്. നിയമന ശിപാർശ അംഗീകരിച്ച കൊളീജിയം മീറ്റിംഗിൽ ജസ്റ്റിസ് ഗവായി പങ്കെടുത്തിരുന്നില്ലെങ്കിലും കൊളീജിയം അധ്യക്ഷൻ അദ്ദേഹമാണ് എന്ന കാര്യം നിഷേധിക്കാനാവില്ല. അതുമാത്രമല്ല, അദ്ദേഹം സേവനമനുഷ്ഠിച്ച ബോംബെ ഹൈക്കോടതി, പ്രത്യേകിച്ചും അതിൻറെ നാഗ്പൂർ ബെഞ്ചിൽ നിന്ന്, അനുപാതരഹിതമായ തരത്തിൽ നിയമനങ്ങൾ നടന്നിട്ടുണ്ട്. മുതിർന്ന പലരെയും, വനിതാ ജഡ്ജിമാർ ഉൾപ്പെടെ, മറികടന്നാണ് പ്രസ്തുത ഹൈക്കോടതിയിൽ നിന്നും നിയമനങ്ങൾ നടന്നത്. അവഗണിക്കപ്പെട്ട ജസ്റ്റിസ് രേവതി മോഹിത് ദേരെ, നിശ്ചയമായും സുപ്രീംകോടതിയിൽ എത്തേണ്ടതായിരുന്നു എന്ന്, മുതിർന്ന അഭിഭാഷക ഇന്ദിരാ ജയ് സിംഗ് എഴുതുന്നുണ്ട്.
ജസ്റ്റിസ് വിപുൽ എം പഞ്ചോളിയെ സുപ്രീംകോടതിയിലേക്ക് ഉയർത്തിയ കൊളീജിയം നടപടിയാണ് അധപതനത്തിന്റെ ഏറ്റവും മികച്ച ഉദാഹരണം. അദ്ദേഹം സീനിയോറിറ്റിയിൽ 57-മനായിരുന്നുവെന്ന്, ‘സുപ്രീം കോർട്ട് ഒബ്സർവർ’ ചൂണ്ടി കാണിക്കുന്നു. കോടതിയിലെ സ്ത്രീ പ്രാതിനിധ്യത്തെ സഹായിക്കുമായിരുന്ന, മൂന്ന് വനിതാ ജഡ്ജിമാരെ ഉൾപ്പെടെ മറികടന്നാണ് ഗുജറാത്ത് ഹൈക്കോടതിയിൽ നിന്നുമുള്ള ഇദ്ദേഹത്തെ നിയമിച്ചത്. ഗുജറാത്ത് ഹൈക്കോടതിയിൽ നിന്നും പാറ്റ്നയിലേക്ക് സ്ഥലം മാറ്റിയ ഉടനെയിയിരുന്നു ഈ നിയമനം. ഈ വിഷയത്തിൽ, സുപ്രീംകോടതിയിലെ ഏക വനിതാ ജഡ്ജിയായ ജസ്റ്റിസ് ബി വി നാഗരത്ന, കൊളീജിയം മീറ്റിംഗിൽ ഔദ്യോഗികമായി വിയോജിപ്പ് രേഖപ്പടുത്തുകയുണ്ടായി. അദ്ദേഹത്തിൻറെ നിയമനം കോടതിയുടെ പ്രതിച്ഛായക്ക് കോട്ടം ചെയ്യുമെന്നായിരുന്നു അഭിപ്രായം. എന്നാൽ കൊളീജിയം അത് അവഗണിക്കുകയായിരുന്നു. ശിപാർശ ചെയ്തു രണ്ടു ദിവസത്തിനകം, യൂണിയൻ ഗവൺമെൻറ് ആ ഫയൽ അംഗീകരിച്ചു എന്നത് പ്രത്യേകം ശ്രദ്ധിക്കണം. നിലവിലെ സുപ്രീംകോടതിയിലെ സീനിയോറിറ്റി പരിശോധിച്ചാൽ 2031-ൽ ചീഫ് ജസ്റ്റിസ് ആകേണ്ട ആളാണ് ജസ്റ്റിസ് പഞ്ചോളി. ഇതിനെ “ഒരു വ്യവസ്ഥിതിയുടെ തകർച്ച” എന്നാണ് ഇന്ദിരാ ജയ് സിംഗ് വിശേഷിപ്പിച്ചത്. ഭരണകൂടത്തിന് താല്പര്യമുള്ള ഒരു സുപ്രീംകോടതി ചീഫ് ജസ്റ്റിസ് തെരഞ്ഞെടുക്കുകയാണ് കൊളീജിയം ചെയ്തതെന്ന് അവർ അഭിപ്രായപ്പെടുന്നു.
ജുഡീഷ്യറിയിൽ ഭരണകൂടത്തിന്റെ ഇടപെടലുകളെ തുറന്നുകാണിക്കുന്നതായിരുന്നു മലയാളികൂടിയായ ജസ്റ്റിസ് അതുൽ ശ്രീധരന്റെ ട്രാൻസ്ഫർ. ഭരണഘടനാപരമായ അവകാശങ്ങൾക്ക് ഒപ്പം നിൽക്കുന്ന ന്യായാധിപൻ എന്ന പേരുകേട്ട, ജസ്റ്റിസ് അതുൽ, തൻറെ മകൻ അഭിഭാഷക വൃത്തി ആരംഭിച്ചതിനെ തുടർന്ന് ജമ്മുകശ്മീരിലേക്ക് സ്ഥലംമാറ്റം ചോദിച്ചു വാങ്ങിയ വ്യക്തിയാണ്. പിന്നീട് മധ്യപ്രദേശ് ഹൈക്കോടതിയിലേക്ക് എത്തിയ അദ്ദേഹത്തെ കഴിഞ്ഞ ഓഗസ്റ്റ് മാസത്തിൽ ഛത്തീസ്ഗഡ് ഹൈക്കോടതിയിലേക്ക് മാറ്റുവാൻ സുപ്രീം കോടതി കോളേജിയം നിർദ്ദേശിച്ചു. എന്നാൽ രണ്ടുമാസം കഴിഞ്ഞപ്പോൾ, ‘ഗവൺമെന്റിന്റെ താല്പര്യ പ്രകാരം’ അദ്ദേഹത്തെ അലഹബാദ് ഹൈക്കോടതിയിലേക്ക് ട്രാൻസ്ഫർ ചെയ്ത് കൊളീജിയം തീരുമാനമെടുത്തു. കോളേജിയം പ്രമേയത്തിൽ തന്നെ ‘പുനപരിശോധിക്കാനുള്ള ഗവൺമെന്റിന്റെ അഭ്യർത്ഥന മാനിച്ച് ജസ്റ്റിസ് അതുൽ ശ്രീധരനെ, ഛത്തീസ്ഗഡ് ഹൈക്കോടതിക്ക് പകരം, അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റുവാൻ നിർദ്ദേശിക്കുന്നു’ എന്ന രേഖപ്പെടുത്തിയിട്ടുണ്ട്.
ദുരുപദ്രവകരമായ ഒരു ബ്യൂറോക്രാറ്റിക് നടപടിയാണിതെന്ന് വിശ്വസിക്കുക പ്രയാസമാണ്. ഇത് അപകടകരമായ കീഴ്വഴക്കങ്ങൾ സൃഷ്ടിക്കുന്നു. അലഹബാദിൽ അദ്ദേഹം സീനിയോറിറ്റി പ്രകാരം ഏഴാമനാണ്. മധ്യപ്രദേശ് ഹൈക്കോടതിയിൽ രണ്ടാമനായിരുന്നു. ഛത്തീസ്ഗഡിൽ മൂന്നാമനും. അലഹബാദിലേക്ക് മാറിയതോടെ അദ്ദേഹത്തിന് ഹൈക്കോടതി കൊളീജിയത്തിലെ സ്ഥാനം നഷ്ടപ്പെട്ടു. പൗരാവകാശങ്ങളോടും ജനാധിപത്യ മൂല്യങ്ങളോടും ആഭിമുഖ്യം പ്രകടിപ്പിക്കുന്ന ഒരു ന്യായാധിപന് ജുഡീഷ്യറിയിൽ ഭരണപരമായ സ്വാധീനം ഉണ്ടായിരിക്കില്ലെന്ന് വന്നു.
2025-ലെ ചീഫ് ജസ്റ്റിസുമാർ
ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്
ആധാർ കേസിലെ വിയോജന വിധിയും ശബരിമല വിധിയും ഉൾപ്പെടെ ഭരണഘടനയുടെ പരിണാമാത്മക സ്വഭാവം ഉയർത്തിപ്പിടിച്ച് നിരവധി ഇടപെടലുകൾ നടത്തുകയും, പ്രഭാഷണങ്ങളിലും പൊതുയിടങ്ങളിലും എല്ലാം ജനാധിപത്യമൂല്യങ്ങളെ കുറിച്ച് വാചാലനാവുകയും ചെയ്ത ജസ്റ്റിസ് ചന്ദ്രചൂഡിന്റെ കാലഘട്ടത്തെ പ്രതീക്ഷയോടെയാണ് എല്ലാവരും ഉറ്റുനോക്കിയിരുന്നത്. കോളേജിയം പ്രവർത്തനത്തിന്റെ സുതാര്യത സംബന്ധിച്ച ചില ഇടപെടലുകളൊക്കെ ആദ്യഘട്ടത്തിൽ ഉണ്ടായിരുന്നു. ഏറെ പ്രതീക്ഷ നൽകിയതിനു ശേഷം, ഏറ്റവും മോശം പ്രതിച്ഛായയുണ്ടായിരുന്ന ചീഫ് ജസ്റ്റിസ് മാർക്കൊപ്പം ചരിത്രത്തിൽ ഇടം പിടിക്കുന്നതായി അദ്ദേഹത്തിന്റെ കാലഘട്ടം. രാഷ്ട്രീയ പ്രാധാന്യമുള്ള കേസുകളിൽ പതിവുപോലെ നടപടി സ്വീകരിക്കാതിരിക്കുകയും സുപ്രീംകോടതി ബെഞ്ചുകൾ രൂപീകരിക്കുന്നതിലെ പക്ഷപാതിത്വങ്ങൾ തുടരുകയും ചെയ്യുന്നതായുള്ള ആക്ഷേപം ശക്തമായിരുന്നു. ബാബറി മസ്ജിദ് കേസിലെ വിധി ദൈവപ്രേരിതമാണെന്ന പ്രസ്താവനയും, തന്റെ വസതിയിൽ പൂജ ചെയ്യുന്നതിന് പ്രധാനമന്ത്രിയെ എത്തിച്ചതും, വിരമിച്ചതിനുശേഷം നൽകിയ ചില അഭിമുഖങ്ങളിൽ സുപ്രീംകോടതി വിധിയിലെ കണ്ടെത്തലുകൾക്കുപോലും വിരുദ്ധമായി അയോധ്യയിൽ ക്ഷേത്രം തകർത്താണ് ആദ്യ പാപം എന്ന് പറയുകയും, ചീഫ് ജസ്റ്റിസിന്‍റെ ഔദ്യോഗിക വസതി സമയത്ത് ഒഴിഞ്ഞു കൊടുക്കാതിരിക്കുകയും ഒക്കെ ചെയ്തു അദ്ദേഹം. പ്രസംഗത്തിൽ അല്ല പ്രവർത്തിയിലാണ് കാര്യമെന്ന് അദ്ദേഹത്തിൻറെ കാലഘട്ടം നമ്മളെ ഓർമ്മപ്പെടുത്തുന്നു.
ജസ്റ്റിസ് ബി ആർ ഗവായി
അധികാര കേന്ദ്രീകരണത്തിന്റെയും ഏകാധിപത്യ പ്രവണതകളുടെയും ഹിന്ദുത്വ രാഷ്ട്രീയത്തിന്റെയും കാലത്തെ, സ്വയം ഒരു അംബേദ്കർ ആയിട്ട് ആണെന്ന് പരസ്യമായി പ്രസ്താവിക്കുന്ന ദളിത് ചീഫ് ജസ്റ്റിസ് എന്ന നിലയിൽ നിരാശാജനകമായ കാലഘട്ടമായിരുന്നു ജസ്റ്റിസ് ഗവായിയുടേത്. ഭരണകൂട താല്പര്യങ്ങൾ നിലനിൽക്കുന്ന കേസുകളിൽ ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങളിൽ ഉറച്ചുനിന്നുകൊണ്ട് ഇടപെടലുകൾ നടത്തുന്നതിൽ അദ്ദേഹം വിമുഖത പ്രകടിപ്പിച്ചു. പല അടിസ്ഥാന നിയമ പ്രശ്നങ്ങളെയും ഭരണനിർവഹണ നടപടിക്രമങ്ങൾ ആയി ചുരുക്കി കണ്ടു. പലതും തീരുമാനമെടുക്കാതെ മാറ്റിവെച്ചു. ഏറ്റവും ഒടുവിൽ, പരിസ്ഥിതി നിയമത്തിലെ പിൻനടത്തമായി ചരിത്രം രേഖപ്പെടുത്തുന്ന രണ്ടു വിധികൾ ഉണ്ടായി. ഒന്ന്, മുൻകാല പ്രാബല്യത്തോടെ പരിസ്ഥിതിക അനുമതി നൽകുന്ന ഗവൺമെൻറ് വിജ്ഞാപനം റദ്ദ് ചെയ്ത സുപ്രീംകോടതി വിധിയെ തിരുത്തിയ നടപടി, രണ്ടാമത്, അരാവല്ലി മലനിരകളുമായി ബന്ധപ്പെട്ട വിധി. ഗവർണറുടെയും രാഷ്ട്രപതിയുടെയും അധികാരം സംബന്ധിച്ച് പ്രസിഡൻഷ്യൽ റഫറൻസ് തീരുമാനവും എക്സിക്യൂട്ടീവിനു കുടപിടിക്കുന്നതായി.
ജസ്റ്റിസ് സൂര്യകാന്ത്
നവംബർ മാസത്തിൽ മാത്രമാണ് ജ.സൂര്യകാന്ത് ചീഫ് ജസ്റ്റിസായി സ്ഥാനമേറ്റെടുക്കുന്നത്. അഴിമതി ആരോപണങ്ങൾ നേരിട്ടിരുന്ന കാലത്ത് അദ്ദേഹത്തെ സുപ്രീംകോടതിയിലേക്ക് ശിപാർശ ചെയ്ത കൊളീയം നടപടി തന്നെ വിവാദമായിരുന്നതാണ്. അതുകൂടാതെ ഏറ്റവും നിരാശാജനകമായ പ്രതിച്ഛായയുള്ള സുപ്രീംകോടതി ആണ് അദ്ദേഹത്തിന് കൈമാറി കിട്ടിയത്. എന്നാൽ തെറ്റുകൾ തിരുത്തുന്നതിന് വേണ്ടി എന്ന തോന്നൽ ഉളവാക്കുന്ന ചില ഇടപെടലുകൾ ഉണ്ടായിട്ടുണ്ട്. അരാവല്ലി മലനിരകളിലെ ഖനനം സംബന്ധിച്ച ജസ്റ്റിസ് ഗവായിയുടെ വിധി മരവിപ്പിച്ചതും നടപടിയിൽ ബിജെപി നേതാവ് കുൽദീപ് സിംഗ് സംഘാടന വെറുതെവിട്ട ഡൽഹി ഹൈക്കോടതി വിധി റദ്ദു ചെയ്തതും ഈ ദിശയിലേക്കാണ് വിരൽ ചൂണ്ടുന്നത്.
സമഗ്രമായി പരിശോധിച്ചാൽ 2025, ചീഫ് ജസ്റ്റിസ് മാരുടെ പേരുകൾക്കതീതമായി നിരാശാജനകമായ ഒരു വർഷമായിരുന്നു എന്ന് കാണാം.
കോടതിയുടെ ദാർശനിക ഗതി
2025-ലെ സുപ്രീംകോടതിയുടെ പ്രവർത്തനം പരിശോധിക്കുമ്പോൾ, നിയമ വൈജ്ഞാനിക രംഗത്ത്, ഭരണഘടനാ ധാർമികത ഉയർത്തിപ്പിടിക്കുന്ന ദിശാബോധം കാണാൻ കഴിയില്ല. ഭരണകൂട താല്പര്യങ്ങളോട് ചേർന്ന് നിൽക്കുന്ന ജുഡീഷ്യറിയാണ് ദൃശ്യമാകുന്നത്. കീഴ്വഴക്കങ്ങളും പിന്തുടർന്ന് പോകുന്ന നടപടിക്രമങ്ങളും അട്ടിമറിച്ചുകൊണ്ട് ജുഡീഷ്യൽ അച്ചടക്കത്തെ അസ്ഥിരപ്പെടുത്തുന്ന നടപടികൾ കാണാം. കൊളീജിയത്തിന്റെയും നിയമനങ്ങളുടെയും സ്ഥലം മാറ്റങ്ങളുടെയും കാര്യത്തിൽ ഐച്ഛികവും ഭരണകൂട താൽപര്യങ്ങൾക്ക് വഴങ്ങിക്കൊടുക്കുന്നതുമായ പ്രത്യക്ഷ ചെയ്തികൾ സാധാരണമായി.
നമ്മുടെ ഇതിന്യായ സംവിധാനം ഒറ്റനോട്ടത്തിൽ ഏകാധിപത്യ പ്രവണതകൾ പ്രദർശിപ്പിക്കുന്നില്ലെങ്കിലും കൂടുതൽ അപകടകരമായ, സൂക്ഷ്മ ദർശനത്തിൽ മാത്രം പ്രകടമാകുന്ന, ഒരുതരം നിസ്സംഗത വ്യാപരിക്കുന്നുണ്ട്; പ്രശ്നങ്ങളിൽ ഇടപെടാനുള്ള വിമുഖത. കോടതിയുടെ നിരീക്ഷണങ്ങളിലും വർത്തമാനങ്ങളിലും പോലും അത് വ്യക്തമാണ്, ഭരണഘടനാ ധാർമികതയെ കുറിച്ചും ജ്ഞാനോദയ മൂല്യങ്ങളെ കുറിച്ചും ജനാധിപത്യത്തിന്റെ വികാസത്തെ കുറിച്ചും രാഷ്ട്രീയവും സാമൂഹികവുമായ നീതിയെക്കുറിച്ചും വാചാലമാകേണ്ട കോടതി മുറികളിൽ ‘സ്വദേശി വിധി ന്യായം’ പോലുള്ള അപഹാസ്യമായ പരികല്പനകൾ ആഘോഷിക്കപ്പെടുകയാണ്.
കേവലമായ ഭരണനിർവഹണ നടപടികൾക്കപ്പുറം ഭരണഘടന മുന്നോട്ടുവയ്ക്കുന്ന നീതി എന്ന സങ്കല്പത്തെ സാക്ഷാത്കരിക്കുന്നതിനുള്ള മാർഗമായി നീതിന്യായ സംവിധാനം സ്വയം വീണ്ടെടുക്കേണ്ടതുണ്ട്. ഏകാധിപത്യ പ്രവണതകൾക്ക് എതിരെ പൗര സമൂഹത്തിൻറെ പക്ഷത്തു നിന്നുകൊണ്ടുള്ള നിലപാടുകളാണ് കോടതി സ്വീകരിക്കേണ്ടത് അല്ലാതെ യാന്ത്രികമായ നിഷ്പക്ഷതയല്ല. പൊതുസമൂഹത്തിൽ വിശ്വാസ്യത ഉണ്ടാകണമെങ്കിൽ ജുഡീഷ്യറിയിൽ സുതാര്യത കൊണ്ടുവന്നേ മതിയാകൂ. സാമൂഹികവും രാഷ്ട്രീയവും പാരിസ്ഥിതികവുമായ വിഷയങ്ങളിൽ ഭരണഘടനാ ധാർമികതയുടെ, ക്ഷേമ രാഷ്ട്ര സങ്കല്പത്തിന്റെ, നീതിയുടെ, പക്ഷത്ത് നിൽക്കുവാൻ കോടതിക്ക് കഴിയണം. സാങ്കേതികത്വം കൊണ്ട് നീതിയെ ഞെരുക്കി ഇല്ലാതാക്കുന്ന സമീപനം നിരാകരിക്കുവാൻ തയ്യാറാവണം.
ജനാധിപത്യം ശോഷിച്ചുകൊണ്ടിരുന്ന ഘട്ടത്തിൽ കോടതി പാലിക്കുന്ന നിസ്സംഗത കുറ്റകരമാണ്. ഭരണഘടനയ്ക്ക് സ്വയം പ്രതിരോധിക്കാൻ കഴിയില്ല, കോടതിയെയാണ് നമുക്ക് ആശ്രയിക്കാൻ കഴിയുക. ഭരണഘടന ഐച്ഛികമായ അധികാരത്തെ നിയന്ത്രിക്കുന്നതിനുള്ള ജനകീയ രേഖയാണെന്ന ബോധ്യത്തോടെ പ്രവർത്തിക്കാൻ 2026-ലെ എങ്കിലും നമ്മുടെ കോടതികൾക്ക് സാധിക്കട്ടെ എന്ന് പ്രത്യാശിക്കാം.
അരാവല്ലി വിധി: പരിസ്ഥിതി സംരക്ഷണത്തിൽ സുപ്രീംകോടതിയുടെ പിൻ നടത്തം
പി ബി ജിജീഷ്
ഹിമാലയത്തെക്കാൾ പഴക്കമുണ്ട് അരാവല്ലി മലനിരകൾക്ക്. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ഭൗമശാസ്ത്ര രൂപങ്ങളിൽ പെട്ടതാണ്. ഗുജറാത്ത് മുതൽ ഡൽഹി വരെ നീളുന്ന കുന്നുകൾ രാജ്യത്തിൻറെ കാലാവസ്ഥയെയും ജൈവവൈവിധ്യത്തെയും ജലവിതരണത്തെയും നിയന്ത്രിക്കുകയും ഗംഗാതടത്തിന്റെ മരുഭൂമി വൽക്കരണത്തെ തടയുകയും ചെയ്യുന്നു. എന്നാൽ ഇപ്പോൾ പുതിയ നിയമ വ്യാഖ്യാനങ്ങൾ കൊണ്ട് ആ മലനിരകളുടെ വിധിയെഴുതുകയാണ് നമ്മൾ. പതിറ്റാണ്ടുകളോളം, സുപ്രീംകോടതി അരാവല്ലി മലനിരകളെ കേവലം ഖനന കേന്ദ്രങ്ങളായല്ല, ഭരണഘടനാപരമായി സംരക്ഷിക്കപ്പെടേണ്ട പാരിസ്ഥിതിക പ്രാധാന്യമുള്ള മേഖലയായിട്ടാണ് കണക്കാക്കിയിരുന്നത്. അനുഛേദം 21-ന്റെ ഭാഗമായി സംരക്ഷിക്കപ്പെടേണ്ട ഇടമായി.
മുൻ ചീഫ് ജസ്റ്റിസ് ബി ആർ ഗവായി അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് നവംബർ 20-ന് നടത്തിയ വിധിപ്രസ്താവത്തിലൂടെ അടയാളപ്പെടുത്തുന്നത് ഇന്ത്യയുടെ പാരിസ്ഥിതിക നിയമപോരാട്ടങ്ങളിലെ സുപ്രധാനമായ ചുവട് മാറ്റമാണ്. പരിസ്ഥിതിയെക്കുറിച്ചും സംരക്ഷണത്തിന്റെ ആവശ്യകതയെ കുറിച്ചും കോടതി ഏറെ വാചാലമാകുന്നുണ്ടെങ്കിലും, ആത്യന്തികമായി അരാവല്ലി മലനിരകളെ ഖനനമാഫിയക്ക് വിട്ടുകൊടുക്കുന്നതാണ് വിധിയെന്ന ആശങ്കയുയരുന്നുണ്ട്.
അത്യന്തം സാങ്കേതികമായ നിർവചനം
കോടതിക്ക് മുന്നിലുണ്ടായിരുന്നത് വളരെ ലളിതമായ വിഷയമായിരുന്നു എന്ന് വിധിയിൽ വ്യക്തമാകുന്നു. വിവിധ സംസ്ഥാനങ്ങളിൽ അരാവല്ലി മലനിരകളെ സംബന്ധിച്ച് വ്യത്യസ്തങ്ങളായ നിർവചനങ്ങളാണ് ഉണ്ടായിരുന്നത്. ഇത് നിയമപരമായും ഭരണപരമായും നിരവധി അവ്യക്തതകൾക്കും സങ്കീർണതകൾക്കും വഴിവച്ചു. നിയമപരമായും അല്ലാതെയും പ്രവർത്തിക്കുന്ന ഖനികൾ ഇത് ഉപയോഗപ്പെടുത്താൻ തുടങ്ങി. ഗുജറാത്ത്, രാജസ്ഥാൻ, ഹരിയാന, ഡൽഹി തുടങ്ങിയ സംസ്ഥാനങ്ങൾക്കെല്ലാം ബാധകമാകുന്ന ഏകീകൃതമായ നിർവചനം രൂപീകരിക്കുക എന്നതായിരുന്നു കോടതിക്ക് മുന്നിൽ ഉണ്ടായിരുന്ന പ്രധാനകാര്യം. ഫോറസ്റ്റ് സർവ്വേ ഓഫ് ഇന്ത്യ, കുന്നിൻറെ ചെരിവുകൾ, ജൈവപരമായ പ്രാധാന്യം, ബഫറുകൾ, കുന്നുകൾക്കിടയിൽ ഉള്ള ദൂരം, ചുറ്റപ്പെട്ട പ്രദേശങ്ങൾ, തുടങ്ങിയവയെല്ലാം കണക്കിലെടുക്കുന്ന, ആവാസവ്യവസ്ഥയിൽ അധിഷ്ഠിതമായ ഒരു നിർവചനം രൂപീകരിച്ചിരുന്നു. എന്നാൽ കൂടുതൽ പ്രായോഗികമായ നിർവചനം കണ്ടെത്തുന്നതിന് വേണ്ടി യൂണിയൻ പരിസ്ഥിതി മന്ത്രാലയം ഒരു വിദഗ്ധസമിതിയെ നിയോഗിച്ചു. അവർ നൽകിയ ലളിതമായ നിർവചനം 100 മീറ്ററോ അതിൽ കൂടുതലോ ഉയരമുള്ള കുന്നുകളെയും 500 മീറ്റർ ദൂരപരിധിക്കകത്ത് സ്ഥിതി ചെയ്യുന്ന മലനിരകളെയും അരാവല്ലിയായി കണക്കാക്കാം എന്നാണ്. സുപ്രീംകോടതി സ്വീകരിച്ചത് രണ്ടാമത്തെ നിർവചനമാണ്.
ഇത് സുപ്രധാനമായ ഒരു തെരഞ്ഞെടുപ്പായിരുന്നു. ഒരൊറ്റ മാനദണ്ഡം കൊണ്ട് മലനിരകളെ നിർവചിക്കുന്ന സമീപനം അംഗീകരിച്ചതോടെ, വിശാലമായ അരാവല്ലി ജൈവമണ്ഡലത്തിന്റെ ഭാഗമായ ഉയരം കുറഞ്ഞ കുന്നുകളും ചരിഞ്ഞ പ്രദേശങ്ങളും എല്ലാം ഒഴിവാക്കപ്പെട്ടു. ഈ പ്രദേശത്തെ ജീവിവർഗങ്ങളുടെ സ്വൈര്യവിഹാരത്തിനും, ഭൂഗർഭജലം റീചാർജ് ചെയ്യുന്നതിനും, മണ്ണിൻറെ സ്ഥിരതയ്ക്കും നിസ്തുലമായ പങ്കുവഹിക്കുന്ന പ്രദേശങ്ങൾ ഖനന യോഗ്യമാണെന്ന വന്നു. ഇവിടെ നിയമസംരക്ഷം ഇല്ലാതെയാവുന്നത് ഭീതിതമായ പരിസ്ഥിതിക പ്രത്യാഘാതങ്ങൾക്ക് വഴിവയ്ക്കും.
കോടതിയുടെ യുക്തി
കേന്ദ്ര സർക്കാന്റെ നിർവചനം സ്വീകരിച്ചത് സന്തുലിതമായൊരു സംയമനത്തിന്റെ പാത ഒരുക്കുന്നതിന് വേണ്ടിയാണെന്ന് കോടതി പറയുന്നു. അനധികൃത ഖനനവും വനനശീകരണവും നഗരവൽക്കരണവും അരാവല്ലിക്ക് ഭീഷണിയാണെന്ന കാര്യം കോടതി അംഗീകരിക്കുന്നുണ്ട്. ഐക്യരാഷ്ട്രസഭ ഉടമ്പടികൾ അനുസരിച്ച് വനനശീകരണവും മരുഭൂമി വൽക്കരണവും തടയുന്നതിന് ഇന്ത്യ ബാധ്യസ്ഥമാണെന്നും, രാജ്യത്തിൻറെ മധ്യ-കിഴക്കൻ മേഖലയിലേക്ക് മരുഭൂമി വ്യാപിക്കാത്തതിന് പ്രധാന കാരണമാകുന്നത് ഈ മലനിരകളാണെന്ന കാര്യവും കോടതി ശരി വെക്കുന്നു. സമ്പൂർണ്ണമായി ഖനന നിയന്ത്രണം ഏർപ്പെടുത്തുന്നത് അനധികൃത ഖനനത്തിനും ആ മേഖലയുടെ ക്രിമിനർ വൽക്കരണത്തിനും നയിക്കും ഇന്നൻ അനുഭവമെന്നും കോടതി പറയുന്നുണ്ട്.
അതിന്റെ അടിസ്ഥാനത്തിൽ അരാവല്ലി മലനിരകളിൽ സമ്പൂർണ്ണ ഖനനനിരോധനം ഏർപ്പെടുത്തേണ്ടതില്ല എന്ന് കോടതി തീരുമാനിക്കുകയാണ്. അതിനുപകരം ശാരന്ത മൈനിങ് പ്ലാനിന്റെ മാതൃകയിൽ സുസ്ഥിരമായ ഖനന പ്രക്രിയ നടത്തുന്നതിന് ആവശ്യമായ സമഗ്ര പദ്ധതി രൂപീകരിക്കുവാൻ ഇന്ത്യൻ കൗൺസിൽ ഓഫ് ഫോറസ്റ്റ്റി റിസർച്ച് ആൻഡ് എജുക്കേഷന് കോടതി നിർദ്ദേശം നൽകുന്നു. ആ പദ്ധതി നിലവിൽ വരുന്നതുവരെ ഈ പ്രദേശത്ത് പുതിയ മൈനിങ് ലൈസൻസുകൾ ഒന്നും നൽകേണ്ടതില്ലെന്നും നിലവിലുള്ള ഖനന പ്രവർത്തനങ്ങൾ തുടരാമെന്നും കോടതി വ്യക്തമാക്കി. ഇത് പരിസ്ഥിതിക സംരക്ഷണത്തിലെ ഒരു പ്രായോഗിക വഴിയായിട്ടാണ് കോടതി കാണുന്നത്. എന്നാൽ പ്രായോഗികത ഭരണഘടനാപരമായ മൂല്യമല്ലല്ലോ.
കോടതിയുടെ ദുർബല യുക്തി
അരാവല്ലി മലനിരകളുടെ ഉയരത്തിന്റെ അടിസ്ഥാനത്തിൽ മാത്രമുള്ള വിഭാഗീകരണം, ഒപ്പം ഖനനത്തിലെ ചില നിയമങ്ങളും ഭാവിയിൽ രൂപീകരിക്കുന്ന ശാസ്ത്രീയ മാനദണ്ഡങ്ങളും ചേർന്നാൽ പരിസ്ഥിതി സംരക്ഷണത്തിന് വേണ്ടിയുള്ള ഗവൺമെന്റിന്റെ ഭരണഘടനാപരമായ ചുമതലയും, സർവ്വദേശീയ തലത്തിലുള്ള ഉത്തരവാദിത്വങ്ങളും നിറവേറ്റുന്നതിന് പര്യാപ്തമാകും എന്നാണ് കോടതി നിലപാട്. ഇത് മൂന്നു കാരണങ്ങൾ കൊണ്ട്, അതിദുർബലമായ യുക്തിയാണ്.
ഒന്ന്, ഏക മാത്രമായ മാനദണ്ഡങ്ങളിലേക്ക് പരിസ്ഥിതിക നിർവചനങ്ങളെ ലഘൂകരിക്കുന്നതിനെ രാജ്യത്തിൻറെ ഭരണഘടനാ കോടതികൾ നിരന്തരം എതിർത്തിട്ടുണ്ട്. ടി എൻ ഗോദവർമ്മൻ മുതൽ പരിവർത്തന സമുദായം വരെയുള്ള നിരവധി കേസുകളിൽ, വനങ്ങളും കുന്നുകളും പരിസ്ഥിതി ലോല പ്രദേശങ്ങളും, ഒറ്റപ്പെട്ട ഭരണനിർവഹണ ഘടകങ്ങളായല്ല, ജൈവികവും സമഗ്രവുമായി മനസ്സിലാക്കേണ്ട വ്യവസ്ഥകളാണെന്ന നിലപാടാണ് സുപ്രീംകോടതി സ്വീകരിച്ചു പോന്നത്. ഭൂമിശാസ്ത്രപരമായി ഒരൊറ്റ വ്യവസ്ഥിതി ആയിട്ടാണ് അരാവലി മലനിരകൾ പ്രവർത്തിക്കുന്നത്, അതിനെ നിയമപരമായി സംരക്ഷിതമായ കുന്നുകളും, സംരക്ഷിതമല്ലാത്ത കുന്നുകളുമായി വേർതിരിക്കുന്നത് ആവാസവ്യവസ്ഥയുടെ നൈര്യന്തര്യം ഇല്ലാതാക്കും.
രണ്ടാമത്തെ കാര്യം, കോടതി സ്വീകരിക്കുന്ന സംയമന പാതയിൽ ഒരു പൊരുത്തക്കേട് ഉണ്ട് എന്നുള്ളതാണ്. തത്വത്തിൽ അവധാനതയോടുള്ള സമീപനമാണ് സ്വീകരിക്കുന്നത് എങ്കിലും ആ തത്വത്തെ തല തിരിച്ചിടുകയാണ് കോടതി. സുരക്ഷിതത്വത്തെ സംബന്ധിച്ച ശാസ്ത്രീയമായ ഒരു തീർപ്പ് ഉണ്ടാകുന്നതുവരെ ഖനനം നിർത്തി വയ്ക്കാനല്ല, അതുവരെ തുടർന്നുകൊള്ളാനാണ് കോടതി പറയുന്നത്. വെൽഫെയർ ഫോറം കേസിലും പൊലൂഷൻ കൺട്രോൾ ബോർഡ് കേസിലുമെല്ലാം സുപ്രീംകോടതി സ്വീകരിച്ച യുക്തിക്ക് വിരുദ്ധമാകുന്നുണ്ട് ഇത്.
മൂന്നാമതായി, കുറെ നാളുകളായി സുപ്രീംകോടതിയിൽ കണ്ടുവരുന്ന എക്സിക്യൂട്ടീവ് നയങ്ങളോടുള്ള മൃദു സമീപനത്തെ തുടർച്ചയുമാണിത് എന്നതാണ്. ഫോറസ്റ്റ് സർവ്വേ ഓഫ് ഇന്ത്യയുടെയും, പരിസ്ഥിതി മന്ത്രാലയത്തിന്റെയും നിർവചനങ്ങൾ മുന്നിൽ ഉണ്ടായിരുന്നപ്പോൾ ഗവൺമെന്റിന്റെ നിർവചനങ്ങളോടൊപ്പം നിൽക്കുവാനാണ് കോടതി തീരുമാനിച്ചത്. 100 മീറ്റർ ഉയരം എന്ന മാനദണ്ഡം, അരാവല്ലി നിരകളുടെ ഭൂരിഭാഗം പ്രദേശത്തെയും ഖനനമാഫിയക്ക് വിട്ടുകൊടുക്കുന്ന ഫലമാണ് ഉണ്ടാക്കുക എന്ന അമിക്കസ് ക്യൂറിയുടെ തടസവാദം പോലും കേൾക്കുവാൻ കോടതി തയ്യാറായില്ല. ഭാവിയിൽ രൂപീകൃതമാവാൻ പോകുന്ന ‘സുസ്ഥിര ഖനനത്തിന് ഉതകുന്ന മാനേജ്മെൻറ് പദ്ധതി’ വഴിയുള്ള മേൽനോട്ടം കോടതിവിധിയുടെ ഭാഗമാണെങ്കിലും, അങ്ങനെയൊരു പദ്ധതിയിൽ ഭാവിയിൽ മാത്രമാണല്ലോ ഉണ്ടാവുക.
ആരുടെ ഉപജീവനമാർഗ്ഗം?
കോടതിവിധിയിൽ നിരന്തരം കടന്നുവരുന്ന മറ്റൊരു കാര്യം ഖനന മേഖലയിൽ തൊഴിലെടുക്കുന്ന മനുഷ്യരുടെ ഉപജീവനമാർഗമാണ്. അത് വളരെ ന്യായവും ഭരണഘടനാപരവുമായ ആശങ്കയാണ്, എന്നാൽ ഇതേ പ്രദേശത്ത് കാലിമേച്ചു ജീവിക്കുന്ന മനുഷ്യരുടെയും, ചെറുകിട കർഷകരുടെയും, കർഷക തൊഴിലാളികളുടെയും, ഈ ആവാസ വ്യവസ്ഥ ഉറപ്പുനൽകുന്ന ശുദ്ധജലത്തെ ആശ്രയിച്ച് ജീവിക്കുന്ന മനുഷ്യരുടെയും, വനനശീകരണത്തിന്റെയും മരുഭൂമിവാതകരണത്തിന്റെയും അനന്തരഫലങ്ങൾ മുഴുവൻ അനുഭവിക്കേണ്ടി വാന്നേക്കാവുന്ന ഭാവി തലമുറയുടെയും ജീവിതവും ഉപജീവനവും കോടതിയുടെ പരിഗണനാവിഷയം ആകാത്തതെന്ത് എന്ന ചോദ്യമുണ്ട്. പരിസ്ഥിതി നിയമങ്ങളും ചട്ടങ്ങളും പ്രായോഗികതയുടെ മാത്രം അടിസ്ഥാനത്തിലല്ല നിലകൊള്ളുന്നത്; പരിസ്ഥിതി ലോലമായ പ്രദേശങ്ങളിലെ ഇടപെടലുകൾ ഒരു ഘട്ടം കഴിഞ്ഞാൽ, നഷ്ടപരിഹാരം കൊണ്ടോ നിയന്ത്രണങ്ങൾ കൊണ്ടോ തിരിച്ചെടുക്കാൻ പറ്റാത്ത ഭീതിതമായ ഫലങ്ങൾ ഉണ്ടാക്കുമെന്ന തിരിച്ചറിവിൽ നിന്നാണ്. ഖനനപ്രക്രിയയെ കർശനമായി നീതീകരിക്കപ്പെടേണ്ടതും വിലയിരുത്തപ്പെടേണ്ടതുമായ പ്രവർത്തനം എന്നതിൽ നിന്ന്, നിയന്ത്രണങ്ങളോടെ തുടർന്നു പോകേണ്ട ഒരു സ്വാഭാവിക പരിപാടി എന്ന തരത്തിൽ വീക്ഷിക്കുമ്പോൾ കഴിഞ്ഞ കുറെ പതിറ്റാണ്ടുകളായി നമ്മൾ നേടിയെടുത്ത പരിസ്ഥിതിക നിയമവൈജ്ഞാനിക പാരമ്പര്യത്തെ കോടതി നിരാകരിക്കുകയാണ് ചെയ്യുന്നത്.
അരാവല്ലി വിധി ഒറ്റപ്പെട്ട സംഭവമല്ല. പരിസ്ഥിതി സംരക്ഷണത്തെ ഭരണഘടനാപരമായ ഉത്തരവാദിത്വം എന്നതിന് പകരം ഒരു ഭരണനിർവഹണ പ്രശ്നമായി ചുരുക്കിക്കാണുന്ന സമീപകാല സമീപനത്തിന്റെ തുടർച്ചയാണത്. പരിസ്ഥിതിക അനുമതിക്ക് മുൻകാല പ്രാബല്യം നൽകുന്ന ഗവൺമെൻറ് വിജ്ഞാപനത്തെ റദ്ദ് ചെയ്ത സുപ്രീംകോടതി വിധിയെ അട്ടിമറിച്ച നടപടിയും ജസ്റ്റിസ് ബി ആർ ഗവായിയുടെ ബെഞ്ചിൽ നിന്നാണ് ഉണ്ടായത്. വ്യക്തിപരമായ ആരോപണങ്ങളിലേക്ക് കടക്കേണ്ടതില്ല, എന്തായാലും, പരിസ്ഥിതികമായ അവധാനതയ്ക്ക് പകരം ഭരണപരമായ പ്രായോഗികതയ്ക്കാണ് കോടതി മുൻഗണന നൽകിയത് എന്ന കാര്യത്തിൽ തർക്കമില്ല.
അവഗണിക്കപ്പെടുന്ന വാഗ്ദാനങ്ങൾ
ശുദ്ധമായ വായുവും ജലവും സംരക്ഷിതമായ പരിസ്ഥിതിയും ‘അന്തസ്സോടെയുള്ള ജീവിതം’ എന്ന ഭരണഘടനാപരമായ ഉറപ്പിന്റെ ഭാഗമാണെന്ന് പ്രഖ്യാപിച്ചതിലൂടെ, ഭരണഘടനയുടെ അനുഛേദം 21-ന് പാരിസ്ഥിതിക സംരക്ഷണത്തിനുള്ള ശക്തമായ ആയുധമാക്കി രൂപാന്തരപ്പെടുത്തുകയായിരുന്നു സുപ്രീംകോടതി ചെയ്തത്. താൽക്കാലികമായ സാമ്പത്തിക സമ്മർദ്ദങ്ങൾക്കും പ്രായോഗിക പ്രശ്നങ്ങൾക്കുമപ്പുറം ഭാവി തലമുറയെ മുന്നിൽ കണ്ടുകൊണ്ട്, ഭരണഘടനാമൂല്യങ്ങളെ ചേർത്തുപിടിക്കുന്ന കർശനമായ നിലപാടുകൾ സ്വീകരിച്ചുകൊണ്ടാണ് സുപ്രീംകോടതി പരിസ്ഥിതി സംരക്ഷണത്തിന്റെ പാതയിലൂടെ മുന്നോട്ടു പോയത്.
അരാവല്ലി കേസ്, ആ പാരമ്പര്യത്തിന്റെ അഗ്നിപരീക്ഷണമായിരുന്നു. ഭാവിയിൽ രൂപം നൽകേണ്ടുന്ന ശാസ്ത്രീയ പദ്ധതിയെ മുന്നിൽ കണ്ടുകൊണ്ട്, ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ഖനന പ്രവർത്തനങ്ങൾ, സ്വാഭാവികമായും തുടർന്നു പോകേണ്ടതാണെന്ന നിലപാട്, പാരിസ്ഥിതിക പ്രത്യാഘാതങ്ങളെ ഭരണഘടനാപരമായ അവകാശ ധ്വംസനം എന്ന തരത്തിലല്ല, പിന്നീട് കൈകാര്യം ചെയ്യാവുന്ന ഭരണപരമായ അസൗകര്യമായിട്ടാണ് കോടതി കാണുന്നതെന്ന് വ്യക്തമാക്കുന്നു. രേഖപ്പെടുത്തപ്പെട്ട ചരിത്രത്തെക്കാൾ പഴക്കമുള്ള, അരാവല്ലി മലനിരയെ സംബന്ധിച്ച് മാത്രമല്ല, നമ്മുടെ പാരിസ്തിഥിതിക നിയമവൈജ്ഞാനികതയ്ക്കാകെ, ഈ ഒത്തുതീർപ്പിന്റെ അനന്തരഫലം ഒരുപക്ഷേ വിനാശകരമായിരിക്കും.
പൗരത്വത്തിന്റെ പേരിലുള്ള ആൾക്കൂട്ട ഭീകരത കേരളത്തിലേക്കും വ്യാപിച്ചിരിക്കുന്നു. മോഷ്ടാവെന്നു സംശയിച്ച് ഒരു അതിഥി തൊഴിലാളിയെ വാളയാറിൽ ഒരു കൂട്ടം ആളുകൾ കൊല ചെയ്തിരിക്കുന്നു. പുറത്തുവന്ന വീഡിയോയിൽ, നിസ്സഹായ മനുഷ്യനോട് “നിങ്ങൾ ബംഗ്ലാദേശിയാണോ?” എന്ന് ചോദിച്ചുകൊണ്ടാണ് മർദ്ദിക്കുന്നത്. മർദ്ദനത്തിലൂടെ ദേശീയത പരിശോധിക്കുന്ന നശിച്ച ലോകം! ഇനി അങ്ങനെയൊരു ചോദ്യം ചോദിച്ചില്ലെങ്കിലും കൊലപാതകത്തിന് കാരണം വ്യക്തമാണ്. ഒരു അപരിചിതൻ, യാതൊരു ഉന്നത ബന്ധങ്ങളും ഇല്ലാത്ത ഒരു കൂലിപ്പണിക്കാരൻ, സാമൂഹിക ശൃംഖലകളുടെ ഒന്നും ഭാഗമല്ലാത്തവൻ… അവനെ ഇല്ലാതാക്കിയാൽ ഒന്നുമില്ലെന്ന ബോധം. മോഷ്ടാവെന്ന സംശയം, വിദേശി എന്ന വിരോധം, അക്രമത്തിന്റെ ദൃശ്യങ്ങൾ പകർത്തുന്നതിന്റെ ലാഘവത്തം, ഒരുത്തനും ചോദിക്കാൻ വരില്ലെന്ന ആത്മവിശ്വാസം; ഇത് കേവലം ഒരു ക്രമസമാധാന പ്രശ്നമല്ല. പുതിയകാലത്തെ പൗരത്വ നിർവചനങ്ങളും, അതിനെ ചുറ്റിപ്പറ്റിയുള്ള രാഷ്ട്രീയവും, സമൂഹത്തിന്റെ ധാർമികതയെ എങ്ങനെ ഇല്ലാതാക്കുന്നു എന്നതിൻറെ സൂചകമാണ്.
ഇനി അയാൾ ബംഗ്ലാദേശിയായിരുന്നു എന്ന് തന്നെ ഇരിക്കട്ടെ. അതുകൊണ്ട് എന്തു മാറ്റമാണ് ഉണ്ടാവുക? കുറ്റകൃത്യത്തിൻറെ കാഠിന്യം കുറയുമായിരുന്നോ? ആൾക്കൂട്ട കൊലപാതകം ദേശസ്നേഹപരമായ പ്രവർത്തിയായി മാറുമായിരുന്നോ? കുഴക്കുന്ന ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം “ഇല്ല” എന്നല്ലെങ്കിൽ രാജ്യം അപകടത്തിലാണ്.
പൗരത്വവും ‘അവകാശങ്ങൾക്കുള്ള അവകാശവും’
ഭരണഘടനാ ജനാധിപത്യത്തിൻറെ പ്രാഥമിക വാഗ്ദാനം ലളിതമാണ്; ഭരണകൂടത്തിന്റെ അധികാരങ്ങൾ നിയമത്താൽ നിയന്ത്രിതമായിരിക്കണം, ഐച്ഛികമായ അതിക്രമങ്ങളിൽ നിന്ന് എല്ലാ മനുഷ്യർക്കും സംരക്ഷണമൊരുക്കണം. നമ്മുടെ രാജ്യത്ത് ഇതുറപ്പുവരുത്തുന്നത് പാസ്പോർട്ടോ തിരിച്ചറിയൽ കാർഡോ അല്ല, ഭരണഘടനയാണ്. അനുച്ഛേദം 14 ഉറപ്പു തരുന്ന നിയമത്തിനു മുന്നിലെ തുല്യതയും തുല്യ നിയമപരിരക്ഷയും, അനുഛേദം 21 ഉറപ്പു നൽകുന്ന അന്തസ്സോടെ ജീവിക്കാനുള്ള അവകാശവും. എന്നാൽ കഴിഞ്ഞ കുറെ വർഷങ്ങളായി രാജ്യത്ത് നടക്കുന്ന രാഷ്ട്രീയ പ്രചാരണങ്ങളും പ്രസംഗങ്ങളും ചില ജീവിതങ്ങളെ സംരക്ഷണത്തിന് അർഹതയില്ലാത്തവരായി കാണുവാൻ ജനങ്ങളെ പരിശീലിപ്പിച്ചു കൊണ്ടിരിക്കുകയാണ്. പ്രത്യേകിച്ച് ദരിദ്രർ, ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ളവർ, മുസ്ലീങ്ങൾ, അതിർത്തി പ്രദേശങ്ങളിലുള്ളവർ… ഒറ്റവാക്കിൽ പറഞ്ഞാൽ അപരിചിതരെല്ലാം. ഈ സാഹചര്യത്തിൽ, പൗരത്വത്തെ കുറിച്ചുള്ള അടിസ്ഥാനപരമായ ചർച്ചകൾക്ക് നമ്മൾ തയ്യാറാവേണ്ടതുണ്ട്.
ജർമൻ രാഷ്ട്രമീമാംസകൻ ഹന്ന അറേൻഡ് പൗരത്വത്തെ ‘അവകാശങ്ങൾക്കുള്ള അവകാശം’ എന്നാണ് വിശേഷിപ്പിച്ചത്. അതായത് നമ്മുടെ കാര്യങ്ങൾ കേൾക്കാൻ തയ്യാറുള്ള ഒരു രാഷ്ട്രീയ വിഭാഗത്തിലെ അംഗത്വം. അവർ അതിലൊരു വലിയ അപകടം ചൂണ്ടിക്കാണിക്കുന്നുണ്ട്. ആ വിഭാഗത്തിൽ നിന്ന് പുറത്താക്കപ്പെട്ടാൽ, അല്ലെങ്കിൽ അതിൽ ഉൾപ്പെടാതെ വന്നാൽ, നിയമപരമായി ഉപേക്ഷിക്കപ്പെടുമെന്ന് മാത്രമല്ല, ധാർമികമായും അവർ ഒറ്റപ്പെടും. അവരുടെ ദുരിതങ്ങൾ എളുപ്പത്തിൽ അവഗണിക്കാൻ കഴിയുമെന്നു വരും. അവർക്ക് അവകാശങ്ങളേയില്ല എന്നു വരും.
നമ്മുടെ ഭരണഘടന ഒരു പൗരന്റെ അന്തസ്സിന് പൗരത്വം നിർബന്ധമാണെന്ന് പറയുന്നില്ല. അനുച്ഛേദം 21, എല്ലാ മനുഷ്യർക്കും ജീവിക്കാനുള്ള അവകാശം വാഗ്ദാനം ചെയ്യുന്നു, കേവലം പൗരന്മാർക്ക് മാത്രമല്ല. നിയമസംവിധാനത്തിന്റെ സംരക്ഷണവും, അക്രമത്തിൽ നിന്നുള്ള സംരക്ഷണവും ദേശീയതയുടെ അടിസ്ഥാനത്തിലല്ല എന്ന് സുപ്രീംകോടതിയും പലതവണ വ്യക്തമാക്കിയിട്ടുള്ളതാണ്. എന്നാൽ രാഷ്ട്രീയ ആശയ പ്രചാരവേലകൾ ഭരണഘടനാപരമായ മൂല്യബോധങ്ങളെ അപ്രസക്തമാക്കിയിരിക്കുന്നു. ഇന്ന് നമ്മുടെ നാട്ടിൽ പൗരത്വം കേവലാർത്ഥത്തിൽ ഭരണകൂടവും പൗരനും തമ്മിലുള്ള നിയമപരമായ ബന്ധമല്ല, ആളുകളെ വിഭാഗീകരിക്കാനുള്ള ഉപകരണമാണ്. അങ്ങനെ പൗരത്വം നിർണയിക്കപ്പെടുന്നത് തെളിവുകളുടെയോ നിയമത്തിന്റെയോ വ്യവസ്ഥാപിതമായ സംവിധാനങ്ങളുടെയോ അടിസ്ഥാനത്തിലല്ല, ആൾക്കൂട്ട ആരോപണങ്ങളും ഹിംസയുമാണ് മാർഗം. പൗരത്വം അങ്ങനെ ഒരു സാംസ്കാരിക ആയുധമായി, പുറത്താക്കലുകൾക്കുള്ള ഉപായമായി പരിവർത്തനം ചെയ്യപ്പെട്ടിരിക്കുന്നു. വളയാറിലും സംഭവിച്ചത് ഇതാണ്.
പൗരത്വ നിയമഭേദഗതിയും ആൾക്കൂട്ട മനോഭാവവും
പൗരത്വ നിയമഭേദഗതി പോലെയുള്ള നിയമനിർമാണങ്ങൾക്കും അതിന് പശ്ചാത്തലം ഒരുക്കുന്ന രാഷ്ട്രീയ പ്രചാരണങ്ങൾക്കും ഈ മനോഭാവവുമായി നേരിട്ട് നിയമപരമായ ബന്ധം ഉണ്ടെന്നല്ല, ദേശീയതയെ നിരന്തരം സംശയത്തിന്റെ മുനയിൽ നിർത്തുന്ന ആശയ പരിസരത്തിന്റെ പശ്ചാത്തലത്തിലല്ലാതെ ഇതിനെ നമുക്ക് മനസ്സിലാക്കാൻ കഴിയില്ല എന്നാണ്. 2019 ലെ പൗരത്വ നിയമഭേദഗതിയിലൂടെയാണ് ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായി മതം പൗരത്വത്തിനുള്ള മാനദണ്ഡമായി കടന്നുവരുന്നത്. വലിയ ഭരണഘടനാപരമായ ചർച്ചകൾക്കും, പ്രക്ഷോഭങ്ങൾക്കും അതു വഴി വച്ചു. അന്താരാഷ്ട്ര തലത്തിൽ തന്നെ വിമർശിക്കപ്പെട്ടു.
നിയമഭേദഗതിക്കൊപ്പം, ദേശീയ പൗരത്വ പട്ടിക കൂടി വന്നപ്പോൾ, അതൊരു വലിയ ഭീതിയായി മാറി. രാജ്യവ്യാപകമായി പൗരത്വം തെളിയിക്കാൻ കഴിഞ്ഞവരും, തെളിയിക്കാൻ കഴിയാതെ പോയവരും എന്ന നിലയ്ക്ക് രണ്ടുതരം മനുഷ്യർ ഉണ്ടാകുമെന്ന് വന്നു. ആസാമിലെ പരീക്ഷണം, അവിടെയുള്ള പാവപ്പെട്ട മനുഷ്യർക്കിടയിൽ പതിറ്റാണ്ടുകളോളം ഉണ്ടാക്കിയ ഭീതി ചെറുതല്ല. എൻ.ആർ.സി.യോട് യോജിക്കുന്നവർ പോലും അംഗീകരിക്കുന്ന ഒരു കാര്യമുണ്ട്, രേഖകളുടെ അടിസ്ഥാനത്തിലുള്ള പൗരത്വ നിർണയം ദരിദ്രരെയും സ്ത്രീകളെയും തൊഴിലാളികളെയും ദളിതരെയും ആദിവാസികളെയും മറ്റു അരികു വൽക്കരിക്കപ്പെട്ട സമൂഹത്തെയുമാണ് ഏറ്റവും ദോഷകരമായി ബാധിക്കുക, കാരണം ഔദ്യോഗിക രേഖകൾ എപ്പോഴും സമൂഹത്തിലെ വരേണ്യരുടെ വിശേഷ ഭാഗ്യമാണ്.
പൗരത്വം രാഷ്ട്രീയ പ്രചാരണങ്ങളുടെ കേന്ദ്ര സ്ഥാനത്ത് വരുമ്പോൾ സമൂഹത്തിൽ ഉണ്ടാക്കുന്ന ഹിംസാത്മക ബോധം ഭീതിദമാണ്. ‘നുഴഞ്ഞുകയറ്റക്കാർ’, ‘നിയമവിരുദ്ധർ’ എന്നിങ്ങനെയുള്ള വാക്കുകൾ രാഷ്ട്രീയ പ്രസംഗങ്ങളിൽ ആവർത്തിച്ച് ഉപയോഗിക്കപ്പെടുമ്പോൾ, അവരെ മനുഷ്യരല്ലാതായി ചിത്രീകരിക്കുന്ന പ്രയോഗങ്ങൾ രാഷ്ട്രീയ നേതാക്കളും മുഖ്യധാരാ മാധ്യമങ്ങളും വ്യാപകമായി ഉപയോഗിക്കുമ്പോൾ, സാധാരണ മനുഷ്യരെ അവർ പോലും അറിയാതെ, സ്വയം ബോർഡർ പോലീസുകാരായി ചമയാൻ പ്രേരിപ്പിക്കുകയാണ്. അപരവിദ്വേഷവും, തന്നിൽ നിന്ന് വ്യത്യസ്തരായവരോടുള്ള ഭയവും, ചില ജീവിതങ്ങൾക്ക് വില കൽപ്പിക്കേണ്ടതില്ലെന്ന ബോധ്യവും, അപകടകരമായ മാനസികാവസ്ഥ സൃഷ്ടിക്കുന്നു. ആൾക്കൂട്ടനീതി, അഭിനന്ദനാർഹമായ എന്തോ ആണെന്ന ബോധം വ്യാപകമാകുന്നു. “നീ ബംഗ്ലാദേശിയാണോ?” എന്ന ചോദ്യം, വെറുമൊരു ചോദ്യമല്ല. ഒരു രാഷ്ട്രീയ സംസ്കാരത്തിൻറെ ബഹിർസ്ഫുരണമാണ്.
വോട്ടർ പട്ടികയുടെ തീവ്ര പരിശോധന സംബന്ധിച്ച ഇലക്ഷൻ കമ്മീഷന്റെ നടപടികൾ മേൽപ്പറഞ്ഞ ഭീതിയുടെയും സംശയത്തിന്റെയും അന്തരീക്ഷത്തെ കൂടുതൽ കലുഷമാക്കിയിട്ടുണ്ട്. ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായാണ് വോട്ടർപട്ടിക പരിശോധനയെ പൗരത്വനിർണയവുമായി ബന്ധിപ്പിക്കുന്നത്. വോട്ടർ പട്ടികയിലെ ‘നുഴഞ്ഞുകയറ്റക്കാരെ’ കുറിച്ചുള്ള രാഷ്ട്രീയ ആക്രോശങ്ങൾ ഇതിന് ആക്കം കൂട്ടുന്നു. പൗരത്വം തെളിയിക്കാനുള്ള ഉത്തരവാദിത്വം രാജ്യത്തെ നിരാലംബരായ ജനതയുടെ മുകളിൽ വച്ച് കെട്ടുന്ന അധാർമികത ഇവിടെയും തുടരുന്നുണ്ട്.
വാളയാറിലെ അതിക്രമത്തെ തുടർന്ന് അറസ്റ്റിലായവർക്ക് ആർഎസ്എസ് ബിജെപി ബന്ധമുണ്ട് എന്ന വാർത്തകൾ വരുന്നുണ്ട്, ഇനി അഥവാ അങ്ങനെയൊരു ബന്ധമില്ലെങ്കിൽ പോലും ആശയ പരിസരം പ്രധാനമാണ്. സംഘടനകളിലെ അംഗത്വം കൊണ്ടു മാത്രമല്ല അക്രമങ്ങൾ ഉണ്ടാവുന്നത്, ആഖ്യാനങ്ങൾ കൊണ്ട് കൂടിയാണ്. വിദേശികൾ, നുഴഞ്ഞുകയറ്റക്കാർ, ജനസംഖ്യാപരമായ ആധിപത്യത്തിനുള്ള സാധ്യത, രാജ്യത്തിൻറെ ‘സ്വാഭാവിക’ അവകാശികളായ സമുദായം… എന്നിങ്ങനെ എണ്ണിയാലൊടുങ്ങാത്ത ആഖ്യാന വൈഭവങ്ങൾ സൃഷ്ടിക്കുന്ന വെറുപ്പിന്റെ കനലുകൾ സമൂഹത്തിൽ നീറിപ്പുകയുന്നുണ്ട്.
ഭൂരിപക്ഷ ദേശീയതയും സങ്കുചിതത്വവും
ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ഏറ്റവും വലിയ അപകടം അത് ന്യൂനപക്ഷങ്ങൾക്കെതിരെ എന്തു ചെയ്യുന്നു എന്നതിൽ മാത്രമല്ല, ഭൂരിപക്ഷത്തിന്റെ ധാർമിക ബോധ്യങ്ങളോട് അത് ചെയ്യുന്നതെന്ത് എന്നതിൽ കൂടിയാണ്. വൈവിധ്യങ്ങളെയും, വിയോജിപ്പുകളെയും, ആധുനികതയെയും ചേർത്തുപിടിക്കുന്ന ഒരു ഭരണഘടനാ പദ്ധതിയായിട്ടല്ല, മറിച്ച് മറ്റുള്ളവരെ സംശയദൃഷ്ടിയോടെ സമീപിക്കേണ്ട ഒരു സാംസ്കാരിക പദ്ധതിയിട്ടാണ് ഇന്ത്യയെ മനസ്സിലാക്കേണ്ടത് എന്നാണത് ജനങ്ങളെ പഠിപ്പിക്കുന്നത്. സമൂഹത്തിൽ അത്തരമൊരു പരിവർത്തനം സംഭവിച്ചാൽ പിന്നെ, പൗരൻ, വിദേശി, പ്രവാസി, കുടിയേറ്റക്കാർ, സ്ഥലവാസി തുടങ്ങിയ നിയമപരമായ സംജ്ഞകൾ തെരുവിൽ വിധി കൽപ്പിക്കപ്പെടേണ്ട ചോദ്യങ്ങളായി മാറുന്നു. ‘നമ്മളിൽ പെട്ടവരും’ ‘നമ്മളിൽ പെടാത്തവരു’മായി മനുഷ്യനെ വേർതിരിക്കുന്നു. നമ്മളിൽ പെടാത്തവർക്കെതിരെയുള്ള അതിക്രമം സാമൂഹികമായി നീതീകരിക്കപ്പെടുന്നു.
ഒരു രാജ്യം, അവിടുത്തെ സാംസ്കാരിക ഭൂരിപക്ഷത്തിന്റെ സ്വത്താണെന്നും മറ്റുള്ളവർ അവരുടെ കീഴിൽ കഴിയേണ്ട അതിഥികൾ ആണെന്നുമുള്ള പ്രത്യയശാസ്ത്രം, രാഷ്ട്രത്തിൻറെ ധാർമിക സീമകളെ ചെറുതാകുന്നു. ഭരണഘടനാപരമായ പൗരത്വത്തെക്കാൾ പ്രധാനം ‘സാംസ്കാരികമായ പൗരത്വ’മാണെന്ന് വരുന്നു. നിയമത്തിനു മുന്നിലെ തുല്യതയ്ക്ക് ഒരു ശ്രേണീകൃതഭാവം ഉണ്ടാകുന്നു. സാഹോദര്യം സംശയത്തിന് വഴിമാറുന്നു. ഈ രാഷ്ട്രീയ സാഹചര്യമാണ് അപരനെതിരെയുള്ള അതിക്രമത്തെ സാധൂകരിക്കുന്നത്. അത് സമൂഹത്തിൻറെ ഘടനാപരമായ പതനമാണ്. ഒറ്റപ്പെട്ട സംഭവമല്ല. തുല്യതയിലെ ശ്രേണീകരണത്തിന്, സനാതന സാംസ്കാരിക പാരമ്പര്യത്തിന്റെ പിന്തുണയുമുണ്ട്. അട്ടപ്പാടിയിലെ മധുവിനെ കൊലചെയ്ത സംഭവം അതിനുദാഹരണമാണ്. മോഷണം ഒരു കപടന്യായം മാത്രമാണ്. പൊന്നു കട്ട പോറ്റിക്കെതിരെ അവർ അത് ഒരിക്കലും ചെയ്യില്ല.
ഇനിയെന്ത്?
നിഷ്ഠൂരമായ ഈ കൊലപാതകത്തിന് കാരണമായവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരികയും, അർഹിക്കുന്ന തരത്തിൽ ശിക്ഷ നൽകുകയും വേണമെന്നത് ഭരണകൂടത്തിന്റെ പ്രാഥമികമായ ഉത്തരവാദിത്വം മാത്രമാണ്. ആൾക്കൂട്ട നീതിയെ സംശയരഹിതമായി നിരാകരിക്കുക തന്നെ വേണം. എന്നാൽ, നിയമനിർവഹണത്തിനപ്പുറം അടിയന്തരമായ സാമൂഹിക രാഷ്ട്രീയ ഉത്തരവാദിത്വങ്ങൾ നമുക്കുണ്ട്. ഭരണഘടനാപരമായ ഉത്തരവാദിത്വമുണ്ട്. പൗരത്വം എന്നത് നിയമപരമായ ഒരു നിർവചനം മാത്രമാണെന്ന ബോധ്യം നമുക്കുണ്ടാകണം. അതൊരു ധാർമിക സൂചികയൊന്നുമല്ല. അതു വച്ച് മനുഷ്യ ജീവിതങ്ങളുടെ വിലയളക്കാനുമാവില്ല.
ഭരണഘടനാധിഷ്ഠിത ജനാധിപത്യ സംവിധാനം നിലനിൽക്കുന്ന ഒരു രാജ്യത്ത് ഒരു ഇതര ദേശ തൊഴിലാളി എപ്പോഴും സംശയിക്കപ്പെടേണ്ടയാളല്ല. നമുക്ക് അപരിചിതനായ ഒരു മനുഷ്യൻ, നിയമപരമായി തെളിയിക്കപ്പെടും വരെ അന്യദേശകാരനുമല്ല. കിംവദന്തികൾ അക്രമങ്ങൾക്ക് സാധൂകരണമാവുകയില്ല. വിദേശി എന്നത് മരണവാറുണ്ടുമല്ല. “ബംഗ്ലാദേശി ആണോ?” എന്ന ചോദ്യത്തിന്റെ ഉത്തരമാണ് ഒരാൾക്ക് ഇവിടെ ജീവിക്കാനുള്ള അവകാശം ഉണ്ടോ ഇല്ലയോ എന്ന് നിർണയിക്കുന്നതെങ്കിൽ, നമ്മൾ ആ മനുഷ്യനെ മാത്രമല്ല, ഇന്ത്യയെന്ന ഭരണഘടനാപരമായ ആശയത്തെയാണ് കൊല ചെയ്യുന്നത്. വാളയാറിലെ കൊലപാതകം ആവശ്യപ്പെടുന്നത് കേവലമായ അപലപനവും ശിക്ഷയുമല്ല. ഇക്കാര്യത്തിൽ നമുക്ക് വ്യക്തത വേണം. പലവുരു ആവർത്തിക്കണം. മനുഷ്യൻറെ അന്തസ്സ് വെറുമൊരു കടലാസ്സല്ല. എല്ലാ രേഖകളും മനുഷ്യാന്തസ്സെന്ന മൂല്യത്തെ അടിസ്ഥാനപ്പെടുത്തിയുള്ളതായിരിക്കണം. അതിനെ ഉയർത്തിപ്പിടിക്കുന്നത് ആയിരിക്കണം.
ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് പദവിയിൽ നിന്നും ജസ്റ്റിസ് ഭൂഷൻ രാമകൃഷ്ണ ഗവായ് വിരമിക്കുമ്പോൾ, ആറുമാസത്തെ അദ്ദേഹത്തിൻറെ കാലഘട്ടത്തെ നീതിന്യായ വ്യവസ്ഥിതിയുടെ ചരിത്രത്തിൽ അടയാളപ്പെടുത്തുന്നത് അത്ര തെളിമയോടെയായിരിക്കില്ല. ദളിത് വിഭാഗത്തിൽ നിന്നും പരമോന്നത നീതിപീഠത്തിന്റെ തലപ്പത്തെത്തുന്ന രണ്ടാമത്തെ വ്യക്തിയാണദ്ദേഹം. ഭൂരിപക്ഷ രാഷ്ട്രീയം അധികാരം കയ്യാളുന്ന ഘട്ടത്തിൽ, ഏകാധിപത്യ പ്രവണതകൾ ശക്തമായി കൊണ്ടിരിക്കുന്ന സന്ദർഭത്തിൽ, താൻ ഒരു അംബേദ്കറൈറ്റ് ആണെന്ന് സ്വയം പ്രഖ്യാപിക്കുന്ന ഒരാൾ ആ പദവിയിൽ എത്തുന്നതിനെ പലരും വലിയ പ്രതീക്ഷയോടെയാണ് കണ്ടത്. പൗരാവകാശങ്ങളും ഫെഡറലിസവും ശക്തിപ്പെടുമെന്നും, അനുദിനം വികസിച്ചുകൊണ്ടിരിക്കുന്ന ഭരണകൂട അധികാരത്തെ ചോദ്യം ചെയ്യാനുള്ള നട്ടെല്ല് കോടതി കാണിക്കുമെന്നും ചിലരെങ്കിലും വിചാരിച്ചു. എന്നാൽ കാര്യങ്ങൾ അങ്ങനെയായിരുന്നില്ല. നിർണായക സന്ദർഭങ്ങളിൽ കേന്ദ്ര എക്സിക്യൂട്ടീവിനോടും കോർപ്പറേറ്റ് താൽപര്യങ്ങളോടും ചേർന്നു നിന്ന, കൊളീജിയം സംവിധാനത്തിൽ രഹസ്യാത്മകതയും സ്വജനപക്ഷപാതവും കൂടുതൽ ദൃശ്യമായ, ‘മാസ്റ്റർ ഓഫ് ദ റോസ്റ്റർ’ എന്ന നിലയ്ക്ക് നീതി തേടുന്നവരെ നിരാശരാക്കുന്ന തലത്തിലേക്ക് കോടതി മാറുന്നതാണ് നാം കണ്ടത്. പ്രസംഗങ്ങളിൽ, ജസ്റ്റിസ് ഗവായി എപ്പോഴും പറയാറുള്ള ഭരണഘടനാ ധാർമികതയുടെയും അംബേദ്കർ മുന്നോട്ടുവെച്ച വിശാല ജനാധിപത്യ വീക്ഷണത്തിന്റെയും കണ്ണടയിലൂടെ, വിവിധ കോടതി വിധികളിലൂടെ, ഔദ്യോഗിക സ്ഥിതി വിവര കണക്കുകളിലൂടെ, ഭരണഘടനാ വിദഗ്ധരുടെ നിരീക്ഷണങ്ങളിലൂടെ, ഈ കാലഘട്ടത്തെ മനസ്സിലാക്കാനുള്ള ശ്രമമാണ് ഈ ലേഖനം.
സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പദവി പ്രസക്തമാകുന്നത് കേവലം വിധി ന്യായങ്ങളുടെ അടിസ്ഥാനത്തിൽ മാത്രമല്ല. തുല്യരിൽ മുതിർന്നയാൾ എന്ന നിലയ്ക്ക് ചീഫ് ജസ്റ്റിസിനുള്ള ഭരണപരമായ ചുമതലയുടെ നിർവഹണവും, വിവിധ കേസുകൾ പരിഗണിക്കുന്ന ബെഞ്ചുകളെ നിശ്ചയിക്കാനുള്ള അധികാരവും ഭരണഘടനാ കോടതികളിലേക്ക് ന്യായാധിപരെ നിയമിക്കുകയും സ്ഥലം മാറ്റങ്ങൾക്ക് ശിപാർശ ചെയ്യുകയും ചെയ്യുന്ന കൊളീജിയത്തിന്റെ പ്രവർത്തനവും പരിശോധിക്കപ്പെടേണ്ടതുണ്ട്.
ചീഫ് ജസ്റ്റിസ് ചന്ദ്ര ചൂഡിന്റെ കാലത്ത്, മാറ്റം വരുത്തിയ ചിഹ്നത്തിന് പകരം സുപ്രീംകോടതിയുടെ പഴയ ചിഹ്നം തന്നെ പുനസ്ഥാപിച്ചത്, കോടതി വരാന്തയിലെ രണ്ടര കോടിയുടെ എയർ കണ്ടീഷനിംഗ് ഉപേക്ഷിച്ചത്, മുൻ ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് കൈവശം വച്ചുകൊണ്ടിരുന്ന ബംഗ്ലാവ് തിരികെ പിടിച്ചത്, സുപ്രീംകോടതിയിൽ നിയമനങ്ങളിൽ എസ് സി/എസ് ടി സംവരണം കൊണ്ടുവന്നത്, അങ്ങനെ പേരുദോഷങ്ങൾ മാറ്റിയെടുക്കാനുള്ള ചില ശ്രമങ്ങൾ ഉണ്ടാകുന്നു എന്ന തോന്നൽ സൃഷ്ടിക്കുവാൻ ആദ്യഘട്ടത്തിൽ കഴിഞ്ഞിരുന്നു. എന്നാൽ ആറുമാസം പിന്നിടുമ്പോൾ കാര്യങ്ങൾ അത്ര ശുഭകരമല്ല.
ആരോപണങ്ങൾ അവസാനിക്കാത്ത കൊളീജിയം
1993-ലെ സെക്കൻഡ് ജഡ്ജ്സ് കേസിലൂടെയാണ് ഭരണഘടന കോടതികളിലേക്കുള്ള ന്യായാധിപനിയമനത്തിന് കൊളീജിയം സംവിധാനം രൂപീകൃതമാകുന്നത്. ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം ഉറപ്പുവരുത്തുന്നതിനും ഭരണകൂടത്തിന്റെ ഇടപെടലുകൾ ഇല്ലാതാക്കുന്നതിനും വേണ്ടിയാണ് ഇത് കൊണ്ടുവന്നതെങ്കിലും, തുടർന്നങ്ങോട്ട് സുതാര്യതയില്ലായ്മയും, സ്വജനപക്ഷപാതവും, ഭരണകൂടത്തിന്റെ രഹസ്യ ഇടപെടലുകളും കൊളീജിയം പ്രവർത്തനത്തിന്റെ ഭാഗമാകുന്നതായി നമ്മൾ കണ്ടു. ജസ്റ്റിസ് ഗവായിയുടെ കാലഘട്ടത്തിൽ കൊളീജിയം അധപതനത്തിന്റെ അങ്ങേയറ്റത്ത് എത്തിച്ചേർന്നുവെന്ന് ഭരണഘടനാ വിദഗ്ധനായ ഗൗതം ഭാട്ടിയ എഴുതുന്നു. ‘Chief in his Chiefdom’ എന്നാണ് അദ്ദേഹം നടത്തിയ പ്രയോഗം..
ബോംബെ ഹൈക്കോടതിയിലെ ന്യായാധിപ നിയമനവുമായി ബന്ധപ്പെട്ടാണ് പകൽവെളിച്ചം പോലെ വ്യക്തമായ ഒരു ആരോപണം ഉയർന്നുവന്നത്. ജസ്റ്റിസ് ഗവായിയുടെ വളരെ അടുത്ത ബന്ധുവായ, മരുമകൻ എന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്, രാജ് ദാമോദർ വക്കോഡെയെ, ഹൈക്കോടതി ജഡ്ജി ആക്കുന്നതിനുള്ള കൊളീജിയം ശിപാർശയായിരുന്നു അത്. ഗവൺമെൻറാകട്ടെ അത്ഭുതകരമായ വേഗതയിൽ നാമനിർദ്ദേശം അംഗീകരിക്കുകയും, ഉടൻതന്നെ അദ്ദേഹം ഹൈക്കോടതി ജഡ്ജിയായി സ്ഥാനമേൽക്കുകയും ചെയ്തു. വളരെ പ്രധാനപ്പെട്ട പല നിർദ്ദേശങ്ങളും മാസങ്ങളോളമോ വർഷങ്ങളോളമോ വച്ചു താമസിപ്പിക്കുന്ന എക്സിക്യൂട്ടീവ് ആണ് ഇക്കാര്യത്തിൽ ദ്രുതഗതിയിൽ തീരുമാനമെടുത്തത്. നിയമന ശിപാർശ അംഗീകരിച്ച കൊളീജിയം മീറ്റിംഗിൽ ജസ്റ്റിസ് ഗവായി പങ്കെടുത്തിരുന്നില്ലെങ്കിലും കൊളീജിയം അധ്യക്ഷൻ അദ്ദേഹമാണ് എന്ന കാര്യം നിഷേധിക്കാനാവില്ല. അതുമാത്രമല്ല, അദ്ദേഹം സേവനമനുഷ്ഠിച്ച ബോംബെ ഹൈക്കോടതി, പ്രത്യേകിച്ചും അതിൻറെ നാഗ്പൂർ ബെഞ്ചിൽ നിന്ന്, അനുപാതരഹിതമായ തരത്തിൽ നിയമനങ്ങൾ നടന്നിട്ടുണ്ട്. മുതിർന്ന പലരെയും, വനിതാ ജഡ്ജിമാർ ഉൾപ്പെടെ, മറികടന്നാണ് പ്രസ്തുത ഹൈക്കോടതിയിൽ നിന്നും നിയമനങ്ങൾ നടന്നത്. അവഗണിക്കപ്പെട്ട ജസ്റ്റിസ് രേവതി മോഹിത് ദേരെ, നിശ്ചയമായും സുപ്രീംകോടതിയിൽ എത്തേണ്ടതായിരുന്നു എന്ന്, മുതിർന്ന അഭിഭാഷക ഇന്ദിരാ ജയ് സിംഗ് എഴുതുന്നുണ്ട്.
ജസ്റ്റിസ് വിപുൽ എം പഞ്ചോളിയെ സുപ്രീംകോടതിയിലേക്ക് ഉയർത്തിയ കൊളീജിയം നടപടിയാണ് അധപതനത്തിന്റെ ഏറ്റവും മികച്ച ഉദാഹരണം. അദ്ദേഹം സീനിയോറിറ്റിയിൽ 57-മനായിരുന്നുവെന്ന്, ‘സുപ്രീം കോർട്ട് ഒബ്സർവർ’ ചൂണ്ടി കാണിക്കുന്നു. കോടതിയിലെ സ്ത്രീ പ്രാതിനിധ്യത്തെ സഹായിക്കുമായിരുന്ന, മൂന്ന് വനിതാ ജഡ്ജിമാരെ ഉൾപ്പെടെ മറികടന്നാണ് ഗുജറാത്ത് ഹൈക്കോടതിയിൽ നിന്നുമുള്ള ഇദ്ദേഹത്തെ നിയമിച്ചത്. ഗുജറാത്ത് ഹൈക്കോടതിയിൽ നിന്നും പാറ്റ്നയിലേക്ക് സ്ഥലം മാറ്റിയ ഉടനെയിയിരുന്നു ഈ നിയമനം. ഈ വിഷയത്തിൽ, സുപ്രീംകോടതിയിലെ ഏക വനിതാ ജഡ്ജിയായ ജസ്റ്റിസ് ബി വി നാഗരത്ന, കൊളീജിയം മീറ്റിംഗിൽ ഔദ്യോഗികമായി വിയോജിപ്പ് രേഖപ്പടുത്തുകയുണ്ടായി. അദ്ദേഹത്തിൻറെ നിയമനം കോടതിയുടെ പ്രതിച്ഛായക്ക് കോട്ടം ചെയ്യുമെന്നായിരുന്നു അഭിപ്രായം. എന്നാൽ കൊളീജിയം അത് അവഗണിക്കുകയായിരുന്നു. ശിപാർശ ചെയ്തു രണ്ടു ദിവസത്തിനകം, യൂണിയൻ ഗവൺമെൻറ് ആ ഫയൽ അംഗീകരിച്ചു എന്നത് പ്രത്യേകം ശ്രദ്ധിക്കണം. നിലവിലെ സുപ്രീംകോടതിയിലെ സീനിയോറിറ്റി പരിശോധിച്ചാൽ 2031-ൽ ചീഫ് ജസ്റ്റിസ് ആകേണ്ട ആളാണ് ജസ്റ്റിസ് പഞ്ചോളി. ഇതിനെ “ഒരു വ്യവസ്ഥിതിയുടെ തകർച്ച” എന്നാണ് ഇന്ദിരാ ജയ് സിംഗ് വിശേഷിപ്പിച്ചത്. ഭരണകൂടത്തിന് താല്പര്യമുള്ള ഒരു സുപ്രീംകോടതി ചീഫ് ജസ്റ്റിസ് തെരഞ്ഞെടുക്കുകയാണ് കൊളീജിയം ചെയ്തതെന്ന് അവർ അഭിപ്രായപ്പെടുന്നു.
ജുഡീഷ്യറിയിൽ ഭരണകൂടത്തിന്റെ ഇടപെടലുകളെ തുറന്നുകാണിക്കുന്നതായിരുന്നു മലയാളികൂടിയായ ജസ്റ്റിസ് അതുൽ ശ്രീധരന്റെ ട്രാൻസ്ഫർ. ഭരണഘടനാപരമായ അവകാശങ്ങൾക്ക് ഒപ്പം നിൽക്കുന്ന ന്യായാധിപൻ എന്ന പേരുകേട്ട, ജസ്റ്റിസ് അതുൽ, തൻറെ മകൻ അഭിഭാഷക വൃത്തി ആരംഭിച്ചതിനെ തുടർന്ന് ജമ്മുകശ്മീരിലേക്ക് സ്ഥലംമാറ്റം ചോദിച്ചു വാങ്ങിയ വ്യക്തിയാണ്. പിന്നീട് മധ്യപ്രദേശ് ഹൈക്കോടതിയിലേക്ക് എത്തിയ അദ്ദേഹത്തെ കഴിഞ്ഞ ഓഗസ്റ്റ് മാസത്തിൽ ഛത്തീസ്ഗഡ് ഹൈക്കോടതിയിലേക്ക് മാറ്റുവാൻ സുപ്രീം കോടതി കോളേജിയം നിർദ്ദേശിച്ചു. എന്നാൽ രണ്ടുമാസം കഴിഞ്ഞപ്പോൾ, ‘ഗവൺമെന്റിന്റെ താല്പര്യ പ്രകാരം’ അദ്ദേഹത്തെ അലഹബാദ് ഹൈക്കോടതിയിലേക്ക് ട്രാൻസ്ഫർ ചെയ്ത് കൊളീജിയം തീരുമാനമെടുത്തു. കോളേജിയം പ്രമേയത്തിൽ തന്നെ ‘പുനപരിശോധിക്കാനുള്ള ഗവൺമെന്റിന്റെ അഭ്യർത്ഥന മാനിച്ച് ജസ്റ്റിസ് അതുൽ ശ്രീധരനെ, ഛത്തീസ്ഗഡ് ഹൈക്കോടതിക്ക് പകരം, അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റുവാൻ നിർദ്ദേശിക്കുന്നു’ എന്ന രേഖപ്പെടുത്തിയിട്ടുണ്ട്.
ദുരുപദ്രവകരമായ ഒരു ബ്യൂറോക്രാറ്റിക് നടപടിയാണിതെന്ന് വിശ്വസിക്കുക പ്രയാസമാണ്. ഇത് അപകടകരമായ കീഴ്വഴക്കങ്ങൾ സൃഷ്ടിക്കുന്നു. അലഹബാദിൽ അദ്ദേഹം സീനിയോറിറ്റി പ്രകാരം ഏഴാമനാണ്. മധ്യപ്രദേശ് ഹൈക്കോടതിയിൽ രണ്ടാമനായിരുന്നു. ഛത്തീസ്ഗഡിൽ മൂന്നാമനും. അലഹബാദിലേക്ക് മാറിയതോടെ അദ്ദേഹത്തിന് ഹൈക്കോടതി കൊളീജിയത്തിലെ സ്ഥാനം നഷ്ടപ്പെട്ടു. പൗരാവകാശങ്ങളോടും ജനാധിപത്യ മൂല്യങ്ങളോടും ആഭിമുഖ്യം പ്രകടിപ്പിക്കുന്ന ഒരു ന്യായാധിപന് ജുഡീഷ്യറിയിൽ ഭരണപരമായ സ്വാധീനം ഉണ്ടായിരിക്കില്ലെന്ന് വന്നു.
ഒരു ദളിത് എന്ന നിലയ്ക്കുള്ള തൻറെ സാമൂഹിക സ്ഥാനം എപ്പോഴും ഉയർത്തിപ്പിടിക്കുന്ന ആളാണ് ജസ്റ്റിസ് ഗവായി. ആർ കെ സഭർവാൾ കേസിലെ നിർദ്ദേശങ്ങൾക്കനുസൃതമായി, സുപ്രീം കോടതിയിൽ പട്ടികജാതി/പട്ടികവർഗ്ഗ ജീവനക്കാർക്ക് വേണ്ടി റോസ്റ്റർ സംവിധാനം നടപ്പിലാക്കുകയും ചെയ്തു. എന്നാൽ കൂടുതൽ പ്രാധാന്യമർഹിക്കുന്ന, കൊളീജിയത്തിന്റെ പ്രവർത്തനത്തിൽ, ഈ കരുതൽ ഉണ്ടായില്ല. സുപ്രീംകോടതിയിലേക്കോ, ഹൈക്കോടതി ചീഫ് ജസ്റ്റിസ് പദവിയിലേക്കോ, ഒരു വനിതാ ജഡ്ജിയെ പോലും നിയമിച്ചില്ല. പട്ടികവർഗ്ഗ/ന്യൂനപക്ഷ വിഭാഗങ്ങളിൽ നിന്ന് ഒരാൾ പോലും പുതിയതായി സുപ്രീംകോടതിയിൽ എത്തിയില്ല. കണക്കുകൾ പരിശോധിച്ചാൽ, സുപ്രീംകോടതിയിലെ പിന്നോക്ക പ്രാതിനിധ്യത്തിൽ യാതൊരു പുരോഗതിയും ഉണ്ടായില്ല. അംബേദ്കറൈറ്റ് എന്ന് അവകാശപ്പെടുന്ന അദ്ദേഹത്തിൻറെ വാക്കും പ്രവർത്തിയും തമ്മിലുള്ള അന്തരം അതിശയിപ്പിക്കുന്നതാണ്.
മാസ്റ്റർ ഓഫ് ദ റോസ്റ്റർ
സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ ഏറ്റവും വിമർശന വിധേയമായ അധികാരമാണ്, മാസ്റ്റർ ഓഫ് ദ റോസ്റ്റർ എന്ന നിലയ്ക്ക് കേസുകൾ പരിഗണിക്കുന്ന ബെഞ്ചുകൾ നിശ്ചയിക്കുവാനും, കേസുകൾ എപ്പോൾ കേൾക്കണമെന്ന് തീരുമാനിക്കാനും ഉള്ള അവകാശം. ജസ്റ്റിസ് ദീപക് മിശ്രയുടെ കാലത്ത്, ഏറ്റവും മുതിർന്ന സുപ്രീംകോടതി ജഡ്ജിമാർ പത്രസമ്മേളനം നടത്തി പ്രതിഷേധിച്ചത് പ്രധാനമായും ഈ അധികാരത്തിന്റെ വിവേചനപരമായ ഉപയോഗത്തിനെതിരെയാണ്. ആരുടെ ബഞ്ച് ഏത് കേസ് എപ്പോൾ കേൾക്കണം എന്ന് തീരുമാനിക്കുന്നതിലൂടെ വിവിധ വിഷയങ്ങളുടെ അന്തിമ ഫലം എങ്ങനെയായിരിക്കും എന്ന് പരോക്ഷമായി തീരുമാനിക്കാനുള്ള അധികാരം ചീഫ് ജസ്റ്റിസിന് വന്നുചേരുന്നു. ഇത് കോടതിയുടെ വിശ്വാസ്യതയെ തന്നെ കളങ്കപ്പെടുത്തുന്ന സംഗതിയായി വിലയിരുത്തപ്പെടുന്നു. എന്നാൽ ജസ്റ്റിസ് ഗവായിയുടെ കാലഘട്ടത്തിൽ, പരോക്ഷമായ നിയന്ത്രണവും വിട്ട്, നേരിട്ടുള്ള ഇടപെടലുകളിലേക്ക് കാര്യങ്ങൾ എത്തി എന്ന് കാണാം.
ഏറ്റവും പ്രധാനപ്പെട്ട കാര്യം, വമ്പിച്ച പരിണിതഫലങ്ങൾ ഉണ്ടായേക്കാവുന്ന കേസുകളിൽ കോടതിയുടെ ഒഴിഞ്ഞുമാറ്റമാണ്. രാഷ്ട്രീയ പ്രശ്നങ്ങളുള്ള കേസുകൾ പരിഗണിക്കാതെ, വിധി പറയാതെ, മാറ്റി മാറ്റി വച്ച് ഭരണകൂട നടപടികൾ തുടരാൻ അനുവദിക്കുന്ന തന്ത്രമാണിത്. കേന്ദ്ര സംസ്ഥാന ബന്ധങ്ങൾ വിശകലനം ചെയ്യേണ്ട കേസുകൾ മുതൽ ഏറ്റവും ഒടുവിൽ വോട്ടർപട്ടികയുടെ തീവ്ര പരിശോധന സംബന്ധിച്ച കേസിൽ വരെ ജസ്റ്റിസ് ഗവായി കാണിച്ച മെല്ലെപ്പോക്ക് നയം വിമർശിക്കപ്പെടേണ്ടതാണ്. പലപ്പോഴും വലിയ പ്രാധാന്യമില്ലാത്ത കേസുകളിൽ പെട്ടെന്ന് തന്നെ ഭരണഘടനാ ബെഞ്ചുകൾ വരെ രൂപീകരിച്ചത് തീർപ്പാക്കുന്ന അനുഭവമുണ്ട്. ജില്ലാ ജഡ്ജിമാരുടെ നിയമന സംബന്ധിച്ച കേസിൽ നമ്മൾ അതു കണ്ടതാണ്.
വോട്ടർപട്ടികയുടെ തീവ്ര പരിശോധനയ്ക്ക് എതിരായി സമർപ്പിക്കപ്പെട്ട ഹരജികൾ പരിശോധിക്കാം. ജനാധിപത്യത്തെക്കുറിച്ചും പൗരത്വത്തെക്കുറിച്ചും ഇലക്ഷൻ കമ്മീഷന്റെ അധികാരപരിധി, പൗരത്വം തെളിയിക്കാനുള്ള ബാധ്യത ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കുന്നത്, വോട്ടർ പട്ടിക പുതുക്കൽ പൗരത്വ രജിസ്റ്റർ നിർമ്മാണമായി മാറുന്നത്, വലിയതോതിൽ വോട്ടവകാശങ്ങൾ നിഷേധിക്കപ്പെടാൻ ഉള്ള സാധ്യത, അങ്ങനെ പലതരത്തിൽ ഭരണഘടനയുടെ അടിസ്ഥാനഘടനയെ തന്നെ ചോദ്യം ചെയ്യുന്ന പ്രക്രിയയായി ഇത് മാറുന്നതിനെക്കുറിച്ചും ഗൗരവതരമായ ഭരണഘടനാ പ്രശ്നങ്ങൾ ഉന്നയിക്കപ്പെട്ടിരുന്നു. എന്നാൽ അടിയന്തരമായി അതിൽ തീർപ്പ് കൽപ്പിക്കേണ്ടതാണെന്ന തോന്നൽ, കോടതിക്കുണ്ടായില്ല. എസ്ഐആറിന് പരിഗണിക്കുന്ന രേഖകളിൽ ആധാർ ഉൾപ്പെടുത്തണോ വേണ്ടയോ എന്നുള്ളതൊക്കെയായിരുന്നു വലിയ തർക്കമായി കോടതി പരിഗണിച്ചത്. യഥാർത്ഥ പ്രശ്നങ്ങൾ അവഗണിക്കുകയും, ഇലക്ഷൻ കമ്മീഷൻ തങ്ങൾക്ക് തോന്നിയതുപോലെ പരിപാടി മുന്നോട്ടു കൊണ്ടുപോവുകയും ചെയ്തു. മുൻപ് ആധാർ കേസിലും, കാശ്മീരിന്റെ സംസ്ഥാന പദവി എടുത്തു കളഞ്ഞതുമായി ബന്ധപ്പെട്ട് സമർപ്പിക്കപ്പെട്ട കേസുകളിലും, അന്നത്തെ ഹേബിയസ് കോർപ്പസ് ഹർജികളിലും, നോട്ടുനിരോധനം സംബന്ധിച്ച കേസിലുമൊക്കെ നമ്മളിത് കണ്ടതാണ്.
മറ്റൊന്ന് സുപ്രീംകോടതി വിധികളുടെ അന്തിമത്തത്തെയും, ജുഡീഷ്യൽ അച്ചടക്കത്തെയും അട്ടിമറിക്കുന്ന റോസ്റ്ററിലെ ഇടപെടലുകളും, ചീഫ് ജസ്റ്റിസ് നേരിട്ടുള്ള അപ്പീൽ നടപടികളുമാണ്. “ഇൻട്രാ കോർട്ട് അപ്പീൽ” എന്നാണ് ഇന്ദിരാ ജയ്സിംഗ് ഇതിനെ വിശേഷിപ്പിച്ചത്. വ്യവസായ സ്ഥാപനങ്ങളുടെ പാരിസ്ഥിതിക അനുമതിയായി ബന്ധപ്പെട്ട കേസ് പെട്ടെന്ന് മനസ്സിലാകുന്ന ഉദാഹരണമാണ്. പാരിസ്ഥിതിക അനുമതിയില്ലാതെ പ്രവർത്തിക്കുന്ന വ്യവസായ സംരംഭങ്ങൾക്ക് മുൻകൂർ പ്രാബല്യത്തോടെ അനുമതി നൽകാൻ കഴിയില്ലെന്ന, ജസ്റ്റിസ് ഓക, ജസ്റ്റിസ് ഉജ്ജുൽ ഭുയ്യാൻ എന്നിവരുടെ ബഞ്ച് പുറപ്പെടുവിച്ച വിധിയാണ് റദ്ദ് ചെയ്യപ്പെട്ടത്. ജസ്റ്റിസ് ഓക വിരമിക്കുന്നത് വരെ കാത്തിരുന്നതിനു ശേഷം, ചീഫ് ജസ്റ്റിസ് ഗവായി, ജസ്റ്റിസ് ഭുയാൻ, ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമ എന്നിവരെയും കൂടെ ചേർത്ത് ഒരു മൂന്നംഗ ‘പുന പരിശോധന’ ബെഞ്ച് രൂപീകരിക്കുകയായിരുന്നു. ഇതുവഴി പുന പരിശോധന പ്രക്രിയയുടെ സ്വഭാവം തന്നെ അട്ടിമറിക്കപ്പെട്ടു. സാധാരണഗതിയിൽ പുന പരിശോധന ഹർജികൾ വന്നാൽ, വിധിയിൽ ഒറ്റനോട്ടത്തിൽ സ്പഷ്ടമാവുന്ന തെറ്റുകൾ ഉണ്ടെന്ന് ചേമ്പറിൽ വച്ച് നടക്കുന്ന പ്രത്യേക ഹിയറിങ്ങിൽ ബോധ്യപ്പെടണം, അതിനുശേഷമാണ് ഓപ്പൺ ഹിയറിങ് വേണമോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത്. ഭൂരിഭാഗം കേസുകളിലും ചേമ്പറിൽ വച്ച് തന്നെ പുനഃ പരിശോധന ഹർജികൾ തള്ളിക്കളയുകയാണ് പതിവ്. അല്ലെങ്കിൽ അത്രമേൽ പ്രധാനപ്പെട്ട തെറ്റുകൾ ചൂണ്ടിക്കാണിച്ചിട്ടുണ്ടാവണം. ആധാർ കേസിലൊക്കെ പ്രത്യക്ഷത്തിലുള്ള വസ്തുതാപരമായ പിഴവുകളും, അയുക്തിയും ചൂണ്ടിക്കാണിക്കപ്പെട്ടിട്ടു പോലും ഹർജി പരിഗണിച്ചില്ല. എന്നാൽ ഇവിടെ ചേമ്പറിലെ പ്രത്യേക പരിശോധന കൂടാതെ തന്നെ, ഓപ്പൺ കോർട്ടിൽ വാദം കേൾക്കുകയും, പഴയ വിധി പിൻവലിക്കുകയും ചെയ്തു. ജസ്റ്റിസ് ഭുയാൻ വിയോജിപ്പ് രേഖപ്പെടുത്തി. “a step in a retrogression” എന്നാണ് അദ്ദേഹം കുറിച്ചത്.
വിധിയിലെ, പിശകുകൾ ഒന്നും പുതിയ ഉത്തരവിൽ ചൂണ്ടിക്കാട്ടിയിട്ടില്ല. പ്രത്യക്ഷത്തിലുള്ള തെറ്റുകൾ ഒന്നുമില്ലാതെ റിവ്യൂ ഹർജി അംഗീകരിക്കപ്പെട്ടത് എങ്ങനെയെന്ന് പോലും വ്യക്തമല്ല. എന്നാൽ മുൻകാല പ്രാബല്യത്തോടെയുള്ള അനുമതികൾ നിഷേധിച്ചാൽ, വ്യവസായ സംരംഭകർക്കുണ്ടാകുന്ന വലിയ സാമ്പത്തിക നഷ്ടങ്ങൾ ചൂണ്ടിക്കാണിക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്. ചീഫ് ജസ്റ്റിസിന് താല്പര്യമുണ്ടെങ്കിൽ, അതിശക്തരായ കോർപ്പറേറ്റുകൾക്ക് പുതിയ റിവ്യൂ സംവിധാനം വരെ ഉണ്ടാക്കാൻ കഴിയുമെന്ന് ഇതിലൂടെ വ്യക്തമാകുന്നു.
തെരുവ് നായ്ക്കളെ സംബന്ധിച്ച, കോടതി തീരുമാനത്തെ, പുതിയൊരു ബെഞ്ച് രൂപീകരിച്ച്, മൃദുപ്പെടുത്തിയ നടപടി. ജില്ലാ ജഡ്ജിമാരുടെ നിയമന സംബന്ധിച്ച കേസിൽ പെട്ടെന്നുണ്ടായ തീരുമാനങ്ങൾ അങ്ങനെ പല കാര്യങ്ങളിലും ജുഡീഷ്യൽ അച്ചടക്കത്തിനും കീഴ്വഴക്കങ്ങൾക്കും വിരുദ്ധമായ സമീപനം ഉണ്ടായിട്ടുള്ളതായി കാണാം. പല കേസുകളിലും ഓരോന്നായി പരിശോധിച്ചാൽ ശരിയായ ഇടപെടലുകൾ ആണെന്ന് തോന്നാമെങ്കിലും, നീതിന്യായ വ്യവസ്ഥയുടെ സമഗ്രതയിൽ, ഐച്ഛികമായ ഇത്തരം ഇടപെടലുകൾ ദോഷകരമായി ഭവിക്കും.
അനുച്ഛേദം 143: ഗവർണറുടെ അധികാരങ്ങൾ.
ഒരുപക്ഷേ, ചീഫ് ജസ്റ്റിസ് ഗവായിയുടെ കാലഘട്ടത്തെ ചരിത്രം ഓർത്തെടുക്കുന്നത് ഗവർണറുടെ അധികാരം പരിമിതപ്പെടുത്തിയ സുപ്രീംകോടതിവിധി സംബന്ധിച്ച, ഭരണഘടനയുടെ അനുഛേദം 143 പ്രകാരമുള്ള രാഷ്ട്രപതിയുടെ ചോദ്യത്തിന് നൽകിയ മറുപടിയിലൂടെയായിരിക്കും. 2025 മെയ് മാസത്തിൽ, തമിഴ്നാട് ഗവൺമെൻറ് സമർപ്പിച്ച ഹർജിയ്ക്ക്ന്മേൽ, ഭരണഘടനയുടെ അനുഛേദം 200, 2001 എന്നിവ വ്യാഖ്യാനിച്ച്, ഗവർണർക്കോ രാഷ്ട്രപതിക്കോ, നിയമസഭ പാസാക്കിയ ഒരു നിയമത്തിനുമേൽ അനന്തകാലം അടയിരിക്കാനാവില്ലെന്ന് വിധിയെഴുതുകയും, രാഷ്ട്രപതിക്കും ഗവർണർക്കും തീരുമാനമെടുക്കുന്നതിന് സമയപരിധി നിശ്ചയിക്കുകയും ചെയ്തു. മാത്രവുമല്ല, ദീർഘകാലമായി ഗവർണർ തടഞ്ഞു വച്ചുകൊണ്ടിരുന്ന ചില ബില്ലുകൾ, അനുഛേദം 142 നൽകുന്ന പ്രത്യേക അധികാരം ഉപയോഗിച്ച് അനുമതി നൽകിയതായി കണക്കാക്കാമെന്ന തീരുമാനവുമെടുത്തു.
ഇത് സംബന്ധിച്ച് ഒരാഴ്ചയ്ക്കകം പ്രസിഡൻറ് സുപ്രീം കോടതിയോട് ഉപദേശം തേടുകയാണ്. ഉന്നയിച്ച 14 ചോദ്യങ്ങളിൽ 11 എണ്ണവും തമിഴ്നാട് കേസിൽ കോടതി തീരുമാനമെടുത്ത കാര്യങ്ങളാണ്. സുപ്രീംകോടതി വിധി പറഞ്ഞ ഒരു കാര്യത്തിൽ പിന്നീട് അഭിപ്രായം ഉന്നയിക്കേണ്ടതുണ്ടോ എന്ന പ്രധാനപ്പെട്ട ഒരു നിയമപ്രശ്നം അവിടെ ഉണ്ടായിരുന്നു. സുപ്രീംകോടതി വിധി രാജ്യത്തെ നിയമമാണ്, അഭിപ്രായം പറയുന്ന ബെഞ്ചിനും അത് ബാധകമാണ്. അനുഛേദം 143 മുഖേനയുള്ള അഭിപ്രായത്തിന് ഉപദേശക സ്വഭാവം മാത്രമാണുള്ളത്. അത് ഗവൺമെന്റിന് അംഗീകരിക്കാം അംഗീകരിക്കാതിരിക്കാം. വാദപ്രതിവാദങ്ങൾക്ക് ശേഷം കോടതി പുറപ്പെടുവിക്കുന്ന ഉത്തരവു പോലെയല്ല ഇത്. അതുകൊണ്ടുതന്നെ ഈ ചോദ്യങ്ങൾക്ക് മറുപടി പറയേണ്ടതുണ്ടോ എന്ന പ്രശ്നം ഉണ്ടായിരുന്നു. കാവേരി റഫറൻസ് കേസിൽ ഉൾപ്പെടെ, സുപ്രീംകോടതിയും ഇക്കാര്യത്തിൽ നിലപാട് സ്വീകരിച്ചിട്ടുള്ളതാണ്. കോടതി ഉത്തരവുകളിലൂടെയോ മറ്റോ പ്രസിഡന്റിന് ഇതിനോടകം വ്യക്തത വന്നിട്ടില്ലാത്ത കാര്യങ്ങളെക്കുറിച്ചു മാത്രമാണ് ഉപദേശം തേടാനാവുക, തീർപ്പ് കൽപ്പിച്ച നിയമ വിഷയങ്ങൾ പുനപരിശോധിക്കാൻ വേണ്ടി ഇത് ഉപയോഗിക്കാൻ കഴിയില്ല എന്നായിരുന്നു നിലപാട്. 2ജി റഫറൻസ് (Natural Resources Allocation Reference ) കേസിലും ഇതായിരുന്നു നിലപാട്. എന്നാൽ അതൊക്കെ അവഗണിച്ച് ചീഫ് ജസ്റ്റിസ് ഗവായിയുടെ നേതൃത്വത്തിലുള്ള ഉപദേശക ബഞ്ച് കാര്യങ്ങൾ പുന പരിശോധിക്കുകയാണ് ഉണ്ടായത്. ഗവൺമെന്റിന്റെ ചോദ്യങ്ങളിൽ ഫലത്തിൽ, തീർപ്പ് കൽപ്പിച്ച നിയമപ്രശ്നങ്ങളുടെ പുന പരിശോധനയാണ് ആവശ്യപ്പെട്ടിട്ടുള്ളത് എന്നിരിക്കെ, “വിധി തിരുത്താനോ പിൻവലിക്കാനോ മാറ്റി തീർക്കാനോ ഉള്ള ആവശ്യങ്ങൾ ഉന്നയിച്ചിട്ടില്ല” എന്ന കുയുക്തിയാണ്, കോടതി ഉപദേശത്തിന് ന്യായമായി കണ്ടെത്തുന്നത്. അങ്ങനെയെങ്കിൽ നാളെ “പാർലമെൻറിന് ഭരണഘടനയുടെ അടിസ്ഥാനഘടന ഭേദഗതി ചെയ്യാൻ കഴിയുമോ?” എന്നൊരു ചോദ്യം ചോദിച്ചാൽ കേശവാനന്ദ ഭാരതീ കേസിലെ വിധി മറികടക്കാൻ കഴിയുമെന്നു വരില്ലേ? ജുഡീഷ്യൽ അച്ചടക്കത്തെയും കോടതിവിധികളുടെ അന്തിമത്തത്തെയും അട്ടിമറിക്കുകയാണ് ഈ റഫറൻസ്. ഗവൺമെൻറ്കൾക്ക്, സാധാരണഗതിയിൽ ലഭ്യമായ റിവ്യൂ, ക്യുറേറ്റീവ് പെറ്റീഷനുകൾക്കു പുറമേ, തങ്ങൾക്ക് ഇഷ്ടമില്ലാത്ത കോടതിവിധികളെ അട്ടിമറിക്കുന്നതിന് പുതിയൊരു വാതിൽ തുറന്നു കൊടുക്കുകയാണ് ഇതിലൂടെ ഉണ്ടായിട്ടുള്ളത്. ഏതു കേസിലും, വിശാല ബഞ്ച് രൂപീകരിച്ച് വിധികളെ പുനഃ പരിശോധിക്കാം എന്നുവരുന്നു.
ഫെഡറലിസത്തിനെതിരെ
ഡോ. അംബേദ്കർ ഏറ്റവും കൂടുതൽ വിലമതിച്ച മൂല്യങ്ങളിലൊന്ന് ഭരണഘടനയിൽ സംരക്ഷിക്കപ്പെടുന്ന ഫെഡറലിസമാണ്. അംബേദ്കറൈറ്റ് എന്നവകാശപ്പെടുന്ന ഒരാൾ, ഫെഡറൽ സംവിധാനത്തിന്റെ കടക്കൽ കത്തി വയ്ക്കുന്ന കാഴ്ചയാണ് മുകളിൽ വിശദീകരിക്കപ്പെട്ടത്. തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധി സഭയുടെയും ക്യാബിനറ്റിന്റെയും ഉപദേശങ്ങൾ അനുസരിച്ച് പ്രവർത്തിക്കേണ്ട ഭരണഘടനാപരമായ തലവൻ മാത്രമാണ് ഗവർണർ, അല്ലാതെ ഒരു സമാന്തര ഭരണകൂടമല്ല. അത്തരത്തിൽ ഭരണഘടനയുടെ ഫെഡറൽ സംവിധാനത്തെ ഉയർത്തിപ്പിടിച്ച ഒരു കോടതിവിധിയെ, കേട്ടുകേൾവിയില്ലാത്ത നടപടികളിലൂടെ ഫലത്തിൽ റദ്ദ് ചെയ്ത നടപടി, ഭരണഘടനാ കോടതികൾ ഭരണകൂട കോടതികൾ ആയി മാറിയിരിക്കുന്നു എന്ന ആക്ഷേപത്തെ ശരിവയ്ക്കുന്നതാണ്. സമഗ്രമായ വാദവിചാരങ്ങൾക്കു ശേഷം പുറപ്പെടുവിച്ച ഒരു ഉത്തരവിനെ കുറിച്ച് ‘അഭിപ്രായം’ പറയുവാനും വിമർശിക്കുവാനും തയ്യാറാവുക വഴി നാളിതുവരെ ഇല്ലാത്ത ഒരു കീഴ്വഴക്കം സൃഷ്ടിക്കപ്പെട്ടിരിക്കുന്നു.
തൻറെ വിടവാങ്ങൽ പ്രസംഗത്തിൽ, ജസ്റ്റിസ് ഗവായി, ഈ വിധിയെ സ്വദേശി വിധിയെന്നാണ് വിശേഷിപ്പിക്കുന്നത്. ഒരു വിദേശ വിധി പോലും ഉദ്ധരിക്കാതെയാണ് രചിച്ചിട്ടുള്ളതെന്ന്! കോമൺ-ലോ കീഴ്വഴക്കങ്ങൾ അനുസരിച്ച്, എക്സിക്യൂട്ടീവിന് വഴങ്ങുന്ന ഷിമിറ്റിയന്‍ ന്യായവാദങ്ങൾ നിരത്തുന്ന, ഇംഗ്ലീഷിൽ എഴുതിയ വിധിന്യായങ്ങൾ സ്വദേശിയാണെന്ന് പറയുന്നത് അപഹാസ്യമാണ്. ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങളായി നമ്മൾ പരിഗണിക്കുന്ന ജ്ഞാനോദയ മൂല്യങ്ങളെ നിഷേധിച്ചുകൊണ്ട്, സ്വദേശിയായ സനാതന ധാർമികതയെ കൂടി ഉൾപ്പെടുത്തണമെന്ന് എന്നാണാവോ ബഹുമാനപ്പെട്ട കോടതിക്ക് തോന്നുന്നത്?
ഈദി അമീൻ നീതി!
ഉഗാണ്ടൻ ഏകാധിപതിയായിരുന്ന ഈദി അമീന്റെ പാതയിലാണ് ഇന്ത്യയിലെ പരമോന്നത നീതിപീഠത്തിൽ അഭിപ്രായസ്വാതന്ത്ര്യം എന്ന വിമർശനമാണ് ഭരണഘടനാ വിദഗ്ധനായ ഗൗതം ഭാട്ടിയ ഉന്നയിക്കുന്നത്. ഈദി അമീന്റെ കുപ്രസിദ്ധമായൊരു പ്രസ്താവനയുണ്ട് “എല്ലാവര്ക്കും അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ട്, എന്നാൽ അഭിപ്രായം പറഞ്ഞതിന് ശേഷമുള്ള സ്വാതന്ത്ര്യം ഉറപ്പു പറയാനാകില്ല”. അതുപോലെ തന്നെ ‘എല്ലാവര്ക്കും കോടതിയെ സമീപിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്, എന്നാൽ കോടതിയിൽ എത്തിയതിനു ശേഷം സ്വാതന്ത്ര്യം ഉറപ്പു നൽകാനാവില്ല’ എന്ന അവസ്ഥയാണ് രാജ്യത്തുള്ളത്. പഹല്ഗാം ഭീകരാക്രമണത്തിന് ശേഷം, ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് ഫെയ്‌സ് ബുക്കിൽ എഴുതിയതിനെപ്രതി അറസ്റ്റിലായ അശോക യൂണിവേഴ്‌സിറ്റി പ്രഫസർ അലി ഖാൻ മുഹമ്മദാബാദിന്റെ അനുഭവമാണ് ഏറ്റവും പുതിയ ഉദാഹരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. അദ്ദേഹത്തെ സംരക്ഷിക്കുവാൻ കോടതി തയ്യാറായില്ലെന്ന് മാത്രമല്ല, ഫെയ്‌സ് ബുക്ക് പോസ്റ്റിനെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ ഏർപ്പെടുത്തുന്ന അസാധാരണ നടപടിക്കും നമ്മൾ സാക്ഷ്യം വഹിച്ചു. ഭരണഘടനയുടെ അനുച്ഛേദം 19 ഉറപ്പു നൽകുന്ന അവകാശത്തെ സംരക്ഷിക്കുന്നതിന് പകരം പൗരരെ ‘ഉപദേശിക്കാനും’ ഗവണ്മെന്റിനെ സംരക്ഷിക്കുവാനുമാണ് കോടതി ശ്രമിക്കുന്നത്. ഇത് ജസ്റ്റിസ് ഗവായി തുടങ്ങിവച്ച പരിപാടി ആണെന്നല്ല, ഈ ലൈൻ തിരുത്താൻ ആവശ്യമായ നടപടികളൊന്നും അദ്ദേഹം സ്വീകരിച്ചില്ല എന്നാണ്. ഉമർ ഖാലിദിന്റേതുൾപ്പെടെ എത്രയെത്ര ജാമ്യാപേക്ഷകളാണ് കോടതിയിൽ കെട്ടിക്കിടക്കുന്നത്.
ഫാഷിസ്റ്റ് കാലത്തെ ദളിത് ചീഫ് ജസ്റ്റിസ്
ചീഫ് ജസ്റ്റിസിന്റെ ദളിത് പശ്ചാത്തലം, അദ്ദേഹത്തിനെതിരെ അസഹിഷ്ണുതയ്ക്കും, അധിക്ഷേപങ്ങൾക്കും കാരണമായിട്ടുണ്ട്. “സനാതന ധർമത്തെ അപമാനിക്കാൻ ഞങ്ങൾ അനുവദിക്കില്ല” എന്ന് പ്രഖ്യാപിച്ചുകൊണ്ട് അഭിഭാഷകനായ രാകേഷ് കിഷോർ അദ്ദേഹത്തിനെതിരെ ഷൂ എറിയുവാൻ ശ്രമിച്ച സംഭവം വരെ ഉണ്ടായി. എന്നിരുന്നാലും, ഈ കാലഘട്ടത്തിൽ നീതിപീഠത്തിന്റെ വിശ്വാസ്യതയിലും സ്വാതന്ത്ര്യത്തിലും ഉണ്ടായിട്ടുള്ളത് പിൻനടത്തം മാത്രമാണ്. കൊളീജിയത്തിന്റെ പ്രവർത്തനത്തിലായാലും, മാസ്റ്റർ ഓഫ് ദി റോസ്‌റ്റർ അധികാര പ്രയോഗത്തിലായാലും വിധിന്യായങ്ങളിലായാലും മജോറിറ്റേറിയൻ ഏകാധിപത്യ പ്രവണതകളെ പ്രതിരോധിക്കാനുള്ള യാതൊരു ശ്രമവും ഉണ്ടായില്ലെന്ന് മാത്രമല്ല, സാമാന്യമര്യാദകളുടെ സീമകൾ പോലും ലംഘിക്കപ്പെടുന്നതായാണ് കാണുന്നത്. പ്രാതിനിധ്യത്തിന്റെ പ്രാധാന്യത്തെ ജീവിതം കൊണ്ട് തിരിച്ചറിഞ്ഞ വ്യക്തിത്വമായിരുന്നിട്ടും ഡോ. അംബേദ്‌കർ മുന്നോട്ടു വച്ച പ്രാതിനിധ്യ ജനാധിപത്യത്തിന്റെ വെളിച്ചം നീതിന്യായ വ്യവസ്ഥിതിയിൽ പ്രകാശിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. എക്സിക്യൂട്ടീവിന്റെയും, കോർപ്പറേറ്റ് ഭീമന്മാരുടെയും താത്പര്യങ്ങൾ സംരക്ഷിക്കാനുള്ള വ്യഗ്രതയാണ് ദൃശ്യമായത്. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ കാലത്ത്, ഒരു ദളിതൻ രാജ്യത്തിന്റെ ചീഫ് ജസ്റ്റിസ് സ്ഥാനത്തേക്ക് എത്തുന്നതിന് പ്രതീകാത്മകമായ പ്രാധാന്യമുണ്ട്. എന്നാൽ ഭരണഘടനാധാര്മിക; പൗരാവകാശം, ജനാധിപത്യം, സ്വാതന്ത്ര്യം, സാമൂഹ്യനീതി, ഫെഡറലിസം തുടങ്ങിയ അടിസ്ഥാന മൂല്യങ്ങൾക്കെതിരായ ഭരണകൂട ആക്രമണങ്ങളെ പ്രതിരോധിക്കാൻ തൻറെ മുൻഗാമികളെ പോലെ തന്നെ അദ്ദേഹവും തയ്യാറായില്ല എന്നതാണ് വസ്തുത. അതിനുമപ്പുറം, തൻറെ പിൻഗാമിക്ക് അദ്ദേഹം കൈമാറുന്നത് കൂടുതൽ കേന്ദ്രീകൃതമായ, കൂടുതൽ ഭരണകൂട അനുകൂലമായ, ആഭ്യന്തര അച്ചടക്കരാഹിത്യംകൊണ്ടു ദുർബലമായ, ഒരു സംവിധാനത്തെയാണ്.
Published in Madhyamam Weekly on 20205, Dec 15-22 Volume
തമിഴ്നാട് ഗവൺമെൻറ് സമർപ്പിച്ച ഹർജിയീൽ ഗവർണറുടെ അധികാരത്തെ പരിമിതപ്പെടുത്തിയ വിധി സംബന്ധിച്ച്, ഭരണഘടനയുടെ അനുഛേദം 143 പ്രകാരം ഇന്ന് സുപ്രീംകോടതി പ്രകടിപ്പിച്ച അഭിപ്രായത്തെ പലരും സമതുലിതമായ തീരുമാനമെന്ന് പ്രകീർത്തിക്കുന്നത് കണ്ടു. എന്നാൽ ഫലത്തിൽ സംഭവിച്ചത് അതല്ല. അധികാര ദുർവിനിയോഗത്തിലൂടെ ഗവർണർമാർ സംസ്ഥാന നിയമസഭകളെ ജനാധിപത്യവിരുദ്ധമായി നിയന്ത്രിക്കുന്ന ഭരണഘടനാപരമായ പ്രതിസന്ധി ശരിയാംവിധം വിശദീകരിക്കുന്നതിനു പകരം, ഇന്നത്തെ കോടതി നടപടി ബാക്കിയാക്കുന്നത് അവ്യക്തതകളും നിയമവൈജ്ഞാനിക പരമായ അനിശ്ചിതത്വവുമാണ്. കേന്ദ്ര എക്സിക്യൂട്ടീവിനെ കൂടുതൽ ശക്തിപ്പെടുത്തുന്നതാണ് കോടതി നിലപാട് എന്ന വിമർശനം ഇതിനോടകം ഉയർന്നു കഴിഞ്ഞു. തീർച്ചയായും കേന്ദ്ര-സംസ്ഥാന ബന്ധങ്ങളിൽ അവ്യക്തതയും വിശ്വാസരാഹിത്യവും വളർത്താനാണ് ഇത് വഴി വയ്ക്കുക. മാത്രവുമല്ല, തങ്ങൾക്ക് താല്പര്യമില്ലാത്ത ഏതൊരു വിധിയെയും, അനുഛേദം 143 അനുവദിക്കുന്ന ‘ഉപദേശം’ എന്ന ഉപായം ഉപയോഗിച്ച് പുനപരിശോധിക്കാം എന്ന സാഹചര്യവും ഒരുക്കുന്നു. ഇത് ജുഡീഷ്യൽ അച്ചടക്കത്തെ വലിയ തോതിൽ ഹനിക്കുന്നതാണ്.
അനുച്ഛേദം 143
ഭരണഘടനയുടെ അനുച്ഛേദം 143, പൊതു താൽപര്യമുള്ള വിഷയങ്ങളിൽ സുപ്രീംകോടതിയുടെ ഉപദേശം തേടുവാൻ രാഷ്ട്രപതിയെ അനുവദിക്കുന്നുണ്ട്. അത് ഉപദേശസ്വഭാവം ഉള്ളതാണെന്ന് ഭരണഘടന വ്യക്തമാക്കുന്നുമുണ്ട്. അഡ്വൈഴ്സേറിയൽ, നിയമനടപടികളിലൂടെ പ്രസ്താവിക്കപ്പെടുന്ന വിധികൾക്കു സമാനമായ നിയമസാധുത ഇതിനില്ല. ഈ അഭിപ്രായമാണ് രാജ്യത്തെ നിയമം എന്ന് പറയാനാവില്ല. എന്നാൽ ഇന്നത്തെ അഭിപ്രായ പ്രകടനം, ഒരു പുന പരിശോധനക്ക് സമാനമായ സ്വഭാവമുള്ളതാണ്. വിധിയെക്കുറിച്ച് ഗുരുതരമായ കാര്യങ്ങൾ അതിൽ പ്രതിപാദിക്കുന്നുണ്ട്.
അവ്യക്തതകൾ മാത്രം
ഗവർണർമാരോ രാഷ്ട്രപതിയോ ഒരു ബില്ല് അംഗീകരിക്കുന്നത് സംബന്ധിച്ച് കൃത്യമായ സമയപരിധി നിശ്ചയിക്കുന്നതിന് കോടതിക്ക് അധികാരമില്ല എന്നാണ്, ആദ്യ നിഗമനം. എന്നാൽ ‘വലിയ കാലയളവുകളിൽ’ ബില്ലുകൾ തടഞ്ഞുവച്ചാൽ കോടതിക്ക് ‘പരിമിതമായ തോതിൽ’ ഇടപെടാം എന്നും പറയുന്നുണ്ട്. ‘ന്യായമായ’ സമയത്തിനകം ഗവർണർമാർ തീരുമാനമെടുക്കണമെന്ന നിർദ്ദേശവുമുണ്ട്.
പ്രായോഗികമായി സമീപിക്കാൻ കഴിയുന്ന മാനദണ്ഡങ്ങൾ നിശ്ചയിക്കുന്നതിന് പകരം, ഭാവിയിൽ സങ്കീർണമായ നിയമവ്യവഹാരങ്ങൾക്ക് കാരണമായേക്കാവുന്ന പദപ്രയോഗങ്ങളാണ് കോടതി നടത്തിയിരിക്കുന്നത്. ഗവർണർ നടപടി സ്വീകരിക്കേണ്ട, ‘ന്യായമായ സമയം’ എന്നാൽ എന്താണ്? ‘ദീർഘമായ കാലവിളംബം’’ എത്ര നാളാണ്? കോടതിക്ക് ഇടപെടാൻ കഴിയുന്ന ‘പരിമിതമായ മേഖല’ ഏതൊക്കെയാണ്? ഇതിനൊന്നും വ്യക്തതയില്ല. ഗവർണർമാർക്ക് തന്നിഷ്ടപ്രകാരം എത്രകാലം വേണമെങ്കിലും ബില്ലുകൾ തടഞ്ഞു വയ്ക്കാൻ കഴിയില്ല, എന്നാൽ എത്രനാൾ കൈവശം വയ്ക്കാം എന്ന് പറയുന്നുമില്ല. വിവിധ ഹൈക്കോടതികളിൽ നിന്ന് വ്യത്യസ്തമായ വ്യാഖ്യാനങ്ങൾ ഉണ്ടായേക്കാവുന്ന സന്നിഗ്ദത ഇവിടെയുണ്ട്.
ഭരണകൂടത്തിനൊപ്പം നീങ്ങുന്ന കോടതികൾ
ഭരണഘടനാ കോടതികൾ ഭരണകൂട കോടതികളായി മാറിയിരിക്കുന്നു എന്ന വിമർശനത്തെ സാധൂകരിക്കുന്ന സംഭവങ്ങളാണ് സുപ്രീംകോടതിയിൽ അരങ്ങേറി കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ആഴ്ചയിലാണ് ചീഫ് ജസ്റ്റിസ് ഗവായിയുടെ ബഞ്ച്, ജസ്റ്റിസ് എ എസ് ഓകയും ജസ്റ്റിസ് ഉജ്ജുൽ ഭുയാനും ചേർന്ന് വിധിപ്രസ്താവം രചിച്ച വനശക്തി കേസിലെ ഉത്തരവ് കീഴ്മയിൽ മറിച്ചത്. പാരിസ്ഥിതിക അനുമതികൾ ഇല്ലാതെ ആരംഭിച്ച വൻകിട പദ്ധതികൾക്ക് മുൻകൂർ പ്രാബല്യത്തോടെ അനുമതി നൽകുന്നതിന് അവസരം നൽകിയ യൂണിയൻ ഗവൺമെൻറിൻറെ വിജ്ഞാപനം റദ്ദു ചെയ്യുകയാണ് കോടതി മുൻപ് ചെയ്തത്. എന്നാൽ ആ വിധി സുപ്രീം കോടതി തിരുത്തി. ജസ്റ്റിൽ ഭുയാൻ എഴുതിയ വിയോജന വിധിന്യായത്തിൽ ഈ തീരുമാനം ഒരു പിൻ നടത്തമിണെന്ന് രേഖപ്പെടുത്തുന്നു.
അനുഛേദം 143 ദുരുപയോഗം
ഇവിടെ അനുച്ഛേദം 143 പ്രയോഗിച്ച രീതി ആശങ്കപ്പെടുത്തുന്നതാണ്. യഥാർത്ഥമായ , ഭരണഘടനാപരമായ സംശയ നിവർത്തിക്കു വേണ്ടിയാണ് രാഷ്ട്രപതിക്ക് ഉപദേശങ്ങൾ തേടാനുള്ള പ്രത്യേക അധികാരം വിഭാവനം ചെയ്തിരിക്കുന്നത്. എന്നാൽ അത് ഗവൺമെന്റിന് ഇഷ്ടമല്ലാത്ത ഉത്തരവുകൾ പുന പരിശോധിക്കുന്നതിനുള്ള എളുപ്പ മാർഗം ആവുകയാണിവിടെ. ഇന്നത്തെ വിധിയിലൂടെ, പുനഃ പരിശോധന ഹർജി ഇല്ലാതെ തന്നെ ഗവൺമെൻറ് കാര്യം നേടിയിരിക്കുന്നു. സമഗ്രമായ വാദവിചാരങ്ങൾക്കു ശേഷം പുറപ്പെടുവിച്ച ഒരു ഉത്തരവിനെ കുറിച്ച് ‘അഭിപ്രായം’ പറയുവാനും വിമർശിക്കുവാനും തയ്യാറാവുക വഴി ജുഡീഷ്യൽ അച്ചടക്കത്തിന്റെ കടയ്ക്കൽ കോടാലി വയ്ക്കുന്ന പണിയാണ് ഇവിടെ നടന്നിട്ടുള്ളത്. ഭരണഘടനയുടെ അനുഛേദം 141 പ്രകാരം, സുപ്രീംകോടതി ഉത്തരവുകൾ രാജ്യത്തെ നിയമമാണ്, അഭിപ്രായം പറയുന്ന ബെഞ്ചിനും അത് ബാധകമാണ്.
ദുർബലപ്പെടുന്ന ഫെഡറലിസം
കേന്ദ്ര-സംസ്ഥാന ബന്ധങ്ങളെ സസൂക്ഷ്മം പരിപാലിക്കേണ്ട ഫെഡറൽ പ്രശ്നമായാണ് ഇന്ത്യൻ ഭരണഘടന സമീപിക്കുന്നത്. രാഷ്ട്രീയത്തിന് അതീതമായ ഉപദേശസ്വഭാവമുള്ള വ്യക്തിത്വങ്ങൾ ഗവർണർ സ്ഥാനത്തേക്ക് എത്തുമെന്നാണ് രാഷ്ട്രശില്പികൾ കരുതിയിരുന്നത്. എന്നാൽ സ്വതന്ത്ര ഇന്ത്യയുടെ ചരിത്രം, മറ്റൊരു ചിത്രമാണ് നമുക്ക് മുന്നിൽ വരച്ചിടുന്നത്. കേരളത്തിലെ ആദ്യ മന്ത്രിസഭയെ പിരിച്ചുവിട്ടത് മുതൽ, സമീപകാലത്ത് തമിഴ്നാട്ടിലെയും കേരളത്തിലെയും തെലുങ്കാനയിലെയും മഹാരാഷ്ട്രയിലെയും പശ്ചിമബംഗാളികളെയും ഗവർണർമാർ നടത്തുന്ന പക്ഷപാതിത്വപരമായ പ്രവർത്തനങ്ങൾ വരെ ഇതിന് ഉദാഹരണങ്ങളാണ്. നിയമസഭാ പാസാക്കിയ ബില്ലുകൾ വർഷങ്ങളോളം യാതൊരു നടപടിയും സ്വീകരിക്കാതെ തടഞ്ഞു വയ്ക്കുന്ന നിലപാടുകൾ ഗവർണർമാർ സ്വീകരിക്കുന്നു. അതിനെ പ്രായോഗികമായി തടയാൻ സഹായിക്കുമായിരുന്ന ഒരു വിധിയിലാണ് ഇന്ന് ദുരൂഹമായ ഒരു മാർഗ്ഗത്തിലൂടെ വെള്ളം ചേർത്തിരിക്കുന്നത്. ഇത് ഫെഡറലിസത്തിനൊരു തിരിച്ചടി തന്നെയാണ്. ഇത്തരം ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന, ജുഡീഷ്യൽ അച്ചടക്കത്തിന് വിരുദ്ധമായ, ഉപദേശം തേടലുകൾ കോടതി പരിഗണിക്കാതിരിക്കുകയായിരുന്നു വേണ്ടിയിരുന്നത് എന്ന് ഭരണഘടനാ വിദഗ്ധർ അഭിപ്രായപ്പെടുന്നു.
ചീഫ് ജസ്റ്റിസ് ഗവായി പറയുന്നതുപോലെ കോടതികൾ നിയമപരമായ സംയമനം പാലിക്കാൻ ബാധ്യസ്ഥരാണ്, എന്നാൽ അതിൻറെ പേരിൽ ഉത്തരവാദിത്തങ്ങളിൽ നിന്നും ഒഴിഞ്ഞുമാറുന്നത് ദൗർഭാഗ്യകരമാണ്. നമ്മുടെ ജനാധിപത്യത്തിന്റെ ഘടനയെയും, ഫെഡറൽ തത്വങ്ങളെയും നിർവചിക്കുന്ന സുപ്രധാനമായ ഉത്തരവാദിത്തങ്ങൾ, തെരഞ്ഞെടുക്കപ്പെട്ടതല്ലാത്ത അധികാര കേന്ദ്രങ്ങളുടെ തോന്ന്യാസങ്ങൾക്ക് വിട്ടുകൊടുക്കരുത്. ഇന്നത്തെ ഉപദേശ സ്വഭാവമുള്ള അഭിപ്രായം ചെയ്യുന്നതും അതുതന്നെയാണ്. സൗമ്യമായ ഭാഷയിൽ പറഞ്ഞാൽ, ഭരണഘടനാപരമായ അച്ചടക്കവും, ഫെഡറൽ സമതുലതയും സംരക്ഷിക്കുവാനും ഗവർണർ പദവിയുടെ ദുരുപയോഗം തടയാനുമുള്ള ഒരു അവസരം സുപ്രീംകോടതി നഷ്ടപ്പെടുത്തിയിരിക്കുന്നു.
രാജമെമ്പാടും നടപ്പിലാക്കി ൺക്കൊണ്ടിരിക്കുന്ന വോട്ടർപട്ടികയുടെ തീവ്ര പരിശോധന, ഒന്നോ രണ്ടോ പതിറ്റാണ്ടുകളുടെ ഇടവേളകളിൽ നടക്കുന്ന ഒരു സാധാരണ പരിപാടിയാണെന്നുള്ള തരത്തിലാണ് ഇലക്ഷൻ കമ്മീഷൻ പൊതുജന സമക്ഷം അവതരിപ്പിച്ചിട്ടുള്ളത്; വീട് വിടാന്തരം കയറിയിറങ്ങി വോട്ടർ പട്ടികയുടെ കൃത്യത ഉറപ്പുവരുത്തുന്നതിനുള്ള സംവിധാനം. എന്നാൽ സൂക്ഷ്മ പരിശോധനയിൽ, ഇത് ചരിത്രത്തിൽ സമാനതകളില്ലാത്ത പ്രക്രിയയാണെന്ന് കാണാം. വോട്ടർപട്ടിക പരിശോധനയും പൗരത്വനിർണയവും തമ്മിലുള്ള അതിർവരമ്പ് ഇല്ലാതാക്കുന്ന, ഒരുപാട് മനുഷ്യരെ പുറന്തള്ളാൻ സാധ്യതയുള്ള, വളരെ പ്രധാനപ്പെട്ട സ്വകാര്യ വിവരങ്ങളുടെ ഭീതിതമായ കേന്ദ്രീകരണത്തിന് വഴിവയ്ക്കുന്ന, പൗരത്വം തെളിയിക്കുന്നതിനുള്ള ബാധ്യത സാധാരണ മനുഷ്യർക്ക് മേൽ ചുമത്തുന്ന നടപടിയാണ് ഇപ്പോൾ പ്രയോഗത്തിൽ വന്നുകൊണ്ടിരിക്കുന്നത്. എല്ലാവരെയും ചേർത്തുപിടിക്കുന്ന രാജ്യത്തിൻറെ ജനാധിപത്യ ഭൂമികയിൽ, അനാവശ്യവും ഭരണഘടനാവിരുദ്ധവുമായ ഇടപെടലായി ഇത് മാറുന്നു.
കേരള ഗവൺമെൻറ് ഉൾപ്പെടെ നിരവധിപേർ എസ് ഐ ആർ തടയണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കോടതിയെ സമീപിച്ചിട്ടുണ്ട്. അതിനു നിരവധി കാരണങ്ങളുണ്ട്. (1) രാജ്യത്തെ മനുഷ്യരുടെ പൗരത്വം നിർണയിക്കുന്നതിനുള്ള അധികാരം ഇലക്ഷൻ കമ്മീഷനില്ലെന്ന ഒരൊറ്റ കാരണം കൊണ്ട് ഇപ്പോൾ നടക്കുന്നതുപോലെയുള്ള തീവ്ര പരിശോധന ഭരണഘടനാവിരുദ്ധമാണ്. (2) കേരളം ഉൾപ്പെടെ പല പ്രദേശങ്ങളിലും ഇത് നടപ്പിലാക്കുന്ന സമയം, ഉദ്യോഗസ്ഥ സംവിധാനത്തെയും സാധാരണ പൗരരെയും സമ്മർദ്ദത്തിലാക്കുന്നതാണ്. (3) ബീഹാറിലെ തീവ്ര പരിശോധന പൂർത്തിയാക്കിയപ്പോൾ വ്യക്തമായത് പോലെ, നമ്മുടെ വോട്ടർപട്ടികയിൽ വ്യാപകമായി വൈദേശികർ കടന്നു കൂടിയിട്ടൊന്നുമില്ല, എന്നാൽ അരികുവൽക്കരിക്കപ്പെട്ട, ദരിദ്രരായ, നിരക്ഷരരായ, ഒരുപാട് മനുഷ്യരെ പുറന്തള്ളുന്നതിന് ഇതുവഴി വച്ചേക്കാം. (4) രാഹുൽ ഗാന്ധി ഉൾപ്പെടെ നിരവധി പേർ ചൂണ്ടി കാണിച്ചിട്ടുള്ള വോട്ടർപട്ടികയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ആവശ്യമായ സോഫ്റ്റ്‌വെയർ സംവിധാനവും ഉദ്യോഗസ്ഥ വ്യവസ്ഥയും ഇലക്ഷൻ കമ്മീഷനുണ്ട്, എന്നാൽ അതുപ്രയോഗപ്പെടുത്താൻ തയ്യാറാവാതെ എസ് ഐ ആറിലേക്ക് പോവുകയാണ് കമ്മീഷൻ ചെയ്യുന്നത്. (5) അതുപോലെ നിർബന്ധിതമല്ലെങ്കിലും, വോട്ടർപട്ടിയെ ആധാറുമായി ബന്ധിപ്പിക്കുന്ന പ്രക്രിയ ഊർജ്ജിതമാക്കുവാനും കേന്ദ്രീകൃതമായി അപകടകരമാംവിധം വലിയ വിവരശേഖരം, കാര്യമായ സുരക്ഷ ക്രമീകരണങ്ങൾ ഒന്നുമില്ലാതെ സൃഷ്ടിക്കുവാനും ഈ പ്രക്രിയ വഴിവയ്ക്കുന്നുണ്ട്. (6) പൗരത്വം നിർണയം എന്ന ഭൂരിപക്ഷ വർഗീയ രാഷ്ട്രീയ ദർശനത്തിന്റെ വിശാല പദ്ധതിയോട് ചേർന്നുനിൽക്കുന്നു എന്നതിനാൽ എസ് ഐ ആർ പ്രാഥമികമായും എതിർക്കപ്പെടേണ്ടതാണ്.
കമ്മീഷൻ അധികാരപരിധി ലംഘിക്കുന്നു
ഭരണഘടനയുടെ അനുഛേദം 324 അനുസരിച്ച്, രാജ്യമാകെ തെരഞ്ഞെടുപ്പിന്റെ നടത്തിപ്പിന് മേൽനോട്ടം വഹിക്കുക എന്ന ഉത്തരവാദിത്തമാണ് തിരഞ്ഞെടുപ്പ് കമ്മീഷനുള്ളത്. അതിനായി 1960-ലെ ജനപ്രാധിനിത്യ നിയമവും, ചട്ടങ്ങളും അനുസരിച്ചാണ് പ്രവർത്തിക്കേണ്ടത്. വോട്ടർ പട്ടികയുടെ പുനപരിശോധന അതിലെ പ്രധാനപ്പെട്ട ഘടകമാണ്, കാലാകാലങ്ങളിൽ സമ്മറി റിവിഷനുകൾ നടന്നുപോരുന്നതുമാണ്. എന്നാൽ സുപ്രീംകോടതിയുടെ മുന്നിൽ ഇപ്പോൾ ഉന്നയിക്കപ്പെട്ടിട്ടുള്ള പ്രശ്നം, രാജ്യവ്യാപകമായി വീടുകൾ കയറിയിറങ്ങി പൗരത്വം തെളിയിക്കുവാൻ ഇന്ത്യക്കാരോട് ആവശ്യപ്പെടാനും, വ്യാപകമായി വോട്ടർമാരെ നീക്കം ചെയ്യാനും അധികാരപ്പെടുത്തുന്ന നടപടി, ഇലക്ഷൻ നിയമങ്ങളും ഭരണഘടനയും പൗരന നൽകുന്ന മിനിമം സുരക്ഷിതത്വത്തെ മറികടക്കുന്നതല്ലേ എന്നതാണ്. ഇലക്ഷൻ കമ്മീഷന് വോട്ടർപട്ടിക പരിശോധിക്കുവാനും തെളിവു ശേഖരിക്കുവാനുമൊക്കെ അധികാരം ഉണ്ടായിരിക്കും എന്നാൽ രാജ്യ വ്യാപകമായി പൗരത്വ പരിശോധന നടത്തുവാനുള്ള അധികാരമില്ല. പൗരത്വം ഒരു മനുഷ്യൻറെ അവകാശങ്ങൾക്കുള്ള അവകാശമാണ്. അതിൽ തൊട്ടു കളിക്കുന്നതിന് കൃത്യമായ നിയമപരിരക്ഷകളും ചട്ടങ്ങളും അനിവാര്യമാണ്.
രാജ്യത്ത് പൗരത്വം നിർണയിക്കുന്നത് പാർലമെൻറ് പാസാക്കിയ പൗരത്വനിയമം അനുസരിച്ചാണ്. ഇന്ത്യയുടെ സവിശേഷത പരിഗണിച്ച്, പരമാവധി മനുഷ്യരെ ജനാധിപത്യ പ്രക്രിയയുടെ ഭാഗമാക്കുന്നതിനുതകും വിധമുള്ള പ്രവർത്തനമാണ് പ്രാരംഭ കാലം മുതൽ ഇലക്ഷൻ കമ്മീഷൻ ചെയ്തു പോന്നിട്ടുള്ളത്. രാജ്യത്തെ ജനങ്ങളെ വിശ്വാസത്തിലെടുത്തു കൊണ്ട്, അവർ പൗരരാണെന്ന് വിചാരിച്ചു കൊണ്ട്, കരട് പട്ടികകൾ പരിശോധിച്ച് പരാതികളും ആക്ഷേപങ്ങളും പരിഗണിച്ച്, പരാതി പരിഹാരത്തിനുള്ള കൃത്യമായ നടപടിക്രമങ്ങൾ പാലിച്ചാണ് അത് നടന്നു പോന്നത്. പകരം വീടുകളിൽ പരിശോധനയ്ക്ക് വരുന്ന ബൂത്ത് ലെവൽ ഓഫീസർമാരെ നടക്കുന്ന പൗരത്വ ട്രിബ്യൂണലുകൾ ആക്കി മാറ്റുന്നത് അംഗീകരിക്കാനാവില്ല. പൗരത്വനിർണയമെന്ന് യൂണിയൻ ഗവൺമെന്റിന്റെ പണി ഇലക്ഷൻ കമ്മീഷൻ അങ്ങനെ ഡെലിഗേറ്റ് ചെയ്തു കൊടുക്കേണ്ടതല്ല.
കേരളത്തിലെ എസ് ഐ ആർ
അവധാനതയേതുമില്ലാതെ, അനുചിതമായ സമയത്ത് ഒരു പദ്ധതി എങ്ങനെ നടപ്പിലാക്കാം എന്നതിന് ഉദാഹരണമാണ് കേരളത്തിലെ എസ് ഐ ആർ. സംസ്ഥാനം തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന ഘട്ടത്തിൽ, ജനങ്ങളും ഉദ്യോഗസ്ഥ സംവിധാനവും അതിൻറെ തിരക്കിൽ ആയിട്ടുള്ള സമയത്ത്, ഇത്തരമൊരു പരിപാടിയുമായി വരുന്നതിനെതിരെ സംസ്ഥാന നിയമസഭ ഐകകണ്ഠേന പ്രമേയത്തിലൂടെ എതിർത്തിട്ടുണ്ട്. ഒരു തിരഞ്ഞെടുപ്പ് പ്രക്രിയ സംഘടിപ്പിക്കുന്നതിനിടയ്ക്ക് തീവ്ര പരിശോധന കൂടി നടത്തുന്നത് വലിയ ആശങ്കകളും അവ്യക്തതകളും സൃഷ്ടിച്ചിട്ടുണ്ട്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള വോട്ടർ പട്ടികയുടെയും എസ് ഐ ആർ വഴി നിയമസഭയിലേക്കുള്ള വോട്ടർപട്ടികയുടെയും പരിശോധന ഒരേ സമയമാണ് നടക്കുന്നത്. തെരഞ്ഞെടുപ്പിന്റെ സുഖമമായ പ്രവർത്തനങ്ങൾക്ക് ആവശ്യമായി വരുന്ന ഉദ്യോഗസ്ഥ വൃന്ദത്തെ തന്നെയാണ് എസ് ഐ ആറിനും നിയോഗിച്ചിട്ടുള്ളത്. ഇതിനെതിരെ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ് സംസ്ഥാന സർക്കാർ. ഇത്ര തിരക്കിട്ട് നടപ്പിലാക്കുന്നത് അതിഥി തൊഴിലാളികളും കൂലിവേലക്കാരും പിന്നാക്ക വിഭാഗക്കാരും ഉൾപ്പെടെ അടിസ്ഥാന വർഗ്ഗത്തിൻറെ വോട്ടവകാശം കവർന്നെടുക്കുന്നതിന് ഇടയാക്കും എന്ന ആശങ്ക നിയമസഭ പ്രകടിപ്പിച്ചിട്ടുണ്ട്. ഇതിനു മുൻപ് എസ് ഐ ആർ നടത്തിയ അനുഭവം പരിശോധിച്ചാൽ ഇതൊന്നും വെറും ആശങ്കകൾ അല്ലെന്നും വാസ്തവവിചാരങ്ങൾ ആണെന്നും കാണാം.
ബീഹാറിലെ അനുഭവം
ഇതര രാജ്യങ്ങളിൽ നിന്നുള്ള ആളുകളുടെ സാമീപ്യം ഉണ്ടാവാൻ തീരെ സാധ്യത കുറഞ്ഞ ബിഹാറിൽ, നമ്മൾ പ്രതീക്ഷിച്ചത് പോലെ തന്നെയാണ് എസ് ഐ ആർ അവസാനിച്ചത്. രാഷ്ട്രീയ വർത്തമാനങ്ങളിൽ നിറഞ്ഞുനിന്ന കുടിയേറ്റക്കാരെയും വിദേശികളെയും ഒന്നും നമ്മൾ അവിടെ കണ്ടില്ല. മാത്രവുമല്ല, ആസാമിൽ സംഭവിച്ചത് പോലെ ജനങ്ങളെ സംശയിക്കേണ്ടവരുടെ പട്ടികയിലേക്ക് അഥവാ ഡി കാറ്റഗറിയിലേക്ക് മാറ്റുകയും ജനാധിപത്യ സംവിധാനത്തിൽ നിന്ന് പുറന്തള്ളുകയും ചെയ്യുന്ന നടപടിയുടെ പ്രാരംഭമായി അത് മാറുകയും ചെയ്തു. മരണപ്പെട്ടവരെയും ഇരട്ടിപ്പുകളെയും കുറെയധികം കണ്ടെത്തിയിട്ടുണ്ട് എന്നത് നേരാണ്. എന്നാൽ അതിലെ ഭീകരമായ തെറ്റുകൾ മാധ്യമങ്ങൾ പുറത്തുകൊണ്ടുവന്നിട്ടുണ്ട്. മരണപ്പെട്ടവരെയും ഇരട്ട വോട്ടുകളെയും കണ്ടെത്തുന്നതിന് ഇതര മാർഗ്ഗങ്ങൾ ഉണ്ടെന്ന വസ്തുതയും നിലനിൽക്കുന്നു.
സാങ്കേതികവിദ്യയുടെ ഉപയോഗം
യഥാർത്ഥ പ്രശ്നം വോട്ടർപട്ടികയുടെ ശുദ്ധീകരണമാണെങ്കിൽ, ഇരട്ടിപ്പുകളും വ്യാജ വോട്ടർമാരും ഒക്കെ ഇല്ലാതാക്കളാണെങ്കിൽ, വീടുകൾ കയറിയിറങ്ങി തെളിവ് ശേഖരിചുള്ള പരിശോധന അനിവാര്യമേയല്ല. കമ്പ്യൂട്ടർ സംവിധാനങ്ങളുടെ സഹായത്തോടെ ഡീ-ഡ്യൂപ്ലിക്കേഷന്‍ നടത്തി വോട്ടർപട്ടികയിലെ ആവർത്തനങ്ങൾ ഒഴിവാക്കാം. ആധുനിക ഐടി സങ്കേതങ്ങൾ ഉപയോഗിച്ച് ഇത്ര സങ്കീർണതയും പണ ചെലവുമില്ലാതെ അത് ചെയ്യാവുന്നതേയുള്ളൂ. ഡിജിറ്റൈസ് ചെയ്ത വോട്ടർ പട്ടികയും, മറ്റു സോഫ്റ്റ്‌വെയർ സംവിധാനങ്ങളും ഇലക്ഷൻ കമ്മീഷന്റെ കയ്യിൽ ലഭ്യമാണെന്നിരിക്കേ, വീടുകൾ കയറിയിറങ്ങി പൗരത്വത്തിന് തെളിവു ശേഖരിക്കുന്ന പരിപാടി ഒരു രാഷ്ട്രീയ ദിശാസൂചികയാണ്.
വിവരകേന്ദ്രീകരണം
വോട്ടർ പട്ടികയെ ആധാറുമായി ബന്ധിപ്പിക്കരുത് എന്ന് എന്ന് 2012-ൽ നമ്മുടെ ഭരണഘടന കോടതി വിധിച്ചിട്ടുണ്ട്. എന്നാൽ നിർബന്ധമല്ല, വേണമെങ്കിൽ ആവാം എന്ന് ബ്രാക്കറ്റിൽ എഴുതി പതിവ് പരിപാടി തുടരുകയാണ് കമ്മീഷൻ ഇവിടെയും ചെയ്യുന്നത്. ഫലത്തിൽ ദേശവ്യാപകമായി ആധാർ വോട്ടർ ഐഡി ബാന്ധവം നടക്കുകയാണ്. കേന്ദ്രീകൃത വിവരശേഖരങ്ങളുടെ അപകടങ്ങൾ ഇക്കാലത്ത് വളരെ വ്യക്തമാണ്. സർവൈലൻസിനും ജനാധിപത്യത്തെ അട്ടിമറിക്കുന്നതിനും അഭിപ്രായ സ്വാതന്ത്ര്യത്തെ ഇല്ലാതാക്കുന്നതിനും ഒക്കെ അത് വഴിവയ്ക്കും. വിവരസുരക്ഷാ നിയമവും അനുബന്ധ ചട്ടങ്ങളും ഇതുവരെ നിലവിൽ വന്നിട്ടില്ലാത്ത ഒരു രാജ്യത്താണ് ഇത്രയധികം മനുഷ്യരുടെ വിവരങ്ങൾ യാതൊരു മുൻകരുതലുകളും ഇല്ലാതെ ശേഖരിക്കുകയും കൈമാറുകയും വിവിധ ഇടങ്ങളിൽ വിവിധ തലങ്ങളിൽ വിവിധ രൂപങ്ങളിൽ ശേഖരിച്ച് സൂക്ഷിക്കുകയും ഒടുവിൽ കേന്ദ്രീകൃതമായി ബന്ധിപ്പിക്കപ്പെടുകയും ചെയ്യുന്നത്.
എസ് ഐ ആർ അഥവാ എൻ ആർ സി
പേര്, വോട്ടർ പട്ടികയുടെ തീവ്ര പരിശോധന എന്നാണെങ്കിലും ഫലത്തിൽ ഈ പരിപാടി ദേശീയ പൗരത്വ രജിസ്റ്റർ രൂപീകരണം തന്നെയാണ്. പൗരത്വ നിയമത്തിനനുസരിച്ച് കാലഘട്ടങ്ങൾ നിശ്ചയിച്ച് അതിനനുസൃതമായി രേഖകൾ ശേഖരിച്ച് ഇലക്ഷൻ കമ്മീഷൻ നടപ്പിലാക്കുന്നതിന് മറ്റൊരു പേരിടുന്നതെന്തിനാണെന്ന ചോദ്യം മാത്രമാണ് അവശേഷിക്കുന്നത്. ഓരോ ഇന്ത്യക്കാരുടെയും, അവരുടെ മാതാപിതാക്കളുടെയും, ജനനതീയതിയും അതിനു അനുബന്ധമായ രേഖകളുമാണ് ശേഖരിക്കുന്നത്. എൻ ആർ സി നടപ്പിലായപ്പോഴും ഇതുതന്നെയാണ് സംഭവിച്ചത്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ പത്രസമ്മേളനത്തിനിടെ ആസാമിൽ ഇപ്പോൾ എസ് ഐ ആർ നടപ്പിലാക്കാത്തത് അവിടെ എൻ ആർ സി ഉള്ളതുകൊണ്ടാണ് എന്ന് തുറന്നു പറയുകയുമുണ്ടായി. ഭൂരിപക്ഷ രാഷ്ട്രീയ ദർശനങ്ങളുടെ പ്രയോക്താക്കളെ അമ്പരപ്പിക്കുന്ന തരത്തിൽ അസാമിലെ എൻആർസിയിൽ രാജ്യ രഹിതരായ പത്തൊമ്പതര ലക്ഷം പേരിൽ ഭൂരിപക്ഷവും ഹിന്ദുക്കളായിരുന്നു എന്ന യാഥാർത്ഥ്യമാണ് അവിടെ തടസമാകുന്നത്. അത് സംബന്ധിച്ച വിശാലമായ സംവാദങ്ങളിലേക്ക് കടക്കുന്നതിനു മുൻപ്, ജനാധിപത്യ സംവിധാനം സുഗമമായ മുന്നോട്ടുപോകണമെന്ന് ആഗ്രഹിക്കുന്നുവെങ്കിൽ ഇലക്ഷൻ കമ്മീഷൻ അടിയന്തരമായി ചെയ്യേണ്ടത് താൽക്കാലികമായിട്ടെങ്കിലും, ഇപ്പോൾ നടക്കുന്ന കേരളം പോലുള്ള ഇടങ്ങളിൽ പ്രവർത്തനം നിർത്തിവയ്ക്കുക എന്നതാണ്. സുപ്രീംകോടതിയുടെ പങ്കും ചെറുതല്ല, ഇലക്ടറൽ ബോണ്ടിന്റെയും, അനുഛേദം 370ന്റെയും, ആധാറിന്റെയും ഒക്കെ കാര്യത്തിൽ സംഭവിച്ചത് പോലെ, ഭരണസംവിധാനങ്ങൾ കാര്യം നേടുന്നതുവരെ കേസിന്റെ വിചാരണ നീട്ടിക്കൊണ്ടുപോയി ഫലത്തിൽ ഭരണകൂടത്തിന് ഒത്താശ ചെയ്യുന്ന ഒരു സമീപനം ഉണ്ടാകരുത്. ഇടക്കാലം കൊണ്ട് എസ് ഐ ആറിന്റെ മെത്തഡോളജിയും സുതാര്യതയും എല്ലാം പരിശോധിക്കപ്പെടണം. ആധാർ ഉൾപ്പെടെ സ്വകാര്യ വിവരങ്ങൾ ശേഖരിക്കുമ്പോൾ അത് ഇലക്ട്രോണിക്കൽ ആയും ഭൗതികമായും കൈകാര്യം ചെയ്യുന്നതിലെ സൂക്ഷ്മത സംബന്ധിച്ച ചട്ടക്കൂട് രൂപീകരിച്ചത് പ്രസിദ്ധീകരിക്കണം. അതിൽ ആധുനിക ജനാധിപത്യ സമൂഹങ്ങൾ ആവശ്യപ്പെടുന്ന വിവരസുരക്ഷ-സ്വകാര്യത പരിരക്ഷകൾ ഉറപ്പുവരുത്തണം. സ്വകാര്യതയെ മാനിക്കുന്ന, സാങ്കേതികവിദ്യകളുടെ സഹായത്തോടെ വോട്ടർപട്ടിക ഫലപ്രദമായ ശുദ്ധീകരിക്കാൻ കഴിയുമെന്ന യാഥാർത്ഥ്യം അംഗീകരിച്ചുകൊണ്ട് പ്രവർത്തിക്കുവാൻ ഇലക്ഷൻ കമ്മീഷൻ തയ്യാറാവണം. വീടുകൾ കയറിയിറങ്ങി പൗരത്വം നിർണയത്തിന്റെ ഉത്തരവാദിത്വം സാധാരണ മനുഷ്യരുടെ തലയിൽ വച്ചു കൊടുക്കുന്നത് ജനാധിപത്യപരമായ സമീപനമല്ല. ഒരാൾ പൗരൻ അല്ല എന്നതിന് ന്യായമായി സംശയിക്കാൻ തക്ക സാഹചര്യമുണ്ടെങ്കിൽ അത് തെളിയിക്കുവാനും നടപടി സ്വീകരിക്കുവാനും കഴിയുന്ന വിഭവങ്ങളും സംവിധാനങ്ങളും സ്റ്റേറ്റിനുണ്ട്. ഇതൊന്നുമില്ലാത്ത പാവങ്ങൾ സ്റ്റേറ്റിന്റെ അടിസ്ഥാനരഹിതമായ സംശയങ്ങൾക്ക് നിവാരണം വരുത്തണം എന്ന് പറയുന്നത് നീതികേടാണ്. എല്ലാത്തിനും ഉപരി തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഭരണഘടനാപരമായ പരിധി എവിടെയാണെന്ന് സ്പർശീകരണം നടത്തുവാനുള്ള ബാധ്യത സുപ്രീംകോടതിക്കുണ്ട്.
അനിയന്ത്രിതമായ വിവരശേഖരങ്ങൾ സൃഷ്ടിക്കുന്നത് കൊണ്ടോ, നിസ്സഹായ മനുഷ്യരെ പുറന്തള്ളിക്കൊണ്ടോ ജനാധിപത്യം സംരക്ഷിക്കപ്പെടുകയില്ല. ഇനിയാലുടങ്ങാത്ത വൈവിധ്യങ്ങൾക്ക് അമ്മയായ നാടെന്ന നിലയ്ക്ക്, പരമാവധി മനുഷ്യരെ ഉൾക്കൊള്ളുന്ന, സുതാര്യതയും ഭരണകൂട ഉത്തരവാദിത്വവും വ്യക്തതയോടെ പ്രാവർത്തികമാകുന്ന, അബലരെ ചേർത്തുപിടിക്കുന്ന, ഭരണഘടനാ ധാർമികതയെ ഉയർത്തിപ്പിടിക്കേണ്ടത് അനിവാര്യമാണ്.
ചീഫ് ജസ്റ്റിസ് സ്ഥാനത്തേക്ക് ജസ്റ്റിസ് സൂര്യകാന്തിന്റെ വളർച്ചയും, മധ്യപ്രദേശ് ഹൈക്കോടതിയിൽ നിന്നും ജസ്റ്റിസ് അതുൽ ശ്രീധരന്റെ സ്ഥലംമാറ്റവും ജുഡീഷ്യൽ സ്വാതന്ത്ര്യത്തെ കുറിച്ചുള്ള ആകുലതകളുടെ സൂചകമാണ്.
പി ബി ജിജീഷ്
ഇന്ത്യയുടെ 53-ആം ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൂര്യകാന്ത് ചുമതലയേൽക്കുമ്പോൾ, സീനിയോറിറ്റിയും കീഴ്വഴക്കങ്ങളും വച്ചുനോക്കിയാൽ അസ്വാഭാവികമായി യാതൊന്നുമില്ല. എന്നാൽ ആഴത്തിൽ പരിശോധിച്ചാൽ, ജുഡീഷ്യൽ നിയമനങ്ങൾക്കും സ്ഥലം മാറ്റങ്ങൾക്കും ഭരണപരമായ തീരുമാനങ്ങൾക്കും പിന്നിൽ ഭരണകൂട താല്പര്യങ്ങൾ മുദ്രിതമായിരിക്കുന്നത് കാണാം. ജസ്റ്റിസ് അതുൽ ശ്രീധരന്റെ സ്ഥലംമാറ്റവും, ജസ്റ്റിസ് സൂര്യകാന്തിന്റെ ചീഫ് ജസ്റ്റിസ് സ്ഥാനവും, ഇന്ത്യൻ ജുഡീഷ്യറി അധികാര താല്പര്യങ്ങളോട് എങ്ങനെയാണ് പ്രതികരിക്കുന്നത് എന്നതിൻറെ നേർചിത്രമാണ്.
പൗരാവകാശങ്ങളുടെ നിതാന്ത കാവൽക്കാരനും ഫെഡറലിസത്തിന്റെ സംരക്ഷകനുമായിട്ടാണ് ഭരണഘടന നീതിന്യായ വ്യവസ്ഥിതിയെ വിഭാവനം ചെയ്തിട്ടുള്ളത്. എന്നാൽ പ്രയോഗത്തിൽ, ജുഡീഷ്യറിയും ഭരണകൂടവും തമ്മിലുള്ള അതിർവരമ്പുകൾ അപ്രത്യക്ഷമായി കൊണ്ടിരിക്കുന്നതായി കാണാം. നിയമനങ്ങളും സ്ഥലം മാറ്റങ്ങളുമെല്ലാം ഒത്തുതീർപ്പുകൾക്കുള്ള ഉപകരണമായി മാറുന്നു. ജുഡീഷ്യൽ സ്വാതന്ത്ര്യം ഉയർത്തിപ്പിടിക്കുന്നവർ ശിക്ഷിക്കപ്പെടുന്നു.
ജുഡീഷ്യൽ സ്വാതന്ത്ര്യം സംരക്ഷിക്കണമെന്ന കോടതിയുടെ ഉൽഘടമായ ആഗ്രഹം മൂലമാണ് കൊളീജിയം സംവിധാനം രൂപം കൊണ്ടത്. രാഷ്ട്രീയ ഇടപെടലുകളിൽ നിന്ന് ഉന്നത നീതിന്യായ സംവിധാനത്തെ പ്രതിരോധിക്കുകയായിരുന്നു അതിൻറെ ധർമ്മം. എന്നാൽ ഏതാനും ദശാബ്ദങ്ങൾ പിന്നിടുമ്പോൾ, കൊളീജിയം സുതാര്യതയേതുമില്ലാത്ത സംവിധാനമായി മാറിയിരിക്കുന്നു. ഗവൺമെന്റിന്റെ താൽപര്യപ്രകാരം ജഡ്ജിമാരുടെ സ്ഥലം മാറ്റ നിർദ്ദേശങ്ങൾ തിരുത്തുകയും, പരിഹരിക്കപ്പെടാത്ത ആരോപണങ്ങൾ നിലനിൽക്കുന്നവരെ പരമോന്നത നീതിപീഠത്തിലേക്ക് സ്വീകരിക്കുകയും ചെയ്യുന്നിടത്ത്, ജുഡീഷ്യൽ സ്വാതന്ത്ര്യം എന്ന വാക്കിന് അർത്ഥം നഷ്ടപ്പെടുകയാണ്.
ജസ്റ്റിസ് സൂര്യകാന്ത്
1962-ൽ ഹിസാറിൽ ജനിച്ച സൂര്യകാന്തി, പിന്നീട് ഹരിയാനയിലെ അഡ്വക്കേറ്റ് ജനറൽ ആവുകയും, 2004 ഹരിയാന ഹൈക്കോടതി ബെഞ്ചിൽ എത്തുകയും ചെയ്തു. 2018-ൽ അദ്ദേഹം ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി, 2019-ൽ സുപ്രീംകോടതിയിലുമെത്തി. ചീഫ് ജസ്റ്റിസ് ഗവായി അദ്ദേഹത്തിൻറെ പിൻഗാമിയായി സൂര്യകാന്തിനെ നിർദ്ദേശിച്ചു കഴിഞ്ഞു.
അദ്ദേഹത്തിൻറെ നിലപാടുകൾ സൂക്ഷ്മമായി വിലയിരുത്തപ്പെടേണ്ടതാണ് . രാജ്യദ്രോഹ കുറ്റം അഥവാ ഇന്ത്യൻ ശിക്ഷാനിയമത്തിന്റെ 124 എ വകുപ്പ് ഭരണഘടന വിരുദ്ധമാണെന്ന് സമർത്ഥിക്കുന്ന ഹർജി പരിഗണിച്ച ബെഞ്ചിന്റെ ഭാഗമായിരുന്നു ജസ്റ്റ് സൂര്യകാന്ത്. നിയമഭേദഗതി കൊണ്ടുവരാൻ പോകുന്നു എന്ന ഗവൺമെന്റിന്റെ ഉറപ്പിന്മേൽ, പ്രസ്തുത വകുപ്പ് താൽക്കാലികമായി മരവിപ്പിക്കുകയാണ് കോടതി ചെയ്തത്. അതിന്മേൽ എഫ് ഐ ആറുകൾ ഇടുന്നത് നിരോധിച്ചു. വളരെ പുരോഗമനപരമെന്ന് പ്രത്യക്ഷത്തിൽ തോന്നുന്ന വിധിയായിരുന്നു അത്. എന്നാൽ, ഈ ലേഖകൻ തന്നെ മുൻപ് എഴുതിയിട്ടുള്ളത് പോലെ, മുന്നിൽ വരുന്ന ഹരജിയിലെ ആവശ്യങ്ങൾ പരിഗണിക്കുകയും, ഭരണഘടനപരമല്ലെന്ന ആക്ഷേപത്തിന്റെ ജുഡീഷ്യൽ പരിശോധന നടത്തുകയുമായിരുന്നു കോടതി ചെയ്യേണ്ടിയിരുന്നത്. പരിശോധന നടന്നാൽ, നിശ്ചയമായും 124 ഭരണഘടനാ വിരുദ്ധമാണെന്ന് വിധിയെഴുതേണ്ടിവരും എന്ന് വലിയൊരു വിഭാഗം ഭരണഘടനാ വിശാരദരും വിശ്വസിച്ചു. എന്നാൽ ഗവൺമെന്റിന്റെ വാക്ക് മാനിച്ച്, എഫ് ഐ ആർ ഇടരുതെന്ന് നിർദ്ദേശത്തോടെ, ഭരണഘടനാപരമായ പരിശോധന നടത്താതെ കേസ് അവസാനിപ്പിച്ചത്, സമാനമായ കാര്യങ്ങൾ പ്രതിപാദിക്കുന്ന മറ്റൊരു നിയമ വകുപ്പ് കൊണ്ടുവരാൻ ഗവൺമെന്റിനവസരം നൽകി. ഒരു കാര്യം ഭരണഘടനാ വിരുദ്ധം എന്ന് സുപ്രീംകോടതി വിധിച്ചു കഴിഞ്ഞാൽ, അതിന് ലംഘിക്കുന്ന നിയമനിർമാണം നടത്തുക അസാധ്യമാണ്. ഇവിടെ ഭാരതീയ ന്യായസംഹിതയിൽ വകുപ്പ് 152 വഴി ദേശദ്രോഹക്കൂട്ടം ഒളിച്ചു കടത്തുവാൻ ഗവൺമെന്റിന് അവസരം ലഭിച്ചത്, 124എ കേസിൽ സുപ്രീംകോടതി തീരുമാനമെടുക്കാതെ പോയതുകൊണ്ടാണ്.
വിവാദങ്ങൾ
2018ൽ ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആകുമ്പോഴും 2019 സുപ്രീം കോടതിയിലേക്ക് എത്തിച്ചേരുമ്പോഴും, അദ്ദേഹത്തിന് എതിരായി ഉയർന്നുവന്ന ആരോപണങ്ങളിൽ മേൽ പ്രഖ്യാപിച്ചിരുന്ന അന്വേഷണം എങ്ങുമെത്തിയിരുന്നില്ല. അന്ന് കാരവൻ മാസിക, അദ്ദേഹത്തിന്രായ രണ്ടു പരാതികൾ സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടിരുന്നു. 2012-ൽ അദ്ദേഹത്തിൻറെ ദുരൂഹമായ ഭൂമി ഇടപാടുകൾ സംബന്ധിച്ച പരാതിയാണ് ഉണ്ടായിരുന്നത്. 2017 ഇൽ വിധി പറയാൻ കൈക്കൂലി വാങ്ങിയെന്ന ആരോപണവും വന്നു. അന്വേഷണം പൂർത്തിയാക്കി തീർത്തു കൽപ്പിക്കാത്ത ഈ പരാതികൾ നിലനിൽക്കാൻ അദ്ദേഹത്തെ സുപ്രീംകോടതിയിലേക്ക് ശുപാർശ ചെയ്യരുതെന്ന് സുപ്രീംകോടതി ജഡ്ജിയായിരുന്ന എ കെ ഗോയൽ പറഞ്ഞിരുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇവ ആരോപണങ്ങൾ മാത്രമായിരിക്കാം, എന്നാൽ അന്വേഷണം നടത്തി റിപ്പോർട്ട് വന്നു നിയമവഴികളിലൂടെ പോയാലല്ലേ വാസ്തവം ബോധ്യപ്പെടൂ? എന്നാൽ ആരോപണങ്ങൾ പരിഗണിച്ചു, പരിഗണിച്ചെങ്കിൽ അതിൽ അന്വേഷണം നടത്തിയോ? അന്വേഷണത്തിലെ കണ്ടപ്പ എന്തായിരുന്നു? കൊളീജിയം എങ്ങനെയാണ് ഈ ആരോപണങ്ങളെ തള്ളിക്കളഞ്ഞത് തുടങ്ങിയ കാര്യത്തിൽ ഒന്നും ഒരു വിശദീകരണവും പൊതുജനത്തിനു മുന്നിൽ ഇല്ല. പരാതികൾക്ക് അപ്പുറം ആരോപണങ്ങളിൽ കൊളീജിയം പുലർത്തുന്ന ഈ നിശബ്ദതയാണ് ജുഡീഷ്യറിയുടെ വിശ്വാസ്യതയ്ക്ക് മങ്ങലേൽപ്പിക്കുന്നത്. ഒരു ജനാധിപത്യ സംവിധാനത്തിൽ നീതിന്യായ വ്യവസ്ഥിതിയുടെ ആധികാരികതയ്ക്ക് പ്രമാണം ആകുന്നത് അതിൻറെ പ്രതിച്ഛായയും വിശ്വാസ്യതയും ആണ്.
ജസ്റ്റിസ് അതുൽ ശ്രീധർ
ജസ്റ്റിസ് സൂര്യകാന്തിന്റെ സുപ്രീംകോടതിയിലേക്കുള്ള വരവ്, കൊളീജിയത്തിന്റെ ഗോപ്യമായ പ്രവർത്തനങ്ങളെയാണ് വെളിവാക്കിയതെങ്കിൽ, ജുഡീഷ്യറിയിൽ ഭരണകൂടത്തിന്റെ ഇടപെടലുകളെ തുറന്നുകാണിക്കുന്നതായിരുന്നു മലയാളികൂടിയായ ജസ്റ്റിസ് അതുൽ ശ്രീധരന്റെ ട്രാൻസ്ഫർ.
ഭരണഘടനാപരമായ അവകാശങ്ങൾക്ക് ഒപ്പം നിൽക്കുന്ന ന്യായാധിപൻ എന്ന പേരുകേട്ട, ജസ്റ്റിസ് അതുൽ, തൻറെ മകൻ അഭിഭാഷക വൃത്തി ആരംഭിച്ചതിനെ തുടർന്ന് ജമ്മുകശ്മീരിലേക്ക് സ്ഥലംമാറ്റം ചോദിച്ചു വാങ്ങിയ വ്യക്തിയാണ്. പിന്നീട് മധ്യപ്രദേശ് ഹൈക്കോടതിയിലേക്ക് എത്തിയ അദ്ദേഹം ഈ കഴിഞ്ഞ ഓഗസ്റ്റ് മാസത്തിൽ ഛത്തീസ്ഗഡ് ഹൈക്കോടതിയിലേക്ക് മാറ്റുവാൻ സുപ്രീം കോടതി കോളേജിയം നിർദ്ദേശിച്ചു. എന്നാൽ രണ്ടുമാസം കഴിഞ്ഞപ്പോൾ, ‘ഗവൺമെന്റിന്റെ അഭ്യർത്ഥന പ്രകാരം’ അദ്ദേഹത്തെ അലഹബാദ് ഹൈക്കോടതിയിലേക്ക് ട്രാൻസ്ഫർ ചെയ്ത് കൊളീജിയം തീരുമാനമെടുത്തു. കോളേജിയം പ്രമേയത്തിൽ തന്നെ ‘പുനപരിശോധിക്കാനുള്ള ഗവൺമെന്റിന്റെ അഭ്യർത്ഥന മാനിച്ച് ജസ്റ്റിസ് അതുൽ ശ്രീധരനെ, ഛത്തീസ്ഗഡ് ഹൈക്കോടതിക്ക് പകരം, അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റുവാൻ നിർദ്ദേശിക്കുന്നു’ എന്ന രേഖപ്പെടുത്തിയിട്ടുണ്ട്.
ദുരുപദ്രവകരമായ ഒരു ബ്യൂറോക്രാറ്റിക് നടപടിയാണിതെന്ന് വിശ്വസിക്കുക പ്രയാസമാണ്. ഇത് അപകടകരമായ കീഴ്വഴക്കങ്ങൾ സൃഷ്ടിക്കുന്നു. അലഹബാദിൽ അദ്ദേഹം സീനിയോറിറ്റി പ്രകാരം ഏഴാമനാണ്. മധ്യപ്രദേശ് ഹൈക്കോടതിയിൽ രണ്ടാമനായിരുന്നു. ഛത്തീസ്ഗഡിൽ മൂന്നാമനും. അലഹബാദിലേക്ക് മാറിയതോടെ അദ്ദേഹത്തിന് ഹൈക്കോടതി കൊളീജിയത്തിലെ സ്ഥാനം നഷ്ടപ്പെട്ടു. പൗരാവകാശങ്ങളോടും ജനാധിപത്യ മൂല്യങ്ങളോടും ആഭിമുഖ്യം പ്രകടിപ്പിക്കുന്ന ഒരു ന്യായാധിപന് ജുഡീഷ്യറിയിൽ ഭരണപരമായ സ്വാധീനം ഉണ്ടായിരിക്കില്ലെന്ന് വന്നു.
ട്രാൻസ്ഫർ ശിക്ഷയായി മാറുമ്പോൾ
ഭരണഘടനയുടെ അനുഛേദം 222 അനുസരിച്ച്, ഇന്ത്യൻ ചീഫ് ജസ്റ്റിസുമായി കൂടിയാലോചിച്ച് ഹൈക്കോടതി ജഡ്ജിമാരെ സ്ഥലം മാറ്റാവുന്നതാണ്. ഭരണപരമായ അനിവാര്യതയുടെ അടിസ്ഥാനത്തിലാണ് ഇത്തരം മാറ്റങ്ങൾ നീതീകരിക്കപ്പെടുന്നത്. എന്നാൽ ജസ്റ്റിസ് വി ആർ കൃഷ്ണയ്യർ ഉൾപ്പെടെയുള്ള നിയമജ്ഞർ സ്ഥലം മാറ്റങ്ങൾ നിയന്ത്രണ ഉപാധികളായി മാറുന്നു എന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്. ഡൽഹി കലാപകാലത്ത് നിർണായക ഇടപെടലുകൾ നടത്തിയ ജസ്റ്റിസ് എസ് മുരളീധർ, ഡൽഹി ഹൈക്കോടതിയിൽ നിന്നും നീക്കം ചെയ്യപ്പെട്ടത് സമീപകാല ഉദാഹരണങ്ങളിൽ ഒന്നാണ്. സ്വതന്ത്ര നിലപാടുകൾ ഉള്ള ന്യായാധിപർ ഇത്തരത്തിൽ സ്ഥലം മാറ്റപ്പെടുമ്പോൾ അതു നൽകുന്ന സന്ദേശം ജുഡീഷ്യറിയിലെ സർവ്വ ആളുകൾക്കും മനസ്സിലാകും. ഒരു മുൻ ഹൈക്കോടതി ജഡ്ജി പ്രസ്താവിച്ചത് പോലെ: “ഒരു ട്രാൻസ്ഫറും ഒരു കഥ പറയുന്നുണ്ട്, സ്ഥലംമാറുന്ന ജഡ്ജിയോട് മാത്രമല്ല ഇത് കാണുന്ന എല്ലാ ജഡ്ജിമാരോടും.”
ഒഴിഞ്ഞുമാറൽ എന്ന തന്ത്രം
സുപ്രധാനമായ കേസുകളിൽ തീരുമാനമെടുക്കാതെ ദീർഘകാലത്തേക്ക് മാറ്റിവച്ച് , ഗവൺമെൻറ്കൾക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്ന സമീപനത്തോടൊപ്പമാണ്, സ്വതന്ത്ര നിലപാടുകൾ എടുക്കുന്ന ന്യായാധിപരെ സ്ഥലം മാറ്റുകയും, ദുരൂഹമായ പശ്ചാത്തലം ഉള്ളവരെ ഉന്നതസ്ഥാനങ്ങളിലേക്ക് ആനയിക്കുകയും ചെയ്യുന്ന പ്രവണത. പ്രധാനപ്പെട്ട ഭരണഘടനാ പ്രശ്നങ്ങൾ ഉൾക്കൊള്ളുന്ന ഹർജികളിലെല്ലാം ഈ ഒരു സമീപനം കാണാം. ആധാർ നിയമം പോലും ഇല്ലാതിരുന്ന കാലത്ത് അതിനെതിരെ സമർപ്പിച്ച ഹർജി ദീർഘകാലം തീരുമാനമെടുക്കാതെ വച്ചിട്ട്, നിയമം പാസാക്കിയതിനു ശേഷം മാത്രമാണ് അന്തിമ വിചാരണ ആരംഭിച്ചത്. അനുഛേദം 370, പൗരത്വ നിയമഭേദഗതി, ഇലക്ട്രൽ ബോണ്ട് തുടങ്ങിയ വിഷയങ്ങളെല്ലാം വർഷങ്ങളോളം അവഗണിക്കപ്പെട്ടു കിടന്നതിനുശേഷം ആണ് പരിഗണിക്കപ്പെട്ടത്. മണി ബില്ല് സംബന്ധിച്ച് അതിപ്രധാനമായ ഭരണഘടനാ പ്രശ്നം ഉന്നയിക്കപ്പെട്ട കേസ് ഉൾപ്പെടെ ഇനിയും എത്രയോ ഉദാഹരണങ്ങൾ നമുക്ക് മുന്നിലുണ്ട്.
അനുഛേദം 370 റദ്ദു ചെയ്തതിനോട് അനുബന്ധിച്ച് സമർപ്പിക്കപ്പെട്ട ബി എസ് ഹേബിയസ് കോർപ്പസ് ഹർജികൾ വിചിത്രമായ കോടതി നടപടികളിലേക്കാണ് നയിച്ചത്. രാഷ്ട്രീയ പ്രാധാന്യമുള്ള കേസുകളിലെ ജാമ്യ അപേക്ഷകൾ പോലും തുടർച്ചയായി നിരസിക്കപ്പെടുകയോ പരിഗണിക്കാതെ മാറ്റിവയ്ക്കുകയോ ചെയ്യുന്നത് കാണാം. ഭീമ കൊറേഗാവ് കേസിലും ഡൽഹി കലാപവുമായി ബന്ധപ്പെട്ട വിദ്യാർത്ഥി നേതാക്കളെ ഉൾപ്പെടുത്തിയ കേസിലും സംഭവിച്ചതതാണ്. അഞ്ചുവർഷത്തിലേറെ കാലമായി ഉമർ ഖാലിദ് ജയിലിൽ കഴിയുന്നു. ഈ പ്രശ്നം കേവലം വ്യക്തികളുടെയോ, പ്രത്യേക കേസുകളുടെയോ അടിസ്ഥാനത്തിലല്ല, വ്യവസ്ഥാപിതമായ പക്ഷപാതിത്വവുമായി മനസ്സിലാക്കപ്പെടേണ്ട രാഷ്ട്രീയ സാഹചര്യത്തിലാണ് നമ്മൾ ജീവിക്കുന്നത്.
ജസ്റ്റിസ് സൂര്യകാന്തിന്റെ നേതൃത്വം
കാലാവധി ഒരു വർഷത്തിനടുത്ത് മാത്രമാണെങ്കിലും, നിർണായകമായ കാലഘട്ടത്തിലാണ് ജസ്റ്റിസ് സൂര്യകാന്ത് ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് പദവിയിലേക്ക് എത്തുന്നത്. മാസ്റ്റർ ഓഫ് ദ് റോസ്റ്റർ അധികാരം ഉപയോഗിച്ചുകൊണ്ട് കേസുകൾ ഏതൊക്കെ ബെഞ്ചിനാണ് നൽകുക, കൊളീജിയം നടപടിക്രമങ്ങളെ എങ്ങനെയാണ് കൈകാര്യം ചെയ്യുക, സുപ്രീംകോടതിയിൽ അവശേഷിക്കുന്ന അനവധിയായ ഭരണഘടനാ പ്രശ്നങ്ങളിൽ എന്തു സമീപനമിയിരിക്കും സ്വീകരിക്കുക തുടങ്ങി ഒരുപാട് കാര്യങ്ങൾ നിരീക്ഷണ വിധേയമാകും. നീതിന്യായ സംവിധാനത്തിന് വിശ്വാസ്യത വീണ്ടെടുക്കുന്നതിന് എന്ത് സമീപനമാണ് സ്വീകരിക്കാൻ കഴിയുക എന്നത് പ്രസക്തമാണ്. ഭരണപരമായ അവധാനതയും ധാർമികമായ നിഷ്പക്ഷതയും മാത്രം മതിയാവില്ല, ഭരണഘടനാ ധാർമികതയോട് തീവ്രവാദപരമായ പ്രതിജ്ഞാബദ്ധത പ്രകടിപ്പിക്കേണ്ട കാലഘട്ടമാണിത്.
ഭരണകൂടവും ജുഡീഷ്യറിയും തമ്മിലുള്ള വിലപേശലുകളുടെ അപ്പക്കഷണങ്ങളായി നിയമങ്ങളും സ്ഥലം മാറ്റങ്ങളും മാറുമ്പോൾ, ഡോക്ടർ അംബേദ്കർ വിഭാവനം ചെയ്ത ഭരണഘടനയുടെ നിതാന്ത കാവൽക്കാരൻ എന്ന കടമ നിർവഹിക്കുന്നതിന് നീതിന്യായ സംവിധാനത്തിന് കഴിയാതെ പോകും. പ്രശ്ന വൽക്കരിക്കപ്പെടേണ്ട വിധി ന്യായങ്ങൾ മാത്രമല്ല, നിർണായക ഘട്ടങ്ങളിലെ നിശബ്ദതകളും വിലയിരുത്തപ്പെടേണ്ടതാണ്.
ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം ഉറപ്പുവരുത്തുന്ന സ്വയം നിയന്ത്രിത സംവിധാനമാണ് കൊളീജിയം എന്ന് പ്രഖ്യാപിച്ചാൽ മാത്രം പോരാ, അത് പൊതു സമൂഹത്തിന് ബോധ്യപ്പെടും വിധം സുതാര്യവും ജനാധിപത്യ ത്തോടെ ഉത്തരവാദിത്തമുള്ളതും ഭരണഘടനാധാർമ്മികത ഉയർത്തിപ്പിടിക്കുന്നതുമായിരിക്കണം.
സമകാലിക രാഷ്ട്രീയ വ്യവസ്ഥിതിയിൽ ഭരണഘടന എങ്ങനെ പ്രവർത്തിക്കുന്നു എന്ന് സൂചിപ്പിക്കുന്ന സുപ്രധാനമായ ഒരു മുഹൂർത്തത്തിന്റെ ഇരുവശങ്ങളാണ് ജസ്റ്റിസ് അതുൽ ശ്രീധരന്റെ സ്ഥലം മാറ്റവും ജസ്റ്റിസ് സൂര്യകാന്തിന്റെ നിയമനവും. ഒരാൾ ഭരണഘടനാ ധാർമികതയോട് പരമാവധി ചേർന്നു നിൽക്കുമ്പോഴും നിരീശ്വരയുടെ അധികാര വ്യവസ്ഥിതിയിൽ നിന്നും ഒഴിവാക്കപ്പെടുന്നു; മറ്റൊരാൾ, ഉത്തരം ആവശ്യപ്പെടുന്ന അനേകം ചോദ്യങ്ങൾക്കിടയിലും നീതിപീഠത്തിന്റെ പരമോന്നത സ്ഥാനത്തേക്ക് ഉയർത്തപ്പെടുന്നു. ഇവർക്കിടയിലുള്ള അവ്യക്തഭൂമികയിലാണ് സമകാലിക ഇന്ത്യയിലെ നീതിന്യായ വ്യവസ്ഥിതിയുടെ ധാർമിക ബലാബലം പരീക്ഷിക്കപ്പെടുന്നത്. അത് വ്യക്തിപരമായ ഒരു വിലയിരുത്തൽ മാത്രമല്ല, ഒരു വ്യവസ്ഥിതിയുടെ പരീക്ഷയാണ്. അധികാര സംവിധാനത്തിനു മുന്നിൽ വാല് ചുരുട്ടി നിൽക്കുന്ന നീതിന്യായ വ്യവസ്ഥിതി അല്ല, നമ്മുടെ ഭരണഘടന വിഭാവനം ചെയ്യുന്നത്. ഭൂരിപക്ഷവാദത്തിന്റെ അപകടകരമായ രാഷ്ട്രീയ ഭാവത്തെ നേരിട്ടുകൊണ്ട് അധികാരികൾക്ക് മുന്നിൽ സത്യം വിളിച്ചു പറയാൻ മടിക്കാത്ത, രാഷ്ട്രത്തിൻറെ മനസ്സാക്ഷി ആവണം നീതിന്യായ സംവിധാനം. അധികാരമോഹവും, ഭയവും ഒത്തുതീർപ്പുകളും ആ മനസാക്ഷിയെ ദുർബലമാക്കിയാൽ, നീതി ഭരണഘടനയുടെ ആമുഖത്തിൽ എഴുതിവച്ച വെറും വാക്കായി മാറും.
First Published in Suprabhatam Daily on 30/10/2025
പള്ളുരുത്തി സെന്റ്. റീത്താസ് സ്‌കൂളിൽ യൂണീഫോമിനൊപ്പം ശിരോവസ്ത്രം ധരിച്ചെത്തിയ വിദ്യാർത്ഥിനിയെ ക്ലാസിൽ നിന്നും പുറത്താക്കിയതിനെത്തുടർന്ന് കുട്ടിയ്ക്ക് സ്‌കൂൾ മാറേണ്ടി വന്ന സംഭവം സമകാലീന കേരളം ചരിത്രത്തിലെ ലജ്‌ജാകരമായ ഒരേടാണ്. കേരള ഗവണ്മെന്റും വിദ്യാഭ്യാസ മന്ത്രി ശ്രീ. വി ശിവൻകുട്ടിയും സ്വീകരിച്ച പുരോഗനാത്മകമായ നിലപാടുകൾക്കുപരയായി, സ്‌കൂൾ മാനേജ്‌മെന്റ് തികച്ചും ധിക്കാരപരമായ സമീപനമാണ് സ്വീകരിച്ചത്. ‘നാട്ടിലെ സമാധാനം തകർക്കുന്ന നടപടിയാ ഉണ്ടായതെന്ന ആരോപണം കുടുംബത്തെ മാനസികമായി തകർത്തു. മകൾ ഷാൾ ധരിച്ചു വരുന്നത് മറ്റു കുട്ടികളിൽ ഭയമുണ്ടാക്കുമെന്ന്, സമാനമായ വേഷം ധരിച്ച കന്യാസ്ത്രീകളായ അധ്യാപകര് പറഞ്ഞത് മകളെ അങ്ങേയറ്റം തലർത്തി. ചില രാഷ്ട്രീയനേതാക്കളും ജനപ്രതിനിധികളും മകളേയും എന്നെയും കുറ്റക്കാരായി ചിത്രീകരിക്കുകയും ആവശ്യം പിൻവലിക്കാൻ സമ്മർദ്ദം ചെലുത്തുകയും ചെയ്തു.’ കുട്ടിയുടെ പിതാവ് ഫേസ്ബുക്കിൽ കുറിച്ചു.
യൂണിഫോം
യൂണിഫോമിനൊപ്പം, ഹിജാബ് ധരിച്ച് സ്കൂളിലെത്തുന്ന വിദ്യാർത്ഥിനിയെ തടയുന്നത്, അധാർമികവും ഭരണഘടനാ വിരുദ്ധവും ജനാധിപത്യവിരുദ്ധവുമാണ്. കേന്ദ്രീയ വിദ്യാലയങ്ങളിലുൾപ്പെടെ, രാജ്യത്തെ ഭൂരിഭാഗം വിദ്യാഭ്യാസ സ്ഥാപനങ്ങളിലും, യൂണിഫോമിനൊപ്പം ഹിജാബ് അനുവദനീയമാണ്. കുട്ടികൾ സ്കൂളിൽ എത്തുന്നത് യൂണിഫോം ധരിക്കാനല്ല, പഠിക്കുന്നതിനാണ്. പ്രഥമ പരിഗണന എല്ലാ വിദ്യാർത്ഥികൾക്കും പഠിക്കാൻ കഴിയുന്ന സാഹചര്യമുണ്ട് എന്ന് ഉറപ്പുവരുത്തുന്നതിനായിരിക്കണം.
യൂണിഫോം, കുട്ടികൾക്കിടയിലെ സാമൂഹികവും സാമ്പത്തികവുമായ അസമത്വത്തെ അഭിസംബോധന ചെയ്യുന്നതിനും, ഐക്യബോധം സൃഷ്ടിക്കുന്നതിനും, വിദ്യാഭ്യാസ സ്ഥാപനത്തിൻറെ ഐഡന്റിറ്റിയും അച്ചടക്കവും ഉറപ്പുവരുത്തുന്നതിനും സഹായകമാണ്. കുട്ടികൾക്കിടയിൽ തുല്യതയുടെ സന്ദേശമാണ് അത് നൽകുന്നത്. എന്നാൽ തുല്യത, വൈവിധ്യങ്ങളെ നിഷേധിക്കലല്ല. ജാതി, മതം, വിശ്വാസം, സാമ്പത്തിക ശ്രേണി, വംശം, ഭൂപ്രദേശം, വർണ്ണം, തുടങ്ങി നിരവധിയായ വൈവിധ്യങ്ങളെ മനസ്സിലാക്കുവാനും ഉൾക്കൊള്ളുവാനും മനുഷ്യത്വമെന്ന ഐക്യബോധം കൊണ്ട് ചേർത്തു പിടിക്കുവാനും കഴിയുന്ന മനുഷ്യരെ സൃഷ്ടിക്കുന്നതാകണം വിദ്യാഭ്യാസ സംവിധാനം. യൂണിഫോമിനൊപ്പം ഒരു കുറി തൊട്ടാലോ, മുക്കൂറ്റി അണിഞ്ഞാലോ, ആചാരപരമായ ആഭരണമോ ശിരോവസ്ത്രമോ ധരിച്ചാലോ തകർന്നു പോകുന്നതാവരുത് ആ ഐക്യബോധം. യൂണിഫോമിനൊപ്പം, അതെ നിറത്തിലുള്ള ശിരോവസ്ത്രം ധരിക്കുന്നത് സ്കൂളിൻറെ പ്രവർത്തനത്തെയോ അധ്യാനത്തെയോ അച്ചടക്കത്തെയോ ബാധിക്കുന്നതല്ല.
പാശ്ചാത്യമായ ദേശരാഷ്ട്ര നിർവചനങ്ങൾക്കുള്ളിൽ ഒതുക്കാൻ കഴിയാത്ത വൈവിധ്യങ്ങളുടെ വർണശബളമായ ഒരു സങ്കരമാണ് ഇന്ത്യൻ ദേശീയത. ഇന്ത്യൻ ദേശീയപ്രസ്ഥാനവും, ഭരണഘടനയും ആ സമ്പന്നമായ വ്യതിരക്തതകളിൽ ഏകത്വത്തിന്റെ പ്രകാശ സന്നിഭമായ തന്തുക്കൾ കൊണ്ട് നെയ്തെടുക്കപ്പെട്ടിരിക്കുന്നു. അത് ജനാധിപത്യത്തിന്റെ രാഷ്ട്രീയ പ്രകാശനമാണ്. ഇതിനെ കേവലം മതത്തിൻറെ പ്രശ്നമായി കാണുന്നിടത്താണ് അസ്വാസ്ഥ്യങ്ങൾ ഉടലെടുക്കുന്നത്.
പെൺകുട്ടികളുടെ വസ്ത്രം
സ്ത്രീകളുടെ വസ്ത്രം എന്നും മതത്തിനും സ്റ്റേറ്റിനും സമൂഹത്തിനും ഒരു പ്രശ്‌നമായിരുന്നു. നമ്മുടെ നാട്ടിൽ മാറുമറയ്ക്കാനുള്ള അവകാശം സ്ത്രീകൾക്ക് ലഭിച്ചുതുടങ്ങിയിട്ട് കുറച്ചുകാലമേ ആയിട്ടുള്ളു. അതേസമയം ബ്രാഹ്മണ സ്ത്രീകൾക്ക് ദേഹം മുഴുവൻ മറയ്ക്കുന്ന ഘോഷ വേണമായിരുന്നു താനും. ഉത്തരേന്ത്യയിലെമ്പാടും ഇപ്പോഴും ‘ഗൂംഘട്’ എന്ന പേരിൽ മുഖം മറയ്ക്കുന്ന സമ്പ്രദായം ഹൈന്ദവർക്കിടയിലുണ്ട്. ഇന്ത്യയിൽ മാത്രമല്ല ചരിത്രത്തിൽ ലോകത്തിന്റെ വിവിധ സംസ്‌കൃതികളിൽ ഈ പരമ്പര്യമുണ്ടായിരുന്നു. മെസപ്പെട്ടോമിയ, പേർഷ്യ, ബൈസന്റൈൻ സാമ്രാജ്യം തുടങ്ങി പല നാടുകളിലും. പഴയകാലത്ത് സമൂഹത്തിലെ ഉന്നതശ്രേണിയിലുള്ള സ്ത്രീകൾക്കുമാത്രമായിരുന്നു മാറുമറയ്ക്കാൻ അവകാശം. ദേഹമാകെ മറയ്ക്കുന്ന വേഷം ധരിക്കാനുള്ള അവകാശം ഉന്നതകുലജാതർക്കുമാത്രമായിരുന്നു. അറബ് നാടുകളിലും അങ്ങനെതന്നെ. ഈയൊരു ചരിത്രപശ്ചാത്തലത്തിലാണ് ഖുർആൻ മാറുമറയ്ക്കുന്ന വസ്ത്രം നിഷ്‌കർഷിക്കുന്നത്. അത് സ്ത്രീകൾക്ക് മാത്രമല്ല പുരുഷന്മാർക്കും ബാധകമാണ്. ഇതൊക്കെയിപ്പോൾ ഇസ്ലാമിന്റെ അവശ്യ ആചാരമാണോ എന്നതിൽ ഇസ്ലാമിക പണ്ഡിതർക്കിടയിൽ തന്നെ രണ്ടഭിപ്രായമുണ്ട്. അതുകൊണ്ട് അങ്ങനെ എളുപ്പത്തിലൊരു തീർപ്പിലെത്താൻ കഴിയില്ല. ഏതെങ്കിലും ഒരു ആചാരം ഒരു മതത്തിന്റെ അവശ്യഘടകമാണോ എന്ന് പരിശോധിക്കേണ്ടത് ആ മതത്തിൽപെട്ട ആളുകൾ തന്നെയാണ്. കോടതി അത് അന്വേഷിക്കേണ്ട കാര്യമില്ല. ഒരു വ്യക്തി ഇതാണ് തന്റെ ആത്മാർഥമായ വിശ്വാസം എന്നുപറഞ്ഞാൽ അത് അംഗീകരിക്കുക എന്നുമാത്രമേയുള്ളു.
ഹിജാബ് ധരിച്ച കുട്ടികളെ പഠിക്കാൻ അനുവദിക്കാത്തത് ഒരു മതാചാരത്തിന്റെ പ്രശ്‌നമായി ചുരുക്കിക്കാണുമ്പോൾ ഈ കുട്ടികൾക്ക് നിഷേധിക്കപ്പെടുന്ന എല്ലാ അവകാശങ്ങളെയും നമ്മൾ അവഗണിക്കുകയാണ്. ഇഷ്ടമുള്ള വസ്ത്രം ധരിക്കുക, വിദ്യാഭ്യാസം ലഭിക്കുക, സ്വയം നിർണയിക്കാനാവുക അങ്ങനെ ഭരണഘടന സംരക്ഷണം നൽകുന്ന അടിസ്ഥാന സ്വാതന്ത്ര്യങ്ങളെല്ലാം ഇവിടെ റദ്ദു ചെയ്തിരിക്കുകയാണ്. വിദ്യാർഥികളുടേത് ആ അർഥത്തിൽ ഒരു സ്വാതന്ത്ര്യപോരാട്ടമാണ്. അതിനെ കേവലം മതാചാരമായി ചുരുക്കുമ്പോൾ അത് അവരുടെ സ്വാതന്ത്ര്യനിഷേധത്തിന്റെ നിയമവിചാരമായി മാറുന്നു. കാരണം ഹിജാബ് ഇസ്ലാമിന്റെ അവശ്യ- ആചാരമാണ് എന്ന് കോടതി കണ്ടെത്തിയാൽ ഈ പെൺകുട്ടികൾക്ക് ഹിജാബ് ധരിക്കാനുള്ള അവകാശം ലഭിക്കുകയല്ല ഉണ്ടാവുന്നത്, ഹിജാബ് ധരിക്കാതിരിക്കാനുള്ള അവകാശം നഷ്ടപ്പെടുകയാണ്. അത് പിന്തിരിപ്പനായ ഒരു നിയമവഴിയാണ്. അവകാശങ്ങൾക്കും സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള നിയമപോരാട്ടത്തെ അവകാശനിഷേധത്തിന്റെ, മതം സൃഷ്ടിച്ച ആൺകോയ്മാ വ്യവസ്ഥിതിയുടെ, പാരതന്ത്ര്യത്തിന്റെ, നിയമയുക്തിയാക്കുന്നത് ജനാധിപത്യ രാജ്യത്തെ ഭരണഘടനാ കോടതികൾക്ക് യോജിച്ചതല്ല. ഇവിടെ അടിസ്ഥാന വിഷയം അതിലും ആഴമേറിയതാണ്. ഉദാഹരണത്തിന്, അമേരിക്കൻ സുപ്രീംകോടതിയുടെ സുപ്രസിദ്ധമായ തിങ്കൾ വേഴ്സസ് ഡേ മോയിൻ കേസിന്റെ പശ്ചാത്തലം പരിശോധിക്കുക.
അഭിപ്രായ സ്വാതന്ത്ര്യം
വിയറ്റ്‌നാം യുദ്ധം നടക്കുന്ന കാലം; യുദ്ധവിരുദ്ധ പ്രക്ഷോഭങ്ങളും. ഡേ മൊയ്‌നിലെ ഹൈസ്‌കൂളിൽ ഹർജിക്കാരനായ ജോൺ എഫ്. ടിങ്കർ ഉൾപ്പെടെയുള്ള ഏതാനും വിദ്യാർഥികൾ അമേരിക്കൻ ഗവണ്മെൻറിന്റെ നയത്തോടുള്ള വിയോജിപ്പ് പ്രകടിപ്പിക്കാൻ ഡിസംബർ 16-ന് കറുത്ത കൈപ്പട്ടയണിഞ്ഞ് സ്‌കൂളിലെത്താൻ തീരുമാനിച്ചു. ഡിസംബർ 14-ന് സ്‌കൂൾ അധികൃതർ ഒരു തീരുമാനമെടുത്തു- യൂണിഫോമിന് പുറമെ കറുത്ത ആം ബാൻഡ് ധരിച്ചുവരുന്ന വിദ്യാർഥികളെ സ്‌കൂളിൽ പ്രവേശിപ്പിക്കേണ്ടതില്ല. എന്നാൽ, ഈ കുട്ടികൾ അതു ലംഘിച്ചു. അധികൃതർ അവരെ സസ്പെൻഡ് ചെയ്തു.
വിദ്യാർഥികൾ അതിനെതിരെ ജില്ലാ കോടതിയെ സമീപിച്ചു. സ്‌കൂളിന്റെ അച്ചടക്കം ഉയർത്തിപ്പിടിച്ച് കോടതി പരാതി തള്ളി. കോർട്ട് ഓഫ് അപ്പീലിലും തീരുമാനമായില്ല. എന്നാൽ ആം ബാൻഡുകൾ ധരിച്ചാൽ സ്‌കൂളിന്റെ അച്ചടക്കത്തിന് തടസ്സമാകും എന്ന ജില്ലാ കോടതിയുടെ കണ്ടെത്തൽ സുപ്രീംകോടതി അംഗീകരിച്ചില്ല. കറുത്ത ബാൻഡ് ധരിക്കുന്നത് അമേരിക്കൻ ഭരണഘടന ഉറപ്പുനൽകുന്ന അഭിപ്രായസ്വാതന്ത്ര്യത്തിന്റെ ഭാഗമാണ് എന്ന വാദം അംഗീകരിച്ചു. ‘‘അസ്വാസ്ഥ്യം ഉണ്ടാക്കുമെന്ന വ്യതിരിക്തമല്ലാത്ത ഭയം, നമ്മുടെ വ്യവസ്ഥിതിയിൽ, ഒന്നാം ഭേദഗതി ഉറപ്പുനൽകുന്ന അഭിപ്രായസ്വാതന്ത്ര്യത്തെ മറികടക്കുന്നതിനുള്ള ന്യായീകരണമാകുന്നില്ല.” എന്നായിരുന്നു കോടതി നിരീക്ഷിച്ചത്. ‘‘അഭിപ്രായവ്യത്യാസങ്ങളും ഭൂരിപക്ഷബോധത്തിന് വിരുദ്ധമായ അഭിപ്രായങ്ങളും അസ്വാരസ്യമുണ്ടാക്കിയേക്കാം, എന്നാൽ അത്തരം വിയോജിപ്പുകളാണ് നമ്മുടെ ദേശീയതയുടെയും സ്വാതന്ത്ര്യത്തിന്റെയും ശക്തി. അധ്യാപകരോ വിദ്യാർഥികളോ അവരുടെ അഭിപ്രായസ്വാതന്ത്ര്യം സ്‌കൂൾ ഗേറ്റിനു പുറത്തുവച്ചിട്ട് വരണമെന്നുപറയാനാകില്ല. ഈ കുട്ടികൾ സ്‌കൂളിന്റെ പ്രവർത്തനത്തെയോ അധ്യയനത്തെയോ ഏതെങ്കിലും തരത്തിൽ തടസ്സപ്പെടുത്തിയെന്നു പറയാനാകില്ല. യൂണിഫോമിനൊപ്പം കറുത്ത കൈപ്പട്ട ധരിച്ചു എന്നത് മാത്രമാണ് കുറ്റം. അതിന്റെ പേരിൽ അവരുടെ അഭിപ്രായസ്വാതന്ത്ര്യത്തെ നിഷേധിക്കുവാൻ നമ്മുടെ ഭരണഘടന അധികൃതർക്ക് അധികാരം നൽകുന്നില്ല’’- സുപ്രീംകോടതി പ്രസ്താവിച്ചു.
ഇന്ത്യൻ സുപ്രീംകോടതിയും വസ്ത്രധാരണം ഭരണഘടനയുടെ അനുഛേദം 19 (1) അനുവദിക്കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ഭാഗമാണെന്ന് വിലയിരുത്തിയിട്ടുണ്ട്. 2014-ലെ എൻ.എൽ.എസ്.എ. കേസിൽ (National Legal Services Authority of India (NALSA) vs Union of India) ഭിന്നലിംഗക്കാരുടെ വസ്ത്രങ്ങൾ തിരഞ്ഞെടുക്കാനുള്ള അവകാശം അംഗീകരിച്ച് ‘ഒരാളുടെ സ്വന്തം വസ്ത്രം തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തെ ഹനിക്കാനാവില്ല’ എന്ന് ജസ്റ്റിസ് രാധാകൃഷ്ണൻ എഴുതി.
സ്വകാര്യതാ കേസിൽ (Justice K. S. Puttaswamy (Retd.) vs Union Of India) സുപ്രീംകോടതിയുടെ 9 അംഗ ബഞ്ച് സ്വകാര്യതയെക്കുറിച്ചും സ്വയംനിർണയാവകാശത്തെക്കുറിച്ചും ആഴത്തിലുള്ള നിയമവിചാരങ്ങൾക്ക് വഴിതുറന്നിട്ടിരുന്നു. ഈ വിധി കൂടി പിൻപറ്റിയാണ് ഐ.പി.സി. 377 റദ്ദ് ചെയ്തുകൊണ്ടുള്ള നവ് തേജ് സിങ് ജോഹർ കേസിലും (Navtej Singh Johar and Ors. vs. Union of India) അഭിപ്രായസ്വാതന്ത്ര്യത്തിന്റെ വിവിധ വശങ്ങളെക്കുറിച്ചും ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യത്തെക്കുറിച്ചും ചർച്ചചെയ്യുന്നത്.
യഥാതഥ സമത്വം
എല്ലാറ്റിനെയും ഒരുപോലെ കാണണമെന്ന കേവല-സമത്വവാദം നീതിയുടെ ഭാഷയല്ല. ഒരുപോലെയുള്ള ഗ്രൂപ്പുകൾക്കകത്ത് തുല്യത നടപ്പിലാക്കുമ്പോഴാണ് അത് നീതിയുക്തമായ സമത്വമാകുന്നത്. മനുഷ്യരെല്ലാവരും സാമൂഹികമായും സാമ്പത്തികമായും സാംസ്‌കാരികമായും ശാരീരികമായും തുല്യരായല്ല ജനിക്കുന്നത്. ധനികനെയും ദരിദ്രനെയും മുതലാളിയെയും തൊഴിലാളിയെയും സവർണനെയും അവർണനെയും ഒരേ തുലാസിൽ അളക്കുന്നത് നീതിയല്ല. ഇത് ഭരണഘടനാപരമായി തന്നെ അംഗീകരിച്ചിട്ടുള്ള സംഗതിയാണ്. അതുകൊണ്ടാണ് സമത്വം ഉറപ്പുനൽകുന്ന അനുച്ഛേദം 14-നുകീഴെ അതിനുപൂരകമായി പ്രത്യേക പരിഗണന ആവശ്യമായി വരുന്ന വിഭാഗങ്ങൾക്ക് വേണ്ടി ഇടപെടലുകൾ നടത്തുവാനുള്ള അധികാരം ഗവൺമെന്റിന് നൽകിയിരിക്കുന്നത്.
ഹിജാബ് നിരോധനം പോലുള്ള സംഭവങ്ങൾ എപ്പോഴും ഭൂരിപക്ഷസമൂഹത്തിന്റെ സാംസ്‌കാരികയുക്തി അനുസരിച്ചുള്ള തീരുമാനങ്ങളാണ്. അധികാര രാഷ്ട്രീയത്തിന്റെ താൽപര്യങ്ങളും പലപ്പോഴും അതിനുപിന്നിലുണ്ടാവും. എല്ലാവരും തുല്യരാണെന്ന വ്യാജനിർമിതിക്കുമേലാകും പലപ്പോഴും പല വിവേചനങ്ങളും കടന്നുവരിക. ഇവിടെയും അത്തരത്തിലുള്ള പരോക്ഷ വിവേചനമുണ്ടെന്ന് കാണാം. ഇത് അനുച്ഛേദം 14 ഉറപ്പുനൽകുന്ന സമത്വത്തിന്റെ ലംഘനമാണ്.
സ്വകാര്യതയും തെരഞ്ഞെടുക്കാനുള്ള അവകാശവും
2016-ലെ ബീഹാറിലെ മദ്യനിരോധനവുമായി ബന്ധപ്പെട്ട കേസിനും (Confederation of Indian Alcoholic Beverage Companies v State of Bihar -2016) 2017-ലെ സ്വകാര്യത വിധിയ്ക്കും ശേഷം തെരഞ്ഞെടുക്കാനുള്ള അവകാശവും സ്വകാര്യതയും ഭരണഘടനയുടെ അനുച്ഛേദം 21 ഉറപ്പുനൽകുന്ന സ്വാതന്ത്ര്യത്തിനുള്ള അവകാശത്തിന്റെ ഭാഗമാണ്. ഇഷ്ടമുള്ള വസ്ത്രം തെരഞ്ഞെടുക്കാനുള്ള അവകാശം നിഷേധിക്കപ്പെടാൻ പാടില്ല. യൂണിഫോം എന്ന ന്യായമായ നിയന്ത്രണം പോലെയല്ല യൂണിഫോമിനുപുറമെ അതിനോടൊപ്പം ധരിച്ചുപോന്നിരുന്ന ഹിജാബ് നിരോധിക്കുന്നത്. ജീവിക്കാനുള്ള അവകാശമെന്നാൽ അഭിമാനത്തോടെ ജീവിക്കാനുള്ള അവകാശമാണ്. വസ്ത്രത്തിന്റെ പേരിൽ വഴിയിൽ തടയുന്നതും, മാറ്റാൻ നിർബന്ധിക്കുന്നതും, സ്‌കൂളിൽ നിന്ന് പുറത്താക്കുന്നതുമൊക്കെ അവകാശലംഘനമാണ്.
സംസ്‌കാര സംരക്ഷണത്തിനുള്ള അവകാശം
ഭരണഘടനയുടെ അനുച്ഛേദം 29, ന്യൂനപക്ഷത്തിന്റെ അവകാശ സംരക്ഷണത്തിനായുള്ളതാണ്. ഏതൊരു വിഭാഗത്തിന്റെയും സാംസ്‌കാരിക തനിമ കാത്തുസൂക്ഷിക്കാനുള്ള അവകാശം ഇതിന്റെ ഭാഗമാണ്. താൻ ജനിച്ചുവളർന്ന സാംസ്‌കാരികപശ്ചാത്തലത്തിന് അനുയോജ്യമായ വസ്ത്രം ധരിക്കുവാനുള്ള സ്വാതന്ത്ര്യം ഒരാൾക്ക് നിഷേധിക്കുന്നത് അവകാശലംഘനമാണ്.മനുഷ്യനായി പിറന്നു എന്നുള്ളതുകൊണ്ടുതന്നെ ലഭിക്കേണ്ട അടിസ്ഥാന അവകാശങ്ങളുണ്ട്. വിദ്യാർഥികളുടെ അവകാശങ്ങളുണ്ട്, ഭരണഘടന ഉറപ്പുനൽകുന്ന നിയമപരമായ അവകാശങ്ങളുണ്ട്. ഇവിടെയിതെല്ലാം ലംഘിച്ചുകൊണ്ടാണ് അധികൃതർ പ്രവർത്തിച്ചിരിക്കുന്നത്. ആ പ്രവർത്തനം ന്യായീകരിക്കാവുന്ന യാതൊരു കാരണവും ചൂണ്ടിക്കാണിക്കാൻ ഇല്ലതാനും.. ഭരണഘടനയുടെ അനുച്ഛേദം 21 (സ്വാഭിമാനത്തോടെ ജീവിക്കാനുള്ള അവകാശം, തെരഞ്ഞെടുപ്പിനുള്ള അവകാശം, സ്വകാര്യത), അനുച്ഛേദം 19 (1) (അഭിപ്രായ സ്വാതന്ത്ര്യം), അനുച്ഛേദം 25 (മനഃസാക്ഷിക്കനുസരിച്ച് ജീവിക്കാനുള്ള സ്വാതന്ത്ര്യം, മതസ്വാതന്ത്ര്യം), അനുച്ഛേദം 29 (തനത് സംസ്‌കൃതി സംരക്ഷിക്കാനുള്ള സ്വാതന്ത്ര്യം), അനുച്ഛേദം 14 (യഥാതഥ സമത്വം- പരോക്ഷവിവേചനം) എന്നിങ്ങനെ ഭാഗം മൂന്ന് ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളുടെ നഗ്‌നമായ ലംഘനമാണ് ഇപ്പോൾ നടന്ന കാര്യങ്ങൾ.
ജനാധിപത്യം എവിടെ നട്ടാലും വളരുന്ന ഒരു മരമല്ല
ഒരു ജനാധിപത്യസമൂഹത്തിൽ, മനുഷ്യസ്വാതന്ത്ര്യത്തെക്കുറിച്ച് ഇത്ര ദീർഘമായി ഉപന്യസിക്കേണ്ടിവരുന്നുവെന്നത് ദുഃഖകരമാണ്. പക്ഷേ, അംബേദ്കർ പറഞ്ഞതുപോലെ ജനാധിപത്യം എവിടെ നട്ടാലും വളരുന്ന ഒരു മരമൊന്നുമല്ല! ‘അതിന്റെ വേരുകൾ പാർലമെന്റോ ഗവണ്മെന്റോ അല്ല. പ്രഥമികമായി ഒരു സംഘടിതജീവിതരീതിയാണത്. സമൂഹമെന്ന നിലയിൽ ഒരുമിച്ചു ജീവിക്കുന്ന മനുഷ്യരുടെ സാമൂഹികബന്ധങ്ങളിലാണ് ജനാധിപത്യത്തിന്റെ വേരുകൾ നമ്മൾ തേടേണ്ടത്’ – അദ്ദേഹമെഴുതി. സ്വാതന്ത്ര്യത്തിനൊപ്പം സമത്വവും സാഹോദര്യവും സാക്ഷാത്കരിക്കപ്പെടേണ്ടതുണ്ട്. അതു സാർഥകമാകണമെങ്കിൽ ഭരണഘടനാധാർമികതയും ജനാധിപത്യപരമായ പൊതുമനഃസാക്ഷിയും സാമൂഹികഘടനയുടെ ഭാഗമാകേണ്ടതുണ്ട്. വൈവിധ്യങ്ങളെയും വിയോജിപ്പുകളെയും അംഗീകരിക്കേണ്ടതുണ്ട്. അപരരെ മനസിലാക്കുകയും ബഹുമാനിക്കുകയും ചെയ്യേണ്ടതുണ്ട്. പ്രതിസ്വരങ്ങളെ മാനിക്കാത്ത ഭൂരിപക്ഷത്തിന്റെ മൃഗീയാധിപത്യമല്ല ജനാധിപത്യം. ദോ. അംബേദ്‌കർ ഉയർത്തിപ്പിടിച്ച സാഹോദര്യത്തിന്റെ, മൈത്രിയുടെ പ്രകാശം നമ്മൾ കെടാതെ സൂക്ഷിക്കേണ്ടതായുണ്ട്. സെന്റ്.
ഒരു വിദ്യാർത്ഥിനിയുടെ പഠിക്കാനുള്ള ഭരണഘടനാപരമായ അവകാശം നിഷേധിക്കുന്നതും സ്കൂളിൽ വച്ച് അപമാനിക്കപ്പെടുന്നതും, ഒരു രാഷ്ട്രീയ സംവിധാനം എന്ന നിലയിലും ഭരണഘടനാധിഷ്ഠിത ജനാധിപത്യം എന്ന നിലയിലും നമ്മുടെ പരാജയമാണ്. സ്കൂളിന്റെയും സ്കൂൾ മാനേജ്മെന്റിന്റെയും അധികാരികളുടെയും ഈഗോ, വിദ്യാർത്ഥിയുടെ സ്വാഭിമാനത്തെയും പഠിക്കാനുള്ള അവകാശത്തെയും ചവിട്ടി അരയ്ക്കുന്നത് അനുവദിക്കാൻ കഴിയാത്ത അപരാധമാണ്. ഇക്കാര്യത്തിൽ ആനുപാതികവും വിവേചനരഹിതവും ആയ ഒരു നയ രൂപീകരണത്തിന് ഉതകുന്ന ഇടപെടൽ ഗവൺമെന്റിന്റെ ഭാഗത്തുനിന്നും കോടതിയുടെ ഭാഗത്തുനിന്നും അനിവാര്യമാണ്. സെ. റീത്താസ് സ്‌കൂൾ അധികൃതർ നടത്തിയത് കുറ്റകരമായ അവകാശലംഘനമാണ്. അതിനെ ന്യായീകരിക്കുന്നവർ ഭരണഘടനാ ധാർമികതയെയാണ് നിഷേധിക്കുന്നത്.
First published in Sup[rabhatam Daily on 18/10/2025