പുരോഗമന കലാലയത്തിലെ ദളിത് ജീവിതങ്ങൾ
പി ബി ജിജീഷ്
നമ്മുടെ ഉന്നത വിദ്യാഭ്യാസ മേഖല ഒരു ദളിതനെ കൂടി കൊന്നിരിക്കുന്നു. അഞ്ചരക്കണ്ടി ദന്തൽ കോളേജിൽ മരണപ്പെട്ട നിതിൻ രാജ് എന്ന 22 കാരൻറെ ദുരിതങ്ങൾ ഇന്ത്യൻ ക്യാമ്പസ് അനുഭവങ്ങളിലെ അപൂർവതയല്ല. ഭരണഘടനയുടെ വാഗ്ദത്തവാതിലിലൂടെ ഉന്നത വിദ്യാഭ്യാസരംഗത്തേക്ക് പ്രവേശിക്കുന്ന അടിസ്ഥാന വർഗ്ഗത്തെ കാത്തിരിക്കുന്നത് കടുത്ത അപമാനങ്ങളും പുറന്തള്ളലുകളും ഹതാശതയുമാണ്.
ഇവിടെ അസ്വസ്ഥപ്പെടുത്തുന്നത് അധ്യാപകരുടെ ഭാഗത്തുനിന്നും ജാതി വിവേചനം ഉണ്ടായി എന്നതല്ല, സംഭവഗതിയുടെ പരിചിതത്വമാണ്. നിതിന്റെ കുടുംബം വിവരിക്കുന്ന അനുഭവങ്ങൾ കേൾക്കുക; നിരന്തരമുള്ള അധിക്ഷേപങ്ങൾ, ക്ലാസ് മുറികളിലെ ഉപദ്രവങ്ങൾ, പരീക്ഷകളിലെ പ്രതികാരങ്ങൾ, ഇതിനോടൊക്കെയുള്ള അധികാരികളുടെ നിസ്സംഗത. രാജ്യത്തുടനീളം ക്യാമ്പസുകളിൽ ആവർത്തിച്ചു കൊണ്ടിരിക്കുന്ന അതേ തിരക്കഥ. പേരുകൾ മാത്രമേ മാറുന്നുള്ളൂ ഘടന ഒന്നുതന്നെയാണ്. നിതിന്റെ മരണത്തോടെ ‘പുരോഗമന’ കേരളത്തിലെ രൂക്ഷമായ ജാതി വീണ്ടും തുറന്നുകാട്ടപ്പെടുകയാണ്. ഇവിടെ ജാതി ഇല്ലാതായിട്ടില്ല, കൂടുതൽ സങ്കീർണവും ഗോപ്യവുമായ, നിഷേധിക്കാൻ എളുപ്പമുള്ള രൂപഭാവങ്ങൾ സ്വീകരിച്ചു എന്നേയുള്ളൂ, അതുകൊണ്ടുതന്നെ നേരിടുക ബുദ്ധിമുട്ടുമാണ്.
ഇങ്ങനെയൊരു മരണം സംഭവിച്ചിട്ടും, കേരളമാകെ അവിടേക്ക് ഒഴുകിയപ്പോഴും, നിതിൻ രാജ് പഠിച്ച കോളേജിൽ നിന്ന്, ഒരാൾ പോലും ആ വീട്ടിലേക്ക് എത്താതിരുന്നത് എന്തുകൊണ്ടാണ്? സഹപാഠികൾ പോലും അങ്ങോട്ട് തിരിഞ്ഞുനോക്കാൻ മടിക്കുന്നത് എന്തുകൊണ്ടാണ്?
ക്യാമ്പസ് മരണങ്ങളുടെ അനാട്ടമി
മിഥുൻ രാജിന്റെ കുടുംബം പറയുന്നതനുസരിച്ച് ക്ലാസ് മുറികളിൽ അവൻ നിരന്തരം അപമാനിതനായിരുന്നു. ‘പുഴുത്ത പട്ടി’ എന്നാണ് അവനെ വിശേഷിപ്പിച്ചിരുന്നത്. അവൻറെ രൂപത്തെക്കുറിച്ചും അച്ഛനമ്മമാരുടെ തൊഴിലിനെ കുറിച്ചും സാമ്പത്തിക നിലയെ കുറിച്ചും ഒക്കെ പറഞ്ഞ് അപമാനിച്ചിരുന്നു. നിതിന്റെ മരണത്തെ തുടർന്ന് വകുപ്പ് മേധാവി ഡോ. കെ റാമിനെയും അസിസ്റ്റൻറ് പ്രൊഫസർ ഗീതാ നമ്പ്യാരെയും അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിട്ടുണ്ട്. സ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ് അന്വേഷണവും ആരംഭിച്ചു. പക്ഷേ എന്തുകൊണ്ടാണ് ഇത്തരം പരാതികളും അന്വേഷണങ്ങളും ഒരു കുട്ടിയുടെ മരണത്തിന് ശേഷം മാത്രം ഉണ്ടാവുന്നത്?
അരികു വൽക്കരിക്കപ്പെട്ട വിഭാഗങ്ങളെ സംരക്ഷിക്കുന്നതിന് വേണ്ടി ക്യാമ്പസുകളിൽ ഏർപ്പെടുത്തിയിട്ടുള്ള സംവിധാനങ്ങൾ- പട്ടികജാതി പട്ടികവർഗ്ഗ സെല്ലുകൾ, പരാതി പരിഹാര സംവിധാനങ്ങൾ, നിരീക്ഷണ സംവിധാനം- തുടങ്ങിയൊക്കെ പലപ്പോഴും കടലാസിൽ മാത്രമാണുണ്ടാവുക. പരാതിപ്പെടുന്ന വിദ്യാർത്ഥികളെ നിരുത്സാഹപ്പെടുത്തുകയോ, നടപടികൾ വൈകിപ്പിക്കുകയോ, അല്ലെങ്കിൽ അവ ചവറ്റുകുട്ടയിൽ എത്തുകയോ ആണ് സാധാരണ സംഭവിക്കുക. കുറ്റാരോപിതർ അധ്യാപകർ തന്നെയാകുമ്പോൾ അധികാരത്തിന്റെ തുലാസ് എപ്പോഴും അവരുടെ വശത്തേക്കാണ് താഴുക. പരീക്ഷകളും ഹാജറും ആഭ്യന്തര മൂല്യനിർണയവുമെല്ലാം വിദ്യാർത്ഥികളെ നിയന്ത്രിക്കുന്നതിനും ഭയപ്പെടുത്തുന്നതിനുമുള്ള ഉപകരണങ്ങൾ ആയി മാറും. നിതിൻറെ കാര്യത്തിൽ, തിയറി പേപ്പറുകളിൽ നല്ല മാർക്ക് നേടിയിട്ടും പ്രാക്ടിക്കൽ പരീക്ഷയിൽ പരാജയപ്പെടുത്തി എന്ന ആരോപണം ശരിയാണെങ്കിൽ, രാജ്യത്തുടനീളം പ്രൊഫഷണൽ വിദ്യാഭ്യാസത്തിന് എത്തുന്ന വിദ്യാർത്ഥികൾ നേരിടുന്ന അതേ മാതൃകയിലുള്ള സംഭവമാണ് ഇവിടെയും നടന്നതെന്ന് മനസ്സിലാക്കാം.
നമ്മൾ കാണാൻ മടിക്കുന്ന അനുഭവങ്ങൾ
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജാതി വിവേചനം വർദ്ധിച്ചുകൊണ്ടേയിരിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. എന്നാൽ അത്തരം മരണങ്ങളെ അതിൻറെ സാമൂഹ്യ സാഹചര്യത്തിൽ നിന്നും അടർത്തിമാറ്റി, വ്യക്തിപരമായ പ്രശ്നങ്ങളായും, മാനസി ആരോഗ്യത്തിന്റെ പ്രതിഫലനമായും ഒക്കെ ചുരുക്കി കാണുവാനാണ് ഔദ്യോഗിക സംവിധാനങ്ങൾ എപ്പോഴും ശ്രമിക്കുന്നത്. ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റി രോഹിത് വെമുലയുടെ ജീവൻ എടുത്തപ്പോൾ നമ്മളത് കണ്ടതാണ്. ദേശീയതലത്തിൽ ചർച്ചയായെങ്കിലും, ആ കേസ് എങ്ങുമെത്താതെ അവസാനിക്കുകയാണ് ഉണ്ടായത്. ‘ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തം, എന്റെ ജനനമാണ്’ എന്ന രോഹിത് വെമുലയുടെ വാക്കുകൾ ഇന്നും ഇവിടെ മുഴങ്ങുന്നുണ്ട്.
കേരളത്തിലും ഇതേ ദിശയിലുള്ള മുന്നറിയിപ്പുകൾ ഉണ്ടായിട്ടുണ്ട്. എംജി യൂണിവേഴ്സിറ്റിയിലെ ഗവേഷക വിദ്യാർഥി ദീപാ പി മോഹനന്റെ ഗവേഷണം വൈകിപ്പിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ പരാതി അതിലൊന്നാണ്. ഡയറക്ടർ നന്ദകുമാർ കളരിക്കൽ, മനപ്പൂർവ്വം ഉപദ്രവിച്ചു എന്നായിരുന്നു പരാതി. സർവകലാശാല അന്വേഷണ കമ്മീഷൻ പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തുകയും ദീപ നിരാഹാര സമരം ആരംഭിച്ചതിനു ശേഷം ഗവൺമെൻറ് ഇടപെട്ട് അയാളെ തൽസ്ഥാനത്തുനിന്ന് നീക്കം ചെയ്യുകയും ആണ് ഉണ്ടായത്.
ശങ്കര യൂണിവേഴ്സിറ്റിയിൽ സംസ്കൃതത്തിൽ ഗവേഷണം നടത്തുന്ന വിപിൻ വിജയൻ എന്ന വിദ്യാർത്ഥിക്ക് വകുപ്പ് മേധാവി സി എൻ വിജയകുമാരിയിൽ നിന്ന് നേരിടേണ്ടി വന്ന ജാത്യാധിക്ഷേപവും സമീപകാല സംഭവമാണ്. പുലയ സമുദായത്തിൽ നിന്നുമുള്ള വിപിൻ സംസ്കൃതം പഠിക്കുവാൻ യോഗ്യതയുള്ളവനല്ല എന്ന തരത്തിലാണ് അവർ സംസാരിച്ചത്. പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങൾക്കെതിരെയുള്ള അതിക്രമം തടയൽ നിയമത്തിലെ വകുപ്പുകൾ ഉൾപ്പെടെ ചാർത്തി പോലീസ് കേസെടുത്തിരുന്നു.
ഇരു കേസുകളിലും അന്വേഷണം പ്രഖ്യാപിക്കപ്പെട്ടു, പ്രതിഷേധങ്ങൾ ഉണ്ടായി വിമർശനങ്ങൾ ഉണ്ടായി. എന്നാൽ അതിന്റെയൊക്കെ ഉത്തരവാദിത്വം അധികാരപ്പെട്ടവർ ഏറ്റെടുക്കുകയും ശിക്ഷിക്കപ്പെടുകയും ചെയ്തോ എന്ന ചോദ്യമുണ്ട്. നീതി പൂർത്തീകരിക്കാതിരിക്കുകയോ വൈകുകയോ നടപടികൾ ഇതുവരെ തീരുമാനമാകാതിരിക്കുക ആണ് ഉണ്ടായിട്ടുള്ളത്. ഈയൊരു അക്കാദമിക ആവാസ വ്യവസ്ഥയിലേക്കാണ് നിതിൻ കാലെടുത്തുവച്ചത്.
ജാതിരഹിത കലാലയം എന്ന മിഥ്യ
തുടർച്ചയായി വെളിച്ചത്തു വരുന്ന ജാതി വിവേചനം കേരളത്തിലെ ക്യാമ്പസുകളെ കുറിച്ചുള്ള സ്വയം നിർമ്മിത പ്രതിച്ഛായയെ വെല്ലുവിളിക്കുന്നുണ്ട്. ഉത്തരേന്ത്യയിൽ ഒക്കെ കാണുന്ന പ്രത്യക്ഷമായ അതിക്രമങ്ങൾക്ക് പകരം കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ ജാതീയത നേർപ്പിച്ച രൂപത്തിലാണ് പ്രകടമാകുന്നത്. ഭാഷാ വിശേഷണങ്ങളിലൂടെ, മെറിറ്റിനെ കുറിച്ചുള്ള സംഭാഷണങ്ങളിലൂടെ, കൂട്ടങ്ങളിലെ ഒറ്റപ്പെടുത്തലുകളിലൂടെ ഒക്കെ അത് ക്രമേണ അവിടെ എത്തപ്പെടുന്ന പിഞ്ചുമനസ്സിലേക്ക് വേദനയായി നീറി നീറി ഇറങ്ങുന്നുണ്ട്.
ഇ.ഡബ്ലിയു.എസ്. എന്ന സവർണ്ണ സംവരണം വന്നതിനുശേഷം പോലും, ദളിതരെ ക്വോട്ടയിൽ അഡ്മിഷൻ നേടി വന്നവർ എന്ന നിലയ്ക്ക് കൂടുതൽ കാർക്കശ്യത്തോടെ വിലയിരുത്തപ്പെടുകയും, അക്കാദമിക വിജയങ്ങളെ രൂപപ്പെടുത്തുന്ന അനൗപചാരിക ശൃംഖലകൾക്കു പുറത്തു നിർത്തുകയും ചെയ്യുന്നു. ഉന്നത പ്രൊഫഷണൽ കോളേജുകളിൽ ഈ സമ്മർദ്ദങ്ങൾ പതിന്മടങ്ങ് വർദ്ധിക്കുന്നു. പ്രൊഫഷണൽ അധ്യാപക രംഗത്ത് പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങൾക്ക് പ്രാതിനിധ്യം തീരെ കുറവായിരിക്കുന്നത് ഈ പ്രശ്നത്തെ കൂടുതൽ രൂക്ഷമാക്കുന്നു. രാജ്യത്തുടനീളം അധ്യാപിക മേഖലയിൽ സംവരണ സീറ്റുകളിൽ ആയിരക്കണക്കിന് ഒഴിവുകൾ നിലനിൽക്കുന്നുണ്ട്. ഇത്തരം സ്ഥാപനങ്ങളിലെ അധികാര-ഭരണനിർവഹണ രംഗത്ത് പ്രാധിനിത്യം ഇല്ലാത്തതു കൊണ്ട് തന്നെ പരാതിപരിഹാര സംവിധാനങ്ങളെല്ലാം ഘടനാപരമായി ദുർബലമാണ്.
നിയമവും നയവും
ഉന്നത വിദ്യാഭ്യാസ രംഗത്ത് വ്യവസ്ഥാപിത രക്ഷാവ്യവസ്ഥകൾ കൂടുതൽ അനിവാര്യമായി കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ നിയമരംഗത്തെ സംഭവവികാസങ്ങൾ വിഷയത്തെ കൂടുതൽ സങ്കീർണമാക്കുകയാണ്. സർവ്വകലാശാലകളിൽ ജാതി വിവേചനത്തിനെതിരെ കൂടുതൽ കരുത്തുറ്റ സംവിധാനങ്ങൾ ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ കൊണ്ടുവന്ന യുജിസി മാനദണ്ഡങ്ങൾ സുപ്രീംകോടതി സ്റ്റേ ചെയ്തതോടെ, ഈ രംഗത്ത് ആശാവഹമായ മാറ്റങ്ങൾ ഒന്നും സംഭവിക്കുന്നില്ല എന്ന അവസ്ഥ വന്നുചേർന്നിരിക്കുന്നു. ‘ജാതിരഹിത സമൂഹ’ത്തെ കുറിച്ചാണ് സുപ്രീംകോടതി വാചാലമാകുന്നത്, എന്നാൽ രൂക്ഷമായ ജാതീവചനം നിലനിൽക്കുന്ന ഇടങ്ങളിൽ ജാതിയില്ല എന്ന മിഥ്യാബോധത്തിൽ പ്രവർത്തിക്കുന്നത് വിവേചനങ്ങളെ ഇല്ലാതാക്കുകയല്ല, മൂടി വയ്ക്കുകയാണ് ചെയ്യുന്നത്. ഡോ. ബി ആർ അംബേദ്കർ ചൂണ്ടിക്കാണിച്ചത് പോലെ, ജാതിയില്ല എന്ന് നടിക്കലല്ല മറിച്ച് അതിൻറെ ശ്രേണികൃത സംവിധാനത്തെ കാര്യക്ഷമമായ ഇടപെടലുകളിലൂടെ തകർക്കുന്നതാണ് ഭരണഘടനാധാർമികത. അതിന് ആദ്യം നമ്മുടെ സ്ഥാപനങ്ങൾ ജാതീയത ഇന്ന് സമൂഹത്തിൽ നിലനിൽക്കുന്ന ഒരു യാഥാർത്ഥ്യമാണെന്ന് അംഗീകരിക്കുകയാണ് ആദ്യം വേണ്ടത്. അല്ലാതെ ഇതെന്തോ പഴയകാലത്തെ ദുരാചാരമാണെന്ന് നടിക്കുകയല്ല.
നിശബ്ദതയും സെലക്ടീവ് പ്രതിഷേധങ്ങളും
ഇത്തരം സംഭവങ്ങളോടുള്ള രാഷ്ട്രീയ പ്രതികരണങ്ങൾ ക്ഷണികമാണ്. പ്രസ്താവനകൾ പുറപ്പെടുവിക്കും അന്വേഷണങ്ങൾ പ്രഖ്യാപിക്കും പിന്നെ എല്ലാ ശ്രദ്ധയും മാഞ്ഞു പോകും. ഉന്നത വിദ്യാഭ്യാസ രംഗത്തെ ജാതീയതയെ അഭിസംബോധന ചെയ്യുന്നതിന് ആവശ്യമായ വ്യവസ്ഥാപിതമായ പരിഷ്കാരങ്ങൾ കേരളത്തിലെ ഒരു രാഷ്ട്രീയ പക്ഷവും ആത്മാർത്ഥമായി ആവശ്യപ്പെട്ടിട്ടില്ല. വിദ്യാർത്ഥി സംഘടനകൾ ഈ പ്രശ്നങ്ങൾ ഉയർത്തി കാണിച്ചിട്ടില്ലെന്നല്ല, എന്നാൽ അവരുടെ ഇടപെടലുകൾ പലപ്പോഴും ഘടനാപരമായ മാറ്റങ്ങൾക്ക് വേണ്ടിയുള്ളതാകുന്നില്ല. പലപ്പോഴും അത് പക്ഷപാതിത്വപരമായി ചിത്രീകരിക്കപ്പെടും വിധമാണ്. ഭരണനേതൃത്വമാണെങ്കിലും യാതൊരു ഫലപ്രാപ്തിയുമില്ലാത്ത ആഭ്യന്തര അന്വേഷണ കമ്മിറ്റികളിൽ അഭിരമിക്കുകയാണ്.
അതിൻറെ ഫലം സുപരിചിതമായ ചാക്രികതയാണ്: ദുരന്തം, പ്രതിഷേധം, അന്വേഷണം… പിന്നെ… മറവി.
അനിവാര്യമായ മാറ്റങ്ങൾ
നിതിന്റെ മരണവും സാധാരണ സ്ഥിതി വിവരക്കണുകളിലെ മറ്റൊരക്കം മാത്രമായി മാറാതിരിക്കണമെങ്കിൽ ഈ ചാക്രികതയെ നമ്മൾ തകർത്തേ മതിയാവൂ. അതിന് ആദ്യമായി പരാതി പരിഹാര സംവിധാനങ്ങളെ കോളേജ് അധികാരികളിൽ നിന്ന് സ്വതന്ത്രമാക്കണം. നിയമ സംവിധാനങ്ങളും സിവിൽ സമൂഹവും മേൽനോട്ടം വഹിക്കുന്ന നിയമ പിൻബലമുള്ള ഒരു രൂപഘടന ഉണ്ടാവണം. മറ്റൊന്ന് പ്രാതിനിധ്യമാണ്. അധസ്ഥിത ജനവിഭാഗങ്ങൾക്ക് മതിയായ പ്രാതിനിധ്യമില്ലാത്ത കമ്മറ്റികളിൽ നിന്ന് നീതി പ്രതീക്ഷിക്കുക ബുദ്ധിമുട്ടാണ്. മൂന്നാമത്, പ്രൊഫഷണൽ കോളേജുകളിലെ ആഭ്യന്തര മൂല്യനിർണയങ്ങളിൽ പക്ഷപാതത്വങ്ങളില്ലെന്ന് ഉറപ്പുവരുത്തുന്നതിന് അനിവാര്യമായ ഓഡിറ്റിംഗ് സംവിധാനം കൊണ്ടുവരണം. അതിന് അപ്പീൽ സംവിധാനങ്ങളും ഡിജിറ്റൽ ട്രാക്കിംഗും പരിശോധനകളും എല്ലാം ഉണ്ടാവണം. നാലാമതായി, ക്യാമ്പസുകളിൽ സാംസ്കാരിക സംവേദന ക്ഷമതയുള്ള കൗൺസിലിംഗ് സംവിധാനങ്ങൾ വേണം. മാനസികാരോഗ്യത്തെ സാമൂഹിക സാഹചര്യങ്ങളിൽ നിന്ന് അടർത്തി മാറ്റി കാണാനാവില്ല. അവസാനമായി, ജാതി വിവേചനങ്ങളും ജാതി പീഡനങ്ങളും ഉണ്ടായാൽ അതിന് കനത്ത ശിക്ഷ ഉണ്ടാകുമെന്ന് ഉറപ്പുവരുത്തണം. അന്വേഷണം തീരും വരെ മാറ്റി നിർത്തുന്ന പരിപാടി കൊണ്ട് അത് സാധ്യമാകില്ല. കൃത്യമായ ശിക്ഷാനടപടികൾ ഉറപ്പുവരുത്താൻ കഴിഞ്ഞില്ലെങ്കിൽ ആരും ചോദിക്കാനില്ല എന്ന ഈ സ്ഥിതി തുടരും.
ദുഖാചരണത്തിനപ്പുറം
നിതിൻ രാജിന്റെ മരണം കേവലം ഒരു വിദ്യാർത്ഥിയുടെയോ ഒരു കോളേജിന്റെയോ പ്രശ്നമല്ല. ഭരണഘടനാപരമായ വാഗ്ദാനവും സ്ഥാപനങ്ങളുടെ പ്രവർത്തനവും തമ്മിലുള്ള അന്തരമാണത് കാണിക്കുന്നത്. ദുരിതത്തിന്റെ കനൽ വഴികൾ താണ്ടി ഒരു വിധേന കലാലയങ്ങളിൽ എത്തുന്ന അധസ്ഥിത ഹൃദയങ്ങളുടെ അന്തസ്സ് ഉറപ്പുവരുത്തുവാൻ കഴിഞ്ഞില്ലെങ്കിൽ കേരളം ഇന്നു മേനി നടിക്കുന്ന ‘പുരോഗമനം’ വെറും പൊള്ളയായ വാക്കായി മാറും. അതിൻറെ സൂചനകൾ നാം കാണുന്നുണ്ട്. നിതിൻ രാജിന്റെ മരണം ലോൺ ആപ്പ് വഴി സംഭവിച്ചതാണെന്ന് ആഖ്യാനം കൊണ്ടുവരാനുള്ള ശ്രമമാണ് ഇപ്പോൾ നാം കാണുന്നത്. തികച്ചും അധമമായ പ്രവർത്തിയാണത്. ലോൺ ആപ്പുകൾ ഉയർത്തുന്ന സാമൂഹിക പ്രശ്നം മറ്റൊന്നാണ്. ഇവിടെ, നിരന്തരം അധിക്ഷേപത്തിന് വിധേയമായ ഒരു വിദ്യാർത്ഥിയുടെ ജീവനാണ് പൊലിഞ്ഞത്. അത് ആ കുട്ടി തന്നെ പലതവണ പറഞ്ഞിട്ടുള്ളതുമാണ്. അതു കാണാതെ മറ്റു കാരണങ്ങൾ തേടുന്നത് പോലെ ജാതിപീഡന കേസുകളിൽ കുറ്റവാളികളെ രക്ഷിച്ചെടുക്കാനുള്ള ഗൂഢ ശ്രമത്തിന്റെ ഭാഗമാണ്.
നമ്മുടെ കലാലയങ്ങളിൽ ജാതി നിലനിൽക്കുന്നുണ്ടോ എന്നതല്ല നമ്മുടെ മുന്നിലുള്ള വിഷയം, ആ ജാതീയതയെ കാണുവാനും അതു തടയാനുള്ള നടപടികൾ സ്വീകരിക്കുവാനും നമ്മൾ തയ്യാറുണ്ടോ എന്നുള്ളതാണ്. അതിന് ശരിയാംവണ്ണം ഒരു ഉത്തരം കണ്ടെത്തുന്നത് വരെ, ഇതേ പരാതികൾ ഉന്നയിച്ചു കൊണ്ടുള്ള മരണങ്ങൾ വീണ്ടും നമ്മളെ തേടി വരും. നമ്മുടെ സംവിധാനങ്ങൾക്ക് എല്ലാം അറിയാമായിരുന്നിട്ടും ഒന്നും ചെയ്യാതെയിരുന്ന അതേ തിരക്കഥ തുടരും.
Published in Suprabhatham on 14/04/2025



