നിരാശയും വിവാദങ്ങളും മാത്രം ബാക്കിയാക്കിയ, ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ പിൻഗാമിയായി. ജസ്റ്റിസ് സഞ്ജീവ് ഖന്ന സുപ്രീംകോടതിയുടെ അമരത്തെത്തുമ്പോൾ വലിയ പ്രതീക്ഷയൊന്നും ഉണ്ടായിരുന്നില്ല. എന്നാൽ ആറു മാസത്തിനു ശേഷം അദ്ദേഹം പടിയിറങ്ങുന്നത് തലയുയർത്തിപ്പിടിച്ചു തന്നെയാണ്. സുതാര്യതയും, സംയമനവും, ഭരണഘടനാമൂല്യങ്ങളോടുള്ള വിട്ടുവീഴ്ചയില്ലാത്ത പ്രതിബദ്ധതയുമാണ് അദ്ദേഹത്തിന്റെ കാലഘട്ടത്തെ അടയാളപ്പെടുത്തുന്നത്.
ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന
നീതിന്യായ രംഗത്ത് മികച്ച പാരമ്പര്യമുള്ള കുടുംബപശ്ചാത്തലത്തിലാണ് സഞ്ജീവ് ഖന്ന ജനിക്കുന്നത്. പിതാവ് ദേവരാജ് ഖന്നയും, അമ്മാവൻ എച്ച് ആർ ഖന്നയും ന്യായാധിപരായിരുന്നു. അടിയന്തരാവസ്ഥക്കാലത്തെ ഹേബിയസ് കോർപ്പസ് കേസിൽ, ഇന്ദിരാഗാന്ധി ഗവണ്മെന്റിന്റെ മനുഷ്യത്വ വിരുദ്ധതക്കെതിരെ ഒറ്റയ്ക്ക് നിലപാട് സ്വീകരിച്ചതിന്റെ ഭാഗമായി ഇന്ത്യൻ ജുഡീഷ്യറിയുടെ ചരിത്രത്തിലെ ജാജ്വലമാനമായ ഒരധ്യായം എഴുതിചേർത്ത വലിയ മനുഷ്യനായിരുന്നു ജസ്റ്റിസ് എച്ച്.ആർ. ഖന്ന. നിലപാടുകളുടെ പേരിൽ ചീഫ് ജസ്റ്റിസ് പദവി നിഷേധിക്കപ്പെടുകയും, തുടർന്ന് രാജി വച്ചു പോകുകയുമാണ് അദ്ദേഹം ചെയ്തത്. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ വിടവാങ്ങൽ ചടങ്ങിൽ ഏവരും പറഞ്ഞത്: “മരുമകനെയോർത്ത് ജസ്റ്റിസ് എച്ച്. ആർ. ഖന്ന അഭിമാനം കൊള്ളുകയേയുള്ളൂ എന്നാണ്.
2019-ൽ, ജ. സഞ്ജീവ് ഖന്ന, സീനിയറായിട്ടുള്ള പലരെയും മറികടന്ന് സുപ്രീം കോടതിയിൽ എത്തിയപ്പോൾ അതൊരു വിവാദമായിരുന്നു, എന്നാൽ തന്റെ പ്രവർത്തി കൊണ്ട് വിമർശകരെ നിശ്ശബ്ദരാക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. വളരെ ചെറിയ കാലം മാത്രമാണ് ചീഫ് ജസ്റ്റിസ് പദവിയിൽ ഇരുന്നുള്ളുവെങ്കിലും, സുപ്രീംകോടതിയുടെ വിശ്വാസതയും നീതിന്യായ വ്യവസ്ഥയുടെ സ്വാതന്ത്ര്യവും വീണ്ടെടുപ്പിന്റെ പാതയിലാണെന്ന പ്രതീതി ജനിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. സമീപകാലത്ത് ഭരണഘടന തത്വങ്ങളെ മുറുകെപ്പിടിച്ച അപൂർവ്വം ചീഫ് ജസ്റ്റിസ്മാരിൽ ഒരാളായിരുന്നു അദ്ദേഹം.
സുപ്രധാന വിധികൾ
2024-ൽ ഇലക്ട്രൽ ബോണ്ട് ഭരണഘടന വിരുദ്ധം എന്ന് വിലയിരുത്തിയ വിധിയിൽ തെരഞ്ഞെടുപ്പുകളിലെ സുതാര്യതയുടെ പ്രാധാന്യം ഊന്നി പറയുന്നു. തെരഞ്ഞെടുപ്പ് ഫണ്ടുകളിലേക്ക് സംഭാവന നൽകുന്നവരുടെ സ്വകാര്യതയെക്കാൾ പ്രധാനപ്പെട്ടതാണ് വിശ്വാസ്യതയും സ്വതന്ത്രമായ തെരഞ്ഞെടുപ്പ് പ്രക്രിയയും എന്ന് അദ്ദേഹം പ്രസ്താവിച്ചു. തെരഞ്ഞെടുപ്പുകളിൽ വി വി പാറ്റ്, സമ്പൂർണ്ണമായി എണ്ണിത്തിട്ടപ്പെടുത്തണമെന്ന ആവശ്യം നിരാകരിച്ച സുപ്രീംകോടതി ബെഞ്ചിന്റെ ഭാഗമായിരുന്നു അദ്ദേഹം.
ജാമ്യ ഹർജികളിൽ, വ്യക്തിസ്വാതന്ത്ര്യത്തിൻറെയും പൗരാവകാശത്തിന്റെയും പക്ഷത്തുനിന്ന് തീരുമാനങ്ങൾ എടുക്കാൻ തയ്യാറായി എന്നുള്ളതാണ് അദ്ദേഹത്തിൻറെ കാലഘട്ടത്തിലെ ഏറ്റവും വലിയ നേട്ടം. അരവിന്ദ് കെജ്രിവാളിനെതിരെ നടത്തിയ നീക്കങ്ങളെ വിമർശിക്കുകയും അദ്ദേഹത്തിൻറെ ജാമ്യം അനുവദിക്കുകയും ചെയ്ത വിധി പ്രധാനപ്പെട്ടതാണ്. മനീഷ് സിസോഡിയ കേസിൽ, കള്ളപ്പണ നിരോധന നിയമത്തിന്റെ പരിധിക്കുള്ളിൽ നിന്നുകൊണ്ട് ഭരണകൂട അതിക്രമത്തെ നേരിടാൻ ജുഡീഷ്യറിക്ക് കഴിയുമെന്ന് രാജ്യത്തെ ബോധ്യപ്പെടുത്തുകയും ചെയ്തു.
ഭരണഘടനയുടെ അനുഛേദം 142 നൽകുന്ന പ്രത്യേക അധികാരം ഉപയോഗപ്പെടുത്തിക്കൊണ്ട്, വീണ്ടെടുക്കാനാകാത്ത വിധം തകർന്ന ബന്ധങ്ങളിൽ വിവാഹമോചനം അനുവദിക്കാവുന്നതാണെന്ന അദ്ദേഹത്തിന്റെ സമീപനവും പുരോഗമനപരമെന്ന് വിലയിരുത്തപ്പെട്ടു. എന്നിരുന്നാലും, ചീഫ് ജസ്റ്റിസ് ചന്ദ്ര ചൂഡിനൊപ്പം, അനുഛേദം 370 അപ്രസക്തമാക്കിയ നടപടി ശരി വച്ച വിധിയിൽ അദ്ദേഹം കൂടി ഭാഗഭാക്കായിരുന്നുവെന്ന കാര്യം വിസ്മരിച്ചു കൂടാ.
പ്രസംഗമല്ല, പ്രവർത്തിയാണ് വേണ്ടത്
ചീഫ് ജസ്റ്റിസിനുള്ള വിടവാങ്ങൽ ചടങ്ങിൽ അറ്റോണി ജനറൽ ആർ വെങ്കട്ട രമണി അഭിപ്രായപ്പെട്ടത് പോലെ, ‘ലാളിത്യവും വ്യക്തതയും’ ആണ് അദ്ദേഹത്തിൻറെ വിധി ന്യായങ്ങളുടെ മുഖമുദ്ര എന്നു പറയാം.
അവധി ദിവസങ്ങളിൽ രാജ്യമാകെ സഞ്ചരിച്ച് പൗരാവകാശങ്ങളെ കുറിച്ചും ഭരണഘടനാ ധാർമികതയെ കുറിച്ചും നെടുനീളൻ പ്രഭാഷണങ്ങൾ നടത്തുകയും, കോടതിക്കകത്ത് സുപ്രധാനമായ ഭരണഘടനാ പ്രശ്നങ്ങളും പൗരാവകാശ വിഷയങ്ങളും ഉയർന്നു വരുമ്പോൾ നിശബ്ദത പാലിക്കുകയോ, ഭരണകൂടത്തിന് അനുകൂലമെന്ന് തോന്നാവുന്ന ബെഞ്ചുകളിലേക്ക് ആ വിഷയങ്ങൾ മാറ്റി നൽകുകയോ ചെയ്തിരുന്ന മുൻഗാമികളെ അപേക്ഷിച്ച്, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്ന നിലയിൽ ഭരണഘടനാ മൂല്യങ്ങളുടെ ജാഗ്രതയുള്ള കാവൽക്കാരനാവുക എന്ന കടമ സാമാന്യം വൃത്തിയായി ചെയ്തു എന്നതാണ് അദ്ദേഹത്തിൻറെ ഏറ്റവും വലിയ മേന്മ. അതുകൊണ്ടുതന്നെ തീവ്രദേശീയവാദികളിൽ നിന്നും, വലതുപക്ഷ രാഷ്ട്രീയ ദർശനം പിൻപറ്റുന്നവരിൽ നിന്നും രൂക്ഷമായ സൈബർ ആക്രമണം അദ്ദേഹത്തിനെതിരെ ഉണ്ടായിട്ടുണ്ട്. പ്രത്യേകിച്ചും വഖഫ് ഭേദഗതി നിയമവുമായി ബന്ധപ്പെട്ട കേസ് കൈകാര്യം ചെയ്ത രീതി സംഘപരിവാരത്തെ ചൊടിപ്പിച്ചു. വഖഫിന്റെ ഭരണകാര്യങ്ങളിൽ അമുസ്ലീങ്ങളെ ഉൾപ്പെടുത്തുന്ന നിയമത്തിനെതിരെ ശക്തമായ ചോദ്യങ്ങൾ ഉന്നയിക്കുകയും നിയമം സ്റ്റേ ചെയ്യുമെന്ന സൂചന നൽകുകയും അദ്ദേഹം ചെയ്തിരുന്നു. നിയമവൈജ്ഞാനികതയുടെ പക്ഷത്ത് നിന്ന് കൈക്കൊണ്ട കൃത്യമായ നിലപാടായിരുന്നിട്ടും, പരമോന്നത നീതിപീഠത്തെ ‘ശരിയത്ത് കോടതി’ എന്നുവരെ വിളിച്ച് ആക്ഷേപിക്കുന്ന നിലയുണ്ടായി.
അദ്ദേഹത്തിൻറെ ഭരണപരവും നീതിന്യായപരവുമായ പ്രാപ്തിയെ പരീക്ഷിച്ച മറ്റൊരു ഘട്ടം ഡൽഹി ഹൈക്കോടതി ജഡ്ജിയായ ജസ്റ്റിസ് യശ്വന്ത് വർമ്മയുടെ വസതിയിൽ നിന്നും പണം കണ്ടെത്തിയ സംഭവമാണ്. ആ വിഷയത്തിൽ ജഡ്ജിമാർ ഉൾപ്പെട്ട ഒരു കമ്മിറ്റിയെ നിയോഗിച്ച് ആഭ്യന്തര അന്വേഷണം നടത്തുവാൻതീരുമാനമെടുക്കുകയായിരുന്നു.
സുപ്രീംകോടതി കൊളീജിയത്തിന്റെ നടപടിക്രമങ്ങൾ പരസ്യപ്പെടുത്താനുള്ള തീരുമാനം, ജുഡീഷ്യറിയുടെ ചരിത്രത്തിലെ, ജനാധിപത്യവൽക്കരണത്തിലേക്കുള്ള ഏറ്റവും പ്രധാനപ്പെട്ട ചുവടുവെപ്പായി കണക്കാക്കാം. എല്ലാ ന്യായാധിപരുടെയും സ്വത്തുവിവരങ്ങൾ പ്രസിദ്ധീകരിക്കുകവഴി നീതിന്യായ സംവിധാനത്തിന്റെ സുതാര്യതയും വിശ്വാസ്യതയും പ്രധാനപ്പെട്ട വിഷയങ്ങളായി അദ്ദേഹം പരിഗണിക്കുന്നുണ്ട് എന്ന സൂചന നൽകി.
വിശ്വാസം നഷ്ടപ്പെട്ടു കൊണ്ടിരുന്ന നീതിന്യായ സംവിധാനത്തിന് പുതുജീവൻ പകർന്ന കാലഘട്ടമായിരുന്നു ജ. സഞ്ജീവ് ഖന്നയുടേത്. മുൻഗാമികൾ തുടങ്ങിവച്ച ഡിജിറ്റൈസേഷന്റെയും ലൈവ് സ്ട്രീമിങ്ങിന്റെയും നടപടികൾ ശക്തമായി മുന്നോട്ടു കൊണ്ടുപോകാൻ അദ്ദേഹം ശ്രമിച്ചു. അതോടൊപ്പം കേസുകൾ പരിഗണിക്കുന്ന ബെഞ്ചുകൾ രൂപീകരിക്കുന്നതിൽ നിഷ്പക്ഷമായ സമീപനം സ്വീകരിച്ചതായും നമുക്ക് കാണാം. അതുവഴി ഭരണഘടനാ കോടതി ഭരണകൂട കോടതിയായി മാറിയിരിക്കുന്നു എന്ന വിമർശനത്തെ ഒട്ടൊന്ന് ശമിപ്പിക്കുവാൻ അദ്ദേഹത്തിന് കഴിഞ്ഞു. അതുപോലെതന്നെ വിരമിക്കലിനു ശേഷം ഒരു പദവിയും സ്വീകരിക്കില്ലെന്ന അദ്ദേഹത്തിന്റെ പ്രസ്താവനയും ശുഭസൂചകമാണ്.
ജസ്റ്റിസ് ബി ആർ ഗവായി
സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സ്ഥാനത്തേക്ക് എത്തുന്ന രണ്ടാമത്തെ ദളിതനാണ് ജസ്റ്റിസ് ബി ആർ ഗവായി. അദ്ദേഹത്തിൻറെ പിതാവ് ആർ എസ് ഗവായി മഹാരാഷ്ട്രയിൽ നിന്നുള്ള പ്രമുഖ ദളിത് നേതാവും ഗവർണറുമായിരുന്നു. അംബേദ്കറേറ്റ് രാഷ്ട്രീയത്തിന്റെ വക്താവായിരുന്ന അദ്ദേഹം ബുദ്ധമതം സ്വീകരിച്ചയാളാണ്. തൻറെ നീതിന്യായ ദർശനം അടിസ്ഥാനപരമായി സമത്വവും നീതിയും നടപ്പിലാക്കുക എന്നതാണെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
അദ്ദേഹത്തിൻറെ ബെഞ്ചാണ് ബുൾഡോസർ നീതി നടപ്പിലാക്കുന്നതിനെതിരെ ശക്തമായ നിലപാടെടുക്കുകയും, നിയമപരമായ നടപടിക്രമങ്ങളിലൂടെയല്ലാതെ മനുഷ്യരുടെ പാർപ്പിടങ്ങൾ തകർക്കുന്ന അധികാരികൾക്കെതിരെ നടപടികൾ സ്വീകരിക്കണമെന്ന് നിർദ്ദേശിക്കുകയും ചെയ്തത്.
മറ്റൊരു പ്രധാനപ്പെട്ട വിധി പട്ടികജാതി സംവരണത്തിൽ, ഉപവിഭാഗീകരണം അനുവദനീയമാണെന്ന ഉത്തരവാണ്. പട്ടികജാതി വിഭാഗത്തിനകത്ത് വിവേചനങ്ങളുണ്ടെന്നും അതിദുർബലരായ വിഭാഗങ്ങൾ ഉണ്ടെന്നും, നീതി നടപ്പാക്കുന്നതിന് അവരെ കണ്ടെത്തേണ്ടത് അനിവാര്യമാണെന്നുമുള്ള നിലപാടാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. പാരിസ്ഥിതിക വിഷയങ്ങളിലും ഫലപ്രദമായ ഇടപെടലുകൾ നടത്തിയ പാരമ്പര്യമുണ്ട് അദ്ദേഹത്തിന്.
2016-ലെ നോട്ട് നിരോധനം ശരിവച്ച സുപ്രീംകോടതി ബെഞ്ചിന്റെ ഭാഗമായിരുന്നു അദ്ദേഹം. അതുപോലെതന്നെ, അനുഛേദം 370 സംബന്ധിച്ച കേസിലും ഭൂരിപക്ഷ വിധിക്കൊപ്പമാണ് നിലകൊണ്ടത്. ഇലക്ട്രൽ ബോണ്ട് കേസിലുൾപ്പെടെ നിരവധി ഭരണഘടന ബെഞ്ചുകളുടെ ഭാഗമായി, സമകാലിക ഇന്ത്യയിലെ ഭരണഘടനാ നിയമവൈജ്ഞാനികതാ രൂപീകരണത്തിൽ നിർണായകമായ പങ്ക് വഹിച്ചിട്ടുണ്ട് അദ്ദേഹം.
അംബേദ്കറൈറ്റ് രാഷ്ട്രീയ പശ്ചാത്തലത്തിൽ നിന്നും ഉയർന്നുവന്ന വ്യക്തി എന്ന നിലയിൽ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പദവിയിലുള്ള അദ്ദേഹത്തിൻറെ കാലഘട്ടത്തെ ആകാംക്ഷയോടെയാണ് രാജ്യം ഉറ്റു നോക്കുന്നത്. അടിസ്ഥാന ജനതയുടെ നീതിയും, സമൂഹത്തിന്റെ ജനാധിപത്യ വൽക്കരണവും, ഭരണഘടന ധാർമികതയുടെ പ്രചാരണവുമാണ് ദളിത് രാഷ്ട്രീയത്തിന്റെ ആത്യന്തികമായ അർത്ഥം. അത് നിയമവൈജ്ഞാനികതയിൽ ഉൾചേർത്തുകൊണ്ട് മുന്നോട്ടുപോകാൻ ഈ സംവിധാനത്തിനകത്ത് അദ്ദേഹത്തിന് കഴിയുമോയെന്ന് കാത്തിരുന്നു കാണേണ്ടതാണ്. അതിൽ ഏറ്റവും പ്രധാനം, സുപ്രീംകോടതിയിൽ പ്രാതിനിധ്യ സ്വഭാവം ഉറപ്പുവരുത്തുന്നതിനു വേണ്ടി അദ്ദേഹത്തിൻറെ നേതൃത്വത്തിലുള്ള എന്തു നടപടികളാണ് സ്വീകരിക്കുക എന്ന ചോദ്യമാണ്.
അവധാനതയും സംയമനവും ഭരണഘടനാ മൂല്യങ്ങളോടുള്ള പ്രതിബദ്ധതയുമായിരുന്നു ജസ്റ്റിസ് ഖന്നയുടെ കാലഘട്ടത്തിന്റെ പ്രത്യേകത. അടുത്തദിവസം വഖഫ് ഭേദഗതി നിയമം വീണ്ടും പരിഗണനക്കെത്തുമ്പോൾ, ഇക്കാര്യത്തിൽ ജസ്റ്റിസ് ഗവായിയുടെ സമീപനം വ്യക്തമാകും. കൂറുമാറ്റ നിരോധന നിയമം, വിശ്വാസസ്വാതന്ത്രമായി ബന്ധപ്പെട്ട ശബരിമല റിവ്യൂ, മണി ബില്ലുകൾ സംബന്ധിച്ച കേസ്, തുടങ്ങി നിരവധി ഭരണഘടന പ്രാധാന്യമുള്ള വിഷയങ്ങൾ കോടതിക്ക് മുന്നിലുണ്ട്. ഇവയൊക്കെയും ഭരണകൂടവും പൊതുസമൂഹവും താല്പര്യത്തോടെ കാത്തിരിക്കുന്ന വിഷയങ്ങളാണ്.
ധാർമിക നിലപാടുകളുടെ തുടർച്ച.
ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, തൻറെ വിടവാങ്ങൽ പ്രസംഗത്തിൽ പറഞ്ഞതുപോലെ: “പൊതുസമൂഹത്തിന് നീതിന്യായ സംവിധാനത്തിലുള്ള വിശ്വാസം നിർബന്ധപൂർവം നേടിയെടുക്കാൻ കഴിയുന്നതല്ല; അത് നമ്മൾ ആർജിച്ചെടുക്കേണ്ടതാണ്”. അതിനുള്ള ആത്മാർത്ഥമായ ശ്രമങ്ങൾ അദ്ദേഹം തന്റെ ചുരുങ്ങിയ കാലയളവിൽ നടത്തിയിട്ടുണ്ട്. അതിനെ മുന്നോട്ടു കൊണ്ടുപോകുവാൻ പുതിയ ചീഫ് ജസ്റ്റിസ് കഴിയണം. എല്ലാത്തരത്തിലുമുള്ള വിഭാഗീയതകളുടെയും പേരിൽ കനത്ത ധ്രുവീകരണം നടന്നുകൊണ്ടിരിക്കുന്ന സമകാലിക ഇന്ത്യയിൽ, ജനാധിപത്യ മൂല്യത്തിന്റെയും ഭരണഘടനാ ധാർമികതയുടെയും വെളിച്ചം എത്രമാത്രം പരത്തുവാൻ കഴിയും എന്നതിനനുസരിച്ചായിരിക്കും അടുത്ത ചീഫ് ജസ്റ്റിസിനെ ചരിത്രം വിലയിരുത്തുക.
First published in Suprabhatham Daily on 14/05/2025



