സുപ്രീം കോടതി 2025: ജുഡീഷ്യൽ നിസ്സംഗതയുടെ വർഷം

ഇന്ത്യൻ ജുഡീഷ്യറി ആകെ ഒറ്റയടിക്ക് തകർന്നുവീണ വർഷമൊന്നുമല്ല 2025. പക്ഷേ നിർണായകമായ ചില മാറ്റങ്ങൾ ദൃശ്യമായ വർഷമാണ്.; നിതിന്യായ സംവിധാനത്തിൽ നിസ്സംഗത സാധാരണ വൽക്കരിക്കപ്പെട്ടിരിക്കുന്നു.

ഈ വർഷവും കോടതി അവിശ്രാന്തം പ്രവർത്തിക്കുന്നുണ്ടായിരുന്നു. കേസുകൾ പരിഗണിച്ചു, ഇടക്കാല വിധികൾ ഉണ്ടായി, കമ്മിറ്റികൾ രൂപീകരിച്ചു, ഹൈക്കോടതി വിധികൾ റദ്ദ് ചെയ്തു, ചിലപ്പോഴൊക്കെ സ്വന്തം തെറ്റുകൾ തന്നെ തിരുത്തുന്ന കാഴ്ചയും നാം കണ്ടു. ഇതിനൊക്കെയപ്പുറം നിശബ്ദമായ ഒരു മാറ്റം കോടതിക്ക് സംഭവിച്ചിരിക്കുന്നു.  കോടതി പ്രവർത്തിച്ചത് ഭരണഘടനയുടെ കാവൽക്കാരൻ എന്നതിലുപരി നടപടിക്രമങ്ങളുടെ പരിശോധകൻ എന്ന നിലയ്ക്കാണ്. പലപ്പോഴും ഭരണകൂടത്തെയോ അധികാരവ്യവസ്ഥയെ നേരിട്ട് അഭിമുഖീകരിക്കാതെ വളരെ ശ്രദ്ധിച്ച്, സംയമനത്തോടെ മാത്രം പ്രവർത്തിക്കുന്ന ഒരു ശൈലി രൂപീകരിച്ചു.

നിയമപരിശോധനയ്ക്ക് മാധ്യസ്ഥം വഹിക്കുന്ന നിഷ്ക്രിയരായ സംവിധാനമായിട്ടല്ല ഭരണഘടന ശിൽപികൾ ഭരണഘടന കോടതികളെ വിഭാവനം ചെയ്തത്. അധികാര വ്യവസ്ഥയ്ക്കെതിരെ ധാർമിക ധൈര്യത്തോടെ തല ഉയർത്തി നിന്ന് ജനാധിപത്യത്തെ പ്രതിരോധിക്കുന്ന  സ്ഥാപനമായാണ് സുപ്രീംകോടതി ഭരണഘടനയുടെ ഭാഗമാകുന്നത്. “ഭരണഘടനാധാർമികത അങ്ങനെ വെള്ളവും വെളിച്ചവും ഉള്ള എല്ലായിടത്തും വെറുതെയങ്ങ് വളരുന്നതല്ല നമ്മൾ ജാഗ്രതയോടെ പരിപാലിച്ചു വളർത്തേണ്ടതാണ്” എന്ന് ഡോക്ടർ അംബേദ്കർ എഴുതിയിട്ടുണ്ട്. ആ ജാഗ്രത  കൈമോശം വന്ന വർഷമാണ് 2025.

ഭരണഘടനയിലെ സുപ്രീംകോടതി

അടിസ്ഥാന തത്വങ്ങളിൽ നിന്ന് തുടങ്ങാം നമ്മുടെ ഭരണഘടന നിഷ്പക്ഷമായ ഒരു നിയമ കൈപുസ്തകമല്ല. കൊളോണിയൽ ചൂഷണത്തിന്റെയും, ജാതീയമായ അടിച്ചമർത്തലുകളുടെയും, സമൂഹത്തിൽ ആഴത്തിൽ പതിഞ്ഞ അസമത്വത്തിന്റെയും പശ്ചാത്തലത്തിൽ നിന്നും രൂപം കൊണ്ട മാറ്റത്തിനുള്ള മാർഗ്ഗരേഖയാണ്. ഭരണയുടെ അനുഛേദം 14, 15, 17, 19, 21 തുടങ്ങിയവയൊക്കെ അവകാശങ്ങൾ മാത്രമല്ല സാമൂഹിക പുനർനിർമ്മിതിക്കുള്ള ഉപകരണങ്ങളാണ്. 

 അംബേദ്കർ മുന്നോട്ടുവച്ച ഭരണഘടന പദ്ധതി രക്തരഹിതമായ വിപ്ലവമാണ് ലക്ഷ്യം വയ്ക്കുന്നത്. എല്ലാവരും തുല്യരാണെന്ന് യാന്ത്രിക കാഴ്ചപ്പാടിനപ്പുറം, സാമൂഹിക യാഥാർത്ഥ്യങ്ങളെ മനസ്സിലാക്കുന്ന യഥാതഥ സമത്വം, ഭൂരിപക്ഷ ഏകാധിപത്യത്തിനെതിരെയുള്ള ജാഗ്രത, ജുഡീഷ്യറിയുടെ ധൈര്യം എന്നിവ ആ ലക്ഷ്യത്തിലെത്തുന്നതിന് അനിവാര്യമാണ്. ഈയൊരു വിശാലമായ കാഴ്ചപ്പാടിൽ നിന്നുകൊണ്ടാണ് 2025-ലെ സുപ്രീം കോടതിയെ  വിലയിരുത്തേണ്ടത്.

പ്രധാനപ്പെട്ട വിധികൾ

 അരാവല്ലി വിധി 

2025-ലെ വെക്കേഷന് തൊട്ടുമുൻപ്, സുപ്രീംകോടതി സ്വമേധയാ നടത്തിയ ഒരിടപെടലിലൂടെ, അരാവല്ലി  മലനിരകൾക്ക് ‘100 മീറ്റർ ഉയര’ എന്ന നിർവചനം നൽകിയ കഴിഞ്ഞ മാസത്തെ സുപ്രീംകോടതി വിധി താത്കാലികമായി സ്റ്റേ ചെയ്തു. അരാവല്ലി മലനിരകളുടെ നിർവചനം സംബന്ധിച്ച പ്രശ്നങ്ങൾ പരിശോധിക്കുവാൻ പുതിയൊരു എക്സ്പെർട് കമ്മറ്റിയെ നിയോഗിക്കുവാനും തീരുമാനമായി. ഈ വിധി ഗുണകരമായ ഫലം ഉണ്ടാകും എന്ന അർത്ഥത്തിൽ പാരിസ്ഥിതിക പ്രവർത്തകർ സ്വാഗതം ചെയ്തു. കാരണം നവംബർ മാസത്തിലെ ജസ്റ്റിസ് ബി ആര് ഗവായിയുടെ ബെഞ്ചിന്റെ വിധി ഏറെ പരിസ്ഥിതി പ്രാധാന്യമുള്ള അരാവല്ലിമേഖലയുടെ സർവനാശത്തിനു വഴി വയ്ക്കുമായിരുന്നു. എന്നിരുന്നാലും നിയമവാഴ്ചയുടെ കാഴ്ചപ്പാടിൽ നിനും നോക്കിയാൽ കോടതി നടപടികൾ ഏറെ ചോദ്യങ്ങൾ ബാക്കിയാക്കുന്നുണ്ട്. രാഷ്ട്രീയ സമ്മർദ്ദങ്ങളോ, മാധ്യമങ്ങളുടെ ഭാഗത്തുനിന്നുമുള്ള നെഗറ്റീവ് ആഖ്യാനങ്ങളോ കാരണം പരമോന്നത നീതിപീഠം സ്വന്തം വിധികൾ, ഇത്ര വേഗത്തിൽ, ഇത്ര എളുപ്പത്തിൽ പിൻവലിക്കുകയും പുനഃപരിശോധിക്കുകയും ചെയ്യുമെന്നത് കോടതി വിധികളുടെ അന്തിമത്വത്തെയും, അനിവാര്യമായ അച്ചടക്കത്തെയും അട്ടിമറിക്കും. 

ഉന്നാവോ കേസ് 

ഉന്നാവോ കൂട്ടബലാത്സഗ കേസിൽ ബിജെപി നേതാവ് കുൽദീപ് സിംഗ് സെംഗാറിന്റെ ശിക്ഷ മരവിപ്പിച്ച ഡൽഹി ഹൈക്കോടതി വിധി സ്റ്റേ ചെയ്തതാണ് 2025 അവസാനിക്കുമ്പോൾ സുപ്രീംകോടതി നടത്തിയ മറ്റൊരു ഇടപെടൽ. ഇരകൾക്ക് ജുഡീഷ്യൽ സംവിധാനത്തിലുള്ള വിശ്വാസം പരിപൂർണമായും ഇല്ലാതാക്കുന്ന, അതീവ സാങ്കേതികമായ നിയമയുക്തി ഉപയോഗിച്ച ഡൽഹി ഹൈക്കോടതി വിധി പെട്ടെന്ന് തന്നെ സ്റ്റേ ചെയ്തത് അശ്വാസകരമായ വാർത്തയായിരുന്നു

വഖഫ്  നിയമഭേദഗതി

ഏറെ രാഷ്ട്രീയ പ്രാധാന്യമുള്ള ന്യൂനപക്ഷ അവകാശ സംരക്ഷണവുമായി ബന്ധപ്പെട്ട കേസുകൾ കോടതിയെ അസ്വസ്ഥതപ്പെടുത്തുന്നുണ്ട് എന്നതിന് തെളിവായിരുന്നു നിയമഭേദഗതിക്കെതിരെ ആയ ഹർജികളിലെ നടപടി. അടിസ്ഥാനപരമായ ഭരണഘടന പ്രശ്നങ്ങൾ ഉന്നയിക്കപ്പെട്ട ഒരു കേസ് ആയിരുന്നു, എന്നിട്ടും അതിൻറെ വേരുകളിലേക്ക് കടക്കാതെ ഏതാനും ചില വകുപ്പുകൾ മാത്രം സ്റ്റേ ചെയ്തുകൊണ്ട് താൽക്കാലികമായി തടുകയാണ് കോടതി ചെയ്തത്.  തുടർന്ന് ഈ വിഷയം ഇതുവരെ വാദത്തിന് എടുത്തിട്ടില്ല. വഖഫ് ബോർഡിൽ ഇതര മതക്കാരുടെ എണ്ണം നാലായി പരിമിതപ്പെടുത്തി, ചുരുങ്ങിയത് അഞ്ചു വർഷമെങ്കിലും മുസ്ലിം ആയി ജീവിച്ചവർക്ക് മാത്രമേ വഖഫ് രൂപീകരിക്കാൻ കഴിയുകയുള്ളൂ എന്നിവകുപ്പുകൾ താൽക്കാലികമായി സ്റ്റേ ചെയ്തു. ഇതിൽ അഞ്ചു വർഷത്തെ സമയപരിധിക്ക് സ്റ്റേ നൽകിയിരിക്കുന്നത്, അഞ്ചുവർഷം മുസ്ലിം ആയിരുന്നോ എന്ന് പരിശോധിക്കുന്നതിനുള്ള സംവിധാനം സംസ്ഥാന ഗവൺമെൻറ് ഉണ്ടാക്കുന്നത് വരെ എന്ന് പറഞ്ഞാണ്! സ്വന്തം സ്ഥലത്തിന് മേലുള്ള ഒരു മനുഷ്യൻറെ സ്വയം നിർണയാധികാരത്തെയാണ് നിയമം ചോദ്യം ചെയ്യുന്നത്. അടിസ്ഥാന അവകാശങ്ങൾ പരീക്ഷിക്കപ്പെടുന്ന ഘട്ടമാണ്. എന്നിട്ടും കോടതി അതിനെ ഒരു നടപടിക്രമങ്ങളുടെ പ്രശ്നമായിട്ടാണ് മനസ്സിലാക്കുന്നത്. ഉപയോഗത്തിലൂടെ ഉള്ള വഖഫ്, അഥവാ വഖഫ് ബൈ യൂസർ, ഇല്ലാതാക്കിയത് ഉൾപ്പെടെയുള്ള ഭേദഗതിക്കെതിരെ കോടതി മൗനം പാലിക്കുന്നു. ഈ നിയമ ഭേദഗതിയുടെ രാഷ്ട്രീയ സാമൂഹിക ചരിത്ര പശ്ചാത്തലം നമസ്കരിച്ചുകൊണ്ട് അടിസ്ഥാന ഭരണഘടന തത്വങ്ങളെ അവഗണിച്ചുകൊണ്ട്, കേവലം ഭരണ നിർവഹണ പ്രശ്നമായി ലഘൂകരിക്കുകയാണ് കോടതി ചെയ്തത്.

അനുച്ഛേദം 143: ഗവർണറുടെ അധികാരങ്ങൾ.

2025ലെ സുപ്രീംകോടതി ഏറ്റവും മനോഹരമായ അടയാളപ്പെടുത്താൻ കഴിയുക, ഗവർണറുടെ അധികാരം പരിമിതപ്പെടുത്തിയ സുപ്രീംകോടതിവിധി സംബന്ധിച്ച, ഭരണഘടനയുടെ അനുഛേദം 143 പ്രകാരമുള്ള രാഷ്ട്രപതിയുടെ ചോദ്യത്തിന് നൽകിയ മറുപടിയിലൂടെയായിരിക്കും. 2025 മെയ് മാസത്തിൽ, തമിഴ്നാട് ഗവൺമെൻറ് സമർപ്പിച്ച ഹർജിയിൽ, ഭരണഘടനയുടെ അനുഛേദം 200, 2001 എന്നിവ വ്യാഖ്യാനിച്ച്, ഗവർണർക്കോ രാഷ്ട്രപതിക്കോ, നിയമസഭ പാസാക്കിയ ഒരു നിയമത്തിനുമേൽ അനന്തകാലം അടയിരിക്കാനാവില്ലെന്ന് വിധിയെഴുതുകയും, രാഷ്ട്രപതിക്കും ഗവർണർക്കും തീരുമാനമെടുക്കുന്നതിന് സമയപരിധി നിശ്ചയിക്കുകയും ചെയ്തു. മാത്രവുമല്ല, ദീർഘകാലമായി ഗവർണർ തടഞ്ഞു വച്ചുകൊണ്ടിരുന്ന ചില ബില്ലുകൾ, അനുഛേദം 142 നൽകുന്ന പ്രത്യേക അധികാരം ഉപയോഗിച്ച് അനുമതി നൽകിയതായി കണക്കാക്കാമെന്ന തീരുമാനവുമെടുത്തു.

ഇത് സംബന്ധിച്ച് ഒരാഴ്ചയ്ക്കകം പ്രസിഡൻറ് സുപ്രീം കോടതിയോട് ഉപദേശം തേടുകയാണ്.  സുപ്രീംകോടതി വിധി പറഞ്ഞ ഒരു കാര്യത്തിൽ പിന്നീട് അഭിപ്രായം ഉന്നയിക്കേണ്ടതുണ്ടോ എന്ന പ്രധാനപ്പെട്ട ഒരു നിയമപ്രശ്നം അവിടെ ഉണ്ടായിരുന്നു. സുപ്രീംകോടതി വിധി രാജ്യത്തെ നിയമമാണ്, അഭിപ്രായം പറയുന്ന ബെഞ്ചിനും അത് ബാധകമാണ്. അനുഛേദം 143 മുഖേനയുള്ള അഭിപ്രായത്തിന് ഉപദേശക സ്വഭാവം മാത്രമാണുള്ളത്. അത് ഗവൺമെന്റിന് അംഗീകരിക്കാം അംഗീകരിക്കാതിരിക്കാം. വാദപ്രതിവാദങ്ങൾക്ക് ശേഷം കോടതി പുറപ്പെടുവിക്കുന്ന ഉത്തരവു പോലെയല്ല ഇത്. അതുകൊണ്ടുതന്നെ ഈ ചോദ്യങ്ങൾക്ക് മറുപടി പറയേണ്ടതുണ്ടോ എന്ന പ്രശ്നം ഉണ്ടായിരുന്നു. എന്നാൽ അതൊക്കെ അവഗണിച്ച് ചീഫ് ജസ്റ്റിസ് ഗവായിയുടെ നേതൃത്വത്തിലുള്ള ഉപദേശക ബഞ്ച് കാര്യങ്ങൾ പുന പരിശോധിക്കുകയാണ് ഉണ്ടായത്. 

ഗവൺമെന്റിന്റെ ചോദ്യങ്ങളിൽ ഫലത്തിൽ, തീർപ്പ് കൽപ്പിച്ച നിയമപ്രശ്നങ്ങളുടെ പുന പരിശോധനയാണ് ആവശ്യപ്പെട്ടിട്ടുള്ളത് എന്നിരിക്കെ, “വിധി തിരുത്താനോ പിൻവലിക്കാനോ മാറ്റി തീർക്കാനോ ഉള്ള ആവശ്യങ്ങൾ ഉന്നയിച്ചിട്ടില്ല” എന്ന കുയുക്തിയാണ്, കോടതി ഉപദേശത്തിന് ന്യായമായി കണ്ടെത്തുന്നത്. അങ്ങനെയെങ്കിൽ നാളെ “പാർലമെൻറിന് ഭരണഘടനയുടെ അടിസ്ഥാനഘടന ഭേദഗതി ചെയ്യാൻ കഴിയുമോ?” എന്നൊരു ചോദ്യം ചോദിച്ചാൽ കേശവാനന്ദ ഭാരതീ കേസിലെ വിധി മറികടക്കാൻ കഴിയുമെന്നു വരില്ലേ? ജുഡീഷ്യൽ അച്ചടക്കത്തെയും കോടതിവിധികളുടെ അന്തിമത്തത്തെയും അട്ടിമറിക്കുകയാണ് ഈ റഫറൻസ്. ഗവൺമെൻറ്കൾക്ക്, സാധാരണഗതിയിൽ ലഭ്യമായ റിവ്യൂ, ക്യുറേറ്റീവ് പെറ്റീഷനുകൾക്കു പുറമേ, തങ്ങൾക്ക് ഇഷ്ടമില്ലാത്ത കോടതിവിധികളെ അട്ടിമറിക്കുന്നതിന് പുതിയൊരു വാതിൽ തുറന്നു കൊടുക്കുകയാണ് ഇതിലൂടെ ഉണ്ടായിട്ടുള്ളത്. ഏതു കേസിലും, വിശാല ബഞ്ച് രൂപീകരിച്ച് വിധികളെ പുനഃ പരിശോധിക്കാം എന്നുവരുന്നു. 

ഫെഡറലിസത്തിനെതിരെ 

ഡോ. അംബേദ്കർ ഏറ്റവും കൂടുതൽ വിലമതിച്ച മൂല്യങ്ങളിലൊന്ന് ഭരണഘടനയിൽ സംരക്ഷിക്കപ്പെടുന്ന ഫെഡറലിസമാണ്. അംബേദ്കറൈറ്റ് എന്നവകാശപ്പെടുന്ന ഒരാൾ, ഫെഡറൽ സംവിധാനത്തിന്റെ കടക്കൽ കത്തി വയ്ക്കുന്ന കാഴ്ചയാണ് മുകളിൽ വിശദീകരിക്കപ്പെട്ടത്. തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധി സഭയുടെയും ക്യാബിനറ്റിന്റെയും ഉപദേശങ്ങൾ അനുസരിച്ച് പ്രവർത്തിക്കേണ്ട ഭരണഘടനാപരമായ തലവൻ മാത്രമാണ് ഗവർണർ, അല്ലാതെ ഒരു സമാന്തര ഭരണകൂടമല്ല. അത്തരത്തിൽ ഭരണഘടനയുടെ ഫെഡറൽ സംവിധാനത്തെ ഉയർത്തിപ്പിടിച്ച ഒരു കോടതിവിധിയെ, കേട്ടുകേൾവിയില്ലാത്ത നടപടികളിലൂടെ ഫലത്തിൽ റദ്ദ് ചെയ്ത നടപടി, ഭരണഘടനാ കോടതികൾ ഭരണകൂട കോടതികൾ ആയി മാറിയിരിക്കുന്നു എന്ന ആക്ഷേപത്തെ ശരിവയ്ക്കുന്നതാണ്. സമഗ്രമായ വാദവിചാരങ്ങൾക്കു ശേഷം പുറപ്പെടുവിച്ച ഒരു ഉത്തരവിനെ കുറിച്ച് ‘അഭിപ്രായം’ പറയുവാനും വിമർശിക്കുവാനും തയ്യാറാവുക വഴി നാളിതുവരെ ഇല്ലാത്ത ഒരു കീഴ്വഴക്കമാണ് സൃഷ്ടിച്ചത്.

ജസ്റ്റിസ് വർമ്മ എപ്പിസോഡ് 

ഡൽഹി ഹൈക്കോടതി ജഡ്ജിയായ ജസ്റ്റിസ് യശ്വന്ത് വർമ്മയുടെ ഔദ്യോഗിക വസതിയിൽ നിന്നും നോട്ടുകെട്ടുകൾ കണ്ടെടുത്ത സംബന്ധിച്ച വിവാദവും അന്വേഷണവും ന്യായാധിമരുടെ വ്യക്തിപരമായ ഗുണഗണങ്ങളെക്കുറിച്ച് മാത്രമല്ല, ഒരു വ്യവസ്ഥിതി എന്ന നിലയിൽ ജുഡീഷ്യറിയുടെ ആകെ സുതാര്യതയ്ക്ക് വിശ്വാസതയുമേ കളങ്കം ചാർത്തി. 

സുപ്രീംകോടതി പത്രക്കുറിപ്പുകൾ നൽകുകയും ഒരു വീഡിയോ പുറത്തുവിടുകയും ആഭ്യന്തര അന്വേഷണം പ്രഖ്യാപിക്കുകയും ജസ്റ്റിസ് വർമ്മയെ ജുഡീഷ്യൽ ഉത്തരവാദിത്വങ്ങളിൽ നിന്ന് മാറ്റുകയും ചെയ്തെങ്കിലും ഈ നടപടിക്രമങ്ങൾ എല്ലാം സുതാര്യതയും നിയമപരമായ വ്യക്തതയും ഇല്ലാത്തതായിരുന്നു. പൊതു സമൂഹത്തിന് ബോധ്യപ്പെടാൻ കഴിയുന്ന തരത്തിലുള്ള സംവിധാനങ്ങൾ ആയിരുന്നില്ല ഇതൊന്നും .

 ആരോപണങ്ങൾ അവസാനിക്കാത്ത കൊളീജിയം 

1993-ലെ സെക്കൻഡ് ജഡ്ജ്സ് കേസിലൂടെയാണ് ഭരണഘടന കോടതികളിലേക്കുള്ള ന്യായാധിപനിയമനത്തിന് കൊളീജിയം സംവിധാനം രൂപീകൃതമാകുന്നത്. ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം ഉറപ്പുവരുത്തുന്നതിനും ഭരണകൂടത്തിന്റെ ഇടപെടലുകൾ ഇല്ലാതാക്കുന്നതിനും വേണ്ടിയാണ് ഇത് കൊണ്ടുവന്നതെങ്കിലും, തുടർന്നങ്ങോട്ട് സുതാര്യതയില്ലായ്മയും, സ്വജനപക്ഷപാതവും, ഭരണകൂടത്തിന്റെ രഹസ്യ ഇടപെടലുകളും കൊളീജിയം പ്രവർത്തനത്തിന്റെ ഭാഗമാകുന്നതായി നമ്മൾ കണ്ടു. ജസ്റ്റിസ് ഗവായിയുടെ കാലഘട്ടത്തിൽ കൊളീജിയം അധപതനത്തിന്റെ അങ്ങേയറ്റത്ത് എത്തിച്ചേർന്നുവെന്ന് ഭരണഘടനാ വിദഗ്ധനായ ഗൗതം ഭാട്ടിയ എഴുതുന്നു. ‘Chief in his Chiefdom’ എന്നാണ് അദ്ദേഹം നടത്തിയ പ്രയോഗം.. 

ബോംബെ ഹൈക്കോടതിയിലെ ന്യായാധിപ നിയമനവുമായി ബന്ധപ്പെട്ടാണ് പകൽവെളിച്ചം പോലെ വ്യക്തമായ ഒരു ആരോപണം ഉയർന്നുവന്നത്. ജസ്റ്റിസ് ഗവായിയുടെ വളരെ അടുത്ത ബന്ധുവായ, മരുമകൻ എന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്, രാജ് ദാമോദർ വക്കോഡെയെ, ഹൈക്കോടതി ജഡ്ജി ആക്കുന്നതിനുള്ള കൊളീജിയം ശിപാർശയായിരുന്നു അത്. ഗവൺമെൻറാകട്ടെ അത്ഭുതകരമായ വേഗതയിൽ നാമനിർദ്ദേശം അംഗീകരിക്കുകയും, ഉടൻതന്നെ അദ്ദേഹം ഹൈക്കോടതി ജഡ്ജിയായി സ്ഥാനമേൽക്കുകയും ചെയ്തു. വളരെ പ്രധാനപ്പെട്ട പല നിർദ്ദേശങ്ങളും മാസങ്ങളോളമോ വർഷങ്ങളോളമോ വച്ചു താമസിപ്പിക്കുന്ന എക്സിക്യൂട്ടീവ് ആണ് ഇക്കാര്യത്തിൽ ദ്രുതഗതിയിൽ തീരുമാനമെടുത്തത്. നിയമന ശിപാർശ അംഗീകരിച്ച കൊളീജിയം മീറ്റിംഗിൽ ജസ്റ്റിസ് ഗവായി പങ്കെടുത്തിരുന്നില്ലെങ്കിലും കൊളീജിയം അധ്യക്ഷൻ അദ്ദേഹമാണ് എന്ന കാര്യം നിഷേധിക്കാനാവില്ല. അതുമാത്രമല്ല, അദ്ദേഹം സേവനമനുഷ്ഠിച്ച ബോംബെ ഹൈക്കോടതി, പ്രത്യേകിച്ചും അതിൻറെ നാഗ്പൂർ ബെഞ്ചിൽ നിന്ന്, അനുപാതരഹിതമായ തരത്തിൽ നിയമനങ്ങൾ നടന്നിട്ടുണ്ട്. മുതിർന്ന പലരെയും, വനിതാ ജഡ്ജിമാർ ഉൾപ്പെടെ, മറികടന്നാണ് പ്രസ്തുത ഹൈക്കോടതിയിൽ നിന്നും നിയമനങ്ങൾ നടന്നത്. അവഗണിക്കപ്പെട്ട ജസ്റ്റിസ് രേവതി മോഹിത് ദേരെ, നിശ്ചയമായും സുപ്രീംകോടതിയിൽ എത്തേണ്ടതായിരുന്നു എന്ന്, മുതിർന്ന അഭിഭാഷക ഇന്ദിരാ ജയ് സിംഗ് എഴുതുന്നുണ്ട്. 

ജസ്റ്റിസ് വിപുൽ എം പഞ്ചോളിയെ സുപ്രീംകോടതിയിലേക്ക് ഉയർത്തിയ കൊളീജിയം നടപടിയാണ്  അധപതനത്തിന്റെ ഏറ്റവും മികച്ച ഉദാഹരണം. അദ്ദേഹം സീനിയോറിറ്റിയിൽ 57-മനായിരുന്നുവെന്ന്, ‘സുപ്രീം കോർട്ട് ഒബ്സർവർ’ ചൂണ്ടി കാണിക്കുന്നു. കോടതിയിലെ സ്ത്രീ പ്രാതിനിധ്യത്തെ സഹായിക്കുമായിരുന്ന, മൂന്ന് വനിതാ ജഡ്ജിമാരെ ഉൾപ്പെടെ മറികടന്നാണ് ഗുജറാത്ത് ഹൈക്കോടതിയിൽ നിന്നുമുള്ള ഇദ്ദേഹത്തെ നിയമിച്ചത്. ഗുജറാത്ത് ഹൈക്കോടതിയിൽ നിന്നും പാറ്റ്നയിലേക്ക് സ്ഥലം മാറ്റിയ ഉടനെയിയിരുന്നു ഈ നിയമനം. ഈ വിഷയത്തിൽ, സുപ്രീംകോടതിയിലെ ഏക വനിതാ ജഡ്ജിയായ  ജസ്റ്റിസ് ബി വി നാഗരത്ന, കൊളീജിയം മീറ്റിംഗിൽ  ഔദ്യോഗികമായി വിയോജിപ്പ് രേഖപ്പടുത്തുകയുണ്ടായി. അദ്ദേഹത്തിൻറെ നിയമനം കോടതിയുടെ പ്രതിച്ഛായക്ക് കോട്ടം ചെയ്യുമെന്നായിരുന്നു അഭിപ്രായം. എന്നാൽ കൊളീജിയം അത് അവഗണിക്കുകയായിരുന്നു. ശിപാർശ ചെയ്തു രണ്ടു ദിവസത്തിനകം, യൂണിയൻ ഗവൺമെൻറ് ആ ഫയൽ അംഗീകരിച്ചു എന്നത് പ്രത്യേകം ശ്രദ്ധിക്കണം. നിലവിലെ സുപ്രീംകോടതിയിലെ സീനിയോറിറ്റി പരിശോധിച്ചാൽ 2031-ൽ ചീഫ് ജസ്റ്റിസ് ആകേണ്ട ആളാണ് ജസ്റ്റിസ് പഞ്ചോളി. ഇതിനെ “ഒരു വ്യവസ്ഥിതിയുടെ തകർച്ച” എന്നാണ് ഇന്ദിരാ ജയ് സിംഗ് വിശേഷിപ്പിച്ചത്. ഭരണകൂടത്തിന് താല്പര്യമുള്ള ഒരു സുപ്രീംകോടതി ചീഫ് ജസ്റ്റിസ് തെരഞ്ഞെടുക്കുകയാണ് കൊളീജിയം ചെയ്തതെന്ന് അവർ അഭിപ്രായപ്പെടുന്നു. 

ജുഡീഷ്യറിയിൽ ഭരണകൂടത്തിന്റെ ഇടപെടലുകളെ തുറന്നുകാണിക്കുന്നതായിരുന്നു മലയാളികൂടിയായ ജസ്റ്റിസ് അതുൽ ശ്രീധരന്റെ ട്രാൻസ്ഫർ. ഭരണഘടനാപരമായ അവകാശങ്ങൾക്ക് ഒപ്പം നിൽക്കുന്ന ന്യായാധിപൻ എന്ന പേരുകേട്ട, ജസ്റ്റിസ് അതുൽ, തൻറെ മകൻ അഭിഭാഷക വൃത്തി ആരംഭിച്ചതിനെ തുടർന്ന് ജമ്മുകശ്മീരിലേക്ക് സ്ഥലംമാറ്റം ചോദിച്ചു വാങ്ങിയ വ്യക്തിയാണ്. പിന്നീട് മധ്യപ്രദേശ് ഹൈക്കോടതിയിലേക്ക് എത്തിയ അദ്ദേഹത്തെ കഴിഞ്ഞ ഓഗസ്റ്റ് മാസത്തിൽ ഛത്തീസ്ഗഡ് ഹൈക്കോടതിയിലേക്ക് മാറ്റുവാൻ സുപ്രീം കോടതി കോളേജിയം നിർദ്ദേശിച്ചു. എന്നാൽ രണ്ടുമാസം കഴിഞ്ഞപ്പോൾ, ‘ഗവൺമെന്റിന്റെ താല്പര്യ പ്രകാരം’ അദ്ദേഹത്തെ അലഹബാദ് ഹൈക്കോടതിയിലേക്ക് ട്രാൻസ്ഫർ ചെയ്ത് കൊളീജിയം തീരുമാനമെടുത്തു. കോളേജിയം പ്രമേയത്തിൽ തന്നെ ‘പുനപരിശോധിക്കാനുള്ള ഗവൺമെന്റിന്റെ അഭ്യർത്ഥന മാനിച്ച് ജസ്റ്റിസ് അതുൽ ശ്രീധരനെ, ഛത്തീസ്ഗഡ് ഹൈക്കോടതിക്ക് പകരം, അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റുവാൻ നിർദ്ദേശിക്കുന്നു’ എന്ന രേഖപ്പെടുത്തിയിട്ടുണ്ട്.

ദുരുപദ്രവകരമായ ഒരു ബ്യൂറോക്രാറ്റിക് നടപടിയാണിതെന്ന് വിശ്വസിക്കുക പ്രയാസമാണ്. ഇത് അപകടകരമായ കീഴ്വഴക്കങ്ങൾ സൃഷ്ടിക്കുന്നു. അലഹബാദിൽ അദ്ദേഹം സീനിയോറിറ്റി പ്രകാരം ഏഴാമനാണ്. മധ്യപ്രദേശ് ഹൈക്കോടതിയിൽ രണ്ടാമനായിരുന്നു. ഛത്തീസ്ഗഡിൽ മൂന്നാമനും. അലഹബാദിലേക്ക് മാറിയതോടെ അദ്ദേഹത്തിന് ഹൈക്കോടതി കൊളീജിയത്തിലെ സ്ഥാനം നഷ്ടപ്പെട്ടു. പൗരാവകാശങ്ങളോടും ജനാധിപത്യ മൂല്യങ്ങളോടും ആഭിമുഖ്യം പ്രകടിപ്പിക്കുന്ന ഒരു ന്യായാധിപന് ജുഡീഷ്യറിയിൽ ഭരണപരമായ സ്വാധീനം ഉണ്ടായിരിക്കില്ലെന്ന് വന്നു. 

2025-ലെ ചീഫ് ജസ്റ്റിസുമാർ

ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് 

ആധാർ കേസിലെ വിയോജന വിധിയും ശബരിമല വിധിയും ഉൾപ്പെടെ ഭരണഘടനയുടെ പരിണാമാത്മക സ്വഭാവം ഉയർത്തിപ്പിടിച്ച് നിരവധി ഇടപെടലുകൾ നടത്തുകയും, പ്രഭാഷണങ്ങളിലും പൊതുയിടങ്ങളിലും എല്ലാം ജനാധിപത്യമൂല്യങ്ങളെ കുറിച്ച് വാചാലനാവുകയും ചെയ്ത ജസ്റ്റിസ് ചന്ദ്രചൂഡിന്റെ കാലഘട്ടത്തെ പ്രതീക്ഷയോടെയാണ് എല്ലാവരും ഉറ്റുനോക്കിയിരുന്നത്. കോളേജിയം പ്രവർത്തനത്തിന്റെ സുതാര്യത സംബന്ധിച്ച ചില ഇടപെടലുകളൊക്കെ ആദ്യഘട്ടത്തിൽ ഉണ്ടായിരുന്നു. ഏറെ പ്രതീക്ഷ നൽകിയതിനു ശേഷം,  ഏറ്റവും മോശം പ്രതിച്ഛായയുണ്ടായിരുന്ന ചീഫ് ജസ്റ്റിസ് മാർക്കൊപ്പം ചരിത്രത്തിൽ ഇടം പിടിക്കുന്നതായി അദ്ദേഹത്തിന്റെ കാലഘട്ടം. രാഷ്ട്രീയ പ്രാധാന്യമുള്ള കേസുകളിൽ പതിവുപോലെ നടപടി സ്വീകരിക്കാതിരിക്കുകയും സുപ്രീംകോടതി ബെഞ്ചുകൾ രൂപീകരിക്കുന്നതിലെ പക്ഷപാതിത്വങ്ങൾ തുടരുകയും ചെയ്യുന്നതായുള്ള ആക്ഷേപം ശക്തമായിരുന്നു. ബാബറി മസ്ജിദ് കേസിലെ വിധി ദൈവപ്രേരിതമാണെന്ന പ്രസ്താവനയും, തന്റെ വസതിയിൽ പൂജ ചെയ്യുന്നതിന് പ്രധാനമന്ത്രിയെ എത്തിച്ചതും, വിരമിച്ചതിനുശേഷം നൽകിയ ചില അഭിമുഖങ്ങളിൽ സുപ്രീംകോടതി വിധിയിലെ കണ്ടെത്തലുകൾക്കുപോലും വിരുദ്ധമായി അയോധ്യയിൽ ക്ഷേത്രം തകർത്താണ് ആദ്യ പാപം എന്ന് പറയുകയും, ചീഫ് ജസ്റ്റിസിന്‍റെ ഔദ്യോഗിക വസതി സമയത്ത് ഒഴിഞ്ഞു കൊടുക്കാതിരിക്കുകയും ഒക്കെ ചെയ്തു അദ്ദേഹം.  പ്രസംഗത്തിൽ അല്ല പ്രവർത്തിയിലാണ് കാര്യമെന്ന് അദ്ദേഹത്തിൻറെ കാലഘട്ടം നമ്മളെ ഓർമ്മപ്പെടുത്തുന്നു. 

ജസ്റ്റിസ് ബി ആർ ഗവായി 

അധികാര കേന്ദ്രീകരണത്തിന്റെയും ഏകാധിപത്യ പ്രവണതകളുടെയും ഹിന്ദുത്വ രാഷ്ട്രീയത്തിന്റെയും കാലത്തെ, സ്വയം ഒരു അംബേദ്കർ ആയിട്ട് ആണെന്ന് പരസ്യമായി പ്രസ്താവിക്കുന്ന ദളിത് ചീഫ് ജസ്റ്റിസ് എന്ന നിലയിൽ നിരാശാജനകമായ കാലഘട്ടമായിരുന്നു ജസ്റ്റിസ് ഗവായിയുടേത്. ഭരണകൂട താല്പര്യങ്ങൾ നിലനിൽക്കുന്ന കേസുകളിൽ ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങളിൽ ഉറച്ചുനിന്നുകൊണ്ട് ഇടപെടലുകൾ നടത്തുന്നതിൽ അദ്ദേഹം വിമുഖത പ്രകടിപ്പിച്ചു. പല അടിസ്ഥാന നിയമ പ്രശ്നങ്ങളെയും ഭരണനിർവഹണ നടപടിക്രമങ്ങൾ ആയി ചുരുക്കി കണ്ടു. പലതും തീരുമാനമെടുക്കാതെ മാറ്റിവെച്ചു. ഏറ്റവും ഒടുവിൽ, പരിസ്ഥിതി നിയമത്തിലെ പിൻനടത്തമായി ചരിത്രം രേഖപ്പെടുത്തുന്ന രണ്ടു വിധികൾ ഉണ്ടായി. ഒന്ന്, മുൻകാല പ്രാബല്യത്തോടെ പരിസ്ഥിതിക അനുമതി നൽകുന്ന ഗവൺമെൻറ് വിജ്ഞാപനം റദ്ദ് ചെയ്ത സുപ്രീംകോടതി വിധിയെ തിരുത്തിയ നടപടി, രണ്ടാമത്, അരാവല്ലി മലനിരകളുമായി ബന്ധപ്പെട്ട വിധി. ഗവർണറുടെയും രാഷ്ട്രപതിയുടെയും അധികാരം സംബന്ധിച്ച് പ്രസിഡൻഷ്യൽ റഫറൻസ് തീരുമാനവും എക്സിക്യൂട്ടീവിനു കുടപിടിക്കുന്നതായി. 

ജസ്റ്റിസ് സൂര്യകാന്ത്

നവംബർ മാസത്തിൽ മാത്രമാണ് ജ.സൂര്യകാന്ത് ചീഫ് ജസ്റ്റിസായി സ്ഥാനമേറ്റെടുക്കുന്നത്. അഴിമതി ആരോപണങ്ങൾ നേരിട്ടിരുന്ന കാലത്ത് അദ്ദേഹത്തെ സുപ്രീംകോടതിയിലേക്ക് ശിപാർശ ചെയ്ത കൊളീയം നടപടി തന്നെ വിവാദമായിരുന്നതാണ്. അതുകൂടാതെ ഏറ്റവും നിരാശാജനകമായ പ്രതിച്ഛായയുള്ള സുപ്രീംകോടതി ആണ് അദ്ദേഹത്തിന് കൈമാറി കിട്ടിയത്. എന്നാൽ തെറ്റുകൾ തിരുത്തുന്നതിന് വേണ്ടി എന്ന തോന്നൽ ഉളവാക്കുന്ന ചില ഇടപെടലുകൾ ഉണ്ടായിട്ടുണ്ട്. അരാവല്ലി മലനിരകളിലെ ഖനനം സംബന്ധിച്ച ജസ്റ്റിസ് ഗവായിയുടെ വിധി മരവിപ്പിച്ചതും നടപടിയിൽ ബിജെപി നേതാവ് കുൽദീപ് സിംഗ് സംഘാടന വെറുതെവിട്ട ഡൽഹി ഹൈക്കോടതി വിധി റദ്ദു ചെയ്തതും ഈ ദിശയിലേക്കാണ് വിരൽ ചൂണ്ടുന്നത്.

സമഗ്രമായി പരിശോധിച്ചാൽ 2025, ചീഫ് ജസ്റ്റിസ് മാരുടെ പേരുകൾക്കതീതമായി  നിരാശാജനകമായ ഒരു വർഷമായിരുന്നു എന്ന് കാണാം. 

കോടതിയുടെ ദാർശനിക ഗതി

2025-ലെ സുപ്രീംകോടതിയുടെ പ്രവർത്തനം പരിശോധിക്കുമ്പോൾ, നിയമ വൈജ്ഞാനിക രംഗത്ത്, ഭരണഘടനാ ധാർമികത ഉയർത്തിപ്പിടിക്കുന്ന  ദിശാബോധം കാണാൻ കഴിയില്ല. ഭരണകൂട താല്പര്യങ്ങളോട് ചേർന്ന് നിൽക്കുന്ന ജുഡീഷ്യറിയാണ് ദൃശ്യമാകുന്നത്. കീഴ്വഴക്കങ്ങളും പിന്തുടർന്ന് പോകുന്ന നടപടിക്രമങ്ങളും അട്ടിമറിച്ചുകൊണ്ട് ജുഡീഷ്യൽ അച്ചടക്കത്തെ അസ്ഥിരപ്പെടുത്തുന്ന നടപടികൾ കാണാം. കൊളീജിയത്തിന്റെയും നിയമനങ്ങളുടെയും സ്ഥലം മാറ്റങ്ങളുടെയും കാര്യത്തിൽ ഐച്ഛികവും ഭരണകൂട താൽപര്യങ്ങൾക്ക് വഴങ്ങിക്കൊടുക്കുന്നതുമായ പ്രത്യക്ഷ ചെയ്തികൾ സാധാരണമായി. 

നമ്മുടെ ഇതിന്യായ സംവിധാനം ഒറ്റനോട്ടത്തിൽ  ഏകാധിപത്യ പ്രവണതകൾ പ്രദർശിപ്പിക്കുന്നില്ലെങ്കിലും കൂടുതൽ അപകടകരമായ, സൂക്ഷ്മ ദർശനത്തിൽ മാത്രം പ്രകടമാകുന്ന, ഒരുതരം നിസ്സംഗത വ്യാപരിക്കുന്നുണ്ട്; പ്രശ്നങ്ങളിൽ ഇടപെടാനുള്ള വിമുഖത. കോടതിയുടെ നിരീക്ഷണങ്ങളിലും വർത്തമാനങ്ങളിലും പോലും അത് വ്യക്തമാണ്, ഭരണഘടനാ ധാർമികതയെ കുറിച്ചും ജ്ഞാനോദയ മൂല്യങ്ങളെ കുറിച്ചും ജനാധിപത്യത്തിന്റെ വികാസത്തെ കുറിച്ചും രാഷ്ട്രീയവും സാമൂഹികവുമായ നീതിയെക്കുറിച്ചും വാചാലമാകേണ്ട കോടതി മുറികളിൽ ‘സ്വദേശി വിധി ന്യായം’ പോലുള്ള അപഹാസ്യമായ പരികല്പനകൾ ആഘോഷിക്കപ്പെടുകയാണ്. 

കേവലമായ ഭരണനിർവഹണ നടപടികൾക്കപ്പുറം ഭരണഘടന മുന്നോട്ടുവയ്ക്കുന്ന നീതി എന്ന സങ്കല്പത്തെ സാക്ഷാത്കരിക്കുന്നതിനുള്ള മാർഗമായി നീതിന്യായ സംവിധാനം സ്വയം വീണ്ടെടുക്കേണ്ടതുണ്ട്. ഏകാധിപത്യ പ്രവണതകൾക്ക് എതിരെ പൗര സമൂഹത്തിൻറെ പക്ഷത്തു നിന്നുകൊണ്ടുള്ള നിലപാടുകളാണ് കോടതി സ്വീകരിക്കേണ്ടത് അല്ലാതെ യാന്ത്രികമായ നിഷ്പക്ഷതയല്ല. പൊതുസമൂഹത്തിൽ വിശ്വാസ്യത ഉണ്ടാകണമെങ്കിൽ  ജുഡീഷ്യറിയിൽ സുതാര്യത കൊണ്ടുവന്നേ മതിയാകൂ. സാമൂഹികവും രാഷ്ട്രീയവും പാരിസ്ഥിതികവുമായ വിഷയങ്ങളിൽ ഭരണഘടനാ ധാർമികതയുടെ, ക്ഷേമ രാഷ്ട്ര സങ്കല്പത്തിന്റെ, നീതിയുടെ,  പക്ഷത്ത് നിൽക്കുവാൻ കോടതിക്ക് കഴിയണം. സാങ്കേതികത്വം കൊണ്ട് നീതിയെ ഞെരുക്കി ഇല്ലാതാക്കുന്ന സമീപനം നിരാകരിക്കുവാൻ തയ്യാറാവണം.

ജനാധിപത്യം ശോഷിച്ചുകൊണ്ടിരുന്ന ഘട്ടത്തിൽ കോടതി പാലിക്കുന്ന നിസ്സംഗത കുറ്റകരമാണ്. ഭരണഘടനയ്ക്ക് സ്വയം പ്രതിരോധിക്കാൻ കഴിയില്ല, കോടതിയെയാണ് നമുക്ക് ആശ്രയിക്കാൻ കഴിയുക. ഭരണഘടന ഐച്ഛികമായ അധികാരത്തെ നിയന്ത്രിക്കുന്നതിനുള്ള ജനകീയ രേഖയാണെന്ന ബോധ്യത്തോടെ പ്രവർത്തിക്കാൻ 2026-ലെ എങ്കിലും നമ്മുടെ കോടതികൾക്ക് സാധിക്കട്ടെ എന്ന് പ്രത്യാശിക്കാം.

Published in Doolnews on 03/01/2026

LEAVE A REPLY

Please enter your comment!
Please enter your name here