അരാവല്ലി വിധി: പരിസ്ഥിതി സംരക്ഷണത്തിൽ സുപ്രീംകോടതിയുടെ പിൻ നടത്തം
പി ബി ജിജീഷ്
ഹിമാലയത്തെക്കാൾ പഴക്കമുണ്ട് അരാവല്ലി മലനിരകൾക്ക്. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ഭൗമശാസ്ത്ര രൂപങ്ങളിൽ പെട്ടതാണ്. ഗുജറാത്ത് മുതൽ ഡൽഹി വരെ നീളുന്ന കുന്നുകൾ രാജ്യത്തിൻറെ കാലാവസ്ഥയെയും ജൈവവൈവിധ്യത്തെയും ജലവിതരണത്തെയും നിയന്ത്രിക്കുകയും ഗംഗാതടത്തിന്റെ മരുഭൂമി വൽക്കരണത്തെ തടയുകയും ചെയ്യുന്നു. എന്നാൽ ഇപ്പോൾ പുതിയ നിയമ വ്യാഖ്യാനങ്ങൾ കൊണ്ട് ആ മലനിരകളുടെ വിധിയെഴുതുകയാണ് നമ്മൾ. പതിറ്റാണ്ടുകളോളം, സുപ്രീംകോടതി അരാവല്ലി മലനിരകളെ കേവലം ഖനന കേന്ദ്രങ്ങളായല്ല, ഭരണഘടനാപരമായി സംരക്ഷിക്കപ്പെടേണ്ട പാരിസ്ഥിതിക പ്രാധാന്യമുള്ള മേഖലയായിട്ടാണ് കണക്കാക്കിയിരുന്നത്. അനുഛേദം 21-ന്റെ ഭാഗമായി സംരക്ഷിക്കപ്പെടേണ്ട ഇടമായി.
മുൻ ചീഫ് ജസ്റ്റിസ് ബി ആർ ഗവായി അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് നവംബർ 20-ന് നടത്തിയ വിധിപ്രസ്താവത്തിലൂടെ അടയാളപ്പെടുത്തുന്നത് ഇന്ത്യയുടെ പാരിസ്ഥിതിക നിയമപോരാട്ടങ്ങളിലെ സുപ്രധാനമായ ചുവട് മാറ്റമാണ്. പരിസ്ഥിതിയെക്കുറിച്ചും സംരക്ഷണത്തിന്റെ ആവശ്യകതയെ കുറിച്ചും കോടതി ഏറെ വാചാലമാകുന്നുണ്ടെങ്കിലും, ആത്യന്തികമായി അരാവല്ലി മലനിരകളെ ഖനനമാഫിയക്ക് വിട്ടുകൊടുക്കുന്നതാണ് വിധിയെന്ന ആശങ്കയുയരുന്നുണ്ട്.
അത്യന്തം സാങ്കേതികമായ നിർവചനം
കോടതിക്ക് മുന്നിലുണ്ടായിരുന്നത് വളരെ ലളിതമായ വിഷയമായിരുന്നു എന്ന് വിധിയിൽ വ്യക്തമാകുന്നു. വിവിധ സംസ്ഥാനങ്ങളിൽ അരാവല്ലി മലനിരകളെ സംബന്ധിച്ച് വ്യത്യസ്തങ്ങളായ നിർവചനങ്ങളാണ് ഉണ്ടായിരുന്നത്. ഇത് നിയമപരമായും ഭരണപരമായും നിരവധി അവ്യക്തതകൾക്കും സങ്കീർണതകൾക്കും വഴിവച്ചു. നിയമപരമായും അല്ലാതെയും പ്രവർത്തിക്കുന്ന ഖനികൾ ഇത് ഉപയോഗപ്പെടുത്താൻ തുടങ്ങി. ഗുജറാത്ത്, രാജസ്ഥാൻ, ഹരിയാന, ഡൽഹി തുടങ്ങിയ സംസ്ഥാനങ്ങൾക്കെല്ലാം ബാധകമാകുന്ന ഏകീകൃതമായ നിർവചനം രൂപീകരിക്കുക എന്നതായിരുന്നു കോടതിക്ക് മുന്നിൽ ഉണ്ടായിരുന്ന പ്രധാനകാര്യം. ഫോറസ്റ്റ് സർവ്വേ ഓഫ് ഇന്ത്യ, കുന്നിൻറെ ചെരിവുകൾ, ജൈവപരമായ പ്രാധാന്യം, ബഫറുകൾ, കുന്നുകൾക്കിടയിൽ ഉള്ള ദൂരം, ചുറ്റപ്പെട്ട പ്രദേശങ്ങൾ, തുടങ്ങിയവയെല്ലാം കണക്കിലെടുക്കുന്ന, ആവാസവ്യവസ്ഥയിൽ അധിഷ്ഠിതമായ ഒരു നിർവചനം രൂപീകരിച്ചിരുന്നു. എന്നാൽ കൂടുതൽ പ്രായോഗികമായ നിർവചനം കണ്ടെത്തുന്നതിന് വേണ്ടി യൂണിയൻ പരിസ്ഥിതി മന്ത്രാലയം ഒരു വിദഗ്ധസമിതിയെ നിയോഗിച്ചു. അവർ നൽകിയ ലളിതമായ നിർവചനം 100 മീറ്ററോ അതിൽ കൂടുതലോ ഉയരമുള്ള കുന്നുകളെയും 500 മീറ്റർ ദൂരപരിധിക്കകത്ത് സ്ഥിതി ചെയ്യുന്ന മലനിരകളെയും അരാവല്ലിയായി കണക്കാക്കാം എന്നാണ്. സുപ്രീംകോടതി സ്വീകരിച്ചത് രണ്ടാമത്തെ നിർവചനമാണ്.
ഇത് സുപ്രധാനമായ ഒരു തെരഞ്ഞെടുപ്പായിരുന്നു. ഒരൊറ്റ മാനദണ്ഡം കൊണ്ട് മലനിരകളെ നിർവചിക്കുന്ന സമീപനം അംഗീകരിച്ചതോടെ, വിശാലമായ അരാവല്ലി ജൈവമണ്ഡലത്തിന്റെ ഭാഗമായ ഉയരം കുറഞ്ഞ കുന്നുകളും ചരിഞ്ഞ പ്രദേശങ്ങളും എല്ലാം ഒഴിവാക്കപ്പെട്ടു. ഈ പ്രദേശത്തെ ജീവിവർഗങ്ങളുടെ സ്വൈര്യവിഹാരത്തിനും, ഭൂഗർഭജലം റീചാർജ് ചെയ്യുന്നതിനും, മണ്ണിൻറെ സ്ഥിരതയ്ക്കും നിസ്തുലമായ പങ്കുവഹിക്കുന്ന പ്രദേശങ്ങൾ ഖനന യോഗ്യമാണെന്ന വന്നു. ഇവിടെ നിയമസംരക്ഷം ഇല്ലാതെയാവുന്നത് ഭീതിതമായ പരിസ്ഥിതിക പ്രത്യാഘാതങ്ങൾക്ക് വഴിവയ്ക്കും.
കോടതിയുടെ യുക്തി
കേന്ദ്ര സർക്കാന്റെ നിർവചനം സ്വീകരിച്ചത് സന്തുലിതമായൊരു സംയമനത്തിന്റെ പാത ഒരുക്കുന്നതിന് വേണ്ടിയാണെന്ന് കോടതി പറയുന്നു. അനധികൃത ഖനനവും വനനശീകരണവും നഗരവൽക്കരണവും അരാവല്ലിക്ക് ഭീഷണിയാണെന്ന കാര്യം കോടതി അംഗീകരിക്കുന്നുണ്ട്. ഐക്യരാഷ്ട്രസഭ ഉടമ്പടികൾ അനുസരിച്ച് വനനശീകരണവും മരുഭൂമി വൽക്കരണവും തടയുന്നതിന് ഇന്ത്യ ബാധ്യസ്ഥമാണെന്നും, രാജ്യത്തിൻറെ മധ്യ-കിഴക്കൻ മേഖലയിലേക്ക് മരുഭൂമി വ്യാപിക്കാത്തതിന് പ്രധാന കാരണമാകുന്നത് ഈ മലനിരകളാണെന്ന കാര്യവും കോടതി ശരി വെക്കുന്നു. സമ്പൂർണ്ണമായി ഖനന നിയന്ത്രണം ഏർപ്പെടുത്തുന്നത് അനധികൃത ഖനനത്തിനും ആ മേഖലയുടെ ക്രിമിനർ വൽക്കരണത്തിനും നയിക്കും ഇന്നൻ അനുഭവമെന്നും കോടതി പറയുന്നുണ്ട്.
അതിന്റെ അടിസ്ഥാനത്തിൽ അരാവല്ലി മലനിരകളിൽ സമ്പൂർണ്ണ ഖനനനിരോധനം ഏർപ്പെടുത്തേണ്ടതില്ല എന്ന് കോടതി തീരുമാനിക്കുകയാണ്. അതിനുപകരം ശാരന്ത മൈനിങ് പ്ലാനിന്റെ മാതൃകയിൽ സുസ്ഥിരമായ ഖനന പ്രക്രിയ നടത്തുന്നതിന് ആവശ്യമായ സമഗ്ര പദ്ധതി രൂപീകരിക്കുവാൻ ഇന്ത്യൻ കൗൺസിൽ ഓഫ് ഫോറസ്റ്റ്റി റിസർച്ച് ആൻഡ് എജുക്കേഷന് കോടതി നിർദ്ദേശം നൽകുന്നു. ആ പദ്ധതി നിലവിൽ വരുന്നതുവരെ ഈ പ്രദേശത്ത് പുതിയ മൈനിങ് ലൈസൻസുകൾ ഒന്നും നൽകേണ്ടതില്ലെന്നും നിലവിലുള്ള ഖനന പ്രവർത്തനങ്ങൾ തുടരാമെന്നും കോടതി വ്യക്തമാക്കി. ഇത് പരിസ്ഥിതിക സംരക്ഷണത്തിലെ ഒരു പ്രായോഗിക വഴിയായിട്ടാണ് കോടതി കാണുന്നത്. എന്നാൽ പ്രായോഗികത ഭരണഘടനാപരമായ മൂല്യമല്ലല്ലോ.
കോടതിയുടെ ദുർബല യുക്തി
അരാവല്ലി മലനിരകളുടെ ഉയരത്തിന്റെ അടിസ്ഥാനത്തിൽ മാത്രമുള്ള വിഭാഗീകരണം, ഒപ്പം ഖനനത്തിലെ ചില നിയമങ്ങളും ഭാവിയിൽ രൂപീകരിക്കുന്ന ശാസ്ത്രീയ മാനദണ്ഡങ്ങളും ചേർന്നാൽ പരിസ്ഥിതി സംരക്ഷണത്തിന് വേണ്ടിയുള്ള ഗവൺമെന്റിന്റെ ഭരണഘടനാപരമായ ചുമതലയും, സർവ്വദേശീയ തലത്തിലുള്ള ഉത്തരവാദിത്വങ്ങളും നിറവേറ്റുന്നതിന് പര്യാപ്തമാകും എന്നാണ് കോടതി നിലപാട്. ഇത് മൂന്നു കാരണങ്ങൾ കൊണ്ട്, അതിദുർബലമായ യുക്തിയാണ്.
ഒന്ന്, ഏക മാത്രമായ മാനദണ്ഡങ്ങളിലേക്ക് പരിസ്ഥിതിക നിർവചനങ്ങളെ ലഘൂകരിക്കുന്നതിനെ രാജ്യത്തിൻറെ ഭരണഘടനാ കോടതികൾ നിരന്തരം എതിർത്തിട്ടുണ്ട്. ടി എൻ ഗോദവർമ്മൻ മുതൽ പരിവർത്തന സമുദായം വരെയുള്ള നിരവധി കേസുകളിൽ, വനങ്ങളും കുന്നുകളും പരിസ്ഥിതി ലോല പ്രദേശങ്ങളും, ഒറ്റപ്പെട്ട ഭരണനിർവഹണ ഘടകങ്ങളായല്ല, ജൈവികവും സമഗ്രവുമായി മനസ്സിലാക്കേണ്ട വ്യവസ്ഥകളാണെന്ന നിലപാടാണ് സുപ്രീംകോടതി സ്വീകരിച്ചു പോന്നത്. ഭൂമിശാസ്ത്രപരമായി ഒരൊറ്റ വ്യവസ്ഥിതി ആയിട്ടാണ് അരാവലി മലനിരകൾ പ്രവർത്തിക്കുന്നത്, അതിനെ നിയമപരമായി സംരക്ഷിതമായ കുന്നുകളും, സംരക്ഷിതമല്ലാത്ത കുന്നുകളുമായി വേർതിരിക്കുന്നത് ആവാസവ്യവസ്ഥയുടെ നൈര്യന്തര്യം ഇല്ലാതാക്കും.
രണ്ടാമത്തെ കാര്യം, കോടതി സ്വീകരിക്കുന്ന സംയമന പാതയിൽ ഒരു പൊരുത്തക്കേട് ഉണ്ട് എന്നുള്ളതാണ്. തത്വത്തിൽ അവധാനതയോടുള്ള സമീപനമാണ് സ്വീകരിക്കുന്നത് എങ്കിലും ആ തത്വത്തെ തല തിരിച്ചിടുകയാണ് കോടതി. സുരക്ഷിതത്വത്തെ സംബന്ധിച്ച ശാസ്ത്രീയമായ ഒരു തീർപ്പ് ഉണ്ടാകുന്നതുവരെ ഖനനം നിർത്തി വയ്ക്കാനല്ല, അതുവരെ തുടർന്നുകൊള്ളാനാണ് കോടതി പറയുന്നത്. വെൽഫെയർ ഫോറം കേസിലും പൊലൂഷൻ കൺട്രോൾ ബോർഡ് കേസിലുമെല്ലാം സുപ്രീംകോടതി സ്വീകരിച്ച യുക്തിക്ക് വിരുദ്ധമാകുന്നുണ്ട് ഇത്.
മൂന്നാമതായി, കുറെ നാളുകളായി സുപ്രീംകോടതിയിൽ കണ്ടുവരുന്ന എക്സിക്യൂട്ടീവ് നയങ്ങളോടുള്ള മൃദു സമീപനത്തെ തുടർച്ചയുമാണിത് എന്നതാണ്. ഫോറസ്റ്റ് സർവ്വേ ഓഫ് ഇന്ത്യയുടെയും, പരിസ്ഥിതി മന്ത്രാലയത്തിന്റെയും നിർവചനങ്ങൾ മുന്നിൽ ഉണ്ടായിരുന്നപ്പോൾ ഗവൺമെന്റിന്റെ നിർവചനങ്ങളോടൊപ്പം നിൽക്കുവാനാണ് കോടതി തീരുമാനിച്ചത്. 100 മീറ്റർ ഉയരം എന്ന മാനദണ്ഡം, അരാവല്ലി നിരകളുടെ ഭൂരിഭാഗം പ്രദേശത്തെയും ഖനനമാഫിയക്ക് വിട്ടുകൊടുക്കുന്ന ഫലമാണ് ഉണ്ടാക്കുക എന്ന അമിക്കസ് ക്യൂറിയുടെ തടസവാദം പോലും കേൾക്കുവാൻ കോടതി തയ്യാറായില്ല. ഭാവിയിൽ രൂപീകൃതമാവാൻ പോകുന്ന ‘സുസ്ഥിര ഖനനത്തിന് ഉതകുന്ന മാനേജ്മെൻറ് പദ്ധതി’ വഴിയുള്ള മേൽനോട്ടം കോടതിവിധിയുടെ ഭാഗമാണെങ്കിലും, അങ്ങനെയൊരു പദ്ധതിയിൽ ഭാവിയിൽ മാത്രമാണല്ലോ ഉണ്ടാവുക.
ആരുടെ ഉപജീവനമാർഗ്ഗം?
കോടതിവിധിയിൽ നിരന്തരം കടന്നുവരുന്ന മറ്റൊരു കാര്യം ഖനന മേഖലയിൽ തൊഴിലെടുക്കുന്ന മനുഷ്യരുടെ ഉപജീവനമാർഗമാണ്. അത് വളരെ ന്യായവും ഭരണഘടനാപരവുമായ ആശങ്കയാണ്, എന്നാൽ ഇതേ പ്രദേശത്ത് കാലിമേച്ചു ജീവിക്കുന്ന മനുഷ്യരുടെയും, ചെറുകിട കർഷകരുടെയും, കർഷക തൊഴിലാളികളുടെയും, ഈ ആവാസ വ്യവസ്ഥ ഉറപ്പുനൽകുന്ന ശുദ്ധജലത്തെ ആശ്രയിച്ച് ജീവിക്കുന്ന മനുഷ്യരുടെയും, വനനശീകരണത്തിന്റെയും മരുഭൂമിവാതകരണത്തിന്റെയും അനന്തരഫലങ്ങൾ മുഴുവൻ അനുഭവിക്കേണ്ടി വാന്നേക്കാവുന്ന ഭാവി തലമുറയുടെയും ജീവിതവും ഉപജീവനവും കോടതിയുടെ പരിഗണനാവിഷയം ആകാത്തതെന്ത് എന്ന ചോദ്യമുണ്ട്. പരിസ്ഥിതി നിയമങ്ങളും ചട്ടങ്ങളും പ്രായോഗികതയുടെ മാത്രം അടിസ്ഥാനത്തിലല്ല നിലകൊള്ളുന്നത്; പരിസ്ഥിതി ലോലമായ പ്രദേശങ്ങളിലെ ഇടപെടലുകൾ ഒരു ഘട്ടം കഴിഞ്ഞാൽ, നഷ്ടപരിഹാരം കൊണ്ടോ നിയന്ത്രണങ്ങൾ കൊണ്ടോ തിരിച്ചെടുക്കാൻ പറ്റാത്ത ഭീതിതമായ ഫലങ്ങൾ ഉണ്ടാക്കുമെന്ന തിരിച്ചറിവിൽ നിന്നാണ്. ഖനനപ്രക്രിയയെ കർശനമായി നീതീകരിക്കപ്പെടേണ്ടതും വിലയിരുത്തപ്പെടേണ്ടതുമായ പ്രവർത്തനം എന്നതിൽ നിന്ന്, നിയന്ത്രണങ്ങളോടെ തുടർന്നു പോകേണ്ട ഒരു സ്വാഭാവിക പരിപാടി എന്ന തരത്തിൽ വീക്ഷിക്കുമ്പോൾ കഴിഞ്ഞ കുറെ പതിറ്റാണ്ടുകളായി നമ്മൾ നേടിയെടുത്ത പരിസ്ഥിതിക നിയമവൈജ്ഞാനിക പാരമ്പര്യത്തെ കോടതി നിരാകരിക്കുകയാണ് ചെയ്യുന്നത്.
അരാവല്ലി വിധി ഒറ്റപ്പെട്ട സംഭവമല്ല. പരിസ്ഥിതി സംരക്ഷണത്തെ ഭരണഘടനാപരമായ ഉത്തരവാദിത്വം എന്നതിന് പകരം ഒരു ഭരണനിർവഹണ പ്രശ്നമായി ചുരുക്കിക്കാണുന്ന സമീപകാല സമീപനത്തിന്റെ തുടർച്ചയാണത്. പരിസ്ഥിതിക അനുമതിക്ക് മുൻകാല പ്രാബല്യം നൽകുന്ന ഗവൺമെൻറ് വിജ്ഞാപനത്തെ റദ്ദ് ചെയ്ത സുപ്രീംകോടതി വിധിയെ അട്ടിമറിച്ച നടപടിയും ജസ്റ്റിസ് ബി ആർ ഗവായിയുടെ ബെഞ്ചിൽ നിന്നാണ് ഉണ്ടായത്. വ്യക്തിപരമായ ആരോപണങ്ങളിലേക്ക് കടക്കേണ്ടതില്ല, എന്തായാലും, പരിസ്ഥിതികമായ അവധാനതയ്ക്ക് പകരം ഭരണപരമായ പ്രായോഗികതയ്ക്കാണ് കോടതി മുൻഗണന നൽകിയത് എന്ന കാര്യത്തിൽ തർക്കമില്ല.
അവഗണിക്കപ്പെടുന്ന വാഗ്ദാനങ്ങൾ
ശുദ്ധമായ വായുവും ജലവും സംരക്ഷിതമായ പരിസ്ഥിതിയും ‘അന്തസ്സോടെയുള്ള ജീവിതം’ എന്ന ഭരണഘടനാപരമായ ഉറപ്പിന്റെ ഭാഗമാണെന്ന് പ്രഖ്യാപിച്ചതിലൂടെ, ഭരണഘടനയുടെ അനുഛേദം 21-ന് പാരിസ്ഥിതിക സംരക്ഷണത്തിനുള്ള ശക്തമായ ആയുധമാക്കി രൂപാന്തരപ്പെടുത്തുകയായിരുന്നു സുപ്രീംകോടതി ചെയ്തത്. താൽക്കാലികമായ സാമ്പത്തിക സമ്മർദ്ദങ്ങൾക്കും പ്രായോഗിക പ്രശ്നങ്ങൾക്കുമപ്പുറം ഭാവി തലമുറയെ മുന്നിൽ കണ്ടുകൊണ്ട്, ഭരണഘടനാമൂല്യങ്ങളെ ചേർത്തുപിടിക്കുന്ന കർശനമായ നിലപാടുകൾ സ്വീകരിച്ചുകൊണ്ടാണ് സുപ്രീംകോടതി പരിസ്ഥിതി സംരക്ഷണത്തിന്റെ പാതയിലൂടെ മുന്നോട്ടു പോയത്.
അരാവല്ലി കേസ്, ആ പാരമ്പര്യത്തിന്റെ അഗ്നിപരീക്ഷണമായിരുന്നു. ഭാവിയിൽ രൂപം നൽകേണ്ടുന്ന ശാസ്ത്രീയ പദ്ധതിയെ മുന്നിൽ കണ്ടുകൊണ്ട്, ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ഖനന പ്രവർത്തനങ്ങൾ, സ്വാഭാവികമായും തുടർന്നു പോകേണ്ടതാണെന്ന നിലപാട്, പാരിസ്ഥിതിക പ്രത്യാഘാതങ്ങളെ ഭരണഘടനാപരമായ അവകാശ ധ്വംസനം എന്ന തരത്തിലല്ല, പിന്നീട് കൈകാര്യം ചെയ്യാവുന്ന ഭരണപരമായ അസൗകര്യമായിട്ടാണ് കോടതി കാണുന്നതെന്ന് വ്യക്തമാക്കുന്നു. രേഖപ്പെടുത്തപ്പെട്ട ചരിത്രത്തെക്കാൾ പഴക്കമുള്ള, അരാവല്ലി മലനിരയെ സംബന്ധിച്ച് മാത്രമല്ല, നമ്മുടെ പാരിസ്തിഥിതിക നിയമവൈജ്ഞാനികതയ്ക്കാകെ, ഈ ഒത്തുതീർപ്പിന്റെ അനന്തരഫലം ഒരുപക്ഷേ വിനാശകരമായിരിക്കും.
Published in Suprabhatham Daily on 21/12/2025



