വോട്ട് രാഷ്ട്രീയത്തിൽ, പൊതുജനങ്ങളോടുള്ള ഇടപെടലിന് വലിയ പ്രാധാന്യമുണ്ട്. വ്യക്തിപരമായ കുശലാന്വേഷണങ്ങൾ, കുടുംബ ചടങ്ങുകളിൽ പങ്കെടുക്കൽ, വ്യക്തിപരമായ ആവശ്യങ്ങളുടെ നിറവേറ്റൽ, ചിരി, സംസാരം, നടത്തം, നാട്യം ഇവയൊക്കെ പ്രധാനമാണ്. നേതാക്കന്മാരുടെ സ്വീകാര്യതയിൽ ഇതിനൊക്കെ വലിയ പങ്കുണ്ട്. ഓരോ നേതാവിനും ജനങ്ങളുടെ സ്വീകാര്യത നേടുന്നതിന് വ്യത്യസ്ത മാർഗ്ഗങ്ങളുണ്ട്. അല്ലെങ്കിൽ ഓരോ നേതാവിന്റെയും ആകർഷകമായ ചില ഘടകങ്ങൾ ജനങ്ങളെ ഭ്രമിപ്പിക്കുന്നു എന്നും പറയാം. കക്ഷിരാഷ്ട്രീയഭേദങ്ങൾക്കപ്പുറം ജന സ്വാധീനമുണ്ടാക്കിയ നേതാക്കളായിരുന്നു മുൻ മുഖ്യമന്ത്രിമാരായ ശ്രീ ഉമ്മൻചാണ്ടിയും ശ്രീ. വി എസ് അച്യുതാനന്ദനും. മേൽപ്പറഞ്ഞ ഘടകങ്ങൾ ഏറിയും കുറഞ്ഞും ഇരുവരിലും പ്രവർത്തിച്ചിട്ടുണ്ടാകാം. എന്നാൽ ആ താരതമ്യം അവിടെ അവസാനിക്കുന്നു. ഇരുവരുടെയും രാഷ്ട്രീയ ജീവിതം താരതമ്യം ചെയ്യാൻ കഴിയാത്തത്ര വ്യത്യസ്തമാണ്. ഇരുവരും മുന്നോട്ടുവച്ച ആശയാദർശങ്ങൾ അങ്ങേയറ്റം വേറിട്ടുനിൽക്കുന്നു. ഇരുവരും ഉയർത്തിപ്പിടിച്ച വർഗ്ഗ താൽപര്യങ്ങൾ നേർവിപരീതമാണ്. ഇരുവരും ഉയർത്തിയ കൊടികൾ കേരളത്തിൻറെ സാമൂഹിക സാംസ്കാരിക ചരിത്രത്തിൽ മുന്നോട്ടുവച്ച മൂല്യബോധം തികച്ചും വ്യത്യസ്തങ്ങളാണ്.
സ: അച്യുതാനന്ദൻ, നാമിന്നു കാണുന്ന കേരളത്തെ സൃഷ്ടിച്ച ഒരു തലമുറയുടെ അവസാനത്തെ കണ്ണിയാണ്. ത്യാഗനിർഭരമായ സമരജീവിതമായിരുന്നു അദ്ദേഹത്തിന്റെത്. രാജഭരണത്തിനെതിരെയും, ബ്രാഹ്മണ്യ മേൽക്കോയ്മയ്ക്കെതിരെയും, മുതലാളിത്ത ചൂഷണത്തിനെതിരെയും, ജീവൻ പണയപ്പെടുത്തി അടരാടിയ അടിസ്ഥാന വർഗ്ഗത്തിൻറെ പ്രതിനിധിയാണ് വി എസ്. കൊടിയ പോലീസ് മർദ്ദനങ്ങളും, ജന്മിത്ത ഭീഷണികളും അതിജീവിച്ച പോരാളി. ബാല്യത്തിലെ അനാഥത്വത്തെ അധ്വാനം കൊണ്ട് മറികടന്നവൻ. ജാത്യാധിക്ഷേപം കേട്ടുവളർന്നവൻ. ഏഴാം ക്ലാസ്സിൽ പഠിപ്പ് നിർത്തേണ്ടി വന്നവൻ. ഇരുപത്തിയാറാം വയസ്സിൽ മരിച്ചെന്നു കരുതി ചാക്കിൽകെട്ടി കാട്ടിലുപേക്ഷിക്കാൻ തുടങ്ങിയെടുത്തു നിന്ന് ഉയർത്തെണീറ്റ് കേരളത്തിൻറെ മുഖ്യമന്ത്രി പദത്തോളം വളർന്ന രാഷ്ട്രീയ നേതാവ്. അതിനപ്പുറം കേരള സമൂഹത്തിൻറെ മനസാക്ഷിയായി മാറിയ വ്യക്തി. “തമ്പ്രാൻ എന്നു വിളിക്കില്ല, പാളയിൽ കഞ്ഞി കുടിക്കില്ല” എന്നു നിവർന്നുനിന്നു പറയാൻ സ്വയം ശീലിച്ച, സഖാക്കളെ ശീലിപ്പിച്ച കർഷക പോരാട്ടങ്ങളുടെ ചരിത്രമുണ്ട് അയാൾക്ക്. കയർ തൊഴിലാളികളുടെ, കശുവണ്ടി തൊഴിലാളികളുടെ, തോട്ടം തൊഴിലാളികളുടെ ഒക്കെയൊപ്പം സമരമുഖങ്ങളിൽ മുഷ്ടിചുരുട്ടി നടന്ന സഖാവ്. തിരുവിതാംകൂർ എന്ന ഹിന്ദു രാഷ്ട്രത്തിന്റെയും, ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെയും, മുതലാളിത്തത്തിന്റെയും ചൂഷണ വീഥികളിൽ നീതി തേടിയലഞ്ഞവനാണ്. ജനാധിപത്യത്തിൻറെ അർത്ഥം എന്തെന്ന് സ്വന്തം അനുഭവങ്ങളിലൂടെ തിരിച്ചറിഞ്ഞവനാണ്. അതുകൊണ്ടാണ്, തിരുവനന്തപുരത്തെ മണിമാളികയിൽ ഇരിക്കുന്ന കാരണവരെ, മിസ്റ്റർ മാർത്താണ്ഡവർമ്മ എന്ന് സംബോധന ചെയ്യുവാൻ അദ്ദേഹം തയ്യാറായത്. വലതു രാഷ്ട്രീയത്തിന്റെയും മാധ്യമങ്ങളുടെയും നാണംകെട്ട രാജഭക്തിയിലെ അപഹാസ്യത തുറന്നു കാണിക്കാതിരിക്കാൻ പുന്നപ്ര-വയലാർ രണഭൂമിയിലെ അവസാനത്തെ കുന്തക്കാരന് കഴിയില്ലായിരുന്നു. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ജീവിതം എന്നത് ഒരു വിമോചന സമരമായിരുന്നു, കടുത്ത ദുഷ്പ്രഭുത്വത്തിൽ നിന്നുള്ള വിമോചനസമരം.
പുതുപ്പള്ളിയുടെ പുത്രന്, ആരാധകരുടെ പ്രിയപ്പെട്ട കുഞ്ഞൂഞ്ഞിന്, പക്ഷേ രാഷ്ട്രീയ പ്രവർത്തനം അധികാരഘടനയുടെ പിന്തുടർച്ചയായിരുന്നു. മുത്തശ്ശൻ തിരുവിതാംകൂർ ലജിസ്ലേറ്റീവ് കൗൺസിൽ അംഗമായിരുന്നു. അദ്ദേഹത്തിൻറെ പേരിലുള്ള സ്കൂളിലാണ് പഠിച്ചത്. വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെയാണ് കടന്നുവന്നത്. അദ്ദേഹം പ്രതിനിധാനം ചെയ്ത രാഷ്ട്രീയ പക്ഷത്തിന്, വിമോചനം, കേരളത്തിൻറെ പ്രാകൃതമായ ബ്രാഹ്മണ്യമൂല്യങ്ങളിലേക്കുള്ള തിരിച്ചു നടത്തമായിരുന്നു. ജാതി-ജന്മി താല്പര്യങ്ങളുടെ സംരക്ഷണമായിരുന്നു. “തമ്പ്രാൻ എന്ന് വിളിപ്പിക്കും, പാളയിൽ കഞ്ഞി കുടിപ്പിക്കും” എന്നാണ് അന്നവർ അലറിയത്. ദളിതനായ ചാത്തൻ മാസ്റ്റർ മന്ത്രി ആയപ്പോൾ, അദ്ദേഹത്തോട് മന്ത്രി കസേര ഉപേക്ഷിച്ച് കന്നു പൂട്ടാൻ കൽപ്പിച്ച സമരമാണ്. കേരളത്തിൻറെ ഭൂപരിഷ്കരണത്തെ അട്ടിമറിച്ച പാരമ്പര്യമാണ്. ഭൂപരിഷ്കരണത്തെക്കുറിച്ച് പറയുമ്പോൾ, കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കർഷക തൊഴിലാളികളെ, ദളിതരെ, ഭൂമി നൽകാതെ വഞ്ചിച്ച കഥയുണ്ട്. എന്നാൽ, 1957-ൽ ഇഎംഎസ് ഗവൺമെൻറ് വിഭാവനം ചെയ്ത തരത്തിൽ, ആ സമയത്ത്, ഭൂപരിഷ്കരണത്തിന്റെ മൂന്നു ഘട്ടങ്ങളും നടപ്പിലാക്കാൻ കഴിഞ്ഞിരുന്നെങ്കിൽ കേരളത്തിൻറെ ചരിത്രം വ്യത്യസ്തമായിരുന്നേനെ.
കേരള ചരിത്രത്തെ, സമൂഹത്തെ, രാഷ്ട്രീയത്തെ, പതിറ്റാണ്ടുകൾ പിന്നോട്ടടിച്ച ശപിക്കപ്പെട്ട സമരമായിരുന്നു വിമോചന സമരം. അതിനുശേഷം കേരളത്തിൻറെ രാഷ്ട്രീയ വർത്തമാനങ്ങളിൽ നിന്ന്, അടിസ്ഥാനവർക്ക് താല്പര്യങ്ങളും, ഭൂമിയുടെ രാഷ്ട്രീയവും തുടച്ചുനീക്കപ്പെട്ടു. കമ്മ്യൂണിസ്റ്റ് പാർട്ടി, തുടർന്നുള്ള പതിറ്റാണ്ടുകളിൽ കർഷക സമരങ്ങളെ മുന്നോട്ടു കൊണ്ടുപോകുന്നതിൽ പരാജയപ്പെട്ടതിനെ കുറിച്ച് ഓർത്ത് വിലപിക്കുന്ന കമ്മ്യൂണിസ്റ്റുകാരന്റെ ചിത്രം സഖാവ് എകെജിയുടെ ആത്മകഥയിൽ നമുക്ക് കാണാം. സകല വിഷ ജീവികളും, സകല വർഗീയ പാഷാണങ്ങളും, പുരോഗമന ചിന്തകൾക്കെതിരെ ഒരുമിച്ചണിനിരന്ന ചരിത്രഘട്ടമായിരുന്നു വിമോചന സമരം. വലതു രാഷ്ട്രീയത്തിന്റെ പ്രതിലോമപരത, സമൂഹത്തെ വീണ്ടും പിന്നോട്ടു കൊണ്ടു പോകുന്നത് ശബരിമലയിലെ ആർത്തവസമരത്തിന്റെ കാലത്ത് ആവർത്തിക്കപ്പെട്ടു.
വിഎസ് പൊലീസിന്റെ മർദ്ദനമേറ്റവു മൃതപ്രായനായ, അതേ പ്രായത്തിൽ ഉമ്മൻചാണ്ടി നിയമസഭയിലേക്ക് മത്സരിക്കുകയാണ്. പിന്നീടങ്ങോട്ട് പാർലമെൻററി രാഷ്ട്രീയത്തിന്റെ സകല കണ്ണന്തിരിവുകളും പയറ്റി തെളിഞ്ഞ പ്രായോഗിക രാഷ്ട്രീയ നേതാവായിട്ടാണ് നമ്മൾ അദ്ദേഹത്തെ കാണുന്നത്. കീറൽ തുന്നിക്കെട്ടിയ കുപ്പായം മുതൽ, കരുണാകരനെതിരെ നടത്തിയ ഉപചാപം വരെ നമുക്കെല്ലാം പരിചിതമായ രാഷ്ട്രീയചരിത്രമാണ്. ഉമ്മൻചാണ്ടിയുടെ രാഷ്ട്രീയ ശൈലിയെ കുറിച്ച് കെ കരുണാകരൻ പറഞ്ഞ വാക്കുകൾ ഇവിടെ ആവർത്തിക്കേണ്ടതുണ്ടെന്ന് തോന്നുന്നില്ല.
“കാള നിൻറെയൊക്കെ അച്ഛനാണോ?” എന്ന് ഹിന്ദുത്വവാദികളുടെ കൂമ്പിനിട്ട് കുത്തിയ വിഎസിന്റെ ആദർശ സ്ഥിരതയോട് ഉമ്മൻചാണ്ടിയെ താരതമ്യം ചെയ്യുക അസാധ്യമാണ്. വെള്ളാപ്പള്ളി നടേശൻ മുതൽ, നരേന്ദ്രമോദി വരെയുള്ള സർവ്വരെയും ഒരു ദക്ഷിണ്യവും ഇല്ലാത്ത ഭാഷയിൽ അദ്ദേഹം വിമർശിച്ചു. അധികാരത്തിന്റെ ഭാഗമായിരിക്കുമ്പോഴും അല്ലാത്തപ്പോഴും, തൊഴിലാളികളുടെ സമരമുഖങ്ങളിൽ നിത്യ സാന്നിധ്യമായി. സമരതീഷ്ണമായ യൗവനം മാത്രമല്ല, വാർദ്ധക്യകാലത്ത് വിഎസ് നടത്തിയ രാഷ്ട്രീയ ഇടപെടലുകളും കേരള ചരിത്രത്തിൽ സമാനതകളില്ലാത്തതാണ്. പരിസ്ഥിതിയുടെ രാഷ്ട്രീയം, മുഖ്യധാരയിൽ ഉയർത്തിപ്പിടിച്ചത്, പ്ലാച്ചിമട മുതൽ എൻഡോസൾഫാൻ വരെയുള്ള വിഷയങ്ങളിൽ സമര മുന്നണിയുടെ ഭാഗമായത്. മൂന്നാറിലെ തേയില തോട്ടങ്ങളിൽ അടിമ ജീവിതം നയിച്ച തൊഴിലാളി സ്ത്രീകൾ കക്ഷി രാഷ്ട്രീയത്തിനതീതമായി സംഘടിച്ചപ്പോൾ, അവിടെ കടന്നു വരാൻ അനുമതി ലഭിച്ചത് ഒരേയൊരു നേതാവിനു മാത്രമാണ്. വിഎസിന്. കാരണം എല്ലാ വിഭജനങ്ങൾക്കുമപ്പുറം സമൂഹത്തിന്റെ മനസ്സാക്ഷിയായി ആ മനുഷ്യൻ മാറിയിരുന്നു. അന്ന് ആ സമരമുഖത്ത് ചെന്ന്, ഇവരുടെ ആവശ്യങ്ങൾ നിറവേറും വരെ ഞാനും ഇവർക്കൊപ്പമിരിക്കും എന്നു പറഞ്ഞ്, കൊടും തണുപ്പിൽ ഒരു ജാക്കറ്റും ധരിച്ച്, തൊഴിലാളികൾക്കൊപ്പം ഇരിക്കുമ്പോൾ അദ്ദേഹത്തിന് പ്രായം 92 ആയിരുന്നു.
ഭരണരംഗത്ത്, അദ്ദേഹം നേതൃത്വം നൽകിയ ഗവൺമെൻറ് നൽകിയ സംഭാവനകൾ, നയപരമായ ചില തീരുമാനങ്ങൾ, കേരള ചരിത്രം എന്നും ഓർക്കും എന്ന കാര്യത്തിൽ സംശയമില്ല. ഭൂമാഫിയക്കെതിരായ നീക്കങ്ങൾ ലക്ഷ്യം കണ്ടു എന്നല്ല, സമാനതകളില്ലാത്ത സാഹസത്തിന് ധൈര്യം കാണിച്ചു എന്നാണ്. ഏഴാം ക്ലാസുകാരൻ ആയിരുന്നിട്ടും, സമകാലിക രാഷ്ട്രീയ സാമൂഹ്യ വിഷയങ്ങളെക്കുറിച്ച് അഗാധമായ ഉൾക്കാഴ്ച അദ്ദേഹത്തിനുണ്ടായിരുന്നു. കണ്ടും കേട്ടും വായിച്ചും പഠിക്കുവാൻ, നിരന്തരം സ്വയം നവീകരിക്കുവാൻ, തയ്യാറായിരുന്നു എന്നതാണ് അദ്ദേഹത്തിൻറെ ഏറ്റവും വലിയ മേന്മകളിൽ ഒന്ന്. ആധാർ പദ്ധതിയുടെ പ്രാരംഭ കാലത്ത് അതിനെതിരെ നിലപാടെടുക്കുകയും മാതൃഭൂമിയാഴ്ച പതിപ്പിൽ സുദീർഘമായ ഒരു ലേഖനം പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു അദ്ദേഹം. ജസ്റ്റിസ് വി ആര് കൃഷ്ണയ്യർ, ഹിന്ദു ദിനപത്രത്തിലും, വിഎസ് മാതൃഭൂമി ആഴ്ചപ്പതിപ്പിലും എഴുതിയ ലേഖനങ്ങൾ അക്കാലത്ത് ഈ വിഷയത്തെ സംബന്ധിച്ച് ഗൗരവതരമായ സംവാദങ്ങൾക്ക് പൊതുനിലമൊരുക്കി. മൂന്നാംലോക രാജ്യങ്ങളിലെ വിപുലമായ കച്ചവട സാധ്യതകൾ സ്വപ്നം കണ്ടിരുന്ന മൈക്രോസോഫ്റ്റ് പോലെയുള്ള കോർപ്പറേറ്റ് ഭീമന്മാരുടെ താൽപര്യങ്ങളും സമ്മർദങ്ങളും അതിജീവിച്ച്, സ്വതന്ത്ര സോഫ്റ്റ്വെയറിൽ അധിഷ്ഠിതമായ ഒരു വിവരസാങ്കേതിക നയം രൂപീകരിച്ചു എന്നത് വി എസ് ഗവൺമെന്റിന്റെ എക്കാലത്തെയും പ്രധാനപ്പെട്ട സംഭാവനയാണ്. വിഎസ് നേതൃത്വം നൽകിയത് വെട്ടി നിരത്തൽ സമരം ആയിരുന്നില്ല അത് നിലം നികത്തലിനെതിരെയുള്ള സമരമായിരുന്നു എന്ന് മനോരമാദി മാധ്യമങ്ങൾ അംഗീകരിച്ചത് അദ്ദേഹത്തിൻറെ മരണത്തിനു ശേഷമാണ്, എന്നാൽ അധികാരത്തിൽ ഇരുന്നപ്പോൾ വയൽ നികത്തലിനെതിരെ വയൽ സംരക്ഷണം വയൽ സംരക്ഷണത്തിനുവേണ്ടി നിയമനിർമ്മാണം നടത്തുവാനും അദ്ദേഹത്തിൻറെ ഗവൺമെൻറ് തയ്യാറായി.
സഖാവ് വിഎസ് എല്ലാം തികഞ്ഞവനായിരുന്നു എന്നല്ല. ദൈവമല്ല, മനുഷ്യനായിരുന്നു അദ്ദേഹം. ഏറ്റെടുത്ത പല കാര്യങ്ങളും പൂർത്തീകരിക്കാൻ കഴിഞ്ഞില്ല. തെറ്റുകൾ പലതും ചൂണ്ടിക്കാണിക്കാനാവും. പ്രത്യേകിച്ച് ഭൂമിയുടെ രാഷ്ട്രീയം വേണ്ടവിധത്തിൽ കൈകാര്യം ചെയ്യാൻ കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയകക്ഷികൾക്കൊന്നും താല്പര്യമുണ്ടായിരുന്നില്ല. ളാഹാഗോപാലന്റെ നേതൃത്വത്തിൽ നടന്ന ഭൂസമരം വിഎസിന്റെ കാലത്തായിരുന്നു. സമരക്കാർ ആവശ്യപ്പെട്ടത്ര ഭൂമി കൊടുക്കാൻ കേരളത്തിൽ ലഭ്യമല്ലെന്ന അദ്ദേഹത്തിൻറെ പ്രസ്താവനയോട്, ളാഹാഗോപാലന്റെ പ്രതികരണം നമുക്കെല്ലാമറിയാം. ഭൂമിക്ക് വേണ്ടിയുള്ള പോരാട്ടങ്ങളോട് നീതിപുലർത്താൻ കഴിഞ്ഞില്ല. എങ്കിലും ചരിത്രത്തിൽ ആദ്യമായി, സമരം ചെയ്തവർക്ക് 50 സെൻറ് ഭൂമിയെങ്കിലും ലഭിച്ച സമരം അതായിരുന്നു. കേരളത്തിൻറെ വിവിധ ഭാഗങ്ങളിലാണ് ഭൂമി പതിച്ചു നൽകിയത്. സമരത്തിൻറെ ഭാഗമായിരുന്ന ചിലരോട് സംസാരിക്കാൻ കഴിഞ്ഞിട്ടുണ്ട്. ‘വി.എസ്. ആയിരുന്നതുകൊണ്ട് മാത്രമാണ് അത്രയെങ്കിലും ഭൂമി ലഭിച്ചത്. അല്ലെങ്കിൽ മുത്തങ്ങയിലെ അനുഭവമായേനെ ഞങ്ങൾക്കും’ എന്ന് നല്ലൊരു വിഭാഗം സമരക്കാരും ഇപ്പോഴും വിശ്വസിക്കുന്നു എന്നതൊരു യാഥാർത്ഥ്യമാണ്. എ കെ ആന്റണി മുഖ്യമന്ത്രിയായിരുന്ന കാലത്താണ് മുത്തങ്ങയിൽ സമരം നടത്തിയ ആദിവാസികൾക്ക് നേരെ വെടിവെപ്പും ക്രൂരമായ പോലീസ് അതിക്രമവും നടന്നത്. അന്ന് ഉമ്മൻചാണ്ടി യുഡിഎഫ് കൺവീനർ ആയിരുന്നു.
ഉമ്മൻചാണ്ടിയുടെ രാഷ്ട്രീയ ജീവിതത്തെ റദ്ദ് ചെയ്യുക എന്നത് എൻറെ ഉദ്ദേശമല്ല. രാഷ്ട്രീയത്തിൽ ഇരുപക്ഷങ്ങൾക്കും അതിന്റേതായ പ്രാധാന്യമുണ്ട്. കൊടുക്കൽ വാങ്ങലുകൾ ഉണ്ട്. ശരികളും ശരികേടുകളും ഉണ്ട്. എന്നിരുന്നാലും വിഎസിന്റെതുപോലെ
സമരസപ്പെടാത്ത സമര ജീവിതത്തെ, സാധാരണ രാഷ്ട്രീയ ജീവിതങ്ങളോട് തുലനം ചെയ്യുന്നതിൽ ചരിത്രവിരുദ്ധതയും, രാഷ്ട്രീയ ശരികേടുമുണ്ട് എന്ന് സൂചിപ്പിക്കുവാൻ മാത്രമാഗ്രഹിക്കുകയാണ്
Published in Doolnews on 24/07/2025
