വെനസ്വേല; എണ്ണയും സാമ്രാജ്യത്വ ധാർഷ്ട്യവും 

യാതൊരു മുഖംമൂടിയും ഇല്ലാത്ത ചില നിമിഷങ്ങൾ ഉണ്ടാവാറുണ്ട് ചരിത്രത്തിൽ, ജനാധിപത്യത്തിന്റെയും മനുഷ്യാവകാശങ്ങളുടെയും അന്താരാഷ്ട്ര നിയമങ്ങളുടെയും ഭാഷ നഗ്നമായ അധികാരത്തിന്റെ വ്യാകരണമായി മാറുന്ന നിമിഷങ്ങൾ. വെനസ്വേലയിൽ, ആക്രമണം നടത്തി പ്രസിഡണ്ട് നിക്കോളാസ് മഡൂറോയെ നീക്കം ചെയ്ത വാർത്തകൾ അത്തരമൊരു സന്ദര്ഭത്തെയാണ് അടയാളപ്പെടുത്തുന്നത്.

ഒരു പരമാധികാര രാഷ്ട്രത്തിന്റെ ആഭ്യന്തര രാഷ്ട്രീയത്തിൽ ഏകപക്ഷീയമായി ഇടപെടാനുള്ള തങ്ങളുടെ അധികാരം അമേരിക്ക വീണ്ടും പ്രയോഗിച്ചിരിക്കുന്നു. ഈ വിഷമഘട്ടം വെനസ്വേലയുടേത്  മാത്രമല്ല, അന്താരാഷ്ട്ര നിയമങ്ങളുടെ, ചരിത്രപരമായ ധാർമികതയുടെ, നിയമാനുസൃതം പ്രവർത്തിക്കുന്നതെന്ന് അവകാശപ്പെടുന്ന ലോകക്രമത്തിൻറെ പ്രതിസന്ധിയാണ്. എല്ലാ ക്രമങ്ങൾക്കുമതീതമായി ഒരു ശക്തിക്ക് പ്രവർത്തിക്കാൻ കഴിയും എന്ന കാര്യം ആവർത്തിച്ചു വ്യക്തമാകുന്ന സമയമാണ്. മഡൂറോയുടെ രാഷ്ട്രീയത്തോടും നയങ്ങളോടും യോജിക്കുകയോ വിയോജിക്കുകയോ ചെയ്യാം അത് മറ്റൊരു വിഷയമാണ്. സാമ്രാജ്യത്വം നിയന്ത്രിക്കുന്ന ഈ ലോകത്ത്, രാഷ്ട്രങ്ങളുടെ പരമാധികാരത്തിനും നിയമവാഴ്ചയ്ക്കും മനുഷ്യൻറെ അന്തസ്സിനും എന്തെങ്കിലും വിലയുണ്ടോ  എന്നതാണ് ചോദ്യം.

അന്താരാഷ്ട്ര നിയമങ്ങൾ 

രണ്ട് ലോകമഹായുദ്ധങ്ങളുടെ ദുരിതാനുഭവങ്ങളിൽ നിന്നും രൂപം കൊണ്ട ഐക്യരാഷ്ട്രസഭയുടെ ഉദ്ദേശ്യം തന്നെ ഏകപക്ഷീയമായ അധികാരപ്രയോഗങ്ങളെ തടയുക എന്നതായിരുന്നു. യു എൻ ചാർട്ടറിന്റെ അനുഛേദം 2 ( 4) ഏതെങ്കിലും ഒരു രാഷ്ട്രത്തിൻറെ രാഷ്ട്രീയ സ്വാതന്ത്ര്യത്തിനും, ഭൂമിശാസ്ത്രപരമായ അഖണ്ഡതയെ അപകടപ്പെടുത്തുന്നതും, അധികാരം പ്രയോഗിക്കുന്നതും നിരോധിക്കുന്നുണ്ട്. അനുഛേദം 51 സ്വയം പ്രതിരോധം അനുവദിക്കുന്നത്  സായുധ ആക്രമണത്തിനെതിരെയാണ്, അതുപോലും ഐക്യരാഷ്ട്രസഭയുടെ സുരക്ഷാസമിതി നടപടികൾ സ്വീകരിക്കുന്നതുവരെ മാത്രം. വെനസ്വേല അമേരിക്കക്കെതിരെ ആക്രമണം നടത്തിയിട്ടില്ല. സായുധ നടപടിക്ക് ഐക്യരാഷ്ട്രസഭ സുരക്ഷാസമിതിയുടെ അനുമതിയുമില്ല. അതുകൊണ്ടുതന്നെ അമേരിക്കയുടെ നടപടി അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണ്.

ഇതു വളരെ പ്രധാനപ്പെട്ട കാര്യമാണ്, കാരണം അന്താരാഷ്ട്ര നിയമങ്ങൾ എന്നു പറയുന്നത് വെറും അലങ്കാര വാചകങ്ങൾ മാത്രമല്ല, ദുർബല രാഷ്ട്രങ്ങൾക്ക് വൻ ശക്തികളുടെ അനിയന്ത്രിതമായ ആയുധശേഷിയിൽ  നിന്നുമുള്ള സംരക്ഷണമാണ്. ആ സംരക്ഷണ കവചം ഇല്ലാതാകുമ്പോൾ ‘നിയമവാഴ്ചയിൽ അധിഷ്ഠിതം’ എന്ന് അവകാശപ്പെടുന്ന ലോകക്രമം അപകടത്തിലാവുകയാണ്.

അന്താരാഷ്ട്ര നിയമങ്ങൾ മറ്റുള്ള രാജ്യങ്ങൾക്കു മാത്രം ബാധകമാണ് എന്ന തരത്തിൽ പ്രവർത്തിക്കുന്ന ചരിത്രമാണ് അമേരിക്കക്കുള്ളത്. അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ പല നിയമങ്ങളും അംഗീകരിക്കാൻ അമേരിക്ക ഇതുവരെ തയ്യാറായിട്ടില്ല, അന്താരാഷ്ട്ര ഏജൻസികളുടെ ഉദ്യോഗസ്ഥർക്കെതിരെ ഉപരോധങ്ങൾ ഏർപ്പെടുത്തുവാനും, അന്താരാഷ്ട്ര നിയമത്തിൽ ഒരു സ്ഥാനവും ഇല്ലാത്ത ‘പ്രീ-എംപ്റ്റീവ് സ്ട്രൈക്ക്’ എന്ന ഓമനപ്പേരിൽ തങ്ങൾക്ക് ഇഷ്ടമില്ലാത്ത രാജ്യങ്ങളെ തോന്നുംവിധം ആക്രമിക്കുന്ന ശൈലി അവലംബിക്കുകയുമാണ് ചെയ്തിട്ടുള്ളത്. അതുകൊണ്ടുതന്നെ വെനസ്വിലയിൽ സംഭവിക്കുന്നത് അപ്രതീക്ഷിതമോ ഒറ്റപ്പെട്ടതോ ആയ കാര്യമല്ല. 

വെനസ്വേലയിലെ എണ്ണ ഖനികൾ 

ലോകത്തിലെ ഏറ്റവും വലിയ പെട്രോളിയം സമ്പത്തുള്ള രാജ്യമാണ് വെനസ്വേല; അതാണ് പ്രധാന കാര്യം. ചരിത്രത്തിൽ സാമ്രാജ്യത്വ ശക്തികളുടെ വിദേശ നയങ്ങളെ രൂപപ്പെടുത്തിയിരുന്നത് ഊർജ്ജസ്രോതസ്സുകളുടെ നിയന്ത്രണം എന്ന ലക്ഷ്യമാണ്. 1953-ല്‍ ഇറാനിൽ നടത്തിയ ഇടപെടലുകൾ മുതൽ രണ്ടായിരത്തി മൂന്നിലെ ഇറാഖ് യുദ്ധം വരെ, ഇവർ ലോകത്തിനു മുന്നിൽ നിരത്തിയ  എല്ലാ ന്യായീകരണങ്ങൾക്കുമപ്പുറം യഥാർത്ഥ വിഷയം എണ്ണയായിരുന്നു. ജനാധിപത്യം, മനുഷ്യാവകാശങ്ങൾ, ഭീകരവിരുദ്ധ യുദ്ധം, തുടങ്ങിയവയൊക്കെ അധിനിവേശങ്ങളെ ന്യായീകരിക്കാനുള്ള ആഖ്യാനങ്ങൾ മാത്രമാണ്.

ഹ്യൂഗോ ഷാവേസിന്റെ കാലം മുതൽ, എണ്ണപ്പാടങ്ങൾ ദേശസാത്കരിക്കാൻ തുടങ്ങിയതോടെ, വെനസ്വേല അമേരിക്കൻ താല്പര്യങ്ങളുടെ എതിർപക്ഷത്ത് വന്നു കഴിഞ്ഞിരുന്നു. രാഷ്ട്രീയ പ്രതിസന്ധിയെ രൂക്ഷമാക്കുകയും, സാധാരണ മനുഷ്യരുടെ ജീവിതത്തിൽ ദുരിതം വിതയ്ക്കുകയും ചെയ്യുന്ന കൂട്ടായ ശിക്ഷ എന്ന് ഐക്യരാഷ്ട്രസഭ സമിതിയുടെ റിപ്പോർട്ടുകൾ തന്നെ വിശേഷിപ്പിച്ചിട്ടുള്ള, ക്രൂരമായ ഉപരോധങ്ങൾ വെനസ്വേലയ്ക്കു മേൽ അമേരിക്ക ഏർപ്പെടുത്തിയിരുന്നു. ഉപരോധങ്ങൾ കൊണ്ട് അധികാരം മാറ്റം സംഭവിക്കാതെ വരുമ്പോൾ അധിനിവേശമാണല്ലോ അടുത്ത മാർഗ്ഗം. അല്ലാതെ ട്രംപ് അവകാശപ്പെടുന്നതുപോലെ മയക്കുമരുന്ന് മാഫിയക്കെതിരെയുള്ള നടപടിയൊന്നുമല്ല ഇത്.

രക്തത്തിൽ രചിച്ച രൂപരേഖ 

വെനസ്വേലയിൽ സംഭവിച്ചത് എന്തെന്ന് മനസ്സിലാക്കാൻ നമുക്ക് ചിലിയെ ഓർക്കാം. 1973-ല്‍ ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സോഷ്യലിസ്റ്റ് പ്രസിഡൻറ് സാൽവദോർ അലൻഡയെ, അമേരിക്ക, പട്ടാള അട്ടിമറിയിലൂടെ പുറത്താക്കുകയും വധിക്കുകയും ചെയ്തു. അതിനുശേഷം ചിലിയിൽ വന്നത് ജനാധിപത്യമല്ല; പിനോഷയുടെ നേതൃത്വത്തിൽ ഭരണകൂട ഭീകരതക്ക് കുപ്രസിദ്ധമായ ഏകാധിപത്യ ഭരണമായിരുന്നു തുടർന്നങ്ങോട്ട് 17 വർഷം. സന്ദേശം വളരെ വ്യക്തമാണ്, അമേരിക്കൻ താല്പര്യങ്ങൾക്ക് വിരുദ്ധമാകുമെങ്കിൽ, വികസ്വര രാജ്യങ്ങളുടെ സ്വതന്ത്ര സാമ്പത്തിക നയവും രാഷ്ട്രീയ നിലപാടുകളും വച്ചുപൊറുപ്പിക്കാൻ അമേരിക്ക തയ്യാറല്ല.

2003–ൽ, ഇറാഖിലും സംഭവിച്ചത് ഇതുതന്നെയാണ്. സദാം ഹുസൈൻ സർവനാശിയായ ആയുധങ്ങൾ കൈവശം വച്ചിട്ടുണ്ട് എന്നത് വ്യാജ പ്രചാരണം മാത്രമായിരുന്നുവെന്ന് ഇന്ന് നമുക്കറിയാം. ഇറാഖിൽ നിന്ന് ഒരായുധവും കണ്ടെടുത്തില്ല. അനാഥമായ ശവപ്പറമ്പുകളും, തകർന്ന സ്ഥാപനങ്ങളും, വിഭാഗീയ കലാപങ്ങളും, അരാജകത്വത്തിലേക്ക് വഴുതിവീണ ഒരു മേഖലയുമാണ്  അധിനിവേശത്തിന്റെ അവശേഷിപ്പ്. അതെന്തു തന്നെയായാലും എണ്ണ കച്ചവടത്തിന്റെ കാര്യത്തിൽ അമേരിക്കൻ താൽപര്യങ്ങൾ സംരക്ഷിക്കപ്പെട്ടു. 

201-ൽ  ലിബിയയിലും ഇതു തുടർന്നു. സാമ്പത്തികവും രാഷ്ട്രീയവുമായ സ്വതന്ത്ര നിലപാടുകൾക്ക് ശ്രമിച്ച മുഹമ്മദ് ഗദ്ദാഫിയെ നേറ്റോ സേന, കൊലപ്പെടുത്തി. രാജ്യം അരാജകത്വത്തിലേക്ക് വഴുതിവീണു. അടിമത്വവും ആയുധക്കച്ചവടവും ഹിംസാത്മക സംഘങ്ങളുമായി അവിടെ മുഴുവൻ. സംരക്ഷിക്കാൻ എത്തിയവരെല്ലാം അവിടുത്തെ ജനതയെ മഹാദുരിതത്തിൽ ഉപേക്ഷിച്ചു പോയി. ഇതൊന്നും ഒറ്റപ്പെട്ട സംഭവങ്ങളല്ല ആവർത്തിച്ചു കൊണ്ടേയിരിക്കുന്ന ചരിത്ര മാതൃകകളാണ്. 

ലാറ്റിൻ അമേരിക്കൻ അനുഭവങ്ങൾ 

സാമ്രാജ്യത്വ അധിനിവേശങ്ങളുടെ ഏറ്റവും ക്രൂരമായ ചരിത്രം ലാറ്റിനമേരിക്കയുടെതാണ്. ഗ്വാട്ടിമാല, ബ്രസീൽ, ഡൊമിനിക്കൻ റിപ്പബ്ലിക്,ചിലി, നിക്കരാഗ്വ, പനാമ.. തുടങ്ങി അമേരിക്കൻ കടന്നുകയറ്റത്തിന്റെ പട്ടിക വളരെ നീണ്ടതാണ്. അവിടങ്ങളിൽ തെരഞ്ഞെടുക്കപ്പെട്ട ഗവൺമെന്റുകളുടെ അട്ടിമറിക്കുകയും, ഏകാധിപത്യ ഭരണകൂടങ്ങളെ അവരോധിക്കുകയും, സാമൂഹ്യപ്രസ്ഥാനങ്ങളെ ഇല്ലാതാക്കുകയും ചെയ്തു. അമേരിക്ക എതിർക്കുന്നത് ഏകാധിപത്യത്തെയല്ല അമേരിക്കൻ മുതലാളിത്ത താല്പര്യങ്ങൾക്ക് വിരുദ്ധമായ രാഷ്ട്രീയ സാമ്പത്തിക സ്വാതന്ത്ര്യത്തെയാണ് എന്ന് നോം ചോംസ്കിയെപോലെയുള്ള ചിന്തകർ ചൂണ്ടിക്കാട്ടുന്നു. ഇവിടെ വെനസ്വേലയുടെയും കുറ്റം,  ഏകാധിപത്യമല്ല, സാമ്രാജ്യത്തോടുള്ള അനുസരണക്കേടാണ്.

മനുഷ്യാവകാശങ്ങൾ ആയുധമാകുമ്പോൾ

അമേരിക്ക എപ്പോഴും മനുഷ്യാവകാശങ്ങളെക്കുറിച്ച് വാചാലമാകുമെങ്കിലും അത് അവർക്ക് താല്പര്യമുള്ളവർക്ക് മാത്രമേ ബാധകമാവുകയുള്ളൂ. വലിയ അവകാശധ്വംസനകൾ നടത്തുന്ന സഖ്യകക്ഷികളെ -അത് പശ്ചിമേഷ്യയിൽ ആയാലും മറ്റെവിടെയായാലും- വീറ്റോ അധികാരം ഉപയോഗിച്ചും കുറ്റകരമായ മൗനത്തിലൂടെയും സംരക്ഷിക്കും. എന്നാൽ അവർക്ക് താല്പര്യമില്ലാത്തവരെ ഉപരോധങ്ങളിലൂടെയും ഒറ്റപ്പെടുത്തലുകളിലൂടെയും അധിനിവേശങ്ങളിലൂടെയും ശിക്ഷിക്കും. ആംനസ്റ്റി ഇൻറർനാഷണലും ഹ്യൂമൻ റൈറ്റ്സ് വാച്ചും പോലെയുള്ള അന്താരാഷ്ട്ര സംഘടനകൾ അമേരിക്കയുടെ നേതൃത്വത്തിലോ പിന്തുണയോടെയോ നടക്കുന്ന അവകാശങ്ങളെ ചൂണ്ടിക്കാണിക്കുന്നുണ്ട്. ആശുപത്രികളെയും ഭക്ഷ്യവിതരണ സംവിധാനങ്ങളെയും പോലും വെറുതെ വിടാറില്ല. ഈ നയങ്ങളുടെ ഏറ്റവും വലിയ ഇര പിഞ്ചു കുഞ്ഞുങ്ങൾ ആണെന്ന യാഥാർത്ഥ്യവും നിലനിൽക്കുന്നു. മനുഷ്യാവകാശങ്ങളെ സാർവത്രികമാക്കുന്നതിന് പകരം അവരവരുടെ രാഷ്ട്രീയ സൗകര്യമനുസരിച്ച് ആയുധവൽക്കരിക്കുന്നത് അവകാശങ്ങളുടെ ധാർമിക ശക്തിയെ പ്രവർത്തികളെ ചോർത്തി കളയും. നീതി ഉറപ്പുവരുത്തുന്നതിനുള്ള മാര്ഗങ്ങള് എന്ന നിലയിൽ നിന്നും,  മനുഷ്യാവകാശങ്ങൾ അധിനിവേശത്തിനുള്ള ന്യായീകരണങ്ങൾ മാത്രമായി മാറുന്ന കാലമാണിത്. 

നിയമവിരുദ്ധത നിയമമായി മാറുന്ന കാലം 

രാഷ്ട്രീയ ചിന്തക ഹന്ന അരേൻഡ് പറഞ്ഞതുപോലെ, അംഗീകരിക്കാനാകാത്ത കാര്യങ്ങളെ സാധാരണവൽക്കരിക്കുന്നതാണ്, തുറന്ന ഏകാധിപത്യത്തേക്കാൾ അപകടകരം. ബ്യൂറോസിലൂടെയും സമൂഹത്തിൻറെ സാധാരണ പ്രവർത്തനങ്ങളിലൂടെയും നടപ്പിലാക്കുമ്പോഴാണ് ക്രൂരത ഏറ്റവും മനുഷ്യത്വവിരുദ്ധമാകുന്നത്. പ്രചാരവേലകളിലൂടെ സത്യവും അസത്യവും തമ്മിൽ തിരിച്ചറിയാനാവാത്ത സാഹചര്യമുണ്ടാക്കുമ്പോൾ ഏകാധിപത്യം വിജയിക്കുകയാണ്. 2003-ൽ  ഇറാഖിലെ ആയുധശേഖരത്തെ കുറിച്ചുള്ള നുണപ്രചാരണം അഭിപ്രായ രൂപീകരണത്തെ എങ്ങനെയാണ് സ്വാധീനിച്ചതെന്ന് നമ്മൾ കണ്ടു. ഇപ്പോൾ തന്നെ, വെനസ്വേലയിൽ അമേരിക്കൻ അധിനിവേശത്തെ അനുകൂലിക്കുന്ന പ്രതിപക്ഷ, വലതുപക്ഷ രാഷ്ട്രീയ നേതാവ് മാറിയ കോറിനോ മക്കാഡോവിന് കഴിഞ്ഞ വർഷം സമാധാനത്തിനുള്ള നൊബേൽ ലഭിച്ചിരുന്നു.  നിരന്തരം അവകാശലംഘനങ്ങൾ ആവർത്തിച്ചു കൊണ്ടേയിരിക്കുമ്പോൾ, ലോകത്തിലാകെ ഒരുതരം നിസ്സംഗത പടരുന്നുണ്ട്. അതിക്രമങ്ങളും അധിനിവേശങ്ങളും ആരംഭിക്കുന്നത് ഈ നിസ്സംഗതയിൽ നിന്നുമാണ്. നാസി ഓഫീസർ ആയിരുന്ന അഡോൾഫ് ഐക്മാന്റെ  വിചാരണ ന്യൂയോർക്കറിനു വേണ്ടി റിപ്പോർട്ട് ചെയ്യുന്ന ഘട്ടത്തിലാണ് ഹന്ന അറേൻഡ് ക്രൂരതയുടെ സാധാരണത്വംകണ്ട് ഞെട്ടിയത്. പ്രോസിക്യൂഷൻ പറയുന്നതുപോലെ ഭീകരസ്വത്വമൊന്നും ആയിരുന്നില്ല ഐക്മാൻ, അയാളിലെ സാധാരണത്വമാണ് ഹന്ന അറേൻഡിനെ അസ്വസ്ഥതപ്പെടുത്തിയത്. വെനസ്വേലയിലെ എണ്ണയെക്കുറിച്ച് അതിശയിപ്പിക്കുന്ന ലാഘവത്വത്തോടെ പ്രസ്താവന നടത്തുന്ന ട്രംപിന്റെ ഭാഷയിലും ദൃശ്യമാകുന്നത് ഇത് തന്നെയാണ്. ശക്തിയും സമ്പത്തും ശരിതെറ്റുകളെ  നിർണ്ണയിക്കുകയും, പരമാധികാരം സാമ്രാജ്യത്തെ അനുസരിക്കുന്നവർക്ക്  മാത്രം അനുഭവവേദ്യമാവുകയും ചെയ്യുന്ന ലോകക്രമത്തിലും അന്തർലീനമായ മൂല്യബോധം മറ്റൊന്നല്ല.  

മനുഷ്യന്റെ പീഡാനുഭവങ്ങളെ, പശ്ചാത്തിലെ അവഗണനീയമായ ശബ്ദമായി ലഘൂകരിക്കുന്നതിലൂടെയാണ് സാമ്രാജ്യത്തം നിലനിൽക്കുന്നത് എന്ന് പറയാറുണ്ട്. രാജ്യങ്ങളും ജനങ്ങളും വെറും തലക്കെട്ടുകളായി മാറുകയും, അവരുടെ ശബ്ദങ്ങൾ തമസ്കരിക്കപ്പെടുകയും ചെയ്യുന്നു. വെനസ്വേലയും അതുപോലൊരു ശബ്ദമായി ഒടുങ്ങുകയാണോ എന്ന ചോദ്യമാണ് ഇന്ന് ലോകത്തിനു മുന്നിലുള്ളത്. ബോംബുകളും ഉപരോധങ്ങളും തട്ടിക്കൊണ്ടുപോകലുകളും കൊണ്ട്  മാറ്റങ്ങളുണ്ടാക്കാൻ സാധിക്കില്ല. മിസൈലുകൾ കൊണ്ട് ജനാധിപത്യം സാക്ഷാത്കരിക്കാൻ   കഴിയില്ല. അന്താരാഷ്‌ട്ര നിയമങ്ങളുടെ ശവക്കല്ലറയുടെ മുകളിൽ ചവിട്ടിനിന്നുകൊണ്ട് മനുഷ്യാവകാശങ്ങൾ സംരക്ഷിക്കാനും കഴിയില്ല. എന്തൊക്കെ പോരായ്മകളുണ്ടെങ്കിലും അതിശക്തരുടെ ഐച്ഛികമായ ചെയ്തികൾക്കെതിരെ സാധാരണ രാജ്യങ്ങൾക്കും ജനതയ്ക്കും കൈവശമുള്ള ഏക ഭാഷ അന്താരാഷ്ട്ര നിയമങ്ങളുടേതാണ്. അത് ഉപേക്ഷിക്കപ്പെട്ടാൽ, നീതിപൂർവകമായ ലോകക്രമം എന്ന ആശയം തന്നെ ഇല്ലാതാവുകയാണ് ചെയ്യുക. 

മുൻപ് പലരാജ്യങ്ങളും അഭിമുഖീകരിച്ചിട്ടുള്ള ഒരു സന്ദർഭത്തെ തന്നെയാണ് ഇന്ന് വെനസ്വേലയും മുന്നിൽ കാണുന്നത്. ഇതിന്റെ അവസാനം എന്തായിരിക്കുമെന്ന് നമുക്കെല്ലാം വളരെ വ്യക്തമാണ്. വ്യഥകൾ, വിലാപങ്ങൾ, ദുരിതാപർവങ്ങളിലെ നിസ്സഹായ ജീവിതങ്ങൾ…അസ്ഥിരവും ഹിംസാത്മകവുമായ രാജ്യങ്ങൾ, മേഖലകൾ…   ഇത്തവണയെങ്കിലും “അരുത്” എന്ന് പറയാൻ ലോകത്തിനു കഴിയുമോ എന്നാണ്, കഴിയില്ല എന്നാണ് അനുഭവം.  

LEAVE A REPLY

Please enter your comment!
Please enter your name here