താങ്കൾ ഇന്ന് കേരളത്തിലെ ഹിന്ദുത്വ വിമർശനത്തിന്റെ മുഖമാണ്. അതിന്റെ ഭാഗമായി രൂക്ഷമായ ആക്രമണങ്ങളും ഉണ്ടാവുന്നുണ്ട്. അസ്സോത്രിതമായ ഈ സൈബർ ആക്രമണം ഏത് കാലത്താണ് ആരംഭിച്ചത്?
സനാതന ധർമ്മ വിവാദ കാലത്താണ് അതിൻറെ ആരംഭ. ‘സനാതനധർമ്മം കോവിഡ് പോലെ നിർമാർജനം ചെയ്യേണ്ട ഒന്നാണെ’ന്ന സ്റ്റാലിന്റെ പ്രസ്താവനയോടെയാണ് അത് തുടങ്ങുന്നത്. സാമൂഹ്യ മാധ്യമങ്ങളിലൂടെയും വാർത്താമാധ്യമങ്ങളിലൂടെയും ആ പ്രസ്താവനയെ പിന്തുണയ്ക്കുന്ന ഇടപെടലുകൾ നടത്തിയപ്പോഴാണ് ഹിന്ദുത്വ ശക്തികൾ സംഘടിതമായ ആക്രമണം ആരംഭിച്ചത്.
പലപ്പോഴും മറ്റു പല മറ്റു പല പ്രമുഖരുമായും താരതമ്യപ്പെടുമ്പോൾ താങ്കളെ പ്രത്യേകം തിരഞ്ഞുപിടിച്ച് ആക്രമിക്കുന്നു എന്ന തോന്നൽ എപ്പോഴെങ്കിലും ഉണ്ടായിട്ടുണ്ടോ?
തീർച്ചയായും. മാത്രമല്ല, നേരിട്ടുള്ള അനുഭവങ്ങളുമുണ്ട്. സിപിഐഎമ്മിന്റെ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് സനാതന ധർമ്മത്തെക്കുറിച്ച് കൊല്ലത്ത് വച്ച് നടന്ന സെമിനാറിൽ ഞാനും സുനിൽ പി ഇളയിടവും ബിജെപിയുടെ കൃഷ്ണദാസും മേഴ്സി കുട്ടി അമ്മയുമൊക്കെ പങ്കെടുത്തിരുന്ന. സുനിൽ മാഷിന്റെയും എൻറെയും എല്ലാം സംസാരത്തിനുശേഷം പി കെ കൃഷ്ണദാസ് വേദിയിലെത്തി. അദ്ദേഹം ഇളയിടത്തിനെ ആദരിച്ചും, അദ്ദേഹത്തിൻറെ അഭിപ്രായങ്ങളെ ഒരു പരിധിവരെ ബഹുമാനിച്ചും സംസാരിക്കുകയുണ്ടായി. എന്നാൽ എന്നെ കടന്നാക്രമിച്ചു. രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. ഇത് മൂർത്തമായ ഒരു സാഹചര്യമാണ് സമൂഹത്തിലെ അറിയപ്പെടുന്ന ആളുകൾ പോലും പ്രതികരണത്തിൽ ഇങ്ങനെയൊരു പക്ഷപാതിത്വം കാണിക്കുന്നതായി തോന്നിയിട്ടുണ്ട്.
എന്താവാം അതിനു കാരണം?
കേവല രാഷ്ട്രീയ വിമർശനത്തിനപ്പുറം, സനാതന ഹിന്ദു ധർമ്മത്തിന്റെ മഹത്തരമെന്ന് ഘോഷിക്കപ്പെടുന്ന ഗ്രന്ഥപാഠങ്ങൾ മുൻനിർത്തി വിമർശനങ്ങൾ ഉന്നയിക്കുന്നതു കൊണ്ടാവും ഒരുപക്ഷേ ഇത്തരം പ്രവണത ഉണ്ടാവുന്നത്. എനിക്ക് വളരെ ചെറിയ പ്രായത്തിൽ തന്നെ സംസ്കൃതം പഠിക്കുവാനും ഗ്രന്ഥങ്ങൾ പരിചയപ്പെടാനും ആ അറിവ് ഉപയോഗിക്കുവാനും കഴിഞ്ഞു എന്നുള്ളതാണ്. ഒരു സംസ്കൃത അധ്യാപകനും ഗവേഷകനുമെ ന്ന നിലയ്ക്കുള്ള എൻറെ പ്രവർത്തനങ്ങളെ അവർ അംഗീകരിക്കാൻ തയ്യാറല്ല..
ഒരു ഉദാഹരണം പറഞ്ഞാൽ, ഒരിക്കൽ മുംബൈയിൽ ഒരു സെമിനാറിൽ പങ്കെടുത്ത് ഞാൻ തിരിച്ചുവരികയാണ്. ചത്രപതി ശിവജി വിമാനത്താവളത്തിൽ നിൽക്കവേ കേരളത്തിൽ നിന്നുള്ള ഒരു ആർ എസ് എസ് പ്രചാരകനെ കണ്ടുമുട്ടി. അദ്ദേഹം എന്നെ പരിചയമില്ലാത്ത ആളാണ്. ഞാൻ ഒരു സംസ്കൃത അധ്യാപകനും ഗവേഷകനും ഒക്കെയാണെന്ന് മനസ്സിലാക്കിയപ്പോൾ ‘എന്തുകൊണ്ടാണ് ഒരു സംസ്കൃത അധ്യാപകൻ ഞങ്ങളോട് യോജിച്ചു പ്രവർത്തിക്കാത്തത് എന്ന് എന്നെ അത്ഭുതപ്പെടുത്തുന്നു’ എന്നാണ് അദ്ദേഹം പ്രതികരിച്ചത്. ഞാൻ അദ്ദേഹത്തോട് ഒരുപക്ഷേ താങ്കൾക്കെന്നെ മനസ്സിലായിട്ടുണ്ടാവില്ലെന്നും ഗൂഗിളിൽ ഒന്ന് പരതി നോക്കിയാൽ പിടികിട്ടും എന്നും പറഞ്ഞു. കുറെ സമയം കഴിഞ്ഞ് ഞങ്ങളുടെ യാത്രയായി കേരളത്തിൽ വിമാനം ഇറങ്ങിയപ്പോൾ അദ്ദേഹം എന്നെ കണ്ടിട്ടും കാണാത്ത ഭാവത്തിൽ നടന്നു പോവുകയാണുണ്ടായത് ഒരുപക്ഷേ പിന്നീടുള്ള ആ സമയം കൊണ്ട് എന്റെ പ്രവർത്തന മേഖല അദ്ദേഹത്തിൻറെ മനസ്സിലായിട്ടുണ്ടാവണം.
സംസ്കൃതത്തെ ദേവഭാഷയായും ഇവരെ ഉയർത്തിപ്പിടിക്കുന്ന സാംസ്കാരിക മഹിമയുടെ പ്രതീകമായി ഒക്കെയാണ് കാണുന്നത്. സംസ്കൃതം അറിയുന്നവരെയാണ് പണ്ഡിതനെന്ന് വിളിക്കുന്നത്. ആ സിംഹാസനത്തിലേക്ക് അധഃസ്ഥിത വിഭാഗത്തിൽ നിന്നും ഒരാൾ വന്നു കയറിയിരുന്നു എന്നുള്ളതാണോ അവരെ അസ്വസ്ഥരാക്കുന്നത്?
അത്തരമൊരു അസ്വസ്ഥത ഉണ്ട് യഥാർത്ഥത്തിൽ. പക്ഷെ അത് മാത്രമല്ല പ്രശ്നം. ദളിത് വിഭാഗത്തിൽനിന്ന് സംസ്കൃതം പഠിച്ച ഒരുപാട് പേർ കേരളത്തിലുണ്ട്. സംസ്കൃതം പഠിച്ച ഒരു അധ്യാപകനായി ജോലി ചെയ്തു ജീവിക്കുന്നതിൽ ഇവിടെ ആർക്കും പ്രശ്നമൊന്നുമില്ല. പക്ഷേ നമ്മൾ സംസ്കൃതം പഠിക്കുകയും അതിന് ഗ്രന്ഥപാഠങ്ങൾ വിശദീകരിക്കുകയും അത് മുന്നോട്ടുവയ്ക്കുന്ന വ്യവസ്ഥയ്ക്കും സംവിധാനത്തിനുമെതിരെ നിലപാടെടുക്കുകയും ചെയ്യുന്നു എന്നുള്ളതാണ് അവരുടെ പ്രശ്നം. പഠിച്ച്, അതിൻറെ പാരമ്പര്യ മൂല്യവ്യവസ്ഥകളെ സേവിക്കുകയാണെങ്കിൽ അവർക്ക് പ്രശ്നമില്ല. ജനാധിപത്യ വ്യവസ്ഥയെ ശക്തിപ്പെടുത്തുകയും ബ്രാഹ്മണ്യ മൂലവ്യവസ്ഥയെ ദുർബലമാക്കുകയും ചെയ്യുന്ന പോരാട്ടത്തിന്റെ ഭാഗമായതുകൊണ്ടാണ് എതിർപ്പുണ്ടാവുന്നത്.
വിമർശനങ്ങളെ സംസ്കൃതേതിഹാസ പുരാണ പാഠാപാരമ്പര്യങ്ങളുടെ വിമർശനമായി മാത്രം ഡോ. ശ്യാംകുമാർ ചുരുക്കി കാണുന്നു. അധഃസ്ഥിത വിഭാഗം നേരിടുന്ന സമകാലിക പ്രശ്നങ്ങൾക്ക് നേരെ കണ്ണടയ്ക്കുകയും ചെയ്യുന്നു എന്നൊരു വിമർശനം ഉയർന്നു വരാറുണ്ട്. എങ്ങനെയാണ് ഇതിനോട് പ്രതികരിക്കുക?
ഇത് വളരെ ആഴത്തിൽ മനസ്സിലാക്കേണ്ട ഒരു വിഷയമാണ്. ദളിത് രാഷ്ട്രീയം ഉയർത്തിപ്പിടിക്കുന്ന പലർക്കും ഈ ഹിന്ദുത്വ രാഷ്ട്രീയത്തെ നേരിടാനുള്ള ആശയ തെളിമ ഇല്ല. നമ്മുടെ രാജ്യത്ത് സംവരണം അട്ടിമറിക്കുന്നു, സ്കോളർഷിപ്പുകൾ നൽകാതിരിക്കുന്നു, ഗ്രാൻഡ് തടഞ്ഞു വയ്ക്കുന്നു, ദളിത്-മുസ്ലിം വിദ്യാർത്ഥികൾ പുറത്താക്കപ്പെടുന്നു, എന്നിങ്ങനെയുള്ള സാഹചര്യമുണ്ട്. വലിയ വിവേചനങ്ങൾ നേരിടുന്ന. ഈ പുറന്തള്ള ഒരു യാഥാർത്ഥ്യമാണെന്ന് പറയുമ്പോൾ തന്നെ, ഈ നീതി നിഷേധം ഹിന്ദുത്വ പ്രത്യയശാസ്ത്രവും ബ്രാഹ്മണ്യം മൂല്യവ്യവസ്ഥിതിയും പ്രവർത്തിക്കുന്നതിന്റെ പ്രതിഫലനമാണെന്ന വസ്തുത നമ്മൾ മനസ്സിലാക്കണം. ഇതിഹാസ-വേദ-പുരാണ-ഉപനിഷത്ത് ഗ്രന്ഥ പാരമ്പര്യങ്ങളിലെല്ലാം അന്തർലീനമായ ബ്രാഹ്മണ്യ മേൽക്കോയ്മ വ്യവസ്ഥിതിയാണ്, ജാതി വ്യവസ്ഥിതിയാണ് ഇതിൻറെ അടിസ്ഥാന ഘടകം എന്ന് നമ്മൾ തിരിച്ചറിയണം. ഹിന്ദു രാഷ്ട്ര സംവിധാനത്തിന്റെ ആശയധികാര വ്യവസ്ഥിതിയെ അഭിസംബോധന ചെയ്യുകയും തകർക്കുകയും ചെയ്തെങ്കിൽ മാത്രമേ ഈ പ്രശ്നം പരിഹരിക്കാൻ കഴിയൂ. അവകാശപ്പോരാട്ടവും പ്രത്യയശാസ്ത്രപരമായ വിമർശനവും ഒരുമിച്ച് മുന്നേറേണ്ടതുണ്ട്. എനിക്കെതിരെ വിമർശനം ഉന്നയിക്കുന്ന ആളുകൾക്ക് ഇക്കാര്യത്തിൽ വ്യക്തതക്കുറവുണ്ടെന്നാണ് ഞാൻ കരുതുന്നത്.
ഭൂമി ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ശ്യാംകുമാർ അഭിപ്രായം പറയുന്നില്ല എന്നു പറയാറുണ്ട്…
അതിനെയും നമുക്ക് ഒറ്റപ്പെട്ട വിഷയമായി കാണാൻ കഴിയില്ല. ദളിതർ ഉൾപ്പെടെയുള്ളവർ വൈകുന്നേരം ജപിക്കുന്ന രാമനാമ കീർത്തനത്തിന്റെ അർത്ഥമെന്താണ്? ‘ഭംഗിയോടെ ഭൂമി തന്നെ ബ്രാഹ്മണർക്ക് നൽകുവാൻ ഭാർഗവനായി വന്നുദിച്ച രാമ രാമ പാഹിമാം’എന്നാണ് പറയുന്നത്. . ഭൂമിക്ക് വേണ്ടിയുള്ള സമരങ്ങൾ വേണ്ടെന്നല്ല, പോരാട്ടങ്ങൾ വേണ്ടത് തന്നെയാണ് പക്ഷേ ബ്രാഹ്മണനു ഭൂമി കൊടുക്കുവാൻ സന്ധ്യക്ക് ഇരുന്നു നാമജപം നടത്തുന്നവർക്ക് പോരാട്ടത്തിന്റെ ഭാഗമാകാൻ കഴിയില്ലെന്നാണ് എൻറെ വാദം. അടിച്ചമർത്തപ്പെട്ടവരുടെ ആരാധനാ സങ്കേതങ്ങൾ ബ്രാഹ്മണ്യം കൈയേറിയതിന്റെ വലിയ ചരിത്രം തന്നെ കേരളത്തിലും ഇന്ത്യയിലും ഉണ്ട്. ദേവപ്രശ്നം എന്ന പരിപാടിയിലൂടെ ദളിതരുടെയും പിന്നോക്കക്കാരുടെയും കാവുകളും സങ്കേതങ്ങളുമെല്ലാം ബ്രാഹ്മണ്യം കൈവശപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. ദളിതരുടെ ഉടമസ്ഥതയിലുള്ള ക്ഷേത്രങ്ങളിൽ പോലും പൂജാരി ആയിട്ട് ബ്രാഹ്മണർ വരണമെന്നാണ് ഈ മൂല്യബോധം അവരെക്കൊണ്ട് ചിന്തിപ്പിക്കുന്നത്. അധഃസ്ഥിത വർഗ്ഗത്തിൻറെ സ്വത്താണ് ഇങ്ങനെ അന്യാധീനപ്പെട്ട പോവുന്നത്. ഇത്തരം വിഷയങ്ങളിൽ പ്രത്യയശാസ്ത്ര ഹിംസക്കെതിരെയുള്ള ആശയ സമരം അനിവാര്യമാണെന്നുള്ള വസ്തുത ഇവർ തിരിച്ചറിയുന്നില്ല.
ഈ ആശയത്തെ ഡൈനാമിറ്റ് വച്ച് തകർക്കാതെ, രാജ്യത്തെ ജനാധിപത്യം പുലരില്ല എന്ന നിലപാടുള്ള ആളായിരുന്നു അംബേദ്കർ…
തീർച്ചയായും. ഇക്കാര്യത്തിൽ അദ്ദേഹത്തിന് കൃത്യമായ നിലപാടുണ്ടായിരുന്നു. ചില ആളുകൾ പറയുന്നത് ബ്രാഹ്മണിസമൊക്കെ പഴയ കാലഘട്ടത്തിലെ കാര്യങ്ങളാണ്, അതൊന്നും ഇപ്പോൾ പരിഗണിക്കേണ്ടതില്ല, അവകാശപ്പോരാട്ടങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചാൽ മതിയെന്നാണ്. ഈ അധികാര വ്യവസ്ഥിതിയുടെ ആശയാടിത്തറയെക്കുറിച്ച് ധാരണയില്ലാത്ത ആളുകളാണ് അങ്ങനെ പറയുന്നത്. നമ്മൾ ശ്രദ്ധിക്കേണ്ട കാര്യം, ഈ വാദഗതി ഉന്നയിക്കുന്നവർക്ക് ഹിന്ദുത്വത്തെ അംഗീകരിക്കാൻ മടിയില്ല എന്നുള്ളതാണ്. ഇതിൽ രണ്ടു പ്രശ്നങ്ങളാണുള്ളത്; ഒന്ന് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടികളോടുള്ള വിദ്വേഷം ഹിന്ദുത്വ ശക്തികളുമായി അടുക്കാൻ പോലും അവരെ പ്രേരിപ്പിക്കുന്നു എന്നുള്ളതാണ്. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളോട് ജനാധിപത്യപരമായ വിയോജിപ്പുകളും അഭിപ്രായവ്യത്യാസങ്ങളും എല്ലാം വളരെ പ്രസക്തമാണ്, എന്നാൽ ആ വിദ്വേഷത്തിന്റെ പേരിൽ ഹിന്ദുത്വ ശക്തികളിൽ, അല്ലെങ്കിൽ ബിജെപിയിലേക്ക് ചെന്നെത്തുന്നു എന്ന കാര്യം ദൗർഭാഗ്യകരമാണ്. ഇടതുപക്ഷത്തോടുള്ള എതിർപ്പ് മൂർദ്ധന്യാവസ്ഥയിലെത്തിയിട്ട് ഹിന്ദുത്വയിലേക്ക് പോകുന്നതിനെ എങ്ങനെയാണ് അംഗീകരിക്കാൻ കഴിയുക? രണ്ടാമത്തെ കാര്യം അംബേദ്കർ വളരെ കൃത്യമായി അനൈഹിലേഷൻ ഓഫ് കാസ്റ്റിൽ പറയുന്നുണ്ട്. ധാർമികതയും നീതിയും നിഷേധിക്കുന്ന വേദങ്ങളും ശാസ്ത്രങ്ങളും ഡയനാമിറ്റ് വച്ച് തകർക്കണം. ഇന്ത്യയിൽ ഇതിനെ താങ്ങി നടത്തുന്നത് ബ്രാഹ്മണിസമാണ്, അതിൻറെ ശാസ്ത്രങ്ങളാണ്, ഈ ഗ്രന്ഥങ്ങളാണ് അതുകൊണ്ട് ഈ പാരമ്പര്യ അമ്മൂമ്മകഥകൾ റദ്ദ് ചെയ്യാതെ ഇന്ത്യക്ക് ഒരു ജനാധിപത്യ രാഷ്ട്രമായി തീരാൻ കഴിയില്ല എന്ന് അദ്ദേഹം പറയുന്നുണ്ട്. ഹിന്ദുമതത്തിൽ സമത്വമോ സ്വാതന്ത്ര്യമോ സാഹോദര്യമോ പരിപൂർണ്ണമായും സാധ്യമാകില്ല എന്ന തിരിച്ചറിവിൽ നിന്നാണ് അദ്ദേഹം ബുദ്ധമതം സ്വീകരിക്കുന്നത്. ചരിത്രകാരനായ മീരാ നന്ദ പറയുന്നുണ്ട്, അംബേദ്കർ ഒരു ആധുനിക ബുദ്ധനെ സൃഷ്ടിച്ചെടുക്കുകയായിരുന്നു എന്ന്. ആധുനികമായ ഇന്ത്യയ്ക്ക്, ഒരു പുതിയ ദേശരാഷ്ട്രത്തിന്, വേണ്ടുന്ന ബുദ്ധനെയാണ് അദ്ദേഹം സൃഷ്ടിച്ചെടുത്തത്. ബ്രാഹ്മണർ നിഷേധിക്കുന്ന സമത്വവും സ്വാതന്ത്രവും സാഹോദര്യവും ഉള്ള ഒരു ബുദ്ധമതത്തെയാണ് അദ്ദേഹം സൃഷ്ടിച്ചെടുക്കുന്നത്. ‘ ഈശ്വരൻ ഇല്ല എന്നതിനാൽ ധാർമികതയെ നമ്മൾ ദൈവമായി മുറുകെ പിടിക്കേണ്ടതുണ്ട്’ എന്നാണ് അദ്ദേഹം പറഞ്ഞത്.
ഇതിനെ ഭരണഘടനയുമായി ചേർത്തു വായിച്ചാൽ, ഭരണഘടനയുടെ ത്രിത്വം എന്നറിയപ്പെടുന്ന ‘സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം’, അതിൽ സാഹോദര്യത്തെയാണ് ജനാധിപത്യത്തിൻറെ കേന്ദ്രവിന്ദുവായി അംബേദ്കർ പ്രതിഷ്ഠിക്കുന്നത്. ജനാധിപത്യം എന്നാൽ സാഹോദര്യം തന്നെയാണെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. ഫ്രറ്റേണിറ്റി എന്ന വാക്കിൻറെ അർത്ഥം മൈത്രി എന്ന ബുദ്ധസങ്കല്പത്തിലാണ് അദ്ദേഹം കണ്ടെത്തുന്നത്… താങ്കളുടെ ഏറ്റവും പുതിയ പുസ്തകവും മൈത്രി എന്ന ആശയവുമായി ബന്ധപ്പെട്ടതാണ്…. വെറുപ്പും വിദ്വേഷവും അപരവത്കരണവും അരങ്ങു വാഴുന്ന ഈ കാലത്ത് മൈത്രി എത്രമാത്രം പ്രധാനപ്പെട്ടതാണ്?
സാഹോദര്യം എന്ന ആശയം ഫ്രഞ്ച് വിപ്ലവത്തിൽ നിന്നും വന്നതാണെന്ന ധാരണയുണ്ട്, എന്നാൽ ആ വാക്ക് ഞാൻ കണ്ടെത്തിയത് ബുദ്ധ പാരമ്പര്യത്തിൽ നിന്നാണെന്ന് അംബേദ്കർ പറയുന്നുണ്ട്. മൈത്രി എന്നു പറയുന്നത് സാധാരണ നിലയ്ക്കുള്ള സാഹോദര്യമല്ല, അനുകമ്പയിലാണ്ട സാഹോദര്യം എന്നാണ് മൈത്രിയെ പറ്റി പറയേണ്ടത്. പ്രധാനപ്പെട്ട നാല് തത്വങ്ങളാണ് മൈത്രി, കരുണം, മുദിത, ഉപേക്ഷ. അനുകമ്പയിലും തുല്യതയിലും അന്തർലീനമായ ഒന്നാണ് മൈത്രി. മൈത്രി നിലവിൽ വരണമെങ്കിൽ സമത്വം വേണം. തുല്യതയുള്ള സമൂഹത്തിൽ മാത്രമേ മൈത്രി പ്രവർത്തിക്കുകയുള്ളൂ. സമൂഹത്തിൽ സാഹോദര്യം പുലരണമെങ്കിൽ രാജ്യത്ത് നിലനിൽക്കുന്ന ശ്രേണീകൃത അസമത്വം ഇല്ലാതെയാവണം. രാഷ്ട്രീയവും സാമൂഹികവും സാമ്പത്തികവുമായ സമത്വം സമൂഹത്തിൽ നിലവിൽ വരണം. സമൂഹത്തെ സമത്വത്തിലേക്ക് കൊണ്ടുവരണമെങ്കിലും സാഹോദര്യം വേണം, സമൂഹത്തിൽ സമത്വം തുടരണമെങ്കിലും സാഹോദര്യം വേണം. ‘എല്ലാവരും ആത്മ സഹോദരർ എന്നല്ലോ പറയേണ്ടതോർക്കുകിൽ നാം’ എന്നാണല്ലോ നാരായണഗുരു സ്വാമികൾ പറഞ്ഞത്. ഗുരുദർശനത്തിന്റെയും അടിസ്ഥാനം സാഹോദര്യമായിരുന്നു. സാഹോദര്യത്തിന്റെ സമകാലിക പ്രസക്തി എന്നു പറയുന്നത്… ഇന്ത്യൻ സമൂഹത്തിൽ വെറുപ്പിന്റെ വേരു കിടക്കുന്നത് ജാതിവ്യവസ്ഥയിൽ ആണെന്ന് നമുക്കറിയാം, . ഇസ്ലാമോഫോബിയയുടെ വേരുകൾ പോലും ജാതീവ്യവസ്ഥയിലാണ്. ജാതി വ്യവസ്ഥിതി എങ്ങനെയാണോ അടിസ്ഥാന വർഗ്ഗത്തെ സ്ഥാനപ്പെടുത്തിയിട്ടുള്ളത്, അതുപോലെതന്നെയാണ് ഇന്ത്യൻ ബ്രാഹ്മണ്യം മുസ്ലിങ്ങളെയും അധഃസ്ഥിതരാക്കി അടയാളപ്പെടുത്തിയിട്ടുള്ളത്.
ജാതീയത മുന്നോട്ടുവയ്ക്കുന്ന ശ്രേണീകൃത അസമത്വം ഇസ്ലാമും ക്രിസ്തുമതവും ഒന്നും അംഗീകരിക്കുന്നില്ലാത്തതുകൊണ്ടാണോ…
അത് കുറച്ച് ആഴത്തിൽ പരിശോധിക്കേണ്ട ഒരു വിഷയമാണ്. 1932-ൽ ക്ഷേത്രപ്രവേശന റിപ്പോർട്ട് വരുന്നു റിപ്പോർട്ട് വരുന്നുണ്ട്. ഉള്ളൂർ എസ് പരമേശ്വരയ്യർ ആണ് റിപ്പോർട്ട് തയ്യാറാക്കിയ സമിതിയുടെ അധ്യക്ഷൻ. ആ റിപ്പോർട്ടിൽ പറയുന്നുണ്ട് മുഹമ്മദൻ മതം വ്യാപിച്ചു വരുന്നതിനാൽ ജാതിവ്യവസ്ഥയ്ക്ക് കോട്ടം തട്ടി എന്നാണ്. മിഷനറിമാരുടെ പ്രവർത്തനങ്ങൾ ജാതി വ്യവസ്ഥയ്ക്ക് പരിക്കേൽപ്പിച്ചുവെന്നും റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
വിവേകാനന്ദൻ കേരളത്തെ ഭ്രാന്താലയം എന്ന് വിളിച്ചതും ഇതേ കാരണം കൊണ്ടല്ലേ?
തീർച്ചയായിട്ടും അതെ. വിവേകാനന്ദൻ ജനിക്കുകയും ജീവിക്കുകയും യാത്ര ചെയ്യുകയും ചെയ്ത ഇടങ്ങളിൽ ജാതി വ്യവസ്ഥ ഇല്ലാതിരുന്നിട്ടില്ലല്ലോ. ഇവിടത്തേക്കാൾ രൂക്ഷമായ ജാതീയത നിലനിന്നിരുന്ന സ്ഥലങ്ങളുണ്ട്. എന്നാൽ ഇവിടെ, അധഃസ്ഥിതർ മുസ്ലിമോ ക്രിസ്ത്യാനിയോ ആയാൽ അവർക്ക് അന്തസ്സോടെ പൊതുനിരത്തിലൂടെ നടക്കാൻ സാധിക്കുന്നു. ഇതു കണ്ടിട്ടാണ് വിവേകാനന്ദൻ കേരളം ഭ്രാന്താലയമാണെന്ന് പറഞ്ഞത്. കേരളത്തിലെ വിഭാഗം മതപരിവർത്തനതിലൂടെ അന്തസ്സുള്ള ജീവിതം നയിക്കാനാരംഭിച്ചത് കണ്ടിട്ടാണ്. വിവേകാനന്ദൻ ജാതിവ്യവസ്ഥക്കെതിരെ പോരാടിയ ആളാണ്, വലിയ പുരോഗമനവാദിയാണ് എന്നൊക്കെയാണ് കേരളത്തിലെ പൊതുഭാഷ്യം. എന്നാൽ അദ്ദേഹം ജാതിവ്യവസ്ഥയെ പിന്തുണയ്ക്കുകയും അത് നിലനിൽക്കുകയും ചെയ്യണമെന്ന് ആഗ്രഹിച്ച വ്യക്തിയാണ്. ആര്യൻ വംശീയതയിൽ വിശ്വസിച്ച, ഹിന്ദുമതത്തിൽ നിന്ന് പുറത്തു പോകുന്ന ഏതൊരാളും മതത്തിൻറെ ശത്രുവാണെന്ന് എഴുതിയ ആളാണദ്ദേഹം. രക്തസങ്കലനം തടഞ്ഞതു കൊണ്ടാണ് ആര്യ സംസ്കാരം നിലനിന്നതെന്നും ആര്യ വംശം ദ്രാവിഡ വംശത്തിൽ നിന്നും വ്യത്യസ്തമായ ഉന്നതമായ വംശമാണെന്നും, ജാതി വ്യവസ്ഥ നല്ലതാണെന്നും ബ്രാഹ്മണ്യം വന്നതോടെ ഇന്ത്യയിലെ സാമൂഹിക പ്രശ്നങ്ങൾക്ക് പരിഹാരമായി എന്നുമൊക്കെ ധാരാളമായി പ്രസംഗിച്ച ആളാണ്. വിവേകാനന്ദ സാഹിത്യ സർവസ്വത്തിൽ ഇതെല്ലാം രേഖപ്പെടുത്തിയിട്ടുണ്ട്. കാര്യങ്ങൾ ഇങ്ങനെ ആയിരിക്കെ, അദ്ദേഹത്തെ നവോത്ഥാനത്തിന്റെയും പുരോഗമന ചിന്തയുടെയും പ്രതീകമായി ചിത്രീകരിക്കുന്നതിൽ പിശകുണ്ട്. ഇത് വളരെ നേരത്തെ തിരിച്ചറിഞ്ഞ ആളാണ് സഹോദരൻ അയ്യപ്പൻ. വിവേകാനന്ദ സ്വാമികൾ ഇന്ത്യയ്ക്ക് വെളിയിൽ പോയി ജാതി വ്യവസ്ഥയെ വാർണിഷ് ഇട്ട് കാണിക്കുകയായിരുന്നു എന്ന് അദ്ദേഹം പറയുന്നുണ്ട്.
ഹിന്ദുത്വത്തിന്റെ വളർച്ചയിൽ ഒരു മതമെന്ന നിലയിൽ ഹിന്ദുയിസത്തിന്റെയും ഭാഷ എന്ന നിലയിൽ സംസ്കൃതത്തിന്റെയും പങ്ക് ഒന്ന് വിശദീകരിക്കാമോ? സമകാലിക വിഷയങ്ങളിൽ ഇടപെടുന്നില്ല എന്ന ആരോപണം ഉന്നയിക്കുന്നവർ പരിഗണിക്കാതെ പോകുന്ന ഒരു കാര്യം കൂടിയാണ് ഇത്…
ഈ ചോദ്യത്തിന് രണ്ടുവശങ്ങളുണ്ട്. സമകാലിക വിഷയങ്ങളെ പരാമർശിക്കാതെ വേദപാഠങ്ങളെ മാത്രം വിമര്ശിക്കുന്നതെന്തുകൊണ്ട് എന്ന ചോദ്യമുന്നയിക്കുന്നവരുണ്ട്. അത് തീർത്തും തെറ്റാണ് സുപ്രഭാതം ദിനപത്രത്തിൽ തന്നെ സമകാലിക വിഷയങ്ങളെക്കുറിച്ച് നിരവധി ലേഖനങ്ങൾ ഞാനെഴുതിയിട്ടുണ്ട്. ഇവർ എൻറെ സാമൂഹിക ഇടപെടലുകളെ അദൃശ്യവൽക്കരിക്കാനും തമസ്കരിക്കുവാനും ശ്രമിക്കുന്നു. അതിലൂടെ ഹിന്ദുത്വവാദികളുടെ ശക്തമായ ആക്രമണം നേരിടുന്ന എന്നെ, അവർക്ക് തന്നെ എറിഞ്ഞു കൊടുക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്.
രണ്ടാമത്തെ കാര്യം ഇത്തരം വിമർശനം ഉന്നയിക്കുന്നവർ ഹിന്ദുത്വത്തിന്റെ അടിസ്ഥാന പ്രശ്നങ്ങളെ ആഴത്തിൽ മനസ്സിലാക്കുവാനോ പ്രശ്നവൽക്കരിക്കാൻ ശ്രമിക്കുന്നില്ല എന്നതാണ്. ഇപ്പോൾ അയോധ്യയിൽ രാമക്ഷേത്രം പണിതു. അത് സാധ്യമായത് രാമായണം സീരിയലിലൂടെ, ശ്രീകൃഷ്ണ പരമ്പരയിലൂടെ, ജയ് ഹനുമാൻ കഥകളിലൂടെ, രാമക്ഷേത്രത്തിന് അനുകൂലമായ ഒരു സാമൂഹിക വികാരം വളർത്തിയെടുത്തതിനുശേഷം ആണ്. ചരിത്രപണ്ഡിതരായ റോമില താപ്പറെ പോലെയുള്ള ആളുകൾ ഇത് വിശദീകരിച്ചിട്ടുണ്ട്. ഗുജറാത്ത് കലാപത്തെ കുറിച്ച് പുസ്തകം എഴുതിയ രേവതി ലോൾ, രാമായണം എങ്ങനെയാണ് സമൂഹത്തിൽ വെറുപ്പ് സൃഷ്ടിക്കുന്നതിന് ഉപയുക്തമായത് എന്ന് വ്യക്തമാക്കുന്നുണ്ട്. സാമൂഹിക യാഥാർത്ഥ്യങ്ങൾക്കപ്പുറം എങ്ങനെയാണ് ഒരു ഇതിഹാസ കഥയ്ക്ക് സ്വാധീനമുണ്ടാക്കാൻ കഴിയുന്നത് എന്ന് നമ്മൾ പരിശോധിക്കേണ്ടതാണ്.
മറ്റൊരു കാര്യം ശ്രദ്ധിക്കുക. ഇപ്പോൾ പിന്നോക്ക വിഭാഗങ്ങളുടെ കൈവശമുള്ള ക്ഷേത്രങ്ങളിൽ പോലും പൂജയ്ക്ക് വരുന്നത് നമ്പൂതിരി വിഭാഗത്തിൽപ്പെട്ട ആളുകളാണ്. ദളിതരുടെയും ആദിവാസികളുടെയും ബഹുജനങ്ങളുടെയും സമ്പത്ത് ബ്രാഹ്മണ്യത്തിലേക്ക് ഒഴുകുകയാണ്. ഈ വിമർശനമുന്നയിക്കുന്നവർ അത് കാണുന്നതേയില്ല. ഇത് അഭിസംബോധന ചെയ്യാതെ മൂർത്തമായ പ്രശ്നങ്ങളെ പരിഹരിക്കാൻ നമുക്ക് കഴിയില്ല. ദളിത് ആദിവാസി വിഭാഗങ്ങളുടെ പ്രശ്നങ്ങൾ ഭരണകൂടത്തിന്റെ പരിഗണനാക്രമത്തിൽ പിന്നോട്ട് പോകുന്നതിന്റെ കാരണം നമ്മൾ മനസ്സിലാക്കേണ്ടതുണ്ട്. ഐ.ഐ.ടി. പ്രൊഫസർമാർ വരെ പറയുന്നത് ഗോമൂത്രം കുടിച്ചപ്പോൾ എൻറെ അച്ഛൻറെ രോഗം മാറി എന്നാണ്. അത്തരത്തിൽ ഹിന്ദുത്വ ആഖ്യാനങ്ങൾ സമൂഹത്തിൽ സ്വീകാര്യത നേടി കഴിഞ്ഞു.
ദളിത് ബുദ്ധിജീവികളിൽ നിന്നും പ്രവർത്തകരിൽ നിന്നും നേരിടുന്ന വിമർശനങ്ങൾക്കപ്പുറം അക്കാദമിക തലത്തിൽ താങ്കൾക്ക് ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നിട്ടുണ്ടോ?
രണ്ടു തരത്തിൽ, ഇതിനെ മനസ്സിലാക്കേണ്ടതുണ്ട്. ഒന്ന് ഞാൻ വ്യക്തിപരമായി അനുഭവിച്ചിട്ടുള്ള പ്രശ്നങ്ങൾ. കൂടാതെ പൊതുവായി നിലനിൽക്കുന്ന വിഷയങ്ങൾ. കാലടി സംസ്കൃത സർവകലാശാലയിൽ സർവ്വകലാശാലയിൽ നിന്നും അധ്യാപക അഭിമുഖത്തിൽ തഴയപ്പെട്ട കാലഘട്ടം. ഞാൻ അധ്യാപകനായി സർക്കാർ സർവീസിൽ പ്രവേശിക്കുന്നതിന് മുൻപ് ഒരു ഇൻറർവ്യൂവിൽ പങ്കെടുക്കുകയുണ്ടായി. അവിടെ എന്നെ പഠിപ്പിച്ച ഒരു അധ്യാപിക തന്നെ എൻറെ സർട്ടിഫിക്കറ്റുകൾ കണ്ടിട്ട് ശരീരം ആസകലം വേപഥു പൂണ്ട് വിയർക്കുന്നതാണ് ഞാൻ കണ്ടത്. നിങ്ങൾ എങ്ങനെ ഇൻറർവ്യൂവിൽ വന്നു എന്ന് പോലും ചോദിക്കുന്ന സാഹചര്യം ഉണ്ടായി. അത്രമേൽ അസഹിഷ്ണുത നേരിട്ട് കണ്ടു. ഒരിക്കൽ സംസ്കൃത സർവകലാശാലയിൽ ഡോക്ടറൽ കമ്മിറ്റി കൂടിക്കൊണ്ടിരിക്കുന്ന ഘട്ടത്തിൽ, ഗവേഷകരുണ്ട് അധ്യാപകരുണ്ട് വിദ്യാർത്ഥികൾ ഉണ്ട്… ഒരു അധ്യാപകൻ എൻറെ സുഹൃത്ത് കൂടിയായ ദളിത് വിഭാഗത്തിൽപ്പെട്ട ഒരു വിദ്യാർത്ഥിയെ കുറിച്ച് പരസ്യമായി പറഞ്ഞത് “ ഹി ഈസ് എ ബിഗ് സീറോ” എന്നാണ്. ഈ പറഞ്ഞ അധ്യാപകൻ ബ്രാഹ്മണനാണ്. എന്നാൽ പുരോഗമനക്കാരായ മറ്റ് അധ്യാപകരോ വിദ്യാർത്ഥികളോ ഒന്നും ഇക്കാര്യത്തിൽ യാതൊരു നിലപാടും എടുത്തില്ല. ഈ സംഭവം ഞാൻ അന്ന് തന്നെ ഫേസ്ബുക്കിൽ കുറിച്ചിരുന്നു. കാലിക്കറ്റ് സർവകലാശാലയിൽ, എനിക്ക് ലഭിക്കേണ്ട നിയമനം സംവരണ അട്ടിമറി മൂലം തടയപ്പെടുകയുണ്ടായി. ആ വിഷയത്തിൽ ഞാൻ പട്ടികജാതി കമ്മീഷനെ സമീപിച്ചപ്പോൾ അത് വിശദമായി പരിശോധിച്ച് എനിക്ക് നിയമനം നൽകണമെന്ന് ഉത്തരവിട്ടതാണ്. എന്നാൽ സർവ്വകലാശാല അക്കാര്യത്തിൽ യാതൊരു നടപടിയും സ്വീകരിച്ചില്ല. സംവരണ ക്രമം തെറ്റി എന്ന്, ഡോ. അനുപമയുടെ വിഷയത്തിൽ സുപ്രീംകോടതി വളരെ വ്യക്തമായി പറഞ്ഞിട്ടും, നടപടി ഉണ്ടായില്ല. എൻറെ കൂടെ സംവരണ ക്രമം ഉൾപ്പെട്ട വിഷയത്തിലാണ് ഡോ. അനുപമയ്ക്ക് നിയമനം ലഭിച്ചത്. അല്ലാതെ പ്രത്യേകമായി റൊട്ടേഷൻ പരിഗണിക്കുമ്പോൾ അല്ലല്ലോ. റൊട്ടേഷൻ ക്രമം അനുസരിച്ച് എനിക്കും നിയമനം കിട്ടേണ്ടതാണ്. ആ വിഷയത്തിലെ സുപ്രീംകോടതിയുടെയും ഹൈക്കോടതിയുടെയും ഉത്തരവുകൾ ഉദ്ധരിച്ചു കൊണ്ടാണ് ഞാൻ ഉൾപ്പെടെ മൂന്നുപേർക്ക് നിയമനം നൽകണമെന്ന് കമ്മീഷൻ ഉത്തരവിട്ടത്. എന്നാൽ അത് ചെയ്യാതെ, പട്ടികജാതി കമ്മീഷന്റെ ഉത്തരവ് റദ്ദ് ചെയ്യുന്നതിന് വേണ്ടി ഹൈക്കോടതിയിൽ പോവുകയാണ് സർവകലാശാല ചെയ്തത്. കേരളത്തിലെ പുരോഗമനം എന്ന് പറയുന്ന പ്രസ്ഥാനങ്ങളോ രാഷ്ട്രീയ പാർട്ടികളോ ഞങ്ങളുടെ വിഷയത്തിൽ ഇടപെട്ടില്ല എന്ന വസ്തുത കേരളത്തിൻറെ പുരോഗമന നാട്യം എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്ന് വ്യക്തമാക്കുന്നു.
ഡോ. കുഞ്ഞാമന്റെ സമാനമായ അനുഭവങ്ങൾ നമ്മൾ വായിച്ചിട്ടുണ്ട്. അത് മറ്റൊരു കാലഘട്ടത്തിൽ നടന്ന രീതിയിലാണ് സമൂഹം മനസ്സിലാക്കുന്നത്. ഇന്നും അതിന് കാര്യമായ മാറ്റം ഒന്നും സംഭവിച്ചിട്ടില്ല എന്നല്ലേ…
അതെ. നമ്മുടെ സർവകലാശാലകളിൽ ഭീകരമായ തരത്തിലാണ് സംവരണ അട്ടിമറി നടന്നുകൊണ്ടിരിക്കുന്നത്. സംസ്കൃത സർവകലാശാലയിലെ എൻറെ ഒരു അധ്യാപിക സമീപകാലത്ത് ഒരു സ്വകാര്യസംഭാഷണത്തിൽ എന്നോട് പറഞ്ഞത് ദളിത് വിദ്യാർത്ഥികൾക്ക് ഗവേഷണ മാർഗ്ഗദർശി ആവാൻ പല അധ്യാപകരും മടിക്കുന്നു എന്നാണ്. ദളിത് അധ്യാപകരിൽ നിന്ന് ഭക്ഷണം വാങ്ങി കഴിക്കാൻ പോലും സവർണറിൽ ചിലർ മടിക്കുന്നു എന്ന കാര്യവും പറഞ്ഞു. ഇന്ന് കേരളത്തിൽ അറിയപ്പെടുന്ന ഒരു കൂടിയാട്ട കലാകാരി, അവർ ഗവേഷണകാലത്ത് സർവകലാശാലയിൽ എന്നോടൊപ്പം ഉണ്ടായിരുന്ന വ്യക്തി കൂടിയാണ്, ഭക്ഷണം കഴിക്കുന്ന സമയത്ത് ഞങ്ങളോട് പറഞ്ഞത് എൻറെ കറി മറ്റുള്ളവരുമായി പങ്കുവയ്ക്കുന്നതിൽ എനിക്ക് വിരോധമില്ല, എന്നാൽ മറ്റുള്ളവരുടെ കറി വാങ്ങുന്നതിൽ പ്രശ്നമുണ്ടെന്നാണ്. മറ്റുള്ളവർക്ക് കറി കൊടുക്കുന്നത് പുരോഗമനപരമായ പ്രവർത്തിയായിട്ടാണ് അവർ കാണുന്നത് എന്നാൽ മറ്റുള്ളവരുടെ കറി വാങ്ങി കഴിക്കുന്നതിൽ അവർക്ക് ബുദ്ധിമുട്ടുണ്ട്. ഈ കലാകാരി ഇടതുപക്ഷത്തിന് വേണ്ടി പ്രവർത്തിക്കുന്ന ആളാണ്, ഇലക്ഷനിൽ മത്സരിച്ചിട്ടുണ്ട്, എന്നാൽ അവരുടെ മനസ്സിൽ ആ ജാതിബോധം മൂല്യം എത്രത്തോളം ശക്തമാണെന്നാണ് ഈ സംഭാഷണത്തിലൂടെ വെളിവാകുന്നത്. അത്രമാത്രം ഭീകരമായാണ് നമ്മുടെ സമൂഹത്തിൽ ഈ പുറന്തള്ളൽ ഹിംസ നിലനിൽക്കുന്നത്. ഗവേഷണ മേഖലയിൽ ഈ വിവേചനം ഉണ്ട്, വിദ്യാർത്ഥികളോട് ഈ വിവേചനം നിലനിൽക്കുന്നുണ്ട്, ആർ.എൽവി രാമകൃഷ്ണന്റെ അനുഭവം നമുക്ക് അറിയാമല്ലോ.
നിലപാടുകളിലെ ദൃഢത മൂലം കേരളത്തിനകത്തും പുറത്തും താങ്കൾക്കെതിരെ അധിക്ഷേപങ്ങളും അക്രമ ശ്രമങ്ങളും സമീപകാലത്ത് ഉണ്ടായിട്ടുണ്ട്. ഏറ്റവും ഒടുവിൽ സിപിഐഎം പാർട്ടി കോൺഗ്രസുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിൽ വച്ച് ഉണ്ടായ സംഭവം വിശദീകരിക്കാമോ…
തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിലെ അഴിമല എന്ന സ്ഥലത്ത് വച്ചാണ് പാർട്ടി കോൺഗ്രസുമായി ബന്ധപ്പെട്ട ഒരു സെമിനാറിന് എന്നെ ക്ഷണിച്ചത്. അവിടുത്തെ എംപിയും എംഎൽഎയും ഒക്കെ പങ്കെടുത്ത പരിപാടിയാണ്. സനാതന ധർമ്മത്തെക്കുറിച്ച് പ്രഭാഷണം നടത്തുവാനാണ് ഞാൻ പോയത്. പ്രഭാഷണം നടന്നുകൊണ്ടിരിക്കുമ്പോൾ തന്നെ എന്തോ പ്രശ്നങ്ങൾ സംഭവിക്കാൻ പോകുന്നു എന്ന ഒരു സൂചന അന്തരീക്ഷത്തിലുണ്ടായിരുന്നു. എന്നോടൊപ്പം ഉണ്ടായിരുന്ന ഡ്രൈവറും മറ്റും, പ്രഭാഷണം കഴിഞ്ഞപ്പോൾ തന്നെ എത്രയും പെട്ടെന്ന് ഇവിടെ നിന്ന് നമുക്ക് പോകേണ്ടതുണ്ട് എന്ന് പറഞ്ഞു. അൽപ്പദൂരം മുന്നോട്ടു പോയപ്പോൾ തന്നെ ഞങ്ങളുടെ കാറ് തടഞ്ഞുനിർത്തി അക്രമകാരികൾ വളഞ്ഞു. ഹിന്ദുത്വ പരിവാര ശക്തികളാണ് ഭീഷണിയുമായി വന്നത്. എന്നെ ആക്രമിക്കുക എന്നത് തന്നെയായിരുന്നു ഉദ്ദേശം. സിപിഐഎമ്മിന്റെ പ്രവർത്തകർ ശക്തമായി ഇടപെട്ടതിനെ തുടർന്നാണ് കാർ മുന്നോട്ടെടുക്കാൻ കഴിഞ്ഞത്. സിപിഐഎമ്മും ബിജെപിയും തമ്മിൽ വലിയ സംഘർഷം അവിടെ ഉണ്ടായി. സിപിഐഎം ഏരിയ സെക്രട്ടറി ഉൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബിജെപി പോലീസ് സ്റ്റേഷൻ മാർച്ച് നടത്തി. കന്യാകുമാരി ജില്ലയിലെ മുഴുവൻ പ്രവർത്തകരെയും ഉൾപ്പെടുത്തിക്കൊണ്ട് ബിജെപി എനിക്കെതിരെ യോഗം നടത്തി. ഡോ. ശ്യാംകുമാർ ഹിന്ദു ദൈവങ്ങളെയും ഹിന്ദു സ്ത്രീകളെയും അപമാനിച്ചു എന്നാണ് അവരുടെ വാദം. രാമനെയും കൃഷ്ണനെയും അപ്പച്ചനെയും നാരായണഗുരുവിനെയും ഒക്കെ മുൻനിർത്തിയാണ് ഞാൻ പ്രഭാഷണം നടത്തിയത്. മനുസ്മൃതിയും മറ്റും സ്ത്രീകളെ എങ്ങനെയാണ് പുരുഷമേധാവിത്വപരമായ വ്യവസ്ഥിതിക്ക് കീഴിൽ അടക്കി നിർത്തിയിരുന്നത് എന്നാണ് പ്രതിപാദിച്ചത്. അതാണ് സ്ത്രീകളെ അപമാനിച്ചു എന്ന രീതിയിൽ ഹിന്ദുത്വ ശക്തികൾ വ്യാഖ്യാനിക്കാൻ ശ്രമിച്ചത്. അടുത്തദിവസം സിപിഐഎം ഈ വിഷയത്തിൽ ഒരു വിശദീകരണ യോഗവും നടത്തുകയുണ്ടായി. അതിനെ തുടർന്ന് ഒറ്റപ്പാലത്ത് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് നടത്തിയ പരിപാടിയിലും ഇത്തരത്തിൽ അതിക്രമത്തിനുള്ള ശ്രമം ഉണ്ടായി. അവിടെ പരിപാടിയിൽ പങ്കെടുക്കാൻ ചെല്ലുമ്പോൾ 25 ഓളം പോലീസുകാർ ഉണ്ടായിരുന്നു. എനിക്കെതിരെ എബിവിപിയുടെ ഭീഷണി ഉള്ളതുകൊണ്ടാണ് അത്രയധികം പോലീസുകാർ അവിടെ വന്നത് സംഘാടകർ എന്നോട് പറഞ്ഞു. തമിഴ്നാട്ടിൽ മാത്രമല്ല, കേരളത്തിൽപോലും ചില സ്ഥലങ്ങളിൽ പ്രഭാഷണത്തിന് പോകുമ്പോൾ പ്രത്യക്ഷമായും ഭീഷണിയെ നേരിടേണ്ടി വരുന്നുണ്ട്. ഹിന്ദുത്വ ശക്തികൾ ഉയർത്തുന്ന ഭീഷണിക്കെതിരെ ജാഗ്രതയോടെയുള്ള പ്രവർത്തനം ഉണ്ടായില്ലെങ്കിൽ ഇടതുപക്ഷ കേരളം എന്ന സങ്കല്പം തന്നെ ഇല്ലാതാകുവാനും ഹിന്ദുത്വ ഭീകരതയ്ക്ക് കീഴ്പ്പാനുമുള്ള സാധ്യത നിലനിൽക്കുന്നുണ്ട്.
ഇടതുപക്ഷത്തിന്റെ നിലപാടുകളെയും രാഷ്ട്രീയ വിചാരങ്ങളെയും, പലപ്പോഴും രൂക്ഷമായ ഭാഷയിൽ വിമർശിച്ചിട്ടുള്ള വ്യക്തിയാണ് താങ്കൾ, ഇപ്പോൾ ഇടതുപക്ഷ വേദികളിൽ താങ്കൾക്ക് ഒരു സ്വീകാര്യത ലഭിക്കുന്നുണ്ട്…
സ്വീകാര്യതയുടെ പ്രശ്നമായിട്ടല്ല ഞാൻ ഇതിനെ കാണുന്നത്. ഹിന്ദുത്വ ശക്തികൾക്കെതിരായ പോരാട്ടം യോജിക്കാവുന്ന എല്ലാവരുമായും യോജിച്ചു പ്രവർത്തിക്കുക എന്നുള്ളതാണ് എന്റെ നിലപാട്. അക്കാര്യത്തിൽ ഇടതുപക്ഷത്തോടെ ആസ്പർശിത പുലർത്തേണ്ട കാര്യമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. സമത്വം സാഹോദര്യം തുല്യത എന്നിങ്ങനെയുള്ള മൂല്യങ്ങളെ ഉയർത്തിപ്പിടിക്കുന്ന ഒരു രാഷ്ട്രീയ ധാരയാണ്. കമ്മ്യൂണിസ്റ് പാർട്ടിക്ക് അങ്ങനെയൊരു നിലപാടാണുള്ളതെങ്കിൽ ഹിന്ദുത്വ ക്കെതിരായ പോരാട്ടത്തിൽ യോജിച്ചു പ്രവർത്തിക്കുക എന്നതാണ് എൻറെ നിലപാട്. ദളിതരോടും ബഹുജനങ്ങളോടും ഇടതുപക്ഷ പാർട്ടികൾ പൂർണമായും നീതിപുലർത്തുന്ന സമീപനമാണ് സ്വീകരിച്ചിരുന്നത് എന്ന നിലപാട് എനിക്കില്ല.
അത്, വളരെ വ്യക്തമാണ് താങ്കളുടെ എഴുത്തുകളിൽ നിന്ന് തന്നെ. എന്നാൽ പലപ്പോഴും ദളിത് പക്ഷത്ത് നിൽക്കുന്ന പല ആളുകളും, മുഖ്യശത്രുവായി ഇടതുപക്ഷത്തെയാണോ കാണുന്നത് എന്ന സംശയം തോന്നാറുണ്ട്…
എന്നെ സംബന്ധിച്ച് ഇടതുപക്ഷം മുഖ്യശത്രുവല്ല. ആരാണ് നമ്മളെ സാമൂഹ്യനീതിയിൽ നിന്ന് പുറന്തള്ളുന്നത് എന്ന അടിസ്ഥാനപരമായ ചോദ്യമാണുന്നയിക്കേണ്ടത്. ആ സമയം കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയോട് ആണ് നമ്മൾ യുദ്ധം ചെയ്യാൻ പോകുന്നതെങ്കിൽ നമുക്ക് കാര്യങ്ങളെക്കുറിച്ച് വ്യക്തത ഇല്ല എന്നല്ലേ അതിൻറെ അർത്ഥം? ഗോൾവാൾക്കാരുടെ വിചാരധാരയിൽ വളരെ കൃത്യമായി പറയുന്നുണ്ട് മുസ്ലീങ്ങൾ, ക്രിസ്ത്യാനികൾ, പിന്നെ കമ്മ്യൂണിസ്റ്റുകളും ആണ് തങ്ങളുടെ മുഖ്യ ശത്രുക്കൾ എന്ന്. കേരളത്തിന് പുറത്ത് വളരെയധികം വേട്ടയാടലുകൾ നേരിട്ടുകൊണ്ട് പ്രവർത്തിക്കുന്ന ഒരു പ്രസ്ഥാനമാണ് ഇന്നും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം. രാജ്യത്തിൻറെ പല ഭാഗത്തും ഭീകരമായ ഒരു അവസ്ഥയാണ് നിലനിൽക്കുന്നത്. അങ്ങനെയിരിക്കെ ആരാണ് ശത്രു എന്ന് മനസ്സിലാക്കേണ്ടത് അനിവാര്യമാണ്. കേന്ദ്രസർക്കാർ അധികാരത്തിൽ വന്നതിനു ശേഷം കേന്ദ്രസർക്കാർ സ്ഥാപനങ്ങളിൽ സംവരണം കൃത്യമായി പാലിച്ചുകൊണ്ട് നിയമനങ്ങൾ നടത്തിയിട്ടുണ്ടോ?? പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യവൽക്കരിച്ചുകൊണ്ട് സംവരണത്തെ അട്ടിമറിക്കുന്ന നിലയിലേക്കെത്തിയിട്ടില്ലേ? സെക്രട്ടറി തലത്തിൽ കേന്ദ്ര സർവീസിൽ ഓ ബി സി മൂന്നു ശതമാനത്തിൽ താഴെയേ ഉള്ളൂ എന്ന് പറഞ്ഞത് പ്രതിപക്ഷ നേതാവല്ലേ? മാനവ വിഭവശേഷി മന്ത്രാലയം പാർലമെൻറിൽ വച്ച കണക്കുപ്രകാരം ഇന്ത്യൻ ഐഐടികളിൽ 195 ദളിത് അധ്യാപകരല്ലേ ജോലി ചെയ്യുന്നുള്ളൂ? ഇന്ത്യൻ സർവ്വകലാശാലകളിൽ 97% തസ്തികകളിലും സവർണർ അല്ലേ? കേരളത്തിൻറെ കാര്യത്തിലും സവർണ്ണ ഒലീഗാർക്കി ആണ് സാമൂഹിക സാംസ്കാരിക രാഷ്ട്രീയ കാര്യങ്ങൾ തീരുമാനിക്കുന്നത്. നമ്മുടെ സാംസ്കാരിക സ്ഥാപനങ്ങളുടെ അധ്യക്ഷ സ്ഥാനത്ത് എത്ര ദളിതരും ബഹുജനങ്ങളുമുണ്ടെന്ന് മാത്രം പരിശോധിച്ചാൽ മതി. സർവകലാശാലകളിൽ വൈസ് ചാൻസിലർ ആയി എത്ര ദളിതർ വന്നിട്ടുണ്ട്, ആദിവാസികൾ വന്നിട്ടുണ്ട്? അങ്ങനെ പറയുമ്പോഴും മുഖ്യശത്രു കേരളത്തിലും ഹിന്ദുത്വം തന്നെയാണ്. പുറമേ അരിവാൾ ചുറ്റിക നക്ഷത്രവും അകത്ത് പൂന്താനം നമ്പൂതിരിയും ആയിട്ടുമുള്ള ആളുകൾ ഇല്ലെന്നല്ല. ആ വരേണ്യ മേധാവിത്വത്തിന്റെ പേരാണ് ഹിന്ദുത്വം എന്ന് പറയുന്നത്. ഏതെങ്കിലും ഒരു പാർട്ടിക്കെതിരെ നിലപാടെടുക്കുന്നതിനോട് എനിക്ക് യോജിപ്പില്ല. സാമൂഹികവും സാംസ്കാരികവുമായ മേധാവിത്വത്തിന്റെ കാരണങ്ങളെ നമ്മൾ അഭിസംബോധന ചെയ്യണം. അതിനുവേണ്ടി ഹിന്ദുത്വ ശക്തികൾക്കെതിരെ വിശാലമായ ഒരു ഐക്യം രൂപീകരിക്കാൻ നമ്മൾ തയ്യാറാവണം. അതിനുവേണ്ടി പോരാടുന്ന എല്ലാ ശക്തികളും ഒപ്പം നിൽക്കുകയും വേദി പങ്കിടുകയും ചെയ്യുക എന്നുള്ളതാണ്. ഞാൻ ഇടതുപക്ഷത്തിന് വേദികളിൽ മാത്രമല്ല, മുസ്ലിം ലീഗ് സംഘടിപ്പിക്കുന്ന ഇസ്ലാമോഫോബിയക്കെതിരെയുള്ള പരിപാടിയിൽ ഞാൻ പങ്കെടുക്കുന്നുണ്ട്. എസ്എൻഡിപി സംഘടിപ്പിച്ച പരിപാടികളുടെ ഭാഗമായിട്ടുണ്ട്.
അതുപോലെതന്നെ ഉയർന്നുവരുന്ന ആരോപണമാണ് ഹിന്ദുത്വ ശക്തികൾക്കെതിരെ സംസാരിക്കുന്ന എല്ലാവരും ജിഹാദി ഫണ്ട് കൈപ്പറ്റുന്നവർ ആണെന്ന്?
ഇത് പറയുമ്പോൾ നമ്മൾ ശ്രദ്ധിക്കേണ്ട ഒരു കാര്യം, രാമായണത്തെ സംബന്ധിച്ച് കഴിഞ്ഞ രണ്ടു വർഷവും ഞാൻ ലേഖനം എഴുതിയത് മാധ്യമത്തിലാണ്, പക്ഷേ ആ ലേഖനത്തിന്റെ പേരിൽ ഞാൻ ഒരു രൂപ പോലും മാധ്യമത്തിൽ നിന്ന് കൈ പറ്റിയിട്ടില്ല. ഒരു മാധ്യമ സ്ഥാപനങ്ങളോടും ഞാൻ ലേഖനം എഴുതിയതിന്റെ കൂലി ആവശ്യപ്പെടാറില്ല. എഴുത്തുജീവിതത്തെ സാമൂഹ്യപ്രവർത്തനത്തിന്റെ ഭാഗമായിട്ടാണ് ഞാൻ കാണുന്നത്. എനിക്ക് ജീവിക്കുന്നതിന് ആവശ്യമായ ഒരു ജോലി ഞാൻ ചെയ്യുന്നുണ്ട്. അധ്യാപനവൃത്തി കൊണ്ടാണ് ഞാൻ ജീവിക്കുന്നത്.
ഈ സംസാരത്തിന്റെ അവസാന ഘട്ടത്തിലേക്ക് കടന്നാൽ, ബ്രാഹ്മണിക്കൽ ആശയാധികാര വ്യവസ്ഥിതി മുന്നോട്ടുവയ്ക്കുന്ന ആഖ്യാന പരിസരത്തെ മാറ്റി തീർക്കാൻ, ഭാവിയിലേക്ക്, എന്ത് ഇടപെടലാണ് നടത്താൻ കഴിയുക എന്ന് ചിന്തിച്ചിട്ടുണ്ടോ…
ദളിത് വാദം എന്ന് പറയുന്നത് വിശാലമായ ആധുനിക ജനാധിപത്യ വാദമാണെന്ന് ഡോ. സൂരജ് യങ്ഡേ പറയുന്നുണ്ട്. എന്നാൽ അത് സ്വത്വവാദം ആണെന്ന ആക്ഷേപം കേരളത്തിൽ പലരും ഉന്നയിക്കുന്നുണ്ട്; തുറവിയില്ലാത്ത സ്വത്വവാദമാണ് എന്ന്. ഞാൻ അതിനോട് യോജിക്കുന്നില്ല. കാരണം ഈ സ്വത്വങ്ങളെ ഇന്ത്യൻ ഭരണഘടന അംഗീകരിച്ചിട്ടുള്ളതാണ്. അതുകൊണ്ടാണ് പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്ക ന്യൂനപക്ഷ വിഭാഗങ്ങളെയൊക്കെ ഭരണഘടന തിരിച്ചറിയുകയും സംവരണം ഉൾപ്പെടെയുള്ള നടപടികൾ ചേർക്കുകയും ചെയ്തിട്ടുള്ളത്. ഈ വൈവിധ്യങ്ങളെ ഉൾക്കൊള്ളുന്നതിനും അംഗീകരിക്കുന്നതിനും ആണ് ആധുനിക ജനാധിപത്യ മൂല്യവ്യവസ്ഥിതി നിലനിൽക്കുന്നത്. എന്നാൽ കേരളത്തിലെ പുരോഗമന കാപട്യം ഇതിനെ സ്വത്വവാദം എന്ന നിലയ്ക്ക് അടയാളപ്പെടുത്തി. ഇത് ഭരണഘടനയെത്തന്നെ വെല്ലുവിളിക്കുന്ന സമീപനമാണ്. കാരണം ഭരണഘടന അടിസ്ഥാനപരമായി ഈ വൈവിധ്യങ്ങളെ അംഗീകരിക്കുന്നുണ്ട്. അത് ജനാധിപത്യത്തിൻറെ തുറവിയും വിമോചനപരവുമാണ്. അടിസ്ഥാനപരമായി ദളിത് ചിന്ത ജനാധിപത്യ ചിന്തയാണ്. അതിന്റെ ഊടും പാവും, ആത്മാവും ഞരമ്പുകളും നെയ്തെടുത്തിരിക്കുന്നത് മഹാത്മാ അയ്യങ്കാളിയിൽ നിന്ന്, മഹാത്മ ഫൂലെയിൽ നിന്ന് നാരായണഗുരുവിൽ നിന്ന്, ഡോ. അംബേദ്കറിൽ നിന്ന്… ഇവരിൽ നിന്നൊക്കയാണ് ഈ ആശയത്തിന്റെ ഉറവ നമ്മുടെ സാമൂഹിക ശരീരത്തിലേക്ക് പടർന്നിട്ടുള്ളത്. ഇവരുടെ സാമൂഹിക നവോത്ഥാന വാദങ്ങളെ ഉയർത്തിപ്പിടിച്ചുകൊണ്ട് മുന്നോട്ടുപോവുക എന്നുള്ളതാണ് ദളിത് ആശയപ്രചാരകരുടെ കടമ, അത് അടിസ്ഥാനപരമായി ഇന്ത്യൻ സമൂഹത്തെ ആധുനികവൽക്കരിക്കുവാനും ജനാധിപത്യവൽക്കരിക്കുവാനുമുള്ള പോരാട്ടത്തിന്റെ അനിവാര്യമായ ഘടകമാണ്.
PUblished in Suprabhatham Daily on MAy 04, 2025


