ഇന്ത്യൻ ജനാധിപത്യത്തിന്റെ പരിണാമദശയിൽ ഒരു നാഴികക്കല്ലായിരുന്നു 2005-ലെ വിവരാവകാശ നിയമം. ഭരണാധികാരികളും ബ്യൂറോക്രസിയും ജനങ്ങൾക്ക് സുതാര്യമായിരിക്കണമെന്ന തത്വം രാജ്യത്ത് നടപ്പിലായത് ലോകത്തിന് തന്നെ മാതൃകയായ ഈ നിയമം നിലവിൽ വന്നതോടെയാണ്. വിവരാവകാശം, രാജ്യത്ത് അഴിമതിക്കെതിരായ പോരാട്ടത്തിനും ജനങ്ങളുടെ അറിയാനുള്ള അവകാശത്തിനും ആനുകൂല്യങ്ങളുടെ കാര്യക്ഷമമായ വിതരണത്തിനും പൗരാവകാശ സംരക്ഷണത്തിനും നിർണായക പങ്കുവഹിച്ചിട്ടുണ്ട്. എന്നാൽ 2023-ൽ പാസാക്കിയ വിവരസുരക്ഷാ നിയമം(ഡിജിറ്റൽ ഡാറ്റ പ്രൊട്ടക്ഷൻ ആക്ട്) വിവരാവകാശ നിയമത്തിൽ ശക്തി ചോർത്തും വിധത്തിലുള്ള ഭേദഗതികൾ വരുത്തിയിരിക്കുകയാണ്. ഇത് ഒറ്റപ്പെട്ട ഇടപെടലല്ല, വിവരാവകാശ നിയമത്തെ ദുർബലപ്പെടുത്താനുള്ള വിപുലമായ ഭരണകൂട പദ്ധതിയുടെ ഭാഗംമാണിത്. നിയമത്തെ ബോധപൂർവ്വം ദുർബലപ്പെടുത്താനുള്ള ഈ നീക്കം നാം എതിർത്ത് തോൽപ്പിക്കേണ്ടതാണ്. ജനാധിപത്യത്തിൻറെ ഫലപ്രദമായ പ്രവർത്തനത്തിന് വിവരാവകാശവും സ്വകാര്യതയും തമ്മിലുള്ള സന്തുലനം അനിവാര്യമാണ്.
വിവരസുരക്ഷാ നിയമവും വിവരാവകാശവും
സ്വകാര്യത മൗലികാവകാശമാണെന്നു പ്രസ്താവിച്ച 2017-ലെ പുട്ടസ്വാമി കേസിലെ സുപ്രീംകോടതിയുടെ 9 അംഗ ഭരണഘടനാ ബെഞ്ചിന്റെ വിധിയോടുള്ള പ്രതികരണമായി രൂപീകരിച്ച ശ്രീകൃഷ്ണ കമ്മീഷന്റെ നിർദ്ദേശങ്ങളുടെ കൂടെ ഭാഗമായാണ് രാജ്യത്ത് വിവരസുരക്ഷാ നിയമം നിലവിൽ വരുന്നത്. എന്നാൽ, സ്വകാര്യതയും വിവരാവകാശവും തമ്മിലുള്ള ബാലൻസിംഗിനു വേണ്ടിയെന്ന പേരിൽ, വിവരസുരക്ഷാ നിയമത്തിന്റെ 44 (3) വകുപ്പിലൂടെ വിവരാവകാശ നിയമത്തിന്റെ വകുപ്പ് 8 (1)(ജെ) ഭേദഗതി ചെയ്തുകൊണ്ട്, രാജ്യത്തെ സുതാര്യതാ ചട്ടക്കൂടിനെ അട്ടിമറിക്കുന്നതിന് നാം സാക്ഷ്യം വഹിക്കുകയാണ്. വിവരാവകാശ നിയമത്തിലെ 8(1)(ജെ) ‘പൊതു താൽപ്പര്യം അടങ്ങിയിട്ടില്ലാത്ത സ്വകാര്യ വിവരങ്ങളെ’ നിയമത്തിന്റെ പരിധിയിൽ നിന്നും ഒഴിവാക്കിയിരുന്നു. വെളിപ്പെടുത്തുന്നതിലൂടെ വ്യക്തിക്ക് ഉണ്ടാകുന്ന നഷ്ടം പൊതുതാൽപര്യത്തേക്കാൾ വലുതെന്നു കണ്ടാൽ വിവരം നൽകേണ്ടതില്ലെന്ന നിലയാണ് പഴയ നിയമത്തിലുണ്ടായിരുന്നത്. എന്നാൽ വിവരസുരക്ഷാ നിയമത്തിന്റെ വകുപ്പ് 44(3) വഴി, പൊതു താൽപര്യമെന്ന മാനദണ്ഡമുപേക്ഷിച്ച് വ്യക്തി വിവരങ്ങൾ വെളിപ്പെടുത്തേണ്ടതില്ലെന്ന വിധത്തിൽ അതിനെ മാറ്റിയെഴുതിയിരിക്കുന്നു. ഇത് വ്യാപക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന ഭേദഗതിയാണ്. വ്യക്തിപരമായ ഏതെങ്കിലും വിവരം ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ, എന്തും പൊതുജനങ്ങളിൽ നിന്ന് മറച്ചുവെക്കാമെന്ന സാഹചര്യം വന്നുചേർന്നിരിക്കുന്നു. അതുവഴി പൊതുതാൽപര്യത്തിന് വളരെ പ്രധാനപ്പെട്ട വിവരങ്ങളാണെങ്കിൽ പോലും, അതിൽ വ്യക്തിപരമായ എന്തെങ്കിലുമുണ്ടെങ്കിൽ നിഷേധിക്കാൻ കഴിയും.
നിയമത്തിലെ സെക്ഷൻ 22 , നിലവിലുള്ള മറ്റ് നിയമങ്ങൾക്കുമേൽ വിവരാവകാശ നിയമത്തിന് പ്രാബല്യം നൽകുന്നതാണ്. എന്നാൽ വിവരസുരക്ഷാ നിയമത്തിലെ സെക്ഷൻ 38(2) വിവരാവകാശ നിയമത്തെയും മറികടക്കുന്നതാണ്. അതായത് പുതിയ നിയമ സംവിധാനത്തിനകത്ത് വ്യക്തി വിവരങ്ങൾക്കാണ് സുതാര്യതയെക്കാൾ പ്രാധാന്യം. വിവരാവകാശ നിയമപ്രകാരം നൽകുന്ന വിവരങ്ങൾ സ്വകാര്യതയ്ക്ക് മേലുള്ള കടന്നുകയറ്റമായി കാണേണ്ടതില്ലെന്ന 2012-ലെ ജസ്റ്റിസ് എ പി ഷാ കമ്മിറ്റിയുടെ നിർദ്ദേശത്തിന് വിരുദ്ധമാണിത്. മുൻ കേന്ദ്ര വിവരാവകാശ കമ്മീഷണർ ആയിരുന്ന ശൈലേഷ് ഗാന്ധി പറഞ്ഞതുപോലെ വിവര സുരക്ഷാ നിയമത്തിന്റെ വരവോടെ വിവരാവകാശ നിയമം വിവരങ്ങൾ നിഷേധിക്കുന്നതിനുള്ള അവകാശമായി മാറിയിരിക്കുന്നു. ഇത് അഴിമതിയും കെടുകാര്യസ്ഥതയും വ്യാപകമായ ഇന്ത്യൻ ബ്യൂറോക്രാറ്റിക് സംവിധാനത്തിന് വലിയ സംരക്ഷണമാണ് നൽകുന്നത്.
ആസൂത്രിതമായ നീക്കത്തിന്റെ തുടർച്ച
പൊതുസംവിധാനത്തിൽ സുതാര്യത ഇല്ലാതാക്കുന്നതിനു വേണ്ടിയുള്ള ഭരണസംവിധാനത്തിന്റെ നിരവധിയായ ഭരണപരവും നിയമപരവുമായ നീക്കങ്ങളുടെ തുടർച്ചയാണിത്.
2019-ലെ ഒരു ഭേദഗതിയിലൂടെ വിവരാകാശ നിയമത്തിന്റെ 13, 16, 27 വകുപ്പുകൾ ഭേദഗതി ചെയ്ത് വിവരാവകാശ കമ്മീഷണർമാർക്കുണ്ടായിരുന്ന അഞ്ചുവർഷത്തെ ‘നിശ്ചിത കാലയളവ്’ നീക്കം ചെയ്യുകയും, നിയമനത്തിലും വേതനത്തിലും പദവിയിലിരിക്കാവുന്ന കാലാവധിയിലും ഗവൺമെന്റിന്റെ നിയന്ത്രണം കൊണ്ടുവരികയും ചെയ്തു. ഇതോടുകൂടി സ്വന്തം കസേരയെ ഭയപ്പെടാതെ ജോലി ചെയ്യാനുള്ള വിവരാവകാശ കമ്മീഷണർമാരുടെ സ്വാതന്ത്ര്യം അപകടത്തിലായി. വിവരാവകാശ സംവിധാനത്തെ ഗവൺമെന്റിനു വിധേയമാക്കാനുള്ള ശ്രമമായിട്ടാണ് വിവരാവകാശപ്രവർത്തകരും പ്രതിപക്ഷ കക്ഷികളും ഈ നീക്കത്തെ കണ്ടത്.
2002-ലെ വിവരസുരക്ഷാ നിയമത്തിന്റെ കരടും വിവരാവകാശ നിയമത്തിന്റെ വകുപ്പ് 8 (1)(ജെ) ഭേദഗതി ചെയ്യുന്നത് ലക്ഷ്യം വെച്ചിരുന്നു. പാർലമെന്റിനോ സംസ്ഥാന നിയമസഭകൾക്കോ നൽകാവുന്ന വിവരങ്ങളൊന്നും പൊതുജനത്തിന് നിഷേധിക്കരുതെന്ന വകുപ്പും നീക്കം ചെയ്യാൻ പദ്ധതിയുണ്ടായിരുന്നു. പുതിയ വിവരസുരക്ഷാ നിയമത്തിൽ എന്തായാലും അത് ചെയ്തിട്ടില്ല. പ്രതിപക്ഷ കക്ഷികളുടെയോ, സംയുക്ത പാർലമെൻററി സമിതിയുടെ നിർദ്ദേശങ്ങൾ പരിഗണിക്കാതെ, ധൃതിപിടിച്ച് വിവരസുരക്ഷാ നിയമം പാസാക്കിയതും ഇതുകൊണ്ടൊക്കെ തന്നെയാണ്.
വിവരാവകാശ സംവിധാനത്തിന്റെ കാര്യക്ഷമത ഇല്ലാതാക്കുന്ന തരത്തിലുള്ള ഭരണപരമായ ഇടപെടലുകളും ഇക്കാലത്തു നടന്നിട്ടുണ്ട്. വിവരാവകാശ കമ്മീഷൻമാരുടെ നിയമനം വൈകിക്കുകയും ഒഴിവുകൾ നികത്താതിരിക്കുകയും ചെയ്യുന്നതായി വ്യാപകമായ പരാതികൾ ഉയർന്നുവന്നിട്ടുണ്ട്. പല സംസ്ഥാനങ്ങളുടെയും കമ്മീഷനുകൾ പ്രവർത്തിക്കുവാൻ പോലും കഴിയാത്ത തരത്തിലായ സന്ദർഭങ്ങളുണ്ട്. 42 വിവരാവകാശ കമ്മീഷൻ തസ്തികകൾ ഒഴിഞ്ഞുകിടന്ന സമയമുണ്ട്. കൂടാതെ നിയമനങ്ങളിൽ രാഷ്ട്രീയപക്ഷപാതിത്വവും ഭരണവർഗ താൽപര്യവും വ്യാപകമായി കടന്നുവരുന്നതായും വിവരാവകാശ പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. ലക്ഷക്കണക്കിന് അപ്പീലുകളാണ് തീർപ്പാകാതെ കെട്ടിക്കിടക്കുന്നത്. സാങ്കേതികത്വങ്ങൾ പറഞ്ഞു വിവരങ്ങൾ നിഷേധിക്കുന്ന സന്ദർഭങ്ങളും വളരെയധികമാണ്. വിവരാവകാശ പ്രവർത്തകർക്ക് നേരെ വ്യാപകമായി ആക്രമണങ്ങൾ ഉണ്ടാവുന്നതും, അവയൊന്നും വേണ്ടവിധം അന്വേഷിക്കപ്പെടുകയോ കുറ്റവാളികൾ ശിക്ഷിക്കപ്പെടുകയോ ചെയ്യാത്ത സാഹചര്യമുള്ളതും നമുക്കറിയാം.
ഇതൊന്നും കൂടാതെ പൊതു താൽപര്യമുള്ള പല വിഷയങ്ങളിലും വിവരാകാശ നിയമത്തിന്റെ ഉദ്ദേശശുദ്ധിയെ അട്ടിമറിക്കുന്ന സമീപനം ഭരണകൂടങ്ങളിൽ നിന്നും നിരന്തരം ഉണ്ടാവുന്നുണ്ട്. ഒരുപാട് പൊതുപണം ഉപയോഗപ്പെടുത്തുന്ന പി എം കെയർ പദ്ധതിയെ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ നിന്നും ഒഴിവാക്കിയത് അതിലേറ്റവും പ്രധാനപ്പെട്ടതാണ്. നോട്ടുനിരോധന പ്രക്രിയ സംബന്ധിച്ച വിവരാവകാശ അപേക്ഷകൾ നിരാകരിക്കപ്പെട്ട സംഭവമുണ്ട്. വിവരാവകാശ നിയമത്തിന്റെ ഇരുപത്തിരണ്ടാം വകുപ്പ് മറ്റു നിയമങ്ങൾക്ക് മേലെ പ്രാബല്യമുള്ളതാണെങ്കിലും 1923 ഔദ്യോഗിക രഹസ്യ നിയമം അനുസരിച്ച് വിവരങ്ങൾ വ്യാപകമായി മറച്ചുവെക്കപ്പെടുന്നുണ്ട്.
നീതിയും ജനാധിപത്യവും ദുർബലപ്പെടുന്നു
നമ്മുടെ രാജ്യത്തെ അടിസ്ഥാന വർഗ്ഗത്തിന്റെ പ്രാഥമിക അവകാശങ്ങളും ലഭ്യമാകേണ്ട ആനുകൂല്യങ്ങളും അവരിലേക്ക് എത്തുന്നുവെന്ന് ഉറപ്പുവരുത്തുന്നതിന് വിവരാവകാശ നിയമം ചരിത്രപ്രധാനമായ ദൗത്യം നിർവഹിച്ചിട്ടുണ്ട്. വിവരാവകാശ നിയമത്തിലൂടെ അവകാശങ്ങളെ തിരിച്ചറിയാനും നേടിയെടുക്കാനും അഴിമതിയെ ചെറുക്കാനും വലിയൊരു പ്രസ്ഥാനം തന്നെ ഇന്ത്യയിൽ രൂപം പ്രാപിച്ചിരുന്നു. സോഷ്യൽ ഓഡിറ്റിങ്ങിനും ജനാധിപത്യപരമായ ഉത്തരവാദിത്വബോധത്തിനും വിവരാവകാശം സഹായകമായിരുന്നു. പൊതുവിതരണ സംവിധാനത്തിൽ, വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിൽ, നിയമനങ്ങളിൽ, ആനുകൂല്യത്തിന്റെ വിതരണത്തിൽ, സർക്കാർ പദ്ധതികളുടെ നടത്തിപ്പിൽ, എല്ലാം കാര്യക്ഷമതയും സുതാര്യതയും അവകാശനിഷേധത്തിനെതിരായ ജാഗ്രതയും വരുമെന്നായപ്പോൾ ഭരണകൂടം അതിനെ ചെറുത്തു തോൽപ്പിക്കാൻ ശ്രമിക്കുന്നത് സ്വാഭാവികമാണ്. വിവര സുരക്ഷാനിയമത്തിലെ പുതിയ വകുപ്പും, വിവരാകാശ നിയമത്തിൽ ഇതിനോടകം വരുത്തിയിട്ടുള്ള ഭേദഗതികളും, ഭരണപരമായ നിഷേധാത്മകസമീപനവും, ഭരണകൂടങ്ങൾക്ക് വിവരങ്ങൾക്കുമേൽ അനാവശ്യമായ അധികാരവും നിയന്ത്രണവും നൽകുന്നു. ഇത് ആത്യന്തികമായി ജനാധിപത്യത്തെ ദുർബലപ്പെടുത്തുകയാണ് ചെയ്യുക. പുട്ടസ്വാമി വിധിയിൽ നിഷ്കർഷിച്ചിട്ടുള്ള ആനുപാതികതാ തത്വങ്ങളൊന്നും പാലിക്കാതെ, രാജ്യസുരക്ഷയുടെയും പൊതു ക്രമത്തിന്റെയും കുറ്റാന്വേഷണത്തിന്റെയുമെല്ലാം പേരിൽ വമ്പിച്ച ഇളവുകളാണ് സർക്കാരുകൾക്ക് പുതിയ വിവര സുരക്ഷാ നിയമം നൽകുന്നത്.
ആധാർ പോലെയുള്ള കേന്ദ്രീകൃത വിവരശേഖരണ പദ്ധതിയിലൂടെ, അതുപയോഗിച്ച് നടപ്പിലാക്കുന്ന ആരോഗ്യരംഗത്തെയും വിദ്യാഭ്യാസരംഗത്തെയും മറ്റ് നിരവധി മേഖലകളിലെയും വ്യാപകമായ വിവരസമാഹരണത്തിലൂടെ, പൗരരെ ഭരണകൂടത്തിന് പരമാവധി സുതാര്യമാക്കുന്ന നയങ്ങൾ നിലനിൽക്കുന്ന കാലഘട്ടത്തിലാണ്, ഭരണകൂടത്തിനു മേൽ തങ്ങളുടെ അറിയാനുള്ള അവകാശത്തെ പരിമിതമായ തോതിലെങ്കിലും വിനിയോഗിക്കാൻ കഴിയുകയും, ഭരണകൂടത്തെ ജനതയ്ക്ക് മുന്നിൽ സുതാര്യമാക്കുകയും ചെയ്യുന്ന വിവരാവകാശ നിയമത്തെ, ആസൂത്രിതമായ നീക്കങ്ങളിലൂടെ അർത്ഥശൂന്യമാക്കി മാറ്റുന്നത്. ഈ നീക്കത്തെ ചെറുത്തു തോൽപ്പിക്കുകയും, അല്പ ജീവൻ മാത്രം ബാക്കിയുള്ള ഈ ജനാധിപത്യ സംവിധാനത്തെ സംരക്ഷിക്കുകയും ചെയ്യേണ്ടതുണ്ട്. അതിനുവേണ്ടി വിവരസുരക്ഷാ നിയമത്തിന്റെ മറവിൽ വിവരാവകാശത്തെ ഇല്ലാതാക്കുന്ന നടപടികൾക്കെതിരെ പ്രതിഷേധമുയർന്നു വരണം. വിവരാവകാശ സംവിധാനത്തിന്റെ തലപ്പത്ത് യോഗ്യരും സ്വതന്ത്രമായ വ്യക്തികൾ വരുന്നുവെന്ന് ഉറപ്പുവരുത്തണം. വിവരാവകാശ അപേക്ഷകളിൻമേൽ നടപടി ത്വരിതപ്പെടുത്താൻ സമ്പൂർണ്ണ ഡിജിറ്റൈസേഷൻ കൊണ്ടുവരണം. വിവരാവകാശ പ്രവർത്തകർക്ക് ആവശ്യമായ സംരക്ഷണമൊരുക്കാൻ കഴിയണം. സുപ്രീംകോടതിയുടെ സ്വകാര്യതാവിധിയിൽ നിർദ്ദേശിച്ചിട്ടുള്ള ആനുപാതികതാതത്വങ്ങൾ മുറുകെ പിടിക്കും വിധം സ്വകാര്യതയും വിവരാവകാശവും തമ്മിലുള്ള സന്തുലനം ഉറപ്പുവരുത്തണം. അതിന് നമ്മൾ പൗരരുടെ ജാഗ്രതയോടെയുള്ള ഇടപെടൽ അനിവാര്യമാണ്.
Its was first published in Suprabhatham Daily on 25/04/2025


