മലിനീകരണം ഒരു കുറ്റമല്ലാതാവുമ്പോൾ 

 പി ബി ജിജീഷ്

ജനാധിപത്യ സംവിധാനത്തിൽ, നിയമങ്ങൾ സാമൂഹ്യ വ്യവഹാരങ്ങളെ നിയന്ത്രിക്കുക മാത്രമല്ല ചെയ്യുന്നത്. എന്താണ് അനുവദനീയമായത് , ധാർമികതയുടെ അതിർവരമ്പുകൾ എവിടെയാണ്, സമൂഹത്തിനെതിരായ ചെയ്തികൾ എന്തൊക്കെയാണ്  തുടങ്ങിയ കാര്യങ്ങൾ സംവദിക്കുക എന്നത് കൂടി നിയമത്തിന്റെ ധർമ്മമാണ്.  ഒരു പ്രവർത്തി ക്രിമിനൽ കുറ്റമാണെന്ന് പാർലമെൻറ് തീരുമാനിച്ചാൽ അത് സമൂഹത്തിന് ആ ചെയ്തിയെ പറ്റി ഒരു സന്ദേശം കൂടി നൽകുന്നുണ്ട്. ഇന്ത്യയുടെ പരിസ്ഥിതി നിയമങ്ങളിൽ ഈയിടെ വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങൾ നൽകുന്ന സന്ദേശമെന്താണ്?

 2024 ലാണ്, ജലമലിനീകരണം സംബന്ധിച്ച നിയമ ഭേദഗതി പാർലമെൻറ് പാസാക്കിയത്. ഒറ്റനോട്ടത്തിൽ നിർദോഷകരമെന്നും, ‘ഈസ് ഓഫ് ഡൂയിങ് ബിസിനസ്’ എന്ന മധുരവാക്യത്തിൽ പൊതിഞ്ഞ മറ്റൊരു നിയമമെന്നും തോന്നുമെങ്കിലും വിശദാംശങ്ങളിലേക്ക് കടക്കുമ്പോൾ കഴിഞ്ഞ അഞ്ചു പതിറ്റാണ്ട് കാലത്തെ ഇന്ത്യൻ പരിസ്ഥിതി നിയമപാരമ്പര്യത്തിൽ നിന്നുള്ള വലിയ വ്യതിചലനമാണ് ഇതൊന്നു മനസ്സിലാകും. വ്യവസായിക മലിനീകരണം രാജ്യത്ത് ഒരു ക്രിമിനൽ കുറ്റമല്ലാതാക്കി മാറ്റുകയാണ് നിയമം ചെയ്തത്. 

1974-ലെ ജല നിയമമനുസരിച്ച്, ശുദ്ധീകരിക്കാത്ത ജലമോ, വിഷ വസ്തുക്കളോ പുഴയിലേക്കോ തോടുകളിലേക്കോ ഒഴുക്കുന്നതും, സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡുകളുടെ അനുമതിയില്ലാതെ വ്യവസായ സ്ഥാപനങ്ങൾ നടത്തുന്നതും, പരിസ്ഥിതി സംരക്ഷണത്തിനുവേണ്ടി പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവുകൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്നതും, കേവലം ഭരണ നിർവഹണ പ്രശ്നങ്ങളായല്ല, സമൂഹത്തിനെതിരായ കുറ്റകൃത്യങ്ങളായിട്ടാണ് കണക്കാക്കിയിരുന്നത്. അവ സാങ്കേതികവിഴ്ചകൾ എന്നതിനപ്പുറം, കൃഷിക്കും പൊതു ആരോഗ്യത്തിനും കുടിവെള്ളത്തിനും എല്ലാം ദോഷം ചെയ്യുന്ന, പണം കൊണ്ട് പരിഹാരം കണ്ടെത്താനാകാത്ത പ്രശ്നങ്ങൾ ആയി മനസ്സിലാക്കിയിരുന്നു. എന്നാൽ പുതിയ ഭേദഗതികൾ ഈ കാഴ്ചപ്പാടിന് വിരുദ്ധമാണ്. ക്രിമിനൽ കുറ്റമായ പലതികളും ഇന്ന് പിഴയൊടുക്കിയാൽ തീരാവുന്ന വീഴ്ചകൾ മാത്രമായി പരിണമിച്ചു. പിഴ ഒടുക്കിയില്ലെങ്കിൽ മാത്രമാണ് ജയിൽ ശിക്ഷ നിഷ്കർഷിച്ചിട്ടുള്ളത്.

ഇത് കേവലം നടപടിക്രമങ്ങളിലെ മാറ്റമല്ല, മാറ്റം സൈദ്ധാന്തികമാണ്. ക്രിമിനൽ കുറ്റം സമൂഹത്തിനെതിരായ കുറ്റമാണ്, ധാർമികമായി അംഗീകരിക്കാനാകാത്ത സംഗതിയാണ്. എന്നാൽ പിഴയൊടുക്കി ലഘൂകരിക്കാൻ കഴിയുന്ന വിഷയങ്ങൾ, എളുപ്പത്തിൽ പരിഹരിക്കാൻ കഴിയുന്ന സാങ്കേതിക പിഴവുകൾ മാത്രമാണ്. 

പിഴ വാടകയാണ്, ശിക്ഷയല്ല

പരിസ്ഥിതി നാശം കേവലം ഒറ്റപ്പെട്ട സംഭവങ്ങളല്ല. ഇന്നത്തെ ചെയ്തികൾ നാളേക്ക് കൂടി നിലനിൽക്കുന്നതാണ്, അടരടരുകളായി അതിൻറെ ഫലങ്ങൾ വന്നുകൊണ്ടേയിരിക്കും, തലമുറകളിലേക്ക് അത് പടർന്നുകയറും. പുഴയിലേക്ക് ഇന്ന് തുറന്നു വിടുന്ന മാലിന്യം ഇന്നു കൊണ്ട് അവസാനിക്കുന്നില്ല. അതിൻറെ തുടർച്ചയിൽ വളരെ സാവധാനമായിരിക്കും ഒരുപക്ഷേ ഒരു മേഖലയെയാകെ നിർജീവമാക്കുന്നത്. അതിന് പിഴ ഒരു പരിഹാരമല്ല.  അതുകൊണ്ടാണ്, പരിസ്ഥിതി നശീകരണം ക്രിമിനൽ കുറ്റകൃത്യമായി പരിഗണിച്ചു പോന്നത്. ഇന്ത്യൻ ജുഡീഷ്യറിയും കാര്യം അംഗീകരിച്ചിട്ടുള്ളതാണ്. വെല്ലൂർ സിറ്റിസൺ വെൽഫെയർ ഫോറം കേസിലും എംസി മേത്ത കേസിലുമെല്ലാം ഉരുത്തിരിഞ്ഞു വന്ന ഒരു നിയമപാരമ്പര്യമുണ്ട്. പരിസ്ഥിതി സംരക്ഷണം ജീവിക്കാനുള്ള അവകാശം ഉറപ്പു തരുന്ന ഭരണഘടനയുടെ അനുഛേദം 21 അഭിവാജ്യ ഘടകമായാണ് കോടതി കണ്ടത്. ആപൽകരമായ വസ്തുക്കൾ കൈകാര്യം ചെയ്യുന്ന വ്യവസായങ്ങൾക്ക് അതിന്മേൽ പരിപൂർണ്ണമായ ഉത്തരവാദിത്വം, വിലപേശലുകളോ നിയന്ത്രണങ്ങളോ ഇല്ലാത്ത പരിപൂർണ്ണമായ ഉത്തരവാദിത്വം, ഉണ്ടായിരിക്കുമെന്ന് കോടതി പറഞ്ഞു.  എന്നാൽ നിയമത്തിലെ മാറ്റങ്ങൾ ഈ ചിന്താഗതിക്ക് വിരുദ്ധമാണ്. 

പിഴയൊടുക്കിയാൽ തീരാവുന്ന പ്രശ്നമാണ് പരിസ്ഥിതി മലിനീകരണം എന്ന് വന്നാൽ, നിയമലംഘനം മറ്റൊരു പണമിടപാട് മാത്രമായിട്ട് ചുരുങ്ങും. വ്യവസായികളെ സംബന്ധിച്ചിടത്തോളം അത്, വാടക പോലെ, ഇടയ്ക്കിടെ വന്നുചേരുന്ന ഒരു ഉൽപാദന ചെലവ് മാത്രമായി മാറും. എന്നാൽ ഇതിന്റെ ദുരിതങ്ങൾ ഏറ്റുവാങ്ങേണ്ടിവരുന്ന മനുഷ്യർക്ക് അത് നിലനിൽപ്പിന്റെ പ്രശ്നമാണ്. “

ഫെഡറലിസം അട്ടിമറിക്കപ്പെടുന്നു 

ക്രിമിനൽ കുറ്റങ്ങളെ ഒഴിവാക്കി എന്നത് മാത്രമല്ല വികേന്ദ്രീകൃതമായിരുന്ന പരിസ്ഥിതി ഭരണനിർവഹണ സംവിധാനത്തിന്റെ പുനർ കേന്ദ്രീകരണം കൂടിയാണ് ഇവിടെ നടക്കുന്നത്. സംസ്ഥാന മലിനീകരണനിയന്ത്രണ ബോർഡുകൾ യൂണിയൻ ഗവൺമെൻറ് നിർദ്ദേശങ്ങൾക്ക് അനുസരിച്ച് പ്രവർത്തിക്കേണ്ട സംവിധാനങ്ങളായി മാറുകയാണ്. സമ്മതവും അനുവാദവും വേണ്ട വ്യവസായങ്ങളുടെയും പ്രദേശങ്ങളുടെയും പട്ടിക നിശ്ചയിക്കാനുള്ള അധികാരം യൂണിയൻ ഗവൺമെന്റിന് വന്നുചേരുകയാണ്. ഫെഡറലിസത്തിന്റെ ഹൃദയത്തിലാണ് ഈ നിയമങ്ങൾ മുറിവേൽപ്പിക്കുന്നത്.

മലിനീകരണം പ്രാദേശികമാണ്, പുഴകൾ പ്രാദേശികമാണ്, ആവാസ വ്യവസ്ഥകൾ പ്രാദേശികമാണ്, എന്നാൽ ഇളവുകളും നിയന്ത്രണങ്ങളും നിശ്ചയിക്കാനുള്ള അധികാരങ്ങൾ കേന്ദ്രീകരിക്കപ്പെടുന്നു. അവിടെയാകട്ടെ കാര്യങ്ങൾ പാരിസ്ഥിതിക താൽപര്യങ്ങൾക്കുപരി നിക്ഷേപക താല്പര്യങ്ങൾക്ക് അനുസൃതമായിട്ടാണ് തീരുമാനിക്കപ്പെടുക. പതിറ്റാണ്ടുകളുടെ പോരാട്ടങ്ങൾ കൊണ്ട് നേടിയെടുത്ത വികേന്ദ്രീകൃത നിയന്ത്രണ സ്വഭാവം പരിസ്ഥിതി നിയമങ്ങൾക്ക് നഷ്ടമാവുകയാണ്.

ശാന്തി: ന്യൂക്ലിയർ മേഖലയും സ്വകാര്യ സംരംഭകർക്ക്

ശാന്തി ആക്ട് എന്ന പേരിൽ അറിയപ്പെടുന്ന ന്യൂക്ലിയർ സംവിധാനങ്ങളുടെ നിയന്ത്രണം സംബന്ധിച്ച നിയമം രാജ്യത്തിൻറെ സിവിൽ ന്യൂക്ലിയർ മേഖല ചരിത്രത്തിൽ ആദ്യമായി സ്വകാര്യമേഖലയ്ക്ക് തുറന്നുകൊടുക്കുകയാണ്.  പരിസ്ഥിതി സൗഹൃദ ഊർജ്ജസ്രോതസ്സ് ആയിട്ടാണ് ന്യൂക്ലിയർ ഊർജ്ജത്തെ ഉയർത്തി കാണിക്കുന്നത്. എന്നാൽ ഒരു അപകടം ഉണ്ടായാൽ സംഭവിക്കാവുന്ന സങ്കൽപ്പാതീതമായ ദുരിതങ്ങളെ അവഗണിക്കാൻ കഴിയുന്നത് എങ്ങനെയാണ്? ഇവിടെ സ്വകാര്യമേഖലയ്ക്ക് പരിപൂർണ്ണമായ ഉത്തരവാദിത്വം പകുത്ത് നൽകുന്നതിൽ നിയമം പരാജയപ്പെടുകയാണ്.

അവ്യക്തത കൊണ്ട് അപകടകരമായ നിയമം

മേൽപ്പറഞ്ഞ അതേ തത്വശാസ്ത്രമാണ് പെസ്റ്റിസൈഡ് മാനേജ്മെൻറ് ബില്ലിനെയും നയിക്കുന്നത്. തത്വത്തിൽ അത് പഴകിയ ഒരു നിയമത്തെ ആധുനികവൽക്കരിക്കുന്നതാണ്. എന്നാൽ വ്യവസായ ശാലകളെ ഉത്തരവാദിത്വങ്ങളിൽ നിന്ന് ഒഴിവാക്കുന്ന അപകടകരമായ രീതി ഇവിടെയും വ്യക്തമാണ്. ഭാഷയിലെ കളി കൊണ്ടാണ് അക്കാര്യം സാധ്യമാക്കുന്നത്. ‘അപകടങ്ങൾ ഇല്ലാതാക്കുവാൻ ശ്രമിക്കണം’ എന്നതിന് പകരം  ‘അപകടത്തെ ലഘൂകരിക്കാൻ ശ്രമിക്കണം’ എന്നാക്കിയിരിക്കുന്നു. അപകടകരമായ രാസവസ്തുക്കളുടെ അനന്തരഫലങ്ങൾ അനുഭവിക്കുന്ന ജനതയ്ക്ക് ഇത് കേവലം ഭാഷാപരമായ മാറ്റമല്ല, ദുരിത ജീവിതങ്ങളെ ഗവൺമെൻറ് വഞ്ചിക്കുകയാണ്. 

പരിസ്ഥിതി സംരക്ഷണത്തെ ഗവൺമെൻറ് പരിപൂർണ്ണമായും അട്ടിമറിക്കുകയാണെന്ന് പറഞ്ഞാൽ അത് നുണയാവും. 2025 പരിസ്ഥിതി സംരക്ഷണ ചട്ടങ്ങൾ ചില പ്രത്യേക വ്യവസായങ്ങൾക്ക് കൂടുതൽ ശക്തമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ മറുവശത്ത് നിയന്ത്രണങ്ങളിൽ വെള്ളം ചേർക്കുന്നത് ഇതിൻറെ ഫലം കെടുത്തുന്നു.

നേട്ടമാർക്കാണ്?

സമഗ്രമായി പരിശോധിക്കുമ്പോൾ ഈ മാറ്റങ്ങളിൽ ആത്യന്തികമായ നേട്ടം കൊയ്യുന്നത് വൻകിട കോർപ്പറേറ്റുകൾ, പ്രത്യേകിച്ച് ഊർജ്ജമേഖലയിലും, അടിസ്ഥാന സൗകര്യ വികസന മേഖലയിലും, രാസ വ്യവസായങ്ങളിലും പ്രവർത്തിക്കുന്നവർ ആണെന്ന് കാണാം. ക്രിമിനൽ കുറ്റങ്ങളെ പിഴയൊടുക്കിയാൽ തീരാവുന്ന നിയന്ത്രണങ്ങൾ ആക്കി മാറ്റിയത് വഴി ഉത്തരവാദിത്തങ്ങൾ ഏതും ഇല്ലാതെ വൻ ലാഭം കൊയ്യാനുള്ള വഴിയാണ് തുറന്നു കിട്ടിയിരിക്കുന്നത്. 

സ്വാഭാവികമായും നഷ്ടം സംഭവിക്കുന്നത് സാധാരണക്കാരായ മനുഷ്യർക്കാണ്. ആരും ചോദിക്കാനും പറയാനും ഇല്ലാത്ത, അധികാരവും സമ്പത്തും ഇല്ലാത്ത വനമേഖലയിലും പുഴയോരങ്ങളിലും അധിവസിക്കുന്നവർ, കാർഷിക മേഖലയിലെ തൊഴിലാളികൾ, അപകടകരമായ വ്യവസായങ്ങളിൽ പണിയെടുക്കുന്നവർ… 

സംസാരിക്കാൻ ശബ്ദമില്ലാത്ത, പ്രതികരിക്കാൻ വോട്ട് ഇല്ലാത്ത, എന്നാൽ എല്ലാ മനുഷ്യരെയും നിറവോടെ പോറ്റുന്ന പരിസ്ഥിതി ലോല മേഖലകളുടെ  തകർച്ചക്കാണ് ഇത് വഴി വയ്ക്കുക. എല്ലാ കാലത്തും പരിസ്ഥിതി നശീകരണത്തിന്റെ അപകടകരമായ അനന്തരഫലങ്ങൾ അനുഭവിക്കുന്നവർ തമ്മിൽ വലിയ അസമത്വം നിലനിൽക്കുന്നുണ്ട്. ആ അസമത്വത്തെ ശാശ്വതീകരിക്കുന്നതാണ് ഇപ്പോൾ വന്നിട്ടുള്ള നിയമപരിഷ്കാരങ്ങൾ.

 ഭരണഘടനാപരമായ ചോദ്യങ്ങൾ 

ഉയർന്നു കേൾക്കേണ്ട പ്രാഥമികമായ ചില ചോദ്യങ്ങളുണ്ട്. പരിസ്ഥിതി സംരക്ഷണം ഭരണകൂടത്തിന്റെ അടിസ്ഥാന കടമകളിലൊന്നല്ലേ? മൗലീക അവകാശങ്ങളുടെ സംരക്ഷണത്തിൽ വരുന്നതല്ലേ? അതോ നിക്ഷേപകരുടെ വികാരത്തിനനുസരിച്ച് മാറ്റിമറിക്കാവുന്ന ഒരു സാങ്കേതിക പ്രശ്നം മാത്രമാണോ? ഭരണഘടനയുടെ അനുഛേദം 21 ഉറപ്പു നൽകുന്ന ജീവിക്കാനുള്ള അവകാശത്തിൻറെ ഭാഗമായും, നിർദ്ദേശക തത്വങ്ങൾ മുന്നോട്ടുവയ്ക്കുന്ന ആശയധാരയായും പതിറ്റാണ്ടുകളായി വികാസം കൊണ്ട നിയമ വൈജ്ഞാനിക പാരമ്പര്യമായും നമ്മുടെ രാജ്യത്ത്  പരിസ്ഥിതി സംരക്ഷണം ഭരണകൂടത്തിന്റെ അടിസ്ഥാന കടമയുടെ ഭാഗമായിരുന്നു. അതിൽ നിന്നുള്ള പിൻനടത്തം, കേവലം നയം മാറ്റം മാത്രമല്ല, ഭരണഘടനാപരമായ ബാധ്യതകളുടെ നിരാസം കൂടിയാണ്.

നിയമം ഓർമിക്കുന്നതെന്താണ്?

നദികൾ മാലിന്യങ്ങളെ മറക്കുകില്ല. മണ്ണിന് ഉള്ളിൽ അലിഞ്ഞു പടരുന്ന വിഷത്തെ മറക്കാൻ കഴിയില്ല. ശൈശവത്തിൽ ശ്വസിച്ച വിഷമമായ വായുവിനെ വിസ്മരിക്കാൻ  മനുഷ്യ ശരീരത്തിനും കഴിയില്ല. നിയമത്തിന് മാത്രമാണ് ഇതെല്ലാം മറക്കാൻ കഴിയുക. പരിസ്ഥിതി നിയമത്തിന് നവീകരണം അനിവാര്യമാണ്, എന്നാൽ അത് കുറ്റകൃത്യങ്ങളെ മറക്കുവാനും മായ്ക്കുവാനും ഉള്ള മാർഗമായി മാറരുത്. എത്ര ലാഭകരമാണെങ്കിലും ചില ചെയ്തികൾ ചില കുറ്റകൃത്യങ്ങൾ അനുവദിക്കാനും അംഗീകരിക്കാനും ധാർമികമായി വെച്ചു ഉറപ്പിക്കാനും കഴിയില്ല എന്ന പരിസ്ഥിതിക നിയമത്തിന്റെ പ്രാഥമിക തത്വം അവഗണിക്കുന്നത് എന്തായാലും നല്ലതിനല്ല. ഇത് ഇന്നത്തെ സമൂഹത്തോട് മാത്രമല്ല, വരുംതലമുറകളോട് നമ്മൾ ചെയ്യുന്ന കടുത്ത അനീതിയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here