ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ തുല്യനീതി സംബന്ധിച്ച റെഗുലേഷൻസ് ഇടക്കാല ഉത്തരവിലൂടെ സ്റ്റേ ചെയ്ത സുപ്രീംകോടതി നടപടി ഭരണഘടനാപരമായ ഒരു പിൻ നടത്തമാണ്. അവ്യക്തതയും, ദുരുപയോഗത്തിനുള്ള സാധ്യത, സമത്വത്തെ ലംഘിക്കുന്നുണ്ടോ എന്നത് പരിശോധിക്കേണ്ടതിന്റെ ആവശ്യകത, പ്രധാനപ്പെട്ട ഭരണഘടന പ്രശ്നങ്ങൾ ഉൾപ്പെട്ട കേസ് എന്നിങ്ങനെയുള്ള കാര്യങ്ങളാണ് ഇടക്കാല ഉത്തരവിൽ കോടതി പരാമർശിച്ചു പോകുന്നത്.
ഇടക്കാല ഉത്തരവുകൾ താൽക്കാലിക വിരാമങ്ങൾ ആണെങ്കിലും, നിയമ വൈജ്ഞാനികതയിൽ ഇത്തരം നിശബ്ദതകൾക്ക് വലിയ പ്രസക്തിയുണ്ട്. ഗവൺമെൻറിൻറെ പ്രവർത്തനങ്ങളുടെ സ്വഭാവം നിർണയിക്കുവാനും, അധികാര സംവാദങ്ങളെ സ്വാധീനിക്കുവാനും, ആരുടെ താൽപര്യങ്ങൾക്കാണ് വമ്പിച്ച വിലയുള്ളതെന്നും, ആരുടെ താൽപര്യങ്ങളാണ് പരിഗണിക്കാതെ ഇരിക്കുന്നതെന്നും പൊതുസമൂഹത്തെ ബോധ്യപ്പെടുത്തുവാനും ഇതിന് കഴിയും. യൂണിവേഴ്സിറ്റി ക്യാമ്പസുകളിൽ ജാതി വിവേചനം അനുഭവിക്കുന്ന വിദ്യാർത്ഥികളെ സംബന്ധിച്ച് ഇത് നൈമഷികമായ ഒരു ഇടവേളയല്ല, തങ്ങളുടെ അന്തസ്സും അഭിമാനവും സവർണവർഗ്ഗത്തിൻറെ ആശങ്കകൾക്ക് വിധേയമായി മാത്രമായിരിക്കും സംരക്ഷിക്കപ്പെടുക എന്ന സന്ദേശമാണ്.
കാതലായ ചില നിയമപ്രശ്നങ്ങൾ ഈ വിഷയത്തിൽ ഉണ്ട് എന്നാണ് കോടതി പറയുന്നത്. ചട്ടങ്ങളിലെ 3(സി) യിലെ ജാതിയാധിഷ്ഠിത വിവേചനത്തിന്റെ നിർവചനം സങ്കുചിതമാണോ, ചട്ടങ്ങളിൽ നിന്ന് റാഗിംഗ് ഒഴിവാക്കപ്പെട്ടത്, പിന്നോക്ക വിഭാഗങ്ങളെ ‘ഒറ്റതിരിച്ച് പാർപ്പിക്കുന്നതി’നെ സൂചിപ്പിക്കുന്ന, segregation എന്ന പ്രയോഗം ‘പ്രത്യേകമെങ്കിലും തുല്യരായവർ’ എന്ന തരത്തിലുള്ള സമീപനമാണോ, എന്നൊക്കെ ചില ചോദ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് റഗുലേഷൻസ് ആകെ കോടതി മരവിപ്പിച്ചത്.
ഇതൊക്കെ പ്രധാനപ്പെട്ട ചോദ്യങ്ങളാണ്, ആ ചോദ്യങ്ങൾ ഉന്നയിച്ചു എന്നതല്ല പ്രശ്നം, എന്നാൽ ആ ചോദ്യങ്ങളുടെ അപഗ്രഥനം കൂടാതെ തന്നെ ചട്ടങ്ങൾ പരിപൂർണ്ണമായി സ്റ്റേ ചെയ്തു എന്നതിലാണ്. സ്റ്റേ എന്തുകൊണ്ട് അനിവാര്യമായിരുന്നു എന്നോ, അതെങ്ങനെ ആനുപാതികമാകുമെന്നോ, അതിനു പിന്നിലെ പൊതുതാൽപര്യം എന്താണെന്നോ, ഇടക്കാല വിധിയിൽ വിശദീകരിക്കുന്നില്ല.
അഭിസംബോധന ചെയ്യേണ്ട നിപ്രശ്നങ്ങളുണ്ട് എന്നത് മാത്രം ഒരു നിയമത്തെ സ്റ്റേ ചെയ്യാനുള്ള കാരണമാകുന്നില്ല. ഒരു വിധി പറയുമ്പോൾ അതിന് കൃത്യമായ കാര്യകാരണങ്ങൾ വിശദീകരിക്കാനുള്ള ബാധ്യത കോടതികൾക്കുണ്ട്. കാരണം ഫലത്തിൽ ഇത്തരം താൽക്കാലിക ഇടപെടലുകൾ, ഭരണനിർവഹണ നയങ്ങളിലെ വീറ്റോ അധികാരം പോലെയാണ് പ്രവർത്തിക്കുന്നത്.
ദുരുപയോഗത്തിനുള്ള സാധ്യത നിയമങ്ങൾ സ്റ്റേ ചെയ്യുന്നതിനുള്ള കാരണമോ?
ഇന്ത്യൻ നിയമ വൈജ്ഞാനിക ചരിത്രത്തിൽ വളരെ അപകടകരമായ തരത്തിൽ പ്രയോഗിക്കപ്പെട്ടിട്ടുള്ള വാദമാണ് ‘ദുരുപയോഗത്തിനുള്ള സാധ്യത’. മണ്ഡൽ കാലത്തിനു ശേഷം സംവരണം ദുരുപയോഗം ചെയ്യപ്പെടും എന്നാണ് ആക്ഷേപം ഉയർന്നത്. എസ് സി/എസ് ടി ഭാഗങ്ങൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയുന്ന നിയമം, സ്ത്രീകൾക്ക് പ്രത്യേക സംരക്ഷണം നൽകുന്ന നിയമം, ഒക്കെ ഇത്തരത്തിലാണെന്നാണ് ഉയർന്നിരുന്ന വാദം. എന്നാൽ സുപ്രധാനമായ നിരവധി വിധികളിലൂടെ ദുരുപയോഗത്തിനുള്ള സാധ്യതയുണ്ട് എന്നത് ഒരു നിയമത്തെ ഭരണഘടനാവിരുദ്ധം എന്ന് വിലയിരുത്താൻ മാത്രം പോന്ന കാരണമല്ല എന്ന് വ്യക്തമാക്കിയിട്ടുണ്ട്. ദുരുപയോഗത്തിനുള്ള സാധ്യതയുണ്ടെങ്കിൽ അതു തടയാനുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തുകയാണ് വേണ്ടത്, നടപടിക്രമങ്ങളുടെ പരിഷ്കരണമാണ് ഉണ്ടാവേണ്ടത്, അല്ലാതെ ദുർബല വിഭാഗങ്ങൾക്കുള്ള സംരക്ഷണം പരിപൂർണ്ണമായി ഇല്ലാതാക്കുകയല്ല എന്നായിരുന്നു നിലപാട്. എന്നാൽ ഇവിടെ അതെല്ലാം കോടതി മറന്നിരിക്കുന്നു.
ചില ഉദാഹരണങ്ങൾ നോക്കാം. മനുഷ്യരുടെ മൗലികാവകാശങ്ങളെ ബാധിക്കുന്ന പ്രശ്നമായിരുന്നിട്ടും, ഒരു നിയമം പോലും ഇല്ലാതെ ആണ് ആധാർ പദ്ധതി രാജ്യത്ത് ആരംഭിച്ചത്. എങ്കിലും, സ്റ്റേയില്ലാതെ, കേസ് നടക്കുന്ന കാലമത്രയും പദ്ധതി മുന്നോട്ടു പോകുവാൻ കോടതി അനുവദിക്കുകയായിരുന്നു. ഇലക്ട്രൽ ബോണ്ട് ഭരണഘടനാ വിരുദ്ധം എന്ന് കണ്ട് കോടതി റദ്ദ് ചെയ്തു, എന്നിരുന്നാലും കേസ് നടന്ന കാലമത്രയും പദ്ധതിക്ക് സ്റ്റേ നൽകിയിരുന്നില്ല. മുന്നോക്ക ക്കാർക്ക് സംവരണം ഏർപ്പെടുത്തുന്ന ഭരണഘടനാഭേദഗതി ചോദ്യം ചെയ്യപ്പെട്ടപ്പോഴും സ്റ്റേ ഉണ്ടായിരുന്നില്ല. രാജ്യസഭയുടെ അംഗീകാരം അപ്രസക്തമാക്കുന്നതിന് വേണ്ടി, സുപ്രധാന വിഷയങ്ങളെ ‘ധന ബില്ലുകൾ’ ആയി വർഗീകരിച്ച് ചർച്ചയോ തിരുത്തലയോ കൂടാതെ ബുൾഡോസ് ചെയ്യുന്ന സമീപനത്തിനെതിരായ ഹർജി വളരെ വലിയ ഭരണഘടന പ്രശ്നങ്ങൾ ഉൾക്കൊള്ളുന്നതാണെങ്കിലും, വർഷങ്ങളായി കോടതിയിൽ പെന്റിംഗ് ആണ്. അതിനും സ്റ്റേ ഇല്ല.
‘സെപ്പറേറ്റ് യെറ്റ് ഈക്വൽ’!
ഇടക്കാല വിധിയിൽ പരാമർശിക്കപ്പെടുന്ന സെപ്പറേറ്റ് ബട്ട് ഈക്വൽ അഥവാ ‘വ്യതിരിക്തമെങ്കിലും തുല്യമായത്’ എന്ന പ്രയോഗം, തെരഞ്ഞെടുത്ത സന്ദർഭം കൊണ്ട് അതിശയിപ്പിക്കുന്നതും, ചരിത്ര ഘട്ടങ്ങളുടെ തെറ്റായ പ്രതിനിധാനം കൊണ്ട് ഞെട്ടിപ്പിക്കുന്നതുമാണ്. അത് നിഷ്പക്ഷമായ പ്രയോഗമല്ല. അമേരിക്കൻ നിയമവൈജ്ഞാനികതയുടെ ഏറെ വിവാദങ്ങൾ ഉയർത്തിയ ഒരു പരിണാമ കാലത്തിൻറെ സൂചകമാണ്. 1896-ൽ പ്ലസി vs ഫെർഗൂസൻ കേസിൽ, വർണ്ണവിവേചനത്തെ, പൊതു ഇടങ്ങളിൽ കറുത്ത വർഗ്ഗക്കാരെ വേർതിരിച്ചു നിർത്തുന്നതിനെ “പ്രത്യേകം പ്രത്യേകമാണെങ്കിലും തുല്യർ” ആണെന്ന വിചിത്ര വാദം കൊണ്ട് നീതീകരിച്ച കോടതി വിധിയെയാണ് അത് സൂചിപ്പിക്കുന്നത്. 1954-ലെ ബ്രൗൺ vs ബോർഡ് ഓഫ് എജുക്കേഷൻ കേസിലാണ് അമേരിക്കൻ സുപ്രീം കോടതി പിന്നീട് ഈ അന്യായത്തെ തിരുത്തിയതും, വിഭജനം തന്നെ അസമത്വവും അനീതിയും ആണെന്ന് അംഗീകരിച്ചതും.
ഇവിടെ യുജിസി ചട്ടങ്ങളിൽ ‘സെഗ്രഗേഷൻ’ എന്ന വാക്ക് ഉപയോഗിച്ചിട്ടുണ്ട്. എന്നാൽ,’ഹോസ്റ്റലിൽ തിരഞ്ഞെടുക്കുന്നതിലോ ക്ലാസ് റൂമുകളിലോ മെൻറർഷിപ്പ് പ്രോഗ്രാമുകളിലോ അക്കാദമിക് കാര്യങ്ങളിലോ ഏതെങ്കിലും തരത്തിലുള്ള തെരഞ്ഞെടുപ്പോ, വിഭാഗീകരണമോ, നീക്കി വയ്പ്പോ, ഉണ്ടെങ്കിൽ അതിൽ സുതാര്യത വേണം’ എന്ന ചട്ടത്തെയാണ് തികച്ചും വ്യത്യസ്തമായ ഒരു ചരിത്ര സന്ദർഭത്തോട് അപകടകരമായ രീതിയിൽ കൂട്ടി വായിക്കുന്നത്. ഇവിടെ ഈ പ്രയോഗം പിന്നാക്ക വിഭാഗങ്ങൾക്ക് നീതി ഉറപ്പാക്കുന്ന തരത്തിലുള്ള പ്രത്യേക ഇടപെടലുകൾ സംബന്ധിച്ചതാണെന്നും വിവേചനത്തെ സൂചിപ്പിക്കുന്നതല്ലെന്നും ആർക്കും മനസ്സിലാക്കാവുന്നതേയുള്ളൂ.
അമേരിക്കൻ സംഭവം, സമകാലിക ഇന്ത്യൻ സാഹചര്യത്തിൽ പരാമർശിക്കപ്പെടുന്നത്, ആശയപരമായ അവ്യക്തത സൃഷ്ടിക്കുന്നുണ്ട്. ഇന്ത്യയുടെ ഭരണഘടനാവൈജ്ഞാനികത, യാന്ത്രികമായ തുല്യതയെ അടിസ്ഥാനപ്പെടുത്തിയുള്ളതല്ല. സാമൂഹികവും ചരിത്രപരവുമായ അസമത്വങ്ങളെ അംഗീകരിക്കുകയും അതിനെ ലഘൂകരിക്കാനുള്ള ഇടപെടലുകളെ സ്വാംശീകരിക്കുകയും ചെയ്യുന്നതാണ് ഇന്ത്യൻ ഭരണഘടനാ പദ്ധതി. അത് സമത്വത്തിനെതിരല്ല, യഥാർത്ഥ സമത്വത്തെ സാക്ഷാത്കരിക്കുന്നതിനുള്ള ഉപാധിയാണ്. 1975-ലെ എൻ എം തോമസ് കേസ് മുതൽ, ഇന്ത്യൻ സുപ്രീംകോടതി നിരവധി തീരുമാനങ്ങളിലൂടെ ഭരണഘടനയുടെ തുല്യതാ സങ്കല്പത്തിന്റെ ഈ സവിശേഷ സ്വഭാവത്തെ അംഗീകരിച്ചിട്ടുള്ളതാണ്. അതുകൊണ്ടു തന്നെ ജാതി അടിസ്ഥാനത്തിലുള്ള വിവേചനത്തിന്റെ നിർവചനത്തിൽ, മുന്നോക്ക വിഭാഗങ്ങളെ ഉൾപ്പെടുത്തിയിട്ടില്ലാത്തത് ചോദ്യം ചെയ്യുന്ന വാദത്തിന് യാതൊരു അടിസ്ഥാനവുമില്ല. നിലവിലുള്ള സാമൂഹിക അസമത്വങ്ങൾക്കും വിവേചനത്തിനും എതിരായ വിഭാഗീകരണങ്ങളെയാണ് ഭരണഘടന അംഗീകരിക്കുന്നത്, അല്ലാതെ സാമൂഹിക മുൻവിധികളെ ബലപ്പെടുത്തുന്ന വർഗീകരണങ്ങളെയല്ല. ‘വ്യത്യസ്തമെങ്കിലും തുല്യർ’എന്ന വാദത്തെ സന്ദർഭത്തിൽ നിന്ന് അടർത്തിയെടുത്ത് നേരെ എതിരെയുള്ള ഒരു സാഹചര്യത്തിൽ പ്രയോഗിക്കുക വഴി സാമൂഹ്യനീതിക്ക് വേണ്ടിയുള്ള ഇടപെടലുകളെ അനീതിയായി ചിത്രീകരിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് നല്ല ബോധ്യമുള്ളത് കൊണ്ടായിരിക്കാം കാരണം കൊണ്ടാണ് ചട്ടങ്ങൾ സ്റ്റേ ചെയ്യുന്നതെന്ന് വിധിയിൽ വ്യക്തമാക്കിയിട്ടില്ല. അതുമാത്രമല്ല എന്തുകൊണ്ടാണ് സ്റ്റേ ചെയ്തിട്ടുള്ളത് എന്ന് കാര്യകാരണ യുക്തികൾ സഹിതം വിധിയിൽ ഒരിടത്തും പ്രതിപാദിച്ചിട്ടില്ല.
എപ്പോഴാണ് നിയമം സ്റ്റേ ചെയ്യേണ്ടത്?
ഒരു നിയമം സ്റ്റേ ചെയ്യേണ്ടത് എപ്പോൾ എന്നതിനെ സംബന്ധിച്ച് അംഗീകരിക്കപ്പെട്ടിട്ടുള്ള പ്രാഥമികമായ ചില നിയമ തത്വങ്ങളുണ്ട്. ആദ്യമായി പ്രഥമദൃഷ്ട്യാ സ്റ്റേ ചെയ്യാൻ പാകത്തിന് ഒരു കേസ് ഉണ്ടായിരിക്കണം. രണ്ടാമത്, സ്റ്റേ നൽകിയില്ലെങ്കിൽ അനുബന്ധ കക്ഷിക്ക് അപരിഹാര്യമായ ഹാനി സംഭവിക്കണം. മൂന്നാമത്, സ്റ്റേ സംബന്ധിച്ച അവസരൗചിത്യം ഹരജിക്കാർക്ക് അനുകൂലമായിരിക്കണം. ഈ മൂന്നു കാര്യങ്ങളും കോടതിവിധിയിൽ എവിടെയും വിശദീകരിക്കപ്പെടുന്നില്ല. പല കാര്യങ്ങളും പറഞ്ഞു പോകുന്നുണ്ടെങ്കിലും, ഇതുകൊണ്ടാണ് ഈ ചട്ടങ്ങൾ സ്റ്റേ ചെയ്യുന്നതെന്ന് വ്യക്തമാക്കുന്നുമില്ല. നിയമപരമായി അതിനൊരു സാധുത ഇല്ലാത്തതു കൊണ്ടായിരിക്കാം സ്റ്റേയുടെ പിന്നിലെ യുക്തിചിന്ത എന്തെന്ന് വ്യക്തമാക്കാത്തത്.
തുല്യനീതിക്ക് സ്റ്റേ, വരേണ്യ താൽപര്യങ്ങൾക്ക് സുരക്ഷ
യുജിസി ചട്ടങ്ങൾ സ്റ്റേ ചെയ്തത്, ഇന്ത്യൻ സുപ്രീം കോടതിയുടെ ചരിത്രം പരിശോധിച്ചാൽ അതിശയിപ്പിക്കേണ്ട കാര്യമല്ല. കോടതികൾ ചരിത്രപരമായി തന്നെ ഈ സമീപനം തുടർന്നു പോകുന്നത് കാണാം. അധികാരത്തിന്റെ നീതിപൂർവ്വമായ വിതരണം വിഭാവനം ചെയ്യുന്ന ഇടപെടലുകൾ ഉണ്ടാകുന്ന ഘട്ടത്തിൽ ഒക്കെയും, പ്രത്യേകിച്ച് ജാത്യാധികാരങ്ങൾ അഭിസംബോധന ചെയ്യപ്പെടുന്ന സന്ദർഭങ്ങളിൽ, ആദ്യം അത് തടയുക എന്ന സമീപനമാണ് കോടതി സ്വീകരിക്കാറുള്ളത്. മണ്ഡൽ പ്രക്ഷോഭങ്ങൾക്ക് ശേഷം, പിന്നാക്ക വിഭാഗങ്ങൾക്ക് സംവരണം ഏർപ്പെടുത്തിയ നടപടി കോടതി അംഗീകരിച്ചുവെങ്കിലും, കേസ് വന്നപ്പോൾ ആദ്യഘട്ടത്തിൽ തന്നെ സ്റ്റേ ചെയ്യുകയാണ് ഉണ്ടായത്. ഇവിടെ ഇപ്പോൾ ഒബിസി വിഭാഗങ്ങൾക്ക് കൂടി ജാതീയമായ അതിക്രമങ്ങൾക്കെതിരെ സംരക്ഷണം നൽകുന്ന ചട്ടങ്ങൾ ചെയ്തിരിക്കുന്നു. അതേസമയം പിന്നാക്ക സംവരണത്തിനെതിരായ കേസ് വന്നപ്പോൾ കോടതിക്ക് സ്റ്റേ ചെയ്യാൻ തോന്നിയില്ല. മുന്നോക്ക വിഭാഗങ്ങളുടെ താൽപര്യങ്ങൾ ഉൾപ്പെടുന്ന വിഷയങ്ങളിൽ സ്റ്റേ അനുവദിക്കാതിരിക്കുകയും, പിന്നോക്കക്കാരുടെ അവകാശ സംരക്ഷണ നിയമങ്ങൾ ചോദ്യം ചെയ്യപ്പെടുമ്പോൾ സ്റ്റേ ചെയ്യുകയും ചെയ്യുന്ന രീതി ഇന്ത്യൻ ജുഡീഷ്യറിയുടെ വർഗ്ഗ സ്വഭാവത്തെ വരച്ചിടുന്നുണ്ട്. ഇത് പരോക്ഷമെങ്കിലും അനുഭവവേദ്യമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നുണ്ട്. അന്തിമ വിധി വരുന്നതുവരെയുള്ള കാലഘട്ടത്തിൽ ഇടക്കാല വിധികൾ ആണ് യാഥാർത്ഥ്യത്തെ നിർണയിക്കുന്നത്.
2026-ലെ യുജിസി ചട്ടങ്ങൾ
സുഖദേവ് തോറാട്ട് ഉൾപ്പെടെ നിരവധി പേർ ചൂണ്ടി കാണിച്ചിട്ടുള്ളത് പോലെ, 2026-ലെ തുല്യതയ്ക്ക് വേണ്ടിയുള്ള യുജിസി ചട്ടങ്ങൾ വലിയ വിപ്ലവമൊന്നുമല്ല. എന്നാൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിലനിൽക്കുന്ന വിവേചനങ്ങൾക്കെതിരെ വ്യവസ്ഥാപിതമായ ഒരു സംവിധാനം കൊണ്ടുവരുന്നതിന് അപൂർണ്ണമെങ്കിലും പ്രസക്തമായ ഇടപെടൽ ആയിരുന്നു. പ്രത്യേകിച്ചും 2012-ലെ ചട്ടങ്ങളിൽ അവഗണിക്കപ്പെട്ടിരുന്ന ഓബിസി വിഭാഗങ്ങളെ സംബന്ധിച്ച്. അങ്ങനെ ആയിരിക്കെ തന്നെയും, 2012-ലെ ചട്ടങ്ങളിലെ പല ഭാഗങ്ങളിലും വെള്ളം ചേർക്കുന്നതാണ് പുതിയ റെഗുലേഷൻസ് എന്ന് പറയാതെ വയ്യ. വിവേചനം എന്നതിൻറെ നിർവചനം അവ്യക്തമാക്കുകയും 2012-ലെ ചട്ടങ്ങളിൽ വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ടായിരുന്ന വിവേചനത്തിന്റെ രൂപങ്ങൾ, ഉദാഹരണത്തിന് അഡ്മിഷൻ, മൂല്യനിർണയം, ഫെലോഷിപ്പുകൾ നൽകുന്നത്, തുടങ്ങിയ കാര്യങ്ങളിലെ പക്ഷപാതിത്വപരമായ സമീപനങ്ങൾ, ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്. ഓരോ വിഭാഗങ്ങൾക്കും ഉണ്ടായിരുന്ന പ്രത്യേക സെല്ലുകൾക്ക് പകരം പിന്നാക്ക വിഭാഗങ്ങൾക്ക് മതിയായ പ്രാതിനിധ്യം ഇല്ലാത്ത ഇക്വിറ്റി കമ്മിറ്റികൾ ആണ് പുതിയ ചട്ടങ്ങളിൽ വിഭാവനം ചെയ്തിട്ടുള്ളത്. അതായത് 2026-ലെ ചട്ടങ്ങളുടെ യഥാർത്ഥ പ്രശ്നം അത് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിവേചനങ്ങൾ തടയുന്നതിന് കൂടുതൽ വിപുലമായ ഇടപെടലുകൾ നടത്തി എന്നുള്ളതായിരുന്നില്ല, മറിച്ച്, ചട്ടങ്ങൾ ദുർബലമായിരുന്നു എന്നതായിരുന്നു.
തുല്യനീതിക്ക് സ്റ്റേ
രാജ്യത്തെ സർവകലാശാലകളിൽ ജാതീയമായ വിവേചനം നിലനിൽക്കുന്നു എന്നുള്ള കാര്യം വ്യക്തമാക്കുന്ന ഒരുപാട് റിപ്പോർട്ടുകൾ ഉണ്ട്. ഡേറ്റയുണ്ട്, തെളിവുകൾ ഉണ്ട്. എന്നാൽ മറിച്ച് ഒരു വിവേചനം വസ്തുതാപരമായി ചൂണ്ടിക്കാണിക്കാനാവില്ല. കോടതിയുടെ സന്ദേശം വളരെ വ്യക്തമാണ്. യൂണിവേഴ്സിറ്റികൾക്ക് ഇത്രയും കാലം പ്രവർത്തിച്ചതുപോലെ തുടരാം. ഭരണാധികാരികളെ സംബന്ധിച്ചിടത്തോളം പിന്നാക്ക വിഭാഗങ്ങൾക്കെതിരായ വിവേചനങ്ങളെ നേരിടാൻ ചട്ടങ്ങളില്ല. ജാതി വിവേചനം അനുഭവിക്കുന്ന വിദ്യാർത്ഥികളെ സംബന്ധിച്ചിടത്തോളം പ്രതീക്ഷകളെ തകർക്കുന്ന നിലപാടാണിത്. ‘മറ്റുള്ളവർക്ക് അസൗകര്യം ഉണ്ടാക്കിയേക്കാം’ എന്ന കാരണം കൊണ്ട്, ജാതീയത അനുഭവിക്കുന്ന ആളുകൾക്ക് ആശ്വാസമാകുമായിരുന്ന നിയന്ത്രണങ്ങൾ കോടതി മരവിപ്പിച്ചിരിക്കുന്നു.
ജനാധിപത്യത്തിൽ ഭരണകൂടത്തിന്റെ കടമ, അധികാരത്തിന്റെ നീതിപൂർവമായ വിതരണം ആണ്, ഇവിടെ കോടതി അരക്ഷിതാവസ്ഥയുടെ വിതരണമാണ് നടത്തിയത്. ചട്ടങ്ങളിലെ ചില വകുപ്പുകളിൽ അവ്യക്തതയുണ്ടെന്ന് കോടതിക്ക് തോന്നിയെങ്കിൽ, അതിൽ വ്യക്തത ആവശ്യപ്പെടുകയായിരുന്നു വേണ്ടിയിരുന്നത്. ദുരുപയോഗത്തിനുള്ള സാധ്യതയായിരുന്നു പ്രശ്നമെങ്കിൽ, വ്യവസ്ഥാപിതമായ സംവിധാനങ്ങൾ, അപ്പീൽ സ്ഥാപനങ്ങൾ, വ്യാജ പരാതിക്ക് എതിരായുള്ള നടപടികൾ ഒക്കെയാണ് ആവശ്യപ്പെടേണ്ടിയിരുന്നത്. ഭാരതീയ ന്യായസംഹിതയിൽ തന്നെ വ്യാജ പരാതികളെ നേരിടാനുള്ള വകുപ്പുകൾ ഉണ്ട്. റാഗിംഗ് സംബന്ധിച്ച യു.ജി.സി. ചട്ടങ്ങൾ വേറെ ഉണ്ടെന്നിരിക്കെ, രാജിംഗിനെക്കുറിച്ച് പ്രദീപാതിച്ചിട്ടില്ല എന്നത് ചട്ടങ്ങൾ റാഡ് ചെയ്യാൻ കാരണമാകേണ്ടതില്ല. വേർതിരിവാണ് കോടതിയുടെ പ്രശ്നമെങ്കിൽ, ചട്ടങ്ങളിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ പ്രാവർത്തികമാകുമ്പോൾ എന്തു ഫലമാണ് ഉണ്ടാക്കുക എന്ന് പരിശോധിക്കണമായിരുന്നു, നൈയാമിക ചരിത്രത്തിലെ ചില കഥകൾ സന്ദർഭത്തിന് വിരുദ്ധമായി ഇളക്കിയെടുത്തു പ്രയോഗിക്കുകയായിരുന്നില്ല വേണ്ടിയിരുന്നത്. ഏറ്റവും പ്രധാനപ്പെട്ട കാര്യം, സ്റ്റേ ചെയ്യുന്നതാണ് ഉചിതം എന്ന് കോടതിക്ക് ബോധ്യപ്പെട്ടിരുന്നുവെങ്കിൽ, അതെന്തുകൊണ്ടെന്ന് യുക്തിയുക്തമായി പൊതുസമൂഹത്തിന് മുന്നിൽ വിശദീകരിക്കണമായിരുന്നു. എന്നാൽ കോടതിവിധിയിൽ എങ്ങും അങ്ങനെയൊരു വിശദീകരണം കാണാൻ കഴിയില്ല.
സർവകലാശാലകളിലെ ജാതീയത, കൽപിതകഥയല്ല, അതിന് പേരുകളും മുഖങ്ങളും ശവകുടീരങ്ങളുമുണ്ട്… ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റിയിൽ ജീവൻ പൊലിഞ്ഞ രോഹിത് വെമുലയുടെ അമ്മ രാധികാവ് വെമുലയും, ടോപ്പി വാല നാസ്ത മെഡിക്കൽ കോളേജിൽ, സീനിയർ വിദ്യാർത്ഥികളുടെ ഉപദ്രവം മൂലം ആത്മഹത്യ ചെയ്യേണ്ടിവന്ന, പായൽ തദ് വിയുടെ അമ്മ ആബിദ സലീം തദ് വിയും സുപ്രീംകോടതിയിൽ സമർപ്പിച്ച പൊതു താൽപര്യ ഹർജിയെ തുടർന്നാണ്, പിന്നോക്ക വിഭാഗങ്ങൾക്കെതിരായ വിവേചനങ്ങൾ കൂടി പരിഗണിക്കുന്ന ചട്ടങ്ങൾ കൊണ്ടുവരാനുള്ള തീരുമാനം ഉണ്ടാകുന്നത്. 2012-ലെ ചട്ടങ്ങളിൽ പട്ടികജാതി/പട്ടികവർഗവിഭാഗങ്ങൾക്കെതിരായ വിവേചനം മാത്രമാണ് ഉൾപ്പെടുത്തിയിരുന്നത്. 2012-ലേ ചട്ടങ്ങൾ കോടതി അനുച്ഛേദം 142 വഴി പുനഃസ്ഥാപിച്ചിട്ടുമുണ്ട്. അങ്ങനെ നോക്കുമ്പോൾ, ഒ ബി സി വിഭാഗങ്ങൾക്കാണ് ഈ വിധി ഏറ്റവും വലിയ തിരിച്ചടിയാവുന്നത്. വിവേചനം വ്യാപകമായ ഒരു സമൂഹത്തിൽ, ഭരണഘടനാ കോടതികൾ, ആ യാഥാർത്ഥ്യത്തെ ശ്രദ്ധയോടെയും വ്യക്തതയോടെയും ധൈര്യത്തോടെയും അഭിസംബോധന ചെയ്യേണ്ടതാണ്. അനീതിക്കു മുമ്പിലെ നിശബ്ദത അനീതി തന്നെയാണ്. നീതിനിഷേധം അവസാനിക്കുന്നില്ല. ഇത് സ്റ്റേ തുല്യനീതിക്കെതിരായ സ്റ്റേ ആണ്.
published in Suprabhatham Daily on 07/02/2025



