സുപ്രീംകോടതി; പ്രാതിനിധ്യവും അധികാരവും

പി ബി ജിജീഷ്

ഇന്ത്യൻ ജനാധിപത്യ സംവിധാനത്തിന്റെ ഹൃദയമെന്നു വിശേഷിപ്പിക്കാവുന്ന സ്ഥാപനമെങ്കിലും,  സുപ്രീംകോടതിയിലെ ന്യായാധിപരുടെ സാമൂഹ്യപശ്ചാത്തലം പരിശോധിച്ചാൽ അത് ഇന്ത്യൻ ജനതയെ  നേരാംവണ്ണം പ്രതിനിധീകരിക്കുന്നില്ല എന്ന് കാണാം. രൂപീകരണം മുതൽ ഇന്നുവരെ സുപ്രീംകോടതിയിലെ, പട്ടികജാതി/പട്ടികവർഗ്ഗ, പിന്നാക്ക, ന്യൂനപക്ഷ വിഭാഗങ്ങളുടെയും സ്ത്രീകളുടെയും പ്രാധിനിത്യം  സംബന്ധിച്ച  ഗൗരവമായ പരിശോധനയും, ഇതിനായി സംവിധാനത്തെ ജനാധിപത്യവൽക്കരിക്കുന്നതിനുള്ള അർഥപൂർണമായ  ശ്രമവും കാലഘട്ടത്തിൻറെ അനിവാര്യതയാണ്.

നമ്മുടെ ഭരണഘടന വിഭാവനം ചെയ്യുന്നത് യാന്ത്രികമായ സമത്വമല്ല. ചരിത്രപരമായ അസമത്വത്തെ മനസ്സിലാക്കുവാനും ആവശ്യമായ തിരുത്തലുകൾ വരുത്തുവാനും അത് ശ്രദ്ധിക്കുന്നുണ്ട്. തുല്യത ഉറപ്പുവരുത്തുന്ന അനുച്ഛേദം പതിനാലിന് പുറമേ,  തുല്യതയെ സാമൂഹിക യാഥാർത്ഥ്യമാക്കുന്നതിന് വിധമുള്ള ഭരണകൂട ഇടപെടലുകൾ നമ്മുടെ ഭരണഘടന ആവശ്യപ്പെടുന്നുണ്ട്. അനുഛേദം 15,16,17,48 തുടങ്ങിയവയെല്ലാം അതിനുള്ള ദിശാസൂചകങ്ങളാണ്. എന്നാൽ, രാജ്യത്ത് ഭരണഘടനയുടെ പരമോന്നത വ്യാഖ്യാതാവായ സുപ്രീംകോടതി മാത്രം യഥതഥ സമത്വത്തിന്റെ  ഭരണഘടനായുക്തിക്ക് പുറത്താണ് നിലകൊള്ളുന്നത്. കഴിഞ്ഞ 70 വർഷത്തിലേറെയായി, സുപ്രീംകോടതിയെ നയിച്ചത് പ്രധാനമായും  നഗരകേന്ദ്രീകൃതമായി ജീവിക്കുന്ന സവർണ്ണ ഹിന്ദു ഭൂരിപക്ഷമാണ്. ഇത് ഭരണഘടനാ ജനാധിയോപത്യത്തിന്റെ അടിസ്ഥാനമൂല്യങ്ങൾക്കു വിരുദ്ധമാണ്. ജുഡീഷ്യറിയിലെ പ്രാതിനിധ്യം കേവലം പ്രതീകാത്മകതയല്ല, സ്വത്വ രാഷ്ട്രീയത്തിന്റെ പ്രയോഗവുമല്ല, സംവിധാനത്തിന്റെ വിശ്വാസ്യതയുടെയും ജനാധിപത്യപരമായ പ്രാമാണികതയുടെയും പ്രതിഫലനമാണ്. നിയമ പുസ്തകത്തിലെ വാചകങ്ങളെയല്ല, ജീവിതയാഥാർത്ഥ്യങ്ങളെയാണ് കോടതികൾ അഭിമുഖീകരിക്കേണ്ടത്. ജനതയും ന്യായാധിപരും തമ്മിലുള്ള സാമൂഹികമായ അകലം,  പ്രാമാണിക അന്ധതയ്ക്കും, അതുവഴി വിശ്വാസ ശോഷണത്തിനും കാരണമാകും.

 ഭരണഘടനാപരമായ കാഴ്ചപ്പാട് 

സാമൂഹികമായ തുല്യതയില്ലാത്ത രാഷ്ട്രീയ തുല്യത അർത്ഥശൂന്യമാണെന്ന വസ്തുത നമ്മുടെ ഭരണഘടനാ ശില്പികൾ അംഗീകരിച്ചിരുന്നു.  സംവരണത്തിന്റെ അനിവാര്യതയെ കുറിച്ച് ഡോക്ടർ അംബേദ്കർ മുന്നോട്ടുവച്ച ആശയങ്ങൾക്ക് ലഭിച്ച സ്വീകാര്യത സൂചിപ്പിക്കുന്നത് ഇതിനെയാണ്.  ജുഡീഷ്യറിയിൽ സംവരണം ഭരണഘടനയുടെ ഭാഗമായില്ലെങ്കിലും, ഭരണഘടനയുടെ അടിസ്ഥാന ആശയം, രാജ്യത്തിൻറെ പരമാധികാരം പ്രയോഗിക്കപ്പെടുന്ന സ്ഥാപനങ്ങളൾ ഒക്കെയും സാമൂഹിക വൈവിധ്യത്തെ  സാംശീകരിക്കേണ്ടതാണെന്നതു  തന്നെയാണ്. അതിൽനിന്ന് ജുഡീഷ്യറിയെ മാത്രം ഒഴിവാക്കുന്നത്, സാമൂഹ്യനീതിയെ കീറിമുറിക്കുന്നതിന് തുല്യമാണ്. ഭരണഘടന മുന്നോട്ടുവയ്ക്കുന്ന യഥാതഥസമത്വം എന്ന ആശയം നമുക്ക് താല്പര്യമുള്ള മേഖലകളിലേക്ക് മാത്രമായി പരിമിതപ്പെടുത്തുന്നത് ശരിയല്ല. 

വിവരങ്ങളുടെ അപര്യാപ്തത

2018 വരെ സുപ്രീംകോടതി ന്യായാധിപരുടെ ജാതിയും മതവും ലിംഗവും അടിസ്ഥാനപ്പെടുത്തിയുള്ള വിവരങ്ങൾ ഗവൺമെൻറ് ഔദ്യോഗികമായി സൂക്ഷിച്ചിരുന്നില്ല. 2018 മുതൽ കോളീജിയം ന്യായാധിപരുടെ, അവർ സ്വയം വെളിപ്പെടുത്തുന്ന സാമൂഹിക പശ്ചാത്തലം കൂടി നാമനിർദ്ദേശങ്ങൾക്കൊപ്പം ഉൾപ്പെടുത്താൻ ആരംഭിച്ചു. അതുകൊണ്ടുതന്നെ മറ്റു പഠനങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് പഴയ വിവരങ്ങൾ ഇതിൽ ചേർത്തിരിക്കുന്നത്. പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങളെ സംബന്ധിച്ചും സ്ത്രീകളെ സംബന്ധിച്ചും രേഖകൾ കൃത്യമാണെങ്കിലും ന്യൂനപക്ഷ/ഓബിസി വിഭാഗങ്ങളുടെ എണ്ണം സംബന്ധിച്ച്  കണക്കുകളിൽ അവ്യക്തതകൾ ഉണ്ടായേക്കാം. 

സുപ്രീം കോടതിയിലെ പ്രാതിനിധ്യ വിവരങ്ങൾ 

ദശകം ആകെ ജഡ്ജിമാർ സ്ത്രീ എസ്/സി എസ്/ടി ഓ ബി സി മുസ്‌ലിം ക്രിസ്ത്യൻ
1950–59~50000011
1960–69~60010011
1970–79~70110021
1980–89~80210121
1990–99~90310221
2000–09~100520321
2010–19~110821432
2020–26*~45621411

*Based on official parliamentary disclosures (2021–2026).(Sources: SCObserver, 2025; NLUJ Law Review; Ministry of Law and Justice, 2026)

ഈ പട്ടിക പരിശോധിക്കുമ്പോൾ, കഴിഞ്ഞ 75 വർഷങ്ങൾക്കിടയിൽ സുപ്രീംകോടതിയിൽ ആകെ 10 ദളിത് ന്യായാധിപരും, ആദിവാസി വിഭാഗത്തിൽനിന്ന് ഒരേയൊരാളും മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്ന് കാണാം. മുസ്ലിം  പ്രാതിനിധ്യമാകട്ടെ 1950-കൾ മുതൽ തന്നെ നാമമാത്രമായിരുന്നു. പരമാവധി 6-7% എന്ന് കണക്കുകൾ. 2025-ൽ  സുപ്രീം കോടതി ബെഞ്ചിൽ കേവലം ഒരു മുസ്ലിമും ഒരു ക്രിസ്ത്യാനിയും മാത്രമാണ് ഉണ്ടായിരുന്നത്. ഒ ബി സി വിഭാഗത്തിൽ നിന്നുള്ള  പ്രാതിനിധ്യവും വളരെ അപര്യാപ്തമാണ്. വിവിധ റിപ്പോർട്ടുകൾ പറയുന്നത്  അത് 5-6 ശതമാനത്തിനു  മുകളിൽ വരില്ലെന്നാണ്. ജനസംഖ്യയുടെ വെറും 4% മാത്രമുള്ള ബ്രാഹ്മണർ ആകെ സുപ്രീംകോടതി ജഡ്ജിമാരിൽ 36% വരും. 60-80 ശതമാനം സവർണ ഹിന്ദുക്കളാണ്. 1989-ൽ ജസ്റ്റിസ് ഫാത്തിമ ബീവി ആദ്യത്തെ വനിതാ സുപ്രീം കോടതി ജഡ്ജിയായെങ്കിലും, ഒരുകാലത്തും സുപ്രീംകോടതിയിൽ വനിതകൾ 15-20% ശതമാനത്തിൽ കൂടുതൽ വന്നിട്ടില്ല. ഇപ്പോഴാണെങ്കിൽ ആകെ ഒരു വനിത ജഡ്ജി മാത്രമാണ് സുപ്രീംകോടതിയിൽ ഉള്ളത്.

ഈ വിഷയത്തിൽ ശ്രദ്ധേയമായ പഠനങ്ങൾ നടത്തിയിട്ടുള്ളത് സുപ്രീംകോടതി ജുഡീഷ്യൽ അക്കാദമിയുടെ ഡയറക്ടർ ആയിരുന്ന പ്രഫ. ജി മോഹൻ ഗോപാലാണ്. വ്യവസ്ഥാപിതമായ ജാത്യാന്ധത, നിഷ്പക്ഷത എന്ന നാട്യത്തിൽ, മെറിറ്റിനെ  സംബന്ധിച്ച വാചകക്കസർത്തുകൾ കൊണ്ട് സ്വാഭാവികവൽക്കരിക്കപ്പെടുകയാണ് ചെയ്യുന്നതെന്ന്ന് അദ്ദേഹം പറയുന്നു. ഈ ലേഖകനു നൽകിയ അഭിമുഖത്തിൽ, ഇന്ത്യൻ ജുഡീഷ്യറിയെ ഒരു ഒലിഗാർക്കിയാണ്  നയിക്കുന്നതെന്നും, ഇന്ത്യയിൽ ഹിന്ദു രാഷ്ട്രത്തിന് അടിത്തറപാകിയത് സുപ്രീംകോടതിയാണ് എന്നും അഭിപ്രായപ്പെട്ടു.  ജിഡീഷ്യറിയിൽ, മെറിറ്റിൽ, ജാതിക്ക് ഒരു പ്രസക്തിയും ഇല്ലെന്ന  വാദം സാമൂഹ്യ ശാസ്ത്രപരമായും ഭരണഘടനാപരമായും  സാധൂകരിക്കാനാവാത്തതാണെന്ന് സുപ്രീംകോടതിയുടെ സംവരണ നിലപാടുകളെ കുറിച്ചുള്ള ലേഖനത്തിൽ ഗൗതം ഭാട്ടിയയും സമർത്ഥിക്കുന്നുണ്ട്.

സമൂഹത്തിലെ ദുർബല വിഭാഗങ്ങളുടെ പ്രാതിനിധ്യമില്ലായ്മ, സുപ്രീംകോടതി തീരുമാനങ്ങളെ വലിയ തോതിൽ സ്വാധീനിക്കുന്നുണ്ട്. പിന്നോക്ക വിഭാഗങ്ങളിൽ പെട്ടവരുടെയും,  ന്യൂനപക്ഷങ്ങളുടെയും, ദളിതരുടെയും, ആദിവാസികളുടെയും, സ്ത്രീകളുടെയും, ജീവിതയാഥാർത്ഥ്യങ്ങളെ അനുഭവിച്ചറിയാത്തതിന്റെ പോരായ്മ നിതിന്യായ സംവിധാനത്തിനുണ്ട് എന്ന് ഭരണഘടന വിചക്ഷണൻ, പ്രൊഫസർ ഫൈസാൻ മുസ്തഫ  അഭിപ്രായപ്പെട്ടിട്ടുണ്ട്. ദളിത് സ് ആൻഡ് ഇന്ത്യൻ കോൺസ്റ്റിറ്റ്യൂഷൻ എന്ന പുസ്തകത്തിൽ പ്രൊഫസർ ആനന്ദ് ടെൽടുംബ്ഡെ രേഖപ്പെടുത്തുന്നത് പോലെ “രാജ്യത്തെ ഭരണഘടന സ്ഥാപനങ്ങൾ, അവർ ഭരിക്കുന്ന സോഷ്യൽ റിപ്പബ്ലിയുമായി യാതൊരു ബന്ധവുമില്ലാത്ത സവർണ്ണ  ദന്തഗോപുരങ്ങളായി മാറിക്കൊണ്ടിരിക്കുന്നു’ എന്ന വിമർശനം ശക്തമാണ്.

പ്രാതിനിധ്യമില്ലായ്മയുടെ കാരണങ്ങൾ 

ഏറ്റവും പ്രധാനപ്പെട്ട ഒരു കാരണം, ഉന്നത  നീതിന്യായ സംവിധാനത്തിലേക്കുള്ള  പടവുകൾ വരേണ്യ വിഭാഗങ്ങളുടെ പാരമ്പര്യവും, പ്രാക്ടീസും, സൗഹൃദശൃംഖലകളും, നഗരകേന്ദ്രീകൃതമായ ബന്ധങ്ങളും  ഒക്കെ ചേർന്നൊരുക്കുന്ന കരിയർ മൂലധനത്തിന്റെ പാതയിലാണ് എന്നുള്ളതാണ്. ഇത് അരികുവൽക്കരിക്കപ്പെട്ട ജനതയെ വളരെ സ്വാഭാവികമായി മുഖ്യധാരയിൽ നിന്ന് മാറ്റി നടത്തുന്ന വ്യവസ്ഥിതിയാണ്. 

രണ്ടാമത്തെ കാരണം, യാതൊരു സ്വകാര്യതയും വിശ്വാസിയും ഇല്ലാതെ പ്രവർത്തിക്കുന്ന കൊളീജിയം ആണ്. പൊതുസമൂഹത്തിന്റെ മുന്നിൽ തെരഞ്ഞെടുപ്പിന്റെ മാനദണ്ഡങ്ങളോ വഴികളോ ഒന്നും വെളിപ്പെടുന്നില്ല എന്നുള്ളതുകൊണ്ടുതന്നെ ഈ സംവിധാനത്തിന് പ്രിയങ്കരരായവരെ മാത്രം ചേർത്തു പിടിക്കാൻ കഴിയുന്നു. ജസ്റ്റിസ് എ പി ഷാ, ജസ്റ്റിസ് മദൻ ലോകൂർ തുടങ്ങി പ്രശസ്തരായ നിരവധി ന്യായാധിപർ തന്നെ ഈ പ്രശ്നം ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

മൂന്നാമത്തെ കാരണം കാലികമായ പരിഷ്കാരങ്ങൾ ഉണ്ടാവാത്തതാണ്. നീതിന്യായ സംവിധാനത്തിലെ പ്രാതിനിത്യത്തിന്റെ അഭാവത്തെക്കുറിച്ച്  രാഷ്ട്രീയ വ്യവഹാരങ്ങളിൽ കൃത്യമായ ധാരണ ഉണ്ടെങ്കിലും, അത് പരിഹരിക്കാൻ ആവശ്യമായ കടലാപരമായ പരിഷ്കാരങ്ങൾ കൊണ്ടുവരാൻ ആരും തയ്യാറാകുന്നില്ല. 

ആഗോള സാഹചര്യം

ആഗോളതലത്തിൽ നമ്മുടെ രാജ്യവും മറ്റു ഭരണഘടനാ ജനാധിപത്യങ്ങളുമായുള്ള വ്യത്യാസം ഭരണഘടനാപരമല്ല, വ്യവസ്ഥാപരമാണ്. മിക്കവാറും  ആധുനിക ജനാധിപത്യ രാജ്യങ്ങളിൽ എല്ലാം തന്നെ, ന്യായാധിപ  നിയമനത്തിനു വേണ്ടി സ്വതന്ത്രമായ തെരഞ്ഞെടുപ്പ്  സംവിധാനങ്ങളും, സുതാര്യമായ നടപടിക്രമങ്ങളും, പ്രാതിനിധ്യം ഉറപ്പുവരുത്തുന്നതിനുള്ള ഇടപെടലുകളും, പൊതു സമൂഹവുമായുള്ള തുറന്ന  സംവാദവും, കൊണ്ടുവരുന്നതിനുള്ള ശ്രമങ്ങൾ ഉണ്ടായിട്ടുണ്ട്. വൈവിധ്യങ്ങളുടെ  പ്രാതിനിധ്യം ഉറപ്പുവരുത്തുക എന്നത് ഒരു നയമായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്. 

ഉദാഹരണത്തിന് യുകെയിൽ, ന്യായാധിപ  ഒഴിവുകൾ പരസ്യം ചെയ്യാനും, അപേക്ഷ  സ്വീകരിക്കാനും, തെരഞ്ഞെടുപ്പ് പ്രക്രിയ നടത്തുവാനും, നാമനിർദ്ദേശങ്ങൾ സമർപ്പിക്കുവാനും സുതാര്യമായ രീതിയിൽ പ്രവർത്തിക്കുന്ന ജുഡീഷ്യൽ അപ്പോയിന്റ്മെന്റ് കമ്മീഷൻ ഉണ്ട്. വൈവിധ്യങ്ങളെ ഉൾച്ചേർക്കുവാനുള്ള പരിശ്രമങ്ങളും കാണാം. കാനഡയിൽ ഇൻഡിപെൻഡന്റ് അഡ്വൈസറി ബോർഡ് ഫോർ സുപ്രീം കോർട്ട് അപ്പോയിൻമെന്റ് എന്ന സംവിധാനമാണുള്ളത്. അവിടെയും സുതാര്യതയും വൈവിധ്യവൽക്കരണവും പ്രധാനനയമാണ്. വർണ്ണവിവേചനത്തിന്റെ ദുരനുഭവങ്ങൾ ഉള്ള ദക്ഷിണാഫ്രിക്കയിൽ, അതിനെ മറികടക്കുക എന്ന കൃത്യമായ ലക്ഷ്യമുള്ള ജുഡീഷ്യൽ സർവീസ് കമ്മീഷൻ ആണ് പ്രവർത്തിക്കുന്നത്. അമേരിക്കയിലെ രാഷ്ട്രീയ നിയമനങ്ങൾ ആണെങ്കിലും, അതിൽ സുതാര്യതയും, പൊതുസമൂഹത്തിന് ബോധ്യമാകുന്ന തരത്തിലുള്ള ഹിയറിങ്ങുകളും വിലയിരുത്തലുകളും ഉണ്ട്. ഇത്തരം സംവിധാനങ്ങൾക്ക് പരിമിതികൾ പലതും ഉണ്ടെങ്കിലും, അതിൻറെ  സമഗ്രതയിൽ പരിശോധിച്ചാൽ, ഏറെ ഗുണകരമായ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട് എന്ന് കാണാം. ആ ദിശയിലുള്ള നീക്കങ്ങൾ നമ്മുടെ രാജ്യത്തും അനിവാര്യമാണ്.

 ഉടൻ ചെയ്യേണ്ട കാര്യങ്ങൾ

ഏറ്റവുമാദ്യം നമുക്ക് ചെയ്യാവുന്നത് കൊളീജിയം സംവിധാനത്തിന്റെ സുതാര്യത ഉറപ്പുവരുത്തുക എന്നതാണ്. ന്യായാധിപ നിയമനങ്ങൾക്ക് കൃത്യമായ മാനദണ്ഡങ്ങളും മൂല്യനിർണയ സംവിധാനവും തെരഞ്ഞെടുപ്പ് പ്രക്രിയയും വേണം. അത് പൊതുസമൂഹത്തിന്  ബോധ്യപ്പെടുന്നതായിരിക്കണം. സാമൂഹിക വൈവിധ്യങ്ങളെ ചേർക്കാൻ കഴിയുന്ന തരത്തിൽ, ആളുകളെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ലക്ഷ്യവേധിയായ ഫെലോഷിപ്പുകളും ഗ്രൂമിങ് സംവിധാനങ്ങളും ഒരുക്കണം. ജുഡീഷ്യറിയിലെ പ്രാതിനിധ്യത്തെ കുറിച്ചുള്ള സമയബന്ധിതമായ അവലോകനവും അവലോകനം റിപ്പോർട്ട് കളുടെ പ്രസിദ്ധീകരണവും ഉറപ്പുവരുത്തണം. അതിനനുസരിച്ചിട്ടുള്ള നടപടികൾ ആവിഷ്കരിക്കണം. സംവരണത്തിന്റെ കാര്യത്തിൽ ഒക്കെ ഉണ്ടായത് പോലെ, ആവശ്യമെങ്കിൽ, ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തെ ബാധിക്കാത്ത തരത്തിലുള്ള, ഭരണഘടന ഭേദഗതികളും ആലോചിക്കാവുന്നതാണ്. 

സുപ്രീം കോടതിയുടെ പ്രാമാണികതയും വിശ്വാസതയും നിലനിർത്തുവാൻ, നിയമവൈജ്ഞാനിക വ്യാഖ്യാനങ്ങളിലെ കൃത്യത കൊണ്ട്  മാത്രം പോരാ, ജനാധിപത്യപരമായ ആധികാരികതയും അതിന് അത്യന്താപേക്ഷിതമാണ്. പ്രാതിനിധ്യം  ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തിന് വിരുദ്ധമല്ല, ഭരണഘടനാ ധാർമികതയുടെ അവിഭാജ്യ ഘടകമാണത്. സാമൂഹിക നീതി ഉറപ്പുവരുത്താൻ കഴിയാത്ത ജനാധിപത്യം മുട്ടത്തോട് പോലെ ദുർബലമാണ്. അനീതിയുടെ നൈരന്തര്യത്തിൽ ക്ഷമനശിച്ച മനുഷ്യരുടെ  ക്ഷോഭത്തെ താങ്ങാനുള്ള കരുത്ത് അതിനു ഉണ്ടായിക്കൊള്ളണമെന്നില്ല. ഭരണഘടനയുടെ അന്തിമരൂപം അവതരിപ്പിച്ചുകൊണ്ട് ഭരണഘടനാ ശില്പി ഡോ. അംബേദ്കർ മുന്നോട്ടുവെച്ച ആശങ്കകളിൽ ഒന്ന്  ഈ സ്വാതന്ത്ര്യത്തെ നിലനിർത്തുവാൻ നമുക്ക് കഴിയുമോ എന്നുള്ളതായിരുന്നു. കഴിയണമെങ്കിൽ, സാമൂഹ്യനീതി നമ്മുടെ പ്രഥമ പരിഗണന വിഷയമാക്കേണ്ടതുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here