കർത്താവിൻറെ മണവാട്ടികളെ വഴിയിൽ ഉപേക്ഷിക്കരുത് 

സിസ്റ്റർ റാണിറ്റ്, ഏഷ്യാനെറ്റ് ന്യൂസിലെ വിനു വി ജോണിനോട് സംസാരിക്കുന്നത് കേൾക്കുമ്പോൾ ചങ്കു പൊള്ളാത്തവർ ഉണ്ടാവില്ല.  ശ്വസിക്കുന്ന പ്രാണവായി ഒഴികെ മറ്റെല്ലാം തങ്ങൾക്ക് നിഷേധിക്കപ്പെട്ടിരിക്കുന്നു എന്ന് അവർ പറയുമ്പോൾ ജീവിതത്തിൻറെ ഉറപ്പുകൾ എല്ലാം നഷ്ടപ്പെട്ട മനുഷ്യരുടെ മുന്നിലെ അസ്വസ്ഥതപ്പെടുത്തുന്ന ശൂന്യത നമ്മളെ വന്നു പൊതിയുന്നു. ക്രൂരമായ നീതി നിഷേധം മനുഷ്യരോട് ചെയ്യുന്നത് എന്തെന്ന് നമുക്ക് ബോധ്യപ്പെടുന്നു. 

നീതി ഓരോ മനുഷ്യരുടെയും അഭിലാഷമാണ്, ഓരോ സമൂഹത്തിന്റെയും പ്രതീക്ഷയാണ്… പഴയകാലത്ത് നീതി ഒരു നന്മയായിരുന്നു, ഭരണാധികാരിയുടെ, രാജാവിൻറെ, രാജ്ഞിയുടെ, സുമനസ്സ്. എന്നാൽ ആധുനിക സമൂഹത്തിൽ നീതി പ്രതീക്ഷ മാത്രമല്ല ഭരണഘടനാപരമായ വാഗ്ദാനമാണ്. നീതി നിറവേറ്റപ്പെടുന്നത് ഭരണാധികാരികളുടെ മനോനില നോക്കിയല്ല, ഭരണകൂടത്തിന്റെ ഭരണഘടനാപരമായ ബാധ്യത എന്ന നിലയ്ക്കാണ്, സമൂഹത്തോടുള്ള ഉത്തരവാദിത്വമായാണ്. എല്ലാ സംവിധാനങ്ങൾക്കും, നിയമനിർമ്മാണ സഭ, എക്സിക്യൂട്ടീവ്, നീതിന്യായ വ്യവസ്ഥിതി, അങ്ങനെ എല്ലാറ്റിനും, ഒരുപോലെ ഉത്തരവാദിത്തമുണ്ട്. അങ്ങനെ നോക്കിയാൽ നമ്മുടെ സംവിധാനങ്ങൾ പരിപൂർണ്ണമായും തകർന്നുപോയ അവസരമായിരുന്നു ബിഷപ്പ് ഫ്രാങ്കോയെ വെറുതെ വിട്ട കോടതിവിധി. 

അതിജീവിതയെ വിചാരണ ചെയ്യുന്ന വിധിന്യായം

കോട്ടയം സെഷൻസ് കോടതി ജഡ്ജി ഗോപകുമാർ ജി എഴുതിയ 259 പേജ് വരുന്ന വിധി ആത്മരോഷത്തോടെ അല്ലാതെ വായിച്ചു തീർക്കാൻ കഴിയില്ല. വിധി മോശം രീതിയിൽ എഴുതപ്പെട്ടതോ യുക്തിരഹിതമോ അല്ല; മറിച്ച് ആവശ്യമായ കീഴ്വഴക്കങ്ങളും മുൻകാല വിധികളും കൃത്യമായി പിന്തുടരുന്ന, വളരെ നന്നായി എഴുതി തയ്യാറാക്കിയ വിധി ന്യായമാണത്. അതുകൊണ്ടുതന്നെയാണ് അത് നമ്മളെ അസ്വസ്ഥപ്പെടുത്തുന്നത്. ലൈംഗിക ആക്രമണ കേസുകളിൽ, കുറ്റാരോപിതനു പകരം അതിജീവിതയെ വിചാരണ ചെയ്യുന്ന, പലതവണ ഇന്ത്യൻ കോടതികളിൽ പരീക്ഷിച്ചു വിജയിച്ച നിയമമാർഗ്ഗമാണ് ഇവിടെയും പ്രയോഗ വൽക്കരിച്ചിട്ടുള്ളത്. 

വിധിയിലുടനീളം കുറ്റാരോപിതനായ ബിഷപ്പ് ഫ്രാങ്കോയുടെ ചെയ്തികളല്ല, അതിജീവിതയുടെ പ്രതികരണങ്ങളാണ് വിലയിരുത്തപ്പെടുന്നത്. അതിക്രമത്തിനുശേഷം അവർ എന്തു പറഞ്ഞു, ആരോട് പറഞ്ഞു, കൃത്യമായി പ്രയോഗിച്ച വാക്കുകൾ ഏതൊക്കെയാണ്, സംസാരിച്ചത് ഏത് സമയത്താണ്, അതിനുശേഷം ഉള്ള വീഡിയോ ദൃശ്യങ്ങളിലും ചിത്രങ്ങളിലും  പ്രതിഫലിപ്പിക്കുന്ന അവരുടെ മാനസികാവസ്ഥ എന്താണ്, എന്തുമാത്രം ഭയവും പ്രതിഷേധവും ഒക്കെയാണ് ദൃശ്യമാകുന്നത്, മൊഴികളിൽ എത്രമാത്രം സ്ഥിരതയുണ്ട്, ഏതുതരം വൈകാരിക പ്രകടനമാണ് നിയമപരമായി സ്വീകാര്യമാവുക ഇങ്ങനെയുള്ള കാര്യങ്ങളാണ് പരിശോധിക്കുന്നത്. 

വിചാരണ, അങ്ങനെയൊരു കുറ്റകൃത്യം നടന്നിട്ടുണ്ടോ എന്നതിനപ്പുറം, വിശ്വാസത ഉണ്ടാകണമെങ്കിൽ ഒരു അതിജീവിത എങ്ങനെയാണ് പ്രതികരിക്കേണ്ടത് എന്നതിനെ പറ്റിയുള്ള മാർഗനിർദേശങ്ങളായി മാറുന്നു. അക്രമത്തിന് ശേഷം ഉടനെ അവൾ എങ്ങനെ പ്രതികരിക്കണം? കരയണോ? എതിർക്കണോ ബഹളം വയ്ക്കണോ? ആരോടെങ്കിലും വെളിപ്പെടുത്തണോ ഇതിനെയൊക്കെ എങ്ങനെ അഭിമുഖീകരിക്കണം? ആരോട് എന്തൊക്കെ എങ്ങനെ സംസാരിക്കണം? ഏതു സമയത്ത് പോലീസിൽ അറിയിക്കണം? അനുവദനീയമായ വൈകാരിക പ്രകടനങ്ങൾ ഏതൊക്കെയാണ്? ഏതൊക്കെ പെരുമാറ്റങ്ങളാണ് വിശ്വാസ്യ യോഗ്യമാവുന്നത്…  വിധിയിലുടനീളം ഇക്കാര്യങ്ങൾ ആവർത്തിച്ചു കടന്നുവരികയാണ്. തെളിവുകൾ വിശകലനം ചെയ്യുന്നതിന് മാത്രമല്ല, അതിജീവിതയെ സദാചാര മുൻവിധികളുടെ ചില വാർപ്പ് മാതൃകകളുമായി തുലനപ്പെടുത്തി, ഒടുവിൽ വിശ്വസിക്കാൻ കൊള്ളാത്തവളെന്നു സ്ഥാപിക്കുന്നതിനും ഈ രീതി വഴിവയ്ക്കുന്നു.

ദൗർഭാഗ്യവശാൽ ഇത് നമ്മുടെ രാജ്യത്തെ ഒരു നിയമ വൈജ്ഞാനിക പാരമ്പര്യത്തിന്റെ ഭാഗമാണ്. 

സംശയത്തിന്റെ സൂചിമുനയിൽ അതിജീവിത

കോടതി, സഭയിലെ സ്ഥാപനവൽകൃതമായ അധികാര ഘടനയെ മനസ്സിലാക്കുകയും എന്നാൽ അതിൻറെ അനന്തരഫലങ്ങളെ വളരെ ലളിതമായി അവഗണിക്കുകയും ചെയ്യുന്ന കാഴ്ച നമ്മളെ അത്ഭുതപ്പെടുത്തും. ഈ കോൺവെന്റിനു മേലും സന്യാസ സമൂഹത്തിന്മേലും ബിഷപ്പ് ഫ്രാങ്കോക്ക് അധികാരം ഉണ്ടായിരുന്നു എന്ന് കോടതി കണ്ടെത്തുന്നുണ്ട്. വളരെ പ്രധാനപ്പെട്ട ഈ വസ്തുതാപരമായ കണ്ടെത്തൽ പക്ഷേ പിന്നീട് അവഗണിക്കുകയാണ്. 

അതിജീവിതയുടെ പ്രതികരണങ്ങളെ സ്വാധീനിക്കുന്ന ഘടകമായി അധികാരത്തെ മനസ്സിലാക്കുന്നതിൽ കോടതി പരാജയപ്പെടുന്നു. പെരുമാറ്റവും ഭയവും നിശബ്ദതയും കാലതാമസവും എല്ലാം ഈ അധികാരവുമായി അഭേദ്യമാംവിധം ബന്ധപ്പെട്ടതാണെന്ന വസ്തുത അവഗണിക്കുന്നു. അതിക്രമത്തിന് ശേഷവും ഫ്രാങ്കോയുമായി പരസ്യമായി ഇടപഴകിയതും, ഔദ്യോഗിക പരിപാടികളിൽ പങ്കെടുത്തതും, ഫോട്ടോഗ്രാഫുകളിലെ ചിരിയും വളരെ നിയന്ത്രിതവും ശ്രേണിവൽക്കൃതവുമായ മതസ്ഥാപനങ്ങളിൽ സ്വാഭാവികമായും പ്രതീക്ഷിക്കേണ്ട പെരുമാറ്റമാണ് എന്നു മനസ്സിലാക്കുന്നതിന് പകരം  അവരെ സംശയിക്കാനുള്ള കാരണമായി കണക്കാക്കുകയാണ് കോടതി ചെയ്യുന്നത്. ഇത് അനുതാപരാഹിത്യം മാത്രമല്ല, നയാമികമായ ഭാവനയുടെ അഭാവം കൂടിയാണ്.

ദുരനുഭവത്തിന് ശേഷം മനുഷ്യൻ, ഏകീകൃതമായ ഒരു തിരക്കഥയ അനുസരിച്ച് ആയിരിക്കില്ല പെരുമാറുക എന്നത്, ലൈംഗികാതിക്രമ കേസുകളിലെ ആധുനിക നിയമ യുക്തിയുടെ പ്രാഥമിക പാഠങ്ങളിലൊന്നാണ്. സത്യം തുറന്നു പറയാൻ ഒരുപക്ഷേ വൈകിയേക്കാം, സംസാരങ്ങളിൽ അവ്യക്തതകൾ ഉണ്ടായേക്കാം, പീഡകരുമായി വീണ്ടും ഇടപഴകിയേക്കാം, പുറത്തു കാണുന്ന വൈകാരികഭാവങ്ങൾ വ്യത്യസ്തമായിരിക്കാം, ഇതൊന്നും ലൈംഗിക അതിക്രമ സാധ്യതയെ നിരാകരിക്കുന്നില്ല. എന്നിട്ടും 19-ആം നൂറ്റാണ്ടിലെ സദാചാര വാർപ്പ് മാതൃകകളിലൂടെയാണ് ആധുനിക കാലത്ത് ഇത്തരം ട്രോമകളെ കോടതി വിലയിരുത്താൻ ശ്രമിക്കുന്നത്.

സ്റ്റെർലിംഗ് വിറ്റ്നസ് എന്ന അസാധ്യത

1997-ലെ വിശാഖ കേസിലെ മാർഗനിർദ്ദേശങ്ങളും, 2013-ലെ ക്രിമിനൽ നിയമ ഭേദഗതികളും ഒക്കെ ഉണ്ടായിരുന്നിട്ടും, നമ്മുടെ കോടതികൾ പലപ്പോഴും സ്ത്രീകളെ ആഴത്തിൽ അവിശ്വസിക്കുന്ന പതിവ് കണ്ടുവരുന്നു. അവിശ്വാസത്തിന്റെ അങ്ങേയറ്റത്ത് നിന്നുകൊണ്ടാണ് തെളിവുകൾ പരിശോധിക്കപ്പെടുക. മറ്റു തെളിവുകൾ കൂടാതെ, മൊഴി വിശ്വാസത്തിൽ എടുക്കണമെങ്കിൽ, സ്ത്രീ, ‘സ്റ്റെർലിംഗ് വിറ്റ്നസ്’ ആയിരിക്കണമെന്നാണ്. കോടതിയിൽ വിശ്വാസം ജനിപ്പിക്കുന്ന ‘ഒന്നാന്തരം സാക്ഷി’യായിരിക്കണം പരാതിക്കാരി. 

ഇവിടെയും, കോടതിയുടെ കണ്ടെത്തൽ അതിജീവിത ഒരു സ്റ്റെർലിംഗ് വിറ്റ്നസ് അല്ല എന്നാണ്. പറയുമ്പോൾ, അതിജീവിതയുടെ മാത്രം വാക്കുകൾ വിശ്വസിച്ച് ഒരാളെ ശിക്ഷിക്കാൻ കഴിയും എന്നൊക്കെയാണ് നിയമമെങ്കിലും, അതിനു കോടതികൾ നിശ്ചയിക്കുന്ന വിശുദ്ധിയുടെ തോത്, മനുഷ്യസാധ്യമല്ലാത്ത നിലയിലാണ്. മൊഴികളിലെ ചെറിയ വൈരുദ്ധ്യങ്ങളും, സാവധാനം മാത്രം പൂർണ്ണ തോതിലേക്ക്  എത്തുന്ന തുറന്നു പറച്ചിലുകളും, സാഹചര്യത്തിനനുസരിച്ചുള്ള വിശദീകരണങ്ങളും, മാനുഷികമായ പിഴവുകളും എല്ലാം സ്വാഭാവികമായും വലിയ വേദന അനുഭവിക്കുന്ന മനുഷ്യരുടെ മൊഴിയിൽ വന്നുചേരുന്നതാണ് എന്ന നിലക്കല്ല, മാരകമായ പിഴവുകളായാണ് വിലയിരുത്തപ്പെടുക. ജുഡീഷ്യറി സ്വയം നിശ്ചയിച്ചിട്ടുള്ള തെറ്റുകുറ്റങ്ങൾ ഏതുമില്ലാത്ത, നിലവാരത്തിൽ വൈകാരികമായ പക്വതയോടെ, യാന്ത്രികമായ സ്ഥിരതയോടെ മൊഴികൾ നൽകുക എന്നത്, അധികാരത്തിന്റെ വലിയ അന്തരവും, സ്ഥാപനവൽകൃതമായ നിയന്ത്രണങ്ങളും, ദീർഘമായ കാലഘട്ടത്തിലെ പീഡാനുഭവങ്ങളും ഉള്ള കേസുകളിൽ മനുഷ്യസാധ്യമല്ല. 

സമ്മതത്തെക്കുറിച്ചുള്ള സൂചന 

ബിഷപ്പും അതിജീവിതയും തമ്മിലുള്ള ബന്ധം, പരസ്പര സമ്മതത്തോടെ ഉള്ളതാണെന്ന് പ്രത്യക്ഷത്തിൽ പറയുന്നില്ലെങ്കിലും, സദാചാരത്തിൽ നേർപ്പിച്ചെടുത്ത  വാക്ചാതുരിയിലൂടെ അത്തരത്തിലുള്ള ദുസൂചനകൾ വളരെ സൗമ്യമായി നൽകുന്ന കോടതിയുടെ സമീപനം, വേദനാജനകമാണ്. ബിഷപ്പ്  അയച്ച ചില സന്ദേശങ്ങൾ,  അധികാരഘടനയുടെ ആനുകൂല്യങ്ങൾ സൃഷ്ടിക്കുന്ന അനുസരണയുടെയും, ഭീതിയുടെയും, ആശ്രിതത്വത്തിന്റെയും, സ്ഥാപനപരമായ കടപ്പാടിന്റെയും   സവിശേഷ സാഹചര്യവും സന്ദർഭവും പരിഗണിക്കാതെ വിധിയിൽ പരാമർശിച്ചു പോകുന്നതായി കാണാം. 

അധികാരത്തിൽ നിന്നും വേർതിരിച്ചു കാണാൻ കഴിയുന്നൊരു വാക്കല്ല ‘സമ്മതം’. നിലനിൽപ്പിന്റെയോ, അധികാര പ്രയോഗത്തിന്റെയോ, നിർബന്ധത്തിന്റെയോ, ഭാഗമായി വന്നുചേരുന്ന സമ്മതം നിയമപരമായി നിലനിൽക്കുന്നതല്ല. 2013-ലെ ഭേദഗതികൾക്ക് ശേഷം ഇന്ത്യൻ നിയമങ്ങളും ഇക്കാര്യത്തിൽ സ്പഷ്ടമാണ്. എന്നിരുന്നാലും, പ്രായോഗികമായി ഈ നിയമ തത്വങ്ങൾ നീതിന്യായ വിചാരങ്ങളുടെ ഭാഗമായി തീർന്നിട്ടില്ല.  ഇനി ഒരിക്കൽ സമ്മതമുണ്ടായിരുന്നു എന്ന് കരുതിയാൽ തന്നെയും, അത് എല്ലാകാലത്തേക്കുമുള്ള സമ്മതമല്ല. പിന്നീട് നോ പറഞ്ഞാൽ, നോ തന്നെയാണ്. നിയമം ഇക്കാര്യത്തിൽ വളരെ വ്യക്തമാണ്. 

സദാചാര വിചാരണ 

അതിജീവിതയുടെ സ്വഭാവ ഹത്യ നടത്തുന്നത് നിരോധിതമാണെങ്കിലും, ഫ്രാങ്കോ കേസിലെ വിധിന്യായത്തിൽ അതിജീവിതയുടെ വ്യക്തി ബന്ധങ്ങളെക്കുറിച്ച് ഒരുപാട് അന്വേഷണങ്ങൾ നടക്കുന്നുണ്ട്. പരാതിക്കാരി തന്നെ പിന്നീട് വ്യാജമെന്ന് സമ്മതിച്ച ഒരു പരാതിയുടെ പിന്നാലെ പോകാനും കോടതി മടിക്കുന്നില്ല. കൃത്യമായ കണ്ടെത്തലുകളിലേക്ക് എത്തുന്നില്ലെങ്കിലും, ഇതേക്കുറിച്ചുള്ള പരാമർശങ്ങളും, മെഡിക്കൽ റിപ്പോർട്ടുകളും എല്ലാം ചേർത്തുവച്ച് ചില ഒട്ടും നിഷ്കളങ്കം അല്ലാത്ത ചില ദുസൂചനകൾ നൽകുന്നത് കാണാം. 

ഇത്തരത്തിലുള്ള പരാക്ഷമായ വ്യക്തിഹത്യ തടയുന്നതിന് വേണ്ടിയാണ് ഇന്ത്യൻ തെളിവ് നിയമത്തിലെ 146-ആം വകുപ്പ് ഭേദഗതി ചെയ്തത്. ലൈംഗിക അതിക്രമം  സംബന്ധിച്ച നിയമവിചാരത്തിൽ അതിജീവിതയുടെ ലൈംഗിക ജീവിതചരിത്രത്തിന് യാതൊരു പ്രസക്തിയും ഇല്ലെന്ന് നിയമം പറയുന്നു. എങ്കിലും ഈ കേസിലെ  നീതി വിചാരം പഴയ സദാചാര മൂശയിൽ തന്നെ വാർത്തെടുത്തതാണ്. 

വൈകുന്ന നീതി 

ഈ വിധിക്കുശേഷം സംഭവിച്ച കാര്യങ്ങളും, അല്ലെങ്കിൽ സംഭവിക്കാതെ പോയ കാര്യങ്ങളും നിരാശാജനകം തന്നെയാണ്. ഇത്ര വർഷങ്ങൾക്കുശേഷവും അപ്പീൽ എങ്ങും എത്തിയിട്ടില്ല. ഒരു സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണം എന്ന അതിജീവിതയുടെ ആവശ്യത്തിന് മേൽ ഇതുവരെ തീരുമാനമായിട്ടില്ല. നീതി നിർവഹണ സംവിധാനങ്ങളുടെയും ഭരണകൂടത്തിന്റെയും നിസ്സംഗത ന്യായീകരിക്കാൻ കഴിയുന്നതല്ല. പിന്തിരിപ്പനെങ്കിലും നിയമപരമായി സുദൃഢമായ അടിത്തറയിൽ രചിക്കപ്പെട്ടിട്ടുള്ള വിചാരണ കോടതി വിധികൾ അപ്പീലുകളിൽ തിരുത്തുക എളുപ്പമല്ല. കൃത്യമായ ഇടപെടലുകളും, നിയമ വൈദഗ്ദ്ധ്യവും തന്ത്രപരമായ വ്യക്തതയും അനിവാര്യമാണ്. അതിനാവശ്യമായ നടപടികൾ സ്വീകരിച്ചേ മതിയാകൂ. നീതി നിഷേധം കുറ്റാരോപിനെ വെറുതെ വിട്ടു എന്നതിൽ മാത്രമല്ല, അതിനുശേഷം അതിജീവിത ഉപേക്ഷിക്കപ്പെടുകയാണോ ഉണ്ടായത് എന്ന ചോദ്യവും പ്രസക്തമാണ്.

നിഷ്പക്ഷത നീതി നിഷേധത്തിന്റെ മറ്റൊരു പേരാണ്

അധികാര വ്യവസ്ഥയുടെ ബലതന്ത്രത്തെ അവഗണിക്കുന്ന നിഷ്പക്ഷത വഴിവെക്കുന്നത് നീതി നിഷേധത്തിനാണ്. പക്ഷപാതിത്വങ്ങളും ഭയവുമില്ലാതെ നീതി നിർവഹണം നടത്തുന്നു എന്ന് അവകാശപ്പെടുന്ന ഒരു കോടതി  കുറ്റാരോപിനെക്കാൾ കൂടുതൽ വിചാരണ ചെയ്യുന്നത് അതിജീവിതയെയാണെങ്കിൽ അതിൽ നമ്മൾ കാണുന്നത് നിഷ്പക്ഷതയല്ല. അറിഞ്ഞുകൊണ്ടല്ലെങ്കിലും നിലനിൽക്കുന്ന അധികാര ഘടനയുടെ ധാർഷ്ട്യത്തോട് കൂട്ടുചേരുകയാണ് നീതിന്യായ വ്യവസ്ഥയും. അതിൻറെ ധാർമിക ഭാരം അതിജീവിത മാത്രമല്ല സമൂഹമാകെ ചുമലിലേറ്റേണ്ടി വരും.

ഈ വിധി വന്ന ദിവസം ഒരു പത്രസമ്മേളനം നടത്തി ‘13 അല്ല 13,000 തവണ ആക്രമിക്കപ്പെട്ടാലും, നിയമ യുദ്ധത്തിന് നിൽക്കരുത്’ എന്നു പ്രസ്താവിക്കുവാൻ ആഗ്രഹിച്ചുപോയിയത്രേ. അധികാര കേന്ദ്രങ്ങൾക്കെതിരെ നിയമ പോരാട്ടം നടത്തുന്നത് നിഷ്ഫലമാണെന്നും, നിശബ്ദതയാണ് സുരക്ഷിതമായ മാർഗമെന്നും ഉള്ള സന്ദേശമാണ് ഈ വിധി അവർക്കു നൽകിയത്. 

അപ്പീലിൽ വിധി തിരുത്തിയില്ലെങ്കിൽ-കുറ്റാരോപിതന് ശിക്ഷ നൽകണം എന്നു മാത്രമല്ല,  ഇതിൽ ഉപയോഗിച്ചിരിക്കുന്ന നിയമ വൈജ്ഞാനികതയെ മാറ്റിയെഴുതിയില്ലെങ്കിൽ, ഇത് നീതി നിഷേധത്തിനുള്ള വാർപ്പ് മാതൃകയായി മാറാൻ സാധ്യതയുണ്ട്. 

LEAVE A REPLY

Please enter your comment!
Please enter your name here