ഭരണഘടനാമൂല്യങ്ങളുടെ കാവൽക്കാരാവേണ്ടവർ തന്നെ അതിൻറെ ആത്മസത്തയെ ഒറ്റുകൊടുക്കുന്ന പ്രവർത്തികൾ ചെയ്തുവെന്ന ആരോപണങ്ങൾ ഉയരുമ്പോൾ, ജുഡീഷ്യയിലുള്ള വിശ്വാസവും ഭരണഘടനാധാർമികതയും സമൂഹത്തിൽ ക്രമേണ ഇല്ലാതാകുന്നു. ഈയിടെ ഉണ്ടായ രണ്ടു സംഭവങ്ങൾ, ഒന്ന് അലഹബാദ് ഹൈക്കോടതിയിലെ ജസ്റ്റിസ് ശേഖർ കുമാർ യാദവ് നടത്തിയ വിദ്വേഷ പ്രസംഗം, രണ്ട് ഡൽഹി ഹൈക്കോടതി ജഡ്ജിയായിരുന്ന യേശ്വന്ത് വർമ്മയുടെ ഔദ്യോഗിക വസതിയിൽ നിന്നും നോട്ടുകെട്ടുകൾ കണ്ടെത്തിയത്, അവ ഒറ്റപ്പെട്ട സംഭവങ്ങളായി കാണാൻ കഴിയില്ല. ഉന്നത നീതിന്യായ സംവിധാനത്തിനകത്തുണ്ടെന്ന് ന്യായമായും സംശയിക്കാവുന്ന ആഴമേറിയ പുഴുക്കുത്തുകളുടെ പ്രതിഫലനമാണത്.
കഴിഞ്ഞ ഒന്നര പതിറ്റാണ്ട് കാലത്തെ ചരിത്രം പരിശോധിച്ചാൽ, സുപ്രീംകോടതി ചീഫ് ജസ്റ്റിസുമാർ ഉൾപ്പെടെയുള്ള ന്യായാധിപർക്കെതിരെ, നിരവധി ആരോപണങ്ങൾ ഉയർന്നു വന്നിട്ടുണ്ട്. വിധികളിൽ വന്നുചേർന്നിട്ടുള്ള നിയമപ്രശ്നങ്ങൾ മാത്രമല്ല, ചില പ്രത്യേക താൽപര്യങ്ങളെ സഹായിക്കും വിധം ബെഞ്ചുകൾ നിശ്ചയിക്കുന്നത്, സാമ്പത്തിക ലാഭം ഉണ്ടാക്കിയെന്ന ആക്ഷേപം, വിരമിച്ചതിനു ശേഷമുള്ള കരിയർ ഉറപ്പുവരുത്തുന്നതിന് ഭരണകൂടത്തിന് അനുകൂലമായി നിലപാട് സ്വീകരിക്കുന്നു എന്ന പരാതി, തുടങ്ങി പൊതുജനത്തിന് നീതിന്യായ സംവിധാനത്തിൽ സംശയം ജനിപ്പിക്കുന്ന ഒരുപാട് സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം അപകടത്തിലാണെന്ന ആരോപണം ഉന്നയിച്ചുകൊണ്ട് പരമോന്നത നീതിപീഠത്തിലെ ഏറ്റവും സീനിയർ ആയിട്ടുള്ള ന്യായാധിപർ പത്രസമ്മേളനം നടത്തുന്ന സാഹചര്യം വരെ ഉണ്ടായി. ഇതൊക്കെ ജഡ്ജിമാരുടെ വ്യക്തിപരമായ വീഴ്ചകൾ മാത്രമല്ല, ഭരണഘടനാ ശില്പികൾ വിഭാവനം ചെയ്ത നീതി എന്ന സങ്കല്പം തന്നെ അപകടത്തിലാകുന്ന കാഴ്ചയ്ക്കാണ് നമ്മൾ സാക്ഷ്യം വഹിക്കുന്നത്. ഡോ. അംബേദ്കർ മുന്നറിയിപ്പ് നൽകിയിരുന്നതുപോലെ, നടപ്പിലാക്കുന്നവർക്ക് ഭരണഘടനാധാർമികതയെ സ്വാംശീകരിക്കാൻ കഴിഞ്ഞിട്ടില്ലെങ്കിൽ, ഭരണഘടന എത്രകണ്ട് മികച്ചതാണെന്ന് പറയുന്നതും വിഫലമാണ്.
ഭരണഘടനയിലെ ന്യായാധിപർ
ഭൂരിപക്ഷ താത്പര്യങ്ങൾക്കും, രാഷ്ട്രീയ പരിഗണനകൾക്കും, വ്യക്തിഗത വിശ്വാസങ്ങൾക്കും മേലെ, ഭരണഘടന മുന്നോട്ടുവയ്ക്കുന്ന മൂല്യങ്ങളോടുള്ള പ്രതിബദ്ധതയ്ക്കാണ് ഭരണഘടനാ ധാർമികത എന്ന് പറയുന്നത്. നിയമത്തിന്റെ സാങ്കേതികത്വത്തിൽ ഊന്നിയ കാര്യക്ഷമതയ്ക്കപ്പുറം, ഭരണഘടനയുടെ ആത്മാവിനോട് നീതി പുലർത്താൻ ജുഡീഷ്യറിക്ക് കഴിയണം.
ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമാണെന്ന് ഭരണഘടനാ കോടതിയിലെ ഒരു ന്യായാധിപൻ പ്രസ്താവിക്കുന്നത് കേവലം അച്ചടക്കലംഘനമല്ല, ഭരണഘടനയുടെ അടിസ്ഥാനഘടനയോടുള്ള വെല്ലുവിളിയാണ്. “നമ്മുടെ ഭഗവത്ഗീത’, ‘അവരുടെ ഖുർആൻ’ എന്നൊക്കെ ജസ്റ്റിസ് ശേഖർ യാദവ് ആവർത്തിച്ചു പറയുന്നുണ്ട്. വർഗീയ രാഷ്ട്രീയക്കാർ പറയുന്ന ‘കഠ്മുള്ള’ എന്ന പദമാണ് അദ്ദേഹം മതന്യൂനപക്ഷങ്ങൾക്കെതിരെ ഉപയോഗിച്ചത്. അതുപോലെതന്നെ, ജസ്റ്റിസ് യശ്വന്ത് വർമ്മക്കെതിരെ ഉയർന്നു വന്നിട്ടുള്ള സാമ്പത്തിക ആരോപണങ്ങളിൽ എന്തു നടപടിയാണുണ്ടാവുക എന്നതൂം രാജ്യം ഉറ്റു നോക്കുന്ന കാര്യമാണ്.
ന്യായാധിപർ പ്രതിസ്ഥാനത്ത് വരുന്ന സന്ദർഭങ്ങളെ അഭിസംബോധന ചെയ്യുന്നതിനനിവാര്യമായ സംവിധാനങ്ങൾ നമ്മുടെ രാജ്യത്ത് ഇല്ലെന്ന ദുഃഖകരമായ യാഥാർഥ്യം നിലനിൽക്കുകയാണ്. ഇംപീച്ച്മെന്റും, ആഭ്യന്തര അന്വേഷണവും യാതൊരു ഗുണവും ചെയ്യില്ലെന്ന് ഏഴര പതിറ്റാണ്ടിന്റെ അനുഭവങ്ങൾ നമ്മോട് പറയുന്നുണ്ട്.
ജഡ്ജസ് എൻക്വയറി ആക്ട്; പേരിനൊരു നിയമം
ഭരണഘടനയുടെ അനുഛേദം 124 (4) അനുസരിച്ച് പാസാക്കിയിട്ടുള്ള, 1968-ലെ ജഡ്ജസ് എൻക്വയറി ആക്ടാണ് ഭരണഘടനാ കോടതികളിലെ ന്യായാധിവർക്കെതിരെയുള്ള പരാതികൾ അന്വേഷിക്കുന്നതിന് ഇന്ത്യയിൽ നിലവിലുള്ള ഏക നിയമസംവിധാനം. ഇംപീച്ച് മെൻറ് വഴി ന്യാനാധിപരെ നീക്കം ചെയ്യുന്നതിനുള്ള നിയമമാണിത്. ലോകസഭയിലെ 100 എംപിമാരും, രാജ്യസഭയിലെ 50 എംപിമാരും ഇംപീച്ച് മെൻറ് ആവശ്യപ്പെടണം. സഭാധ്യക്ഷന്മാർ അത് പരിശോധിച്ച് ഒരു സുപ്രീംകോടതി ജഡ്ജിയും ഹൈക്കോടതി ചീഫ് ജസ്റ്റിസും അറിയപ്പെടുന്ന നിയമ വിദഗ്ധനും ഉൾപ്പെടുന്ന സമിതി രൂപീകരിക്കണം. സമിതിയുടെ പരിശോധനയിൽ ന്യായാധിപൻ കുറ്റക്കാരനെന്ന് കണ്ടെത്തിയാൽ, അദ്ദേഹത്തെ നീക്കം ചെയ്യുന്നതിനുള്ള പ്രമേയം പാർലമെന്റിന്റെ ഇരു സഭകളിലും അവതരിപ്പിച്ച് മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ പാസ്സാകണം. അങ്ങനെ മാത്രമേ ഹൈക്കോടതി/സുപ്രീംകോടതി ജഡ്ജിമാരെ നീക്കം ചെയ്യാൻ കഴിയൂ. നിയമം വന്ന് അഞ്ചു പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും, ഒരാൾക്കെതിരെ പോലും ഈ നടപടിക്രമങ്ങളനുസരിച്ച് നടപടിയെടുക്കാൻ സാധിച്ചിട്ടില്ല. 1993-ൽ അന്വേഷണ സമിതി കുറ്റക്കാരനെന്നു കണ്ടെത്തിയ ജസ്റ്റിസ് വി രാമസ്വാമിയുടെ കേസിൽ പോലും, അദ്ദേഹത്തെ നീക്കം ചെയ്യാനുള്ള പ്രമേയം ലോക്സഭയിൽ പാസായില്ല. അതായത് രാജ്യത്ത് ഭരണഘടനയുടെ നേരായ പ്രവർത്തനവും നീതിയും ഉറപ്പുവരുത്തേണ്ട ഉന്നത നീതിപീഠത്തിലെ ന്യാധിപരുടെ കാര്യം വരുമ്പോൾ, ഭരണഘടനാപരമായ പിന്തുണയുള്ള ഏക നീതിനിർവഹണ സംവിധാനം പ്രവർത്തനക്ഷമല്ലെന്നു സാരം. സുപ്രീംകോടതി സ്വയം ഏർപ്പെടുത്തിയ ആഭ്യന്തര അന്വേഷണ സംവിധാനവും വിഭിന്നമല്ല.
പുകമറ മാത്രമാവുന്ന ആഭ്യന്തര അന്വേഷണം
ഭരണഘടനാ കോടതികളിലെ ന്യായാധിപർക്കെതിരെയുള്ള അന്വേഷണ സംവിധാനം ഫലപ്രദമല്ലെന്ന ബോധ്യത്തിൽ നിന്നാണ് 1997-ൽ ഒരു ആഭ്യന്തര അന്വേഷണ സംവിധാനത്തിന് സുപ്രീംകോടതി രൂപം നൽകുന്നത്. ആരോപണമുയരുന്ന പക്ഷം സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് ഒരു അന്വേഷണ സംഘത്തെ ഉപയോഗിച്ച് റിപ്പോർട്ട് തേടാൻ അധികാരം നൽകുന്ന സംവിധാനമാണിത്. എന്നാൽ ഈ സംവിധാനത്തിന്റെ നിയമപരത സംശയമാണ്. ഇതിന് ഭരണഘടനാപരമായ പിൻബലമില്ല. സുപ്രീംകോടതിക്ക് ഉണ്ടെന്നു പറയപ്പെടുന്ന ധാർമിക ബാധ്യതയുടെ അടിസ്ഥാനത്തിൽ രൂപം നൽകിയതാണിത്. കീഴ്വഴക്കങ്ങളുടെ അടിസ്ഥാനത്തിലാണ് അത്പ്രവർത്തിക്കുന്നത്. ക്രോസ് എക്സാമിനേഷനോ, തെളിവ് ശേഖരിക്കലോ, സാമാന്യനീതിയുടെ മറ്റു തത്വങ്ങളോ ഉൾച്ചേരാത്ത, ഒരു വസ്തുതാന്വേഷണ സമിതി മാത്രമാണ് ആഭ്യന്തര അന്വേഷണ ചട്ടക്കൂടിലുള്ളത്. അതിലുപരി, സമിതിയുടെ പ്രവർത്തനവും റിപ്പോർട്ടും എല്ലാം രഹസ്യാത്മകമാണ്. മാത്രമല്ല അന്വേഷണസമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ചീഫ് ജസ്റ്റിസിന്, ആരോപണ വിധേയനായ ന്യായാധിപനോട് രാജിവെക്കാൻ അഭ്യർത്ഥിക്കുവാനോ, ജുഡീഷ്യൽ ചുമതലകളിൽ നിന്ന് ഒഴിവാക്കുവാനോ കഴിയും എന്നതിനപ്പുറം നിയമ സാധുതയൊന്നുമില്ല. ഈ നിർദ്ദേശം അനുസരിക്കണമെന്ന നിയമപരമായ ബാധ്യത ആരോപണവിധേയനില്ല. ജസ്റ്റിസ് യശ്വന്ത് വർമ്മ രാജിവെക്കാത്തത് അതുകൊണ്ടാണ്. കോടതി തന്നെ അന്വേഷണം പ്രഖ്യാപിക്കുന്നു, അന്വേഷിക്കുന്നു, റിപ്പോർട്ട് സമർപ്പിക്കുന്നു, നടപടി സ്വീകരിക്കുന്നു അത് അനുസരിക്കേണ്ട ബാധ്യത ആരോപണവിധേന ഇല്ലതാനും!പരാതിക്കാരന് പോലും ഈ അന്വേഷണ റിപ്പോർട്ട് പരിശോധക്കാനുള്ള അവകാശമില്ല. ഇതൊന്നും മറ്റാരും അറിയുന്നില്ല, എവിടെയും പ്രസിദ്ധപ്പെടുത്തുന്നില്ല, അങ്ങനെ യാതൊരു സുതാര്യതയും നിയമസാധുതയും ഇല്ലാത്ത ഈ സംവിധാനം നീതിന്യായ വ്യവസ്ഥിതിയുടെ വിശ്വാസ്യത വർദ്ധിപ്പിക്കുകയാണോ ചെയ്യുന്നത് എന്നതൊരു ചോദ്യചിഹ്നമാണ്.
ഭരണഘടനാ പ്രതിസന്ധി
ഏറ്റവുമധികം ഉത്തരവാദിത്വബോധവും, സുതാര്യതയും, ധാർമികതയും ഉറപ്പുവരുത്തേണ്ട ഉന്നത നീതിപീഠത്തിൽ, ഇവയൊന്നും പ്രാവർത്തികമാക്കാനാവാതെ വരുന്ന സന്ദർഭത്തിന്റെ ഉദാഹരണമാണ് ജസ്റ്റിസ് യാദവിന്റെ കേസ്. ഭരണഘടനാപരമായ ഒരു പദവിയിലിരുന്നു കൊണ്ടാണ്, രാഷ്ട്രത്തിൻറെ അടിസ്ഥാന സ്വഭാവത്തിനെതിരായ പ്രസ്താവന അദ്ദേഹം നടത്തിയത്. എന്നാൽ നീതിന്യായ സംവിധാനം നിസ്സഹായവും നിശബ്ദവും ആണ്. ആഭ്യന്തര അന്വേഷണ സംവിധാനം പോലും പ്രവർത്തിക്കുന്നില്ല. ഇത്തരം വിഷയങ്ങളിൽ പലപ്പോഴും ധാർമിക പ്രഘോഷണങ്ങൾ നടത്തിയിട്ടുള്ള സുപ്രീംകോടതി, സ്വന്തം വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്ന ഘട്ടത്തിൽ നിസ്സംഗത പാലിക്കുന്നത് കാണാം.
ജസ്റ്റിസ് യശ്വന്ത് വർമ്മയുടെ കാര്യത്തിൽ, ഭരണകൂടം സ്വീകരിക്കുന്ന സമീപനം, നീതിന്യായ സംവിധാനത്തിനകത്തെ പുഴുക്കുത്തുകൾ ക്കെതിരെയുള്ള പോരാട്ടത്തിൽ, ഭരണസംവിധാനങ്ങൾ എവിടെ നിൽക്കുന്നു എന്ന് വ്യക്തമാക്കുന്നതാണ്. ജസ്റ്റിസ്. യശ്വന്ത് വർമ്മയെ ഇംപീച്ച് ചെയ്യുന്നതിനുള്ള നടപടികൾ ഗവൺമെൻറ് നേരിട്ട് ആരംഭിക്കാൻ ശ്രമിക്കുന്നു എന്നാണ് റിപ്പോർട്ടുകൾ. അതായത് ജുഡീഷ്യൽ എൻക്വയറി ആക്ട് വിഭാവനം ചെയ്യുന്ന നടപടിക്രമങ്ങൾ അട്ടിമറിക്കപ്പെടുന്നുവെന്ന്. എംപിമാരുടെ ആവശ്യമനുസരിച്ച് സഭാധ്യക്ഷൻ രൂപം നൽകുന്ന സമിതിയുടെ അന്വേഷണം നിയമപരമായ അനിവാര്യതയാണ്. ആഭ്യന്തര അന്വേഷണ റിപ്പോർട്ട് അതിനു പകരമാവില്ല. കാരണം രണ്ട് സമിതിയും അതിൻറെ ഉള്ളടക്കം കൊണ്ടും, പ്രവർത്തനരീതി കൊണ്ടും, നിയമപരമായ അസ്തിത്വം കൊണ്ടും വ്യത്യസ്തമാണ്. ആഭ്യന്തര അന്വേഷണ സമിതി നിയമപരമായ രൂപം കൊള്ളുന്ന ഒന്നല്ല. ജഡ്ജസ് എൻക്വയറി ആക്ട് പ്രകാരം രൂപീകരിക്കുന്ന സമിതിയാകട്ടെ നിയമ പിൻബലം ഉള്ളതാണെന്ന് മാത്രമല്ല ഒരു സിവിൽ കോടതി പോലെ തെളിവു ശേഖരണവും, ക്രോസ് വിസ്താരവുമെല്ലാം നടന്നതിനുശേഷമാണ് റിപ്പോർട്ട് തയ്യാറാക്കുന്നത്. സാമാന്യനീതിയുടെ തത്വങ്ങൾ പാലിക്കുന്ന സംവിധാനമാണിത്. സുപ്രധാനമായ നടപടിക്രമം മറികടന്ന് ഇമ്പീച്ചുമെന്റിലേക്ക് നേരിട്ട് പോകുന്നത്, നിയമപരമായ സങ്കീർണ്ണതകൾ സൃഷ്ടിക്കുവാനും, അങ്ങനെ നടപടിക്രമങ്ങൾ അനന്തമായി വൈകിപ്പിക്കുവാനും അവസരമൊരുക്കുകയാണ് ചെയ്യുക.
ലോക മാതൃകകൾ
അക്കൗണ്ടബിലിറ്റി ഉറപ്പുവരുത്തുന്ന സംവിധാനങ്ങൾ, സ്വതന്ത്രമായ നീതിന്യായ സംവിധാനത്തിന് വിഘാതമല്ല, അതിന് അനുപൂരകമാണെന്നാണ് ആഗോളതലത്തിൽ ജനാധിപത്യ സമൂഹം വിലയിരുത്തുന്നത്. 2001-ൽ ബാംഗ്ലൂരിൽ വച്ച് നടന്ന ചീഫ് ജസ്റ്റിസുമാരുടെ സമ്മേളനം രൂപം നൽകിയ ‘ബാംഗ്ലൂർ പ്രിൻസിപ്പിൾസ് ഓഫ് ജുഡീഷ്യൽ കോൺടക്ട്’ ഐക്യരാഷ്ട്രസഭ അംഗീകരിച്ച രേഖയാണ്. സുതാര്യത, നിഷ്പക്ഷത, വിശ്വാസ്യത എന്നിവയാണ് ജുഡീഷ്യറിയുടെ നെടുംതൂണുകളായി പ്രസ്തുത രേഖ കണക്കാക്കുന്നത്. യു.കെ., കാനഡ, സൗത്ത് ആഫ്രിക്ക തുടങ്ങി നിരവധി രാജ്യങ്ങളിൽ ന്യായാധിപർക്കെതിരായ പരാതികൾ പരിഹരിക്കുന്നതിനുള്ള അനുകരണീയമായ സംവിധാനങ്ങളുണ്ട്. ഇംപീച്ച് മെൻറ് മാത്രമല്ല, കുറ്റാരോപണത്തിന്റെ തീവ്രതയ്ക്കനുസൃതമായ ശിക്ഷകളും നിർവചിക്കപ്പെട്ടിട്ടുണ്ട്. പരാതികൾ നൽകുവാനും, സ്വതന്ത്രമായ അന്വേഷണത്തിനും, അനുപാതികമായ ശിക്ഷകൾക്കും, അപ്പീലിനുമൊക്കെ വ്യവസ്ഥകളുണ്ട്. എന്നാൽ നമ്മുടെ രാജ്യം, ജഡ്ജിമാരെ ജഡ്ജിമാർ തന്നെ തിരഞ്ഞെടുക്കുകയും നിയമിക്കുകയും നിയന്ത്രിക്കുകയും ശിക്ഷിക്കുകയുമെല്ലാം ചെയ്യുന്ന വ്യവസ്ഥ തുടരുന്നു. അതുവഴി നീതിയെയും നീതിന്യായ സംവിധാനത്തെയും ദുർബലപ്പെടുത്തുകയാണ് നമ്മൾ ചെയ്യുന്നത്.
മാറ്റം അനിവാര്യം
ജുഡീഷ്യറിയിൽ പൊതുജനങ്ങൾക്കുള്ള വിശ്വാസം ഉറപ്പുവരുത്തുന്നതിനും സ്വതന്ത്രമായ നീതി നിർവഹണത്തിനും ഭരണഘടന ധാർമികതയെ ഉൾക്കൊള്ളുന്ന നീതിന്യായ വ്യവസ്ഥിതി അനിവാര്യമാണ്. ന്യായാധിപരെ നിയമിക്കുന്നതിലും, പരാതികൾ അന്വേഷിക്കുന്നതിനും ഒക്കെ നിയതമായ സംവിധാനങ്ങൾ വേണം. അതിന് അനുയോജ്യമായ നിയമങ്ങൾ ഉണ്ടാവണം.
ആദ്യമായി വേണ്ടത്, ഭരണഘടനാ കോടതികളിലേക്ക് ജഡ്ജിമാരെ നിയമിക്കുന്നതിൽ സുതാര്യത കൊണ്ടുവരുന്നതാണ്. ജുഡീഷ്യയുടെ സ്വാതന്ത്ര്യം ഉറപ്പുവരുത്തുന്ന ഒരു ദേശീയ ജുഡീഷ്യൽ കമ്മീഷൻ ആലോചിക്കാവുന്നതാണ്. നിയമനത്തിന് അപേക്ഷകൾ ക്ഷണിച്ച്, സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം, സ്വതന്ത്രമായ വിലയിരുത്തലുകൾ നടത്തി, പൊതുസമൂഹത്തിന് അറിയുവാനും മനസ്സിലാക്കുവാനും കഴിയുന്ന രീതിയിൽ ന്യായാധിപനിയമനം നടത്തണം.
ഭരണഘടനയുടെ അനുഛേദം 124(4)നു കീഴെ, ജഡ്ജിമാരുടെ മര്യാദലംഘനമായി കണക്കാക്കാവുന്ന പ്രവർത്തികൾ എന്തൊക്കെയാണെന്ന് നിയമപരമായി നിർവചിക്കണം. ആരോപണങ്ങൾ അന്വേഷിക്കാൻ സുതാര്യമായ അന്വേഷണ സംവിധാനം വേണം. അതിൽ സാമാന്യനീതിയുടെ ലംഘനം ഉണ്ടാവില്ലെന്ന ഉറപ്പുണ്ടാവണം. അതോടൊപ്പം ആവശ്യമായ നിയമനിർമാണത്തിലൂടെ, ആരോപിക്കപ്പെട്ട കുറ്റത്തിന് ആനുപാതികമായ ശിക്ഷകൾ നിശ്ചയിക്കണം.
ജനാധിപത്യ സമൂഹത്തിൽ, ഒരു സ്ഥാപനത്തിൻറെ ശക്തി അതിൻറെ ഔപചാരികമായ അധികാര വ്യാപ്തിയല്ല, മറിച്ച് വിശ്വാസതയാണ്. പ്രത്യേകിച്ച് നീതിന്യായ സംവിധാനത്തിന്റെ അധികാരം അതിൻറെ ധാർമിക ബലമാണ്. ആരോപണങ്ങളും സംശയങ്ങളും ഉയർന്നു വരുമ്പോൾ, ഉണ്ടാവുന്ന നിശബ്ദത അതിൻറെ ധാർമിക ശക്തിയെ ചോർത്തിക്കളയും. ഡോക്ടർ അംബേദ്കർ ഓർമ്മിപ്പിക്കാറുള്ളതു പോലെ, ഭരണഘടന ഒരു നിയമ രേഖ മാത്രമല്ല, ഒരു ധാർമിക ഉടമ്പടി കൂടിയാണ്. ന്യായാധിപർക്ക് തെറ്റുപറ്റുമ്പോൾ ലംഘിക്കപ്പെടുന്നത് ആ ഉടമ്പടിയാണ്. ഭരണഘടനാ ധാർമികതയുടെ സൂക്ഷിപ്പുകാരായി പൊതുജന അംഗീകാരം നേടണമെങ്കിൽ, മറ്റുള്ളവരിൽ നിന്നും തങ്ങൾ ആവശ്യപ്പെടുന്ന ജാഗ്രതയും സൂക്ഷ്മതയും ഉത്തരവാദിത്ത ബോധവും, ഭയമേതുമില്ലാതെ തങ്ങൾക്കു കൂടി ബാധകമാക്കാൻ ജുഡീഷ്യറി തയ്യാറാവണം. ഈ വിഷയത്തിൽ ഭരണഘടനാ ധാർമികതയിൽ ഊന്നിയ ഒരു സംവിധാനത്തിന് രൂപം നൽകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അത് ജുഡീഷ്യറിയുടെ അഭിമാനത്തിന്റെയും വിശ്വാസതയുടെയും പ്രശ്നമാണ്. അതിലുപരി, പ്രവർത്തനക്ഷമമായ ഒരു ജനാധിപത്യരാഷ്ട്രീയ വ്യവസ്ഥയിലെ അനിവാര്യതയാണ്.
First Published in Suprabhatam Daily on 16/06/2025



