2023-ൽ രാഹുൽ ഗാന്ധിയെ എം പി സ്ഥാനത്തു നിന്നും അയോഗ്യനാക്കി കൊണ്ടുള്ള വിജ്ഞാപനം വന്നപ്പോഴാണ്, ക്രിമിനൽ മാനനഷ്ട നിയമം വിമത ശബ്ദങ്ങളെ വെട്ടിവിഴ്ത്താനുള്ള ആയുധമായി ഉപയോഗിക്കാമെന്ന പൊതുസമൂഹത്തിൽ വ്യാപക ചർച്ചയായത്. “എല്ലാ കള്ളന്മാരുടെയും പേരിൽ ‘മോദി’ എങ്ങനെ വന്നു” എന്നു പ്രസംഗിച്ചതിലൂടെ മുഴുവൻ ‘മോദി സമൂഹ’ത്തെയും അപകീർത്തിപ്പെടുത്തി എന്ന പരാതിയുമായെത്തിയത് ബിജെപി എംഎൽഎയും ഗുജറാത്ത് മന്ത്രിയുമായ പർണേഷ് മോദിയാണ്. കോടതി രാഹുൽ ഗാന്ധിയ്ക്ക് 15000 രൂപ പിഴയും, നിയമപ്രകാരം അനുവദിക്കാവുന്ന ഏറ്റവും കൂടിയ ശിക്ഷയായ രണ്ടുവർഷം തടവും വിധിച്ചു. രണ്ടു വർഷത്തെ ജയിൽ ശിക്ഷ എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കുന്നതിനുള്ള മാനദണ്ഡമാണ് എന്നിടത്താണ്, ചരിത്രത്തിൽ ഇതുവരെ ഉണ്ടായിട്ടില്ലാത്ത വിധം മാനനഷ്ട കേസിൽ പരമാവധി ശിക്ഷ വിധിച്ചതിന്റെ പിന്നിലെന്തെന്ന് നമുക്ക് മനസ്സിലാകുന്നത്. പിന്നീട് സുപ്രീംകോടതി ആ വിധി റദ്ദു ചെയ്തെങ്കിലും, ക്രിമിനൽ ഡിഫമേഷൻ നിയമം മനുഷ്യൻറെ അഭിമാനം സംരക്ഷിക്കുന്നതിന് വേണ്ടി മാത്രമുള്ളതല്ലെന്ന് നമുക്ക് ബോധ്യപ്പെട്ടു.
സിദ്ധാർത്ഥ വരദരാജന്റെ നേതൃത്വത്തിലുള്ള ‘ദ വയർ’ എന്ന ഇംഗ്ലീഷ് ന്യൂസ് പോർട്ടലിനെതിരെ ജെ എൻ യു പ്രൊഫസർ അമിത് സിംഗ് നൽകിയ ക്രിമിനൽ മാനനഷ്ട കേസ്, ഈ വിഷയം വീണ്ടും ചർച്ചയാക്കുകയാണ്. വിമർശനാത്മകമായ വാർത്തകൾക്കെതിരെ ക്രിമിനൽ കേസെടുക്കുന്ന സാഹചര്യത്തെ മനസ്സിലാക്കിക്കൊണ്ടാവണം “മാനനഷ്ടത്തെ ക്രിമിനൽ കുറ്റമല്ലാതാക്കേണ്ട സമയമായെന്നു തോന്നുന്നു” എന്ന്, ദ വയർ നൽകിയ ഹർജി പരിഗണിക്കവേ സുപ്രീംകോടതി നിരീക്ഷിച്ചത്. പരമോന്നത നീതിപീഠം ഇതിലെ അന്യായം മനസ്സിലാക്കിയെന്നത് ശുഭ സൂചനയാണ്.
അഭിമാന സംരക്ഷണത്തിന്റെ പേരിൽ മനുഷ്യർ പരസ്പരം വെട്ടിക്കൊന്നിരുന്ന കാലത്ത് അതിനൊരു അറുതി വരുത്തുവാൻ വേണ്ടി കൊണ്ടുവന്ന നിയമമാണ് ക്രിമിനൽ ഡിഫമേഷൻ അഥവാ മാനനഷ്ടം. അല്ലാതെ, തികച്ചും വ്യക്തിപരമായ ഈ കുറ്റം ക്രിമിനൽ നിയമത്തിന്റെ ഭാഗമാകേണ്ട യാതൊരു കാര്യവുമില്ല. സമൂഹത്തിൽ അത്തരം അക്രമണോത്സുകത നിലവിലില്ലാത്ത സമകാലിക സാഹചര്യത്തിൽ, നിയമം കൊണ്ടുവന്ന ബ്രിട്ടൻ ഉൾപ്പെടെ പ്രധാനപ്പെട്ട ആധുനിക ജനാധിപത്യ രാജ്യങ്ങളെല്ലാം ക്രിമിനൽ ഡിഫമേഷൻ അവരുടെ നിയമ പുസ്തകത്തിൽ നിന്നും പിൻവലിച്ചു. എന്നാൽ ഇന്ത്യയിൽ ഇപ്പോഴും പ്രസ്തുത നിയമം തുടരുകയാണ്.
ഇന്ത്യൻ ശിക്ഷാനിയമത്തിന്റെ 499-500 വകുപ്പുകളാണ് നഷ്ടത്തിന്റെ അടിസ്ഥാനം. ചോദ്യം ചെയ്യപ്പെട്ട ഘട്ടങ്ങളിലെല്ലാം, സുപ്രീംകോടതി ഈ നിയമം റദ്ദ് ചെയ്യാൻ വിസമ്മതിക്കുകയാണ് ഉണ്ടായിട്ടുള്ളത്. അഭിപ്രായ സ്വാതന്ത്ര്യത്തിനു മേലുള്ള ന്യായമായ നിയന്ത്രണത്തിന്റെ ഭാഗമാണിതെന്നായിരുന്നു കോടതികളുടെ വിലയിരുത്തൽ. അവസാനമായി, 2016-ലെ സുബ്രഹ്മണ്യൻ സ്വാമി കേസിൽ, ചീഫ് ജസ്റ്റിസ് ആയിരുന്ന ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള രണ്ടാംഗ സുപ്രീംകോടതി ബഞ്ച്, വ്യക്തിയുടെ ‘ഖ്യാതി’ ജീവിക്കാനുള്ള അവകാശം ഉറപ്പു നൽകുന്ന ഭരണഘടനയുടെ അനുഛേദം 21-ന്റെ ഭാഗമായി സംരക്ഷിക്കപ്പെടേണ്ടതാണെന്ന് വിധിയെഴുതി. എന്നാൽ ആ വിധി വിമർശനാത്മകമായി പരിശോധിക്കപ്പെടേണ്ടതാണ്.
സുപ്രധാനമായ ഭരണഘടനാ പ്രശ്നങ്ങൾ ഉൾപ്പെട്ട കേസ് ആയിരുന്നിട്ടും അതിനുവേണ്ടി ഒരു ഭരണഘടനാ ബെഞ്ച് രൂപീകരിക്കാൻ കോടതി തയ്യാറായില്ല. ചീഫ് ജസ്റ്റിസായിരുന്ന ജസ്റ്റിസ് ദീപക് മിശ്രയും ജസ്റ്റിസ് പിസി പന്തും അടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിച്ചത്. രണ്ടു വാദങ്ങളാണ് ഹർജിക്കാർ മുന്നോട്ടുവച്ചത്. തികച്ചും വ്യക്തിപരമായ കുറ്റകൃത്യനെന്ന നിലയ്ക്ക് മാനനഷ്ടം ക്രിമിനൽ നിയമത്തിൽ ഉൾപ്പെടുത്തുന്നതിന് ന്യായീകരണമില്ല. അത് സമൂഹത്തിനെതരായ കുറ്റമാകുന്നില്ല. അതുകൊണ്ടുതന്നെ ഇക്കാര്യം സിവിൽ കേസായി പരിഗണിച്ചാൽ മതിയാകും. മറ്റൊന്ന്, ഭരണഘടനയുടെ അനുഛേദം 19 (2)-ൽ അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള നിയന്ത്രണമായി അപകീർത്തി കടന്നുവരുന്നുണ്ടെങ്കിലും അത് സിവിലാണോ ക്രിമിനലാണോ എന്ന് വ്യക്തമാക്കിയിട്ടില്ല. സ്വാഭാവികമായും സ്വകാര്യമായ കുറ്റകൃത്യമെന്ന നിലയ്ക്ക് അതിന് സിവിൽ സ്വഭാവമാണ് ഉണ്ടാവേണ്ടത്. അങ്ങനെയാണെങ്കിൽ പോലും യുക്തിസഹമായ നിയന്ത്രണങ്ങൾ മാത്രമേ പാടുള്ളൂ. എന്നാൽ ക്രിമിനൽ മാനനഷ്ട നിയമത്തിലെ നിയന്ത്രണങ്ങൾ യുക്തിസഹമല്ല. സിവിൽ മാനനഷ്ടത്തിൽ ‘സത്യം’ ഒരു പ്രതിരോധമായി വരുന്നുവെങ്കിൽ, ക്രിമിനൽ കേസിൽ ‘പൊതു നന്മ കണക്കിലെടുത്ത് പ്രസിദ്ധീകരിക്കേണ്ട സത്യം’ എന്ന പ്രയോഗമാണുള്ളത്. പൊതുനന്മ എന്നത് വളരെ വ്യത്യസ്തമായ വ്യാഖ്യാനങ്ങൾക്ക് സാധ്യത ഒരുക്കുന്നുണ്ട്. പറയുന്നത് സത്യമാണെങ്കിൽ പോലും നിയമത്തിന്റെ ആനുകൂല്യങ്ങൾ ചിലപ്പോൾ ലഭിക്കാനിടയില്ലെന്ന് സാരം. അനുഛേദം 19 (2)-ൽ ‘പൊതുനന്മ’ എന്ന വാക്ക് ഇല്ലാത്തതു കൊണ്ട് തന്നെ, നിയമം ഭരണഘടന അനുവദിക്കുന്ന നിയന്ത്രണത്തിനപ്പുറം അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണ്. വളരെ സുദൃഢമായ നിയമവാദങ്ങളാണിവ. പക്ഷേ, ക്രിമിനൽ മാനനഷ്ടം, ശരിവെച്ചുകൊണ്ട് ജസ്റ്റിസ് ദീപക് മിശ്ര എഴുതിയ വിധിയിൽ ഇക്കാര്യങ്ങൾ ശരിയായ വിധം അഭിസംബോധന ചെയ്യുന്നില്ല. ഒരു മനുഷ്യൻറെ അന്തസ്സ് ആത്മാഭിമാനം എന്നിവ അനുഛേദം 21 പ്രകാരം ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗമാണ് എന്ന് സ്ഥാപിക്കുന്ന സുദീർഘമായ വിശദീകരണത്തിനു ശേഷം മേൽപ്പറഞ്ഞ രണ്ട് തടസവാദങ്ങൾക്കും യുക്തിസഹായ യാതൊരു മറുപടിയും നൽകാതെ ക്രിമിനൽ മാനനഷ്ടം അനിവാര്യമാണെന്ന് പറയുകയാണ് കോടതി ചെയ്തത്. മനുഷ്യൻറെ അഭിമാനവും അന്തസ്സും ജീവിക്കാനുള്ള അവകാശത്തിൻറെ ഭാഗമാണെന്ന് പറയുന്നത് വളരെ ശരിയാണ്, എന്നാൽ അത് സംരക്ഷിക്കാൻ സിവിൽ പരിഹാരങ്ങൾ ഉണ്ടെന്നിരിക്കെ, അപകീർത്തിയെ ക്രിമിനൽ വൽക്കരിക്കുന്നത് ആനുപാതികമായ ആവശ്യകതയല്ല. മാത്രവുമല്ല, ഈ നിയമം എങ്ങനെയാണ് അഭിപ്രായസ്വാതന്ത്ര്യത്തെ ഇല്ലാതാക്കുന്നത് എന്നതിന് അസംഖ്യം ഉദാഹരണങ്ങൾ ഉണ്ടായിരുന്നിട്ടും, യുനെസ്കോയുടെ ഉൾപ്പെടെ നിരവധി സംഘടനകളുടെ റിപ്പോർട്ടുകൾ ലഭ്യമായിരുന്നിട്ടും, അതൊന്നും പരിശോധിക്കാൻ കോടതി തയ്യാറായില്ല. ലോ കമ്മീഷൻ റിപ്പോർട്ടുകളിലും, ക്രിമിനൽ മാനനഷ്ട കേസിനെ, അവകാശ സംരക്ഷണത്തിന് ആവശ്യമായ നടപടിക്രമങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട്, അവ്യക്തതകൾക്കിട നൽകാതെ കൃത്യവും സൂക്ഷ്മമായ നിർവചനങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട്, പരിഷ്കരിക്കേണ്ടത് അനിവാര്യമാണെന്ന് പരാമർശിക്കുന്നുണ്ട്.
ഇത് ഒരു ജനാധിപത്യ സംവിധാനത്തിന് കീഴിൽ ഭരണകൂടത്തിന്റെ അമിതാധികാരപ്രയോഗങ്ങളെ നിയന്ത്രിക്കേണ്ട കോടതിയുടെ നടപടിയല്ല. ഭരണകൂട താല്പര്യങ്ങളെ നിയമ യുക്തിയേതുമില്ലാതെ സംരക്ഷിക്കുന്ന സമീപനമാണ്. ഭരണകൂടം ശക്തി പ്രാപിക്കുന്ന അവസരങ്ങളിലൊക്കെയും ഇത്തരത്തിലുള്ള അപഭ്റംശങ്ങൾ നീതിന്യായ സംവിധാനത്തിൽ കടന്നു വരാറുണ്ട്. അടിയന്തരാവസ്ഥ കാലം അതിനൊരു ചരിത്ര സാക്ഷ്യമാണ്. ജർമ്മനിയിലും ഇറ്റലിയിലുമെല്ലാം ഏകാധിപത്യത്തിന്റെ വളർച്ചക്കാലത്ത് എങ്ങനെയാണ് അവിടുത്തെ കോടതികൾ നിശബ്ദമായി ഫാസിസത്തിനും നാസിസത്തിനും കുടപിടിച്ചത് എന്നും ചരിത്രം പറയുന്നു. ജർമൻ നീതിന്യായ സംവിധാനത്തിന് കീഴിൽ നിയമവിരുദ്ധമായതൊന്നും ഹിറ്റ്ലർ ചെയ്തിരുന്നില്ല!!!
ആഗോളതലത്തിൽ, 160-ഓളം രാഷ്ട്രങ്ങളിൽ ക്രിമിനൽ അപകീർത്തി നിയമം നിലവിലെണ്ടെങ്കിലും, സ്വതന്ത്ര ജനാധിപത്യം നിലനിൽക്കുന്ന ആധുനിക രാജ്യങ്ങളിലെല്ലാം ഈ നിയമം റദ്ദു ചെയ്യുകയോ, അല്ലെങ്കിൽ അത് ഉപയോഗിക്കാതിരിക്കുകയോ ചെയ്യുന്നുണ്ട്. എന്നാൽ സിംഗപ്പൂർ, പാക്കിസ്ഥാൻ, തായ്ലൻഡ്, തുടങ്ങി നിരവധി ഏഷ്യൻ രാജ്യങ്ങളിൽ ഈ നിയമം വ്യാപകമായി ഉപയോഗിക്കുകയും, മാധ്യമപ്രവർത്തകരും സാമൂഹ്യ പ്രവർത്തകരും പ്രതിപക്ഷ രാഷ്ട്രീയം നേതാക്കളും അതിന് ഇരയാവുകയും ചെയ്യുന്നു. യുനെസ്കോയും ആംനെസ്റ്റി ഇൻറർനാഷണലും ഉൾപ്പെടെ നിരവധി രാജ്യാന്തര ഏജൻസികൾ ഇക്കാര്യങ്ങൾ ക്രോഡീകരിച്ച് റിപ്പോർട്ട് ചെയ്യുകയും ക്രിമിനൽ അപകീർത്തി നിയമങ്ങൾ ഇല്ലാതാക്കണമെന്ന് ശുപാർശ നൽകുകയും ചെയ്തിട്ടുണ്ട്.
തീർച്ചയായും, അപകീർത്തികരമായ പരാമർശങ്ങൾക്കെതിരെ നിയമ നടപടി സ്വീകരിക്കാനുള്ള അവകാശം, അനുഛേദം 21 ഭാഗമാണ്. എന്നാൽ ക്രിമിനൽ/സിവിൽ അപകീർത്തി നിയമങ്ങളെ വേർതിരിച്ചു കാണുവാൻ നമുക്ക് കഴിയണം. സമൂഹത്തിനെതിരായ കുറ്റകൃത്യങ്ങളെയാണ് സാധാരണ ക്രിമിനൽ കുറ്റങ്ങളായി കണക്കാക്കുന്നത്. ഹിംസാത്മകമായ അനന്തരഫലം ഉളവാക്കുന്ന അഭിപ്രായപ്രകടനങ്ങളെയാണ് അങ്ങനെ വിഭാഗീകരിക്കേണ്ടത്. മറ്റുള്ളവയ്ക്ക് അനുപാതികമായ സിവിൽ പരിഹാരങ്ങൾ മതിയാകും. തിരുത്തുവാനും, ഖേദം പ്രകടിപ്പിക്കുവാനും, നഷ്ടപരിഹാരം നൽകുവാനും, ഒക്കെയുള്ള സംവിധാനമാണ് ഒരുക്കേണ്ടത്.
ഈ വിഷയത്തിൽ, ഭരണഘടന കോടതികളുടെ ഇടപെടൽ പ്രധാനമാണ്. കാരണം ഇതൊരു ഭരണഘടനാ പ്രശ്നം കൂടിയാണ്. അഭിപ്രായസ്വാതന്ത്ര്യവും, അന്തസ്സോടെ ജീവിക്കാനുള്ള അവകാശവും ഭരണഘടനയുടെ അടിസ്ഥാനഘടനയുടെ ഭാഗമാണ്. ഈ അവകാശങ്ങൾ തമ്മിലുള്ള സംഘർഷത്തിന്റെ അതിർവരമ്പുകൾ കൃത്യമായി രേഖപ്പെടുത്തേണ്ടതാണ്. താൽക്കാലിക പരിഹാരങ്ങൾ ഇവിടെ ഉചിതമാവുകയില്ല. പ്രമാണപരവും ദർശനപരവുമായ കൃത്യത വേണം, വ്യവസ്ഥാപിതമായ നിലപാട് വേണം, സാമൂഹ്യ യാഥാർത്ഥ്യങ്ങളെ ഉൾക്കൊള്ളുന്നതുമായിരിക്കണം.
ഒരു സ്വതന്ത്ര ജനാധിപത്യ റിപ്പബ്ലിക്, അപകീർത്തികരമായ പരാമർശങ്ങളെ അഹിംസാത്മകമായി ഉൾക്കൊള്ളുവാനും, മാനുഷികമായ പരിഹാരങ്ങൾ ഉറപ്പുവരുത്താനും കഴിയുന്നതായിരിക്കണം. വ്യക്തികൾ തമ്മിലുള്ള വിഷയത്തെ ക്രിമിനൽ വൽക്കരിക്കുന്നത്, സമ്പത്തും അധികാരവുമുള്ളവർക്ക്, വിയോജിപ്പുകളെ ഇല്ലാതാക്കാനുള്ള ആയുധമായി മാറും. നമുക്ക് മുന്നിൽ രണ്ടു വഴികളുണ്ട്, ഒന്നുകിൽ കൊളോണിയൽ കാലഘട്ടത്തിൻറെ ശേഷിപ്പായ, കാലഹരണപ്പെട്ട, സംവാദങ്ങളെ അപകടപ്പെടുത്തുന്ന, രാഷ്ട്രീയ ബഹിഷ്കരണത്തിന് വഴിവയ്ക്കുന്ന ക്രിമിനൽ അപകീർത്തി നിയമം നിലനിർത്താം. അല്ലെങ്കിൽ ജനാധിപത്യത്തിൻറെ ജീവവായുമായ അഭിപ്രായ സ്വാതന്ത്ര്യത്തെ സംരക്ഷിക്കുകയും, അതേസമയം മനുഷ്യരുടെ മാനാഭിമാനത്തെ ചേർത്ത് പിടിക്കുകയും ചെയ്യുന്ന തരത്തിൽ നിയമസംവിധാനത്തെ ആധുനികവൽക്കരിക്കാം. നമ്മുടെ ഭരണഘടന അടിസ്ഥാനപരമായി നമ്മളോട് നിശബ്ദരായിരിക്കാനല്ല, സംസാരിക്കുവാനും സംവദിക്കുവാനും രാഷ്ട്രീയ-സാമൂഹ്യ ജനാധിപത്യത്തെ സാക്ഷാത്കരിക്കുവാനുമാണ് ആഹ്വാനം ചെയ്യുന്നത്. കേവലം ഒരു നിരീക്ഷണമാണെങ്കിലും ജസ്റ്റിസ് സുന്ദരേശ് പ്രകടിപ്പിച്ച അഭിപ്രായം, ആ ഗതിയിലുള്ള സമഗ്ര പരിശോധനയ്ക്ക് തുടക്കമാവട്ടെ.



