വിധികൾക്കും മേലെ മുഴങ്ങുന്ന ട്രാൻസ്ഫർ ഉത്തരവുകൾ

ചീഫ് ജസ്റ്റിസ് സ്ഥാനത്തേക്ക് ജസ്റ്റിസ് സൂര്യകാന്തിന്റെ വളർച്ചയും, മധ്യപ്രദേശ് ഹൈക്കോടതിയിൽ നിന്നും ജസ്റ്റിസ് അതുൽ ശ്രീധരന്റെ സ്ഥലംമാറ്റവും ജുഡീഷ്യൽ സ്വാതന്ത്ര്യത്തെ കുറിച്ചുള്ള ആകുലതകളുടെ സൂചകമാണ്.

പി ബി ജിജീഷ്

ഇന്ത്യയുടെ 53-ആം  ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൂര്യകാന്ത് ചുമതലയേൽക്കുമ്പോൾ, സീനിയോറിറ്റിയും കീഴ്വഴക്കങ്ങളും വച്ചുനോക്കിയാൽ അസ്വാഭാവികമായി യാതൊന്നുമില്ല. എന്നാൽ ആഴത്തിൽ പരിശോധിച്ചാൽ, ജുഡീഷ്യൽ നിയമനങ്ങൾക്കും  സ്ഥലം മാറ്റങ്ങൾക്കും ഭരണപരമായ തീരുമാനങ്ങൾക്കും പിന്നിൽ ഭരണകൂട താല്പര്യങ്ങൾ മുദ്രിതമായിരിക്കുന്നത് കാണാം. ജസ്റ്റിസ് അതുൽ ശ്രീധരന്റെ സ്ഥലംമാറ്റവും, ജസ്റ്റിസ് സൂര്യകാന്തിന്റെ ചീഫ് ജസ്റ്റിസ് സ്ഥാനവും, ഇന്ത്യൻ ജുഡീഷ്യറി അധികാര താല്പര്യങ്ങളോട് എങ്ങനെയാണ് പ്രതികരിക്കുന്നത് എന്നതിൻറെ നേർചിത്രമാണ്.

പൗരാവകാശങ്ങളുടെ നിതാന്ത കാവൽക്കാരനും ഫെഡറലിസത്തിന്റെ സംരക്ഷകനുമായിട്ടാണ്  ഭരണഘടന നീതിന്യായ വ്യവസ്ഥിതിയെ വിഭാവനം ചെയ്തിട്ടുള്ളത്. എന്നാൽ പ്രയോഗത്തിൽ, ജുഡീഷ്യറിയും ഭരണകൂടവും തമ്മിലുള്ള അതിർവരമ്പുകൾ അപ്രത്യക്ഷമായി കൊണ്ടിരിക്കുന്നതായി കാണാം. നിയമനങ്ങളും സ്ഥലം മാറ്റങ്ങളുമെല്ലാം ഒത്തുതീർപ്പുകൾക്കുള്ള ഉപകരണമായി മാറുന്നു. ജുഡീഷ്യൽ സ്വാതന്ത്ര്യം ഉയർത്തിപ്പിടിക്കുന്നവർ  ശിക്ഷിക്കപ്പെടുന്നു. 

ജുഡീഷ്യൽ സ്വാതന്ത്ര്യം സംരക്ഷിക്കണമെന്ന കോടതിയുടെ ഉൽഘടമായ ആഗ്രഹം മൂലമാണ് കൊളീജിയം സംവിധാനം രൂപം കൊണ്ടത്. രാഷ്ട്രീയ ഇടപെടലുകളിൽ നിന്ന് ഉന്നത നീതിന്യായ സംവിധാനത്തെ പ്രതിരോധിക്കുകയായിരുന്നു അതിൻറെ ധർമ്മം. എന്നാൽ ഏതാനും ദശാബ്ദങ്ങൾ പിന്നിടുമ്പോൾ, കൊളീജിയം സുതാര്യതയേതുമില്ലാത്ത സംവിധാനമായി മാറിയിരിക്കുന്നു. ഗവൺമെന്റിന്റെ താൽപര്യപ്രകാരം ജഡ്ജിമാരുടെ സ്ഥലം മാറ്റ നിർദ്ദേശങ്ങൾ തിരുത്തുകയും, പരിഹരിക്കപ്പെടാത്ത ആരോപണങ്ങൾ നിലനിൽക്കുന്നവരെ  പരമോന്നത നീതിപീഠത്തിലേക്ക് സ്വീകരിക്കുകയും ചെയ്യുന്നിടത്ത്, ജുഡീഷ്യൽ സ്വാതന്ത്ര്യം എന്ന വാക്കിന് അർത്ഥം നഷ്ടപ്പെടുകയാണ്.

ജസ്റ്റിസ് സൂര്യകാന്ത് 

1962-ൽ ഹിസാറിൽ ജനിച്ച സൂര്യകാന്തി, പിന്നീട് ഹരിയാനയിലെ അഡ്വക്കേറ്റ് ജനറൽ ആവുകയും, 2004 ഹരിയാന ഹൈക്കോടതി ബെഞ്ചിൽ എത്തുകയും ചെയ്തു. 2018-ൽ അദ്ദേഹം ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി, 2019-ൽ സുപ്രീംകോടതിയിലുമെത്തി. ചീഫ് ജസ്റ്റിസ് ഗവായി അദ്ദേഹത്തിൻറെ പിൻഗാമിയായി സൂര്യകാന്തിനെ നിർദ്ദേശിച്ചു കഴിഞ്ഞു.

അദ്ദേഹത്തിൻറെ നിലപാടുകൾ സൂക്ഷ്മമായി വിലയിരുത്തപ്പെടേണ്ടതാണ് . രാജ്യദ്രോഹ കുറ്റം അഥവാ ഇന്ത്യൻ ശിക്ഷാനിയമത്തിന്റെ 124 എ വകുപ്പ് ഭരണഘടന വിരുദ്ധമാണെന്ന് സമർത്ഥിക്കുന്ന ഹർജി പരിഗണിച്ച ബെഞ്ചിന്റെ ഭാഗമായിരുന്നു ജസ്റ്റ് സൂര്യകാന്ത്. നിയമഭേദഗതി കൊണ്ടുവരാൻ പോകുന്നു എന്ന ഗവൺമെന്റിന്റെ ഉറപ്പിന്മേൽ, പ്രസ്തുത വകുപ്പ് താൽക്കാലികമായി മരവിപ്പിക്കുകയാണ് കോടതി ചെയ്തത്. അതിന്മേൽ എഫ് ഐ ആറുകൾ ഇടുന്നത് നിരോധിച്ചു. വളരെ പുരോഗമനപരമെന്ന് പ്രത്യക്ഷത്തിൽ തോന്നുന്ന വിധിയായിരുന്നു അത്. എന്നാൽ, ഈ ലേഖകൻ തന്നെ മുൻപ് എഴുതിയിട്ടുള്ളത് പോലെ, മുന്നിൽ വരുന്ന ഹരജിയിലെ ആവശ്യങ്ങൾ പരിഗണിക്കുകയും, ഭരണഘടനപരമല്ലെന്ന ആക്ഷേപത്തിന്റെ ജുഡീഷ്യൽ പരിശോധന നടത്തുകയുമായിരുന്നു കോടതി ചെയ്യേണ്ടിയിരുന്നത്.  പരിശോധന നടന്നാൽ, നിശ്ചയമായും 124 ഭരണഘടനാ വിരുദ്ധമാണെന്ന് വിധിയെഴുതേണ്ടിവരും എന്ന് വലിയൊരു വിഭാഗം ഭരണഘടനാ വിശാരദരും വിശ്വസിച്ചു. എന്നാൽ ഗവൺമെന്റിന്റെ വാക്ക് മാനിച്ച്, എഫ് ഐ ആർ ഇടരുതെന്ന് നിർദ്ദേശത്തോടെ, ഭരണഘടനാപരമായ പരിശോധന നടത്താതെ കേസ് അവസാനിപ്പിച്ചത്, സമാനമായ കാര്യങ്ങൾ പ്രതിപാദിക്കുന്ന മറ്റൊരു നിയമ വകുപ്പ് കൊണ്ടുവരാൻ ഗവൺമെന്റിനവസരം നൽകി. ഒരു കാര്യം ഭരണഘടനാ വിരുദ്ധം എന്ന് സുപ്രീംകോടതി വിധിച്ചു കഴിഞ്ഞാൽ, അതിന് ലംഘിക്കുന്ന നിയമനിർമാണം നടത്തുക അസാധ്യമാണ്. ഇവിടെ ഭാരതീയ ന്യായസംഹിതയിൽ വകുപ്പ് 152 വഴി ദേശദ്രോഹക്കൂട്ടം ഒളിച്ചു കടത്തുവാൻ ഗവൺമെന്റിന് അവസരം ലഭിച്ചത്, 124എ കേസിൽ സുപ്രീംകോടതി തീരുമാനമെടുക്കാതെ പോയതുകൊണ്ടാണ്.

 വിവാദങ്ങൾ

2018ൽ ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആകുമ്പോഴും 2019 സുപ്രീം കോടതിയിലേക്ക് എത്തിച്ചേരുമ്പോഴും, അദ്ദേഹത്തിന് എതിരായി ഉയർന്നുവന്ന ആരോപണങ്ങളിൽ മേൽ പ്രഖ്യാപിച്ചിരുന്ന അന്വേഷണം എങ്ങുമെത്തിയിരുന്നില്ല. അന്ന് കാരവൻ മാസിക, അദ്ദേഹത്തിന്രായ രണ്ടു പരാതികൾ സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടിരുന്നു. 2012-ൽ അദ്ദേഹത്തിൻറെ ദുരൂഹമായ ഭൂമി ഇടപാടുകൾ സംബന്ധിച്ച പരാതിയാണ് ഉണ്ടായിരുന്നത്. 2017 ഇൽ വിധി പറയാൻ കൈക്കൂലി വാങ്ങിയെന്ന ആരോപണവും വന്നു. അന്വേഷണം പൂർത്തിയാക്കി തീർത്തു കൽപ്പിക്കാത്ത ഈ പരാതികൾ നിലനിൽക്കാൻ അദ്ദേഹത്തെ സുപ്രീംകോടതിയിലേക്ക് ശുപാർശ ചെയ്യരുതെന്ന് സുപ്രീംകോടതി ജഡ്ജിയായിരുന്ന എ കെ ഗോയൽ  പറഞ്ഞിരുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇവ ആരോപണങ്ങൾ മാത്രമായിരിക്കാം, എന്നാൽ അന്വേഷണം നടത്തി റിപ്പോർട്ട് വന്നു നിയമവഴികളിലൂടെ പോയാലല്ലേ വാസ്തവം ബോധ്യപ്പെടൂ? എന്നാൽ ആരോപണങ്ങൾ പരിഗണിച്ചു, പരിഗണിച്ചെങ്കിൽ അതിൽ അന്വേഷണം നടത്തിയോ? അന്വേഷണത്തിലെ കണ്ടപ്പ എന്തായിരുന്നു? കൊളീജിയം എങ്ങനെയാണ് ഈ ആരോപണങ്ങളെ തള്ളിക്കളഞ്ഞത് തുടങ്ങിയ കാര്യത്തിൽ ഒന്നും ഒരു വിശദീകരണവും പൊതുജനത്തിനു മുന്നിൽ ഇല്ല. പരാതികൾക്ക് അപ്പുറം ആരോപണങ്ങളിൽ കൊളീജിയം പുലർത്തുന്ന ഈ നിശബ്ദതയാണ് ജുഡീഷ്യറിയുടെ വിശ്വാസ്യതയ്ക്ക് മങ്ങലേൽപ്പിക്കുന്നത്. ഒരു ജനാധിപത്യ സംവിധാനത്തിൽ നീതിന്യായ വ്യവസ്ഥിതിയുടെ ആധികാരികതയ്ക്ക് പ്രമാണം ആകുന്നത് അതിൻറെ പ്രതിച്ഛായയും വിശ്വാസ്യതയും ആണ്.

 ജസ്റ്റിസ് അതുൽ ശ്രീധർ 

ജസ്റ്റിസ് സൂര്യകാന്തിന്റെ സുപ്രീംകോടതിയിലേക്കുള്ള വരവ്, കൊളീജിയത്തിന്റെ ഗോപ്യമായ പ്രവർത്തനങ്ങളെയാണ് വെളിവാക്കിയതെങ്കിൽ, ജുഡീഷ്യറിയിൽ ഭരണകൂടത്തിന്റെ ഇടപെടലുകളെ തുറന്നുകാണിക്കുന്നതായിരുന്നു മലയാളികൂടിയായ ജസ്റ്റിസ് അതുൽ ശ്രീധരന്റെ ട്രാൻസ്ഫർ.

ഭരണഘടനാപരമായ അവകാശങ്ങൾക്ക് ഒപ്പം നിൽക്കുന്ന ന്യായാധിപൻ എന്ന പേരുകേട്ട, ജസ്റ്റിസ് അതുൽ, തൻറെ മകൻ അഭിഭാഷക വൃത്തി ആരംഭിച്ചതിനെ തുടർന്ന് ജമ്മുകശ്മീരിലേക്ക് സ്ഥലംമാറ്റം ചോദിച്ചു വാങ്ങിയ വ്യക്തിയാണ്. പിന്നീട് മധ്യപ്രദേശ് ഹൈക്കോടതിയിലേക്ക് എത്തിയ അദ്ദേഹം ഈ കഴിഞ്ഞ ഓഗസ്റ്റ് മാസത്തിൽ ഛത്തീസ്ഗഡ് ഹൈക്കോടതിയിലേക്ക് മാറ്റുവാൻ സുപ്രീം കോടതി കോളേജിയം നിർദ്ദേശിച്ചു. എന്നാൽ രണ്ടുമാസം കഴിഞ്ഞപ്പോൾ, ‘ഗവൺമെന്റിന്റെ അഭ്യർത്ഥന പ്രകാരം’ അദ്ദേഹത്തെ അലഹബാദ് ഹൈക്കോടതിയിലേക്ക് ട്രാൻസ്ഫർ ചെയ്ത് കൊളീജിയം തീരുമാനമെടുത്തു. കോളേജിയം പ്രമേയത്തിൽ തന്നെ ‘പുനപരിശോധിക്കാനുള്ള ഗവൺമെന്റിന്റെ അഭ്യർത്ഥന മാനിച്ച് ജസ്റ്റിസ് അതുൽ ശ്രീധരനെ, ഛത്തീസ്ഗഡ് ഹൈക്കോടതിക്ക് പകരം, അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റുവാൻ നിർദ്ദേശിക്കുന്നു’ എന്ന രേഖപ്പെടുത്തിയിട്ടുണ്ട്.

ദുരുപദ്രവകരമായ ഒരു ബ്യൂറോക്രാറ്റിക് നടപടിയാണിതെന്ന് വിശ്വസിക്കുക പ്രയാസമാണ്. ഇത് അപകടകരമായ കീഴ്വഴക്കങ്ങൾ സൃഷ്ടിക്കുന്നു. അലഹബാദിൽ അദ്ദേഹം സീനിയോറിറ്റി പ്രകാരം ഏഴാമനാണ്. മധ്യപ്രദേശ് ഹൈക്കോടതിയിൽ രണ്ടാമനായിരുന്നു. ഛത്തീസ്ഗഡിൽ മൂന്നാമനും. അലഹബാദിലേക്ക് മാറിയതോടെ അദ്ദേഹത്തിന് ഹൈക്കോടതി കൊളീജിയത്തിലെ സ്ഥാനം നഷ്ടപ്പെട്ടു. പൗരാവകാശങ്ങളോടും ജനാധിപത്യ മൂല്യങ്ങളോടും ആഭിമുഖ്യം പ്രകടിപ്പിക്കുന്ന ഒരു ന്യായാധിപന് ജുഡീഷ്യറിയിൽ ഭരണപരമായ സ്വാധീനം ഉണ്ടായിരിക്കില്ലെന്ന് വന്നു. 

ട്രാൻസ്ഫർ ശിക്ഷയായി മാറുമ്പോൾ 

ഭരണഘടനയുടെ അനുഛേദം 222 അനുസരിച്ച്, ഇന്ത്യൻ ചീഫ് ജസ്റ്റിസുമായി കൂടിയാലോചിച്ച് ഹൈക്കോടതി ജഡ്ജിമാരെ സ്ഥലം മാറ്റാവുന്നതാണ്. ഭരണപരമായ അനിവാര്യതയുടെ അടിസ്ഥാനത്തിലാണ് ഇത്തരം മാറ്റങ്ങൾ നീതീകരിക്കപ്പെടുന്നത്. എന്നാൽ ജസ്റ്റിസ് വി ആർ കൃഷ്ണയ്യർ ഉൾപ്പെടെയുള്ള നിയമജ്ഞർ സ്ഥലം മാറ്റങ്ങൾ നിയന്ത്രണ ഉപാധികളായി മാറുന്നു എന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്. ഡൽഹി കലാപകാലത്ത് നിർണായക ഇടപെടലുകൾ നടത്തിയ ജസ്റ്റിസ് എസ് മുരളീധർ, ഡൽഹി ഹൈക്കോടതിയിൽ നിന്നും നീക്കം ചെയ്യപ്പെട്ടത് സമീപകാല ഉദാഹരണങ്ങളിൽ ഒന്നാണ്.  സ്വതന്ത്ര നിലപാടുകൾ ഉള്ള ന്യായാധിപർ ഇത്തരത്തിൽ സ്ഥലം മാറ്റപ്പെടുമ്പോൾ അതു നൽകുന്ന സന്ദേശം ജുഡീഷ്യറിയിലെ സർവ്വ ആളുകൾക്കും മനസ്സിലാകും. ഒരു മുൻ ഹൈക്കോടതി ജഡ്ജി പ്രസ്താവിച്ചത് പോലെ: “ഒരു ട്രാൻസ്ഫറും ഒരു കഥ പറയുന്നുണ്ട്, സ്ഥലംമാറുന്ന ജഡ്ജിയോട് മാത്രമല്ല ഇത് കാണുന്ന എല്ലാ ജഡ്ജിമാരോടും.” 

ഒഴിഞ്ഞുമാറൽ എന്ന തന്ത്രം 

സുപ്രധാനമായ കേസുകളിൽ തീരുമാനമെടുക്കാതെ ദീർഘകാലത്തേക്ക് മാറ്റിവച്ച് , ഗവൺമെൻറ്കൾക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്ന സമീപനത്തോടൊപ്പമാണ്, സ്വതന്ത്ര നിലപാടുകൾ എടുക്കുന്ന ന്യായാധിപരെ സ്ഥലം മാറ്റുകയും, ദുരൂഹമായ പശ്ചാത്തലം ഉള്ളവരെ ഉന്നതസ്ഥാനങ്ങളിലേക്ക് ആനയിക്കുകയും ചെയ്യുന്ന പ്രവണത. പ്രധാനപ്പെട്ട ഭരണഘടനാ പ്രശ്നങ്ങൾ ഉൾക്കൊള്ളുന്ന ഹർജികളിലെല്ലാം ഈ ഒരു സമീപനം കാണാം. ആധാർ നിയമം പോലും ഇല്ലാതിരുന്ന കാലത്ത് അതിനെതിരെ സമർപ്പിച്ച ഹർജി ദീർഘകാലം തീരുമാനമെടുക്കാതെ വച്ചിട്ട്, നിയമം പാസാക്കിയതിനു ശേഷം മാത്രമാണ് അന്തിമ വിചാരണ ആരംഭിച്ചത്. അനുഛേദം 370, പൗരത്വ നിയമഭേദഗതി, ഇലക്ട്രൽ ബോണ്ട് തുടങ്ങിയ വിഷയങ്ങളെല്ലാം വർഷങ്ങളോളം അവഗണിക്കപ്പെട്ടു കിടന്നതിനുശേഷം ആണ് പരിഗണിക്കപ്പെട്ടത്. മണി ബില്ല് സംബന്ധിച്ച് അതിപ്രധാനമായ ഭരണഘടനാ പ്രശ്നം ഉന്നയിക്കപ്പെട്ട കേസ് ഉൾപ്പെടെ ഇനിയും എത്രയോ ഉദാഹരണങ്ങൾ നമുക്ക് മുന്നിലുണ്ട്. 

അനുഛേദം 370 റദ്ദു ചെയ്തതിനോട് അനുബന്ധിച്ച് സമർപ്പിക്കപ്പെട്ട ബി എസ് ഹേബിയസ് കോർപ്പസ് ഹർജികൾ വിചിത്രമായ കോടതി നടപടികളിലേക്കാണ് നയിച്ചത്. രാഷ്ട്രീയ പ്രാധാന്യമുള്ള കേസുകളിലെ ജാമ്യ അപേക്ഷകൾ പോലും തുടർച്ചയായി നിരസിക്കപ്പെടുകയോ പരിഗണിക്കാതെ മാറ്റിവയ്ക്കുകയോ ചെയ്യുന്നത് കാണാം. ഭീമ കൊറേഗാവ് കേസിലും ഡൽഹി കലാപവുമായി ബന്ധപ്പെട്ട വിദ്യാർത്ഥി നേതാക്കളെ ഉൾപ്പെടുത്തിയ കേസിലും സംഭവിച്ചതതാണ്. അഞ്ചുവർഷത്തിലേറെ കാലമായി ഉമർ ഖാലിദ് ജയിലിൽ കഴിയുന്നു. ഈ പ്രശ്നം കേവലം വ്യക്തികളുടെയോ, പ്രത്യേക കേസുകളുടെയോ അടിസ്ഥാനത്തിലല്ല, വ്യവസ്ഥാപിതമായ പക്ഷപാതിത്വവുമായി മനസ്സിലാക്കപ്പെടേണ്ട രാഷ്ട്രീയ സാഹചര്യത്തിലാണ് നമ്മൾ ജീവിക്കുന്നത്.

ജസ്റ്റിസ് സൂര്യകാന്തിന്റെ നേതൃത്വം

കാലാവധി ഒരു വർഷത്തിനടുത്ത് മാത്രമാണെങ്കിലും, നിർണായകമായ കാലഘട്ടത്തിലാണ് ജസ്റ്റിസ് സൂര്യകാന്ത് ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് പദവിയിലേക്ക് എത്തുന്നത്. മാസ്റ്റർ ഓഫ് ദ് റോസ്റ്റർ അധികാരം ഉപയോഗിച്ചുകൊണ്ട് കേസുകൾ ഏതൊക്കെ ബെഞ്ചിനാണ് നൽകുക, കൊളീജിയം നടപടിക്രമങ്ങളെ എങ്ങനെയാണ് കൈകാര്യം ചെയ്യുക, സുപ്രീംകോടതിയിൽ അവശേഷിക്കുന്ന അനവധിയായ ഭരണഘടനാ പ്രശ്നങ്ങളിൽ എന്തു സമീപനമിയിരിക്കും സ്വീകരിക്കുക തുടങ്ങി ഒരുപാട് കാര്യങ്ങൾ നിരീക്ഷണ വിധേയമാകും. നീതിന്യായ സംവിധാനത്തിന് വിശ്വാസ്യത വീണ്ടെടുക്കുന്നതിന് എന്ത് സമീപനമാണ് സ്വീകരിക്കാൻ കഴിയുക എന്നത് പ്രസക്തമാണ്. ഭരണപരമായ അവധാനതയും ധാർമികമായ നിഷ്പക്ഷതയും മാത്രം മതിയാവില്ല, ഭരണഘടനാ ധാർമികതയോട്  തീവ്രവാദപരമായ പ്രതിജ്ഞാബദ്ധത പ്രകടിപ്പിക്കേണ്ട കാലഘട്ടമാണിത്.

ഭരണകൂടവും ജുഡീഷ്യറിയും തമ്മിലുള്ള വിലപേശലുകളുടെ അപ്പക്കഷണങ്ങളായി നിയമങ്ങളും സ്ഥലം മാറ്റങ്ങളും മാറുമ്പോൾ, ഡോക്ടർ അംബേദ്കർ വിഭാവനം ചെയ്ത ഭരണഘടനയുടെ നിതാന്ത കാവൽക്കാരൻ എന്ന കടമ നിർവഹിക്കുന്നതിന് നീതിന്യായ സംവിധാനത്തിന് കഴിയാതെ പോകും. പ്രശ്ന വൽക്കരിക്കപ്പെടേണ്ട വിധി ന്യായങ്ങൾ മാത്രമല്ല, നിർണായക ഘട്ടങ്ങളിലെ നിശബ്ദതകളും വിലയിരുത്തപ്പെടേണ്ടതാണ്.

ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം ഉറപ്പുവരുത്തുന്ന സ്വയം നിയന്ത്രിത സംവിധാനമാണ് കൊളീജിയം എന്ന് പ്രഖ്യാപിച്ചാൽ മാത്രം പോരാ, അത് പൊതു സമൂഹത്തിന് ബോധ്യപ്പെടും വിധം സുതാര്യവും ജനാധിപത്യ ത്തോടെ ഉത്തരവാദിത്തമുള്ളതും ഭരണഘടനാധാർമ്മികത ഉയർത്തിപ്പിടിക്കുന്നതുമായിരിക്കണം. 

സമകാലിക രാഷ്ട്രീയ വ്യവസ്ഥിതിയിൽ ഭരണഘടന എങ്ങനെ പ്രവർത്തിക്കുന്നു എന്ന് സൂചിപ്പിക്കുന്ന സുപ്രധാനമായ ഒരു മുഹൂർത്തത്തിന്റെ ഇരുവശങ്ങളാണ് ജസ്റ്റിസ് അതുൽ ശ്രീധരന്റെ സ്ഥലം മാറ്റവും ജസ്റ്റിസ് സൂര്യകാന്തിന്റെ നിയമനവും. ഒരാൾ ഭരണഘടനാ ധാർമികതയോട് പരമാവധി ചേർന്നു നിൽക്കുമ്പോഴും നിരീശ്വരയുടെ അധികാര വ്യവസ്ഥിതിയിൽ നിന്നും ഒഴിവാക്കപ്പെടുന്നു; മറ്റൊരാൾ, ഉത്തരം ആവശ്യപ്പെടുന്ന അനേകം ചോദ്യങ്ങൾക്കിടയിലും നീതിപീഠത്തിന്റെ പരമോന്നത സ്ഥാനത്തേക്ക് ഉയർത്തപ്പെടുന്നു. ഇവർക്കിടയിലുള്ള അവ്യക്തഭൂമികയിലാണ് സമകാലിക ഇന്ത്യയിലെ നീതിന്യായ വ്യവസ്ഥിതിയുടെ ധാർമിക ബലാബലം പരീക്ഷിക്കപ്പെടുന്നത്. അത് വ്യക്തിപരമായ ഒരു വിലയിരുത്തൽ മാത്രമല്ല, ഒരു വ്യവസ്ഥിതിയുടെ പരീക്ഷയാണ്. അധികാര സംവിധാനത്തിനു മുന്നിൽ വാല് ചുരുട്ടി നിൽക്കുന്ന നീതിന്യായ വ്യവസ്ഥിതി അല്ല, നമ്മുടെ ഭരണഘടന വിഭാവനം ചെയ്യുന്നത്. ഭൂരിപക്ഷവാദത്തിന്റെ അപകടകരമായ രാഷ്ട്രീയ ഭാവത്തെ നേരിട്ടുകൊണ്ട് അധികാരികൾക്ക് മുന്നിൽ സത്യം വിളിച്ചു പറയാൻ മടിക്കാത്ത, രാഷ്ട്രത്തിൻറെ മനസ്സാക്ഷി ആവണം നീതിന്യായ സംവിധാനം. അധികാരമോഹവും, ഭയവും ഒത്തുതീർപ്പുകളും ആ മനസാക്ഷിയെ ദുർബലമാക്കിയാൽ, നീതി ഭരണഘടനയുടെ ആമുഖത്തിൽ എഴുതിവച്ച വെറും വാക്കായി മാറും. 

First Published in Suprabhatam Daily on 30/10/2025

LEAVE A REPLY

Please enter your comment!
Please enter your name here