ജനാധിപത്യത്തിനെതിരായ തീവ്ര പരിശോധന 

രാജമെമ്പാടും  നടപ്പിലാക്കി ൺക്കൊണ്ടിരിക്കുന്ന വോട്ടർപട്ടികയുടെ തീവ്ര പരിശോധന, ഒന്നോ രണ്ടോ പതിറ്റാണ്ടുകളുടെ ഇടവേളകളിൽ നടക്കുന്ന ഒരു സാധാരണ പരിപാടിയാണെന്നുള്ള തരത്തിലാണ് ഇലക്ഷൻ കമ്മീഷൻ പൊതുജന സമക്ഷം അവതരിപ്പിച്ചിട്ടുള്ളത്; വീട് വിടാന്തരം കയറിയിറങ്ങി വോട്ടർ പട്ടികയുടെ കൃത്യത ഉറപ്പുവരുത്തുന്നതിനുള്ള സംവിധാനം. എന്നാൽ സൂക്ഷ്മ പരിശോധനയിൽ, ഇത് ചരിത്രത്തിൽ സമാനതകളില്ലാത്ത പ്രക്രിയയാണെന്ന് കാണാം. വോട്ടർപട്ടിക പരിശോധനയും പൗരത്വനിർണയവും തമ്മിലുള്ള അതിർവരമ്പ് ഇല്ലാതാക്കുന്ന, ഒരുപാട് മനുഷ്യരെ പുറന്തള്ളാൻ സാധ്യതയുള്ള, വളരെ പ്രധാനപ്പെട്ട സ്വകാര്യ വിവരങ്ങളുടെ ഭീതിതമായ കേന്ദ്രീകരണത്തിന് വഴിവയ്ക്കുന്ന, പൗരത്വം തെളിയിക്കുന്നതിനുള്ള ബാധ്യത സാധാരണ മനുഷ്യർക്ക് മേൽ ചുമത്തുന്ന നടപടിയാണ് ഇപ്പോൾ പ്രയോഗത്തിൽ വന്നുകൊണ്ടിരിക്കുന്നത്. എല്ലാവരെയും ചേർത്തുപിടിക്കുന്ന രാജ്യത്തിൻറെ ജനാധിപത്യ ഭൂമികയിൽ, അനാവശ്യവും ഭരണഘടനാവിരുദ്ധവുമായ ഇടപെടലായി ഇത് മാറുന്നു. 

കേരള ഗവൺമെൻറ് ഉൾപ്പെടെ നിരവധിപേർ എസ് ഐ ആർ തടയണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കോടതിയെ സമീപിച്ചിട്ടുണ്ട്. അതിനു നിരവധി കാരണങ്ങളുണ്ട്. (1) രാജ്യത്തെ മനുഷ്യരുടെ പൗരത്വം നിർണയിക്കുന്നതിനുള്ള അധികാരം ഇലക്ഷൻ കമ്മീഷനില്ലെന്ന ഒരൊറ്റ കാരണം കൊണ്ട് ഇപ്പോൾ നടക്കുന്നതുപോലെയുള്ള  തീവ്ര പരിശോധന ഭരണഘടനാവിരുദ്ധമാണ്. (2) കേരളം ഉൾപ്പെടെ പല പ്രദേശങ്ങളിലും ഇത് നടപ്പിലാക്കുന്ന സമയം, ഉദ്യോഗസ്ഥ സംവിധാനത്തെയും സാധാരണ പൗരരെയും സമ്മർദ്ദത്തിലാക്കുന്നതാണ്. (3) ബീഹാറിലെ തീവ്ര പരിശോധന പൂർത്തിയാക്കിയപ്പോൾ വ്യക്തമായത് പോലെ, നമ്മുടെ വോട്ടർപട്ടികയിൽ വ്യാപകമായി വൈദേശികർ കടന്നു കൂടിയിട്ടൊന്നുമില്ല, എന്നാൽ അരികുവൽക്കരിക്കപ്പെട്ട, ദരിദ്രരായ, നിരക്ഷരരായ, ഒരുപാട് മനുഷ്യരെ പുറന്തള്ളുന്നതിന് ഇതുവഴി വച്ചേക്കാം. (4) രാഹുൽ ഗാന്ധി ഉൾപ്പെടെ നിരവധി പേർ ചൂണ്ടി കാണിച്ചിട്ടുള്ള വോട്ടർപട്ടികയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ആവശ്യമായ സോഫ്റ്റ്‌വെയർ സംവിധാനവും ഉദ്യോഗസ്ഥ വ്യവസ്ഥയും ഇലക്ഷൻ കമ്മീഷനുണ്ട്, എന്നാൽ അതുപ്രയോഗപ്പെടുത്താൻ തയ്യാറാവാതെ എസ് ഐ ആറിലേക്ക് പോവുകയാണ് കമ്മീഷൻ ചെയ്യുന്നത്. (5) അതുപോലെ നിർബന്ധിതമല്ലെങ്കിലും, വോട്ടർപട്ടിയെ ആധാറുമായി ബന്ധിപ്പിക്കുന്ന പ്രക്രിയ ഊർജ്ജിതമാക്കുവാനും കേന്ദ്രീകൃതമായി അപകടകരമാംവിധം വലിയ വിവരശേഖരം, കാര്യമായ സുരക്ഷ ക്രമീകരണങ്ങൾ ഒന്നുമില്ലാതെ സൃഷ്ടിക്കുവാനും ഈ പ്രക്രിയ വഴിവയ്ക്കുന്നുണ്ട്. (6) പൗരത്വം നിർണയം എന്ന ഭൂരിപക്ഷ വർഗീയ രാഷ്ട്രീയ ദർശനത്തിന്റെ വിശാല പദ്ധതിയോട് ചേർന്നുനിൽക്കുന്നു എന്നതിനാൽ എസ് ഐ ആർ പ്രാഥമികമായും എതിർക്കപ്പെടേണ്ടതാണ്. 

കമ്മീഷൻ അധികാരപരിധി ലംഘിക്കുന്നു 

ഭരണഘടനയുടെ അനുഛേദം 324 അനുസരിച്ച്, രാജ്യമാകെ തെരഞ്ഞെടുപ്പിന്റെ നടത്തിപ്പിന് മേൽനോട്ടം വഹിക്കുക എന്ന ഉത്തരവാദിത്തമാണ് തിരഞ്ഞെടുപ്പ് കമ്മീഷനുള്ളത്. അതിനായി 1960-ലെ ജനപ്രാധിനിത്യ നിയമവും, ചട്ടങ്ങളും അനുസരിച്ചാണ് പ്രവർത്തിക്കേണ്ടത്.  വോട്ടർ പട്ടികയുടെ പുനപരിശോധന അതിലെ പ്രധാനപ്പെട്ട ഘടകമാണ്, കാലാകാലങ്ങളിൽ സമ്മറി റിവിഷനുകൾ നടന്നുപോരുന്നതുമാണ്. എന്നാൽ സുപ്രീംകോടതിയുടെ മുന്നിൽ ഇപ്പോൾ ഉന്നയിക്കപ്പെട്ടിട്ടുള്ള പ്രശ്നം, രാജ്യവ്യാപകമായി വീടുകൾ കയറിയിറങ്ങി പൗരത്വം തെളിയിക്കുവാൻ ഇന്ത്യക്കാരോട് ആവശ്യപ്പെടാനും, വ്യാപകമായി വോട്ടർമാരെ നീക്കം ചെയ്യാനും അധികാരപ്പെടുത്തുന്ന നടപടി, ഇലക്ഷൻ നിയമങ്ങളും ഭരണഘടനയും പൗരന നൽകുന്ന മിനിമം സുരക്ഷിതത്വത്തെ മറികടക്കുന്നതല്ലേ എന്നതാണ്. ഇലക്ഷൻ കമ്മീഷന് വോട്ടർപട്ടിക പരിശോധിക്കുവാനും തെളിവു ശേഖരിക്കുവാനുമൊക്കെ അധികാരം ഉണ്ടായിരിക്കും എന്നാൽ രാജ്യ വ്യാപകമായി പൗരത്വ പരിശോധന നടത്തുവാനുള്ള അധികാരമില്ല. പൗരത്വം ഒരു മനുഷ്യൻറെ അവകാശങ്ങൾക്കുള്ള അവകാശമാണ്. അതിൽ തൊട്ടു കളിക്കുന്നതിന് കൃത്യമായ നിയമപരിരക്ഷകളും ചട്ടങ്ങളും അനിവാര്യമാണ്. 

രാജ്യത്ത് പൗരത്വം നിർണയിക്കുന്നത് പാർലമെൻറ് പാസാക്കിയ പൗരത്വനിയമം അനുസരിച്ചാണ്.  ഇന്ത്യയുടെ സവിശേഷത പരിഗണിച്ച്, പരമാവധി മനുഷ്യരെ ജനാധിപത്യ പ്രക്രിയയുടെ ഭാഗമാക്കുന്നതിനുതകും വിധമുള്ള പ്രവർത്തനമാണ് പ്രാരംഭ കാലം മുതൽ ഇലക്ഷൻ കമ്മീഷൻ ചെയ്തു പോന്നിട്ടുള്ളത്. രാജ്യത്തെ ജനങ്ങളെ വിശ്വാസത്തിലെടുത്തു കൊണ്ട്, അവർ പൗരരാണെന്ന് വിചാരിച്ചു കൊണ്ട്, കരട് പട്ടികകൾ പരിശോധിച്ച് പരാതികളും ആക്ഷേപങ്ങളും പരിഗണിച്ച്, പരാതി പരിഹാരത്തിനുള്ള കൃത്യമായ നടപടിക്രമങ്ങൾ പാലിച്ചാണ് അത് നടന്നു പോന്നത്. പകരം വീടുകളിൽ പരിശോധനയ്ക്ക് വരുന്ന ബൂത്ത് ലെവൽ ഓഫീസർമാരെ നടക്കുന്ന പൗരത്വ ട്രിബ്യൂണലുകൾ ആക്കി മാറ്റുന്നത് അംഗീകരിക്കാനാവില്ല. പൗരത്വനിർണയമെന്ന് യൂണിയൻ ഗവൺമെന്റിന്റെ പണി ഇലക്ഷൻ കമ്മീഷൻ അങ്ങനെ ഡെലിഗേറ്റ് ചെയ്തു കൊടുക്കേണ്ടതല്ല.

കേരളത്തിലെ എസ് ഐ ആർ 

അവധാനതയേതുമില്ലാതെ, അനുചിതമായ സമയത്ത് ഒരു പദ്ധതി എങ്ങനെ നടപ്പിലാക്കാം എന്നതിന് ഉദാഹരണമാണ് കേരളത്തിലെ എസ് ഐ ആർ. സംസ്ഥാനം തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന ഘട്ടത്തിൽ, ജനങ്ങളും ഉദ്യോഗസ്ഥ സംവിധാനവും അതിൻറെ തിരക്കിൽ ആയിട്ടുള്ള സമയത്ത്, ഇത്തരമൊരു പരിപാടിയുമായി വരുന്നതിനെതിരെ സംസ്ഥാന നിയമസഭ ഐകകണ്ഠേന പ്രമേയത്തിലൂടെ എതിർത്തിട്ടുണ്ട്. ഒരു തിരഞ്ഞെടുപ്പ് പ്രക്രിയ സംഘടിപ്പിക്കുന്നതിനിടയ്ക്ക് തീവ്ര പരിശോധന കൂടി നടത്തുന്നത് വലിയ ആശങ്കകളും അവ്യക്തതകളും സൃഷ്ടിച്ചിട്ടുണ്ട്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള വോട്ടർ പട്ടികയുടെയും എസ് ഐ ആർ വഴി നിയമസഭയിലേക്കുള്ള വോട്ടർപട്ടികയുടെയും പരിശോധന ഒരേ സമയമാണ് നടക്കുന്നത്. തെരഞ്ഞെടുപ്പിന്റെ സുഖമമായ പ്രവർത്തനങ്ങൾക്ക് ആവശ്യമായി വരുന്ന ഉദ്യോഗസ്ഥ വൃന്ദത്തെ തന്നെയാണ് എസ് ഐ ആറിനും നിയോഗിച്ചിട്ടുള്ളത്. ഇതിനെതിരെ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ് സംസ്ഥാന സർക്കാർ. ഇത്ര തിരക്കിട്ട് നടപ്പിലാക്കുന്നത് അതിഥി തൊഴിലാളികളും കൂലിവേലക്കാരും പിന്നാക്ക വിഭാഗക്കാരും ഉൾപ്പെടെ അടിസ്ഥാന വർഗ്ഗത്തിൻറെ വോട്ടവകാശം കവർന്നെടുക്കുന്നതിന് ഇടയാക്കും എന്ന ആശങ്ക നിയമസഭ പ്രകടിപ്പിച്ചിട്ടുണ്ട്. ഇതിനു മുൻപ് എസ് ഐ ആർ നടത്തിയ അനുഭവം പരിശോധിച്ചാൽ ഇതൊന്നും വെറും ആശങ്കകൾ അല്ലെന്നും വാസ്തവവിചാരങ്ങൾ ആണെന്നും കാണാം.

ബീഹാറിലെ അനുഭവം 

ഇതര രാജ്യങ്ങളിൽ നിന്നുള്ള ആളുകളുടെ സാമീപ്യം ഉണ്ടാവാൻ തീരെ സാധ്യത കുറഞ്ഞ ബിഹാറിൽ, നമ്മൾ പ്രതീക്ഷിച്ചത് പോലെ തന്നെയാണ് എസ് ഐ ആർ അവസാനിച്ചത്. രാഷ്ട്രീയ വർത്തമാനങ്ങളിൽ നിറഞ്ഞുനിന്ന കുടിയേറ്റക്കാരെയും വിദേശികളെയും ഒന്നും നമ്മൾ അവിടെ കണ്ടില്ല. മാത്രവുമല്ല, ആസാമിൽ സംഭവിച്ചത് പോലെ ജനങ്ങളെ സംശയിക്കേണ്ടവരുടെ പട്ടികയിലേക്ക് അഥവാ ഡി കാറ്റഗറിയിലേക്ക് മാറ്റുകയും ജനാധിപത്യ സംവിധാനത്തിൽ നിന്ന് പുറന്തള്ളുകയും ചെയ്യുന്ന നടപടിയുടെ പ്രാരംഭമായി അത് മാറുകയും ചെയ്തു. മരണപ്പെട്ടവരെയും ഇരട്ടിപ്പുകളെയും കുറെയധികം കണ്ടെത്തിയിട്ടുണ്ട് എന്നത് നേരാണ്. എന്നാൽ അതിലെ ഭീകരമായ തെറ്റുകൾ മാധ്യമങ്ങൾ പുറത്തുകൊണ്ടുവന്നിട്ടുണ്ട്. മരണപ്പെട്ടവരെയും ഇരട്ട വോട്ടുകളെയും കണ്ടെത്തുന്നതിന് ഇതര മാർഗ്ഗങ്ങൾ ഉണ്ടെന്ന വസ്തുതയും നിലനിൽക്കുന്നു. 

സാങ്കേതികവിദ്യയുടെ ഉപയോഗം 

യഥാർത്ഥ പ്രശ്നം വോട്ടർപട്ടികയുടെ ശുദ്ധീകരണമാണെങ്കിൽ, ഇരട്ടിപ്പുകളും വ്യാജ വോട്ടർമാരും ഒക്കെ ഇല്ലാതാക്കളാണെങ്കിൽ,  വീടുകൾ കയറിയിറങ്ങി തെളിവ് ശേഖരിചുള്ള പരിശോധന അനിവാര്യമേയല്ല. കമ്പ്യൂട്ടർ സംവിധാനങ്ങളുടെ സഹായത്തോടെ ഡീ-ഡ്യൂപ്ലിക്കേഷന്‍ നടത്തി വോട്ടർപട്ടികയിലെ ആവർത്തനങ്ങൾ ഒഴിവാക്കാം. ആധുനിക ഐടി സങ്കേതങ്ങൾ ഉപയോഗിച്ച് ഇത്ര സങ്കീർണതയും പണ ചെലവുമില്ലാതെ അത് ചെയ്യാവുന്നതേയുള്ളൂ. ഡിജിറ്റൈസ് ചെയ്ത വോട്ടർ പട്ടികയും, മറ്റു സോഫ്റ്റ്‌വെയർ സംവിധാനങ്ങളും ഇലക്ഷൻ കമ്മീഷന്റെ കയ്യിൽ ലഭ്യമാണെന്നിരിക്കേ, വീടുകൾ കയറിയിറങ്ങി പൗരത്വത്തിന് തെളിവു ശേഖരിക്കുന്ന പരിപാടി ഒരു രാഷ്ട്രീയ ദിശാസൂചികയാണ്. 

വിവരകേന്ദ്രീകരണം 

വോട്ടർ പട്ടികയെ ആധാറുമായി ബന്ധിപ്പിക്കരുത് എന്ന് എന്ന് 2012-ൽ നമ്മുടെ ഭരണഘടന കോടതി വിധിച്ചിട്ടുണ്ട്. എന്നാൽ നിർബന്ധമല്ല, വേണമെങ്കിൽ ആവാം എന്ന് ബ്രാക്കറ്റിൽ എഴുതി പതിവ് പരിപാടി തുടരുകയാണ് കമ്മീഷൻ ഇവിടെയും ചെയ്യുന്നത്. ഫലത്തിൽ ദേശവ്യാപകമായി ആധാർ വോട്ടർ ഐഡി ബാന്ധവം നടക്കുകയാണ്. കേന്ദ്രീകൃത വിവരശേഖരങ്ങളുടെ അപകടങ്ങൾ ഇക്കാലത്ത് വളരെ വ്യക്തമാണ്. സർവൈലൻസിനും ജനാധിപത്യത്തെ അട്ടിമറിക്കുന്നതിനും അഭിപ്രായ സ്വാതന്ത്ര്യത്തെ ഇല്ലാതാക്കുന്നതിനും ഒക്കെ അത് വഴിവയ്ക്കും. വിവരസുരക്ഷാ നിയമവും അനുബന്ധ ചട്ടങ്ങളും ഇതുവരെ നിലവിൽ വന്നിട്ടില്ലാത്ത ഒരു രാജ്യത്താണ് ഇത്രയധികം മനുഷ്യരുടെ വിവരങ്ങൾ യാതൊരു മുൻകരുതലുകളും ഇല്ലാതെ ശേഖരിക്കുകയും കൈമാറുകയും വിവിധ ഇടങ്ങളിൽ വിവിധ തലങ്ങളിൽ വിവിധ രൂപങ്ങളിൽ ശേഖരിച്ച് സൂക്ഷിക്കുകയും ഒടുവിൽ കേന്ദ്രീകൃതമായി ബന്ധിപ്പിക്കപ്പെടുകയും ചെയ്യുന്നത്. 

എസ് ഐ ആർ അഥവാ എൻ ആർ സി 

പേര്, വോട്ടർ പട്ടികയുടെ തീവ്ര പരിശോധന എന്നാണെങ്കിലും ഫലത്തിൽ ഈ പരിപാടി ദേശീയ പൗരത്വ രജിസ്റ്റർ രൂപീകരണം തന്നെയാണ്. പൗരത്വ നിയമത്തിനനുസരിച്ച് കാലഘട്ടങ്ങൾ നിശ്ചയിച്ച് അതിനനുസൃതമായി രേഖകൾ ശേഖരിച്ച് ഇലക്ഷൻ കമ്മീഷൻ നടപ്പിലാക്കുന്നതിന് മറ്റൊരു പേരിടുന്നതെന്തിനാണെന്ന ചോദ്യം മാത്രമാണ് അവശേഷിക്കുന്നത്. ഓരോ ഇന്ത്യക്കാരുടെയും, അവരുടെ മാതാപിതാക്കളുടെയും, ജനനതീയതിയും അതിനു അനുബന്ധമായ രേഖകളുമാണ് ശേഖരിക്കുന്നത്. എൻ ആർ സി നടപ്പിലായപ്പോഴും ഇതുതന്നെയാണ് സംഭവിച്ചത്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ പത്രസമ്മേളനത്തിനിടെ ആസാമിൽ ഇപ്പോൾ എസ് ഐ ആർ നടപ്പിലാക്കാത്തത് അവിടെ എൻ ആർ സി ഉള്ളതുകൊണ്ടാണ് എന്ന് തുറന്നു പറയുകയുമുണ്ടായി. ഭൂരിപക്ഷ രാഷ്ട്രീയ ദർശനങ്ങളുടെ പ്രയോക്താക്കളെ അമ്പരപ്പിക്കുന്ന തരത്തിൽ അസാമിലെ എൻആർസിയിൽ രാജ്യ രഹിതരായ പത്തൊമ്പതര ലക്ഷം പേരിൽ ഭൂരിപക്ഷവും ഹിന്ദുക്കളായിരുന്നു എന്ന യാഥാർത്ഥ്യമാണ് അവിടെ തടസമാകുന്നത്. അത് സംബന്ധിച്ച വിശാലമായ സംവാദങ്ങളിലേക്ക് കടക്കുന്നതിനു മുൻപ്, ജനാധിപത്യ സംവിധാനം സുഗമമായ മുന്നോട്ടുപോകണമെന്ന് ആഗ്രഹിക്കുന്നുവെങ്കിൽ ഇലക്ഷൻ കമ്മീഷൻ അടിയന്തരമായി ചെയ്യേണ്ടത് താൽക്കാലികമായിട്ടെങ്കിലും, ഇപ്പോൾ  നടക്കുന്ന കേരളം പോലുള്ള ഇടങ്ങളിൽ പ്രവർത്തനം നിർത്തിവയ്ക്കുക എന്നതാണ്. സുപ്രീംകോടതിയുടെ പങ്കും ചെറുതല്ല, ഇലക്ടറൽ ബോണ്ടിന്റെയും, അനുഛേദം 370ന്റെയും, ആധാറിന്റെയും ഒക്കെ കാര്യത്തിൽ സംഭവിച്ചത് പോലെ, ഭരണസംവിധാനങ്ങൾ കാര്യം നേടുന്നതുവരെ കേസിന്റെ വിചാരണ നീട്ടിക്കൊണ്ടുപോയി ഫലത്തിൽ ഭരണകൂടത്തിന് ഒത്താശ ചെയ്യുന്ന ഒരു സമീപനം ഉണ്ടാകരുത്. ഇടക്കാലം കൊണ്ട് എസ് ഐ ആറിന്റെ മെത്തഡോളജിയും സുതാര്യതയും എല്ലാം പരിശോധിക്കപ്പെടണം. ആധാർ ഉൾപ്പെടെ സ്വകാര്യ വിവരങ്ങൾ ശേഖരിക്കുമ്പോൾ അത് ഇലക്ട്രോണിക്കൽ ആയും ഭൗതികമായും കൈകാര്യം ചെയ്യുന്നതിലെ സൂക്ഷ്മത സംബന്ധിച്ച ചട്ടക്കൂട് രൂപീകരിച്ചത് പ്രസിദ്ധീകരിക്കണം. അതിൽ ആധുനിക ജനാധിപത്യ സമൂഹങ്ങൾ ആവശ്യപ്പെടുന്ന വിവരസുരക്ഷ-സ്വകാര്യത പരിരക്ഷകൾ ഉറപ്പുവരുത്തണം. സ്വകാര്യതയെ മാനിക്കുന്ന, സാങ്കേതികവിദ്യകളുടെ സഹായത്തോടെ വോട്ടർപട്ടിക ഫലപ്രദമായ ശുദ്ധീകരിക്കാൻ കഴിയുമെന്ന യാഥാർത്ഥ്യം അംഗീകരിച്ചുകൊണ്ട് പ്രവർത്തിക്കുവാൻ ഇലക്ഷൻ കമ്മീഷൻ തയ്യാറാവണം. വീടുകൾ കയറിയിറങ്ങി പൗരത്വം നിർണയത്തിന്റെ ഉത്തരവാദിത്വം സാധാരണ മനുഷ്യരുടെ തലയിൽ വച്ചു കൊടുക്കുന്നത് ജനാധിപത്യപരമായ സമീപനമല്ല. ഒരാൾ പൗരൻ അല്ല എന്നതിന് ന്യായമായി സംശയിക്കാൻ തക്ക സാഹചര്യമുണ്ടെങ്കിൽ അത് തെളിയിക്കുവാനും നടപടി സ്വീകരിക്കുവാനും കഴിയുന്ന വിഭവങ്ങളും സംവിധാനങ്ങളും സ്റ്റേറ്റിനുണ്ട്. ഇതൊന്നുമില്ലാത്ത പാവങ്ങൾ സ്റ്റേറ്റിന്റെ അടിസ്ഥാനരഹിതമായ സംശയങ്ങൾക്ക് നിവാരണം വരുത്തണം എന്ന് പറയുന്നത് നീതികേടാണ്. എല്ലാത്തിനും ഉപരി തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഭരണഘടനാപരമായ പരിധി എവിടെയാണെന്ന് സ്പർശീകരണം നടത്തുവാനുള്ള ബാധ്യത സുപ്രീംകോടതിക്കുണ്ട്. 

അനിയന്ത്രിതമായ വിവരശേഖരങ്ങൾ സൃഷ്ടിക്കുന്നത് കൊണ്ടോ, നിസ്സഹായ മനുഷ്യരെ പുറന്തള്ളിക്കൊണ്ടോ ജനാധിപത്യം സംരക്ഷിക്കപ്പെടുകയില്ല. ഇനിയാലുടങ്ങാത്ത വൈവിധ്യങ്ങൾക്ക് അമ്മയായ നാടെന്ന നിലയ്ക്ക്, പരമാവധി മനുഷ്യരെ ഉൾക്കൊള്ളുന്ന, സുതാര്യതയും ഭരണകൂട ഉത്തരവാദിത്വവും വ്യക്തതയോടെ പ്രാവർത്തികമാകുന്ന, അബലരെ ചേർത്തുപിടിക്കുന്ന, ഭരണഘടനാ ധാർമികതയെ ഉയർത്തിപ്പിടിക്കേണ്ടത് അനിവാര്യമാണ്.

Published in Suprabhatham Daily on 11/11/2025

LEAVE A REPLY

Please enter your comment!
Please enter your name here