2016-ൽ ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയുടെ ഹോസ്റ്റലിൽ നിന്നും കാണാതായ നജീബ് അഹമ്മദ് എന്ന എം.എസ്.സി വിദ്യാർത്ഥിയെക്കുറിച്ചുള്ള അന്വേഷണം അവസാനിപ്പിച്ച സിബിഐയുടെ റിപ്പോർട്ട് ഡൽഹി കോടതി അംഗീകരിച്ചിരിക്കുന്നു. എല്ലാ നിലയ്ക്കും ശ്രമിച്ചുവെങ്കിലും ഒരു തുമ്പും കണ്ടെത്താനായില്ലെന്നാണ് രാജ്യത്തെ പരമോന്നത അന്വേഷണ ഏജൻസി പറയുന്നത്. നജീബിന്റെ ഉമ്മയുടെ കണ്ണുനീർ തോരുന്നില്ല. വ്യവസ്ഥിതിയാകെ അവരോട് ചെയ്ത ചതിയുടെ വലുപ്പം ലോകം കാണുന്നുണ്ട്. കാഴ്ചവട്ടത്തെങ്ങും നീതിയുടെ ഒരു തരി വെളിച്ചം പോലും ഇല്ലാത്ത അധികാരത്തിന്റെ ഇടനാഴികളിൽ നജീബ് എവിടെ എന്ന ചോദ്യം ബാക്കിയാണ്.
2016 ഒക്ടോബർ 15-ന് ഹോസ്റ്റലിൽ നിന്നും കാണാതായതാണ് നജീബിനെ. അന്ന് രാത്രി എബിവിപി സംഘം മുറിയിൽ എത്തി അവനെ ആക്രമിച്ചിരുന്നുവെന്ന് വിദ്യാർഥികൾ പറയുന്നു. ഫോണും പേഴ്സും ഉൾപ്പെടെ എല്ലാ സാധനങ്ങളും മുറിയിൽ തന്നെ ഉണ്ടായിരുന്നു. നജീബിന്റെ ഉമ്മ നഫീസ ഫാത്തിമ ഡൽഹി ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി ഫയൽ ചെയ്തപ്പോഴാണ് അന്വേഷണം ആരംഭിച്ചത്. ആദ്യഘട്ടം മുതൽ അന്വേഷണത്തിലെ വീഴ്ചകൾ വ്യക്തമായിരുന്നു. നിരവധിതവണ കോടതി തന്നെ വിമർശനവും ഉന്നയിച്ചിട്ടുണ്ട്. അന്നേദിവസം രാത്രി, നജീബ് ഓട്ടോറിക്ഷയിൽ കയറി ഹോസ്റ്റലിൽ നിന്ന് പുറത്തേക്ക് പോയി എന്നായിരുന്നു ഡൽഹി പോലീസ് ആദ്യം ‘കണ്ടെത്തി’യത്. എന്നാൽ ഓട്ടോറിക്ഷക്കാരൻ നൽകിയ മൊഴി വ്യാജമായിരുന്നു അങ്ങനെയൊന്നും സംഭവിച്ചിട്ടില്ലെന്നും സിബിഐ കോടതിയെ അറിയിച്ചു. എങ്കിലും അന്വേഷണത്തിൽ യാതൊരു പുരോഗതിയും ഉണ്ടാക്കുവാൻ കഴിഞ്ഞില്ല. സിബിഐ നിലപാട് കോടതി അംഗീകരിച്ചതോടെ, പുതിയ തെളിവുകൾ ഒന്നും ഉയർന്നു വരാത്ത പക്ഷം കേസ് ഇവിടെ അവസാനിക്കുകയാണ്. തെളിവുകൾ ലഭിക്കുന്നതിന് വേണ്ടി ദ്രുതഗതിയിലുള്ള യാതൊരു നടപടികളും അധികാരികൾ സ്വീകരിച്ചിരുന്നില്ല എന്നതാണ് യാഥാർത്ഥ്യം. സംഘപരിവാർ സംഘടനകളുമായുള്ള സംഘർഷത്തെക്കുറിച്ച് പരാതി ഉണ്ടായിരുന്നെങ്കിലും അതൊന്നും നേരാംവണ്ണം പരിശോധിക്കപ്പെട്ടില്ലെന്ന് വിദ്യാർത്ഥി സംഘടനകളും നജീബിന്റെ ഉമ്മയും പറയുന്നു. സത്യം മറച്ചുവയ്ക്കപ്പെടുകയാണെന്നാണ് അവരുടെ അഭിപ്രായം.
വിദ്യാഭ്യാസ മേഖലയിലുള്ള ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെ കടന്നുകയറ്റത്തിന്റെയും വിയോജിപ്പുകൾക്കെതിരെ ഫാസിസ്റ്റ് അധികാര കേന്ദ്രങ്ങൾ പുലർത്തുന്ന കടുത്ത അസഹിഷ്ണുതയുടെയും വിശാലമായ സാമൂഹിക രാഷ്ട്രീയ പശ്ചാത്തലത്തിൽ മാത്രമേ നജീബിന്റെ കേസിനെയും കാണാൻ കഴിയുകയുള്ളൂ. അഞ്ചുവർഷമായി തടവറയിൽ കഴിയുന്ന, ഉമർ ഖാലിദിന്റെ അനുഭവം വിയോജിപ്പുകളെ യാതൊരു മറയുമില്ലാതെ അടിച്ചമർത്തുന്ന ഭരണകൂടനയത്തിന്റെ പ്രതിഫലനമാണ്. അഭിപ്രായം പറയുന്നവർക്കെതിരെ യുഎപിഎ പോലെയുള്ള ഭീകര നിയമങ്ങൾ ചാർത്തി നിർവീര്യമാക്കുന്നത് ഫാസിസത്തിന്റെ പൊതുസ്വഭാവമാണ്. നജീബിനെ ആക്രമിച്ചവർ ഇപ്പോഴും സ്വൈര്യവിഹാരം നടത്തുകയാണ്, അതേസമയം എഴുതുകയും പ്രസംഗിക്കുകയും അനീതിക്കെതിരെ സംഘടിക്കുകയും ചെയ്യുന്നവർ ജയിലഴിക്ക് പിന്നിൽ ആയിരിക്കുകയും ചെയ്യുന്നു. കോടതിയിൽ പോലും രണ്ടുതരം സമീപനമാണ്. ഭൂരിപക്ഷവാദികളുടെ സംഘടിത അധികാരശക്തിക്ക് ഒരു നിയമം, അതിനെ ചോദ്യം ചെയ്യുന്നവർക്ക് മറ്റൊരു നിയമം!
വിയോജിപ്പുകളുടെയും സംവാദങ്ങളുടെയും സർഗാത്മകേന്ദ്രങ്ങൾ ആയിരുന്ന ഇന്ത്യൻ സർവകലാശാലകൾ കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി സംഘർഷഭൂമികളാണ്. ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റി, ജാമിയ മില്ലിയ ഇസ്ലാമിയ, അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റി, ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റി, ഡൽഹി യൂണിവേഴ്സിറ്റി തുടങ്ങി, രാജ്യത്തെ മുൻനിരയിലുള്ള ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളെല്ലാം ഫാസിസ്റ്റ് സംഘടനകൾ ലക്ഷ്യം വെച്ചിരിക്കുന്നു. ഗ്രാന്റുകൾ വെട്ടിച്ചുരുക്കി, അധികാര കേന്ദ്രങ്ങളുടെ അനിയന്ത്രിതമായ ഇടപെടലുകൾ വ്യാപകമാക്കി, രാഷ്ട്രീയ പക്ഷപാതത്വം മാത്രം പരിഗണിച്ചുകൊണ്ടുള്ള നിയമനങ്ങൾ നടത്തി, സിലബസിൽ വ്യാജശാസ്ത്രങ്ങളും തെറ്റായ ചരിത്രവും ഉൾചേർത്ത്, പോലീസ് അതിക്രമങ്ങൾക്ക് വഴിയൊരുക്കി, കലാലയങ്ങളെ മെരുക്കാനുള്ള ശ്രമമാണ് നടക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഫാസിസ്റ്റ് പ്രസ്ഥാനങ്ങളുടെ നിരീക്ഷണത്തിലാണ്. വിയോജിപ്പുകൾ പ്രകടിപ്പിക്കുന്ന വിദ്യാർത്ഥികളെയും അധ്യാപകരെയും ദേശവിരുദ്ധരായി ലേബൽ ചെയ്ത് വേട്ടയാടുന്നു. ഭീകരവിരുദ്ധ കേസുകളിൽ പെടുത്തുന്നു. അക്കാദമിക സ്വാതന്ത്ര്യം സമ്പൂർണ്ണമായി നിഷേധിക്കുന്നു. കലുഷമായ ഈ കാലാവസ്ഥയിൽ നജീബിന്റെ തിരോധാനം ആസൂത്രിതമായ ഒരു മുന്നറിയിപ്പാണ്. ഉമർ ഖാലിദിന്റെ അനന്തമായ കാരാഗ്രഹവാസവും ജുഡീഷ്യറിയുടെ നിസ്സംഗതയും അതിൻറെ തുടർച്ചയാണ്. 1950-ൽ രാജ്യത്തെ ജനങ്ങൾക്ക് നൽകിയ ഭരണഘടനാപരമായ വാഗ്ദാനങ്ങൾ ഇന്ന് അവ്യക്തമായ അകലക്കാഴ്ച മാത്രമായി മാറിയിരിക്കുന്നു.
സാമൂഹ്യ മാധ്യമങ്ങളിലൂടെയും വ്യാജവാർത്ത പോർട്ടലുകളിലൂടെയും വലതുപക്ഷ രാഷ്ട്രീയം പിന്തുടരുന്നവർ നജീബിനെതിരെ നിരന്തരം അപവാദങ്ങൾ പ്രചരിപ്പിച്ചിരുന്നു. നജീബ് മാനസിക രോഗിയാണെന്നും, തീവ്രവാദ സംഘത്തിൽ ചേർന്നിരുന്നുവെന്നും ആരോപിച്ചു. കോടതിയുടെ ഇടപെടലിനു ശേഷമാണ് ഇത്തരം പരാമർശങ്ങൾ പിൻവലിക്കപ്പെട്ടത്. നജീബിനെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചവർ ഏത് വിഭാഗത്തിൽ ഉള്ളവരാണെന്ന് പരിശോധിച്ചാൽ തന്നെ അവൻറെ തിരോധാനത്തിന് പിന്നിൽ ആരെന്നും മനസ്സിലാകും. ആമി ഒരിക്കൽ പറഞ്ഞു(ആമി എന്നാണ് നജീബ് ഉമ്മയെ വിളിക്കുന്നത്): “ഞാൻ നജീബിന്റെ മാത്രം ഉമ്മയല്ല, അനീതിക്ക് മുന്നിൽ മക്കളെ നഷ്ടപ്പെട്ട ഏവരുടെയും ഉമ്മയാണ്.” ഇപ്പോൾ അവർ കേസ് അവസാനിപ്പിച്ച സിബിഐ നടപടിക്കെതിരെ ഭരണഘടനാ കോടതികളെ സമീപിക്കാൻ ഒരുങ്ങുകയാണ്. അവസാനം നിമിഷം വരെ പൊരുതുമെന്നാണ് അവർ പറയുന്നത്. ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റിയിൽ ജീവിതം അവസാനിപ്പിക്കേണ്ടി വന്ന രോഹിത് വെമുലയുടെ അമ്മയുടെ വിലാപം ഇവിടെ ഇപ്പോഴും മുഴങ്ങുന്നുണ്ട്. ‘എന്റെ മകനെ അവർ വീണ്ടും വീണ്ടും കൊല്ലുകയാണെ’ന്ന് ആ അമ്മയ്ക്ക് പറയേണ്ടി വന്നു. ഈ രാജ്യം നാടിൻറെ ഏറ്റവും സർഗധനരായ വിദ്യാർത്ഥികളോട് ചെയ്യുന്നതിങ്ങനെയൊക്കെയാണ്. നജീബിനെ കണ്ടെത്താനോ കാണാതായതെങ്ങനെയെന്ന് വിശദീകരിക്കാനോ കഴിയാതെ പോയത് യാദൃശ്ചികമായുണ്ടായൊരു വീഴ്ചയല്ല തന്നെ. ഇല്ലാതായിക്കൊണ്ടിരിക്കുന്ന ഒരു ജനാധിപത്യ റിപ്പബ്ലിക്കിന്റെ രൂപകമാണത്. “നജീബ് എവിടെ?” എന്ന ഉമ്മയുടെ ചോദ്യം, രാജ്യം എന്നോ മറന്നുപോയ വാഗ്ദത്ത സ്വപ്നങ്ങളുടെ വിലാപമാണ്. നജീബിന് എന്തു സംഭവിച്ചു എന്ന് പുറത്തു വരാത്തിടത്തോളം കാലം, ഉമർ ഖാലിദുമാർ തടവറയിൽ തന്നെ തുടരുന്നിടത്തോളം കാലം, വിദ്യാർഥികളെ ഭീകര മുദ്രകുത്തി നിശബ്ദരാക്കുന്നിടത്തോളം കാലം നമ്മുടെ ഏതൊരു സ്വതന്ത്ര ജനാധിപത്യ രാജ്യമാണെന്ന് കരളുറപ്പോടെ പറയുവതെങ്ങനെയാണ്? പ്രമുഖ മാധ്യമ പ്രവർത്തക റാന അയൂബ് ചോദിച്ചതുപോലെ “നജീബ് എവിടെ? ഉമർ എവിടെ? ജനാധിപത്യമെവിടെ?”
Fisrt Published in Suprabhatham Daily on 10/07/2025



