പൗരത്വത്തിന്റെ പേരിലുള്ള ആൾക്കൂട്ട ഭീകരത കേരളത്തിലേക്കും വ്യാപിച്ചിരിക്കുന്നു. മോഷ്ടാവെന്നു സംശയിച്ച് ഒരു അതിഥി തൊഴിലാളിയെ വാളയാറിൽ ഒരു കൂട്ടം ആളുകൾ കൊല ചെയ്തിരിക്കുന്നു. പുറത്തുവന്ന വീഡിയോയിൽ, നിസ്സഹായ മനുഷ്യനോട് “നിങ്ങൾ ബംഗ്ലാദേശിയാണോ?” എന്ന് ചോദിച്ചുകൊണ്ടാണ് മർദ്ദിക്കുന്നത്. മർദ്ദനത്തിലൂടെ ദേശീയത പരിശോധിക്കുന്ന നശിച്ച ലോകം! ഇനി അങ്ങനെയൊരു ചോദ്യം ചോദിച്ചില്ലെങ്കിലും കൊലപാതകത്തിന് കാരണം വ്യക്തമാണ്. ഒരു അപരിചിതൻ, യാതൊരു ഉന്നത ബന്ധങ്ങളും ഇല്ലാത്ത ഒരു കൂലിപ്പണിക്കാരൻ, സാമൂഹിക ശൃംഖലകളുടെ ഒന്നും ഭാഗമല്ലാത്തവൻ… അവനെ ഇല്ലാതാക്കിയാൽ ഒന്നുമില്ലെന്ന ബോധം. മോഷ്ടാവെന്ന സംശയം, വിദേശി എന്ന വിരോധം, അക്രമത്തിന്റെ ദൃശ്യങ്ങൾ പകർത്തുന്നതിന്റെ ലാഘവത്തം, ഒരുത്തനും ചോദിക്കാൻ വരില്ലെന്ന ആത്മവിശ്വാസം; ഇത് കേവലം ഒരു ക്രമസമാധാന പ്രശ്നമല്ല. പുതിയകാലത്തെ പൗരത്വ നിർവചനങ്ങളും, അതിനെ ചുറ്റിപ്പറ്റിയുള്ള രാഷ്ട്രീയവും, സമൂഹത്തിന്റെ ധാർമികതയെ എങ്ങനെ ഇല്ലാതാക്കുന്നു എന്നതിൻറെ സൂചകമാണ്.
ഇനി അയാൾ ബംഗ്ലാദേശിയായിരുന്നു എന്ന് തന്നെ ഇരിക്കട്ടെ. അതുകൊണ്ട് എന്തു മാറ്റമാണ് ഉണ്ടാവുക? കുറ്റകൃത്യത്തിൻറെ കാഠിന്യം കുറയുമായിരുന്നോ? ആൾക്കൂട്ട കൊലപാതകം ദേശസ്നേഹപരമായ പ്രവർത്തിയായി മാറുമായിരുന്നോ? കുഴക്കുന്ന ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം “ഇല്ല” എന്നല്ലെങ്കിൽ രാജ്യം അപകടത്തിലാണ്.
പൗരത്വവും ‘അവകാശങ്ങൾക്കുള്ള അവകാശവും’
ഭരണഘടനാ ജനാധിപത്യത്തിൻറെ പ്രാഥമിക വാഗ്ദാനം ലളിതമാണ്; ഭരണകൂടത്തിന്റെ അധികാരങ്ങൾ നിയമത്താൽ നിയന്ത്രിതമായിരിക്കണം, ഐച്ഛികമായ അതിക്രമങ്ങളിൽ നിന്ന് എല്ലാ മനുഷ്യർക്കും സംരക്ഷണമൊരുക്കണം. നമ്മുടെ രാജ്യത്ത് ഇതുറപ്പുവരുത്തുന്നത് പാസ്പോർട്ടോ തിരിച്ചറിയൽ കാർഡോ അല്ല, ഭരണഘടനയാണ്. അനുച്ഛേദം 14 ഉറപ്പു തരുന്ന നിയമത്തിനു മുന്നിലെ തുല്യതയും തുല്യ നിയമപരിരക്ഷയും, അനുഛേദം 21 ഉറപ്പു നൽകുന്ന അന്തസ്സോടെ ജീവിക്കാനുള്ള അവകാശവും. എന്നാൽ കഴിഞ്ഞ കുറെ വർഷങ്ങളായി രാജ്യത്ത് നടക്കുന്ന രാഷ്ട്രീയ പ്രചാരണങ്ങളും പ്രസംഗങ്ങളും ചില ജീവിതങ്ങളെ സംരക്ഷണത്തിന് അർഹതയില്ലാത്തവരായി കാണുവാൻ ജനങ്ങളെ പരിശീലിപ്പിച്ചു കൊണ്ടിരിക്കുകയാണ്. പ്രത്യേകിച്ച് ദരിദ്രർ, ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ളവർ, മുസ്ലീങ്ങൾ, അതിർത്തി പ്രദേശങ്ങളിലുള്ളവർ… ഒറ്റവാക്കിൽ പറഞ്ഞാൽ അപരിചിതരെല്ലാം. ഈ സാഹചര്യത്തിൽ, പൗരത്വത്തെ കുറിച്ചുള്ള അടിസ്ഥാനപരമായ ചർച്ചകൾക്ക് നമ്മൾ തയ്യാറാവേണ്ടതുണ്ട്.
ജർമൻ രാഷ്ട്രമീമാംസകൻ ഹന്ന അറേൻഡ് പൗരത്വത്തെ ‘അവകാശങ്ങൾക്കുള്ള അവകാശം’ എന്നാണ് വിശേഷിപ്പിച്ചത്. അതായത് നമ്മുടെ കാര്യങ്ങൾ കേൾക്കാൻ തയ്യാറുള്ള ഒരു രാഷ്ട്രീയ വിഭാഗത്തിലെ അംഗത്വം. അവർ അതിലൊരു വലിയ അപകടം ചൂണ്ടിക്കാണിക്കുന്നുണ്ട്. ആ വിഭാഗത്തിൽ നിന്ന് പുറത്താക്കപ്പെട്ടാൽ, അല്ലെങ്കിൽ അതിൽ ഉൾപ്പെടാതെ വന്നാൽ, നിയമപരമായി ഉപേക്ഷിക്കപ്പെടുമെന്ന് മാത്രമല്ല, ധാർമികമായും അവർ ഒറ്റപ്പെടും. അവരുടെ ദുരിതങ്ങൾ എളുപ്പത്തിൽ അവഗണിക്കാൻ കഴിയുമെന്നു വരും. അവർക്ക് അവകാശങ്ങളേയില്ല എന്നു വരും.
നമ്മുടെ ഭരണഘടന ഒരു പൗരന്റെ അന്തസ്സിന് പൗരത്വം നിർബന്ധമാണെന്ന് പറയുന്നില്ല. അനുച്ഛേദം 21, എല്ലാ മനുഷ്യർക്കും ജീവിക്കാനുള്ള അവകാശം വാഗ്ദാനം ചെയ്യുന്നു, കേവലം പൗരന്മാർക്ക് മാത്രമല്ല. നിയമസംവിധാനത്തിന്റെ സംരക്ഷണവും, അക്രമത്തിൽ നിന്നുള്ള സംരക്ഷണവും ദേശീയതയുടെ അടിസ്ഥാനത്തിലല്ല എന്ന് സുപ്രീംകോടതിയും പലതവണ വ്യക്തമാക്കിയിട്ടുള്ളതാണ്. എന്നാൽ രാഷ്ട്രീയ ആശയ പ്രചാരവേലകൾ ഭരണഘടനാപരമായ മൂല്യബോധങ്ങളെ അപ്രസക്തമാക്കിയിരിക്കുന്നു. ഇന്ന് നമ്മുടെ നാട്ടിൽ പൗരത്വം കേവലാർത്ഥത്തിൽ ഭരണകൂടവും പൗരനും തമ്മിലുള്ള നിയമപരമായ ബന്ധമല്ല, ആളുകളെ വിഭാഗീകരിക്കാനുള്ള ഉപകരണമാണ്. അങ്ങനെ പൗരത്വം നിർണയിക്കപ്പെടുന്നത് തെളിവുകളുടെയോ നിയമത്തിന്റെയോ വ്യവസ്ഥാപിതമായ സംവിധാനങ്ങളുടെയോ അടിസ്ഥാനത്തിലല്ല, ആൾക്കൂട്ട ആരോപണങ്ങളും ഹിംസയുമാണ് മാർഗം. പൗരത്വം അങ്ങനെ ഒരു സാംസ്കാരിക ആയുധമായി, പുറത്താക്കലുകൾക്കുള്ള ഉപായമായി പരിവർത്തനം ചെയ്യപ്പെട്ടിരിക്കുന്നു. വളയാറിലും സംഭവിച്ചത് ഇതാണ്.
പൗരത്വ നിയമഭേദഗതിയും ആൾക്കൂട്ട മനോഭാവവും
പൗരത്വ നിയമഭേദഗതി പോലെയുള്ള നിയമനിർമാണങ്ങൾക്കും അതിന് പശ്ചാത്തലം ഒരുക്കുന്ന രാഷ്ട്രീയ പ്രചാരണങ്ങൾക്കും ഈ മനോഭാവവുമായി നേരിട്ട് നിയമപരമായ ബന്ധം ഉണ്ടെന്നല്ല, ദേശീയതയെ നിരന്തരം സംശയത്തിന്റെ മുനയിൽ നിർത്തുന്ന ആശയ പരിസരത്തിന്റെ പശ്ചാത്തലത്തിലല്ലാതെ ഇതിനെ നമുക്ക് മനസ്സിലാക്കാൻ കഴിയില്ല എന്നാണ്. 2019 ലെ പൗരത്വ നിയമഭേദഗതിയിലൂടെയാണ് ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായി മതം പൗരത്വത്തിനുള്ള മാനദണ്ഡമായി കടന്നുവരുന്നത്. വലിയ ഭരണഘടനാപരമായ ചർച്ചകൾക്കും, പ്രക്ഷോഭങ്ങൾക്കും അതു വഴി വച്ചു. അന്താരാഷ്ട്ര തലത്തിൽ തന്നെ വിമർശിക്കപ്പെട്ടു.
നിയമഭേദഗതിക്കൊപ്പം, ദേശീയ പൗരത്വ പട്ടിക കൂടി വന്നപ്പോൾ, അതൊരു വലിയ ഭീതിയായി മാറി. രാജ്യവ്യാപകമായി പൗരത്വം തെളിയിക്കാൻ കഴിഞ്ഞവരും, തെളിയിക്കാൻ കഴിയാതെ പോയവരും എന്ന നിലയ്ക്ക് രണ്ടുതരം മനുഷ്യർ ഉണ്ടാകുമെന്ന് വന്നു. ആസാമിലെ പരീക്ഷണം, അവിടെയുള്ള പാവപ്പെട്ട മനുഷ്യർക്കിടയിൽ പതിറ്റാണ്ടുകളോളം ഉണ്ടാക്കിയ ഭീതി ചെറുതല്ല. എൻ.ആർ.സി.യോട് യോജിക്കുന്നവർ പോലും അംഗീകരിക്കുന്ന ഒരു കാര്യമുണ്ട്, രേഖകളുടെ അടിസ്ഥാനത്തിലുള്ള പൗരത്വ നിർണയം ദരിദ്രരെയും സ്ത്രീകളെയും തൊഴിലാളികളെയും ദളിതരെയും ആദിവാസികളെയും മറ്റു അരികു വൽക്കരിക്കപ്പെട്ട സമൂഹത്തെയുമാണ് ഏറ്റവും ദോഷകരമായി ബാധിക്കുക, കാരണം ഔദ്യോഗിക രേഖകൾ എപ്പോഴും സമൂഹത്തിലെ വരേണ്യരുടെ വിശേഷ ഭാഗ്യമാണ്.
പൗരത്വം രാഷ്ട്രീയ പ്രചാരണങ്ങളുടെ കേന്ദ്ര സ്ഥാനത്ത് വരുമ്പോൾ സമൂഹത്തിൽ ഉണ്ടാക്കുന്ന ഹിംസാത്മക ബോധം ഭീതിദമാണ്. ‘നുഴഞ്ഞുകയറ്റക്കാർ’, ‘നിയമവിരുദ്ധർ’ എന്നിങ്ങനെയുള്ള വാക്കുകൾ രാഷ്ട്രീയ പ്രസംഗങ്ങളിൽ ആവർത്തിച്ച് ഉപയോഗിക്കപ്പെടുമ്പോൾ, അവരെ മനുഷ്യരല്ലാതായി ചിത്രീകരിക്കുന്ന പ്രയോഗങ്ങൾ രാഷ്ട്രീയ നേതാക്കളും മുഖ്യധാരാ മാധ്യമങ്ങളും വ്യാപകമായി ഉപയോഗിക്കുമ്പോൾ, സാധാരണ മനുഷ്യരെ അവർ പോലും അറിയാതെ, സ്വയം ബോർഡർ പോലീസുകാരായി ചമയാൻ പ്രേരിപ്പിക്കുകയാണ്. അപരവിദ്വേഷവും, തന്നിൽ നിന്ന് വ്യത്യസ്തരായവരോടുള്ള ഭയവും, ചില ജീവിതങ്ങൾക്ക് വില കൽപ്പിക്കേണ്ടതില്ലെന്ന ബോധ്യവും, അപകടകരമായ മാനസികാവസ്ഥ സൃഷ്ടിക്കുന്നു. ആൾക്കൂട്ടനീതി, അഭിനന്ദനാർഹമായ എന്തോ ആണെന്ന ബോധം വ്യാപകമാകുന്നു. “നീ ബംഗ്ലാദേശിയാണോ?” എന്ന ചോദ്യം, വെറുമൊരു ചോദ്യമല്ല. ഒരു രാഷ്ട്രീയ സംസ്കാരത്തിൻറെ ബഹിർസ്ഫുരണമാണ്.
വോട്ടർ പട്ടികയുടെ തീവ്ര പരിശോധന സംബന്ധിച്ച ഇലക്ഷൻ കമ്മീഷന്റെ നടപടികൾ മേൽപ്പറഞ്ഞ ഭീതിയുടെയും സംശയത്തിന്റെയും അന്തരീക്ഷത്തെ കൂടുതൽ കലുഷമാക്കിയിട്ടുണ്ട്. ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായാണ് വോട്ടർപട്ടിക പരിശോധനയെ പൗരത്വനിർണയവുമായി ബന്ധിപ്പിക്കുന്നത്. വോട്ടർ പട്ടികയിലെ ‘നുഴഞ്ഞുകയറ്റക്കാരെ’ കുറിച്ചുള്ള രാഷ്ട്രീയ ആക്രോശങ്ങൾ ഇതിന് ആക്കം കൂട്ടുന്നു. പൗരത്വം തെളിയിക്കാനുള്ള ഉത്തരവാദിത്വം രാജ്യത്തെ നിരാലംബരായ ജനതയുടെ മുകളിൽ വച്ച് കെട്ടുന്ന അധാർമികത ഇവിടെയും തുടരുന്നുണ്ട്.
വാളയാറിലെ അതിക്രമത്തെ തുടർന്ന് അറസ്റ്റിലായവർക്ക് ആർഎസ്എസ് ബിജെപി ബന്ധമുണ്ട് എന്ന വാർത്തകൾ വരുന്നുണ്ട്, ഇനി അഥവാ അങ്ങനെയൊരു ബന്ധമില്ലെങ്കിൽ പോലും ആശയ പരിസരം പ്രധാനമാണ്. സംഘടനകളിലെ അംഗത്വം കൊണ്ടു മാത്രമല്ല അക്രമങ്ങൾ ഉണ്ടാവുന്നത്, ആഖ്യാനങ്ങൾ കൊണ്ട് കൂടിയാണ്. വിദേശികൾ, നുഴഞ്ഞുകയറ്റക്കാർ, ജനസംഖ്യാപരമായ ആധിപത്യത്തിനുള്ള സാധ്യത, രാജ്യത്തിൻറെ ‘സ്വാഭാവിക’ അവകാശികളായ സമുദായം… എന്നിങ്ങനെ എണ്ണിയാലൊടുങ്ങാത്ത ആഖ്യാന വൈഭവങ്ങൾ സൃഷ്ടിക്കുന്ന വെറുപ്പിന്റെ കനലുകൾ സമൂഹത്തിൽ നീറിപ്പുകയുന്നുണ്ട്.
ഭൂരിപക്ഷ ദേശീയതയും സങ്കുചിതത്വവും
ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ഏറ്റവും വലിയ അപകടം അത് ന്യൂനപക്ഷങ്ങൾക്കെതിരെ എന്തു ചെയ്യുന്നു എന്നതിൽ മാത്രമല്ല, ഭൂരിപക്ഷത്തിന്റെ ധാർമിക ബോധ്യങ്ങളോട് അത് ചെയ്യുന്നതെന്ത് എന്നതിൽ കൂടിയാണ്. വൈവിധ്യങ്ങളെയും, വിയോജിപ്പുകളെയും, ആധുനികതയെയും ചേർത്തുപിടിക്കുന്ന ഒരു ഭരണഘടനാ പദ്ധതിയായിട്ടല്ല, മറിച്ച് മറ്റുള്ളവരെ സംശയദൃഷ്ടിയോടെ സമീപിക്കേണ്ട ഒരു സാംസ്കാരിക പദ്ധതിയിട്ടാണ് ഇന്ത്യയെ മനസ്സിലാക്കേണ്ടത് എന്നാണത് ജനങ്ങളെ പഠിപ്പിക്കുന്നത്. സമൂഹത്തിൽ അത്തരമൊരു പരിവർത്തനം സംഭവിച്ചാൽ പിന്നെ, പൗരൻ, വിദേശി, പ്രവാസി, കുടിയേറ്റക്കാർ, സ്ഥലവാസി തുടങ്ങിയ നിയമപരമായ സംജ്ഞകൾ തെരുവിൽ വിധി കൽപ്പിക്കപ്പെടേണ്ട ചോദ്യങ്ങളായി മാറുന്നു. ‘നമ്മളിൽ പെട്ടവരും’ ‘നമ്മളിൽ പെടാത്തവരു’മായി മനുഷ്യനെ വേർതിരിക്കുന്നു. നമ്മളിൽ പെടാത്തവർക്കെതിരെയുള്ള അതിക്രമം സാമൂഹികമായി നീതീകരിക്കപ്പെടുന്നു.
ഒരു രാജ്യം, അവിടുത്തെ സാംസ്കാരിക ഭൂരിപക്ഷത്തിന്റെ സ്വത്താണെന്നും മറ്റുള്ളവർ അവരുടെ കീഴിൽ കഴിയേണ്ട അതിഥികൾ ആണെന്നുമുള്ള പ്രത്യയശാസ്ത്രം, രാഷ്ട്രത്തിൻറെ ധാർമിക സീമകളെ ചെറുതാകുന്നു. ഭരണഘടനാപരമായ പൗരത്വത്തെക്കാൾ പ്രധാനം ‘സാംസ്കാരികമായ പൗരത്വ’മാണെന്ന് വരുന്നു. നിയമത്തിനു മുന്നിലെ തുല്യതയ്ക്ക് ഒരു ശ്രേണീകൃതഭാവം ഉണ്ടാകുന്നു. സാഹോദര്യം സംശയത്തിന് വഴിമാറുന്നു. ഈ രാഷ്ട്രീയ സാഹചര്യമാണ് അപരനെതിരെയുള്ള അതിക്രമത്തെ സാധൂകരിക്കുന്നത്. അത് സമൂഹത്തിൻറെ ഘടനാപരമായ പതനമാണ്. ഒറ്റപ്പെട്ട സംഭവമല്ല. തുല്യതയിലെ ശ്രേണീകരണത്തിന്, സനാതന സാംസ്കാരിക പാരമ്പര്യത്തിന്റെ പിന്തുണയുമുണ്ട്. അട്ടപ്പാടിയിലെ മധുവിനെ കൊലചെയ്ത സംഭവം അതിനുദാഹരണമാണ്. മോഷണം ഒരു കപടന്യായം മാത്രമാണ്. പൊന്നു കട്ട പോറ്റിക്കെതിരെ അവർ അത് ഒരിക്കലും ചെയ്യില്ല.
ഇനിയെന്ത്?
നിഷ്ഠൂരമായ ഈ കൊലപാതകത്തിന് കാരണമായവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരികയും, അർഹിക്കുന്ന തരത്തിൽ ശിക്ഷ നൽകുകയും വേണമെന്നത് ഭരണകൂടത്തിന്റെ പ്രാഥമികമായ ഉത്തരവാദിത്വം മാത്രമാണ്. ആൾക്കൂട്ട നീതിയെ സംശയരഹിതമായി നിരാകരിക്കുക തന്നെ വേണം. എന്നാൽ, നിയമനിർവഹണത്തിനപ്പുറം അടിയന്തരമായ സാമൂഹിക രാഷ്ട്രീയ ഉത്തരവാദിത്വങ്ങൾ നമുക്കുണ്ട്. ഭരണഘടനാപരമായ ഉത്തരവാദിത്വമുണ്ട്. പൗരത്വം എന്നത് നിയമപരമായ ഒരു നിർവചനം മാത്രമാണെന്ന ബോധ്യം നമുക്കുണ്ടാകണം. അതൊരു ധാർമിക സൂചികയൊന്നുമല്ല. അതു വച്ച് മനുഷ്യ ജീവിതങ്ങളുടെ വിലയളക്കാനുമാവില്ല.
ഭരണഘടനാധിഷ്ഠിത ജനാധിപത്യ സംവിധാനം നിലനിൽക്കുന്ന ഒരു രാജ്യത്ത് ഒരു ഇതര ദേശ തൊഴിലാളി എപ്പോഴും സംശയിക്കപ്പെടേണ്ടയാളല്ല. നമുക്ക് അപരിചിതനായ ഒരു മനുഷ്യൻ, നിയമപരമായി തെളിയിക്കപ്പെടും വരെ അന്യദേശകാരനുമല്ല. കിംവദന്തികൾ അക്രമങ്ങൾക്ക് സാധൂകരണമാവുകയില്ല. വിദേശി എന്നത് മരണവാറുണ്ടുമല്ല. “ബംഗ്ലാദേശി ആണോ?” എന്ന ചോദ്യത്തിന്റെ ഉത്തരമാണ് ഒരാൾക്ക് ഇവിടെ ജീവിക്കാനുള്ള അവകാശം ഉണ്ടോ ഇല്ലയോ എന്ന് നിർണയിക്കുന്നതെങ്കിൽ, നമ്മൾ ആ മനുഷ്യനെ മാത്രമല്ല, ഇന്ത്യയെന്ന ഭരണഘടനാപരമായ ആശയത്തെയാണ് കൊല ചെയ്യുന്നത്. വാളയാറിലെ കൊലപാതകം ആവശ്യപ്പെടുന്നത് കേവലമായ അപലപനവും ശിക്ഷയുമല്ല. ഇക്കാര്യത്തിൽ നമുക്ക് വ്യക്തത വേണം. പലവുരു ആവർത്തിക്കണം. മനുഷ്യൻറെ അന്തസ്സ് വെറുമൊരു കടലാസ്സല്ല. എല്ലാ രേഖകളും മനുഷ്യാന്തസ്സെന്ന മൂല്യത്തെ അടിസ്ഥാനപ്പെടുത്തിയുള്ളതായിരിക്കണം. അതിനെ ഉയർത്തിപ്പിടിക്കുന്നത് ആയിരിക്കണം.
Published in Suprabhatham Daily on 21/12/2025



