ജുഡീഷ്യൽ സ്വാതന്ത്ര്യത്തിന് വിഘാതമാകുന്ന കൊളീജിയം

ജസ്റ്റിസ് ദീപങ്കാർ ദത്തയുടെ വാക്കുകൾ ജുഡീഷ്യൽ സംവിധാനത്തിലെ വിള്ളലുകൾ വെളിവാക്കുന്നതാണ്. അത് കേവലം നടപടിക്രമങ്ങളുടെ പ്രശ്നമല്ല, ഭരണഘടന ഇല്ലാതാക്കാൻ ശ്രമിക്കുന്ന അധികാരശ്രേണികളെയൊക്കെ  പുനരാനയിക്കുന്നതിനുള്ള ഉപകരണമായി കൊളീജിയം സംവിധാനം  മാറിയതിന്റെ പ്രശ്നമാണ്. 


സുപ്രീംകോടതി ബാർ അസോസിയേഷൻ സംഘടിപ്പിച്ച നാഷണൽ സെമിനാറിന്റെ വേദിയിൽ സുപ്രീംകോടതി ജസ്റ്റിസ് ദീപാങ്കർ ദത്ത ഉയർത്തിയ വിമർശനം ഇന്ത്യൻ ജുഡീഷ്യറിയെ സംബന്ധിച്ച മൗലികമായ ചില പ്രശ്നങ്ങൾ വെളിച്ചത്തു കൊണ്ടുവരുന്നുണ്ട്. ‘ധൈര്യവും ആർജ്ജവവും’ പ്രകടിപ്പിക്കുന്ന ന്യായാധിപരെ സംരക്ഷിക്കുന്നതിൽ കൊളീജിയം സംവിധാനം പരാജയപ്പെടുന്നു എന്നായിരുന്നു അദ്ദേഹം പ്രസ്താവിച്ചത്. ഭരണഘടനാപരമായ വാഗ്ദാനങ്ങളിൽ നിന്ന് ഉന്നതനീതിപീഠം അകലുകയാണെന്ന വസ്തുത ഒരു സുപ്രീംകോടതി ജഡ്ജി തന്നെ വെളിപ്പെടുത്തുന്നതിനെ ജാഗ്രതയോടെ കാണേണ്ടതുണ്ട്. ഭരണഘടനയിലൂടെ അംബേദ്കർ നടപ്പിലാക്കാൻ ശ്രമിച്ച ജനാധിപത്യ ആശയലോകത്തിന്റെ നിരാകരണമാണിത്. സമൂഹത്തിൽ അന്തർലീനമായ അധികാരക്രമങ്ങളെ നിഷ്പ്രഭമാക്കുംവിധം  സമത്വത്തിലും ഉത്തരവാദിത്തബോധത്തിലും അധിഷ്ഠിതമായ ഒരുമിച്ചുള്ളൊരു ജീവിതാനുഭവമായിട്ടാണ് അദ്ദേഹം ജനാധിപത്യത്തെ നിർവചിക്കുന്നത്‌.  

തീരെ സുതാര്യമില്ലാത്ത രീതിയിൽ, ഗോപ്യമായി പ്രവർത്തിക്കുന്നതും വരേണ്യ അധികാരശ്രേണിയെ പുനരാനയിക്കുന്നതുമായ ജഡ്ജി നിയമ സംവിധാനത്തിന്, ഭരണഘടന ധാർമികതയെ സംരക്ഷിക്കുവാൻ  സംരക്ഷിക്കാൻ കഴിയുമോ എന്ന ചോദ്യമാണ് ഇന്ന് ഉയരേണ്ടത്.

ചരിത്രപരമായ ന്യായം  

ന്യായാധിപനിയമനങ്ങളിലെ  ഭരണകൂടത്തിന്റെ അന്യായമായ ഇടപെടലിനെതിരെ, പ്രത്യേകിച്ചും അടിയന്തരാവസ്ഥക്കാലത്തെ   സംഭവവികാസങ്ങൾക്കെതിരെയുള്ള പ്രതികരണമായാണ് സെക്കൻഡ് ജഡ്ജസ് കേസിലും തേർഡ് ജഡ്ജസ് കേസിലും സുപ്രീം കോടതി ന്യായാധിപനിയമനം സ്വന്തം നിയന്ത്രണത്തിൽ കൊണ്ടുവരാൻ തീരുമാനിച്ചത്. അങ്ങനെ നോക്കിയാൽ അതിനു ചരിത്രപരമായ ന്യായീകരണമുണ്ട്. എന്നാൽ അതിന്റെ തുടർച്ചയിൽ നീതിന്യായ സംവിധാനത്തിന്റെ ജനാധിപത്യവത്കരണമല്ല സംഭവിച്ചത്. മറിച്ച് അനിയന്ത്രിതമായ അധികാരം  കൊളീജിയത്തിൽ വന്നു ചേരുകയാണുണ്ടായത്. ഭരണഘടനാ സ്ഥാപനങ്ങൾ തമ്മിലുള്ള കൂടിയാലോചനയാണ് ഭരണഘടന വിഭാവനം ചെയ്തതെങ്കിൽ, സുപ്രീം കോടതി ആ പ്രക്രിയയെ ഏകപക്ഷീയമായ അധികാരപ്രയോഗമാക്കി മാറ്റി.   നീതിന്യായ സംവിധാനത്തിന്റെ ഘടനയാകെ നിർവചിക്കുന്നത് ഒരു ചെറിയ കൂട്ടം ന്യായാധിപർ രഹസ്യമായി ഒത്തുചേർന്നെടുക്കുന്ന തീരുമാനങ്ങളിലൂടെയാണ് എന്ന സ്ഥിതി വന്നു. ഇത് നിശ്ചയമായും ഭരണഘടനാപരമായ വ്യവസ്ഥയായിരുന്നില്ല. പാർലമെന്റ് പാസാക്കിയ നിയമത്തിന്റെ അടിസ്ഥാനത്തിലുള്ളതുമല്ല. സുപ്രീംകോടതി തന്നെ സ്വയം രൂപീകരിച്ച അനൗപചാരിക സംവിധാനമായിരുന്നു. അതിന്റെ ഫലം ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം ആയിരുന്നില്ലെന്ന തിരിച്ചറിവിലേക്കാണ് ജസ്റ്റിസ് ദത്തയുടെ വാക്കുകൾ വിരൽചൂണ്ടുന്നത്. 

ഗോപ്യമായ സംവിധാനം 

കൊളീജിയത്തിന്റെ ഏറ്റവും വലിയ പോരായ്മ അതിന്റെ രഹസ്യാത്മകത മാത്രമല്ല, അതിന്റെ സാമൂഹിക ഇടം കൂടിയാണ്. അത് സ്ഥിതി ചെയ്യുന്ന സാമൂഹിക ശ്രേണി കൂടി പ്രശ്നവത്കരിക്കപ്പെടേണ്ടതുണ്ട്. സവർണപ്രമാണിമാരും, നഗരകേന്ദ്രീകൃതമായ ഇംഗ്ളീഷ്  വരേണ്യരും, പരമ്പരാഗത നിയമ കുടുംബങ്ങളുമാണ് ആ സാമൂഹിക ഇടത്തിന്റെ അവകാശികൾ. അതൊരു യാദൃശ്ചികതയല്ല, അംബേദ്‌കർ നിർവചിക്കാൻ ശ്രമിച്ച ശ്രേണീകൃത അസമത്വത്തിന്റെ തുടർച്ചയാണത്. വരേണ്യതയുടെ കുത്തകാധികാരങ്ങൾ തലമുറകളിലൂടെ പുനർജ്ജനിക്കുന്ന സവിശേഷ സംവിധാനമാണിത്. അനൗപചാരിക കൂടിയാലോചനകളിലൂടെയും, രേഖപ്പെടുത്തപ്പെടാത്ത മാനദണ്ഡങ്ങളിലൂടെയും, തീർത്തും സുതാര്യതയില്ലാതെ പ്രവർത്തിക്കുന്ന കൊളീജിയം ഈ വ്യവസ്ഥിതിയെ സ്ഥാപനവത്കരിക്കുകയാണ് ചെയ്യുന്നത്. ലിഖിതമായ മാനദണ്ഡങ്ങളുടെ അഭാവം ന്യായാധിപരെ  തെരഞ്ഞെടുക്കുന്ന പ്രക്രിയയെ, നീതിപൂർവമാണോ എന്ന്  വിശകലനം ചെയ്യാൻ പോലും കഴിയാത്തവിധം ഐഛീകമാക്കുന്നു. ഇന്ത്യ പോലൊരു രാജ്യത്ത് അതിൽ കഴിവിനും യോഗ്യതയ്ക്കുമപ്പുറം, അതിൽ  സാമൂഹിക/രാഷ്ട്രീയ/അധികാര  ഘടകങ്ങളുടെ സ്വാധീനം അവഗണിക്കാൻ കഴിയാത്തതാണ്. ചില ഉദാഹരണങ്ങൾ നമുക്ക് പരിശോധിക്കാം. 

ജസ്റ്റിസ് അഖിൽ ഖുറേഷി 

ജുഡീഷ്യൽ നിയമങ്ങളിലെ രഹസ്യാത്മകത രാഷ്ട്രീയ അധികാര കേന്ദ്രങ്ങളുടെ താത്‌പര്യങ്ങളുമായി എത്രമാത്രം ബന്ധപ്പെട്ടിരിക്കുന്നു എന്നതിന് തെളിവാണ് ജസ്റ്റിസ് അഖിൽ ഖുറേഷി സുപ്രീംകോടതിയിൽ എത്താതെ പോയ ചരിത്രം. സ്വതന്ത്രമായ തീരുമാനങ്ങൾക്കും നിയമ പാണ്ഡിത്യത്തിനും പേര് കേട്ട ന്യായാധിപൻ ആയിരുന്നെങ്കിലും അദ്ധേഹത്തിന്റെ സുപ്രീംകോടതി പ്രവേശനത്തിൽ തീരുമാനമെടുക്കാതെ നീട്ടി വച്ച്, ഒടുവിൽ ആ അവസരം അദ്ദേഹത്തിന് നിഷേധിക്കപ്പെടുകയാണുണ്ടായത്. അതേക്കുറിച്ച് ഒരു വിശദീകരണവും ഉണ്ടായില്ല. അതാര്യമായ ഒരു സംവിധാനത്തിൽ അങ്ങനെയൊരു വിശദീകരണത്തിന്റെ ആവശ്യമേയില്ല. എന്നാൽ ആ മൗനത്തിന്  അധികാര രാഷ്രീയത്തിന്റെ ഭീതീതമായ ഭാരമുണ്ട്. . 

ജസ്റ്റിസ് അതുൽ ശ്രീധർ 

ജുഡീഷ്യറിയിൽ ഭരണകൂടത്തിന്റെ നിഗൂഢമായ ഇടപെടലുകളെ തുറന്നുകാണിക്കുന്നതായിരുന്നു മലയാളികൂടിയായ ജസ്റ്റിസ് അതുൽ ശ്രീധരന്റെ ട്രാൻസ്ഫർ.

ഭരണഘടനാപരമായ അവകാശങ്ങൾക്ക് ഒപ്പം നിൽക്കുന്ന ന്യായാധിപൻ എന്ന പേരുകേട്ട, ജസ്റ്റിസ് അതുൽ, തൻറെ മകൻ അഭിഭാഷക വൃത്തി ആരംഭിച്ചതിനെ തുടർന്ന് ജമ്മുകശ്മീരിലേക്ക് സ്ഥലംമാറ്റം ചോദിച്ചു വാങ്ങിയ വ്യക്തിയാണ്. പിന്നീട് മധ്യപ്രദേശ് ഹൈക്കോടതിയിലേക്ക് എത്തിയ അദ്ദേഹം ഈ കഴിഞ്ഞ ഓഗസ്റ്റ് മാസത്തിൽ ഛത്തീസ്ഗഡ് ഹൈക്കോടതിയിലേക്ക് മാറ്റുവാൻ സുപ്രീം കോടതി കോളേജിയം നിർദ്ദേശിച്ചു. എന്നാൽ രണ്ടുമാസം കഴിഞ്ഞപ്പോൾ, ‘ഗവൺമെന്റിന്റെ അഭ്യർത്ഥന പ്രകാരം’ അദ്ദേഹത്തെ അലഹബാദ് ഹൈക്കോടതിയിലേക്ക് ട്രാൻസ്ഫർ ചെയ്ത് കൊളീജിയം തീരുമാനമെടുത്തു. കോളേജിയം പ്രമേയത്തിൽ തന്നെ ‘പുനപരിശോധിക്കാനുള്ള ഗവൺമെന്റിന്റെ അഭ്യർത്ഥന മാനിച്ച് ജസ്റ്റിസ് അതുൽ ശ്രീധരനെ, ഛത്തീസ്ഗഡ് ഹൈക്കോടതിക്ക് പകരം, അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റുവാൻ നിർദ്ദേശിക്കുന്നു’ എന്ന രേഖപ്പെടുത്തിയിട്ടുണ്ട്.

ദുരുപദ്രവകരമായ ഒരു ബ്യൂറോക്രാറ്റിക് നടപടിയാണിതെന്ന് വിശ്വസിക്കുക പ്രയാസമാണ്. ഇത് അപകടകരമായ കീഴ്വഴക്കങ്ങൾ സൃഷ്ടിക്കുന്നു. അലഹബാദിൽ അദ്ദേഹം സീനിയോറിറ്റി പ്രകാരം ഏഴാമനാണ്. മധ്യപ്രദേശ് ഹൈക്കോടതിയിൽ രണ്ടാമനായിരുന്നു. ഛത്തീസ്ഗഡിൽ മൂന്നാമനും. അലഹബാദിലേക്ക് മാറിയതോടെ അദ്ദേഹത്തിന് ഹൈക്കോടതി കൊളീജിയത്തിലെ സ്ഥാനം നഷ്ടപ്പെട്ടു. പൗരാവകാശങ്ങളോടും ജനാധിപത്യ മൂല്യങ്ങളോടും ആഭിമുഖ്യം പ്രകടിപ്പിക്കുന്ന ഒരു ന്യായാധിപന് ജുഡീഷ്യറിയിൽ ഭരണപരമായ സ്വാധീനം ഉണ്ടായിരിക്കില്ലെന്ന് വന്നു. 

ജസ്റ്റിസ് വിപുൽ  എം പഞ്ചോളി 

ജസ്റ്റിസ് വിപുൽ എം പഞ്ചോളിയെ സുപ്രീംകോടതിയിലേക്ക് ഉയർത്തിയ കൊളീജിയം നടപടിയാണ്  അധപതനത്തിന്റെ ഏറ്റവും മികച്ച ഉദാഹരണം. അദ്ദേഹം സീനിയോറിറ്റിയിൽ 57-മനായിരുന്നുവെന്ന്, ‘സുപ്രീം കോർട്ട് ഒബ്സർവർ’ ചൂണ്ടി കാണിക്കുന്നു. കോടതിയിലെ സ്ത്രീ പ്രാതിനിധ്യത്തെ സഹായിക്കുമായിരുന്ന, മൂന്ന് വനിതാ ജഡ്ജിമാരെ ഉൾപ്പെടെ മറികടന്നാണ് ഗുജറാത്ത് ഹൈക്കോടതിയിൽ നിന്നുമുള്ള ഇദ്ദേഹത്തെ നിയമിച്ചത്. ഗുജറാത്ത് ഹൈക്കോടതിയിൽ നിന്നും പാറ്റ്നയിലേക്ക് സ്ഥലം മാറ്റിയ ഉടനെയിയിരുന്നു ഈ നിയമനം. ഈ വിഷയത്തിൽ, സുപ്രീംകോടതിയിലെ ഏക വനിതാ ജഡ്ജിയായ  ജസ്റ്റിസ് ബി വി നാഗരത്ന, കൊളീജിയം മീറ്റിംഗിൽ  ഔദ്യോഗികമായി വിയോജിപ്പ് രേഖപ്പടുത്തുകയുണ്ടായി. അദ്ദേഹത്തിൻറെ നിയമനം കോടതിയുടെ പ്രതിച്ഛായക്ക് കോട്ടം ചെയ്യുമെന്നായിരുന്നു അഭിപ്രായം. എന്നാൽ കൊളീജിയം അത് അവഗണിക്കുകയായിരുന്നു. ശിപാർശ ചെയ്തു രണ്ടു ദിവസത്തിനകം, യൂണിയൻ ഗവൺമെൻറ് ആ ഫയൽ അംഗീകരിച്ചു എന്നത് പ്രത്യേകം ശ്രദ്ധിക്കണം. നിലവിലെ സുപ്രീംകോടതിയിലെ സീനിയോറിറ്റി പരിശോധിച്ചാൽ 2031-ൽ ചീഫ് ജസ്റ്റിസ് ആകേണ്ട ആളാണ് ജസ്റ്റിസ് പഞ്ചോളി. ഇതിനെ “ഒരു വ്യവസ്ഥിതിയുടെ തകർച്ച” എന്നാണ് ഇന്ദിരാ ജയ് സിംഗ് വിശേഷിപ്പിച്ചത്. ഭരണകൂടത്തിന് താല്പര്യമുള്ള ഒരു സുപ്രീംകോടതി ചീഫ് ജസ്റ്റിസ് തെരഞ്ഞെടുക്കുകയാണ് കൊളീജിയം ചെയ്തതെന്ന് അവർ അഭിപ്രായപ്പെടുന്നു. 

ജാതിയും വർഗ്ഗവും ‘മെറിറ്റും’

‘മെറിറ്റിന്’ അനുസരിച്ചാണ് തീരുമാനങ്ങൾ ഉണ്ടാവുന്നതെന്നാണ് കൊളീജിയം സംവിധാനത്തെ പിന്തുണക്കുന്നവർ  മുന്നോട്ടു വയ്ക്കുന്ന വാദം. എന്നാൽ, അത്യന്തം അസമത്വം നിറഞ്ഞ ഇന്ത്യൻ സമൂഹത്തിൽ ‘മെറിറ്റ്’ നിഷ്പക്ഷമായ ഏകകമല്ല, അതൊരു സാമൂഹ്യ നിർമിതിയാണ്. ഉന്നതമായ നിയമ കലാലയങ്ങളിലെ പഠനത്തിനുള്ള അവസരം, ശക്തനായ ഉപകർത്താവ്, മുതിർന്ന ന്യായാധിപരുമായുള്ള ബന്ധം, ഉന്നത ഓഫീസുകളിലെ സ്വീകാര്യത, പ്രാഗത്ഭ്യം വെളിവാക്കാൻ കഴിയുംവിധം പ്രധാനപ്പെട്ട കേസുകൾ അനുവദിച്ചു കിട്ടുന്നതിനുള്ള സാധ്യത  തുടങ്ങിയ കാര്യങ്ങളെല്ലാം സാമൂഹിക  പദവിയുടെ അടിസ്ഥാനത്തിലാണ് വന്നു ചേരുക.  ഇവിടെയെല്ലാം അധികാര താത്പര്യങ്ങളുടെ സ്വാധീനം വ്യക്തവുമാണ്.

ജനാധിപത്യരാഹിത്യം 

നമ്മുടെ കൊളീജിയം സംവിധാനം ജനാധിപത്യ രാജ്യങ്ങൾക്കിടയിലെ ഒരപൂർവതയാണ്. മിക്കവാറും രാജ്യങ്ങളിൽ ന്യായാധിപ നിയമനത്തിന് സ്വതന്ത്ര കമ്മീഷനുകളുണ്ട്, നിയമസംവിധാനമുണ്ട്, സുതാര്യതയും പൊതുസമൂഹത്തിന്റെ മേൽനോട്ടവുമുണ്ട്. ഇന്ത്യൻ ജുഡീഷ്യറിയാകട്ടെ എല്ലാ അധികാരങ്ങളും തങ്ങളിലേക്ക് കേന്ദ്രീകരിക്കുന്ന സമീപനമാണ് സ്വീകരിച്ചത്. ഗവൺമെന്റിന്റെയും നിയമനിർമാണ സഭകളുടെയും നിരന്തരം പരിശോധനയ്ക്കു വിധേയമാക്കുന്ന കോടതികൾ പക്ഷേ, സ്വയം ജനാധിപത്യവൽക്കരിക്കേണ്ടതുണ്ടെന്ന ബോധ്യത്തിലേക്ക് എത്തുന്നില്ലെന്നതാണ് ഏറ്റവും വലിയ വൈരുധ്യം. 

ഭരണഘടനാ ധാർമികതയെ വീണ്ടെടുക്കണം 

ഭരണഘടനാപരമായ ജനാധിപത്യ ദർശനത്തിൽ ഒരൊറ്റ അധികാര കേന്ദ്രവും തങ്ങളുടെ പ്രവർത്തികൾക്ക് ഭരണഘടനാപരമായ നീതീകരണം ഒരുക്കേണ്ടതുണ്ട്. സമൂഹത്തോട് ഉത്തരവാദിത്വവും സുതാര്യതയും കാണിക്കേണ്ടതുണ്ട്. സാമൂഹ്യ സാഹചര്യങ്ങളെയും വൈവിധ്യങ്ങളെയും പ്രതിനിധാനം ചെയ്യേണ്ടതുണ്ട്. ദൗർഭഗ്യവശാൽ കോളീജിയത്തിൽ ഇതൊന്നും നമുക്ക് കാണാൻ കഴിയില്ല. സാമൂഹിക പരിവർത്തനത്തിനുള്ള ഭരണഘടനാപദ്ധതിയെ ഉൾച്ചേർക്കുവാനും അതുകൊണ്ടാണ് രാഷ്ട്രീയ സമ്മർദങ്ങളെ അതിജീവിക്കുവാനും അതിനു കഴിയാത്തത്.   ജസ്റ്റിസ് ദീപാങ്കർ ദത്തയുടെ വാക്കുകൾ ഈ ദൗര്ബല്യത്തിന് സാക്ഷ്യം പറയുന്നതാണ്. 

ന്യായാധിപ നിയമനത്തെ ജനാധിപത്യവത്കരിക്കണം 

കൊളീജിയം സംവിധാനം ഇന്ത്യൻ നീതിന്യായ സംവിധാനത്തിന്റെ ആഴത്തിലുള്ള വൈരുധ്യത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. ജുഡീഷ്യൽ സ്വാതന്ത്ര്യം ഉറപ്പു വരുത്താൻ രൂപീകരിച്ച സംവിധാനം സ്വാതന്ത്ര്യത്തെ ചേർത്ത് പിടിക്കുന്ന ന്യായാധിപകരെ വിവേചനത്തോടെ കാണുന്ന സംവിധാനമായി മാറിയിരിക്കുന്നു. അതുകൊണ്ടുതന്നെ ഈ സംവിധാനത്തെ തുടച്ചുവാർക്കേണ്ടത് ധാർമികവും രാഷ്ട്രീയവുമായ ഒരു ബാധ്യത കൂടിയാണ്.

published in Suprabhatham Daily on 18/02/2026

LEAVE A REPLY

Please enter your comment!
Please enter your name here