തമിഴ്നാട് ഗവൺമെൻറ് സമർപ്പിച്ച ഹർജിയീൽ ഗവർണറുടെ അധികാരത്തെ പരിമിതപ്പെടുത്തിയ വിധി സംബന്ധിച്ച്, ഭരണഘടനയുടെ അനുഛേദം 143 പ്രകാരം ഇന്ന് സുപ്രീംകോടതി പ്രകടിപ്പിച്ച അഭിപ്രായത്തെ പലരും സമതുലിതമായ തീരുമാനമെന്ന് പ്രകീർത്തിക്കുന്നത് കണ്ടു. എന്നാൽ ഫലത്തിൽ സംഭവിച്ചത് അതല്ല. അധികാര ദുർവിനിയോഗത്തിലൂടെ ഗവർണർമാർ സംസ്ഥാന നിയമസഭകളെ ജനാധിപത്യവിരുദ്ധമായി നിയന്ത്രിക്കുന്ന ഭരണഘടനാപരമായ പ്രതിസന്ധി ശരിയാംവിധം വിശദീകരിക്കുന്നതിനു പകരം, ഇന്നത്തെ കോടതി നടപടി ബാക്കിയാക്കുന്നത് അവ്യക്തതകളും നിയമവൈജ്ഞാനിക പരമായ അനിശ്ചിതത്വവുമാണ്. കേന്ദ്ര എക്സിക്യൂട്ടീവിനെ കൂടുതൽ ശക്തിപ്പെടുത്തുന്നതാണ് കോടതി നിലപാട് എന്ന വിമർശനം ഇതിനോടകം ഉയർന്നു കഴിഞ്ഞു. തീർച്ചയായും കേന്ദ്ര-സംസ്ഥാന ബന്ധങ്ങളിൽ അവ്യക്തതയും വിശ്വാസരാഹിത്യവും വളർത്താനാണ് ഇത് വഴി വയ്ക്കുക. മാത്രവുമല്ല, തങ്ങൾക്ക് താല്പര്യമില്ലാത്ത ഏതൊരു വിധിയെയും, അനുഛേദം 143 അനുവദിക്കുന്ന ‘ഉപദേശം’ എന്ന ഉപായം ഉപയോഗിച്ച് പുനപരിശോധിക്കാം എന്ന സാഹചര്യവും ഒരുക്കുന്നു. ഇത് ജുഡീഷ്യൽ അച്ചടക്കത്തെ വലിയ തോതിൽ ഹനിക്കുന്നതാണ്.
അനുച്ഛേദം 143
ഭരണഘടനയുടെ അനുച്ഛേദം 143, പൊതു താൽപര്യമുള്ള വിഷയങ്ങളിൽ സുപ്രീംകോടതിയുടെ ഉപദേശം തേടുവാൻ രാഷ്ട്രപതിയെ അനുവദിക്കുന്നുണ്ട്. അത് ഉപദേശസ്വഭാവം ഉള്ളതാണെന്ന് ഭരണഘടന വ്യക്തമാക്കുന്നുമുണ്ട്. അഡ്വൈഴ്സേറിയൽ, നിയമനടപടികളിലൂടെ പ്രസ്താവിക്കപ്പെടുന്ന വിധികൾക്കു സമാനമായ നിയമസാധുത ഇതിനില്ല. ഈ അഭിപ്രായമാണ് രാജ്യത്തെ നിയമം എന്ന് പറയാനാവില്ല. എന്നാൽ ഇന്നത്തെ അഭിപ്രായ പ്രകടനം, ഒരു പുന പരിശോധനക്ക് സമാനമായ സ്വഭാവമുള്ളതാണ്. വിധിയെക്കുറിച്ച് ഗുരുതരമായ കാര്യങ്ങൾ അതിൽ പ്രതിപാദിക്കുന്നുണ്ട്.
അവ്യക്തതകൾ മാത്രം
ഗവർണർമാരോ രാഷ്ട്രപതിയോ ഒരു ബില്ല് അംഗീകരിക്കുന്നത് സംബന്ധിച്ച് കൃത്യമായ സമയപരിധി നിശ്ചയിക്കുന്നതിന് കോടതിക്ക് അധികാരമില്ല എന്നാണ്, ആദ്യ നിഗമനം. എന്നാൽ ‘വലിയ കാലയളവുകളിൽ’ ബില്ലുകൾ തടഞ്ഞുവച്ചാൽ കോടതിക്ക് ‘പരിമിതമായ തോതിൽ’ ഇടപെടാം എന്നും പറയുന്നുണ്ട്. ‘ന്യായമായ’ സമയത്തിനകം ഗവർണർമാർ തീരുമാനമെടുക്കണമെന്ന നിർദ്ദേശവുമുണ്ട്.
പ്രായോഗികമായി സമീപിക്കാൻ കഴിയുന്ന മാനദണ്ഡങ്ങൾ നിശ്ചയിക്കുന്നതിന് പകരം, ഭാവിയിൽ സങ്കീർണമായ നിയമവ്യവഹാരങ്ങൾക്ക് കാരണമായേക്കാവുന്ന പദപ്രയോഗങ്ങളാണ് കോടതി നടത്തിയിരിക്കുന്നത്. ഗവർണർ നടപടി സ്വീകരിക്കേണ്ട, ‘ന്യായമായ സമയം’ എന്നാൽ എന്താണ്? ‘ദീർഘമായ കാലവിളംബം’’ എത്ര നാളാണ്? കോടതിക്ക് ഇടപെടാൻ കഴിയുന്ന ‘പരിമിതമായ മേഖല’ ഏതൊക്കെയാണ്? ഇതിനൊന്നും വ്യക്തതയില്ല. ഗവർണർമാർക്ക് തന്നിഷ്ടപ്രകാരം എത്രകാലം വേണമെങ്കിലും ബില്ലുകൾ തടഞ്ഞു വയ്ക്കാൻ കഴിയില്ല, എന്നാൽ എത്രനാൾ കൈവശം വയ്ക്കാം എന്ന് പറയുന്നുമില്ല. വിവിധ ഹൈക്കോടതികളിൽ നിന്ന് വ്യത്യസ്തമായ വ്യാഖ്യാനങ്ങൾ ഉണ്ടായേക്കാവുന്ന സന്നിഗ്ദത ഇവിടെയുണ്ട്.
ഭരണകൂടത്തിനൊപ്പം നീങ്ങുന്ന കോടതികൾ
ഭരണഘടനാ കോടതികൾ ഭരണകൂട കോടതികളായി മാറിയിരിക്കുന്നു എന്ന വിമർശനത്തെ സാധൂകരിക്കുന്ന സംഭവങ്ങളാണ് സുപ്രീംകോടതിയിൽ അരങ്ങേറി കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ആഴ്ചയിലാണ് ചീഫ് ജസ്റ്റിസ് ഗവായിയുടെ ബഞ്ച്, ജസ്റ്റിസ് എ എസ് ഓകയും ജസ്റ്റിസ് ഉജ്ജുൽ ഭുയാനും ചേർന്ന് വിധിപ്രസ്താവം രചിച്ച വനശക്തി കേസിലെ ഉത്തരവ് കീഴ്മയിൽ മറിച്ചത്. പാരിസ്ഥിതിക അനുമതികൾ ഇല്ലാതെ ആരംഭിച്ച വൻകിട പദ്ധതികൾക്ക് മുൻകൂർ പ്രാബല്യത്തോടെ അനുമതി നൽകുന്നതിന് അവസരം നൽകിയ യൂണിയൻ ഗവൺമെൻറിൻറെ വിജ്ഞാപനം റദ്ദു ചെയ്യുകയാണ് കോടതി മുൻപ് ചെയ്തത്. എന്നാൽ ആ വിധി സുപ്രീം കോടതി തിരുത്തി. ജസ്റ്റിൽ ഭുയാൻ എഴുതിയ വിയോജന വിധിന്യായത്തിൽ ഈ തീരുമാനം ഒരു പിൻ നടത്തമിണെന്ന് രേഖപ്പെടുത്തുന്നു.
അനുഛേദം 143 ദുരുപയോഗം
ഇവിടെ അനുച്ഛേദം 143 പ്രയോഗിച്ച രീതി ആശങ്കപ്പെടുത്തുന്നതാണ്. യഥാർത്ഥമായ , ഭരണഘടനാപരമായ സംശയ നിവർത്തിക്കു വേണ്ടിയാണ് രാഷ്ട്രപതിക്ക് ഉപദേശങ്ങൾ തേടാനുള്ള പ്രത്യേക അധികാരം വിഭാവനം ചെയ്തിരിക്കുന്നത്. എന്നാൽ അത് ഗവൺമെന്റിന് ഇഷ്ടമല്ലാത്ത ഉത്തരവുകൾ പുന പരിശോധിക്കുന്നതിനുള്ള എളുപ്പ മാർഗം ആവുകയാണിവിടെ. ഇന്നത്തെ വിധിയിലൂടെ, പുനഃ പരിശോധന ഹർജി ഇല്ലാതെ തന്നെ ഗവൺമെൻറ് കാര്യം നേടിയിരിക്കുന്നു. സമഗ്രമായ വാദവിചാരങ്ങൾക്കു ശേഷം പുറപ്പെടുവിച്ച ഒരു ഉത്തരവിനെ കുറിച്ച് ‘അഭിപ്രായം’ പറയുവാനും വിമർശിക്കുവാനും തയ്യാറാവുക വഴി ജുഡീഷ്യൽ അച്ചടക്കത്തിന്റെ കടയ്ക്കൽ കോടാലി വയ്ക്കുന്ന പണിയാണ് ഇവിടെ നടന്നിട്ടുള്ളത്. ഭരണഘടനയുടെ അനുഛേദം 141 പ്രകാരം, സുപ്രീംകോടതി ഉത്തരവുകൾ രാജ്യത്തെ നിയമമാണ്, അഭിപ്രായം പറയുന്ന ബെഞ്ചിനും അത് ബാധകമാണ്.
ദുർബലപ്പെടുന്ന ഫെഡറലിസം
കേന്ദ്ര-സംസ്ഥാന ബന്ധങ്ങളെ സസൂക്ഷ്മം പരിപാലിക്കേണ്ട ഫെഡറൽ പ്രശ്നമായാണ് ഇന്ത്യൻ ഭരണഘടന സമീപിക്കുന്നത്. രാഷ്ട്രീയത്തിന് അതീതമായ ഉപദേശസ്വഭാവമുള്ള വ്യക്തിത്വങ്ങൾ ഗവർണർ സ്ഥാനത്തേക്ക് എത്തുമെന്നാണ് രാഷ്ട്രശില്പികൾ കരുതിയിരുന്നത്. എന്നാൽ സ്വതന്ത്ര ഇന്ത്യയുടെ ചരിത്രം, മറ്റൊരു ചിത്രമാണ് നമുക്ക് മുന്നിൽ വരച്ചിടുന്നത്. കേരളത്തിലെ ആദ്യ മന്ത്രിസഭയെ പിരിച്ചുവിട്ടത് മുതൽ, സമീപകാലത്ത് തമിഴ്നാട്ടിലെയും കേരളത്തിലെയും തെലുങ്കാനയിലെയും മഹാരാഷ്ട്രയിലെയും പശ്ചിമബംഗാളികളെയും ഗവർണർമാർ നടത്തുന്ന പക്ഷപാതിത്വപരമായ പ്രവർത്തനങ്ങൾ വരെ ഇതിന് ഉദാഹരണങ്ങളാണ്. നിയമസഭാ പാസാക്കിയ ബില്ലുകൾ വർഷങ്ങളോളം യാതൊരു നടപടിയും സ്വീകരിക്കാതെ തടഞ്ഞു വയ്ക്കുന്ന നിലപാടുകൾ ഗവർണർമാർ സ്വീകരിക്കുന്നു. അതിനെ പ്രായോഗികമായി തടയാൻ സഹായിക്കുമായിരുന്ന ഒരു വിധിയിലാണ് ഇന്ന് ദുരൂഹമായ ഒരു മാർഗ്ഗത്തിലൂടെ വെള്ളം ചേർത്തിരിക്കുന്നത്. ഇത് ഫെഡറലിസത്തിനൊരു തിരിച്ചടി തന്നെയാണ്. ഇത്തരം ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന, ജുഡീഷ്യൽ അച്ചടക്കത്തിന് വിരുദ്ധമായ, ഉപദേശം തേടലുകൾ കോടതി പരിഗണിക്കാതിരിക്കുകയായിരുന്നു വേണ്ടിയിരുന്നത് എന്ന് ഭരണഘടനാ വിദഗ്ധർ അഭിപ്രായപ്പെടുന്നു.
ചീഫ് ജസ്റ്റിസ് ഗവായി പറയുന്നതുപോലെ കോടതികൾ നിയമപരമായ സംയമനം പാലിക്കാൻ ബാധ്യസ്ഥരാണ്, എന്നാൽ അതിൻറെ പേരിൽ ഉത്തരവാദിത്തങ്ങളിൽ നിന്നും ഒഴിഞ്ഞുമാറുന്നത് ദൗർഭാഗ്യകരമാണ്. നമ്മുടെ ജനാധിപത്യത്തിന്റെ ഘടനയെയും, ഫെഡറൽ തത്വങ്ങളെയും നിർവചിക്കുന്ന സുപ്രധാനമായ ഉത്തരവാദിത്തങ്ങൾ, തെരഞ്ഞെടുക്കപ്പെട്ടതല്ലാത്ത അധികാര കേന്ദ്രങ്ങളുടെ തോന്ന്യാസങ്ങൾക്ക് വിട്ടുകൊടുക്കരുത്. ഇന്നത്തെ ഉപദേശ സ്വഭാവമുള്ള അഭിപ്രായം ചെയ്യുന്നതും അതുതന്നെയാണ്. സൗമ്യമായ ഭാഷയിൽ പറഞ്ഞാൽ, ഭരണഘടനാപരമായ അച്ചടക്കവും, ഫെഡറൽ സമതുലതയും സംരക്ഷിക്കുവാനും ഗവർണർ പദവിയുടെ ദുരുപയോഗം തടയാനുമുള്ള ഒരു അവസരം സുപ്രീംകോടതി നഷ്ടപ്പെടുത്തിയിരിക്കുന്നു.
Published in Suprabhatam Daily on 21/11/2025



