Home Blog Page 12

#377 പ്രണയത്തിന്റെ മഴവില്ലുകൾക്ക് ആകാശം നൽകുന്ന വിധി

തീർച്ചയായും വായിച്ചിരിക്കേണ്ട സുപ്രീംകോടതി വിധികളിലൊന്നാണ് നവറെജ് സിംഗ് ജോഹർ കേസിലേത്  (ഐ പി സി സെക്ഷൻ 377) . പതിറ്റാണ്ടുകളുടെ സാംസ്‌കാരിക ഹിംസാത്മകതയ്ക്ക് അന്ത്യം കുറിച്ചുകൊണ്ട് പ്രണയത്തിന്റെ വിശാലാകാശത്  ലിംഗരാജികളുടെ   വർണങ്ങൾ വിരിയിച്ച വിധി നിരവധി ഭരണഘടനാ തത്വങ്ങളുടെ കാലോചിതമായ പുനർവായനകൾ കൂടിയാണ്. 5 അംഗ ബെഞ്ചിന്റെ അഭിപ്രായം ഏകമാണെങ്കിലും 4 പ്രത്യേക വിധി ന്യായങ്ങളുണ്ട്. നാലുവിധികളും എത്തുന്നത് ഒരേ അഭിപ്രായത്തിലേക്കാണെങ്കിലും  അതിനായി കണ്ടെത്തുന്ന നിയമവീഥികൾ അനന്യങ്ങളാണ് .  ഓരോ വിധിയും ഇതുവരെ നാം പിന്തുടർന്നിരുന്ന ഭരണഘടനാ മൂല്യങ്ങളുടെ വിപുലീകരണമാണ്. ഭരണ ഘടന രാജ്യത്തെ ജനങ്ങൾക്ക് സമർപ്പിച്ചുകൊണ്ട് അതിന്റെ ആമുഖം മുന്നോട്ടു വയ്ക്കുന്ന സ്വാതന്ത്ര്യത്തിന്റെയും സമത്വത്തിന്റെയും സ്വാഭിമാനത്തിന്റെയും പ്രകാശ ഗോപുരങ്ങളാണ്.

ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ വിധിന്യായം (തനിക്കും ജസ്റ്റിസ്. ഖാൻവാൾക്കറിനും വേണ്ടി എഴുതിയത്) ഉയർത്തിപ്പിടിക്കുന്നത് വ്യക്തിയുടെ സ്വയം നിർണയാവകാശമാണ്. ജന്മനായുള്ള വ്യക്തിത്തവും അതോടൊപ്പം തെരഞ്ഞെടുക്കാനുള്ള അവകാശവും ആണ് അദ്ദേഹം ചർച്ച ചെയ്യുന്നത്. ലൈംഗീകതയെ ജന്മവുമായോ തെരെഞ്ഞെടുപ്പുമായോ മാത്രം ബന്ധിക്കാതെ ഇരു കാര്യങ്ങളെയും പരിഗണിക്കുകയും അങ്ങനെ ലൈംഗീകത ഒരു ആൺ-പെൺ  ദ്വന്ദമല്ല എന്നും ഒരു വർണരാജിയാണ് എന്നുമുള്ള ആധുനിക സാമൂഹിക മൂല്യത്തെ ഭരണഘടനാപരമായി അടയാളപ്പെടുത്തുകയും ചെയ്യുന്നു ഈ വിധിന്യായം.

ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, വിഖ്യാതമായ സ്വകാര്യത വിധിയിലൂടെ താൻ തുടങ്ങി വച്ച നിയമവ്യാഖ്യാനത്തെ പിന്തുടർന്നുകൊണ്ട് ലൈംഗീകത എന്നത് സ്വകാര്യതയുടെ സ്വാഭിമാനത്തിന്റെ ഒക്കെ അടിസ്ഥാന ഘടകങ്ങളിലൊന്നാണ് എന്ന് സ്ഥാപിക്കുന്നു. ഒപ്പം ആർട്ടിക്കിൾ 14 (തുല്യത) ആർട്ടിക്കിൾ 15 (ലിംഗസമത്വം) എന്നിവയ്ക്കെതിരാണ് ഐ.പി.സി. സെക്ഷൻ 377 എന്നും കണ്ടെത്തുന്നു. മാനസികാരോഗ്യ നിയമപ്രകാരം ലൈംഗീകത ഒരു മാനസിക രോഗമല്ല എന്നതിനെയും വിവിധ ശാസ്ത്രീയ ധാരണകളെയും മുൻ നിർത്തി സ്വവർഗ്ഗപ്രണയത്തെ ക്രിമിനൽ വത്കരിക്കുന്നത് ഭരണഘടനയുടെ 14-ആം  അനുച്ഛേദത്തിന്റെ ലംഘനമാണ് എന്ന് സ്ഥാപിക്കുന്നു. ഒപ്പം 377 ആർട്ടിക്കിൾ 15-ന്റെയും  ലംഘനമാണ്. പ്രത്യക്ഷത്തിൽ നിയമത്തിൽ ലിംഗവിവേചനമില്ല എന്നത് സത്യമാണ്.

377. Unnatural offences: Whoever voluntarily has carnal intercourse against the order of nature with any man, woman or animal shall be punished with imprisonment for life, or with imprisonment of either description for a term which may extend to ten years, and shall also be liable to fine.

എന്ന് പറഞ്ഞാൽ അതിൽ ലിംഗ വിവേചനം ഇല്ല. പക്ഷെ അത് നടപ്പിലാക്കുമ്പോൾ ഇതിന്റെ ഭാരം ഒരു വിഭാഗത്തിനുമേൽ മാത്രം വന്നു ചേരുന്നു. ഇപ്രകാരം പ്രത്യക്ഷത്തിൽ വിവേചനം ഇല്ലാത്ത ഒരു നിയമം നടപ്പിലാക്കുമ്പോൾ അത് ഒരു വിഭാഗത്തെ മാത്രം ബാധിക്കും എന്ന കാരണം കൊണ്ട് ഭരണഘടനാ വിരുദ്ധമാണ് എന്ന് സുപ്രീം കോടതി പറയുന്നത് ചരിത്രത്തിൽ ആദ്യമായാണ് എന്ന നിയമ ഗവേഷകർ പറയുന്നു. ആണ് പെണ്ണ് എന്ന തരത്തിലുള്ള  വാർപ്പുമാതൃകകളെ, സമൂഹത്തിൽ ആൺ/പെൺ  ഭാവങ്ങളെക്കുറിച്ചുള്ള പരമ്പരാഗത ധാരണകളെ അടിസ്ഥാനപ്പെടുത്തിയുള്ള വിവേചനങ്ങൾക്ക് ഭരണഘടനാപരമായ നിലനിൽപ്പില്ല എന്ന കണ്ടെത്തൽ വളരെ പ്രധാനമാണ്.

എന്ത് ധാർമിക/ ഭരണപര താത്പര്യങ്ങൾ  ഉണ്ടെങ്കിലും വ്യക്തികളെ നൈസർഗികവും ആന്തരികവുമായ സ്വഭാവഗുണങ്ങളുടെ പേരിൽ വേർതിരിച്ചു കാണാൻ ഗവണ്മെന്റുകൾക്ക് കഴിയില്ല എന്ന വിശാലമായ സമത്വ സങ്കൽപ്പത്തിന്റെ അടിസ്ഥാനത്തിലാണ് ജസ്റ്റിസ് ഇന്ദു മൽഹോത്ര വിധിയെഴുതിയിരിക്കുന്നത്.

സ്വാതന്ത്ര്യവും സമത്വവും സാഹോദര്യവും ഭരണഘടനധാർമികതയും ജനാധിപത്യത്തിന്റെ ആന്തരികസത്തയാണെന്നു കരുതുന്ന എല്ലാവരും വായിച്ചിരിക്കേണ്ട ഒരു വിധിയാണ് #377 കേസിൽ പരമോന്നത നീതിപീഠം പുറപ്പെടുവിച്ചിരിക്കുന്നത്. വിധി വായിക്കണമെന്നുള്ളവർക്ക് ഇവിടെ വായിക്കാം.

മീശ’ വിധി: ജനാധിപത്യത്തിന്റെ സുരക്ഷാ വാതായനങ്ങളെ കൊട്ടിയടയ്ക്കുന്നു

ഴുത്തില്‍ ദലിത് കാരിക്കേച്ചറുകള്‍ മാത്രം കണ്ടുശീലിച്ച മലയാളി വായനക്കാര്‍ക്കു മുന്നില്‍ ദളിത് ജീവിതം പച്ചയായി അടയാളപ്പെടുത്തിയ ആദ്യ നോവല്‍ എന്ന നിലയിലായിരിക്കും ”മീശ” മലയാള സാഹിത്യ ചരിത്രത്തില്‍ ഇടം നേടുക. മീശയെച്ചൊല്ലിയുള്ള വിവാദങ്ങളാകട്ടെ, ഒരു പൊതു താത്പര്യ ഹര്‍ജിയോടുകൂടി സംസ്ഥാനതിര്‍ത്തികളെ ഭേദിച്ച് ഒരു ദേശീയ പ്രശ്‌നമായി മാറി. ഈ കേസില്‍ സുപ്രീം കോടതിയുടെ നിലപാട് ഒരു സ്വതന്ത്ര ജനാധിപത്യ റിപ്പബ്ലിക്ക് എന്ന നിലയില്‍ രാജ്യത്തിന്റെ ഭാവിയെത്തന്നെ ബാധിക്കുന്ന ഒന്നായിരിക്കുകയും ചെയ്യും.

പുസ്തകം നിരോധിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജി തള്ളിക്കൊണ്ടുള്ള വിധി വന്നതില്‍ ആഹ്ലാദചിത്തരായ ‘ലിബറല്‍’ സുഹൃത്തുക്കളെയാണ് എങ്ങും കാണാന്‍ കഴിയുന്നത്. ഒരു പുസ്തകം നിരോധിക്കണം എന്നവശ്യപ്പെട്ടുള്ള ഹര്‍ജി ഒരു റിട്ട് ആയി പരിഗണിച്ചുകൊണ്ട് വാദം കേട്ട് കേസിന്റെ മെറിട്ട് പരിശോധിച്ച് വിധി പറയാന്‍ കോടതിയ്ക്ക് എങ്ങനെ കഴിഞ്ഞു എന്ന ചോദ്യം ആരും ചോദിച്ചു കാണുന്നില്ല.

പുസ്തകം നിരോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയല്ലല്ലോ, പുസ്തകം നിരോധിച്ചാല്‍ അതിനെതിരെയുള്ള ഹര്‍ജിയല്ലേ കോടതി പരിശോധിക്കേണ്ടത്? ഇത്തരം മൗലീകാവകാശ ധ്വംസനങ്ങളെ പ്രതിരോധിക്കാനല്ലേ ആര്‍ട്ടിക്കിള്‍ 32 പ്രകാരം സുപ്രീം കോടതിയെ സമീപിക്കാന്‍ പൗരനും റിട്ട് പുറപ്പെടുവിക്കാന്‍ സുപ്രീം കോടതിയ്ക്കും ഭരണഘടന അധികാരം നല്കിയിരിക്കുന്നത്?

പുസ്തകം നിരോധിക്കുന്നതിനെ സംബന്ധിച്ചുള്ള നിയമവും ചട്ടങ്ങളും നിലനില്‍ക്കേ, കോടതിയ്ക്ക് ഗവണ്മെന്റിന്റെ അധികാരം ഏറ്റെടുത്തുകൊണ്ട് പുസ്തകം നിരോധിക്കണമോ വേണ്ടയോ എന്ന് തീരുമാനമെടുക്കാന്‍ കഴിയുമോ?

പുസ്തകം നിരോധിക്കുന്നതിനെക്കുറിച്ച് നിയമം എന്തു പറയുന്നുവെന്നു നോക്കാം. ക്രിമിനല്‍ പ്രൊസീജര്‍ കോഡ് (സി.ആര്‍.പി.സി.) സെക്ഷന്‍ 95 ലാണ് ഇത് പ്രതിപാദിച്ചിട്ടുള്ളത്. ഇതു പ്രകാരം ഒരു പുസ്തകത്തിലോ പത്രത്തിലോ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 124എ( രാജ്യദ്രോഹം), 153എ (വിദ്വേഷ പ്രചാരണം), 153ബി (അശ്ലീല പ്രസിദ്ധീകരന്ണം), 293(പ്രായപൂര്‍ത്തിയാകത്തവര്‍ക്ക് അശ്ലീല പുസ്ത്കം വില്ക്കാന്‍ ശ്രമിക്കുന്നത്), 295എ (മതവികാരം വൃണപ്പെടുത്തല്‍) എന്നീ വകുപ്പുകള്‍ പ്രകാരം ശിക്ഷിക്കാന്‍ തക്കതായതെന്തെങ്കിലും  ഉണ്ടെങ്കില്‍ കൃത്യമായ കാരണം കാണിച്ചുകൊണ്ട് ഒരു വിജ്ഞാപനം വഴി സംസ്ഥാന ഗവണ്മെന്റുകള്‍ക്ക് പുസ്തകത്തിന്റെ പ്രസിദ്ധീകരണം തടയുകയും കോപ്പികള്‍ പിടിച്ചെടുക്കുകയും ചെയ്യാം.

കോടതിയുടെ പങ്ക് വരുന്നത് സെക്ഷന്‍ 96-ലാണ്. ഇതുപ്രകാരം പുസ്തകം നിരോധിക്കാനുള്ള ഗവണ്മെന്റിന്റെ തീരുമാനത്തിനെതിരെ ഏതൊരു വ്യക്തിയ്ക്കും ഹൈക്കോടതിയെ സമീപിക്കാം. സെക്ഷന്‍ 95(2) പ്രകാരം ഹൈക്കോടതിയില്‍ ഒരു മൂന്നംഗ ബഞ്ച് ഈ കേസ് പരിശോധിച്ച് തീരുമാനമെടുക്കെണ്ടതാണ്.

അതായത്, പുസ്തകം നിരോധിക്കേണ്ടത് സംസ്ഥാന ഗവണ്മെന്റാണ്. നിരോധനം ഭരണഘടനാപരമാണോയെന്ന് പരിശോധിക്കേണ്ടത് കോടതിയും. സംസ്ഥാന ഗവണ്മെന്റ് പുസ്തകം നിരോധിച്ചിട്ടില്ലായെങ്കില്‍ പിന്നെ കോടതിയുടെ പരിശോധന എന്ന കാര്യം കടന്നു വരുന്നേയില്ല.

പ്രത്യേകം എടുത്തു പറഞ്ഞിട്ടുള്ള വകുപ്പുകള്‍ പ്രകാരം ശിക്ഷിക്കപ്പെടാവുന്നതാണെങ്കില്‍ മാത്രം കൃത്യമായി കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊണ്ടുള്ള വിജ്ഞാപനം വഴി നിരോധനം, പിന്നീട് ഈ നടപടി ഭരണഘടനാപരമാണോ എന്നുള്ള ഹൈക്കോടതിയുടെ മൂന്നംഗ ബഞ്ചിന്റെ പരിശോധന, ഇങ്ങനെ അഭിപ്രായ സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റങ്ങളെ പരമാവധി പരിമിതപ്പെടുത്തുന്ന രീതിയില്‍ രൂപം നല്കിയിട്ടുള്ള ഭരണഘടനാ പദ്ധതിയെ തകിടം മറിക്കുന്നതാണ് ‘മീശ’ കേസിലെ സുപ്രീം കോടതി ഉത്തരവ്.

ഈ വിധിയോടുകൂടി പൊതു താത്പര്യ ഹര്‍ജി വഴി ഒരു പുസ്തകം നിരോധിക്കാന്‍ അവശ്യപ്പെടാന്‍ കഴിയും എന്ന സ്ഥിതി വന്നു ചേര്‍ന്നിരിക്കുന്നു. ജസ്റ്റിസ് ദീപക് മിശ്ര എഴുതിയ 30 പേജ് വരുന്ന വിധിന്യായത്തില്‍ മീശ നോവലിന്റെ ഇതിവൃത്തത്തെക്കുറിച്ച്, കഥാ സന്ദര്‍ഭങ്ങളെക്കുറിച്ച് ഒക്കെ വളരെ വിശദമായി പ്രതിപാദിക്കുന്നുണ്ട്. പിന്നീട് കേസിന്റെ മെറിറ്റിലേക്ക് കടക്കുന്നു, ‘മീശ’ എങ്ങനെ ഒരു സാഹിത്യകാരന്റെ ആവിഷ്‌കാര സ്വാതന്ത്ര്യമാകുന്നു എന്നും, ജനാധിപത്യത്തില്‍ അഭിപ്രായ സ്വതന്ത്ര്യം എത്രമാത്രം വിലപ്പെട്ടതണെന്നും വൊള്‍ട്ടയറിന്റേതെന്നു പറയപ്പെടുന്ന സുപ്രസിദ്ധമായ ഉദ്ധരണിയുള്‍പ്പടെ ചേര്‍ത്ത് വിശദീകരിക്കുന്നു.

ഇതിന്റെ പ്രശനമെന്തെന്നാല്‍ പുസ്തകം കോടതി എന്തുകൊണ്ട് നിരോധിക്കുന്നില്ല എന്ന് വ്യക്തമാക്കുന്നതിലൂടെ, കോടതിയ്ക്ക് ഒരു പുസ്തകം എന്തുകാരണങ്ങള്‍ കൊണ്ടൊക്കെ നിരോധിക്കാം എന്നുകൂടി പറഞ്ഞു വയ്ക്കുന്നു. പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം ‘അപകീര്‍ത്തി’ എന്ന സംഗതികൂടി ഉത്തരവില്‍ കടന്നുവരുന്നു എന്നതാണ്. പുസ്തക നിരോധനത്തെ സംബന്ധിച്ച നിയമത്തില്‍ (സെക്ഷന്‍ 95) നിന്ന് ശ്രദ്ധാപൂര്‍വം ഒഴിവാക്കപ്പെട്ടിരുന്ന വകുപ്പാണ് സെക്ഷന്‍ 499. അതുകൊണ്ടുതന്നെ നിലവില്‍ ഒരാള്‍ക്ക് അപകീര്‍ത്തികരമാണ് എന്ന കാരണത്താല്‍ ഗവണ്‍മെന്റുകള്‍ക്ക് ഒരു പുസ്തകവും നിരോധിക്കുവാന്‍ കഴിയുമായിരുന്നില്ല. ഈ ഉത്തരവോടുകൂടി വിവിധ ഹൈക്കോടതികളും പുസ്തകം നിരോധിക്കണം എന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജികള്‍ കേള്‍ക്കേണ്ട സാഹചര്യമാണുള്ളത്. അപ്പോള്‍ ‘അപകീര്‍ത്തി’യും പരിഗണിക്കേണ്ടി വരും.

പുസ്തക നിരോധനം അവശ്യപ്പെട്ടുകൊണ്ട് പൊതു താത്പര്യ ഹര്‍ജികള്‍ പരിഗണിക്കുമെന്നും, കോടതിയ്ക്ക് പുസ്തകം നിരോധിക്കാമെന്നുമുള്ള സ്ഥിതി വന്നു ചേര്‍ന്നതോടെ രാജ്യമൊട്ടുക്കും ഹൈക്കോടതികളിലും സുപ്രീം കോടതിയിലും പുസ്തകനിരോധന ഹര്‍ജികളുടെ ഒരു പ്രളയമയിരിക്കും ഇനി ഉണ്ടാകാന്‍ പോകുന്നത്. പ്രത്യേകിച്ചും അസഹിഷ്ണുതയുടെ മൂലകങ്ങള്‍ അരങ്ങു വാഴുന്ന സമകാലിക സാമൂഹിക പരിസരത്തില്‍. ഇതിനെ നേരിടാന്‍ ചെറിയ എഴുത്തുകാര്‍ക്കും ചെറിയ പ്രസാധകര്‍ക്കും കഴിയുകയില്ല. കലാന്തരത്തില്‍ അഭിപ്രായ സ്വാതന്ത്രത്തിനു വലിയ ഭീഷണിയാണിതുയര്‍ത്താന്‍ പോകുന്നത്. ‘മീശ’ വിധിയില്‍ സുപ്രീം കോടതി ആശങ്കപ്പെടുന്ന ‘ആവിഷ്കാര സ്വാതന്ത്ര്യത്തെ ഭയപ്പെടുത്തുന്ന സാമൂഹിക സാഹചര്യ’ത്തെ ശാശ്വതീകരിക്കുക എന്നതാണ് ഈ വിധിയുടെ അപ്രതീക്ഷിത ഫലം. സുപ്രീംകോടതി തന്നെ ജനാധിപത്യത്തിന്റെ സുരക്ഷാ വാതായനങ്ങളെന്നു വിശേഷിപ്പിച്ച പ്രതിരോധങ്ങളെയും വിയോജിപ്പുകളെയും  ഇല്ലാതാക്കാനേ ഈ വിധി ഉപകരിക്കൂ.

This article was first published in DoolNews on 7th September 2018

വിവര സുരക്ഷാ ബില്ല് – നിരര്‍ത്ഥകമായ ഒത്തുതീര്‍പ്പ്.

സ്വാതന്ത്ര്യത്തിന്റെയും, ജീവിക്കാനുള്ള അവകാശത്തിന്റെയും, മനുഷ്യന്റെ അഭിമാന ബോധത്തിന്റെയും ഭരണഘടനാപരമായ സത്തയാണ് സ്വകാര്യത എന്ന് നമ്മുടെ പരമോന്നത നീതിപീഠം വിധിയെഴുതിയിട്ട് ഏകദേശം ഒരു വര്‍ഷം തികയുമ്പോഴാണ് സ്വകാര്യതയെക്കുറിച്ചും വിവര സംരക്ഷണത്തെക്കുറിച്ചും പഠിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് ശ്രീ കൃഷ്ണ കമ്മറ്റിയുടെ റിപ്പോര്‍ട്ടും വിവരസുരക്ഷാ നിയമത്തിന്റെ കരടും വരുന്നത്. 2017 ആഗസ്റ്റ് 24-ലെ സ്വകാര്യതാ കേസിലെ ചരിത്ര വിധിയ്ക്കു ശേഷം സ്വകാര്യതയുടെ ഋണാത്മകവും ധനാത്മകവുമായ വശങ്ങളെ സംരക്ഷിക്കുന്നതിനുള്ള ഫലപ്രദമായ ചട്ടക്കൂടിന് രൂപം നല്കാനുള്ള ഉത്തരവാദിത്തം ശ്രീകൃഷ്ണ കമ്മറ്റിയ്ക്ക് വന്നു ചേര്‍ന്നിരുന്നു
സ്വകാര്യതയുടെ ധനാത്മകവും ഋണാത്മകവുമായ വശങ്ങളെപ്പറ്റി വിധി, പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട്. ഋണാത്മകമായ വശം സ്വകാര്യതയിലേക്കുള്ള ഭരണകൂടത്തിന്റെ ഏതൊരു കടന്നു കയറ്റത്തേയും ഈ അവകാശം തടയുന്നു എന്നതാണ്. ധനാത്മകമായ വശം പൗരന്റെ സ്വകാര്യത നിയമപരമായി സംരക്ഷിക്കുവാനുള്ളബാധ്യത ഗവണ്മെന്റുകള്‍ക്കുണ്ട് എന്നുള്ളതാണ്. 200-പേജ് ദൈര്‍ഘ്യമുള്ള റിപ്പോര്‍ട്ടില്‍ സ്വകാര്യതാ സംരക്ഷണത്തിനുവേണ്ടിയുള്ള ഗുണപരമായ നിരവധി നിര്‍ദ്ദേശങ്ങളും സമീപനങ്ങളും ദര്‍ശിക്കാമെങ്കിലും കമ്മറ്റി രൂപം നല്കിയ കരട് വിവര സംരക്ഷണ ബില്ല്, സൂക്ഷ്മ വായനയില്‍, സ്വകാര്യതയ്ക്കും ഗവണ്മെന്റ്-കോര്‍പ്പറേറ്റ് താത്പര്യങ്ങള്‍ക്കും ഇടയില്‍ അര്‍ത്ഥം നഷ്ടപ്പെട്ട നിയമാക്ഷരങ്ങള്‍ മാത്രമായിയൊതുങ്ങുന്നു. 
സ്വകാര്യ വിവരങ്ങള്‍ (Personal Data), അതീവ സ്വകാര്യ വിവരങ്ങള്‍ (Sensitive Personal Data),  വിവരങ്ങള്‍ ഉപയോഗിക്കുവാന്‍ ഉപഭോക്താവ് നല്കുന്ന സമ്മതം, ആ സമ്മതം പിന്‍വലിക്കാനുള്ള അവകാശം,വിവരങ്ങള്‍ പരിശോധിച്ചുറപ്പു വരുത്തുന്നതിനും, തിരുത്തുകള്‍ വരുത്തുന്നതിനും, പോര്‍ട്ട് ചെയ്യുന്നതിനും, വിസ്മരിക്കപ്പെടുന്നതിനുമൊക്കെ ഉപഭോക്താവിനുള്ള അവകാശങ്ങള്‍ ബില്ലില്‍ നിര്‍വചിക്കപ്പെട്ടിട്ടുണ്ട്. ഇക്കാര്യങ്ങള്‍ നടപ്പില്‍ വരുത്തുന്നതിനായി ഒരു വിവര സംരക്ഷണ അഥോറിറ്റി രൂപീകരിക്കുന്നതും നിയമത്തിന്റെ ഭാഗമാണ്. 
വിവരങ്ങള്‍ ശേഖരിക്കുകയും കൈകാര്യം ചെയ്യുകയും ചെയ്യുന്ന ഏജന്‍സികള്‍ക്കുള്ള നിര്‍ദ്ദേശങ്ങളും പ്രസക്തമാണ്. സൈദ്ധാന്തിക തലത്തില്‍, ഏതൊരു വിവര ശേഖരണ പരിപാടിയും രൂപഘടനയില്‍ തന്നെ സ്വകാര്യതയെ മാനിക്കുന്നതാകണം എന്ന് ബില്ല് നിഷ്‌കര്‍ഷിക്കുന്നു. മാത്രമല്ല അംഗീകൃത ഡാറ്റ ഓഡിറ്റര്‍മാരെക്കൊണ്ട് സ്ഥാപനങ്ങള്‍ ഓഡിറ്റ് ചെയ്യേണ്ടതുണ്ട്. ഒപ്പം ഏതെങ്കിലും വിവര നഷ്ടമോ, ചോരണമോ ഉണ്ടായാല്‍ അത് വിവരനിയന്ത്രണ അഥോറിറ്റിയെ അറിയിക്കേണ്ടതുമാണ്.
ഇത്തരത്തില്‍ വളരെ ആശ്വസകരവും പുരോഗമനപരവുമായ വകുപ്പുകള്‍ ഉള്‍ക്കൊള്ളുന്ന ബില്ല്, സ്വകാര്യതാ വിധിയുടെ അന്തസത്തയെ മാനിക്കാത്ത, ഗവണ്മെന്റ്/കോര്‍പ്പറേറ്റ് താത്പര്യങ്ങള്‍ സംരക്ഷിക്കാനുള്ള ഒരു ഒത്തു തീര്‍പ്പ് ഫോര്‍മുല ആകുന്നത് നിര്‍ദ്ദിഷ്ട നിയമത്തിലെ ഇളവുകളും സൂക്ഷ്മ വായനയിലെ ഭാഷാപ്രയോഗങ്ങളും കൊണ്ടാണ്. നിരീക്ഷണ മുതലാളിത്തത്തിന്റേയും ഗവണ്മെന്റ് സര്‍വെയ്‌ലന്‍സിന്റേയും സമ്മര്‍ദ്ദത്തില്‍ കമ്മറ്റിയുടെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്ന നിര്‍ദ്ദേശങ്ങള്‍ പോലും ബില്ലില്‍ നിന്നും ഒഴിവാക്കപ്പെട്ടിട്ടുണ്ട്.
യൂറോപ്യന്‍ യൂണിയന്‍ അംഗീകരിച്ചിട്ടുള്ള പൊതു വിവരസംരക്ഷണ ചട്ടങ്ങളുമായി (GDPR) താരതമ്യം ചെയ്താല്‍ വളരെ അവ്യക്തവും അമൂര്‍ത്തവും ആയ അവകാശങ്ങള്‍ മാത്രമാണ് ഇന്ത്യന്‍ ബില്ല് ലക്ഷ്യം വക്കുന്നത് എന്നു കാണാം. വ്യക്തി വിവരങ്ങളുടെ ഉടമ ആ വ്യക്തി തന്നെയാണ് എന്ന പ്രാഥമിക അവകാശം ബില്ല്അംഗീകരിക്കുന്നില്ല. ഒരു ഏജന്‍സി ശേഖരിച്ചു സൂക്ഷിച്ചിരിക്കുന്ന സ്വന്തം വിവരങ്ങള്‍ ലഭിക്കുവാനുള്ള അവകാശവും പൂര്‍ണമല്ല; ബില്ല് പ്രകാരം വിവരങ്ങളുടെ സംഗ്രഹം മാത്രം ലഭിക്കുവാനുള്ള അവകാശമേയൊള്ളൂ. അതുപോലെ തന്നെ പ്രധാനമാണ് വിവരങ്ങള്‍ തെറ്റെന്നു കണ്ടെത്തിയാല്‍ നിശ്ചിത സമയത്തിനുള്ളില്‍ തിരുത്തുവാനുള്ള അവകാശം. പ്രത്യേകിച്ചും ആധാര്‍ പോലെ സര്‍വ വ്യാപിയായ വിവരശേഖരണ പരിപാടികള്‍ നിലനില്ക്കുമ്പോള്‍. എന്നാല്‍ ഇന്ത്യന്‍ ബില്ലില്‍ ‘തിരുത്തുവാനുള്ള അവകാശം’ പ്രത്യക്ഷത്തില്‍ ഉള്ളപ്പോള്‍ തന്നെ അത് സമയബന്ധിതമാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളില്ല. മാത്രമല്ല വിവരസേവന ദാതാക്കള്‍ക്ക് തെറ്റ് തിരുത്തുവാനുള്ള അപേക്ഷകള്‍ നിരസിക്കുന്നതിനുള്ള അവകാശങ്ങളും വിഭാവനം ചെയ്യപ്പെട്ടിരിക്കുന്നു. 
അതുപോലെ തന്നെയാണ് മൊബൈല്‍ നമ്പറുകള്‍ പോര്‍ട്ട് ചെയ്യുന്നതു പോലെ വിവരങ്ങള്‍ പോര്‍ട്ട് ചെയ്യാനുള്ള അവകാശം. സേവന ദാതാക്കള്‍ തമ്മിലുള്ള ഗുണകരമായ മത്സരത്തിനും മികച്ച സേവനങ്ങള്‍ക്കും അത് വഴിയൊരുക്കും. വിവരങ്ങള്‍ മെഷീന്‍ റീഡബിള്‍ രൂപത്തില്‍ വാങ്ങുകയോ, സാങ്കേതികമായി സാധ്യമാകുന്ന ഇടങ്ങളില്‍ ഓണ്‍ലൈനായി കൈമാറ്റം ചെയ്യുകയോ ചെയ്യാം. ഇതും നമ്മുടെ കരടു ബില്ലില്‍ ഉണ്ട്, പക്ഷേ ‘ട്രേഡ് സീക്രട്ട്’ എന്ന കാരണം പറഞ്ഞ് പോര്‍ട്ടബിലിറ്റി നിരസിക്കാന്‍ സേവന ദാതാക്കള്‍ക്ക് കഴിയും. നമ്മുടെ വിവരങ്ങള്‍, അതുപയോഗിച്ച് കമ്പനി ശേഖരിച്ച വിവരങ്ങള്‍, ഇവ നമ്മള്‍ ആവശ്യപ്പെട്ടാല്‍ അതില്‍ കച്ചവട രഹസ്യമുണ്ടെന്നു പരഞ്ഞ് നിരസിക്കാനാകുക എന്നത് എത്ര അപഹാസ്യമാണ്? 
മറ്റൊന്ന് ‘വിസ്മരിക്കപ്പെടാനുള്ള അവകാശമാണ്’. നമ്മുടെ വിവരങ്ങള്‍ ഒരു സേവന ദാതാവ് ഉപയോഗിക്കുന്നത് അവസാനിപ്പിക്കാനുള്ള അവകാശമാണത്. ഇനി മുതല്‍ നിങ്ങളുടെ സേവനം എനിക്കാവശ്യമില്ല. എന്റെ വിവരങ്ങള്‍ അതിനു വേണ്ടി ഉപയോഗിക്കുകയുമരുത് എന്നു പറയുന്നതിനുള്ള അവകാശം. യൂറോപ്യന്‍ ചട്ടങ്ങളിലൊക്കെഅത് ഉറപ്പുള്ള ഒരു അവകാശമാണ്. ഇന്ത്യന്‍ ബില്ലില്‍ ആകട്ടെ അത്തരമൊരു അവകാശം ഉണ്ടെന്ന് പറയുമ്പോഴും അത് അനുവദിക്കണമോ വേണ്ടയോ എന്നൊക്കെ തീരുമാനിക്കാന്‍ ഒരു അഡ്ജ്യൂഡിക്കേറ്റിംഗ് ഓഫീസറെ ചുമതലപ്പെടുത്തിയിരിക്കുന്നു. അതുപോലെ വിവരങ്ങള്‍ മായ്ച്ചു കളയാനുള്ള അവകാശം ഉള്‍പ്പെടുത്തിയിട്ടുമില്ല.
ഇതിനോടൊപ്പം ചേര്‍ത്തു വായിക്കേണ്ടതാണ് സെക്ഷന്‍ 40. ഇന്ത്യാക്കാരുടെ വിവരങ്ങള്‍ സൂക്ഷിക്കുന്ന ഡാറ്റ സെന്ററുകള്‍ എല്ലാം ഒന്നുകില്‍ ഇന്ത്യയിലായിരിക്കണം അല്ലെങ്കില്‍ വിവരങ്ങളുടെ ഒരു പകര്‍പ്പെങ്കിലും ഇന്ത്യയില്‍ വേണം. ഇന്ത്യാക്കാരുടെ വിവരങ്ങള്‍ മറ്റൊരു രാജ്യത്ത് ലഭ്യമാകാതിരിക്കുക എന്ന സുരക്ഷാപ്രശ്‌നമാണ് വിവരശേഖരണങ്ങളുടെ പ്രാദേശികവത്കരണം എന്ന ആവശിത്തിനു പിന്നിലെ യുക്തി, എന്നാല്‍ കരട് ബില്ല് പ്രകാരം ഒരു കോപ്പി ഇന്ത്യയില്‍ ഉണ്ടായിരുന്നാല്‍ മതി. അപ്പോള്‍ ഉദ്ദേശ്യ ലക്ഷ്യം വിവരങ്ങള്‍ ഇന്ത്യ ഗവണ്മെന്റിന് ലഭിക്കാനുതകും വിധം ഇവിടെ ഇണ്ടായിരിക്കണം എന്നു മാത്രമാണെന്നു വേണം നാം മനസിലാക്കാന്‍. വളരെ ശക്തമായ സ്വകാര്യത നിയമങ്ങളുള്ള വിദേശ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളില്‍ നിന്ന് സര്‍വെയിലന്‍സിനാവശ്യമായ വിവരങ്ങള്‍ ലഭിക്കുക ബുദ്ധിമുട്ടായതുകൊണ്ടായിരിക്കാം ഇത്. 
ഈ വകുപ്പിന്റെ മറ്റൊരു വശം അത് ഇന്റര്‍നെറ്റ് എന്ന സങ്കല്പ്പത്തിനു തന്നെ വിരുദ്ധമാണെന്നതാണ്. ലോകത്തെവിടെയുമുള്ള വിവരങ്ങള്‍ വേറൊരു കോണിലിരുന്നുകൊണ്ടു നിരുപാധികം ലഭ്യമാക്കാന്‍ കഴിയുന്നതാണല്ലോ ഇന്റര്‍നെറ്റ്. അതിന്റെ സാധ്യതകള്‍ അതിവിപുലമാണുതാനും. ഈ സാധ്യതകളെ പരിമിതപ്പെടൂത്താനാണ് ഇത്തരത്തില്‍ പിന്തിരിപ്പനായ നിയമങ്ങള്‍ ഉപകരിക്കുക. ഉദാഹരണത്തിന് ലോകത്ത് പുറത്തിറങ്ങുന്ന ഏറ്റവും പുതിയ ഒരു ആപ്പ് അല്ലെങ്കില്‍ വെബ്‌സൈറ്റ് ഇന്ത്യയില്‍ ലഭ്യമാകണമെങ്കില്‍ അതിന്റെ ഡാറ്റ സെന്റര്‍ ഇന്ത്യയില്‍ ആയിരിക്കുകയോ വ്യക്തിവിവരങ്ങലുടെ ഒരു പകര്‍പ്പ് ഇന്ത്യയില്‍ ഉണ്ടായിരിക്കുകയോ വേണമെന്നു വന്നാല്‍ അത്തരമൊരു ഇരട്ട നിക്ഷേപം നടത്തി ഈ സൗകര്യങ്ങള്‍ പ്രത്യേകിച്ചും കച്ചവട മേഖലയില്‍ അല്ലാത്ത സേവനങ്ങള്‍ ഇന്ത്യക്കാര്‍ക്കു തരണം എന്നു ആര്‍ക്കാണ് നിര്‍ബന്ധം?
കോടിക്കണക്കിന് ഇന്ത്യക്കാരുടെ വിവരങ്ങള്‍ യാതൊരുവിധ വിവരസംരക്ഷണ മാനദണ്ഡങ്ങളുമില്ലാതെ ശേഖരിച്ചുപയോഗിക്കുന്ന ആധാര്‍ പദ്ധതിയെ സംരക്ഷിച്ചെടുക്കുന്നതിനുവേണ്ടി നടത്തിയിട്ടുള്ള വിട്ടുവീഴ്ചകളും പ്രധാനമാണ്. കമ്മറ്റിയുടെ റിപ്പോര്‍ട്ടില്‍ ആധാര്‍ പദ്ധതിയുമായി ബന്ധപ്പെട്ടു വച്ചിട്ടുള്ള നിര്‍ദ്ദേശങ്ങളൊന്നും കരട് ബില്ലില്‍ ഇടം നേടിയിട്ടില്ല. ഏതൊരു വ്യക്തിയുടേയും വിവരങ്ങള്‍ ശേഖരിക്കുന്നതിനും ഉപയോഗിക്കുന്നതിനും അയാളുടെ അറിവോടെയുള്ള വ്യക്തമായ സമ്മതം വേണമെന്നു പറയുന്ന നിയമത്തില്‍ കൊടുത്തിരിക്കുന്ന ഇളവുകള്‍ ഗവണ്മെന്റ് വിചാരിച്ചാല്‍ എന്തിനു വേണ്ടിയും ഏതു സാഹചര്യത്തിലും നമ്മുടെയൊക്കെ വിവരങ്ങള്‍ ഏതുവിധേനയും ഉപയോഗിക്കാനുതകുന്ന രീതിയിലാണ്.
സ്വകാര്യ വിവരങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള ഇളവുകള്‍ പ്രതിപാദിക്കുന്ന സെക്ഷന്‍ 13-ും അതീവ സ്വകാര്യ വിവരങ്ങളെപറ്റിയുള്ള സെക്ഷന്‍ 19-ും നോക്കുക. പാര്‍ലമെന്റിന്റേയോ നിയമസഭയുടേയോ ‘ഏതെങ്കിലും’ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യം വന്നാല്‍, ഗവണ്മെന്റിന്റെ നിയമപരമായ ‘ഏതെങ്കിലും’ പ്രവര്‍ത്തനത്തിന്,അല്ലെങ്കില്‍ ഏതെങ്കിലും സേവനങ്ങളോ സൗജന്യങ്ങളോ നല്കുന്നതിനു വേണ്ടിയൊക്കെ അറിവോടെയുള്ള സമ്മതമില്ലാതെ വിവരങ്ങള്‍ ശേഖരിച്ചുപയോഗിക്കാം എന്നാണ്. ‘എതെങ്കിലും പ്രവര്‍ത്തനം’ എന്നു പറയുന്നത് സ്റ്റേറ്റിന് ഒരു ബ്ലാങ്ക് ചെക്ക് നല്കുന്നതുപോലെയാണ്. ആധാര്‍ പദ്ധതിയുടെ അടിസ്ഥാനവും ഇതു തന്നെയാണ്. 
അതുപോലെ തന്നെയാണ് സെക്ഷന്‍ 17(1)(സി) പ്രകാരം ‘എതെങ്കിലും പൊതു താത്പര്യത്തിനും’ അനുവദിച്ചിരിക്കുന്ന ഇളവുകള്‍. ദേശ സുരക്ഷ, കുറ്റകൃത്യങ്ങളെ പ്രതിരോധിക്കുക, കണ്ടെത്തുക, കുറ്റാന്വേഷണം എന്നിങ്ങനെയും ഇളവുകള്‍ ഉണ്ട്. ഇതിനൊക്കെ നിയമം വേണമെന്നു പറയുമ്പോഴും, ആ നിയമങ്ങള്‍ക്കു ബാധകമാകേണ്ടുന്ന സ്വകാര്യത ചട്ടകൂടുകളെക്കുറിച്ച് ബില്ലില്‍ പരാമര്‍ശമില്ല. കമ്മറ്റി റിപ്പോര്‍ട്ടില്‍, പക്ഷേ, സ്റ്റേറ്റ് സര്‍വയിലന്‍സിനെക്കുറിച്ചും ഇന്റലിജന്‍സ് ഏജന്‍സികള്‍ക്കുമേല്‍ നിയന്ത്രണം ഉണ്ടാകേണ്ടതിന്റെ ആവശ്യകതയേക്കുറിച്ചും വാചാലമാകുന്നുണ്ട്. എന്നാല്‍ ബില്ലിലേക്കെത്തുമ്പോള്‍ സ്വന്തം നിര്‍ദ്ദേശങ്ങള്‍ തന്നെ കമ്മീഷന്‍ മറന്ന മട്ടാണ്. 
അവ്യക്തവും ദുര്‍ബലവുമായ വകുപ്പുകളിലൂടെ, പൗരന്റെ സ്വകാര്യതയ്ക്ക്, വിവരങ്ങള്‍ക്ക്, സംരക്ഷണം ലഭിക്കണമെങ്കില്‍ മൗലീകാവകാശലംഘനമെന്ന നിലയില്‍ ഓരോ സംഗതി വരുമ്പോഴും കോടതിയെ സമീപിച്ചു സമാശ്വാസം തേടേണ്ട സാഹചര്യമാണ് കരട് ബില്ല് നിയമമായാല്‍ ഉണ്ടാകാന്‍ പോകുന്നത്.സൂക്ഷ്മ പരിശോധനയില്‍, സ്വകാര്യതാ വിധിയിലൂടെ സുപ്രീം കോടതി തുറന്നിട്ട സ്വതന്ത്ര്യത്തിന്റെ വിശാല വാതായനങ്ങളെ തന്ത്രപരമായി മറയ്ക്കാന്‍ ശ്രമിക്കുന്നതാണ് ശ്രീ കൃഷ്ണ കമ്മീഷന്‍ മുന്നോട്ടു വയ്ക്കുന്ന കരട് ബില്ല്. 

This article was published in Mangalam Daily on 31/07/2018

ആധാര്‍: 50,000 കോടിയുടെ പെരുംനുണ

വിവിധ ക്ഷേമപദ്ധതികള്‍ ആധാറുമായി ബന്ധിപ്പിച്ചതുമൂലം സര്‍ക്കാരിന്‌ സബ്‌സിഡിയിനത്തില്‍ ഉണ്ടായ ലാഭം ഏകദേശം 50,000 കോടി രൂപവരുമത്രേ. ഏകീകൃത തിരിച്ചറിയല്‍ അതോറിറ്റിയുടെ സ്‌ഥാപക ചെയര്‍മാന്‍ നന്ദന്‍ നിലേകനിയുടെയും ഇപ്പോഴത്തെ സി.ഇ.ഒ. അജയ്‌ ഭൂഷണ്‍ പാണ്ഡേയുടെയും അവകാശവാദമാണിത്‌. കഴിഞ്ഞ മേയില്‍ കേന്ദ്രസര്‍ക്കാരിനുവേണ്ടി സുപ്രീം കോടതിയില്‍ എ.ജി. നല്‍കിയ കണക്കും ഇതുതന്നെ. ഇതിനു പിന്നിലെ വസ്‌തുതയെന്താണ്‌? ഇത്രയധികം ലാഭം ആധാര്‍കൊണ്ടു മാത്രം ഉണ്ടായിട്ടുണ്ടെങ്കില്‍ നമ്മുടെ സര്‍ക്കാര്‍ അനുദിനം സാമ്പത്തിക ഞെരുക്കത്തെക്കുറിച്ചു സൂചിപ്പിക്കുകയും ക്ഷേമപദ്ധതി ആനുകൂല്യങ്ങള്‍ വൈകിപ്പിക്കുകയും വെട്ടിക്കുറയ്‌ക്കുകയും ചെയ്യുന്നത്‌ എന്തുകൊണ്ടാണ്‌? പരിശോധിക്കാം; ഗവ. രേഖകള്‍ മാത്രം പരിഗണിച്ച്‌. 2016 ഡിസംബര്‍ 31 വരെയുള്ള കണക്കുപ്രകാരം ആകെ ലാഭം 49,560 കോടി രൂപയെന്നാണ്‌ വിവരസാങ്കേതിക മന്ത്രാലയം പാര്‍ലമെന്റില്‍ ചോദ്യത്തിനു മറുപടിയായി അറിയിച്ചത്‌. ഇതില്‍ 26,408 കോടി പാചക വാതക സബ്‌സിഡി ഇനത്തിലും 14,000 കോടി പൊതു വിതരണ സംവിധാനത്തില്‍നിന്നും 7633 കോടി തൊഴിലുറപ്പു പദ്ധതിയില്‍നിന്നും 1519 കോടി രൂപ മറ്റു പദ്ധതികളില്‍ നിന്നുമാണ്‌. പാചക വാതക സബ്‌സിഡിയിനത്തിലെ ലാഭം 2014-15 ല്‍ 14,672 കോടിയും 2015-16ല്‍ 6,912 കോടിയും 2016-17ല്‍ 4,824 കോടി രൂപയുമാണ്‌. ലാഭം കണക്കാക്കിയ രീതികൂടി പരിശോധിക്കേണ്ടതുണ്ട്‌. ഒരു വര്‍ഷം ഒരു വീടിന്‌ അനുവദിച്ചിട്ടുള്ള പരമാവധി സിലിണ്ടറുകളുടെ എണ്ണമായ 12 കൊണ്ട്‌ ഒരു വര്‍ഷത്തെ ശരാശരി സബ്‌സിഡി നിരക്കിനെ ഗുണിച്ച്‌ അതിനെ ഒരു വര്‍ഷം ആകെ റദ്ദു ചെയ്‌തിട്ടുള്ള കണക്ഷനുകളുടെ എണ്ണവുമായി വീണ്ടും ഗുണിക്കുകയായിരുന്നു. ഈ കണക്കുകൂട്ടലില്‍ പല പ്രശ്‌നങ്ങളുണ്ട്‌. ഒന്ന്‌: 2014 നവംബറിലാണ്‌ ആധാര്‍ അധിഷ്‌ഠിത സബ്‌സിഡി വിതരണം ആരംഭിച്ചത്‌. 2010 മുതല്‍ പാചകവാതക ഗുണഭോക്‌തൃ പട്ടികയിലെ ഇരട്ടിപ്പുകള്‍ കണ്ടെത്തി ഇല്ലാതാക്കുന്ന പ്രക്രിയ (ഡീഡൂപ്ലിക്കേഷന്‍)ഉണ്ടായിരുന്നു. അത്തരത്തില്‍ റദ്ദാക്കപ്പെട്ട കണക്ഷനുകള്‍ കൂടി ആധാര്‍ മൂലമുള്ള ലാഭക്കണക്കില്‍പ്പെടുത്തിയിരിക്കുന്നു. രണ്ട്‌, ഇന്ത്യയില്‍ ഒരു കുടുംബത്തിന്റെ ശരാശരി പാചകവാതക സിലിണ്ടര്‍ ഉപയോഗം 6.27 ആണെന്നു സി.എ.ജി. റിപ്പോര്‍ട്ട്‌തന്നെ പറയുന്നു. മറിച്ചായിരുന്നുവെങ്കില്‍ കൊമേഴ്‌സ്യല്‍ സിലിണ്ടറുകളുടെ വില്‍പ്പനയില്‍ ആനുപാതിക വര്‍ധന ഉണ്ടാകേണ്ടതായിരുന്നു. അപ്പോള്‍ 12 കൊണ്ടുള്ള ഗുണനം തെറ്റാണെന്നു കാണാം. മൂന്ന്‌, സബ്‌സിഡി സ്വയം ഉപേക്ഷിച്ച ആളുകളുടെ എണ്ണം ഇതില്‍നിന്നു കുറവു ചെയ്യേണ്ടതുണ്ട്‌. നാല്‌, സബ്‌സിഡിയിനത്തില്‍ ഉണ്ടായ ലാഭത്തിന്റെ 92 ശതമാനവും അസംസ്‌കൃത എണ്ണവിലയില്‍ ഉണ്ടായ കുറവു മൂലമാണ്‌. സി.എ.ജി. റിപ്പോര്‍ട്ടിലെ പേജ്‌ 50ല്‍ ഇത്‌ വ്യക്‌തമായി പറയുന്നുണ്ട്‌. അങ്ങനെ നോക്കിയാല്‍ ആകെ ലാഭം 1763.93 കോടിയാണ്‌. അഞ്ച്‌, 2015 നവംബര്‍ 30ലെ ക്യാബിനറ്റ്‌ സെക്രട്ടറിയുടെ കുറിപ്പില്‍ ചൂണ്ടിക്കാണിക്കുന്ന കാര്യമാണ്‌. ഇരട്ടിപ്പു നീക്കം ചെയ്യുന്നത്‌ മാസാടിസ്‌ഥാനത്തിലാണ്‌. മാസാമാസം സബ്‌സിഡി ഇനത്തിലും വ്യതിയാനം ഉണ്ടാകുന്നു. അതുകൊണ്ട്‌ ഒരു വര്‍ഷം ആകെ കണ്ടെത്തിയ ഇരട്ടിപ്പുകളുടെ എണ്ണത്തെ ശരാശരി സബ്‌സിഡി കൊണ്ടു ഗുണിക്കുന്നത്‌ വളരെ വലിയ ലാഭക്കണക്കുകളിലേക്കെത്തിക്കും. ഓരോ മാസത്തെയും കണക്ക്‌ പ്രത്യേകം എടുത്ത്‌ ആകെ ലാഭം കൂട്ടി നോക്കേണ്ടിയിരുന്നു. അതു പ്രകാരം ലാഭം വെറും 91 കോടി രൂപ മാത്രമാണ്‌. ആറ്‌, ഇതുവരെ നാം ലാഭം കണക്കാക്കിയത്‌ ആധാര്‍ പദ്ധതി പ്രാബല്യത്തില്‍വരുത്താനുള്ള ചെലവു കണക്കിലെടുക്കാതെയാണ്‌. ഇതുകൂടി പരിഗണിച്ച്‌ ഐ.ഐ.എസ്‌.ഡി. എന്ന കനേഡിയന്‍ ഏജന്‍സിയുടെ റിപ്പോര്‍ട്ട്‌ അനുസരിച്ച്‌ ആധാര്‍ ബന്ധിപ്പിക്കുന്നതുമൂലം ഉണ്ടായിരിക്കുന്നത്‌ 97 കോടി രൂപയുടെ നഷ്‌ടമാണ്‌. റിസര്‍വ്‌ ബാങ്കിന്റെ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഫോര്‍ ഡെവലപ്‌മെന്റ്‌ ആന്‍ഡ്‌ റിസര്‍ച്ച്‌ ഇന്‍ ബാങ്കിങ്‌ ടെക്‌നോളജി പുറത്തിറക്കിയ പഠന റിപ്പോര്‍ട്ടിലും ഇക്കാര്യം പരാമര്‍ശിച്ചിട്ടുണ്ട്‌. 50,000 കോടി രൂപയുടെ കണക്കില്‍ രണ്ടാമത്തെ വലിയ ഭാഗം പൊതു വിതരണ സംവിധാനത്തില്‍ നിന്നുമാണ്‌. 2.33 കോടി ഡൂപ്ലിക്കേറ്റ്‌ റേഷന്‍ കാര്‍ഡുകള്‍ കണ്ടെത്തിയതിലൂടെ 14,000 കോടി രൂപ ലാഭിച്ചു എന്നായിരുന്നു വാദം. 2016 സെപ്‌റ്റംബര്‍ 15ന്‌ ഭക്ഷ്യ സെക്രട്ടറിയുടെ കോണ്‍ഫറന്‍സില്‍ പറയുന്നതുപോലെ കമ്പ്യൂട്ടര്‍ വത്‌കരണത്തിലൂടെ കണ്ടെത്തിയ ഇരട്ടിപ്പുകളും സാമ്പത്തിക നിലയില്‍ വന്ന മാറ്റം മൂലം (ബി.പി.എല്‍/എ.പി.എല്‍) സംഭവിച്ച കുറവും സ്‌ഥലം മാറ്റവും മരണവും കുടിയേറ്റവും ആധാര്‍ അധിഷ്‌ഠിത ഡീഡ്യൂപ്ലിക്കേഷനും എല്ലാം ചേര്‍ന്നതാണ്‌ ഈ 2.33 കോടി. പാര്‍ലമെന്റില്‍ സര്‍ക്കാര്‍ നല്‍കിയ മറുപടി പ്രകാരം ആധാര്‍ സീഡിങ്‌ ആരംഭിച്ചിട്ടേയില്ലാത്ത അസമില്‍ 72,746 റേഷന്‍ കാര്‍ഡുകളാണ്‌ റദ്ദാക്കപ്പെട്ടത്‌. 100% ആധാര്‍ സീഡിങ്‌ നടത്തിയ കേരളത്തില്‍ ഒരു കാര്‍ഡ്‌ പോലും റദ്ദാക്കപ്പെട്ടിട്ടുമില്ല. അതില്‍നിന്ന്‌ 14,000 കോടിയുടെ അവകാശവാദം അസംബന്ധമാണെന്നു വ്യക്‌തം. തൊഴിലുറപ്പു പദ്ധതിയിലോ മറ്റു പരിപാടികളിലോ ഉണ്ടായിട്ടുള്ള ലാഭം എങ്ങനെ കണക്കാക്കിയെന്ന്‌ വിവരാവകാശ നിയമപ്രകാരം ആരാഞ്ഞിട്ടും സര്‍ക്കാര്‍ ഉത്തരം നല്‍കിയിട്ടില്ല. അതിനര്‍ഥം പാചകവാതക സബ്‌സിഡിയിലും പൊതുവിതരണ സംവിധാനത്തിലും നല്‍കിയതുപോലുള്ള കണക്കുകള്‍ പോലും സര്‍ക്കാരിന്റെ അവകാശവാദങ്ങളെ സാധൂകരിക്കാന്‍ നിലവിലില്ല എന്നാണ്‌. കോടികള്‍ മുടക്കി നടപ്പാക്കിയ ആധാര്‍ പദ്ധതികൊണ്ട്‌ സര്‍ക്കാരിനോ ജനത്തിനോ നേട്ടങ്ങളൊന്നും ഉണ്ടായിട്ടില്ല എന്ന്‌ സര്‍ക്കാര്‍രേഖകളില്‍നിന്നുതന്നെ വ്യക്‌തം. ആയിരങ്ങളാണ്‌ ആധാര്‍ ഇല്ലാത്തതിന്റെ പേരിലും ഉണ്ടായിരുന്നിട്ടും പല സേവനങ്ങളുമായി ബന്ധിപ്പിക്കാന്‍ കഴിയാത്തതിന്റെ പേരിലും റേഷനും പെന്‍ഷനും ചികിത്സയും നിഷേധിക്കപ്പെട്ടു നരകിക്കുന്നത്‌. കുട്ടികള്‍ വിശന്നു മരിക്കുമ്പോള്‍ ഓരോ മരണവും ആധാര്‍ ഡീഡൂപ്ലിക്കേഷന്റെ ലാഭക്കണക്കിലെഴുതിച്ചേര്‍ത്ത്‌ ഭരണകൂടം ആനന്ദിക്കുകയാണ്‌. 50,000 കോടിയുടെ നുണ ആവര്‍ത്തിക്കപ്പെടുകയാണ്‌.

published in Mangalam Daily: on 25/12/2017

നീതിനിഷേധത്തിന്റെ വിചാരധാര ചോദ്യം ചെയ്യപ്പെടുന്നു

Atrocities Act

തെരുവില്‍ പ്രതിഷേധിക്കുന്നവരോട് നിങ്ങള്‍ കോടതി വിധി ഒന്നു വായിച്ചു നോക്കണം എന്നാണ് കോടതി ആവശ്യപ്പെട്ടത്. വിധി വായിക്കുമ്പോള്‍ തെളിഞ്ഞു വരുന്നത് നീതി നിഷേധത്തിന്റെ ചിത്രമാണെന്ന് അധികാരികളോടും കോടതിയോടും പറയേണ്ടത് സമത്വവും സാഹോദര്യവും ആഗ്രഹിക്കുന്ന ഓരോ പൗരരുടേയും കടമയാണ്.

“സാമൂഹികോദ്ഗ്രഥനത്തേയും ഭരണഘടനാമൂല്യങ്ങളേയും ദോഷകരമായി ബാധിക്കുന്ന ജാതി വ്യവസ്ഥയുടെ ശാശ്വതീകരണമാകരുത് ഒരു നിയമത്തിന്റെ ഫലം. പട്ടികജാതി/പട്ടികവര്‍ഗക്കാര്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്ന നിയമത്തിന്റെ വ്യാഖ്യാനം സമത്വം, സാഹോദര്യം തുടങ്ങിയ ഭരണഘടനാമൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്നതാകണം. അതുകൊണ്ട് നിഷ്‌കളങ്കരായ പൗരര്‍ക്കുമേല്‍ ജാതീയമായി കുറ്റം ചാര്‍ത്തപ്പെടുന്നത് തടയേണ്ടതുണ്ട്.”
 എസ് സി/എസ് ടി നിയമത്തിലെ മര്‍മധാനമായ വകുപ്പുകള്‍ ദുര്‍ബലപ്പെടുത്തിക്കൊണ്ടുള്ള സുപ്രീം കോടതി വിധിയിലെ ഒരു ഭാഗമാണ് മുകളില്‍ ചേര്‍ത്തിരിക്കുന്നത്.
ജാതീയമായ വിവേചനം കാണിച്ചു എന്ന ഒരു കീഴ്ജീവനക്കാരന്റെ പരാതി വ്യാജമാണെന്നു പറഞ്ഞുകൊണ്ട് മഹാരാഷ്ട്ര സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ആയിരുന്ന ഡോ. സുഭാഷ് കാശിനാഥ് സമര്‍പ്പിച്ച പരാതിയിന്മേലാണ് ജസ്റ്റിസുമാരായ എ.കെ.അഗര്‍വാള്‍, യു യു ലളിത് എന്നിവരടങ്ങുന്ന ബഞ്ച് സുപ്രധാനമായ വിധിപ്രസ്താവം നടത്തിയത്. സ്ത്രീധനവിരുദ്ധ നിയമത്തിന്റെ (498എ) അന്തസത്ത ചോര്‍ത്തിക്കളയും വിധം ദുര്‍ബലപ്പെടുത്തിയ വിധിയും ഇതേ ബഞ്ചില്‍ നിന്നുമായിരുന്നു എന്നത് യാദൃശ്ചികമാകാം. ഈ കേസിലും പുന:പരിശോധനാ ഹര്‍ജി കോടതിയുടെ പരിഗണനയിലാണ്. 
മൂന്നു നിര്‍ദ്ദേശങ്ങളാണ് സുപ്രീംകോടതി വിധിയിലുള്ളത്:
01. എസ്/എസ് ടി നിയമപ്രകാരമുള്ള കേസുകളില്‍ നിയമത്തിന്റെ 18-ാം വകുപ്പ് പ്രകാരം മുന്‍കൂര്‍ ജാമ്യം അനുവദനീയമല്ലെന്നത് തെറ്റാണ്. പരാതി വ്യാജമാണെങ്കില്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കാവുന്നതാണ്.
02. സര്‍ക്കാര്‍ ജീവനക്കാരന്റെ കാര്യത്തിലാണെങ്കില്‍ അറസ്റ്റ് ചെയ്യുന്നതിന് മുന്‍പ് നിയമനാധികാരിയുടെ അനുമതി വാങ്ങിയിരിക്കണം. മറ്റുള്ളവരുടെ കാര്യത്തില്‍ സീനിയര്‍ പോലീസ് സൂപ്രണ്ടിന്റെ അനുമതി വേണം. അനുമതികള്‍ രേഖാമൂലം ആരോപണ വിധേയനും മജിസ്‌ട്രേറ്റിനും കൈമാറിയിരിക്കണം.
03. എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിനു മുന്‍പ് ഡി.എസ്.പി. തലത്തിലുള്ള ഒരു പോലീസ് ഉദ്യോഗസ്ഥന്‍ പ്രാഥമികാന്വേഷണം നടത്തേണ്ടതുണ്ട് 
04. മേല്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കപ്പെടാതിരുന്നാല്‍ അച്ചടക്ക നടപടിയും കോടതിയലക്ഷ്യ നടപടിയും ഉണ്ടായിരിക്കുന്നതാണ്. 
നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ അനുസരിച്ച് 2016-ല്‍ 40, 801 കേസുകളാണ എസ്.സി./എസ്.ടി. ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്തത്. ഈ കേസുകളില്‍ ചാര്‍ജ്ഷീറ്റിംഗ് നിരക്ക് 77 ശതമാനമാണ്. ശിക്ഷിക്കപ്പെടുന്നതാകട്ടെ 15.4 ശതമാനം മാത്രവും. ഇതിനു കാരണം പരാതികള്‍ വ്യജമായതുകൊണ്ടല്ല, പ്രോസിക്ക്യൂഷന്‍ ദുര്‍ബലമായിരുന്നതുകൊണ്ടാണെന്ന് ഗവണ്മെന്റ് രേഖകള്‍ തന്നെ പറയുന്നു. അതുകൊണ്ടാണ് തൊഴിലിടങ്ങളിലെ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുവാനുള്ള നിയമത്തിലും മറ്റുമുള്ളതുപോലെ, ദുരുപയോഗങ്ങള്‍ക്കെതിരെയുള്ള വകുപ്പ് എസ് സി/എസ്ടി നിയമത്തില്‍ വേണ്ട എന്നും വ്യാജ പരാതികള്‍ ഉണ്ടെങ്കില്‍ ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ മതിയായ വകുപ്പുകള്‍ കൊണ്ട് കൈകാര്യം ചെയ്യവുന്നതുമാണെന്നുമുള്ള നിലപാട് ഗവണ്മെന്റ് സ്വീകരിച്ചത്. 
നിയമത്തിലെ ജാതീയതയെക്കുറിച്ചു വ്യാകുലപ്പെടുന്ന കോടതി ചരിത്രപരവും സാമൂഹ്യവുമായ യാഥര്‍ത്ഥ്യങ്ങള്‍ക്കു നേരെ കണ്ണടയ്ക്കുന്നു എന്നു പറയാതെ വയ്യ. അന്യായമായി പ്രതി ചേര്‍ക്കപ്പെട്ടേക്കാവുന്നവരെക്കുറിച്ചുള്ള വ്യാകുലതകള്‍ പങ്കു വച്ചു കൊണ്ട് കോടതി പറയുന്നത് ഉന്നതമായ സാമൂഹിക മൂല്യങ്ങളെക്കുറിച്ചും, പരാവകാശങ്ങളെക്കുറിച്ചും, മൗലീക അവകാശങ്ങള്‍ സംരക്ഷിക്കുവാന്‍ കോടതികള്‍ ഇടപെടെണ്ടതിലെ അനിവാര്യതയെക്കുറിച്ചും അതിന്റെ സാധുതയെക്കുറിച്ചുമാണ്. 
സമത്വം, സ്വാതന്ത്ര്യം, ജീവിക്കാനുള്ള അവകാശം (ആര്‍ട്ടിക്കിള്‍ 14, 19, 21) തുടങ്ങി മൗലീകാവകാശങ്ങള്‍  ഉല്ലംഘിക്കപ്പെട്ടാല്‍, അവ സംരക്ഷിക്കാന്‍ കോടതിയ്ക്ക് നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കാം. എന്നാലത് നിയമപരമായ അവ്യക്തത ഉള്ള സന്ദര്‍ഭങ്ങളിലാണ്. ഇവിടെ നിയമം വളരെ വ്യക്തമാണ്. നിയമത്തിന്റെ ഉദ്ദേശ ലക്ഷ്യവും സ്പഷ്ടമാണ്. ഇത് ഭരണഘടനയുടെ ആത്മാവായ സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം, അഭിമാനം എന്നീ മൂല്യങ്ങള്‍ ഉറപ്പു വരുത്തുന്നതിനുള്ള സാമൂഹിക ഇടപെടലുകളുടെ ഭാഗമാണ്. പട്ടികജാതി/പട്ടിക വര്‍ഗ വിഭാഗക്കാരുടെ സംരക്ഷണത്തിനും ഉന്നമനത്തിനായി ഇടപെടാന്‍ ഗവണ്‍മെന്റുകളെ അധികാരപ്പെടുത്തുന്ന ആര്‍ട്ടിക്കിള്‍ 46, അസ്പൃശ്യതയമക്കെതിരെയുള്ള അവകാശം (ആര്‍ട്ടിക്കിള്‍17) എന്നിവയുടെ ലക്ഷ്യവും അത് തന്നെ.
അതിന്റെ തുടര്‍ച്ചയായാണ് 1955ലെ അസ്പൃശ്യതാ വിരുദ്ധ നിയമവും, 1976ലെ സിവില്‍ അവകാശ സംരക്ഷണ നിയമവും വരുന്നത്. ജാതീയ അക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ ഈ നിയമങ്ങള്‍ അപര്യാപ്തമാണെന്ന തിരിച്ചറിവില്‍ നിന്നാണ് 1989-ല്‍ എസ്.സി./എസ.ടി. അതിക്രമം തടയല്‍ നിയമം കൊണ്ട് വരുന്നത്. തുടര്‍ന്നും നിയമത്തിന്റെ ഉദ്ദേശ്യലക്ഷ്യം നേടാനായില്ല എന്നു കണ്ടപ്പോള്‍ ഒരു ഭേദഗതിയിലൂടെ 2016-ല്‍ നിയമം വീണ്ടും ശക്തിപ്പെടുത്തുകയുണ്ടായി. അതായത് മൗലീകാവകാശങ്ങളില്‍ നിന്നും നിര്‍ദ്ദേശകതത്വങ്ങളില്‍ നിന്നും 2016-ലെ നിയമം വരെ ഭരണഘടന മുന്നോട്ടു വയ്ക്കുന്ന സമത്വാധിഷ്ഠിതമായ ക്ഷേമരാഷ്ട്ര സങ്കല്പത്തിലേക്കുള്ള ചവിട്ടുപടികളാണ്. ആ വഴിയിലാണ്, സുപ്രീം കോടതിയുടെ ഈ പിന്നോട്ടു നടത്തം.
ഇവിടെ പരമോന്നത നീതിപീഠത്തിന്റെ തന്നെ മുന്‍കാല തീര്‍പ്പുകളെ അവഗണിച്ചിട്ടുള്ളതായി കാണാം.  ഇന്ത്യന്‍ ശിക്ഷാ നിയമം 438-ാം വകുപ്പിലെ മുന്‍കൂര്‍ ജാമ്യത്തിനുള്ള അവകാശം എസ്.സി./എസ്,ടി, ആക്ട് അനുസരിച്ച് പ്രതിചേര്‍ക്കപ്പെട്ടവര്‍ക്ക് ഉണ്ടാവില്ല എന്നു പറയുന്ന നിയമത്തിലെ 18-ാം വകുപ്പ് ഭരണാഘടനാ വിരുദ്ധമല്ലെന്ന് 1995-ല്‍ ബലോത്തിയ കേസില്‍ സുപ്രീം കോടതി വിധിച്ചതാണ്. ഈ വിധിയില്‍ പട്ടിക ജാതി/ പട്ടികവര്‍ഗ വിഭാഗക്കാര്‍ അനുഭവിക്കുന്ന സാമൂഹ്യ നീതികളും എസ്.സി./എസ്.ടി ആക്റ്റിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളും എടുത്തു പറഞ്ഞുകൊണ്ട് അസ്പൃശ്യതയ്‌ക്കെതിരായ മൗലീകാവകാശം (അര്‍ട്ടിക്കിള്‍ 17) ലംഘിക്കപ്പെടുന്ന തരത്തിലുള്ള കുറ്റങ്ങളെ അസാധാരണ വിഭാഗത്തില്‍ പെടുത്തേണ്ടവയാണെന്നും അതിനാല്‍ മുന്‍കൂര്‍ ജാമ്യം നിഷേധിക്കപ്പെടൂന്നതില്‍ സമത്വത്തിനു വേണ്ടിയുള്ള അവകാശത്തിന്റെ (ആര്‍ട്ടിക്കിള്‍ 14) ലംഘനം ഇല്ല എന്നും വ്യക്തമാക്കി. യഥാര്‍ത്ഥത്തില്‍ 14-ാം അനുച്ഛേദം വിഭാവനം ചെയ്യുന്ന സമത്വ സങ്കല്പ്പനത്തിന് ഉപോദ്ബലകമാകുകയാണ് അട്രോസിറ്റീസ് ആക്ട്. അതുപോലെ തന്നെ പഴയ ക്രിമിനല്‍ കോഡിന്റെ ഭാഗമല്ലാതിരുന്ന 1973-ല്‍ മാത്രം കൊണ്ടുവന്ന സെക്ഷന്‍ 438 പ്രകാരമുള്ള മുന്‍കൂല ജാമ്യം ജീവിക്കാനുള്ള് അവകാശത്തിന്റെ (ആര്‍ട്ടിക്കിള്‍ 21) ഭാകമാകുന്നില്ല എന്നും അന്ന് കോടതി നിരീക്ഷിച്ചു. കൊലപാതകം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ക്ക് മുന്‍കൂര്‍ ജാമ്യം കൊടുക്കാമെന്നിരിക്കെ ചെറിയ കുറ്റങ്ങള്‍ക്കുപോലും ജാമ്യം നിഷേധിക്കുന്നത് ശരിയല്ല എന്ന വാദവും കോടതി അംഗീകരിച്ചില്ല. സാമൂഹിക-സാമ്പത്തിക-രാഷ്ട്രീയ സ്വാധീനങ്ങള്‍കൊണ്ട് വളരെ ശക്തരായ കുറ്റാരോപിതര്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചാല്‍ അവര്‍ അക്കാലം കൊണ്ട് ഇരകളെ ഭീഷണിപ്പെടുത്തുകയും ശരിയായ അന്വേഷണത്തെ തടയുകയും ചെയ്യൂം എന്നാണ് കോടതി അന്ന് പറഞ്ഞത്. മറ്റൊരു സുപ്രധാന വിധി 2017-ലെ മഞ്ജു ദേവി കേസിലേതാണ്, സെക്ഷന്‍ 18 പ്രകാരം മുന്‍കൂര്‍ ജാമ്യം പാടില്ല എന്നാണ് ജറ്റിസുമാരായ് ആര്‍.കെ അഗര്‍വാളും അശോക് ഭൂഷണൂം ഉത്തരവിട്ടത്. 
ഈ രണ്ടു വിധികളെയും കുറിച്ച് പരാമര്‍ശിക്കുക മാത്രം ചെയ്തുകൊണ്ട് അതിലെ കാര്യ കാരണങ്ങളെ മറികടക്കാന്‍ ഒരു ശ്രമം പോലും, നടത്താതെയാണ് കഴിഞ്ഞ മാസം കോടതി എസ്.സി./എസ്.ടി. ആക്ടില്‍ വെള്ളം ചേര്‍ത്തത്. 1995-ല്‍ കോടതി പരിഗണിച്ചു തള്ളിയ അതേ വാദങ്ങളാണ് സെക്ഷന്‍ 18-നെതിരെ ഇപ്പോള്‍ കോടതി പറയുന്നത്.ജുഡീഷ്യല്‍ മര്യാദ വച്ച് കേസ് ഒരു വലിയ ബഞ്ചിന്റെ പരിഗണനയ്ക്കു വിടാന്‍ ചീഫ് ജസ്റ്റിസിനോടാവശ്യപ്പെടുകയായിരുന്നു വേണ്ടത്. ഇക്കാര്യങ്ങളൊക്കെ പുനപ്പരിശോധനാ ഹര്‍ജി പരിഗണിക്കുന്ന വേളയില്‍ ഗവണ്മെന്റ്  ഉന്നയിക്കുമെന്നു കരുതുന്നു. 
കോടതിയുടെ 4 നിര്‍ദ്ദേശങ്ങളും ആക്ടിനെ സംബന്ധിച്ച് വലിയ പിന്നോട്ടു നടത്തമാണ്. ശരിയല്ലാത്ത പരാതികളിന്മേല്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കാം എന്ന നിര്‍ദ്ദേശം എങ്ങനെയാണ് നടപ്പിലാക്കാനാകുക? വിചാരണയ്ക്കു മുന്‍പ് തന്നെ പരാതി ശരിയാണോ അതോ വ്യാജമാണോ എന്ന് എങ്ങനെ മനസിലാക്കും? ഇതൊക്കെ വിചാരണാവേളയിലാണ് പരിഗണിക്കേണ്ടത് എന്ന് മഞ്ജുള ദേവി കേസില്‍ സുപ്രീം കോടതി തന്നെ പറഞ്ഞിട്ടുള്ളതാണ്. അധികാരവും പണവും സാമൂഹിക-സാംസ്‌കാരിക മേധാവിത്വവുമുള്ളവര്‍ക്ക് എളുപ്പത്തില്‍ ജാമ്യം ലഭിക്കുകയും അങ്ങനെ അവര്‍ എല്ലാ തരത്തിലും കേസിനെ സ്വാധീനിക്കുകയും ചെയ്യുന്ന സാഹചര്യം ഉണ്ടാക്കുകയാണ് കോടതി ചെയ്തത്. നിയമനാധികാരിയുടെ അല്ലെങ്കില്‍ ജില്ല സീനിയര്‍ പോലീസ് സൂപ്രണ്ടിന്റെ അനുമതി തേടണം എന്ന നിര്‍ദ്ദേശവും അനാവശ്യ കാലതാമസത്തിലേക്കും മറ്റുമാണ് വഴിവയ്ക്കുക. ഇവിടെ പരാതി സര്‍ക്കാര്‍ ഉദ്യോഗസ്ത്ഥന്റെ കാര്യം മാത്രമായിരുന്നു എങ്കിലും, പൊതു ജനങ്ങള്‍ക്കു കൂടി മുന്‍കൂര്‍ അനുമതിയുടെ അമിതാനുകൂല്യം അനുവദിച്ചു കൊടുക്കുക വഴി തങ്ങളുടെ വിചാരധാര ഏതു വഴിയ്ക്കാണെന്നു ബെഞ്ച് വ്യക്തമാകി.ഡി എസ് പിയുടെ പ്രാഥമിക അന്വേഷണത്തിനു ശേഷമേ എഫ്.ഐ.ആര്‍ പാടുള്ളൂ എന്ന നിര്‍ദ്ദേശവും കാലവിളംബത്തിനും ആത്യന്തികമായി കുറ്റാരോപിതരുടെ രക്ഷയ്ക്കുമാണ് ഉപകരിക്കുക. 
ഇതൊക്കെ പറയാന്‍ അംബേദ്ക്കറെ തന്നെ വിധിന്യായത്തില്‍ കൂട്ടു പിടിച്ചിരിക്കുന്നു എന്നതാണ് വലിയ വൈരുദ്ധ്യം. ഭരണഘടനാ നിര്‍മാണ സമിതിയില്‍ 1949-ല്‍ അദ്ദേഹം നടത്തിയ പ്രസംഗത്തിലെ, ജാതി ദേശ വിരുദ്ധമാണെന്നും അത് ദേശീയോദ്ഗ്രഥനത്തെ തകര്‍ക്കുമെന്നുമുള്ള ഭാഗം ഉദ്ധരിച്ചുകൊണ്ട് ജാതീയതനാടിനെ തകര്‍ക്കുമെന്നും ദേശരാഷ്ട്രം ഇല്ലാതായാല്‍ ഭരണഘടന മുന്നോട്ടു വയ്ക്കുന്ന സാഹോദര്യം എന്ന വലിയ ബോധം നമുക്കു നഷ്ടമാകുമെന്നും അതുകൊണ്ട് ജാതീയടിസ്ഥാനത്തില്‍ നിഷ്‌കളങ്കരായ മനുഷ്യര്‍ കുറ്റരോപിതരായി തീര്‍ന്നേക്കാവുന്ന നിയമങ്ങളെ നിയന്ത്രിക്കണം എന്നുമുള്ള യുക്തിയിലേക്കാണ് കോടതി ചെന്നെത്തുന്നത്. ഇതിന് ഉപോദ്ബലകമായ വസ്തുതകളോ, മുന്‍കാല വിധികളിലെ ശരിയായ നിരീക്ഷണങ്ങളെഅസ്ഥിരപ്പെടുത്താന്‍ പോന്ന നിയമ വൈജ്ഞാനികതയോ വിധിയില്‍ ഇല്ല താനും.
തെരുവില്‍ പ്രതിഷേധിക്കുന്നവരോട് നിങ്ങള്‍ കോടതി വിധി ഒന്നു വായിച്ചു നോക്കണം എന്നാണ് കോടതി ആവശ്യപ്പെട്ടത്. വിധി വായിക്കുമ്പോള്‍ തെളിഞ്ഞു വരുന്നത് നീതി നിഷേധത്തിന്റെ ചിത്രമാണെന്ന് അധികാരികളോടും കോടതിയോടും പറയേണ്ടത് സമത്വവും സാഹോദര്യവും ആഗ്രഹിക്കുന്ന ഓരോ പൗരരുടേയും കടമയാണ്. നൂറ്റാണ്ടുകളായി ബ്രാഹ്മണിക്കല്‍ വ്യവസ്ഥിതിയുടെ പിശാച നീതിയും ദുരിതങ്ങളും അനുഭവിച്ചുകൊണ്ടിരിക്കുന്ന ഒരു വലിയ വിഭാഗം ജനങ്ങള്‍ക്ക് പ്രതിരോധത്തിനായി ഉണ്ടായിരുന്ന ഏക നിയമ പരിരക്ഷയും ഇല്ലാതാക്കപ്പെടൂന്നു എന്ന തോന്നല്‍ പ്രത്യക്ഷത്തില്‍ തന്നെ ഉള്ള സാഹചര്യത്തിലാകാം മുതിര്‍ന്ന അഭിഭാഷകയും ഇന്ത്യയുടെ മുന്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറലുമായിരുന്ന ഇന്ദിര ജയ് സിംഗ് ”സുപ്രീം കോടതിയിലെ രണ്ട് ഉന്നത ജാതിക്കാരായ ജഡ്ജിമാര്‍ എസ്.സി/എസ്.ടി വിഭാഗക്കാരെ സംരക്ഷിക്കുന്ന എസ്.സി./എസ്.ടി. ആക്ടിനെ് ബ്രാഹ്മണരെ സംരക്ഷിക്കുന്നതാക്കി മാറ്റി. സുപ്രീം കോടതിയില്‍ എസ്.സി/എസ്.ടി. ജഡ്ജിമാര്‍ ആരുമില്ലാത്തതില്‍ അത്ഭുതപ്പെടാനില്ല” എന്ന് ട്വീറ്റ് ചെയ്തത്. ഈ വിധിയുടെ പശ്ചാത്തലത്തില്‍, ജസ്റ്റിസട് എ.കെ. അഗര്‍വാള്‍, ജസ്റ്റിസ്. യു.യു. ലളിത് എന്നിവര്‍ മുന്നോട്ടു വയ്ക്കുന്ന വിചാരധാരയുടെ അടിസ്ഥാനത്തില്‍, ഉന്നത നീതീപീഠങ്ങളില്‍ പട്ടിക ജാതി-പട്ടിക വര്‍ഗ വിഭാഗക്കാരുടെ പ്രാധിനിത്യമില്ലായ്മയെക്കുറിച്ച് ഗൗരവ പൂര്‍ണമായ പര്യാലോചനകള്‍ നടത്തുവാന്‍ പൊതുസമൂഹവും ഗവണ്മെന്റുകളും തയ്യാറാകേണ്ടതുണ്ട്.

This article was published in DoolNews

നിരീക്ഷണ മുതലാളിത്തത്തിന്റെ കാണാപ്പുറങ്ങള്‍

സര്‍വെയിലന്‍സ് കാപ്പിറ്റലിസം അഥവാ നിരീക്ഷണ മുതലാളിത്തം എന്നൊരു വാക്കുണ്ട്. 2015-ല്‍ ഹാര്‍വാര്‍ഡ് അക്കാഡമിക്ക് ആയ ശോശന്ന സുബോഫ് ആണ് ആ പദം ആദ്യമായി ഉപയോഗിച്ചത്. ഉപഭോക്താക്കളെ അവരറിയാതെ നിരീക്ഷിച്ച്, വിവരങ്ങള്‍ ശേഖരിച്ച്, ആ വിവരങ്ങള്‍ കച്ചവടത്തിനായി ഉപയോഗിക്കുന്ന, വ്യക്തിത്വങ്ങളെ വിവരസൂചകങ്ങളായി ക്രോഡീകരിച്ച് മുതലാളിത്തച്ചന്തയില്‍ വില്പ്പനക്കുപയോഗിക്കുന്ന, സംവിധാനത്തെ സൂചിപ്പിക്കുന്നതാണ് ഈ പദം. നാം ഫേയ്‌സ്ബുക്ക് തുറക്കുമ്പോള്‍, ഗൂഗിള്‍ ഉപയോഗിക്കുമ്പോള്‍  അലോചിച്ചുകൊണ്ടിരുന്ന, അല്ലെങ്കില്‍ അല്പ്പം മുന്‍പ് തെരഞ്ഞുകൊണ്ടിരുന്ന ഉത്പന്നങ്ങളുടെ പരസ്യങ്ങള്‍ വളരെ കൃത്യമായി കയറി വരുന്നത്, നമുക്ക് താത്പര്യമുള്ള വസ്തുക്കളുടെ മാത്രം പരസ്യങ്ങള്‍ ഇ-മെയിലുകളായും, മെസേജുകളായും, ഓട്ടൊമേറ്റഡ് ടെലി-കോളുകളായും ഒക്കെ വന്നെത്തുന്നത് എല്ലാം ഈ വ്യ്വസ്ഥിതികൊണ്ടാണ്. ഇന്റര്‍നെറ്റില്‍ നമ്മള്‍ തിരയുന്ന വാക്കുകള്‍, ഇ-കൊമേഴ്‌സ് സൈറ്റുകളില്‍ നടത്തുന്ന ഇടപാടുകള്‍,യൂ-ടൂബില്‍ കണ്ട വിഡിയോ… അങ്ങനെ എല്ലാം ഓരോ നിരീക്ഷിക്കപ്പെടൂന്നു, സങ്കീര്‍ണമായ ഗണിതശാസ്ത്ര മാതൃകകള്‍ മുഖേന വിശകലനം ചെയ്യപ്പെടുന്നു. അതുകൊണ്ടാണ് സാമൂഹ്യ മാധ്യമങ്ങളില്‍ നാം കയറുന്ന മാത്രയില്‍ അല്പ്പം മുന്‍പ് നാം ഫ്‌ളിപ്പ്കാര്‍ട്ടില്‍ തെരഞ്ഞ ഉത്പന്നങ്ങളുടെ പരസ്യം നമുക്കായി തുറക്കപ്പെടൂന്നത്, രാവിലെ ജോലിക്കായി നമ്മള്‍ഇറങ്ങുമ്പോള്‍ തന്നെ നിങ്ങള്‍ ഓഫീസിലെത്താന്‍ ഇത്രസമയം എടുക്കും എന്ന് നമ്മുടെ സ്മാര്‍ട്ട് ഫോണ്‍വിളിച്ചു പറയുന്നത്.ഫേയ്‌സ്ബുക്ക്, ഗൂഗിള്‍, യാഹൂ എന്നിങ്ങനെയുള്ള എല്ലാ സംരംഭങ്ങളുടെയും ബിസിനസ് മോഡല്‍ സര്‍വെയിലന്‍സ് കാപ്പിറ്റലിസത്തില്‍ അധിഷ്ഠിതമാണ്.
കോടിക്കണക്കിനു ഡാറ്റ പോയിന്റുകള്‍ പരിശോധിച്ച് ഞൊടിയിടയില്‍ നിര്‍ദ്ദേശങ്ങള്‍ നല്കാന്‍ കഴിയുന്ന വമ്പന്‍-വിവര-വിശകലന-സംവിധാനങ്ങള്‍ (<ആശഴ ഉമമേ അിമഹ്യശേര>െ) വ്യാപകമായതോടെ, എല്ലാ വ്യാപാരമേഖലകളിലും ഇത് ധാരാളമായി ഉപയോഗിക്കപ്പെടാന്‍ തുടങ്ങി. ക്രമേണ വിവരം അഥവ ഡാറ്റ വലിയ വിപണി മൂല്യമുള്ള ഒരു ചരക്കായി മാറി. അഗോള കുത്തകകളുടെ ലാഭാര്‍ത്തിയില്‍ എല്ലാ ധാര്‍മിക മൂല്യങ്ങളും കാറ്റില്‍ പറത്തിക്കൊണ്ട് വ്യക്തി വിവരങ്ങള്‍ അനധികൃതമായും കബളിപ്പിക്കലുകളിലൂടെയും സ്വന്തമാക്കി സാമ്പത്തിക ചൂഷണത്തിന്റെ ഉപാധിയാക്കി മാറ്റി. വിവര സഞ്ചയങ്ങള്‍ മാര്‍ക്കറ്റിന് ഏറ്റവും പ്രിയപ്പെട്ടതായി. ‘വിവരമാണ് പുതിയ കാലഘട്ടത്തിലെ എണ്ണ’ എന്ന് ലാഭക്കൊതിയന്മാര്‍ തിരിച്ചറിഞ്ഞു. എന്നാല്‍ സര്‍വെയിലന്‍സ് ക്യാപിറ്റലിസം മാര്‍ക്കറ്റിന്റെ അതിരുകള്‍ ഭേദിച്ചുകൊണ്ട്, നമ്മുടെ സമൂഹത്തിന്റെ സമഗ്രബോധധാരയെ വഴിതിരിച്ചു വിടുന്ന, ഹൈജാക്ക് ചെയ്യുന്ന, മനശാസ്ത്രപരമായ ഉപചാപങ്ങള്‍കൊണ്ട് രാഷ്ട്രീയാധികാര വ്യവസ്തിഥിയെ, തെരഞ്ഞെടുപ്പ് ഫലങ്ങളെ ഒക്കെ സ്വാധീനിക്കുന്ന ഒരു സാംസ്‌കാരിക ആയുധമായി മാറുന്ന ഭീതീജനകമായ കാഴ്ച്ചയാണ് ‘ഫേയ്‌സ്ബുക്ക്-കേംബ്രിഡ്ജ് അനലിറ്റിക്ക’ കേസില്‍ നമ്മള്‍ കാണുന്നത്.
രാഷ്ട്രീയ അധികാര വ്യവസ്ഥിതിയെ സ്വാധീനിക്കാന്‍ ആദ്യം വേണ്ടത് സംസ്‌കാരത്തെ സ്വാധീനിക്കുകയാണ്. സംസ്‌കാരത്തെ സ്വാധീനിക്കാനോ, അതിന്റെ അടിസ്ഥാന ഘടകമായ മനുഷ്യരെ സ്വാധീനിക്കുക എന്നതും. അതിനായി സൂക്ഷ്മ ലക്ഷ്യ വേധികളായ പ്രചാരണ തന്ത്രങ്ങളാണ് ഉപയോഗികുന്നത്. ഉദാഹരണത്തിന്, ഒരു രാജ്യത്തെ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുവാനായി ഒരു പാട് മാര്‍ഗങ്ങള്‍ രാഷ്ട്രീയ കക്ഷികള്‍ ഉപയോഗിക്കാറുണ്ട്. പ്രചാരണ രേഖകള്‍ പുറത്തിറക്കുക, മൈതാന പ്രസംഗങ്ങള്‍ സംഘടിപ്പിക്കുക, അടിത്തട്ടില്‍ സൂക്ഷ്മ തലത്തില്‍ ഓരോ വോട്ടറേയും അഭിസംബോധനചെയ്യുക എന്നിങ്ങനെ. എന്നാലിവിടെ സൂക്ഷ്മ പ്രചാരണത്തിന്റെ രീതിയില്‍ ഒരു വിപ്ലവം സംഭവിച്ചിരിക്കുന്നു. ഒരു വോട്ടര്‍ എന്നതിലുപരി, ഓരോ മനുഷ്യരെയും ഒരോ വ്യക്തി എന്ന നിലയില്‍ സമീപിക്കുവാനും സ്വാധീനിക്കുവാനും കഴിയുന്ന തരത്തിലേക്ക് വന്‍-വിവര-വിശകലന സംവിധാനങ്ങള്‍ വന്നെത്തിയിരിക്കുന്നു. ഇവിടെ കേംബ്രിഡ്ജ് അനലിറ്റിക്ക ഒരു ഫെയ്‌സ്ബുക്ക് ആപ്പ്‌ളിക്കേഷന്‍ ഉണ്ടാക്കി ഉപഭോക്താക്കളുടെ രാഷ്ട്രീയ-സാമൂഹ്യ-മനശാസ്ത്ര വിശകലനം സാധ്യമാകുന്ന കുറെയധികം ചോദ്യങ്ങള്‍ക്ക് അവരേക്കൊണ്ട് ഉത്തരം പറയിക്കുകയുമാണ് ചെയ്തത്. കൂടാതെ നിരവധി ആളുകളുടെ ഫേയ്‌സ്ബുക്ക് പ്രൊഫൈലുകളില്‍ നിന്ന് നേരിട്ടും വിവരങ്ങള്‍ ശേഖരിച്ചു എന്നും പറയപ്പെടുന്നു. അങ്ങനെ ലഭിച്ച വിവരങ്ങള്‍ ഉപയോഗിച്ചുകൊണ്ട് ഓരോ വ്യക്തിയുടേയും അഭിരുചികള്‍ക്കും ദൗര്‍ബല്യങ്ങള്‍ക്കും അനുസൃതമായി പ്രചാരണ തന്ത്രങ്ങള്‍ രൂപപ്പെടൂത്തുന്നു. അവരുടെ വ്യക്തിത്വം മനസിലാക്കി അതിനെ മാനസികമായി പരുവപ്പെടുത്താന്‍, സ്വാധീനിക്കാന്‍ കഴിയുന്ന തരത്തിലുള്ള പ്രചാരണ തന്ത്രങ്ങള്‍, വെബ്‌സൈറ്റ് ലിങ്കുകളായും, ചിത്രങ്ങളായ്യൂം, വിഡിയോ ആയും, ഓഡിയോ ആയുമെല്ലാം എത്തുന്നു. മൈതാന പ്രസംഗത്തില്‍ ഒരു സമൂഹത്തെ അഭിസംബോധനചെയ്യുകയാണ് രാഷ്ട്രീയക്കാരന്‍ ചെയ്യുന്നതെങ്കില്‍, വീടുകള്‍ കയറിയിറങ്ങിയുള്ള പ്രചാരണങ്ങളില്‍ ഒരു വോട്ടറെന്ന നിലയിലാണ് ജനങ്ങളെ സമീപിക്കുന്നതെങ്കില്‍, ഇവിടെ സാമൂഹികമായ കേള്‍വികളെ , സംവാദങ്ങളെ, വര്‍ത്തമാനങ്ങളെ എല്ലാം ഇല്ലതാക്കിക്കൊണ്ട് ഓരോ മനുഷ്യരുടേയും ചെവിയില്‍ മന്ത്രിക്കുകയാണ് പ്രചാരവേലാവിദഗ്ദ്ധര്‍. ഓരോ വ്യക്തിയുടേയും തികച്ചും വ്യക്തിപരമായ താത്പര്യങ്ങള്‍ക്കനുസൃതമായിട്ടാവും പ്രചാരണവും. ഫലത്തില്‍ സാമൂഹിക സംബോധനകളെ പുറത്താക്കി സമൂഹത്തെ ചെറുതുരുത്തുകളായി വിഭജിക്കുന്ന അപകടകരമായ സാംസ്‌കാരിക ആയുധമാണ് ഇന്ന് നിരീക്ഷണ മുതലാളിത്തം.
സമകാലിക സാഹചര്യത്തില്‍, വിവരം പലരും പറയുന്നതുപോലെ ലാഭത്തിന് കച്ചവടം ചെയ്യപ്പെടുന്ന കേവലം എണ്ണയല്ല, അധികാരമാണ്. ഇതു മനസിലാക്കിക്കൊണ്ടാണ് സ്വകാര്യ കമ്പനികള്‍ക്കു പുറമേ, സര്‍ക്കാരുകളും വിവരശേഖരണത്തിനായി വന്‍ പദ്ധതികള്‍ ആരംഭിക്കുന്നത്. വിവര സുരക്ഷയെക്കുറിച്ചും സ്വകാര്യതയെക്കുറിച്ചും വിവരങ്ങള്‍ കേന്ദ്രീകരിക്കപ്പെട്ടാല്‍ ഉണ്ടാകുന്ന അപകടങ്ങളെപ്പറ്റിയും സമൂഹികാവബോധമുള്ള പക്വത വന്ന ജനാധിപത്യ രാജ്യങ്ങളൊക്കെയും ഇത്തരം പദ്ധതികളില്‍ നിന്ന് പിന്മാറുമ്പോഴും പാകിസ്താന്‍, ബാംഗ്ലാദേശ്, ഇന്ത്യ ഉള്‍പ്പടെ ഏഷ്യന്‍, ലാറ്റിന്‍ അമേരിക്കന്‍, ആഫ്രിക്കന്‍ രജ്യങ്ങളില്‍ അന്താരാഷ്ട്ര ധനകാര്യ സ്ഥപനങ്ങളുടെ സഹായത്തോടെയും അല്ലാതെയും ആധാര്‍ പോലുള്ള അപകടകരമായ വിവര ശേഖരങ്ങള്‍ നിര്‍മിക്കപ്പെടുകയാണ്. വികസിത മുതലാളിത്ത രാജ്യങ്ങളിലെ വിവര സാങ്കേതിക-ബയൊമെട്രിക്ക് കമ്പനികള്‍ തങ്ങളുടെ സ്വന്തം രാജ്യങ്ങളില്‍ ഒരുകാരണവശാലും ഉപയോഗിക്കാന്‍ അനുവദിക്കപ്പെടില്ലാത്ത യന്ത്ര സാമഗ്രികളും സാങ്കേതിക വിദ്യയും മൂന്നാം ലോക രാജ്യങ്ങളില്‍ നിക്ഷേപിച്ച് ലാഭം കൊയ്യുകയാണ്.
പ്രത്യക്ഷത്തില്‍ തന്നെ ജാനാധിപത്യത്തിനു നേരെയുള്ള വെല്ലുവിളിയാണിത്. ഗവണ്മെന്റുകളെ, രാഷ്ട്രീയപ്പാര്‍ട്ടികളെ, നേതാക്കളെ, ജനങ്ങള്‍ക്കു ഗുണപരമായി നിയന്ത്രിക്കാനും സ്വാധീക്കാനും കഴിയും എന്ന വിശ്വാസമാണ് ജനാധിപത്യത്തിന്റെ അടിസ്ഥാനം. എന്നാല്‍ ചില വിവര-വിശകലന കമ്പനികലുടെ സേവനം തേടുന്ന രാഷ്ട്രീയക്കാര്‍ക്ക് ജനത്തെ മാനസികമായി പരുവപ്പെടുത്താനും മാനിപ്പുലേറ്റ് ചെയ്യാനും തെരഞ്ഞെടുപ്പു ഫലങ്ങള്‍ തീരുമാനിക്കാനും കഴിയുമെന്നു വന്നാല്‍ അതിനര്‍ത്ഥം ജനാധിപത്യം പരാജയപ്പെട്ടു എന്നാണ്. കേന്ദ്രീകൃത വിവര ശേഖരങ്ങളില്‍ ക്രോഡീകരിക്കപ്പെടൂന്ന ആധാര്‍ പോലുള്ള ഏകീകൃത ഐഡന്റിഫയറുകള്‍ വോട്ടേഴ്‌സ് ലിസ്റ്റുമായും മറ്റും ബന്ധിപ്പിക്കുന്നത് തെരഞ്ഞെടുപ്പ് സംവിധാനത്തെ തന്നെ അട്ടിമറിക്കുന്ന സാഹചര്യം സൃഷ്ടിച്ചേക്കാം. ബാലറ്റിന്റെ രഹസ്യ സ്വഭാവവും സമൂഹത്തിന്റെ ജനായത്ത അധികാരവും സാങ്കേതികതയ്ക്ക് അടിയറവ് വയ്ക്കുന്നത് ഒരിക്കലും ഭൂഷണമല്ല. 
നിരീക്ഷണ മുതലാളിത്തം ലോകം കീഴടക്കുന്ന കാലഘട്ടത്തില്‍ നമുക്ക് എന്തു ചെയ്യാന്‍ കഴിയും എന്നത് പ്രസക്തമായ ചോദ്യമാണ്. ഗവണ്മെന്റുകള്‍ക്ക് എന്തു ചെയ്യനാകും? നമുക്ക് എന്തു ചെയ്യാനാകും?
ഫേസ്ബുക്ക് തലവന്‍ സൂക്കര്‍ ബര്‍ഗിനെ വേണമെങ്കില്‍ നേരിട്ട് വിളിച്ചു വരുത്തി നടപടിയെടുക്കും എന്നൊക്കെ കെന്ദ്ര വിവര സാങ്കേതിക വകുപ്പ് മന്ത്രി രവിശങ്കര്‍ പ്രസാദ് വാര്‍ത്ത സമ്മേളനം നടത്തി പറഞ്ഞത് ഒരു തമാശയായി കണക്കാക്കിയാല്‍ മതി. കാരണം ഇത്തരത്തിലുള്ള വിവര ചോരണങ്ങളെ, ദുരുപയോഗങ്ങളെ നേരിടാനുള്ള നിയമ സംവിധാനം രജ്യത്തു നിലവിലില്ല. ലോകത്തെ ഏറ്റവും വലിയ വിവര ശേഖരണ പദ്ധതി നടപ്പിലാക്കുന്നു എന്നു മേനി നടിക്കുമ്പോഴും അതിന് സുരക്ഷയോ സുതാര്യതയോ ഉറപ്പു വരുത്തുന്ന വിവരസംരക്ഷണ/സ്വകാര്യതാ നിയമങ്ങള്‍ നമുക്കില്ല. ആകെ ഉള്ളത് 2000-ത്തിലെ വിവര സാങ്കേതികതാ നിയമമാണ്. അതാകട്ടെ പല്ലും, സ്വനനാളവും ഇല്ലാത്ത ഒരു കാവല്‍ നായയെപ്പോലെയാണ്. കടിക്കാന്‍ പോയിട്ട് കുരയ്ക്കാന്‍ പോലുമാകില്ല.
ഐ ടി ആക്ടിന്റെ റൂള്‍ 3 പ്രകാരം സെന്‍സിറ്റീവ് പേഴ്‌സണല്‍ ഡേറ്റയായി നിര്‍വചിക്കപ്പെട്ടിട്ടുള്ളത് പാസ്‌വേഡുകള്‍, സാമ്പത്തിക വിവരങ്ങള്‍, ലൈംഗീകാഭിമുഖ്യം തുടങ്ങിയ കാര്യങ്ങളാണ്. ദുരുപയോഗത്തിന് ഏറെ സാധ്യതകളുള്ള മൊെബെല്‍ ബിഗ് ഡേറ്റ, ഇമെയില്‍, ചാറ്റ് ലോഗ്, ഇന്റര്‍നെറ്റ് ശീലങ്ങള്‍, സര്‍ച്ച് ഹിസ്റ്ററി, ലോഗുകള്‍, ലൊക്കേഷന്‍ എന്നിങ്ങനെയുള്ള വിവരങ്ങളും ഇതിന്റെ പരിധിയില്‍ പെടുത്തേണ്ടതുണ്ട്. സെക്ഷന്‍ 43 എ യുടെ കീഴില്‍ ഇപ്പോള്‍ വാണിജ്യ/പ്രഫഷണല്‍ സ്ഥാപനങ്ങള്‍ മാത്രമാണുള്ളത്. അതായത് ലാഭേച്ഛയില്ലാത്ത സ്ഥാപനങ്ങളെയും സര്‍ക്കാര്‍ ഏജന്‍സികളെയും ഇതിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നു. ഇപ്പോള്‍ അതിപ്രധാന വിവരങ്ങള്‍ സൂക്ഷിക്കുന്ന യു.ഐ.ഡി.എ.ഐ., എന്‍.പി.സി.ഐ. തുടങ്ങിയ സ്ഥാപനങ്ങള്‍ ഈ നിയമത്തിന് പുറത്താണ്. സെക്ഷന്‍ 72 എ പ്രകാരം ഏതെങ്കിലും ഒരു വ്യക്തിയുടെ വിവരങ്ങള്‍ ഏതൊരു ഏജന്‍സിയില്‍നിന്നു നഷ്ടപ്പെടുകയോ ചോരുകയോ ചെയ്താല്‍, അതുകൊണ്ട് അയാള്‍ക്ക് എത്രതന്നെ നഷ്ടം വന്നാലും, വിവരങ്ങള്‍ ആ വ്യക്തിക്ക് ദോഷമുണ്ടാക്കുക എന്ന ദുരുദ്ദേശത്തോടെ ചോര്‍ത്തുകയോ നഷ്ടപ്പെടുത്തുകയോ ചെയ്തതാണെന്ന് തെളിഞ്ഞാല്‍ മാത്രമേ ഏജന്‍സി നിയമ നടപടികള്‍ക്ക് വിധേയമാകൂ. ഈ പഴുതുപയോഗിച്ച് ഏതു തരത്തിലുള്ള അനാസ്ഥയില്‍നിന്നും വിവരങ്ങള്‍ ശേഖരിക്കുകയും കൈകാര്യം ചെയ്യുകയും ചെയ്യുന്ന സ്ഥാപനങ്ങള്‍ക്ക് രക്ഷപ്പെടാന്‍ കഴിയും. 
നിരന്തരം ചോര്‍ച്ചകളും സുരക്ഷാ ഭീഷണിയും ഉയര്‍ത്തിക്കൊണ്ടിരിക്കുന്ന ആധാറിനെ സംബന്ധിച്ചാകട്ടെ സാധാരണക്കര്‍ക്ക്, ഇരകള്‍ക്ക് പരാതി ബോധിപ്പിക്കാന്‍ ഒരു ഇടം പോലും ഇല്ല. 29 സംസ്ഥാനങ്ങള്‍ക്കും 7 കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമായി ആകെ 8 റീജിയണല്‍ ഓഫീസുകള്‍ മാത്രമാണുള്ളത്. വിവരം ദുരുപയോഗം ചെയ്യപ്പെട്ടാല്‍, (ഉദാഹരണത്തിന് അനുമതിയില്ലാതെ ഉപഭോക്താവിന്റെ വിരലടയാള വിവരം ഉപയോഗിച്ച് പേയ്‌മെന്റ് ബാങ്ക് അക്കൗൂണ്ട് ഓപ്പണ്‍ ചെയ്യുകയും അതുമൂലം സബ്‌സിഡിയും മറ്റാനുകൂല്യങ്ങളും അക്കൗണ്ടില്‍ എത്താതിരിക്കുകയും ചെയ്ത എയര്‍ടല്‍ വിവാദം പോലെ), വിവരം മോഷ്ടിക്കപ്പെട്ടാല്‍ (500 രൂപയ്ക്ക് ആധാര്‍ വിവരങ്ങള്‍ വില്ക്കപ്പെടുന്നതു പോലെ) ഒക്കെ ഇരകള്‍ക്ക് കോടതിയെപ്പോലും സമീപിക്കാനാകില്ല. കാരണം അധാര്‍ ആക്ട് 2016, സെക്ഷന്‍ 47 പ്രകാരം ആധാര്‍ അഥോറിറ്റി (<ഡകഉഅക>)യ്ക്ക് മാത്രമാണ് പരാതിയുമായി മുന്നോട്ടു പോകാന്‍ കഴിയുക. അവര്‍ കൂടി പ്രതിയായേക്കാവുന്ന കേസില്‍ അവര്‍ നടപടികള്‍ ആരംഭിക്കാന്‍ മുന്‍കൈ എടുക്കില്ല എന്നത് പകല്‍ പോലെ വ്യക്തമാണല്ലൊ. 
2011-ല്‍ ആധാര്‍ പദ്ധതിയെക്കുറിച്ച് പഠിച്ച പാര്‍ലമെന്റിന്റെ ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ആധാര്‍ ലക്ഷ്യബോധമില്ലാത്തതും അരക്ഷിതവും അപകടകരവും ധനനഷ്ടവും ദേശീയ സുരക്ഷയ്ക്കു തന്നെ ഭീഷണിയാകാവുന്നതുമായ ഒരു പദ്ധതിയാണ് എന്നു കണ്ടെത്തിക്കൊണ്ട് നല്കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്ന ഒരു കാര്യം രാജ്യത്ത് സ്വകാര്യത സംരക്ഷണ നിയമങ്ങളുടെ ആവശ്യകതയെക്കുറിച്ചാണ്. എന്നിട്ടും സ്വകാര്യത ഒരു മൗലീകാവകാശമല്ല എന്നു വരെയുള്ള പ്രാകൃത വാദങ്ങള്‍ വരെ ഉന്നയിച്ച ഒരു ഗവണ്മെന്റാണ് നമുക്കുള്ളത്. ഒടുവില്‍ സുപ്രീം കോടതിയുടെ ഒന്‍പതംഗ ജമ്പോ ഭരണഘടനാ ബഞ്ച് ഐകകണ്‌ഠേനസ്വകാര്യത ഒരു മൗലീകാവകാശമണെന്ന് വിധിക്കുകയുണ്ടായി. കോടതി വിധിയില്‍ സ്വകാര്യതയുടെ ധനാത്മകവും ഋണാത്മകവുമായ വശങ്ങളെ പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട്. ഋണാത്മകമായ വശം സ്വകാര്യതയിലേക്കുള്ള ഭരണകൂടത്തിന്റെ ഏതൊരു കടന്നു കയറ്റത്തെയും ഈ അവകാശം തടയുന്നു എന്നതാണ്. ധനാത്മകമായ വശം പൗരന്റെ സ്വകാര്യത നിയമപരമായി സംരക്ഷിക്കാനുള്ളബാധ്യത സര്‍ക്കാരുകള്‍ക്കുണ്ട് എന്നതാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ ശക്തന്മായ സ്വകാര്യതാ നിയമം സര്‍ക്കാര്‍ കൊണ്ടു വരേണ്ടതുണ്ട്്. ഇതേക്കുറിച്ചു പഠിക്കാന്‍ നിയോഗിച്ച ശ്രീ കൃഷ്ണ കമ്മീഷന്റെ പ്രവര്‍ത്തനം ഇനിയും പൂര്‍ത്തിയായിട്ടില്ല. ഇതൊക്കെ എന്നു നടക്കുമെന്ന് കാത്തിരുന്നു കാണേണ്ടിയിരിക്കുന്നു. എന്നിരുന്നാലും വ്യക്തിപരമായി നമുക്ക് ചെയ്യാന്‍ കഴിയുന്ന ചില കാര്യങ്ങളുണ്ട്. നമ്മുടെ വ്യക്തി വിവരങ്ങളും ചിത്രങ്ങളും ഇഷ്ടാനിഷ്ടങ്ങളും ലൊക്കേഷനുമെല്ലാം സാമൂഹ്യ മാധ്യമങ്ങളില്‍ വലിച്ചു വാരിയിടുന്നത് അവസാനിപ്പിക്കണം. വെബ്‌സൈറ്റുകളുടെ പ്രൈവസി സെറ്റിംഗ്‌സ് പരമാവധി ഫലപ്രദമായി ഉപയോഗിക്കണം. അതോടൊപ്പം വിവിധ ആപ്പ്‌ളിക്കേഷനുകള്‍ക്ക് നമ്മുടെ പ്രൊഫൈല്‍ വിവരങ്ങള്‍ ശേഖരിക്കനുള്ള അനുമതി കൊടുക്കാതിരിക്കുക. ”ആരാണ് നിങ്ങളെ പ്രേമിക്കുന്നത്?” എന്നിങ്ങനെയുള്ള ചോദ്യങ്ങളുമായി എത്തുന്ന ഒരു ആപ്പിന് നിങ്ങള്‍ നല്കുന്ന അനുമതി വച്ച് നിങ്ങളുടെ മാത്രമല്ല നിങ്ങളുടെ ഫെയ്‌സ്ബുക്ക് സുഹൃത്തുക്കളുടെയാകെ വിവരങ്ങള്‍ ശേഖരിക്കാനുള്ള അനുമതിയാണ് കൊടുക്കുന്നത്. ഇത്തരത്തില്‍ ശേഖരിക്കുന്ന വിവരങ്ങള്‍ വിറ്റ് ഈ കമ്പനികള്‍ ശതകോടികള്‍ ഉണ്ടാക്കുന്നു്. നമ്മുടെ തെരഞ്ഞെടുപ്പ് ഫലം വരെ തീരുമാനിക്കുന്നു. ഇത്തരം അനാവശ്യ കളികളില്‍ ഏര്‍പ്പെടാതിരിക്കുക. ഫേയ്‌സ്ബുക്കിലാണെങ്കില്‍ സെറ്റിംഗ്‌സില്‍ ആപ്പ് സെട്ടിംഗ്‌സില്‍ പോയി അനാവശ്യ ആപ്പ്‌ളിക്കേഷനുകള്‍ നീക്കം ചെയ്യുക. മറ്റുള്ളവയ്ക്കു നല്കിയിട്ടുള്ള അനുമതികള്‍ പരിശോധിച്ച് ആവശ്യമുള്ളതു മാത്രം നല്കുക. പ്ലഗ്ഗിനുകള്‍ പരമാവധി ഒഴിവാക്കുക. ഏതൊരു വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാനും ”ലോഗിന്‍ വിത്ത് ഫെയ്‌സ്ബുക്ക് അല്ലെങ്കില്‍ ഗൂഗിള്‍” എന്ന എളുപ്പ വഴി ഉപയോഗിച്ചാല്‍ ഈ വെബ്‌സൈറ്റുകള്‍ക്കെല്ലാം നമ്മുടെ ക്കൗണ്ട് വിവരങ്ങളും, ഫെയ്‌സ്ബുക്കിനും ഗൂഗിളിനും നമ്മുടെ പുതിയ ലോഗിന്‍ വിവരങ്ങളും ലഭിക്കും. ഇതൊഴിവാക്കാന്‍ അല്പ്പം സമയമെടുത്തിട്ടാണെങ്കിലും പുതിയ വെബ്‌സൈറ്റുകളില്‍ പ്രത്യേകം രജിസ്റ്റര്‍ ചെയ്യുക. ഇത്തരത്തിലുള്ള കൊച്ചു കൊച്ചു കാര്യങ്ങള്‍ ശ്രദ്ധിക്കുക എന്നതു മാത്രമാണ് നമുക്ക് ചെയ്യാന്‍ കഴിയുക. അതത്ര ചെറിയ കാര്യമല്ല താനും.
ഇനിയും നാം മനസിലാവര്‍ത്തിക്കേണ്ടതായ, മനസിലാക്കേണ്ടതായ കാര്യംഫേയ്‌സ്ബുക്കും ആധാറുമൊക്കെ കേവലം സുരക്ഷാ പ്രശ്‌നമല്ല, മറിച്ച് നിരീക്ഷണ മുതലാളിത്തത്തിന്റെ സാംസ്‌കാരിക-അധികാര ആയുധങ്ങളാണ് എന്നതാണ്. അതിന് കടിഞ്ഞാണിടാന്‍ തിരിച്ചറിവും ഇച്ഛാ ശക്തിയുമുള്ള ഒരു രാഷ്ട്രീയം ഉയര്‍ന്നു വരേണ്ടതുണ്ട്. ഈ ലേഖനം മംഗളം ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ചിരുന്നു. ഇവിടെ വായിക്കാവുന്നതാണ് (on 01/04/2018)

അരുതെന്ന് പഠന റിപ്പോര്‍ട്ട്: റിപ്പോര്‍ട്ടിനു മുന്‍പേ നോട്ടു നിരോധനം!

നോട്ട് നിരോധനം പ്രഖ്യപിച്ച് 15 മാസം പിന്നിട്ടിട്ടും തിരിച്ചു വന്ന നോട്ടുകള്‍ എണ്ണിക്കൊണ്ടിരിക്കുകയാണ് നമ്മുടെ റിസര്‍വ് ബാങ്ക്. കള്ളപ്പണവും കള്ളനോട്ടും കൈക്കൂലിയും ഭീകരവാദവും ഒക്കെ നിര്‍ബാധം തുടരുന്നുണ്ട്. 4 ലക്ഷം കോടി രൂപ റിസര്‍വ് ബാങ്കിന് ലാഭമുണ്ടാകും എന്നു സുപ്രീം കോടതിയില്‍ പറഞ്ഞെങ്കിലും ഗവണ്മെന്റിന് റിസര്‍വ് ബാങ്കില്‍ നിന്നു ലഭിച്ചു കൊണ്ടിരുന്ന ലാഭ വിഹിതത്തില്‍ 30,000 കോടി രൂപയുടെ കുറവാണ് സംഭവിച്ചിട്ടുള്ളത്. യാതൊരു പഠനവും തയ്യാറെടുപ്പുമില്ലാതെയാണ് ഡീമോണിട്ടൈസേഷന്‍ നടത്തിയത് എന്ന വിമര്‍ശനം ബലപ്പെട്ടു വരുന്ന സമയത്താണ് ഇതു സംബന്ധിച്ച് ബി ജെ പി ഗവണ്മെന്റ് തന്നെ നിയോഗിച്ച സമിതിയുടെ റിപ്പോര്‍ട്ട് ശ്രദ്ധേയമാകുന്നത്. മഹാരാഷ്ട്രക്കാരനായ അനില്‍ ബോക്കില്‍ നേതൃത്വം നല്‍കുന്ന ‘അര്‍ത്ഥക്രാന്തി പ്രതിഷ്ഠാന്‍’ എന്ന സംഘടനയുടെ നിര്‍ദ്ദേശങ്ങളാണ് മോഡിയുടെ ‘നവംബര്‍ 8 വിപ്ലവത്തിന്റെ’ ചാലകശക്തി എന്നാണ് പറയപ്പെടുന്നത്. രണ്ട് നിര്‍ദ്ദേശങ്ങാണ് അവര്‍ മുന്നോട്ടു വച്ചത്. 1. നോട്ടു നിരോധനം: ഇന്ത്യയില്‍ വലിയ നോട്ടുകളുടെ അനുപാതം വളരെ കൂടുതലാണ്, അത് കുറച്ചു കൊണ്ടു വരേണ്ടതുണ്ട് അതിനായി വലിയ മൂല്യമുള്ള നോട്ടുകള്‍ റദ്ദാക്കണം 2. നിലവിലുള്ള എല്ലാ നികുതികളും പിന്‍വലിച്ച് ബാങ്ക് ഇടപാടുകള്‍ക്ക് നികുതി ഏര്‍പ്പെടുത്തുക (ബാങ്കിംഗ് ട്രാന്‍സാക്ഷന്‍ ടാക്‌സ്). ഈ നിര്‍ദ്ദേശങ്ങളെക്കുറിച്ച് പഠിക്കാന്‍ കേന്ദ്ര സംസ്ഥാന ധനമന്ത്രാലയങ്ങളുടേയും അസൂത്രണ കമ്മീഷന്റെയും കീഴില്‍ പ്രവര്‍ത്തിക്കുന്ന ഗവേഷണ സ്ഥാപനമായ നാഷണല്‍ ഇന്‍സ്ടിട്യൂട്ട് ഫോര്‍ പബ്ലിക് ഫിനാന്‍സ് ആന്‍ഡ് പോളിസി (എന്‍.ഐ.എഫ്.പി.)-യെ ഹരിയാന, മധ്യപ്രദേശ് സര്‍ക്കാരുകള്‍ ചുമതലപ്പെടുത്തി. വിശദമായ പഠനത്തിനു ശേഷം അവര്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു, 2017 ജൂണ്‍ 12ന്. അപ്പോഴേയ്ക്കും പക്ഷേ നോട്ട് നിരോധനം നടപ്പാക്കിക്കഴിഞ്ഞിരുന്നു. എങ്കിലും എന്‍.ഐ.എഫ്.പി.യുടെ നിഗമനങ്ങള്‍ എന്തൊക്കെയായിരുന്നുവെന്ന് പരിശോധിക്കപ്പെടേണ്ടതുണ്ട്.ആദ്യമായി കമ്മറ്റി പരിശോധിച്ചത് രണ്ടു കാര്യങ്ങളാണ്. 1. രാജ്യത്ത് ആവശ്യത്തിലധികം പണം നോട്ടുകളായി ഉണ്ടോ? 2. വലിയ മൂല്യമുള്ള നോട്ടുകളുടെ അനുപാതം അസാധരണമാം വിധം കൂടുതലാണോ? സമ്പദ്ഘടനയില്‍ കറന്‍സിയുടെ ആവശ്യകത നിര്‍ണയിക്കുന്ന ഘടകങ്ങള്‍- ജി ഡി പി,കയറ്റുമതി, ഇറക്കുമതി, പണപ്പെരുപ്പം, പലിശ നിരക്ക്, സ്‌പെഷ്യലൈസേഷന്റെ തോത്- സമഗ്രമായി പഠിച്ച സമിതി കണ്ടെത്തിയിരിക്കുന്നത് രാജ്യത്ത് സമ്പദ്ഘടന ആകശ്യപ്പെടുന്നതിലും അധികം കറന്‍സി ഇല്ല എന്നാണ്. രണ്ടാമതായി, സാമ്പത്തിക സൂചകങ്ങളും പാല്‍, മുട്ട, ബ്രഡ്, വെള്ളം എന്നിങ്ങനെ അവശ്യ വസ്തുക്കളുടെ വിലയും എല്ലാം പരിശോധിച്ച് ഇരുപത്തഞ്ചോളം രാജ്യങ്ങളുമായി താരതമ്യ പഠനം നടത്തിയതിനു ശേഷം പറയുന്നു, മറ്റ് രാജ്യങ്ങളുമായി തുലനം ചെയ്യുമ്പോള്‍ ഇന്ത്യയില്‍ വലിയ നോട്ടുകളുടെ സര്‍ക്കുലേഷന്‍ കൂടുതലാണെന്ന വാദവും തെറ്റാണെന്ന്. മൊത്തം കറന്‍സിയുടെ 86% 500, 1000 രൂപ നോട്ടുകള്‍ അണെന്നത് വലിയ കുഴപ്പമാണെന്ന അര്‍ത്ഥക്രാന്തിയുടെ വാദത്തെ അമേരിക്കയേയും ബ്രിട്ടനേയും ഉള്‍പ്പടെ ഉദാഹരിച്ച് എന്‍.ഐ.എഫ്.പി. തള്ളുന്നു. മാത്രമല്ല ഈ നോട്ടുകള്‍ പിന്‍വലിച്ചാല്‍ ശേഷുക്കുന്ന വലിയ നോട്ടുകള്‍കൊണ്ട് കറന്‍സി സര്‍ക്കുലേഷന്‍ പൂര്‍വസ്ഥിതിയിലേക്ക് എത്തിക്കുക തന്നെവേണം എന്നും അവര്‍ തിരിച്ചറിഞ്ഞു.അതായത് അര്‍ത്ഥക്രാന്തി മുന്നോട്ടു വച്ച നോട്ടുറദ്ദാക്കലിനുള്ള അടിസ്ഥാന ന്യായീകരണങ്ങള്‍ തന്നെ തെറ്റാണ് എന്ന് എന്‍.ഐ.എഫ്.പി. പഠനം വ്യക്തമാക്കുന്നു. മാത്രമല്ല നോട്ടു നിരോധനം കൊണ്ടുണ്ടായേക്കാവുന്ന ഭവിഷ്യത്തുകള്‍ അക്കമിട്ട് നിരത്തുകയും ചെയ്യുന്നുണ്ട് അതില്‍. 1. ജി.ഡി.പി.വളര്‍ച്ചയില്‍ ഉടന്‍ പ്രതീക്ഷിക്കാവുന്ന വലിയ കുറവ്, 2. ഉദ്പാദന നിരക്കില്‍ ഇടിവ്, 3. ബാങ്കില്‍ നിക്ഷേപം കൂടുന്നതുകൊണ്ട് വായ്പ്പ ലഭ്യത വര്‍ധിച്ചാല്‍ തന്നെ സാമ്പത്തിക മാന്ദ്യത്തിനുള്ള സാധ്യത വച്ച് അതുകൊണ്ട് വലിയ പ്രയോചനമൊന്നും ഉണ്ടാകാന്‍ പോകുന്നില്ല, 4. റിസര്‍വ് ബാങ്കിന്റെ വരുമാനം കുറയും, 5. ഉപഭോഗം കുറയുന്നതിനാല്‍ പരോക്ഷ നികുതി വരുമാനത്തില്‍ കുറവ് വരും. 6. സമ്പദ്ഘടന ഔപചാരികമാകുന്നതിനാല്‍ വരുമാന നികുതി ദായകരുടെ എണ്ണം വര്‍ദ്ധിച്ചേക്കാം എന്നാല്‍ സാമ്പത്തിക മാന്ദ്യത്തിനു സാധ്യതയുള്ളതിനാല്‍ പ്രത്യക്ഷ നികുതി വരുമാനത്തിലും വര്‍ദ്ധനവ് ഉണ്ടാകുമോ എന്നത് സംശയകരമാണ്, 7. അര്‍ത്ഥക്രാന്തി റിപ്പോര്‍ട്ടില്‍ പറയുന്നതുപോലെ നോട്ടു നിരോധനം കൊണ്ട് കള്ളപ്പണം ഇല്ലതാകണമെന്നില്ല, കാരണം കള്ളപ്പണം പണമായി മാത്രമല്ല വിനിമയം ചെയ്യപ്പെടുന്നത്. 8. കള്ള നോട്ടും ഭീകരപ്രവര്‍ത്തനവും തടയുന്നതിനും നോട്ടു നിരോധനം ഉപകരിക്കുമെന്നു പറയാനാകില്ല. കാരണം അവര്‍ക്ക് എപ്പോഴും മറ്റു മാര്‍ഗങ്ങള്‍ തേടാം. സമാന്തര സമ്പദ്ഘടനയേക്കുറിച്ചും ഭീകര സംഘടനകളുടെ ഫണ്ടിംഗിനെക്കുറിച്ചും പ്രതിപാദിക്കുന്ന വിവിധ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് ഡിജിറ്റല്‍ പണമിടപാടുകളിലൂടെയും ഇതൊക്കെ നടത്താനാകും എന്ന് പഠന റിപ്പോര്‍ട്ട് സമര്‍ത്ഥിക്കുന്നു.റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ അക്ഷരം പ്രതി ശരിയായിരുന്നുവെന്ന് ‘നവംബര്‍ 8 വിപ്ലവ’ത്തിനു ശേഷം മാസം പതിനഞ്ചു പിന്നിടുമ്പോള്‍ നമുക്ക് ബോധ്യപ്പെടുന്നുണ്ട്. ഗവണ്മെന്റ് ഏജന്‍സിയായ എന്‍.ഐ.എഫ്.പി.യുടെ ഈ റിപ്പോര്‍ട്ടിനെങ്കിലും കാത്തിരുന്നെങ്കില്‍ രാജ്യത്തിന്റെ സമ്പദ്ഘടനയ്ക്ക് വന്‍ തിരിച്ചടിയും ജനങ്ങള്‍ക്ക് ദുരിതവും സമ്മാനിച്ച നോട്ട് നിരോധനം എന്ന ദുരന്തം ഒഴിവാകുമായിരുന്നു. ഇത്ര തിടുക്കപ്പെട്ട് ഇത്തരം ഒരു വിനാശകരമായ സാമ്പത്തിക നയം നടപ്പിലാക്കാന്‍ ഗവണ്മെന്റിനെ ഉപദേശിച്ചത് ആരായിരുന്നു? എന്തായിരുന്നു അതിനു പിന്നിലെ താത്പര്യം? ഇതൊന്നും നമ്മള്‍ ഒരുപക്ഷേ ഒരിക്കലും അറിയാന്‍ പോകുന്നില്ല. തിരിച്ചു വന്ന നോട്ടെണ്ണിത്തീര്‍ക്കാന്‍ ആവശ്യത്തിന് നോട്ടെണ്ണല്‍ യന്ത്രം ഇല്ലെന്നു പറഞ്ഞു നമ്മുടെ സാമാന്യബുദ്ധിയെ അപഹസിക്കുന്ന അധികാരികളില്‍ നിന്നും നമുക്ക് ഉത്തരങ്ങള്‍ പ്രതീക്ഷിക്കാനാകുമോ?

This article was published in Mangalam Daily

ആധാര്‍; മൗനത്തിന്റെ കോട്ടകൊത്തളങ്ങള്‍ തകരുന്നു

മൗനത്തിന് ഒരു രാഷ്ട്രീയമുണ്ട്; ഭയത്തിന്റെ രാഷ്ട്രീയം, സംവാദങ്ങളെ റദ്ദു ചെയ്യുന്ന രാഷ്ട്രീയം. ചോദ്യങ്ങള്‍ക്ക് മറുപടി നല്കാതിരിക്കുകയും ചോദ്യങ്ങള്‍ ചോദിക്കുന്നവരെ നിശബ്ദരാക്കുകയും ചെയ്യുന്ന അധികാര തന്ത്രമാണത്. ഇത് ഏകാധിപത്യത്തിന്റെയും ഫാഷിസത്തിന്റെയും സ്വഭാവമാണ്.

വര്‍ഷങ്ങളായി ആധാര്‍ അഥോറിറ്റി (UIDAI) ചെയ്യുന്നതും ഇതു തന്നെ. വിമര്‍ശനങ്ങളെ, ആശങ്കകളെ, ആകുലതകളെ കണ്ടില്ലെന്നു നടിക്കുക. പകരം വര്‍ണാഭമായ പ്രചാരണ കോലാഹലങ്ങളിലൂടെ വീഴ്ച്കള്‍ മറച്ചു വയ്ക്കുക. ജനങ്ങളെ മുള്‍മുനയില്‍ നിര്‍ത്തി ആധാര്‍ എടുപ്പിക്കുക. പ്രശ്‌നങ്ങള്‍ തുറന്നു കാണിക്കുന്ന പത്ര മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത് പീഢിപ്പിക്കുക. കോടതിയില്‍ പോലും ഇതേ നയമാണ് അനുവര്‍ത്തിച്ചത്. ആധാര്‍ നിര്‍ബന്ധമാക്കിയിട്ടില്ല എന്ന് കോടതിയില്‍ ആവര്‍ത്തിക്കുകയും പുറത്ത് വന്ന് ജനങ്ങളെ ആധാര്‍ എടുക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. വീണ്ടും കേസ് പരിഗണിക്കുമ്പോള്‍ അവസാന തിയതി നീട്ടിയെന്ന ന്യായം പറഞ്ഞ് കേസ് നീട്ടിക്കൊണ്ടു പോകുന്നു. ഒടുവില്‍ ആധാര്‍ നിര്‍ബന്ധമാക്കാനാകില്ലെന്നും ആധാര്‍ ഇല്ലാത്തതുമൂലം ആര്‍ക്കും ഒരാനുകൂല്യവും നിഷേധിക്കരുതെന്നും, 6 പദ്ധതികള്‍ക്കൊഴിച്ച് ഒന്നിനും ആധാര്‍ ഉപയോഗിക്കുകപോലും ചെയ്യരുത് എന്നും കോടതി അര്‍ത്ഥശങ്കക്കിടയില്ലാത്തവിധം വ്യക്തമാക്കിയപ്പോള്‍, ‘സ്വകാര്യത’ മൗലീകവകാശമല്ല എന്ന ഭീതീദമായ നിലപാട് സ്വീകരിച്ചുകൊണ്ട് പിന്നെയും കേസ് വൈകിപ്പിച്ചു, രണ്ടു വര്‍ഷത്തിലേറെ. കാരണം ആധാര്‍ അഥോറിറ്റിയ്ക്കറിയാം കോടതിയില്‍ ചോദ്യങ്ങള്‍ ഉയര്‍ന്നാല്‍ മൗനത്തിന്റെ മതിലുകള്‍ കൊണ്ടതിനെ പ്രതിരോധിക്കാനാകില്ലെന്ന്. അതുകൊണ്ടാണ് കഴിഞ്ഞ ബുധനാഴ്ച്ച കേസ് പരിഗണനയ്‌ക്കെടുത്തപ്പോള്‍ പോലും വാദങ്ങള്‍ ഉന്നയിക്കാനുള്ള സമയം ക്ലിപ്തപ്പെടുത്തണം എന്ന വിചിത്ര വാദം അവരുന്നയിച്ചത്.പക്ഷേ ഈ തന്ത്രമിനി അധികനാള്‍ നീട്ടിക്കൊണ്ടു പോകാനാകില്ല. മൗനം കൊണ്ടു മറയ്ക്കനാകാത്ത കോടതി മുറിയില്‍ ചോദ്യങ്ങള്‍ ഉന്നയിക്കപ്പെട്ടു തുടങ്ങിയിരിക്കുന്നു. അതുകൊണ്ടാണ് വിമര്‍ശകരെ ചില രഷ്ട്രീയ-സാമൂഹ്യ കളങ്ങളിലേക്ക് ഒതുക്കുവാനുള്ള ശ്രമം നടക്കുന്നത്. പണവും, അധികാരവും, പദവിയും ഉപയോഗിച്ച് ആധാര്‍ പ്രചാരണ വാര്‍ത്തകളും പരസ്യങ്ങളും കൊണ്ട് പത്ര-മാധ്യമങ്ങള്‍ നിറച്ച കഴിഞ്ഞ വാരം പദ്ധതിക്കെതിരെ ‘ആസൂത്രികമായ ഗൂഢാലോചനയും പ്രചാരണവും’ നടക്കുന്നു എന്ന വാദവുമായി അതോറിറ്റിയും നന്ദന്‍ നിലെകനിയുംരംഗത്തെത്തിയത് അതുകൊണ്ടാണ്. 

എന്നാല്‍ ഇക്കാര്യങ്ങള്‍ക്കുപ്പടെ പഴുതടച്ച മറുപടി നല്‍കിക്കൊണ്ടാണ് സുപ്രീം കോടതിയില്‍ പരാതിക്കാര്‍ തങ്ങളുടെ വാദമുഖങ്ങള്‍ ആരംഭിച്ചിട്ടുള്ളത്. ആശങ്കളുയര്‍ത്തിയിട്ടുള്ളവരെല്ലാം സമൂഹത്തില്‍ ആദരവ് നേടിയ വ്യക്തിത്വങ്ങളാണ് എന്നു ചൂണ്ടിക്കാണിക്കപ്പെട്ടു. പ്രധാന പരാതിക്കാരന്‍ പട്ടുസ്വാമി മുന്‍ ഹൈക്കോടതി ജഡ്ജിയാണ്, സുധീഷ് വോമ്പാട്കരേ 35 വര്‍ഷം സൈനീക സേവനം നടത്തിയ വ്യക്തിയാണ്, അരുണ റൊയ് മുന്‍ മുന്‍ ഐ എ എസ് ഉദ്യോഗസ്ഥയും സമൂഹ്യ പ്രവര്‍ത്തകയുമാണ്, ബെസ്വാദ വില്‍സണ്‍ സഫായി കര്‍മചാരി അന്ദോളന് നേതൃത്വം നല്കുന്നു, കേണല്‍ മാത്യൂ തോമസ്, ഡോ. കല്യാണി സെന്‍, സൈബര്‍ സെക്യൂരിറ്റി വിദഗ്ദ്ധന്‍ ആനന്ദ് വെങ്കട്ട്, ഐ ഐ ടി പ്രഫസര്‍ റീതിക ഖേര, സാമ്പത്തിക വിദഗ്ദ്ധന്‍ ജീന്‍ ഡ്രീസ് എനിങ്ങനെ മുഖ്യ പരാതിയുടെ ഭാഗമായവരെല്ലാം പ്രമുഖരാണ്. ഉന്നയിക്കുന്ന വിഷയങ്ങളാകട്ടെ അതീവ പ്രാധാന്യമര്‍ഹിക്കുന്നതും. 

ഭരണകൂടവും നമ്മള്‍ പൗരന്മാരും തമ്മിലുള്ള ബന്ധത്തെ ഏകപക്ഷീയവും ഏകാധിപത്യപരവുമായി പരിവര്‍ത്തനപ്പെടുത്തുന്ന ഭരണഘടനാവിരുദ്ധവും ജനാധിപത്യ വിരുദ്ധവുമായ പദ്ധതിയാണ് ആധാര്‍. ഒരോ ഇന്ത്യന്‍ പൗരന്റെയും ജനനം മുതല്‍ മരണം വരെയുള്ള കാര്യങ്ങള്‍ ആധാറുമായി ബന്ധപ്പെട്ടിരിക്കുന്നു. പാന്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട്, ബാങ്ക് അക്കൗണ്ട്, മൂച്വല്‍ ഫണ്ട് നിക്ഷേപം, പി എഫ്, ഇന്‍ഷുറന്‍സ്, ചികിത്സ, റേഷന്‍, സബ്‌സിഡി, മരുന്ന്, പെന്‍ഷന്‍ എന്നു വേണ്ട ചിലയിടങ്ങളില്‍ ശ്മശാനങ്ങളില്‍ പോലും ആധാര്‍ നിര്‍ബന്ധമാണ്. ഇത് ആധാറിനെ ഒരു ‘കില്ലര്‍ സ്വിച്ച്’ പോലെയാക്കുന്നു. ആധാര്‍ റദ്ദു ചെയ്യപ്പെട്ടാല്‍ (UIDAI യ്ക്ക് അത് ചെയ്യാനുള്ള അധികാരം ഉണ്ട്), വിവരങ്ങള്‍ മോഷ്ടിക്കപ്പെട്ടാല്‍, ഈ സംഗതികളെല്ലാം അയാള്‍ക്ക് നഷ്ടപ്പെടുന്നു. അയാളെ സംബന്ധിച്ചിടത്തോളം അത് മരണതുല്യമാണ്. 

കൂടാതെ ഒരോരുത്തരുടെയും ദിവസേനയുള്ള ഓരോ ചലനങ്ങളും സാങ്കേതികമായി അടയാളപ്പെടുത്തപ്പെടുന്നതുകൊണ്ട് നമ്മളൊരോരുത്തരുടെയും കഴുത്തിലണിഞ്ഞ ഇലക്ട്രോണിക്ക് ചങ്ങല ആധാര്‍ മാറുന്നു. രാഷ്ട്രീയ സമൂഹ്യ ചലനങ്ങളെ ഇല്ലാതാക്കി ജനാധിപത്യത്തെ ദുര്‍ബലമാക്കി, രാജ്യത്തിന്റെ ഭാവിയെ അപകടത്തിലാക്കുന്നു. ഇത് ഭരണ ഘടന അനുവദിക്കുന്നതല്ല. കാരണം ഭരണഘടന ഉറപ്പു നല്‍കുന്നതും ‘സ്വകാര്യത വിധിയില്‍’ പ്രത്യേകം പരാര്‍ശിക്കപ്പെട്ടിട്ടുള്ളതുമായ പൗരനു സ്വന്തം ശരീരത്തിനുമേലുള്ള അവകാശത്തേയും അന്തസ്സോടെ ജീവിക്കാനുള്ള അവകാശത്തേയും ഇത് ഇല്ലാതാക്കുന്നു.

ആധാറിന്റെ രൂപഘടന അടിസ്ഥനപരമായി തെറ്റാണ് എന്നാണ് മുതിര്‍ന്ന അഭിഭാഷകന്‍ ശ്യാം ദിവാന്‍ വാദിച്ചത്. 2009-ല്‍ ഒരു നിയമ പിന്‍ബലവും ഇല്ലാതെ, പ്ലാനിംഗ് കമ്മീഷന്റെ ഒരു ഉത്തരവ് വഴിയാണ് ആധാര്‍ ആരംഭിച്ചത്. പ്രായോഗികതാ പഠനമോ ശാസ്ത്രീയ പഠനമോ ഉണ്ടായിരുന്നില്ല. രാജ്യത്തെ മുഴുവന്‍ ജനങ്ങളുടെയും വിവരങ്ങള്‍ ശേഖരിക്കാനും സൂക്ഷിക്കാനുമുള്ള അവകാശം ജനങ്ങളോടോ ഭരണകൂടത്തിനോടോ യാതൊരു ഉത്തരവാദിത്തവുമില്ലാത്ത സ്വകാര്യ ഏജന്‍സികള്‍ക്ക് നല്കുകയായിരുന്നു. ജനങ്ങളുമായി നിയമപരമായ ഉടമ്പടികളുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ബാങ്കുകളും മറ്റു സ്ഥപനങ്ങളുമായി വിവരങ്ങള്‍ പങ്കു വയ്ക്കുന്നതുപോലെയല്ല പൊതുജനത്തോട് യാതൊരു ഉത്തരവാദിത്തവുമില്ലാത്ത ആധാര്‍ ഏജന്‍സികള്‍. ആധാര്‍ അഥോറിറ്റിയുമായി ഉള്ള ധാരണാ പത്രത്തിലാകട്ടെ രജിസ്ട്രാര്‍മാര്‍ക്ക് ബയോമെട്രിക്ക് വിവരങ്ങള്‍ ഉള്‍പ്പടെ സൂക്ഷിക്കാനുള്ള അവകാശവുമുണ്ട്. ഇതൊടൊപ്പം ദിവസേന റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന വിവരമോഷണങ്ങളുമാകുമ്പോള്‍ ആധാര്‍ ദേശ സുരക്ഷയ്ക്കു തന്നെ ഭീഷണിയായി മാറുന്നു. കാണ്‍പൂരില്‍ ആധാര്‍ മാഫിയ ഓപ്പറേറ്റര്‍മാരുടേ കൃത്രിമ വിരലടയാളങ്ങള്‍ പേപ്പറിലും റെസിനിലും ഉണ്ടാക്കി സമാന്തര എന്റോള്‍മെന്റ് സെന്ററുകള്‍ നടത്തുകയും പലരുടേയും ബയോമെട്രിക് വിവരങ്ങള്‍ കൂട്ടിക്കലര്‍ത്തി വ്യാജ ആധാറുകള്‍ നല്കുകയും ചെയ്ത വാര്‍ത്തയും പരാമര്‍ശിക്കപ്പെട്ടു.

ആധാര്‍ പദ്ധതി സാമ്പത്തികമായും, സാങ്കേതികമായും നിയമപരമായും നിലനില്ക്കുന്നതല്ലെന്നു ചൂണ്ടിക്കാണിച്ച 2011-ലെ പാര്‍ലമെന്റിന്റെ സ്റ്റന്‍ഡിംഗ് കമ്മറ്റിയുടെ റിപ്പോര്‍ട്ടും. പിന്നീട് 2016-ല്‍ എങ്ങനെയാണ് പാര്‍ലമെന്ററി മര്യാദകളെയും രാജ്യസഭയേയും മറികടന്ന് ആധാര്‍ ആക്ട് ഒരു മണി ബില്ല് ആയി പാസാക്കിയെടുത്തതും ചര്‍ച്ചയായി. 

ഇതോടൊപ്പം വിരലടയാളം ഉപയോഗിച്ച് ആളെ തിരിച്ചറിയുന്ന ബയോമെട്രിക് സാങ്കേതിക വിദ്യയുടെ അടിസ്ഥാനപരമായ പരിമിതിയും കോടതിയുടെ പരിഗണനയ്ക്കു വന്നു. പാസ്‌വേര്‍ഡോ പിന്‍ നമ്പറോ സ്മാര്‍ട്ട് കാര്‍ഡോ ഉപയോഗിച്ച് ആളുകളെ തിരിച്ചറിയുന്നതുപോലെ 100 ശതമാനം കൃത്യത കാണിക്കുന്ന സംവിധാനമല്ല ബയോമെട്രിക്‌സ്. കേന്ദ്രീകൃതവിവരശേഖരത്തില്‍സൂക്ഷിച്ചിരിക്കുന്ന വിരലടയാളവുമായി നമ്മള്‍ പിന്നീട് നല്കുന്ന വിരളടയാളം താരതമ്യം ചെയ്തു നോക്കിയാണ് ആളെ തിരിച്ചറിയുക. വിരലടയാളം സൂക്ഷിക്കപ്പെടുന്നത് അളവുകളായാണ്. രേഖകള്‍ തമ്മിലുള്ള അകലം സംഗമസ്ഥലങ്ങള്‍ എങ്ങനെ വിവിധങ്ങളായ 100 വിവരങ്ങള്‍. ഇത് 100 ശതമാനവും ഒത്തു വരുന്ന തരത്തില്‍ രണ്ടാമതൊരിക്കല്‍ കൂടി വിരലടയാളം നല്കാന്‍ ആര്‍ക്കും കഴിയില്ല. കാരണം നമ്മള്‍ വിരലടയാള യന്ത്രത്തില്‍ വിരല്‍ പതിപ്പിക്കുന്ന രീതി, നല്കുന്ന ബലം, അന്തരീക്ഷത്തിലെ ഈര്‍പ്പം, യന്ത്രത്തിന്റെ ബ്രാന്‍ഡ് അങ്ങനെ നിരവധി ഘടകങ്ങള്‍ ഇതിനെ ബാധിക്കുന്നു. അതുകൊണ്ട് ഒരു ടോളറന്‍സ് പരിധി സൊഫ്റ്റ്‌വെയറില്‍ എപ്പോഴും കാണും. ഉദാഹരണത്തിന് 100-ല്‍ 95 അല്ലെങ്കില്‍ 90 എന്നിങ്ങനെ. ഈ പരിധി ഒരു പാട് കുറച്ചാല്‍ യഥാര്‍ത്ഥത്തില്‍ ഉള്ള മനുഷ്യര്‍ തിറിച്ചറിയപ്പെടാതിരിക്കാനും പരിധി കൂട്ടിയാല്‍ തെറ്റായ മനുഷ്യര്‍ തിരിച്ചറിയപ്പെടാന്മുള്ള സാധ്യതകള്‍ ഉണ്ട്. അതുകൊണ്ട് ഈ പിഴവ് പൂര്‍ണമായും ഒഴിവാക്കാനാകില്ല. അതായത് ബയോമെറ്റ്രിക് സംവിധാനത്തില്‍ എപ്പോഴും രണ്ടു തരത്തിലുള്ള പിഴവുകള്‍ക്ക് സാധ്യതയുണ്ട് എന്നു സാരം. ആന്ധ്രയിലും മറ്റും റേഷന്‍ കടകളില്‍ വിരലടയാള പരിശോധന ഏര്‍പ്പെടുത്തിയപ്പോള്‍ ശരിയായ വ്യക്തികള്‍ക്ക് റേഷന്‍ നിഷേധിക്കപ്പെട്ട സംഭവങ്ങള്‍ 20 ശതമാനം വരെ ആയിരുന്നു. 20% പേര്‍ക്ക് അവരുടെ മൗലീകാവകാശം നിഷേധിക്കപ്പെട്ടു എന്നു സാരം. അങ്ങനെ സങ്കേതിക സംവിധനങ്ങളുടെ സാധ്യതകള്‍ക്ക് വിട്ടുകൊടുത്ത് നിഷേധിക്കാന്‍ കഴിയുന്നതാണോ അവകാശങ്ങള്‍എന്ന അടിസ്ഥാനപരമായ ചോദ്യവും ഉന്നയിക്കപ്പെട്ടിട്ടുണ്ട്.

ഇനിയും പ്രശ്‌നങ്ങള്‍ അവതരിപ്പിക്കപ്പെടാനുണ്ട്. പൊതു സമൂഹത്തിനു നേരെ ഉയര്‍ത്തിയിരുന്ന മൗനത്തിന്റെ മതില്‍കൊണ്ട് കോടതിയില്‍ പ്രതിരോധമുയര്‍ത്താന്‍ കഴിയില്ല. ചോദ്യങ്ങള്‍ ഉന്നയിച്ച പത്രപ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത് നിശബ്ദരാക്കാന്‍ ശ്രമിച്ചതുപോലെ അഭിഭാഷകരെ ഒതുക്കാനാകില്ല. നിഷേധത്തിന്റെ, ധാര്‍ഷ്ട്യത്തിന്റെ, അധികാരത്തിന്റെ കോട്ടകൊത്തളങ്ങളില്‍ വിള്ളല്‍ വീണ് തുടങ്ങിയിരിക്കുന്നു. ചരിത്രത്തില്‍ സമാനതകളില്ലാത്ത ഒരു പ്രതിസന്ധിഘട്ടത്തിലൂടെ രാജ്യവും പരമോന്നത നീതിപീഠവും കടന്നുപോകുമ്പോള്‍ ആധാര്‍ ഒരു അഗ്നി പരീക്ഷയാണ്. സമാനമായ കേസുകള്‍ ഉയര്‍ന്നു വന്ന വിദേശ രാജ്യങ്ങളിലൊക്കെയും നീതിപീഠം ജനങ്ങള്‍ക്കൊപ്പമായിരുന്നു. ഭരണകൂടത്തിന്റെ മൗലീക സ്വഭാവത്തെ പുനര്‍നിര്‍ണയിക്കാന്‍ പോന്ന ഈ പ്രശ്‌നത്തില്‍ നീതി ഇന്ത്യന്‍ പീഠം ജനങ്ങള്‍ക്കൊപ്പം നില്ക്കുമോ? നമുക്ക് കാത്തിരിക്കാം.

This article was published in Mangalam Daily

ആധാര്‍ ദേശസുരക്ഷയ്ക്കു ഭീഷണി!

500 രൂപ; വെറും അഞ്ഞൂറു രൂപയാണ് കോടിക്കണക്കിനു രൂപ ചെലവിട്ട് പരിപാലിച്ചു പോരുന്ന 100 കോടി ഇന്ത്യക്കാരുടെ ആധാര്‍ വിവരങ്ങള്‍ക്ക് തട്ടിപ്പുകാര്‍ ഇട്ട വില! രഹസ്യ വാട്‌സാപ്പ് ഗ്രൂപ്പുകള്‍ വഴി ഏകീകൃത തിരിച്ചറിയല്‍ അഥോറിറ്റിയുടെ വെബ്‌സൈറ്റില്‍ലോഗിന്‍ ചെയ്യാനുള്ള യൂസര്‍ ഐ ഡി യും പാസ്‌വേര്‍ഡും അവര്‍ വില്ക്കുന്നു. ‘ദി ട്രിബ്യൂണി’ന്റെ ലേഖിക രചന ഖൈരയണ് ഈ ഞെട്ടിക്കുന്ന വിവരം പുറത്തുകൊണ്ടുവന്നത്. ആധാറിന്റെ കേന്ദ്രീകൃത വിവരശേഖരത്തില്‍ (ചീഡൃ) നിന്നുമാണ് ഇത് സംഭവിക്കുന്നത് എന്നതാണ് ഇതിനെ ഏറ്റവും അപകടകരമാക്കുന്നത്. ഇതിനോടകം 1 ലക്ഷം പേര്‍ക്കെങ്കിലും ഇത്തരത്തില്‍ ആധാര്‍ ഡാറ്റാബേസില്‍ അനധികൃതമായി കടന്നുകൂടാന്‍ കഴിഞ്ഞിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.
210 ഗവണ്മെന്റ് വെബ്‌സൈറ്റുകളില്‍ നിന്ന് ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നുവെന്ന് കഴിഞ്ഞ ദിവസം രാജ്യസഭയില്‍ ഗവണ്മെന്റ് സമ്മതിക്കുകയുണ്ടായി. റിലയന്‍സ് ജിയോയുടെ കണക്ഷന്‍ എടുത്തവരുടെ ആധാര്‍ വിവരങ്ങള്‍ <ാമഴശരമുസ.രീാ> എന്ന വെബ്‌സൈറ്റില്‍ ലഭ്യമായിരുന്നു. ആധാര്‍ വിവരങ്ങള്‍ അനധികൃതമായി ലഭ്യമാക്കുന്ന ഒരു ആന്‍ഡ്രോയിഡ് ആപ്പ് വികസിപ്പിച്ച് പ്ലേ സ്റ്റോറില്‍ അപ്‌ലോഡ് ചെയ്ത ഒരു ഐ ഐ ടി ക്കാരനെ കഴിഞ്ഞ ആഗസ്റ്റ് മാസത്തില്‍ അറസ്റ്റു ചെയ്തിരുന്നു. ആധാര്‍ ഓപ്പറേറ്റര്‍മാരുടെ വിരലടയാളങ്ങള്‍ കൃത്രിമമായി നിര്‍മിച്ച്, നിയമവിരുദ്ധമായി സമാന്തര ആധാര്‍ കേന്ദ്രങ്ങള്‍ നടത്തി വന്ന സംഘം ഉത്തര്‍പ്രദേശില്‍ അറസ്റ്റിലായിരുന്നു. ഇവര്‍ ആര്‍ക്കൊക്കെ ഏതൊക്കെ പേരില്‍ ഏതൊക്കെ വിവരങ്ങള്‍ ഉപയോഗിച്ച് ആധാര്‍ നല്കിയിട്ടുണ്ട് എന്നത് ആര്‍ക്കുമറിയില്ല. ഇന്നലെ ഇന്ത്യന്‍ വ്യോമസേന കേന്ദ്രത്തില്‍ നുഴഞ്ഞു കയറാന്‍ ശ്രമിച്ച പാക്കിസ്ഥാന്‍ പൗരന്റെ കൈവശവും ഉണ്ടായിരുന്നു ‘ഒറിജിനല്‍’ ആധാര്‍. 
100 കോടി ഇന്ത്യക്കാരുടെ വിവരങ്ങള്‍ ശേഖരിച്ചു സൂക്ഷിക്കുന്ന ആധാര്‍ പദ്ധതി ദേശ സുരക്ഷയ്ക്കു തന്നെ ഭീഷണിയാകുന്ന സ്ഥിതിവിശേഷമാണ് നിലവിലുള്ളത്. ആധാര്‍ പദ്ധതിയുടെ അടിസ്ഥാന ഡിസൈന്‍ തന്നെ വിവര ചോരണങ്ങള്‍ക്കും ചോര്‍ച്ചകള്‍ക്കും സഹായകമാണ്. സൈബര്‍ സുരക്ഷയുടെയും വിവരസുരക്ഷയുടേയും അടിസ്ഥാന തത്വങ്ങള്‍ക്ക് എതിരുമാണ്. സൈബര്‍ സുരക്ഷ സംബന്ധിച്ച വ്യക്തമായ നയപരിപാടികളൊന്നും ഇന്ത്യക്കില്ലെങ്കിലും പൊതുവില്‍ ലോകം അംഗീകരിച്ച സൈബര്‍ സുരക്ഷയുടെ അടിസ്ഥാനപ്രമാണങ്ങള്‍ ഇവയാണ്: (1) വികേന്ദ്രീകരണവും (2) ആനുപാതികത (3)സ്വകാര്യതയും വിവരസുരക്ഷയും ഉറപ്പു വരുത്തുന്ന ഡിസൈന്‍.
(1) വികേന്ദ്രീകരണം: ഒരു ഡാറ്റ ബേസും സുരക്ഷിതമല്ല. സി ഐ എ, മൊസ്സാദ് സൈബര്‍ പൂട്ടുകള്‍ പോലും ഹാക്കര്‍മാര്‍ തുറക്കുന്ന കാലമാണ്. അതുകൊണ്ടു തന്നെ ഭീഷണി മുന്നില്‍ കണ്ടുകൊണ്ടു വേണം പദ്ധതികള്‍ക്ക് രൂപം നല്‍കുവാന്‍.എല്ലാ വിവരങ്ങളും കൂടി ഒരേ സ്ഥലത്ത് ശേഖരിക്കപ്പെട്ടാല്‍ അത് തട്ടിപ്പുകാര്‍ക്ക് ഒരു നിധിനിക്ഷേപമായിത്തീരും. എന്തെങ്കിലും സംഭവിച്ചാല്‍ തന്നെ അതുകൊണ്ടുള്ള നാശനഷ്ടം കുറയ്ക്കുവാനായി വിവരശേഖരങ്ങളെ വികേന്ദ്രീകരിക്കുകയാണ് ലോകം. ഉദാഹരണത്തിന് കേന്ദ്രീകൃത വിവരശേഖരങ്ങള്‍ക്ക് പകരം ഓരോ വ്യക്തിയുടേയും വിവരങ്ങള്‍ അടങ്ങിയ സ്മാര്‍ട്ട് കാര്‍ഡ് നല്കാം. അപ്പോള്‍ ഒരു ഹാക്കിംഗില്‍ നഷ്ടപ്പെടുക ഒരു വ്യക്തിയുടെ വിവരം മാത്രമാണ്. 100 കോടി ജനങ്ങളുടെ വിവരങ്ങള്‍ എടുക്കാന്‍ 100 കോടി സ്മാര്‍ട് കാര്‍ഡുകള്‍ കൈക്കലാക്കേണ്ടി വരും. മാത്രമല്ല മറച്ചു വയ്ക്കാനോ ഒരിക്കല്‍ നഷ്ടപ്പെട്ടാല്‍ പിന്നെ മാറ്റിയേടുക്കാനോ കഴിയാത്ത വിരലടയാളമൊക്കെ തിരിച്ചറിയലിന്റെ ആധാരമാകുമ്പോള്‍ ഭീഷണി വര്‍ദ്ധിക്കുകയാണ്. 
(2) ആനുപാതികത: വിവരങ്ങള്‍ എന്തിനു വേണ്ടിയാണോ ശേഖരിക്കുന്നത് അതിന് ആനുപാതികമായ, ആവശ്യമായ വിവരങ്ങള്‍ മാത്രമേ ശേഖരിക്കാവൂ. ഉദാഹരണത്തിന് പ്രായപൂര്‍ത്തിയായവര്‍ക്ക് മാത്രം പ്രവേശിക്കാന്‍ അനുമതിയുള്ള ഒരു സ്ഥലത്ത് പ്രവേശിക്കാന്‍ ഒരു വ്യക്തിയ്ക്ക് പ്രായപൂര്‍ത്തിയായോ എന്നു മാത്രം രേഖപ്പെടുത്തിയ (18 വയസു തികഞ്ഞവര്‍ക്ക് ഒരു പ്രത്യേക നിറമുള്ള കാര്‍ഡ് നല്കാം) തിരിച്ചറിയല്‍ രേഖ മതിയാകും. ഗേറ്റിലെ സെക്ക്യൂരിറ്റി വന്നിരിക്കുന്ന ആളുടെ ജനനത്തിയതിയുംഅഡ്രസും ജാതിയും മതവും ബയോമെട്രിക് വിവരങ്ങളും ഒന്നും അറിയേണ്ട കാര്യമില്ല. ഒരുപാട് വിവരങ്ങള്‍ എല്ലായിടത്തും വെളിപ്പെടുത്തുന്നത് ദുരുപയോഗങ്ങള്‍ക്ക് കാരണമാകും. ആധാര്‍ പദ്ധതിയില്‍ വളരെ അടിസ്ഥാനപരമായ ചില വിവരങ്ങല്‍ മാത്രമെ ശേഖരിക്കുന്നൊള്ളൂ എന്ന് അവകാശപ്പെടുമ്പോഴും നഷ്ടപ്പെട്ടാല്‍ വീണ്ടെടുക്കാന്‍ കഴിയാത്ത ബയോമെട്രിക്ക് വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് വലിയ പരാധീനതയാണ്. കൂടാതെ കെ വൈ ആര്‍ പ്ലസ് എന്ന പേരില്‍ എന്റോള്‍മെന്റ് സമയത്ത് മറ്റൊരു അപേക്ഷാ ഫോറത്തില്‍ ജാതിയും മതവും ബാങ്ക് അക്കൗണ്ടും ഉള്‍പ്പടെയുള്ള സമഗ്ര വിവരങ്ങള്‍കൂടി ശേഖരിച്ച് സ്റ്റേയ്റ്റ് റസിഡന്‍ഷ്യല്‍ ഡാറ്റ ഹബ് (ശൃധ്) എന്ന പേരില്‍ ആധാറുമായി ബന്ധിപ്പിച്ച് സൂക്ഷിക്കുന്നുണ്ട്. 
ആധാര്‍ ഇ-കെ.ഐ.സി സംവിധാനം സ്വകാര്യ കമ്പനികള്‍ക്ക് നമ്മുടെ വിവരങ്ങള്‍ യാതൊരു നിയന്ത്രണവുമില്ലാതെ നല്കുന്നു എന്നതാണ് മറ്റൊന്ന്. തിരിച്ചറിയലാണ് കാര്യമെങ്കില്‍ നേരത്തെ ഉണ്ടായിരുന്നതുപോലെ വിരലടയാളം പരിശോധിക്കുന്ന സമയത്ത് ”യെസ്/നോ” എന്ന് മാത്രം പ്രതികരണം ലഭ്യമാക്കുന്ന സംവിധാനം മതിയാകുമായിരുന്നു. 2016-ലാണ് ”യെസ്/നോ” സംവിധാനം മാറ്റി വ്യക്തി വിവരങ്ങള്‍ സ്വകാര്യ കമ്പനിയ്ക്ക് നല്കാന്‍ ഗവണ്മെന്റ് തീരുമാനിച്ചത്.റിസര്‍വ് ബാങ്കിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നതുപോലെ കമ്പോള ചൂഷണങ്ങളുടെ വലിയ സാധ്യതകളാണ് ആധാര്‍ തുറക്കുന്നത്. ആധാര്‍-ജി.എസ്.ടി.എന്‍ വിവരങ്ങള്‍ ചേര്‍ത്താല്‍ ഒരു മാസം 320കോടി ഇടപാടൂകളെ സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാകും. ജി.എസ്.ടി.എന്‍ ഒരു സ്വകാര്യ കമ്പനിയാണെന്നത് ചൂഷണ സാധ്യതകളെ വര്‍ദ്ധിപ്പിക്കുന്നു. 

(3) സ്വകാര്യതയും വിവരസുരക്ഷയും ഉറപ്പു വരുത്തുന്ന ഡിസൈന്‍: പദ്ധതി രൂപകല്‍പനയുടെ എല്ലാ തലങ്ങളും സ്വകാര്യത-സുരക്ഷാ പരിഗണനകള്‍ക്കനുസൃതമായിരിക്കണം. സാങ്കേതിക സംവിധാനങ്ങള്‍, നിയമങ്ങള്‍, മാര്‍ഗനിര്‍ദ്ദേശക രേഖകള്‍, പ്രവര്‍ത്തന മാനദണ്ഡങ്ങള്‍, സ്വകാര്യതാഘാത പഠനം, ഉപരി-സംവിധാനത്തിലെ പ്രശ്‌നങ്ങള്‍, ഇതുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന മനുഷ്യരുടെ പെരുമാറ്റ ശൈലികള്‍… അങ്ങനെ എല്ലാത്തിലും ഈ ജാഗ്രത വേണം. പക്ഷേ ആധാര്‍ ഈ മേഖലകളിലെല്ലാം പരാജയപ്പെടുന്നു.
ആധാര്‍ ചോര്‍ച്ചകളെക്കുറിച്ച്അഥോറിറ്റിയുടെ പ്രതികരണങ്ങള്‍ തന്നെ ഇതു വ്യക്തമാക്കുന്നുണ്ട്. ഇത്രയൊക്കെ വെളിപ്പെട്ടിട്ടും എല്ലാം നിഷേധിക്കുന്ന സമീപനം തന്നെ വിവരസംരക്ഷണ സംവിധാനങ്ങളെക്കുറിച്ച് അധികാരികളുടെ നിര്‍മമത വ്യക്തമാക്കുന്നു. സുരക്ഷ ദൗര്‍ബല്യങ്ങള്‍ ചൂണ്ടിക്കാണിച്ചാല്‍ സ്വകാര്യ കമ്പനികളും മറ്റും ആ വ്യക്തിയ്ക്ക് പ്രതിഫലവും ഉപഹാരങ്ങളും നല്കുന്ന ലോകത്ത് ആധാര്‍ പോരായ്മകള്‍ ചൂണ്ടിക്കണിക്കാന്‍ ശ്രമിച്ച രണ്ട് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത ചരിത്രമാണ് നമുക്കുള്ളത്. 
ട്രിബ്യൂണ്‍ റിപ്പോര്‍ട്ടിനെ സംബന്ധിച്ച് അവര്‍ നല്കുന്ന വിശദീകരണവും അപഹാസ്യമാണ്. 500 രൂപയ്ക്ക് ആധാര്‍ വിവരങ്ങള്‍ ആര്‍ക്കും കിട്ടും എന്നു വ്യക്തമായപ്പോഴും കേന്ദ്രീകൃത വിവരസഞ്ചയം സുരക്ഷിതമെന്ന വാദം ആവര്‍ത്തിക്കുകയണ് അഥോറിറ്റി. ആധാറിലെ പരാതി പരിഹാര സംവിധാനം വഴി ആധാര്‍ വിവരങ്ങള്‍ പരിശോധിക്കാനുള്ള സൗകര്യം ദുരുപയോഗം ചെയ്യുകയാണുണ്ടായിട്ടുള്ളതെന്നും. അതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താന്‍ കഴിയുമെന്നും ആണ് അവരുടെ വാദം. എന്നാല്‍ 100 കോടി മനുഷ്യരുടെ വിവരങ്ങള്‍ പരസ്യമായി എന്നതാണ് യഥാര്‍ത്ഥ്യം. ഇനി അവരെ ട്രാക്ക് ചെയ്തതുകൊണ്ടെന്ത്? മാത്രമല്ല ഒരു പത്ര പ്രവര്‍ത്തക സംഗതി വെളിച്ചത്തു കൊണ്ടുവന്നതുകൊണ്ട് മാത്രമാണ് ഇത് അഥോറിറ്റി അറിഞ്ഞത്. എത്രയോ നാളുകളായി ആളുകളുടെ വിവരങ്ങള്‍ ഇങ്ങനെ മോഷ്ടിക്കപ്പെട്ടിട്ടുണ്ടാകും. രചനി ഖൈര ഇടപെട്ടില്ലായിരുന്നെങ്കില്‍ ഇനിയും എത്ര നാള്‍ ഇതു തുടരുമായിരുന്നു? ഇത് കണ്ടെത്തിയത് ഗവണ്മെന്റോ അഥോറിറ്റിയോ അല്ല എന്നത് നമ്മെ ഞെട്ടിക്കേണ്ടതാണ്. ഇത്തരത്തില്‍ വിവരങ്ങള്‍ മോഷ്ടിക്കപ്പെട്ടാല്‍ മാസങ്ങള്‍ കഴിഞ്ഞാലും അത് കണ്ടെത്താന്‍ ഇവര്‍ക്കു കഴിയില്ല എന്നതാണതിനര്‍ത്ഥം. ബയോമെട്രിക്ക് വിവരങ്ങള്‍ സുരക്ഷിതമാണ് അതുകൊണ്ട് കുഴപ്പമില്ല എന്നു പറയുന്നത് അസംബന്ധമാണ്. ഇപ്പോള്‍ പുറത്തു വന്ന വിവരങ്ങളും പ്രധാനപ്പെട്ട വ്യക്തി വിവരങ്ങളാണ്. ആധാര്‍ നമ്പര്‍ ഉള്‍പ്പടെയുള്ള വിവരങ്ങള്‍ പങ്കു വച്ചാല്‍ 3 വര്‍ഷം തടവു ശിക്ഷ വേണമെന്നു വ്യവസ്ഥ ചെയ്തതും ഇതേ അഥോറിറ്റി തന്നെയാണെന്നോര്‍ക്കണം. 

കേന്ദ്രീകൃത വിവരശേഖരം അപകടത്തിലായാല്‍ മാത്രമല്ല ഇവിടെ നഷ്ടം സംഭവിക്കുന്നത്. പദ്ധതിയുടെ വിവിധ തലങ്ങളില്‍ വിവരചോരണത്തിനുള്ള സാധ്യതകള്‍ ഉണ്ട്. എന്റോള്‍മെന്റ് കേന്ദ്രങ്ങള്‍, വെരിഫിക്കേഷന്‍ കേന്ദ്രങ്ങള്‍, ഇ-കെ.വൈ.സി കേന്ദ്രങ്ങള്‍, മൈക്രോ എ.ടി.എമ്മുകള്‍ തുടങ്ങി എല്ലായിടത്തും പ്രശ്‌നങ്ങളുണ്ടാകാം. പലപ്പോഴും സോഫ്റ്റ്‌വെയര്‍ ഹാക്കുകള്‍ ആവശ്യമില്ല. കാര്‍ഡ് ഉരയ്ക്കുന്ന യന്ത്രങ്ങളില്‍ സ്ഥാപിച്ച് തട്ടിപ്പുകള്‍ നടത്തുന്ന സ്‌കിമ്മറുകള്‍ പോലെ വിരലടയാളവും ആധാറും ശേഖരിച്ചു സൂക്ഷിക്കുന്ന ബയോമെട്രിക്ക് സ്‌കിമ്മറുകള്‍ ഉപയോഗിക്കാം. എത്രയോ ഗവണ്മെന്റ്/സ്വകാര്യ വെബ്‌സൈറ്റുകള്‍ വഴിയും ആധാര്‍ വിവരങ്ങള്‍ ലഭ്യമാകും. ആധാര്‍-വിരലടയാള വിവരങ്ങള്‍ നിയമവിരുദ്ധമായി ശേഖരിച്ച് സൂക്ഷിച്ച് ഉപഭോക്താവറിയതെ ഇടപാടുകള്‍ നടത്തിയതിന് ആക്‌സിസ് ബാങ്കിനെതിരെ യു.ഐ.ഡി.എ.ഐ.യ്ക്ക് നടപടിയെടുക്കേണ്ടി വന്നിട്ടുണ്ട്. 
ഇതിനൊക്കെയെതിരെ നമ്മെ സംരക്ഷിക്കേണ്ട ആധാര്‍ നിയമമാകട്ടെ പല്ലു തല്ലിക്കൊഴിച്ചു കളഞ്ഞ ഒരു സിംഹമാണ്. നിയമമനുസരിച്ച് ഈ ആക്ടിനു കീഴില്‍ ചെയ്യുന്ന ഒരു കാര്യത്തിനും ഗവണ്മെന്റിനെയോ ഏകീകൃത തിരിച്ചറിയല്‍ അഥോറിറ്റിയെയോ ഉദ്യോഗസ്ഥരേയൊ ശിക്ഷിക്കാനാകില്ല. ഒരു പ്രശ്‌നമുണ്ടായാല്‍ കോടതിയേപ്പോലും സമീപിക്കാന്‍ നമ്മള്‍ പൗരര്‍ക്ക് കഴിയില്ല. നടപടി ആരംഭിക്കാന്‍ ഏകീകൃത തിരിച്ചറിയല്‍ അഥോറിറ്റിയ്ക്കു മാത്രമേ സാധിക്കുകയൊള്ളൂ. സ്വയം പ്രതിയാകാന്‍ ആരാണ് തയ്യാറാകുക. സ്വകാര്യത നിയമങ്ങളില്ലാത്ത നാട്ടില്‍, സ്വകാര്യത മൗലീകാവകാശമല്ലെന്നു വാദിച്ച നാട്ടില്‍, ഇക്കാര്യങ്ങളെക്കുറിച്ചു സംസാരിക്കുന്നതു തന്നെ അര്‍ത്ഥശൂന്യമാണ്.

ഇക്കാലയളവില്‍ വിവിധ കാരണങ്ങളാല്‍ 50,000 എന്റോള്‍മെന്റ് കേന്ദ്രങ്ങളെ യു.ഐ.ഡി.എ.ഐ കരിമ്പട്ടികയില്‍ പെടുത്തിയിട്ടുണ്ട്. ഈ ഓപ്പറേറ്റര്‍മാര്‍ ചേര്‍ത്തിട്ടുള്ള ആധാര്‍ വിവരങ്ങളില്‍ എത്ര മാത്രം വ്യാജമാണെന്ന് ആര്‍ക്കും അറിയില്ല. ഇതിനു പുറമെയാണ് യു പി യില്‍ പിടിയിലായതുപോലെയുള്ള സമാന്തര ഏജന്‍സികള്‍. കൃത്രിമ വിരലടയാളങ്ങള്‍ ഉപയോഗിച്ച് ഇവര്‍ നല്കിയിട്ടുള്ള ആധാര്‍ നമ്പറുകള്‍. ഇതൊക്കെ കണ്ടെത്താന്‍ പ്രായോഗികമായ മാര്‍ഗങ്ങളില്ലെന്നതാണ് നമ്മെ ഭയപ്പെടുത്തുന്നത്. കോടിക്കണക്കിന് ആധാര്‍ നമ്പര്‍ ഉടമകളെ നേരിട്ട് പോയി കണ്ടെത്തി പരിശോധിച്ചുറപ്പു വരുത്തേണ്ടി വരും. നിലവില്‍ യാതൊരു വിധ പരിശോധനകളുമില്ലാതെ നല്കുന്ന ഒരേയൊരു തിരിച്ചറിയല്‍ രേഖയാണ് ആധാര്‍. ഇന്ത്യന്‍ പൗരനെന്നല്ല, ഇവിടെ വരുന്ന ഏതു വൈദേശികകര്‍ക്കും ശ്രമിച്ചാല്‍ അവര്‍ ആഗ്രഹിക്കുന്ന വിലാസത്തില്‍ ‘ഒറിജിനല്‍’ ആധാര്‍ ലഭിക്കുമെന്ന സാഹചര്യമാണ് നിലവിലുള്ളത്. 
റിസര്‍ ബാങ്കിന്റെ റിസര്‍ച്ച് വിംഗായ (ഈഡ്ബ്ബ്ട്) ഈയിടെ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ പറയുന്നതു പോലെ ”ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായി, വൈദേശിക ശക്തികള്‍ക്കും ആഭ്യന്തര ശത്രുക്കള്‍ക്കുംഏളുപ്പം ഉന്നം വയ്ക്കാന്‍ കഴിയുന്ന ഒരൊറ്റ ലക്ഷ്യം ലഭ്യമായിരിക്കുന്നു. അതാണ് ആധാര്‍. മുന്‍പൊന്നും സങ്കല്പ്പിക്കാന്‍ പോലും കഴിയാത്ത തരത്തില്‍ ഇന്ത്യന്‍ ഭരണ സംവിധാനത്തെയും സമ്പദ്ഘടനയേയും തകര്‍ക്കാന്‍ ആധാര്‍ സംവിധാനത്തെ ആക്രമിക്കുന്നതിലൂടെ സാധ്യമാകും. അത്തരമൊരു ആക്രമണം സംഭവിച്ചാല്‍ ഇന്ത്യന്‍ സമ്പദ്ഘടനയ്ക്കും ഇന്ത്യന്‍ പൗരന്മാര്‍ക്കും ഉണ്ടാകുന്ന നഷ്ടം കണക്കുകൂട്ടാനാകുന്നതിനുമപ്പുറമായിരിക്കും”.ആധാറിനെക്കുറിച്ചു പഠിക്കാന്‍ നിയോഗിക്കപ്പെട്ട പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മറ്റിയും സമാനമായ അഭിപ്രായത്തിലാണ് എത്തിച്ചേര്‍ന്നിരുന്നത് എന്നത് ഇവിടെ ഓര്‍മിക്കേണ്ടതുണ്ട്.

This article was published in Mangalam Daily on 08/01/2018

ആധാര്‍ വീണ്ടും കോടതിയിലെത്തുമ്പോള്‍

ആധാര്‍ കേസില്‍ ഭരണഘടനാബെഞ്ച് രൂപീകരിക്കാതെ നവംബര്‍ മാസവും കടന്നുപോയി. 851 ദിവസങ്ങള്‍ പിന്നിടുന്നു, ഭരണഘടനാബെഞ്ച് രൂപീകരിക്കാന്‍ സുപ്രീംകോടതി തീരുമാനിച്ചിട്ട്. 2 വര്‍ഷവും 3 മാസവും 21 ദിവസവും. അവസാനമായി ആധാര്‍ കേസില്‍ കോടതി വാദം കേട്ടു എന്ന് പറയാവുന്നത് 2015 ആഗസ്ത് മാസത്തിലാണ്. രാജ്യത്തെ മുഴുവന്‍ ജനങ്ങളെയും ബാധിക്കുന്ന, നമ്മുടെ വ്യവസ്ഥിതിയുടെ തന്നെ ഭാഗധേയം നിര്‍ണയിക്കാന്‍ പോന്ന ഒരു ബൃഹത് പദ്ധതിയുടെ ഭരണഘടനാ സാധുതയാണ് പരിശോധിക്കപ്പെടേണ്ടത്. 2015ലെ വിധിയ്ക്ക് വിരുദ്ധമായി ആധാറിന്റെ പേരില്‍ കുഞ്ഞുങ്ങള്‍ വിശന്നു മരിക്കുകയും, വാര്‍ദ്ധക്യ കാല ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെടുകയും, ചികിത്സ കിട്ടാതിരിക്കുകയും ബാങ്ക് അകൗണ്ടുകള്‍ കൊള്ളയടിക്കപ്പെടുകയും ഒക്കെ ചെയ്യുന്ന ഒരു കാലഘട്ടത്തിലാണ് ഈ കാലവിളംബം. എന്തായാലും അവസാനം ഒരു ഇടക്കാല ഉത്തരവിനായി ഇന്ന് കേസ് ഭരണഘടനാ ബഞ്ച് വാദത്തിനെടുക്കുന്നു. ചീഫ് ജസ്റ്റിസ് ദീപക്ക് മിശ്ര, ജസ്റ്റിസുമാരായ എ കെ സിക്രി, എ എം ഖന്‍വില്‍ക്കര്‍,ഡി വൈ ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിക്കുക. ആധാര്‍ കേസില്‍ 2013-ലിം 2015-ലും ഇടക്കാല ഉത്തരവുകള്‍ പുറപ്പെടുവിച്ച ബഞ്ചിന് നേതൃത്വം നല്കിയ ജസ്റ്റിസ് ചലമേശ്വരിന്റെ അഭാവം ശ്രദ്ധേയമാണ്. ഇനി രണ്ടു പ്രവര്‍ത്തി ദിനങ്ങള്‍ കൂടിയേ ഈ വര്‍ഷം സുപ്രീം കോടതിയ്‌ക്കൊള്ളൂ. അതിനു മുന്‍പ് ഒരു തീരുമാനം ഉണ്ടാകേണ്ടതുണ്ട്. ഒരു ഇടക്കാല ഉത്തരവാണ് കോടതിയില്‍ നിന്നും പ്രതീക്ഷിക്കുന്നത്. ചുരുങ്ങിയ പക്ഷം 2015-ലെയും 2016-ലെയും ഉത്തരവുകള്‍ ഗവണ്മെന്റ് പാലിക്കണം എന്ന നിര്‍ദ്ദേശമെങ്കിലും ഉണ്ടായേതീരു.
         2012ലാണ് മുന്‍ കര്‍ണാടക ഹൈക്കോടതി ജഡ്ജിയായ ജസ്റ്റിസ്. പട്ടുസാമി ആധാറിനെതിരെ സുപ്രീം കോടതിയെ സമീപിക്കുന്നത്. പദ്ധതി സ്വകാര്യതയെ ഹനിക്കുന്നു എന്നായിരുന്നു പരാതി. പിന്നീട് നിരവധി ഹര്‍ജികള്‍ വന്നു. എല്ലാ പരാതികളും ഒരുമിച്ച് സുപ്രീം കോടതി വാദം കേള്‍ക്കെയാണ്, കേസു തോല്ക്കുമെന്ന് തോന്നിയതുകൊണ്ടാകാം, സ്വകാര്യത മൗലീകാവകാശമല്ലെന്ന ഞെട്ടിപ്പിക്കുന്ന വാദവുമായി കേന്ദ്ര ഗവണ്മെന്റു വന്നത്. പിന്നെ അതു പരിശോധിക്കാന്‍ 9 അംഗ ഭരണഘടനാ ബഞ്ച് വേണമെന്നായി. അങ്ങനെ പോയി 2 വര്‍ഷം. ഒടുവില്‍ ഭരണഘടനാ ബഞ്ച് ഐകകണ്‌ഠേന, സ്വകാര്യത മൗലീകാവകാശമാണെന്നും, ഭരണഘടനയുടെ ഹൃദയമാണെന്നും വിധിയെഴുതി. അധാര്‍ കേസില്‍ മുന്‍പ് വാദം കേട്ടുകൊണ്ടിരുന്ന 3 അംഗ ബഞ്ച് തന്നെ തീര്‍പ്പു കല്പ്പിക്കണമെന്നും ജസ്റ്റിസ് നരിമാന്റെ വിധിയിലുണ്ടായിരുന്നു. എന്നാല്‍ ആധാര്‍ കേസിന്റെ തുടര്‍വാദവും ഭരണഘടനാ ബഞ്ച് പരിഗണിക്കണമെന്നായി ഗവണ്മെന്റ് . അങ്ങനെയാണ് നവംബര്‍ അവസാനവാരം ഭരണഘടനാ ബഞ്ച് രൂപീകരിക്കുമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞത്.
     ഈ അവസരത്തില്‍ 2012 മാര്‍ച്ച് 8ന് ഫ്രഞ്ച് ഭരണഘടനാ കോടതി (French Constitutional Council), ഫ്രാന്‍സില്‍ അന്ന് നിലവിലുണ്ടായിരുന്ന ബയോമെട്രിക് ഐഡന്റിറ്റി പദ്ധതി ഭരണഘടനാവിരുദ്ധമാണെന്നു വിധിച്ച കാര്യം ഓര്‍ക്കുന്നു. സ്വകാര്യതാ വിധിയില്‍ നമ്മുടെ സുപ്രീം കോടതിയും എടുത്തു പറഞ്ഞ ‘ആനുപാതികത (proportionality)’ ആണ് ഫ്രഞ്ചു കൗണ്‍സിലും പരിഗണിച്ചത്. വിധിയില്‍ നിന്ന്: “The collection, regitsration, preservation, consultation and communication of personal data have to be justified by a general interest reason and carried put properly and proportionally. Regarding the nature of the recorded data, the range of thtereatment, the technical characteristics and conditions of the consultation, the provisions of article touch the right to privacy in a way that cannot be considered as proportional to the meant purpose.” ഉദ്ദേശ്യ ലക്ഷ്യത്തിന് ആനുപാതികമായ പരിപാടിയല്ല ഇത് എന്നു സാരം.
      പ്രപ്പോര്‍ഷണാലിറ്റിയേക്കുറിച്ച് സ്വകാര്യത വിധിയിലും വിശദീകരിക്കുന്നുണ്ട്. ലക്ഷ്യങ്ങളും അതിനുവേണ്ടി സ്വീകരിക്കുന്ന നടപടികളും തമ്മില്‍ ഒരു യുക്തിസഹമായ ബന്ധമുണ്ടായിരിക്കണം. എന്നു മാത്രമല്ല ഈ ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കാന്‍ മറ്റു മെച്ചപ്പെട്ട മാര്‍ഗങ്ങള്‍ ഇല്ല എന്നും സ്ഥാപിക്കാന്‍ കഴിയണം. കൂടാതെ, ആധാര്‍ ആക്ട് സ്വകാര്യതയെ ലംഘിക്കുന്നെങ്കില്‍ അത് ന്യായവും, നീതിപൂര്‍വകവും, യുക്തിസഹവുമാണെന്നു കൂടി സ്ഥാപിക്കാനാകണം. ഈ മാനദണ്ഡങ്ങളില്‍ ഏതു പരിഗണിച്ചാലും ആധാര്‍ പരാജയപ്പെടും എന്നാണ് ഞാന്‍ കരുതുന്നത്.
  കാരണം ഒരു പൗരന്റെ ഏറ്റവും പ്രധാനപ്പെട്ട വിവരങ്ങളായ വിരലടയാളവും, കണ്ണിന്റെ സ്‌കാനും എല്ലാം നിബന്ധപൂര്‍വം ശേഖരിച്ചു സൂക്ഷിച്ച് വിവിധ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതുകൊണ്ടുതന്നെ ഇത് വ്യക്തിയുടെ സ്വകാര്യതയെ ബാധിക്കുന്നതാണ്. സെന്‍സസ് ആക്ടില്‍ എന്നല്ല പ്രിസണ്‍സ് ആക്ടില്‍ പോലും നല്‍കുന്ന സ്വകാര്യതാ പരിരക്ഷകള്‍ ആധാറിലില്ല. 1948-ലെ സെന്‍സന്‍ ആക്ടില്‍, സെക്ഷന്‍ 15 പ്രകാരം സെന്‍സസിന്റെ ഭാഗമായി ശേഖരിക്കുന്ന വിവരങ്ങള്‍ പരിശോധനയ്ക്കായി ഏതെങ്കിലും ഏജന്‍സിക്കു നല്‍കുവാനോ, കോടതികളില്‍ തെളിവായി സ്വീകരിക്കാനോ കഴിയില്ല. പ്രിസണേഴ്‌സ് ആക്ട് 1920, സെക്ഷന്‍ 7 അനുസരിച്ച് ഒരു കുറ്റവാളി മോചിതനാകുന്ന ദിവസം അയാളുടെ അളവുകളും ഫോട്ടോയും ഒപ്പും മറ്റു വിവരങ്ങളുമെല്ലാം നശിപ്പിച്ചിരിക്കണം എന്നു പറയുന്നു. ജില്ലാ മജിസ്‌ട്രേറ്റിന്റെ ഉത്തരവ് ഉണ്ടെങ്കില്‍ മാത്രമേ അവ സൂക്ഷിക്കുവാന്‍ കഴിയൂ. ജയില്‌മോചിതര്‍ക്കു കിട്ടുന്ന പരിരക്ഷ പോലും ഇല്ലാതെയാണ് രാജ്യത്തെ മുഴുവന്‍ ജനങ്ങളും ആധാര്‍ പദ്ധതിയ്ക്കു കീഴില്‍ കഴിയേണ്ടി വരിക. സമഗ്രമായ വിവരസംരക്ഷണ ചട്ടകൂടുകള്‍ നിലവിലില്ലാത്ത നമ്മുടെ രാജ്യത്ത് ഒരു തരത്തിലും നിയമപരമായി പ്രതിരോധിക്കാനാകുന്നതല്ല ഇത്തരം പദ്ധതികളെ. ആധാര്‍ പദ്ധതിയേക്കുറിച്ചു പഠിച്ച പാര്‍ലമെന്റിന്റെ സ്റ്റാന്‍ഡിംഗ് കമ്മറ്റി 2011-ല്‍ തന്നെ പദ്ധതിക്കെതിരെ നിലപാട് വ്യക്തമാക്കുകയും 2010-ലെ നിയമം തിരിച്ചയക്കുകയും ചെയ്തതാണ്.
വിവിധ സ്വകാര്യ കമ്പനികള്‍ക്കു വരെ നമ്മുടെ വിലപ്പെട്ട വിവരങ്ങള്‍ കയ്യടക്കുവാന്‍ സഹായകമാം വിധമാണ് ആധാര്‍ പദ്ധതിയുടെ ഘടന. ഒരു വ്യക്തിയുടെ വിരലടയാളം അയാളുടെ അറിവോ സമ്മതമോ ഇല്ലാതെ ഉപയോഗിച്ച് എയര്‍ട്ടല്‍ മൊബൈല്‍ കമ്പനി പേയ്‌മെന്റ് ബാങ്ക് അക്കൗണ്ടുകള്‍ തുറക്കുകയും അനേകായിരം പേരുടെ സംബ്‌സിഡിയും മറ്റ് ആനുകൂല്യങ്ങളും അതിലേക്ക് പോകുകയും ചെയ്യുന്ന സാഹചര്യമുണ്ടായി. ഇത്തരത്തില്‍ 47 കോടി രൂപ എയര്‍ട്ടല്‍ അക്കൗണ്ടുകളിലേക്ക് മാത്രം പോയി എന്നാണ് കണക്ക്. ആധാര്‍ ജിയോ നമ്പറുമായി ബന്ധിപ്പിച്ചവരുടെ വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ പരസ്യമായിരുന്നു. ആധാര്‍ നമ്പറും വിവരടയാളവും അനധികൃതമായി സൂക്ഷിച്ച് പിന്നീട് ഉപഭോക്താവ് അറിയാതെ ഇടപാടുകള്‍ നടത്തിയതിന് ആക്‌സിസ് ബാങ്കും എ-മുദ്രയും സുവിധ ഇന്‍ഫോസിസും അന്വേഷണം നേരിടുകയാണ്.ഏകീകൃത തിരിച്ചറിയല്‍ അഥോറിറ്റി (ഡകഉഅക) പറയുന്നത് അവര്‍ വളരെ കുറച്ച് വിവരങ്ങള്‍ മാത്രമേ ശേഖരിക്കുന്നുള്ളൂവെന്നും ആ വിവരങ്ങള്‍ ആധാര്‍ ആക്റ്റ് പ്രകാരം പങ്കു വയ്ക്കാനോ മറ്റ് ഡേറ്റാബേസുകളുമായി ബന്ധിപ്പിച്ച് ആളുകളുടെ വിവരങ്ങല്‍ സമാഹരിക്കാനൊ കഴിയില്ല എന്നുമാണ്. എന്നാല്‍ ഇതിനായി സംസ്ഥാന തലത്തില്‍ സമാന്തര വിവരസഞ്ചയങ്ങള്‍ (സ്റ്റേറ്റ് റസിഡബ്റ്റ് ഡേറ്റ ഹബ്ബ് അഥവാ എസ്.ആര്‍.ഡി.എച്ച്) ഉണ്ടാക്കി അവ വിവിധ സേവനങ്ങളുമായി ബന്ധപ്പെടുത്തി ഒരു സര്‍വൈലന്‍സ് സംവിധാനമാക്കി മാറ്റുകയാണ്. എസ്.ആര്‍.ഡി.എച്ചുകള്‍ ആധാര്‍ ആക്ടിന്റെ പരിധിയില്‍ വരുന്നവയല്ല.
ജാര്‍ഖണ്ഡില്‍, ആധാര്‍ ഇല്ലാത്തതുകൊണ്ട് റേഷന്‍ കാര്‍ഡ് റദ്ദാക്കപ്പെട്ടഒരു ദളിത് കുടുംബത്തിലെ പതിനൊന്നു വയസുകാരി വിശക്കുന്നു എന്നു കരഞ്ഞുകൊണ്ട് മരിച്ചുവീണ നാട്ടില്‍ ആധാര്‍ പാവങ്ങളെ സഹായിക്കാനാണെന്നും പറഞ്ഞു വരുന്നത് കാപട്യമാണ്. ആധാര്‍ ഇല്ലാത്തതുകൊണ്ട് നഷ്ടപരിഹാരം ലഭിക്കതെ പോകുന്ന ഭോപ്പാല്‍ ദുരന്തത്തിന്റെ ഇരകള്‍, പെന്‍ഷനും, ചികിത്സയും, വിദ്യാഭ്യാസ ആനുകൂല്യങ്ങളും നിഷേധിക്കപ്പെടൂന്നവര്‍, തൊഴിലുറപ്പു പദ്ധതിയില്‍ പണിയെടുത്തിട്ടും കൂലി കിട്ടാത്തവര്‍, കാര്‍ഷിക കടാശ്വാസത്തിന് തെരഞ്ഞെടുക്കപ്പെട്ടിട്ടും ആധാര്‍ ഡേറ്റാബേസിലെ പിഴവൂമൂലം കടാശ്വാസം ലഭിക്കാത്തവര്‍, ഇവരെല്ലാമാണ് ആധാറിന്റെ ഇരകള്‍. ബാങ്ക് അക്കൗണ്ട് ആധാറുമായി ലിങ്ക് ചെയ്തതുകൊണ്ടു മാത്രം പണം നഷ്ടപ്പെട്ടവരും കബളിക്കപ്പെട്ടവരും ഈ നാട്ടുകാരാണ്. ആധാര്‍ ഹനിക്കുന്നത് രാജ്യത്തെ ഏറ്റവും ദുര്‍ബലരായ മനുഷ്യരുടെ ജീവിക്കാനുള്ള അവകാശത്തെത്തന്നെയാണ്.
അന്താരാഷ്ട്ര മനുഷ്യാവകാശ പ്രഖ്യാപനത്തിന് ഘടക വിരുദ്ധമായാണ് ആധാര്‍ മുന്നോട്ടു പോകുന്നത്. ഭോപ്പാല്‍ ദുരന്തബാധിതര്‍ക്കുവരെ നഷ്ടപരിഹാരത്തിന് വരെ ആധാര്‍ നിര്‍ബന്ധമാക്കുക വഴി പ്രഖ്യാപനത്തിലെ പ്രതിവിധികള്‍ക്കുള്ള അവകാശത്തെ(ആര്‍ട്ടിക്കിള്‍ 8), സ്വകാര്യതയെക്കെതിരെ (ആര്‍ട്ടിക്കിള്‍ 12), ആധാറില്ലാത്തവരുടെ മൊബൈല്‍ കണക്ഷന്‍ റദ്ദാക്കുന്നതിലൂടെ സംസാര സ്വാതന്ത്ര്യത്തെ (ആര്‍ട്ടിക്കിള്‍ 19), ആധാറില്ലാത്തവര്‍ക്ക് പെന്‍ഷനും ഇ.പി.എഫും നിഷേധിക്കുന്നതിലൂടെ സമ്മൊഹ്യസുരക്ഷയ്ക്കുള്ള അവകാശത്തെ (ആര്‍ട്ടിക്കിള്‍ 22) , ആധാര്‍ ഇല്ലാത്തവര്‍ക്ക് റേഷനും ഉച്ചക്കഞ്ഞിയും നിഷേധിക്കുന്നതിലൂടെ ഭക്ഷണത്തിനുള്ള അവകാശത്തെ (ആര്‍ട്ടിക്കിള്‍ 25), വിവിധ ഹൗസിംഗ് പദ്ധതികള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കുന്നതിലൂടെയും ചികിത്സ നിഷേധിക്കുന്നതിലൂറ്റെയും ആര്‍ട്ടിക്കിള്‍ 25, സ്‌കോളര്‍ഷിപ്പുകള്‍ക്കും സര്‍വ ശിക്ഷ അഭിയാനും നിര്‍ബന്ധമാക്കിയതിലൂടെ വിദ്യാഭ്യാസത്തിനുള്ള അവകാശത്തെ (ആര്‍ട്ടിക്കിള്‍ 26), തൊഴിലുറപ്പ് പദ്ധതിക്കും മറ്റു സ്വയം തൊഴില്‍ പദ്ധതികള്‍ക്കും നിര്‍ബന്ധമാക്കുന്നതിലൂടെ തൊഴില്‍ ചെയ്യാനുള്ള അവകാശത്തെ (ആര്‍ട്ടിക്കിള്‍ 25). അങ്ങനെ മനുഷ്യാവകാശ തത്വങ്ങളെ അപഹസിക്കുന്ന പദ്ധതിയായി മാറിയിരിക്കുന്നു ആധാര്‍.
ഇതിനിടയില്‍ ബാങ്ക് അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കാനുള്ള അവസാന തിയ്യതി അനിശ്ചിത കാലത്തേക്ക് മാറ്റി വച്ചുകൊണ്ട് ഗവണ്മെന്റ് മുന്നോട്ടു വന്നു. ഒരു ഇടക്കാല ഉത്തരവിനെ തടയാനും കേസ് നീട്ടി വയ്ക്കാനുമുള്ള ഒരു അവസാനവട്ട ശ്രമമായിട്ടേ ഇതിനെ കാണാന്‍ കഴിയൂ. പെന്‍ഷനും ചികിത്സാ സഹായവും ഉച്ചക്കഞ്ഞിയും ഉള്‍പ്പടെയുള്ള ആനുകൂല്യങ്ങളുമായി ആധാര്‍ ബന്ധിപ്പിക്കപ്പെട്ടതുമൂലം ഏറ്റവും പരിഗണന അര്‍ഹിക്കുന്ന വിഭാഗങ്ങള്‍ക്ക് അതു നഷ്ടപ്പെട്ടുകൊണ്ടിരിക്കുമ്പോള്‍, കുഞ്ഞുങ്ങള്‍ വിശന്നു മരിക്കുമ്പോള്‍, ബാങ്ക് അക്കൗണ്ട് ലിങ്കിംഗിന്റെ അവസാന തിയ്യതി നീട്ടി വച്ചു എന്നത് ഇടക്കാല ഉത്തരവിടാതിരിക്കാന്‍ ഒരു കാരണമായിക്കൂട. ഒരു മനുഷ്യാവകാശ ദിനം കൂടി കടന്നു പോകുമ്പോള്‍ നമ്മുടെ പരമോന്നത നീതിപീഠം ചെവികൊടുക്കേണ്ടത് ആധാറിന്റെ വര്‍ണാഭമായ പ്രചാരണ കോലാഹലങ്ങള്‍ക്കപ്പുറം ഉയരുന്ന അശരണരുടെ രോദനങ്ങള്‍ക്കാണ്. തിരുത്തേണ്ടത് ഭരണഘടനയ്ക്കും കോടതിവിധികള്‍ക്കും പുല്ലുവിലപോലും നല്‍കാത്ത അധികാരി വര്‍ഗത്തിന്റെ ധാര്‍ഷ്ട്യത്തെയാണ്.

The artcle was first publlished in Mangalam Daily