സ്വതന്ത്ര ജുഡീഷ്യറിയും ന്യായാധിപനിയമനവും

അസമത്വത്തിനും ഏകാധിപത്യത്തിനുമെതിരെയുള്ള പരിചയായി ഡോ. അംബേദ്കർ വിഭാവനം ചെയ്ത നമ്മുടെ ഭരണഘടനാപദ്ധതിയിൽ ജനാധിപത്യ സംരക്ഷണത്തിന്റെ നിതാന്ത സംരക്ഷകരാവേണ്ടത് ഭരണഘടനാകോടതികളാണ്. അരികുവത്കരിക്കപ്പെട്ടവർക്കും മുഖ്യധാരയിലുള്ളവർക്കും ഒരേപോലെ നീതിയുറപ്പാക്കുന്നതിന്, നിയമപരമായ ബാധ്യത എന്ന നിലയിൽ മാത്രമല്ല, സ്വതന്ത്രമായ നീതിന്യായ സംവിധാനം ഇന്ത്യൻ റിപ്പബ്ലിക്കിന്റെ ധാർമിക സൂചിക കൂടിയാണ്.  എന്നാൽ കഴിഞ്ഞ കുറെ കാലങ്ങളായി നിയമനങ്ങളിലെ സുതാര്യതയില്ലായ്മയും, ഭരണകൂടത്തിന്റെ സ്വാധീനവും, ആർജ്ജവമില്ലായ്മയുമെല്ലാം ചേർന്ന് ആ ഭരണഘടനാ പദ്ധതിക്ക് കളങ്കമേൽപ്പിച്ചിട്ടുണ്ട്. പ്രത്യേകിച്ചും കൊളീജിയം സംവിധാനത്തിന്റെ നിഗൂഢമായ പ്രവർത്തനങ്ങൾ സൃഷ്ടിച്ച വിവാദങ്ങൾ നിരവധിയാണ്.

ജുഡീഷ്യൽ നിയമനങ്ങളിൽ ഭരണകൂടത്തിന്റെ കൈകടത്തൽ അവസാനിപ്പിക്കുന്നതിന് സെക്കൻഡ് ജഡ്ജസ് കേസിലെ സുപ്രധാനമായ വിധിയിലൂടെ സുപ്രീംകോടതി തന്നെ രൂപം നൽകിയ കൊളീജിയം സംവിധാനം, അടച്ചിട്ട മുറിയിലെ ഒത്തുതീർപ്പുകൾക്ക് വഴിമാറിയെന്ന ആക്ഷേപം ശക്തമാവുകയാണ്. ഭരണകൂടത്തിന്റെ താൽപര്യങ്ങൾക്കനുസരിച്ച് സീനിയോറിറ്റി മറികടന്നുള്ള തെരഞ്ഞെടുപ്പുകളും, ആരോപണ വിധേയരായ വ്യക്തികളെ സുപ്രീം കോടതിയിലേക്ക് ആനയിക്കുന്നതുമായ നിരവധി സന്ദർഭങ്ങൾ വിമർശകർ ചൂണ്ടിക്കാണിക്കുന്നുണ്ട്അതിന്റെ ഏറ്റവുമടുത്ത ഉദാഹരണമാണ് സുപ്രീം കോടതിയിലേക്ക് പാട്ന ഹൈക്കോടതി ചീഫ് ജസ്റ്റിസ്, ജസ്റ്റിസ് വിപുൽ എം പഞ്ചോളിയെ നാമനിർദേശം ചെയ്ത കൊളീജിയം തീരുമാനം. ഗുജറാത്തിൽ നിന്നുള്ള ജസ്റ്റിസ് പഞ്ചോളി ഭരണകൂടത്തിന് അനുകൂലമായ തീരുമാനങ്ങൾക്ക് പ്രസിദ്ധനാണ്. നിരവധി പരാതികൾ വന്നതിനെ തുടർന്ന് 2022 സെപ്റ്റംബർ മാസത്തിൽ അദ്ദേഹത്തെ സുപ്രീംകോടതി കൊളീജിയം ഗുജറാത്ത് ഹൈക്കോടതിയിൽ നിന്ന് പാറ്റ്നയിലേക്ക് സ്ഥലം മാറ്റുവാൻ നിർദ്ദേശിച്ചതാണ്. എന്നാൽ 9 മാസം ഈ നിർദ്ദേശം അംഗീകരിക്കാതെ ഗവൺമെൻറ് തടഞ്ഞുവച്ചു. ഒടുവിൽ 2023-ലാണ് അദ്ദേഹത്തിൻറെ ട്രാൻസ്ഫർ നടപ്പിലാക്കിയത്. അദ്ദേഹത്തിൻറെ നിലപാടുകളും താല്പര്യങ്ങളും ഇതിൽനിന്ന് വ്യക്തമാണല്ലോ.. 

കേവലം രണ്ടുവർഷം കഴിഞ്ഞ്, ജസ്റ്റിസ് സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസ് ആയിരുന്ന 2025 മെയ് മാസത്തിൽ, അദ്ദേഹത്തിൻറെ പേര് കൊളീജിയം സുപ്രീംകോടതിയിലേക്ക് പരിഗണിച്ചു. സുപ്രീം കോടതിയിലെ ഏക വനിതാ ജഡ്ജിയായ ജസ്റ്റിസ് ബീ.വി. നഗരത്ന അതിനെ എതിർത്തു. വിശ്വാസ്യതയെ സംബന്ധിച്ച ആരോപണങ്ങൾ ഉണ്ടെന്ന് പറഞ്ഞു. അദ്ദേഹത്തെ ഗുജറാത്തിൽ നിന്നും പാറ്റ്നയിലേക്ക് സ്ഥലം മാറ്റാൻ എടുത്ത തീരുമാനത്തിന്റെ മിനിറ്റ്സ് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു. മുൻപ് ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന ജസ്റ്റിസ് വിക്രം നാഥും നാഗരഗ്നയെ പിന്തുണച്ചു. ഒടുവിൽ ഒരു ഒത്തുതീർപ്പ് എന്ന നിലയ്ക്ക് ജസ്റ്റിസ് പഞ്ചോളിയെ പാറ്റ്ന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആക്കി. എന്നാൽ ഓഗസ്റ്റ് 25-ന് ജസ്റ്റിസ് ഗവായി അധ്യക്ഷനായ കൊളീജിയം അദ്ദേഹത്തെ, നിരവധി സീനിയേഴ്സിനെ മറികടന്ന് സുപ്രീംകോടതിയിലേക്ക് കൊണ്ടുവരുവാൻ തീരുമാനമെടുത്തു. ജസ്റ്റിസ് നാഗരത്ന, തൻറെ വിയോജിപ്പ് എഴുതി നൽകി. വിയോജനക്കുറിപ്പ് സുപ്രീംകോടതി പ്രസിദ്ധീകരിച്ചില്ലെങ്കിലും മാധ്യമങ്ങൾക്ക് ചോർന്നു കിട്ടി. ആദരണീയരായ നിരവധി മുതിർന്ന ന്യായാധിപ മറികടന്നാണ് പഞ്ചോളിയെ തെരഞ്ഞെടുക്കുന്നത് എന്നതായിരുന്നു ആദ്യത്തെ വിയോജിപ്പ്. രണ്ടാമതായി, ഈ തീരുമാനം പ്രാദേശിക പ്രാതിനിധ്യത്തെ അട്ടിമറിക്കുന്നു എന്നതാണ്. താരതമ്യേന, ചെറിയ ഹൈക്കോടതിയായ ഗുജറാത്ത് ഹൈക്കോടതിയിൽ നിന്നും ഇപ്പോൾതന്നെ ജസ്റ്റിസ് പാർഡിവാലയും ജസ്റ്റിസ് എൻ വി അഞ്ചാരിയയും സുപ്രീംകോടതിയിലുണ്ട്. 10 ഹൈക്കോടതികളിൽ നിന്ന് ഒരാൾ പോലുമില്ല. ഇത് ഫെഡറൽ വൈവിധ്യത്തെ ഇല്ലാതാക്കും എന്നാണ് വിയോജനക്കുറിപ്പ് പറയുന്നത്. ഗുരുതരമായ കാരണങ്ങളാൽ രണ്ടുവർഷം മുമ്പ് സ്ഥലം മാറ്റേണ്ടി വന്ന ഒരാളെ ഇത്ര പെട്ടെന്ന് സുപ്രീംകോടതിയിലേക്ക് ഉയർത്തുന്നത് നൽകുന്ന സന്ദേശം എന്തായിരിക്കും എന്നതായിരുന്നു ഏറ്റവും പ്രധാനപ്പെട്ട എതിർപ്പ്. തന്റെ വിയോജിപ്പ് സുപ്രീംകോടതിയുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണമെന്ന ജസ്റ്റിസ് നാഗരത്നയുടെ ആവശ്യം കോളീജിയം നിരാകരിച്ചു. ഐകകണ്ഠമായ തീരുമാനമാണെന്ന തരത്തിലാണ് അത് അവതരിപ്പിക്കപ്പെട്ടത്. നിരവധി നിർദ്ദേശങ്ങളിൽ മേൽ ദീർഘകാലം അടയിരുന്നിട്ടുള്ള യൂണിയൻ ഗവൺമെന്റാവട്ടെ, പൊതുസമൂഹത്തിൽ ചർച്ചയാവാനവസരം കൊടുക്കാതെ രണ്ടു ദിവസം കൊണ്ട് തീരുമാനമെടുത്തു. നിലവിലെ സാഹചര്യത്തിൽ, 2031-ൽ ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് സ്ഥാനത്തേക്ക് ജസ്റ്റിസ് പഞ്ചോളി എത്തിച്ചേരും.

   കൊളീയവും ഗവൺമെന്റും കൈകോർത്ത് പ്രവർത്തിക്കുന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് ജസ്റ്റിസ് പഞ്ചോളിയുടെ നിയമനം.  2021 മുതൽ സുപ്രീംകോടതിയിലേക്ക് നടന്ന 28 നിയമനങ്ങളിൽ ഒരു സ്ത്രീ പോലും ഉണ്ടായിരുന്നില്ല. സുപ്രീംകോടതി ബെഞ്ചിലെ ഏക സ്ത്രീ ശബ്ദം ജസ്റ്റിസ് നാഗരത്നയുടെതാണ്. ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയ സുനിത അഗർവാൾ, ബോംബെ ഹൈക്കോടതിയിലെ ജസ്റ്റിസ് രേവതി മോഹിതെ, പഞ്ചാബ് ഹരിയാന ഹൈക്കോടതിയിലെ ജസ്റ്റിസ് ലിസ ഗില്‍ തുടങ്ങി ജസ്റ്റിസ് പഞ്ചോളി യെക്കാൾ മുതിർന്ന നിരവധി സ്ത്രീകൾ സുപ്രീംകോടതിയിലേക്ക് നിയമനത്തിന് അർഹതയുള്ളവർ ഉണ്ടെന്ന് മുതിർന്ന അഭിഭാഷ ഇന്ദിരാ ജയ്സിംഗ് ചൂണ്ടിക്കാണിക്കുന്നു. ലിംഗ സമത്വം പരിഗണിക്കാതെയുള്ള നടപടികൾ, പുരുഷാധിപത്യ വ്യവസ്ഥിതിയെ നിലനിർത്തുകയും, എല്ലാവരെയും ചേർത്തുപിടിക്കുന്ന നീതിബോധത്തിന് വിഘാതമാവുകയും ചെയ്യുന്നു. 

അതുപോലെതന്നെ പ്രധാനപ്പെട്ടതാണ് പാർശ്വവൽക്കൃത സമൂഹങ്ങളിൽ നിന്നുള്ള പ്രാതിനിധ്യത്തിന്റെ അഭാവം. ഉന്നത നീതിന്യായ സംവിധാനം, ചരിത്രപരമായി സവർണ്ണ ബ്രാഹ്മണിക്കൽ ഒലിഗാർക്കിയുടെ കൈപ്പിടിയിലാണ്. ചീഫ് ജസ്റ്റിസ് ഗവായി ദളിത് പശ്ചാത്തലത്തിൽ നിന്നും എത്തിയതാണെങ്കിലും,  ദളിത് സംവരണത്തിലെ ഉപവിഭാഗീകരണം സംബന്ധിച്ച വിധിയിലെ, ക്രീമിലെയർ നിർദ്ദേശം പോലെയുള്ള  പരാമർശങ്ങൾ ഒലീഗാർക്കിയുടെ ലോകവീക്ഷണമാണ് പ്രകടമാക്കുന്നത്. കഴിഞ്ഞ ഒരു ദശകത്തിനിടെ മൂന്നോ നാലോ ദളിതർ മാത്രമാണ് സുപ്രീംകോടതി ന്യായാധിപതസ്ഥാനത്തേക്ക് എത്തിയത്. ജനസംഖ്യയുടെ 60 ശതമാനം വരുന്ന പിന്നോക്ക വിഭാഗക്കാർ പ്രാതിനിധ്യ അടിസ്ഥാനത്തിൽ സുപ്രീംകോടതിയിൽ 12% ആണ്. മുസ്ലിം ക്രിസ്ത്യൻ വിഭാഗങ്ങൾക്കും ആവശ്യമായ പ്രാതിനിധ്യമില്ല. രാജ്യത്തിൻറെ ജനതയുടെ 5% ത്തിൽ താഴെ മാത്രം വരുന്ന ബ്രാഹ്മണരിൽ നിന്ന് നിലവിൽ ചുരുങ്ങിയത് 12 ജഡ്ജിമാരെങ്കിലുമുണ്ട് സുപ്രീംകോടതിയിൽ. ആകെ ജഡ്ജിമാരുടെ എണ്ണം 34 ആണ്. പ്രാതിനിധ്യത്തിലെ അസന്തുലിതാവസ്ഥ സുപ്രീംകോടതിയുടെ പൊതു സമീപനത്തെ ഭരണഘടനയുടെ പരിവർത്തനാത്മകമായ പുരോഗമന ദർശനത്തിന് വിരുദ്ധമായി, നിലവിലുള്ള വ്യവസ്ഥിതിയുടെ താല്പര്യ സംരക്ഷണത്തിന് ഉതകും വിധം പരിമിതപ്പെടുത്തുന്നു.

ജുഡീഷ്യറിയുടെ വിശ്വാസതയെ സംശയത്തിന്റെ നിഴലിലാക്കുന്ന മറ്റൊരു കാര്യം ആരോപിക്കപ്പെടുന്ന സ്വജന പക്ഷപാതിത്വമാണ്. 2025 ഓഗസ്റ്റ് 26-ന് ബോംബെ ഹൈക്കോടതി ജഡ്ജിമാരായി കൊളീജിയം തെരഞ്ഞെടുത്ത അഭിഭാഷകരിൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഗവായിയുടെ മരുമകനായ രാജ് ദാമോദർ വക്കോടഡെയുമുണ്ടായിരുന്നു. ജുഡീഷ്യറിയിൽ കുടുംബക്കാർ പിന്തുടർച്ചക്കാരാവുന്നത് അപൂർവതയൊന്നുമല്ല. ദീർഘകാലം ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് ആയിരുന്ന വൈ വി ചന്ദ്രചൂടിന്റെ മകനാണ് സമീപകാലത്ത് വിരമിച്ച ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. എന്നിരുന്നാൽ പോലും, പല വിവാദ തീരുമാനങ്ങൾക്കും ആധ്യക്ഷം വഹിച്ച ചീഫ് ജസ്റ്റിസ് ഗവായി നയിക്കുന്ന കൊളീജിയം ഈ സമയത്ത് ഈ തീരുമാനമെടുത്തുവെന്നത് വ്യാപകമായി വിമർശിക്കപ്പെടുന്നു. ജസ്റ്റിസ് പഞ്ചോളിയുടെ കാര്യത്തിലെന്നപോലെ ഇക്കാര്യത്തിലും ഗവൺമെൻറ് മെഷീനറി ദ്രുതഗതിയിൽ പ്രവർത്തിക്കുകയും തീരുമാനങ്ങൾക്ക് അംഗീകാരം നൽകുകയും ചെയ്തു. 

ഈ നവംബറിൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആവേണ്ട ജസ്റ്റിസ് സൂര്യകാന്തിന്റെ നിയമനവും വിവാദ വിഷയമായിരുന്നു. അദ്ദേഹത്തിനെതിരെ ഒന്നിലേറെ ആരോപണങ്ങൾ ഉയർന്നിരുന്നു.  ജസ്റ്റിസ് എ കെ ഗോയൽ എതിർത്തുവെങ്കിലും ഒരു അന്വേഷണവും കൂടാതെ 2019-ൽ പല മുതിർന്നവരെയും മറികടന്ന് ജസ്റ്റിസ് കാന്ത് പരമോന്നത നീതിപീഠത്തിലെത്തി. ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ് ബി ആർ ഗവായിയുടെ നിയമനം തന്നെ സീനിയോറിറ്റി മറികടന്നാണെന്ന ആക്ഷേപം രണ്ടായിരത്തി പത്തൊമ്പതിൽ ഉയർന്നിരുന്നു.

അതിലേറെ പ്രശ്നകരം എന്ന് തോന്നാവുന്ന ഒരു വസ്തുത ജസ്റ്റിസ് ലോയ കേസിലെ  അദ്ദേഹത്തിൻറെ ഇടപെടലുകളാണ്. ആഭ്യന്തരമന്ത്രി അമിത്ഷായ്ക്കതിരെയുള്ള ഷൊറാബുദ്ദീൻ ഷെയ്ക്ക് വ്യാജ ഏറ്റുമുട്ടൽ കേസിന്റെ വിചാരണ ചെയ്തിരുന്ന, ന്യായാധിപൻ ലോയ,  ‘ഹൃദയസ്തംഭനം മൂലം’ മരണമടഞ്ഞ 2014 ഡിസംബർ മാസത്തിലെ, നാഗ്പൂരിലെ ആ കല്യാണ രാത്രിയിൽ ജസ്റ്റിസ് ഗവായിയും ഉണ്ടായിരുന്നു. വസ്ത്രത്തിലുണ്ടായിരുന്ന രക്തക്കറയും, ആശുപത്രിയിൽ കൊണ്ടുപോകുന്നതിന് ആരുടെയും മേൽനോട്ടം ഇല്ലാതിരുന്നതും ഒക്കെ ചൂണ്ടി കാണിച്ച് അതൊരു കൊലപാതകമാണെന്ന് ആരോപണം ജസ്റ്റിസ് ലോയയുടെ കുടുംബം ഉന്നയിച്ചിരുന്നു. ആ സമയത്ത് ജസ്റ്റിസ് ഗവായി ജഡ്ജ് ലോയയുടെ മരണത്തിൽ അസാധാരണമായി ഒന്നുമില്ലെന്ന് മൊഴി നൽകുകയുണ്ടായി. ഈ വിഷയത്തിൽ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജി 2018-ൽ സുപ്രീംകോടതി തള്ളിയെങ്കിലും, ജഡ്ജിന്റെ കുടുംബം ഉന്നയിച്ച ഗുരുതരമായ വിഷയങ്ങൾ ഇപ്പോഴും ബാക്കിയാണ്. കാരവൻ മാസിക അതിനെക്കുറിച്ച് സമഗ്രമായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

അതോടൊപ്പം ചേർത്ത് വായിക്കേണ്ടതാണ്, ഡൽഹി ഹൈക്കോടതിയിൽ നിന്ന് ജസ്റ്റിസ് മുരളീധറിനെ ട്രാൻസ്ഫർ ചെയ്യുന്നതിന് കൊളീജിയത്തിനുമേൽ സമ്മർദ്ദം ഉണ്ടായിരുന്നു എന്ന മുൻ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് മദൻ ബി ലോക്കൂറിന്റെ  വെളിപ്പെടുത്താൻ. മാനവികതയുടെ പക്ഷത്തുനിന്ന് മികച്ച തീരുമാനങ്ങൾ എടുക്കുകയും ഡൽഹി കലാപകാലത്ത് നിർണായകമായ ഇടപെടലുകൾ നടത്തുകയും ചെയ്ത ജസ്റ്റിസ് മുരളീധർ സംഘപരിവാറിന്റെ കണ്ണിലെ കരടാണ്. അദ്ദേഹത്തിൻറെ സ്ഥലം മാറ്റത്തെ ജസ്റ്റിസ് സിക്രിയും താനും കൊളീജിയം മീറ്റിങ്ങിൽ എതിർത്തിരുന്നുവെന്നാണ് ജസ്റ്റിസ് ലോകൂർ പ്രസ്താവിച്ചത്. അവർ വിരമിച്ചതിനു ശേഷം ജസ്റ്റിസ് മുരളീധറിനെ ഡൽഹി ഹൈക്കോടതിയിൽ നിന്നും മാറ്റുകയും ചെയ്തു. ഇത്തരത്തിലുള്ള സമ്മർദ്ദങ്ങളും, നേരായ നാമനിർദ്ദേശങ്ങൾക്കുമേൽ തീരുമാനമെടുക്കാതെ വൈകിപ്പിക്കുന്ന ഗവൺമെൻറ് സമീപനവും കോടതിയെ എക്സിക്യൂട്ടീവിന്റെ കാൽക്കീഴിലാക്കുവാനുള്ള ശ്രമത്തിൻറെ ഭാഗമാണ്.

ഇത്തരം വിവാദങ്ങൾ ഭരണഘടനാ കോടതികളിലെ ന്യായാധിപ  നിയമന വിമർശനാത്മകമായ പുനപരിശോധനയുടെ ആവശ്യത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. കൊളീജിയത്തിന്റെ തികച്ചും രഹസ്യാത്മകമായ പ്രവർത്തനം ജനാധിപത്യപരമായ  ഉത്തരവാദിത്ത നിർണയം അസാധ്യമാക്കുകയും ഗവൺമെൻറ് ഇടപെടലുകളും സ്വജനപക്ഷവാദവും സംബന്ധിച്ച ആരോപണങ്ങൾ ഉയരുവാൻ കാരണമാവുകയും ചെയ്യുന്നു. ഗിരീശ്വരയുടെ സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിന് വേണ്ടി രൂപീകരിച്ച സംവിധാനമാണെങ്കിലും, കൊളീജിയത്തിന്റെ സുതാര്യതയില്ലായ്മ സ്വജനപക്ഷപാദത്തിനും ഗവൺമെന്റിന്റെ അനഭിലഷണീയമായ ഇടപെടലുകൾക്കും കളമൊരുക്കുന്നു. അതിനകത്ത് ആദർശങ്ങൾ ഉയർത്തിപ്പിടിക്കുന്ന ജസ്റ്റിസ് നഗരത്നയെ പോലെയുള്ളവരെ നമ്മൾ അഭിനന്ദിച്ചേ മതിയാകൂ. 

ജുഡീഷ്യറിയുടെ വിശ്വാസ്യത വീണ്ടെടുക്കേണ്ടത്, ഒരു ജനാധിപത്യ രാജ്യമെന്ന നിലയിൽ ഇന്ത്യയുടെ നിലനിൽപ്പിനു തന്നെ അത്യന്താപേക്ഷിതമായ ഒരു കാലഘട്ടത്തിലൂടെയാണ് നമ്മൾ കടന്നു പോകുന്നത്. നമ്മുടെ ദേശീയ നേതാക്കൾ വിഭാവനം ചെയ്ത നീതിബോധമുള്ള ഒരു സമൂഹം ഇവിടെ പുലരണമെങ്കിൽ ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം ഉറപ്പുവരുത്തണം. ഭരണഘടനയിൽ അന്തർലീനമായ പരിവർത്തനാത്മകമായ പുരോഗമന രാഷ്ട്രീയ ലക്ഷ്യം സാക്ഷാത്കരിക്കണമെങ്കിൽ, ഇന്ത്യൻ സമൂഹത്തിൻറെ ജനാധിപത്യവൽക്കരണം സാധ്യമാക്കണമെങ്കിൽ ജുഡീഷ്യറിയിൽ ആനുപാതികമായ പ്രാതിനിധ്യം ഉറപ്പുവരുത്തിയേ തീരൂ. ഇതിനായി വിവിധ രാജ്യങ്ങളിലെ മാതൃകകൾ നമുക്ക് പരിശോധിക്കാവുന്നതാണ്. ജുഡീഷ്യൽ അപ്പോയിൻമെന്റ് കമ്മറ്റികൾ സുതാര്യമായി പ്രവർത്തിക്കുന്നത് എങ്ങനെയെന്ന് മനസ്സിലാക്കാൻ കഴിയും. ന്യായാധിപ പദവിയിലേക്കുള്ള അപേക്ഷകൾ പരസ്യമായി ക്ഷണിക്കുകയും, അവ പ്രാന്തിയ സ്വഭാവം കൂടി കണക്കിലെടുത്തുകൊണ്ട് മൂല്യനിർണയം നടത്തുകയും, നടപടിക്രമങ്ങൾ പരിപൂർണ്ണമായും പരസ്യമാക്കുകയും ചെയ്യുക. ജഡ്ജിമാരുടെ യോഗ്യതയെ വിലയിരുത്തുന്നതിന്റെ മാനദണ്ഡങ്ങൾ പൊതുജനത്തിന് അറിയാനുള്ള അവകാശം ഉണ്ട്.  പൊതുസമൂഹത്തിന് അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്താനുള്ള അവസരം നൽകുന്നതാവണം നിയമന പ്രക്രിയ. ഇൻഡഗ്രിറ്റിയുടെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാവരുത്.  അതിനുള്ള ശ്രമങ്ങളാണ് ഇനിയുണ്ടാവേണ്ടത്. പകരം, കുറച്ചുകാലങ്ങളായി കണ്ടുവരുന്നതുപോലെ, പ്രസംഗങ്ങളിൽ മാത്രം അംബേദ്കറെയും ഭരണഘടനാധാർമികതയേയും ഓർക്കുകയും, പ്രവർത്തിപഥത്തിൽ എല്ലാത്തരം ഒത്തുതീർപ്പുകൾക്കും ആധ്യക്ഷം വഹിക്കുകയുമാണ്  ചീഫ് ജസ്റ്റിസുമാർ ചെയ്യുന്നതെങ്കിൽ, അത് അവർ സംരക്ഷിക്കുമെന്ന് പ്രതിജ്ഞയെടുത്ത ഭരണഘടനയോടുള്ള വഞ്ചനയാണ്.

Fuirst Published in Suprabhatam Daily on 30/08/2025

LEAVE A REPLY

Please enter your comment!
Please enter your name here