ആധാര്‍ വീണ്ടും കോടതിയിലെത്തുമ്പോള്‍

ആധാര്‍ കേസില്‍ ഭരണഘടനാബെഞ്ച് രൂപീകരിക്കാതെ നവംബര്‍ മാസവും കടന്നുപോയി. 851 ദിവസങ്ങള്‍ പിന്നിടുന്നു, ഭരണഘടനാബെഞ്ച് രൂപീകരിക്കാന്‍ സുപ്രീംകോടതി തീരുമാനിച്ചിട്ട്. 2 വര്‍ഷവും 3 മാസവും 21 ദിവസവും. അവസാനമായി ആധാര്‍ കേസില്‍ കോടതി വാദം കേട്ടു എന്ന് പറയാവുന്നത് 2015 ആഗസ്ത് മാസത്തിലാണ്. രാജ്യത്തെ മുഴുവന്‍ ജനങ്ങളെയും ബാധിക്കുന്ന, നമ്മുടെ വ്യവസ്ഥിതിയുടെ തന്നെ ഭാഗധേയം നിര്‍ണയിക്കാന്‍ പോന്ന ഒരു ബൃഹത് പദ്ധതിയുടെ ഭരണഘടനാ സാധുതയാണ് പരിശോധിക്കപ്പെടേണ്ടത്. 2015ലെ വിധിയ്ക്ക് വിരുദ്ധമായി ആധാറിന്റെ പേരില്‍ കുഞ്ഞുങ്ങള്‍ വിശന്നു മരിക്കുകയും, വാര്‍ദ്ധക്യ കാല ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെടുകയും, ചികിത്സ കിട്ടാതിരിക്കുകയും ബാങ്ക് അകൗണ്ടുകള്‍ കൊള്ളയടിക്കപ്പെടുകയും ഒക്കെ ചെയ്യുന്ന ഒരു കാലഘട്ടത്തിലാണ് ഈ കാലവിളംബം. എന്തായാലും അവസാനം ഒരു ഇടക്കാല ഉത്തരവിനായി ഇന്ന് കേസ് ഭരണഘടനാ ബഞ്ച് വാദത്തിനെടുക്കുന്നു. ചീഫ് ജസ്റ്റിസ് ദീപക്ക് മിശ്ര, ജസ്റ്റിസുമാരായ എ കെ സിക്രി, എ എം ഖന്‍വില്‍ക്കര്‍,ഡി വൈ ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിക്കുക. ആധാര്‍ കേസില്‍ 2013-ലിം 2015-ലും ഇടക്കാല ഉത്തരവുകള്‍ പുറപ്പെടുവിച്ച ബഞ്ചിന് നേതൃത്വം നല്കിയ ജസ്റ്റിസ് ചലമേശ്വരിന്റെ അഭാവം ശ്രദ്ധേയമാണ്. ഇനി രണ്ടു പ്രവര്‍ത്തി ദിനങ്ങള്‍ കൂടിയേ ഈ വര്‍ഷം സുപ്രീം കോടതിയ്‌ക്കൊള്ളൂ. അതിനു മുന്‍പ് ഒരു തീരുമാനം ഉണ്ടാകേണ്ടതുണ്ട്. ഒരു ഇടക്കാല ഉത്തരവാണ് കോടതിയില്‍ നിന്നും പ്രതീക്ഷിക്കുന്നത്. ചുരുങ്ങിയ പക്ഷം 2015-ലെയും 2016-ലെയും ഉത്തരവുകള്‍ ഗവണ്മെന്റ് പാലിക്കണം എന്ന നിര്‍ദ്ദേശമെങ്കിലും ഉണ്ടായേതീരു.
         2012ലാണ് മുന്‍ കര്‍ണാടക ഹൈക്കോടതി ജഡ്ജിയായ ജസ്റ്റിസ്. പട്ടുസാമി ആധാറിനെതിരെ സുപ്രീം കോടതിയെ സമീപിക്കുന്നത്. പദ്ധതി സ്വകാര്യതയെ ഹനിക്കുന്നു എന്നായിരുന്നു പരാതി. പിന്നീട് നിരവധി ഹര്‍ജികള്‍ വന്നു. എല്ലാ പരാതികളും ഒരുമിച്ച് സുപ്രീം കോടതി വാദം കേള്‍ക്കെയാണ്, കേസു തോല്ക്കുമെന്ന് തോന്നിയതുകൊണ്ടാകാം, സ്വകാര്യത മൗലീകാവകാശമല്ലെന്ന ഞെട്ടിപ്പിക്കുന്ന വാദവുമായി കേന്ദ്ര ഗവണ്മെന്റു വന്നത്. പിന്നെ അതു പരിശോധിക്കാന്‍ 9 അംഗ ഭരണഘടനാ ബഞ്ച് വേണമെന്നായി. അങ്ങനെ പോയി 2 വര്‍ഷം. ഒടുവില്‍ ഭരണഘടനാ ബഞ്ച് ഐകകണ്‌ഠേന, സ്വകാര്യത മൗലീകാവകാശമാണെന്നും, ഭരണഘടനയുടെ ഹൃദയമാണെന്നും വിധിയെഴുതി. അധാര്‍ കേസില്‍ മുന്‍പ് വാദം കേട്ടുകൊണ്ടിരുന്ന 3 അംഗ ബഞ്ച് തന്നെ തീര്‍പ്പു കല്പ്പിക്കണമെന്നും ജസ്റ്റിസ് നരിമാന്റെ വിധിയിലുണ്ടായിരുന്നു. എന്നാല്‍ ആധാര്‍ കേസിന്റെ തുടര്‍വാദവും ഭരണഘടനാ ബഞ്ച് പരിഗണിക്കണമെന്നായി ഗവണ്മെന്റ് . അങ്ങനെയാണ് നവംബര്‍ അവസാനവാരം ഭരണഘടനാ ബഞ്ച് രൂപീകരിക്കുമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞത്.
     ഈ അവസരത്തില്‍ 2012 മാര്‍ച്ച് 8ന് ഫ്രഞ്ച് ഭരണഘടനാ കോടതി (French Constitutional Council), ഫ്രാന്‍സില്‍ അന്ന് നിലവിലുണ്ടായിരുന്ന ബയോമെട്രിക് ഐഡന്റിറ്റി പദ്ധതി ഭരണഘടനാവിരുദ്ധമാണെന്നു വിധിച്ച കാര്യം ഓര്‍ക്കുന്നു. സ്വകാര്യതാ വിധിയില്‍ നമ്മുടെ സുപ്രീം കോടതിയും എടുത്തു പറഞ്ഞ ‘ആനുപാതികത (proportionality)’ ആണ് ഫ്രഞ്ചു കൗണ്‍സിലും പരിഗണിച്ചത്. വിധിയില്‍ നിന്ന്: “The collection, regitsration, preservation, consultation and communication of personal data have to be justified by a general interest reason and carried put properly and proportionally. Regarding the nature of the recorded data, the range of thtereatment, the technical characteristics and conditions of the consultation, the provisions of article touch the right to privacy in a way that cannot be considered as proportional to the meant purpose.” ഉദ്ദേശ്യ ലക്ഷ്യത്തിന് ആനുപാതികമായ പരിപാടിയല്ല ഇത് എന്നു സാരം.
      പ്രപ്പോര്‍ഷണാലിറ്റിയേക്കുറിച്ച് സ്വകാര്യത വിധിയിലും വിശദീകരിക്കുന്നുണ്ട്. ലക്ഷ്യങ്ങളും അതിനുവേണ്ടി സ്വീകരിക്കുന്ന നടപടികളും തമ്മില്‍ ഒരു യുക്തിസഹമായ ബന്ധമുണ്ടായിരിക്കണം. എന്നു മാത്രമല്ല ഈ ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കാന്‍ മറ്റു മെച്ചപ്പെട്ട മാര്‍ഗങ്ങള്‍ ഇല്ല എന്നും സ്ഥാപിക്കാന്‍ കഴിയണം. കൂടാതെ, ആധാര്‍ ആക്ട് സ്വകാര്യതയെ ലംഘിക്കുന്നെങ്കില്‍ അത് ന്യായവും, നീതിപൂര്‍വകവും, യുക്തിസഹവുമാണെന്നു കൂടി സ്ഥാപിക്കാനാകണം. ഈ മാനദണ്ഡങ്ങളില്‍ ഏതു പരിഗണിച്ചാലും ആധാര്‍ പരാജയപ്പെടും എന്നാണ് ഞാന്‍ കരുതുന്നത്.
  കാരണം ഒരു പൗരന്റെ ഏറ്റവും പ്രധാനപ്പെട്ട വിവരങ്ങളായ വിരലടയാളവും, കണ്ണിന്റെ സ്‌കാനും എല്ലാം നിബന്ധപൂര്‍വം ശേഖരിച്ചു സൂക്ഷിച്ച് വിവിധ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതുകൊണ്ടുതന്നെ ഇത് വ്യക്തിയുടെ സ്വകാര്യതയെ ബാധിക്കുന്നതാണ്. സെന്‍സസ് ആക്ടില്‍ എന്നല്ല പ്രിസണ്‍സ് ആക്ടില്‍ പോലും നല്‍കുന്ന സ്വകാര്യതാ പരിരക്ഷകള്‍ ആധാറിലില്ല. 1948-ലെ സെന്‍സന്‍ ആക്ടില്‍, സെക്ഷന്‍ 15 പ്രകാരം സെന്‍സസിന്റെ ഭാഗമായി ശേഖരിക്കുന്ന വിവരങ്ങള്‍ പരിശോധനയ്ക്കായി ഏതെങ്കിലും ഏജന്‍സിക്കു നല്‍കുവാനോ, കോടതികളില്‍ തെളിവായി സ്വീകരിക്കാനോ കഴിയില്ല. പ്രിസണേഴ്‌സ് ആക്ട് 1920, സെക്ഷന്‍ 7 അനുസരിച്ച് ഒരു കുറ്റവാളി മോചിതനാകുന്ന ദിവസം അയാളുടെ അളവുകളും ഫോട്ടോയും ഒപ്പും മറ്റു വിവരങ്ങളുമെല്ലാം നശിപ്പിച്ചിരിക്കണം എന്നു പറയുന്നു. ജില്ലാ മജിസ്‌ട്രേറ്റിന്റെ ഉത്തരവ് ഉണ്ടെങ്കില്‍ മാത്രമേ അവ സൂക്ഷിക്കുവാന്‍ കഴിയൂ. ജയില്‌മോചിതര്‍ക്കു കിട്ടുന്ന പരിരക്ഷ പോലും ഇല്ലാതെയാണ് രാജ്യത്തെ മുഴുവന്‍ ജനങ്ങളും ആധാര്‍ പദ്ധതിയ്ക്കു കീഴില്‍ കഴിയേണ്ടി വരിക. സമഗ്രമായ വിവരസംരക്ഷണ ചട്ടകൂടുകള്‍ നിലവിലില്ലാത്ത നമ്മുടെ രാജ്യത്ത് ഒരു തരത്തിലും നിയമപരമായി പ്രതിരോധിക്കാനാകുന്നതല്ല ഇത്തരം പദ്ധതികളെ. ആധാര്‍ പദ്ധതിയേക്കുറിച്ചു പഠിച്ച പാര്‍ലമെന്റിന്റെ സ്റ്റാന്‍ഡിംഗ് കമ്മറ്റി 2011-ല്‍ തന്നെ പദ്ധതിക്കെതിരെ നിലപാട് വ്യക്തമാക്കുകയും 2010-ലെ നിയമം തിരിച്ചയക്കുകയും ചെയ്തതാണ്.
വിവിധ സ്വകാര്യ കമ്പനികള്‍ക്കു വരെ നമ്മുടെ വിലപ്പെട്ട വിവരങ്ങള്‍ കയ്യടക്കുവാന്‍ സഹായകമാം വിധമാണ് ആധാര്‍ പദ്ധതിയുടെ ഘടന. ഒരു വ്യക്തിയുടെ വിരലടയാളം അയാളുടെ അറിവോ സമ്മതമോ ഇല്ലാതെ ഉപയോഗിച്ച് എയര്‍ട്ടല്‍ മൊബൈല്‍ കമ്പനി പേയ്‌മെന്റ് ബാങ്ക് അക്കൗണ്ടുകള്‍ തുറക്കുകയും അനേകായിരം പേരുടെ സംബ്‌സിഡിയും മറ്റ് ആനുകൂല്യങ്ങളും അതിലേക്ക് പോകുകയും ചെയ്യുന്ന സാഹചര്യമുണ്ടായി. ഇത്തരത്തില്‍ 47 കോടി രൂപ എയര്‍ട്ടല്‍ അക്കൗണ്ടുകളിലേക്ക് മാത്രം പോയി എന്നാണ് കണക്ക്. ആധാര്‍ ജിയോ നമ്പറുമായി ബന്ധിപ്പിച്ചവരുടെ വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ പരസ്യമായിരുന്നു. ആധാര്‍ നമ്പറും വിവരടയാളവും അനധികൃതമായി സൂക്ഷിച്ച് പിന്നീട് ഉപഭോക്താവ് അറിയാതെ ഇടപാടുകള്‍ നടത്തിയതിന് ആക്‌സിസ് ബാങ്കും എ-മുദ്രയും സുവിധ ഇന്‍ഫോസിസും അന്വേഷണം നേരിടുകയാണ്.ഏകീകൃത തിരിച്ചറിയല്‍ അഥോറിറ്റി (ഡകഉഅക) പറയുന്നത് അവര്‍ വളരെ കുറച്ച് വിവരങ്ങള്‍ മാത്രമേ ശേഖരിക്കുന്നുള്ളൂവെന്നും ആ വിവരങ്ങള്‍ ആധാര്‍ ആക്റ്റ് പ്രകാരം പങ്കു വയ്ക്കാനോ മറ്റ് ഡേറ്റാബേസുകളുമായി ബന്ധിപ്പിച്ച് ആളുകളുടെ വിവരങ്ങല്‍ സമാഹരിക്കാനൊ കഴിയില്ല എന്നുമാണ്. എന്നാല്‍ ഇതിനായി സംസ്ഥാന തലത്തില്‍ സമാന്തര വിവരസഞ്ചയങ്ങള്‍ (സ്റ്റേറ്റ് റസിഡബ്റ്റ് ഡേറ്റ ഹബ്ബ് അഥവാ എസ്.ആര്‍.ഡി.എച്ച്) ഉണ്ടാക്കി അവ വിവിധ സേവനങ്ങളുമായി ബന്ധപ്പെടുത്തി ഒരു സര്‍വൈലന്‍സ് സംവിധാനമാക്കി മാറ്റുകയാണ്. എസ്.ആര്‍.ഡി.എച്ചുകള്‍ ആധാര്‍ ആക്ടിന്റെ പരിധിയില്‍ വരുന്നവയല്ല.
ജാര്‍ഖണ്ഡില്‍, ആധാര്‍ ഇല്ലാത്തതുകൊണ്ട് റേഷന്‍ കാര്‍ഡ് റദ്ദാക്കപ്പെട്ടഒരു ദളിത് കുടുംബത്തിലെ പതിനൊന്നു വയസുകാരി വിശക്കുന്നു എന്നു കരഞ്ഞുകൊണ്ട് മരിച്ചുവീണ നാട്ടില്‍ ആധാര്‍ പാവങ്ങളെ സഹായിക്കാനാണെന്നും പറഞ്ഞു വരുന്നത് കാപട്യമാണ്. ആധാര്‍ ഇല്ലാത്തതുകൊണ്ട് നഷ്ടപരിഹാരം ലഭിക്കതെ പോകുന്ന ഭോപ്പാല്‍ ദുരന്തത്തിന്റെ ഇരകള്‍, പെന്‍ഷനും, ചികിത്സയും, വിദ്യാഭ്യാസ ആനുകൂല്യങ്ങളും നിഷേധിക്കപ്പെടൂന്നവര്‍, തൊഴിലുറപ്പു പദ്ധതിയില്‍ പണിയെടുത്തിട്ടും കൂലി കിട്ടാത്തവര്‍, കാര്‍ഷിക കടാശ്വാസത്തിന് തെരഞ്ഞെടുക്കപ്പെട്ടിട്ടും ആധാര്‍ ഡേറ്റാബേസിലെ പിഴവൂമൂലം കടാശ്വാസം ലഭിക്കാത്തവര്‍, ഇവരെല്ലാമാണ് ആധാറിന്റെ ഇരകള്‍. ബാങ്ക് അക്കൗണ്ട് ആധാറുമായി ലിങ്ക് ചെയ്തതുകൊണ്ടു മാത്രം പണം നഷ്ടപ്പെട്ടവരും കബളിക്കപ്പെട്ടവരും ഈ നാട്ടുകാരാണ്. ആധാര്‍ ഹനിക്കുന്നത് രാജ്യത്തെ ഏറ്റവും ദുര്‍ബലരായ മനുഷ്യരുടെ ജീവിക്കാനുള്ള അവകാശത്തെത്തന്നെയാണ്.
അന്താരാഷ്ട്ര മനുഷ്യാവകാശ പ്രഖ്യാപനത്തിന് ഘടക വിരുദ്ധമായാണ് ആധാര്‍ മുന്നോട്ടു പോകുന്നത്. ഭോപ്പാല്‍ ദുരന്തബാധിതര്‍ക്കുവരെ നഷ്ടപരിഹാരത്തിന് വരെ ആധാര്‍ നിര്‍ബന്ധമാക്കുക വഴി പ്രഖ്യാപനത്തിലെ പ്രതിവിധികള്‍ക്കുള്ള അവകാശത്തെ(ആര്‍ട്ടിക്കിള്‍ 8), സ്വകാര്യതയെക്കെതിരെ (ആര്‍ട്ടിക്കിള്‍ 12), ആധാറില്ലാത്തവരുടെ മൊബൈല്‍ കണക്ഷന്‍ റദ്ദാക്കുന്നതിലൂടെ സംസാര സ്വാതന്ത്ര്യത്തെ (ആര്‍ട്ടിക്കിള്‍ 19), ആധാറില്ലാത്തവര്‍ക്ക് പെന്‍ഷനും ഇ.പി.എഫും നിഷേധിക്കുന്നതിലൂടെ സമ്മൊഹ്യസുരക്ഷയ്ക്കുള്ള അവകാശത്തെ (ആര്‍ട്ടിക്കിള്‍ 22) , ആധാര്‍ ഇല്ലാത്തവര്‍ക്ക് റേഷനും ഉച്ചക്കഞ്ഞിയും നിഷേധിക്കുന്നതിലൂടെ ഭക്ഷണത്തിനുള്ള അവകാശത്തെ (ആര്‍ട്ടിക്കിള്‍ 25), വിവിധ ഹൗസിംഗ് പദ്ധതികള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കുന്നതിലൂടെയും ചികിത്സ നിഷേധിക്കുന്നതിലൂറ്റെയും ആര്‍ട്ടിക്കിള്‍ 25, സ്‌കോളര്‍ഷിപ്പുകള്‍ക്കും സര്‍വ ശിക്ഷ അഭിയാനും നിര്‍ബന്ധമാക്കിയതിലൂടെ വിദ്യാഭ്യാസത്തിനുള്ള അവകാശത്തെ (ആര്‍ട്ടിക്കിള്‍ 26), തൊഴിലുറപ്പ് പദ്ധതിക്കും മറ്റു സ്വയം തൊഴില്‍ പദ്ധതികള്‍ക്കും നിര്‍ബന്ധമാക്കുന്നതിലൂടെ തൊഴില്‍ ചെയ്യാനുള്ള അവകാശത്തെ (ആര്‍ട്ടിക്കിള്‍ 25). അങ്ങനെ മനുഷ്യാവകാശ തത്വങ്ങളെ അപഹസിക്കുന്ന പദ്ധതിയായി മാറിയിരിക്കുന്നു ആധാര്‍.
ഇതിനിടയില്‍ ബാങ്ക് അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കാനുള്ള അവസാന തിയ്യതി അനിശ്ചിത കാലത്തേക്ക് മാറ്റി വച്ചുകൊണ്ട് ഗവണ്മെന്റ് മുന്നോട്ടു വന്നു. ഒരു ഇടക്കാല ഉത്തരവിനെ തടയാനും കേസ് നീട്ടി വയ്ക്കാനുമുള്ള ഒരു അവസാനവട്ട ശ്രമമായിട്ടേ ഇതിനെ കാണാന്‍ കഴിയൂ. പെന്‍ഷനും ചികിത്സാ സഹായവും ഉച്ചക്കഞ്ഞിയും ഉള്‍പ്പടെയുള്ള ആനുകൂല്യങ്ങളുമായി ആധാര്‍ ബന്ധിപ്പിക്കപ്പെട്ടതുമൂലം ഏറ്റവും പരിഗണന അര്‍ഹിക്കുന്ന വിഭാഗങ്ങള്‍ക്ക് അതു നഷ്ടപ്പെട്ടുകൊണ്ടിരിക്കുമ്പോള്‍, കുഞ്ഞുങ്ങള്‍ വിശന്നു മരിക്കുമ്പോള്‍, ബാങ്ക് അക്കൗണ്ട് ലിങ്കിംഗിന്റെ അവസാന തിയ്യതി നീട്ടി വച്ചു എന്നത് ഇടക്കാല ഉത്തരവിടാതിരിക്കാന്‍ ഒരു കാരണമായിക്കൂട. ഒരു മനുഷ്യാവകാശ ദിനം കൂടി കടന്നു പോകുമ്പോള്‍ നമ്മുടെ പരമോന്നത നീതിപീഠം ചെവികൊടുക്കേണ്ടത് ആധാറിന്റെ വര്‍ണാഭമായ പ്രചാരണ കോലാഹലങ്ങള്‍ക്കപ്പുറം ഉയരുന്ന അശരണരുടെ രോദനങ്ങള്‍ക്കാണ്. തിരുത്തേണ്ടത് ഭരണഘടനയ്ക്കും കോടതിവിധികള്‍ക്കും പുല്ലുവിലപോലും നല്‍കാത്ത അധികാരി വര്‍ഗത്തിന്റെ ധാര്‍ഷ്ട്യത്തെയാണ്.

The artcle was first publlished in Mangalam Daily

LEAVE A REPLY

Please enter your comment!
Please enter your name here