ഫെഡറലിസത്തെ വീണ്ടെടുക്കുന്ന സുപ്രീംകോടതിവിധി

ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാനഘടനയുടെ ഭാഗമായ ഫെഡറലിസത്തിന്റെ ആത്മാംശം വീണ്ടെടുക്കുന്ന സുപ്രധാനമായൊരു വിധിപ്രസ്താവം നടത്തിയിരിക്കുന്നു  സുപ്രീംകോടതി. സംസ്ഥാന നിയമസഭ പാസാക്കിയ ബില്ലുകൾക്ക് അംഗീകാരം നൽകാതെ അനന്തകാലം കൈവശം വച്ചു കൊണ്ടിരിക്കുവാനോ, ഒരിക്കൽ തിരിച്ചയച്ച ബില്ലുകൾ നിയമസഭ വീണ്ടും പാസാക്കുന്ന പക്ഷം, അതിന് അംഗീകാരം നൽകാതെ രാഷ്ട്രപതിക്ക് അയക്കാനോ ഗവർണർക്ക് അധികാരമില്ലെന്ന് സുപ്രീംകോടതി പ്രസ്താവിച്ചു. നിയമസഭ പാസാക്കിയ ബില്ലുകൾക്ക് അംഗീകാരം നൽകാതെ തടഞ്ഞുവച്ച, തമിഴ്നാട് ഗവർണർ ശ്രീ. ആർ എൻ രവിക്കെതിരെ സംസ്ഥാന ഗവൺമെൻറ് നൽകിയ ഹർജിയിലാണ് കോടതിയുടെ ചരിത്രവിധി. ജസ്റ്റിസ് ജെ ബി പാർഡിവാല, ജസ്റ്റിസ് ആർ മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ചാണ് കേസിൽ വിധി പുറപ്പെടുവിച്ചത്.

അനുഛേദം 200 

ഭരണഘടനയുടെ അനുഛേദം 200 അനുസരിച്ച് സംസ്ഥാന നിയമസഭ പാസാക്കുന്ന ബില്ല് നിയമമാകണമെങ്കിൽ  ഗവർണറുടെ അംഗീകാരം വേണം. അത്തരത്തിൽ ഒരു ബില്ല് നിയമസഭ ഗവർണർക്കയച്ചാൽ, അദ്ദേഹത്തിന് അതിൽ ഒപ്പുവയ്ക്കുകയോ, തിരിച്ചയക്കുകയോ, രാഷ്ട്രപതിയുടെ പരിഗണനയ്ക്കു വിടുകയോ ചെയ്യാം. എന്നാൽ തിരിച്ചയച്ച ബില്ല്, നിയമസഭാ വീണ്ടും പാസാക്കിയാൽ അതിന് അംഗീകാരം നൽകാനുള്ള ഭരണഘടനാപരമായ ബാധ്യത ഗവർണർക്കുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ ഗവർണർക്ക് യാതൊരു വിധ വിവേചനാധികാരവുമില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. അതോടൊപ്പം ഗവർണർ സ്വീകരിക്കേണ്ട നടപടികൾക്ക് കൃത്യമായ സമയക്രമം നിശ്ചയിക്കുവാനും കോടതി തയ്യാറായി.

ഇന്ത്യൻ ഫെഡറലിസം 

നമ്മുടെ രാജ്യത്ത് ഫെഡറലിസം യൂണിയൻ ഗവൺമെൻറ് സംസ്ഥാനങ്ങൾക്കു നൽകുന്ന  ആനുകൂല്യമല്ല, രാഷ്ട്രഘടനയുടെ അടിസ്ഥാന സ്വഭാവമാണത്. 1994-ലെ എസ് ആർ ബൊമ്മൈ കേസിൽ, ഇന്ത്യൻ സുപ്രീംകോടതിയുടെ 9 അംഗ ഭരണഘടനാബെഞ്ച്, ഫെഡറലിസത്തെ  ഭരണഘടനയുടെ അടിസ്ഥാനഘടനയുടെ ഭാഗമായി പ്രഖ്യാപിച്ചിട്ടുള്ളതാണ്. രാഷ്ട്രീയവും അധികാരപരവുമായ കാരണങ്ങളാൽ ഉണ്ടായേക്കാവുന്ന, ഗവർണർമാരുടെ ഏകപക്ഷീയമായ നടപടികൾക്കെതിരെയുള്ള ഭരണഘടനാപരമായ ജാഗ്രതയാണ് ഈ വിധി വിശദമാക്കുന്നത്. 

ഭരണഘടനാനിർമ്മാണ സഭയിൽ, ഗവർണറുടെ അധികാരത്തെക്കുറിച്ച് ഡോ. അംബേദ്കർ വ്യക്തമാക്കുന്നുണ്ട്: “ഭരണഘടന പ്രകാരം, ഗവർണർക്ക് സ്വേച്ഛാപരമായി ചെയ്യാവുന്ന യാതൊരു കടമയുമില്ല. സ്വന്തമായി ഒന്നും ചെയ്യാനില്ല. ഈ അനുച്ഛേദത്തിന് കീഴിൽ പോലും മന്ത്രിസഭയുടെ ശിപാർശകൾ സ്വീകരിക്കാൻ ഗവർണർ ബാധ്യസ്ഥനാണ്”. യൂണിയൻ ഗവൺമെന്റിന്റെ ഏജന്റായല്ല, തെരഞ്ഞെടുക്കപ്പെട്ട മന്ത്രിസഭയുടെ നിർദ്ദേശങ്ങൾ അനുസരിക്കാൻ ബാധ്യസ്ഥനായ, സംസ്ഥാനത്തിന്റെ ഭരണഘടനാപരമായ തലവൻ എന്ന പദവി മാത്രമാണ് ഗവർണർക്കുള്ളത്. ഭരണഘടനയുടെ അനുഛേദം 200-ന് രൂപം നൽകിയപ്പോൾ, 1935-ലെ ഗവൺമെൻറ് ഓഫ് ഇന്ത്യ ആക്ട് സെക്ഷൻ 75-ൽ ഉണ്ടായിരുന്ന ”അദ്ദേഹത്തിൻറെ വിവേചനാധികാരം” എന്ന ഭാഗം ഒഴിവാക്കപ്പെട്ടത് ബോധപൂർവ്വമാണ്. സാമ്രാജ്യത്വ ഭരണകൂടത്തിന് കീഴിലുള്ള പ്രവിശ്യകളിൽ നിന്ന്  സംസ്ഥാനങ്ങളുടെ യൂണിയനായി രാഷ്ട്രം മാറിയതിന്റെ ഭാഗമാണത്. 

രാഷ്ട്രീയവൽക്കരിക്കപ്പെട്ട ഗവർണർ പദം 

തമിഴ്നാട് ഗവർണറുടെ പ്രവർത്തികളിൽ രാഷ്ട്രീയ താൽപര്യങ്ങളുടെ പ്രത്യക്ഷമാനമുണ്ടെന്നു കാണാം. സംസ്ഥാനത്തിന്റെ ഭരണനിർവഹണത്തിനും ഉനത വിദ്യാഭ്യാസ മേഖലയ്ക്കും വളരെ പ്രധാനപ്പെട്ട ബില്ലുകൾ, യാതൊരു വിശദീകരണമോ നടപടിയോ ഇല്ലാതെ തടഞ്ഞുവച്ച ഗവർണറുടെ ചെയ്തി ഭരണഘടനാപരമായ മര്യാദയുടെ സീമകൾ ലംഘിക്കുന്നതാണ്. യൂണിയൻ ഗവൺമെന്റിന്റെയും, രാജ്യത്തെ വലതുപക്ഷ രാഷ്ട്രീയത്തിന്റെ ചാലകശക്തിയായ ആർഎസ്എസിന്റെയും അധികാര കേന്ദ്രീകരണത്തോടുള്ള പ്രത്യയശാസ്ത്രപരമായ ആഭിമുഖ്യം ഈ പ്രശ്നത്തിന് അതീവ ഗൗരവ ഭാവം നൽകുന്നുണ്ട്. സംസ്ഥാന ഗവൺമെന്റുകളെ അട്ടിമറിക്കുന്ന ഇടപെടലുകളിലൂടെ, ബില്ലുകൾ തടഞ്ഞു വയ്ക്കുന്നതിലൂടെ, സർവ്വകലാശാലകളിൽ കടന്നുകയറുന്നതിലൂടെ, അങ്ങനെ കഴിയാവുന്ന മാർഗങ്ങളിലൂടെ ഒക്കെയും പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളെ ദുർബലപ്പെടുത്താനുള്ള ശ്രമം ഗവർണർമാർ നടത്തുന്നുണ്ടെന്ന ആരോപണം ശക്തമാണ്. അത് ഭരണഘടന വിഭാവനം ചെയ്യുന്ന കോപ്പറേറ്റീവ് ഫെഡറലിസം എന്ന തത്വത്തെ അട്ടിമറിക്കുന്ന പ്രവർത്തിയാണ്.

സുപ്രീംകോടതി നിലപാട്

ഫെഡറലിസത്തിനെതിരായ നീക്കങ്ങളെ രൂക്ഷമായ രൂക്ഷമായ ഭാഷയിലാണ് സുപ്രീംകോടതി വിമർശിച്ചിരിക്കുന്നത്. ഗവർണറുടെ നടപടികൾ നിയമവിരുദ്ധമാണെന്നു മാത്രമല്ല, ഭരണഘടനാപരമായ കൃത്യവിലോപം കൂടിയാണെന്നും കോടതി വിലയിരുത്തി. ആദ്യം ഗവർണർ ബില്ലുകൾക്ക് അംഗീകാരം നൽകാതിരിക്കുകയും,  അക്കാര്യം സംസ്ഥാന നിയമസഭയോട് രേഖാമൂലം അറിയിക്കാതിരിക്കുകയും ചെയ്തു. ഈ സാഹചര്യത്തിൽ നിയമസഭ വീണ്ടും അതേ ബില്ലുകൾ പാസാക്കി. ഈ ഘട്ടത്തിലാണ് പഞ്ചാബ് ഗവർണർ കേസിൽ, ഗവർണർക്ക് എന്നന്നേക്കുമായി ഒരു ബില്ലിന് അംഗീകാരം നൽകാതെ കൈവശം വച്ചുകൊണ്ടിരിക്കാനുള്ള അവകാശമില്ലെന്ന സുപ്രീംകോടതി വിധി വരുന്നത്. ഗവർണർക്ക് വീറ്റോ പവർ ഇല്ല എന്നായിരുന്നു കോടതി നിലപാട്. ഈ വിധി വന്നയുടനെ, താൻ ബില്ലുകൾ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് വിട്ടിരിക്കുകയാണ് എന്ന അറിയിപ്പ് ഗവർണർ സംസ്ഥാന ഗവൺമെന്റിന് നൽകുകയായിരുന്നു. ഈ നടപടി ഉത്തമ വിശ്വാസപൂർവ്വമുള്ളതല്ലെന്ന് കോടതി വിലയിരുത്തി.

അനുഛേദം 200-ലെ, “shall not withhold assent therefrom” എന്ന പ്രയോഗം, നിയമസഭാ രണ്ടാമതും പാസാക്കിയ ബില്ലുകൾ അംഗീകരിക്കാനുള്ള ഭരണഘടനാപരമായ ബാധ്യത ഗവർണർക്കുണ്ടെന്ന് വ്യക്തമാക്കുന്നു. അതോടൊപ്പം, ബി കെ പവിത്ര കേസിലെ വിധിയോട്  വിയോജിച്ചുകൊണ്ട്, നിയമസഭ രണ്ടാമതും പാസാക്കിയ ബില്ല് രാഷ്ട്രപതിക്ക് അയക്കുവാനുള്ള വിവേചനാധികാരം ഗവർണർക്കില്ലെന്ന് കോടതി വ്യക്തമാക്കി. നിയമസഭ മടക്കി അയക്കുന്ന ബില്ല് ആദ്യത്തേതിൽ നിന്ന് വ്യത്യസ്തമാണെങ്കിൽ മാത്രമേ ഏതെങ്കിലും തരത്തിലുള്ള പുനപരിശോധനയ്ക്ക് അധികാരമുള്ളൂ. അതുപോലെതന്നെ ബില്ലിന് അംഗീകാരം നൽകുന്നില്ലെങ്കിൽ അത് രേഖാമൂലം നിയമസഭയെ അറിയിക്കുവാനുള്ള ബാധ്യതയും ഗവർണർക്കുണ്ട്.

അതോടൊപ്പം ഗവർണറുടെ നടപടികൾക്ക് കൃത്യമായ സമയക്രമം നിർവചിച്ചു നൽകുവാൻ സുപ്രീംകോടതി തയ്യാറായിയെന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. നിയമസഭ പാസാക്കിയ  ബില്ല്, മന്ത്രിസഭയുടെ ശിപാർശയനുസരിച്ച് രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് വിടേണ്ടതുണ്ടെങ്കിൽ അക്കാര്യം ഒരു മാസത്തിനകം ചെയ്യണം. മന്ത്രിസഭയുടെ താൽപര്യത്തിന് വിരുദ്ധമായി ഗവർണർ ബില്ല് അംഗീകരിക്കാതിരിക്കുകയാണെങ്കിൽ അക്കാര്യം മൂന്നുമാസത്തിനകം രേഖാമൂലം അറിയിക്കേണ്ടതുണ്ട്. അതേ ബില്ല് നിയമസഭ വീണ്ടും ഗവർണർക്ക് അയക്കുകയാണെങ്കിൽ ഒരു മാസത്തിനകം അതിന് അംഗീകാരം നൽകിയേ പറ്റൂ. 

കൂടാതെ, തമിഴ്നാട് നിയമസഭ രണ്ടാമത് പാസാക്കിയ ബില്ലുകൾ ഗവർണർ രാഷ്ട്രപതിക്ക് അയച്ചിട്ടുള്ളതിന്മേൽ സ്വീകരിക്കുന്ന തുടർനടപടികൾ കോടതി അസാധുവാക്കി. മന്ത്രിസഭ രണ്ടാമതും ബില്ല് ഗവർണർക്ക് അയച്ച ദിവസം മുതൽ, നിയമം പ്രാബല്യത്തിൽ വന്നതായി, ഭരണഘടനയുടെ അനുഛേദം 142 നൽകുന്ന പ്രത്യേക അധികാരമുപയോഗിച്ച് സുപ്രീംകോടതി പ്രഖ്യാപിച്ചു. മാത്രവുമല്ല അനുഛേദം 200 പ്രകാരം ഗവർണർ സ്വീകരിക്കുന്ന നടപടികളെല്ലാം ജുഡീഷ്യൽ റിവ്യൂവിന് വിധേയമായിരിക്കുമെന്നും വിധിയെഴുതി. 

ഭാവിയിലേക്കുള്ള ബ്ലൂ പ്രിൻറ് 

ഇന്ന്, രാഷ്​ട്രീയ ദുരുപയോഗമല്ലാതെ വേറെ ഏതെങ്കിലും ഒഴിവാക്കാനാകാത്ത ഭരണഘടനാ ചുമതലകൾ ഗവർണർ വഹിക്കുന്നുണ്ടോ എന്ന് സംശയമാണ്. മധ്യപ്രദേശ് ഗവർണറായിരുന്ന ഡോ. പട്ടാഭി സീതാരാമയ്യ, ഉത്തർപ്രദേശ് ഗവർണർ ആയിരുന്ന കെ.എം. മുൻഷി, സരോജിനി നായിഡു അങ്ങനെ പല പ്രമുഖരും ഗവർണർ എന്നത് അതിഥികളെ സ്വീകരിക്കാൻ മാത്രമുള്ള ഒരു അലങ്കാരപദവിയാണെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്. മഹാരാഷ്​ട്ര ഗവർണറായിരിക്കെ വിജയലക്ഷ്മി പണ്ഡിറ്റ് ഈ പദവി അനാവശ്യമാണെന്നു പറയുകയുണ്ടായി. രാഷ്​ട്രീയനേതാക്കളിൽ എൻ.ടി. രാമറാവുവാണ് ഒരു ജനാധിപത്യക്രമത്തിൽ ഗവർണറുടെ പ്രസക്തി എന്താണെന്ന ചോദ്യം ഏറ്റവും ശക്തിയായി ഉന്നയിച്ചത്. അത് ഇന്ദിരാഗാന്ധിയുടെ കാലത്ത്, അദ്ദേഹത്തെ ഉപജാപത്തിലൂടെ പുറത്താക്കുന്നതിനുമുമ്പായിരുന്നു. തമിഴ്നാട്ടിലെ സമകാലിക സംഭവവികാസങ്ങൾ ഈ ചോദ്യം വീണ്ടും ഉന്നയിക്കാൻ നമ്മെ പ്രേരിപ്പിക്കുകയാണ്.

കേന്ദ്രം ഭരിക്കുന്ന രാഷ്​ട്രീയകക്ഷിക്ക്​ പ്രിയപ്പെട്ടവരായിരുന്ന ഉദ്യോഗസ്ഥരെയോ, ന്യായാധിപരെയോ, കണ്ടം ചെയ്യാറായ രാഷ്​ട്രീയനേതാക്കളെയോ പുനരധിവസിപ്പിക്കാനുള്ള ഒരു മാർഗം മാത്രമാണ് നിലവിൽ ഗവർണർ പദവി. 

ഈ സാഹചര്യത്തിൽ ചുരുങ്ങിയ പക്ഷം 1983-ലെ സർക്കാരിയാ കമ്മീഷനും, 2010-ലെ പൂഞ്ചി കമ്മീഷനും, ഗവർണറുടെ അധികാരദുർവ്യയം തടയുന്നതിനായി മുന്നോട്ടുവച്ച  നിർദ്ദേശങ്ങൾ  പാർലമെന്റ് ഗൗരവമായി പരിഗണിക്കുകയും, ഭരണഘടനാഭേദഗതിയിലൂടെയോ, നിയമത്തിലൂടെയോ, ഗവർണറുടെ അധികാരങ്ങൾ നിർവചിക്കേണ്ടതുമാണ്.

കേവലം തമിഴ്നാട് ഗവൺമെന്റിനു മാത്രമല്ല, ഭരണഘടന വിഭാവനം ചെയ്യുന്ന കോർപ്പറേറ്റ് ഫെഡറലിസത്തിൽ നിന്നുള്ള വ്യതിചലനത്തിനെതിരെ എല്ലാ സംസ്ഥാനങ്ങൾക്കുമുള്ള പിടിവള്ളിയായി ഈ വിധി മാറുകയാണ്. ഷംശേർ സിംഗ്, എസ് ആർ ബൊമ്മെ, പഞ്ചാബ് ഗവർണർ കേസ് എന്നിവയ്ക്ക് ശേഷം ഇന്ത്യൻ നീതിനായ ചരിത്രത്തിൽ നാഴികക്കല്ലാവുന്ന വിധിന്യായം. ഗവർണറുടെ നടപടികൾക്ക് സമയക്രമം നിശ്ചയിച്ചതിലൂടെ ഭരണഘടനാപരമായ ചില അവ്യക്തതകൾക്കു വിരാമമാവുകയുമാണ്. ജനാധിപത്യ സംവിധാനത്തിൽ ജനങ്ങളാണ് അത്യന്തികമായ അധികാരികൾ എന്ന കാര്യം സുപ്രീം കോടതി തമിഴ്നാട് ഗവർണറെ ഓർമിപ്പിക്കുകയാണ്. ജനാഭിലാഷം പ്രതിഫലിക്കുന്നത് തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളിലൂടെയാണ്. മന്ത്രിസഭയെ മറികടക്കാൻ, ഗവൺമെന്റിന്റെ പ്രവർത്തനങ്ങൾക്ക്  തടസ്സം നിൽക്കാൻ ,നിയമസഭയിലൂടെ പ്രതിഫലിക്കുന്ന ജനാഭിലാഷത്തെ തുരങ്കം വയ്ക്കാൻ, ഗവർണർക്ക് യാതൊരു സവിശേഷ അധികാരവും ഇല്ലെന്ന് കോടതി വ്യക്തമാക്കി. 

നമ്മുടെ രാജ്യത്ത് ഫെഡറലിസം ഒരു രാഷ്ട്രീയവ്യവസ്ഥ മാത്രമല്ല, വൈവിധ്യപൂർണ്ണമായ സാംസ്കാരിക, വംശീയ, രാഷ്ട്രീയ,  ധാരകൾ തമ്മിലുള്ള ധാർമിക ഉടമ്പടി കൂടിയാണ്. കേന്ദ്രം ഭരിക്കുന്ന കക്ഷിയുടെ രാഷ്ട്രീയ താൽപര്യങ്ങൾക്ക് വിധേയമായി, ഒരു അധികാര കേന്ദ്രം ആ ഉടമ്പടി ലംഘിക്കുന്നത് ഭരണഘടനാ വിരുദ്ധവും ദേശദ്രോഹപരവുമാണ്. ഈ വസ്തുത രാജ്യത്തിൻറെ പരമോന്നതവിപീഠം മനസ്സിലാക്കിയെന്നുള്ളത് സമകാലിക രാഷ്ട്രീയ പരിസരത്ത് ആശ്വാസകരമാണ്. ഇന്ത്യ കേന്ദ്രീകൃത അധികാരത്തിന് അപ്രമാദിത്വമുള്ളൊരു രാജ്യമല്ലെന്നും സംസ്ഥാനങ്ങളുടെ യൂണിയനാണെന്നും കോടതി ഒരിക്കൽ കൂടി അടിവരയിട്ട് പറയുകയാണ്. രാജ്യത്തിനകത്തും രാജ്യാന്തരതലത്തിലും ജനാധിപത്യ മൂല്യങ്ങൾ പരീക്ഷിക്കപ്പെട്ടു കൊണ്ടിരിക്കുന്ന കാലഘട്ടത്തിൽ, ജുഡീഷ്യറിയിലുള്ള വിശ്വാസം തിരികെ കൊണ്ടുവരുന്നതിനും, ഭരണഘടനാധിഷ്ഠിത ജനാധിപത്യത്തിന് ശക്തി പകരുന്നതിനും ഈ വിധി സഹായകരമാകും എന്ന കാര്യത്തിൽ സംശയമില്ല.

this article was first published in Suprabhatham Daily on 10/04/2025

LEAVE A REPLY

Please enter your comment!
Please enter your name here