ഇന്ത്യൻ ഫെഡറൽ രാഷ്ട്രീയ സംവിധാനത്തെ ദുർബലപ്പെടുത്തുന്ന ഗവർണർമാരുടെ നടപടികൾക്ക് തടയിടുന്ന ചരിത്രപരമായ വിധി ന്യായമാണ് ഏപ്രിൽ 18-ന് തീയതി ഇന്ത്യൻ സുപ്രീംകോടതി പുറപ്പെടുവിച്ചത്. നിയമസഭ പാസാക്കുന്ന ബില്ലുകളിൽ, ഭരണഘടനയുടെ അനുഛേദം 200 അനുസരിച്ച് തീരുമാനമെടുക്കാൻ ഗവർണർമാർക്ക് സമയപരിധി നിശ്ചയിക്കുന്നതിലൂടെ കോപ്പറേറ്റീവ് ഫെഡറലിസത്തിന് കോടതി പുതുജീവൻ നൽകി. ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും സുപ്രധാനമായ വിധികളിൽലൊന്നായി വിലയിരുത്തപ്പെട്ടെങ്കിലും, ഇന്ത്യൻ രാഷ്ട്രീയ വ്യവസ്ഥയിൽ സംസ്ഥാനങ്ങളുടെ അധികാരം ഉയർത്തിപ്പിടിക്കാനുള്ള ആത്മാർത്ഥമായ ശ്രമത്തിനിടയിൽ സുപ്രീംകോടതി സ്വന്തം അധികാരപരിധി ലംഘിച്ചു എന്ന ആരോപണം ഉയർന്നുവരുന്നുണ്ട്. ഉപരാഷ്ട്രപതി ജഗദീപ് ധാങ്കർ, കേരള ഗവർണർ രാജേന്ദ്ര അർലേക്കർ തുടങ്ങി നിരവധി പേർ കോടതി സ്വന്തം അധികാരപരിധി ലംഘിക്കുകയും ഭരണഘടനാ ഭേദഗതി നടത്തുകയും ചെയ്തു എന്ന് പരാതിപ്പെടുന്നുണ്ട്.
പ്രധാനമായും രണ്ട് ആരോപണങ്ങളാണ്. ഒന്ന്, കോടതി ഭരണഘടനാഭേദഗതി നടത്തിയിരിക്കുന്നു. രണ്ട്, ഭരണഘടനയുടെ സുപ്രധാനമായ വ്യാഖ്യാനങ്ങൾ ഉൾപ്പെടുന്ന കേസായതിനാൽ, അനുച്ഛേദം 145 (3) നിഷ്കർഷിക്കുന്നത് പോലെ ഒരു ഭരണഘടനാ ബെഞ്ച് രൂപീകരിക്കേണ്ടത് അനിവാര്യമായിരുന്നു. ഭരണകൂട സംവിധാനത്തിന്റെയും ജുഡീഷ്യറിയുടെയും അധികാരങ്ങൾ തമ്മിലുള്ള അനിയതമായ അതിർവരമ്പും, ജനാധിപത്യ മൂല്യവും നടപടിക്രമങ്ങളും ഇഴ ചേരുന്ന സങ്കീർണതകളും നമ്മുടെ രാഷ്ട്രഘടനക്കകത്ത് പ്രവർത്തിക്കേണ്ടതെങ്ങനെയെന്ന അടിസ്ഥാന ചോദ്യം ഇവിടെ ഉയരുന്നുണ്ട്.
കോടതിവിധി
ഇന്ത്യൻ ഫെഡറൽ സംവിധാനത്തിനകത്ത് ഗവർണർമാരുടെ അധികാരപരിധി എത്ര എന്നതാണ് തമിഴ്നാട് സംസ്ഥാന ഗവൺമെന്റും ഗവർണർ ആർ എൻ രവിയും തമ്മിലുള്ള തർക്കത്തിന്റെ കാതൽ. ഭരണഘടനയുടെ അനുച്ഛേദം 200, സംസ്ഥാന നിയമസഭ പാസാക്കിയ ബില്ലുകൾക്ക് അംഗീകാരം നൽകുവാനോ, തിരിച്ചയക്കുവാനോ, അല്ലെങ്കിൽ അതിന്മേൽ രാഷ്ട്രപതിയുടെ അഭിപ്രായം തേടാനോയുള്ള അവകാശം ഗവർണർക്ക് നൽകുന്നു. ഒരിക്കൽ തിരിച്ചയച്ച ബില്ല് നിയമസഭാ രണ്ടാമതും പാസാക്കുകയാണെങ്കിൽ അതിന് അംഗീകാരം നൽകാനും ഗവർണർ ബാധ്യസ്ഥനാണ്. പ്രശ്നം, ഭരണഘടനയിൽ ഈ നടപടിക്രമങ്ങൾക്ക് സമയക്രമം നിശ്ചയിച്ചിട്ടില്ല എന്നുള്ളതാണ്. ഇതു മുതലെടുത്ത് യൂണിയൻ ഗവൺമെന്റിന്റെ പാവകളായി പ്രവർത്തിക്കുന്ന പല ഗവർണർമാരും ബില്ലുകൾ പരിഗണിക്കുന്നത് അനന്തമായി വൈകിപ്പിച്ച്, സംസ്ഥാന സർക്കാരിൻറെ നിലപാടുകളെ വിറ്റോ ചെയ്യുന്നു. 2020 മുതൽ സമർപ്പിച്ച പത്തു ബില്ലുകളാണ് തമിഴ്നാട് ഗവർണർ ഇങ്ങനെ തടഞ്ഞു വച്ചിരുന്നത്. ഇതിനെതിരെയാണ് ഗവൺമെൻറ് സുപ്രീംകോടതിയെ സമീപിച്ചത്.
സുപ്രീംകോടതിയിൽ ജസ്റ്റിസ് പാർഡി വാല, ജസ്റ്റിസ് ആർ മാധവൻ എന്നിവരുടെ ബഞ്ച് ഗവർണറുടെ നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് വിധിക്കുക മാത്രമല്ല അനുഛേദം 142 നൽകുന്ന പ്രത്യേക അധികാരം ഉപയോഗിച്ച് ബില്ലിന്മേൽ ഗവർണർക്ക് നടപടി സ്വീകരിക്കുന്നതിന് സമയപരിധി നിശ്ചയിച്ചു. മാത്രമല്ല തമിഴ്നാട് ഗവർണർ തടഞ്ഞുവച്ച 10 ബില്ലുകൾക്ക് നിയമസഭ രണ്ടാമത് അദ്ദേഹത്തിന് തിരിച്ചയച്ച തീയതി മുതൽ പ്രാബല്യവും നൽകി. ഈ നടപടി ഭരണഘടന മാറ്റി എഴുതുന്നതിന് തുല്യമാണെന്നാണ് ഒരു ആരോപണം.
വിധി ഭരണഘടനാഭേദഗതിയല്ല
സുപ്രീംകോടതി ഉത്തരവ് അനുഛേദം 200-ൽ ഉൾപ്പെടുത്തിയിട്ടില്ലാത്ത സമയപരിധി ഏർപ്പെടുത്തുകയും, അനുഛേദം 201-ൽ വിശദമാക്കുന്ന ഗവർണറുടെയും രാഷ്ട്രപതിയുടെയും വിവേചനാധികാരത്തിൽ കൈകടത്തുകയും ചെയ്തുവെന്നാണ് ആദ്യ ആരോപണം. ഇന്ത്യൻ ഭരണഘടനയിൽ ജുഡീഷ്യറിയും നിയമനിർമ്മാണ സഭയും തമ്മിലുള്ള അന്തരം കൃത്യമായി നിർവചിക്കപ്പെട്ടിട്ടുണ്ട്. അനുഛേദം 368 അനുസരിച്ച് ഭരണഘടനാഭേദഗതി നടത്തുവാൻ പാർലമെന്റിന് മാത്രമേ അധികാരമുള്ളു. ഇവിടെ, സുപ്രീംകോടതി ആധികാരം കയ്യാളിയിരിക്കുന്നു എന്നാണ് വാദം. എന്നാൽ ഇതിനുള്ള മറുപടി കോടതി വിധിയിൽ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
അനുഛേദം 200 ഒരു നിയമനിർമാണത്തിന്റെ നടപടിക്രമങ്ങൾ വിശദീകരിക്കുന്ന വകുപ്പാണ്. അതിൽ കൃത്യമായ സമയക്രമം പറഞ്ഞിട്ടില്ലെങ്കിലും, ഗവർണർ ‘കഴിയാവുന്നത്ര വേഗത്തിൽ’ ബില്ല് അംഗീകരിക്കുകയോ തിരിച്ചയക്കുകയോ ചെയ്യണമെന്ന് വ്യക്തമാക്കുന്നുണ്ട്. ഒഴിവാക്കാനാവുന്ന കാലതാമസം ഒഴിവാക്കിക്കൊണ്ട് പരമാവധി വേഗത്തിൽ നടപടി സ്വീകരിക്കണമെന്നാണ് ഈ അനുച്ഛേദം അർത്ഥമാക്കുന്നതെന്ന് 1972-ൽ തന്നെ സുപ്രീംകോടതിയുടെ വ്യാഖ്യാനമുള്ളതാണ്. ഇതിൻറെ തുടർച്ചയായാണ് പുതിയ വിധിയും വന്നിട്ടുള്ളത്. 2022-ലെ പേരറിവാളൻ കേസിലും യുക്തിസഹകമായ ഒരു സമയപരിധിക്കുള്ളിൽ ഗവർണർ തീരുമാനമെടുക്കേണ്ടതുണ്ട് എന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. മറിച്ചായാൽ, അതു ജനാധിപത്യ സംവിധാനത്തെയും ജനാഭിലാഷത്തെയും അട്ടിമറിക്കുന്നതാവും എന്ന് ഓർമ്മപ്പെടുത്തിക്കൊണ്ടാണ് സുപ്രീംകോടതി ഗവർണർക്ക് സമയപരിധി നിശ്ചയിക്കുന്നത്.
സമയപരിധി നിശ്ചയിക്കുന്നത് കൊണ്ട് അനുഛേദം 200 കീഴിലുള്ള ഗവർണറുടെ അധികാരങ്ങളൊന്നും ഇല്ലാതാകുന്നില്ല, വിവേചന അധികാരവും കവർന്നെടുക്കുന്നില്ല, ജനാധിപത്യ സംവിധാനത്തെ അട്ടിമറിക്കും വിധം ബില്ലുകൾ അനന്തമായി തടഞ്ഞുവയ്ക്കുന്ന പ്രവണത ഇല്ലാതാക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്. അത് ഭരണഘടനയുടെ മൂല്യബോധത്തിനും പ്രസ്തുത അനുഛേദത്തിന്റെ ഉദ്ദേശ്യലക്ഷ്യത്തിനും അനുപൂരകമാണ്. മാത്രമല്ല ഈ സമയപരിധി നിശ്ചയിച്ചിട്ടുള്ളത് ജുഡീഷ്യൽ പരിശോധനയ്ക്കുള്ള ഒരു ബെഞ്ച് മാർക്ക് എന്ന നിലയ്ക്ക് മാത്രമാണ്. അമേരിക്കയുടെയോ പാകിസ്താന്റെയോ ഭരണഘടനാ സംവിധാനത്തിൻ കീഴിലുള്ളതുപോലെ, നിശ്ചയസമയപരിധിക്കുള്ളിൽ ഗവർണറോ രാഷ്ട്രപതിയോ തീരുമാനമെടുത്തില്ലെങ്കിൽ, പ്രസ്തുത ബില്ലിന് നിയമപ്രാബല്യം സ്വാഭാവികമായും വന്നുചേരും എന്നൊന്നും ഉത്തരവിലില്ല. ചുരുക്കി പറഞ്ഞാൽ, ഗവർണറുടെ അധികാരം കവർന്നെടുക്കുകയോ, സമയപരിധി ലംഘിച്ചാൽ നിയമത്തിനു പ്രാബല്യം ലഭിക്കുമെന്ന തരത്തിൽ പൊതു തീരുമാനമുണ്ടാവുകയോ ചെയ്തിട്ടില്ല. ഭരണഘടന പ്രതീക്ഷിക്കുന്ന തരത്തിലാണോ ഗവർണർ പ്രവർത്തിച്ചത് എന്ന് പരിശോധിക്കുന്നതിന് ഒരു ജുഡീഷ്യൽ മാനദണ്ഡം ഏർപ്പെടുത്തുക മാത്രമാണുണ്ടായിട്ടുള്ളത്. ഫെഡറൽ സംവിധാനത്തെ അപ്രസക്തമാക്കും വിധമുള്ള ഗവർണർമാരുടെ തോന്ന്യാസത്തിന് അറുതി വരുത്തുകയെന്ന ഭരണഘടനാപരമായ ദൗത്യനിർവഹണമാണ് കോടതി നടത്തിയത്. അതിൽ ഭരണഘടനാഭേദഗതിയൊന്നുമില്ല. എന്നാൽ രണ്ടാമത്തെ വിമർശനം കൂടുതൽ സങ്കീർണമാണ്. ഈ കേസ് പരിഗണിക്കേണ്ടിയിരുന്നത് ഒരു ഭരണഘടനാ ബെഞ്ചായിരുന്നു എന്നതാണ് ആക്ഷേപം.
അനുഛേദം 145(3)
അനുഛേദം 145(3) അനുസരിച്ച്, ഭരണഘടനയുടെ സുപ്രധാനമായ വ്യാഖ്യാനങ്ങൾ ഉൾപ്പെടുന്ന കേസുകളിൽ തീരുമാനമെടുക്കേണ്ടത് ചുരുങ്ങിയത് 5 ന്യായാധിപരെങ്കിലും ഉൾപ്പെടുന്ന ബെഞ്ചാണ്. തമിഴ്നാട് കേസ് കൈകാര്യം ചെയ്തത് രണ്ടംഗ ബെഞ്ചാണ്. ഗവർണറുടെ നടപടികൾക്ക് സമയപരിധി നിശ്ചയിക്കുന്നത് പോലുള്ള പുതിയ കാര്യങ്ങളും, അനുഛേദം 142 നൽകുന്ന പ്രത്യേക അധികാരത്തിന്റെ ധീരമായ ഉപയോഗവുമെല്ലാം ഉൾക്കൊള്ളുന്ന ഈ കേസ് ഭരണഘടനാ ബെഞ്ച് പരിഗണിക്കേണ്ടതായിരുന്നു എന്ന വാദം തള്ളിക്കളയാൻ കഴിയില്ല. അനുഛേദം 200, ഇന്ത്യൻ ഫെഡറൽ സംവിധാനത്തിന്റെ ഘടന, ഗവർണറുടെ വിവേചനാധികാരത്തിന്റെ പരിധി, തുടങ്ങിയ സുപ്രധാനമായ പല വിഷയങ്ങളും ഇവിടെ പരിഗണിക്കപ്പെട്ടിട്ടുണ്ട്. ഗവർണറുടെ വിവേചനാധികാരവും മറ്റും മുൻകാല കേസുകളിൽ തീർപ്പ് നൽകിയിട്ടുള്ള നിയമ തത്വങ്ങളാണെങ്കിൽ പോലും സമയപരിധി നിശ്ചയിക്കുന്നത് പോലെയുള്ള കാര്യങ്ങൾ ഭരണഘടനയുടെ ക്രിയാത്മകമായ വ്യാഖ്യാനത്തിലൂടെ കോടതി കൂട്ടി ചേർത്തതാണ്. എന്നാൽ ഇത് സമ്പൂർണ്ണമായും പുതിയൊരു വ്യാഖ്യാന പദ്ധതിയാണ് എന്ന വാദം നിലനിൽക്കുന്നതല്ല. മാത്രമല്ല വളരെ വേഗം ഈ കേസ് തീർപ്പാക്കേണ്ടത് തമിഴ്നാടിന്റെ സ്വാഭാവികമായ ഭരണ നിർവഹണത്തിന് അനിവാര്യവുമായിരുന്നു.
അനിവാര്യമായ ഇടപെടൽ
തമിഴ്നാട് ഗവർണറുടെ വിഷയത്തിൽ സുപ്രീംകോടതി വിധി ഉണ്ടാവാൻ ഇടയായ സാഹചര്യവും, വിധിയുടെ അനിവാര്യതയും, വിധി പുറത്തുവന്ന രാഷ്ട്രീയ കാലഘട്ടവും കണക്കിലെടുക്കാതെ സാങ്കേതികത്വങ്ങളിൽ ചാരി ഏകപക്ഷീയമായ നിലപാടുകൾ സ്വീകരിക്കുന്നത് ശരിയല്ല. ആഗോള സൂചികകളിൽ, ജനാധിപത്യ രാജ്യമെന്ന സ്ഥാനം പോലും നമുക്ക് നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന കാലഘട്ടത്തിൽ, അധികാര കേന്ദ്രീകരണത്തിന്റെ ദുഷിച്ച പ്രവണത മുൻപങ്ങുമില്ലാത്തവിധം ശക്തമായ സമയത്ത്, വൈവിധ്യങ്ങളെയെല്ലാം നിഷേധിക്കുന്ന ഏകാധിപത്യ പ്രവണത രാജ്യത്തിൻറെ നിലനിൽപ്പിനെ തന്നെ ബാധിക്കുമോ എന്ന് ഭയപ്പെടുന്ന വിഷമ സന്ധിയിൽ, ഭരണഘടനാ കോടതികൾ ഭരണകൂട കോടതികളെപ്പോലെ പ്രവർത്തിച്ചു പോന്നിരുന്ന സമകാലിക ചരിത്രത്തിൽ, ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങളെ ഉയർത്തിപ്പിടിക്കുന്ന ഒരു വിധി ഉണ്ടായിരിക്കുന്നുവെന്നത് ചെറിയ കാര്യമല്ല.
സാങ്കേതികത്വത്തിനപ്പുറം വ്യാഖ്യാനങ്ങളിലെ പിഴവുകൾ നമുക്ക് കണ്ടെത്താനാവില്ല. കൃത്യമായ കീഴ്വഴക്കങ്ങളുടെ അടിസ്ഥാനത്തിലാണ് കോടതി തീരുമാനമെടുത്തിരിക്കുന്നത്. സുപ്രധാനമായ ഭരണഘടനാ ബെഞ്ചുകളുടെ മുൻകാല വിധികളുടെ പിന്തുടർച്ചയായാണ് ഇത് വന്നിട്ടുള്ളത്. കൂടാതെ ഗവർണർമാരുടെ അധികാരം സംബന്ധിച്ച സർക്കാരിയ കമ്മീഷന്റെയും, പുഞ്ചി കമ്മീഷന്റെയും നിർദ്ദേശങ്ങളും, ആഭ്യന്തരമന്ത്രാലയത്തിന്റെ തന്നെ 2016-ലെ മെമ്മോറാണ്ടവും പരിഗണിച്ചാണ് കോടതി തീരുമാനത്തിലെത്തിയിട്ടുള്ളത്. അനുഛേദം 142-ന്റെ ഉപയോഗമാകട്ടെ തമിഴ്നാട്ടിൽ നിലനിൽക്കുന്ന ഭരണ പ്രതിസന്ധിക്ക് പരിഹാരം തേടികൊണ്ടുള്ള ധീരവും സർഗാത്മകവുമായ നടപടിയായി വേണം മനസ്സിലാക്കുവാൻ. മാത്രവുമല്ല, കേസ് എന്തായ വാദം പരിഗണിക്കുന്ന വേളയിൽ ഒന്നും ആരും ഇതൊരു തടസ്വാദമായി ഉന്നയിച്ചിരുന്നുമില്ല. ഇതിനു മുൻപും ഭരണഘടന പ്രാധാന്യമുള്ള പല കേസുകളിലും രണ്ട് അംഗ ബെഞ്ചുകൾ വിധി പറഞ്ഞ ചരിത്രവുമുണ്ട്. ഗവർണറുടെ പദ്ധതിയ്ക്ക് ഇതിലൂടെ സുപ്രീംകോടതി തടയിട്ടു. ഇത് രാജ്യത്തിൻറെ ഫെഡറൽ സംവിധാനം സംരക്ഷിക്കുന്നതിന് വേണ്ടിയിട്ടുള്ള സുധീരമായ ഇടപെടലായി ഭാവി ചരിത്രം രേഖപ്പെടുത്തും എന്ന കാര്യത്തിൽ സംശയമൊന്നുമില്ല.
കോപ്പറേറ്റീവ് ഫെഡറലിസമാണ് നമ്മുടെ ഭാവി. നൂറുകണക്കിന് നാട്ടുരാജ്യങ്ങളുടെയും, ജാതിമത ഭാഷാവൈവിധ്യങ്ങളുടെയും സമന്വയ സാംസ്കാരിക ഭൂമികയായ ഇന്ത്യയ്ക്ക് മറ്റൊരു അസ്ഥിത്വമില്ല തന്നെ. ഈ വൈവിധ്യങ്ങൾക്കിടയിലെ ഐക്യം നമ്മൾ ശ്രദ്ധാപൂർവ്വം പരിലാളിച്ചു പോരേണ്ടതുണ്ട്. നാനാത്വങ്ങളെ അംഗീകരിച്ചും, അപരത്വങ്ങളെ ചേർത്തുനിർത്തിയും, എല്ലാ വിഭാഗങ്ങളെയും വിശ്വാസത്തിലെടുത്തും വേണം നമുക്കു മുന്നോട്ടു നടക്കുവാൻ. നമ്മുടെ രാഷ്ട്രശില്പികളും ഭരണഘടനാനിർമ്മാണ സഭയും മുന്നോട്ടുവച്ച ദർശനവും അതുതന്നെയാണ്. എന്നിരുന്നാലും അധികാര വിഭജനത്തിന്റെ അതിരുകൾ തൊടുമ്പോൾ, കോടതികൾ സസൂഷ്മമായ ശ്രദ്ധ പുലർത്തേണ്ടതുണ്ട്. നടപടിക്രമങ്ങൾ കേവലം ഔപചാരികത മാത്രമല്ല, സുസ്ഥിരമായ ജനാധിപത്യ ഭരണ വ്യവസ്ഥിതിക്ക് അത്യന്താപേക്ഷിതമായ അടിത്തറയാണ്. അനുഛേദം 145(3) കോടതിയുടെ വിശ്വാസത്തെയും, നിയമ വൈജ്ഞാനികതയുടെ സുസ്ഥിരതയും ഉറപ്പുവരുത്തുന്നതിന് വേണ്ടിയുള്ളതാണ്. ഭാവിയിൽ, ഗവർണർ സമയപരിധി ലംഘിച്ചതുമായി ബന്ധപ്പെട്ട ഹാരജികൾ ഉണ്ടാവുമ്പോൾ ഈ വിഷയവും ചർച്ചയാവുക തന്നെ ചെയ്യും.
The article was first published on 18/04/2025 in Reporterlive


