അപാർ ഐഡി ഒരായുധമാണ്

സർവ്വതിനെയും കേന്ദ്രീകൃത ഏകാധിപത്യ  അധികാര വ്യവസ്ഥിതിയുടെ കീഴിൽ കൊണ്ടുവരാനുള്ള രാഷ്ട്രീയ പദ്ധതിയുടെ ഭാഗമാണ് സ്കൂളുകളിൽ നിർബന്ധമാക്കി കൊണ്ടിരിക്കുന്ന അപാർ ഐഡിയും. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്, ഒരു രാജ്യം ഒരു നേതാവ്, ഒരു രാജ്യം ഒരു ഭാഷ, ഒരു രാജ്യം ഒരു സംസ്കൃതി, തുടങ്ങി സമകാലിക ഇന്ത്യയിൽ നിരന്തരം മുഴങ്ങി കേൾക്കുന്ന മുദ്രാവാക്യങ്ങളുടെ തുടർച്ചയായി വേണം  ‘ഒരു രാജ്യം ഒരു സ്റ്റുഡൻറ് ഐഡി’ എന്നതിനെയും മനസ്സിലാക്കുവാൻ.  വിദ്യാർത്ഥികളുടെ സകല വിവരങ്ങളും ഒരു നമ്പറുമായി ബന്ധപ്പെടുത്തി ശേഖരിച്ച് കേന്ദ്രീകൃതമായി സൂക്ഷിക്കുന്ന സംവിധാനമാണിത്. ബ്യൂറോക്രാറ്റിക് ഏകാധിപത്യത്തിന്റെ കുറുക്കുവഴിയായി സാങ്കേതിക സംവിധാനങ്ങളെ പ്രയോജനപ്പെടുത്തുന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമായി ഇതിനെ കാണാം. കേന്ദ്രീകൃതമായ നിയന്ത്രിക്കപ്പെടുന്ന വിവരശേഖര സംവിധാനം, സർവൈലൻസിനും, വിവര നഷ്ടത്തിനും, രാഷ്ട്രീയ സ്വാധീനങ്ങൾക്കും  വഴിവയ്ക്കും.

കാര്യക്ഷമതയെന്ന മരീചിക

വിദ്യാഭ്യാസരംഗത്ത് കാര്യക്ഷമത കൈവരിക്കാനുള്ള എളുപ്പ മാർഗ്ഗമായാണ് അപാർ ഐഡി അവതരിപ്പിക്കപ്പെടുന്നത്. ‘ഓട്ടോമാറ്റിക് പെർമനന്റ് അക്കാഡമിക് അക്കൗണ്ട് രജിസ്റ്റ്റി’ യുടെ ചുരുക്ക പേരാണ് അപാർ. 2020-ലെ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി ഇപ്പോൾ നിലവിലുള്ള ‘യുഡയ്സ് പ്ലസ്’ വിവരശേഖരത്തിന് പുറമേയാണിത്. സ്കൂൾ ട്രാൻസ്ഫറുകളും, ക്രെഡിറ്റ് ട്രാക്കിംഗും ഫലപ്രദമായി നടപ്പിലാക്കുകയും ഡിജിലോക്കർ വഴി രേഖകൾ സുരക്ഷിതമായി സൂക്ഷിക്കുകയും ചെയ്യാനാവും എന്നതാണ് ഇതിൻറെ മേന്മയായി വിശദീകരിക്കുന്നത്. ആധാർ പദ്ധതിയുടെ കാര്യത്തിൽ സംഭവിച്ചത് പോലെ ഇതും ഔദ്യോഗികമായി നിർബന്ധിതമല്ല. യൂണിയൻ ഗവൺമെന്റിന്റെ വിദ്യാഭ്യാസ വകുപ്പിന്റെ വെബ്സൈറ്റിൽ ഇത് നിർബന്ധമല്ലെന്ന് വിശദമാക്കിയിരിക്കുന്നത് കാണാം. എന്നാൽ സ്കൂളുകൾക്കും വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഓഫീസുകൾക്കും ടാർഗറ്റ് നിശ്ചയിച്ചുകൊണ്ട് 100% വിദ്യാർത്ഥികളെയും ഈ പദ്ധതിയുടെ ഭാഗമാക്കാനുള്ള ശ്രമമാണ് ഗവൺമെൻറ് നടത്തുന്നത്. ആധാറുമായി ബന്ധപ്പെടുത്തി വിവരങ്ങൾ ശേഖരിച്ച് സൂക്ഷിക്കുന്നത് വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ‘അറിവോടെയുള്ള സമ്മത’ത്തോടെ കൂടിയാണെന്നാണ്, ഔദ്യോഗിക ഭാഷ്യം. എന്നാൽ സമ്മർദ്ദങ്ങളിലൂടെയും ഭീഷണികളിലൂടെയും സമ്മതം നിർബന്ധിതമായി വാങ്ങുകയാണ് ചെയ്യുന്നത്. നീറ്റ് പരീക്ഷയ്ക്ക് പോലും അപാർ നിർബന്ധിതമല്ലെന്ന് അധികൃതർ പറയാൻ തയ്യാറായത് വലിയ പ്രതിഷേധങ്ങൾ ഉയർന്നു വന്നപ്പോൾ മാത്രമാണ്.

വിയോജിപ്പിന്റെ സ്വരങ്ങൾ 

നിർബന്ധിത സമ്മതത്തിനെതിരെ പ്രതിഷേധങ്ങൾ ഉയർന്നു വരുന്നുണ്ട്. ‘നിർബന്ധിതമായി ഒരാളുടെ സമ്മതം സംഘടിപ്പിക്കുന്നത് ക്രൈം ആണെന്ന വസ്തുതയുമുണ്ട്.   യാതൊരു നിയന്ത്രണങ്ങളുമില്ലാതെ പ്രവർത്തിക്കുന്ന ഇത്തരം സാങ്കേതിക സംവിധാനങ്ങളുടെ ദൂഷ്യഫലങ്ങൾ പുറത്തുവരുമ്പോൾ കൈകഴുകുന്ന സമീപനമാണ് ഗവൺമെൻറ് സ്വീകരിച്ചു പോരുന്നത്.  ശാസ്ത്ര സാങ്കേതിക വിദ്യയുടെ തിളങ്ങുന്ന നിറങ്ങൾ ഉപയോഗിച്ച് അലങ്കരിച്ച ഏകാധിപത്യ സംവിധാനങ്ങൾ ഇക്കാലത്ത് ഭരണകൂടത്തിന്റെ അടിസ്ഥാന പ്രവർത്തനങ്ങളുടെ ഭാഗമാണ്. യഥാർത്ഥത്തിൽ അപാർ പദ്ധതിയുടെ  ലക്ഷ്യം വിദ്യാഭ്യാസമല്ല, രാജ്യത്തെ ഓരോ വിദ്യാർത്ഥിയുടെയും ജീവിതഘട്ടങ്ങളിൽ ഓരോന്നിലും അധികാരത്തിന്റെ മുദ്ര പതിപ്പിക്കുന്ന പ്രക്രിയയാണിത്. അത് ജനാധിപത്യപരമായ സാങ്കേതിക പുരോഗതി അല്ല, അനുസരണയുടെയും അടിമത്തത്തിന്റെയും അടയാളപ്പെടുത്തലാണ്.

വിവരസുരക്ഷ;  നിയമമില്ലായ്മയാണ് നയം

വിവര സുരക്ഷാ സംവിധാനങ്ങൾ ക്രൂരമായ ഒരു തമാശയായി മാത്രം നിലനിൽക്കുന്ന ഇന്ത്യ പോലൊരു രാജ്യത്ത്, ഇത്തരം കേന്ദ്രീകൃത വിവര സഞ്ചയങ്ങൾ തീർക്കുന്ന അപകടം വലുതാണ്. 2018-ൽ സ്വകാര്യത ഒരു മൗലികാവകാശമാണെന്ന് ഇന്ത്യൻ സുപ്രീംകോടതി വിധിച്ചിട്ടുള്ളതാണ്. തുടർന്ന് സമഗ്രമായ ഒരു വിവരസുരക്ഷാ നിയമം ആവശ്യമാണെന്ന നിർദ്ദേശവും ഉണ്ടായി. അഞ്ചുവർഷങ്ങൾക്ക് ശേഷം 2023 ലാണ് നിരവധി പാകപ്പിഴകൾ ഉള്ളതെങ്കിലും ഒരു നിയമം ഇന്ത്യൻ പാർലമെൻറ് പാസാക്കിയത്. എന്നിട്ടും അനുബന്ധ ചട്ടങ്ങൾ രൂപീകരിച്ച്, നിയമം നാളിതുവരെ നിലവിൽ വന്നിട്ടില്ല. പൗരരുടെ മൗലികാവകാശങ്ങളുമായി ബന്ധപ്പെട്ട വ്യവഹാരങ്ങൾക്ക് നിയമം അനിവാര്യമാണെന്നിരിക്കെ, യാതൊരു നിയമ പിൻബലവും ഇല്ലാതെയാണ് അപാർ നടപ്പിലാക്കുന്നത്. പദ്ധതിയുടെ നിയമസാധ്യത  ചോദ്യം ചെയ്യപ്പെടേണ്ടതാണ്. 

 ആധാർ ഡാറ്റാബേസുമായി ബന്ധപ്പെട്ട് നിരവധി വിവരചോരണങ്ങളുടെ വാർത്ത ഉണ്ടായിട്ടുണ്ട്.  500 രൂപയ്ക്ക് ആധാർ വിവരങ്ങൾ ഡാർക്ക് വെബ്ബിൽ ലഭ്യമായിരുന്നത് മുതൽ, ആധാർ ബയോമെട്രിക് വിവരങ്ങൾ ഉപയോഗിച്ച് കോടിക്കണക്കിന് രൂപ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് തട്ടിയെടുത്തത് വരെ, ഒരുപാട് സംഭവങ്ങൾ. പ്രായപൂർത്തി പോലും ആകാത്ത വിദ്യാർഥികളുടെ വിവരങ്ങൾ വ്യാപകമായി ശേഖരിച്ച് സൂക്ഷിക്കുന്ന അപാർ ഉയർത്തുന്ന ഭീഷണി ചെറുതല്ല. നിർബന്ധിതമല്ലെന്ന് ഔപചാരികമായി പറയുമെങ്കിലും, പദ്ധതിയിൽ നിന്ന് വിട്ടു നിൽക്കുക പ്രായോഗികമല്ല. ബ്യൂറോക്രാറ്റിക് ബ്ലാക്ക്മെയിൽ വഴി,  ഉണ്ടാക്കിയെടുക്കുന്ന സമ്മതത്തിന്റെ പേരിലാണ് ഇതൊക്കെയും നടക്കുന്നത്. വിവിധ വിദ്യാഭ്യാസ ആനുകൂല്യങ്ങൾ ഇതുമായി ബന്ധപ്പെടുത്തിയിരിക്കുന്നത് കൊണ്ട് വിദ്യാർഥികൾക്ക് മുന്നിൽ മറ്റു മാർഗങ്ങളില്ല. 

വിവരസുരക്ഷാരംഗത്ത് നിയന്ത്രണങ്ങൾ കൊണ്ടുവരുന്നതിനോട് മുഖം തിരിച്ചു നിൽക്കുന്ന സമീപനമാണ് ഗവൺമെൻറ് ഇന്ത്യയിലെക്കാലത്തും സ്വീകരിച്ചിട്ടുള്ളത്. ഇക്കാര്യത്തിൽ, യൂറോപ്യൻ യൂണിയൻറെ ജിഡിപി ആർ പോയിട്ട് ചൈനയുടെ പി ഐ പി എൽ മോഡൽ പോലും നമ്മുടെ നാട്ടിൽ സമീപകാലത്തൊന്നും നടപ്പിലാവാൻ പോകുന്നില്ല. അതുകൊണ്ടുതന്നെ, അപാർ, വിയോജിപ്പുകളെ ഇല്ലാതാക്കുവാനും ശിങ്കിടി മുതലാളിമാർക്ക് ലാഭം കൊയ്യാനുമുള്ള ഖനിയായി മാറാനാണ് സാധ്യത. വോട്ടും വോയിസും ഇല്ലാത്ത കുഞ്ഞുങ്ങളുടെ ഭാവിയെയാണത് ബാധിക്കുക.

ഇന്ത്യയിൽ വിവര സുരക്ഷാ നിയമം നിലവിൽ വരാത്തത് ഭരണകൂടത്തിന്റെ അശ്രദ്ധ കൊണ്ടല്ല, അവരുടെ നയം അതായതൂ കൊണ്ടാണ്. നിയമം കൊണ്ടുവരാത്തത് ഒരു തന്ത്രമാണ്. പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിലും കാര്യങ്ങൾ വ്യത്യസ്തമല്ല. അപാറിന്റെ തുടക്കവും, ക്രെഡിറ്റ് സംവിധാനവും വിദ്യാഭ്യാസ സ്ഥാപനങ്ങൾ അനുയോജ്യമായ തരത്തിൽ മാറാമെന്ന് സൗകര്യവും എല്ലാം ഉണ്ടെങ്കിലും ഇത് കൈകാര്യം ചെയ്യുമ്പോൾ ഉണ്ടാകുന്ന സ്വകാര്യത സുരക്ഷാ പ്രശ്നങ്ങളെക്കുറിച്ച് ഒന്നു സൂചിപ്പിക്കുക കൂടി ചെയ്തിട്ടില്ല. പാർലമെന്റിന്റെയോ ജുഡീഷ്യറിയുടെ അനുമതിയില്ലാതെ വിദ്യാഭ്യാസത്തെ ആധാറുമായി ബന്ധപ്പെടുത്തി വിവരശേഖരങ്ങൾ ഉണ്ടാക്കുന്നത് 2018-ലെ സുപ്രീംകോടതിയുടെ ആധാർ കേസിലെ വിധിക്ക് വിരുദ്ധമാണ്. പ്രായപൂർത്തിയാകാത്ത മനുഷ്യർക്ക് ആധാർ നിർബന്ധമാക്കാൻ കഴിയില്ല എന്നും ആധാർ ഇല്ലാത്തതുകൊണ്ട് അവരുടെ യാതൊരു ആനുകൂല്യവും നിഷേധിക്കപ്പെടരുത് എന്നും കോടതിവിധി വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഇവിടെ അതെല്ലാം കാറ്റിൽ പറത്തിയിരിക്കുന്നു. ആധാർ നിർബന്ധമാക്കാൻ പറ്റിയില്ലെങ്കിൽ അപാർ വഴി അതു സാധിക്കാം എന്നാണ് ഭരണകൂടത്തിന്റെ ചിന്ത.

വിദ്യാഭ്യാസ വിവരങ്ങൾ അടങ്ങുന്ന കേന്ദ്രീകൃത വിവരസഞ്ചയം ഒരു നേട്ടമല്ല, മറിച്ച് ഒരു ആയുധമാണ്. വിയോജിക്കുന്നവരെ ഭീകരവിരുദ്ധ നിയമം ഉപയോഗിച്ച് ജയിലിൽ അടയ്ക്കാനും, മാധ്യമപ്രവർത്തകരെയും സാമൂഹ്യ പ്രവർത്തകരെയും പെഗസിസ് പോലുള്ള ചാര സംവിധാനങ്ങൾ പ്രയോഗിച്ച് നിരീക്ഷിക്കുകയും ചെയ്യുന്ന ഒരു രാജ്യത്ത്, അപാർ പദ്ധതി കോടിക്കണക്കിന് വരുന്ന വിദ്യാർഥികളുടെ വിവരങ്ങൾ ശേഖരിക്കുക വഴി, ഇവരുടെ ചൊട്ട മുതൽ ചുടല വരെയുള്ള പ്രൊഫൈലിംഗ് നടത്തുകയാണ് ചെയ്യുന്നത്. ഇന്ന് ഗ്രേഡുകളാണ് അടയാളപ്പെടുത്തുന്നതെങ്കിൽ, നാളെ അവർ ഭരണകൂടത്തോടുള്ള വിധേയത്വത്തിന് മാർക്കിടും. ഓരോ വിദ്യാർത്ഥിയുടെയും പഠന വഴികൾ മനസ്സിലാക്കുവാനും നിരീക്ഷിക്കുവാനും സാധിക്കും. ഫാസിസ്റ്റ് ദർശനത്തിന് അനുഗുണമായ ആയുധമാണിത്. വിമർശനങ്ങളെ ജ്വലനത്തിന് മുന്നേ കെടുത്തി കളയാൻ സഹായിക്കുന്ന ആയുധം.

അഭിനവ ജാതി വ്യവസ്ഥ 

ആധാറെന്ന പോലെ അപാറും ആനുകൂല്യങ്ങൾ നൽകുന്നതിനുള്ള പദ്ധതി ആണെന്നാണ് വയ്പ്പ്. എന്നാൽ ആളുകളെ ഒഴിവാക്കുന്നതിനുള്ള സങ്കേതമാണിത്. ഇൻറർനെറ്റും ആധാറും ഒന്നുമില്ലാത്ത ഇന്ത്യയുടെ വിദൂരത ഗ്രാമങ്ങളിലെ വിദ്യാർഥികളെ ഒഴിവാക്കാനുള്ള സാങ്കേതികവിദ്യ. അവരെ സംബന്ധിച്ചിടത്തോളം അപാർ ഒരു ഡിജിറ്റൽ ഗില്ലറ്റിനാണ്. നടപ്പിലാകുന്നത് സമത്വമല്ല ഡിജിറ്റൽ സംവിധാനങ്ങൾ ഉപയോഗിക്കാൻ അറിയാത്തവരെയും ഇന്റർനെറ്റ് സൗകര്യങ്ങൾ ലഭ്യമല്ലാത്തവരെയും മുഖ്യധാരയിൽ നിന്നും ഒഴിവാക്കുന്ന അഭിനവ ജാതി വ്യവസ്ഥയാണിത്. അല്ലെങ്കിലും അസ്പ്റശ്യരെക്കുറിച്ചുള്ള ചിന്തകളൊന്നും കാവി രാഷ്ട്രത്തിൽ ഉണ്ടാവാൻ ഇടയില്ല.

അപാർ ഏകാധിപത്യ രാഷ്ട്രീയ ദർശനത്തിന്റെ അപകടകരമായ ഒരായുധമാണ്. തന്ത്രങ്ങളും സമ്മർദ്ദങ്ങളും ഉപയോഗിച്ച് നാടിൻറെ വരും തലമുറയെ കെണിയിൽ പെടുത്തുകയാണത് ചെയ്യുന്നത്. ധാർമികത തൊട്ട് തീണ്ടിയിട്ടില്ലാത്ത ഭരണസംവിധാനങ്ങളെ, നമ്മുടെ കുഞ്ഞുങ്ങളുടെ വിവരങ്ങൾ വിശ്വസിച്ചേൽപ്പിക്കുന്നത് വിഡ്ഢിത്തമാണ്. നമ്മുടെ കുഞ്ഞുങ്ങൾ, സമത്വവും, സ്വാതന്ത്ര്യവും സാഹോദര്യവും ജനാധിപത്യ മൂല്യങ്ങളും പുലരുന്നൊരു ഭാവി അർഹിക്കുന്നുണ്ട്, അവരെ വെറും ഫയലുകളായി മാറാൻ അനുവദിച്ചു കൂടാ. ഭരണഘടനപരമായ മാർഗ്ഗങ്ങളിലൂടെ, നിയമനിർമ്മാണ സഭയുടെ അംഗീകാരത്തോടെ, നമ്മുടെയൊക്കെ അറിവോടെയുള്ള സമ്മതത്തോടെ മാത്രമേ ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ ഗവൺമെന്റുകളെ അനുവദിക്കാവൂ.

The article was first published in Suprabhatham Daily

LEAVE A REPLY

Please enter your comment!
Please enter your name here