Home Blog Page 4

പ്രസംഗം നിർത്തി പ്രവർത്തിയാരംഭിച്ച ചീഫ് ജസ്റ്റിസ്

നിരാശയും വിവാദങ്ങളും മാത്രം ബാക്കിയാക്കിയ, ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ പിൻഗാമിയായി. ജസ്റ്റിസ് സഞ്ജീവ് ഖന്ന സുപ്രീംകോടതിയുടെ അമരത്തെത്തുമ്പോൾ വലിയ പ്രതീക്ഷയൊന്നും ഉണ്ടായിരുന്നില്ല. എന്നാൽ ആറു മാസത്തിനു ശേഷം അദ്ദേഹം പടിയിറങ്ങുന്നത് തലയുയർത്തിപ്പിടിച്ചു തന്നെയാണ്. സുതാര്യതയും, സംയമനവും, ഭരണഘടനാമൂല്യങ്ങളോടുള്ള വിട്ടുവീഴ്ചയില്ലാത്ത പ്രതിബദ്ധതയുമാണ് അദ്ദേഹത്തിന്റെ കാലഘട്ടത്തെ അടയാളപ്പെടുത്തുന്നത്.  

ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന

നീതിന്യായ രംഗത്ത് മികച്ച പാരമ്പര്യമുള്ള കുടുംബപശ്ചാത്തലത്തിലാണ് സഞ്ജീവ് ഖന്ന ജനിക്കുന്നത്. പിതാവ് ദേവരാജ് ഖന്നയും, അമ്മാവൻ എച്ച് ആർ ഖന്നയും ന്യായാധിപരായിരുന്നു. അടിയന്തരാവസ്ഥക്കാലത്തെ ഹേബിയസ് കോർപ്പസ് കേസിൽ, ഇന്ദിരാഗാന്ധി ഗവണ്മെന്റിന്റെ മനുഷ്യത്വ വിരുദ്ധതക്കെതിരെ  ഒറ്റയ്ക്ക് നിലപാട് സ്വീകരിച്ചതിന്റെ ഭാഗമായി ഇന്ത്യൻ ജുഡീഷ്യറിയുടെ ചരിത്രത്തിലെ ജാജ്വലമാനമായ ഒരധ്യായം എഴുതിചേർത്ത വലിയ മനുഷ്യനായിരുന്നു ജസ്റ്റിസ് എച്ച്.ആർ. ഖന്ന. നിലപാടുകളുടെ പേരിൽ ചീഫ് ജസ്റ്റിസ് പദവി നിഷേധിക്കപ്പെടുകയും, തുടർന്ന്  രാജി വച്ചു പോകുകയുമാണ് അദ്ദേഹം ചെയ്തത്. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ വിടവാങ്ങൽ ചടങ്ങിൽ ഏവരും പറഞ്ഞത്: “മരുമകനെയോർത്ത് ജസ്റ്റിസ് എച്ച്. ആർ. ഖന്ന അഭിമാനം കൊള്ളുകയേയുള്ളൂ എന്നാണ്.

2019-ൽ, ജ. സഞ്ജീവ് ഖന്ന, സീനിയറായിട്ടുള്ള പലരെയും മറികടന്ന് സുപ്രീം കോടതിയിൽ എത്തിയപ്പോൾ  അതൊരു വിവാദമായിരുന്നു, എന്നാൽ തന്റെ പ്രവർത്തി  കൊണ്ട് വിമർശകരെ നിശ്ശബ്ദരാക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. വളരെ ചെറിയ കാലം മാത്രമാണ് ചീഫ് ജസ്റ്റിസ് പദവിയിൽ  ഇരുന്നുള്ളുവെങ്കിലും, സുപ്രീംകോടതിയുടെ വിശ്വാസതയും നീതിന്യായ വ്യവസ്ഥയുടെ സ്വാതന്ത്ര്യവും വീണ്ടെടുപ്പിന്റെ പാതയിലാണെന്ന പ്രതീതി ജനിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു.   സമീപകാലത്ത് ഭരണഘടന തത്വങ്ങളെ മുറുകെപ്പിടിച്ച അപൂർവ്വം ചീഫ് ജസ്റ്റിസ്മാരിൽ  ഒരാളായിരുന്നു അദ്ദേഹം. 

സുപ്രധാന വിധികൾ

2024-ൽ ഇലക്ട്രൽ ബോണ്ട് ഭരണഘടന വിരുദ്ധം എന്ന് വിലയിരുത്തിയ വിധിയിൽ തെരഞ്ഞെടുപ്പുകളിലെ സുതാര്യതയുടെ പ്രാധാന്യം ഊന്നി പറയുന്നു. തെരഞ്ഞെടുപ്പ് ഫണ്ടുകളിലേക്ക് സംഭാവന നൽകുന്നവരുടെ സ്വകാര്യതയെക്കാൾ പ്രധാനപ്പെട്ടതാണ് വിശ്വാസ്യതയും സ്വതന്ത്രമായ തെരഞ്ഞെടുപ്പ് പ്രക്രിയയും എന്ന് അദ്ദേഹം പ്രസ്താവിച്ചു. തെരഞ്ഞെടുപ്പുകളിൽ വി വി പാറ്റ്, സമ്പൂർണ്ണമായി എണ്ണിത്തിട്ടപ്പെടുത്തണമെന്ന ആവശ്യം നിരാകരിച്ച സുപ്രീംകോടതി ബെഞ്ചിന്റെ ഭാഗമായിരുന്നു അദ്ദേഹം. 

ജാമ്യ ഹർജികളിൽ, വ്യക്തിസ്വാതന്ത്ര്യത്തിൻറെയും പൗരാവകാശത്തിന്റെയും പക്ഷത്തുനിന്ന് തീരുമാനങ്ങൾ എടുക്കാൻ തയ്യാറായി എന്നുള്ളതാണ് അദ്ദേഹത്തിൻറെ കാലഘട്ടത്തിലെ ഏറ്റവും വലിയ നേട്ടം. അരവിന്ദ് കെജ്രിവാളിനെതിരെ നടത്തിയ നീക്കങ്ങളെ വിമർശിക്കുകയും അദ്ദേഹത്തിൻറെ ജാമ്യം അനുവദിക്കുകയും ചെയ്ത വിധി പ്രധാനപ്പെട്ടതാണ്.  മനീഷ് സിസോഡിയ കേസിൽ, കള്ളപ്പണ നിരോധന നിയമത്തിന്റെ പരിധിക്കുള്ളിൽ നിന്നുകൊണ്ട് ഭരണകൂട അതിക്രമത്തെ നേരിടാൻ ജുഡീഷ്യറിക്ക് കഴിയുമെന്ന് രാജ്യത്തെ ബോധ്യപ്പെടുത്തുകയും ചെയ്തു.

ഭരണഘടനയുടെ അനുഛേദം 142 നൽകുന്ന പ്രത്യേക അധികാരം ഉപയോഗപ്പെടുത്തിക്കൊണ്ട്, വീണ്ടെടുക്കാനാകാത്ത വിധം തകർന്ന ബന്ധങ്ങളിൽ വിവാഹമോചനം അനുവദിക്കാവുന്നതാണെന്ന അദ്ദേഹത്തിന്റെ സമീപനവും പുരോഗമനപരമെന്ന് വിലയിരുത്തപ്പെട്ടു. എന്നിരുന്നാലും, ചീഫ് ജസ്റ്റിസ് ചന്ദ്ര ചൂഡിനൊപ്പം, അനുഛേദം 370 അപ്രസക്തമാക്കിയ നടപടി ശരി വച്ച വിധിയിൽ അദ്ദേഹം കൂടി ഭാഗഭാക്കായിരുന്നുവെന്ന കാര്യം വിസ്മരിച്ചു കൂടാ.

പ്രസംഗമല്ല, പ്രവർത്തിയാണ് വേണ്ടത് 

ചീഫ് ജസ്റ്റിസിനുള്ള വിടവാങ്ങൽ ചടങ്ങിൽ അറ്റോണി ജനറൽ ആർ വെങ്കട്ട രമണി അഭിപ്രായപ്പെട്ടത് പോലെ, ‘ലാളിത്യവും വ്യക്തതയും’ ആണ് അദ്ദേഹത്തിൻറെ വിധി ന്യായങ്ങളുടെ മുഖമുദ്ര എന്നു പറയാം.

അവധി ദിവസങ്ങളിൽ രാജ്യമാകെ സഞ്ചരിച്ച് പൗരാവകാശങ്ങളെ കുറിച്ചും ഭരണഘടനാ ധാർമികതയെ കുറിച്ചും നെടുനീളൻ പ്രഭാഷണങ്ങൾ നടത്തുകയും, കോടതിക്കകത്ത് സുപ്രധാനമായ ഭരണഘടനാ പ്രശ്നങ്ങളും പൗരാവകാശ വിഷയങ്ങളും ഉയർന്നു വരുമ്പോൾ നിശബ്ദത പാലിക്കുകയോ, ഭരണകൂടത്തിന് അനുകൂലമെന്ന് തോന്നാവുന്ന ബെഞ്ചുകളിലേക്ക് ആ വിഷയങ്ങൾ മാറ്റി നൽകുകയോ  ചെയ്തിരുന്ന  മുൻഗാമികളെ അപേക്ഷിച്ച്, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്ന നിലയിൽ ഭരണഘടനാ മൂല്യങ്ങളുടെ ജാഗ്രതയുള്ള കാവൽക്കാരനാവുക എന്ന കടമ സാമാന്യം വൃത്തിയായി ചെയ്തു എന്നതാണ് അദ്ദേഹത്തിൻറെ ഏറ്റവും വലിയ മേന്മ. അതുകൊണ്ടുതന്നെ തീവ്രദേശീയവാദികളിൽ നിന്നും, വലതുപക്ഷ രാഷ്ട്രീയ ദർശനം പിൻപറ്റുന്നവരിൽ നിന്നും രൂക്ഷമായ സൈബർ ആക്രമണം  അദ്ദേഹത്തിനെതിരെ ഉണ്ടായിട്ടുണ്ട്.  പ്രത്യേകിച്ചും വഖഫ് ഭേദഗതി നിയമവുമായി ബന്ധപ്പെട്ട കേസ് കൈകാര്യം ചെയ്ത രീതി സംഘപരിവാരത്തെ ചൊടിപ്പിച്ചു. വഖഫിന്റെ ഭരണകാര്യങ്ങളിൽ അമുസ്ലീങ്ങളെ ഉൾപ്പെടുത്തുന്ന നിയമത്തിനെതിരെ ശക്തമായ ചോദ്യങ്ങൾ ഉന്നയിക്കുകയും നിയമം സ്റ്റേ ചെയ്യുമെന്ന സൂചന നൽകുകയും അദ്ദേഹം ചെയ്തിരുന്നു. നിയമവൈജ്ഞാനികതയുടെ പക്ഷത്ത് നിന്ന് കൈക്കൊണ്ട കൃത്യമായ നിലപാടായിരുന്നിട്ടും, പരമോന്നത നീതിപീഠത്തെ ‘ശരിയത്ത് കോടതി’ എന്നുവരെ വിളിച്ച് ആക്ഷേപിക്കുന്ന നിലയുണ്ടായി.

അദ്ദേഹത്തിൻറെ ഭരണപരവും നീതിന്യായപരവുമായ പ്രാപ്തിയെ പരീക്ഷിച്ച മറ്റൊരു ഘട്ടം ഡൽഹി ഹൈക്കോടതി ജഡ്ജിയായ ജസ്റ്റിസ് യശ്വന്ത് വർമ്മയുടെ വസതിയിൽ നിന്നും പണം കണ്ടെത്തിയ സംഭവമാണ്. ആ വിഷയത്തിൽ ജഡ്ജിമാർ ഉൾപ്പെട്ട ഒരു കമ്മിറ്റിയെ നിയോഗിച്ച് ആഭ്യന്തര അന്വേഷണം നടത്തുവാൻതീരുമാനമെടുക്കുകയായിരുന്നു. 

സുപ്രീംകോടതി കൊളീജിയത്തിന്റെ നടപടിക്രമങ്ങൾ പരസ്യപ്പെടുത്താനുള്ള തീരുമാനം, ജുഡീഷ്യറിയുടെ ചരിത്രത്തിലെ, ജനാധിപത്യവൽക്കരണത്തിലേക്കുള്ള ഏറ്റവും പ്രധാനപ്പെട്ട ചുവടുവെപ്പായി കണക്കാക്കാം.  എല്ലാ ന്യായാധിപരുടെയും സ്വത്തുവിവരങ്ങൾ പ്രസിദ്ധീകരിക്കുകവഴി നീതിന്യായ സംവിധാനത്തിന്റെ സുതാര്യതയും വിശ്വാസ്യതയും പ്രധാനപ്പെട്ട  വിഷയങ്ങളായി അദ്ദേഹം പരിഗണിക്കുന്നുണ്ട് എന്ന സൂചന നൽകി.

വിശ്വാസം നഷ്ടപ്പെട്ടു കൊണ്ടിരുന്ന നീതിന്യായ സംവിധാനത്തിന് പുതുജീവൻ പകർന്ന കാലഘട്ടമായിരുന്നു ജ. സഞ്ജീവ് ഖന്നയുടേത്. മുൻഗാമികൾ തുടങ്ങിവച്ച ഡിജിറ്റൈസേഷന്റെയും ലൈവ് സ്ട്രീമിങ്ങിന്റെയും നടപടികൾ ശക്തമായി മുന്നോട്ടു കൊണ്ടുപോകാൻ അദ്ദേഹം ശ്രമിച്ചു. അതോടൊപ്പം കേസുകൾ പരിഗണിക്കുന്ന ബെഞ്ചുകൾ രൂപീകരിക്കുന്നതിൽ നിഷ്പക്ഷമായ സമീപനം സ്വീകരിച്ചതായും നമുക്ക് കാണാം. അതുവഴി ഭരണഘടനാ കോടതി ഭരണകൂട കോടതിയായി മാറിയിരിക്കുന്നു എന്ന വിമർശനത്തെ ഒട്ടൊന്ന് ശമിപ്പിക്കുവാൻ അദ്ദേഹത്തിന് കഴിഞ്ഞു. അതുപോലെതന്നെ വിരമിക്കലിനു ശേഷം ഒരു പദവിയും സ്വീകരിക്കില്ലെന്ന അദ്ദേഹത്തിന്റെ പ്രസ്താവനയും ശുഭസൂചകമാണ്. 

ജസ്റ്റിസ് ബി ആർ ഗവായി

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സ്ഥാനത്തേക്ക് എത്തുന്ന രണ്ടാമത്തെ ദളിതനാണ് ജസ്റ്റിസ് ബി ആർ ഗവായി. അദ്ദേഹത്തിൻറെ പിതാവ് ആർ എസ് ഗവായി മഹാരാഷ്ട്രയിൽ നിന്നുള്ള പ്രമുഖ ദളിത് നേതാവും ഗവർണറുമായിരുന്നു. അംബേദ്കറേറ്റ് രാഷ്ട്രീയത്തിന്റെ വക്താവായിരുന്ന അദ്ദേഹം ബുദ്ധമതം സ്വീകരിച്ചയാളാണ്. തൻറെ നീതിന്യായ ദർശനം അടിസ്ഥാനപരമായി സമത്വവും നീതിയും  നടപ്പിലാക്കുക എന്നതാണെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

അദ്ദേഹത്തിൻറെ ബെഞ്ചാണ് ബുൾഡോസർ നീതി നടപ്പിലാക്കുന്നതിനെതിരെ  ശക്തമായ നിലപാടെടുക്കുകയും, നിയമപരമായ നടപടിക്രമങ്ങളിലൂടെയല്ലാതെ മനുഷ്യരുടെ പാർപ്പിടങ്ങൾ തകർക്കുന്ന അധികാരികൾക്കെതിരെ നടപടികൾ സ്വീകരിക്കണമെന്ന് നിർദ്ദേശിക്കുകയും ചെയ്തത്.

മറ്റൊരു പ്രധാനപ്പെട്ട വിധി പട്ടികജാതി സംവരണത്തിൽ, ഉപവിഭാഗീകരണം അനുവദനീയമാണെന്ന ഉത്തരവാണ്. പട്ടികജാതി വിഭാഗത്തിനകത്ത് വിവേചനങ്ങളുണ്ടെന്നും അതിദുർബലരായ വിഭാഗങ്ങൾ ഉണ്ടെന്നും, നീതി നടപ്പാക്കുന്നതിന് അവരെ കണ്ടെത്തേണ്ടത് അനിവാര്യമാണെന്നുമുള്ള നിലപാടാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. പാരിസ്ഥിതിക വിഷയങ്ങളിലും ഫലപ്രദമായ ഇടപെടലുകൾ നടത്തിയ പാരമ്പര്യമുണ്ട് അദ്ദേഹത്തിന്.

2016-ലെ നോട്ട് നിരോധനം ശരിവച്ച സുപ്രീംകോടതി ബെഞ്ചിന്റെ ഭാഗമായിരുന്നു അദ്ദേഹം. അതുപോലെതന്നെ, അനുഛേദം 370 സംബന്ധിച്ച കേസിലും ഭൂരിപക്ഷ വിധിക്കൊപ്പമാണ് നിലകൊണ്ടത്. ഇലക്ട്രൽ ബോണ്ട് കേസിലുൾപ്പെടെ നിരവധി ഭരണഘടന ബെഞ്ചുകളുടെ ഭാഗമായി, സമകാലിക ഇന്ത്യയിലെ ഭരണഘടനാ നിയമവൈജ്ഞാനികതാ രൂപീകരണത്തിൽ നിർണായകമായ പങ്ക് വഹിച്ചിട്ടുണ്ട് അദ്ദേഹം.

അംബേദ്കറൈറ്റ് രാഷ്ട്രീയ പശ്ചാത്തലത്തിൽ നിന്നും ഉയർന്നുവന്ന വ്യക്തി എന്ന നിലയിൽ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പദവിയിലുള്ള  അദ്ദേഹത്തിൻറെ കാലഘട്ടത്തെ ആകാംക്ഷയോടെയാണ് രാജ്യം ഉറ്റു നോക്കുന്നത്. അടിസ്ഥാന ജനതയുടെ നീതിയും, സമൂഹത്തിന്റെ ജനാധിപത്യ വൽക്കരണവും, ഭരണഘടന ധാർമികതയുടെ പ്രചാരണവുമാണ് ദളിത് രാഷ്ട്രീയത്തിന്റെ ആത്യന്തികമായ അർത്ഥം. അത് നിയമവൈജ്ഞാനികതയിൽ ഉൾചേർത്തുകൊണ്ട് മുന്നോട്ടുപോകാൻ ഈ സംവിധാനത്തിനകത്ത് അദ്ദേഹത്തിന് കഴിയുമോയെന്ന് കാത്തിരുന്നു കാണേണ്ടതാണ്. അതിൽ ഏറ്റവും പ്രധാനം, സുപ്രീംകോടതിയിൽ പ്രാതിനിധ്യ സ്വഭാവം ഉറപ്പുവരുത്തുന്നതിനു വേണ്ടി അദ്ദേഹത്തിൻറെ നേതൃത്വത്തിലുള്ള എന്തു നടപടികളാണ് സ്വീകരിക്കുക എന്ന ചോദ്യമാണ്. 

അവധാനതയും സംയമനവും ഭരണഘടനാ മൂല്യങ്ങളോടുള്ള പ്രതിബദ്ധതയുമായിരുന്നു ജസ്റ്റിസ് ഖന്നയുടെ കാലഘട്ടത്തിന്റെ പ്രത്യേകത. അടുത്തദിവസം വഖഫ് ഭേദഗതി നിയമം വീണ്ടും പരിഗണനക്കെത്തുമ്പോൾ, ഇക്കാര്യത്തിൽ ജസ്റ്റിസ് ഗവായിയുടെ സമീപനം വ്യക്തമാകും. കൂറുമാറ്റ നിരോധന നിയമം, വിശ്വാസസ്വാതന്ത്രമായി ബന്ധപ്പെട്ട ശബരിമല റിവ്യൂ, മണി ബില്ലുകൾ സംബന്ധിച്ച കേസ്, തുടങ്ങി നിരവധി ഭരണഘടന പ്രാധാന്യമുള്ള വിഷയങ്ങൾ കോടതിക്ക് മുന്നിലുണ്ട്. ഇവയൊക്കെയും ഭരണകൂടവും പൊതുസമൂഹവും താല്പര്യത്തോടെ  കാത്തിരിക്കുന്ന വിഷയങ്ങളാണ്.

 ധാർമിക നിലപാടുകളുടെ തുടർച്ച. 

ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, തൻറെ വിടവാങ്ങൽ പ്രസംഗത്തിൽ പറഞ്ഞതുപോലെ: “പൊതുസമൂഹത്തിന് നീതിന്യായ സംവിധാനത്തിലുള്ള വിശ്വാസം നിർബന്ധപൂർവം നേടിയെടുക്കാൻ കഴിയുന്നതല്ല; അത് നമ്മൾ ആർജിച്ചെടുക്കേണ്ടതാണ്”. അതിനുള്ള ആത്മാർത്ഥമായ ശ്രമങ്ങൾ അദ്ദേഹം തന്റെ ചുരുങ്ങിയ കാലയളവിൽ നടത്തിയിട്ടുണ്ട്. അതിനെ മുന്നോട്ടു കൊണ്ടുപോകുവാൻ പുതിയ ചീഫ് ജസ്റ്റിസ് കഴിയണം. എല്ലാത്തരത്തിലുമുള്ള വിഭാഗീയതകളുടെയും പേരിൽ കനത്ത ധ്രുവീകരണം നടന്നുകൊണ്ടിരിക്കുന്ന സമകാലിക ഇന്ത്യയിൽ, ജനാധിപത്യ മൂല്യത്തിന്റെയും ഭരണഘടനാ ധാർമികതയുടെയും വെളിച്ചം എത്രമാത്രം പരത്തുവാൻ കഴിയും എന്നതിനനുസരിച്ചായിരിക്കും അടുത്ത ചീഫ് ജസ്റ്റിസിനെ  ചരിത്രം വിലയിരുത്തുക.

First published in Suprabhatham Daily on 14/05/2025

ദളിത് ചിന്ത സമൂഹത്തെ ആധുനികവൽക്കരിക്കുവാനും ജനാധിപത്യവൽക്കരിക്കുവാനുമുള്ള പോരാട്ടത്തിന്റെ അനിവാര്യമായ ഘടകമാണ്. | അഭിമുഖം: ഡോ. ടി എസ് ശ്യാംകുമാർ / പി ബി ജിജീഷ് 

താങ്കൾ ഇന്ന് കേരളത്തിലെ ഹിന്ദുത്വ വിമർശനത്തിന്റെ മുഖമാണ്. അതിന്റെ ഭാഗമായി രൂക്ഷമായ ആക്രമണങ്ങളും ഉണ്ടാവുന്നുണ്ട്. അസ്സോത്രിതമായ ഈ സൈബർ ആക്രമണം ഏത് കാലത്താണ് ആരംഭിച്ചത്?

സനാതന ധർമ്മ  വിവാദ കാലത്താണ് അതിൻറെ ആരംഭ. ‘സനാതനധർമ്മം കോവിഡ് പോലെ നിർമാർജനം ചെയ്യേണ്ട ഒന്നാണെ’ന്ന  സ്റ്റാലിന്റെ പ്രസ്താവനയോടെയാണ് അത് തുടങ്ങുന്നത്. സാമൂഹ്യ മാധ്യമങ്ങളിലൂടെയും വാർത്താമാധ്യമങ്ങളിലൂടെയും ആ പ്രസ്താവനയെ പിന്തുണയ്ക്കുന്ന ഇടപെടലുകൾ നടത്തിയപ്പോഴാണ് ഹിന്ദുത്വ ശക്തികൾ സംഘടിതമായ ആക്രമണം ആരംഭിച്ചത്.

 പലപ്പോഴും മറ്റു പല മറ്റു പല പ്രമുഖരുമായും താരതമ്യപ്പെടുമ്പോൾ താങ്കളെ പ്രത്യേകം തിരഞ്ഞുപിടിച്ച് ആക്രമിക്കുന്നു എന്ന തോന്നൽ എപ്പോഴെങ്കിലും ഉണ്ടായിട്ടുണ്ടോ?

തീർച്ചയായും. മാത്രമല്ല, നേരിട്ടുള്ള അനുഭവങ്ങളുമുണ്ട്. സിപിഐഎമ്മിന്റെ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് സനാതന ധർമ്മത്തെക്കുറിച്ച് കൊല്ലത്ത് വച്ച് നടന്ന സെമിനാറിൽ ഞാനും സുനിൽ പി ഇളയിടവും  ബിജെപിയുടെ കൃഷ്ണദാസും മേഴ്സി കുട്ടി അമ്മയുമൊക്കെ  പങ്കെടുത്തിരുന്ന.  സുനിൽ മാഷിന്റെയും എൻറെയും എല്ലാം സംസാരത്തിനുശേഷം പി കെ കൃഷ്ണദാസ് വേദിയിലെത്തി. അദ്ദേഹം ഇളയിടത്തിനെ  ആദരിച്ചും, അദ്ദേഹത്തിൻറെ അഭിപ്രായങ്ങളെ ഒരു പരിധിവരെ ബഹുമാനിച്ചും സംസാരിക്കുകയുണ്ടായി. എന്നാൽ എന്നെ  കടന്നാക്രമിച്ചു. രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. ഇത് മൂർത്തമായ ഒരു സാഹചര്യമാണ് സമൂഹത്തിലെ അറിയപ്പെടുന്ന ആളുകൾ പോലും പ്രതികരണത്തിൽ ഇങ്ങനെയൊരു പക്ഷപാതിത്വം കാണിക്കുന്നതായി തോന്നിയിട്ടുണ്ട്.

എന്താവാം അതിനു കാരണം?

കേവല രാഷ്ട്രീയ വിമർശനത്തിനപ്പുറം,  സനാതന ഹിന്ദു ധർമ്മത്തിന്റെ മഹത്തരമെന്ന് ഘോഷിക്കപ്പെടുന്ന ഗ്രന്ഥപാഠങ്ങൾ മുൻനിർത്തി  വിമർശനങ്ങൾ ഉന്നയിക്കുന്നതു കൊണ്ടാവും ഒരുപക്ഷേ ഇത്തരം പ്രവണത ഉണ്ടാവുന്നത്.  എനിക്ക്  വളരെ ചെറിയ പ്രായത്തിൽ തന്നെ സംസ്കൃതം പഠിക്കുവാനും ഗ്രന്ഥങ്ങൾ പരിചയപ്പെടാനും  ആ അറിവ് ഉപയോഗിക്കുവാനും കഴിഞ്ഞു എന്നുള്ളതാണ്.  ഒരു സംസ്കൃത അധ്യാപകനും ഗവേഷകനുമെ ന്ന  നിലയ്ക്കുള്ള എൻറെ പ്രവർത്തനങ്ങളെ അവർ അംഗീകരിക്കാൻ തയ്യാറല്ല..

 ഒരു ഉദാഹരണം പറഞ്ഞാൽ, ഒരിക്കൽ മുംബൈയിൽ ഒരു സെമിനാറിൽ പങ്കെടുത്ത് ഞാൻ തിരിച്ചുവരികയാണ്. ചത്രപതി ശിവജി വിമാനത്താവളത്തിൽ നിൽക്കവേ കേരളത്തിൽ നിന്നുള്ള ഒരു ആർ എസ് എസ്  പ്രചാരകനെ കണ്ടുമുട്ടി.  അദ്ദേഹം എന്നെ പരിചയമില്ലാത്ത ആളാണ്.  ഞാൻ ഒരു സംസ്കൃത അധ്യാപകനും ഗവേഷകനും ഒക്കെയാണെന്ന് മനസ്സിലാക്കിയപ്പോൾ ‘എന്തുകൊണ്ടാണ് ഒരു സംസ്കൃത അധ്യാപകൻ ഞങ്ങളോട് യോജിച്ചു പ്രവർത്തിക്കാത്തത് എന്ന് എന്നെ അത്ഭുതപ്പെടുത്തുന്നു’ എന്നാണ് അദ്ദേഹം പ്രതികരിച്ചത്.  ഞാൻ അദ്ദേഹത്തോട് ഒരുപക്ഷേ താങ്കൾക്കെന്നെ മനസ്സിലായിട്ടുണ്ടാവില്ലെന്നും ഗൂഗിളിൽ ഒന്ന് പരതി നോക്കിയാൽ പിടികിട്ടും എന്നും പറഞ്ഞു. കുറെ  സമയം കഴിഞ്ഞ് ഞങ്ങളുടെ യാത്രയായി കേരളത്തിൽ വിമാനം ഇറങ്ങിയപ്പോൾ അദ്ദേഹം എന്നെ കണ്ടിട്ടും കാണാത്ത ഭാവത്തിൽ നടന്നു പോവുകയാണുണ്ടായത് ഒരുപക്ഷേ പിന്നീടുള്ള ആ സമയം കൊണ്ട് എന്റെ പ്രവർത്തന മേഖല അദ്ദേഹത്തിൻറെ മനസ്സിലായിട്ടുണ്ടാവണം.

 സംസ്കൃതത്തെ ദേവഭാഷയായും ഇവരെ ഉയർത്തിപ്പിടിക്കുന്ന സാംസ്കാരിക മഹിമയുടെ പ്രതീകമായി ഒക്കെയാണ് കാണുന്നത്.   സംസ്കൃതം അറിയുന്നവരെയാണ് പണ്ഡിതനെന്ന് വിളിക്കുന്നത്. ആ സിംഹാസനത്തിലേക്ക് അധഃസ്ഥിത വിഭാഗത്തിൽ നിന്നും ഒരാൾ വന്നു കയറിയിരുന്നു എന്നുള്ളതാണോ അവരെ അസ്വസ്ഥരാക്കുന്നത്? 

അത്തരമൊരു അസ്വസ്ഥത ഉണ്ട് യഥാർത്ഥത്തിൽ. പക്ഷെ അത് മാത്രമല്ല പ്രശ്നം.  ദളിത് വിഭാഗത്തിൽനിന്ന് സംസ്കൃതം പഠിച്ച ഒരുപാട് പേർ കേരളത്തിലുണ്ട്.   സംസ്കൃതം പഠിച്ച ഒരു അധ്യാപകനായി ജോലി ചെയ്തു ജീവിക്കുന്നതിൽ ഇവിടെ ആർക്കും പ്രശ്നമൊന്നുമില്ല.  പക്ഷേ നമ്മൾ സംസ്കൃതം പഠിക്കുകയും അതിന് ഗ്രന്ഥപാഠങ്ങൾ വിശദീകരിക്കുകയും അത് മുന്നോട്ടുവയ്ക്കുന്ന വ്യവസ്ഥയ്ക്കും സംവിധാനത്തിനുമെതിരെ നിലപാടെടുക്കുകയും ചെയ്യുന്നു എന്നുള്ളതാണ് അവരുടെ പ്രശ്നം.  പഠിച്ച്, അതിൻറെ പാരമ്പര്യ മൂല്യവ്യവസ്ഥകളെ സേവിക്കുകയാണെങ്കിൽ അവർക്ക് പ്രശ്നമില്ല.  ജനാധിപത്യ വ്യവസ്ഥയെ ശക്തിപ്പെടുത്തുകയും ബ്രാഹ്മണ്യ മൂലവ്യവസ്ഥയെ ദുർബലമാക്കുകയും ചെയ്യുന്ന പോരാട്ടത്തിന്റെ ഭാഗമായതുകൊണ്ടാണ് എതിർപ്പുണ്ടാവുന്നത്.

വിമർശനങ്ങളെ സംസ്കൃതേതിഹാസ പുരാണ പാഠാപാരമ്പര്യങ്ങളുടെ വിമർശനമായി മാത്രം ഡോ. ശ്യാംകുമാർ ചുരുക്കി കാണുന്നു. അധഃസ്ഥിത വിഭാഗം നേരിടുന്ന സമകാലിക പ്രശ്നങ്ങൾക്ക് നേരെ കണ്ണടയ്ക്കുകയും ചെയ്യുന്നു എന്നൊരു വിമർശനം ഉയർന്നു  വരാറുണ്ട്. എങ്ങനെയാണ് ഇതിനോട്  പ്രതികരിക്കുക?

ഇത് വളരെ ആഴത്തിൽ മനസ്സിലാക്കേണ്ട ഒരു വിഷയമാണ്. ദളിത് രാഷ്ട്രീയം ഉയർത്തിപ്പിടിക്കുന്ന പലർക്കും ഈ ഹിന്ദുത്വ രാഷ്ട്രീയത്തെ നേരിടാനുള്ള ആശയ തെളിമ ഇല്ല. നമ്മുടെ രാജ്യത്ത് സംവരണം അട്ടിമറിക്കുന്നു, സ്കോളർഷിപ്പുകൾ നൽകാതിരിക്കുന്നു, ഗ്രാൻഡ് തടഞ്ഞു വയ്ക്കുന്നു, ദളിത്-മുസ്ലിം വിദ്യാർത്ഥികൾ പുറത്താക്കപ്പെടുന്നു, എന്നിങ്ങനെയുള്ള  സാഹചര്യമുണ്ട്.  വലിയ വിവേചനങ്ങൾ നേരിടുന്ന.  ഈ പുറന്തള്ള ഒരു യാഥാർത്ഥ്യമാണെന്ന് പറയുമ്പോൾ തന്നെ, ഈ നീതി നിഷേധം ഹിന്ദുത്വ പ്രത്യയശാസ്ത്രവും ബ്രാഹ്മണ്യം മൂല്യവ്യവസ്ഥിതിയും പ്രവർത്തിക്കുന്നതിന്റെ പ്രതിഫലനമാണെന്ന വസ്തുത നമ്മൾ മനസ്സിലാക്കണം. ഇതിഹാസ-വേദ-പുരാണ-ഉപനിഷത്ത് ഗ്രന്ഥ പാരമ്പര്യങ്ങളിലെല്ലാം അന്തർലീനമായ ബ്രാഹ്മണ്യ മേൽക്കോയ്മ വ്യവസ്ഥിതിയാണ്, ജാതി വ്യവസ്ഥിതിയാണ്  ഇതിൻറെ അടിസ്ഥാന ഘടകം എന്ന് നമ്മൾ തിരിച്ചറിയണം.  ഹിന്ദു രാഷ്ട്ര സംവിധാനത്തിന്റെ ആശയധികാര വ്യവസ്ഥിതിയെ അഭിസംബോധന ചെയ്യുകയും തകർക്കുകയും ചെയ്തെങ്കിൽ മാത്രമേ ഈ പ്രശ്നം പരിഹരിക്കാൻ കഴിയൂ.  അവകാശപ്പോരാട്ടവും പ്രത്യയശാസ്ത്രപരമായ വിമർശനവും ഒരുമിച്ച് മുന്നേറേണ്ടതുണ്ട്.   എനിക്കെതിരെ വിമർശനം ഉന്നയിക്കുന്ന ആളുകൾക്ക് ഇക്കാര്യത്തിൽ വ്യക്തതക്കുറവുണ്ടെന്നാണ് ഞാൻ  കരുതുന്നത്. 

 ഭൂമി ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ശ്യാംകുമാർ അഭിപ്രായം പറയുന്നില്ല എന്നു പറയാറുണ്ട്…

അതിനെയും നമുക്ക് ഒറ്റപ്പെട്ട വിഷയമായി കാണാൻ കഴിയില്ല. ദളിതർ  ഉൾപ്പെടെയുള്ളവർ വൈകുന്നേരം ജപിക്കുന്ന രാമനാമ കീർത്തനത്തിന്റെ അർത്ഥമെന്താണ്? ‘ഭംഗിയോടെ ഭൂമി തന്നെ ബ്രാഹ്മണർക്ക് നൽകുവാൻ  ഭാർഗവനായി വന്നുദിച്ച രാമ രാമ പാഹിമാം’എന്നാണ് പറയുന്നത്. . ഭൂമിക്ക് വേണ്ടിയുള്ള സമരങ്ങൾ വേണ്ടെന്നല്ല, പോരാട്ടങ്ങൾ വേണ്ടത് തന്നെയാണ് പക്ഷേ ബ്രാഹ്മണനു ഭൂമി കൊടുക്കുവാൻ സന്ധ്യക്ക് ഇരുന്നു നാമജപം നടത്തുന്നവർക്ക് പോരാട്ടത്തിന്റെ ഭാഗമാകാൻ കഴിയില്ലെന്നാണ് എൻറെ വാദം. അടിച്ചമർത്തപ്പെട്ടവരുടെ ആരാധനാ സങ്കേതങ്ങൾ ബ്രാഹ്മണ്യം കൈയേറിയതിന്റെ വലിയ ചരിത്രം തന്നെ കേരളത്തിലും ഇന്ത്യയിലും ഉണ്ട്.  ദേവപ്രശ്നം എന്ന പരിപാടിയിലൂടെ ദളിതരുടെയും പിന്നോക്കക്കാരുടെയും കാവുകളും സങ്കേതങ്ങളുമെല്ലാം ബ്രാഹ്മണ്യം കൈവശപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്.  ദളിതരുടെ ഉടമസ്ഥതയിലുള്ള ക്ഷേത്രങ്ങളിൽ പോലും പൂജാരി ആയിട്ട് ബ്രാഹ്മണർ വരണമെന്നാണ് ഈ മൂല്യബോധം അവരെക്കൊണ്ട് ചിന്തിപ്പിക്കുന്നത്. അധഃസ്ഥിത  വർഗ്ഗത്തിൻറെ സ്വത്താണ് ഇങ്ങനെ അന്യാധീനപ്പെട്ട പോവുന്നത്.  ഇത്തരം വിഷയങ്ങളിൽ പ്രത്യയശാസ്ത്ര ഹിംസക്കെതിരെയുള്ള ആശയ സമരം അനിവാര്യമാണെന്നുള്ള വസ്തുത ഇവർ തിരിച്ചറിയുന്നില്ല. 

ഈ ആശയത്തെ ഡൈനാമിറ്റ് വച്ച് തകർക്കാതെ, രാജ്യത്തെ ജനാധിപത്യം പുലരില്ല എന്ന നിലപാടുള്ള ആളായിരുന്നു അംബേദ്കർ…

 തീർച്ചയായും. ഇക്കാര്യത്തിൽ അദ്ദേഹത്തിന്  കൃത്യമായ നിലപാടുണ്ടായിരുന്നു.  ചില ആളുകൾ പറയുന്നത് ബ്രാഹ്മണിസമൊക്കെ പഴയ കാലഘട്ടത്തിലെ കാര്യങ്ങളാണ്, അതൊന്നും ഇപ്പോൾ പരിഗണിക്കേണ്ടതില്ല, അവകാശപ്പോരാട്ടങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചാൽ മതിയെന്നാണ്. ഈ അധികാര വ്യവസ്ഥിതിയുടെ ആശയാടിത്തറയെക്കുറിച്ച് ധാരണയില്ലാത്ത ആളുകളാണ് അങ്ങനെ പറയുന്നത്.  നമ്മൾ ശ്രദ്ധിക്കേണ്ട കാര്യം, ഈ വാദഗതി ഉന്നയിക്കുന്നവർക്ക് ഹിന്ദുത്വത്തെ അംഗീകരിക്കാൻ മടിയില്ല എന്നുള്ളതാണ്.  ഇതിൽ രണ്ടു പ്രശ്നങ്ങളാണുള്ളത്; ഒന്ന് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടികളോടുള്ള വിദ്വേഷം ഹിന്ദുത്വ ശക്തികളുമായി  അടുക്കാൻ പോലും അവരെ  പ്രേരിപ്പിക്കുന്നു എന്നുള്ളതാണ്. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളോട് ജനാധിപത്യപരമായ വിയോജിപ്പുകളും അഭിപ്രായവ്യത്യാസങ്ങളും എല്ലാം വളരെ പ്രസക്തമാണ്, എന്നാൽ ആ വിദ്വേഷത്തിന്റെ പേരിൽ ഹിന്ദുത്വ ശക്തികളിൽ, അല്ലെങ്കിൽ  ബിജെപിയിലേക്ക് ചെന്നെത്തുന്നു  എന്ന കാര്യം  ദൗർഭാഗ്യകരമാണ്.    ഇടതുപക്ഷത്തോടുള്ള എതിർപ്പ്  മൂർദ്ധന്യാവസ്ഥയിലെത്തിയിട്ട് ഹിന്ദുത്വയിലേക്ക് പോകുന്നതിനെ എങ്ങനെയാണ് അംഗീകരിക്കാൻ കഴിയുക?  രണ്ടാമത്തെ കാര്യം  അംബേദ്കർ വളരെ കൃത്യമായി  അനൈഹിലേഷൻ ഓഫ് കാസ്റ്റിൽ പറയുന്നുണ്ട്.  ധാർമികതയും നീതിയും നിഷേധിക്കുന്ന വേദങ്ങളും ശാസ്ത്രങ്ങളും ഡയനാമിറ്റ് വച്ച് തകർക്കണം.   ഇന്ത്യയിൽ ഇതിനെ താങ്ങി നടത്തുന്നത് ബ്രാഹ്മണിസമാണ്, അതിൻറെ  ശാസ്ത്രങ്ങളാണ്, ഈ ഗ്രന്ഥങ്ങളാണ് അതുകൊണ്ട്  ഈ പാരമ്പര്യ  അമ്മൂമ്മകഥകൾ റദ്ദ് ചെയ്യാതെ ഇന്ത്യക്ക് ഒരു ജനാധിപത്യ രാഷ്ട്രമായി തീരാൻ കഴിയില്ല എന്ന് അദ്ദേഹം പറയുന്നുണ്ട്. ഹിന്ദുമതത്തിൽ സമത്വമോ സ്വാതന്ത്ര്യമോ സാഹോദര്യമോ പരിപൂർണ്ണമായും സാധ്യമാകില്ല എന്ന തിരിച്ചറിവിൽ നിന്നാണ് അദ്ദേഹം ബുദ്ധമതം സ്വീകരിക്കുന്നത്. ചരിത്രകാരനായ മീരാ നന്ദ പറയുന്നുണ്ട്, അംബേദ്കർ ഒരു ആധുനിക ബുദ്ധനെ സൃഷ്ടിച്ചെടുക്കുകയായിരുന്നു എന്ന്. ആധുനികമായ ഇന്ത്യയ്ക്ക്, ഒരു പുതിയ ദേശരാഷ്ട്രത്തിന്, വേണ്ടുന്ന  ബുദ്ധനെയാണ് അദ്ദേഹം സൃഷ്ടിച്ചെടുത്തത്.   ബ്രാഹ്മണർ നിഷേധിക്കുന്ന സമത്വവും സ്വാതന്ത്രവും സാഹോദര്യവും ഉള്ള ഒരു ബുദ്ധമതത്തെയാണ് അദ്ദേഹം സൃഷ്ടിച്ചെടുക്കുന്നത്. ‘ ഈശ്വരൻ ഇല്ല എന്നതിനാൽ ധാർമികതയെ നമ്മൾ ദൈവമായി മുറുകെ പിടിക്കേണ്ടതുണ്ട്’  എന്നാണ് അദ്ദേഹം പറഞ്ഞത്. 

 ഇതിനെ ഭരണഘടനയുമായി ചേർത്തു വായിച്ചാൽ,  ഭരണഘടനയുടെ ത്രിത്വം എന്നറിയപ്പെടുന്ന ‘സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം’,  അതിൽ സാഹോദര്യത്തെയാണ് ജനാധിപത്യത്തിൻറെ കേന്ദ്രവിന്ദുവായി അംബേദ്‌കർ പ്രതിഷ്ഠിക്കുന്നത്.  ജനാധിപത്യം എന്നാൽ സാഹോദര്യം തന്നെയാണെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്.  ഫ്രറ്റേണിറ്റി എന്ന വാക്കിൻറെ അർത്ഥം മൈത്രി എന്ന ബുദ്ധസങ്കല്പത്തിലാണ് അദ്ദേഹം കണ്ടെത്തുന്നത്…  താങ്കളുടെ ഏറ്റവും പുതിയ പുസ്തകവും മൈത്രി എന്ന  ആശയവുമായി ബന്ധപ്പെട്ടതാണ്…. വെറുപ്പും വിദ്വേഷവും അപരവത്കരണവും അരങ്ങു വാഴുന്ന ഈ കാലത്ത് മൈത്രി എത്രമാത്രം പ്രധാനപ്പെട്ടതാണ്?

 സാഹോദര്യം എന്ന ആശയം ഫ്രഞ്ച് വിപ്ലവത്തിൽ നിന്നും വന്നതാണെന്ന ധാരണയുണ്ട്, എന്നാൽ ആ വാക്ക് ഞാൻ കണ്ടെത്തിയത് ബുദ്ധ പാരമ്പര്യത്തിൽ നിന്നാണെന്ന് അംബേദ്‌കർ പറയുന്നുണ്ട്. മൈത്രി എന്നു പറയുന്നത് സാധാരണ നിലയ്ക്കുള്ള സാഹോദര്യമല്ല,  അനുകമ്പയിലാണ്ട സാഹോദര്യം എന്നാണ് മൈത്രിയെ പറ്റി പറയേണ്ടത്.  പ്രധാനപ്പെട്ട നാല് തത്വങ്ങളാണ് മൈത്രി, കരുണം, മുദിത, ഉപേക്ഷ. അനുകമ്പയിലും തുല്യതയിലും അന്തർലീനമായ ഒന്നാണ് മൈത്രി.  മൈത്രി നിലവിൽ വരണമെങ്കിൽ സമത്വം വേണം. തുല്യതയുള്ള സമൂഹത്തിൽ മാത്രമേ മൈത്രി പ്രവർത്തിക്കുകയുള്ളൂ. സമൂഹത്തിൽ സാഹോദര്യം പുലരണമെങ്കിൽ രാജ്യത്ത് നിലനിൽക്കുന്ന ശ്രേണീകൃത അസമത്വം ഇല്ലാതെയാവണം. രാഷ്ട്രീയവും സാമൂഹികവും സാമ്പത്തികവുമായ സമത്വം സമൂഹത്തിൽ നിലവിൽ വരണം. സമൂഹത്തെ സമത്വത്തിലേക്ക് കൊണ്ടുവരണമെങ്കിലും സാഹോദര്യം വേണം, സമൂഹത്തിൽ സമത്വം തുടരണമെങ്കിലും സാഹോദര്യം വേണം. ‘എല്ലാവരും ആത്മ സഹോദരർ  എന്നല്ലോ പറയേണ്ടതോർക്കുകിൽ  നാം’ എന്നാണല്ലോ നാരായണഗുരു സ്വാമികൾ പറഞ്ഞത്. ഗുരുദർശനത്തിന്റെയും അടിസ്ഥാനം സാഹോദര്യമായിരുന്നു. സാഹോദര്യത്തിന്റെ സമകാലിക പ്രസക്തി എന്നു പറയുന്നത്…  ഇന്ത്യൻ സമൂഹത്തിൽ വെറുപ്പിന്റെ വേരു കിടക്കുന്നത് ജാതിവ്യവസ്ഥയിൽ ആണെന്ന് നമുക്കറിയാം, . ഇസ്ലാമോഫോബിയയുടെ  വേരുകൾ പോലും ജാതീവ്യവസ്ഥയിലാണ്. ജാതി വ്യവസ്ഥിതി എങ്ങനെയാണോ അടിസ്ഥാന വർഗ്ഗത്തെ സ്ഥാനപ്പെടുത്തിയിട്ടുള്ളത്, അതുപോലെതന്നെയാണ് ഇന്ത്യൻ ബ്രാഹ്മണ്യം മുസ്ലിങ്ങളെയും  അധഃസ്ഥിതരാക്കി അടയാളപ്പെടുത്തിയിട്ടുള്ളത്.

ജാതീയത മുന്നോട്ടുവയ്ക്കുന്ന ശ്രേണീകൃത അസമത്വം ഇസ്ലാമും ക്രിസ്തുമതവും ഒന്നും അംഗീകരിക്കുന്നില്ലാത്തതുകൊണ്ടാണോ…

അത് കുറച്ച് ആഴത്തിൽ പരിശോധിക്കേണ്ട ഒരു വിഷയമാണ്.  1932-ൽ  ക്ഷേത്രപ്രവേശന റിപ്പോർട്ട് വരുന്നു റിപ്പോർട്ട്  വരുന്നുണ്ട്.  ഉള്ളൂർ എസ് പരമേശ്വരയ്യർ ആണ് റിപ്പോർട്ട് തയ്യാറാക്കിയ സമിതിയുടെ അധ്യക്ഷൻ. ആ റിപ്പോർട്ടിൽ പറയുന്നുണ്ട് മുഹമ്മദൻ മതം വ്യാപിച്ചു വരുന്നതിനാൽ ജാതിവ്യവസ്ഥയ്ക്ക് കോട്ടം തട്ടി എന്നാണ്. മിഷനറിമാരുടെ പ്രവർത്തനങ്ങൾ ജാതി വ്യവസ്ഥയ്ക്ക് പരിക്കേൽപ്പിച്ചുവെന്നും റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുണ്ട്. 

വിവേകാനന്ദൻ കേരളത്തെ ഭ്രാന്താലയം എന്ന് വിളിച്ചതും ഇതേ കാരണം കൊണ്ടല്ലേ?

 തീർച്ചയായിട്ടും അതെ.  വിവേകാനന്ദൻ ജനിക്കുകയും ജീവിക്കുകയും യാത്ര  ചെയ്യുകയും ചെയ്ത ഇടങ്ങളിൽ ജാതി വ്യവസ്ഥ ഇല്ലാതിരുന്നിട്ടില്ലല്ലോ.  ഇവിടത്തേക്കാൾ രൂക്ഷമായ ജാതീയത നിലനിന്നിരുന്ന സ്ഥലങ്ങളുണ്ട്.  എന്നാൽ ഇവിടെ,  അധഃസ്ഥിതർ  മുസ്ലിമോ ക്രിസ്ത്യാനിയോ ആയാൽ അവർക്ക് അന്തസ്സോടെ പൊതുനിരത്തിലൂടെ നടക്കാൻ സാധിക്കുന്നു.   ഇതു കണ്ടിട്ടാണ് വിവേകാനന്ദൻ കേരളം ഭ്രാന്താലയമാണെന്ന് പറഞ്ഞത്.  കേരളത്തിലെ വിഭാഗം മതപരിവർത്തനതിലൂടെ അന്തസ്സുള്ള ജീവിതം നയിക്കാനാരംഭിച്ചത് കണ്ടിട്ടാണ്. വിവേകാനന്ദൻ ജാതിവ്യവസ്ഥക്കെതിരെ പോരാടിയ ആളാണ്, വലിയ പുരോഗമനവാദിയാണ് എന്നൊക്കെയാണ് കേരളത്തിലെ പൊതുഭാഷ്യം. എന്നാൽ അദ്ദേഹം ജാതിവ്യവസ്ഥയെ പിന്തുണയ്ക്കുകയും അത് നിലനിൽക്കുകയും ചെയ്യണമെന്ന് ആഗ്രഹിച്ച വ്യക്തിയാണ്.  ആര്യൻ വംശീയതയിൽ വിശ്വസിച്ച, ഹിന്ദുമതത്തിൽ നിന്ന് പുറത്തു പോകുന്ന ഏതൊരാളും മതത്തിൻറെ ശത്രുവാണെന്ന് എഴുതിയ ആളാണദ്ദേഹം.  രക്തസങ്കലനം  തടഞ്ഞതു കൊണ്ടാണ് ആര്യ സംസ്കാരം നിലനിന്നതെന്നും ആര്യ വംശം ദ്രാവിഡ വംശത്തിൽ നിന്നും വ്യത്യസ്തമായ ഉന്നതമായ വംശമാണെന്നും,  ജാതി വ്യവസ്ഥ നല്ലതാണെന്നും ബ്രാഹ്മണ്യം വന്നതോടെ ഇന്ത്യയിലെ സാമൂഹിക പ്രശ്നങ്ങൾക്ക് പരിഹാരമായി എന്നുമൊക്കെ ധാരാളമായി പ്രസംഗിച്ച ആളാണ്. വിവേകാനന്ദ സാഹിത്യ സർവസ്വത്തിൽ ഇതെല്ലാം രേഖപ്പെടുത്തിയിട്ടുണ്ട്. കാര്യങ്ങൾ  ഇങ്ങനെ ആയിരിക്കെ,  അദ്ദേഹത്തെ നവോത്ഥാനത്തിന്റെയും പുരോഗമന ചിന്തയുടെയും പ്രതീകമായി ചിത്രീകരിക്കുന്നതിൽ പിശകുണ്ട്. ഇത് വളരെ നേരത്തെ തിരിച്ചറിഞ്ഞ ആളാണ് സഹോദരൻ അയ്യപ്പൻ.  വിവേകാനന്ദ സ്വാമികൾ ഇന്ത്യയ്ക്ക് വെളിയിൽ പോയി ജാതി വ്യവസ്ഥയെ വാർണിഷ് ഇട്ട് കാണിക്കുകയായിരുന്നു എന്ന് അദ്ദേഹം പറയുന്നുണ്ട്. 

 ഹിന്ദുത്വത്തിന്റെ വളർച്ചയിൽ ഒരു മതമെന്ന നിലയിൽ ഹിന്ദുയിസത്തിന്റെയും  ഭാഷ എന്ന നിലയിൽ സംസ്കൃതത്തിന്റെയും പങ്ക് ഒന്ന് വിശദീകരിക്കാമോ?  സമകാലിക വിഷയങ്ങളിൽ ഇടപെടുന്നില്ല എന്ന ആരോപണം ഉന്നയിക്കുന്നവർ പരിഗണിക്കാതെ പോകുന്ന ഒരു കാര്യം കൂടിയാണ് ഇത്…

ഈ ചോദ്യത്തിന് രണ്ടുവശങ്ങളുണ്ട്.  സമകാലിക വിഷയങ്ങളെ പരാമർശിക്കാതെ വേദപാഠങ്ങളെ മാത്രം വിമര്ശിക്കുന്നതെന്തുകൊണ്ട്   എന്ന ചോദ്യമുന്നയിക്കുന്നവരുണ്ട്.  അത് തീർത്തും തെറ്റാണ് സുപ്രഭാതം ദിനപത്രത്തിൽ തന്നെ സമകാലിക വിഷയങ്ങളെക്കുറിച്ച് നിരവധി ലേഖനങ്ങൾ ഞാനെഴുതിയിട്ടുണ്ട്. ഇവർ എൻറെ സാമൂഹിക ഇടപെടലുകളെ അദൃശ്യവൽക്കരിക്കാനും തമസ്കരിക്കുവാനും ശ്രമിക്കുന്നു.  അതിലൂടെ ഹിന്ദുത്വവാദികളുടെ ശക്തമായ ആക്രമണം നേരിടുന്ന എന്നെ, അവർക്ക് തന്നെ എറിഞ്ഞു കൊടുക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്.

 രണ്ടാമത്തെ കാര്യം ഇത്തരം വിമർശനം ഉന്നയിക്കുന്നവർ ഹിന്ദുത്വത്തിന്റെ അടിസ്ഥാന പ്രശ്നങ്ങളെ ആഴത്തിൽ മനസ്സിലാക്കുവാനോ പ്രശ്നവൽക്കരിക്കാൻ ശ്രമിക്കുന്നില്ല എന്നതാണ്.   ഇപ്പോൾ അയോധ്യയിൽ രാമക്ഷേത്രം പണിതു.  അത് സാധ്യമായത് രാമായണം സീരിയലിലൂടെ, ശ്രീകൃഷ്ണ പരമ്പരയിലൂടെ, ജയ് ഹനുമാൻ കഥകളിലൂടെ, രാമക്ഷേത്രത്തിന് അനുകൂലമായ ഒരു സാമൂഹിക വികാരം വളർത്തിയെടുത്തതിനുശേഷം ആണ്.  ചരിത്രപണ്ഡിതരായ റോമില താപ്പറെ പോലെയുള്ള ആളുകൾ ഇത് വിശദീകരിച്ചിട്ടുണ്ട്.  ഗുജറാത്ത് കലാപത്തെ കുറിച്ച് പുസ്തകം എഴുതിയ  രേവതി ലോൾ, രാമായണം എങ്ങനെയാണ് സമൂഹത്തിൽ വെറുപ്പ് സൃഷ്ടിക്കുന്നതിന് ഉപയുക്തമായത് എന്ന്  വ്യക്തമാക്കുന്നുണ്ട്.  സാമൂഹിക യാഥാർത്ഥ്യങ്ങൾക്കപ്പുറം എങ്ങനെയാണ് ഒരു ഇതിഹാസ കഥയ്ക്ക് സ്വാധീനമുണ്ടാക്കാൻ കഴിയുന്നത് എന്ന് നമ്മൾ പരിശോധിക്കേണ്ടതാണ്.

 മറ്റൊരു കാര്യം ശ്രദ്ധിക്കുക.  ഇപ്പോൾ പിന്നോക്ക വിഭാഗങ്ങളുടെ കൈവശമുള്ള ക്ഷേത്രങ്ങളിൽ പോലും പൂജയ്ക്ക് വരുന്നത് നമ്പൂതിരി വിഭാഗത്തിൽപ്പെട്ട ആളുകളാണ്.  ദളിതരുടെയും ആദിവാസികളുടെയും ബഹുജനങ്ങളുടെയും സമ്പത്ത് ബ്രാഹ്മണ്യത്തിലേക്ക് ഒഴുകുകയാണ്.   ഈ വിമർശനമുന്നയിക്കുന്നവർ അത് കാണുന്നതേയില്ല. ഇത് അഭിസംബോധന ചെയ്യാതെ മൂർത്തമായ പ്രശ്നങ്ങളെ പരിഹരിക്കാൻ നമുക്ക് കഴിയില്ല. ദളിത് ആദിവാസി വിഭാഗങ്ങളുടെ പ്രശ്നങ്ങൾ ഭരണകൂടത്തിന്റെ പരിഗണനാക്രമത്തിൽ പിന്നോട്ട് പോകുന്നതിന്റെ കാരണം നമ്മൾ മനസ്സിലാക്കേണ്ടതുണ്ട്.  ഐ.ഐ.ടി. പ്രൊഫസർമാർ വരെ പറയുന്നത് ഗോമൂത്രം കുടിച്ചപ്പോൾ എൻറെ അച്ഛൻറെ രോഗം മാറി എന്നാണ്.  അത്തരത്തിൽ ഹിന്ദുത്വ ആഖ്യാനങ്ങൾ സമൂഹത്തിൽ സ്വീകാര്യത നേടി കഴിഞ്ഞു. 

ദളിത് ബുദ്ധിജീവികളിൽ നിന്നും പ്രവർത്തകരിൽ നിന്നും നേരിടുന്ന വിമർശനങ്ങൾക്കപ്പുറം അക്കാദമിക തലത്തിൽ താങ്കൾക്ക് ബുദ്ധിമുട്ടുകൾ നേരിടേണ്ടി  വന്നിട്ടുണ്ടോ?

 രണ്ടു തരത്തിൽ, ഇതിനെ മനസ്സിലാക്കേണ്ടതുണ്ട്.  ഒന്ന് ഞാൻ  വ്യക്തിപരമായി അനുഭവിച്ചിട്ടുള്ള പ്രശ്നങ്ങൾ.  കൂടാതെ പൊതുവായി നിലനിൽക്കുന്ന  വിഷയങ്ങൾ.  കാലടി  സംസ്കൃത സർവകലാശാലയിൽ   സർവ്വകലാശാലയിൽ നിന്നും അധ്യാപക അഭിമുഖത്തിൽ തഴയപ്പെട്ട കാലഘട്ടം.   ഞാൻ അധ്യാപകനായി സർക്കാർ സർവീസിൽ പ്രവേശിക്കുന്നതിന് മുൻപ് ഒരു ഇൻറർവ്യൂവിൽ പങ്കെടുക്കുകയുണ്ടായി.  അവിടെ എന്നെ പഠിപ്പിച്ച ഒരു അധ്യാപിക തന്നെ എൻറെ സർട്ടിഫിക്കറ്റുകൾ കണ്ടിട്ട് ശരീരം  ആസകലം വേപഥു പൂണ്ട് വിയർക്കുന്നതാണ് ഞാൻ കണ്ടത്. നിങ്ങൾ എങ്ങനെ ഇൻറർവ്യൂവിൽ വന്നു എന്ന് പോലും ചോദിക്കുന്ന സാഹചര്യം ഉണ്ടായി.  അത്രമേൽ അസഹിഷ്ണുത നേരിട്ട് കണ്ടു. ഒരിക്കൽ സംസ്കൃത സർവകലാശാലയിൽ ഡോക്ടറൽ കമ്മിറ്റി കൂടിക്കൊണ്ടിരിക്കുന്ന ഘട്ടത്തിൽ,  ഗവേഷകരുണ്ട് അധ്യാപകരുണ്ട് വിദ്യാർത്ഥികൾ ഉണ്ട്…  ഒരു അധ്യാപകൻ എൻറെ സുഹൃത്ത് കൂടിയായ ദളിത് വിഭാഗത്തിൽപ്പെട്ട ഒരു വിദ്യാർത്ഥിയെ കുറിച്ച് പരസ്യമായി പറഞ്ഞത് “ ഹി ഈസ് എ ബിഗ് സീറോ”  എന്നാണ്. ഈ പറഞ്ഞ അധ്യാപകൻ ബ്രാഹ്മണനാണ്.  എന്നാൽ പുരോഗമനക്കാരായ മറ്റ് അധ്യാപകരോ വിദ്യാർത്ഥികളോ ഒന്നും ഇക്കാര്യത്തിൽ യാതൊരു നിലപാടും എടുത്തില്ല.  ഈ സംഭവം ഞാൻ അന്ന് തന്നെ ഫേസ്ബുക്കിൽ കുറിച്ചിരുന്നു.  കാലിക്കറ്റ് സർവകലാശാലയിൽ,  എനിക്ക് ലഭിക്കേണ്ട നിയമനം സംവരണ അട്ടിമറി മൂലം തടയപ്പെടുകയുണ്ടായി.  ആ വിഷയത്തിൽ ഞാൻ പട്ടികജാതി കമ്മീഷനെ സമീപിച്ചപ്പോൾ അത് വിശദമായി പരിശോധിച്ച് എനിക്ക് നിയമനം നൽകണമെന്ന് ഉത്തരവിട്ടതാണ്.  എന്നാൽ സർവ്വകലാശാല അക്കാര്യത്തിൽ യാതൊരു നടപടിയും സ്വീകരിച്ചില്ല.   സംവരണ ക്രമം തെറ്റി എന്ന്, ഡോ. അനുപമയുടെ വിഷയത്തിൽ സുപ്രീംകോടതി വളരെ വ്യക്തമായി പറഞ്ഞിട്ടും,  നടപടി ഉണ്ടായില്ല.  എൻറെ കൂടെ സംവരണ ക്രമം ഉൾപ്പെട്ട വിഷയത്തിലാണ് ഡോ. അനുപമയ്ക്ക് നിയമനം ലഭിച്ചത്.  അല്ലാതെ പ്രത്യേകമായി റൊട്ടേഷൻ പരിഗണിക്കുമ്പോൾ അല്ലല്ലോ.   റൊട്ടേഷൻ ക്രമം അനുസരിച്ച് എനിക്കും നിയമനം കിട്ടേണ്ടതാണ്.  ആ വിഷയത്തിലെ സുപ്രീംകോടതിയുടെയും ഹൈക്കോടതിയുടെയും ഉത്തരവുകൾ ഉദ്ധരിച്ചു കൊണ്ടാണ് ഞാൻ ഉൾപ്പെടെ മൂന്നുപേർക്ക് നിയമനം നൽകണമെന്ന്  കമ്മീഷൻ ഉത്തരവിട്ടത്. എന്നാൽ അത് ചെയ്യാതെ,  പട്ടികജാതി കമ്മീഷന്റെ ഉത്തരവ് റദ്ദ് ചെയ്യുന്നതിന് വേണ്ടി ഹൈക്കോടതിയിൽ പോവുകയാണ് സർവകലാശാല ചെയ്തത്.  കേരളത്തിലെ പുരോഗമനം എന്ന് പറയുന്ന പ്രസ്ഥാനങ്ങളോ രാഷ്ട്രീയ പാർട്ടികളോ ഞങ്ങളുടെ വിഷയത്തിൽ ഇടപെട്ടില്ല എന്ന വസ്തുത കേരളത്തിൻറെ പുരോഗമന നാട്യം എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്ന് വ്യക്തമാക്കുന്നു.

ഡോ. കുഞ്ഞാമന്റെ സമാനമായ അനുഭവങ്ങൾ നമ്മൾ വായിച്ചിട്ടുണ്ട്.  അത് മറ്റൊരു കാലഘട്ടത്തിൽ നടന്ന രീതിയിലാണ് സമൂഹം മനസ്സിലാക്കുന്നത്.  ഇന്നും അതിന് കാര്യമായ മാറ്റം ഒന്നും സംഭവിച്ചിട്ടില്ല എന്നല്ലേ…

അതെ.  നമ്മുടെ സർവകലാശാലകളിൽ ഭീകരമായ തരത്തിലാണ് സംവരണ അട്ടിമറി നടന്നുകൊണ്ടിരിക്കുന്നത്. സംസ്കൃത സർവകലാശാലയിലെ എൻറെ ഒരു അധ്യാപിക സമീപകാലത്ത് ഒരു സ്വകാര്യസംഭാഷണത്തിൽ എന്നോട് പറഞ്ഞത് ദളിത് വിദ്യാർത്ഥികൾക്ക് ഗവേഷണ മാർഗ്ഗദർശി ആവാൻ പല അധ്യാപകരും മടിക്കുന്നു എന്നാണ്.  ദളിത് അധ്യാപകരിൽ നിന്ന് ഭക്ഷണം വാങ്ങി കഴിക്കാൻ പോലും സവർണറിൽ ചിലർ മടിക്കുന്നു എന്ന കാര്യവും പറഞ്ഞു.  ഇന്ന് കേരളത്തിൽ അറിയപ്പെടുന്ന ഒരു കൂടിയാട്ട കലാകാരി, അവർ ഗവേഷണകാലത്ത് സർവകലാശാലയിൽ എന്നോടൊപ്പം ഉണ്ടായിരുന്ന വ്യക്തി കൂടിയാണ്,  ഭക്ഷണം കഴിക്കുന്ന സമയത്ത് ഞങ്ങളോട് പറഞ്ഞത് എൻറെ കറി മറ്റുള്ളവരുമായി പങ്കുവയ്ക്കുന്നതിൽ എനിക്ക് വിരോധമില്ല, എന്നാൽ മറ്റുള്ളവരുടെ കറി വാങ്ങുന്നതിൽ പ്രശ്നമുണ്ടെന്നാണ്.  മറ്റുള്ളവർക്ക് കറി കൊടുക്കുന്നത് പുരോഗമനപരമായ പ്രവർത്തിയായിട്ടാണ് അവർ കാണുന്നത് എന്നാൽ മറ്റുള്ളവരുടെ കറി വാങ്ങി കഴിക്കുന്നതിൽ അവർക്ക് ബുദ്ധിമുട്ടുണ്ട്.  ഈ കലാകാരി ഇടതുപക്ഷത്തിന് വേണ്ടി പ്രവർത്തിക്കുന്ന ആളാണ്, ഇലക്ഷനിൽ മത്സരിച്ചിട്ടുണ്ട്,  എന്നാൽ അവരുടെ മനസ്സിൽ ആ ജാതിബോധം മൂല്യം എത്രത്തോളം ശക്തമാണെന്നാണ് ഈ സംഭാഷണത്തിലൂടെ വെളിവാകുന്നത്.  അത്രമാത്രം ഭീകരമായാണ് നമ്മുടെ സമൂഹത്തിൽ ഈ പുറന്തള്ളൽ ഹിംസ നിലനിൽക്കുന്നത്.  ഗവേഷണ മേഖലയിൽ ഈ വിവേചനം ഉണ്ട്,  വിദ്യാർത്ഥികളോട് ഈ വിവേചനം നിലനിൽക്കുന്നുണ്ട്,  ആർ.എൽവി രാമകൃഷ്ണന്റെ അനുഭവം നമുക്ക് അറിയാമല്ലോ. 

നിലപാടുകളിലെ ദൃഢത മൂലം കേരളത്തിനകത്തും പുറത്തും താങ്കൾക്കെതിരെ അധിക്ഷേപങ്ങളും അക്രമ ശ്രമങ്ങളും സമീപകാലത്ത് ഉണ്ടായിട്ടുണ്ട്.  ഏറ്റവും ഒടുവിൽ  സിപിഐഎം പാർട്ടി കോൺഗ്രസുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിൽ വച്ച് ഉണ്ടായ സംഭവം വിശദീകരിക്കാമോ…

 തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിലെ അഴിമല എന്ന സ്ഥലത്ത് വച്ചാണ് പാർട്ടി കോൺഗ്രസുമായി ബന്ധപ്പെട്ട ഒരു സെമിനാറിന്  എന്നെ ക്ഷണിച്ചത്.  അവിടുത്തെ എംപിയും എംഎൽഎയും ഒക്കെ പങ്കെടുത്ത പരിപാടിയാണ്.  സനാതന ധർമ്മത്തെക്കുറിച്ച് പ്രഭാഷണം നടത്തുവാനാണ്  ഞാൻ പോയത്.  പ്രഭാഷണം നടന്നുകൊണ്ടിരിക്കുമ്പോൾ തന്നെ എന്തോ പ്രശ്നങ്ങൾ സംഭവിക്കാൻ പോകുന്നു എന്ന ഒരു സൂചന അന്തരീക്ഷത്തിലുണ്ടായിരുന്നു.  എന്നോടൊപ്പം ഉണ്ടായിരുന്ന ഡ്രൈവറും മറ്റും, പ്രഭാഷണം കഴിഞ്ഞപ്പോൾ തന്നെ എത്രയും പെട്ടെന്ന് ഇവിടെ നിന്ന് നമുക്ക് പോകേണ്ടതുണ്ട് എന്ന് പറഞ്ഞു.   അൽപ്പദൂരം മുന്നോട്ടു പോയപ്പോൾ തന്നെ ഞങ്ങളുടെ കാറ് തടഞ്ഞുനിർത്തി അക്രമകാരികൾ വളഞ്ഞു.  ഹിന്ദുത്വ പരിവാര ശക്തികളാണ് ഭീഷണിയുമായി വന്നത്.  എന്നെ ആക്രമിക്കുക എന്നത് തന്നെയായിരുന്നു ഉദ്ദേശം.  സിപിഐഎമ്മിന്റെ പ്രവർത്തകർ ശക്തമായി ഇടപെട്ടതിനെ തുടർന്നാണ് കാർ മുന്നോട്ടെടുക്കാൻ കഴിഞ്ഞത്.  സിപിഐഎമ്മും ബിജെപിയും തമ്മിൽ വലിയ സംഘർഷം അവിടെ ഉണ്ടായി.  സിപിഐഎം ഏരിയ സെക്രട്ടറി  ഉൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബിജെപി പോലീസ് സ്റ്റേഷൻ മാർച്ച് നടത്തി.  കന്യാകുമാരി ജില്ലയിലെ മുഴുവൻ പ്രവർത്തകരെയും ഉൾപ്പെടുത്തിക്കൊണ്ട് ബിജെപി എനിക്കെതിരെ യോഗം നടത്തി.  ഡോ. ശ്യാംകുമാർ ഹിന്ദു ദൈവങ്ങളെയും ഹിന്ദു സ്ത്രീകളെയും അപമാനിച്ചു എന്നാണ് അവരുടെ വാദം.  രാമനെയും കൃഷ്ണനെയും അപ്പച്ചനെയും നാരായണഗുരുവിനെയും ഒക്കെ മുൻനിർത്തിയാണ് ഞാൻ പ്രഭാഷണം നടത്തിയത്.  മനുസ്മൃതിയും മറ്റും സ്ത്രീകളെ എങ്ങനെയാണ് പുരുഷമേധാവിത്വപരമായ വ്യവസ്ഥിതിക്ക് കീഴിൽ അടക്കി നിർത്തിയിരുന്നത് എന്നാണ് പ്രതിപാദിച്ചത്.  അതാണ് സ്ത്രീകളെ അപമാനിച്ചു എന്ന രീതിയിൽ ഹിന്ദുത്വ ശക്തികൾ വ്യാഖ്യാനിക്കാൻ ശ്രമിച്ചത്.  അടുത്തദിവസം സിപിഐഎം ഈ വിഷയത്തിൽ ഒരു വിശദീകരണ യോഗവും നടത്തുകയുണ്ടായി. അതിനെ തുടർന്ന് ഒറ്റപ്പാലത്ത് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് നടത്തിയ പരിപാടിയിലും ഇത്തരത്തിൽ അതിക്രമത്തിനുള്ള ശ്രമം ഉണ്ടായി.  അവിടെ പരിപാടിയിൽ പങ്കെടുക്കാൻ ചെല്ലുമ്പോൾ  25 ഓളം പോലീസുകാർ ഉണ്ടായിരുന്നു.  എനിക്കെതിരെ എബിവിപിയുടെ ഭീഷണി ഉള്ളതുകൊണ്ടാണ് അത്രയധികം പോലീസുകാർ അവിടെ വന്നത് സംഘാടകർ എന്നോട് പറഞ്ഞു.  തമിഴ്നാട്ടിൽ മാത്രമല്ല, കേരളത്തിൽപോലും ചില സ്ഥലങ്ങളിൽ പ്രഭാഷണത്തിന് പോകുമ്പോൾ പ്രത്യക്ഷമായും ഭീഷണിയെ നേരിടേണ്ടി വരുന്നുണ്ട്. ഹിന്ദുത്വ ശക്തികൾ ഉയർത്തുന്ന ഭീഷണിക്കെതിരെ ജാഗ്രതയോടെയുള്ള പ്രവർത്തനം ഉണ്ടായില്ലെങ്കിൽ ഇടതുപക്ഷ കേരളം എന്ന സങ്കല്പം തന്നെ ഇല്ലാതാകുവാനും ഹിന്ദുത്വ ഭീകരതയ്ക്ക് കീഴ്പ്പാനുമുള്ള സാധ്യത നിലനിൽക്കുന്നുണ്ട്. 

ഇടതുപക്ഷത്തിന്റെ നിലപാടുകളെയും രാഷ്ട്രീയ  വിചാരങ്ങളെയും, പലപ്പോഴും രൂക്ഷമായ ഭാഷയിൽ വിമർശിച്ചിട്ടുള്ള വ്യക്തിയാണ് താങ്കൾ,  ഇപ്പോൾ ഇടതുപക്ഷ വേദികളിൽ താങ്കൾക്ക് ഒരു സ്വീകാര്യത ലഭിക്കുന്നുണ്ട്…

 സ്വീകാര്യതയുടെ പ്രശ്നമായിട്ടല്ല ഞാൻ ഇതിനെ കാണുന്നത്.  ഹിന്ദുത്വ ശക്തികൾക്കെതിരായ പോരാട്ടം യോജിക്കാവുന്ന എല്ലാവരുമായും യോജിച്ചു പ്രവർത്തിക്കുക എന്നുള്ളതാണ് എന്റെ നിലപാട്.  അക്കാര്യത്തിൽ ഇടതുപക്ഷത്തോടെ ആസ്പർശിത പുലർത്തേണ്ട കാര്യമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല.  സമത്വം സാഹോദര്യം തുല്യത എന്നിങ്ങനെയുള്ള മൂല്യങ്ങളെ ഉയർത്തിപ്പിടിക്കുന്ന ഒരു രാഷ്ട്രീയ ധാരയാണ്.  കമ്മ്യൂണിസ്റ്  പാർട്ടിക്ക് അങ്ങനെയൊരു നിലപാടാണുള്ളതെങ്കിൽ ഹിന്ദുത്വ ക്കെതിരായ പോരാട്ടത്തിൽ യോജിച്ചു  പ്രവർത്തിക്കുക എന്നതാണ് എൻറെ നിലപാട്.  ദളിതരോടും ബഹുജനങ്ങളോടും ഇടതുപക്ഷ പാർട്ടികൾ പൂർണമായും നീതിപുലർത്തുന്ന സമീപനമാണ് സ്വീകരിച്ചിരുന്നത് എന്ന നിലപാട് എനിക്കില്ല. 

അത്,  വളരെ വ്യക്തമാണ് താങ്കളുടെ എഴുത്തുകളിൽ നിന്ന് തന്നെ.  എന്നാൽ പലപ്പോഴും ദളിത് പക്ഷത്ത് നിൽക്കുന്ന പല ആളുകളും,  മുഖ്യശത്രുവായി ഇടതുപക്ഷത്തെയാണോ കാണുന്നത് എന്ന സംശയം തോന്നാറുണ്ട്…

 എന്നെ സംബന്ധിച്ച് ഇടതുപക്ഷം മുഖ്യശത്രുവല്ല.  ആരാണ്  നമ്മളെ സാമൂഹ്യനീതിയിൽ നിന്ന് പുറന്തള്ളുന്നത് എന്ന അടിസ്ഥാനപരമായ ചോദ്യമാണുന്നയിക്കേണ്ടത്. ആ സമയം കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയോട് ആണ് നമ്മൾ യുദ്ധം ചെയ്യാൻ പോകുന്നതെങ്കിൽ നമുക്ക് കാര്യങ്ങളെക്കുറിച്ച് വ്യക്തത ഇല്ല എന്നല്ലേ അതിൻറെ അർത്ഥം?   ഗോൾവാൾക്കാരുടെ വിചാരധാരയിൽ വളരെ കൃത്യമായി പറയുന്നുണ്ട് മുസ്ലീങ്ങൾ, ക്രിസ്ത്യാനികൾ, പിന്നെ കമ്മ്യൂണിസ്റ്റുകളും ആണ് തങ്ങളുടെ മുഖ്യ ശത്രുക്കൾ എന്ന്.   കേരളത്തിന് പുറത്ത് വളരെയധികം  വേട്ടയാടലുകൾ നേരിട്ടുകൊണ്ട് പ്രവർത്തിക്കുന്ന ഒരു പ്രസ്ഥാനമാണ്  ഇന്നും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം.  രാജ്യത്തിൻറെ പല ഭാഗത്തും ഭീകരമായ ഒരു അവസ്ഥയാണ് നിലനിൽക്കുന്നത്.  അങ്ങനെയിരിക്കെ ആരാണ് ശത്രു എന്ന് മനസ്സിലാക്കേണ്ടത് അനിവാര്യമാണ്. കേന്ദ്രസർക്കാർ അധികാരത്തിൽ വന്നതിനു ശേഷം കേന്ദ്രസർക്കാർ സ്ഥാപനങ്ങളിൽ സംവരണം കൃത്യമായി പാലിച്ചുകൊണ്ട് നിയമനങ്ങൾ നടത്തിയിട്ടുണ്ടോ?? പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യവൽക്കരിച്ചുകൊണ്ട് സംവരണത്തെ അട്ടിമറിക്കുന്ന നിലയിലേക്കെത്തിയിട്ടില്ലേ?  സെക്രട്ടറി തലത്തിൽ കേന്ദ്ര സർവീസിൽ  ഓ ബി  സി മൂന്നു ശതമാനത്തിൽ താഴെയേ  ഉള്ളൂ എന്ന് പറഞ്ഞത് പ്രതിപക്ഷ നേതാവല്ലേ?  മാനവ വിഭവശേഷി മന്ത്രാലയം പാർലമെൻറിൽ വച്ച കണക്കുപ്രകാരം ഇന്ത്യൻ ഐഐടികളിൽ 195 ദളിത്  അധ്യാപകരല്ലേ ജോലി ചെയ്യുന്നുള്ളൂ? ഇന്ത്യൻ സർവ്വകലാശാലകളിൽ 97% തസ്തികകളിലും സവർണർ അല്ലേ? കേരളത്തിൻറെ കാര്യത്തിലും സവർണ്ണ  ഒലീഗാർക്കി ആണ് സാമൂഹിക സാംസ്കാരിക രാഷ്ട്രീയ കാര്യങ്ങൾ തീരുമാനിക്കുന്നത്.  നമ്മുടെ സാംസ്കാരിക സ്ഥാപനങ്ങളുടെ അധ്യക്ഷ സ്ഥാനത്ത് എത്ര ദളിതരും ബഹുജനങ്ങളുമുണ്ടെന്ന് മാത്രം പരിശോധിച്ചാൽ മതി.  സർവകലാശാലകളിൽ വൈസ് ചാൻസിലർ ആയി എത്ര ദളിതർ വന്നിട്ടുണ്ട്, ആദിവാസികൾ വന്നിട്ടുണ്ട്? അങ്ങനെ പറയുമ്പോഴും മുഖ്യശത്രു കേരളത്തിലും ഹിന്ദുത്വം തന്നെയാണ്.  പുറമേ അരിവാൾ ചുറ്റിക നക്ഷത്രവും അകത്ത് പൂന്താനം നമ്പൂതിരിയും ആയിട്ടുമുള്ള ആളുകൾ ഇല്ലെന്നല്ല.  ആ വരേണ്യ മേധാവിത്വത്തിന്റെ പേരാണ് ഹിന്ദുത്വം എന്ന് പറയുന്നത്. ഏതെങ്കിലും ഒരു പാർട്ടിക്കെതിരെ നിലപാടെടുക്കുന്നതിനോട് എനിക്ക് യോജിപ്പില്ല.  സാമൂഹികവും സാംസ്കാരികവുമായ മേധാവിത്വത്തിന്റെ കാരണങ്ങളെ നമ്മൾ അഭിസംബോധന ചെയ്യണം.  അതിനുവേണ്ടി ഹിന്ദുത്വ ശക്തികൾക്കെതിരെ വിശാലമായ ഒരു ഐക്യം രൂപീകരിക്കാൻ നമ്മൾ തയ്യാറാവണം.  അതിനുവേണ്ടി പോരാടുന്ന എല്ലാ ശക്തികളും ഒപ്പം നിൽക്കുകയും വേദി പങ്കിടുകയും ചെയ്യുക എന്നുള്ളതാണ്.  ഞാൻ ഇടതുപക്ഷത്തിന് വേദികളിൽ മാത്രമല്ല,  മുസ്‌ലിം ലീഗ് സംഘടിപ്പിക്കുന്ന ഇസ്‌ലാമോഫോബിയക്കെതിരെയുള്ള  പരിപാടിയിൽ ഞാൻ പങ്കെടുക്കുന്നുണ്ട്.  എസ്എൻഡിപി സംഘടിപ്പിച്ച പരിപാടികളുടെ ഭാഗമായിട്ടുണ്ട്.

അതുപോലെതന്നെ ഉയർന്നുവരുന്ന ആരോപണമാണ് ഹിന്ദുത്വ ശക്തികൾക്കെതിരെ സംസാരിക്കുന്ന എല്ലാവരും ജിഹാദി ഫണ്ട്  കൈപ്പറ്റുന്നവർ ആണെന്ന്?

ഇത് പറയുമ്പോൾ നമ്മൾ ശ്രദ്ധിക്കേണ്ട ഒരു കാര്യം,  രാമായണത്തെ  സംബന്ധിച്ച് കഴിഞ്ഞ രണ്ടു വർഷവും ഞാൻ ലേഖനം എഴുതിയത് മാധ്യമത്തിലാണ്, പക്ഷേ ആ ലേഖനത്തിന്റെ പേരിൽ ഞാൻ ഒരു രൂപ പോലും മാധ്യമത്തിൽ നിന്ന് കൈ പറ്റിയിട്ടില്ല. ഒരു മാധ്യമ  സ്ഥാപനങ്ങളോടും ഞാൻ ലേഖനം എഴുതിയതിന്റെ കൂലി ആവശ്യപ്പെടാറില്ല.   എഴുത്തുജീവിതത്തെ സാമൂഹ്യപ്രവർത്തനത്തിന്റെ ഭാഗമായിട്ടാണ് ഞാൻ കാണുന്നത്.   എനിക്ക് ജീവിക്കുന്നതിന് ആവശ്യമായ ഒരു ജോലി ഞാൻ  ചെയ്യുന്നുണ്ട്. അധ്യാപനവൃത്തി കൊണ്ടാണ് ഞാൻ ജീവിക്കുന്നത്.

ഈ സംസാരത്തിന്റെ അവസാന ഘട്ടത്തിലേക്ക് കടന്നാൽ, ബ്രാഹ്മണിക്കൽ ആശയാധികാര വ്യവസ്ഥിതി  മുന്നോട്ടുവയ്ക്കുന്ന ആഖ്യാന പരിസരത്തെ മാറ്റി തീർക്കാൻ,  ഭാവിയിലേക്ക്, എന്ത് ഇടപെടലാണ് നടത്താൻ കഴിയുക എന്ന് ചിന്തിച്ചിട്ടുണ്ടോ…

 ദളിത് വാദം എന്ന് പറയുന്നത് വിശാലമായ ആധുനിക ജനാധിപത്യ വാദമാണെന്ന് ഡോ. സൂരജ് യങ്‌ഡേ  പറയുന്നുണ്ട്. എന്നാൽ അത് സ്വത്വവാദം ആണെന്ന ആക്ഷേപം കേരളത്തിൽ പലരും ഉന്നയിക്കുന്നുണ്ട്; തുറവിയില്ലാത്ത സ്വത്വവാദമാണ് എന്ന്. ഞാൻ അതിനോട് യോജിക്കുന്നില്ല. കാരണം ഈ സ്വത്വങ്ങളെ ഇന്ത്യൻ ഭരണഘടന അംഗീകരിച്ചിട്ടുള്ളതാണ്.  അതുകൊണ്ടാണ് പട്ടികജാതി  പട്ടികവർഗ്ഗ പിന്നാക്ക  ന്യൂനപക്ഷ വിഭാഗങ്ങളെയൊക്കെ ഭരണഘടന തിരിച്ചറിയുകയും സംവരണം ഉൾപ്പെടെയുള്ള നടപടികൾ ചേർക്കുകയും ചെയ്തിട്ടുള്ളത്.  ഈ വൈവിധ്യങ്ങളെ ഉൾക്കൊള്ളുന്നതിനും അംഗീകരിക്കുന്നതിനും ആണ് ആധുനിക ജനാധിപത്യ മൂല്യവ്യവസ്ഥിതി നിലനിൽക്കുന്നത്. എന്നാൽ കേരളത്തിലെ പുരോഗമന കാപട്യം ഇതിനെ സ്വത്വവാദം എന്ന നിലയ്ക്ക് അടയാളപ്പെടുത്തി.  ഇത് ഭരണഘടനയെത്തന്നെ വെല്ലുവിളിക്കുന്ന സമീപനമാണ്.  കാരണം ഭരണഘടന അടിസ്ഥാനപരമായി ഈ വൈവിധ്യങ്ങളെ അംഗീകരിക്കുന്നുണ്ട്. അത് ജനാധിപത്യത്തിൻറെ തുറവിയും വിമോചനപരവുമാണ്. അടിസ്ഥാനപരമായി ദളിത് ചിന്ത ജനാധിപത്യ ചിന്തയാണ്. അതിന്റെ ഊടും പാവും, ആത്മാവും ഞരമ്പുകളും നെയ്തെടുത്തിരിക്കുന്നത് മഹാത്മാ അയ്യങ്കാളിയിൽ നിന്ന്, മഹാത്മ ഫൂലെയിൽ നിന്ന് നാരായണഗുരുവിൽ നിന്ന്, ഡോ. അംബേദ്കറിൽ നിന്ന്…  ഇവരിൽ നിന്നൊക്കയാണ് ഈ ആശയത്തിന്റെ ഉറവ നമ്മുടെ സാമൂഹിക ശരീരത്തിലേക്ക് പടർന്നിട്ടുള്ളത്. ഇവരുടെ സാമൂഹിക നവോത്ഥാന വാദങ്ങളെ ഉയർത്തിപ്പിടിച്ചുകൊണ്ട് മുന്നോട്ടുപോവുക എന്നുള്ളതാണ് ദളിത് ആശയപ്രചാരകരുടെ കടമ, അത് അടിസ്ഥാനപരമായി ഇന്ത്യൻ സമൂഹത്തെ ആധുനികവൽക്കരിക്കുവാനും ജനാധിപത്യവൽക്കരിക്കുവാനുമുള്ള പോരാട്ടത്തിന്റെ അനിവാര്യമായ ഘടകമാണ്.

PUblished in Suprabhatham Daily on MAy 04, 2025

വിവരസുരക്ഷാ നിയമവും വിവരാവകാശവും 

ഇന്ത്യൻ ജനാധിപത്യത്തിന്റെ പരിണാമദശയിൽ ഒരു നാഴികക്കല്ലായിരുന്നു 2005-ലെ വിവരാവകാശ നിയമം. ഭരണാധികാരികളും ബ്യൂറോക്രസിയും ജനങ്ങൾക്ക് സുതാര്യമായിരിക്കണമെന്ന തത്വം രാജ്യത്ത് നടപ്പിലായത് ലോകത്തിന് തന്നെ മാതൃകയായ ഈ നിയമം നിലവിൽ വന്നതോടെയാണ്. വിവരാവകാശം, രാജ്യത്ത് അഴിമതിക്കെതിരായ പോരാട്ടത്തിനും ജനങ്ങളുടെ അറിയാനുള്ള അവകാശത്തിനും ആനുകൂല്യങ്ങളുടെ കാര്യക്ഷമമായ വിതരണത്തിനും പൗരാവകാശ സംരക്ഷണത്തിനും നിർണായക പങ്കുവഹിച്ചിട്ടുണ്ട്. എന്നാൽ 2023-ൽ പാസാക്കിയ വിവരസുരക്ഷാ നിയമം(ഡിജിറ്റൽ ഡാറ്റ പ്രൊട്ടക്ഷൻ ആക്ട്) വിവരാവകാശ നിയമത്തിൽ ശക്തി ചോർത്തും വിധത്തിലുള്ള ഭേദഗതികൾ വരുത്തിയിരിക്കുകയാണ്. ഇത് ഒറ്റപ്പെട്ട ഇടപെടലല്ല, വിവരാവകാശ നിയമത്തെ ദുർബലപ്പെടുത്താനുള്ള വിപുലമായ ഭരണകൂട പദ്ധതിയുടെ ഭാഗംമാണിത്.  നിയമത്തെ ബോധപൂർവ്വം ദുർബലപ്പെടുത്താനുള്ള ഈ നീക്കം നാം എതിർത്ത് തോൽപ്പിക്കേണ്ടതാണ്. ജനാധിപത്യത്തിൻറെ ഫലപ്രദമായ പ്രവർത്തനത്തിന് വിവരാവകാശവും സ്വകാര്യതയും തമ്മിലുള്ള സന്തുലനം അനിവാര്യമാണ്.

വിവരസുരക്ഷാ നിയമവും വിവരാവകാശവും

സ്വകാര്യത മൗലികാവകാശമാണെന്നു പ്രസ്താവിച്ച 2017-ലെ പുട്ടസ്വാമി കേസിലെ സുപ്രീംകോടതിയുടെ 9 അംഗ ഭരണഘടനാ ബെഞ്ചിന്റെ വിധിയോടുള്ള പ്രതികരണമായി രൂപീകരിച്ച ശ്രീകൃഷ്ണ കമ്മീഷന്റെ നിർദ്ദേശങ്ങളുടെ കൂടെ ഭാഗമായാണ് രാജ്യത്ത് വിവരസുരക്ഷാ നിയമം നിലവിൽ വരുന്നത്. എന്നാൽ, സ്വകാര്യതയും വിവരാവകാശവും തമ്മിലുള്ള ബാലൻസിംഗിനു വേണ്ടിയെന്ന പേരിൽ, വിവരസുരക്ഷാ നിയമത്തിന്റെ 44 (3) വകുപ്പിലൂടെ വിവരാവകാശ നിയമത്തിന്റെ വകുപ്പ് 8 (1)(ജെ) ഭേദഗതി ചെയ്തുകൊണ്ട്, രാജ്യത്തെ സുതാര്യതാ ചട്ടക്കൂടിനെ അട്ടിമറിക്കുന്നതിന് നാം സാക്ഷ്യം വഹിക്കുകയാണ്. വിവരാവകാശ നിയമത്തിലെ 8(1)(ജെ) ‘പൊതു താൽപ്പര്യം അടങ്ങിയിട്ടില്ലാത്ത സ്വകാര്യ വിവരങ്ങളെ’ നിയമത്തിന്റെ പരിധിയിൽ നിന്നും ഒഴിവാക്കിയിരുന്നു.  വെളിപ്പെടുത്തുന്നതിലൂടെ വ്യക്തിക്ക് ഉണ്ടാകുന്ന നഷ്ടം പൊതുതാൽപര്യത്തേക്കാൾ വലുതെന്നു കണ്ടാൽ വിവരം നൽകേണ്ടതില്ലെന്ന നിലയാണ് പഴയ നിയമത്തിലുണ്ടായിരുന്നത്. എന്നാൽ വിവരസുരക്ഷാ നിയമത്തിന്റെ വകുപ്പ് 44(3) വഴി, പൊതു താൽപര്യമെന്ന മാനദണ്ഡമുപേക്ഷിച്ച് വ്യക്തി വിവരങ്ങൾ വെളിപ്പെടുത്തേണ്ടതില്ലെന്ന വിധത്തിൽ അതിനെ മാറ്റിയെഴുതിയിരിക്കുന്നു. ഇത് വ്യാപക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന ഭേദഗതിയാണ്. വ്യക്തിപരമായ ഏതെങ്കിലും വിവരം ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ, എന്തും പൊതുജനങ്ങളിൽ നിന്ന് മറച്ചുവെക്കാമെന്ന സാഹചര്യം വന്നുചേർന്നിരിക്കുന്നു. അതുവഴി പൊതുതാൽപര്യത്തിന് വളരെ പ്രധാനപ്പെട്ട വിവരങ്ങളാണെങ്കിൽ പോലും, അതിൽ വ്യക്തിപരമായ എന്തെങ്കിലുമുണ്ടെങ്കിൽ നിഷേധിക്കാൻ കഴിയും.

നിയമത്തിലെ സെക്ഷൻ 22 , നിലവിലുള്ള മറ്റ് നിയമങ്ങൾക്കുമേൽ വിവരാവകാശ നിയമത്തിന് പ്രാബല്യം നൽകുന്നതാണ്. എന്നാൽ വിവരസുരക്ഷാ നിയമത്തിലെ സെക്ഷൻ 38(2) വിവരാവകാശ നിയമത്തെയും  മറികടക്കുന്നതാണ്. അതായത് പുതിയ നിയമ സംവിധാനത്തിനകത്ത് വ്യക്തി വിവരങ്ങൾക്കാണ് സുതാര്യതയെക്കാൾ പ്രാധാന്യം. വിവരാവകാശ നിയമപ്രകാരം നൽകുന്ന വിവരങ്ങൾ സ്വകാര്യതയ്ക്ക് മേലുള്ള കടന്നുകയറ്റമായി കാണേണ്ടതില്ലെന്ന 2012-ലെ ജസ്റ്റിസ് എ പി ഷാ കമ്മിറ്റിയുടെ നിർദ്ദേശത്തിന് വിരുദ്ധമാണിത്. മുൻ കേന്ദ്ര വിവരാവകാശ കമ്മീഷണർ ആയിരുന്ന ശൈലേഷ് ഗാന്ധി പറഞ്ഞതുപോലെ വിവര സുരക്ഷാ നിയമത്തിന്റെ വരവോടെ വിവരാവകാശ നിയമം വിവരങ്ങൾ നിഷേധിക്കുന്നതിനുള്ള അവകാശമായി മാറിയിരിക്കുന്നു. ഇത് അഴിമതിയും കെടുകാര്യസ്ഥതയും വ്യാപകമായ ഇന്ത്യൻ ബ്യൂറോക്രാറ്റിക് സംവിധാനത്തിന് വലിയ സംരക്ഷണമാണ് നൽകുന്നത്.

 ആസൂത്രിതമായ നീക്കത്തിന്റെ തുടർച്ച 

പൊതുസംവിധാനത്തിൽ സുതാര്യത ഇല്ലാതാക്കുന്നതിനു വേണ്ടിയുള്ള ഭരണസംവിധാനത്തിന്റെ നിരവധിയായ ഭരണപരവും നിയമപരവുമായ നീക്കങ്ങളുടെ തുടർച്ചയാണിത്.

2019-ലെ ഒരു ഭേദഗതിയിലൂടെ വിവരാകാശ നിയമത്തിന്റെ 13, 16, 27 വകുപ്പുകൾ ഭേദഗതി ചെയ്ത് വിവരാവകാശ കമ്മീഷണർമാർക്കുണ്ടായിരുന്ന അഞ്ചുവർഷത്തെ ‘നിശ്ചിത കാലയളവ്’ നീക്കം ചെയ്യുകയും, നിയമനത്തിലും വേതനത്തിലും പദവിയിലിരിക്കാവുന്ന കാലാവധിയിലും ഗവൺമെന്റിന്റെ നിയന്ത്രണം കൊണ്ടുവരികയും ചെയ്തു. ഇതോടുകൂടി സ്വന്തം കസേരയെ ഭയപ്പെടാതെ ജോലി ചെയ്യാനുള്ള വിവരാവകാശ കമ്മീഷണർമാരുടെ സ്വാതന്ത്ര്യം അപകടത്തിലായി. വിവരാവകാശ സംവിധാനത്തെ ഗവൺമെന്റിനു വിധേയമാക്കാനുള്ള ശ്രമമായിട്ടാണ് വിവരാവകാശപ്രവർത്തകരും പ്രതിപക്ഷ കക്ഷികളും ഈ നീക്കത്തെ കണ്ടത്.

2002-ലെ വിവരസുരക്ഷാ നിയമത്തിന്റെ കരടും വിവരാവകാശ നിയമത്തിന്റെ വകുപ്പ് 8 (1)(ജെ) ഭേദഗതി ചെയ്യുന്നത് ലക്ഷ്യം വെച്ചിരുന്നു. പാർലമെന്റിനോ സംസ്ഥാന നിയമസഭകൾക്കോ നൽകാവുന്ന വിവരങ്ങളൊന്നും പൊതുജനത്തിന് നിഷേധിക്കരുതെന്ന വകുപ്പും നീക്കം ചെയ്യാൻ പദ്ധതിയുണ്ടായിരുന്നു. പുതിയ വിവരസുരക്ഷാ നിയമത്തിൽ എന്തായാലും അത് ചെയ്തിട്ടില്ല. പ്രതിപക്ഷ കക്ഷികളുടെയോ, സംയുക്ത പാർലമെൻററി സമിതിയുടെ നിർദ്ദേശങ്ങൾ പരിഗണിക്കാതെ, ധൃതിപിടിച്ച് വിവരസുരക്ഷാ നിയമം പാസാക്കിയതും ഇതുകൊണ്ടൊക്കെ തന്നെയാണ്.

വിവരാവകാശ സംവിധാനത്തിന്റെ കാര്യക്ഷമത ഇല്ലാതാക്കുന്ന തരത്തിലുള്ള ഭരണപരമായ ഇടപെടലുകളും ഇക്കാലത്തു നടന്നിട്ടുണ്ട്‌. വിവരാവകാശ കമ്മീഷൻമാരുടെ നിയമനം വൈകിക്കുകയും ഒഴിവുകൾ നികത്താതിരിക്കുകയും ചെയ്യുന്നതായി വ്യാപകമായ പരാതികൾ ഉയർന്നുവന്നിട്ടുണ്ട്. പല സംസ്ഥാനങ്ങളുടെയും  കമ്മീഷനുകൾ പ്രവർത്തിക്കുവാൻ പോലും കഴിയാത്ത തരത്തിലായ സന്ദർഭങ്ങളുണ്ട്. 42 വിവരാവകാശ കമ്മീഷൻ തസ്തികകൾ ഒഴിഞ്ഞുകിടന്ന സമയമുണ്ട്. കൂടാതെ നിയമനങ്ങളിൽ രാഷ്ട്രീയപക്ഷപാതിത്വവും ഭരണവർഗ താൽപര്യവും വ്യാപകമായി കടന്നുവരുന്നതായും വിവരാവകാശ പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. ലക്ഷക്കണക്കിന് അപ്പീലുകളാണ് തീർപ്പാകാതെ കെട്ടിക്കിടക്കുന്നത്. സാങ്കേതികത്വങ്ങൾ പറഞ്ഞു വിവരങ്ങൾ നിഷേധിക്കുന്ന സന്ദർഭങ്ങളും വളരെയധികമാണ്. വിവരാവകാശ പ്രവർത്തകർക്ക് നേരെ വ്യാപകമായി ആക്രമണങ്ങൾ ഉണ്ടാവുന്നതും, അവയൊന്നും വേണ്ടവിധം അന്വേഷിക്കപ്പെടുകയോ കുറ്റവാളികൾ ശിക്ഷിക്കപ്പെടുകയോ ചെയ്യാത്ത സാഹചര്യമുള്ളതും നമുക്കറിയാം.

ഇതൊന്നും കൂടാതെ പൊതു താൽപര്യമുള്ള പല വിഷയങ്ങളിലും വിവരാകാശ നിയമത്തിന്റെ ഉദ്ദേശശുദ്ധിയെ അട്ടിമറിക്കുന്ന സമീപനം ഭരണകൂടങ്ങളിൽ നിന്നും നിരന്തരം ഉണ്ടാവുന്നുണ്ട്. ഒരുപാട് പൊതുപണം ഉപയോഗപ്പെടുത്തുന്ന പി എം കെയർ പദ്ധതിയെ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ നിന്നും ഒഴിവാക്കിയത് അതിലേറ്റവും പ്രധാനപ്പെട്ടതാണ്. നോട്ടുനിരോധന പ്രക്രിയ സംബന്ധിച്ച വിവരാവകാശ അപേക്ഷകൾ നിരാകരിക്കപ്പെട്ട സംഭവമുണ്ട്. വിവരാവകാശ നിയമത്തിന്റെ ഇരുപത്തിരണ്ടാം വകുപ്പ് മറ്റു നിയമങ്ങൾക്ക് മേലെ പ്രാബല്യമുള്ളതാണെങ്കിലും 1923 ഔദ്യോഗിക രഹസ്യ നിയമം അനുസരിച്ച് വിവരങ്ങൾ വ്യാപകമായി മറച്ചുവെക്കപ്പെടുന്നുണ്ട്.

നീതിയും ജനാധിപത്യവും ദുർബലപ്പെടുന്നു 

നമ്മുടെ രാജ്യത്തെ അടിസ്ഥാന വർഗ്ഗത്തിന്റെ പ്രാഥമിക അവകാശങ്ങളും ലഭ്യമാകേണ്ട ആനുകൂല്യങ്ങളും അവരിലേക്ക് എത്തുന്നുവെന്ന് ഉറപ്പുവരുത്തുന്നതിന്  വിവരാവകാശ നിയമം ചരിത്രപ്രധാനമായ ദൗത്യം നിർവഹിച്ചിട്ടുണ്ട്. വിവരാവകാശ  നിയമത്തിലൂടെ അവകാശങ്ങളെ തിരിച്ചറിയാനും നേടിയെടുക്കാനും അഴിമതിയെ ചെറുക്കാനും വലിയൊരു പ്രസ്ഥാനം തന്നെ ഇന്ത്യയിൽ രൂപം പ്രാപിച്ചിരുന്നു. സോഷ്യൽ ഓഡിറ്റിങ്ങിനും ജനാധിപത്യപരമായ ഉത്തരവാദിത്വബോധത്തിനും വിവരാവകാശം സഹായകമായിരുന്നു. പൊതുവിതരണ സംവിധാനത്തിൽ, വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിൽ, നിയമനങ്ങളിൽ, ആനുകൂല്യത്തിന്റെ വിതരണത്തിൽ, സർക്കാർ പദ്ധതികളുടെ നടത്തിപ്പിൽ, എല്ലാം കാര്യക്ഷമതയും സുതാര്യതയും അവകാശനിഷേധത്തിനെതിരായ ജാഗ്രതയും വരുമെന്നായപ്പോൾ ഭരണകൂടം അതിനെ ചെറുത്തു തോൽപ്പിക്കാൻ ശ്രമിക്കുന്നത് സ്വാഭാവികമാണ്. വിവര സുരക്ഷാനിയമത്തിലെ പുതിയ വകുപ്പും, വിവരാകാശ നിയമത്തിൽ ഇതിനോടകം വരുത്തിയിട്ടുള്ള ഭേദഗതികളും, ഭരണപരമായ നിഷേധാത്മകസമീപനവും, ഭരണകൂടങ്ങൾക്ക് വിവരങ്ങൾക്കുമേൽ അനാവശ്യമായ അധികാരവും നിയന്ത്രണവും നൽകുന്നു. ഇത് ആത്യന്തികമായി ജനാധിപത്യത്തെ ദുർബലപ്പെടുത്തുകയാണ് ചെയ്യുക. പുട്ടസ്വാമി വിധിയിൽ നിഷ്കർഷിച്ചിട്ടുള്ള ആനുപാതികതാ തത്വങ്ങളൊന്നും പാലിക്കാതെ, രാജ്യസുരക്ഷയുടെയും പൊതു ക്രമത്തിന്റെയും കുറ്റാന്വേഷണത്തിന്റെയുമെല്ലാം പേരിൽ വമ്പിച്ച ഇളവുകളാണ് സർക്കാരുകൾക്ക് പുതിയ വിവര സുരക്ഷാ നിയമം നൽകുന്നത്.

ആധാർ പോലെയുള്ള കേന്ദ്രീകൃത വിവരശേഖരണ പദ്ധതിയിലൂടെ, അതുപയോഗിച്ച് നടപ്പിലാക്കുന്ന ആരോഗ്യരംഗത്തെയും വിദ്യാഭ്യാസരംഗത്തെയും മറ്റ് നിരവധി മേഖലകളിലെയും വ്യാപകമായ വിവരസമാഹരണത്തിലൂടെ, പൗരരെ ഭരണകൂടത്തിന് പരമാവധി സുതാര്യമാക്കുന്ന നയങ്ങൾ നിലനിൽക്കുന്ന കാലഘട്ടത്തിലാണ്, ഭരണകൂടത്തിനു മേൽ തങ്ങളുടെ അറിയാനുള്ള അവകാശത്തെ പരിമിതമായ തോതിലെങ്കിലും വിനിയോഗിക്കാൻ കഴിയുകയും, ഭരണകൂടത്തെ  ജനതയ്ക്ക് മുന്നിൽ സുതാര്യമാക്കുകയും ചെയ്യുന്ന വിവരാവകാശ നിയമത്തെ, ആസൂത്രിതമായ നീക്കങ്ങളിലൂടെ അർത്ഥശൂന്യമാക്കി മാറ്റുന്നത്. ഈ നീക്കത്തെ ചെറുത്തു തോൽപ്പിക്കുകയും, അല്പ ജീവൻ മാത്രം ബാക്കിയുള്ള ഈ ജനാധിപത്യ സംവിധാനത്തെ സംരക്ഷിക്കുകയും ചെയ്യേണ്ടതുണ്ട്. അതിനുവേണ്ടി വിവരസുരക്ഷാ നിയമത്തിന്റെ മറവിൽ വിവരാവകാശത്തെ ഇല്ലാതാക്കുന്ന നടപടികൾക്കെതിരെ പ്രതിഷേധമുയർന്നു വരണം. വിവരാവകാശ സംവിധാനത്തിന്റെ തലപ്പത്ത് യോഗ്യരും സ്വതന്ത്രമായ വ്യക്തികൾ വരുന്നുവെന്ന് ഉറപ്പുവരുത്തണം. വിവരാവകാശ അപേക്ഷകളിൻമേൽ നടപടി ത്വരിതപ്പെടുത്താൻ സമ്പൂർണ്ണ ഡിജിറ്റൈസേഷൻ കൊണ്ടുവരണം. വിവരാവകാശ പ്രവർത്തകർക്ക് ആവശ്യമായ സംരക്ഷണമൊരുക്കാൻ കഴിയണം. സുപ്രീംകോടതിയുടെ സ്വകാര്യതാവിധിയിൽ നിർദ്ദേശിച്ചിട്ടുള്ള ആനുപാതികതാതത്വങ്ങൾ മുറുകെ പിടിക്കും വിധം സ്വകാര്യതയും വിവരാവകാശവും തമ്മിലുള്ള സന്തുലനം ഉറപ്പുവരുത്തണം. അതിന് നമ്മൾ പൗരരുടെ ജാഗ്രതയോടെയുള്ള ഇടപെടൽ അനിവാര്യമാണ്.

Its was first published in Suprabhatham Daily on 25/04/2025

സ്നേഹത്തിൻറെ ഭാഷ; ഉർദുവും രാജ്യത്തിൻറെ അഖണ്ഡതയും. 

വൈവിധ്യസമ്പന്നമായ ഇന്ത്യൻ രാഷ്ട്ര സങ്കൽപ്പത്തിൽ സാംസ്കാരിക സമൃദ്ധിയുടെ വസന്തം വിരിയിക്കുന്ന   എണ്ണൂറോളം ഭാഷകളും ഭാഷാഭേദങ്ങളും നിലനിൽക്കുന്നുണ്ട്. അതിൽ, അനുഭൂതിസാന്ദ്രമായ പ്രണയത്തിന്റെയും, അതിരുകളില്ലാത്ത സാഹോദര്യത്തിന്റെയും, അനിർവചനീയമായ ആത്മീയാനുരാഗത്തിന്റെയും ഭാഷയായ ഉർദു വീണ്ടും ചർച്ചയാവുന്നത് ഇന്ത്യൻ സുപ്രീം കോടതിയുടെ സുപ്രധാനമായൊരു വിധിയിലൂടെയാണ്. മഹാരാഷ്ട്രയിലെ പത്തൂർ നഗരസഭയുടെ ബോർഡിൽ മറാഠിക്കൊപ്പം ഉർദു കൂടി ഉപയോഗിക്കുന്നതിന് അനുമതി നൽകിക്കൊണ്ടുള്ള ഈ വിധിന്യായം കേവലനിയമവ്യാഖ്യാനം മാത്രമല്ല, നാനാത്വത്തിൽ ഐക്യം കണ്ടെത്തുന്ന ഇന്ത്യൻ സാംസ്കാരിക ഭൂമികയിൽ, ഭാഷ ജനതതികൾക്കിടയിലെ മതിലുകളല്ലെന്നും ഹൃദയങ്ങളെ ഒന്നിനോടൊന്നു കണ്ണിചേർക്കുന്ന പാലമാണെന്നും വിശദമാക്കുന്ന സ്നേഹമന്ത്രം കൂടിയാണ്. 

ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളെക്കാൾ വാട്സ്ആപ്പ് യൂണിവേഴ്സിറ്റികൾക്ക് പ്രാധാന്യമുള്ള സമകാലിക ഇന്ത്യയിൽ, ഉർദു, അതിൻറെ ഭാഷാപരമായ പ്രത്യേകതകൾ കൊണ്ടും അനന്യമായ ലിപികൊണ്ടും, വൈദേശിക പാരമ്പര്യത്തോടും ഒരു പ്രത്യേക മതത്തോടും ചേർത്തു മനസ്സിലാക്കപ്പെടുന്ന ഭാഷയാണ്. ഈ പൊതുബോധത്തെ അഭിസംബോധന ചെയ്യുകയാണ് സുപ്രീം കോടതി: “ഭാഷ ഒരു മതമല്ല. ഭാഷ ഏതെങ്കിലും  പ്രത്യേക മതത്തെ പ്രതിനിധീകരിക്കുക പോലും ചെയ്യുന്നില്ല. അതൊരു സമൂഹത്തിന്റെയും, ദേശത്തിന്റെയും, ജനതയുടെയും സ്വത്താണ്.” 

ഇന്ത്യൻ മണ്ണിൽ പിറന്ന ഭാഷയാണ് ഉർദു. 1600-കൾ മുതൽ ഉപഭൂഖണ്ഡത്തിലെ നാനാദേശങ്ങളിലെ മനുഷ്യരുടെ ചിരിയും കണ്ണീരും പ്രണയവും പ്രാർത്ഥനയും പങ്കുവെച്ച ഭാഷ. ഗംഗ-യമുന സംസ്കൃതിയുടെ സഹിഷ്ണുതയുടെയും സാഹോദര്യത്തിന്റെയും ആത്മപ്രകാശനമാണ് കോടതി ഉർദു ഭാഷയെ വായിക്കുന്നത്. “ഭാഷ സംസ്കാരമാണ്. ഒരു ജനതയുടെ, ഒരു സമുദായത്തിന്റെ, മുന്നോട്ടുള്ള പ്രയാണത്തിന്റെ അളവ് കോലാണ് ഭാഷ.  വിജ്ഞാന സമാഹരണത്തിനുള്ള ഉപാധി എന്നതിന് മുന്നേ, ഭാഷ ആശയവിനിമയത്തിനുള്ള ഉപകരണമാണ് കാര്യം നമ്മൾ മറക്കരുത്.” കോടതി പറയുന്നു. സങ്കുചിത രാഷ്ട്രീയ താൽപര്യങ്ങളും ഭാഷാപരമായ മിഥ്യാഭിമാനബോധവും നമ്മുടെ രാഷ്ട്രീയ വ്യവസ്ഥയ്ക്ക് മേൽ സംഘർഷങ്ങൾ ഉണ്ടാക്കി കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ഇങ്ങനെയൊരു വിധി വന്നത് ആശ്വാസകരമാണ്. 

കേസ് 

മഹാരാഷ്ട്രയിലെ പത്തൂർ മുനിസിപ്പാലിറ്റിയിലെ ഒരു കൗൺസിലറാണ് ഹർജിയുമായി കോടതിയെ സമീപിച്ചത്. മുനിസിപ്പാലിറ്റിയിലെ ബോർഡിൽ മറാഠ ഭാഷയ്ക്കൊപ്പം ഉർദു കൂടി ചേർത്തിട്ടുള്ളതാണ് അവരെ ചൊടിപ്പിച്ചത്. 1956-ൽ മുനിസിപ്പാലിറ്റി രൂപം കൊണ്ട സമയം മുതൽ ഇതിങ്ങനെയാണ്.  എന്നാൽ ഉർദുവിൽ എഴുതുന്നത് 1965-ലെ  മുൻസിപ്പൽ കൗൺസിൽ, നഗർ പഞ്ചായത്ത്  ആൻഡ് ഇൻഡസ്ട്രിയൽ ടൗൺഷിപ്പ് ആക്ടിന് വിരുദ്ധമാണെന്ന് അവർ ആരോപിച്ചു. നഗരസഭ കൗൺസിൽ ബോർഡിനെ അനുകൂലിക്കുന്ന പ്രമേയം പാസാക്കി. ഇതിനെതിരെ അവർ കളക്ടറെ സമീപിച്ചു. കളക്ടർ നഗരസഭയുടെ നടപടി നിയമവിരുദ്ധമാണെന്ന നിലപാടെടുത്തു. എന്നാൽ മുനിസിപ്പാലിറ്റിയുടെ അപ്പീലിൽ, ഡിവിഷണൽ കമ്മീഷണർ, കളക്ടറുടെ ഉത്തരവ് റദ്ദ് ചെയ്തു. ഇതിനെതിരെ ബോംബെ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹൈക്കോടതി അപ്പീൽ തള്ളി.  തുടർന്ന് സുപ്രീംകോടതിയിൽ അപ്പീൽ സമർപ്പിച്ച സമയത്താണ്, മഹാരാഷ്ട്ര ലോക്കൽ അതോറിറ്റിസ് ഒഫീഷ്യൽ ലാംഗ്വേജ് ആക്ട് 2022 , നിലവിൽ വരുന്നത്. ഈ നിയമം കൂടി പരിഗണിക്കണമെന്ന് ആവശ്യം ഉയർന്നപ്പോൾ ഒരിക്കൽ കൂടി ഹൈക്കോടതിയെ സമീപിക്കാനാണ് നിർദ്ദേശിച്ചത്. ബോംബെ ഹൈകോടതി, ഒഫീഷ്യൽ ലാംഗ്വേജസ് ആക്ട് അനുസരിച്ച് മറാഠ ഭാഷയിൽ സൈൻ ബോർഡ് ഉണ്ടായിരിക്കണം എന്നതല്ലാതെ, മറ്റൊരു ഭാഷയിൽ കൂടി എഴുതുന്നതിന് യാതൊരു തടസ്സവും ഉന്നയിക്കുന്നില്ല  എന്ന് കണ്ടെത്തുകയും ഹർജി തള്ളുകയും ചെയ്തു. അങ്ങനെയാണ് കേസ് സുപ്രീംകോടതിയിൽ വീണ്ടുമെത്തുന്നത്.

പല ഭാഷകളിൽ എഴുതുന്നത് നിയമവിരുദ്ധമല്ല

2022-ലെ ഔദ്യോഗിക ഭാഷ നിയമം മറാഠിയിൽ എഴുതണമെന്ന് നിഷ്കർഷിക്കുന്നുണ്ടെങ്കിലും മറ്റു ഭാഷകൾ ഉപയോഗിക്കുന്നതിനെ നിരോധിക്കുന്നില്ല എന്ന ഹൈക്കോടതി നിലപാട് സുപ്രീംകോടതിയും ശരിവച്ചു. ഒരു വിഭാഗം ജനങ്ങൾ ഉർദു ഭാഷ കൈകാര്യം ചെയ്യുന്നവരാണെങ്കിൽ, മറാഠി ഭാഷക്കൊപ്പം ബോർഡുകളിൽ ഉർദു കൂടി വരുന്നത് നിയമലംഘനമല്ല, മറിച്ച്, ഉൾച്ചേർക്കലാണ്; അത് ആശയവിനിമയത്തിനും, ഭരണനിർവഹണത്തിനും സഹായകമാകുന്ന നടപടിയാണ് എന്ന നിലപാടാണ് കോടതി സ്വീകരിച്ചത്. അങ്ങനെ ചെയ്യുന്നത് അമൂല്യമായ സാംസ്കാരിക സാഹിത്യ പാരമ്പര്യമുള്ള മറാഠി ഭാഷയുടെ പ്രാധാന്യത്തെ കുറച്ചു കാണുന്നതല്ല. നാനാത്വങ്ങളെ ഏകോദര ഭാവത്തോടെ സമീപിക്കുന്നതിലാണ് ഇന്ത്യയുടെ ശക്തി, കോടതി വ്യക്തമാക്കി. 

ഭാഷ; ചരിത്രവും സംസ്കാരവും 

ഉർദു മാത്രമല്ല എല്ലാ ഭാഷകളുമായി സൗഹൃദം സ്ഥാപിക്കുവാനുള്ള ആഹ്വാനമാണ് കോടതി വിധിയിലുള്ളത്. ആധുനിക ഇന്ത്യയുടെ സാംസ്കാരിക ചരിത്രത്തോളം പഴക്കമുള്ള ഭാഷയാണ് ഉർദു. ഇന്ത്യയിൽ രൂപം കൊണ്ട ഭാഷ. മറാട്ഠിയും ഹിന്ദിയും പോലെ ഒരു ഇൻഡോ-ആര്യൻ ഭാഷ. രാജ്യത്തെ ഔദ്യോഗിക ഭാഷകളിലൊന്ന്. ഒരു ഉർദു വാക്കെങ്കിലും ഇല്ലാതെ ഹിന്ദി കൈകാര്യം ചെയ്യാനേ നമുക്ക് കഴിയില്ല. ഹിന്ദി എന്ന വാക്കുപോലും പേർഷ്യൻ ഭാഷയിൽ നിന്നാണ് വരുന്നത്. സ്വാതന്ത്ര്യം ലഭിക്കു മുൻപേ തന്നെ ഹിന്ദുസ്ഥാനി ഇന്ത്യയുടെ ഐക്യത്തിന്റെ അടയാളമായിരുന്നു. എന്നാൽ വിഭജനവും, പിന്നീട് ഉർദു പാകിസ്താന്റെ ദേശീയ ഭാഷയായി പ്രഖ്യാപിച്ചതും കാര്യങ്ങൾ ആകെ മാറ്റിമറിച്ചു. ഉർദുവിനെയും ഹിന്ദിയെയും  രാഷ്ട്രീയ വിഭജനത്തിന്റെ പ്രതീകമായി ചില ചരിത്ര നിരക്ഷരർ പ്രചരിപ്പിക്കാൻ ആരംഭിച്ചു. ഭരണഘടനാ നിർമ്മാണ സഭയിൽ പോലും അത്തരം ശ്രമങ്ങൾ ഉണ്ടായിരുന്നു. ഉർദുവിനെ കൂടുതൽ പേർഷ്യൻ വൽക്കരിക്കാനും, ഹിന്ദിയെ സംസ്കൃതവൽക്കരിക്കാനും ശ്രമം നടന്നു. ഇന്ത്യയുടെ മഹത്തായ സങ്കര സംസ്കൃതിയുടെ പ്രതീകമായ ഭാഷാവൈവിധ്യത്തെ വിഭജനവുമായി ചേർത്ത് കെട്ടി ചരിത്രവിരുദ്ധമായ വ്യാഖ്യാനങ്ങൾ നിർമ്മിച്ചു. ഈ വിഭാഗീയ വിചാരധാരയെ തിരുത്തുവാനാണ് സുപ്രീംകോടതിവിധി ശ്രമിക്കുന്നത്.

“ഉർദുവിനെ വിമർശിക്കുമ്പോൾ, നമ്മൾ വിമർശിക്കുന്നത് ഹിന്ദിയെ കൂടിയാണ്. ഭാഷാ ശാസ്ത്രജ്ഞരുടെ അഭിപ്രായത്തിൽ ഉർദുവും ഹിന്ദിയും രണ്ടല്ല ഒരൊറ്റ ഭാഷയാണ്. ശരിയാണ്, ഹിന്ദിയും ഉർദുവും രണ്ട് ലിപികളിലാണ് എഴുതുന്നത്. പക്ഷേ ലിപികൾ അല്ല ഭാഷയെ സൃഷ്ടിക്കുന്നത്.  വാക്യവിന്യാസവും, സ്വര വൈജ്ഞാനികതയും, പദഘടനയും, വ്യാകരണവും എല്ലാമാണ് ഒരു ഭാഷയ്ക്ക് രൂപം നൽകുന്നത്.” ജസ്റ്റിസ് ഉജ്ജുൽ ഭുയാൻ എഴുതുന്നു.  പ്രശസ്ത ഉർദു പണ്ഡിതൻ ഗ്യാൻ ചന്ദ് ജയനെ ഉദ്ധരിക്കുന്നുണ്ട് കോടതി: “ഉർദുവും ഹിന്ദിയും രണ്ടു ഭാഷകളല്ല എന്നത് വളരെ വ്യക്തമാണ്. ഇരു ഭാഷകളെന്ന് പറയുന്നത്, ഭാഷാ ശാസ്ത്രത്തിലെ സകല തത്വങ്ങളുടെയും നിഷേധമാണ്… ഉർദുവിനും ഹിന്ദിക്കും വ്യത്യസ്തമായ സാഹിത്യ പാരമ്പര്യമുണ്ടെങ്കിലും, ഭാഷ ഒന്നു തന്നെയാണ്. ഇന്ത്യൻ ഭരണഘടനയിൽ ഇവയെ രണ്ടു ഭാഷകളായി രേഖപ്പെടുത്തിയിരിക്കുന്നത് രാഷ്ട്രീയമായ ഔചിത്യം മാത്രമാണ്, ഭാഷാപരമായ യാഥാർത്ഥ്യമല്ല!”.

കേവലം ആശയ വിനിമയോപാധി എന്നതിനപ്പുറം, എണ്ണിയാലൊടുങ്ങാത്ത ഗസലുകൾ പകർന്നുനൽകിയ ഉന്മാദഹർഷങ്ങളിൽ, ജനഹൃദയങ്ങളെ തരളമാക്കിയ ചലച്ചിത്ര  ഗാനങ്ങളിൽ, സ്നേഹത്തെ ദൈവികനുഭൂതിയാക്കിയ ഖവാലികളിൽ, ഗാലിബും ഫൈസ് അഹമ്മദ് ഫൈസും അല്ലാമാ ഇക്ബാലും മറ്റനേകം മഹാരഥന്മാരും അണിനിരക്കുന്ന സാഹിത്യ പാരമ്പര്യത്തിൽ, ആസ്വാദനത്തിന്റെ അനുഭൂതികളിൽ സാഹോദര്യത്തിന്റെ സ്വപ്നങ്ങൾ നെയ്ത മഹത്തായ ഭാഷയായി ഉർദു നിലകൊള്ളുന്നു. കോടതിയുടെ വ്യവഹാര ഭാഷയിൽ പോലും ഉർദു അനുപേക്ഷണീയമാണെന്ന കാര്യവും കോടതി ചൂണ്ടിക്കാണിക്കുന്നു. അദാലത്ത് എന്ന വാക്ക് തന്നെ ഉർദുവാണ്.

സ്വാതന്ത്ര്യസമര ചരിത്രത്തിന്റെ സുപ്രധാനമായ ഏടുകളിലൂടെ, ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെയും, ദേശീയ പ്രസ്ഥാനത്തിൻറെ സമുന്നതരായ നേതാക്കളുടെയും നിലപാടുകളിലൂടെ, ഉർദുവിന്റെ ചരിത്രപരമായ പ്രസക്തി  അടയാളപ്പെടുത്തുന്നുണ്ട് ഈ വിധി ന്യായത്തിലൂടെ സുപ്രീംകോടതി. ഭിന്നിപ്പിച്ചു ഭരിക്കുക എന്ന കൊളോണിയൽ തന്ത്രത്തിന്റെ തുടർച്ചയായാണ് ഭാഷകളെ മതത്തിൻറെ അടിസ്ഥാനത്തിൽ നിർവചിക്കാൻ ആരംഭിച്ചത്. ഏകശിലാത്മകമല്ലാത്ത ഇന്ത്യൻ മണ്ണിൽ, വൈവിധ്യങ്ങളെ നിഷേധിക്കുന്നത് വിനാശകരമാണ്. ആരെത്ര ശ്രമിച്ചാലും, നമ്മുടെ തെരുവുകളിലും, വീടുകളിലും, മനുഷ്യബന്ധങ്ങളിലും ഹിന്ദിയും ഉർദുവും കൈകോർത്തു പിടിച്ചു തന്നെ മുന്നോട്ടുപോകുമെന്ന പ്രത്യാശയും സുപ്രീംകോടതി പങ്കുവെക്കുന്നുണ്ട്.

ഹൃദയങ്ങളെ ഒന്നിപ്പിക്കുന്ന പാലം

നമ്മുടെ രാജ്യത്ത് 22 ഔദ്യോഗിക ഭാഷകളുണ്ട്. 2011-ലെ കനേഷുമാരി പ്രകാരം പതിനായിരത്തിലേറെ മനുഷ്യർ സംസാരിക്കുന്ന 270 ഭാഷകൾ തിരിച്ചറിഞ്ഞിട്ടുണ്ട്. ഭാഷാഭേദങ്ങൾ മറ്റനേകമുണ്ട്. ഉർദു ഔദ്യോഗിക ഭാഷയായിട്ടുള്ള പല സംസ്ഥാനങ്ങളുമുണ്ട്. 2014-ലെ സാഹിത്യ സമ്മേളൻ കേസിൽ, ഉത്തർപ്രദേശിൽ, ഹിന്ദിക്ക് പുറമേ ഉർദു കൂടി ഔദ്യോഗിക ഭാഷയാക്കി കൊണ്ടുവന്ന നിയമം സുപ്രീംകോടതി ശരി വച്ചിട്ടുണ്ട്. ഭരണഘടനയുടെ അനുഛേദം 345, സംസ്ഥാനങ്ങൾക്ക് ഔദ്യോഗിക ഭാഷ നിർണയിക്കാൻ അധികാരം നൽകുന്നുണ്ട്. അതിനർത്ഥം ഒരിക്കൽ മാത്രമേ ഔദ്യോഗിക ഭാഷ നിർണയിക്കാൻ കഴിയൂ എന്നല്ല. സംസ്ഥാന നിയമസഭയ്ക്ക് ആവശ്യമെന്ന് തോന്നിയാൽ മറ്റൊരു ഭാഷ കൂടി ഔദ്യോഗിക ഭാഷയായി പ്രഖ്യാപിക്കുന്നത് ഭരണഘടന വിരുദ്ധതയില്ലെന്ന് അന്ന് പരമോന്നത നീതിപീഠം വ്യക്തമാക്കിയതാണ്. മിക്കവാറും എല്ലാ സംസ്ഥാനങ്ങളിലും ഒന്നിലേറെ ഔദ്യോഗിക ഭാഷകളുണ്ട്. കേരളത്തിൽ മലയാളവും ഇംഗ്ലീഷും തമിഴും കന്നടയും ഔദ്യോഗിക ഭാഷകളാണ്. അങ്ങനെ അനേകം ഭാഷകളുടെ സഹവർത്തിത്വമാണ് ഇന്ത്യയിൽ ഭരണ സംവിധാനത്തെ ജനകീയവും കാര്യക്ഷമവും അർത്ഥപൂർണ്ണവുമാക്കുന്നത്. ഭാഷയെ ദേശീയതയുമായി ചേർത്തിണക്കി ഒറ്റഭാഷ അടിച്ചേൽപ്പിക്കാൻ ശ്രമം നടത്തിയ പാക്കിസ്ഥാന്റെ ചരിത്രം നമുക്കറിയാം. കിഴക്കൻ പാക്കിസ്ഥാനിൽ ഉർദു അടിച്ചേൽപ്പിക്കാൻ ശ്രമിച്ചപ്പോൾ ആ പ്രദേശം സ്വതന്ത്ര രാജ്യമായി മാറുകയാണ് ഉണ്ടായത്. ഇന്ത്യ അത്തരത്തിലൊരു ഏകശിലാത്മക ദർശനത്തെ ഒരു കാലത്തും അംഗീകരിച്ചിട്ടില്ല. ഭാഷകൾ ഒന്നുചേർന്നൊഴുകി സൃഷ്ടിക്കുന്ന ഒരുമയുടെ താളമാണ് ഈ നാടിൻറെ ആത്മാവ്. ഒരു നിയമത്തിനും ഒരു മുൻവിധിയ്ക്കും ഒരു വിദ്വേഷരാഷ്ട്രീയത്തിനും, ആ താളത്തെ ഇല്ലാതാക്കാൻ കഴിയില്ല.

ഈ രാജ്യത്തെ ഏകശിലാത്മകമായ രാഷ്ട്രീയ ദർശനത്തിലൂടെ, കേന്ദ്രീകൃതമായ ഏകാധിപത്യ പ്രവണതകളിലൂടെ, വൈവിധ്യങ്ങളെ നിരാകരിക്കുന്ന രാഷ്ട്രീയ പദ്ധതിയിലൂടെ, പുനർനിർവചിക്കാനുള്ള ശ്രമങ്ങൾ അതിവേഗം മുന്നോട്ടുപോകുന്ന ഒരു കാലഘട്ടത്തിലാണ്,  ഒരു മുനിസിപ്പാലിറ്റിയിലെ സൈൻബോർഡ് സംബന്ധിച്ച കേവല നിയമപ്രശ്നത്തെ,  ഇന്ത്യ എന്ന ആശയത്തെ ഓർമ്മപ്പെടുത്താനുള്ള അവസരമായി സുപ്രീംകോടതി ഉപയോഗപ്പെടുത്തിയിരിക്കുന്നത്.  ബ്രിട്ടീഷ്-അൾജീരിയൻ എഴുത്തുകാരനും ഭാഷാ ശാസ്ത്രജ്ഞനും ഗവേഷകനുമായ മൗലൗദ് ബൻസാദിയുടെ വാക്കുകളിൽ നിന്നാണ് കോടതിവിധി ആരംഭിക്കുന്നത്: “നിങ്ങൊരു പുതിയ ഭാഷ പഠിക്കുമ്പോൾ,  സംസാരിക്കാനും എഴുതാനും പഠിക്കുക മാത്രമല്ല ചെയ്യുന്നത്. മനുഷ്യരാശിയോടാകെ, ഹൃദയ വിശാലതയും, ഉൽപതിഷ്ണുത്വവും, കാരുണ്യവും, അനുകമ്പയും ഉള്ളവരാകാൻ കൂടിയാണ് പഠിക്കുന്നത്.” മറ്റൊരു ഭാഷ നമ്മളെ മറ്റൊരു മനുഷ്യനെ, മറ്റൊരു സംസ്കാരത്തെ, മറ്റൊരു ദേശത്തെ, ഒക്കെ പരിചയപ്പെടുത്തുന്നു. കേവലം ഒരു സൈൻബോർഡിലെ ഉർദു ഭാഷയിലുള്ള എഴുത്ത് അനുവദിച്ചതിലൂടെ, വളരെ ഉദാത്തമായ ഒരാശയത്തെയാണ് സുപ്രീംകോടതി ഉയർത്തിപ്പിടിക്കുന്നത്. ഇന്ത്യയുടെ നാനാത്വമാണ് അതിൻറെ ഏകത്വം എന്ന തത്വത്തെയാണ്. ഭാഷ മനുഷ്യർക്കിടയിൽ നിർമ്മിക്കുന്നത് മതിലുകളല്ല പാലങ്ങളാണെന്ന സത്യത്തെയാണ്.

First published in TruecopyThink on 21/04/2025

ഗവർണറുടെ അധികാരം; സുപ്രീംകോടതി അതീരുവിട്ടോ?

ഇന്ത്യൻ ഫെഡറൽ രാഷ്ട്രീയ സംവിധാനത്തെ ദുർബലപ്പെടുത്തുന്ന ഗവർണർമാരുടെ നടപടികൾക്ക് തടയിടുന്ന ചരിത്രപരമായ വിധി ന്യായമാണ്  ഏപ്രിൽ 18-ന് തീയതി ഇന്ത്യൻ സുപ്രീംകോടതി പുറപ്പെടുവിച്ചത്. നിയമസഭ പാസാക്കുന്ന ബില്ലുകളിൽ, ഭരണഘടനയുടെ അനുഛേദം 200 അനുസരിച്ച് തീരുമാനമെടുക്കാൻ ഗവർണർമാർക്ക് സമയപരിധി നിശ്ചയിക്കുന്നതിലൂടെ കോപ്പറേറ്റീവ് ഫെഡറലിസത്തിന് കോടതി പുതുജീവൻ നൽകി. ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും സുപ്രധാനമായ വിധികളിൽലൊന്നായി വിലയിരുത്തപ്പെട്ടെങ്കിലും, ഇന്ത്യൻ രാഷ്ട്രീയ വ്യവസ്ഥയിൽ സംസ്ഥാനങ്ങളുടെ അധികാരം ഉയർത്തിപ്പിടിക്കാനുള്ള ആത്മാർത്ഥമായ ശ്രമത്തിനിടയിൽ സുപ്രീംകോടതി സ്വന്തം അധികാരപരിധി ലംഘിച്ചു എന്ന ആരോപണം ഉയർന്നുവരുന്നുണ്ട്. ഉപരാഷ്ട്രപതി ജഗദീപ് ധാങ്കർ, കേരള ഗവർണർ രാജേന്ദ്ര അർലേക്കർ തുടങ്ങി നിരവധി പേർ കോടതി സ്വന്തം അധികാരപരിധി ലംഘിക്കുകയും ഭരണഘടനാ ഭേദഗതി നടത്തുകയും ചെയ്തു എന്ന് പരാതിപ്പെടുന്നുണ്ട്. 

പ്രധാനമായും രണ്ട് ആരോപണങ്ങളാണ്. ഒന്ന്, കോടതി ഭരണഘടനാഭേദഗതി നടത്തിയിരിക്കുന്നു. രണ്ട്, ഭരണഘടനയുടെ സുപ്രധാനമായ വ്യാഖ്യാനങ്ങൾ ഉൾപ്പെടുന്ന കേസായതിനാൽ, അനുച്ഛേദം 145 (3) നിഷ്കർഷിക്കുന്നത് പോലെ ഒരു ഭരണഘടനാ ബെഞ്ച് രൂപീകരിക്കേണ്ടത് അനിവാര്യമായിരുന്നു.  ഭരണകൂട സംവിധാനത്തിന്റെയും ജുഡീഷ്യറിയുടെയും അധികാരങ്ങൾ തമ്മിലുള്ള അനിയതമായ അതിർവരമ്പും, ജനാധിപത്യ മൂല്യവും നടപടിക്രമങ്ങളും ഇഴ ചേരുന്ന സങ്കീർണതകളും നമ്മുടെ രാഷ്ട്രഘടനക്കകത്ത് പ്രവർത്തിക്കേണ്ടതെങ്ങനെയെന്ന അടിസ്ഥാന ചോദ്യം ഇവിടെ ഉയരുന്നുണ്ട്. 

കോടതിവിധി

ഇന്ത്യൻ ഫെഡറൽ സംവിധാനത്തിനകത്ത് ഗവർണർമാരുടെ അധികാരപരിധി എത്ര എന്നതാണ് തമിഴ്നാട് സംസ്ഥാന ഗവൺമെന്റും ഗവർണർ ആർ എൻ രവിയും തമ്മിലുള്ള തർക്കത്തിന്റെ കാതൽ. ഭരണഘടനയുടെ അനുച്ഛേദം 200, സംസ്ഥാന നിയമസഭ പാസാക്കിയ ബില്ലുകൾക്ക് അംഗീകാരം നൽകുവാനോ, തിരിച്ചയക്കുവാനോ, അല്ലെങ്കിൽ അതിന്മേൽ രാഷ്ട്രപതിയുടെ അഭിപ്രായം തേടാനോയുള്ള അവകാശം ഗവർണർക്ക് നൽകുന്നു. ഒരിക്കൽ തിരിച്ചയച്ച ബില്ല് നിയമസഭാ രണ്ടാമതും പാസാക്കുകയാണെങ്കിൽ അതിന് അംഗീകാരം നൽകാനും ഗവർണർ ബാധ്യസ്ഥനാണ്. പ്രശ്നം, ഭരണഘടനയിൽ ഈ നടപടിക്രമങ്ങൾക്ക് സമയക്രമം നിശ്ചയിച്ചിട്ടില്ല എന്നുള്ളതാണ്. ഇതു മുതലെടുത്ത് യൂണിയൻ ഗവൺമെന്റിന്റെ പാവകളായി പ്രവർത്തിക്കുന്ന പല ഗവർണർമാരും ബില്ലുകൾ പരിഗണിക്കുന്നത് അനന്തമായി വൈകിപ്പിച്ച്, സംസ്ഥാന സർക്കാരിൻറെ നിലപാടുകളെ വിറ്റോ ചെയ്യുന്നു. 2020 മുതൽ സമർപ്പിച്ച പത്തു ബില്ലുകളാണ് തമിഴ്നാട് ഗവർണർ ഇങ്ങനെ തടഞ്ഞു വച്ചിരുന്നത്. ഇതിനെതിരെയാണ്  ഗവൺമെൻറ് സുപ്രീംകോടതിയെ സമീപിച്ചത്. 

സുപ്രീംകോടതിയിൽ ജസ്റ്റിസ് പാർഡി വാല, ജസ്റ്റിസ് ആർ മാധവൻ എന്നിവരുടെ ബഞ്ച് ഗവർണറുടെ നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് വിധിക്കുക മാത്രമല്ല അനുഛേദം 142 നൽകുന്ന പ്രത്യേക അധികാരം ഉപയോഗിച്ച് ബില്ലിന്മേൽ ഗവർണർക്ക് നടപടി സ്വീകരിക്കുന്നതിന് സമയപരിധി നിശ്ചയിച്ചു. മാത്രമല്ല തമിഴ്നാട് ഗവർണർ തടഞ്ഞുവച്ച 10 ബില്ലുകൾക്ക് നിയമസഭ രണ്ടാമത് അദ്ദേഹത്തിന് തിരിച്ചയച്ച തീയതി മുതൽ പ്രാബല്യവും നൽകി. ഈ നടപടി ഭരണഘടന മാറ്റി എഴുതുന്നതിന് തുല്യമാണെന്നാണ് ഒരു ആരോപണം. 

വിധി ഭരണഘടനാഭേദഗതിയല്ല

സുപ്രീംകോടതി ഉത്തരവ് അനുഛേദം 200-ൽ ഉൾപ്പെടുത്തിയിട്ടില്ലാത്ത സമയപരിധി ഏർപ്പെടുത്തുകയും, അനുഛേദം 201-ൽ വിശദമാക്കുന്ന ഗവർണറുടെയും രാഷ്ട്രപതിയുടെയും വിവേചനാധികാരത്തിൽ കൈകടത്തുകയും ചെയ്തുവെന്നാണ് ആദ്യ ആരോപണം. ഇന്ത്യൻ ഭരണഘടനയിൽ ജുഡീഷ്യറിയും നിയമനിർമ്മാണ സഭയും തമ്മിലുള്ള അന്തരം കൃത്യമായി നിർവചിക്കപ്പെട്ടിട്ടുണ്ട്. അനുഛേദം 368 അനുസരിച്ച് ഭരണഘടനാഭേദഗതി നടത്തുവാൻ പാർലമെന്റിന് മാത്രമേ അധികാരമുള്ളു. ഇവിടെ, സുപ്രീംകോടതി ആധികാരം കയ്യാളിയിരിക്കുന്നു എന്നാണ് വാദം. എന്നാൽ ഇതിനുള്ള മറുപടി കോടതി വിധിയിൽ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. 

അനുഛേദം 200 ഒരു നിയമനിർമാണത്തിന്റെ നടപടിക്രമങ്ങൾ വിശദീകരിക്കുന്ന വകുപ്പാണ്.  അതിൽ കൃത്യമായ സമയക്രമം പറഞ്ഞിട്ടില്ലെങ്കിലും, ഗവർണർ ‘കഴിയാവുന്നത്ര വേഗത്തിൽ’ ബില്ല് അംഗീകരിക്കുകയോ തിരിച്ചയക്കുകയോ ചെയ്യണമെന്ന് വ്യക്തമാക്കുന്നുണ്ട്. ഒഴിവാക്കാനാവുന്ന കാലതാമസം ഒഴിവാക്കിക്കൊണ്ട് പരമാവധി വേഗത്തിൽ നടപടി സ്വീകരിക്കണമെന്നാണ് ഈ അനുച്ഛേദം അർത്ഥമാക്കുന്നതെന്ന്  1972-ൽ തന്നെ സുപ്രീംകോടതിയുടെ വ്യാഖ്യാനമുള്ളതാണ്. ഇതിൻറെ തുടർച്ചയായാണ് പുതിയ വിധിയും വന്നിട്ടുള്ളത്. 2022-ലെ പേരറിവാളൻ കേസിലും യുക്തിസഹകമായ ഒരു സമയപരിധിക്കുള്ളിൽ ഗവർണർ തീരുമാനമെടുക്കേണ്ടതുണ്ട് എന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. മറിച്ചായാൽ, അതു ജനാധിപത്യ സംവിധാനത്തെയും ജനാഭിലാഷത്തെയും അട്ടിമറിക്കുന്നതാവും എന്ന് ഓർമ്മപ്പെടുത്തിക്കൊണ്ടാണ് സുപ്രീംകോടതി ഗവർണർക്ക് സമയപരിധി നിശ്ചയിക്കുന്നത്. 

സമയപരിധി നിശ്ചയിക്കുന്നത് കൊണ്ട് അനുഛേദം 200 കീഴിലുള്ള ഗവർണറുടെ അധികാരങ്ങളൊന്നും ഇല്ലാതാകുന്നില്ല, വിവേചന അധികാരവും കവർന്നെടുക്കുന്നില്ല, ജനാധിപത്യ സംവിധാനത്തെ അട്ടിമറിക്കും വിധം ബില്ലുകൾ അനന്തമായി തടഞ്ഞുവയ്ക്കുന്ന പ്രവണത ഇല്ലാതാക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്. അത് ഭരണഘടനയുടെ മൂല്യബോധത്തിനും പ്രസ്തുത അനുഛേദത്തിന്റെ ഉദ്ദേശ്യലക്ഷ്യത്തിനും അനുപൂരകമാണ്. മാത്രമല്ല ഈ സമയപരിധി നിശ്ചയിച്ചിട്ടുള്ളത് ജുഡീഷ്യൽ പരിശോധനയ്ക്കുള്ള ഒരു ബെഞ്ച് മാർക്ക് എന്ന നിലയ്ക്ക് മാത്രമാണ്. അമേരിക്കയുടെയോ പാകിസ്താന്റെയോ ഭരണഘടനാ സംവിധാനത്തിൻ കീഴിലുള്ളതുപോലെ, നിശ്ചയസമയപരിധിക്കുള്ളിൽ ഗവർണറോ രാഷ്ട്രപതിയോ തീരുമാനമെടുത്തില്ലെങ്കിൽ, പ്രസ്തുത ബില്ലിന് നിയമപ്രാബല്യം സ്വാഭാവികമായും വന്നുചേരും എന്നൊന്നും ഉത്തരവിലില്ല. ചുരുക്കി പറഞ്ഞാൽ, ഗവർണറുടെ അധികാരം കവർന്നെടുക്കുകയോ, സമയപരിധി ലംഘിച്ചാൽ നിയമത്തിനു പ്രാബല്യം ലഭിക്കുമെന്ന തരത്തിൽ  പൊതു തീരുമാനമുണ്ടാവുകയോ ചെയ്തിട്ടില്ല. ഭരണഘടന പ്രതീക്ഷിക്കുന്ന തരത്തിലാണോ ഗവർണർ പ്രവർത്തിച്ചത് എന്ന് പരിശോധിക്കുന്നതിന് ഒരു ജുഡീഷ്യൽ മാനദണ്ഡം ഏർപ്പെടുത്തുക മാത്രമാണുണ്ടായിട്ടുള്ളത്. ഫെഡറൽ സംവിധാനത്തെ അപ്രസക്തമാക്കും വിധമുള്ള ഗവർണർമാരുടെ തോന്ന്യാസത്തിന് അറുതി വരുത്തുകയെന്ന ഭരണഘടനാപരമായ ദൗത്യനിർവഹണമാണ് കോടതി നടത്തിയത്. അതിൽ ഭരണഘടനാഭേദഗതിയൊന്നുമില്ല. എന്നാൽ രണ്ടാമത്തെ വിമർശനം കൂടുതൽ സങ്കീർണമാണ്. ഈ കേസ് പരിഗണിക്കേണ്ടിയിരുന്നത് ഒരു ഭരണഘടനാ ബെഞ്ചായിരുന്നു എന്നതാണ് ആക്ഷേപം.

അനുഛേദം 145(3)

അനുഛേദം 145(3) അനുസരിച്ച്, ഭരണഘടനയുടെ സുപ്രധാനമായ വ്യാഖ്യാനങ്ങൾ ഉൾപ്പെടുന്ന കേസുകളിൽ തീരുമാനമെടുക്കേണ്ടത് ചുരുങ്ങിയത് 5 ന്യായാധിപരെങ്കിലും ഉൾപ്പെടുന്ന ബെഞ്ചാണ്. തമിഴ്നാട് കേസ് കൈകാര്യം ചെയ്തത് രണ്ടംഗ ബെഞ്ചാണ്. ഗവർണറുടെ നടപടികൾക്ക് സമയപരിധി നിശ്ചയിക്കുന്നത് പോലുള്ള പുതിയ കാര്യങ്ങളും, അനുഛേദം 142 നൽകുന്ന പ്രത്യേക അധികാരത്തിന്റെ ധീരമായ ഉപയോഗവുമെല്ലാം ഉൾക്കൊള്ളുന്ന ഈ കേസ് ഭരണഘടനാ ബെഞ്ച് പരിഗണിക്കേണ്ടതായിരുന്നു എന്ന വാദം തള്ളിക്കളയാൻ കഴിയില്ല. അനുഛേദം 200, ഇന്ത്യൻ ഫെഡറൽ സംവിധാനത്തിന്റെ ഘടന, ഗവർണറുടെ വിവേചനാധികാരത്തിന്റെ പരിധി, തുടങ്ങിയ സുപ്രധാനമായ പല വിഷയങ്ങളും ഇവിടെ പരിഗണിക്കപ്പെട്ടിട്ടുണ്ട്. ഗവർണറുടെ വിവേചനാധികാരവും മറ്റും മുൻകാല കേസുകളിൽ തീർപ്പ് നൽകിയിട്ടുള്ള നിയമ തത്വങ്ങളാണെങ്കിൽ പോലും സമയപരിധി നിശ്ചയിക്കുന്നത് പോലെയുള്ള കാര്യങ്ങൾ ഭരണഘടനയുടെ ക്രിയാത്മകമായ വ്യാഖ്യാനത്തിലൂടെ കോടതി കൂട്ടി ചേർത്തതാണ്. എന്നാൽ ഇത് സമ്പൂർണ്ണമായും പുതിയൊരു വ്യാഖ്യാന പദ്ധതിയാണ് എന്ന വാദം നിലനിൽക്കുന്നതല്ല. മാത്രമല്ല വളരെ വേഗം ഈ കേസ് തീർപ്പാക്കേണ്ടത് തമിഴ്നാടിന്റെ സ്വാഭാവികമായ ഭരണ നിർവഹണത്തിന് അനിവാര്യവുമായിരുന്നു.

അനിവാര്യമായ ഇടപെടൽ

തമിഴ്നാട് ഗവർണറുടെ വിഷയത്തിൽ സുപ്രീംകോടതി വിധി ഉണ്ടാവാൻ ഇടയായ സാഹചര്യവും, വിധിയുടെ അനിവാര്യതയും, വിധി പുറത്തുവന്ന രാഷ്ട്രീയ കാലഘട്ടവും കണക്കിലെടുക്കാതെ സാങ്കേതികത്വങ്ങളിൽ ചാരി ഏകപക്ഷീയമായ നിലപാടുകൾ സ്വീകരിക്കുന്നത് ശരിയല്ല. ആഗോള സൂചികകളിൽ, ജനാധിപത്യ രാജ്യമെന്ന സ്ഥാനം പോലും നമുക്ക് നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന കാലഘട്ടത്തിൽ, അധികാര കേന്ദ്രീകരണത്തിന്റെ ദുഷിച്ച പ്രവണത മുൻപങ്ങുമില്ലാത്തവിധം ശക്തമായ സമയത്ത്, വൈവിധ്യങ്ങളെയെല്ലാം നിഷേധിക്കുന്ന ഏകാധിപത്യ പ്രവണത രാജ്യത്തിൻറെ നിലനിൽപ്പിനെ തന്നെ ബാധിക്കുമോ എന്ന് ഭയപ്പെടുന്ന വിഷമ സന്ധിയിൽ, ഭരണഘടനാ കോടതികൾ ഭരണകൂട കോടതികളെപ്പോലെ പ്രവർത്തിച്ചു പോന്നിരുന്ന സമകാലിക ചരിത്രത്തിൽ,  ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങളെ ഉയർത്തിപ്പിടിക്കുന്ന ഒരു വിധി ഉണ്ടായിരിക്കുന്നുവെന്നത് ചെറിയ കാര്യമല്ല.

സാങ്കേതികത്വത്തിനപ്പുറം വ്യാഖ്യാനങ്ങളിലെ പിഴവുകൾ നമുക്ക് കണ്ടെത്താനാവില്ല. കൃത്യമായ കീഴ്വഴക്കങ്ങളുടെ അടിസ്ഥാനത്തിലാണ് കോടതി തീരുമാനമെടുത്തിരിക്കുന്നത്. സുപ്രധാനമായ ഭരണഘടനാ ബെഞ്ചുകളുടെ മുൻകാല വിധികളുടെ പിന്തുടർച്ചയായാണ് ഇത് വന്നിട്ടുള്ളത്. കൂടാതെ ഗവർണർമാരുടെ അധികാരം സംബന്ധിച്ച സർക്കാരിയ കമ്മീഷന്റെയും, പുഞ്ചി കമ്മീഷന്റെയും നിർദ്ദേശങ്ങളും, ആഭ്യന്തരമന്ത്രാലയത്തിന്റെ തന്നെ 2016-ലെ മെമ്മോറാണ്ടവും പരിഗണിച്ചാണ് കോടതി തീരുമാനത്തിലെത്തിയിട്ടുള്ളത്. അനുഛേദം 142-ന്റെ ഉപയോഗമാകട്ടെ തമിഴ്നാട്ടിൽ നിലനിൽക്കുന്ന ഭരണ പ്രതിസന്ധിക്ക് പരിഹാരം തേടികൊണ്ടുള്ള ധീരവും സർഗാത്മകവുമായ നടപടിയായി വേണം മനസ്സിലാക്കുവാൻ. മാത്രവുമല്ല, കേസ് എന്തായ വാദം പരിഗണിക്കുന്ന വേളയിൽ ഒന്നും ആരും ഇതൊരു തടസ്വാദമായി ഉന്നയിച്ചിരുന്നുമില്ല. ഇതിനു മുൻപും ഭരണഘടന പ്രാധാന്യമുള്ള പല കേസുകളിലും രണ്ട് അംഗ ബെഞ്ചുകൾ വിധി പറഞ്ഞ ചരിത്രവുമുണ്ട്. ഗവർണറുടെ പദ്ധതിയ്ക്ക് ഇതിലൂടെ സുപ്രീംകോടതി തടയിട്ടു. ഇത് രാജ്യത്തിൻറെ ഫെഡറൽ സംവിധാനം സംരക്ഷിക്കുന്നതിന് വേണ്ടിയിട്ടുള്ള സുധീരമായ ഇടപെടലായി ഭാവി ചരിത്രം രേഖപ്പെടുത്തും എന്ന കാര്യത്തിൽ സംശയമൊന്നുമില്ല. 

കോപ്പറേറ്റീവ് ഫെഡറലിസമാണ് നമ്മുടെ ഭാവി. നൂറുകണക്കിന് നാട്ടുരാജ്യങ്ങളുടെയും, ജാതിമത ഭാഷാവൈവിധ്യങ്ങളുടെയും സമന്വയ സാംസ്കാരിക ഭൂമികയായ ഇന്ത്യയ്ക്ക് മറ്റൊരു അസ്ഥിത്വമില്ല തന്നെ. ഈ വൈവിധ്യങ്ങൾക്കിടയിലെ ഐക്യം നമ്മൾ ശ്രദ്ധാപൂർവ്വം പരിലാളിച്ചു പോരേണ്ടതുണ്ട്. നാനാത്വങ്ങളെ അംഗീകരിച്ചും, അപരത്വങ്ങളെ ചേർത്തുനിർത്തിയും, എല്ലാ വിഭാഗങ്ങളെയും വിശ്വാസത്തിലെടുത്തും വേണം നമുക്കു മുന്നോട്ടു നടക്കുവാൻ. നമ്മുടെ രാഷ്ട്രശില്പികളും ഭരണഘടനാനിർമ്മാണ സഭയും മുന്നോട്ടുവച്ച ദർശനവും അതുതന്നെയാണ്. എന്നിരുന്നാലും അധികാര വിഭജനത്തിന്റെ അതിരുകൾ തൊടുമ്പോൾ, കോടതികൾ സസൂഷ്മമായ ശ്രദ്ധ പുലർത്തേണ്ടതുണ്ട്. നടപടിക്രമങ്ങൾ കേവലം ഔപചാരികത മാത്രമല്ല, സുസ്ഥിരമായ ജനാധിപത്യ ഭരണ വ്യവസ്ഥിതിക്ക് അത്യന്താപേക്ഷിതമായ അടിത്തറയാണ്. അനുഛേദം 145(3) കോടതിയുടെ വിശ്വാസത്തെയും, നിയമ വൈജ്ഞാനികതയുടെ സുസ്ഥിരതയും ഉറപ്പുവരുത്തുന്നതിന് വേണ്ടിയുള്ളതാണ്. ഭാവിയിൽ, ഗവർണർ സമയപരിധി ലംഘിച്ചതുമായി ബന്ധപ്പെട്ട ഹാരജികൾ ഉണ്ടാവുമ്പോൾ ഈ വിഷയവും ചർച്ചയാവുക തന്നെ ചെയ്യും. 

The article was first published on 18/04/2025 in Reporterlive

ഫെഡറലിസത്തെ വീണ്ടെടുക്കുന്ന സുപ്രീംകോടതിവിധി

ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാനഘടനയുടെ ഭാഗമായ ഫെഡറലിസത്തിന്റെ ആത്മാംശം വീണ്ടെടുക്കുന്ന സുപ്രധാനമായൊരു വിധിപ്രസ്താവം നടത്തിയിരിക്കുന്നു  സുപ്രീംകോടതി. സംസ്ഥാന നിയമസഭ പാസാക്കിയ ബില്ലുകൾക്ക് അംഗീകാരം നൽകാതെ അനന്തകാലം കൈവശം വച്ചു കൊണ്ടിരിക്കുവാനോ, ഒരിക്കൽ തിരിച്ചയച്ച ബില്ലുകൾ നിയമസഭ വീണ്ടും പാസാക്കുന്ന പക്ഷം, അതിന് അംഗീകാരം നൽകാതെ രാഷ്ട്രപതിക്ക് അയക്കാനോ ഗവർണർക്ക് അധികാരമില്ലെന്ന് സുപ്രീംകോടതി പ്രസ്താവിച്ചു. നിയമസഭ പാസാക്കിയ ബില്ലുകൾക്ക് അംഗീകാരം നൽകാതെ തടഞ്ഞുവച്ച, തമിഴ്നാട് ഗവർണർ ശ്രീ. ആർ എൻ രവിക്കെതിരെ സംസ്ഥാന ഗവൺമെൻറ് നൽകിയ ഹർജിയിലാണ് കോടതിയുടെ ചരിത്രവിധി. ജസ്റ്റിസ് ജെ ബി പാർഡിവാല, ജസ്റ്റിസ് ആർ മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ചാണ് കേസിൽ വിധി പുറപ്പെടുവിച്ചത്.

അനുഛേദം 200 

ഭരണഘടനയുടെ അനുഛേദം 200 അനുസരിച്ച് സംസ്ഥാന നിയമസഭ പാസാക്കുന്ന ബില്ല് നിയമമാകണമെങ്കിൽ  ഗവർണറുടെ അംഗീകാരം വേണം. അത്തരത്തിൽ ഒരു ബില്ല് നിയമസഭ ഗവർണർക്കയച്ചാൽ, അദ്ദേഹത്തിന് അതിൽ ഒപ്പുവയ്ക്കുകയോ, തിരിച്ചയക്കുകയോ, രാഷ്ട്രപതിയുടെ പരിഗണനയ്ക്കു വിടുകയോ ചെയ്യാം. എന്നാൽ തിരിച്ചയച്ച ബില്ല്, നിയമസഭാ വീണ്ടും പാസാക്കിയാൽ അതിന് അംഗീകാരം നൽകാനുള്ള ഭരണഘടനാപരമായ ബാധ്യത ഗവർണർക്കുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ ഗവർണർക്ക് യാതൊരു വിധ വിവേചനാധികാരവുമില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. അതോടൊപ്പം ഗവർണർ സ്വീകരിക്കേണ്ട നടപടികൾക്ക് കൃത്യമായ സമയക്രമം നിശ്ചയിക്കുവാനും കോടതി തയ്യാറായി.

ഇന്ത്യൻ ഫെഡറലിസം 

നമ്മുടെ രാജ്യത്ത് ഫെഡറലിസം യൂണിയൻ ഗവൺമെൻറ് സംസ്ഥാനങ്ങൾക്കു നൽകുന്ന  ആനുകൂല്യമല്ല, രാഷ്ട്രഘടനയുടെ അടിസ്ഥാന സ്വഭാവമാണത്. 1994-ലെ എസ് ആർ ബൊമ്മൈ കേസിൽ, ഇന്ത്യൻ സുപ്രീംകോടതിയുടെ 9 അംഗ ഭരണഘടനാബെഞ്ച്, ഫെഡറലിസത്തെ  ഭരണഘടനയുടെ അടിസ്ഥാനഘടനയുടെ ഭാഗമായി പ്രഖ്യാപിച്ചിട്ടുള്ളതാണ്. രാഷ്ട്രീയവും അധികാരപരവുമായ കാരണങ്ങളാൽ ഉണ്ടായേക്കാവുന്ന, ഗവർണർമാരുടെ ഏകപക്ഷീയമായ നടപടികൾക്കെതിരെയുള്ള ഭരണഘടനാപരമായ ജാഗ്രതയാണ് ഈ വിധി വിശദമാക്കുന്നത്. 

ഭരണഘടനാനിർമ്മാണ സഭയിൽ, ഗവർണറുടെ അധികാരത്തെക്കുറിച്ച് ഡോ. അംബേദ്കർ വ്യക്തമാക്കുന്നുണ്ട്: “ഭരണഘടന പ്രകാരം, ഗവർണർക്ക് സ്വേച്ഛാപരമായി ചെയ്യാവുന്ന യാതൊരു കടമയുമില്ല. സ്വന്തമായി ഒന്നും ചെയ്യാനില്ല. ഈ അനുച്ഛേദത്തിന് കീഴിൽ പോലും മന്ത്രിസഭയുടെ ശിപാർശകൾ സ്വീകരിക്കാൻ ഗവർണർ ബാധ്യസ്ഥനാണ്”. യൂണിയൻ ഗവൺമെന്റിന്റെ ഏജന്റായല്ല, തെരഞ്ഞെടുക്കപ്പെട്ട മന്ത്രിസഭയുടെ നിർദ്ദേശങ്ങൾ അനുസരിക്കാൻ ബാധ്യസ്ഥനായ, സംസ്ഥാനത്തിന്റെ ഭരണഘടനാപരമായ തലവൻ എന്ന പദവി മാത്രമാണ് ഗവർണർക്കുള്ളത്. ഭരണഘടനയുടെ അനുഛേദം 200-ന് രൂപം നൽകിയപ്പോൾ, 1935-ലെ ഗവൺമെൻറ് ഓഫ് ഇന്ത്യ ആക്ട് സെക്ഷൻ 75-ൽ ഉണ്ടായിരുന്ന ”അദ്ദേഹത്തിൻറെ വിവേചനാധികാരം” എന്ന ഭാഗം ഒഴിവാക്കപ്പെട്ടത് ബോധപൂർവ്വമാണ്. സാമ്രാജ്യത്വ ഭരണകൂടത്തിന് കീഴിലുള്ള പ്രവിശ്യകളിൽ നിന്ന്  സംസ്ഥാനങ്ങളുടെ യൂണിയനായി രാഷ്ട്രം മാറിയതിന്റെ ഭാഗമാണത്. 

രാഷ്ട്രീയവൽക്കരിക്കപ്പെട്ട ഗവർണർ പദം 

തമിഴ്നാട് ഗവർണറുടെ പ്രവർത്തികളിൽ രാഷ്ട്രീയ താൽപര്യങ്ങളുടെ പ്രത്യക്ഷമാനമുണ്ടെന്നു കാണാം. സംസ്ഥാനത്തിന്റെ ഭരണനിർവഹണത്തിനും ഉനത വിദ്യാഭ്യാസ മേഖലയ്ക്കും വളരെ പ്രധാനപ്പെട്ട ബില്ലുകൾ, യാതൊരു വിശദീകരണമോ നടപടിയോ ഇല്ലാതെ തടഞ്ഞുവച്ച ഗവർണറുടെ ചെയ്തി ഭരണഘടനാപരമായ മര്യാദയുടെ സീമകൾ ലംഘിക്കുന്നതാണ്. യൂണിയൻ ഗവൺമെന്റിന്റെയും, രാജ്യത്തെ വലതുപക്ഷ രാഷ്ട്രീയത്തിന്റെ ചാലകശക്തിയായ ആർഎസ്എസിന്റെയും അധികാര കേന്ദ്രീകരണത്തോടുള്ള പ്രത്യയശാസ്ത്രപരമായ ആഭിമുഖ്യം ഈ പ്രശ്നത്തിന് അതീവ ഗൗരവ ഭാവം നൽകുന്നുണ്ട്. സംസ്ഥാന ഗവൺമെന്റുകളെ അട്ടിമറിക്കുന്ന ഇടപെടലുകളിലൂടെ, ബില്ലുകൾ തടഞ്ഞു വയ്ക്കുന്നതിലൂടെ, സർവ്വകലാശാലകളിൽ കടന്നുകയറുന്നതിലൂടെ, അങ്ങനെ കഴിയാവുന്ന മാർഗങ്ങളിലൂടെ ഒക്കെയും പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളെ ദുർബലപ്പെടുത്താനുള്ള ശ്രമം ഗവർണർമാർ നടത്തുന്നുണ്ടെന്ന ആരോപണം ശക്തമാണ്. അത് ഭരണഘടന വിഭാവനം ചെയ്യുന്ന കോപ്പറേറ്റീവ് ഫെഡറലിസം എന്ന തത്വത്തെ അട്ടിമറിക്കുന്ന പ്രവർത്തിയാണ്.

സുപ്രീംകോടതി നിലപാട്

ഫെഡറലിസത്തിനെതിരായ നീക്കങ്ങളെ രൂക്ഷമായ രൂക്ഷമായ ഭാഷയിലാണ് സുപ്രീംകോടതി വിമർശിച്ചിരിക്കുന്നത്. ഗവർണറുടെ നടപടികൾ നിയമവിരുദ്ധമാണെന്നു മാത്രമല്ല, ഭരണഘടനാപരമായ കൃത്യവിലോപം കൂടിയാണെന്നും കോടതി വിലയിരുത്തി. ആദ്യം ഗവർണർ ബില്ലുകൾക്ക് അംഗീകാരം നൽകാതിരിക്കുകയും,  അക്കാര്യം സംസ്ഥാന നിയമസഭയോട് രേഖാമൂലം അറിയിക്കാതിരിക്കുകയും ചെയ്തു. ഈ സാഹചര്യത്തിൽ നിയമസഭ വീണ്ടും അതേ ബില്ലുകൾ പാസാക്കി. ഈ ഘട്ടത്തിലാണ് പഞ്ചാബ് ഗവർണർ കേസിൽ, ഗവർണർക്ക് എന്നന്നേക്കുമായി ഒരു ബില്ലിന് അംഗീകാരം നൽകാതെ കൈവശം വച്ചുകൊണ്ടിരിക്കാനുള്ള അവകാശമില്ലെന്ന സുപ്രീംകോടതി വിധി വരുന്നത്. ഗവർണർക്ക് വീറ്റോ പവർ ഇല്ല എന്നായിരുന്നു കോടതി നിലപാട്. ഈ വിധി വന്നയുടനെ, താൻ ബില്ലുകൾ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് വിട്ടിരിക്കുകയാണ് എന്ന അറിയിപ്പ് ഗവർണർ സംസ്ഥാന ഗവൺമെന്റിന് നൽകുകയായിരുന്നു. ഈ നടപടി ഉത്തമ വിശ്വാസപൂർവ്വമുള്ളതല്ലെന്ന് കോടതി വിലയിരുത്തി.

അനുഛേദം 200-ലെ, “shall not withhold assent therefrom” എന്ന പ്രയോഗം, നിയമസഭാ രണ്ടാമതും പാസാക്കിയ ബില്ലുകൾ അംഗീകരിക്കാനുള്ള ഭരണഘടനാപരമായ ബാധ്യത ഗവർണർക്കുണ്ടെന്ന് വ്യക്തമാക്കുന്നു. അതോടൊപ്പം, ബി കെ പവിത്ര കേസിലെ വിധിയോട്  വിയോജിച്ചുകൊണ്ട്, നിയമസഭ രണ്ടാമതും പാസാക്കിയ ബില്ല് രാഷ്ട്രപതിക്ക് അയക്കുവാനുള്ള വിവേചനാധികാരം ഗവർണർക്കില്ലെന്ന് കോടതി വ്യക്തമാക്കി. നിയമസഭ മടക്കി അയക്കുന്ന ബില്ല് ആദ്യത്തേതിൽ നിന്ന് വ്യത്യസ്തമാണെങ്കിൽ മാത്രമേ ഏതെങ്കിലും തരത്തിലുള്ള പുനപരിശോധനയ്ക്ക് അധികാരമുള്ളൂ. അതുപോലെതന്നെ ബില്ലിന് അംഗീകാരം നൽകുന്നില്ലെങ്കിൽ അത് രേഖാമൂലം നിയമസഭയെ അറിയിക്കുവാനുള്ള ബാധ്യതയും ഗവർണർക്കുണ്ട്.

അതോടൊപ്പം ഗവർണറുടെ നടപടികൾക്ക് കൃത്യമായ സമയക്രമം നിർവചിച്ചു നൽകുവാൻ സുപ്രീംകോടതി തയ്യാറായിയെന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. നിയമസഭ പാസാക്കിയ  ബില്ല്, മന്ത്രിസഭയുടെ ശിപാർശയനുസരിച്ച് രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് വിടേണ്ടതുണ്ടെങ്കിൽ അക്കാര്യം ഒരു മാസത്തിനകം ചെയ്യണം. മന്ത്രിസഭയുടെ താൽപര്യത്തിന് വിരുദ്ധമായി ഗവർണർ ബില്ല് അംഗീകരിക്കാതിരിക്കുകയാണെങ്കിൽ അക്കാര്യം മൂന്നുമാസത്തിനകം രേഖാമൂലം അറിയിക്കേണ്ടതുണ്ട്. അതേ ബില്ല് നിയമസഭ വീണ്ടും ഗവർണർക്ക് അയക്കുകയാണെങ്കിൽ ഒരു മാസത്തിനകം അതിന് അംഗീകാരം നൽകിയേ പറ്റൂ. 

കൂടാതെ, തമിഴ്നാട് നിയമസഭ രണ്ടാമത് പാസാക്കിയ ബില്ലുകൾ ഗവർണർ രാഷ്ട്രപതിക്ക് അയച്ചിട്ടുള്ളതിന്മേൽ സ്വീകരിക്കുന്ന തുടർനടപടികൾ കോടതി അസാധുവാക്കി. മന്ത്രിസഭ രണ്ടാമതും ബില്ല് ഗവർണർക്ക് അയച്ച ദിവസം മുതൽ, നിയമം പ്രാബല്യത്തിൽ വന്നതായി, ഭരണഘടനയുടെ അനുഛേദം 142 നൽകുന്ന പ്രത്യേക അധികാരമുപയോഗിച്ച് സുപ്രീംകോടതി പ്രഖ്യാപിച്ചു. മാത്രവുമല്ല അനുഛേദം 200 പ്രകാരം ഗവർണർ സ്വീകരിക്കുന്ന നടപടികളെല്ലാം ജുഡീഷ്യൽ റിവ്യൂവിന് വിധേയമായിരിക്കുമെന്നും വിധിയെഴുതി. 

ഭാവിയിലേക്കുള്ള ബ്ലൂ പ്രിൻറ് 

ഇന്ന്, രാഷ്​ട്രീയ ദുരുപയോഗമല്ലാതെ വേറെ ഏതെങ്കിലും ഒഴിവാക്കാനാകാത്ത ഭരണഘടനാ ചുമതലകൾ ഗവർണർ വഹിക്കുന്നുണ്ടോ എന്ന് സംശയമാണ്. മധ്യപ്രദേശ് ഗവർണറായിരുന്ന ഡോ. പട്ടാഭി സീതാരാമയ്യ, ഉത്തർപ്രദേശ് ഗവർണർ ആയിരുന്ന കെ.എം. മുൻഷി, സരോജിനി നായിഡു അങ്ങനെ പല പ്രമുഖരും ഗവർണർ എന്നത് അതിഥികളെ സ്വീകരിക്കാൻ മാത്രമുള്ള ഒരു അലങ്കാരപദവിയാണെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്. മഹാരാഷ്​ട്ര ഗവർണറായിരിക്കെ വിജയലക്ഷ്മി പണ്ഡിറ്റ് ഈ പദവി അനാവശ്യമാണെന്നു പറയുകയുണ്ടായി. രാഷ്​ട്രീയനേതാക്കളിൽ എൻ.ടി. രാമറാവുവാണ് ഒരു ജനാധിപത്യക്രമത്തിൽ ഗവർണറുടെ പ്രസക്തി എന്താണെന്ന ചോദ്യം ഏറ്റവും ശക്തിയായി ഉന്നയിച്ചത്. അത് ഇന്ദിരാഗാന്ധിയുടെ കാലത്ത്, അദ്ദേഹത്തെ ഉപജാപത്തിലൂടെ പുറത്താക്കുന്നതിനുമുമ്പായിരുന്നു. തമിഴ്നാട്ടിലെ സമകാലിക സംഭവവികാസങ്ങൾ ഈ ചോദ്യം വീണ്ടും ഉന്നയിക്കാൻ നമ്മെ പ്രേരിപ്പിക്കുകയാണ്.

കേന്ദ്രം ഭരിക്കുന്ന രാഷ്​ട്രീയകക്ഷിക്ക്​ പ്രിയപ്പെട്ടവരായിരുന്ന ഉദ്യോഗസ്ഥരെയോ, ന്യായാധിപരെയോ, കണ്ടം ചെയ്യാറായ രാഷ്​ട്രീയനേതാക്കളെയോ പുനരധിവസിപ്പിക്കാനുള്ള ഒരു മാർഗം മാത്രമാണ് നിലവിൽ ഗവർണർ പദവി. 

ഈ സാഹചര്യത്തിൽ ചുരുങ്ങിയ പക്ഷം 1983-ലെ സർക്കാരിയാ കമ്മീഷനും, 2010-ലെ പൂഞ്ചി കമ്മീഷനും, ഗവർണറുടെ അധികാരദുർവ്യയം തടയുന്നതിനായി മുന്നോട്ടുവച്ച  നിർദ്ദേശങ്ങൾ  പാർലമെന്റ് ഗൗരവമായി പരിഗണിക്കുകയും, ഭരണഘടനാഭേദഗതിയിലൂടെയോ, നിയമത്തിലൂടെയോ, ഗവർണറുടെ അധികാരങ്ങൾ നിർവചിക്കേണ്ടതുമാണ്.

കേവലം തമിഴ്നാട് ഗവൺമെന്റിനു മാത്രമല്ല, ഭരണഘടന വിഭാവനം ചെയ്യുന്ന കോർപ്പറേറ്റ് ഫെഡറലിസത്തിൽ നിന്നുള്ള വ്യതിചലനത്തിനെതിരെ എല്ലാ സംസ്ഥാനങ്ങൾക്കുമുള്ള പിടിവള്ളിയായി ഈ വിധി മാറുകയാണ്. ഷംശേർ സിംഗ്, എസ് ആർ ബൊമ്മെ, പഞ്ചാബ് ഗവർണർ കേസ് എന്നിവയ്ക്ക് ശേഷം ഇന്ത്യൻ നീതിനായ ചരിത്രത്തിൽ നാഴികക്കല്ലാവുന്ന വിധിന്യായം. ഗവർണറുടെ നടപടികൾക്ക് സമയക്രമം നിശ്ചയിച്ചതിലൂടെ ഭരണഘടനാപരമായ ചില അവ്യക്തതകൾക്കു വിരാമമാവുകയുമാണ്. ജനാധിപത്യ സംവിധാനത്തിൽ ജനങ്ങളാണ് അത്യന്തികമായ അധികാരികൾ എന്ന കാര്യം സുപ്രീം കോടതി തമിഴ്നാട് ഗവർണറെ ഓർമിപ്പിക്കുകയാണ്. ജനാഭിലാഷം പ്രതിഫലിക്കുന്നത് തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളിലൂടെയാണ്. മന്ത്രിസഭയെ മറികടക്കാൻ, ഗവൺമെന്റിന്റെ പ്രവർത്തനങ്ങൾക്ക്  തടസ്സം നിൽക്കാൻ ,നിയമസഭയിലൂടെ പ്രതിഫലിക്കുന്ന ജനാഭിലാഷത്തെ തുരങ്കം വയ്ക്കാൻ, ഗവർണർക്ക് യാതൊരു സവിശേഷ അധികാരവും ഇല്ലെന്ന് കോടതി വ്യക്തമാക്കി. 

നമ്മുടെ രാജ്യത്ത് ഫെഡറലിസം ഒരു രാഷ്ട്രീയവ്യവസ്ഥ മാത്രമല്ല, വൈവിധ്യപൂർണ്ണമായ സാംസ്കാരിക, വംശീയ, രാഷ്ട്രീയ,  ധാരകൾ തമ്മിലുള്ള ധാർമിക ഉടമ്പടി കൂടിയാണ്. കേന്ദ്രം ഭരിക്കുന്ന കക്ഷിയുടെ രാഷ്ട്രീയ താൽപര്യങ്ങൾക്ക് വിധേയമായി, ഒരു അധികാര കേന്ദ്രം ആ ഉടമ്പടി ലംഘിക്കുന്നത് ഭരണഘടനാ വിരുദ്ധവും ദേശദ്രോഹപരവുമാണ്. ഈ വസ്തുത രാജ്യത്തിൻറെ പരമോന്നതവിപീഠം മനസ്സിലാക്കിയെന്നുള്ളത് സമകാലിക രാഷ്ട്രീയ പരിസരത്ത് ആശ്വാസകരമാണ്. ഇന്ത്യ കേന്ദ്രീകൃത അധികാരത്തിന് അപ്രമാദിത്വമുള്ളൊരു രാജ്യമല്ലെന്നും സംസ്ഥാനങ്ങളുടെ യൂണിയനാണെന്നും കോടതി ഒരിക്കൽ കൂടി അടിവരയിട്ട് പറയുകയാണ്. രാജ്യത്തിനകത്തും രാജ്യാന്തരതലത്തിലും ജനാധിപത്യ മൂല്യങ്ങൾ പരീക്ഷിക്കപ്പെട്ടു കൊണ്ടിരിക്കുന്ന കാലഘട്ടത്തിൽ, ജുഡീഷ്യറിയിലുള്ള വിശ്വാസം തിരികെ കൊണ്ടുവരുന്നതിനും, ഭരണഘടനാധിഷ്ഠിത ജനാധിപത്യത്തിന് ശക്തി പകരുന്നതിനും ഈ വിധി സഹായകരമാകും എന്ന കാര്യത്തിൽ സംശയമില്ല.

this article was first published in Suprabhatham Daily on 10/04/2025

അപാർ ഐഡി ഒരായുധമാണ്

സർവ്വതിനെയും കേന്ദ്രീകൃത ഏകാധിപത്യ  അധികാര വ്യവസ്ഥിതിയുടെ കീഴിൽ കൊണ്ടുവരാനുള്ള രാഷ്ട്രീയ പദ്ധതിയുടെ ഭാഗമാണ് സ്കൂളുകളിൽ നിർബന്ധമാക്കി കൊണ്ടിരിക്കുന്ന അപാർ ഐഡിയും. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്, ഒരു രാജ്യം ഒരു നേതാവ്, ഒരു രാജ്യം ഒരു ഭാഷ, ഒരു രാജ്യം ഒരു സംസ്കൃതി, തുടങ്ങി സമകാലിക ഇന്ത്യയിൽ നിരന്തരം മുഴങ്ങി കേൾക്കുന്ന മുദ്രാവാക്യങ്ങളുടെ തുടർച്ചയായി വേണം  ‘ഒരു രാജ്യം ഒരു സ്റ്റുഡൻറ് ഐഡി’ എന്നതിനെയും മനസ്സിലാക്കുവാൻ.  വിദ്യാർത്ഥികളുടെ സകല വിവരങ്ങളും ഒരു നമ്പറുമായി ബന്ധപ്പെടുത്തി ശേഖരിച്ച് കേന്ദ്രീകൃതമായി സൂക്ഷിക്കുന്ന സംവിധാനമാണിത്. ബ്യൂറോക്രാറ്റിക് ഏകാധിപത്യത്തിന്റെ കുറുക്കുവഴിയായി സാങ്കേതിക സംവിധാനങ്ങളെ പ്രയോജനപ്പെടുത്തുന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമായി ഇതിനെ കാണാം. കേന്ദ്രീകൃതമായ നിയന്ത്രിക്കപ്പെടുന്ന വിവരശേഖര സംവിധാനം, സർവൈലൻസിനും, വിവര നഷ്ടത്തിനും, രാഷ്ട്രീയ സ്വാധീനങ്ങൾക്കും  വഴിവയ്ക്കും.

കാര്യക്ഷമതയെന്ന മരീചിക

വിദ്യാഭ്യാസരംഗത്ത് കാര്യക്ഷമത കൈവരിക്കാനുള്ള എളുപ്പ മാർഗ്ഗമായാണ് അപാർ ഐഡി അവതരിപ്പിക്കപ്പെടുന്നത്. ‘ഓട്ടോമാറ്റിക് പെർമനന്റ് അക്കാഡമിക് അക്കൗണ്ട് രജിസ്റ്റ്റി’ യുടെ ചുരുക്ക പേരാണ് അപാർ. 2020-ലെ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി ഇപ്പോൾ നിലവിലുള്ള ‘യുഡയ്സ് പ്ലസ്’ വിവരശേഖരത്തിന് പുറമേയാണിത്. സ്കൂൾ ട്രാൻസ്ഫറുകളും, ക്രെഡിറ്റ് ട്രാക്കിംഗും ഫലപ്രദമായി നടപ്പിലാക്കുകയും ഡിജിലോക്കർ വഴി രേഖകൾ സുരക്ഷിതമായി സൂക്ഷിക്കുകയും ചെയ്യാനാവും എന്നതാണ് ഇതിൻറെ മേന്മയായി വിശദീകരിക്കുന്നത്. ആധാർ പദ്ധതിയുടെ കാര്യത്തിൽ സംഭവിച്ചത് പോലെ ഇതും ഔദ്യോഗികമായി നിർബന്ധിതമല്ല. യൂണിയൻ ഗവൺമെന്റിന്റെ വിദ്യാഭ്യാസ വകുപ്പിന്റെ വെബ്സൈറ്റിൽ ഇത് നിർബന്ധമല്ലെന്ന് വിശദമാക്കിയിരിക്കുന്നത് കാണാം. എന്നാൽ സ്കൂളുകൾക്കും വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഓഫീസുകൾക്കും ടാർഗറ്റ് നിശ്ചയിച്ചുകൊണ്ട് 100% വിദ്യാർത്ഥികളെയും ഈ പദ്ധതിയുടെ ഭാഗമാക്കാനുള്ള ശ്രമമാണ് ഗവൺമെൻറ് നടത്തുന്നത്. ആധാറുമായി ബന്ധപ്പെടുത്തി വിവരങ്ങൾ ശേഖരിച്ച് സൂക്ഷിക്കുന്നത് വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ‘അറിവോടെയുള്ള സമ്മത’ത്തോടെ കൂടിയാണെന്നാണ്, ഔദ്യോഗിക ഭാഷ്യം. എന്നാൽ സമ്മർദ്ദങ്ങളിലൂടെയും ഭീഷണികളിലൂടെയും സമ്മതം നിർബന്ധിതമായി വാങ്ങുകയാണ് ചെയ്യുന്നത്. നീറ്റ് പരീക്ഷയ്ക്ക് പോലും അപാർ നിർബന്ധിതമല്ലെന്ന് അധികൃതർ പറയാൻ തയ്യാറായത് വലിയ പ്രതിഷേധങ്ങൾ ഉയർന്നു വന്നപ്പോൾ മാത്രമാണ്.

വിയോജിപ്പിന്റെ സ്വരങ്ങൾ 

നിർബന്ധിത സമ്മതത്തിനെതിരെ പ്രതിഷേധങ്ങൾ ഉയർന്നു വരുന്നുണ്ട്. ‘നിർബന്ധിതമായി ഒരാളുടെ സമ്മതം സംഘടിപ്പിക്കുന്നത് ക്രൈം ആണെന്ന വസ്തുതയുമുണ്ട്.   യാതൊരു നിയന്ത്രണങ്ങളുമില്ലാതെ പ്രവർത്തിക്കുന്ന ഇത്തരം സാങ്കേതിക സംവിധാനങ്ങളുടെ ദൂഷ്യഫലങ്ങൾ പുറത്തുവരുമ്പോൾ കൈകഴുകുന്ന സമീപനമാണ് ഗവൺമെൻറ് സ്വീകരിച്ചു പോരുന്നത്.  ശാസ്ത്ര സാങ്കേതിക വിദ്യയുടെ തിളങ്ങുന്ന നിറങ്ങൾ ഉപയോഗിച്ച് അലങ്കരിച്ച ഏകാധിപത്യ സംവിധാനങ്ങൾ ഇക്കാലത്ത് ഭരണകൂടത്തിന്റെ അടിസ്ഥാന പ്രവർത്തനങ്ങളുടെ ഭാഗമാണ്. യഥാർത്ഥത്തിൽ അപാർ പദ്ധതിയുടെ  ലക്ഷ്യം വിദ്യാഭ്യാസമല്ല, രാജ്യത്തെ ഓരോ വിദ്യാർത്ഥിയുടെയും ജീവിതഘട്ടങ്ങളിൽ ഓരോന്നിലും അധികാരത്തിന്റെ മുദ്ര പതിപ്പിക്കുന്ന പ്രക്രിയയാണിത്. അത് ജനാധിപത്യപരമായ സാങ്കേതിക പുരോഗതി അല്ല, അനുസരണയുടെയും അടിമത്തത്തിന്റെയും അടയാളപ്പെടുത്തലാണ്.

വിവരസുരക്ഷ;  നിയമമില്ലായ്മയാണ് നയം

വിവര സുരക്ഷാ സംവിധാനങ്ങൾ ക്രൂരമായ ഒരു തമാശയായി മാത്രം നിലനിൽക്കുന്ന ഇന്ത്യ പോലൊരു രാജ്യത്ത്, ഇത്തരം കേന്ദ്രീകൃത വിവര സഞ്ചയങ്ങൾ തീർക്കുന്ന അപകടം വലുതാണ്. 2018-ൽ സ്വകാര്യത ഒരു മൗലികാവകാശമാണെന്ന് ഇന്ത്യൻ സുപ്രീംകോടതി വിധിച്ചിട്ടുള്ളതാണ്. തുടർന്ന് സമഗ്രമായ ഒരു വിവരസുരക്ഷാ നിയമം ആവശ്യമാണെന്ന നിർദ്ദേശവും ഉണ്ടായി. അഞ്ചുവർഷങ്ങൾക്ക് ശേഷം 2023 ലാണ് നിരവധി പാകപ്പിഴകൾ ഉള്ളതെങ്കിലും ഒരു നിയമം ഇന്ത്യൻ പാർലമെൻറ് പാസാക്കിയത്. എന്നിട്ടും അനുബന്ധ ചട്ടങ്ങൾ രൂപീകരിച്ച്, നിയമം നാളിതുവരെ നിലവിൽ വന്നിട്ടില്ല. പൗരരുടെ മൗലികാവകാശങ്ങളുമായി ബന്ധപ്പെട്ട വ്യവഹാരങ്ങൾക്ക് നിയമം അനിവാര്യമാണെന്നിരിക്കെ, യാതൊരു നിയമ പിൻബലവും ഇല്ലാതെയാണ് അപാർ നടപ്പിലാക്കുന്നത്. പദ്ധതിയുടെ നിയമസാധ്യത  ചോദ്യം ചെയ്യപ്പെടേണ്ടതാണ്. 

 ആധാർ ഡാറ്റാബേസുമായി ബന്ധപ്പെട്ട് നിരവധി വിവരചോരണങ്ങളുടെ വാർത്ത ഉണ്ടായിട്ടുണ്ട്.  500 രൂപയ്ക്ക് ആധാർ വിവരങ്ങൾ ഡാർക്ക് വെബ്ബിൽ ലഭ്യമായിരുന്നത് മുതൽ, ആധാർ ബയോമെട്രിക് വിവരങ്ങൾ ഉപയോഗിച്ച് കോടിക്കണക്കിന് രൂപ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് തട്ടിയെടുത്തത് വരെ, ഒരുപാട് സംഭവങ്ങൾ. പ്രായപൂർത്തി പോലും ആകാത്ത വിദ്യാർഥികളുടെ വിവരങ്ങൾ വ്യാപകമായി ശേഖരിച്ച് സൂക്ഷിക്കുന്ന അപാർ ഉയർത്തുന്ന ഭീഷണി ചെറുതല്ല. നിർബന്ധിതമല്ലെന്ന് ഔപചാരികമായി പറയുമെങ്കിലും, പദ്ധതിയിൽ നിന്ന് വിട്ടു നിൽക്കുക പ്രായോഗികമല്ല. ബ്യൂറോക്രാറ്റിക് ബ്ലാക്ക്മെയിൽ വഴി,  ഉണ്ടാക്കിയെടുക്കുന്ന സമ്മതത്തിന്റെ പേരിലാണ് ഇതൊക്കെയും നടക്കുന്നത്. വിവിധ വിദ്യാഭ്യാസ ആനുകൂല്യങ്ങൾ ഇതുമായി ബന്ധപ്പെടുത്തിയിരിക്കുന്നത് കൊണ്ട് വിദ്യാർഥികൾക്ക് മുന്നിൽ മറ്റു മാർഗങ്ങളില്ല. 

വിവരസുരക്ഷാരംഗത്ത് നിയന്ത്രണങ്ങൾ കൊണ്ടുവരുന്നതിനോട് മുഖം തിരിച്ചു നിൽക്കുന്ന സമീപനമാണ് ഗവൺമെൻറ് ഇന്ത്യയിലെക്കാലത്തും സ്വീകരിച്ചിട്ടുള്ളത്. ഇക്കാര്യത്തിൽ, യൂറോപ്യൻ യൂണിയൻറെ ജിഡിപി ആർ പോയിട്ട് ചൈനയുടെ പി ഐ പി എൽ മോഡൽ പോലും നമ്മുടെ നാട്ടിൽ സമീപകാലത്തൊന്നും നടപ്പിലാവാൻ പോകുന്നില്ല. അതുകൊണ്ടുതന്നെ, അപാർ, വിയോജിപ്പുകളെ ഇല്ലാതാക്കുവാനും ശിങ്കിടി മുതലാളിമാർക്ക് ലാഭം കൊയ്യാനുമുള്ള ഖനിയായി മാറാനാണ് സാധ്യത. വോട്ടും വോയിസും ഇല്ലാത്ത കുഞ്ഞുങ്ങളുടെ ഭാവിയെയാണത് ബാധിക്കുക.

ഇന്ത്യയിൽ വിവര സുരക്ഷാ നിയമം നിലവിൽ വരാത്തത് ഭരണകൂടത്തിന്റെ അശ്രദ്ധ കൊണ്ടല്ല, അവരുടെ നയം അതായതൂ കൊണ്ടാണ്. നിയമം കൊണ്ടുവരാത്തത് ഒരു തന്ത്രമാണ്. പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിലും കാര്യങ്ങൾ വ്യത്യസ്തമല്ല. അപാറിന്റെ തുടക്കവും, ക്രെഡിറ്റ് സംവിധാനവും വിദ്യാഭ്യാസ സ്ഥാപനങ്ങൾ അനുയോജ്യമായ തരത്തിൽ മാറാമെന്ന് സൗകര്യവും എല്ലാം ഉണ്ടെങ്കിലും ഇത് കൈകാര്യം ചെയ്യുമ്പോൾ ഉണ്ടാകുന്ന സ്വകാര്യത സുരക്ഷാ പ്രശ്നങ്ങളെക്കുറിച്ച് ഒന്നു സൂചിപ്പിക്കുക കൂടി ചെയ്തിട്ടില്ല. പാർലമെന്റിന്റെയോ ജുഡീഷ്യറിയുടെ അനുമതിയില്ലാതെ വിദ്യാഭ്യാസത്തെ ആധാറുമായി ബന്ധപ്പെടുത്തി വിവരശേഖരങ്ങൾ ഉണ്ടാക്കുന്നത് 2018-ലെ സുപ്രീംകോടതിയുടെ ആധാർ കേസിലെ വിധിക്ക് വിരുദ്ധമാണ്. പ്രായപൂർത്തിയാകാത്ത മനുഷ്യർക്ക് ആധാർ നിർബന്ധമാക്കാൻ കഴിയില്ല എന്നും ആധാർ ഇല്ലാത്തതുകൊണ്ട് അവരുടെ യാതൊരു ആനുകൂല്യവും നിഷേധിക്കപ്പെടരുത് എന്നും കോടതിവിധി വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഇവിടെ അതെല്ലാം കാറ്റിൽ പറത്തിയിരിക്കുന്നു. ആധാർ നിർബന്ധമാക്കാൻ പറ്റിയില്ലെങ്കിൽ അപാർ വഴി അതു സാധിക്കാം എന്നാണ് ഭരണകൂടത്തിന്റെ ചിന്ത.

വിദ്യാഭ്യാസ വിവരങ്ങൾ അടങ്ങുന്ന കേന്ദ്രീകൃത വിവരസഞ്ചയം ഒരു നേട്ടമല്ല, മറിച്ച് ഒരു ആയുധമാണ്. വിയോജിക്കുന്നവരെ ഭീകരവിരുദ്ധ നിയമം ഉപയോഗിച്ച് ജയിലിൽ അടയ്ക്കാനും, മാധ്യമപ്രവർത്തകരെയും സാമൂഹ്യ പ്രവർത്തകരെയും പെഗസിസ് പോലുള്ള ചാര സംവിധാനങ്ങൾ പ്രയോഗിച്ച് നിരീക്ഷിക്കുകയും ചെയ്യുന്ന ഒരു രാജ്യത്ത്, അപാർ പദ്ധതി കോടിക്കണക്കിന് വരുന്ന വിദ്യാർഥികളുടെ വിവരങ്ങൾ ശേഖരിക്കുക വഴി, ഇവരുടെ ചൊട്ട മുതൽ ചുടല വരെയുള്ള പ്രൊഫൈലിംഗ് നടത്തുകയാണ് ചെയ്യുന്നത്. ഇന്ന് ഗ്രേഡുകളാണ് അടയാളപ്പെടുത്തുന്നതെങ്കിൽ, നാളെ അവർ ഭരണകൂടത്തോടുള്ള വിധേയത്വത്തിന് മാർക്കിടും. ഓരോ വിദ്യാർത്ഥിയുടെയും പഠന വഴികൾ മനസ്സിലാക്കുവാനും നിരീക്ഷിക്കുവാനും സാധിക്കും. ഫാസിസ്റ്റ് ദർശനത്തിന് അനുഗുണമായ ആയുധമാണിത്. വിമർശനങ്ങളെ ജ്വലനത്തിന് മുന്നേ കെടുത്തി കളയാൻ സഹായിക്കുന്ന ആയുധം.

അഭിനവ ജാതി വ്യവസ്ഥ 

ആധാറെന്ന പോലെ അപാറും ആനുകൂല്യങ്ങൾ നൽകുന്നതിനുള്ള പദ്ധതി ആണെന്നാണ് വയ്പ്പ്. എന്നാൽ ആളുകളെ ഒഴിവാക്കുന്നതിനുള്ള സങ്കേതമാണിത്. ഇൻറർനെറ്റും ആധാറും ഒന്നുമില്ലാത്ത ഇന്ത്യയുടെ വിദൂരത ഗ്രാമങ്ങളിലെ വിദ്യാർഥികളെ ഒഴിവാക്കാനുള്ള സാങ്കേതികവിദ്യ. അവരെ സംബന്ധിച്ചിടത്തോളം അപാർ ഒരു ഡിജിറ്റൽ ഗില്ലറ്റിനാണ്. നടപ്പിലാകുന്നത് സമത്വമല്ല ഡിജിറ്റൽ സംവിധാനങ്ങൾ ഉപയോഗിക്കാൻ അറിയാത്തവരെയും ഇന്റർനെറ്റ് സൗകര്യങ്ങൾ ലഭ്യമല്ലാത്തവരെയും മുഖ്യധാരയിൽ നിന്നും ഒഴിവാക്കുന്ന അഭിനവ ജാതി വ്യവസ്ഥയാണിത്. അല്ലെങ്കിലും അസ്പ്റശ്യരെക്കുറിച്ചുള്ള ചിന്തകളൊന്നും കാവി രാഷ്ട്രത്തിൽ ഉണ്ടാവാൻ ഇടയില്ല.

അപാർ ഏകാധിപത്യ രാഷ്ട്രീയ ദർശനത്തിന്റെ അപകടകരമായ ഒരായുധമാണ്. തന്ത്രങ്ങളും സമ്മർദ്ദങ്ങളും ഉപയോഗിച്ച് നാടിൻറെ വരും തലമുറയെ കെണിയിൽ പെടുത്തുകയാണത് ചെയ്യുന്നത്. ധാർമികത തൊട്ട് തീണ്ടിയിട്ടില്ലാത്ത ഭരണസംവിധാനങ്ങളെ, നമ്മുടെ കുഞ്ഞുങ്ങളുടെ വിവരങ്ങൾ വിശ്വസിച്ചേൽപ്പിക്കുന്നത് വിഡ്ഢിത്തമാണ്. നമ്മുടെ കുഞ്ഞുങ്ങൾ, സമത്വവും, സ്വാതന്ത്ര്യവും സാഹോദര്യവും ജനാധിപത്യ മൂല്യങ്ങളും പുലരുന്നൊരു ഭാവി അർഹിക്കുന്നുണ്ട്, അവരെ വെറും ഫയലുകളായി മാറാൻ അനുവദിച്ചു കൂടാ. ഭരണഘടനപരമായ മാർഗ്ഗങ്ങളിലൂടെ, നിയമനിർമ്മാണ സഭയുടെ അംഗീകാരത്തോടെ, നമ്മുടെയൊക്കെ അറിവോടെയുള്ള സമ്മതത്തോടെ മാത്രമേ ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ ഗവൺമെന്റുകളെ അനുവദിക്കാവൂ.

The article was first published in Suprabhatham Daily

സെൻസർഷിപ്പിന് സുപ്രീംകോടതി കൂട്ടുനിൽക്കരുത് 

വലതുപക്ഷത്തിനു പ്രിയങ്കരനായ  പോഡ്‌കാസ്റ്ററും യൂട്യൂബറുമായ  ബീർ ബൈസെപ്സ്, അഥവാ രൺവീർ അലബാദിയയുടെ പരിപാടികൾക്ക് സുപ്രീംകോടതി വിലക്കേർപ്പെടുത്തിയിരിക്കുന്നു. ഇനി ഒരു ഉത്തരവുണ്ടാവും വരെ ഒരു ഷോയും ചെയ്യേണ്ടെന്നാണ് നിർദ്ദേശം. അദ്ദേഹത്തിൻറെ ‘ഇന്ത്യ ഹാസ് ഗോട്ട് ലേറ്റന്റ്റ്’ എന്ന കോമഡി ഷോയിലെ അശ്ളീല പരാമര്ശങ്ങളെത്തുടർന്ന്, മഹാരാഷ്ട്രയിലും, ആസാമിലുമായി ഒന്നിലേറെ കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടിരുന്നു. അതിനെതിരെ അദ്ദേഹം സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. അറസ്റ്റിൽ നിന്ന് സംരക്ഷണം നൽകിയെങ്കിലും അനതിസാധാരണമായ ഒരു ഉത്തരവിലൂടെ അദ്ദേഹത്തെ പ്രോഗ്രാമുകൾ ചെയ്യുന്നതിൽനിന്നും വിലക്കിയത് ഞെട്ടലുളവാക്കുന്നതാണ്.  ആഗോള ആവിഷ്കാര സ്വാതന്ത്ര്യപ്പട്ടികയിൽ ഇപ്പോഴേ 159-ആം സ്ഥാനത്തുള്ള നമ്മുടെ രാജ്യത്ത്, മൗലീകാവകാശങ്ങൾ സംരക്ഷിക്കുവാൻ ബാധ്യസ്ഥരായ ഭരണഘടനാകോടതികൾ തന്നെ ഏകാധിപത്യപരവുമായ നിലപാടുകൾ സ്വീകരിക്കുന്നത് സങ്കടകരമാണ്. 

അതിരുവിടുന്ന നീതിപീഠം 

‘ധാർമികത’യുടെ പേരിൽ, ഭരണഘടനാ നിര്വചിതമായ അധികാരസീമയെ സുപ്രീംകോടതി തന്നെ ലംഘിക്കുന്നതിന്റെ ഏറ്റവും മികച്ചൊരു ഉദാഹരണമാണ് അലബാദിയ കേസ്. ഭരണഘടനയുടെ അനുച്ഛേദം 19(1)എ ആവിഷ്കാര സ്വാതന്ത്ര്യത്തെയും 19(1)ജി ഏതൊരു തൊഴിലിലും ഏർപ്പെടാനുള്ള സ്വാതന്ത്ര്യത്തെയും സംരക്ഷിക്കുന്നുണ്ട്. അതിൽ യുക്തിസഹമായ നിയന്ത്രണങ്ങൾ വരുത്താൻ മാത്രമേ, സ്റ്റേറ്റിന് അധികാരമുള്ളൂ. അതായത് മൗലീകാവകാശങ്ങൾ പരിമിതപ്പെടുത്തിയാൽ അതിനു യുക്തിസഹവും നിയമപരവുമായ നീതീകരണം അനിവാര്യമാണ്. എന്നാൽ, യാതൊരു ന്യായവാദങ്ങളും നിരത്താതെ  അലബാദിയയുടെ പരിപാടികൾക്ക് നിരോധനമേർപ്പെടുത്തിയ സുപ്രീംകോടതി, ഈ പ്രാഥമിക ഭരണഘടനാതത്വത്തെ മറന്നിരിക്കുന്നു. 

അലബാദിയയുടെ അരോചകമായ ‘തമാശ’യെ നീതീകരിക്കേണ്ട ബാധ്യത ആർക്കുമില്ല. അയാളുടെ ‘വൃത്തികെട്ട മനസാണ്’ ആ പരാമര്ശത്തിലൂടെ വെളിവാവുന്നതെന്നാണ് കോടതി വിലയിരുത്തുന്നത്. സാമൂഹിക ധാര്മികതയെപ്പറ്റിയുള്ള കോടതിയുടെ വേവലാതിയും രോഷവും മനസിലാക്കാം, എന്നാൽ ഒരു കണ്ടന്റ് ക്രിയേറ്ററെ നിശ്ശബ്ദനാക്കുന്ന നടപടിയിൽ ഗുരുതരമായ പ്രശ്നങ്ങളുണ്ട്; സദാചാരപ്പോലീസിംഗ് അല്ലല്ലോ കോടതിയുടെ പണി!

ഒരു സ്രഷ്‌ടാവിൻ്റെ നർമ്മം അരോചകമാണെന്ന് തോന്നിയതുകൊണ്ട് മാത്രം സര്ഗ്ഗസൃഷ്ടികളിൽ നിന്ന് അദ്ദേഹത്തെ വിലക്കാൻ കഴിയുമെങ്കിൽ, രാഷ്ട്രീയ വിയോജിപ്പുകാർക്കും പത്രപ്രവർത്തകർക്കും കലാകാരന്മാർക്കും അത്തരം വിലക്കേർപ്പെടുത്തുന്നതിനെ ആർക്കു തടയാനാകും? ഒരു വിമതശബ്ദം അനുവദിക്കാൻ കഴിയാത്തവിധം കുറ്റകരമാണോയെന്നു നിര്ണയിക്കുന്നതിന്റെ മാനദണ്ഡമെന്താണ്?

കോടതിയുടെ മുൻ നിലപാടുകൾക്ക് വിരുദ്ധം 

അഭിപ്രായ സ്വാതന്ത്ര്യത്തിനു വേണ്ടി നിലകൊണ്ടതിന്റെ മഹത്തായൊരു പാരമ്പര്യം നമ്മുടെ സുപ്രീംകോടതിയ്ക്കുണ്ട്. 1950-ലെ റൊമേഷ് ഥാപ്പർ  കേസ് മുതൽ, അവസാനമായി ആൾട്ട് ന്യൂസിന്റെ മുഹമ്മദ് സുബൈറിന്റെ കേസ് വരെ  നമുക്ക് മുന്നിലുണ്ട്. സാമൂഹ്യമാധ്യമങ്ങളിൽ ഇടപെടുന്നതിൽ നിന്നും സുബൈറിനെ വിലക്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം സുപ്രീംകോടതി തള്ളിയിരുന്നു. മുൻ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂടിനൊപ്പം പ്രസ്തുത ബെഞ്ചിന്റെ ഭാഗമായിരുന്ന ജസ്റ്റിസ് സൂര്യകാന്താണ് ഇപ്പോൾ  അലബാദിയ കേസും പരിഗണിക്കുന്നത് എന്നൊരു വൈരുധ്യം കൂടിയുണ്ട്. “ആവിഷ്കാര സ്വാതന്ത്ര്യത്തെ നിഷേധിക്കുന്ന ഉത്തരവുകൾ ഗുണകരമാവില്ലെ’ന്നാണ് അന്നദ്ദേഹം മൂന്നംഗ ബെഞ്ചിന്റെ ഭാഗമായി  അഭിപ്രായപ്പെട്ടത്. എന്നാൽ മൂന്നു വർഷങ്ങള്ക്കു ശേഷം അതെ ന്യായാധിപൻ രണ്ടംഗ ബെഞ്ചിലിരുന്നു വിപരീത ദിശയിലൊരു വിധിന്യായമെഴുതുന്നു, അതും യാതാരു നീതീകരണമോ, നിയമയുക്തിയോ ചൂണ്ടിക്കാണിക്കാതെ. വിധിന്യായങ്ങളിലെ ഈ സ്ഥിരതയില്ലായ്മ ഇന്ത്യൻ സുപ്രീംകോടതിയുടെ സമകാലിക സ്വഭാവത്തിന്റെ നിദർശനമാണ്. കീഴ്വഴക്കങ്ങള്ക്കും, സുസ്ഥാപിതമായ നിയമതത്ത്വങ്ങള്ക്കും അനുസൃതമായല്ല, കാലാകാലങ്ങളിലെ വിവിധ ന്യായാധിപരുടെ വൈയക്തിക നിലപാടുകൾക്കനുസരിച്ചാണ്  കോടതി നിലപാടുകൾ എന്നത് അപകടകരമായ സാഹചര്യമാണ്.  

സെൻസർഷിപ്പിനൊരു കപടന്യായം? 

അലബാദിയയ്ക്ക് നേരിട്ട അനീതി എന്നതിനപ്പുറം ദുരുദ്ദേശപരമായൊരു അന്തർധാര ഈ നിലപാടിനുണ്ട് എന്നൊരു സംശയം നിയമവിചക്ഷണർ ഉന്നയിക്കുന്നുണ്ട്. ഓ.ടി.ടി. പ്ലാറ്റുഫോമുകൾ നിയന്ത്രിക്കേണ്ടതിനെ സംബന്ധിച്ച് ജസ്റ്റിസ് സൂര്യകാന്ത് നടത്തിയ നിരീക്ഷണങ്ങൾ ഒരു സൂചനയാണ്. ഓൺലൈൻ മേഖലയെ നിയന്ത്രിക്കുന്നത് സംബന്ധിച്ച അഭിപ്രായപ്രകടനവും അതേക്കുറിച്ച് അറ്റോണി ജനറലുമായും സോളിസിറ്റർ ജനറലുമായും നടത്തിയ ചർച്ചകളും, കോടതിയുടെ അധികാരപരിധിക്കപ്പുറമുള്ള നീക്കങ്ങളിലേക്കു തന്നെയാണ് വിരൽ ചൂണ്ടുന്നത്. 

ഒരു നയരൂപീകരണ സ്ഥാപനമല്ലാതിരുന്നിട്ടും,  ഡിജിറ്റൽ ഇന്ത്യ എന്ത് കാണണം, എന്ത് കേൾക്കണം, എന്നതിൻ്റെയോക്കെ ധാർമ്മിക നിയതാവായി സ്വയം നിലയുറപ്പിക്കാനുള്ള പരമോന്നത നീതിപീഠത്തിന്റെ ശ്രമം യാദൃശ്ചികമല്ല. ബ്രോഡ് കാസ്റ്റിംഗ് റെഗുലേഷൻ ബില്ലിലൂടെയും,  ഇന്റർമീഡിയറി റെഗുലേഷൻ ചട്ടങ്ങളിലൂടെയും സൈബർ ലോകത്തെ നിയന്ത്രണവിധേയമാക്കുന്നതിന് ഗവണ്മെന്റ് കൊണ്ടുപിടിച്ച ശ്രമങ്ങൾ നടത്തിവരുന്ന കാലമാണ്. സ്വതന്ത്ര മാധ്യമപ്രവർത്തകർക്കും, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സിനും, യൂട്യൂബ് ചനലുകൾക്കും സേൻസർഷിപ്പ്   എറപ്പെടുത്താനുള്ള ശ്രമങ്ങൾ ഹൈക്കോടതി ഇടപെടലുകൾ കൊണ്ടും, വ്യാപക പ്രതിഷേധങ്ങൾ കൊണ്ടും നടപ്പാക്കാൻ കഴിയാതെയിരിക്കുകയായിരുന്നു.  ‘ധാർമികത’യെ സംബന്ധിച്ചുള്ള സുപ്രീംകോടതിയുടെ പുതിയ വ്യാകുലതകൾ അട്ടത്തിൽ വച്ചിട്ടുള്ള ബില്ലുകൾ വീണ്ടും പൊടി തട്ടിയെടുക്കാനുള്ള അവസരമായി പരിണമിക്കാനിടയുണ്ട്. അറിഞ്ഞോ അറിയാതെയോ, കൂടുതൽ സമഗ്രമായൊരു സെൻസർഷിപ്പ് സങ്കേതത്തിനു ഹേതുവാകുന്നുവെന്നു സാരം.  

സൈബർ ലോകത്തിലെ ആഖ്യാനങ്ങളെ വരുത്തിയിലാക്കാനുള്ള ഗവൺമെന്റിന്റെ വിപുലമായ പരിപാടികളുടെ ഭാഗമായി,  കോടതി ഇടപെടലുകളും മാറുന്നത് ദൗർഭാഗ്യകരമാണ്.  ഇത് നമ്മുടെ ആദ്യത്തെ അനുഭവമല്ല. ആമസോൺ പ്രൈമിൽ ‘താണ്ഡ’വുമായി ബന്ധപ്പെട്ടിട്ടുണ്ടായ വിവാദങ്ങൾ ഓ ടി ടി പ്ലാറ്റ്ഫോമുകളെ ആകെ നിയന്ത്രണത്തിനുള്ള അവസരമായാണ് ഗവൺമെൻറ് കണ്ടത്. ഇപ്പോൾ ‘ഇന്ത്യ ഹാസ് ഗോഡ് ലേറ്റന്റ്’പ്രശ്നം, രാഷ്ട്രീയക്കാരും ഭരണാധികാരികളും കോടതിയും എല്ലാം ചേർന്ന് ഓൺലൈൻ സെൻസറിങ്ങിനുള്ള നീതീകരണം ഒരുക്കുകയാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന ഡിജിറ്റൽ ഉള്ളടക്ക നിർമാതാക്കളെ കൂടി അധികാരസംവിധാനത്തിന്റെ കാൽക്കൽ കൊണ്ടുവരാനുള്ള നീക്കമാണിതെന്ന് നിസ്സംശയം പറയാം.

ആവിഷ്കാര സ്വാതന്ത്ര്യത്തെ സംരക്ഷിക്കുകയാണ് കോടതികൾ ചെയ്യേണ്ടത് 

ജനാധിപത്യ സംവിധാനത്തിൽ, അവകാശങ്ങളുടെ കാവൽക്കാരായാണ് ഭരണഘടനാ കോടതികൾ നിലകൊള്ളേണ്ടത്, അല്ലാതെ സദാചാര സംരക്ഷകരായല്ല.  സുപ്രീംകോടതിയുടെ തന്നെ പൂർവ്വകാല ഉത്തരവുകൾ വിസ്മരിച്ചുകൊണ്ട് ഒരു യൂട്യൂബറോട്, ഇനി പരിപാടികളൊന്നും ചെയ്യരുത് എന്ന് ഉത്തരവിടുന്നതിലൂടെ സുപ്രീംകോടതി ഭരണഘടനാപരമായി സംരക്ഷിതമായിട്ടുള്ള മൗലിക അവകാശങ്ങൾക്കുമേൽ യാതൊരു നീതീകരണവുമില്ലാതെ കടന്നുകയറുകയാണ് ചെയ്തത്. ഭരണഘടനാപരവും നിയമപരവുമായ സാധ്യതകൾ വിലയിരുത്താതെ,  കോടതികൾ സദാചാര സംരക്ഷണത്തിന് ഇറങ്ങി പുറപ്പെട്ടാൽ ഇന്ത്യൻ ജനാധിപത്യത്തിൻറെ ഭാവി ആശങ്കയിലാവും. രൺവീർ അലബാദിയുടെ തമാശ അശ്ലീലവും അരോചകവും ആയിരിക്കാം, എന്നാൽ അതുകൊണ്ട് മാത്രം അത് നിയമവിരുദ്ധമാവില്ല. എന്നാൽ നീതീകരണമില്ലാത്ത സെൻസർഷിപ്പ് ഭരണഘടന വിരുദ്ധമാണ്. രാജ്യത്ത് സ്വതന്ത്ര അഭിപ്രായപ്രകടനവും മാധ്യമപ്രവർത്തനവും പോലും നടക്കുന്ന അവസാന തുരുത്ത് എന്ന നിലയിൽ, സൈബർ ഇടങ്ങളിൽ കടന്നു കയറാനുള്ള അധികാര വർഗ്ഗത്തിൻറെ താൽപര്യങ്ങളെ പ്രചോദിപ്പിക്കുന്ന ഈ ഉത്തരവ് എത്രയും വേഗം തിരുത്തപ്പെടേണ്ടതാണ്. നിശബ്ദരാകാൻ വിസമ്മതിക്കുന്ന മനുഷ്യരുടെ ശബ്ദം ഈ രാജ്യത്ത് ഇനിയും ഉയർന്നു കേൾക്കേണ്ടതുണ്ട്.

First published in Suprabhaatham Daily on 25/02/2025

സഖിയാ ജാഫ്രി (1939–2025): നീതി തേടിയൊരു ജീവിതം

ചില മരണങ്ങൾ പുളിയില വീഴുന്നത് പോലെ നിശബ്ദവും മറ്റു ചിലത് മഹാവൃക്ഷങ്ങൾ കടപുഴകി വീഴുന്നതുപോലെ പ്രകമ്പനം കൊള്ളിക്കുന്നതുമായിരിക്കും. നേരിട്ട ദുരിതാനുഭവങ്ങളുടെ സൂചിമുനയിൽ നിന്ന് വിട പറയുമ്പോൾ, സ്നേഹവും കാരുണ്യവും മാത്രം ബാക്കിവച്ചു പോകുന്നവരുമുണ്ട്, സഖിയാ ജാഫ്റിയെ പോലെ. വിവരണാതീതമായ പിശാച ചെയ്തികളെ നേരിട്ടവർ, എന്നിട്ടും നിശബ്ദമാകാതെ, ചരിത്രത്തോടും വ്യവസ്ഥിതിയോടും പടപൊരുതിയവർ. 

സഖിയാ ജാഫ്രിയുടെ മരണം, സമൂഹ മനസാക്ഷിയോട് നിരവധി ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. ഏവർക്കും അറിയാവുന്നൊരു സത്യം, 2002 ഫെബ്രുവരി 28-ൽ 66 പേരുടെ ജീവനെടുത്ത  ഗുൽബെർഗ് സൊസൈറ്റി കൂട്ടക്കൊല ഭരണകൂട പിന്തുണയോടെ നടന്നൊരു കലാപത്തിൻ്റെ ഭാഗമായിരുന്നുവെന്ന കാര്യം, തെളിയിക്കുക എന്നൊരൊറ്റ ലക്ഷ്യത്തോടെയാണ്,   അവരെയും, അവരുടെ ഭർത്താവിനെയും, അവരുടെ  സമുദായത്തെയും  മാത്രമല്ല, ഇന്ത്യൻ നീതിബോധത്തെയാകെ ചതിച്ചു തോൽപ്പിച്ചൊരു  അധികാര വ്യവസ്ഥിതിയ്‌ക്കെതിരെ ഒറ്റയ്ക്ക് നിന്ന് അവർ പൊരുതിയത്. 

അവരെ സംബന്ധിച്ചിടത്തോളം, കലാപം സമാനതകളില്ലാത്ത ദുരിതമാണ് സമ്മാനിച്ചത്. ഒരേസമയം വൈയ്യക്തികവും രാഷ്ട്രീയവുമായ നഷ്ടം. വൈവിധ്യങ്ങളെ ചേർത്തുപിടിക്കുകയും നീതി പുലരുകയും ചെയ്യുന്ന വാഗ്ദത്ത റിപ്പബ്ലിക്കിൽ വിശ്വസിച്ച, അവരുടെ ഭർത്താവ്  ഇഹ്‌സാൻ ജാഫ്‌റിയെ ആ നശിച്ച ദിവസം രാജ്യം സമ്പൂര്ണമായി കൈവിട്ടു. കവിയും, അഭിഭാഷകനും കോൺഗ്രസ്സ് എം.പി.യുമായിരുന്ന ആ മനുഷ്യനോടൊപ്പം, അദ്ദേഹത്ത്തിന്റെ വീട്ടിലാണ്, ഹിന്ദുത്വ ഭീകരരുടെ ആക്രമണത്തിൽ ഭയചകിതരായ സാധു മനുഷ്യർ അഭയം തേടിയത്. അദ്ദേഹം അന്ന്, മുഖ്യമന്ത്രിയുൾപ്പെടെയുള്ള ഉന്നത രാഷ്ട്രീയ നേതാക്കളെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും ഫലമുണ്ടായില്ല. കലാപകാരികൾ അടുത്തെത്തിയപ്പോൾ, സ്വന്തം ജീവൻ കൊടുത്താൽ, മറ്റു ജീവനുകൾ രക്ഷപെട്ടേക്കാം എന്ന പ്രതീക്ഷയിലായിരുന്നിരിക്കാം, അവർക്കു മുന്നിലേക്ക് അദ്ദേഹം ചെന്നത്. പക്ഷെ, ജനക്കൂട്ടം വഴങ്ങിയില്ല. അദ്ദേഹം ക്രൂരമായി കൊലചെയ്യപ്പെട്ടു. 

എന്നാൽ, ചരിത്രത്തിന്റെ ഇരുളിലെ നിശ്ശബ്ദവിലാപമായി മാറാൻ തയ്യാറായ ഒരു വിധവ ആയിരുന്നില്ല സാഖിയ ജാഫ്രി. അവർ പോരാടി, തന്റെ ഭര്ത്താവിനെ കൊന്നവരോട് പക തീർക്കാനല്ല, നീതിക്കു വേണ്ടി. ഒരു ഭരണസംവിധാനത്തിനാകെ എതിരെയുള്ള കുറ്റപത്രമായിരുന്നു ആ നീക്കം. കലാപത്തിൽ, ഏറ്റവും ഉന്നതരായ രാഷ്ട്രീയ നേതാക്കളുടെയും ഉദ്യോഗസ്ഥവൃന്ദത്തിന്റെയും പങ്ക് പുറത്തു വരണമെന്ന് അവർ ആഗ്രഹിച്ചു. അവർക്കൊപ്പം നിൽക്കാൻ വളരെ കുറച്ചു മനുഷ്യർ, മാത്രമേ ഉണ്ടായിരുന്നുള്ളു. ടീസ്റ്റ സെറ്റിൽവാദിനെപ്പോലെ ചില സാമൂഹ്യപ്രവർത്തകരും അഭിഭാഷകരും  മാത്രം. സ്വന്തം രാഷ്ട്രീയ പാർട്ടിയായ കോൺഗ്രസ്സ് പോലും വേണ്ടത്തരത്തിൽ അവരെ പിന്തുണച്ചില്ല. കോൺഗ്രസ്സ് അദ്ധ്യക്ഷയുമായൊരു കൂടിക്കാഴ്ചയ്ക്ക് ശ്രമിച്ചിട്ട് അതുപോലും നിഷേധിക്കപ്പെട്ടു. കലാപത്തിന്റെ പിന്നിലുള്ളവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരാനുള്ള ഗൗരവതരമായ ശ്രമങ്ങളൊന്നും പിൽക്കാലത്ത് കോൺഗ്രസ്സ് നേതൃത്വം നൽകിയ ഗവണ്മെന്റ് നടത്തിയില്ലെന്ന ശക്തമായ വിമർശനം നിലനിൽക്കുന്നു. സുപ്രീംകോടതി ഇടപെട്ട് കലാപക്കേസുകൾ ഗുജറാത്തിനു വെളിയിലേക്ക് മാറ്റുകയും പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുകയും ചെയ്തുവെങ്കിലും,നിയമങ്ങൾ ചെറിയ പ്രാണികളെ മാത്രം പിടിക്കാൻ ഉതകുന്ന വലകളാണെന്ന വാചകം അന്വർത്ഥമാക്കും വിധമായിരുന്നു പിന്നീടുള്ള ചരിത്രം. പിന്തുണയ്ക്കുമെന്ന് കരുതിയ എല്ലാവരാലും വഞ്ചിക്കപ്പെട്ടപ്പോഴും പോരാട്ടം തുടരുവാനുള്ള നിശ്ചയദാർഢ്യമാണ് സാക്കിയയുടെ പോരാട്ടത്തെ അനന്യമാക്കുന്നത്. 

റിപ്പബ്ലിക്കിന്റെ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കേണ്ട സ്ഥാപനങ്ങളെല്ലാം പരാജയപ്പെട്ടുകൊണ്ടേയിരുന്ന കഥയുടെ സ്വാഭാവികപരിണിതിയായിരുന്നു 2002-ലെ സുപ്രീംകോടതി ഉത്തരവ്. ഉന്നതരെ കുറ്റവിമുക്തമാക്കിയ പ്രത്യേക വനേശനാ സംഘത്തിന്റെ റിപ്പോർട്ടിനെതിരെ അവർ നൽകിയ ഹർജി സുപ്രീംകോടതി തള്ളി. 452 പേജ് വരുന്ന വിധിന്യായത്തിലൂടെ നീതിക്കായി സമീപിച്ചവര്‍ക്കെതിരെ കേസെടുക്കാന്‍ ഉത്തരവിടുകയുമാണ് ഉണ്ടായത്. “”ഉന്നതതല ഗൂഢാലോചന നടന്നു എന്ന് ഇവര്‍ക്ക് ചിന്തിക്കാനേ കഴിഞ്ഞതെങ്ങിനെ എന്ന് മനസിലാകുന്നില്ല” എന്നാണ് കോടതി പ്രസ്താവിച്ചത് . ചില ഉദ്യോഗസ്ഥരും മറ്റു ചിലരും ചേര്‍ന്ന് മനഃപൂര്‍വം കള്ളക്കേസുകള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുകയാണ് എന്നും “”കോടതി നടപടികളെ ദുരുപയോഗം ചെയ്യാന്‍ ശ്രമിച്ച എല്ലാവരും പ്രതിക്കൂട്ടില്‍ നില്‍ക്കേണ്ടതുണ്ടെന്നും അവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്” എന്നും കോടതി ഉത്തരവില്‍ രേഖപ്പെടുത്തി.    

ഇതേ ഗവണ്മെന്റിനെക്കുറിച്ചാണ് “”രാജധര്‍മം” നിറവേറ്റുന്നതില്‍ പരാജയപ്പെട്ടു എന്ന് അന്നത്തെ പ്രധാനമന്ത്രി എ.ബി. വാജ്‌പേയി പറഞ്ഞത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ തലത്തിലുള്ള ഉന്നത ഗൂഢാലോചന ഉണ്ടെന്ന് അന്നത്തെ രാഷ്ട്രപതി കെ.ആര്‍. നാരായണന്‍ പറഞ്ഞത്. ഇവര്‍ “”ആധുനിക കാലത്തെ “നീറോ’ആണെ”ന്ന് സുപ്രീംകോടതി പറഞ്ഞത്. ഈ സംസ്ഥാനത്ത് നീതി നടപ്പാകില്ലെന്ന് ബോധ്യപ്പെട്ടതുകൊണ്ടാണ് കലാപ കേസുകളുടെ വിചാരണ ഗുജറാത്തിന് പുറത്തേക്ക് മാറ്റാന്‍, സുപ്രീംകോടതി ഉത്തരവിട്ടത്. കോടതിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചത്.

അവകാശ സംരക്ഷണത്തിനായി കോടതിയില്‍ എത്തുന്നവരുടെ ഹര്‍ജി തള്ളുന്നതിനോടൊപ്പം അവര്‍ക്കെതിരെ യാതൊരു തെളിവിന്റെയോ വസ്തുതകളുടെയോ പിന്‍ബലമില്ലാതെ ഗൂഢാലോചനയില്‍ പങ്കാളികള്‍ ആണെന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ നടത്തുകയും നടപടികള്‍ വേണമെന്ന് നിര്‍ദേശിക്കുകയും ചെയ്യുന്നത് കേട്ടുകേള്‍വിപോലുമില്ലാത്ത കാര്യമാണ്. തൊട്ടടുത്ത ദിവസം ആഭ്യന്തര മന്ത്രി അമിത് ഷാ, ടീസ്റ്റ സെറ്റല്‍വാദിനെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ചു. തുടര്‍ന്ന് ഉടന്‍ തന്നെ ഗുജറാത്ത് പോലീസ് അവര്‍ക്കെതിരെ കേസെടുക്കുകയും ടീസ്റ്റയും ശ്രീകുമാറും അറസ്റ്റിലാവുകയും ചെയ്തു. നീതിയെന്ന സങ്കൽപ്പത്തെ തന്നെ അപഹസിക്കുന്ന സമീപനമായിരുന്നുവത്. 

എന്ത് തന്നെയായാലും, ഭരണകൂടഭീകരതകൊണ്ടും, കോടതിവിധികൾ കൊണ്ടും ഇല്ലാതാവുന്നതല്ല സാഖ്യ ജാഫഫ്രീയുടെ ലെഗസി. അവർ എന്തിനെതിരെയാണ്  പോരാടിയെന്നത്  ചരിത്രം രേഖപ്പെടുത്തും.  ആ പോരാട്ടത്തെ പരാജയപ്പെടുത്താൻ കൂട്ടുനിന്ന സർവ്വരുടെയും   പേരുകൾ അതിലുണ്ടാവും. ഗുജറാത്ത് കത്തിയെരിഞ്ഞപ്പോൾ  വീണമീട്ടിയവരെ അധികാരവും വ്യവസ്ഥിതിയും ഒരു പക്ഷേ, രക്ഷപ്പെടുത്തിയിട്ടുണ്ടാവും. പക്ഷേ, ചരിത്രത്തിന് ഓർമ്മപ്പെടുത്തലിന്റെ സ്വഭാവമുണ്ട്. സത്യം അതിലെവിടെയെങ്കിലും ഒരുനാൾ തെളിഞ്ഞുവരിക തന്നെ ചെയ്യും  . ജീവിച്ചിരുന്നപ്പോൾ, നീതിയുടെ വെളിച്ചം കാണാനുള്ള ഭാഗ്യം അവർക്കുണ്ടായില്ല. എന്നാൽ ഒരുപറ്റം ഭീരുക്കളുടെ നാട്ടിൽ, അവർ പ്രദർശിപ്പിച്ച  അനതിസാധാരണമായ ധൈര്യം ചരിത്രത്തിലെ വെളിച്ചമായി നിലകൊള്ളും. നാമത് മറക്കുമോ എന്ന ചോദ്യം ബാക്കിയാകുന്നു.

First published in Suprabhatham Daily on 06/02/2025

പശ്ചിമേഷ്യയുടെ പ്രതികാരം 

‘ദ ഹിന്ദു’ പത്രത്തിന്റെ ഇന്റർനാഷണൽ അഫയേഴ്‌സ് എഡിറ്റർ, സ്റ്റാൻലി ജോണി, ഫലസ്തീൻ വിഷയത്തിൽ എഴുതിയ ഏറ്റവും പുതിയ പുസ്തകമാണ് ‘ഒറിജിനൽ സിൻ; ഇസ്രായേൽ-ഫലസ്തീൻ ആൻഡ് ദി റിവഞ്ച് ഓഫ് ഓൾഡ് വെസ്റ്റ് ഏഷ്യ’. മാനവചരിത്രത്തിലെ ഏറ്റവും നീതിരഹിതമായ ഒരധിനിവേശത്തിന്റെ ചരിത്രവും രാഷ്ട്രീയവും ആഴത്തിൽ അപഗ്രഥിക്കുന്ന ഗ്രന്ഥം. ഒരു മാധ്യമപ്രവർത്തകൻ എന്ന നിലയ്ക്ക് അദ്ദേഹം, ഫലസ്തീനിലേക്ക് നടത്തിയിട്ടുള്ള നിരവധി യാത്രകളുടെ അനുഭവം, പുസ്തകത്തെ കേവലം വിശകലനത്തിനപ്പുറത്തേക്ക് ജീവിക്കുന്ന അനുഭവമാക്കുന്നു. അത്തരമൊരു യാത്രയ്ക്കിടെ വെസ്റ്റ് ബാങ്കിൽ വച്ച് ജോർജ്ജി എന്നൊരു ഫലസ്തീനി ഉദ്യോഗസ്ഥനുമായി നടത്തിയ സംഭാഷണം അദ്ദേഹം ഓർത്തെടുക്കുന്നുണ്ട്.

“മൈ ഫ്രണ്ട്, ഹൗ ഇസ് ഫലസ്തീൻ?” എന്ന ചോദ്യത്തിന്, എങ്ങനെയുണ്ട് ഞങ്ങളുടെ നാട് എന്ന കുശലാന്വേഷണത്തിനു സാധാരണ ഏതൊരു നാട്ടിൽ ചെല്ലുമ്പോഴും നമ്മൾ കൊടുക്കുന്ന മറുപടിയാണ് അദ്ദേഹം നൽകിയത്- 

“ഇറ്റ്‌സ് ഗുഡ്”. എന്നാൽ ജോർജിയുടെ പ്രതികരണം അപ്രതീക്ഷിതമായിരുന്നു: “ഇറ്റ്‌സ് നോട്ട് ഗുഡ്” എന്നാണ് അദ്ദേഹം പറഞ്ഞത്. ആ പ്രതികരണം  ഒരു നാടും അവിടുത്തെ ജനതയും അകപ്പെട്ടിരിക്കുന്ന ഹതാശമായ യാഥാർഥ്യത്തിൽ നിന്നും ഉയിർകൊണ്ടതാണ്. സ്റ്റാൻലിയുടെ പുസ്തകത്തിന്റെ  അനന്യതയും  ഇത് തന്നെയാണ്, പല തവണ ഫലസ്തീനിൽ നടത്തിയ യാത്രകളുടെയും, കണ്ടുമുട്ടിയ മനുഷ്യരുടെയും കഥകളിലൂടെ, വൈയക്തികമായ അനുഭവങ്ങളെ പണ്ഡിതോചിതമായ രാഷ്ട്രീയ വിശകലനങ്ങളോട് ചേർത്ത്, പശ്ചിമേഷ്യയുടെ സമകാലിക സാഹചര്യം അനാവരണം  ചെയ്യുന്നു. അനുഭവസാക്ഷ്യങ്ങളുടെ കരുത്ത് തന്നെയാണ് ഈ പുസ്തകത്തെ വ്യത്യസ്തമാക്കുന്നതും.

പശ്ചിമേഷ്യയിലേക്ക് ഒരു പാത 

ഒരു രാഷ്ട്രമെന്ന ഫലസ്തീൻ നിലനിൽക്കുന്നില്ല. അവിടേക്ക് പോകുന്നവരുടെ പാസ്‌പോർട്ടിൽ പതിയ്ക്കുന്നത് ഇസ്രായേലി വിസയാണ്. പൂർണ്ണമായും അധിനിവേശത്തിന് കീഴിലാണ് ആ ഭൂപ്രദേശം. ജനത, വെസ്റ്റ് ബാങ്ക്, ഗാസ എന്നിങ്ങനെ രണ്ടു തുരുത്തുകളിലായി ജീവിക്കുന്നു. വെസ്റ്റ് ബാങ്കിൽ പി.എൽ.ഒ.യും ഗസയിൽ ഹമാസുമാണ് അധികാരത്തിലുള്ളത്. അധികാരം എന്നു പറഞ്ഞാൽ നമ്മുടെ നാട്ടിലെ ഒരു മുനിസിപ്പാലിറ്റിക്കുള്ള അധികാരങ്ങൾ പോലുമില്ല: ഗ്രന്ഥാകാരൻ വിശദീകരിക്കുന്നു. അപ്പാർത്തൈഡ് മതിൽ, ഇസ്രായേലി ചെക്ക് പോയിന്റുകളിൽ ദിവസേന അപമാനിക്കപ്പെടുന്ന ഫലസ്തീനികൾ, സ്വന്തം രാജ്യത്ത് ദുരിത പൂർണ്ണമായ ഘെറ്റോകളിൽ കഴിയേണ്ടി വരുന്നവർ; അതേ  സമയം തന്നെ  കൊടിയ പീഡനങ്ങൾക്ക് മുന്നിലും ആത്മധൈര്യം ചോർന്നുപോകാതെ, പിറന്ന നാടിനുവേണ്ടി പൊരുതുന്നവർ, അങ്ങനെ ഫലസ്തീൻ ജനതയുടെ ജീവിതാവസ്ഥകളുടെ വിവിധ തലങ്ങളിലേക്ക് പുസ്തകം നമ്മെ കൊണ്ടുപോകുന്നുണ്ട്.

റമള്ളയിലെ കച്ചവടക്കാരൻ, വെസ്റ്റ് ബാങ്കിലെ സർവകലാശാല വിദ്യാർത്ഥിനി, ബത്‌ലഹേമിലെ ക്രിസ്ത്യാനി, വിവിധ ഫലസ്തീനിയൻ ഉദ്യോഗസ്ഥർ, തുടങ്ങി  അധിനിവേശ ഭൂമിയിലെ ഒരുപാട് സാധാരണ മനുഷ്യരുടെ വർത്തമാനങ്ങൾ നമ്മൾ കേൾക്കുന്നു.  പുസ്തകത്തിൽ ഇവരുടെ ജീവിതം കേവലം അടിക്കുറിപ്പുകളല്ല, ആഖ്യാനത്തിന്റെ കേന്ദ്രബിന്ദുവാണ്. ഫലസ്തീനിയൻ ചരിത്രവും സംസ്കാരവുമെല്ലാം തുടച്ചുനീക്കാനുള്ള അധിനിവേശ ശക്തികളുടെ ബോധപൂർവ്വമായ ശ്രമത്തിന്റെ ഇരകളാണ് ഇവർ. 

സ്റ്റാൻലി ജെറുസലേം സന്ദർശിക്കുന്നുണ്ട്. മൂന്ന് അബ്രഹാമിക് മതങ്ങളുടെയും പുണ്യഭൂമിയായ നഗരം. യഹൂദർക്ക് തങ്ങളുടെ രണ്ടാം ക്ഷേത്രത്തിൻറെ അവശേഷിപ്പുകൾ ഇവിടെയാണ്, ക്രിസ്ത്യാനികൾക്ക് ക്രിസ്തുവിനെ കുരിശിലേറ്റിയ ഇടം, പ്രവാചകൻ സ്വർഗ്ഗത്തിലേക്ക് യാത്ര തിരിച്ച സ്ഥലം എന്ന നിലയ്ക്ക് മക്കയ്ക്കും മദീനക്കും ശേഷം മൂന്നാമത്തെ പ്രധാനപ്പെട്ട ആരാധനാലയമാണ് മുസ്ലിങ്ങൾക്ക് അൽ അക്സ മോസ്ക്. “അതുതന്നെയാണ് ആ നഗരത്തിൻറെ സൗന്ദര്യവും ദുരന്തവും.” ആദിന എന്ന ഫലസ്തീനിയൻ വിദ്യാർത്ഥി പറയുന്നു. ഇവിടുത്തെ ദൈവങ്ങൾ പോലും നിസ്സഹായരാണെന്നാണ് അവൾ വിലപിക്കുന്നത്. ചരിത്രത്തിൽ ഒരിക്കലും സമാധാനം എന്തെന്നറിഞ്ഞിട്ടില്ലാത്ത ഒരു നഗരമാണത്. 

സ്തോഭജനകവും ഏകപക്ഷീയവുമായ ആഖ്യാനങ്ങളുടെ കാലത്ത് ‘ഒറിജിനൽ സിൻ’ എന്ന പുസ്തകത്തെ വ്യത്യസ്തമാക്കുന്നത് വിശദാംശങ്ങളിലുള്ള ശ്രദ്ധയാണ്. ഇസ്രായേൽ രാഷ്ട്ര സ്ഥാപനത്തിൻറെ ഹിംസാത്മകതയും, അതിനു കൂട്ടുനിൽക്കുന്ന പാശ്ചാത്യ ശക്തികളും, ഫലസ്തീനിയൻ ജനതയുടെ ഒടുങ്ങാത്ത പോരാട്ടവീര്യവും ചേർന്ന സങ്കീർണമായ രാഷ്ട്രീയ സാഹചര്യങ്ങളെ വായനക്കാർക്ക് പരിചയപ്പെടുത്തുന്നു. അതേസമയം ഇസ്രായേലിന് ആഭിമുഖ്യമുണ്ടായിരുന്ന ഇസ്ലാമിക് സെൻററും മുസ്ലിം ബ്രദർഹുഡുമായി ബന്ധപ്പെടുത്തിയ ഹമാസിന്റെ ചരിത്രവും പുസ്തകത്തിൻറെ ഭാഗമാണ്. യാസർ അരാഫത്തിന്റെ നേതൃത്വത്തിലുള്ള ഫലസ്തീൻ ലിബറേഷൻ ഓർഗനൈസേഷനെ ദുർബലപ്പെടുത്തുന്നതിന് വേണ്ടിയാവാം ഇസ്ലാമിക് സെൻററിനെ ഒരു ചാരിറ്റിയായി അംഗീകരിച്ച്, 1970കളിലും 80കളിലും, ഫണ്ട് ചെയ്യാൻ ഇസ്രായേൽ തയ്യാറായത്. ഹമാസിന്റെ അക്രമപാതയോട് ഗ്രന്ഥകാരന്  വിയോജിപ്പുകളെണ്ടെങ്കിലും അതിനെ ഒരു ഭീകര സംഘടനയായി കണക്കാക്കാൻ അദ്ദേഹം തയ്യാറാകുന്നില്ല. അടിസ്ഥാനപരമായി ഹമാസ് ഒരു ദേശീയ വിമോചന പ്രസ്ഥാനമാണ്, സ്വീകരിക്കുന്ന ഹിംസാത്മകമായ മാർഗ്ഗത്തെക്കുറിച്ചാണെങ്കിൽ, അതിലും എത്രയോ മടങ്ങ് ഹിംസയാണ് ഇസ്രായേൽ നടത്തുന്നത് എന്ന ചോദ്യമുയർത്തുന്നു. അളവറ്റ സമ്പത്തും, അത്യാധുനിക സൈനിക ശക്തിയുമുള്ളൊരു അധിനിവേശ രാഷ്ട്രവും, അതിജീവനത്തിനായി പൊരുതുന്ന രാജ്യ രഹിതരായ ജനതയും തമ്മിലുള്ള വ്യത്യാസം കൃത്യമായി അടയാളപ്പെടുത്തുന്നുണ്ട് ഈ ഗ്രന്ഥം . 

പശ്ചിമേഷ്യയുടെ പ്രതികാരം 

ഈ പുസ്തകത്തിലൂടെ, സുദൃഢവും സുവ്യക്തവുമായ ഭാഷയിൽ പശ്ചിമേഷ്യയുടെ ഭൗമരാഷ്ട്രീയം വിവരിക്കുവാൻ സ്റ്റാൻലിയ്ക്ക് കഴിയുന്നുണ്ട്. ‘പ്രതിരോധത്തിന്റെ അച്ചുതണ്ട്’ എന്ന അധ്യായത്തിൽ, സംഘർഷങ്ങളിലെ അന്താരാഷ്ട്ര പക്ഷങ്ങളും, വിവിധ സമാധാന ശ്രമങ്ങളും, ഇറാൻ, സിറിയ, ഹെസ്ബൊള്ള, ഹൂത്തികൾ തുടങ്ങിയവരുടെ ഇടപെടലുകളും വിലയിരുത്തപ്പെടുന്നു. ഫലസ്തീനിയൻ പ്രശ്നത്തെ അവഗണിച്ചുകൊണ്ട്, അറബ് രാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തുവാനുള്ള അമേരിക്കയുടെയും ഇസ്രായേലിന്റെയും ഗൂഢ പദ്ധതിയെ അദ്ദേഹം വിമർശിക്കുന്നു. ഒപ്പം, ഹമാസ്, ഹെസ്ബുള്ള തുടങ്ങി വിവിധ രാഷ്ട്രേതര പ്രസ്ഥാനങ്ങളിലൂടെ മേഖലയിലാകെ  സ്വാധീനമുറപ്പിച്ചിട്ടുള്ള ഇറാന്റെ ‘സ്ട്രാറ്റജിക് ഒക്ടോപ്പസ്’ എന്ന നിലയ്ക്കുള്ള പ്രാധാന്യവും അടയാളപ്പെടുത്തുന്നു. 

കൊളോണിയലിസത്തിന്റെയും ഭൗമ രാഷ്ട്രീയ ബാന്ധവങ്ങളുടെയും കൃത്യതയാർന്ന വിശകലനത്തിലൂടെ,  പശ്ചിമേഷ്യയുടെ സങ്കീർണമായ രാഷ്ട്രീയബലതന്ത്രത്തിൽ ഫലസ്തീൻ പ്രശ്നത്തെ പ്രതിഷ്ഠിക്കുന്നുവെന്നത് അഭിനന്ദനീയമായ കാര്യമാണ്. യൂറോപ്പിലെങ്ങും വ്യാപകമായിരുന്ന ജൂതവിരുദ്ധതയും, വേട്ടയാടലും, ഒടുവിൽ  ഹോളോകോസ്റ്റും സയണിസത്തിന്റെ വളർച്ചയ്ക്ക് കാരണമായത് എങ്ങനെയെന്ന് നമ്മോട് പറയുന്നു. ആദ്യകാലത്ത് ജൂത രാഷ്ട്രം സ്ഥാപിക്കുന്നത് ഫലസ്തീനിൽ ആയിരിക്കണമെന്ന ആവശ്യം പോലും സയണിസ്റ്റുകൾക്ക് ഉണ്ടായിരുന്നില്ല. അർജൻറീനയും ഉഗാണ്ടയും ഒക്കെയായിരുന്നു പരിഗണനയിൽ. ബ്രിട്ടീഷ് ഫോറിൻ സെക്രട്ടറി മുന്നോട്ടുവച്ച ഉഗാണ്ടൻ പദ്ധതി ലോക സയണിസ്റ്റ് കോൺഗ്രസ് അംഗീകരിച്ചതുമാണ്. എന്നാൽ ഉഗാണ്ടയിലെ ഇംഗ്ലീഷുകാർ അതിനെ എതിർത്തു. പിന്നീടാണ് ഫലസ്തീനിലേക്ക് എത്തുന്നത്. യൂറോപ്പിലാകെ ജൂത വേട്ട നടക്കുമ്പോഴും യഹൂദർക്ക് സമാധാനപരമായി അഭയം കൊടുത്ത നാടാണത്. ഒന്നാം ലോകമഹായുദ്ധത്തിനു മുൻപ് ഫലസ്തീൻ ഓട്ടോമാൻ സാമ്രാജ്യത്തിന്റെ ഭാഗമായിരിക്കവേയാണ്, ബ്രിട്ടീഷുകാർ ബാൽഫർ പ്രഖ്യാപനം നടത്തുന്നത്. അന്ന്, ഫലസ്തീൻ ഓട്ടോമാൻ സാമ്രാജ്യത്തിന്റെ കീഴിലാണ്, ബ്രിട്ടീഷ് കോളനി പോലുമല്ല, എന്നിട്ടാണ്, തങ്ങൾക്ക് ഒരു അധികാരവുമില്ലാത്ത പ്രദേശത്ത്, തദ്ദേശ ജനതയെ ആകെ അവഗണിച്ചുകൊണ്ട് മറ്റൊരു രാഷ്ട്രമുണ്ടാക്കാം എന്ന വാഗ്ദാനം ബ്രിട്ടൻ നൽകുന്നത്. അസംബന്ധപരമായ ഈ പ്രഖ്യാപനം ചരിത്രത്തിലെ രക്തപങ്കിലമായ ഒരേടിനാണ് തുടക്കംകുറിച്ചത്. ജൂതർക്കെതിരെ വിവേചനപരമായ നിയമങ്ങളും ശത്രുതാപരമായ സാമൂഹിക അന്തരീക്ഷവും ഉണ്ടായിരുന്ന യൂറോപ്പ്യൻ രാജ്യങ്ങളിൽ നിന്ന് ‘ജൂത പ്രശ്നം’ ഒഴിവാക്കാനുള്ള മാർഗം കൂടിയാണ് അവരതിനെ കണ്ടത്. സയണിസ്റ്റ് ആശയാഭിലാഷങ്ങളുടെ സാക്ഷാത്കരണം മാത്രമല്ല, യൂറോപ്യൻ സാമ്രാജ്യത്വം നടപ്പിലാക്കിയ ഒരു പദ്ധതി കൂടിയാണ് ഇസ്രയേലി രാഷ്ട്ര രൂപീകരണം; അതിൻറെ വില കൊടുക്കേണ്ടി വന്നത് നിരപരാധികളായ ഫലസ്തീൻ ജനതയും. 

ചരിത്രവിവർണങ്ങൾക്കപ്പുറം, ഇന്ന് നടക്കുന്ന സംഘർഷത്തെ, പശ്ചിമേഷ്യയുടെ പ്രതികാരമായാണ് പുസ്തകം അടയാളപ്പെടുത്തുന്നത്. മർദ്ദിത ജനത, പ്രതിരോധശൃംഖലകളിലൂടെയും, സായുധ കലാപത്തിലൂടെയും, സാമ്രാജ്യത്വവും കൊളോണിയലിസവും അടിച്ചേൽപ്പിച്ച അധികാരഘടനകളെ വെല്ലുവിളിച്ചു കൊണ്ടേയിരിക്കുകയാണെന്ന് സ്റ്റാൻലി എഴുതുന്നു. 

ഇസ്രായേലും ഹമാസും വെടി നിർത്തൽ കരാർ ഉണ്ടാക്കുന്നതിനു മുൻപാണ് ഈ പുസ്തകം പ്രസിദ്ധീകൃതമായത്. എന്നിരുന്നാലും 2023 ൽ ആരംഭിച്ച യുദ്ധത്തിൻറെ നയതന്ത്ര പ്രത്യാഘാതങ്ങളെ കുറിച്ച് കൃത്യമായ വിവരണം ഇതിലുണ്ട്. ആക്രമണം ആരംഭിച്ചപ്പോൾ ഇസ്രായേൽ മുന്നോട്ടുവച്ച ലക്ഷ്യങ്ങളൊന്നും നേടാൻ അവർക്ക് കഴിഞ്ഞില്ല. മാത്രവുമല്ല, ഇസ്രായേൽ താൽപര്യങ്ങൾക്ക് വിരുദ്ധമായി ചർച്ചകളിൽ ഫലസ്തീൻ പ്രശ്നം വീണ്ടും കേന്ദ്രബിന്ദുവാകുന്നതിന് കാരണവുമായി. ഇസ്രായേൽ പ്രതീക്ഷിച്ചതുപോലെ,  ഹമാസ് യുദ്ധത്തിൽ ഇല്ലാതായില്ല, ഹെസ്ബുള്ള തകർന്നില്ല, ഇതര മാർഗങ്ങളിലൂടെ മാത്രം പ്രതികരിച്ചിരുന്ന ഇറാൻ നേരിട്ട് ഇസ്രയേലിൽ ആക്രമണം നടത്തുന്ന സാഹചര്യവുമുണ്ടായി, ഫലസ്തീൻ പ്രശ്നം അവഗണിച്ചുകൊണ്ട് അറബ് രാജ്യങ്ങളുമായി മെച്ചപ്പെട്ട ബന്ധം സ്ഥാപിക്കാനുള്ള സാധ്യതയുമടഞ്ഞു. ലോകനയതന്ത്ര വിചാരങ്ങളിൽ ഇസ്രയേലി അധിനിവേശം പ്രധാനവിഷയമായി മാറി കഴിഞ്ഞു. ഇസ്രായേലിന്റെ അക്രമം വംശഹത്യയിലേക്ക് വിരൽ ചൂണ്ടുന്നുവെന്ന് അന്താരാഷ്ട്ര നീതിന്യായ കോടതി വിലയിരുത്തി. ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലി ഇസ്രായേലി ചെയ്തികളെ നിരവധി തവണ വിമർശിച്ചു. പ്രധാനമന്ത്രി നെതന്യാഹുവിനും മുൻ പ്രതിരോധ മന്ത്രി യോവ് ഗാലനാറിനുമെതിരെ അന്താരാഷ്ട്ര ക്രിമിനൽ കോടതി അറസ്റ്റ് വാറൻറ് പുറപ്പെടുവിച്ചു, ആംനസ്റ്റി ഇൻറർനാഷണൽ മുതൽ നിരവധി ഏജൻസികൾ ഗസയിൽ നടക്കുന്നതു വംശഹത്യയാണെന്ന് പ്രഖ്യാപിച്ചു. ഗ്ലോബൽ സൗത്തിലെ ഏകദേശം എല്ലാ രാജ്യങ്ങളും ഇസ്രയേൽ നിലപാടുകൾക്കെതിരെ നിലകൊണ്ടു. ഫലസ്തീൻ പ്രശ്നത്തെ അവഗണിച്ചുകൊണ്ട് അന്താരാഷ്ട്ര രംഗത്ത് പുതിയ ബന്ധങ്ങൾ സ്ഥാപിക്കുവാനും മെച്ചപ്പെടുത്തുവാനുമായിരുന്നു ഇസ്രായേലിന്റെ പദ്ധതി, ഇനി എന്തായാലും അത് നടക്കില്ല. യാതൊരു പ്രത്യാഘാതങ്ങളും നേരിടേണ്ടി വരാത്ത അധിനിവേശമായിരുന്നു, കഴിഞ്ഞ ദശകങ്ങളിൽ ഇസ്രായേലിന്റേത്. എന്നാലത് മാറുകയാണ്. അധിനിവേശത്തിന് വില കൊടുക്കേണ്ടി വരുമെന്ന് ഇസ്രായേലിനും ബോധ്യപ്പെട്ടിണ്ടാവണം. അതാണ് പഴയ പശ്ചിമേഷ്യയുടെ പ്രതികാരം. 

ഇസ്രായേലിനോടുള്ള ഇന്ത്യൻ സമീപനത്തിലെ മാറ്റങ്ങളും പുസ്തകത്തിൻറെ പരിഗണനാ വിഷയമാണ്. അതിൽ ഒരു നൈരന്തര്യവും, എന്നാൽ, സൂക്ഷ്മാംശങ്ങളിൽ വ്യതിയാനവും ഉണ്ടെന്ന് വിലയിരുത്തപ്പെടുന്നു. കൊളോണിയൽ കാലഘട്ടം മുതൽ ഫലസ്തീൻ പക്ഷത്താണ് ഇന്ത്യ. അതൊരു ധാർമിക നിലപാട് കൂടിയാണ്. ഗാന്ധിയും നെഹ്റുവും ഉൾപ്പെടെ ദേശീയ പ്രസ്ഥാനത്തിൻറെ മുൻനിര നേതാക്കളെല്ലാം ഫലസ്തീൻ  ഫലസ്തീനികളുടേതാണ് എന്ന നിലപാടാണ് സ്വീകരിച്ചു പോന്നത്. ബ്രിട്ടീഷുകാർ ഫലസ്തീൻ വിട്ട അന്ന് അർദ്ധരാത്രിയിൽ പുതിയ  രാഷ്ട്രം രൂപീകരിച്ചതായി സയണിസ്റ്റുകൾ പ്രഖ്യാപിച്ചു. 11 മിനിറ്റുകൾക്കുള്ളിൽ അമേരിക്ക ഇസ്രായേലിന് അംഗീകാരം നൽകി. ഉടനെ തന്നെ സോവിയറ്റ് യൂണിയനും പുതിയ രാഷ്ട്രത്തെ അംഗീകരിച്ചു. എന്നാൽ ഇന്ത്യ ഇസ്രായേലിനെ അംഗീകരിച്ചില്ല. പതിറ്റാണ്ടുകൾക്ക് ശേഷം 1990കളിലാണ് ഇസ്രായേലുമായുള്ള പൂർണനയതന്ത്ര ബന്ധം ഇന്ത്യ സ്ഥാപിക്കുന്നത്. എന്നിരുന്നാലും, ഇസ്രായീൽ-ഫലസ്തീൻ സംഘർഷത്തിന് ദ്വിരാഷ്ട്ര പരിഹാരമാണ് വേണ്ടതെന്നതാണ് ഇപ്പോഴും ഇന്ത്യയുടെ നിലപാട്. ജെറുസലേം തലസ്ഥാനമാക്കി കൊണ്ടുള്ള ഒരു ഫലസ്തീൻ രാജ്യം, 1967-ലെ അതിർത്തികൾ അംഗീകരിച്ചുകൊണ്ടുള്ള പരിഹാരം. 

നരേന്ദ്രമോദി അധികാരത്തിൽ എത്തിയതിനുശേഷം, ആശയപരമായ ചില മാറ്റങ്ങൾ രാഷ്ട്രീയ രംഗത്ത് ഉണ്ടായിട്ടുണ്ട്.  നെഹ്റുവിൻറെ കാലം മുതൽ ഇസ്രായേലുമായി പിൻവാതിൽ ബന്ധങ്ങളും ആയുധ ഇടപാടുകളും ഉണ്ടായിരുന്നെങ്കിലും ഇസ്രായേലിന്റെ ആയുധ ഇടപാടുകളിലെ ഏറ്റവും വലിയ ഉപഭോക്താവായി രാജ്യം മാറുന്നത് സമീപകാലത്താണ്.  ഇസ്രായേൽ ഫലസ്തീൻ സംഘർഷത്തെ സംബന്ധിച്ച് പ്രധാനമന്ത്രി ഈയിടെ നടത്തിയ പ്രസ്താവനയിൽ, ഇരു രാഷ്ട്രങ്ങൾ ഉണ്ടാകണമെന്ന് ആവർത്തിക്കുന്നുവെങ്കിലും സൂക്ഷ്മ പരിശോധനയിൽ ‘ജെറുസലേം’, ‘1967-ലെ അതിർത്തി’ എന്നീ വാക്കുകൾ ഒഴിവാക്കിയിട്ടുള്ളതായി മനസ്സിലാകും. ഇതൊരു നിലപാട് മാറ്റത്തിന്റെ സൂചനയായി വ്യാഖ്യാനിക്കാവുന്നതാണ്. ഇസ്രായേലിനോടുള്ള നിലപാട് സംബന്ധിച്ച് പ്രധാനമന്ത്രിയുടെ ഓഫീസും വിദേശകാര്യ മന്ത്രാലയവും തമ്മിൽ നിലനിൽക്കുന്ന വിയോജിപ്പുകളും പുസ്തകത്തിൽ വിശദമാക്കുന്നുണ്ട്.  എന്നിരുന്നാലും, ഇസ്രായേലും അമേരിക്കയും സഖ്യ രാഷ്ട്രങ്ങളും ഒരു ഭീകര സംഘടനയായി കണക്കാക്കുന്ന ഹമാസിനെ, നമ്മുടെ രാജ്യം  ഭീകര സംഘടന എന്ന് വിളിക്കുന്നില്ല. അടിസ്ഥാനപരമായി ഫലസ്തീനിയൻ വിമോചനത്തിനൊപ്പം എന്ന നിലപാടിന് മാറ്റവുമില്ല.  സൂക്ഷ്മാംശങ്ങളിൽ ചില വ്യത്യാസങ്ങൾ ഉണ്ടെങ്കിലും, ഫലസ്തീൻ രാഷ്ട്രത്തിന് അനുകൂലമായ നിലപാടിന്റെ തുടർച്ച നമുക്ക് കാണാൻ കഴിയുമെന്ന് സാരം. നയതന്ത്ര ബന്ധങ്ങളിൽ ഉണ്ടായ മാറ്റങ്ങൾ ഒറ്റപ്പെട്ട സംഭവമല്ല എന്നുകൂടി സ്റ്റാൻലി സൂചിപ്പിക്കുന്നുണ്ട്. ആഗോള നിലപാട് മാറ്റങ്ങളുടെ ഭാഗം കൂടിയാണത്. ധാർമികതയെ മറികടന്ന്,  പ്രായോഗികവും തന്ത്രപരവുമായ ബന്ധങ്ങൾക്ക് രാജ്യങ്ങൾ പ്രാധാന്യം കൊടുക്കുന്ന കാലമാണല്ലോയിത്. അറബ് ലോകത്തും ഈ മാറ്റം ദൃശ്യമാണ്. 

ഇസ്രായേൽ-ഫലസ്തീൻ സംഘർഷത്തെക്കുറിച്ച് ആഴത്തിൽ മനസ്സിലാക്കാൻ ആഗ്രഹിക്കുന്ന വായനക്കാർക്ക് സ്റ്റാൻലി ജോണിയുടെ ‘ഒറിജിനൽ സിൻ’  ഒരു അവശ്യവായനയാണ്. പണ്ഡിതോചിതമായ വിശകലനങ്ങളിലൂടെ, അനുതാപപൂർണമായ ഭാഷയിലൂടെ, രാഷ്ട്രീയ ധാർമികതയിലൂന്നിയ ആഖ്യാനത്തിലൂടെ, നമ്മുടെ നിസ്സംഗതയെ ചോദ്യം ചെയ്യുന്നുണ്ട് ഈ പുസ്തകം. അടിച്ചമർത്തപ്പെട്ടവരോട് ഐക്യദാർഢ്യപ്പെടുവാനും എല്ലാ മനുഷ്യർക്കും അന്തസ്സും സ്വാതന്ത്ര്യവും നീതിയും ഉറപ്പുവരുത്തുന്ന ഒരു ലോകം സ്വപ്നം കാണുവാനും ഇത് നമ്മളെ പ്രേരിപ്പിക്കുന്നുണ്ട്.

First Published in Madhyamam Weekly on 18/02/2025