വലതുപക്ഷത്തിനു പ്രിയങ്കരനായ പോഡ്‌കാസ്റ്ററും യൂട്യൂബറുമായ ബീർ ബൈസെപ്സ്, അഥവാ രൺവീർ അലബാദിയയുടെ പരിപാടികൾക്ക് സുപ്രീംകോടതി വിലക്കേർപ്പെടുത്തിയിരിക്കുന്നു. ഇനി ഒരു ഉത്തരവുണ്ടാവും വരെ ഒരു ഷോയും ചെയ്യേണ്ടെന്നാണ് നിർദ്ദേശം. അദ്ദേഹത്തിൻറെ ‘ഇന്ത്യ ഹാസ് ഗോട്ട് ലേറ്റന്റ്റ്’ എന്ന കോമഡി ഷോയിലെ അശ്ളീല പരാമര്ശങ്ങളെത്തുടർന്ന്, മഹാരാഷ്ട്രയിലും, ആസാമിലുമായി ഒന്നിലേറെ കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടിരുന്നു. അതിനെതിരെ അദ്ദേഹം സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. അറസ്റ്റിൽ നിന്ന് സംരക്ഷണം നൽകിയെങ്കിലും അനതിസാധാരണമായ ഒരു ഉത്തരവിലൂടെ അദ്ദേഹത്തെ പ്രോഗ്രാമുകൾ ചെയ്യുന്നതിൽനിന്നും വിലക്കിയത് ഞെട്ടലുളവാക്കുന്നതാണ്. ആഗോള ആവിഷ്കാര സ്വാതന്ത്ര്യപ്പട്ടികയിൽ ഇപ്പോഴേ 159-ആം സ്ഥാനത്തുള്ള നമ്മുടെ രാജ്യത്ത്, മൗലീകാവകാശങ്ങൾ സംരക്ഷിക്കുവാൻ ബാധ്യസ്ഥരായ ഭരണഘടനാകോടതികൾ തന്നെ ഏകാധിപത്യപരവുമായ നിലപാടുകൾ സ്വീകരിക്കുന്നത് സങ്കടകരമാണ്.
അതിരുവിടുന്ന നീതിപീഠം
‘ധാർമികത’യുടെ പേരിൽ, ഭരണഘടനാ നിര്വചിതമായ അധികാരസീമയെ സുപ്രീംകോടതി തന്നെ ലംഘിക്കുന്നതിന്റെ ഏറ്റവും മികച്ചൊരു ഉദാഹരണമാണ് അലബാദിയ കേസ്. ഭരണഘടനയുടെ അനുച്ഛേദം 19(1)എ ആവിഷ്കാര സ്വാതന്ത്ര്യത്തെയും 19(1)ജി ഏതൊരു തൊഴിലിലും ഏർപ്പെടാനുള്ള സ്വാതന്ത്ര്യത്തെയും സംരക്ഷിക്കുന്നുണ്ട്. അതിൽ യുക്തിസഹമായ നിയന്ത്രണങ്ങൾ വരുത്താൻ മാത്രമേ, സ്റ്റേറ്റിന് അധികാരമുള്ളൂ. അതായത് മൗലീകാവകാശങ്ങൾ പരിമിതപ്പെടുത്തിയാൽ അതിനു യുക്തിസഹവും നിയമപരവുമായ നീതീകരണം അനിവാര്യമാണ്. എന്നാൽ, യാതൊരു ന്യായവാദങ്ങളും നിരത്താതെ അലബാദിയയുടെ പരിപാടികൾക്ക് നിരോധനമേർപ്പെടുത്തിയ സുപ്രീംകോടതി, ഈ പ്രാഥമിക ഭരണഘടനാതത്വത്തെ മറന്നിരിക്കുന്നു.
അലബാദിയയുടെ അരോചകമായ ‘തമാശ’യെ നീതീകരിക്കേണ്ട ബാധ്യത ആർക്കുമില്ല. അയാളുടെ ‘വൃത്തികെട്ട മനസാണ്’ ആ പരാമര്ശത്തിലൂടെ വെളിവാവുന്നതെന്നാണ് കോടതി വിലയിരുത്തുന്നത്. സാമൂഹിക ധാര്മികതയെപ്പറ്റിയുള്ള കോടതിയുടെ വേവലാതിയും രോഷവും മനസിലാക്കാം, എന്നാൽ ഒരു കണ്ടന്റ് ക്രിയേറ്ററെ നിശ്ശബ്ദനാക്കുന്ന നടപടിയിൽ ഗുരുതരമായ പ്രശ്നങ്ങളുണ്ട്; സദാചാരപ്പോലീസിംഗ് അല്ലല്ലോ കോടതിയുടെ പണി!
ഒരു സ്രഷ്‌ടാവിൻ്റെ നർമ്മം അരോചകമാണെന്ന് തോന്നിയതുകൊണ്ട് മാത്രം സര്ഗ്ഗസൃഷ്ടികളിൽ നിന്ന് അദ്ദേഹത്തെ വിലക്കാൻ കഴിയുമെങ്കിൽ, രാഷ്ട്രീയ വിയോജിപ്പുകാർക്കും പത്രപ്രവർത്തകർക്കും കലാകാരന്മാർക്കും അത്തരം വിലക്കേർപ്പെടുത്തുന്നതിനെ ആർക്കു തടയാനാകും? ഒരു വിമതശബ്ദം അനുവദിക്കാൻ കഴിയാത്തവിധം കുറ്റകരമാണോയെന്നു നിര്ണയിക്കുന്നതിന്റെ മാനദണ്ഡമെന്താണ്?
കോടതിയുടെ മുൻ നിലപാടുകൾക്ക് വിരുദ്ധം
അഭിപ്രായ സ്വാതന്ത്ര്യത്തിനു വേണ്ടി നിലകൊണ്ടതിന്റെ മഹത്തായൊരു പാരമ്പര്യം നമ്മുടെ സുപ്രീംകോടതിയ്ക്കുണ്ട്. 1950-ലെ റൊമേഷ് ഥാപ്പർ കേസ് മുതൽ, അവസാനമായി ആൾട്ട് ന്യൂസിന്റെ മുഹമ്മദ് സുബൈറിന്റെ കേസ് വരെ നമുക്ക് മുന്നിലുണ്ട്. സാമൂഹ്യമാധ്യമങ്ങളിൽ ഇടപെടുന്നതിൽ നിന്നും സുബൈറിനെ വിലക്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം സുപ്രീംകോടതി തള്ളിയിരുന്നു. മുൻ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂടിനൊപ്പം പ്രസ്തുത ബെഞ്ചിന്റെ ഭാഗമായിരുന്ന ജസ്റ്റിസ് സൂര്യകാന്താണ് ഇപ്പോൾ അലബാദിയ കേസും പരിഗണിക്കുന്നത് എന്നൊരു വൈരുധ്യം കൂടിയുണ്ട്. “ആവിഷ്കാര സ്വാതന്ത്ര്യത്തെ നിഷേധിക്കുന്ന ഉത്തരവുകൾ ഗുണകരമാവില്ലെ’ന്നാണ് അന്നദ്ദേഹം മൂന്നംഗ ബെഞ്ചിന്റെ ഭാഗമായി അഭിപ്രായപ്പെട്ടത്. എന്നാൽ മൂന്നു വർഷങ്ങള്ക്കു ശേഷം അതെ ന്യായാധിപൻ രണ്ടംഗ ബെഞ്ചിലിരുന്നു വിപരീത ദിശയിലൊരു വിധിന്യായമെഴുതുന്നു, അതും യാതാരു നീതീകരണമോ, നിയമയുക്തിയോ ചൂണ്ടിക്കാണിക്കാതെ. വിധിന്യായങ്ങളിലെ ഈ സ്ഥിരതയില്ലായ്മ ഇന്ത്യൻ സുപ്രീംകോടതിയുടെ സമകാലിക സ്വഭാവത്തിന്റെ നിദർശനമാണ്. കീഴ്വഴക്കങ്ങള്ക്കും, സുസ്ഥാപിതമായ നിയമതത്ത്വങ്ങള്ക്കും അനുസൃതമായല്ല, കാലാകാലങ്ങളിലെ വിവിധ ന്യായാധിപരുടെ വൈയക്തിക നിലപാടുകൾക്കനുസരിച്ചാണ് കോടതി നിലപാടുകൾ എന്നത് അപകടകരമായ സാഹചര്യമാണ്.
സെൻസർഷിപ്പിനൊരു കപടന്യായം?
അലബാദിയയ്ക്ക് നേരിട്ട അനീതി എന്നതിനപ്പുറം ദുരുദ്ദേശപരമായൊരു അന്തർധാര ഈ നിലപാടിനുണ്ട് എന്നൊരു സംശയം നിയമവിചക്ഷണർ ഉന്നയിക്കുന്നുണ്ട്. ഓ.ടി.ടി. പ്ലാറ്റുഫോമുകൾ നിയന്ത്രിക്കേണ്ടതിനെ സംബന്ധിച്ച് ജസ്റ്റിസ് സൂര്യകാന്ത് നടത്തിയ നിരീക്ഷണങ്ങൾ ഒരു സൂചനയാണ്. ഓൺലൈൻ മേഖലയെ നിയന്ത്രിക്കുന്നത് സംബന്ധിച്ച അഭിപ്രായപ്രകടനവും അതേക്കുറിച്ച് അറ്റോണി ജനറലുമായും സോളിസിറ്റർ ജനറലുമായും നടത്തിയ ചർച്ചകളും, കോടതിയുടെ അധികാരപരിധിക്കപ്പുറമുള്ള നീക്കങ്ങളിലേക്കു തന്നെയാണ് വിരൽ ചൂണ്ടുന്നത്.
ഒരു നയരൂപീകരണ സ്ഥാപനമല്ലാതിരുന്നിട്ടും, ഡിജിറ്റൽ ഇന്ത്യ എന്ത് കാണണം, എന്ത് കേൾക്കണം, എന്നതിൻ്റെയോക്കെ ധാർമ്മിക നിയതാവായി സ്വയം നിലയുറപ്പിക്കാനുള്ള പരമോന്നത നീതിപീഠത്തിന്റെ ശ്രമം യാദൃശ്ചികമല്ല. ബ്രോഡ് കാസ്റ്റിംഗ് റെഗുലേഷൻ ബില്ലിലൂടെയും, ഇന്റർമീഡിയറി റെഗുലേഷൻ ചട്ടങ്ങളിലൂടെയും സൈബർ ലോകത്തെ നിയന്ത്രണവിധേയമാക്കുന്നതിന് ഗവണ്മെന്റ് കൊണ്ടുപിടിച്ച ശ്രമങ്ങൾ നടത്തിവരുന്ന കാലമാണ്. സ്വതന്ത്ര മാധ്യമപ്രവർത്തകർക്കും, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സിനും, യൂട്യൂബ് ചനലുകൾക്കും സേൻസർഷിപ്പ് എറപ്പെടുത്താനുള്ള ശ്രമങ്ങൾ ഹൈക്കോടതി ഇടപെടലുകൾ കൊണ്ടും, വ്യാപക പ്രതിഷേധങ്ങൾ കൊണ്ടും നടപ്പാക്കാൻ കഴിയാതെയിരിക്കുകയായിരുന്നു. ‘ധാർമികത’യെ സംബന്ധിച്ചുള്ള സുപ്രീംകോടതിയുടെ പുതിയ വ്യാകുലതകൾ അട്ടത്തിൽ വച്ചിട്ടുള്ള ബില്ലുകൾ വീണ്ടും പൊടി തട്ടിയെടുക്കാനുള്ള അവസരമായി പരിണമിക്കാനിടയുണ്ട്. അറിഞ്ഞോ അറിയാതെയോ, കൂടുതൽ സമഗ്രമായൊരു സെൻസർഷിപ്പ് സങ്കേതത്തിനു ഹേതുവാകുന്നുവെന്നു സാരം.
സൈബർ ലോകത്തിലെ ആഖ്യാനങ്ങളെ വരുത്തിയിലാക്കാനുള്ള ഗവൺമെന്റിന്റെ വിപുലമായ പരിപാടികളുടെ ഭാഗമായി, കോടതി ഇടപെടലുകളും മാറുന്നത് ദൗർഭാഗ്യകരമാണ്. ഇത് നമ്മുടെ ആദ്യത്തെ അനുഭവമല്ല. ആമസോൺ പ്രൈമിൽ ‘താണ്ഡ’വുമായി ബന്ധപ്പെട്ടിട്ടുണ്ടായ വിവാദങ്ങൾ ഓ ടി ടി പ്ലാറ്റ്ഫോമുകളെ ആകെ നിയന്ത്രണത്തിനുള്ള അവസരമായാണ് ഗവൺമെൻറ് കണ്ടത്. ഇപ്പോൾ ‘ഇന്ത്യ ഹാസ് ഗോഡ് ലേറ്റന്റ്’പ്രശ്നം, രാഷ്ട്രീയക്കാരും ഭരണാധികാരികളും കോടതിയും എല്ലാം ചേർന്ന് ഓൺലൈൻ സെൻസറിങ്ങിനുള്ള നീതീകരണം ഒരുക്കുകയാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന ഡിജിറ്റൽ ഉള്ളടക്ക നിർമാതാക്കളെ കൂടി അധികാരസംവിധാനത്തിന്റെ കാൽക്കൽ കൊണ്ടുവരാനുള്ള നീക്കമാണിതെന്ന് നിസ്സംശയം പറയാം.
ആവിഷ്കാര സ്വാതന്ത്ര്യത്തെ സംരക്ഷിക്കുകയാണ് കോടതികൾ ചെയ്യേണ്ടത്
ജനാധിപത്യ സംവിധാനത്തിൽ, അവകാശങ്ങളുടെ കാവൽക്കാരായാണ് ഭരണഘടനാ കോടതികൾ നിലകൊള്ളേണ്ടത്, അല്ലാതെ സദാചാര സംരക്ഷകരായല്ല. സുപ്രീംകോടതിയുടെ തന്നെ പൂർവ്വകാല ഉത്തരവുകൾ വിസ്മരിച്ചുകൊണ്ട് ഒരു യൂട്യൂബറോട്, ഇനി പരിപാടികളൊന്നും ചെയ്യരുത് എന്ന് ഉത്തരവിടുന്നതിലൂടെ സുപ്രീംകോടതി ഭരണഘടനാപരമായി സംരക്ഷിതമായിട്ടുള്ള മൗലിക അവകാശങ്ങൾക്കുമേൽ യാതൊരു നീതീകരണവുമില്ലാതെ കടന്നുകയറുകയാണ് ചെയ്തത്. ഭരണഘടനാപരവും നിയമപരവുമായ സാധ്യതകൾ വിലയിരുത്താതെ, കോടതികൾ സദാചാര സംരക്ഷണത്തിന് ഇറങ്ങി പുറപ്പെട്ടാൽ ഇന്ത്യൻ ജനാധിപത്യത്തിൻറെ ഭാവി ആശങ്കയിലാവും. രൺവീർ അലബാദിയുടെ തമാശ അശ്ലീലവും അരോചകവും ആയിരിക്കാം, എന്നാൽ അതുകൊണ്ട് മാത്രം അത് നിയമവിരുദ്ധമാവില്ല. എന്നാൽ നീതീകരണമില്ലാത്ത സെൻസർഷിപ്പ് ഭരണഘടന വിരുദ്ധമാണ്. രാജ്യത്ത് സ്വതന്ത്ര അഭിപ്രായപ്രകടനവും മാധ്യമപ്രവർത്തനവും പോലും നടക്കുന്ന അവസാന തുരുത്ത് എന്ന നിലയിൽ, സൈബർ ഇടങ്ങളിൽ കടന്നു കയറാനുള്ള അധികാര വർഗ്ഗത്തിൻറെ താൽപര്യങ്ങളെ പ്രചോദിപ്പിക്കുന്ന ഈ ഉത്തരവ് എത്രയും വേഗം തിരുത്തപ്പെടേണ്ടതാണ്. നിശബ്ദരാകാൻ വിസമ്മതിക്കുന്ന മനുഷ്യരുടെ ശബ്ദം ഈ രാജ്യത്ത് ഇനിയും ഉയർന്നു കേൾക്കേണ്ടതുണ്ട്.
First published in Suprabhaatham Daily on 25/02/2025