പള്ളുരുത്തി സെന്റ്. റീത്താസ് സ്കൂളിൽ യൂണീഫോമിനൊപ്പം ശിരോവസ്ത്രം ധരിച്ചെത്തിയ വിദ്യാർത്ഥിനിയെ ക്ലാസിൽ നിന്നും പുറത്താക്കിയതിനെത്തുടർന്ന് കുട്ടിയ്ക്ക് സ്കൂൾ മാറേണ്ടി വന്ന സംഭവം സമകാലീന കേരളം ചരിത്രത്തിലെ ലജ്ജാകരമായ ഒരേടാണ്. കേരള ഗവണ്മെന്റും വിദ്യാഭ്യാസ മന്ത്രി ശ്രീ. വി ശിവൻകുട്ടിയും സ്വീകരിച്ച പുരോഗനാത്മകമായ നിലപാടുകൾക്കുപരയായി, സ്കൂൾ മാനേജ്മെന്റ് തികച്ചും ധിക്കാരപരമായ സമീപനമാണ് സ്വീകരിച്ചത്. ‘നാട്ടിലെ സമാധാനം തകർക്കുന്ന നടപടിയാ ഉണ്ടായതെന്ന ആരോപണം കുടുംബത്തെ മാനസികമായി തകർത്തു. മകൾ ഷാൾ ധരിച്ചു വരുന്നത് മറ്റു കുട്ടികളിൽ ഭയമുണ്ടാക്കുമെന്ന്, സമാനമായ വേഷം ധരിച്ച കന്യാസ്ത്രീകളായ അധ്യാപകര് പറഞ്ഞത് മകളെ അങ്ങേയറ്റം തലർത്തി. ചില രാഷ്ട്രീയനേതാക്കളും ജനപ്രതിനിധികളും മകളേയും എന്നെയും കുറ്റക്കാരായി ചിത്രീകരിക്കുകയും ആവശ്യം പിൻവലിക്കാൻ സമ്മർദ്ദം ചെലുത്തുകയും ചെയ്തു.’ കുട്ടിയുടെ പിതാവ് ഫേസ്ബുക്കിൽ കുറിച്ചു.
യൂണിഫോം
യൂണിഫോമിനൊപ്പം, ഹിജാബ് ധരിച്ച് സ്കൂളിലെത്തുന്ന വിദ്യാർത്ഥിനിയെ തടയുന്നത്, അധാർമികവും ഭരണഘടനാ വിരുദ്ധവും ജനാധിപത്യവിരുദ്ധവുമാണ്. കേന്ദ്രീയ വിദ്യാലയങ്ങളിലുൾപ്പെടെ, രാജ്യത്തെ ഭൂരിഭാഗം വിദ്യാഭ്യാസ സ്ഥാപനങ്ങളിലും, യൂണിഫോമിനൊപ്പം ഹിജാബ് അനുവദനീയമാണ്. കുട്ടികൾ സ്കൂളിൽ എത്തുന്നത് യൂണിഫോം ധരിക്കാനല്ല, പഠിക്കുന്നതിനാണ്. പ്രഥമ പരിഗണന എല്ലാ വിദ്യാർത്ഥികൾക്കും പഠിക്കാൻ കഴിയുന്ന സാഹചര്യമുണ്ട് എന്ന് ഉറപ്പുവരുത്തുന്നതിനായിരിക്കണം.
യൂണിഫോം, കുട്ടികൾക്കിടയിലെ സാമൂഹികവും സാമ്പത്തികവുമായ അസമത്വത്തെ അഭിസംബോധന ചെയ്യുന്നതിനും, ഐക്യബോധം സൃഷ്ടിക്കുന്നതിനും, വിദ്യാഭ്യാസ സ്ഥാപനത്തിൻറെ ഐഡന്റിറ്റിയും അച്ചടക്കവും ഉറപ്പുവരുത്തുന്നതിനും സഹായകമാണ്. കുട്ടികൾക്കിടയിൽ തുല്യതയുടെ സന്ദേശമാണ് അത് നൽകുന്നത്. എന്നാൽ തുല്യത, വൈവിധ്യങ്ങളെ നിഷേധിക്കലല്ല. ജാതി, മതം, വിശ്വാസം, സാമ്പത്തിക ശ്രേണി, വംശം, ഭൂപ്രദേശം, വർണ്ണം, തുടങ്ങി നിരവധിയായ വൈവിധ്യങ്ങളെ മനസ്സിലാക്കുവാനും ഉൾക്കൊള്ളുവാനും മനുഷ്യത്വമെന്ന ഐക്യബോധം കൊണ്ട് ചേർത്തു പിടിക്കുവാനും കഴിയുന്ന മനുഷ്യരെ സൃഷ്ടിക്കുന്നതാകണം വിദ്യാഭ്യാസ സംവിധാനം. യൂണിഫോമിനൊപ്പം ഒരു കുറി തൊട്ടാലോ, മുക്കൂറ്റി അണിഞ്ഞാലോ, ആചാരപരമായ ആഭരണമോ ശിരോവസ്ത്രമോ ധരിച്ചാലോ തകർന്നു പോകുന്നതാവരുത് ആ ഐക്യബോധം. യൂണിഫോമിനൊപ്പം, അതെ നിറത്തിലുള്ള ശിരോവസ്ത്രം ധരിക്കുന്നത് സ്കൂളിൻറെ പ്രവർത്തനത്തെയോ അധ്യാനത്തെയോ അച്ചടക്കത്തെയോ ബാധിക്കുന്നതല്ല.
പാശ്ചാത്യമായ ദേശരാഷ്ട്ര നിർവചനങ്ങൾക്കുള്ളിൽ ഒതുക്കാൻ കഴിയാത്ത വൈവിധ്യങ്ങളുടെ വർണശബളമായ ഒരു സങ്കരമാണ് ഇന്ത്യൻ ദേശീയത. ഇന്ത്യൻ ദേശീയപ്രസ്ഥാനവും, ഭരണഘടനയും ആ സമ്പന്നമായ വ്യതിരക്തതകളിൽ ഏകത്വത്തിന്റെ പ്രകാശ സന്നിഭമായ തന്തുക്കൾ കൊണ്ട് നെയ്തെടുക്കപ്പെട്ടിരിക്കുന്നു. അത് ജനാധിപത്യത്തിന്റെ രാഷ്ട്രീയ പ്രകാശനമാണ്. ഇതിനെ കേവലം മതത്തിൻറെ പ്രശ്നമായി കാണുന്നിടത്താണ് അസ്വാസ്ഥ്യങ്ങൾ ഉടലെടുക്കുന്നത്.
പെൺകുട്ടികളുടെ വസ്ത്രം
സ്ത്രീകളുടെ വസ്ത്രം എന്നും മതത്തിനും സ്റ്റേറ്റിനും സമൂഹത്തിനും ഒരു പ്രശ്നമായിരുന്നു. നമ്മുടെ നാട്ടിൽ മാറുമറയ്ക്കാനുള്ള അവകാശം സ്ത്രീകൾക്ക് ലഭിച്ചുതുടങ്ങിയിട്ട് കുറച്ചുകാലമേ ആയിട്ടുള്ളു. അതേസമയം ബ്രാഹ്മണ സ്ത്രീകൾക്ക് ദേഹം മുഴുവൻ മറയ്ക്കുന്ന ഘോഷ വേണമായിരുന്നു താനും. ഉത്തരേന്ത്യയിലെമ്പാടും ഇപ്പോഴും ‘ഗൂംഘട്’ എന്ന പേരിൽ മുഖം മറയ്ക്കുന്ന സമ്പ്രദായം ഹൈന്ദവർക്കിടയിലുണ്ട്. ഇന്ത്യയിൽ മാത്രമല്ല ചരിത്രത്തിൽ ലോകത്തിന്റെ വിവിധ സംസ്കൃതികളിൽ ഈ പരമ്പര്യമുണ്ടായിരുന്നു. മെസപ്പെട്ടോമിയ, പേർഷ്യ, ബൈസന്റൈൻ സാമ്രാജ്യം തുടങ്ങി പല നാടുകളിലും. പഴയകാലത്ത് സമൂഹത്തിലെ ഉന്നതശ്രേണിയിലുള്ള സ്ത്രീകൾക്കുമാത്രമായിരുന്നു മാറുമറയ്ക്കാൻ അവകാശം. ദേഹമാകെ മറയ്ക്കുന്ന വേഷം ധരിക്കാനുള്ള അവകാശം ഉന്നതകുലജാതർക്കുമാത്രമായിരുന്നു. അറബ് നാടുകളിലും അങ്ങനെതന്നെ. ഈയൊരു ചരിത്രപശ്ചാത്തലത്തിലാണ് ഖുർആൻ മാറുമറയ്ക്കുന്ന വസ്ത്രം നിഷ്കർഷിക്കുന്നത്. അത് സ്ത്രീകൾക്ക് മാത്രമല്ല പുരുഷന്മാർക്കും ബാധകമാണ്. ഇതൊക്കെയിപ്പോൾ ഇസ്ലാമിന്റെ അവശ്യ ആചാരമാണോ എന്നതിൽ ഇസ്ലാമിക പണ്ഡിതർക്കിടയിൽ തന്നെ രണ്ടഭിപ്രായമുണ്ട്. അതുകൊണ്ട് അങ്ങനെ എളുപ്പത്തിലൊരു തീർപ്പിലെത്താൻ കഴിയില്ല. ഏതെങ്കിലും ഒരു ആചാരം ഒരു മതത്തിന്റെ അവശ്യഘടകമാണോ എന്ന് പരിശോധിക്കേണ്ടത് ആ മതത്തിൽപെട്ട ആളുകൾ തന്നെയാണ്. കോടതി അത് അന്വേഷിക്കേണ്ട കാര്യമില്ല. ഒരു വ്യക്തി ഇതാണ് തന്റെ ആത്മാർഥമായ വിശ്വാസം എന്നുപറഞ്ഞാൽ അത് അംഗീകരിക്കുക എന്നുമാത്രമേയുള്ളു.
ഹിജാബ് ധരിച്ച കുട്ടികളെ പഠിക്കാൻ അനുവദിക്കാത്തത് ഒരു മതാചാരത്തിന്റെ പ്രശ്നമായി ചുരുക്കിക്കാണുമ്പോൾ ഈ കുട്ടികൾക്ക് നിഷേധിക്കപ്പെടുന്ന എല്ലാ അവകാശങ്ങളെയും നമ്മൾ അവഗണിക്കുകയാണ്. ഇഷ്ടമുള്ള വസ്ത്രം ധരിക്കുക, വിദ്യാഭ്യാസം ലഭിക്കുക, സ്വയം നിർണയിക്കാനാവുക അങ്ങനെ ഭരണഘടന സംരക്ഷണം നൽകുന്ന അടിസ്ഥാന സ്വാതന്ത്ര്യങ്ങളെല്ലാം ഇവിടെ റദ്ദു ചെയ്തിരിക്കുകയാണ്. വിദ്യാർഥികളുടേത് ആ അർഥത്തിൽ ഒരു സ്വാതന്ത്ര്യപോരാട്ടമാണ്. അതിനെ കേവലം മതാചാരമായി ചുരുക്കുമ്പോൾ അത് അവരുടെ സ്വാതന്ത്ര്യനിഷേധത്തിന്റെ നിയമവിചാരമായി മാറുന്നു. കാരണം ഹിജാബ് ഇസ്ലാമിന്റെ അവശ്യ- ആചാരമാണ് എന്ന് കോടതി കണ്ടെത്തിയാൽ ഈ പെൺകുട്ടികൾക്ക് ഹിജാബ് ധരിക്കാനുള്ള അവകാശം ലഭിക്കുകയല്ല ഉണ്ടാവുന്നത്, ഹിജാബ് ധരിക്കാതിരിക്കാനുള്ള അവകാശം നഷ്ടപ്പെടുകയാണ്. അത് പിന്തിരിപ്പനായ ഒരു നിയമവഴിയാണ്. അവകാശങ്ങൾക്കും സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള നിയമപോരാട്ടത്തെ അവകാശനിഷേധത്തിന്റെ, മതം സൃഷ്ടിച്ച ആൺകോയ്മാ വ്യവസ്ഥിതിയുടെ, പാരതന്ത്ര്യത്തിന്റെ, നിയമയുക്തിയാക്കുന്നത് ജനാധിപത്യ രാജ്യത്തെ ഭരണഘടനാ കോടതികൾക്ക് യോജിച്ചതല്ല. ഇവിടെ അടിസ്ഥാന വിഷയം അതിലും ആഴമേറിയതാണ്. ഉദാഹരണത്തിന്, അമേരിക്കൻ സുപ്രീംകോടതിയുടെ സുപ്രസിദ്ധമായ തിങ്കൾ വേഴ്സസ് ഡേ മോയിൻ കേസിന്റെ പശ്ചാത്തലം പരിശോധിക്കുക.
അഭിപ്രായ സ്വാതന്ത്ര്യം
വിയറ്റ്നാം യുദ്ധം നടക്കുന്ന കാലം; യുദ്ധവിരുദ്ധ പ്രക്ഷോഭങ്ങളും. ഡേ മൊയ്നിലെ ഹൈസ്കൂളിൽ ഹർജിക്കാരനായ ജോൺ എഫ്. ടിങ്കർ ഉൾപ്പെടെയുള്ള ഏതാനും വിദ്യാർഥികൾ അമേരിക്കൻ ഗവണ്മെൻറിന്റെ നയത്തോടുള്ള വിയോജിപ്പ് പ്രകടിപ്പിക്കാൻ ഡിസംബർ 16-ന് കറുത്ത കൈപ്പട്ടയണിഞ്ഞ് സ്കൂളിലെത്താൻ തീരുമാനിച്ചു. ഡിസംബർ 14-ന് സ്കൂൾ അധികൃതർ ഒരു തീരുമാനമെടുത്തു- യൂണിഫോമിന് പുറമെ കറുത്ത ആം ബാൻഡ് ധരിച്ചുവരുന്ന വിദ്യാർഥികളെ സ്കൂളിൽ പ്രവേശിപ്പിക്കേണ്ടതില്ല. എന്നാൽ, ഈ കുട്ടികൾ അതു ലംഘിച്ചു. അധികൃതർ അവരെ സസ്പെൻഡ് ചെയ്തു.
വിദ്യാർഥികൾ അതിനെതിരെ ജില്ലാ കോടതിയെ സമീപിച്ചു. സ്കൂളിന്റെ അച്ചടക്കം ഉയർത്തിപ്പിടിച്ച് കോടതി പരാതി തള്ളി. കോർട്ട് ഓഫ് അപ്പീലിലും തീരുമാനമായില്ല. എന്നാൽ ആം ബാൻഡുകൾ ധരിച്ചാൽ സ്കൂളിന്റെ അച്ചടക്കത്തിന് തടസ്സമാകും എന്ന ജില്ലാ കോടതിയുടെ കണ്ടെത്തൽ സുപ്രീംകോടതി അംഗീകരിച്ചില്ല. കറുത്ത ബാൻഡ് ധരിക്കുന്നത് അമേരിക്കൻ ഭരണഘടന ഉറപ്പുനൽകുന്ന അഭിപ്രായസ്വാതന്ത്ര്യത്തിന്റെ ഭാഗമാണ് എന്ന വാദം അംഗീകരിച്ചു. ‘‘അസ്വാസ്ഥ്യം ഉണ്ടാക്കുമെന്ന വ്യതിരിക്തമല്ലാത്ത ഭയം, നമ്മുടെ വ്യവസ്ഥിതിയിൽ, ഒന്നാം ഭേദഗതി ഉറപ്പുനൽകുന്ന അഭിപ്രായസ്വാതന്ത്ര്യത്തെ മറികടക്കുന്നതിനുള്ള ന്യായീകരണമാകുന്നില്ല.” എന്നായിരുന്നു കോടതി നിരീക്ഷിച്ചത്. ‘‘അഭിപ്രായവ്യത്യാസങ്ങളും ഭൂരിപക്ഷബോധത്തിന് വിരുദ്ധമായ അഭിപ്രായങ്ങളും അസ്വാരസ്യമുണ്ടാക്കിയേക്കാം, എന്നാൽ അത്തരം വിയോജിപ്പുകളാണ് നമ്മുടെ ദേശീയതയുടെയും സ്വാതന്ത്ര്യത്തിന്റെയും ശക്തി. അധ്യാപകരോ വിദ്യാർഥികളോ അവരുടെ അഭിപ്രായസ്വാതന്ത്ര്യം സ്കൂൾ ഗേറ്റിനു പുറത്തുവച്ചിട്ട് വരണമെന്നുപറയാനാകില്ല. ഈ കുട്ടികൾ സ്കൂളിന്റെ പ്രവർത്തനത്തെയോ അധ്യയനത്തെയോ ഏതെങ്കിലും തരത്തിൽ തടസ്സപ്പെടുത്തിയെന്നു പറയാനാകില്ല. യൂണിഫോമിനൊപ്പം കറുത്ത കൈപ്പട്ട ധരിച്ചു എന്നത് മാത്രമാണ് കുറ്റം. അതിന്റെ പേരിൽ അവരുടെ അഭിപ്രായസ്വാതന്ത്ര്യത്തെ നിഷേധിക്കുവാൻ നമ്മുടെ ഭരണഘടന അധികൃതർക്ക് അധികാരം നൽകുന്നില്ല’’- സുപ്രീംകോടതി പ്രസ്താവിച്ചു.
ഇന്ത്യൻ സുപ്രീംകോടതിയും വസ്ത്രധാരണം ഭരണഘടനയുടെ അനുഛേദം 19 (1) അനുവദിക്കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ഭാഗമാണെന്ന് വിലയിരുത്തിയിട്ടുണ്ട്. 2014-ലെ എൻ.എൽ.എസ്.എ. കേസിൽ (National Legal Services Authority of India (NALSA) vs Union of India) ഭിന്നലിംഗക്കാരുടെ വസ്ത്രങ്ങൾ തിരഞ്ഞെടുക്കാനുള്ള അവകാശം അംഗീകരിച്ച് ‘ഒരാളുടെ സ്വന്തം വസ്ത്രം തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തെ ഹനിക്കാനാവില്ല’ എന്ന് ജസ്റ്റിസ് രാധാകൃഷ്ണൻ എഴുതി.
സ്വകാര്യതാ കേസിൽ (Justice K. S. Puttaswamy (Retd.) vs Union Of India) സുപ്രീംകോടതിയുടെ 9 അംഗ ബഞ്ച് സ്വകാര്യതയെക്കുറിച്ചും സ്വയംനിർണയാവകാശത്തെക്കുറിച്ചും ആഴത്തിലുള്ള നിയമവിചാരങ്ങൾക്ക് വഴിതുറന്നിട്ടിരുന്നു. ഈ വിധി കൂടി പിൻപറ്റിയാണ് ഐ.പി.സി. 377 റദ്ദ് ചെയ്തുകൊണ്ടുള്ള നവ് തേജ് സിങ് ജോഹർ കേസിലും (Navtej Singh Johar and Ors. vs. Union of India) അഭിപ്രായസ്വാതന്ത്ര്യത്തിന്റെ വിവിധ വശങ്ങളെക്കുറിച്ചും ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യത്തെക്കുറിച്ചും ചർച്ചചെയ്യുന്നത്.
യഥാതഥ സമത്വം
എല്ലാറ്റിനെയും ഒരുപോലെ കാണണമെന്ന കേവല-സമത്വവാദം നീതിയുടെ ഭാഷയല്ല. ഒരുപോലെയുള്ള ഗ്രൂപ്പുകൾക്കകത്ത് തുല്യത നടപ്പിലാക്കുമ്പോഴാണ് അത് നീതിയുക്തമായ സമത്വമാകുന്നത്. മനുഷ്യരെല്ലാവരും സാമൂഹികമായും സാമ്പത്തികമായും സാംസ്കാരികമായും ശാരീരികമായും തുല്യരായല്ല ജനിക്കുന്നത്. ധനികനെയും ദരിദ്രനെയും മുതലാളിയെയും തൊഴിലാളിയെയും സവർണനെയും അവർണനെയും ഒരേ തുലാസിൽ അളക്കുന്നത് നീതിയല്ല. ഇത് ഭരണഘടനാപരമായി തന്നെ അംഗീകരിച്ചിട്ടുള്ള സംഗതിയാണ്. അതുകൊണ്ടാണ് സമത്വം ഉറപ്പുനൽകുന്ന അനുച്ഛേദം 14-നുകീഴെ അതിനുപൂരകമായി പ്രത്യേക പരിഗണന ആവശ്യമായി വരുന്ന വിഭാഗങ്ങൾക്ക് വേണ്ടി ഇടപെടലുകൾ നടത്തുവാനുള്ള അധികാരം ഗവൺമെന്റിന് നൽകിയിരിക്കുന്നത്.
ഹിജാബ് നിരോധനം പോലുള്ള സംഭവങ്ങൾ എപ്പോഴും ഭൂരിപക്ഷസമൂഹത്തിന്റെ സാംസ്കാരികയുക്തി അനുസരിച്ചുള്ള തീരുമാനങ്ങളാണ്. അധികാര രാഷ്ട്രീയത്തിന്റെ താൽപര്യങ്ങളും പലപ്പോഴും അതിനുപിന്നിലുണ്ടാവും. എല്ലാവരും തുല്യരാണെന്ന വ്യാജനിർമിതിക്കുമേലാകും പലപ്പോഴും പല വിവേചനങ്ങളും കടന്നുവരിക. ഇവിടെയും അത്തരത്തിലുള്ള പരോക്ഷ വിവേചനമുണ്ടെന്ന് കാണാം. ഇത് അനുച്ഛേദം 14 ഉറപ്പുനൽകുന്ന സമത്വത്തിന്റെ ലംഘനമാണ്.
സ്വകാര്യതയും തെരഞ്ഞെടുക്കാനുള്ള അവകാശവും
2016-ലെ ബീഹാറിലെ മദ്യനിരോധനവുമായി ബന്ധപ്പെട്ട കേസിനും (Confederation of Indian Alcoholic Beverage Companies v State of Bihar -2016) 2017-ലെ സ്വകാര്യത വിധിയ്ക്കും ശേഷം തെരഞ്ഞെടുക്കാനുള്ള അവകാശവും സ്വകാര്യതയും ഭരണഘടനയുടെ അനുച്ഛേദം 21 ഉറപ്പുനൽകുന്ന സ്വാതന്ത്ര്യത്തിനുള്ള അവകാശത്തിന്റെ ഭാഗമാണ്. ഇഷ്ടമുള്ള വസ്ത്രം തെരഞ്ഞെടുക്കാനുള്ള അവകാശം നിഷേധിക്കപ്പെടാൻ പാടില്ല. യൂണിഫോം എന്ന ന്യായമായ നിയന്ത്രണം പോലെയല്ല യൂണിഫോമിനുപുറമെ അതിനോടൊപ്പം ധരിച്ചുപോന്നിരുന്ന ഹിജാബ് നിരോധിക്കുന്നത്. ജീവിക്കാനുള്ള അവകാശമെന്നാൽ അഭിമാനത്തോടെ ജീവിക്കാനുള്ള അവകാശമാണ്. വസ്ത്രത്തിന്റെ പേരിൽ വഴിയിൽ തടയുന്നതും, മാറ്റാൻ നിർബന്ധിക്കുന്നതും, സ്കൂളിൽ നിന്ന് പുറത്താക്കുന്നതുമൊക്കെ അവകാശലംഘനമാണ്.
സംസ്കാര സംരക്ഷണത്തിനുള്ള അവകാശം
ഭരണഘടനയുടെ അനുച്ഛേദം 29, ന്യൂനപക്ഷത്തിന്റെ അവകാശ സംരക്ഷണത്തിനായുള്ളതാണ്. ഏതൊരു വിഭാഗത്തിന്റെയും സാംസ്കാരിക തനിമ കാത്തുസൂക്ഷിക്കാനുള്ള അവകാശം ഇതിന്റെ ഭാഗമാണ്. താൻ ജനിച്ചുവളർന്ന സാംസ്കാരികപശ്ചാത്തലത്തിന് അനുയോജ്യമായ വസ്ത്രം ധരിക്കുവാനുള്ള സ്വാതന്ത്ര്യം ഒരാൾക്ക് നിഷേധിക്കുന്നത് അവകാശലംഘനമാണ്.മനുഷ്യനായി പിറന്നു എന്നുള്ളതുകൊണ്ടുതന്നെ ലഭിക്കേണ്ട അടിസ്ഥാന അവകാശങ്ങളുണ്ട്. വിദ്യാർഥികളുടെ അവകാശങ്ങളുണ്ട്, ഭരണഘടന ഉറപ്പുനൽകുന്ന നിയമപരമായ അവകാശങ്ങളുണ്ട്. ഇവിടെയിതെല്ലാം ലംഘിച്ചുകൊണ്ടാണ് അധികൃതർ പ്രവർത്തിച്ചിരിക്കുന്നത്. ആ പ്രവർത്തനം ന്യായീകരിക്കാവുന്ന യാതൊരു കാരണവും ചൂണ്ടിക്കാണിക്കാൻ ഇല്ലതാനും.. ഭരണഘടനയുടെ അനുച്ഛേദം 21 (സ്വാഭിമാനത്തോടെ ജീവിക്കാനുള്ള അവകാശം, തെരഞ്ഞെടുപ്പിനുള്ള അവകാശം, സ്വകാര്യത), അനുച്ഛേദം 19 (1) (അഭിപ്രായ സ്വാതന്ത്ര്യം), അനുച്ഛേദം 25 (മനഃസാക്ഷിക്കനുസരിച്ച് ജീവിക്കാനുള്ള സ്വാതന്ത്ര്യം, മതസ്വാതന്ത്ര്യം), അനുച്ഛേദം 29 (തനത് സംസ്കൃതി സംരക്ഷിക്കാനുള്ള സ്വാതന്ത്ര്യം), അനുച്ഛേദം 14 (യഥാതഥ സമത്വം- പരോക്ഷവിവേചനം) എന്നിങ്ങനെ ഭാഗം മൂന്ന് ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളുടെ നഗ്നമായ ലംഘനമാണ് ഇപ്പോൾ നടന്ന കാര്യങ്ങൾ.
ജനാധിപത്യം എവിടെ നട്ടാലും വളരുന്ന ഒരു മരമല്ല
ഒരു ജനാധിപത്യസമൂഹത്തിൽ, മനുഷ്യസ്വാതന്ത്ര്യത്തെക്കുറിച്ച് ഇത്ര ദീർഘമായി ഉപന്യസിക്കേണ്ടിവരുന്നുവെന്നത് ദുഃഖകരമാണ്. പക്ഷേ, അംബേദ്കർ പറഞ്ഞതുപോലെ ജനാധിപത്യം എവിടെ നട്ടാലും വളരുന്ന ഒരു മരമൊന്നുമല്ല! ‘അതിന്റെ വേരുകൾ പാർലമെന്റോ ഗവണ്മെന്റോ അല്ല. പ്രഥമികമായി ഒരു സംഘടിതജീവിതരീതിയാണത്. സമൂഹമെന്ന നിലയിൽ ഒരുമിച്ചു ജീവിക്കുന്ന മനുഷ്യരുടെ സാമൂഹികബന്ധങ്ങളിലാണ് ജനാധിപത്യത്തിന്റെ വേരുകൾ നമ്മൾ തേടേണ്ടത്’ – അദ്ദേഹമെഴുതി.
സ്വാതന്ത്ര്യത്തിനൊപ്പം സമത്വവും സാഹോദര്യവും സാക്ഷാത്കരിക്കപ്പെടേണ്ടതുണ്ട്. അതു സാർഥകമാകണമെങ്കിൽ ഭരണഘടനാധാർമികതയും ജനാധിപത്യപരമായ പൊതുമനഃസാക്ഷിയും സാമൂഹികഘടനയുടെ ഭാഗമാകേണ്ടതുണ്ട്. വൈവിധ്യങ്ങളെയും വിയോജിപ്പുകളെയും അംഗീകരിക്കേണ്ടതുണ്ട്. അപരരെ മനസിലാക്കുകയും ബഹുമാനിക്കുകയും ചെയ്യേണ്ടതുണ്ട്. പ്രതിസ്വരങ്ങളെ മാനിക്കാത്ത ഭൂരിപക്ഷത്തിന്റെ മൃഗീയാധിപത്യമല്ല ജനാധിപത്യം. ദോ. അംബേദ്കർ ഉയർത്തിപ്പിടിച്ച സാഹോദര്യത്തിന്റെ, മൈത്രിയുടെ പ്രകാശം നമ്മൾ കെടാതെ സൂക്ഷിക്കേണ്ടതായുണ്ട്. സെന്റ്.
ഒരു വിദ്യാർത്ഥിനിയുടെ പഠിക്കാനുള്ള ഭരണഘടനാപരമായ അവകാശം നിഷേധിക്കുന്നതും സ്കൂളിൽ വച്ച് അപമാനിക്കപ്പെടുന്നതും, ഒരു രാഷ്ട്രീയ സംവിധാനം എന്ന നിലയിലും ഭരണഘടനാധിഷ്ഠിത ജനാധിപത്യം എന്ന നിലയിലും നമ്മുടെ പരാജയമാണ്. സ്കൂളിന്റെയും സ്കൂൾ മാനേജ്മെന്റിന്റെയും അധികാരികളുടെയും ഈഗോ, വിദ്യാർത്ഥിയുടെ സ്വാഭിമാനത്തെയും പഠിക്കാനുള്ള അവകാശത്തെയും ചവിട്ടി അരയ്ക്കുന്നത് അനുവദിക്കാൻ കഴിയാത്ത അപരാധമാണ്. ഇക്കാര്യത്തിൽ ആനുപാതികവും വിവേചനരഹിതവും ആയ ഒരു നയ രൂപീകരണത്തിന് ഉതകുന്ന ഇടപെടൽ ഗവൺമെന്റിന്റെ ഭാഗത്തുനിന്നും കോടതിയുടെ ഭാഗത്തുനിന്നും അനിവാര്യമാണ്. സെ. റീത്താസ് സ്കൂൾ അധികൃതർ നടത്തിയത് കുറ്റകരമായ അവകാശലംഘനമാണ്. അതിനെ ന്യായീകരിക്കുന്നവർ ഭരണഘടനാ ധാർമികതയെയാണ് നിഷേധിക്കുന്നത്.
First published in Sup[rabhatam Daily on 18/10/2025



