മലേഗാവ് ഭീകരാക്രമണ കേസിലെ പ്രതികളായിരുന്ന ബിജെപി എംപി പ്രഘ്യാ സിംഗ് ഠാക്കൂർ, കേണൽ പുരോഹിത് എന്നിവരുൾപ്പെടെ എല്ലാ പ്രതികളെയും എൻഐഎ കോടതി വെറുതെ വിട്ടു. ആക്രമണം നടന്നു 17 വർഷങ്ങൾക്ക് ശേഷം, പ്രതികളെ മുഴുവൻ പേരെയും കുറ്റവിമുക്തരാക്കുന്ന കോടതി ഉത്തരവ് ഇന്ത്യയിലെ ക്രിമിനൽ നീതി നിർവഹണ സംവിധാനത്തെ കുറിച്ച് ഗൗരവമാർന്ന ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. അധികാര രാഷ്ട്രീയവും വർഗീയതയും ഭൂരിപക്ഷ ഏകാധിപത്യ പ്രവണതയും അരങ്ങുവാഴുന്ന സമകാലിക രാഷ്ട്രീയ ഭൂപടത്തിൽ, രാജ്യത്തിൻറെ സ്ഥാപക മൂല്യങ്ങൾ നിറം മങ്ങിയ ഓർമ്മകളായും, ഇരകളെ സംബന്ധിച്ചിടത്തോളം നീതി എന്ന വാക്കിന് അർത്ഥം നഷ്ടപ്പെടുകയും ചെയ്തിരിക്കുന്നു. നീതി തേടേണ്ട സംവിധാനങ്ങൾ അനീതിയുടെ ചാലകങ്ങളായി മാറുന്ന കാഴ്ചയാണ് മലേഗാവിൽ കാണാൻ കഴിയുക.
മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്ക്വാഡിൻറെ അന്വേഷണം.
2008 സെപ്റ്റംബർ 29-നാണ് മലേഗാവിലെ മുസ്ലിം ഭൂരിപക്ഷ പ്രദേശത്ത് ഒരു മോട്ടോർസൈക്കിളിൽ ഘടിപ്പിച്ചിരുന്ന ബോംബ് പൊട്ടിത്തെറിച്ചത്. പുണ്യ റമദാൻ മാസത്തിൽ, നവരാത്രിയിൽ നടന്ന ഈ ആക്രമണം വർഗീയ വിദ്വേഷം ലക്ഷ്യമിടുന്നതാണെന്ന് വ്യക്തമാണ്. ഒക്ടോബർ 21-ന് അന്വേഷണം ഏറ്റെടുത്ത ഹേമന്ത് കർക്കരയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര ആൻറി ടെറർ സ്ക്വാഡ്, ഞെട്ടിക്കുന്ന വസ്തുതകളാണ് പുറത്തുകൊണ്ടുവന്നത്. ചരിത്രത്തിൽ ആദ്യമായി ഹിന്ദുത്വ ഭീകരവാദത്തിന്റെ പ്രവർത്തനങ്ങളുടെ തെളിവുകൾ പുറത്തുവന്നു. അഭിനവ് ഭാരത് എന്ന തീവ്ര വലതുപക്ഷ ഹിന്ദു സംഘടന ‘ഹിന്ദുക്കൾക്കെതിരായ ആക്രമണങ്ങൾക്ക്’ പ്രതികാരം ചെയ്യുന്നതിനും ഹിന്ദു രാഷ്ട്രം രൂപീകരിക്കുന്നതിനും ഭീകര പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു നടപ്പിലാക്കുന്നതായി കണ്ടെത്തി.
സ്ഫോടനത്തിനുപയോഗിച്ച മോട്ടോർസൈക്കിൾ ഒക്ടോബർ 23-ന് പിടിയിലായ പ്രഗ്യാ സിങ് ഠാക്കൂറിന്റെ പേരിലുള്ളതാണെന്ന് അന്വേഷണസംഘം തിരിച്ചറിഞ്ഞു. ലെഫ്റ്റനന്റ് കേണൽ പുരോഹിതാണ് കാശ്മീരിൽ നിന്നും ആർ ഡി എക്സ് സംഘടിപ്പിച്ചത്. അയാളെ നവംബർ അഞ്ചിന് അറസ്റ്റ് ചെയ്തു. ഠാക്കൂർ, കേണൽ പുരോഹിത്, മുൻ മേജർ രമേശ് ഉപാധ്യായ, അജയ് രഹിർകർ, സമീർ കുൽക്കർണി, സുധീർ ചതുർവേദി, സുധാകർ ദ്വിവേദി തുടങ്ങിയവർ ഭോപ്പാലിലും ഫരീദാബാദിലും നാസിക്കിലും വച്ച് ഗൂഢാലോചന നടത്തി എന്നായിരുന്നു നിഗമനം. മഹാരാഷ്ട്രയിലെ മക്കോക്ക നിയമപ്രകാരം പ്രതികൾ നടത്തിയ കുറ്റസമ്മതം മുസ്ലിം മത വിഭാഗത്തിൽപ്പെട്ടവരെ ലക്ഷ്യം വെച്ചു കൊണ്ടുള്ള വിപുലമായ ഭീകര പ്രവർത്തനങ്ങളിലേക്ക് വിരൽചൂണ്ടി. ഈ നിയമപ്രകാരം കുറ്റസമ്മതമൊഴി കോടതികൾക്ക് തെളിവായി പരിഗണിക്കാവുന്നതാണ്. ഐപിസിക്ക് പുറമേ, യുഎപിഎ, മക്കോക്ക, തുടങ്ങിയ നിയമങ്ങളിലെ കർശനമായ വകുപ്പുകൾ ചേർത്തുകൊണ്ടാണ് ഇവരെ കേസിൽ പ്രതിചേർത്തത്.
സത്യസന്ധതയ്ക്കും ആത്മാർത്ഥതയ്ക്കും പേരുകേട്ട ഹേമന്ത് കർക്കരെ എന്ന ഉദ്യോഗസ്ഥനു കീഴിൽ അസാധാരണമായ കാര്യക്ഷമതയോടെയാണ് അന്വേഷണം ആദ്യഘട്ടത്തിൽ മുന്നോട്ടുപോയത്. ഇന്ത്യയിലെ ഭീകര പ്രവർത്തനങ്ങൾ ഇസ്ലാമിക സംഘടനകളുമായി മാത്രം ബന്ധപ്പെട്ടതാണെന്ന പൊതു ആഖ്യാനത്തെ നിരാകരിക്കുന്നതായിരുന്നു അന്വേഷണഫലം. കാവി ഭീകരത അഥവാ ഹിന്ദുത്വവാദികളെക്കുറിച്ചുള്ള ചർച്ചകൾ മുഖ്യധാരയിൽ സജീവമായത് ഇതോടെയാണ്. എന്നാൽ മുംബൈ ഭീകരാക്രമണത്തിൽ അദ്ദേഹം കൊല ചെയ്യപ്പെട്ടു. വലതുപക്ഷ ഹിന്ദുത്വ സംഘടനകൾ, അദ്ദേഹത്തിനെതിരെ കനത്ത ആക്രമണമാണ് അഴിച്ചുവിട്ടത്. അദ്ദേഹം വ്യാജമായി തെളിവുകൾ ഉണ്ടാക്കുകയായിരുന്നു എന്ന് അവരാരോപിച്ചു
എൻ ഐ എയുടെ രംഗപ്രവേശം
2011-ൽ ദേശീയ അന്വേഷണ ഏജൻസി ഏറ്റെടുത്തതോടെ അന്വേഷണത്തിന്റെ ഗതി മാറി. 2016 മെയ് പതിമൂന്നാം തീയതി അവർ സമർപ്പിച്ച സപ്ലിമെൻററിചാർജ് ഷീറ്റ് വ്യത്യസ്തമായിരുന്നു. ആവശ്യമായ തെളിവുകളില്ലെന്ന കാരണത്താൽ മക്കോക്ക നിയമപ്രകാരമുള്ള നടപടികൾ അവസാനിപ്പിച്ചു. പ്രഗ്യാ സിംഗ് ഠാക്കൂറിനെ പ്രതിസ്ഥാനത്തുനിന്നും നീക്കം ചെയ്തു. എന്നാൽ മഹാരാഷ്ട്ര ഭീകരാവിരുദ്ധ സംഘം ശേഖരിച്ചിരുന്ന ശക്തമായ തെളിവുകൾ ചൂണ്ടിക്കാണിച്ചുകൊണ്ട് പ്രത്യേക വിചാരണ കോടതി എൻ ഐ എ യുടെ ആവശ്യം നിരാകരിച്ചു. എൻ ഐ എയുടെ അസാധാരണമായ ഈ നടപടി വ്യാപകമായി വിമർശിക്കപ്പെട്ടു. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആയിരുന്ന രോഹിണി സാലിയൻ, കാവി സംഘടനകളുമായി ബന്ധപ്പെട്ട പ്രതികളോട് മൃദു സമീപനം സ്വീകരിക്കുവാൻ അന്വേഷണ ഏജൻസി ആവശ്യപ്പെട്ടുവെന്ന ഗുരുതരമായ വെളിപ്പെടുത്തൽ നടത്തി. 2014-ൽ ബിജെപി അധികാരത്തിൽ എത്തിയതിനെ തുടർന്നാണ് ഈ മാറ്റങ്ങൾ സംഭവിക്കുന്നത്. അവരെ പബ്ലിക് പ്രോസിക്യൂട്ട് സ്ഥാനത്തു നിന്നും മാറ്റി.
ദേശീയ അന്വേഷണ ഏജൻസിക്കു കീഴിൽ 40-ലേറെ സാക്ഷികളാണ് മൊഴി മാറ്റിയത്. എ ടി എസ് സംഘം സമ്മർദ്ദം ചെലുത്തിയതുകൊണ്ടാണ് മൊഴി നൽകിയത് എന്നവർ പറഞ്ഞു. പ്രതികളുടെ കുടുംബം ആവശ്യപ്പെട്ടിട്ടും, മൊഴിമാറ്റിയ സാക്ഷികൾക്കെതിരെ നിയമനടപടി സ്വീകരിക്കുവാൻ അന്വേഷണ ഏജൻസി തയ്യാറായില്ല. സ്ഫോടനത്തിനുപയോഗിച്ച മോട്ടർസൈക്കിൾ പ്രഘ്യാ സിംഗ് ഠാക്കൂറിന്റെ ആണെന്നതിനോ, കേണൽ പുരോഹിത് ആർ ഡി എക്സ് കൊണ്ടുവന്നു സ്ഫോടന വസ്തുക്കൾ നിർമ്മിച്ചു എന്നതിനോ തെളിവുകൾ ഒന്നും കോടതിയിൽ ഹാജരാക്കപ്പെട്ടില്ല. അങ്ങനെ കേസ് തീർത്തും ദുർബലമാകുന്ന കാഴ്ചക്കാണ് നമ്മൾ സാക്ഷ്യം വഹിച്ചത്.
വീഴ്ചകളും വൈരുദ്ധ്യങ്ങളും
പ്രതികളെ വെറുതെ വിട്ട സ്പെഷ്യൽ എൻഐഎ കോടതി ജഡ്ജി എ കെ ലഹോത്തിയുടെ വിധി, ഹാജരാക്കപ്പെട്ട തെളിവുകളിലെ പരസ്പര വൈരുദ്ധ്യങ്ങളും അന്വേഷണത്തിനുള്ള അനുമതി ലഭ്യമാക്കുന്നതിലെ അപാകവും, തെളിവു ശേഖരണത്തിലെ പോരായ്മകളും ഉൾപ്പെടെ പ്രോസിക്യൂഷന്റെ ഗുരുതരമായ വീഴ്ചകളിലേക്കാണ് വിരൽ ചുണ്ടുന്നത്. പ്രഘാസിങ് ഠാക്കൂറിന്റെ മോട്ടോർസൈക്കിളിൽ ബോംബ് ഘടിപ്പിച്ചിരുന്നുവെന്നോ, വാഹനം അവരുടേതാണെന്നോ തെളിയിക്കാൻ കഴിഞ്ഞില്ല. മിലിറ്ററി ഇൻറലിജൻസിന്റെ ഭാഗമായാണ് അഭിനവ് ഭാരതിൽ എത്തിയതെന്ന കേണൽ പുരോഹിതത്തിന്റെ വാദവും അംഗീകരിക്കപ്പെട്ടു. ക്രൈം സീനിലെ നടപടിക്രമങ്ങളിലെ പാളിച്ചകളും, വിരലടയാളം ഉൾപ്പെടെയുള്ള തെളിവുകൾ ശേഖരിക്കാൻ കഴിയാത്തതും, മോട്ടർസൈക്കിളിന്റെ നമ്പർ അവ്യക്തമായിരുന്നതും പ്രാഥമിക ഘട്ടം മുതൽ എൻ ഐ എ അന്വേഷണം വരെയുള്ള കാലയളവിലെ വീഴ്ചകളാണ്. തെളിവുകൾ ദുർബലമായതിന്റെ രാഷ്ട്രീയ പശ്ചാത്തലം കോടതിവിധിയിൽ കടന്നു വരാറില്ലല്ലോ. മൊഴിമാറ്റങ്ങളും, മൊഴിമാറിയ സാക്ഷികൾക്കെതിരെ നിയമനടപടിക്ക് മുതിരാത്ത അന്വേഷണ ഏജൻസിയും ബാഹ്യ ഇടപെടലുകളെയാണ് സൂചിപ്പിക്കുന്നതെങ്കിലും കോടതി നിസ്സഹായത പ്രകടിപ്പിച്ചതല്ലാതെ അതിൻറെ കാര്യകാരണങ്ങളിലേക്ക് കടന്നില്ല.
അധികാരത്തിന്റെ നിഴൽക്കുത്ത്
സമകാലിക ഇന്ത്യയിലെ അധികാര രാഷ്ട്രീയത്തിന്റെയും ഭൂരിപക്ഷ വർഗീയ ധ്രുവീകരണത്തിന്റെയും പശ്ചാത്തലത്തിലല്ലാതെ ഈ വിഷയത്തെ മനസ്സിലാക്കുക അസാധ്യമാണ്. ഗുരുതരമായ ഭീകരാക്രമണ കേസിൽ പ്രതിയായിരുന്നിട്ടും 2019-ൽ ബിജെപി എംപി-യായി പാർലമെൻറിൽ പ്രവേശിച്ച ആളാണ് ഇപ്പോൾ കുറ്റവിമുക്തയാക്കപ്പെട്ട പ്രഘ്യാ സിംഗ്. ഹിന്ദുത്വ ഭീകരവാദത്തെയും രാഷ്ട്രപിതാവിന്റെ ഘാതകൻ ഗോഡ്സെയെയും പരസ്യമായി പ്രഘോഷിക്കുന്ന അവരുടെ പൊതുജീവിതം നമ്മുടെ നീതി നിർവഹണ സംവിധാനത്തിലെ രാഷ്ട്രീയ അധികാര ഘടകങ്ങളെ വെളിവാക്കുന്നതാണ്. കാവി ഭീകരത എന്ന വാക്ക് ഹിന്ദുമതത്തിനെതിരെയുള്ള ആക്രമണം ആയാണ് ഇന്ന് ചിത്രീകരിക്കപ്പെടുന്നത്.
ശിക്ഷിക്കപ്പെടാതെ പോകുന്ന ഭീകര പ്രവർത്തനങ്ങൾ
മലേഗാവ് ഭീകര ആക്രമണ കേസിലെ പ്രതികളെ വെറുതെ വിട്ടത് ഒറ്റപ്പെട്ട സംഭവമല്ല, ഇന്ത്യയുടെ രാഷ്ട്രീയ ഘടനയിലെ സവിശേഷ സ്വഭാവ നൈരന്തര്യത്തിന്റെ ഭാഗമാണ്. ഒരു പതിറ്റാണ്ടോളം നീണ്ടുനിന്ന വിചാരണയ്ക്ക് ശേഷം 2006-ലെ മുംബൈ തീവണ്ടി സ്ഫോടന പരമ്പരയിലെ ചുരുക്കം ചില പ്രതികൾ മാത്രമാണ് ശിക്ഷിക്കപ്പെട്ടത്. ലഷ്കർ -ഇ-തൈബ ഉൾപ്പെടെയുള്ള സംഘടനകളുടെ ഇടപെടലുകൾ സംബന്ധിച്ച ചാർജ് കളിൽ അവ്യക്തത നിലനിൽക്കുകയാണ്. അതുപോലെതന്നെ 2007ലെ സംഝൗത്ത എക്സ്പ്രസ് ബോംബിംഗ് കേസിലും, ആദ്യഘട്ടത്തിലെ കുറ്റസമ്മതത്തിനുശേഷം പോലും, സ്വാമി അസീമാനന്ദ എന്ന ഹിന്ദുത്വ ഭീകര പ്രവർത്തകൻ കുറ്റവിമുക്തനാക്കപ്പെട്ടു. അന്വേഷണത്തിലെ വീഴ്ചകളും, രാഷ്ട്രീയ ഇടപെടലുകളും, വർഗീയ പരിഗണനകളും ഒക്കെ ഇതിന് കാരണമായിട്ടുണ്ടെന്ന് വ്യക്തമാണ്.
ഭരണഘടനാപരമായ
രാജ്യത്തിൻറെ സുരക്ഷയും സാഹോദര്യവും സ്വാതന്ത്ര്യവും ഉറപ്പു നൽകുന്ന ഭരണഘടനാപരമായ വാഗ്ദാനം നിറവയറ്റപ്പെടാതെ പോകുന്ന കാഴ്ചയാണ് ഈ കേസുകളിൽ എല്ലാം നമ്മൾ കാണുന്നത്. അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ വ്യക്തമായ വർഗീയ ഇടപെടലുകൾ, സമൂഹത്തെ അസ്ഥിരപ്പെടുത്താൻ ഉള്ള ശ്രമം, ഇതെല്ലാം വിചാരണയുടെ അവസാന ഘട്ടത്തിൽ എത്തുമ്പോൾ തെളിയിക്കപ്പെടാതെ പോകുന്നത് വാഗ്ദത്ത ജനാധിപത്യ രാഷ്ട്രം യാഥാർത്ഥ്യമാക്കാൻ നമ്മുടെ അധികാര വ്യവസ്ഥിതിക്ക് താൽപര്യമില്ലെന്നതിനു തെളിവാണ്. മലേഗാവ് പഠനത്തിൻറെ സമയവും സന്ദർഭവും ആദ്യഘട്ടത്തിൽ എ ടി എസ് മുന്നോട്ടുവച്ച തെളിവുകളും ആധുനിക ഇന്ത്യ മുന്നോട്ടുവയ്ക്കുന്ന സാഹോദര്യത്തിന്റെയും സഹവർത്തിത്വത്തിന്റെയും മഹനീയ മൂല്യങ്ങളെ അട്ടിമറിക്കാനുള്ള വർഗീയ ഭീകരവാദികളുടെ പദ്ധതിയെ തുറന്നു കാണിച്ചുവെങ്കിലും. മതത്തിന്റെയും തീവ്രദേശീയതയുടെയും പേരിൽ നീതി നിർവഹണ സംവിധാനത്തെ അപ്രസക്തമാക്കുന്ന രാഷ്ട്രീയ താല്പര്യങ്ങളെ വെളിപ്പെടുത്തുന്നതാണ് കേസിന്റെ പര്യവസാനം. കുറ്റവാളികൾ ശിക്ഷിക്കപ്പെടാതെ പോകുന്ന സാഹചര്യത്തിൽ, പ്രഖ്യാപിക്കപ്പെട്ട നഷ്ടപരിഹാരവും പിഴ്വാക്കുകൾ ആകുന്ന ഐക്യദാർഢ്യ പ്രസ്താവനകളും അർത്ഥശൂന്യമാണ്. എന്തായാലും ഇരകളുടെ കുടുംബങ്ങൾ കോടതി വിധിക്കെതിരെ അപ്പീൽ പോകുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഭൂരിപക്ഷ വർഗീയതയുടെ, തീവ്രദേശീയതയുടെ, അത്രമാത്മകമായ അധികാര ഭാവങ്ങൾ സ്വതന്ത്ര ഭാരതത്തിൻറെ അടിസ്ഥാന മൂല്യബോധങ്ങളെ മറയില്ലാതെ ദുർബലപ്പെടുത്തി കൊണ്ടിരിക്കുന്ന കാലഘട്ടത്തിൽ, ഭരണഘടനാപരമായ വാഗ്ദാനങ്ങളെ ഉയർത്തിപ്പിടിക്കുവാൻ രാജ്യത്തിന് കഴിയട്ടെ എന്നു പ്രത്യാശിക്കുക മാത്രമാണ് നമുക്ക് ചെയ്യാൻ കഴിയുക.
First Published in Suprabhatham Daily on 11/08/2025



