ജനാധിപത്യത്തിൻറെ വിശ്വാസത തകർക്കുന്ന കമ്മീഷൻ

രാജ്യത്തെ ജനങ്ങൾക്ക് ജനാധിപത്യത്തിലുള്ള വിശ്വാസത്തിന് ക്ഷതമേൽപ്പിക്കും വിധം തെരഞ്ഞെടുപ്പ് കമ്മീഷൻ അനാവരണം ചെയ്യപ്പെടുന്ന നാളുകളാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. തെരഞ്ഞെടുപ്പ് വർഷത്തിൽ ബീഹാറിൽ തിടുക്കപ്പെട്ട് നടത്തുന്ന വോട്ടർ പട്ടികയുടെ പുനപരിശോധന വലിയ വിമർശനങ്ങൾ ക്ഷണിച്ചു വരുത്തുന്നു. പുതുക്കിയ വോട്ടർ പട്ടികയുടെ  കരട് പ്രസിദ്ധീകരിച്ചപ്പോൾ 65 ലക്ഷം പേരുകൾ നീക്കം ചെയ്തതായി കാണുന്നു. സാധാരണഗതിയിൽ ചട്ട പ്രകാരം പേര് നീക്കം ചെയ്യുമ്പോൾ ഉണ്ടാകുന്ന മുൻകൂർ നോട്ടീസും ഹിയറിങ്ങും ഒന്നുമില്ലാതെയാണ് ഇത് ചെയ്തിരിക്കുന്നത്.  രാഷ്ട്ര രൂപീകരണത്തിന്റെ കാലം മുതൽ രാജ്യത്തെ പരമാവധി ജനങ്ങളെ എങ്ങനെ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമാക്കാമെന്ന ലക്ഷ്യം മുൻനിർത്തിയാണ് ഇലക്ഷൻ കമ്മീഷൻ പ്രവർത്തിച്ചുവന്നത്. ഭൂരിപക്ഷം ജനങ്ങളും വലിയ പിന്നോക്കാവസ്ഥയിൽ കഴിയുന്ന രാജ്യം എന്ന യാഥാർഥ്യം അംഗീകരിച്ചുകൊണ്ട് പരിഗണിക്കാൻ കഴിയുന്നത്ര രേഖകൾ പരിഗണിച്ചും വോട്ടർമാരെ നേരിട്ട് കണ്ടും തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമാക്കാൻ ശ്രദ്ധിച്ചു പോന്നിരുന്നു. എന്നാൽ, ആസാമിലെ പൗരത്വ രജിസ്റ്റർ അനുസ്മരിപ്പിക്കും വിധം, ലക്ഷക്കണക്കിന് നിരപരാധികളായ പൗരർക്ക് വോട്ട് അവകാശം നിഷേധിക്കപ്പെടുന്ന സാഹചര്യത്തിലേക്കാണ് ബീഹാറിലെ പട്ടികപരിഷ്കരണ പ്രക്രിയ പുരോഗമിക്കുന്നതെന്ന് പ്രതിപക്ഷ കക്ഷികളും സാമൂഹ്യ നിരീക്ഷകരും വിലയിരുത്തുന്നു.

ബീഹാറിലെ സമഗ്ര പരിശോധന

വോട്ടർ പട്ടികയിൽ കൂട്ടിച്ചേർക്കലുകളും നീക്കംചെയ്യലുകളും നിരന്തരം നടന്നുകൊണ്ടിരിക്കുന്ന പ്രവർത്തനമാണെങ്കിലും, പട്ടികയുടെ സമഗ്രമായ പുന:പരിശോധന, സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ, വല്ലപ്പോഴുമേ നടക്കാറുള്ളൂ. വളരെ സമയമെടുത്ത് അവധാനതയോടെയാണ് അതു പൂർത്തീകരിക്കുക. ബീഹാറിൽ തന്നെ അവസാനമായി നടന്ന സമഗ്ര പരിശോധന 2003-ൽ ഒരു വർഷത്തിലേറെ സമയമെടുത്താണ് സാധ്യമാക്കിയത്. ഇപ്പോൾ നടക്കുന്ന പരിശോധനയിൽ ബീഹാറിലെ 7.9 കോടി ജനങ്ങളും അവരുടെ തിരിച്ചറിയൽ രേഖകൾ വീണ്ടും സമർപ്പിക്കേണ്ടതുണ്ട്. 2003-ലെ പട്ടികയിൽ ഉൾപ്പെട്ടിട്ടില്ലാത്തവരോട്  പൗരത്വ നിയമം അനുശാസിക്കും വിധമുള്ള തെളിവുകളാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഏകദേശം മൂന്നു കോടിയോളം വോട്ടർമാർ വരും ഇത്. ഇവരിൽ 2010 ഡിസംബർ മാസത്തിന് മുൻപ് ജനിച്ചവർ, തൻറെ രക്ഷിതാക്കളിൽ ഒരാളെങ്കിലും ഇന്ത്യൻ പൗരനാണെന്ന് തെളിയിക്കുന്ന രേഖ ഹാജരാക്കണം. അതിനുശേഷം ജനിച്ചവർക്കാകട്ടെ മാതാപിതാക്കളിരുവരുടെയും പൗരത്വം തെളിയിക്കേണ്ടതുണ്ട്. ഇത്തരത്തിൽ പൗരത്വനിയമത്തിൽ വരുത്തിയിട്ടുള്ള ഭേദഗതികൾക്കനുസൃതമായി രേഖകൾ ആവശ്യപ്പെടാനും പൗരത്വം പരിശോധിക്കുവാനുമുള്ള അവകാശം ഇലക്ഷൻ കമ്മീഷനുണ്ടോ എന്ന ചോദ്യമാണ് ഉന്നയിക്കപ്പെടുന്നത്. ഭരണഘടനയുടെ അനുഛേദം 326 പ്രകാരം പൗരർക്കു മാത്രമാണ് വോട്ടവകാശമുള്ളത് എന്ന ന്യായം പറഞ്ഞു തെരഞ്ഞെടുപ്പ് കമ്മീഷൻ ഇതിനെ പ്രതിരോധിക്കുന്നുണ്ടെങ്കിലും, അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് പോലെയുള്ള സന്നദ്ധ സംഘടനകൾ ഇത് ഭരണഘടനാ വിരുദ്ധമായ നടപടിയാണെന്ന് ചൂണ്ടിക്കാണിക്കുന്നു. 

33% പേർക്ക് സാക്ഷരതയില്ലാത്ത ഒരു സംസ്ഥാനത്താണ് ഇത് ചെയ്യുന്നതെന്നോർക്കണം.. 2007-ലെ കണക്കനുസരിച്ച് സംസ്ഥാനത്തെ 27 ശതമാനം ജനനങ്ങൾ മാത്രമാണ് രജിസ്റ്റർ ചെയ്യപ്പെടുന്നത്. 14.7 ശതമാനം പേരാണ് പത്താം ക്ലാസ് പാസ്സാകുന്നത്. രേഖകളെ കുറിച്ച് മനസ്സിലാക്കാനുള്ള വിദ്യാഭ്യാസമോ, അവ സൂക്ഷിക്കാൻ കെട്ടുറപ്പുള്ള വീടോ, ദാരിദ്ര്യമില്ലാത്ത ചുറ്റുപാടുമോ അപ്രാപ്യമായ ജനത ഇലക്ഷൻ കമ്മീഷന്റെ കർശന നിർദേശങ്ങൾ പാലിക്കുക ശ്രമകരമാണ്.

ഈ സാഹചര്യങ്ങൾ സുപ്രീംകോടതിയിൽ വിശദമായി ഉന്നയിക്കപ്പെട്ടിരുന്നു. എന്നിട്ടും, കരട് പട്ടികയിൽ നീക്കം ചെയ്യപ്പെട്ട വോട്ടർമാരുടെ വിവരങ്ങൾ പ്രസിദ്ധീകരിക്കാൻ പോലും തെരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറായിരുന്നില്ല. എന്നാൽ പുറത്തായ വോട്ടർമാരുടെ വിവരങ്ങൾ കാര്യകാരണസഹിതം പ്രസിദ്ധീകരിക്കുവാൻ സുപ്രീംകോടതി തിരഞ്ഞെടുപ്പ് കമ്മീഷനോടു നിർദ്ദേശിച്ചു. മാത്രവുമല്ല 87 ശതമാനം ആളുകളുടെയും  കൈവശമുള്ള ഒരു തിരിച്ചറിയൽ കാർഡ് എന്ന നിലയ്ക്ക് ആധാർ ലെറ്റർ അനുവദനീയമായ രേഖകളിൽ ഉൾപ്പെടുത്താനും ആവശ്യപ്പെട്ടു. എന്നിരുന്നാലും സാമാന്യനീതി ലംഘിച്ചുകൊണ്ട് ചെയ്യുന്ന പ്രവർത്തി തുടരാൻ സുപ്രീംകോടതിയെ അനുവദിച്ചത് ദൗർഭാഗ്യകരമായിപ്പോയി. 

ഭരണഘടനാ വിരുദ്ധത

ബീഹാറിലെ എസ് ഐ ആർ ഭരണഘടനയുടെ അനുഛേദം 14 (തുല്യത), 19(1)(എ)(അഭിപ്രായ സ്വാതന്ത്ര്യം), 21(ജീവിക്കാനുള്ള അവകാശം), 325 (വോട്ടർപട്ടികയിൽ വിവേചനം പാടില്ല), 326 (സാർവ്വത്രിക വോട്ടവകാശം) എന്നിവയുടെ ലംഘനമാണെന്ന് ഹർജിക്കാർ സുപ്രീംകോടതിയിൽ വാദിച്ചു . ഇലക്ഷന്റെ മേൽനോട്ടം വഹിക്കുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ കടമ, അല്ലാതെ പൗരത്വം നിയമപ്രകാരം പൗരത്വ നിർണയം നടത്തുന്നതിന് ഇലക്ഷൻ കമ്മീഷനെ ആരും അധികാരപ്പെടുത്തിയിട്ടില്ല. അതുപോലെതന്നെ, 2003-ലെ വോട്ടർ പട്ടികയിൽ പേരില്ലാത്തവർക്ക് പ്രത്യേക നിബന്ധനകൾ കൊണ്ടുവന്നത് സ്വേച്ഛാപരമായ  നടപടിയാണ്. അതിനായി യുക്തിപൂർവ്വമായ ഒരു ന്യായീകരണം നിരത്താനാവില്ല. അതുകൊണ്ടുതന്നെ അത് അനുഛേദം 14-നു വിരുദ്ധമാണ്. മുൻ ഇലക്ഷൻ കമ്മീഷൻ അശോക് നവാസ് ദ ഹിന്ദു പത്രത്തിൽ എഴുതിയതുപോലെ “ബീഹാറിലെ എസ് ഐ ആർ, അപ്രതീക്ഷിതവും, മര്യാദയും നീതിയുമില്ലാത്തതും, അനാവശ്യവുമാണ്.”. തെരഞ്ഞെടുപ്പ് കമ്മീഷൻ കാലാകാലങ്ങളായി വിജയകരമായി സ്വീകരിച്ചുവന്ന നടപടിക്രമങ്ങൾക്ക് വിരുദ്ധവുമാണത്. നമ്മുടെ രാജ്യത്ത് ഗവൺമെൻറ് ആർക്കും പൗരത്വം തെളിയിക്കുന്ന രേഖകളൊന്നും നൽകുന്നില്ല. നൽകിയാൽ തന്നെ അത് എല്ലാവർക്കും ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്തുക എളുപ്പവുമല്ല. ഈ സാഹചര്യത്തിൽ എല്ലാവരെയും ഉൾക്കൊള്ളുന്ന ജനാധിപത്യ സംവിധാനം സാധ്യമാക്കുന്നതിനു വേണ്ടി  ഇലക്ഷൻ കമ്മീഷൻ നാളിതുവരെ ആരോടും പൗരത്വത്തിന്റെ തെളിവ് ചോദിച്ചിട്ടില്ല. ഒരു പ്രദേശത്ത് താമസിക്കുന്നു എന്നതിൻറെ തെളിവ് മാത്രമാണ് ആവശ്യപ്പെടാറുള്ളത്. ദരിദ്രരും അധസ്ഥിതരുമായവർ തെരഞ്ഞെടുപ്പ് പ്രക്രിയയിൽ നിന്നും പുറത്താകുന്നില്ലെന്ന് ഉറപ്പുവരുത്തുകയെന്ന ഭരണഘടനയുടെ അനുച്ഛേദം 326-ന്റെ ആത്യന്തികമായ ലക്ഷ്യത്തെ പരാജയപ്പെടുത്തുകയാണ് കമ്മീഷൻ ചെയ്യുന്നത്. 

ആസാമിൽ ദേശീയ പൗരത്വ രജിസ്റ്റർ നടപ്പിലാക്കിയ അനുഭവം നമുക്കു മുന്നിലുണ്ട്. ടി എൻ ശേഷൻ ഇലക്ഷൻ കമ്മീഷണർ ആയിരുന്ന കാലം, വോട്ടർ പട്ടികയിൽ വിദേശികൾ എന്ന് സംശയിക്കുന്നവരെ ‘ഡി’ എന്ന് അടയാളപ്പെടുത്തിയിടത്തു നിന്നാണ് അതിൻറെ തുടക്കം. 1600 കോടി രൂപ മുടക്കി രജിസ്റ്റർ നടപ്പിലാക്കിയപ്പോൾ 19 ലക്ഷം മനുഷ്യർ രാജ്യ രഹിതരായിത്തീർന്നു. ബീഹാറിലെ എസ് ഐ ആറിലും ബൂത്ത് ലെവൽ ഓഫീസർമാർക്ക് വിദേശികളെന്ന് സംശയിക്കുന്നവരെ അടയാളപ്പെടുത്തുവാനുള്ള അധികാരം നൽകിയിട്ടുണ്ട്; യാതൊരു നിയമ പിൻബലവും ഭരണഘടന സാധുതയുമില്ലാത്ത അധികാരം. ചരിത്രം അറിയുന്നവർക്ക് ഇത് പിൻവാതിലിലൂടെ എൻ ആർ സി കൊണ്ടുവരുന്നതിനുള്ള പദ്ധതിയാണെന്ന് മനസ്സിലാകും.

നീക്കം ചെയ്യപ്പെട്ട വോട്ടർമാരുടെ പട്ടിക കാര്യകാരണസഹിതം പ്രസിദ്ധീകരിക്കണമെന്ന് നിർദ്ദേശമൊക്കെ നൽകിയെങ്കിലും, കഴിഞ്ഞ ഒരു ദശകമായി സുപ്രീംകോടതി പിന്തുടരുന്ന ഭരണകൂട അനുകൂല നിലപാടുകളുടെ തുടർച്ച ഇവിടെയും കാണാനാവും. തികച്ചും ഭരണഘടനാവിരുദ്ധമായ ഒരു നടപടി റദ്ദുചെയ്യാതെ തുടരാനനുവദിക്കുക വഴി കേസ് അവസാനഘട്ടത്തിൽ എത്തുന്നതിനു മുൻപ് തന്നെ പദ്ധതി പൂർത്തീകരിക്കുവാനുള്ള അവസരമൊരുക്കുകയാണ് കോടതി ചെയ്യുന്നതെന്ന് ആരോപണമുണ്ട്. പല ഘട്ടങ്ങളിലും അന്യായമായ ഗവൺമെൻറ് നടപടികൾ പൂർത്തിയാവുന്നത് വരെ കാത്തിരിക്കുക വഴി, ഗവൺമെന്റുകൾക്ക് അവസരമൊരുക്കുന്ന സമീപനം സമീപകാല സുപ്രീംകോടതിയുടെ ചരിത്രത്തിന്റെ ഭാഗമാണ്.  പരാതികൾ സമർപ്പിക്കുവാനുള്ള ഓഗസ്റ്റ് 20 മുതൽ സെപ്റ്റംബർ 19 വരെയുള്ള സമയത്തിൽ പട്ടിക പ്രസിദ്ധീകരിക്കണം എന്നു പറഞ്ഞെങ്കിലും, 1964-ലെ രജിസ്ട്രേഷൻ ഓഫ് ഇലക്ടേഴ്സ് റൂൾ സെക്ഷൻ 21എ അനുശാസിക്കും വിധം, വോട്ടർപട്ടികയിൽ നിന്ന് പേര് നീക്കം ചെയ്യുന്നതിനു മുൻപ് നോട്ടീസും ഹിയറിങ്ങും വേണമെന്ന്ൺ നിബന്ധന സുപ്രീംകോടതി കണ്ടില്ലെന്ന് നടിച്ചു. ഇക്കാര്യത്തിൽ നീതിപൂർവ്വമായ നടപടിക്രമങ്ങൾ വേണമെന്ന് 1995-ൽ ലാൽബാബു ഹുസൈൻ കേസിൽ കോടതി തന്നെ നിർദ്ദേശിച്ചിട്ടുള്ളതുമാണ്. ഡ്രാഫ്റ്റ് അത്തരം നടപടിക്രമങ്ങൾ ഒന്നും സ്വീകരിക്കാതെ, മരിച്ചവരും താമസം മാറിയവരും ഇരട്ടിപ്പുകൾ ഉള്ളവരുമായവരെ മാത്രമാണ് നീക്കം ചെയ്തിട്ടുള്ളതെന്നാണ് വിശദീകരണം. എന്നാൽ നീതിപൂർവ്വമായ നടപടിക്രമങ്ങൾ ഇല്ലാതെയുള്ള പേരുവെട്ടൽ ഭരണഘടനയുടെ അനുഛേദം 21-ന്റെ ലംഘനമാണ്.

വോട്ട് മോഷണം?

വോട്ട് മോഷണം നടന്നുവെന്ന പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ആരോപണം പ്രശ്നങ്ങളുടെ വ്യാപ്തി വർദ്ധിപ്പിക്കുകയാണ്. ഇലക്ഷൻ കമ്മീഷൻ, മരിച്ചതെന്ന് പറഞ്ഞ് നീക്കം ചെയ്ത ആളെ ജീവനോടെ കണ്ടെത്തി കോടതിയിൽ ഹാജരാക്കുന്ന കാഴ്ചയും നമ്മൾ കണ്ടു. വോട്ടേഴ്സ് ലിസ്റ്റിൽ വീട്ടുനമ്പർ പൂജ്യം എന്ന് രേഖപ്പെടുത്തിയും, പിതാവിൻറെ സ്ഥാനത്ത് അർത്ഥരഹിതമായ ഇംഗ്ലീഷ് അക്ഷരങ്ങൾ ചേർത്തതുമായ അനേകം ലിസ്റ്റുകൾ മാധ്യമങ്ങൾക്ക് മുന്നിൽ രാഹുൽ ഗാന്ധി പ്രദർശിപ്പിച്ചു. അതിനോടുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രതികരണം അപക്വവും അപര്യാപ്തവുമായിരുന്നു. ഇത്തരത്തിലുള്ള പ്രശ്നങ്ങളുണ്ടാകുന്നത് രാഷ്ട്രീയ പാർട്ടികളുടെ ജാഗ്രതക്കുറവ് കൊണ്ടാണെന്ന നിലപാടാണ് കമ്മീഷനെടുത്തത്. ആരോപണങ്ങൾ ഭരണഘടനയെ അപകീർത്തിപ്പെടുത്തുന്നതാണെന്നും അടിസ്ഥാനരഹിതമാണെന്നും ഏഴു ദിവസത്തിനുള്ളിൽ രാഹുൽഗാന്ധി മാപ്പു പറയണമെന്നുമോക്കെയാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ പറഞ്ഞത്. ഇലക്ഷന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവിടാത്തത് ‘അമ്മപെങ്ങന്മാരുടെ സ്വകാര്യത’ മാനിച്ചാണെന്ന വിചിത്രവാദവുമുയർത്തി അദ്ദേഹം. ഗ്യാനേഷ് കുമാർ ഭരണകൂടത്തോട് അടുപ്പമുള്ള ആളാണ്.  അമിത് ഷായുടെ കീഴിൽ കേന്ദ്ര ആഭ്യന്തരവകുപ്പിന്റെ ജോയിൻ്റ് സെക്രട്ടറി ആയിരുന്നു. ആ സമയത്ത് സുപ്രധാനമായ പല തീരുമാനങ്ങളിലും നിർണായക പങ്കുവഹിച്ചിരുന്നു. അനുഛേദം 370 അപ്രസക്തമാക്കി കശ്മീരിന്റെ സംസ്ഥാന പദവി എടുത്തുകളഞ്ഞ് രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിച്ച നടപടിക്ക് നേതൃത്വം നൽകിയ ബ്യൂറോക്രാറ്റുകളിൽ ഒരാളായിരുന്നു ഇദ്ദേഹം. അയോധ്യയിലെ രാമക്ഷേത്ര ട്രസ്റ്റിന്റെ പ്രവർത്തനത്തിന്റെ ഭാഗമായിരുന്നു. അതുപോലെതന്നെ സഹകരണ വകുപ്പിന് കീഴിൽ മൾട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങൾ രൂപീകരിക്കുന്നതിലും അമിത്ഷായോടൊപ്പം ചേർന്നു പ്രവർത്തിച്ചു. ഇത്തരത്തിൽ തങ്ങൾക്ക് താല്പര്യമുള്ള ഉദ്യോഗസ്ഥരെ തെരഞ്ഞെടുക്കുന്നതിന് വേണ്ടിയാണ് സുപ്രീംകോടതി ഉത്തരവിനു വിരുദ്ധമായി, ഇലക്ഷൻ കമ്മീഷനെ തെരഞ്ഞെടുക്കുന്ന കമ്മറ്റിയിൽ നിന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഒഴിവാക്കി കേന്ദ്രമന്ത്രിസഭയ്ക്ക് ഭൂരിപക്ഷം നൽകുന്ന തരത്തിൽ കമ്മിറ്റി വിഭാവനം ചെയ്യുന്ന നിയമം കൊണ്ടുവന്നത്.

ബീഹാറിലും മഹാരാഷ്ട്രയിലും മാത്രമല്ല കേരളമുൾപ്പെടെ രാജ്യത്തെ വിവിധ ഭാഗങ്ങളിൽ നിന്ന് വോട്ടർപട്ടികയിലെ ക്രമക്കേടുകൾ പുറത്തുവന്നുകൊണ്ടിരിക്കുന്നു. തൃശ്ശൂരിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ വിജയം തെരഞ്ഞെടുപ്പ് അട്ടിമറിയിലൂടെയാണെന്ന് ആരോപിക്കാൻ കഴിയും വിധം വൻതോതിൽ പുറത്തുനിന്നുള്ള വോട്ടർമാരെ ചേർത്തിട്ടുള്ളതായി പ്രതിപക്ഷ കക്ഷികൾ ആരോപിക്കുന്നു. സ്ഥാനാർത്ഥിയും സ്ഥാനാർത്ഥിയുടെ കുടുംബവും ഡ്രൈവറുമുൾപ്പെടെ തൃശ്ശൂരിൽ വോട്ടർമാരായി രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതൊക്കെ ജനവിധിയെ മാനിപ്പുലേറ്റ് ചെയ്യാനുള്ള ശ്രമങ്ങളുടെ ഭാഗമായി മാത്രമേ കാണാനാവൂ. നിരന്തരം ഇത്തരം ആരോപണങ്ങളും ക്രമക്കേടുകളും ഉയർന്നുവരുന്നത് ജനാധിപത്യത്തിൽ ഇന്ത്യൻ ജനതയ്ക്കുള്ള വിശ്വാസമില്ലാതാക്കുന്ന തരത്തിലേക്ക് വളർന്നിരിക്കുന്നു. ഇക്കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച, ലോക്നീതി-സി എസ് ഡി ആർ സർവ്വേയുടെ ഫലം അതിലേക്ക് തന്നെയാണു വിരൽ ചൂണ്ടുന്നത്. സർവ്വേ അനുസരിച്ച് എസ് ഐ ആർ-ൽ രജിസ്റ്റർ ചെയ്യാനുള്ള രേഖകൾ കൈവശമുള്ളവർ ബീഹാറിൽ പത്തിലൊന്നു.മാത്രമാണ്. തെരഞ്ഞെടുപ്പ് കമ്മീഷനിലുഉള്ള വിശ്വാസം 2019-ൽ 55% ആയിരുന്നുവെങ്കിൽ ഇപ്പോഴത് 35% ആയി താഴ്ന്നിരിക്കുന്നു. ബിഹാറിലെ 45% വോട്ടർമാരും തങ്ങൾ ഒഴിവാക്കപ്പെടുമെന്ന ഭീതിയിലാണ്. മുസ്ലീങ്ങൾക്കിടയിൽ ഇത് 60% ആണ്. ഒരുകാലത്ത് നമ്മുടെ രാജ്യത്ത് മാത്രമല്ല ലോകമാകെ തന്നെ നിഷ്പക്ഷതയ്ക്കും വിശ്വാസ്യതയ്ക്കും പേരു കേട്ടിരുന്ന ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷന് പ്രതിച്ഛായലോപം വന്നിരിക്കുന്നു. പരമാവധി ആളുകളെ ഇലക്ഷന്റെ ഭാഗമാക്കുക എന്ന നയത്തിന് പകരം, ‘ശുദ്ധീകരണ പ്രക്രിയ’യ്ക്ക് പ്രാധാന്യം കൊടുക്കുമ്പോൾ സാർവത്രിക വോട്ടവകാശമെന്ന മഹത്തായ ജനശിക്തീകരണോപാധി ആക്രമിക്കപ്പെടുകയാണ്. സെപ്റ്റംബർ 30-ന് ബീഹാറിലെ അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകൃതമാകുമ്പോൾ, എത്രപേർ ഒഴിവാക്കപ്പെട്ടു എന്നും, ഏതൊക്കെ വിഭാഗമാണ് ഒഴിവാക്കപ്പെട്ടത് എന്നും, എത്ര വ്യാജന്മാർ പട്ടികയിൽ കടന്നു കൂടിയിട്ടുണ്ടെന്നും അതെങ്ങനെ സംഭവിച്ചുവെന്നും അന്വേഷിക്കാനും കണ്ടെത്തുവാനുമുള്ള ബാധ്യത നമുക്ക് ഓരോരുത്തർക്കുമുണ്ട്. ജനാധിപത്യത്തിൻറെ മഹോത്സവമായ തിരഞ്ഞെടുപ്പിൽ ആരും നിശബ്ദരാക്കപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിനാവശ്യമായ ഘടനാപരമായ പരിഷ്കാരങ്ങൾ ഉറപ്പാക്കാൻ നമുക്ക് കഴിയണം. തെരഞ്ഞെടുപ്പ് കമ്മീഷണൻ സുതാര്യതയോടും ഉത്തരവാദിത്വത്തോടും കൂടി പെരുമാറുകയും ജനവിശ്വാസം വീണ്ടെടുക്കുകയും വേണം.

First Published Suprabhatham Daily on 21/08/2025

LEAVE A REPLY

Please enter your comment!
Please enter your name here