ഇന്ത്യൻ ജനാധിപത്യ സംവിധാനത്തെക്കുറിച്ച് പൊള്ളിക്കുന്ന ചില ചോദ്യങ്ങൾ ഉയർത്തുന്നതാണ് ബാബറി മസ്ജിദിന്റെ ചരിത്രം. അതിലുപരി, ജനാധിപത്യത്തിൽ നീതിയുടെ സ്ഥാനം എവിടെയെന്ന രാഷ്ട്രീയ ചോദ്യവും ഉയരുന്നുണ്ട്. മെച്ചപ്പെട്ട ബദലുകളില്ലാത്തതുകൊണ്ടു മാത്രമാണ് ജനാധിപത്യം ഏറ്റവും മികച്ച രാഷ്‌ട്രീയ-ഭരണവ്യവസ്ഥയാണെന്ന് നമ്മൾ പറയുന്നത്. അല്ലാതെ ഭൂരിപക്ഷഹിതത്തെ പ്രയോഗവത്കരിക്കുന്നൊരു സംവിധാനത്തെ നീതിയോട് തുലനപ്പെടുത്താൻ കഴിയുമെന്നതുകൊണ്ടല്ല. ഈ പ്രശ്നത്തിനൊരു പരിഹാരമെന്ന നിലയിലാണ് ജനാധിപത്യത്തെ ചില മൂല്യബോധങ്ങളുടെ അടിസ്ഥാനത്തിൽ ഒരുമിച്ചു ജീവിച്ചറിയുന്നൊരനുഭവമായി, സാമ്പത്തിക, രാഷ്ട്രീയ, സാമൂഹിക ഘടകങ്ങളുടെ ആകെത്തുകയായി, നിർവചിക്കാനും നടപ്പിലാക്കാനും ശ്രമിക്കുന്നത്. ജനാധിപത്യമൂല്യങ്ങൾ ലവലേശം സ്വാംശീകരിച്ചിട്ടില്ലാതിരുന്ന ഇന്ത്യൻ മണ്ണിൽ, നിലമൊരുക്കി ജനാധിപത്യത്തിന്റെ വിത്തുകൾ പാകുന്നതിനുള്ള പ്രവർത്തന പദ്ധതിയായിട്ടാണ് ഭരണഘടന രൂപം കൊള്ളുന്നത്. അംബേദ്‌കർ സൂചിപ്പിച്ചിരുന്നതുപോലെ അത് പ്രാവർത്തികമാകണമെങ്കിൽ ഭരണഘടനാ ധാർമികത സാമൂഹിക ധാർമികതയുടെ ഭാഗമായി മാറണം. അല്ലെങ്കിൽ നീതി അർത്ഥരഹിതമാവുകയും നീതിനിർവഹണ പ്രക്രിയ പ്രഹസനമായിത്തീരുകയും ചെയ്യും. ഭരണഘടന ഏഴു പതിറ്റാണ്ട് പിന്നിടുമ്പോൾ, നമ്മുടെ സമൂഹത്തിന്റെ ധാർമികബോധം, അത് മുന്നോട്ടു വയ്ക്കുന്ന ആധുനിക ജനാധിപത്യ സങ്കല്പങ്ങളോട് അടുക്കുകയാണോ, അതോ അകലുകയാണോ ചെയ്തതെന്ന അന്വേഷണം നീതി തേടുന്ന മനുഷ്യരെ അസ്വസ്ഥരാക്കുന്നുണ്ട്.
ഒരു പരമാധികാര സ്ഥിതിസമത്വ മതേതര ജനാധിപത്യ റിപ്പബ്ലിക്കായി സ്വയം തെരഞ്ഞെടുത്ത ഈ ദേശം, അനീതിയെ സാധാരണവത്കരിക്കും വിധം രോഗഗ്രസ്തമായിരിക്കുന്നു. ബാബറി പള്ളി, ഹിന്ദുത്വ ഭീകരർ തച്ചു തകർത്തപ്പോൾ, അതിനെ “ദേശീയ കളങ്ക”മായും “റിപ്പബ്‌ളിക്കിനെതിരെയുള്ള ആക്രമണമായും” മനസ്സിലാക്കിയ മുഖ്യധാരാ മാധ്യമങ്ങൾ ഇന്ന് രാമക്ഷേത്രത്തിന്റെ പേരിലുള്ള വിദ്വേഷ രാഷ്ട്രീയപദ്ധതിയ്ക്ക് കീർത്തനം ചൊല്ലുകയാണ്. 1992-ൽ അദ്വാനിയും കല്യാൺസിംഗും ഉൾപ്പെടെയുള്ള രാഷ്ട്രീയ നേതൃത്വത്തിന് രാജി വയ്ക്കുകയും, സംഭവത്തെ തള്ളിപ്പറയുകയും ചെയ്യേണ്ടിവന്നുവെങ്കിൽ ഇന്നതൊരു അഭിമാനകരമായ നേട്ടമാണ്. ആ വിധ്വംസക പ്രവർത്തനത്തിൽ നേരിട്ടും അല്ലാതെയും ഭാഗമായിരുന്നവരെല്ലാം അധികാരശ്രേണികളിലെവിടെയൊക്കെയോ സുരക്ഷിതരായി വിരാജിക്കുന്നുണ്ട്.
ബാബറി പള്ളി തകർക്കപ്പെട്ടതിന്റെ പിറ്റേന്ന്, സുപ്രീംകോടതിയിൽ ജസ്റ്റിസ് എം എൻ വെങ്കടാചലയ്യയുടെ പ്രസ്താവന ഇങ്ങനെയായിരുന്നു: “ദൗർഭാഗ്യവശാൽ, പ്രശ്നത്തിന്റെ വ്യാപ്തി ഞങ്ങൾക്ക് മനസ്സിലായിരുന്നില്ല. ഇനി നമുക്ക് ചെയ്യാൻ കഴിയുന്ന ഏക കാര്യം ആ മൂന്നു മിനാരങ്ങളും എത്രയും വേഗം പുനർനിർമിക്കുകയെന്നതാണ്.” ഇരുപത്തിയേഴ് വർഷങ്ങൾക്കു ശേഷം അതേ സുപ്രീംകോടതി പ്രസ്തുത മസ്ജിദ് ഇരുന്ന സ്ഥലം അക്രമികളുടെ പിന്മുറക്കാർക്ക് വിട്ടുകൊടുക്കാൻ ഉത്തരവിടുകയാണുണ്ടായത്. സാധാരണ സിവിൽ കേസുകൾ തീർപ്പാക്കുന്ന മൂന്നംഗ ബെഞ്ചിന് പകരം അഞ്ചംഗ ബെഞ്ചാണ് കേസിൽ വിധി പറഞ്ഞത്. അഞ്ചുപേർക്കും ജനുവരി 22-നു നടക്കുന്ന രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങിലേക്ക് ക്ഷണമുണ്ട്. അയോദ്ധ്യ വിധി എഴുതിയതാരാണെന്ന് ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. കീഴ്വഴക്കങ്ങൾക്കു വിരുദ്ധമായി വിധിയിൽ രചയിതാവിന്റെ പേരില്ല. എങ്കിലും രചനാശൈലിയും ഫോണ്ടുമൊക്കെ പരിശോധിക്കുമ്പോൾ ജസ്റ്റിസ്. ഡി.വൈ. ചന്ദ്രചൂഡാണതെഴുതിയതെന്നതിന്റെ സൂചനകളാണ് ലഭിക്കുന്നത്. അദ്ദേഹം ഇപ്പോൾ ഇന്ത്യയുടെ ചീഫ് ജസ്റ്റിസാണ്.
രണ്ടാഴ്ച മുൻപ് ചീഫ് ജസ്റ്റിസ്, കാവി വസ്ത്രങ്ങളണിഞ്ഞു ഗുജറാത്തിലെ ക്ഷേത്രങ്ങൾ സന്ദർശിക്കുകയും മാധ്യങ്ങൾക്ക് അഭിമുഖം നൽകുകയും ചെയ്തത് നമ്മൾ കണ്ടതാണ്. “രാജ്യത്തിൻറെ ചീഫ് ജസ്റ്റിസ്, രാഷ്ട്രചരിത്രത്തിലെ ഈ സവിശേഷ ഘട്ടത്തിൽ, തന്റെ ക്ഷേത്ര സന്ദർശനം ഇത്ര പബ്ലിസിറ്റിയോടെ നടത്തുന്നത് അസ്വസ്ഥതയുളവാക്കുന്ന ചില ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്” എന്ന് ചരിത്രകാരനായ രാമചന്ദ്ര ഗുഹ ദി ടെലഗ്രാഫിൽ എഴുതിയിരുന്നു. നിശ്ചയമായും ജസ്റ്റിസ് എം.എൻ. വെങ്കിടാചലയ്യയിൽ നിന്ന് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിലേക്കുള്ള ദൂരം ഇക്കാലയളവിലെ ഇന്ത്യയുടെ രാഷ്ട്രീയ പരിണാമത്തെ അടയാളപ്പെടുത്തുന്നുണ്ട്. കാവിവസ്ത്രമണിഞ്ഞു ക്ഷേത്രസന്ദര്ശനം നടത്തുന്ന ചീഫ് ജസ്റ്റിസിന്റെ ദൃശ്യങ്ങൾ പകർത്താൻ കേന്ദ്രഭരണകൂടത്തോട് ഏറ്റവും ചേർന്നു നിൽക്കുന്ന എ.എൻ.ഐ.യുടെ ക്രൂ ഉണ്ടായിരുന്നുവെന്നതും ചർച്ചാവിഷയമായി. അവിടെ നൽകിയ ഇന്റർവ്യൂവിൽ അദ്ദേഹം പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതിങ്ങനെയാണ്: “രാവിലെ, ‘ദ്വാരകാധിഷ് ജി’-യിൽ ദർശിച്ച ധ്വജം എന്നെ പ്രചോദിതനാക്കി. ജഗന്നാഥ് പുരിയിൽ കണ്ടതുപോലെ തന്നെയായിരുന്നു ഇതും. നമ്മളെയെല്ലാവരെയും കോർത്തിണക്കുന്ന, നമ്മുടെ പാരമ്പര്യത്തിന്റെ സാർവ്വലൗകികതയെ ശ്രദ്ധിക്കൂ. ഈ കൊടിയ്‌ക്ക് നമ്മളെ സംബന്ധിച്ചിടത്തോളം പ്രത്യേക അർത്ഥമുണ്ട്. നമുക്കെല്ലാവർക്കും; അഭിഭാഷകർക്കും ന്യായാധിപർക്കും പൗരർക്കുമെല്ലാം മുകളിൽ എല്ലാവരെയും ഒരുമിപ്പിക്കുന്നൊരു ശക്തിയുണ്ട് എന്ന അർത്ഥമാണത് നൽകുന്നത്. ആ ശക്തി, നിയമവാഴ്ചയും ഭരണഘടനയും വ്യവസ്ഥാപിതമാക്കുന്ന നമ്മുടെ മാനവികതയാണ്.”
ഇക്കാലഘട്ടത്തിൽ, കാവി വസ്ത്രത്തിനും, ക്ഷേത്രത്തിനുമുകളിൽ പാറുന്ന കാവിക്കൊടിക്കും എന്ത് പ്രത്യേക അർത്ഥമാണുള്ളത് എന്ന് മനസിലാകാത്തയാളല്ല ചീഫ് ജസ്റ്റിസ്. സമീപകാലത്ത് ഇന്ത്യ കണ്ട ഏറ്റവും ബൗദ്ധികശേഷിയും പാണ്ഡിത്യവുമുള്ള ന്യായാധിപരിലൊരാളാണ് അദ്ദേഹം. ഈ രാഷ്ട്രീയ സന്ധിയിൽ, മാധ്യമങ്ങൾ ഘോഷണം ചെയ്ത അദ്ദേഹത്തിന്റെ ക്ഷേത്ര സന്ദർശനവും, കാവിയും ധ്വജവും നമ്മളെ ഒന്നിപ്പിക്കുന്നതാണ് എന്ന പ്രസ്താവനയും ഔചിത്യത്തിന്റെ സർവസീമകളും ലംഘിക്കുന്നതാണെന്ന് മാത്രമല്ല, ചരിത്ര വിരുദ്ധവുമാണ്. എല്ലാ ഇന്ത്യക്കാരെയും പോയിട്ട്, എല്ലാ ഹിന്ദുക്കളെയും പോലും ക്ഷേത്രത്തിനു മുകളിൽ പാറുന്ന പതാകകൾ ഒന്നിപ്പിച്ചിട്ടില്ലെന്നു കാണാം. ഭരണഘടന ഉറപ്പു നൽകിയ മൗലിക അവകാശങ്ങളാണ് ക്ഷേത്രങ്ങളെ എല്ലാവർക്കും പ്രാപ്യമാക്കിയത്. അത് സനാതന ധർമ്മത്തിനും ആത്മീയതയ്ക്കും തടസ്സമാണെന്ന വാദമാണ് കാവിക്കൊടിയേന്തിയവർ ഉന്നയിച്ചിട്ടുള്ളത്. ഹീന ജാതിക്കാർക്ക് ക്ഷേത്രപ്രവേശനംനൽകുന്നത് സനാതന ധർമത്തെ അപകടപ്പെടുത്തുമെന്ന് പുരി ശങ്കരാചാര്യർ തന്നെ വൈസ്രോയിക്ക് എഴുതിയിട്ടുണ്ട്. സ്വാതന്ത്ര ലബ്ധിക്കും, ഭരണഘടന നിലവിൽ വന്നതിനും ശേഷം പോലും ദേവാലയങ്ങൾ പൊതുജനത്തിന് തുറന്നുകൊടുക്കാൻ ഇക്കൂട്ടർ തയ്യാറായിരുന്നില്ല. അന്നെല്ലാം ഈ കാവിക്കൊടി തന്നെയാണ് അവിടെ പറന്നിരുന്നത്; ഭരണഘടനക്കും മാനവികതയ്ക്കും വിരുദ്ധമായി. അതിനെ ഐക്യത്തിന്റെ ചിഹ്നമായി ഉയർത്തിക്കാണിക്കുന്നത് ഇതര സത്യ നിർമിതിയാണ്. ഇത്തരം സംഭവ വികാസങ്ങൾ “അൽപ്പം വെള്ളവും വെളിച്ചവും വീഴുന്നിടത്തെല്ലാം സ്വയം വേരുപിടിക്കുന്ന ഒന്നല്ല ജനാധിപത്യ”മെന്ന് നമ്മളെ ആവർത്തിച്ചോർമ്മിപ്പിക്കുന്നുണ്ട്. ജനാധിപത്യം ആവശ്യപ്പെടുന്ന സഹിഷ്ണുതയും, ചിന്താവിശാലതയും, ധാർമികബോധവും സ്വായത്തമാക്കാൻ കഴിഞ്ഞിട്ടില്ലാത്തൊരു വ്യവസ്ഥിതിയാണ് നമ്മുടേതെന്നതിന് ചരിത്രസാക്ഷ്യമാണ് ബാബ്‌റി മസ്ജിദ് കേസിന്റെ നാൾ വഴികൾ. വ്യവസ്ഥിതിയുടെ എല്ലാ ഘടകങ്ങളും; ഭരണകൂടവും സമൂഹവും ജുഡീഷ്യറിയുമെല്ലാം ഇതിൽ കൂട്ടുത്തരവാദികളാണ്.
റെസ് ജൂഡിക്കേറ്റ
സിവിൽ നിയമത്തിലെ ഒരു പ്രാഥമിക തത്വമാണ് ‘റെസ് ജൂഡിക്കേറ്റ’; തീർപ്പാക്കിയത് അല്ലെങ്കിൽ വിധി പറഞ്ഞത് എന്ന് പരിഭാഷപ്പെടുത്താം. സിവിൽ കോടതി ഒരിക്കൽ പരിഗണിച്ചു തീർപ്പാക്കിയ വിഷയത്തിൽ വീണ്ടും ഹർജികൾ അനുവദിക്കില്ലെന്നാണ് അതിന്റെ പ്രായോഗിക അർഥം. ഇന്ത്യൻ സിവിൽ നിയമത്തിന്റെ സെക്ഷൻ 11-ൽ ഇത് വിശദീകരിക്കുന്നുണ്ട്. ബാബറി പള്ളി സംബന്ധിച്ച തർക്കം അത്തരത്തിലുള്ള ഒന്നാണ്. പള്ളിയിരിക്കുന്ന പ്രദേശത്തെ സംബന്ധിച്ച അവകാശ തർക്കം സ്വാതന്ത്ര്യത്തിനു മുന്നേ ആരംഭിച്ചതാണ്. ഇത് സംബന്ധിച്ച ആദ്യ സ്യൂട്ടിലെ വിധി വരുന്നത് 1885 ഫെബ്രുവരി 24-നാണ്. 1886 മാർച്ച് 18-ന് ആദ്യ അപ്പീൽ. അതേ വർഷം നവംബർ ഒന്നിന് രണ്ടാമത്തെ അപ്പീലും കഴിഞ്ഞ് തർക്കത്തിനൊരു അന്തിമ തീർപ്പു വന്നതാണ്. സാധാരണനിലയിൽ സിവിൽ കേസുകൾ വീണ്ടും പരിഗണിക്കാൻ പാടില്ലാത്തതാണ്. എന്നാൽ ബാബ്‌റി കേസിൽ അങ്ങനെയായിരുന്നില്ല. നിരവധി കേസുകൾ പരിഗണിക്കപ്പെട്ടു. ലിമിറ്റേഷൻ കഴിഞ്ഞ ഹർജികൾ പോലും പരിഗണിച്ചു. ‘സ്റ്റേറ്റസ് കോ’ അഥവാ തൽസ്ഥിതി എന്ന നിയമ സങ്കൽപ്പത്തിന് പുതിയ അർഥങ്ങൾ ഉണ്ടായി. മറു പക്ഷത്തെ കേൾക്കാതെയുള്ള നിരവധി ഉത്തരവുകൾ വന്നു. എന്തിന്, കോടതി മുറ്റത്തു കണ്ട കുരങ്ങ് ഹനുമാൻ ആണെന്ന് കരുതി തീരുമാനമെടുത്ത ന്യായാധിപൻ വരെയുണ്ട്! കേസിന്റെ നാൾവഴി നമുക്ക് ഹ്രസ്വമായി പരിശോധിക്കാം. അപ്പോൾ നിയമവും സംവിധാനങ്ങളും എങ്ങനെയാണ് ഭൂരിപക്ഷപൊതുബോധത്തിനു കീഴടങ്ങിയതെന്നു വ്യക്തമാകും. ജനാധിപത്യ സംവിധാനങ്ങൾ എങ്ങനെയാണ് ജനാധിപത്യസങ്കൽപ്പത്തിനു വിരുദ്ധമായി തീർന്നതെന്നു വെളിപ്പെടും.
ആരംഭം: ഹനുമാൻ ഗഡ് ക്ഷേത്രം
2019-ലെ സുപ്രീംകോടതി വിധി സുന്നി വക്കഫ് ബോർഡിന് എതിരായി വരാനുള്ള പ്രധാനകാരണമായി ചൂണ്ടിക്കാണിച്ചിരിക്കുന്നത് പള്ളി നിർമിച്ച 1528 മുതൽ 1857 വരെയുള്ള കാലയളവിൽ, ഇത് തടസ്സമില്ലാതെ മുസ്ലീങ്ങൾ നിത്യം പ്രാർത്ഥിച്ചുകൊണ്ടിരുന്ന ഇടമാണെന്ന് തെളിയിക്കുന്ന രേഖകളൊന്നുമില്ലെന്നതാണ്. 1857 മുതൽ ബ്രിട്ടീഷുകാർ പള്ളിയ്ക്ക് ഗ്രാന്റ് നല്കിയതിന്റെയും മറ്റും രേഖകൾ കോടതിയ്ക്ക് ബോധ്യപ്പെട്ടു. വിധിയിൽ ഹിന്ദുത്വഭീകരർ ആക്രമിച്ചു തകർത്ത കെട്ടിടം പള്ളിയായിരുന്നു എന്ന കാര്യത്തിൽ തർക്കമില്ലെന്ന് കോടതി വ്യക്തമാക്കുന്നുമുണ്ട്. തർക്കമന്ദിരം പള്ളി ആയിരുന്നുവെന്നത് ഒരു വസ്തുത കോടതി അംഗീകരിച്ചിട്ടുള്ള സാഹചര്യത്തിൽ 1528 മുതൽ പത്തൊൻപതാം നൂറ്റാണ്ടു വരെ പള്ളിയിൽ ആരാധന ഉണ്ടായിരുന്നുവെന്നതിനു തെളിവില്ല എന്ന് പറയുന്ന വാദം പരിഹാസ്യമാണെന്ന് നിയമപണ്ഡിതർ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ബാബറും പിന്നീട് വന്ന ഇസ്ലാമിക ഭരണാധികാരികളും നൽകിവന്ന ഗ്രാൻറ് തുടരുകയെന്നതാവും ബ്രിട്ടീഷുകാർ സ്വാഭാവികമായും ചെയ്തിട്ടുണ്ടാവുക. മാത്രവുമല്ല, ബ്രിട്ടീഷുകാരുടെ കാലത്തും സ്വതന്ത്ര ഇന്ത്യയിലും മോസ്ക് ആയിരുന്ന ഒരു മന്ദിരം, അത് നിര്മിച്ച ബാബറുടെയും പിന്ഗാമികളുടെയും ഇസ്‌ലാമിക ഭരണത്തിൻകീഴിൽ മറ്റാരെങ്കിലും ഉപയോഗിച്ചിരുന്നു എന്ന് പറയുന്നത് അസംഭവ്യമാണ്. യഥാർത്ഥത്തിൽ പള്ളി സംബന്ധിച്ച് 16,17,18 നൂറ്റാണ്ടുകളിൽ ഒരു തർക്കവും നിലനിന്നിരുന്നതായി രേഖകളില്ല.
1985-ലെ ഹനുമാൻഗഢ് പ്രശ്നത്തോടെയാണ് ഇവിടെയൊരു പോരാട്ടം ആരംഭിക്കുന്നത്. അയോധ്യയിൽ തന്നെയുള്ള മറ്റൊരു ക്ഷേത്രമായ ഹനുമാൻ ഗഡിനെക്കുറിച്ചുള്ള അവകാശവാദങ്ങൾ വലിയ വർഗീയ പ്രശ്നമായി മാറുകയായിരുന്നു. ഈ ക്ഷേത്രം പള്ളി പൊളിച്ചു നിർമിച്ചതാണ്, അതുകൊണ്ട് പള്ളി വീണ്ടെടുക്കണം എന്ന ആവശ്യവുമായി ഷാ ഗുലാം ഹുസൈനിന്റെ നേതൃത്വത്തിൽ ക്ഷേത്രത്തിലേക്ക് എത്തിയ മുസ്‌ലിം സംഘത്തെ എണ്ണായിരത്തോളം വരുന്ന ‘വൈരാഗികൾ’ നേരിടുകയും, മുസ്‌ലിം സംഘം തിരികെയോടി ബാബ്‌റി മസ്ജിദിൽ കയറിയെങ്കിലും അവിടെയെത്തി വൈരാഗികൾ ആക്രമിച്ചു കീഴ്പ്പെടുത്തുകയുമായിരുന്നു. എഴുപതിലേറെ പേരെ വധിച്ച ശേഷം വൈരാഗികൾ അവിടെ നിന്നും പിന്മാറി. വർഗീയ കലാപമായി ഇത് മാറിയതിനെ തുടർന്ന് നവാബ് ഒരു അന്വേഷണ കമ്മീഷനെ നിയോഗിച്ചു. 50 വർഷത്തിനിടയ്ക്ക് പള്ളികളൊന്നും അവിടെ പൊളിച്ചു നീക്കിയിട്ടില്ലെന്നു കമ്മീഷൻ കണ്ടെത്തി. തർക്ക പരിഹാരമെന്ന നിലയ്ക്ക് ഹനുമാൻ ഗഡിന് സമീപം ഒരു പള്ളി പണിയാം എന്നൊരു നിർദ്ദേശമാണ് നവാബ് മുന്നോട്ടു വച്ചത്.
ഇവിടെ മൂന്ന് കാര്യങ്ങൾ ശ്രദ്ധിക്കണം. ഒന്ന്, തർക്കവിഷയം ബാബ്‌റി മസ്ജിദല്ല, ഹനുമാൻ ഗഡ് ക്ഷേത്രമാണ്; രാമജന്മഭൂമി എന്നൊരു പ്രശ്നമേ അവിടെയില്ല. രണ്ട് , തർക്കം ഉന്നയിച്ചത് മുസ്ലീങ്ങളാണ്. മൂന്ന്, ബാബ്‌റി പള്ളിയിൽ കയറിയ വൈരാഗികൾ അവിടെയോ കോമ്പൗണ്ടിലോ യാതൊരു അവകാശവാദവും ഉന്നയിക്കാതെ പിൻവാങ്ങുകയാണ് ചെയ്തത്.
നിയമപോരാട്ടത്തിലെ കൗശലബുദ്ധി
സിവിൽ നിയമയുദ്ധങ്ങളിൽ പോരാട്ട തന്ത്രം വളരെ പ്രധാനപ്പെട്ടതാണ്. തങ്ങളുടെ ക്ഷേത്രത്തിന്മേൽ മുസ്ലീങ്ങൾ ഉന്നയിച്ച അവകാശവാദം കൗണ്ടർ ചെയ്യുന്നതിന് വേണ്ടി ബാബ്‌റി ഭൂമിയിൽ അവകാശവാദം ഉന്നയിക്കാമെന്ന ആശയം അങ്ങനെ ഉയർന്നു വന്നതാണ്. ബാബറി മസ്ജിദിനു പുറത്ത് ഒരു താത്കാലിക പീഠം ഉണ്ടാക്കി അവിടെ പ്രാർഥനയാരംഭിക്കുകയാണ് ചെയ്തത്. 1885-ൽ മഹന്ത് രഘുവർ ദാസ് ഫൈസാബാദ് കോടതിയിൽ ഒരു ഹർജി നൽകി. മസ്ജിദിനു സമീപമുള്ള ‘രാം ചബൂത്ര’ ക്ഷേത്രം പണിയാൻ അനുമതി വേണമെന്നായിരുന്നു ആവശ്യം. അത് 1885 ഡിസംബർ 24-ന് സബ് ജഡ്ജ് പണ്ഡിറ്റ് ഹരി കിഷൻ അനുമതി നിഷേധിച്ചുകൊണ്ട് വിധി പ്രസ്താവിച്ചു. 1886 മാർച്ച് 18-ന് ആദ്യ അപ്പീൽ ജില്ലാ ജഡ്ജ് തള്ളി. രാം ചെബൂത്ര ഹിന്ദുക്കളുടെ ഉടമസ്ഥതയിലുള്ളതാണെന്ന സബ് ജഡ്ജിന്റെ വിധിയിലെ പ്രസ്താവനയും നീക്കം ചെയ്തു. അടുത്ത അപ്പീൽ ജുഡീഷ്യൽ കമ്മീഷണറുടെ കോടതിയിലായിരുന്നു. ഇന്നത്തെ ഹൈക്കോടതിയ്ക്ക് സമാനമായ കോടതി. നവംബർ 1-ന് ഹർജിയിൽ അവകാശപ്പെട്ടിരിക്കുന്നതുപോലെ ഹിന്ദുക്കൾക്ക് സ്ഥലത്തിൽ എന്തെങ്കിലും അവകാശം സ്ഥാപിക്കാൻ കഴിയുന്ന യാതൊരു തെളിവും ഇല്ലെന്നു കോടതി കണ്ടെത്തി. കേസ് അവിടെ അവസാനിച്ചു. എന്നാൽ ഇതോടെ പള്ളി പൊളിച്ച് അമ്പലം പണിതു എന്ന തരത്തിൽ ആരംഭിച്ച വിഷയം ബാബറി ഭൂമിയിലെ രാം ചെബൂത്ര സംബന്ധിച്ച തർക്കമായി മാറി. 1858-ൽ രാം ചെബൂത്ര പണിതതിനെതിരെ മൗലാന അക്ബർ അലി പരാതിപ്പെടുന്നുണ്ട്. 1860, 1863, 1877, 1883, 1884 തുടങ്ങിയ വർഷങ്ങളിലൊക്കെ പരാതികൾ ഉയരുന്നുണ്ട്. വർഗീയ പ്രശ്നമായി മാറിയതോടെ 1861-ൽ മസ്ജിദും ചെബൂത്രയും തമ്മിൽ വേർതിരിച്ചുകൊണ്ട് ബ്രിട്ടീഷ് ഭരണകൂടം ഒരു മതിൽ തീർത്തു. മതിലിനു പുറത്ത് ഹിന്ദുക്കൾക്കും അകത്ത് മസ്ജിദിൽ മുസ്ലീങ്ങൾക്കും ആരാധനാ സൗകര്യമുണ്ടാകും എന്ന നിലയ്ക്കായി കാര്യങ്ങൾ. അപ്പോഴും രാമജന്മഭൂമി പള്ളിക്കകത്താണെന്ന വാദം ഉയർന്നു വന്നിട്ടില്ല എന്നത് ശ്രദ്ധിക്കണം.
പള്ളിയെ ക്ഷേത്രമാക്കിയ ചതിയുടെ രാത്രി
ബാബ്‌റി വിഷയത്തെ എന്നെന്നേക്കുമായി മാറ്റിമറച്ച ചരിത്രപരമായ ചതി അരങ്ങേറിയത് 1949 ഡിസംബർ 22-23-ന്റെ രാത്രിയിലാണ്. രാഷ്ട്രീയ നേതൃത്വവും, ഭരണകൂടവും ജുഡീഷ്യറിയുമെല്ലാം ഒരുപോലെ കൈകോർത്ത അനീതിയുടെ അടുത്ത ഏട് ആരംഭിക്കുന്നതിവിടെയാണ്. ബാബറി പള്ളി ഇരിക്കുന്ന സ്ഥലത്ത് പള്ളിയുടെ പ്രധാന മിനാരത്തിന് നടുവിൽ ആണ് ശ്രീരാമൻ ജനിച്ചത് എന്ന പ്രചാരണം ശക്തമായി. 1949-ൽ വി.എച്ച്.പി.-യുടെ നേതൃത്വത്തിൽ രാം ചബൂത്രയിൽ ഭജനയും പൂജയും പ്രാർത്ഥനകളും ആരംഭിച്ചു. ഡിസംബർ മാസത്തിൽ വലിയ ആൾക്കൂട്ടവും ഹവനും എല്ലാം സംഘടിപ്പിച്ചു. പൂജകൾക്കൊടുവിൽ രാമവിഗ്രഹം തനിയെ നീങ്ങി പള്ളിക്കകത്ത് പ്രവേശിച്ച്, രാമൻ ജനിച്ച ഇടമായ, പ്രധാന മിനാരത്തിന് കീഴെ സ്വയം സ്ഥാപിതമാകും എന്നായിരുന്നു വിശ്വഹിന്ദു പരിഷത്തിന്റെ അവകാശവാദം. വിഗ്രഹത്തിന് സ്ഥാനചലനം ഒന്നും സംഭവിച്ചില്ല എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. അങ്ങനെ ഡിസംബർ 22 ആം തീയതി രാത്രി പൂട്ടു പൊളിച്ച് പള്ളിക്കകത്ത് പ്രവേശിച്ച് രാമവിഗ്രഹം സ്ഥാപിച്ചു. ആർഎസ്എസ് മുഖപത്രമായ ഓർഗനൈസർ അയോധ്യയിൽ അത്ഭുതം സംഭവിച്ചു എന്നും പള്ളിക്കകത്ത് രാമ വിഗ്രഹം സ്വയംഭൂവായി പ്രത്യക്ഷപ്പെട്ടുവെന്നും എഴുതി. ഹിന്ദുത്വ സംഘടനകൾ രാജ്യമാകെ അത് പ്രചരിപ്പിച്ചു.
ജവഹർലാൽ നെഹ്റു വിവരം അറിഞ്ഞപ്പോൾ, എത്രയും വേഗം അവിഗ്രഹം അവിടെ നിന്ന് നിൽക്കാൻ ഭരണകൂടത്തോട് ആവശ്യപ്പെട്ടു. എന്തായാലും അതുണ്ടായില്ല. ഉത്തർപ്രദേശ് മുഖ്യമന്ത്രിയായിരുന്ന ഗോവിന്ദ് വല്ലഭ് പന്തും ഫൈസാബാദ് ജില്ലാ മജിസ്ട്രേറ്റ് ആയിരുന്ന കെ കെ നായരും അതിനെതിരായിരുന്നു. അഭയ രാംദാസ്, രാം ശുക്ലദാസ് തുടങ്ങി 60 പേർക്കെതിരെ പോലീസ് എഫ്ഐആർ ഇട്ടു. കെ കെ നായർ ഈ ഗൂഢാലോചനയുടെ ഭാഗമായിരുന്നു എന്ന് പിന്നീട് തെളിഞ്ഞു.
സംഭവത്തിന് മുമ്പ് അഭിരാം ദാസും കെ കെ നായരും നിരവധി രഹസ്യ മീറ്റിങ്ങുകൾ നടത്തി എന്ന് വെളിപ്പെടുത്തലുകൾ ഉണ്ടായി. വെള്ളിയാഴ്ച രാവിലെ ബാബറി മസ്ജിദിന് സമീപം എത്തിയപ്പോൾ അല്പം മാറി കെ കെ നായർ നിൽക്കുന്നുണ്ടായിരുന്നുവെന്നും, അഭയ രാംദാസിന്റെ ബന്ധുകൂടിയായ അവധ് കിഷോർ ഝാ ഓർത്തെടുക്കുന്നുണ്ട്. “മഹാരാജ്, ഇവിടെ നിന്നും മാറരുത്. രാമ വിഗ്രഹത്തെ തനിച്ചാക്കരുത്. എല്ലാവരോടും ഉറക്കെ മുദ്രാവാക്യങ്ങൾ മുഴക്കുവാൻ പറയുക” എന്ന് കെ കെ നായർ ആവശ്യപ്പെടുന്നത് കേൾക്കാമായിരുന്നുവത്രേ. “നായർ സാഹിബ് ഞങ്ങളോട് വളരെയധികം സഹകരിച്ചു” എന്നും അദ്ദേഹം പറയുന്നു.
പള്ളിയകത്തുനിന്ന് വിഗ്രഹം മാറ്റാനുള്ള നിർദ്ദേശം കെ കെ നായർ ചെവിക്കൊണ്ടില്ല. അദ്ദേഹവും എസ്പിയും അതിന് തയ്യാറാവില്ല എന്ന് അറിയിച്ചു. അല്ലെങ്കിൽ തങ്ങളെ സ്ഥലം മാറ്റിക്കൊള്ളാൻ പറഞ്ഞു. പള്ളിയിൽ ആരും ആരാധനയ്ക്കായി വരാറില്ലെ എന്ന റിപ്പോർട്ട് കെ കെ നായർ നൽകി. സംഭവത്തിന്റെ തലേന്നും പിറ്റേദിവസം രാവിലെയും അവിടെ ആരാധനയ്ക്കായി ആളുകൾ എത്തിയിരുന്നു എന്ന വിവരം നിലനിൽക്കേയാണ് ഇത്. പള്ളിയിൽ അതിക്രമം നടക്കാൻ സാധ്യതയുണ്ട് എന്നതിനെക്കുറിച്ച് യാതൊരു ഇൻറലിജൻസ് റിപ്പോർട്ടും ലഭിച്ചിരുന്നില്ല എന്ന കള്ളവും അദ്ദേഹം പറഞ്ഞു. എന്നാൽ 1949 നവംബർ 29-ന് ഡിവൈഎസ്പി കൃപാൽ സിംഗ് അയച്ച കത്തിൽ, മുസ്ലീങ്ങൾ പള്ളിയിൽ കയറുന്നതു തടയാനും, അവർ പള്ളി വിട്ടുപോകാനും കാരണമാകാനിടയുള്ള പ്രവർത്തികൾ നടക്കുമെന്ന് അറിയിച്ചിരുന്നുവെന്ന് ഹൈക്കോടതിയിൽ ഹാജരാക്കിയ രേഖകളിൽ നിന്ന് വ്യക്തമാണ്. എന്നിരുന്നാലും ആ രാത്രി നടന്നത് നിയമവിരുദ്ധമായ പ്രവർത്തിയാണെന്ന് കെ കെ നായർ തൻ്റെ റിപ്പോർട്ടിൽ അംഗീകരിക്കുന്നുണ്ട്. അതേസമയം സിറ്റി മജിസ്ട്രേറ്റ് ആയിരുന്ന ഗുരുദത്ത് സിംഗ് രാജിവച്ചു. പള്ളിക്കകത്ത് വിഗ്രഹം സ്ഥാപിച്ചതോടെ അദ്ദേഹത്തിൻ്റെ കടമ പൂർത്തിയായി എന്ന് അദ്ദേഹത്തിൻ്റെ മകൻ ഗുരു ബസന്ത് സിംഗ് പിന്നീട് പറഞ്ഞു.
ഇതോടുകൂടി മുസ്ലിങ്ങൾക്ക് ബാബറി പള്ളിയിൽ ഉണ്ടായിരുന്ന അവകാശം എന്നെന്നേക്കുമായി നഷ്ടപ്പെട്ടു. സി ആർ പി സി 145 പ്രകാരം ഗവൺമെൻറ് പള്ളി ഏറ്റെടുത്തു റിസീവർ ഭരണം ഏർപ്പെടുത്തി. ‘സ്റ്റേറ്റസ് കോ’ അഥവാ തൽസ്ഥിതി എന്ന വാക്കിൻ്റെ നിയമപരമായ അർത്ഥം മാറിമറിയുന്ന കാഴ്ചയാണ് അവിടെ നമ്മൾ കണ്ടത്. നിയമവ്യവസ്ഥയനുസരിച്ച് ഒരു നിയമവിരുദ്ധ പ്രവർത്തനം നടന്നാൽ, സ്റ്റാറ്റസ് കോ നിലനിർത്തണം എന്നാണ് പറയുക. അതായത് ഒരു കക്ഷിയെ അവിടെ നിന്നും നിർബന്ധിതവും നിയമവിരുദ്ധവുമായി പുറത്താക്കിയതാണെങ്കിൽ, ആ വസ്തു പുറത്താക്കപ്പെട്ട കക്ഷിയുടെ കൈവശമാണ് എന്ന് കണക്കാക്കണം എന്നാണ്. നിയമവിരുദ്ധമായ കൃത്യം നടക്കുന്നതിന് തൊട്ടു മുൻപുള്ള സ്ഥിതി ഏതാണോ അതാണ് തുടരേണ്ടത്. എന്നാൽ സിവിൽ കോടതിയും ഹൈക്കോടതിയും ഇക്കാര്യങ്ങൾ പരിഗണിച്ചതേയില്ല.
ഗവൺമെൻറ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ ബാബറി പള്ളി മുസ്ലീങ്ങൾ കാലാകാലങ്ങളായി ആരാധന നടത്തി വരുന്നതാണ്, ഒരുകാലത്തും അതൊരു രാമക്ഷേത്രമായിരുന്നില്ല, രാമ വിഗ്രഹം അതിനകത്ത് സ്ഥാപിച്ചത് നിയമവിരുദ്ധമായാണ് എന്നീ കാര്യങ്ങൾ സ്പഷ്ടമാക്കിയിരുന്നു.
1950-ൽ ഗോപാൽ സിംഗ് വിശാരദ് രാമ വിഗ്രഹം സംരക്ഷിക്കണം എന്ന ആവശ്യവുമായി ഫൈസാബാദ് കോടതിയെ സമീപിച്ചു. കോടതി ഇഞ്ചൻക്ഷൻ അനുവദിച്ചു. “കേസ് ഫയൽ ചെയ്ത ദിവസം മന്ദിരത്തിനകത്ത് വിഗ്രഹം ഉണ്ടായിരുന്നു. മുസ്ലീങ്ങൾക്ക് നിസ്കരിക്കാൻ വേറെ പള്ളികൾ ഉണ്ടല്ലോ.” എന്ന നിരീക്ഷണം നടത്തിയാണ് കോടതി തീരുമാനമെടുത്തത്. ഹിന്ദുക്കൾക്ക് ആരാധന നടത്തുവാൻ അയോധ്യയിൽ മറ്റ് നിരവധി ക്ഷേത്രങ്ങൾ ഉണ്ടായിരുന്നല്ലോ എന്ന് ചോദിക്കാൻ കോടതിക്ക് തോന്നിയില്ല. അതും പോരാത്തതിന് വർഷങ്ങളായി ആരാധന നടത്തിവരുന്ന രാംചബൂത്രയും ഉണ്ട്. അങ്ങനെ ഡിസംബർ 23 വരെ തങ്ങൾ ആരാധന നടത്തിവന്ന മസ്ജിദിൽ മുസ്ലിങ്ങൾക്ക് പ്രവേശനമില്ലെന്ന് വന്നു. ആ രാത്രിയിൽ നിയമവിരുദ്ധമായി സ്ഥാപിച്ച രാമ വിഗ്രഹത്തിന്റെ പൂജയ്ക്ക് വേണ്ടി പൂജാരികളെ നിയോഗിക്കുകയും ചെയ്തു.
മുസ്ലിം വിഭാഗത്തിൻ്റെ വാദം കേൾക്കാതെയാണ് കോടതി ഈ നടപടികളെല്ലാം സ്വീകരിച്ചത്. 1955-ൽ ഏകപക്ഷീയമായി ഉത്തരവിട്ടത് തെറ്റായിപ്പോയി എന്ന് അലഹബാദ് ഹൈക്കോടതി വിലയിരുത്തി എങ്കിലും പരിഹാരമൊന്നും നിർദ്ദേശിച്ചില്ല.
രാജീവിന്റെ പ്രീണനനയം: ബാബറി പള്ളിയുടെ പൂട്ട് തുറക്കുന്നു
1980കളിൽ വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തിൽ രാമജന്മഭൂമി പ്രസ്ഥാനം ശക്തി പ്രാപിച്ചു. രഥയാത്രകൾ ആസൂത്രണം ചെയ്യപ്പെട്ടു. 1984 സരയൂ നദിക്കരയിൽ ലക്ഷക്കണക്കിന് ആളുകളെ അണിനിരത്തുമെന്ന് പ്രഖ്യാപനം വന്നു. ബാബറി പള്ളിയുടെ പൂട്ട് ഹൈന്ദവർക്ക് ആരാധനയ്ക്കായി തുറന്നുകൊടുക്കണമെന്നായിരുന്നു ആവശ്യം. പൂട്ടു തുറന്നില്ലെങ്കിൽ നിയമലംഘനം നടക്കുമെന്ന മുന്നറിയിപ്പ് വന്നു. വീർ ബഹദൂർ സിംഗ് ആയിരുന്നു യുപി മുഖ്യമന്ത്രി. മസ്ജിദിന്റെ പൂട്ട് ആരാധനയ്ക്കായി തുറന്നു കൊടുക്കുന്നതിലൂടെ ഹൈന്ദവ വിഭാഗത്തെ കോൺഗ്രസിനൊപ്പം നിർത്താൻ കഴിയുമെന്ന് പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധി വിചാരിച്ചിരുന്നു. വി ബി സിംഗും അരുൺ നെഹ്റുവും രാജീവ് ഗാന്ധിയും ചേർന്ന് ഉന്നത തലത്തിൽ എടുത്ത തീരുമാനമായിരുന്നു അത്. വിഎച്ച്പി നേതാവ് അശോക് സിംഗാളിന്റെ അനിയൻ ബി പി സിംഗാൾ ആയിരുന്നു അന്ന് ആഭ്യന്തര വകുപ്പിലെ അഡീഷണൽ സെക്രട്ടറി. പൂട്ട് തുറക്കുമെന്ന ഉറപ്പ് വിശ്വഹിന്ദു പരിഷത്തിന് നേരത്തെ നൽകിയിരുന്നു.
1985 ജനുവരി 25-ന് രാമ വിഗ്രഹത്തിന്റെ സംരക്ഷണത്തിനുവേണ്ടി പള്ളിയുടെ പൂട്ട് തുറക്കണം എന്ന് മുൻസിഫ് കോടതിയിൽ ഹർജി വന്നു. ഈ ഹർജിയിൽ തീരുമാനമാകുന്നതിന് മുമ്പ് തന്നെ ജില്ലാ കോടതിയിൽ അപ്പീൽ എത്തുന്നു. ജനുവരി 31-ന്. സാധാരണ അപ്പീലുകളിൽ സ്റ്റേറ്റ്മെന്റുകൾ സ്വീകരിക്കാറില്ല, എന്നാൽ എസ്പിയുടെയും ജില്ലാ മജിസ്ട്രേറ്റിന്റെയും സ്റ്റേറ്റ്മെന്റുകൾ എടുത്തു. വിഗ്രഹത്തിന്റെ സംരക്ഷണത്തിന് പൂട്ടു തുറക്കേണ്ടതുണ്ട് എന്നായിരുന്നു നിലപാട്. 1949 മുതൽ, വിഷയം, പള്ളിക്കെതിരായ അക്രമത്തിൽ നിന്ന്, വിഗ്രഹം സ്ഥാപിച്ച സമയത്തെ ‘സ്റ്റേറ്റസ് കോ’യിലേക്കും, വിഗ്രഹം സംരക്ഷിക്കുന്നതിനായി പള്ളിയുടെ പൂട്ട് പൊളിക്കുന്നതിലേക്കും എത്തിച്ചേർന്നു. ജില്ലാ ജഡ്ജ് കൃഷ്ണമോഹൻ പാണ്ഡെയാണ് കേസ് പരിഗണിച്ചത്. മുസ്ലീങ്ങളെ കേസിൽ കക്ഷി ചേർത്തിരുന്നില്ല. തങ്ങളെക്കൂടി കക്ഷി ചേർക്കണമെന്ന അവരുടെ ആവശ്യം പരിശോധിച്ച് നാലുമണിയ്ക്ക് തീരുമാനമറിയിക്കാമെന്നു പറഞ്ഞു കോടതി പിരിഞ്ഞു. അദ്ദേഹം നാലു മണിയ്ക്ക് തിരിച്ചെത്തി അപേക്ഷ നിരസിച്ചതായി അറിയിച്ചു. 4.10-ന് പൂട്ട് തുറക്കാനുള്ള ഉത്തരവ് പുറപ്പെടുവിച്ചു. അപ്പോൾ തന്നെ, റിസീവറെ വിളിച്ചു താക്കോൽ ശേഖരിക്കാൻ പോലും മെനക്കെടാതെ, പള്ളിയിൽ പൂട്ട് തുറക്കാൻ ആളെത്തി. അതേസമയം ഈ രംഗങ്ങൾ കവർ ചെയ്യുന്നതിന് ദൂരദർശന്റെ വാർത്താസംഘം അവിടെ സജ്ജരായിരുന്നു! പിറ്റേന്ന് പത്രങ്ങളിൽ ‘രാമൻ വനവാസത്തിനുശേഷം തിരിച്ചെത്തി’ എന്ന തരത്തിലുള്ള തലക്കെട്ടുകൾ നിരന്നു.
ഈ വിധി പുറപ്പെടുവിക്കാനുള്ള സാഹചര്യത്തെക്കുറിച്ച് പിന്നീട് ജില്ലാ ജഡ്ജി രേഖപ്പെടുത്തിയത് ഇങ്ങനെയാണ്: “ആ ദിവസം മുഴുവൻ ഒരു കറുത്ത കുരങ്ങ് കോടതിയുടെ മേൽക്കൂരയിൽ ഇരിക്കുകയായിരുന്നു. ഫൈസാബാദിലെയും അയോധ്യയിലെയും ആയിരക്കണക്കിന് മനുഷ്യർ അതിന് കടലയും പഴങ്ങളും നൽകി. എന്നാൽ ആ കുരങ്ങ് അവ സ്പർശിക്കുക പോലും ചെയ്തില്ല. ജില്ലാ മജിസ്ട്രേറ്റും പോലീസ് സൂപ്രണ്ടും എന്നെ ബംഗ്ലാവിലേക്ക് കൊണ്ടുപോയി. കുരങ്ങ് ബംഗ്ലാവിന്റെ വരാന്തയിൽ ഇരിക്കുന്നത് കണ്ടു ഞാൻ അത്ഭുതപ്പെട്ടു. അതൊരു ദൈവിക ശക്തിയാണെന്ന് മനസ്സിലാക്കി ഞാനതിനെ തൊഴുതു.” ഒരു മതേതര ജനാധിപത്യ രാജ്യത്ത് രാഷ്ട്രീയ നേതൃത്വം ജുഡീഷ്യറിയും എക്സിക്യൂട്ടീവും ഒരേസമയം ഭൂരിപക്ഷ വർഗീയ വികാരത്തിനൊപ്പം ചാഞ്ചാടുന്ന കാഴ്ചയാണ് 1985-ൽ നാം കണ്ടത്. ഇക്കാലം സിഖ് വിരുദ്ധ കലാപത്തിൽ കോൺഗ്രസും ഭൂരിപക്ഷ വർഗീയവാദികളും കൈകോർത്തു പ്രവർത്തിക്കുന്ന സമയമാണെന്ന വസ്തുത കൂടിയുണ്ട്.
ശിലാന്യാസും തെരഞ്ഞെടുപ്പ് പ്രചാരണവും
ബാബറി കേസിനോട് അനുബന്ധിച്ച് രൂപപ്പെട്ടുവന്ന ‘സ്റ്റേറ്റസ് കോ സിദ്ധാന്തം’ അനുസരിച്ച്, പള്ളിയുടെ പൂട്ട് പൊളിച്ചത് പുതിയ സ്റ്റാറ്റസ് കോ ആയി! അടുത്ത ചുവട് ശിലാന്യാസം ആയിരുന്നു. 1989-ൽ കോൺഗ്രസ് ഗവൺമെൻറ് വിശ്വഹിന്ദു പരിഷത്തിന് ശിലാന്യാസത്തിന് അനുമതി നൽകി. ആഭ്യന്തരമന്ത്രിയായിരുന്ന ഭൂട്ടാസിംഗും ഉത്തർപ്രദേശ് മുഖ്യമന്ത്രി എൻ ഡി തിവാരിയും ചടങ്ങിൽ പങ്കെടുത്തു! ഇന്ന് രാമക്ഷേത്രത്തിന്റെ ഉദ്ഘാടന ചടങ്ങിൽ പ്രധാനമന്ത്രി പങ്കെടുക്കുന്നതിനെ വിമർശിക്കുന്ന കോൺഗ്രസുകാർ 1989-ൽ അവർ ചെയ്തത് എന്തെന്ന് ഓർക്കുന്നത് നന്നായിരിക്കും. 1989 നവംബർ മൂന്നിന് രാജീവ് ഗാന്ധി തന്റെ ഇലക്ഷൻ പ്രചാരണം ആരംഭിച്ചത് അയോധ്യയിൽ നിന്നാണ്. താനൊരു ഹിന്ദുവായതിൽ അഭിമാനം കൊള്ളുന്നു എന്ന് പ്രഖ്യാപിച്ചുകൊണ്ട് ആരംഭിച്ച പ്രചാരണത്തിന്റെ രാഷ്ട്രീയ പ്രസക്തി എന്താണെന്ന് വിശദീകരിക്കേണ്ട ആവശ്യമില്ലല്ലോ. അവിടെ രാജീവ് ഗാന്ധി നൽകിയ വാഗ്ദാനം രാമരാജ്യമാണ്. അത് ഗാന്ധിജിയുടെ രാമരാജ്യ സങ്കല്പമായിരുന്നുവെന്ന് കോൺഗ്രസുകാർ പോലും അവകാശപ്പെടുമെന്ന് കരുതുന്നില്ല.
വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തിൽ നടന്ന പരിപാടികൾ വിദ്വേഷത്തിന്റെ വിത്തുകൾ വിതച്ചു കൊണ്ടിരുന്നു. നൂറുകണക്കിന് വർഗീയ കലാപങ്ങൾ ഉണ്ടായി. ആയിരക്കണക്കിന് മനുഷ്യർ കൊലചെയ്യപ്പെട്ടു. ഈ ഘട്ടത്തിൽ ശിലാന്യാസത്തിന് എത്തുന്നവർ പള്ളി പൊളിക്കാൻ സാധ്യതയുള്ളതുകൊണ്ട്, അവരെ മന്ദിരത്തിന്റെ 200 അടിക്കകത്ത് പ്രവേശിക്കാൻ അനുവദിക്കരുത് എന്നാവശ്യപ്പെട്ടുകൊണ്ട് അലഹബാദ് ഹൈക്കോടതിയിൽ ഹർജി വന്നു. എന്നാൽ കോടതി ഗൗരവമായി പരിഗണിച്ചില്ല.
1992: ആയുധങ്ങൾ ഉയരുമ്പോൾ നിയമം നിശബ്ദമാകുന്നു.
1992 സെപ്റ്റംബർ 25നാണ് ഇന്ത്യയുടെ രാഷ്ട്രീയ ഭാഗധേയം മാറ്റിമറിച്ച രഥ യാത്ര സോമനാഥിൽ നിന്നും ആരംഭിക്കുന്നത്. അപ്പോൾ വിപിസിംഗ് ഗവൺമെൻറ് ആയിരുന്നു അധികാരത്തിൽ. ഒക്ടോബർ 13-ന് സമസ്ഥിപൂരിൽ വച്ച് രഥയാത്ര തടഞ്ഞ് അദ്വാനിയെ അറസ്റ്റ് ചെയ്തു. ലാലുപ്രസാദ് യാദവായിരുന്നു അന്ന് ബീഹാർ മുഖ്യമന്ത്രി. ഇതേത്തുടർന്ന് വി പി സിംഗ് ഗവൺമെൻറ് നിലംപൊത്തി. “ഞങ്ങളുടെ ആദർശങ്ങളിൽ വെള്ളം ചേർക്കാൻ തയ്യാറായിരുന്നുവെങ്കിൽ ഗവൺമെന്റിനെ നിലനിർത്താൻ കഴിയുമായിരുന്നു. പക്ഷേ ഇവിടെ ചോദ്യം ഗവൺമെൻറ് ആണോ രാജ്യമാണോ നിലനിൽക്കേണ്ടത് എന്നതാണ്.” തൻ്റെ വിടവാങ്ങൽ പ്രസംഗത്തിൽ വി പി സിംഗ് വേദനയോടെ പറഞ്ഞു. അതോടുകൂടി രഥയാത്ര വിജയകരമായി മുന്നേറി.
ഇതേസമയം കല്യാൺ സിംഗ് ഗവൺമെൻറ് ബാബറി മന്ദിരത്തിന് അടുത്തുള്ള 2.7 ഏക്കർ സ്ഥലം ‘ഭക്തജനങ്ങൾക്ക് സൗകര്യങ്ങൾ ഒരുക്കാൻ വേണ്ടി’ ഏറ്റെടുത്തു. ഈ നടപടി അലഹബാദ് ഹൈക്കോടതി ശരിവെച്ചു. വിഷയത്തിൽ സുപ്രീംകോടതി ഇടപെടാൻ വിസമ്മതിച്ചു. ഗവൺമെൻറ് തർക്ക ഭൂമിക്ക് ചുറ്റും മതിൽ പണിയുകയും ചെയ്തു. ശ്രീരാം ജന്മഭൂമി ട്രസ്റ്റ് എന്ന പേരിൽ ഒരു ട്രസ്റ്റ് രൂപീകരിച്ച് ഗവൺമെൻറ് ഗ്രാൻഡ് അനുവദിച്ചു. യാതൊരു പൊതു താൽപര്യവുമില്ലാതെ വിശ്വ ഹിന്ദു പരിഷത്തിന്റെ കുറച്ച് ആളുകളെ ഉൾപ്പെടുത്തിക്കൊണ്ട് നിർമ്മിച്ച ഈ ട്രസ്റ്റിന്റെ രൂപീകരണവും ധനസഹായവും ഒരു തട്ടിപ്പായിരുന്നു എന്ന് ഹൈക്കോടതി പിന്നീട് പറഞ്ഞു. ആ സമയം തർക്ക ഭൂമിയിൽ മണ്ണ് കുഴിക്കുകയും നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തെങ്കിലും ഹൈക്കോടതി തടഞ്ഞില്ല.
ഇതേസമയം രാജ്യത്തിൻ്റെ എല്ലാ ഭാഗത്തുനിന്നും ആയിരക്കണക്കിന് കർസേവകർ അയോധ്യയിലേക്ക് എത്തിക്കൊണ്ടിരുന്നു. ഡിസംബർ ആറിന് വലുതെന്തോ സംഭവിക്കാൻ പോകുന്നു എന്ന കാര്യം ഉറപ്പായിരുന്നു. വാജ്പേയിയും അദ്വാനിയും മുരളീ മനോഹർ ജോഷിയും ഉമാഭാരതിയും ഉൾപ്പെടെയുള്ള ബിജെപി നേതാക്കളിൽ നിന്നും ഉണ്ടായ പ്രസംഗങ്ങൾ വിദ്വേഷത്തിന്റെ അഗ്നി പടർത്തുന്നവയായിരുന്നു. “അവിടെ കൂർത്ത കല്ലുകൾ ഉണ്ട്, ആർക്കും അതിൽ ഇരിക്കാൻ കഴിയില്ല, അവ ഇടിച്ച് നിരത്തി ലെവൽ ചെയ്യേണ്ടതുണ്ട്.” ആളുകളുടെ കരഘോഷം ഏറ്റുവാങ്ങിക്കൊണ്ട് വാജ്പേയി പ്രസംഗിച്ചു. “ഡിസംബർ ആറിന് എന്തു സംഭവിക്കും എന്നതിന് ഒരു ഉറപ്പും പറയാൻ കഴിയില്ല” എന്ന അദ്വാനിയുടെ പ്രസ്താവനയും വന്നു.
1992 ഡിസംബർ നാലിനും അയോധ്യ കേസ് സുപ്രീംകോടതി പരിഗണിച്ചതാണ്. അവിടെ ഉണ്ടായിക്കൊണ്ടിരിക്കുന്ന നിയന്ത്രണാതീതമായ സാഹചര്യത്തെ കോടതിയെ ബോധിപ്പിക്കാൻ ശ്രമിച്ചതാണ്. എന്നാൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്ന കല്യാൺ സിംഗ് ഗവൺമെന്റിന്റെ ഉറപ്പ് മുഖവിലക്കെടുത്ത കോടതി ഒന്നും ചെയ്തില്ല.
ഡിസംബർ ആറിനായിരുന്നു ഇന്ത്യൻ റിപ്പബ്ലിക്കിന്റെ ചരിത്രത്തിലെ തീരാക്കളങ്കമായി ചരിത്രം രേഖപ്പെടുത്തുന്ന ഭീകര പ്രവർത്തനം നടന്നത്. കർസേവകർ എന്ന പേരിൽ വന്നെത്തിയ പരിശീലനം നേടിയ ക്രിമിനലുകൾ, ആറേഴ് മണിക്കൂറുകൾ കൊണ്ട്, ബാബറി പള്ളി തകർത്തു കളഞ്ഞു. ഭരണകൂട സംവിധാനങ്ങൾ എല്ലാം കുറ്റകരമായ നിസ്സംഗത പാലിച്ചു. സി ആർ പി എഫ് സംഘത്തെ അയോധ്യയിൽ വിനിയോഗിക്കാൻ സർക്കാർ തയ്യാറായില്ല. ആർ എസ് എഫിന്റെ സേവനം ജില്ലാ മജിസ്ട്രേറ്റ് ആവശ്യപ്പെട്ടിരുന്നു എങ്കിലും അനുവദിച്ചില്ല. ഡിസംബർ എട്ടിന് മാത്രമാണ് സിആർപിഎഫിന് അവിടെ അനുമതി കിട്ടിയത്, അപ്പോഴേക്കും പള്ളി പൊളിച്ചു താൽക്കാലിക അമ്പലം പണിതുകഴിഞ്ഞിരുന്നു.
ഈ വിഷയത്തിൽ കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകൾ ഒരേ പോലെ കുറ്റക്കാരാണ്. ബാബറി പള്ളി പൊളിക്കുന്ന നേരത്ത് പ്രധാനമന്ത്രി നരസിംഹറാവു പൂജാമുറിയിൽ പ്രാർത്ഥിച്ചു കൊണ്ടിരിക്കുകയായിരുന്നു എന്നും, പള്ളി പൊളിച്ചു കഴിഞ്ഞു എന്ന് അനുയായി അറിയിച്ചതിനു ശേഷം മാത്രമാണ് പുറത്തിറങ്ങിയതെന്നും കുൽദീപ് നയ്യാർ എഴുതുന്നുണ്ട്. പള്ളി പൊളിക്കാതിരിക്കാൻ കഴിയുന്നത് ചെയ്തുവെന്നും സിആർപിഎഫ് സംഘത്തെ ലക്നൗവിലേക്ക് അയച്ചുവെങ്കിലും കാലാവസ്ഥ മോശമായതിനാൽ സമയത്ത് വിമാനം ഇറങ്ങാൻ കഴിയാതെ പോയതാണെന്നുമാണ് നരസിംഹറാവു അവകാശപ്പെട്ടത്. എന്നാൽ കൃത്യമായ ഇൻറലിജൻസ് റിപ്പോർട്ടുകൾ ഉണ്ടായിരുന്നിട്ടും ഗവൺമെന്റുകൾ ബോധപൂർവ്വം നിഷ്ക്രിയരായിരിക്കുകയായിരുന്നു എന്നതാണ് സത്യം.
പള്ളി പൊളിച്ച സ്ഥലത്തുണ്ടാക്കിയ താൽക്കാലിക ക്ഷേത്രത്തിൽ ദർശനത്തിനുള്ള അനുമതി കൂടി കോടതി കൊടുത്തതോടെ, ഈ കേസിൽ ‘നീതി’ എന്ന വാക്ക് ഉച്ചരിക്കാൻ പോലും അവകാശമില്ലാത്ത വിധം നമ്മുടെ സംവിധാനങ്ങൾ പക്ഷം ചേർന്ന് കഴിഞ്ഞു. അലഹബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് തിൽഹാരിയുടെതായിരുന്നു 1993 ജനുവരി ഒന്നിലെ ഉത്തരവ്. തിൽഹാരി ഈ കേസിൽ അഭിഭാഷകനായിരുന്നിട്ടുണ്ട് എന്നുകൂടി ഓർക്കണം. പിന്നീട് ഉത്തർപ്രദേശിലെ മൈനോറിറ്റി എഡ്യൂക്കേഷൻ ഇൻസ്റ്റിറ്റ്യൂഷൻ കമ്മീഷന്റെ പ്രസിഡന്റായി അദ്ദേഹം. ആ സമയത്താണ് മുസ്ലീങ്ങൾ ഇന്ത്യയിൽ ന്യൂനപക്ഷം അല്ല എന്ന് റിപ്പോർട്ട് എഴുതിയത്.
അതിനുശേഷം അയോധ്യയിൽ 67 ഏക്കർ സ്ഥലം ഒരു ഓർഡിനൻസിലൂടെ സർക്കാർ ഏറ്റെടുത്തു. അത് ചോദ്യം ചെയ്യപ്പെട്ട ഇസ്മയിൽ ഫറോക്കി കേസിലാണ് മുസ്ലിങ്ങൾക്ക് പ്രാർത്ഥിക്കാൻ മോസ്ക് നിർബന്ധമല്ല എന്ന വിവാദ പരാമർശം സുപ്രീം കോടതിവിധിയിൽ കടന്നുകൂടിയത്.
അലഹബാദ് ഹൈക്കോടതി: വിശ്വാസമാണ് എല്ലാം
അയോദ്ധ്യ കേസിൽ, ജസ്റ്റിസ് എസ് യു ഖാൻ, ജസ്റ്റിസ് സുധീർ അഗർവാൾ, ജസ്റ്റിസ് ധരം വീർ ശർമ എന്നിവരടങ്ങുന്ന അലഹബാദ് ഹൈക്കോടതിയുടെ മൂന്നംഗ ബഞ്ചിന്റെ ഉത്തരവ് 8000 പേജുകളോളം ദൈർഘ്യമുള്ളതായിരുന്നു. നിയമ തത്വങ്ങൾക്കപ്പുറം വിശ്വാസത്തിന് പ്രാധാന്യം നൽകിയ ആ വിധി, സ്ഥലം മൂന്നായി ഭാഗിക്കാനാണ് നിർദ്ദേശിച്ചത്. യാതൊരു അടിസ്ഥാനവുമില്ലാതെ ചരിത്രകാരന്മാരുടെ നിരീക്ഷണങ്ങളെ ആക്രമിക്കുകയും ചരിത്രപണ്ഡിതൻ അല്ലാത്ത ഒരു ഓസ്ട്രേലിയൻ ലിംഗ്വിസ്റ്റിന്റെ പുസ്തകത്തിലെ പരാമർശങ്ങൾ മുഖവിലയ്ക്കെടുത്ത്, ബാബറി പള്ളി പണിതത് ഒരു ഹിന്ദു ക്ഷേത്രം തകർത്തിട്ടാണെന്ന് സ്ഥാപിക്കാനുള്ള ശ്രമവും വിധിയിൽ ഉണ്ടായിരുന്നു. രാമൻ ജനിച്ചത് കൃത്യം ഈ പള്ളിയുടെ മിനാരത്തിനു താഴെയാണ് എന്ന വാദം ഹൈന്ദവർ അങ്ങനെ വിശ്വസിക്കുന്നു എന്നതുകൊണ്ട് മാത്രം കോടതി അംഗീകരിക്കുകയാണ്. അതേസമയം 1528 മുതൽ 1857 വരെ പള്ളി നിലനിന്നിരുന്നു എന്നതിന് രേഖാമൂലം ഉള്ള തെളിവുകൾ മുസ്ലിം കക്ഷികളോട് ആവശ്യപ്പെടുന്നുമുണ്ട് കോടതി. ഒരു വിധി ന്യായത്തിൽ പള്ളി നിർമ്മിച്ചത് ബാബറല്ല ഔറംഗസേബ് ആണെന്നു വരെ പരാമർശമുണ്ട്. നിർമോഹി അഖാരയുടെ ഹർജി ലിമിറ്റേഷൻ നിയമത്തിന്റെ പരിധി ലംഘിക്കുന്നതാണ് എന്ന് കണ്ടെത്തുകയും ഒടുവിൽ സ്ഥലം വിഭജിക്കുമ്പോൾ മൂന്നിലൊന്ന് അവർക്ക് കൂടി നൽകുകയും ചെയ്യുന്ന അതിശയകരമായ സമീപനം വിധിയിലുണ്ട്. പള്ളിയിരിക്കുന്ന രാമജന്മഭൂമി പ്രദേശം രാം ലല്ലയ്ക്കും, രാം ചബൂത്രയും സീതാ കി രസോയിയും നിർമോഹി അഖാരയ്ക്കും ശേഷിക്കുന്ന മൂന്നിലൊന്ന് സ്ഥലം സുന്നി വക്കഫ് ബോർഡിനും എന്ന തരത്തിൽ ആയിരുന്നു വിധി. ഉടമസ്ഥാവകാശം ആർക്കും സംശയാതീതമായി സ്ഥാപിക്കാൻ കഴിഞ്ഞില്ല, അതുകൊണ്ട് കൈവശാവകാശം മാത്രമാണ് സ്ഥാപിച്ചു നൽകിയത്. മാത്രമല്ല ഒരു സിവിൽ സ്യൂട്ടിൽ കക്ഷികൾ ആവശ്യപ്പെടാത്ത ഒരു പരിഹാരം കോടതി നൽകാൻ കഴിയുമോ എന്നത് പ്രധാനപ്പെട്ട ഒരു പ്രശ്നമായിരുന്നു. എന്തായാലും വിധി സുപ്രീംകോടതി സ്റ്റേ ചെയ്തു. ഹൈക്കോടതി വിധിയിലെ പല അപകടകരമായ നിരീക്ഷണങ്ങളും, നിയമപരമായ അവ്യക്തതകളും, അസംബന്ധത്തോട് അടുത്തു നിൽക്കുന്ന വ്യാഖ്യാനങ്ങളും സുപ്രീംകോടതി തിരുത്തുക തന്നെ ചെയ്തു.
സുപ്രീംകോടതി വിധിയിലെ ശരിയായ നിരീക്ഷണങ്ങൾ
അയോധ്യ കേസിലെ സുപ്രീംകോടതിയുടെ അന്തിമ വിധി ഒരേസമയം പ്രതീക്ഷയും നിരാശയും നൽകുന്നതാണ്. സാധാരണ സിവിൽ കേസുകൾ കൈകാര്യം ചെയ്യുന്ന മൂന്നംഗ ബെഞ്ചിന് പകരം ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ്, ജസ്റ്റിസ് എസ. എ. ബോബ്ഡേ, ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസ്. അശോക് ഭൂഷൺ, ജസ്റ്റിസ് അബ്ദുൽ നസീർ എന്നിവരടങ്ങുന്ന അഞ്ചംഗ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഇത്തരം തർക്കങ്ങൾ ഉയർന്നു വരുമ്പോൾ കോടതികൾ സ്വീകരിക്കേണ്ട നിലപാടുകളെ കുറിച്ചുള്ള വ്യക്തമായ ഒരു കാഴ്ചപ്പാട് വിധിയിലുണ്ട്. വളരെ ശരിയായ ചില നിരീക്ഷണങ്ങൾ വിധിയിലുണ്ട്.
1.ചരിത്രപരമായ ശരിതെറ്റുകൾക്ക് പരിഹാരം കാണാനുള്ള വേദിയല്ല സുപ്രീംകോടതി.
2. വിശ്വാസ സംബന്ധിയായ വിഷയങ്ങളിൽ ദൈവശാസ്ത്രപരമായ വിശകലനത്തിലൂടെ അഭിപ്രായം പറയേണ്ടകാര്യം സുപ്രീംകോടതിക്കില്ല. വിശ്വാസങ്ങളുടെ പ്രത്യക്ഷ രൂപങ്ങളെ മുഖവിലയ്ക്കെടുക്കുക എന്നത് മാത്രമാണ് പ്രായോഗികം.
3. വിശ്വാസങ്ങളുടെയും മിത്തുകളുടെയും അടിസ്ഥാനത്തിലല്ല കോടതി വ്യവഹാരങ്ങൾ തീർപ്പാക്കേണ്ടത്, നിയമവും നിയമ തത്വങ്ങളുമാകണം പരിഗണനാ വിഷയങ്ങൾ.
4. മൂന്നോ നാലോ ഭരണവ്യവസ്ഥകളുടെയും നിയമ സംവിധാനങ്ങളിലൂടെയും കടന്നു പോയ തർക്കമാണിത്. രണ്ടു പരമാധികാരികൾ തമ്മിലുള്ള അധികാരകൈമാറ്റങ്ങൾ ഉണ്ടാകുമ്പോൾ മറിച്ചൊരു ധാരണ ഇല്ലാത്തിടത്തോളം കാലം മുൻ രാജ്യത്തിന്റെ നിയമങ്ങളും അവകാശങ്ങളും പുതിയ രാജ്യത്തിന് ബാധകമാകില്ല. എന്നാൽ ബ്രിട്ടീഷ് ഇന്ത്യയും സ്വതന്ത്ര ഇന്ത്യയും തമ്മിൽ നിയമപരമായ ഒരു നൈരന്തര്യം ഭരണഘടനാപരമായി നിലനിൽക്കുന്നുണ്ട്.
5. അതുകൊണ്ടുതന്നെ തർക്കസ്ഥലത്ത് മുൻപ് ക്ഷേത്രം ഉണ്ടായിരുന്നോ, അത് തകർക്കപ്പെട്ടതാണോ എന്നത് കേസിന്റെ പരിഗണനാ വിഷയം ആകാൻ പാടില്ല. അത് കോടതിയ്ക്ക് തീരുമാനിക്കാൻ കഴിയുന്ന കാര്യമല്ല എന്ന് 1992-ലെ പ്രസിഡൻഷ്യൽ റഫറൻസിന് മറുപടിയായി സുപ്രീംകോടതി വ്യക്തമാക്കിയിട്ടുള്ളതാണ്.
6. ഇത് ബാബ്‌റി പള്ളി തകർത്തതുമായി ബന്ധപ്പെട്ടു നില നിൽക്കുന്ന ക്രിമിനൽ കേസിനെ ബാധിക്കരുത്. പള്ളി തകർത്തതും 1949-ൽ അതിക്രമിച്ചു കയറി വിഗ്രഹം സ്ഥാപിച്ചു പള്ളി മലിനപ്പെടുത്തിയതും വലിയ നിയമദ്ധ്വംസനമാണ്.
7. വസ്തുതർക്കം പള്ളിയെ സംബന്ധിച്ചു മാത്രമല്ല. ജന്മസ്ഥാൻ മസ്ജിദ് ഉൾപ്പെടുന്ന, ഹൈന്ദവരാധനമാത്രം നടന്നിരുന്നതാണ് എന്ന കാര്യത്തിൽ തർക്കമില്ലാത്ത രാം ചബൂത്രയും മറ്റും ഉൾപ്പെടുന്ന ഭൂമിയും എല്ലാം ചേർന്ന 2.77 ഏക്കർ ഭൂമിയെ സംബന്ധിച്ചുള്ളതാണ്.
8. തർക്ക ഭൂമിയിൽ 1857-ൽ ബ്രിട്ടീഷുകാർ നിർമിച്ച മതിലിനു വെളിയിലുള്ള പ്രദേശം ഹൈന്ദവർ കൈവശം വച്ച് ആരാധിച്ചിരുന്നതാണെന്നത് വ്യക്തമാണ്.
9. ബാബ്‌റി പള്ളി അവിടെ നിലനിന്നിരുന്നുവെന്നും 1857 മുതലെങ്കിലും മുസ്ലീങ്ങൾ അവിടെ ആരാധന നടത്തിയിരുന്നുവെന്നതും നിസ്തർക്കമാണ്.
10 . ഇവിടെ സുന്നി വഖഫ് ബോർഡും രാമവിഗ്രഹത്തിനുവേണ്ടി ‘അടുത്ത സുഹൃത്തും’ നൽകിയ ഉടമസ്ഥാവകാശ ഹർജികളാണ് നിലവിലുള്ളത്. ഒരു ഭാഗം വയ്പ്പിനുള്ള അപേക്ഷയല്ല കോടതിക്ക് മുൻപാകെ വന്നിട്ടുള്ളത്. ഒരു സിവിൽ കേസിൽ വാദികൾ ആവശ്യപ്പെടാത്ത ഒരു തീർപ്പ് അനുവദിക്കാൻ കോടതിയ്ക്ക് കഴിയില്ല. ഗവൺമെന്റാണെങ്കിൽ ഈ ഭൂമിയിൽ യാതൊരുവിധ അവകാശ വാദവും ഉന്നയിക്കാൻ താത്പര്യപ്പെടുന്നില്ല എന്ന് അറിയിച്ചിരുന്നു.
11 . ഇനിയൊരിക്കലും ഒരു ആരാധനാലായങ്ങളുടെയും നിലവിലുള്ള പദവി ചോദ്യം ചെയ്യപ്പെടാൻ ഈ വിധി കാരണമാകരുത്. അതുകൊണ്ടാണ് 1992-ലെ Places of Worship Act -നെക്കുറിച്ചുള്ള വിശദമായ പരാമർശം വിധിയിൽ ഇടം പിടിച്ചത്. ആരാധനാലയങ്ങളുടെ 1947 – ലെ പദവിയിൽ മാറ്റം വരുത്തരുത് എന്നും അത്തരത്തിലുള്ള അവകാശവാദങ്ങൾ ഉന്നയിക്കുന്ന കേസുകൾ ഒന്നും നിലനിൽക്കില്ല എന്നുമാണ് ആരാധനാലയ നിയമത്തിന്റെ രത്നച്ചുരുക്കം. എന്നാൽ അയോദ്ധ്യ കേസ് നിയമത്തിന്റെ പരിധിയിൽ നിന്നും ഒഴിവാക്കപ്പെട്ടിരുന്നു.
12 . ഈ വിഷയം രാഷ്ട്രീയ മുതലെടുപ്പുകൾക്കും വർഗീയ സംഘർഷങ്ങൾക്കും ഇനിയും മരുന്നായിക്കൂടാ. അതിന് ഒരു അന്തിമ പരിഹാരം കണ്ടെത്തേണ്ടതുണ്ട്.
അയോദ്ധ്യാ വിഷയത്തെ സമീപിക്കേണ്ട നൈയാമിക വഴികളെ കുറിച്ചുള്ള കോടതിയുടെ കാഴ്ചപ്പാട് പ്രതീക്ഷ നൽകുന്നതാണ്. വളരെ യുക്തിഭദ്രമായി രചിക്കപ്പെട്ട വിധിയുമാണത്. എന്നാൽ ഈ നിയമ തത്വങ്ങൾ പ്രയോഗിക്കുമ്പോൾ ഏകപക്ഷീയമായി പോകുന്നു എന്നുള്ളിടത്താണ് പ്രശ്നം. മുസ്ലിം പക്ഷത്തോടു തങ്ങളുടെ അവകാശവാദങ്ങൾ സ്ഥാപിക്കുവാൻ കർശനമായ തെളിവുകളാണ് ആവശ്യപ്പെടുന്നത്. അതേസമയം ഹൈന്ദവരുടെ അവകാശവാദങ്ങൾ ഇതേ നിലവാരത്തിൽ പരിശോധിക്കപ്പെടുന്നുമില്ല. പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യത്തിൽ യാത്രയാരംഭിച്ച അനീതിയുടെ രഥചക്രം ഉരുളുന്ന ശബ്ദം സുപ്രീംകോടതി വിധി വായിക്കുമ്പോഴും നമ്മുടെ കാതുകളിൽ മുഴങ്ങും.
സുപ്രീംകോടതി വിധിയിൽ നിന്നും വ്യക്തമാകുന്ന ചില കാര്യങ്ങളുണ്ട്. ബാബറി മസ്ജിദ് നിർമ്മിച്ചത് അവിടെ ഉണ്ടായിരുന്ന രാമക്ഷേത്രം തകർത്തിട്ടാണ് എന്ന വാദം കോടതി തള്ളിക്കളയുന്നുണ്ട്. 1528 നു മുൻപ് ഒരു സംസ്കൃത ഗ്രന്ഥത്തിൽ പോലും അയോധ്യയിലെ രാമക്ഷേത്രത്തെക്കുറിച്ച് പരാമർശമില്ല. ഹുയാൻ സആങോ, അൽ ബറൂണിയോ മറ്റു പലയിടങ്ങളിലെയും ക്ഷേത്രങ്ങളെക്കുറിച്ചും അതോടനുബന്ധിച്ചുള്ള കഥകളെക്കുറിച്ചും വിശദമായി വർണ്ണിക്കുമ്പോഴും, അയോധ്യയിലെ രാമ ക്ഷേത്രത്തെക്കുറിച്ച് സൂചിപ്പിക്കുന്നതേയില്ല. തുളസീദാസോ സമകാലികരിൽ ആരെങ്കിലുമോ അങ്ങനെയൊരു ക്ഷേത്രം അവിടെ ഉണ്ടായിരുന്നതായോ അത് പൊളിച്ച് പള്ളി പണിതതായോ എഴുതിയിട്ടില്ല. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ഖനനവും ക്ഷേത്രം തകർത്താണ് പള്ളി സ്ഥാപിച്ചതെന്ന് തെളിയിക്കുന്നില്ല. നിലവിൽ പള്ളിക്കടിയിൽ നിന്ന് കണ്ടെത്തിയിട്ടുള്ള അവശിഷ്ടങ്ങളും പള്ളി പണിത കാലഘട്ടവും തമ്മിൽ നാലു നൂറ്റാണ്ടിലേറെ വ്യത്യാസമുണ്ട്. മാത്രവുമല്ല, എ എസ് ഐ കണ്ടെത്തിയ തൂണുകളുടെ അടിത്തറയും പള്ളിയിൽ നിലവിലുപയോഗിച്ചിരിക്കുന്ന തൂണുകളും ഒത്തുപോവുകയില്ല. അതുകൊണ്ടുതന്നെ പഴയ രാമക്ഷേത്രത്തിന്റെ തൂണുകളാണ് പള്ളി പണിയാൻ ഉപയോഗിച്ചിരിക്കുന്നതെന്ന സംഘപരിവാറിന്റെ വാദവും നിലനിൽക്കുന്നതല്ല.
രണ്ടാമതായി കോടതി നിഷേധിച്ചത്, ബാബറി മസ്ജിദ് ഇസ്ലാമിക വിശ്വാസപ്രകാരം ഒരു പള്ളിയല്ലെന്ന വാദമാണ്. മതഗ്രന്ഥങ്ങൾ വ്യാഖ്യാനിച്ച് അതിൽ ഒരു തീർപ്പ് കൽപ്പിക്കേണ്ട കാര്യം കോടതിക്കില്ലെന്ന ശരിയായ നിലപാടെടുത്തു. ബാബറി ഒരു പള്ളിയാണെന്ന് നിസ്തർക്കമായ വസ്തുതയായി കോടതി അംഗീകരിച്ചു. സുന്നി വഖഫ് ബോർഡിൻ്റെ ഹർജി ലിമിറ്റേഷൻ പരിധി കഴിഞ്ഞതിനാൽ തള്ളിക്കളയണമെന്ന വാദവും കോടതി അംഗീകരിച്ചില്ല.
രാമ ജന്മഭൂമിയെ ഒരു നിയമവ്യക്തിത്വമായി അംഗീകരിക്കണം എന്ന വാദവും കോടതി നിരാകരിച്ചു. നിലപാട് വ്യക്തമാണ്: “ഒരു സ്ഥലം വ്യക്തിയായി മാറിയാൽ അതിന്മേലുള്ള തർക്കങ്ങളെല്ലാം അപ്രസക്തമാകും. ആ സ്ഥലത്തിന്റെ പരിധി നിർണയിക്കുക എങ്ങനെയാണ് എന്നു തുടങ്ങി നിരവധി പ്രശനങ്ങൾ ഉയർന്നുവരും. ഏതു മതവിഭാഗത്തിന്റെ വിശ്വാസമാണ് കൂടുതൽ ശക്തം എന്ന് അളന്നുകൊണ്ട് ഒരു സ്ഥലത്തിന്റെ ഉടമസ്ഥാവകാശം നിർണയിക്കാനാവില്ല.”
1934-ലും 1949-ലും 1992-ലും പള്ളിക്കെതിരെ ആക്രമണം ഉണ്ടായി. 1934-ൽ പള്ളിമിനാരങ്ങൾ തർക്കപ്പെട്ടു. 1949-ൽ അറുപതു പേരോളം വരുന്ന ആൾക്കൂട്ടം അതിക്രമിച്ചു പള്ളിയകത്തു കയറി രാമ വിഗ്രഹം സ്ഥാപിച്ചു. അങ്ങനെ നിയമവിരുദ്ധമായി മുസ്ലീങ്ങളെ പള്ളിയിൽ നിന്നും പുറത്താക്കി. ഒടുവിൽ 1992-ൽ നിയമവാഴ്ചയെ വെല്ലുവിളിച്ചുകൊണ്ട് പള്ളി തകർത്തു. ഇക്കാര്യങ്ങളൊക്കെ കോടതി വിധിയിൽ അംഗീകരിക്കുന്നുണ്ട്. രൂക്ഷമായ ഭാഷയിൽ വിമർശിക്കുന്നുമുണ്ട്.
ഇതൊക്കെ പരിശോധിക്കുമ്പോഴും, വഖഫ് സംബന്ധിച്ച നിയമ പരിശോധനാവേളയിലും ആദ്യം വിശദീകരിച്ചിരിക്കുന്ന നിയമവഴിയിലൂടെ കുറ്റമറ്റ രീതിയിലാണ് വിശകലനം മുന്നോട്ടുപോകുന്നതെന്ന ധാരണ ഉണ്ടാക്കും വിധം വളരെ മനോഹരമായാണ് വിധിന്യായം ചിട്ടപ്പെടുത്തിയിരിക്കുന്നത്. എന്നാൽ, അവസാന ലാപ്പിൽ തീരുമാനങ്ങളിലേക്ക് കടക്കുമ്പോഴാണ് നിയമവാഖ്യാനങ്ങളിലെ ഏകപക്ഷീയത വ്യക്തമാകുന്നത്.
തെളിവ് തേടുന്നതിലെ പക്ഷപാതിത്വം
മുസ്ലീങ്ങളെ സംബന്ധിച്ച്, ഉന്നയിക്കുന്ന ഓരോ അവകാശവാദങ്ങൾക്കും കണിശമായ തെളിവുകൾ ഉണ്ടായിരിക്കണമെന്ന് വാശിപിടിക്കുന്ന കോടതി മറുപക്ഷത്തോട് ആ സമീപനമല്ല സ്വീകരിക്കുന്നത്. ബാബറി മസ്ജിദിരിക്കുന്ന ഭൂമി വഖഫ് ആണെന്ന് തെളിയിക്കാൻ രേഖാമൂലമുള്ള തെളിവുകളാണ് ആവശ്യപ്പെടുന്നത്. 1857 മുതൽ ബ്രിട്ടീഷുകാർ പള്ളിക്ക് ഗ്രാൻഡ് നൽകിയതിന് തെളിവുകൾ ഉണ്ട് എങ്കിലും അതിനു മുൻപ് 1528 മുതൽ 1857 വരെയുള്ള 325 വർഷക്കാലത്തെ ഇടപാടുകൾ സംബന്ധിച്ച രേഖകൾ ഒന്നും തന്നെയില്ല. അക്കാലത്ത് പള്ളി മുസ്ലിങ്ങൾ ആരാധനയ്ക്കായി ഉപയോഗിച്ചിരുന്നു എന്ന് തെളിയിക്കുന്ന യാതൊന്നും ഇല്ലെന്നാണ് കോടതി നിലപാട്. എന്നാൽ തർക്കമന്ദിരം പള്ളിയാണെന്ന കാര്യത്തിൽ കോടതിക്ക് സംശയമില്ല താനും. ബ്രിട്ടീഷുകാലത്ത് പള്ളിയായി അംഗീകരിക്കപ്പെട്ട ഒരു സ്ഥാപനം അതിനു മുൻപ് ഇസ്ലാമിക രാജാക്കന്മാരുടെ ഭരണകാലത്ത്, പ്രത്യേകിച്ചും അവധ് പോലുള്ള പ്രധാനപ്പെട്ട ഒരു പ്രവിശ്യയുടെ തലസ്ഥാനത്ത് പള്ളി മറ്റു മതസ്ഥർ ഉപയോഗിച്ചിരുന്നു എന്ന് കരുതുന്നത് അപഹാസ്യമാണ്.
എന്നാൽ മറുപക്ഷത്താകട്ടെ, പള്ളിക്ക് വെളിയിൽ രാംഛബൂത്രയിൽ ആരാധനയ്ക്ക് അവകാശം നേടിയെടുത്ത ഹൈന്ദവരുടെ വാദം ചോദ്യങ്ങളില്ലാതെ അംഗീകരിക്കുകയാണ്. ബ്രിട്ടീഷുകാർ സ്ഥലം രണ്ടായി മതിലുകെട്ടി തിരിച്ചെങ്കിലും, മറുവശത്തു നിന്നുകൊണ്ട് മസ്ജിദിന്റെ പ്രധാന മിനാരത്തിന് കീഴെ ശ്രീരാമൻ ജനിച്ചു എന്ന് വിശ്വസിക്കുന്ന ഇടം നോക്കിയാണ് ഹൈന്ദവർ പ്രാർത്ഥിക്കുന്നത് എന്നതുകൊണ്ട്, അവർക്ക് ആ സ്ഥലത്തിനു മേലുള്ള അവകാശം അംഗീകരിച്ചു കൊടുക്കുകയാണ് കോടതി. ഒരാൾ സ്വന്തം പറമ്പിൽ നിന്ന് മറ്റൊരാളുടെ പറമ്പിലേക്ക് നോക്കി പ്രാർത്ഥിച്ചാൽ ,ആ പറമ്പിൽ മറ്റേയാൾക്കും അവകാശമുണ്ടാകുമെന്ന വാദവും ദഹിക്കാൻ പ്രയാസമുള്ളതാണ്.
ഇനി രാംലല്ലയുടെ വാദങ്ങൾ നോക്കാം. ബാബറി പള്ളിയെ ഇസ്ലാമിക വിശ്വാസപ്രകാരം ഒരു പള്ളിയായി കണക്കാക്കാൻ കഴിയില്ല, ഈ പള്ളിയിൽ പണിതിരിക്കുന്നത് രാമക്ഷേത്രം തകർത്ത് അതിനുമേലാണ്, രാമ ജന്മഭൂമിയെ ഒരു നിയമവ്യക്തിത്വമായി പരിഗണിക്കണം എന്നിവയായിരുന്നു പ്രധാന ആവശ്യങ്ങൾ. ഇത് മൂന്നും കോടതി തള്ളി. പക്ഷേ സ്ഥലത്തിൻ്റെ ഉടമസ്ഥാവകാശം രാം ലല്ലയ്ക്ക് നൽകുകയും ചെയ്തു!
അതുപോലെതന്നെ 1949-ൽ രാംലല്ല പള്ളിക്കകത്ത് പ്രവേശിച്ചത് നിയമവിരുദ്ധമായിട്ടാണ്. അപ്രകാരം അതിക്രമിച്ചു കടന്നവർക്ക് സ്ഥലത്തിൻ്റെ ഉടമസ്ഥാവകാശം നൽകുന്നത് സാമാന്യയുക്തിക്ക് ചേരുന്നതല്ല. ഫലത്തിൽ 1934-ലും 1949-ലും 1992-ലും നടത്തിയ നിയമലംഘനങ്ങൾ കേസിലെ അന്തിമ വിധി ഹൈന്ദവ കക്ഷികൾക്ക് അനുകൂലമായി വരുന്നതിന് സഹായകമായി എന്ന് കാണാം. ഹൈന്ദവ ആരാധനയ്ക്കായി ബ്രിട്ടീഷുകാരുടെ കാലത്ത് തിരിച്ചു നൽകിയ സ്ഥലത്തേക്ക് ഒരു രീതിയിലും അതിക്രമിച്ചു കിടക്കാൻ മുസ്ലിം പക്ഷം ശ്രമിക്കാതിരുന്നത് കൊണ്ടാണ് അവിടെ ഇക്കാലമത്രയും അന്യപ്രവേശനം ഇല്ലാതെ ഹൈന്ദവർ കൈവശം വച്ചിരിക്കുകയായിരുന്നു എന്ന വ്യാഖ്യാനത്തിന് കാരണമായത്.
അവകാശം സമ്പൂർണ്ണമായി തെളിയിക്കാൻ ഇരുകൂട്ടർക്കും കഴിഞ്ഞില്ലെങ്കിലും തെളിവുകളുടെ ആധിക്യം ‘രാം ലല്ല’യ്ക്ക് അനുകൂലമായി വരുന്നു എന്നാണ് കോടതി പറയുന്നത്. ഇരു കൂട്ടർക്കും ഉടമസ്ഥാവകാശം സമ്പൂർണ്ണമായി തെളിയിക്കാൻ സാധിച്ചില്ല എന്നതിനർത്ഥം ഇരുവർക്കും ഭാഗികമായി ആ ഭൂമിയിൽ അവകാശം ഉണ്ടെന്നാണ്. അങ്ങനെയെങ്കിൽ അതുപ്രകാരം വീതിച്ചു നൽകുകയായിരുന്നു ചെയ്യേണ്ടിയിരുന്നത്. അങ്ങനെ വരുമ്പോൾ ബാബറി മസ്ജിദ് പ്രശ്നം 1857 മുതൽ നിലനിൽക്കുന്നതുപോലെ തുടർന്നു പോകും. അതുകൊണ്ട് ഒരുപക്ഷേ മറ്റൊരു പ്രായോഗിക വഴി സ്വീകരിച്ചതാകാം സുപ്രീംകോടതി. ഭരണഘടനയുടെ ആർട്ടിക്കിൾ 142 നൽകുന്ന സവിശേഷ അധികാരം ഉപയോഗിച്ചുകൊണ്ട് അയോധ്യയിൽ തന്നെ മസ്ജിദ് പണിയാനായി കണ്ണായ സ്ഥലത്ത് അഞ്ച് ഏക്കർ ഭൂമി വഖഫ് ബോർഡിന് അനുവദിക്കണം എന്നും കോടതി വിധിച്ചു.
വിധി ഒരു ഒത്തുതീർപ്പോ?
അയോധ്യ വിധിയെ അപഗ്രഥിക്കുമ്പോൾ, വളരെ ശരിയായ നൈയാമിക ചട്ടക്കൂടുകൾക്കുള്ളിൽ കേസ് ഫ്രെയിം ചെയ്തിട്ടുള്ളതായി കാണാം. എന്നാൽ അനന്തരം, തുറന്നു പറയാതെതന്നെ വിശ്വാസം ഒരു പ്രധാന ഘടകമായി കടന്നു വരികയാണ്. തെളിവ് നൽകാനുള്ള ബാധ്യതയെ ഏകപക്ഷീയമായി വ്യാഖ്യാനിക്കുന്നത് അതുകൊണ്ടാണ്. രാം ലല്ലയുടെ എല്ലാ വാദങ്ങളും തള്ളിക്കളഞ്ഞതിനു ശേഷവും തർക്കഭൂമി മുഴുവൻ രാം ലല്ലയ്ക്കു തന്നെ വിട്ടുകൊടുക്കേണ്ട സാഹചര്യം ഉണ്ടാവുന്നത് അങ്ങനെയാണ്. ഹൈന്ദവ വിശ്വാസത്തെ ഉയർത്തിക്കാണിക്കുന്ന ഒരു അനുബന്ധം വിധുയുടെ ഭാഗമല്ലെന്നു പ്രസ്താവിച്ചുകൊണ്ട് വിധിയോടൊപ്പം ചേർക്കാനുണ്ടായ കാരണവുമതാണ്. സൂഷ്മവായനയിൽ ഈ അനുബന്ധം മറ്റൊരു വിധിന്യായമാണെന്നും രചയിതാവ് ജസ്റ്റിസ് അശോക് ഭൂഷനാണെന്നും നിയമവിദഗ്ദർ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. പുതിയ ക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാൻ എല്ലാവർക്കും ക്ഷണം ലഭിച്ചിട്ടുണ്ടെങ്കിലും, വിധിയെഴുതിയ ജഡ്ജിമാരിൽ ജസ്റ്റിസ് ഭൂഷൻ മാത്രമാണ് ചടങ്ങിൽ പങ്കെടുക്കുക എന്ന് റിപ്പോർട്ടുകളുണ്ട്.
എന്തുകൊണ്ട് സുപ്രീംകോടതി ഏകപക്ഷീയമായൊരു വിധി പുറപ്പെടുവിച്ചു എന്നതിനെക്കുറിച്ച് പല അഭിപ്രായങ്ങളും ഉയർന്നു വന്നിരുന്നു. പല തവണ നിർദ്ദേശിക്കപ്പെട്ട ഒരു ഒത്തുതീർപ്പ് ഫോമുകയുടെ സ്വഭാവം അതിനുണ്ട്. ബാബ്റി പ്രശ്നത്തിന് ചർച്ചകളിലൂടെ പരിഹാരം കണ്ടെത്താനുള്ള ഒരു സമാന്തരശ്രമം കൂടി സുപ്രീംകോടതി നടത്തുന്നുണ്ടായിരുന്നു. കേസിലെ വാദം അവസാനിച്ച ഘട്ടത്തിൽ വഖഫ് ബോർഡും ഹൈന്ദവ വിഭാഗങ്ങളും തമ്മിൽ ഒരു ധാരണയിൽ എത്തി എന്ന് വാർത്ത പടരാൻ തുടങ്ങിയിരുന്നു. ജ്യോതിപീഠ് ശങ്കരാചാര്യ, സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതിയുമായി കരൺ ഥാപ്പർ നടത്തിയ അഭിമുഖത്തിൽ, അദ്ദേഹം പറയുന്ന വളരെ പ്രധാനപ്പെട്ട ഒരു കാര്യം എന്തുകൊണ്ട് ശ്രദ്ധ നേടാതെ പോയി എന്നത് എന്നെ അത്ഭുതപ്പെടുത്തുന്നു. അയോധ്യ കേസിലെ സുപ്രീംകോടതി വിധി വരുന്നതിനു മുൻപ്, അത് സംബന്ധിച്ച് ഹൈന്ദവ-മുസ്ലിം പക്ഷങ്ങൾ തമ്മിൽ ഒരു ധാരണ ഉണ്ടാക്കിയിരുന്നു എന്നതാണത്. അദ്ദേഹം കൂടി ഭാഗമായിരുന്ന ചർച്ചകൾക്കൊടുവിൽ സുന്നി വക്കഫ് ബോർഡിൻറെ തലവൻ സഫർ ഫറൂക്കി ഒപ്പിട്ടു നൽകിയ ഒത്തുതീർപ്പ് ഉടമ്പടി പ്രകാരം മുസ്ലിം വിഭാഗങ്ങൾ പള്ളിക്ക് മേലുള്ള അവകാശവാദം ഉപേക്ഷിച്ചിരുന്നു എന്നാണ് ശങ്കരാചാര്യ പറഞ്ഞത്. അങ്ങനെ ഒരു ഒത്തുതീർപ്പിൽ എത്തിയിരുന്നതായി സുപ്രീംകോടതിയെ അറിയിച്ചതിൻ്റെ ഭാഗമായിട്ടാണ്, കോടതിയിൽ നിന്നും ഏകപക്ഷീയമായ, ഐകകണ്ഠമായ ഒരു വിധി ഉണ്ടായത്. അല്ലായിരുന്നുവെങ്കിൽ ഒരിക്കലും 5-പൂജ്യത്തിന് ഒരു തീരുമാനം കോടതിയിൽ നിന്നുണ്ടാകുമായിരുന്നില്ല എന്നും അദ്ദേഹം പറയുന്നു. വളരെ പ്രധാനപ്പെട്ട വെളിപ്പെടുത്തൽ ആണിത്. എതിർകക്ഷികളും അഭിപ്രായം തുറന്നു പറയേണ്ടതുണ്ട്. സംഭവത്തിന്റെ യാഥാർത്ഥ്യം ബോധ്യപ്പെടണം. മുൻപ് ചന്ദ്രശേഖർ പ്രധാനമന്ത്രിയായിരുന്ന കാലഘട്ടത്തിൽ ഇതേ മാതൃകയിൽ ഒരു ഒത്തുതീർപ്പ് ഫോർമുല ഉരുത്തിരിഞ്ഞു വന്നിരുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ ഗവൺമെൻറ് മാറിയതോടുകൂടി ആ ചർച്ചകൾ നിന്നു പോയി.
ഇനി അഥവാ ഒരൊത്തുതീർപ്പ് നടന്നിട്ടുണ്ടെങ്കിൽ തന്നെ, നിവൃത്തി കേടുകൊണ്ട് സംഭവിച്ചതാകാനേ വഴിയുള്ളൂ. ചർച്ചകളിൽ നീതിബോധത്തിന്റെ സാധ്യതകൾ പോലും കടന്നു വരാൻ കഴിയാത്ത വിധം രാജ്യത്തെ സ്ഥിതിഗതികൾ ഏകപക്ഷീയമായി മാറി കഴിഞ്ഞിരുന്നു. തകർക്കപ്പെട്ട പള്ളി പുന:സ്ഥാപിക്കുക എന്നത് ആലോചിക്കാൻ കഴിയാത്ത സംഗതി ആണെന്ന് നരസിംഹറാവു ഗവൺമെൻറ് തന്നെ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. ഗുരുതര ക്രമസമാധാന പ്രശ്നവും വർഗീയ കലാപവുമാകും ഉണ്ടാവുക. ഗവൺമെന്റുകളും ജുഡീഷ്യറിയും രാഷ്ട്രീയകക്ഷികളും രഥയാത്രയുടെ ഭാഗമായിക്കഴിഞ്ഞിരുന്നു. പൊതുസമൂഹവും മാധ്യമങ്ങളും മറ്റൊരു പരിഹാരവും പ്രതീക്ഷിച്ചിരുന്നില്ല. അതുകൊണ്ടാണ് രാമക്ഷേത്രനിർമ്മിതി ഗവൺമെന്റിന്റെ ഔദ്യോഗിക പദ്ധതിയായി മാറിയിട്ടും പ്രതിസ്വരങ്ങൾ ഒന്നും ഉയരാതിരിക്കുന്നത്.
നിയമലംഘകർ രക്ഷപെടുന്നു
ബാബ്‌റി മസ്ജിദെനിതിരെ നടന്ന ആക്രമണങ്ങളുടെ ഭാഗമായിരുന്നവരാരും ശിക്ഷിക്കപ്പെട്ടില്ല എന്ന വസ്തുത നീതി നിഷേധത്തിന്റ വ്യാപ്തി വർദ്ധിപ്പിക്കുന്നു. മാത്രവുമല്ല, അനീതിയുടെ കഥാഗതിയിൽ കഥാപാത്രങ്ങളായവരെഎല്ലാം അധികാരത്തിന്റെ ഇടനാഴികളിൽ നമ്മൾ പിന്നീട് കണ്ടുമുട്ടുന്നുമുണ്ട്. 1949-ലെ ഗൂഡാലോചനയുടെ ഭാഗമായിരുന്ന കെ കെ നായർ ജനസംഘിന്റെ സ്ഥാനാർത്ഥിയായി ലോക്സഭയിലെത്തി. അഭിഭാഷകനായിരുന്ന രവിശങ്കർ പ്രസാദും അരുൺ ജെയ്റ്റ്ലിയും കേന്ദ്ര മന്ത്രിമാരായി. കല്യാൺ സിംഗിന്റെ അഭിഭാഷകൻ കെ കെ വേണുഗോപാൽ ഇന്ത്യയുടെ അഡ്വക്കറ്റ് ജനറലായി. നാടാകെ വിഷം വമിപ്പിച്ച രഥയാത്ര നയിച്ച എൽ.കെ.അദ്‌വാനിയും, വാജ്പേയിയും, മുരളി മനോഹർ ജോഷിയുമെല്ലാം രാജ്യത്തെ നയിക്കുന്ന നിലയിലേക്കെത്തി. പ്രധാനമന്ത്രി നരേന്ദ്രമോദി അന്ന് രഥയാത്രയുടെ സംഘാടകനായിരുന്നു. സുപ്രീംകോടതി ബെഞ്ചിന്റെ ഭാഗമായിരുന്ന ജസ്റ്റിസ് അബ്ദുൽ നസീർ 2023-ൽ വിരമിച്ച് ഒരു മാസത്തിനകം ആന്ധ്രപ്രദേശ് ഗവർണർ ആയി. ജസ്റ്റിസ് അശോക് ഭൂഷൺ നാഷണൽ കമ്പനി ലോ അപ്പലേറ്റ് ട്രിബുണൽ ചെയർമാനാണ്. ‘ചരിത്രപരമായ പ്രാണപ്രതിഷ്ഠാ ചടങ്ങിൽ താൻ പങ്കെടുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
ആരുടെ രാമൻ?
ആധുനിക ഇന്ത്യയിൽ, ബാബറി മസ്ജിദിന്റെ രാഷ്ട്രീയ-നിയമ-ചരിത്രം നീതി നിഷേധത്തിന്റെ കഥയാണ്. തികച്ചും വ്യത്യസ്തമായ മറ്റൊരു ക്ഷേത്രവുമായി ബന്ധപ്പെട്ടുള്ള തർക്കത്തിന്റെ കൗണ്ടർ പെറ്റീഷനായി ആരംഭിച്ച ബാബറി ഭൂമിയിലെ തർക്കം ബ്രിട്ടീഷ് ഭരണകാലത്ത് തന്നെ നിയമപരമായി അവസാനിച്ചതാണ്. മഹന്ത് രഘുവർ ദാസിന്റെ അവകാശവാദം യാതൊരു തെളിവുകളുമില്ലെന്നു വ്യക്തമാക്കിക്കൊണ്ട് സിവിൽ ക്കോടതിയിൽ ജില്ലാ കോടതിയും അന്നത്തെ ഹൈക്കോടതിയും നിരാകരിച്ചതാണ്. സാധാരണഗതിയിൽ പുന:പരിശോധനയ്ക്ക് സാധ്യതയില്ലാത്തൊരു സിവിൽ തർക്കം പ്രാഥമിക നിയമതത്വങ്ങൾക്ക് വിരുദ്ധമായി, മറ്റൊരു രീതിയിൽ അവതരിപ്പിച്ചപ്പോൾ വീണ്ടും പരിശോധിക്കുവാൻ കോടതി തയ്യാറായി. രാമജന്മഭൂമി പള്ളിക്ക് അകത്തു തന്നെയാണെന്ന പുതിയ വാദം അവർ ഉന്നയിച്ചു. ഭരണകൂടത്തിന്റെയും രാഷ്ട്രീയ നേതൃത്വത്തിന്റെയും അനുമതിയോടെ നടന്ന ഭൂരിപക്ഷ അതിക്രമങ്ങൾ മുസ്‌ലിം പക്ഷത്തെ കക്ഷിചേർക്കുകപോലും ചെയ്യാതെയുള്ള ഏകപക്ഷീയമായ ജുഡീഷ്യൽ ഇടപെടലുകളിലൂടെ ശാശ്വതീകരിക്കപ്പെട്ടു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ, അനീതിക്ക് കാവൽ നിൽക്കുന്ന സാഹചര്യമുണ്ടായി. ഇതിൽ ഭരിക്കുന്ന പാർട്ടി എന്ന നിലയിൽ ഏറ്റവും കുറ്റകരമായ ഇടപെടലുകൾ നടത്തിയത് കോൺഗ്രസ്സാണ്. 1992-ൽ ഭീകരമായ ഒരു തെറ്റിലൂടെ, ഒരു ന്യൂനപക്ഷത്തിന്റെ ആരാധനാലയം മണ്ണോട് മണ്ണായി തകർത്തെറിഞ്ഞു. ഒടുവിൽ ഈ അക്രമത്തിന് എല്ലാം നേതൃത്വം നൽകിയവർക്ക് പ്രത്യേകിച്ച് യാതൊരു തെളിവുകളുടെയും പിൻബലം ഇല്ലാതെ തന്നെ ആ മണ്ണ് പതിച്ചു നൽകുന്ന വിചിത്രമായ കോടതി നടപടികളിലാണ് കഥ അവസാനിക്കുന്നത്.
അയോധ്യ ചരിത്രപരമായി ശൈവർക്ക് പ്രാധാന്യമുള്ള പ്രദേശമായിരുന്നു. അവിടെയുള്ള രാമക്ഷേത്രങ്ങൾ എല്ലാം തന്നെ സമീപകാല ചരിത്രത്തിൻ്റെ ഭാഗമാണ്. 14,15 നൂറ്റാണ്ടുകളിലാണ് ഭൂരിഭാഗവും നിർമ്മിക്കപ്പെട്ടത്. അതായത് മുസ്ലിം ഭരണകൂടങ്ങൾക്ക് കീഴിലായിരുന്ന സമയത്ത്. അയോധ്യാ തർക്കത്തിന്റെ തുടക്കമെന്ന് നമ്മൾ പറയുന്ന ഹനുമാൻ ഗഡ് ക്ഷേത്രം പതിനെട്ടാം നൂറ്റാണ്ടിൽ പണിതീർത്തതാണ്. ഇന്ന് അയോധ്യയിലുള്ള ഏതാണ്ട് എല്ലാ ക്ഷേത്രങ്ങളും അവകാശപ്പെടുന്നത് രാമൻ ജനിച്ച സ്ഥലത്താണ് തങ്ങളുടെ ക്ഷേത്രം സ്ഥിതി ചെയ്യുന്നതെന്നാണ്. ആധുനിക കാലഘട്ടത്തിൽ പോലും ഒരു വ്യക്തി എവിടെ ജനിച്ചു എന്ന് ചോദിച്ചാൽ ജനിച്ച സ്ഥലമാണ് ഉത്തരമായി നൽകുന്നത്. പ്രസവിച്ച ആശുപത്രിയോ, അതിൻ്റെ റൂം നമ്പറോ താമസിച്ച വീട്ടിൽ കിടന്നിരുന്ന മുറിയോ ഒന്നും ആർക്കും ചൂണ്ടിക്കാണിക്കാൻ കഴിയാറില്ല. പിന്നെയാണ് രാമൻ ജനിച്ച സ്ഥലം. അത്, കൃത്യമായി ബാബറി മസ്ജിദിന്റെ പ്രധാന മിനാരത്തിന് കീഴെയാണ് എന്ന് സ്ഥാപിച്ചെടുക്കുന്നത് ഒരു രാഷ്ട്രീയ പദ്ധതിയാണ്. ഇവിടെ സൃഷ്ടിക്കപ്പെടുന്ന രാമരാജ്യം, ഗാന്ധിയുടെ രാമരാജ്യമല്ല, സനാതന ധർമ്മ സംരക്ഷകനായി അവതരിച്ച അതേ രാമൻ്റെ രാജ്യമാണ്. ഹിന്ദു രാഷ്ട്രമാണ്. വംശവെറിയുടെ അടിസ്ഥാനത്തിൽ രൂപം കൊണ്ട വിദ്വേഷ പ്രത്യയശാസ്ത്രത്തെ നെഞ്ചേറ്റുന്നവരുടെ രാഷ്ട്രമാണ്.
അയോദ്ധ്യ വിധി വന്ന ഘട്ടത്തിൽ ചില പ്രതീക്ഷകളെങ്കിലും ബാക്കിയുണ്ടായിരുന്നു. ഇതുപോലൊരു തർക്കം ഇനി ഉണ്ടാവരുതെന്ന ആഗ്രഹത്തിന്റെ പ്രതിഫലനം വിധിയിൽ കാണാനുണ്ടായിരുന്നു. ഇന്ത്യയിലെ ആരാധനാലയങ്ങൾ രാജ്യം സ്വാതന്ത്ര്യം നേടിയ 1947- ആഗസ്റ്റ് 15 -ന് നിലനിന്നിരുന്നുവോ അതുപോലെ തുടരണം എന്ന് നിർദ്ദേശിക്കുന്ന 1991-ലെ പ്ളേസസ് ഓഫ് വർഷിപ്പ് ആക്ടിനെക്കുറിച്ചുള്ള നിരീക്ഷണങ്ങൾ ആ നിലയിലേക്കാണ് വിരൽ ചൂണ്ടിയത്. എന്നാൽ സംഭവിച്ചത് അങ്ങനെയല്ല. ഇപ്പോൾ, ഗ്യാൻ വാപി മോസ്കിൽ എ.എസ്.ഐ. സർവേ തുടങ്ങിയിരിക്കുന്നു. ഗ്യാൻ വാപി ഹർജി പ്ളേസസ് ഓഫ് വർഷിപ്പ് ആക്ടിനു വിരുദ്ധമാണെന്ന വാദം സുപ്രീംകോടതി അംഗീകരിച്ചില്ല. നിയമപ്രകാരം ആരാധനാലയങ്ങളുടെ സ്വഭാവം മാറ്റാൻ കഴിയില്ലെന്നേയുള്ളു, അത് പരിശോധിക്കുവാൻ പാടില്ലെന്നില്ലെന്ന വിചിത്രന്യായം പറഞ്ഞത് അയോദ്ധ്യ വിധിയെഴുതിയ ജസ്റ്റിസ്. ചന്ദ്രചൂഡ് തന്നെയാണ്!
പള്ളി പൊളിച്ചു എന്ന വാർത്ത ഞെട്ടലോടെയും ഭീതിയോടെയും ശ്രവിക്കുകയും അത് ദേശീയ തലത്തിൽ വലിയ നാണക്കേടാണെന്നു വിചാരിക്കുകയും ചെയ്തിരുന്ന കാലഘട്ടത്തിൽ നിന്ന്, പള്ളി പൊളിച്ച് പണിത അമ്പലത്തിന്റെ ഉദ്ഘാടനത്തിന് ഗവൺമെൻറ് അവധി പ്രഖ്യാപിക്കുകയും, മുഖ്യധാരാമാധ്യമങ്ങൾ എല്ലാം പ്രാണപ്രതിഷ്ഠ ആഘോഷമാക്കുകയും ചെയ്യുന്ന കാലത്ത് നീതിയെക്കുറിച്ച് എന്തെന്ത് പ്രതീക്ഷകളാണ് നമ്മൾ ബാക്കി വയ്ക്കേണ്ടത് എന്നറിയില്ല. എന്തായാലും ഒരു കാര്യമുറപ്പാണ്. സുപ്രീംകോടതി വിധി വന്നതോട് കൂടി ബാബർ പള്ളിപണിതത് ക്ഷേത്രം തകർത്തിട്ടാണെന്ന കെട്ടുകഥ പൊളിഞ്ഞു. എന്നാൽ ആധുനിക ജനാധിപത്യരാഷ്ട്രമെന്നഭിമാനിക്കുന്ന ഇന്ത്യയിൽ പകൽ വെളിച്ചത്തിൽ ഒരു പള്ളി പൊളിച്ചിട്ടുണ്ട്. ഇപ്പോൾ ഇതാ അവിടെ ഒരു അമ്പലം പണി തീർത്തിരിക്കുന്നു. കഥ അവസാനിക്കുന്നില്ല! “കാശി, മധുര ബാക്കി ഹേ” എന്ന മുദ്രാവാക്യം ജനാധിപത്യത്തിൻ്റെ കൊലവിളിയായി ചുറ്റിലും മുഴങ്ങിക്കൊണ്ടിരിക്കുന്നു.
published in Dool News 22/01/2024