Digital Media Ethics Code: ഡിജിറ്റൽ അവകാശങ്ങൾക്കുമേലുള്ള കടന്നുകയറ്റം

അറിവിന്റെയും അഭിപ്രായങ്ങളുടെയും ജനാധിപത്യവത്ക്കരണം; അതിലൂടെ സ്വാതന്ത്ര്യത്തിന്റെ വിശാലാകാശങ്ങൾ സൃഷ്ടിക്കുക എന്നതാണ് ആധുനിക കാലഘട്ടത്തിൽ ഇൻറർനെററ്റിന് നിർവഹിക്കാൻ കഴിയുന്ന സുപ്രധാന ദൗത്യങ്ങളിലൊന്ന്. രാജ്യാതിർത്തികൾ ക്കിടയിൽ ഒതുങ്ങിനിന്നിരുന്ന വിവരങ്ങളെ സാർവദേശീയ വിഭവമാക്കി മാറ്റുക വഴി ഇൻറർനെറ്റ് അതിനു തുടക്കം കുറിച്ചു. കേന്ദ്രീകൃത ശൃംഖലകൾക്ക് കീഴിൽ വിവരശേഖരണവും പ്രസിദ്ധീകരണവും സാധ്യമാക്കുന്ന പൊതുവേദികൾ ആയി സാമൂഹ്യമാധ്യമങ്ങളും ഡിജിറ്റൽ വാർത്താ മാധ്യമങ്ങളും ഉയർന്നുവന്നപ്പോൾ അത് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ആഗോളവൽക്കരണമാകുമെന്ന് നമ്മൾ കരുതി. സ്വാതന്ത്ര്യത്തിന് വ്യത്യസ്തങ്ങളായ പരിധികൾ കല്പിക്കുന്ന വിവിധ രാജ്യങ്ങളിൽ നിലനിൽക്കുന്ന നിയമങ്ങളുടെ അതിരുകൾ ഭേദിച്ച് സ്വാതന്ത്ര്യത്തിന് വലിയ വില നൽകുന്ന ഇടങ്ങളിലെ മാനകങ്ങൾക്കനുസൃതമായി ആഗോളതലത്തിൽ ഒരു പൊതുവേദി സൃഷ്ടിക്കുക വഴിയാണ് അത് സാധ്യമായത്. വലിയ നിയന്ത്രണങ്ങൾ നിലവിലുള്ള ഇടങ്ങളിൽ പോലും ഈ മാധ്യമങ്ങൾ സ്വാതന്ത്ര്യത്തിന്റെ വെളിച്ചം കടത്തിവിടുമെന്നു വന്നു. ഏതൊരു അപരിചിത ദേശങ്ങളിലേയും മനുഷ്യർ ലോകത്തെ അഭിസംബോധന ചെയ്തു തുടങ്ങി. 

എന്നാൽ ഭരണകൂടങ്ങൾ വളരെ പെട്ടെന്നുതന്നെ ഇതിനോട് പ്രതികരിച്ചു. ഓരോ രാജ്യങ്ങളിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള ശ്രമം ആരംഭിച്ചു. യൂറോപ്യൻ യൂണിയൻ വരെ 

അത്തരം നിയന്ത്രണങ്ങളെ വകവെച്ചു കൊടുത്തു. ഈ നിയന്ത്രണങ്ങൾക്ക് അനുസൃതമായി നയങ്ങൾ മാറ്റിയെഴുതാൻ സാമൂഹ്യമാധ്യമങ്ങൾ നിർബന്ധിതരായി.  കേന്ദ്രീകൃത സംവിധാനങ്ങൾ ആയതുകൊണ്ടുതന്നെ ഫലത്തിൽ ഈ നിയന്ത്രണങ്ങളിൽ പലതും ആഗോളതലത്തിൽതന്നെ ബാധകമാക്കേണ്ടുന്ന സ്ഥിതിയുണ്ടായി. സ്വാതന്ത്ര്യം പ്രചരിപ്പിക്കുമെന്ന് കരുതിയവർ വലിയതോതിൽ സ്വാതന്ത്ര്യത്തിന് വിലകൽപ്പിക്കുന്ന ഇടങ്ങളിലേക്ക് പോലും നിയന്ത്രണങ്ങൾ കൊണ്ടുവന്നു. സ്വാതന്ത്ര ലംഘനത്തിന്റെ ആഗോളവത്കരണമായി അത് മാറിക്കൊണ്ടിരിക്കുകയാണ്.

ഗവൺമെൻറ് കൾ എല്ലാം കൂടുതൽ കൂടുതൽ നിയന്ത്രണങ്ങൾക്കായി കോപ്പ് കൂട്ടുന്നു. പടർന്നു പ്രചരിച്ച അനാശാസ്യകാര്യമായ പ്രവണതകളും വ്യക്ത്യാധിക്ഷേപങ്ങളും വിദ്വേഷ പ്രചരണങ്ങളുമെല്ലാം ഇത്തരം ശ്രമങ്ങൾക്ക് ഒരുപരിധിവരെ പൊതു സ്വീകാര്യതയും നേടിക്കൊടുത്തിട്ടുണ്ട്. ഇൻറർനെറ്റിലെ അഭിപ്രായ സ്വാതന്ത്ര്യത്തെ മാത്രം മറ്റിടങ്ങളിൽ നിന്ന് വ്യത്യസ്തമായി പ്രത്യേകം നിയന്ത്രിക്കേണ്ടതാണ് എന്ന പൊതുബോധനിര്മിതിയുണ്ടായിരിക്കുന്നു.  ഭരണകൂടങ്ങളാകട്ടെ ഇതിൻറെ മറവിൽ ജനാധിപത്യവിരുദ്ധമായ പരിഷ്കാരങ്ങൾ നടപ്പിലാക്കുകയും ചെയ്യുന്നു.

2021 ഫെബ്രുവരി 25ന് കേന്ദ്ര ഇലക്ട്രോണിക് വിവരസാങ്കേതിക മന്ത്രാലയം പുറപ്പെടുവിച്ച വിവരസാങ്കേതിക വിദ്യ (ഇന്റര്മീഡിയറി മർഗ്ഗനിര്ദേശങ്ങളും ഡിജിറ്റൽ മീഡിയ എത്തിക്സ് കോഡും) ചട്ടങ്ങൾ 2021 പൗരരുടെ ഡിജിറ്റൽ അവകാശങ്ങൾ മേലുള്ള കടന്നുകയറ്റമാണ്.  വിവര സാങ്കേതിക നിയമം 2000 സെക്ഷൻ 87 പ്രകാരം പുറപ്പെടുവിച്ച വിജ്ഞാപനം പ്രസ്തുത നിയമത്തിൻറെ പരിധിക്ക് പുറത്തുള്ള കാര്യങ്ങൾ ഉൾക്കൊള്ളുന്നുണ്ട്. വിശദമായ കൂടിയാലോചനകൾക്ക് ശേഷം പാർലമെൻറിൻ്റെ അനുമതിയോടുകൂടി നിയമനിർമാണത്തിലൂടെ നടപ്പിലാക്കേണ്ട കാര്യങ്ങൾ ആണ് ഒരു എക്സിക്യൂട്ടീവ് ഉത്തരവ് വഴി കൊണ്ടുവന്നിരിക്കുന്നത്. ആ അർത്ഥത്തിൽ ഈ ചട്ടങ്ങൾ നിയമവിരുദ്ധമാണ്,  ഭരണഘടനാവിരുദ്ധമാണ്, പാർലമെൻറിൻ്റെ അവകാശങ്ങളെ അവഗണിക്കുന്നതാണ്, ജനാധിപത്യവിരുദ്ധമാണ്. ഇതിലൂടെ എന്തൊക്കെ പ്രശ്നങ്ങളാണ് ഗവൺമെൻറ് പരിഹരിക്കാൻ ശ്രമിക്കുന്നത് എന്നു പോലും വ്യക്തമാകുന്നില്ല എന്നതാണ് സത്യം.  

എന്താണ് വിവരസാങ്കേതിക വിദ്യ (ഇന്റര്മീഡിയറി മർഗ്ഗനിര്ദേശങ്ങളും ഡിജിറ്റൽ മീഡിയ എത്തിക്സ് കോഡും) സംബന്ധിച്ച ചട്ടങ്ങൾ 2021?

സൈബർ ലോകത്ത് വിനിമയം ചെയ്യപ്പെടുന്ന വിവരങ്ങളുടെ മേൽ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നതിന് വേണ്ടി ഐ.ടി. ആക്ടിന് കീഴിൽ രൂപീകരിച്ചിട്ടുള്ള ചട്ടങ്ങൾ ആണ്  ഇന്റര്മീഡിയറി മർഗ്ഗനിര്ദേശങ്ങളും ഡിജിറ്റൽ മീഡിയ എത്തിക്സ് കോഡും) സംബന്ധിച്ച ചട്ടങ്ങൾ 2021. എളുപ്പത്തിന് ഇന്റർ മീഡിയറി ഗൈഡ്ലൈൻസ് അഥവാ മധ്യവർത്തി മാർഗ്ഗനിർദ്ദേശങ്ങൾ എന്നു വിളിക്കാം. 

ഇന്റർമീഡിയറികൾ

മറ്റൊരു വ്യക്തിക്കുവേണ്ടി ഏതെങ്കിലും രേഖകൾ കൈപറ്റുകയോ, സൂക്ഷിക്കുകയോ, കൈമാറ്റം ചെയ്യുകയോ അതു സംബന്ധിച്ച ഏതെങ്കിലും സേവനങ്ങൾ നൽകുകയോ ചെയ്യുന്നവരാണ് മധ്യവർത്തികൾ. ടെലിക്കോം സേവനദാതാക്കൾ, നെറ്റ്വർക്ക് സേവനദാതാക്കൾ, ഇന്റർനെറ്റ് സേവനദാതാക്കൾ, വെബ് ഹോസ്റ്റിങ് സേവനദാതാക്കൾ, സെർച്ച് എഞ്ചിനുകൾ, ഓണലൈൻ പണമിടപാട് സംവിധാനങ്ങൾ, ഓണലൈൻ ലേല-സൈറ്റുകൾ, ഓണലൈൻ മാർക്കറ്റിങ് സ്‌ഥാപനങ്ങൾ, സമൂഹ്യമാധ്യമങ്ങൾ, മെസേജിംഗ്‌ ആപ്പുകൾ തുടങ്ങി ഇന്റർനെറ്റ് കഫേകൾ വരെ ഇതിന്റെ പരിധിയിൽ വരുമെന്ന് നിയമം പറയുന്നു.

ഇന്റര്മീഡിയറികൾക്ക് ബാധ്യത

വിവരസാങ്കേതിക നിയമത്തിലെ വകുപ്പ് 79 അവർക്ക് നേരിട്ട് ബന്ധമില്ലാത്ത വിവരകൈമാറ്റങ്ങളിൽനിയമാബാധ്യതകളിൽ നിന്നും ഇന്റർമീഡിയറികളെ ഒഴിവാക്കുന്നതാണ്. ഉദാഹരണത്തിന് സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെടുന്ന വിവരങ്ങൾക്ക് ആ മാധ്യമങ്ങൾ ഉത്തരവാദികളല്ല. അത് ഉപഭോക്താക്കൾ സൃഷ്ടിക്കുന്ന ഉള്ളടക്കങ്ങളാണ്. സാമൂഹ്യമാധ്യമങ്ങൾ അതിൽ മാറ്റം വരുത്തുകയോ, ഈ വിധമുള്ള വിവരങ്ങൾ പങ്കുവയ്ക്കണമെന്നു അവശ്യപ്പെടുകയോ ഒന്നും ചെയ്യുന്നില്ല. അവർക്ക് അതിന്മേൽ ഒരു നിയന്ത്രണവും സാധ്യമല്ല. അതുകൊണ്ടു തന്നെ അങ്ങനെയുള്ള സന്ദർഭങ്ങളിൽ ഇന്റര്മീഡിയറികൾക്ക് ഉള്ളടക്കങ്ങൾക്കുമേൽ നിയമപരമായ ബാധ്യത ഉണ്ടായിരുന്നില്ല. പുതിയ ചട്ടങ്ങൾ വരുന്നതോടുകൂടി അതു മാറാൻ പോകുകയാണ്. 

സെൻസർഷിപ്പിനായി നിർമിതബുദ്ധി?

ചട്ടങ്ങളുടെ വകുപ്പ് 4(4) കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ പോലെയുള്ള കാര്യങ്ങൾ കണ്ടെത്തി നീക്കം ചെയ്യുന്നതിന് സാങ്കേതിക സംവിധാനങ്ങൾ ഏർപ്പെടുത്തണം എന്നു നിഷ്കര്ഷിക്കുന്നു. എന്നാലിത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചേക്കാം. കാരണം, ഇപ്പോൾ ചൈൽഡ് പോണോഗ്രാഫി മാത്രം ആണെങ്കിലും കാലക്രമേണ കൂടുതൽ മേഖലകളിലേക്ക് ഈ ഓട്ടോമേറ്റഡ് സെൻസറിംഗ് സംവിധാനം വ്യാപിപ്പിക്കുവാനുള്ള സാധ്യതയുണ്ട്. മാത്രമല്ല അനഭിലഷണീയമായ കാര്യങ്ങൾ കൃത്യമായി കണ്ടെത്തുന്ന തരത്തിലേക്ക് നിർമിതബുദ്ധി മാറിയിട്ടുമില്ല. ഉപയോഗിച്ച മേഖലകളിലെല്ലാം കോഡിംഗ് സമയത്തെ പക്ഷപാതിത്വം തുടങ്ങി നിരവധി കാരണങ്ങളാൽ ഇത്തരം സോഫ്ട്വെയറുകൾ വിവേചനങ്ങൾക്ക് വഴിവയ്ക്കാറുണ്ട്. ആരും ഉത്തരവാദിത്തം പറയാനില്ലാത്ത, സുതാര്യതയൊട്ടും ഇല്ലാത്ത ഇത്തരം സംവിധാനങ്ങൾ മൗലീകാവകാശങ്ങളെ നേരിട്ടു ബാധിക്കുന്ന തരത്തിൽ ഉപയോഗിക്കുന്നത് ഗുണകരമാവില്ല.

എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ അവസാനിക്കുന്നോ?

സൈബർ സുരക്ഷാ പ്രശ്നങ്ങൾ രൂക്ഷമായ ഇക്കാലത്ത് സുരക്ഷിതത്വവും സ്വകാര്യതയും സംരക്ഷിക്കുന്നതിനുവേണ്ടി വാട്ട്സ് ആപ്പ്, ടെലിഗ്രാം, സിഗ്നല് തുടങ്ങിയ മെസജിംഗ് ആപ്ളിക്കേഷനുകളെയാണ് ആളുകൾ ആശ്രയിക്കുന്നത്. എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ സംവിധാനങ്ങളാണ് ഇതിന് സഹായകമാകുന്നത്. അതായത് ഇവയിലൂടെ കൈമാറുന്ന സന്ദേശങ്ങൾ അയയ്ക്കുന്നയാൾക്കും സ്വീകരിക്കുന്നയാൾക്കും മാത്രം വായിക്കാൻ കഴിയും വിധം എൻക്രിപ്റ്റ് ചെയ്യുന്നു. ഈ സന്ദേശങ്ങൾ സേവനദാതാക്കൾക്കുപോലും പോലും വായിക്കാൻ കഴിയുകയില്ല. ഇന്റർമീഡിയറി ഗൈഡ് ലൈൻ  നടപ്പിലാകുന്നതോടുകൂടി ഈ സരക്ഷണം നമുക്ക് നഷ്ടപ്പെട്ടേക്കാം. കാരണം ചട്ടം (4) അനുസരിച്ച് അധികൃതർ ആവശ്യമുന്നയിച്ചാൽ എല്ലാ സന്ദേശങ്ങളുടെയും സൃഷ്ടാവ് (first orginator) ഏതെന്നു വെളിപ്പെടുത്താൻ ഈ കമ്പനികൾ ബാധ്യതപ്പെട്ടിരിക്കുന്നു. ഒന്നുകിൽ കോടതി ഉത്തരവ് അല്ലെങ്കിൽ ജോയിൻറ് സെക്രട്ടറി റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥന് ഇത്തരമൊരു ആവശ്യം ഉന്നയിക്കാം. മൗലീകാവകാശ ലംഘനം ഉൾപ്പെടുന്ന ഇത്തരമൊരു സാഹചര്യത്തിൽ ഒരു ബയൂറോക്രാറ്റിന് അധികാരം നൽകുന്നത് അമിതാധികാര നിയോഗമാണ്. 

വിവര സാങ്കേതികത നിയമത്തിന്റെ വകുപ്പ് 849 (എ) ആണ് എൻക്രിപ്ഷനെക്കുറിച്ച് പ്രതിപാദിക്കുന്നത്  ഈ-ഗവേണൻസിന്റെ ഭാഗമായി ഇലക്ട്രോണിക്ക് മാധ്യമങ്ങളുടെ സുരക്ഷ വർധിപ്പിക്കുന്നതിന് വേണ്ടി എൻക്രിപ്ഷൻ സംവിധാനങ്ങൾ നിർദ്ദേശിക്കാം എന്നാണ്. അല്ലാതെ നിലവിലുള്ള എൻക്രിപ്ഷൻ സംവിധാനങ്ങളെ ദുര്ബലപ്പെടുത്താനുള്ളതല്ല ഈ വകുപ്പ്. അതുകൊണ്ടുതന്നെ 84-ആം വകുപ്പനുസരിച്ചാണ് ഈ ചട്ടങ്ങൾ എന്ന വാദം നിലനിൽക്കുന്നതല്ല.. 

സന്ദേശത്തിന്റെ പ്രഭവകേന്ദ്രം ഇന്ത്യക്ക് വെളിയിലാണെങ്കിൽ രാജ്യത്തിനകത്ത് ആദ്യമായി ഷെയർ ചെയ്യുന്ന വ്യക്തിയെ സൃഷ്ടാവായി കണക്കണമെന്നു ചട്ടം 4(2) പറയുന്നു. എന്നാൽ എൻക്രിപ്ഷനിൽ വരുത്തുന്ന ഇത്തരം ഇളവുകൾ വിവരസുരക്ഷയെ ബാധിക്കുമെന്ന് വിദഗ്ധർ പറയുന്നു. മദ്രാസ് ഹൈക്കോടതിയിൽ ഇത്തരമൊരു ആവശ്യം ഉയർന്നപ്പോൾ അത് അപകടകരമാണെന്ന് ചൂണ്ടിക്കാണിക്കുന്ന റിപ്പോർട്ട് ബോംബൈ ഐ.ഐ.ടിയിലെ കമ്പ്യൂട്ടർ സയൻസ് വിഭാഗം പ്രഫസർ ഡോ. മനോജ് പ്രഭാകർ സമർപ്പിച്ചിരുന്നു. ക്രിമിനലുകൾക്ക് സന്ദേശ രചയിതാവിനെ സംബന്ധിച്ച വിവരങ്ങൾ മാറ്റി, നിരപരാധികളെ കുടുക്കാൻ കഴിയും എന്നാണ് അദ്ദേഹത്തിന്റെ റിപ്പോർട്ട് പറയുന്നത്.  

അതുകൂടാതെ, ഇത്തരം നിബന്ധനകൾ ഈ കമ്പനികൾക്ക് ഇന്ത്യയിൽ മാത്രമായി നടപ്പിലാക്കാനാകില്ല എന്ന ഒരു പ്രശ്നം കൂടിയുണ്ട്. എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ ഇല്ലാതാക്കിയാൽ ഇവർക്ക് ആഗോളതലത്തിൽ ഉപഭോക്താക്കളെ നഷ്ടമാകും. ആന്ത്യന്തികമായി ഇന്ത്യകാർക്ക് ഇത്തരം സേവനങ്ങൾ നഷ്ടമാകുന്ന സാഹചര്യവും വന്നു ചേർന്നേക്കാം.

നിയന്ത്രണ സംവിധാനങ്ങൾ

ചട്ടങ്ങളിലെ വകുപ്പ് 9,10,11,12 എന്നിവ പ്രകാരം ഡിജിറ്റൽ പ്ലാറ്ഫോമുകളെല്ലാം ലെവൽ 1, ലെവൽ 2, ലെവൽ 3 എന്നിങ്ങനെ ത്രിതല നിയന്ത്രണ സംവിധാനങ്ങൾ വഴി നിയന്ത്രിക്കപ്പെടും. 

ലെവൽ 1

ഇതൊരു സ്വയം നിയന്ത്രണ സംവിധാനമാണ്. എല്ലാ ഇന്റര്മീഡിയറികളും ഒരു ചീഫ് കംപ്ലെയൻസ് ഓഫീസറെയും, നോഡൽ കോണ്ടാക്ട് ഓഫീസറെയും, ഗ്രീവൻസ് റിഡ്രസൽ ഓഫീസറെയും നിയമിക്കണം. ഇവർക്ക് നൽകുന്ന പരാതികളിന്മേൽ 15 ദിവസങ്ങൾക്കകം അനുകൂലമായ തീരുമാനം ഉണ്ടായില്ലെങ്കിൽ പരാതിക്കാർക്ക് സമീപിക്കാൻ ഒരു ലെവൽ 2 സംവിധാനം ഉണ്ടാകും.

ലെവൽ 2

ഇത് ചട്ടങ്ങൾ ബാധകമായ സ്ഥാപനങ്ങളുടെ പൊതുസമിതി രൂപീകരിക്കുന്ന കമ്മറ്റിയാണ്. അതിന്റെ തലപ്പത്ത് ഗവണ്മെന്റ് നിയോഗിക്കുന്ന ഒരു റിട്ടയേഡ് ഹൈക്കോടതി അല്ലെങ്കിൽ സുപ്രീംകോടതി ജഡ്ജിയായിരിക്കും. ഇവരും 15 ദിവസത്തിനുള്ളിൽ ഒരു പരാതിപരിഹാരം നടത്തേണ്ടതുണ്ട്. അതിനും മേലെയാണ് ലെവൽ 3

ലെവൽ 3

ഇത് ഗവണ്മെന്റ് തലത്തിലുള്ള മേല്നോട്ടസമിതിയാണ്. കേന്ദ്ര വാർത്താ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലാണ് ഇതു പ്രവർത്തിക്കുക. വനിതാ ശിശു ക്ഷേമം, നിയമം, ആഭ്യന്തരം, ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി, വിദേശകാര്യം, പ്രതിരോധം തുടങ്ങിയ കേന്ദ്ര മന്ത്രാലയങ്ങളിൽ നിന്നും കമ്പ്യൂട്ടർ എമർജൻസി റസ്പോൻസ് ടീം (CERT)-ൽ നിന്നുമുള്ള പ്രതിനിധികൾ ഇതിലുണ്ടാകും. കൂടാതെ  വിഷയ വിദഗ്ധരെയും ഉൾപ്പെടുത്തും. ഈ സമിതിയുടേതായിരിക്കും പരാതികളിൽ അവസാന വാക്ക്. അതായത് എല്ലാ റിഡ്രസൽ സംവിധാനങ്ങൾക്കും  മേലെ ഗവണ്മെന്റിന്റെ ഇംഗിതമാണ് നടപ്പിലാകുക എന്നു സാരം. ഈ സമിതിയ്ക്ക് വിവരങ്ങൾ നീക്കം ചെയ്യാനോ, ക്ഷമാപണം ആവശ്യപ്പെടാനോ ശാസിക്കാനോ ഒക്കെ അധികാരമുണ്ട്. സമ്പൂർണ സെൻസറിംഗിലേക്ക് പോകാനുള്ള എല്ലാ സാധ്യതകളുമുണ്ട്.

ഓൺലൈൻ വാർത്താ മാധ്യമങ്ങൾക്ക് ഭീഷണി.

സമകാലീന ഇന്ത്യയിൽ ഗവണ്മെന്റ് കേൾക്കാൻ ആഗ്രഹിക്കാത്ത അപ്രിയ സത്യങ്ങൾ ജനങ്ങളിലേക്കെത്തിക്കുന്നത് ഓണലൈൻ വാര്ത്താ പോർട്ടലുകളാണ്. അതുകൊണ്ടുതന്നെ അവയ്ക്ക് കൂച്ചുവിലങ്ങിടാൻ ഉള്ള ശ്രമമാണ് ചട്ടങ്ങളിലെ വകുപ്പ് 5,7, 8 എന്നിവയിൽ കാണുന്നത്. 

ഓൺലൈൻ പേപ്പറുകൾ, ന്യൂസ് ആഗ്രഗേറ്ററുകൾ, വാർത്ത ഏജൻസികൾ, തുടങ്ങി മറ്റെന്തുപേരിലും അറിയപ്പെടുന്ന സ്ഥാപനങ്ങളും നിയന്ത്രിക്കപ്പെടും.

ഇവിടെ പത്രങ്ങൾക്ക് നൽകിയിരിക്കുന്ന നിർവചനം ശ്രദ്ധേയമാണ്. വകുപ്പ് 1(എൻ) അനുസരിച്ച് “ആഴ്ചയിൽ ഒരിക്കലെങ്കിലും പ്രസിദ്ധീകരിക്കുന്ന ന്യൂസ്പ്രിന്റിൽ അച്ചടിചു വെറുതെ മടക്കിയ പ്രസിദ്ധീകരണങ്ങളാ”ണ് പത്രങ്ങൾ. പത്രങ്ങളെ ചട്ടങ്ങളുടെ പരിധിയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. അപ്പോൾ മാസത്തിൽ ഒരിക്കൽ അച്ചടിച്ചു പ്രസിദ്ധീകരിക്കുന്ന കാരവൻ പോലുള്ള മാധ്യമങ്ങൾ ഏതു നിർവചനത്തിൽ പെടും എന്നത് ശ്രദ്ധിക്കണം. പത്രങ്ങളുടെ നിർവചനത്തിൽ പെടുത്താതെ അവയെ യഥേഷ്ടം സെൻസർ ചെയ്യാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. അതേസമയം ന്യൂസ് പേപ്പർ, അതിന്റെ ഈ-പേപ്പർ റെപ്ലിക്ക എന്നിവയെ ചട്ടങ്ങളുടെ പരിധിയിൽ നിന്നും ഒഴിവാക്കിയിട്ടുമുണ്ട്. ഫലത്തിൽ ഇപ്പോൾ ഗവണ്മെന്റിന് മുന്നിൽ നടുനിവർത്തി നിന്ന് ചോദ്യങ്ങൾ ഉന്നയിക്കുന്ന ഓണലൈൻ വാർത്താ മധ്യമങ്ങളെയാകെ സെന്സര്ഷിപ്പിൽ മുക്കിക്കളയുവാനുള്ള ഗൂഢതന്ത്രമായി ഇതിനെ കാണേണ്ടി വരും. അതേസമയം പ്രിന്റിന്റെ പിന്ബലമുള്ള വമ്പന്മാരെ വെറുതെ വിടുകയും ചെയ്യുന്നു.

ഒ.ടി.ടി. പ്ലാറ്റ്‌ഫോമുകൾ 

വിദേശരാജ്യങ്ങളിൽ കുറെയധികം നാളുകളായി പ്രചുര പ്രചാരം നേടിയിരുന്നെങ്കിലും കോവിഡ്19 ലോക്ക്ഡൗണിന്റെ സമയത്താണ് നമ്മുടെ നാട്ടിലും വ്യാപകമായി ഉപയോഗിക്കപ്പെട്ടു തുടങ്ങിയത്. നെറ്റ്ഫ്ലിക്‌സ്, ആമസോൺ പ്രൈം തുടങ്ങിയ പ്ലാറ്റ്‌ഫോമുകൾ വഴി വിവിധങ്ങളായ വീഡിയോ ഓഡിയോ സീരീസുകൾ ലോകത്തെവിടെനിന്നും മൊബൈൽ, കമ്പ്യൂട്ടർ, സ്മാർട്ട് ടിവി എന്നിങ്ങനെ പല ഉപകരണങ്ങളിലൂടെ അസ്വദിക്കാമെന്നുവന്നു. തദ്ദേശീയമായ നിരവധി നിർമിതികളും അതോടൊപ്പം ഉയർന്നു വന്നു. അങ്ങനെയിരിക്കവേ ആണ് ‘താണ്ഡവ് വിവാദം ഉയർന്നു വരുന്നത്’. ആമസോണിൽ റിലീസ് ചെയ്ത ‘താണ്ഡവ്’ ഹിന്ദു ദൈവങ്ങളെ അപകീർത്തിപ്പെടുത്തുന്നതാണ് എന്ന് ബിജെപി എം.പി. മനോജ് കോട്ടക് പരാതിയുമായി എത്തി. വലിയ പ്രതിഷേധങ്ങളുണ്ടായി. ഒരുപക്ഷേ ഇന്റര്മീഡിയറി ഗൈഡ്ലൈൻസിന്റെ ഭാഗമായി ഒ.ടി.ടി.വേദികളെയും നിയന്ത്രിക്കുന്നതിനായുള്ള കളമൊരുങ്ങുന്നത് ഇതോടെയാണ്. അങ്ങനെ പുതിയ ചട്ടങ്ങളിൽ ദിജുറാൾ മീഡിയയ്ക്ക് ഒരു എതിക്ക്‌സ് കോഡ് ഉൾച്ചേർത്തിരിക്കുന്നു.. ഒ.ടി.ടി. സേവനങ്ങൾക്ക് സെൻസർഷിപ്പ് ഏർപ്പെടുത്തുവാനുള്ള തീരുമാനത്തിനും പാർലമെന്റ് പാസാക്കിയ ഒരു നിയമത്തിന്റെയും പിൻബലമില്ല. ഇത്തരം സേവനങ്ങളെല്ലാം ആഗോള തലത്തിൽ പ്രവർത്തിക്കുന്നവയാണ്. ഇതുപോലുള്ള ഐച്ഛികമായ നിയന്ത്രണങ്ങൾ കൊണ്ടുവന്നാൽ, ആ സേവനങ്ങൾ ഇന്ത്യക്കാർക്ക് നിഷേധിക്കുവാനെ ഉപകരിക്കൂ. അതോടൊപ്പം കേവലം ഉപഭോക്താവ് എന്നതിലുപരി ഇന്ത്യൻ ഉള്ളടക്കങ്ങളും ഒ.ടി.ടി. മേഖലയിൽ ദിനംപ്രതി വർധിച്ചുവരികയാണ്. ആഗോള പ്രേക്ഷകരെ ലക്ഷ്യം വച്ചുള്ള ബിസിനസ് സാധ്യതകളെ ഇല്ലാതാക്കുക കൂടിയാണ് ഈ നിയന്ത്രണങ്ങൾ ചെയ്യുക. ഏത് തരത്തിലായാലും നമ്മുടെ ഡിജിറ്റൽ അവകാശങ്ങൾക്കുമേലുള്ള കടന്നുകയറ്റമാണ് ഇത് എന്ന കാര്യത്തിൽ സംശയമില്ല.  

സമൂഹ്യമാധ്യമങ്ങൾ, മെസേജിംഗ്‌ ആപ്പുകൾ, ഓൺലൈൻ വാർത്താ മാധ്യമങ്ങൾ, ഒ.ടി.ടി. സേവനങ്ങൾ എന്നിങ്ങനെ സൈബർ ലോകത്തെ സമസ്തമേഖലയിലെയും അഭിപ്രായപ്രകടനപരിധികൾ പുനര്നിര്ണയിക്കുന്ന, സ്വകാര്യതാ മാനകങ്ങൾ അട്ടിമറിക്കുന്ന മർഗ്ഗനിർദ്ദേശങ്ങളാണ് കേന്ദ്ര സർക്കാർ ഇപ്പോൾ പുറപ്പെടുവിച്ചിരിക്കുന്നത്. സ്വകാര്യത ജീവിക്കാനുള്ള അവകാശത്തിന്റെ അവിഭാജ്യ ഭാഗമായി അംഗീകരിക്കപ്പെട്ടിട്ടുള്ള, അഭിപ്രായ സ്വാതന്ത്ര്യം ഭരണഘടനാപരമായി സംരക്ഷിക്കപ്പെട്ടിട്ടുള്ള ഒരു രാജ്യമാണ് നമ്മുടേത്. മൗലീകാവകാശങ്ങൾക്കുമേൽ നിയമത്തിന്റെ പിന്ബലമില്ലാതെ ഒരു കടന്നുകയറ്റവും നമ്മുടെ ഭരണഘടന അനുവദിക്കുന്നില്ല. എന്നാൽ യാതൊരു കൂടിയാലോചനകളുമില്ലാതെ കേവലം ഒരു എക്സിക്യൂട്ടീവ് ഉത്തരവ് വഴി ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന നിർദ്ദേശങ്ങളാണ് വിജ്ഞാപനം ചെയ്യപ്പെട്ടിരിക്കുന്നത്. അതിന്റെ ഉദ്ദേശ്യലക്ഷ്യമെന്തെന്നുപോലും വിശദീകരിക്കുന്നില്ല നമ്മുടെ ഗവണ്മെന്റ്. 

ഇത്തരം കാര്യങ്ങൾ ജനാധിപത്യപരമായ അവധാനതയാണ് ആവശ്യപ്പെടുന്നത്. ഇന്റര്നെറ്റ് ഫ്രീഡം ഫൗണ്ടേഷൻ അവശ്യപ്പെട്ടതുപോലെ എന്തെന്തു കാര്യങ്ങൾക്കുവേണ്ടിയാണ് നിയമനിര്മാണങ്ങൾ നടത്തുവാൻ അല്ലെങ്കിൽ ചട്ടങ്ങൾ രൂപീകരിക്കാൻ ഗവണ്മെന്റ് ആലോചിക്കുന്നത് എന്നതിനെക്കുറിച്ച് ഒരു ധവളപത്രം ആദ്യം പ്രസിദ്ധീകരിക്കണം. അതിന്മേൽ ഒരു വിശദമായ കൂടിയാലോചനകൾ നടക്കണം. നമ്മുടെ ഡിജിറ്റൽ അവകാശങ്ങൾ ഹനിക്കാതെ, സ്വകാര്യതയും, സുരക്ഷിതത്വവും നിലനിർത്തിക്കൊണ്ട് എന്തു തരം മാറ്റങ്ങളാണ് വരുത്താൻ കഴിയുക എന്നതിനെക്കുറിച്ച് ഒരു ധാരണയുണ്ടാക്കണം. പാർലമെന്റിൽ ചർച്ചനടക്കണം. അതിനു വേണ്ട നിയമാനിര്മാണങ്ങൾ നടത്തണം. അല്ലാതെ ആരോ ആർക്കൊക്കെയോ വേണ്ടി സൃഷ്ടിക്കുന്ന ഉത്തരവുകളിലൂടെ ഭരണം നടത്തുന്നതിനെ നമ്മൾ ജനാധിപത്യം എന്നല്ല വിളിക്കുക. ഇന്റർനെറ്റ് മുന്നോട്ടു വയ്ക്കുന്ന സ്വാതന്ത്ര്യത്തിന്റെ ബൃഹദാകാശങ്ങളെ നിഷേധിച്ചുകൊണ്ട് ഇന്ത്യക്കാരെ ചൈനയോ നോർത്ത് കൊറിയയോ ഒക്കെ ഉൾപ്പെടുന്ന ജയിലറകളിലേക്ക് ഒതുക്കുവാനുള്ള ഏതു ശ്രമവും എതിർക്കപ്പെടേണ്ടതാണ്.

ഈ ലേഖനം 2021 ഫെബ്രുവരി 227-ന് ട്രൂകോപ്പി തിങ്ക് പ്രസിദ്ധീകരിച്ചതാണ്

LEAVE A REPLY

Please enter your comment!
Please enter your name here