ആ കന്യാസ്​ത്രീയെക്കൊണ്ട്​ മാപ്പു പറയിക്കാൻ പൊലീസിന്​ എന്താണ്​ അധികാരം?

മതവികാരം വ്രണപ്പെടുത്തുക എന്നത് ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വകുപ്പ് 295(എ) പ്രകാരം മൂന്നുവര്‍ഷം വരെ തടവ് ലഭിക്കാവുന്ന ഗൗരവതരമായ കുറ്റമാണ്. ഇത്ര ഗൗരവതരമായ ഒരു കുറ്റകൃത്യത്തെ സംബന്ധിച്ച് ഒരു പരാതി ലഭിച്ചാല്‍ അവധാനതയോടെ കൈകാര്യം ചെയ്യാനുള്ള ബാധ്യത പൊലീസിനുണ്ട്. എന്നാല്‍, പൊലീസിന് ഇല്ലാത്ത അധികാരം ഉപയോഗിച്ച് ഒരു ഇന്ത്യന്‍ പൗരയെ സ്റ്റേഷനില്‍ വിളിച്ചുവരുത്തി ഇല്ലാത്ത കുറ്റത്തിന്റെ പേരില്‍ മാപ്പ് പറയിച്ചിരിക്കുന്നു. കാലഹരണപ്പെട്ട ദൈവനിന്ദാ നിയമത്തിനെതിരെ ശക്തമായ ഒരു പൊതുബോധം ഉയര്‍ന്നുവരണമെന്നും അല്ലാത്തിടത്തോളം കാലം പൊലീസും ഭരണകൂടവും മൗലികവാദ സംഘങ്ങളും ഇത് ദുരുപയോഗം ചെയ്യുന്നത് തുടരുമെന്നും ലേഖകന്‍

വിട്ടിത്താഴ്ത്തപ്പെട്ടവന്റെ സുവിശേഷമാണ് ഓണം എന്ന ആശയം പങ്കുവെച്ചതിന് ഒരു ഇന്ത്യന്‍ പൗരക്ക്​ പോലീസ് സ്റ്റേഷനില്‍ ഹാജരായി രേഖാമൂലം മാപ്പ് എഴുതി സമര്‍പ്പിക്കേണ്ട സാഹചര്യം ഉണ്ടായിരിക്കുന്നു. അത് സംഭവിച്ചത് പ്രബുദ്ധതയും ‘ഇടതുപക്ഷ’ സമൂഹ്യബോധവും ഉള്ള കേരളത്തില്‍ ഒരു ‘ഇടതുപക്ഷ’ ഗവണ്‍മെന്റ് അധികാരത്തിലിരിക്കുമ്പോഴാണ്.

കോട്ടയം കറുകച്ചാല്‍ പൊലീസ് സ്റ്റേഷനിലാണ് ലജ്ജാകരമായ സംഭവം അരങ്ങേറിയത്. ചതിയിലൂടെ ചവിട്ടിത്താഴ്ത്തപ്പെട്ട മഹാബലിയുടെ ഐതിഹ്യം ഓര്‍മിക്കുകയും അദ്ദേഹത്തിന്റെ സ്മരണകളെ യേശുക്രിസ്തു മുതല്‍ ഇറോം ശര്‍മിള വരെയുള്ള ത്യാഗോജ്ജ്വല ജീവിതങ്ങളുമായി തുലനം ചെയ്തുകൊണ്ടുമുള്ള ഒരു ഓണസന്ദേശമാണ് കന്യാസ്ത്രീയും അധ്യാപികയുമായ സിസ്റ്റര്‍ റീത്താമ്മ സി. മാത്യൂസ് വിദ്യാര്‍ഥികളുമായി പങ്കുവെച്ചത്. അതിനെതിരെ ഹിന്ദു ഐക്യവേദി കൊടുത്ത പരാതിയിലായിരുന്നു പൊലീസ് നടപടി.

പ്രഥമദൃഷ്ട്യാ യാതൊരു അടിസ്ഥാനവുമില്ലാത്ത ഒരു പരാതിയില്‍ പൊലീസ് ഇത്തരമൊരു നടപടിയിലേക്ക് പോയത് കുറേക്കാലമായി നമ്മുടെ വ്യവസ്ഥിതിയോട് ചേര്‍ന്നുനില്‍ക്കുന്ന ഭൂരിപക്ഷബോധത്തിന്റെ തുടര്‍ച്ചയാണ്. മതവികാരം വ്രണപ്പെടുത്തുക എന്നത് ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വകുപ്പ് 295(എ) പ്രകാരം മൂന്നുവര്‍ഷം വരെ തടവ് ലഭിക്കാവുന്ന ഗൗരവതരമായ കുറ്റമാണ്. സി.ആര്‍.പി.സി. സെക്ഷന്‍ 41 പ്രകാരം മജിസ്ട്രേറ്റിന്റെ അനുമതി കൂടാതെ എഫ്.ഐ.ആര്‍ ഇട്ട് അറസ്റ്റ് ചെയ്യാവുന്ന ക്രിമിനല്‍ കുറ്റം. രാജ്യത്തെ ഏതൊരു പൊലീസ് സ്റ്റേഷനിലും, അല്ലെങ്കില്‍ 600 ജില്ലാ കോടതികളിലെവിടെ വേണമെങ്കിലും പരാതിയുമായി എത്താവുന്ന കുറ്റം. ഇത്ര ഗൗരവതരമായ ഒരു കുറ്റകൃത്യത്തെ സംബന്ധിച്ച് പരാതി ലഭിച്ചാല്‍ അതര്‍ഹിക്കുന്ന അവധാനതയോടെ കൈകാര്യം ചെയ്യാനുള്ള ബാധ്യത പൊലീസിനുണ്ട്. എന്നാല്‍ ഇവിടെ അതുണ്ടായിട്ടില്ല എന്നു മാത്രമല്ല പൊലീസിന് ഇല്ലാത്ത അധികാരം ഉപയോഗിച്ച് ഒരു ഇന്ത്യന്‍ പൗരയെ സ്റ്റേഷനില്‍ വിളിച്ചുവരുത്തി ഇല്ലാത്ത കുറ്റത്തിന്റെ പേരില്‍ മാപ്പ് പറയിക്കുകയും ചെയ്തിരിക്കുന്നു. 
‘മനപൂര്‍വ്വവും ദുരുദ്ദേശ്യപരവുമായി’ മതത്തെയും മതവിശ്വാസത്തെയും അവഹേളിക്കുന്നതിലൂടെ ഒരു വിഭാഗത്തിന്റെ വികാരം വ്രണപ്പെടുത്തുന്നതാണ്’ സെക്ഷന്‍ 295(എ) പ്രകാരം ശിക്ഷാര്‍ഹമായ കുറ്റം. ഇവിടെ ഏതു തരത്തിലാണ് സിസ്റ്റര്‍ക്കുമേല്‍ മനഃപൂര്‍വവും ദുരുദ്ദേശ്യപരവുമായ ക്രിമിനല്‍ പ്രവൃത്തി എന്ന ആക്ഷേപം ഉന്നയിക്കാന്‍ കഴിയുക? നിലനില്‍ക്കുന്ന ഒരു ഐതിഹ്യത്തിലെ ഓണസങ്കല്‍പത്തെക്കുറിച്ച് പ്രതിപാദിക്കുമ്പോള്‍ ഏതു വിഭാഗത്തിന്റെ വികാരമാണ് മുറിപ്പെടുക? വികാരം പോലുള്ള തികച്ചും വൈയക്തികമായ സങ്കല്‍പങ്ങളുടെ അടിസ്ഥാനത്തില്‍ നിര്‍വചിപ്പിക്കപ്പെട്ടിട്ടുള്ള കുറ്റം യാതൊരു യുക്തിയുമില്ലാതെ അംഗീകരിക്കുകയും അതിനെതിരെ നടപടിയയെടുക്കുകയും ചെയ്ത പൊലീസ് സ്റ്റേഷന്‍ അധികാരിയുടെ ചെയ്തി പരിശോധിക്കപ്പെടേണ്ടതാണ്. 

വൃണപ്പെടുത്തല്‍ ആരാണ് നിശ്ചയിക്കുക?

295(എ) ഫലത്തില്‍, മധ്യകാല യൂറോപ്പിലും മതരാഷ്ട്രങ്ങളിലും ഒക്കെ നിലനിന്നിരുന്ന ‘ദൈവനിന്ദാ നിയമങ്ങള്‍’ക്ക് സമാനമായാണ് ഇന്ത്യയില്‍ പ്രയോഗിക്കപ്പെടുന്നത്. ഏകദൈവ-ഏകമത സമൂഹങ്ങളില്‍ ഇത് നിര്‍ണിതമാതൃകയില്‍ പ്രവര്‍ത്തിക്കുകയും ചെയ്യും. എന്നാല്‍ ഹിന്ദുമതം പോലെ വൈവിധ്യവും പല വിശ്വാസധാരകള്‍ നിലനില്‍ക്കുന്നതുമായ സമൂഹത്തില്‍ ഈ നിയമം എങ്ങനെയാണ് പ്രയോഗിക്കപ്പെടുന്നത് എന്നത് കുഴയ്ക്കുന്ന വസ്തുതയാണ്.

കഴിഞ്ഞ ഓണത്തിന് വാമനജയന്തി ആശംസിച്ച അമിത് ഷായുടെ നടപടിയും ഇക്കൊല്ലം സമാനമായ ഓണാശംസ കുറിച്ച കെജ്രിവാളിന്റെ ട്വീറ്റും ഏറെ വിമര്‍ശിക്കപ്പെട്ടിരുന്നല്ലോ. നല്ലൊരു ഭാഗം മലയാളികളും ഓണത്തെ നല്ലവനായ അസുരചക്രവര്‍ത്തി മഹാബലിയുമായി ബന്ധപ്പെടുത്തിതന്നെയാണ് കാണുന്നത്. വാമനആരാധന നടത്തുന്നവര്‍ ചുരുക്കമാണ്. മഹാബലിയെ ചതിച്ച വാമനനെ മഹത്വവത്കരിക്കുമ്പോള്‍ മുറിപ്പെടുന്ന വികാരങ്ങള്‍ക്ക് ആര് മറുപടി പറയും. നിയമപ്രകാരം അതും കുറ്റകൃത്യം തന്നെയാണ്. ബഹുസ്വരമായ ഹൈന്ദവവിശ്വാസാധാരകളില്‍ ദൈവദോഷമേത് എന്നത് അവ്യക്തവും അനിര്‍ണതവുമായ സങ്കല്‍പ്പമാണ്. ജെ.എന്‍.യു.വില്‍ മഹിഷാസുരപൂജ നടത്തിയത് ദൈവനിന്ദയാണ് എന്ന് ആരോപണം ഉയര്‍ന്നപ്പോഴാണ് പരമ്പരാഗതമായി മഹിഷാസുരനെ പൂജിക്കുകയും ആരാധിക്കുകയും ചെയ്യുന്ന വിഭാഗങ്ങളുടെ ചരിത്രവും ജീവിതവും ചര്‍ച്ചയാവുന്നത്. രേഖകളില്‍ ഹിന്ദുവെന്ന് മുദ്രണം ചെയ്യപ്പെട്ട മനുഷ്യരുടെ വിശ്വാസങ്ങളില്‍ ആര് ആരെയാണ് വൃണപ്പെടുത്തുക എന്നത് ആരാണ് നിശ്ചയിക്കുക? അത് നിശ്ചയിക്കപ്പെടുന്നത് രാജ്യാധികാരം കയ്യേറിയിട്ടുള്ള ഭൂരിപക്ഷ വര്‍ഗീയതയുടെ സാംസ്‌കാരിക സങ്കല്‍പങ്ങള്‍ക്കനുസൃതമാകുന്നിടത്താണ് കേരളത്തിലെ പൊലീസ് നടപടിയേയും നമ്മള്‍ ഭീതിയോടെ കാണേണ്ടത്.

ദുരുപയോഗത്തിനുമാത്രമായി ഒരു നിയമം

ദുരൂപയോഗത്തിനുള്ള എല്ലാ സാധ്യതകളും ഈ നിയമം തുറന്നിടുന്നുണ്ട്. കാരണം മതം എന്താണ് എന്ന് നിയമത്തില്‍ നിര്‍വചിക്കപ്പെട്ടിട്ടില്ല. ഏതു വിഭാഗത്തിനും ഈ പഴുതുപയോഗിച്ച് പൊലീസിനെ സമീപിക്കാം. ബലാത്സംഗ കേസില്‍ 20 വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട് ജയിലില്‍ കിടക്കുന്ന ദേര സച്ച സൗദ വിഭാഗത്തിന്റെ നേതാവ് രാം റഹിം സിംഗിനെ അനുകരിച്ചതിന്റെ പേരിലാണ് ടെലിവിഷന്‍ താരവും കൊമേഡിയനുമായ കിക്കു ശര്‍ദയെ ഹരിയാന പൊലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് ഹൈക്കോടതി എഫ്.ഐ.ആര്‍. റദ്ദാക്കുകയായിരുന്നു. പക്ഷേ അദ്ദേഹം അറസ്റ്റ് ചെയ്യപ്പെടുകയും ജയിലിലടയ്ക്കപ്പെടുകയും ചെയ്തിരുന്നു. ഹൈക്കോടതിയില്‍ നിന്ന് നീതി ലഭിക്കുന്നതുവരെ ജയില്‍വാസമുള്‍പ്പടെ ശിക്ഷകള്‍ അദ്ദേഹം അനുഭവിച്ചു കഴിഞ്ഞിരുന്നു. 

ഈയൊരു പശ്ചാത്തലത്തില്‍ ഇത്രദുരുപയോഗങ്ങള്‍ക്ക് സാധ്യതയൊരുക്കുന്ന 295(എ) ഇനിയും നമ്മുടേതുപോലൊരു മതേതര ജനാധിപത്യ റിപ്പബ്ലിക്കില്‍ നിലനിര്‍ത്തേണ്ടതുണ്ടോ എന്ന കാര്യംകൂടി രാഷ്​ട്രീയ ചര്‍ച്ചയാകേണ്ടതുണ്ട്. ഇതൊരു കൊളോണിയല്‍ പാരമ്പര്യം ആണെന്ന് മാത്രമല്ല 1860-ലെ ഇന്ത്യന്‍ പീനല്‍ കോഡില്‍ ഇല്ലാതിരിക്കുകയും പിന്നീട് കൂട്ടിച്ചേര്‍ക്കപ്പെടുകയും ചെയ്ത വകുപ്പാണ്. 1924-ല്‍ രംഗീലാ റസൂല്‍ എന്ന മാസികയുടെ പ്രസാധകന്‍ മഹേഷേ രാജ്പാലിനെതിരെ പ്രവാചകനെ അവഹേളിക്കുന്ന തരത്തില്‍ വന്ന ഒരു ലേഖനത്തിന്റെ പേരില്‍ കേസെടുത്തെങ്കിലും ഐ.പി.സി സെക്ഷന്‍ 153(എ) പ്രകാരം മുസ്‌ലിംകള്‍ക്കെതിരെ വെറുപ്പോ ശത്രുതയോ പ്രചരിപ്പിക്കുന്നതല്ല ലേഖനം എന്നു കണ്ടെത്തി പഞ്ചാബ് ഹൈക്കോടതി വെറുതെ വിട്ടത്തിനെത്തുടര്‍ന്നാണ് ഈ വകുപ്പ് ഐ.പി.സി.യില്‍ ഇടം പിടിക്കുന്നത്. കോടതി വിധിയില്‍ തന്നെ നിര്‍ദ്ദേശിക്കപ്പെട്ടിരുന്നതുപോലെ മതവികാരം സംരക്ഷിക്കാന്‍ ഒരു നിയമം ഉണ്ടാക്കുകയായിരുന്നു. 

സ്വാതന്ത്ര്യലബ്ധിക്കുശേഷം 1957-ല്‍ ഈ വകുപ്പിന്റെ ഭരണഘടനാപരത സുപ്രീംകോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടിരുന്നു. രാംജി ലാല്‍ മോഡി കേസില്‍ ലളിതമായ വാദമാണ് ഉന്നയിക്കപ്പെട്ടത്. ജനാധിപത്യത്തിലെ പരമപ്രധാനമായ മൗലികാവകാശമായ അഭിപ്രായസ്വാതന്ത്ര്യത്തിന് എതിരാണ് 295(എ) എന്നായിരുന്നു വാദം. ഭരണഘടനയുടെ അനുച്ഛേദം 19(2) അനുസരിച്ച് ‘യുക്തിപൂര്‍വകമായ’ നിയന്ത്രണങ്ങള്‍ മാത്രമേ അനുവദനീയമായുള്ളൂ. അതാകട്ടെ, രാജ്യത്തിന്റെ പരമാധികാരം, അഖണ്ഡത, രാജ്യസുരക്ഷ, സുഹൃദ് രാഷ്ട്രങ്ങളുമായുള്ള ബന്ധം, ക്രമസമാധാനം, മാന്യത, ധാര്‍മികത, കോടതിയലക്ഷ്യം, അക്രമാഹ്വാനം തുടങ്ങിയവയ്ക്ക് വിഘാതമാകുമ്പോള്‍ മാത്രമാണ് അനുവദനീയം. ആ നിലയ്ക്ക് മതവികാരം ​വ്രണപ്പെടുത്തുന്നു എന്ന ഒറ്റക്കാരണത്താല്‍ അഭിപ്രായ സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടുന്നത് ഭരണഘടനാവിരുദ്ധമാണ് എന്നായിരുന്നു വാദം. ദൗര്‍ഭാഗ്യവശാല്‍, അഞ്ചംഗ സുപ്രീംകോടതി ബഞ്ച് അത് അംഗീകരിച്ചില്ല. ക്രമസമാധാനം തകര്‍ക്കുവാനുള്ള ഒരു ‘സാധ്യത’ ഉണ്ടാക്കുന്ന മനഃപൂര്‍വമുള്ള പ്രവൃത്തികള്‍ക്കുമേലും നിയന്ത്രണമാകാം എന്നതരത്തിലാണ് കോടതി അതിനെ വ്യാഖ്യാനിച്ചത്. കേസെടുക്കണമെങ്കില്‍ വാക്കും അക്രമവും തമ്മില്‍ വ്യക്തവും സത്വരവുമായ ബന്ധം ഉണ്ടാകണമെന്നും ഉള്ള വാദം കോടതി അംഗീകരിച്ചില്ല. അനുച്ഛേദം 19(2)-ലെ ക്രമസമാധാനം എന്ന വാക്ക് കോടതി കാണുകയും യുക്തിസഹമായ ബന്ധം സൂചിപ്പിക്കുന്ന ഭാഗം കാണാതിരിക്കുകയും ചെയ്തു. 

ഈ പ്രാകൃത നിയമം ഇല്ലാതാകണം

ഈ നിലപാട് പക്ഷേ, സുപ്രീംകോടതിയുടെ തന്നെ പിന്നീടുള്ള വിധികളില്‍ തിരുത്തപ്പെടുന്നത് കാണാം. അഭിപ്രായ സ്വാതന്ത്ര്യത്തിനുമേലുള്ള ഇതര നിയന്ത്രണങ്ങള്‍ പരിഗണിച്ചപ്പോള്‍ ഇത് കോടതി വ്യക്തമാക്കിയിട്ടുമുണ്ട്. രാം മനോഹര്‍ ലോഹ്യ കേസില്‍ അഭിപ്രായവും അക്രമവും തമ്മില്‍ നേരിട്ടും, സത്വരവുമായ ബന്ധം ഉണ്ടെങ്കില്‍ മാത്രമേ കുറ്റക്കാരനെന്ന് പറയാനാകൂ എന്നു നിരീക്ഷിച്ച കോടതി, പരാമര്‍ശവിധേയമായ പ്രവൃത്തിയും അക്രമവും തമ്മിലുള്ള സാങ്കല്‍പ്പിക ബന്ധം മതിയാകില്ല എന്നും വ്യക്തമാക്കി. രംഗരാജന്‍ കേസിലും ആരുപ് ഭയാന്‍ കേസിലും അമേരിക്കന്‍ കോടതികളുടേതിനു സമാനമായി, അഭിപ്രായപ്രകടനം പെട്ടെന്നുള്ള നിയമരാഹിത്യത്തിന് കാരണമായാല്‍ മാത്രമേ ക്രിമിനല്‍ കുറ്റമാകൂ എന്നു പറഞ്ഞു. ശ്രേയ സിംഗാള്‍ കേസിലെ സുപ്രസിദ്ധമായ വിധിന്യായത്തില്‍ ഒരു ആശയത്തിനുള്ള പിന്തുണയും അക്രമത്തിനുള്ള ആഹ്വാനവും രണ്ടായിട്ടു കാണണം എന്ന് പ്രസ്താവിച്ചു. ഉദാഹരണത്തിന് മാവോയിസ്റ്റ് ആശയത്തില്‍ വിശ്വസിക്കുന്നതോ, ഭരണകൂടത്തെ വിപ്ലവത്തിലൂടെ അട്ടിമറിക്കേണ്ടതുണ്ട് എന്ന് പറയുകയോ ചെയ്യുന്നത് നിയമവിരുദ്ധമല്ല, എന്നാല്‍ അക്രമത്തിന് ആഹ്വാനം നല്‍കുകയും തത്ഫലമായി ഉടന്‍ അക്രമം ആരംഭിക്കുകയും ചെയ്യുന്ന സാഹചര്യം കുറ്റകൃത്യമാണ്.

അഭിപ്രായ സ്വന്തന്ത്ര്യത്തിനുമേലുള്ള നിയന്ത്രണം സംബന്ധിച്ച മറ്റു സന്ദര്‍ഭങ്ങളിലൊക്കെ ആധുനിക ജനാധിപത്യത്തിന്റെ പരിണാമഗതിക്കനുസൃതമായി നിയമവൈജ്ഞാനികതയും മാറിയിരിക്കുന്നു. എന്നാല്‍ 295(എ) അങ്ങനെതന്നെ തുടരുന്നു എന്നത് ദൗര്‍ഭാഗ്യകരമായ വസ്തുതയാണ്. വോട്ടും മതവും തമ്മിലുള്ള അന്തര്‍ധാര സജീവമായി നിലനില്‍ക്കുന്നിടത്തോളം കാലം രാഷ്ട്രീയകക്ഷികള്‍ ഈ വകുപ്പ് മാറ്റിയെഴുതാന്‍ തയ്യാറാകില്ല എന്നു ഉറപ്പാണ്. കോടതി മാത്രമാണ് ആശ്രയം. എന്നാല്‍ അവിടെ ഒരു അഞ്ച് അംഗ ബഞ്ചിന്റെ വിധി മറികടക്കേണ്ടതുണ്ട്. അതിന് ഏഴംഗ ബഞ്ച് രൂപീകരിക്കേണ്ടി വരും. ഇതൊക്കെ സാധ്യമാകണമെങ്കില്‍ മറ്റെതെങ്കിലുമൊരു സാധരണ ബെഞ്ചിന് 1957-ലെ വിധിയില്‍ സംശയമുണ്ടാകണം. സ്വവര്‍ഗ ലൈംഗികതയെ ക്രിമിനല്‍വത്കരിക്കുന്ന 377-ആം വകുപ്പ് റദ്ദു ചെയ്തതുപോലെ, ശക്തമായ ഒരു പൊതുബോധം കാലഹരണപ്പെട്ട ദൈവനിന്ദാ നിയമത്തിനെതിരെ ഉയര്‍ന്നുവന്നാല്‍ ഒരുപക്ഷേ അതു സംഭവിച്ചേക്കും. എന്തു തന്നെയായാലും ഈ പ്രാകൃത നിയമം ഇല്ലാതാകണം എന്ന കാര്യത്തില്‍ സംശയമൊന്നുമില്ല. അല്ലാത്തിടത്തോളം കാലം പൊലീസും ഭരണകൂടവും മൗലികവാദ സംഘങ്ങളും ഇതു ദുരുപയോഗം ചെയ്യുന്നത് തുടരും.

This article was first published in TrueCopyThink on 9 Sep 2020

LEAVE A REPLY

Please enter your comment!
Please enter your name here