നീതിനിഷേധത്തിന്റെ വിചാരധാര ചോദ്യം ചെയ്യപ്പെടുന്നു

Atrocities Act

തെരുവില്‍ പ്രതിഷേധിക്കുന്നവരോട് നിങ്ങള്‍ കോടതി വിധി ഒന്നു വായിച്ചു നോക്കണം എന്നാണ് കോടതി ആവശ്യപ്പെട്ടത്. വിധി വായിക്കുമ്പോള്‍ തെളിഞ്ഞു വരുന്നത് നീതി നിഷേധത്തിന്റെ ചിത്രമാണെന്ന് അധികാരികളോടും കോടതിയോടും പറയേണ്ടത് സമത്വവും സാഹോദര്യവും ആഗ്രഹിക്കുന്ന ഓരോ പൗരരുടേയും കടമയാണ്.

“സാമൂഹികോദ്ഗ്രഥനത്തേയും ഭരണഘടനാമൂല്യങ്ങളേയും ദോഷകരമായി ബാധിക്കുന്ന ജാതി വ്യവസ്ഥയുടെ ശാശ്വതീകരണമാകരുത് ഒരു നിയമത്തിന്റെ ഫലം. പട്ടികജാതി/പട്ടികവര്‍ഗക്കാര്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്ന നിയമത്തിന്റെ വ്യാഖ്യാനം സമത്വം, സാഹോദര്യം തുടങ്ങിയ ഭരണഘടനാമൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്നതാകണം. അതുകൊണ്ട് നിഷ്‌കളങ്കരായ പൗരര്‍ക്കുമേല്‍ ജാതീയമായി കുറ്റം ചാര്‍ത്തപ്പെടുന്നത് തടയേണ്ടതുണ്ട്.”
 എസ് സി/എസ് ടി നിയമത്തിലെ മര്‍മധാനമായ വകുപ്പുകള്‍ ദുര്‍ബലപ്പെടുത്തിക്കൊണ്ടുള്ള സുപ്രീം കോടതി വിധിയിലെ ഒരു ഭാഗമാണ് മുകളില്‍ ചേര്‍ത്തിരിക്കുന്നത്.
ജാതീയമായ വിവേചനം കാണിച്ചു എന്ന ഒരു കീഴ്ജീവനക്കാരന്റെ പരാതി വ്യാജമാണെന്നു പറഞ്ഞുകൊണ്ട് മഹാരാഷ്ട്ര സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ആയിരുന്ന ഡോ. സുഭാഷ് കാശിനാഥ് സമര്‍പ്പിച്ച പരാതിയിന്മേലാണ് ജസ്റ്റിസുമാരായ എ.കെ.അഗര്‍വാള്‍, യു യു ലളിത് എന്നിവരടങ്ങുന്ന ബഞ്ച് സുപ്രധാനമായ വിധിപ്രസ്താവം നടത്തിയത്. സ്ത്രീധനവിരുദ്ധ നിയമത്തിന്റെ (498എ) അന്തസത്ത ചോര്‍ത്തിക്കളയും വിധം ദുര്‍ബലപ്പെടുത്തിയ വിധിയും ഇതേ ബഞ്ചില്‍ നിന്നുമായിരുന്നു എന്നത് യാദൃശ്ചികമാകാം. ഈ കേസിലും പുന:പരിശോധനാ ഹര്‍ജി കോടതിയുടെ പരിഗണനയിലാണ്. 
മൂന്നു നിര്‍ദ്ദേശങ്ങളാണ് സുപ്രീംകോടതി വിധിയിലുള്ളത്:
01. എസ്/എസ് ടി നിയമപ്രകാരമുള്ള കേസുകളില്‍ നിയമത്തിന്റെ 18-ാം വകുപ്പ് പ്രകാരം മുന്‍കൂര്‍ ജാമ്യം അനുവദനീയമല്ലെന്നത് തെറ്റാണ്. പരാതി വ്യാജമാണെങ്കില്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കാവുന്നതാണ്.
02. സര്‍ക്കാര്‍ ജീവനക്കാരന്റെ കാര്യത്തിലാണെങ്കില്‍ അറസ്റ്റ് ചെയ്യുന്നതിന് മുന്‍പ് നിയമനാധികാരിയുടെ അനുമതി വാങ്ങിയിരിക്കണം. മറ്റുള്ളവരുടെ കാര്യത്തില്‍ സീനിയര്‍ പോലീസ് സൂപ്രണ്ടിന്റെ അനുമതി വേണം. അനുമതികള്‍ രേഖാമൂലം ആരോപണ വിധേയനും മജിസ്‌ട്രേറ്റിനും കൈമാറിയിരിക്കണം.
03. എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിനു മുന്‍പ് ഡി.എസ്.പി. തലത്തിലുള്ള ഒരു പോലീസ് ഉദ്യോഗസ്ഥന്‍ പ്രാഥമികാന്വേഷണം നടത്തേണ്ടതുണ്ട് 
04. മേല്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കപ്പെടാതിരുന്നാല്‍ അച്ചടക്ക നടപടിയും കോടതിയലക്ഷ്യ നടപടിയും ഉണ്ടായിരിക്കുന്നതാണ്. 
നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ അനുസരിച്ച് 2016-ല്‍ 40, 801 കേസുകളാണ എസ്.സി./എസ്.ടി. ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്തത്. ഈ കേസുകളില്‍ ചാര്‍ജ്ഷീറ്റിംഗ് നിരക്ക് 77 ശതമാനമാണ്. ശിക്ഷിക്കപ്പെടുന്നതാകട്ടെ 15.4 ശതമാനം മാത്രവും. ഇതിനു കാരണം പരാതികള്‍ വ്യജമായതുകൊണ്ടല്ല, പ്രോസിക്ക്യൂഷന്‍ ദുര്‍ബലമായിരുന്നതുകൊണ്ടാണെന്ന് ഗവണ്മെന്റ് രേഖകള്‍ തന്നെ പറയുന്നു. അതുകൊണ്ടാണ് തൊഴിലിടങ്ങളിലെ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുവാനുള്ള നിയമത്തിലും മറ്റുമുള്ളതുപോലെ, ദുരുപയോഗങ്ങള്‍ക്കെതിരെയുള്ള വകുപ്പ് എസ് സി/എസ്ടി നിയമത്തില്‍ വേണ്ട എന്നും വ്യാജ പരാതികള്‍ ഉണ്ടെങ്കില്‍ ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ മതിയായ വകുപ്പുകള്‍ കൊണ്ട് കൈകാര്യം ചെയ്യവുന്നതുമാണെന്നുമുള്ള നിലപാട് ഗവണ്മെന്റ് സ്വീകരിച്ചത്. 
നിയമത്തിലെ ജാതീയതയെക്കുറിച്ചു വ്യാകുലപ്പെടുന്ന കോടതി ചരിത്രപരവും സാമൂഹ്യവുമായ യാഥര്‍ത്ഥ്യങ്ങള്‍ക്കു നേരെ കണ്ണടയ്ക്കുന്നു എന്നു പറയാതെ വയ്യ. അന്യായമായി പ്രതി ചേര്‍ക്കപ്പെട്ടേക്കാവുന്നവരെക്കുറിച്ചുള്ള വ്യാകുലതകള്‍ പങ്കു വച്ചു കൊണ്ട് കോടതി പറയുന്നത് ഉന്നതമായ സാമൂഹിക മൂല്യങ്ങളെക്കുറിച്ചും, പരാവകാശങ്ങളെക്കുറിച്ചും, മൗലീക അവകാശങ്ങള്‍ സംരക്ഷിക്കുവാന്‍ കോടതികള്‍ ഇടപെടെണ്ടതിലെ അനിവാര്യതയെക്കുറിച്ചും അതിന്റെ സാധുതയെക്കുറിച്ചുമാണ്. 
സമത്വം, സ്വാതന്ത്ര്യം, ജീവിക്കാനുള്ള അവകാശം (ആര്‍ട്ടിക്കിള്‍ 14, 19, 21) തുടങ്ങി മൗലീകാവകാശങ്ങള്‍  ഉല്ലംഘിക്കപ്പെട്ടാല്‍, അവ സംരക്ഷിക്കാന്‍ കോടതിയ്ക്ക് നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കാം. എന്നാലത് നിയമപരമായ അവ്യക്തത ഉള്ള സന്ദര്‍ഭങ്ങളിലാണ്. ഇവിടെ നിയമം വളരെ വ്യക്തമാണ്. നിയമത്തിന്റെ ഉദ്ദേശ ലക്ഷ്യവും സ്പഷ്ടമാണ്. ഇത് ഭരണഘടനയുടെ ആത്മാവായ സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം, അഭിമാനം എന്നീ മൂല്യങ്ങള്‍ ഉറപ്പു വരുത്തുന്നതിനുള്ള സാമൂഹിക ഇടപെടലുകളുടെ ഭാഗമാണ്. പട്ടികജാതി/പട്ടിക വര്‍ഗ വിഭാഗക്കാരുടെ സംരക്ഷണത്തിനും ഉന്നമനത്തിനായി ഇടപെടാന്‍ ഗവണ്‍മെന്റുകളെ അധികാരപ്പെടുത്തുന്ന ആര്‍ട്ടിക്കിള്‍ 46, അസ്പൃശ്യതയമക്കെതിരെയുള്ള അവകാശം (ആര്‍ട്ടിക്കിള്‍17) എന്നിവയുടെ ലക്ഷ്യവും അത് തന്നെ.
അതിന്റെ തുടര്‍ച്ചയായാണ് 1955ലെ അസ്പൃശ്യതാ വിരുദ്ധ നിയമവും, 1976ലെ സിവില്‍ അവകാശ സംരക്ഷണ നിയമവും വരുന്നത്. ജാതീയ അക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ ഈ നിയമങ്ങള്‍ അപര്യാപ്തമാണെന്ന തിരിച്ചറിവില്‍ നിന്നാണ് 1989-ല്‍ എസ്.സി./എസ.ടി. അതിക്രമം തടയല്‍ നിയമം കൊണ്ട് വരുന്നത്. തുടര്‍ന്നും നിയമത്തിന്റെ ഉദ്ദേശ്യലക്ഷ്യം നേടാനായില്ല എന്നു കണ്ടപ്പോള്‍ ഒരു ഭേദഗതിയിലൂടെ 2016-ല്‍ നിയമം വീണ്ടും ശക്തിപ്പെടുത്തുകയുണ്ടായി. അതായത് മൗലീകാവകാശങ്ങളില്‍ നിന്നും നിര്‍ദ്ദേശകതത്വങ്ങളില്‍ നിന്നും 2016-ലെ നിയമം വരെ ഭരണഘടന മുന്നോട്ടു വയ്ക്കുന്ന സമത്വാധിഷ്ഠിതമായ ക്ഷേമരാഷ്ട്ര സങ്കല്പത്തിലേക്കുള്ള ചവിട്ടുപടികളാണ്. ആ വഴിയിലാണ്, സുപ്രീം കോടതിയുടെ ഈ പിന്നോട്ടു നടത്തം.
ഇവിടെ പരമോന്നത നീതിപീഠത്തിന്റെ തന്നെ മുന്‍കാല തീര്‍പ്പുകളെ അവഗണിച്ചിട്ടുള്ളതായി കാണാം.  ഇന്ത്യന്‍ ശിക്ഷാ നിയമം 438-ാം വകുപ്പിലെ മുന്‍കൂര്‍ ജാമ്യത്തിനുള്ള അവകാശം എസ്.സി./എസ്,ടി, ആക്ട് അനുസരിച്ച് പ്രതിചേര്‍ക്കപ്പെട്ടവര്‍ക്ക് ഉണ്ടാവില്ല എന്നു പറയുന്ന നിയമത്തിലെ 18-ാം വകുപ്പ് ഭരണാഘടനാ വിരുദ്ധമല്ലെന്ന് 1995-ല്‍ ബലോത്തിയ കേസില്‍ സുപ്രീം കോടതി വിധിച്ചതാണ്. ഈ വിധിയില്‍ പട്ടിക ജാതി/ പട്ടികവര്‍ഗ വിഭാഗക്കാര്‍ അനുഭവിക്കുന്ന സാമൂഹ്യ നീതികളും എസ്.സി./എസ്.ടി ആക്റ്റിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളും എടുത്തു പറഞ്ഞുകൊണ്ട് അസ്പൃശ്യതയ്‌ക്കെതിരായ മൗലീകാവകാശം (അര്‍ട്ടിക്കിള്‍ 17) ലംഘിക്കപ്പെടുന്ന തരത്തിലുള്ള കുറ്റങ്ങളെ അസാധാരണ വിഭാഗത്തില്‍ പെടുത്തേണ്ടവയാണെന്നും അതിനാല്‍ മുന്‍കൂര്‍ ജാമ്യം നിഷേധിക്കപ്പെടൂന്നതില്‍ സമത്വത്തിനു വേണ്ടിയുള്ള അവകാശത്തിന്റെ (ആര്‍ട്ടിക്കിള്‍ 14) ലംഘനം ഇല്ല എന്നും വ്യക്തമാക്കി. യഥാര്‍ത്ഥത്തില്‍ 14-ാം അനുച്ഛേദം വിഭാവനം ചെയ്യുന്ന സമത്വ സങ്കല്പ്പനത്തിന് ഉപോദ്ബലകമാകുകയാണ് അട്രോസിറ്റീസ് ആക്ട്. അതുപോലെ തന്നെ പഴയ ക്രിമിനല്‍ കോഡിന്റെ ഭാഗമല്ലാതിരുന്ന 1973-ല്‍ മാത്രം കൊണ്ടുവന്ന സെക്ഷന്‍ 438 പ്രകാരമുള്ള മുന്‍കൂല ജാമ്യം ജീവിക്കാനുള്ള് അവകാശത്തിന്റെ (ആര്‍ട്ടിക്കിള്‍ 21) ഭാകമാകുന്നില്ല എന്നും അന്ന് കോടതി നിരീക്ഷിച്ചു. കൊലപാതകം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ക്ക് മുന്‍കൂര്‍ ജാമ്യം കൊടുക്കാമെന്നിരിക്കെ ചെറിയ കുറ്റങ്ങള്‍ക്കുപോലും ജാമ്യം നിഷേധിക്കുന്നത് ശരിയല്ല എന്ന വാദവും കോടതി അംഗീകരിച്ചില്ല. സാമൂഹിക-സാമ്പത്തിക-രാഷ്ട്രീയ സ്വാധീനങ്ങള്‍കൊണ്ട് വളരെ ശക്തരായ കുറ്റാരോപിതര്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചാല്‍ അവര്‍ അക്കാലം കൊണ്ട് ഇരകളെ ഭീഷണിപ്പെടുത്തുകയും ശരിയായ അന്വേഷണത്തെ തടയുകയും ചെയ്യൂം എന്നാണ് കോടതി അന്ന് പറഞ്ഞത്. മറ്റൊരു സുപ്രധാന വിധി 2017-ലെ മഞ്ജു ദേവി കേസിലേതാണ്, സെക്ഷന്‍ 18 പ്രകാരം മുന്‍കൂര്‍ ജാമ്യം പാടില്ല എന്നാണ് ജറ്റിസുമാരായ് ആര്‍.കെ അഗര്‍വാളും അശോക് ഭൂഷണൂം ഉത്തരവിട്ടത്. 
ഈ രണ്ടു വിധികളെയും കുറിച്ച് പരാമര്‍ശിക്കുക മാത്രം ചെയ്തുകൊണ്ട് അതിലെ കാര്യ കാരണങ്ങളെ മറികടക്കാന്‍ ഒരു ശ്രമം പോലും, നടത്താതെയാണ് കഴിഞ്ഞ മാസം കോടതി എസ്.സി./എസ്.ടി. ആക്ടില്‍ വെള്ളം ചേര്‍ത്തത്. 1995-ല്‍ കോടതി പരിഗണിച്ചു തള്ളിയ അതേ വാദങ്ങളാണ് സെക്ഷന്‍ 18-നെതിരെ ഇപ്പോള്‍ കോടതി പറയുന്നത്.ജുഡീഷ്യല്‍ മര്യാദ വച്ച് കേസ് ഒരു വലിയ ബഞ്ചിന്റെ പരിഗണനയ്ക്കു വിടാന്‍ ചീഫ് ജസ്റ്റിസിനോടാവശ്യപ്പെടുകയായിരുന്നു വേണ്ടത്. ഇക്കാര്യങ്ങളൊക്കെ പുനപ്പരിശോധനാ ഹര്‍ജി പരിഗണിക്കുന്ന വേളയില്‍ ഗവണ്മെന്റ്  ഉന്നയിക്കുമെന്നു കരുതുന്നു. 
കോടതിയുടെ 4 നിര്‍ദ്ദേശങ്ങളും ആക്ടിനെ സംബന്ധിച്ച് വലിയ പിന്നോട്ടു നടത്തമാണ്. ശരിയല്ലാത്ത പരാതികളിന്മേല്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കാം എന്ന നിര്‍ദ്ദേശം എങ്ങനെയാണ് നടപ്പിലാക്കാനാകുക? വിചാരണയ്ക്കു മുന്‍പ് തന്നെ പരാതി ശരിയാണോ അതോ വ്യാജമാണോ എന്ന് എങ്ങനെ മനസിലാക്കും? ഇതൊക്കെ വിചാരണാവേളയിലാണ് പരിഗണിക്കേണ്ടത് എന്ന് മഞ്ജുള ദേവി കേസില്‍ സുപ്രീം കോടതി തന്നെ പറഞ്ഞിട്ടുള്ളതാണ്. അധികാരവും പണവും സാമൂഹിക-സാംസ്‌കാരിക മേധാവിത്വവുമുള്ളവര്‍ക്ക് എളുപ്പത്തില്‍ ജാമ്യം ലഭിക്കുകയും അങ്ങനെ അവര്‍ എല്ലാ തരത്തിലും കേസിനെ സ്വാധീനിക്കുകയും ചെയ്യുന്ന സാഹചര്യം ഉണ്ടാക്കുകയാണ് കോടതി ചെയ്തത്. നിയമനാധികാരിയുടെ അല്ലെങ്കില്‍ ജില്ല സീനിയര്‍ പോലീസ് സൂപ്രണ്ടിന്റെ അനുമതി തേടണം എന്ന നിര്‍ദ്ദേശവും അനാവശ്യ കാലതാമസത്തിലേക്കും മറ്റുമാണ് വഴിവയ്ക്കുക. ഇവിടെ പരാതി സര്‍ക്കാര്‍ ഉദ്യോഗസ്ത്ഥന്റെ കാര്യം മാത്രമായിരുന്നു എങ്കിലും, പൊതു ജനങ്ങള്‍ക്കു കൂടി മുന്‍കൂര്‍ അനുമതിയുടെ അമിതാനുകൂല്യം അനുവദിച്ചു കൊടുക്കുക വഴി തങ്ങളുടെ വിചാരധാര ഏതു വഴിയ്ക്കാണെന്നു ബെഞ്ച് വ്യക്തമാകി.ഡി എസ് പിയുടെ പ്രാഥമിക അന്വേഷണത്തിനു ശേഷമേ എഫ്.ഐ.ആര്‍ പാടുള്ളൂ എന്ന നിര്‍ദ്ദേശവും കാലവിളംബത്തിനും ആത്യന്തികമായി കുറ്റാരോപിതരുടെ രക്ഷയ്ക്കുമാണ് ഉപകരിക്കുക. 
ഇതൊക്കെ പറയാന്‍ അംബേദ്ക്കറെ തന്നെ വിധിന്യായത്തില്‍ കൂട്ടു പിടിച്ചിരിക്കുന്നു എന്നതാണ് വലിയ വൈരുദ്ധ്യം. ഭരണഘടനാ നിര്‍മാണ സമിതിയില്‍ 1949-ല്‍ അദ്ദേഹം നടത്തിയ പ്രസംഗത്തിലെ, ജാതി ദേശ വിരുദ്ധമാണെന്നും അത് ദേശീയോദ്ഗ്രഥനത്തെ തകര്‍ക്കുമെന്നുമുള്ള ഭാഗം ഉദ്ധരിച്ചുകൊണ്ട് ജാതീയതനാടിനെ തകര്‍ക്കുമെന്നും ദേശരാഷ്ട്രം ഇല്ലാതായാല്‍ ഭരണഘടന മുന്നോട്ടു വയ്ക്കുന്ന സാഹോദര്യം എന്ന വലിയ ബോധം നമുക്കു നഷ്ടമാകുമെന്നും അതുകൊണ്ട് ജാതീയടിസ്ഥാനത്തില്‍ നിഷ്‌കളങ്കരായ മനുഷ്യര്‍ കുറ്റരോപിതരായി തീര്‍ന്നേക്കാവുന്ന നിയമങ്ങളെ നിയന്ത്രിക്കണം എന്നുമുള്ള യുക്തിയിലേക്കാണ് കോടതി ചെന്നെത്തുന്നത്. ഇതിന് ഉപോദ്ബലകമായ വസ്തുതകളോ, മുന്‍കാല വിധികളിലെ ശരിയായ നിരീക്ഷണങ്ങളെഅസ്ഥിരപ്പെടുത്താന്‍ പോന്ന നിയമ വൈജ്ഞാനികതയോ വിധിയില്‍ ഇല്ല താനും.
തെരുവില്‍ പ്രതിഷേധിക്കുന്നവരോട് നിങ്ങള്‍ കോടതി വിധി ഒന്നു വായിച്ചു നോക്കണം എന്നാണ് കോടതി ആവശ്യപ്പെട്ടത്. വിധി വായിക്കുമ്പോള്‍ തെളിഞ്ഞു വരുന്നത് നീതി നിഷേധത്തിന്റെ ചിത്രമാണെന്ന് അധികാരികളോടും കോടതിയോടും പറയേണ്ടത് സമത്വവും സാഹോദര്യവും ആഗ്രഹിക്കുന്ന ഓരോ പൗരരുടേയും കടമയാണ്. നൂറ്റാണ്ടുകളായി ബ്രാഹ്മണിക്കല്‍ വ്യവസ്ഥിതിയുടെ പിശാച നീതിയും ദുരിതങ്ങളും അനുഭവിച്ചുകൊണ്ടിരിക്കുന്ന ഒരു വലിയ വിഭാഗം ജനങ്ങള്‍ക്ക് പ്രതിരോധത്തിനായി ഉണ്ടായിരുന്ന ഏക നിയമ പരിരക്ഷയും ഇല്ലാതാക്കപ്പെടൂന്നു എന്ന തോന്നല്‍ പ്രത്യക്ഷത്തില്‍ തന്നെ ഉള്ള സാഹചര്യത്തിലാകാം മുതിര്‍ന്ന അഭിഭാഷകയും ഇന്ത്യയുടെ മുന്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറലുമായിരുന്ന ഇന്ദിര ജയ് സിംഗ് ”സുപ്രീം കോടതിയിലെ രണ്ട് ഉന്നത ജാതിക്കാരായ ജഡ്ജിമാര്‍ എസ്.സി/എസ്.ടി വിഭാഗക്കാരെ സംരക്ഷിക്കുന്ന എസ്.സി./എസ്.ടി. ആക്ടിനെ് ബ്രാഹ്മണരെ സംരക്ഷിക്കുന്നതാക്കി മാറ്റി. സുപ്രീം കോടതിയില്‍ എസ്.സി/എസ്.ടി. ജഡ്ജിമാര്‍ ആരുമില്ലാത്തതില്‍ അത്ഭുതപ്പെടാനില്ല” എന്ന് ട്വീറ്റ് ചെയ്തത്. ഈ വിധിയുടെ പശ്ചാത്തലത്തില്‍, ജസ്റ്റിസട് എ.കെ. അഗര്‍വാള്‍, ജസ്റ്റിസ്. യു.യു. ലളിത് എന്നിവര്‍ മുന്നോട്ടു വയ്ക്കുന്ന വിചാരധാരയുടെ അടിസ്ഥാനത്തില്‍, ഉന്നത നീതീപീഠങ്ങളില്‍ പട്ടിക ജാതി-പട്ടിക വര്‍ഗ വിഭാഗക്കാരുടെ പ്രാധിനിത്യമില്ലായ്മയെക്കുറിച്ച് ഗൗരവ പൂര്‍ണമായ പര്യാലോചനകള്‍ നടത്തുവാന്‍ പൊതുസമൂഹവും ഗവണ്മെന്റുകളും തയ്യാറാകേണ്ടതുണ്ട്.

This article was published in DoolNews

LEAVE A REPLY

Please enter your comment!
Please enter your name here