അസമില്‍ പൗരത്വ നിര്‍ണയം വൈകുന്നതിനുപുറകില്‍ ഒരു രാഷ്ട്രീയമുണ്ട്

കൊട്ടിഘോഷിച്ചു നടപ്പിലാക്കിയ എന്‍.ആര്‍. സിക്ക് എന്താണ് സംഭവിച്ചത്? എന്തുകൊണ്ടാണ് ആര്‍ക്കും ഇതുവരെ പൗരത്വം സ്ഥിരീകരിച്ച് ദേശീയ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കാത്തത്? കോവിഡ് കാലം കഴിഞ്ഞാലുടന്‍ 2019 ലെ പൗരത്വ നിയമ ഭേദഗതി നടപ്പിലാക്കും എന്ന് കഴിഞ്ഞ ദിവസംകൂടി ആവര്‍ത്തിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷ, അസമിലെ പൗരത്വ രജിസ്റ്ററിനെക്കുറിച്ച് മൗനം പാലിക്കുന്നതിന്റെ കാരണം എന്താണ്?

ന്ത്യ ചരിത്രത്തിലെ ഏറ്റവും പ്രധാന രേഖകളിലൊന്ന് എന്നു വിശേഷിപ്പിക്കപ്പെട്ട അസമിലെ ദേശീയ പൗരത്വ രജിസ്റ്ററിന്റെ അന്തിമരൂപം പ്രസിദ്ധീകൃതമായിട്ട് ഒരു വര്‍ഷത്തിലേറെയായി. 2019 ആഗസ്ത് 31നാണ് പട്ടിക പുറത്തുവന്നത്.  സ്വാഭാവികമായും അടുത്ത നടപടി പൗരത്വ കാര്‍ഡ് വിതരണം ചെയ്യലാണ്. എന്നാല്‍ നാളിതുവരെ ഒരു വ്യക്തിയെപ്പോലും ഇന്ത്യന്‍ പൗരനായി പ്രഖ്യാപിച്ചതായോ പൗരത്വ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിയതായോ അറിയില്ല.

പട്ടികക്കുപുറത്തായ ആര്‍ക്കും ‘നിങ്ങള്‍ പൗരത്വ രജിസ്റ്ററില്‍ ഉള്‍പ്പെട്ടിട്ടില്ല’ എന്നു വ്യക്തമാക്കുന്ന നോട്ടീസ് നല്‍കിയിട്ടില്ല. അങ്ങനെ കാര്യകാരണ സഹിതമുള്ള ഉത്തരവ് കിട്ടിയാലേ, അവര്‍ക്ക് അതിനെതിരെ ഫോറിനേഴ്സ് ട്രിബ്യൂണലിനേയോ, ഹൈക്കോടതിയേയോ സമീപിക്കാന്‍ കഴിയൂ. അവിടെയെല്ലാം അപ്പീല്‍ നിരസിക്കപ്പെട്ടാല്‍ മാത്രമേ ആത്യന്തികമായി അയാള്‍ ഇന്ത്യന്‍ പൗരനല്ലാതാകൂ.

ഈ പരാതികള്‍ പരിഗണിക്കുന്നതിന് 221 ഫോറിനേഴ്സ് ട്രിബ്യൂണലുകള്‍ കൂടി സ്ഥാപിക്കുമെന്ന് പ്രസ്താവിച്ചിരുന്നു. അതിലേക്ക് 1600 ജീവനക്കാരെ നിയമിക്കാൻ നടപടി പൂര്‍ത്തിയാക്കി. പക്ഷേ, ഇതുവരെ നിയമനം നടത്തിയിട്ടില്ല. റിക്രൂട്ട്മെന്റ് നടത്തിയശേഷം നിയമനം നല്‍കാത്തതിനെതിരെ അവര്‍ സമരത്തിലാണ്. ഒരു വര്‍ഷം കൊണ്ട് ഒരു അനധികൃത കുടിയേറ്റക്കാരനെപ്പോലും ഔദ്യോഗികമായി കണ്ടെത്തിയിട്ടില്ല എന്നാണ് അതിനര്‍ത്ഥം. കൊട്ടിഘോഷിച്ചു നടപ്പിലാക്കിയ എന്‍.ആര്‍.സിക്ക് എന്താണ് സംഭവിച്ചത്? എന്തുകൊണ്ടാണ് ആര്‍ക്കും ഇതുവരെ പൗരത്വം സ്ഥിരീകരിച്ച് ദേശീയ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കാത്തത്?

സിവിക്ക് ദേശീയതയില്‍ നിന്ന് എത്നിക് ദേശീയതയിലേക്ക് 

ഗവണ്മെന്റുകളും കോടതിയും, നമ്മുടെ സംവിധാനങ്ങളാകെയും നിഷ്‌ക്രിയരാണ് ഇക്കാര്യത്തില്‍. അസം നിയമസഭയില്‍ വച്ച കണക്കനുസരിച്ച് കഴിഞ്ഞ ഏഴുവര്‍ഷത്തിനിടെ 1,37,149 വിദേശികളെയാണ് കണ്ടെത്തിയിട്ടുള്ളത്. അതില്‍ അതാത് രാജ്യങ്ങളിലേക്ക് മടക്കി അയച്ചവരുടെ എണ്ണം 219 മാത്രമാണ്. സ്വാഭാവികമായും ‘കോടിക്കണക്കിന്’ ‘വിദേശികള്‍’ അനധികൃതമായി കുടിയേറിയിട്ടുണ്ടെന്ന് പറയപ്പെടുന്ന അസമില്‍ ഇത് നിരാശാജനകമായ കണക്കാണ്.

എന്നിട്ടും എന്തുകൊണ്ടാണ് എന്‍.ആര്‍.സിയില്‍ തുടര്‍നടപടി ഉണ്ടാകാതെ പോകുന്നത് എന്ന് ചിന്തിക്കുമ്പോഴാണ് നമ്മുടെ വ്യവസ്ഥിതിയിലാകെ ആഴത്തില്‍ വേരോടിയ വംശീയ-വര്‍ഗീയ-വിദ്വേഷ-പ്രത്യയശാസ്ത്രം മറനീക്കി പുറത്തുവരുന്നത്. 

ദേശീയ പൗരത്വ രജിസ്റ്റര്‍ ആശയതലത്തില്‍ തന്നെ സിവിക്ക് ദേശീയതയില്‍ നിന്ന് എത്​നിക്​ ദേശീയതയിലേക്കുള്ള ചുവടുവെപ്പിന്റെ ആധാരശിലയാണ്. അതായത് മാനവികനാഗരികതയുടെ അടിസ്ഥാനത്തില്‍, ജാതി-മത-ഭാഷ-വംശീയ-വര്‍ഗഭേദങ്ങള്‍ക്കപ്പുറം രാഷ്ട്രത്തെ നിര്‍വചിക്കുന്ന അതിരുകള്‍ക്കകത്ത് തുല്യ പൗരത്വം എന്ന സങ്കല്‍പ്പത്തില്‍ നിന്നുള്ള മാറ്റം. ഒരു ദേശത്ത് ജനിച്ചവര്‍ അവിടുത്തെ പൗരരാണ് എന്ന കാഴ്ചപ്പാടില്‍ നിന്നുള്ള മാറ്റം. പകരം വംശീയതയുടെയും പിന്തുടര്‍ച്ചയുടെയും അടിസ്ഥാനത്തില്‍ പൗരത്വത്തെ നിര്‍വചിക്കുന്ന പ്രതിലോമദര്‍ശനത്തിലേക്കുള്ള മാറ്റം. 

ഇന്ത്യ സ്വതന്ത്രയാകുമ്പോള്‍ നമ്മുടെ രാഷ്ട്രശില്‍പികള്‍ ഉയര്‍ത്തിപ്പിടിച്ചത് സിവിക് ദേശീയതയാണ്. ഇന്ത്യയുടെ മണ്ണില്‍ ജനിച്ചവരെ ഇന്ത്യന്‍ പൗരരായിട്ടാണ് കണക്കാക്കിയത്. അതാണ് എല്ലാ ആധുനിക ജനാധിപത്യ സമൂഹങ്ങളും സ്വീകരിച്ചുപോരുന്ന മാനദണ്ഡവും. കാരണം പൗരത്വം എന്നത് ഒരു വ്യക്തിയുടെ അവകാശങ്ങള്‍ക്കുള്ള അവകാശമാണ്. രാഷ്ട്രം ഉറപ്പുനല്‍കുന്ന മൗലികമായ അവകാശങ്ങള്‍ ഒരാള്‍ക്ക് ലഭിക്കുക, അയാള്‍ അവിടുത്തെ പൗരനാകുമ്പോഴാണ്. അത്തരം അവകാശമുള്ളപ്പോള്‍ മാത്രമാണ് മനുഷ്യരായി അന്തസ്സോടെ ജീവിക്കാന്‍ കഴിയൂ. ജന്മം കൊണ്ട് പൗരത്വം ലഭിക്കുക എന്നത് അതുകൊണ്ടുതന്നെ അടിസ്ഥാന മനുഷ്യാവകാശമാണ്. തങ്ങള്‍ക്ക് ഒരു നിയന്ത്രണവുമില്ലാത്ത സ്വന്തം ജനനം എന്ന ആകസ്മികത മൂലം അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്ന സാഹചര്യം അനീതിയാണെന്ന കാര്യത്തില്‍ തര്‍ക്കമില്ലല്ലോ. 

ഉന്നതമായ ഈ ചിന്താധാര പിന്‍പറ്റിയതുകൊണ്ട്, പൗരത്വത്തെ ഭരണഘടനയില്‍ നിര്‍വചിച്ചിട്ടില്ല. നിര്‍വചിക്കേണ്ടതുണ്ട് എന്നു നമ്മുടെ പാര്‍ലമെന്റിനു തോന്നുന്നതുതന്നെ 1956-ല്‍ മാത്രമാണ്. അന്നാണ് ഒരു പൗരത്വനിയമം വരുന്നത്. അത് സിവിക്ക് ദേശീയതയുടെ അടിസ്ഥാനത്തിലായിരുന്നു. പിന്നീടാണ് അപരവത്കരണത്തിന്റെ, വിദ്വേഷത്തിന്റെ, വംശീയതയുടെ ഒക്കെ ബോധ്യങ്ങള്‍ നമ്മുടെ പൗരത്വ സങ്കല്‍പ്പങ്ങളെ സ്വാധീനിക്കാന്‍ തുടങ്ങിയത്. അതിന്റെ മനഃസാക്ഷിയെ നടുക്കുന്ന രൂപഭാവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച ഒരിടം അസം ആയിരുന്നു. 

അതിര്‍ത്തികടന്നെത്തുന്നവര്‍, വിദേശികള്‍, അനധികൃത കുടിയേറ്റക്കാര്‍, ഇവരൊക്കെ പെരുകി തദ്ദേശീയരുടെ അവസരങ്ങളും അവകാശങ്ങളും സമ്പത്തും തട്ടിയെടുക്കുന്നുവെന്ന പ്രചാരണം ശക്തമായി. തൊഴിലില്ലായ്മയില്‍, ഭരണകൂടങ്ങളുടെ കാര്യക്ഷമതയില്ലായ്മയില്‍, ദാരിദ്ര്യത്തില്‍, നാടിന്റെ ദുരവസ്ഥയില്‍, അക്ഷമരായി  കഴിഞ്ഞ ജനങ്ങളുടെ അതൃപ്തിയത്രയും അനധികൃത കുടിയേറ്റക്കാര്‍ എന്ന അപരരിലേക്ക് വഴി തിരിച്ചുവിടുന്നതില്‍ രാഷ്ട്രീയ നേതൃത്വവും മത്സരിച്ചു. അത് വളരെ എളുപ്പമുള്ള കാര്യമായിരുന്നു. വികാരങ്ങളെ ഇളക്കിവിടുക മാത്രമേ ചെയ്യേണ്ടു. വംശവിശുദ്ധിയുടെ അടിസ്ഥാനത്തില്‍ രാഷ്ട്രത്തെ നിര്‍വചിക്കുന്ന വെറുപ്പിന്റെ ദര്‍ശനം പ്രമാണമായി സ്വീകരിച്ചവര്‍ക്ക് അതൊരു അവസരം കൂടിയായി. അങ്ങനെയാണ് രണ്ടാം ലോക മഹായുദ്ധതിനു ശേഷം ലോകം സാക്ഷ്യം വഹിച്ച ഏറ്റവും വലിയ ആസൂത്രിത മനുഷ്യക്കുരുതിക്ക് 1983-ല്‍ അസം സാക്ഷ്യം വഹിക്കുന്നത്. 

പൗരരെന്നു തെളിയിക്കാനുള്ള ബാധ്യത ജനങ്ങള്‍ക്ക്

അസമിലെ ബംഗാളി  മുസ്‌ലിംകള്‍ക്കെതിരെ അരങ്ങേറിയ ആസൂത്രിത വംശഹത്യയാണ് നെല്ലി കൂട്ടക്കൊല എന്ന് അറിയപ്പെടുന്നത്. മൂവായിരത്തോളം പേരാണ് ഔദ്യോഗിക കണക്കുപ്രകാരം വധിക്കപ്പെട്ടത്. അനൗദ്യോഗിക കണക്കുകള്‍ പറയുന്നത് പതിനായിരത്തിലേറെ ജീവനുകള്‍ അന്ന് പൊലിഞ്ഞു എന്നാണ്. ഈ കലാപത്തിന് തൊട്ടുമുന്നേയുള്ള ദിവസങ്ങളില്‍ സംഘപരിവാരത്തിന്റെ ‘മൃദുമുഖ’മായ അടല്‍ ബിഹാരി വാജ്‌പേയി ഉള്‍പ്പടെയുള്ള രാഷ്ട്രീയ നേതൃത്വം നടത്തിയ വിദ്വേഷ പ്രചാരണംഞെട്ടിപ്പിക്കുന്നതാണ്. ആസു എന്നറിയപ്പെടുന്ന ആള്‍ ആസാം സ്റ്റുഡന്റ്സ് യൂണിയന്‍ (AASU) ആയിരുന്നു അക്രമസംഭവങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. 

1985-ല്‍ രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരുന്നപ്പോഴാണ് ഇതിനൊരു പരിഹാരം എന്ന നിലയില്‍ അസം ഉടമ്പടി വരുന്നത്. ഒരുപക്ഷേ സ്വതന്ത്ര ഇന്ത്യ ഒരു രാഷ്ട്രേതര ശക്തിയുമായി ഉണ്ടാക്കുന്ന ആദ്യത്തെ ഉടമ്പടിയാവും ഇത്. അങ്ങനെ ഇന്ത്യയുടെ പൗരത്വ നിയമം പൊളിച്ചെഴുതുവാനും പിറന്ന മണ്ണിന്റെ അടിസ്ഥാനത്തില്‍ പൗരത്വം എന്ന സങ്കല്‍പ്പത്തില്‍ നിന്നും മാറി പാരമ്പര്യത്തിന്റെ അടിസ്ഥാനത്തില്‍ പൗരത്വത്തെ നിർണയിക്കാനും തീരുമാനിച്ചു.

പൗരത്വ നിയമഭേദഗതി നിലവില്‍ വന്ന 1987 ജൂലൈ ഒന്നുമുതല്‍ ഇന്ത്യയില്‍ പൗരത്വം ലഭിക്കണമെങ്കില്‍ മാതാപിതാക്കളിലൊരാള്‍ ഇന്ത്യന്‍ പൗരനായിരിക്കണം എന്നു വന്നു. അസമില്‍ ഇത് 1971 മാര്‍ച്ച് 25 മുതലായിരുന്നു. സ്വതന്ത്ര ബംഗ്ലാദേശിനുവേണ്ടിയുള്ള യുദ്ധം ആരംഭിച്ച ദിനം മുതല്‍. ഇതുപ്രകാരം ഇന്ത്യന്‍ പൗരന്മാരെ കണ്ടെത്തി ദേശീയ പൗരത്വ രജിസ്റ്റര്‍ രൂപീകരിച്ച് ‘വിദേശികളെ’ പുറത്താക്കുക എന്നതായിരുന്നു ആസുവിന്റെ ആവശ്യം. 

ഏകദേശം മൂന്നരക്കോടി ജനസംഖ്യയുള്ള അസമില്‍ ഒന്നരക്കോടിയോളം  അനധികൃത കുടിയേറ്റക്കാര്‍ ഉണ്ടെന്നായിരുന്നു വാദം. വളരേ ദുര്‍ഘടമായ ഭൂപ്രകൃതിയും തുടര്‍ച്ചയായ പ്രളയവും ഒരുപാട് ദരിദ്രരും ഭവനരഹിതരും ഒക്കെയുള്ള അസമില്‍ രേഖകളുടെ അടിസ്ഥാനത്തില്‍ സ്വന്തം പൗരത്വം സ്ഥാപിച്ചെടുക്കാന്‍ ജനങ്ങളോട് ആവശ്യപ്പെടുന്നത് തന്നെ എളുപ്പമായിരുന്നില്ല. അതുകൊണ്ടുതന്നെ പൗരത്വ രജിസ്റ്റര്‍ നീണ്ടു നീണ്ടുപോയി.

അങ്ങനെയിരിക്കെയാണ് പഴയ ആസു നേതാവ് കൂടിയായ ഇന്നത്തെ ആസാം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍ സുപ്രീംകോടതിയെ സമീപിക്കുന്നത്. 
Illegal Migrants (Determination by Tribunal) (IMDT) Act, 1983 റദ്ദുചെയ്യണം എന്ന് അവശ്യപ്പെട്ടുകൊണ്ടായിരുന്നു ഹര്‍ജി. അസം ഉടമ്പടി അനുസരിച്ച് അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തുന്നതിനായി കൊണ്ടുവന്ന നിയമമാണ് ഇത്. നിയമപ്രകാരം ഒരു വ്യക്തി ഇന്ത്യന്‍ പൗരനല്ല എന്നു കണ്ടാല്‍ അതു തെളിയിക്കാനുള്ള ബാധ്യത ഗവണ്മെന്റിനാണ്. ഇത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്.

അതുകൊണ്ടുതന്നെ അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി പുറത്താക്കുന്നതിന് ഈ നിയമം തടസ്സമാണ് എന്നായിരുന്നു ആരോപണം. പകരം, പൗരരെന്നു തെളിയിക്കാനുള്ള ബാധ്യത ജനങ്ങള്‍ക്കുമേല്‍ വരുന്ന കൊളോണിയല്‍ കാലത്തെ ഫോറിനേഴ്സ് ആക്റ്റ് 1946 പ്രകാരമാണ് നടപടികള്‍ എടുക്കേണ്ടത് എന്നായിരുന്നു സോനോവാലിന്റെ വാദം. ഈ കേസ് 2012-ല്‍ മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയുടെ മുന്നില്‍ എത്തുന്നതോടുകൂടിയാണ് വംശീയ വിദ്വേഷപ്രചാരകര്‍ തെളിച്ച വഴിയേ നീതിപീഠവും നടന്നുതുടങ്ങുന്നതായി നമുക്ക് തോന്നുക. ജസ്റ്റിസ് ഗോഗോയി അസംകാരനാണെന്നുമോര്‍ക്കാം. 

ആനുമാനിക നിരപരാധിത്വം (presumtpion of innocence) അന്താരാഷ്ട്രതലത്തില്‍ മനുഷ്യാവകാശമായി കണക്കാക്കുന്ന ഒരു നിയമ തത്വമാണ്. ഒരാള്‍ കുറ്റക്കാരനെന്ന് തെളിയിക്കപ്പെടുംവരെ അയാളെ നിരപരാധിയായി കണക്കാക്കണം എന്നതാണത്. ഐക്യരാഷ്ട്രസഭയുടെ മനുഷ്യവകാശപ്രഖ്യാപന രേഖയുടെ അനുച്ഛേദം 14-ന്റെ ഭാഗമാണത്. ഏതൊരു കേസിലും കുറ്റം തെളിയിക്കുക എന്നത് പ്രോസിക്യൂഷന്റെ ബാധ്യതയാണ്. അതിനുള്ള സംവിധാനവും അധികാരവും ഗവണ്മെന്റിനുണ്ട്.

നേരെ മറിച്ച് ഇതൊന്നുമില്ലാത്ത സാധാരണ പൗരരെ സ്വതവേ കുറ്റവാളികളായി കാണുകയും, സ്വയം തെറ്റുകാരല്ല എന്നു തെളിയിക്കേണ്ട ബാധ്യത അവരിലേക്ക് ചാര്‍ത്തുകയും ചെയ്യുന്നത് അനീതിയാണ്. ഭരണകൂടങ്ങള്‍ അധികാരപരിധി ലംഘിക്കുകയോ, പൗരവകാശങ്ങളെ ഹനിക്കുകയോ ചെയ്താല്‍ അതിനെ തടയുക എന്നതാണ്  ജനാധിപത്യത്തില്‍ ഭരണഘടനാകോടതിയുടെ ധര്‍മം. എന്നാല്‍ നമ്മുടെ സുപ്രീംകോടതി സോനോവാള്‍ കേസില്‍ തികച്ചും അസാധാരണമായ സമീപനമാണ് സ്വീകരിച്ചത്. 

സ്വാഭാവിക നീതി അനുസരിച്ചു വിഭാവനം ചെയ്യപ്പെട്ടിരുന്ന നിയമമാണ് ഐ.എം.ഡി. ടി. ആക്ട്. അതു മാനിക്കാതെ മനുഷ്യരെയെല്ലാം സ്വതവേ കുറ്റക്കാരായി കാണുകയും നിരപരാധിത്വം തെളിയിക്കല്‍ അവരുടെ ബാധ്യതയായി കണക്കാക്കുകയും ചെയ്യുന്ന  ഫോറിനേഴ്‌സ് ആക്ട് എന്ന കൊളോണിയല്‍ നിയമത്തിനൊപ്പം നില്‍ക്കുകയുമാണ് കോടതി ചെയ്തത്. ഇരുനിയമങ്ങളെയും താരതമ്യം ചെയ്തുകൊണ്ട് ആസാമിലെ കുടിയേറ്റക്കാര്‍ക്ക് രാജ്യത്തിന്റെ ഇതര ഭാഗങ്ങളെ അപേക്ഷിച്ച് കൂടുതല്‍ നിയമ പരിരക്ഷ ലഭിക്കുന്നുവെന്നു പറഞ്ഞു പ്രസ്തുത ആക്ട്, നിയമത്തിനു മുന്നിലെ തുല്യതയുടെ, ആര്‍ട്ടിക്കിള്‍ 14-ന്റെ, ലംഘനമാണെന്ന് കണ്ടെത്തി റദ്ദു ചെയ്യുകയായിരുന്നു കോടതി.

ഫോറിനേഴ്സ് ആക്ട് രാജ്യത്ത് എത്തിച്ചേര്‍ന്ന വിദേശികളെ ഉദ്ദേശിച്ചുള്ള നിയമമാണെന്നും എന്നാല്‍ ഐ.എം.ഡി.ടി. ആക്ട്  ആസാമിലെ നിലവില്‍ ജീവിക്കുന്ന മനുഷ്യരുടെ പൗരത്വം നിര്ണയിക്കുന്നതിനുള്ള നിയമം ആണെന്നുമുള്ള പ്രാഥമിക വ്യത്യാസം കോടതി കണ്ടില്ലെന്നു നടിച്ചു. 
അതിനു പുറമേ, പൗരത്വ പട്ടിക തയ്യാറാക്കി അനധികൃത കുടിയേറ്റക്കാരെ കയറ്റി അയയ്ക്കുക എന്ന ഗവണ്മെന്റിന്റെ ജോലികൂടി കോടതിയില്‍ ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയുടെ ബഞ്ച് ഏറ്റെടുക്കുന്ന കാഴ്ചയാണ് പിന്നീട് നമ്മള്‍ കണ്ടത്. 

അതിന് കോടതി പ്രമാണമായി സ്വീകരിച്ചത് വെറുപ്പിന്റെ രാഷ്ട്രീയക്കാര്‍ മുന്നേ തെളിച്ചിട്ട സത്യാനന്തര വര്‍ത്തമാനങ്ങളാണ്. ആസാമില്‍ 1.4 കോടിയെങ്കിലും അനധികൃത കുടിയേറ്റക്കാര്‍ ഉണ്ടെന്ന് പറഞ്ഞു പ്രചരിപ്പിച്ചവരുടെ വാദം മുഖവിലക്കെടുക്കുകയായിരുന്നു കോടതി ചെയ്തത്. സംസ്ഥാനത്തെ ആകെ  ജനസംഖ്യയുടെ 40 ശതമാനത്തോളം വരുമിത്.

1931-ലെ സെന്‍സസ് ഓഫീസര്‍ സി.എസ്. മൂളറുടെയും 1998-ലെ ആസ്സാം ഗവര്‍ണരുടെയും റിപ്പോര്‍ട്ടുകള്‍ പരിഗണിച്ചുകൊണ്ട് അനധികൃത കുടിയേറ്റം ‘വൈദേശിക അധിനിവേശമാണ്’ എന്ന അതിതീവ്രമായ ഒരു നിലപാടിലേക്കാണ് കോടതി എത്തിച്ചേര്‍ന്നത്. വസ്തുതകളുടെയോ തെളിവിന്റെയോ പിന്ബലമില്ലാതെ ആസാമിലെ ഭീകരവാദം തുടങ്ങി ഏതാണ്ടെല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം കുടിയേറ്റ മുസ്ലീങ്ങളാണ് എന്നു പറഞ്ഞു വയ്ക്കുന്നതായിരുന്നു ഗവര്‍ണറുടെ റിപ്പോര്‍ട്ട്. ഇത് അടിസ്ഥാനമാക്കിയാണ് ഭരണഘടനയിലെ അടിയന്തരാവസ്ഥാ അധികാരമായ അനുച്ഛേദം 355 കോടതി ഉപയോഗിച്ചത്.

വൈദേശിക ആക്രമണങ്ങളില്‍ നിന്നും ആഭ്യന്തര കാലഹങ്ങളില്‍ നിന്നും ജനങ്ങളെ രക്ഷിക്കുവാനുള്ള ബാധ്യത ഗവണ്മെന്റുകള്‍ക്ക് ഉണ്ട് എന്നതാണ് പ്രസ്തുത അനുച്ഛേദം പറയുന്നത്. കുടിയേറ്റത്തെ വൈദേശിക ആക്രമണമായി പരിഗണിച്ചുകൊണ്ട് ഐ.എം.ഡി. ടി. നിയമം അനുച്ഛേദം 355-ന്റെ ലംഘനമാണ് എന്നു വിലയിരുത്തി കോടതി. ഒപ്പം അധിനിവേശത്തില്‍ നിന്നു ജനതയെ രക്ഷിക്കാന്‍ ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പിലാക്കണമെന്ന നിര്‍ദ്ദേശവും. 

ഇല്ലാത്ത കുടിയേറ്റ ഭീഷണി

ഇന്ത്യയിലെ മറ്റിടങ്ങളില്‍ നിന്ന് വ്യത്യസ്തമായി 1971 മാര്‍ച്ച് 25 അസമിലെ പൗരത്വനിര്‍ണയത്തിന്റെ അടിസ്ഥാന തീയതിയായി കണക്കാക്കുന്നത് നിയമവിരുദ്ധമാണ് എന്ന ആക്ഷേപത്തിന്മേല്‍ സുപ്രീംകോടതി തീരുമാനം എടുക്കാതിരിക്കെ, അക്കാര്യത്തില്‍ ഒരു വിധി വരാന്‍ പോലും കാത്തു നില്‍ക്കാതെയായിരുന്നു കോടതി ഇടപെടല്‍. 

പിന്നീടങ്ങോട്ട് കോടതിയാണ് അസമിലെ എന്‍.ആര്‍.സി പൂര്‍ണമായും നിയന്ത്രിച്ചത്. എക്‌സിക്യൂട്ടീവ് അധികാരപ്രയോഗങ്ങളെ നിയന്ത്രിക്കുക എന്ന സ്വന്തം കടമ മറന്ന് കോടതി എക്‌സിക്യൂട്ടീവിന്റെ ജോലി ചെയ്യുന്ന കാഴ്ചയാണ് നമ്മള്‍ കണ്ടത്. എക്‌സിക്യൂട്ടീവിന്റെ ജോലി കോടതി ഏറ്റെടുത്താല്‍ പൗരന്‍ നീതി തേടി പോവുക ഏത് വാതില്‍ക്കലേക്ക് എന്ന ചോദ്യം അവശേഷിക്കുകയാണ്.

പൗരത്വ രജിസ്റ്റര്‍ എങ്ങനെ തയ്യാറാക്കണം, ഏതു തീയതിയില്‍ പ്രസിദ്ധീകരിക്കണം, ഏതൊക്കെ രേഖകള്‍ ആണ് അതിനായി പരിഗണിക്കേണ്ടത് തുടങ്ങിയ എല്ലാ കാര്യങ്ങളും തീരുമാനിച്ചത് കോടതിയാണ്. സുതാര്യമായ നീതി നിര്‍വഹണം സംബന്ധിച്ച പൊതു തത്വങ്ങള്‍ക്കെല്ലാം വിരുദ്ധമായി എന്‍.ആര്‍.സി. കോഓര്‍ഡിനേറ്റര്‍ പ്രതീക് ഹജേലയും കോടതിയും തമ്മില്‍ നടന്ന മുദ്രവച്ച കവറിലെ ഇടപാടുകളില്‍ കൂടിയാണ് കാര്യങ്ങള്‍ തീരുമാനിക്കപ്പെട്ടത്. പലപ്പോഴും ഗവണ്മെന്റുപോലും ഇത് അറിഞ്ഞിരുന്നില്ല. അങ്ങനെ 2019 ആഗസ്റ്റ് 31-ന് ഹജീലാ തന്റെ ദൗത്യം പൂര്‍ത്തീകരിച്ചു; പൗരത്വ രജിസ്റ്ററിന്റെ അന്തിമരൂപം പ്രസിദ്ധീകരിച്ചു. 

19,06,657 മനുഷ്യരാണ് പൗരത്വ പട്ടികയില്‍ ഇടം പിടിക്കാതെ പോയവര്‍. 19 ലക്ഷം എന്ന സംഖ്യ പ്രധാനമാണ്. ഗവര്‍ണറുടെ റിപ്പോര്‍ട്ടും, വിദ്വേഷ രാഷ്ട്രീയപ്രചാരണക്കാരും  അവകാശപ്പെട്ടതുപോലെ ഒന്നരക്കോടിയോ, അരക്കോടിയോ അനധികൃത കുടിയേറ്റക്കാര്‍ അസമില്‍ ഉണ്ടായിരുന്നില്ല എന്നാണ് ഇത് കാണിക്കുന്നത്. ഈ 19 ലക്ഷത്തില്‍ തന്നെ നല്ലൊരു ശതമാനം പേര്‍ അപ്പീലുകളില്‍ പൗരത്വപട്ടികയില്‍ ഇടംനേടാന്‍ ഇടയുള്ളവരാണ്.

അതിനര്‍ത്ഥം 2013-ലെ സോനോവാള്‍ കേസിലെ വിധിക്ക് അടിസ്ഥാനവസ്തുതയായി സുപ്രീംകോടതി കരുതിയ കാര്യങ്ങള്‍ തെറ്റായിരുന്നു എന്നാണ്. വൈദേശിക അധിനിവേശത്തിനു സമാനമായ ഒരു കുടിയേറ്റഭീഷണി ഇവിടെ ഉണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ സുപ്രീംകോടതിവിധിയുടെ യുക്തി തെറ്റായിരുന്നു. വിധിയുടെ കേന്ദ്ര ബിന്ദുവായ ആര്‍ട്ടിക്കിള്‍ 355 സംബന്ധിച്ച വാദഗതികള്‍ അടിസ്ഥാനരഹിതാണെന്നും വരുന്നു. ഫാസിസ്റ്റ് പ്രത്യയശാസ്ത്രക്കാര്‍ തെളിച്ച വിദ്വേഷരാഷ്ട്രീയത്തിന്റെയും വംശവെറിയുടെയും വഴിയിലൂടെ തെല്ലിട ന്യായാധിപരും നടന്നുവെന്ന് സാരം.

സുപ്രീംകോടതിയും നിശ്ശബ്ദമാണ്

എന്‍.ആര്‍.സിക്കുവേണ്ടി വാദിച്ച ആസുവും ബിജെപിയും ഉള്‍പ്പടെയുള്ള സംഘടനകള്‍ അതിന് എതിരെ നില്‍ക്കുന്ന കൗതുകകരമായ കാഴ്ചയ്ക്കാണ് ഇപ്പോള്‍ നാം സാക്ഷ്യം വഹിക്കുന്നത്. കാരണം അന്തിമ പൗരത്വ പട്ടിക പ്രസിദ്ധീകൃതമായപ്പോള്‍ ഇവര്‍ ഉയര്‍ത്തികൊണ്ടുവന്ന അപരവിദ്വേഷത്തിന്റെ വഴിയെയല്ല കാര്യങ്ങള്‍ പോകുന്നത് എന്നു വ്യക്തമായി.

പുറത്തായ 19 ലക്ഷത്തില്‍ ഏറിയ പങ്കും ഹിന്ദുക്കളായിരുന്നു. പലകാരണങ്ങള്‍ കൊണ്ടാകാം അതു സംഭവിച്ചത്. ഒന്നാമത്തെ കാരണം കിഴക്കന്‍ പാക്കിസ്ഥാനുമായി യുദ്ധമുണ്ടാകുമ്പോള്‍ ഇങ്ങോട്ട് ബംഗ്ലാദേശികളുടെ കുത്തൊഴുക്ക് ഉണ്ടായിട്ടുണ്ടെങ്കില്‍   സ്വാഭാവികമായും അത് ബംഗാളി ഹിന്ദുക്കളുടേതായിരിക്കും എന്ന സമാന്യബോധമാണ്. മറ്റൊന്ന് പുറത്താക്കപ്പെടുമെന്ന ഭീതി ഉള്ളതുകൊണ്ട് മുസലിംകള്‍ ആവശ്യമായ രേഖകള്‍ പരമാവധി തയ്യാറാക്കി വച്ചിട്ടുണ്ടായിരുന്നിരിക്കാം. അതിനുവേണ്ടി മുസ്​ലിം സംഘടനകള്‍ ബോധവത്കരണങ്ങളും മറ്റും നടത്തുകയും സഹായങ്ങള്‍ ഒരുക്കുകയും ചെയ്തു.

അങ്ങനെ അപരരെ സൃഷ്ടിച്ച് ആട്ടിയോടിക്കാന്‍ ശ്രമിച്ചവര്‍ക്ക് അന്തിമ പട്ടിക വന്നപ്പോള്‍ അത് സ്വന്തം വോട്ടുബാങ്കിലേക്കാണ് കയറുന്നത് എന്ന തിരിച്ചറിവ് ഉണ്ടായിക്കാണണം. അതുകൊണ്ടാകണം എന്‍.ആര്‍.സി. പുനഃപരിശോധിക്കണം എന്ന ആവശ്യം ഉന്നയിക്കപ്പെട്ടത്. 
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പിന്‍ബലത്തോടെ എന്‍.ആര്‍.സിയുടെ 20 ശതമാനം പുനഃപരിശോധിക്കണം എന്ന ആവശ്യം സുപ്രീംകോടതിയില്‍ ഉന്നയിച്ചു.

അത് അനാവശ്യമാണ് എന്നും പട്ടികയിലെ  27 ശതമാനം ഇതിനകം പുനഃപരിശോധനയ്ക്ക് വിധേയമായതാണെന്നും ഹജേല കോടതിയെ ബോധിപ്പിച്ചു. അങ്ങനെ  പുനഃപരിശിധനാ ആവശ്യം കോടതി തള്ളുകയായിരുന്നു. തുടര്‍ന്ന് ഇക്കൂട്ടരുടെ രോഷം എന്‍.ആര്‍.സി. കോഓര്‍ഡിനേറ്റര്‍ പ്രതീക് ഹജീലയ്‌ക്കെതിരെ തിരിഞ്ഞു. വിദേശികള്‍ക്ക് പൗരത്വം നല്‍കാന്‍ അദ്ദേഹം കൂട്ടു നിന്നു എന്നായിരുന്നു ആരോപണം. 

പിന്നീട് പെട്ടെന്ന് ഒരു ദിവസം പ്രതീക് ഹജെലയെ സുപ്രീംകോടതി മധ്യപ്രദേശിലേക്ക് സ്ഥലം മാറ്റി ഉത്തരവിട്ടു. അസം കേഡറിലെ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം. 2019 ഒക്ടോബര്‍ 18-ന് ഇറങ്ങിയ പ്രസ്തുത ഉത്തരവില്‍ സ്ഥലം മാറ്റത്തിന് കാരണമൊന്നും കാണിച്ചിട്ടില്ല. ‘കാരണമില്ലാതെ ഒരുത്തരവും ഇറങ്ങുകയില്ല’ എന്ന നിഗൂഢമായ ഒരു വരി മാത്രമാണ് ഉത്തരവില്‍ ഉണ്ടായിരുന്നത്. പൗരത്വ രജിസ്റ്ററുമായി ബന്ധപ്പെട്ട് 2013 മുതല്‍ സുപ്രീംകോടതിയില്‍ നടന്ന വ്യവഹാരങ്ങളുടെ പൊതു സ്വഭാവമായിരുന്ന സുതാര്യതയില്ലായ്മ അവസാനം കോഓര്‍ഡിനേറ്ററുടെ സ്ഥലം മാറ്റത്തിലും തുടര്‍ന്നു. 

സോനോവോള്‍ ഉള്‍പ്പടെയുള്ള കക്ഷികളും രാഷ്ട്രീയ നേതൃത്വവും പിന്നീട് പൗരത്വ പട്ടിക സംബന്ധിച്ച തുടര്‍ നടപടികളുടെ കാര്യത്തില്‍ ഒരു തിടുക്കവും കാണിച്ചിട്ടില്ല. പൗരത്വ കാര്‍ഡുകള്‍ നല്കുന്നതിനെപ്പറ്റി, വിദേശികളെ അതിര്‍ത്തി കടത്തുന്നതിനെപ്പറ്റി ഒന്നും ആരും പറഞ്ഞു കേള്‍ക്കുന്നില്ല. ഒരു ഘട്ടത്തില്‍, എന്തുകൊണ്ട് ആളുകളെ പുറത്താക്കുന്നില്ല എന്നു സംസ്ഥാന ഗവണ്മെന്റിനെ ശകാരിക്കുകയും ആവേശത്തോടെ പൗരത്വ പട്ടിക ഏറ്റെടുത്തു നടപ്പാക്കുകയും ചെയ്ത സുപ്രീംകോടതിയും നിശ്ശബ്ദമാണ്.

തീവ്ര ദേശീയതാ വാദികളുടെയും, വിദ്വേഷ പ്രചാരകരുടെയും, സംവിധാനങ്ങളുടെയാകെയും അത്ഭുതപ്പെടുത്തുന്ന നിശ്ശബ്ദതതയും താത്പര്യമില്ലായ്മയും കാണുമ്പോഴാണ് രാജ്യമാകെ വേരോടിയിട്ടുള്ള അപരവിദ്വേഷത്തിന്റെ രാഷ്ട്രീയപ്രത്യയശാസ്ത്രം എത്രമേല്‍ മാരകവും സര്‍വവ്യാപിയും ആണെന്ന് മനസിലാകുക. പൗരത്വ പട്ടികയില്‍ നിന്നും പുറത്തായ 19 ലക്ഷത്തില്‍ ഭൂരിപക്ഷവും ഇവര്‍ കരുതിയതുപോലെ മുസ്​ലിംകളായിരുന്നെങ്കില്‍ ഇതാകുമായിരുന്നോ അവസ്ഥ?

പട്ടിക പുറത്തുവന്ന് ദിവസങ്ങള്‍ക്കകം പൗരത്വ കാര്‍ഡ് നല്‍കുവാനും, ‘കുടിയേറ്റക്കാരെ’ പുറത്താക്കുവാനുമുള്ള നടപടികള്‍ ആരംഭിക്കുമായിരുന്നു എന്നു മാത്രമല്ല ഇന്ന് നിശബ്ദത പാലിക്കുന്ന രാഷ്ട്രീയ/ഭരണ നേതൃത്വങ്ങള്‍ ഇടപെടുമായിരുന്നു.  സോനോവാള്‍ കേസിലെ വിധിയുടെ യുക്തി പിന്‍പറ്റിയാല്‍ പരമോന്നത നീതിപീഠവും ഇടപെടാതിരിക്കുമെന്നു കരുതുക വയ്യ.

കോവിഡ് കാലം കഴിഞ്ഞാലുടന്‍ 2019-ലെ പൗരത്വ നിയമ ഭേദഗതി നടപ്പിലാക്കും എന്ന് കഴിഞ്ഞ ദിവസംകൂടി ആവര്‍ത്തിച്ച ആഭ്യന്തര മന്ത്രി അമിത് ഷാ അസമിലെ പൗരത്വ രജിസ്റ്ററിനെക്കുറിച്ച് മൗനം പാലിക്കുന്നതിന്റെ കാരണവും മറ്റൊന്നല്ല.

This article was first published in TrueCopyThink on 17 Nov 2020

LEAVE A REPLY

Please enter your comment!
Please enter your name here